രണ്ടുതരം കവികളുണ്ടു്: ഒരു കൂട്ടർക്കു വിഷയം നന്നേ കുറവാണു്. പക്ഷേ, ആ പറയാനുള്ള വിഷയം പറയുന്ന രീതിയുടെ മിടുക്കു കൊണ്ടു് അവർ വളരെ ക്ഷണത്തിൽ ഒരു സ്ഥാനം കൈവശപ്പെടുത്തുന്നു. ശ്രീമാൻ ജി. ശങ്കരക്കുറുപ്പ് ഈ കൂട്ടത്തിൽപ്പെട്ട കവിയല്ല. അദ്ദേഹത്തിന്നു ധാരാളം പറയാനുണ്ടു്. ആ പറയാനുള്ളവയുടെ വൈവിദ്ധ്യമെന്നോണം തന്നെ വിവിധമാണു് അദ്ദേഹം പറയുന്ന രീതിയും.
ചിരിയും കരച്ചിലും അദ്ദേഹത്തിന്റെ കവിതയ്ക്കു നിശ്ചയമുണ്ടു്. എന്നാൽ അവയുമായുള്ള വേഴ്ചയിൽനിന്നും മധുരമായ ഒരുതരം ആദ്ധ്യാത്മികജ്ഞാനം കടഞ്ഞെടുക്കുന്ന സഗൗരവശീലമാണു് ആ പ്രൗഢയ്ക്കു് അധികമിഷ്ടം.
“മാധവവേണുവിൻ മോഹനനിസ്വനം
മാധുര്യമാളുന്ന മദ്യമാവാം;
നാലഞ്ചു തുള്ളിയേ കാതാസ്വദിച്ചുള്ളു,
കാലടി മന്നിലുറയ്ക്കാതായി.”
എന്നിങ്ങനെ തുള്ളിച്ചാടി പുരാണങ്ങളിലെ പ്രേമകഥകളെ കെട്ടിപ്പുണർന്നു മനോരാജ്യം വിചാരിച്ചു കിടക്കുന്ന നിലാവുനിറഞ്ഞ ഒരു കാലത്തു് അദ്ദേഹത്തിന്റെ കവിതയും, മധുവിധുവനുഭവിക്കുന്ന ഒരു നവോഢയുടെ ഉന്മേഷഭാവവും സ്വപനാടനശീലവും കാണിച്ചിരുന്നതു ശരി തന്നെ. എന്നാൽ അചിരേണ ആ മനസ്വിനി അയൽപക്കക്കാരുമായുള്ള സാഹചര്യം നിമിത്തം ക്ഷണം വളർന്നു വരികയും, സഹജമായ കുലീനത്വം വിടാതെ, ഒരു ഗൃഹനായികയുടെ തന്റേടവും ഒരപ്സരകന്യകയുടെ സൗന്ദര്യവും ഒരുന്മാദിനിയുടെ ഉല്ലാസചേഷ്ടകളും കാണിച്ചു കൊണ്ടു് ആദ്ധ്യാത്മികചിന്താനിരതയായ ഒരു തപസ്വിനിയായി ഉയർന്നുയർന്നു്, ഒടുവിൽ അവർക്കുവേണ്ടി തുറന്നു വെച്ചിട്ടുള്ള സാക്ഷാൽക്കാരത്തിന്റെ മുറിയിൽ നിർഭയം ചെന്നു സ്ഥാനമുറപ്പിക്കുകയുമാണുണ്ടായതു്.
പരസ്പരചേർച്ചയില്ലാത്ത എന്തെല്ലാം കൂട്ടുകെട്ടുകളാണു് ഈ വളർച്ചയിൽ! കാഴ്ചയിലിങ്ങനെ അന്യോന്യബന്ധമില്ലാത്തതും ഒരുപക്ഷേ, അന്യോന്യവിരുദ്ധങ്ങളുമായ നൂറായിരം വിലയുള്ളതും വിലയില്ലാത്തതുമായ വസ്തുതകളുടെ ആകത്തുകയിൽക്കൂടി കാണുന്ന ഏകാഗ്രമായ പൂർണ്ണതയാണു സാക്ഷാൽക്കാരമെന്നും അദ്ദേഹത്തിന്റെ കവിത ദൃഢമായി വിശ്വസിക്കുന്നു. അതുകൊണ്ടു് അതു് സ്വൈരമായി ‘മുഗ്ദ്ധരാഗ’ത്തിലുണരുന്നു ‘കാലിപ്പാട്ടും’ പാടി, ‘പഴയ ഏടും’ മറിച്ചിട്ടും ‘സൂര്യകാന്തി’യെ അല്പ നേരം സൂക്ഷിച്ചുനോക്കി നെടുവീർപ്പിടുന്നു; വീണ്ടും,
“കാലത്തിന്നധീനമാം നശ്വരജഗത്തിങ്ക-
ലാലംബഹീനം തന്നെ ശാശ്വതശുദ്ധസ്നേഹം”.
എന്ന ‘ഭംഗഗീതി’ കേട്ടു, അതിൽ ചെവിവട്ടം പിടിച്ചു, ‘അന്വേഷണ’ത്തിലെത്തുകയും അതിന്റെ പരിധിയില്ലായ്മയിലൂടെ, സ്വാഭാവികമായി, അവസാനമായ ‘എന്റെ വേളി’യെ സമീപിക്കുകയും ചെയ്യുന്നു. തൽക്ഷണം അവിടെ ഭയപ്പെട്ടു സംശയിച്ചുനിന്നും, ആശയും ഔത്സുക്യവും സ്നേഹവും ഇടതിങ്ങിയ മനസ്സോടെ ഒടുക്കത്തെ യാത്രപറയാൻ ബദ്ധപ്പെട്ടൊന്നു തിരിഞ്ഞുനോക്കി, സഹജമായ ആത്മബോധത്തോടെ, ‘സാക്ഷാൽക്കാര’ത്തിന്റെ പരിപൂജപ്രഭയിലെത്തിച്ചേരുകയും ചെയ്യുന്നു.
ഭൗതികസ്നേഹത്തിന്റെ മുലപ്പാൽ കുടിച്ചു മുതിരുന്തോറും അസ്വസ്ഥമായി അനുഭവപ്പെടുന്ന ഈ അന്വേഷണ തൃഷ്ണ, ഈ ആദ്ധ്യാത്മികമനോവൃത്തി, പൗരസ്ത്യരുടെ ചിന്തയ്ക്കു പുത്തനല്ല. എത്രയെത്ര എണ്ണപ്പെട്ട തത്ത്വചിന്തകന്മാർ ഇതുതന്നെ ഉപദേശിച്ചു മണ്ണടിഞ്ഞു! എത്രയെത്ര അമൂല്യങ്ങളായ വേദപുസ്തകങ്ങൾ ഇതുതന്നെ എടുത്തുപാടി! പക്ഷേ, എന്നിട്ടെന്താണു്? ഈ മനോഹരമായ ആദ്ധ്യാത്മികതത്ത്വോപദേശത്തിന്റെ ഹൃദയഹാരിയായ സൗന്ദര്യം ചുറ്റിക്കാണുവാൻ എത്രപേരുടെ ചിന്തയ്ക്കു ചിറകു കിട്ടി? ഇതിന്നു് പക്ഷേ, ആരെയും കുറ്റംപറഞ്ഞിട്ടു കാര്യമില്ലായിരിക്കാം. ജീവിതതിരസ്കാരം പഠിച്ചിരുന്ന സന്യാസിനി, സ്ത്രീയാണെങ്കിൽക്കൂടി, സാധാരണക്കാരനെ ആകർഷിക്കുന്നില്ല. അവർതന്നെ, കാഷായ വസ്ത്രം വലിച്ചെറിഞ്ഞു്, നീണ്ടു ചുരുണ്ട വാർകുന്തളം വളർത്തി, ഭംഗിയിൽ വസ്ത്രധാരണം ചെയ്തു സ്വീകരണമുറിയുടെ നടുക്കിരുന്നു പ്രസംഗിക്കട്ടെ, എത്രപേരുണ്ടാവും കേൾക്കാനും, കേട്ടാനന്ദിക്കാനും!
മഹത്തായ ആദ്ധ്യാത്മികവിഷയങ്ങളെ ഇങ്ങനെ മനോഹരമായ ഉടുപ്പിടുവിച്ചു നിങ്ങളുടെ ആലോചനയുടെ സ്വീകരണമുറിയിലേക്കു പറഞ്ഞയയ്ക്കുക എന്ന സൽക്കർമ്മമാണു ജി. യുടെ കവിത നിർവഹിക്കുന്നതു്. മുറിയുടെ വാതിൽ മനഃപൂർവം കൊട്ടിയടയ്ക്കാതിരുന്നാൽ ആ മനോഹാരിണി തീർച്ചയായും അവിടെ സ്ഥാനം പിടിച്ചു തന്റെ സംഭാഷണചാതുരികൊണ്ടു നിങ്ങളെ വശീകരിക്കും. നിങ്ങളുടെ ആലോചനയുടെ വിശാലതയ്ക്കൊപ്പം ആ ഉദാരശീല അവിടെ വെളിച്ചവും സൗന്ദര്യവും വീശിത്തരുകയും ചെയ്യും. പിന്നീടു്, പരിചയിക്കുന്തോറും ആ സുന്ദരിയുടെ കാൽച്ചിലമ്പൊച്ച നിങ്ങൾക്കു ദൂരെനിന്നു തിരിച്ചറിയാറാവുകയും, അതിന്റെ അനുരണനം ക്രമേണ നിങ്ങളുടെ ചിന്തയ്ക്കു ചിറകു മുളപ്പിച്ചു് അനന്തസൗന്ദര്യത്തിന്റെ ചുറ്റും പറന്നുപോകുവാൻ പഠിപ്പിക്കുകയും ചെയ്യും.
വിശ്വാസങ്ങളെല്ലാം നശിച്ചു് ഒരു ഭൂതകാലം മാത്രം അവശേഷിച്ചിട്ടുള്ള ഒരു പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഇടയിലേക്കാണു് ജി. വളർന്നുവന്നതു്. സ്വന്തം ഉപയോഗത്തിന്നായിട്ടെങ്കിലും, അതുകൊണ്ടു്. അദ്ദേഹത്തിന്നൊരു വിശ്വാസം അത്യാവശ്യമായിത്തീർന്നു. പൗരസ്ത്യസാഹിത്യത്തിന്റെ ശക്തിയും വിലയും കിടക്കുന്നതു് അതിന്റെ അശിഥിലമായ പാരമ്പര്യത്തിലാണെന്നു പൂർണ്ണവിശ്വാസമുള്ള അദ്ദേഹം സ്വാഭാവികമായി ആ ആർഷസമ്പത്തിന്റെ വിസ്തൃതിയിലേക്കു തന്നെ, മറ്റുപല പ്രതിഭാശാലികളും ചെയ്തതുപോലെ, നടന്നുചെന്നു. പുരാണങ്ങളും ഇതിഹാസങ്ങളും ഇടതൂർന്നു വികസിച്ചുനില്ക്കുന്ന ആ പൂങ്കാവനത്തിൽനിന്നും അദ്ദേഹം സകൗതുകം പല പ്രേമകഥകളും വീരകഥകളുമെടുത്തു തന്റെ പ്രതിഭയുടെ നൂലിന്മേൽ കോർത്തു ഭാഷയ്ക്കു സമ്മാനിച്ചു. അതൃപ്തയായ അദ്ദേഹത്തിന്റെ കവനചാതുരി വീണ്ടും അവിടെ വിലാസിനിയായി ചുറ്റിനടന്നു. അതു് ഇടയ്ക്കു തന്റെ നിഴലിനെയും മറ്റുചിലപ്പോൾ തന്റെ മുൻഗാമികളുടെ കാലടിപ്പാടുകളെയും പിന്തുടർന്നു നൈസർഗ്ഗികമായ വാസനയോടെ ചില ആത്മഗീതങ്ങളുണ്ടാക്കിപ്പാടി. അവയിൽ ദുർല്ലഭമല്ലാതെ അദ്ദേഹം തന്റെ പരിസരങ്ങളെയും അവിടെ അശരണരായി ജീവിക്കുന്ന പാവങ്ങളുടെ കഷ്ടപ്പാടുകളെയും എടുത്തു പാടാൻ ശ്രമിച്ചു. എന്നാൽ, ഈ ശ്രമം വിജയകരമായിത്തീരണമെങ്കിൽ ചുറ്റും നടക്കുന്ന ദുഷിച്ച ആചാരങ്ങളോടും നടപ്പുകളോടും ഒരതിപരിചയം വേണമെന്നുവന്നു. അതു നേടാനുള്ള ഉദ്യമത്തിൽ അദ്ദേഹം തന്റെ ചുറ്റുപാടും വികസിച്ചുനില്ക്കുന്ന പൂന്തോട്ടത്തിലെ പച്ചിലകളും പൂക്കളും അല്പം മാറ്റിനിർത്തി പുറത്തേക്കു നോക്കി. ആ വിടവിലൂടെ ദാരിദ്ര്യം മൂർത്തിമത്തായ തന്റെ നാടിന്റെ മറക്കാൻ വയ്യാത്ത ഒരു രൂപം കാണുകയും ചെയ്തു.
“രാവിറങ്ങിപ്പോയ്; ചെമ്മൺ
കുടിലിൽക്കത്തിച്ചൊരു
കോൽവിളക്കതാ—വെള്ളിനക്ഷത്രം
കെടാറായി.
മരവും കോച്ചിപ്പോകും മകരം; പാടത്തിന്റെ
കരയിൽ പ്രാവിൻകൂടുപോലൊരു ചെറുകുടിൽ.
വേലിയും പടിയുമില്ലാപ്പറമ്പ;തിൽക്കുറ്റി-
ച്ചൂലിന്നുനേരായ് മൂന്നു നാലു വാഴകൾ മാത്രം.”
യാതൊരു മുഖവുരയ്ക്കും താമസിക്കാതെ ദുഷ്ടമായ ഇന്നത്തെ സമുദായത്തിന്റെ ഹൃദയാന്തർഭാഗത്തു കൈവെച്ചു് ഓടാൻ തുടങ്ങുന്ന ഈ കവിത സമുദായത്തിന്റെ എണ്ണമറ്റ ക്രൂരതകളെയും അന്യായങ്ങളെയും എണ്ണിയെണ്ണി വർണ്ണിച്ചേ അവസാനിക്കുകയുള്ളൂ എന്നു തോന്നും; അതിന്റെ തുടക്കം അത്ര ധൃതിയിലും അതു കാണിക്കുന്ന വികാരതീക്ഷ്ണത അത്ര പരിപൂർണ്ണവുമാണു്. എന്നാൽ പ്രതീക്ഷിച്ചപോലെ, ആ കവിത, അങ്ങനെ നീണ്ടുപോയി, ദരിദ്രനാരായണന്മാരുടെ ഒരു പുരാണമാവുകയുണ്ടായില്ല. അതിന്നുത്സാഹം നശിപ്പിക്കത്തക്കവിധത്തിൽ അത്ര അന്ധകാരപൂർണ്ണവും അസഹ്യവുമായി തോന്നിയിരിക്കണം, അദ്ദേഹത്തിന്റെ മുൻപിൽ കണ്ട കാഴ്ച. അതു കൊണ്ടു് അതിങ്ങനെ പെട്ടെന്നവസാനിപ്പിച്ചു് അദ്ദേഹം പിന്മാറുന്നു:
“ഏഴകൾ പൊറുക്കുന്ന മാടങ്ങളിമ്മട്ടത്രേ!
പാഴത്രേ നവപരിഷ്കാരത്തിൻ
ജയോൽഘോഷം;
മാദകസുഖസ്വപ്നം ധനിക്കു, പൊറുക്കേണ്ട
വേദന പാവങ്ങൾക്കു; ലോകജീവിതം ചിത്രം!”
ചുറ്റുപാടുമുള്ള നരകയാതനകളും ദുരിതങ്ങളും ആത്മ വിസ്മൃതി വരുത്തത്തക്കവണ്ണം അദ്ദേഹത്തിന്റെ മൃദുല മനസ്സിനെ സ്പർശിച്ചിരിക്കണം. തൽഫലമായി അദ്ദേഹം ഒരു സാമുദായികകവിയാകാനുള്ള തന്റെ ഉദ്യമം ഉപേക്ഷിക്കുകയും ജന്മസിദ്ധമായ സരളതയോടെ, ഭയങ്കരമായ ജീവിതവ്യഥകൾ മറക്കാനായി, പ്രകൃതിയിലെ സുന്ദരവസ്തുക്കളിലേക്കുതന്നെ വീണ്ടും, മനഃപൂർവമെന്നോണം, തിരിഞ്ഞുപോവുകയും ചെയ്യുന്നു:
“ഉറക്കമിളച്ചിരുന്നീടും ഞാൻ വാനത്തിങ്ക-
ലുറക്കെക്കേണും കൊണ്ടു പോകും
ഞാൻ കൊടുങ്കാറ്റിൽ.
സോമലേഖയിൽക്കൂടിക്കാമിക്കും കടലിനെ;
സോമലേഖയെത്തന്നെ കടലാ
യ് മുകരും ഞാൻ.
കൂടുവിട്ടേവം കൂടുമാറിയീ പ്രകൃതിയി-
ലോടുവാനെന്താനന്ദമാണെന്നോ! ക്ഷമിക്കുക!”
ക്ഷമായാചനത്തോടുകൂടി ചെയ്യുന്ന ഈ പിൻതിരിച്ചലിൽ മൃദുവായ ഒരു പരാജയഭാവമുണ്ടാവാം. എന്നാൽ അതോടൊപ്പം തന്നെ, ആ പുതിയ ഉദ്യമത്തിൽ, ഭൗതികമല്ലാത്ത ഒരാനന്ദവും മധുരമായൊരു സംതൃപ്തിയും രൂപമെടുത്തു വരുന്നുണ്ടു്. ഈ മനോവൃത്തിയാണു, പിന്നീടു്, അത്രമേൽ സുസ്ഥാപിതവും സുസ്ഥിരവുമായ ഒരാദ്ധ്യാത്മികചിത്തവൃത്തിയായി അനുക്രമം വളർന്നുവന്നു ദുഃഖവും സന്തോഷവും വിസ്മരിച്ചുകൊണ്ടു്,
“നിമിഷമാത്രാനുഭൂതിയാലാത്മാവിൽ
കുമിയുമാനന്ദവേലിയേറ്റത്തിനാൽ
കരകളൊക്കെയും മുങ്ങിയ ജീവിത-
പ്പരവ കണ്ടു ഞാനേകമായ് പൂർണ്ണമായ്”
എന്നും അദ്ദേഹത്തെക്കൊണ്ടു് ഉന്മത്തനായി പാടിക്കുന്നതു്.
അങ്ങനെ, സുഖത്തിലും ദുഃഖത്തിലും കൈവച്ചു, രണ്ടിലും മനഃസ്വാസ്ഥ്യം ലഭിക്കാതെ ഒടുവിൽ അദ്ദേഹം അവയ്ക്കെല്ലാം ഉപരിയായി ഒരു ശക്തിയെ സ്വയം സങ്കല്പിച്ചു അതിന്റെ മാഹാത്മ്യത്തെ പുകഴ്ത്താനും അതിന്നു കീഴ്‌വണങ്ങി ജീവിക്കാനും ഇഷ്ടപ്പെടുന്നു. ഇതൊരു പരാജയസമ്മതമാണെങ്കിൽ, ഇതു് എത്രയോ ഋഷിവര്യന്മാർ എത്രയോ മുൻപും എത്രയോ തവണ നിർലജ്ജം സമ്മതിച്ചു രേഖപ്പെടുത്തീട്ടുള്ളതാണു്! ആർഷതേജസ്സിലും തപശ്ചര്യയിലും അവരുടെ ആരുടെയും അടുത്തൊന്നും നില്ക്കാൻ തയ്യാറില്ലാത്ത ജി. അതുകൊണ്ടു്, അവരോടൊപ്പം തനിക്കു കിട്ടുന്ന ഈ കുറ്റാരോപണത്തിൽ അഭിമാനിക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നും ജീവിതത്തിന്റെ കർക്കശവശങ്ങളിൽനിന്നും ഒറ്റയ്ക്കോടി രക്ഷപ്പെടുവാനുള്ള, അഭിനന്ദനാർഹമല്ലാത്ത, രഹസ്യമായ ഒരായുധമായും, പരസ്യമായൊരു ജീവിതവ്യാഖ്യാനമായും, ഇതിനെ ആക്ഷേപിക്കുകയാണെങ്കിൽ അദ്ദേഹത്തിന്നു് അതിൽ ആവലാതിയില്ല. സമ്പത്തും സൗകര്യങ്ങളും സമമായി വിതരണം ചെയ്യാനുള്ള മോഹവും സംരംഭങ്ങളും തുടങ്ങിട്ടു നൂറ്റാണ്ടുകളെത്രയായി! ധനവിതരണസമ്പ്രദായത്തിൽ അവിശ്വസനീയമായ ഒരൈകരൂപ്യം വന്നുകഴിഞ്ഞാൽത്തന്നെ മനുഷ്യന്റെ മറ്റു ക്ലേശങ്ങൾ എവിടെ കൊണ്ടു പോയിവെക്കും? ഇങ്ങിനി വരാനിരിക്കുന്ന ആ ഭയങ്കരമായ വേർപാടിനെ—മരണത്തെ—എങ്ങനെ, എവിടെ മാറ്റിവെക്കും? ഇതെല്ലാം തന്നെ അനാവശ്യമായി ആലോചിച്ചു ക്ലേശിക്കുകയായിരിക്കാം, ശരി. പക്ഷേ, ആവശ്യമുള്ളതിനെപ്പറ്റി ചിന്തിക്കാനും ക്ലേശിക്കാനും നമ്മളില്ലേ? എത്ര കാലമായി നമുക്കതു പഠിഞ്ഞിട്ടു്! എന്നിട്ടു ഇനിയും മറ്റൊരാൾ പഠിപ്പിച്ചു തരേണമെന്നോ!
ജീവിതത്തെ സംബന്ധിച്ച ഈ നിസ്സഹായതാബോധമാണു ‘ജി’യുടെ കവിതയിലെ ആനന്ദത്തിന്റെയും ആദ്ധ്യാത്മികബോധത്തിന്റെയും അടിസ്ഥാനവും അളവും. അദ്ദേഹത്തിന്റെ ഈ അസ്വസ്ഥതയെ ഏതിനോടെങ്കിലും ഉപമിക്കാമെങ്കിൽ അതു്, കളിക്കോപ്പുകളോടുകൂടി അച്ഛൻ സ്നേഹിതന്റെ വീട്ടിൽ നിർത്തിപ്പോയ ഒരു കുട്ടിയുടെ സ്ഥിതിയോടാണു്. എന്താണു സംഭവിച്ചതെന്നു് അറിയുന്നതിന്നുമുമ്പു കുട്ടിക്കു് അച്ഛനെ കാണാതാവുന്നു. അവൻ ചുറ്റും പരിഭ്രമിച്ചു നോക്കി വിഷാദിക്കുന്നു. അവന്നു അച്ഛന്റെകൂടെ പോകണം. എന്നാൽ, ഒരു തരം നിരുന്മേഷമായ ഉത്സാഹത്തോടെ അവന്നു കളിപ്പണ്ടങ്ങളുടെ ചുറ്റുമിരുന്നു കളിക്കുകയും വേണം. ഈ അന്യോന്യവിരുദ്ധങ്ങളായ ശക്തികളുടെ നടുക്കിരുന്നു, പലപ്പോഴും എന്താണു ചെയ്യേണ്ടതെന്നറിയാതെ, അവൻ പൊട്ടിക്കരയുന്നു. ജി.-യും, തന്നെ മനോഹരമായ ഭൂലോകോദ്യാനത്തിലെ എണ്ണമറ്റ കളിക്കോപ്പുകളുടെ മദ്ധ്യത്തിൽ വെച്ചുപോയ ആ ആദ്യപിതാവിനോടുകൂടി ചേരുവാൻ ആഗ്രഹിക്കുന്നു. എന്നാൽ പരിചയം കൊണ്ടു ഹൃദ്യങ്ങളും സുന്ദരങ്ങളുമായിത്തീർന്നിട്ടുള്ള തന്റെ ചുറ്റുമുള്ള എല്ലാ വിഭവസമൃദ്ധികളോടും അസാമാന്യമായ ഒരു താൽപര്യവും അടുപ്പവും കാണിക്കുകയും ചെയ്യുന്നു. അവയെ നോക്കി കുറച്ചാശ്വസിക്കാൻ അദ്ദേഹം മുതിരുന്നു. ഉടനെ ആ പഴയ ഓർമ്മ അദ്ദേഹത്തെ അലട്ടുന്നു. മനോഹരമായ ഈ മനോവൃത്തിയുടെ ചപലദൃഷ്ടികളിൽ ഇടയ്ക്കു് അദ്ദേഹം കണ്ണീർ നിറയ്ക്കുന്നു. മറ്റുചിലപ്പോൾ വ്യസനം സഹിക്കവയ്യാതെ ജന്മസിദ്ധമായ ശബ്ദമാധുര്യത്തോടുകൂടി വിലപിക്കുകയും ചെയ്യുന്നു. സ്വന്തം ചിന്താവ്യാപാരങ്ങളിൽ ഇങ്ങനെ ഇടവിടാതെ മുഴുകിയിരിക്കുന്ന അദ്ദേഹത്തിൽ സ്വാഭാവികമായി ചുറ്റുമുള്ളവരുടെ ‘എനിക്കതു കിട്ടിയില്ല, ഇതു കിട്ടിയില്ല’ എന്ന ബാലിശമായ ആഗ്രഹങ്ങളിലും ആവലാതികളിലും ശ്രദ്ധിക്കുവാനിടയില്ല; അവർ പക്ഷേ, അദ്ദേഹത്തിന്റെ മധുരസംഗീതം കേട്ടില്ലെന്നുവരാം. എന്നാൽ, അദ്ദേഹത്തെപ്പോലെ ആ അനന്തമായ വേർപാടിൽ വ്യസനിക്കുകയും മനോരാജ്യം കൊള്ളുകയും ചെയ്യുന്നവരാകട്ടെ, അദ്ദേഹത്തിൻറ ശബ്ദമാധുര്യത്തിൽ തങ്ങളുടെ അതൃപ്തിയും തങ്ങളുടെ ആനന്ദവും രൂപമെടുക്കുന്നതായി കാണുകയും, അദ്ദേഹത്തോടൊപ്പം ആ ശാശ്വതമായ ഏകീകരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
“മാമകകാമുക, മുഗ്ദ്ധയല്ലിന്നു നി-
ന്നോമന! മോഹനമായൊരു മേനിയിൽ
തെല്ലിനിച്ചാഞ്ഞു കിടന്നുറങ്ങട്ടെ ഞാ-
നെല്ലാം മറക്കുവാ,നെല്ലാം പുതുക്കുവാൻ.”
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)