എഗ്മൂർ, റോയപ്പേട്ട എന്നീ സ്ഥലങ്ങളിൽ താമസിച്ചു ശീലിച്ചിട്ടുള്ളവരെല്ലാം തടിച്ച ‘ഫ്രെയിമുള്ള കണ്ണട വെച്ചു സ്ഥൂലശരീരനായ ഒരാൾ, ലോകത്തോടെല്ലാം സമാധാനത്തിലും സന്തോഷത്തിലും വർത്തിക്കുന്ന മുഖഭാവത്തോടുകൂടി, നടന്നു പോകുന്നതു കണ്ടിട്ടുണ്ടാവാനിടയുണ്ടു്. കുറച്ചു ദൂരം നടന്നുകഴിഞ്ഞതിനുശേഷം, ഹേയ്, താനൊരു റിക്ഷാവണ്ടിയിലല്ലാ സഞ്ചരിക്കുന്നതു്, അല്ലേ? റിക്ഷായിലാണു പോകേണ്ടതു്, എന്നു് ഓർമ്മിച്ചിട്ടെന്നപോലെ അദ്ദേഹം ഒരു റിക്ഷാക്കാരനെ വിളിക്കുന്നു. റിക്ഷയിൽ കയറുമ്പോൾ കേൾക്കുന്ന റിക്ഷാ വണ്ടിയുടെ ഞെരക്കം ശ്രദ്ധിച്ചു, അതിനോടു് സഹതാപം ജനിച്ചിട്ടെന്നപോലെ, റിക്ഷാക്കാരനോടും, “എന്താടോ, വണ്ടിക്കു ബലം പോരേ?” എന്നു സ്വതസ്സിദ്ധമായ ഫലിതസ്വരത്തിൽ ചോദിച്ചതിനു ശേഷം അതിൽ പതിഞ്ഞിരുന്നു് തന്റെ ഉദ്യോഗസ്ഥലമായ യൂണിവേഴ്സിറ്റിയെ ലാക്കാക്കി പോവുകയും ചെയ്യുന്നു. വഴിക്കു് ആരും പിടികൂടിയില്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ എത്തും. അതല്ലാ പിടികൂടിയെന്നിരിക്കട്ടെ, അന്നത്തെ ആ യാത്ര എവിടേക്കായിരിക്കും, എവിടെ ചെന്നവസാനിക്കും എന്നൊന്നും റിക്ഷയിലിരിക്കുന്ന ചേലനാടനുതന്നെ അറിഞ്ഞുകൂടാ. തന്നെക്കൊണ്ടു് ഉപയോഗമുള്ള ലോകത്തിലെ മറ്റുള്ളവരുടെ അപേക്ഷകളെയും ആവശ്യങ്ങളെയും ഇങ്ങനെ നിഷ്കാമമായ ഔദാര്യത്തോടെ മാനിച്ചു പോന്ന ചേലനാടനെപ്പോലെയുള്ള മറ്റൊരു മലയാളി ഇനി ഉണ്ടാവുക പ്രയാസമാണു്. ചേലനാടന്റെ ജീവിതത്തിന്റെ മഹത്തായ വിജയവും പക്ഷേ, പരാജയവും ഈ ‘പരകാര്യശ്രദ്ധ’ തന്നെയാവാം എന്നു പറയുവാൻ തോന്നിപ്പോകുന്നു.
ചിന്താശീലം ദ്യോതിപ്പിക്കുന്നതാണെങ്കിലും ഗൗരവം ചേലനാടന്റെ മുഖത്തു് ഒരിക്കലും കണ്ടതായി ഞാനോർക്കുന്നില്ല. ഉപയോഗിക്കേണ്ട വാക്കും വാസ്തവത്തിൽ ഗൗരവം എന്നല്ല. ചേലനാടനുണ്ടായിരുന്ന ഉദ്യോഗപ്രൗഢി, സ്ഥാനമാനങ്ങൾ, പേരും പെരുമയും എന്നിവ മറ്റൊരാൾക്കാണു കിട്ടിയിരുന്നതെങ്കിൽ അയാളുടെ മുഖത്തു്, അയാൾ അറിഞ്ഞോ അറിയാതെയോ, സ്ഥലം പിടിക്കാനിടയുള്ള ഒരുവക അനാശാസ്യമായ ‘കന’ത്തെയാണു് ഗൗരവം എന്ന വാക്കു കൊണ്ടു ഞാൻ ഉദ്ദേശിച്ചതു്. തങ്ങളലങ്കരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പം കൊണ്ടു് ‘കനം’ പിടിപ്പിക്കപ്പെടാൻ അനുവദിക്കാത്ത അധികം പേരെ കാണാൻ പ്രയാസമാണു്. അത്തരക്കാരെപ്പറ്റി ആലോചിക്കുമ്പോളെല്ലാം ചേലനാടന്റെ മലയാളത്തിലുള്ള ‘ചെസ്റ്റർട്ടൻ’ സ്വരൂപമാണു്, ആ കാര്യത്തിൽ അദ്ദേഹത്തിനു ചേർന്ന സ്വതസ്സിദ്ധമായ പ്രഥമസ്ഥാനാവകാശത്തെ മാനിക്കുന്ന മറ്റുള്ളവരുടെ ഇടയിൽനിന്നും, അവരുടെ സഹർഷമായ സമ്മതത്തോടുകൂടി മുന്നോട്ടു നടന്നുവരുന്നതു്.
നന്നേ ചെറുപ്പത്തിൽ എന്നുതന്നെ പറയാം, ചേലനാടനുമായി പരിചയപ്പെടാൻ എനിക്കു സന്ദർഭം ലഭിക്കുകയുണ്ടായി. അദ്ദേഹം അക്കാലത്തുതന്നെ യൂണിവേഴ്സിറ്റിയിലെ മലയാളവിഭാഗത്തിന്റെ തലവനാണു്. ഞാൻ ഹൈസ്കൂൾ ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയും. വീട്ടിൽ മറ്റാരുമില്ല. ഒരു കുട്ടിയുടെ ചോറൂൺ പ്രമാണിച്ചാണെന്നു തോന്നുന്നു, മറ്റെവിടെയോ പോയിരിക്കയാണു്. അപ്രതീക്ഷിതമായി ആ സമയത്തു് ചേലനാടൻ വിരുന്നു വന്നു. അച്ഛന്റെ ഒരു വലിയ സ്നേഹിതനായിരുന്നതിനു പുറമേ, ഡോക്ടരുടെ പദവിയും പ്രശസ്തിയും ഞാനോർത്തു. അല്പം ഭയം കലർന്ന സങ്കോചത്തോടു കൂടി, അദ്ദേഹം അർഹിക്കുന്ന ആദരവോടെ, ചേലനാടനെ സ്വീകരിച്ചുപചരിക്കുവാൻ ഞാൻ ശ്രമിച്ചു. ആ ശ്രമവും ഉപചാരവും മറ്റും അദ്ദേഹം ശ്രദ്ധിച്ചുവോ എന്തോ! ഇല്ലെന്നാണു തോന്നുന്നതു്. കാരണം അദ്ദേഹത്തിന്റെ പെരുമാറ്റം അത്ര പരിചിതമായ മട്ടിലായിരുന്നു. തനിക്കു് ഇതിലിടയ്ക്കു് ഇത്ര സമ്മതനായ ഒരു തുല്യ സുഹൃത്തിനെ കിട്ടുക ഉണ്ടായിട്ടില്ലെന്ന ഭാവത്തിൽ അദ്ദേഹം എന്നോടു സംഭാഷണം ആരംഭിച്ചപ്പോൾ അല്പനേരത്തേക്കു് എനിക്കു തെല്ലൊരു അമ്പരപ്പുണ്ടാവാതിരുന്നില്ല. പക്ഷേ, അതും അധിക നേരം നിന്നില്ല. അദ്ദേഹത്തിന്റെ സംഭാഷണ ചതുരത അത്ര ഹൃദ്യവും, വർത്തമാനം പറഞ്ഞിരുന്ന വിഷയങ്ങൾ അത്ര രസം പിടിപ്പിക്കുന്നവയുമായിരുന്നു. അന്നും അദ്ദേഹം പറഞ്ഞ കഥകൾ എന്തൊക്കെയായിരുന്നു എന്നു ഞാൻ ശരിക്കും ഓർക്കുന്നില്ല. പഴയ പല ഐതിഹ്യങ്ങൾ, പഴമ്പുരാണങ്ങൾ തുടങ്ങി ഒരു വാരസ്യാരെപ്പറ്റിയുള്ള, അല്പം ഗ്രാമ്യമായ ഒരു കഥ വരെ അദ്ദേഹം പറഞ്ഞു എന്നാണു് എന്റെ ഓർമ്മ ആ സന്ദർശനത്തിനുശേഷം ചേലനാടനെപ്പറ്റി ഓർക്കുമ്പോളെല്ലാം അദ്ദേഹത്തിന്റെ കുടവയറിനെക്കാളും, അതിനെ താങ്ങി നിന്നു ക്ഷീണിച്ചു തൂങ്ങിക്കിടക്കുന്ന ‘ട്രൗസറി’നെക്കാളും, തടിച്ച കണ്ണടയെക്കാളും എല്ലാം ഒന്നാമതായി എനിക്കു് ഓർമ്മ വരുക ആ സൗഹാർദ്ദഭാവമാണു്. ഏതെങ്കിലും ഒരു പ്രത്യേക പ്രായക്കാർക്കോ കാലത്തിനോ ചേർന്ന ആളല്ല ചേലനാടൻ. എല്ലാ കാലത്തിന്റെയും, എല്ലാ പ്രായക്കാരുടെയും പ്രതിനിധിയാണു് എന്നു വിശ്വസിക്കാൻ തോന്നിപ്പോകുന്നു. കലക്കത്തു കുഞ്ചൻനമ്പ്യാരോ ടു ഫലിതങ്ങൾ പറഞ്ഞു് ആനന്ദിക്കുന്ന ഒരു രസികനായും, തുഞ്ചത്തെഴുത്തച്ഛന്റെ സമീപം അദ്ദേഹം എഴുതിയ സ്തോത്രങ്ങൾ അനുസരണപൂർവ്വം പാടുന്ന ഒരു ഭക്തശിഷ്യനായും, ഉണ്ണായിവാരിയരു ടെ അടുക്കൽ വാരിയർ എഴുതിയ ആട്ടക്കഥകളിലെ ചില പദങ്ങൾ തന്മയത്വത്തോടുകൂടി ചൊല്ലിയാടുന്ന ഒരു നടനായും ചേലനാടനെ വിഭാവനം ചെയ്യുവാൻ എനിക്കു തീരെ പ്രയാസം തോന്നുന്നില്ല. അതേസമയം തന്നെ, ശീമയിൽ പണ്ഡിതന്മാരുടെ ഒരു സദസ്സിൽ നിന്നുകൊണ്ടു പ്രാചീനകേരള സംസ്കാരത്തെയും കലകളെയും പറ്റി അഭിമാനപൂർവ്വം സംസാരിക്കുന്ന വിദഗ്ദ്ധനായ ഒരു യൂണിവേഴ്സിറ്റി പ്രഫസറായും അദ്ദേഹത്തെ മനസ്സിൽ ചിത്രീകരിക്കുവാൻ എനിക്കു കഴിയും. മേല്പറഞ്ഞതെല്ലാം നിവൃത്തിയില്ലാത്തതുകൊണ്ടു് താൻ കെട്ടുന്ന വേഷങ്ങളാണു്; തനിക്കേറ്റവും പ്രിയപ്പെട്ട കാര്യം, സുഖമായി ശാപ്പാടും കഴിച്ചു് ഇടയ്ക്കു് ഓരോ വെണ്മണി ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടു കൂട്ടുകാരുമൊരുമിച്ചു് ഗ്രാമ്യങ്ങളും അല്ലാത്തവയുമായ കഥകൾ പറഞ്ഞും വെടി പറഞ്ഞും രസിക്കുകയാണു് എന്നു തോന്നിക്കുന്ന തരത്തിൽ ലൗകിക ക്ലേശങ്ങളും പ്രാരാബ്ധങ്ങളും വിസ്മരിച്ചുകൊണ്ടു സരസമായി സംസാരിച്ചു സമയം കളയുവാൻ കഴിയുന്ന ഒരു ചേലനാടനെയും എനിക്കും ഏകസമയത്തിൽ ഓർക്കുവാൻ കഴിയും. നാനാവിധമായ ഈ പ്രാതിനിധ്യം, അല്ലെങ്കിൽ പ്രത്യേകത കാരണം ചേലനാടൻ ലൗകികതയുടെ നിത്യബാല്യം പൂണ്ട രൂപമാണോ എന്നു് ഇടയ്ക്കു ഞാൻ സംശയിച്ചു അത്ഭുതപ്പെടാറുണ്ടു്. “സർ, കുമ്മിയടി എങ്ങനെയാണു്? ഞങ്ങൾ കണ്ടിട്ടില്ല” എന്നു് ഒരാൾ പറഞ്ഞാൽ മതി, “വീരാ വിരാട കുമാരാ വിഭോ…” എന്ന പ്രസിദ്ധ പദം ചൊല്ലിക്കൊണ്ടു്, അഭ്യാസം സിദ്ധിച്ച കഥകളി നടന്മാരുടെ ആട്ടത്തെയും, ജന്മസിദ്ധമായ അംഗലാഘവമുള്ളതു കൊണ്ടും ലാളിത്യം കൂടുന്ന അംഗനമാരുടെ ചുവടുവെക്കലിനെയും അധഃകരിച്ചുകൊണ്ടു്, ചേലനാടൻ കുമ്മിയടിച്ചുതുടങ്ങും. ആ സമയം, സ്വതേ സർവ്വപ്രാധാന്യം സിദ്ധിച്ചുയർന്നു നില്ക്കുന്ന ആ ‘കുമ്പ’ എവിടെ പോയെന്നും ആരെങ്കിലും ചോദിക്കുകയാണെങ്കിൽ “ആ; അതാണു് അഭ്യാസം” എന്നു പറഞ്ഞുകൊണ്ടു് ഡോക്ടർ മറ്റൊരു അഭ്യാസം കാണിക്കുവാൻ തയ്യാറായി നിന്നുകഴിഞ്ഞിട്ടുണ്ടാവും. ഇതു പ്രായേണ ചെന്നവസാനിക്കുക, നിന്നനില്പിൽനിന്നും യാതൊരു അവലംബവുമില്ലാതെ പിന്നിലേക്കു് അല്പാല്പം ഞെളിഞ്ഞു തെഴുക്കുത്തി നില്ക്കുന്നതിലായിരിക്കും! കണ്ടുനില്ക്കുന്നവർക്കു ഭയം തോന്നും. ചേലനാടനാകട്ടെ, അതൊരു വെറും വിനോദം മാത്രമാണു്.
പിശുക്കന്മാർ പണം ചെലവിടുന്നതുപോലെ ജീവിതത്തെ അളന്നു തൂക്കി ചെലവിടുന്ന ഒരു തരക്കാരുണ്ടു്. അവർ എല്ലാം മുൻകൂട്ടി പ്ലാനിടുന്നു. നാളെ ഇത്രമണിക്കു് ഇന്നതു ചെയ്യണം; ഇന്നിന്ന സ്ഥലത്തു പോകണം; ഇന്നിന്ന ആളുകളെ കാണണം; എന്നു തുടങ്ങി ഒരു മിനിട്ടു കളയാതെ സർവ്വകാര്യങ്ങളും പ്രോഗ്രാമിട്ടു തീർച്ചപ്പെടുത്തുന്നു. ചേലനാടൻ ഇത്തരത്തിൽപ്പെട്ട ആളല്ല. മാത്രമല്ല, ഈ വിഷയത്തിൽ ഒരു മഹാധൂർത്തനുമാണു്. ബൈബിളിൽ പറയുന്ന ‘ധൂർത്തപുത്രനേ’ക്കാൾ ധാരാളിയാണു്. ‘നാളത്തെ കാര്യം നാളെ’ എന്ന ലഘുവും എളുപ്പമുള്ളതുമായ മാർഗ്ഗമാണു് ജീവിതത്തെ സംബന്ധിച്ചിടത്തോളം ചേലനാടൻ സ്വീകരിച്ചിരുന്നതെന്നു തോന്നും. ഇപ്പോൾ നടക്കേണ്ടതു നടക്കട്ടെ; മറ്റെല്ലാം പിന്നെ, എന്ന ഭാവത്തിലല്ലാതെ, യാതൊന്നും മുൻകൂട്ടി പ്ലാനിട്ടു നടത്താൻ ചേലനാടൻ പ്രകൃത്യാ ശക്തനായിരുന്നില്ല. തന്റെ കോട്ടു പോക്കറ്റിൽ എന്തെല്ലാം സാധനങ്ങളാണു് കിടക്കുന്നതു് എന്നതിനെപ്പറ്റിപ്പോലും അന്വേഷിക്കുവാൻ ഉദാസീനനായ ഒരാൾ എങ്ങനെ ‘നാളത്തെ’ പ്രോഗ്രാമിനെപ്പറ്റിയുള്ള പ്ലാനുകൾ മുൻകൂട്ടി ഉണ്ടാക്കിവെയ്ക്കും!
ഇതു കാരണം മുൻകൂട്ടി വിവരം അറിയിക്കാതെ ചെല്ലുന്ന ആർക്കും എപ്പോൾ വേണമെങ്കിലും ചേലനാടനെ ചെന്നു പിടികൂടാം. മുൻകൂട്ടി വിവരം കൊടുത്തു ചെല്ലുന്ന ആൾക്കായിരിക്കും അദ്ദേഹത്തെ കിട്ടാൻ പ്രയാസം. ഇതു മനഃപൂർവ്വം ചേലനാടൻ ഉണ്ടാക്കിത്തീർക്കുന്ന വിഷമമല്ല. ഒരാൾ ഇത്രമണിക്കു ചേലനാടനെ കാണാൻ ചെല്ലാമെന്നു് മുൻകൂട്ടി വിവരം കൊടുത്തു എന്നിരിക്കട്ടെ. ഓ, ശരി എന്നു ചേലനാടൻ സമ്മതം മൂളും, പക്ഷേ, അതിലിടയ്ക്കു്, വിവരമൊന്നും കൊടുക്കാത്ത ഒരാൾ, പെട്ടെന്നു കയറിച്ചെന്നു പറയുകയാണു്: “സർ, ഇപ്പോൾത്തന്നെ എന്റെകൂടെ ഒന്നു വരണം. ഒരു അടിയന്തിരകാര്യമാണു്. ഒമ്പതുമണിക്കുമുമ്പു ചെന്നില്ലെങ്കിൽ കാര്യം തകരാറാവും. എന്റെ മകന്റെ അഡ്മിഷൻ കാര്യമാണു്” എന്നു് അയാൾ ഉൽക്കണ്ഠയും വ്യസനവും പ്രദർശിപ്പിച്ചുകൊണ്ടു നില്ക്കുന്നു. “ശരി,” എന്നു പറഞ്ഞു ചേലനാടൻ പുറപ്പെട്ടു. ആ വന്ന ആളുടെ വിഷണ്ണഭാവത്തിൽ മറ്റെല്ലാം മറന്നു. തല്ക്കാലം നടക്കേണ്ടതു നടക്കട്ടെ; പിന്നത്തെ കാര്യം പിന്നെ എന്ന പ്രമാണം, തന്റെ കാര്യങ്ങളിലെന്നപോലെ, ചേലനാടൻ മറ്റുള്ളവരുടെ കാര്യത്തിലും താനറിയാതെ ആദരിച്ചുപോന്നിരിക്കണം. അതുകൊണ്ടു മുൻകൂട്ടി ‘എൻഗേജ്മെന്റ്’ നിശ്ചയിച്ച ആൾ വീട്ടിൽ വരുമ്പോൾ ചേലനാടൻ കൃത്യം വീട്ടിൽ നിന്നു പുറമേ പോയിരിക്കും. വരുന്ന ആൾക്കു് തന്നിമിത്തം ഉണ്ടാകുന്ന അസൗകര്യം അനിവാര്യമാണു്. പക്ഷേ, മനഃപൂർവം ഡോക്ടർ വരുത്തിവെക്കുന്നതല്ല അതു്. അതിന്റെ ഉത്തരവാദിത്വം മുഴുവൻ സന്ദർഭങ്ങൾക്കും അവയുണ്ടാക്കിത്തീർക്കുന്ന സാഹചര്യങ്ങൾക്കുമാണു്. ചിലസമയത്തു് ഇത്തരം സംഭവങ്ങൾ കൂടുതൽ ആകർഷകമാക്കിത്തീർക്കുന്ന ഒരു മറവി ചേലനാടനെ പിടികൂടാറുണ്ടു്: തന്നെ കൊണ്ടുപോയ ആളും വരാമെന്നു മുൻകൂട്ടി വിവരം തന്ന ആളും ഒരാൾതന്നെയാണെന്നു് അദ്ദേഹം ചിലപ്പോൾ ധരിച്ചുവശാവുന്നു. അങ്ങനെ വന്നാൽ, താൻ മറ്റൊരാൾക്കു് അസൗകര്യം ഉണ്ടാക്കിത്തീർത്തില്ലേ എന്ന ധാരണ പോലും അദ്ദേഹത്തിന്നുണ്ടാവില്ല. പരകാര്യപ്രസക്തി ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ഈ തെറ്റിദ്ധാരണയ്ക്കു് അതിന്റെ അനിഷേധ്യമായ നിഷ്കളങ്കത പ്രായശ്ചിത്തം വഹിക്കുന്നതുകൊണ്ടു ചേലനാടന്റെ ഈ മറവി, പലരുടെയും ഓർമ്മയിൽ, ഒരു ദൗർബ്ബല്യത്തിന്നു പകരം. അദ്ദേഹത്തിന്റെ ആകർഷകമായ ഒരു സ്വഭാവ വിശേഷമായി തങ്ങിനില്ക്കുന്നുണ്ടാവണം എന്നു ഞാൻ ഊഹിക്കുന്നു.
മദ്ധ്യകാലവും ആധുനിക കാലവും കൂടിച്ചേരുന്ന ഒരു ‘റൊമാന്റിക്’ സ്ഥാനത്താണു് ചേലനാടന്റെ നിൽപ്പു്. വടക്കൻപാട്ടുകളും, ആട്ടക്കഥകളും, തുള്ളലുകളും, മണിപ്രവാള ശ്ലോകങ്ങളും ഇഷ്ടപ്പെടുന്ന അതേ താൽപര്യത്തോടുകൂടി വള്ളത്തോളി നെയും ആശാനെ യും ഉളളൂരി നെയും സ്വീകരിക്കുന്ന ഒരു പ്രാചീന നായർ തറവാട്ടിലെ, ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച, പുരോഗമനോന്മുഖനായ, ഒരു സാഹിത്യകാരനായിട്ടാണു് ചേലനാടൻ പുറത്തു വന്നതു്. വളരെക്കാലം മുമ്പു് അദ്ദേഹം തുടങ്ങുകയും കുറച്ചുകാലം ഭേദപ്പെട്ടനിലയിൽ നടത്തുകയും ചെയ്ത ഒരു മാസിക ഞാനിവിടെ ഓർക്കുന്നു. ‘അരുണോദയം’ എന്നായിരുന്നു അതിന്റെ പേർ. ഇരുട്ടിനെ നീക്കി പ്രകാശം പരത്താൻ തുടങ്ങുന്ന ഒരു പ്രഭാതത്തിന്റെ നാന്ദിയെ സൂചിപ്പിക്കുന്ന സൂത്രധാരനായിട്ടേ താൻ സ്വയം കരുതുന്നുള്ളു എന്നു ചേലനാടൻ കരുതിയിരുന്ന പോലെ തോന്നും. അതുകൊണ്ടു് അദ്ദേഹം തൃപ്തനുമായിരുന്നു. ‘അരുണോദയ’ത്തിലെ മഞ്ഞണിഞ്ഞ ഇളംവെയിലിൽ ഭൂതകാലത്തിന്റെ ഹൃദ്യമായ തണുപ്പും വർത്തമാനത്തിൽ രക്തത്തുടുപ്പുള്ള ഇളം ചൂടും കിടപ്പുണ്ടു്. ആ ‘ചൂടു’കൊണ്ടു് ചേലനാടൻ തൃപ്തനായിരുന്നു. അതിലധികം ‘ചൂടും’ ആവശ്യപ്പെടുന്നവർ ക്ഷമകേടുകാട്ടി മുന്നോട്ടു് ഓടുകയാണെങ്കിൽ, ഓടിക്കൊള്ളട്ടെ. ചേലനാടനു കലഹമില്ല. എഴുത്തച്ഛന്റെ സ്തോത്രങ്ങളും ആട്ടക്കഥകളിലെ ഗാനമാധുരി ചൊരിയുന്ന പദങ്ങളും പാടിക്കൊണ്ടു, ഇഷ്ടമുള്ള കൂട്ടുകാരുമായി അവ പങ്കിട്ടുകൊണ്ടും, ഇരുട്ടൊഴിഞ്ഞ ‘അരുണോദയ’ത്തിലെ തണുപ്പു വിടാത്ത ചൂടുകൊണ്ടു് താൻ തൃപ്തനായിക്കൊള്ളാം എന്നായിരുന്നു ചേലനാടന്റെ സാഹിത്യത്തിലെ നിലപാടു് എന്നു തോന്നും.
ഈ ശാലീനത ചേലനാടനെ പഴയ മട്ടുകാരുടെയും പുതിയ സാഹിത്യ പ്രവർത്തകന്മാരുടെയും കൂടിക്കാഴ്ചയ്ക്കും യോജിപ്പിന്നും സഹായിക്കുന്ന ഒരു നല്ല മദ്ധ്യസ്ഥനാക്കിത്തീർത്തു. മദ്ധ്യസ്ഥൻ എന്നല്ല, സ്ഥാപനം എന്നാണു പറയേണ്ടതു്. കാരണം, സാഹിത്യത്തിൽ മാത്രമല്ല, മലയാളികളുടെ സാമൂഹ്യജീവിതത്തിൽത്തന്നെ, ഒരാൾ എന്നതു വിട്ടു, ഒരു സ്ഥാപനത്തിന്റെ പ്രാധാന്യം ചേലനാടനു കിട്ടിവന്നിരുന്നു. ചേലനാടന്റെ സഹായം ആർക്കും എപ്പോൾ വേണമെങ്കിലും തേടി പോകാം. മറ്റൊരാൾ അതിനിടയ്ക്കു് അദ്ദേഹത്തെ റാഞ്ചിക്കൊണ്ടുപോയിട്ടില്ലെങ്കിൽ, ചേലനാടന്റെ സഹായം ആ ചെന്ന ആൾക്കു ലഭിക്കുമെന്നുള്ളതു തീർച്ചയാണു്. തന്റെ ശ്രമത്തിൽ എപ്പോഴും അദ്ദേഹം വിജയിക്കാറില്ലായിരിക്കാം. ഫലം. എന്തായാലും, ശുഭാപ്തിവിശ്വാസത്തോടുകൂടി നമ്മുടെ കാര്യത്തിൽ യഥാശക്തി സഹായിക്കാൻ തയ്യാറായിട്ടുള്ള ഒരാളെ കിട്ടുക എന്നതു തന്നെ എന്തൊരാശ്വാസമാണു്! അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്നതാകട്ടെ, ഒരേസമയത്തു് വിനോദകരവും വിജ്ഞാനപ്രദവുമായിരുന്നു. ഇതിനു പ്രധാനകാരണം, അദ്ദേഹത്തിന്റെ പക്കലുള്ള കഥയുടെ അക്ഷയപാത്രം അവസാനിക്കില്ല എന്നുള്ളതാണു്. ആ കഥകൾ പറയുന്നതാകട്ടെ, ഒരിക്കലും തന്റെ പാണ്ഡിത്യ പ്രകടനത്തിന്നായിക്കൊണ്ടല്ല, കേൾക്കുന്നാളുകളുടെ വിനോദത്തിന്നാണു് തനിക്കും ആ വിഷയത്തിലുള്ള പാണ്ഡിത്യത്തിന്റെ പരിധി എത്രയാണെന്നുള്ള കഥപോലും ചേലനാടൻ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ എന്നുള്ളതു സംശയമാണു്. അദ്ദേഹത്തിന്റെ കഥകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ മറ്റു സർവ്വകാര്യങ്ങളും വിസ്മരിച്ചു, കഥകളിലെ ഇതിവൃത്തമനുസരിച്ചു, നാം തച്ചോളി ഒതേനൻ നാട്ടിലോ, മഴമംഗലത്തിന്റെകൂടെയോ, കുഞ്ഞൻ പണിക്കർ, ശങ്കരപ്പണിക്കർ തുടങ്ങിയ കഥകളി വേഷക്കാരുടെ ഒപ്പമോ, ഒടിയന്മാരുടെയും കുട്ടിച്ചാത്തന്മാരെ സേവിക്കുന്നവരുടെയും കൂടെയോ ജീവിക്കുന്നു. കുട്ടികളെയും മുതിർന്നവരെയും വൃദ്ധന്മാരെയും ഒരുപോലെ ആകർഷിക്കാൻ കഴിയുന്ന ചേലനാടന്റെ കഥാകഥനപാടവം ഓർക്കുമ്പോൾ അദ്ദേഹം ഇപ്പോഴും അടുത്തിരുന്നു കഥ പറയുന്ന പോലെ തോന്നുന്നു. റോബിൻസൺ ക്രൂസോ വിനെയോ മറ്റോ പോലെ ഒരു വിജനമായ ദ്വീപിൽ ഏകാന്ത ജീവിതം നയിക്കേണ്ട ഒരു സന്ദർഭം വരുകയും കൂട്ടുകാരനായി ഒരാളെ വേണമെങ്കിൽ കൂടെ താമസിക്കുവാൻ തരാമെന്നു ആരെങ്കിലും ഔദാര്യപൂർവ്വം ഏല്ക്കുകയും ചെയ്താൽ ആ ആൾ ആരായിരിക്കണമെന്നതിനെപ്പറ്റി ചേലനാടനെ പരിചയമുള്ളവർക്കു സംശയമുണ്ടാവില്ല. പക്ഷേ, ഇനി എന്തു ചെയ്യും? ആ കഥാകാരനും കഥകളും മറ്റൊരു ലോകത്തിൽ പോയിക്കഴിഞ്ഞു! അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സൗഹൃദവും പരോപകാര തല്പരതയും ഓർമ്മയുള്ളവരാകട്ടെ, അത്തരമൊരു നല്ല ‘അമ്മാമനെ’ കാണുവാൻ ചുറ്റും വൃഥാ തിരഞ്ഞുനോക്കുന്നു!
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)