ഉത്തുംഗമായ ഹിമവാന്റെ തണൽ പിന്നിൽ, വിശാലമായ ജലപ്പരപ്പിൽനിന്നും ഇടവിടാതെ പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന പ്രകാശനാളം മുന്നിൽ—ഇങ്ങനെയാണു് ബംഗാളിന്റെ കിടപ്പു്. ഏതാണ്ടു് ഇതേമട്ടിലുള്ള ഒരു ലോകത്തിലാണു് ടാഗോർ മാനസികമായും ജീവിച്ചിരുന്നതെന്നു പറയാം. പശ്ചാദ്ഭാഗത്തു് ഹൈന്ദവ സംസ്കാരം, അതിന്റെ അതിപ്രൗഢമായ ശിരസ്സു പൊക്കി മനോഹരമായി നില്ക്കുന്നു. മുമ്പിലാകട്ടെ, പാശ്ചാത്യ സംസ്കാരം അകത്തു് അഗാധതയോടും പുറത്തു് അസ്വസ്ഥതയോടും കൂടി പരന്നുകിടക്കുന്നു. രണ്ടും ടാഗോറിനെ വശീകരിച്ചു. വികാരസമ്പന്നനായ അദ്ദേഹത്തിനു വർത്തമാനകാലം മനസ്സിലാക്കുവാൻ കഴിയില്ലെങ്കിൽ എങ്ങനെ ഭൂതകാലത്തെ വിശ്വസിച്ചു് ആരാധിക്കാൻ കഴിയും? അതുകൊണ്ടു് രണ്ടിനെയും അദ്ദേഹം അനുഗമിച്ചു. ആ രണ്ടിന്റെയും രമ്യമായ സമ്പർക്കത്തിൽനിന്നുത്ഭവിച്ച ആഭ്യന്തരമായ മാനസികാസ്വാസ്ഥ്യമാണു് അദ്ദേഹത്തിന്റെ കവിതയിലെ മുഖ്യമായ പ്രചോദനം. ഒരു കവി എന്ന നിലയ്ക്കു് അദ്ദേഹത്തിന്റെ ഏറ്റവും മുഖ്യമായ ഭാഗം ഇതാണു്. അദ്ദേഹത്തിന്റെ കവിതയിലെ സർവോപരി പ്രാബല്യം സിദ്ധിച്ചിട്ടുള്ള മിസ്റ്റിസിസത്തിന്റെ പ്രധാനമൂലവും ഇതുതന്നെയാണെന്നു ഞാൻ കരുതുന്നു. അപരിചിതങ്ങളായ പരിസരങ്ങളിൽ ഏകാകിയായി ത്യജിക്കപ്പെട്ട ഒരു ജീവിയാണു താനെന്നും, അവിടെ ഫലശൂന്യമായി ജീവിതം ചെലവഴിക്കുകയാണു താനെന്നും, ഒരു ധാരണ അദ്ദേഹത്തെ പലപ്പോഴും പിടികൂടുന്നതുപോലെ തോന്നുന്നു. ഇതിന്റെ ഒരു പ്രാഥമികസൂചനയെന്നോണം കവിതയിലെ ടാഗോർ പരിസരങ്ങളിൽ അതൃപ്തനായും കാണപ്പെടുന്നു. തനിക്കു കാണുന്ന പരിമിതമായ ജീവിതയാഥാർത്ഥ്യങ്ങളിൽക്കാണുന്ന പൂർണ്ണതയേക്കാൾ എത്രയോമടങ്ങു പരിപൂർണ്ണമായ ഒരു യാഥാർത്ഥ്യം അതിദൂരത്തിൽ. മറ്റെവിടെയോ ഉണ്ടെന്നും അതിൽ എത്തിച്ചേരണമെന്നും അദ്ദേഹത്തിന്റെ കവിത അതിരറ്റാഗ്രഹിക്കുന്നു. ഇതിന്റെ പ്രേരണനിമിത്തം അദ്ദേഹത്തിന്റെ കവിത വാക്കുകളുടെ സാങ്കേതികമായ അർത്ഥനിരകളെ ഭേദിച്ചു് ഏതോ ഒരു ലക്ഷ്യപ്രാപ്തിയെ ഉദ്ദേശിച്ചു നീണ്ടുപോകുന്ന ഒരു വിചിത്രമായ ഗാനാലാപമായി മാറിയിരിക്കുന്നു. അവയുടെ അരൂപങ്ങളായ ലക്ഷ്യങ്ങളാകട്ടെ, ഈ ലോകത്തിൽനിന്നു് എത്രയോ അകലെയാണുതാനും:
“I am restless. I am a thirst for far-away things. My Soul goes out in a longing to touch the skirt of the dim distance. O Great Beyond, the keen call of Thy flute! I forget, I ever forget, that I have no wings to fly, that I am bound in this spot evermore.”[1]
പല അനുഭവങ്ങളുടെയും നിശിതമായ പ്രതിഫലനം രൂപമെടുക്കാൻ ശ്രമച്ചിട്ടുള്ള ഒരു അവാച്യ സൗന്ദര്യരൂപത്തിന്റെ കാഴ്ചയിൽ ടാഗോർ മാത്രം അനുഭവിക്കുന്ന ആനന്ദമൂർച്ഛയായിരിക്കാം ഇതിലെ ചിത്രം. ഏതായാലും ഇതിൽ കാണുന്ന മനോവൃത്തി ജനസമൂഹങ്ങളുടെ മനോവൃത്തിയിൽനിന്നു് എത്രയോ ഭിന്നമാണു്. അതിൽ ഞാനും നിങ്ങളും പങ്കുകൊണ്ടേ കഴിയൂ എന്ന നിർബ്ബന്ധം ടാഗോറിന്നില്ല ഒരാളുടെയും ഭാവനാശക്തിയോ അനുഭവമോ മാനദണ്ഡമാക്കിയല്ല അദ്ദേഹം കവിതയിൽ ചിത്രം നിർമ്മിക്കുന്നതു്. സ്വർണ്ണത്തേക്കാൾ വിലപ്പെട്ട തന്റെ വാക്കുകളുടെ പ്രവാഹത്തെ ഒരാളുടെയും ഗ്രഹണപാടവത്തെയോ പരിസരവിതാനങ്ങളെയോ അടിസ്ഥാനപ്പെടുത്തി അദ്ദേഹം നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല. സാധാരണജനങ്ങളെ അമ്പരപ്പിക്കുന്ന തരത്തിൽ സ്നേഹപൂർണ്ണവും, ചിലപ്പോൾ വേദനാസമ്മിശ്രവും, മറ്റുചിലപ്പോൾ ആശാസുരഭിലവും ആശ്വാസ ജനകവുമായ സ്വാനുഭവങ്ങളുടെ രാഗമാലയിൽ ദത്തശ്രദ്ധനായിരിക്കുമ്പോൾ, മിക്കതും അലൗകികമായ ആ ശബ്ദലഹരിയിൽ, അദ്ദേഹം സാധാരണജനങ്ങളുടെ ശബ്ദത്തെ കേവലം വിസ്മരിച്ചുപോകുന്നു. പ്രാരബ്ധങ്ങളോടു മല്ലിടുന്ന പരസ്സഹസ്രം ജനങ്ങളുടെ, ജീവിക്കുക എന്ന പ്രശ്നത്തോടു് അനുബന്ധിച്ചുകിടക്കുന്ന ലൗകികങ്ങളായ മനോരഥങ്ങളെയും മനോവേദനകളെയും അദ്ദേഹത്തിന്റെ കവിത തിരിഞ്ഞുനോക്കുന്നില്ലെന്നർത്ഥം. അദ്ദേഹത്തിന്റെ കവിതയിലെ ആ അലൗകിക സ്വരത്തിന്നു എവിടെയെങ്കിലും സ്ഥാനമുണ്ടെങ്കിൽ, അതു ലൗകികങ്ങളായ പ്രാഥമികജീവിതവൃത്തികളെപ്പറ്റി അധികം ബുദ്ധിമുട്ടനുഭവിക്കാതെ കഴിയുന്ന പ്രഭുക്കന്മാരുടെ ഇടയിലാണു്. അവർക്കു ബാഹ്യമായിട്ടു് അധികം ക്ലേശങ്ങളില്ല, ഉള്ളവ ആഭ്യന്തരങ്ങളാണു്. അവയ്ക്കു ടാഗോറിന്റെ കവിതയിലെ ആഭ്യന്തരമത്സരത്തോടു സാദൃശ്യമുള്ളേടത്തോളം ദൂരം അവർ അദ്ദേഹത്തിന്റെ കവിതകളിൽ തങ്ങളുടെ ഛായ കാണുകയും അതുകൊണ്ടു് അതു് ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷേ, ഒരു കണ്ണാടി പരമാവധി മേനിയെ തൃപ്തിപ്പെടുത്താനേ സഹായിക്കുന്നുള്ളു. അതിൽക്കവിഞ്ഞു് അതു് ഉപയോഗശൂന്യമാണു്.
കവിതയിലെ ഈ വേറിട്ടുനില്ക്കുന്ന തന്റെ വ്യക്തി ഭാവത്തെയും ലൗകികമായ നിഷ്പ്രയോജനതയെയും പറ്റി സ്വയം ബോധമുള്ളവനാണു് താനെന്നു കാണിക്കുകയാണോ ടാഗോർ ചെറുകഥകളിൽ ചെയ്യുന്നതെന്നു തോന്നും. ജീവിതപ്രശ്നങ്ങളുടെയും, ജനസമൂഹത്തിന്റെ വികാരസഹസ്രങ്ങളുടെയും, പൊതുതാൽപര്യങ്ങളുടെയും, ആശാഭംഗങ്ങളുടെയും, അതിമോഹങ്ങളുടെയും അത്രയ്ക്കു വിഭവസമൃദ്ധമായ പ്രതിച്ഛായകളാണു് ആ കഥകളെല്ലാം. മറ്റുതരത്തിൽ പറയുകയാണെങ്കിൽ, തന്റെ ചുറ്റും നടക്കുന്ന യാഥാർത്ഥ്യങ്ങളെ വിസ്മരിച്ചിട്ടില്ലാത്ത ഉദാരനായ ഒരു സമുദായാംഗമായും പിന്നീടു മാത്രം കലാകാരനായുമാണു് ടാഗോർ കഥകളിൽ പ്രത്യക്ഷപ്പെടുന്നതു്; എന്റെയും നിങ്ങളുടെയും ചുറ്റും നടക്കുന്ന സംഭവങ്ങളെ, നമ്മുടെ ജോലിത്തിരക്കുകൾക്കും ക്ലേശങ്ങൾക്കുമിടയിൽ നാം അവയെ മറന്നു പോയിട്ടുണ്ടെങ്കിൽ സസ്നേഹം ഓർമ്മപ്പെടുത്തുന്ന ഒരൊന്നാന്തരം സ്നേഹിതനായി പ്രത്യക്ഷപ്പെടുന്ന കഥയിലെ ടാഗോർ, ഒരു ജീർണ്ണിച്ച സാമുദായികക്രമത്തെപ്പറ്റി അക്ഷമനായിത്തീരുകയും അതു വ്യത്യസ്തങ്ങളായ താൽക്കാലികപരിസരങ്ങൾക്കനുകൂലമാംവണ്ണം രൂപവൽക്കരിക്കേണ്ടതാണെന്നു നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നതുപോലെ തോന്നുന്നു.
ഈ സാമുദായികജീവിയും തൽസ്നേഹിയുമായ കലാകാരനു നാം കൂടുതൽ കടപ്പെട്ടിട്ടില്ലേ? ഉണ്ടെന്നു ഞാൻ കരുതുന്നു. സാധാരണജനങ്ങളുടെ വിചാരബന്ധങ്ങൾക്കും താൽപര്യങ്ങൾക്കും അപ്പുറത്തു കിടക്കുന്ന ദൈവികമോ ആദ്ധ്യാത്മികമോ ആയ ലോകത്തെപ്പറ്റിയുള്ള പുതിയ ചിത്രങ്ങളും മായികസ്വപനങ്ങളും നിർമ്മിച്ചു മനുഷ്യരുടെ ഭാവനയെ പുഷ്ടിപ്പെടുത്തുകമാത്രമാണു് സംസ്കാരത്തിന്റെ ചുമതലയെന്നു ഞാൻ വിശ്വസിക്കുനില്ല. ഏതായാലും, കലാകാരന്റെ മുഖ്യമായ പ്രവൃത്തികളിലൊന്നു്, തനിക്കു ചുറ്റും പരന്നുകിടക്കുന്ന പരിസരങ്ങളെ മനസ്സിലാക്കുകയും അവയിലുൾക്കൊള്ളുന്ന എല്ലാത്തരം ലൗകികങ്ങളായ സാദ്ധ്യതകളെയും എങ്ങനെ, എത്രത്തോളം, പരിപൂർണ്ണമായി ഉപയോഗപ്പെടുത്തി ഐഹികജീവിതം ആനന്ദപൂർണ്ണവും തൃപ്തികരവുമാക്കിത്തീർക്കാമെന്നു സാധാരണജനങ്ങൾക്കു വെളിപ്പെടുത്തിക്കൊടുക്കുകയുമാണെന്നു ഞാൻ കരുതുന്നു. ഗ്രീസിന്റെ സംസ്കാരം, അടിമകളെ പുലർത്തിക്കൊണ്ടുവരുന്ന ഒരു സാമുദായികക്രമത്തിനു എത്രത്തോളം ഉന്നതിയിലെത്താമെന്നു കാണിച്ചുതന്നു. മദ്ധ്യകാലങ്ങളിലെ പരിവർത്തനകാലം, പുതിയ വിജ്ഞാനസംരംഭങ്ങളെ എത്രത്തോളം വിജയപ്രദമായ രീതിയിൽ സംഭരിച്ചു് മനുഷ്യർക്കും ഏതെല്ലാംവിധം ഉപയോഗപ്രദമാക്കാൻ സാധിക്കുമെന്നു പഠിപ്പിച്ചു. ഈ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തിപ്പറയുകയാണെങ്കിൽ, ഭൗതികങ്ങളായ സ്ഥിതിഗതികളാണു് ഒരു പ്രത്യേകകാലത്തെ സംസ്കാരം രൂപവൽക്കരിക്കുന്നതെന്നു് അതിശയോക്തി കൂടാതെ പറയാം. ഏതായാലും അതു് അതിനെ നിയന്ത്രിക്കുന്നുണ്ടെന്നു തീർത്തു പറയാം. ഈ സ്ഥിതിഗതികളിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനുഷ്യർക്കും അവസരങ്ങൾ കൊടുക്കുന്നു. അവയെ ഫലപ്രദമായരീതിയിൽ ഉപയോഗപ്പെടുത്തേണ്ടതു് കലാകാരന്മാരുടെയും ശാസ്ത്രകാരന്മാരുടെയും ചുമതലയാണു്. ഒരു പുരോമുഖപക്ഷമായിത്തീർന്നു്, സാമാന്യജനങ്ങൾക്കു മുമ്പു നടന്നു്, മാർഗ്ഗദർശനം നല്കുന്നു. ഇതത്യാവശ്യമാണു്. വർത്തമാനകാലത്തെ സ്ഥിതിഗതികളറിഞ്ഞില്ലെങ്കിൽ നാം എങ്ങനെ അതിന്റെ പോരായ്മകളെയും ദൗർബ്ബല്യങ്ങളെയും അറിയുകയും കൂടുതൽ കാമ്യമായ ഒരു ഭാവിരൂപവൽക്കരിക്കാൻ ശക്തരാവുകയും ചെയ്യും? അതുകൊണ്ടു് സ്വന്തം ആഭ്യന്തരമത്സരങ്ങളിൽ മുഴുകി അതിനൊരു പരിഹാരമെന്നോണം അലൗകികമായ സ്വരത്തിൽ പാടുകയും അങ്ങനെ ഭൂതകാലത്തിന്റെ തണലിലിരുന്നു വിശ്രമം കൊള്ളുകയും ചെയ്യുന്ന ഒരു കവി, വ്യക്തിമാഹാത്മ്യത്തിന്നെത്ര മുമ്പിട്ടുനിന്നാലും വേണ്ടതില്ല, സാമുദായികമായ വിലമതിക്കലിൽ താന്നു പോകുന്നു. നിലവിലുള്ള സാമുദായികതത്ത്വങ്ങളുടെ പോരായ്മകൾ ടാഗോർ മനസ്സിലാക്കാതിരുന്നിട്ടില്ല. പക്ഷേ, അതിനദ്ദേഹം കവിതയിൽ തേടുന്ന പ്രതിവിധി—അതൊരു പ്രതിവിധിയായി കരുതീട്ടുണ്ടെങ്കിൽ—ഏതായാലും പഴയതാണു്. അദ്ദേഹത്തിന്റെ വ്യക്തിവൈശിഷ്ട്യം അതിന്നു് എത്ര പുതിയ ജീവൻ നല്കീട്ടുണ്ടെങ്കിലും, പരിവർത്തനത്തിനുവെമ്പിനില്ക്കുന്ന ഇന്നത്തെ സാമുദായികക്രമത്തിൽ ഒരു മാറ്റം വരുത്താനുള്ള ശക്തിയായി രൂപാന്തരപ്പെട്ടിട്ടില്ല; പ്രവൃത്തിപരമായ ഉണർവും ഉത്സാഹവും: അതു നല്കീട്ടുമില്ല. അത്രയ്ക്കു് അതു പരാങ്മുഖവുമാണെന്നു പറയാം. ആവേശവും അഭിമാനവും നല്കാനുതകുന്ന തൃപ്തികരമായ ഒരു പുതിയ സമുദായക്രമത്തെ സൃഷ്ടിക്കേണ്ടതെങ്ങനെയാണെന്നു്, ഒരു മാർഗ്ഗദർശിയുടെ നിലയിൽ, അദ്ദേഹം കഥയിൽ നിർവ്വചിച്ചിട്ടുണ്ടെന്നല്ല ഇവിടെ സമർത്ഥിക്കുന്നതു്. സാമുദായികങ്ങളായ പല ക്രമക്കേടുകളും അദ്ദേഹം അതിലെടുത്തു പുറത്തിടുകയെങ്കിലും ചെയ്യുന്നുണ്ടെന്നേ പറയുന്നുള്ളു. അവയ്ക്കു പരിഹാരം കാണുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ടു്.
അദ്ദേഹത്തിന്റെ കഥകൾക്കുള്ള ഒരു പ്രത്യേക മെച്ചം അവ ഏതൊരു രാജ്യത്തിന്റെയും കാലത്തിന്റെയും പ്രതിനധികളാണോ, അവയുടെ പൂർണ്ണരൂപം കഥനരീതിയിൽത്തന്നെ പ്രകാശിപ്പിക്കുന്നുണ്ടെന്നുള്ളതാണു്. നിമ്നോന്നതങ്ങളായ നമ്മുടെ സാമുദായിക ക്രമങ്ങളെയും, ആദർശങ്ങളും പ്രായോഗികജീവിതചര്യകളും തമ്മിലുള്ള ആഭ്യന്തരമത്സരങ്ങളെയും, അദ്ദേഹത്തിന്റെ കഥ പറയുന്ന രീതിയിൽക്കൂടി പ്രതിബിംബിച്ചുകാണാം. കഥയുടെ സ്ഥലരൂപത്തിൽ ഇതു കുറേക്കൂടി തെളിഞ്ഞുകിടക്കുന്നു. സംഭവങ്ങളെയും സംഭവിച്ചേതീരൂ എന്ന കാര്യങ്ങളേയും പറ്റിയാണു് അദ്ദേഹത്തിന്റെ കഥകൾ മിക്കവയും. പ്രഥമവീക്ഷണത്തിൽ ഇതിലെന്താണു അത്ഭുതകരമായിട്ടുള്ളതെന്നു തോന്നും. സാഹിത്യത്തിന്റെ വളർച്ചയെപ്പറ്റിയുള്ള ചരിത്രം അല്പം സൂക്ഷിച്ചുനോക്കുകയാണെങ്കിൽ ടാഗോർ ഇതിൽ പ്രദർശിപ്പിച്ചിട്ടുള്ള മാർഗ്ഗദർശനം എത്ര വിലമതിച്ചതാണെന്നറിയാം. അസാദ്ധ്യതകളെപ്പറ്റിയുള്ള കെട്ടുകഥകളാണു സാഹിത്യത്തിന്റെ ഏറ്റവും പഴയ രൂപം. യക്ഷികഥകൾ, പുരാണേതിഹാസങ്ങൾ മുതലായവ ഇതിന്റെ തെളിവുകളാണു്. പിന്നീടതു് അസംഭവ്യതകളേയും സംഭവ്യതകളേയും പറ്റിയുള്ള കാല്പനികകാലമായി മാറി. അതു കഴിഞ്ഞു് സാഹിത്യം ഇനിയും യാഥാർത്ഥ്യങ്ങളിലേക്കു കടന്നുകഴിഞ്ഞിട്ടില്ല. സംഭവ്യതകളെ വിട്ടു, സംഭവങ്ങളെയും സംഭവിച്ചേ തീരൂ എന്ന വിഷയങ്ങളെയും സാഹിത്യം ഏറ്റെടുക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. ഇതിനൊരു മാർഗ്ഗദർശകനാണു ടാഗോർ.
ഈ യാഥാത്ഥ്യബോധം എത്ര മനോഹരമായിട്ടാണു് പാത്രസൃഷ്ടിയിൽ ടാഗോർ കാണിച്ചിരിക്കുന്നതു്! ആദർശ പാത്രങ്ങളെ സൃഷ്ടിക്കുന്ന പാരമ്പര്യം അദ്ദേഹം തീരെ ഉപേക്ഷിച്ചിരിക്കുന്നു. ഗുണങ്ങളുടെയും ദുർഗുണങ്ങളുടെയും മൂർത്തികളെ സൃഷ്ടിച്ചു് അവ സാവർത്രികതയ്ക്കുദാഹരണമാക്കുന്ന മട്ടു് കേവലം കൃത്രിമവും അയഥാർത്ഥവുമാണെന്നു് അദ്ദേഹത്തിന്റെ പാത്രങ്ങൾ തെളിയിക്കുന്നു. പരിപൂർണ്ണഗുണവാനോ അതുപോലെ ദുർഗുണസമ്പന്നനോ ആയ ഒരു പാത്രം മിത്ഥ്യയാണെന്നു് അദ്ദേഹം കരുതുന്നു. ഏറെക്കുറെ പരിസരങ്ങളുടെ സൃഷ്ടിയാണു് ജീവികൾ. മുഴുക്കെ ഗുണകരമോ അതല്ലെങ്കിൽ അതുപോലെ ചീത്തയോ ആയ ഒരു പരിസരം എവിടെയും ആർക്കും ലഭിക്കുന്നില്ല. അതുകൊണ്ടു്, ദുഷ്ടനും മാതൃകാഗുണവാനും യാഥാർത്ഥ്യങ്ങൾക്കു വിരുദ്ധമാണു്. അങ്ങനെയുള്ള പാത്രങ്ങൾ ഏതായാലും സാവത്രികതയ്ക്കുദാഹരണമാവുകയില്ലതന്നെ. സാധാരണജനങ്ങൾക്കു വിഭാവനം ചെയ്യുവാൻ കഴിയുന്ന, നാനാതരം സ്വഭാവവിശേഷങ്ങളോടു കൂടിയ പാത്രങ്ങൾ മാത്രമേ സാർവത്രികതയ്ക്കുദാഹരണമാകുന്നുള്ളൂ. അതുകൊണ്ടു് ടാഗോറിന്റെ കഥാപാത്രങ്ങളെല്ലാംതന്നെ വിവിധങ്ങളായ സ്വഭാവങ്ങളോടുകൂടിയ, സമുദായത്തിലെ സാധാരണരായ, അംഗങ്ങളായിത്തീർന്നിരിക്കുന്നു.
ഇതിലെല്ലാം അത്ഭുതം, തന്റെ വ്യക്തിവിശേഷമോ കലാചാതുരിയേയോ കൈവിടാതെയാണു ടാഗോർ കഥയിൽ ഈ സാവത്രികത്വം സാധിച്ചിട്ടുള്ളതെന്നുള്ളതാണു്. കവിതയിലെ ടാഗോർ ഒരു പ്രത്യേക തരത്തിൽ ലൗകികരിൽനിന്നു വേറിട്ടുനില്ക്കുന്നു. സന്ധ്യയ്ക്കു ഞാനും നിങ്ങളും നമ്മുടെ സാധാരണ രക്ഷാസ്ഥാനമായ ഗൃഹങ്ങൾ തിരഞ്ഞുപോകുമ്പോൾ ടാഗോർ. ഒരു പക്ഷിയുടെ ഉയരത്തിൽ, വിസ്തൃതമായ ആകാശത്തിലൂടെ നമുക്കുപരി ചിറകടിച്ചു പറന്നുപോകുന്നു. പക്ഷിയ്ക്കും രക്ഷാസ്ഥാനമുണ്ടെന്നുള്ളതു തീർച്ചയാണു്. പക്ഷേ, അതു നമ്മുടേതിൽനിന്നും എത്ര ഭിന്നം!
ഈ പ്രത്യേകത കഥയിൽ ടാഗോർ തീരെ ത്യജിച്ചിരിക്കുന്നു. അതിലദ്ദേഹം ഒരു ഗൃഹസ്ഥന്റെ നിലയിൽ ആ വെള്ളിക്കമ്പികൾ പോലുള്ള നീണ്ട താടി തടവിക്കൊണ്ടു നമ്മുടെകൂടെ വീട്ടിലേക്കു വരുകയും, ഒരു സ്നേഹിതന്റെ സൗഹാർദ്ദസ്വരത്തോടുകൂടി ലൗകികങ്ങളായ നാനാതരം പ്രശ്നങ്ങളെപ്പറ്റി സംഭാഷണം ചെയ്യുകയും ചെയ്യുന്നു. ആ വൃദ്ധനായ ഗൃഹസ്ഥനു് തന്റെ രാജ്യക്കാരുടേതിൽനിന്നു ഭിന്നമായ ഒരു ഭാഗധേയവുമില്ല അതു കൊണ്ടു അദ്ദേഹം കഥകൾ തുറന്നു പറയുന്നു. അതു കേട്ടു കൊണ്ടിരിക്കുമ്പോൾ അതിൽ മുഴുകിപ്പോകുന്നു. അതു പതുക്കനെയോ മിന്നൽ വേഗത്തിലോ ആവാം. പലപ്പോഴും അതു മിന്നൽവേഗത്തിലാണു്. ഒരിക്കൽ ആകർഷിച്ചു കഴിഞ്ഞാൽ തീർന്നു, നാമതിൽ മുങ്ങിപ്പോയി. ടാഗോർ കഥകളുടെ സർവസാധാരണത്വവും രഹസ്യവും ഇതാണു്. അതിന്റെ സ്വാധീനതയും ഇതാണു്. ഇന്ന തരത്തിലൊരു ലോകം നമ്മുടെ ചുറ്റും നിലനില്ലന്നുണ്ടെന്നു നാം തീർച്ചപ്പെടുത്തുന്നതിന്നു മുൻപു് അദ്ദേഹം അത്തരമൊരു ലോകം നമുക്കുവേണ്ടി സൃഷ്ടിച്ചുതരുന്നു. അതിനുശേഷം അദ്ദേഹം നമ്മെ അതിലേക്കാനയിക്കുന്നു. അതിലെ വിശേഷതകൾ ഓരോന്നോരോന്നായി കണ്ടുകൊണ്ടിരിക്കുമ്പോൾ, ഇത്തരമൊരു ലോകം നമുക്കു ചുറ്റുമുണ്ടോ, അവയിലെ വിശേഷങ്ങൾ ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടവ തന്നെയാണോ, എന്നു കണ്ടുപിടിക്കുവാൻ കൂടി നാം വിസ്മരിച്ചുപോകുന്നു. ഹൃദയസ്പർശികളും സ്വാഭാവികങ്ങളുമായ ആ കാഴ്ചകൾ അത്രമാത്രം സ്വന്തങ്ങളായി നമുക്കനുഭവപ്പെടുന്നു. അതുകൊണ്ടു് നാം അതിൽ ശ്രദ്ധിക്കുന്നു. അങ്ങനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു ചുറ്റും മറ്റൊരു ലോകമില്ല. ടാഗോറാകട്ടേ, ആ മഹത്തായ ഇതരലോകത്തെ വിസ്മരിക്കുന്നില്ല. അതിനെ സ്മരിക്കുവാൻ കിട്ടുന്ന ഒരൊറ്റ സന്ദർഭമെങ്കിലും അദ്ദേഹം വിട്ടുകളയുന്നില്ല. യാഥാത്ഥ്യത്തിന്റെ എല്ലാ വശവും ടാഗോർ ഒരു കഥയിലും ഒന്നോടെ കാണിച്ചുതരുന്നില്ല. എല്ലാറ്റിലും കൂടിയും കാണിച്ചുതരുന്നില്ല. അദ്ദേഹം അതിനു ശ്രമിച്ചിട്ടില്ല. ശ്രമിച്ചാലും സാധിക്കുമായിരുന്നുമില്ല. എന്നാൽ ആ പലതരം യാഥാർത്ഥ്യങ്ങളുമടങ്ങിയ പരമ യാഥാർത്ഥ്യത്തിന്റെ ഒരു വശത്തെപ്പറ്റി വ്യവഹരിക്കുന്ന ഒരു പ്രത്യേക സന്ദർഭത്തിൽ ആ പ്രത്യേകഭാഗം സ്വയം പൂർണ്ണമാണു്. ആ പൂർണ്ണത മറുഭാഗത്തെ ഓർമ്മിപ്പിക്കുവാൻ ഉപകരിക്കുകയും ചെയ്യുന്നു. ഓരോ കഥയിലെയും ഓരോ പാത്രവും അതിന്റെ ഭൗതികഭാവത്തെ വിളിച്ചുപറയുന്നു. അവരുടെ ഓരോ നോട്ടവും അവരുടെ സ്വഭാവത്തിന്റെ ഇരുളടഞ്ഞ നാനാവശങ്ങളിലേക്കും ഓരോ പ്രകാശനാളം കാണിച്ചുതരുന്നു ഇതും ഒരൊറ്റക്കഥയിലെങ്കിലും വിട്ടു പോയിട്ടില്ല. നമ്മുടെ ജീവിതമളക്കുവാൻ ഒരു പ്രത്യേകമാനദണ്ഡം തരുകയാണെന്നു തോന്നും. അത്രയ്ക്കു ലളിതമായും കലവറകൂടാതെയുമാണു് അദ്ദേഹം തന്റെ പാത്രങ്ങളുടെ സ്വഭാവവിശേഷം നമ്മളുമായി പങ്കിടുന്നതു്. വായനക്കാരിൽനിന്നും അദ്ദേഹത്തിന്നു യാതൊന്നും മറച്ചുവെക്കാനില്ല. അതുകൊണ്ടു് തന്റെ പാത്രങ്ങളുടെ പരിസരങ്ങളെയും ആ പരിസരങ്ങൾ അവരിലുണ്ടാക്കിത്തീർക്കുന്ന സന്മാർഗ്ഗികങ്ങളും അസാന്മാർഗ്ഗികങ്ങളുമായ പരസ്സഹസ്രം വികാരങ്ങളെയും അദ്ദേഹം ഒരു ദൃൿസാക്ഷിയുടെ വിശ്വസ്തതയോടും ഒരു ചിത്രകാരന്റെ വർണ്ണവൈചിത്ര്യബോധത്തോടും കൂടി രേഖപ്പെടുത്തുന്നു.
ഒരസാധാരണകലാകാരനുമാത്രമേ ഇതു സാധിക്കൂ. ഗ്രഹണപാടവവും നിരീക്ഷണശക്തിയും ജന്മവാസനയും ബുദ്ധിവികാസവും ആദർശവും നിത്യപരിചയവും തമ്മിലുള്ള പൊരുത്തം അത്ര പരിപൂർണ്ണമായ ഒരു കലാകാരനേ ഇതു കഴിയൂ. ടാഗോറിന്റെ കഥാപാത്രങ്ങൾക്കുള്ളതിലധികം നിശിതമായ വ്യക്തിത്വവും സാവത്രികതയുമുള്ള പാത്രങ്ങൾ മറ്റെവിടെയും കണ്ടുകിട്ടാനില്ല. എന്നിരുന്നാലും അവ ഏതു പരിസരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണോ നിർമ്മിക്കപ്പെട്ടിട്ടുള്ളതു്, ആ പരിസരങ്ങളോടു വിശ്വാസവഞ്ചന ചെയ്യുന്നില്ല. മിനി ഓമനിക്കപ്പെടേണ്ടുന്ന ഒരു സാധാരണപെൺകുട്ടിയാണു്. അവളുടെ പിതാവായ ഗൃഹസ്ഥന്റെ ഗൗരവഭാവവും ആർദ്രതയും സവസാധാരണമായ ഗ്രാമീണസ്വഭാവമാണു്. ധനേച്ഛുക്കളായ മൃത്യുഞ്ജയനെപ്പോലുള്ള നിധി കാക്കുന്ന ഭൂതങ്ങളെ ഏതു പിശുക്കനായിട്ടു വേണമെങ്കിലും തെറ്റിദ്ധരിക്കാം. ഇവരുടെ ആരുടേയും സ്വഭാവവിശേഷങ്ങൾ പുത്തനല്ല. എന്നാൽ ഓരോരുത്തർക്കും ഒരു പ്രത്യേകതരം ജീവനും സവിശേഷതയും കിട്ടുന്നു. ലോകത്തിൽ നടപ്പില്ലാത്ത യാതൊന്നുമായി ഈ പാത്രങ്ങൾക്കു ബന്ധമില്ല. അതായതു്, ഒന്നാമതായി അവരെല്ലാം ഐഹികലോകത്തിലെ അംഗങ്ങളാണു്. പിന്നീടുമാത്രം താന്താങ്ങളും, പക്ഷേ, അവർ പറയേണ്ടതെന്താണെന്നും പെരുമാറേണ്ടതെങ്ങനെയാണെന്നും ടാഗോറിന്നു മാത്രമേ നിശ്ചയമുള്ളു. ഇതാണു് പ്രത്യേകത. അവരതു ചെയ്തുകഴിഞ്ഞാൽ, അതങ്ങനെതന്നെയാണു വേണ്ടതെന്നു നമ്മളും തീർച്ചപ്പെടുത്തുന്നു. ഇതാണു് അദ്ദേഹത്തിന്റെ കഥയിലെ കഥനചാതുര്യം. ടാഗോർ സ്വന്തം വ്യക്തിത്വത്തിന്നു കഥയിൽ മൗനം കല്പിക്കുന്നു. ആ മൗനം അദ്ദേഹത്തിന്റെ പാത്രങ്ങൾക്കു ഭാഷ കരസ്ഥമാക്കിക്കൊടുക്കുകയും ചെയ്യുന്നു. അവരുടെ ഓരോ ശബ്ദത്തിലും നാം ശ്രദ്ധിക്കുകയും ചെയ്യുന്നു പാത്രങ്ങളെ മനസ്സിലാക്കാൻ വയ്യാത്ത രീതിയിൽ അവയുടെ നടുക്കു കഥാകാരന്റെ വ്യക്തിത്വം വിലങ്ങടിച്ചുകിടക്കുന്നില്ല. കഥയിൽ കാണുന്ന ടാഗോറിന്റെ മെച്ചവും അതിർത്തിയും ഇതാണു്. ഇതിനു കാരണം, അദ്ദേഹം ലോകത്തെ ആ രീതിയിൽ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളതാണു്.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)
[1] ഞാൻ അസ്വസ്ഥനായിരിക്കുന്നു. വിദൂരത്തിലിരിക്കുന്ന സാധനങ്ങൾക്കുവേണ്ടി എനിക്കു ദാഹിക്കുന്നു. അവ്യക്തമായിക്കാണുന്ന അപാരതയുടെ മൂടുപടം സ്പർശിക്കുവാൻ എന്റെ ആത്മാവു വെമ്പുന്നു. അഹോ, മഹത്തായ അപാരതേ, അധൃഷ്യമായ അവിടത്തെ മുരളീരവം കേൾക്കുമ്പോൾ എനിക്കു പറക്കുവാൻ ചിറകില്ലെന്നും ഞാൻ ഈ പ്രദേശത്തു ദൃഢമായി ബദ്ധനായിക്കിടക്കുകയാണെന്നും ഞാൻ തീരെ മറന്നുപോകുന്നു.