<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">അരുന്ധതിയുടെ പൈങ്കിളി
കവിതകൾ</title>
          <title xml:lang="en" type="main">Arundhathiyude Painkili Kavithakal</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">October 15, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">അരുന്ധതിയുടെ പൈങ്കിളി
കവിതകൾ</title>
              <title xml:lang="en" type="main">Arundhathiyude Painkili Kavithakal</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Arundhathiyude Painkili Kavithakal</term>
          <term>ഇ ഹരികുമാർ</term>
          <term>അരുന്ധതിയുടെ പൈങ്കിളി കവിതകൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Play_and_Dance.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Halfdan_Egedius__Play_and_Dance_-_NG.M.00662__National_Museum_of_Art,_Architecture_and_Design.jpg">Play and Dance,</ref> a
painting by <ref target="https://en.wikipedia.org/wiki/en:Halfdan_Egedius">Halfdan
Egedius</ref>  (1877–1899). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">അരുന്ധതിയുടെ പൈങ്കിളി കവിതകൾ</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">അരുന്ധതിയുടെ പൈങ്കിളി കവിതകൾ</head>
        <div type="lsection">
          <p style="noindent">ചുറ്റും പഴയ വീട്ടുസാമാനങ്ങളാണു്. കാലൊടിഞ്ഞ കസേരകൾ, രണ്ടു
വലിപ്പുകൾക്കിടയിൽ കമാനമുള്ള, ദ്രവിച്ചു തുടങ്ങിയ മേശ, ഒരു കട്ടിലിന്റെ ചട്ടക്കൂട്ടു്, ഉയരമില്ലാത്ത എഴുത്തുമേശ,
ക്ലാവു പിടിച്ച ഒന്നു രണ്ടു ശരറാന്തലുകൾ. തട്ടിൻപുറത്തു് വെളിച്ചം കുറവായിരുന്നു. ഉയരം കുറഞ്ഞ ചുമരിനും
ഓടുമേഞ്ഞ മേൽക്കൂരക്കുമിടയ്ക്കുള്ള വിടവിൽക്കൂടി എത്തുന്ന വെളിച്ചം മങ്ങിയിരുന്നു.
</p>
          <p>‘ഇവിടെ വെളിച്ചം തീരെയില്ല.’ സിദ്ധാർത്ഥൻ പറഞ്ഞു.
</p>
          <p>‘ഉച്ചയായതുകൊണ്ടാണു് ഇത്രയെങ്കിലും’ അരുന്ധതി പറഞ്ഞു, ‘വൈകുന്നേരമൊന്നും ഒട്ടും വെളിച്ചം
ഉണ്ടാവില്ല.’
</p>
          <p>‘അപ്പോ അരുവിനു് പേടിയാവില്ലെ?’
</p>
          <p>‘പേടിയാവും, പക്ഷേ, അങ്ങിനെ പേടിയാവുന്നതു് എനിക്കിഷ്ടമാണു്. ഓരോ മുക്കിലും പ്രേതങ്ങളും ഭൂതങ്ങളും
എന്റെ മേൽ ചാടി വീഴാൻ തയ്യാറെടുത്തു നിൽക്ക്ണൂന്നു് ഞാൻ വിചാരിക്കും. അങ്ങിനെ പേടിച്ചു് ഈ തട്ടിൻപുറത്തു്
നിൽക്കാൻ എനിക്കിഷ്ടാണു്.’
</p>
          <p>അവൻ അദ്ഭുതത്തോടെ അരുന്ധതിയെ നോക്കി. വേനലവധിക്കു് നാട്ടിൽ വന്നശേഷം കൂട്ടായതാണു്
അവളുമായി. ഒരു വട്ടു കേസാണെന്നു് കണ്ടപ്പോഴേ തോന്നിയതാണു്. അടുക്കേണ്ടെന്നു് തോന്നിയിട്ടും അകലാൻ
കഴിഞ്ഞില്ല. ഗ്രാമം അവനിപ്പോഴും അദ്ഭുതങ്ങളും നിഗൂഢതകളും നിറഞ്ഞതാണു്. ആ ചെപ്പിന്റെ മൂടി തുറന്നു
കാട്ടിയിരുന്നതു് അരുന്ധതിയായിരുന്നു. വീട്ടിൽനിന്നു് അരുന്ധതിയുടെ വീട്ടിലേക്കെത്താൻ ഒരിടവഴിയും
നീണ്ടുകിടക്കുന്ന നെൽവയലിന്റ നടുവിലൂടെയുള്ള വരമ്പും, പിന്നെ വീണ്ടും ഇരുണ്ട ഇടവഴിയും താണ്ടണം.
ഇടവഴിയിലെ വലിയ പടിപ്പുരയുടെ അറ്റക്കടായ കടന്നു് മുറ്റത്തെത്തിയപ്പോൾ ആ എട്ടുകെട്ടിന്റെ വലുപ്പം കണ്ടു്
അവൻ അന്ധാളിച്ചു നിന്നു. ‘അരുന്ധതീടെ വീടിത്ര വലുതാണോ?’
</p>
          <p>‘അതേ,’ കൃത്രിമമായ വിനയത്തോടെ അവൾ പറഞ്ഞു, ‘ഞാനാണു് ഈ വലിയ എട്ടുകെട്ടിന്റെ ഒരേ ഒരു
അവകാശി.’
</p>
          <p>സിദ്ധാർത്ഥൻ അന്തംവിട്ടു നിന്നുപോയി. പടിപ്പുര കടന്നു് ഉമ്മറത്തെത്താൻ കുറച്ചു ദൂരമുണ്ടു്. കല്ലും, കുണ്ടും
നിറഞ്ഞു് ശ്രദ്ധിക്കാതെ കിടക്കുന്ന ആ മുറ്റത്തുകൂടെ നടക്കുമ്പോൾ അവൾ ചെവിയിൽ പറഞ്ഞു.
</p>
          <p>‘കുട്ടാ, ഞാൻ നുണ പറഞ്ഞതാണു് കെട്ടോ. ഒരുകാലത്തു് പ്രതാപത്തോടുകൂടി നിലനിന്നിരുന്ന ഈ എട്ടുകെട്ടു്
കാരണവന്മാരുടെ പിടിപ്പുകേടുകൊണ്ടു് ക്ഷയിച്ചുപോയി, ഇപ്പോൾ ഒരു വലിയ മത്തൻ കണ്ടിക്കുംപോലെ
പന്ത്രണ്ടായി മുറിച്ചു് പന്ത്രണ്ടു് താവഴികൾ താമസിക്കുകയാണു്. അതിൽ സാമ്പത്തികമായി വളരെ താഴ്‌ന്ന ഒരു
താവഴിയിലെ അവസാനത്തെ കണ്ണിയും, സുന്ദരിയും സുശീലയുമായ പെൺകുട്ടി മാത്രാണു് ഈ ഞാൻ. മുകളിലെ
നിലയിൽ വടക്കുകിഴക്കു കോണിൽ ഇലഞ്ഞിപ്പൂമരം തണലേകുന്ന ഒരു കഷ്ണത്തിലാണു് എന്റെ വാസം.’
</p>
          <p>സിദ്ധാർത്ഥനു് അരുന്ധതിയുടെ സംസാരം ഇഷ്ടമായിരുന്നു. ചിലപ്പോൾ അതു് കാടുകയറിപ്പോകുമെന്നു
മാത്രം. വരുന്ന വഴി പാടത്തിന്റെ കരയിലുള്ള വലിയ വീടു് കാണിച്ചുകൊണ്ടു് അരു പറഞ്ഞു.
</p>
          <p>‘ഈ വീടിനെപ്പറ്റി അറിയ്വോ?’
</p>
          <p>‘ഇല്ലാ.’ മദ്രാസിൽ സ്ഥിരതാമസമാക്കി, നാലോ അഞ്ചോ വർഷം കൂടുമ്പോൾ ഒരു വേനലവധിക്കു്
അച്ഛന്റെയും അമ്മയുടെയും ഒപ്പം നാട്ടിൽ ഏതാനും ദിവസങ്ങൾക്കായി വരുന്ന തനിക്കെങ്ങനെ അറിയാം
ഇവിടുത്തെ വീടുകളുടെ വിശേഷങ്ങൾ.
</p>
          <p>‘ആ വീട്ടിൽ ഒരു പ്രേതംണ്ടായിരുന്നു.’
</p>
          <p>‘പ്രേതോ?’

</p>
          <p>‘അതെ, നീ നോക്കു് ആ വെള്ള ചുമരില്ലെ പത്തായപ്പുരയുടെ?’
</p>
          <p>വീട്ടിനോടു് തൊട്ടു് നിന്നിരുന്ന പത്തായപ്പുരയുടെ ചുമർ അവൻ ശ്രദ്ധിച്ചു.
</p>
          <p>‘ആ ചുമരിൽ ഒരു സ്ഥലത്തു് തേച്ച പാടുള്ളതു് കണ്ടോ? അതെന്താണ്ന്നു് അറിയ്യ്യോ?’ ഒരു ഇഫക്ടിനുവേണ്ടി
നിർത്തി, അവൾ വീണ്ടും പറഞ്ഞു. ‘ആ വീട്ടിൽ ഒരു പ്രേതംണ്ടായിരുന്നു. രാത്രിയൊക്കെ അതു വന്നു് ആ
വീട്ടുകാരെ പേടിപ്പിക്കും. ഒരു സന്ധ്യക്കു് എല്ലാരും ഉമ്മറത്തു് ഇരിക്ക്യായിരുന്നു. അപ്പോണ്ടു് പടിക്കല്ന്നു് ഒരു
രൂപം വര്ണൂ, നിഴലുപോലെ. അതു് നേരെ പോയി പത്തായപ്പെരേടെ ചുമരിലേയ്ക്കു് ചാടി ഇല്ലാതായി. പോയി
നോക്ക്യപ്പോ കണ്ടു അവിടെ ഒരു പാടു്. മനുഷ്യന്മാർക്കൊന്നും ഉണ്ടാക്കാൻ പറ്റാത്ത തരം പാടു്. പണിക്കരാണു്
രാശിവച്ചുനോക്കീട്ടു് അവിടെ തുരന്നു നോക്കാൻ പറഞ്ഞതു്. നോക്കിയപ്പോണ്ടു് ഒരു് എല്ലു്. കാൽമുട്ടിന്റെ ചിരട്ട
ഇല്ലെ, അതു്. ആ എല്ലു് തിരുനാവായിൽ കൊണ്ടോയി ഒഴുക്കിയതിൽ പിന്നെ പ്രേതത്തിന്റെ ശല്യംണ്ടായിട്ടില്ല.’
</p>
          <p>സിദ്ധാർത്ഥന്നു് കാലിൽ ഒരു ബലക്ഷയംപോലെ തോന്നി. അവൻ ചോദിച്ചു. ‘അരൂന്റെ വീട്ടിൽ പോവാൻ
വേറെ വഴിയൊന്നും ഇല്ലേ?’
</p>
          <p>‘എന്താ നെനക്കു് പേടി തോന്ന്ണ്ണ്ടോ?’
</p>
          <p>‘ഏയ്.’
</p>
          <p>‘ഇതാ ഈ കാണ്ണ കുടിലില്ലേ, അതു് കാണന്റെ കുടിലാണു്. അവൻ ഇപ്പോഴും ഒടിമറിയാറുണ്ടു് അറിയ്യ്യോ?’
</p>
          <p>‘എന്താണു് ഒടിമറിയാന്നു് വച്ചാൽ?’
</p>
          <p>‘രാത്രികാലങ്ങളിലു് അവൻ ഒരുതരം ഭസ്മം മേലു് വിതറും. അപ്പോ അവൻ ഒരു കാളടെ രൂപാവും. എന്നിട്ടു്
കൊല്ലേണ്ട ആളുടെ വീട്ടിനടുത്തു് ചെന്നു് ഒരു പ്രത്യേക മന്ത്രം ജപിക്കും. മന്ത്രം കഴീമ്പളേയ്ക്കു് ആ ആൾക്കു് വീട്ടീന്നു്
എങ്ങനേങ്കിലും പുറത്തേയ്ക്കു് വരാൻ തോന്നും. പുറത്തിറങ്ങിയാൽ കാണൻ ഒടിച്ചു് കൊല്ലൂം ചെയ്യും. നമ്മടെ
അടുത്തു് ഇരുമ്പിന്റെ കത്തിണ്ടായാൽ രക്ഷണ്ടു്. അതോണ്ടു് നെലത്തു് ഒരു വട്ടം വരക്ക്യാ, ന്നട്ടു് കത്തി അതിന്റെ
ഒത്ത നടുവിലു് കുത്തി നിർത്ത്വാ. അപ്പോ പിന്നെ അവനു് അനങ്ങാൻ പറ്റാത്യാവും. സൂര്യനുദിച്ചാൽ കാളടെ രൂപം
പോവും, പകരം കാണൻ തന്നെയാവും. പക്ഷേ, ഇതൊക്കെ ചെയ്യണങ്കിൽ നമ്മക്കും അത്യാവശ്യം ദുർമന്ത്രവാദം
അറിഞ്ഞിരിക്കണം. മാധവമ്മാമ അങ്ങിനെയാണു് ഒരിക്കൽ കാണനെ പിടിച്ചതു്. രാവിലെ അനങ്ങാൻ വയ്യാതെ
കെട്ടിയിട്ട മാതിരി അവൻ നിൽക്ക്വായിരുന്നു. മാധവമ്മാമെ കണ്ടപ്പോൾ അവൻ കാൽക്കലു് വീണു കെഞ്ചി,
അവനെ വിടുവിക്കാൻ. ആരാ അവനെ പറഞ്ഞയച്ചത്ന്നൊക്കെ ചോദിച്ചു് മനസ്സിലാക്കീട്ടു് മാധവമ്മാമ
കളത്തിൽനിന്നു് കത്തിയൂരി മടക്കി അരപ്പട്ടേലു് തിരുകി അവനോടു് പൊയ്ക്കോളാൻ പറഞ്ഞു.’
</p>
          <p>സിദ്ധാർത്ഥൻ തളർന്നിരുന്നു. നാട്ടിൻപുറം അത്ര സുരക്ഷിതമല്ലാ എന്നവന്നു മനസ്സിലായി.
</p>
          <p>‘കാണൻ മേലു് തേക്കണ ഭസ്മം എങ്ങിന്യാണ്ണ്ടാക്ക്വാന്നറിയോ?’
</p>
          <p>അവനു് കേൾക്കാൻ ഒരു താൽപര്യവുമുണ്ടായിരുന്നില്ല. ഒരു രാത്രിയിലെ ദുസ്വപ്നങ്ങൾക്കുള്ള
വകയായിരിക്കുന്നു ഇപ്പോൾ തന്നെ. അവൻ വീണ്ടും ചോദിച്ചു.
</p>
          <p>‘അരൂന്റെ വീട്ടിലേയ്ക്കു് പോകാൻ വേറെ വഴിയൊന്നും ഇല്ലേ?’
</p>
          <p>‘വഴിയൊക്കെണ്ടു്, പക്ഷേ, ശ്മശാനത്തീക്കൂടെ പോണം. ഉച്ച നേരത്തൊന്നും പോവാൻ പറ്റീതല്ല.’
</p>
          <p>അവൻ നിശ്ശബ്ദനായി. എന്തെങ്കിലും പറഞ്ഞാൽ പിന്നെ ശ്മശാനത്തിന്റെ കാര്യം എടുത്തിടും.
അല്ലെങ്കിലേ… ഇത്രയും ബുദ്ധിമുട്ടിയിട്ടു് വന്നപ്പോഴാണു് ഭയപ്പെടുത്തുന്ന തട്ടിൻ പുറം കാണാൻ അവൾ
ക്ഷണിച്ചതു്. ഒരു മൂലയിൽ കഴുക്കോലിൽ തൂങ്ങിക്കിടന്ന ചെറുജീവികളെ അവൻ അപ്പോഴാണു് ശ്രദ്ധിച്ചതു്.
</p>
          <p>‘അതു് നരിച്ചീറുകളാണു്.’ അരുന്ധതി പറഞ്ഞു. ‘അവറ്റയ്ക്കു് പകൽ കണ്ണു കാണില്ല, രാത്രിയേ കാണൂ.’
</p>
          <p>ആ ജീവികളുടെ കീഴ്ക്കാംതൂക്കു കിടത്തത്തിൽ പേടിപ്പിക്കുന്ന എന്തോ ഉണ്ടായിരുന്നു. സിദ്ധാർത്ഥനു് അവയെ
ഇഷ്ടമായില്ല.
</p>
          <p>‘ഈ നരിച്ചീറുകൾ എന്താണെന്നറിയ്വോ?’ അരുന്ധതി ചോദിച്ചു. സിദ്ധാർത്ഥൻ അറിയില്ലെന്നു് തലയാട്ടി.

</p>
          <p>‘നമ്മളൊക്കെ മരിച്ചുപോയാൽ നമ്മടെ ആത്മാവു് എവിട്യാ പോണ്ന്നറിയ്യ്വോ. പുനർജനിയുടെ തീരത്തു്.
നമുക്കെല്ലാം ആയിരം ജന്മങ്ങളുണ്ടു്. ഈ ആയിരം ജന്മങ്ങളും തീർന്നവർ പിന്നെ പുനർജനിക്കില്ല.
അല്ലാത്തവരിൽ നല്ലവരുടെ ആത്മാക്കൾ പെട്ടെന്നു തന്നെ പുനർജനിക്കുന്നു, മനുഷ്യരായിത്തന്നെ. ചീത്ത
മനുഷ്യരെ എന്താണു് ചെയ്യേണ്ടതെന്നറിയാതെ തൽക്കാലം നരിച്ചീറുകളാക്കി വിട്വാണു്. ആർക്കും വേണ്ടാത്ത
വല്ല ജന്മവും വരുമ്പോഴേ അവർക്കു് മോക്ഷം കിട്ടൂ. നമ്മടെ അച്ചുമ്മാനൊക്കെണ്ടാവും ഇതിലു്.’ അരുന്ധതി
കുറച്ചുകൂടി അടുത്തുവന്നു അവന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. ‘അച്ചുമ്മാൻ ഒരു പണിക്കാരനെ കളത്തീവച്ചു്
ചവിട്ടിക്കൊന്നിട്ടുണ്ടു് അറിയ്വോ?’
</p>
          <p>അവന്റെ ദേഹം പെട്ടെന്നു് ഭയം കൊണ്ടു് പൊട്ടിത്തരിച്ചു. ആ തട്ടിൻപുറം പെട്ടെന്നു് ഭീഷണമായി. അവൻ
ചോദിച്ചു. ‘നമുക്കു് താഴത്തു് പോവ്വ്വാ.’
</p>
          <p>‘ഇത്ര പെട്ടന്നോ? കുറച്ചു കഴിയട്ടെ. ഇപ്പോ അമ്മ ഭക്ഷണം ഉണ്ടാക്കണ തിരക്കിലായിരിക്കും. പിന്നെ
പ്രേമിക്കുന്നവർക്കു് ഒത്തു കൂടാൻ പറ്റിയ സ്ഥലാണു് ഇതു്. ആരും കാണില്ല, കേൾക്കുംല്ല്യാ.’
</p>
          <p>‘പ്രേമിക്കുന്നവരോ?’
</p>
          <p>‘അതേ, സിദ്ധാർത്ഥനു് എന്നെ സ്നേഹംല്ല്യേ?’
</p>
          <p>അവൻ ആലോചിച്ചു. അമ്മയുടെയും അച്ഛന്റേയും ഒപ്പം നാട്ടിൽ വന്നതിന്റെ പിറ്റേന്നാണു് അരുന്ധതി വീട്ടിൽ
വന്നതു്. ചുവപ്പു പാവാടയും ബ്ലൗസും വേഷം. അഞ്ചുകൊല്ലം മുമ്പു് കണ്ടപ്പോൾ അവൾക്കു് ഇത്ര
ഭംഗിയുണ്ടായിരുന്നില്ല. ഒരു മെലിഞ്ഞ കുട്ടിയായിരുന്നു. ഇപ്പോൾ അവളുടെ കവിൾ തുടുത്തിരുന്നു. ദേഹം
ഉരുണ്ടിരുന്നു. മാറിൽ… അവൻ കൺതിരിച്ചു.
</p>
          <p>‘സിദ്ധാർത്ഥനു് എന്നെപ്പറ്റി ആലോചിക്കുമ്പോൾ ഒന്നും തോന്ന്ണില്ല്യേ?’
</p>
          <p>അവൻ ആലോചിച്ചു. രാത്രി കുറേ നേരം അരുന്ധതിയെപ്പറ്റി ആലോചിച്ചു കിടന്നിരുന്നു. എന്തെങ്കിലും
തോന്നിയിരുന്നോ?
</p>
          <p>‘ഒന്നും തോന്ന്ണില്ല്യേ? ഹൃദയത്തിൽ ഒരു വിമ്മിട്ടം? നെടുവീർപ്പിടാൻ തോന്നുക?’
</p>
          <p>‘അതു തോന്നാറുണ്ടു്.’
</p>
          <p>‘എന്തു?’
</p>
          <p>‘ശ്വാസത്തിന്റെ പ്രശ്നം. എനിക്കു് ആസ്ത്മയുടെ ഉപദ്രവമുണ്ടു്. മദ്രാസിലുള്ളപ്പോ എപ്പോഴുംണ്ടാവും. ഇവിടെ
വന്നശേഷം വല്ലപ്പോഴേ ഉണ്ടാവാറുള്ളു.’
</p>
          <p>‘ഓ, അതല്ല.’ അരുന്ധതി നൈരാശ്യത്തോടെ തലയിൽ കൈവച്ചുകൊണ്ടു പറഞ്ഞു. ‘സിദ്ധാർത്ഥനു് എത്ര
വയസ്സായി? ഒരു മിനുറ്റ് നിൽക്കു, ഞാൻ പറയാം. ഏഴിലല്ലേ പഠിക്കണതു? അപ്പോൾ പന്ത്രണ്ടു്
വയസ്സായിട്ടുണ്ടാവും. ഒരു മൂന്ന്കൊല്ലം കഴിയട്ടേ, എന്റെ പ്രായായാൽ മനസ്സിലാവും ഹൃദയത്തിന്റെ
വേദനെന്താണെന്നു്.’
</p>
          <p>അവൾ ആകെ നിരുത്സാഹപ്പെട്ടപോലെ തോന്നി. സിദ്ധാർത്ഥൻ അവളുടെ അടുത്തുചെന്നു,
സമാധാനിപ്പിക്കാനായി പറഞ്ഞു.
</p>
          <p>‘എനിക്കു് അരുവിനെ നല്ല ഇഷ്ടാണു്.’
</p>
          <p>‘അതുകൊണ്ടു് കാര്യമില്ല.’ അവൾ ഗൗരവത്തിൽ പറഞ്ഞു. ‘ഇഷ്ടപ്പെടലും പ്രേമത്തിലാവലും രണ്ടും രണ്ടാണു്.
ഈ കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല. ഇതു് ഒരൊറ്റവഴി പ്രേമമാവാനാണു് സാദ്ധ്യത. അങ്ങോട്ടു മാത്രം.
ഞാൻ എന്താണു് ചെയ്യ്വാ. പ്രേമം കുത്തിവയ്ക്കാൻ പറ്റുമോ. സാരമില്ല. ഈ പ്രേമം ഞാൻ എന്റെ മനസ്സിൽ
സൂക്ഷിച്ചുകൊള്ളാം.’
</p>
          <p>അരുന്ധതിയുടെ അതിഥിയായി വന്നു് അവളുടെ മനസ്സ് കേടുവരുത്തിയതിൽ അവൻ ഖേദിച്ചു. സിദ്ധാർത്ഥൻ
അവളുടെ അടുത്തു ചെന്നു് അവളുടെ ചുമലിൽ കൈവച്ചുകൊണ്ടു് പറഞ്ഞു.

</p>
          <p>‘സോറി അരു, ഞാൻ കുട്ടിയെ വിഷമിപ്പിക്കണംന്നു് കരുതീല്ല.’
</p>
          <p>‘സിദ്ധാർത്ഥൻ വാരികകളിലെ തുടർക്കഥകളൊന്നും വായിക്കാറില്ലേ?’
</p>
          <p>‘ഇല്ല, എനിക്കു് മലയാളം വായിക്കാൻ അറിയില്ല. ഞാൻ വായിക്കാറ് കോമിക്സാണു്. അസ്റ്റെരിക്സും
ടിൻടിനും ഒക്കെ.’
</p>
          <p>‘അതാണു് കാര്യം.’ അരുന്ധതി പറഞ്ഞു. ‘സാരംല്ല്യ, ഞാനെന്റെ പ്രേമം ഹൃദയത്തിന്റെ നനുത്ത താളുകളിൽ
ഒരു മയിൽപ്പീലിപോലെ ഒളിപ്പിച്ചു വയ്ക്കാം. ഏകാന്തതയിൽ എടുത്തു് താലോലിക്കാൻ.’
</p>
          <p>സിദ്ധാർത്ഥൻ ശ്വാസമടക്കിപ്പിടിച്ചു നിന്നു. ഇത്തരം വാചകങ്ങൾ നടാടെ കേൾക്കുകയാണു്. തന്റെ
വായനയുടെ പോക്കു് ശരിയല്ലെന്നവനു മനസ്സിലായി. അസ്റ്റെരിക്സും ടിൻടിനുമൊന്നുമല്ല
വായിക്കേണ്ടിയിരുന്നതു്. അവൻ പറഞ്ഞു.
</p>
          <p>‘ശരിക്കു പറഞ്ഞാൽ എനിക്കു് അരുവിനോടു് പ്രേമംണ്ടു്.’
</p>
          <p>‘തീർച്ചയാണോ?’ അവൾ ഉത്സാഹത്തോടെ ചോദിച്ചു.
</p>
          <p>‘ഉം. അരൂനെ കാണുമ്പോളില്ലെ, എനിക്കു് നെഞ്ചിനുള്ളിൽ ഒരു ജാതി…’
</p>
          <p>‘ശരിക്കും?’
</p>
          <p>‘അതെ.’
</p>
          <p>‘അപ്പോൾ നമ്മൾ തുല്ല്യദുഃഖിതരാണു്.’ അവൾ ഉലാത്തിക്കൊണ്ടു് പറഞ്ഞു.
</p>
          <p>ഇതിൽ എന്താണു് ദുഃഖമെന്നു് സിദ്ധാർത്ഥനു മനസ്സിലായില്ല. അവൻ വിശദീകരണം തേടി.
</p>
          <p>‘അതോ, പ്രേമം എന്നു പറഞ്ഞാൽ ദുഃഖമാണുണ്ണീ.’ അവൾ ഗൗരവത്തോടെ പറഞ്ഞു. ‘ഈ ദിവ്യപ്രേമത്തിന്റെ
ജ്വാലയിൽ ഞാൻ ഉരുകിയില്ലാതാവട്ടെ.’
</p>
          <p>സിദ്ധാർത്ഥനു് ശരിക്കും അസൂയ തോന്നി. തനിക്കു് പന്ത്രണ്ടു് വയസ്സ് ആയിട്ടേ ഉള്ളൂ, ശരി. പക്ഷേ, ഒരു മൂന്നു
കൊല്ലത്തിനുള്ളിൽ തനിക്കു് ഇങ്ങിനെയൊക്കെ സംസാരിക്കാൻ പറ്റുമോ? ഇരുണ്ട ഭാവിയോർത്തു് അവൻ
ക്ഷീണിതനായി, അഴികളില്ലാത്ത കട്ടിലിന്റെ ചട്ടക്കൂട്ടിൽ പോയിരുന്നു. അരുന്ധതി അടുത്തുതന്നെ വന്നിരുന്നു.
എന്തോ കാര്യമായി നേടിയ പോലെ അവൾ സംതൃപ്തയായിരുന്നു. അവൾ തിരിഞ്ഞു് സിദ്ധാർത്ഥന്റെ തോളിൽ
കൈയ്യിട്ടുകൊണ്ടു് ചോദിച്ചു.
</p>
          <p>‘പ്രേമിക്കുന്നവർ എന്തൊക്കെ ചെയ്യുമെന്നു് അറിയുമോ?’
</p>
          <p>‘ഉം.’
</p>
          <p>‘എന്തൊക്കെയാണു്?’
</p>
          <p>‘പാട്ടു പാടും…’ അവൻ തുടരാൻ സംശയിച്ചു് നിന്നു.
</p>
          <p>‘ഈ അറിവു് എവിടുന്നു് കിട്ടി?’
</p>
          <p>‘സിനിമേലൊക്കെ അങ്ങിനാ. ടീവീലും ഞാൻ കണ്ടിട്ടുണ്ടു്.’
</p>
          <p>‘ഞങ്ങളുടെ വീട്ടിൽ ടിവിയില്ല, ഞാൻ സിനിമ കാണാറുമില്ല. അതുകൊണ്ടുതന്നെ പ്രേമത്തെപ്പറ്റി വികലമായ
അറിവുകളും എനിക്കില്ല.’ കാമുകന്റെ അറിവില്ലായ്മയിൽ അസ്വസ്ഥയായി അരുന്ധതി പറഞ്ഞു. ‘കേട്ടോളൂ,
പ്രേമിക്കുന്നവർ ആലിംഗനം ചെയ്യും, ചുംബിക്കും.’
</p>
          <p>‘എന്നുവച്ചാൽ?’

</p>
          <p>‘എന്നുവച്ചാൽ കെട്ടിപ്പിടിക്കും, ഉമ്മവയ്ക്കും, മനസ്സിലായോ.’ അവൾ അക്ഷമയോടെ പറഞ്ഞു.
</p>
          <p>അതെല്ലാം അവൻ ടിവിയിലും സിനിമയിലും കാണാറുള്ളതാണു്. പക്ഷേ, അവയെല്ലാം തന്നെ മാധ്യമങ്ങളുടെ
സ്വതസിദ്ധമായ വൈരുദ്ധ്യങ്ങളെന്നല്ലാതെ യഥാർത്ഥജീവിതത്തിൽ പകർത്താനുള്ളതല്ലെന്നവൻ വിശ്വസിച്ചു.
അവനു് അകാരണമായി പേടി തോന്നി. അരുന്ധതിയിൽനിന്നു് ഒരാക്രമണം ഏതു നിമിഷത്തിലുമുണ്ടാവാമെന്ന
അറിവിൽ അവൻ ജാഗരൂകനായി ഇരുന്നു.
</p>
          <p>‘സമയം കൊറ്യായീന്നു് തോന്നുണു.’ അരുന്ധതി പറഞ്ഞു. ‘സിദ്ധാർത്ഥനു് വിശക്ക്ണില്ലേ?’
</p>
          <p>അവനു് വിശക്കുന്നുണ്ടായിരുന്നു. വിശപ്പിനേക്കാൾ അവനു് അവിടെനിന്നു് എങ്ങിനെയെങ്കിലും
രക്ഷപ്പെടണമെന്ന ആഗ്രഹമായിരുന്നു. അവർ മുളംകോണിയിലൂടെ താഴേക്കിറങ്ങി. മുളംകോണി വെച്ചിരുന്നതു്
ഒരു വൃത്തികെട്ട ഗന്ധമുള്ള കലവറയിലായിരുന്നു. തട്ടിൻപുറത്തും ഈ നാറ്റമുണ്ടായിരുന്നു. അതു
നരിച്ചീറിന്റേതാണെന്നു് അരുന്ധതി പറഞ്ഞു.
</p>
          <p>അച്ഛൻപെങ്ങൾ അടുക്കളയിൽ നിലത്തിരുന്നു് ചേമ്പിന്റെ തണ്ടു് അരിയുകയായിരുന്നു. അദ്ഭുതത്തോടെ
അതു നോക്കി നിന്ന സിദ്ധാർത്ഥനോടു് അച്ഛൻപെങ്ങൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.
</p>
          <p>‘ഇങ്ങിനെയൊന്നും കണ്ടിട്ടില്ല അല്ലേ മോനെ? ഇവിടെ ഇതൊക്കെയാണു് മോനെ ഭക്ഷണം.
ചേമ്പിൽതാളുകൊണ്ടു് മുളകൂഷ്യം, കറുകപ്പുല്ലുകൊണ്ടു് തോരൻ…’
</p>
          <p>‘ഈ അമ്മ! നമുക്കു് പോവ്വ്വാ’ അരുന്ധതി അവന്റെ കൈപിടിച്ചു വലിച്ചു. അവൻ കൈകുതറി അവിടെത്തന്നെ
നിന്നു. അച്ചൻപെങ്ങൾ ചേമ്പിന്റെ തണ്ടു് തോലുരിക്കുന്നതു് കാണാൻ ഭംഗിയുണ്ടായിരുന്നു. പോരാത്തതിനു്
കറുകപ്പുല്ലുകൊണ്ടു് തോരനുണ്ടാക്കുകയെങ്ങിനെയാണെന്നു് അവനു കാണണമെന്നുമുണ്ടു്.
</p>
          <p>‘നിന്റെ അമ്മയോടൊന്നും പറയല്ലെ മോനെ ഇവിടുത്തെ വിശേഷങ്ങൾ. ഇവിടെ രാവിലേം, ഉച്ചയ്ക്കും രാത്രീം
ഒക്കെ സുഭിക്ഷായിട്ട്ള്ള ഭക്ഷണാന്നു് വിചാരിച്ചിരിക്ക്യാ അവള്. എന്തിനാ അവളുടെ മനസ്സമാധാനം കളേണതു്.’
</p>
          <p>കറുകപ്പുല്ലുകൊണ്ടുള്ള തോരനുണ്ടാക്കുന്നതു കാണാനുള്ള താൽപര്യം നശിച്ചു. അവൻ ഒന്നും പറയാതെ
അരുന്ധതിയോടൊപ്പം പുറത്തേയ്ക്കു നടന്നു. ഒന്നാം നിലയിലായിരുന്നു ആ വീടു്. വരാന്തയിൽ നിന്നുള്ള ഓരോ
വാതിലും ഓരോ വീട്ടിലേക്കുള്ളതാണു്. ഓരോ വാതിൽ കടക്കുമ്പോഴും അരുന്ധതി അവിടെ താമസിക്കുന്ന
കുടുംബക്കാരുടെ പേർ പറയും. ‘ഇതു് ലക്ഷ്മി ഓപ്പോളുടെ വീടാണു്, ഇതു് സുമതി വല്ല്യമ്മടെ വീടു്, ഇതു്…’ പല
വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. അതിലൂടെ കാണാവുന്ന ദൃശ്യങ്ങൾ ഇല്ലായ്മയുടെയായിരുന്നു. പൊട്ടിയ
കസേലകൾ, പോളിഷ് എന്താണെന്നു മറന്ന വാതിലുകളും ജനലുകളും, മുറിക്കു കുറുകെ കെട്ടിയ അയലുകളിൽ
തൂങ്ങിക്കിടക്കുന്ന നരച്ച വസ്ത്രങ്ങൾ. ഒരു തരം മടുപ്പുണ്ടാക്കുന്ന പ്രാചീനത എവിടേയും തളംകെട്ടിക്കിടന്നു.
സിദ്ധാർത്ഥനു് വിഷമമായി.
</p>
          <p>അവർ വീട്ടിലേയ്ക്കു നടന്നു. ഇടവഴി കടന്നു് വിശാലമായ പാടത്തെത്തി. കാറ്റിൽ വയലിന്റെ പച്ചപ്പിൽ
ഓളങ്ങളുണ്ടായി. വരമ്പിനു് വീതി കുറവായതിനാൽ അരുന്ധതി മുമ്പിലും സിദ്ധാർത്ഥൻ പിന്നിലുമായാണു്
നടന്നിരുന്നതു്. അരുന്ധതിയുടെ പാവാടത്തുമ്പിൽ പുല്ലിൻ കായ്കൾ ഒട്ടിപ്പിടിക്കുന്നതു് അവൻ നോക്കിനടന്നു. ഇനി
വീട്ടിലെത്തിയാൽ അവൾ ഇരുത്തിമേലിരുന്നു് ആ കായ്കൾ ഓരോന്നായി പറിച്ചുകളയും. രാവിലെ അങ്ങിനെ
പറിച്ചുകളയുമ്പോഴാണു് അമ്മ ചോദിച്ചതു്.
</p>
          <p>‘അരു നീ രണ്ടു ദോശ തിന്നുന്നോ.’
</p>
          <p>‘വേണ്ട അമ്മായി,’ അവൾ പറഞ്ഞു, ‘ഞാൻ പിട്ടും കടലയും കഴിച്ചിട്ടാണു് വന്നതു്.’
</p>
          <p>ഇപ്പോൾ ആലോചിക്കുമ്പോൾ അവനു തോന്നി അവൾ പറഞ്ഞതു് നുണയായിരുന്നെന്നു്. പിട്ടും കടലയും
ഉണ്ടാക്കിയ ഒരടുക്കളയല്ല അവൻ അവളുടെ വീട്ടിൽ കണ്ടതു്. ഒരു പക്ഷേ, അവൾ ഒന്നും
കഴിച്ചിട്ടുതന്നെയുണ്ടാവില്ല.
</p>
          <p>വീട്ടിൽ ഊണു തയ്യാറായിരുന്നു. മീൻ കറിയും മീൻ വറുത്തതുമുണ്ടായിരുന്നു. വറുത്ത മീനിന്റെ വാസന
അവന്റെ വിശപ്പു് ഇരട്ടിച്ചു. അവൻ കൈകാൽ കഴുകുവാൻ കുളിമുറിയിലേയ്ക്കു് ഓടി. തിരിച്ചു വന്നപ്പോഴേയ്ക്കു്
അരുന്ധതി പോയിരുന്നു. അവൻ ചോദിച്ചു.
</p>
          <p>‘അമ്മേ, അരുചേച്ചിയോടു് ഊണു കഴിച്ചിട്ടു പോയാ മതീന്നു് പറയായിരുന്നില്ലേ?’

</p>
          <p>‘ഞാൻ പറഞ്ഞതാ, അവള് കേക്കണ്ടെ? അവിടെ രാവിലെ താമി കണമ്പു് കൊണ്ടുവന്നിട്ടുണ്ട്ന്നു് പറഞ്ഞു.
അതു വെച്ചിട്ടുംണ്ടു് വറത്തിട്ടുംണ്ട്ത്രെ. അവള്ടെ അമ്മ എന്നെപ്പോലെയൊന്നും അല്ല, നന്നായി വെയ്ക്കും. നെന്റെ
അച്ഛന്നു് ഇപ്പോഴും പെങ്ങള് വച്ച മീൻകറിയാണിഷ്ടം. അപ്പോ പിന്നെ അവൾക്കു് ഇവിടെ ഊണു കഴിക്കാൻ
എന്തു താൽപര്യാണ്ടാവ്വാ?’
</p>
          <p>സിദ്ധാർത്ഥൻ ഒന്നും പറയാതെ ഊണു കഴിച്ചു. അമ്മക്കറിയാത്ത പല കാര്യങ്ങളുമുണ്ടെന്നു് അവൻ
മനസ്സിലാക്കിയിരുന്നു. നല്ല ജന്മം കിട്ടാൻ നോമ്പെടുത്തു് തട്ടിൻ പുറങ്ങളിൽ തൂങ്ങിക്കിടക്കുന്ന
നരിച്ചീറുകളെപ്പറ്റിയോ, കാളയുടെ വേഷമിട്ടു് വൈരികളെ ഒടിച്ചുകൊല്ലുന്ന കാണനെപ്പറ്റിയോ അമ്മയോടു്
ചോദിച്ചിട്ടു കാര്യമില്ല. അച്ഛനു് പല കാര്യങ്ങളെപ്പറ്റിയും അറിയാം, പക്ഷേ, അവനു ചോദിക്കാൻ ധൈര്യമില്ല.
</p>
          <p>പിറ്റേന്നു രാവിലെ സിദ്ധാർത്ഥൻ പ്രാതൽ കഴിക്കാതെ അരുന്ധതി വരുന്നതും കാത്തിരുന്നു. അവൾ വന്നു്
ഇരുത്തിമേലിരുന്നു് പാവാടത്തുമ്പിൽ പിടിച്ച പുല്ലിൻ കായകൾ വലിച്ചെടുത്തു. അപ്പോഴാണു് സിദ്ധാർത്ഥൻ
ശ്രദ്ധിച്ചതു്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവൾ ഒരേ പാവാടയും ബ്ലൗസുമാണു് ധരിച്ചിരുന്നതു്. ദിവസവും
തിരുമ്പിയിടുന്നതായിരിക്കും, കാരണം അവളുടെ വസ്ത്രങ്ങളിൽ അഴുക്കു പുരണ്ടിരുന്നില്ല. കഴുത്തിൽ ഒരു ചെറിയ
മാല, കാതുകളിൽ തൂങ്ങിക്കിടക്കുന്ന കൊടക്കടുക്കൻ. അവളുടെ ഓരോ ചലനങ്ങളിലും അവ ആടി.
</p>
          <p>‘അരു വന്നില്ലെ, ഇനി നിനക്കു് ദോശ കഴിച്ചൂടെ?’ അമ്മ ചോദിച്ചു. ‘നീ വന്നിട്ടു് നിന്റെ ഒപ്പം കഴിക്കാമെന്നു്
പറഞ്ഞിരിക്ക്യാണു്. വരൂ ചായ കൂട്ടീട്ട്ണ്ടു്.’
</p>
          <p>‘അയ്യോ അമ്മായീ, ഞാൻ ദോശീം കാപ്പീം കഴിച്ചു.’ അവൾ പറഞ്ഞു.
</p>
          <p>‘സാരല്ല്യ,’ അവർ മരുമകളോടു് പറഞ്ഞു ‘രണ്ടു ദോശേം കൂടെ കഴിച്ചാൽ ഒന്നും സംഭവിക്കില്ല.’
</p>
          <p>അവൾ സിദ്ധാർത്ഥനെ നോക്കി, പെട്ടെന്നു തന്നെ മുഖം തിരിക്കുകയും ചെയ്തു.
</p>
          <p>തിരിച്ചു് വീട്ടിലേയ്ക്കു നടക്കുമ്പോൾ അവൾ ഒന്നും സംസാരിച്ചില്ല. അവളുടെ സംസാരത്തിന്റെ ഉറവകൾ വറ്റിയ
പോലെ. സിദ്ധാർത്ഥനും ഒന്നും സംസാരിക്കാതെ അരുന്ധതിയുടെ ചുവന്ന പാദങ്ങൾ നോക്കി നടന്നു.
വരമ്പുകളിൽ പുല്ലിന്മേൽ പതിഞ്ഞു കിടന്ന ഹിമകണങ്ങൾ വെയിലിൽ വറ്റിത്തുടങ്ങുന്നേ ഉള്ളു. കാറ്റിൽ
പച്ചപ്പുല്ലിന്റെ ഗന്ധമുണ്ടായിരുന്നു.
</p>
          <p>തട്ടിൻപുറത്തെത്തിയപ്പോൾ അരുന്ധതി പറഞ്ഞു.
</p>
          <p>‘ഞാൻ നിനക്കൊരു സാധനം കാട്ടിത്തരാം.’
</p>
          <p>അവൾ ഒരു പഴയ മരപ്പെട്ടി തുറന്നു് ഒരു നോട്ടുപുസ്തകമെടുത്തു.
</p>
          <p>‘ഇതെന്താണെന്നറിയ്യ്യോ?’
</p>
          <p>സിദ്ധാർത്ഥൻ നോക്കി. അതിൽ നിറയെ എഴുതിയിരിക്കയാണു്. അവൻ ചോദ്യപൂർവ്വം അരുന്ധതിയെ
നോക്കി.
</p>
          <p>‘ഇതെല്ലാം ഞാനെഴുതിയ കവിതകളാണു്. എന്റെ മാനസസന്താനങ്ങൾ. ഞാനിതാരോടും പറഞ്ഞിട്ടില്ല.
നീയും ആരോടും പറയില്ലെന്നു് വാക്കു തരണം.’
</p>
          <p>അവൾ നീട്ടിയ കയ്യിൽ അവൻ അടിച്ചു വാക്കു കൊടുത്തു.
</p>
          <p>‘ആരെങ്കിലും അറിഞ്ഞാൽ എന്നെ വീട്ടിൽ നിന്നു പുറത്താക്കും. സ്കൂളിൽ പഠിക്കുന്ന കാലത്തു്
കവിതയെഴുതുകയെന്നാൽ വലിയ കുറ്റകൃത്യമാണു്. നമ്മൾ തമ്മിൽ പ്രണയബദ്ധരാണെന്നതുകൊണ്ടാണു് ഞാൻ
നിന്നോടു് പറയുന്നതു്.’
</p>
          <p>‘അരു എന്തിനെപ്പറ്റിയാണു് കവിതയെഴുതുന്നതു?’
</p>
          <p>‘അതു് എന്റെ സ്വകാര്യമാണു്. എനിക്കു് ദുഃഖമുണ്ടാവുമ്പോഴെല്ലാം ഞാൻ തട്ടിൻപുറത്തു് എന്റെ
അഭയസ്ഥാനത്തേയ്ക്കു് വരും, കവിതയെഴുതും. ഞാനും എന്റെ കണ്ണീരൊപ്പുന്ന ഉറ്റ തോഴിയായ കവിതയും മാത്രം,
പിന്നെ എനിക്കു് ദുഃഖമില്ല, വിഷമങ്ങളില്ല.’

</p>
          <p>‘അരുവിനെന്താണു് വെസനം?’
</p>
          <p>‘ആവൂ, അവസാനം എന്റെ പ്രിയകാമുകൻ പ്രിയസഖിയുടെ സ്വകാര്യദുഃഖങ്ങളുടെ കാരണം അന്വേഷിക്കുന്നു!’
അരുന്ധതി എഴുന്നേറ്റു നടന്നു. ‘ഞാൻ കൃതാർത്ഥയായി.’
</p>
          <p>സിദ്ധാർത്ഥന്നു് കളിയാക്കപ്പെട്ടതായി തോന്നി. അവൻ ദേഷ്യത്തോടെ പറഞ്ഞു. ‘ഞാൻ പോവ്വ്വാണു്.’
</p>
          <p>അവൻ മുളയുടെ കോണി ചടുപിടെ ചാടി ഇറങ്ങി. പിന്നിൽനിന്നു് അരുന്ധതി വിളിക്കുന്നതു് ശ്രദ്ധിക്കാതെ
അവൻ വരാന്തയിലൂടെ ഓടി, കോണിയിറങ്ങി മുറ്റത്തേക്കിറങ്ങി. ഇടവഴിയിലൂടെ ഓടുമ്പോൾ അരുന്ധതി
പിൻതുടരുന്നുണ്ടോ എന്നവൻ ശ്രദ്ധിച്ചില്ല. വയലെത്തിയിട്ടും അവൻ ഓട്ടം നിർത്തിയില്ല. പകുതി ദൂരം
താണ്ടിയശേഷം അവൻ നിന്നു. തിരിഞ്ഞുനോക്കിയപ്പോൾ ഇടവഴി കഴിഞ്ഞു് വയൽ തുടങ്ങുന്നിടത്തു് അരുന്ധതി
നിൽക്കുന്നതു കണ്ടു. അവൻ പിന്നീടു് തിരിഞ്ഞു നോക്കിയില്ല.
</p>
          <p>‘എന്തേ ഇത്ര നേരത്തെ തിരിച്ചു വന്നതു?’ എന്ന അമ്മയുടെ ചോദ്യത്തിനു് മറുപടിയൊന്നും പറയാതെ അവൻ
പറമ്പിൽ അലഞ്ഞു നടന്നു. കുളത്തിലെ ആമ്പൽ പൂക്കൾ അവനു് ആശ്വാസം പകർന്നില്ല. തെളിവെള്ളത്തിൽ
കാലിട്ടു് പരൽമീനുകൾ കൊത്തുമ്പോഴുണ്ടാവുന്ന ഇക്കിളിയും സഹിച്ചു് കുളപ്പടവിൽ കുറേ നേരം ഇരുന്നു.
കയ്യിലുണ്ടായിരുന്ന ഉരുളൻകല്ലു് കുളത്തിലേക്കെറിഞ്ഞു് അവൻ പടവുകൾ കയറി. അപ്പോഴാണവൻ കണ്ടതു്,
അരുന്ധതി നടന്നു വരുന്നു. അവൾ പടി കടന്നു് തലയും താഴ്ത്തി നടന്നു വരികയാണു്. സിദ്ധാർത്ഥൻ മുറ്റത്തേയ്ക്കു
കടന്നു. തലയുയർത്താതെ, കണ്ട ഭാവം നടിക്കാതെ അരുന്ധതി നേരെ അകത്തേയ്ക്കു കടന്നു. എന്തുകൊണ്ടോ
അകത്തു പോകാൻ ധൈര്യമില്ലാതെ സിദ്ധാർത്ഥൻ ഉമ്മറത്തു തന്നെ നിന്നു. അഞ്ചു മിനിറ്റിനകം അരുന്ധതി
പുറത്തേയ്ക്കു വന്നു് ഉമ്മറത്തിണ്ണമേൽ ഇരിക്കുകയായിരുന്ന സിദ്ധാർത്ഥനെ തീരെ അവഗണിച്ചുകൊണ്ടു്
മുറ്റത്തേയ്ക്കിറങ്ങിപ്പോവുകയും ചെയ്തു. അവളുടെ കവിളുകൾ ചുവന്നിരുന്നു. കണ്ണുകൾ കലങ്ങിയും.
</p>
          <p>സിദ്ധാർത്ഥൻ അടുക്കളയിലേയ്ക്കു പോയി. അവിടെ അമ്മയും അമ്മമ്മയും മാത്രമേ ഉള്ളു. അരുന്ധതി
വന്നതെന്തിനാണെന്നവൻ അന്വേഷിച്ചു.
</p>
          <p>‘ആ, അവള് നിന്നോടൊന്നും പറഞ്ഞില്ലേ? ഈ വെള്ളിയാഴ്ച അവളുടെ പിറന്നാളാണു്. നമുക്കൊക്കെ
അവിട്യാണു് ഊണു്.’
</p>
          <p>‘ഞാനില്ല അവളുടെ പിറന്നാളിനു്.’
</p>
          <p>‘എന്താടാ മോനെ നീ അങ്ങനെ പറേണതു?’ അമ്മമ്മ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല.
</p>
          <p>‘അതേയ്, അമ്മേ, അരു അവനെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടാവില്ല. അതാണു് കാര്യം.’ അമ്മ പറഞ്ഞു.
</p>
          <p>വാർത്ത അരുന്ധതിയുടെ ചെവിയിലെത്തിയെന്നു തോന്നുന്നു. വൈകുന്നേരം സിദ്ധാർത്ഥൻ പടിക്കൽ
നിൽക്കുകയായിരുന്നു. ഇടവഴി ഒരു കാന്തമെന്ന പോലെ തന്നെ വലിക്കുന്നതവനു് അനുഭവപ്പെട്ടു. വയലിൽ
സൂര്യന്റെ മഞ്ഞരശ്മികൾ ചായപ്പണി നടത്തുന്നതു് കൺമുമ്പിൽ കണ്ടു. അതിനുമപ്പുറം വീണ്ടും നിഴൽ വീശുന്ന
ഇടവഴികൾ, അതിന്റെ ഓരത്തായി ഓടുകൾ പൊട്ടി പൊളിഞ്ഞു വീഴാറായ പടിപ്പുര. ഇല്ല, ഞാൻ പോവില്ല.
അവൻ മനസ്സിൽ ഉറപ്പിച്ചു. അപ്പോഴാണു് അവൻ കണ്ടതു്, അരുന്ധതി വരുന്നു! ചുവന്ന പാവാടയും ബ്ലൗസും
തന്നെ വേഷം. അവളെ ആ വേഷത്തിലല്ലാതെ സിദ്ധാർത്ഥനു് തിരിച്ചറിയില്ലെന്ന അവസ്ഥയായിരിക്കുന്നു.
</p>
          <p>അരുന്ധതി നേരെ നടന്നു് അവന്റെ മുമ്പിൽ വന്നു നിന്നു, വളരെ ഔപചാരികമായി അവന്റെ മുഖത്തു
നോക്കാതെ സംഭാഷണം തുടങ്ങി.
</p>
          <p>‘ഈ വരുന്ന വെള്ളിയാഴ്ചയാണു് എന്റെ ജന്മദിനം. അതായതു്, പതിനഞ്ചു കൊല്ലം മുമ്പു് ഈ ദിവസം അനിഴം
നക്ഷത്രത്തിൽ, മനസ്സിൽ അല്പം കവിതയും സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട ഹൃദയവുമായി ഈ പാവപ്പെട്ട
പെൺകുട്ടി ജനിച്ചു. ജന്മദിനം ആഘോഷിക്കപ്പെടേണ്ടതാണെന്ന വിചാരമൊന്നും ഈ പെൺകുട്ടിക്കില്ല,
എങ്കിലും അമ്മയുടെയും അച്ഛന്റെയും ആഗ്രഹങ്ങൾക്കു വഴങ്ങി ഒരു ചെറിയ സദ്യ ഒരുക്കാൻ
സമ്മതിച്ചിരിക്കയാണു്. താങ്കളുടെ കുടുംബത്തെ ക്ഷണിക്കാൻ രാവിലെ ഞാൻ വന്നതായിരുന്നു. അറിവുകേടു
കൊണ്ടു് താങ്കളെ നേരിട്ടു് ക്ഷണിച്ചില്ലാ എന്നതിൽ ഖേദിക്കുന്നു. അതു മാപ്പാക്കി താങ്കൾ കുടുംബസമേതം വന്നു്
സദ്യയിൽ പങ്കുകൊണ്ടു് ഈ പാവപ്പെട്ട പെൺകുട്ടിയെ അനുഗ്രഹിക്കുമാറാകണം.’
</p>
          <p>ഇത്രയും പറഞ്ഞു് അവൾ തിരിഞ്ഞു നടന്നു. സിദ്ധാർത്ഥനു് ചിരിവന്നു. അരുന്ധതി അകന്നുപോകും തോറും
ചിരി മാഞ്ഞു. അവൾ കണ്ണിൽനിന്നു മറഞ്ഞപ്പോഴേയ്ക്കും അവന്റെ മനസ്സിൽ അനുഭവപ്പെട്ട നീറൽ

സാവധാനത്തിൽ ഒരു ജ്വാലയായി അവന്റെ ദേഹമാസകലം പടർന്നു.
</p>
          <p>അരുന്ധതി ഗൗരവത്തിൽത്തന്നെയായിരുന്നു. അവൾ കസവു കരയുള്ള മഞ്ഞ പട്ടുപാവാടയും
ബ്ലൗസുമാണിട്ടിരുന്നതു്. കട്ടിയുള്ള മുടി പിന്നിയിട്ടിരുന്നു. സദ്യയ്ക്കു് നേരത്തെ ചെല്ലാഞ്ഞതു നന്നായെന്നു്
സിദ്ധാർത്ഥനു് തോന്നി. അവൾ സ്നേഹിതകളുടെയും ബന്ധുക്കളായ പെൺകുട്ടികളുടെയും ഒപ്പം നടക്കുകയാണു്.
മുഖത്തു് ചിരിയൊന്നുമില്ല. വല്ലപ്പോഴുമൊന്നു് ചിരിച്ചാൽ തന്നെ അതൊരോർമ്മപ്പിശകാണെന്ന മട്ടിൽ
ഉടനെത്തന്നെ അവളുടെ മുഖം കനം വെയ്ക്കും. സിദ്ധാർത്ഥനെ നോക്കുന്നേയില്ല.
</p>
          <p>അച്ചൻപെങ്ങള് ആങ്ങളയെ സന്തോഷിപ്പിക്കാൻ നടക്കുകയാണു്. ഊൺമേശ നാലുപേർക്കു മാത്രം
ഇരിക്കാൻ പറ്റിയതാണു്. അതിന്മേൽ നഗരവാസികളായ ആങ്ങളയുടെ കുടുംബത്തെ ഇരുത്താനുള്ള ശ്രമമാണു്.
</p>
          <p>‘സിദ്ധാർത്ഥൻ ഇവിടെ വന്നിരിക്കു്. നിനക്കു് നിലത്തിരുന്നുണ്ടിട്ടുള്ള ശീലമൊന്നുംണ്ടാവില്ല്യ.’
</p>
          <p>അവൻ ചമ്മി. ഇത്രയും കുട്ടികൾ നിലത്തിരുന്നുണ്ണുമ്പോൾ അവൻ മാത്രം… അല്ലെങ്കിലേ താൻ
ഒറ്റപ്പെട്ടിരിക്കയാണു്. ഇനി അതും കൂടിയായാൽ ശരിയായി. അവൻ വേഗം ഓടിപ്പോയി കുട്ടികളുടെ ഇടയിൽ
ഇരുപ്പുറപ്പിച്ചു. അച്ചൻപെങ്ങൾ കാട്ടിക്കൂട്ടുകയാണു്. അവനതു് തീരെ ഇഷ്ടപ്പെട്ടില്ല.
</p>
          <p>സദ്യ നന്നായിരുന്നു. പക്ഷേ, അതു് അതുവരെ അവനനുഭവപ്പെട്ടിട്ടുള്ള അന്തരീക്ഷവുമായി ഒരു വിധത്തിലും
പൊരുത്തപ്പെട്ടിരുന്നില്ല. കഴിഞ്ഞ എട്ടു പത്തു ദിവസങ്ങളായി ഒരു നല്ല കറിയുടെ വാസനയും അവനു് ആ
വീട്ടിൽനിന്നു കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ സദ്യ മുഴച്ചു നിൽക്കുന്നപോലെ തോന്നി.
</p>
          <p>ആരും ശ്രദ്ധിക്കാത്ത ഒരു നിമിഷത്തിൽ അവൻ കലവറയിൽ കടന്നു, മുളംകോണിക്കു താഴെ സംശയിച്ചു
നിന്നു. മുകളിൽ തട്ടിൻപുറത്തു് തൂങ്ങിക്കിടക്കുന്ന നരിച്ചീറുകളും പേടിപ്പെടുത്തുന്ന നിഴലുകളുമാണു്. അവനു്
കയറാൻ ഭയമായി. തിരിഞ്ഞു് ഉമ്മറത്തേയ്ക്കു പോകാനും താൽപര്യമില്ല. പെട്ടെന്നു് ഇടനാഴിയിൽ ഒരു
കാൽപ്പെരുമാറ്റം കേട്ടപ്പോൾ അവൻ ധൃതിയിൽ കോണികയറി തട്ടിൻപുറത്തെത്തി.
</p>
          <p>തട്ടിൻപുറം അവൻ വിചാരിച്ചതിലുമധികം ശൂന്യമായിരുന്നു. ചിതറിക്കിടക്കുന്ന വീട്ടുസാമാനങ്ങൾ അവനിൽ
ഒരു വികാരവുമുണർത്തിയില്ല. അരുന്ധതി ഒപ്പമുള്ളപ്പോൾ ആ നിർജ്ജീവ വസ്തുക്കൾ അവനോടു്
സംസാരിച്ചിരുന്നു. ഓരോ ചെറിയ വസ്തുവിനുപോലും അർത്ഥമുണ്ടായിരുന്നു. അവന്റെ മനസ്സിൽ ഒരു നീറൽ
അനുഭവപ്പെട്ടു. പെട്ടെന്നു് മൂലയിൽ നിന്നു് ഒരു നരിച്ചീറ് അവന്റെ മുമ്പിൽക്കൂടി പറന്നുപോയി. അവൻ
ഞെട്ടിപ്പോയി. എന്തോ കുഴപ്പമുണ്ടായിട്ടുണ്ടു്. നാലഞ്ചു നരിച്ചീറുകൾ അവിടെ വട്ടമിട്ടു ശബ്ദമുണ്ടാക്കി
പറക്കുകയാണു്. സാവധാനത്തിൽ അവ ഓരോന്നായി വീണ്ടും കീഴ്ക്കാംതൂക്കായി തൂങ്ങിക്കിടന്നുറക്കമായി.
അവയെല്ലാം മരിച്ചുപോയവരുടെ ആത്മാക്കളാണെന്നു് അവൻ ഓർത്തു. വയലിന്നരികെയുള്ള വീട്ടിലെ
പത്തായപ്പുരയുടെ ചുമരിൽ അടയാളമിട്ട പ്രേതത്തെ അവൻ ഓർത്തു. രാത്രി മേലാസകലം ഒരുതരം ഭസ്മം പൂശി
കാളയുടെ രൂപമെടുത്തു് ഒടിമറിയുന്ന കാണനേയും. ഇനി ഇവിടെ നിൽക്കുന്നതിൽ വലിയ അർത്ഥമില്ല. അവൻ
ഓടാൻ തയ്യാറായി.
</p>
          <p>അവൻ ഞെട്ടിപ്പോയി. കോണി കയറി വരുന്ന ഒരു തലയാണവൻ കണ്ടതു്. അതു് അരുന്ധതിയാണെന്നു്
മനസ്സിലായിട്ടും അവന്റെ ഹൃദയം ശക്തിയായി മിടിച്ചു.
</p>
          <p>‘ഞാൻ വിചാരിച്ചു…’
</p>
          <p>അരുന്ധതി നേരെ മുമ്പിൽ വന്നു നിന്നു. അവളുടെ മുഖം ചുവന്നിരുന്നു. കണ്ണുകൾ ഈറനായിരുന്നു. നാലു
ദിവസം മുമ്പു് പെയ്ത മഴയ്ക്കു ശേഷം രാവിലെ തോട്ടത്തിൽ കണ്ട തുടുത്ത പനിനീർപ്പൂവിൽ തങ്ങിനിന്ന
ജലകണങ്ങൾ അവൻ ഓർത്തു. പരുങ്ങി നിന്ന സിദ്ധാർത്ഥനെ ഒരു നിമിഷനേരം നോക്കി നിന്നശേഷം
അരുന്ധതി പറഞ്ഞു.
</p>
          <p>‘എന്റെ ഏകാന്തതയിലെ അഭയത്തിലേയ്ക്കു് വരാൻ താങ്കൾ എങ്ങന്യാണു് അർഹത നേടിയതു?’
</p>
          <p>സിദ്ധാർത്ഥൻ അരുന്ധതിയുടെ കണ്ണിലേയ്ക്കു് നോക്കി. ആ കണ്ണുകൾ അവന്റെ കണ്ണിലൂടെ അവന്റെ
മനസ്സിന്റെ ഉള്ളറകളിലേയ്ക്കു് നോക്കുകയായിരുന്നു. അവൻ പറഞ്ഞു.
</p>
          <p>‘അരൂ, ഞാൻ ഒരു കാര്യം പറയട്ടെ. എനിക്കു് അരു പറയുന്ന കാര്യങ്ങൾ പകുതിയും മനസ്സിലാവുന്നില്ല.
പിന്നെ എന്നെ താങ്കൾ എന്നൊന്നും വിളിക്കണ്ട. എനിക്കൊരു പേരുണ്ടു്, സിദ്ധാർത്ഥൻ. എന്നെ ഇഷ്ടമുള്ളവർ
അങ്ങിനെയാണു് വിളിക്കുക.’

</p>
          <p>‘സിദ്ധാർത്ഥനു് പക്ഷേ, എന്നെ ഇഷ്ടമില്ലല്ലൊ.’
</p>
          <p>‘ആരു പറഞ്ഞു?’
</p>
          <p>അവൾ ഒന്നും പറഞ്ഞില്ല. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നപോലെ അവൾ നിന്നു. പിന്നെ
അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. നിർണായകമായ ആ നടത്തത്തിന്റെ അന്ത്യത്തിൽ അവൾ
സിദ്ധാർഥന്റെ മുൻപിൽ വന്നുനിന്നു.
</p>
          <p>‘സിദ്ധാർഥനു് എന്നോടു് ശരിക്കും സ്നേഹമുണ്ടോ?’
</p>
          <p>‘ഉണ്ടു്.’ അവൻ വീണ്ടും മനസ്സിലെ ചുടുനീറ്റം അനുഭവിച്ചു. അവളെ കെട്ടിപ്പിടിക്കാൻ, ഉമ്മ വെക്കാൻ അവൻ
ദാഹിച്ചു. അവളുടെ കാതിൽ തൂങ്ങിക്കിടന്ന കൊടക്കടുക്കൻ അപ്രത്യക്ഷമായെന്നു് അവൻ കണ്ടുപിടിച്ചു.
</p>
          <p>‘അരുവിന്റെ കൊടക്കടുക്കൻ എവിടെപ്പോയി?’
</p>
          <p>‘ശ്…ശ്…’ അവൾ അവന്റെ വായ പൊത്തിക്കൊണ്ടു പറഞ്ഞു. ‘ഇല്ലാത്ത ധാരാളിത്തം
കാണിക്കാനുള്ള അമ്മയുടെ വ്യഗ്രതയിൽ എന്റെ സ്വപ്നങ്ങൾ കരിഞ്ഞുപോകുന്നതു് സിദ്ധാർത്ഥനു് മനസ്സിലാവില്ല.
ആ രഹസ്യങ്ങളെല്ലാം എന്റെ മനസ്സാകുന്ന മണിയറയിൽത്തന്നെ പള്ളിയുറങ്ങട്ടെ.’
</p>
          <p>‘എന്നു വച്ചാൽ?’
</p>
          <p>‘ഓ, ഒന്നുമില്ല. സിദ്ധാർത്ഥൻ നീ ഒരു പാവമാണു്. നിനക്കു് വേദനയെന്താണെന്നറിയില്ല. നീ
കൊട്ടാരത്തിലാണു് താമസം. പുറത്തെ ലോകവും അതിന്റെ അഭിലാഷങ്ങളും വേദനകളും നിനക്കു്
അജ്ഞാതമാണു്. പക്ഷേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ ജീവിതത്തിൽ ഒരു പുരുഷനുണ്ടാവുകയാണെങ്കിൽ
അതു് സിദ്ധാർത്ഥൻ മാത്രമായിരിക്കും.’
</p>
          <p>അങ്ങിനെയൊരു പ്രഖ്യാപനം നടത്തി അവൾ സിദ്ധാർത്ഥന്റെ ചുമലിൽ കൈവച്ചു. അവൻ അവളുടെ
അരക്കെട്ടിലൂടെ കൈയ്യിട്ടു. അവന്റെ ഹൃദയം നെഞ്ചിൽനിന്നു് രക്ഷപ്പെട്ടു പോകുമെന്നവനു് തോന്നി.
അതൊഴിവാക്കാൻ അവൻ അവളെ നെഞ്ചിനോടമർത്തി. അരുന്ധതി അവന്റെ കഴുത്തിലൂടെ കൈയ്യിട്ടു
അവളുടെ ചുണ്ടുകൾ സിദ്ധാർത്ഥന്റെ ചുണ്ടുകളോടു് ചേർത്തു.
</p>
          <p>ഉമ്മ വെക്കുന്നതു് സിദ്ധാർത്ഥനു് അപരിചിതമല്ലായിരുന്നു. എത്രയോ തവണ അവൻ ടി. വി.യിൽ
കണ്ടിട്ടുള്ളതാണു്. പക്ഷേ, അതിന്റെ പ്രായോഗികവശം വിഷമം പിടിച്ചതാണെന്നവനു മനസ്സിലായി.
അവിയലിന്റെയും അടപ്രഥമന്റേയും വാസനയുണ്ടായിരുന്ന അരുന്ധതിയുടെ നാവു് അവനു് കിക്കിളി കൊടുത്തു.
ദീർഘനേരം എടുത്തു് നിർവഹിച്ച ആ ചുംബനം പക്ഷേ, അവനു് ഇഷ്ടപ്പെട്ടു. വിട്ടുമാറാൻ കഴിയാതെ അവർ
ആലിംഗനത്തിൽത്തന്നെ നിന്നു.
</p>
          <p>തന്റെ കാലുകൾക്കു് ബലക്ഷയം വന്നപോലെ തോന്നി, സിദ്ധാർത്ഥൻ കട്ടിലിൽ പോയിരുന്നു. അരുന്ധതി
ഒരു ദീർഘശ്വാസമിട്ടു. അവൾ സംതൃപ്തയായിരുന്നു. അവൾ സിദ്ധാർത്ഥനു മുമ്പിൽ ഉലാത്തിക്കൊണ്ടു
സംസാരിക്കാൻ തുടങ്ങി.
</p>
          <p>‘ഞാൻ കൃതാർത്ഥയായി. എന്റെ ആഗ്രഹങ്ങളെല്ലാം ഈ നിമിഷത്തിൽ സഫലമായി. എനിക്കിഷ്ടപ്പെട്ട
പുരുഷനെത്തന്നെ എനിക്കു് ലഭിച്ചു. സിദ്ധാർത്ഥാ ഈ ചുംബനത്തിലൂടെ നിന്റെ ബീജം എന്നിൽ
നിക്ഷിപ്തമായിരിക്കയാണു്. നീ ഒരാഴ്ചക്കുള്ളിൽ മദ്രാസിൽ പോകും. പിന്നെ നിന്നെ ഞാൻ കാണുമോ എന്നുതന്നെ
അറിയില്ല. എന്റെ ഉദരത്തിൽ കിടന്നു് നിന്റെ ബീജം വളരും. ഒമ്പതു മാസം ഞാനതിനെ ചുമക്കും. കുട്ടിയുടെ
അച്ഛൻ ആരാണെന്നു് ഞാനാരോടും പറയില്ല. അതെന്റെ മാത്രം രഹസ്യമാണു്. പത്താം മാസത്തിൽ ഞാൻ
നിന്റെ കുട്ടിയെ പ്രസവിക്കും. ഞാൻ നിന്നെക്കൂടി അറിയിക്കില്ല. എന്തൊക്കെ വിഷമങ്ങളും എതിർപ്പുമുണ്ടായാലും
ശരി ഞാനീ ശിശുവിനെ വളർത്തും…’
</p>
          <p>സിദ്ധാർത്ഥൻ എഴുന്നേറ്റു. സദ്യയുണ്ടതൊക്കെ ദഹിച്ചുപോയിരുന്നു. വയറിനുള്ളിലെ കാളൽ സഹിക്കാൻ
പറ്റുന്നില്ല. അരുന്ധതി സ്വയം മറന്നു് സംസാരിക്കുകയായിരുന്നു. കേൾക്കും തോറും സിദ്ധാർത്ഥന്റെ മനസ്സിലെ
ആന്തൽ വർദ്ധിച്ചു വന്നു. അവൻ ധൃതിയിൽ കോണിയിറങ്ങി ഇടനാഴിയിലൂടെ ഓടി. ഉമ്മറത്തു് ഇരുന്ന
ആൾക്കാരെ ശ്രദ്ധിക്കാതെ അവൻ പടികടന്നു് ഓട്ടം തുടർന്നു. ഇടവഴി, പിന്നെ പച്ചപ്പുതപ്പിട്ട പാടം, വീണ്ടും
ഇടവഴി. അവൻ തിരിഞ്ഞുനോക്കാതെ ഓടുകയായിരുന്നു.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Arundhathiyude Painkili
Kavithakal (ml: അരുന്ധതിയുടെ പൈങ്കിളി കവിതകൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Arundhathiyude Painkili Kavithakal, ഇ ഹരികുമാർ, അരുന്ധതിയുടെ പൈങ്കിളി കവിതകൾ, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 15, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Halfdan_Egedius__Play_and_Dance_-_NG.M.00662__National_Museum_of_Art,_Architecture_and_Design.jpg">Play and Dance,</ref> a
painting by <ref target="https://en.wikipedia.org/wiki/en:Halfdan_Egedius">Halfdan
Egedius</ref>  (1877–1899). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-arundathi.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-arundathi.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
