മുകുന്ദരാജാവിനെപ്പോലെ ഒരു കലാസ്നേഹിയെ ഇനി കണ്ടെത്തുക പ്രയാസമാണു്. കലാകാരന്മാരായി നടക്കുന്നതു കുടുമക്കാരുടെ ജോലിയായിത്തീരുകയും കലോദ്ധാരകന്മാരായി ഞെളിയുന്നതു് ശമ്പളം മേടിക്കാൻ പറ്റിയ ഒരു ഗവണ്മെന്റുദ്യോഗമായി മാറുകയും ചെയ്തിട്ടുള്ള ഇക്കാലത്തു്, മുകുന്ദരാജാവിനെപ്പോലുള്ളവർ ഒരുനിലയ്ക്കു് ആ ഭാഗത്തുനിന്നും അല്പം മാറിനില്ക്കുകതന്നെയായിരിക്കും ഭംഗി. അറിഞ്ഞോ അറിയാതെയോ മുകുന്ദ രാജാവു് ആ കൃത്യം വേണ്ടസമയത്തു വേണ്ട ഔചിത്യബോധത്തോടുകൂടിത്തന്നെ നിർവഹിക്കുകയും ചെയ്തിട്ടുണ്ടു്.
കഥകളി അപരിഷ്കൃതമായി കരുതപ്പെടുകയും നൃത്ത നൃത്യങ്ങൾ ആഭാസമായി ഗണിക്കപ്പെടുകയും ചെയ്തിരുന്ന ഒരു കാലത്താണു് പഴയ ഒരു രാജകുടുംബത്തിലെ മുതിർന്ന ഒരംഗമായ മുകുന്ദരാജാവു് മറ്റുജോലികളെല്ലാം നിർത്തിവെച്ചു് കഥകളിയേയും അതിനെ ഉദ്ധരിക്കാനായി ഉടലെടുത്ത കലാമണ്ഡലം എന്ന സ്ഥാപനത്തേയും സഹായിക്കാനായി മുന്നോട്ടുവന്നതു്. പത്തിരുപത്തഞ്ചു കൊല്ലത്തിനപ്പുറം നടന്ന സംഭവമാണിതു്. അക്കാലത്തെ പശ്ചാത്തലത്തെപ്പറ്റി വിവരമില്ലാത്ത, കലാരാധകന്മാരായി ശമ്പളം മേടിക്കുന്ന, ഇന്നത്തെ പരിഷ്കാരികൾക്കു രാജാവു ചെയ്ത ആ വമ്പിച്ച സേവനത്തിന്റെ, അല്ലെങ്കിൽ ത്യാഗത്തിന്റെ, വലുപ്പം മനസ്സിലാക്കാൻ കഴിയില്ല. അതു പക്ഷേ, ആർക്കും മനസ്സിലാക്കിക്കൊടുക്കണമെന്ന ആഗ്രഹവും മുകുന്ദരാജാവിനുണ്ടാവില്ല. മറ്റുള്ളവരെ അറിയിക്കാനായി കൊട്ടിഗ്ഘോഷിച്ചു നടക്കുന്ന മേനി കാണിക്കലായിരുന്നില്ല തമ്പുരാന്റെ കഥകളിസ്നേഹം. കേരളത്തിന്റെ പ്രത്യേകകലാസമ്പത്തായ കഥകളി നശിക്കാതിരിക്കണം; അതിനുവേണ്ടി അത്യദ്ധ്വാനം ആവശ്യപ്പെടുന്ന ഒരു കമ്പമായിരുന്നു അദ്ദേഹത്തിന്റേതു്. ആ അദ്ധ്വാനം ഏറ്റെടുക്കാൻ തയ്യാറായി ആരുമുണ്ടായിരുന്നില്ല. പ്രതിഫലമില്ലാത്തതും അല്പം പരിഹാസ്യവുമായ ആ ജോലി യാതൊരു പരപ്രേരണയും കൂടാതെ തമ്പുരാൻ ചെന്നേറ്റെടുത്തു. നിരന്തരമായ തീവ്രയത്നത്തിന്റെ ഫലമായി കഥകളിയെ കലാമണ്ഡലമെന്നസ്ഥാപനം വഴി ഇനി നശിച്ചുപോകാത്തവണ്ണം കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്കു പുറമേയും സുപ്രതിഷ്ഠിതമാക്കുകയും ചെയ്തു. കലാമണ്ഡലം നശിച്ചാലും ഇനി കഥകളി നശിക്കില്ല. അങ്ങനെ ഒരു സ്ഥിതി വന്നുകഴിഞ്ഞപ്പോൾ, നാട്ടുകാരുടെ ഇടയിൽ ഈ കേരളകല സുരക്ഷിതമായിത്തീർന്നു എന്നു ബോദ്ധ്യമായപ്പോൾ. അദ്ദേഹം ആ രംഗത്തുനിന്നു പിന്മാറി. തന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന മറ്റൊരു സ്ഥാനത്തു്, കുടുംബത്തിൽ, പ്രത്യക്ഷനാകുകയും ചെയ്തു. കഥകളിക്കു കിട്ടിവരുന്ന പേരും പ്രശസ്തിയും മതി. അദ്ദേഹത്തിന്നു തന്റെ പ്രവൃത്തിക്കു വേണ്ട പ്രതിഫലമായി—അങ്ങനെ ഒന്നു വേണമെങ്കിൽ!
നടേ പറഞ്ഞപോലെ രാജാവു നിർവഹിച്ച ഈ പ്രവൃത്തിയുടെ പ്രാധാന്യം ആരും മനസ്സിലാക്കിയിരിക്കയില്ല. മനസ്സിലാക്കിയിരുന്നെങ്കിൽ ഇന്നു കൊട്ടിഗ്ഷിക്കപ്പെടുന്ന ലളിതകലാ അക്കാദമിയും മറ്റും രാജാവിനെപ്പോലുള്ള ഒരു കലാപ്രേമിയെക്കൂടാതെ എങ്ങനെ പൂർണ്ണമാകുന്നു എന്നു മനസ്സിലാക്കാൻ പ്രയാസം. തന്റെ പുതിയ കൃത്യനിവഹണത്തിൽ വ്യാപൃതനായ രാജാവു് ഗവണ്മെന്റ് പ്രോത്സാഹനമാകുന്ന ഈ ധൃതരാഷ്ട്രാലിംഗനത്തിൽനിന്നു ഇന്ത്യയിലെ കലാസമ്പത്തു രക്ഷിക്കപ്പെടേണമേ എന്നു വേണമെങ്കിൽ ഇടയ്ക്കു പ്രാർത്ഥിക്കുന്നുണ്ടാവാം!
താൻ ചെയ്യേണ്ട പ്രവൃത്തികളെല്ലാം ചെയ്യുക, ഫലം യഥാകാലം വന്നുചേരട്ടെ, എന്ന തത്ത്വമനുസരിച്ചു പ്രവർത്തിക്കാൻ കഷണിച്ചിട്ടുള്ള ധീരന്മാർ എന്നും വളരെ ചുരുക്കമായിട്ടേ ഉണ്ടായിട്ടുള്ള. ഇന്നു ചെയ്ത പ്രവൃത്തിയ്ക്കു് ഇപ്പോൾ ഫലം കാണണം, പരമാവധി നാളെവരെ കാത്തിരിക്കാം, അതിലപ്പുറം സാദ്ധ്യമല്ല, എന്ന തരക്കാരാണു മിക്കവരും. ഉദ്ദിഷ്ടഫലം ഉടനടി കിട്ടിയില്ലെങ്കിൽ, മടുത്തു്, അവർ പിന്മാറി. ഇത്തരക്കാരുടെ ഇടയിൽക്കിടന്നു പരിചയിച്ചവർക്കു മുകുന്ദരാജാവിനെപ്പോലുള്ള ഒരാളെ കണ്ടെത്തുക എന്തൊരാനന്ദമാണെന്നോ! ഫലസിദ്ധിയിലാശവെച്ചു കഥകളിയെ സേവിക്കുക ദുസ്സാധമായിരുന്ന ഒരു കാലമായിരുന്നു അതു്. പ്രമാണിമാരും പരിഷ്കാരികളും ഗവണ്മെന്റുദ്യോഗസ്ഥന്മാരും, എന്തിനു്, തനി നാടന്മാർ പോലും, മ്യൂസിയത്തിൽ വെക്കേണ്ട ഊമക്കളിയാണു് കഥകളി എന്നു പരിഹസിച്ചിരുന്ന ഒരു കാലമാണു്. ഈ ഊമക്കളിക്കാകട്ടേ, തന്റെ കാര്യം പറയാൻ സ്നേഹിതന്മാരായി ഒരു പഴയ ചെണ്ടയും മദ്ദളവും ഒച്ചയടഞ്ഞ ഒരു ഭാഗവതരും മാത്രമേ കൂട്ടുകാരായി ഉണ്ടായിരുന്നുള്ളു. ദീപാളിപിടിച്ച ചില അമ്പലങ്ങൾ തങ്ങളുടെ പഴയ പ്രാഭവം ഓർമ്മിക്കുവാനായി തീർച്ചപ്പെടുത്തുന്ന ചില ദിവസങ്ങളിൽ മേൽപ്പറഞ്ഞ ഊമക്കളിയെ കൊല്ലത്തിലൊരിക്കലോ മറ്റോ സേവക്കളിക്കു ക്ഷണിക്കാറുണ്ടു്. അതു കാണാൻ കാര്യമായി ആരെങ്കിലും ചെല്ലുക അപൂർവമായിരുന്നു. പട്ടിണി കിടക്കുന്ന ആ ചെണ്ടയുടെയും മദ്ദളത്തിന്റെയും ക്ഷീണിച്ച സ്വരം ദുർല്ലഭം ചില കലാപ്രേമികളെ അങ്ങോട്ടാകർഷിക്കാതിരുന്നില്ല. അവരിലൊരാളായിരുന്നു മുകുന്ദ രാജാവു്, മറ്റൊരാൾ ബധിരനായ വള്ളത്തോളും. പിന്നീടും ബധിരന്റെ സർവാദ്ധ്യക്ഷ്യത്തിൽ കാര്യമായി സമ്മേളിച്ച ഈ ഊമക്കളിയുടെ നിസ്സഹായതയ്ക്കു് മുകുന്ദ രാജാവു സ്ഥിരം ദ്വിഭാഷിയായിത്തീർന്നു. വിചിത്രമായ ആ കൂട്ടുകെട്ടും പല പരിഷ്കാരികളുടെയും പരിഹാസത്തിനു് പാത്രമായി. കഷ്ടം! രാജാവു് തന്റെ സമയം ഉപയോഗപ്രദമായ മറ്റുവല്ലതിന്നും ചെലവാക്കാതെ ഈ ഊമക്കളി കൊണ്ടു നടക്കാൻ ചെലവാക്കുന്നല്ലോ എന്നു പല ഗുണകാംക്ഷികളും സഹതപിച്ചുകാണും. ഈ സഹതാപപ്രകടനം കേൾക്കാതിരിക്കുവാൻ വള്ളത്തോളിനെ ബാധിര്യം സഹായിച്ചു. കളിക്കാരുടെ കാര്യം പറയുകയാണെങ്കിൽ, വിളക്കിനെണ്ണയും ഒരുനേരത്തെ ആഹാരവും കൊടുക്കാൻ തയ്യാറുണ്ടെങ്കിൽ എന്തു പരിഹാസം വേണമെങ്കിലും സഹിക്കാൻ അവർ തയ്യാറായിരുന്നു. അത്ര പരുങ്ങലിലാണു് അവരുടെ സ്ഥിതി. മുകുന്ദരാജാവാണു് യഥാർത്ഥത്തിൽ ഈ പരിഹാസഭാണ്ഡം മുഴുക്കെ പേറി നടക്കേണ്ടിവന്നതു്. അതോ, എത്ര കൊല്ലങ്ങൾ!
എത്ര കൊല്ലങ്ങളായാലെന്താണു്? എല്ലാത്തരം വിഷമങ്ങളോടും മല്ലിട്ടു ജയിച്ചുവന്ന ആ സ്ഥൈര്യം എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ല. അല്ലെങ്കിൽ, രാജാവു ജന്മനാ ക്ഷത്രിയനാണല്ലോ. യുദ്ധം ചെയ്യലും ജയിക്കലുമാണു് അദ്ദേഹത്തിനു വിധിച്ചിട്ടുള്ള ധർമ്മം. ജയത്തിൽ കിട്ടാനിടയുള്ള അഭിനന്ദനം പ്രതീക്ഷിച്ചാവില്ല അദ്ദേഹം എതിർപ്പുകളോടു മല്ലിട്ടുപോന്നതു്. പക്ഷേ, ഈ പടനായകൻ പടക്കോപ്പുകളുടെ ഇടയിലേക്കു ഒന്നു പാളിനോക്കുന്നതു രസാവഹമാണു് പ്രധാനായുധം ഒരു തോൽ സഞ്ചിയാണു്. ആനയുടെ മസ്തകം പോലെ പുറമേ പാണ്ടുവീണിട്ടുള്ളതാണെങ്കിലും അതാണു് മർമ്മസ്ഥാനം. അതിന്നുള്ളിൽ നിരുപദ്രവിയായ ‘വിസിറ്റിങ് കാർഡ്’ മുതൽ ഏതു വലിയ ഗർവ്വിഷ്ഠനായ ഉദ്യോഗസ്ഥനെയും ഇരുന്ന ഇരുപ്പിൽ നിന്നു ചാടിയെഴുന്നേല്പിക്കുന്ന, ആഗ്നേയാസ്ത്രം പോലുള്ള, കടലാസുകഷണങ്ങൾവരെയുണ്ടു്. അവയിൽ ചിലതു കിട്ടാനായി അജ്ജുനന്റെ തപസ്സുപോലെ, പല ഉഗ്രതപസ്സുകളും പരീക്ഷകളും രാജാവു നിർവ്വഹിക്കേണ്ടിവന്നിട്ടുണ്ടു് എന്നുള്ളതു മറ്റൊരു കഥയാണു്. ആ കഥകളുടെ പിന്നാലെ പോയാൽ, ഉദ്യോഗപ്രൗഢികൊണ്ടും ദുരഭിമാനം കൊണ്ടും വൃത്തികെട്ടുകിടക്കുന്ന പല ഇടവഴികളിൽക്കൂടിയും നാം പക്ഷേ, സഞ്ചരിക്കേണ്ടിവന്നേക്കാം. എന്തിനതിനു പോകുന്നു? നമുക്കുവേണ്ടി ആ പ്രവൃത്തി മുൻഗാമിയായിച്ചെന്നു രാജാവു് ഉദാരമായി ചെയ്തുവെച്ചുപോന്നിട്ടുണ്ടു്. താമരയ്ക്കു്, സൂര്യപ്രകാശം കിട്ടാനായി ചളിക്കുണ്ടിൽക്കൂടി സഞ്ചരിക്കേണ്ടിവരുന്നു. കഥകളിയാകുന്ന കലാപുഷ്പത്തിന്റെ വികാസത്തിനും ചളിക്കുണ്ടുകൾ കുറെയേറെ പ്രധാനായുധങ്ങളിൽ പിന്നിട്ടു പോരേണ്ടിവന്നിട്ടുണ്ടു്. രാജാവാണു് ആ കാര്യത്തിൽ അതിനെ സഹായിച്ചതു്. ആ പ്രവൃത്തിയിൽ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിനിന്നുപോന്ന ഒന്നു മുൻപറഞ്ഞ സുപ്രസിദ്ധ തോൽ സഞ്ചിയാണെന്നുള്ള കാര്യം നാം വിസ്മരിക്കാതിരുന്നാൽ മതി. നോക്കുന്നവക്കൊക്കെ കാണത്തക്കെ പാകത്തിൽ ആ സഞ്ചിയുടെ ഒരു ഭാഗത്തു് ഒരു അഡ്രസ്സുണ്ടു്: “മുകുന്ദരാജാവു്, സെക്രട്ടറി, കലാമണ്ഡലം, മുളങ്കുന്നത്തു കാവു്” എന്നാണതു്. അതിന്റെ ആവശ്യം ആ തോൽ സഞ്ചിയുടെയും അതിന്നുള്ളിലുള്ള ഇളകുന്നതും ഇളകാത്തതുമായ എല്ലാ സാധനങ്ങളുടെയും ഉടമസ്ഥൻ മേൽപ്രസ്താവിച്ച മുകുന്ദരാജാവാണു് എന്നറിയിക്കുകയാണു്. അതിന്നുള്ളിലുള്ള സ്വത്തുക്കളോ? അവയെ കഷ്ടിച്ചു ഇങ്ങനെ തരം തിരിക്കാം: കുറെ വിസിറ്റിങ് കാർഡുകൾ, അല്പ ദിവസം മുൻപു് എവിടെയോവച്ചു കഴിഞ്ഞ ഒരു വമ്പിച്ച കഥകളിയെപ്പറ്റിയുള്ള കുറെ നോട്ടീസുകൾ, മദിരാശി ഗവർണ്ണരുടെ പക്കൽനിന്നു കിട്ടിയ കഥകളിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു കത്തു്, അദ്ദേഹത്തിന്റെ മദാമ്മ എഴുതിയതും മദാമ്മസ്സമ്പ്രദായങ്ങൾ നിശ്ചയമില്ലാത്തവരെക്കൊണ്ടു് “ഛേ, വായിക്കാൻ പാടില്ല, പ്രേമലേഖനമാണു്” എന്നു പക്ഷേ, പറയിക്കാൻ മതിയായതുമായ കഥകളിയെപ്പറ്റിത്തന്നെയുള്ള മുകുന്ദരാജാവിന്നെഴുതിയ ഒരു പ്രേമലേഖനം, മറ്റു കുറെ ‘എയർമെയിൽ’ കത്തുകൾ, കലാമണ്ഡലത്തിൽ പഠിക്കുന്ന കുട്ടികളുടെ പക്കൽനിന്നു കിട്ടിയ ചില ചില്ലറ ആക്ഷേപഹരിജികൾ, കുറെ ബില്ലുകൾ കാലഹരണം വന്നതോ വരാറായതോ ആയ ചില ആധാരങ്ങൾ, അഞ്ചോ ആറോ മാസം മുൻപു ആരോ ഒരാൾ രാജാവിന്റെ വീട്ടിലുള്ള മറ്റൊരംഗത്തിനും എഴുതിക്കൊടുത്തതും മനോരാജ്യത്തിൽ രാജാവു കൊടുക്കാൻ വിട്ടുപോയതുമായ കത്തു്—ഇങ്ങനെ തമ്മിൽ തമ്മിൽ ബന്ധമില്ലാത്ത കടലാസുകഷണങ്ങളുടെ ഒരു ചെറിയ സൈന്യംതന്നെ അതിൽ കാണാം. വല്ല കാരണവശാലും മുകുന്ദരാജാവു് ഈ തോൽ സഞ്ചി എവിടെയെങ്കിലും വെച്ചു മറന്നുപോയാൽത്തന്നെ അതു കിട്ടുന്ന ആൾ അതിന്നുള്ളിലുള്ള സ്വത്തുക്കൾക്കു യാതൊരു ഹാനിയും തട്ടിക്കാതെ മേൽവിലാസക്കാരനു് എത്തിച്ചുകൊടുക്കുമെന്നതിനെപ്പറ്റി ‘ബാഗി’ന്നുകൂടി സംശയമില്ലെന്നു തോന്നും, അതിന്റെ ഉദാസീനമായ കിടപ്പു കണ്ടാൽ. ഒരിക്കൽ ഇങ്ങനെ സംഭവിക്കുകതന്നെയുണ്ടായി. അന്നു പക്ഷേ, ആ ബാഗ് പണക്കാരനായിരുന്നു. എന്നിരിക്കിലും പതിവുപോലെയുള്ള അതിന്റെ കിടപ്പും സാധുത്വവും അതിനെ രക്ഷിച്ചു. വടക്കേ ഇന്ത്യയിലെ ഒരു രാജധാനിയിൽ കളിക്കാനായി കഥകളിക്കു ക്ഷണം കിട്ടി. അന്നു കഥകളിക്കു ക്ഷണം കിട്ടി എന്നതിന്റെ അർത്ഥം മുകുന്ദരാജാവിന്നു ക്ഷണം കിട്ടി എന്നാണു്. സാമാന്യം നല്ലൊരു തുകയും പ്രതിഫലമായി കിട്ടി. അതും കൊണ്ടു കഥകളിസംഘം ബോംബെയിലെത്തി. മുകുന്ദരാജാവിന്റെ ബാഗിൽ കളിക്കാർക്കു കിട്ടിയ കുറെ ആയിരം ഉറുപ്പിക നോട്ടുകളായി, അതിലെ മറ്റു കടലാസുകളുടെ കൂട്ടത്തിൽ കിടന്നിരുന്നു. ഒരിക്കൽ ടാക്സിയിൽ എവിടെയോ പോയി മടങ്ങിവരുമ്പോൾ, മനോരാജ്യത്തിൽ രാജാവു ബാഗെടുക്കാൻ മറന്നു. കൂടെ ഉണ്ടായിരുന്ന ആൾ രാജാവിന്റെ കൈയും ബാഗും രണ്ടല്ല എന്നു ധരിച്ചിരുന്നതുകൊണ്ടു്. രാജാവിന്റെ കൈയിൽക്കൂടെ ബാഗും ഇറങ്ങിപ്പോയിട്ടുണ്ടാവുമെന്നു കരുതി. അങ്ങനെ രണ്ടുപേരും ബാഗെടുത്തില്ല. പണക്കാരനായ ആ ബാഗ് പിന്നിലെ സീറ്റിൽ ഒതുങ്ങിയിരുന്നു ടാക്സിക്കാരന്റെ കൂടെ പോയി. കുറേനേരം കഴിഞ്ഞപ്പോഴാണു രണ്ടാളുടെ പക്കലും ബാഗില്ലെന്നു മനസ്സിലായതു്. ഉടനെ രാജാവു പരിഭ്രമിച്ചു. അതു കണ്ടു മറ്റുള്ളവരും പരിഭ്രമിച്ചു. കൂട്ടത്തോടെ പരിഭ്രമമായി എന്നു കണ്ടപ്പോൾ രാജാവിന്റെ പരിഭ്രമം പോയി അതിന്റെ സ്ഥാനത്തു സ്വതസ്സിദ്ധമായ ശാന്തതയും ശുഭാപ്തിവിശ്വാസവും തിരിച്ചുവന്നു. “അങ്ങനെ വരില്ല, ടാക്സിക്കാരൻ അതു തിരിച്ചു കൊണ്ടുവരും” എന്നും അദ്ദേഹം എല്ലാവരെയും സമാധാനിപ്പിച്ചു. പറഞ്ഞപോലെതന്നെ കുറെദൂരം പോയ ടാക്സിക്കാരൻ ആ സഞ്ചി തന്റെ കാറിൽ കിടക്കുന്നതു കണ്ടു. അങ്ങനെ ഒരു പഴയ സഞ്ചി തന്റെ ഡീലക്സ് കാറിൽ കണ്ടിട്ടുണ്ടായ ദേഷ്യം കൊണ്ടോ, അതോ അതു കൈമോശം വന്നുപോയ വരെപ്പറ്റി ജനിച്ച സഹതാപം കൊണ്ടോ എന്നറിഞ്ഞില്ല, അയാൾ തിരിച്ചുവന്നു ബഹുഭദ്രമായി അതു മടക്കിക്കൊടുത്തു. മുഖത്തു യാതൊരു സ്താഭവ്യത്യാസവും കൂടാതെ, താൻ കൊണ്ടുവരാൻ പറഞ്ഞേല്പിച്ച ഒരു സാധനം ഏറ്റു വാങ്ങുന്നതുപോലെ. ബദ്ധപ്പാടോ സംഭ്രമമോ കാണിക്കാതെ രാജാവു് ആ ബാഗ് തിരിച്ചുവാങ്ങി എന്നാണു കഥ പോകുന്നതു്.
ഇതു കുറെ അതിശയോക്തിയല്ലേ എന്നു സംശയിക്കുന്നവരോടു പറയാനുള്ളതു്, ഇരുപതു കൊല്ലത്തോളം കഥകളി കൊണ്ടു നടന്നാൽ ഒരാളിൽ ജനിക്കാവുന്ന അതിരറ്റ ക്ഷമയെപ്പറ്റിയും അയാൾക്കു മനുഷ്യസമുദായത്തെപ്പറ്റി ഉണ്ടാവാനിടയുള്ള ശുഭാപ്തിവിശ്വാസത്തെപ്പറ്റിയും അവർക്കു യാതൊരറിവും ഇല്ലെന്നാണു്. ഇടയ്ക്കു് എനിക്കു സംശയം തോന്നാറുള്ളതു്, രാജാവിന്റെ ജന്മനാ ഉള്ള ശുഭപ്രതീക്ഷയാണോ അദ്ദേഹത്തെ ഇത്രയധികം കാലം കഥകളി കൊണ്ടുനടക്കാൻ പ്രേരിപ്പിച്ചതു്, അതോ മറിച്ചു്, കഥകളിക്കാരുമായുണ്ടായ സംസർഗ്ഗമാണോ അദ്ദേഹം ക്രമേണ ഒരുറച്ച ശുഭപ്രതീക്ഷകനാക്കിയതു് എന്നാണു്. രണ്ടായാലും, ക്ഷമ അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായി ഉണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ കഥകളിക്കാരുടെ ഒരു പടയെ ഇത്രയധികം കാലം കൊണ്ടു നടക്കാൻ ക്ഷത്രിയനായ അദ്ദേഹത്തിന്നുപോലും സാധിക്കുമായിരുന്നില്ല. ഞാനിവിടെ കഥകളിക്കാരെ ആക്ഷേപിക്കുകയല്ല. അവരുടെ കലാപരമായ അച്ചടക്കമില്ലായ്മയെപ്പറ്റി മാത്രമേ സൂചിപ്പിക്കുന്നുള്ളു. കലാമണ്ഡലത്തിന്റെ പ്രചരണവേലനിമിത്തം കഥകളിക്കു ക്രമേണ പുറമേനിന്നു ക്ഷണങ്ങൾ കിട്ടിത്തുടങ്ങി രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇങ്ങനെ ക്ഷണങ്ങൾ കിട്ടിയപ്പോൾ കഥകളിസംഘത്തെ കൊണ്ടുനടക്കേണ്ടുന്ന ഭാരം ആരെങ്കിലും ഏറ്റെടക്കേണ്ടതായ ചുമതല വന്നുചേർന്നു. സ്വാഭാവികമായി മുകുന്ദരാജാവുതന്നെ അതേറ്റു. പെട്ടിക്കാർ, ചുട്ടിക്കാർ, തിരശ്ശീലക്കാർ, ചെണ്ടക്കാർ, മദ്ദളക്കാർ, കുട്ടിവേഷങ്ങൾ, ഇടത്തരം വേഷങ്ങൾ, വൻവേഷങ്ങൾ തുടങ്ങി, സാമ്പ്രാണി പുകയ്ക്കുമ്പോൾ പുക പരക്കുന്നതുപോലെ സംഘത്തിൽ സർവത്ര തങ്ങളുടെ സാമീപ്യം കൊണ്ടു സൗരഭ്യം വീശുന്ന ഒന്നോ രണ്ടോ മോഹിനിയാട്ടക്കാർവരെ, നാനാതരത്തിലുള്ള വൈദഗ്ദ്ധ്യങ്ങൾ ഒത്തുചേർന്ന കലകളുടെ സഞ്ചരിക്കുന്ന ഒരു ചെറിയ ‘യുണൈറ്റഡ് നേഷൻസ് ’ തന്നെയായിരുന്നു അതും. യുണൈറ്റഡ് നേഷൻസിൽ കാണാൻ കഴിയുന്ന എല്ലാത്തരം തൊഴുത്തിൽ കുത്തുകൾക്കും പുറമേ അതിന്റെ ഈ ചെറിയ പ്രതിരൂപത്തിൽ പരിചയക്കുറവും, പരിഷ്കാരക്കുറവു്, വിദ്യാഭ്യാസശൂന്യത, പ്രായാധിക്യം തുടങ്ങിയവകൊണ്ടു് ഉണ്ടാവാനിടയുള്ള ഭയങ്കരങ്ങളായ ചില ചില്ലറക്കുഴപ്പങ്ങളും അനുഭവപ്പെട്ടിരുന്നു. ഒരുദാഹരണം പറയാം: അറുപതിനോടടുത്ത മൂത്താൻ ഒരു നല്ല പാട്ടുകാരനാണു്. കുട്ടികളുടെ ആശാനുമാണു്. പിന്നിൽ ക്ഷൗരംചെയ്തു്, തലമുടി ഒരു ഭാഗത്തേക്കു ഗൗരവത്തിൽ കെട്ടിവെച്ചു നടക്കുന്ന തനി ഗ്രാമീണനായ മൂത്താനു് പട്ടണസമ്പ്രദായങ്ങൾ തീരെ അറിഞ്ഞുകൂടാ. കളി ആറുമണിക്കാണു തുടങ്ങുന്നതു്. മൂത്താൻ ധൃതിപിടിച്ചു പോകയാണു്. വഴിക്കു് ഒരു ചെറിയ മൂത്രശങ്ക. കലശലായിട്ടൊന്നുമില്ല. എങ്കിലും അരങ്ങത്തുവച്ചു, അധികമായാലോ എന്നൊരു പേടി. അതുകൊണ്ടു് അതു കഴിഞ്ഞു പൊയ്ക്കളയാമെന്നു തീരുമാനിച്ചു തന്റെ ഗ്രാമത്തിലുള്ള വയലിന്റെ വരമ്പത്തിരിക്കുന്ന പോലെ റോഡിലൊരിടത്തു് മൂത്താൻ വിസ്തരിച്ചു ചെന്നിരിക്കുന്നു. അതു നോക്കി നില്ക്കുന്ന പോലീസുകാരൻ നാലണ കിട്ടാൻ തഞ്ചമുണ്ടോ എന്നു നോക്കാനായി മൂത്താനെ ചെന്നു പിടികൂടുകയായി. മണി ആറായിട്ടും എത്തിക്കാണാഞ്ഞു് മൂത്താനെവിടെ എന്ന അന്വേഷണം വരുമ്പോൾ മൂത്താനെ പോലീസ് പിടികൂടുന്നതു കണ്ട വികൃതി മാറാത്ത കുട്ടിവേഷക്കാരിൽ ചിലർ വിവരം അറിയിക്കുകയും തൽഫലമായി മൂത്താനെ പോലീസിൽ നിന്നു വിടുവിക്കാനായി മുകുന്ദരാജാവു് തന്റെ സഞ്ചിയുമായി ഇറങ്ങേണ്ടിവരുകയും ചെയ്യുന്നു. ഇതൊരു നിസ്സാരസംഭവമാണു്. പക്ഷേ, സംഭവിക്കുന്ന സന്ദർഭത്തിന്റെ ഗൗരവം കാരണം അതുകൊണ്ടു് ഉണ്ടായിക്കൂടുന്ന ഏടാകൂടങ്ങളുടെ എണ്ണം അറിയണമെങ്കിൽ ആ സംഭവത്തിൽ നേരിട്ടു സംബന്ധിക്കുകതന്നെ വേണം. യാത്രയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം എണ്ണമറ്റ സംഭവങ്ങൾ നേരിടുന്നതിൽ മുകുന്ദരാജാവു കാണിക്കുന്ന ക്ഷമയോ, അറിഞ്ഞോ അറിയാതെയോ അവ ഉണ്ടാക്കിത്തീർക്കുന്നതിൽ കളിക്കാർ കാണിക്കുന്ന അക്ഷയമായ വൈചിത്ര്യമോ, ഏതാണു് കൂടുതൽ ബഹുമാനാർഹം എന്നു കൂടെ നടക്കുന്നവർക്കു സംശയം തോന്നും.
മറ്റൊരു വിഷമം, പുറമെ നാലു കളി കഴിഞ്ഞു വരുമ്പോഴേക്കും കളിക്കാർക്കുണ്ടാകുന്ന ‘മേനി’കയറലാണു്. ഓരോരുത്തരും സ്വശക്തിയനുസരിച്ചു ഓരോ ഉദയശങ്കറായി മാറുന്നു. അതഭിനയിക്കാനുള്ള കഴിവും തന്റേടവും ഉണ്ടെങ്കിൽ നല്ലതുതന്നെ. അതാർക്കും ഇല്ല. അതുകൊണ്ടു് ആ ‘ഉദയശങ്കറഭിനയ’ത്തിൽനിന്നുണ്ടാകുന്ന ചില്ലറ മുഷിപ്പുകൾ ചെന്നുവീഴുന്നതും സാധുവായ തമ്പുരാന്റെ പുറത്താണു്. ഈ വിഷമങ്ങളൊക്കെ ഉണ്ടായിരുന്നപ്പോഴും തമ്പുരാനും കളിക്കാരും തമ്മിൽ നിലനിന്നുപോന്നിരുന്ന സൗഹാർദ്ദവും പൊരുത്തവും അത്ഭുതാവഹമായിരുന്നു. ഈ പൊരുത്തത്തിനു കാരണം, തമ്പുരാന്റെ അതിരറ്റ ക്ഷമയും ജനരഞ്ജനയിലുള്ള സാമർത്ഥ്യവുമായിരുന്നു എന്നുള്ളതിൽ തർക്കമില്ല. തമ്പുരാനില്ലാത്ത കഥകളിയും കളിക്കാരില്ലാത്ത തമ്പുരാനും എന്തോ വഴിതെറ്റി സഞ്ചരിക്കുകയാണെന്നേ തോന്നൂ. മുണ്ടിന്റെ ഇടത്തേക്കോന്തല പൊക്കി അഗ്രം കക്ഷത്തിൽ വെച്ചു് ആ കൈത്തണ്ടയിൽ കുട തൂക്കി വലത്തേ കൈയിൽ സുപ്രസിദ്ധമായ ആ സഞ്ചിയും തൂക്കിപ്പിടിച്ചു സ്വപ്നത്തിലെന്നപോലെ നടന്നു പോകുന്ന തമ്പുരാന്റെ മനോരാജ്യത്തിൽക്കൂടി എന്തെല്ലാം വിഷയങ്ങളാണു് അരങ്ങേറി, ചൊല്ലിയാട്ടം കഴിച്ചു പോകുന്നതു് എന്നു് അദ്ദേഹത്തിന്നുതന്നെ നിശ്ചയമുണ്ടാവില്ല. കലാമണ്ഡലത്തിന്റെ ക്ഷയിച്ചുവരുന്ന സാമ്പത്തികസ്ഥിതി നേരെയാക്കണം; ബനാറസ്സിൽ നിന്നും ഒരു കളിക്കു ക്ഷണം കിട്ടാൻ ഇടയുണ്ടു്; ചിദംബരത്തു നടക്കുന്ന ചരിത്രകോൺഫറൻസിൽ ഏതായാലും ഒരു കളി വേണം; അപ്പോഴേക്കും ഒരു മോഹിനിയാട്ടക്കാരിയെ സമ്പാദിക്കണ്ടേ? എവിടെനിന്നു കിട്ടും? തൃശൂരെ ആ കളിക്കു വിനോദനികുതി കെട്ടിയതും കുറെ അധികമായിപ്പോയി; അതു തിരിച്ചു വാങ്ങണം. മാധവന്റെ സ്ഥാനത്തു് ആരാണിനി ഒരു പച്ച? ഹേയ്, ആ മൂത്താനെ ഇനി പുറമേ കൊണ്ടു പോകാൻ കൊള്ളില്ല. വഷളാവേ ഉള്ളൂ കുഞ്ചുണ്ണിയുടെ അഡ്മിഷൻകാര്യം ശ്രമിക്കാൻ വൈകിപ്പോയി. ബാലന്റെ ട്രാൻസ്ഫർകാര്യം ഇനി അധികം താമസിപ്പിക്കാൻ പറ്റില്ല. അതിലിടയ്ക്കു് ഞാൻ ആ കഥ തീരെ മറന്നുകിടക്കുകയാണു്. നാരായണമേനോന്റെ മകളുടെ പുടമുറിക്കാര്യം. ഈ പോക്കിൽ അതും ഒന്നു ശ്രമിക്കണം. ഇങ്ങനെ നാനാതരം മനോരാജ്യങ്ങൾ ഒന്നിനുപുറകേ ഒന്നായി കടന്നുപൊയ്ക്കൊണ്ടിരിക്കേ, ചെരിപ്പു കാലിന്മേൽ നില്ക്കാതിരിക്കുന്നതെന്താണെന്നു കണ്ടുപിടിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. എങ്കിലും ചെരിപ്പിനെന്തോ പന്തികേടുണ്ടു്. കലാമണ്ഡലത്തിൽ എത്തിയതിനുശേഷം നേരെയാക്കിക്കണം എന്നു വിചാരിച്ചു വീണ്ടും നടന്നു കലാമണ്ഡലത്തിൽ എത്തി ചേരുകയും ചെരിപ്പഴിച്ചു വെയ്ക്കുകയും ചെയ്യുന്നു കൈത്തണ്ടിൽനിന്നു കുടയെടുത്തും ചുമരിൽ ചാരിവെയ്ക്കാൻ നോക്കുമ്പോളാണു്, കുടയുടെ അഗ്രത്തിലുള്ള പിടി മാത്രമേ കൈവശമുള്ളൂ, ബാക്കിഭാഗം കാലോടുകൂടി വഴിക്കെവിടെയോ വീണുപോയിരിക്കുന്നു എന്ന സംഗതി മനസ്സിലാക്കുന്നതു്. ഈ വീണു പോക്കിൽ ഉത്തരവാദിത്വം മുഴുവൻ താൻ ഏറ്റെടുക്കേണ്ട കാര്യമില്ലാ, കുടയും കുറെ ഉത്തരവാദിയാണു്, എന്നമട്ടിൽ പരമേശ്വരനെ വിളിച്ചു കുട കണ്ടുപിടിച്ചു വരാൻ ഏല്പിക്കയും, കൂട്ടത്തിൽ “ദാ, എന്റെ ആ വലത്തെ ചെരിപ്പിനും എന്തോ പന്തികേടുണ്ടു്; അതും ഒന്നു നേരെയാക്കണം” എന്നു പറയുകയും ചെയ്യുന്നു. തമ്പുരാൻ അഴിച്ചുവെച്ച ചെരിപ്പുകൾ പരമേശ്വരൻ ചെന്നെടുക്കുമ്പോൾ, കൈയിൽ കിട്ടുന്നതു തമ്പുരാന്റെ ഇടത്തെ കാലിന്മേലെ ചെരിപ്പും തമ്പുരാന്റെ കൂടെ ബസ്സിൽ സഞ്ചരിച്ചിരിക്കാനിടയുള്ള മറ്റേതോ ഒരാളുടെ ഇടത്തേ കാലിന്മേലെ മറ്റൊരു ചെരിപ്പുമാണു്!
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)