വെള്ള കീറുംമുൻപു് യേശു ഉണർന്നു. തലയിണയായി വെച്ചിരുന്ന കൈകൾ കുടഞ്ഞു. കുറേ നേരം ആകാശത്തേക്കു് നോക്കിക്കിടന്നു. തിരിഞ്ഞുകിടന്നപ്പോൾ പുറത്തു് ഒട്ടിയിരുന്ന പൂഴി രോമാഞ്ചങ്ങൾപോലെ പൊഴിഞ്ഞു. ഇരുട്ടിൽ ഗലീലിത്തടാകം ഓളങ്ങളുടെ നേരിയ ശബ്ദം മാത്രം. കാറ്റിനു് ഉണക്കമീനിന്റെ മണം. ആകാശത്തിൽ അങ്ങിങ്ങു് കുറച്ചു് നക്ഷത്രങ്ങൾ മിന്നുന്നുണ്ടു്. ഒരു ശിഷ്യൻ കൂർക്കം വലിച്ചു. മറ്റൊരുവൻ ഉറക്കത്തിൽ പിറുപിറുത്തു.
യേശു എണീറ്റിരുന്നു. മടക്കിയ മുട്ടുകളിലേക്കു തലകുനിച്ചു് കുറച്ചുനേരമിരുന്നു. വെള്ളപ്പാത്രമെടുത്തു് നാലഞ്ചു കവിൾ കുടിച്ചു. എന്നിട്ടു് തിരകളുടെ ശബ്ദം കേട്ടുകൊണ്ടു് തടാകത്തിലേക്കു നോക്കിയിരുന്നു. കടൽകാക്കകൾ കരഞ്ഞു തുടങ്ങി. തടാകത്തിനു മീതെ ഉദയത്തിന്റെ വെളിച്ചങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു ശിഷ്യൻ പുതപ്പിനുള്ളിൽ മൂരിനിവർന്നു. യേശു എണീറ്റുനിന്നു. പുതച്ചിരുന്ന ഉത്തരീയമെടുത്തു് അരയിൽ ചുറ്റി അകലെയുള്ള കുറ്റിക്കാടുകളിലേക്കു് പോയി. ഒരു പടർപ്പിൽനിന്നു് ഒരു പക്ഷി ചിറകടിച്ചുയർന്നു് യേശുവിനെ നടുക്കി. യേശു ഇരുണ്ട ആകാശത്തിൽ അതിന്റെ രൂപം കാണാൻ ശ്രമിച്ചു.
തിരിച്ചുവന്നു് ഉത്തരീയം അഴിച്ചുവെച്ച് ഓളങ്ങളുടെ വക്കിലിരുന്നു ശൗചം ചെയ്തു. പിന്നെ തടാകത്തിലേക്കു് ഇറങ്ങിച്ചെന്നു് മുങ്ങി. കുളിച്ചു. കുറച്ചു നീന്തി. കഴുത്തൊപ്പം വെള്ളത്തിൽ ചാഞ്ചാടിക്കൊണ്ടു് വെളിച്ചം പടരുന്ന ആകാശത്തിലേക്കു നോക്കി. ഇരുകൈകളിലും ഗലീലിയുടെ ശുദ്ധജലമെടുത്തു് കവിൾക്കൊണ്ടു് നീട്ടിത്തുപ്പി. പാദങ്ങളെ മീനുകൾ രുചിച്ചപ്പോൾ യേശു പുഞ്ചിരിച്ചു.
കരയ്ക്കു കയറി ഉത്തരീയം വെള്ളത്തിൽ വീശിക്കഴുകി, ഊരിപ്പിഴിഞ്ഞു തോർത്തി. വീണ്ടും കഴുകിപ്പിഴിഞ്ഞു്, കുടഞ്ഞു്, അതുടുത്തുകൊണ്ടു് ശിഷ്യന്മാർ ഉറങ്ങുന്നിടത്തേക്കു നടന്നു. നേരം പുലർന്നിരുന്നു. തടാകത്തിനു മീതെ കടൽകാക്കകളുടെ ബഹളം. അകലെ ഗോലൻകുന്നുകളിൽ നിന്നു് ഉദയസൂര്യന്റെ ചൂണ്ടുവിരൽ തിരകളിൽ പൊങ്ങിയും താണും കുലുങ്ങിയും യേശുവിനുനേരെ നീണ്ടു. നനഞ്ഞ കുറ്റിത്തലമുടി വിരലുകൾകൊണ്ടു് ഇളക്കി ആകാശത്തിലേക്കു് നോക്കി യേശു പറഞ്ഞു: “പൂപോലെയുണ്ടു് ഈ പുലരി!”
മാർത്തയുടെയും മറിയത്തിന്റെയും വീടു് അടുത്തപ്പോൾ യേശുവിന്റെ കണ്ണ് നിറഞ്ഞു. ലാസറേ, കൂട്ടുകാരാ, യേശു തനിക്കുള്ളിൽ പറഞ്ഞു, നീ മരിച്ചു, അല്ലേ? നിന്നെ ഇനി ഞാൻ കാണില്ല, അല്ലേ? കണ്ണു തുടച്ചു് നോക്കുമ്പോൾ മാർത്ത തനിക്കുനേരെ വരുന്നുണ്ടു്. മുഖം ദുഃഖംകൊണ്ടു് കരിവാളിച്ചിരിക്കുന്നു. കണ്ണുകൾ കലങ്ങിയിരിക്കുന്നു. യേശു അവളെ ആലിംഗനം ചെയ്തു തല തന്റെ തോളിൽ ചേർത്തു. അവൾ ഒരു മൃദുസ്വരത്തിൽ വിങ്ങിക്കരഞ്ഞു. അവളുടെ ചൂടുള്ള കണ്ണീർ യേശുവിന്റെ കഴുത്തിനെ നനച്ചു. അവൾ വിതുമ്പിക്കൊണ്ടു പറഞ്ഞു, “എന്റെ സഹോദരനു് രോഗമാണെന്നറിയിച്ചിട്ടും നീ വന്നില്ലല്ലൊ. നീ ഇവിടെയുണ്ടായിരുന്നെങ്കിൽ അവൻ മരിക്കുമായിരുന്നില്ല”. അവളുടെ മുടി യേശുവിന്റെ കവിളിൽ ഉരുമ്മി. യേശു ഒന്നും കാണുന്നില്ലാത്ത കണ്ണുകൾകൊണ്ടു് അകലേക്കു് നോക്കിനിന്നു. എന്നിട്ടു പതുക്കെ പറഞ്ഞു, “അവൻ ഉറങ്ങുകയായിരിക്കണം”.
മാർത്ത പോയി. യേശു അവിടെത്തന്നെ നിന്നു. അപ്പോൾ മറിയം എത്തി. അവൾ യേശുവിന്റെ പാദങ്ങളിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു, “നീ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുമായിരുന്നില്ല”. അവളുടെ ചൂടുകണ്ണീർ യേശുവിന്റെ പാദങ്ങളിൽ വീണു. യേശു കരഞ്ഞു. മറിയം എണീറ്റ് യേശുവിന്റെ കണ്ണീർ തുടച്ചു. യേശു ചോദിച്ചു. “അവനെ എവിടെ അടക്കിയിരിക്കുന്നു?” മറിയം പറഞ്ഞു, “നീ വന്നു കാണുക”.
കല്ലറയ്ക്കു മുമ്പിൽ യേശു നിന്നു. അതു് അടച്ചിരുന്ന കല്ല് കുറച്ചുപേർ ഉരുട്ടിമാറ്റി. അകത്തെ ഇരുട്ടിൽ ലാസർ ഒരു ബന്ധിയെപ്പോലെ കിടക്കുന്നുണ്ടു്. യേശു കുനിഞ്ഞു് ഉള്ളിലേക്കു നോക്കി വിളിച്ചു, “ലാസറേ, കൂട്ടുകാരാ, ഞാൻ വന്നിരിക്കുന്നു. നീ എണീറ്റു വരൂ”. ലാസറിന്റെ പൊതിഞ്ഞു കെട്ടിയ രൂപം അനങ്ങി. എണീറ്റിരിക്കാൻ ശ്രമിച്ചു. യേശു ഉള്ളിലേക്കു് എത്തിവലിഞ്ഞു് അവനെ ഉയർത്തിക്കൊണ്ടു് പറഞ്ഞു, “നീ ഉറങ്ങിയതു മതി”. കുറച്ചുപേർ ചേർന്നു ലാസറിനെ എടുത്തു് പുറത്തുകൊണ്ടുവന്നു. അവന്റെ കെട്ടുകൾ അഴിച്ചുതുടങ്ങി. മറിയവും മാർത്തയും യേശുവിന്റെ കൈകളെടുത്തു് അവരുടെ കണ്ണീരൊട്ടുന്ന മുഖങ്ങളിലമർത്തി. യേശു കെട്ടുകൾ അഴിക്കപ്പെടുന്ന ലാസറിനെ അത്ഭുതത്തോടെ നോക്കിക്കൊണ്ടു് അവരോടു പറഞ്ഞു. “ഞാൻ പറഞ്ഞില്ലേ? അവൻ ഉറങ്ങുകയായിരുന്നു!”
യൂദാ സമതലത്തിലെ ചരൽപ്പാതയിലൂടെ യേശു വേഗം വേഗം നടന്നു. പിന്നാലെ ശിഷ്യന്മാരും ഒരാൾക്കൂട്ടവും. ചെരിപ്പിനുള്ളിൽ കുടുങ്ങിയ കല്ലു നീക്കാൻ യേശു കുനിഞ്ഞപ്പോൾ പിന്തുടർന്നവരും നിന്നു. യേശു വീണ്ടും നടന്നു. പിറകിൽ യൂദാമലകളിലേക്കു താണുകൊണ്ടിരുന്ന സൂര്യൻ യേശുവിന്റെ നിഴലിനെ വലിച്ചുനീട്ടി മുന്നോട്ടോടിച്ചു. ചാവുകടൽ ഒളിച്ചിരിക്കുന്ന ചക്രവാളത്തിലേക്കു നോക്കിക്കൊണ്ടു് യേശു സ്വയം പറഞ്ഞു, ഹ! ഹ! ഇന്നെനിക്കു ചാവുകടൽ! ഗലീലിയുടെ തെളീനീർ ഇന്നു വേണ്ട. എന്റെ വിഷമങ്ങളെല്ലാം ചാവുകടലിന്റെ ഉപ്പിലും ഗന്ധകത്തിലും കഴുകിക്കളയാം! യേശു പുഞ്ചിരിച്ചു.
സൂര്യൻ യൂദാമലകളെ തൊട്ടുതൊട്ടില്ലെന്നായപ്പോൾ യേശു ചാവുകടലിലേക്കു നോക്കിനിൽക്കുന്ന ഒരു കുന്നിൻ പുറത്തെത്തി. കടൽ ശ്വാസമടക്കി, അനക്കമില്ലാതെ, ക്ലാവ് നിറത്തിൽ യോർദാൻ കരയിലേക്കു് പരന്നകന്നു പോകുന്നു. ആകാശത്തിന്റെ നീല കടലിന്റെ പച്ചയായി മാറുന്നു. നടക്കാൻ നല്ല ഒരു പച്ചപ്പുൽ മൈതാനം പോലെയുണ്ടു്! യേശു തന്നോടു് തന്നെ പറഞ്ഞു, കൂടെ വന്നവരെ തിരിഞ്ഞു നോക്കി യേശു ചോദിച്ചു, “കുളിക്കാൻ ആരുണ്ടു്?” എന്നിട്ടു് കുന്നിന്റെ തിട്ടകളും ചെരിവുകളും ചാടിയിറങ്ങി വേഗത്തിൽ താഴേക്കു പോയി. ശിഷ്യന്മാരും കുറച്ചുപേരും പിറകേ ചെന്നു.
കടലിന്റെ വക്കിൽ യേശു നിന്നു. അങ്കിയും പുതയും ഊരി ഒരു മൺതിട്ടമേൽവച്ചു. ചെരിപ്പുകൾ അടുത്തുവച്ചു. കടലിലേക്കു് നടന്നു. കടൽ ഒരു പാത്രത്തിലെ കുറുകിയ പാനീയംപോലെ അല്പാല്പം അനങ്ങിക്കൊണ്ടിരുന്നു. വെള്ളത്തിലേക്കു കാലെടുത്തുവച്ചപ്പോൾ ഒരു ചെറുതണുപ്പു് യേശുവിനെ കോരിത്തരിപ്പിച്ചു. അരയൊപ്പം വെള്ളത്തിലെത്തിയപ്പോൾ യേശു കുത്തിയിരുന്നു് കഴുത്തുവരെ മുങ്ങി. ഗന്ധകത്തിന്റെ നേർത്ത ഗന്ധം മൂക്കിലെത്തി. കുറച്ചുകഴിഞ്ഞു് മലർന്നു് കാലുകൾ നീട്ടി കൈകൾ വിരിച്ചു് പൊന്തിക്കിടന്നു. ആകാശത്തിലേക്കു നോക്കി. അവിടെ വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. യേശു കൈകൾകൊണ്ടു് തുഴഞ്ഞു് കടലിനുള്ളിലേക്കു് അല്പദൂരം ഒഴുകി. കടലിലിറങ്ങിയിരുന്ന ശിഷ്യന്മാർക്കും മറ്റാളുകൾക്കുമിടയിലൂടെ കുറച്ചുനേരം ഒഴുകി നടന്നു. പിന്നെ കരയിൽ കയറി രണ്ടു് കൈകളും കൊണ്ടു് ഓരത്തെ ഉപ്പും ഗന്ധകവുമലിഞ്ഞ ചെളി കുഴിച്ചെടുത്തു് ദേഹത്തു തേച്ചു. പുറത്തു് ചെളി പുരട്ടാൻ ഒരു ശിഷ്യൻ സഹായിച്ചു. യേശുവിന്റെ മുഖം ഇപ്പോൾ കണ്ണുകൾ മാത്രം അനങ്ങുന്ന ഒരു മൺമുഖംമൂടിയായി. ദേഹം ഒരു ചെളിപ്രതിമയും. ചെളി ദേഹത്തേക്കു് തിരുമ്മിപ്പിടിച്ചു് പുഞ്ചിരിച്ചുകൊണ്ടു് യേശു ആത്മഗതം ചെയ്തൂ, ഹാ! ഹാ! ഇപ്പോൾ ഞാൻ വാസ്തവത്തിലൊരു മനുഷ്യപുത്രനായി!
വഞ്ചി ഒരു ഉരസൽ ശബ്ദത്തോടെ തീരത്തെ മണലിലേക്കു് വന്നുകയറി.
യേശു പുറത്തേക്കു് വച്ച പാദങ്ങളെ ഗലീലിയുടെ ചെറുതിരകൾ വന്നു് നക്കി. അണിയത്തു് കെട്ടിവച്ചിരുന്ന പന്തം കെടാറായിരുന്നു. അതിന്റെ മങ്ങുന്ന വെളിച്ചത്തിൽ യേശു കരയിലേക്കു നടന്നു. യേശുവിന്റെ പാദങ്ങൾക്കു മുമ്പിൽ കൊച്ചു ഞണ്ടുകൾ പ്രകാശവേഗത്തിൽ പാഞ്ഞുപോയി മണ്ണിൽ തുരന്നുകയറി. ശിഷ്യന്മാർ അവരുടെ ഭാണ്ഡങ്ങളെടുക്കുകയായിരുന്നു. യേശു കാത്തുനിന്നു.
തടാകത്തിനുമീതേ ആകാശക്കാറ്റുകൾ ചന്ദ്രക്കലയെ പുകമേഘങ്ങളിലൂടെ പറത്തുന്നതു് യേശു കണ്ടു. സമയം പാതിരയായിക്കാണും, യേശു ചിന്തിച്ചു. കരയിൽ ഒരു വിളക്കുപോലും തെളിയുന്നില്ല. വഞ്ചിയിലെ പന്തം കരിപുരണ്ട ഒരു തിളക്കം മാത്രമായിത്തീർന്നിരുന്നു. ഒരു ശിഷ്യൻ അതു കെട്ടഴിച്ചെടുത്തു് വീണ്ടുംവീണ്ടും വീശി. ഒന്നു മിന്നിയ ശേഷം അതു കെട്ടു.
ഒരു ശിഷ്യൻ പറഞ്ഞു, “റാബ്ബായ്,[1] രാത്രി വളരെ വൈകി, നമുക്കു് മറിയത്തിന്റെ വീട്ടിലേക്കു പോയാലോ? അവളുടെ ഗ്രാമം മാഗ്ദല അടുത്താണു്”. യേശു പറഞ്ഞു, “ശരി, നിനക്കു വഴിയറിയാമോ?” അയാൾ പറഞ്ഞു, “ഒരുവിധം അറിയാം”. അവർ നടന്നു തുടങ്ങി. അവരുടെ നിശ്ശബ്ദ രൂപങ്ങൾ അരണ്ട നക്ഷത്രവെളിച്ചത്തിലൂടെ രഹസ്യപ്പോരാളികളെപ്പോലെ മുന്നോട്ടു് പോയി. യേശു ചിന്തിച്ചു: പാവം മറിയം! അവൾ ഇനി ഈ പാതിരയ്ക്കു് എണീറ്റു് ഞങ്ങളെ സല്ക്കരിക്കണം! വഴികാട്ടിയായ ശിഷ്യൻ ഇടയ്ക്കു നിന്നും, ചുറ്റും നോക്കിയും, അടയാളങ്ങൾ കണ്ടുപിടിച്ചും മുന്നോട്ടു നീങ്ങി. യേശു ചിലപ്പോൾ താഴേയ്ക്കു മാത്രം നോക്കിയും ചിലപ്പോൾ തലയുയർത്തി അകലേക്കും ഇരുവശത്തേക്കും കണ്ണോടിച്ചും നടന്നു.
ഇരുട്ടു പുതച്ച മണൽപരപ്പുകളിലൂടെയും കുറ്റിക്കാടുകളിലൂടെയും ചെറുമരക്കൂട്ടങ്ങളിലൂടെയും അവർ നടന്നുപോയി. ഒരു മുയൽ പേടിച്ചോടുന്നതും കുറ്റിച്ചെടികൾക്കു പിന്നിൽ ഒരു കുറുക്കൻ കുടുംബത്തിന്റെ കണ്ണുകൾ തിളങ്ങുന്നതും ഒരു പാറമേലിരുന്ന കാട്ടുപൂച്ചയുടെ പച്ചക്കണ്ണുകൾ ജ്വലിക്കുന്നതും യേശുകണ്ടു. ആകാശത്തിൽ വവ്വാലുകൾ വേട്ടയാടുന്നതു് യേശു ഒരു നിമിഷം നോക്കിനിന്നു.
ഒരു ഒറ്റപ്പെട്ട മരത്തിനടുത്തെത്തിയപ്പോൾ വഴികാട്ടിയ ശിഷ്യൻ നിന്നു. അയാൾ അമ്പരപ്പോടെ ചുറ്റും നോക്കി. എന്നിട്ടു് സങ്കടപൂർവം യേശുവിനോടു പറഞ്ഞു, “റാബ്ബായ്, എനിക്കു വഴി തെറ്റി. ഈ ഇരുട്ടിൽ ഒന്നും മനസ്സിലാവുന്നില്ല”. യേശു പറഞ്ഞു, “നന്നായി, മറിയം സമാധാനമായി ഉറങ്ങട്ടെ, നമുക്കു് ഇവിടെ കിടക്കാം”. യേശു മരച്ചുവട്ടിലേക്കു നീങ്ങി. വെള്ളപ്പാത്രമെടുത്തു് അല്പം വെള്ളംകൊണ്ടു് മുഖം തുടച്ചു. കുറച്ചു് പാദങ്ങളിലൊഴിച്ചു. എന്നിട്ടു് നിലത്തിരുന്നു് മരത്തിൽ ചാരി ആകാശത്തിലേക്കു നോക്കി. അവിടെ മേഘങ്ങളെ കാറ്റു് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. ചന്ദ്രക്കല പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നക്ഷത്രങ്ങളും ആകാശഗംഗയും വിഹരിച്ചു. യേശു എണീറ്റു് അങ്കിയൂരി മടക്കി മരത്തിന്റെ പൊങ്ങിനിന്ന വേരിൽവച്ചു.
എന്നിട്ടു് നിലത്തെ കരിയിലകളുടെ മേൽ നീണ്ടുനിവർന്നുകിടന്നു് അങ്കിയിൽ തലവച്ചു. പിന്നെ ഒരു വശത്തേക്കു തിരിഞ്ഞുകിടന്നു് നിദ്രപ്രാപിച്ചു. മരക്കൊമ്പിലിരുന്ന ഒരു മൂങ്ങ തല വട്ടംതിരിച്ചു് മിന്നുന്ന കണ്ണുകൾ കൊണ്ടു് യേശുവിനെ പലതവണ നോക്കി. എന്നിട്ടു് മൂളി: “ഗൂം… ഗൂ… ഗൂ”.
[1] ഗുരു.
ചിത്രങ്ങൾ: വി. മോഹനൻ