എണ്ണമില്ലാത്ത[1] നൂറ്റാണ്ടുകൾനീളെ ഞങ്ങളുടെ പൂർവ്വികന്മാരുടെ മേൽ കനിവിന്റെ കണ്ണീർതുള്ളികൾ പൊഴിച്ച, ഞങ്ങൾക്കു് അനശ്വരമെന്നു് തോന്നിക്കുന്ന, ഈ ആകാശവും മാറിപ്പോകും. ഇന്നതു് സ്വച്ഛമാണു്. നാളെയതു് കാർമേഘാവൃതമായേക്കാം. എന്റെ ഈ വാക്കുകൾ പൊലിയാത്ത നക്ഷത്രങ്ങളെപ്പോലെയാണു്. ഞങ്ങളുടെ വെളുത്തമുഖമുള്ള സഹോദരങ്ങളായ നിങ്ങൾ ഋതുക്കളുടെ മടങ്ങിവരവിൽ വിശ്വസിക്കുന്ന അതേ തീർച്ചയോടെ സിയാറ്റിൽ എന്ന എന്റെ വാക്കുകളെ വാഷിങ്ടൺ മൂപ്പനു വിശ്വസിക്കാം.
വെളുത്തമൂപ്പന്റെ മകൻ ഞങ്ങളെ അറിയിച്ചിരിക്കുന്നതു് തന്റെ പിതാവു് ഞങ്ങൾക്കു് സൗഹൃദത്തിന്റെയും സന്മനസ്സിന്റെയും അഭിവാദ്യങ്ങൾ അയയ്ക്കുന്നുവെന്നാണു്.
അതു് ഞങ്ങളോടു് പ്രദർശിപ്പിക്കുന്ന ഒരു ദയവാണു്. കാരണം ആൾബലം ധാരാളമുള്ള അദ്ദേഹത്തിനു ഞങ്ങളുടെ സൗഹൃദംകൊണ്ടു് പ്രത്യേക പ്രയോജനമൊന്നുമില്ല. പ്രയറിപ്പരപ്പുകളുടെ വിശാലതയെ മൂടുന്ന പുല്ലുകളെപ്പോലെയാണു് അവർ. ഞങ്ങളാകട്ടെ കൊടുങ്കാറ്റു വീശുന്ന സമതലത്തിൽ അങ്ങിങ്ങു ചിതറിനിൽക്കുന്ന മരങ്ങളെപ്പോലെ കുറച്ചാളുകളെയുള്ളൂ. മഹാനായ—നന്മയുള്ളവനുമായ എന്നു് ഞാൻ വിശ്വസിക്കുന്ന—വെള്ളമൂപ്പൻ ഞങ്ങൾക്കയച്ചിരിക്കുന്ന സന്ദേശമിതാണു്: അദ്ദേഹത്തിനു ഞങ്ങളുടെ ഭൂമികൾ വാങ്ങണം. എന്നാൽ ഞങ്ങൾക്കു് അല്ലലില്ലാതെ ജീവിക്കുവാനുള്ള ഭൂമി മാറ്റിവയ്ക്കാൻ അദ്ദേഹം തയ്യാറാണു്. ഇതൊരു ഉദാരമായ നിലപാടായി തീർച്ചയായും കാണപ്പെടും. കാരണം അദ്ദേഹം മാനിക്കേണ്ടതായ അവകാശങ്ങളൊന്നും ചുവന്ന മനുഷ്യനു് ഇന്നു് ഇല്ല. ഇതൊരു ബുദ്ധിപൂർവ്വമായ നിർദ്ദേശവുമായിരിക്കാം. കാരണം, ഞങ്ങളെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു രാഷ്ട്രത്തിന്റെ ആവശ്യം ഇനി ഇല്ലെന്നു് വന്നിരിക്കുകയുമാണു്.
കാറ്റിളക്കുന്ന കടൽത്തിരകൾ, കടലിന്റെ ചിപ്പികൾ മൂടിയ അടിത്തട്ടിനെ പൊതിയുംപോലെ ഞങ്ങളുടെ ജനങ്ങൾ ഈ നാടിനെ പൊതിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം കടന്നുപോയിട്ടു് വളരെ നാളുകളായി. ഞങ്ങളുടെ വംശങ്ങളുടെ മഹത്ത്വവും മറക്കപ്പെട്ടതുപോലെയായി. ഞങ്ങളുടെ അകാലനാശത്തെപ്പറ്റി ഞാൻ വിലപിക്കുകയല്ല. അതിനെ ത്വരിതപ്പെടുത്തിയതിനു് എന്റെ വെളുത്ത മുഖമുള്ള സഹോദരങ്ങളെ ഞാൻ പഴിക്കുകയുമില്ല. കാരണം ഞങ്ങളുടെമേലും കുറച്ചെല്ലാം പഴിചാരേണ്ടതുണ്ടു്. വാസ്തവമോ കല്പിതമോ ആയ അന്യായങ്ങൾക്കെതിരെ തിരിച്ചടിക്കാനായി ഞങ്ങളുടെ യുവാക്കൾ അവരുടെ മുഖങ്ങളെ കറുത്ത ചായംകൊണ്ടു് വികൃതമാക്കുമ്പോൾ അവരുടെ ഹൃദയങ്ങളും കറുത്തവയും വികൃതങ്ങളുമായിത്തീരുന്നു. അവരുടെ ക്രൂരത കഠോരവും അതിരുകളറിയാത്തതും ആയിത്തീരുന്നു. ഞങ്ങളുടെ വയോധികന്മാർക്കു് അവരെ നിയന്ത്രിക്കാൻ സാധിക്കാതെയാവുന്നു. ചുവന്ന മനുഷ്യനും അവന്റെ വെളുത്ത മുഖമുള്ള സഹോദരന്മാരും തമ്മിലുള്ള യുദ്ധങ്ങൾ ഒരിക്കലും മടങ്ങിവരാതിരിക്കട്ടെ എന്നു നമുക്കു് ആശിക്കാം. നമുക്കു നഷ്ടപ്പെടാനുള്ളതു് എല്ലാമാണു്. നേടാനൊന്നുമില്ലതാനും.
ഞങ്ങളുടെ യുവ യോദ്ധാക്കൾ സ്വന്തം ജീവൻ വിലകൊടുത്തും പ്രതികാരത്തെ ഒരു നേട്ടമായി കാണുന്നു എന്നതു് സത്യമാണു്. പക്ഷേ, വീട്ടിൽതന്നെ ഇരിക്കുന്നവരും പുത്രന്മാർ നഷ്ടപ്പെടാനുള്ളവരുമായ വൃദ്ധജനങ്ങൾ അറിയുന്ന വാസ്തവം മറ്റൊന്നാണു്.
നമ്മുടെയെല്ലാം മഹാപിതാവായ വാഷിങ്ടൺ—ഈ വടക്കൻ നാടുകളിലേക്കു് തന്റെ അധികാരത്തിന്റെ അതിർത്തികൾ നീട്ടിവച്ചതോടെ അദ്ദേഹം നിങ്ങളുടെപോലെത്തന്നെ ഞങ്ങളുടെയും പിതാവാണു് എന്നു ഞാൻ കരുതുകയാണു്—നിസ്സംശയമായും അദ്ദേഹത്തിന്റെ ജനങ്ങളുടെ ഒരു പ്രധാന മൂപ്പനായ തന്റെ പുത്രൻവഴി അയച്ചിരിക്കുന്ന സന്ദേശം ഞങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹാനുസരണം പ്രവർത്തിച്ചാൽ അദ്ദേഹം ഞങ്ങളെ സംരക്ഷിക്കുമെന്നാണു്. അദ്ദേഹത്തിന്റെ ധീരസേനകൾ ഞങ്ങൾക്കു് ആയുധങ്ങൾ കുലച്ചു നിൽക്കുന്ന മതിലുകളുടെ സുരക്ഷ നല്കും. അദ്ദേഹത്തിന്റെ പടക്കപ്പലുകൾ ഞങ്ങളുടെ തുറമുഖങ്ങളിൽ നിറയുന്നതോടെ അങ്ങു വടക്കുള്ള ഞങ്ങളുടെ പുരാതന ശത്രുക്കളായ സിംസിയാമുകളും ഹൈഡകളും ഞങ്ങളുടെ സ്ത്രീകളെയും വൃദ്ധരെയും ഭയപ്പെടുത്തില്ല. അങ്ങനെ അദ്ദേഹം ഞങ്ങളുടെ പിതാവും ഞങ്ങൾ അദ്ദേഹത്തിന്റെ മക്കളുമായിത്തീരും.
പക്ഷേ, ഇങ്ങനെയെല്ലാം എന്നെങ്കിലും സംഭവിക്കുമോ? നിങ്ങളുടെ ദൈവം നിങ്ങളുടെ ആളുകളെ സ്നേഹിക്കുകയും ഞങ്ങളെ വെറുക്കുകയും ചെയ്യുന്നു. അവൻ വെളുത്ത മനുഷ്യനെ തന്റെ ശക്തങ്ങളായ കരങ്ങൾകൊണ്ടു് സ്നേഹത്തോടെ പൊതിഞ്ഞു്, അച്ഛൻ കുഞ്ഞിനെയെന്നപോലെ നയിക്കുന്നു. പക്ഷേ, അവൻ തന്റെ ചുവന്ന മക്കളെ കൈവിട്ടു. അവൻ നിങ്ങളെ ദൈനംദിനം ശക്തിയേറിയവരാക്കുന്നു. താമസിയാതെ നിങ്ങൾ ഈ നാട്ടിൽ നിറഞ്ഞുനിൽക്കും. പക്ഷേ, എന്റെയാളൂകൾ കുത്തിയൊലിച്ചു് താണുപോകുന്ന ഒരു വേലിയിറക്കം പോലെയാണു്—ഇനിയൊരിക്കലും ഉയർന്നു വരികയില്ലാത്ത ഒരിറക്കം.
വെളുത്ത മനുഷ്യന്റെ ദൈവത്തിനു് തന്റെ ചുവന്ന മക്കളെ സ്നേഹിക്കാൻ കഴിയുന്നില്ല. ഉണ്ടെങ്കിൽ അവൻ അവരെ സംരക്ഷിക്കുമായിരുന്നു. അവർ ആരും സഹായത്തിനില്ലാത്ത അനാഥരെപ്പോലെയാണു്. അങ്ങനെയെങ്കിൽ നാം എങ്ങനെ സഹോദരങ്ങളാവും? നിങ്ങളുടെ പിതാവു് എങ്ങനെ ഞങ്ങളുടേതാവും? എങ്ങനെ അവൻ ഞങ്ങളെ സമ്പൽസമൃദ്ധിയുള്ളവരാക്കും? എങ്ങനെ മഹത്ത്വത്തിലേക്കു മടങ്ങുന്നതിന്റെ സ്വപ്നങ്ങൾ ഞങ്ങൾക്കുള്ളിൽ ഉണർത്തും?
ഞങ്ങളുടെ നോട്ടത്തിൽ നിങ്ങളുടെ ദൈവം പക്ഷംപിടിക്കുന്നവനാണു്. അവൻ വന്നെത്തിയതു് വെളുത്ത മനുഷ്യന്റെ അടുത്താണു്. ഞങ്ങൾ അവനെ കണ്ടിട്ടില്ല. ആ ശബ്ദം ഒരിക്കലും കേട്ടിട്ടില്ല. അവൻ വെളുത്ത മനുഷ്യനു് നിയമസംഹിതകൾ കൊടുത്തു. പക്ഷേ, ഈ വിശാലമായ ഭൂഖണ്ഡത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ തിങ്ങിനിറയുന്ന തന്റെ ചുവന്ന മക്കളോടു് അവനു് ഒന്നും പറയാനില്ലായിരുന്നു. നാം രണ്ടു് വ്യത്യസ്ത വർഗ്ഗങ്ങളാണു്. അതങ്ങനെതന്നെയായിരിക്കും എന്നെന്നേക്കും. നമുക്കിടയിൽ പൊതുവായി ഒന്നുംതന്നെയില്ല. ഞങ്ങളുടെ പൂർവികരുടെ ചിതാഭസ്മം ഞങ്ങൾക്കു് വിശുദ്ധമാണു്. അവരുടെ അന്ത്യവിശ്രമസ്ഥലം പവിത്രവുമാണു്. നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ശവകുടീരങ്ങളെ പശ്ചാത്താപമൊന്നുമില്ലാതെ എന്നു തോന്നുംവിധം പിന്നിലുപേക്ഷിച്ചു് അകന്നുപോകുന്നു.
കുപിതനായൊരു ദൈവം ഇരുമ്പിന്റെ വിരൽകൊണ്ടു് ശിലാഫലകങ്ങളിൽ നിങ്ങൾ മറക്കാതിരിക്കാനായി കോറിയിട്ടതാണു് നിങ്ങളുടെ മതം. ചുവന്ന മനുഷ്യനു് അതു് ഓർമ്മിച്ചുവയ്ക്കാനോ മനസ്സിലാക്കാനോ കഴിയില്ല. ഞങ്ങളുടെ മതം ഞങ്ങളുടെ പൂർവികരുടെ പാരമ്പര്യങ്ങളാണു്. അതു് ഞങ്ങളുടെ വയോധികർക്കു് പരമാത്മാവു് നല്കിയ സ്വപ്നങ്ങളാണു്. ഞങ്ങളുടെ മൂപ്പന്മാർക്കു നല്കപ്പെട്ട ദർശനങ്ങളാണു്.
അതു് എഴുതപ്പെട്ടിരിക്കുന്നതു് ഞങ്ങളുടെ ജനങ്ങളുടെ ഹൃദയങ്ങളിലാണു്. ശവകുടീരത്തിന്റെ വാതായനം കടന്നാൽപിന്നെ നിങ്ങളുടെ മൃതർ സ്വന്തം ജന്മഗൃഹങ്ങളെയോ നിങ്ങളെയോ സ്നേഹിക്കാതാകുന്നു. അവർ നക്ഷത്രങ്ങൾക്കപ്പുറത്തേക്കു് അലിഞ്ഞുപോവുകയും മറക്കപ്പെട്ടവരാകുകയും ചെയ്യുന്നു. അവർ ഒരിക്കലും മടങ്ങിവരില്ല. ഞങ്ങളുടെ മൃതർ അവർക്കു് ജീവൻ നല്കിയ സുന്ദരമായ ഈ ഭൂമിയെ ഒരിക്കലും മറക്കുന്നില്ല. ഈ മണ്ണിലെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളെയും മഹാപർവ്വതങ്ങളെയും മറഞ്ഞിരിക്കുന്ന താഴ്‌വരകളെയും അവർ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയിൽ ഏകാന്തഹൃദയങ്ങളോടെ ജീവിക്കുന്നവരെപ്പറ്റി അവരിൽ വാത്സല്യവും അഭിലാഷവും നിറയുന്നു. പലപ്പോഴും അവരെ കാണാനും സാന്ത്വനിപ്പിക്കാനുമായി ഞങ്ങളുടെ മൃതർ മടങ്ങിവരുന്നു.
രാത്രിക്കും പകലിനും ഒന്നിച്ചുകഴിയുക സാധ്യമല്ല. മലഞ്ചെരുവിൽ പാറുന്ന മഞ്ഞു് പ്രഭാതസൂര്യന്റെ വെട്ടിത്തിളക്കത്തിനു മുമ്പിൽ ഓടിയൊളിക്കുംപോലെ ചുവന്ന മനുഷ്യൻ വെളുത്ത മനുഷ്യന്റെ സാന്നിദ്ധ്യത്തിൽനിന്നു് ഓടിപ്പോകുന്നു.
ഏതായാലും നിങ്ങൾ നല്കിയ നിർദേശം നീതിയുള്ള ഒന്നായിത്തോന്നുന്നു. എന്റെ കൂട്ടർ അതു സ്വീകരിച്ചു് അവർക്കായി നീക്കിവെച്ച ഇടങ്ങളിലേക്കു മാറിപ്പോകും എന്നാണു് ഞാൻ കരുതുന്നതു്. ഞങ്ങൾ നിങ്ങളിൽനിന്നു് സമാധാനപൂർവം മാറി താമസിച്ചുകൊള്ളാം. പാതിരാക്കടലിൽനിന്നു് കരയിലേക്കു് നീങ്ങിവരുന്ന കനത്ത മൂടൽമഞ്ഞുപോലെ എന്റെ ജനങ്ങൾക്കു ചുറ്റും അതിവേഗം ഉരുണ്ടു കൂടുന്ന കട്ടിപിടിച്ച ഇരുട്ടിൽനിന്നു് പ്രകൃതി ഞങ്ങളോടു് സംസാരിക്കുംപോലെയാണു് മഹാനായ വെളുത്തമൂപ്പന്റെ വാക്കുകൾ തോന്നിക്കുന്നതു്. ഞങ്ങൾ ഞങ്ങളുടെ ശിഷ്ടദിനങ്ങൾ എവിടെക്കഴിഞ്ഞുകൂടുമെന്നതിൽ വലിയ കാര്യമില്ല. ആ ദിനങ്ങൾ അധികമൊന്നുമില്ല. ചുവന്ന മനുഷ്യന്റെ വരാൻപോകുന്ന രാത്രി വളരെ ഇരുണ്ടതാണെന്നു വ്യക്തമാണു്. ചക്രവാളത്തിൽ നക്ഷത്രത്തിളക്കമില്ല. കാറ്റുകൾ ദുഃഖസ്വരത്തിൽ നിലവിളിക്കുന്നതു് അകലെ കേൾക്കാം. ഞങ്ങളുടെ വർഗത്തിന്റെ ഏതോ കരുണയറ്റ പ്രതികാരദേവത ഞങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുകയാണു്. ചുവന്ന മനുഷ്യനെവിടെപ്പോയാലും, മുറിവേറ്റ മാൻപേട വേട്ടക്കാരന്റെ കാലൊച്ച അടുത്തു വരുന്നതു് കേൾക്കുംപോലെ, അവൻ ആ ഭീകര സംഹാരകന്റെ കാലൊച്ച കേൾക്കുകയും തന്റെ അന്ത്യത്തെ നേരിടാൻ തയ്യാറെടുക്കുകയൂം ചെയ്യുന്നു. കുറെ പൂർണ്ണചന്ദ്രന്മാരും കുറെ ശിശിരങ്ങളും കഴിഞ്ഞുപോയാൽപിന്നെ, ഈ വിശാലമായ നാട്ടിൽ ഒരിക്കൽ നിറഞ്ഞുനിന്ന ആ മഹാജനതകളിലൊന്നുപോലുമോ, അല്ലെങ്കിൽ ഇന്നു് ഈ നാടിന്റെ അനന്തമായ ഏകാന്തതകളിലൂടെ അലയുന്ന ശിഥിലസംഘങ്ങളിലൊന്നുപോലുമോ ഒരിക്കൽ നിങ്ങളുടേതുപോലെതന്നെ ശക്തിയേറിയതും പ്രത്യാശ നിറഞ്ഞതുമായിരുന്ന ഒരു ജനതയുടെ ശവകുടീരങ്ങൾക്കു മീതെ കണ്ണീർപൊഴിക്കാൻ ഇവിടെ ഉണ്ടാവില്ല.
പക്ഷേ, എന്തിനു ഞങ്ങൾ പരിതപിക്കണം? എന്തിനു ഞാൻ എന്റെ ജനങ്ങളുടെ വിധിയെപ്പറ്റി പൊറുപൊറുക്കണം? വ്യക്തികളെക്കൊണ്ടാണു് വർഗങ്ങൾ ഉണ്ടാകുന്നതു്. അവയെക്കാൾ മികച്ചവരല്ല വ്യക്തികൾ. അവർ കടലിലെ തിരകളെപ്പോലെ വരികയും പോവുകയും ചെയ്യുന്നു. ഒരുതുള്ളി കണ്ണീർ, ഒരു നൃത്തം, ഒരു വിലാപഗാനം—അവർ നമ്മുടെ പ്രിയം നിറഞ്ഞ കണ്ണുകളിൽനിന്നു് എന്നെന്നേക്കുമായി പൊയ്പ്പോയ്ക്കഴിഞ്ഞു. ദൈവം ഒരു സുഹൃത്തിനെപ്പോലെ ഒപ്പം നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന വെളുത്ത മനുഷ്യൻപോലും ഈ പൊതുവായ വിധിയിൽനിന്നു് വിമുക്തനല്ല. ഒരു പക്ഷേ, നാം സഹോദരങ്ങളാണുതന്നെ. നമുക്കു നോക്കാം.
ഞങ്ങൾ നിങ്ങളുടെ നിർദേശത്തെപ്പറ്റി വിചിന്തനം ചെയ്യും. ഒരു തീരുമാനമെടുത്തുകഴിയുമ്പോൾ നിങ്ങളോടു പറയും. ഞങ്ങൾ നിങ്ങളുടെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഞാൻ ഒന്നാമത്തെ നിബന്ധന ഇവിടെ ഇപ്പോൾതന്നെ വയ്ക്കുകയാണു്: ഞങ്ങളുടെ പൂർവികരുടെയും സുഹൃത്തുക്കളുടെയും ശവകുടീരങ്ങളെ ഉപദ്രവമില്ലാതെ ഞങ്ങളുടെ ഇഷ്ടപ്രകാരം സന്ദർശിക്കാനുള്ള അവകാശം ഞങ്ങൾക്കു് വിലക്കികൂടാ. ഈ ദേശത്തിന്റെ ഓരോ ഭാഗവും എന്റെ ജനങ്ങൾക്കു് പവിത്രമാണു്. ഓരോ മലഞ്ചെരിവും താഴ്‌വരയും പുല്പരപ്പും മരക്കൂട്ടവും എന്റെ വർഗ്ഗത്തിന്റെ പ്രിയസ്മരണകൾകൊണ്ടോ ദുഃഖാനുഭവങ്ങൾകൊണ്ടോ വിശുദ്ധമാക്കപ്പെട്ടവയാണു്.
കടൽത്തീരത്തു് വെയിലിൽ ചുട്ടുപൊള്ളി മൂകമായി ഗാംഭീര്യംപൂണ്ടു് കിടക്കുന്ന ശിലകൾപോലും എന്റെ ജനങ്ങളുടെ ജീവിതവിധിയോടു് ചേർന്ന ഭൂതകാലസംഭവങ്ങളുടെ സ്മരണകളിൽ കോരിത്തരിക്കുന്നവയാണു്.
നിങ്ങളുടെ കാൽക്കീഴിലെ ഈ പൊടിമണ്ണു് ഞങ്ങളുടെ പാദസ്പർശത്തിനു നല്കുന്ന സ്നേഹം അതിൽനിന്നു നിങ്ങൾക്കു ലഭിക്കില്ല. കാരണം അതു ഞങ്ങളുടെ പൂർവ്വികരുടെ ചിതാഭസ്മംതന്നെയാണു്. അതിന്റെ ആർദ്രതയെപ്പറ്റി ബോധമുള്ളവയാണു ഞങ്ങളുടെ പാദങ്ങൾ. അത്രമാത്രമാണു് ഈ മണ്ണു് ഞങ്ങളുടെ വർഗത്തിന്റെ ജീവൻകൊണ്ടു് സമ്പന്നമാക്കപ്പെട്ടിട്ടുള്ളതു്.
ധീരയോദ്ധാക്കളും സ്നേഹം നിറഞ്ഞ അമ്മമാരും സന്തുഷ്ടവതികളായ യുവതികളും ഇവിടെ ജീവിക്കുകയും ആനന്ദിക്കുകയും ചെയ്തു. അവരുടെ നാമങ്ങൾപോലും ഇന്നു മറക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അവർ ഇന്നും ഈ ഏകാന്തതകളെ സ്നേഹിക്കുന്നു. പകലൊടുങ്ങുമ്പോൾ അവരുടെ നിറഞ്ഞ സാന്നിദ്ധ്യങ്ങൾ സന്ധ്യയെ ആവസിക്കുന്ന ഭൂതാത്മാക്കളുടെ നിഴലുകൾ വീണു മങ്ങുന്നു. അവസാനത്തെ ചുവന്ന മനുഷ്യൻ ഭൂമിയിൽ മരിച്ചുവീണുകഴിഞ്ഞും, അവന്റെ ഓർമ്മ വെളുത്ത മനുഷ്യന്റെയുള്ളിൽ ഒരു കെട്ടുകഥയായി തീർന്നുകഴിഞ്ഞും, ഈ തീരങ്ങൾ എന്റെ അദൃശ്യരായ മൃതജനങ്ങളെക്കൊണ്ടു് നിറഞ്ഞിരിക്കും.
നിങ്ങളുടെ മക്കളുടെ മക്കൾ പാടത്തും ധാന്യപ്പുരയിലും കടയിലും പാതയിലും കാടിന്റെ നിശ്ശബ്ദതയിലും നിന്നുകൊണ്ടു് തങ്ങൾ ഒറ്റയ്ക്കാണെന്നു കരുതുമ്പോൾ അവർ അങ്ങനെ ആയിരിക്കില്ല. ഭൂമിയിൽ ഏകാന്തതയ്കുമാത്രമായി ഒരിടമില്ല. രാത്രിയിൽ നിങ്ങളുടെ നഗരങ്ങളും ഗ്രാമങ്ങളും നിശ്ശബ്ദമായിത്തീരുകയും അവ വിജനമായി എന്നു് നിങ്ങൾ കരുതുകയും ചെയ്യുമ്പോൾ അവയിൽ നിറഞ്ഞു നിൽക്കുന്നതു് ഒരിക്കൽ ഇവിടെ തിങ്ങിനിറഞ്ഞുനിന്നിരുന്ന, മനോഹരമായ ഈ നാടിനെ സ്നേഹിച്ചുകൊണ്ടു് എന്നും മടങ്ങിയെത്തുന്ന എന്റെ ജനതതികളായിരിക്കും. വെളുത്ത മനുഷ്യൻ ഇവിടെ ഒരിക്കലും ഒറ്റയ്ക്കായിരിക്കുകയില്ല. അയാൾ എന്റെ ജനങ്ങളോടു് നീതിയോടെയും ദയയോടെയും പെരുമാറട്ടെ. എന്തുകൊണ്ടെന്നാൽ മൃതർ പൂർണ്ണമായും ശക്തിഹീനരല്ല.
ആകാശത്തെ[2] വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതെങ്ങനെ? അല്ലെങ്കിൽ മണ്ണിന്റെ ചൂടിനെ? ആ ചിന്ത ഞങ്ങൾക്കു് അപരിചിതമാണു്. അന്തരീക്ഷത്തിന്റെ നവനൈർമ്മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കെ നിങ്ങൾക്കു് അവ എങ്ങനെ വാങ്ങാൻ കഴിയും?
ഈ മണ്ണിന്റെ ഓരോ ഇടവും എന്റെ ജനതയ്ക്കു് പാവനമാണു്. പൈൻമരത്തിന്റെ ഓരോ തിളങ്ങുന്ന ഇലയും ഓരോ മണൽത്തീരവും കാടിന്റെ ഇരുളിമയിലെ തുറസ്സുകളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പുകമഞ്ഞിൻ കൂട്ടവും പാട്ടുമൂളുന്ന ഓരോ ചെറുജീവിയും എന്റെ ജനങ്ങളുടെ സ്മരണയിൽ പവിത്രങ്ങളാണു്. വൃക്ഷങ്ങളിൽ ഒഴുകുന്ന ജീവരസം, ചുവന്ന മനുഷ്യന്റെ ഓർമ്മകളെയാണു് ചുമന്നുകൊണ്ടുപോകുന്നതു്.
വെളുത്ത മനുഷ്യന്റെ മൃതർ നക്ഷത്രങ്ങൾക്കിടയിൽ നടക്കാനായി മറയുമ്പോൾ അവർ അവരുടെ ജന്മദേശത്തെ മറന്നുപോവുന്നു. ഞങ്ങളുടെ മൃതർ അഴകുള്ള ഈ ഭൂമിയെ ഒരിക്കലും മറക്കുകയില്ല. കാരണം ചുവന്ന മനുഷ്യന്റെ അമ്മയാണു് ഈ ഭൂമി. ഞങ്ങൾ ഭൂമിയുടെ ഭാഗവും ഭൂമി ഞങ്ങളുടെ ഭാഗവുമാണു്. സുഗന്ധികളായ പുഷ്പങ്ങൾ ഞങ്ങളുടെ സഹോദരിമാരാണു്. കലമാനും കുതിരയും വൻകഴുകനും ഞങ്ങളുടെ സഹോദരങ്ങളാണു്. കൊടുമുടിപ്പാറകളും പുൽത്തകിടികളിലെ നീരുറവകളും കോവർകഴുതയുടെ മേനിയുടെ ചൂടും മനുഷ്യനും എല്ലാം ഒരേ കുടുംബമാണു്.
അതുകൊണ്ടു് വാഷിങ്ടണിലെ വലിയ മൂപ്പൻ ഞങ്ങളുടെ ഭൂമി വാങ്ങാനാവശ്യപ്പെട്ടുകൊണ്ടു് സന്ദേശമയയ്ക്കുമ്പോൾ ഞങ്ങൾക്കാവാത്തതാണു് അദ്ദേഹം ചോദിക്കുന്നതു്. ഞങ്ങൾ മാത്രമായി സുഖമായി ജീവിക്കാൻ ഞങ്ങൾക്കു്, സ്ഥലം മാറ്റിവയ്ക്കാമെന്നു് വലിയമൂപ്പൻ സന്ദേശമയച്ചിരിക്കുന്നു. അദ്ദേഹം ഞങ്ങളുടെ പിതാവും ഞങ്ങൾ അദ്ദേഹത്തിന്റെ കുട്ടികളുമായിരിക്കും. അങ്ങനെയെല്ലാമായിരിക്കെ, ഭൂമി വാങ്ങാമെന്നുള്ള നിങ്ങളുടെ നിർദ്ദേശം ഞങ്ങൾ പരിഗണിക്കാം. പക്ഷേ, അതത്ര എളുപ്പമല്ലതാനും. കാരണം ഈ ഭൂമി ഞങ്ങൾക്കു് പവിത്രമാണു്.
പുഴകളിലും നദികളിലും തിളങ്ങിയൊഴുകുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂർവ്വികരുടെ രക്തമാണു്. ഞങ്ങൾ നിങ്ങൾക്കു് ഭൂമി വിറ്റാൽ ആ ജലം പാവനമാണെന്നു നിങ്ങൾക്കു് ഓർമ്മയുണ്ടാകണം. അതു പാവനമാണെന്നു മാത്രമല്ല, സ്ഫടികംപോലെയുള്ള തടാകപ്പരപ്പിലെ ഓരോ ഭൂതാവിഷ്ടനിഴലാട്ടവും പറയുന്നതു് എന്റെ ജനതയുടെ ജീവിതസംഭവങ്ങളെപ്പറ്റിയും അവയുടെ ഓർമ്മകളെപ്പറ്റിയുമാണെന്നും നിങ്ങളുടെ മക്കളെ പഠിപ്പിക്കണം.
ജലത്തിന്റെ മർമ്മരം എന്റെ അച്ഛന്റെയച്ഛന്റെ ശബ്ദമാണു്.
നദികൾ ഞങ്ങളുടെ സഹോദരരാണു്. അവർ ഞങ്ങളുടെ ദാഹം തീർക്കുന്നു. ഞങ്ങളുടെ വഞ്ചികളെ ചുമക്കുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പു ശമിപ്പിക്കുന്നു. ഞങ്ങൾ നിങ്ങൾക്കു് ഞങ്ങളുടെ ഭൂമി വിറ്റാൽ നദികൾ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരരാണെന്നു നിങ്ങൾക്കു് ഓർമ്മയുണ്ടായിരിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളെ അതു പഠിപ്പിക്കുകയും ചെയ്യണം. മാത്രമല്ല, അന്നുമുതൽ നിങ്ങൾ ഏതൊരു സഹോദരനോടും കാണിക്കുന്ന കാരുണ്യം നദികളോടും കാണിക്കണം.
വെളുത്തമനുഷ്യനു് ഞങ്ങളുടെ രീതികൾ മനസ്സിലാകുന്നില്ല എന്നു ഞങ്ങൾക്കറിയാം. അയാൾക്കു് ഭൂമിയുടെ ഏതൊരു ഇടവും മറ്റേതൊരു ഇടവുംപോലെയാണു്. കാരണം രാത്രിയിൽ വന്നു് ഭൂമിയിൽനിന്നു വേണ്ടതെല്ലാം എടുത്തുകൊണ്ടു പോകുന്ന ഒരു അപരിചിതനാണു് അയാൾ. ഭൂമി അയാളുടെ സഹോദരനല്ല, ശത്രുവാണു്. അതിനെ ഒരിടത്തു് കീഴടക്കിക്കഴിയുമ്പോൾ അടുത്ത ഇടത്തേക്കു് അയാൾ നീങ്ങുന്നു.
പിതാക്കന്മാരുടെ ശവകുടീരങ്ങൾ അയാൾ പിന്നിലുപേക്ഷിച്ചു പോകുന്നു. അതിലയാൾക്കു് വിഷമമില്ല. സ്വന്തം കുഞ്ഞുങ്ങളിൽനിന്നു് അയാൾ ഭൂമി തട്ടിയെടുക്കുന്നു.അതിലയാൾക്കു വിഷമമില്ല. സ്വന്തം പിതാവിന്റെ ശവകുടീരവും സ്വന്തം മക്കളുടെ ജന്മാവകാശവും വിസ്മൃതങ്ങളാവുന്നു. ഭൂമിയെയും സഹോദരനായ ആകാശത്തെയും അയ്യാൾ കാണുന്നതു് വാങ്ങാനും കൊള്ളയടിക്കാനും, കന്നുകാലികളെപ്പോലെയോ നിറംപിടിപ്പിച്ച മാലമണികളെപ്പോലെയോ വിൽക്കാനുള്ള വസ്തുക്കളായി മാത്രമാണു്. അയാളുടെ ആർത്തി ഭൂമിയെ വിഴുങ്ങുകയും ഒരു മരുഭൂമിയെമാത്രം അവശേഷിപ്പിക്കുകയും ചെയ്യും.
എനിക്കറിഞ്ഞുകൂടാ. ഞങ്ങളുടെ രീതികൾ നിങ്ങളുടേതിൽനിന്നും വ്യത്യസ്തമാണു്. നിങ്ങളുടെ നഗരങ്ങളൂടെ ദൃശ്യം ചുവന്ന മനുഷ്യന്റെ കണ്ണിനെ വേദനിപ്പിക്കുന്നു. ഒരുപക്ഷേ, ചുവന്ന മനുഷ്യൻ കാട്ടാളനാണു്, അവനു് ഒന്നും മനസ്സിലാവുന്നില്ല.
വെളുത്ത മനുഷ്യന്റെ നഗരങ്ങളിൽ സ്വസ്ഥതയുടെ ഇടങ്ങളില്ല. വസന്തകാലത്തു് ഇലകൾ ചുരുളഴിയുന്നതു് കേൾക്കാനോ ഷഡ്പദത്തിന്റെ ചിറകുകൾ ഉരസുന്ന മർമ്മരം ചെവിയോർക്കാനോ സാധ്യമല്ല. ഒരുപക്ഷേ, ഞാനൊരു കാട്ടാളനായതുകൊണ്ടും ഒന്നും മനസ്സിലാകാത്തതുകൊണ്ടും തോന്നുന്നതായിരിക്കാം അതു്.
നഗരങ്ങളുടെ കലപിലാശബ്ദങ്ങൾ ചെവികളെ നിന്ദിക്കുന്നതായി തോന്നുന്നു.
കതിരുകാണാക്കിളിയുടെ ഏകാന്തരോദനമോ രാത്രിയിൽ കുളക്കരയിൽ തവളകൾ നടത്തുന്ന സംവാദമോ ശ്രവിക്കാൻ സാധ്യമല്ലെങ്കിൽ പിന്നെ ജീവിതമെന്താണു്? ഞാനൊരു ചുവന്ന മനുഷ്യനാകയാൽ എനിക്കു മനസ്സിലാവുന്നില്ല. ഇന്ത്യക്കാരൻ ഇഷ്ടപ്പെടുന്നതു് കുളത്തിന്റെ മുഖത്തിലൂടെ കാറ്റ് പാറുന്നതിന്റെ ശബ്ദവും ഒരു മധ്യാഹ്നമഴയിൽ നനഞ്ഞ, അല്ലെങ്കിൽ പൈൻമരങ്ങളുടെ സുഗന്ധം അണിഞ്ഞ, കാറ്റിന്റെ മണവുമാണു്.
വായു ചുവന്ന മനുഷ്യനു് അമൂല്യമാണു്. കാരണം എല്ലാ ജീവികളും പങ്കുവയ്ക്കുന്നതു് ഒരേ ശ്വാസമാണു്—മൃഗവും മരവും മനുഷ്യനും ഒരേ ശ്വാസമാണു് ശ്വസിക്കുന്നതു്. വെളുത്തമനുഷ്യൻ താൻ ശ്വസിക്കുന്ന വായുവിനെ തിരിച്ചറിയുന്നതായി തോന്നുന്നില്ല. നാളുകളായി മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെന്നപോലെ അയാൾ ദുർഗന്ധത്തോടുപോലും മരവിപ്പാണു് പ്രദർശിപ്പിക്കുന്നതു്.
ഞങ്ങൾ നിങ്ങൾക്കു ഭൂമി വിറ്റാൽ, വായു ഞങ്ങൾക്കു വിലയേറിയതാണെന്നും അതു തുണയ്ക്കുന്ന എല്ലാ ജീവനുമായും വായു അതിന്റെ ആത്മസത്ത പങ്കുവയ്ക്കുന്നുവെന്നും ഓർമ്മയുണ്ടായിരിക്കണം. ഞങ്ങളുടെ മുത്തച്ഛനു് ആദ്യശ്വാസം നല്കിയ കാറ്റുതന്നെ അദ്ദേഹത്തിന്റെ അന്ത്യശ്വാസവും കൈയാളുന്നു. ഞങ്ങൾ നിങ്ങൾക്കു് ഭൂമിവിറ്റാൽ, നിങ്ങളതിനെ വേറൊന്നായി, പരിശുദ്ധമായി, വെളൂത്തമനുഷ്യനുംകൂടി പുൽത്തകിടിയിലെ പൂക്കളുടെ മണം പുരണ്ട കാറ്റേല്ക്കാനായി പോകാനുള്ള ഒരു ഇടമായി, സൂക്ഷിക്കണം.
അങ്ങനെ ഞങ്ങളുടെ സ്ഥലം വാങ്ങാനുള്ള നിങ്ങളുടെ നിർദ്ദേശം ഞങ്ങൾ പരിഗണിക്കാം. അതു് സ്വീകരിക്കാൻ തീരുമാനിച്ചാൽ ഞാൻ ഒരു വ്യവസ്ഥ മുന്നോട്ടുവെയ്ക്കും: ഈ മണ്ണിലെ മൃഗങ്ങളെ വെളുത്തമനുഷ്യൻ സ്വന്തം സഹോദരങ്ങളെപ്പോലെ കരുതിവേണം അവയോടു പെരുമാറാൻ.
ഞാനൊരു കാട്ടാളനാണു്. എനിക്കു് മറ്റൊരു രീതിയും അറിഞ്ഞുകൂടാ. പ്രയറിപ്പുൽപ്പരപ്പിൽ ഞാൻ ആയിരം കാട്ടുപോത്തുകളുടെ അഴുകുന്ന ശവശരീരങ്ങൾ കണ്ടിട്ടുണ്ടു്. അതിലേ പോകുന്ന തീവണ്ടിയിൽനിന്നു് ആരോ വെടിവച്ചിട്ടവയാണു് അവ. ജീവിക്കാൻ ഭക്ഷണത്തിനുവേണ്ടി മാത്രം ഞങ്ങൾ കൊല്ലുന്ന കാട്ടുപോത്തിനേക്കാൾ പ്രധാനപ്പെട്ടതാണോ പുകവിടുന്ന ഇരുമ്പുകുതിര? ഞാനൊരു കാട്ടാളനാകയാൽ എനിക്കു മനസ്സിലാവുന്നില്ല.
മൃഗങ്ങളില്ലാതെ മനുഷ്യനെന്താണു്? മൃഗങ്ങളെല്ലാം കടന്നുപോയാൽ മനുഷ്യൻ ആത്മാവിന്റെ വമ്പിച്ച ഒരു ഒറ്റപ്പെടലിൽ ഇല്ലാതായിപ്പോവും. എന്തുകൊണ്ടെന്നാൽ മൃഗങ്ങൾക്കു് സംഭവിക്കുന്നതെന്തോ അതുതന്നെ താമസിയാതെ മനുഷ്യനും സംഭവിക്കും. സർവ്വതും പരസ്പരം ബന്ധിക്കപ്പെട്ടതാണു്.
നിങ്ങളുടെ മക്കളുടെ പാദങ്ങളുടെ കീഴിലെ മണ്ണു് ഞങ്ങളുടെ പൂർവ്വികരുടെ ചിതാഭസ്മമാണെന്നു് നിങ്ങൾ അവരെ മനസ്സിലാക്കിക്കണം. അവർ ഈ ഭൂമിയെ ബഹുമാനിക്കേണ്ടതിനായി, ഈ മണ്ണു് ഞങ്ങളുടെ ഗോത്രജനങ്ങളുടെ ജീവിതങ്ങൾകൊണ്ടു് ധനികമാക്കപ്പെട്ടതാണെന്നു് നിങ്ങൾ അവരോടു് പറയണം. ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചതു് നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കുക: ഭൂമി നമ്മുടെ അമ്മയാണു്. മനുഷ്യൻ ഭൂമിയിൽ തുപ്പുമ്പോൾ അവൻ അവനവനെത്തന്നെയാണു് തുപ്പുന്നതു്.
ഇതു ഞങ്ങൾക്കറിയാം. ഭൂമി മനുഷ്യന്റെയല്ല, മനുഷ്യൻ ഭൂമിയുടേതാണു്. ഇതു ഞങ്ങൾക്കറിയാം. ഒരു കുടുംബത്തെ ഒന്നാക്കുന്ന രക്തത്തെപ്പോലെ എല്ലാം തമ്മിൽ ബന്ധിക്കപ്പെട്ടവയാണു്. എല്ലാം തമ്മിൽ ചേർക്കപ്പെട്ടവയാണു്. ഭൂമിക്കു് സംഭവിക്കുന്നതെല്ലാം ഭൂമിയുടെ മക്കൾക്കും സംഭവിക്കും. ജീവന്റെ വല നെയ്തതു് മനുഷ്യനല്ല. അവനതിൽ ഒരു ഇഴ മാത്രമാണു്. ആ വലയോടു് അവൻ ചെയ്യുന്നതെല്ലാം അവൻ തന്നോടുതന്നെയാണു് ചെയ്യുന്നതു്.
ദൈവം ഒപ്പം നടക്കുകയും ഒരു സ്നേഹിതൻ മറ്റൊരു സ്നേഹിതനോടെന്നപോലെ സംസാരിക്കുകയും ചെയ്യുന്ന വെള്ളമനുഷ്യനുപോലും മനുഷ്യൻ എന്ന ജീവിയുടെ പൊതുഭാഗധേയത്തിൽനിന്നു് രക്ഷപ്പെടാൻ സാധ്യമല്ല. അതിനാൽ, ഒരുപക്ഷേ, എല്ലാം കഴിഞ്ഞും നാം സഹോദരങ്ങൾതന്നെയാണു്. നമുക്കു നോക്കാം.
ഒരു കാര്യം ഞങ്ങൾക്കറിയാം—വെളുത്തമനുഷ്യനും ഇതൊരിക്കൽ മനസ്സിലാക്കിയേക്കാം: ഞങ്ങളുടെ ദൈവം നിങ്ങളുടെ അതേ ദൈവംതന്നെയാണു്. നിങ്ങൾ ഞങ്ങളുടെ ഭൂമിയുടെ ഉടമയാകാൻ ആഗ്രഹിക്കുന്നതുപോലെ ദൈവത്തിന്റെ ഉടമയും നിങ്ങളാണു് എന്നു കരുതുന്നുണ്ടാവും. പക്ഷേ, അതു സാധ്യമല്ല. ദൈവം മനുഷ്യരെല്ലാവരുടെയും ദൈവമാണു്. അവന്റെ കരുണ ചുവന്ന മനുഷ്യരോടും വെളുത്ത മനുഷ്യരോടും ഒരു പോലെയാണു്. ഭൂമി അവനു് വിലയേറിയതാണു്. ഭൂമിയെ ദ്രോഹിക്കുന്നതു് അതിന്റെ സ്രഷ്ടാവിന്റെമേൽ നിന്ദ കോരിച്ചൊരിയുന്നതിനു തുല്യമാണു്. വെളുത്ത മനുഷ്യരും കടന്നുപോകും. ഒരുപക്ഷേ, മറ്റെല്ലാ ഗോത്രങ്ങളെക്കാളും നേരത്തേയായിരിക്കുമതു് സംഭവിക്കുക. സ്വന്തം കിടക്കയെ മലിനമാക്കിയാൽ ഒരു രാത്രി സ്വന്തം അമേദ്ധ്യത്തിൽ ശ്വാസംമുട്ടി മരിക്കും. എന്നാൽ നിങ്ങളുടെ അന്ത്യത്തിൽ നിങ്ങൾ വൻ ശോഭയോടെ പ്രകാശിക്കും. നിങ്ങളെ ഈ നാട്ടിൽ കൊണ്ടുവന്നു് ഏതോ പ്രത്യേക ഉദ്ദേശ്യത്തോടെ ഈ നാടിന്റേയും ചുവന്ന മനുഷ്യന്റെയും മേൽ ആധിപത്യം നല്കിയ ദൈവത്തിന്റെ ശക്തിയായിരിക്കും അതിനെ ജ്വലിപ്പിക്കുന്നതു്.
ആ വിധി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു രഹസ്യമാണു്. കാരണം എന്തുകൊണ്ടാണു് കാട്ടുപോത്തുകൾ കൊലചെയ്യപ്പെടുന്നതെന്നോ, കാട്ടുകുതിരകൾ മെരുക്കപ്പെടുന്നതെന്നോ, കാടിന്റെ മൂലകൾപോലും അനവധി മനുഷ്യരുടെ ഗന്ധംകൊണ്ടു് കനം പിടിച്ചവയാകുന്നതെന്നോ, മൂപ്പെത്തിയ മലകളുടെ ദൃശ്യങ്ങൾ സംസാരിക്കുന്ന കമ്പികളെക്കൊണ്ടു് മറയ്ക്കപ്പെടുന്നതെന്നോ, ഞങ്ങൾക്കു് മനസ്സിലാവുന്നില്ല.
പൊന്തകളെവിടെ? പോയ്ക്കഴിഞ്ഞു. കഴുകനെവിടെ? പോയ്ക്കഴിഞ്ഞു.
ജീവിക്കലിന്റെ അന്ത്യം. അതിജീവനത്തിന്റെ തുടക്കം.
[1] സിയാറ്റിൽ മൂപ്പൻ 1854-ൽ നടത്തിയ പ്രഭാഷണം. 1887, ഒക്ടോബർ 29-൹ ഡോ. ഹെന്റി എ. സ്മിത്ത് ‘സിയാറ്റിൽ സൺഡേ സ്റ്റാറി’ൽ പ്രസിദ്ധീകരിച്ചതു്.
[2] ‘ഹോം’ എന്ന ഡോക്യുമെന്ററി തിരക്കഥയുടെ ഭാഗമായി സിയാറ്റിൽ മൂപ്പന്റെ പ്രഭാഷണത്തിനു് ടെഡ് പെറി നല്കിയ പുനരാഖ്യാനം.
ചിത്രങ്ങൾ: വി. മോഹനൻ
സായാഹ്നയ്ക്കുവേണ്ടി സിയാറ്റിൽ മൂപ്പന്റെ വിശ്വപ്രശസ്തമായ പ്രസംഗം പുനരവതരിപ്പിക്കാൻ വളരെ സന്തോഷമുണ്ടു്. ഹൃദയത്തിന്റെ കണ്ണീരണിഞ്ഞു് ചിറകടിച്ചുയർന്ന മൂപ്പന്റെ ഓരോ വാക്കിന്റെയും പ്രസക്തി അന്നിൽ നിന്നു് ഇന്നുവരെ, പതിനഞ്ചു് ദശകങ്ങൾ നീളെ തുടരുകയാണു്, എന്നു മാത്രമല്ല ഒന്നിനൊന്നു് വർദ്ധിക്കുകയുമാണു്.
ഞാനിതെഴുതുമ്പോൾ അതിരപ്പള്ളിയിലെ കാടിന്റെയും നാടിന്റെയും നദിയുടെയും രക്തത്തിനു വേണ്ടിയുള്ള കാപാലികനൃത്തം പുനരാരംഭിച്ച വാർത്ത എന്റെ മുമ്പിലുണ്ടു്. നാം ഭരണകർത്താക്കളായി തിരഞ്ഞെടുത്തവർ ചരിത്രത്തിന്റെ യാതൊരു പാഠവും പഠിക്കാതെ നമ്മെ ഇനിയുമൊരു മഹാദുരന്തത്തിലേയ്ക്കു് തള്ളിയിടാൻ തയാറെടുക്കുകയാണു്. പലരും സംശയിക്കുന്നതുപോലെ അതിരപ്പള്ളിയിലെ പരിസ്ഥിതിനശീകരണഭീകരത ഒരു പാർട്ടി-ഉദ്യോഗസ്ഥ-കോൺട്രാക്ടർ ആസൂത്രണമാണെങ്കിൽ അത്ഭുതപ്പെടാനില്ല. അതാണു് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം. സിയാറ്റിൽ മൂപ്പനും അദ്ദേഹത്തിന്റെ ഗോത്രത്തിനും വെള്ളക്കാരന്റെ ശക്തിക്കു് മുമ്പിൽ പിടിച്ചുനിൽക്കാനായില്ല. പക്ഷെ അത്രയെളുപ്പത്തിൽ കാട്ടുകള്ളന്മാർക്കു് വിട്ടുകൊടുക്കാനാവുമോ മലയാളികളുടെ ഒരേയൊരു യഥാർത്ഥ പൈതൃകമായ പ്രകൃതി?
11/06/2020
സക്കറിയ