നിസ്സീമമായ ക്ലേശം സഹിക്കാനുള്ള ഒരു കഴിവാണു പ്രതിഭ എന്നർത്ഥം വരുന്ന ഒരു ചൊല്ലുണ്ടു് ഇംഗ്ലീഷിൽ. ഈ നിർവ്വചനത്തെ മാനദണ്ഡമാക്കി നോക്കുകയാണെങ്കിൽ, മഹാകവി ഉളളൂരി നെപ്പോലെയോ അദ്ദേഹത്തിന്റെ അടുത്തു നില്ക്കാൻ തന്നെയോ യോഗ്യനായ മറ്റൊരു പ്രതിഭാശാലിയെ കണ്ടുകിട്ടുക എളുപ്പമല്ല. കേരളത്തിൽ പ്രതിഭാശാലികൾക്കു ക്ഷാമമുണ്ടെന്നോ, മഹാകവി ഉളളൂരിനു കവിതയെഴുതുന്നതു് ക്ലേശകരമായ ഒരു ജോലിയാണെന്നോ അല്ല വിവക്ഷ. അദ്ദേഹത്തെപ്പോലെ ഇങ്ങനെ സാധാരണക്കാരെ ഉത്സാഹപ്പെടുത്തുകയും, എന്നാൽ, നിസ്സംശയം ക്ഷീണിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ, സാർവ്വത്രികമായ തോതിൽ, നാനാതരം പ്രവൃത്തികളെടുത്തു് വയോവൃദ്ധനായ ഒരു മാന്യനെ കേരളത്തിൽ കാണുവാൻ പ്രയാസമാണെന്നേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. ഗുരുതരമായ ഉത്തരവാദിത്വം നിറഞ്ഞ ഗവണ്മെന്റ് ജോലി, സക്കാരിന്നും നാട്ടുകാർക്കും അഭിമാനകരമായ നിലയിൽ കാര്യക്ഷമമായി നോക്കി പൊതുജന സമ്മതനായ ഒരുദ്യോഗസ്ഥനായി പെൻഷൻപറ്റി; ഇരുളടഞ്ഞുകിടന്ന മലയാളത്തിന്റെ ദുർഗ്രഹങ്ങളായ പല മൂലകളിലേക്കും ഭാഷാവിഷയകമായ ഗവേഷണ പ്രഭ വീശി; പണ്ഡിതാഗ്രേസരന്മാർക്കു കൂടി അസൂയ ജനിപ്പിക്കുമാറു നാലു ഭാഷകളിലെങ്കിലും അസാമാന്യമായ പാണ്ഡിത്യം സമ്പാദിച്ചു; ഗഹനങ്ങളായ അനവധി വിഷയങ്ങളെപ്പറ്റി സമർത്ഥമായ രീതിയിൽ അനേകം ലേഖനങ്ങളെഴുതി; കവിയശഃപ്രാർത്ഥികളായ നിരവധി ചെറുപ്പക്കാരുടെ ഗുരുനാഥസ്ഥാനം വാത്സല്യസമേതം കയ്യേറ്റു; ഇതിനൊക്കപ്പുറമേ താൻതന്നെ മഹാകാവ്യങ്ങൾ തുടങ്ങി ആത്മഗീതങ്ങൾവരെ, സാഹിത്യത്തിന്റെ ഒരൊറ്റ ശാഖയെങ്കിലും ഒഴിച്ചുവെക്കാതെ, നിരന്തരം കവിതകളെഴുതി മഹാകവിസ്ഥാനം നിഷ്പ്രയാസം നേടുകയും ചെയ്തു. എന്തൊരു മഹത്തായ കർമ്മകുശലതയാണു്! സാധാരണക്കാരനായ ഒരാൾക്കും മേല്പറഞ്ഞ കാര്യങ്ങൾ നിർവ്വഹിക്കുവാൻ സാധിക്കുമോ എന്നു ശ്രമിക്കുന്നതിനുതന്നെ, ഞാൻ കണക്കാക്കുന്നതു്, അത്രയെണ്ണം ജന്മമെടുക്കേണ്ടി വരുമെന്നാണു്. എന്നാൽ മഹാകവി ഉളളൂർ സാധാരണക്കാരനല്ല. കവികളുടെ ഇടയിൽപ്പോലും അദ്ദേഹത്തെപ്പോലെ ഒരാളുണ്ടാവുക അസാധാരണമാണു്. അത്ര സമുന്നതവും അതുപോലെ പക്ഷേ, ചോദ്യം ചെയ്യപ്പെടാവുന്നതുമായ ഒരു ഉന്നത സ്ഥാനത്തെയാണു്, കവിയും കലാകാരനും എന്ന നിലയ്ക്കു് അദ്ദേഹം അലങ്കരിക്കുന്നതു്.
കേരളത്തിലെ എണ്ണപ്പെട്ട മൂന്നു മഹാകവികളിലൊരാൾ അദ്ദേഹമാണെന്നതിനെപ്പറ്റി സംശയമില്ല. ഭാഷയുടെ ബാല്യദശയിൽ അതിനെ സർവ്വാദരണീയമായ വാത്സല്യത്തോടെ ശുശ്രൂഷിച്ചിരുന്ന ഭാഷാഭിമാനികളുടെ കൂടെ മുന്നണിയിൽ നിന്നിരുന്നതും അദ്ദേഹമാണെന്നതിനു സംശയമില്ല. എന്നാൽ സംസ്കൃതഭാഷയും മലയാള ഭാഷയും തമ്മിലുള്ള ചിരപ്രാർത്ഥിതമായ ആ ഭാഗംപിരിയലിൽ മഹാകവി ഉളളൂർ മലയാളത്തിന്റെ ഭാഗത്താണു ചേർന്നതെങ്കിലും, അദ്ദേഹത്തിന്റെ പ്രതിഭ സംസ്കൃതത്തിന്റെ സാങ്കേതികാനുകൂല്യങ്ങൾ കൈവെടിയുവാൻ അശക്തമായി എന്നുള്ളതു് ഒരു പരമാർത്ഥമാണു്. അതു നിമിത്തം ആ രണ്ടു ഭാഷകളും തമ്മിൽ ഭാഗം പിരിയുന്നതിന്നു തർക്കിച്ചുനില്ക്കുന്ന ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന കവിതാരീതിയിൽനിന്നും അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു് ഇതേവരെ എഴുനേല്ക്കാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും അതിനു ശ്രമിച്ചിട്ടുണ്ടെങ്കിലും മിക്കവാറും പരാജയത്തിലാണു കലാശിച്ചിട്ടുള്ളതു്. പക്ഷേ, അദ്ദേഹത്തിന്റെ പരാജയങ്ങൾ പോലും ആദരണീയങ്ങളാണു്. കാരണം, ഒരു കലാകാരൻ എന്ന നിലയ്ക്കു് അദ്ദേഹത്തിന്റെ മഹത്ത്വം കിടക്കുന്നതു്, നാം അദ്ദേഹത്തിന്റെ കവിതകളെ ഇഷ്ടപ്പെടുന്നതിലധികം നിശ്ശബ്ദമായി ആദരിക്കുന്നു എന്നുള്ളതിലാണു്. അദ്ദേഹത്തിന്റെ കവിതകളിൽ മുഷിപ്പനായിട്ടുള്ളവ ധാരാളമുണ്ടു്. നമ്മുടെ താൽപര്യം നശിച്ചുപോയിട്ടുള്ള പല സാങ്കേതികരീതികളും അതുപോലെ വിരസങ്ങളായ ഇതിവൃത്തങ്ങൾ വർണ്ണിക്കുന്നതിനു് ഉപയോഗപ്പെടുത്തുന്നതു കൊണ്ടും, അതുതന്നെ ആവശ്യത്തിലധികം നീട്ടിച്ചെയ്യുന്നതുകൊണ്ടുമാവാം ഇതു സംഭവിക്കുന്നതു്. മഹാകവി ഉളളൂരാണു് ഗ്രന്ഥകർത്താവു് എന്നറിഞ്ഞില്ലെങ്കിൽ, പക്ഷേ, നാം ശ്രദ്ധിക്കാതെ തന്നെ പോകുമായിരുന്ന പല കവിതകളും, മറ്റു മഹാകവികളെപ്പോലെ അദ്ദേഹവും എഴുതിയിട്ടുണ്ടു്. എന്നാൽ ഒരു വ്യത്യാസമുണ്ടു്: അവയിലെല്ലാം തന്നെ നമ്മെ നമ്മുടെ ഇരിപ്പിൽനിന്നും അറിയാതെ എഴുന്നേല്പിക്കുന്ന സമ്മാന്യമായ ഒരുവക പാണ്ഡിത്യ പ്രകടനമുണ്ടു്. ഒരു കവി എന്ന നിലയ്ക്കു് നാം അദ്ദേഹത്തെ സ്നേഹിക്കുന്നില്ല, ആദരിക്കുന്നേയുള്ളു. ആശാനെ യോ വള്ളത്തോളി നെയോ അറിയുന്നതു പോലെ നാം അദ്ദേഹത്തെ കവിതയിലൂടെ അറിയുന്നില്ല. കാരണം, അദ്ദേഹം ഒരാളല്ല, ബഹുമുഖമായ പാണ്ഡിത്യം ഒന്നിച്ചു കൂടിയ ഒരു ശബ്ദവിശേഷമാണു്. അദ്ദേഹത്തിന്റെ വാഗ്വിലാസം പാണ്ഡിത്യത്തിന്റെതാണു്, പരിചയത്തിന്റെതല്ല. അതുകൊണ്ടു് നാം അദ്ദേഹത്തെ കണ്ണുനീരിന്റെയും പൊട്ടിച്ചിരിയുടെയും നാഥനായി അറിയുന്നില്ല. ബഹുമാന്യമായ ഒരു പണ്ഡിതസദസ്സിലിരിക്കുമ്പോളുണ്ടാവുന്ന ഒരനുഭവമാണു് അദ്ദേഹവുമായുള്ള പരിചയത്തിൽ നിന്നു ജനിക്കുന്നതു്.
പണ്ഡിതസദസ്സു്, ഏതായാലും ലഘുവായൊന്നു രസിച്ചു വിശ്രമിക്കാൻ പറ്റിയ സ്ഥലമല്ലെന്നുള്ളതു തീർച്ചയാണു്. അവിടെ നിങ്ങളുടെ വികാരശൂന്യമായ, എന്നു തന്നെ പറയട്ടെ, ബുദ്ധിവികാസത്തിന്നും പാണ്ഡിത്യത്തിന്നുമാണു പ്രാമാണ്യം; അതില്ലെങ്കിൽ നിങ്ങൾ ക്ഷണത്തിൽ ക്ഷീണിക്കുകയും അവിടെനിന്നും ഓടി രക്ഷപ്പെടുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ മഹാകവി ഉള്ളൂരിന്റെ കവിതകളും ലഘുവായൊന്നു വായിച്ചു രസിക്കുവാൻ പറ്റിയവയല്ല. അതൊരു ഗുരുതര വിഷയമായി സ്വയം ഏറ്റെടുത്തു മനഃപൂർവം ബുദ്ധിമുട്ടാൻ തയ്യാറില്ലെങ്കിൽ നിങ്ങൾ നിരാശപ്പെടുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ കവിതകളിൽ വിചാരങ്ങളും വികാരങ്ങളും ഏതാണ്ടു് ഒരേ ഉടുപ്പിട്ടാണു സദസ്സു കൂടിയിരിക്കുന്നതു്. അതിൽനിന്നും ഓരോന്നിനെ വേർതിരിച്ചറിയുക സാധാരണക്കാരനു് എളുപ്പമുള്ള പണിയല്ല. ശിഷ്യഗണങ്ങളോടുകൂടിയിരിക്കുന്ന ഒരുപാദ്ധ്യായന്നാകട്ടെ ഇതു് ഏറ്റവും രസകരമായ ജോലിയായി അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കു കൂടുതൽ പ്രചാരം സിദ്ധിച്ചിട്ടുള്ളതു ക്ലാസ്സുമുറികളിലാണു താനും. സാഹിത്യപരമായി അവയ്ക്കു് ഇതൊരു കോട്ടമാണെന്നല്ല ഇതിന്റെ അർത്ഥം. അസാമാന്യമായ അവയുടെ സാഹിത്യ ഗൗരവം നിമിത്തം, ഒരു ഗുരുവിന്റെ കീഴിൽ പഠിക്കുന്നതാണു സാമാന്യജനങ്ങൾക്കു കൂടുതൽ ഗുണകരമെന്നേ ഇവിടെ സൂചിപ്പിക്കുന്നുള്ളു.
അദ്ദേഹത്തിന്റെ കവിതാരീതിയുടെ പ്രത്യേകതയാണു് ഇതിനു കാരണം. അതു പ്രായേണ സാഹിത്യപ്രണയികളായ സാമാന്യ വായനക്കാരെ അലക്ഷ്യമാക്കിത്തള്ളി, സാഹിത്യമർമ്മജ്ഞനായ പണ്ഡിതനെ സന്തോഷിപ്പിക്കുവാൻ ശ്രമിക്കുന്നു. പണ്ഡിതന്മാരാകട്ടെ, അലങ്കാരങ്ങൾ തുടങ്ങിയ സാങ്കേതികധർമ്മങ്ങളിൽ സവിശേഷം ശ്രദ്ധവയ്ക്കുന്നവരും അവയിൽ അത്യന്തം സന്തോഷിക്കുന്നവരുമാണു്. അവരെ സന്തോഷിപ്പിക്കുവാനുള്ള മനഃപൂർവമോ അല്ലാത്തതോ ആയ ഒരു നിഷ്കർഷനിമിത്തം അദ്ദേഹം കവിതാ വിഷയങ്ങളെ സമീപിക്കുന്നതു് അലംകൃതങ്ങളായ സാങ്കേതികമാർഗ്ഗങ്ങളിലൂടെയാണു്. സാധാരണക്കാരന്നാകട്ടെ, അതൊരു കൃത്രിമമാറ്റമായിട്ടും, അതു നിമിത്തം അദ്ദേഹത്തിന്റെ ഭാവനാചിത്രങ്ങൾ ക്ലേശകരമായ ഒരു പ്രവൃത്തിയുടെ ഫലമായിട്ടു് അനുഭവപ്പെടുന്നു. കലാപരമായ അനുഭവം സാധിച്ചിട്ടുള്ള സ്ഥലങ്ങളിൽപ്പോലും, അതായതു് വർണ്ണ്യവസ്തുവിന്റെ പ്രതീതി ജനിപ്പിച്ചിട്ടുള്ള സന്ദർഭങ്ങളിൽക്കൂടി, ആ അനുഭവം ആവശ്യത്തിലധികം വില കൊടുത്തു വാങ്ങിയതാണെന്ന ഒരു ബോധം വായനക്കാരിലുണ്ടായിത്തീരുന്നു. അത്രയും ദൂരം ക്ലിഷ്ടമായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചതിന്റെ ക്ഷീണം നിമിത്തം അയാൾക്കു ക്ഷണികമായുണ്ടാകുന്ന ഈ കലാനുഭൂതിയിൽ വേണ്ടപോലെ തൃപ്തിവരാതെ പോവുകയും ചെയ്യുന്നു. വളരെ പ്രയാസപ്പെട്ടു് മേല്പുര നീക്കി മോന്തായത്തുകൂടി കടന്നുവന്ന ഒരാൾക്കു്, താൻ കടന്നുവന്ന മുറിക്കു വിശാലമായ തുറന്ന വാതിലുകളുണ്ടെന്നു കാണുമ്പോളുണ്ടാവുന്ന ഒരു മനോവികാരത്തോടാണു് ഇതിനു സാദൃശ്യമെന്നു പറയാം.
അദ്ദേഹത്തിന്റെ കവിതയിലെ സംഗീതമാകട്ടെ, തീരെ തൃപ്തികരമല്ല. അതു ഭാവനാ ചിത്രങ്ങളുടെ സൂക്ഷ്മ അന്തശ്ചലനങ്ങളുടെ ആവശ്യം മനസ്സിലാക്കാൻ ശ്രമിക്കാതെ, വൃത്തത്തിന്റെ ഏകാധിപത്യത്തെ ബഹുമാനിക്കാൻ മാത്രമേ ശീലിച്ചിട്ടുള്ള. വൃത്തത്തിന്റെ ഈ പട്ടാളനടത്തിപ്പിന്റെകൂടെ പുതിയ വാക്കുകളോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തിയും നടന്നുപോകുന്നു. ഒന്നുരണ്ടു പുതിയ വാക്കുകൾ ഉപയോഗിക്കാതെ അദ്ദേഹത്തിന്റെ കവിത അവസാനിക്കുന്നതു ഞാൻ കണ്ടിട്ടില്ല. വാക്കുകൾക്കു് അവയുടെ അർത്ഥം പോലെത്തന്നെ പ്രധാനമായി സാഹചര്യപരവും സംഗീതപരവുമായ ഒരു വിലകൂടിയുണ്ടെന്നു മനസ്സിലാക്കാതെ കവിതയെഴുതിയിട്ടുള്ള ഒരാൾക്കു് സാഹിത്യത്തില്‍ സൗഹാർദ്ദ പ്രതിഷ്ഠ ലഭിച്ചതായി കണ്ടിട്ടില്ല.
ഇതെല്ലാം, കവിതയുടെ കലാപരമായ ഭാഗത്തെ മാത്രം സ്പർശിച്ചു കൊണ്ടുള്ള അവലോകനമാണു്. കലാപരമല്ലാതെ, കവിതയ്ക്കു വിജ്ഞാനപരമായ ഒരു വശം കൂടിയുണ്ടു്. ഇതിനെ ആസ്പദമാക്കി കവികൾക്കും, അവരുടെ കവിതകൾക്കും, വിലയിരുത്തുകയാണെങ്കിൽ എനിക്കു സംശയമില്ല, മഹാകവി ഉളളൂർ സ്വാഭാവികമായി പ്രഥമസ്ഥാനമർഹിക്കുമെന്നുള്ളതിനെപ്പറ്റി. ഇതിനു കാരണം, വികാരപരമാണെന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കവിതകൾ വിജ്ഞാനപരങ്ങളാണെന്നതുതന്നെയാണു്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ആർഷസംസ്കാരത്തെസ്സംബന്ധിച്ച മറ്റു പലതിലെയും ജ്ഞാനശകലങ്ങൾ മനോഹരമായ വർണ്ണങ്ങളിൽ കാണിച്ചു തരുന്ന ഒരു ‘കലിഡോസ്കോപ്പാ’ണു് അദ്ദേഹത്തിന്റെ കവിത. കലിഡോസ്ക്കോപ്പിലൂടെ കാണുന്ന ഏതു കുപ്പിച്ചില്ലിൻ കഷണവും വർണ്ണങ്ങളുടെ സമൃദ്ധമായ കാന്തിയാൽ ശോഭിക്കുന്നു. അതുപോലെതന്നെ ഇതിഹാസപരങ്ങളായ ഏതു ശുഷ്കമായ വിഷയ ശകലങ്ങളും മഹാകവി ഉള്ളൂരിന്റെ കവിതയുടെ വർണ്ണക്കണ്ണാടിയിലൂടെ നോക്കുമ്പോൾ വിജ്ഞാനപ്രദമായ ഒരു കൗതുകമുണ്ടു്. പക്ഷേ, ആ കണ്ണാടി സാമാന്യത്തിലധികം വലുതും കനം കൂടിയതുമാകകൊണ്ടു്, കൈകൾ ക്ഷണത്തിൽ തളരുകയും നാമതു താഴെ വെക്കുകയും ചെയ്യുന്നു.
മഹാകവി ഉളളൂരിനെ സംബന്ധിച്ചു സകലതും ഇതു പോലെ വലുതാണു്. അദ്ദേഹത്തിന്റെ പാണ്ഡിത്യം വലുതാണു്, കവിതകൾ വലിയവയാണു്, വാക്കുകൾ വലിയതാണു്, അദ്ദേഹവും വലിയ ആളാണു്. അദ്ദേഹത്തെ കാണാത്തവർ ചുരുങ്ങും. അദ്ദേഹവുമായി പരിചയപ്പെട്ടു സംസാരിക്കുവാൻ ഭാഗ്യം സിദ്ധിച്ച ആ ആദ്യ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. അന്നു് ഹസ്തദാനം ചെയ്ത ആ ഉള്ളം കൈയുടെ അസാമാന്യമായ മാർദ്ദവവും ആളുടെ ആകാരവലുപ്പവുമാണു് എന്റെ മനസ്സിൽ ഊന്നി വിശിഷ്ടമായ ഗോപുരത്തിന്റെ മുമ്പിൽ അത്ഭുതാഹ്ലാദങ്ങളോടുകൂടി നോക്കി നില്ക്കുന്ന ഒരു ചെറുക്കന്റെ ചിത്രം ഈ സംഭവമോർക്കുമ്പോൾ, എന്റെ ഓർമ്മയിൽ വരുന്നു. അദ്ദേഹത്തിന്റേതുപോലെ അത്ര മാർദ്ദവമുള്ള ഒരു ഉള്ളം കൈ പിന്നീടു ഞാൻ സ്പർശിച്ചതായി ഓർക്കുന്നില്ല. പക്ഷേ, അതിനെപ്പറ്റി ആലോചിക്കുമ്പോൾ, അതിന്റെ ഉടമസ്ഥന്റെ പരുഷമായ പ്രസംഗ സ്വരവും കവിതയിലെ സുഖമില്ലാത്ത വാൿപ്രവാഹവും മറ്റും കൂട്ടത്തോടെ ഓർമ്മയിൽ വരുകയും തങ്ങളെ തോല്പിച്ചു ഉള്ളംകൈയിൽ സ്ഥലം പിടിച്ച ആ മാർദ്ദവത്തെപ്പറ്റി ആവലാതി പറയുന്നപോലെ തോന്നുകയും ചെയ്യുന്നു. നിലാവു പോലെ മനോഹരവും ഹാർദ്ദവുമായ അദ്ദേഹത്തിന്റെ തുറന്ന ചിരിയാകട്ടെ, അതിന്റെ പ്രകാശ നാളത്തിൽ ഈ ഓർമ്മകളുടെ നിഴലുകളെയെല്ലാം പിന്നിലേക്കയയ്ക്കുകയും ചെയ്യുന്നു.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)