“കീർത്തി. അഥവാ യശസ്സ് ഇച്ഛിക്കുന്നതു് സ്വാർഥലാഭേച്ഛയല്ല… അപരന്മാർക്കു് മാതൃകയാകത്തക്കവണ്ണം കർമങ്ങൾ ആചരിക്കുന്നവരാണു് ‘ശ്രേഷ്ഠർ’. അപരർക്കു് മാതൃകയാകാൻവേണ്ടി സ്വാർഥങ്ങൾ പരിത്യജിക്കൽകൂടി ശ്രേഷ്ഠരുടെ കർത്തവ്യങ്ങളിലുൾപ്പെടും. ശ്രീരാമന്റെ രാജ്യപരിത്യാഗവും പത്നീപരിത്യാഗവും ‘യഥാ രാജാ തഥാ പ്രജാ’ എന്ന തത്ത്വബോധത്തിന്റെ പ്രതിഫലനമായിരുന്നു. രാജപത്നിയുടെ ചാരിത്രശുദ്ധിയിൽ പ്രജകൾ സംശയിക്കുന്ന അവസ്ഥയിൽ രാമനു് സ്വാർഥത്യാഗവും കാമത്യാഗവുമായിരുന്നു പ്രജകൾക്കു് സംശയനിവൃത്തിയുണ്ടാവും വരെ പത്നിയെ അകറ്റുക എന്നതു്. രാജാവിനു് വിശ്വാസമുണ്ടായിരുന്നാൽ മാത്രം പോരാ, അങ്ങനെയാണെന്നു് പ്രജകൾക്കു് വിശ്വാസമുണ്ടാവണം എന്നതാണു് അന്നത്തെ വീക്ഷണം… എതു രാജാവിനും യശസ്സ് പ്രജകൾക്കു് മാതൃകയാവുംവിധമുള്ള ധർമാനുഷ്ഠാനമാണു്. ഇന്നത്തെപ്പോലെയുള്ള ‘പേരെടുക്കലല്ല’ അതു്.”
ഭഗവദ്ഗീത രണ്ടാമധ്യായം 34-ാം ശ്ലോകത്തിന്നു് ഡോ. എം. ലീലാവതി നൽകുന്ന വ്യാഖ്യാനത്തിൽനിന്നാണു് ഈ വാക്യങ്ങൾ. ശ്ലോകവും വ്യാഖ്യാതാവിന്റെ പരിഭാഷയും താഴെ കൊടുക്കുന്നു.
അകീർതിം ചാപി ഭൂതാനി
കഥയിഷ്യന്തി ത്യേവ്യയാം
സംഭാവിതസ്യ ചാകീർതിർ-
മരണാദതിരിച്യതേ.
(മാത്രമല്ല, നിന്നെപ്പറ്റി തീരാത്ത അകീർത്തിയാണു് ആളുകൾ പറഞ്ഞുപരത്തുക. സത്കീർത്തി ഉണ്ടാക്കിയെടുത്ത ഒരു വ്യക്തിക്കു് ദുഷ്കീർത്തി മരണത്തിനും മേലെയാണു്.)
തുടർന്നു് 63-ാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ, രാമന്റെ പത്നീത്യാഗം ധർമഭ്രംശമാണെന്നു കാണുന്നവരെ (അതിൽ ആദ്യത്തെ ആൾ ലക്ഷ്മണനാണെന്നു് വഴിയേ കാണാം) ഇങ്ങിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു: “രാമന്റെ ആ ചെയ്തിയെ അവിവേകികൾ ധർമഭ്രംശമെന്നു് ഇകഴ്ത്തുന്നു. യശഃകാമമോഹിതനെന്നു് വിശേഷിപ്പിക്കുന്നു. ഒരു സാധാരണന്റെ കർത്തവ്യത്തിനും പ്രജകൾക്കു് മാതൃകയാകാൻ നിർദിഷ്ടനായ രാജാവിന്റെ കർത്തവ്യത്തിനും തമ്മിലുള്ള വ്യത്യാസത്തെ വിസ്മരിക്കുന്നു.”
ഗീത രണ്ടാമധ്യായം 31–37 ശ്ലോകങ്ങൾ പ്രക്ഷിപ്തമാണെന്നു് ഞാൻ ‘ഗീതാ ധ്യാനം’ എന്ന വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ടു്. ചുരുക്കത്തിൽ: യുദ്ധം ചെയ്തു മരിച്ചാൽ സ്വർഗം, ജയിച്ചാൽ ഭൂമി, ചെയ്യാഞ്ഞാൽ അകീർത്തി; അതുകൊണ്ടു് യുദ്ധം ചെയ്യു എന്നാണു് ഇവിടത്തെ ഉപദേശം. ഫലാസക്തിയില്ലാതെ. ജയാജയങ്ങളിലും ലാഭാലാഭങ്ങളിലും മാനാപമാനങ്ങളിലും നിന്ദാസ്തുതികളിലും സിധ്യസിദ്ധികളിലും സമചിത്തനായി, ലോകസംഗ്രഹം മാത്രം മുൻനിർത്തി, കർമം ചെയ്യൂ എന്ന ഗീതോപദേശത്തിനു് വിരുദ്ധമാണിതു്. ശോകമോഹങ്ങൾ നീക്കാനുള്ള ലൌകികന്യായമാണു് ഇവിടെ പറയുന്നതെന്നും അല്ലാതെ താത്പര്യം കൊണ്ടല്ലെന്നും ശങ്കരാചാര്യരും പറയുന്നുണ്ടു്. ലൌകികന്യായം എന്ന സമാധാനം ദുർബലമാണു്. ഒന്നാമതു്, തനിയ്ക്കൊരു നേട്ടവുമില്ലാത്ത ഒരു കാര്യമാണല്ലൊ താൻ ചെയ്യാൻ പോകുന്നതു് എന്നായിരുന്നില്ല അർജ്ജുനന്റെ ശോകമോഹങ്ങൾ; സ്വന്തം നേട്ടത്തിനുവേണ്ടി മഹാപാപമാണല്ലൊ താൻ ചെയ്യാൻ പോകുന്നതു് എന്നായിരുന്നു. രണ്ടാമതു്, സ്വജനങ്ങളെ കൊന്നിട്ടു് തനിയ്ക്കു് ജയമോ രാജ്യമോ സ്വർഗമോ ത്രൈലോക്യംപോലുമോ വേണ്ട, അതിലും ഭേദം പിച്ചതെണ്ടുകയാണു് എന്നു് അർജ്ജുനൻ നേരത്തേ പറഞ്ഞുകഴിഞ്ഞതുമാണു്.
“ലോകസംഗ്രഹമേവാപി സംപശ്യൻ കർതുമർഹസി” എന്നാണു് ഗീത അനുശാസിക്കുന്നതു്. അതനുസരിച്ചു്, കർമം ലോകസംഗ്രഹകാരിയോ ലോകനിഗ്രഹകാരിയോ എന്നതുമാത്രമാണു് ധർമാധർമനിർണയത്തിൽ പരിഗണനീയം; കീർത്തികരമോ അകീർത്തികരമോ എന്ന ചിന്തയ്ക്കു പ്രസക്തിയില്ല. അതുകൊണ്ടുതന്നെ, കീർത്തി എന്ന പദത്തിന്റെ അർഥവിചാരവും അപ്രസക്തമാണു്. അധർമം ചെയ്യുന്നതു് കാമം കാരണമാണെന്നാണു് ഗീത പഠിപ്പിക്കുന്നതു്. യശഃകാമം ഇതിന്നു് അപവാദമല്ല. അന്യന്റെ കാവ്യം കട്ടെടുത്തു് കീർത്തിമുദ്രകൾ കൈക്കലാക്കാൻ ഒരു കവി യശഃപ്രാർഥിയ്ക്കു് കഴിഞ്ഞേക്കാം. അതുകൊണ്ടു് അതു് അധർമമല്ലാതാവുന്നില്ല.
കാമംകൊണ്ടോ ഭയംകൊണ്ടോ ലോഭംകൊണ്ടോ ജീവന്നുവേണ്ടിപ്പോലുമോ, ആരും ധർമം വെടിയരുതെന്നാണു് ഭാരതസാരമായി വ്യാസൻ ഗ്രന്ഥാവസാനം പറയുന്നതു്. “ന തത് പരസ്യസന്ദധ്യാത് പ്രതികൂലം യദാത്മനഃ” (തനിയ്ക്കു് അഹിതമായതു് മറ്റാരോടും കാണിക്കരുതു്) എന്ന നിർവചനമനുസരിച്ചു് ഈ ധർമം അഹിംസയല്ലാതെ മറ്റൊന്നുമല്ല. അതേ സമയം “സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ” (എല്ലാ ധർമങ്ങളും വെടിഞ്ഞു്, ഏകനായ എന്നെ ശരണം പ്രാപിക്കൂ) എന്നു് ഗീതോപദേശാവസാനം ഭഗവാനും പറയുന്നു. അനുഷ്ഠേയമായ ധർമങ്ങൾ പരിത്യാജ്യമാവുന്നതു് അവ അഹിംസാവിരുദ്ധമാവുമ്പോൾമാത്രമാണെന്നു് സ്പഷ്ടം. ഭഗവത്സാന്നിധ്യം മനുഷ്യനിൽ പ്രകടമാവുന്നതു് ധാർമികതയുടെ രൂപത്തിലാണെന്നതിനാൽ, ഭഗവാനെ ആശ്രയിക്കുക എന്നാൽ അഹിംസാനിഷ്ഠനാവുക എന്നുതന്നെയാണു് അർഥവും. ചുരുക്കത്തിൽ, അഹിംസയൊന്നാണു് അപരിത്യാജ്യമായ കേവല ധർമം; മറ്റെല്ലാം ആപേക്ഷികവും പരിത്യാജ്യവും.
ആപേക്ഷികധർമ്മങ്ങളിൽ വ്യക്തിധർമ്മങ്ങളുണ്ടു്, സമൂഹധർമങ്ങളുമുണ്ടു്. ഇവ തമ്മിലിടയുമ്പോൾ വ്യക്തിയെക്കാൾ വലുതാണു് സമൂഹമെന്നു കരുതുന്നവർ സമൂഹധർമം കൈകൊള്ളും; മറിച്ചു് കരുതുന്നവർ മറിച്ചും.
രാമന്റെ വനവാസം ക്ഷത്രധർമവിരുദ്ധമാണെന്നു ഭരതനും (ഈദൃശം വ്യാഹതം കർമ ന ഭവാൻ കർതുമർഹതി) കുലധർമവിരുദ്ധമാണെന്നു് വസിഷ്ഠനും (സ രാഘവാണാം കുലധർമമാത്മനഃ സനാതനം നാദ്യ വിഹന്തുമർഹസി) പറയുന്നുണ്ടു്. (വ്യാഹതം-വിഹന്തും എന്നീ രണ്ടു പദങ്ങളും ഹനനസൂചകമാണെന്നു് ശ്രദ്ധിക്കുക) രാമൻ അതു് നിഷേധിയ്ക്കുന്നില്ല. എന്നിട്ടും വനവാസത്തിൽ ഉറച്ചുനില്ക്കാൻ കാരണമായിപ്പറയുന്നതു് പുത്രധർമമാണു്. അച്ഛന്റെ വാക്കു് സത്യമാക്കാനാണു് താൻ രാജ്യം വെടിഞ്ഞതെന്നും അതുപോലെ ഭരതനും അദ്ദേഹത്തെ സത്യവാദിയാക്കാൻ അഭിഷേകം കൈക്കൊള്ളുകയാണു് വേണ്ടതു് എന്നും മറ്റും, (ഭവാനപി തഥേത്യേവ പിതരം സത്യവാദിനം കർതുമർഹതി രാജേന്ദ്ര ക്ഷിപ്രമേവാഭിഷേചനാത് ഇത്യാദി) അർഥാൽ, ക്ഷത്ര-കുലധർമങ്ങൾ വെടിഞ്ഞ് പുത്രധർമം കൈക്കൊള്ളുകയാണു് അദ്ദേഹം ചെയ്തതു്. ഇതിനെ മാതൃകയായിക്കാണുന്നവർ സമൂഹധർമത്തെക്കാൾ വലുതാണു് വ്യക്തിധർമം എന്നു് കരുതുന്നവരാവണം.
രാമന്റെ പത്നീത്യാഗത്തെ ധർമാനുഷ്ഠാനമായി വാഴ്ത്തുന്നവർ പറയുന്നതു്, പ്രജാഹിതപാലനമെന്ന രാജധർമമാണു് അദ്ദേഹം അനുഷ്ഠിച്ചതു് എന്നാണു്. ഇതു് വിശ്വസിയ്ക്കാമെങ്കിൽ, ഭർതൃധർമം വെടിഞ്ഞ് രാജധർമം കൈക്കൊള്ളുകയാണു് അദ്ദേഹം ചെയ്തതു്. ഇതിനെ മാതൃകയായിക്കാണുന്നവർ വ്യക്തിധർമത്തെക്കാൾ വലുതാണു് സമൂഹധർമം എന്നു് കരുതുന്നവരാവണം.
ഇതു രണ്ടും മാതൃകയായിക്കാണുന്നവർ സ്വന്തമായി ഒരു നിലപാടും ഇല്ലാത്തവരുമാവണം.
എന്നാൽ, രാമൻതന്നെ രണ്ടു സന്ദർഭങ്ങളിൽ രണ്ടു വ്യത്യസ്തനിലപാടുകളെടുക്കുകയാണോ ചെയ്തതു്? അതറിയാൻ, രണ്ടു് ത്യാഗങ്ങൾക്കും പ്രേരകമെന്തന്നറിയണം.
രാമന്റെ വനവാസം പുത്രധർമവുമല്ലെന്നു് ഭരതൻ വാദിക്കുന്നുണ്ടു്. ദശരഥൻ മോഹാധീനനായി ചെയ്തുപോയ അധർമമാണു് കൈകേയിയോടുള്ള വാഗ്ദാനം, അച്ഛന്റെ തെറ്റു് തിരുത്തുകയാണു് പുത്രനായാൽ വേണ്ടതു് എന്നും മറ്റും (സാധ്വർഥമഭിസന്ധായ ക്രോധാന്മോഹാച്ച സാഹസാത് താതസ്യ യദതിക്രാന്തം പ്രത്യാഹരതു തദ് ഭവാൻ പിതുർഹി സമതിക്രാന്തം പുത്രോയസ്സാധു മന്യതേ തദപത്യം മതം ലോകേ വിപരീതമതോന്യഥാ.) ഭരതൻ ഇതു പറയും മുൻപേ രാമൻ ലക്ഷ്മണനോടും പറഞ്ഞു, അച്ഛൻ കാമം കാരണം ചെയ്ത അധർമമാണതെന്നു്. (അർഥ ധർമൌ പരിത്യജ്യ യഃ കാമമനുവർതതി ഏവമാപദ്യതേ ക്ഷിപ്രം രാജാ ദശരഥോ യഥാ) എന്നാൽ, പിതാവിന്റെ തെറ്റു് തിരുത്തുകയാണു് പുത്രധർമം എന്ന ഭരതമതത്തെ അദ്ദേഹം വാക്കുകൊണ്ടു് നിഷേധിച്ചില്ലെങ്കിലും പ്രവൃത്തികൊണ്ടു് നിഷേധിച്ചു. ഭരതനാകട്ടെ, പറഞ്ഞപോലെ പ്രവർത്തിച്ചു. അഭിഷേകനിരാസംവഴി പിതാവിനെ തിരുത്താൻ ശ്രമിച്ച ഈ പുത്രനെയാണു്, “താങ്കളെപ്പോലെ ധർമജ്ഞനും ധർമ വത്സലനുമായ പുത്രനെ കിട്ടിയതുകൊണ്ടു് ദശരഥൻ കടമൊടുങ്ങിയവനായി” എന്നു് ഭരദ്വാജമുനി അഭിനന്ദിച്ചതു്. (അനൃണസ്സ മഹാബാഹുഃ പിതാദശരഥസ്തവ യസ്യത്വമീ ദൃശഃ പുത്രോ ധർമജ്ഞോ ധർമവത്സലഃ) ഇവിടെ, രാമൻ ചെയ്തതാണു് പുത്രധർമമെന്നു പറയുന്നവരുടെ കണ്ണിൽ, ഭരതൻ ചെയ്തതു് പുത്രധർമലംഘനവും ഭരദ്വാജന്റെ പ്രശംസ അസ്ഥാനസ്ഥവുമാവും.
“രാജ്യം വെടിഞ്ഞപ്പോൾ അങ്ങു് ധർമത്തിന്റെ വേരറുത്തുകളഞ്ഞു.” (ധർമ മൂലം ത്വയാച്ഛിന്നം രാജ്യമൃത്സ്യജതാ തദാ) എന്നു് ലക്ഷ്മണനും രാമനോടു് മറ്റൊരിക്കൽ പറയുന്നുണ്ടു്. എന്താവാം രാമനെ അതിലെയ്ക്കു് നയിച്ചതു്?
കൈകേയീപിതാവായ അശ്വപതിയ്ക്കു് ദശരഥൻ രാജ്യശുല്കവാഗ്ദാനം ചെയ്തതായി രാമൻ ഭരതനോടു് പറയുന്നുണ്ടു്. അതറിയാവുന്ന രാമൻ സ്വാഭിഷേകത്തിനു് സമ്മതിച്ചതെങ്ങിനെ? ആ വാഗ്ദാനം എട്ടു കൊല്ലംകൊണ്ടു് കാലഹരണപ്പെട്ടു എന്നു് ഡോ. ലീലാവതി ‘സത്യധർമദർശനം ഇതിഹാസങ്ങളിൽ’ എന്ന പുസ്തകത്തിൽ പറഞ്ഞതായോർക്കുന്നു. എങ്കിൽ ‘അതു് എന്നേ കാലഹരണപ്പെട്ടു’ എന്നു് ഭരതൻ പറയാതിരിക്കുമോ? അതെന്തായാലും, കരാറിന്നേ കാലാവധിയുള്ളൂ, സത്യത്തിന്നില്ല. രാമൻ അക്കാര്യം വെളിപ്പെടുത്തിയതിൽ നിന്നു്, അതു് പാലിക്കേണ്ടതാണു് എന്നാണു് അദ്ദേഹത്തിന്റെ നിലപാടെന്നു് വ്യക്തമാണു്. പ്രകൃതത്തിൽ അതിന്നേ പ്രസക്തിയുമുള്ളൂ. എന്നിരിയ്ക്കെ തനിയ്ക്കു് അഭിഷേകം നല്കാനുള്ള പിതാവിന്റെ തീരുമാനം സത്യലംഘനമാവില്ലേ എന്നു പുരോഹിതാമാത്യന്മാരുമായി ചർച്ച ചെയ്യാനും അതിൽ അശ്വപതിയെയും തദ്ഗുരുവെയും പങ്കെടുപ്പിക്കാനും നിർദ്ദേശിയ്ക്കാമായിരുന്നില്ലേ രാമന്നു്? അന്നു് പിതാവിന്റെ വാഗ്ദാനലംഘനത്തിന്നു് കൂട്ടുനിന്ന അദ്ദേഹം വസിഷ്ഠോപദേശം മാനിച്ചു് രാജ്യം കൈക്കൊള്ളാഞ്ഞതെന്തു്? ഒന്നേ കാരണം കാണുന്നുള്ളൂ: അങ്ങിനെ ചെയ്താൽ, രാജ്യലോഭം കാരണം പിതൃവാക്യം പാഴാക്കികളഞ്ഞവനാണു് രാമൻ എന്ന ചീത്തപ്പേരു് തനിയ്ക്കു് വന്നുചേരും, അപ്പോൾ, അപവാദഭീതിയാണു്, യശഃകാമമാണു്, വനവാസപ്രതിജ്ഞയ്ക്കു് പ്രേരകം എന്നു വരുന്നു.
പ്രജാഹിതാർഥമാണു് രാമൻ സീതയെ വെടിഞ്ഞതെന്നു് വാദിക്കുന്നവർ, കോസലരാജ്യത്തെ ജനങ്ങൾ മുഴുവനുമല്ലെങ്കിൽ വലിയൊരു വിഭാഗമെങ്കിലും അതാഗ്രഹിച്ചിരുന്നു എന്ന തോന്നലാണുളവാക്കുന്നതു്. വാസ്തവമോ? “രാക്ഷസർക്കു് വശപ്പെട്ടവളെ രാമൻ വെറുക്കാത്തതെന്തു്? നമുക്കുമിനി ഭാര്യമാരെ പൊറുക്കേണ്ടിവരും. രാജാവു് ചെയ്യുംപോലെയാണല്ലൊ പ്രജകളും ചെയ്യുക (രക്ഷസാം വശമാപന്നാം കഥം രാമോ ന കുത്സ്യതി അസ്മാകമപിദാരേഷു സഹനീയം ഭവിഷ്യതി. യഥാ ഹി കുരുതേ രാജാ പ്രജാസ്തമനുവർതതേ) എന്നിത്രയുമാണു്, ഇത്രമാത്രമാണു്, പ്രജകളുടെ പരാതി. സ്ത്രീകൾക്കാർക്കും ഇങ്ങിനെയൊരു പരാതിയുണ്ടാവില്ലല്ലൊ. പുരുഷന്മാരിലും, അവിവാഹിതർക്കും ഭാര്യ മരിച്ചുപോയവർക്കും ഭാര്യയുടെ ചാരിത്രത്തിൽ സംശയമില്ലാത്തവർക്കും ഈ പരാതിയുണ്ടാവില്ല. അർഥാൽ, ഭാര്യമാരെ വിശ്വാസം പോരാത്ത കുറച്ചുപേർക്കുമാത്രമാണു് പരാതി, അല്ലാതെ, ഗീത രണ്ടാമധ്യായം 63-ാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഡോ. ലീലാവതി അവകാശപ്പെടുംപോലെ, “രാജകുലത്തിന്റെ പരിശുദ്ധിയിൽ വ്യഗ്രരായ പ്രജകളാണു് ” പരാതിപ്പെട്ടതെന്നതിനു് രാമായണത്തിൽ ഒരു സൂചനപോലുമില്ല.
മാത്രമല്ല, രാമന്റെ യാഗശാലയിലെയ്ക്കു് വാല്മീകിയുടെ പിന്നാലെ വരുന്ന സീതയെ ആൾക്കൂട്ടം അഭിനന്ദിച്ചാർത്തു എന്നു് രാമായണത്തിലുണ്ടു്. പരിത്യാഗത്തിന്നു ശേഷവും സീതയുടെ സ്വഭാവമഹിമയെ മാനിച്ചുപോന്നവരാണു് ജനങ്ങളിൽപ്പലരും എന്നർഥം. പരിത്യാഗത്തിനു മുൻപാകട്ടെ അവരുടെ സംഖ്യ അതിലും എത്രയോ ഏറെയുമായിരിക്കും.
അപ്പോൾ, പിഴച്ചുപോയ ഭാര്യമാരെ വെച്ചുപൊറുപ്പിക്കേണ്ടിവരുമല്ലോ എന്നാശങ്കപ്പെട്ട കുറച്ചു സംശയരോഗികളുടെ മനശ്ശാന്തിക്കുവേണ്ടിയാണോ രാമൻ സീതയെ വെടിഞ്ഞതു്?
രാമൻ അനുജന്മാരോടു് പറയുന്നതിതാണു്: അപ്യഹം ജീവിതം ജഹ്യാം യുഷ്മാൻ വാ പുരുഷർഷഭാഃ അപവാദഭയാദ് ഭീതഃ കിം പുനർജനകാത്മജാം? (അപവാദത്തെ പേടിക്കുന്ന ഞാൻ നിങ്ങളെയും, ജീവൻപോലും വെടിയും. പിന്നെയല്ലേ ജനകന്റെ മകളെ?) വാല്മീകിയോടു് ഇങ്ങിനെയും: സേയം ലോകഭയാദ് ബ്രഹ്മന്നപാപേത്യഭിജാനതാ പരിത്യക്താ മയാ സീതാ തദ് ഭവാൻ ക്ഷന്തുമർഹതി, (ബ്രഹ്മൻ, ലോകരെ പേടിച്ചാണു് ഞാൻ, ശുദ്ധയാണെന്നറിഞ്ഞുകൊണ്ടുതന്നെ, സീതയെ വെടിഞ്ഞതു്: അതു് അങ്ങു് പൊറുക്കണം).
സംഭവത്തോടു് ബന്ധപ്പെട്ട മറ്റുള്ളവർ പറയുന്നതു്:
- ലക്ഷ്മണൻ:
- പൌരാപവാദഭീതേന ഗ്രാഹ്യം ദേവി നതേ ന്യഥാ ആശ്രമാന്തേഷു ച മയാ ത്യക്തവ്യാ ത്വം ഭവിഷ്യസി. (ദേവീ, മറിച്ചൊന്നും കരുതരുതു്. പൌരാപവാദം പേടിച്ചാണു് ആശ്രമങ്ങൾക്കരികെ അങ്ങയെ വെടിയാൻ എന്നോടു് പറഞ്ഞതു്.)
- സീത:
- അഹം ത്യക്താ ച ഹേ വീര അയശോഭീരുണാ ജനേ (അകീർത്തി പേടിച്ചാണല്ലൊ അങ്ങു് എന്നെ വെടിഞ്ഞതു്.)
- വാല്മീകി:
-
- (1)
- ലോകാപവാദഭീതസ്യ തവരാമ മഹാവ്രത, പ്രത്യയം ദാസ്യതേ സീതാ താമനുജ്ഞാതുമർഹസി (ലോകാപവാദം പേടിക്കുന്ന താങ്കൾക്കു് സീത വിശ്വാസമരുളും; അവളോടു് അതാവശ്യപ്പെടുക.)
- (2)
- ഇയം ശുദ്ധസമാചാരാ അപാപാ പതിദേവതാ ലോകാപവാദഭീതസ്യ പ്രത്യയം തവ ദാസ്യതി (ശുദ്ധാചാരയും നിഷ്പാപയും പതിദേവതയുമായ ഇവൾ ലോകാപ വാദം പേടിക്കുന്ന താങ്കൾക്കു് വിശ്വാസമരുളും
- (3)
- ലോകാപവാദകലുഷീകൃതചേ തസാ യാ ത്യക്താ ത്വയാ പ്രിയതമാ വിദിതാപി ശുദ്ധാ (ശുദ്ധയെന്നറിഞ്ഞിട്ടും, ലോകാപവാദം പേടിച്ചു് ബുദ്ധി കലങ്ങിമറിഞ്ഞ് താങ്കൾ വെടിഞ്ഞ പ്രിയതമ.)
പ്രജാഹിതമെന്നോ രാജധർമമെന്നോ ഒരു വാക്കുപോലും ഒരാളും ഒരിടത്തും പറയുന്നില്ല. അപവാദമുക്തിയെന്ന സ്വഹിതമല്ലാതെ, പ്രജാഹിതമെന്ന ആശയമേ രാമന്നുണ്ടായിരുന്നില്ലെന്നു് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തവുമാണു്. രാജധർമപരതന്ത്രതയാണു് സീതാത്യാഗഹേതുവെങ്കിൽ അതു് മറച്ചുവെച്ചു് അപവാദ ഭീതി എന്നു് എന്തിന്നു് കള്ളം പറയണം? വാല്മീകിയോടു് ക്ഷമാപണം ചെയ്യുന്നതിന്നു പകരം, ഒരു സാധാരണന്റെ കർതവ്യത്തിന്നും പ്രജകൾക്കു് മാതൃകയാകാൻ നിർദിഷ്ടനായ രാജാവിന്റെ കർതവ്യത്തിന്നും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തെ ഓർമപ്പെടുത്താമായിരുന്നില്ലേ? ഗീത പതിനെട്ടാമധ്യായം ഒൻപതാം ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഡോ. ലീലാവതി അവകാശപ്പെടും പോലെ, കരണീയമെന്നു് നിശ്ചയിച്ചു് സംഗവും ഫലവും ത്യജിച്ചുകൊണ്ടു് താനനുഷ്ഠിച്ച സാത്വികത്യാഗമാണതെന്നു്, വാല്മീകി തെറ്റിദ്ധരിച്ചപോലെ കലുഷീകൃത ചേതസ്സായി ചെയ്തതല്ലെന്നു്, ബോധ്യപ്പെടുത്തിക്കൂടേ? തന്റെ രാജ്യത്യാഗം കുലധർമലംഘനമാണെന്നു് പറഞ്ഞ വസിഷ്ഠന്നു മുന്നിൽ, പുത്രധർമവും സത്യപാലനവുമാണു് അതെന്നു് വാദിച്ചുനിന്ന രാമൻ, തെറ്റു് തിരുത്തൂ എന്നാവശ്യപ്പെടുന്ന വാല്മീകിയോടു് താൻ നിരപരാധനാണെന്നു് സൂചിപ്പിക്കുന്ന ഒരു വാക്കുപോലും പറയാത്തതെന്തു്?
ഈ അപവാദഭീതിയാകട്ടെ, രാജാവാകുന്നതിന്നു മുൻപുതന്നെ അദ്ദേഹത്തെ ബാധിച്ചിരുന്നതുമാണു്. ലങ്കയിൽവെച്ചു് ആത്മഹത്യ ചെയ്യാൻ തീയിൽച്ചാടിയ സീതയെ തടുക്കാഞ്ഞതെന്തെന്ന അഗ്നിദേവന്റെ ചോദ്യത്തിന്നു്, “ബാലിശോ ബതകാ മാത്മാ രാമോ ദശരഥാത്മജഃ ഇതി വക്ഷ്യതി മാം ലോകോ ജാനകീമവിശോധ്യഹി” (സീതയെ പരീക്ഷിച്ചില്ലെങ്കിൽ, മൂഢനായ കാമാത്മാവാണു് ദശരഥപുത്രനായ രാമനെന്നു് ആളുകൾ പറയും) എന്നാണു് അദ്ദേഹം മറുപടി പറഞ്ഞതു്. രാജാവെന്ന നിലയ്ക്കല്ല ഒരു പുരുഷനെന്ന നിലയ്ക്കുള്ള അപവാദമാണു് അദ്ദേഹം ഭയപ്പെട്ടതു്. അന്നു് സീത ശുദ്ധി തെളിയിച്ചിട്ടും ആ അപവാദം തലപൊക്കി എന്നറിഞ്ഞപ്പോൾ ‘ഇനിയുമിവളെ വെച്ചുകൊണ്ടിരുന്നുകൂടാ’ എന്നു് അദ്ദേഹം തീരുമാനിച്ചതു് സ്വാഭാവികം മാത്രം. രാജപദവിയുമായി അതിന്നു് ഒരു ബന്ധവുമില്ല.
“രാജാവിന്നു് വിശ്വാസമുണ്ടായിരുന്നാൽമാത്രം പോരാ, അങ്ങനെയാണെന്നു് പ്രജകൾക്കു് വിശ്വാസമുണ്ടാവണം എന്നാണു് അന്നത്തെ വീക്ഷണം” എന്നതിനു് രാമായണത്തിൽ ഒരു സൂചനപോലുമില്ല. ഇതു് നേരാണെങ്കിൽ, തന്റെ തീരുമാനത്തിന്നു് എതിരു് പറഞ്ഞുപോകരുതെന്നു് രാമൻ അനുജന്മാരെ താക്കീതു് ചെയ്യുമോ? ഒരേ പിതാവിന്നു് പിറന്നു് ഒരേ ആചാര്യൻമാരിൽനിന്നു് വിദ്യയാർജിച്ച അവർക്കു് തന്നോളം രാജധർമപരിജ്ഞാനമുണ്ടാവില്ലെന്നു് അദ്ദേഹത്തിനു് തോന്നുമോ? അദ്ദേഹം എതിർപ്പു് പ്രതീക്ഷിച്ചു. എന്താണു് ആ എതിർപ്പു് ?
ലോകനിന്ദിതമായ ഒരു കാര്യത്തിലാണു് ജ്യേഷ്ഠൻ തന്നെ നിയോഗിച്ചതു് എന്നാണു് ലക്ഷ്മണൻ സീതയോടു് പറഞ്ഞതു്: (നചാസ്മിന്നീദൃശേകാര്യേ നിയോജ്യോ ലോകനിന്ദിതേ) സുമന്ത്രനോടു് പറഞ്ഞതാകട്ടെ, പൌരൻമാരുടെ നിരർഥകമായ വാക്കുകേട്ടു് സീതയെ നാടുകടത്തിയതു് ക്രൂരമാണു്. അതിലെന്തു് ധർമമിരിക്കുന്നു എന്നും (തതോ ദുഃഖതരം ഭൂയഃ സീതായാ വിപ്രവാസനം പൌരാണാം വചനം ശ്രുത്വാ നൃശംസം പ്രതിഭാതി മേ, കോനു ധർമ്മാശയഃ സൂത കർമണ്യസ്മിൻ യശോഹരേ മൈഥിലീം സമനുപ്രാപ്തഃ പൌരൈർഹീനാർഥ വാദിഭിഃ) ‘ഇതിലെന്തു് ധർമം?’ എന്നു് ലക്ഷ്മണൻ അഥവാ ഭരതൻ ചോദിക്കും, അതി ന്നുത്തരമില്ല എന്നു കണ്ടിട്ടുതന്നെയാണു് രാമൻ അവരെ വിലക്കിയതു്.
പ്രജകൾക്കു് അവിശ്വാസമുള്ളേടത്തോളം കാലം രാജപത്നി അകന്നു നിൽക്കണം എന്ന അന്നത്തെ വീക്ഷണമനുസരിച്ചാണു് രാമൻ സീതയെ വെടിഞ്ഞതെങ്കിൽ, അവളെ നിരുപാധികം തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട വാല്മീകി അദ്ദേഹത്തെ രാജധർമഭ്രഷ്ടനാക്കാനാണോ ഉദ്ദേശിച്ചതു്? (ശുദ്ധി തെളിയിച്ചു് ജനങ്ങൾക്കു് വിശ്വാസം വരുത്തണമെന്നാവശ്യപ്പെട്ടതു് രാമനാണു്—സീതയ്ക്കുവേണ്ടിയല്ല തനിയ്ക്കുവേണ്ടി)
“സീസറുടെ പത്നി വിശുദ്ധയായാൽ മാത്രം പോരാ. അങ്ങനെയാണെന്നു് പ്രജകൾക്കു് വിശ്വാസമുണ്ടാക്കണം” എന്നൊരു ചൊല്ലുകൂടി പ്രകൃതത്തിൽ ഡോ. ലീലാവതി ഉദ്ധരിയ്ക്കുന്നുണ്ടു്. തമ്പുരാട്ടിയായാലും അടിയാത്തിയായാലും സ്വഭാവശുദ്ധി പാലിയ്ക്കാനേ ഏതു സ്ത്രീയ്ക്കും (പുരുഷന്നും) കഴിയൂ; ജനങ്ങളെ വിശ്വസിപ്പിക്കാനാവില്ല. ജനങ്ങളുടെ മനസ്സ് ആർക്കും അധീനമല്ലല്ലൊ. സംശയാലുക്കൾ സംശയിക്കും, രാമായണത്തിൽത്തന്നെ ദശരഥനും കൌസല്യയും, രാമനും ലക്ഷ്മണനും, ഭരതനെ ചില സന്ദർഭങ്ങളിൽ സംശയിച്ചിട്ടുണ്ടു്. പിന്നെയൊന്നുണ്ടു്: നല്ല വിരുതുള്ളവർക്കു് വിദഗ്ദ്ധമായ അഭിനയംവഴി തങ്ങൾക്കില്ലാത്ത സ്വഭാവശുദ്ധി ഉണ്ടെന്നു് ആളുകളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. അതു മതിയോ? അതാണോ വേണ്ടതു്? ധർമാധർമവിചിന്തനത്തിൽ ഓർക്കേണ്ടതല്ല ഇത്തരം പാഴ്ചൊല്ലുകൾ.
മഹാഭാരതം പ്രമാണമാക്കിയാൽ, തനിയ്ക്കഹിതമായതു് മറ്റാരിലും നിനക്കുക പോലും ചെയ്യായ്കകയാണു് ധർമലക്ഷണം. ജനാപവാദം തനിയ്ക്കു് അത്രയും അഹിതമായതുകൊണ്ടാണല്ലൊ രാമൻ പത്നിയെ വെടിഞ്ഞതു്. അതോടെ അദ്ദേഹം സീതയുടെ മേലുള്ള അപവാദത്തിനു് ഉറപ്പും പരപ്പും കൂട്ടുകയും ചെയ്തു. ഇതു് ഹിംസയാണു്—നൃശംസം എന്നു് ലക്ഷ്മണൻ. ഒരു സാധാരണന്റെ കർതവ്യമല്ല പ്രജകൾക്കു് മാതൃകയാവേണ്ട രാജാവിന്റെ കർതവ്യം എന്നാണു് ഇവിടെയൊരു വാദം മിഥ്യാപവാദം കേട്ടപാടേ പത്നിയെ പടിപ്പുറത്താക്കിയ രാമൻ എന്തു സന്ദേശമാണു് പ്രജകൾക്കു് നല്കുന്നതു്? സീതയ്ക്കു പിണഞ്ഞപോലുള്ള ഒരാപത്തിന്നു് ഇരയാവുന്ന ഏതു മഹാസാധ്വിയ്ക്കും രാമരാജ്യത്തിൽ രക്ഷയില്ലെന്നല്ലേ ഇതിൽനിന്നു് വന്നുകൂടുന്നതു്? ‘നമുക്കും ഭാര്യമാരെ പൊറുക്കേണ്ടിവരും’ എന്നു് പുരുഷപ്രജകൾക്കു് പരാതിപ്പെടാമെങ്കിൽ, ആപത്തിൽപ്പെട്ടാൽ നമുക്കും സീതയുടെ ദുർഗതിതന്നെ എന്നു് സ്ത്രീകൾക്കും പരാതിപ്പെട്ടുകൂടേ? പുരുഷന്മാരെയല്ലാതെ സ്ത്രീകളെ പ്രജകളായിക്കാണാൻ മനസ്സില്ലാത്തവരാണു് പ്രജാഹിതവാദികളെന്നു് സ്പഷ്ടം. പോരാ, രാമനും അത്തരക്കാരനാണെന്നു് വരുത്താൻ അവർ, രാമൻ സ്വയം പറയുന്ന അപവാദഭീതിയെന്ന കാരണം മറച്ചുവെച്ചു്, പ്രജാഹിതപാലനമെന്ന സ്വയം സൃഷ്ടമായ കാരണം പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിനുവേണ്ടി രാമനെ അസത്യവാദിയുമാക്കുന്നു!
സീതയ്ക്കുമാത്രമല്ല തനിയ്ക്കും വേദനാജനകമായ ഇക്കാര്യം ചെയ്യും മുൻപു് അമാത്യന്മാരുമായി, ചുരുങ്ങിയതു് കുലഗുരുവുമായി, ഒന്നാലോചിക്കാമായിരുന്നില്ലേ രാമന്നു്? വേറെ വല്ല വഴിയുമുണ്ടോ എന്നു് ഭ്രാതാക്കന്മാരോടെങ്കിലും ആരായാമായിരുന്നില്ലേ? സീതയെ തന്റെ ധർമസങ്കടമറിയിച്ചു്, തത്കാലം ഒന്നു് മാറിത്താമസിച്ചാൽക്കൊള്ളാം, വേറെ വല്ല വഴിയുണ്ടെങ്കിൽ പറയുകയുമാവാം എന്നു് പറയാമായിരുന്നില്ലേ? ഗർഭിണിയായ അവളെ അസത്യവാക്കുകളാൽ കബളിപ്പിച്ചു്, ഓർക്കാപ്പുറത്തു് അത്രയും കനത്ത ആഘാതമേല്പിക്കുന്നതിലും എത്രയോ ഭേദമല്ലേ അതു്? അങ്ങിനെയൊരു കാരുണ്യം കാണിച്ചാൽ അദ്ദേഹത്തിന്റെ ശ്രേഷ്ഠതയ്ക്കോ മാതൃകാപുരുഷത്വത്തിന്നോ വല്ല ഉടവും തട്ടുമായിരുന്നോ? എന്തേ അദ്ദേഹത്തിനു് ഇതൊന്നും തോന്നാഞ്ഞു? അതാണു് വാല്മീകി പറഞ്ഞതു്—ലോകാപവാദകലുഷീകൃത ചേതസ്സായിപ്പോയി അദ്ദേഹം.
രാമന്റെ രാജ്യത്യാഗത്തിന്നും പത്നീത്യാഗത്തിന്നും പ്രേരകമായതു് യശസ്സംരക്ഷണ വ്യഗ്രതയാണെന്നുതന്നെയിരിക്കട്ടെ, എന്നാലും, അതിനുവേണ്ടി അദ്ദേഹം അനുഷ്ഠിച്ച സ്വാർഥ-കാമത്യാഗങ്ങളെ നാം മാനിക്കേണ്ടതല്ലേ? ഇതിന്നു് ഉത്തരം പറയും മുൻപു്, ഇവിടെ വല്ല സ്വാർഥത്യാഗമോ കാമത്യാഗമോ ഉണ്ടോ എന്നു് ചിന്തിച്ചുനോക്കണം. അഭിഷേകമെന്നതു് രാജാധികാരവും രാജകീയഭോഗങ്ങളും ആസ്വദിയ്ക്കാനുള്ള ലൈസൻസായിക്കണ്ടാൽ, തീർച്ചയായും, രാജ്യത്യാഗം സ്വാർഥ ത്യാഗം തന്നെ; പ്രജാപാലനമെന്ന കർതവ്യം ഏറ്റെടുക്കലായിക്കണ്ടാൽ, അതു് രാജ ധർമവിലോപമേ ആവു. പത്നിയെ ഇന്ദ്രിയാർഥമായിക്കണ്ടാൽ, തീർച്ചയായും പത്നീത്യാഗം കാമത്യാഗം തന്നെ, സഹധർമിണിയായിക്കണ്ടാൽ ഗൃഹസ്ഥധർമവിലോപവും, രണ്ടിടത്തും ആദ്യം പറഞ്ഞ നിലപാടാണു് ഡോ. ലീലാവതി കൈക്കൊണ്ടിരിക്കുന്നതു്, രാമന്റെ നിലപാടും അതുതന്നെയെന്നു് അവർ സങ്കൽപിക്കുകയും ചെയ്യുന്നു. അതിനു് അവർക്കു് സ്വാതന്ത്ര്യമുണ്ടു്. എന്നാൽ മറിച്ചു് കരുതുന്നവരെ അവിവേകികൾ എന്നു വിശേഷിപ്പിച്ചപ്പോൾ, ഇവിടത്തെ ചില നിരൂപകന്മാരെ മാത്രമല്ല, ലക്ഷ്മണനെയും ഭരതനെയും വസിഷ്ഠനെയും വാല്മീകിയെത്തന്നെയുമാണു് അവർ അധിക്ഷേപിച്ചതു്.
സ്വാർഥവശാൽ തിന്മ ചെയ്യുന്ന മനുഷ്യർക്കും പ്രകൃത്യാ നന്മയോടാണു് ആഭിമുഖ്യം അതുകൊണ്ടാണു്, പ്രായേണ, ധർമിഷ്ഠർക്കു് സദ്യശസ്സ് കൈവരുന്നതു്. (അതു് അവർ ഉണ്ടാക്കിയെടുക്കുന്നതല്ല.) എന്നുവെച്ചു് യശസ്സംരക്ഷണവും ധർമാനുഷ്ഠാനവും ഒന്നാവില്ല. യശഃകാമം സ്വാർഥലാഭേച്ഛയല്ലാതാവുകയുമില്ല. തന്റെ കർമംകൊണ്ടു് മറ്റാർക്കും ഒരുപദ്രവും നേരിടരുതേ എന്നാണു് ധർമിഷ്ഠന്റെ വിചാരം; തനിക്കു് ഒരു ചീത്തപ്പേരും വരരുതേ എന്നു് യശസ്സംരക്ഷകന്റെയും ‘ശ്രേഷ്ഠർ’ അപരർക്കു് മാതൃകയാവുന്നതു് ധർമാനുഷ്ഠാനം കൊണ്ടാണു്, യശസ്സംരക്ഷണം കൊണ്ടല്ല. സീതാപരിത്യാഗം ലക്ഷ്മണൻ ഭയപ്പെട്ടതുപോലെ യശോഹരമായല്ല യശസ്കരമായാണു് കലാശിച്ചതു് എന്നതു് നേരാണു്. ആ യശസ്സ് ആരാധകരുടെ പ്രചാരണവേല നേടിക്കൊടുത്തതാണു്.
ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.
കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ (പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).
പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).
പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.