മാരാര് ഭാഷയിലൊരു ശക്തിയാണു്. ഭയപ്പെടേണ്ടതും ഇഷ്ടപ്പെടേണ്ടതുമായ ഒരു ശക്തി. സാഹിത്യകാരന്മാരെന്നു പേരെടുത്തിട്ടുള്ള പലരെപ്പറ്റിയും ഇതു പറയാൻ നിവൃത്തിയില്ല. തങ്ങൾക്കിഷ്ടമുള്ളതു ഭംഗിയായി പറഞ്ഞു് പേരു സമ്പാദിച്ചിട്ടുള്ളവരാണു അവരിൽ മിക്കവരും. എഴുതിയതും അവർക്കു മേന്മയ്ക്കു കാരണമായി, ഭാഷയ്ക്കു സ്വാഭാവികമായി അതൊരു നേട്ടവുമായി. എന്നാൽ അവരിലൊരാൾ സാഹിത്യസൃഷ്ടിചെയ്തില്ല എന്നിരിക്കട്ടെ. ആ ഉദാസീനതയെ ആരും അത്ര ഗണ്യമായി കണക്കാക്കില്ല. ഇവിടെയാണു കുട്ടികൃഷ്ണമാരാര്, മറ്റുള്ളവരിൽ നിന്നു വേറിട്ടുനില്ക്കുന്നതു്. മാരാരില്ലെങ്കിൽ ഒരു വിടവു്, മാരാരിരിക്കുന്ന ആ സ്ഥലം ഒഴിഞ്ഞു തന്നെ കിടക്കും. മറ്റാർക്കും നികത്താൻ കഴിയാത്ത ഒരു വിടവും ഇങ്ങനെ നികത്തുക എന്നതുതന്നെ ഒരു മാന്യതയാണു്. അതു് ഒരു പ്രത്യേകശക്തിയെ കാണിക്കുകയുമാണു്. ഇങ്ങനെ പ്രത്യേകശക്തിയുള്ളവർ ഏതു ഭാഷയിലും കുറവാണു്. മലയാളത്തിൽ പറയുകയേ വേണ്ട. നമ്മുടെ ഭാഷയിൽ ഇത്തരത്തിൽ വളരെ കുറച്ചുപേരുള്ളവരിൽ ഏറ്റവും ചുരുങ്ങിയ ‘കരു’ ചെലവാക്കി ഏറ്റവും വലിയ ഒച്ചപ്പാടുണ്ടാക്കിയ ആൾ മാരാരാണു്. ജാത്യാതന്നെ പക്ഷേ, മാരാർക്കും ഈ കൗശലം അറിയുമായിരിക്കാം. കേളിക്കൈയിനു മുറുക്കിവെച്ചിട്ടുള്ള ചെണ്ട ചൂണ്ടാണി വിരൽ കൊണ്ടടിച്ചും മാരാന്മാർ ഉണ്ടാക്കുന്ന ശബ്ദം ശ്രദ്ധിച്ചിട്ടില്ലേ? കുട്ടികൃഷ്ണമാരാരുടെ ചെണ്ട മലയാളഭാഷയാണെന്നേയുള്ളു. അതിന്മേൽ അദ്ദേഹം അധികം കോലുവെക്കാറില്ല. വെക്കുമ്പോളാകട്ടെ, നിർദ്ദാക്ഷിണ്യം വീഴുന്ന ആ പ്രഹരം കന്യാകുമാരിമുതൽ ഗോകർണം വരെ ശബ്ദം കേൾപ്പിച്ചുകൊണ്ടു കിടന്നു മുഴങ്ങും.
തനി മാരാർ, അദ്ധ്യാപകൻ, സെക്രട്ടറി, കലാകാരൻ, വിമർശകനും, പത്രപ്രവർത്തകൻ—ഇങ്ങനെ പല ജീവനും മാരാർക്കുണ്ടു്. പൂച്ചയ്ക്കും വിൻസ്റ്റൺ ചർച്ചിലി നുമാണു് ഇതിലധികം ജീവനുള്ളതായി കേട്ടിട്ടുള്ളതു്. പൂച്ചയ്ക്കു് ഒമ്പതു; ചർച്ചിലിന്റെതും ഇനിയും തീർച്ചപ്പെട്ടിട്ടില്ല. ഏതായാലും വിചിത്രമായ ഈ വിവിധ ജീവിതവ്യാപാരങ്ങളുടെ ഇടയിൽക്കൂടി സാഹിത്യകാരനായ മാരാർ നിർദ്ദയം നടന്നുപോകുന്ന ആ കാഴ്ച മലയാളത്തിലെ കൂടുതൽ ആകർഷകമായ കാഴ്ചകളിൽ ഒന്നാണു്.
നിർദ്ദയം എന്ന ആ വാക്കു് ഞാൻ മനഃപൂർവം ഉപയോഗിച്ചതാണു്. മാരാരെക്കുറിച്ചെഴുതുന്ന ഏതു ചിത്രത്തിലും വളരെ പ്രാധാന്യം സമ്പാദിക്കാവുന്ന ഒരു വാക്കാണതു്. യാഥാർത്ഥ്യം ചിലപ്പോൾ മറ്റുതരത്തിലാവാമെങ്കിലും, മാരാരുടെ ഏതു പ്രവൃത്തിയും നിർദ്ദയം എന്ന വാക്കുകൊണ്ടു വിശേഷിപ്പിക്കാവുന്നതാണു്. നിർദ്ദയമായ വിമർശം, നിർദ്ദയമായ വാത്സല്യം, നിർദ്ദയമായ സ്നേഹം… എന്തിനു്? തന്റെ കുളി, പല്ലുതേപ്പു, മൂക്കു ചീറ്റൽ, കുട നീർത്തൽ തുടങ്ങിയ നിസ്സാരങ്ങളായ നിത്യചടങ്ങുകൾ പോലും മാരാർ ചെയ്യുന്നതു കാണുമ്പോൾ, കണ്ടുനില്ക്കുന്ന ആൾക്കും, അവയിലൊരു ദാക്ഷിണ്യമില്ലായ്മ കുടികൊള്ളുന്നുണ്ടെന്നു തോന്നും. ഈ ഒരു അസാധാരണവിശേഷം തന്റെ പ്രവൃത്തികൾക്കുണ്ടോ എന്നു മാരാർക്കു പക്ഷേ, നിശ്ചയമുണ്ടായിരിക്കയില്ല. ഏതായാലും ആദ്യകാലങ്ങളിൽ ഇല്ലെന്നുതന്നെയാണു് എന്റെ ഊഹം. പിന്നീടൊരിക്കൽ ഒരു രസികൻ, മനശ്ശാസ്ത്രപരമായ പല വിഷയങ്ങളെപ്പറ്റിയും മാരാരോടു പറയുന്ന കൂട്ടത്തിൽ, ‘സാഡിസ്റ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടരുണ്ടെന്നും അവർക്കും ക്രൂരത കാട്ടുക, നിർദ്ദയമായി പെരുമാറുക മുതലായവയിൽ അറിഞ്ഞോ അറിയാതെയോ ഒരു പ്രത്യേകതാൽപര്യം കാണാറുണ്ടെന്നും മറ്റും വിവരിച്ചു കൊടുക്കുകയുണ്ടായി. എന്തുതരം പുതിയ അറിവു സമ്പാദിക്കുന്നതിലും വളരെയധികം ഉത്സുകനായ മാരാർ ഇതു സകൗതുകം കേട്ടുകഴിഞ്ഞു, തന്നെപ്പറ്റിത്തന്നെ ഒരന്തർദർശനം നടത്താൻ തുടങ്ങുകയായിരുന്നു. അതിന്നുമുമ്പുതന്നെ നടേ പറഞ്ഞ രസികൻ തുടർന്നു പറഞ്ഞു: “മാരാരെ വേണമെങ്കിൽ ഈ ഇനത്തിൽ പെടുത്താം.” ഈ സംഭവം മാരാർക്കു വളരെ പിടിച്ചതായിട്ടാണു കേട്ടിട്ടുള്ളതു്. താനൊരു ‘സാഡിസ്റ്റ്’ ആണെന്നുള്ള അഹംഭാവം കൊണ്ടല്ല, മനശ്ശാസ്ത്രപരമായി, കനം കൂടിയ എന്തോ ചില പ്രത്യേകതകൾനിമിത്തം, താൻ എണ്ണം കൂടിയ മറ്റു താണ ക്ലാസ്സുകാരിൽനിന്നും അല്പം വേറിട്ടാണു നില്ക്കുന്നതെന്ന ആശ്വാസം കൊണ്ടാവണം മാരാർ അതിൽ സന്തോഷിച്ചിട്ടുള്ളതു് എന്നു ഞാൻ അനുമാനിക്കുന്നു. പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയാണു മേലെഴുതിയതു്. ഒരു കഥ എന്നതിൽക്കവിഞ്ഞു അതിനു പ്രാധാന്യം കല്പിക്കുകയും വേണ്ടതില്ല.
മുഖസ്തുതി വിമർശനമായി തെറ്റിദ്ധരിച്ചിട്ടുള്ള ഭാഷാ പ്രണയികളുടെമേൽ മാരാർ നിരന്തരമായ ബോംബു വർഷമാണു്. മുഖം നോക്കാതെ അഭിപ്രായം പറയേണ്ടതു വിമർശനത്തിന്റെ മുഖ്യധർമ്മമാണെങ്കിലും അതു ചെയ്യുമ്പോൾ ഇടയ്ക്കു് ആളും തഞ്ചവും കൂടി നോക്കേണ്ടതാണെന്ന മറ്റുചിലരുടെ സാഹിത്യത്തിലെ സഭ്യമ്മാന്യതയ്ക്കു മാരാരൊരു സ്ഥിരമായ പ്രതിഷേധപ്രകടനവുമാണു്. തന്റെ തീവ്രമായ ഭാഷാപ്രണയത്തിന്മേൽ മൂർച്ചകൂട്ടിയ മാരാരുടെ വിമർശനഖൾഗം സാഹിത്യത്തിലെ ഇത്തിക്കണ്ണികൾ നിർദ്ദാക്ഷിണ്യം അറുത്തരിഞ്ഞുപോകുമ്പോൾ, അതു്, താനരിഞ്ഞുകളയുന്ന ഇത്തിക്കണ്ണികൾ, ചന്ദനമരത്തിന്മേലോ മുരുക്കു മരത്തിന്മേലോ പടർന്നിട്ടുള്ളതെന്നു നോക്കാറില്ല. സ്വാഭാവികമായി ഇതു പല വിരോധികളെയും മാരാർക്കു സമ്പാദിച്ചുകൊടുക്കുന്നു. ആ സമ്പാദ്യത്തെ മാരാർ ഇഷ്ടപ്പെടുകയും ചെയ്യുന്നു എന്നു പറഞ്ഞാൽ ആ വിരോധികളുടെ ആവിർഭാവത്തെ മാരാർ സ്വാഗതം ചെയ്യുന്നു എന്നർത്ഥം. അവരുടെ എതിർപ്പു് മാരാരുടെ ഗതിക്കു വിഘ്നം വരുത്തുന്നതിനു പകരം, തന്റെ വീക്ഷണഗതിയെ ഒരു ഉത്സവം പോലെ ആഘോഷിക്കുന്നതിന്നുള്ള ഉത്സാഹവും ഉന്മേഷവും മാരാർക്കു് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ആ ഉത്സവത്തിന്റെ മുമ്പിൽ ധിക്കാരം കാണിക്കാൻ ചെല്ലുന്ന ആരെയും മാരാർ പന്തം പിടിപ്പിക്കാതെ മടക്കിയയയ്ക്കില്ല. ചില സന്ദർഭങ്ങളിൽ ഈ പന്തം പിടിപ്പിക്കാനുള്ള ശ്രമത്തിൽ ഒരു കാര്യം മാരാർ വിസ്മരിച്ചു എന്നുവരും: പന്തം പിടിക്കുന്ന ആളുടെ പക്കലാണു് ‘വെളിച്ചം’ ഇരിക്കുന്നതെന്ന കാര്യം. അങ്ങനെവരുന്ന സന്ദർഭങ്ങളിൽ മാരാരുടെ പക്കൽ വീണ്ടും ചെണ്ട ശേഷിപ്പുണ്ടു്. അതിന്റെ അനന്യസാധാരണവും രസകരവുമായ മുഴക്കത്തിൽ മറ്റു സകലകാര്യങ്ങളും നിങ്ങളെക്കൊണ്ടു വിസ്മരിപ്പിക്കാനുള്ള സാമർത്ഥ്യം മാരാർക്കുണ്ടു്.
ഇവിടെ ചെണ്ട എന്നതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നതു് രണ്ടു പുറവും ആട്ടിൻ തോൽകൊണ്ടു മൂടി, പുറമേ നൂൽക്കയർ വരിഞ്ഞുകെട്ടിയിട്ടുള്ള മരക്കുറ്റിയല്ല. അസാധാരണതേജസ്സും മോടിയും കൂടിയ മാരാരുടെ ഭാഷാശൈലിയാണു്. വിമർശനത്തിന്നു പറ്റിയ ഇത്ര മനോഹരമായ ഭാഷ മറ്റൊരാളും ഉപയോഗിച്ചുകണ്ടിട്ടില്ല. മാരാരുടെ അഭിപ്രായത്തോടു നിങ്ങൾ യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്തേക്കാം. എന്നാൽ ആ അഭിപ്രായങ്ങൾ പ്രകാശിപ്പിക്കാൻ ഉപയോഗിക്കുന്ന ഭാഷാരീതി—അതേ, ഇടക്കാലത്തു വെച്ചു മലയാളഭാഷയ്ക്കുണ്ടായിട്ടുള്ള ആദരണീയമായ നേട്ടങ്ങളിൽ ഒന്നാണു മാരാരുടെ ഭാഷാ ശൈലി. അഴകും അന്തസ്സും, കുസൃതിയും കുലീനതയും, ആര്യസംസ്കാരവും ആംഗലമോടിയും ഇടകലർത്തി വാർത്തെടുത്തിട്ടുള്ള വാചാലമായ ആ ഭാഷാരീതി അതുൾക്കൊള്ളുന്ന കാര്യങ്ങൾ നിങ്ങൾക്കു രസിച്ചാലും ശരി, ഇല്ലെങ്കിലും ശരി, വായിക്കുന്നതു് ഒരു രസവും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു സാഹിത്യാനുഭവവുമാണു്. മാരാർക്കു് ഇംഗ്ലീഷറിയില്ല. എന്നിരിക്കിലും മാരാരുടെ ലേഖനങ്ങൾ വായിക്കുമ്പോൾ അതെഴുതിയ ആൾക്കു് ഇംഗ്ലീഷറിയില്ലെന്നു വിശ്വസിക്കുവാൻ പ്രയാസമാണു്. അതിലെ വാചകരീതി അത്ര നൂതനവും പ്രസന്നവും ഹൃദ്യവുമാണു്.
പട്ടാമ്പി സംസ്കൃതകോളേജിലാണു് മാരാരുടെ വിദ്യാഭ്യാസം ഉണ്ടായതു്. അവിടെനിന്നും അദ്ദേഹം സാഹിത്യശിരോമണി എന്ന ബിരുദം പ്രശസ്തമാം വണ്ണം സമ്പാദിച്ചു. അതു കഴിഞ്ഞിരിക്കുമ്പോഴാണു മഹാകവി വള്ളത്തോളു മായുള്ള സാഹചര്യത്തിന്നു മാരാർക്കിടവന്നതു്. അധികം താമസിയാതെ മാരാർ വള്ളത്തോളിന്റെ ഒരു സെക്രട്ടറിയും കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്ന ഒരു ഗുരുവുമായിത്തീർന്നു. ഇതുണ്ടായതു് വന്നേരിയിലാണു്. മലയാളത്തിലെ ഏറ്റവും കനം കൂടിയ കവിതകളുടെ കർത്താവായ നാലപ്പാട്ടു നാരായണമേനവന്റെ താമസവും വന്നേരിയിലാണു്. അങ്ങനെ മാരാർക്കു സിദ്ധിച്ച സാഹചര്യവും അവസരവും അമൂല്യമായിരുന്നു. മലയാള സാഹിത്യത്തിനു വിശിഷ്ടമായ രണ്ടു വഴികൾ തുറന്നു വച്ച രണ്ടു മഹാകവികൾ താമസിച്ചിരുന്ന ആ സ്ഥലം മാരാരുടെ സ്വതസ്സിദ്ധമായ സാഹിത്യവാസനയെ പ്രബലപ്പെടുത്തുകയും ക്രമേണ അതു മാരാർക്കും സാഹിത്യത്തിലൊരു സ്ഥാനം സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.
പ്രബലമായ ആ രണ്ടു സാഹിത്യപ്രസ്ഥാനങ്ങളുടെയും നടുക്കു കിടന്നുകൊണ്ടു് രണ്ടിനാലും ആശിക്കപ്പെടാതെയോ, അല്ലെങ്കിൽ ഒന്നുകൊണ്ടു മാത്രം ആശിക്കപ്പെട്ടുകൊണ്ടോ, രക്ഷപ്പെടുക എന്നതു് ചില്ലറക്കാർക്കും അസാദ്ധ്യമായ ഒരു കാര്യമാണു്. മാരാരാകട്ടെ, ഒരു ചില്ലറക്കാരൻ എന്ന നിലയിൽനിന്നു് ഒട്ടും ഉയർന്നിട്ടില്ലാത്ത ഒരു സ്ഥിതിയിലായിരുന്നു. വള്ളത്തോളിന്റെ കലാചാതുരിയും നാലപ്പാടിന്റെ ബുദ്ധികൂർമ്മയും, രണ്ടും മാരാരെ ആകർഷിച്ചു; ആകർഷിക്കുക മാത്രമല്ല, അന്തംവിടുവിക്കുക കൂടി ചെയ്തു. ഇതിൽ ആദ്യം ആകർഷിച്ചതു സ്വാഭാവികമായി, ലളിതവും ഹൃദ്യവും ഹൃദയസ്പർശിയുമായ കലയാണു്. മാരാർക്കു സഹിച്ചില്ല. തന്റെ കൈവശമുള്ള എല്ലാ കരുക്കളും പ്രയോഗിച്ചു, മാരാർ വള്ളത്തോളിനെ പുകഴ്ത്തി; ആരാധിച്ചു. ആ ആരാധനയുടെ പോക്കും, മാരാരുടെ മുൻ പറഞ്ഞ പ്രത്യേകസ്വഭാവമനുസരിച്ചു, ഒരു നിർദ്ദയമായ രീതിയിലായിരുന്നു. വള്ളത്തോളിനെ പുകഴ്ത്തിയതുകൊണ്ടു മാത്രം മാരാർക്കു മതിയായില്ല, മറ്റാരും കവിയല്ല എന്നു മാരാർ ശഠിച്ചു; എല്ലാവരെയും അടച്ചാക്ഷേപിച്ചു. ആ വള്ളത്തോൾ വാത്സല്യം അങ്ങനെ ക്രമത്തിൽ, ധൃതരാഷ്ട്രരുടെ സ്നേഹം പോലെ ഭയപ്പെടേണ്ട ഒന്നായിത്തീർന്നു, സാധു വള്ളത്തോളിന്നു പല സാഹിത്യശത്രുക്കളെയും നിർമ്മിച്ചുവിട്ടു, ക്ഷീണിച്ചു്, മടുത്തു, വശം കെട്ടു വിരമിക്കുകയും ചെയ്തു.
ഈ തളർച്ചയിലാണു്, വളരെ മുമ്പുതന്നെ മാരാരുടെ തലയിൽ ഒരു ചെറിയ സ്ഥലം വാടകയ്ക്കു വാങ്ങി താമസിച്ചിരുന്ന നാലപ്പാടിന്റെ ബുദ്ധിവൈഭവം മാരാരെ ഇളക്കിവിട്ടതു്. തന്റെ തലയ്ക്കു കനം കൂടിയതായി മാരാർക്കു തോന്നി. പഴയ പേന വലിച്ചെറിഞ്ഞു മാരാർ എഴുനേറ്റുനിന്നു. പണ്ടു താൻ ഇഷ്ടപ്പെട്ടിരുന്ന എല്ലാറ്റിനേയും അസഹ്യമായ വെറുപ്പോടെ തിരിഞ്ഞുനോക്കി. “എന്തസംബന്ധം!” മാരാർ വിചാരിച്ചപോലെ തോന്നി. “ഞാൻ ഇഷ്ടപ്പെട്ടിരുന്ന ആ സാഹിത്യസൃഷ്ടികൾക്കെല്ലാം എന്തു മേന്മയാണുള്ളതു്? വെറും അലങ്കരിച്ച വാക്കുകൾ മാത്രം!” മലയാളഭാഷയ്ക്കു് ഈ കനം പോരാ എന്നു തീർച്ചപ്പെടുത്തി മാരാർ നാലു പുറവും നോക്കി: മുമ്പിൽ നാലപ്പാടിന്റെ ഇഴുകി കട്ടികൂടിയ, മനോഹരമായ, നോക്കെത്താത്ത ‘ചക്രവാള’വും, അതേ വരെ തന്റെ യഥാർത്ഥഗുരുത്വം മാരാർ മനസ്സിലാക്കാതെ പോയല്ലോ എന്നു വിഷാദിച്ചുകൊണ്ടിരുന്ന ‘കണ്ണുനീർത്തുള്ളി’യും കിടക്കുന്നു. ഒരുതരം പ്രതികാരേച്ഛയോടു കൂടിയ ആശ്വാസത്തോടെ മാരാർ ആ രണ്ടു കവിതകളുടെയും നേർക്കു്, ഒരു വെട്ടുപോത്തിന്റെ ധൃതിയോടുകൂടി, തിരിഞ്ഞു. കണ്ണുനീർത്തുള്ളിയുടെ പരിമിതിയിൽക്കൂടി സൃഷ്ടിയുടെ അലക്ഷ്യമായ അപാരതയെയും, ചക്രവാളത്തിന്റെ ധിക്കാരപരമായ നോക്കെത്തായ്മയിൽക്കൂടി സൃഷ്ടിയുടെ സുന്ദരമായ പരിമിതിയെയും കണ്ടു. അല്പം ആശ്വാസം കിട്ടി എന്നു തോന്നിയ മാരാർ, ഒരു പുതിയ മാനദണ്ഡം ഉപയോഗിച്ചു പണ്ടു താൻ അളന്ന എല്ലാ സാഹിത്യസൃഷ്ടികളെയും വീണ്ടും അളക്കാൻ തീർച്ചപ്പെടുത്തി. രസകരമായ ഈ പ്രവൃത്തി ഇനിയും മാരാർ മുഴുമിച്ചിട്ടില്ല എന്നാണു് എന്റെ വിശ്വാസം.
മനുഷ്യന്റെ രണ്ടു പ്രത്യേകസ്വഭാവവിശേഷങ്ങളായ നന്മയെയും തിന്മയെയും അന്യാപദേശരീതിയിൽ കാണിക്കുന്ന ഒരു ഇംഗ്ലീഷ് കഥയുണ്ടു്. “ഡോക്ടർ ജക്കിലും മിസ്റ്റർ ഹൈഡും” എന്നാണു അതിന്റെ പേർ. നന്മയ്ക്കും തിന്മയ്ക്കും പകരം കലാപ്രതിപത്തിയും ബുദ്ധി വൈകൃതവും സ്വീകരിച്ചാൽ ഈ കഥയ്ക്കും മാരാരുടെ സാഹിത്യ ജീവിതത്തിന്നും തമ്മിൽ കുറെയേറെ പൊരുത്തം കാണില്ലേ എന്നു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, സാഹിത്യത്തിലെ മാരാർ ധീരനും ഭയങ്കരനുമാണു്. തന്റെ അഭിപ്രായങ്ങൾ കാലുഷ്യലേശമില്ലാതെ, ഒന്നു്, രണ്ടു്, മൂന്നു എന്നിങ്ങനെ വെട്ടിമുറിച്ചു നിങ്ങളുടെ മുമ്പിലേക്കു ഭംഗിയിൽ നീട്ടിവെക്കുന്ന ആ മാരാരെ, പതറിച്ചയോ പ്രസാദമില്ലായ്മയോ തീണ്ടിയിട്ടില്ല. ലൗകികനായ മാരാരാകട്ടെ പരിഭ്രമത്തിന്റെ ലഹളയാണു്. മഴ ചാറുമ്പോൾ കൈവശമുള്ള ശീലക്കുട നീർത്താൻ സ്കൂൾക്കുട്ടികൾക്കു ഒരു ഞൊടിയിട മതി; മാരാർക്കു ചുരുങ്ങിയതു് പത്തു മിനിട്ടു വേണം. ഒന്നുകിൽ, മാരാരുടെ കുടയുടെ ആദ്യത്തെ കുതിര അമരാൻ കൂട്ടാക്കില്ല. അതു തകരാറു കൂടാതെ വഴിപ്പെട്ടാൽ കടയ്ക്കലുള്ള മറ്റേ കുതിര, മാരാരുടെ കൈവേഗത്തിന്നു് തന്റെ ചങ്ങാതി അത്ര വേഗം അടിപ്പെട്ടതിന്റെ അർത്ഥം മനസ്സിലാവാതെ ഒരാശ്ചര്യ ചിഹ്നം കാണിച്ചുകൊണ്ടും എഴുന്നേറ്റുകഴിഞ്ഞിട്ടുണ്ടാവും. അതു ശരിപ്പെടുത്താൻ രണ്ടു മിനിട്ട്. ആ സാഹസപ്രവൃത്തി കഴിഞ്ഞു് കുട നിവരുകയായി. അറുപതു വയസ്സു കഴിഞ്ഞ മുത്തശ്ശി മുതു നീർത്തുമ്പോലെ മെല്ലെ വിടർന്നു വരുന്ന അതിന്റെ ശീല, ഒരു കമ്പി ഒടിഞ്ഞതു കാരണം, പകുതി നിവർന്നും അവിടെ നില്ക്കുന്നു. ആ ഒടിഞ്ഞ കമ്പി ശരിപ്പെടുത്താതെ വിട്ട ഭാര്യയെ ശകാരിക്കാൻ രണ്ടു മിനിട്ട്. അതു കഴിഞ്ഞു വരുമ്പോഴേക്കും, കക്ഷത്തിൽ വെച്ചിരുന്ന പുസ്തകം താഴത്തു വീണുകഴിഞ്ഞിരിക്കും. അതെടുക്കാൻ കുട വീണ്ടും പൂട്ടുന്നു. പുസ്തകമെടുത്തു പൊടി തട്ടിയതിന്നു ശേഷം മുൻകഴിഞ്ഞ പ്രവൃത്തികൾ വീണ്ടും ആവർത്തിക്കപ്പെടുന്നു. അതിനിടയ്ക്കു് മുണ്ടു് അഴിഞ്ഞില്ലെങ്കിൽ പത്തുമിനിട്ടിനുള്ളിൽ കുട നിവരും. അതല്ല, മുണ്ടഴിഞ്ഞു എന്നിരിക്കട്ടെ, കുട നിവരുമ്പോഴേക്കും മിക്കവാറും ഒരു സാധാരണ ചെറിയ മഴ കഴിഞ്ഞിട്ടുണ്ടാവും. സാഹിത്യകാരനായ മാരാരിൽ കാണുന്ന ശാഠ്യമോ കർക്കശതയോ ലൗകികനായ മാരാരിലില്ല. മാരാർക്കെന്നപോലെ ഇതെഴുതുന്ന ആൾക്കും വളരെ ഇഷ്ടപ്പെട്ട വിക്ടർ യൂഗോ വിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ, സാഹിത്യകാരനായ മാരാരുടെ ‘പ്രൂഫ്’ തിരുത്തലാണു് ലൗകികനായ മാരാർ.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)