മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളും പുരുഷാധിപത്യത്തിലായതുകൊണ്ടു് ഭാഷയിലും സ്ത്രീയോടു് വിവേചനം കാണുമെന്നും ഈയർത്ഥത്തിൽ മലയാളവും സ്ത്രീവിരുദ്ധമാണെന്നും വിവരിച്ചുകൊണ്ടു് ശ്രീ എം എൻ കാരശ്ശേരിയുടെ ഒരു ലേഖനം ഈയിടെ കാണാനിടയായി. (തെളിമലയാളം—സ്ത്രീയും ഭാഷയും) ഞാൻ ഭാഷാപണ്ഡിതനോ സമൂഹശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും, സ്വഭാഷമേലുള്ള ഈ ദോഷാരോപണം എത്രത്തോളം സത്യമാണെന്നു്, ലോകവ്യവഹാരം മുൻനിർത്തിയെങ്കിലും, ഒന്നു് പരിശോധിക്കണമെന്നു് തോന്നി.
ശ്രീ കാരശ്ശേരിയുടെ വാദങ്ങൾ ചുരുക്കത്തിൽ:
- മലയാളത്തിൽ ‘ചരിത്രപുരുഷൻ’ എന്നല്ലാതെ ‘ചരിത്രസ്ത്രീ’ എന്നു് പ്രയോഗമില്ല. ചരിത്രത്തിൽ പുരുഷനെ മാത്രമേ പരാമര്‍ശിക്കേണ്ടതുള്ളൂ എന്നാണു് നിലപാടു്. ‘ആദർശപുരുഷൻ’ എന്നല്ലാതെ ‘ആദർശസ്ത്രീ’ എന്നുമില്ല. സ്ത്രീ ആ നിലയിൽ എത്തുമെന്ന സങ്കല്പംപോലുമില്ല.
- സാമൂഹ്യപരിഷ്കർത്താവു്, വിപ്ലവകാരി, നേതാവു്, മന്ത്രി തുടങ്ങി എത്രയോ പദങ്ങൾക്കു് സ്ത്രീലിംഗമില്ലാത്തതിന്നും ഇതുതന്നെയർത്ഥം. ഗൗരിയമ്മയും സഖാവെന്നു് അറിയപ്പെടുന്നു. സുകുമാർ അഴീക്കോടിനെ സാംസ്കാരികനായകൻ എന്നു് വിളിക്കുന്ന ഭാഷ സാറാ ജോസഫിനെ സാംസ്കാരിക നായിക എന്നും വിളിക്കേണ്ടതല്ലേ?
- പഴമൊഴികളിലും പാട്ടുകളിലും മറ്റും സ്ത്രീയെ താഴ്ത്തിക്കാട്ടുന്ന അംശം പ്രബലമാണു്. ഉദാ. ‘പെൺബുദ്ധി പിൻബുദ്ധി,’ ‘പൂമാനിനിമാര്‍കളായാൽ അടക്കം വേണം.’
- മനുഷ്യരുടെ കാര്യം പറയുമ്പോഴെല്ലാം ‘അവൻ’ എന്നാണു് പ്രയോഗം. ആണും പെണ്ണും അവനവൻ എന്നു് പറയുന്നു.
- മനുഷ്യജീവിയുടെ സദ്ഗുണങ്ങളുടെയെല്ലാം ആകത്തുകയായി നമുക്കുള്ള വാക്കു് ‘ആണത്തം’ ആണു്.
ഇതിനു് ലേഖകൻ കാണുന്ന പരിഹാരങ്ങൾ:
- ‘ആണത്തം’ തുടങ്ങിയ പദങ്ങൾ ഉപേക്ഷിക്കുക.
- ‘ചരിത്രസ്ത്രീ’, ‘ആദർശസ്ത്രീ’, ‘അവളവളുടെ’ തുടങ്ങിയ പദപ്രയോഗങ്ങൾ നടത്തുക.
- ആണിനെയും പെണ്ണിനെയും ഉള്‍പ്പെടുത്തി ‘അവൻ’ എന്നു് ഉപയോഗിക്കുന്നതിനു് പകരം ‘അവനും അവളും’ എന്നോ ‘അവർ’ എന്നോ ഉപയോഗിക്കുക.
സമൂഹ സംസ്കാരം ഭാഷയിൽ പകരുമെന്നതു് നേരാണു്. എന്നാൽ, ഏകപക്ഷീയമായ തെളിവെടുപ്പു് സത്യാന്വേഷണത്തിന്റെ വഴിയല്ല. ഉദാഹരണത്തിനു്, ‘അവനെ’ ബഹുമാനിക്കാൻ നാം ‘അദ്ദേഹം’ എന്ന പദം രൂപപ്പെടുത്തിയിരിക്കെ ‘അവൾ’ക്കു് വെച്ചതു് ‘അവർ’ എന്ന സാമാന്യബഹുവചനം മാത്രം. ഇതും വെച്ചു്, പെണ്ണിനെ അത്ര ബഹുമാനിച്ചാൽ മതി എന്നാണു് മലയാളിയുടെ മനോഭാവം എന്നു് സിദ്ധാന്തിക്കാമോ? നമ്പൂതിരി സ്ത്രീകളെ ഇല്ലത്തമ്മ എന്നു വിളിക്കുന്ന കാലത്തും പുരുഷനെ ആരും ഇല്ലത്തച്ഛൻ എന്നു് വിളിച്ചിട്ടില്ല. ഇന്നും ഷീലാമ്മ എന്നു പറയുന്ന മലയാളി നസീറച്ഛൻ എന്നു് പറയുന്നില്ല. (സാർ മാഡത്തിനല്ലാതെ അച്ഛനു് പകരമാവില്ല.) ഇതും വെച്ചു്, ആണിനെ അത്ര ബഹുമാനിക്കേണ്ട എന്നാണു് മലയാളിയുടെ മനോഭാവം എന്നും സിദ്ധാന്തിച്ചുകൂടേ? വടക്കെ മലബാറിൽ ഓനെയും ഓളെയും ഒരുപോലെ ഓറ് എന്നു് വിളിച്ചു് ബഹുമാനിക്കാറുണ്ടു്. മറ്റെവിടെയും അവനെ അവർ എന്നു് നിര്‍ദേശിക്കുന്നില്ല. എന്നാൽ, അവര്‍കൾ എന്ന ഇരട്ടി ബഹുമാന പ്രയോഗം കേരളം മുഴുവൻ പതിവായിരുന്നു. ഇന്നു് ആ പ്രയോഗം നിലച്ച മട്ടാണു്. ഈ വൈവിധ്യങ്ങൾക്കു് പിന്നിലെ സമൂഹബോധം അന്വേഷിച്ചു ചെന്നാൽ എവിടെ എത്തും? ‘അസ്ത്യനേ കോ ഗിരാം മാര്‍ഗഃ’ (പലവഴിക്കാണു് വാക്കിന്റെ പോക്കു്) എന്നതാണു് സത്യം.
അതുകൊണ്ടു്, മലയാള ഭാഷയിൽ സ്ത്രീവിരുദ്ധത കണ്ടെത്തുന്നവർ കാണാതെ പോകുന്ന ചില വസ്തുതകൾ എടുത്തുകാട്ടാം ആദ്യം.
- ഭാഷ വാങ്മയമാണല്ലൊ. ഭാരതീയ സംസ്കൃതിയിൽ വാഗ്ദേവത ഒരു ദേവിയാണു്—സരസ്വതി. ആണായാലും പെണ്ണായാലും പിറന്നുവീഴുന്ന നാടും പറഞ്ഞുതുടങ്ങുന്ന മൊഴിയും സ്ത്രീയുടെ പേരിലുമാണു്—മാതൃഭൂമിയും മാതൃഭാഷയും. പുരുഷന്മാർക്കു് ഇതിൽ ഒരു പരാതിയും ഇല്ല. മറിച്ചു് വാഗ്ദേവത ഒരു ദേവനാണെങ്കിൽ, പിതൃഭൂമിയെന്നും പിതൃഭാഷയെന്നുമാണു് വ്യവഹാരമെങ്കിൽ, സ്ത്രീ വിവേചന വാദികൾ ഭാഷയുടെ സ്ത്രീവിരുദ്ധതക്കു് തെളിവായി പൊക്കികാട്ടാതിരിക്കുമോ?
- ഭഗവാൻ-ഭഗവതി, ഈശ്വരൻ-ഈശ്വരി, ദേവൻ-ദേവി, രാജാവു്-രാജ്ഞി, തമ്പുരാൻ-തമ്പുരാട്ടി എന്നെല്ലാം പ്രയോഗമുള്ള ഭാഷയിൽ ‘ചെകുത്താനേ’ ഉള്ളൂ. ‘ചെകുത്താട്ടി’ ഇല്ല; ‘കലി’യേ ഉള്ളൂ, ‘കലിച്ചി’ ഇല്ല. സര്‍വ്വപാപങ്ങളുടെയും തിന്മകളുടെയും കേദാരം പുരുഷനാണെന്നു് സൂചന. ആർക്കും പരാതിയില്ല. തിന്മയുടെ മൂർത്തീഭാവം സ്ത്രീയാണെങ്കിലോ?
- പുരുഷന്റെ പേരിന്നു മുന്നിൽ ലക്ഷ്മീപര്യായമായ ശ്രീ എന്നു ചേർക്കുന്നു. പുരുഷനു് മാന്യത നല്‍കാൻ അവന്റെ പേരിൽ ദേവീസാന്നിധ്യം വേണമെന്ന സമൂഹബോധം എങ്ങനെ വന്നു? സ്ത്രീയുടെ പേരിൽ ദേവസാന്നിദ്ധ്യം വേണമെന്നു് തോന്നാത്തതെന്തു്? ശ്രീ സുകുമാർ അഴീക്കോട് എന്നു് വിളിക്കുന്നതു് ആദരസൂചകമായേ ആർക്കും (അഴീക്കോടിനും) തോന്നൂ. ഹരി സാറാജോസഫ് എന്നു് വിളിച്ചാലോ?
- ഉഭയപദാർത്ഥ പ്രധാനമായ ദ്വന്ദ്വസമാസങ്ങളില്‍പോലും പ്രായേണ സ്ത്രീയ്ക്കാണു് പ്രാഥമ്യം. സ്ത്രീപുരുഷന്മാർ, ദേവീദേവന്മാർ, മതാപിതാക്കൾ, കിശോരീകിശോരന്മാർ, ബാലികാബാലന്മാർ, യുവതീയുവാക്കൾ, തരുണീതരുണന്മാർ, സഹോദരീസഹോദരന്മാർ, കാമിനീകാമുകന്മാർ, ഭാര്യാഭർത്താക്കന്മാർ, നടീനടന്മാർ, ചക്കീചങ്കരം ഇത്യാദി. ശ്രീ കാരശ്ശേരി പറയുന്ന ‘പുരുഷ ഭാഷ’യിൽ പുരുഷന്റെ സ്ഥാനം സ്ത്രീക്കു് പിന്നിലായതെങ്ങനെ?
- വിവാഹാനന്തരം പുരുഷൻ സ്ത്രീയുടെ പേരോടുകൂടിയും അറിയപ്പെടുന്ന പതിവുണ്ടായിരുന്നു നമ്മുടെ രാജ്യത്തു്. ഉദാ. സീതാരാമൻ. ദേവന്മാർ പോലും ഉമാമഹേശ്വരൻ, ലക്ഷ്മീനാരായണൻ, എന്നും മറ്റും അറിയപ്പെടുന്നു, ആരാധിക്കപ്പെടുന്നു. കേരളത്തിൽ കഴിഞ്ഞ തലമുറവരെ വിവാഹാനന്തരവും നാണു നാണുവായും നാണി നാണിയായുംതന്നെ തുടർന്നുപോന്നു. ഇന്നു് സാറയും ജോണ്‍സനും തമ്മിൽ വിവാഹിതരായാൽ സാറ സാറാ ജോണ്‍സൻ ആയി മാറും. അഭ്യസ്തവിദ്യരായ സ്ത്രീകൾ സ്വയംവരിച്ചതാണു് ഈ കീഴ്മേൽ മറിവു്. എന്തു വിശദീകരണം?
- ‘വാര്യർ’ക്കു് ‘വാരസ്യാർ’ എന്നു് സ്ത്രീലിംഗമുണ്ടു്. ‘നമ്പൂതിരി’ക്കു് ‘അന്തര്‍ജനം’ എന്നും അടുത്ത കാലംവരെ അങ്ങനെ അറിയപ്പെടുന്നതിൽ സ്ത്രീകൾക്കു് വല്ലായ്മയോ പോരായ്മയോ തോന്നിയിട്ടുമില്ല—ലളിതാംബിക അന്തര്‍ജനം സാക്ഷി. ഇന്നു് മഞ്ജുളാ വാര്യർ, സുമലതാ നമ്പൂതിരി എന്നൊക്കെയാണു് അവർ കൈക്കൊള്ളുന്ന പേരു്. (ഉള്ള സ്ത്രീലിംഗ പദങ്ങൾ പോലും വേണ്ടാത്തവർക്കുവേണ്ടിയാണു് നമ്മുടെ ലേഖക സുഹൃത്തു് ഇല്ലാത്ത സ്ത്രീലിംഗപദങ്ങൾ ഉണ്ടാക്കിയെടുക്കാൻ വെമ്പുന്നതു്).
ഇനി ശ്രീ കാരശ്ശേരിയുടെ വാദങ്ങളിലേക്കു് കടക്കാം.
‘ചരിത്രം’ സംസ്കൃതത്തിൽ സ്വഭാവസൂചകമാണു്. സ്വഭാവഗുണമുള്ളവൻ ചരിത്രവാൻ. അതിനു് ചരിത്രവതി എന്നു് സ്ത്രീലിംഗം. രാമായണ-മഹാഭാരതങ്ങളിൽ ഗുണവാന്മാരെ വിശേഷിപ്പിച്ചുകൊണ്ടുള്ള പദാവലിയിൽ ആദർശപുരുഷൻ എന്നൊന്നില്ല. മലയാളത്തിലും ധീരൻ, ബുദ്ധിമാൻ, ധനികൻ, പണ്ഡിതൻ, മിടുക്കൻ എന്നൊക്കെയല്ലാതെ ധൈര്യപുരുഷൻ, ബുദ്ധിപുരുഷൻ, ധനപുരുഷൻ, പാണ്ഡിത്യപുരുഷൻ, മിടുക്കു് മനുഷ്യൻ എന്നൊന്നും പറയാറില്ല. അർത്ഥാൽ ചരിത്ര പ്രതിഷ്ഠനെന്നോ ആദർശനിഷ്ഠനെന്നോ മറ്റോ അര്‍ഥം വരുന്ന ഏതോ ഇംഗ്ലീഷ് വാക്കുകൾ മലയാളം അറിഞ്ഞുകൂടാത്ത ആരോ തര്‍ജമ ചെയ്തുവിട്ടതാണു് ചരിത്രപുരുഷനും ആദർശപുരുഷനും. അവയ്ക്കു് സ്ത്രീലിംഗം ഇല്ലാത്തതു് ഇംഗ്ലീഷിലും ഇല്ലാത്തതുകൊണ്ടാവാം; ഉണ്ടെങ്കിൽ തര്‍ജമ ചെയ്യാൻ അവസരം വരായ്ക കൊണ്ടാവാം. രണ്ടായാലും അതു് ഭാഷയുടെ സ്ത്രീവിരുദ്ധതയ്ക്കു് തെളിവല്ല.
തെളിവാണു്, സ്ത്രീ ആ നിലയിൽ എത്തും എന്ന സങ്കല്പംപോലും ഇല്ലാത്തതാണു് കാരണം എന്നു് ശ്രീ കാരശ്ശേരി സിദ്ധാന്തിക്കുന്നു. ഇതനുസരിച്ചു്, ശാപ്പാട്ടു് രാമൻ എന്നല്ലാതെ ശാപ്പാട്ടു് സീത എന്നില്ലാത്തതു്, പെണ്ണിനു് തീറ്റക്കൊതി ഉണ്ടാവാം എന്ന സങ്കല്പംപോലും ഇല്ലാത്തതു കൊണ്ടാവണം, ചെറുതെങ്കിലും, സ്ത്രീക്കു് ഇതൊരു പ്രശംസയാണു്. ഭീകരൻ എന്നല്ലാതെ ഭീകരി എന്നു് പ്രചാരത്തിൽ ഇല്ലാത്തതു് വലിയ പ്രശംസയുമാണു്.
ഇങ്ങനെ എന്തെല്ലാം: ഏഭ്യൻ, ശുംഭൻ, ഇളിഭ്യൻ, വഷളൻ, മ്ലേച്ഛൻ, ശപ്പൻ, ഉഴപ്പൻ, തുരപ്പൻ, മൊശകോടൻ, മരങ്ങോടൻ, അണ്ടൻ, അടകോടൻ, പണ്ടാരക്കാലൻ, കാലമാടൻ, ഞണ്ണൻ, പൊണ്ണൻ, പേടിത്തൊണ്ടൻ, കിഴങ്ങൻ, സൊള്ളൻ, ടിപ്പൻ, കിറുക്കൻ, നൊസ്സൻ, പിരിലൂസൻ, മണ്ടൂസൻ, ബൈബ്ലൂസൻ, പുണ്ണോസൻ, തെമ്മാടി, കഴുവേറി, തുക്കി, പെറുക്കി, എമ്പോക്കി, തെണ്ടി, നാറി, ഗജപോക്കിരി, ചെരിപ്പ്നക്കി, കാല്‍നക്കി, മൂടുതാങ്ങി, അമ്പലംവിഴുങ്ങി, ദരിദ്രവാസി, തോന്ന്യാസി, കോടാലി, കരിങ്കാലി, ഊച്ചാളി, കോമാളി, തല്ലുകൊള്ളി, തണ്ടുതപ്പി—ഒന്നിനുമില്ല സ്തീലിംഗം (പുരുഷനിന്ദാപദങ്ങളുടെ മൂന്നിലൊന്നില്ല സ്ത്രീനിന്ദാപദങ്ങൾ). ഇവ കുറിക്കുന്ന കൊള്ളരുതായ്മകളൊന്നും സ്ത്രീകൾക്കില്ല എന്നു് ഭാവം. എത്ര സ്ത്രീ സൗഹൃദപൂർണമായ ഭാഷ!
മറിച്ചു്, ആളുകളെക്കുറിച്ചു് നല്ലതു് പറയുന്ന വാക്കുകൾക്കു് സ്ത്രീലിംഗമുണ്ടു്. നല്ലവൻ-നല്ലവൾ, സുശീലൻ-സുശീല, മിടുക്കൻ-മിടുക്കി, കേമൻ-കേമി, വമ്പൻ-വമ്പത്തി, ബുദ്ധിമാൻ-ബുദ്ധിമതി, ശ്രീമാൻ-ശ്രീമതി, ഭാഗ്യവാൻ-ഭാഗ്യവതി, മഹാൻ-മഹതി, വിദ്വാൻ-വിദുഷി. ‘ആ വിദ്വാനെ സൂക്ഷിക്കണം’ മുതലായ പ്രയോഗങ്ങളിൽ വിദ്വാനു് വരുത്തിവെച്ച ദുരർത്ഥം വിദുഷിയ്ക്കു് വന്നു പെടാതിരിക്കാനും നാം ശ്രദ്ധിച്ചിട്ടുണ്ടു്. ജാതിഭ്രാന്തു് മൂര്‍ഛിച്ചുപോയ കാലത്തു് ചിലർ ‘കുശവ’നെ ശകാരപദമായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും, കുശവത്തിയെ അപമാനിച്ചിട്ടില്ല.
എന്തിനേറെ, ദുഷ്ടബുദ്ധിയായ പുരുഷനെ ദുര്‍മതി എന്നു പറയുമെങ്കിലും മലയാളികളിൽ ആരും, ഭാഷാധ്യാപകന്മാര്‍പോലും ആൺമക്കൾക്കു് സുമതി എന്നു് പേരിടുകയില്ല. അതു് പെണ്ണിനായി നീക്കിവെച്ചിരിക്കുകയാണു്. പുരുഷനു് സദ്ബുദ്ധി ഉണ്ടാവാം എന്ന സങ്കല്പംപോലും ഇല്ല. കടിഞ്ഞൂൽപൊട്ടനേ ഉള്ളൂ. കടിഞ്ഞൂൽ പൊട്ടി ഇല്ല.
കൂട്ടത്തിൽ, വിശദീകരിക്കാനാവാത്ത ചില പ്രയോഗങ്ങൾ ഉള്ളതും ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. പാചിക, കുട്ടിപ്പട്ടത്തി, ബട്ളത്തി എന്നൊന്നും പ്രയോഗമില്ലാത്തതു് സ്ത്രീ വെപ്പുപണി ചെയ്യും എന്ന സങ്കല്പംപോലും ഇല്ലാത്തതുകൊണ്ടാണല്ലോ. അപ്പോൾ വെപ്പുകാരി എന്ന വാക്കു് ഭാഷയിൽ കടന്നു കൂടിയതെങ്ങനെ? യജമാനനൊപ്പം യജമാനത്തി ഉള്ളപ്പോൾ, ഏമാനൊപ്പം ഏമാത്തി ഇല്ലാത്തതെന്തു്?
സാമൂഹ്യ പരിഷ്കർത്താവു് മുതലായവയ്ക്കു് സ്ത്രീലിംഗം ഇല്ലാത്തതിനെപ്പറ്റി: ബാലാമണിയമ്മയെ കവി എന്നാണു് എം. ആർ. നായരും കുട്ടികൃഷ്ണമാരാരും വിശേഷിപ്പിച്ചിട്ടുള്ളതു്. കവിക്കു് ലിംഗഭേദമില്ല എന്നര്‍ഥം എല്ലാ നാമപദങ്ങൾക്കും സ്ത്രീലിംഗരൂപം പ്രചരിപ്പിച്ചു് ലിംഗഭേദം പെരുപ്പിക്കുന്നതിനു പകരം ലിംഗഭേദം വേരുറച്ചുപോയിട്ടില്ലാത്തേടങ്ങളിലെങ്കിലും വാക്കുകളെ ഉഭയലിംഗമായി ഗണിച്ചു കൂടെ? ശിഷ്യൻ-ശിഷ്യ, വൃദ്ധൻ-വൃദ്ധ എന്ന ഭേദം നിലനിർത്തിക്കൊണ്ടുതന്നെ ഗുരുവെയും ശിശുവെയും ഉഭയലിംഗമായി സ്വീകരിച്ചുകൂടേ? നാരായണൻ മേസ്ത്രിയെപ്പോലെ നാരായണീമേസ്ത്രി ആയിക്കൂടേ? മേസ്ത്രിണിയോ മേസ്ത്രിച്ചിയോതന്നെ വേണമെന്നുണ്ടോ? പിന്നെ, വിപ്ലവകാരിയെയും മറ്റും എന്തുകൊണ്ടു് സ്ത്രീലിംഗമായി ഗണിച്ചുകൂടാ? കലാകാരി സ്ത്രീയാകുമ്പോൾ കലാപകാരി പുരുഷനാകുന്നതെങ്ങനെ? കഥാകാരൻ-കഥാകാരി എന്ന മുറയനുസരിച്ചു് വിപ്ലവകാരൻ-വിപ്ലവകാരി എന്നല്ലേ വേണ്ടതു്. മലയാളി, തൊഴിലാളി, കുറ്റവാളി, കോമാളി, എരപ്പാളി മുതലായവയെ ഉഭയലിംഗമായി അംഗീകരിക്കുക വയ്യെങ്കിൽ, അവയെയും മലയാളൻ-മലയാളി, തൊഴിലാളൻ-തൊഴിലാളി, കുറ്റവാളൻ-കുറ്റവാളി, കോമാളൻ-കോമാളി, എരപ്പാളൻ-എരപ്പാളി എന്നു് വേര്‍തിരിക്കാം.
എട്ടരപ്പതിറ്റാണ്ടു് മുന്‍പു് ‘വിപ്ലവപ്ലവം’ മാസികയിൽ കവിത എഴുതിയ മഹതിയെ സഖി മയങ്ങിയമ്മ എന്നാണു് സഞ്ജയൻ വിളിച്ചതു്. സഖാവി എന്നോ സഖാവിനി എന്നോ, വേണമോ എന്നു്, സോവിയറ്റ് വ്യാകരണം പഠിച്ചിട്ടില്ലാത്തതുകൊണ്ടു്, തനിക്കു് അറിഞ്ഞുകൂടാ എന്നും, വ്യക്തമാക്കി. ഗൗരിയമ്മ ഇതൊന്നും അല്ല, സഖാവു് തന്നെ എന്നു് തീരുമാനിച്ചതു് ആ വാക്കിന്മേൽ കുത്തകാവകാശം സ്ഥാപിച്ചെടുത്തവർ തന്നെയാണു്. ഒരുകാലത്തു് സഖാവിനു് ചങ്ങാതി എന്ന അര്‍ഥവും സഖി എന്ന സ്ത്രീലിംഗവും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഇനി വിലപ്പോവില്ല. ഇന്നു് സഖാവു് ഉഭയലിംഗമാണു്; പണ്ടത്തെ ബ്രഹ്മശ്രീ പോലെ ചിലർക്കുമാത്രം അവകാശപ്പെട്ടതുമാണു്.
സഖാവല്ലാത്ത മനുഷ്യജീവികൾക്കു് മൊത്തത്തിൽ ഒരു പേരുണ്ടല്ലോ—മൂരാച്ചി. അതിനും വേണ്ടേ സ്ത്രീലിംഗം? ആൺ മൂരാച്ചി എന്നും പെൺ മൂരാച്ചി എന്നും വേര്‍തിരിച്ചാലോ? അഥവാ പെണ്ണിനെ മൂരാച്ചിയെന്നും ആണിനെ മൂരാച്ചനെന്നും വിളിക്കാം.
സുകുമാർ അഴീക്കോടിനെ സാംസ്കാരികനായകൻ എന്നു് വിളിക്കാൻ തോന്നിയവർ വിളിച്ചു. ആരെയെങ്കിലും സാംസ്കാരികനായിക എന്നു് വിളിക്കാൻ ആർക്കെങ്കിലും തോന്നിയാൽ വിളിക്കാൻ എന്തു് തടസ്സം? വിളിച്ചാലെന്തെന്നു് പരീക്ഷിച്ചു നോക്കാനെങ്കിലും ആർക്കും തോന്നാത്തതു് മലയാളഭാഷയുടെ കുറ്റമാണോ? ഉരുക്കുവനിതയെപ്പോലും ഉൾക്കൊണ്ടു ഭാഷയ്ക്കു് സാംസ്ക്കാരിക നായികയെ കൈക്കൊള്ളാൻ എന്താണു് പ്രയാസം?
ആണും പെണ്ണും അവനവൻ എന്നു് പറയുന്നതിൽ എന്താണു് പന്തികേടു്? അവൻ പുലിംഗം. അവൾ സ്ത്രീലിംഗം, അതു് നപുംസകലിംഗം എന്നു് വ്യാകരണം പറയുമെങ്കിലും, ഭാഷ പറയുന്നതു് മറ്റൊന്നാണു്. നോക്കുക:
- ഇതു് ഞാനാണു് (ഇതു്: സ്ത്രീ/പുരുഷൻ)
- അതു് നീയായിരുന്നുവോ? (അതു്: സ്ത്രീ/പുരുഷൻ)
- നീ അതിനു് പാലു് കൊടുക്കൂ (അതു്: ആൺ/ പെണ്‍കുഞ്ഞു്)
- രഘുവംശം എഴുതിയതു് കാളിദാസനാണു് (അതു്: വ്യക്തി)
- രഘുവംശം കാളിദാസൻ എഴുതിയതാണു്. (അതു്: വസ്തു)
- മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ടു് പോയി. (അവൻ: പുരുഷൻ)
- ഉപ്പു് തിന്നവൻ വെള്ളം കുടിക്കും (അവൻ: സ്ത്രീ/ പുരുഷൻ)
ലിംഗഭേദമില്ലാത്ത വസ്തുക്കളിലും സ്ത്രീപുരുഷന്മാരിലും ഒരുപോലെ വ്യാപ്തിയുള്ള ‘അതു്’ എങ്ങനെ നപുംസകലിംഗമാകും? ഏഴാം വാക്യത്തിലെപ്പോലെ സ്ത്രീയിലും പുരുഷനിലും വ്യാപ്തിയുള്ള ‘അവൻ’ പുംല്ലിംഗമാവുന്നതെങ്ങനെ? ‘അതു്/ഇതു്’ സർവലിംഗം, ‘ഞാൻ/നീ/അവൻ’ ഉഭയലിംഗം, ‘ഇവൻ’ പുംലിംഗം, ‘അവൾ/ഇവൾ’ സ്ത്രീലിംഗം ഇതാണു് മലയാളത്തിലെ സര്‍വ്വനാമ ലിംഗ വിവേചനം. പുരുഷനു് ‘അവളു’ടെ മേൽ അധികാരമില്ല. സ്ത്രീക്കു് ‘അവനു’മേൽ അധികാരമുണ്ടു്. ‘അവനവനു’ മേലും.
മറിച്ചു്, പുരുഷസർവനാമമായ ‘അവനെ’ത്തന്നെ സ്ത്രീപുരുഷസാമാന്യമായും ഉപയോഗിക്കുകയാണു് എന്നത്രേ സ്ത്രീവിവേചനവാദികളുടെ നിലപാടു്. ഇതു് ശരിയാണെങ്കിൽ, അവൻ (പും) അവൾ (സ്ത്രീ) അതു് (ന) എന്ന വിവേചനം നേരത്തേ (എക്കാലത്തും) ഉണ്ടായിരിക്കണം. എങ്കിൽ, ‘ചത്തവൻ കീചകനെങ്കിൽ കൊന്നവൻ ഭീമന്‍തന്നെ’ എന്നല്ലാതെ ചത്തതു് കീചകനെങ്കിൽ കൊന്നതു് ഭീമൻ തന്നെ എന്നു് ചൊല്ലുണ്ടായതു് എങ്ങനെ? ഒന്നേ കാരണം കാണുന്നുള്ളൂ, ‘അവൻ’ രൂപപ്പെടുംമുന്‍പേതന്നെ നിലവിലിരുന്നു ‘അതു്’, അതിനുശേഷവും തുടർന്നു പോന്നു എന്നു് ഉദാഹരിച്ചു് വിശദമാക്കാം. സ്ത്രീഗണത്തിലോ പുരുഷഗണത്തിലോ പെടാത്തവരെ കുറിക്കാൻ നാം ഇന്നു് ‘അവഴ്’ എന്നൊരു സർവനാമം രൂപപ്പെടുത്തുന്നുവെന്നിരിക്കട്ടെ. അപ്പോഴും, ‘പാട്ടു പാടിയതു് അവഴാണു്’ എന്നല്ലാതെ, പാട്ടുപാടിയവഴ് അവഴാണു് എന്നു് നാം പറയില്ല. ഇതുപോലെ, ‘അവൾ’ രൂപപ്പെട്ടതിനുശേഷവും ഉഭയലിംഗമായ ‘അവൻ’ തുടർന്നുപോന്നതിന്റെ ലക്ഷണമാവണം ‘ഉപ്പു് തിന്നവൻ’ ഇത്യാദി പ്രയോഗം.
ലിംഗഭേദം പ്രഥമപുരുഷനില്‍മാത്രം കാണാകുന്നതു് വക്താവിലും ശ്രോതാവിലും ഇല്ലാത്ത വൈവിധ്യം വിഷയത്തിൽ ഉള്ളതുകൊണ്ടാവണം. അതിനാൽ, എല്ലാ ഭാഷകളിലുമല്ലെങ്കിൽ പല ഭാഷകളിലും ആദിയിൽ മൂന്നു് സർവനാമമേ (ഞാൻ, നീ, അതു്) ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീടു് വിഷയ വിവേചനാര്‍ഥം ചില ഭാഷകളിൽ പ്രഥമ പുരുഷനിൽ വേറെയും സർവനാമങ്ങൾ (അവൻ, അവൾ) ഉണ്ടായിവന്നുവെന്നും കരുതുന്നതിലാണു് യുക്തി കാണുന്നതു്. ഇതിലെയ്ക്കു് ചില സൂചനകളും ഇല്ലായ്കയില്ല. ഹിന്ദിയിൽ അതു്-ഇതു്, അവൻ-ഇവൻ, അവൾ-ഇവൾ എന്നിവക്കെല്ലാംകൂടി വഹ്-യഹ് എന്നൊരു സർവനാമമേ ഉള്ളൂ. ബംഗാളിയിൽ അതു്-ഇതു് എന്നതിനു് ഒഇ-എഇ എന്നും അവൻ-അവൾ എന്നതിനു് സേ എന്നുമാണു് (അതു് എന്ന അര്‍ഥത്തിൽ താഹാ അഥവാ താ എന്നുമുണ്ടു്. കൂടുതൽ വിവരണം ഇവിടെ ആവശ്യമില്ല) അതു്, ഇതു് എന്നിവ വ്യക്തിസൂചകമായി പ്രയോഗിക്കുന്ന പതിവും ആ ഭാഷയിലുണ്ടു്. ഉദാഹരണം എഇ (ഇതു്) ആമാർ (എന്റെ) ഭാഇ (അനുജൻ). സംഭവിച്ചതു് ഇതാവണം. ഹിന്ദി വഹ്-യഹ് എന്നു് തുടങ്ങി അവിടെ വിശ്രമിക്കുന്നു. ബംഗാളി ഒഇ-ഏഇ കൊണ്ടു് തുടങ്ങി. പിന്നീടു് മനുഷ്യസമാന്യമായി സേ വന്നു. മലയാളം അതു് ഇതു് കൊണ്ടു് തുടങ്ങി. പിന്നീടു് മനുഷ്യസാമാന്യമായി അവൻ; തുടർന്നു് സ്ത്രീക്കുമാത്രമായി അവൾ. ‘ഇവനും’ ‘ഇവളും’ വേറെ തന്നെ രൂപപ്പെട്ടതാവാം. ഇവ എല്ലാ ഭാഷകളിലും ഇല്ല. ഇംഗ്ലീഷിൽ he, she എന്നല്ലാതെ ഇവൻ ഇവൾ എന്നതിനു് വേറെ വാക്കു് ഇല്ലല്ലോ.
വാക്കു് പലവഴിക്കും നീങ്ങും എന്ന ചൊല്ലു് ഇവിടെയും പ്രസക്തംതന്നെ. നളിനി എഴുതിയതു് കുമാരനാശാനാണു് എന്നല്ലാതെ, എഴുതിയവൻ എന്നു് നാം പറയാറില്ലല്ലൊ? എന്നാൽ വിത്തു് വിതച്ചതു്/വിതച്ചവൻ കൃഷിക്കാരനാണു് എന്നു് രണ്ടു രീതിയിലും പറയാം. വെറുക്കാത്തവനും കൊതിക്കാത്തവനുമാണു് സന്യാസി എന്നല്ലാതെ, ‘വെറുക്കാത്തതും കൊതിക്കാത്തതും’ എന്നു് പറയുകയുമില്ല. ഈ ഉക്തി വൈവിധ്യങ്ങൾക്കു് മുഴുവൻ സാമൂഹിക കാരണങ്ങൾ തേടി പുറപ്പെടുന്നതു് വെറുതെ.
അജ്ഞാത ഭൂതകാലത്തെങ്ങോ ആണ്ടുകിടക്കുന്ന സർവനാമോത്പത്തി ക്രമം എന്തോ ആകട്ടെ; ഇന്നു ഭാഷയിൽ ലിംഗസമത്വം കൈവരുത്താൻ ‘അവളവളെ’ കുടിയിരുത്തിയേ കഴിയൂ എന്നാണെങ്കിൽ, ആവാം, ആണിനും പെണ്ണിനും ഇണങ്ങുമാറ് ‘അവനവൾ’ എന്നോ ‘അവളവൻ’ എന്നോ പ്രയോഗിച്ചാലും കൊള്ളാം. പക്ഷേ, അതുകൊണ്ടായില്ല. ശ്രീ കാരശ്ശേരി പറയുംപോലെ ലിംഗവിവേചനം ഉള്ള ഏതു് പ്രയോഗത്തെപ്പറ്റിയും ശ്രദ്ധ വേണം. അതിൽ ചിലതു് പറയാം.
- ‘ആ മനുഷ്യൻ’ എന്നതിൽ ‘മനുഷ്യൻ’ പുരുഷനാണു്, ‘മനുഷ്യൻ സമൂഹജീവിയാണു്,’ എന്നതിൽ സ്ത്രീപുരുഷ സാമാന്യവും സാമാന്യാര്‍ഥത്തിൽ സ്ത്രീഷൻ എന്നു് പ്രയോഗിക്കണം. തെളിമലയാളത്തിൽ പെണ്ണൻ എന്നുമാവാം. ‘സ്ത്രീഷൻ’ സമൂഹജീവിയാണു് എന്നു് പറയുംപോലെ സ്ത്രീഷൻ മരണമുള്ളവനാണു് എന്നു് പറഞ്ഞുപോകരുതു്. ‘മരണമുള്ളവളനാണു്’ എന്നുതന്നെ പറയണം. ‘മാനവരാശിക്കു് പകരം മാനവവിരാശി’യാക്കാം.
- ‘അയാൾ വന്നില്ല’ എന്നതിൽ ‘ആൾ’ പുരുഷനാണു്. ‘ഒരാളും വന്നില്ല’ എന്നതിൽ സ്ത്രീപുരുഷസാമാന്യവും. അതു് ‘ഒരുത്തിയാളും’ എന്നു് തിരുത്തണം. പെണ്ണാൾ എന്ന പ്രയോഗം സ്ത്രീക്കു് അപമാനപ്രദമാണു്. ‘പെറ്റോളി’ന്റെ മാതൃകയിൽ പെണ്ണോൾ, കരിമീൻ കണ്ണോൾ, ഓമലോൾ എന്നും മറ്റും ആവാം. മേലാളും ആൾക്കൂട്ടവും വേണ്ട, മേൽ വ്യക്തിയും വ്യക്തിക്കൂട്ടവും മതി.
- നാടന്‍പെണ്ണു് എന്ന പ്രയോഗവും പ്രതിഷേധാർഹമാണു്. അതു് നാടത്തി എന്നാക്കണം. പുംലിംഗപദങ്ങളെ വിശേഷണമായി ഉപയോഗിക്കുന്ന പതിവു് വിട്ടു്, നാട്ടുപാട്ടു്, വയനാട്ടുമഞ്ഞൾ, തടിച്ചിയൻ പുസ്തകം, രസികത്തിയൻ കഥ, നരച്ചിയൻ കുമ്പളങ്ങ, ചൊറിച്ചിയൻ ചേന, എന്നൊക്കെ പറയണം. ഹിമാലയൻ, ഗാന്ധിയൻ, മുതലായവയിലെ അൻ പ്രത്യയം ഇംഗ്ലീഷാണെന്നു് പറയാമെങ്കിലും, മലയാളത്തിലാകുമ്പോൾ ഒരു ആണ്‍ലുക്കുണ്ടു്. ഹിമാലയാബദ്ധം, ഗാന്ധീയപാരമ്പര്യം എന്നൊക്കെ മതി. ഗാന്ധിയൻ നാമപദമാകുമ്പോൾ ഗാന്ധീയ സ്ത്രീലിംഗം-തനിമലയാളത്തിൽ ഗാന്ധിയത്തി.
- ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും കുട്ടി എന്നു് പറയുന്ന പതിവു് വെടിയണം. നാരായണിക്കുട്ടി, മാധവിക്കുട്ടി എന്നൊക്കെയാണു് പെണ്‍കുട്ടികൾക്കു് പേരു്. ആണ്‍കുട്ടികൾക്കു് രാമന്‍കുട്ടി, കൃഷ്ണന്‍കുട്ടി മുതലായവയ്ക്കു് പുറമെ അപ്പുക്കുട്ടൻ, ഓമനക്കുട്ടൻ എന്നു് വേറെയും. പെണ്‍കുട്ടിക്കു് സ്വന്തമായി ഒരു വാക്കില്ല. അതുകൊണ്ടു് ഹിന്ദിയിലെ ബച്ചാ-ബച്ചി പോലെ കുട്ടൻ-കുട്ടി എന്നു് വേര്‍തിരിക്കണം. കുഞ്ഞിലക്ഷ്മിയും ലക്ഷ്മിക്കുട്ടിയും ആവാം. കുഞ്ഞിരാമനും രാമന്‍കുട്ടിയും അരുതു്. കുഞ്ഞൻ രാമനും രാമൻ കുട്ടനും മതി. ആണ്‍കുട്ടികളെമാത്രം വിളിക്കാൻ ഉപയോഗിക്കുന്ന ഉണ്ണി എന്ന വാക്കു് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേരോടു് ചേർക്കുന്നതിലുമുണ്ടു് ഒരസമത്വം. പെണ്ണിനെ ഉണ്ണി എന്നും ആണിനെ ഉണ്ണൻ എന്നും വിളിക്കണം. ഉണ്ണിമായ, ഉണ്ണിമേരി, ഉണ്ണൻ കൃഷ്ണൻ, രാമനുണ്ണൻ എന്നൊക്കെയാകട്ടെ പേരുകൾ.
- ആണിനെമാത്രം കുറിക്കുന്ന ചൊല്ലുകൾക്കു് ബദൽ പ്രയോഗങ്ങൾ വേണം. ഉദാഹരണം: പെണ്ണും പിടക്കോഴിയുമില്ലാത്തവൻ—ആണും പൂവൻകോഴിയും ഇല്ലാത്തവൾ. സ്ത്രീകൾ കൈക്കൊണ്ടാലും ഇല്ലെങ്കിലും ലിംഗസമത്വത്തിനുവേണ്ടി അതു് കൊണ്ടുവന്നേ പറ്റൂ.
- പുരുഷപര്യായമായ ആണു് എന്ന വാക്കുതന്നെ തന്മയെ കുറിക്കുന്ന ക്രിയാപദമായും ഉപയോഗിക്കുന്നതു് പുരുഷാധിപത്യസൂചകമാണു്. ‘ഞാനൊരു പെണ്ണാണു്’ എന്നു് സ്ത്രീയെക്കൊണ്ടു് പറയിക്കുന്ന ഭാഷ ‘ഞാനൊരു ആൺ പെണ്ണു്’ എന്ന പുരുഷനെക്കൊണ്ടു് പറയിക്കുന്നില്ലല്ലൊ. ക്രിയാപദമായി ആകുന്നു എന്നേ ആകാവൂ. ഉദാഹരണത്തിനു് ശ്രീ കാരശ്ശേരിയുടെ ലേഖനത്തിന്റെ തുടക്കം ഇങ്ങനെയാക്കണം: ‘ഭാഷ സ്ത്രീവിരുദ്ധമാകുന്നു എന്നു് ചിലർ പറയുന്നതിന്റെ പൊരുൾ എന്താകുന്നു?’ മലയാളവും അങ്ങനെയാകുന്നുവോ? ആകുന്നുവെങ്കിൽ എന്താകുന്നു പരിഹാരം?
- സ്ത്രീപുരുഷന്മാർക്കു് പുറമേയുള്ള ജനവിഭാഗത്തിനും വേണം ഭാഷയിൽ പ്രാതിനിധ്യം. ഉദാഹരണത്തിനു് മനുഷ്യൻ സ്വതന്ത്രനല്ല എന്ന വാക്യത്തിലെ മനുഷ്യൻ, സ്വതന്ത്രൻ എന്ന രണ്ടു വാക്കും മൂന്നു വിഭാഗത്തെയും കുറിക്കുന്നതായി മാറ്റിയെടുക്കുക്കണം.
മനുഷ്യജീവിയുടെ എല്ലാ സദ്ഗുണങ്ങളുടെയും ആകത്തുകയായി നമുക്കുള്ള വാക്കു് ‘ആണത്തം’ ആണു് എന്നു് ശ്രീ കാരശ്ശേരി എഴുതിക്കണ്ടപ്പോൾ—ക്ഷമിക്കണം—ഇദ്ദേഹം ഏതു് നാട്ടിലാണു് ജീവിക്കുന്നതെന്നു് ഞാൻ അമ്പരന്നുപോയി. ആനൃശംസ്യം, മൈത്രി, കരുണ, ഔദാര്യം, അദ്വേഷം, അമാനിത്വം, ആര്‍ജവം, കൃതജ്ഞത, ലജ്ജ, ക്ഷമ, വിനയം, വിവേകം, മൃദുഭാഷണം, സമചിത്തത മുതലായ വല്ലൊരു ഗുണവും ആണത്തമായി ഇവിടെ ആരും കാണുന്നില്ല. മുൻകോപം, എടുത്തുചാട്ടം, അവിനയം, വാശി, ധിക്കാരം, അഹങ്കാരം, ഹുങ്ക്, ദുരഭിമാനം, പൊങ്ങച്ചം, വീരവാദം, വെല്ലുവിളി, തെറിവിളി, പോടാപുല്ലേഭാവം മുതലായവയെ ആണത്തമില്ലായ്മയായും കരുതുന്നില്ല. ഇങ്ങോട്ടോങ്ങിയാൽ അങ്ങോട്ടു് തല്ലുന്നതാണു് മലയാളിക്കു് ആണത്തം. തല്ലാത്തവനോടു്, ‘മീശ വെച്ചു് നടന്നാൽ പോരാ, ആണത്തം വേണം’ എന്നു് പെണ്ണുങ്ങൾതന്നെ പറയുന്നേടത്തോളം കാലം അതിനെ ആട്ടിപ്പായിക്കാൻ ആർക്കും ആവുകയുമില്ല.
‘പെൺബുദ്ധി പിൻബുദ്ധി’ പോലെ ‘ചക്കിക്കൊത്ത ചങ്കരൻ’ എന്നും ചൊല്ലുണ്ടു്. ചങ്കരനൊത്ത ചക്കി നമ്മുടെ സങ്കല്പത്തിലില്ല. പുരുഷൻ സ്ത്രീയോടു് ഒത്തു പോകുന്നതിലാണു് നാം ദാമ്പത്യത്തിനു് സാർത്ഥക്യം കാണുന്നതു്.
പൂവായാൽ മണം വേണം, ആണായാൽ ഗുണം വേണം, പെണ്ണായാൽ അടക്കം വേണം എന്ന പാട്ടു് രചിച്ചതു് പുരുഷൻ തന്നെയോ? പൂവായാൽ മണം വേണമെന്നു് അതു് അണിയുന്ന സ്ത്രീക്കാണു് തോന്നാൻ സാധ്യതയേറെ. പുരുഷന്മാർക്കു് മണത്തെപ്പറ്റി വല്ല വിചാരമുണ്ടെങ്കിൽ ചെണ്ടുമല്ലിക മാലയ്ക്കു പകരം മുല്ലമാല മതി എന്നു് നമ്മുടെ നേതാക്കന്മാർ എന്നേ പറഞ്ഞേനേ! ആണിനു് ഗുണം വേണമെന്നു്, ഗുണവാനെന്നഭിമാനിക്കുന്ന പുരുഷന്നല്ല, അവന്റെ ദോഷങ്ങൾ കാണുന്ന സ്ത്രീയ്ക്കാണു് പറയാൻ തോന്നുക. പെണ്ണിനു് അടക്കം വേണമെന്നു്, തനിക്കു് അടങ്ങുന്നവളല്ല തന്റെ മരുമകൾ എന്നു് കാണുന്ന ഏതു് അമ്മായിയമ്മയും പറയുന്നതുമാണു്. എന്തായാലും ആ പാട്ടു് സ്ത്രീയെ താഴ്ത്തിക്കെട്ടുന്നില്ല. ആണിന്നു് ഇന്ന ഗുണം വേണമെന്നു് പറഞ്ഞിട്ടില്ലാത്തതുകൊണ്ടു് വല്ലൊരു ഗുണവുമുണ്ടായാൽ അതെങ്കിലും ആയി എന്നും, പെണ്ണിനു് വേണ്ട ഗുണം അടക്കമാണെന്നു് പറഞ്ഞതുകൊണ്ടു് മറ്റു ഗുണങ്ങൾക്കു് അവളിൽ ഒരു കുറവും ഇല്ലെന്നും അതുകൂടി ആയാൽ പൂവിനു് മണവും കൂടിയായാൽ എന്നപോലെ, എല്ലാം തികഞ്ഞു എന്നുമാണല്ലോ സൂചന. പിന്നെ, വാക്യാർത്ഥനിർണയത്തിൽ പ്രകരണവും പ്രധാനമാണു്. ‘വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന വരികളിലൂടെ കവി ഉദ്ബോധിപ്പിക്കുന്നതു് ആളുകളെല്ലാം ഗാന്ധാരിയെപ്പോലെ കണ്ണും മൂടിക്കെട്ടി നടക്കുന്നതാണു് നല്ലതെന്നാണു് എന്നുപറഞ്ഞാൽ ശരിയാവില്ലല്ലോ. സോക്രട്ടീസിന്റെ സ്ഥിതപ്രജ്ഞത കൈവന്നിട്ടില്ലാത്ത ഒരു സ്ത്രീപീഡിതൻ, സ്ത്രീകൾക്കു് ക്ഷമ വേണം എന്നു് പറഞ്ഞാൽ, അതു് അധികാര സൂചകമാവില്ലല്ലൊ.
നമ്മുടെ കാലത്തു്, ‘അങ്കുശമില്ലാത്ത ചാപല്യമേ പാരിലംഗനയെന്നു് വിളിക്കുന്നു നിന്നെ ഞാൻ’ എന്നു് ചങ്ങമ്പുഴ എഴുതിയിട്ടുണ്ടു്’. ‘വസുധാവലയമേ വധുവൊന്നിനാൽത്താൻ നീ മസൃണം, മനോഹരം, മഹിതം, മഹാമൂല്യം’ എന്നു് ഉള്ളൂരും. ഇതിലേതിനെയാണു് സമൂഹബോധത്തിനു് നിദർശനമായെടുക്കുക? ഏതെടുത്താലും മറ്റതു് സമൂഹബോധ വിരുദ്ധമാണെന്നു വരും. അപ്പോൾ, സമൂഹ ബോധമാണു് സാഹിത്യത്തിൽ നിഴലിക്കുന്നതെന്നു് എങ്ങനെ ഉറപ്പിക്കാം?
എന്നാൽ, മലയാളത്തിന്റെ സ്ത്രീപക്ഷപാതത്തിനു് ഒട്ടേറെ തെളിവുകളുള്ളതു കൊണ്ടു് ഒന്നു പറയാം: ഇവിടെ സ്ത്രീക്കാണു് മേൽക്കോയ്മ എന്നു്. പെൺമലയാളം എന്നല്ലാതെ ആൺമലയാളം എന്നൊരു വാക്കും മലയാളത്തിൽ ഇല്ലല്ലൊ.

ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.
കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ (പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).
പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).
പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.