images/Fruit_Still_Life_with_Chinese_Export_Basket.jpg
Fruit Still Life with Chinese Export Basket, a painting by James Peale .
ചങ്ങമ്പുഴക്കവിത
വള്ളത്തോൾ വാസുദേവമേനോൻ ബി. എ.
images/Changampuzha.jpg
ചങ്ങമ്പുഴ

കവികളുടെ യശസ്സു് രണ്ടുതരത്തിലാണു കണ്ടുവന്നിട്ടുള്ളതു്: ഒരു കൂട്ടരുടെ യോഗ്യത അവരുടെ കാലശേഷം വരുന്ന തലമുറകളാണു കൂടുതൽ മനസ്സിലാക്കി അഭിനന്ദിക്കുക പതിവു്. മറ്റൊരു കൂട്ടർക്കാകട്ടേ, പേരും പെരുമയും തങ്ങളുടെ കാലത്തുതന്നെ കിട്ടുന്നു. ആ യശസ്സു് കാലക്രമത്തിൽ മങ്ങിപ്പോകുന്നതായും കണ്ടിട്ടുണ്ടു്. ചങ്ങമ്പുഴ യുടെ കാര്യം ഈ രണ്ടിൽനിന്നും വ്യത്യസ്തമാണു്. ജീവിച്ചിരിക്കുമ്പോൾത്തന്നെ യശസ്സാർജ്ജിച്ച കൈരളിയുടെ കണ്ണിലുണ്ണിയാണു് ചങ്ങമ്പുഴ. ആ യശസ്സു് കാലക്രമത്തിൽ മങ്ങിപ്പോകാനിടയുണ്ടെന്നും തോന്നുന്നില്ല; നേരേമറിച്ചു വർദ്ധിച്ചുവരാനേ വഴിയുള്ളൂ.

images/Kerala_Varma_Valiya_Koil_Thampuran.jpg
കോയിത്തമ്പുരാൻ

ഇതിന്നു കാരണം ഒന്നിലധികമുണ്ടു്. അതു വഴിയേ പറയാം. അതിനുമുമ്പും ചങ്ങമ്പുഴ സാഹിത്യത്തിലേക്കു പ്രവേശിക്കുന്ന സമയത്തുള്ള മലയാളകവിതയുടെ സ്ഥിതിയെപ്പറ്റി പൊതുവിൽ ഒന്നറിഞ്ഞിരിക്കുന്നതു നന്നു്. കോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, രാജ രാജവർമ്മ, ഒടുവിൽ, കുണ്ടൂർ തുടങ്ങിയ കവികളുടെ കാലം കഴിഞ്ഞു ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ശങ്കരക്കുറുപ്പു് ഇവരുടെ നേതൃത്വത്തിലേക്കു മലയാളകവിത വന്നിരിക്കുന്ന ഒരു കാലഘട്ടമാണു്. അസാധാരണവൈശിഷ്ട്യമുള്ള കാവ്യസമ്പത്തു കൈരളിക്കു സമ്മാനിച്ചുവെച്ചു മഹാകവി കുമാരനാശാൻ അന്തർദ്ധാനം ചെയ്തുകഴിഞ്ഞിരിക്കുന്നു. പണ്ഡിതകവിയായ ഉള്ളൂർ പണ്ഡിതന്മാരെ രസിപ്പിക്കുന്ന കവിതകൾ എഴുതിക്കൊണ്ടേയിരിക്കുകയാണു്. ആദ്യകാലങ്ങളിൽ തന്റെ പേരു സുസ്ഥാപിതമാക്കിത്തീർത്ത ഖണ്ഡകവനങ്ങളുടെ രചന നിർത്തി, വള്ളത്തോളാകട്ടേ ദേശീയബോധത്തെയും സാമുദായികമായ ഉത്തരവാദിത്വബോധത്തെയും തട്ടിയുണർത്തുന്ന കവിതകളെഴുതുന്നതിൽ വ്യാപൃതനായിരിക്കയാണു്. പോരെങ്കിൽ അദ്ദേഹത്തിന്റെ സമയം മൃതപ്രായമായ കഥകളി ഉദ്ധരിക്കുന്നതിന്നും വിനിയോഗിക്കപ്പെട്ടുവരുന്നു. കവിതയ്ക്കു് ഒരു പുതിയ മിഴിവും ജീവനും നല്കിയ ജി. ശങ്കരക്കുറുപ്പാ കട്ടെ ലൗകികങ്ങളായ ഉച്ചനീചത്വങ്ങളോടു ക്രുദ്ധനാണെങ്കിലും അദ്ദേഹത്തിന്റെ കവിത ആദ്ധ്യാത്മികദാഹത്തിന്റെ പ്രതിനിധിയായിത്തന്നെ വലിക്കുകയാണു്. കവിത മിക്കവാറും ഒരു ഉപദേഷ്ടാവിന്റെ നില സ്വീകരിച്ചിരിക്കുന്ന ഒരു കാലഘട്ടമാണു്.

images/Kumaran_Asan_1973_stamp_of_India.jpg
ആശാൻ

ഈ അവസരത്തിലാണു് ചങ്ങമ്പുഴ രംഗപ്രവേശം ചെയ്തതു്. അദ്ദേഹത്തിന്നും ഒന്നും ഉപദേശിക്കാനുണ്ടായിരുന്നില്ല. യൗവനസഹജമായ ചില ആദർശചിന്തകളും മനോരഥങ്ങളുടെ മായികസ്വപ്നങ്ങളും കഴിച്ചാൽ ആ യുവാവിന്നു് കാര്യമായിട്ടൊന്നും പറയുവാനുണ്ടായിരുന്നില്ല. സ്വപ്നങ്ങളിൽ പലതും ആ പ്രായത്തിൽ യുവതീയുവാക്കന്മാരുടെ മനസ്സിനെ അപഹരിക്കുന്നതരത്തിലുള്ളതാവാം. ഏതായാലും ആകർഷിക്കത്തക്കവയായിരുന്നു, നിശ്ചയം. അദ്ദേഹം ആ സ്വപ്നങ്ങൾക്കും മനോരഥങ്ങൾക്കും സത്യസന്ധത വിടാതെ വാക്കുകൾകൊണ്ടു രൂപം കൊടുക്കാൻ ശ്രമിച്ചു. ഇതൊരു പുതിയ വിദ്യയായിരുന്നു. മലയാളസാഹിത്യത്തിൽ അതിന്നു മുമ്പു് ആരും ചെയ്തിട്ടില്ലാത്ത ഒരു പുതിയ വിദ്യ. മാത്രമല്ല, ആ രൂപം കൊടുത്തിരുന്നതു് സംസ്കൃതവൃത്തങ്ങളിലല്ല, വിസ്മൃത പ്രായങ്ങളായിക്കിടന്നിരുന്ന ദ്രാവിഡവൃത്തങ്ങളിലും ചില നാടോടിവൃത്തങ്ങളിലുമായിരുന്നു. ഇതു മലയാളികളെ മുഴുക്കെ ആകർഷിച്ചു; ആകർഷിക്കുകതന്നെയല്ല, വളരെ ക്ഷണത്തിൽ ചങ്ങമ്പുഴയെ കവികളുടെ മുന്നണിയിലേക്കു കൊണ്ടുവരികയും ചെയ്തു. അതിന്നു കാരണമുണ്ടായിരുന്നു. ദ്രാവിഡവൃത്തങ്ങളിൽക്കൂടി ഹൃദയാവർജ്ജകങ്ങളായ ഹൃദയദൗബ്ബല്യങ്ങളെപ്പറ്റി മനോഹരങ്ങളായ പാട്ടുകളെഴുതിയാൽ അവയ്ക്കുള്ള വശ്യശക്തി അസാമാന്യമാണു്. യുവഹൃദയങ്ങളുടെ ദൗബ്ബല്യങ്ങളാണു് വിഷയമെങ്കിൽ പറയുകയും വേണ്ട. ചങ്ങമ്പുഴയുടെ വിഷയം മിക്കവാറും ഇതായിരുന്നു. ഉദാഹരണമായി തന്റെ കാമുകൻ മറ്റൊരു സ്ത്രീയിൽ അനുരക്തനായി തന്നെ വിട്ടുപോയി എന്നറിഞ്ഞ യുവതി ദയനീയമായ തന്റെ നില സഖിയോടു പറഞ്ഞറിയിക്കുന്ന ഇതിവൃത്തം സംസ്കൃതത്തിലും മലയാളത്തിലും പുത്തനല്ല, പലരും സ്വീകരിച്ചുകണ്ടിട്ടുണ്ടു്. എന്നാൽ അതേ വിഷയം തന്നെ ചങ്ങമ്പുഴയുടെ പക്കൽ കിട്ടിയപ്പോൾ അതു പറയാൻ അദ്ദേഹം ഉപയോഗിച്ച ദ്രാവിഡരീതിയുടെ സാധാരണതകൊണ്ടും അതിന്റെ ഹൃദ്യമായ ഗാനമാധുര്യം കൊണ്ടും അനന്യസാധാരണമായ വശ്യശക്തി ഉടനടി സമ്പാദിച്ചു. കാമുകനാൽ ത്യക്തയായ ചങ്ങമ്പുഴയുടെ കന്യക സഖിയോടു പറയുകയാണു്:

“ശ്യാമളേ സഖീ, ഞാനൊരു വെറും

കാനനത്തിലെപ്പൂവല്ലേ?

മാനമാളുന്ന സോമനുണ്ടാമോ

കാണുവാനതിൽ കൗതുകം?

ചേലിയലും കുമുദയോടൊത്തു

ലാലസിക്കട്ടെ ഭാഗ്യവാൻ

ഞാനതു നോക്കി ശ്യാമളേ, വീണ്ടു-

മാനന്ദാശ്രുക്കൾ തൂകട്ടെ.”

ഇതേ ആശയഗതിതന്നെ മഹാകവി വള്ളത്തോൾ ‘രാധയുടെ കൃതാർത്ഥത’ എന്ന കവിതയിൽ പ്രകാശിപ്പിച്ചിട്ടുണ്ടു്. രാധയുടെ കാമുകൻ മറ്റൊരു കന്യകയാൽ ആകൃഷ്ടനായിപ്പോയപ്പോൾ രാധ സമാധാനിക്കുകയാണു്: “അദ്ദേഹം തന്റെ പുതിയ ഭാര്യയുമായി സുഖമായി താമസിക്കട്ടെ. അതു കണ്ടുകൊണ്ടു് ലോകത്തിലൊരുമൂലയിൽ ജീവിക്കാൻ സാധിച്ചാൽത്തന്നെ ഞാൻ കൃതാർത്ഥയായി” എന്നു്.

images/Kodungallur_Kunjikkuttan_Thampuran.png
കുഞ്ഞിക്കുട്ടൻ തമ്പുരാൻ

മുൻപറഞ്ഞ പോലെ ഇതിലെ രണ്ടിലേയും വിചാരഗതി ഒരേതരത്തിലുള്ളതാണെങ്കിലും ആദ്യത്തേതിൽ ബഹുജനങ്ങളെ അതായതു് സംസ്കൃതനോ, അസംസ്കൃതനോ എന്ന ഭേദമെന്യേ ജനങ്ങളെ ആകർഷിക്കത്തക്ക എന്തോ അകൃത്രിമമായ ഒരടുപ്പമുണ്ടെന്നു തോന്നും. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ, വള്ളത്തോളിന്റെ രാധ സംസ്കൃതചിത്തയും വിദ്യാസമ്പന്നയുമാണെന്ന പ്രതീതി ജനിപ്പിക്കുന്നു അത്തരത്തിലൊരു പശ്ചാത്തലമാണു് അവൾ സൃഷ്ടിക്കുന്നതു്. അതുകൊണ്ടു് അവളുടെ വിചാരഗതിക്കു സാധാരണക്കാരുടേതിൽനിന്നും ഉയർന്നുനില്ക്കുന്ന ഒരു കുലീനതയുണ്ടെന്നു തോന്നിപ്പോകും. ചങ്ങമ്പുഴയുടെ കന്യകയാകട്ടേ ആവക കുലീനതയൊന്നും അവകാശപ്പെടുന്നില്ല. ഒരു പുരുഷനിൽ അനുരക്തയായ സ്ത്രീ മാത്രമാണവൾ. ആ പുരുഷൻ അവളെ കൈവെടിയുമ്പോൾ അവൾ സ്വാഭാവികമായി വിഷാദിക്കുന്നു. ആ വിഷാദപ്രകടനത്തിൽ കുലീനത്വം പാലിക്കണമെന്ന യാതൊരു ശാഠ്യവും അവൾക്കില്ല. അതുകൊണ്ടു അവൾ സാധാരണസ്ത്രീകളോടു കൂടുതൽ അടുത്തുനില്ക്കുന്നു. തന്റെ സഖിയെ വിളിച്ചു അവൾ കഷ്ടസ്ഥിതി വിവരിക്കുന്നു. അതിൽ അലങ്കാരമോ കൃത്രിമത്വമോ ഇല്ല. വള്ളത്തോളിന്റെ നായികയായ രാധയുടെ സ്ഥിതി വ്യത്യസ്തമാണു്. അവളും അനുകമ്പാർഹയാണു്. പക്ഷേ, കുലീനത്വം വിടാതെയാണു അവൾ തന്റെ ഇംഗിതപ്രകടനം നടത്തുന്നതു്. അവൾ തന്റെ കാര്യം മറ്റൊരാളോടു പറയുന്നേയില്ല. ഒരു മനോരാജ്യത്തിന്റെ രീതിയിലാണു വിചാരങ്ങൾ പുറത്തേക്കു വരുന്നതു്; അതിൽ ചില ക്രമങ്ങളുമുണ്ടു്. ഉദാഹരണമായി നായകന്റെ സ്മരണയോടു കൂടി കവിത തുടങ്ങുന്നു. അതിനെത്തുടർന്നു താനും നായകനും തമ്മിലുണ്ടായിരുന്ന പണ്ടത്തെ അടുപ്പം. അതു കഴിഞ്ഞു് അയാൾ മറ്റൊരു സ്ത്രീയിൽ അനുരക്തനായിപ്പോയി എന്ന സംഗതി പുറത്തുവരുന്നു. അങ്ങനെയൊക്കെയാണെങ്കിലും താൻ മരിക്കാൻ തയ്യാറില്ലെന്നും ജീവിക്കാൻ തന്നെയാണു തീർച്ചപ്പെടുത്തിയിട്ടുള്ളതെന്നും രാധ ഉറപ്പിക്കുന്നു. അങ്ങനെ കവിത അവസാനിക്കുന്നതു്, താൻ ലോകത്തിലൊരുകോണിൽ ജീവിച്ചു തൃപ്തിപ്പെട്ടു കൊള്ളാമെന്നു പറഞ്ഞുകൊണ്ടാണു്. ചങ്ങമ്പുഴയുടെ കന്യക, നേരേ മറിച്ചു്, തുടങ്ങുന്നതുതന്നെ വള്ളത്തോളിന്റെ കന്യക പറഞ്ഞു് അവസാനിപ്പിച്ച സ്ഥലത്തുനിന്നാണു്. അതായതു്, ചങ്ങമ്പുഴയുടെ കന്യക സഖിയോടു ആദ്യം പറയുന്നതും തന്റെ കാമുകൻ മറ്റൊരുസ്ത്രീയമായി സുഖിച്ചു ജീവിക്കുന്നതും കണ്ടു് താൻ ഒരിടത്തു താമസിച്ചുകൊള്ളാമെന്നു ഏറ്റുകൊണ്ടാണു്. അവിടെ കവിത അവസാനിക്കുന്നില്ല തുടങ്ങുന്നേയുള്ളൂ. തുടർന്നു പറഞ്ഞുകൊണ്ടു് ചങ്ങമ്പുഴയുടെ കന്യക ഒരു ഉന്മാദിനിയെപ്പോലെ കേഴുന്നു:

“വന്നിടാറുണ്ടു വാസന്തരാത്രി

എന്നെത്തേങ്ങിക്കരയിക്കാൻ.

പൂനിലാവു പൊഴിയുമ്പോളയ്യോ

മാനസം ദ്രവിക്കുന്നു മേ!”

മറ്റൊരു കന്യക വിലപിക്കുകയാണു്:

“എത്രനാളെത്രനാളീവിധം കണ്ണുനീ-

രർച്ചിക്കണമെനിക്കാവോ?

എപ്പോഴും കാണ്മതുണ്ടെന്മനോനേത്രമാ-

സ്സുപ്രസന്നോജ്വലരൂപം.

ഇല്ലാ, ചെയ്തിട്ടില്ല, നാഥനോടിന്നോളം

തെല്ലുമേ ഞാനപരാധം.

ഭക്ത്യാ കഴുകുന്നു നിത്യമെന്നശ്രുവി-

ലത്തൃപ്പദങ്ങൾ ഞാനിന്നും.”

ഇതിലെല്ലാം തന്നെ അനിയന്ത്രിതമായ ഒരു വികാരത്തള്ളിച്ചയുണ്ടു്. അതുകൊണ്ടു സാധാരണക്കാരനോടു കൂടുതൽ അടുപ്പം സിദ്ധിച്ചിരിക്കാനിടയുമുണ്ടു്.

ചങ്ങമ്പുഴയുടെ കവിതകൾക്കുള്ള സ്വാധീനശക്തിയുടെ ഒരു രഹസ്യം, അതിൽ സുലഭമായി പ്രകാശിച്ചുകാണുന്ന ഈ വിഷയാസക്തിയുടെ തള്ളിച്ചയാണെന്നു പറയാം. പക്ഷേ, വിഷയലമ്പടത്വമായി അതിനെ തെറ്റിദ്ധരിക്കുന്നതു സാഹസമാണു്. കാരണം, ആ വിഷയാസക്തിക്കും—അല്ലെങ്കിൽ വികാരങ്ങളുടെ തള്ളിച്ചയ്ക്കു്—ധാരാളം മാന്യതയുണ്ടു്. ചങ്ങമ്പുഴയുടെ കവിതകളിൽ കാണുന്ന കാമുകീകാമുകന്മാരുടെ മനോവൃത്തിയിൽനിന്നു് ഭിന്നമാണു് കുലീനത്വമുള്ളവരുടെ മനോവൃത്തി എന്നവകാശപ്പെടുന്നതു് അടിസ്ഥാനരഹിതമായിരിക്കും. അവരതു പക്ഷേ, പുറത്തു പ്രകാശിപ്പിക്കില്ലായിരിക്കാം. അതു മറ്റൊരു കാര്യമാണു്. അതുകൊണ്ടു്, ചങ്ങമ്പുഴയുടെ കവിതകളിൽ പ്രകാശിച്ചുകാണുന്ന സ്ത്രീപുരുഷ മനോവൃത്തിയെ വിഷയലമ്പടത്വമായി തരം താഴ്ത്തുന്നതു്, വിഷയലമ്പടത്വം സ്വയം ഏറ്റുസമ്മതിക്കലായിത്തീരും.

images/Gshankarakurup.jpg
ജി. ശങ്കരക്കുറുപ്പ്

ഇളംപ്രായത്തിലുള്ള സ്ത്രീപുരുഷമനോവൃത്തിയെ ചങ്ങമ്പുഴയെപ്പോലെ ഇത്ര വ്യക്തമായും മനോഹരമായും ചിത്രീകരിച്ചിട്ടുള്ള മറ്റൊരു കവി മലയാളത്തിലില്ല. സ്ത്രീപുരുഷബന്ധം ലോകാരംഭം മുതൽ തുടങ്ങിയതാണു്. എന്നിരിക്കിലും, ഒരു പ്രത്യേകഘട്ടത്തിൽ ഈ ബന്ധത്തിൽ ഒരു പുതുമ എല്ലാവരും കണ്ടെത്തുക സ്വാഭാവികമാണു്. ഈ ‘പുതുമകണ്ടെത്ത’ലാണു് ചങ്ങമ്പുഴയുടെ പ്രേമകവിതകളുടെ കാതൽ. അതുകൊണ്ടു് അദ്ദേഹത്തിന്റെ കവിതകളോടുള്ള പ്രീതി എന്നും പുത്തനായിതന്നെ നിലനില്ക്കാനിടയുണ്ടു്. ചങ്ങമ്പുഴയെ യുവജനങ്ങളുടെ ആരാധനാപാത്രമാക്കിയ ഒരു കാരണവും ഇതാണു്. ഇതുതന്നെയായിരിക്കാം, ചങ്ങമ്പുഴയെ പില്ക്കാലത്തു യശഃശരീരനായ കവിയായി മലയാളത്തിൽ വാഴിക്കുവാൻ സഹായിക്കുകയെന്നും ഞാൻ കരുതുന്നു.

മറ്റൊരു കവിക്കും ഇതേവരെ മലയാളത്തിൽ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു കൃത്യമാണു് ചങ്ങമ്പുഴ ഇങ്ങനെ നിർവഹിച്ചതു്. ബാല്യം വിട്ടു യൗവനത്തിലേക്കു കടന്നുവരുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ഹൃദയം അകാരണമായ വിഷാദം കൊണ്ടു് ഇടയ്ക്കു മ്ലാനമാകുന്നു; അതുപോലെ അർത്ഥമില്ലാത്ത സന്തോഷം കൊണ്ടു ചിലപ്പോൾ വികസിക്കുകയും ചെയ്യുന്നു. ഈ ചിത്തവൃത്തിക്കു, അല്ലെങ്കിൽ മനോവിനോദത്തിന്നു, വാക്കുകൾ കൊണ്ടു രൂപം കൊടുക്കുവാൻ ചങ്ങമ്പുഴയ്ക്കല്ലാതെ മറ്റാർക്കും സാധിച്ചിട്ടില്ല. ഇനി സാധിച്ചിട്ടുണ്ടെങ്കിൽത്തന്നെ ചങ്ങമ്പുഴയാണു് ആ കാര്യത്തിൽ മാർഗ്ഗദർശി എന്നുള്ളതു തർക്കമറ്റ സംഗതിയാണു്. മനസ്സിന്റെ ഉന്മേഷവും വേദനയും ഇങ്ങനെ അർത്ഥമില്ലാതെ ഇടകലർന്നു കിടക്കുന്നതിനെ വിവരിക്കുന്ന ചങ്ങമ്പുഴയുടെ ചില ചിത്രങ്ങൾക്കുള്ള മനോഹാരിത എത്രയാണെന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണു്. ഉദാഹരണമായി യൗവനാരംഭത്തിൽ യുവാവിന്റെ അന്തർഗ്ഗതത്തിലേക്കും ഒരു സ്ത്രീരൂപം കടന്നു ചെല്ലുന്നതിന്റെ അന്യാദൃശമായ ചിത്രം നോക്കുക:

“ആരുമറിഞ്ഞിടാതെൻ ജീവിതത്തിലേ-

ക്കാരാൽ നടന്നുവരുന്നവളാരു നീ?

പേർത്തുമെൻ ചിത്തം തുളുമ്പിടുമ്മാറതാ

കേൾപ്പു നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ.

നെഞ്ചിടിപ്പേറ്റുമാറെത്തുന്നു ചാരെ നിൻ

ചഞ്ചലവസ്ത്രാഞ്ചലസ്വനവീചികൾ!”

പരിസരങ്ങൾ ഉണ്ടാക്കിത്തീർക്കുന്ന അലൗകികമായ ആനന്ദത്തിന്റെയും അതിനെത്തുടർന്നുണ്ടാകുന്ന അവാച്യമായ ഒരു മനോവ്യഥയുടെയും രൂപം ചങ്ങമ്പുഴ വരച്ചിരിക്കുന്നതു് മലയാളത്തിൽ മറ്റാർക്കും സാധിച്ചിട്ടില്ലാത്ത മട്ടിലാണു്.

“പരിചിലൊരേകാന്തസ്വപ്നം പോലീ-

യരുവിയെൻ മുന്നിലൊലിച്ചിടുന്നു.

ഇളകുമിലകൾക്കിടയിലൂടെ

തെളുതെളെച്ചോരുന്ന ചന്ദ്രികയാൽ

നിഴലും വെളിച്ചവുമൊത്തുചേർന്നു

നിറയുമീ രമ്യനിശീഥരംഗം,

അലിയിക്കയാണെന്നെ മന്ദമന്ദ-

മനുപമാനന്ദസരസ്സിലൊന്നിൽ;

അരികിലെന്നാൽ കഷ്ടമാരുമില്ലെൻ

ഹൃദയോത്സവത്തിന്നു കാഴ്ചനില്ക്കാൻ.”

എത്ര മൃദുലങ്ങളും നിസ്സാരങ്ങളുമായ വരികളാണു്! എന്നിരിക്കിലും, അവയിൽ നമ്മുടെയെന്നപോലെ എല്ലാ യുഗങ്ങളിലെയും ജനങ്ങളുടെ സൗന്ദര്യത്തിന്നും സ്നേഹത്തിന്നുമുള്ള ഹൃദയനോവും മനോവ്യഥയും കുടികൊള്ളുന്നുണ്ടു്. ഈ നോവും വ്യഥയും ശാശ്വതമാണു്. അവയുടെ ശാശ്വതത്വം നിലനില്ക്കുന്നിടത്തോളം കാലം ചങ്ങമ്പുഴയുടെ കവിതകൾ ആർത്തിയോടുകൂടി വായിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും.

ചങ്ങമ്പുഴയിൽനിന്നു കൈരളിക്കു കിട്ടിയ മറ്റൊരു സമ്പാദ്യം അദ്ദേഹത്തിന്റെ കവിതകളിൽ ഉടനീളം ഊറിക്കിടക്കുന്ന ഗാനാത്മകതയാണു്. ചങ്ങമ്പുഴ കവിതകളെഴുതിത്തുടങ്ങുന്നതിന്നുമുമ്പു് ദ്രാവിഡവൃത്തങ്ങൾ മിക്കവാറും വിസ്മരിക്കപ്പെട്ടുകിടക്കുകയായിരുന്നു. ചില വൃത്തങ്ങൾക്കു മഹാകവി വള്ളത്തോൾ പ്രചാരം കൊടുക്കാതിരുന്നിട്ടില്ല. എന്നാൽ സംഗീതമാധുര്യം തുളുമ്പുന്ന ഗാനവൃത്തങ്ങൾക്കു് അദ്ദേഹവും പ്രാധാന്യം നല്കിയിരുന്നില്ല. ഈ അമൂല്യനിധി പുറത്തേക്കെടുത്തു് അതിന്റെ അക്ഷയസമ്പത്തിൽക്കൂടി മുരളീനാദം മുഴക്കിയതും ചങ്ങമ്പുഴയാണു്. ഇതു് ആബാലവൃദ്ധം ജനങ്ങളെ ആകർഷിച്ചു. അതേവരെ മറ്റുപലരും പറഞ്ഞിരുന്ന കാര്യങ്ങൾതന്നെ ചങ്ങമ്പുഴയുടെ മുരളിയിൽക്കൂടി ഗാനാലാപമായി വന്നപ്പോൾ, അവയ്ക്കു് ഒരു പുതുമയും വികാസവും സിദ്ധിച്ച പോലെ തോന്നി. അർത്ഥമില്ലാത്ത പദങ്ങൾ അവയിൽ ധാരാളമുണ്ടായിരുന്നു. അർത്ഥം തന്നെ തെറ്റായി പ്രയോഗിച്ച പദങ്ങളുമുണ്ടായിരുന്നു. പുനരുക്തി സമൃദ്ധമായിരുന്നു. എന്നിരിക്കിലും അതു വായനക്കാരെ ഹഠാദാകർഷിച്ചു, വശീകരിച്ചു, പിടിച്ചിരുത്തി.

“കളകളകോകിലാലാപലോലം

കമനീയകാമദപുഷ്പകാലം

മധുപാനമത്തമധുപഗീതം

മധുരസുഗന്ധിയാം മന്ദവാതം.”

വിശേഷിച്ചും അർത്ഥപുഷ്ടിയൊന്നുമില്ലെങ്കിലും എന്തൊരു വാചാലമായ പശ്ചാത്തലത്തെയാണു് സൃഷ്ടിച്ചുവിടുന്നതു്! എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ഇതുപോലെ എടുത്തുകാണിക്കാൻ കഴിയും.

സംഗീതാത്മകതയെ തുടർന്നുകൊണ്ടു് സ്വാഭാവികമായി അദ്ദേഹത്തിന്റെ പദലാളിത്യവും പോകുന്നു. വിഷാദം സ്വാനുഭവങ്ങളാൽ ഏവർക്കും സുഗ്രഹമാണു്; അതുകൊണ്ടു തന്നെ സാവത്രികമാണെന്നും പറയാം. ചങ്ങമ്പുഴയുടെ കവിതകളിൽ ഏറ്റവുമധികം പ്രാബല്യം സിദ്ധിച്ചിട്ടുള്ള ഭാവവും ഇതാണു്. അതേകാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിത ജനങ്ങളുമായി കൂടുതൽ അടുത്തിരിക്കുന്നു എന്നും വേണമെങ്കിൽ പറയാം. ഈ വിഷാദത്തെ സ്ഥായിയായ ഒരു ചിന്താഗതിയായി പുലർത്തി ജനങ്ങളെ വിഷാദാത്മകത്വത്തിലേക്കു കവി താഴ്ത്താൻ പാടുള്ളതാണോ എന്നൊരു ചോദ്യം ചങ്ങമ്പുഴയെപ്പറ്റി ചോദിച്ചുകേൾക്കാറുണ്ടു്. അതു ശരിയാണു്. അതു പക്ഷേ, മറ്റൊരു സംഗതിയാണു്. ഒന്നു മാത്രമേ ഇവിടെ നോക്കാനുള്ളു: ആ വിഷാദത്തിനു് ഇത്ര ആത്മാർത്ഥമായ രൂപം കൊടുക്കുവാൻ മറ്റാർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നുള്ളതു്. ഇല്ലെന്നുള്ളതു തർക്കമറ്റ സംഗതിയാണു്. ഇതു് ഒരു നേട്ടമാണെങ്കിൽ, ചങ്ങമ്പുഴ സാഹിത്യത്തിന്നു സമ്പാദിച്ചുവെച്ചിട്ടുള്ള നേട്ടം അന്യാദൃശമാണു്.

വിഷാദാത്മകങ്ങളല്ലാത്ത കവിതകളും ചങ്ങമ്പുഴ എഴുതീട്ടുണ്ടു് എന്നുള്ള കാര്യം ഞാൻ ഇവിടെ വിസ്മരിക്കുന്നില്ല. സമുദായത്തിന്റെ ഏറ്റവും താണപടിയിൽ മർദ്ദിതരായിക്കിടക്കുന്ന അവശരുടെ കഷ്ടപ്പാടുകളെപ്പറ്റി ഹൃദയം തുറക്കുന്നരീതിയിൽ ശോകാകുലനായും ചിലപ്പോൾ ക്രുദ്ധനായും അദ്ദേഹം കവിതകളെഴുതീട്ടുണ്ടു്. പക്ഷേ, അവയെല്ലാം ചങ്ങമ്പുഴയുടെ ചില പ്രത്യേക മാനസികാവസ്ഥകളുടെ (Moods) പ്രതിബിംബങ്ങളായിട്ടു മാത്രമേ കണക്കാക്കേണ്ടതുള്ളു. സ്ഥായിയായ വീക്ഷണഗതിയായിട്ടു് അദ്ദേഹം വളർത്തിക്കൊണ്ടുവന്നിട്ടില്ല. കുറേക്കാലം കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം അതു ചെയ്യുമായിരുന്നുവോ എന്നാലോചിക്കുന്നതു് വിമർശകന്മാർക്കും പക്ഷേ, രസാവഹമായ ഒരു കാര്യമായിരിക്കും. എന്നാൽ, ചങ്ങമ്പുഴയുടെ ആരാധകന്മാരായ സാധാരണ ജനങ്ങൾ അദ്ദേഹം നേടിവെച്ചു പോയിട്ടുള്ള സമ്പാദ്യങ്ങൾ കൊണ്ടുതന്നെ തൃപ്തരാണു്. അതിന്നു അവർക്കു അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും കൃതജ്ഞതയും സീമയറ്റതാണു്. യശഃശരീരനായ ആ കവിയുടെ മുരളീരവം ശാശ്വതമായിത്തന്നെ വർത്തിക്കട്ടെ!

വള്ളത്തോൾ വാസുദേവമേനോൻ ബി. എ.
images/vvmenon.jpg

കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.

കൃതികൾ
  • കാളവണ്ടി
  • മാരാരും കൂട്ടരും
  • രംഗമണ്ഡപം
  • എവറസ്റ്റാരോഹണം
  • ഇന്നത്തെ റഷ്യ
  • സന്ധ്യ
  • Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)

Colophon

Title: Changampuzhakavitha (ml: ചങ്ങമ്പുഴക്കവിത).

Author(s): Vallathol Vasudevamenon B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Thoolikachithram, Vallathol Vasudevamenon B. A., Changampuzhakavitha, വള്ളത്തോൾ വാസുദേവമേനോൻ ബി. എ., ചങ്ങമ്പുഴക്കവിത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 13, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fruit Still Life with Chinese Export Basket, a painting by James Peale . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.