നമുക്കു്, മലയാളികൾക്കു്, ഒരു സ്വഭാവവിശേഷമുണ്ടു്: സ്വഭാഷയെയല്ല അന്യഭാഷകളെയാണു്, വിശേഷിച്ചും ഇംഗ്ലീഷിനെയാണു്, നാം ഏറെ മാനിക്കുന്നതു്.
അഡ്രസ്സ് എന്നു് മലയാളികൾ ഇംഗ്ലീഷിൽ എങ്ങനെയാണെഴുതുക? address എന്നു്. അല്ലാതെ adres എന്നല്ലല്ലോ—ഉച്ചാരണം ഒന്നുതന്നെയെങ്കിലും? അങ്ങനെ എഴുതിക്കണ്ടാൽ, എഴുതിയവന്നു് പഠിപ്പില്ലെന്നേ നാം പറയൂ.
തൃശ്ശൂർ എന്ന സ്ഥലപ്പേരു് പലരും, പേരെടുത്ത പത്രങ്ങൾപോലും, എഴുതുന്നതു് തൃശൂർ എന്നാണു്—ഉച്ചാരണം ഒന്നല്ലെങ്കിലും. അവർ പഠിപ്പില്ലാത്തവരാണെന്നു് ആരും പറയില്ല. എന്തുകൊണ്ടു്? മലയാളമല്ലേ, എന്തുമാവാം എന്ന വിചാരംകൊണ്ടു്. ഉച്ചാരണ ഭേദമുള്ളടത്തു് ഇരട്ടിക്കാതെയും (റബർ, ബസിൽനിന്നു്) ഇല്ലാത്തേടത്തു് ഇരട്ടിച്ചും (യൌവ്വനം, കല്ല്യാണം, സ്വർണ്ണം, വിൽപ്പന) എഴുതുന്നതിന്നു് മറ്റെന്തു കാരണം?
ഭാഷാവൈകല്യങ്ങൾ പലതും തിരുത്തിക്കാട്ടുന്ന ഒരു പുത്തൻ പുസ്തകത്തിൽ “ഗൗരവമായ സംശയം” എന്നും “അർത്ഥം വ്യത്യാസമാവും” എന്നും എഴുതിക്കണ്ടു. ഇംഗ്ലീഷിലാണെങ്കിൽ ലേഖകൻ seriousness doubt എന്നോ The meaning will be difference എന്നോ എഴുതുമോ? (ബലമായ സംശയവും മറ്റും പ്രമാണമല്ല, അപവാദമാണു്. അല്ലെങ്കിൽ, ആഴമായ കുഴിയും നീളമായ വടിയുമെല്ലാം മലയാളമാവും).
ഉത്തരത്തെയും ഉത്തരനെയും ഉത്തർ എന്നു പറയുന്ന ഹിന്ദിരീതിയനുസരിച്ചു് മലയാളികൾ ഭവനം എന്ന നപുംസക ലിംഗപദത്തെ ഭവൻ (ശിവൻ) എന്നു പണ്ടേ പുംലിംഗമാക്കിയിട്ടുണ്ടു്. ഇംഗ്ലീഷ് സ്റ്റൈലിൽ ഭ്രമിച്ചു്, യോഗ (യോഗം) ഹിന്ദുത്വ (ഹിന്ദുത്വം) എന്നിങ്ങനെ നപുംസകത്തെ സ്ത്രീയാക്കാനും, സിദ്ധാർത്ഥനെന്ന പുരുഷനെ സിദ്ധാർഥയെന്ന സ്ത്രീയാക്കാനും തുടങ്ങിയിട്ടുണ്ടു്. ഹിന്ദിക്കാരുടെ ഉച്ചാരണത്തിൽ കമ്പം കേറി, ആർതി (ആരതി), അർച്ന (അർചന), അൽക (അളക), മംത (മമത) എന്നൊക്കെ പേരിട്ടും തുടങ്ങിയിരിക്കുന്നു. വലയത്തിൽ കൊടുത്തപോലെയാണു് ഹിന്ദിയിലും എഴുതുന്നതെന്നോ, മലയാളത്തിൽ ആർത്തിയ്ക്കുള്ള അർഥത്തിൽ അതൊരു കൊള്ളാവുന്ന പേരല്ലെന്നോ അവർക്കറിയില്ല, അറിയണമെന്നുമില്ല. ലോക്സഭയ്ക്കു് പുറകെ ഉപ്പു് രാഷ്ട്രപതിയെയും പ്രതീക്ഷിക്കാം.
ജ്ഞാനത്തെ ഗ്യാൻ എന്നാക്കുന്ന ഹിന്ദിയെയും മോക്ഷത്തെ മോക്ഖൊ എന്നാക്കുന്ന ബംഗാളിയെയും അപേക്ഷിച്ചു്, ഉത്സവത്തെ ഉൽസവമാക്കും പോലുള്ള ലഘുവായ ഉച്ചാരണഭേദങ്ങളേ സംസ്കൃതപദങ്ങൾക്കു് മലയാളത്തിലുള്ളൂ. ഇന്നു് ഉത്തരേന്ത്യക്കാരെ കടത്തിവെട്ടാനാണു് നമ്മുടെ ഭാവം. ബംഗാളികൾ വിജയനെ ബിജൊയ് എന്നും വിനയനെ ബിനൊയ് എന്നും വിളിക്കും. നമ്മളാകട്ടെ, ബിജോയ്, ബിനോയ് എന്നിങ്ങിനെ അതു് വലിച്ചുനീട്ടുന്നു. ഹിന്ദിക്കാർ സുരേശ എന്നു് ശരിയായി എഴുതി സുരേശ് എന്നു് ഉച്ചരിക്കുന്നു. നമ്മൾ സുരേഷ് എന്നു് വികൃതമാക്കി എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നു. രാമൻ ഹിന്ദിയിൽ രാം ആണു്. അതും റാം എന്നു് വികൃതമാക്കി നാം കൈക്കൊണ്ടിട്ടുണ്ടു്. ജയറാം എന്നും മറ്റും. ഈ പോക്കിന്നു് “എന്തുണ്ട് ബിഷേഷ്, കുഞ്ഞിറാം?” എന്നു് ‘കുഷൽ പ്രഷ്ണ്’ ചെയ്യാനും മലയാളികൾ മടിക്കില്ല. ഉത്സവത്തെ ഉത്സവ് ആക്കിക്കഴിഞ്ഞ സ്ഥിതിക്കു് ‘മലയാൾ ഭാഷയുടെ പിതാവാണു് തുഞ്ചത്തെഴുത്തച്ഛ്’ എന്നാവും വരും തലമുറയെ പഠിപ്പിക്കുന്നതും.
ആശയസംവേദനമാണു് ഭാഷയുടെ മുഖ്യവും പ്രാഥമികവുമായ ധർമമെങ്കിൽ അതു് എത്ര ചുരുങ്ങിയ വാക്കുകളിൽ എത്ര ഫലപ്രദമായി നിറവേറ്റുന്നു എന്നതാവണം ഭാഷയ്ക്കുള്ള മേന്മയുടെ മാനദണ്ഡം. ഭാഷാപണ്ഡിതനൊന്നുമില്ലെങ്കിലും, മാതൃഭാഷയിൽ ആർക്കുമുണ്ടാകുന്ന സ്വാഭാവികപരിചയം വെച്ചുകൊണ്ടുതന്നെ പറയട്ടെ. ഈ മാനദണ്ഡമനുസരിച്ചു് മറ്റു പലഭാഷകളെക്കാളും പലതുകൊണ്ടും മെച്ചപ്പെട്ടതാണു് മലയാളഭാഷ.
ഭാഷ യുക്ത്യധീനമല്ലെങ്കിലും, യുക്ത്യനുസൃതമാവുന്നേടത്തോളം അതു് സുഗമവുമാകും. ഈ വിഷയത്തിൽ മലയാളത്തിന്നുള്ള ഒരു വൈശിഷ്യം എടുത്തുകാട്ടാം ആദ്യം.
വക്താവും ശ്രോതാവും വിഷയവും ഒന്നിക്കുമ്പോഴാണല്ലോ ഭാഷയ്ക്കു് പ്രസക്തി. അതുകൊണ്ടു്, ഉത്തമപുരുഷൻ (ഞാൻ), മധ്യമപുരുഷൻ (നീ), പ്രഥമപുരുഷൻ (അവൻ/അവൾ/അതു്) എന്നു് മൂന്നു് പുരുഷൻ ഏതു ഭാഷയിലുമുണ്ടാവും, അവയ്ക്കു് വെവ്വേറെ വാക്കുകളും, അല്ലെങ്കിൽ ആശയസംവേദനം നടക്കില്ല.
‘അവനല്ല ഞാനാണു് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നു് നീ മനസ്സിലാക്കണം’ എന്ന വാക്യം സ്പഷ്ടമാണു്. ‘ഞാനല്ല ഞാനാണു് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നു് ഞാൻ മനസ്സിലാക്കണം’ എന്നായാൽ ആരെന്തു് മനസ്സിലാക്കാനാണു്? എന്നാൽ, ഈ മൂന്നു പുരുഷന്മാരും കർതൃസ്ഥാനത്തു വരുമ്പോൾ ക്രിയാപദം ഒന്നുതന്നെയായാൽ ഒരു കുഴപ്പവുമില്ല.
ഞാൻ മലയാളിയാണു്,
നീ മലയാളിയാണു്,
അവൻ മലയാളിയാണു്,
എന്ന മൂന്നു വാക്യത്തിലും ക്രിയാ പദം ഒന്നുതന്നെയായതുകൊണ്ടു് അർഥബോധത്തിന്നു് ഒരു തടസ്സവുമില്ലല്ലൊ.
ഞാൻ ആണു്,
നീ ഈണു്,
അവൻ ഏണു്,
എന്നിങ്ങിനെ കർത്താവു് മാറുമ്പോൾ ക്രിയയും മാറുന്നതുകൊണ്ടു് പ്രയോജനവും ഒന്നുമില്ലല്ലോ. എങ്കിലും, പല ഭാഷകളിലും കർത്താവിന്നൊത്തു് ക്രിയ മാറും—തമിഴിലും ഹിന്ദിയിലും കർത്താവിന്റെ പുരുഷ-ലിംഗ-വചനമനുസരിച്ചു്, സംസ്കൃതത്തിലും ഇംഗ്ലീഷിലും പുരുഷ-വചനമനുസരിച്ചു്, ബംഗാളിയിൽ പുരുഷനനുസരിച്ചു്. ഈ വ്യവസ്ഥ തീരേയില്ലാത്ത ഭാഷയാണു് മലയാളം. (പദ്യങ്ങളിൽ ചില രൂപഭേദങ്ങൾ കാണാമെങ്കിലും അവ നിർബന്ധമല്ല അവയ്ക്കു് വാമൊഴിയിലോ ഗദ്യരചനയിലോ ഇടവുമില്ല)
അന്യഭാഷകളെ, വിശേഷിച്ചും ഇംഗ്ലീഷിനെ, അപേക്ഷിച്ചു് മലയാളത്തിന്നുളള മറ്റു ചില മേന്മകൾ നോക്കാം.
- അതു് ശരിയാണു്.
- അതാണു് ശരി.
- അതു് ശരിയാണല്ലൊ.
- അതാണല്ലോ ശരി.
ഈ നാലിന്നും പകരം ഇംഗ്ലീഷിൽ That is right എന്നേയുള്ളൂ. മലയാളത്തിൽ, അതു് ശരിയോ തെറ്റോ എന്ന ജിജ്ഞാസയ്ക്കു് സമാധാനമാണു് ആദ്യവാക്യം. രണ്ടാമത്തെതു്, അതോ ഇതോ ശരി എന്നതിന്നും. ക്രിയാപദത്തിന്റെ സ്ഥാനഭേദംകൊണ്ടുമാത്രം ഇത്രയും താത്പര്യഭേദം ഇംഗ്ലീഷിൽ വരുത്താനാവില്ല. മൂന്നും നാലും വാക്യങ്ങൾ, താൻ പറയുന്നതു് ശ്രോതാവിന്നു് അറിയാമെന്ന, അഥവാ അയാൾ അതു് അംഗീകരിക്കുമെന്ന, വക്താവിന്റെ പ്രതീക്ഷയോടു കൂടി വ്യഞ്ജിപ്പിയ്ക്കുന്നുണ്ടു്. ‘അല്ലൊ’ എന്ന രണ്ടക്ഷരം കൊണ്ടാണു് അതു് സാധിച്ചിരിയ്ക്കുന്നതു്. ഇംഗ്ലീഷിൽ ഈ ആശയം വരുത്താൻ as you know എന്നോ I hope you will agree that എന്നോ വാക്യം തുടരേണ്ടിവരും. മലയാളത്തിന്റെ കെട്ടുറപ്പു് കിട്ടുകയുമില്ല. ഇതുതന്നെ ശ്രോതാവു് പറയുമ്പോൾ, വക്താവോടുള്ള യോജിപ്പാണു് പ്രകടമാകുന്നതു്. ഇതും ഇംഗ്ലീഷിൽ വരുത്താൻ I see എന്നോ I agree with you that എന്നോ തുടങ്ങണം.
ഈ ‘അല്ലൊ’ കൊണ്ടു് നാം കൈവരുത്തുന്ന ആശയഭാവവൈചിത്ര്യം കൂടി കണ്ടറിയേണ്ടതുണ്ടു്. ഒരു പുസ്തകം കടം ചോദിച്ച ആളോടു് Sorry, I do not have it now എന്നു് ഇംഗ്ലീഷിൽ പറയുന്നേടത്തു് മലയാളത്തിൽ ‘തൽക്കാലം കൈയിലില്ലല്ലോ’ എന്നേ വേണ്ടു. പുസ്തകം കൊടുക്കാൻ കഴിയാതെപോയതിലെ ഖേദം മുഴുവൻ ആ ‘അല്ലൊ’വിൽ ഒതുങ്ങുന്നു. ‘അവനുണ്ടല്ലൊ നിന്റെ കൂടെ’ എന്നതിലാകട്ടെ, ‘അല്ലൊ’ ആശ്വാസസൂചകമാണു്.
മലയാളത്തിലെ വേറെ ചില പ്രയോഗവിശേഷങ്ങൾ:
- എനിക്കു് നാലു് പെൺകുട്ടികളുണ്ടു്.
- എനിക്കു് നാലു് പെൺകുട്ടികളാണു്.
- നാലാണു് എനിക്കു് പെൺകുട്ടികൾ.
ഇംഗ്ലീഷ് വാക്യഘടന, മലയാളത്തെ അപേക്ഷിച്ചു്, പലപ്പോഴും ശിഥിലമാണു്. ‘അവൻ വരാതിരിക്കാൻ കാരണമില്ല’ എന്നു് അഞ്ചു് വാക്കിലൊതുങ്ങുന്ന മലയാളവാക്യത്തിന്റെ സ്ഥാനത്തു് ഇംഗ്ലീഷിൽ There is no reason why he should not come എന്നു് ഒൻപതു് വാക്കുകൾ വേണമല്ലൊ.
ഇവിടെ ഇംഗ്ലീഷിന്നു് രണ്ടു പരാധീനതകളുണ്ടെന്നു കാണാം:
ഒന്നു്, ‘കാരണം’ എന്ന കർത്താവോടു് ഇല്ല എന്ന ക്രിയ നേരിട്ടു ചേർക്കാനാവാതെ there എന്ന വാക്കു് കൊണ്ടുവന്നതു്;
രണ്ടു്, ഇല്ല എന്ന നിഷേധാർഥം വരുത്താൻ ഭാവാർഥകമായ is എന്നതിനോടു് അഭാവാർഥകമായ no ചേർക്കേണ്ടിവന്നതു്—ഇല്ലാക്കാരണമുണ്ടു് എന്നു്.
‘നാസ്തി’ എന്നു് സംസ്കൃതത്തിലും ‘നഹി ഹൈ’ എന്നു് ഹിന്ദിയിലും കാണാം ഈ ഭാവാഭാവസംയോഗം. ചുരുക്കത്തിൽ മലയാളം ഇല്ല എന്നു് നേരെ ചൊവ്വേ പറയുമ്പോൾ ഇംഗ്ലീഷും സംസ്കൃതവും ഹിന്ദിയും ഇല്ലായ്മയുണ്ടു് എന്നു് വളച്ചുകെട്ടിപ്പറയുന്നു. Nobody came (ആരും വന്നില്ല) മുതലായ പ്രയോഗങ്ങളിലുമുണ്ടു് ഈയൊരു വക്രത.
മലയാളത്തിൽ ഏതു ക്രിയാപദവും കർത്താവോടു് നേരിട്ടു് ചേർക്കാവുന്നതിനാൽ പല ഇംഗ്ലീഷ് വാക്യങ്ങളും ചുരുക്കം വാക്കുകളിൽ പകർത്താനാവും.
Where there is a will there is a way എന്നതിനു് ‘ഇച്ഛയുള്ളേടം വഴിയുമുണ്ടു്’ എന്നു മതിയല്ലൊ. ‘ഇച്ഛയുണ്ടോ, വഴിയും കാണും’ എന്നു് കുറച്ചുകൂടി ഊക്കോടെയും പറയാം.
‘ആൽ’ ‘ഓ’ ‘ഏ’ മുതലായ ഒറ്റയക്ഷരംകൊണ്ടു് മലയാളം കൈവരുത്തുന്ന ആശയ-ഭാവവൈചിത്ര്യം ഇംഗ്ലീഷിൽ എളുപ്പമല്ല.
ഗതി കെട്ടാൽ പുലി പുല്ലും തിന്നും. എന്നു് അഞ്ചു് വാക്കിലൊതുങ്ങുന്ന മലയാളവാക്യത്തിന്നു് ഇംഗ്ലീഷിൽ When there is no other way, a tiger shall even eat grass എന്നു് പന്ത്രണ്ടു വാക്കുകൾ വേണമല്ലൊ.
What about our loss എന്നതിലെ ആദ്യത്തെ രണ്ടു വാക്കുകൾക്കു് മലയാളത്തിൽ ‘ഓ’ എന്നു് ഒരക്ഷരം മതി. “ഞങ്ങളുടെ നഷ്ടമോ?”
പോകാൻ പറഞ്ഞില്ലേ/പോകാനല്ലേ പറഞ്ഞതു്.
ഞാൻ അറിയാതെ ചെയ്തതാണു്/ചെയ്തതാണേ;
ഇതു് അവനോടു് പറയരുതു്/പറഞ്ഞേക്കരുതു്
മുതലായ കൊച്ചുവാക്യങ്ങളിലെ ഭാവവൈചിത്ര്യം ഇംഗ്ലീഷിൽ എങ്ങിനെ കൈവരുത്തും? (‘കൈവരുത്താനാണു്’ എന്നായാൽ ഭാവം മാറും).
‘അവൻ വരാനോ?’ എന്നതിലെ ആശയം പ്രകടിപ്പിക്കാൻ ഇംഗ്ലീഷിൽ Do you expect him to come എന്നോ മറ്റോ പറയേണ്ടിവരില്ലേ?
Will you please come here എന്നതിനു് മലയാളത്തിൽ ‘ഒന്നു് ഇവിടെ വരാമോ’ എന്നേ വേണ്ടു. പ്ലീസിലെ വിനയം മുഴുവൻ ‘ഓ’ എന്ന ഒരക്ഷരത്തിലൊതുങ്ങും.
Please do come എന്നതിലെ വിനയവും നിർബന്ധവും ഒന്നിച്ചു് പ്രകടിപ്പിക്കാൻ ‘വരണേ’ എന്നും മതിയാവും ‘വരാതിരിക്കരുതേ’ എന്നു് ഇംഗ്ലീഷിൽ എങ്ങിനെ പറയും?
കർത്താവില്ലാതെയും മലയാളത്തിൽ വാക്യമാവാമെന്നതും ഒരു മെച്ചമാണു്.
മെല്ലെത്തിന്നാൽ മുള്ളും തിന്നാം. എന്നു് ഇംഗ്ലീഷിൽ പറയാൻ you എന്നോ one എന്നോ ഒരു കർത്താവിനെ രണ്ടിടത്തു് ചേർക്കണമല്ലോ. അല്ലെങ്കിൽ കർമണിപ്രയോഗം വേണ്ടിവരും.
പാഠം പഠിച്ചാൽപ്പോരാ, ഓർമിക്കുകയും വേണം എന്നു് ഇംഗ്ലീഷിൽ എത്ര നീട്ടിവലിച്ചു് പറയണമെന്നു നോക്കുക:
It is not enough that you learn a lesson you should also remember it.
ക്രിയാപദമില്ലാത്ത വാക്യങ്ങളുമുണ്ടു് മലയാളത്തിൽ. ഉദാ: ‘അവർ തമ്മിൽ അടിയോടടി’ ക്രിയാപദം ചേർക്കാതെ, ഇതേ ഊക്കോടെ ഇതു് ഇംഗ്ലീഷിൽ പറയാൻ പ്രയാസമാണു്.
ക്രിയാപദത്തിലെ ചെറിയൊരു മാറ്റംകൊണ്ടു് ഒരേ വസ്തുത ഭിന്നഭാവങ്ങളിൽ പ്രകാശിപ്പിക്കാനും മലയാളത്തിന്നു് കഴിയും.
‘അവൻ വരുമെന്നു പറഞ്ഞിരുന്നുവെങ്കിലും വന്നില്ല, വരികയുണ്ടായില്ല, വന്നുകണ്ടില്ല—മൂന്നിടത്തും വസ്തുത ഒന്നുതന്നെ. എന്നാൽ, ആദ്യത്തേതിൽ വാക്കു് പാലിച്ചില്ല എന്നാണു് സൂചന. മറ്റു രണ്ടിലും വരാൻ കഴിയാതെ പോയതാവാം എന്നും.
‘വിളിക്കണം’ ‘വിളിച്ചേക്കണം’.എന്നിങ്ങിനെ ചെറിയൊരു രൂപഭേദംകൊണ്ടു് ക്രിയയ്ക്കു് ലാഘവം വരുത്താനും മലയാളത്തിലാവും.
ചില മലയാളപദങ്ങളുടെ അർഥവ്യാപ്തിയും കണ്ടറിയേണ്ടതാണു്. ‘ഞാൻ അതു് നേരത്തെ ഓർത്തില്ല’ എന്നതിലെ ‘നേരത്തെ’ എന്നതിന്നു് ഇതിന്നു് മുൻപു്’ എന്നുമാത്രമല്ല. ‘വേണ്ട നേരത്തു്’ എന്നുകൂടി അർഥം വരും. ഇംഗ്ലീഷിൽ ഇതു് രണ്ടും ഒന്നിച്ചാവിഷ്ക്കരിക്കാനാവില്ല.
മറ്റുള്ളവരുമായി തന്മയീഭവിച്ചു ചിന്തിക്കുമ്പോൾ അവരെ താൻ/തങ്ങൾ എന്നു് കുറിക്കുന്നതും മലയാളത്തിന്റെ സവിശേഷതയാണു്. കുട്ടികൃഷ്ണമാരുടെ ഭാരതപര്യടനത്തിലെ ‘അർജുനവിഷാദയോഗം’ എന്ന പ്രബന്ധത്തിൽ, അർജുനന്റെ വിഷാദചിന്തകൾ പകർത്തുന്നേടത്തു് അർജുനൻ ‘അദ്ദേഹ’മല്ല, ‘ഞാനു’മല്ല, ‘താൻ’ ആണു്. അതിലെ,
“ഇവളോ, തങ്ങളുൾപ്പെടെ നൂറ്റഞ്ചു കൗരവസഹോദരൻമാർക്കെല്ലാംകൂടിയുള്ള ഒരേയൊരു സഹോദരി” എന്ന വാക്യത്തെ “She is the only sister of the hundred and five Kaurava brothers including the Pandavas”. എന്ന ഇംഗ്ലീഷ് തർജ്ജമയുമായി ഒത്തുനോക്കിയാലറിയാം മലയാളത്തിന്റെ മേന്മ.
ചുരുക്കത്തിൽ, ചുരുങ്ങിയ വാക്കുകളിൽ കാര്യം ഉറപ്പായും വെടിപ്പായും പറയുന്ന, നല്ല കരുത്തും മെയ്യൊതുക്കവുമുള്ള, ഒപ്പംതന്നെ പ്രയോഗവൈവിധ്യവും ഏറെയുള്ള ഒരു ഭാഷയാണു് മലയാളം.
വാക്കുകൾ ചേർത്തും വിട്ടും പറയുമ്പോൾ പല അർഥഭേദങ്ങളും വരും മലയാളത്തിൽ കുറച്ചുദാഹരണങ്ങൾ
- അവൻ പുസ്തകമെടുത്തുകൊണ്ടു് പോയി. അവൻ പുസ്തകം എടുത്തുകൊണ്ടു് പോയി. അവൻ പുസ്തകമെടുത്തു് കൊണ്ടുപോയി അവൻ പുസ്തകം എടുത്തുകൊണ്ടുപോയി. നാലിലും കാര്യം ഒന്നുതന്നെയെങ്കിലും താത്പര്യഭേദമുണ്ടു്. ആദ്യത്തെതിൽ ‘അവൻ പോയി’ മുഖ്യാംശം പോകുമ്പോൾ പുസ്തകവും എടുത്തു എന്നുമാത്രം. മറ്റു മൂന്നിലും പുസ്തകംകൊണ്ടു് എന്തു ചെയ്തു എന്നാണു് പറയുന്നതു്. രണ്ടാമത്തെതിൽ ‘പോയി’ മുഖ്യക്രിയയും ‘എടുത്തുകൊണ്ടു്’ അംഗക്രിയയും. മൂന്നാമത്തെതിൽ എടുത്തു് എന്നതിൽ ഒരൂന്നലുണ്ടു്—എടുത്തിട്ടു് എന്നു്. ‘കൊണ്ടുപോയി’ മുഖ്യക്രിയയും ‘എടുത്തു്’ അംഗക്രിയയും. നാലാമത്തെതിൽ. ‘എടുത്തുകൊണ്ടുപോയി’ ഒറ്റ ക്രിയ.
- അവൻ കുട്ടിയുടെ പുറത്തു് തട്ടിക്കൊണ്ടു് പോയി. അവൻ കുട്ടിയെ തട്ടിക്കൊണ്ടുപോയി ആദ്യവാക്യത്തിൽ ‘അവൻ പോയി’ എന്നതാണു് മുഖ്യാംശം. ‘പോയി’ അകർമക ക്രിയ. രണ്ടാമത്തെതിൽ ‘തട്ടിക്കൊണ്ടുപോയി’ എന്ന സകർമകക്രിയയാണുള്ളതു്. കർമം കുട്ടി.
- ആ കാഴ്ച കണ്ടു് അവർ അവിടെ നിന്നുപോയി. ആ കാഴ്ച കണ്ടു് അവർ അവിടെനിന്നു് പോയി കാഴ്ച കണ്ടവർ അതിന്റെ ആകർഷണം കാരണം അവിടെത്തന്നെ നിന്നു എന്നാണു് ഒന്നാം വാക്യത്തിന്റെ അർഥം. മറ്റതിന്നു്, അതു് കണ്ടുനിൽക്കാനാവാതെ സ്ഥലം വിട്ടു എന്നും. (രണ്ടിലും ‘കണ്ടവർ’ എന്നെഴുതിയാൽ ‘അവർ’ക്കു് ‘കണ്ട’ എന്ന വിശേഷണം കിട്ടും. കണ്ടിട്ടു് എന്നു് അർഥം വരില്ല).
- അവിടെ നിന്നു് അവർ പോയി. അവിടെനിന്നു് അവർ പോയി. അവിടെ നിന്നവർ പോയി. ഒന്നാമത്തെതിൽ അവർ അവിടെ നിന്നതിന്നുശേഷമാണു് പോയതു്. രണ്ടാമത്തെതിൽ പോയതു് എവിടെനിന്നാണെന്നു് പറയുന്നു. മൂന്നാമത്തെതിൽ, അവിടെ നിന്നിരുന്നവർ സ്ഥലം വിട്ടു എന്നും.
- അവൾ മേശപ്പുറത്തുനിന്നു് പുസ്തകമെടുത്തു. അവൾ മേശപ്പുറത്തു നിന്നു് പുസ്തകമെടുത്തു. ആദ്യവാക്യം പറയുന്നതു് പുസ്തകമെടുത്തതു് എവിടെനിന്നു് എന്നു്; മറ്റതു് എങ്ങിനെയെന്നും
- അവൻതന്നെയാണു് വിളിച്ചതു് അവൻ തന്നെയാണു് വിളിച്ചതു്. അദ്യത്തേതിൽ ‘അവനി’ലാണു് ഊന്നൽ—വിളിച്ചതു് മറ്റാരുമല്ല എന്നു്; ആരെ വിളിച്ചു എന്നു് പറയുന്നുമില്ല. രണ്ടാമത്തേതിൽ ‘താനി’ലാണു് ഊന്നൽ. വിളിച്ചതു് മറ്റാരെയുമല്ല എന്നു്.
നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചുപോരുന്ന സന്ധിനിയമങ്ങൾ ശാബ്ദികമാണു്—അക്ഷരം അക്ഷരത്തോടു് ചേരുമ്പോൾ വരുന്ന മാറ്റങ്ങൾ. പക്ഷേ, നല്ല മലയാളമെഴുതാൻ ഏറെ ശ്രദ്ധിക്കേണ്ടതു് ആർഥികസന്ധിയിലാണു്—വാക്കുകൾ തമ്മിൽ അർഥം കൊണ്ടു് എത്രമാത്രം അടുക്കുന്നു, അകലുന്നു എന്നു നോക്കി ചേർത്തെഴുതുകയോ വിട്ടെഴുതുകയോ ചെയ്യുന്നതിൽ.
ഉദാ: ‘അതു് തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണു്’ എന്ന വാക്യത്തിൽ ‘തുഞ്ചത്തെഴുച്ഛനി’ലുള്ളതു്. ശാബ്ദിക സന്ധിതന്നെയാണു് എങ്കിലും, ആർഥികമായും അവിടെ സന്ധിയുണ്ടു്—‘തുഞ്ചത്തു്’ എന്ന പദം ‘എഴുത്തച്ഛൻ’ എന്ന പദത്തോടു് ചേരുന്നതാണല്ലൊ എന്നാൽ
‘അതെഴുത്തച്ഛന്റെ കൃതിയാണു്’ എന്നല്ല
“അതു്എഴുത്തച്ഛന്റെ കൃതിയാണു്’ എന്നെഴുതുന്നതാണു് ഉചിതം. കാരണം ‘അതു്’ ‘എഴുത്തച്ഛനോ’ടല്ല ‘കൃതി’യോടാണു് ബന്ധപ്പെട്ടിരിക്കുന്നതു്.
അർഥസന്ധിയ്ക്കു് ഉടവു തട്ടാതെ ശബ്ദസന്ധിയെ ചിലപ്പോൾ അവഗണിയ്ക്കുന്നതുകൊണ്ടു് ഭാഷയ്ക്കു് ദോഷം വരില്ല.
‘നിനയ്ക്കതിലിത്രയെല്ലാമരിശപ്പെടാനെന്തിരിയ്ക്കുന്നുവെന്നെനിയ്ക്കറിയില്ല’ എന്നെഴുതാതെ,
‘നിനയ്ക്കു് അതിൽ ഇത്രയെല്ലാം അരിശപ്പെടാൻ എന്തിരിയ്ക്കുന്നുവെന്നു് എനിയ്ക്കറിയില്ല’ എന്നെഴുതുന്നതാണു് ഉചിതം. എന്നാൽ
നിനയ്ക്കതിലിത്ര എല്ലാമരിശപ്പെടാനെന്തു് ഇരിയ്ക്കുന്നു എന്നെനിയ്ക്കു് അറിഞ്ഞുകൂടാ’ എന്നെഴുതുന്നതു് വികടത്തമാണു്
ഈ വികടത്തം ഇന്നു് എവിടെ നോക്കിയാലും കാണാം.
‘പരാജിതരെല്ലാം നഷ്ടപ്പെട്ടവരല്ല’ എന്നു് ഒരാപ്തവാക്യം ഈയിടെ ഒരു പ്രമുഖപത്രത്തിൽ കണ്ടു.
സമാനപദഘടനയോടുകൂടിയ മറ്റൊരു വാക്യവുമായി ഇതിനെ ഒപ്പിച്ചുനോക്കാം.
‘മിന്നുന്നതെല്ലാം പൊന്നല്ല’. പൊന്നു് മിന്നും, പക്ഷേ, പൊന്നല്ലാത്ത ചിലതും മിന്നും. അതു് കൊണ്ടു് മിന്നുന്നുവെന്നുവെച്ചു് പൊന്നാകണമെന്നില്ല എന്നർഥം.
അതുപോലെ, നഷ്ടപ്പെട്ടവർ പരാജിതരാണു്. പക്ഷേ, നഷ്ടപ്പെടാത്ത ചിലരും പരാജിതരാണു്. അതുകൊണ്ടു് പരാജിതരാണെന്നുവെച്ചു് നഷ്ടപ്പെട്ടവരാകണമെന്നില്ല എന്നുതന്നെയോ ഇതിന്നർഥം?
അതോ, വല്ലൊരു പരാജവും നേരിട്ടു എന്നതുകൊണ്ടു് എല്ലാം തീർന്നു എന്നു് നിരാശപ്പെടേണ്ട എന്നോ?
അതിന്നു്, ‘പരാജിതർ എല്ലാം നഷ്ടപ്പെട്ടവരല്ല’ എന്നാണു് എഴുതേണ്ടതു്.
‘മിന്നുന്നതെല്ലാം’ എന്നതിൽ ശബ്ദസന്ധിയ്ക്കു പുറമെ അർഥസന്ധികൂടിയുണ്ടു്. ‘എല്ലാം’ ‘മിന്നുന്നതു്’ എന്നതിനോടാണു് ചേരുന്നതു്.
‘ഇവിടെ ‘എല്ലാം’ ‘നഷ്ടപ്പെട്ട’ എന്നതിനോടൊണു് ചേരുന്നതു്. അതിനെ ‘പരാജിതരോടു്’ കൂട്ടിക്കെട്ടുന്നതു് കഥയില്ലായ്മയാണു്.
മറ്റൊന്നു് “സന്തുഷ്ടരായി ഇരിക്കുന്നതു് ബുദ്ധിയുടെ ലക്ഷണമാണു്”. സന്തുഷ്ടരായി നിൽക്കുകയോ കിടക്കുകയോ ചെയ്യുന്നതു് ബുദ്ധിയുടെ ലക്ഷണമാകണമെന്നില്ല എന്നു് സൂചന.
ഒരു ലേഖനശീർഷകം. ‘കേരളത്തിലെ ചോറും മീനും തിന്നുപോയവർ’.
തിന്നരുതാത്ത രണ്ടു സാധനങ്ങൾ അബദ്ധത്തിൽ തിന്നുകളഞ്ഞു എന്നു് സൂചന.
അത്രയ്ക്കു് അപകടം പിടിച്ചതാണോ കേരളത്തിലെ ചോറും മീനും?
ടി. വി.-യിൽക്കണ്ട ഒരു വാർത്താശീർഷകം.
‘ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനി’
മറ്റൊരു ശീർഷകവുമായി ഒത്തുനോക്കാം.
‘സ്കൂളിൽ ഓടിയെത്തിയ വിദ്യാർത്ഥിനി’. വിദ്യാർത്ഥിനി ഓടിക്കൊണ്ടു് സ്കൂളിലെത്തുകയാണുണ്ടായതെന്നു് വ്യക്തം.
അതുപോലെ വിദ്യാർത്ഥിനി ചൈനയ്ക്കു വെളിയിൽ നിന്നുകൊണ്ടു്, നിന്ന നിൽപിൽനിന്നു് അനങ്ങാതെ, ചൈനയിലെത്തി, അല്ലേ?
ഇതോടൊപ്പം മറ്റൊരു വിഷയം: സമസ്തപദങ്ങളുടെ ഘടിതപദങ്ങൾ ചേർത്തെഴുതാഞ്ഞാൽ അർഥം അവതാളത്തിലാവും.
ഒരിയ്ക്കൽ ‘നെഹ്റു പ്രതിമ തല്ലിത്തകർത്തു’. എന്നൊരു വാർത്ത കണ്ടിരുന്നു.
നെഹ്റുവിന്റെ പ്രതിമ ആരോ തല്ലിത്തകർത്തതാണു് സംഭവം.
മലയാളത്തിലിന്നു് പേരെഴുതുന്നതുപോലും ശ്രദ്ധിച്ചുവേണം. സീതാരാമയ്യർ പുരുഷനും സീതാ രാമയ്യർ സ്ത്രീയുമാണല്ലോ. ശ്രദ്ധിച്ചാലും ചിലപ്പോൾ കുഴിയിൽ വീഴും.
കുറേ കൊല്ലം മുൻപു് ‘മന്ദാകിനി നാരായണനെ കാട്ടിൽവെച്ചു് പിടിച്ചു’ എന്നൊരു വാർത്ത കണ്ടിരുന്നു.
മന്ദാകിനി നാരായണൻ എന്ന സ്ത്രീയെ പോലീസ് പിടിച്ചതാണു് സംഭവം.
പേരച്ചടിച്ചതു് നാട്ടുനടപ്പനുസരിച്ചുതന്നെ; പറഞ്ഞു വെച്ചതു് നാരായണൻ മന്ദാകിനിയുടെ പിടിയിലായി എന്നും. ഇത്തരം സ്ത്രീനാമങ്ങളിൽ ഇടയൊഴിവിന്നു പകരം കുറുവരയിട്ടാൽ (മന്ദാകിനി-നാരായണൻ) കുഴപ്പം കൂടാതെ കഴിക്കാം.
സമസ്തപദങ്ങളെ വിശേഷിപ്പിയ്ക്കുമ്പോഴും ശ്രദ്ധ വേണം.
‘തികഞ്ഞ സന്തോഷവാർത്ത’ എന്നു്, നേരത്തെ പറഞ്ഞ പുസ്തകത്തിൽക്കണ്ടു.
സന്തോഷം നൽകുന്ന തികഞ്ഞ വാർത്ത എന്നാണു് ഉദ്ദേശിക്കുന്നതെങ്കിൽ തെറ്റില്ല.
തികഞ്ഞ സന്തോഷം നൽകുന്ന വാർത്ത എന്നാണെങ്കിൽ ശരിയല്ല.
പച്ചക്കുപ്പായക്കാരൻ പച്ചനിറമുള്ള കുപ്പായം ഇട്ടവൻ തന്നെ;
എന്നാൽ പച്ചനിറമുള്ള കുപ്പായക്കാരൻ എന്നു പറഞ്ഞാൽ കുപ്പായമിട്ട പച്ചനിറക്കാരൻ എന്നേ അർഥം വരൂ.
വ്യസ്തപദങ്ങളിലും കരുതൽ വേണം. ‘കുറേക്കൂടിനീണ്ട കവിതകൾ’ എന്നു് ‘കുറേക്കൂടി’ ‘നീണ്ട’ എന്നതിന്റെ വിശേഷണമാണെങ്കിൽ ശരി. ‘കവിതകളെ’യാണു് വിശേഷിപ്പിക്കുന്നതെങ്കിൽ ‘നീണ്ട കവിതകൾ കുറേക്കൂടി’ എന്നാവും ഉചിതം. അഥവാ, ‘കുറേക്കൂടിനീണ്ട കവിതകൾ’ എന്നോ ‘കുറേക്കൂടി നീണ്ടകവിതകൾ’ എന്നോ വിവക്ഷിതാനുസാരം ആവാം.
ദുർഗ്രഹമായ ഭാഷയ്ക്കാണു് ഇന്നു് പ്രചാരമേറെ. ഇതിന്നു് ഒരു കാരണം പത്രാധിപന്മാരുടെ പ്രോത്സാഹനമാണു്. “ആഴമുള്ള കുഴിക്കു് നീളമുള്ള വടി വേണം” എന്നു കണ്ടാൽ അവർ ചവറ്റുകൊട്ടയിലെറിയും; ‘ഗർത്തത്തിന്റെ അഗാധതയുടെ അപ്രാപ്യത ദണ്ഡത്തിൽനിന്നു് ദൈർഘ്യവത്കരണത്തിന്റെ അനിവാര്യത ആവശ്യപ്പെടുന്നു’ എന്നായാൽ വരവേല്ക്കും.
ദുർഗ്രഹമായി എഴുതുന്നതു്, അതിഥിയ്ക്കു് വേവാത്ത ചോറു് വിളമ്പുംപോലെ, വായനക്കാരോടു് കാണിക്കുന്ന മര്യാദകേടാണു് എന്നു് എഴുത്തുകാർക്കും വിചാരമില്ല.
നല്ല മലയാളത്തിലെയ്ക്കു് നല്ലൊരു വഴികാട്ടിയാണു് കുട്ടികൃഷ്ണമാരാരുടെ ‘മലയാളശൈലി’. തുടർന്നു വന്ന പണ്ഡിതന്മാർ അക്ഷരശുദ്ധിയിലും പദശുദ്ധിയിലും അമിതമായി നിഷ്കർഷിയ്ക്കുകയും വാക്യശുദ്ധിയെ അവഗണിക്കുകയുമാണു് പൊതുവെ ചെയ്തുകാണുന്നതു്. അക്ഷരവിന്യാസത്തിലും പദപ്രയോഗത്തിലും തെറ്റൊഴിവാക്കിയാലും ഭാഷ വെടിപ്പാവണമെന്നില്ല. ചിലപ്പോൾ നല്ല മലയാളത്തിൽനിന്നു് അകന്നുപോകാനും മതി. ഉദാഹരണത്തിന്നു് പണ്ഡിതവിധി മാനിച്ചു് ഇന്നു് പലരും ‘അപാകത’യ്ക്കു പകരം ‘അപാകം’ എന്നെഴുതിത്തുടങ്ങീട്ടുണ്ടു്. ഫലമോ? ‘പാകപ്പിഴ’ എന്ന വാക്കു് നാം മറന്നുപോയിരിക്കുന്നു. ‘ഇഷ്ട’ത്തിന്റെ വിപരീതം ‘അനിഷ്ടം’ എന്നേ ഏതധ്യാപകനും പഠിപ്പിയ്ക്കു, ഇഷ്ടക്കേടു് എന്നെഴുതുന്ന വിദ്യാർഥിയ്ക്കു് മാർക്കും കിട്ടുകയില്ല. ‘അർഥം വ്യത്യാസമാവും’ എന്ന വാക്യം ‘അർഥം വ്യത്യസ്തമാവും’ എന്നല്ലാതെ, ‘അർഥം മാറും’ എന്നു് തിരുത്താനും ഏറെപ്പേരുണ്ടാവില്ല. ശുദ്ധീകരിക്കുകയോ വിശദീകരിക്കുകയോ അല്ലാതെ, ആരുമിന്നു് ശുദ്ധമാക്കുകയോ വിശദമാക്കുകയോ ചെയ്യുന്നില്ല. നാമിന്നു് കേരളക്കാരല്ല, കേരളീയരാണു്. (മാലബാറികരോ കൗച്ചികരോ അല്ലെന്നു് സമാധാനിയ്ക്കാം.) ഒരാശ്വാസമുള്ളതു്, മതഭ്രാന്തന്മാരെല്ലാം പോയി, മതമൗലികവാദികളേ ബാക്കിയുള്ളൂ എന്നതാണു്. അവർ മതത്തിന്റെ മൗലികതയെച്ചൊല്ലി വാദിച്ചുകൊണ്ടിരിയ്ക്കുന്നതുകൊണ്ടു് ആർക്കും “ഒരുപദ്രവും” വരാനില്ലല്ലൊ. മൗലികമായി പല മതവും ഏകസാരംതന്നെ എന്ന നിഗമനത്തിലെത്തുകയാണെങ്കിൽ നല്ലതു തന്നെ.
മലയാളികൾ സ്വഭാഷാശൈലികൾ മറന്നുപോയതുകൊണ്ടല്ലേ, മലയാളത്തിൽ കർമണിപ്രയോഗം കൃത്രിമമാണെന്നു് ചില പണ്ഡിതൻമാർ സിദ്ധാന്തിയ്ക്കുന്നതെന്നു് ഞാൻ ശങ്കിയ്ക്കുന്നു.
കള്ളൻ പോലീസിനാൽ പിടിക്കപ്പെട്ടു.
രാമൻ കൃഷ്ണനാൽ തല്ലപ്പെട്ടു.
ഗോവിന്ദൻ ഗോപാലനാൽ തോൽപിക്കപ്പെട്ടു.
അവിടെനിന്നു് ഒരു നിലവിളി കേൾക്കപ്പെട്ടു.
ജ്ഞാനം അജ്ഞാനത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു/മൂടപ്പെട്ടിരിക്കുന്നു.
എന്നൊക്കെയാണു് നാം പഠിച്ചും പ്രയോഗിച്ചും വരുന്ന കർമണിപ്രയോഗങ്ങൾ.
കള്ളൻ പോലീസിന്റെ പിടിയിൽപ്പെട്ടു.
രാമൻ കൃഷ്ണന്റെ തല്ലു് കൊണ്ടു,
ഗോവിന്ദൻ ഗോപാലനോടു് തോറ്റു,
അവിടെനിന്നു് ഒരു നിലവിളി കേൾക്കായി,
ജ്ഞാനം അജ്ഞാനംകൊണ്ടു് മറഞ്ഞിരിയ്ക്കുകയാണു്/മൂടിയിരിയ്ക്കുകയാണു്
മുതലായവ എന്തുകൊണ്ടു് കർമണി പ്രയോഗമാവില്ല? ചിലപ്പോൾ ഒരു വാക്കിന്റെ സ്ഥാനമാറ്റംകൊണ്ടുമാത്രം മലയാളത്തിൽ കർമണി പ്രയോഗത്തിന്റെ ഫലം കൈവരുത്താം.
കാക്ക അപ്പം കൊത്തിക്കൊണ്ടുപോയി—അപ്പം കാക്ക കൊത്തിക്കൊണ്ടുപോയി
എന്ന രണ്ടു വാക്യങ്ങളും കർത്തരി പ്രയോഗമാണെന്നാവും വൈയാകരണൻ പറയുക. എന്നാൽ, കാക്ക എന്തു ചെയ്തു എന്നാണു് ഒന്നാം വാക്യം പറയുന്നതെങ്കിൽ, അപ്പത്തിനു് എന്തു് സംഭവിച്ചു എന്നാണു് രണ്ടാം വാക്യം പറയുന്നതു്.
ഉക്തം, ത്യക്തം, ശപ്തൻ മുതലായ വാക്കുകൾക്കു്
പറയപ്പെട്ടതു്, ത്യജിക്കപ്പെട്ടതു്, ശപിക്കപ്പെട്ടവൻ
എന്നും മറ്റുമല്ലാതെ,
പറഞ്ഞതു് തള്ളിക്കളഞ്ഞതു്, ശാപമേറ്റവൻ
എന്നൊക്കെ അർഥം പറഞ്ഞുകൊടുക്കുമ്പോഴാണു് നാം പഠിപ്പിക്കുന്നതു് മലയാളമാവുന്നതു്. പ്രത്യക്ഷദൈവതത്തെ കാണപ്പെട്ട ദൈവമായിട്ടല്ല, കൺമുന്നിലെ ദൈവമായി കാണാനും നാം പഠിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിൽ അകൃത്രിമവും കാര്യക്ഷമവുമായ കർമണിപ്രയോഗങ്ങൾ ഇല്ലായ്കയല്ല, നാം അവ തിരിച്ചറിയായ്കയാണു്.
ഉചിതമായ പദങ്ങൾ ഉചിതമായ ക്രമത്തിൽ ഇണക്കിച്ചേർക്കുമ്പോഴാണു് ഭാഷ വെടിപ്പാവുക. വാക്കുകൾ തമ്മിലും വാക്യങ്ങൾ തമ്മിലും നന്നായി ഇണങ്ങിച്ചേരുന്നതു തന്നെ വാക്യശുദ്ധി. ഇക്കാര്യത്തിൽ നമ്മുടെ എഴുത്തുകാരുടെ അശ്രദ്ധയ്ക്കു്, നേരത്തെ പറഞ്ഞ പുസ്തകത്തിൽനിന്നുമാത്രം കുറച്ചുദാഹരണങ്ങൾ:
- “ഭവാബ്ധിക്കു്, അതായതു് സംസാരസാഗരത്തിലൂടെയുള്ള കടന്നുപോക്കിനു്, മറുകര പറ്റാൻ, ഉതകുന്ന ആവിവൻ തോണിയാണു് ഈശ്വരന്റെ കാലടികൾ” ‘ഭവാബ്ധി’യ്ക്കു് ‘സംസാരസാഗരത്തിലൂടെയുള്ള കടന്നുപോക്കു്’ എന്നർഥമില്ല. ‘സംസാര സാഗരത്തിന്നു്’ ഏന്നേ വേണ്ടു.
- “എന്റെ കണ്ണിൽപ്പെട്ടിടത്തോളം മഹാഭാരതത്തിന്റെ ഭക്തിസ്വഭാവമുള്ള പുനരെഴുത്തായ ശ്രീമഹാഭാഗവതം എന്ന സംസ്കൃതപുസ്തകത്തിലാണു് ആ അർഥം വരുന്ന ഒരു ശ്ലോകം കാണാനായതു്.” കണ്ണിൽപ്പെട്ടിടത്തോളം കാണാനായതു് എന്നു് പറയേണ്ടതില്ല. ‘എനിക്കു് കാണാനായതു്’ എന്നുമതി. (ഒരു പുസ്തകം അതേപടി വീണ്ടും എഴുതുന്നതാണു് പുനരെഴുത്തു്—പുനർമുദ്രണം പോലെ. സ്വഭാവം മാറ്റിക്കൊണ്ടു് എഴുതുന്നതു് മാറ്റിയെഴുത്തോ പൊളിച്ചെഴുത്തോ ആണു്. കൂട്ടത്തിൽ, പുനരെഴുത്തിനെ തുടർന്നു് പുനരോട്ടവും പുനശ്ചാട്ടവും പുനരുന്തും പുനസ്തള്ളും പുനഃപിടിയും പുനർവലിയുമെല്ലാം ആവാം, അല്ലേ?)
- “അതു്പി. കെ. ബാലകൃഷ്ണൻ പറയുംപോലെ ‘പെറുക്കിത്തീനി’കളായ ഒരു പറ്റം ആളുകളുടെ കേരളം മാത്രമല്ല. വ്യാപാരംകൊണ്ടു് സമൃദ്ധിനേടിയ ധനവാന്മാരുടെകൂടി കേരളമാണു്.” “ധനവാൻമാരുടെ കേരളം കൂടിയാണു്” എന്നാണു് വേണ്ടതു്. അല്ലെങ്കിൽ, ‘ആളുകളുടെ മാത്രം കേരളമല്ല’ എന്നു്.
- “പെരിന്തൽമണ്ണയ്ക്കടുത്തുള്ള സ്വന്തം ഭവനത്തിൽനിന്നു് പൂന്താനം കൂടക്കൂടെ നടന്നു് ഗുരുവായൂർക്കു് പോകാറുണ്ടു് ” പൂന്താനം കൂടക്കൂടെ ഗുരുവായൂർക്കു് നടന്നുപോയിട്ടേ ഉണ്ടാവു.
- “ഇന്നു് ആ തോട്ടിറമ്പിലെ പുല്ലാഞ്ഞിക്കാടുപോലെ ആ പഠനരീതിയും ഇക്കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടയിൽ ഒഴുകിപ്പോയിരിക്കുന്നു.” ‘ഇന്നു്’ എങ്ങും തൊടാതെ നില്പാണു്. ഒഴുകിപ്പോയതു് പതിനഞ്ചുകൊല്ലത്തിനിടയിലാണല്ലൊ…
- “പ്രസംഗങ്ങളുടെ ഇടവേളയിൽ ഒളപ്പമണ്ണയുടെ കൃതികളും ജീവിതവും പ്രമേയമാക്കി ഒരു പുസ്തകമെഴുതിയ കീർത്തി വിദ്യാസാഗറിനെ ആദരിക്കുകയുണ്ടായി.” ‘പ്രസംഗങ്ങളുടെ ഇടവേളയിൽ’ ‘വിദ്യാസാഗറിനെ’ കഴിഞ്ഞാണു് വരേണ്ടതു്.
- “സ്കൂളിൽ പോവാത്ത ആ നമ്പൂതിരിയാണു് മലയാളത്തിൽ തകഴിയും കേശവദേവും കാരൂരും വി. കെ. എന്നും എം. ടി.-യും തൊട്ടു് ഏറ്റവും പുതിയ എഴുത്തുകാരുടെ വരെ കഥകളും നോവലുകളും വായിച്ചു് അവയ്ക്കൊക്കെ തന്റെ ബലമേറിയ രേഖകൾകൊണ്ടു് ചൈതന്യം പകർത്തിയതു്”. തകഴി മുതൽ എം. ടി. വരെ നിർദ്ദേശികാവിഭക്തിയിലും എഴുത്തുകാർ സംബന്ധികാവിഭക്തിയിലുമായതിനാൽ പൊരുത്തക്കേടു് (‘അവയിൽനിന്നു്’ പകർത്തുകയും ‘അവയ്ക്കു്’ പകരുകയുമാണു് മലയാളികൾ പതിവു്).
- “സാഹിത്യനിരൂപണം മാത്രമല്ല കവിത, ചെറുകഥ, യാത്രാവിവരണം തുടങ്ങിയ വിഭാഗങ്ങൾക്കും ആദ്യകാലത്തു് പരിഗണന കിട്ടിയിരുന്നില്ല” ‘സാഹിത്യ നിരൂപണത്തിന്നു്’ എന്നു വേണം.
- “ഹഠാദ് ആകർഷിച്ചു (കൂട്ടിയെഴുതുമ്പോൾ ഹഠാദാകർഷിച്ചു) എന്നു പറഞ്ഞാൽ ബലത്തോടുകൂടിത്തന്നെ വലിച്ചടുപ്പിച്ചു് ആകർഷിച്ചു എന്നർഥം. അത്ര ശക്തമായിരുന്നു ആ ആകർഷണ ബലം. അതിന്റെ വലയിൽ നിന്നു് വിട്ടുപോരാൻ ആവില്ല എന്നു് താത്പര്യം.” ‘വലിച്ചടുപ്പിച്ചു’ കഴിഞ്ഞിട്ടു് ‘ആകർഷിച്ചു’ അനാവശ്യം. ‘ശക്തമായിരുന്നു. ആ ആകർഷണം’ എന്നേ വേണ്ടു. (പിരിച്ചെഴുതുമ്പോൾ ഹഠാത് ആകർഷിച്ചു എന്നാണു് വേണ്ടതു്)
പണ്ഡിതന്മാർ ചിലപ്പോൾ വഴിമുടക്കാറുമുണ്ടു്. ഉദാഹരണത്തിന്നു് ‘അധ്യക്ഷൻ’ എന്നെഴുതുന്നതു് തെറ്റാണു് ‘അദ്ധ്യക്ഷൻ’ എന്നു വേണം എന്നു് ചിലർ നിഷ്കർഷിക്കാറുണ്ടു്. ‘ദ’കാരത്തോടു് ‘യ’കാരം ചേരുന്നതു് കുറിക്കാൻ ‘യ’കാരചിഹ്നം മതിയെങ്കിൽ (വാദം-വാദ്യം) ‘ധ’കാരത്തിന്നും അതുതന്നെ പോരേ (വധം-വധ്യം)? മുഖ്യം, ശാഠ്യം, മൌഢ്യം എന്നൊക്കെയാണല്ലൊ പൊതുവെ എഴുതുന്നതും.
ഡോ. ഡേവിസ് സേവ്യർ തയ്യാറാക്കിയ ‘പദശുദ്ധികോശം’ എന്ന പുസ്തകത്തിൽ “അധി + അക്ഷൻ എന്നു് വാക്കുകൾ കൂട്ടിച്ചേർത്താൽ അദ്ധ്യക്ഷൻ എന്ന പദം കിട്ടും” എന്നു് പറഞ്ഞിട്ടുള്ളതായി മുൻ പരാമൃഷ്ടമായ പുസ്തകത്തിൽ കണ്ടു. (അധ്യക്ഷൻ എന്നെഴുതിയാലും മതി എന്നു് അദ്ദേഹം കൂട്ടിച്ചേർത്തതായും). ‘ഇ’കാരവും ‘അ’കാരവും ചേർന്നുണ്ടാകുന്ന ‘യ’കാരം ‘ധ’കാരത്തോടു് ചേരുമ്പോൾ എവിടുന്നാണു് ഒരു ‘ദ’കാരം കൂടി വന്നുചേരുന്നതു് ? ഇതനുസരിച്ചു് അത്ത്യന്തം, അത്ത്യാർത്തി, ഇത്ത്യാദി എന്നൊക്കെയാണോ എഴുതേണ്ടതു്? ‘ധ്യാന’ത്തിലും ‘സന്ധ്യ’യിലും എന്തുകൊണ്ടു് ‘ദ്ധ’ ഇല്ല?
“കൂട്ടക്ഷരമിരട്ടിക്ക പദമദ്ധ്യത്തിലാവുകിൽ” എന്നു് കേരളപാണിനീയത്തിലുള്ളതാണു് പ്രമാണമായിപ്പറയുന്നതു്. ഇതനുസരിച്ചു് ‘ക്ഷമ’ ശരിയും ‘അക്ഷമ’ തെറ്റുമാവും; വധ്യ ശരിയും ‘വധ്യത’ തെറ്റും. അതിലെ യുക്തിയെന്തു്? കേരളപാണിനിയുടെ വിവരണം കൂടി നോക്കാം.
“ഒരു പദത്തിന്റെ ഇടയിൽ ഇരിക്കുന്ന കൂട്ടക്ഷരത്തിൽ ആദ്യത്തേതു് ഇരട്ടിക്കും. ഉദാ: ലക്ഷ്മി = ലക്ക്ഷ്മി, ഭസ്മം = ഭസ്സ്മം, വൃദ്ധൻ = വൃദ്ദ്ധൻ. എഴുതുമ്പോൾ ലക്ഷ്മി, ഭസ്മം എന്നെല്ലാമേ എഴുതുക പതിവുള്ളൂ എങ്കിലും ഉച്ചരിക്കുമ്പോൾ ഇരട്ടിപ്പോടുകൂടിത്തന്നെ വേണം” “ലക്ഷ്മി ലക്ക്ഷ്മി’ എന്നിവയിലെ ഉച്ചാരണ ഭേദം എന്തുതന്നെയാകട്ടെ, എഴുത്തിൽ ഇരട്ടിപ്പു് വേണമെന്നു് കേരളപാണിനി പറയുന്നില്ല. മദ്ധ്യം എന്നെഴുതുമ്പോഴും, അക്ഷരം അന്വയം അഭ്യൂഹം വ്യഞ്ജനം എന്നൊക്കെയേ അദ്ദേഹം എഴുതിയിട്ടുമുള്ളൂ.
അതു് പോരാ, എഴുത്തിലും വേണം ഇരട്ടിപ്പു് എന്നാവാം നമ്മുടെ വ്യാകരണനിഷ്ഠരുടെ നിലപാടു്. എങ്കിൽ, അവർ പതിവുള്ളതുപോലെ അദ്ധ്യക്ഷൻ, അച്യുതൻ, ആക്രമണം, പർവ്വതം, വർത്തമാനം, കർഷകൻ, അന്വേഷണം, വിദ്യാഭ്യാസം, വിശ്വാസ്യത, വള്ളത്തോൾ, കലാമണ്ഡലം എന്നൊന്നുമല്ല എഴുതേണ്ടതു്; അദ്ധ്യക്ക്ഷൻ, അച്ച ്യുതൻ, ആക്ക്രമണം, പർർവതം, വർർതമാനം, കർർഷകൻ, അന്ന്വേഷണം, വിദ്ദ്യാബ്ഭ്യാസം, വിശ്ശ്വാസ്സ്യത, വൾള്ളത്ത്തോൾ, കലാമൺണ്ഡലം എന്നൊക്കെയാണു്.
ഇനി പദപ്രയോഗത്തെപ്പറ്റി: ഒരു പ്രഗല്ഭനിരൂപകൻ ഒരിയ്ക്കൽ “കുട്ടികൃഷ്ണമാരാരുടെ വ്യാഖ്യാനാദർശം” എന്നെഴുതി. അപ്പോൾ കേൾക്കായി, ഒരുദ്ദണ്ഡകേസരിയുടെ ഗർജനം. ‘മഹാബദ്ധം, മഹാബദ്ധം, ആദർശമെന്നാൽ കണ്ണാടി എന്നാണർഥം.’
അരി, കരി, കടി, കോടി, ദാഹം, മോഹം, ആഗ്രഹം, പശു, മൃഗം, സംസാരം, വർത്തമാനം, വൃത്തം, വൃത്തി, ആർത്തി, പ്രസംഗം, അവകാശം, വികാരം, വികൃതി, ശിക്ഷ, ചരിത്രം, ആഭാസം, അപവാദം, പനി, പരിഭ്രമം, പുച്ഛം, ശുണ്ഠി, ശ്രദ്ധ, കല്യാണം, സംബന്ധം, ഉത്തരം, ഉദ്യോഗം, ആധാരം, വ്യവഹാരം, ധൃതി, ദൈവം, ക്ഷേത്രം, ശാന്തി, പൂജ്യം, വിദ്വാൻ, മുതലായ വാക്കുകൾ സംസ്കൃതാർഥത്തിലേ പ്രയോഗിക്കാവൂ. എന്നായാൽ മലയാളിക്കു് മലയാളം പറയാൻ വയ്യെന്നാവും. അതുകൊണ്ടു്, ഇജ്ജാതി പണ്ഡിതന്മാർ പുറത്തിറങ്ങുമ്പോൾ ചെവിയിൽ പഞ്ഞി തിരുകുന്നതാണു് നല്ലതു്. ഭാഷ പണ്ഡിതന്മാരുണ്ടാക്കിയതല്ല, അവർക്കുമാത്രം ആവശ്യമുള്ളതോ അവകാശപ്പെട്ടതോ അല്ല.
ആളുകൾ ‘ജലപാനം കഴിക്കുന്ന’തും വിലക്കുന്നവരുണ്ടു്. മലയാളികൾ ചോറു് കഴിക്കും, ഊണു് കഴിക്കും. ചോറൂണും കഴിക്കും. ചോറു് കഴിക്കുമ്പോൾ ഒരു ഭക്ഷ്യസാധനം അകത്താക്കുന്നു. ഊണു് കഴിക്കുമ്പോൾ ഉണ്ണുക എന്ന കർമ്മം (അശനം) നിറവേറ്റുന്നു. ചോറൂണു് കഴിക്കുമ്പോൾ ഒരു ചടങ്ങു് നടത്തുന്നു. ജലം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നു, ജലപാനം കഴിക്കുമ്പോൾ വെള്ളംകുടി എന്ന കർമം നിറവേറ്റുന്നു. ഭക്ഷണം കഴിക്കുക, പാനം ചെയ്യുക എന്നാണു് മലയാളശൈലി എന്നേ ഒരു ദോഷം പറയാനുള്ളൂ. ശ്വാസോച്ഛാസം ചെയ്യുകയും ശ്വാസം കഴിക്കുകയും ചെയ്യുന്ന, വിവാഹം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന മലയാളി അതത്ര വലിയ ദോഷമായി കാണേണ്ടതുണ്ടോ?
ഇത്തരം പ്രയോഗങ്ങൾക്കു് വ്യാകരണസാധുതയില്ലെങ്കിലും പ്രയോഗസാധുത അനുവദിക്കാമെന്നു് ചില പണ്ഡിതന്മാർ പറയാറുണ്ടു്. പ്രയോഗസാധുതയല്ലാതെ മറ്റെന്തു് സാധുതയാണു് വ്യാകരണത്തിന്നുള്ളതു്? നോക്കുക; ‘കൊല്ലുക’ എന്ന ക്രിയയ്ക്കു് ‘കൊന്നു’ എന്നാണല്ലൊ വ്യാകരണസമ്മതമായ ഭൂതകാലരൂപം. ‘തല്ലുക’ എന്നതിന്നാകട്ടെ, ‘തല്ലി’ എന്നും ‘തച്ചു’ എന്നും രണ്ടാണു് രൂപം. മലയാളികൾ രണ്ടും പറയും എന്നതല്ലാതെ മറ്റെന്തു് സാധുതയാണു് ഇതിന്നുള്ളതു്? കൊല്ലുക—കൊന്നു എന്നതുപോലെ തല്ലുക—തന്നു എന്നോ തല്ലുക—തല്ലി/തച്ചു എന്നതുപോലെ കൊല്ലുക—കൊല്ലി/കൊച്ചു എന്നോ വ്യാകരണസമ്മതമല്ലെങ്കിൽ അതിന്നു കാരണവും മലയാളികൾ അങ്ങനെ പറയാറില്ല എന്നതുതന്നെ. അതുകൊണ്ടു് പ്രയോഗസാധുവായ ഒരു പദം വ്യാകരണസമ്മതമല്ലെങ്കിൽ അതു് തെറ്റാണെന്നല്ല പറയേണ്ടതു്, വ്യാകരണം അപര്യാപ്തമാണു് എന്നാണു്.
വ്യാകരണസമ്മതമാണെന്നതുകൊണ്ടുമാത്രം ഭാഷ ശുദ്ധമാകണമെന്നില്ല. ഉദ്ദേശികാവിഭക്തിയ്ക്കു് രണ്ടുതരം രൂപങ്ങൾ (രാമനു്, രാമന്നു്) വ്യാകരണസമ്മതമാണങ്കിലും “രാമന്നും കൃഷ്ണന്നും കൊടുത്തു” മുതലായവയിലെ ഉദ്ദേശികാ വിഭക്ത്യന്തങ്ങളായ പദങ്ങളെ “രാമനും കൃഷ്ണനും വന്നു” മുതലായവയിലെ നിർദേശികാ പ്രയോഗങ്ങളിൽനിന്നു് വേർതിരിച്ചു് കാണിപ്പാൻ ദ്വിത്വം ചേർത്തെഴുതുന്നതാണു് ഉചിതമെന്നു് കുട്ടികൃഷ്ണമാരാര് പറഞ്ഞിട്ടുണ്ടു്. “ഞാൻ രാമനും കൃഷ്ണനും കൊടുത്തു” എന്നോ “രാമനും കൃഷ്ണനും ഗോവിന്ദനു കൊടുത്തു” എന്നോ പറഞ്ഞാൽ അവ്യക്തതയില്ലെന്നും, വാക്യത്തിന്റെ അപൂർണത സൃഷ്ടിക്കുന്ന അവ്യക്തത പ്രത്യയം പരിഷ്കരിച്ചു് പരിഹരിക്കണമെന്നു പറയുന്നതിൽ യുക്തിയില്ലെന്നും ഒരു പണ്ഡിതൻ ഇതിന്നെതിരായി വാദിച്ചു. ഇവിടെ, ഈയിടെ ഒരു പത്രത്തിൽക്കണ്ട ഒരു വാർത്താശീർഷകം ഉദ്ധരിച്ചുകൊള്ളട്ടെ
“രാമകൃഷ്ണനും സിനിക്കും വീടായി.” വാക്യം പൂർണം, വ്യകാരണസമ്മതം. രാമകൃഷ്ണൻ സിനിക്കു് എന്ന രണ്ടുപേർ വീടായി മാറി എന്നർത്ഥവും.
തെറ്റില്ലാത്ത മലയാളവും നല്ല മലയാളവും ഒന്നല്ല. ‘അരി തിന്നുകയും ആശാരിച്ചിയെ കടിക്കുകയും ചെയ്തതിൽപ്പിന്നെയും പട്ടി മുറുമുറുത്തുകൊണ്ടിരുന്നു’ എന്നതു് തെറ്റില്ലാത്ത മലയാളമാണു്. ‘അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു. പിന്നെയും പട്ടിക്കു് മുറുമുറുപ്പു്’ എന്നതു് നല്ല മലയാളവും
അർഥമില്ലാത്ത ചില ആധുനികപ്രയോഗങ്ങൾക്കു് അർഥം കാണുന്നവരും ചിലരുണ്ടു്. മുൻപു് പറഞ്ഞ പുസ്തകത്തിലൊരിടത്തു് ലേഖകൻ എഴുതുന്നു. “ധ്രുവീകരിക്കുക എന്ന പ്രയോഗം ശരിയാണോ എന്നു ചോദിച്ചാൽ കുമാരനാശാൻ ഉത്തരം നൽകും. ‘മധുരീകരിച്ചു’ എന്നും ‘വധൂകരിക്കുവാൻ’ എന്നും ആശാൻ എഴുതിയതാണു് പ്രമാണം. മധുരമല്ലാത്തതിനെ മധുരമാക്കുന്നതു് ‘മധുരീകരണം’, വധുവല്ലാത്തവളെ വധുവാക്കുന്നതു് ‘വധൂകരണം’ അതനുസരിച്ചു് ധ്രുവമല്ലാത്തതിനെ ധ്രുവമാക്കുന്നതാണു് ‘ധ്രുവീകരണം’”.
എന്നാൽ, രണ്ടറ്റങ്ങളിലേക്കു് ആളുകളെ ഭിന്നിപ്പിക്കുക എന്നതാണു് ലേഖകൻ പറയുന്ന അർഥം. ഇതെങ്ങിനെ ധ്രുവീകരണമാകും? അറ്റമാക്കലും അറ്റത്താക്കലും ഒന്നല്ലല്ലൊ? അരികുവൽക്കരണം കാവിവൽക്കരണം മുതലായി, എത്ര ആലോചനാവൽക്കരിക്കപ്പെട്ടാലും അർഥം പിടീകരിക്കപ്പെടാത്ത ഇത്തരം വാക്കുകൾ ഇന്നു് കുറച്ചൊന്നുമല്ല കാഴ്ചവൽക്കരിക്കപ്പെടുന്നതു്.
പുതിയൊരു വാക്കുണ്ടാക്കുമ്പോൾ അതിന്നു് ഉദ്ദിഷ്ടവിഷയവുമായി വല്ലൊരു ബന്ധവും വേണമെന്ന യാഥാസ്ഥിതികവിചാരം പുരോഗമനശീലരായ മലയാളികൾക്കില്ല. ഉദാഹരണത്തിന്നു് ഒരു പാർട്ടിയിൽപ്പെട്ട ചിലർ ചേർന്നു് മറ്റൊരു പാർട്ടിയിൽപ്പെട്ട ഒരാളെ വെട്ടിക്കൊല്ലുന്ന ഒരു ശിഷ്ടാചാരമുണ്ടല്ലോ, അനാചാരമുക്തമായ നവോത്ഥിത കേരളത്തിൽ ഇതിനെ പാർട്ടിക്കൊലയെന്നല്ല രാഷ്ട്രീയകൊലപാതകമെന്നാണു് വിളിക്കുന്നതു്. രാഷ്ട്രവുമായി ഇതിന്നു് എന്തു ബന്ധം? യാഗങ്ങളിൽ മൃഗങ്ങളെ കൊല്ലുന്നതിനെ കശാപ്പെന്നു പറയാതെ മൃഗബലിയെന്നു പറയുംപോലെ, ക്രൂരതയ്ക്കു് മാന്യത നൽകാനുള്ള ഒരടവാണിതും. കൊന്നതു് സ്വന്തം പാർട്ടിക്കാരാണെങ്കിൽ, അതൊരു കൊലപാതകമേ അല്ലെന്നാക്കാൻ ‘സംഭവം’ എന്നൊരു വാക്കും നമ്മുടെ നേതാക്കന്മാർ കണ്ടുവെച്ചിട്ടുണ്ടു്.
തങ്ങൾ കല്പിക്കുന്നതുതന്നെ വാക്കുകൾക്കർഥം എന്ന ഈ ജനാധിപത്യബോധം എവിടംവരെ വളർന്നെത്തി എന്നും കാണേണ്ടതുതന്നെ. ‘പൊളിയാണു് പയ്യന്നൂർ’ എന്നു് ഈയിടെ ഒരു പത്രത്തിൽ മത്തങ്ങയക്ഷരത്തിൽ അച്ചടിച്ചുകണ്ടു. വിദ്യാഭ്യാസമന്ത്രിയോ മറ്റോ അധ്യാപകന്മാരെ അക്ഷരാർഥത്തിൽ നിർത്തിപ്പൊരിച്ചു എന്നും ഇതേ പത്രത്തിൽ മറ്റൊരിക്കൽക്കണ്ടു. ‘പൊളി’യ്ക്കു് എന്തെല്ലാം പുത്തനർഥങ്ങൾ ചാർത്തിക്കൊടുത്താലും, കളവു് എന്ന അർഥം നിലവിലിരിക്കെ ഒരു പ്രദേശമാകെ പൊളിയാണെന്നു പറയുന്നതു് അന്നാട്ടുകാരെ അപമാനിക്കലാണെന്നോ, ഒരാളെ അക്ഷരാർഥത്തിൽ നിർത്തിപ്പൊരിയ്ക്കുന്നതു് നരഹത്യയാണെന്നോ ഇവർക്കറിയില്ലെന്നു വരുമോ? ‘തീവണ്ടിയപകടത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു’ എന്നും മറ്റും തട്ടിവിടുന്ന ഇക്കൂട്ടർ ‘പരിക്കേറ്റവരിൽ രണ്ടുപേർ ആസ്പത്രിയിൽവെച്ചു് കൊല്ലപ്പെട്ടു’ എന്നു് ഒരിയ്ക്കലും എഴുതിക്കണ്ടിട്ടില്ല. അപ്പോൾ, അപകടമരണവും കൊലയ്ക്കിരയാവലും ഒന്നെല്ലെന്നറിഞ്ഞു കൊണ്ടുതന്നെയാണു് ഇവർ സംഭവസ്ഥലത്തുവെച്ചു് ചിലർ കൊല്ലപ്പെട്ടുവെന്നു് എഴുതുന്നതു്. തനി താന്തോന്നിത്തമല്ലേ ഇതു്? അല്ലെങ്കിൽ, സത്യസന്ധമായിത്തന്നെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, വാർത്താമൂല്യത്തിന്നുവേണ്ടി റിപ്പോർട്ടർമാർതന്നെ കൈയിൽ കിട്ടിയവരെ കാച്ചിക്കളയുകയാണോ എന്നു് പോലീസ് അന്വേഷിക്കേണ്ടതാണു്.
ചുരുക്കത്തിൽ, പണ്ഡിതന്മാർ ഭാഷയെ കാരാഗൃഹമാക്കാൻ നോക്കുമ്പോൾ, പത്രക്കാർ അതിനെ ഭ്രാന്താലയമാക്കുന്നു.
ടി. വി.-യിലും മറ്റും കാണുന്ന ഒരറിയിപ്പു്: “സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനങ്ങൾ ഓടിക്കുന്നതു്/സഞ്ചരിക്കുന്നതു് ശിക്ഷാർഹമാണു്.” സീറ്റ് ബെൽറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ഏതെങ്കിലും വാഹനത്തെ സർക്കാർ ഇന്നേവരെ ശിക്ഷിച്ചിട്ടുണ്ടോ? സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനങ്ങളിൽ സഞ്ചരിയ്ക്കുന്നതിന്നു് വിലക്കൊന്നുമില്ലെന്ന ധാരണയിൽ അങ്ങനെ ചെയ്യുന്നവരെയല്ലേ ശിക്ഷിക്കുക?
ഭരണഭാഷയാവാൻ നല്ലതു് ഇംഗ്ലീഷുതന്നെ. അതാവുമ്പോൾ ഇത്തരം അബദ്ധങ്ങൾ എഴുന്നള്ളിക്കില്ല. അതു് നമുക്കു് നാണക്കേടാണു്.
ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.
കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ (പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).
പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).
പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.