ആളുകളായിട്ടും അടുപ്പം വളർത്താതിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നു—ഇടയ്ക്കു ഞാനാലോചിക്കാറുണ്ടു്. ഇതു അഭിനന്ദനീയമായ ഒരു മനോഗതിയല്ലായിരിക്കാം. എന്നാൽ, അവനവൻ ഉറ്റവർക്കും ഇഷ്ടജനങ്ങൾക്കും അത്യാപത്തു നേരിടുമ്പോൾ അതു സഹിക്കാനുള്ള അശക്തിനിമിത്തം എനിക്കിടയ്ക്കു നിസ്സഹായനായി ഖേദിക്കാതിരിക്കാൻ കഴിയാറില്ല. “കഷ്ടം! അവരായിട്ടു്” എന്തിനിത്ര വലിയ അടുപ്പം വളർത്തിവന്നു? “ പക്ഷേ, ഈ നിസ്സഹായതാബോധത്തിന്നും ഇത്ര നിശിതമായ പ്രതികാരബുദ്ധിയോടെ വന്നു ആശിക്കുവാൻ കഴിയുമെന്നു ഞാനൊരിക്കലും വിചാരിക്കുകയുണ്ടായില്ല; അത്ര തീവ്രമായ മനോവേദനയും കഠിനമായ ശൂന്യതയുമാണു് സി. എസ്. നായരുടെ ചരമം അനുഭവപ്പെടുത്തുന്നതു്.
“സംസ്കൃതമായ മനസ്സു്, വിസ്തൃതമായ വീക്ഷണ ഗതി, വിശാലമായ സൗഹാർദ്ദം, ഒരിക്കലും തൃപ്തിവരാത്ത ഒരു സൽക്കാരപ്രതിപത്തി; ഇതൊക്കെ ഉൾക്കൊണ്ടുകൊണ്ടു് ഒരു സ്ക്കൂൾക്കുട്ടിയുടെ ഉന്മേഷവും ഉത്സാഹവും കുടികൊള്ളുന്ന ചെറിയൊരു വപുസ്സും—സി. എസ്. നായർ പ്രതീക്ഷയ്ക്കു വിപരീതമായ ഒരത്ഭുതമനുഷ്യനായിട്ടാണു് എനിക്കു് ആദ്യത്തെ കൂടിക്കാഴ്ചയിൽ അനുഭവപ്പെട്ടതെന്നു”, ഞങ്ങളുടെ പരിചയം വളർന്നുവന്നതിനുശേഷം, ഒരിക്കൽ ഞാൻ അദ്ദേഹത്തോടു പറയുകയുണ്ടായി. അതിനു കിട്ടിയ മറുപടി ഉച്ചത്തിലുള്ള ഒരു പൊട്ടിച്ചിരിയാണു്. സംസ്കൃതമായ മനസ്സും, വിശാലമായ ജ്ഞാനവും, സർവോപരി ഒരു നിരൂപകന്നത്യാവശ്യമായ ദാക്ഷിണ്യസ്വഭാവവും അദ്ദേഹത്തിന്നുണ്ടെന്നു്, അദ്ദേഹത്തെ അറിയുന്നതിനു മുമ്പുതന്നെ, ലേഖനങ്ങൾ വഴി ഞാൻ മനസ്സിലാക്കിയിരുന്നു. എന്നാൽ ഗഹനങ്ങളായ പലേ വിഷയങ്ങളെയും പറ്റി അന്യാദൃശമായ ഗൗരവസ്വരത്തിൽ, ഒരു കവിയുടെ ഹൃദയാലുത്വത്തോടും, ഒരു സഹൃദയന്റെ ദാക്ഷിണ്യത്തോടും കൂടി സമർത്ഥമായി നിരൂപണം ചെയ്തിരുന്ന അദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ സകൗതുകം വായിച്ചിരുന്നപ്പോൾ അവയുടെ ഉടമസ്ഥന്നു ഒരു സ്കൂൾക്കുട്ടിയുടെ അടങ്ങാത്ത പ്രസരിപ്പും ഉത്സാഹശീലവും കൂടി ഉണ്ടെന്നൂഹിക്കുവാൻ എനിക്കു കഴിഞ്ഞിരുന്നില്ല. വായിക്കുന്ന കൃതികളുടെ സ്വഭാവമനുസരിച്ചും അവയുടെ കർത്താക്കൾക്കു വായനക്കാരന്റെ ഭാവന ഓരോ രൂപം കല്പിച്ചു കൊടുക്കുക പതിവുണ്ടു്. എന്റെ ഭാവനയാകട്ടെ, ഈ പ്രവൃത്തിയിൽ ഒരു വലിയ ധാരാളിയാണു്. അതു് സി. എസ്. നായരുടെ ലേഖനങ്ങളുടെ സ്വഭാവമനുസരിച്ചു തദനുരൂപമായ ഒരു രൂപവും സ്വഭാവവും അദ്ദേഹത്തിന്നു നിർണ്ണയിച്ചുകൊടുത്തിരുന്നു. ആർഷസംസ്കാരത്തിന്റെ സഹജമായ ചിന്താശീലത്തിന്നും ഗൗരവസ്വഭാവത്തിന്നും യോജിച്ച മട്ടിൽ ആംഗലസംസ്കാരം കൂടി സമ്മേളിച്ച ഒരു വിശാലഹൃദയനായിരുന്നു ആ സി. എസ്. നായർ. എന്തായാലും, ഭാവനയിൽ കണ്ട ആ സി. എസ്. നായർക്കു ഒരു സ്കൂൾക്കുട്ടിയുടെ ഉല്ലാസചിത്തം ഞാനൊരിക്കലും നല്കുവാൻ തയ്യാറായിരുന്നില്ല. ഞാൻ കണ്ട സി. എസ്. നായരാകട്ടെ. എന്റെ പ്രതീക്ഷയിൽ നിന്നെല്ലാം എത്ര അകന്നാണു പ്രത്യക്ഷപ്പെട്ടതു്! ലേഖനങ്ങൾ മുഖാന്തരം ഞാൻ പരിചയപ്പെട്ട ആൾതന്നെയോ ഞാൻ കണ്ട സി. എസ്. നായർ എന്നു തീർച്ചപ്പെടുത്തുവാൻ എനിക്കല്പം സമയം വേണ്ടിവന്നു. അദ്ദേഹം അത്ര ഉന്മേഷചിത്തനും ആഹ്ലാദശീലനുമായിട്ടാണു പെരുമാറിയതു്. ഒരു മുതിർന്ന കട്ടിയുടെ പ്രസരിപ്പും ആഹ്ലാദശീലവും അദ്ദേഹത്തിന്റെ ഓരോ വാക്കിലും ചലനത്തിലും കണ്ടു് ഞാനത്ഭുതപ്പെട്ടുപോയി. ഞാൻ ഭാവനയിൽ കണ്ടിരുന്ന ആ സാഹിത്യഗുരുവിനോടുള്ള എന്റെ ബഹുമാനാദരങ്ങൾ അതിനുശേഷം ഞാനറിയാതെതന്നെ എന്നെ വിട്ടുപോകാൻ തുടങ്ങുകയും, അതിന്റെ സ്ഥാനത്തു ഒരു സഹപാഠിയോടും സ്നേഹിതനോടുമുള്ള ദൃഢസ്നേഹവും വിശ്വാസവും വളർന്നുവരികയും ചെയ്തു. പിന്നീടു പലപ്പോഴും, അദ്ദേഹത്തോടുള്ള എന്റെ പെരുമാറ്റത്തിലെ വിനയക്കുറവിനെപ്പറ്റി ഞാനാലോചിച്ചു പരിതപിക്കുകയും ഇനി അങ്ങനെ വന്നുപോകരുതെന്നു ശ്രദ്ധിക്കുവാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടു്. പക്ഷേ, എന്തു ശ്രമിച്ചിട്ടെന്താണു്? ആ മുതിർന്ന കുട്ടിയുടെ ഉല്ലാസപ്രദമായ സംഭാഷണചാതുരിയുടെ നിരായുധമാക്കുന്ന പ്രലോഭനത്തിന്നു മുമ്പിൽ എന്റെ ശ്രമം കൃത്രിമമായി അനുഭവപ്പെട്ടു. അതു പലപ്പോഴും അദ്ദേഹത്തിന്നു പരിഹാസവിഷയമായിത്തീരുകയും ചെയ്തു. സംഭാഷണരസത്തിൽ മതിമറക്കുക കാരണം, അരയിൽനിന്നു കിഴിഞ്ഞു പോയ മുണ്ടു് താനറിയാതെതന്നെ വേണ്ടതിലധികം വലിച്ചുകയറ്റി, “താളം മടികെട്ടി, നിത്യസഹചാരിയായ പൊടിക്കുപ്പിയും കൈയിലേന്തി, ഒരു സ്കൂൾക്കുട്ടിയുടെ പ്രസരിപ്പോടും വാശിയോടും കൂടി തന്റെ അഭിപ്രായം സ്ഥാപിക്കുവാനായി സി. എസ്. നായർ സംസാരിച്ചുകൊണ്ടു മുന്നോട്ടു വരുന്ന ആ ചിത്രമിതാ, ഞാനിപ്പോഴും മുമ്പിൽ കാണുന്നു. അദ്ദേഹത്തിന്നു താൽപര്യം ജനിക്കാത്ത വിഷയങ്ങളില്ല. അദ്ദേഹം വായിച്ചു സാമാന്യമായ അറിവെങ്കിലും ശേഖരിക്കാത്ത പുസ്തകങ്ങളും കുറവാണു്. ഫ്രോയ്ഡിന്റെയും പ്രൗസ്റ്റിന്റെയും മനഃശാസ്ത്രവും, എല്ലസ്സിന്റെ ലൈംഗികശാസ്ത്രവും. കെയിൻസിന്റെ വിഷമമേറിയ നാണയവിനിമയശാസ്ത്രവും, മാർക്സിന്റെയും ഏംഗൽസിന്റെയും സാമ്പത്തികശാസ്ത്രവും, ഡാർവിന്റെ പരിണാമവാദശാസ്ത്രവും മറ്റും വാമനഭട്ടൻ കാവ്യതത്ത്വനിരൂപണം പോലെ രസകരമായ ജ്ഞാനതൃഷ്ണയോടെ അദ്ദേഹം വായിച്ചിരുന്നു. ആ അടങ്ങാത്ത പഠനതൃഷ്ണയ്ക്കു അതുപോലെ മറ്റൊരുദാഹരണം കിട്ടുക എളുപ്പമല്ല. ഞാനിന്നും ഓർക്കുന്നു, അദ്ദേഹത്തെ ആദ്യമായി കണ്ടു പരിചയപ്പെട്ട ദിവസം, അദ്ദേഹം നാണയവിനിമയത്തെപ്പറ്റി ബി. എൽ. ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കു് ലളിതമായ ഭാഷയിൽ വിവരിച്ചുകൊടുക്കുകയായിരുന്നു. ഞാനത്ഭുതപ്പെട്ടു. ‘വിദ്വാൻ’ എന്ന പദം സാകല്യേന ആധുനികമായ യാതൊരു പ്രശ്നവും കേട്ടുപരിചയംകൂടിയില്ലാത്ത ചില പഴഞ്ചൻ സാഹിത്യകാരന്മാരെ വിശേഷിപ്പിക്കുന്ന ഒരു നിസ്സാരബിരുദമാണെന്നു കരുതുവാനുള്ള ധിക്കാരം എനിക്കുമുണ്ടായിരുന്നു. കലുഷമായ ആ വിഷയത്തെപ്പറ്റിയുള്ള സി. എസ്സിന്റെ ഗ്രഹണ പാടവവും അതിലധികം ലളിതമായ അദ്ദേഹത്തിന്റെ പ്രതിപാദനസാമർത്ഥ്യവും കേട്ടപ്പോൾ ലജ്ജിച്ചു തലതാഴ്ത്തിപ്പോയി. ഞാനുള്ളിൽ വിചാരിച്ചു: ‘ഇദ്ദേഹത്തെപ്പോലെ ഒരു നാലാൾ മലയാളത്തിലുണ്ടാവുകയും അവർ മലയാളസാഹിത്യത്തെ സേവിക്കുവാനൊരുമ്പെടുകയും ചെയ്തിരുന്നുവെങ്കിൽ…’
മലയാളസാഹിത്യത്തിനും അസഹ്യമായ നഷ്ടങ്ങളിലൊന്നാണു സി. എസ്. നായരുടെ ചരമം മൂലം സംഭവിച്ചിട്ടുള്ളതു്. അത്ര ഹൃദയാലുവും സൂക്ഷ്മദൃക്കുമായ ഒരു സാഹിത്യ നിരൂപകൻ ഇനിയുണ്ടാവുക എളുപ്പമല്ല. വിശാലമായ വീക്ഷണഗതി, വിസ്തൃതമായ ജ്ഞാനം, ദാക്ഷിണ്യപൂർവമായ അഭിപ്രായ രൂപവൽക്കരണം—ഒരു നിരൂപകൻ വിട്ടുപോയ ഈ പാരമ്പര്യം ഏതു ഭാഷയ്ക്കും അഭിമാനകരമാണു്. നിരൂപണമെന്നൊരു വിഭാഗം തന്നെ തഴച്ചുവളർന്നിട്ടില്ലാത്ത മലയാളഭാഷയ്ക്കാകട്ടേ, അതൊരമൂല്യസ്വത്താണു്. അതിന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ യശഃശരീരം സുസ്ഥാപിതമായിത്തീരുകയും ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
പക്ഷേ, ജ്ഞാനാധിക്യം കൊണ്ടു കുനിഞ്ഞു പോയ ആ കൃശഗാത്രന്റെ ചൈതന്യദായകമായ സാഹചര്യവും സംഭാഷണരസവും അദ്ദേഹത്തെ അടുത്തു പരിചയമുള്ളർവക്കെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. അത്ര വിചാരപൂർണ്ണവും നിർവ്യാജമനോഹരവുമായ സംഭാഷണചാതുരി ഇനി എവിടെ കാണാൻ കഴിയും? സംഭാഷണത്തിലുള്ള രസം ഒരു ദൗർബ്ബല്യം എന്ന നിലയ്ക്കു് അദ്ദേഹത്തെ പിടികൂടിയിരുന്നു. സരസമായി സംസാരിക്കാൻ ഒരു സ്നേഹിതനെ കിട്ടുകയാണെങ്കിൽ പിന്നെ അദ്ദേഹത്തിന്നും ഊണും ഉറക്കവും വേണ്ടാ. ഒരിക്കൽ തൃശ്ശിവപേരൂർ സാഹിത്യ പരിഷത്തു നടക്കുന്ന കാലത്തു മൂന്നു ദിവസം മുഴുവൻ ഇടവിടാതെ ഉറക്കമൊഴിച്ചും അദ്ദേഹം സംഭാഷണം ചെയ്തതു് ഇന്നും ഞാനോർക്കുന്നു. ഒരു സ്നേഹിതന്റെ വീട്ടിൽ ഞങ്ങളനവധിപേരുണ്ടായിരുന്നു. എല്ലാവർക്കും ഇരുന്നു വിശ്രമിക്കുവാനുള്ള സ്ഥലം അവിടെ കഷ്ടിയാണു്. വീടു ചെറുതായിട്ടല്ല, വീട്ടുടമസ്ഥന്റെ ഔദാര്യം ഒരു ചെറിയ പരിഷത്തിനു വേണ്ടത്ര സ്നേഹിതന്മാരെ ആ വീട്ടിലേക്കാകർഷിച്ചിരുന്നതുകൊണ്ടു്. ഏതായാലും സി. എസ്സിനു വളരെ സന്തോഷകരമായ ഒരവസരമായിരുന്നു അതു്. സഹൃദയരായ നിരവധി സ്നേഹിതന്മാർ; സാഹിത്യരസം തുളുമ്പുന്ന സദസ്സു്; ഇതിൽപരം എന്തു വേണം? അദ്ദേഹം അരയിൽനിന്നു കിഴിഞ്ഞുപോയ മുണ്ടു് ധൃതിയിൽ എടുത്തുടുക്കുന്നതും, വളരെ നേരമായി വിസ്മരിച്ചുകിടക്കുന്ന തന്റെ പ്രാതൽ വീട്ടുടമസ്ഥനെ സന്തോഷിപ്പിക്കാനായി അല്പം എടുത്തു കഴിക്കുന്നതും, വന്നുപോകുന്ന സ്നേഹിതന്മാരോടു കുശലങ്ങൾ ചോദിക്കുന്നതും, തന്നെ കാണാൻ വന്നിരിക്കുന്ന സാഹിത്യപ്രണയികളോടു സരസമായി സംഭാഷണം നടത്തുന്നതും മറ്റും ഞാനിപ്പോഴും മുമ്പിൽ നടക്കുന്നതുപോലെ കാണുന്നു. തന്റെ ദേഹസ്ഥിതിയെപ്പറ്റി വീണ്ടുവിചാരമില്ലാതെ അങ്ങനെ ഉടനീളം സംസാരിക്കുന്നതിൽനിന്നും അദ്ദേഹം തുറന്നിടുന്ന തന്റെ വിജ്ഞാനഭണ്ഡാഗാരത്തിൽനിന്നു കിട്ടുന്നതു ലാഭിക്കുവാൻ ഔത്സുക്യപൂർവം കാത്തുനിന്നിരുന്ന സ്വാർത്ഥികളായ ഞങ്ങളെല്ലാവരും മിക്കവാറും ഞങ്ങളുടെ കർത്തവ്യം വിസ്മരിക്കുകയാണുണ്ടായതു്. വളരെ സന്തോഷത്തോടുകൂടി സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണെങ്കിലും, സംഭാഷണം ആയാസകരമായ ഒരു ജോലിയാണു്. സി. എസ്. നായരെപ്പോലുള്ള ക്ഷീണ ശരീരന്മാർക്കും അതു വിശേഷിച്ചും ആയാസകരമാണു്. വളരെക്കാലമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചിരുന്നു. ഗുരുവായ ഭക്ഷണപദാത്ഥങ്ങളൊന്നും അദ്ദേഹത്തിന്റെ ദേഹസ്ഥിതിക്കു യോജിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ദിനചര്യയിൽ ഭക്ഷണത്തിന്റെ ഭാഗം തന്നെ വളരെ മോശമായിരുന്നു. അതു്, മഹർഷിമാർക്കുകൂടി കഷ്ടിയാകത്തക്കവണ്ണം അത്ര ലഘുവായിരുന്നു. വളരെക്കാലമായി അദ്ദേഹത്തിന്റെ ദിവസങ്ങളെ യാത്രയയച്ചിരുന്നതു് ഒരുകപ്പു ചായ മാത്രമാണു്. ഇത്ര ലഘുവായ ഒരു ഭക്ഷണക്രമത്തിന്മേലാണു് ആ ബൃഹത്തായ ഉത്സാഹശക്തി നിലനിന്നിരുന്നതെന്നോർക്കുമ്പോൾ ആർക്കു് അത്ഭുതപ്പെടാതിരിക്കാൻ കഴിയും! അതിൽക്കാണുന്ന നിഷ്കളങ്കതയാവട്ടെ, മറ്റൊരിടത്തു കാണുവാനായി ഞാൻ വൃഥാ തിരയുന്നു.
ഈ നിർവ്യാജമായ ഉത്സാഹശീലം സി. എസ്. നായരുടെ സഹജമായ ഗുണമാണു്. അതല്ലെങ്കിൽ അദ്ദേഹം ലയോളാ കോളജിലെ തന്റെ ഉദ്യോഗകാലം കഴിഞ്ഞതിനു ശേഷം, നാട്ടിൽ വന്നു ദരിദ്രമായ സംസ്കൃത കോളജിന്റെ കനത്ത ഭാരം കൈയേല്ക്കുവാൻ തയ്യാറാവുകയില്ലായിരുന്നു. ഏതു ധനികന്റെ ഭണ്ഡാരത്തെയും ഏതാരോഗ്യസമ്പന്നന്റെ ആരോഗ്യത്തെയും കാർന്നു തിന്നാലും മതിയാവാത്ത മട്ടിൽ അത്ര അധഃപതിച്ചുകിടക്കുകയായിരുന്നു സംസ്കൃതകോളജിന്റെ സ്ഥിതി.
തന്റെ ഗുരുപാദരുടെ മൃതപ്രായമായ ആ പ്രിയസന്താനത്തെ സി. എസ്. നായർ ഒരു മുതിർന്ന കുട്ടിയുടെ ഉത്സാഹത്തോടെ ശുശ്രൂഷിക്കാനൊരുമ്പെട്ടു. അതിന്റെ ഫലമായി ആ കോളജ് നശിക്കതെ രക്ഷപ്പെട്ടു—പക്ഷേ, അദ്ദേഹമോ?…
സി. എസ്. നായരെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നതിനർത്ഥം സാഹിത്യപരിശ്രമങ്ങളിലേർപ്പെടുക എന്നതായിരുന്നു. എന്നാൽ കോളജ് അദ്ദേഹത്തിന്റെ സർവനിമിഷങ്ങളും ആവശ്യപ്പെട്ടു. വാത്സല്യനിധിയായ ഒരു പിതാവിനെപ്പോലെ തന്റെ സർവനിമിഷങ്ങളും അദ്ദേഹം അതിന്റെ ശുശ്രൂഷയ്ക്കായി ബാക്കിവെക്കുകയും ചെയ്തു. അതുകൊണ്ടു്, മാനസികമായി ‘ജീവിക്കുക’ എന്ന അദ്ദേഹത്തിന്റെ നില എന്നോ അവസാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ കായികമായിട്ടുള്ള ജീവിതമായിരുന്നു. അങ്ങനെ അവസാനജീവചൈതന്യം കൂടി ദരിദ്രമായ സംസ്കൃതകോളജിന്റെ നഗ്നതയ്ക്ക ആവരണമുണ്ടാക്കുവാൻ സമ്മാനിച്ചു ഇതാ, അദ്ദേഹം മറഞ്ഞുകഴിഞ്ഞു!
വളരെ എളുപ്പത്തിൽ സമ്പാദിക്കുന്ന സമ്പ്രദായക്കാരനായിരുന്നു സി. എസ്. നായർ. അദ്ദേഹത്തിന്നുവേണ്ടി ആരും യശഃസ്തംഭം കെട്ടേണ്ടിവരില്ല മലയാളസാഹിത്യമുള്ളേടത്തോളം കാലം അദ്ദേഹത്തിന്റെ കൃതികൾ തന്നെ അതു നിർവഹിച്ചുകൊള്ളും. എന്നാൽ, ഏതൊരു സ്ഥാപനത്തിന്റെ നിലിനില്പിന്നു വേണ്ടി അദ്ദേഹം ഇത്രയും കാലം ഏകനായി നിന്നു പൊരുതിയോ, ഏതൊന്നിന്റെ നഗ്നത മറയ്ക്കുവാൻ അദ്ദേഹം തന്റെ ആരോഗ്യത്തിന്റെ പുതപ്പിലെ ഒടുക്കത്തെ ജീവിതനാളം കൂടി സമ്മാനിച്ചുവോ, ആ സംസ്കൃതകോളജിന്റെമേൽ ഉദാരമതികളായ സാഹിത്യപ്രണയികളുടെ ദയാദൃഷ്ടി ഇടയ്ക്കു പതിയുമെങ്കിൽ, ഉപരിസ്ഥിതനായ ആ മുതിർന്ന കുട്ടി. സന്തോഷിച്ചു കൊള്ളും.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)