images/Mountain_Brook_Chicago.jpg
Mountain Brook, a painting by Albert Bierstadt (1830–1902).
മറുനാടൻ പേരുകൾ മലയാളത്തിൽ
വി. വി. ഗോവിന്ദന്‍നായർ

ഈയിടെ നമ്മുടെ മാധ്യമങ്ങളിൽ പലപ്പോഴും കാണായ ഒരു പേരാണു് സുവേന്ദു അധികാരി. ആൾ ശുഭേന്ദുവാണു്. ഇഗ്ലീഷിൽ Suvendu എന്നെഴുതും. അതെങ്ങിനെ?

ഭാരതീയഭാഷകളിലെ ‘ശ’ കാരത്തെ ഉത്തരേന്ത്യക്കാർ പ്രായേണ ‘sh’ കൊണ്ടും ചിലപ്പോൾ ‘s’ കൊണ്ടുമാണു് ഇംഗ്ലീഷിൽ കുറിക്കുന്നതു്. ഇംഗ്ലീഷിലെ ‘v’ എന്ന അക്ഷരം ബംഗാളികൾ ഉച്ചരിക്കുന്നതു് ‘ഭി’ എന്നും അതുകൊണ്ടു് സ്വഭാഷയിലെ ‘ഭ’കാരം അവർ ചിലപ്പോൾ ‘v’ എന്നാണു് ഇഗ്ലീഷിൽ എഴുതുക. Amitav Ghosh എന്നാൽ അമിതാഭ് ഘോഷ്, Shova Sen ശോഭാ സേൻ, Suvendu ശുഭേന്ദു. ചിലപ്പോൾ bh എന്നും എഴുതും. അതുകൊണ്ടു്, ഭട്ടാചാര്യന്മാർ ഇവിടെയെത്തുമ്പോൾ വട്ടാചാര്യന്മാരായിട്ടില്ല.

ഭാരതീയനാമങ്ങൾ ഇംഗ്ലീഷിനെ ആശ്രയിച്ചു് എഴുതുന്നതിൽ കുഴപ്പം ചില്ലറയല്ല. Gur Kirat Singh, Har Kirat Singh എന്നും മറ്റും പഞ്ചാബികൾക്കു് പേരുണ്ടു്. Kirat എന്നാൽ കീരത് (കീർത്തനം). അതു് കിരാത് എന്നെഴുതിയാൽ ആൾ കാട്ടാളനാകും. ബംഗാളിലെ ഗുൺദാ Gunda എന്ന ഇംഗ്ലീഷ് വേഷത്തിൽ ഇവിടെ വന്നാൽ നമ്മൾ അയാളെ ഗുണ്ടയാക്കും. ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതു് ജി ശങ്കർ കുരൂപ് എന്ന മലയാളകവിക്കാണെന്നു് ഒരിക്കൽ ഒരു ബംഗാളി വാരികയിൽ കാണുകയുണ്ടായി. Kurup എന്ന ഇംഗ്ലീഷ് സ്പെല്ലിങ്ങു് പറ്റിച്ച പണി! അമർത്യ സേൻ എന്ന പുരുഷനെ അമർത്യാ സെൻ എന്നു് പെണ്ണാക്കി മാറ്റുന്നവരാണു് ഇവിടെപ്പലരും. ഈയിടെ സായനി ഘോഷിനെ മലയാളമാധ്യമങ്ങൾ അവതരിപ്പിച്ചതു് സയോനി ഘോഷ് എന്നാണു്. അവർ അതു് കേൾക്കാൻ ഇടവരാതിരിക്കട്ടെ!

അടുത്ത കാലത്തു് പ്രത്യക്ഷപ്പെട്ട മറ്റൊരു പേരാണു് ഐഷി ഘോഷ്, അച്ഛനമ്മമാരിട്ട പേരു് ഐശി. അതിന്റെ അർത്ഥമറിയാൻ ബംഗാളി പഠിക്കേണ്ട, മലയാളം പഠിച്ചാൽ മതി.

ഈ വടക്കന്മാർ ‘ശ’ എന്നതു് ‘sh’ എന്നു് തെറ്റായി എഴുതുന്നതാണു് കുഴപ്പം എന്നു് പറയാൻ വരട്ടെ. ‘ശ’കാരത്തിനു് ഇംഗ്ലീഷിൽ ലിപിയില്ല. അതു് നമ്മൾ ‘സ’കാരോച്ചാരണം വരുന്ന ‘s’ കൊണ്ടും അവർ ‘ഷ’കാരോച്ചാരണം വരുന്ന ‘sh’കൊണ്ടും കുറിക്കുന്നുവെന്നേയുള്ളൂ. അതിനു് വേറെത്തന്നെ ലിപിയുള്ള മലയാളത്തിൽ ‘ഷ’ എന്നെഴുതുന്നതാണു് തെറ്റു്. ഹിന്ദിയിൽ സുരേശ് എന്നു് ശരിയായി എഴുതുമ്പോൾ മലയാള ത്തിൽ സുരേഷ് എന്നു് തെറ്റിച്ചാണല്ലോ എഴുതുന്നതു്. ഹിന്ദിക്കാർക്കു് ഹിന്ദിയറിയാം, മലയാളികൾക്കു് മലയാളമറിയില്ല എന്നതാണു് സത്യം.

മലയാളമാധ്യമങ്ങളുടെ മറുനാടൻ പ്രതിനിധികൾ അതതിടത്തെ പേരുകൾ അന്നാട്ടുകാർ എങ്ങിനെ പറയുന്നു, എഴുതുന്നു എന്നൊന്നു് ശ്രദ്ധിച്ചാൽ മതി, അവയുടെ ശരിരൂപം അറിയാം. ഉദാഹരണത്തിനു്, ദില്ലി മുഖ്യമന്ത്രിയും കേരളഗവർണ്ണരുമായിരുന്ന ശീലാ ദീക്ഷിതിനെ നമ്മുടെ പത്രങ്ങൾ അച്ചടിച്ചുപോന്നതു് ഷീലാ ദീക്ഷിത് എന്നാണു്. അവയുടെ ദില്ലി പ്രതിനിധികൾ ഇടക്കു് വല്ലപ്പോഴും ഹിന്ദിപ്പത്രങ്ങളിലൂടെ ഒന്നു് കണ്ണോടിച്ചിരുന്നുവെങ്കിൽ ഈ തെറ്റു് പറ്റില്ലായിരുന്നു. അദ്വാനി (ആഡ്വാണി), കൊത്താരി (കോഠാരി), ചൌള (ചാവ്ല), ഛദ്ദ (ചഡ്ഢ), പതക്ക് (പാഠക്), രാകേഷ് (രാകേശ്), രോഷൻ (രോശൻ), റാത്തോഡ് (രാഠൌഡ്), സേത് (സേഠ്) മുതലായി വേറെയും പല പേരുകളും വലയത്തിൽ കൊടുത്തപോലെ ശരിയായി എഴുതാനും കഴിഞ്ഞേനെ.

ഒട്ടൊന്നാലോചിച്ചാൽ, കേരളത്തിലിരുന്നുകൊണ്ടുതന്നെ പലപേരുകളും നേരെ മനസ്സിലാക്കാം. അമർത്യ എന്നുമാത്രം പറഞ്ഞാൽ സ്ത്രീലിംഗമാണെന്നു് സ്കൂൾകുട്ടികൾക്കു് പോലും അറിയാമല്ലൊ. അമർത്യാ എന്നു് നീട്ടിയാൽപ്പിന്നെ പറയാനുണ്ടോ? ഉമാ നായർ, രാധാ മാരാർ എന്നൊക്കെ ഇവിടെയും പേരുണ്ടല്ലൊ. ഹിന്ദി അക്ഷരമാലയെങ്കിലും പഠിച്ച ആർക്കുമറിയാം, അതിൽ ഏ, ഓ എന്നീ ദീർഘ രൂപങ്ങളേയുള്ളൂ എന്നു്. ബംഗാളിയിലും അങ്ങിനെയാവാമെന്നതിനാൽ, ‘സെൻ’ ആവില്ല ‘സേൻ’ ആവണം എന്നു് ഊഹിക്കുകയെങ്കിലും ചെയ്തുകൂടേ ചന്ദ്രസേനൻ എന്നും മറ്റും നമുക്കിടയിലും പേരുള്ളപ്പോൾ? ഉത്തരേന്ത്യക്കാർ ‘sh’ കൊണ്ടു് കുറിക്കുന്നതു് മിക്കവാറും ‘ശ’കാരമാണെന്നോർത്താൽ, Arun Shouri അരുൺ ശൗരിയാണു്, ഷൂരിയും മറ്റുമല്ല എന്നറിയാം; യാഷ് ചോപ്രയല്ല യശ് ചോപ്രയാണെന്നും. അതുപോലെ, ഒരു ദീക്ഷിതകുടുംബാംഗം ശീലയാവാനാണു് സാധ്യതയെന്നും വിചാരിച്ചുകൂടെ? സുശീലയെന്നും ശീലാവതിയെന്നും മറ്റും ഇവിടെയും പേരുണ്ടല്ലൊ. ആശുതോഷൻ എന്ന ശിവപര്യായമറിയുന്നവർക്കു്, Asutosh എന്നു് കണ്ടാൽ അശുതോഷല്ല ആശുതോഷാണു് എന്നറിയാനും പ്രയാസമില്ല (വേഗം സന്തോഷിക്കുന്നവനാണു് ആശുതോഷൻ; അശുതോഷനു് വല്ല അർത്ഥവുമുണ്ടെങ്കിൽ ഇത്തിരിമാത്രം സന്തോഷിക്കുന്നവൻ എന്നാവും.) രാമനു് രാധയുമായി ഒരു ബന്ധവുമില്ലെന്നോർത്താൽ, Radharaman രാധാരാമനല്ല രാധാരമൺ ആണു് എന്നുമറിയാം.

ഉത്തരഭാരതീയഭാഷകളിലെ രേഫത്തെ മലയാളികൾ ‘റ’ എന്നാക്കി മാറ്റുന്നതു് എന്തുകൊണ്ടാണാവോ! ചില കൂട്ടക്ഷരങ്ങളിലും (ഉദാ: ചക്രവർതി) പദാവസാനവും (ഉദാ: രഘുവർ) ‘റ’എന്ന ഉച്ചാരണം വരുമെങ്കിലും, ഹിന്ദിയിലും ബംഗാളിയിലും ‘റ’എന്നു് വേറിട്ടു് ഒരക്ഷരം ഇല്ലെന്നു തന്നെ പറയാം. ഹൌറാ എന്നു് ബംഗാളിയിൽ ‘ഹാഓഡാ’ എന്നും ഹിന്ദിയിൽ ‘ഹാവ്ഡാ’ എന്നും എഴുതി, ഉച്ചാരണഭേദം കാണിപ്പാൻ ‘ഡ’കാരത്തിനു് കീഴെ ഒരു ബിന്ദു ചേർക്കുകയാണു് പതിവു്. പദാദിയിൽ ഇതു് വരാറുമില്ല. റബ്ബർ എന്നു് ഹിന്ദിയിൽ ‘രബഡ്’ (ബിന്ദുസഹിതം) എന്നും ബംഗാളിയിൽ രാബാര(ർ) എന്നുമാണു് എഴുതുന്നതു്. അതുകൊണ്ടു്, സത്യജിത് രായ് എന്നല്ലതാതെ, സത്യജിത് റായ് എന്നു് വരില്ല. കൃഷ്ണദേവരായൻ മുതലായ ദക്ഷിണേന്ത്യൻ നാമങ്ങളിലും രേഫംതന്നെയാണല്ലൊ. രാജാ രാംമോഹൻ രായ് എന്ന പേരു് രാജാറാം മോഹൻ റോയ് എന്നെഴുതുന്നതിൽ രണ്ടിടത്തു് അക്ഷരത്തെറ്റുളളതിനു് പുറമെ, രാജാറാം എന്നു് ചേർത്തെഴുതുന്നതിലെ വൈരൂപ്യം വേറെയുമുണ്ടു് രാജാറവി വർമ എന്നെഴുതുംപോലെ.

മറുനാടൻ പേരുകൾ മലയാളത്തിൽ എഴുതുമ്പോൾ എത്രത്തോളം മൂലാനുസാരിയാവണം എന്നതു് മറ്റൊരു ചിന്താവിഷയമാണു്. ഒന്നാമതു്, ഒരു ഭാഷയിലെ ഉച്ചാരണഭേദങ്ങൾ മുഴുവൻ മറ്റൊരു ഭാഷയിൽ പകർത്താനാവില്ല. ഷാജഹാൻ എന്നതിനു് പകരം ശാഹ് ജഹാങ് എന്നെഴുതിയാലും ഉച്ചാരണം പൂർണമായും ശരിയാവില്ല. (ഹിന്ദിയിലെഴുതുമ്പോൾ വള്ളത്തോൾ വല്ലത്തോലും കുറ്റിപ്പുറം കുട്ടിപ്പുരവും ഒറ്റപ്പാലം ഓട്ടപ്പാലവും ചെറിയാൻ ചേരിയാനും ആവാതെ വയ്യ) രണ്ടാത്തതു്, അന്യഭാഷകളിലെ ഉച്ചാരണം അതേപടി പകർത്തുന്നതു് ചിലപ്പോൾ ആശാസ്യവുമല്ല. ബിബേകാനൊന്ദൊ, ഒരൊബിന്ദൊ എന്നൊക്കെ മലയാളത്തിൽ ഗോഷ്ടിയാണു്. നമുക്കു് വിവേകാനന്ദനും അരവിന്ദനുംതന്നെ മതി. എന്നു വെച്ചു് മൻമോഹൻ സിങ്ങിനെ മനമോഹനസിംഹനാക്കുന്നതു് ഇന്നു് സ്വീകാര്യമാവില്ല. മദനമോഹനമാളവിയ, ബാലഗംഗാധരതിലകൻ, കേശവചന്ദ്രസേനൻ, മധുസൂദനദത്തൻ എന്നൊക്കെ ഒരു കാലത്തു് കേരളത്തിലെ എഴുത്തുകാർ എഴുതിയിരുന്നുവെങ്കിലും, ഹിന്ദീകൃത നാമങ്ങൾ മലയാളത്തിൽ അംഗീകൃതമായ ഇക്കാലത്തു് ആ രീതി തുടരാനാവില്ല. മൂലഭാഷയോടു് ആവുന്നതും അടുപ്പിച്ചു്, മലയാളരീതിയ്ക്കു് ഇണങ്ങുമാറു്, എഴുതുകയാവും ഭേദം. ഉദാ: രവീന്ദ്രനാഥഠാക്കുർ, ശരച്ചന്ദ്രചട്ടോപാധ്യായ(ൻ), വിഭൂതിഭൂഷൺ വന്ദ്യോപാധ്യായ(ൻ) (ഠാകുർ എന്നേ എഴുത്തിലുള്ളൂ. പക്ഷേ, മലയാളത്തിൽ ശരിയായ ഉച്ചാരണത്തിനു് ‘ക’ ഇരട്ടിച്ചെഴുതണം.) അകാരാന്തപുംലിംഗശബ്ദങ്ങളോടു് ‘ൻ’ ചേർത്തെഴുതുന്നതാവും വിഭക്തിപ്രത്യയവും സമുച്ചയവും മറ്റും ചേർക്കാൻ സൌകര്യം. ‘ഉപാധ്യായയുടെ’ എന്നതിൽ ഒരു സ്ത്രീലിംഗപ്രതീതിയുണ്ടല്ലൊ. വ്യഞ്ജനാന്തശബ്ദങ്ങളിലും ഇതുതന്നെയാണു് സൌകര്യമെങ്കിലും, ‘ൻ’ ചേർത്ത പേരുകൾ നാം സ്വഭാഷയിലും വെടിഞ്ഞുകളഞ്ഞിട്ടു് കാലം കുറച്ചായല്ലൊ. അതുകൊണ്ടു്, അമർത്യസേനെ/സേന്റെ/ സേനും എന്നൊക്കെത്തന്നെയാവാം. എങ്കിലും വിഭൂതിഭൂഷൺന്റെ, വിഭൂതിഭൂഷൺന്നു് എന്നൊക്കെ എഴുതുന്നതിലും ഭേദം വിഭൂതിഭൂഷണന്റെ, വിഭൂതിഭൂഷണന്നു് എന്നും മറ്റുമല്ലേ?

അറിയായ്കകൊണ്ടു് ആർക്കും തെറ്റു് പറ്റാം; അതു് പൊറുക്കാം, തിരുത്താം. എന്നാൽ, മറ്റുള്ളവരെക്കാൾ അറിവു് തങ്ങൾക്കുണ്ടെന്ന ഭാവത്തിൽ ചിലർ എഴുന്നള്ളിക്കുന്ന അബദ്ധങ്ങൾ പൊറുക്കാവുന്നതല്ല. ഒരുദാഹരണം പറയാം: വിഭൂതിഭൂഷൺ, വന്ദ്യോപാധ്യായന്റെ വിഖ്യാതനോവലാണല്ലൊ ‘പഥേർ പാഞ്ചാലി’. അതിന്റെ മൂന്നു് പതിപ്പുകൾ ഞാൻ വായിച്ചിട്ടുണ്ടു്. മൂന്നിലും ഗ്രന്ഥനാമം ‘പഥേർ പാഞ്ചാലീ’ (ഈകാരാന്തം) എന്നു തന്നെ. ഇംഗ്ലീഷ് വിവർത്തകന്മാർ എഴുതിയിരിക്കുന്നതു് Pather Panchali എന്നു്. മലയാളത്തിൽക്കണ്ട നാല് വിവർത്തനങ്ങളിലും ‘പാഞ്ചാലി’ തന്നെ. എന്നാൽ, അടുത്ത കാലത്തു് മാതൃഭൂമി പത്രത്തിൽ പല തവണയും ‘പാഞ്ജലി’ എന്നു് കണ്ടു. ശ്രീ കെ. സി. നാരായണന്റെ ‘അക്ഷരം പ്രതി’ എന്ന പുസ്തകത്തിലും കാണാം സത്യജിത് റായിയുടെ ‘പഥേർ പാഞ്ജലി’ എന്നു്. കൂട്ടത്തിൽ, അതിലെ ഒരു കഥാപാത്രമായ ‘സർവജയ’യുടെ, ബംഗാളി ഉച്ചാരണം ‘ഷൊർബോ ജയ’ എന്നാണെന്നും. (സകാരോച്ചാരണം ഷകാരച്ഛായയിൽ; അകാരോച്ചാരണം ‘ഒ’ എന്നു് വകാരം ‘ബ’ എന്നു്; ജയശബ്ദത്തിന്റെ സ്ത്രീലിംഗം ആകാരാന്തം. അതനുസരിച്ചു്, ‘ഷൊർബൊജൊയാ’ എന്നുച്ചാരണം) ‘പാഞ്ജലി’ എന്തു ഭാഷയാണെന്നു് എനിക്കറിഞ്ഞുകൂടാ. ഒന്നു മാത്രം പറയാം. ഈ ‘തിരുത്തു്’ വരുത്തിയ പണ്ഡിതംമന്യന്മാർ ഗ്രന്ഥകാരനെ ധിക്കരിക്കുന്നു, വിവർത്തകരെ അവഹേളിക്കുന്നു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.

വി. വി. ഗോവിന്ദന്‍നായർ
images/vvgovindannair.jpg

ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.

കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ (പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).

പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).

പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.

Colophon

Title: Marunadan Perukal Malayalaththil (ml: മറുനാടൻ പേരുകൾ മലയാളത്തിൽ).

Author(s): V. V. Govindannair.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. V. Govindannair, Marunadan Perukal Malayalaththil, വി. വി. ഗോവിന്ദന്‍നായർ, മറുനാടൻ പേരുകൾ മലയാളത്തിൽ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: August 27, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mountain Brook, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.