വിശ്രമമില്ലാതെ സദാസമയവും വായിച്ചുകൊണ്ടിരിക്കുന്നതു ‘ജാക്കിനെ’ മന്തനാക്കിത്തീർക്കും എന്നോ മറ്റോ അർത്ഥം വരുന്ന ഒരു പഴഞ്ചൊല്ലുണ്ടു്, ഇംഗ്ലീഷിൽ. മന്തൻ എന്നതിനുപകരം ഭ്രാന്തൻ എന്ന പാഠഭേദം സ്വീകരിക്കുകയാണെങ്കിൽ, വക്കം അബ്ദുൾഖാദർ ഈ പഴഞ്ചൊല്ലിന്റെ സമീപത്തുനിന്നും ഓടിപ്പോകാൻ നോക്കുന്നതു വൃഥാവിലാണു്. വായന ഒരു ദുഃസ്വഭാവമെന്നോണം പിടിപെട്ടു വലയുന്ന ഒരവസ്ഥയിലാണു് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളതു്. ജ്ഞാന തൃഷ്ണയിൽനിന്നുദിക്കുന്ന ഈ അസ്വസ്ഥതയെ ഭ്രാന്തിൽനിന്നു വേർതിരിച്ചുനിർത്തുന്ന അതിർത്തിവരമ്പിനും അത്രയധികം വീതിയുണ്ടോ എന്നു ഭയം ജനിപ്പിക്കത്തക്കവണ്ണം അത്ര അപകടം പിടിച്ച സ്ഥലങ്ങളിൽപ്പോലും വക്കത്തിന്റെ ഈ ശീലം നില്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. നമ്മുടെ എല്ലാവരുടെയും വിചാരഗതി പക്ഷേ, ഇങ്ങനെ അപകടം പിടിച്ച സ്ഥലങ്ങളിൽ ഇടയ്ക്കു ചെന്നു നില്ക്കൽ പതിവുണ്ടായിരിക്കാം. എന്നാൽ മറ്റാർക്കും അതറിയാനുള്ള സന്ദർഭം നാം കൊടുക്കാറില്ല. നാം തന്നെ പലപ്പോഴും അറിയാതെപോകുന്നതും ദുർല്ലഭമല്ല. വക്കത്തിന്റെ സ്ഥിതി വ്യത്യാസപ്പെട്ടതാണു്. അദ്ദേഹത്തെ വളരെ അടുത്തു പരിചയമുള്ള ഒരാൾക്കു് ഒടുക്കം സ്ഥിരപ്പെടുന്നതും, യാദൃച്ഛികമായ ഒരു ലഘു പരിചയത്തിന്നിടവന്ന ഒരാൾക്കു് ആദ്യമായിത്തന്നെ ജനിക്കാവുന്നതുമായ ഒരഭിപ്രായമാണിതു്. മാനസികമായ അസ്വസ്ഥത എന്നും അതിനെ പറയുന്നതു വെറും സാധാരണമാക്കി തരം താഴ്ത്തുകയാണു്. ഭ്രാന്തു് എന്നു വിളിക്കുന്നതു്, അർഹിക്കാത്ത ഒരിടത്തു ശക്തി ഊന്നലായിത്തീരുകയും ചെയ്യും. അറിവു സമ്പാദിക്കാനുള്ള തിരക്കിൽനിന്നു ജനിക്കുന്ന ഈ അസ്വസ്ഥതയെ കൃത്യമായി എന്താണു വിളിക്കേണ്ടതു് എന്നും എനിക്കു നിശ്ചയമില്ല. മോതിരമിട്ട കൈകൊണ്ടു് സ്ഫടികപ്പാത്രത്തിൽനിന്നോ ലോഹപ്പാത്രത്തിൽനിന്നോ ഭക്ഷണം കഴിക്കുമ്പോൾ നാം അറിയാതെ, മോതിരവും പാത്രവും തമ്മിൽ ഉരയുമ്പോളുണ്ടാവുന്ന, ഒരു നേരിയ, അസ്വസ്ഥതപ്പെടുത്തുന്ന, ‘കിരു കിരു’ ശബ്ദത്തെ ഓർമ്മിപ്പിക്കുന്ന എന്തോ ഒന്നിനോടാണു് വക്കത്തിന്റെ ഈ പരുക്കൻ മട്ടിന്നു സാദൃശ്യമുള്ളതു്. വക്കത്തിനെ സംബന്ധിച്ചേടത്തോളം ഇതു് എവിടെ എന്തിന്മേൽ തട്ടിയുണ്ടാകുന്ന ശബ്ദപ്രതീതിയാണെന്നു തീർച്ചപ്പെടുത്താൻ പ്രയാസം. പ്രാകൃതമനുഷ്യന്റെ അസംസ്കൃതമായ ചിന്താഗതി ഇരുപതാം നൂറ്റാണ്ടിലെ പരിഷ്കരിച്ച മനോഗതിയോടു തട്ടിയുരയുമ്പോളുണ്ടാകുന്ന ശബ്ദവിശേഷമാണെന്നു വേണമെങ്കിൽ പറയാമായിരുന്നു. പക്ഷേ, അതു ശരിയല്ല. കാരണം, വക്കത്തിന്റെ വേഷവും മട്ടും മാറും. പലപ്പോഴും പ്രാകൃതമായി കാണാമെങ്കിലും, മാനസികമായ വികാസമാണു് പരിഷ്കാരത്തിന്റെ മാനദണ്ഡമെങ്കിൽ, ഏതു വിശാലഹൃദയരുടെ സദസ്സിലും കസാല മുന്നിലോട്ടു വലിച്ചിട്ടു നിർഭയം ഇരിക്കത്തക്ക സംസ്കൃതചിത്തനാണു് വക്കം.
പലരുടേയും ചിന്താശീലം കെട്ടിനില്ക്കുന്ന തടാകം പോലെയാണു്. ചില അതിർത്തിബന്ധങ്ങളൊക്കെയുണ്ടു്. ചില രസങ്ങളും നീരസങ്ങളുമുണ്ടു്. ഇതിൽക്കവിഞ്ഞങ്ങോട്ടു പോകരുതെന്ന നിബന്ധനകളുമുണ്ടു്. വക്കത്തിനു് ഈവക ശാഠ്യങ്ങളൊന്നുമില്ല. അദ്ദേഹം ഇന്നു മെസ്മറിസത്തെപ്പറ്റി, ആ വിഷയത്തിൽ ഏറ്റവും പ്രാവീണ്യം സിദ്ധിച്ചിട്ടുള്ള ഗ്രന്ഥകാരൻ എഴുതിയ ഒരു പുസ്തകം വായിക്കുന്നതു കാണാം. നാളെ റോബട്ട് ലിൻഡോ, ഡസ്മണ്ട് മക്കാത്തിയോ എഴുതിയിട്ടുള്ള ഒന്നാന്തരം വിമർശമായിരിക്കും വായിക്കുന്നതു്. മറ്റന്നാൾ പേരുകേട്ട ചില പൊട്ടക്കവിതകൾ മനോഹരമായി ഉരുവിടുകയായിരിക്കും ജോലി. അതിന്റെ പിറ്റേദിവസമാകട്ടെ, മനുസ്മൃതിയെക്കുറിച്ചുള്ള ഒരു പുസ്തകമോ, ഹസ്തരേഖാശാസ്ത്രത്തെപ്പറ്റിയുള്ള വല്ല ഗ്രന്ഥമോ, ജീവചരിത്രകഥകളോ, കവിതയോ, മനഃശാസ്ത്രപുസ്തകങ്ങളോ ആർത്തിയോടുകൂടി ഇരുന്നു വായിക്കുന്നതു കാണാം. വിഷയത്തിന്റെ വൈവിധ്യത്തിൽ ഇങ്ങനെ ശാസ്ത്രീയമായ ഒരശ്രദ്ധ കാണിക്കുന്ന വായനക്കാർ അധികമുണ്ടാവില്ലെന്നാണു എന്റെ വിശ്വാസം. ഏതു പുസ്തകവും വക്കം ഇഷ്ടപ്പെടുന്നു. അതുകൊണ്ടു് ഏതുസമയത്തും ഒരു പുസ്തകം അദ്ദേഹത്തിന്റെ ഹസ്തമൂലത്തിൽ ബന്ധനസ്ഥമായിക്കിടക്കുന്നു. പുസ്തകവും താനും തമ്മിലുള്ള ഈ ചിരന്തനസഖ്യം കാരണം, കൈ പൊക്കിയാൽക്കൂടി പുസ്തകം താഴത്തു വീഴാൻ മടികാണിക്കും എന്നാണു് എന്റെ ഊഹം.
അകത്തൊരു കൊടുങ്കാറ്റു സൂക്ഷിച്ചുകൊണ്ടു്, ഉന്നം തെറ്റി നടന്നുപോകുന്ന ഒരു പാറക്കല്ലാണു് വക്കം എന്നു് ഇടയ്ക്കു ഞാൻ നേരമ്പോക്കായി ആലോചിക്കാറുണ്ടു്. പാറ പൊട്ടില്ല. അതുകൊണ്ടും ചിന്തകനും ഭ്രാന്തനും തമ്മിലുള്ള ആ അതിർത്തിബന്ധം വളരെ ഭദ്രമായിത്തന്നെ ഇരിക്കുന്നു. പക്ഷേ, ആ പാറക്കല്ലു് വല്ല കാരണവശാലും പൊട്ടിപ്പോയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി ഒരു നിമിഷം ആലോചിക്കുന്നതു രസാവഹമാണു്. അതു പൊട്ടിപ്പോയാൽ, മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന ഒരു മുസ്ലീം ചിന്തകനെ കാണാം. യേശുക്രിസ്തുവിനേയും ബുദ്ധനേയും ഇരുന്നാരാധിക്കുന്ന ഒരു മുഹമ്മദീയനെ കാണാം. മലയാളത്തിൽ വായിക്കത്തക്ക ഒരൊറ്റ പുസ്തകം പോലുമില്ലെന്നും എല്ലാം ചുട്ടു ചാമ്പലാക്കി ഭാഷയെ ആദ്യം സൃഷ്ടിക്കേണ്ടതാണെന്നും വാദിക്കുന്ന ക്രുദ്ധനായ ഒരു സാഹിത്യസ്നേഹിയെ കാണാം. ഇന്നു നിലവിലിരിക്കുന്ന സാമുദായികമത്സരങ്ങളും അസമത്വങ്ങളും നീക്കാനായി ഭയങ്കരമായ ഒരു വിപ്ലവം വരട്ടെ എന്നു പ്രാത്ഥിക്കുന്ന ഒരു രാഷ്ട്രീയപ്രക്ഷോഭകനെയും കാണാം. മേൽപ്പറഞ്ഞതൊന്നും സംഭവിക്കാൻ പോവുന്നില്ലെന്നു മനസ്സിലാക്കി, ‘ജീവിച്ചിരുന്നിട്ടെന്തു ഫലം?’ എന്നാലോചിച്ചു വിഷണ്ണനായി, വിഷാദകവിതകൾ ഉരുവിട്ടുകൊണ്ടു് ആത്മഹത്യയ്ക്കു കൂടി തയ്യാറായിനില്ക്കുന്ന പരാജയപ്രസ്ഥാനക്കാരനായ തനി വക്കം അബ്ദുൾഖാദറെ കാണാം. പലതരം ശക്തിയായ മനോവൃത്തികൾക്കും അടിമപ്പെട്ടിട്ടുള്ള ആളാണു വക്കം എന്നുള്ളതാണു് ഇതിനു കാരണം. ഒരു പ്രത്യേകസമയത്തു് നെടുവീർപ്പുകൾക്കാണു ശക്തിയെങ്കിൽ വക്കം ആ സമയത്തു പ്രേമകവിതകൾ ഉരുവിട്ടു കൊണ്ടിരിക്കും. പ്രപഞ്ചതത്ത്വത്തെപ്പറ്റിയുള്ള ജിജ്ഞാസയ്ക്കാണു് ശക്തിയെങ്കിൽ ആമാതിരി വിഷയങ്ങളെപ്പറ്റി എഴുതുകയോ വായിക്കുകയോ ചെയ്യും പലേ ശക്തികളുടെയും സങ്കലനം മൂലമുണ്ടാകുന്ന ഒരു ചലന ശക്തിയാണല്ലോ കൊടുങ്കാറ്റു്. വക്കത്തിന്റെ ഉള്ളിലുള്ള ഈ കൊടുങ്കാറ്റിൽ പ്രേമോപാസകന്റെ നെടുവീർപ്പു്, സ്വപ്നാടനക്കാരന്റെ ലക്കില്ലായ്മ, ചിന്തകന്റെ മനോദാർഢ്യം,—മുതലായി പരസ്പരവിരുദ്ധങ്ങളായ പല ഉപാധികളുമുണ്ടു്. അവയുടെ തിക്കിത്തിരക്കലിൽ അന്തം വിട്ടുപോയ വക്കം അവയെയെല്ലാം താങ്ങിനില്ക്കുന്ന ബാഹ്യശരീരത്തിന്റെ ആവശ്യാനാവശ്യങ്ങളെ പലപ്പോഴും ശ്രദ്ധിക്കാതെപോകുന്നു!
അതുകൊണ്ടു്, കുളിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹം മറന്നുപോകുന്നതും അസാധാരണമല്ല. ഉച്ചഭക്ഷണം കഴിക്കാനായി ഇടനേരം മൂന്നരമണിക്കു ഹോട്ടലും തിരഞ്ഞു പോകുന്ന വക്കം, ഹോട്ടലിൽ എത്തിക്കഴിയുമ്പോൾ മടിശ്ശീല എടുക്കാൻ മറന്നുപോയതായിക്കണ്ടു് മടങ്ങുന്നതും, വഴിക്കുവെച്ചു് ഒരു സ്നേഹിതനുമായി ‘സോക്രട്ടീസി’നെപ്പറ്റി സംഭാഷണം ആരംഭിക്കുകയാൽ ഭക്ഷണക്കാര്യം തന്നെ തീരെ മറന്നുപോകുന്നതും, അപൂർവ്വമായി ആർക്കും സംഭവിക്കുന്ന ഒരു കാര്യമാണെങ്കിൽ, എടുത്തു പറയത്തക്ക ഒരു പ്രത്യേകതയല്ല. പക്ഷേ, വക്കത്തിന്റെ കാര്യത്തിൽ അസാധാരണമല്ല, കൂടുതൽ സാധാരണമാണു് ഈവക സംഭവങ്ങൾ. വിശപ്പിന്റെ ഉഗ്രത അറിയാനായി, പണം കൈയിൽ വെച്ചു പട്ടിണികിടക്കുന്നതു തനി ഭ്രാന്തായി നമുക്കു തോന്നും; വക്കത്തിനാകട്ടെ. പുസ്തകം വായിച്ചുണ്ടാകുന്ന അറിവു പോലെ മറ്റൊരുതരം അറിവു സമ്പാദിക്കൽ മാത്രമാണതു്.
പലതരം വിശപ്പുകളുടെയും മൂർത്തിമൽസ്വരൂപമായി സാഹിത്യത്തിൽ സ്വയം പ്രതിഷ്ഠിക്കാൻ വക്കം ആഗ്രഹിക്കുന്നതുപോലെ തോന്നും. മാനസികവും ആത്മീയവും ഭൗതികവുമായ വിശപ്പിനെയാണു് ഞാൻ സൂചിപ്പിക്കുന്നതു്. മാനസികമായ വിശപ്പിന്റെ അടങ്ങാത്ത ഉഗ്രതയ്ക്കു് അദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ തന്നെ പലപ്പോഴും ദൃഷ്ടാന്തമാണു്. ആത്മീയമായ വിശപ്പും അദ്ദേഹത്തിന്റെ സൃഷ്ടിയിൽത്തന്നെ ഉണ്ടെന്നു ഞാൻ കരുതുന്നു. ഭൗതികമായ വിശപ്പിന്റെ പ്രതിനിധിയാവാൻ അദ്ദേഹം ശ്രമിക്കാറുണ്ടെങ്കിലും, അദ്ദേഹത്തെ ഏറ്റവുമടുത്തു പരിചയിച്ചവക്കല്ലാതെ അതത്ര മനസ്സിലാവില്ല. അപരിചിതന്മാർക്കാകട്ടെ, ലേഖനങ്ങളിൽക്കൂടി കാണുന്ന വക്കം അബ്ദുൾഖാദർ ഗുരുതരങ്ങളായ വിഷയങ്ങളെപ്പറ്റി അലക്ഷ്യമായരീതിയിൽ ലേഖനങ്ങളെഴുതി മലയാളഭാഷയെ പുഷ്ടിപ്പെടുത്താൻ ശ്രമിക്കുന്ന സംസ്കൃതാശയനായ ഒരു പഴയ തറവാടിഗൃഹസ്ഥനാണെന്നേ തോന്നൂ.
ഇതു പറയുമ്പോളാണു് ഈ മാന്യന്റെ തറവാടു് മലയാളഭാഷയ്ക്കു ചെയ്ത ഒരു പുണ്യം ഓർമ്മവരുന്നതു്. മലയാളത്തിൽ നിർഭയമായ വിമർശനത്തിന്നു മാർഗ്ഗദർശിയായ ശ്രീ രാമകൃഷ്ണപിള്ള, ഗവണ്മെന്റിന്റെ രൂക്ഷമായ മർദ്ദനത്തിന്നു പാത്രമായിരുന്ന ഒരുകാലത്തു്, സ്നേഹിതന്മാരെല്ലാം അദ്ദേഹത്തെ അകറ്റാൻ ശ്രമിച്ചിരുന്ന ഒരുകാലത്തു്, വക്കത്തിന്റെ വീടാണു ആ സുകൃതിക്കും ഒരുകൊല്ലത്തിലധികം രക്ഷ നൽകിയതു്. അന്നു് ‘അബ്ദു’വായിരുന്ന വക്കം, സ്കൂകൂളിൽ പോയി പഠിച്ചു നല്ല കുട്ടിയായിത്തീരുന്നതിനു പകരം കുറുമ്പു കാണിച്ചു സ്കൂളിൽ പോകാതിരിക്കുകയും, ആ സാഹിത്യദാസൻ സാഹചര്യത്താൽ സാഹിത്യത്തിലേക്കു വശീകൃതനാവുകയും ചെയ്യുകയാണുണ്ടായതു്. അങ്ങനെ, പഠിത്തം മുഴുമിക്കാതെ അബ്ദുൾഖാദർ സാഹിത്യസേവനത്തിൽ ഉത്സുകനായി ശ്രമം തുടങ്ങി. രാമകൃഷ്ണപിള്ള വിട്ടുപോയ ആ പാരമ്പര്യം ഏറ്റെടുക്കുവാൻ വക്കം മാത്രമേ ആ മുഹമ്മദീയ കുടുംബത്തിൽനിന്നു ശ്രമിക്കുകയുണ്ടായുള്ളൂ. എങ്കിലും, ആ പ്രവൃത്തി അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നു കുടുംബക്കാർക്കും അഭിമാനിക്കാം.
കഥ, കവിത, ഉപന്യാസങ്ങൾ തുടങ്ങി പലതും വക്കം എഴുതാറുണ്ടെങ്കിലും, മറ്റെല്ലാറ്റിലുമധികം ഒരു വിമർശകൻ എന്ന നിലയ്ക്കാണു് തന്റെ പേരു് സാഹിത്യത്തിൽ നിലനിർത്താൻ വക്കം ആഗ്രഹിക്കുന്നതു്. വളരെ അത്യാവശ്യമായി മലയാളത്തിൽ വർദ്ധിച്ചുവരേണ്ട ഒരു വിഭാഗമാണു വിമർശനം എന്നു വക്കം വിശ്വസിക്കുന്നു. അതുകൊണ്ടു് വിമർശനത്തെ ഒരു കലയായി ഉയർത്താൻ അദ്ദേഹം ആഗ്രഹിക്കുകയും യഥാശക്തി ശ്രമിക്കുകയും ചെയ്തുവരുന്നു. പക്ഷേ, മിക്ക ഉപന്യാസങ്ങളിലും ഒരു ജാലവിദ്യക്കാരന്റെമട്ടിലാണു് അദ്ദേഹം രംഗപ്രവേശം ചെയ്യുന്നതു്. ജാലവിദ്യക്കാരൻ ഒരുകൂടു ശീട്ടെടുത്തു, കുറെ ദൂരെ സ്റ്റേജിൽ നില്ക്കുന്നു. ഒരുഡസൻ ശീട്ടെടുത്തു വിരുത്തിപ്പിടിച്ചു, ‘ഫൂ’ എന്നൊരു ഊത്തൂതി, തുടച്ചു ഒരു വിദ്യ കാണിക്കുന്നു. ഉത്തരക്ഷണത്തിൽ അതു മാറ്റി, കൈപ്പടം കൊണ്ടും ഒന്നുകൂടി തുടച്ചു മറ്റൊരു കൗശലം കാണിക്കുന്നു. വക്കവും ഏതാണ്ടിപ്രകാരമാണു്. ‘ഫൂ’ എന്നൊരു ഊത്തു് ഊതിയിട്ടെന്നപോലെ അദ്ദേഹം നിങ്ങളുടെ മുമ്പിൽ ഒരു വിഷയത്തെപ്പറ്റി ബർണാഡ്ഷാ എന്തു പറയുന്നു എന്നു കാണിച്ചുതരുന്നു. പിറ്റേ നിമിഷം, അതേ വിഷയത്തെപ്പറ്റിത്തന്നെ കാർലൈൽ എന്തു പറയുന്നു എന്നു പറഞ്ഞുതരുന്നു. അതിനു പിന്നീടു സെയിൻറ്സ് ബറി വരുന്നു. ക്രമത്തിൽ റൊമെയിൻ റോളണ്ട്, ഫ്രായ്ഡ്, ഈൻസ്റ്റിൻ തുടങ്ങി അദ്ദേഹത്തിന്നിഷ്ടപ്പെട്ടിട്ടുള്ളവരും വിഷയത്തിന്നാവശ്യമുള്ളവരുമായ ചിന്തകന്മാർ ഓരോരുത്തരായി അനുസരണപൂർവം പ്രത്യക്ഷപ്പെടുന്നു. ജാലവിദ്യക്കാരന്റെ കൈയടക്കം പോലെത്തന്നെ ബഹുമാനിക്കേണ്ട ഒരു മനസ്സടക്കമാണിതെന്നുള്ളതിന്നു സംശയമില്ല. പക്ഷേ, ഉദ്ധരണികളുടെ നൂലുകൾ കൊണ്ടു സമർത്ഥമായി നെയ്തുണ്ടാക്കുന്ന അദ്ദേഹത്തിന്റെ ഉപന്യാസത്തിന്റെ വലയിൽക്കൂടി നടന്നു പോരുന്നതു് അത്ര എളുപ്പമുള്ള കാര്യമല്ല. അതു പല സ്ഥലത്തും കെട്ടുപിണഞ്ഞുകിടക്കുകകാരണം ആ വലയിൽ വീണ ഇരയെ പുറത്തെടുക്കുന്നതും ഉപന്യാസകർത്താവിന്നുകൂടി അസാദ്ധ്യമാണെന്നാണു് എന്റെ ഊഹം. ഇതിലധികം ഉദ്ധരണികൾ ഉപയോഗിച്ചു ജാലവിദ്യ കാണിക്കുവാനുള്ള കെൽപ്പു്, മലയാളത്തിലെ മറ്റൊരു ഉപന്യാസകർത്താവിന്നു മാത്രമേ കണ്ടിട്ടുള്ള. അതു പക്ഷേ, മറ്റൊരു കഥയാണു്. എങ്കിലും ആ വിമർശകകേസരിയെ ഇവിടെ സ്മരിക്കുന്നതു നന്നു്. കാരണം, അദ്ദേഹമാണു വക്കം അബ്ദുൾഖാദറുടെ സാഹിത്യത്തിലെ ‘കാണപ്പെട്ട ദൈവം’.
തങ്ങൾക്കു പറയാനുള്ളതും, ഉദ്ധരണികളുടെ ഒരു ‘മാഗിനൊ’കോട്ട കെട്ടി സുരക്ഷിതമാക്കിവെക്കണമെന്നുള്ള മതം നമ്മുടെ വിമർശകന്മാരുടെയിടയിൽ ഇടക്കാലത്തുവെച്ചു പടർന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണു്. വക്കത്തിനെ സംബന്ധിച്ചേടത്തോളം ഇതൊരു പകർച്ചവ്യാധിയായിത്തന്നെ വളർന്നു പോയിട്ടില്ലേ എന്നു ഞാൻ ഭയപ്പെടുന്നു പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം മഹാരഥന്മാർ പാറാവുനില്ക്കുന്ന കോട്ടയിലാണു വക്കത്തിന്റെ അഭിപ്രായങ്ങൾ, അങ്ങനെയൊന്നുണ്ടെങ്കിൽ, സ്ഥിതി ചെയ്യുന്നതു്. ആ പാറാവുകാരെ പരിചയമുണ്ടെങ്കിൽ, കോട്ടയുടെ ഉള്ളിലേക്കു നിങ്ങൾക്കു പ്രവേശം കിട്ടിയെന്നു വരും. അതില്ലാത്തപക്ഷം, പ്രശസ്തങ്ങളും ആലോചനാർഹങ്ങളുമായ തങ്ങളുടെ അഭിപ്രായങ്ങൾകൊണ്ട് ആയുധമണിഞ്ഞുനില്ക്കുന്ന പരശ്ശതം ചിന്തകന്മാർ പാറാവുനില്ക്കുന്ന ആ കോട്ട ഒന്നു ചുറ്റിനടന്നു കാണുകയും, അതിനുള്ളിലാണു നമ്മുടെ വക്കം അബ്ദുൾഖാദർ സുരക്ഷിതനായി ഇരിക്കുന്നതെന്നു സമാധാനിച്ചു പിൻവാങ്ങുകയും ചെയ്യാം.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)