നേരിട്ടറിയുന്നതിനുമുൻപു് എസ്. കെ. പൊറ്റക്കാട്ടിനെ ഒരു ഗുസ്തിക്കാരനായിട്ടാണു് ഞാൻ തെറ്റിദ്ധരിച്ചിരുന്നതു്. ആൾ കാഴ്ചയിൽ അത്ര ആജാനുബാഹുവോ കായബലമുള്ളവനോ ആയിട്ടല്ല. അകത്തെ ബനിയൻ പുറത്തേക്കു കാണുന്നതരത്തിൽ കനംകുറഞ്ഞ തുണി കൊണ്ടുള്ള ജുബ്ബായും, വെട്ടി നേർമ്മപ്പെടുത്തിയ, തേരട്ട പോലെയുള്ള മീശയും, കൈകൾ ഒരു പ്രത്യേകതരത്തിൽ വീശിക്കൊണ്ടു് ഒരു വശത്തേക്കു ചരിഞ്ഞു് പ്രത്യേകതരത്തിലുള്ള ആ നടത്തവും ഏറെക്കുറെ യോജിക്കുക ഗുസ്തിക്കാരനല്ലെങ്കിൽ ഒരു ‘ഫയൽമാനാ’വാൻ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്ന ഒരാൾക്കു് ആയിരിക്കണമെന്ന ഒരു ധാരണ എന്റെ മനസ്സിൽ എങ്ങനെയോ കടന്നുകൂടിയിരുന്നു. ആ വിവരണത്തിന്നു യോജിച്ച ഒരു ചെറുപ്പക്കാരനെ ഇടയ്ക്കു വഴിക്കുവെച്ചു് ഞാൻ കാണലും പതിവുണ്ടായിരുന്നു. സാഹിത്യവുമായിട്ടു് അയാളെ ബന്ധപ്പെടുത്തുവാൻ ഞാൻ ഏതായാലും തുനിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കുന്ന അവസരത്തിലാണു്, ഒരുദിവസം ഒരു സ്നേഹിതൻ പരിചയപ്പെടുത്തിക്കുന്നതു്: “മിസ്റ്റർ എസ്. കെ. പൊറ്റെക്കാട്ട്. മാതൃഭൂമിയിൽ ചെറുകഥ എഴുതുന്ന…”
അത്ഭുതം കൊണ്ടു ഞാൻ മതിമറന്നു എന്നും മറ്റും പറയുന്നതു് അതിശയോക്തിയായിത്തീരും. എങ്കിലും, കഥാകാരനേയും ഗുസ്തിക്കാരനേയും തമ്മിൽ അകറ്റിനിർത്തുന്ന, ആദ്യം തോന്നിയ, ആ അഭിപ്രായം മനസ്സിൽനിന്നു മാറ്റിനിർത്തുവാൻ ഏറെക്കുറെ പ്രയാസം കണ്ടു. അതു തീരെ മാഞ്ഞുപോയിട്ടുണ്ടെന്നു പറയാൻ ഇപ്പോഴും ധൈര്യമില്ല. നെറ്റിത്തടത്തിലേക്കു പാഞ്ഞുകിടക്കുന്ന തലമുടിച്ചുരുളിനെ ഇടത്തെ കൈയിലെ ചൂണ്ടാണിവിരൽകൊണ്ടു ഇടവിടാതെ ചുരുട്ടിക്കൊണ്ടു്, കഥയെഴുതാനുള്ള. ‘ആലോചനയായിരിക്കുന്ന’ പൊറ്റെക്കാട്ടിനെപ്പറ്റി ഓർക്കുമ്പോൾ ആ പഹയൻ പെൻ താഴെ വെച്ചു് ഇപ്പോൾ കസാലയിൽനിന്നെഴുന്നേറ്റു്, കുപ്പായക്കൈകൾ മടക്കി, മുഷ്ടിചുരുട്ടി ഇടിക്കാൻ വരുമോ എന്നു ഭയം തോന്നുന്നു. ഒരുനിലയ്ക്കു പൊറ്റെക്കാട്ടിന്റെ ഇടി മലയാളത്തിൽ കഥയെഴുതുന്ന എല്ലാവരും സഹിക്കേണ്ടതാണു്. അതു രണ്ടു കാരണത്തിന്നാണു്. ഒന്നു്, അദ്ദേഹത്തെപ്പോലെത്തന്നെ അത്ര സുഭിക്ഷമായി കഥയെഴുതാത്തതിന്നു്. രണ്ടാമത്തേതു്, അദ്ദേഹം മാർഗ്ഗദശിയായിത്തീർന്നിട്ടുള്ള കഥാകഥനചാതുര്യത്തെ തങ്ങൾ എഴുതുന്ന കഥകളിൽ വേണ്ടത്ര മാനിക്കാതിരിക്കുന്നതിനു്.
കഥകൾ ഭാഷയിൽ പരക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി. എന്നാൽ അതിന്നു സാഹിത്യത്തിൽ സ്ഥിരമായ ഒരു സ്ഥാനം ഉറപ്പിച്ചുകൊടുത്തു, “വരിൻ കൂട്ടരേ, ഇവിടെ നമുക്കു് ഇരിക്കാം,” എന്നും കഥാകാരന്മാരെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു നായകസ്ഥാനത്തിന്നും അർഹനായിട്ടു് ആരെങ്കിലും ഉണ്ടെങ്കിൽ അതു പൊറ്റക്കാട്ടാണു്. എഴുതിയ കഥകളുടെ എണ്ണം കൊണ്ടു നോക്കിയാൽ പൊറ്റക്കാട്ടിന്റെ ഈ അവകാശത്തെ എതിർക്കാൻ അധികം പേരെ കാണില്ല—പിന്നെ കഥയുടെ മേന്മയെ അടിസ്ഥാനപ്പെടുത്തിയാണു്. അതു രുചിഭേദമനുസരിച്ചിരിക്കും. പൊതുവിൽ രുചിക്കുന്ന കഥകളാണു് ഈ അവകാശസ്ഥാപനത്തിൽ മാനദണ്ഡമായി സഹായിക്കേണ്ടതെങ്കിൽ, പൊറ്റക്കാട്ടിനു വളരെഭാഗത്തുനിന്നു എതിർപ്പു സഹിക്കേണ്ടിവരില്ല.
ലണ്ടനിൽ തയ്യൽക്കാരനു്, വേണമെങ്കിൽ, സാധാരണപൗരനെ പ്രഭുവാക്കാൻ കഴിയും എന്നു പറയാറുണ്ട്. ബ്രിട്ടീഷ് പാർലമെന്റിനു മാത്രമുള്ള ഈ അധികാരം തയ്യൽക്കാരനു കിട്ടിയിട്ടുണ്ടു് എന്നു പറയുന്നതിന്റെ അർത്ഥം, തയ്യൽക്കാരൻ തുന്നിയ ഉടുപ്പിട്ടു കണ്ടാൽ ഒരു സാധാരണക്കാരനെയും പ്രഭുവാണെന്നു തെറ്റിദ്ധരിച്ചേക്കും എന്നു മാത്രമേയുള്ളു. തയ്യൽക്കാരൻ നിർമ്മിക്കുന്ന ഉടുപ്പു് അത്രമേൽ മേന്മയേറിയതായതുകൊണ്ടു്, ആ ഉടുപ്പിടുന്ന ആൾക്കു് അനന്യസാധാരണമായ യോഗ്യത സിദ്ധിക്കുന്നു. പൊറ്റക്കാട്ട് വാക്കുകൾകൊണ്ടു് ഉടുപ്പു തുന്നുന്നകലാസിദ്ധി ലഭിച്ച തയ്യൽക്കാരനാണു്. ഏതു സാധാരണകാര്യവും അദ്ദേഹം നിർമ്മിക്കുന്ന ഉടുപ്പിട്ടുകണ്ടാൽ ലാവണ്യം മുഴുത്തു നില്ക്കുന്നതായി തോന്നും. പൊറ്റെക്കാട്ടിന്റെ പക്കൽ വാക്കുകൾക്കു പരിമളം സിദ്ധിച്ച പോലെ അനുഭവപ്പെടുന്നു. വാക്കുകളുടെ പൂന്തോപ്പിൽക്കൂടി അലസമായി ലാത്തുമ്പോഴുണ്ടാകുന്ന ആനന്ദവും അനുഭവവും നിങ്ങളെ അത്രമേൽ വലയം ചെയ്തു മയക്കുന്നതു കൊണ്ടു്, പൊറ്റക്കാട്ട് ആരുടെ പറമ്പിലാണു് തന്റെ പൂന്തോപ്പു നിർമ്മിച്ചിട്ടുള്ളതു് എന്നു് ആരായുവാൻ തന്നെ ശ്രദ്ധിക്കാതെപോകുന്നു. എത്ര ഭംഗിയേറിയ പുഷ്പങ്ങൾ! എന്തു പരിമളം! ആരാണു് ഇതുണ്ടാക്കിയതു് എന്നു നാം തന്നത്താൻ പറയുന്നതു പോലെ തോന്നുകയും, പൊറ്റെക്കാട്ടാണു അതിന്റെ നിർമ്മാതാവു് എന്നറിഞ്ഞു് മലയാളഭാഷയ്ക്കു സിദ്ധിച്ച ഭാഗധേയത്തിൽ സന്തോഷിക്കുകയും ചെയ്യുന്നു. അങ്ങനെ പൂന്തോപ്പും അതു നില്ക്കുന്ന സ്ഥലവും പൊറ്റെക്കാട്ടിന്റെ ‘ജന്മ’മായിത്തന്നെ അറിയുന്നു.
എത്ര വിദൂരങ്ങളായ സ്ഥലങ്ങളിൽപ്പോലുമാണു് പൂന്തോപ്പു നിർമ്മിച്ചിട്ടുള്ളതു്? കുടകിലെ ഇലപ്പടർപ്പുകൾ നിറഞ്ഞ കുറ്റിക്കാടുകളിൽ; വെയിലും തണലും ഇടകലർന്നു കിടക്കുന്ന കേരളത്തിലെ മനോഹരങ്ങളായ കുന്നിൻചെരുവുകളിലും കായലോരങ്ങളിലും; മദ്ധ്യേന്ത്യയിലെ മണലാരണ്യങ്ങളിൽ; ജനനിബിഡങ്ങളായ നഗരങ്ങളിൽ; സ്വച്ഛശീതളങ്ങളായ ആറുകളുടെ തീരങ്ങളിൽ… തന്റെ കഥകൾക്കു പശ്ചാത്തലം തിരഞ്ഞെടുക്കുന്നതിൽ ഒരിക്കലും തൃപ്തിവരില്ലെന്നു തോന്നിക്കുന്ന വിചിത്രമായ ഈ സ്ഥലതൃഷ്ണയ്ക്കു കാരണം, പക്ഷേ, പൊറ്റെക്കാട്ടു് ഒരു സഞ്ചാരിയായതുതന്നെ ആയിരിക്കാം.
രണ്ടുതരത്തിലുള്ള അനുഭവങ്ങളിൽനിന്നാണു് കഥാ സൃഷ്ടിക്കുള്ള പ്രചോദനം സിദ്ധിക്കുന്നതു്. ഒന്നു് മാനസികമായ അനുഭവത്തിൽനിന്നു്; മറ്റേതു് ലൗകികമായ പരിചയത്തിൽനിന്നു്. പൊറ്റെക്കാട്ടിന്റെ കഥകളിൽ ആദ്യത്തേതിൽ അധികം രണ്ടാമത്തേതിന്നു പ്രാധാന്യം സിദ്ധിച്ചുകാണാനുള്ളതിന്റെ കാരണവും, പക്ഷേ, ഈ സഞ്ചാരതൃഷ്ണയാവാം. സഞ്ചാരത്തിലെ അനുഭവങ്ങളുടെ ഡയറിയിൽനിന്നാണു് അദ്ദേഹത്തിന്റെ കഥകൾ മിക്കവയും ഉടലെടുത്തിട്ടുള്ളതു്. അതുകൊണ്ടു്, അവ മിക്കവാറും അനുഭവങ്ങളുടെ കണ്ണാടിയായിത്തീർന്നിരിക്കുന്നു. ശാരീരികങ്ങളായ അനുഭവങ്ങൾക്കാണു്, മാനസികമായ അനുഭവങ്ങളേക്കാൾ അവിടെ കൂടുതൽ പ്രാധാന്യം, കാഴ്ചകൾ കണ്ടുനില്ക്കുന്ന ഒരു കഥാകാരനായിട്ടാണു് പൊറ്റെക്കാട്ട് പ്രത്യക്ഷപ്പെടുന്നതു്. ആ കാഴ്ചകൾ അദ്ദേഹം നമ്മുടെ ദൃഷ്ടിപഥത്തിലേക്കു കൊണ്ടുവരികയും ചെയ്യുന്നു. അവിടെ അധികം പ്രാധാന്യം ആ കാഴ്ചകൾക്കാണു്. അവ ഉളവാക്കുന്ന ചിന്തകൾക്കോ മാനസികപ്രതിപ്രവർത്തനങ്ങൾക്കോ അല്ല. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ, അദ്ദേഹത്തിന്റെ കഥകൾ ഭാവനയുടെ വാതായനത്തേക്കാൾ സംഭവങ്ങളുടെ ഒരു കണ്ണാടിയായിട്ടാണു പ്രവർത്തിക്കുന്നതു്. അതുകൊണ്ടു് ദർശനോത്സുകനായ ഒരു രസികനായി പൊറ്റക്കാട്ട് പ്രത്യക്ഷപ്പെടുകയും, ആ രസികന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സംഭവങ്ങൾ നോക്കിക്കാണലായിത്തീരുകയും ചെയ്തിരിക്കുന്നു. മറ്റൊരു കഥാകാരനു് കൂടുതൽ കാര്യങ്ങൾ കാണാൻ വാതിൽ തുറന്നുവെയ്ക്കാവുന്ന ഒരു സംഭവം, പൊറ്റക്കാട്ടിനെ സംബന്ധിച്ചേടത്തോളം ഒരു സംഭവം മാത്രമായിത്തന്നെയേ ശേഷിക്കയുള്ളൂ. അവിടെനിന്നു പുത്തനായി അങ്ങോട്ടൊന്നും തുടങ്ങുന്നില്ല. അതുകൊണ്ടു് അദ്ദേഹത്തിന്റെ കഥകൾക്കു നല്ല രൂപമുണ്ടു്; അടക്കവും ഒതുക്കവുമുണ്ടു്; തുടക്കവും അവസാനവുമുണ്ടു്. സ്പർശിക്കാൻതക്കവണ്ണം മാംസങ്ങളായിക്കൂടി അവ അസുലഭമല്ലാതെ പ്രത്യക്ഷപ്പെടുന്നു.
പൊറ്റക്കാട്ടിന്റെ കഥകളുടെ അനന്യസാധാരണമായ വശീകരണശക്തികളുടെ അളവും പരിമിതിയും ഈ ഒരു ഗുണമാണു്. ഉളികൊണ്ടു ചെത്തിമിനുക്കിവെച്ചപോലെ ആകർഷകങ്ങളും സജീവങ്ങളുമായ ചിത്രങ്ങൾ! അവ ഒന്നുകിൽ നിങ്ങളുടെ മുമ്പിലേക്കു നടന്നുവന്നു് തങ്ങളുടെ കഥ പറയുന്നു; അതല്ലെങ്കിൽ പൊറ്റക്കാട്ട് അവരുടെ കഥ പറയുന്നു. രണ്ടും ഒരുപോലെ ഭംഗിയിലാണെന്നുള്ളതിന്നു സംശയമില്ല. സദ്യയ്ക്കു ശേഷം വരുന്ന പായസം പോലെ ഇഷ്ടമനുസരിച്ചു, ധൃതികാണിക്കാതെ മതിയാവോളം അതു അനുഭവിക്കുന്നതു രസമാണു്. “ബലേ, ഭേഷ്; പൊടിപാറി” എന്നു പറഞ്ഞുകൊണ്ടു നാം മറ്റു ജോലികൾക്കായി പോവുകയും ചെയ്യുന്നു; പക്ഷേ, സദ്യ നന്നാവുന്നതു പായസംകൊണ്ടു മാത്രമല്ല, പായസത്തിനുമുമ്പു വരുന്ന എരുവും ചവർപ്പും പുളിയും മറ്റും ഇട കലർന്ന വിഭവങ്ങൾക്കും സദ്യ നന്നാക്കുന്നതിൽ പ്രധാനമായ പങ്കുണ്ടു്. പൊറ്റെക്കാട്ടിന്റെ കഥകൾമാത്രം വായിച്ചു ശീലിക്കുന്നവർ ഇതു വിസ്മരിക്കാൻ എളുപ്പമാണു്. പക്ഷേ, വിസ്മരിച്ചാൽത്തന്നെ അതിൽ പരിഭവിക്കത്തക്കതായിട്ടോ ആക്ഷേപിക്കത്തക്കതായിട്ടോ യാതൊന്നുമില്ല. മധുരത്തോടുള്ള പക്ഷപാതം അല്ലെങ്കിൽ പ്രതിപത്തി സ്വതസ്സിദ്ധമല്ലേ? മറ്റു രസങ്ങൾ അറിഞ്ഞാസ്വദിക്കണമെങ്കിൽ പരിചയവും പാകവും സിദ്ധിച്ചിരിക്കേണ്ടതാണു്.
തക്കതായ മറ്റൊരുപമയും കിട്ടാത്തകാരണം, കഥയെ ഒരു സ്ത്രീയോടു് ഉപമിക്കാൻ തീർച്ചപ്പെടുത്തുകയാണെങ്കിൽ, ബാല്യവും കൗമാരവും കഴിഞ്ഞു യൗവനത്തിലേക്കു പ്രവേശിച്ച ഒരു പെൺകുട്ടിയായിട്ടാണു് പൊറ്റെക്കാട്ടിന്റെ കഥയെ എണ്ണുവാൻ പറ്റുക; വേഷഭൂഷണങ്ങളണിഞ്ഞു നില്ക്കുന്ന അവൾ സുന്ദരിയും വായാടിയുമാണു്. എത്ര ഭംഗിയായി എന്തെല്ലാം പറയുന്നു! ആഭരണങ്ങൾ തീർന്നാൽ അയൽവാസികളിൽനിന്നു കടം മേടിക്കാൻ അവൾ മടികാണിക്കുന്നില്ല. മറ്റുള്ളവരുടെ വേഷം അനുസരിച്ചു് തനിക്കു ചന്തം കൂട്ടുവാനും അവൾ ലജ്ജിക്കുന്നില്ല. അതുകൊണ്ടു് കാണുന്നവരാരും അനുഭവയോഗ്യയല്ലെന്നു പറയാറില്ല. പക്ഷേ, സാഹിത്യത്തിന്റെ മൂല്യം സൗന്ദര്യം കൊണ്ടുമാത്രം സ്ഥിരപ്പെടുത്താവുന്ന ഒന്നല്ല. സുഭാഷിണിയായ പൊറ്റെക്കാട്ടിന്റെ കഥയും ഈ വാസ്തവം മറന്നിട്ടില്ലെന്നാണു് എന്റെ ഊഹം. താനതു മറന്നിട്ടില്ലെന്നുള്ളതിന്നുള്ള സൂചനകൾ ഒന്നിലധികം തവണ പൊറ്റക്കാട്ട് തരുകയുണ്ടായിട്ടുണ്ടെന്നു ഞാൻ ഓർക്കുന്നു.
വശ്യവചസ്സായ ആ ചെറുകഥാകാരൻ ഈ സൂചനകൾക്കു ബലം കൊടുത്തു കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ചെറുകഥ സംക്ഷിപ്തമായ നോവലല്ല; അന്ധകാരമയമായ ചുറ്റുപാടിൽ തീപ്പെട്ടിക്കൊള്ളി ഉരച്ചു കാണിക്കുന്ന വെളിച്ചം പോലെയാണു് അതു്. തീപ്പെട്ടിക്കൊള്ളി ഒരു നിമിഷംകൊണ്ടു് ഒരു ചെറിയ സ്ഥലം തിളക്കുന്നു. ഒരുനിമിഷം ആ സ്ഥലത്തുള്ള കാര്യം മാത്രം നോക്കിക്കാണുവാൻ സഹായിക്കുകയും പരിസരങ്ങൾ അന്ധകാരമയമായിത്തന്നെ നിർത്തുകയും ചെയ്യുന്നു. അതുകൊണ്ടു് ശ്രദ്ധ പരിസരങ്ങളിലേക്കാകർഷിക്കപ്പെടാതെ ആ പ്രകാശനാളം പതിഞ്ഞിട്ടുള്ള പരിമിതസ്ഥലത്തു മാത്രം ഏകാഗ്രമായി നില്ക്കുന്നു. എണ്ണമറ്റ വികാരങ്ങളും വിചാരങ്ങളും, മദങ്ങളും ഉന്മാദങ്ങളും അടങ്ങിയ അന്ധകാരമയമായ ഒരു കല്ലറയാണു മനുഷ്യന്റെ മനസ്സു്. ചെറുകഥ അവിടേക്കു് ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ചുകാണിക്കുന്നു. സാരമോ നിസ്സാരമോ ആയ ഒരൊറ്റക്കാര്യം മാത്രം നിങ്ങളുടെ ദൃഷ്ടിയിലേക്കു കാട്ടിപ്പിടിക്കുകയും, ഒരു നിമിഷം അങ്ങനെ കാട്ടിനിന്നു, അണഞ്ഞുപോകുകയും ചെയ്യുന്നു. വെളിച്ചം ശക്തിയേറിയതാണെങ്കിൽ പരിസരത്തുള്ള പല വസ്തുക്കളെയും ഉദ്ദേശമില്ലാതെ നിങ്ങളുടെ ദൃഷ്ടിപഥത്തിലേക്കു കൊണ്ടുവരുക എന്ന തകരാറു പറ്റുന്നതാണു്. അതു ദർശനത്തിന്റെ ഏകാഗ്രതയെ നശിപ്പിക്കുകയും ചെയ്യുന്നു. പൊറ്റക്കാട്ടിന്റെ കഥകൾക്കു വെളിച്ചം കൂടുതലാണെന്ന ഈ ദോഷം തീർന്നിട്ടില്ല. അതുകൊണ്ടുള്ള ഏകാഗ്രതക്കുറവും അതിനുണ്ടു്. ലഘുവായ, എടുത്താൽ വഴുതിപ്പോകുന്ന, തൊട്ടാൽ പൊട്ടിപ്പോകുന്ന, അനുഭവവേദ്യമാണെങ്കിലും പറഞ്ഞറിയിക്കാൻ വിഷമമായ, വിഷയങ്ങളെ ഏകാഗ്രമായി എടുത്തുകാണിക്കാൻ പൊറ്റക്കാട്ടിന്റെ കഥാരചനാരീതിക്കു സാധിച്ചിട്ടില്ല. അദ്ദേഹം അതിനു തുനിയേണമോ എന്നുള്ളതു മറ്റൊരു ചോദ്യമാണു്. അതു തീർച്ചപ്പെടുത്തേണ്ടതും പൊറ്റെകാട്ടാണു്.
ആ ശ്രമത്തിൽ പൊറ്റെക്കാട്ട് പരാജയപ്പെട്ടാൽത്തന്നെ അതിൽ കുണ്ഠിതപ്പെടുവാനില്ല കാരണം, അവിടെ അദ്ദേഹത്തിന്റെ രക്ഷയ്ക്കു കവിതയുണ്ടു്. കഥയെഴുതുന്നതിൽ കാണിച്ച സ്ഥിരത പൊറ്റക്കാട്ട് കവിതയെഴതുന്നതിലും തുടർന്നിരുന്നുവെങ്കിൽ ഇരുപത്തഞ്ചു ശതമാനം കുമാരനാശാനും ബാക്കി ചങ്ങമ്പുഴയും സമ്മേളിച്ച ഒരു മഹാകവികൂടി നമുക്കുണ്ടാകുമായിരുന്നില്ലേ എന്നു ഞാൻ ആലോചിക്കാറുണ്ട്. മേല്പറഞ്ഞ രണ്ടുപേരെയും പൊറ്റക്കാട്ടിന്റെ കവിതകളിൽക്കൂടി കാണാൻ സാദ്ധ്യമാണു്. അസഹ്യമായ സമുദായനീതികളോടും, അല്ലെങ്കിൽ അനീതികളോടു്, കയർക്കുന്ന വശ്യവചസ്സും അസാമാന്യ തേജസ്വിയുമായ ഒരു മഹാകവിയെ, പുരാണങ്ങളിലെ സ്വപ്നങ്ങളിൽക്കൂടി മദാലസനായി അലഞ്ഞുപോകുന്ന കഥാകാരനായ ഒരു തീർത്ഥാടനക്കാരനെ, കാഴ്ചയിൽ പൊരുത്തമില്ലെന്നു തോന്നിക്കുന്ന ഈ രണ്ടു പൊറ്റക്കാട്ടും കഥയിലെ രസികനും ലൗകികനുമായ പൊറ്റക്കാട്ടിന്റെ ഏകാധിപത്യത്തിൻ കീഴിൽ പ്രാധാന്യം സിദ്ധിക്കാതെ മങ്ങിക്കിടക്കുന്നേയുള്ളൂ.
കഥയ്ക്കും കവിതയ്ക്കും പുറമെ പൊറ്റെക്കാട്ടു് നോവലും എഴുതിയിട്ടുണ്ടു്. പക്ഷേ, നോവലെഴുത്തുകാരനായ പൊറ്റക്കാട്ട് കുറേക്കൂടി സ്ഥൂലിച്ച കഥകളെഴുതുന്ന കഥാകാരൻ എന്നതിൽക്കവിഞ്ഞു വളർന്നിട്ടില്ലെന്നു പറഞ്ഞാൽ, നോവൽ സാഹിത്യം ഇതിലധികം അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നേ അതിനർത്ഥമുള്ളൂ.
സാഹിത്യസൃഷ്ടികളുടെ മേന്മ നിർണ്ണയിക്കുന്ന അളവുകോലായി ജനസമ്മതിയെ സ്വീകരിക്കയാണെങ്കിൽ, ഞാൻ നടേ പറഞ്ഞപോലെ, പൊറ്റക്കാട്ടാണു നിസ്സംശയം മലയാളത്തിൽ ഏറ്റവും നല്ല ചെറുകഥാകാരൻ നേരേമറിച്ചു്, ഇതരഭാഷകളിൽ കഥകൾക്കുണ്ടായിട്ടുള്ളതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ മാറ്റങ്ങളെ മാനദണ്ഡമാക്കിവെച്ചു നോക്കുകയാണെങ്കിൽ, വിലകുറഞ്ഞുപോയ ചില സാഹിത്യമൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയേ ഈ അഗ്രിമസ്ഥാനം പൊറ്റക്കാട്ടിന്നു വകവെച്ചുകൊടുക്കാൻ സാദ്ധ്യമാകൂ എന്നു വിമർശകന്മാർ വാദിച്ചേക്കും. പക്ഷേ, വിശാലമനസ്കനായ ആ ചെറുകഥാകാരൻ ഈ സ്ഥാനതർക്കങ്ങളിൽ ഉദാസീനനായിരിക്കുമെന്നു ഞാൻ കരുതുന്നു. തുലാസ്സിലിട്ടു തൂക്കി വില നിർണ്ണയിക്കുന്ന ഹൃദയശൂന്യമായ സർട്ടിഫിക്കറ്റിനേക്കാൾ കാര്യമല്ലേ വായനക്കാരുടെ ഹൃദയത്തിൽ കിട്ടുന്ന സ്ഥാനം?
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)