ജാനകിയമ്മയെ ഒരു ഭാഗ്യവതിയായിട്ടാണു് നാട്ടുകാർ കരുതിയതു്. അവർ പറഞ്ഞതിലപ്പുറം ഭർത്താവു തെറ്റിനടക്കുക പതിവില്ല. വലിയ സ്നേഹവുമാണു് ഭർത്താവിനു ജാനകിയമ്മയെ. സുമുഖനും സാമാന്യം നല്ലൊരുദ്ദ്യോഗസ്ഥനുമായ ഗോവിന്ദമേനോനെ വരിക്കാൻ തയ്യാറായി പട്ടണത്തിൽ സൌന്ദര്യവതികളായ അനവധി യുവതികൾ ഉണ്ടായിരുന്നു. എന്നാൽ അവരുടെ ആരുടേയും പിടിയിൽ അകപ്പെടാതെ ഗോവിന്ദമേനോൻ തന്നെയാണല്ലോ വിവാഹം കഴിച്ചതു് എന്നോർത്തു ജാനകിയമ്മ അനല്പമായി സന്തോഷിക്കുകയും, താനൊരു അസാമാന്യ ഭാഗ്യവതിയാണെന്നു സങ്കല്പിക്കുകയും പതിവുണ്ടു്. ഇതിലധികം അവരുടെ ദാമ്പത്യജീവിതത്തെ സുഖകരമാക്കിത്തീർത്തതു്, ഭർത്താവിന്റെ ശീലഗുണവും ഭാര്യയെ ശുശ്രൂഷിക്കുന്നതിലും സന്തോഷിപ്പിക്കുന്നതിലുമുള്ള ശ്രദ്ധയുമാണു്. ജാനകിയമ്മ എന്താണു പറഞ്ഞതു് എന്നു വെച്ചാൽ അതു വീട്ടിൽ നിയമമാണു്. അതിനപ്പുറം ഗോപിമേനോനു് അഭിപ്രായമില്ല.
“ഇത്ര സുശീലനായ ഒരു ഭർത്താവിനെ തങ്ങൾക്കു കിട്ടിയില്ലല്ലോ എന്നോർത്തു സുന്ദരികളായ മറ്റുള്ള യുവതികൾ കുണ്ഠിതപ്പെടാറുണ്ടു്. ആ ജാനകിയമ്മയുടെ എന്തു ചന്തം കണ്ടിട്ടാണു് ആയമ്മയോടു ഗോപിമേനോനു് ഇത്ര ഇഷ്ടം എന്നവർ, സംഭാഷണമദ്ധ്യേ, ഇടയ്ക്കു ചോദിച്ചു പരസ്പരം അത്ഭുതപ്പെടും. കാര്യം ശരിയാണു താനും. ജാനകിയമ്മ സുന്ദരിയൊന്നുമല്ല. കഷണ്ടിയുടെ ആരംഭമുണ്ടോ എന്നു ഭയം ജനിപ്പിക്കുന്നവിധം വിസ്താരമുള്ള നെറ്റിയും ചെറിയ കണ്ണുകളും അവരുടെ മുഖത്തിന്റെ വടിവിനെ കുറയ്ക്കുന്നു. നാസികയ്ക്കു് ആ വൈരക്കൽ മൂക്കുത്തിയല്ലാതെ മറ്റൊരു സൌഭാഗ്യവുമില്ല. വലിയ വായ. ഇരട്ടത്താടിയുണ്ടെന്നു തോന്നിക്കുന്ന വിധത്തിൽ താടിയെ പങ്കിടുന്ന ഒരു കുഴി. എങ്ങനെയാണു് ജാനകിയമ്മ ആ സാധു ഗോപിമേനോനെ വശീകരിച്ചതു് എന്നുള്ളതു പരിചയക്കാരുടെ ഇടയിൽ എപ്പോഴും ഒരത്ഭുതവിഷയമാണു്.
ജാനകിയമ്മ ഈ കാര്യത്തിൽ സ്വാഭാവികമായി സന്തോഷിച്ചിരുന്നു. തന്നിലുള്ള ഭർത്താവിന്റെ ശ്രദ്ധയ്ക്കു ലോപം സംഭവിച്ചിട്ടില്ലല്ലോ എന്നു് ഇടയ്ക്കു പരീക്ഷിക്കുന്നതു് അവർക്കു് ആനന്ദകരമായ അവസരമായിരുന്നു. ചില ദിവസം ഭർത്താവു് ആപ്പീസു വിട്ടു വീട്ടിൽ മടങ്ങി വരുമ്പോൾ അദ്ദേഹത്തിന്റെ ആപ്പീസുമുറി പൂട്ടിയിട്ടു താക്കോലും കൊണ്ടു ജാനകിയമ്മ അയൽപക്കത്തെ വീട്ടിൽ വിരുന്നുപോയിട്ടുണ്ടാവും, എന്നാൽ ഭാര്യ മടങ്ങി വരുന്നതുവരെ ഗോപിമേനോൻ സൂട്ടഴിച്ചു വെയ്ക്കാതെ തളത്തിൽ ഒരു കസാലയിൽ ഇരിക്കും. ഭാര്യ മടങ്ങിവന്നു, “അല്ല, എത്ര നേരമായി ഇങ്ങനെ ഇരിക്കുന്നു? ആ നാരായണനെ ഒന്നയയ്ക്കാമായിരുന്നില്ലേ എന്നെ വിളിക്കാൻ!” എന്നു പറഞ്ഞാൽ, യാതൊരലോക്യവും കൂടാതെ പ്രസന്നവദനനായി അദ്ദേഹം മറുപടി പറയും: “ജാനൂനെ ബുദ്ധിമുട്ടിക്കേണ്ട എന്നു വിചാരിച്ചു. എന്തേ ഇത്ര വേഗം മടങ്ങിയതു്?”
ഈ ചോദ്യത്തിൽ പരിഹാസമോ അസ്വരസമോ തീരെ കലർന്നുകാണാത്തതു കണ്ടു ജാനകിയമ്മ അത്യധികം സന്തോഷിക്കും. ഇടയ്ക്കവർ വിചാരിക്കും: ‘അദ്ദേഹത്തെ കിട്ടാൻ എന്തൊരു സുകൃതമാണു് ഞാൻ കഴിഞ്ഞ ജന്മം ചെയ്തതു്!’ ഭർത്താവിന്റെ ഈ ശാന്തമായ പെരുമാറ്റവും സ്വഭാവവും ഗുണവും മറ്റും മറ്റും ആലോചിച്ചു ജാനകിയമ്മ ഇടയ്ക്കു തന്റെ ദാമ്പത്യസുഖത്തിന്റെ അവിശ്വസനീയമായ നൈർമ്മല്യത്തെപ്പറ്റി വിചാരിച്ചു ഭയപ്പെടുകപോലും ചെയ്യാറുണ്ടു്. അപ്പോഴെല്ലാം അവർ അതു തന്റെ മനസ്സിന്റെ വികൃതിയാണെന്നു സമാധാനിക്കുകയും, ഭർത്താവിന്റെ മേലുള്ള തന്റെ സ്വാധീനതയെപ്പറ്റി ഓർത്തു സ്വർഗ്ഗീയമായ ഒരു തൃപ്തിയടയുകയും ചെയ്യുക പതിവായിരുന്നു.
അതിനു കാരണമുണ്ടു്: അയൽപക്കത്തുള്ള വിവാഹിതകളായ സ്ത്രീകൾക്കെല്ലാം തങ്ങളുടെ ഭർത്താക്കന്മാരെപ്പറ്റി ഓരോ ആക്ഷേപം പായാനുണ്ടു്. കല്യാണിക്കുട്ടിയുടെ ഭർത്താവു്, ഭാര്യ എന്തു കാര്യം പറഞ്ഞേല്പിച്ചുവോ, അതുമാത്രം മറക്കും. ശാരദയുടെ കണവൻ ശമ്പളം കിട്ടിയാൽ ഒരൊറ്റ പൈ ഭാര്യയെ കണികാണിക്കില്ല. ഇന്ദിരക്കുട്ടിയുടെ ഭർത്താവിനു് ഏതാണ്ടൊരു പ്രാകൃതന്റെ പ്രകൃതമാണു്. സാവിത്രിയുടെ ആളാകട്ടെ, സ്ത്രീവിഷയത്തിൽ കുറെ ആസക്തിയുള്ള ആളാണു് എന്നാണു് ജനസംസാരം. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എല്ലാ പുരുഷമാർക്കും സ്വഭാവദൂഷ്യമുള്ളതായി തനിക്കു ചുറ്റും നടക്കുന്ന സംഗതികളിൽനിന്നു മനസ്സിലാക്കിയ ജാനകിയമ്മ തന്റെ ഭർത്താവിന്റെ അസൂയാവഹമായ സ്വഭാവനൈർമ്മല്യത്തിലും ഭാര്യാസ്നേഹത്തിലും കുറച്ചധികം അഭിമാനിച്ചിരുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടുവാനൊന്നുമില്ല.
അന്നു വൈകുന്നേരം ആപ്പീസിൽനിന്നു മടങ്ങിവന്നു കാപ്പി കഴിച്ചതിനുശേഷം പുറത്തു പോവാൻ ഭർത്താവു് അല്പം ധൃതി കാണിച്ചുവോ എന്നു ജാനകിയമ്മ സംശയിച്ചു. എന്തെങ്കിലും പ്രവൃത്തിത്തിരക്കുണ്ടാവും എന്നവർ സമാധാനിച്ചു. പക്ഷേ, ഒന്നുരണ്ടു തവണയായി, അത്ര പ്രകടമായി പ്രത്യക്ഷപ്പെടാറില്ലെങ്കിലും, പുറത്തു പോവാൻ ഒരു ചെറിയ ധൃതി ഭർത്താവു കാണിക്കാൻ തുടങ്ങിട്ടു് എന്നു ജാനകിയമ്മ പൂർവ്വ സംഭവങ്ങളോർത്തു മനസ്സിൽ വിചാരിച്ചു. പക്ഷേ, അതു വെറും ഒരു തോന്നലാണു് എന്നു് ഉടൻതന്നെ തന്നെ മനസ്സിന്റെ ചപലതയെ ജാനകിയമ്മ അടക്കി. “ഇന്നു നമുക്കു സിനിമയ്ക്കു പോകണം” എന്നോ “കൃഷ്ണൻനായരുടെ വീട്ടിൽ പോകണം” എന്നോ ഒരു ചെറിയ സൂചന നല്കുകയേ വേണ്ടു, എന്നാൽ ഭർത്താവിന്റെ ഈ പുറത്തു പോവാനുള്ള ധൃതി പറപറക്കും എന്നു ജാനകിയമ്മയ്ക്കു പൂർണ്ണബോദ്ധ്യമുണ്ടു്. അവരതു പറഞ്ഞില്ല. കാരണം, അതു പറഞ്ഞാൽ ഭർത്താവു് അനുസരിക്കുമെന്നു് അവർക്കു നിസ്സംശയം അറിയാം. അതു മാത്രമല്ല അന്നു പുറത്തു പോകണമെന്നു ജാനകിയമ്മ നിശ്ചയിച്ചിരുന്നതുമില്ല. എന്നാൽ അസുഖങ്ങളായ പല മാനസിക സങ്കല്പങ്ങളും വന്നു മനസ്സിൽ നിറഞ്ഞപ്പോൾ അവയ്ക്കൊരുപശാന്തിയായി ഒരു ഷോപ്പിങ് കഴിച്ചുവരാമെന്നവർ നിശ്ചയിച്ചു. കുറച്ചു ബ്ലൌസിനു ശീല വാങ്ങണം എന്നു വിചാരിച്ചുതുടങ്ങീട്ട് ഒന്നുരണ്ടു ദിവസമായി. അത്യാവശ്യമല്ലാത്തതിനാൽ അതു നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ആ പണി കഴിച്ചു വരാം എന്നു നിശ്ചയിച്ചു ജാനകിയമ്മ ഒരു കുതിരവണ്ടിയിൽ കയറി അങ്ങാടിയിലേയ്ക്കു പോയി. പല ഷാപ്പിലും കയറിയിറങ്ങി തനിക്കു ബോധിച്ച ഒന്നുരണ്ടു തുണിത്തരങ്ങൾ മേടിച്ചു പുറത്തിറങ്ങി. ഇടത്തെ കൈകൊണ്ടു സാരിത്തുമ്പു പിടിച്ചു വലംകൈ വണ്ടിയിൽ ഊന്നി, അതിൽക്കയറുമ്പോൾ സ്വാഭാവികമായി വളകൾ കിലുങ്ങിയപ്പോഴാണു തന്റെ സ്വർണ്ണ വളകളുടെ ആണി ഇളകിയിട്ടുള്ള കാര്യം അവരുടെ ഓർമ്മയിൽ വന്നതു്. അതൊന്നു് ഉറപ്പിക്കാൻ കൊടുക്കണം എന്നു നിശ്ചയിച്ചു. അവർ അടുത്തുള്ള കുറുപ്പിന്റെ ആഭരണശാലയിൽ കയറി: അവിടെ വളകളും കർണ്ണാഭരണങ്ങളും ചങ്ങലകളും മറ്റും ഭംഗിയായി കാഴ്ചയ്ക്കു വെച്ചിട്ടുണ്ടു്. അതിൽ പലതും പുതിയ ഫാഷനിലുള്ളതാണെന്നു കണ്ടപ്പോൾ ജാനകിയമ്മയ്ക്കു കൌതുകം ജനിച്ചു. നീലക്കല്ലിന്മേൽ സ്വണ്ണപ്പണി ചെയ്തു്, വിവിധവർണ്ണത്തിലുള്ള മുത്തുകൾ അലുക്കുപോലെ തൂക്കിയ ഒരു ജോഡി കുടക്കടുക്കൻ അവരെ ഹഠാദാകർഷിച്ചു. “അതെടുക്കു, നോക്കട്ടെ” എന്നു പറഞ്ഞു അവർ അതു മേടിച്ചു വിസ്തരിച്ചു നോക്കി. അതു വാങ്ങാനുള്ള കലശലായ അഭിലാഷം ദ്യോതിപ്പിക്കുന്ന മുഖത്തോടേ അവർ ചോദിച്ചു:
“ഈ മാതിരി ഇവിടെ കണ്ടിട്ടില്ലല്ലോ.”
“ഇല്ല,” കുറുപ്പു മറുപടി പറഞ്ഞു, “അതു തൃശ്ശിവപേരൂർ ഫാഷനാണു്.”
“വളരെ നന്നായിട്ടുണ്ടു്.”
“ഈ ഒറ്റ ജോഡിയേ ഇവിടെ വന്നിട്ടുള്ളു?”
“എന്താണു് വില?”
“എണ്പത്തഞ്ചുറുപ്പിക”
വില കേട്ടപ്പോൾ ജാനകിയമ്മയുടെ മുഖപ്രസാദം മങ്ങി. പക്ഷേ, എത്ര മനോഹരമായ കർണ്ണാഭരണം! ഈ പറഞ്ഞ വില അതിനു യഥാർത്ഥത്തിൽ ഉണ്ടാവും എന്നവർ മനസ്സുകൊണ്ടു സമാധാനിച്ചു. പക്ഷേ, ഈ ക്ഷാമകാലത്തു് ഇത്ര വളരെ വില കൊടുത്തു് ഒരു ജോഡി കർണ്ണാഭരണം വാങ്ങുവാൻ ഭർത്താവിനോടു പറയുന്നതു് അവിവേകമല്ലേ എന്നവർ ഓർത്തു. പറഞ്ഞാൽ അദ്ദേഹം തീർച്ചയായും വാങ്ങും. പണം ഇല്ലെങ്കിൽ എവിടെ നിന്നെങ്കിലും കടം മേടിച്ചു് അദ്ദേഹമതു വാങ്ങും. അതിനെപ്പറ്റി ജാനകിയമ്മയ്ക്കു സംശയമില്ല. പക്ഷേ, എന്തു പറഞ്ഞാലും ചെയ്യാൻ സന്നദ്ധനായ ഭർത്താവിനെ ഈമാതിരി അവിവേകമായ കാര്യങ്ങളിൽ നിന്നു വിലക്കേണ്ടതു തന്റെ ചുമതലയല്ലേ എന്നവർ വിചാരിച്ചു. വാങ്ങാനുള്ള കലശലായ ആഗ്രഹവും ഈമാതിരി മനോഗതങ്ങളും തമ്മിൽ ജാനകിയമ്മയുടെ മനസ്സിൽ യുദ്ധം ചെയ്തുകൊണ്ടിരുന്നു. അവർ തന്റെ കാതിൽ കിടക്കുന്ന ആഭരണങ്ങളിടയ്ക്കു തൊട്ടു പരിശോധിച്ചും, കയ്യിലിരിക്കുന്നവയുടെ ഭംഗിയെ അഭിനന്ദിച്ചും ഇരിക്കുന്നതിനിടയ്ക്കു് ആഭരണവ്യാപാരി ചോദിച്ചു:
“അതു പാക്കു ചെയ്യട്ടെ?”
“വരട്ടെ…”
“ഇപ്പോൾ കൊണ്ടുപോകുന്നില്ലേ?”
“ഉം… ഉം… ഇല്ല.” ജാനകിയമ്മ മനമല്ലാമനസ്സോടേ ഉത്തരം പറഞ്ഞു.
“എന്നാൽ അതു റിസർവ്വു ചെയ്തു വെയ്ക്കാം. സൌകര്യം പോലെ കൊണ്ടുപോയാൽ മതി.?” വ്യാപാരി പറഞ്ഞു.
“അങ്ങനെയാവട്ടെ” എന്നു പറയാനാണു് ജാനകിയമ്മയുടെ നാവു പൊങ്ങിയതെങ്കിലും, ധൈര്യക്ഷയം നിമിത്തം അവർ പറഞ്ഞതിങ്ങനെയാണു്: “വേണ്ടാ,… റിസർവ്വു ചെയ്തുവെയ്ക്കണ്ട. ഞാൻ രണ്ടു ദിവസത്തിന്നുള്ളിൽ വിവരം അറിയിക്കാം…”
“അങ്ങനെയാവട്ടെ” എന്നു് ഉടമസ്ഥൻ മറുപടി പറഞ്ഞു.
ജാനകിയമ്മ അതു് ഒരുവിധം മടക്കിക്കൊടുത്തു്, വീട്ടിലേയ്ക്കു മടങ്ങി.
എങ്കിലും ആ കുടക്കടുക്കന്റെ വിചാരം അവരുടെ മനസ്സിൽനിന്നു വിട്ടുപോയില്ല. പക്ഷേ, എങ്ങനെയാണു് അത്ര വലിയ വിലകൊടുത്തു് അതു വാങ്ങിത്തരുവാൻ ഭർത്താവിനോടു പറയുക! യാതൊരുന്മേഷവുമില്ലാതെ അവർ ദിനകൃത്യങ്ങളിലേർപ്പെട്ടു.
ആയിടയ്ക്കാണു് ഭർത്താവിനു റാവുബഹദൂർസ്ഥാനം കിട്ടിയതിന്റെ വക വിരുന്നു സല്ക്കാരം വന്നതു്. സ്നേഹിതന്മാർ എല്ലാവരും കൂടി ഗോവിന്ദമേനോനു് ഒരു ടീപാർട്ടി കൊടുത്തുകഴിഞ്ഞിരുന്നു. അദ്ദേഹം അതു മടക്കിക്കൊടുക്കാൻ ഒരുക്കങ്ങൾ ചെയ്തു് ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം ആ കുടക്കടുക്കൻ ധരിക്കണമെന്ന മോഹം ജാനകിയമ്മയെ കലശലായി ബാധിച്ചു. എന്താണതിനു നിവൃത്തി എന്നവർ ആലോചിച്ചു. ഒടുവിൽ ഒരു സൂത്രം തോന്നി. ആഭരണവ്യാപാരി കുറുപ്പ് അവരുടെ ഒരു കുടുംബസ്നേഹിതനാണു്. അദ്ദേഹവുമായി ഗൂഢമായി ഒരു കരാറിലേർപ്പെട്ടു്, ആ കുടക്കടുക്കൻ സമ്പാദിക്കാൻ അവരൊരു വിദ്യ പ്രയോഗിച്ചു. വിരുന്ന സല്ക്കാരത്തിന്റെ രണ്ടുദിവസം മുമ്പു് അവർ ആഭരണശാലയിൽച്ചെന്നു കുറുപ്പിനോടു ചോദിച്ചു:
“ആ കുടക്കടുക്കൻ വിറ്റു പോയോ?”
“ഇല്ല, ഞാനതു വേറെ വെച്ചിട്ടുണ്ടു്” എന്നു പറഞ്ഞു കുറുപ്പു് അതു പുറത്തെടുത്തു. ജാനകിയമ്മയുടെ മുഖം നന്ദിസൂചകമായ ഒരു മന്ദഹാസം കൊണ്ടു്. വിളങ്ങി.
“ഇപ്പോൾ കൊണ്ടുപോകുന്നുവൊ” കുറുപ്പ് ചോദിച്ചു.
“വരട്ടെ, ആയില്യ” ജാനകിയമ്മ. മറുപടി പറഞ്ഞു: “പക്ഷേ, ഞാനതു വാങ്ങാം. കുറുപ്പ്, ഒരുപകാരം ചെയ്യണം?” തന്റെ ഗൂഢാലോചനയിൽ അന്യനൊരാളെ പങ്കുചേർക്കുന്നതിലുള്ള ലജ്ജ കാരണം ജാനകിയമ്മ അല്പനേരം മിണ്ടാതിരുന്നു.
“എന്താതു്, പറയൂ” കുറുപ്പു ജിജ്ഞാസ കാണിച്ചു.
ജാനകിയമ്മ പറഞ്ഞു: “ഇപ്പോഴത്തെ നിലയ്ക്കു് ഇതിന്റെ വില വളരെ ജാസ്തിയാണു്. ഈ വിലയ്ക്കു് ഇതു വാങ്ങാൻ പറയാൻ എനിക്കു മടിയുണ്ടു്. അതുകൊണ്ടു് അദ്ദേഹം വന്നു് ഇതിനു വില ചോദിക്കുമ്പോൾ പകുതി വിലയേ കുറുപ്പു പറയാവൂ. ബാക്കിക്കു് എനിക്കൊരു കുറിപ്പയച്ചാൽ മതി. ഞാൻ എന്റെ സ്വകാര്യത്തിൽ നിന്നു് അദ്ദേഹം അറിയാതെ കുറുപ്പിനു പണം അയച്ചുതരാം. ഇതു സമ്മതമാണോ?” അക്ഷമയായി ജാനകിയമ്മ കുറുപ്പിന്റെ മുഖത്തേയ്ക്കു നോക്കി.
“ഓഹോ, ധാരാളം സമ്മതം.” കുറുപ്പു ചിരിച്ചു പറഞ്ഞു.
ജാനകിയമ്മയ്ക്കു വായു നേരേ വീണു. കൃതജ്ഞത സൂചിപ്പിക്കുന്ന പുഞ്ചിരിയോടെ കുറുപ്പിനെ നോക്കി അവർ ഷാപ്പിൽ നിന്നു പുറത്തിറങ്ങി. തന്റെ പണ്ടത്തിനു മതിയായ വിലയ്ക്കു പുറമേ ഈ മാതിരി അമൂല്യങ്ങളായ പുഞ്ചിരികൾകൂടി ദൈനംദിനം സമ്മാനം കിട്ടിശ്ശീലിച്ചിട്ടുള്ള ആഭരണവ്യാപാരി, വിചാരിച്ചു:
“പെണ്ണുങ്ങൾക്കു് ഈ മാതിരി ഭ്രാന്തില്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ പിഴയ്ക്കും!”
അന്നു വൈകുന്നേരം ഭർത്താവു് ആപ്പീസിൽ നിന്നു വന്നപ്പോൾ ജാനകിയമ്മ അദ്ദേഹത്തെ പതിവിലധികം ഉത്സാഹത്തോടേ പരിചരിച്ചു. വർത്തമാനങ്ങൾ പറയുന്നതിലിടയ്ക്കു സാമാനങ്ങളുടെ വിലകയറ്റം, പഞ്ചസാരയ്ക്കുള്ള ക്ഷാമം തുടങ്ങി പലതും വന്നു. പവന്റെ വില അല്പം താണുപോയിട്ടുണ്ടു് എന്ന വിവരവും സംഭാഷണമദ്ധ്യേ വന്നു. ഇടയ്ക്കു ജാനകിയമ്മ പറഞ്ഞു:
“ഞാൻ രണ്ടുദിവസം മുമ്പു കുറുപ്പിന്റെ ആഭരണശാലയിൽ പോയിരുന്നു. എന്റെ വളയുടെ ആണി ഇളകിയതു നന്നാക്കിക്കാനാണു് പോയതു്. അവിടെ പുതിയ ഫാഷനിലുള്ള ഒരു ജോടി കുടക്കടുക്കൻ വന്നിട്ടുണ്ടു്. എന്തോരു ഭംഗിയാണു് !”
ഇതു പറഞ്ഞു ഭർത്താവിനു കുറച്ചുകൂടി കാപ്പി ഒഴിച്ചുകൊടുത്തു് അവർ മന്ദഹാസമേതം ഭർത്താവിന്റെ മുഖത്തു നോക്കിനിന്നു. അദ്ദേഹം ഭാര്യയുടെ സംഭാഷണത്തിൽ സന്തോഷം പ്രദർശിപ്പിച്ചു്,
“ഉവ്വോ?”
എന്നു. ചോദിച്ചു. ആ ചോദ്യത്തിനെത്തുടർന്നുള്ള അദ്ദേഹത്തിന്റെ പ്രസന്നമായ മുഖഭാവത്തിൽനിന്നു ജാനകിയമ്മ തീർച്ചയാക്കി: ‘അദ്ദേഹം അതെനിക്കു മേടിച്ചുതരും.’ മനസ്സിൽ ഈ ഉറപ്പു കിട്ടിയതോടുകൂടി അവരാ വിഷയം നിർത്തി.
ടീപാർട്ടിയുടെ ദിവസം അടുത്തെങ്കിലും ഭർത്താവു കുടക്കടുക്കൻ വാങ്ങിക്കൊണ്ടു വന്നില്ലെന്നു കണ്ടു ജാനകിയമ്മ വിഷാദിച്ചു. അതിനെപ്പറ്റി ചോദിക്കുവാൻ അഭിമാനവും, അല്പം ഭയവും അവരെ അനുവദിച്ചില്ല. ടീപാർട്ടിയുടെ ദിവസം വന്നു. അതിഥികൾ വരുന്നതു വരെ: ജാനകിയമ്മ. മോഹിച്ചുകൊണ്ടിരുന്നു—ഭർത്താവു് ഇപ്പോൾ തരും എന്നു്. എന്നാൽ അവർ നിരാശപ്പെട്ടു. അതിഥികൾ. ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. കഴിയുന്നത്ര ഉത്സാഹവും ഉന്മേഷവും നടിച്ചു് അവർ അതിഥികളെ സ്വീകരിച്ചുകൊണ്ടിരുന്നു. അതിന്റെ കൂട്ടത്തിൽ സ്ത്രീകളുടെ ചെറിയ സംഘം വന്നു. അവരെ ഓരോരുത്തരെയായി സ്വീകരിച്ചുകൊണ്ടിരിക്കേ ജാനകിയമ്മ ഒരു സാധനം കണ്ടു ഞെട്ടി. ഭാഗീരഥിയുടെ കാതിൽ തൂങ്ങുന്ന, തന്നെ മോഹിപ്പിച്ച, ആ കുടക്കടുക്കൻ കണ്ടിട്ടാണു് അവർ ഞെട്ടിയതു്. ‘അതു മറ്റാരോ വാങ്ങി ഭാഗീരഥിയമ്മയ്ക്കു. കൊടുത്തുകഴിഞ്ഞു’ ജാനകിയമ്മ വേദനയോടെ മനസ്സിൽ വിചാരിച്ചു: “അല്ലെങ്കിൽത്തന്നെ ഭാഗീരഥിയമ്മ ഒരു തേവിടിശ്ശിയാണെന്നാണു് ജനങ്ങളുടെ ഇടയിൽ സംസാരം, ആ കുടക്കടുക്കനും കൂടിയായപ്പോൾ മുഴുവനായി.” ജാനകിയമ്മ ഈർഷ്യയോടേ തുടർന്നു വിചാരിച്ചു. പക്ഷേ, എന്തു വിചാരിച്ചിട്ടെന്താണു്! അതു് പോയ്പോയില്ലേ!! ഉന്മേഷപൂർവ്വം കഴിയേണ്ടതായിരുന്ന ആ ദിവസം ജാനകിയമ്മയെ സംബന്ധിച്ചേടത്തോളം അങ്ങനെ വിഷാദപൂണ്ണമായി കലാശിച്ചു.
പിറ്റേ ദിവസം ഭർത്താവു് ആപ്പീസിൽ പോയ സമയത്തു് ആഭരണവ്യാപാരി കുറുപ്പിന്റെ ഷാപ്പിൽ നിന്നു ഒരു കുറിപ്പു് വന്നു. “മിനിഞ്ഞാന്നു നിങ്ങളുടെ ഭർത്താവു കുടക്കടുക്കൻ വാങ്ങിക്കൊണ്ടുപോയി. കരാറുപ്രകാരം ഞാൻ 42 ക 8 ണയേ വിലയായി വാങ്ങിയിട്ടുള്ളു. ബാക്കി 42 ക 8 ണ ഈ കുറിപ്പു കൊണ്ടുവരുന്നവൻ പക്കൽ അയയ്ക്കുവാനപേക്ഷ.”
ജനൽ പഴുതുവഴി കാറ്റടിച്ചതുപോലെയുള്ള ഒരു ശബ്ദം ജാനകിയമ്മ ശ്വാസം കഴിക്കുമ്പോൾ ആ മുറിയിൽ പരന്നു.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)