മകരമാസത്തിലെ മൂടൽമഞ്ഞു ബാധിച്ച ആ സായാഹ്നത്തിൽ ഗ്രാമം ഒരു കൊതുവലയ്ക്കുള്ളിൽ ചുരുണ്ടു കിടക്കുന്നതുപോലെ കാണപ്പെട്ടു. നിരത്തിൽക്കൂടി ഒരു കാളവണ്ടി അവ്യക്തമായ നിഴൽപോലെ ഇഴഞ്ഞുപോകുന്നുണ്ടു്. നന്ദലാൽ ബോസിന്റെ ഒരു ചിത്രം ഉയിർക്കൊണ്ടതാണോ എന്നു ശങ്കിക്കും ആ വണ്ടിയും അതിനു ചുറ്റും ഉറങ്ങിക്കിടക്കുന്ന പ്രകൃതിയും അത്ര നിശ്ചലമായി നില്ക്കുന്ന പോലെ തോന്നി. എങ്കിലും വണ്ടി മന്ദഗതിയായി വഴി പിന്നിടുന്നുണ്ടു്. അതിലിരിക്കുന്ന പതിനാറുവയസ്സായ ഗ്രാമീണബാലിക ചാട്ട കയ്യിൽപിടിച്ചുകൊണ്ടു മനോരാജ്യം വിചാരിക്കുകയാണു്. തന്റെ ദിനചര്യയിലെ നിത്യസംഭവമായ റയിൽവെസ്റ്റേഷനിലേയ്ക്കുള്ള ആ യാത്ര കാളയ്ക്കു നിശ്ചയമുള്ളതുകൊണ്ടാണെന്നു തോന്നുന്നു, എജമാനത്തിയുടെ യാതൊരു പ്രേരണയും കൂടാതെതന്നെ അതു മന്ദമന്ദം വണ്ടി വലിച്ചു കൊണ്ടു സ്റ്റേഷനെ ലക്ഷ്യമാക്കി നടക്കുന്നുണ്ടു്. തപാൽ സ്റ്റേഷനിലിട്ടു് മെയിൽ വണ്ടി ഇപ്പോൾ പോയിക്കഴിഞ്ഞിട്ടുണ്ടാവും എന്നു വണ്ടിയിലിരിക്കുന്ന ലക്ഷ്മി വിചാരിച്ചു. ആ കാണുന്ന കയറ്റം കൂടിയുണ്ടു്. അതു കഴിഞ്ഞു്, ആ വളവും പാടവും കൂടി പിന്നിട്ടാൽ പിന്നെ സ്റ്റേഷൻ പരിസരമായി അല്പം കൂടി വേഗത്തിൽ കാളയെ നടക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു് അവൾ മനോരാജ്യത്തിൽ നിന്നുണർന്നു. വണ്ടി പതുക്കെ കയറ്റം കയറിത്തുടങ്ങി. മുൾച്ചെടികളും ചെറിയ പൊന്തകളും ഇരുഭാഗത്തും ഇടതൂർന്നുനില്ക്കുന്ന ആ നിരത്തിന്റെ വലത്തുവശത്തെ വേലിക്കുള്ളിൽ ചെറുവാഴകൾ തഴച്ചുനില്ക്കുന്ന ഒരു പറമ്പുണ്ടു്. ദമയന്തിയുടെ വീടുനില്ക്കുന്ന സ്ഥലമാണു് അതു്. ദമയന്തി എന്ന പേർ നാവിന്മേൽവന്ന ഉടനെത്തന്നെ ആ സാധുബാലികയുടെ മനസ്സിൽ ഒരു ഭയം ജനിച്ചു. എന്തെല്ലാം സംസാരങ്ങളാണു് ആ സ്ത്രീയെപ്പറ്റി നാട്ടിൽ പരന്നിട്ടുള്ളതു്! അവൾ പണ്ടു. മധുരയിലായിരുന്നുവെന്നും, വേശ്യാവൃത്തിയായിരുന്നു അവിടെ ജോലിയെന്നും, രാഷ്ട്രീയക്കുഴപ്പം നിമിത്തം ഇയ്യിടെ നാട്ടിലേയ്ക്കു മടങ്ങിയതാണന്നും, ഇപ്പോഴും തൊഴിൽ അതുതന്നെയാണെന്നും മറ്റും നാട്ടിൽ പല പ്രസ്താവങ്ങളും ബലത്തിൽ നിന്നിരുന്നു. അവളുടെ പേർ പറയുന്നതു പോലും മര്യാദക്കാരുടെ ഇടയിൽ നിഷിദ്ധമായിട്ടാണു് കരുതിയിരുന്നതു്. പുരുഷന്മാരോടു സ്വാതന്ത്ര്യം കാണിക്കുന്ന മുതിർന്ന പെൺകുട്ടികളെ അധിക്ഷേപിക്കാൻ അമ്മമാർ ഒടുക്കത്തെ കയ്യായി എടുത്തിരുന്നതു് “എടി, ദമയന്തി അണിഞ്ഞോ” എന്നാണു്. അതു വലിയ അപമാനമായി പെൺകുട്ടികൾ കരുതുകയും ചെയ്തിരുന്നു. ഈവക സംസാരങ്ങളും വിചാരങ്ങളും മറ്റും ദമയന്തിയുടെ വീട്ടിന്റെ പരിസരത്തിലെത്തിയപ്പോൾ ലക്ഷ്മിയുടെ മനസ്സിൽ വരുകയും അവൾ ഭയപ്പെട്ടു വണ്ടി വേഗം തെളിച്ചു റെയിൽവെ സ്റ്റേഷനിലെത്തുകയും ചെയ്തു. തപാൽസ്സഞ്ചി എടുത്തു് അവൾ വീട്ടിലേയ്ക്കു തിരിച്ചു.
സ്റ്റേഷൻപരിസരം മിക്കവാറും വിജനമായിരുന്നു. സ്റ്റേഷനിൽനിന്നു പ്രധാനനിരത്തിലേയ്ക്കു കുത്തനെയുള്ള ഇറക്കവും ആ ഇറക്കത്തിൽ നില്ക്കുന്ന വലിയൊരാൽ വൃക്ഷവും അതിന്റെ സമീപത്തായി ഒരേ വരിയിൽ നില്ക്കുന്ന ഒന്നുരണ്ടു ചായക്കടകളും ഒരു ചെറിയ തുണി ഷാപ്പും പിന്നിട്ടു് അവൾ വണ്ടിതെളിച്ചു പോന്നു. ആ തുണിഷാപ്പ് സ്റ്റേഷനിലേയ്ക്കു വരുമ്പോൾത്തന്നെ അവളെ ആകർഷിച്ചിരുന്നു. എന്തെല്ലാം പുതിയതരം ശീലകളുണ്ടാവും അവിടെ എന്നവൾ ഓർത്തു. തിരുവാതിരയ്ക്കു മുമ്പു രണ്ടു ബ്ലൗസിനുള്ള ശീലയും രണ്ടു നല്ല ഇല്ലിക്കുന്നുമുണ്ടും വാങ്ങുവാൻ കഴിഞ്ഞെങ്കിൽ! എന്നവൾ വിചാരിച്ചു. അതവൾക്കു സാധിക്കും, കണാരേട്ടനോടു പറയേണ്ട താമസമേയുള്ളു. പക്ഷേ, അയാളോടു് അവൾ പറയില്ല. അമ്മയ്ക്കു കണാരേട്ടനെ വലിയ പത്ഥ്യമാണു്. അമ്മയുടെ അച്ഛന്റെ വീട്ടിലെ ഒരംഗമാണു് അയാൾ. കുറച്ചു കൃഷിയുണ്ടു്. അതിനു പുറമേ റെയിൽവെസ്റ്റേഷനിൽനിന്നു തപാൽ കൊണ്ടുവരുന്ന ജോലിയും അയാൾക്കുണ്ടു്. അതിനു പതിനേഴുറുപ്പിക കിട്ടും മാസത്തിൽ. കണാരന്റെ സ്വന്തമായി ഒരു കാളവണ്ടി കൂടിയുള്ളതുകൊണ്ടു മെയിലിന്റെ സമയത്തിനു പാകത്തിൽ തപാൽ കൊണ്ടുവരുവാൻ അയാൾ വണ്ടിയിൽ പോകും. ഇടയ്ക്കു വല്ല യാത്രക്കാരേയും കിട്ടും. എന്നാൽ അവരുടെ പക്കൽ നിന്നു യാത്രക്കൂലിയായി നാലോ അഞ്ചോ അണയും ലഭിക്കും. പല വഴിക്കുള്ള ഈ സമ്പാദ്യങ്ങൾ നിമിത്തം ഗ്രാമക്കാരുടെ ഇടയിൽ കണാരൻ ഒരു നിവൃത്തിയുള്ളവനായി കരുതപ്പെട്ടിരുന്നു. ലക്ഷ്മിയുടെ തള്ളയായ മാതുവിനു അയാളെ വലിയ കാര്യമാണു്. ലക്ഷ്മി കണ്ടാൽ നല്ല കുട്ടിയാണു്. അവൾ വളർന്നു വരുന്തോറും അവളുടെമേൽ കണാരന്റെ ശ്രദ്ധ അധികമധികം പതിയുന്നതു മാതു ശ്രദ്ധിച്ചിട്ടുണ്ടു്. മകളുടെ ഭാവിശ്രേയസ്സിനെ സ്ഥിരപ്പെടുത്താൻ ഉത്സുകയായ തള്ള, കണാരനുമായി. മകളെ വിവാഹബന്ധത്തിലേർപ്പെടുത്തുന്നതു നന്നായിരിക്കുമെന്നു തീർച്ചപ്പെടുത്തിയിരുന്നു. അയാൾക്കു പ്രായം കുറേ കടന്നു പോയി എന്നൊരു ദോഷമുണ്ടു്. പക്ഷേ, അതു സാരമില്ല. അല്പം പ്രായം കൂടിയാൽത്തന്നെയെന്താണു്? മറ്റുള്ള എല്ലാ ഗുണങ്ങളും തികഞ്ഞാൽ പോരേ! കണാരനെപ്പോലെ വിവേകശീലനായ ഒരു പുരുഷൻ ആ നാട്ടിലില്ല. അയാൾക്കു ബീഡിവലിയില്ല, പൊടിവലിയില്ല, കള്ളുകുടി തുടങ്ങിയ മറ്റു ദുശ്ശിലങ്ങളുമില്ല. ലക്ഷ്മിയെ സുഖമായി കാത്തു സംരക്ഷിക്കുന്നതിന്നു വേണ്ട മുതലുണ്ടു്. ഇതിലധികം എന്താണു് ആഗ്രഹിക്കാനുള്ളതു്? ഇതെല്ലാമായിരുന്നു മാതുവിന്റെ വിചാരഗതി. അതുകൊണ്ടു് അവൾ മകളേയും കണാരനേയും കഴിയുന്നത്ര അടുപ്പിക്കാൻ നോക്കി. കണാരൻ മിക്ക സമയത്തും അവരുടെ വീട്ടിൽ ഉണ്ടായിരിക്കും. മാത്രമല്ല തള്ളയുടെ പ്രോത്സാഹനങ്ങൾനിമിത്തം ലക്ഷ്മിയുടെ പേരിൽ ഒരു രക്ഷാകർതൃത്വം കൂടി കണാരൻ എടുത്തു പോന്നു.
പ്രായം ചെല്ലുംതോറും അമ്മയുടെ ഇംഗിതം മകൾക്കു കൂടുതൽ വ്യക്തമായിവന്നു. പക്ഷേ, അവൾ തന്റെ അപ്രിയം പ്രകടമായി കാണിച്ചിരുന്നില്ല. ഒന്നാമതു കണാരനെ സംബന്ധിച്ചു യാതൊരാക്ഷേപവും അവൾക്കു പറയാനില്ല. അയാൾക്കു പ്രായം അധികമുണ്ടെന്നുള്ള കാര്യം ആരും അത്ര ഗൌരവമായി കരുതാനിടയില്ല. അധികാരിയുടെ പതിനഞ്ചു വയസ്സായ മകളെ മുപ്പത്തെട്ടു വയസ്സു പ്രായമായ സബ്ബ്റജിസ്ട്രാർ കുഞ്ഞുണ്ണി മേനോന്നല്ലേ ഇയ്യിടെ വിവാഹം കഴിച്ചു കൊടുത്തതു്! ഇപ്പോൾ നടക്കുന്ന വിവാഹങ്ങളുടെ കാര്യത്തിൽ പ്രായം ഒരു തടസ്സമേയല്ലെന്നു്, ചുറ്റും നടക്കുന്ന സംഭവങ്ങളിൽനിന്നു്, വിദ്യാഹീനയെങ്കിലും, ആ ഗ്രാമീണബാലികയും മനസ്സിലാക്കിയിരുന്നു. ഇതിനെല്ലാം പുറമേ പണസംബന്ധമായി അമ്മ കണാരേട്ടന്നു വളരെ കടപ്പെട്ടിട്ടുണ്ടു താനും. അയാളെ പെട്ടെന്നു മുഷിപ്പിക്കുന്നതായാൽ അതിന്റെ ഫലമായി അവർ കുടിയിറങ്ങിപ്പോവുകതന്നെ വേണ്ടിവന്നേയ്ക്കാമെന്നും അവൾ ഭയപ്പെട്ടു.
“വേണ്ടി വന്നാൽ അതാണു് ഭേദം,” അന്നു കാലത്തു നടന്ന സംഭവങ്ങളോർത്തു് അവൾ ഉള്ളിൽ വിചാരിച്ചു. എന്തൊരു നീചത്വമാണു് അന്നു കാലത്തു കണാരേട്ടൻ ചെയ്യാൻ പുറപ്പെട്ടതു്! അമ്മ കാലത്തെഴുന്നേറ്റു നിലം തേയ്ക്കുകയാണു്. ആ സമയത്താണു് കത്തിക്കാൻ വല്ലതും കിട്ടുമോ എന്നു നോക്കാൻ താൻ തൊടിയിലിറങ്ങി നടന്നതു്. സ്റ്റേഷൻ ശിപായിയായ കുമാരൻ ആ സമയം ആ വഴിക്കു വന്നു. കുമാരന്നും അവൾക്കും തമ്മിൽ വളർന്നു വന്നിട്ടുള്ള രഹസ്യമായ അടുപ്പത്തെപ്പറ്റി ആർക്കും അറിഞ്ഞുകൂടാ. അതു് അനുരാഗമാണെന്നും മറ്റും കരുതുവാൻ ലക്ഷ്മി തയ്യാറായിരുന്നില്ല. എന്നാൽ ഒന്നവൾക്കു നിശ്ചയമുണ്ടു്: തനിക്കാരോടെങ്കിലും വിശ്വസിച്ചെന്തെങ്കിലും പറയാമെങ്കിൽ അതു കുമാരനോടുമാത്രമേ പാടുള്ളു എന്നു് അവളുടെ ആന്തരാത്മാവു ശാസിച്ചിരുന്നു. അതുകൊണ്ടു തന്റെ മാനസിക ക്ലേശങ്ങളും പ്രാരബ്ധങ്ങളും മറ്റും ഇടയ്ക്കു് അവൾ കുമാരനോടു പറയാറുണ്ടു്. അതുനിമിത്തം അവർക്കു തമ്മിൽ അഭേദ്യമായ ഒരു ബന്ധം വളർന്നുവന്നിരുന്നു.
കുമാരനോടു് അവൾക്കു പലതും പറയാനുണ്ടു്. ഇടയ്ക്കു മര്യാദലംഘിക്കാൻ പുറപ്പെടുന്ന കണാരന്റെ പെരുമാറ്റങ്ങളും, ആ വിഷയത്തിലുള്ള അമ്മയുടെ കണ്ണടയ്ക്കലും, അമ്മയ്ക്കു് അയാളിലുള്ള വിശ്വാസവും, മറ്റു ചില പ്രാരബ്ധങ്ങളും അവൾ കുമാരനെ ധരിപ്പിച്ചു. സാമാനങ്ങളുടെ അതിയായ വിലവർദ്ധനവുനിമിത്തം അമ്മയും താനും പണ്ടത്തേക്കാൾ കൂടുതൽ കണാരേട്ടനു കടപ്പെട്ടിരിക്കുന്നുവെന്നും, ഈ ദുരിതങ്ങൾക്കെല്ലാം ഒരു പ്രധാന കാരണം ഇപ്പോഴത്തെ നാട്ടിലെ കുഴപ്പമാണെന്നും മറ്റും അവൾ സ്വാഭിപ്രായം പുറപ്പെടുവിച്ചു. സഹതാപത്തോടുകൂടി കുമാരൻ ഇതെല്ലാം കേട്ടുനിന്നു.
“അരിയുടെ വില ഇങ്ങനെതന്നെ നില്ക്കുകയാണെങ്കിൽ ഒന്നുകിൽ ഞങ്ങൾ പട്ടിണി കിടക്കേണ്ടിവരും, അല്ലെങ്കിൽ ഞാൻ കണാരേട്ടനെ…” അവൾ ബാക്കി പറയാതെ കുമാരനെ നോക്കി.
എന്താണു് ഉത്തരം പറയേണ്ടതെന്നറിയാതെ അയാൾ ഒരു കോളാമ്പിപ്പൂ പറിച്ചു്, അതിന്റെ ഇതളുകൾ വേർപെടുത്തിക്കൊണ്ടു് അധോമുഖനായി നിന്നു.
“ഇതവസാനിക്കില്ലേ?” അവൾ കുമാരനെ സംസാരിപ്പിക്കാൻ പ്രേരിപ്പിച്ചു.
“ഏതു് ?” ആലോചിക്കാൻ സമയം കിട്ടാനായി അയാൾ മറുപടി പറഞ്ഞു.
“ഈ കുഴപ്പങ്ങളും ദാരിദ്ര്യവും.”
“ഉവ്വ്, ലക്ഷ്മീ. ഇതവസാനിക്കും. അവസാനിക്കാതെ കഴിയില്ല. ഫലസമൃദ്ധമായ നമ്മുടെ നാട്ടിന്റെ ദാരിദ്ര്യം അടുത്തു നശിക്കും. അതിനു ഞങ്ങളെല്ലാവരും സംഘടിച്ചു പ്രവർത്തിക്കുന്നുണ്ടു്.” ആ റെയിൽവേ കൂലിക്കാരൻ കുറച്ചാവേശത്തോടെ മറുപടി പറഞ്ഞു.
പക്ഷേ, ആ പറഞ്ഞതിന്റെ മുഴുവൻ അർത്ഥം മനസ്സിലാവാത്ത മട്ടിൽ അവൾ കുമാരന്റെ മുഖത്തേയ്ക്കു നോക്കി. അയാൾ സന്തോഷപൂർവ്വം അവൾക്കൊരു രാഷ്ട്രീയപഠനക്ലാസ് എടുക്കുമായിരുന്നു. നാട്ടിൽ പടർന്നു പിടിച്ചിട്ടുള്ള ഈ കുഴപ്പങ്ങളും ദാരിദ്ര്യവും എങ്ങനെയുണ്ടാവുന്നുവെന്നു അയാൾ വിവരിച്ചു. തല്ക്കാലം പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരുമെന്നും മറ്റും മറ്റും ഒരു നൂറായിരം കാര്യങ്ങൾ രാഷ്ട്രീയ പ്രബുദ്ധത സിദ്ധിച്ച ആ റെയിൽവേക്കൂലിക്കാരനു് അവളോടു പറയാനുണ്ടായിരുന്നു. അയാളുടെ പ്രവൃത്തിസമയം തെറ്റിച്ചിട്ടുകൂടി അതിൽ ചിലതെല്ലാം അവൾക്കു് അപ്പോൾത്തന്നെ വിവരിച്ചുകൊടുക്കുവാൻ അയാൾ തയ്യാറായിരുന്നു. എന്നാൽ അതു സാധിക്കുന്നതിനുമുമ്പു്, ‘എച്മൂ, എച്മൂ’ എന്നുള്ള തള്ളയുടെ വിളി പിറകിൽനിന്നു കേട്ടു. വിളികേട്ടു് അവൾ തിരിഞ്ഞുനോക്കിയപ്പോൾ, വിളിയുടെ പിന്നാലെയായി കണാരേട്ടൻ അവളെ അന്വേഷിച്ചു തൊടിയിലേയ്ക്കു നടന്നുവരുന്നതു കണ്ടു. അവൾ കുമാരനുമായി സംസാരിക്കുന്നതു കണ്ടതുകൊണ്ടാണു് കണാരേട്ടൻ തന്നെ തൊടിയിലേയ്ക്കു്: ഇറങ്ങിവന്നതെന്നു അയാൾ അടുത്തെത്തിയപ്പോൾ മുഖഭാവത്തിൽ നിന്നു അവൾക്കു മനസ്സിലായി. കണാരേട്ടന്റെ പിന്നാലെ അവൾ വീട്ടിലേയ്ക്കു ചെന്നു. അവിടെ വെച്ചുണ്ടായ തള്ളയുടെ വിസ്താരവും, കണാരേട്ടന്റെ സാക്ഷിപറയലും കുറേ കഴിഞ്ഞപ്പോൾ അവൾക്കു സഹിക്കവയ്യാതായി. കുമാരനെയും അവളെയും പറ്റിപ്പറയുന്ന കൂട്ടത്തിൽ അവമാനകരമായ പല സൂചനകളും കണാരേട്ടൻ തള്ളയ്ക്കു കൊടുത്തു. അതുകേട്ടു ക്ഷോഭിച്ചു തള്ള പലതും പറഞ്ഞു. തള്ള അതിനെല്ലാം മറുപടിയായി ഒടുവിൽ “എടി, നാട്ടുകാരുടെ ദമയന്തി ആയിക്കോ?” എന്നു് അധിക്ഷേപിച്ചപ്പോൾ അവൾ ദേഷ്യവും വ്യസനവും സഹിക്കവയ്യാതെ അകത്തുപോയിക്കിടന്നു. അങ്ങനെ അറയിൽ ഒറ്റയ്ക്കു കിടക്കുന്ന അവസരം നോക്കി കണാരേട്ടൻ ആവളുടെ അടുക്കൽ വന്നു പായയിൽ ഇരിക്കുകയും അവളെ സാന്ത്വനപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. അതിനു തടസ്സം പറയാതെ അവൾ കമിഴ്‌ന്നു കിടന്നു. കുറേ കഴിഞ്ഞപ്പോൾ അയാൾ മര്യാദവിട്ടു അവളോടു പെരുമാറാൻ തുടങ്ങി. ഗത്യന്തരമില്ലാതെ അവൾ അമ്മയെ വിളിച്ചു. അമ്മ കുളിക്കാൻ പോയിരുന്നതുകൊണ്ടു വിളി കേട്ടില്ല. ഒടുവിൽ ആ നീചന്റെ പെരുമാറ്റം അസഹ്യമായിത്തീർന്നപ്പോൾ അവൾ അയാളുടെ കൈപിടിച്ചു കടിച്ചു മുറിപ്പെടുത്തുകയും മുഖം മാന്തി വ്രണപ്പെടുത്തുകയും ചെയ്തു. തള്ള കുളി കഴിഞ്ഞു മടങ്ങിയപ്പോൾ കണ്ടതു ചോരപുരണ്ടു മോഹാലസ്യപ്പെട്ടു കിടക്കുന്ന കണാരനെയാണു്. ഉടനെ ചില ശുശ്രൂഷകൾ ചെയ്തു. മുറി കെട്ടി കിടയ്ക്കയിൽ അനങ്ങാതെ കിടക്കാനുപദേശിച്ചു. പക്ഷേ, അന്നു തപാൽ ആരു കൊണ്ടുവരും എന്നതു ഒരു വിഷമപ്രശ്നമായിത്തീർന്നു. അതിനു് മകളെ പറഞ്ഞയയ്ക്കാമെന്നു് ഒടുവിൽ തള്ള പറഞ്ഞു സമാധാനിപ്പിച്ചു. അങ്ങനെ വൈകുന്നേരമായപ്പോൾ ആ കുടിയിലെ അസഹ്യമായ പരിസരത്തിൽ നിന്നു് അവൾക്കല്പം ഒഴിവു കിട്ടി.
എന്നാൽ ആ തണുപ്പിൽ, ഏകാന്തമായി മൂടൽമഞ്ഞിന്റെ ശാന്തതയിൽ അന്നു കാലത്തു കഴിഞ്ഞ ഈ സംഭവങ്ങളെല്ലാം ഓരോന്നായി ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവയെല്ലാം ചില ദുസ്വപ്നങ്ങൾ മാത്രമാണെന്നും യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളല്ലെന്നും ലക്ഷ്മിക്കു തോന്നി. “കര കരെ, കട കടെ” എന്നു ശബ്ദിപ്പിച്ചുകൊണ്ടു മുന്നോട്ടു നീങ്ങുന്ന കാളവണ്ടി എന്തിനെ ലക്ഷ്യമാക്കിയാണു് പോകുന്നതെന്നു് അവൾ ശ്രദ്ധിച്ചില്ല. ഒരു താവളം സമീപിച്ചുവെന്ന മട്ടിനെ സൂചിപ്പിക്കുന്ന മന്ദഗതിയിൽ കാള നേർവഴിവിട്ടു് ഒരു ചെറിയ പാതയിലേയ്ക്കു തിരിയുന്നതും, മൂടൽമഞ്ഞിന്റെ നടുവിൽക്കൂടി ഒരു വീടിന്റെ രൂപം അടുത്തടുത്തു വരുന്നതും അവളുടെ ശ്രദ്ധയിൽ പെട്ടില്ല. നേരേമറിച്ചു് അന്യായങ്ങളും അനീതികളും തീണ്ടിയിട്ടില്ലാത്ത സുന്ദരമായ ഒരു ലോകത്തിന്നു അഭിമുഖമായി ഗമിക്കുകയാണു് താനെന്നും, തനിക്കു മുമ്പിൽ വളരെ അകലെയായി കുമാരനും കൂട്ടുകാരും നടന്നുപോകുന്നുണ്ടെന്നും മറ്റും അവൾ വണ്ടിയിലിരുന്നു വിഭാവനം ചെയ്തു. ഈ സുഖകരമായ മനോരാജ്യത്തിൽ നിന്നു് അവളെ ഉണർത്തിയതു പെട്ടെന്നു ഗതി നിലച്ചുപോയ കാളവണ്ടിയാണു്. യാതൊരു കാരണവും കൂടാതെ കാള നടത്തം നിർത്തിയപ്പോൾ അവൾ അതിനെ തെളിച്ചെങ്കിലും അതു യാത്ര തുടരാൻ കൂട്ടാക്കിയില്ല. വഴിക്കു വല്ല തടസ്സവുമുണ്ടോ എന്നവൾ നോക്കി. ആ സമയത്താണു്, വണ്ടി നിന്നിട്ടുള്ളതു് ഒരു വീട്ടിന്റെ മുൻവശത്താണെന്നു് അവൾക്കു മനസ്സിലായതു്. അവൾ ബദ്ധപ്പെട്ടു. കാളയെ തിരിച്ചു തെളിക്കാൻ ശ്രമിച്ചു. എന്നാൽ ആ സ്ഥലം തനിക്കു പതിവായി കുറച്ചു വിശ്രമിക്കാനുള്ള സ്ഥലമാണെന്നും, ആ പതിവുസമയം കഴിഞ്ഞല്ലാതെ താനവിടെ നിന്നു ഇളകില്ലെന്നുമുള്ള തന്റെ മനോഗതത്തെ തലയിളക്കി പ്രകടിപ്പിച്ചുകൊണ്ടു കാള അനങ്ങാതെ നിന്നു. ആ വീടിന്റെ വെളുത്ത ചുമരുകൾ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നപോലെ അവൾക്കു തോന്നി. അധികം ആലോചിച്ചു നില്ക്കുന്നതിന്നുമുമ്പു് ഉമ്മറവാതിൽ “കടെ” എന്നു തഴുതുനീക്കി തുറക്കപ്പെടുകയും, റാന്തൽ കയ്യിൽപ്പിടിച്ചുകൊണ്ടു് ഒരു സ്ത്രീരൂപം പുറത്തു പ്രത്യക്ഷപ്പെടുകയും ചെയ്തു. വിളക്കു പൊക്കിപ്പിടിച്ചു മുന്നിൽ പ്രകാശിപ്പിച്ചുകൊണ്ടു് ഉമ്മറത്തു വന്നു നിന്നു ദമയന്തി ചോദിച്ചു:
“എന്താ മഞ്ഞത്തു നില്ക്കുന്നതു്. അകത്തു വരൂ. ഇന്നെന്തേ ഇത്ര വൈകാൻ…”
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)