മറിയയുടെ വാക്കുകൾ ഒരു കത്തിപോലെ രാജേഷിന്റെ ഹൃദയത്തിൽ കുത്തിക്കയറി. അവൾ അതിരാവിലെ തൊഴുത്തിലേക്കു കയറിവന്നപ്പോൾ അവൻ ദേവകിയെ കറക്കാൻ തുടങ്ങിയതേയുള്ളൂ. അവന്റെ ഹൃദയം അപ്പോൾ പ്രണയം കൊണ്ടു തുള്ളിച്ചാടി. ഇന്നലെ വൈകിട്ടു് ഡൽഹിയിൽനിന്നു വന്ന അവൾ ഇത്ര രാവിലെ എന്നെ കാണാൻ വന്നല്ലോ!
‘മറിയേ, ഞാൻ ഇതാ വന്നു. ഇവരെയും കൂടി തീർക്കണം’ എന്നു പറഞ്ഞുകൊണ്ടു് അവൻ അപ്പുറത്തു പുല്ലു ചവച്ചുകൊണ്ടുനിന്ന അമ്മിണിക്കും ദാക്ഷയ്ക്കും റാണിക്കും നേരെ ആംഗ്യം കാണിച്ചു.
ദേവകി സന്തോഷപൂർവ്വം ചുരത്തിക്കൊണ്ടിരുന്നു. ശ്ശീ, ശ്ശീ എന്നു പാൽ രാജേഷിന്റെ കാൽമുട്ടുകൾക്കിടയിലിരുന്ന പാത്രത്തിലേക്കു ചീറ്റി. അവൻ മറിയയോടു ഡൽഹി വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഇടയിൽ ദേവകിയെ വിട്ടു് ദാക്ഷയുടെ അകിടിലേക്കു മാറി.
അവളുടെ അപ്പൻ പാലാക്കാരൻ സണ്ണിച്ചേട്ടന്റേതു് തൊട്ടടുത്ത പറമ്പാണു്. സണ്ണിച്ചേട്ടനും രാജേഷിന്റെ അച്ഛൻ ഗോപാലൻ നായരും ഒറ്റക്കെട്ടാണു്. ഒന്നിച്ചാണു് അവർ പറങ്കിമാങ്ങ റാക്ക് വാറ്റുന്നതു്. ഒന്നിച്ചാണു് ജീപ്പു് പിടിച്ചു് ഉല്പന്നങ്ങളുമായി കാസർകോട്ടു പോകുന്നതു്. ഒന്നിച്ചാണു് കുടുംബസമേതം മംഗലാപുരത്തുനിന്നു സാധനം വാങ്ങുന്നതു്. ഒറ്റക്കാര്യത്തിൽ മാത്രം അവർ രണ്ടാണു്. നായർ കമ്യൂണിസ്റ്റാണു്; സണ്ണിച്ചേട്ടൻ കോൺഗ്രസും. ഓ, അതിലെന്തിരിക്കുന്നു എന്നു രണ്ടുപേരും പറയും.
മറിയ പ്ലസ്ടുവിനു റാങ്ക് വാങ്ങി ജയിച്ചപ്പോൾ അവൾ രാജേഷിനോടു പറഞ്ഞു, ‘എടാ, എനിക്കു് ഇനിയും പഠിക്കണം. ഈ കാട്ടിൽനിന്നു പുറത്തു ചാടണം. ഈ പച്ചപ്പു കണ്ടു് ഞാൻ മടുത്തു. പാർട്ടി പ്രവർത്തനം എനിക്കിഷ്ടമാണു്. ഞാൻ പാർട്ടി വിടില്ല. പക്ഷേ, എനിക്കു സ്ഥലം വിടണം.’

രാജേഷ് പ്ലസ്ടു കഷ്ടിച്ചു കടന്നു കൂടിയതേയുണ്ടായിരുന്നുള്ളൂ. നായർ അവനോടു പറഞ്ഞു, ‘എടാ അതു സാരമില്ല. നീ എൻജിനീയറും ഒന്നും ആകണ്ട. ഈ തോട്ടം ശരിക്കു നോക്കി നടത്തിയാൽ നിനക്കു് മാനംമര്യാദയുള്ള ഒരു കമ്യൂണിസ്റ്റായി ജീവിക്കാം. കല്യാണം നല്ലതു കിട്ടാൻ വേണമെങ്കിൽ ഡിഗ്രി എടുത്തോ.’
അച്ഛന്റെ ആശ്വാസവാക്കുകൾക്കു പിന്നിൽ യഥാർത്ഥത്തിൽ പ്രവർത്തിച്ച ശക്തി ഒരു പണിക്കാരനെ നഷ്ടപ്പെടുന്നതിന്റെ സങ്കടമാണു് എന്നു രാജേഷിനു് ഉത്തമബോധ്യമുണ്ടായിരുന്നു. പക്ഷേ, ഒരു നല്ല കമ്യൂണിസ്റ്റായ താൻ കമ്യൂണിസ്റ്റായ അച്ഛനെ മുഖവിലയ്ക്കെടുക്കാതിരുന്നാൽ?
സണ്ണിച്ചേട്ടനും റോസമ്മയ്ക്കും മകൾ കമ്യൂണിസ്റ്റായതിൽ വിഷമമൊന്നുമില്ലായിരുന്നു. അവൾ ആ രാജേഷിന്റെ പാർട്ടിയിലാണു് എന്നാണവർ പറഞ്ഞതു്. സമരത്തിനു പോയി രാത്രി താമസിച്ചാലും അവൻ ബൈക്കിൽ കൊണ്ടുവന്നു വിടും. അല്ലെങ്കിലും ക്രിസ്ത്യാനിപ്പെണ്ണുങ്ങൾ കമ്യൂണിസ്റ്റാകരുതെന്നു് ക്രിസ്തു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
സ്ഥലം വിടണം എന്നു മറിയ പറഞ്ഞപ്പോൾ രാജേഷ് സങ്കടത്തോടെ അവളോടു ചോദിച്ചു: ‘അപ്പോൾ നീ എന്നെ മറക്കുമോ?’
അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, ‘ഇല്ലെടാ.’
രാജേഷ് ദാക്ഷയെ വിട്ടു് അമ്മിണിയുടെ അകിടു് വെള്ളമൊഴിച്ചു കഴുകി. അവൻ മറിയയോടു ചോദിച്ചു: ‘അപ്പോൾ പാർട്ടിപ്രവർത്തനം ഡൽഹിയിൽ കുറവാണു് അല്ലേ? നമ്മുടെ തലസ്ഥാനമായിട്ടും! എന്താ അങ്ങനെ?’
മറിയ ഒന്നും പറഞ്ഞില്ല. അവൻ അവളെ തിരിഞ്ഞുനോക്കി. അവൾ പുറത്തേക്കു കണ്ണയച്ചു ചിന്തിച്ചു നിൽക്കുകയാണു്. അവൾ പറഞ്ഞു, ‘എടാ എനിക്കു കുറച്ചു കാര്യങ്ങൾ നിന്നോടു പറയാനുണ്ടു്.’
അവൻ കറവ തുടർന്നുകൊണ്ടു പറഞ്ഞു, ‘പറ.’
അവന്റെ നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടാകാതിരുന്നില്ല. ഡൽഹിയിൽ വേറെ പ്രണയമായി എന്നു പറയാൻ പോകുകയാണോ?
മറിയ പറഞ്ഞു, ‘രാജേഷേ, നമ്മൾ കണ്ടതൊന്നുമല്ല കമ്യൂണിസം. നമ്മൾ കമ്യൂണിസത്തെ അപനിർമ്മാണം ചെയ്യണം. നമ്മളെത്തന്നെ പുനർനിർവ്വചിക്കണം. മൂലധനാനന്തര ദർശനങ്ങൾകൊണ്ടു് ഈ ലോകത്തെ അടയാളപ്പെടുത്തണം.’
‘ഉവ്വോ?’ അവൻ ആത്മാർഥമായി ചോദിച്ചു.
‘അതെ.’ അവൾ പറഞ്ഞു. ‘അങ്ങനെ നോക്കുമ്പോൾ നീ ഇപ്പോഴൊരു ചുവരെഴുത്തു കമ്യൂണിസ്റ്റ് മാത്രമാണു്. ഒരു പോസ്റ്റർ ഒട്ടിക്കൽ കമ്യൂണിസ്റ്റ്. ഒരു മുദ്രാവാക്യ കമ്യൂണിസ്റ്റ്. ആ ലോകം അവസാനിച്ചു. നീ ഒരു പുതിയ കമ്യൂണിസ്റ്റാവണം.’
അവളുടെ ഈ വാക്കുകളാണു് അവന്റെ ഹൃദയം തകർത്തതു്. അവൾക്കു് വേറെ പ്രണയമായി എന്നു പറഞ്ഞാൽ അവനു് ഇത്ര വേദനിക്കില്ലായിരുന്നു. അവൾകൂടി അംഗമായ അവന്റെ പാർട്ടിയെപ്പറ്റിയാണു് അവളിതു പറഞ്ഞതു്. അവൻ തളർന്നുപോയി.
മറിയതന്നെയാണോ ഇതു പറഞ്ഞതു്! അവളും ഞാനും ഒരേ കമ്യൂണിസ്റ്റല്ലേ? ഒന്നിച്ചു മുദ്രാവാക്യം വിളിച്ചു്, ഒന്നിച്ചു പോസ്റ്റർ ഒട്ടിച്ചു്, ഒരു മെയ്പോലെ നടന്നവരല്ലേ? ഡൽഹിയിൽ അവൾക്കാരെങ്കിലും കൈവിഷം കൊടുത്തോ?
പാത്രത്തിലെ പാൽ ദൂരെയെറിഞ്ഞു് എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ അവനു തോന്നി. അവൻ കറവപോലും മറന്നു.
അവന്റെ കൈ അനങ്ങാതിരുന്നപ്പോൾ അമ്മിണി തലതിരിച്ചു് അവനെ ഒന്നു നോക്കി. ‘എന്തു ചെയ്യുകാ നായരേ? ഒന്നുകിൽ കറക്കു്, അല്ലെങ്കിൽ ക്ടാവിനെ വിട്ടു കുടിപ്പിക്കു്.’ രാജേഷ് ഒരു യന്ത്രത്തെപ്പോലെ കറവ തുടർന്നു.
ഒരു ചോദ്യം അവന്റെയുള്ളിൽ ഉയർന്നുവന്നു. റാണിയെയും ദാക്ഷയെയും ദേവകിയെയും അമ്മിണിയെയും സാക്ഷി നിർത്തി അവനതു ചോദിച്ചു, ‘പിന്നെയാരാണു് മറിയ സഖാവേ, യഥാർത്ഥ കമ്യൂണിസ്റ്റ്?’
അവൾ പറഞ്ഞു, ‘അത്ര എളുപ്പത്തിൽ പറഞ്ഞുവയ്ക്കാവുന്ന ഒന്നല്ല അതു്. നീ പ്രാരംഭമായി കുറച്ചു വായിക്കണം. ഒരു പ്രശ്നമുണ്ടു്. ഇംഗ്ലീഷ് പുസ്തകങ്ങളാണു്. നീ എന്തു ചെയ്യും?’
തന്റെ നെഞ്ചിടിപ്പു് ഉച്ചത്തിൽ കെട്ടുകൊണ്ടു രാജേഷ് ചോദിച്ചു:
‘സഖാവേ, ഞാൻ വേറൊന്നു ചോദിക്കട്ടെ? നമ്മൾ തമ്മിലുള്ള പ്രേമമോ?’
മറിയ പറഞ്ഞു, ‘എടാ, പ്രേമം നമ്മൾ വിമർശനപൂർവ്വമായ പുനർവായനയ്ക്കു് വിധേയമാക്കേണ്ട മറ്റൊരു വിഷയമാണു്.’
രാജേഷിന്റെ കൈ വീണ്ടും അനങ്ങാതായപ്പോൾ അമ്മിണിക്കു് അൽപം ദേഷ്യം വന്നു. അവൾ ഒരു കാലുയർത്തി അവനെ കറവക്കാര്യം ചെറുതായൊന്നോർമിപ്പിച്ചു. രാജേഷിന്റെ മുട്ടുകൾക്കിടയിലിരുന്ന പാൽപാത്രം മറിഞ്ഞു് പാൽ തൊഴുത്തിന്റെ തറയിലൂടെ പാതകൾ തേടിയലഞ്ഞു. അവൻ അമ്മിണിയെ വേദനാപൂർവം നോക്കി.
രാജേഷ് തിരിഞ്ഞുനോക്കുമ്പോൾ മറിയ പുറത്തേക്കു നടക്കുകയായിരുന്നു. അവൾ പറഞ്ഞു, ‘നമുക്കിതു കൂടുതൽ ചർച്ച ചെയ്യാം. സമയംപോലെ നീ വാ.’
തൊഴുത്തിന്റെ തറയിൽ അവളുടെ പാൽ പുരണ്ട കാൽപ്പാടുകൾ പതിഞ്ഞുകിടന്നു. അവയിലേക്കു നോക്കി നിന്നുകൊണ്ടു് രാജേഷ് സ്വയം പറഞ്ഞു: എനിക്കു മതിയായി. ഇന്നു ഞാൻ ആത്മഹത്യ ചെയ്യും. ഞാൻ കമ്യൂണിസ്റ്റായി മരിക്കും. പഴയ ചുമരെഴുത്തു്—പോസ്റ്റർ ഒട്ടിക്കൽ—മുദ്രാവാക്യ—കമ്യൂണിസ്റ്റ്. പശുക്കറവ കമ്യൂണിസ്റ്റ്. അവൾ പ്രേമം പുനർവായന നടത്തി വരുമ്പോൾ ഞാനുണ്ടാകില്ല.
രാജേഷ് ഉരുകുന്ന ഹൃദയവുമായി അമ്മിണിയെ ബാക്കി കറന്നു. റാണിയെയും കറന്നു. മരിക്കും മുൻപു് ജോലികൾ തീർക്കണം. പാലു വാങ്ങാൻ ഇപ്പോൾ ആൾ വരും. എനിക്കു് സമൂഹത്തോടു് ഒരു കടമയുണ്ടു്.
അവൻ വീട്ടിലെത്തി രണ്ടു പാൽപ്പാത്രങ്ങളും വരാന്തയിൽ വച്ചു. അമ്മ മൂക്കിൽ വിരൽ വച്ചുകൊണ്ടു ചോദിച്ചു, ‘എന്താടാ രാജേഷേ, ഒന്നു പാതിയായിപ്പോയതു്? ഇങ്ങനെയാണോ നിന്റെ കറവ?’
രാജേഷ് ഒന്നും പറഞ്ഞില്ല. അമ്മ പറഞ്ഞു, ‘നാളെ ഞാൻ കറന്നോളാം.’ വേണ്ടിവരും, രാജേഷ് തനിക്കുള്ളിൽ പറഞ്ഞു.
കുളിക്കാൻ കിണറ്റുകരയിലേക്കു നടക്കുമ്പോഴാണു് അവൻ ആലോചിച്ചതു്. എങ്ങനെയാണു് ആത്മഹത്യ ചെയ്യുക? കിണറ്റിലേക്കു ചാടിയാലോ? പക്ഷേ, കിണർ പിന്നെ ആർക്കും ഉപയോഗിക്കാൻ പറ്റില്ല. എന്റെ പ്രേതത്തെ പേടിച്ചു് ആരും അടുത്തു പോകില്ല. അച്ഛനും അമ്മയും പെങ്ങന്മാരും ഒന്നുചേർന്നു് എന്നെ ശപിക്കും. ആർക്കും ശല്യമില്ലാത്ത ഒരു വഴി അപ്പോൾ അവനു തോന്നി. പറങ്കിമാവിൽനിന്നു തൂങ്ങാം. പ്രശ്നമില്ല.
പ്രാതൽ കഴിക്കാൻ അടുക്കളയിലെത്തിയപ്പോൾ കണ്ട കാഴ്ച രാജേഷിനെ നിരാശയിലാഴ്ത്തി ഇഡ്ഡലി! മുടിഞ്ഞ ഇഡ്ഡലി! ഇന്നും! ഒരു പത്തിരി—കോഴിക്കറി കണ്ട കാലം മറന്നു. പെങ്ങൾ ഇഡ്ഡലി വിളമ്പിയപ്പോൾ അവൻ അവളുടെ കൈക്കു തട്ടി. അവൾ ചോദിച്ചു: ‘നിനക്കു് പിശാചു് കയറിയോ, രാജേഷേ? വേണെങ്കിൽ തിന്നിട്ടുപോ.’ അവൻ പറഞ്ഞു, ‘പോടീ പട്ടീ.’ കഷ്ടം, അവൻ ചിന്തിച്ചു, ഇതാണു് എന്റെ അവസാനത്തെ അത്താഴത്തിന്റെ സ്ഥിതി! നശിച്ച ഇഡ്ഡലി!
കയർ എവിടെയുണ്ടെന്നു് അവനു് അധികം ആലോചിക്കേണ്ടി വന്നില്ല. കുഞ്ചുക്കുണ്ടനെ കെട്ടാൻ— അവനൊരു വയസ്സായി; ചാട്ടം കൂടുതലാണു്—അച്ഛൻ വാങ്ങിയ പുതിയ പ്ലാസ്റ്റിക് കയർ തൊഴുത്തിന്റെ അഴിയിൽ കിടപ്പുണ്ടു്. അവൻ ഒരു ചുവന്ന ഷഡ്ഡി തിരഞ്ഞെടുത്തു. വലിയ ചുവന്ന കരയുള്ള വെള്ളമുണ്ടു് ഉടുത്തു. ഇഷ്ടപ്പെട്ട ഒരു നീല ഷർട്ടു് അണിഞ്ഞു. മുടി ചീകി. മുഖത്തു് അൽപം പൗഡർ പുരട്ടി. അടുക്കളയിൽ എത്തിനോക്കി.
ആരുമില്ല. ഒരു ചെറിയ കത്തിയെടുത്തു് എളിയിൽ തിരുകിക്കൊണ്ടു് സ്വയം പറഞ്ഞു: ഇതിനുള്ള ചീത്തവിളി വേറെ.
മുറ്റത്തിറങ്ങി വെട്ടുവഴിയിലേക്കു നടന്നപ്പോൾ അച്ഛൻ ചോദിച്ചു: ‘എങ്ങോട്ടാ?’
രാജേഷ് പറഞ്ഞു, ‘പാർട്ടിയാപ്പീസിലൊന്നു പോകണം.’
‘എന്താ ബൈക്ക് എടുക്കാത്തതു്?’
‘സ്റ്റാർട്ടിങ് ട്രബിൾ’ രാജേഷ് പറഞ്ഞു.
‘വേഗം വരണം’ അച്ഛൻ പറഞ്ഞു. റബർഷീറ്റ് അടുക്കാൻ അമ്പുവിനു കൂടിക്കൊടുക്കണം. രാജേഷ് തനിക്കുള്ളിൽ പറഞ്ഞു. എന്റെ പ്രിയപ്പെട്ട അച്ഛാ, ലാൽ സലാം, ബൈ, ബൈ. അതെല്ലാം അടുത്ത ജന്മത്തിൽ.
വീടു് കണ്ണിൽനിന്നു മറഞ്ഞപ്പോൾ അവൻ ചുറ്റുമൊന്നു നോക്കിയിട്ടു് കുരുമുളകു തോട്ടത്തിലേക്കു ചാടി മറഞ്ഞു. തൊഴുത്തിൽ അമ്പുവില്ലെന്നു് ഉറപ്പാക്കി അകത്തു കയറി അഴിയിൽ നിന്നു പ്ലാസ്റ്റിക് കയറെടുത്തു. ഇതിനും കിട്ടും എനിക്കു് അച്ഛന്റെ വക, അവൻ ഉള്ളിലോർത്തു. അച്ഛന്റെ ഒരൻപതു രൂപയെങ്കിലും ഇതിൽ പൊടിഞ്ഞു.
നാലു പയ്യുകളോടുമായി അവൻ പറഞ്ഞു: ‘നമ്മൾ ഇനി കാണില്ല കൂട്ടരേ.’ കുഞ്ചുക്കുണ്ടന്റെ പുറത്തു തട്ടി ‘എടാ നന്നായി വാ’ എന്നു പറഞ്ഞപ്പോൾ അവനു സങ്കടം വന്നു. കുണ്ടൻ മുൻകാലുകൾ പറിച്ചു് അവനു നേരെ ഒന്നു കുതിച്ചു.
കയർ ഷർട്ടിനടിയിൽ എളിയിൽ തിരുകി അവൻ പറങ്കിമാവു തോട്ടത്തിലേക്കു വേഗം നടന്നു. അവൻ ആലോചിച്ചു: ഇങ്ങനെയാണു് എന്റെ അന്ത്യയാത്ര, അല്ലേ? ഞാൻ തനിച്ചു് എന്റെ അന്ത്യയാത്ര നടത്തുന്നു. പാർട്ടിയുമില്ല, കാമുകിയുമില്ല, വീട്ടുകാരുമില്ല.
ഒരു പറങ്കിമാവു് തിരഞ്ഞെടുക്കാൻ അൽപ സമയമെടുത്തു. കാരണം, കായ്ഫലമില്ലാത്തതു വേണം. നല്ല പറങ്കിമാവിൽ തൂങ്ങി അതു വെട്ടിക്കളയേണ്ടി വരുമ്പോൾ അച്ഛന്റെ വായിലിരിക്കുന്നതു മുഴുവൻ കേൾക്കും. കാടു കയറിയ ഒരു കോണിൽ കേടുവന്ന ഇല കൊഴിഞ്ഞുനിന്ന ഒരു മരം അവൻ കണ്ടു. അവന്റെ ഉയരത്തിനു പറ്റിയ ഒരു കൊമ്പു് കണ്ടുപിടിച്ചു് അതിൽ കയറിനിന്നു രണ്ടുമൂന്നു തവണ ബലം പരീക്ഷിച്ചു. ഒടിഞ്ഞില്ല. അവൻ അതിലിരുന്നുകൊണ്ടു് കയറിന്റെ ഒരറ്റം അതിൽ ബലമായി കെട്ടി. എളിയിൽനിന്നു കത്തിയെടുത്തു് ശരിയായ നീളത്തിൽ കയർ മുറിച്ചു് കുടുക്കിട്ടു. അതിന്റെ ബലം പരീക്ഷിച്ചു. എന്നിട്ടു താഴെച്ചാടി അവനു് കയറിനിൽക്കാൻ ഒരു കല്ലു് തേടിപ്പിടിച്ചു. അതു കുടുക്കിനു നേരെ കീഴിൽ വച്ചു. കല്ലു് ഒന്നുരണ്ടു തവണ തൊഴിച്ചു മറിച്ചിട്ടു് പരീക്ഷിച്ചു. എന്നിട്ടു് അതിൽ കയറി തല കുടുക്കിൽ കടത്തി നിന്നു. ഉയരം ശരിയാണു്. അവൻ കുടുക്കിൽനിന്നു തലയെടുത്തു് താഴെയിറങ്ങി നിന്നു.
രാജേഷ് ആദ്യം വിട പറഞ്ഞതു് പാർട്ടിയോടാണു്. എന്റെ പാർട്ടീ, ലാൽസലാം! ഞാൻ കമ്യൂണിസ്റ്റായിത്തന്നെ മരിക്കുന്നു. നന്ദി. നമസ്കാരം. അച്ഛൻ, അമ്മ, പെങ്ങന്മാർ എന്നിവരോടു് അവർ ഒറ്റവാചകത്തിൽ വിടപറഞ്ഞു. എല്ലാവർക്കും നന്ദി, നമസ്ക്കാരം.
മറിയയോടു വിടപറയേണ്ട ഒരാവശ്യവും അവൻ കണ്ടില്ല. കമ്യൂണിസ്റ്റുകൾ എന്ന നിലയിലും ഞങ്ങളുടെ പാതകൾ പിരിഞ്ഞുകഴിഞ്ഞു. എന്റെ മരണം നിനക്കൊരു പാഠമായിത്തീരട്ടെ എന്നു മാത്രം അവൻ പറഞ്ഞു.
പെട്ടെന്നവനു് അമ്മിണിയെയും ദാക്ഷയെയും ദേവകിയെയും റാണിയെയും ഓർമ്മ വന്നു. അവൻ പറഞ്ഞു. ലാൽസലാം സഖാക്കളേ! വിട! നിങ്ങളുടെ എല്ലാ സഹകരണത്തിനും നന്ദി. ഇനിയാണു് എന്റെ കർത്തവ്യം എന്നു പറഞ്ഞുകൊണ്ടു് അവൻ കല്ലിൽ കയറിനിന്നു് തല കുടുക്കിലിട്ടു. പല ചോദ്യങ്ങളും അവന്റെയുള്ളിൽ പൊന്തിവന്നു. വേദനിക്കുമോ? ഭയങ്കര വേദനയായിരിക്കുമോ? ഉറപ്പായും മരിക്കുമോ? മുഖം ഭംഗിയായി ഇരിക്കുമോ? പെട്ടെന്നാണു് മറ്റൊരു ചോദ്യം ഉയർന്നു വന്നതു്. ഒരു നല്ല കമ്യൂണിസ്റ്റ് ആത്മഹത്യ ചെയ്യുമോ? അവൻ രക്തസാക്ഷിയായേക്കാം. പക്ഷേ, ആത്മഹത്യ? ആത്മഹത്യ ചെയ്ത ഒരു നേതാവിന്റെ പേരു പറയൂ, അവൻ അവനോടു തന്നെ ആവശ്യപ്പെട്ടു. സഖാവു് ലെനിൻ ചെയ്തില്ല. സഖാവു് സ്റ്റാലിൻ ചെയ്തില്ല. സഖാവു് മാവോ ചെയ്തില്ല. സഖാവു് ചെ ചെയ്തില്ല. സഖാവു് കാസ്ട്രോ ചെയ്തില്ല. മാർക്സോ ഏംഗൽസോ ചെയ്തില്ല. ഇല്ല! ആത്മഹത്യ ഒരു നല്ല കമ്യൂണിസ്റ്റുകാരന്റെ പ്രവർത്തനപഥമല്ല. കാമുകി താഴ്ത്തിക്കെട്ടിയാലും അവനതു ചെയ്യില്ല. പുതിയ കമ്യൂണിസത്തെ പേടിച്ചും അവനതു ചെയ്യില്ല. അവൻ ചെറുത്തുനിൽക്കും. പ്രതിരോധിക്കും.

ഒരുനിമിഷം അവൻ അതോർത്തു കണ്ണടച്ചു നിന്നു. എന്നിട്ടു് തല കുടുക്കിൽ നിന്നെടുത്തു കയറിനിന്ന കാൽ താഴോട്ടുവച്ചതും പുല്ലാന്നിക്കാടിനപ്പുറത്തുനിന്നു് അമ്പുവിന്റെ ഉറക്കെയുള്ള ഒച്ചയും പശുക്കളുടെ അമറലും കേട്ടു. അവൻ നടുങ്ങി. അമ്പുവും പശുക്കളും അങ്ങോട്ടു വരികയാണു്!
എന്റെ ഗുരുവായൂരപ്പാ! രാജേഷിനു് മരക്കൊമ്പിൽ നിന്നു കയർ ഊരാനോ താഴെ കല്ലു് തള്ളിമാറ്റാനോ കഴിയും മുൻപു് പുല്ലാന്നിക്കാട്ടിലൂടെ പശുക്കളുടെ തലകൾ പ്രത്യക്ഷപ്പെട്ടു. അവർ രാജേഷിനെ കണ്ടു് സന്തോഷം താങ്ങാനാവാതെ കാടു് തകർത്തു മുന്നോട്ടു കുതിച്ചു. അവൻ ഒറ്റച്ചാട്ടത്തിനു് അപ്പുറത്തെ ഇടവഴിയിൽ ചെന്നു വീണു. ഉരുണ്ടുപിടഞ്ഞെണീറ്റു് മുണ്ടു പറിച്ചു് ദേഹവും തലയും മൂടിക്കൊണ്ടു് ഓടി. അമ്പു ശബ്ദം വച്ചുകൊണ്ടു പിന്നാലെ വന്നു. അപ്പോഴേക്കും അവൻ തോട്ടത്തിന്റെ അതിരും കഴിഞ്ഞു് ടാറിട്ട റോഡിലെത്തിയിരുന്നു. ഒരു മരത്തിനു മറഞ്ഞുനിന്നു് വേഗം മുണ്ടുടുത്തു്, മുഖം തുടച്ചു്, തുണിയിൽനിന്നു മണ്ണും ചപ്പിലയും തട്ടിക്കളഞ്ഞു് വീട്ടിലേക്കു നടന്നു. വഴിയിലെ പീടികയിൽ നിന്നു് ഒരു സോഡ വാങ്ങി കുറച്ചു കുടിച്ചു് ബാക്കികൊണ്ടു മുഖവും കഴുകിയപ്പോൾ അവന്റെ ശ്വാസം നേരെ വീണു. അവൻ വീട്ടിലേക്കു വേഗം വേഗം നടന്നു. വിശന്നിട്ടു വയ്യ. ആ നശിച്ച ഇഡ്ഡലിയല്ലേ രാവിലെ തിന്നാൻ കിട്ടിയതു്!
വീട്ടിൽ കോലാഹലം നടക്കുകയാണു്. എല്ലാവരും മുറ്റത്തുണ്ടു്. അമ്പു താൻ കണ്ട ഭയങ്കരമായ കാഴ്ചയെയും ചാകാൻ വന്നവന്റെ പിറകേ പാഞ്ഞതും വിവരിക്കുകയാണു്. രാജേഷിനെ കണ്ടയുടൻ അച്ഛനും അമ്മയും പെങ്ങന്മാരും ഒന്നിച്ചു പറഞ്ഞു, ‘ഹോ! നീ കൃത്യസമയത്താണു വന്നത്! ഇതു കേൾക്കു്!’
അമ്പു കഥ വീണ്ടും വിവരിച്ചു. രാജേഷ് ഉള്ളിൽ ഒരാളലോടെ അമ്പുവിന്റെ മുഖത്തു സൂക്ഷിച്ചുനോക്കി. എന്നെപ്പറ്റി എന്തെങ്കിലും സംശയം അവിടെയുണ്ടോ? ഉള്ളതായി തോന്നിയില്ല.
അച്ഛൻ പറഞ്ഞു, ‘രാമ രാമ! ഏതു തന്തയില്ലാക്കഴുവേറിയാണോ ഇത്ര കൃത്യമായി നമ്മുടെ പറങ്കിമാവു് തിരഞ്ഞെടുത്തതു്! നമുക്കു ഭയങ്കര പണിയായേനേം! അവനെ എന്റെ കയ്യിൽ കിട്ടിയാൽ…!’
രാജേഷ് ധാർമിക രോഷത്തോടെ അച്ഛനോടു യോജിച്ചു. ‘അതെയതെ! നായിന്റെ മോൻ! വേറെ മരമൊന്നും ഈ നാട്ടിൽ ഇല്ലാത്തതുപോലെ!’
അച്ഛൻ പറഞ്ഞു, ‘എടാ, നീ അമ്പുവിന്റെ കൂടെ പോയി ആ കയറഴിക്കു്. രൂപ എഴുപതു് എണ്ണിക്കൊടുത്തതാണു്. രണ്ടു തുണ്ടും എടുത്തുകൊണ്ടു വാ. കല്ലെടുത്തു കാട്ടിലെറിയ് ഭഗവാനേ, എന്തൊരു രക്ഷപ്പെടൽ!’
രാജേഷ് തനിക്കുള്ളിൽ പറഞ്ഞു. ‘അച്ഛാ, പ്രിയപ്പെട്ട അച്ഛാ, ഞാനൊരു നല്ല കമ്യൂണിസ്റ്റുകാരനായതു കൊണ്ടു് നിങ്ങളെല്ലാം രക്ഷപ്പെട്ടു.’
അവനും അമ്പുവും നടന്നപ്പോൾ അച്ഛൻ പിന്നിൽനിന്നു വിളിച്ചു പറഞ്ഞു: ‘നീളമുള്ള തുണ്ടുകൊണ്ടു് കുഞ്ചുക്കുണ്ടനെ പിടിച്ചുകെട്ടു് അവന്റെ പുളപ്പു് കൂടുന്നു.’
നടക്കുംവഴി ഒരു ശ്വാസംമുട്ടലോടെ രാജേഷ് അമ്പുവിനോടു ചോദിച്ചു: ‘അമ്പൂ, ഓടിയ ആളിനെ ലേശവും കണ്ടില്ലേ? എന്തെങ്കിലും ഒരടയാളം?’
അമ്പു പറഞ്ഞു, ‘തെണ്ടി തലയും മേലും മുണ്ടുകൊണ്ടു മൂടിയല്ലേ ഓടിയതു്! ഷഡ്ഡി കണ്ടു, നല്ല ചുവപ്പു്’
രാജേഷിന്റെ കൈ അവനറിയാതെ അവന്റെ ഷഡ്ഡിയിലേക്കു പോയി.
പറങ്കിമാവിന്റെ ചുവട്ടിലെത്തിയപ്പോൾ അമ്പു പറഞ്ഞു: ‘എനിക്കു പേടിയാണു് നീ കയറി അഴിക്കു്.’
രാജേഷ് വീണ്ടും പറങ്കിയിൽ പിടിച്ചു കയറി. രാവിലെ കഷ്ടപ്പെട്ടു കെട്ടിയ കയർ അഴിച്ചെടുത്തു താഴെയിറങ്ങി കല്ലു് വീണ്ടും പൊക്കിയെടുത്തു് പുല്ലാന്നിക്കാട്ടിൽ തള്ളി കയറിന്റെ രണ്ടു കഷണവും മടക്കി കയ്യിൽ പിടിച്ചു. എന്നിട്ടു് കുഞ്ചുക്കുണ്ടനെ തേടിപ്പോയി. അമ്പു പശുക്കളെ മാറ്റിക്കെട്ടാനും പോയി.
കുണ്ടൻ ഒരു തെങ്ങിൻചോട്ടിൽ നിൽപുണ്ടു്. രാജേഷിനെ കണ്ടയുടൻ അവൻ സ്നേഹാധിക്യത്താൽ നാലുകാലും പറിച്ചു് ഒന്നു ചാടി. തലയൊന്നു കുലുക്കി. ചെറുതായൊരു മുക്രയിട്ടു. എന്നിട്ടു സ്നേഹിതന്റെ വരവു നോക്കി നിന്നു.
രാജേഷ് കയറിലൊരു കുടുക്കിട്ടു. അതു വിടർത്തിപ്പിടിച്ചുകൊണ്ടു് കുണ്ടന്റെ അടുത്തേക്കു ചെന്നു.
‘കുണ്ടാ, ബാ, ബാ’ അവൻ വാത്സല്യപൂർവം പറഞ്ഞു. ഹോ! നിന്നെ ഇനി ഒരിക്കലും കാണില്ലെന്നു വിചാരിച്ചതാണു്!
അപ്പോഴാണു് കുണ്ടൻ മറിയയുടെ വാക്കുകളെക്കാൾ എത്രയോ മടങ്ങു് അവനെ വേദനിപ്പിച്ച, ഒരു കൃത്യം ചെയ്തതു്. അവൻ ഒരു കുതിപ്പു കുതിച്ചു് തന്റെ സ്നേഹിതനെ സ്വാഗതം ചെയ്തു. രാജേഷിന്റെ മർമത്തു് ഒറ്റയിടി.
അവൻ പുളഞ്ഞുപോയി. അവന്റെ കണ്ണിൽനിന്നു തീ പാറി. ഒരു നിമിഷം ശ്വാസം നിന്നുപോയി. കയർ താഴെയിട്ടു് രണ്ടു കൈകൊണ്ടും മർമം പൊത്തിപ്പിടിച്ചു് അവൻ കുത്തിയിരുന്നു വാവിട്ടു നിലവിളിക്കാൻ തോന്നിയെങ്കിലും അതു് എങ്ങനെയോ അടക്കി. അവൻ വിയർത്തു കുളിച്ചു. അവൻ നിലത്തു കിടന്നു. വേദന മർമത്തിൽ തുള്ളിക്കളിക്കുകയാണു്; തിരകളായി പരക്കുകയാണു്. കുണ്ടൻ അവനെ അദ്ഭുതത്തോടെ നോക്കിനിന്നു. ഈ നായർക്കു് എന്തുപറ്റി? ഞാൻ വരവേറ്റതു് മൂപ്പർക്കു് ഇഷ്ടപ്പെട്ടില്ലേ?
കുറെസമയം രാജേഷ് കിടന്ന കിടപ്പിൽ കിടന്നു. വേദനയുടെ ഭീകരത അടങ്ങിയപ്പോൾ എണീറ്റു് കയറെടുത്തു്, ചാടിമാറാൻ തയ്യാറെടുത്തുകൊണ്ടു്, വീണ്ടും കുണ്ടന്റെയടുത്തേക്കു ചെന്നു. അപ്പോഴിതാ അവൻ ഒരു സാധുവിനെപ്പോലെ നിന്നുകൊടുക്കുന്നു. കുടുക്കു് അവന്റെ കഴുത്തിലിട്ടുകൊണ്ടു് രാജേഷ് പറഞ്ഞു: ‘നായിന്റെ മോനേ, നിനക്കു് ഇതേ വിധിച്ചിട്ടുള്ളൂ—ശുദ്ധ അടിമത്തം.’
അവൻ രാജേഷിന്റെ കയ്യിൽ അരമുള്ള നാവുകൊണ്ടു സ്നേഹപൂർവം നക്കി. രാജേഷിനു് കലി വന്നു. അവൻ പറഞ്ഞു, നക്കുന്നു! ‘നന്ദികെട്ട തെണ്ടീ! വേറെ എവിടെയും നീ ഇടിക്കാൻ കണ്ടില്ല? നിന്നെ ഇതുവരെ കിളുന്നു് ബീഫ് ആക്കാത്തതിന്റെ നന്ദിയെങ്കിലും വേണ്ടേ?’
രാജേഷ് വീട്ടിലെത്തിയപ്പോൾ മറിയയുണ്ടു്. എല്ലാവരും ചേർന്നു മറിയയോടു തൂങ്ങിച്ചാകാൻ വന്നവന്റെ കഥ പറയുകയാണു്. അവൾ രാജേഷിനെ ഒന്നു സൂക്ഷിച്ചുനോക്കി.
രാജേഷിന്റെ ഉള്ളിൽ ഒരു ഇടി വെട്ടി. അവൾ പറഞ്ഞു: ‘രാജേഷേ, ബൈക്ക് എടുക്കു്. എനിക്കു് ടൗണിലൊന്നു പോകണം.’
രാജേഷ് വസ്ത്രം മാറിവന്നു് ബൈക്ക് സ്റ്റാർട്ട് ചെയ്തു. സ്റ്റാർട്ടിങ് ട്രബിൾ പോയി അല്ലേ എന്നു് അച്ഛൻ ചോദിച്ചപ്പോൾ അവന്റെ രക്തം തിളച്ചു. ഹോ! ഇതൊക്കെ ഇയാൾ എന്തിനോർത്തിരിക്കുന്നു!
ആളൊഴിഞ്ഞ ഒരിടത്തെത്തിയപ്പോൾ മറിയ പറഞ്ഞു, ‘എടാ, വണ്ടി നിർത്തു്’
അവൾ ഇറങ്ങി അവന്റെ മുൻപിൽ വന്നുനിന്നു ചോദിച്ചു.
‘നേരു പറ, അതു നീയായിരുന്നോ?’
രാജേഷ് തന്റെ മുഴുവൻ ധൈര്യവും സംഭരിച്ചു് അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ടു പറഞ്ഞു, ‘ഹേയ്! നീയെന്താണു് ഈ പറയുന്നത്! ഒരു നല്ല കമ്യൂണിസ്റ്റ് ആത്മഹത്യ ചെയ്യുമോ?’
‘എനിക്കത്ര വിശ്വാസം പോര,’ അവൾ പറഞ്ഞു. ‘ഏതായാലും ഇന്നലെ പറഞ്ഞ കാര്യങ്ങളെപ്പറ്റി കുറച്ചുകൂടി പറയാം. കമ്യൂണിസത്തിന്റെ കാര്യം നീ പുനർചിന്തനം ചെയ്യുകതന്നെ വേണം. പക്ഷേ, ഞാൻ സമയം തരാം. ഇനി പ്രണയം. അതു ചർച്ചാവിഷയമാക്കാൻ സമയമായില്ല. ജീവിതം മുന്നോട്ടു കിടക്കുന്നല്ലേയുള്ളൂ. നമുക്കു നോക്കാം, അല്ലേ.’
അവൻ പറഞ്ഞു, ‘അതെ.’
അവൾ വീണ്ടും വണ്ടിയിൽ കയറിയിരുന്നു. ‘പോകാം’ അവൾ പറഞ്ഞു.
കുറച്ചു ദൂരം പോയപ്പോൾ രാജേഷ് ചോദിച്ചു. ‘അല്ല, മറിയ സഖാവേ ഡൽഹിയിൽ വനിതാ സഖാക്കൾ ഇങ്ങനെയാണോ ബൈക്കിന്റെ പിറകിലിരിക്കുന്നതു്?’
‘എങ്ങനെ?’ മറിയ ചോദിച്ചു.
‘ആണുങ്ങളെപ്പോലെ കാൽ ഇരുവശത്തുമിട്ടു്’, രാജേഷ് പറഞ്ഞു.
‘അതെ’ മറിയ പറഞ്ഞു ‘ഞാൻ ജീൻസ് അല്ലേ ഇട്ടിരിക്കുന്നതു്? ഇതാണു് എന്റെ വേഷം.’

രാജേഷ് പറഞ്ഞു. ‘അതേയ്, നമ്മൾ ടൗണിലേക്കല്ലേ പോകുന്നതു്? പഴയ കമ്യൂണിസമാണു് അവിടെ. പഴയതുപോലെ ഒരുവശത്തേക്കു് കാലിട്ടിരിക്കാൻ നിനക്കു ബുദ്ധിമുട്ടുണ്ടോ?’
‘ഇല്ല’ അവൾ പറഞ്ഞു. ‘ഇതൊരു ചെറിയ വിശദാംശം മാത്രമല്ലേ?’
അവൻ ഒരു ദീർഘനിശ്വാസത്തോടെ വണ്ടി നിർത്തി. മറിയ ഇറങ്ങി വീണ്ടും കയറി ഒരു വശത്തേക്കു കാലിട്ടിരുന്നു. പഴയതുപോലെ അവന്റെ അരയിൽ ഒരു കൈവച്ചു. രാജേഷ് വണ്ടിയെടുത്തു. അവൻ തനിക്കുള്ളിൽ പറഞ്ഞു, ‘ഹോ! എന്തൊരു ദിവസം! ഒരു കമ്യൂണിസ്റ്റായതുകൊണ്ടു് ഞാൻ പിടിച്ചുനിന്നു.’

ചിത്രീകരണം: വി. പി. സുനിൽകുമാർ
സക്കറിയ