ലോകാരംഭം മുതൽ എല്ലാക്കാലത്തും, എല്ലാ രാജ്യത്തും, എല്ലാവരെയും ഒരു പോലെ വിഷമിപ്പിച്ചിട്ടുള്ള ചില ചോദ്യങ്ങളുണ്ടു്: “നാം എവിടെനിന്നു വരുന്നു? എന്തിനു, എപ്പോൾ? എവിടേക്കിനി പോകും? സുഖ ദുഃഖസമ്മിശ്രമായ ഈ ലോകം കൊണ്ടു വാസ്തവത്തിൽ നമ്മുടെ ജീവിതം, അല്ലെങ്കിൽ നമ്മെ സംബന്ധിക്കുന്നതെല്ലാം—പാപം, പുണ്യം, കീർത്തി, അപകീർത്തി, എന്നല്ല മറ്റെന്തും അവസാനിക്കുമോ? യഥേഷ്ടം നാം ഇവിടെ ചെയ്യുന്ന കർമ്മങ്ങൾക്കും—അവ നല്ലതാവട്ടെ, ചീത്തയാവട്ടെ—നമുക്കും ആരോടും എങ്ങും സമാധാനം പറയേണ്ടിവരികയില്ലേ? അങ്ങനെയാണെങ്കിൽ അനിശ്ചിതമായ ഒരു സ്വർഗ്ഗത്തിനോ അവ്യക്തമായ മോക്ഷമെന്ന ഒരു സങ്കല്പസുഖത്തിനോവേണ്ടി മനുഷ്യർ എന്തിനു തങ്ങളുടെ പരിമിതമായ ഈ ജീവിതം സുഖസമ്പൂർണ്ണമാക്കാതെ പാഴാക്കിക്കളയണം? എന്തിനും എല്ലാറ്റിനും ഉപരിയായ, ആരോടും ഉത്തരവാദപ്പെടാത്ത, ഒരു ശക്തിയെ സ്വയം സങ്കല്പിച്ചു് അതിനു കീഴടങ്ങണം? നമ്മെ വേണ്ടതിലധികം ശ്വാസം മുട്ടിക്കുന്ന നിയമങ്ങളും നിയമാധികാരങ്ങളും ഇവിടെത്തന്നെ ഉണ്ടായിരിക്കെ, ഇനി അവയ്ക്കെല്ലാം പുറമെ മറ്റൊരു മഹാശക്തിയെ ധ്യാനിച്ചു്—അതിനെക്കുറിച്ചു യഥാർത്ഥമായി യാതൊരറിവും ആർക്കും ലഭിച്ചിട്ടില്ലാതിരിക്കെ, ആരും തരാനില്ലാതിരിക്കെ എന്തിനു അതിനു കീഴ്‌വണങ്ങി ജീവിക്കണം?” ഇവയെല്ലാം തന്നെ ചിന്തകന്മാരെപ്പോലെ സാധാരണന്മാരെയും ആകർഷിച്ചിരിക്കാവുന്ന ചോദ്യങ്ങളാണു്. ഒരുവേള രണ്ടുകൂട്ടരേയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരിക്കാവുന്നതുമാണു്. ലോകമുണ്ടായ നാൾതൊട്ടു് ഇതേവരെ എത്ര ചിന്തകന്മാർ ഇവിടെ ജീവിച്ചു. മരിച്ചു! എത്ര അവതാരപുരുഷന്മാരെന്നു പറയപ്പെടുന്നവർ ജനിച്ചു മണ്ണടിഞ്ഞു! എത്രയെത്ര എണ്ണപ്പെട്ട വേദപുസ്തകങ്ങൾ ഏതെല്ലാം ഭാഷകളിൽ ഉണ്ടായി പക്ഷേ, ഫലമെന്തു്? നാം ഇന്നും ബഹുമാനിച്ചുപോരുന്ന ആ ചിന്തകന്മാർക്കോ, നാം ഇന്നും—പരിഷ്കൃതരായിട്ടുണ്ടെന്നഭിമാനിക്കുന്നുണ്ടെങ്കിൽക്കൂടി—സമാദരിച്ചുപോരുന്ന ആ വേദപുസ്തകങ്ങൾക്കോ മേല്പറഞ്ഞ ചോദ്യങ്ങളെക്കുറിച്ചു അപൂർണ്ണമായിട്ടെങ്കിലും ഒരറിവു തരുവാൻ സാധിച്ചിട്ടുണ്ടോ എന്നാലോചിക്കുമ്പോൾ നമ്മുടെ അശക്തിയെക്കുറിച്ചു പരിതപിക്കുകയോ, ആ ചോദ്യങ്ങളുടെ ഗഹനതയെക്കുറിച്ചും അത്ഭുതപ്പെടുകയോ, ഏതാണു ചെയ്യേണ്ടതെന്ന സംശയമാവുന്നു. ഏതായാലും, ഒന്നു തീർച്ച തന്നെയാണു്. ഇത്രവളരെ നൂറ്റാണ്ടുകളായിട്ടും ആർക്കും തീർച്ചപ്പെടുത്താനാവാത്ത ഈ ചോദ്യങ്ങൾ ഇനി വളരെ വേഗം നശിച്ചുപോകുമെന്നു തോന്നുന്നില്ല.
അതെന്തുമാവട്ടെ; അസ്ഥിരമായ ഈ ജീവിതത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നത്തെക്കുറിച്ചു് സമഗ്രമായിട്ടെന്നല്ല, സംക്ഷിപ്തമായിട്ടുകൂടി ചിന്തിക്കുവാൻ ഇതെഴുതുന്ന ആൾ ഇവിടെ ഒരുമ്പെടുന്നില്ല; അല്ലെങ്കിൽ ധൈര്യപ്പെടുന്നില്ല. ഈ ഗഹനമായ ജീവിതപ്രശ്നം പല ചിന്തകന്മാരെയും ആകർഷിച്ചിട്ടുള്ള കൂട്ടത്തിൽ ഉമർ ഖയ്യാം എന്ന പേഴ്സ്യൻ കവിയേയും ആകർഷിച്ചിട്ടുണ്ടു്. ഒരേസമയത്തുതന്നെ ഒരു കവിയും തത്ത്വചിന്തകനുമായിരുന്ന ഉമാറിന്റെ ജീവിതചിന്ത മധുരവും മഹനീയവുമാണു്. അദ്ദേഹം പാടുന്നു:
ഹാ! ലയിക്കുമല്ലോ മണ്ണിൽ നമ്മളുമിനിയുമുള്ള
കാലമെങ്കിലും കളയാതുപഭോഗിപ്പിൻ;
ഇല്ല മദ്യ,മില്ല ഗാന,മില്ല ഗാതാ,വവസാന-
മില്ല മണ്ണു മണ്ണായ് മണ്ണിൽ മറഞ്ഞാൽപ്പിന്നെ.
അതുകൊണ്ടു്,
ഭാവിഭയം, ഭൂതശോകമദ്യ സംഹരിക്കും മദ്യ-
ഭാജനം ഹാ! നിറച്ചാലും നീയോമലാളേ!
ഇതു മധുരമായ ജീവിതചിന്തയാണെന്നു പറഞ്ഞാൽ ഒരുപക്ഷേ, പലരും—മതാസക്തരായിട്ടുള്ളവർ തീർച്ചയായിട്ടും—ഭ്രാന്താണെന്നു പറയും. പക്ഷേ, ഒന്നറിഞ്ഞിരിക്കുന്നതു നന്നു: മതബോധമില്ലാഞ്ഞിട്ടല്ല ഉമാർ, ‘ഇരിക്കുമ്പോൾ സുഖിക്കുക’ എന്ന ഈ പല്ലവി പാടിയതു്. “സ്വർഗ്ഗം അനാഗതമാണു്, വന്നുചേർന്നിട്ടില്ലാത്തതാണു്, പിരിഞ്ഞുകിട്ടിയേക്കാമെന്നു കരുതുന്ന ഒരു കടമാണു്, അതിദൂരെ കേൾക്കുന്ന ഒരു പടഹശബ്ദമാണു്. അതിനെ എങ്ങനെ വിശ്വസിക്കും? ഐഹികാനന്ദം ‘രൊക്കം’ കിട്ടുന്നതാണു്. അതു് എടുക്കുകയല്ലേ നല്ലതു് എന്നും ഉമാർ സംശയിക്കുവാൻ തുടങ്ങിയതു്. വീണ്ടുവിചാരമില്ലാതെയല്ല. അനേകനാളത്തെ അനുസ്യൂതമായ ആത്മീയാന്വേഷണത്തിന്നുശേഷം അദ്ദേഹത്തിന്നു തോന്നി, ഈ ചരിത്രകഥകളും മറ്റും വെറും ചില മനോരാജ്യങ്ങളാണെന്നു; ചിന്തകന്മാർ തങ്ങളുടെ ഫലപുഷ്ടമായ ചിന്തകൊണ്ടുണ്ടാക്കുന്ന ചില ചെപ്പടിക്കളികളാണെന്നും മറ്റാരേയും പോലെ, തത്ത്വതൃഷ്ണ, ഉമാറിനേയും ആദ്ധ്യാത്മികകാര്യങ്ങൾ ആരായുവാൻ നിർബ്ബന്ധിച്ചു. പക്ഷേ, അതിനുള്ള യത്നത്തിൽ മറ്റാരേയും പോലെ നിരാശനായി, അദ്ദേഹവും പോയ വാതിലിലൂടെതന്നെ തിരിച്ചുവരികയാണുണ്ടായതു്. ഈ പരാജയത്തെപ്പറ്റി അദ്ദേഹം പറയുമ്പോൾ അതിൽ ഒരു വിഷാദാത്മകത്വം—ജീവിതത്തോടുള്ള മടുപ്പല്ല, തീർച്ചതന്നെ—നിഴലിച്ചു കാണുന്നുണ്ടു്:
ഞാനിളം പ്രായത്തിൽ ചെന്നു
സന്ദർശിച്ചു വന്നു തത്ത്വ-
ജ്ഞാനികളെ, യോഗികളെ തത്ത്വതൃഷ്ണയാൽ,
പോയ വാതിലൂടെതന്നെ
പോന്നേനെന്നാൽ മഹാതീവ്ര-
മായ പരലോകവാദം കേട്ടുകേട്ടെന്നും.
ജ്ഞാനബീജമവരൊത്തു വിതച്ചു ഞാൻ;
എന്റെ കൈയാൽ-
ത്താനതിനെ വളം വെച്ചു വളർത്തിവന്നു;
ലൂനമായ ഫലമിത്രമാത്രമത്രേ; ജലം പോലെ
ഞാനണഞ്ഞൂ കാറ്റുപോലെ ഞാനിനിപ്പോകും.
ഉമാർ തനിക്കു പറയാനുള്ളതു പറയുമ്പോൾ ഒരു വിഷാദത്തിന്റെ ഛായ തീർച്ചയായിട്ടും അതിലുണ്ടു്; പക്ഷേ, ദൈന്യത്തിന്റെ നിലവിളി തീരെ ഇല്ലതന്നെ. ആക്ഷേപസ്വരത്തിന്റെ മൂർച്ചയില്ലാത്ത വിരക്തിയോടു കൂടി സ്വപ്നത്തെ ഉപേക്ഷിക്കുമ്പോൾ, ബാക്കിയുള്ളതിനെ—വാസ്തവികതയെ—ആർത്തിയോടുകൂടി,—ഒരു വക കൃതജ്ഞതയോടുകൂടിത്തന്നെ—അദ്ദേഹം സ്വീകരിക്കുന്നു എന്നു ലാറൻ ഹൗസ് മാൻ പറയുന്നതും ‘റൂബിയായത്തി’നെ മുൻനിർത്തി നോക്കുകയാണെങ്കിൽ വെറും വാസ്തവം മാത്രമാണു്.
ഉമാർ ഈശ്വരനിൽ വിശ്വസിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം ഒരു നിഗൂഢശക്തിയിൽ വിശ്വസിച്ചിരുന്നു എന്നതു വാസ്തവമാണു്. ആ വിധി ഒരിക്കൽ എഴുതിക്കഴിഞ്ഞാൽ അതു മാറ്റിക്കളയുക ആരാലും അസാദ്ധ്യമാണു്. ഭക്തിക്കോ ബുദ്ധിക്കോ, കണ്ണീരിന്നുതന്നെയോ, അതിന്റെ ഒരൊറ്റവരിയെങ്കിലും വെട്ടിക്കളയുവാൻ സാധിച്ചിട്ടില്ല, സാധിക്കുകയുമില്ല. പിന്നെ എന്തിനു നാം അതിനെപ്പറ്റി ചിന്തിച്ചു ക്ലേശിക്കണം? ഉമാർ ചോദിക്കുന്നു: “ഒരു ശക്തി നമ്മുടെ ഇച്ഛയെ ഗണിക്കാതെ നമ്മെ സൃഷ്ടിച്ചുവിടുന്നു. ആ ശക്തി തന്നെ നമുക്കും ഇന്നതു സംഭവിക്കുമെന്നു മുൻകൂട്ടി തീർച്ചപ്പെടുത്തുന്നു. നമ്മുടെ സ്വന്തമെന്നു നാം വിശ്വസിക്കുന്ന കാര്യങ്ങളിൽ നമുക്കൊരു പങ്കുമില്ല. പന്തുപോലെ അടിച്ചേടത്തേക്കു നാം പോകേണ്ടിവരുന്നു. അങ്ങനെയിരിക്കെ, ആ ശക്തിയെക്കുറിച്ചു ഭയപ്പെടുന്നതിനർത്ഥമെന്തു്? എന്നു മാത്രമല്ല, സ്വേച്ഛ പോലെ സൃഷ്ടിച്ചുവിടുന്ന ആ ശക്തിയല്ലേ നമ്മുടെ പ്രവൃത്തികൾക്കെല്ലാം ഉത്തരവാദിയാവേണ്ടതു്? പിന്നെ, എങ്ങനെ മനുഷ്യനെ പാപി എന്നോ പുണ്യവാനെന്നോ വിളിക്കാം?” ഈ അന്യായ മായ ‘ജീവിതവ്യാപാര’ത്തെക്കുറിച്ചു് ഉമാർ വ്യസനിക്കുന്നു:
നന്നു, നിജസൃഷ്ടി നരൻ നിസ്സഹായൻ കറയറ്റ
പൊന്നു കൊടുക്കണം മേടിച്ചീ മിശ്രലോഹം!
‘കടപ്പത്രം’ കൊടുത്തതല്ലെ,തിർവാദത്തിനാളില്ലീ, കടത്തി‘നന്യായം!’—അയ്യോ, നല്ല ‘വ്യാപാരം!’ വാസ്തവമല്ലേ? ഉമാർ സംശയിച്ചു ചോദിക്കുന്നതിനും അത്ഭുതപ്പെടുവാനുണ്ടോ? നാം നമ്മുടെ ആവശ്യപ്രകാരമാണോ സൃഷ്ടിക്കപ്പെടുന്നതു്? സൃഷ്ടിക്കപ്പെട്ടതിനുശേഷം ഒരദൃശ്യശക്തിയുടെ അഭിലാഷത്തിനനുസരിച്ചു തുള്ളണമെന്നു വരുന്നതു് അവമാനകരമല്ലേ? എന്തിനാണു നാം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതു്, എവിടെനിന്നാണു വരുന്നതു്, എവിടേക്കിനി പോവും?—എന്നൊന്നും നമുക്കാർക്കും അറിഞ്ഞുകൂടാ ഒന്നുമാത്രം അറിയാം: നാം തിരിച്ചുപോകും—അതും വളരെ വേഗം. അപ്പോൾ ഉള്ള കാലം സുഖിക്കുന്നതിന്നു് എന്താണു വിരോധം? ആ സുഖഭോഗേച്ഛയിൽ വല്ല തകരാറും കാണിക്കുന്നുണ്ടെങ്കിൽത്തന്നെ അതിന്നു നാമല്ലല്ലോ ഉത്തരവാദി. നമ്മുടെ ആവശ്യം അന്വേഷിക്കാതെ സൃഷ്ടിച്ചുവിടുന്ന ആ ശക്തിയല്ലേ?
ഉപേക്ഷിക്കാൻ വയ്യാത്തവിധം അത്ര കാരണസഹിതമാണു ഉമാർ അദ്ദേഹത്തിന്റെ ജീവിതചിന്ത വെളിപ്പെടുത്തുന്നതു്. അതിനെ വിരോധിക്കുന്ന പലരും ഉണ്ടാവാം, ഉണ്ടുതാനും. എന്നിരിക്കിലും, അതിന്റെ ആകർഷകമായ മാധുര്യം അന്യത്ര ദുർല്ലഭമാണു്.
ഇതുകൊണ്ടു് ഉമാർ ഒരു വിഷയലമ്പടനായിരുന്നു എന്നു ധരിക്കുന്നുണ്ടെങ്കിൽ അതുപോലെ വാസ്തവികതയിൽനിന്നു വിദൂരമായിട്ടു മറ്റൊന്നില്ല. തീർച്ചയായിട്ടും ഉമാർ ഒരു വിഷയലോലുപനായിരുന്നില്ല. ഉള്ളതു കൊണ്ടു കിട്ടാവുന്ന സകലവിധമായ ആനന്ദവും അനുഭവിച്ചു തൃപ്തിപ്പെട്ട ഒരു യഥാർത്ഥ മനുഷ്യൻ! ഉമാറിന്റെ ഭാഷയിൽത്തന്നെ പറയുകയാണെങ്കിൽ, തൃപ്തിയാകുന്ന മദ്യം യഥേച്ഛം പാനം ചെയ്തു മണ്ണടിഞ്ഞ ഒരു ജീവിത ചഷകം! അദ്ദേഹത്തിൽനിന്നും ആർത്തിയുടെ ദുരപിടിച്ച ആക്ഷേപസ്വരം ഒരിക്കലും കേട്ടിരുന്നില്ലെന്നു തീർത്തു പറയാം. അതു വെളിപ്പെടുത്തുന്ന ഒരു കഥകൂടി ഉണ്ടു്. വിദ്യാഭ്യാസം ചെയ്യുമ്പോൾ ഉമാറിന്നു രണ്ടു കൂട്ടുകാരുണ്ടായിരുന്നു. അവർ മൂവരും കൂടി ഒരു നിശ്ചയം ചെയ്തു, അവരിൽ, ഭാവിജീവിതത്തിൽ അധികം ഭാഗ്യവാനാവാൻ സാധിക്കുന്ന ആൾ തന്റെ ഭാഗ്യം മറ്റു രണ്ടുപേർക്കും പങ്കിട്ടുകൊടുക്കണമെന്നു. അവർ ഗുരുകുലം വിട്ടു. വളരെക്കാലം കഴിഞ്ഞു അങ്ങനെയിരിക്കെ, അവരിൽ ‘നിസാം’ രാജ്യത്തിൽ വലിയ പ്രമാണിയായിത്തീർന്നു; രാജാവിന്റെ ഉറ്റ സചിവനായി. അതറിഞ്ഞു് ഉമാറും അദ്ദേഹത്തിന്റെ ശേഷിച്ച കൂട്ടുകാരനുംകൂടി ‘നിസാ’മിന്റെ അടുത്തു ചെന്നു തങ്ങളുടെ പങ്കു് ആവശ്യപ്പെട്ടു. ആ നല്ല മനുഷ്യൻ രണ്ടു പേർക്കും വലിയ ഉദ്യോഗവും ധാരാളം പണവും കൊടുത്തു. പക്ഷേ, ഉമാർ ഉദ്യോഗവും മറ്റും നിരസിക്കുകയാണുണ്ടായതു്. അദ്ദേഹം കൊല്ലത്തിൽ ഒരു ചെറിയ തുക സ്വീകരിച്ചുകൊള്ളാമെന്നേറ്റു. അങ്ങനെ, പണവും പദവിയും വലിച്ചെറിഞ്ഞതിന്നുശേഷം കാലയാപനം ഉമാർ കവിതയും തത്ത്വചിന്തയുമായി ചെയ്യുകയാണുണ്ടായതു്.
ഒരുപക്ഷേ, ഉമാറിന്റെ മദ്യം സംതൃപ്തിയായിരിക്കുമോ? അദ്ദേഹം പാടുന്നു,
തേനഞ്ചുന്ന ലഘുകാവ്യ,മരികിലാഹാരമല്പം,
പാനഭാജനം നിറയെ മധു മധുരം,
ഗാനം ചെയ്യും നീയരികിൽ,
പാദപത്തണലി,ലയ്യാ
കാനനവുമെനിക്കെന്നാൽ വാനവലോകം.
എത്ര പരിമിതമായ ആവശ്യങ്ങൾ! എങ്കിലും, ആ തത്ത്വചിന്തകൻ അതിൽനിന്നൂറ്റിയെടുക്കുന്ന സ്വർഗ്ഗീയമായ ആനന്ദമോ?
“ഓരോനിമിഷവും കളയാതെ അനുഭവിക്കുക! അനുഭവിക്കുക! വരാനിരിക്കുന്നതിനെപ്പറ്റി ക്ലേശിക്കല്ലേ!” എന്നാണു് ഉമാർ ലോകത്തിന്നു കൊടുക്കുന്ന ഉപദേശം.
ഏകനിഹാനന്ദത്തിന്നു, പരൻ
സിദ്ധവരൻ ചൊന്ന
നാകത്തിന്നനാഗതത്തിന്നായ്, വീർപ്പിടുന്നു.
കടം പോട്ടേ, റൊക്കം വന്നതെടുക്കുവിൻ,
ദൂരെക്കേൾക്കും
പടഹത്തിൻ രടിതത്തിൽ ശ്രദ്ധിച്ചീടായ്വിൻ
എന്നാണു് അദ്ദേഹം വീണ്ടും വീണ്ടും അനുശാസിക്കുന്നതു്. ലൗകികദൃഷ്ട്യാ ഇത്ര സുഖാവഹവും ആനന്ദദായകവുമായ മറ്റൊരു സന്ദേശം ആർക്കു തരുവാൻ കഴിയും? അതിന്റെ അവക്രതയിൽത്തന്നെയാണു് അതിന്റെ മാധുര്യം കിടക്കുന്നതു്.
എങ്കിലും, ചില ചിന്തകന്മാർ ഉമാറിന്റെ മുന്തിരി വള്ളിക്കും പാനപാത്രത്തിന്നും തത്ത്വപരമായ ഒരർത്ഥം കൊടുക്കുന്നുണ്ടു്. ഉമാർ ഒരു ‘മിസ്റ്റിക്കാ’ണെന്നും അവർ കരുതുന്നു. ‘സുന്ദരമായ ഒരാശയത്തിന്റെ പ്രായദർശനമായ മുഖത്തു കിടക്കുന്ന ഒരു നേർത്ത മൂടുപടമാണു് മിസ്റ്റിസിസം’; അത്തരത്തിലുള്ള നിഗൂഢാർത്ഥകവിതതന്നെയാണു ഉമാറിന്റെയും എന്നും അവർ വിശ്വസിക്കുന്നു. ഉമാറിന്റെ മുന്തിരിച്ചാർ വെറും മുന്തിരിച്ചാറല്ല, പാനഭാജനവും സാധാരണ പാനഭാജനമല്ല, എന്നും അവർ പറയുന്നു. പ്രപഞ്ചം തന്നെ മദ്യശാല, ദൈവികചൈതന്യം തന്നെ മുന്തിരിവള്ളി; ആ ചൈതന്യസാക്ഷാൽക്കാരത്തിൽനിന്നു കിട്ടുന്ന ആനന്ദം മദ്യവും, ജീവിതം തന്നെ പാനപാത്രവും—അങ്ങനെ, പാനശാലയെ ദേവാലയവും, ആനന്ദമൂർത്തിയായ മദ്യത്തെ ഈശ്വരനും ആയി സങ്കല്പിച്ചതിന്നുശേഷം മനുഷ്യനെ അതിന്റെ ആരാധകനുമായി ഉമാർ ചിത്രണം ചെയ്തിരിക്കുന്നു എന്നും അവർ വിശ്വസിക്കുന്നു.
അസുഖജനകമാംവണ്ണം വക്രിച്ച ഈ അർത്ഥകല്പന അതിനുണ്ടോ എന്നു് ‘റൂബിയായത്തു’ വായിച്ചുതന്നെ തീർച്ചപ്പെടുത്തേണ്ട ഒരു സംഗതിയാണു്. എന്നാൽ ഒന്നു പറയാതെ നിവൃത്തിയില്ല. എത്ര നിഷ്പ്രയാസം കൊടുക്കാവുന്നതായാലും വേണ്ടില്ല, തത്ത്വപരമായ ഈ അർത്ഥം ഉമാറിന്റെ ജീവിതചിന്തയ്ക്കു കൊടുക്കുന്നതു് ഇതെഴുതുന്ന ആൾക്കു തീരെ സമ്മതമല്ല. ആദ്ധ്യാത്മികമായി ഒരർത്ഥം കൂടി ഉമാറിന്റെ കാവ്യത്തിന്നു കൊടുക്കുന്നതിൽ ആക്ഷേപമുണ്ടായിട്ടല്ല, അത്ര ലളിതമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ള ഒരു ജീവിതചിന്തയെ വളരെ ക്ലേശിച്ചു വൈകല്യപ്പെടുത്തുന്നതുകൊണ്ടുള്ള അസുഖം കൊണ്ടാണിതു പറയുന്നതു്. തത്ത്വപരമായ അർത്ഥം നല്ലതുതന്നെ. ആവശ്യമുള്ളവർ അതു സ്വീകരിക്കയും ചെയ്തുകൊള്ളട്ടെ. പക്ഷേ, ഈ ജീവിതചിന്തകൊണ്ടു് നഗ്നമായ ലൗകികവ്യാപാരങ്ങളെ ഉമാർ പ്രചരിപ്പിക്കുന്നു എന്ന ഭയമാണു് തത്ത്വചിന്തകന്മാരെ ക്ലേശിപ്പിക്കുന്നതെങ്കിൽ അതു വേണമെന്നു തോന്നുന്നില്ല. കവികൾ പലതും പറയും അവരുടെ ഭാവന വ്യഭിചരിക്കും. അതു ആശിക്കാത്തതായി ഒന്നും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. അവർ പറഞ്ഞതെല്ലാം അങ്ങനെതന്നെ ജീവിതത്തിൽ പകർത്തുവാൻ ആരും ശ്രമിച്ചതായിട്ടറിവില്ല. ‘ഉമർഖയ്യാം’ വായിച്ചുകഴിഞ്ഞതിന്നു ശേഷം സാധാരണജീവിതരീതി മാറി കള്ളുകുടിമാത്രം ആധാരമാക്കി ജീവിതം അവശേഷിപ്പിച്ച ഒരൊറ്റ ആളെപ്പറ്റിയെങ്കിലും ഇതുവരെ കേട്ടിട്ടില്ല. കവികൾ എന്തെല്ലാം പറയും! അതെല്ലാം വല്ലവരും വിശ്വസിക്കാറുണ്ടോ? ‘ചന്ദ്രമുഖി’ എന്നു സൗന്ദര്യലക്ഷണം തികഞ്ഞ സ്ത്രീയെപ്പറ്റി പറയുമ്പോൾ ആ സ്ത്രീയുടെ മുഖം പപ്പടം പോലെ പരന്നതാണെന്നു വല്ലവരും ധരിക്കാറുണ്ടോ? ശരിക്കും ചന്ദ്രനെപ്പോലെ വട്ടമുഖമുള്ളൊരു സ്ത്രീയെ അന്വേഷിച്ചു പിടിക്കുവാൻ ഏതു സൗന്ദര്യാരാധകനെങ്കിലും ഇതുവരെ ശ്രമപ്പെട്ടിട്ടുണ്ടോ? ‘ചന്ദ്രമുഖി’ എന്നു പറയുമ്പോൾ ആ അലങ്കാരപ്രയോഗത്തിലുള്ള യാഥാർത്ഥ്യബോധം കൊണ്ടല്ല നമ്മളതിൽ രസിക്കുന്നതു് എന്നതു തീർച്ച തന്നെയാണു്. അവാച്യമായ ഒരു ഭാവനാമാധുര്യം അതിലുണ്ടു്. അതുപോലെതന്നെ, ‘ജീവിക്കുമ്പോൾ സുഖിക്കുക’ എന്നു് ഉമാർ പറയുന്നുണ്ടെങ്കിലും, മദ്യപാനംകൊണ്ടു സുഖമായി ജീവിതം അവസാനിപ്പിക്കുവാൻ ആരും തുനിയുമെന്നു തോന്നുന്നില്ല. അതു് ഇക്കാലത്തു സാധിക്കുമോ എന്നും സംശയമാണു്. അരൂപമായ ഒരു സുന്ദരത്വം അതിന്നുണ്ടെന്നല്ലാതെ ഉമാറിന്റെ ചിന്തയുടെ മാധുര്യം മനുഷ്യരെ വഴിപിഴപ്പിക്കുമെന്നു വിശ്വസിക്കുന്നതും അബദ്ധമാകുന്നു.
ഇനി, ആദ്ധ്യാത്മികമായ ഒരർത്ഥം കൊണ്ടും ‘ഉമർ ഖയ്യാം’ വായിക്കുന്ന ആളുകൾക്കും ഈശ്വരഭക്തിയും മുക്തി മാറ്റവും വശത്താക്കുകയാണു് ഈ തത്ത്വപരമായ അർത്ഥം കൊണ്ടു സാധിക്കാനുള്ളതെങ്കിൽ അതും ഉണ്ടാവുമെന്നു തോന്നുന്നില്ല. സന്മാർഗ്ഗപരമായ എത്രയനവധി കാവ്യങ്ങളുണ്ടായിട്ടുണ്ടു്! അവ എന്തെല്ലാം പ്രചാരവേലകൾ ചെയ്തിട്ടില്ല? നഗ്നമായ അത്തരം ഗ്രന്ഥങ്ങളിലെ സന്മാർഗ്ഗോപദേശങ്ങൾ അനുസരിക്കുവാൻ അലസരായിട്ടുള്ളവർ ഉമാറിന്റെ ഈ ആദ്ധ്യാത്മികതത്ത്വം ക്ലേശിച്ചു മനസ്സിലാക്കി ഈശ്വരവിശ്വാസവും മുമുക്ഷയും ഉള്ളവരായിത്തീരുമെന്നു കരുതുന്നതു വെറും മൗഢ്യമല്ലേ?
ഉമാറിന്റെ ജീവിതചിന്ത, അതു പ്രതിപാദിക്കപ്പെട്ടിട്ടുള്ള മട്ടിൽ, എത്രയും മധുരമാണു്. അതു സ്വീകാര്യമോ അല്ലയോ എന്നൊന്നും തർക്കിക്കുവാൻ ഇതെഴുതുന്ന ആൾ സന്നദ്ധനല്ല. അത്യാവശ്യമാണെന്നും തോന്നുന്നില്ല. കവിത വെറും കവിതമാത്രമാണു്. അതിനെപ്പറ്റി മറ്റൊന്നും ആവലാതിപ്പെടരുതു്. അതിൽനിന്നു മറ്റൊന്നും ആവശ്യപ്പെടുകയും ചെയ്യരുതു്. എന്നുമാത്രമല്ല. ഉമാർ പറയുന്നതരത്തിലാണു് നമ്മുടെയെല്ലാം സ്ഥിതിയെങ്കിൽ—അല്ലെന്നു പറയാൻ ആരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല—പിന്നെ എന്തിനെയെല്ലാം പറ്റി ഏതെല്ലാം തരത്തിൽ എന്തൊക്കെ പറഞ്ഞാലെന്താണു്?
“കക്കകൾ പതിപ്പതുണ്ടോ
ഗണിക്കുന്നു കടൽ? പാരി-
നക്കണക്കാണിജ്ജനത്തിൻ
വരവും പോക്കും.”
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)