<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഇന്ത്യൻ ജനാധിപത്യം അതിനെ
സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ പെരുമാറി</title>
          <title xml:lang="en" type="main">Indian Janadhipathyam Athine Sadhyamakkiya
Moolyangalod Engane Perumari</title>
        </title>
        <author>Anand</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2025">November 12, 2025</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is in the public domain. The text encoding and editorial notes
were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-sa/4.0/">Creative Commons
Attribution By ShareAlike 4​.0 International License</ref>  (CC BY-SA 4​.0). Any reuse
of the material should credit the Sayahna Foundation and must be shared under the same
terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഇന്ത്യൻ ജനാധിപത്യം അതിനെ
സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ പെരുമാറി</title>
              <title xml:lang="en" type="main">Indian Janadhipathyam Athine Sadhyamakkiya
Moolyangalod Engane Perumari</title>
            </title>
            <author>Anand</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>Anand</term>
          <term>Indian Janadhipathyam Athine Sadhyamakkiya Moolyangalod Engane
Perumari</term>
          <term>ആനന്ദ്</term>
          <term>ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ പെരുമാറി</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>November 12, 2025</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Esteban_Murillo_Joven_mendigo.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Bartolom%C3%A9_Esteban_Murillo__Joven_mendigo_(1645-50).jpg">The Young Beggar,</ref> a painting by <ref target="https://en.wikipedia.org/wiki/en:Bartolom%C3%A9_Esteban_Murillo">Bartolomé
Esteban Murillo</ref>  (1617–1682). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ
പെരുമാറി</titlePart>
        </docTitle>
        <docAuthor>
          <persName>ആനന്ദ്</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ
പെരുമാറി</head>
        <div type="lsection">
          <quote>
സമൂഹത്തിലെ ഓരോ പൗരനും നീതി ലഭ്യമാക്കുകയും അന്തസ്സോടെ ജീവിക്കാൻ അവസരമുണ്ടാക്കുകയുമാണു്
ജനാധിപത്യത്തിന്റെ പ്രധാന കൃത്യം. എല്ലാ അക്രമവും ബലവാൻ ദുർബലനുമേൽ നടത്തുന്ന
കയ്യേറ്റമായതുകൊണ്ടു്, ഒറ്റയ്ക്കൊറ്റയ്ക്കു് അവയ്ക്കു പരിഹാരമില്ല. ബലത്തിന്റെ തത്വശാസ്ത്രം തിരുത്തപ്പെടണം.
</quote>
          <!--end of "quote"-->
          <p style="noindent">
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">പൊതുജീവിതത്തിലെ മൂല്യങ്ങൾ</head>
          <p style="noindent">സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ടു്, സ്വന്തം ഭാഗധേയം സ്വയം
നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നതു് ചരിത്രത്തിലെ ഒരു വലിയ സംഭവമാണു്,
തീർച്ച. പക്ഷേ, ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിനു് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം
നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ടു് നാമിന്നു വിവക്ഷിക്കുന്നതു് ഈയൊരു നടപടിക്രമത്തിനുമപ്പുറം
പലതുമാണു്. കാരണം ജനാധിപത്യം എന്നതു് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്നു് അവതരിച്ചതല്ല.
മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ
വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണു് ഇങ്ങനെയൊരു വ്യവസ്ഥ നമുക്കു് ഇപ്പോൾ
സാക്ഷാത്കരിക്കുവാൻ സാധിച്ചതു്. ആ പ്രക്രിയയുടെ രാഷ്ട്രീയതലത്തിലെ സ്ഫുരണമായിരുന്നു
സ്വയംഭരണാവകാശം എന്നു പറയാം. സാമൂഹ്യതലത്തിൽ സംഘത്തിലൊരു അംഗം മാത്രമായിരുന്ന
ആദിമാനവനെ വ്യക്തിത്വവും അന്തസ്സും അറിവുമുള്ള ആധുനിക മനുഷ്യനാക്കിയതും അതേ മൂല്യങ്ങൾ തന്നെ.
മൂല്യങ്ങൾ എന്നും രൂപപ്പെട്ടുകൊണ്ടിരുന്നു. അവയ്ക്കു പിന്നിലെ ചാലക ശക്തികളായ അറിയാനുള്ള ആഗ്രഹവും,
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദാഹവും, നീതിക്കുവേണ്ടിയുള്ള മോഹവും സദാ സക്രിയമായിരുന്നു.
രാഷ്ട്രീയതലത്തിലെ നേട്ടത്തിന്റെ പ്രാധാന്യം അതുവരെ ആശയങ്ങളുടെ തലത്തിൽ മാത്രം നിലനിന്നിരുന്ന ഈ
മൂല്യങ്ങൾക്കും, അവയുടെ പിന്നിലെ ചാലകശക്തികൾക്കും ആധികാരികതയും പ്രവർത്തനശേഷിയും പ്രദാനം
ചെയ്യുവാനുള്ള അവസരവും അധികാരവും ജനങ്ങൾക്കു ലഭ്യമായി എന്നതാണു്. വേറൊരുവിധത്തിൽ
പറഞ്ഞാൽ, ജനാധിപത്യവ്യവസ്ഥ സ്ഥാപിതമാകുമ്പോൾ അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ
പ്രമാണാനുസൃതമാക്കേണ്ട ഉത്തരവാദിത്തം അതിന്മേൽ സ്വാഭാവികമായും ധാർമികമായും വന്നു ചേരുന്നു.
</p>
          <p>അതുകൊണ്ടു് ജനാധിപത്യം സ്ഥാപിതമാകുന്ന രാജ്യങ്ങൾ ആദ്യം ചെയ്യുക ഒരു ഭരണഘടന
ഉണ്ടാക്കുകയാണു്. ആ ഭരണഘടനയിൽ അവർ സ്വാഭാവികമായും അതിനെ സാധ്യമാക്കിയ മൂല്യങ്ങൾ
ഉൾപ്പെടുത്തുകയും അവയ്ക്കു നിയമസാധുത പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാരണം, അവയില്ലാതെ, അവയുടെ
അടിത്തറ മേലല്ലാതെ, ജനാധിപത്യം ഉണ്ടാകുമായിരുന്നില്ല. ഉണ്ടായാൽ തന്നെ അതിനു തുടർന്നു
നിലനിൽക്കുവാനും സാധിക്കില്ല. സാരവത്തായ ഒരോ ജനാധിപത്യവും പിന്നെയും മുൻപോട്ടുപോയി അതിന്റെ
ഭരണഘടനയിൽ ആ മൂല്യങ്ങളെ കൂടുതൽ വികസിപ്പിക്കുവാനും, മൂല്യസൃഷ്ടിയെന്ന പ്രക്രിയയെ
തുടർന്നുകൊണ്ടിരിക്കുവാനും ഉള്ള വ്യവസ്ഥയും ഉണ്ടാക്കുന്നു. നമ്മുടെ ജനാധിപത്യവും ഇതൊക്കെ ചെയ്തിട്ടുണ്ടു്.
</p>
          <p>സ്വാതന്ത്ര്യം കിട്ടി രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും നാം എല്ലാ പൗരന്മാർക്കും നീതിയും സ്വാതന്ത്ര്യവും
തുല്യതയും വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന നിർമ്മിച്ചു നിയമമാക്കി. തുടർന്നു തിരഞ്ഞെടുക്കപ്പെട്ട
ഗവണ്മെന്റുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രാവർത്തികമായി. ഇതെല്ലാം കഴിഞ്ഞിട്ടു് ആറു
പതിറ്റാണ്ടിലേറെയായി. ഈ കാലയളവിൽ നമ്മുടെ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ
സംരക്ഷിക്കുന്നതിലും ഉറപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും എത്രത്തോളം വിജയിച്ചു, അഥവാ അതിനുവേണ്ടി
പ്രയത്നിച്ചു എന്നു് അന്വേഷിക്കുന്നതു് അസ്ഥാനത്താവില്ല. വിപുലവും ഗാഢവുമായ പഠനം ആവശ്യപ്പെടുന്ന

ഒന്നാണതു്.
</p>
          <p>ഈ വിഷയം പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഒരു ജഡ്ജിയുടെ ഭൂരിപക്ഷത്തോടെയാണെങ്കിലും
പ്രസിദ്ധമായ കേശവാനന്ദഭാരതി കേസിൽ
1973-ൽ, പാർലമെന്റിനു ഭരണഘടനയുടെ The basic structure or essential features of the
constitution-നെ ബാധിക്കാത്ത ഭേദഗതികൾക്കേ അധികാരമുള്ളൂ എന്നു വിധിച്ചു. എന്നിട്ടും ഈ ഭയങ്ങളെല്ലാം
രണ്ടുകൊല്ലത്തിനു ശേഷം ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ വാസ്തവമാകുന്നതു്
നാം കണ്ടു. എങ്കിലും സുപ്രീം കോടതി വിധി ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും
അടിയന്തരാവസ്ഥയ്ക്കു ശേഷം പുനഃപ്രതിഷ്ഠിക്കുന്നതിനു സഹായിച്ചു. 1975-ലെ അനുഭവം ഇനിയും
ആവർത്തിക്കുമോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു (കൗതുകകരമായി തോന്നാം 1963-ൽ പാക്കിസ്താൻ സുപ്രീം
കോടതി അയൂബ്ഖാന്റെ പട്ടാളഭരണകാലത്തു്, പ്രസിഡന്റിനു് ഭരണഘടനയുടെ fundamental features
മാറ്റാനുള്ള അധികാരമില്ലെന്നു വിധിച്ചിരുന്നു. അതു് ഒന്നിനു പുറകെ ഒന്നായി വന്ന പട്ടാളമേധാവികൾക്കു് ആ
രാജ്യത്തിന്റെ ഭരണഘടനകൊണ്ടു് പന്തുകളിക്കുന്നതിനു തടസ്സമായില്ല).
</p>
          <p>അടിയന്തരാവസ്ഥക്കാലത്തു് നടപ്പിലാക്കിയ, പൊതുവേ വിമർശിക്കപ്പെട്ട, ഭേദഗതികളിൽ ഗുണപരമായ
ചിലതും കടന്നുകൂടിയിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ എന്ന പദം കൂട്ടിച്ചേർത്തതായിരുന്നു
ഒന്നു്. പരോക്ഷമായി ഭരണഘടന ഉദ്ദേശിച്ചതായിരുന്നുവെങ്കിലും മതനിരപേക്ഷത ഇതോടെ
പ്രമാണവൽക്കരിക്കപ്പെട്ടു. വേറൊന്നു് മൗലികകർത്തവ്യങ്ങളെന്ന പേരിൽ ആർട്ടിക്കിൾ 51(a)
കൂട്ടിച്ചേർത്തതായിരുന്നു. ബൗദ്ധികവ്യവഹാരത്തെയും സ്വതന്ത്രചിന്തയെയും മുന്നോട്ടു കൊണ്ടുപോകുവാൻ
സഹായിക്കുന്ന അതിലെ ഈ ഭാഗം സവിശേഷശ്രദ്ധ ആകർഷിക്കുന്നു.
</p>
          <p>It shall be the duty of every citizen of India to develop the scientific temper, humanism
and the spirit of inquiry and reform
</p>
          <p>ഭരണഘടന നിലവിൽ വന്ന ഉടനെ രാജ്യമാകെ പ്രായപൂർത്തി വോട്ടവകാശമനുസരിച്ചു് തിരഞ്ഞെടുപ്പു
നടത്തപ്പെടുകയും തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് സ്ഥാപിതമാകുകയും ചെയ്തു. പാർലമെന്റ് പാസ്സാക്കിയ
ആദ്യകാല നിയമങ്ങളിലൊന്നു് 1955-ലെ Untouchability (offences) Act ആയിരുന്നു. പിൽക്കാലത്തു് അതു്
Protection of Civil Rights Act എന്നു നാമകരണം ചെയ്യപ്പെട്ടു. 1988-ൽ പാസ്സായ Scheduled Castes and
Scheduled Tribes (Prevention of Atrocities) Act ജാതി വിവേചനത്തിനെതിരെയുള്ള നിയമം കൂടുതൽ
കർശനമാക്കി.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">അടിയന്തരാവസ്ഥക്കാലത്തു നടപ്പിലാക്കിയ പൊതുവേ വിമർശിക്കപ്പെട്ട
ഭേദഗതികളിൽ ഗുണപരമായ ചിലതും കടന്നുകൂടിയിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ ‘സെക്യുലർ’ എന്ന
പദം കൂട്ടിച്ചേർത്തതായിരുന്നു അതിലൊന്നു്.</p>
            </body>
          </floatingText>
          <p> അടിയന്തരാവസ്ഥയ്ക്കുശേഷം പൗരാവകാശങ്ങളെക്കുറിച്ചുള്ള ബോധത്തിനു ദേശമാകെ വലിയ
ഉണർവുണ്ടായി. മീഡിയ അതിനെ ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയി. താമസിയാതെ ദേശീയ മനുഷ്യാവകാശ
കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശകമ്മീഷനുകൾ, ന്യൂനപക്ഷകമ്മീഷൻ, വനിതാ കമ്മീഷൻ,
ശിശുക്ഷേമകമ്മീഷൻ തുടങ്ങിയവ പിന്നാലെ വന്നു. പൊതുവേ സിവിൽ സമൂഹത്തിന്റെ ശബ്ദം കേൾക്കായി.
തിരഞ്ഞെടുപ്പു് കമ്മീഷൻ, CAG, പ്രസ്സ് കൗൺസിൽ തുടങ്ങിയവ സ്വന്തം സ്ഥാനങ്ങളും സ്വാതന്ത്ര്യവും ഉറപ്പിക്കാൻ
തുടങ്ങി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Adolf_Hitler.jpg" rendition="gra"/>
            <figDesc style="thumb">ഹിറ്റ്ലർ</figDesc>
          </figure>
          <p> ക്രൂരന്മാരായ സർവാധിപതികളുടെ കാലമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടു്. <ref target="https://w.wiki/Fsmf">ഹിറ്റ്ലർ</ref>, <ref target="https://w.wiki/Fsmh">സ്റ്റാലിൻ</ref>, <ref target="https://w.wiki/Fsmi">മുസ്സോലിനി</ref>, <ref target="https://w.wiki/Fsmj">ഫ്രാങ്കോ</ref> ഇങ്ങനെയുള്ളവരുടെ പശ്ചാത്തലത്തിലാണു്
ഇന്ത്യ സ്വതന്ത്രമായതു്. അതിനുശേഷവും <ref target="https://w.wiki/Fsmo">മാവോ</ref>,
<ref target="https://w.wiki/Fsmp">പോൾപോട്</ref>, <ref target="https://w.wiki/Fsmt">ഖൊമേനി</ref> തുടങ്ങിയ ഏറെ പേർ അരങ്ങു
തകർത്തുകൊണ്ടിരുന്നു. സ്വാതന്ത്ര്യം നേടിയ പല ലോകരാജ്യങ്ങളും നേരേ സർവാധിപതികളുടെയോ പട്ടാള
മേധാവികളുടെയോ പിടിയിലേക്കാണു് പോയതു്. ഇന്ത്യയിൽനിന്നു വിഭജിച്ചുപോയ പാക്കിസ്താനും ബംഗ്ലാദേശും
വീണ്ടും വീണ്ടും പട്ടാള അട്ടിമറികൾക്കിരയായി. എന്നിട്ടും ഇന്ത്യ എങ്ങനെയോ ജനാധിപത്യത്തിലും
ഭരണഘടനയിലും പിടിച്ചുനിന്നു. മൗലിക സ്വാതന്ത്ര്യങ്ങൾ തടഞ്ഞുവച്ച അടിയന്തരാവസ്ഥപോലും
ഭരണഘടനയുടെ അകത്തുനിന്നാണു് പ്രഖ്യാപിക്കപ്പെട്ടതു്. ഭരണം അട്ടിമറിക്കുമ്പോഴൊക്കെ സർവാധിപതികൾ
സാധാരണ ചെയ്യുക ഭരണഘടന റദ്ദാക്കുകയാണല്ലോ.
</p>
          <figure rend="fright" type="gra">
            <graphic url="images/Stalin.jpg" rendition="gra"/>
            <figDesc style="thumb">സ്റ്റാലിൻ</figDesc>
          </figure>
          <p> നഷ്ടങ്ങളിലേക്കു വരുമ്പോൾ ആന്തരികമായ പരാജയങ്ങളിലേക്കു പ്രവേശിക്കുന്നതിനുമുൻപു് മറ്റു നവാഗത
രാഷ്ട്രങ്ങൾക്കിടയിൽ എങ്ങനെയോ പിടിച്ചുനിന്നുവെന്നു് നാം സൂചിപ്പിച്ച നമ്മുടെ ജനാധിപത്യം അന്തർരാഷ്ട്രീയ
രംഗത്തു് എങ്ങനെ വ്യാപരിച്ചുവെന്നും സ്വന്തം ഭൂമിക നിർവഹിച്ചുവെന്നും നോക്കുക. വാഴ്ത്തപ്പെടുന്നുവെങ്കിലും
സ്വന്തം താല്പര്യങ്ങളിൽ നിന്നു് ഒട്ടും വ്യതിചലിക്കാത്ത മറ്റു് ജനാധിപത്യങ്ങളും, ഒപ്പം സർവാധിപതികളും മിലിട്ടറി
അജണ്ടകളും വെറും ഗുണ്ടകളും മാഫിയയും വാഴുന്ന ലോക രംഗത്തു് സമ്മർദങ്ങളെ അതിജീവിക്കുന്നതിലും
ആദർശങ്ങളെ നിലനിർത്തുന്നതിലും അതു വിജയിച്ചുവോ?
</p>
          <figure rend="fleft" type="gra">
            <graphic url="images/Ruhollah_Khomeini.jpg" rendition="gra"/>
            <figDesc style="thumb">ഖൊമേനി</figDesc>
          </figure>
          <p>രണ്ടു ലോകമഹായുദ്ധങ്ങൾ, സാർവലൗകികമാനം ഉൾക്കൊണ്ട റഷ്യൻ വിപ്ലവം, ലീഗ് ഓഫ് നേഷൻസിൽ
നിന്നു് യുനൈറ്റഡ് നേഷൻസിലേക്കും ലോകബാങ്ക്, ലോകാരോഗ്യസംഘടന, UNESCO തുടങ്ങിയ അതിന്റെ
വിവിധ ഉപസംഘടനകളിലേക്കും പുരോഗമിച്ച ഏകലോകമെന്ന ആശയം, മനുഷ്യാവകാശങ്ങളെയും
കോളനികളുടെ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഉണർവു്, ഇങ്ങനെ പലതിന്റെയും മധ്യത്തിലൂടെ
പിറവിയെടുത്തതുകൊണ്ടു്, ഭരണഘടനയുടെ മാർഗനിർദേശക സിദ്ധാന്തങ്ങളിൽ ഇങ്ങനെയൊന്നു് ഇടം
പിടിക്കുകയുണ്ടായി:
</p>
          <figure rend="fright" type="gra">
            <graphic url="images/FRANCISCO_FRANCO.jpg" rendition="gra"/>
            <figDesc style="thumb">ഫ്രാങ്കോ</figDesc>
          </figure>
          <p> The state shall endeavour to (a) promote international peace and security (b) maintain
just and honourable relations between nations (c) foster respect for international law and
treaty obligations in the dealings of organised peoples with one another, and (d) encourage
settlement of international disputes by arbitration.
</p>
          <p>ഒട്ടേറെ വികാരവിക്ഷോഭത്തിനും ചോരചൊരിച്ചിലിനും ഇടയാക്കിയെങ്കിലും വിഭജനാനന്തരം ഇന്ത്യ
പാക്കിസ്താനുമായുള്ള ഇടപാടുകളും ബാധ്യതകളുമെല്ലാം നിവർത്തിച്ചു. കാശ്മീരിലെ സൈനികാക്രമണത്തെ
എതിർത്തു തോൽപ്പിക്കുന്നത്തിനു പകരം പ്രശ്നപരിഹാരത്തിനു് ഐക്യരാഷ്ട്രസഭയെ സമീപിച്ചു. എങ്കിലും 65

കൊല്ലങ്ങൾക്കു ശേഷവും കാശ്മീർ പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടർന്നു. അതിനെ ഭീകരതയിലേക്കു
വഴുതിപ്പോകുവാനും, രാജ്യത്തെയാകെ മത വൈരത്തിലേക്കു നയിക്കുവാനും നമ്മൾ സമ്മതിച്ചു.
പാക്കിസ്താനുമായി മൂന്നു തവണയും ചൈനയുമായി ഒരു തവണയും ഇന്ത്യ ഭയാനകമായ മൂന്നു യുദ്ധങ്ങൾ ചെയ്തു.
യുദ്ധങ്ങൾ ഇന്ത്യയെ വൻതോതിൽ സൈനികവൽക്കരണത്തിനു പ്രേരിപ്പിച്ചു. കൂടുതൽ കൂടുതൽ ആയുധങ്ങൾ
വാരിക്കൂട്ടി ആയുധ മത്സരത്തിലെ മുൻനിരപങ്കാളിയാക്കി. ആഭ്യന്തര രാഷ്ട്രീയത്തിലെ ഹ്രസ്വകാല നേട്ടങ്ങൾക്കു
വേണ്ടി ശ്രീലങ്കയിലെ ഭീകരവാദികൾക്കു് ആയുധസഹായം നൽകുവാനും ഒടുവിൽ ആ രാജ്യത്തു് സൈനികമായി
ഇടപെടാനും നാം തയാറായി. നെഹറുവിന്റെ നയങ്ങൾ വഴി ലോകത്തിൽ ആർജ്ജിച്ചിരുന്ന മാന്യത
പൂർണ്ണമായും നമുക്കു കൈമോശം വന്നു.
</p>
          <p>രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ നിലപാടുകൾക്കു നയങ്ങൾക്കും ആദർശങ്ങൾക്കും തീക്ഷ്ണമായ ക്ഷതം
വരുത്തിയതായിരുന്നു ആണവായുധ നിർമാണത്തിനുള്ള നമ്മുടെ തീരുമാനം. ആണവായുധങ്ങൾ
ലേകസമാധാനത്തിനു ഭീഷണിയാണെന്നും മനുഷ്യരാശിക്കും സമസ്തജീവജാലങ്ങൾക്കും നേരേയുള്ള
പാതകമാണെന്നും ഉള്ള നിലപാടാണു് തുടക്കം മുതലേ നാം എടുത്തിരുന്നതു്. ആണവായുധ നിർമാണത്തെയും
ആ വഴിക്കുള്ള പരീക്ഷണങ്ങളെയും നാം എതിർത്തു. ഉള്ളവ തന്നെ പരിപൂർണമായും നശിപ്പിക്കുവാനും ആണവ
നിരായുധീകരണം നടപ്പിലാക്കുവാനും നാം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 1957-ൽ ട്രോംബെയിലെ അപ്സര
റിയാക്ടറിന്റെ ഉദ്ഘാടനവേളയിൽ ഇന്ത്യ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കയില്ലെന്ന ഉപാധികളൊന്നും
കൂടാതെയുള്ള ഉറപ്പാണു് <ref target="https://w.wiki/Fsmx">നെഹ്റു</ref> ലോകത്തിനു
നൽകിയതു്. എന്നാൽ അതു കഴിഞ്ഞു് വെറും പതിനേഴു കൊല്ലങ്ങൾക്കു ശേഷം ഇന്ത്യ സ്വയം ആണവായുധ
പരീക്ഷണം നടത്തി 1998-ൽ പുതിയ പരീക്ഷണങ്ങൾ വഴി രാജ്യം ആണവായുധ നിർമാണം ഔപചാരികമായി
പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയകക്ഷിയോ ഏതെങ്കിലുമൊരു പാർലമെന്റ് മെമ്പറൊ ഈ മഹാദുരന്തത്തിനെതിരെ ഒരു
വാക്കു് ഉരിയാടിയില്ലന്നതു് ഇന്ത്യൻ ജനാധിപത്യത്തിന്റെ കുത്തനെയുള്ള പതനത്തിന്റെ അടയാളമായി.
ലോകരംഗത്തു് ആർജ്ജിച്ചിരുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തുക മാത്രമല്ല ഈ കൃത്യം ചെയ്തതു്, ഒരിക്കലും
അറിയിക്കാത്ത വൻ തുക ചെലവുചെയ്തു് അത്യന്തം അപായകരമായ ഒരു ഭാവി രാജ്യത്തിനു വാങ്ങിക്കൊടുക്കുക
കൂടിയായിരുന്നു.
</p>
          <p>അപായകരമായ ഭാവിയിലേക്കുള്ള യാത്രയുടെ മറ്റു് ഉദാഹരണങ്ങൾക്കു നാം നമ്മോടു തന്നെയുള്ള
ഉത്തരവാദിത്തത്തിൽ വരുത്തിയ ചില വീഴ്ചകളിലേക്കു് വരാം. നീതിപൂർവവും, സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതും,
പുരോഗമനാഭിമുഖ്യമുള്ളതുമായ ഒരു സമൂഹത്തെയാണു് നാം ജനാധിപത്യം കൊണ്ടും അതിന്റെ പിന്നിലെ
ആശയങ്ങൾകൊണ്ടും സാക്ഷാത്കരിക്കുവാൻ ആശിച്ചതു്. അതു നമുക്കു് ലഭ്യമായോ? അതോ നാം വെറും
നടപടിക്രമങ്ങളിൽ മാത്രം സന്തുഷ്ടി നേടുന്ന ഒരു ഔപചാരിക ജനാധിപത്യമായിത്തീരുകായാണോ?
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">സർക്കാർ-ജനത സമവാക്യം</head>
          <p style="noindent">സ്വാതന്ത്ര്യസമരത്തിന്റെ നീണ്ട കാലഘട്ടത്തിൽ നാം രാജ്യത്തിനു് ഒരു
സ്ത്രീസങ്കൽപ്പമാണു് നൽകിയിരിക്കുന്നതു് ഭാരതമാതാവു്. ഭാരതമാതാവിനെ അടിച്ചങ്ങലയിൽ നിന്നു നമ്മൾ,
അവളുടെ മക്കൾ, മോചിപ്പിക്കുന്നു, എന്നൊക്കെ. വാസ്തവത്തിൽ മാതൃഭൂമി, മാതൃരാജ്യം എന്നൊക്കെയുള്ള
സങ്കൽപ്പങ്ങൾ ഏറെ പഴയതാണു്. ജനനിയും ജന്മഭൂമിയും സ്വർഗത്തെക്കാൾ മുൻപിലാണു് എന്നാണു് നാം
പറയാറ്. ദേശഭക്തിഗാനങ്ങളിൽ ഏറെ പ്രിയപ്പെട്ട വന്ദേമാതരം അക്കാലത്തു് ദേശീയ ഗാനത്തിന്റെ സ്ഥാനം
വഹിച്ചിരുന്നു.
</p>
          <p>എന്നാൽ സ്വാതന്ത്രപ്രാപ്തിയോടെ നാം ഭാരതമാതാവിനെ വിരമിപ്പിച്ചു. അതിന്റെ പ്രതീകമെന്നപോലെ
സ്വാതന്ത്ര്യാനന്തരഭാരതം തിരഞ്ഞെടുത്ത ദേശീയഗാനത്തിൽ ജനഗണങ്ങൾക്കു് അധിനായകനും ഭാരതഭാഗ്യ
വിധാതാവുമായ ഒരു പുരുഷസങ്കൽപ്പമാണു് അവരോധിക്കപ്പെട്ടതു്. പുരുഷൻ-സ്ത്രീ, ഭർത്താവു്-ഭാര്യ,
ഭരണകർത്താവു്-ഭരിക്കപ്പെടുന്നവർ എന്ന സമവാക്യത്തിലേക്കു നീങ്ങി രാഷ്ട്രം-ജനത എന്ന ബന്ധം.
</p>
          <p>ദേശീയഗാനത്തിന്റെ കർത്താവായ ടാഗോറിന്റേതായി The Ideal of Marriage എന്ന ഒരു നീണ്ട
ലേഖനമുണ്ടു്.<ref xml:id="xfn1" target="#fn1" type="noteAnchor">[1]</ref>
ഹിന്ദുവിവാഹസമ്പ്രദായങ്ങളെ വിവിരിക്കുന്നതിനിടയിൽ വരുന്ന ബാല്യവിവാഹത്തെ അദ്ദേഹം
വൈകാരികമായ ആവേശത്തോടെയാണു സമീപിക്കുന്നതു്. അതീവ ക്രൂരമായ ഈ സമ്പ്രദായത്തെ
ആദർശവൽക്കരിക്കുന്നതിനുവേണ്ടി അദ്ദേഹം ഇതിൽ വിചിത്രമായ ന്യായങ്ങൾ കൊണ്ടുവരുന്നു.
ലൈംഗികതയുടേയും ഭൗതികതയുടേയും മേലുള്ള ആത്മീയതയുടെ വിജയമായാണു് അദ്ദേഹം സ്ത്രീകളെ

ഒതുക്കിനിർത്തുവാൻ പുരുഷമേധാവിത്വം കണ്ടുപിടിച്ച ഈ ഉപായത്തെ വിവരിക്കുന്നതു്. പ്രകൃതിയിലെ ഏറ്റവും
ശക്തനായ പോരാളിയായ കാമത്തിന്റെ നേരെയുള്ള യുദ്ധ പ്രഖ്യാപനമായിരുന്നു ഭാരതത്തിലെ
വിവാഹസമ്പ്രദായം. ‘പുരുഷനും സ്ത്രീക്കുമിടയിലുള്ള ആകർഷണം ഏറ്റവും ശക്തമാകുന്ന ഒരു പ്രായമുണ്ടു്.
സമൂഹത്തിന്റെ ഇച്ഛയനുസരിച്ചു് (വ്യക്തിയുടേതിനു പകരം) വിവാഹം നിയന്ത്രിക്കണമെങ്കിൽ അതു് ആ
പ്രായത്തിനു മുൻപേ നടക്കണം. അതുകൊണ്ടു് ബാല്യവിവാഹം’ സ്ത്രീയെ അവൾ സ്ത്രീയാണെന്നു
മനസ്സിലാക്കുന്നതിനു മുൻപെ ബന്ധിക്കണമെന്നർത്ഥം.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">1998-ൽ പുതിയ പരീക്ഷണങ്ങൾ വഴി ഇന്ത്യ ആണവായുധ നിർമാണം
ഔപചാരികമായി പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയ കക്ഷിയോ ഏതെങ്കിലുമൊരു പാർലമെന്റ് മെമ്പറോ ഈ
മഹാദുരന്തത്തിനെതിരെ ഒരു വാക്കു് ഉരിയാടാനില്ലെന്നതു് ഇന്ത്യൻ ജനാധിപത്യത്തിന്റെ കുത്തനെയുള്ള
പതനത്തിന്റെ അടയാളമായി.</p>
            </body>
          </floatingText>
          <p> ‘വിവാഹത്തിന്റെ ആവശ്യത്തിനു സ്വമനസ്സാലെയുള്ള പ്രേമം വിശ്വസിക്കാവുന്നതല്ല’ ടാഗോർ വീണ്ടും
എഴുതുന്നു. ‘പ്രേമത്തെ ക്രമേണ വളർത്തിയെടുക്കുകയാണു് ആവശ്യം. വിവാഹത്തിനു മുൻപേ തന്നെ തുടങ്ങണം
അതു്. അതിനാൽ ചെറുപ്രായത്തിലേ നാം കവിതകളിലും കഥകളിലും ആചാരങ്ങളിലും
ആരാധനാസമ്പ്രദായങ്ങളിലും കൂടി നമ്മുടെ പെൺകുട്ടികളുടെ മുൻപിൽ പതിയെ ഒരു ആദർശത്തിന്റെ
രൂപത്തിൽ അവതരിപ്പിക്കുന്നു. അവസാനം ഒരു പതിയെ ലഭിക്കുമ്പോഴേക്കും അവൾക്കു് അയാൾ ഒരു
വ്യക്തിയല്ല, ഒരു സങ്കൽപ്പമായിക്കഴിഞ്ഞിരിക്കും. വിധേയത്വം, സ്വരാജ്യസ്നേഹം തുടങ്ങിയ അമൂർത്ത
സങ്കൽപ്പങ്ങൾ പോലെ…’ വിധേയത്വം, സ്വരാജ്യസ്നേഹം എന്ന വാക്കുകകൾ ശ്രദ്ധിക്കുക. സ്ത്രീയെ സ്വയം
വളർന്നു് വികസിച്ചു്, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ കണ്ടെത്തി, സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാൻ
അനുവദിക്കുന്നതിൽ എന്തോ അപാകതയുണ്ടെന്നും, പുരുഷനെന്ന ആദർശത്തിന്റെ ചുറ്റുവട്ടത്തിൽ
കറങ്ങുവാനായി അവളെ ചെറുപ്പത്തിലേ മെരുക്കിയെടുക്കണമെന്നും പറയുന്നതിലെ(കു) യുക്തിയെ നമുക്കു
തൽക്കാലം വിശ്രമിക്കുവാൻ അനുവദിക്കുക. സ്ത്രീയുടെ പുരുഷനോടുള്ള വിധേയത്വത്തെ ജനതയുടെ
രാഷ്ട്രത്തിനോടുള്ളതുമായി ടാഗോർ ബന്ധിച്ചതു പ്രധാനമാണു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Rabindranath_Tagore.jpg" rendition="gra"/>
            <figDesc style="thumb">ടാഗോർ</figDesc>
          </figure>
          <p> വിശ്വസിക്കുവാൻ അരുതാത്ത, സ്വയം തീരുമാനമെടുക്കേണ്ട, എന്തിനോടോ വിധേയത്വം പുലർത്തേണ്ട
സ്ത്രീസമാനമായ സ്വത്വം നാം ജനതയ്ക്കു നൽകുവാൻ തുടങ്ങിയിട്ടില്ലേ? ഈ അവസ്ഥയെ കവിയായ <ref target="https://w.wiki/EhpN">ടാഗോർ</ref> നേരത്തേ പിടിച്ചെടുത്തുവെന്നു വേണം കരുതുവാൻ.
</p>
          <p>മാതാവിനെ വിട്ടു നമ്മുടെ ജനത ഒരു അധിനായകനെ വിവാഹം കഴിച്ചതു് (ജനാധിപത്യത്തിനു പകരം
രാഷ്ട്രാധിപത്യത്തിൽ എത്തിച്ചേർന്നതു് എന്നു വേണമെങ്കിൽ പറയാം) ഒരു
ബാല്യവിവാഹത്തിലൂടെയായിരുന്നുവോ? ഒരു ആശയത്തിന്റെ രൂപത്തിലല്ലാതെ വേറൊരു വിധത്തിലും
പരിചയമില്ലാതിരുന്ന പതിയിൽ ഈ ജനത അർപ്പിച്ച വിശ്വാസത്തെ അവൻ എങ്ങനെയാണു് തിരികെ
കൊടുത്തതു? ഭാവനയിൽ വരച്ചു് ആശയത്തിന്റെ രൂപത്തിൽ ടാഗോർ സ്ത്രീകൾക്കു് ദാനം ചെയ്യാൻ ആഗ്രഹിച്ച
ഭർത്താവു് ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം എങ്ങനെയാണു് അനുഭവപ്പെട്ടതു? അമൂർത്തമെന്നും
സങ്കൽപ്പമെന്നുമൊക്കെ ബുദ്ധിജീവികൾ വാദിച്ചാലും ജനതയുടെ മുൻപിൽ രാഷ്ട്രം മൂർത്തവും യഥാർഥ്യവുമായ
കുറേ മനുഷ്യരുടെ രൂപത്തിൽ തന്നെയാണു് അവതരിപ്പിച്ചതു്—അവരുടെ ഭരണാധികാരികളുടെ. ആറു
പതിറ്റാണ്ടിലേറെക്കാലമായി അവർ ജനതയുടെ ശരീരത്തെ, ഗൃഹത്തെ, സ്വത്തിനെ അടക്കി വാഴുന്നു.
</p>
          <p>ടാഗോറിന്റെ Indian Ideal-ൽ കാമം ഒരു വഴിക്കുമാത്രമാണു്. സ്ത്രീ അതിനെ കീഴടക്കണം, അഥവാ അതു്
എന്താണെന്നു മനസ്സിലാക്കരുതു്. പുരുഷനു് അതുവേണ്ട. അവനു് ഭോഗിക്കാം. സ്ത്രീ ഭോഗമെന്താണെന്നു
മനസ്സിലാക്കാൻ തുടങ്ങുന്നതിനു മുൻപേ തന്നെ അവളെ പ്രാപിക്കുവാനുള്ള അവകാശം പുരുഷനുണ്ടു്. ഏതെല്ലാം
വിധത്തിലാണു് രാഷ്ട്രമെന്നോ ഭരണകൂടമെന്നോ ഒക്കെയുള്ള സങ്കൽപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന

ഭരണാധിപന്മാരെന്ന ഭർത്താവു്, ഭാര്യയായ ജനതയെ വ്യവഹരിച്ചതു? അവർ ജനതയെ ഈ ബന്ധത്തിൽ
പങ്കാളിയെന്ന നിലയിൽ സ്വീകരിച്ചുവോ? ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും സ്വയംവരത്തിനെത്തുന്ന
രാജാക്കന്മാരെപ്പോലെ അവർ അവളുടെ മുൻപിൽ നിരന്നു നിൽക്കുന്നുണ്ടു്, ശരി. മാല കഴുത്തിൽ
വീണുകഴിഞ്ഞാൽ ജനത പിന്നെ അവരുടെ സ്വത്താണു്. ഏതെല്ലാം വിധത്തിൽ ഭീഷണിപ്പെടുത്താമോ,
പ്രഹരിക്കാമോ, ചൂഷണം ചെയ്യാമോ, കൊള്ളയടിക്കാമോ, ഭോഗിക്കാമോ, മുറിപ്പെടുത്താമോ, മണ്ണെണ്ണയൊഴിച്ചു്
കത്തിക്കാമോ അതൊക്കെ അവർ ചെയ്യുന്നു. ഒപ്പം കഥയിലും, കവിതയിലും, ആചാരങ്ങളിലും,
ആരാധനാസമ്പ്രദായങ്ങളിലും കൂടി വിധേയത്വത്തിലെ വിശുദ്ധിയും സ്വരാജ്യസ്നേഹത്തിന്റെ മഹത്വവും വിളംബരം
ചെയ്തുകൊണ്ടിരിക്കുന്നു. ഒടുവിൽ അവളെ അപഹരിക്കുവാൻ വരുന്ന ശത്രുവിൽ പ്രയോഗിക്കുവാനെന്നു പറഞ്ഞു്,
അവളുടെ കഞ്ഞിയും വെള്ളവും പണയം വച്ചു് നിർമ്മിച്ച മനുഷ്യചരിത്രത്തിലെ ഏറ്റവും നീചമായ ആയുധം,
ആണവായുധം, അവളുടെ ഉടലിൽ തന്നെ പരീക്ഷിച്ചു. എന്തും പരീക്ഷിക്കുവാൻ പതിക്കു് സ്വന്തം പത്നിയുടെ
ശരീരമാണല്ലോ ഉള്ളതു്. എന്നിട്ടു് അതിന്റെ മഹത്വത്തെക്കുറിച്ചു് അവളെക്കൊണ്ടു തന്നെ പാട്ടുകൾ പാടിച്ചു.
</p>
        </div>
        <!--end of "section 0.0.0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">അഴിമതിയും അക്രമവും</head>
          <p style="noindent">തിരഞ്ഞെടുക്കപ്പെട്ടവരായ ഭരണാധികാരികൾ സ്വാർഥികളായ
ഭർത്താക്കന്മാരെപ്പോലെ പെരുമാറുമ്പോഴും ഗവൺമെന്റുകളെ വേറിട്ടു കാണേണ്ടതുണ്ടു്. അഴിമതിയും അക്രമവും
ചില വ്യക്തികളിലേക്കു് ഒതുങ്ങുന്നുവെന്നും ഗവൺമെന്റ് പൊതുവെ നിയമാനുസൃതമായും, ഗാന്ധിയൻ സമരം
വളർത്തിക്കൊണ്ടു വന്ന ധാർമ്മികതയോടും നിഷ്ഠയോടും കൂടിയും പ്രവർത്തിക്കുന്നുവെന്ന വിശ്വാസം നാം
ഏറെക്കാലം പുലർത്തിപ്പോന്നു. <ref target="https://w.wiki/Fsmx">നെഹ്റു</ref> വിന്റെ
വ്യക്തിപ്രഭാവവും സ്വാതന്ത്ര്യസമരത്തിൽ നേതാക്കന്മാരായിരുന്ന വ്യക്തികളുടെ സാന്നിധ്യവും അതിനു
സഹായിച്ചു.
</p>
          <p>നീതി ലഭിക്കുന്നതും സുതാര്യവുമായ ഒരു സമൂഹത്തിന്റെ ആ ചിത്രത്തിനു് മങ്ങലേൽക്കുവാൻ അധികകാലം
വേണ്ടിവന്നില്ല. പുറത്തുവരാൻ തുടങ്ങിയ അഴിമതിക്കഥകൾ ഗവൺമെന്റിനെ അഴിമതിനിരോധന നിയമങ്ങൾ
കൊണ്ടുവരാൻ നിർബന്ധിച്ചു. CBI, വിജിലൻസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ടായി. പക്ഷേ,
നിയമനിർമ്മാണത്തേക്കാൾ വേഗത്തിൽ അഴിമതി ഓടി. ബിസിനസ്സിനെ നേർവഴിക്കു നിർത്തുവാൻ
കൊണ്ടുവന്ന നിയന്ത്രണങ്ങൾ കൂടുതൽ അഴിമതിക്കു് അവസരമുണ്ടാക്കി. വാഗ്ദാനങ്ങളുമായി വന്ന പുതിയ
പാർട്ടികളും പഴയവയുടെ വഴിക്കു തന്നെ പോയി. വ്യാപാരികൾ ഭരണകർത്താക്കളാകുകയാണു് കോളനി
ഭരണത്തിൽ ഉണ്ടായതെങ്കിൽ, സ്വതന്ത്രഭാരതത്തിൽ ഭരണകർത്താക്കൾ വ്യാപാരികളായി.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">വ്യക്തികളിൽ ഒതുങ്ങിയിരുന്ന അഴിമതി ക്രമേണ മുഴുവൻ ഗവൺമെന്റിനെയും
ഗ്രസിച്ചു. പിന്നെ ഗവൺമെന്റുകളെ പിന്നിൽ നിന്നു് നയിക്കുന്ന പാർട്ടികളിലേക്കും, പാർട്ടികളുടെ
കാഡറുകളിലേക്കും, യൂണിയനുകളിലേക്കും.</p>
            </body>
          </floatingText>
          <p> വ്യക്തികളിൽ ഒതുങ്ങിയിരുന്ന അഴിമതി ക്രമേണ മുഴുവൻ ഗവൺമെന്റിനെയും ഗ്രസിച്ചു. പിന്നെ
ഗവൺമെന്റുകളെ പിന്നിൽ നിന്നു് നയിക്കുന്ന പാർട്ടികളിലേക്കും, പാർട്ടികളുടെ കാഡറുകളിലേക്കും,
യൂണിയനുകളിലേക്കും. രാഷ്ട്രീയകക്ഷികളുടെ താഴ്‌ന്ന തലത്തിലുള്ള പ്രവർത്തകർ പോലും ഉന്നതങ്ങളെ
സമീപിക്കുവാനുള്ള വഴിയുടെ കവാടങ്ങളായി. അതായതു് പാർട്ടി പ്രവർത്തനം താഴ്‌ന്ന തലത്തിൽത്തന്നെ
വരുമാനമുള്ള തൊഴിലായി. സാധാരണ പൗരനെന്ന നിലയിൽ അവകാശപ്പെട്ട കാര്യങ്ങൾ പോലും ഒരുവനു്
ഈ വളഞ്ഞ വഴികളിലൂടെ വേണം സാധിക്കുക എന്ന അവസ്ഥ വന്നു. വഴിയിൽ നടക്കുവാൻ തന്നെ ഒരുവനു്
പാർട്ടികളുടെ പ്രകടനങ്ങളോ, സമ്മേളനങ്ങളോ, നേതാക്കന്മാരുടെ ജന്മദിനാഘോഷമോ, മക്കളുടെ വിവാഹമോ
നടക്കുമ്പോൾ, ഈ മോശം മനുഷ്യർക്കു് കൈക്കൂലി കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ അപൂർവ്വമല്ല.
</p>
          <p>അഴിമതിക്കാരും ക്രിമിനലുകളും തമ്മിൽ, വാസ്തവത്തിൽ അഴിമതിയും ക്രിമിനാലിറ്റിയും തമ്മിൽ ഉറ്റ

ബന്ധമാണുള്ളതു്. രണ്ടും നിയമത്തിനു് പുറത്തു് നിൽക്കുന്നു. ബലപ്രയോഗം വഴി നിലനിൽക്കുന്നു.
ഭരണാധികാരികൾ ജനങ്ങളെ പിഴിയുവാൻ അധികാരമുപയോഗിക്കുന്നു, മാഫിയ ഭീഷണിയും തോക്കും.
അഴിമതിക്കാർക്കും മാഫിയയ്ക്കും തമ്മിലുള്ള അതിർവരമ്പു മാഞ്ഞുപോകുക മാത്രമല്ല, ഗാഢമായ ബന്ധവും
നിലവിൽ വന്നു. ബലപ്രയോഗം, അക്രമം, പിടിച്ചുപറി, ബ്ലാക്ക് മെയിലിങ്, തട്ടിക്കൊണ്ടുപോകൽ,
കൊലപാതകം, ബലാൽസംഗം ഇങ്ങനെ കൊള്ളക്കാർ ഉപയോഗിക്കുന്ന രീതികളൊക്കെ രാഷ്ട്രീയക്കാർ
ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ മാഫിയ രാഷ്ട്രീയക്കാരുടെ നാമത്തിൽ അധികാരം പ്രയോഗിച്ചു. വൻ
നഗരങ്ങളിൽ മാത്രമല്ല, ഉൾപ്രദേശങ്ങളിലും സ്വന്തം പോലീസും കോടതിയും സ്ഥാപിച്ചു് മാഫിയ
നീതിനിർവ്വഹണത്തിന്റെ ജോലി നടത്തുന്നുണ്ടു്. വാടകക്കാരെ ഒഴിപ്പിക്കുക, മോഷ്ടിക്കപ്പെട്ട മുതൽ മടക്കി
വാങ്ങുക, തട്ടിക്കൊണ്ടുപോകപ്പെട്ടവരെ തിരിച്ചു പിടിക്കുക തുടങ്ങിയ പണികൾ കമ്മീഷനുമേൽ അവർ
കാര്യമായി നിർവ്വഹിക്കുന്നു.
</p>
          <p>അമ്പതുകളിൽ ബോംബെ തുറമുഖത്തുള്ള കള്ളക്കടത്തിലൂടെ പിറന്ന അധോലോകം വളർന്നു് പന്തലിച്ചു് ആ
നഗരത്തിന്റെ അവിഭാജ്യ ഘടകമായതും, എല്ലാ നഗരങ്ങളിലേക്കും പടർന്നതും, ഭീകരവാദികളുടെ തന്നെ
ഉപകരണമായതുമായ സാഗാ സിസിലിയൻ മാഫിയയുടെ ചരിത്രം പോലെ വായിക്കാം. ഇന്നു്
കൊണ്ടാടപ്പെടുന്ന ഭീകരവാദി വേട്ടപോലും അധോലോക-രാഷ്ട്രീയബന്ധം പ്രഹസനമാക്കുന്നു. അധോലോക
നേതാക്കന്മാർക്കും അവർ ഏർപ്പെടുത്തുന്ന വാടകക്കൊലയാളികൾക്കും പോലും നിയമസഭകളിലും
മന്ത്രിക്കസേരകളിലും എത്തുക പല സംസ്ഥാനങ്ങളിലും വിഷമമുള്ള കാര്യമല്ല.
</p>
          <p>സത്യസന്ധനും നല്ലവനും എന്നു് അഭിമാനിക്കുന്ന നിങ്ങൾ ചെയ്യുന്ന ദൈനംദിന കാര്യങ്ങളിലെല്ലാം
നിങ്ങളറിയാതെ തന്നെ വിഷം കലരുന്നുണ്ടു്. പണിയെടുത്തു് കിട്ടുന്ന കാശു് കൊണ്ടു് നിങ്ങൾ ഒരു വീടു് വാങ്ങുന്നു,
ഒരു കാർ, ടി. വി., വാഷിങ് മെഷീൻ, ഫോൺ, നിത്യേന ഉപയോഗിക്കുന്ന വൈദ്യുതി, പാചകവാതകം,
അല്ലെങ്കിൽ കൃഷിക്കോ കുടിക്കാനോ ഉള്ള വെള്ളം. ഇതിനെല്ലാം നാം കൊടുക്കുന്ന വിലയിൽ ഒരംശം,
ഏതെങ്കിലുമൊരു ഘട്ടത്തിൽ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെയോ, മന്ത്രിയുടെയോ,
കൊള്ളക്കാരന്റെയോ, ഗുണ്ടയുടെയോ, വാടകക്കൊലയാളിയുടെയോ പോക്കറ്റിൽ എത്തിയിട്ടുണ്ടെന്നതു് നാം
അറിയുന്നില്ല. അറിഞ്ഞാലും നമുക്കു് അതിനെ ചോദ്യം ചെയ്യുവാനോ തടയുവാനോ കഴിയില്ല.
ധാർമികമായതിനേക്കാൾ, വിലയുടെ ഈ അധാർമിക പങ്കിന്മേലാണു് നമ്മുടെ ഇക്കണോമി ഊന്നുന്നതു്.
പുരോഗതി, ഗ്രോത്ത് റെയ്റ്റ്, എന്തിനു് ജനാധിപത്യം തന്നെ.
</p>
        </div>
        <!--end of "section 0.0.0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">ഫാസിസ്റ്റ് പ്രവണതകൾക്കു് കിട്ടുന്ന മാന്യത</head>
          <p style="noindent">തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും അവരുണ്ടാക്കുന്ന ഗവൺമെന്റുകളും
അതിന്റെയെല്ലാം സൂത്രധാരന്മാരായ രാഷ്ട്രീയ കക്ഷികളും കൂടി ജനങ്ങളുടെ ജനാധിപത്യത്തിലെ പ്രതീക്ഷകളെ
ശോഷിപ്പിച്ചുകൊണ്ടിരിക്കെ, ഈ ഹൈറാർക്കിക്കു് പുറത്തു് പാർശ്വങ്ങളിൽ നിന്നു് പൗരസ്വാതന്ത്ര്യത്തിനു്
ഏൽക്കേണ്ടിവരുന്ന ആക്രമണങ്ങൾ ചെറുതല്ല. മധ്യകാല യാഥാസ്ഥിതികത്വത്തിൽ നിന്നു് മുന്നോട്ടു പോകാത്ത
പ്രതിലോമശക്തികൾ നിലനിൽക്കുക മാത്രമല്ല പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അധികാരമോഹവും
അവസരവാദവും കൈമുതലായുള്ള രാഷ്ട്രീയ കക്ഷികൾ അവയുമായി സഖ്യം ചെയ്യുകയും ഗവൺമെന്റും നിയമവും
മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നതോടെ അവയ്ക്കു് സ്വീകാര്യതയും മാന്യതയും കൈവരുന്നു. കുറച്ചുകൂടി
കഴിയുമ്പോൾ ഇത്തരം സംഘടനകൾ സ്വയം രാഷ്ട്രീയ കക്ഷികളായി മാറി ജനാധിപത്യ പ്രക്രിയയിലൂടെ
അധികാരത്തിൽ വരുന്നു. ക്രമത്തിൽ ക്രമത്തിൽ മറ്റു രാഷ്ട്രീയ കക്ഷികളും ഫാസിസ്റ്റ് സ്വഭാവം കൈവരിക്കുകയോ,
തുറന്നു് ഫാസിസ്റ്റായിത്തീരുകയോ ചെയ്യുന്നു. ജനാധിപത്യം അങ്ങനെ ആന്തരികമായി
നിസ്തേജമാക്കപ്പെടുകയോ, സമ്മതിയോടെ ഹൈജാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നു.
</p>
          <p>നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കൈക്കൊള്ളുമന്നു് ആരാണു് വിചാരിച്ചതു്? പക്ഷേ,
അദ്ദേഹം പോയി ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ തന്റെ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നപ്പോൾ
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയുടെ തന്നെ കല്ലുകൾ അടർത്തിയെടുത്തു് സ്വന്തം
കൊട്ടാരത്തിനു ചുറ്റും കോട്ടകൾ പണിതു. ആ ഇളകിയ കല്ലുകൾ പിന്നീടൊരിക്കലും നേരെയുറച്ചില്ല.
</p>
          <p>മൗലികാവകാശങ്ങളുടെ കല്ലുകൾ ഇളക്കാമെങ്കിൽ സെക്യുലറിസത്തിന്റെയും കല്ലുകൾ ഇളക്കാമല്ലോ.
പിന്നീടു് ഒരു രാഷ്ട്രീയ പാർട്ടി മാസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പിലൂടെ, രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും
മതഭ്രാന്തന്മാരെ ഒരുക്കുകൂട്ടി, പകൽ നേരത്തു്, അനേകായിരം ജനങ്ങളുടെയും പോലീസ് സേനയുടെയും
സമക്ഷത്തുവച്ചു് നേതാക്കന്മാരുടെ ഗാലറികളിൽ നിന്നുള്ള ഉത്തേജനങ്ങളോടെ, ഒരു മുസ്ലീം പള്ളി പൊളിച്ചു

നീക്കി, അതിന്റെ കൽക്കൂമ്പാരത്തിന്മേൽ ഒരു ഹിന്ദുക്ഷേത്രം തട്ടിക്കൂട്ടിയുണ്ടാക്കി. ഭരണഘടനയും നിയമവാഴ്ചയും
നിലനിൽക്കെ ആ മേക്ക് ഷിഫ്ട് അമ്പലത്തെ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുവാനും അവിടെ ഭക്തന്മാർക്കു്
ദർശനം അനുവദിക്കുവാനും കോടതി വിധിച്ചു. ഈ അക്രമം നടത്തിയ കക്ഷി, പിന്നെ അധികാരത്തിൽ വന്നു്
രാജ്യം ഭരിച്ചു. കുറ്റം ചുമത്തപ്പെട്ടിട്ടും അക്രമികൾ ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/Bal_Thackeray.jpg" rendition="gra"/>
            <figDesc style="thumb">ബാൽ ഠാക്കറെ</figDesc>
          </figure>
          <p> പള്ളിപൊളിച്ചതിൽ നിൽക്കാതെ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ചു് മുംബൈ നഗരത്തെ ചോരക്കളമാക്കിയ
ശിവസേനാ നേതാവു് <ref target="https://w.wiki/Fsn3">ബാൽ ഠാക്കറെ</ref>
ശിക്ഷിക്കപ്പെട്ടില്ല. മതവിരോധവും വംശീയ വിരോധവും ഉപയോഗിച്ചു് പലതവണ അക്രമങ്ങൾ സൃഷ്ടിച്ചിട്ടും
അയാളെ തളയ്ക്കുവാൻ ഒരു ഗവൺമെന്റിനും കഴിഞ്ഞില്ല. പിന്നീടു് ഈ നേതാവു് മരിച്ചപ്പോൾ അയാളുടെ കക്ഷി
മുംബൈ നഗരത്തെ നിശ്ചലമാക്കിയ ഒരു ബന്ദ് പ്രഖ്യാപിച്ചു. ആ ബന്ദിനെ വിമർശിച്ചതാണു് അയാളുടെ
കൃത്യങ്ങളല്ല, മുംബൈ പോലീസ് ക്രമസമാധാനം തകർക്കുന്ന കൃത്യമായി കണ്ടു കേസെടുത്തതു്.
</p>
          <p>നിയമസഭകൾ തന്നെ വിശേഷാധികാരത്തിന്റെ പേരിൽ വ്യക്തികളുടെ മൗലികാവകാശ നിഷേധം
ചെയ്തിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടു്. നിയമസഭാംഗങ്ങളുടെ ക്രിമിനൽ ബന്ധത്തിന്മേൽ കാർട്ടൂൺ വരച്ചതിനു
തമിഴ്‌നാട് നിയമസഭ ആനന്ദവികടൻ പത്രാധിപരെ കുറച്ചുകാലം മുൻപു് മൂന്നുമാസത്തെ തടവിനു വിധിച്ചു. അതും
കടന്നു് അതേ നിയമസഭതന്നെ മുഖ്യമന്ത്രി ചെയ്ത പ്രസംഗത്തെ വിമർശിച്ചു് എഴുതിയതിനു് സാമാജികരുടെ
പ്രിവിലെജ് ലംഘനമാരോപിച്ചു് The Hindu പത്രാധിപരെ തടവിലിടുവാൻ വിധിച്ചു. ഇപ്പോഴത്തെ
പശ്ചിമബംഗാൾ മുഖ്യമന്ത്രിയും ഇതേ മട്ടിൽ പെരുമാറാൻ തുടങ്ങിയിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ
സ്വേച്ഛാധിപത്യത്തിലേക്കു് വളഞ്ഞവഴിക്കു മടങ്ങിവരാനുള്ള ശ്രമങ്ങളായിരുന്നു ഇതൊക്കെ. ഭരണഘടനയെ
ദുരുപയോഗപ്പെടുത്തുവാനുള്ള ഇത്തരം പ്രയത്നങ്ങൾ ഇനിയും ഉണ്ടായേക്കാം.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">നിത്യേന നാം ഉപയോഗിക്കുന്ന വൈദ്യുതി, പാചകവാതകം, അല്ലെങ്കിൽ
കൃഷിക്കോ കുടിക്കാനോ ഉള്ള വെള്ളം—ഇതിനെല്ലാം നാം കൊടുക്കുന്ന വിലയിൽ ഒരംശം, ഏതെങ്കിലുമൊരു
ഘട്ടത്തിൽ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്റെയോ മന്ത്രിയുടെയോ കൊള്ളക്കാരന്റെയോ ഗുണ്ടയുടെയോ
വാടകകൊലയാളിയുടെയോ പോക്കറ്റിൽ എത്തിയിട്ടുണ്ടാകും.</p>
            </body>
          </floatingText>
          <p> യാഥാസ്ഥിതികതയുടെയും മതാന്ധതയുടെയും തിരിച്ചുവരവിനും ഫാസിസ്റ്റ്പ്രവണതകളുടെ
പ്രോത്സാഹനത്തിനും സമകാലീന ചിന്താപദ്ധതികളിലെ ചില ധാരകൾ പ്രത്യക്ഷമായോ പരോക്ഷമായോ
സഹായകമായിട്ടുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. രണ്ടാം ലോകമഹായുദ്ധത്തോടും സോവിയറ്റ് യൂണിയന്റെ
പതനത്തോടും കൂടി സംഘടിത രൂപത്തിലുള്ള ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ വാഴ്ച
അവസാനിച്ചിരിക്കാം. പക്ഷേ, കൊല്ലപ്പെട്ടവന്റെ ഭൂതം കൊല്ലുന്നവനിൽ ആവേശിക്കുമെന്നു് പറയുന്നതുപോലെ
പോസ്റ്റ് ഫാസിസ്റ്റ് ചിന്തകരും ലിബറലിസത്തെയും ഹ്യൂമനിസത്തെയും സംശയത്തോടുകൂടി നോക്കി. മനുഷ്യരെ
ഒറ്റയ്ക്കൊറ്റയ്ക്കു് വിടുന്നതു് ശരിയല്ലെന്നും അവരെ വർഗ്ഗങ്ങളെന്നോ, ഗോത്രങ്ങളെന്നോ, ജാതികളെന്നോ,
മതങ്ങളെന്നോ ഒക്കെ വിളിക്കാവുന്ന കൂട്ടങ്ങളായിത്തന്നെ കാണണമെന്നുള്ള വിചാരം തുടർന്നു. മാർക്സിസ്റ്റ്
ചിന്തകരും ഒരു രാഷ്ട്രം എന്ന നിലയിൽ തങ്ങളുടെ തത്ത്വശാസ്ത്രത്തിൽ അന്തർഭൂതമായ ഭയാനതകളെ
അഭിമുഖീകരിക്കുന്നതിനു പകരം, മതവിശ്വാസികളെപ്പോലെ സ്ക്രിപ്യറിന്റെ വിശുദ്ധിയിൽ പിടിച്ചുനിന്നു്
വ്യാഖ്യാനങ്ങളിലൂടെയും ജാർഗണുകളിലൂടെയും ന്യായീകരണങ്ങൾ കണ്ടെത്തുന്നതിൽ മുഴുകി.
</p>
          <p>തത്ത്വചിന്തയിലെ സൈദ്ധാന്തികരാകട്ടെ ദന്തഗോപുരപടികൾ കയറിക്കൊണ്ടിരുന്നു.
യാഥാർഥ്യത്തിൽനിന്നുള്ള അകൽച്ചമൂലം അവരുടെ സിദ്ധാന്തങ്ങൾക്കു പീഡിതരായ മനുഷ്യർക്കു ആശ്വാസം
നൽകാനായില്ലെന്നു മാത്രമല്ല, അവ അവർക്കു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സങ്കീർണ്ണമായ
സാഹിത്യസിദ്ധാന്തങ്ങളും ഭാഷാശാസ്ത്രങ്ങളും വഴിയാണു് അവർ ജീവിതത്തിലേക്കു പ്രവേശിക്കുവാൻ
ആഗ്രഹിച്ചതു്, ജീവിതത്തിൽനിന്നു സാഹിത്യത്തിലേക്കും തത്ത്വശാസ്ത്രങ്ങളിലേക്കും യാത്രചെയ്യുവാനല്ല. ഒപ്പം

സ്വത്വസംരക്ഷണത്തിന്റെ പേരിൽ ക്രൂരമായ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മാന്യത
നൽകിക്കൊണ്ടിരുന്നു. ബൗദ്ധികമായ വിശേഷണങ്ങളോടെ പുനരവതരിപ്പിക്കപ്പെട്ട ഈ ആചാരങ്ങളും
സമ്പ്രദായങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ പടിയിലുള്ളവർക്കും ദുർബലർക്കുമാണു് ബുദ്ധിമുട്ടുകൾ
ഉണ്ടാക്കുന്നതെന്നതു് വിസ്മരിക്കപ്പെട്ടു. സാമൂഹ്യപരിഷ്കരണത്തിനു മുൻപു നടന്ന പ്രയത്നങ്ങളൊക്കെ
കൊളോണിയൽ ഭരണത്തിന്റെ കുത്സിത കൃത്യങ്ങളായും അവരെ പിന്താങ്ങിയ നാടൻ ബുദ്ധിജീവികളുടെ
പ്രവർത്തികളായും വിവരിക്കപ്പെട്ടു.<ref xml:id="xfn2" target="#fn2" type="noteAnchor">[2]</ref>
</p>
          <figure rend="fleft" type="gra">
            <graphic url="images/Nandy_ashis.jpg" rendition="gra"/>
            <figDesc style="thumb">അഷീഷ് നന്ദി</figDesc>
          </figure>
          <p> ഗാന്ധി ഒരു ജാതിവാദിയും തട്ടിപ്പുകാരനുമായി വിവരിക്കപ്പെടുന്നു. <ref target="https://w.wiki/8Eko">റാം മോഹൻ റോയി</ref> ബ്രിട്ടീഷുകാരുടെ കണ്ണിലൂടെ ഇന്ത്യയെ
നോക്കിക്കാണുവാൻ ശ്രമിച്ച വിവരമില്ലാത്തയാൾ. എൺപതുകളിൽ രാജസ്ഥാനിൽ ഒരു യുവതി സതി
അനുഷ്ഠിച്ചപ്പോൾ, അഥവാ സതിയാക്കപ്പെട്ടപ്പോൾ, നൂറ്റാണ്ടുകൾക്കു ശേഷം ഉണർന്നെണീറ്റു വന്ന ആ
ക്രൂരതയ്ക്കെതിരെ രാജ്യമാകെ ജനങ്ങൾ പ്രതിഷേധിച്ചു. അന്നു് അറിയപ്പെടുന്ന ബുദ്ധിജീവികളായ <ref target="https://w.wiki/Fsn6">അഷീഷ് നന്ദി</ref> യും <ref target="https://w.wiki/Fsn7">ക്ലോഡ് അൽവാരിസും</ref> <ref target="https://en.wikipedia.org/wiki/Madhu_Kishwar">മധുകിഷ്വറും</ref>
എഴുതിയതു് ഈ ഹിന്ദു ആചാരത്തെ കൊളോണിയൽ ഗവൺമെന്റിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നതിലെ
അപാകതയെക്കുറിച്ചാണു്. <ref target="https://w.wiki/FsnC">രൂപ് കൺവറിന്റെ</ref>
സതിക്കെതിരെ പ്രകടനം നടത്തിയതു രണ്ടായിരം പേർ മാത്രമായിരുന്നപ്പോൾ സതി മാതാവിനെ പൂജിക്കുവാൻ
ദേവറയിൽ നാലു ലക്ഷം പേർ കൂടിയില്ലെ, അവർ ചോദിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/Madhu_Kishwar.jpg" rendition="gra"/>
            <figDesc style="thumb">മധുകിഷ്വർ</figDesc>
          </figure>
          <p> രാജ്യത്തിന്റെ സമീപകാല സാമൂഹ്യചരിത്രത്തിലെ ഒരു വാട്ടർഷെഡായി കണക്കാക്കാം, കഴിഞ്ഞ
ഡിസംബർ പതിനാറാം തീയതി ദില്ലിയിലുണ്ടായ ഒരു പെൺകുട്ടിയുടെ കൂട്ടമാനഭംഗത്തെത്തുടർന്നുണ്ടായ
സംഭവങ്ങൾ. നമ്മുടെ ജനാധിപത്യവും സമൂഹവും തമ്മിലുള്ള ഡയലെക്റ്റിക്സിന്റെ സാമാന്യം വ്യക്തമായ ഒരു
ചിത്രം അതു പ്രദാനം ചെയ്തു. രണ്ടു സമൂഹങ്ങൾ ഒന്നിച്ചു് നിലനിൽക്കുന്നുണ്ടു് നമുക്കിടയിൽ. ജനാധിപത്യത്തിൽ
പ്രതീക്ഷകൾ അർപ്പിക്കുന്ന ഒരു പോസിറ്റീവ് സമൂഹവും, അതിനെ പൂർണ്ണമായും സ്വീകരിക്കുവാൻ മടിക്കുന്നതും
യാഥാസ്ഥിതികത്വത്തിലേക്കു ചായുന്നതുമായ ഒരു പ്രതിസമൂഹവും. വേറൊരു തലത്തിൽ നിന്നു നോക്കിയാൽ
ഒരു ജനാധിപത്യവ്യവസ്ഥയുടെ ചര്യകൾ സൃഷ്ടിക്കുന്ന ഒരുപാടു സംഘടനകളും ലേബലുകളും ഉണ്ടു് സമൂഹത്തിൽ:
രാഷ്ട്രീയ കക്ഷികൾ, സാമൂഹ്യസംഘടനകൾ, യൂണിയനുകൾപോലുള്ള സമ്മർദ ഗ്രൂപ്പുകൾ, ആക്ടിവിസ്റ്റുകൾ,
ബുദ്ധിജീവികൾ ഇങ്ങനെ. പിന്നെ ജനാധിപത്യപൂർവകാലത്തുനിന്നു് തികട്ടിവന്ന ഗ്രൂപ്പുകൾ, മത ജാതി
ഗോത്രങ്ങൾ. എല്ലാറ്റിനും പുറമേ ഒന്നിലും പെടാത്ത പൊയ്മുഖങ്ങളില്ലാത്ത നിശ്ശബ്ദഭൂരിപക്ഷമായ ജനങ്ങൾ
വ്യക്തികൾ, അഥവാ പച്ചയായ മനുഷ്യർ. ഇവരെല്ലാവരും ജനാധിപത്യവുമായുള്ള ഡയലെക്റ്റിക്സിൽ എവിടെ
നിൽക്കുന്നു എന്ന ചോദ്യത്തെ പെട്ടെന്നു പ്രസക്തമാക്കിയ ഒരു സന്ദർഭമായിരുന്നു 16/12 സൃഷ്ടിച്ചതു്.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">നിരാശയും നിസ്സഹായതയും രക്ഷകരെ തേടി പോകുവാൻ മനുഷ്യനെ
പ്രേരിപ്പിക്കുന്നതു് അസാധാരണമല്ല. ആ രക്ഷക സങ്കല്പം എത്രയും ദൂരത്തുള്ളതും അറിയപ്പെടാത്തതും ആണോ
അത്രയും അതിനു ആകർഷത കൂടുന്നു. അടുത്തുള്ളതും കണ്ടിട്ടുള്ളതുമെല്ലാം വ്യാജമാണെന്നു തെളിഞ്ഞു
കഴിഞ്ഞിട്ടുള്ളതാകുമ്പോൾ.</p>
            </body>
          </floatingText>
          <p> 16/12-ലെ സംഭവം ഒറ്റപ്പെട്ടതോ, പെട്ടെന്നുണ്ടായതോ അല്ലെന്നു് എല്ലാവർക്കും അറിയാം. പുരാണങ്ങൾ
തൊട്ടുള്ള പഴമയുള്ള വിഷയമാണു് ശാരീരികമായ ദൗർബല്യവും ജൈവിക പ്രക്രിയകളുടെ നിർവഹണത്താൽ
ഉണ്ടാകുന്ന അശക്യതയും നേരിടുന്ന സ്ത്രീകളുടെ മേൽ പുരുഷന്മാർ ഉറപ്പിച്ച ആധിപത്യവും അസ്വാതന്ത്ര്യവും.
വളരെ വൈകിയാണു് സാമൂഹ്യനീതി ഈ വിഷയത്തിലേക്കു കണ്ണു തുറന്നതു്. ലോകത്തിലെ വൻ
ജനാധിപത്യങ്ങൾ തന്നെ അടുത്ത കാലം വരെ ജനാധിപത്യ പ്രക്രിയയിൽ നിന്നു് അവരെ ഒഴിച്ചു നിർത്തി.
അതിനാൽ പുരുഷന്മാർ സ്ത്രീകളുടെ ജീവിതത്തിന്മേലും ശരീരത്തിന്മേലുമുള്ള ആധിപത്യം തുടർന്നു. ഇന്ത്യയിലെ
സ്ഥിതിയും വേറെയായിരുന്നില്ല, വാസ്തവത്തിൽ കൂടുതൽ മോശമായിരുന്നു.
</p>
          <p>കുറച്ചു കാലമായി രാജ്യമാകെ സ്ത്രീപീഡനം സമൂഹ ശ്രദ്ധയിലേക്കു വന്നു കൊണ്ടിരുന്നു. തൊണ്ണൂറുകളിൽ
രാജസ്ഥാനിൽ നടന്ന ഭൻവാരിദേവി കൂട്ടബലാത്സംഗ കേസും കേരളത്തിലെ സൂര്യനെല്ലി സംഭവവും വലിയ
ഒച്ചപ്പാടുണ്ടാക്കി. എന്നാൽ പ്രത്യേക കേസിൻമേലുള്ള നടപടിയെന്നതിലപ്പുറം ഈ വിഷയത്തിലേക്കു്
ആഴത്തിൽ കടക്കുവാൻ ഗവണ്മെന്റുകൾ തയ്യാറായില്ല. തന്നെയുമല്ല ഒന്നിലും പീഡിതർക്കു നീതി ലഭിച്ചതുമില്ല.
അതിർത്തിക്കപ്പുറം പാക്കിസ്താനിലെ മുഖ്താർമായ് കേസ് രാജ്യാന്തര മീഡിയ ഏറ്റെടുത്തു. മണിപ്പൂരിലെ
സ്ത്രീകളുടെ അസാധാരണ പ്രകടനവും ഇറോം ശർമിളയുടെ ഉപവാസവും ഛത്തീസ്ഗഡിലെ സോനിസോറി
സംഭവവും അതുപോലെ മീഡിയ ഏറ്റെടുത്തു. മീഡിയ വഴി സംഭവങ്ങൾ വഴിക്കു വഴി പുറത്തു വന്നു കൊണ്ടിരുന്ന
സമയത്താണു് ദില്ലിയിലെ അതീവ നീചമായ സംഭവം ഉണ്ടായതും രോഷം ആളിക്കത്തിയതും.
</p>
          <p>ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ
സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചതു്. അവരാരും
അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നതു്, സ്വമേധയാ. അതിനെ
തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി
എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്തതു് ഈ രോഷപ്രകടനത്തെ പല
വിധത്തിലും അപലപിക്കുകയാണു്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും.
</p>
          <p>അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ
വിശേഷിപ്പിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടതു് നേതൃത്വമല്ല, ഒപ്പംചേരൽ
മാത്രമാണെന്നു്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞതു് രാഷ്ട്രീയക്കാരായിരുന്നു.
ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നതു് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ.
തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്നു് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി
വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്നു് അപനിർമാണം ചെയ്തു്
ഒഴികഴിവുകൾ തേടി. അവരൊക്കെ മനസ്സിലാക്കാതെ പോയതു് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ
ഇല്ലാത്ത ജനസഞ്ചയം ചെയ്തതു് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ
രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണു്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും
ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു
പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ
ജനാധിപത്യം പരാജയപ്പെട്ടുവെന്നു്.
</p>
          <p>ജനാധിപത്യത്തെ പൂർണമായും സ്വീകരിക്കുവാൻ മടിക്കുന്നതും യാഥാസ്ഥിതികത്വത്തിലേക്കു ചായുന്നതുമായ
പ്രതി സമൂഹത്തിന്റെ മറനീക്കി പുറത്തു വരലായിരുന്നു ഈ സംഭവം ഉണ്ടാക്കിയ, അഥവാ സാധിച്ചെടുത്ത, ഒരു
പ്രധാന സംഗതി. ഗവണ്മെന്റിലും രാഷ്ട്രീയ സാമൂഹ്യ മതസംഘടനകളിലും, ഉള്ള പലരും തങ്ങളുടെ ഉള്ളിൽ
ഒളിഞ്ഞിരിക്കുന്ന വികല ഭാവനകളും അശ്ലീലതകളും കാളിയൻ വിഷം എന്ന പോലെ ഛർദ്ദിച്ചു. ബുദ്ധിജീവികൾ
തന്നെ അവരുടെ ദന്തഗോപുരങ്ങളിൽ നിന്നു ബാങ്കു വിളികൾ മുഴക്കി.
</p>
          <p>16/12-ലെ സംഭവത്തെ കുറിച്ചു് ഇത്രയും ദീർഘമായി പറയുവാൻ കാരണം നമ്മുടെ സമൂഹവും ജനാധിപത്യവും
തമ്മിലുള്ള സംവാദത്തെ അതു് ഈ വിധം സാമാന്യം വ്യക്തമായ വിധത്തിൽ പുറത്തു കൊണ്ടുവന്നു
എന്നതുകൊണ്ടാണു്—അതിന്റെ ആത്യന്തികമായ ഫലം എന്തായാലും. മുൻപൊരിക്കൽ, ഏതാണ്ടൊരു
പുരുഷാന്തരം മുൻപു്, 1975-ലെ 25/6-നു കേന്ദ്രഗവണ്മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴാണു്
അങ്ങനെയൊരു അവസരമുണ്ടായതു്. പ്രശ്നം ശരിക്കും ജനാധിപത്യത്തിന്റെയും പ്രതി—ജനാധിപത്യ
ശക്തികളുടേതുമാണു് എന്നർത്ഥം. സ്വാതന്ത്ര്യത്തിന്റെയും ആധിപത്യത്തിന്റെയും പ്രവണതകളുടെ, നീതിയുടെയും
അനീതിയുടെയും.
</p>
          <p>സമൂഹത്തിലെ ഓരോ പൗരനും നീതി ലഭ്യമാക്കുകയും അന്തസ്സോടെ ജീവിക്കാൻ അവസരമുണ്ടാക്കുകയും
ആണു് ജനങ്ങളുടെ ഭരണമായ ജനാധിപത്യം നിർവഹിക്കേണ്ട ഒരു പ്രധാന കൃത്യം. രാജഭരണത്തിൽ
ഭരണാധികാരികളുടെ ഉദാര മനസ്കതയെ ആശ്രയിച്ചിരിക്കും അതു്. അവിടെ നിയമാധിപത്യമില്ല.

നിയമങ്ങളുണ്ടായാലും അവയെ പ്രാവർത്തികമാക്കുവാൻ നിയമമില്ല. സമൂഹത്തിൽ കൊലപാതകമോ
ബലാത്സംഗമോ അക്രമമോ തികച്ചും ഇല്ലാതാക്കുവാൻ നിയമത്തിനു കഴിയുകയില്ല. പക്ഷേ, നിയമത്തിന്റെ
ആധികാരികതയും, ഗവണ്മെന്റ് മെഷീനറികളുടെ കാര്യക്ഷമതയും ജാഗ്രതയും, എല്ലാറ്റിനും മീതെ സമൂഹത്തിൽ
വരുന്ന മൂല്യാധിഷ്ഠിത മാറ്റവും അതിനെയെല്ലാം കുറയ്ക്കുവാൻ സഹായിക്കും. എല്ലാ അക്രമവും ബലവാൻ
ദുർബലനുമേൽ നടത്തുന്ന കൈയേറ്റമായതു കൊണ്ടു്, ഒറ്റയ്ക്കൊറ്റയ്ക്കു് അവയ്ക്കു പരിഹാരമില്ല. ബലത്തിന്റെ
തത്ത്വശാസ്ത്രമാണു് തിരുത്തപ്പെടേണ്ടതു്. എന്നാൽ ഒരു പ്രതി—സമൂഹം ശക്തമായിരിക്കുകയും അതിന്റെ
മനശ്ശാസ്ത്രം എല്ലായിടത്തും അലിഞ്ഞുകിടക്കുകയും ചെയ്യുകയാണെങ്കിൽ നിയമം നിസ്തേജമാക്കപ്പെടും. എല്ലാ
മെഷീനറികളും സ്വാധീനിക്കപ്പെടും. ജനപ്രതിനിധികളും, അവരുണ്ടാക്കുന്ന ഗവൺമെന്റുകളും, പിന്നിലെ
സൂത്രധാരന്മാരായ രാഷ്ടീയകക്ഷികളും, പാർശ്വങ്ങളിൽനിന്നു് പ്രവർത്തിക്കുന്ന വിവിധ മതജാതി സെക്ടേറിയൻ
സംഘടനകളും ഉന്നതരായ വ്യക്തികളും ഫാസിസ്റ്റ് രീതി സ്വന്തമാക്കുകയും നിയമനിർവഹണത്തിൽ
ഇടപെടുന്നതും ആയ അവസ്ഥയാണു് നാം പറഞ്ഞുവന്നതു്. ജനസംഖ്യയിൽ പകുതിവരുന്ന ഒരു വിഭാഗം മറ്റേ
വിഭാഗത്തിൽ നിന്നു നീതി ലഭിക്കാത്തതിൽ പ്രകടിപ്പിച്ച രോഷത്തിൽ നാം കൂടുതൽ തങ്ങിയതു് അവരേക്കാൾ
ചെറിയ വിഭാഗങ്ങളുടേയും വ്യക്തികളുടേയും അവസ്ഥ എന്തായിരിക്കുമെന്നു് ആലോചിക്കുവാൻ കൂടിയാണു്.
</p>
          <p>ആ വിചാരണയിൽ ഉണ്ടായതു് ഒരു നൂറു തവണ മുൻപും ഉണ്ടായിട്ടുണ്ടു്. ഒരു നൂറു തവണ പിൻപും,
സിസിലിയൻ മാഫിയകളുടെ ചരിത്രം എഴുതിയ നോർമൻ ലെവിസ് തന്റെ The Honoured Society എന്ന
പുസ്തകത്തിൽ കുറ്റവാളികളെ നിയമം കൊണ്ടു നേരിടുവാൻ ശ്രമിക്കുമ്പോഴത്തെ അവസ്ഥ വിവരിക്കുന്നു. മാഫിയ
നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുവാനുള്ള ക്രിമിനൽ കേസുകളുടെയെല്ലാം അനിവാര്യമായ ഫലം
അതാണെന്നു സ്വീകരിക്കപ്പെട്ടിരിക്കുന്നു. പുറത്തു് വായ്തോരാതെ സംസാരിച്ചിരുന്ന സാക്ഷികൾ കോടതിക്കു
മുൻപിൽ വായ് തുറക്കില്ല. കുറ്റവാളികളെ ഏതെങ്കിലും വിധത്തിൽ എതിരായി ബാധിക്കുന്ന എന്തെങ്കിലും
പ്രസ്താവന ചെയ്തിട്ടുള്ളവരെല്ലാം നിസ്സംശയം അതു പിൻവലിക്കും. നിരാശാജനകമായ നീണ്ട വിസ്താരത്തിനു
ശേഷം കോടതി ഒമ്പതു സാക്ഷികളെ കള്ള സത്യത്തിനു ശിക്ഷിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന ഭാവം
ദുഃഖത്തിന്റേതല്ല, ആശ്വാസത്തിന്റേതായിരുന്നു. ‘സിസിലിക്കും ഇറ്റലിക്കും പുറത്തും, ഇക്കാലത്തും നൂറു തവണ
ആവർത്തിക്കപ്പെടുന്ന കഥായാണതു്. മുംബൈ മാഫിയയ്ക്കു് എതിരായ കേസുകൾ വീണ്ടും വീണ്ടും
വ്യർഥമായിത്തീർന്ന അവസരത്തിൽ അവിടത്തെ പൊലീസ് മേധാവി കുറ്റവാളികളെ ‘എൻകൗണ്ടർ’ വഴി
വധിക്കുവാനും, അധോലോകസംഘങ്ങളെ തമ്മിൽ കൊല്ലിച്ചു് നശിപ്പിക്കുവാനും നിർബന്ധിതനായി.
ഉത്തരഭാരത്തിലെ കൊള്ളസംഘങ്ങളുടെ രീതിയും വ്യത്യസ്തമല്ല. വിസിൽ ബ്ലോവർമാരുടെ വായ് മാത്രമല്ല
ശ്വാസവും അടയ്ക്കപ്പെടുന്നു. ദില്ലിയിൽ ഒരു ഫാം ഹൗസ് വിരുന്നിൽ വെച്ചു് ജെസീക്കാ ലാൽ എന്ന പെൺകുട്ടിയെ
രാഷ്ടീയ നേതാക്കന്മാരുടെ മക്കൾ വെടിവച്ചു കൊന്നപ്പോൾ നിറഞ്ഞ സദസ്സിലെ ഒരാൾ പോലും സാക്ഷി
പറയുവാൻ തയ്യാറായില്ല. കൊല നേരിട്ടു് കാണുകയും എഫ്. ഐ. ആർ. രേഖപ്പെടുത്തുകയും ചെയ്ത ജെസീക്കയുടെ
സുഹൃത്തും അറിയപ്പെടുന്ന കലാകാരനുമായ ആൾ കോടതിയിലെത്തിയപ്പോൾ പറഞ്ഞു ആ സമയത്തു് താൻ
വേറെ എവിടെയോ ആയിരുന്നുവെന്നു്. കേരളത്തിൽ മാർക്സിന്റെ പേരിൽ ആണയിടുന്ന പാർട്ടികൾ തങ്ങൾ
നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്നു വിടുതി നേടുന്നതും ഇതേ ടെക്നിക് പ്രയോഗിച്ചാണു്.
</p>
          <p>നിരാശപ്രകടനങ്ങളിൽ നിന്നു പ്രശ്നം ജനാധിപത്യം തന്നെയാണോ എന്ന സംശയത്തിലേക്കു് എത്തുവാൻ
അധികം ദൂരമില്ല. ഇറ്റലിയിൽ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യാൻ തുടങ്ങിയ മുസ്സോലിനിക്കു് ജനം പിന്തുണ
നൽകി. അതീവ ക്രൂരമായ ആ പരിപാടിയിൽ ഒട്ടേറെ നിരപരാധികൾക്കു് സഹിക്കേണ്ടിവന്നു. മാഫിയാ
നേതാക്കന്മാരാകട്ടെ ചുവടു മാറ്റി ഫാസിസ്റ്റ് പാർട്ടിയിൽ ചേർന്നു. സ്വാധീനമുള്ളവർക്കു് അമേരിക്കയിലേക്കു
ചേക്കേറുവാൻ അനുവാദം കിട്ടി. (കേന്ദ്രഗവൺമെന്റിനു് പിന്തുണ നൽകുകയോ, പിൻവലിക്കുകയോ
ചെയ്യുന്നതനുസരിച്ചു് ഇന്ത്യയിലെ ചെറിയ പാർട്ടികളുടെ നേതാക്കന്മാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ
സിബിഐ പിൻവലിക്കുകയോ പിൻതുടരുകയോ ചെയ്തതുപോലെ.)
</p>
          <figure rend="fright" type="gra">
            <graphic url="images/Phoolandevi.jpg" rendition="gra"/>
            <figDesc style="thumb">ഫൂലൻ ദേവി</figDesc>
          </figure>
          <p> നിയമം കൈയിലെടുക്കുന്ന നായകന്മാരെ കാണിക്കുന്ന നമ്മുടെ ചലചിത്രങ്ങൾ നേടുന്ന കൈയ്യടി തരുന്ന
സൂചന എതാണു് ? മുൻപു് ചമ്പൽ താഴ്‌വരയിലെ കൊള്ളക്കാരെക്കുറിച്ചുള്ള ചിത്രങ്ങൾ വിജയകരമായി
കാണിച്ചിരുന്നു. <ref target="https://w.wiki/FsnE">ഫൂലൻ ദേവി</ref> യുടെ കഥ
പുറത്തുവന്നപ്പോൾ അവരോടുണ്ടായിരുന്ന ഭയം സഹതാപവും പിന്നെ ആരാധനയുമായി. അവരെ ജനം
പാർലമെന്റിലേക്കു തിരഞ്ഞെടുക്കുക വരെ ചെയ്തു. ചമ്പൽ കൊള്ളക്കാരും ഇറ്റലിയിലെ മാഫിയയും
ഫ്യൂഡൽപ്രഭുക്കളിൽനിന്നു നിസ്സഹായർക്കു് സംരക്ഷണം നൽകുന്ന റോബിൻഹുഡുകളായാണു് തുടങ്ങിയതു്.
പിന്നീടു് അവരൊക്കെ ക്രൂരന്മരായ ഉപദ്രവികളായി.
റോബിൻഹുഡ്-മാഫിയാ-സർവാധിപതി-റോബിൻഹുഡ്-മാഫിയാ-സർവാധിപതി… ചക്രത്തിലെ

നിരർഥത ജനം സമ്മതത്തോടെ വിസ്മരിക്കും. ആ വഴിയിലെ ഒരു പ്രതിഭാസം തന്നെയാണു് മർദിതരുടെ
ഇടയിൽ രക്ഷകരായി വന്നു ശാപമായിത്തീരുന്ന വിമോചനസേനകളും. പ്രതിവിധി ഒന്നേയുള്ളൂ: സാർഥകവും
നീതിപൂർണവുമായ ജനാധിപത്യം.

</p>
        </div>
        <!--end of "section 0.0.0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">വർഗ്ഗീയ സ്പർദ്ധ</head>
          <floatingText rend="qleft">
            <body>
              <p style="noindent">നിയമങ്ങൾ പലതുമുണ്ടായിട്ടും ഗാർഹികപീഡനവും സ്ത്രീധനസമ്പ്രദായവും
മാനഭംഗപ്പെടുത്തലുകളും ട്രാഫിക്കിങ്ങും തുടരുന്നുവെങ്കിൽ അതിനു കാരണം വ്യക്തികൾ തൊട്ടു് രാഷ്ട്രീയക്കാരും
നിയമപാലകരുംവരെ എല്ലാ തുറകളിമുള്ളവരുടെ പുരുഷാധിപത്യവ്യവസ്ഥിതിയാണു്.</p>
            </body>
          </floatingText>
          <p style="noindent"> മതജാതിസംഘർഷത്തിന്റെ നീണ്ട ചരിത്രമാണു് ഇന്ത്യയ്ക്കുള്ളതു്. ഓരോ കാലത്തു്
മഹാത്മാക്കൾ മതവിരോധത്തിനും ജാതിസ്പർദ്ധയ്ക്കുമെതിരായ സന്ദേശങ്ങളുമായി
പ്രത്യക്ഷപ്പെടുകയുമുണ്ടായിട്ടുണ്ടു്. അതിന്റെ തുടർച്ചയായി സ്വാതന്ത്ര്യസമരം ദേശീയ സ്വാതന്ത്ര്യത്തോടൊപ്പം
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മൈത്രി കൊണ്ടുവരുന്നതിനുള്ള പ്രയത്നവുമായാണു്
നേതാക്കന്മാരും ജനങ്ങൾ തന്നെയും സംഘടിപ്പിച്ചതു്. എന്നിട്ടും സ്വാതന്ത്ര്യപ്രാപ്തി രാജ്യത്തെ
മതാടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കുന്നതിലാണു് എത്തിയതു്. ആ വിധത്തിലുള്ള വിഭജനമായിരുന്നില്ല
അതെന്നും കുറച്ചു് മുസ്ലീം നേതാക്കന്മാർ കുറെ ഭൂപ്രദേശങ്ങൾ ഭാഗിച്ചെടുത്തു് സ്വന്തമായൊരു
രാഷ്ട്രമുണ്ടാക്കുകയാണുണ്ടായതെന്നും നമുക്കു വാദിക്കാം. കാരണം ബാക്കി വന്ന ഇന്ത്യ സ്വയം ഒരു ഹിന്ദു
രാഷ്ട്രമായി പ്രഖ്യാപിച്ചില്ല. പാക്കിസ്ഥാനിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മുസ്ലീമുകൾ ഇന്ത്യയെ അവരുടെ
രാജ്യമായി സ്വീകരിക്കുവാൻ അതായിരുന്നു കാരണം. സ്വാതന്ത്ര്യസമരകാല ലക്ഷ്യങ്ങൾ സൂക്ഷിച്ചുകൊണ്ടു്
ഇന്ത്യയുടെ ഭരണഘടന അതിനെ മതനിരപേക്ഷകരാഷ്ട്രമായി സ്വീകരിക്കുകയും മതജാതി വംശലിംഗ
വിവേചനങ്ങളെ നിയമവിരുദ്ധമാക്കുകയും ചെയ്തു. ജാതിവ്യവസ്ഥയാൽ അധഃകൃതാവസ്ഥയിൽ തള്ളപ്പെട്ടവരെ
ഉദ്ധരിക്കുന്നതിനുള്ള നിയമനിർമ്മാണവും ഉണ്ടായി. എന്നാൽ വിവേചനങ്ങളും സംഘർഷങ്ങളും വാസ്തവത്തിൽ
തുടർന്നുകൊണ്ടിരുന്നു. രാഷ്ടീയതലത്തിലാകെട്ടെ വിഭജനം കൂടുതൽ പ്രത്യക്ഷമാണു്. പ്രത്യക്ഷമായും
പരോക്ഷമായും മതങ്ങളും ജാതികളും പ്രദേശങ്ങളുമായി സാൽമീകരിക്കുന്ന രാഷ്ട്രീയ കക്ഷികൾ നമുക്കുണ്ടു്.
ഭാരതീയ ജനതാപാർട്ടി, മുസ്ലീം ലീഗ്, അകാലിദൽ, വിവിധ ജാതീയ പ്രാദേശിക കക്ഷികൾ ഇങ്ങനെ,
ഇവയെല്ലാം സ്വന്തം ഗവൺമെന്റുകൾ ഉണ്ടാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യങ്ങളുമായി തിരഞ്ഞെടുപ്പുകളിൽ
മത്സരിക്കുന്നു. ഓരോന്നിന്റെയും കൂറു് അതാതു് വിഭാഗത്തോടു് മാത്രമായിരിക്കെ, അവയ്ക്കു സ്വന്തം ഗവൺമെന്റുകൾ
ഉണ്ടാക്കുവാൻ സാധിച്ചാൽ അതിനു ഭരണഘടനാപരമായ സാധുത ഉണ്ടാകുമോ, അവയ്ക്കു പൊതുജനത്തോടുള്ള
കർത്തവ്യം പൂരിപ്പിക്കാനാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ നാം ചോദിക്കാതായിരിക്കുന്നു. ഭരണഘടനയുടെ
പേരിൽ സത്യപ്രതിജ്ഞയെടുത്ത ഒരു സുപ്രീംകോടതി ജഡ്ജി അടുത്തകാലത്തു് ഒരു പൊതുയോഗത്തിൽ തുറന്നു
പറഞ്ഞു തന്റെ പ്രാഥമിക ബാധ്യത ക്രൈസ്ത്രവ സഭയോടാണെന്നു്! അദ്ദേഹം ഇന്നും ജഡ്ജിയായി തുടരുന്നു.
</p>
          <p>സാമൂഹിക രാഷ്ട്രീയതലങ്ങളിലെ ഈ പ്രവണതകളും പരിണതികളും ലിബറൽ നാഗരികതയുടെ ഒരു രാഷ്ട്രം
നിർമിക്കുന്നതിനുപകരം, വിവിധ ഡിസൈനുകൾ ആരചിച്ചതും, എപ്പോഴുമെപ്പോഴും കീറിക്കൊണ്ടിരിക്കുന്നതും,
സ്വകാര്യലാഭപരിഗണനകളാൽ മാത്രം അപ്പപ്പോൾ തുന്നിച്ചേർക്കപ്പെടുന്നതുമായ ഒരു രാഷ്ട്രീയ ഫാബ്രിക്കാണു്
നെയ്തുകൊണ്ടിരിക്കുന്നതു്.
</p>
          <p>വർഗീയ കലാപങ്ങൾ വിഭജനസമയത്തുണ്ടായ ഘോരകലാപങ്ങൾക്കുശേഷവും തുടരുകയായി. ജംഷഡ്പൂർ
(1964) കലാപത്തിലും മൊറാദാബാദ് (1980) കലാപത്തിലും രണ്ടായിരത്തോളം പേർ വീതം കൊല്ലപ്പെട്ടു.
ആസമിലെ നെല്ലിയിൽ 1983-ൽ അയ്യായിരം പേർ കൊല്ലപ്പെട്ടു. 1992-ലെ മുംബൈകലാപങ്ങളിൽ രണ്ടായിരം
മരണങ്ങളുണ്ടായി. മൂവായിരം പേരുടെ ജീവനെടുത്ത 1984-ലെ ദില്ലിയിലെ സിഖ് വിരുദ്ധ കലാപവും
ഏതാണ്ടത്രതന്നെ വലിയ 2002-ലെ ഗുജറാത്തു് കലാപവും മറ്റവയിൽനിന്നു വ്യത്യസ്തമായി വംശഹത്യയുടെ
വക്കിലെത്തി. തന്നെയുമല്ല, ഈ രണ്ടു് കലാപങ്ങൾ പരോക്ഷമായി അവിടങ്ങളിൽ നിലവിലിരുന്നിരുന്ന
ഗവൺമെന്റുകളുടെ ഒത്താശയോടെയാണുതാനും നടത്തപ്പെതു്. ഈ കലാപങ്ങളെ നിയന്ത്രിക്കുവാൻ
സാധിച്ചില്ലെന്നല്ല, അവയിലെ കുറ്റവാളികളെ ഇന്നോളം ശിക്ഷിക്കുവാനും നമ്മുടെ നിയമത്തിനു കഴിഞ്ഞിട്ടില്ല.
അതുപോലുള്ളവ ഇനിയുണ്ടാവില്ലെന്നു പറയുവാനും വയ്യ. വലതുപക്ഷ മതരാഷ്ട്രീയവും, സങ്കുചിത സ്വത്വചിന്തയും
ഈ അവസ്ഥയിലാണു് എത്തിനിൽക്കുന്നതു്. കൂടാതെ ഖലിസ്ഥാൻ പ്രസ്ഥാനവും കശ്മീർ, വാദവും

മതബോധങ്ങളിൽ തീവ്രതയും ഭീകരതയും ആവിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. നാമിന്നു നിത്യേന, സർവത്ര,
അതിനോടൊപ്പം ജീവിക്കുവാൻ ശീലിച്ചിരിക്കുന്നു.
</p>
        </div>
        <!--end of "section 0.0.0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">പാർശ്വവൽകൃത ജനതകൾ</head>
          <p style="noindent">ഭരണഘടനാനുസൃതമായ ഗവൺമെന്റ് സ്ഥാപിതമായിട്ടു് രണ്ടര
നൂറ്റാണ്ടായെങ്കിലും അമേരിക്കൻ ജനാധിപത്യത്തിനു് (കറുത്തവരും സ്ത്രീകളും അതിൽ പങ്കാളികളാകുവാൻ
കാലമേറെ എടുത്തുവെന്നതു വേറൊരു കാര്യം) അവിടത്തെ ആദിവാസികളുടെ വിശ്വാസം ആർജിക്കുവാനോ
അവരെ അതിൽ പങ്കാളികളാക്കുവാനോ കഴിഞ്ഞില്ല. അവർക്കു വിട്ടുകൊടുത്തിട്ടുള്ള ചിലയിടങ്ങളിൽ
ഒതുങ്ങിക്കൂടി, നാം അറിയുന്ന അമേരിക്കൻ നിയമവ്യവസ്ഥയുടെ കരങ്ങൾക്കപ്പുറം മയക്കുമരുന്നുകളിലും
ചൂതുകളിയിലും കുറ്റകൃത്യങ്ങളിലും മുഴുകി, ജീവിക്കാൻ വിട്ടിരിക്കുകയാണു് അവരെ.
</p>
          <p>അമേരിക്കൻ അവസ്ഥയുമായി നമ്മുടേതിനു താരതമ്യമില്ല, തീർച്ച. കാരണം നമ്മുടെ ആദിവാസികളും
മുഖ്യധാരാ നാഗരികരുമായുള്ള അന്തരം കാലത്തിന്റേതുമാത്രമാണു്. ഇവിടെത്തന്നെയുള്ളവരിൽ ചിലർ
ആദിമാവസ്ഥയിൽ നിന്നു ക്രമേണ നാഗരികതയിലേക്കു കടന്നുവന്നു. വിവിധ കാരണങ്ങളാൽ അങ്ങനെ
വരുവാൻ കഴിയാതിരുന്നവർ പഴയ അവസ്ഥയിൽ തന്നെ ഉറച്ചുപോയി. നാഗരികതയുടെ പുരോഗമനത്തോടുകൂടി
വന്ന ചൂഷണസമ്പ്രദായവും സ്ഥാപിതതാൽപര്യങ്ങളും ആ വിടവിനെ വിടവായിത്തന്നെ നിലനിർത്തി. എങ്കിലും
ഒരു കാര്യത്തിൽ നമ്മുടെ ജനാധിപത്യത്തെ അമേരിക്കയുടേതുമായി താരതമ്യപ്പെടുത്തുവാൻ കഴിഞ്ഞേക്കും.
അതിനു് ആദിവാസികളുടെ വിശ്വാസം ആർജിക്കുവാൻ ആറു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാധിച്ചില്ലെന്നതിൽ
അവരുടെ ഒറ്റപ്പെടൽ കൂടുതൽ യഥാർഥ്യമായിക്കൊണ്ടിരിക്കെ, അയഥാർഥമായ വേറൊരു സ്വരൂപവും അവരുടെ
മേൽ ചാർത്തപ്പെട്ടുകൊണ്ടിരിക്കുന്നു—പ്രാകൃതരുടെയും, സമൂഹവിരുദ്ധരുടെയും, ഭീകരവാദികളുടെയും വളരെ
വളരെ ദൂരെ ഹിമാലയത്തിനപ്പുറം ഒരു രാജ്യത്തു് പണ്ടു് ജീവിച്ചിരുന്നതും ഇപ്പോൾ ആ നാട്ടുകാർ തന്നെ
കൈയൊഴിഞ്ഞതുമായ ഒരു മനുഷ്യന്റെ പേരാണു് ഇപ്പോൾ അവരുടെ മേൽ ഒട്ടിച്ചിരിക്കുന്നതു്— മാവോവിന്റെ.
അങ്ങനെയൊരു പേരു് അവരിൽതന്നെ ചിലർ തേടിപ്പോകുന്നുണ്ടെങ്കിൽ അതിൽ അത്ഭുതമില്ല. നിരാശയും
നിസ്സഹായത്വവും രക്ഷകരെ തേടി പോകുവാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതു് അസാധാരണമല്ലല്ലൊ. ആ
രക്ഷകസങ്കൽപം എത്രയും ദൂരത്തുള്ളതും അറിയാപ്പെടാത്തതും ആണോ അത്രയും അതിനു് ആകർഷകത കൂടുന്നു.
അടുത്തുള്ളതും കണ്ടിട്ടുള്ളതുമെല്ലാം വ്യാജമാണെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാകുമ്പോൾ. രണ്ടു
സഹസ്രാബ്ദങ്ങൾക്കു മുൻപു് ചൈനയിലെ മനുഷ്യരും സ്വന്തം ദുഃഖഭരിതമായ ജീവിതത്തിൽ
മലകൾക്കിപ്പുറത്തുനിന്നു്, നൂറ്റാണ്ടുകൾ മുൻപു് ജീവിച്ചിരുന്നുവെന്നു് കേട്ടിട്ടുള്ള ആരും കണ്ടില്ലാത്ത ഒരാളെ,
ബുദ്ധനെ രക്ഷകനായി ആവാഹിച്ചു് ആനയിക്കുകയുണ്ടായല്ലൊ.
</p>
          <p>ഇന്ത്യൻ ജനാധിപത്യത്തെ നയിക്കുന്ന ഗവൺമെന്റുകൾ എന്തിനാണു്. ഏതവസരത്തിലാണു് നമ്മുടെ
ആദിവാസികളെ ഈ വിധം അന്യവൽക്കരിച്ചതു? നാഗരികതയുടെ മനസ്സിന്റെ അടിയിൽ കിടക്കുന്ന
‘അനാഗരിക’രോടുള്ള Waiting for the barbarians മാതൃകയിലുള്ള ഭയമാണോ അതു? ശക്തർക്കു്
ദുർബലരോടുള്ള ഭയം അഥവാ കുറ്റബോധം?
</p>
          <p>1966-ൽ മധ്യപ്രദേശിലെ ബസ്തർപ്രദേശത്തെ ഗോത്രവർഗക്കാർ അവർ ദൈവമായി കരുതുന്ന അവരുടെ
രാജാവു് <ref target="https://en.wikipedia.org/wiki/Pravir_Chandra_Bhanj_Deo">പ്രവീർ
ചന്ദ്ര</ref> യുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. രാജാവും
അനുയായികളും അവരുടെ ആയുധങ്ങളായിരുന്ന അമ്പും വില്ലുമുപയോഗിച്ചു് ജഗൽപൂർ പൊലീസ്സ്റ്റേഷൻ
ആക്രമിച്ചു. ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ച ഹൈദരാബാദിലെ നിസാമും തിരുവിതാംകൂർ
രാജാവും ജൂനാഗഢിലെ രാജാവും ഒക്കെ ചെയ്തതുപോലുള്ള ഒരു കൃത്യമായിരുന്നു കുറെ വൈകിയിട്ടാണെങ്കിലും
ഇയാളും ചെയ്തതു്. തമിഴ്‌നാട്ടിലെ ദ്രാവിഡപാർട്ടികളും പലതവണ വേർപെട്ടുപോകാൻ സമരം ചെയ്തവരാണു്.
പക്ഷേ, മുഖ്യധാരാ പ്രദേശങ്ങളായ ഇവിടങ്ങളെ നേരിടുവാൻ ആധുനികരാഷ്ട്രതന്ത്രമുപയോഗിച്ചു് ഗവൺമെന്റിനു
കഴിഞ്ഞു. ബസ്തറിലെ രാജാവിന്റെ കൃത്യത്തെയാകട്ടെ രാഷ്ട്രത്തിനെതിരേയുള്ള യുദ്ധപ്രഖ്യാപനമായി പ്രഖ്യാപിച്ചു്
പൊലീസ് അവരെ തോക്കുകളുപയോഗിച്ചു് എതിരിട്ടു. (അമ്പിനോടും വില്ലിനോടുമുള്ള ആധുനികരുടെ ഭയം?)
വെടിവപ്പിൽ പ്രവീർ ചന്ദ്രയടക്കം ഒട്ടേറെ പേർ കൊല്ലപ്പെട്ടു.
</p>
          <p>നാഗന്മാരുടെ പിരിഞ്ഞുപോകുവാനുള്ള സമരവും മിലിട്ടറി ആക്ഷൻവഴിയാണു് നേരിടപ്പെട്ടതു്.
നാഗാലാന്റിൽ ജനിച്ച അസംതൃപ്തി മിസോറാമിലും മണിപ്പൂരിലും ത്രിപുരയിലും അരുണാചലിലും അസമിൽ

തന്നെയും വ്യാപിച്ചു. വടക്കുകിഴക്കൻ പ്രദേശം മുഴുവനും ഒരു തലത്തിലല്ലെങ്കിൽ വേറൊരുതലത്തിലുള്ള
സൈനിക ഭരണത്തിലായി. അസംതൃപ്തി ക്രമേണ രാജ്യത്തിന്റെ ഹൃദയാന്തർഭാഗത്തുള്ള
ആദിവാസിപ്രദേശങ്ങളിലും എത്തി. അവിടങ്ങളും disturbed area-കളായി പ്രഖ്യാപിക്കപ്പെട്ടു.
വൈകിയാണെങ്കിലും ഝാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ സൃഷ്ടിച്ചതു് ഒരു നല്ല കൃത്യമായിരുന്നു.
പക്ഷേ, ആ സംസ്ഥാനങ്ങളിലെ ഭരണകർത്താക്കളും മെയിൻലാന്റ് രാഷ്ട്രീയക്കാരെ അനുകരിച്ചു്
അഴിമതിയുടെയും അക്രമത്തിന്റെയും വഴിയെടുത്തു. അന്യവൽക്കൃതരുടെ ഇടയിൽതന്നെ ജനത
അന്യവൽക്കൃതരായി. Disturbed area-കളിലേക്കു് സേനയുടെ പിന്നാലെ Armed Forces Special Powers
Act-ഉം എത്തി. സൈന്യത്തിന്റെ വിശേഷാധികാരം ജനമനസ്സിൽ സൃഷ്ടിക്കുന്ന ഭയവും അരക്ഷിതത്വവും
മനസ്സിലാക്കുവാൻ ഭരണാധികാരികൾക്കു കഴിയാതെപോയി. അതു് എടുത്തുകളയുവാൻ സൈന്യം
സമ്മതിക്കുന്നില്ലെന്നാണു് മന്ത്രിമാർ പറയുന്നതു്. (ഒരു ജനാധിപത്യത്തിൽ മന്ത്രിമാർ ഇങ്ങനെ പറയുന്നതു
ശരിയോ എന്തോ, പാക്കിസ്ഥാനിലെ ഗവൺമെന്റിനെയാണു് നാം ഈ വിധം വിശേഷിപ്പിക്കാറു്.) ആദിവാസി
അന്യവൽക്കരണത്തിന്റെ പതനം ഇന്നു് എത്തിനിൽക്കുന്നതു് സ്വയം കൈയൊഴിയലിൽ അഭയം തേടുന്ന
മന്ത്രിമാരിലും, ‘ഇന്ത്യൻ ആർമി ഞങ്ങളെ ബലാത്സംഗം ചെയ്യുക!’ എന്ന ബാനറുമായി നഗ്നരായി മാർച്ച് ചെയ്ത
മണിപ്പൂരിലെ സ്ത്രീകളിലും (ചരിത്രത്തിൽ ഇങ്ങനെയൊന്നു് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല), ഇന്ത്യൻ
ജനാധിപത്യത്തിന്റെ ആയുസ്സിന്റെ ആറിലൊരുഭാഗമായി നിരാഹാരം അനുഷ്ഠിക്കുന്ന <ref target="https://w.wiki/FsnJ">ഈറോം ശർമിള</ref> യിലും (മരിക്കുവാനുള്ള ശ്രമമെന്നു്
ഗവൺമെന്റ്, ജീവിക്കാനുള്ള സമരമെന്നു് അവർ) ആണു്.
</p>
          <p>പാർശ്വവൽക്കൃത ജനതകളിൽ പെടുന്നു നാടോടികളും. പണ്ടെപ്പോഴോ ചരിത്രത്തിന്റെ ഏതോ സന്ധികളിൽ
വിവിധ കാരണങ്ങളാൽ വേരുകൾ അറ്റു് ശൂന്യതയിലേക്കു് എറിയപ്പെട്ടവർക്കു പാർക്കുവാൻ ഇടമോ
ജീവിക്കുവാൻ തൊഴിലോ കണ്ടെത്താനായിട്ടില്ല. കുറ്റവാളി ഗോത്രങ്ങൾ എന്ന മുദ്ര എടുത്തുകളയപ്പെട്ടുവെങ്കിലും
അവരിൽ പലരും ഇന്നും ആ ലേബലിലാണു് അറിയപ്പെടുന്നതു്. അലയുന്നവരായതുകൊണ്ടു് അവർക്കു്
ഐഡെന്റിറ്റി കാർഡുകളില്ല. പൗരന്മാർക്കു് കിട്ടുന്ന ആനുകൂല്യങ്ങൾ ലഭ്യമല്ല. സെൻസസിൽ പോലും പെടാത്ത
അവരുടെ സംഖ്യ ജനസംഖ്യയുടെ രണ്ടു ശതമാനത്തോളം വരുമെന്നു കരുതപ്പെടുന്നു.
</p>
          <p>ജനസംഖ്യകണക്കുകളിൽ പെടുമെങ്കിലും ആധുനികകാലനാടോടികൾ വേറെയുമുണ്ടു്. നഗരങ്ങളിലെ
ചേരികളിലും വഴിവക്കിലും റയിൽവെസ്റ്റേഷനുകളിലുമൊക്കെ വസിക്കുന്നവർ. വൻ നഗരങ്ങളിലെ
ജനസംഖ്യയിൽ പകുതിയോളം ഇത്തരക്കാരാണെന്നു പറയപ്പെടുന്നു. വൻ നഗരങ്ങളിൽ മാത്രമായിരുന്ന
ചേരിസമ്പ്രദായം ഇപ്പോൾ ഓരോ ചെറിയ പട്ടണത്തിലുമെത്തിയിരിക്കുന്നു.
</p>
        </div>
        <!--end of "section 0.0.0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">സ്ത്രീസ്വാതന്ത്ര്യം</head>
          <floatingText rend="qleft">
            <body>
              <p style="noindent">‘ജനാധിപത്യപരമായ പ്രതിഷേധം’ എന്നു വ്യാഖ്യാനിച്ചു് ബന്ദുകൾ അസൂത്രണം
ചെയ്യപ്പെടുന്നു. തൊഴിലാളികൾ ഫാക്ടറികൾക്കു് തീ വയ്ക്കുന്നു. വിദ്യാർത്ഥികൾ അവരുടെ സ്ഥാപനങ്ങൾ
തല്ലിത്തകർക്കുന്നു. ഓഫീസ് ജോലിക്കാർ ഓഫീസുകൾ നശിപ്പിക്കുന്നു. അധ്യാപകർ വിദ്യാർത്ഥികളുടെ മേൽ
വിഷം പ്രയോഗിക്കുന്നു. ജനം പൂർണ്ണമായും സഹകരിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. നമ്മുടെ
ജനാധിപത്യവും.</p>
            </body>
          </floatingText>
          <p style="noindent"> ആദ്യത്തെ തിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്കു വോട്ടവകാശം സിദ്ധിച്ചുവെങ്കിലും
ജനാധിപത്യം വന്നു് ഇരുപതു വർഷത്തിനകം ഒരു സ്ത്രീക്കു് പ്രധാനമന്ത്രിയാകുവാൻ കഴിഞ്ഞുവെങ്കിലും,
സ്ത്രീശാക്തീകരണം ഇന്ത്യയിൽ ഇന്നും ഏറെ ദൂരെയാണു്. ചില സംസ്ഥാനങ്ങളിലെ പഞ്ചായത്തുകളിൽ
സാധ്യമായെങ്കിലും സ്റ്റേറ്റ്/നാഷനൽ അസംബ്ലികളിൽ വേണ്ടത്ര സ്ത്രീപ്രാതിനിധ്യം ഉറപ്പായിട്ടില്ല.
സ്ത്രീപ്രാതിനിധ്യബിൽ പാസ്സാകാതിരിക്കുന്നതു്, ജാതികാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുവെങ്കിലും,
വാസ്തവത്തിൽ പുരുഷാധിപത്യത്തിന്റെ കടുംപിടിത്തങ്ങൾകൊണ്ടാണു്. സ്ത്രീവിദ്യാഭ്യാസം പൊതുവേ
അവഗണിക്കപ്പെടുമ്പോൾ മുസ്ലീം പൗരോഹിത്യവും സംഘടനകളും അതു തുറന്നു് എതിർക്കുകതന്നെ ചെയ്യുന്നു.

നിയമങ്ങൾ പലതുമുണ്ടായിട്ടും ഗാർഹികപീഡനവും, സ്ത്രീധനസമ്പ്രദായവും, മാനഭംഗപ്പെടുത്തലുകളും,
ട്രാഫിക്കിങ്ങും തുടരുന്നുവെങ്കിൽ അതിനു കാരണം വ്യക്തികൾ തൊട്ടു രാഷ്ട്രീയക്കാരും നിയമപാലകരും വരെ
എല്ലാ തുറകളിലുമുള്ളവരുടെ പുരുഷാധിപത്യമനസ്ഥിതിയാണു്. അതിൽ മൗലികമായ മാറ്റം വരുത്തുന്നതിൽ
നമ്മുടെ ജനാധിപത്യം വിജയിച്ചിട്ടില്ല. പൊതുസിവിൽ നിയമമോ സ്ത്രീകളുടെ സ്വത്തവകാശമോ ഇന്നും
ദൂരെയാണു്. ‘പെൺമക്കളെ കല്യാണം കഴിച്ചയക്കൂ’ എന്നാണു് ഇന്നും സർവസാധാരണമായി പ്രയോഗിക്കുന്ന
വാക്യം. സാമ്പത്തികമായി അതിന്റെ അർഥം കടുംബസ്വത്തു് ഇനി ആൺമക്കൾക്കു് എന്നാണു്.
മതസംഘടനകൾ സ്ത്രീകൾക്കു് സവിശേഷ വസ്ത്രധാരണം വിധിക്കുകയും അതു പ്രാവർത്തികമാക്കുവാൻ
സദാചാരപൊലീസിനെ ഏർപ്പാടാക്കുകയും ചെയ്യുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒന്നിച്ചിടപഴകുന്നതിനു്
എതിരായി ഇവിടെ നിയമങ്ങളൊന്നുമില്ലെങ്കിലും ഉത്തരവാദിത്തമുള്ളവരും പൊലീസും തന്നെ അതിൽ
കൈകടത്തുന്നു. കേരളത്തിലെ നിയമസഭയിൽ അടുത്തകാലത്തു് ഒരു മെംബർ ഘോഷിക്കുകയുണ്ടായി. ഒരു
സ്ത്രീയുമൊത്തു് കാറിൽ സഞ്ചരിക്കുകയായിരുന്ന വേറൊരു മെംബറെ താൻ തടഞ്ഞു പൊലീസിൽ
ഏൽപ്പിച്ചുവെന്നു്. സഭയിൽ ആരും ചോദിച്ചില്ല ഏതു് നിയമമനുസരിച്ചാണു് അയാൾ അതു ചെയ്തതെന്നു്. പ്രാകൃത
സമൂഹങ്ങളിലെന്നപോലെ ആധുനിക രാജ്യങ്ങളെ സൈനികരും തോൽപ്പിക്കപ്പെട്ടവരുടെ മേലുള്ള ശിക്ഷയായി
അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന പതിവുണ്ടു്. പശ്ചിമബംഗാളിലെ നന്ദിഗ്രാമിൽ കമ്യൂണിസ്റ്റ് പാർട്ടി
കാഡറുകൾ നടത്തിയ ബലാത്സംഗങ്ങൾ ഗ്രാമം പാർട്ടിക്കു നഷ്ടപ്പെട്ടതിലെ രോഷം കാണിക്കാനായിരുന്നു.
ഗുജറാത്തിലെയും ദില്ലിയിലെയും കലാപങ്ങളിലെന്നപോലെ മിക്കവാറുമെല്ലാ വർഗീയ കലാപങ്ങളിലും സ്ത്രീകളുടെ
മാനഭംഗം ഒരു ആചാരംപോലെയാനു്. ഇതെല്ലാം പരോക്ഷമായ സ്വാതന്ത്ര്യനിഷേധങ്ങൾ. പ്രത്യക്ഷമായി
സർക്കാർപക്ഷത്തുനിന്നുണ്ടായ സ്ത്രീവിരുദ്ധ ഇടപെടലിന്റെ ഒരു വലിയ ഉദാഹരണമാണു് ഷാബാനു കേസിനോടു
ചേർന്നുണ്ടായ 1986-ലെ മുസ്ലിം വനിതാ നിയമനിർമാണം. ഭരണഘടനയുടെ മാർഗനിർദേശക സിദ്ധാന്തങ്ങളിൽ
പറഞ്ഞിട്ടുള്ള പൊതുസിവിൽ നിയമത്തിനെ നിഷേധിക്കുന്നതായിരുന്നു അതു്. 1975-ൽ <ref target="https://w.wiki/FsnM">ഷാ ബാനു</ref> എന്ന പ്രായമേറിയ മുസ്ലീം വനിതയെ ഭർത്താവു്
വീട്ടിൽനിന്നു പുറത്താക്കി. നിസ്സഹായയും നിരാലംബയുമായ അവർ ജീവനാംശം തേടി കോടതിയെ സമീപിച്ചു.
പത്തുവർഷം നീണ്ടുനിന്ന നിയമയുദ്ധത്തിൽ ഓരോ ഘട്ടത്തിലും കോടതി അവർക്കു് അനുകൂലമായി വിധി നൽകി.
എന്നാൽ മുസ്ലിം സമുദായത്തിലെ യഥാസ്ഥിതികരും പൗരോഹിത്യവും കോടതിവിധി
മതനിയമങ്ങൾക്കെതിരാണെന്നു് വാദിച്ചു് പ്രക്ഷോഭം നടത്തി. കോടതിയിലൂടെയും സമൂഹത്തിലെ
ഉദ്ബുദ്ധരുടെയും എതിർപ്പുകളെയും ഭരണഘടനയെയും മാനിക്കാതെ ഗവൺമെന്റ് പ്രതിലോമശക്തികൾക്കു
കീഴടങ്ങി ഒരു നിയമം കൊണ്ടുവന്നു് ഭർത്താക്കന്മാരിൽ പരിത്യജിക്കപ്പെട്ട മുസ്ലിം സ്ത്രീകളെയാകമാനം
നിസ്സഹായതയുടെയും നിന്ദയുടെയും വിജനതയിലേക്കു പറഞ്ഞയച്ചു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Shah_Bano.jpg" rendition="gra"/>
            <figDesc style="thumb">ഷാ ബാനു</figDesc>
          </figure>
          <p> ഈ നിയമത്തോടു് താരതമ്യപ്പെടുത്താവുന്നതായിരുന്നു ഏതാണ്ടു് നൂറുകൊല്ലം മുൻപു് 1891-ൽ ബ്രട്ടീഷ്
ഗവൺമെന്റ് പാസാക്കിയ Age of Consent Bill. പെൺകുട്ടികളുടെ വിവാഹപ്രായം ചുരുങ്ങിയതു് 12
ആക്കുന്നതായിരുന്നു അതു്. അന്നും മതങ്ങളിൽനിന്നും പൗരോഹിത്യത്തിൽനിന്നും ബില്ലിനു കടുത്ത
വിരോധമുണ്ടായിരുന്നു. കോളനി ഭരണതാൽപര്യങ്ങൾക്കു യാതൊരുവിധത്തിലുള്ള കൗതുകമില്ലാതിരുന്നിട്ടും
അന്നത്തെ ഗവൺമെന്റ് ഈ സാമൂഹ്യപരിഷ്കരണത്തിൽ കാണിച്ച ധൈര്യം നൂറു വർഷത്തിനുശേഷം ഇരുപതാം
നൂറ്റാണ്ടിന്റെ അവസാനദശയിൽ നമ്മുടെ ജനാധിപത്യ സെക്യൂലർ ഗവൺമെന്റ് സ്ത്രീവിമോചനത്തിന്റെ
കാര്യത്തിൽ കാണിച്ചില്ല. അതിനൊരു അനുബന്ധമായി പറയാം 1891-ലെ Age of Consent Bill-നു് വന്ന
എതിർപ്പു് ഹിന്ദുക്കളിലെ ബ്രാഹ്മണരിൽനിന്നും മറ്റു മതങ്ങളിലെ വാരേണ്യരിൽനിന്നുമായിരുന്നുവെങ്കിൽ, 2010-ലെ
നിയമസഭകളിൽ സ്ത്രീപ്രാതിനിധ്യം ഉയർത്തുവാനുള്ള ബില്ലിനെ എതിർത്തതു് പിന്നോക്ക
സമുദായങ്ങളുടേതാണെന്നു് അവകാശപ്പെടുന്ന കക്ഷികളായിരുന്നുവെന്നു്. പിന്നോക്ക ജാതികളുടെ
ശാക്തീകരണം അവരിൽ സ്ത്രീശാക്തീകരണത്തിന്റെ ദിശയിൽ വ്യാപിച്ചില്ല.
</p>
        </div>
        <!--end of "section 0.0.0.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">സാമൂഹ്യ പരിഷ്കാരം</head>
          <p style="noindent">സാമൂഹികപരിഷ്കാരങ്ങൾ പെട്ടെന്നൊരു ദിവസം ഉണ്ടാകുന്നതല്ല, തീർച്ച.
ജനാധിപത്യപൂർവകാലത്തും ഇന്ത്യയിൽ സാമൂഹികപരിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഉദ്ബുദ്ധരായ

ഭരണകർത്താക്കൾ കാണിച്ച ധൈര്യമോ, അല്ലെങ്കിൽ അവരുടെ ഔദാര്യമോ ആയിരുന്നു അതിനു
കാരണമായതു്. എന്നാൽ ജനാധിപത്യത്തിൽ അതിനു ഭരണഘടനാപരമോ നിയമപരമോ ആയ
നിർബന്ധങ്ങൾ കൂടിയുണ്ടു്. അതിനാൽ ജനാധിപത്യസംവിധാനത്തിൽ മതരാഷ്ട്രങ്ങളിൽനിന്നു് വ്യത്യസ്തമായും,
രാജഭരണങ്ങളിൽനിന്നു കൂടുതലായും സാമൂഹികപരിഷ്കാരങ്ങൾക്കു് ആക്കംകൂടേണ്ടതാണു്. വ്യക്തികളെ,
വിഷേഷിച്ചും സ്ത്രീകളെയും അധഃകൃതരെയും അമാനുഷികമായ പീഡനങ്ങൾക്കും വിവേചനങ്ങൾക്കും ഇരകളാകുന്ന
ആചാരങ്ങളും സമ്പ്രദായങ്ങളും അതിവേഗം നിർമാജനം ചെയ്യപ്പെടേണ്ടതാണു്. ഇതൊക്കെ സംഭവിച്ചുവോ?
</p>
          <p>കോളനി ഭരണകാലത്തുതന്നെ ഇന്ത്യയിൽ അടിമവ്യാപാരം നിർത്തലാക്കപ്പെട്ടിരുന്നു. സതി
നിരോധിക്കപ്പെട്ടു. ബാല്യവിവാഹം തടയപ്പെട്ടു. വിധവാവിവാഹം സാധ്യമാക്കപ്പെട്ടു. പലതും കടുത്ത
വിരോധങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുതന്നെ. 1936-ൽ തിരുവിതാംകൂറിലും 1946-ൽ കൊച്ചിയിലും അവിടത്തെ
രാജാക്കന്മാർ ക്ഷേത്രങ്ങൾ എല്ലാ ജാതികൾക്കും തുറന്നുകൊടുത്തു: 1924-ൽ തിരുവിതാംകൂറിൽ മൃഗബലി
നിരോധിക്കപ്പെട്ടു. 1944-ൽ വധശിക്ഷ നിർത്തലാക്കിക്കൊണ്ടു് തിരുവിതാംകൂർ രാജാവു് വിളംബരമിറക്കി.
ജാതിമതവിവേചങ്ങൾ കൂടാതെ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ എല്ലാവർക്കും പ്രവേശനാവകാശം നൽകപ്പെട്ടു.
</p>
          <p>ദേശീയതലത്തിൽ വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചുണ്ടായ ഭാരതീയ നവോത്ഥാന പ്രസ്ഥാനങ്ങളും,
കേരളത്തിൽ വിവിധ ജാതിസംഘടനകൾക്കകത്തുണ്ടായ നവീകരണ പ്രസ്ഥാനങ്ങളും എല്ലാറ്റിന്റെയും
പൈതൃകമേറ്റെടുത്ത സ്വാതന്ത്ര്യസമരവും ഈ പരിഷ്കരണങ്ങൾക്കു സഹായകമായി. കേരളത്തിൽ നമ്പൂതിരി,
നായർ, ഈഴവ, പുലയജാതികളുടെ സംഘടനകൾ അതാതു് ജാതികൾക്കകത്തെ അനാചാരങ്ങൾ നീക്കുവാനും
വിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും ശ്രമിക്കുന്നതോടൊപ്പം ജാതി സമ്പ്രദായത്തെതന്നെ ഇല്ലാതാക്കുവാനും കൂടി
ആണു് ലക്ഷ്യമിട്ടതു്. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിലും പന്തിഭോജനത്തിലും അവർ ഒന്നിച്ചു. ക്രിസ്ത്യൻ
മിഷനറിമാർ തുടങ്ങിവെച്ച വിദ്യാഭ്യാസ പ്രചാരണം താമസിയാതെ മറ്റുള്ളവരും ഏറ്റെടുത്തു. ഈ കാറ്റിലാണു്
ജനാധിപത്യത്തിന്റെ ആശയവും പിന്നീടു് ട്രേഡ് യൂണിയനുകളും സവാരി ചെയ്തതു്. തിരുവിതാംകൂറിലും
കൊച്ചിയിലും ജനാധിപത്യഭരണത്തിന്റെ ആദ്യഘട്ടങ്ങൾക്കു് രാജാക്കന്മാർതന്നെ അടിത്തറയിട്ടിരുന്നു. ഇന്ത്യൻ
സ്വാതന്ത്ര്യത്തിനുമുൻപു് 1946-ൽ കൊച്ചിയിലാണു് ഇന്ത്യയിലെ ആദ്യത്തെ പ്രായപൂർത്തി
വോട്ടവകാശാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പു നടന്നതു്. സാമൂഹ്യപരിഷ്കരണത്തിന്റെ ഈ ആക്കം
സ്വാതന്ത്ര്യത്തിനുശേഷം തുടർന്നുവോ?
</p>
          <p>ജാതിവിവേചനത്തെ കുറ്റകരമാക്കുന്ന നിയമം ആരാധനാലയങ്ങളിലും എല്ലാവർക്കും പ്രവേശനം
സാധ്യമാക്കി. പക്ഷേ, സാമൂഹ്യരംഗത്തു് നിലനിന്ന വിവേചനം താഴ്‌ന്ന ജാതിക്കാരെ ജാതി അടിസ്ഥാനത്തിൽ
സംഘടിക്കുവാൻ പ്രേരിപ്പിച്ചു. ആദിവാസികളും അധഃകൃതരും സാമ്പത്തികമായി പിന്നിൽ തന്നെ നിന്നു. വിഷയം
രാഷ്ട്രീയവൽക്കരിക്കപ്പെട്ടപ്പോൾ സംഘടനകൾ പിളർന്നു. ജാതികളും ഉപജാതികളുമായി
അധികാരമത്സരത്തിലേക്കു ചാടി. ജാതി കൂടുതൽ ആഴത്തിൽ വേരുറച്ചു. കേരളത്തിലെ സമുദായസംഘടനകൾ
അവയ്ക്കു പൊതുവായുണ്ടായിരുന്ന ലക്ഷ്യം കൈവടിഞ്ഞു് തികച്ചും ജാതിസംഘടനകൾ മാത്രമായി മാറി
അധികാരത്തിനുവേണ്ടിയുള്ള സമ്മർദ്ദഗ്രൂപ്പുകൾ സൃഷ്ടിച്ചു. അതോടൊപ്പം അവയ്ക്കു് അകത്തുണ്ടായിരുന്ന
സാമൂഹികപരിഷ്കരണത്തിന്റെ ലക്ഷ്യം കൈവെടിഞ്ഞു് അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും
തിരിച്ചുപോയി. തിരിച്ചുവരാത്തവിധം നശിച്ചുവെന്നു് കരുതിയ പൗരോഹിത്യം ഓരോ സമുദായത്തിലും വീണ്ടും
സ്ഥാനം പിടിച്ചു. ശങ്കരാചാര്യന്മാരും ബിഷപ്പുമാരും മുല്ലമാരും സമുദായങ്ങളുടെ കടിഞ്ഞാൺ പിടിച്ചെടുത്തു.
ആൾദൈവങ്ങൾ ഒന്നിനു പുറകെ ഒന്നൊന്നായി രംഗത്തുവരുകയും അവരുടെ അധോലോകബിസിനസ്
സാമ്രാജ്യങ്ങൾ പടുത്തുയർത്തുകയും ചെയ്തു. മതപരമായ ചടങ്ങുകളിൽനിന്നു് ഒഴിഞ്ഞുനിൽക്കുകയായിരുന്നു
വിശ്വാസികളായ മന്ത്രിമാർപോലും നെഹ്റുവിന്റെ കാലത്തു ചെയ്തിരുന്നതെങ്കിൽ, മതജാതി സ്പർദ്ധ പടർത്തുന്ന
ഓരോ ചടങ്ങിലും ആചാര്യന്മാരുടെയും ബാബമാരുടെയും ആൾദൈവങ്ങളുടെയും പിന്നാലെ രാഷ്ട്രീയക്കാർ ഇന്നു്
അണിനിരക്കുന്നു.
</p>
          <p>ബാല്യവിവാഹത്തെ അനുകൂലിക്കുകയും മിശ്രവിവാഹത്തെയും മിശ്രവിദ്യാഭ്യാസത്തെത്തന്നെ
എതിർക്കുകയും ചെയ്യുന്ന ഖാപ് പഞ്ചായത്തുകൾക്കു ഗവൺമെന്റുകൾ തന്നെ മാന്യതകൊടുക്കുന്നു.
ക്ഷേത്രപ്രവേശനത്തിനുശേഷം മുക്കാൽനൂറ്റാണ്ടു കഴിഞ്ഞുപോയിട്ടും കേരളത്തിലെ ക്ഷേത്രങ്ങളിൽ
അഹിന്ദുക്കൾക്കു പ്രവേശനമില്ല. ശബരിമലയിൽ സ്ത്രീകളിന്നും വർജ്യരാണു്. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കു
പണ്ടേ പ്രവേശനമില്ല. മൃഗബലി കമ്യൂണിസ്റ്റു പാർട്ടി കാൽനൂറ്റാണ്ടിലേറേകാലം തുടർച്ചയായി ഭരിച്ച
ബംഗാളിൽപോലും തുടരുന്നു. നിർത്തലാക്കപ്പെട്ട സംസ്ഥാനങ്ങളിലും അതു ചില സമുദായങ്ങളിൽ ഒതുങ്ങുന്നു.
ഒരൊറ്റ ഗവൺമെന്റ് ഓർഡർകൊണ്ടു് തിരുത്താവുന്നവയാണു് ഇവയിൽ പലതും. രാജഭരണങ്ങൾക്കു് അതു്
സാധിച്ചിരുന്നു. പക്ഷേ, ജനാധിപത്യ ഗവൺമെന്റുകൾക്കു് അതു് സാധിക്കുന്നില്ല.
</p>
        </div>
        <!--end of "section 0.0.0.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">അഭിപ്രായസ്വാതന്ത്ര്യം</head>
          <p style="noindent">വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുക മാത്രമല്ല ആവശ്യപ്പെടുക കൂടി ചെയ്യുന്നു
ജനാധിപത്യം. ഒന്നുപോലെ ചിന്തിക്കുകയോ, ഒരേ കാര്യത്തിൽ മാത്രം വിശ്വസിക്കുകയോ ചെയ്യുന്നവരുടെ
സമൂഹത്തിൽ ആരോഗ്യകരമായ ജനാധിപത്യം സാധ്യമല്ല. ഉദാഹരണത്തിനു് ഒരു മതരാഷ്ട്രത്തിനു് ഒരിക്കലും
ജനാധിപത്യം അവകാശപ്പെടാൻ കഴിയില്ല. മതങ്ങളുടെ ചങ്ങലയിൽ നിന്നു് സമൂഹത്തെ മോചിപ്പിക്കുവാനുള്ള
ഹ്യൂമനിസ്റ്റ് പ്രയത്നങ്ങളാണു് പിൽക്കാലത്തു് ജനാധിപത്യത്തിലേക്കു് എത്തിയതു്.
</p>
          <p>അഭിപ്രായസ്വാതന്ത്ര്യത്തിന്മേൽ ഭരണഘടന ഏർപ്പെടുത്തിയിട്ടുള്ള ചില റൈഡറുകൾ വിശേഷിച്ചും
നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ പ്രവർത്തനത്തിനോ, സ്റ്റേറ്റിന്റെ പുതിയ നിയമങ്ങൾ ഉണ്ടാക്കാനുള്ള
അധികാരത്തിനോ ഇതു ബാധകമാകുകയില്ല എന്നതു് ആണു് പലപ്പോഴും ഈ സ്വാതന്ത്ര്യത്തിനെതിരായി
പ്രയോഗിക്കപ്പെടുന്നതു്. നിലവിലുള്ള നിയമങ്ങൾ എന്നാൽ നൂറ്റാണ്ടിലേറെക്കാലം മുൻപു് അന്നത്തെ
ഗവൺമെന്റ് കൊണ്ടുവന്ന ശിക്ഷാനിയമം. രാജ്യത്തിലാദ്യമായി ക്രമസമാധാനം കൊണ്ടുവരുവാനും
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാനും സഹായിച്ച ഈ നിയമത്തിൽ കാലാനുസൃതവും സന്ദർഭാനുസൃതവുമായി
പല മാറ്റങ്ങളും ആവശ്യമായിരുന്നു. വിശേഷിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെയും പുരോഗമനാത്മകമായ
ചിന്തയെയും ബാധിക്കുന്നവ. IPC-യിലെ <ref target="https://devgan.in/ipc/section/124A/">124-A</ref>, <ref target="https://indiankanoon.org/doc/345634/">153-A</ref>, <ref target="https://indiankanoon.org/doc/1507106/">292</ref>, <ref target="https://indiankanoon.org/doc/601866/">293</ref>, <ref target="https://w.wiki/G3Cw">295-A</ref> എന്നിവ ഉദാഹരണം. അതുപോലെ
ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട ആർട്ടിക്കിൾ <ref target="https://indiankanoon.org/doc/867010/">51(a)</ref>-യും ഈ വകുപ്പുകളെ
കൂടുതൽ കർശനമാക്കുകയും ആണു് ഭരണഘടനാന്തര ഭേദഗതികൾ ചെയ്തതു്.
</p>
          <p>പുതിയ നിയമങ്ങൾ ഉണ്ടാക്കുക എന്നതിനാകട്ടെ ഒരു നിയന്ത്രണവുമില്ലതാനും. വിവിധ സമയങ്ങളിൽ
കൊണ്ടുവരപ്പെട്ട DIR, MISA, POTA, TADA തുടങ്ങിയ നിയമങ്ങൾ ഗവൺമെന്റിനു് അനിയന്ത്രിത സ്വാതന്ത്ര്യം
നൽകുകയും വ്യക്തികളുടെ സ്വാതന്ത്യം വലിയ തോതിൽ ഹനിക്കുകയും ചെയ്തു. ഈ നിയമങ്ങൾ വഴി വിചാരണ
പോലുമില്ലാതെ ജയിലിൽ അടയ്ക്കപ്പെട്ടവരുടെ സംഖ്യ വളരെ വലുതാണു്.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">മതപരമായ ചടങ്ങുകളിൽ നിന്നു് ഒഴിഞ്ഞു നിൽക്കുകയായിരുന്നു വിശ്വാസികളായ
മന്ത്രിമാർ പോലും നെഹ്റുവിന്റെ കാലത്തു ചെയ്തിരുന്നതെങ്കിൽ, മത ജാതി സ്പർദ്ധ പടർത്തുന്ന ഓരോ ചടങ്ങിലും
രാഷ്ട്രീയക്കാർ ഇന്നു് അണിനിരക്കുന്നു.</p>
            </body>
          </floatingText>
          <p> ശിക്ഷാനിയമത്തിലെ രാജ്യദ്രോഹത്തെപ്പറ്റിയുള്ള 124-A വകുപ്പു് അപ്പാടെ നീക്കണമെന്ന
അഭിപ്രായമായിരുന്നു സ്വാതന്ത്ര്യസമരകാലത്തു് ഉണ്ടായിരുന്നതു്. അതു് ഉണ്ടായില്ല. ആലോചനാതീതമാംവിധം
വിപുലമാണു് ഇന്നു് അതിന്റെ വ്യാപ്തി. നിയമവിധേയമായി നിലവിൽ വന്ന സർക്കാരിനെതിരെ ഉച്ചരിച്ചതോ
എഴുതപ്പെട്ടതോ ആയ വാക്കുകളാണു് ആംഗ്യങ്ങളാലോ മറ്റേതെങ്കിലും വിധത്തിലോ വിദ്വേഷമോ നിന്ദയോ
ഉയർത്തുകയോ, വിപ്രതിപത്തി ഉണ്ടാക്കാൻ ശ്രമിക്കുകയോ… അങ്ങനെ പോകുന്നു അതു്.
ഉപയോഗിക്കുന്നവരുടെ ഇച്ഛയ്ക്കനുസരിച്ചു് ഏതു മുക്കിലും മൂലയിലും അതിനെത്താം. ഏതു് വിമർശനത്തെയും
പ്രതിഷേധത്തെയും നിരുപദ്രവകരമായ കൃത്യങ്ങളെയും വ്യാഖ്യാനിച്ചു് അതിന്റെ വരുതിയിൽ കൊണ്ടു വരാം.
സാമൂഹികപ്രവർത്തകൻ <ref target="https://w.wiki/FsnP">ബിനായക് സെന്നിനെ</ref> യും
കാർട്ടൂണിസ്റ്റ് <ref target="https://w.wiki/FsnS">അസീം ത്രിവേദി</ref> യെയും
അങ്ങനെയാണു് അറസ്റ്റ് ചെയ്തതു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Binayak_Sen.jpg" rendition="gra"/>
            <figDesc style="thumb">ബിനായക് സെൻ</figDesc>
          </figure>
          <p> IPC 295-A ആണു് വേറൊന്നു്. Outraging the religious feelings by certain words എന്ന ഭാഗത്തെ
1961-ൽ കൊണ്ടുവരപ്പെട്ട ഒരു ഭേദഗതി outraging by words, either spoken or written, or by signs, or
by visible representations or otherwise എന്നാക്കി വിപുലീകരിച്ചു. ഇതേ വകുപ്പിനെയാണു് പാക്കിസ്ഥാൻ
ഗവൺമെന്റ് PPC 295-B-യും 295-C-യും കൊണ്ടുവന്നു് മതനിന്ദയ്ക്കു വധശിക്ഷ നിർബന്ധമാക്കിയതെന്നു് ഓർക്കുക.
ഇതേ നിയമമനുസരിച്ചാനു് കേരളത്തിൽ തൊടുപുഴ കോളേജ് അധ്യാപകൻ പ്രഫസർ ജോസഫിനെ അറസ്റ്റ്
ചെയ്തതു്. ഗവൺമെന്റ് നടപടിയാൽ പ്രചോദിതനായ തീവ്രവാദികൾ അദ്ദേഹത്തെ തടഞ്ഞുവെച്ചു് കൈ
വെട്ടിക്കളഞ്ഞു. ബാന്ദ്രയിലെ ക്രിസ്ത്യൻ പള്ളി പ്രചരിപ്പിച്ച ഒരു ‘ദിവ്യാത്ഭുതം’ ശാസ്ത്രീയമായി വിശദീകരിക്കാൻ
ശ്രമിച്ച യുക്തിവാദി സനൽ ഇടമറുകിനെതിരെ മുംബൈ പൊലീസ് അറസ്റ്റ് വാറണ്ടു് പുറപ്പെടുവിച്ചതും ഇതേ
വകുപ്പിൽ തന്നെ. അദ്ദേഹമാകട്ടെ ഭരണഘടയുടെ വകുപ്പു് 51(a) അനുസരിച്ചു് തന്റെ കർത്തവ്യം നിർവഹിക്കുക
മാത്രമായിരുന്നു ചെയ്തതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/Aseem_Trivedi.jpg" rendition="gra"/>
            <figDesc style="thumb">അസീം ത്രിവേദി</figDesc>
          </figure>
          <p> ഈ വകുപ്പുകളെല്ലാം വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നതാണു് വേറൊരു കാര്യം.
പലപ്പൊഴും <ref target="https://indiankanoon.org/doc/967463/">Cr PC-196</ref>
അനുസരിച്ചുള്ള നടപടിക്രമങ്ങൾ പോലും പാലിക്കപ്പെടുന്നില്ല. ഏതെങ്കിലുമൊരു വർഗീയവാദി ഫയൽ ചെയ്ത
FIR-ന്മേൽ സമ്മർദ്ദങ്ങൾക്കു വഴങ്ങി ഒരു ചെറിയ ലെവൽ പൊലീസ് ഓഫിസർ അറസ്റ്റ് ചെയ്താൽ ഒരു
വ്യക്തിക്കു് തന്റെ അവകാശം സാധിച്ചെടുക്കുവാൻ നീണ്ട നിയമയുദ്ധം നടത്തേണ്ടി വരുന്നു. അടുത്ത കാലത്തു്
മുംബൈ പൊലീസെടുത്ത <ref target="https://w.wiki/Fsn3">ബാൽ താക്കറെ</ref> യുടെ
മരണാന്തരമുണ്ടായ ഫേസ്ബുക്ക് കേസ് ഉദാഹരണം.
</p>
          <p>നിരോധനങ്ങളുടെ കാര്യത്തിൽ ഒരു നീണ്ട നിരയാണു് നമുക്കുള്ളതെന്നതു് നമ്മെ അലട്ടേണ്ട സംഗതിയാണു്.
<ref target="https://en.wikipedia.org/wiki/Stanley_Wolpert">സ്റ്റാൻലി
വോൾപെർട്</ref> എന്ന അമേരിക്കൻ എഴുത്തുകാരന്റെ ഗാന്ധിയുടെ Nine Hours to Rama ആണെന്നു
തോന്നുന്നു ആദ്യത്തെ ഇര. ജനാധിപത്യവാദിയായിരുന്ന നെഹ്റുവിന്റെ കാലത്താണു് ഇതു സംഭവിച്ചെന്നതു്
ദുഃഖകരമാണു്. ഇന്ത്യൻ ജനതയ്ക്കു് അങ്ങനെയൊരു നോവൽ സ്വീകരിക്കുവാനുള്ള പക്വത വന്നിട്ടില്ലെന്നായിരുന്നു
അന്നു <ref target="https://w.wiki/Fsmx">നെഹ്റു</ref> പറഞ്ഞതു്. ജനതയ്ക്കല്ല,
നേതാക്കന്മാർക്കാണു് പക്വത വന്നിട്ടില്ലെന്നു് അന്നു് രാജാജി ആ നടപടിയെ വിമർശിച്ചു. ആ പക്വതയില്ലായ്മ
ഇന്നും തുടരുന്നു. പിൽക്കാലത്തു് മഹാരാഷ്ട്രയിലെ BJP മുഖ്യമന്ത്രി നെഹ്റുവിന്റെ പുസ്തകം Discovery of India,
അതിൽ ശിവാജിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ, നിരോധിക്കാൻ ആവശ്യമുന്നയിച്ചതായിരുന്നു
നിരോധങ്ങളുടെ ചരിത്രത്തിലെ ക്രൂരമായ ഐറണി. ഈ കുത്തിയൊഴുക്കിൽപ്പെട്ടുപൊയ പുസ്തകങ്ങളെത്ര,
നാടകങ്ങളും സിനിമകളും, ചിത്രരചനകളുമെത്ര. തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടെന്ന ക്രൂരവിനോദത്തെ
എതിർത്തവരുടെ പേരിൽ തമിഴ് ജനതയുടെ വികാരം മുറിപ്പെടുത്തിയതിനു തമിഴ്‌നാടു് ഗവൺമെന്റ് കേസെടുത്തു.
വിവാഹം കൂടാതുള്ള സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചു് അഭിപ്രായം പറഞ്ഞതിനു് നടി ഖുശ്ബുവിനെ അതേ
ഗവൺമെന്റ് അതേ കാരണത്തിൽ പ്രോസിക്യൂട്ട് ചെയ്തു. ന്യായാലയങ്ങൾ ഈ കേസുകളൊന്നും
തള്ളിക്കളഞ്ഞില്ല.
</p>
          <p>ഗവൺമെന്റുകൾ നടത്തുന്ന കേസുകൾ കൂടാതെ മുറിവേറ്റ വികാരങ്ങളുടെ പേരിൽ പാർശ്വങ്ങളിൽനിന്നുള്ള
ആക്രമണങ്ങളും ധാരാളമുണ്ടു്. ഫത്വാകൾ ഇറക്കുക ആദ്യമൊക്കെ തീവ്രവാദി സംഘടനകളും
പുരോഹിതന്മാരുമായിരുന്നു ചെയ്തിരുന്നതു്. ഇപ്പോൾ അതു രാഷ്ടീയ പാർട്ടികളും, ട്രേഡ് യൂണിയനുകളും,
സാഹിത്യകലാസാംസ്കാരിക രംഗങ്ങളിലെ സംഘടനകളും, വെറും വ്യക്തികളും, ഗുണ്ടകളും വരെ
എത്തിയിരിക്കുന്നു. ഈ അവസ്ഥയുമായി ജീവിച്ചു പോകുക നമുക്കു് സ്വീകാര്യമായിരിക്കുന്നു. തീരെ
സഹിഷ്ണുതയില്ലാത്ത ഒരു സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു നമ്മുടേതു്. എന്നാൽ ഒരിക്കലും സഹിക്കാൻ
പാടില്ലാത്ത സംഗതികൾ ചുറ്റും നടക്കുമ്പോൾ നാം കണ്ണടയ്ക്കുകയും ചെയ്യുന്നു.
</p>
          <p>ജനങ്ങൾക്കിടയിൽ വെറുപ്പു പരത്തുന്നതും അക്രമം അഴിച്ചുവിടുന്നതുമായ പ്രസ്താവനകൾ തടയണമെന്നതിൽ
ആർക്കും ഭിന്നാഭിപ്രായമില്ല. എന്നാൽ ആശയങ്ങൾ ആ വഴിയിലുളളവയല്ല. അനാചാരങ്ങളെയും
അന്ധവിശ്വാസങ്ങളെയും എതിർക്കുന്നതും യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുന്നതും ആരുടെയും വികാരങ്ങളെ
മുറിപ്പെടുത്തേണ്ടതില്ല. മുറിപ്പെടുത്തുന്നുവെങ്കിൽ ആ മുറിപ്പെടലുകൾ മാനവസംസ്കാരത്തിന്റെ പുരോഗതിയിലെ

അനിവാര്യതകളാണു്.
</p>
          <p>എന്നാൽ പുരോഗതിയെ നാം ഭൗതികരംഗത്തെ നേട്ടങ്ങളിലൊതുക്കുന്നു. അതിവേഗയാത്ര,
വിവരസാങ്കേതികവിദ്യ, തത്സമയ കമ്യൂണിക്കേഷൻ ഇവയെല്ലാം നമുക്കു വേണം. എന്നാൽ ഇവ വഴി കടന്നു
വരുന്ന സ്വാതന്ത്രചിന്തയുടെയും ആശയങ്ങളുടെയും യാത്ര നമുക്കു് ഇഷ്ടമാകുന്നില്ല.
</p>
        </div>
        <!--end of "section 0.0.0.0/1.10"-->
        <div type="lsection" xml:id="sec1.11">
          <head type="lsechead">ധാർമികത</head>
          <figure rend="fright" type="gra">
            <graphic url="images/Jayaprakash_Narayan.jpg" rendition="gra"/>
            <figDesc style="thumb">ജയപ്രകാശ് നാരായണൻ</figDesc>
          </figure>
          <p style="noindent"> ജനങ്ങൾക്കും സമൂഹത്തിനും മുൻപിൽ പതാകവാഹകരാകുകയാണു്
ധാർമികതയുടെ കാര്യത്തിൽ ജനാധിപത്യഗവൺമെന്റുകൾ ചെയ്യേണ്ടതു്. സ്വാതന്ത്ര്യസമരകാലത്തു് വഹിച്ചിരുന്ന
ആ പതാക പിന്നീടു് നമ്മുടെ നേതൃവൃന്ദം വലിച്ചെറിഞ്ഞു. പതുക്കെപ്പതുക്കെ അവർ തങ്ങളുടെ ഭൂതത്തെയും
ആദർശങ്ങളെയും വഴിയിൽ വിട്ടു് തെരുവുകൂട്ടങ്ങൾക്കൊത്തു് നീങ്ങുവാൻ തുടങ്ങി. എപ്പോഴെങ്കിലും ജനം മുൻപിൽ
കയറി വന്നു് ധാർമികത ഓർമ്മിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിൽ അപ്പോഴൊക്കെ അവർ ഭയന്നു് ഓടിയൊളിച്ചു്
തങ്ങൾക്കു് ചുറ്റും കോട്ടകൾ കെട്ടി. 1975-ൽ <ref target="https://w.wiki/FsnZ">ജയപ്രകാശ്
നാരായണൻ</ref> നയിച്ച പ്രക്ഷോഭംതൊട്ടു് ഈയിടെ 16/12-ലെ സംഭവത്തെത്തുടർന്നു് ദില്ലിയിൽ നടന്ന
ജനകീയ രോഷപ്രകടനം വരെയുള്ളവയെ ഗവൺമെന്റ് നേരിട്ട രീതി ഉദാഹരണം.
</p>
          <p>അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് രീതിയിലുള്ള സ്വാതന്ത്ര്യനിഷേധത്തിനു് ഭരണകക്ഷിയായിരുന്നു
നേതൃത്വം നൽകിയതെങ്കിൽ ഇന്നു് എല്ലാ രാഷ്ട്രീയകക്ഷികളും അതിൽ ഒന്നിച്ചിരിക്കുന്നു. ആ അർത്ഥത്തിൽ
ജനത്തെ സംബന്ധിച്ചിടത്തോളം ഫാസിസ അനുഭവം കൂടുതൽ വിപുലമായിരിക്കുന്നതു് ഇന്നാണെന്നു പറയാം.
വാസ്തവത്തിൽ അതായിരുന്നു ഏക അനുഭവം.
</p>
          <p>സർവാധിപത്യത്തിൽ അധികാരം കൂലിപ്പട്ടാളക്കാരെ ഉപയോഗിച്ചാണു് നിലനിർത്തപ്പെടുന്നതു്.
ജനാധിപത്യപരമെന്നു് വിശേഷിക്കപ്പെടുന്ന പ്രതിഷേധങ്ങൾ തന്നെ കൂലിക്കാരെ ഉപയോഗിച്ചാണു് ഇന്നു
നടത്തപ്പെടുക.
</p>
          <p>തങ്ങൾക്കു പുണ്യം നേടിത്തരുവാനായി തങ്ങളുടെ പേരിൽ ഉപവാസമനുഷ്ഠിക്കുവാൻ ഭട്ടികളെന്ന സേവകരെ
നിയോഗിച്ചിരുന്നു പണ്ടു് ഉത്തരഭാരതത്തിൽ ധനികർ. വീട്ടിൽ മരിച്ചവർക്കുവേണ്ടി കരയുവാൻ രുദാലികളെയും.
വാടകയ്ക്കെടുത്ത റാലികൾ, വാടക പ്രസംഗകർ, വാടക ശ്രോതാക്കൾ, വാടകബുദ്ധിജിവികൾ, നോക്കുകൂലി
ഇങ്ങനെയിങ്ങനെ പോകുന്നു ആ താവഴി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Rajiv_Gandhi.jpg" rendition="gra"/>
            <figDesc style="thumb">രാജീവ് ഗാന്ധി</figDesc>
          </figure>
          <p> ഇന്ദിരാഗാന്ധി പഞ്ചാബിൽ തിരഞ്ഞെടുപ്പു് ജയിക്കുവാൻ സിഖ് തീവ്രവാദികളെ ഉപയോഗിച്ചു. അവർ
തിരിഞ്ഞു് അവരെത്തന്നെ വധിച്ചു. <ref target="https://w.wiki/Fsnc">രാജീവ് ഗാന്ധി</ref>
തമിഴ്‌നാട്ടിൽ ജയിക്കുവാൻ ശ്രീലങ്കയിലെ തമിഴ് തീവ്രവാദികളെ സഹായിച്ചു. തമിഴു് തീവ്രവാദികൾ അദ്ദേഹത്തെ
വധിച്ചു. ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളുമടക്കം ഇന്നത്തെ രാഷ്ട്രീയക്കാർ അർപ്പണബോധമുള്ള സ്വന്തം
അണികൾക്കു പകരം വാടകക്കൊലയാളികളെയും മാഫിയയെയും ഉപയോഗിക്കുവാനാണു് ശ്രമിക്കുന്നതു്.
</p>
          <p>അമ്പതുകളിൽ മുംബൈ തുറമുഖത്തു് പിറവിയെടുത്ത കള്ളക്കടത്തുകാർ പ്രഫഷനൽ മാഫിയയായി
വളർന്നപ്പോൾ ആദ്യം പൊലീസും പിന്നെ രാഷ്ടീയക്കാരും അവരെ ഉപയോഗിച്ചു. ഒടുവിൽ ഇസ്ലാമിക്
തീവ്രവാദികളും ആവശ്യത്തിനു് ശിവസേനയും വരെ. ബിസിനസ്സുകാർക്കു് അവർ വരവും ശാപവും ഒന്നിച്ചാണു്.

ഭീഷണിക്കു് മുൻപിൽ വഴങ്ങുകയും, ബലവാന്മാരെ ഭയക്കുകയും, സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി ഏവരെയും
സേവിക്കുകയും ചെയ്യുന്നവരെ ആണു് ജനാധിപത്യം സൃഷ്ടിക്കുന്നതെങ്കിൽ അവരുടെ ആധിപത്യമായിത്തീരുന്നു
ജനാധിപത്യം.
</p>
          <p>പതനത്തെ മനസ്സിലാക്കുവാൻ ഒരു ഉദാഹരണം. എൺപതുകളിൽ മുംബൈ അധോലോകത്തിലെ ഒരു
സംഘം എതിർസംഘത്തിലെ ബഡാരാജൻ എന്ന തലവനെ കൊന്നു. ബഡാരാജന്റെ അനുയായി ഛോട്ടാ
രാജൻ പെട്ടന്നുണ്ടായ അമർഷം തീർക്കുവാനും തന്റെ ശക്തി കാണിക്കുവാനും ഘാട്കോപ്പറിൽ എല്ലാ
സ്ഥാപനങ്ങളും അടപ്പിക്കുകയും എല്ലാ പ്രവൃത്തികളും നിർത്തിവയ്പിക്കുകയും ചെയ്തു. ഭയവിഹ്വലരായ ആളുകൾ
എല്ലാവരും വീടുകൾക്കകത്തേക്കു് വലിഞ്ഞു. അങ്ങനെ തുടങ്ങി ബന്ദ് എന്ന സംഗതി. സ്വാതന്ത്ര്യസമരകാലത്തെ
ഹഡ്താലിൽനിന്നു് തികച്ചും വ്യത്യസ്തമായിരുന്നു അതിന്റെ രീതിയും അതു് ഉയർത്തുന്ന ഭീതിയും. പലപ്പോഴും
ആരാണു ബന്ദിനു് ആഹ്വാനം ചെയ്യുന്നതെന്നോ, എന്തിനാണെന്നോ ജനം അറിഞ്ഞെന്നുവരില്ല. അവർ
അനുസരിക്കുക മാത്രം ചെയ്യുന്നു.
</p>
          <p>രാഷ്ട്രീയത്തിലെയും മതങ്ങളിലെയും എല്ലാറ്റിലെയും സംഘടനകൾ ഇന്നു് വ്യാപകമായി ഉപയോഗിക്കുന്ന
‘ജനാധിപത്യപരമായ പ്രതിഷേധ’മെന്നു് വിവരിക്കപ്പെടുന്ന സമ്പ്രദായം. ഛോട്ടാ രാജന്റെ അനുയായികളേക്കാൾ
വളരെ മുൻപോട്ടു പോയിരിക്കുന്നു ഇന്നത്തെ ബന്ദുകളുടെ ആസൂത്രകർ. മുംബൈയിൽ ശിവസേന നേതാവും
കർണാടകത്തിൽ ഒരു സിനിമാതാരവും വാർധക്യം മൂലം മരണമടഞ്ഞപ്പോൾ വളരെ ‘വിജയകര’മായി ബന്ദുകൾ
ആചരിക്കപ്പെട്ടു. യോജിക്കാത്തവർക്കു് വലിയ വിലകൊടുക്കേണ്ടിവരുന്നു. പൊതുമുതൽ നശിപ്പിക്കപ്പെടുന്നു.
തൊഴിലാളികൾ ഫാക്ടറികൾക്കു തീ വയ്ക്കുന്നു. വിദ്യാർഥികൾ അവരുടെ സ്ഥാപനങ്ങൾ തല്ലിത്തകർക്കുന്നു.
ഓഫീസ് ജോലിക്കാർ ഓഫീസുകൾ നശിപ്പിക്കുന്നു. അധ്യാപകർ വിദ്യാർത്ഥികളുടെ മേൽ വിഷം പ്രയോഗിക്കുന്നു.
ജനം പൂർണമായും സഹകരിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യവും.
</p>
        </div>
        <!--end of "section 0.0.0.0/1.11"-->
        <div type="lsection" xml:id="sec1.12">
          <head type="lsechead">ആനന്ദ്</head>
          <figure rend="fleft" type="gra">
            <graphic url="images/Anand.jpg" rendition="gra"/>
          </figure>
          <p style="noindent"> പി. സച്ചിദാനന്ദൻ എന്ന ആനന്ദ് 1936-ൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ
മകനായി ഇരിങ്ങാലക്കുടയിലാണു് ജനിച്ചതു്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്നു് 1958-ൽ
സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാലു കൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടു്.
ന്യൂഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്നു് പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു.
</p>
          <p>നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച
എഴുത്തുകാരനാണു് ആനന്ദ്. അതുവരെ മലയാളത്തിനു് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ
ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. നോവൽ, കഥ, നാടകം, ലേഖനം,
പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘ആൾക്കൂട്ട’ത്തിനു ലഭിച്ച
യശ്പാൽ അവാർഡും, ‘അഭയാർത്ഥികൾ’ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല.
‘വീടും തടവും’, ‘ജൈവമനുഷ്യൻ’, എന്നിവ കേരള സാഹിത്യ അക്കാദമി അവാർഡും, ‘മരുഭൂമികൾ ഉണ്ടാകുന്നതു്’
വയലാർ അവാർഡും, ‘ഗോവർദ്ധനന്റെ യാത്രകൾ’ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി.
മഹാശ്വേതാദേവിയുടെ കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാള
വിവർത്തനത്തിനു് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
</p>
          <p>ആനന്ദിന്റെ മുപ്പത്തിനാലാം വയസ്സിലാണു് ആദ്യനോവലായ ‘ആൾക്കൂട്ടം’ പ്രസിദ്ധീകരിക്കപ്പെടുന്നതു്.
പ്രസിദ്ധ മലയാളനിരൂപകനായ എം ഗോവിന്ദന്റെ സാധകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരു
പക്ഷേ, ഇന്നു് നമുക്ക് ആനന്ദ് എന്ന വിശ്രുതനായ എഴുത്തുകാരനെ കിട്ടുകയില്ലായിരുന്നു.
</p>
        </div>
        <!--end of "section 0.0.0.0/1.12"-->
        <div type="lsection" xml:id="sec1.13">
          <head type="lsechead">പ്രധാന കൃതികൾ</head>
          <div type="lsubsection" xml:id="sec1.13.1">
            <head type="lsubsechead">നോവൽ</head>
            <p style="noindent">ആൾക്കൂട്ടം; മരണസർട്ടിഫിക്കറ്റ്; ഉത്തരായനം; മരുഭൂമികൾ ഉണ്ടാകുന്നതു്;
ഗോവർധന്റെ യാത്രകൾ; അഭയാർത്ഥികൾ; വ്യാസനും വിഘ്നേശ്വരനും; അപഹരിക്കപ്പെട്ട ദൈവങ്ങൾ;
വിഭജനങ്ങൾ; പരിണാമത്തിന്റെ ഭൂതങ്ങൾ; ദ്വീപുകളും തീരങ്ങളും.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.13.1"-->
          <div type="lsubsection" xml:id="sec1.13.2">
            <head type="lsubsechead">കഥകൾ</head>
            <p style="noindent">ഒടിയുന്ന കുരിശു്; ഇര; വീടും തടവും; സംവാദം; അശാന്തം; നാലാമത്തെ ആണി;
സംഹാരത്തിന്റെ പുസ്തകം; ചരിത്ര കാണ്ഡം; കഥകൾ; ആത്മകഥകൾ; എന്റെ പ്രിയപ്പെട്ട കഥകൾ (സമാഹാരം).
</p>
          </div>
          <!--end of "subsection 0.0.0.0.0/1.13.2"-->
          <div type="lsubsection" xml:id="sec1.13.3">
            <head type="lsubsechead">നാടകം</head>
            <p style="noindent">ശവഘോഷയാത്ര, മുക്തിപഥം.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.13.3"-->
          <div type="lsubsection" xml:id="sec1.13.4">
            <head type="lsubsechead">ലേഖനങ്ങൾ</head>
            <p style="noindent">ഇടവേളകളിൽ; സ്വത്വത്തിന്റെ മാനങ്ങൾ; നഷ്ടപ്രദേശങ്ങൾ; കണ്ണാടിലോകം;
ഓർക്കുക കാവലിരിക്കുകയാണു്.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.13.4"-->
          <div type="lsubsection" xml:id="sec1.13.5">
            <head type="lsubsechead">പഠനം</head>
            <p style="noindent">ജൈവമനുഷ്യൻ; വേട്ടക്കാരനും വിരുന്നുകാരനും; പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം,
ജലം, ഊർജ്ജം; എഴുത്തു്: പുസ്തകം മുതൽ യുദ്ധം വരെ; സ്ഥാനം തെറ്റിയ വസ്തു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.13.5"-->
          <div type="lsubsection" xml:id="sec1.13.6">
            <head type="lsubsechead">മറ്റുള്ളവ</head>
            <p style="noindent">സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ);
കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ,
കവിതകൾ എന്നിവയുടെ സമാഹാരം); കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ
കൃതിയുടെ മലയാള വിവർത്തനം).
</p>
          </div>
          <!--end of "subsection 0.0.0.0.0/1.13.6"-->
        </div>
        <!--end of "section 0.0.0.0/1.13"-->
        <div type="lsection" xml:id="sec1.14">
          <head type="lsechead">പുരസ്കാരങ്ങൾ</head>
          <p style="noindent">വയലാർ അവാർഡ് (1993); ഓടക്കുഴൽ അവാർഡ് (1996); കേന്ദ്രസാഹിത്യ
അക്കാദമി പുരസ്കാരം—2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം; കേരള സാഹിത്യ
അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012); യശ്പാൽ അവാർഡ്—ആൾക്കൂട്ടം; കേരള സാഹിത്യ അക്കാദമി
അവാർഡ്—അഭയാർത്ഥികൾ; വയലാർ അവാർഡ്—മരുഭൂമികൾ ഉണ്ടാകുന്നതു്; കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ്—ഗോവർദ്ധനന്റെ യാത്രകൾ (1997); മുട്ടത്തു വർക്കി അവാർഡ് (2000); വള്ളത്തോൾ അവാർഡ് (2015);
എഴുത്തച്ഛൻ പുരസ്കാരം (2019).
</p>
        </div>
        <!--end of "section 0.0.0.0/1.14"-->
        <div type="lsection" xml:id="sec1.15">
          <head type="lsechead">സായാഹ്നയിൽ ലഭ്യമായ ആനന്ദിന്റെ കൃതികൾ</head>
          <list rend="bulleted">
            <item>നദികളും മണലും </item>
            <item>ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ പെരുമാറി </item>
          </list>
          <p style="noindent">ചിത്രങ്ങൾക്കു് വിക്കിപ്പീഡിയയോടു് കടപ്പാടു്.
</p>
          <noteGrp>
            <note xml:id="fn1" n="1" style="end">[<ref target="#xfn1">1</ref>] Indian Ideal
എന്നതുകൊണ്ടു് ലേഖനകർത്താവു് ഉദ്ദേശിക്കുന്നതു് ഹിന്ദുക്കളെ, അവരിൽത്തന്നെ ബ്രാഹ്മണ ക്ഷത്രീയ
ജാതിക്കാരെയാണു്. യാദൃച്ഛികമായി എഴുതിയതല്ല, ചില വിദേശികളായ സുഹൃത്തുക്കളുടെ ആവശ്യപ്രകാരം
സുചിന്തിതമായി തയാറാക്കി കൽക്കത്തയിലെ ഒരു സഭയിൽ അവതരിപ്പിച്ചതാണു് ലേഖനം എന്നതും
ശ്രദ്ധേയമാണു്. ബ്രഹ്മസമാജമെന്ന ഉല്പതിഷ്ണുപ്രസ്ഥാനത്തിന്റെ മുൻനിര പടയാളികൾ ഓരോരുത്തരായി
പയറ്റിപ്പയറ്റി സ്വയമറിയാതെ യാഥാസ്ഥിതികതയിലേക്കു വിരമിച്ചിരുന്ന കാലമായിരുന്നുവല്ലോ അതു്.</note>
            <note xml:id="fn2" n="2" style="end">[<ref target="#xfn2">2</ref>] നമ്മുടെ
മതത്തെയും ആചാരങ്ങളെയും മനസ്സിലാക്കാൻ കഴിവില്ലാത്ത Imperious missionaries of
liberalism-ത്തിന്റെ കാലടികൾ പിന്തുടരുന്ന ബുദ്ധിജീവികൾ എന്നു് മധു കിഷ്വർ—Madhu Purnima
Kishwar: Don’t Like this Temple, Choose another. The Hindu 17.1.2013.</note>
          </noteGrp>
        </div>
        <!--end of "section 0.0.0.0/1.15"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Indian Janadhipathyam Athine
Sadhyamakkiya Moolyangalod Engane Perumari (ml: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ
മൂല്യങ്ങളോടു് എങ്ങനെ പെരുമാറി).</p>
        <p style="hang"><hi rend="bold">Author(s):</hi>  Anand.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, Anand, Indian
Janadhipathyam Athine Sadhyamakkiya Moolyangalod Engane Perumari, ആനന്ദ്, ഇന്ത്യൻ
ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോടു് എങ്ങനെ പെരുമാറി, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  November 12, 2025.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
in the public domain. The text encoding and editorial notes were created and​/or prepared by
the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-sa/4.0/">Creative Commons
Attribution By ShareAlike 4​.0 International License</ref>  (CC BY-SA 4​.0). Any reuse
of the material should credit the Sayahna Foundation and must be shared under the same
terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Bartolom%C3%A9_Esteban_Murillo__Joven_mendigo_(1645-50).jpg">The Young Beggar,</ref> a painting by <ref target="https://en.wikipedia.org/wiki/en:Bartolom%C3%A9_Esteban_Murillo">Bartolomé
Esteban Murillo</ref>  (1617–1682). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/anand-indian.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/anand-indian.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
