images/Mango_flower_and_fruit.jpg
Mango flower and fruit with a purple-eyed butterfly, a painting by William Hooker; James Forbes .
മലയാളത്തിന്റെ ‘ശ്രീ’
വള്ളത്തോൾ വാസുദേവമേനോൻ ബി. എ.
images/Vyloppilli.jpg
വൈലോപ്പിള്ളി ശ്രീധരമേനോൻ

‘ശ്രീ’ എന്ന പേരിൽ അദ്ദേഹം എഴുതി പ്രസിദ്ധപ്പെടുത്തിയ കവിതകൾ വൈലോപ്പിള്ളി ശ്രീധരമേനോന്റെ യാണെന്നു് വളരെ കഴിഞ്ഞതിനുശേഷമായിരിക്കണം പക്ഷേ, പലരും ധരിച്ചുകാണുക. അതെന്തായാലും, പദ്യസാഹിത്യത്തിന്റെ പുതിയ തലമുറയുടെ ശ്രീ, ആ പേരിൽ ഇറങ്ങിയ ആദ്യത്തെ കവിതയോടുകൂടി, ഉദിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കുവാൻ ആർക്കും അധികം പ്രയാസമുണ്ടായിക്കാണില്ല.

ഒരു ചെറിയ ‘മാമ്പഴം’ സൽക്കരിച്ചുകൊണ്ടാണു്. ശ്രീധരമേനോൻ സാഹിത്യത്തിൽ രംഗപ്രവേശം ചെയ്തതു്. ആ ‘മാമ്പഴ’ത്തിന്റെ സ്വാദു പങ്കിടുന്നതോടുകൂടി അത്രയും ചെറുതായൊരു കവിതകൊണ്ടും, അതിനുമുമ്പൊരിക്കലും മറ്റാർക്കും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ലാത്തത്ര സമുന്നതമായ ഒരു സ്ഥാനം കവികളുടെയിടയിൽ ‘ശ്രീ’ നിഷ്പ്രയാസം കരസ്ഥമാക്കുകയും ചെയ്തു. അതൊരു അത്ഭുതകരമായ കവിതയായിരുന്നു, ‘മാമ്പഴം!’ പഴമയോ പുതുമയോ ഏതാണു് അതിനെ ഒരു അത്ഭുതസൃഷ്ടിയാക്കി ഉയർത്തിയതെന്നു പറവാൻ, അതു പ്രസിദ്ധപ്പെടുത്തി പതിനെട്ടു കൊല്ലം കഴിഞ്ഞെങ്കിലും, ഇപ്പോഴും പ്രയാസമായിരിക്കുന്നു! ആ കാരണം കൊണ്ടു തന്നെയായിരിക്കാം പക്ഷേ, അതു് ഇന്നും ഒരത്ഭുത കലാസൃഷ്ടിയായിത്തന്നെ വർത്തിക്കുന്നതും! എഴുത്തച്ഛന്റെ കവിതയിൽ സവോപരി കാണാൻ കഴിയുന്ന ആദരണീയമായ വാൿപാടവം; വള്ളത്തോൾ ക്കവിതകളിലെ അവർണ്ണ്യമായ ഔചിത്യദീക്ഷ;—ജിയുടെ ആദ്യകവിതകളിൽ വിശേഷിച്ചും കേൾക്കാവുന്ന ആദ്ധ്യാത്മികമായ ചിറകടിയുടെ വേദനാജനകമായ ഒരു അനുരണനം;—ഇവയെല്ലാം കോർത്തിണക്കി, നാട്ടിൻപുറത്തെ വിജനമായ ഒരു മാവിൻചുവട്ടിൽ പെറുക്കാനാളില്ലാതെ കിടക്കുന്ന ഒരു മാമ്പഴത്തിലേക്കും, അതു നോക്കിനിന്നു നെടുവീർപ്പിട്ടു കേഴുന്ന ഒരമ്മയുടെ കദനനിർഭരമായ ഹൃദയഭാരത്തിലേക്കും നമ്മെ നയിക്കുന്ന ആ ചെറുകവിത, വികാരശൂന്യമായ വിധിയുടെ ക്രൂരമായ പ്രാബല്യത്തെ കാണിക്കുന്ന വിഷയത്തിൽ ലോകസാഹിത്യത്തിലെ മറ്റേതൊരു കവിതയേയും അതിശയിക്കുന്നുണ്ടെന്നു പറയാൻ തോന്നിപ്പോകുന്നു.

അരുമയായി വെച്ചുപിടിപ്പിച്ച മാവിൻതയ്യാണു്. വളർന്നുവരുന്നേയുള്ള. ആദ്യമായി പൂത്തതാണു്. അമ്മയുടെ കുസൃതിയായ പുത്രൻ പൂങ്കുല പറിച്ചു അതിനെ പൂത്തിരിയാക്കി കളിക്കുന്നു. അമ്മയ്ക്കു് അതു കണ്ടു സഹിച്ചില്ല.

“മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോൻ

പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?”

എന്നു മകനെ ശാസിക്കുന്നു. അവന്റെ മുഖം പെട്ടെന്നു മ്ലാനമായി. “മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെ” ന്നു പറഞ്ഞു്, അവൻ, ‘മാൺപെഴും മലർക്കുല’ മണ്ണിൽ എറിഞ്ഞു പരിഭവിച്ചു് അവിടെനിന്നു പോകുന്നു. മണ്ണിൽ എറിഞ്ഞുപോയതും പൂങ്കുല മാത്രമല്ലാ, അവന്റെ ജഡമാകുന്ന പൂങ്കുലകൂടിയാണു് തന്നിമിത്തം മീനച്ചൂടിൽ തഴച്ചുവളർന്നു ഭംഗിയായി പഴുത്ത മാമ്പഴം വീണപ്പോൾ അതെടുക്കാൻ ആരും ഓടിവരുന്നില്ല. മാതാവിന്റെ പൂങ്കുയിൽ കൂടുവിട്ടു് അതിന്നുമുമ്പുതന്നെ പരലോകം പൂകിക്കഴിഞ്ഞിരുന്നു! അയൽപക്കത്തെ മാവിൻചുവട്ടിലാകട്ടെ, മാമ്പഴം പെറുക്കുന്ന വികൃതിക്കുട്ടികളുടെ ലഹള തകൃതിയായി നടക്കുകയാണു്. തന്റെ ഓമനക്കുട്ടൻ മാത്രം മാമ്പഴം പെറുക്കാനില്ലല്ലോ എന്നോർത്തു് ശോകാർത്തയായ മാതാവു് ആദ്യത്തെ മാമ്പഴം പെറുക്കിയെടുത്തു്,

“തന്നുണ്ണിക്കിടാവിന്റെ താരുടൽ

മറചെയ്ത മണ്ണിൽത്താൻ നിക്ഷേപിച്ചു…”

ദീനദീനം കേഴുകയാണു്:

“ഉണ്ണിക്കൈക്കെടുക്കുവാനുണ്ണി

വായ്ക്കുണ്ണാൻ വേണ്ടി

വന്നതാണീ മാമ്പഴം വാസ്തവമറിയാതെ.

നീരസം ഭാവിച്ചു നീ പോയതെങ്കിലും കുഞ്ഞേ,

നീയിതു നുകർന്നാലേ അമ്മയ്ക്കു സുഖമാവൂ.

പിണങ്ങിപ്പോയീടിലും പിന്നെ

ഞാൻ വിളിക്കുമ്പോൾ

കുണുങ്ങിക്കുണുങ്ങി നീയുണ്ണുവാൻ വരാറില്ലേ?”

എത്ര സർവ്വസാധാരണമായ ഒരു സംഭവമാണു്! എന്നിരിക്കിലും എത്രതവണ വായിക്കിലും, വായിക്കുമ്പോഴൊക്കെ കണ്ണുനീർ പൊടിയാതെ മുഴുമിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ആ സംഭവം ആവിഷ്ക്കരിച്ചിട്ടുള്ള രീതി! അതും അകൃത്രിമവും അതിന്റെ നാടൻസ്വഭാവം അതിലധികം ഹൃദയസ്പർശിയുമാണു്!

എഴുതിയ ആൾ തനി നാടനായതുതന്നെയാവണം അതിനു കാരണം. പരിഷ്ക്കരിച്ചരീതിയിലുള്ള വിദ്യാഭ്യാസമോ പട്ടണവാസമോ, വീക്ഷണഗതിയുടെ കാര്യത്തിൽ ഏതായാലും, ‘ശ്രീ’യെ നാടനല്ലാതാക്കിത്തീർത്തിട്ടില്ല. പട്ടണത്തിലെ കായലോരത്തുള്ള ഉദ്യാനത്തിൽ അസ്തമനസൂര്യനെ നോക്കിക്കൊണ്ടു ഞങ്ങൾ പലതവണ ഒരുമിച്ചിരുന്നതു ഞാനോർക്കുന്നു. മറ്റുള്ളവർക്കു മനോഹരങ്ങളായി തോന്നാനിടയുള്ള ആ ഉദ്യാനത്തിലെ സർവവസ്തുക്കളും, എന്തിനു്, അവയെ അവസാനമായി ഒന്നാലിംഗനം ചെയ്തു്, കെട്ടിടങ്ങളുടെ മറവിൽക്കൂടി, ചുവന്ന തിരശ്ശീല പിടിച്ചു്, ഉദ്യാനകുതുകികളുടെ ശ്രദ്ധയെ ഹഠാദാകർഷിച്ചുകൊണ്ടു ദൃഷ്ടിയിൽ നിന്നു മറഞ്ഞുപോകുന്ന സൂര്യൻകൂടി അദ്ദേഹത്തെ കാര്യമായി ആകർഷിച്ചതായി ഞാൻ കണ്ടിട്ടില്ല. കോപ്പഴിച്ചുവെച്ച ‘ദൂതിലെ കൃഷ്ണ’ന്റെ മുഖത്തെ ഓർമ്മിപ്പിക്കുന്ന ആ ചെറുമുഖത്തിൽ ഒരു ദൗത്യം വഹിക്കുന്നതിന്നുള്ള ക്ഷമകേടു മാത്രമേ ഞാൻ നിരന്തരം ശ്രദ്ധിച്ചതായി ഓർക്കുന്നുള്ളു. ലോകതകൊണ്ടായിരിക്കാം; പ്രകാശം മുഴുവൻ കിട്ടിക്കഴിഞ്ഞിട്ടില്ലാത്ത ഒരു ചെറുപുഞ്ചിരി ആ ക്ഷമകേടിനു ചുറ്റും സർവദാ ആവരണമിട്ടു നില്ക്കുന്നുണ്ടു്. ഏതോ പറയാൻ വയ്യാത്ത ഒരു വിഷാദം ആ പഠിച്ച ഗ്രാമീണന്റെ മനസ്സിനെ സദാ അലട്ടുന്നുണ്ടെന്നു തോന്നും. സാധാരണജനങ്ങളുടെ പരിഷ്കൃതാശയങ്ങളോടു പൊരുത്തപ്പെട്ടുപോകുന്ന വീക്ഷണഗതി ‘ശ്രീ’യുടെപക്കൽ അധികമുണ്ടെന്നു തോന്നണം എന്നില്ല. തന്റെ കൈവശമുള്ളതും താൻ സൗന്ദര്യം കാണുന്നതുമായ വസ്തുക്കൾ അടക്കിവെച്ച പൊതി, “ഈ മനുഷ്യന്റെ മുമ്പിൽ വെച്ചു കെട്ടഴിക്കണോ? അല്ലെങ്കിൽ വേണ്ടാ, ആളെ കുറച്ചുകൂടി അറിയട്ടെ; എന്നിട്ടാവാം” എന്നു ദ്യോതിപ്പിക്കുന്ന, സംശയം കലർന്ന, ഒരു വിനീത മട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ, എന്തോ! ഒരുപക്ഷേ, ‘ശ്രീ’ക്കുതന്നെ നിശ്ചയമുണ്ടാവില്ല. അതു പുറത്തുവരുന്നതും അടക്കിപ്പിടിച്ചു പിന്നോട്ടു വലിക്കപ്പെടുന്നതും, മനസ്സിലാക്കാൻ പ്രയാസമേറിയ അത്ര ഒതുങ്ങിയ, വിനയത്തെ ഓർമ്മിപ്പിക്കുന്ന, ഒരു പ്രത്യേകമട്ടിലാണു്.

പക്ഷേ, ആ കെട്ടു് നിങ്ങളുടെ മുമ്പിൽ വെച്ചെങ്ങാനും അഴിക്കപ്പെടുകയാണെങ്കിൽ അതിന്റെ ഉള്ളിൽനിന്നു പുറത്തു വരാനിടയുള്ള കൗതുകവസ്തുക്കളുടെ കൂട്ടം, ക്രമക്കേടിൽ അവ നിരത്തിവെച്ചിട്ടുള്ളതിന്റെ ക്രമം കൊണ്ടു്, നിങ്ങളെ അത്ഭുതപ്പെടുത്തുകയും ആലോചിപ്പിക്കുകയും ചെയ്യും. ലോകം ഉണ്ടായതുമുതൽ ഇന്നുവരെ ഒരൊറ്റ സൗന്ദര്യാരാധകനെങ്കിലും ദർശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത അപശബ്ദകോലാഹലകോവിദയായ കറുത്ത കാക്ക, സ്നേഹിക്കാൻ യോഗ്യയായ നല്ല മുത്തശ്ശിയായി വന്നു നിങ്ങളെ ആദ്യം തന്നെ ഉറക്കത്തിൽനിന്നുണർത്തുന്നു:

“‘ആരാണുറങ്ങുന്ന,തേല്ക്കു’കെന്നായ്

കാരണവത്തിതന്നുക്തിപോലെ!”

ലോകത്തിന്റെ വൃത്തികേടുകൾ നീക്കുന്നതിൻ തൽപരയായ ആ ‘നീലപ്പുലക്കള്ളി’ ചെയ്യുന്ന വേലയുടെ ശ്രേഷ്ഠതനിമിത്തം, ഉപകാരസ്മരണനിറഞ്ഞ ആ ഗ്രാമീണ കവിയുടെ മനസ്സു് ആ കറുത്ത ജീവിയിൽക്കൂടി വിശുദ്ധ സൗന്ദര്യം ദർശിക്കുന്നു. അതിന്റെ കർണ്ണശൂലമായ ശബ്ദ കോലാഹലത്തെപ്പോലും,

“ലോകാഭിരാമമാണത്തിരക്കിൻ

സ്നേഹാധികാരശകാരഘോഷം!”

എന്നു പറഞ്ഞു് അതിനോടു ദേഷ്യം തോന്നുന്നവരെക്കൂടി ലജ്ജിപ്പിച്ചു തലതാഴ്ത്തിക്കുകയും ചെയ്യുന്നു.

കാക്കയുടെ കർണ്ണശൂലമായ ശബ്ദത്തിൽക്കൂടി കവിത കണ്ട ഈ നല്ല കവി കുയിലിനെപ്പറ്റി പാടുമ്പോൾ, ഹാ, എന്തൊരാനന്ദമായിരിക്കും! എന്നു നാം ആലോചിച്ചു സന്തോഷിക്കാൻ തുടങ്ങുമ്പോഴേക്കും, ദൂരെനിന്നും അതിഭയങ്കരമായ ഒരലർച്ചയുടെ ആരവം നമ്മെ സ്വീകരിക്കുകയാണു്.

“ജനിച്ച നാടുവി,ട്ടകലെയാസ്സാമിൽ

പണിക്കു പോകുന്ന”

പരിഷകളെ കയറ്റി കുതിച്ചു പായുന്ന തീവണ്ടിയുടെ ഇരമ്പലാണതു്. അതാ, അതു നമ്മുടെ നേർക്കു കുതിച്ചു പാഞ്ഞുവരുന്നു:

“തിരയടിക്കും താഴ്‌വരയും പാടവും,

കുറിയ മാവുകൾ തൊടുത്ത പാതയും,

തിരക്കിടും തെങ്ങു കവുങ്ങുകൾ പച്ച-

ക്കറുപ്പു പൂശുന്ന പുരയിടങ്ങളും,

പതഞ്ഞൊഴുകുന്ന നദങ്ങളും, ജന-

പദങ്ങളും ഗൃഹശതങ്ങളുമെല്ലാം

കലങ്ങിയും ചുറ്റിക്കറങ്ങിയും വഴി

വിലങ്ങിയും നിന്നാൽ കുലുങ്ങുമോ ഞങ്ങൾ?

കടന്നൊക്കെത്തട്ടിക്കളഞ്ഞു പായട്ടേ

കനത്ത തീവണ്ടിയിരുമ്പിന്റെ മുഷ്ടി!”

അതിന്റെ എന്തൊരു ഭയാനകമായ വേഗത! മുമ്പിൽനിന്നു നാം ഞെട്ടി പിന്മാറുന്നു. പക്ഷേ, അതിന്റെ പിന്നാലെയുണ്ടു്. ദൃഷ്ടിക്കു കണ്ടതൊക്കെ തട്ടിയുടച്ചു കുട്ടിച്ചോറാക്കി മദിച്ചാർത്തുവരുന്ന സഹ്യന്റെ മകൻ! ആ മദയാനയുടെ പിന്നാലെ വെളിച്ചംവീശുന്ന ‘പന്തങ്ങൾ’ വരുന്നു കൂടെ, മാർഗ്ഗദർശനംനല്കി എരിഞ്ഞു കെട്ടുപോയ ഒരു ദീപത്തെപ്പറ്റിയുള്ള സ്തുതിഗീതം പൊഴിക്കുന്ന ‘ഹരിജനങ്ങളുടെ പാട്ടുകൾ’ കേൾക്കാനുണ്ടു്. മനസ്സു് ഒന്നു കുളിക്കാൻ തുടങ്ങുകയാണു്. പക്ഷേ, അതിനും അധികം സമയം കിട്ടുന്നതിന്നു മുമ്പും ഉജ്ജ്വലമായ മറ്റൊരു പന്തം വരുന്നു. ആ പന്തത്തിന്റെ തീയിൽ കത്തിജ്ജ്വലിക്കുന്ന ‘കുടിയൊഴിക്ക’ലിലെ ഭയാനകമായ തീജ്ജ്വാലയുടെ ശബ്ദം നമ്മെ അങ്ങോട്ടാകർഷിക്കുകയും അതിന്റെ കത്തിയെരിയുന്ന വെളിച്ചത്തിൽ, ‘ഓണപ്പാട്ടു’കാരെയും, ‘പത്രം വില്ക്കുന്ന’ ചെറുക്കന്മാരെയും, ‘വിപ്ലവകാരി’കളെയും തുടങ്ങി നാനാതരം ജീവിതവേഷങ്ങളും സാമഗ്രികളും കണ്ടു നാം അത്ഭുതപ്പെട്ടു് അന്തം വിട്ടു നിന്നു പോവുകയും ചെയ്യുന്നു.

എന്തൊരു പ്രയാണമാണതു്. ആഢ്യമ്മന്യതകൊണ്ടു് (sophistication) മുൻകൂട്ടി ചിട്ടപ്പെടുത്തിവെയ്ക്കപ്പെടാത്ത ഒരു തനി നാടൻപ്രതിഭയ്ക്കു മാത്രമേ, ഇങ്ങനെ ഒറ്റ നോട്ടത്തിൽ യോജിച്ചുപോകുന്നില്ലെന്നു തോന്നുന്ന, അനേകം കാര്യങ്ങൾ ഒരൊറ്റ ഭാണ്ഡത്തിൽ ഒതുക്കിക്കെട്ടാൻ കഴിയൂ. പ്രത്യേകതരം വാദഗതികളും, മാനുഷികപ്രശ്നങ്ങളോടുള്ള വീക്ഷണഗതിയും പുലർത്തിപ്പോരുന്ന ഇസങ്ങളുടെ പുരോഹിതന്മാർക്കു് ഈ കെട്ടിലെ സാമഗ്രികൾ പക്ഷേ, മുഴുക്കെ രുചിച്ചെന്നുവരികയില്ല. അവർക്കതു വേണ്ടപോലെ കെട്ടഴിക്കാനോ കൊണ്ടുനടക്കാനോ കഴിവില്ലാത്തതാണു കാരണം. പുരോഗതിയിലേക്കുള്ള ക്ലേശകരമായ യാത്രയിൽ, വഴിക്കു്, ആവശ്യമായി വരാനിടയുള്ള പലേ വസ്തുക്കളും സ്നേഹപുരസ്സരം അടക്കിവെച്ചിട്ടുള്ള പ്രതിഭാശാലിയും ദീർഘദർശിയുമായ ഒരു ഗ്രാമീണകവിയുടെ യാത്രാഭാണ്ഡമാണതു്. അങ്ങനെ ഒരു ഗ്രാമീണൻ, തന്റെ കെട്ടുമായി, കൂടെ ഉണ്ടാകുന്നതു നന്നു. അദ്ദേഹം നമുക്കു വഴികാട്ടുന്നതു് അനാഡംബരമായ നാട്ടിൻ പുറത്തുകൂടിയാണു് മലയാളത്തിന്റെ ശ്രീയും മറ്റെങ്ങുമല്ല. സൽക്കാര മുറിയിലെ മായികസ്വപ്നങ്ങളോ, ക്ലാസ്സുമുറികളിൽ ചർച്ച ചെയ്തു ചിട്ടപ്പെടുത്തപ്പെട്ട ആശയങ്ങളുടെ പട്ടാളച്ചിട്ടയോടുകൂടിയ അണിനിരക്കലോ ആ വഴിക്കു നമ്മെ എതിരേല്ക്കില്ല. പക്ഷേ, ഒന്നു മുൻകൂട്ടി മനസ്സിലാക്കുന്നതു നന്നു്. ലോകത്തെ ആകമാനം ഇട്ടലട്ടുന്ന ഗൗരവമേറിയ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷത്തിൽ നിന്നു വേറിട്ടും ഒറ്റപ്പെട്ടും നിന്നു ശ്വാസം കഴിക്കുന്ന നാടൻ പ്രദേശമല്ലതന്നെ അതു്. ജീവൽ പ്രശ്നങ്ങളുടെ നാടകത്തിന്നു കളമൊരുക്കുന്ന പരീക്ഷണശാലകളാണു ആ ഗ്രാമവീഥികൾ. അതിലെ നടന്മാർ അത്രഗണ്യമാക്കപ്പെട്ടിട്ടില്ലാത്ത സാധുകൃഷിക്കാരും കൂലിക്കാരുമായിരിക്കാം. പക്ഷേ, അവർ പ്രാതിനിധ്യം വഹിച്ച, അഭിനയിക്കാൻ പോകുന്ന, നാടകമാകട്ടെ, ലോകത്തെയൊട്ടുക്കിട്ടു് ഇളക്കിമറിക്കാൻപോന്ന പ്രശ്നങ്ങളുൾക്കൊള്ളുന്ന ജീവിതമത്സരമാണു്! പട്ടിണിയോടും അജ്ഞതയോടും അഹങ്കാരത്തോടും എതർത്തു് മനുഷ്യത്വത്തെ മോചിപ്പിക്കുവാൻ, തീർച്ചപ്പെടുത്തിയ ജീവിതമത്സരത്തിന്റെ നാടകം!

അതുകൊണ്ടാണു്, ഈ സമരത്തിന്റെ നാന്ദിയെ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കാറ്റു് പുറത്തടിച്ചുതുടങ്ങിയപ്പോൾ അതിനെ സ്വാഗതം ചെയ്വാനായി നാട്ടിൻപുറത്തു സഹർഷം ഒരുങ്ങിനിന്നതു്.

പല ക്രമക്കേടുകളോടും കൂടിയാണു് ആ കാറ്റടിച്ചതു് എന്ന കാര്യം അത്ര അസ്വാഭാവികമായിരുന്നില്ല. അതിന്റെ ചടുലമായ ഗതിവേഗത്തിൽ വ്യക്തിപ്രഭാവമില്ലാത്ത പലതും പറന്നുകളിച്ചു. ആ കാറ്റും ഉൾക്കൊണ്ടിരുന്ന രാഷ്ട്രീയമായ പൊടിപടലം പലരുടെയും കാഴ്ചപ്പാടിനെ കലുഷിതമാക്കി. അതിനു കീഴടങ്ങാത്ത പലർക്കും ശ്വാസം മുട്ടി. അവർ പിന്തിരിഞ്ഞു. ചിലർ അതിൽ ക്ഷമകെട്ടു ഗതിവേഗത്തിൽനിന്നും ഒഴിഞ്ഞുമാറി. മറ്റു ചിലർ അതിന്റെ അലക്ഷ്യമായ പോക്കു സംശയിച്ചുകൊണ്ടു നിന്നു. ‘ശ്രീ’യുടെ ബലിഷ്ഠവും സഹതാപപൂർണ്ണവുമായ പ്രതിഭ ആ കാറ്റിൽ അങ്ങിങ്ങു് എറിയപ്പെടാൻ സമ്മതിക്കാതെ ഉറച്ചുനിന്നു് ആലോചിച്ച പോലെ തോന്നി: “ഇതെന്തൊരു കാറ്റാണു് എവിടെ നിന്നു വരുന്നു? എന്തിനു വരുന്നു? ഇതിന്റെ ഉറവിടം എവിടെയാണു് ? ചിലർ സംശയിക്കുമ്പോലെ, മറ്റു പല പ്രേരണാശക്തികളും ഒന്നിച്ചുകൂടി കൃത്രിമമായി സൃഷ്ടിച്ചു നോക്കി വിടപ്പെട്ട, സിനിമാസ്റ്റുഡിയോവിലെ കൊടുങ്കാറ്റു് പോലെയുള്ള, ഒരു കൃത്രിമ കൊടുങ്കാറ്റാണോ?” ഋജുവായ നാടൻ മതിപ്പും ആ കാറ്റിനെ സഹർഷം സ്വാഗതം ചെയ്യാൻ ‘ശ്രീ’യെ പ്രേരിപ്പിച്ചു. എന്തൊരസഹ്യമായ വൃത്തികേടുകളാണു ചുറ്റും! എന്നും അദ്ദേഹം സ്വയം ആലോചിക്കാൻ തുടങ്ങുകയായിരുന്നു.—അപ്പോഴേക്കാണു് ആ പരിവർത്തനക്കാറ്റു്, ദൃഷ്ടിയിൽനിന്നു മറച്ചുവെയ്ക്കപ്പെട്ടിട്ടുള്ള നമ്മുടെ പല വൃത്തികേടുകളേയും പോരായ്മകളേയും അനീതികളേയും, അവയടപ്പിട്ട വാതിലുകൾ ഭേദിച്ചും, വാതായനങ്ങൾ വഴിയായും, മേൽപ്പുര തട്ടിനീക്കിയും പുറത്തേക്കു വാരിവലിച്ചിട്ടു ചോദിച്ചതു്: “നോക്കിൻ. കലാകാരന്മാരേ, ഇതാണോ നിങ്ങൾ പുകഴ്ത്തുന്ന സംസ്കാരം? അഭിമാനിക്കുന്ന പുരോഗതി?”

തനിക്കു ചുറ്റുമുള്ള വൃത്തികേടുകൾ കണ്ടു ആ നാടൻ കവി ക്രുദ്ധനായി. സർവ്വശക്തികളും ഉപയോഗിച്ചു് ആ പരിവർത്തനക്കാറ്റിന്റെ ഭാഗത്തുനിന്നും അദ്ദേഹം പാടി. പ്രചണ്ഡമായി അടിച്ച ആ കാറ്റിനു ശക്തി കൂടിക്കൂടി വന്നു. ശക്തിസംഭരണം ആവശ്യവുമായിരുന്നു. പക്ഷേ, അതിൽ മാത്രം ശ്രദ്ധിച്ചിരുന്നതുകൊണ്ടോ എന്തോ കാറ്റിനും ഒരു നിർദ്ദിഷ്ടലക്ഷ്യം കൂടി വേണമെന്ന കഥ പലരും മറന്നപോലെ തോന്നി. കുറച്ചുകാലം ആരും അതത്ര ഗണ്യമായി കരുതിയില്ല. പക്ഷേ, കാറ്റു മാർഗ്ഗം തടയപ്പെട്ടു, സ്വയം വട്ടം ചുറ്റി അടിക്കാൻ തുടങ്ങി. അതു് അതിനെ തളർത്തി. ചിന്താശീലരായ ചിലർ ഈ ലക്ഷ്യക്കുറവിനെപ്പറ്റി ഖേദിക്കാൻ തുടങ്ങി. പക്ഷേ, “ആരുടെ കുറ്റം?” എന്നും അന്വേഷിക്കാൻ സമയവും സന്മനസ്സും ആർക്കുണ്ടു്? അതുണ്ടായിരുന്നവരുടെ സ്വരം ശബ്ദായമാനമായ ആ കാറ്റിന്റെ സീൽക്കാരത്തിൽ ചെന്നു ലയിച്ചു. പുറമേ കേൾക്കാതെ പോയി. പക്ഷേ, ശ്രീയുടെ ബലിഷ്ഠമായ കണ്ഠത്തിൽ നിന്നുയർന്ന ശബ്ദം പൂർവാധികം ഉച്ചത്തിൽ കേട്ടു: വൃത്തികേടുകൾ അടിച്ചുവാരിക്കൊണ്ടുപോകാൻ വന്ന കാറ്റു്, ഒരു മുനിസിപ്പാലിറ്റിലോറിപോലെ, വൃത്തികേടുകൾ സ്വയം പരത്തുന്നതിനും ഉപയോഗപ്പെടുകയെന്നോ?

‘മാമ്പഴ’ത്തിൽ ഒരു വ്യക്തിയുടെ ശോകം വഴി ആവിഷ്കരിക്കപ്പെട്ട വിധിയുടെ കരിനിഴൽ, മറ്റൊരു തരത്തിൽ, മനുഷ്യസമൂഹത്തിന്റെ ഭാവിയുടെമേൽ, ഇതാ ഒന്നായി വീഴാൻ വരുകയാണു്! ‘ശ്രീ’ നിർവ്യാജം വ്യസനിച്ചു. എത്ര അവസരോചിരമായി വന്ന കാറ്റു്! പക്ഷേ, അതും സ്വയം അടിച്ചുതളരാൻ പോകയാണു്. ഈ വ്യാകുലഭാവം ‘ശ്രീ’യുടെ കവിതകളിൽ നിഴൽവീശാൻ തുടങ്ങി. പുരോഗമനത്തിന്റെ പൗരോഹിത്യം ഒരു കുത്തകാവകാശമായി സ്വയം ഏറ്റെടുത്തു കൈകാര്യം ചെയ്യുന്ന ചിലർ ഈ വ്യാകുലഭാവത്തെ ‘ബുദ്ധിജീവികളുടെ പിൻതിരിപ്പൻ മനഃസ്ഥിതി’യായി വ്യാഖ്യാനിച്ചു. രാഷ്ട്രീയനേതാക്കന്മാർ അവസരോചിതം പോലെ, ജനങ്ങളുടെ ഇടയിലേക്കു വിതരണം ചെയ്യാൻ തയ്യാറാക്കുന്ന സാഹിത്യാദർശങ്ങൾ അല്ലെങ്കിൽ ആദർശമില്ലായ്മ അടങ്ങിയ പെട്ടിക്കു് ‘ലേബൽ’ ഒട്ടിക്കുന്ന വേല അനുസരണ പൂർവം നിർവഹിക്കുന്ന ചില സാഹിത്യകാരന്മാർ ഈ വ്യാഖ്യാനത്തെ ഭംഗിയായി പിന്താങ്ങുകയും ചെയ്തു. അവർക്കതിന്നു കൂലി കിട്ടിയോ എന്തോ!

ഏതായാലും മലയാളസാഹിത്യത്തിനു് ഒന്നാന്തരം ‘കൂലി’ കിട്ടി. ‘സഹ്യന്റെ മകനെ’ സൃഷ്ടിച്ച കൃശഗാത്രനായ ‘ശ്രീ’യുടെ ക്ഷാത്രം ഉണർന്നു; തൽഫലമായി ഉണ്ടായ കവിതയാണു ‘കുടിയൊഴിക്കൽ’. മാർഗ്ഗദർശികളെന്നു സ്വയം അഭിമാനിച്ചു പന്തം കൈവശം വെച്ചു മുൻപിൽ പാഞ്ഞുപോകുന്ന സാഹസികരേ, നിങ്ങൾ വെളിച്ചം കാണിക്കുന്നതിന്നു പകരം വഴിക്കുള്ള കുടിലുകൾ തീവെച്ചു നശിപ്പിക്കുകയാണു ചെയ്യുന്നതെന്നും അല്പം രോഷാകുലനായിത്തന്നെ കവി ‘കുടിയൊഴിക്ക’ലിൽ വിളിച്ചു പറഞ്ഞു. ചുട്ടു ചാമ്പലാകുന്ന കുടിലുകളുടെ വെളിച്ചത്തിന്നു് പന്തത്തിന്റെ വെളിച്ചത്തേക്കാൾ പതിന്മടങ്ങു ശോഭയുണ്ടു്; ജനങ്ങളെ ആകർഷിക്കാനും കഴിയും. പക്ഷേ, അതു കത്തിയെരിഞ്ഞതിനു ശേഷം?… ആ പ്രദേശം മനുഷ്യവാസത്തിന്നു പറ്റിയതാകുമോ?

‘കുടിയൊഴിക്ക’ലിലെ ഇതിവൃത്തം ഇതാണു്: വർഗ്ഗമത്സരത്തിന്റെ ഭാഗത്തോ, അതിന്നെതിരായോ, എഴുതിയ ഒരു കവിതയല്ല അതു്. വർഗ്ഗമത്സരമാകുന്ന വെളിച്ചം കൈവശം വെച്ചു്, അതിൽ അഹങ്കരിച്ചു മുന്നോട്ടു പോകുന്നവരോടുള്ള, അവസരോചിതമായ ഒരു താക്കീതാണതു്. ആ താക്കീതിൽ കവിഞ്ഞു് അതിന്നു പ്രാധാന്യവും പ്രസക്തിയുമില്ല. കവി ഒരു അർദ്ധസത്യം എടുത്തുകാട്ടി, മനഃപൂർവമോ അല്ലാതെയോ, ജന്മികളുടെയും മുതലാളികളുടെയും ചേരിയിൽ ചേർന്നിരിക്കുന്നു എന്നു പറയാൻ ശ്രമിക്കുന്നതു ബാലിശമാണു്. “ഈ കാണുന്ന രണ്ടു സാക്ഷികൾ നീ കളവുചെയ്യുന്നതു കണ്ടു. അതുകൊണ്ടു നീ ശിക്ഷാർഹനാണു്.” എന്നു പറയുന്ന ന്യായാധിപനോടു്, “യജമാന്നേ, രണ്ടുപേർ കണ്ട കാരണത്താലാണു് എന്നെ ശിക്ഷിക്കുന്നതെങ്കിൽ, ഞാൻ കക്കുന്നതു കാണാത്ത ആയിരം പേരെ സാക്ഷികളായി കൊണ്ടുവരാം” എന്നു പറയുന്ന സമർത്ഥനായ കള്ളന്റെ യുക്തിവാദത്തിലുള്ള ന്യായബുദ്ധിയേക്കാൾ കവിഞ്ഞ ഗൗരവം ആരോപണത്തിന്നു കൊടുക്കേണ്ടതില്ല. “ഒരു തൊഴിലാളി അങ്ങനെ ചെയ്തു. ശരി. പക്ഷേ, അങ്ങനെ ചെയ്യാത്ത അനേകായിരം തൊഴിലാളികളെ കാട്ടിത്തരാം” എന്നു പറയുന്നതു യുക്തിവൈരുദ്ധ്യത്തിന്നു പുറമെ, ആ കവിതയിൽ അനാവശ്യമായ ഒരു സ്ഥാനത്തു ശ്രദ്ധ കേന്ദ്രീകരിപ്പിക്കാൻ ഉത്സാഹിക്കുകയുമാണു്. മനുഷ്യത്വത്തിന്റെ പേരിൽ എഴുതിയ ഒരു കവിതയാണു് ‘കുടിയൊഴിക്കൽ.’ മനുഷ്യത്വം ഒരു സാമൂഹ്യസത്യമല്ലെന്നു കരുതുന്നവരുണ്ടങ്കിൽ അവർക്കു ‘കുടിയൊഴിക്കലി’ലെ രക്തപ്രളയത്തിലുള്ള സ്നാനം പക്ഷേ, ഗുണം ചെയ്തേക്കും.

ഇങ്ങനെ എഴുതേണ്ട ആവശ്യം തന്നെ പക്ഷേ, ഇല്ലായിരുന്നു. കാരണം, വൈലോപ്പിള്ളിയുടെ കവിതകൾ ആസ്വദിക്കാൻ അദ്ദേഹത്തിന്റെ മാനസികവ്യാപാരങ്ങളോ വർഗ്ഗമത്സരത്തിന്റെ പിന്നിലുള്ള തത്ത്വശാസ്ത്രമോ വിശകലനം ചെയ്തു പഠിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. മാറിക്കൊണ്ടിരിക്കുന്ന ചിന്താഗതികളും ജീവിതപ്രശ്നങ്ങളും മറ്റു സാഹചര്യങ്ങളും, കവികളെപ്പോലെതന്നെ, ആൾഭേദമനുസരിച്ചു, അല്പവും അനല്പവുമായി നമ്മുടെയൊക്കെ വീക്ഷണഗതിയിന്മേൽ സ്വാധീനം ചെലുത്തിവരുന്നുണ്ടു്. ആ സ്വാധീനശക്തിയുടെ വളർച്ചയെ മനഃപൂർവം ധിക്കരിച്ചു പ്രവർത്തിക്കാത്ത സാധാരണമനുഷ്യന്റെ ദൈനംദിനകർമ്മങ്ങളെ—ലൗകിക കാര്യങ്ങളും പരിസരങ്ങളും നിർബ്ബന്ധിച്ചു ചെയ്യിക്കുന്ന പ്രവൃത്തികളെ—അവയുടെ ഫലം എന്തുതന്നെയായിരുന്നാലും, സഹതാപപൂർണ്ണമായ മനുഷ്യത്വബോധത്തോടു കൂടിയേ ‘ശ്രീ’ വീക്ഷിക്കുന്നുള്ളു. നേരേമറിച്ചു്, മനുഷ്യത്വത്തിന്നും, പുരോഗതിക്കും ഇടയ്ക്കു മനഃപൂർവം വിലങ്ങടിച്ചുകിടക്കുന്ന എന്തുതരം കൂട്ടുകെട്ടുകളെയും, അവ എന്തു് ‘ലേബൽ’ ഒട്ടിച്ചുവന്നാലും ശരി, ‘ശ്രീ’ തന്റെ നിശിതമായ കാവ്യഖഡ്ഗം ഉപയോഗിച്ചു തട്ടിനീക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

എന്നുവെച്ചു്, പിന്തിരിപ്പനായ ഒരാൾ, വൈലോപ്പിള്ളി ശ്രീധരമേനോനെ വഴിക്കുവെച്ചു കണ്ടാൽ ഭയപ്പെട്ടു വഴി മാറിപ്പോകണമെന്നർത്ഥമില്ല സൈക്കിളോടിച്ചു വരുന്ന വൈലോപ്പിള്ളി താഴത്തിറങ്ങിവന്നു് അയാളോടു സ്വാഗതം പറയും. പ്രകാശം കിട്ടാതെ മങ്ങിക്കിടക്കുന്ന ആ ചെറുപുഞ്ചിരി ഔദാര്യപൂവം ഒന്നഴിച്ചുവിട്ടും ലൗകികകാര്യങ്ങളെപ്പറ്റി സൗഹാർദ്ദപൂർവം കുറേനേരം സംഭാഷണം നടത്തി വീണ്ടും സൈക്കിളിലേറി, “ഇനി പിന്നെ കാണാം” എന്നു യാത്രപറഞ്ഞു പിരിഞ്ഞുപോവുകയും ചെയ്യും. എന്തൊരു സാധാരണമനുഷ്യൻ! നമ്മളെല്ലാം വർത്തമാനം പറയുകയും പെരുമാറുകയും ചെയ്യുന്ന മട്ടിലാണോ, ‘ശ്രീ’യും എന്നു കരുതി നിരാശപ്പെടുകയോ അത്ഭുതപ്പെടുകയോ ചെയ്യേണ്ടതില്ല. ‘ശ്രീ’യെയല്ലാ, വൈലോപ്പിള്ളി ശ്രീധരമേനോനെയാണു നിങ്ങൾ വഴിക്കു കണ്ടതു്. ‘ശ്രീ’യെ കാണണമെങ്കിൽ, പുഞ്ചവക്കിലുള്ള പെരുവഴിമൂട്ടിലോ, പേമാരി ചൊരിഞ്ഞു മലവെള്ളം പതഞ്ഞുകയറുന്ന ചെറ്റക്കുടിലിന്റെ മുറ്റത്തോ, വനദേവിമാർ നൃത്തം വെയ്ക്കുന്ന സഹ്യന്റെ സാനുക്കളിലോ, മൃത്യുപരാഗമേന്തിവരുന്ന കൊതുക്കൾ നിറഞ്ഞ ആസ്സാമിലെ കൊടും കാനനങ്ങളിൽ പണിയെടുക്കുന്ന കൂലിക്കാരുടെ കൂടെയോ, കടിലിലെ പ്രേമക്കൊടികളെ പുല്കിനിന്നു പുനഃസമാഗമക്കുളുർമയനുഭവിക്കുന്ന അനർഘമായ സ്നേഹ സമ്പത്തിന്റെ സമീപത്തോ ചെന്നു കാത്തിരിക്കാൻ ക്ഷമയും സന്മനസ്സും ഉണ്ടാകണം. മലയാളത്തിന്റെ ശ്രീ വികസിപ്പിച്ചു് ആ പ്രദേശങ്ങളിലെല്ലാം ‘ശ്രീ’ദൗത്യം വഹിച്ചുകൊണ്ടു സഞ്ചരിക്കുന്നതായിക്കാണാം.

വള്ളത്തോൾ വാസുദേവമേനോൻ ബി. എ.
images/vvmenon.jpg

കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.

കൃതികൾ
  • കാളവണ്ടി
  • മാരാരും കൂട്ടരും
  • രംഗമണ്ഡപം
  • എവറസ്റ്റാരോഹണം
  • ഇന്നത്തെ റഷ്യ
  • സന്ധ്യ
  • Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)

Colophon

Title: Malayalaththinte ‘Sree’ (ml: മലയാളത്തിന്റെ ‘ശ്രീ’).

Author(s): Vallathol Vasudevamenon B. A..

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Thoolikachithram, Vallathol Vasudevamenon B. A., Malayalaththinte ‘Sree’, വള്ളത്തോൾ വാസുദേവമേനോൻ ബി. എ., മലയാളത്തിന്റെ ‘ശ്രീ’, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: May 18, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mango flower and fruit with a purple-eyed butterfly, a painting by William Hooker; James Forbes . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.