ഒരു സ്ത്രീയുടെ മന്ദഹാസത്തിൽ സ്വർഗ്ഗീയമായ പരമാനന്ദവും അവളുടെ പരുഷമായ കടാക്ഷത്തിൽ നൈരാശ്യത്തിന്റെ പരകോടിയും അനുഭവിച്ചറിയുക എന്നതു്, പക്ഷേ, യൗവനസഹജമായ വെറും ഒരു മനോവിനോദമാവാം. എന്നാൽ, ആ മനോവിനോദത്തെ ഗൗരവമായ ഒരു ജീവിത വിഷയമായി തെറ്റിദ്ധരിപ്പിക്കത്തക്കവണ്ണം അത്ര തീവ്രമായ ആത്മാർത്ഥതയോടും സനിഷ്കർഷമായ ചിന്താശീലത്തോടും കൂടി അതിനെപ്പറ്റി ആരും മലയാളത്തിൽ കവിതയെഴുതുകയുണ്ടായിട്ടില്ല. അതിനെ അനുക്രമമായ വീക്ഷണഗതിയായും സ്ഥായിയായ ചിന്താവിഷയമായും ആരും സ്വീകരിച്ചുകണ്ടിട്ടുമില്ല. ചങ്ങമ്പുഴ ഈ പാരമ്പര്യത്തിലൊരു വ്യതിയാനം വരുത്തി. തന്റെ ഭാവനാസമ്പന്നമായ ഹൃദയത്തിൽ ലഘുവെങ്കിലും, മനോമോഹനമായ ഈ മനോവിനോദത്തിന്നൊഴിച്ചു മറ്റൊന്നിനും സ്ഥാനം കൊടുക്കില്ലെന്നമട്ടിൽ, ഒരു പ്രതികാരബുദ്ധിയോടെയെന്നവണ്ണം, അതിനെപ്പറ്റി മാത്രം കവിതയെഴുതുകയും, നിഷ്പ്രയാസം അദ്ദേഹം സാഹിത്യത്തിൽ ഒരുന്നതസ്ഥാനം കൈവശപ്പെടുത്തി പലരുടെയും ആരാധനാപാത്രമായിത്തീരുകയും ചെയ്തു. വാസ്തവമാണു്: ആദർശപുരുഷന്മാരും മാതൃകാസ്ത്രീകളും തിക്കിത്തിരക്കുന്ന മറ്റുള്ളവരുടെ കൃതികളിൽനിന്നും, ചങ്ങമ്പുഴയുടെ വിഷയലോലുപരായ നായികാനായകന്മാരുടെ സാമീപ്യത്തിലേക്കു വരുന്നതും എന്തൊരാശ്വാസത്തോടുകൂടിയാണു്.
മഹാരഥന്മാരായ പലരും കവിതയെഴുത്തു നിർത്തിയിരിക്കുന്ന കാലം. പണ്ടുള്ള പലരുടെയും കൃതികൾക്കു എന്തോ മേന്മ മങ്ങിക്കാണുന്നു. പോരെങ്കിൽ, അവരെല്ലാം ഒന്നുകിൽ മറ്റുപ്രവൃത്തികളിൽ വ്യാപൃതരായിരിക്കുകയോ അല്ലെങ്കിൽ പ്രോത്സാഹനക്കുറവുനിമിത്തം ഉദാസീനരായിരിക്കുകയോ ചെയ്യുന്നു. ഒരുപക്ഷേ, ഒന്നാന്തരം സാഹിത്യകാരന്മാരായി പ്രശോഭിക്കുമായിരുന്ന പ്രതിഭാശാലികളായിരുന്ന പലരുടേയും കഴിവുകൾ, പ്രത്യക്ഷങ്ങളായ മറ്റുചില കാരണങ്ങളാൽ, മറ്റുമാർഗ്ഗങ്ങളിലേക്കു തിരിക്കപ്പെടേണ്ടിവന്നിരിക്കുന്നു. സാഹിത്യപരമായ ഒരു ഉദാസീനത സർവ്വത്ര വ്യാപിച്ചുകാണുന്നു. മനഃപൂർവ്വമായിരിക്കണമെന്നില്ല, എങ്കിലും ഫലമതാണു്. ഉള്ള മാസികകൾ നടത്തുന്നവർക്കും ലേഖനങ്ങൾ വേണ്ടേ? ഏറ്റവും മികച്ചതു കിട്ടുന്നില്ലെന്നു കണ്ടപ്പോൾ അവർ അടുത്ത നല്ലതേതാണെന്നു തിരഞ്ഞു് അവയ്ക്കു സ്ഥാനം കൊടുത്തു തുടങ്ങി. അങ്ങനെ, പണ്ടത്തെ നിലയ്ക്കാണെങ്കിൽ സ്ഥാനം കിട്ടാതെ പോകുമായിരുന്ന, പല താണ കിടക്കാരുടെയും രണ്ടാം തരം കൃതികൾക്കുകൂടി സൂര്യപ്രകാശം കാണാനുള്ള യോഗം തെളിഞ്ഞു കിടക്കുന്നു.
ഈ അവസരത്തിലാണു് അനാഗതശ്മശ്രുവായ ഒരു കലാരാധകൻ പല മാസികകളിലേക്കും കവിതകളയച്ചു കൊണ്ടിരുന്നതു്. അവ നന്നായിരുന്നില്ല. പലതും പൊട്ടയായിരുന്നു. പക്ഷേ, എന്തൊരു പ്രയാണം! നിഷ്പ്രഭങ്ങളും നിർജ്ജീവങ്ങളുമായ ചങ്ങമ്പുഴയുടെ കവിതകൾക്കു ചുറ്റും അചിരേണ ഒരു നവ്യപരിമളം പറ്റിക്കിടക്കുന്ന പോലെ തോന്നി. ആ കാവ്യകപോതിക്കു ചിറകു മുളയ്ക്കുകയായിരുന്നു. പെട്ടെന്നതാ, അതു ചിറകുവിരുത്തി ആദ്യം ആ കൊച്ചുതൈമാവിന്റെ ചെറുചില്ലകളിലിരിക്കുകയും പിന്നീടു്, എല്ലാവർക്കും കാണത്തക്കവിധം മനോഹരമായ ആകാശത്തിലേക്കു് ആത്മവിശ്വാസത്തോടുകൂടി ഉയർന്നു പോവുകയും ചെയ്തു. തന്റെ കൂട്ടുകാരുടെ കൂട്ടത്തിലേക്കുള്ള ഈ ക്രമാതീതമായ പ്രയാണവേഗം മലയാളഭാഷയുടെ ചരിത്രത്തിൽ, വി. സി. ബാലകൃഷ്ണപ്പണിക്കരെ കഴിച്ചാൽ, മറ്റാർക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു സംശയമാണു്.
“എനിക്കിപ്പോൾ കൂടി അത്ഭുതം വിട്ടിട്ടില്ല.” ഒരു പ്രധാനപത്രത്തിന്റെ പത്രാധിപർ അതിനെ അനുസ്മരിച്ചു് ഇപ്പോഴും പറയും: “ആ മനുഷ്യൻ എത്ര ക്ഷണത്തിലാണു് നന്നായതു് ഒരു മാസം മുമ്പുവരെക്കൂടി പൊട്ടക്കവിതകളയച്ചുകൊണ്ടിരുന്ന ആളാണിതെന്നു പറഞ്ഞറിയിക്കണം. ഞങ്ങൾ അയാളോടു മടുത്തിരിക്കുകയായിരുന്നു. പെട്ടെന്നതാ വിസ്മയിക്കുന്നതരത്തിലുള്ള നല്ല കവിതകൾ! എന്തൊരു പദസ്വാധീനം! എന്തൊരു…” ഒന്നിന്റയല്ലാ, പല പത്രങ്ങളുടെയും പത്രാധിപന്മാർക്കും, പക്ഷേ, ചങ്ങമ്പുഴയുടെ ഗുരുനാഥന്മാർക്കും, സുഹൃത്തുക്കൾക്കു തന്നെയും തോന്നിയിരിക്കാവുന്ന അഭിപ്രായമാവാം.
മെലിഞ്ഞുനീണ്ടു് ഇരുനിറത്തിൽ അല്പം വളവോടു കൂടിയ ചങ്ങമ്പുഴ കാഴ്ചയിൽ, കുറെ ദിവസമായി തുടയ്ക്കാതെ കിടക്കുന്ന ഒരു വാളിന്റെ അലകുപോലെയാണു്. നല്ല വടിവൊത്ത മുഖം. അല്പം പൊടിമീശ. മുഖത്തിന്റെ ആകൃതിക്കൊത്ത നാസിക. നല്ല സജീവങ്ങളായ കണ്ണുകൾ പൊതുവിൽ മുഖത്തിന്നുള്ള സൗഭാഗ്യം വർദ്ധിപ്പിക്കുന്ന കറുത്തു തടിച്ച പിടികളോടുകൂടിയ കണ്ണട, കാഴ്ചയിൽത്തന്നെ ചങ്ങമ്പുഴ ഒരു കലാരാധകനെന്നു തോന്നാം. നീളൻ കുപ്പായം കുറേക്കൂടി യോജിക്കുന്നതു രാഷ്ട്രീയ പ്രവർത്തകർക്കാണെന്നു പരിചയത്തിൽനിന്നും മനസ്സിലായിട്ടുള്ള അന്യന്മാർക്കു് പക്ഷേ, ഒരുക്ഷണത്തിൽ, അദ്ദേഹം ഒരു രാഷ്ട്രീയപ്രവർത്തകനാണെന്നു തോന്നിയേക്കാം. അങ്ങനെ തോന്നിയാൽ എന്താരു ധ്രുവാന്തരങ്ങളായ സംഗതികളെയാണു് അവരറിയാതെ കൂട്ടിയിണക്കുന്നതെന്നോ? പ്രായോഗിക ജീവിതത്തിലെ കർക്കശങ്ങളും കഠോരങ്ങളുമായ ആഘാതപ്രത്യാഘാതങ്ങളോടു മല്ലിടുന്ന കൂസലില്ലാത്ത ഒരു യോദ്ധാവിനെയും, പല വാതിൽപ്പൊളികളുടെയും മറവിൽ മൂർച്ഛിച്ചുകിടക്കുന്ന മൃദുലങ്ങളായ വളക്കിലുക്കങ്ങളും, വസ്ത്രാഞ്ചലങ്ങളുടെ ചലനവിശേഷങ്ങളും സുന്ദരങ്ങളായ പൂമച്ചുകളും മണിയറകളും പൂങ്കാവനങ്ങളും മറ്റും മറ്റും സ്വപ്നം കാണുന്ന ഒരു കലാരാധകനെയുമാണു്.
പ്രസരിപ്പുള്ള ആളാണെന്നു കാഴ്ചയിൽ തോന്നിക്കുന്ന ചങ്ങമ്പുഴ പെരുമാറ്റത്തിൽ അനുഗൃഹീതനായ ഒരു വിനയസമ്പന്നനാണു്. വാഗ്ദ്ധാടിയോ സംഭാഷണപാടവമോ എടുത്തുപറയത്തക്ക നർമ്മബുദ്ധിയോ അദ്ദേഹത്തിനില്ല. പുറമേയ്ക്കു് തന്റെ ഒതുങ്ങിയ മട്ടും അകത്തു സുന്ദരങ്ങളായ മായികസ്വപ്നങ്ങളുമാണു് അദ്ദേഹത്തിന്റെ കൂട്ടു്. പക്ഷേ, ഈ ഒതുക്കവും ഈ നിയന്ത്രണവും ഈ അന്തസ്സും മറ്റും പ്രേമസുരഭിലങ്ങളായ തന്റെ കാവ്യതല്ലജങ്ങളിലെ നായികാനായകന്മാരെക്കൊണ്ടു് അനുസരിപ്പിക്കാതിരിക്കുവാൻ അദ്ദേഹം നിഷ്കർഷിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നും.
എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം.
എന്നുമതിന്റെ ലഹരിയിലാനന്ദ-
തുന്ദിലമെൻ മനം മൂളിപ്പറക്കണം.
സമ്പൂതമപ്രേമസിദ്ധിക്കു പച്ചില-
ക്കുമ്പിളും കാട്ടി ഞാൻ പിച്ചതെണ്ടാം.
വേണെങ്കിലാ രാഗവേദിയിൽവെച്ചു മൽ-
പ്രാണനെക്കൂടി ഞാൻ സന്ത്യജിക്കാം.
അഭിലാഷസുഭഗവും അനുഭവോദ്യുക്തവുമായ ലോകത്തിലാണു ചങ്ങമ്പുഴയുടെ എല്ലാ പാത്രങ്ങളും ജീവിക്കുന്നതു്. വിദ്യാഭ്യാസത്തിൽനിന്നും പരിഷ്കൃതരീതികളിൽനിന്നും സംജാതമാകുന്ന സംസ്കാരമോ അഭിമാനവിശേഷങ്ങളോ ആത്മദമനശീലമോ അവരിലശേഷമില്ല. അല്ലെങ്കിൽ അവർക്കു നിശ്ചയമില്ല. വെറും നാടന്മാരാണവർ. ഇടവപ്പാതിയിലെ, മനോഹരമായി ഇടപെട്ടുകിടക്കുന്ന, ഇളം വെയിലും മഹാമാരിയും പോലെ അത്ര അനിശ്ചിതമായ സ്വഭാവത്തോടുകൂടി അവർ പെരുമാറുന്നു. അർത്ഥമില്ലാത്ത ആലോചനകളെ കെട്ടിപ്പുണർന്നും അവർ ചിരിക്കുന്നു. അവ അർത്ഥശൂന്യങ്ങളായ നിഴലുകളാണന്നു് അനുഭവപ്പെടുമ്പോൾ പൊട്ടിക്കരയുകയും ചെയ്യുന്നു. ശൂന്യങ്ങളായി പരിണമിച്ച ഈ എണ്ണമറ്റ മായിക സ്വപ്നങ്ങളും സുഖാഭിലാഷങ്ങളും അവരെ യാതൊരു പാഠവും പഠിപ്പിക്കുന്നില്ല. വിചാരശൂന്യനും അസംസ്കൃതനുമായ ആദിമ മനുഷ്യന്റെ അഭിലാഷമൂർച്ഛയോടും ആത്മാർത്ഥതയോടും കൂടി അവർ വീണ്ടും ആകർഷിക്കപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു.
ദയനീയമായ ഈ മനസ്സുറപ്പില്ലായ്മ അവരെ എപ്പോഴും ഭഗ്നാശരാക്കുന്നു. അതല്ലെങ്കിൽ, തങ്ങൾക്കു നൈരാശ്യമല്ലാതെ മറ്റൊന്നും അനുഭവപ്പെടാൻ പോകുന്നില്ലെന്നു് ഭയപ്പെടുത്തുകയെങ്കിലും ചെയ്യുന്നു. അതുകൊണ്ടു് അവർ പരക്കെ ഒരു വിഷാദാവരണം അണിഞ്ഞുവരുന്നു. വിഷാദം ഏതുതരം നിരാശതകളുടെയും അനന്തരഫലമാവാം. വിഷാദമനോവൃത്തി, അതുകൊണ്ടു്, സാഹിത്യത്തിൽ തീരെ പുത്തനല്ല. എന്നാൽ പ്രണയമാത്രബന്ധിയായി, ഉടനീളമുള്ള ഉൽക്കടമായ വിഷാദം ചങ്ങമ്പുഴയുടെ സ്വന്തമാണു്. അദ്ദേഹത്തിന്റെ കവിതകളെ സംബന്ധിച്ചേടത്തോളം എല്ലാ നൈരാശ്യങ്ങളും പ്രേമപരങ്ങളാണു്; ആയേ തീരൂ. നൈരാശ്യത്തിനു് പ്രേമം എന്ന പേരു കൊടുക്കത്തക്കവണ്ണം അവ തമ്മിലുള്ള ബന്ധം അന്ധവും അനുസ്യൂതവുമാണു്. അദ്ദേഹത്തിന്റെ ലോകത്തിലുള്ള പാത്രങ്ങളെല്ലാം, അതുകൊണ്ടു്, ആ മതത്തിനു കീഴ്‌വഴങ്ങി മധുരമായ നൈരാശ്യഗീതങ്ങൾ പാടി ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നു. ചുറ്റുപാടുകളെല്ലാം വിസ്മരിച്ചും പാഴ്ക്കിനാവുകൾ അയവിറക്കിക്കൊണ്ടുമാണു് ഇതു ചെയ്യുന്നതെന്നു ഞാൻ വിസ്മരിക്കുന്നില്ല. അതൊരാക്ഷേപമായി അദ്ദേഹത്തിന്റെ കവിതകൾക്കുനേരെ എറിയപ്പെട്ടിട്ടുമുണ്ടു്. പക്ഷേ, നമുക്കു പരക്കെ അറിയുന്നതല്ലേ കാമുകന്മാരെല്ലാം മറ്റു സർവ്വസ്വവും വിസ്മരിക്കുന്ന തരക്കാരാണെന്നു്! അവർ വിദ്യാസമ്പന്നരും കൂടിയല്ലെങ്കിൽ പറയേണ്ടതുണ്ടോ? ഈ പ്രത്യേകതരത്തിൽപ്പെട്ട അന്ധനായ കാമുകൻ, ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ, നമ്മളെയെല്ലാവരെയും ഒന്നു സന്ദർശിച്ചു പോവുകയെങ്കിലും ചെയ്തിട്ടില്ലേ?—ഞാനത്ഭുതപ്പെടുന്നു. ഉണ്ടെങ്കിൽ ശിഷ്ടനോ ദുഷ്ടനോ ആയിരിക്കാവുന്ന ആ പ്രേമമൂർത്തിയെ പിടിച്ചുനിർത്തി അയാൾക്കു സത്യസന്ധതയോടുകൂടി ഒരു രൂപം കൊടുക്കുവാൻ ഒരു കലാകാരൻ യത്നിക്കുന്നുണ്ടെങ്കിൽ അതിലെന്താണു് ആവലാതിപ്പെടുവാനുള്ളതു്? ആ കാമുകന്റെ ചാപല്യങ്ങളും, അയാളിൽ പരിപൂണ്ണമായി കാണുന്ന ഇതരകാര്യവിസ്മൃതികളും മറ്റും വഴിപിഴപ്പിക്കുന്ന മട്ടിൽ ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ വർണ്ണിച്ചിട്ടുണ്ടെങ്കിൽ ഞാനതിൽ കവിയെ അനുമോദിക്കാനല്ലാതെ മറ്റൊന്നിനും വഴി കാണുന്നില്ല. ആ കാരണം കൊണ്ടു് അതു വായനക്കാരനെ വഴിപിഴപ്പിക്കുമോ? ആ നൈരാശ്യഗീതങ്ങൾ വായിച്ചു വായിച്ചു മനഃപായസം കുടിച്ചു മനസ്സു പുണ്ണാക്കി ഒടുവിൽ അതിലെ കാമുകന്റെ അസൂയാർഹമല്ലാത്ത ഭയങ്കരാവസ്ഥയെ ആദരിക്കാൻ പുറപ്പെടുന്ന വായനക്കാരുണ്ടാവുമോ?… ഇല്ല; എനിക്കു ലവലേശം ഭയമില്ല അമ്പോ! അത്ര ലളിതവും, ക്ഷണമാത്രത്തിൽ സ്പർശിച്ചു കീഴടക്കാവുന്നതുമാണു നമ്മുടെയെല്ലാം ഹൃദയമെങ്കിൽ, ഇതിനെത്ര മുമ്പു നാമെല്ലാം ഇത്തരം കവിതകൾ വായിക്കാനും നിർമ്മിക്കാനും യോഗം വരാതെ, പ്രശാന്തസുഭഗമായ ഹിമാലയത്തിന്റെ ശാഡ്വലപ്രദേശങ്ങളിൽ തൃപ്തിപൂണ്ടു ജീവിക്കുമായിരുന്നു! സത്യം, ധർമ്മം മുതലായി ഇതര വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികൾ, അതിനുമാത്രം ഹൃദയ സ്പർശികളായി, ഇതിനു മുമ്പുതന്നെ നമ്മുടെയിടയിലുണ്ടായിക്കഴിഞ്ഞിട്ടില്ലേ?
ഒരു പ്രത്യേകവീക്ഷണഗതിയിൽക്കൂടി ഒരു പ്രത്യേകതരം കാമുകനെ, മറ്റൊരാൾക്കും സാധിക്കാത്തമട്ടിൽ, ചിത്രീകരിക്കാൻ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ കരുതുന്നു. ആ പാത്രം നല്ലതോ ചീത്തയോ ആയിരിക്കണമെന്ന വ്യക്തമായ ഒരുദ്ദേശവും പാത്രസൃഷ്ടിയിൽ കവി കണ്ടായിരിക്കുമെന്നു ഞാനൂഹിക്കുന്നില്ല. എല്ലാ മനുഷ്യരും സ്വപ്നം കാണുന്ന ശീലക്കാരാണു്. ഒരു പ്രത്യേക. കാലഘട്ടത്തിൽ അവർക്കുണ്ടാകാവുന്ന മാനസിക സ്വപ്നങ്ങളുടെ പ്രതിഫലനം കവിയുടെ മനഃക്ലേശങ്ങളാൽ സ്വാഭാവികമായി നിറം പിടിപ്പിക്കപ്പെട്ടു് ഹൃദയസ്പർശിയായി ഒരു വിഷാദദർപ്പണത്തിൽക്കൂടി വരുന്നു എന്നല്ലാതെ അതിന്നു പറയത്തക്ക മറ്റു മാലിന്യങ്ങളൊന്നും സംഭവിച്ചിട്ടുള്ളതായി തോന്നുന്നില്ല. അതിനെസ്സംബന്ധിച്ചു്, എന്നാൽ, ഒന്നു വിസ്മരിച്ചുകൂടാത്തതാകുന്നു: ഏതു വിദ്യാവിഹീനനും ഉള്ളിൽ തട്ടുന്നതരത്തിൽ വ്യക്തമായ അദ്ദേഹത്തിന്റെ പ്രതിപാദനരീതിയിൽ, ഒരാഡംബരത്തിന്റെ നിലയിലെങ്കിലും വിദൂരസ്ഥമായ ഒരാദ്ധ്യാത്മികദാഹത്തിന്റെ വേദനയും ശ്രദ്ധേയമായ ഒരു പരിവർത്തനേച്ഛയുടെ ക്ഷമകേടും കിടന്നു ചിറകടിക്കുന്നുണ്ടെന്നുള്ളതാണു് അതു്.
രസങ്ങളിൽ മുഖ്യമായി ഗണിക്കുന്നതു് ശോകത്തെയാണു്. ചങ്ങമ്പുഴയെ സംബന്ധിച്ചേടത്തോളം ഈ ശോകരസം ഒരുൽക്കടമായ വിഷാദമായിത്തീർന്നിരിക്കുന്നു. അതിന്റെ ഉത്ഭവം പ്രേമോപജീവിയായ ഒരു മനോവേദനയെ കണ്ണടച്ചു കെട്ടിപ്പിടിക്കുന്നതിൽനിന്നും ജീവിതാനന്ദത്തിന്റെ ക്ഷണികതയെ അസാധാരണമാംവണ്ണം മനസ്സിലാക്കിയതിൽനിന്നുമാണെന്നു ഞാൻ കരുതുന്നു. തങ്ങളുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന മറ്റു പല കവിതകളുടെയും നിറപ്പകിട്ടോടുകൂടിയ നൈരാശ്യ പ്രകടനങ്ങളിൽനിന്നും, ജടപിടിച്ചുകിടക്കുന്ന വിഷാദ വേദാന്തങ്ങളിൽനിന്നും അതു വേറിട്ടുനില്ക്കുന്നു അതു് അല്പം ചിലരുടെയെങ്കിലും മാനസികവ്യാപാരങ്ങളെ സത്യസന്ധതയോടുകൂടി ചിത്രീകരിക്കയും ചെയ്യുന്നുണ്ട്. കുറേക്കൂടി ചിന്താശീലനായ ഒരു കവിയുടെ പക്കൽ പക്ഷേ, ആത്മദമനത്തിന്റെ ഫലമായി, ഈ മനോവിനോദങ്ങൾ തന്നെ കുറേക്കൂടി സംസ്കൃതമായ ആവരണമണിഞ്ഞു വരുമായിരിക്കാം. സദാചാര നിബന്ധനകളും സന്മാർഗ്ഗബോധവും വ്രതമായി സ്വീകരിച്ചിട്ടുള്ളവരെ ഇതിലൊരു വിട്ടുവീഴ്ചയും തൃപ്തിപ്പെടുത്തുകയില്ലായിരിക്കാം; എന്നാൽ ഒന്നോർക്കേണ്ടതാണു്: ഒരു മാർഗ്ഗദർശി എന്ന നില ചങ്ങമ്പുഴ സ്വീകരിക്കുന്നതേയില്ല. തന്റെ മാനസികാനുഭവങ്ങളുടെയും ചിന്താഗതികളുടെയും അഗാധതകളെ നിങ്ങൾക്കു് അളന്നു തന്നു ഫലിപ്പിക്കാൻ അദ്ദേഹം മുതിരുന്നില്ല. തനിക്കുണ്ടാവുന്ന ചില വികാരവിശേഷങ്ങളെ അതുണ്ടാവുന്നതിലും ലഘുവായ രീതിയിൽ പ്രതിപാദിക്കുകയേ ചെയ്യുന്നുള്ളു. അതിനോടുള്ള മാനസികാദരം സ്വയമേവ നിഷ്പ്രയാസമുണ്ടായിത്തീരുന്നതാണു്. അനാവശ്യമായ കവിയുടെ വ്യക്തിത്വം അതിനു മുമ്പിൽ വന്നു തെഴുക്കുത്തിനില്ക്കാൻ ശ്രമിക്കുന്നില്ല. ചില ചില്ലറ ജീവിതസംഭവങ്ങളെ ആദർശരൂപത്തിലേക്കൊന്നും ഉയർത്താൻ ബദ്ധപ്പെടാതെ, സാധാരണഭാഷയിൽ പറഞ്ഞു്, അതിനെ സാർവ്വത്രികമാക്കിത്തീർക്കാനുള്ള കഴിവു് അദ്ദേഹത്തിന്നുണ്ടു്:
പരിചിലൊരേകാന്തസ്വപ്നം പോലീ-
യരുവിയെൻ മുന്നിലൊലിച്ചിടുന്നു.
ഇളകുമിലകൾക്കിടയിലൂടെ-
തെളുതെളെച്ചോരുന്ന ചന്ദ്രികയാൽ
നിഴലും വെളിച്ചവുമൊത്തുചേർന്നു
നിറയുമീ രമ്യനിശീഥരംഗം,
അലിയിക്കയാണെന്നെ മന്ദമന്ദ-
മനുപമാനന്ദസരസ്സിലൊന്നിൽ.
അരികിലെന്നാൽക്കഷ്ടമാരുമില്ലെൻ
ഹൃദയോത്സവത്തിന്നു സാക്ഷിനില്ക്കാൻ.
എത്ര മൃദുലങ്ങളും നിസ്സാരങ്ങളുമായ വരികൾ! എങ്കിലും അതിൽ നമ്മുടെയെന്നപോലെതന്നെ എല്ലാ യുഗങ്ങളിലെയും ജനങ്ങളുടെ സൗന്ദര്യത്തിന്നും സ്നേഹത്തിന്നുമുള്ള ഹൃദയനോവു കുടികൊള്ളുന്നുണ്ടു്.
എത്ര പരിഷ്കൃതനായാലും മൃഗീയത വിടാൻ കഴിയാത്ത മനുഷ്യന്റെ പ്രാഥമിക വികാരങ്ങളിലൊന്നായ കാമചാപല്യം വെറും ഒരു മനോവിനോദമെന്നതിൽക്കവിഞ്ഞു ആദരിക്കുവാൻ നമുക്കാർക്കും ധൈര്യം വരുന്നില്ല. അതുകൊണ്ടു്, ശാശ്വത പ്രതിഷ്ഠയെ അർഹിക്കുന്ന കവി, അതിലും ഗുരുതരങ്ങളായ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കേണ്ടതല്ലേ എന്നു നാം സ്വയം ചോദിച്ചു. പോകാറുണ്ടു്. ഈ ചോദ്യത്തിന്നും അക്ഷമരായ തന്റെ വിമർശകന്മാർക്കും ആരാധകന്മാർക്കും മിസ്റ്റർ ചങ്ങമ്പുഴ ഇനിയും മറുപടി കൊടുത്തു കഴിഞ്ഞിട്ടില്ല. സാഹിത്യ സേവനം നിർത്താൻ ഭാവമില്ലെങ്കിൽ അദ്ദേഹം ഇടയ്ക്കു് അവരെയും തൃപ്തിപ്പെടുത്തുമെന്നാശിക്കാം പക്ഷേ, ഞാൻ അത്ഭുതപ്പെടുകയാണു്, മനോവിനോദങ്ങളെപ്പറ്റിയല്ലെങ്കിൽ മറ്റെന്തിനെപ്പറ്റിയാണു് കലാസൃഷ്ടി ചെയ്യപ്പെട്ടിട്ടുള്ളതു്! സത്യം, സദാചാരം, സ്വരാജ്യ സ്നേഹം, കീർത്തി, നീതിന്യായം, ദൈവം തുടങ്ങി ഇങ്ങോട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും ഒരൊറ്റ ഒന്നെങ്കിലും എല്ലാവർക്കും ഏതുകാലത്തും ഉടനീളം വിശ്വാസവും ബഹുമാനവും ഉളവാക്കുന്നതായി കണ്ടിട്ടുണ്ടോ! ആദ്യത്തെ സ്ത്രീയോടുകൂടി സത്യം ആച്ഛാദനം സ്വീകരിച്ചുകഴിഞ്ഞു. സദാചാരമെന്നതു് മേനിപറയലായിത്തീർന്നിരിക്കുന്നു; സ്വരാജ്യ സ്നേഹം ഒരു ശാപവും. നീതിന്യായം ഒരു നേരമ്പോക്കായി കലാശിച്ചിരിക്കുന്നു. ദൈവമോ?—ഭൂമി സൃഷ്ടിച്ചതിനു ശേഷം വിശ്രമിക്കാൻ കിടന്ന അദ്ദേഹം ഉറക്കത്തിൽ നിന്നു് ഉണർന്നതായി കേൾക്കാനില്ല.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)