കാമുകി എന്നെ അത്രമേൽ പ്രോത്സാഹിപ്പിച്ചതുകൊണ്ടു് ഐ. പി. എസ്സ്. ജയിക്കുമെന്ന കാര്യത്തിൽ എനിക്കു് സംശയമേയില്ലായിരുന്നു. അവൾ നല്ലതുപോലെ പ്രാർത്ഥിക്കുകയും ചെയ്തു. ആരോടാണെന്നു് ദൈവത്തിനറിയാം. നിഷ്ഠുരയായ നിരീശ്വരവാദിയാണു് അവൾ. കല്യാണം കഴിച്ചു് ഐ. ടി. പണിയും ഭർത്താവുമായി ബൊഗോട്ടയ്ക്കു പോകുംമുമ്പു് അവളെനിക്കൊരു സ്നേഹചുംബനം തന്നു പറഞ്ഞു: “ഞാൻ ഒഴിവായെന്നു് നീ കരുതണ്ടാ, ട്ടോ. ജീവിതം ഭൂമിപോലെ ഉരുണ്ടാണിരിക്കുന്നതു്, ട്ടോ. മര്യാദയ്ക്കു് ജീവിച്ചോ!” എന്തു മധുരമായിരുന്നു ആ ഉമ്മയ്ക്കു്!
എനിക്കു് യൂണിയൻ ടെറിട്ടറി കേഡറാണു കിട്ടിയതു്. അതിൽ ഒന്നൊന്നര കൊല്ലം കഴിഞ്ഞപ്പോൾ ഞാൻ ആലോചിച്ചു: എന്തിനാണപ്പാ ഇങ്ങനെ കാക്കയ്ക്കും പൂച്ചയ്ക്കും പഴുതാരയ്ക്കും സല്യൂട്ടടിച്ചു് ജീവിക്കുന്നതു്? എന്നെപ്പറ്റി എനിക്കുതന്നെ ഒരു മതിപ്പ് തോന്നുന്നില്ലല്ലോ.
കല്യാണാലോചനകളുടെ തിരക്കും അയച്ചുകിട്ടുന്ന ഫോട്ടോകളിലെ യുവതികളുടെ സൗന്ദര്യവും കൂടിക്കൂടി വരികയും ചെയ്തു. അപ്പോൾ ഞാൻ തീരുമാനിച്ചു. ഇപ്പോൾ രക്ഷപ്പെട്ടില്ലെങ്കിൽ ഒരിക്കലും രക്ഷപ്പെടില്ല. കല്യാണം നമ്മളെയും കൊണ്ടു് സംസാരമാം സാഗരത്തിന്റെ അടിയിലേക്കു് മുങ്ങും. പിന്നെ പൊങ്ങലില്ല. പിന്നെ അഴിമതി, കുടവയർ, ഡൈ അടിക്കൽ, ഭാര്യയെ സംശയം, പകൽക്കുടി, പ്രമേഹം. തുടർന്നു് ഭക്തി, ശേഷം ചിന്ത്യം. മറിച്ചു് വിശ്വനഗരങ്ങൾ നമ്മളെ കാത്തിരിക്കുന്നു. അവിടെ ആയിരമായിരം സുന്ദരിമാർ അലസഗമനം ചെയ്യുന്നു. ഞാൻ ആരോഗ്യം തുളുമ്പുന്ന യുവ സുമുഖൻ. നല്ല ഗ്രാമറുള്ള ഒന്നാന്തരം ഇംഗ്ലീഷ്. ഓടിയ്ക്കോ! രക്ഷപ്പെട്ടോ!
അങ്ങനെ ഞാൻ രാഷ്ട്രപതിഭവനിലെ ഒരു വല്യ കസാലയിൽ പതുങ്ങിയിരിക്കുന്ന താപ്പാന എന്റെ ഫസ്റ്റ്കസിനെ വിളിച്ചു: “ചേട്ടാ, എന്നെ എങ്ങനെയെങ്കിലും ഈ രാജ്യത്തുനിന്നു് പുറത്തുകടത്തണം. കുടുംബമായിട്ടു് നമുക്കു് രാജ്യസ്നേഹമുള്ളതുകൊണ്ടു് അക്കാര്യം പേടിക്കണ്ട. ഞാൻ മടുത്തു. അതുകൊണ്ടാണു്.”
പത്മനാഭൻ ചേട്ടൻ ചോദിച്ചു, “ഇത്ര വേഗം മടുത്തോ? തൊപ്പി നിന്റെ തലയിൽ ഉറച്ചില്ലല്ലൊ. എടാ, ഈ രാജ്യം കാശുള്ളവനു് സ്വർഗമല്ലേ? നിനക്കു് എന്തിന്റെ കുറവാണു്? നല്ല ഒരു കല്യാണംകൂടി കഴിച്ചാൽ കാശുകൊണ്ടു നീ ഇതികർത്തവ്യതാമൂഢനാകും. അതുംകഴിഞ്ഞു് എന്നെപ്പോലെ അടങ്ങിയൊതുങ്ങി സുഖമായി ജീവിക്കു്. ഇടയ്ക്കു് ആ വൈഷ്ണോദേവിയിലോ ഹരിദ്വാറിലോ ഒന്നു പോ. അല്ലെങ്കിൽ കൊല്ലൂര്. ശബരിമല ഒന്നു കയറു്.
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!
“അത്രയേയുള്ളു സംഭവം.”
ഞാൻ പറഞ്ഞു, “ചേട്ടാ, പറ്റത്തില്ല. ഗോവിന്ദനെ ഞാൻ പിന്നെ ഭജിച്ചോളാം. ഇപ്പോൾ ചേട്ടൻതന്നെ എന്നെ രക്ഷപ്പെടുത്തണം.”
അങ്ങനെയാണു് ചേട്ടൻ അവിടെയിരുന്നു് മൂന്നു് നാല് ഫോൺ വിളിച്ചു് അഞ്ചാം ദിവസം എന്നെ വിദേശകാര്യ രഹസ്യപ്പൊലീസിലേക്കു് ഡെപ്യൂട്ട് ചെയ്യിപ്പിച്ചതു്.
ചേട്ടൻ എന്നിട്ടു് പറഞ്ഞു, “ഗോപിനാഥാ ഇന്നാ പിടിച്ചോ. നിനക്കിനി ഇടിക്കണ്ട, അടിക്കണ്ട, ഉരുട്ടണ്ട, കൈക്കൂലി വാങ്ങണ്ട, മന്ത്രിയെ സല്യൂട്ടു് അടിക്കണ്ട, സൂട്ടിട്ടു് സുസ്മേരവദനനായി നിന്നാൽ മതി. നീ രഹസ്യപ്പൊലീസാണെന്നു് നിനക്കുപോലും തോന്നില്ല. കൊള്ളാവുന്ന രഹസ്യം വല്ലതും കിട്ടിയാൽ നിന്റെ ഭാഗ്യം. നിന്റെ കയ്യിൽ എന്തെങ്കിലും രഹസ്യമുണ്ടെങ്കിൽ അതാരും കൊണ്ടുപോകാതിരുന്നാൽ അതിലും വല്യ ഭാഗ്യം. പുത്തൻ രഹസ്യം ഉണ്ടാക്കാനറിയാമെങ്കിൽ നീ മിടുമിടുക്കൻ. വൈകുന്നേരം പാർട്ടി, മദ്യം, മദിരാക്ഷി. മദിരാക്ഷി ചിലപ്പോൾ കത്രികപ്പൂട്ടിടും. അതു് ഞാൻ പറയേണ്ടല്ലൊ. നിന്റെ രഹസ്യം അവളുടെ കയ്യിലുമിരിക്കും, നീ തീഹാർ ജയിലിൽ യോഗയും പഠിക്കും. അതുകൊണ്ടു് ഗോവിന്ദം ഭജ മൂഢമതേ!”
“സത്യം, ചേട്ടാ”, ഞാൻ പറഞ്ഞു. “എന്റെ കാമുക ഹൃദയത്തിനു് ഞാൻ കടിഞ്ഞാണിടും. ചേട്ടൻ പേടിക്കണ്ട. കുടുംബത്തിനോ മാതൃഭൂമിക്കോ നാണക്കേടു് വരുത്തില്ല. ഭജഗോവിന്ദം എന്തു നല്ല ശ്ലോകമാണു്! ആ ലാസ്റ്റ് രണ്ടു് ലൈനാണു് എനിക്കു് ഏറ്റവും ഇഷ്ടം.
വിനാശകാലേ സംപ്രാപ്തേ
കാകഃ കാകഃ പികഃ പികഃ”
സംസ്കൃതം എനിക്കുമറിയാം! ഞങ്ങൾ ചേട്ടത്തിയനുജത്തി മക്കളല്ലേ?
ചേട്ടൻ സങ്കടത്തോടെ മൂക്കിൽ വിരൽ വച്ചുകൊണ്ടു് പറഞ്ഞു, “കഷ്ടം! നീ എന്തൊരു ഐ. പി. എസ്സാണു്! ഒരു സംസ്കൃതശ്ലോകം തെറ്റിക്കാതെ ചൊല്ലാൻപോലും അറിഞ്ഞുകൂട! ഒന്നുമല്ലെങ്കിലും നീ ഒരു നല്ല നായരല്ലേ? പരിതാപകരം! എടാ, ‘വിനാശകാലേ’ അല്ല, ‘വസന്തകാലേ’ ആണു്. അതു് വേറേ ശ്ലോകവുമാണു്. നീ എല്ലാം കൂട്ടിക്കുഴച്ചു! ഗോപീ, ദൈവത്തെ ഓർത്തു് കറക്ട് വരികൾ എഴുതിവയ്ക്കു്. ഇതാ കടലാസ്.”
സംപ്രാപ്തേ സന്നിഹിതേ കാലേ
നഹി നഹി രക്ഷതി ഡുകൃഞ്കരണേ.
അതായതു് കാലൻ വന്നു കഴുത്തിൽ പിടിക്കുന്ന സമയം ഗ്രാമർപോലും രക്ഷിക്കില്ലെന്നാണു് ശങ്കരനദ്ദേഹം പറയുന്നതു്.”
അയ്യോ! ഞാൻ ഉള്ളിലോർത്തു. ഞാൻ പിടിച്ചുനിൽക്കുന്നതു് ഗ്രാമറിലാണു്! നൂറിൽ നൂറ് അതിലാണു്! ശങ്കരൻ തിരുമേനി സത്യമാണോ പറയുന്നതു്?
“രക്ഷയൊന്നേയുള്ളൂ”, ചേട്ടൻ പറഞ്ഞു, “ഭജഗോവിന്ദം, ഭജഗോവിന്ദം. അതുകൊണ്ടു് സൂക്ഷിച്ചു് ജീവിക്കു്. പോകുമ്പോൾ ഹരിനാമകീർത്തനോം ലളിതാ സഹസ്രനാമോം ഓരോന്നു് കയ്യിൽ വച്ചോ.”
“ശരി ചേട്ടാ”, ഞാൻ പറഞ്ഞു.
“നീ തെറ്റിച്ച മറ്റേ ശ്ലോകത്തിലും നിനക്കൊരു ഗുണപാഠമുണ്ടു്. അതിന്റെ ശരിയായ വരികൾ നീയൊന്നെഴുതിവയ്ക്കു്. ഇതാ കടലാസ്.”
ചേട്ടൻ ചൊല്ലി. ഞാനെഴുതി.
“കാകഃ കാകഃ പികഃ പികഃ
കൊ ഭേദ പിക കാകയോ
വസന്തകാലേ സംപ്രാപ്തേ
കാകഃ കാകഃ പികഃ പികഃ”
ചേട്ടൻ പറഞ്ഞു. “എടാ, സംഗതിയിത്രയേയുള്ളൂ. കാക്കയേതു്, കുയിലേതു്? രണ്ടും ഒരേപോലെ. പക്ഷേ, വസന്തകാലം വന്നു് കുയിൽ പാടുമ്പോൾ കള്ളി പുറത്തു്. നീ രഹസ്യപ്പൊലീസാണു്. വസന്തകാലം വരുമ്പോൾ പാടിത്തുടങ്ങരുതു്. വസന്തകാലത്തെ വിനാശകാലമാക്കരുതു്. നാടുവിടും മുമ്പു് നല്ല ഒരു തിരുമേനിയെക്കൊണ്ടു് ഏലസ്സ് എഴുതി കെട്ടിച്ചേക്കു്.”
“ചേട്ടാ”, ഞാൻ പറഞ്ഞു, “നമ്മൾ നല്ല നായന്മാരല്ലേ? നമ്മൾ ആപത്തു് വിളിച്ചുവരുത്തുമോ?”
“എങ്കിൽ നിനക്കുകൊള്ളാം”, ചേട്ടൻ പറഞ്ഞു.
ഞാൻ ഏലസ്സ് എഴുതിച്ചു് കെട്ടി.
ഓർഡർ വാങ്ങാൻ ആസ്ഥാനത്തു് ചെന്നപ്പോൾ ചേട്ടന്റെ സുഹൃത്തു് ജോയിന്റ് സെക്രട്ടറി ഗോയൽ ഓർഡറും ഡിപ്ലോമാറ്റിക്കു് പാസ്പോർട്ടും വെച്ചുനീട്ടി ചിരിച്ചുകൊണ്ടു് പറഞ്ഞു, “അരേ, നായർ, അബ് തോ തും ഈസായി ബൻഗയെ ഹോ!”
എനിക്കു് മനസ്സിലായില്ല. ഞാൻ ക്രിസ്താനിയായോ! ഇതെന്തു കളി!
“പാസ്സ്പോർട്ട് ഖോൽകെ ദേഖോ.” ഗോയൽ പറഞ്ഞു.
ഞാൻ പാസ്സ്പോർട്ടു് തുറന്നുനോക്കി. ഇതാ ഞാൻ സുമുഖനായി ഇരിക്കുന്നു. പക്ഷേ, അതു് വേലിത്താഴത്തു് പരമേശ്വരൻനായർ ഗോപിനാഥൻ നായരല്ല, ചെറുതോട്ടത്തിൽ ജോസഫ് ജെയിംസാണു്.
ഞാനും ചിരിച്ചു. “ഹഹഹഹാ! ഇതുകൊള്ളാം.”
ഗോയൽ പറഞ്ഞു, “നിന്നെ മുസ്ലീമാക്കാനാണു് ഉദ്ദേശിച്ചതു്. രാജ്യം തുർക്കിയല്ലേ? പക്ഷേ, അതു് നിനക്കൊരു ചടങ്ങാകും. നിസ്ക്കാരം, സലാം, നോമ്പ് എന്നു വേണ്ട… ക്രിസ്ത്യാനിയാകാൻ അത്ര വലിയ പാടൊന്നുമില്ല, ഉണ്ടോ? നീ കേരൾ കാ ആദ്മിയല്ലേ? നിനക്കറിഞ്ഞുകൂടാത്ത എന്തു് ക്രിസ്ത്യാനി?”
“സത്യം” ഞാൻ പറഞ്ഞു.
എനിക്കു് ക്രിസ്താനിയെ അറിയാമെന്നോ? കൊള്ളാം!
വിമാനം ഇസ്താംബൂളിലേക്കു് മൂളിപ്പറന്നു. ഞാൻ ആലോചിച്ചു. എർദോഗന്റെയൊരു വെപ്പാട്ടിയോ പാമുക്കിന്റെയൊരു കാമുകിയോ എന്റെയും പ്രണയിനി ആയിക്കൂടെന്നുണ്ടോ? ഈ ലോകത്തിൽ എന്താണു് അസംഭാവ്യം! ഹഹഹ! ഇസ്താംബൂളേ ഒരുങ്ങൂ! ഞാനിതാ വരുന്നു! കുരിശുയുദ്ധക്കളമേ, ഒട്ടോമൻ സാമ്രാജ്യമേ, ടോപ്കാപിയുടെ മിനാരങ്ങളേ, ഈ നായർ യോദ്ധാവിനെ ആലിംഗനം ചെയ്താലും!
വിമാനം ഇസ്താംബൂളിലേക്കു് താഴുകയാണു് എന്ന അറിയിപ്പു വന്നപ്പോൾ ഞാൻ പാസ്സ്പോർട്ടു് എടുത്തു് ഒന്നുകൂടി പരിശോധിച്ചു. അതാ ഇരിക്കുന്നു കോമളനായ ജോസഫ് ജെയിംസ്. ഞാൻ അവനോടു് പറഞ്ഞു: എടാ, ഒന്നുകൊണ്ടും അധൈര്യപ്പെടേണ്ട. എല്ലാം ശരിയാകും. എല്ലാവരിലും ഒരു രഹസ്യപ്പൊലീസുണ്ടു്. ആ ചുവടുപിടിച്ചു് പോയാൽ പ്രശ്നം തീർന്നു. അതുപോലെ തന്നെ നായരിലൊരു ക്രിസ്താനി ഇരിപ്പുണ്ടു്. ക്രിസ്ത്യാനിയിലൊരു നായരുമുണ്ടു്. രണ്ടിലും ഒരു നമ്പൂതിരിയും കാണാൻ വഴിയുണ്ടു്. അതിനെന്തു്? ഗ്രാമറിനു് നിനക്കു് നൂറിൽ നൂറുണ്ടു് താനും—കാലന്റെ കാര്യം പിന്നെ നോക്കാം. ഞാൻ ഏലസ്സിൽ തിരുപ്പിടിച്ചു കൊണ്ടു് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ എന്നു് ഉരുവിടുകയും വിമാനം അത്താത്തുർക്കു് വിമാനത്താവളത്തിന്റെ ടാർമാക്കിൽ തൊട്ടുരുണ്ടു് മുക്രയിടുകയും ഒന്നിച്ചു നടന്നു.
താറാവ് കുളത്തിലേക്കെന്നപോലെ ഇസ്താംബൂളിലേക്കു് ഞാൻ ഊളിയിട്ടു. മഹാനഗരം എന്നെ ഉമ്മവച്ചു. ബോസ്ഫറസ് കടൽ നീലനിറത്തിൽ ചിരിച്ചു. സുൽത്താൻ അഹമെറ്റ്പള്ളി എന്നും എന്നെ ആകാശത്തിലേക്കു് വിരൽ ചൂണ്ടിക്കാണിച്ചു. ഉയരത്തിലുള്ള എന്റെ അപ്പാർട്ട്മെന്റിന്റെ ജനലിലൂടെ യൂറോപ്പും ഏഷ്യയും ഒറ്റയടിക്കു് കണ്ടു് കോരിത്തരിച്ചു. മുഖംമൂടിയവരും മൂടാത്തവരും കുറച്ചുമൂടിയവരുമായ ഹൂറികൾ ഒഴുകിനടക്കുന്നതിന്റെ ഓരത്തു് ഞാൻ സ്തബ്ധനായി നിന്നു. ഹാഹാ! എന്തൊരു വിമോചനം! എന്തൊരാനന്ദം! ഈശോമിശിഹായ്ക്കു് സ്തുതി! ഹാലേലൂയാ! ഇസ്താംബൂളിലെ മദിരാക്ഷികളെ, നിങ്ങളെ എനിക്കു് പേടിയില്ല! നിങ്ങൾക്കു് മൂക്കുകയറിടാനും, വേണ്ടിവന്നാൽ കത്രികപ്പൂട്ടിടാനും നായർ യുവാവായ ഈ ജോസഫ് ജെയിംസിനറിയാം! എന്റെ പനിനീർപ്പൂന്തോപ്പിലേക്കു് ധൈര്യമായി ഓടി വരൂ! പത്മനാഭൻ ചേട്ടാ, ക്ഷമിക്കണം. ഇസ്താംബൂൾ ഒന്നേയുള്ളൂ. ജീവിതം ഒന്നേയുള്ളൂ. ഞാനും ഒന്നേയുള്ളൂ. വസന്തകാലേ സംപ്രാപ്തേ കാകഃ കാകഃ പികഃ പികഃ!
സദാ സുസ്മേരവദനനായതോടെ ഞാൻ തന്നെ മാറിപ്പോയി. മുഖത്തെ തേജസ് വർദ്ധിച്ചു. എന്റെ സ്റ്റെനോ പഞ്ചാബി സുന്ദരി പറഞ്ഞു, “ജോസഫ് സാർ ഞാനൊരു കാര്യം പറഞ്ഞോട്ടേ? ഇന്ത്യയിൽനിന്നു് വന്ന ആളല്ല സാറിപ്പോൾ. ഒരു പത്തു് വയസ്സ് കുറഞ്ഞു. ഇസ്താംബൂൾ സാറിനെ സ്വർണ്ണം പൂശിയതുപോലെയുണ്ടു്.” പോടീ, പോടീ, ഞാൻ മനസ്സിൽ പറഞ്ഞു, വേല മനസ്സിലിരിക്കട്ടെ—നീ പറഞ്ഞതു് സത്യമാണെങ്കിലും. വല വീശണ്ട. വെള്ളിമഠം തിരുമേനി പൂജിച്ചുതന്ന ഏലസ്സാണു് അരയിൽ. മാത്രമല്ല, ഞാൻ ചാരസുന്ദരികളെ സ്വീകരിക്കാൻ തുടങ്ങിയിട്ടില്ല. നിന്റെ ഊഴം വരും, ഹാഹാ!
ഒരു രഹസ്യം ഞാൻ പറയാം. കേരളം വിട്ടാൽ പിന്നെ ക്രിസ്ത്യാനിയായി അഭിനയിക്കാൻ ഏതു് ശിശുവിനും പറ്റും. അതിലുമെളുപ്പമെന്തെങ്കിലുമുണ്ടെങ്കിൽ അതു് നായരായി അഭിനയിക്കുന്നതാണു്. നസ്രാണിക്കു് അടയാളമുണ്ടോ? അഭിവാദ്യമുണ്ടോ? പളളിയിൽ പോയോ? നോമ്പ് നോറ്റോ? ദൈവത്തിനറിയാം. പന്നിയെ തിന്നും. പശുവിനെ തിന്നും. പച്ചക്കറി ഇഷ്ടംപോലെ തിന്നും. മദ്യം—ആവോളം. മദിരാക്ഷി—തരംപോലെ. അതെല്ലാം ശരി. പക്ഷേ, പെട്ടെന്നു് “ഹലോ മിസ്റ്റർ ജോസഫ്!” എന്ന വിളികേട്ടാൽ അതു് ഗോപിനാഥൻ നായരായ എന്നെയാണെന്നു് ഞാൻ മറക്കരുതു് എന്നുമാത്രം. കുറച്ചു കഴിയുമ്പോൾ അതൊരു ശീലമാകും. “ഗോപീ!” എന്ന വിളി കേട്ടാൽ തിരിഞ്ഞുനോക്കരുതു് എന്നതും അതുപോലെ പ്രധാനം. അല്ലെങ്കിലും ഇസ്താംബൂൾപോലെയൊരു മറുലോകത്തിൽ എന്നെ ‘ഗോപീ!’ എന്നു് വിളിക്കാൻ ആരു് വരാനാണു്!
മറ്റൊരു സത്യം പറയട്ടെ—ഇതു് ഒരു രഹസ്യപ്പൊലീസുകാരന്റെ അഭിമാനത്തെ വെല്ലുവിളിക്കുന്ന കാര്യമാണെങ്കിൽപോലും. അതായതു് നയതന്ത്രവലയങ്ങളിലെ മദിരാക്ഷികൾക്കിടയിലെ കത്രികപ്പൂട്ടുകാരികളെ തിരിച്ചറിയുക അസാധ്യം. ഓരോന്നും സഞ്ചരിക്കുന്ന ഓരോ ആകർഷണ യന്ത്രമാണു്. കൂടുവിട്ടു് കൂടുമാറലിന്റെ ആശാട്ടികൾ. ജീവനിൽ കൊതിയുള്ള ഏതു് രഹസ്യപ്പൊലീസുകാരനും ചെയ്യുന്നതു് നയതന്ത്ര മദിരാക്ഷികളോടു് മഞ്ഞുകട്ട നയം അവലംബിക്കുക എന്നതാണു്. അവറ്റകളുടെ പക്കൽ ഹൃദയം തുറന്നാൽ പത്മനാഭൻ ചേട്ടൻ പറഞ്ഞതുപോലെ തീഹാർ ജയിലിൽ യോഗ പഠിച്ചതുതന്നെ. ഞാനതുകൊണ്ടു് എന്റെ ഹൃദയത്തെ കരിങ്കൽ സമാനമാക്കി, നായർ സഹജമായ മൃദുവികാരങ്ങളെല്ലാം തുടച്ചുനീക്കി, വെമ്പൽ കൊള്ളുന്ന ആത്മാവിനു് കടിഞ്ഞാണിട്ടു്, അവറ്റകളെ പാർട്ടികൾ നീളെ സങ്കടപൂർവം തുരത്തി. പക്ഷേ, സുൽത്താനഹ്മറ്റ് സ്ക്വയറിലെ ബാറുകളിൽനിന്നു് എന്റെ തോളിൽ കയ്യിട്ടു് കൂടെപോന്ന ഹൃദയവതികളെ ഞാൻ ഏതൊരു നല്ല നായരെയുംപോലെ സൽക്കാരംകൊണ്ടു് പൊറുതിമുട്ടിച്ചു. എന്റെ ആത്മാവിന്റെ ചില വശങ്ങളെങ്കിലും അവർക്കു് തുറന്നുകാണിച്ചു. “ആത്മവിദ്യാലയമേ” ആയിരുന്നു എന്റെ സൂപ്പർഹിറ്റ് പാട്ടു്. അവരതു കേട്ടു് എന്തിനെന്നറിയാതെ കണ്ണീർപൊഴിച്ചു. കാമശാസ്ത്രത്തെപ്പറ്റി വർണിച്ചപ്പോൾ ലജ്ജിച്ചു് പെരുവിരൽകൊണ്ടു് എന്നെ തോണ്ടി. അതോടെ ഇന്ത്യയെപ്പറ്റിയുള്ള ബഹുമാനം അവരുടെ മുഖങ്ങളിൽ നിറഞ്ഞുതുളുമ്പി. ഭജഗോവിന്ദം ചൊല്ലി അർഥം പറഞ്ഞു. പിന്നെ കാകഃ കാകഃ പികഃ എന്നു് ഘോഷിച്ചു് ഞങ്ങൾ കുയിലിനെപ്പോലെ കൂകി. ഞാൻ എന്നോടു പറഞ്ഞു: എടാ ജോസഫ് ജെയിംസേ, ഈ വിജയങ്ങളെല്ലാം നേടുന്നതു് നീയോ ഞാനോ? നിനക്കു് മനസ്സിലായില്ലേ? ഒരു നായർ-ക്രിസ്ത്യാനി കൂട്ടുകെട്ടിനെ ആർക്കു തോൽപ്പിക്കാൻ കഴിയും?
ഒരു ദിവസം അംബാസഡർ പറഞ്ഞു: “ജോസഫ്, നിങ്ങളുടെ ഫ്ലാറ്റിൽനിന്നു് ചില ദിവസം നേരം വെളുക്കുംവരെ ശബ്ദകോലാഹലം കേൾക്കുന്നുവെന്നു് അയൽപക്ക പരാതിയുണ്ടത്രെ.” ഞാൻ പറഞ്ഞു, “സോറി, സർ ഞാനതു് ശ്രദ്ധിച്ചോളാം. ഉറക്കം വരാത്തപ്പോൾ ഞാൻ ദേശീയഗാനം നല്ല ഉച്ചത്തിൽ കേട്ടാണു ഉറങ്ങുന്നതു്. രാജ്യസ്നേഹമാണു് എന്റെ ഉറക്കഗുളിക. ഞാനതിന്റെ ശബ്ദം കുറയ്ക്കാം. നാട്ടിൽനിന്നു് ഉറക്കത്തിനുള്ള ആയുർവേദം വരുന്നുമുണ്ടു്.”
അംബാസഡർക്കു് സന്തോഷമായി. അദ്ദേഹം പറഞ്ഞു, “കേരളക്കാരെല്ലാം ശുദ്ധ കമ്യൂണിസ്റ്റുകളാണെന്നാണു് ഞാൻ കരുതിയിരുന്നതു്. അവർക്കു് ഇത്രയും രാജ്യസ്നേഹമുണ്ടെന്നാരറിഞ്ഞു!”
അങ്ങനെ ബോസ്ഫറസിൽ നിന്നുള്ള കുളിർ കാറ്റു് എന്നെയും കാമുകിമാരെയും തഴുകാൻ ജനലുകൾ തുറന്നിടുന്നതു് അവസാനിപ്പിക്കേണ്ടിവന്നു. എ. സി. യുടെ കൂളിർകൊണ്ടു് തൃപ്തിപ്പെട്ടു. കുയിൽ കൂകുന്നതു് എന്റെ വീട്ടിൽ മാത്രം കേട്ടാൽ മതിയെന്നു് വെച്ചു. കുളിർകാറ്റില്ലെങ്കിലും കാമുകിമാർ വേണമല്ലൊ. പക്ഷേ, എന്നെ അതിശയിപ്പിച്ചതെന്തെന്നാൽ ഇസ്താംബൂൾ വനിതകൾ ഇത്ര ഉച്ചത്തിൽ കൂകുന്നവരാണെന്നു് ലോൺലി പ്ലാനറ്റ് ഒരു വാക്കു് പറഞ്ഞിട്ടില്ല. പാമുക്ക്പോലും ഒരക്ഷരം മിണ്ടിയിട്ടില്ല. എന്താ കഥ!
ഇസ്താംബൂളിൽ എന്റെ ഏലസ്സ് ഒരു പ്രതിഭാസമായിത്തീർന്നു എന്നതു് ഞാൻ മറച്ചുവെക്കുന്നില്ല. മദിരാക്ഷികൾ ഒന്നൊഴിയാതെ അതിലേക്കു് വിരൽചൂണ്ടി ചോദിച്ചു: ‘ഇതെന്താണ്?’ ചില ധീരകൾ മാത്രം അതിൽ തൊട്ടു നോക്കി. ഇതു് എന്തിന്റെ മൈക്രോ ചിപ്പാണു് നിന്നെ ആരോ ട്രാക്കു് ചെയ്യുന്നുണ്ടോ? ഇതു് ഒരു ഒളിക്യാമറയാണോ? അതോരഹസ്യായുധമോ? മരണഗുളികയോ? തലച്ചോറിനെ വായിക്കുന്ന യന്ത്രമോ? എന്റെ ഏലസ്സ് അവരിൽ ഭയങ്കര ആശങ്കകൾ നിറച്ചു. പക്ഷേ, അതു് ഊരിവെക്കാൻ എനിക്കും ധൈര്യമുണ്ടായില്ല. കത്രികപ്പൂട്ടു് വീണാലോ? ഒരു ദിവസം ഏലസ്സിന്റെ രഹസ്യമന്വേഷിച്ച ഒരു വനിതയോടു് പരീക്ഷണമെന്നനിലയിൽ, പേടിക്കേണ്ട അതു് വെറും മന്ത്രവാദമാണു് എന്നു് പറഞ്ഞതും അവൾ നിലവിളിച്ചുകൊണ്ടു് ചാടിയെണീറ്റ് കുപ്പായം എടുത്തിട്ടു് ഒരോട്ടമോടി. അവളുടെ ബ്രായും പാന്റിയും കുറച്ചുദിവസം ഞാൻ കാത്തുവെച്ചു. പിന്നെ ഖേദപൂർവം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ചു. ഒരുദിവസം ഒരദ്ഭുതമുണ്ടായി. ഞാൻ ബാൽക്കണിയിലിരുന്നു് ടോപ്കാപിയുടെ അന്തപ്പുരമിനാരങ്ങളെ നോക്കി ധ്യാനിക്കുകയായിരുന്നു. പെട്ടെന്നു് ഏലസ്സിന്റെ പ്രശ്നത്തിന്റെ ഉത്തരം ആകാശത്തിൽ ആരോ എഴുതിയതുപോലെ തെളിഞ്ഞുവന്നു. അതിനുശേഷം വളരെ ലളിതം! ഏലസ്സിന്റെ രഹസ്യം ആരായുന്ന വനിതകളോടു് ഞാൻ സമർഥിച്ചു. ഇതു് കാമസൂത്രം നേരിട്ടു് ശരീരത്തിലേക്കു് പ്രവേശിപ്പിക്കുന്ന മെയ്ക്കു് ഇൻ ഇന്ത്യാ ചിപ്പാണു്. എന്നെയാണു് ആദ്യ പരീക്ഷണത്തിനു് തിരഞ്ഞെടുത്തിരിക്കുന്നതു്. ടോപ് സീക്രട്ട്! എന്നോടു് സഹകരിക്കുക. അതോടെ ഏലസ്സ് ഒരു സെലബ്രിറ്റിയായി. എന്നു മാത്രമല്ല അവറ്റകൾക്കു് അതെടുത്തു് അരയിലണിയിക്കാൻ മോഹവുമായി. ഏലസ്സ് എന്റെ ശരീരത്തിന്റെ താപനിലയോടെ പ്രതികരിക്കൂ എന്നു് ഞാനവരോടു് വിശദീകരിച്ചു. ഹഹഹ! ആ കൊതി മനസ്സിലിരിക്കട്ടെ മോളേ! എന്റെ ഏലസ്സ് എന്റെ ഏലസ്സാണു്! അതു് തൊട്ടുകളിക്കണ്ടാ, ട്ടോ! സ്നേഹം വേറെ, മന്ത്രവാദം വേറെ. പത്മനാഭൻചേട്ടൻ എന്നെ കൊല്ലും.
അത്ഭുതകരമായ മറ്റൊരു ബോധജ്ഞാനംകൂടി എനിക്കു കിട്ടി. ഒരു ദിവസം ഞാൻ സുൽത്താൻ മെഹ്മെറ്റ് പള്ളിയുടെ അങ്കണത്തിലെ ചാരുബഞ്ചിലിരുന്നു് എന്നെ അലട്ടിയ ഒരു ചോദ്യത്തെപ്പറ്റി ആലോചിക്കുകയായിരുന്നു. എന്താണു് രഹസ്യം എന്ന പ്രതിഭാസം? കാരണം രഹസ്യപ്പൊലീസുകാരനായ എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു അതാണല്ലോ. പെട്ടെന്നു് അവിടെ വെയിൽ കാഞ്ഞിരുന്ന ഒരു അണ്ണാറക്കണ്ണൻ എന്നോടു് പറയുന്നതായി എനിക്കുതോന്നി: സഖാവേ, പ്രപഞ്ചമാണു് ഏറ്റവും വലിയ രഹസ്യം. ബാക്കിയെല്ലാം വെറും ഞാഞ്ഞൂൽ രഹസ്യങ്ങൾ. പ്രപഞ്ചത്തിന്റെ പിന്നാലെ പോകുന്നവനാണു് ഏറ്റവും കൊമ്പൻ രഹസ്യപ്പൊലീസ്. ബുദ്ധനും ഐൻസ്റ്റൈനും അത്തരം രഹസ്യപ്പൊലീസായിരുന്നു. എന്റെ ഉള്ളിൽ ഒരു വെളിച്ചം വീണു. നാം പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നതൊന്നും ഒരു ഭയങ്കര സംഭവമല്ല! പ്രപഞ്ചമാണു് സംഭവം! ഹൊ! സമാധാനമായി! ജയ് ഹിന്ദ്! രഹസ്യആയുധക്കരാറോ! പോ പുല്ലേ! അവരായി അവരുടെ പാടായി! അട്ടിമറിപ്ലാനോ? മറിയ്ക്കട്ടപ്പാ! ആർക്കു് ചേതം! വി. ഐ. പി. ഇവിടെ വന്നു് സെക്സ് കെണിയിൽ വീണോ? വിധിവൈപരീത്യം! അല്ലാതെന്തു്? നമുക്കു് സുരക്ഷിതമായി ചെയ്യാവുന്നതു് പത്മനാഭൻ ചേട്ടൻ പറഞ്ഞതാണു്. എന്തെങ്കിലും രഹസ്യം കൈവശമുണ്ടെങ്കിൽ അതു് ചോർന്നുപോകാതെ സൂക്ഷിക്കുക. അങ്ങുമിങ്ങും കിടക്കുന്ന രഹസ്യങ്ങളിൽനിന്നു് ഉപകാരമുള്ളതു് പിടിച്ചെടുത്തു് ബോസ്സിനെ ഏൽപിച്ചു് സൽപ്പേരുണ്ടാക്കുക. രഹസ്യങ്ങൾക്കു് ക്ഷാമമാണെങ്കിൽ ആവശ്യാനുസരണം ഉത്പാദിപ്പിക്കുക. ബാക്കി സമയം കിൻഡിലിൽ ‘ടൈം’ വാരിക വായിച്ചു് ജ്ഞാനം സമ്പാദിക്കുക. ഞാൻ സ്വന്തമായി ഒരു നിയമംകൂടി കണ്ടുപിടിച്ചു. വയ്യാവേലി രഹസ്യങ്ങളിൽ കൈകടത്താതിരിക്കുക. ഈ അടിസ്ഥാനധാരണകളുണ്ടായതോടെ എന്റെ ജീവിതം പൂർവാധികം ആനന്ദഭരിതമായിത്തീർന്നു.
ജീവിതം അങ്ങനെ ഒരു ഇളംകാറ്റുപോലെ കടന്നുപോകുമ്പോൾ പത്മനാഭൻ ചേട്ടന്റെ ഇമെയിൽ വന്നു. നിന്റെ ഫ്ലാറ്റിലെ ശബ്ദകോലാഹലത്തെപ്പറ്റി ഒരു സംസാരമുണ്ടായതായി കേട്ടു. നീ ഇവിടെ വന്നു് ഒരു ഭാര്യയുമായി മടങ്ങുന്നതാണു് നല്ലതു്. അത്യധികം ശബ്ദകോലാഹലം രഹസ്യപ്പൊലീസുകാരനു് ഭൂഷണമല്ല. മറിച്ചു് മൗനമാണു് വിദ്വാനു് ഭൂഷണം, നിന്റെ നക്ഷത്രം ഞാൻ മറന്നുപോയി. അറിയിക്കുക ആലോചനകൾ തുടങ്ങിവെക്കാം. കറുകച്ചാലിലെ റബ്ബർ എത്ര ഏക്കറാണു്?
ഞാൻ മറുപടിയയച്ചു: ചേട്ടാ, ശബ്ദകോലാഹലത്തിന്റെ പഴുതടച്ചു. കുളിർകാറ്റ് വേണ്ടെന്നുവെച്ചു. ഏലസ്സ് വമ്പിച്ച വിജയം! ഹരിനാമകീർത്തനവും ലളിതാസഹസ്രനാമവും തുറന്നുവെച്ചിരിക്കുന്നു. താമസിയാതെ അവയിലേക്കെത്തും. ആത്മവിദ്യാലയമാണു് ഇപ്പോൾ ഹിറ്റ്. വൈഷ്ണോദേവിയിലേക്കു് ഏതായാലും ഒരു സ്പെഷ്യൽ പാസ്സ് വാങ്ങി വെച്ചേക്കണേ. നക്ഷത്രം മകയിരം. റബ്ബർ നാൽപ്പതേക്കർ ഇരുപത്തിമൂന്നു് സെന്റു്. ഭാര്യയുടെ കാര്യം: ഇങ്ങനെ പോകുന്നിടംവരെ പോകട്ടെ ചേട്ടാ. ഇസ്താംബൂൾ ആവശ്യപ്പെടുന്നതു് ഒരു ഒറ്റയാൻ നായരെയാണു്. എന്നെപ്പറ്റി വിഷമിക്കുകയേ വേണ്ട. ഞാനിവിടത്തെ മാതൃകാപൗരനാണു്. അംബാസഡർക്കു പോലും കേരളക്കാരെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങി. എന്നു്, സ്വന്തം ജോസഫ്ജെയിംസ്.
ഡൽഹിയിലും പോണ്ടിച്ചേരിയിലും ഈനാംപേച്ചിക്കും മരപ്പട്ടിക്കും സല്യൂട്ടടിച്ചു് നടന്ന കാലം ഞാൻ മറന്നു. അസ്മാലി മെസ്കിറ്റിലെയും സോഫ്യാലിശോക്കിലെയും നൈറ്റ്ക്ലബ്ബുകളിൽ ഞാനൊരു യുവവിസ്മയമായി. എന്റെ അപ്പാർട്ട്മെന്റിൽ പൊന്നരിവാളമ്പിളിയും ബലികുടീരങ്ങളേയും മദിരാക്ഷികളുടെ താളമടിക്കൊപ്പം മുഴങ്ങി. അവിയലും സാമ്പാറും കാളനും ചോറും അവറ്റകൾ വെട്ടിവിഴുങ്ങി. പൊരിച്ച പപ്പടത്തിന്മേൽ മയങ്ങി വീണു. അടപ്രഥമൻ തിന്നു് പരബ്രഹ്മത്തെ സ്വപ്നംകണ്ടു. കാച്ചിയ മോർ കോരിക്കുടിച്ചു് ഫ്ലമിംഗോ നൃത്തം ചെയ്തു. സർവാംഗാസനത്തിൽ ഉയർത്തിപ്പിടിച്ച കാലുകൊണ്ടു് അതീന്ദ്രിയജ്ഞനത്തെ തോണ്ടി. ഗോപിനാഥൻനായർ കറുകച്ചാലിലേക്കു് മാഞ്ഞുപോയി. ജോസഫ്ജെയിംസ് സർവവ്യാപിയായി. ചിലപ്പോൾ ഞാൻ ചിന്തിച്ചുപോയി: ഇനി പേർ മാറണോ? ഇങ്ങനെതന്നെ അങ്ങു് പോയാൽ പോരേ? ഒരു പേരിലെന്തിരിക്കുന്നു?
അങ്ങനെയൊരുദിവസം ഞാൻ ആനന്ദതുന്ദിലമായ മനസ്സും ഉന്മേഷം തുള്ളിക്കളിക്കുന്ന ശരീരവും ഹൃദയം നിറയെ ശുഭപ്രതീക്ഷകളുമായി ബാറിയർ ശോകക്കിലെ നടപ്പാതയിലൂടെ പൂവനങ്ങൾക്കറിയാമോ ഒരു പൂവിൻ വേദന എന്നു് സ്നേഹപൂർവ്വം മൂളിക്കൊണ്ടു് നടക്കുകയായിരുന്നു. ഉച്ചവെയിൽ തെളിഞ്ഞു. തണുത്ത കാറ്റടിച്ചു. ആകാശത്തിൽ മേഘങ്ങൾ യൂറോപ്പിലേക്കു് യാത്രപോയി. കുറുമ്പിപ്രാവുകൾ നടപ്പാതയിൽ മെയ് വഴക്കം അഭ്യസിച്ചു. ചായപ്പീടികകളിലും ബാറുകളിലും പറഞ്ഞാലും തീരാത്ത രഹസ്യങ്ങൾ പറഞ്ഞുകൊണ്ടു് ജനം കൂട്ടുകൂടി. മെഹ്മെറ്റ് പള്ളിയുടെ മിനാരങ്ങൾ എല്ലാത്തിന്മേലും കണ്ണു് പായിച്ചുകൊണ്ടു് വെയിൽ കാഞ്ഞു. അള്ളാഹു അക്ബർ! ഇന്നു് നീ കാരുണ്യപൂർവം തന്ന നന്മകൾക്കൊക്കേയ്ക്കുമായി!
തണുത്ത ബിയർകൊണ്ടു് ഉന്മേഷത്തിനെ പിന്തുണയ്ക്കാൻ ഞാൻ ഒരു ബാറിനു് നേരെ തിരിഞ്ഞു. പിന്നിൽ നിന്നു് ആരോ ‘ഗോപീ’ എന്നു് വിളിച്ചുവെന്നു് എനിക്കു് തോന്നി. ഞാൻ ഒന്നു് നടുങ്ങി. പക്ഷേ, ഉടനെ എനിക്കു് കാര്യം പിടികിട്ടി. തുർക്കി ഭാഷയിലെ ഏതോ വാക്കു് ‘ഗോപീ’ എന്നു് തോന്നിപ്പിക്കുന്നതാണു്! പോടാ തെണ്ടീ! മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ! ഞാൻ മുന്നോട്ടു നടന്നു.
മുറ്റത്തിട്ടിരുന്ന മേശകൾക്കും കസേരകൾക്കുമിടയിലൂടെ ചെന്നു് ബാറിന്റെ വാതിൽ തുറക്കാനാഞ്ഞതും ഞാൻ ഞെട്ടിത്തെറിച്ചു. കാരണം, ഇതാ ആ വിളി വീണ്ടും! ആരോ ഓടിവന്നുകൊണ്ടു് വിളിക്കുകയാണു്. “ഗോപീ! എടാ ഗോപിനാഥൻ നായരേ! നിന്റെ ചെവി കേൾക്കില്ലേ?” തുർക്കിയുടെ ശബ്ദമല്ല, ഒരു മലയാളിസ്ത്രീയുടേതാണു്. ഈ ശബ്ദം എനിക്കറിയാമല്ലോ! പക്ഷേ, ഇസ്താംബൂളിൽ എന്നെയറിയുന്ന മലയാളിസ്ത്രീ ഇല്ലല്ലോ! ഭഗവാനേ! കത്രികപ്പൂട്ടു് മലയാളിസ്ത്രീയായി വന്നിരിക്കയാണോ?
എന്റെ തല തിരിഞ്ഞുതിരിഞ്ഞുപോയി. പക്ഷേ, ഞാൻ പിടിച്ചുനിന്നു. സ്വന്തം അമ്മയാണു് വിളിച്ചതെങ്കിലും ദേശസ്നേഹിയും അപരനാമധാരിയുമായ ഒരു രഹസ്യപ്പൊലീസുകാരൻ തിരിഞ്ഞുനോക്കുമോ?
യാതൊന്നുമറിയാത്തപോലെ ഞാൻ ബാറിന്റെ വാതിൽ പാതിതുറന്നു. അപ്പോൾ വളകിലുങ്ങുന്ന ഒരു കൈ എന്റെ ഷർട്ടിൽ പിടിച്ചു് എന്നെ പുറകോട്ടു വലിച്ചു. “എടാ കള്ളാ! ഇവിടെ നോക്ക്” ഞാൻ തല തിരിച്ചില്ല. ബലം പിടിച്ചു.
ഞാനോർത്തു: ഒരുപക്ഷേ, കാലനായിരിക്കുമോ ഷർട്ടിൽ പിടിച്ചിരിക്കുന്നതു്! ഇസ്താംബൂളിലെ കാലൻ പെണ്ണാണോ! അയ്യോ! പക്ഷേ, ആ വളകിലുക്കം നല്ല പരിചയമുണ്ടല്ലോ. ഞാൻ ഒരു കൈകൊണ്ടു് ഏലസ്സ് തപ്പിനോക്കി, അതവിടെയുണ്ടു്. ഇതെന്തു് ഇന്ദ്രജാലമാണു്? ഇതാ ആ സ്ത്രീശബ്ദം എന്നെ എടാ പട്ടിക്കുറുക്കാ എന്നു് വിളിക്കുന്നു! ഇനി ഇതിനെ നേരിടാതെവയ്യ. എന്തും വരട്ടെ, ഞാൻ എന്നെപ്പിടിച്ച കൈയുടെ ഉടമയ്ക്കുനേരെ തിരിഞ്ഞു. ഒരു നോട്ടം നോക്കി. എന്റെ കാലുകളിലൂടെ ഒരു തരിപ്പു് പാഞ്ഞുകയറി. പക്ഷേ, എന്നിലെ രഹസ്യപ്പൊലീസ് ഉടനെ ചാർജ്ജെടുത്തു. വിദൂരതയിലേക്കു് കണ്ണയച്ചുകൊണ്ടു് ഞാൻ പറഞ്ഞു, “മാഡം, യു ആർ മിസ്ടേക്കൺ, അയാം നോട്ടു് ദ് പെഴ്സൺ യു വാണ്ട്.”
ജോസഫ് ജെയിംസേ, ദേശസ്നേഹമാകുന്ന വാൾകൊണ്ടു് പടവെട്ടു! അവൾ എന്റെ മുഖം അവളുടെ മുഖത്തിനു് നേരെ പിടിച്ചുതിരിച്ചുകൊണ്ടു് പറഞ്ഞു: “എന്റെ മുഖത്തു് നോക്കടാ ഗോപീ. നിന്റെ പഴയ കള്ളസ്വഭാവം മാറിയിട്ടേയില്ലല്ലോ! നുണയും ഒഴിഞ്ഞുമാറലും തെന്നലും വഴുതലും എല്ലാം അതേപടി.” എന്നിലെ രഹസ്യപ്പൊലീസ് വീണ്ടും ആ വെല്ലുവിളി സ്വീകരിച്ചു. ഞാൻ ഗംഭീരമായ ഒരു ശബ്ദത്തിൽ പറഞ്ഞു: “സോറി, മൈ നെയിം ഈസ് ജോസഫ് ജെയിംസ്. യു ആർ ടോക്കിങ്ങ് ടു ദ് റോങ് പെഴ്സൺ.” അന്നമ്മ ചിരിയോടു് ചിരി. ചിരിച്ചു ചിരിച്ചു് അവൾക്കു് കണ്ണീർ വന്നു. ചുറ്റുമിരിക്കുന്ന വിനോദസഞ്ചാരി വെള്ളക്കാർ അവളുടെ ചിരിയും എന്റെ കുലുങ്ങാത്ത നിൽപ്പും ആസ്വദിച്ചു് തലകുലുക്കുകയും ചിയേഴ്സ് പറയുകയും ചെയ്യുന്നു.
“നീ ക്രിസ്ത്യാനിയുമായോടാ?” ചിരിയടക്കി അവൾ ചോദിച്ചു. “അയ്യോ!എനിക്കു വയ്യ! ഞാനുണ്ടായിരുന്നെങ്കിൽ നിന്നെ ഈ മണ്ടത്തരം കാണിക്കാൻ വിടുമായിരുന്നോ?”
അവൾ എന്നെ തള്ളിക്കൊണ്ടുപോയി ഒരു മേശയ്ക്കൽ ഇരുത്തി. വെള്ളക്കാർ വിക്ടറി അടയാളം കാണിച്ചു് കൈയടിച്ചു.
ഞാൻ അവളോടു് പറഞ്ഞു: “എടീ, ദൈവത്തെ ഓർത്തു് ദേശസ്നേഹം കൈവിടാതെ. എന്നെ ഗോപിയെന്നു് വിളിക്കാതെ. ഞാൻ എല്ലാകഥയും പറയാം.”
അവൾ പറഞ്ഞു: “നീ ബിയറും തുർക്കി പോർക്കുകൊണ്ടുള്ള ഡിമ്പിൾസും ഓർഡർ ചെയ്യ്. നിന്റെ കഥ കേൾക്കണമെങ്കിൽ എനിക്കു് ആത്മബലം വേണം.”
ഞാൻ ഓർഡർ കൊടുത്തു. “എടാ”, അന്ന ചോദിച്ചു. “ഇതെന്താ സംഗതി? നീ ഒളിവിലാണോ? മതം മാറിയതെന്തിനു്? അതിനുതക്ക എന്തു മണ്ടത്തരമാണു് നീ ഒപ്പിച്ചതു്?”
ഞാൻ ചുറ്റും ഒന്നു് കണ്ണോടിച്ചിട്ടു് അവളോടു് മന്ത്രിച്ചു. “അന്നേ, ഞാനൊരു രഹസ്യപ്പൊലീസാണു്. അണ്ടർ കവറാണു്.”
വെള്ളക്കാരെ നടുക്കിക്കൊണ്ടു് അവൾ വീണ്ടും പൊട്ടിച്ചിരിച്ചു. “നീ എപ്പോളാണു് അണ്ടർ കവർ അല്ലാതിരുന്നിട്ടുള്ളതു്? ജീവിതം പൂർണമായും അണ്ടർ കവർ. നീ മൂടിവയ്ക്കാതെ എന്തെങ്കിലും ചെയ്തിട്ടുള്ളതു് കിടപ്പറയിലല്ലേയുള്ളൂ?”
ആശങ്കയോടേ ചുറ്റും നോക്കിക്കൊണ്ടു് ഞാൻ പറഞ്ഞു, “അന്നേ, നീ തമാശ പറയാതെ. നമുക്കു ചുറ്റും അദൃശ്യങ്ങളായ കണ്ണുകളും ചെവികളും ക്യാമറകളും റിക്കാർഡറുകളും ഒളിഞ്ഞിരിപ്പുണ്ടു്. നിന്റെ ദേശസ്നേഹം എവിടെപ്പോയി? നീ ഒന്നു് മിണ്ടാതിരിക്കു്. ചിരിക്കുമ്പോൾ ഇത്രയും ശബ്ദം വയ്ക്കാതെ. ഞാൻ എല്ലാം പറയാം.”
ഞാൻ എല്ലാം പറഞ്ഞു—ഇസ്താംബൂൾ വനിതകളുമായുള്ള എന്റെ സംഗീതക്കച്ചേരികളുടെ കാര്യമൊഴിച്ചു്.
അന്ന പറഞ്ഞു: “എടാ, രാത്രിമുഴുവനും ഞാൻ നിനക്കു് ഐ. പി. എസ്സിനു് പറഞ്ഞുതന്നതെന്തിനാ?”
എന്തുത്തരമായിരിക്കും അവൾക്കിഷ്ടപ്പെടുക എന്നറിഞ്ഞുകൂടാത്തതുകൊണ്ടു് ഞാനൊന്നും മിണ്ടിയില്ല. പ്രണയം കൊണ്ടാകാനേ വഴിയുള്ളല്ലൊ.
അവൾ പറഞ്ഞു, “ഞാൻ പറയാം. നിന്റെ മനഃശ്ശാസ്ത്രം തകരാറാണെങ്കിലും നിന്റെ കാമശാസ്ത്രം ഉദാത്തമാണു്. അതാണു് കാര്യം. പിന്നെ നീ നല്ല നായരുമാണു്. അതുകൊണ്ടാണു് നിന്നെ ഞാൻ ശിഷ്യപ്പെടുത്തിയതു്. പക്ഷേ, പറക്കവെച്ചപ്പോൾ നീ മുങ്ങി, നിനക്കു് സ്വാതന്ത്ര്യം വേണം! എടാ, പൊലീസേ, ആ സ്വാതന്ത്ര്യം നിനക്കു് സെക്സ് വർക്കർമാരേ തരുള്ളൂ, ട്ടോ. അതിനെപ്പറ്റി വേറെ സ്വപ്നമൊന്നും വേണ്ടാ, ട്ടോ. എങ്ങനെയുണ്ടു് ഇവിടത്തെ സെക്സ് വർക്കികൾ?”
“അയ്യോ!” ഞാൻ പറഞ്ഞു.
“എംബസികളിലെ വശീകരണ വിദുഷികളോ?”
“അയ്യോ!”
ഞാനവളെ കുണ്ഠിതത്തോടെ നോക്കി. ഇങ്ങനെയൊക്കെ ചോദിക്കാൻ പാടുണ്ടോ? ഞാൻ ഒരു ഐ. പി. എസ്സല്ലേ?
“മസ്സൂറിയിൽ പരിശീലനകാലത്തു് നീ പ്രണയിച്ച ആ ഒറീസ്സക്കാരി പൊലീസെവിടെ?”
“അതു് നീയെങ്ങനെ അറിഞ്ഞു?”
“ആ ബാച്ചിൽ എന്റെ പേരമ്മേടെ മകൻ ജോയിയുണ്ടായിരുന്നു.”
“അവൾ എവിടെയോ പോയി. നാഗാലാൻഡിലാണെന്നു് തോന്നുന്നു.”
“ഇപ്പോൾ വേറെ ആരുണ്ടു്?”
“അയ്യോ!” ഞാൻ പറഞ്ഞു.
“അപ്പോൾ നീ ഫ്രീയാണെന്നു് ചുരുക്കം.”
എന്റെ നെഞ്ചു് തകർന്നു. ഞാനോ? ഫ്രീയോ? ഞാൻ ഫ്രീയാണോ? എന്താണു് ഫ്രീഡം? ഇസ്താംബൂളിൽ ആർക്കെങ്കിലും ഫ്രീയാകാൻ പറ്റുമോ?
അന്ന പറഞ്ഞു, “വാ, എന്റെ ഹോട്ടൽ മുറിയിലേക്കു്. ക്രിസ്ത്യാനിയും രഹസ്യപ്പൊലീസുമായി മതം മാറിയ നിന്നെ ഒന്നു നല്ലതുപോലെ കാണട്ടെ.”
അപ്പോളാണു് എനിക്കു് ചോദിക്കാൻ ഓർമ വന്നതു്. “നീ ഇവിടെ എന്തു ചെയ്യുകാ?”
അവൾ പറഞ്ഞു, “എടാ, ഞാൻ ഔസേപ്പിനെ ഡിവോഴ്സ് ചെയ്തു. ബൊഗോട്ടയിൽചെന്നു് ഡോളർ ഇഷ്ടംപോലെ വരാൻ തുടങ്ങിയപ്പോൾ അവനു പേടിയായി. ഭക്തിയായി. അവനൊരു അമിത ക്രിസ്ത്യാനിയായി. രാത്രിയ്ക്കെണീറ്റിരുന്നു് പ്രാർത്ഥിക്കാൻ കിടപ്പറ വേറെയാക്കി. ഞാൻ ഡിവോഴ്സ് എടുത്തു് ഇങ്ങോട്ടു് സ്ഥലം മാറ്റവും വാങ്ങി. ഹഹഹ! ഇതു് കൊള്ളാം! നീയും ഫ്രീ! ഞാനും ഫ്രീ!”
എന്റെ ഹൃദയം പൊട്ടിക്കരഞ്ഞു. പത്മനാഭൻ ചേട്ടാ, ആ വരിയെന്താണു്? വിനാശകാലേ… സംപ്രാപ്തേ… നഹി നഹി രക്ഷതി… ഏലസ്സ് എന്നെ രക്ഷിക്കുമോ? അയ്യോ! കറുകച്ചാലിനു് തിരിച്ചുപോയാലോ?
ഹോട്ടൽമുറിയിൽ അവളെന്റെ ഏലസ്സ്കണ്ടുപിടിച്ചു. “ഇതെന്തു് മന്ത്രവാദമാ?” അവൾ ചോദിച്ചു. “മുമ്പ് ഇങ്ങനെയൊന്നില്ലായിരുന്നല്ലോ”
“രക്ഷ”, ഞാൻ പറഞ്ഞു.
“ആരിൽ നിന്നു്?”
ഞാൻ പറയാതെയെന്തോ പറഞ്ഞു.
“നീ എന്തോ പറഞ്ഞോ?” അവൾ ചോദിച്ചു.
“ഇതിലെല്ലാം ഒരു ഗുണപാഠമുണ്ടോയെന്നു് ആലോചിക്കുകയായിരുന്നു.”
“എടാ ഗോപിനാഥൻ നായരെ”, അവൾ പറഞ്ഞു. “ഞാൻ അന്നു് പറഞ്ഞില്ലേ? ജീവിതം ഭൂമിപോലെ ഉരുണ്ടതാണു്. അതാണു് ഗുണപാഠം.”
“ഭയങ്കരം”, ഞാൻ പറഞ്ഞു.
“ഇപ്പോളാണു് ഒരു കാര്യം ഓർത്തതു്.” അവൾ പറഞ്ഞു. “ബൊഗോട്ടയിൽ യോഗ ക്സാസിൽ പഠിച്ചതാണു്. ഏതോ ഫേമസ് ഫിലോസഫർ പറഞ്ഞതാണത്രേ. ഇതിലും എന്തെങ്കിലും ഗുണപാഠമുണ്ടോന്നു് നോക്കു്. കേട്ടിട്ടു് നിന്റെ മേഖലപോലെ തോന്നുന്നു. അതായതു് മരണം വന്നു പിടികൂടുമ്പോൾ ഗ്രാമർ പറഞ്ഞൊന്നും കുതറാൻ പറ്റില്ലത്രെ. ദീർഘകാലാടിസ്ഥാനത്തിൽ ഈശ്വരനെ ഭജിക്കുന്നതാണു് ബെസ്റ്റത്രെ. ശ്ലോകം ഫോണിൽ കിടപ്പുണ്ടു്. ഞാൻ വായിക്കട്ടെ?”
“ഹേയ് വേണ്ട.” ഞാൻ നടുങ്ങിക്കൊണ്ടു് പറഞ്ഞു. “ഇതൊക്കെ ഒരു നായർക്കു് മനഃപാഠമാണു്.”
“ഇവിടെ എത്ര നാൾ നിൽക്കാനാണു് നിന്റെ പ്ലാൻ?” ഞാൻ ചോദിച്ചു.
“ബോറടിക്കുന്നതുവരെ. നിനക്കെന്താ പേടിയാകുന്നുണ്ടോ?”
“ഹേയ് ഒരിക്കലുമില്ല!” ഏലസ്സിൽ മുറുക്കിപ്പിടിച്ചുകൊണ്ടു് ഞാൻ പറഞ്ഞു. “ഭജഗോവിന്ദം!”