വ്യക്തിമാഹാത്മ്യം സമൃദ്ധമായുള്ള ഒരാൾക്കു്, പൊതുജീവിതത്തിൽ പ്രവേശിക്കാതെതന്നെ, ജനങ്ങളുടെ വിചാരഗതിയെ എങ്ങനെ സ്പർശിക്കാൻ കഴിയുമെന്നുള്ളതിന്നു് ലക്ഷ്യങ്ങൾ പല രാജ്യത്തും പലതോതിലും നിലനിൽപ്പുണ്ടു്. മലയാളത്തിനു് അതിനു മിസ്റ്റർ നാലപ്പാട്ടി നെപ്പോലെ നല്ലൊരുദാഹരണം കിട്ടാൻ പ്രയാസമാണു്. സ്വതേ കവികളെ പ്രോത്സാഹിപ്പിക്കാത്ത ഒരു രാജ്യം; അത്ര തന്നെ മാതൃഭാഷയോടു മമതകാണിക്കാൻ മനസ്സില്ലാത്ത രാജ്യക്കാർ. ഇവരുടെ ഇടയിലേക്കാണു്, യാതൊരു ബാഹ്യശക്തികളുടെയും സഹായമില്ലാതെ, പാരമ്പര്യങ്ങളോടെല്ലാം കയർത്തു കൊണ്ടു്, മിസ്റ്റർ നാലപ്പാട്ട് ഉയർന്നുവന്നതു്. പഴയ രീതികളോടു പൊതുവിൽ ഒരെതിർപ്പു നടന്നിരുന്ന ഒരു കാലമായിരുന്നു അതു്. എന്നാൽ ദേശീയമായ ഒരൈക്യബോധവും മറ്റു ലൗകികവിഷയങ്ങളിലുള്ള പുരോഗമനോത്സുകമായ താൽപര്യവും പശ്ചാത്തലമായി നിന്നിരുന്ന ആ എതിർപ്പിൽ ബുദ്ധിപരമായ വിപ്ലവത്തിന്റെ അംശം തുച്ഛമായിരുന്നു. സാഹിത്യത്തിന്റെ സങ്കേതങ്ങളെ ഒന്നു മാറ്റിപ്പണി ചെയ്തു്, വീക്ഷണഗതികൾ ഒന്നു പുതുക്കി, പ്രതിപാദനരീതി ഒന്നുടച്ചു വാർത്തു് കുറേക്കൂടി ലളിതവും മനോഹരവുമാക്കാൻ ശ്രമിച്ചു. ഇതുകൊണ്ടു സാഹിത്യകാരന്മാരും സാഹിത്യാഭിരുചിയുള്ളവരും തൃപ്തിപ്പെട്ടപോലെ തോന്നി. എന്നാൽ അതിൽ മുഴുവൻ തൃപ്തിപ്പെടാതെ ഒരാളുണ്ടായിരുന്നു—നാലപ്പാട്ട്. അദ്ദേഹം ആ കൂട്ടത്തിൽനിന്നു്, താനിന്നു പൊതുജീവിതത്തിൽനിന്നു വേറിട്ടുനില്ക്കുന്നതുപോലെ, ഒന്നൊഴിഞ്ഞുനില്ക്കുകയാണു ചെയ്തതു്. അതിൽ ആദ്യമാരും അത്ര ശ്രദ്ധിച്ചില്ല എന്നാൽ, ക്രമേണ നാലപ്പാട്ടും ആ പുതിയ പ്രസ്ഥാനങ്ങളും തമ്മിൽ അകന്നകന്നുപോവുകയും ഇന്നു സമകാലീനത എന്നൊരു സാമാന്യസ്വഭാവമൊഴിച്ചു് അവർക്കു മറ്റു യാതൊരൈകരൂപ്യവുമില്ലാതെ വരികയും ചെയ്തിരിക്കുന്നു.
വികാരപരമായ പ്രതിഭയേക്കാൾ വിചാരപരമായ പ്രതിഭയാണു നാലപ്പാട്ടിന്റേതു് എന്നതാണു് ഇതിന്നു കാരണമെന്നു ഞാൻ കരുതുന്നു. ‘കണ്ണുനീർത്തുള്ളി’യിൽ മാത്രമേ വികാരപരമായ നാലപ്പാട്ടിനെ ഒന്നു വെളിക്കു കാണാൻ കിട്ടുന്നുള്ളു. അവിടെയും ഉടനീളം സുലഭമായി കാണാൻ കഴിയില്ലതാനും. എനിക്കു തോന്നുന്നതു്, അക്കാലത്തുതന്നെ നാലപ്പാട്ടും സ്വകാര്യങ്ങളായ തന്റെ വികാരങ്ങൾ പുറമേ പ്രകാശിപ്പിക്കുന്നതിൽ വിമുഖനായിരുന്നു എന്നാണു്. ലൈംഗിക വിഷയങ്ങളെപ്പറ്റി മലയാളത്തിലെ ഒന്നാമത്തെ ഒന്നാന്തരം പുസ്തകമെഴുതിയ ‘കണ്ണുനീർത്തുള്ളി’യുടെ കർത്താവു്, തന്റെ വികാര തീക്ഷ്ണതയെസ്സംബന്ധിച്ചേടത്തോളം ഇങ്ങനെ ഒരാത്മനിയന്ത്രണം സ്വീകരിച്ചതു് അനാവശ്യമായിപ്പോയില്ലേ എന്നു് എനിക്കു് ഇടയ്ക്കു തോന്നാറുണ്ടു്. തീക്ഷ്ണമായ വികാരപ്രകടനങ്ങളുള്ളേടത്തെല്ലാം അതിനൊരു ക്ഷമാപണമെന്നോ ആവരണമെന്നോ പോലെ ‘കണ്ണുനീർത്തുള്ളി’യിൽ തത്ത്വവിചാരങ്ങൾ അകമ്പടിനില്ക്കുന്നുണ്ടു്. കാളിദാസന്റെ അമാനുഷമായ കലാസൗന്ദര്യം കൂടി വിലാപ സമയത്തിനിടയ്ക്കു ചിലപ്പോൾ അസഹ്യമായിപ്പോവാറുണ്ടെന്നു കരുതി, ശോകരസത്തിന്നു് ഉത്തമമാതൃകയായി ഭവഭൂതിയെ ആരാധിക്കുന്ന ഒരാൾക്കു് ‘കണ്ണുനീർത്തുള്ളി’യിലെ വിലാപാലാപത്തിൽ അതിലെ അതിസുലഭങ്ങളായ ഈ തത്ത്വജ്ഞാനപരമ്പരകളെ ഒരപശ്രുതിയായി തീർച്ചയായും എണ്ണാൻ കഴിയും. എന്നിട്ടും ‘കണ്ണുനീർത്തുള്ളി’യെ അതിശയിക്കുന്ന വിലാപകാവ്യം മലയാളത്തിലുണ്ടായിട്ടില്ലല്ലോ എന്നോർക്കുമ്പോൾ, ഞാൻ ഇടയ്ക്കാലോചിക്കാറുണ്ടു്, “അതിന്റെ കർത്താവു് തന്റെ വികാര രഹസ്യങ്ങൾ കുറേക്കൂടി തീക്ഷ്ണരൂപത്തിൽ നമ്മളുമായി പങ്കിട്ടിരുന്നുവെങ്കിൽ!…”
നാലപ്പാട്ടിനെ ഞാൻ കണ്ടിട്ടുള്ളതു് വളരെ വളരെ മുൻപാണു്. ഒരു പത്തുപതിന്നാലു സംവത്സരമായിക്കാണും. ഞങ്ങളുടെ വീട്ടിന്റെ പൂമുഖത്തു് നിലത്തു പുല്പായിൽ ചമ്മണപ്പടിയിട്ടു കാലിന്മേൽ കാലേറ്റിക്കൊണ്ടുള്ള ആ ഇരിപ്പും, സംഭാഷണരസവും നേരമ്പോക്കും പ്രകാശിക്കുന്ന ആ കണ്ണുകളും, രാശി പരത്തുന്ന ജ്യോത്സ്യന്റെ കൈവേഗത്തെക്കൂടി തോല്പിക്കുന്ന ശീഘ്രഗതിയിൽ ചിലപ്പോൾ കൈപ്പടം കൊണ്ടു തന്റെ മൊട്ടത്തല തിരുമ്മുന്ന തിരുമ്മലും, രസം പിടിച്ചാൽ ‘ഹ’ എന്നു് ആഹ്ലാദസൂചകമായി ചിരിച്ചും വലത്തെ കൈപ്പടം തുടയ്ക്കു തല്ലി തൽക്ഷണം പിൻവലിച്ചുകൊണ്ടുള്ള ആ ഫലിതം പറയലും മറ്റും മറ്റും, ഒരു പതിന്നാലു സംവത്സരം മുൻപു കഴിഞ്ഞ സംഭവങ്ങളാണെങ്കിലും അവയുടെ പ്രത്യേകത മറ്റൊരാളുടെ അംഗവിക്ഷേപങ്ങളിലും കണ്ടിട്ടില്ലാത്തതുകൊണ്ടു്, ഇന്നും മായാത്ത ചിത്രങ്ങളായിത്തന്നെ മുൻപിൽ നില്ക്കുന്നു. അന്നു ഞാൻ കണ്ട നാലപ്പാട്ട് ഏതാണ്ടു ചന്ദനമുട്ടിയുടെ നിറമാണു്. അരച്ചരച്ചു നടുവു കുഴിഞ്ഞുപോയ ഒരു ചന്ദനമുട്ടിയുടെ വളവും അദ്ദേഹത്തിന്നു കിട്ടിയിട്ടുണ്ടു്. മദ്ധ്യവയസ്സേ അദ്ദേഹത്തിന്നായിട്ടുള്ളുവെങ്കിലും, ആ അടങ്ങാത്ത പൊട്ടിച്ചിരിയുടെ ആഹ്ലാദം തലയിലെ ചില കുറ്റിരോമങ്ങളെക്കൂടി ചിരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്തിന്റെ ആകൃതി വട്ടത്തേക്കാളധികം ചതുരമാണു്. നല്ല പ്രാമാണ്യം സിദ്ധിച്ചിട്ടുള്ള താടിയെല്ലുകളുള്ളതുകൊണ്ടാവാം, കാഴ്ചയിൽ ഈ പ്രതീതി ജനിക്കുന്നതു്. നല്ല ഉറച്ച താടിയെല്ലുകൾ അസാമാന്യമായ ബുദ്ധിശക്തിയുടെ അടയാളമാണെന്നു പറയുന്നതു കേട്ടിട്ടുണ്ടു്. അതു ശരിയാണെങ്കിൽ നാലപ്പാട്ടിന്റെ കവിതകൾ വായിക്കാനൊരുങ്ങുന്ന ഭാഷാപ്രണയിയുടെ ഒന്നാമത്തെ ഉദ്യമം, തനിക്കു നല്ല ഉറച്ച താടിയെല്ലുകളുണ്ടോ എന്നു പരീക്ഷിച്ചറിയലാകേണ്ടതാണെന്നു ഞാൻ നിസ്സംശയം മുന്നറിയിപ്പു നല്കാം.
പൊന്നാനിക്കു തെക്കു്, പത്തുപന്തിരണ്ടു നാഴികയകലെ, വന്നേരി എന്ന പ്രദേശത്തു താമസിക്കുന്ന ഈ പ്രതിഭാശാലിയെ അതിപരിചയമുള്ളവർ കുറയും. അദ്ദേഹം അങ്ങനെ പുറത്തിറങ്ങാറില്ല. ഇറങ്ങിയിരുന്നു പണ്ടു്. ഇപ്പോൾ പുസ്തകങ്ങളുമായി കഴിഞ്ഞുകൂടുന്നതാണിഷ്ടം. തന്റെ പ്രതിഭാവികാസത്തിൽ വ്യാപൃതനായ അദ്ദേഹത്തിന്നു ബാഹ്യലോകവുമായി ഇടപെട്ടു സമയം കളയാനില്ലെന്നുമാത്രം. തന്റെ വ്യക്തിവിലാസത്തിൽ മുഴുക്കെ മുങ്ങിനില്ക്കുന്ന അദ്ദേഹം മറ്റുള്ളവരെയോ അവരുടെ കഴിവുകളെയോപറ്റി അധികം ശ്രദ്ധിക്കയില്ല. ഉദാഹരണമായി, തന്റെ മരുമകൾക്കു കവിതയുണ്ടെന്ന വർത്തമാനം അദ്ദേഹമറിഞ്ഞതു് ആ മഹതി കവിതയെഴുതിത്തുടങ്ങിയിട്ടു് എത്രയോ കാലം കഴിഞ്ഞിട്ടാണത്രേ! ഈ ഉദാസീനതയും ഉപേക്ഷയും, ലൗകികനിലയ്ക്കു നോക്കുമ്പോൾ, അല്പം പരിഹാസ്യവും അതിലധികം ആക്ഷേപാർഹവുമായിത്തോന്നും. പക്ഷേ, നാലപ്പാട്ടിന്റെ പ്രതിഭയുടെ പ്രത്യേകത അറിഞ്ഞിട്ടുള്ള ഒരാൾക്കു് ഇതിൽ അത്ഭുതപ്പെടത്തക്കതായി യാതൊന്നുമില്ല. സ്നേഹം, ഔദാര്യം മുതലായി ലൗകികങ്ങളായ മറ്റെല്ലാ മനോവിനോദപ്രകടനങ്ങളോടും അദ്ദേഹത്തിന്റെ നിലയിതാണു്. അതിലൊന്നാണു പ്രേമം. ഒരിക്കൽ അദ്ദേഹവും ഒരു സ്നേഹിതനും കൂടി തിരുവനന്തപുരത്തുനിന്നു മടങ്ങുകയാണു്. സ്നേഹിതൻ പ്രേമത്തെപ്പറ്റി വലിയ മതിപ്പും വിശ്വാസവുമുള്ള ആളാണു്. അദ്ദേഹം അതിനുവേണ്ടി ശക്തിയായി വാദിച്ചുകൊണ്ടു പറഞ്ഞു, “സർ, ഞാനതിൽ വിശ്വസിക്കുന്നു. തിരുവനന്തപുരത്തിരിക്കുന്ന ഒരു പുരുഷനും ആലുവായിലുള്ള ഒരു സ്ത്രീക്കും വിവാഹം കഴിയ്ക്കാതെ തന്നെ ആജീവനാന്തം പരസ്പരം സ്നേഹിച്ചു കഴിച്ചു കൂട്ടിക്കൂടേ?”
ഉത്തരം കേൾക്കാൻ അക്ഷമനായി സ്നേഹിതൻ നാലപ്പാട്ടിന്റെ മുഖത്തു നോക്കി: ‘തിരുവനന്തപുരത്തിരിക്കുന്ന ആൾക്കു നിവൃത്തിയുണ്ടു്. ആലുവായിലുള്ള ആൾക്കോ?’ എന്നായിരുന്നു നാലപ്പാട്ടിന്റെ മറുപടി.
ഇത്രയുമായപ്പോഴേക്കും അവർ ആലുവാ സ്റ്റേഷനിലെത്തി. സംഭാഷണം നിർത്തി, ടിക്കറ്റുവാങ്ങലും മറ്റും കഴിച്ചു വണ്ടിയിൽക്കയറി. സ്നേഹിതൻ അപ്പോഴും നാലപ്പാട്ടിന്റെ മറുപടിയെപ്പറ്റി ആലോചിച്ചു് അർത്ഥം മനസ്സിലാവാതെ കുഴങ്ങുകയായിരുന്നു. ഒടുവിൽ അദ്ദേഹം ഗത്യന്തരമില്ലാതെ നാലപ്പാട്ടിനോടുതന്നെ ചോദിച്ചു: “നിങ്ങൾ നടേ പറഞ്ഞതിന്റെ അർത്ഥം എനിക്കു മനസ്സിലായില്ല.”
“അതോ,” നാലപ്പാട്ടിന്റെ മറുപടി ഇതായിരുന്നു: “തിരുവനന്തപുരത്തുള്ള ആൾക്കു ഭ്രാന്താസ്പത്രി ശരണമുണ്ടു്. ആലുവായിൽ ഭ്രാന്താസ്പത്രി ഇല്ലല്ലോ.”
ഇതാണു് അദ്ദേഹത്തിന്റെ ഫലിതത്തിന്റെ രൂപവും പോക്കും. ഇതിൽപ്പോലും ഒരു പ്രത്യേകത—ബുദ്ധിപരമായ ഒരു സവിശേഷത—കാണാം. ഈ പ്രത്യേകതയാണു്, നാലപ്പാട്ടു സർവ്വോപരി. അതിനെ നിഷേധിക്കുന്നതു് നാലപ്പാട്ടിന്റെ പ്രതിഭയെ മനസ്സിലാക്കാത്തതിനു തുല്യമാണു്, എനിക്കും നിങ്ങൾക്കും. സാമാന്യാഭിപ്രായങ്ങളുള്ള പലതിനെപ്പറ്റിയും നാലപ്പാട്ടിനുള്ള അഭിപ്രായം ഭിന്നമായിരിക്കകൊണ്ടും, അതു പ്രകാശിപ്പിക്കുന്ന സംഭാഷണരീതിയുടെ പ്രത്യേക ചാതുരികൊണ്ടും, നാലപ്പാട്ട് ഒരൊന്നാന്തരം സംഭാഷണവിദഗ്ദ്ധനായി ക്ഷണത്തിൽ അനുഭവപ്പെടും. എല്ലാവരോടും പക്ഷേ, അദ്ദേഹം ഈ രീതിയിൽ സംസാരിച്ചെന്നുവരില്ല. തന്റെ പ്രതിഭയെ മനസ്സിലാക്കുകയും അതിനെ തട്ടിയുണർത്തുകയും ആദരിക്കുകയും ചെയ്യുന്ന സ്നേഹിതന്മാരോടു പ്രത്യേകതാൽപര്യം കാണിക്കുകയെന്ന മനുഷ്യസഹജമായ ജന്മവാസന ഇതിൽ അദ്ദേഹവും പ്രദർശിപ്പിച്ചു എന്നുവരാം.
നടേ പറഞ്ഞപോലെ പ്രത്യേകതയാണു്, നാലപ്പാട്ട് സർവ്വോപരി. അദ്ദേഹം ചെരിപ്പിട്ടു നടക്കുന്നതു ഞാൻ കണ്ടിട്ടില്ല. മെതിയടിയാണു് എവിടെ പോവുമ്പോഴും പാദരക്ഷകൾ. പത്തിരുപത്തിനാലു നാഴികയോ അതിലധികമോ അതിട്ടു നടക്കാൻ അദ്ദേഹത്തിന്നു് ഒരു കൂസലുമില്ല. ഇങ്ങനെ സാധാരണക്കാരെ വിഷമിപ്പിക്കുന്നതരത്തിലാണു് അദ്ദേഹത്തിന്റെ നടത്തമെങ്കിൽ, അതിലധികം വിഷമിപ്പിക്കുന്നതാണു് അദ്ദേഹത്തിന്റെ കവിതയിലെ പോക്കു്. ‘ചക്രവാള’ത്തിലെ നാലപ്പാട്ടിനെ, കവിതയെസ്സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്റെ പൂർണ്ണവളർച്ചയെത്തിയ ഒരു പ്രതിനിധിയായി കണക്കാക്കാമെങ്കിൽ—ഇതിനു് അദ്ദേഹത്തിന്റെ സമ്മതമുണ്ടാകുമെന്നു ഞാൻ കരുതുന്നു—അദ്ദേഹം നിസ്സംശയം ഒരു പ്രത്യേക ഉന്നതിയിൽ നില്ക്കുന്ന ആളാണു്. ആ നാലപ്പാട്ടിന്റെ കൂടെ നടന്നെത്തുന്നതു്, ഐഹികമായ അദ്ദേഹത്തിന്റെ പ്രതിരൂപത്തിന്റെ കൂടെ മെതിയടിയിട്ടു നാല്പതു നാഴിക നടക്കുന്നതിലും ക്ലേശകരമാണു്. മെതിയടിയിട്ടു കുറെ ദൂരം നടക്കാം. അപ്പോഴേക്കു നമ്മുടെ കാൽ തളരുന്നു. പിന്തിരിയാനുള്ള അധികാരം നമുക്കുണ്ടു്. അതിനെ വിലക്കുന്ന ലൗകികനായ നാലപ്പാട്ടിനോടു നമുക്കു് എതിർത്തുനില്ക്കാനും കഴിയും. കാരണം, അദ്ദേഹം ഒരു കൃശഗാത്രനും ദുർബ്ബലനുമാണു്. എന്നാൽ ‘ചക്രവാള’ത്തിലെ നാലപ്പാട്ട് അങ്ങനെയൊന്നുമല്ല. അദ്ദേഹം നമ്മെക്കാളെല്ലാം പതിന്മടങ്ങു ബലവാനാണു്. അതിന്റെ അവതാരികാകാരൻ പറയുന്നതുപോലെ, നാമെങ്ങോട്ടാണു പോകുന്നതെന്നറിയുന്നതിന്നുമുമ്പുതന്നെ നമ്മെ തന്റെ ആലോചനയുടെ നൂൽച്ചരടുകൊണ്ടു വരിഞ്ഞുകെട്ടി പല പിരിയൻകോണികളുടെ മുകളിൽക്കൂടിയും യുഗയുഗാന്തരങ്ങളിലേക്കു വലിച്ചെറിയുന്നതിനുള്ള കെല്പു് ‘ചക്രവാള’ത്തിലെ നാലപ്പാട്ടിനുണ്ടു്. ഈ നാലപ്പാട്ടിനെ അകലെനിന്നു ബഹുമാനിക്കുവാനല്ലാതെ, അദ്ദേഹത്തിന്റെ കൂടെ സുഖമായ ഒരു യാത്രചെയ്വാൻ എനിക്കു കഴിഞ്ഞിട്ടില്ല. അതദ്ദേഹത്തിന്റെ സഹായത്തോടു കൂടിയല്ലാതെ ആർക്കും കഴിയുമെന്ന വിശ്വാസവും എനിക്കില്ല. ‘ചക്രവാള’ത്തിലെ വിചാരസമൂഹങ്ങളുടെ രാജ്യത്തിലെ പ്രസിഡണ്ടാണു നാലപ്പാട്ട്. അവിടുത്തെ രാജാവു പരിണാമവാദത്തിന്റെ കർത്താവും. പക്ഷേ, രാജാവും പ്രസിഡണ്ടിന്റെ പ്രമാണങ്ങളും തീർപ്പുകളും അനുസരിച്ചുകൊള്ളണമെന്നൊരു കരാറു് അവർ തമ്മിലുണ്ടോ എന്നു തോന്നും. ഇങ്ങനെയൊക്കെയാണെങ്കിലും, ‘ചക്രവാള’ത്തിനുള്ള ആകർഷകത ഒന്നു പ്രത്യേകമാണു്. അതിന്റെ ധിക്കാരപരമായ തട്ടിക്കയറ്റം സഹിക്കുന്നതുകൂടി ഒരു രസമാണു്. ആ കവിതാരീതി ഒരു പ്രത്യേക വശീകരണ ശക്തി സമ്പാദിച്ചിട്ടുണ്ടു്.
വിചാരപരമോ ബുദ്ധിപരമോ ആയ ഈ ഒരേകാന്തത, അല്ലെങ്കിൽ വേറിട്ടുനില്പു്, ‘പാവങ്ങ’ളുടെ തർജ്ജമക്കാരൻ സ്ഥായിയായി പുലർത്തിക്കൊണ്ടു പോന്നതു് ഒരത്ഭുതമാണു്. മേല്പറഞ്ഞ പുസ്തകത്തിന്റെ ഹൃദയം, ഹൃദയഹീനമായ സാമുദായിക ക്രമങ്ങളുടെ ക്രൂരതയിൽ പാവങ്ങൾ കഷ്ടപ്പെടുന്നതും, അവർ വിപ്ലവത്തിലുയർന്നെഴുന്നേറ്റു ജീവിതത്തിന്റെ രീതികളെയും മൂല്യങ്ങളെയും അമ്പേ മാറ്റാൻ ശ്രമിക്കുന്നതുമാണു്. ഫ്രഞ്ചുവിപ്ലവത്തിന്റെ ഹൃദയഹാരിത വശ്യവചസ്സായ യൂഗോവിന്റെ കൈയിൽ കിട്ടിയപ്പോൾ വിശേഷിച്ചും, ഹൃദയസ്പർശിയായിത്തീർന്നു. അതങ്ങനെതന്നെ, മലയാളഭാഷയ്ക്കു പകർത്താൻ കഴിയുന്ന ഏറ്റവും മനോഹരമായ ഉജ്ജ്വലഭാഷയിൽ, മിസ്റ്റർ നാലപ്പാട്ട് പകർത്തി നമുക്കു സമ്മാനിക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹം അതിൽ നിന്നൊന്നും പഠിച്ചില്ലെന്നു തോന്നുന്നു. അതിന്റെ ഹൃദയം സ്വായത്തമാക്കാൻ ശ്രമിച്ചിട്ടേയില്ല. ഉണ്ടെങ്കിൽ, ‘പാവങ്ങ’ളുടെ തർജ്ജമയ്ക്കു ശേഷം ‘ചക്രവാള’ത്തിൽ കാണുന്ന ചിന്താഗതിക്കു പകരം കുറേക്കൂടി നമ്മെ ബാധിക്കുന്ന അത്യാവശ്യമായ സാമുദായിക വിഷയങ്ങളുടെ സജീവമായ ഒരു ചർച്ച, ഒരു ചിത്രം, അദ്ദേഹം നമുക്കു സമ്മാനിക്കുമായിരുന്നില്ലേ എന്നു ഞാൻ ഇടയ്ക്കാലോചിക്കാറുണ്ടു്. ഇതു് അനാവശ്യവും പക്ഷേ, നിരർത്ഥകവുമായ ഒരാലോചനാഗതിയാവാം; എന്നാൽ എത്ര ‘പക്ഷേ’കൾക്കു ചരിത്രത്തിൽ സ്ഥാനം കൊടുത്തു കാണാറുണ്ടു്. അതുകൊണ്ടു് ഞാനാലോചിക്കുകയാണു്. പാവങ്ങളുടെ തർജ്ജമക്കാരൻ അദ്ദേഹത്തിന്റെ രാജ്യക്കാരെല്ലാം നില്ക്കുന്ന സമനിരപ്പിൽനിന്നും ചക്രവാളത്തിലേക്കോടിപ്പോവാതെ, പാവങ്ങളുടെ ഹൃദയം മനസ്സിലാക്കിയിരുന്നെങ്കിൽ, വശ്യവചസ്സായ ആ കവിക്കു ദുഷ്ടവും ദയനീയവുമായ ഇന്നത്തെ സാമുദായിക ക്രമങ്ങളിൽ എന്തെന്തു കോളിളക്കങ്ങളുണ്ടാക്കാൻ കഴിഞ്ഞേനേ!
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)