<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ആസക്തിയുടെ അഗ്നിനാളങ്ങള്‍</title>
          <title xml:lang="en" type="main">Asakthiyude Agninalangal</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">April 6, 2026</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ആസക്തിയുടെ അഗ്നിനാളങ്ങള്‍</title>
              <title xml:lang="en" type="main">Asakthiyude Agninalangal</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Novel</term>
          <term>E Harikumar</term>
          <term>Asakthiyude Agninalangal</term>
          <term>ഇ ഹരികുമാർ</term>
          <term>ആസക്തിയുടെ അഗ്നിനാളങ്ങള്‍</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="novel">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Autumn_by_Gustave_Courbet.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Autumn_by_Gustave_Courbet,_18561876,_oil_on_canvas_-_Portland_Art_Museum_-_Portland,_Oregon_-  _DSC09099.jpg">Autumn,</ref> a painting by <ref target="https://en.wikipedia.org/wiki/Gustave_Courbet">Gustave Courbet</ref>
 (1819–1877). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ആസക്തിയുടെ അഗ്നിനാളങ്ങള്‍</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ആസക്തിയുടെ അഗ്നിനാളങ്ങൾ</head>
        <div type="lsection">

</div>
        <!--end of "section 0.0.0.0/1.1"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
      <div type="chapter" n="0.0.1" xml:id="chp0.0.1">
        <head type="chaphead">വഴിയമ്പലത്തിലെ പകൽക്കിനാവുകൾ</head>
        <div type="lsection">
          <p style="noindent">—പ്രൊഫ. എം. കെ. സാനു
</p>
          <p>മലയാള ചെറുകഥയെക്കുറിച്ചുള്ള വിവരണങ്ങളിൽ ഇ. ഹരികുമാർ എന്ന പേരു് പ്രത്യക്ഷപ്പെട്ടു കാണാറില്ല.
ആ കഥകൾ വർഗ്ഗീകരണത്തിനു് വഴങ്ങാത്തതു മൂലമാണോ അങ്ങനെ സംഭവിക്കുന്നതു? ആണെന്നു്
തോന്നുന്നില്ല. വിവരണങ്ങളെഴുതുന്നവരാരും ഇക്കാലത്തു് വർഗ്ഗീകരണത്തിനു് മുതിരാറില്ല. എങ്കിൽപ്പിന്നെ,
പ്രകടമായ വ്യത്യസ്തതയോ നിറക്കൂട്ടോ ആ കഥകളിലില്ലെന്നുള്ളതായിരിക്കുമോ അതിനു കാരണം? നിശ്ചയമില്ല.
ഇപ്രകാരം ആലോചിക്കാൻ നിൽക്കാതെ തുലോം നിസ്സാരമായ ഒരു വസ്തുതയിൽ ആ കാരണം
കണ്ടെത്തുന്നതല്ലേ ഉചിതം? തന്റെ കഥയെക്കുറിച്ചു് സ്വയം മേനി പറയാനോ, പബ്ലിസിറ്റിയുടെ
അരങ്ങുകൾതോറും കയറിയിറങ്ങി സ്വയം പ്രദർശിപ്പിക്കാനോ ഇ. ഹരികുമാർ തുനിയുന്നില്ല എന്ന വസ്തുതയിൽ?
ഒടുവിലത്തേതാണു് ശരിയായ കാരണമെന്നു് എനിക്കു് തോന്നുന്നു. വിമർശനത്തിന്റെ ഇപ്പോഴത്തെ സ്വഭാവം
വച്ചുനോക്കുമ്പോൾ അങ്ങനെ തോന്നാതിരിക്കാൻ ഒരു ന്യായവുമില്ല. എങ്കിലും ഇ. ഹരികുമാറിന്റെ കഥകളിലെ
ഒരു ഗുണത്തെക്കുറിച്ചു് ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ടു്. ആ ഗുണത്തിനു് കപടലാളിത്യം എന്ന പേരു്
ഞാൻ നൽകുന്നു. ഒറ്റനോട്ടത്തിൽ കണ്ണിൽപ്പെടാവുന്ന ബാഹ്യമോടികളോ, ഭാഷാപ്രായോഗവൈചിത്ര്യമോ
അവയിലില്ല. സൂക്ഷ്മങ്ങൾക്കുമാത്രമേ ഉപരിതലത്തിലെ ലാളിത്യത്തിനടിയിലെ ആഴം ദർശിക്കാനാവുകയുള്ളൂ.
ഈ ഗുണവിശേഷം വിശദമാക്കാനുപകരിക്കുന്ന ഒരു കഥയാണു് തൽക്കാലം എന്റെ മുമ്പിലിരിക്കുന്നതു്.
ഇക്കഴിഞ്ഞ വർഷം തൃശൂർ കറന്റ് ബുക്സ് പ്രകാശിപ്പിച്ച ‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ എന്ന നോവൽ.
നേരേ നോക്കിയാൽ ആർക്കും എളുപ്പം വായിച്ചുപോകാൻ പറ്റുന്ന ആഖ്യാനലാളിത്യം കലർന്ന ഒരു കഥയാണിതു്.
പതിനേഴു ഭാഗങ്ങളായി അതു വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാംഭാഗം ഒരു ആശ്രമത്തെയാണു്
അവതരിപ്പിക്കുന്നതു്. വേലപ്പസ്വാമികളുടെ ആശ്രമം. അതു മലമുകളിലാണു്. വേലപ്പസ്വാമികളുടെ
സമാധിക്കുശേഷം ഇപ്പോൾ ആനന്ദഗുരുവാണു് ആശ്രമാധിപൻ. ഇരുപതു കൊല്ലമായി ആനന്ദഗുരു ആ സ്ഥാനം
ഏറ്റെടുത്തിട്ടു്. ഗ്രാമവാസികൾ വിശേഷദിവസങ്ങളിലും തങ്ങളുടെ ജന്മനാളുകളിലും ആശ്രമത്തിലെത്തുന്നു,
സമാധിമണ്ഡപത്തിലെ ഒറ്റക്കൽ വിളക്കിൽ എണ്ണ ഒഴിച്ചു് അവർ തിരികൾ കത്തിക്കുന്നു. അപസ്മാരരോഗികൾ
കൽവിളക്കിലെ കരി നെറ്റിയിൽ ചാർത്തി ഒഴിയാബാധകളെ അകറ്റുന്നു. ഏവരും ദേവതകളുടെ പ്രസാദം
നേടുന്നു. ആശ്രമത്തിൽ വേലപ്പസ്വാമികളുടെ കാലത്തു് ചിലർ കണ്ട അത്ഭുതങ്ങളെപ്പറ്റി ഇപ്പോഴും ആളുകൾ
പറഞ്ഞുപോരുന്നു. മനുഷ്യബുദ്ധിക്കു് മനസ്സിലാക്കാനാകാത്ത ശക്തിവിശേഷങ്ങൾ
ആശ്രമാന്തരീക്ഷത്തിലുള്ളതായി അവരുടെ വിവരണം സൂചിപ്പിക്കുന്നു. ആകാശത്തിൽ പറന്നെത്തുന്ന പക്ഷികൾ
പൊടുന്നനെ അപ്രത്യക്ഷമാകുന്നതു് പലരും കണ്ടു. ഏതെങ്കിലും ദുരന്തത്തിന്റെ മുന്നോടിയായിരിക്കുമോ അതു?
</p>
          <p>പതിനേഴാം ഭാഗം (അവസാനഭാഗം) അവതരിപ്പിക്കുന്നതു് ആശ്രമത്തിലെ ഹോമകുണ്ഡത്തെയും
ആനന്ദഗുരുവിനെയും മാത്രമാണു്. ഹോമകുണ്ഡത്തിലെ തീജ്വാലകൾ എന്തോ പറയാൻ വെമ്പുന്നപോലെ
കാണപ്പെട്ടു. അതിൽ നോക്കാൻ ഗുരു ഭയപ്പെട്ടു. ‘ജീവിതത്തിൽ രണ്ടാമതൊരു ദുരന്തത്തിന്റെ പീഡനം
ഏറ്റുവാങ്ങാൻ തയ്യാറായി ഗുരു ഇരുന്നു’ എന്ന വാക്യത്തോടെ ആ ഹ്രസ്വമായഭാഗം അവസാനിക്കുന്നു.
കഥയും… ആശ്രമത്തിനുള്ളിൽ കഥ ഒതുങ്ങുന്നു. ദുരന്തമെന്ന ആശയത്തിനു് കഥയിലെങ്ങും സ്ഥാനമുണ്ടെന്നു്
വായനക്കാരനു് തോന്നാതിരിക്കില്ല. ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഹോമകുണ്ഡം രണ്ടു പ്രതീതികൾ
ജനിപ്പിക്കുന്നു. ഒന്നു് ആത്മീയമാണു്. മറ്റൊന്നു്, മനസ്സിന്റെ സൂക്ഷ്മതയിലെ പാപബോധമാണെന്നു പറയാം. അതു്
അഗ്നിജ്വാലകളെപ്പോലെ ഹൃദയത്തിൽ പോറലേൽപ്പിക്കുകയാണല്ലോ ചെയ്യുക, ദുരന്തമെന്ന വാക്കു്
യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നതു് ഇപ്രകാരമൊരവസ്ഥയെ സംബന്ധിക്കുന്ന ആശയമാണു്. അവിടെ
മരണത്തേക്കാൾ ഭയങ്കരമായിട്ടുള്ളതു് ജീവിതം തുടരുക എന്നതാണു്.
</p>
          <p>അങ്ങനെയൊരവസ്ഥ കഥയിലുണ്ടോ? ഉണ്ടെന്നു് ഒരൊറ്റ വായനയിൽ തന്നെ നമുക്കു തോന്നും. നല്ലൊരു
തറവാട്ടിലാണു് കഥാകൃത്തു് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതു്. അതിൽ ഒരമ്മയും രണ്ടു് ആൺമക്കളും. മൂത്ത
മകനേക്കാൾ പത്തു വയസ്സിളപ്പമാണു് അനുജനു്. അവർ കുട്ടിയായിരിക്കുമ്പോൾ അച്ഛൻ മരിച്ചു. അപ്പോൾ
കൃഷികാര്യങ്ങളടക്കമുള്ള തറവാട്ടുജോലികൾ ചെയ്യുന്നതിനു് മൂത്തമകൻ ഗോപി, കോളേജ് വിദ്യാഭ്യാസം നിർത്തി.
അനുജൻ വിനോദിനെ അയാൾ അച്ഛനെപ്പോലെ സംരക്ഷിച്ചു. പഠിക്കാൻ മിടുക്കനായ അവൻ ഇപ്പോൾ
കോളേജിലാണു്. ഇതിനിടയ്ക്കു് ഗോപി വിവാഹം കഴിച്ചു. ഇരുപത്താറാം വയസ്സിൽ കല്യാണം കഴിച്ചതു്
വാസ്തവത്തിൽ ആ വലിയ വീട്ടിൽ പകൽമുഴുവൻ ഒറ്റയ്ക്കു കഴിയുന്ന അമ്മയ്ക്കു കൂട്ടിനുവേണ്ടിയായിരുന്നു എന്ന
ഒറ്റവാക്യത്തിൽ കഥാകൃത്തു് ആ ദാമ്പത്യത്തിന്റെ സ്വഭാവമെന്തെന്നു് വിശദമാക്കിയിരിക്കുന്നു. ഭാര്യയായ
സരളയെ അയാൾ അമ്മയ്ക്കു കൂട്ടിനുള്ള കുട്ടിയായിട്ടാണു് ഏറെയും കരുതിയതു്. അവളുമായുള്ള ബന്ധത്തിനു്
ഒരനുഷ്ഠാനത്തിന്റെ നിർവ്വികാരസ്വഭാവമേ അയാൾ കൽപ്പിച്ചിട്ടുള്ളൂ. ഗോപിയുടെ സ്വഭാവവും

അതിനുതകുന്നതുതന്നെ. വികാരത്തിനു് അതിനു് വലിയ സ്ഥാനമില്ല. എന്നാൽ സരളയുടെ സ്വഭാവത്തിൽ
വികാരാംശമാണു് ഏറിനിൽക്കുന്നതു്. വൈരുദ്ധ്യമുള്ളിടത്തു് ചുഴികൾ സൃഷ്ടിക്കുന്ന സന്ദർഭങ്ങളുണ്ടാകാൻ
സാദ്ധ്യതയുണ്ടു്. ഭർത്താവായ ഗോപിയുടെ അനുജൻ വിനോദ് അവധി കാലത്തു് കോളേജിൽ നിന്നു്
വീട്ടിലെത്തിയപ്പോൾ അങ്ങനെയൊരു സന്ദർഭം സൃഷ്ടിക്കാൻ സാഹചര്യം (അതോ വിധിയോ?) വിരുതുകാട്ടി.
ഉച്ചയുറക്കത്തിന്റെ ആലസ്യം തീക്ഷ്ണമായ വെയിൽ, ഏകാന്തത, ജനലിലൂടെ ലഭ്യമാകുന്ന പ്രകൃതിയുടെ
ഹരിതശോഭ എല്ലാത്തിനുപരി ഉള്ളിലെരിയുന്ന ആസക്തി ഈ സാഹചര്യത്തിൽ കൂട്ടിലിട്ട മൃഗത്തെപ്പോലെ
അവൾ അസന്തുഷ്ടയായി തീർന്നതു സ്വാഭാവികം. ആ അസന്തുഷ്ടിയാണു് സരളയിലെ നൈസർക്ഷിക
വികാരത്തെ അനിയന്ത്രിതമാക്കിയതു്. ഭർത്താവിന്റെ അനുജനായ വിനോദുമായി ബന്ധപ്പെടാനും സാഹചര്യം
ഇടനൽകി. ആ ബന്ധം ഏകകാലത്തു് ശാരീരികവും മാനസികവുമാണു്. അവരിരുവരെയും അതു ഒരേ രീതിയിൽ
ബാധിക്കുക സാദ്ധ്യമല്ല. വിനു (വിനോദിനെ അങ്ങനെയാണു് സരള വിളിക്കുന്നതു്) അവളോടു പറയുന്നു.
ഏട്ടത്തിയമ്മ പോയിക്കഴിഞ്ഞാൽ ഞാൻ ശരിക്കും വിഷമിക്കുന്നുണ്ടു്. ഞാൻ തേങ്ങിക്കരയാൻ തുടങ്ങും.
ഏട്ടത്തിയമ്മ പോവുന്നതു് ഏട്ടനോടൊപ്പം ശയിക്കാനാണെന്നു് അവനറിയുന്നു. നവയുവാവായ വിനുവിലെ
സ്നേഹവികാരവും അസൂയയും ഉണരാതെ നിവൃത്തിയില്ല. എന്നാൽ സരളയ്ക്കു് ആ സങ്കീർണ്ണഭാവം അതിന്റെ
തീക്ഷ്ണതയിൽ തിരിച്ചറിയുക സാദ്ധ്യമല്ല. തനിക്കു് രണ്ടു് ഭർത്താക്കന്മാരുള്ളതായി താൻ കരുതിക്കൊള്ളാമെന്നു്
ഒരിക്കൽ അവൾ വിനുവിനോടു് നേരേ പറയുന്നുണ്ടു്. അതിനാൽ സരളയ്ക്കു്…
അനുതാപമൊന്നുമുണ്ടായിരുന്നില്ല.
</p>
          <p>വിനുവിന്റെ ആത്മഹത്യ ആ ബന്ധത്തിന്റെ അന്ത്യം കുറിച്ചു. അതു് അവളെ പാപബോധത്തിലാഴ്ത്തി, എങ്കിലും
ആ സാഹസത്തിനു് അവനെ പ്രേരിപ്പിച്ചതെന്തെന്നു് ഊഹിക്കാൻ സരളയ്ക്കു് കഴിയുന്നില്ല. വർഷങ്ങൾക്കുശേഷം
അവൾ മനസ്സിൽ ചോദിക്കുന്നു. വിനൂ നീ എന്തിനിതു ചെയ്തു? ഒരു തേങ്ങലായിട്ടാണു് ഈ ചോദ്യം സരളയുടെ
മനസ്സിൽ ഉയരുന്നതു്. ആനന്ദഗുരുവിന്റെ ആശ്രമത്തിൽ സന്യാസിനിയെപ്പോലെ കഴിയുന്ന കാലത്താണു് ഈ
ചോദ്യമുയരുന്നതെന്നു് ഓർമ്മിക്കണം. അതെ, അനിർവ്വചനീയമായ അസ്വാസ്ഥത്തിന്റെ തിരകളിരമ്പുന്ന
മനസ്സിനു് അൽപ്പം സ്വസ്ഥത തേടി സരള ആശ്രമത്തിലേക്കു വന്നു. ദൈവനിശ്ചിതമെന്ന നിലയിലാണു്
അവളവിടെ എത്തുന്നതു്. കഥാഖ്യാനം തുടരുന്നതും ആ ദിക്കിൽ വച്ചാണു്. ആശ്രമത്തിലെ അതീതലോകങ്ങളെ
അഭിവ്യഞ്ജിപ്പിക്കുന്നു. കാവിയുടുത്ത സന്യാസിമാർ, സന്യാസിനികൾ, ഹോമകുണ്ഡം, ധ്യാനം, ഭജന,
ആശ്രമപരിസരത്തിലെ വഴികൾ, മരങ്ങൾ, ഏകാന്തമായ പാറക്കെട്ടുകൾക്കിടയിലെ വിശ്രമസ്ഥലം,
നീരുറവകൾ—സർവ്വവും പരലോകത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. അവിടെ ഒരു തീർത്ഥത്തിന്റെ പേരുതന്നെ
‘പുനർജ്ജനീതീർത്ഥം’ എന്നാണു്.
</p>
          <p>ആശ്രമത്തിൽ സുനന്ദിനി എന്ന സന്യാസിനിയുടെ സാമീപ്യമുണ്ടു്. ആനന്ദഗുരുവിന്റെ അനുഗ്രഹമുണ്ടു്.
ജ്ഞാനാനന്ദൻ എന്ന യുവസന്യാസിയുടെ സാമീപ്യമുണ്ടു്. ഹോമകുണ്ഡവും അതിൽനിന്നുയരുന്ന ഗന്ധവും
അതീതലോകത്തിന്റെ സാന്നിദ്ധ്യം അനുഭവിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സരളയ്ക്കു് ഇവിടെയും
പൂർവകാലത്തിന്റെ ആവർത്തനമോ തുടർച്ചയോ? നിശ്ചയിക്കാനാവുന്നില്ല. പൂർവ്വജന്മത്തിന്റെ കർമ്മപാശം
അനന്തരജന്മങ്ങളിലേക്കു് നീളുന്നതാണു് സംഭവങ്ങൾ സ്ഥിരീകരിക്കുന്നതു്. ഇവിടെ ആശ്രമത്തിലെ ഈ പുതിയ
ജന്മത്തിൽ, ആനന്ദഗുരു ഗോപിയേട്ടന്റെ സ്ഥാനത്തു് പ്രത്യക്ഷപ്പെടുന്നുവോ? ജ്ഞാനാനന്ദൻ വിനോദിന്റെ
സ്ഥാനത്തും? അപ്രകാരമാണു് പല വിവരങ്ങളും സൂചന നൽകുന്നതു്. ഒൻപതാം ഭാഗത്തിന്റെ
അവസാനഖണ്ഡിക നോക്കുക. (ഗുരുവിന്റെ അവസ്ഥയാണു് ഇവിടെ വിവരിക്കുന്നതു്.)
</p>
          <p>“സരളയുമായി സംസാരിക്കുമ്പോൾ യുഗങ്ങൾക്കപ്പുറം യാത്ര ചെയ്യുന്ന പ്രതീതി. സമയാധിഷ്ഠിതമായ ലോകം
മറഞ്ഞുപോയി തലകീഴായ ഒരു തലത്തിലെത്തുന്നു. മിനിറ്റുകൾ മണിക്കൂറുകളും മണിക്കൂറുകൾ മിനിറ്റുകളുമാകുന്നു.
ഒരു നിമിഷം ഒരു യുഗമായി വലിച്ചുനീട്ടുന്ന തോന്നൽ.”
</p>
          <p>ജന്മാന്തരബന്ധത്തിന്റെ അദൃശ്യപാശം അവർ അകലാനോ അടുക്കാനോ അനുവദിക്കാതെ ബന്ധിക്കുന്നു.
ജ്ഞാനാനന്ദനെ ഒരിക്കൽ സരള അബദ്ധത്തിൽ തെറ്റിവിളിക്കുന്നതു് ‘വിനൂ’ എന്നാണു്. പക്ഷേ, അവൾക്കു
തെറ്റിയില്ല—ജ്ഞാനാനന്ദൻ പൂർവ്വാശ്രമത്തിൽ ‘വിനു’വായിരുന്നു. വിനുവും ജ്ഞാനാനന്ദനും തമ്മിലുള്ള
സാദൃശ്യങ്ങൾ പലതും ഇപ്രകാരം വെളിപ്പെടുന്നു. അവ്യാഖ്യേയമായ സാദൃശ്യങ്ങളോടു് യാദൃച്ഛികതകൾ
ചേരുമ്പോൾ ആശ്രമത്തിന്റെ ഏകാന്തമായ വിശുദ്ധസ്ഥലം സരളയുടെയും ജ്ഞാനാനന്ദന്റെയും
സംഗമവേദിയായി മാറുന്നു. ശാരീരികവും മാനസികവുമായ സംഗമം തന്നെ. സരളയും വിനുവും പണ്ടു്
ഇണങ്ങിച്ചേർന്ന കിടപ്പുമുറിയെ അതു് അനുസ്മരിപ്പിക്കുന്നു. മറ്റൊരു ജന്മത്തിലെ കിടപ്പുമുറിയോ അതു? കഥാകൃത്തു
നേരിട്ടു വിവരിക്കുന്നതു് ആശ്രമത്തിലെ കഥയാണെന്നുള്ളതു് കഥാശിൽപ്പവികാരത്തിൽ പ്രാധാന്യമർഹിക്കുന്നു.
കാര്യകാരണബന്ധത്തിനതീതമായ പലതും അതിലുണ്ടു്. ഒറ്റക്കാളവണ്ടിയിൽ ദേവിക എന്ന
സ്വാമിനിയോടൊപ്പമാണു് സരള അനുതാപ ഭാരവും പേറി ആശ്രമത്തിലെത്തുന്നതു്. എന്നാൽ, ദേവികയുടെ
സ്ഥാനത്തു് സുനന്ദിനിയെയാണു് തുടർന്നു കാണുന്നതു്. ദേവിക എന്ന ഒരാളേ ഇല്ലത്രെ! ഒറ്റക്കാളവണ്ടിയിലാണു്
ദേവികയോടൊപ്പം സരള അവിടെ എത്തിയതു്. എന്നാൽ ആ പ്രദേശത്തെങ്ങും ഒറ്റക്കാളവണ്ടിയില്ലത്രെ!
എന്തൊരു വിഭ്രാന്തി! ഇപ്രകാരം തുടക്കം മുതൽ നമ്മുടെ കാര്യകാരണ ബോധത്തെ തകർത്തുകൊണ്ടാണു്
കഥാസംഭവങ്ങൾ നീങ്ങുന്നതു്. കാലം അഥവാ സമയം ചിത്രീകൃതമായിരിക്കുന്നതും അപ്രകാരം തന്നെ. ഭൂതം,

വർത്തമാനം, ഭാവി എന്ന ക്രമത്തിനു് ഇവിടെ സ്ഥാനമില്ല. ഇപ്രകാരമൊരു ക്രമമേ കാലത്തിനില്ലെന്നു് ചില
ഭാഗങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. കാലം അനാദ്യന്തമാണു്; അതിൽ അതിർത്തികൾക്കെന്തു സ്ഥാനം?
അനന്തമായ ആകാശത്തിനെതിരെ മേഘമാലകളെന്നോണം ലൗകിക ജീവിതം കാലത്തിൽ
ചലിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ആകാശം കാലംപോലെ നിശ്ചലമാണു്.
</p>
          <p>പന്ത്രണ്ടാം ഭാഗത്തിൽ ഈ ആശയം വാച്യമായി പ്രത്യക്ഷപ്പെടുന്നതു കാണാം. ആനന്ദഗുരു പറയുന്നു.
“നമുക്കു മുഴുവൻ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത പ്രതിഭാസമാണു് സമയം. രണ്ടു സംഭവങ്ങൾക്കിടയിലെ
കാലയളവിനെ നമ്മൾ സമയം എന്നു പറയുന്നു.” മനുഷ്യന്റെ ബോധമണ്ഡലത്തിനപ്പുറത്തു് എന്തൊക്കെയോ
ഉണ്ടു് എന്ന പ്രതീതി കഥാശിൽപ്പത്തിലെങ്ങും ആധിപത്യം ചെലുത്തുന്നു. അദൃശ്യതയുടെ കരങ്ങൾ നമ്മുടെ
ജീവിതങ്ങളെ, ചതുരംഗപ്പലകയിലെ കരുക്കളെയെന്നപോലെ, അനുഭവങ്ങളുടെ കള്ളികളിലൂടെ
ചലിപ്പിക്കുന്നതായി നാം അറിയുന്നു. എന്തിനുവേണ്ടി? അതിനുത്തരമില്ല. ദൈവേച്ഛയെപ്പറ്റി ആർക്കെന്തു
പറയാൻ കഴിയും? ആശ്രമത്തിലെ സംഭവങ്ങളും സരളയുടെ സ്മരണകളും സമാന്തരമായി (ഏകകാലികങ്ങളായി)
കഥയിൽ നീങ്ങുന്നു. എന്നാൽ സമാന്തരരേഖകളിൽനിന്നു വിഭിന്നമായി അവ എപ്പോഴും പരസ്പരം ചേരുകയും,
ഒന്നു് മറ്റൊന്നിനു് ഹേതുവായി ഭവിക്കുകയും ചെയ്യുന്നു. ഇപ്രകാരമൊരു ശിൽപ്പഘടനയാണു് ഒരു സാധാരണ
കഥയുടെ അവസ്ഥയിൽ നിന്നുയർത്തി ഈ കഥയ്ക്കു് സങ്കീർണ്ണശോഭ പ്രദാനം ചെയ്യുന്നതു്. പച്ചയായ മനുഷ്യരുടെ
മനസ്സുകളിലെ ആഴമായി വർത്തിക്കുന്ന ഐതിഹ്യം (ഗോത്രസ്മൃതികളുടെ ചൈതന്യമാണതു്.) കഥാഗതിയുടെ
നീളം അതിന്റെ ഭാസുരച്ഛായ കലർത്തുകയും ചെയ്യുന്നു.
</p>
          <p>‘ആസക്തിയുടെ അഗ്നിനാളങ്ങൾ’ തീർച്ചയായും അസാധാരണലാവണ്യം തുളുമ്പുന്ന കഥയാണു്. ഭാഷ
ലളിതമാണെങ്കിലും ആ ലാളിത്യത്തിൽ ഗഹനതയുടെ സാന്ദ്രതയുണ്ടു്. അതിൽ കാവ്യബിംബങ്ങൾ സമുചിതമായി
സ്ഥാനം നേടിയിരിക്കുന്നു. ഉദ്ദിഷ്ടഭാവം ഉദ്ദീപിപ്പിക്കുന്നതിൽ അവ വഹിക്കുന്ന പങ്കു് ചെറുതല്ല. കഥാരംഗങ്ങൾ
ലൗകികവും അലൗകികവുമായി ഇടകലർന്നാണു് കാണപ്പെടുന്നതു്. പുണ്യപാപങ്ങളുടെ വൈരുദ്ധ്യം പല
രംഗങ്ങളെയും സംഘർഷഭരിതമാക്കുന്നു. ചെറിയ ചെറിയ കഥാഭാഗങ്ങൾ ഒന്നിടവിട്ടു് വിഭിന്ന
നാദങ്ങളുയർത്തുകയും, ആകത്തുകയിൽ ആ നാദവിശേഷങ്ങൾ ഒരേ ലയത്തിൽ അലിഞ്ഞു ചേരുകയും
ചെയ്യുന്നതായി അനുവാചകർക്കനുഭവപ്പെടുന്നു. ആകെക്കൂടി ഒരു വാദ്യ സംഗീതത്തിന്റെ സ്വഭാവം ഈ കഥ
അതിന്റെ സമഗ്രതയിൽ ഉൾക്കൊള്ളുന്നു എന്നു പറയാം. ഐഹികവും പാരത്രികവുമായ വിഭിന്നനാദങ്ങൾ
ഒന്നായി ചേർന്നു് മനുഷ്യജന്മം എന്ന ദുരൂഹവിസ്മയത്തിലേക്കു് എത്തിനോക്കാനുള്ള ജാലകത്തിൽ നമ്മെ
നയിക്കുന്നു.
</p>
          <p>നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ ഭാവവ്യഞ്ജകം.
</p>
          <p>കുങ്കുമം വാരിക, 1.4.2001
</p>
        </div>
        <!--end of "section 0.0.1.0/1.2"-->
      </div>
      <!--end of "chapter 0.0.1/1"-->
      <!--END OF CHAPTER 0.0.1/1-->
      <div type="chapter" n="0.0.2" xml:id="chp0.0.2">
        <head type="chaphead">ഒന്നു്</head>
        <div type="lsection">
          <p style="noindent">ആശ്രമം മലമുകളിലായിരുന്നു. താഴ്‌വരയിൽ അല്ലിക്കോട് ഗ്രാമവും.
ഗ്രാമത്തിൽനിന്നു നോക്കിയാൽ, മരങ്ങൾ നിറഞ്ഞ മലമുകളിൽ ആശ്രമത്തിന്റെ പർണശാലകൾ സഹ്യന്റെ
മഞ്ഞുമൂടിയ കൊടിമുടികളുടെ പശ്ചാത്തലത്തിൽ കാണാം. ആശ്രമം അദ്ഭുതങ്ങളുടെ കലവറയായിരുന്നു.
അതിനെ ചുറ്റിപ്പറ്റി നടന്ന അദ്ഭുതകഥകൾ നിരവധിയാണു്. വ്യാഖ്യാനത്തിനതീതമായ സംഭവങ്ങൾ. രാത്രി
ആശ്രമവും മലനിരകളും ഇരുട്ടിലാഴുമ്പോൾ വേലപ്പസ്വാമികളുടെ പർണശാലയ്ക്കു മുമ്പിലുള്ള ഹോമകുണ്ഡത്തിൽ
തീ എരിയും. രാത്രിയുടെ ഭീതിദമായ അന്ത്യയാമങ്ങൾവരെ എരിയുന്ന ആ തീ മലയ്ക്കു് ഒരഗ്നിപർവ്വതത്തിന്റെ
പരിവേഷം നൽകി. എവിടെനിന്നു നോക്കിയാലും കാണുന്ന ആ കാഴ്ച ഗ്രാമവാസികളിൽ ആദരവും
ഭയവുമുണർത്തി.
</p>
          <p>ആ ഹോമകുണ്ഡമാണു സ്വാമികളുടെ ശക്തി എന്നവർ വിശ്വസിച്ചു. പകൽ ആശ്രമം അത്രതന്നെ
പേടിപ്പെടുത്തിയിരുന്നില്ല. വിശേഷദിവസങ്ങളിൽ അവർ പഴങ്ങളും തേങ്ങയും വെളിച്ചെണ്ണയുമായി മലകയറി
സ്വാമികളെ കണ്ടു വന്ദിച്ചു് അനുഗ്രഹം വാങ്ങി. പിറന്നാൾ ദിവസങ്ങളിൽ അതിരാവിലെ കുട്ടികളെ കുളിപ്പിച്ചു്,
ഭഗവതീക്ഷേത്രത്തിൽ വിളക്കുവച്ചു തൊഴുതു് സ്വാമികളുടെ ദർശനത്തിനായി കൊണ്ടുപോയി. സ്വാമികൾ അരിയും
പൂവും ശിരസിലിട്ടു് അവരെ അനുഗ്രഹിച്ചു; തേങ്ങാപ്പൂളും ശർക്കരയും മലരും പ്രസാദമായി നൽകി.
</p>
          <p>ഇരുപതു കൊല്ലം മുമ്പു വേലപ്പസ്വാമികൾ സമാധിയായി. അതിനുശേഷം ആശ്രമം ഏറ്റെടുത്ത
ആനന്ദഗുരുവിനു തന്റെ ഗുരുവായ വേലപ്പസ്വാമികളുടെ അത്രതന്നെ ജനവിശ്വാസം ആർജിക്കാൻ കഴിഞ്ഞില്ല.
ഒരു ഇതിഹാസപുരുഷനെ സൃഷ്ടിക്കാൻ യുഗങ്ങൾ വേണം. വേലപ്പസ്വാമികളാവട്ടെ ഗ്രാമവാസികൾക്കു്
ഓർമ്മവെച്ച കാലംതൊട്ടു മലമുകളിലുണ്ടായിരുന്നു.
</p>
          <p>ഇപ്പോഴും അവർ വിശേഷദിവസങ്ങളിലും പിറന്നാൾദിനങ്ങളിലും ആശ്രമം സന്ദർശിച്ചു് ആനന്ദഗുരുവിന്റെ
അനുഗ്രഹം വാങ്ങുന്നു. പക്ഷേ, കാര്യങ്ങൾ ഒന്നു കൂടി ഉറപ്പാക്കാൻ അവർ വേലപ്പസ്വാമികളുടെ
സമാധിമണ്ഡപംകൂടി സന്ദർശിച്ചു. അതിനു മുമ്പിൽ എരിയുന്ന ഒറ്റക്കൽവിളക്കിൽ എണ്ണ ഒഴിച്ചു കത്തിച്ചു.
അപസ്മാരരോഗികൾ സമാധിയുടെ തണുത്ത തിണ്ണമേൽ നെറ്റി ചേർത്തു പ്രാർത്ഥിച്ചു; കൽവിളക്കിലെ കരി
നെറ്റിയിൽ ചാർത്തി. അതു് ഒഴിയാബാധകളെ അകറ്റി അവരെ രക്ഷിച്ചു.
</p>
          <p>പറയാൻ പോകുന്ന അദ്ഭുതം നടന്നതു വളരെ മുമ്പു് വേലപ്പസ്വാമികളുടെ കാലത്തുതന്നെയായിരുന്നു.
ആദ്യമെല്ലാം ഗ്രാമവാസികൾ വർഷങ്ങളുടെ കണക്കു് മുറയ്ക്കു വച്ചിരുന്നു. പിന്നെപ്പിന്നെ കണക്കുകൾ വച്ചിരുന്ന
തലമുറയുടെ ഓർമയിൽ നരകയറിയപ്പോൾ കണക്കുകൾ ശിഥിലമായി. വെള്ളപ്പൊക്കമുണ്ടായ ഒരു കൊല്ലമാണു്
അതു സംഭവിച്ചതെന്നോർമ്മയുണ്ടു്, കാരണം സംഭവം നടന്നു രണ്ടു മാസം കഴിഞ്ഞു കാലവർഷത്തിന്റെ കൊടും
തണുപ്പിലും മലവെള്ളപ്പാച്ചിലിന്റെ കെടുതിയിലും അതിനെപ്പറ്റിയുള്ള സംസാരം ചൂടായിത്തന്നെ
നടക്കുകയായിരുന്നു. പിന്നീടു് ഇടയ്ക്കിടയ്ക്കു വെള്ളപ്പൊക്കമുണ്ടായതുകൊണ്ടു് അതു് അറുപത്തിരണ്ടിലെ
വെള്ളപ്പൊക്കമാണോ അതോ അറുപത്തിനാലിലേതാണോ, ഇനി അതിനൊക്കെ മുമ്പു്
അമ്പത്താറിലുണ്ടായതാണോ എന്നു സംശയമായി. സംഭവത്തിന്റെ അദ്ഭുതസ്വഭാവം കണക്കിലെടുത്താൽ
കാലയളവു് അത്ര പ്രസക്തമല്ലെന്നു തോന്നും.
</p>
          <p>കൊയ്ത്തു കഴിഞ്ഞു് ഒഴിഞ്ഞുകിടക്കുന്ന പാടത്തു പശുക്കളെ മേയ്ക്കുന്ന രണ്ടു കാലിപ്പിള്ളേരാണു് ഈ
സംഭവത്തെപ്പറ്റി പറഞ്ഞതു്. വൈകുന്നേരം അപ്പോഴും നിറഞ്ഞിട്ടില്ലാത്ത വയറുമായി അലഞ്ഞുനടക്കുന്ന
പശുക്കളെ ആട്ടിത്തെളിച്ചുകൊണ്ടു നടക്കുകയായിരുന്ന കുട്ടികൾ ഒരുപറ്റം കടൽകാക്കകൾ മലമുകളിലേക്കു
ചേക്കേറാൻ പറക്കുന്നതു കണ്ടു. ഒരു വലിയ കവണയുടെ ആകൃതിയിൽ അവ പറക്കുകയാണു്. അതിൽ എത്ര
പക്ഷികളുണ്ടെന്നു് എണ്ണാമോ എന്ന ഒരുത്തന്റെ ചോദ്യത്തിനു മറുപടിയായി മറ്റവൻ എണ്ണാൻ തുടങ്ങി. അഞ്ചു്
എന്നു് എണ്ണിയപ്പോഴേക്കും പക്ഷികൾ ആശ്രമമുള്ള മലയുടെ നേർമുകളിലെത്തിയിരുന്നു. പെട്ടെന്നു് ആ
പക്ഷികൾ ഒന്നടങ്കം അപ്രത്യക്ഷമായി. അങ്ങനെ കുറെ പക്ഷികൾ പറന്നിരുന്നുവെന്നതിന്റെ സൂചനകൂടി
തരാതെ അവ ആകാശത്തിന്റെ നീലിമയിൽ മറഞ്ഞു. ആകാശത്തിൽ മേഘങ്ങളൊന്നുമുണ്ടായിരുന്നില്ലതാനും.
എണ്ണിക്കൊണ്ടിരുന്ന കുട്ടി കൂട്ടുകാരനെ നോക്കിയപ്പോൾ അവനും വായ്പൊളിച്ചു് അന്തംവിട്ടു
നിൽക്കുകയായിരുന്നു.
</p>
          <p>അടുത്തുള്ള ഭഗവതീക്ഷേത്രത്തിൽ ദീപാരാധനയ്ക്കു കൊട്ടുകേട്ടു. ആൽചുവട്ടിൽ കതിന പൊട്ടി. അപ്പോഴും
അന്തംവിട്ടു നിൽക്കുകയായിരുന്ന കുട്ടികൾ പശുക്കളെ മേയാൻ വിട്ടു് അപ്പുണ്ണിയുടെ ചായക്കടയിലേക്കു് ഓടി.

അവിടെ ഒരു ചെറിയ ആൾക്കൂട്ടത്തിനു നടുവിൽ ഗ്രാമത്തിലെ പൊട്ടനായ ഗോപാലൻ അംഗവിക്ഷേപങ്ങളോടെ
പറന്നു കൊണ്ടിരിക്കുന്ന പക്ഷികൾ എങ്ങനെ ആകാശത്തു് അദ്ഭുതകരമായവിധം അപ്രത്യക്ഷമായി എന്നു
വിവരിക്കുകയായിരുന്നു. പതിവുപോലെ അതൊരുതരം തമാശയായി എടുത്ത ജനം അവനെ കളിയാക്കാൻ
തുടങ്ങിയിരുന്നു. അപ്പോഴാണു് കാലിമേയ്ക്കുന്ന രണ്ടു പിള്ളേർ ഓടിവന്നതും പക്ഷികളുടെ കാര്യം പറഞ്ഞതും.
</p>
          <p>പെട്ടെന്നവിടം നിശബ്ദമായി.
</p>
          <p>രണ്ടു ദിവസങ്ങൾക്കുശേഷം ആശ്രമത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാൻ പോയ ഒരമ്മയുംമകളും അവിടെ കേട്ട
അത്യന്തം സംഭ്രമജനകമായ ഒരു സംഭവത്തെപ്പറ്റി പറഞ്ഞു. കേട്ടവർ കേട്ടവർ അദ്ഭുതസ്തബ്ധരായി നിന്നു.
വിശ്വസിക്കാൻ പ്രയാസം. പക്ഷികളുടെ കാര്യമൊക്കെ ശരിതന്നെ. പക്ഷേ, മനുഷ്യർ!
</p>
        </div>
        <!--end of "section 0.0.2.0/1.3"-->
      </div>
      <!--end of "chapter 0.0.2/1"-->
      <!--END OF CHAPTER 0.0.2/1-->
      <div type="chapter" n="0.0.3" xml:id="chp0.0.3">
        <head type="chaphead">രണ്ടു്</head>
        <div type="lsection">
          <p style="noindent">വളഞ്ഞുതിരിഞ്ഞു് കുന്നു കയറിക്കൊണ്ടിരുന്ന ചരൽപാത അവസാനിക്കുന്നിടത്തു്
ഒറ്റക്കാളവണ്ടി നിന്നു. കാവിയുടുത്ത ദേവികയുടെ പിന്നാലെ സരള ഇറങ്ങി. ഏതാനും നിമിഷം വരെ തങ്ങളെ
അനുഗമിച്ചിരുന്ന താഴ്‌വര ഇപ്പോൾ അപ്രത്യക്ഷമായി. ചുറ്റും മരങ്ങൾ മാത്രം. ഒരു ചെറുകാറ്റിന്റെ കുളിർമയിൽ
അവൾ ദീർഘയാത്രയുടെ ക്ഷീണം മറന്നു.
</p>
          <p>വണ്ടിക്കാരൻ ഒരു വയസ്സനായിരുന്നു. നീണ്ടു നരച്ച താടിയും അൽപം തലമുടിയുമായി അയാൾ ഒരു
സന്യാസിയെപ്പോലെ തോന്നിച്ചു. ദേവിക നീട്ടിയ പണം രണ്ടു കൈയിലും വാങ്ങി ആവശ്യത്തിലധികം നീളമുള്ള
ഷർട്ടിന്റെ കീശയിൽ തിരുകി അയാൾ പറഞ്ഞു.
</p>
          <p>‘അതാ, അതാണു് ആശ്രമം. ഒരഞ്ചുമിനിറ്റ് കയറണം.’
</p>
          <p>വണ്ടിക്കാരൻ ചൂണ്ടിയ സ്ഥലത്തേക്കു സരള നോക്കി. മരങ്ങൾക്കിടയിലൂടെ കുന്നിന്റെ മേൽത്തട്ടിൽ
വൈക്കോൽ മേഞ്ഞ പർണശാലയുടെ ഒരു ഭാഗം കാണാം. പെട്ടെന്നവൾ അധീരയായി.
ലക്ഷ്യസ്ഥാനമടുക്കുംതോറും തന്റെ ആശങ്കകൾ കൂടി വരികയാണു്.
</p>
          <p>ഇരുവശത്തും പുല്ലും പടർച്ചെടികളും വളർന്ന ഒറ്റയടിപ്പാതയിലൂടെ ദേവികയുടെ ഒപ്പം സരള നടന്നു.
</p>
          <p>ദേവിക സംസാരപ്രിയയായിരുന്നു. രാവിലെ എട്ടുമണിക്കു യാത്ര തുടങ്ങിയപ്പോൾ അവൾ ധാരാളം
സംസാരിച്ചു. സ്വന്തം മനസ്സിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടു മറ്റുള്ളവരെ അകത്തേക്കു ക്ഷണിക്കാൻ ഒരു
പ്രത്യേക കഴിവുണ്ടായിരുന്നു അവൾക്കു്. പിന്നീടു വഴിയിലെപ്പോഴോ, സംസാരത്തിന്റെ വ്യർത്ഥത
മനസിലായിട്ടോ എന്തോ അവൾ നിശബ്ദയായി. സന്യാസം സ്വീകരിക്കാനുണ്ടായ കാരണങ്ങളെപ്പറ്റിയായിരുന്നു
ദേവിക പറഞ്ഞിരുന്നതു്.
</p>
          <p>അവളുടെ പതിനാലാം വയസ്സിൽ അച്ഛൻ മരിച്ചു. പട്ടിണിയായപ്പോൾ അമ്മ രണ്ടാമതു കല്യാണം കഴിക്കാൻ
സമ്മതിച്ചു. പക്ഷേ, രണ്ടാനച്ഛൻ മുഴുക്കുടിയനായിരുന്നു. എന്നും കുടിച്ചുവന്നു ഭാര്യയെ ഉപദ്രവിക്കും. മകളെ
ശല്യപ്പെടുത്തും. ആദ്യമൊക്കെ അമ്മ ബഹളംവച്ചിരുന്നു. എതിർത്തിരുന്നു. പിന്നെ അതൊരു
നിത്യസംഭവമായപ്പോൾ പട്ടിണിയുടെയും പീഡനത്തിന്റെയും കയ്പ്പേറിയ അനുഭവങ്ങൾക്കിടയിൽ അവൾ
നിസ്സംഗമായ ഒരു മരവിപ്പേറ്റുവാങ്ങി.
</p>
          <p>മൂന്നു കൊല്ലം രണ്ടാനച്ഛന്റെ മുന്നേറ്റത്തിനെതിരെ പിടിച്ചുനിന്നു. ഒരു രാത്രി ഉറക്കത്തിൽ, മേൽ അമരുന്ന
ഭാരംകൊണ്ടു് ഉണർന്നപ്പോൾ താൻ നഗ്നയാക്കപ്പെട്ടതായി അവൾ കണ്ടു. എങ്ങനെയോ അയാളുടെ
കൈയിൽനിന്നു കുതറിഓടി. ഓടുന്നപോക്കിൽ കിട്ടിയ ഒറ്റയുടുപ്പുമാത്രം ധരിച്ചു രാത്രി മുഴുവൻ പേടിച്ചു് ഒളിച്ചുനടന്നു.
രാവിലെ ആരുടെയോ ഒക്കെ സഹായത്തോടെ പ്രഭാമയിദേവിയുടെ ആശ്രമത്തിലെത്തി സന്യാസം സ്വീകരിച്ചു.
</p>
          <p>ബസ്സിന്റെ മുരൾച്ചയ്ക്കിടയിൽ ദേവിക പറയുന്നതു ശ്രദ്ധിച്ചു സരള ഇരുന്നു.
</p>
          <p>‘പാവം അമ്മ, എന്തു ചെയ്യുന്നു ആവോ?’
</p>
          <p>ദേവിക കുറെനേരം ബസ്സിനു പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. അവൾ എന്തോ
ആലോചിക്കുകയായിരുന്നു.
</p>
          <p>‘ജീവിതത്തിനു് ഒരർഥവുമില്ല അല്ലെ ചേച്ചീ.’ സരളയുടെ നേരെ തിരിഞ്ഞുകൊണ്ടു ദേവിക പറഞ്ഞു. ‘ആട്ടെ
ചേച്ചി വീടു വിടാനെന്താ കാരണം?’
</p>
          <p>സ്വന്തം കഥ പറഞ്ഞുകഴിഞ്ഞപ്പോൾ അതിനു പകരമായി സരളയുടെ കഥ കേൾക്കാനുള്ള അവകാശം
തനിക്കുണ്ടെന്നവൾ കരുതിക്കാണും. അപരാധബോധമില്ലാത്ത, നിഷ്കളങ്കമായ മനസ്സിനു് ആത്മകഥാകഥനം
എളുപ്പമാണു്. തനിക്കോ?
</p>
          <p>സരള ഒന്നും പറഞ്ഞില്ല. അവളുടെ മുഖം ഇരുണ്ടു കണ്ടതിലാവണം ദേവിക പറഞ്ഞു.

</p>
          <p>‘ചേച്ചി വിഷമിക്കാതിരിക്കൂ. എല്ലാം ശരിയാവും.’
</p>
          <p>ബസ്സ്റ്റാന്റിൽനിന്നു് ഒറ്റക്കാളവണ്ടിയിലുള്ള യാത്രയിൽ ദേവിക ഒന്നും സംസാരിച്ചില്ല. ഇപ്പോൾ
ദേവികയുടെ പിന്നിൽ നിഴൽപോലെ നടക്കുമ്പോൾ സരള സംശയത്തോടെ ആലോചിച്ചു. ‘തനിക്കു് എന്നെങ്കിലും
സമാധാനം കിട്ടുമോ?’
</p>
          <p>പടിപ്പുരശൈലിയിൽ പണിത വാതിലിനപ്പുറത്തു പർണശാലയായിരുന്നു.
</p>
        </div>
        <!--end of "section 0.0.3.0/1.4"-->
      </div>
      <!--end of "chapter 0.0.3/1"-->
      <!--END OF CHAPTER 0.0.3/1-->
      <div type="chapter" n="0.0.4" xml:id="chp0.0.4">
        <head type="chaphead">മൂന്നു്</head>
        <div type="lsection">
          <p style="noindent">അകാലത്തിൽ സന്യാസം സ്വീകരിക്കാൻ എത്തി തന്റെ മുമ്പിൽ കുമ്പിട്ടു നിൽക്കുന്ന
ചെറുപ്പക്കാരിയുടെ തലയിൽ കൈവച്ചു് പത്മാസനത്തിലിരുന്ന ആനന്ദഗുരു അനുഗ്രഹിച്ചു:
</p>
          <p>‘മകളെ, എഴുന്നേൽക്കൂ.’
</p>
          <p>സരള നിവർന്നിരുന്നു. കവിളിലൂടെ ഒഴുകിയ നീർച്ചാൽ സാരിയുടെ തുമ്പുകൊണ്ടു തുടച്ചു.
</p>
          <p>‘കരയാതിരിക്കൂ.’
</p>
          <p>അതൊരാജ്ഞയായിരുന്നു. ജനലിലൂടെ കടന്നുവന്ന പോക്കുവെയിൽ അവളുടെ മുഖം സ്വർണ്ണമയമാക്കിയതു
ഗുരു ശ്രദ്ധിച്ചു. തുടുത്ത കവിളുകൾ കണ്ണീരുവീണു നനഞ്ഞിരുന്നു. ഒരു സ്വർണ്ണവിഗ്രഹം കഴുകിവച്ചപോലെ അവൾ
ഇരുന്നു. നേരിയ പച്ചക്കരയുള്ള വെള്ളസാരിയാണു് അവൾ ഉടുത്തിരുന്നതു്. സങ്കോചംമൂലം സാരി ചുമലിലൂടെ
ഇട്ടു് സ്ഥൂലമായ ഉടൽ മറച്ചിരുന്നു.
</p>
          <p>ഗുരു കുറെനേരം കണ്ണടച്ചു് ആലോചിച്ചിരുന്നു. എവിടെനിന്നോ വന്നു തന്റെ മുമ്പിൽ എത്തിപ്പെട്ട ഈ സ്ത്രീ
ആരു്? എന്താണവളുടെ ദുഃഖം? സായാഹ്നപ്രഭാഷണം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണു മുമ്പിലിരിക്കുന്ന
ചെറുപ്പക്കാരിയെ ശ്രദ്ധിച്ചതു്. തന്നെ കാത്തിരുന്ന മട്ടിൽ അവൾ പറഞ്ഞു:
</p>
          <p>‘എനിക്കു സന്യസിക്കണം.’
</p>
          <p>അവൾ ആനന്ദഗുരുവിന്റെ മുമ്പിൽ നമസ്കരിച്ചു.
</p>
          <p>സന്യാസത്തിനു ദീക്ഷ കൊടുക്കുക എളുപ്പമല്ല. ധാരാളം പേർ ആശ്രമത്തിൽ വരാറുണ്ടു്. ഒരാഴ്ചത്തെ
ഭജനമിരിക്കാൻ ആവശ്യപ്പെടും. അതിനുള്ളിൽ മനസ്സമാധാനം കിട്ടിയാൽ തിരിച്ചുപോവുകയും ചെയ്യും.
മാറാവ്യാധികളുള്ളവർ, കാലദോഷംകൊണ്ടു് എല്ലാം നഷ്ടപ്പെട്ടവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, അങ്ങനെ
പ്രാപഞ്ചികദുഃഖങ്ങളുടെ മാറാപ്പേന്തി വരുന്നവർ ഭജനമിരിക്കാൻ ഒഴിച്ചിട്ട പർണശാലയിൽ ഒരാഴ്ച താമസിക്കുന്നു.
അദ്ഭുതങ്ങൾക്കായി കാത്തിരിക്കുന്ന ആ ദിവസങ്ങളിൽ അവർ വേലപ്പസ്വാമികളുടെ സമാധിയിലും പോയി
തൊഴുന്നു. ചിലപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കുന്നു. മാറാരോഗങ്ങൾ സുഖപ്പെടുന്നു. താളംതെറ്റിയ മനസ്സുകൾക്കു
സ്വാസ്ഥ്യം തിരിച്ചുകിട്ടുന്നു. അപസ്മാരരോഗങ്ങൾ ഭേദപ്പെടുന്നു. അസുഖങ്ങൾ മാറിയാലും ഇല്ലെങ്കിലും എന്തോ
ഒന്നു നേടിയെന്ന സംതൃപ്തിയോടെ അവർ തിരിച്ചുപോകുന്നു.
</p>
          <p>സ്ഥിരമായി അന്തേവാസികളെ എടുക്കുന്നതും ദീക്ഷ നൽകുന്നതും ആലോചിച്ചിട്ടാണു്. അവരുടെ
ജീവിതപശ്ചാത്തലം നോക്കേണ്ടതു് ആവശ്യമാണു്. മുമ്പിലിരിക്കുന്ന ചെറുപ്പക്കാരിയെ നോക്കിയപ്പോൾ
ആനന്ദഗുരുവിനു സംശയങ്ങളുണ്ടായി. ഇവൾക്കു സന്യാസം സ്വീകരിക്കാനാവുമോ? ഇവളെക്കാൾ വയസു
കുറഞ്ഞ സ്ത്രീകൾ ആശ്രമത്തിൽ സന്യാസം സ്വീകരിച്ചു കഴിയുന്നുണ്ടു്. വയസ്സല്ല പ്രധാനം. ഈ
ഇരുപത്തഞ്ചുകാരിയുടെ കണ്ണുകളിൽ, അംഗങ്ങളിൽ, ചേഷ്ടകളിൽ ജീവിതം തുടിച്ചുനിൽക്കയാണു്. അവിടെ
വൈരാഗ്യമല്ല അഭിലാഷമാണുള്ളതു്. അതു ഗുരുവിനെ അസ്വസ്ഥനാക്കി.
</p>
          <p>‘കരയാതിരിക്കൂ.’ ആനന്ദഗുരു ഒരിക്കൽക്കൂടി പറഞ്ഞു. ‘എന്താണു നിങ്ങളുടെ വിഷമമെന്നു് എനിക്കറിയില്ല.
എന്തുതന്നെയായാലും സന്യസിക്കാൻ വരട്ടെ. സന്യാസിയുടെ ജീവിതം കല്ലും മുള്ളും നിറഞ്ഞതാണു്.
നിങ്ങൾക്കതു പറ്റുമോ, അതിന്റെ ആവശ്യമുണ്ടോ എന്നു നോക്കാം. കുറച്ചുനാൾ ഭജനമിരിക്കൂ. ചുറ്റും പച്ചപിടിച്ച
മരങ്ങളാണു്. നമ്മെ ഒരിക്കലും ഉപദ്രവിക്കാത്ത പ്രകൃതി. അവയുടെ ഇടയിലുള്ള ജീവിതം നിങ്ങൾക്കു നഷ്ടപ്പെട്ട
മനസ്സമാധാനം തിരിച്ചുതരും. ഒരുപക്ഷേ, സാവധാനത്തിൽ നിങ്ങൾക്കു പറ്റിയതെന്താണെന്നു് എന്നോടു
പറയാൻ കഴിഞ്ഞെന്നുവരും. എന്തിനും നമുക്കു പരിഹാരമുണ്ടാക്കാം. നിങ്ങൾക്കു ജീവിതത്തിലേക്കു
ധൈര്യപൂർവ്വം തിരിച്ചു പോകാൻ പറ്റും. വിഷമിക്കാതിരിക്കൂ. ദിവസവും ഉച്ചതിരിഞ്ഞു് ഒരു മണിക്കൂർ
പ്രഭാഷണമുണ്ടു്. അതുകേൾക്കാൻ വരൂ. മനസ്സിനെ ശക്തമാക്കാൻ അതുപകരിക്കും.’
</p>
          <p>പിന്നിൽ നിന്നിരുന്ന സന്യാസിനിയെ ചൂണ്ടിക്കാട്ടി ഗുരു പറഞ്ഞു.

</p>
          <p>‘ഇവർ ഭജനമിരിക്കാനുള്ള ഇടം കാട്ടിത്തരും.’
</p>
          <p>ഒരിക്കൽക്കൂടി നമസ്കരിച്ചു് എഴുന്നേറ്റു പോകുന്ന ചെറുപ്പക്കാരിയെ ആനന്ദഗുരു അനുഗ്രഹിച്ചു.
</p>
          <p>‘സ്വസ്തി.’
</p>
          <p>സരള പർണശാലയ്ക്കു പുറത്തേക്കുനടന്നു. സന്യാസിനിയും ഒപ്പം വന്നു. അവൾ ചോദിച്ചു:
</p>
          <p>‘ദേവിക?’
</p>
          <p>‘അല്ല, എന്റെ പേരു് സുനന്ദിനീന്നാ, വരൂ.’
</p>
          <p>ദേവിക എവിടെ എന്നായിരുന്നു സരള ഉദ്ദേശിച്ചതു്. അവൾ പോയിക്കാണുമെന്നു സരള ഊഹിച്ചു. അവളുടെ
ദൗത്യം തന്നെ ഇവിടെ എത്തിക്കലായിരുന്നല്ലോ. പക്ഷേ, യാത്രപറയാതെ പോയതു സരളയെ വേദനിപ്പിച്ചു.
ഒരുപക്ഷേ, അവൾ ഇപ്പോഴും ആശ്രമത്തിലെവിടെയെങ്കിലുമുണ്ടാകുമെന്നു സരള ആശ്വസിച്ചു.
</p>
          <p>ആനന്ദഗുരു ആലോചനയിലായിരുന്നു. ഈ കുട്ടിയെ കണ്ട നിമിഷം തൊട്ടു് ഹൃദയം അകാരണമായി
മമതയുടെ നീരുറവിനാൽ ആർദ്രമാകുന്നു; മമതയ്ക്കു തന്റെ മനസ്സിൽ സ്ഥാനമില്ല എന്നറിഞ്ഞിട്ടും. വർഷങ്ങളായുള്ള
കഠിന സാധനയുടെ ഫലമായി മനസ്സിനെ സംസാരബന്ധനങ്ങളിൽ നിന്നും കർമപാശങ്ങളിൽനിന്നും
വേർപെടുത്തി നിർമമമാക്കാൻ അദ്ദേഹം പഠിച്ചിരുന്നു. ഓർമ്മയുടെ അസന്തുഷ്ടമായ അകലങ്ങളിലേക്കു
യാത്രചെയ്യാൻ അദ്ദേഹം മനസിനെ അനുവദിച്ചില്ല, അതു നിഷ്കാമ്യമാണെന്നറിഞ്ഞുകൊണ്ടുതന്നെ.
സംസാരത്തിന്റെ ഓരംചുറ്റി യാത്രചെയ്യുക, നിർമമനായി, ഏകനായി.
</p>
        </div>
        <!--end of "section 0.0.4.0/1.5"-->
      </div>
      <!--end of "chapter 0.0.4/1"-->
      <!--END OF CHAPTER 0.0.4/1-->
      <div type="chapter" n="0.0.5" xml:id="chp0.0.5">
        <head type="chaphead">നാലു്</head>
        <div type="lsection">
          <p style="noindent">പുറത്തു കടന്നപ്പോഴാണു് ആശ്രമത്തിന്റെ വ്യാപ്തിയെപ്പറ്റി ബോധമുണ്ടായതു്.
കുന്നിന്റെ മേൽത്തട്ടിൽ മൂന്നു കെട്ടിടങ്ങൾ. അവ ഇഷ്ടികകൊണ്ടുണ്ടാക്കി വൈക്കോൽ മേഞ്ഞവയാണു്. പിന്നെ
കുന്നിന്റെ മറ്റേ ഇറക്കത്തിൽ പല തട്ടുകളിലായി നിറയെ ചെറിയ പുരകൾ. അവ പനയോല മേഞ്ഞവയാണു്.
മുകളിൽനിന്നു നോക്കുമ്പോൾ മരങ്ങൾക്കിടയിൽ ഓലക്കുടകളുടെ ഘോഷയാത്രപോലെ തോന്നി.
</p>
          <p>കല്ലു വെട്ടിയുണ്ടാക്കിയ ഒതുക്കുകൾ ഇറങ്ങി അവർ ഒരു വീട്ടിലേക്കു കടന്നു. കാവി സിമന്റിട്ട മിനുസമുള്ള
നിലം വീട്ടുപകരണങ്ങളില്ലാതെ ഒഴിഞ്ഞുകിടന്നു. രണ്ടു ചെറിയ മുറികൾ; ഒരു മുറിയോടു ചേർന്നു കുളിമുറി.
</p>
          <p>‘ചേച്ചി ഇവിടെ ഇരിക്കൂ.’ സുനന്ദിനി പറഞ്ഞു: ‘ഞാൻ പോയി കിടക്കാനുള്ള ജമുക്കാളവും കുടിക്കാൻ
വെള്ളവും കൊണ്ടുവരാം.’
</p>
          <p>സരള തനിച്ചായി. ഭജനത്തിനു സ്ത്രീകൾ ആരുമില്ലെന്നു തോന്നുന്നു. രാത്രി ഒറ്റയ്ക്കു് ഈ വീട്ടിൽ
കഴിയേണ്ടിവരുമോ എന്ന ഭയമുണ്ടായി സരളയ്ക്കു്.
</p>
          <p>വിശാലമായ ജനലിലൂടെ അവൾ പുറത്തേക്കു നോക്കി. താഴെ മരങ്ങൾക്കിടയിൽ ചെറുചെറു വീടുകളെ
ബന്ധിക്കുന്ന ചെമ്മൺപാതയിൽ കാവി വസ്ത്രമുടുത്തവർ നടക്കുന്നു. സന്ധ്യയുടെ നിഴലുകൾ വീണുതുടങ്ങി.
ക്രമേണ സ്വന്തം മനസിലും ഓർമ്മയുടെ വേദനിപ്പിക്കുന്ന നിഴൽ വിരിക്കുന്നതു് അവൾ അറിഞ്ഞു. പുറത്തുനിന്നു
തണുത്ത കാറ്റു് കടന്നുവന്നു.
</p>
          <p>ഉച്ചയുറക്കത്തിന്റെ ആലസ്യം നേർത്തുവരുന്ന സായാഹ്നങ്ങളിൽ മുകളിലെ ഏകാന്തമായ ജനലിലൂടെ
അവൾ പുറത്തേക്കു നോക്കിനിൽക്കാറുണ്ടു്. പുറത്തു് ഒരദ്ഭുതലോകമായിരിക്കും. അപ്പോഴും തീക്ഷ്ണമായ വെയിൽ
വയലിന്റെ പച്ചപ്പിനു മാറ്റുകൂട്ടും. പറമ്പിലെ മരങ്ങളുടെ ചില്ലകൾ കാറ്റിൽ ഉലയുന്നുണ്ടാകും പക്ഷികൾ
ചിലയ്ക്കുന്നുണ്ടാവും. ജനലിന്റെ അഴികൾ പിടിച്ചു്, കൂട്ടിലിട്ട മൃഗത്തെപ്പോലെ അവൾ അസന്തുഷ്ടയായി നിൽക്കും.
അവൾക്കു വേണമെങ്കിൽ പുറത്തിറങ്ങാം. തൊടിയിൽ നടന്നു കാറ്റും വെയിലും ആസ്വദിക്കാം. രാവിലെ
തേക്കുകഴിഞ്ഞു് അപ്പോഴും നനവു വിട്ടിട്ടില്ലാത്ത നീർച്ചാലുകളിൽ നഗ്നപാദയായി നടക്കാം.
ചാലുകൾക്കിരുവശത്തും നനവുപടർന്ന മണ്ണിൽ സൂത്രത്തിൽ മുളച്ചുവരുന്ന ചെടികൾ നോക്കി നിൽക്കാം.
ഇതെല്ലാം ആത്മഹർഷമുളവാക്കുന്നതാണു്. പക്ഷേ, എന്തോ ഒരു അനിർവചനീയ ശക്തി അവളെ
പിടിച്ചുനിർത്തി. ഇത്ര അടുത്താണെങ്കിലും അപ്രാപ്യമായ ആ ലോകം അവളെ ദുഃഖിതയാക്കും.
</p>
          <p>ക്രമേണ അവളുടെ നോട്ടം സർപ്പക്കാവിലെത്തും. സൂര്യൻ മരങ്ങൾക്കിടയിൽ മറയുമ്പോഴേയ്ക്കു് നിഴലുകൾ
കാവിൽ അവ്യക്ത രൂപങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കും. ആ നിഴലുകൾ അവളുടെ മനസ്സിൽ
എന്തെന്നില്ലാത്ത വേദന നിറയ്ക്കും. നോക്കിനിൽക്കെ ഭർത്താവു് വയലിന്റെ നടുവരമ്പിലൂടെ നടന്നുവരുന്നതു
കാണും; അവൾ മരത്തിന്റെ കോണിയിൽ ശബ്ദമുണ്ടാക്കി ഇറങ്ങിവരും.
</p>
          <p>‘അമ്മേ, ഗോപിയേട്ടൻ വര്ണ്ണ്ട്. ചായയ്ക്കു വെള്ളം വെക്കട്ടെ.’
</p>
          <p>ഗോപിയേട്ടൻ വന്നാൽ ഉമ്മറത്തിണ്ണയിൽ കാത്തുനിൽക്കുന്ന സരളയുടെ കൈയിൽ നിന്നും തോർത്തും
സോപ്പും വാങ്ങി നേരെ കുളത്തിലേക്കു പോകും. കുളിച്ചു വരുമ്പോഴേക്കു ചായയും പലഹാരങ്ങളും മേശമേൽ
നിരത്തിയിട്ടുണ്ടാവും. പലഹാരപ്പണി അമ്മയുടെ വകയാണു്. ഉച്ചയ്ക്കു് ഉറക്കമില്ലാത്തതിനാൽ ഊണുകഴിഞ്ഞു് ഒന്നു
നടുനിവർത്തിയശേഷം അമ്മ പലഹാരപ്പണി തുടങ്ങുന്നു.
</p>
          <p>ചായ കുടിച്ചുകൊണ്ടിരിക്കെ അയാൾ കൃഷിയുടെ വളർച്ചയെപറ്റി പറയും, അല്ലെങ്കിൽ പണിക്കാരുടെ
പ്രശ്നങ്ങളെപ്പറ്റി. അടുത്തുള്ള കസേരയിലിരുന്നു് അതു ശ്രദ്ധിച്ചുകൊണ്ടു സരള ചായ കുടിക്കും. അവൾക്കു്
അഭിപ്രായങ്ങളൊന്നുമുണ്ടാവില്ല. കല്യാണം കഴിഞ്ഞു് ആറു കൊല്ലമായിട്ടും അവൾക്കു ഭർത്താവിന്റെ
ലോകത്തേക്കു മുഴുവനായി കടക്കാൻ പറ്റിയിട്ടില്ല.
</p>
          <p>അടുക്കളയിലും ഊൺമുറിയിലും നടന്നു ജോലിചെയ്തുകൊണ്ടിരിക്കെ അമ്മ മകൻ പറയുന്നതെല്ലാം ശ്രദ്ധിച്ചു
കേൾക്കും, അഭിപ്രായം പറയും.
</p>
          <p>‘ചേച്ചി എന്താ സ്വപ്നം കാണ്വാണോ?’
</p>
          <p>സുനന്ദിനി സരളയെ സ്വപ്നാടത്തിൽ നിന്നുണർത്തി. അവൾ സ്വപ്നം കാണുകയായിരുന്നു; നഷ്ടപ്പെട്ട
ലോകത്തെപ്പറ്റി. അതിനിടയ്ക്കു ചുറ്റുമുള്ള ലോകം കൺമുമ്പിൽനിന്നു മറഞ്ഞിരുന്നു. പുറത്തു മരങ്ങൾ ഇരുട്ടിന്റെ
കൂമ്പാരങ്ങളായി മാറി.
</p>
          <p>സുനന്ദിനി കൈയിലുള്ള കെട്ടു് നിലത്തിറക്കിവച്ചു. മറ്റെ കൈയിലുണ്ടായിരുന്ന കൂജയും ഗ്ലാസും മുറിയുടെ ഒരു
മൂലയിൽ കൊണ്ടുപോയി വച്ചു.
</p>
          <p>‘കുടിക്കാനുള്ള വെള്ളം.’ സുനന്ദിനി പറഞ്ഞു: ‘ഭജനത്തിനു വേറെ സ്ത്രീകൾ വരുംവരെ ഞാൻ ചേച്ചിക്കു
കൂട്ടുകിടക്കാം.’
</p>
          <p>രാത്രി കഞ്ഞിയായിരുന്നു ഭക്ഷണം. ഭക്ഷണശാലയിൽ ഒന്നിച്ചിരുന്നു ചെറുപയർ വേവിച്ചതു കൂട്ടി കഞ്ഞി
കുടിക്കുമ്പോൾ സരള തലയുയർത്തിയില്ല. ചുറ്റും നിറയെ ആൾക്കാർ, മിക്കവാറും കാവിവസ്ത്രധാരികൾ.
വെള്ളവസ്ത്രം ധരിച്ചതുകൊണ്ടും പുതുമുഖമായതുകൊണ്ടും താൻ ശ്രദ്ധിക്കപ്പെടുകയാണെന്ന ബോധം അവളെ
വിഷമിപ്പിച്ചു.
</p>
          <p>ജമുക്കാളം വിരിച്ചു കിടക്കുമ്പോൾ സുനന്ദിനി ചോദിച്ചു:
</p>
          <p>‘എന്താ ചേച്ചീടെ ദുഃഖം? ചേച്ചി എപ്പോഴും ആലോചനയിലാണല്ലോ.’
</p>
          <p>സരള ഒന്നും പറയാതെ സുനന്ദിനിയുടെ അരക്കെട്ടിലൂടെ കൈയിട്ടു. അവൾ ആലോചിക്കുകയായിരുന്നില്ല.
ആലോചിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിൽ മനസ്സു് വഴുതിപ്പോകുന്നു. തെന്നിത്തെന്നി അതു
നാട്ടിൻപുറത്തെ നാലുകെട്ടിലെത്തുന്നു. അതോടെ ഹൃദയം വിണ്ടുകീറുന്നു. ഒരു തേങ്ങലായി ഓർമ്മകൾ
തള്ളിക്കയറുന്നു. അവൾ മനസിൽ ചോദിക്കുന്നു.
</p>
          <p>‘വിനോദ് നീ എന്തിനിതു ചെയ്തു?’
</p>
          <p>‘ചേച്ചീടെ വിഷമം എന്തായാലും ആനന്ദഗുരുവിനെ കണ്ടാൽ മാറിക്കിട്ടും.’ സുനന്ദിനി ആശ്വസിപ്പിച്ചു:
‘വെറുതെ ഗുരുവിന്റെ അടുത്തു കുറച്ചുനേരം ഇരുന്നാൽ മതി, നമ്മുടെ വെഷമം ഒക്കെ ഇല്ലാതാവും.’
</p>
        </div>
        <!--end of "section 0.0.5.0/1.6"-->
      </div>
      <!--end of "chapter 0.0.5/1"-->
      <!--END OF CHAPTER 0.0.5/1-->
      <div type="chapter" n="0.0.6" xml:id="chp0.0.6">
        <head type="chaphead">അഞ്ചു്</head>
        <div type="lsection">
          <p style="noindent">രാവിലെ ഉണർന്നപ്പോഴേക്കും സുനന്ദിനി പോയിക്കഴിഞ്ഞിരുന്നു. പുറത്തുനിന്നു
പലതരം കിളികളുടെ ശബ്ദം അവളെ എതിരേറ്റു. ഒരുണർത്തുപാട്ടിന്റെ മംഗളം കുറിക്കുന്ന ആ ശബ്ദങ്ങൾ ശ്രവിച്ചു്
അവൾ കുറച്ചു നേരം കിടന്നു. ഒരു പുതിയ സ്ഥലം, പുതിയ ദിവസം. ഒരു പുതിയ ജീവിതത്തിന്റെ നാന്ദിയാണോ
അതു?
</p>
          <p>സഹ്യന്റെ കൊടുമുടികൾ തലോടിവന്ന കാറ്റു് തണുത്തതും ഓജസുറ്റതുമായിരുന്നു. അവൾ എഴുന്നേറ്റു
ജനലിലൂടെ നോക്കി. മരങ്ങൾ അവയുടെ സൗന്ദര്യം മുഴുവൻ പ്രദർശിപ്പിച്ചു് അവളെ വശീകരിച്ചു. ഇളം
സൂര്യരശ്മികൾ ഇലകൾക്കിടയിലൂടെ അരിച്ചുവന്നു.
</p>
          <p>പെട്ടെന്നവൾക്കു് ഏകയാണെന്ന ബോധവും അതോടെ ഉൾവലിയാനുള്ള പ്രേരണയുമുണ്ടായി.
അനാഥയാണെന്ന ബോധം ക്രമേണ വളർന്നുവരവേ ഭർത്താവു് ഒരിക്കൽ പറഞ്ഞതു് ഓർമ്മവന്നു.
</p>
          <p>‘ഈ വലിയ വീട്ടിൽ നമ്മൾ മൂന്നാത്മാക്കൾ മാത്രം. അമ്മയുടെ കാലം കഴിഞ്ഞാൽ നമ്മൾ രണ്ടുപേർ
മാത്രമാവും. അതു പോരേ?’
</p>
          <p>അയാൾ ഉദ്ദേശിക്കുന്നതെന്താണെന്നു സരളയ്ക്കു മനസ്സിലാവും. അവൾ വേദനിക്കും. ഒന്നും പറയാതെ
അയാളുടെ ആലിംഗനത്തിൽ കിടക്കും. ഉറങ്ങുമ്പോഴും അയാൾ അവളെ മുറുകെ കെട്ടിപ്പിടിച്ചു. കല്യാണം കഴിഞ്ഞ
ദിവസങ്ങളിൽ അവൾക്കതു വിഷമമായിരുന്നു. ഉറക്കം വരുമ്പോൾ വേറിട്ടു കിടക്കാൻ ശ്രമിക്കുമ്പോൾ അയാൾ
വീണ്ടും അവളെ വരിഞ്ഞടുപ്പിക്കും, കൈവിട്ടു പോകുമോ എന്നു പേടിക്കുന്നതുപോലെ. ക്രമേണ അതു ശീലമായി.
പിന്നീടെല്ലാം ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നാൽ ആദ്യം നോക്കുക ഗോപിയേട്ടന്റെ കൈ അരക്കെട്ടിലില്ലേ
എന്നതാണു്.
</p>
          <p>ഉറക്കം വരാത്ത രാത്രികളിൽ അവൾ നാലുകെട്ടിന്റെ സംഗീതം ശ്രവിച്ചു കിടക്കും. നാലുകെട്ടു് ജീവനുള്ള ഒരു
വിചിത്ര ജന്തുവാണെന്നു തോന്നും. താഴെ വടക്കിനിയിൽ അമ്മ കിടക്കുന്നുണ്ടാവും. അതിനുമപ്പുറത്തെ മുറിയിൽ
ദേവതകൾ നിതാന്തജാഗ്രത പുലർത്തുന്നു. പൂജാമുറിയിൽനിന്നു ചന്ദനത്തിരിയുടെയും നിലവിളക്കിന്റെ കെടുത്തിയ
എണ്ണത്തിരിയുടെയും മണം അവളെ തേടിയെത്തും. അദൃശ്യരായ ദേവതകളുടെ സാന്നിധ്യം അവൾക്കു്
അനുഭവപ്പെടും.
</p>
          <p>വിനോദ് കോളജിൽനിന്നു് ഒഴിവിൽ വന്നാൽ മുകളിൽ തെക്കേ മുറിയിലാണു കിടക്കുക. രാത്രി വൈകുവോളം
അവന്റെ മുറിയിൽ വെളിച്ചമുണ്ടാകും. പകൽ കിടന്നുറങ്ങി രാത്രി പഠിക്കുകയാണു് പതിവു്. ഇടയ്ക്കു് ഉണർന്നാൽ
താഴെ അടുക്കളയിൽ വന്നു് അമ്മയെക്കൊണ്ടു കോളജ് ഹോസ്റ്റലിൽനിന്നു കഴിച്ച പ്രത്യേക വിഭവങ്ങൾ
ഉണ്ടാക്കിക്കും. ചിലപ്പോൾ അവൻതന്നെ പാകംചെയ്യും. എല്ലാം നോക്കി രസിച്ചു നിൽക്കുന്ന സരളയോടു പറയും.
</p>
          <p>‘ഏട്ടത്തിയമ്മേ, ഒരു സവാള അരിഞ്ഞുതരൂ, വേഗം.’
</p>
          <p>പിന്നെ കുറെനേരത്തേക്കു് അടുക്കളയിൽ വിനോദിന്റെ വക വറുക്കലും പൊരിക്കലും അരയ്ക്കലും മറ്റുമാണു്.
വായിൽ വെള്ളമൂറുന്ന മണം പൊന്തിവരും.
</p>
          <p>ഗോപിയേട്ടൻ പറയും: ‘എനിക്കു് ഈവക സാധനങ്ങളൊന്നും വേണ്ട. അമ്മയുണ്ടാക്കുന്ന വെണ്ടയ്ക്കാ
സാമ്പാറും കയ്പ്പയ്ക്കാ മെഴുക്കുപുരട്ടിയും മതി.’
</p>
          <p>വിനോദിന്റെ വിഭവങ്ങൾക്കു പക്ഷേ, കസ്റ്റമേഴ്സ് ഉണ്ടു്. അമ്മയ്ക്കു് ഇഷ്ടമാണവ. സരളയും അൽപമെടുത്തു്
സ്വാദു് നോക്കും. വാസനപോലെ തന്നെ സ്വാദുമുണ്ടു്.
</p>
          <p>‘എങ്ങനെണ്ടു് ഏട്ടത്തിയമ്മേ എന്റെ കോഫ്ത്തക്കറി?’
</p>
          <p>‘വാസന കേട്ടപ്പോ നല്ല സ്വാദുണ്ടാവുംന്നു് തോന്നി.’
</p>
          <p>‘കഴിച്ചുനോക്കിയപ്പോൾ തീരെ സ്വാദില്ല, അല്ലേ?’

</p>
          <p>‘അതെ.’
</p>
          <p>‘എന്നാൽ ഇനി വേണ്ടല്ലോ?’
</p>
          <p>‘അയ്യോ ഞാൻ വെറുതെ പറഞ്ഞതാണു്. എനിക്കു കുറച്ചുകൂടി താ.’
</p>
          <p>‘വേണ്ട, വേണ്ടാ. എനിക്കു വേറെ കസ്റ്റമേഴ്സ് ഉണ്ടു്. അല്ലേ അമ്മേ?’
</p>
          <p>അമ്മ ചിരിക്കും. വിനോദ് കളിയാക്കി മാറ്റിവച്ച പാത്രം പിന്നീടു സരളയുടെ നേരെ നീട്ടും.
</p>
          <p>‘ഇത്ര നല്ല സാധനങ്ങളൊക്കെയാണല്ലേ നീ ഹോസ്റ്റലിൽ കഴിക്കുന്നതു?’ സരള ചോദിക്കും.
</p>
          <p>‘കുറ്റമല്ല, അവന്റെ മെസ് ബിൽ കൂടുന്നതു്.’ ഗോപിയേട്ടൻ പറയും.
</p>
          <p>അയാൾ കളിയായി പറയുന്നതാവും. പക്ഷേ, വിനോദ് നിശബ്ദനാവും. അവനു ചേട്ടനെ സ്നേഹത്തോടൊപ്പം
ഭയവുമായിരുന്നു. അവന്റെ പത്താം വയസ്സിലാണു് അച്ഛൻ മരിച്ചതു്. അന്നു് ഇരുപതു വയസുള്ള ഏട്ടനാണു്
ശവദാഹസമയത്തു കരഞ്ഞു ക്ഷീണിച്ച അവനെ ഉടലോടു ചേർത്തു താങ്ങിനിർത്തിയതു്. അന്നുമുതൽ
അക്ഷരാർഥത്തിൽ അയാൾ അനുജനെ താങ്ങുകയായിരുന്നു. പ്രീഡിഗ്രി പ്രഠിച്ചുകൊണ്ടിരുന്ന അയാൾ പഠിത്തം
നിർത്തി വയലിലേക്കു് ഇറങ്ങി—അച്ഛന്റെ പണി തുടരാനായി. എൻജിനീയറാവണമെന്ന മോഹം അനുജനിലൂടെ
സാക്ഷാൽക്കരിക്കാൻ ശ്രമിച്ചു. ചെളിയുടെ ഗന്ധത്തിലും മുളച്ചുവരുന്ന നെൽവിത്തുകളുടെ ജീവന്റെ തുടിപ്പിലും
അയാൾ ആശ്വാസം കണ്ടെത്തി.
</p>
          <p>ഇരുപത്താറാം വയസിൽ കല്യാണം കഴിച്ചതു വാസ്തവത്തിൽ ആ വലിയ വീട്ടിൽ പകൽ മുഴുവൻ ഒറ്റയ്ക്കു
കഴിയുന്ന അമ്മയ്ക്കു കൂട്ടിനുവേണ്ടിയായിരുന്നു. മകന്റെ കാര്യങ്ങളെല്ലാം അമ്മ ഭംഗിയായി നോക്കിയിരുന്നു.
രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ചായയുണ്ടാക്കി മേശപ്പുറത്തുവയ്ക്കും. അതു കഴിഞ്ഞാൽ പ്രാതലിന്റെ
പണിയായി. ഒൻപതുമണിയോടെ ഭക്ഷണം കഴിഞ്ഞു് അയാൾ പാടത്തേക്കിറങ്ങുന്നു. ഉച്ചഭക്ഷണത്തിനായി
ഒരുമണിയോടെ വീട്ടിലെത്തും. അതിനിടയ്ക്കു നല്ല പുഴമീൻ വല്ലതും തരമായാൽ ജോലിക്കാരുടെ കൈയിൽ
കൊടുത്തയയ്ക്കും. ഉച്ചയൂണു കഴിഞ്ഞാൽ ഒരു മണിക്കൂർ വിശ്രമം, താഴത്തെ മുറിയിൽ.
</p>
          <p>കല്യാണം കഴിഞ്ഞശേഷവും ഇതേ ചിട്ടകൾതന്നെ തുടർന്നു. ഉച്ചയ്ക്കു് ഉണരുമ്പോൾ കുടിക്കാനുള്ള വെള്ളം
ഗ്ലാസിലാക്കി കട്ടിലിന്റെ തലപ്പത്തിട്ട സ്റ്റൂളിൽ വച്ചു് സരള മുകളിലേക്കു പോകും. ആദ്യമെല്ലാം താഴെത്തന്നെ
അമ്മയുടെ ഒപ്പം ഇരുന്നു കഴിച്ചുകൂട്ടി. ഒരു ദിവസം ഇരുന്നുറങ്ങുന്നതുകണ്ടു് അമ്മ പറഞ്ഞു:
</p>
          <p>‘മോള് പോയി കിടന്നോ.’
</p>
          <p>അതിനുശേഷം ഉച്ചയുറക്കത്തിനു് അവൾ മുകളിൽ പോയി. വാർണിഷ്ഇട്ട തട്ടിൽ ഒരു മൂലയിൽ തൂക്കിയിട്ട
നിറങ്ങളുള്ള സ്ഫടികഗോളങ്ങളിൽ കണ്ണുംനട്ടു് അവൾ ഒറ്റയ്ക്കു കിടക്കും. അതു നോക്കിയിരിക്കെ അവൾ
വികാരഭരിതയാവും. ബ്ലൗസിന്റെ കുടുക്കുകളഴിക്കും. സ്വതന്ത്രമാക്കപ്പെട്ട മാറിൽ അവളുടെ നേരിയ വിരലുകൾ
തലോടും. വിരൽത്തുമ്പിൽ പൊട്ടിവിരിയുന്ന രസബിന്ദുക്കളുടെ സാന്ത്വനത്തിൽ അവൾ കണ്ണടച്ചു കിടക്കും.
സ്തനതടങ്ങളിൽ ഉരുണ്ടുകൂടുന്ന സ്വേദകണങ്ങൾ നെൽചെടികളുടെ ഗന്ധവുമായി വയലിൽനിന്നെത്തുന്ന കാറ്റു്
സാവധാനത്തിൽ ഒപ്പിയെടുക്കും. ഗോപിയേട്ടൻ മുകളിൽ കയറിവന്നെങ്കിലെന്നു് ആശിക്കും. വരില്ലെന്ന
അറിവോടെതന്നെ.
</p>
          <p>അയാൾ ഉച്ചയ്ക്കു് ഒരിക്കലും മുകളിലേക്കു കയറിവന്നില്ല. ആവശ്യമുള്ള കാര്യങ്ങളെല്ലാം
താഴെത്തന്നെയുണ്ടാവും. ടൗണിൽ പോകണമെങ്കിൽ മാറ്റുവാനുള്ള വസ്ത്രങ്ങൾ, പണം, എല്ലാം താഴത്തെ
മുറിയിലുണ്ടാവും. കല്യാണം കഴിഞ്ഞശേഷവും അയാൾ അയാളുടേതായ ഒരു ലോകം നിലനിർത്തി. ഉച്ചയുറക്കം
കഴിഞ്ഞു് അയാൾ പോകുന്നതു സരള അറിയാറില്ല. പൂരിതമാകാത്ത വികാരങ്ങളുടെ
വേലിയിറക്കത്തിലെവിടെയോ അവൾ ഉറക്കത്തിലേക്കു വഴുതിവീണിട്ടുണ്ടാകും.
</p>
          <p>രാത്രി ഒരനുഷ്ഠാനംപോലെ ഗോപി ഭാര്യയെ പ്രാപിച്ചു. തന്റെ ആവശ്യങ്ങളെപ്പറ്റി സംസാരിക്കാൻ
അയാൾക്കു മടിയായിരുന്നു. പറയാതെതന്നെ ഭാര്യ അതെല്ലാം മനസിലാക്കണമെന്നു് അയാൾക്കു
നിഷ്കർഷയുണ്ടായിരുന്നു. അതുകൊണ്ടു ഗോപി കിടന്നാൽ അവൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ തുടങ്ങും. സാരി
അഴിച്ചുമാറ്റി ഒരു കസേരയിൽ ഇടും. പിന്നെ ഭർത്താവിന്റെ നേരെ തിരിഞ്ഞു ബ്ലൗസും അടിവസ്ത്രങ്ങളും
അഴിച്ചുമാറ്റും, ഒരു ചടങ്ങുപോലെ. ഗോപി അതിഷ്ടപ്പെട്ടു. എല്ലാം അഴിച്ചുമാറ്റി, അവൾ അയാളുടെ അടുത്തു ചേർന്നു
കിടക്കും.

</p>
          <p>മുറുക്കാന്റെ വാസനയുള്ള നിശ്വാസം ദ്രുതമാകുന്നതു ശ്രദ്ധിച്ചുകൊണ്ടു്, ഉണരാത്ത സ്വന്തം വികാരങ്ങളെ
മോഹിച്ചു് സരള കിടക്കും. ഭാര്യയുടെ വികാരങ്ങൾ ശ്രദ്ധിക്കപ്പെടേണ്ടതാണെന്നു് അയാൾ ഓർത്തില്ല. ചിതം
വരുത്തിയ കണ്ടത്തിൽ വിത്തെറിയുന്ന കർഷകന്റെ നിസ്സംഗതയോടെ അയാൾ സുരതത്തിലേർപ്പെട്ടു.
</p>
          <p>വിത്തുകൾ മുളയ്ക്കാത്തതിന്റെ കാരണങ്ങൾ അയാൾ അന്വേഷിച്ചില്ല. വിത്തു പാകേണ്ടതു താനും, അതു
മുളപ്പിക്കേണ്ടതു ദൈവവുമാണെന്നയാൾ വിശ്വസിച്ചു. ദൈവഹിതം അതായിരിക്കും. ആശുപത്രികളും
ഡോക്ടർമാരും അയാൾക്കിഷ്ടമായിരുന്നില്ല. അന്വേഷണങ്ങൾ രണ്ടുപേരിൽ ഒരാളുടെ
കഴിവുകേടിനെയായിരിക്കും കാണിക്കുക. ആരുടേതാണെന്നറിഞ്ഞിട്ടു് എന്തുകാര്യം? കഴിവുകേടിന്റെ കാര്യത്തിൽ
ഭാര്യയെ പഴിക്കാതിരിക്കാൻ മാത്രം അയാൾ അവളെ സ്നേഹിച്ചിരുന്നു.
</p>
        </div>
        <!--end of "section 0.0.6.0/1.7"-->
      </div>
      <!--end of "chapter 0.0.6/1"-->
      <!--END OF CHAPTER 0.0.6/1-->
      <div type="chapter" n="0.0.7" xml:id="chp0.0.7">
        <head type="chaphead">ആറു്</head>
        <div type="lsection">
          <p style="noindent">‘അനപത്യം ശാപം തന്നെയാണു്.’ ആനന്ദഗുരു പറഞ്ഞു: ‘ഏതു ശാപത്തെയും
അനുഗ്രഹമാക്കിത്തീർക്കാനാണു നാം ശ്രമിക്കേണ്ടതു്. പുരാണങ്ങളിലുടനീളം ഉദാഹരണങ്ങളുണ്ടു്.’
</p>
          <p>ഗുരുവിന്റെ മുഖത്തുനിന്നു മനുഷ്യരാശി സഹസ്രാബ്ദങ്ങളായി ആർജിച്ച അറിവിന്റെ വെളിച്ചം പ്രഭ വിതറി.
</p>
          <p>‘നിങ്ങൾ ചെറുപ്പമാണു്. കുട്ടികൾ ഉണ്ടാവാൻ ഇനിയും സാദ്ധ്യതയുണ്ടു്. അതിനെപ്പറ്റി ആലോചിച്ചു മനസ്സു്
കേടുവരുത്തരുതു്.’
</p>
          <p>അവൾ ഗുരുവിനോടു സ്വന്തം കുടുംബത്തെപ്പറ്റി വളരെ ഹ്രസ്വമായി പറഞ്ഞിട്ടേയുള്ളു. ഭർത്താവു്,
അമ്മായിയമ്മ, കോളജിൽ പഠിക്കുന്ന സ്യാലൻ. വിവാഹം കഴിഞ്ഞു് ആറു വർഷമായി; കുട്ടികളില്ല.
</p>
          <p>‘വിവാഹം കഴിഞ്ഞു് ആറുവർഷമായിട്ടും കുട്ടികളുണ്ടായില്ല എന്ന കാരണംകൊണ്ടു് ഒരു സ്ത്രീ സന്യാസം
സ്വീകരിക്കാൻ വരില്ല.’ ഗുരു തുടർന്നു. ‘അതിനു വേറെ കാരണങ്ങളുണ്ടാവും. പറയാൻ വിഷമമായ, അല്ലെങ്കിൽ
താൽപര്യമില്ലാത്ത കാര്യങ്ങൾ. എനിക്കവ അറിയാൻ താൽപര്യവുമില്ല.’
</p>
          <p>ഗുരുവിന്റെ സ്വരത്തിൽ പരിഭവമുണ്ടോ? തനിക്കു തോന്നിയതാവും. ഗുരുവിനോടു് എല്ലാം തുറന്നുപറയാൻ
കഴിയാത്തതിൽ അവൾ പരിതപിച്ചു. എങ്ങനെ പറയും? ഗുരു അമാനുഷികമായ കഴിവുകളാൽ തന്റെ മനസു്
വായിക്കുമോ എന്ന ഭയത്താൽ സ്വന്തം മനസിന്റെമേൽ ഒരു മറയിടാൻ സരള ആഗ്രഹിച്ചു. അവളുടെ കളങ്കം
അവളോടൊപ്പം മണ്ണടിയട്ടെ.
</p>
          <p>‘ഒരു കാര്യം മനസ്സിലാക്കൂ. നാമെല്ലാം സർവേശ്വരന്റെ കൈയിലെ കരുക്കൾ മാത്രമാണു്; വെറും
നിമിത്തങ്ങൾ, പാവകൾ.’
</p>
          <p>മുകളിലേക്കു ചൂണ്ടിക്കാട്ടി ഗുരു തുടർന്നു: ‘ചരടു വലിക്കുന്ന കൈകൾ അദ്ദേഹത്തിന്റേതാണു്. കുട്ടി ഭഗവദ്ഗീത
വായിച്ചിട്ടുണ്ടോ?’
</p>
          <p>ഇല്ലെന്നവൾ തലയാട്ടി.
</p>
          <p>‘പുസ്തകം മുറിയിൽ എത്തിക്കാൻ ഏർപ്പാടു ചെയ്യാം. വായിക്കൂ സംശയങ്ങൾ ചോദിക്കൂ. എന്നാൽ
കഴിയുംവിധം സംശയങ്ങൾ തീർത്തുതരാം. ഗീതയുടെ മഹത്വം അതു സംശയങ്ങൾ ഉണ്ടാക്കുകയല്ല, ഉള്ള
സംശയങ്ങൾ ഇല്ലാതാക്കുകയാണു ചെയ്യുക എന്നതാണു്.’
</p>
          <p>സരള പോയിക്കഴിഞ്ഞിട്ടും ഗുരു കുറെനേരം പത്മാസനത്തിൽതന്നെ ഇരുന്നു. ആ മുഖം അദ്ദേഹത്തെ
അസ്വസ്ഥനാക്കി. ജീവിതത്തിന്റെ ഏതു വഴിത്തിരിവിലാണു് അതു കണ്ടിട്ടുള്ളതു? വർഷങ്ങളുടെ നീണ്ട
യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടുപോയ സ്മൃതിപടലങ്ങൾ ആവാഹിച്ചെടുക്കാൻ അദ്ദേഹം ശ്രമിച്ചു. ഒന്നും വ്യക്തമല്ല.
മനസിൽ അടുപ്പമുള്ള രൂപങ്ങൾ, അമൂർത്തരൂപങ്ങൾ കിടന്നു കളിക്കുന്നു. അതിനിടയിൽ എവിടെയോ ഈ
സുന്ദരമുഖമുണ്ടു്. പൊരുൾ കിട്ടാത്ത സമസ്യയുമായി ആനന്ദഗുരു കുറെനേരം ഇരുന്നു. സന്ധ്യാവന്ദനങ്ങൾക്കുള്ള
ഒരുക്കവുമായി ശിഷ്യൻ ജ്ഞാനാനന്ദൻ എത്തി, അപ്പോഴും പത്മാസനത്തിലിരിക്കുന്ന ഗുരുവിനെക്കണ്ടു്
അദ്ഭുതപ്പെട്ടു. കണ്ണടച്ചു് ധ്യാനത്തിലിരിക്കുന്ന ഗുരുവിനെ ശല്യപ്പെടുത്താതെ അവൻ പുറത്തുകടന്നു.
പർണശാലയുടെ മുറ്റത്തു ഹോമകുണ്ഡം ജ്വലിച്ചു. കിഴക്കു് മലനിരകൾക്കുമീതേ അന്തിവെയിലേറ്റ മേഘങ്ങൾ
അമൂർത്തരൂപങ്ങൾ സൃഷ്ടിച്ചു.
</p>
          <p>ആനന്ദഗുരു ധ്യാനത്തിലായിരുന്നു. ജാഗരമായ മനസു് സാവധാനത്തിൽ പടിപടിയായി
സ്വപ്നാവസ്ഥയിലെത്തി. ഭൂതത്തിലൂടെയുള്ള അതീന്ദ്രിയപ്രയാണത്തിൽ അദ്ദേഹം അമ്മയുടെ അടുത്തെത്തി.
അമ്മയുടെ മുഖം ആവാഹിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. ആ മുഖം അവ്യക്തമായിരിക്കുന്നു. ചെറുപ്പത്തിൽ തന്നെ
ഉപേക്ഷിച്ചുപോയ ധർമ്മധാരങ്ങളുടെ മുഖവും ആവാഹിച്ചെടുക്കാനായില്ല. എല്ലാം മറവിയുടെ
എത്താത്തലങ്ങളിൽ മറഞ്ഞുകഴിഞ്ഞു. ആ അറിവു് ഗുരുവിനെ ദുഃഖിതനാക്കി. ഒരു വിധത്തിൽ
അതൊരനുഗ്രഹമല്ലേ? സംസാരത്തിന്റെ അവസാനത്തെ കണ്ണികൾ കൂടി അറുക്കപ്പെട്ടു താൻ
വിമുക്തനാവുകയാണു്. മമതയുടെ നീർച്ചാലുകൾ വറ്റി മനസിൽ നിസ്സംഗതയുടെ വരൾച്ച നിറയട്ടെ. അതോടെ

എല്ലാം പൂർത്തിയാവുന്നു.
</p>
        </div>
        <!--end of "section 0.0.7.0/1.8"-->
      </div>
      <!--end of "chapter 0.0.7/1"-->
      <!--END OF CHAPTER 0.0.7/1-->
      <div type="chapter" n="0.0.8" xml:id="chp0.0.8">
        <head type="chaphead">ഏഴു്</head>
        <div type="lsection">
          <p style="noindent">ദേവിക ഒരദ്ഭുതമായിരിക്കുന്നു. ദേവിക വാസ്തവത്തിൽ ഉണ്ടായിരുന്നോ എന്നു കൂടി
സരളയ്ക്കു സംശയമായി. ഗുരുവിന്റെ മുമ്പിൽനിന്നു് എഴുന്നേറ്റശേഷം അവളെ കണ്ടിട്ടില്ല. ഏറ്റവും അദ്ഭുതകരമായി
തോന്നിയതു് ആശ്രമത്തിലെ അന്തേവാസികൾക്കു ദേവികയെ അറിയില്ലെന്നതാണു്. പ്രഭാമയിദേവിയുടെ
ആശ്രമത്തെപ്പറ്റി അവർ കേട്ടിട്ടുണ്ടു്. പക്ഷേ, ആരും അവിടെനിന്നു് ഇങ്ങോട്ടു വരാറില്ല. വളരെമുമ്പു്
എന്തൊക്കെയോ ബന്ധങ്ങളുണ്ടായിരുന്നുവത്രെ.
</p>
          <p>താൻ സ്വപ്നം കാണുകയായിരിക്കുമെന്നവൾ കരുതി. കുറച്ചുകാലമായി താൻ സ്വപ്നത്തിനും യാഥാർഥ്യത്തിനും
ഇടയിലുള്ള ലോകത്താണു്. രണ്ടും തമ്മിൽ തിരിച്ചറിയാനാവുന്നില്ല. അവൾ ജനലിന്റെ അഴികൾ പിടിച്ചു
പുറത്തേക്കു നോക്കി. മുമ്പിൽ സഹ്യൻ വളരെ അടുത്തായി തോന്നി. വൈകുന്നേരമാകുമ്പോഴേക്കു് അതു്
അകന്നകന്നു പോയി ദൂരെ മഞ്ഞിന്റെ മറകളിൽ ഒളിച്ചു.
</p>
          <p>മുറ്റത്തിനുചുറ്റും കെട്ടിയ മുള്ളുവേലിക്കപ്പുറത്തെ കാട്ടിൽ പൂക്കൾ പറിച്ചു നടക്കുന്ന ചെറുപ്പക്കാരനെ സരള
കണ്ടു. പിൻവശമേ കാണാനുള്ളു. പെട്ടെന്നു് അവളുടെ ഹൃദയം ത്രസിച്ചു. വീണ്ടുവിചാരമില്ലാതെ അവൾ ഉറക്കെ
വിളിച്ചു:
</p>
          <p>‘വിനൂ…’
</p>
          <p>വിളിച്ചയുടനെ അവൾക്കു വിഡ്ഢിത്തം മനസ്സിലായി. പെട്ടെന്നുണ്ടായതും അനിയന്ത്രിതവുമായ ഒരു
വികാരത്തള്ളിച്ചയിൽ വിളിച്ചുപോയതാണു്. പുറത്തേക്കുവിട്ട വാക്കു് തിരിച്ചെടുക്കാനാവാതെ മുന്നോട്ടുതന്നെ
യാത്ര ചെയ്തു. നിമിഷാർദ്ധത്തിൽ അയാൾ ആ വിളി കേൾക്കരുതേ എന്നവൾ പ്രാർത്ഥിച്ചു. പ്രാർത്ഥന
വിഫലമായി. അയാൾ പൂവറുക്കുന്നതു നിർത്തി തിരിഞ്ഞുനോക്കി. ജനലിലൂടെ നോക്കുന്ന സരളയെ കണ്ടപ്പോൾ
അയാൾ പൂക്കൂട കൈയിലേന്തി വേലിക്കരികിലേക്കു വന്നു.
</p>
          <p>‘എന്താ, ചേച്ചീ, എന്നെ വിളിച്ചുവോ?’
</p>
          <p>രണ്ടാമത്തെ നടുക്കമുണ്ടായതു് അപ്പോഴാണു്. ആ മുഖം. അതു വിനോദിന്റെ മുഖം തന്നെയായിരുന്നു. രണ്ടു
മുഖങ്ങൾ തമ്മിൽ ഇത്ര സാദൃശ്യമോ? ജ്ഞാനാനന്ദനെ ഗുരുവിന്റെ ഒപ്പം സരള കണ്ടിട്ടുണ്ടു്. ഈ സാദൃശ്യം പക്ഷേ,
ശ്രദ്ധിക്കുകയുണ്ടായില്ല. ഇപ്പോൾ ഉദയസൂര്യന്റെ ഇളം ചുവപ്പു രശ്മികൾ അവന്റെ ഓമനമുഖത്തു
പ്രസരിപ്പുണ്ടാക്കിയതാണോ കാരണം, അതോ അവനും വിനോദിനെപ്പോലെ ഇടത്തെ കൈകൊണ്ടു്
അനുസരണയില്ലാത്ത തലമുടി മാടിയതുകൊണ്ടാണോ? അറിയില്ല. ജ്ഞാനാനന്ദനു വിനോദിന്റെ ഛായ
നല്ലവണ്ണം ഉണ്ടായി.
</p>
          <p>‘എന്തിനാ ചേച്ചി വിളിച്ചതു?’
</p>
          <p>‘ഞാൻ…’ സരള വാക്കുകൾക്കുവേണ്ടി തപ്പി: ‘ഞാൻ പൂക്കൾ പറിച്ചു തരട്ടെ? പൂജയ്ക്കുള്ള പൂക്കളല്ലേ?’
</p>
          <p>‘ഇന്നത്തേക്കുള്ള പൂക്കൾ കിട്ടി.’ ജ്ഞാനാനന്ദൻ പൂക്കൂട ഉയർത്തി കാണിച്ചു: ‘നാളെ ചേച്ചി അറുത്തുകൊള്ളൂ.
ഞാൻ ഗുരുവിനോടു പറയാം.’
</p>
          <p>‘ഗുരുവിനോടു പറയണ്ട.’ പെട്ടെന്നവൾ പറഞ്ഞു. പറഞ്ഞയുടനെ എന്തിനതു പറഞ്ഞുവെന്ന വേവലാതിയായി.
താൻ ഒരു കുഴിയിൽനിന്നു വേറൊരു കുഴിയിലേക്കു പതിക്കുകയാണു്. ജ്ഞാനാനന്ദനെ കണ്ടു വിനോദാണെന്ന
മതിഭ്രമത്തിൽ വിളിച്ചു. വിളിച്ചപ്പോൾ എന്തെങ്കിലും കാരണം പറയണ്ടേ എന്നു കരുതി പൂക്കളുടെ കാര്യം പറഞ്ഞു.
</p>
          <p>‘ഗുരുവിനോടു പറയാൻ മാത്രം പ്രധാനപ്പെട്ട കാര്യമൊന്നും ഞാൻ ചെയ്യാൻ പോണില്ല്യല്ലൊ.’ അവൾ
ഭംഗിയാക്കാനായി ചിരിച്ചുകൊണ്ടുപറഞ്ഞു. ‘ഞാൻ പൂവറുത്തുതരാം, വിനൂ… അല്ല കുട്ടി അതു ഗുരുവിനു
കൊടുത്താൽ മതി.’
</p>
          <p>ജ്ഞാനാനന്ദൻ ചിരിച്ചു. അവന്റെ മുഖം നിഷ്കളങ്കമായിരുന്നു. നേരിയ മീശയും താടിയും കിളർത്തുവരുന്നു.
അവൻ ചിരിച്ചുകൊണ്ടു ചോദിച്ചു:

</p>
          <p>‘ചേച്ചീ, ആരാണു വിനു?’
</p>
          <p>സരള മറുപടി പറഞ്ഞില്ല.
</p>
          <p>ജ്ഞാനാനന്ദൻ പോയിക്കഴിഞ്ഞു കുറെനേരം അവൾ ജനലിനടുത്തു നിന്നു. വിനോദിന്റെ ഓർമ്മ അവളെ
വേദനിപ്പിച്ചു. കണ്ണടച്ചുകൊണ്ടു തനിക്കു നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാൻ അവൾ ശ്രമിച്ചു.
</p>
          <p>തറവാടിന്റെ മുറ്റത്തുനിന്നു പടിപ്പുരയിലേക്കുള്ള വഴിയുടെ രണ്ടു വശത്തും രണ്ടടി ഉയരത്തിൽ അരമതിലുണ്ടു്.
ആ വഴിയിലൂടെ ഗോപിയേട്ടൻ നടന്നു പടിപ്പുരയുടെ പടികൾ കയറിയിറങ്ങിപ്പോവുന്നതു സരള ജനലിലൂടെ
നോക്കിനിന്നു. ഒരു വളവു കഴിഞ്ഞാൽ പാടമായി. വരമ്പിലൂടെ ഗോപിയേട്ടൻ നടന്നുപോകുന്നതു കുറെ ദൂരം
കാണാം. വെയിലിൽ വരമ്പിലൂടെ നടക്കുന്ന രൂപം അകലെ ഒരു കുത്തു മാത്രമായപ്പോൾ സരള കണ്ണുകൾ
പിൻവലിച്ചു. ചുവരിലെ ക്ലോക്ക് മൂന്നടിച്ചു. കുതിച്ചുചാടിയ മനസിനെ നിയന്ത്രിക്കാൻ അവൾ ക്ലോക്കിന്റെ ആടുന്ന
പെന്റുലം നോക്കി നിന്നു.
</p>
          <p>വിനോദ് എന്തുചെയ്യുകയായിരിക്കും? ഏതാനും നിമിഷം മുമ്പുവരെ അവന്റെ ശബ്ദങ്ങൾ കേട്ടിരുന്നു. കസേര
വലിക്കുന്നതിന്റെയോ എന്തെങ്കിലും നിലത്തിടുന്നതിന്റെയോ ഒക്കെ ശബ്ദം. ഇപ്പോൾ ആ മുറി നിശബ്ദമാണു്. ഒരു
പക്ഷേ, അവൻ ഉറക്കമായിട്ടുണ്ടാവും. രാത്രി വളരെ വൈകുംവരെ അവന്റെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു.
പരീക്ഷ തലയിൽ കയറിയ പഠിത്തമാണു്. ഗോപിയേട്ടന്റെ കൈകളിൽ കിടന്നു് ഉറക്കം വരാതെ ക്ലോക്കിന്റെ
ടിക് ടിക് ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, ആ ശബ്ദത്തിന്റെ താളത്തിനതീതമായി അടുത്ത മുറിയിൽനിന്നു
കേൾക്കുന്ന നേരിയ ശബ്ദങ്ങൾക്കായി അവൾ കാതോർത്തു. വിനോദിന്റെ മേശവിളക്കു പടിഞ്ഞാറെ മുറ്റത്തു
മാവിൻചില്ലകളെ ദീപ്തമാക്കുന്നതു ജനലിലൂടെ കാണാം. അതും നോക്കി അവൾ കുറെ നേരം ഉറങ്ങാതെ കിടന്നു.
</p>
          <p>ഇന്നലെ രാവിലെയാണു വിനോദ് വന്നതു്. വന്നയുടനെ അമ്മയുണ്ടാക്കിക്കൊടുത്ത ചായയും കുടിച്ചു
മുകളിലേക്കു പോയി.
</p>
          <p>രാവിലെ ഗോപിയേട്ടൻ പോയതിനുശേഷമാണു സരള കുളിക്കാറ്. അവൾ തലയിൽ എണ്ണ തേച്ചു, താളി
കൊഴുപ്പിച്ചു പാത്രത്തിലാക്കിയതും തിരുമ്പാനുള്ളതും എടുത്തു കുളത്തിലേക്കു പോയി. കുളപ്പുരയിലേക്കു
കടന്നപ്പോഴാണു വിനോദ് കുളിക്കുകയാണെന്നു മനസിലായതു്. വെള്ളത്തിലിറങ്ങിനിന്നുകൊണ്ടു് അവൻ
സോപ്പുതേക്കുന്നു.
</p>
          <p>ഭർതൃസഹോദരൻ കുളിക്കുന്നതു നോക്കിനിൽക്കുന്നതിലെ അനൗചിത്യമൊന്നും അവൾ ഓർത്തില്ല. ഒരു
കുസൃതിക്കുട്ടിയുടെ മനസോടെ ശബ്ദമുണ്ടാക്കാതെ താളിക്കിണ്ണവും തിരുമ്പാനുള്ള വസ്ത്രങ്ങളും പടവിൽ വച്ചു് അവൾ
ഇരുന്നു. വിനോദ് കുളത്തിന്റെ ഭാഗത്തേക്കു നോക്കിനിൽക്കുകകാരണം അപകടം ഏട്ടത്തിയമ്മയുടെ രൂപത്തിൽ
വന്നതു കണ്ടതുമില്ല. ഒറ്റത്തോർത്തുമുണ്ടുടുത്തതു നനഞ്ഞു് അവന്റെ നിറമുള്ള ചന്തിമേൽ ഒട്ടിനിൽക്കുന്നതവൾ
നോക്കി. വിരിഞ്ഞ പുറത്തു നനുത്ത രോമങ്ങൾ പതിഞ്ഞുകിടക്കുന്നു. അവൾ പെട്ടെന്നു മോഹിതയായി.
</p>
          <p>സരള ശ്വാസം വിടാതെ ഇരുന്നു. അവൻ സോപ്പു തേക്കുകയാണു്. കൈകളിൽ, നെഞ്ചിൽ,
കാലുകൾക്കിടയിൽ. അവസാനംമുഖത്തും തലയിലും സോപ്പു തേച്ചശേഷം നീന്താനായി വെള്ളത്തിലേക്കു ചാടി.
മറുകരയെത്തിയപ്പോൾ അവൻ തിരിച്ചു നീന്തി. മലർന്നു നീന്തുക കാരണം അവൻ അപ്പോഴും സരളയെ കണ്ടില്ല.
മലർന്നുകിടന്നു കുതിക്കുമ്പോൾ ഉയർന്നുവന്ന കാൽമുട്ടുകൾ ഭംഗിയുള്ളവയായിരുന്നു.
</p>
          <p>കരയ്ക്കെത്തി എഴുന്നേറ്റുനിന്നപ്പോഴാണു സരള മുകളിലെ പടവിൽ നോക്കിയിരിക്കുന്നതു കണ്ടതു്. അവൻ
വെള്ളത്തിലേക്കുതന്നെ ചാടി. കഴുത്തറ്റം വരെ വെള്ളത്തിൽ നിന്നു കൊണ്ടു ചോദിച്ചു.
</p>
          <p>‘ഏട്ടത്തിയമ്മ എപ്പോഴാ വന്നതു?’
</p>
          <p>‘കുറെ നേരമായി.’
</p>
          <p>വിനോദിന്റെ മുഖം നാണംകൊണ്ടു ചുവന്നു.
</p>
          <p>‘എന്തേ എന്നോടു പറയാതിരുന്നതു?’
</p>
          <p>‘എന്തിനാണു് പറയുന്നതു?’
</p>
          <p>‘ഏട്ടത്തിയമ്മ പോകൂ, ഞാൻ കുളിച്ചു കയറട്ടെ.’ അവൻ അപേക്ഷാസ്വരത്തിൽ പറഞ്ഞു.

</p>
          <p>‘നീ കുളിച്ചു കയറിക്കോ, ഞാനിവിടെത്തന്നെ ഇരിക്കും.’
</p>
          <p>‘ഏട്ടത്തിയമ്മേ പ്ലീസ്, ഒന്നു പോകൂ, ഞാൻ കുളിച്ചു കയറട്ടെ.’
</p>
          <p>വിനോദിനു ചിരിയും സങ്കടവും ഒന്നിച്ചുവന്നു.
</p>
          <p>സരളയുടെ മനസ്സിലും കണ്ണുകളിലും കുസൃതിയായിരുന്നു. അവൾ ചോദിച്ചു:
</p>
          <p>‘എന്നെ നീന്തൽ പഠിപ്പിച്ചു തര്വോ?’
</p>
          <p>‘ഉം’ അവൻ തമാശയായി പറഞ്ഞു ‘വെള്ളത്തിലേക്കു ചാടിക്കോളൂ.’
</p>
          <p>സരള എഴുന്നേറ്റു പടവുകൾ ഇറങ്ങാൻ തുടങ്ങി. ഏടത്തിയമ്മ കാര്യമായിട്ടുതന്നെയാണു പറയുന്നതെന്നു്
അവനു തോന്നി. അവൻ വേഗം വെള്ളത്തിൽനിന്നു ചാടിക്കയറി അരയ്ക്കുമുമ്പിൽ കൈവച്ചു കുളപ്പുരയിൽ വസ്ത്രം
മാറുന്ന മുറിയിലേക്കു് ഓടിപ്പോയി. സരള ഉറക്കെ ചിരിച്ചുകൊണ്ടു പടവുകൾ ഇറങ്ങി.
</p>
          <p>ഇപ്പോൾ അതെല്ലാം ഓർത്തോർത്തു് സരള ചിരിച്ചു. വിനോദ് അടുത്ത മുറിയിൽതന്നെയുണ്ടെന്ന ബോധം
അവനെ സന്തോഷിപ്പിച്ചു. ഒരാകർഷണവലയത്തിൽ പെട്ടപോലെ അവൾ മുറിക്കു പുറത്തിറങ്ങി, തളത്തിലൂടെ
നടന്നു. വിനോദിന്റെ മുറി ചാരിയിരുന്നില്ല. അവൾ വാതിൽപ്പടിമേൽ കാൽ വച്ചു കട്ടിളമേൽ കൈയൂന്നി
അകത്തേക്കു നോക്കി.
</p>
          <p>വിനോദ് കിടക്കയിൽ മലർന്നു കിടക്കുകയാണു്. തുറന്ന പുസ്തകം മാറിൽ കമിഴ്ത്തിവച്ചിട്ടുണ്ടു്.
വായിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതാണു് പാവം. അവൾ അകത്തേക്കു കടക്കാനായി കാൽവച്ചു.
പെട്ടെന്നുതന്നെ പിൻവലിക്കുകയും ചെയ്തു.
</p>
          <p>ഇന്നലെവരെയില്ലാതിരുന്ന ഒരു മതിൽക്കെട്ടു് അവർക്കിടയിൽ ഉയർന്നുവന്നിരുന്നു. സദാചാരത്തിന്റേയും
ആത്മനിയന്ത്രണത്തിന്റേയും അതിലംഘിക്കാൻ പാടില്ലാത്ത മതിൽ. ഇന്നലെ വരെ വിനോദിന്റെ മുറിയിൽ
കടക്കാൻ അവൾക്കു യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. അവളുടെ കല്യാണം കഴിഞ്ഞ കാലത്തു വിനോദ്
ട്രൗസറിട്ടു നടക്കുകയായിരുന്നു. അവളുടെ കൺമുമ്പിൽ വച്ചാണവൻ വലുതായതും മുണ്ടുടുക്കാൻ തുടങ്ങിയതും.
കോളജിൽ ചേർന്നപ്പോൾ പാന്റ്സ് ഇടാൻ തുടങ്ങി. സ്വന്തം അനുജനോടെന്ന പോലെയാണു് അവൾ
പെരുമാറിയിരുന്നതു്. പക്ഷേ, ഇന്നലെ കുളക്കടവിൽ വച്ചു് അവൾക്കു മാറ്റം വന്നു.
</p>
          <p>മുമ്പിലുള്ള മതിൽക്കെട്ടു് എത്ര ശക്തമാണോ അത്രയുംതന്നെ ഇച്ഛാശക്തി അതു പൊളിച്ചുകളയാനും
ഉണ്ടായി. അവൾ അകത്തു കടന്നു. ഒരു പുരുഷശരീരം ആദ്യമായികാണുന്ന കൗതുകത്തോടെ, അവൾ
വിനോദിന്റെ ദേഹത്തു നോക്കി. മാറിലും കക്ഷത്തും നേരിയ കറുത്തരോമങ്ങൾ. മുഖത്തു കട്ടികുറഞ്ഞ മീശ.
വയറിനുമീതെ വായിച്ചുകൊണ്ടിരുന്ന പുസ്തകം അവൾ എടുത്തുമാറ്റി. വിനോദ് കണ്ണു് പകുതി തുറന്നു.
</p>
          <p>‘ഏട്ടത്തിയമ്മയോ? എന്നെ നാലുമണിക്കു വിളിക്കണംകേട്ടോ, ചായയുണ്ടാക്കിയിട്ടു്.’
</p>
          <p>അതും പറഞ്ഞു് അവൻ തിരിഞ്ഞു കിടന്നു. അതവൻ സാധാരണ ചെയ്യാറുള്ളതാണു്, പ്രത്യേകിച്ചും
പരീക്ഷക്കാലത്തു പകൽ ഉറങ്ങുമ്പോൾ. അവൻ അപ്പോഴും കുട്ടിയായിരുന്നു. ശാന്തനായി സംഭവിക്കാൻ
പോകുന്ന കാര്യങ്ങളെപ്പറ്റി ബോധമില്ലാതെ അവൻ കിടന്നുറങ്ങി.
</p>
        </div>
        <!--end of "section 0.0.8.0/1.9"-->
      </div>
      <!--end of "chapter 0.0.8/1"-->
      <!--END OF CHAPTER 0.0.8/1-->
      <div type="chapter" n="0.0.9" xml:id="chp0.0.9">
        <head type="chaphead">എട്ടു്</head>
        <div type="lsection">
          <p style="noindent">ആശ്രമത്തിന്റെ ജനലിൽ കൈവച്ചു് ജ്ഞാനാനന്ദൻ പോയ ശൂന്യതയിൽ
നോക്കിയിരിക്കെ ഒരു തേങ്ങലോടെ സരള ഓർത്തു. ദുരന്തത്തിന്റെ തുടക്കം അതായിരുന്നു.
</p>
          <p>അവൾ ഉറങ്ങിക്കിടന്ന വിനോദിന്റെ അരക്കെട്ടിൽ കൈവച്ചു. അവൻ ഞെട്ടിയുണർന്നു മലർന്നുകിടന്നു.
സരളയുടെ മുഖത്തു മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാവമായിരുന്നു. അതു് അവനെ അമ്പരിപ്പിച്ചു. അവൻ ചോദിച്ചു:
</p>
          <p>‘എന്താ ഏട്ടത്തിയമ്മേ?’
</p>
          <p>സരള ഒന്നും പറയാതെ കിടക്കയിൽ അവന്റെ അരുകിൽ ഇരുന്നു. അവളുടെ തൊണ്ട വരണ്ടിരുന്നു.
അവളുടെ കൈകൾ വിനോദിന്റെ അരക്കെട്ടിൽതന്നെയായിരുന്നു. അവിടെനിന്നതു വയറിലൂടെ യാത്രയായി.
മാറിലെ രോമരാജികളിൽ അവളുടെ വിരലുകൾ വാചാലമായി.
</p>
          <p>‘ഏട്ടത്തിയമ്മ എന്താണു ചെയ്യുന്നതു?’
</p>
          <p>രോമഹർഷത്താൽ അവന്റെ മാറിടം തരിക്കുന്നതു് അവൾക്കനുഭവപ്പെട്ടു.
</p>
          <p>‘എന്താണു ചെയ്യുന്നതു?’ അവൻ വീണ്ടും ചോദിച്ചു. അവന്റെ ശബ്ദം ഉൽക്കണ്ഠയും ഉദ്വേഗവും മൂലം
അടഞ്ഞുപോയിരുന്നു. മാറിൽ തലോടിക്കൊണ്ടിരുന്ന വളയിട്ട ഉരുണ്ട കൈ അവൻ പിടിച്ചു. മാറ്റാനായിട്ടാണു
പിടിച്ചതു്. ആ നിമിഷത്തിൽ സുന്ദരമായ ഒരു മുഖം അവന്റെ മുഖത്തേക്കു് ഇറങ്ങിവന്നു. അവൻ നിസ്സഹായനായി.
</p>
          <p>മനോഹരമായ ഒരു സ്ത്രീശരീരം അവന്റെ മുമ്പിൽ അനാവൃതമാവുകയാണു്; പടിപടിയായി. പുടവ അഴിഞ്ഞു
കിടക്കയിലും നിലത്തുമായി വീണു. ബ്ലൗസിന്റെ തടവറയിൽനിന്നു പുറത്തു ചാടിയ സ്തനങ്ങൾ വികാരനിറവിൽ
സാന്ദ്രമായി. സ്ത്രീ ശരീരത്തിനു പുതിയ അർത്ഥങ്ങൾ കാണുകയായിരുന്നു വിനോദ്.
</p>
          <p>പുറത്തു നിഴൽ ചാഞ്ഞുതുടങ്ങി. വടക്കുനിന്നു വീശിയ തണുത്ത കാറ്റിൽ ഇലഞ്ഞിപ്പൂമണമുണ്ടായിരുന്നു.
വിനോദ് പറഞ്ഞു:
</p>
          <p>‘ഏട്ടത്തിയമ്മ എഴുന്നേറ്റു സാരിയുടുക്കൂ.’
</p>
          <p>അവന്റെ കഴുത്തിലൂടെ പിണച്ചിട്ടിരുന്ന കൈകൾ മാറ്റാതെ, ആലസ്യത്തോടെ സരള പറഞ്ഞു:
</p>
          <p>‘ഉം… ഉം…’
</p>
          <p>‘ഗോപിയേട്ടൻ വരേണ്ട സമയമായില്ലേ, എഴുന്നേൽക്കൂ.’
</p>
          <p>അവൾ പെട്ടെന്നു് എഴുന്നേറ്റിരുന്നു. പുറത്തേക്കു നോക്കി. വെയിൽ അപ്പോഴും തീക്ഷ്ണമായിരുന്നു. സമയം
അധികമൊന്നും ആയിട്ടില്ല. താഴെനിന്നു ശബ്ദങ്ങളൊന്നുമില്ല.
</p>
          <p>സരളയുടെ എടുത്തുനിൽക്കുന്ന നഗ്നമായ മാറിടം കണ്ടപ്പോൾ വിനോദ് മോഹിതനായി. അവളെ
വലിച്ചടുപ്പിച്ചുകൊണ്ടവൻ പറഞ്ഞു:
</p>
          <p>‘കുറച്ചു കഴിഞ്ഞിട്ടു പോയാൽ മതി.’
</p>
        </div>
        <!--end of "section 0.0.9.0/1.10"-->
      </div>
      <!--end of "chapter 0.0.9/1"-->
      <!--END OF CHAPTER 0.0.9/1-->
      <div type="chapter" n="0.0.10" xml:id="chp0.0.10">
        <head type="chaphead">ഒമ്പതു്</head>
        <div type="lsection">
          <p style="noindent">ഒരു വിളി കേട്ടു സരള സ്വപ്നത്തിൽ നിന്നുണർന്നു.
</p>
          <p>‘ചേച്ചീ…’
</p>
          <p>അവൾ തിരിഞ്ഞുനോക്കി.
</p>
          <p>‘ദേവിക?’
</p>
          <p>‘ഇതു ഞാനാ ചേച്ചീ’ സുനന്ദിനി പറഞ്ഞു: ‘ചേച്ചി എപ്പോഴും ഒരു ദേവികയുടെ കാര്യം പറയുന്നുണ്ടല്ലോ.
ആരാണതു?
</p>
          <p>സരള ഒന്നും പറഞ്ഞില്ല. ദേവിക ആരാണെന്നു് അവൾക്കുതന്നെ അറിയാതായിരിക്കുന്നു.
</p>
          <p>അദ്ഭുതകരമായി എന്തൊക്കെയോ തനിക്കു ചുറ്റും നടക്കുന്നുണ്ടെന്നു സരളയ്ക്കു തോന്നിയിരിക്കുന്നു. താൻ വന്ന
ഒറ്റക്കാളവണ്ടിയെപ്പറ്റിയും അതു തെളിച്ചിരുന്ന താടിക്കാരനെപ്പറ്റിയും പറഞ്ഞപ്പോഴും അന്തേവാസികൾ
അദ്ഭുതവും അജ്ഞതയും പ്രകടിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി മലമുകളിലേക്കു്
ഓട്ടോറിക്ഷയാണു വരിക. താഴ്‌വരയിലെ ഗ്രാമത്തിലും ആരുടെ പക്കലും ഒറ്റക്കാളവണ്ടി ഉള്ളതായി അറിവില്ല.
സരള ജീവിതത്തിൽ ഒരിക്കലും ഓട്ടോറിക്ഷയിൽ കയറിയിട്ടില്ല.
</p>
          <p>അതുപോലെ ദേവികയുടെ കാര്യവും. സരള ഒറ്റയ്ക്കാണു് ആശ്രമത്തിൽ എത്തിയതെന്നു സുനന്ദിനി തറപ്പിച്ചു
പറയുന്നു.
</p>
          <p>‘ചേച്ചി ആനന്ദഗുരുവുമായി സംസാരിക്കുമ്പോൾ ഞാനുണ്ടായിരുന്നു അവിടെ. ഞാനൊരു ദേവികയെയും
കണ്ടില്ല.’
</p>
          <p>വളരെ അദ്ഭുതകരമായിരിക്കുന്നു. ഒന്നുകിൽ തന്റെ ബുദ്ധിക്കു് എന്തെങ്കിലും പറ്റിയിട്ടുണ്ടു്. അല്ലെങ്കിൽ
ഇവിടുത്തെ അന്തേവാസികൾക്കു മുഴുവൻ കാര്യങ്ങളും അറിയില്ല. അതും അല്ലെങ്കിലോ? അവൾക്കു പെട്ടെന്നു
ഭയമായി. ഇവിടെ ഈ മലമുകളിൽ അവളുടെ ബോധപരിധിക്കപ്പുറത്തു് എന്തോ ഉണ്ടു്. രാത്രി സുനന്ദിനി
ഉറങ്ങിയശേഷം ഉറക്കമില്ലാതെ കിടക്കുന്ന അവസരങ്ങളിൽ അലട്ടുന്ന ആ തോന്നൽ സരളയിൽ വളരാറുണ്ടു്.
</p>
          <p>‘ചേച്ചി എന്തിനാണിവിടെ ഒറ്റയ്ക്കിരിക്കുന്നതു?’ സുനന്ദിനി ചോദിച്ചു: ‘അങ്ങോട്ടു വരൂ, അവിടെ രസംണ്ടു്.’
</p>
          <p>‘എനിക്കു് ഒറ്റയ്ക്കിരിക്കാനാണു് ഇഷ്ടം.’
</p>
          <p>സുനന്ദിനി പോയി. അവളങ്ങനെയാണു്. പെട്ടെന്നൊരു കാറ്റുപോലെ കടന്നുവരും, ഒരു ചിരിയുടെ,
സൗഹൃദത്തിന്റെ തണുപ്പു പുതപ്പിച്ചു കടന്നു പോവുകയും ചെയ്യും. വീണ്ടും അവൾ ഒറ്റയ്ക്കാവും.
</p>
          <p>ഒറ്റയ്ക്കിരിക്കുമ്പോൾ ഓർമ്മകൾ വന്നു് അവളെ പൊതിയുന്നു. വേദനിക്കുന്ന, മധുരിക്കുന്ന ഓർമ്മകൾ,
അവയിൽനിന്നു് ഓടിപ്പോകാൻ ശ്രമിക്കുമ്പോൾതന്നെ അവൾ ആ ഓർമ്മകളിലേക്കു വലിച്ചിടപ്പെടുന്നു.
</p>
          <p>വിനോദ് പറയാറുണ്ടു്:
</p>
          <p>‘ഞാൻ ചെയ്യണതു് ശര്യല്ലെന്നു് എനിക്കറിയാം. പക്ഷേ, എനിക്കതു നിയന്ത്രിക്കാനാവുന്നില്ല.’
</p>
          <p>മനസ്താപത്തിന്റെ നിമിഷങ്ങളാണവ.
</p>
          <p>‘ഓരോ പ്രാവശ്യവും ഏട്ടത്തിയമ്മ എഴുന്നേറ്റു പോകുമ്പോഴും ഞാൻ തീരുമാനിക്കും, ഇതവസാനത്തെ
തവണ്യാണെന്നു്, ഇനി ചെയ്യില്ലെന്നു്. പക്ഷേ, പിറ്റേന്നു് ഉച്ചയാവുമ്പോൾ ഞാൻ ഏട്ടത്തിയമ്മയുടെ
കാലൊച്ചയ്ക്കുവേണ്ടി കാതോർക്കും. അതു കേൾക്കാൻ വൈകിയാൽ വിഷമമാകും.’

</p>
          <p>സരള നിശബ്ദം അവനെ ചുംബിക്കും.
</p>
          <p>‘ഏട്ടത്തിയമ്മയുണ്ടാക്കുന്ന ശബ്ദങ്ങളെല്ലാം എനിക്കിപ്പോൾ അറിയാം. കോണികയറുന്നതു്, പിന്നെ
നിങ്ങളുടെ മുറിയിൽ നിന്നുള്ള ഓരോ ചലനവും. ഇത്രകാലവും ഞാനിതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതു്
അദ്ഭുതമായിരിക്കുന്നു.’
</p>
          <p>സരളയ്ക്കു പക്ഷേ, അനുതാപമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയൂണു് കഴിഞ്ഞാൽ വിനോദ് മുകളിലേക്കു പോകും.
ഗോപിയേട്ടൻ താഴത്തെ മുറിയിൽ കിടക്കും. അവൾ കുടിക്കാനുള്ള വെള്ളം ഗ്ലാസിലാക്കി കൊണ്ടുവയ്ക്കും.
വൈകുന്നേരം കടയിൽനിന്നു വല്ലതും വാങ്ങാനുണ്ടെങ്കിൽ അപ്പോഴാണു പറയുക. തിരിച്ചു പോയി അടുക്കള
വൃത്തിയാക്കാൻ അമ്മായിയമ്മയെ സഹായിക്കും. അവർ പതിവിൻപടിപറയും:
</p>
          <p>‘പോയി കുറച്ചു നേരം കിടന്നോ മോളെ.’
</p>
          <p>ഇപ്പോൾ അതു കേട്ടപാതി കേൾക്കാത്തപാതി അവൾ മുകളിലേക്കു പോകും. ക്ലോക്കിൽ
രണ്ടരമണിയായിട്ടുണ്ടാവും. കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ അടുത്ത മുറിയിലേക്കു നടക്കും. കട്ടിലിൽ കിടന്നു
വായിക്കുന്ന വിനോദിനെ കുനിഞ്ഞു് ഉമ്മവയ്ക്കും.
</p>
          <p>‘ക്ഷമിക്കൂ കുട്ടാ, ഞാൻ ഇപ്പോ വരാം.’
</p>
          <p>അവൻ അവളുടെ കൈപിടിച്ചു് ഉമ്മവച്ചുകൊണ്ടു പറയും:
</p>
          <p>‘വേഗം വരൂ.’
</p>
          <p>അവൾ തിരിച്ചു മുറിയിലേക്കു നടക്കും. ക്ലോക്കിന്റെ പെന്റുലം ആടുന്നതും നോക്കി കിടക്കും.
മൂന്നുമണിയാവാറായാൽ താഴെനിന്നു വരുന്ന ശബ്ദത്തിനുവേണ്ടി കാതോർക്കും. വാതിൽ തുറക്കുന്നതിന്റെയും
അടയ്ക്കുന്നതിന്റെയും ശബ്ദം. അവൾ ജനലിലൂടെ നോക്കും ഗോപിയേട്ടൻ വയലിന്റെ ഹരിതവിശാലതയിൽ,
മൃഗതൃഷ്ണയിൽ ലയിച്ചാൽ അവൾ വിനോദിന്റെ മുറിയിലേക്കു നടക്കും.
</p>
          <p>വിനോദ് ഉറങ്ങിയിട്ടുണ്ടാവില്ല.
</p>
        </div>
        <!--end of "section 0.0.10.0/1.11"-->
      </div>
      <!--end of "chapter 0.0.10/1"-->
      <!--END OF CHAPTER 0.0.10/1-->
      <div type="chapter" n="0.0.11" xml:id="chp0.0.11">
        <head type="chaphead">പത്തു്</head>
        <div type="lsection">
          <p style="noindent">ജ്ഞാനാനന്ദൻ പൂക്കളുടെ കാര്യം മറന്നിരുന്നില്ല. രാവിലെ പൂക്കൂടയുമായിവന്നു്
അവൻ ചോദിച്ചു:
</p>
          <p>‘ഇന്നു ചേച്ചിയല്ലേ പൂവറുക്കുന്നതു?’
</p>
          <p>സരള തലയിൽ കൈവച്ചു. ഒരു വിഷമസന്ധിയിൽനിന്നു രക്ഷപ്പെടാൻ പറഞ്ഞ നുണ അവൻ
വിശ്വസിച്ചിരിക്കുന്നു. അവൾ കൂട കൈയിൽ വാങ്ങിക്കൊണ്ടു വാതിൽക്കൽ സംശയിച്ചുനിന്നു.
</p>
          <p>‘എനിക്കറിയില്ല എവിടെയാണു പൂക്കൾ കിട്ടുക എന്നു്.’
</p>
          <p>‘ആശ്രമത്തിന്റെ ചുറ്റുവട്ടത്തും പൂച്ചെടികളാണു്.’ ജ്ഞാനാനന്ദൻ പറഞ്ഞു ‘വലിയ വിഷമമില്ലാതെതന്നെ കിട്ടും’
</p>
          <p>‘കുട്ടി ഒരിക്കൽ ഒപ്പം വരാമോ?’ സരള സംശയിച്ചുകൊണ്ടു പറഞ്ഞു. ‘ഒരിക്കൽ വന്നാൽ മതി. എനിക്കൊരു
പരിചയവുമില്ലാത്ത സ്ഥലമല്ലേ.’
</p>
          <p>അവൻ മധുരമായി ചിരിച്ചു. അവന്റെ മുഖത്തു ശൈശവത്തിന്റെ സാരള ്യമുണ്ടായിരുന്നു. ‘കണ്ടില്ലേ ഞാൻ.’
എന്ന ഭാവം.
</p>
          <p>‘ശരി, വരൂ.’
</p>
          <p>ആശ്രമത്തിന്റെ പിന്നിലുള്ള ഒറ്റയടിപ്പാതയിലൂടെ അവർ നടന്നു. കുറെ നടന്നപ്പോഴാണു സരളയ്ക്കു
മനസിലായതു്, അവർ കുന്നിനെ വലംവയ്ക്കുകയാണെന്നു്. ഒറ്റയടിപ്പാത കുന്നിനെ ചുറ്റിച്ചുറ്റിപോവുകയാണു്. ഓരോ
പ്രാവശ്യം ചുറ്റുമ്പോഴും താഴേക്കിറങ്ങിക്കൊണ്ടിരുന്നു.
</p>
          <p>‘മഴക്കാലം കഴിഞ്ഞാൽ ഇവിടെ പൂക്കളുടെ പ്രളയമാണു്. ഒരഞ്ചു മിനിറ്റ് നടക്കുമ്പഴേക്കും പൂക്കൂട നിറയും’
</p>
          <p>ഇപ്പോൾ കാടാകെ ഉണങ്ങിയ മട്ടാണു്. മരങ്ങൾ മാത്രം പച്ചപിടിച്ചു നിൽക്കുന്നുണ്ടു്. ചെടികൾ പക്ഷേ,
വാടിയും ഉണങ്ങിയും കണ്ടു.
</p>
          <p>‘ഈ കുന്നില്ലെ, ഇതൊരു യന്ത്രമാണു്.’ നടന്നുകൊണ്ടിരിക്കെ ജ്ഞാനാനന്ദൻ പറഞ്ഞു. ‘പണ്ടിവിടെ
ഒരമ്പലമുണ്ടായിരുന്നുവെന്നു പറയ്ണ്ണ്ട്. നമ്മുടെ ഗുരുവിന്റെ ഗുരുവായി ഒരു സ്വാമികളുണ്ടായിരുന്നു.
വേലപ്പസ്വാമികൾ. അദ്ദേഹം ആശ്രമം ഉണ്ടാക്കാനായി ഈ മലമുകളിൽ വന്നപ്പോൾ പൊളിഞ്ഞുകിടക്കുന്ന
അമ്പലം കണ്ടുവത്രേ. അതിന്റെ സ്ഥാനത്താണു് ആശ്രമം പണിതതു്.’
</p>
          <p>‘എന്താണു സ്വാമികള് അമ്പലം പുതുക്കിപ്പണിയാതിരുന്നതു?’
</p>
          <p>‘അന്നു ദേവപ്രശ്നം വച്ചു നോക്കിയപ്പോൾ അതു യമദേവന്റെ അമ്പലമാണെന്നും പുതുക്കിപ്പണിയാൻ
പാടില്ലെന്നും കണ്ടു. അമാനുഷികശക്തികളാണത്രേ ഈ ക്ഷേത്രം നിർമിച്ചതു്. മനുഷ്യർക്കു് അതു
പുതുക്കിപ്പണിയാൻ പറ്റില്ലെന്നും അതിനു ശ്രമിക്കരുതെന്നുമാണു പ്രശ്നത്തിൽ കണ്ടതു്.’
</p>
          <p>‘ആശ്രമം പണിയുന്നതിനു വിരോധമില്ലെന്നു പ്രശ്നത്തിൽ കണ്ടതുകൊണ്ടാണു് ഇവിടെത്തന്നെ
ആശ്രമമുണ്ടാക്കിയതു്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ പ്രതിഷ്ഠയ്ക്കു താഴെ കുന്നിൽ ആഴത്തിൽ ഉള്ള യന്ത്രം
വളരെ ശക്തിയുള്ളതാണു്. അതുകൊണ്ടാണത്രേ വേലപ്പസ്വാമികൾക്കു പല സിദ്ധികളുമുണ്ടായിരുന്നതു്.’
</p>
          <p>ഒരു സ്ഥലത്തെത്തിയപ്പോൾ ജ്ഞാനാനന്ദൻ നിന്നു.
</p>
          <p>‘ഞാൻ ചേച്ചിക്കൊരു സ്ഥലം കാണിച്ചുതരാം.’
</p>
          <p>അവൻ ഒറ്റയടിപ്പാത വിട്ടു നടക്കാൻ തുടങ്ങി. വരണ്ട മണ്ണിലൂടെ, പാറകളിലൂടെ അവൻ നടന്നു. സരള

പിന്നാലെയും. അവർ മുകളിലേക്കു നോക്കി. ആശ്രമത്തിന്റെ പുൽക്കൂരകൾ അപ്രത്യക്ഷമായിരിക്കുന്നു. മരങ്ങൾ
മാത്രം. ഇവിടെനിന്നു നോക്കുമ്പോൾ അവ ഇടതൂർന്നു കിടന്നു. രണ്ടു വലിയ പാറകൾ അവരുടെ വഴി മുടക്കി.
അവയ്ക്കിടയിലൂടെ പ്രയാസപ്പെട്ടു കടക്കുമ്പോൾ ജ്ഞാനാനന്ദൻ പറഞ്ഞു:
</p>
          <p>‘സൂക്ഷിക്കണം കേട്ടോ.’
</p>
          <p>പാറകളുടെ മറുവശത്തു് ഒരു താഴ്ചയാണു് ആ താഴ്ചയിൽ സമതലം. ഒരു വലിയ മുറിയുടെ വലിപ്പമുണ്ടു്. ചുറ്റും
ഉയർന്ന പാറകൾ. മുകളിൽ ഒരു വലിയ പേരാൽ കുട പിടിച്ചു നിൽക്കുന്നു.
</p>
          <p>‘നോക്കൂ.’
</p>
          <p>ജ്ഞാനാനന്ദൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കവൾ നോക്കി. അവളുടെ കണ്ണുകൾ വിടർന്നു. വലിയൊരു
പാറയുടെ വിള്ളലിൽനിന്നു തെളിനീരുറവ പുറത്തേക്കുവരുന്നു.
</p>
          <p>‘എന്തു ഭംഗിയാണല്ലേ.’ സരള പറഞ്ഞു.
</p>
          <p>നേരിയ ആ ധാര നിലത്തെ പാറയിൽ ചെറിയ കയമുണ്ടാക്കി ഒരരികിലൂടെ പുറത്തേക്കൊഴുകി.
</p>
          <p>‘ഇതു പുനർജനീതീർത്ഥമാണെന്നു പറയുന്നു.’ ജ്ഞാനാനന്ദൻ പറഞ്ഞു. ‘ആരും ഈ വെള്ളം തൊടാറില്ല.
അതു നമ്മുടെ പുനർജന്മങ്ങളെ ബാധിക്കുമെന്നതുകൊണ്ടു്.’
</p>
          <p>അവൾ ചോദ്യത്തോടെ ജ്ഞാനാനന്ദനെ നോക്കി.
</p>
          <p>‘എന്നുവച്ചാൽ, നമ്മുടെ കർമ്മംകൊണ്ടാണു നമുക്കൊരു ജന്മം കിട്ടുന്നതു്. ഈ ജന്മത്തിലെ
കർമ്മഫലമനുസരിച്ചാണു് അടുത്ത ജന്മത്തിലെന്താവുക എന്നു നിർണയിക്കപ്പെടുന്നതു്. ഈ തീർത്ഥം തൊട്ടാൽ
നമ്മുടെ കർമ്മഫലങ്ങളെല്ലാം നശിക്കും. ഉദ്ദേശിച്ച ജന്മമായിരിക്കില്ല. നമുക്കു കിട്ടുക. അതു നഷ്ടമായിരിക്കും.
എത്രായിരം ഹീനജന്മങ്ങൾ കഴിഞ്ഞിട്ടാണു് ഒരു മനുഷ്യജന്മം കിട്ടുകയെന്നറിയാമോ. അതു മുഴുവൻ വീണ്ടും
ആവർത്തിക്കേണ്ടിവന്നാലോ?’
</p>
          <p>സരളയ്ക്കു ഭയമായി. വീണ്ടും പുഴുവായി, ക്ഷുദ്രജീവികളായി, മൃഗങ്ങളായി, പക്ഷികളായി, ഒരായിരം ജന്മങ്ങൾ!
</p>
          <p>‘ചേച്ചിക്കു പുനർജന്മത്തിൽ വിശ്വാസമുണ്ടോ?’
</p>
          <p>‘എനിക്കതിനേപ്പറ്റി ഒന്നും അറിയില്ല.’ സരള പറഞ്ഞു. ‘ഞാൻ അത്രയ്ക്കൊന്നും വായിച്ചിട്ടും പഠിച്ചിട്ടുമില്ല.’
</p>
          <p>‘ഈ മലയിൽ അദ്ഭുതങ്ങളുണ്ടെന്നതു ശരിയാണു്. ഞാനിടയ്ക്കു് ഈ പാറയിലിരുന്നു ധ്യാനിക്കാറുണ്ടു്.
അപ്പോൾ വളരെ അദ്ഭുതകരമായ അനുഭൂതികൾ ഉണ്ടാവാറുണ്ടു്. എനിക്കുതന്നെ മനസിലാവാത്തതു്.’
</p>
          <p>‘എന്നു വെച്ചാൽ?’
</p>
          <p>‘പറഞ്ഞുതരാൻ പറ്റില്ല. അനുഭവിച്ചറിയുകതന്നെ വേണം. ചിലപ്പോൾ തോന്നും ഈ മലനിരകളിലെമ്പാടും
ഗുഹകളാണെന്നും ആ ഗുഹകളിൽ നമ്മുടെ സങ്കൽപ്പത്തിനതീതമായ ഒരു കാലവും ആ കാലാനുസാരം
ജീവിക്കുന്ന കുറെ മനുഷ്യരുമുണ്ടെന്നും. ഒരു പക്ഷേ, നമ്മുടെതന്നെ പ്രതിച്ഛായയുള്ള മനുഷ്യർ. എല്ലാം എന്റെ
തോന്നലുകളായിരിക്കാം.’
</p>
          <p>സരളയ്ക്കു് ഒന്നും മനസിലായില്ല. ആശ്രമത്തിൽ അദ്ഭുതകരമായ എന്തോ ഉണ്ടെന്ന ബോധം ആദ്യംതൊട്ടേ
അവൾക്കുണ്ടായിരുന്നു. അവൾ ചോദിച്ചു.
</p>
          <p>‘ജ്ഞാനാനന്ദൻ എന്തിനാണു് ആശ്രമത്തിൽ ചേർന്നതു?’
</p>
          <p>‘ദൈവനിശ്ചയം.’ അവൻ ശങ്കിക്കാതെ പറഞ്ഞു. ‘ഞാൻ വളരെ ചെറുപ്പത്തിലേ സന്യാസം സ്വീകരിക്കുമെന്നു്
എന്റെ ജാതകത്തിലുണ്ടു്. അച്ഛനും അമ്മയും അതു വിശ്വസിച്ചില്ല. കാരണം, ഞാൻ അമ്പലത്തിലൊന്നും
പോയിരുന്നില്ല. ദൈവവിശ്വാസമില്ലാത്ത ഒരാൾ എങ്ങനെ സന്യസിക്കും? ഞാൻ പക്ഷേ, ശരിക്കും
വിശ്വാസിയായിരുന്നു. എന്റേതായ വഴിയിൽ എന്നുമാത്രം.’
</p>
          <p>‘എനിക്കു ചിലപ്പോൾ ഒരുൾവിളി ഉണ്ടാവാറുണ്ടു്. വീടുവിട്ടിറങ്ങാൻ അതെന്നെ പ്രേരിപ്പിക്കും. എന്റെ

ആത്മാവിന്റെ വിളിയായിരിക്കാം. ഞാൻ നിൽക്കേണ്ടിടത്തല്ല നിൽക്കുന്നതെന്ന തോന്നൽ ശക്തമാകും. മറ്റൊരു
കാണാസ്ഥലത്തെപ്പറ്റി അവ്യക്ത ധാരണകൾ മനസ്സിൽ വരും. നിഴലുകൾ മാതിരി. ഞാൻ അസ്വസ്ഥനാവും.’
</p>
          <p>‘നേരം കുറെയായി.’ സരള പറഞ്ഞു: ‘നമുക്കു തിരിച്ചുപോകാം.’
</p>
          <p>പാറയിൽനിന്നു് ഇറങ്ങിയ എളുപ്പത്തിൽ മേലോട്ടു കയറാൻ പറ്റില്ലെന്നവൾ കണ്ടു. ജ്ഞാനാനന്ദൻ
മുകളിലെത്തിയിരുന്നു.
</p>
          <p>‘എന്റെ കൈ പിടിച്ചുകൊള്ളൂ.’ അവൻ കൈനീട്ടിക്കൊണ്ടു പറഞ്ഞു: ‘കാൽ വയ്ക്കുമ്പോൾ സൂക്ഷിക്കണേ.’
</p>
          <p>അവൾ ജ്ഞാനാനന്ദൻ നീട്ടിയ കൈ പിടിച്ചു. ആ നിമിഷത്തിൽ ഒരു കോരിത്തരിപ്പു് അവളുടെ ദേഹത്തിൽ
പടർന്നുകയറി. താൻ ജ്ഞാനാനന്ദനിൽ വിനോദിനെ കാണുകയാണു്. അവൾ സ്വയം പഴിച്ചു. ഇതു
മുളയിൽത്തന്നെ നുള്ളിക്കളയുകയാണു നല്ലതു്.
</p>
          <p>ആശ്രമത്തിലെത്തിയപ്പോൾ അവൾ കൂട ജ്ഞാനാനന്ദനെ ഏൽപ്പിച്ചു സ്വന്തം മുറിയിലേക്കു പോയി.
നിലത്തിരുന്നു് ഗുരു കൊടുത്ത ഗീത വായിക്കുവാൻ ശ്രമിച്ചു. മനസ്സു് പക്ഷേ, വിചാരിച്ചിടത്തു വരുന്നില്ല.
</p>
          <p>ജ്ഞാനാനന്ദൻ ഒന്നും സംശയിക്കുന്നുണ്ടാവില്ല. പാറക്കെട്ടുകൾക്കിടയിലുള്ള സമതലം കണ്ടപ്പോൾ
നിമിഷനേരത്തേക്കു സരളയ്ക്കു പരിസരബോധം നഷ്ടപ്പെട്ടു. ഒപ്പം നിൽക്കുന്നതു വിനോദ് ആണെന്നും അതു
വിനോദിന്റെ കിടപ്പറയാണെന്നും തോന്നി. വളരെ യഥാർഥമായി തോന്നിയ ആ മതിഭ്രമം അവളെ വല്ലാതെ
ഭയപ്പെടുത്തി. അവൾക്കു വീണ്ടും വിനോദിനെ കാണുവാനും അവന്റെ കൈകളിൽ നിർവൃതിയടയാനും തോന്നി.
ഒപ്പംതന്നെ അതിനിയുണ്ടാവില്ലെന്ന ബോധവും അവൾക്കുണ്ടായി.
</p>
          <p>മുട്ടിന്മേൽ മുഖമുയർത്തി സരള തേങ്ങിക്കരയാൻ തുടങ്ങി.
</p>
        </div>
        <!--end of "section 0.0.11.0/1.12"-->
      </div>
      <!--end of "chapter 0.0.11/1"-->
      <!--END OF CHAPTER 0.0.11/1-->
      <div type="chapter" n="0.0.12" xml:id="chp0.0.12">
        <head type="chaphead">പതിനൊന്നു്</head>
        <div type="lsection">
          <p style="noindent">സരളയിലുണ്ടായ മാറ്റം ആനന്ദഗുരു ശ്രദ്ധിച്ചിരുന്നു. തന്റെ പ്രഭാഷണങ്ങൾ
നടക്കുമ്പോൾ ഹാളിന്റെ ഒരരികിൽ തലതാഴ്ത്തിയിരുന്നിരുന്ന അവൾ പെട്ടെന്നു ശ്രദ്ധാലുവായി. അവളുടെ
നടത്തത്തിലും ഭാവത്തിലും പ്രസരിപ്പുവന്നു. പറിച്ചുനട്ട തൈപോലെയായിരുന്നു അവൾ. ക്ഷീണിച്ച വേരുകൾ
പശിമയുള്ള മണ്ണിൽ പടർത്തി വെള്ളവും വളവും വലിച്ചെടുത്തു വാട്ടം തീർക്കുകയാണു്. അദ്ദേഹം സന്തോഷിച്ചു.
അവൾക്കു് ആശ്രമ ജീവിതം ഇഷ്ടമായിട്ടുണ്ടാകണം. പൂജയ്ക്കുള്ള പൂക്കൾ ശേഖരിക്കാൻ സരള
സഹായിക്കാറുണ്ടെന്നു ജ്ഞാനാനന്ദൻ പറഞ്ഞിരുന്നു. ക്രമേണ അവൾ ആശ്രമജീവിതവുമായി
ഇണങ്ങിച്ചേരുമായിരിക്കും. മനസ്സിനേറ്റ മുറിവു് ഉണങ്ങാൻ അതെല്ലാം സഹായകമാവും.
</p>
          <p>എന്താണു മുറിവു് എന്നു ഗുരു അന്വേഷിച്ചില്ല. അവൾ പറഞ്ഞുമില്ല. കാര്യകാരണന്യായങ്ങൾക്കു്
പ്രസക്തിയില്ലെന്നാണു തന്റെ ഇരുപതു കൊല്ലത്തെ ആശ്രമ ജീവിതം പഠിപ്പിച്ചതു്. കർമ്മം ചെയ്യുക മാത്രം.
ഫലനിർണയം ജന്മാന്തരങ്ങളിലൂടെയാണു്. നിയതിയുടെ നിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ എത്ര നിസ്സാരൻ.
</p>
          <p>താൻ കർമ്മാനുഷ്ഠാനത്തിൽ ഉറച്ചുനിന്നാൽ മതിയായിരുന്നു. ജന്മംകൊണ്ടു ലഭിച്ച കർമ്മം കൃഷിയായിരുന്നു.
ആ കർമ്മം അനുഷ്ഠിക്കുകയേ വേണ്ടിയിരുന്നുള്ളു. പക്ഷേ, താൻ ഹൃദയത്തോടു് ചേർത്തു പിടിച്ചിരുന്നതെല്ലാം
ഓരോന്നോരോന്നായി നഷ്ടപ്പെട്ടപ്പോൾ പിടിച്ചുനിൽക്കാനായില്ല. അപ്പോഴാണു് ഒരുൾവിളിയുടെ
അജ്ഞാതവീചികൾ തന്നെത്തേടിയെത്തിയതും. അതിനെ പിൻതുടർന്നു് ഈ ആശ്രമത്തിലെത്തിയതും.
</p>
          <p>വേലപ്പസ്വാമികൾ തന്നെ സ്വീകരിച്ചു. അതീന്ദ്രിയമായ ഒരുൾക്കാഴ്ചയാൽ തന്റെ വരവു് അദ്ദേഹം മുൻകൂട്ടി
കണ്ടിരുന്നു.
</p>
          <p>‘ഞാൻ നിന്നെ കാത്തിരിക്കയായിരുന്നു.’ സ്വാമികൾ പറഞ്ഞു. പർണ്ണശാലയുടെ വാതിലിനു പുറത്തു
ജ്വലിക്കുന്ന ഹോമകുണ്ഡത്തിലേക്കുറ്റുനോക്കിക്കൊണ്ടു സ്വാമികൾ സംസാരിച്ചു.
</p>
          <p>‘അമ്മ ശാന്തയായി പോയി, അല്ലേ?’
</p>
          <p>അമ്മയുടെ പതിനാറടിയന്തരം കഴിഞ്ഞതിന്റെ പിറ്റേന്നാണു് അയാൾ പുറപ്പെട്ടതു്. മരണം ശാന്തമായിരുന്നു.
ഇളയമകന്റെ അകാലമരണത്തിനുശേഷം അവർ മിക്കവാറും കിടപ്പുതന്നെയായിരുന്നു. ഒരു ദിവസം രാവിലെ
തന്നെ അടുത്തുവിളിച്ചു വെള്ളംകുടിച്ചശേഷം തന്റെ കൈപിടിച്ചുകൊണ്ടു കണ്ണുകളടച്ചു.
</p>
          <p>സ്വാമികൾ ഹോമകുണ്ഡത്തിലേക്കു് ഏകാഗ്രതയോടെ നോക്കിയിരിക്കയായിരുന്നു. മായാക്കാഴ്ചകൾ
കണ്ടുകൊണ്ടു് അദ്ദേഹം തുടർന്നു.
</p>
          <p>‘രണ്ടു കൊല്ലത്തിനകം നീ ഞാനിരിക്കുന്നിടത്തിരിക്കും. നിന്നെ അന്തേവാസികൾ ഗുരുവായി സ്വീകരിക്കും.
വാർദ്ധക്യത്തിൽ അകാലത്തു നഷ്ടപ്പെട്ടവർ നിന്നെത്തേടിയെത്തും. നീ അറിഞ്ഞെന്നു വരില്ല.
അറിയാതിരിക്കയാവും ഉത്തമം. അറിവു നിനക്കു പീഡനമാവും.’
</p>
          <p>പ്രവചനം നിന്നു. ഗുരു കണ്ണടച്ചിരിപ്പായി.
</p>
          <p>ഭൂതഭവിഷ്യത്തുകളെപ്പറ്റി പിന്നീടൊരിക്കലും സ്വാമികൾ സംസാരിച്ചില്ല. അറിവിന്റെ അപാരമായ,
വിചിത്രമായ ലോകം തനിക്കായി തുറന്നുതന്നു. രണ്ടുകൊല്ലത്തിനുശേഷം ആദ്യഭാഗം ഫലിച്ചപ്പോൾ
അദ്ഭുതപ്പെട്ടില്ല. വിധിയുടെ അജ്ഞാതമായ മാർഗങ്ങളെപ്പറ്റിയുള്ള അറിവു് അദ്ഭുതപ്പെടാതിരിക്കാൻ സഹായിച്ചു.
</p>
          <p>മലനിരകളെപ്പറ്റി സ്വാമികൾ പറയാറുണ്ടു്. ‘നമ്മുടെ പ്രജ്ഞയ്ക്കതീതമായ പലതും ഈ മലനിരകളിലുണ്ടു്.
അതെന്താണെന്നു കണ്ടുപിടിക്കാൻ ശ്രമിക്കരുതു്, അപകടമാണു്.’
</p>
          <p>സരളയോടു സംസാരിക്കുമ്പോൾ സ്വാമികൾ പറഞ്ഞതാണു് ഓർമ്മവരിക. അവൾ പറയുന്നതു്
അസംഗതമായ കാര്യങ്ങളാണു്. പക്ഷേ, അവൾ പറയുമ്പോൾ അതിനു സത്യത്തിന്റെ പരിവേഷമുണ്ടാകുന്നു.
ഒറ്റക്കാള വലിക്കുന്ന യാത്രാവണ്ടിയും അതിന്റെ ഉടമസ്ഥനായ താടിക്കാരനും ഉണ്ടായിരുന്നു എന്നതു സത്യമാണു്.
വണ്ടി ഇല്ലാതായിട്ടു പത്തു പതിനഞ്ചു വർഷമായി. അതിന്റെ ഉടമസ്ഥൻ താടിക്കാരനും എന്നേ മരിച്ചുപോയിരുന്നു.

ഇരുപത്തഞ്ചുവയസ്സുള്ള ഈ സ്ത്രീ രണ്ടാഴ്ച മുമ്പു് ആശ്രമത്തിലെത്തിയതു് ആ വണ്ടിയിലാണെന്നു പറയുന്നതു
സംഗതമല്ല. അതു നിഷേധിക്കാനും വയ്യാത്ത അവസ്ഥ.
</p>
          <p>പിന്നെ ദേവിക എന്ന പേരുള്ള സ്ത്രീ. അവളെപ്പറ്റി കൂടുതലൊന്നും പറയാൻ സരളയ്ക്കാവുന്നില്ല. ചോദിക്കാൻ
തനിക്കും ഭയമാവുന്നു.
</p>
          <p>സരളയുമായി സംസാരിക്കുമ്പോൾ യുഗങ്ങൾക്കപ്പുറം യാത്രചെയ്യുന്ന പ്രതീതി. സമയാധിഷ്ഠിതമായ ലോകം
മറഞ്ഞുപോയി തലകീഴായ ഒരു തലത്തിലെത്തുന്നു. മിനുറ്റുകൾ മണിക്കൂറുകളും മണിക്കൂറുകൾ മിനുറ്റുകളുമാവുന്നു.
ഒരു നിമിഷം ഒരു യുഗമായി വലിച്ചുനീട്ടുന്ന തോന്നൽ. സരളയുടെ മുഖത്തിന്റെ പരിചിതത്വം ഗുരുവിനെ അലട്ടും.
അന്വേഷണം മനസ്സിന്റെ ഇരുട്ടുനിറഞ്ഞ ഇടനാഴികളിൽ അവിടവിടെ വഴിമുട്ടിനിൽക്കും. ഓർമ്മയുടെ ഏതാനും
ഇടങ്ങൾകൂടി ഇരുട്ടുപിടിക്കാനുണ്ടു്. അതും കൂടി കഴിഞ്ഞാൽ നന്നായിരുന്നു.
</p>
        </div>
        <!--end of "section 0.0.12.0/1.13"-->
      </div>
      <!--end of "chapter 0.0.12/1"-->
      <!--END OF CHAPTER 0.0.12/1-->
      <div type="chapter" n="0.0.13" xml:id="chp0.0.13">
        <head type="chaphead">പന്ത്രണ്ടു്</head>
        <div type="lsection">
          <p style="noindent">ജ്ഞാനാനന്ദന്റെ ഒപ്പം പൂവറുക്കാൻ പോകാൻ സരളക്കിഷ്ടമായിരുന്നു. അവന്റെ
സംസാരം കേൾക്കാൻ രസമുണ്ടു്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി തൊട്ടുള്ള ശാസ്ത്രമതങ്ങൾ അവൻ പറഞ്ഞുതരും.
കോടാനുകോടി ഗാലക്സികൾ, ഓരോ ഗാലക്സിയിലും കോടാനുകോടി നക്ഷത്രങ്ങൾ, അവയിൽ ഒരിടത്തരം
നക്ഷത്രമായ സൂര്യൻ…
</p>
          <p>‘ചേച്ചീ, ഈ പ്രപഞ്ചത്തെക്കുറിച്ചോർത്താൽ നമുക്കു വിശ്വാസിയാവാതിരിക്കാൻ വയ്യ.’
</p>
          <p>ജ്ഞാനാനന്ദൻ ധാരാളം വായിച്ചിരുന്നു. അവന്റെ അറിവു പ്രായത്തിൽ കൂടുതലുള്ളതായിരുന്നു. അവൾ
കളിയായി പറഞ്ഞു.
</p>
          <p>‘ഇത്രയും അറിവുണ്ടെന്നു കണ്ടതുകൊണ്ടാണോ ഗുരു ജ്ഞാനാനന്ദനെന്ന പേരിട്ടതു?’
</p>
          <p>അവൻ ചിരിച്ചു. പിന്നെ ആലോചിച്ചുകൊണ്ടു പറഞ്ഞു:
</p>
          <p>‘അങ്ങനെയല്ല. നമ്മളെല്ലാം നമ്മുടെ പേരിനോടു നീതി പുലർത്താൻ ശ്രമിക്കയാണു് ചെയ്യുക. ആദ്യം പേർ
കിട്ടുന്നു വലിയ പ്രതീക്ഷകളോടെ. പിന്നെ ആ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ, അതു നീതീകരിക്കാൻ നമ്മൾ
ശ്രമിക്കുന്നു.’
</p>
          <p>ജ്ഞാനാനന്ദനു് വിനോദിന്റെ പല ചേഷ്ടകളുമുണ്ടു്. സംസാരത്തിൽ, അംഗവിക്ഷേപത്തിൽ. അതുകൊണ്ടു്
അവൻ സംസാരിച്ചുകൊണ്ടിരിക്കെ സരളയുടെ മനസ്സു് മധുരമായ ഓർമ്മയിലേക്കു വഴുതിപ്പോകുന്നു.
</p>
          <p>വിനോദിന്റെറ കയ്യിൽ തളർന്നു കിടന്നു് സരള അവൻ പറയുന്നതു ശ്രദ്ധിക്കും.
</p>
          <p>‘ഏട്ടത്തിയമ്മ അടുത്തുള്ളപ്പോൾ എനിക്കെന്തു സമാധാനമാണെന്നു് അറിയ്യോ? അടുത്തില്ലാത്തപ്പോൾ
ഏട്ടത്തിയമ്മ മാത്രമാണെന്റെ മനസ്സിൽ. ഒരു നോട്ടത്തിനായി, ഒരു സ്പർശത്തിനായി ഞാൻ ദാഹിക്കും.’
</p>
          <p>സരള അവൻ പറയുന്നതു കേട്ടുകിടക്കും, സംതൃപ്തയായി, അവനിൽനിന്നകലാൻ കഴിയാതെ.
</p>
          <p>‘രാത്രിയാണു് ഏറ്റവും വിഷമം.’ അവൻ പറയും. ‘പത്തുമണിക്കു ഗോപിയേട്ടൻ കോണി കയറി വരുന്ന ശബ്ദം
കേൾക്കാം. അതുകഴിഞ്ഞാൽ പത്തുമിനിറ്റിനുള്ളിൽ ഏട്ടത്തിയമ്മയുടെ കാലടി ശബ്ദം കേൾക്കാം. എത്ര
മൃദുലമാണെന്നറിയാമോ ആ ശബ്ദം. എന്നാലും ഞാൻ കേൾക്കും.’
</p>
          <p>സരള ഓർക്കും. താൻ കൂജയിലും ഗ്ലാസിലും വെള്ളമായിവരും. കൂജയിലെ വെള്ളം മേശപ്പുറത്തു വച്ചു
ഗ്ലാസിലെ വെള്ളവുമായി വിനോദിന്റെ മുറിയിലേക്കു പോകും. അവൻ വായിക്കുന്നതിന്റെ അടുത്തുചെന്നു്
അവനോടു ചേർന്നുനിന്നു വെള്ളം മേശപ്പുറത്തുവയ്ക്കും. അവൻ പരിഭവത്തോടെ പറയും.
</p>
          <p>‘ഇങ്ങനെയെങ്കിലും ഒന്നു കാണാൻ പറ്റുന്നുണ്ടല്ലോ.’
</p>
          <p>സരള നിസ്സഹായയായി അവനെ നോക്കും, കുനിഞ്ഞു് അവന്റെ കവിളിൽ ഉമ്മവച്ചു പുറത്തേക്കു പോകും.
</p>
          <p>‘ഏട്ടത്തിയമ്മ പോയിക്കഴിഞ്ഞാൽ ഞാൻ ശരിക്കും വിഷമിക്കുന്നുണ്ടു്.’ വിനോദ് പറയും. ‘നിങ്ങളുടെ വാതിൽ
ചാരുന്ന ശബ്ദം കേൾക്കും. ഏട്ടത്തിയമ്മ സാരി അഴിച്ചു മാറ്റുന്നതു ഞാൻ ഭാവനയിൽ കാണും. വിളക്കു്
ഊതിക്കെടുത്തി ബ്ലൗസും പാവാടയുമായി ഗോപിയേട്ടന്റെ അടുത്തുചെന്നു കിടക്കുന്നതു്, ഗോപിയേട്ടൻ
കെട്ടിപ്പിടിക്കുന്നതു്, ഉമ്മവയ്ക്കുന്നതു്… ചെരിഞ്ഞുകിടക്കുമ്പോൾ താലിച്ചെയിൻ ഒളിപ്പിക്കുന്ന ഭംഗിയായ
മാറിടം ഓർമ്മവരും. ഞാൻ തേങ്ങിക്കരയാൻ തുടങ്ങും’
</p>
          <p>സരള എല്ലാം കേട്ടുകിടക്കും. അവന്റെ മുഖം തന്റെ നഗ്നമായ മാറിൽ വെച്ചമർത്തും എങ്ങനെയാണു്
ആശ്വസിപ്പിക്കേണ്ടതു?

</p>
          <p>‘ഞാൻ നിന്റേതാണു് വിനൂ’ അവൾ പറയും. ‘നിന്റേതു മാത്രം.’
</p>
          <p>‘തീർച്യാണോ?’
</p>
          <p>‘അതെ വിനു, തീർച്ച.’
</p>
          <p>അവൻ കുറച്ചു ശാന്തനാവും. പക്ഷേ, മനസ്സാക്ഷി കാത്തുനിൽക്കുകയാവും അവനെ വേദനിപ്പിക്കാൻ. അവൻ
പറയും.
</p>
          <p>‘ഏട്ടൻ എന്റെ അച്ഛനെപ്പോലെയാണു്. എനിക്കുവേണ്ടിയാണു് പഠിത്തം നിർത്തിയതു്, എന്നെ
കോളജിലയയ്ക്കാൻ, എന്നിട്ടു് ആ ഏട്ടനെ ഞാൻ വഞ്ചിക്കുകയാണു്. ഞാനൊരു പാപിയാണു്.’
</p>
          <p>‘അതു സാരമില്ലല്ലോ,’ സരള ആശ്വസിപ്പിക്കാൻ ശ്രമിക്കും. ഇതിൽ വഞ്ചനയൊന്നുമില്ല. ഞാൻ
രണ്ടുപേരുടെയും ഭാര്യയാണെന്നു കരുതിയാൽ മതി. എനിക്കു രണ്ടു ഭർത്താക്കന്മാരാണെന്നു മാത്രം. അതിൽ
തെറ്റൊന്നുമില്ല.’
</p>
          <p>വാസ്തവത്തിൽ സരളയ്ക്കു മനസ്സാക്ഷിക്കുത്തൊന്നുമുണ്ടായിരുന്നില്ല. അവളുടെ പുരുഷന്മാർ രണ്ടുപേരും
ജ്യേഷ്ഠാനുജന്മാരാണു്. അവർ തമ്മിൽ സ്നേഹത്തിലാണുതാനും. സ്നേഹരാഹിത്യമുണ്ടാവുമ്പോഴെ പ്രശ്നങ്ങളുണ്ടാവു.
</p>
          <p>സരള അറിയാതെ പക്ഷേ, അവളുടെ മനസ്സിലും പ്രശ്നങ്ങളുണർന്നിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോൾ അവളിലെ
ന്യായാധിപ ഉണർന്നു് അവളെ വിചാരണ ചെയ്യാറുണ്ടു്. എന്തിനു വിനോദുമായി ഈ വിധത്തിൽ അടുത്തു?
ആറുകൊല്ലത്തെ വൈവാഹിക ജീവിതത്തിൽ അവളുടെ ഗർഭപാത്രം തരിശായി കിടന്നുവെങ്കിലും മനസ്സിൽ
സ്നേഹത്തിന്റെ, കരുണയുടെ നീരോട്ടമുണ്ടായിരുന്നു. വിനോദ് ഒരു മകനെന്നേ തോന്നിയിരുന്നുള്ളൂ. എന്നിട്ടു
പെട്ടെന്നെന്തേ ഈ മാറ്റം?
</p>
          <p>ഈ വക ചിന്തകൾക്കിടയിലും സരള ആഹ്ലാദവതിയായിരുന്നു. അനുതാപത്തിന്റെ നിമിഷങ്ങളൊഴിച്ചാൽ
വിനോദും സംതൃപ്തനായിരുന്നു.
</p>
          <p>ദുരന്തം പക്ഷേ, അകലെയായിരുന്നില്ല.
</p>
          <p>ജ്ഞാനാനന്ദൻ വളരെ മുമ്പിലെത്തിയിരുന്നു. ഒരു തിരിവിൽ അവൻ കാത്തുനിന്നു. സാവധാനത്തിൽ
നടന്നുവരുന്ന സരളയെ നോക്കി അവൻ ചോദിച്ചു:
</p>
          <p>‘ചേച്ചി ക്ഷീണിച്ചുവോ?’
</p>
          <p>അവന്റെ മുഖത്തു കുട്ടിത്തമുണ്ടായിരുന്നു. അതു നോക്കിക്കൊണ്ടു നടക്കേ ജ്ഞാനാനന്ദനും വിനോദും
തമ്മിലുള്ള സാദൃശ്യത്തിന്റെ യാദൃശ്ചികതയിൽ അവൾ സ്വയം മറന്നു. അവൾ പറഞ്ഞു.
</p>
          <p>‘ഇല്ല വിനു’.
</p>
          <p>അത്ഭുതംകൂറുന്ന കണ്ണുകളോടെ ജ്ഞാനാനന്ദൻ സരളയെ നോക്കി. ഒപ്പം നടക്കാൻ തുടങ്ങിയപ്പോൾ അവൻ
ചോദിച്ചു.
</p>
          <p>‘വിനു ആരാണു് ചേച്ചി?’
</p>
          <p>സരളയുടെ മുഖം ചുവന്നു. തന്റെ വായിൽനിന്നു വിനുവിന്റെ പേർ വീണ്ടും വീണുവെന്നു് അപ്പോഴാണോർത്തതു്.
</p>
          <p>‘സന്യസിക്കുന്നതിനു മുമ്പു് എന്റെ പേരു് വിനയൻ എന്നായിരുന്നു. അച്ഛനും അമ്മയും എന്നെ വിനു എന്നാണു്
വിളിച്ചിരുന്നതു്. ആശ്രമത്തിൽ പക്ഷേ, ഗുരു ഒഴികെ ആർക്കും പൂർവാശ്രമത്തിലെ പേരു് അറിയില്ല.’
</p>
          <p>സാദൃശ്യങ്ങൾ കൂടിവരുന്നു. സരള വിചാരിച്ചു.
</p>
          <p>‘ഓർമ്മയുണ്ടോ, ഒരു ദിവസം ഞാൻ പൂവറുത്തുകൊണ്ടിരുന്നപ്പോൾ ചേച്ചി വിനു എന്നു വിളിച്ചതു് അമ്മയുടെ
ശബ്ദംപോലെ തോന്നി അതു്. ഞാനന്നു കുറെനേരം കരഞ്ഞു.’

</p>
          <p>അവർ കുറച്ചു നേരം നിശ്ശബ്ദരായി നടന്നു.
</p>
          <p>‘ചേച്ചി’, അവൻ തുടർന്നു: ‘സന്യസിച്ചതു കൊണ്ടൊന്നും മമതയില്ലാതാവുന്നില്ല. നമ്മുടെ മനസ്സിന്റെ
ആഴത്തിൽ അതെന്നുമുണ്ടാവും’.
</p>
          <p>അമ്മ എവിടെയാണിപ്പോൾ?
</p>
          <p>‘അവിടെ’ ആകാശത്തേക്കു ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.
</p>
          <p>‘എന്റെ പത്താം വയസ്സിൽ അമ്മ മരിച്ചു.’
</p>
          <p>ഏറിവരുന്ന സാദൃശ്യങ്ങളുടെ ആകസ്മികതയിൽ സ്തബ്ധയായി സരള നിന്നു. വിനോദിന്റെ അച്ഛൻ,
ജ്ഞാനാനന്ദന്റെ അമ്മ, രണ്ടുപേരും മരിച്ചതു മക്കളുടെ പത്താം വയസ്സിൽ. ദ്വന്ദത്തിൽനിന്നു്
ഏകത്വത്തിലേക്കുള്ള രണ്ടാത്മാക്കളുടെ സംഭ്രമജനകമായ പ്രയാണം. അവൾ നെടുവീർപ്പിട്ടു.
</p>
          <p>‘നമ്മൾ കുറെയധികം നടന്നു അല്ലേ?’
</p>
          <p>സരള ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു.
</p>
          <p>‘ഇവിടെ അടുത്തല്ലെ അന്നു നമ്മൾ പോയ സ്ഥലം. ആ പാറക്കെട്ടും നീർച്ചാലും?’
</p>
          <p>‘അങ്ങോട്ടു പോണോ?’
</p>
          <p>‘പോവാം’
</p>
          <p>‘അതൊരപകടം പിടിച്ച സ്ഥലമാണു്. നമ്മുടെ ബുദ്ധിയെ കുഴക്കുന്ന എന്തോ ഉണ്ടവിടെ. അങ്ങോട്ടധികം
പോകാതിരിക്കയാണു നല്ലതു്.’
</p>
        </div>
        <!--end of "section 0.0.13.0/1.14"-->
      </div>
      <!--end of "chapter 0.0.13/1"-->
      <!--END OF CHAPTER 0.0.13/1-->
      <div type="chapter" n="0.0.14" xml:id="chp0.0.14">
        <head type="chaphead">പതിമൂന്നു്</head>
        <div type="lsection">
          <p style="noindent">മലനിരകളിൽനിന്നു മഞ്ഞിന്റെ ആവരണം തുടച്ചുമാറ്റപ്പെട്ടു. മുകളിൽ സഹ്യന്റെ
ഹിമം മൂടിയ കൊടുമുടികൾ സൂര്യവെളിച്ചത്തിൽ തിളങ്ങി. മലമുകളിലെ പാറകളിൽ നിന്നൂർന്നുചാടുന്ന ജലധാര
ഇപ്പോൾ വ്യക്തമാണു്. പർണ്ണശാലയുടെ വാതിലിലൂടെ നോക്കിയിരിക്കെ ആനന്ദഗുരു അസ്വസ്ഥനായി.
ജ്ഞാനാനന്ദൻ പൂവറുക്കാൻ പോയിട്ടു നേരം അധികമായിരിക്കുന്നു.
</p>
          <p>ഗുരു പുറത്തേക്കിറങ്ങി. ജ്ഞാനാനന്ദനെപ്പറ്റി എന്തിനാണു് ഇത്രയും ആകാംക്ഷ എന്നു് ആലോചിക്കും.
ജ്ഞാനാനന്ദനെ കാണുമ്പോൾ ആഴത്തിലെവിടെയോ ഒക്കെ വേരുകൾ ഇറങ്ങിച്ചെന്നു് മമതയുടെ ചില്ലകളിൽ
കനിവിന്റെ തളിർവിരിയും. മറ്റെല്ലാ ചരടുകളും അറുത്തു. ഒന്നുമാത്രം ബാക്കിവച്ചു. അതു മരണത്തോടെ മാത്രമേ
അറുക്കാവു എന്നായിരിക്കും ദൈവനിശ്ചയം. അതുകൊണ്ടായിരിക്കണം ജ്ഞാനാനന്ദനെ തന്റെ അടുത്തേക്കു്
എത്തിച്ചതു്. ദൈവത്തിന്റെ വഴികൾ അജ്ഞാതവും അപരിമേയവുമാണു്.
</p>
          <p>കാറ്റു് ഹോമകുണ്ഡത്തിലെ ചാരം മുറ്റത്തു വിതറി. അതു് ശ്രീകോവിലിനു മുമ്പിൽ കർമി വരച്ച കളംപോലെ
പരന്നുകിടന്നു.
</p>
          <p>പാറക്കെട്ടിനുള്ളിൽ പേരാൽ വിരിച്ച തണലിൽ അവർ നിന്നു. മൂന്നു വശത്തും പാറകൾ മാത്രം.
പാറകളില്ലാത്ത ചെരിവുകൾ വള്ളികളാൽ മൂടിയിരുന്നു. മുകളിൽ ആകാശം മുക്കാലും മറയ്ക്കുന്ന പേരാൽ.
പുറംലോകത്തിനു് അവരെ സംബന്ധിച്ചിടത്തോളം നിലനിൽപുണ്ടായിരുന്നില്ല. അവരുടേതായ ഒരു ചെറിയ
ലോകം മാത്രം.
</p>
          <p>സരള ചോദിച്ചു.
</p>
          <p>‘നിന്നെ ഞാൻ വിനൂന്നു വിളിക്കട്ടെ’
</p>
          <p>ജ്ഞാനനാന്ദൻ ചിരിച്ചു. നിഷ്ക്കളങ്കമായ ചിരി. അവൾ പതുക്കെ വിളിച്ചു.
</p>
          <p>‘വിനു’
</p>
          <p>ബാലിശമായ ആ വിളികേട്ട ജ്ഞാനാനന്ദൻ ചിരിച്ചു. പേരാലിനു ചുവട്ടിൽ ബെഞ്ചുപോലെ പരന്ന പാറയിൽ
അവർ ഇരുന്നു.
</p>
          <p>ഗുരു കാത്തുനിൽക്കുന്നുണ്ടാവുമെന്നു് ജ്ഞാനാനന്ദനോർത്തു. പൂജയ്ക്കുള്ള സമയമായിരിക്കുന്നു.
</p>
          <p>‘ചേച്ചീ, നമുക്കു പോകാം, ഗുരു കാത്തിരിക്കുന്നുണ്ടാവും’.
</p>
          <p>‘സാരമില്ല വിനൂ, കുറച്ചു നേരം മാത്രം’
</p>
          <p>വിനു എന്ന വിളിയിൽ മാസ്മരികതയുണ്ടായിരുന്നു. അവൻ അമ്മയെ ഓർത്തു. മരിക്കുന്നതിന്റെ തലേന്നു്
അമ്മ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചിരുന്നു.
</p>
          <p>‘അമ്മ പോയാൽ നീ വ്യസനിക്ക്യോ’.
</p>
          <p>അതിന്റെ ഉത്തരം അവർക്കറിയാമായിരുന്നു. അവർ മെലിഞ്ഞ കൈകൊണ്ടു് അവന്റെ തലയിൽ തലോടി.
</p>
          <p>പത്തുവയസ്സിൽ ഒരു കുട്ടിക്കു സ്വന്തം വികാരങ്ങൾ പരിപൂർണമായി അറിയിക്കാൻ കഴിഞ്ഞെന്നുവരില്ല. അന്നു
കരയാതിരുന്നതിനു്, അമ്മ അടുത്തൊന്നും മരിക്കില്ലെന്നു പറഞ്ഞു് ആശ്വസിപ്പിക്കാൻ കഴിയാതിരുന്നതിനു്,
അവൻ പിന്നീടു് പരിതപിച്ചിരുന്നു.
</p>
          <p>‘വിനു എന്താണു് സന്ന്യാസം സ്വീകരിക്കാൻ കാരണം?’

</p>
          <p>സരള അവന്റെ ചുമലിൽ കൈവച്ചു ചോദിച്ചു. ജ്ഞാനാനന്ദൻ ആ കൈയെടുത്തു സ്വന്തം കൈകളിൽ ഒതുക്കി,
വാത്സല്യത്തോടെ തടവി.
</p>
          <p>എന്താണു കാരണം? അമ്മ അകാലത്തിൽ മരിച്ചതോടുകൂടി ജീവിതത്തിന്റെ അർത്ഥമില്ലായ്മ അവൻ
മനസ്സിലാക്കി. ഒരു കൊല്ലം കഴിഞ്ഞപ്പോൾ അച്ഛൻ വേറെ കല്യാണം കഴിച്ചു. അതിൽ ഒരു മകനുണ്ടായതോടെ
രണ്ടാനമ്മയുടെ ഭയാശങ്കകൾ തുടങ്ങി. പരിമിതവിഭവങ്ങൾ മൂത്ത മകനുമായി പങ്കിടേണ്ടി വരില്ലേ.
മുറുമുറുക്കലുകൾ, രാത്രി കിടപ്പുമുറിയിൽ അടക്കംപറച്ചിലുകൾ, നിസ്സഹായനായ അച്ഛന്റെ അനുരഞ്ജന സ്വരം.
</p>
          <p>ആയിടയ്ക്കാണു നിശ്ശബ്ദമായ ആ വിളി അവനെ തേടിയെത്തിയതു്. ഒറ്റയ്ക്കിരിക്കുന്ന സന്ദർഭങ്ങളിൽ ആ വിളി
അവന്റെ മനസ്സിൽ തള്ളിക്കയറി. പിന്നെ സ്വപ്നസദൃശമായ ദൃശ്യങ്ങൾ. അതു മറ്റൊരു ലോകത്തിന്റേതാണു്.
ചിലപ്പോൾ ആസക്തിയുടെ, ചിലപ്പോൾ ആത്മീയതയുടെ ഉദാത്തമായ അനുഭൂതികൾ.
</p>
          <p>സരള ഉത്തരത്തിനുവേണ്ടി കാത്തിരിക്കയാണു്. അവൻ പറഞ്ഞു.
</p>
          <p>‘ഒരു വിളികേട്ടു, ഞാൻ വീട്ടിൽ നിന്നിറങ്ങിത്തിരിച്ചു. എത്തിയതു് മലമുകളിലെ ആശ്രമത്തിൽ’.
</p>
          <p>ഒന്നു നിർത്തിക്കൊണ്ടവൻ പറഞ്ഞു. ‘നമ്മുടെ ബോധമണ്ഡലത്തിനുമപ്പുറത്തു് എന്തൊക്കെയോ ഉണ്ടു്.
ചിലപ്പോൾ അതെന്നെ ഭയപ്പെടുത്തുന്നു.
</p>
          <p>‘വിനു ഈ ആശ്രമത്തിൽ വന്നിട്ടു് എത്ര കാലമായി?
</p>
          <p>‘പത്തുവർഷം. അതായതു് എഴുപത്തിനാലിൽ’.
</p>
          <p>‘എഴുപത്തിനാലിൽ?’
</p>
          <p>‘അതെ എഴുപത്തിനാലു ഫെബ്രുവരി പതിനാലാം തീയതി’
</p>
          <p>‘അപ്പോൾ ഇതേതാണു് കൊല്ലം?’
</p>
          <p>‘ഇതോ ഇതു് തൊള്ളായിരത്തി എൺപത്തിനാലു്?’
</p>
          <p>അവൻ സംശയത്തോടെ സരളയെ നോക്കി.
</p>
          <p>അവളുടെ മുഖത്തു് അമ്പരപ്പായിരുന്നു.
</p>
          <p>സരള സ്തബ്ധയായി ഇരുന്നു. തൊള്ളായിരത്തി എൺപത്തിനാലു്! അപ്പോൾ…?
</p>
          <p>അവൾ ആലോചിച്ചു. താൻ വീടുവിട്ടിറങ്ങിയതു് അറുപത്തിരണ്ടിലാണു്. ഏപ്രിൽ ഇരുപത്തെട്ടാം
തീയതിയാണെന്നാണു് ഓർമ്മ. തീയതി തീർച്ചയില്ല. മനസ്സു് ഞെട്ടലിൽനിന്നു് ഉണർന്നിരുന്നില്ല. ഏപ്രിൽ
ആണെന്നുറപ്പുണ്ടു്. വിനോദ് പരീക്ഷയെഴുതാൻ പോയതു് ഏപ്രിൽ മൂന്നാം തീയതിയായിരുന്നു.
</p>
          <p>അവൾ ജ്ഞാനാനന്ദനെ നോക്കി. സരളയുടെ മനസ്സിലെ കൊടുങ്കാറ്റിനെപ്പറ്റി അജ്ഞനായി ഒന്നും
സംശയിക്കാതെ അവൻ ഇരിക്കയാണു്. അവളുടെ കൈ അവന്റെ കൈകളിലാണു്. അതു് മൃദുലമായി
അമർത്തിക്കൊണ്ടു് അവൻ ചോദിച്ചു.
</p>
          <p>‘എന്താണു് പ്രശ്നം’
</p>
          <p>ഉത്തരം കിട്ടാത്ത പ്രശ്നങ്ങളുടെ ചുഴിയിൽപ്പെട്ടു് അവൾ കറങ്ങുകയാണു്. ജ്ഞാനാനന്ദൻ അസത്യം
പറയില്ലെന്നു് അവൾക്കറിയാം, കളിയായിട്ടു പോലും. അപ്പോൾ എന്താണു സംഭവിച്ചതു?
</p>
          <p>വീടു വിട്ട ദിവസത്തെ സംഭവങ്ങൾ മുഴുവൻ ഓർമ്മിക്കാൻ പറ്റുന്നില്ല. പുകവന്നു മൂടിയ പോലെ
അവ്യക്തമാണു്. വിനോദിന്റെ മരണത്തിനുശേഷം അവൾ താഴെ അമ്മയുടെ മുറിയിലായിരുന്നു കിടന്നിരുന്നതു്.
ഗോപിയേട്ടൻ അവളോടു് അസ്വാഭാവികമായി ഒന്നും പെരുമാറിയില്ല. പക്ഷേ, അയാൾ എല്ലാം അറിഞ്ഞുവെന്നു്
അവളുടെ മനസ്സു് പറഞ്ഞു. അവൾ വേദനകടിച്ചുതിന്നു് സ്നേഹത്തിന്റെ വിലകൊടുക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്കു്
ആലോചിക്കും. അവനെന്തിനിതു ചെയ്തു?

</p>
          <p>ഉത്തരം കിട്ടാതിരുന്ന രാത്രികളിലൊന്നിൽ അവൾ യാത്രതിരിച്ചു. അമ്മ ഉറക്കത്തിലായിരുന്നു. അവർ
അനുഗൃഹീതമായ മയക്കത്തിൽനിന്നു് ഉണർന്നില്ലെന്നു വേണം പറയാൻ. സരള കട്ടിലിന്റെ കാൽക്കൽ
നമസ്കരിച്ചു. ഗോപിയേട്ടന്റെ മുറിയുടെ ചാരിയ വാതിൽക്കൽ അവൾ നിന്നു. കുറെ നേരം. വിനോദിന്റെ
ഓർമ്മവന്നു. കണ്ണീർ ധാരയായി ഒഴുകി. പതുക്കെ മന്ത്രിച്ചു. മാപ്പു്.
</p>
          <p>‘ചേച്ചിക്കെന്തു പറ്റി?’ ജ്ഞാനാനന്ദൻ അവളുടെ പുറത്തു കൈവച്ചു് ആശ്വസിപ്പിച്ചു. അവൾ അവന്റെ,
അരക്കെട്ടിലൂടെ പിടിച്ചു് അവന്റെ ചുമലിൽ മുഖം വച്ചു. അവൻ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി.
</p>
          <p>മരങ്ങൾക്കിടയിലൂടെ വന്ന തണുത്ത കാറ്റു് അവളുടെ കണ്ണീർ ഒപ്പിയെടുത്തു. അവൾ എഴുന്നേറ്റുകൊണ്ടു
പറഞ്ഞു: ‘നമുക്കു പോകാം’
</p>
        </div>
        <!--end of "section 0.0.14.0/1.15"-->
      </div>
      <!--end of "chapter 0.0.14/1"-->
      <!--END OF CHAPTER 0.0.14/1-->
      <div type="chapter" n="0.0.15" xml:id="chp0.0.15">
        <head type="chaphead">പതിനാലു്</head>
        <div type="lsection">
          <p style="noindent">പർണശാലയുടെ മുറ്റത്തു് ഉലാത്തിയിരുന്ന ആനന്ദഗുരു അക്ഷമനായി.
പൂജാസമയം കഴിയുന്നു. അതു സാരമില്ല. പക്ഷേ, ജ്ഞാനാനന്ദൻ എവിടെ? ഇങ്ങനെ വൈകാറില്ലല്ലോ.
മുറ്റത്തിന്റെ അരികിൽ പോയി അദ്ദേഹം കുന്നിൻചെരിവിലേക്കു നോക്കി. പെട്ടെന്നദ്ദേഹം നിവർന്നു നിന്നു.
മരങ്ങൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന കൈവഴികളിൽ നടന്നുനീങ്ങുന്ന രണ്ടുരൂപങ്ങൾ. ഗുരു ശ്രദ്ധിച്ചു.
പൂക്കൂട പിടിച്ചിരുന്നതു് സ്ത്രീരൂപമായിരുന്നു.
</p>
          <p>ദുരന്തങ്ങളുടെ കാലൊച്ച കേൾക്കുന്നപോലെ തോന്നി, എന്തുകൊണ്ടോ ഗുരു അസ്വസ്ഥനായി.
</p>
        </div>
        <!--end of "section 0.0.15.0/1.16"-->
      </div>
      <!--end of "chapter 0.0.15/1"-->
      <!--END OF CHAPTER 0.0.15/1-->
      <div type="chapter" n="0.0.16" xml:id="chp0.0.16">
        <head type="chaphead">പതിനഞ്ചു്</head>
        <div type="lsection">
          <p style="noindent">പ്രാതൽസമയത്തു ഹാളിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ സരള നോക്കി.
ജ്ഞാനാനന്ദൻ പറഞ്ഞതു ശരിതന്നെ. 1984 മേയ് മാസം. തിയ്യതിയെപ്പറ്റി അവൾ വിഷമിച്ചില്ല. പക്ഷേ,
എൺപത്തിനാലെന്ന സത്യം അവളെ പീഡിപ്പിച്ചു. ജ്ഞാനാനന്ദൻ പറഞ്ഞതോർത്തു. നമ്മുടെ
ബോധമണ്ഡലത്തിനപ്പുറത്തു് എന്തൊക്കെയോ ഉണ്ടു്. അതവളെ ശരിക്കും ഭയപ്പെടുത്തി. വീടുവിട്ടശേഷം
ആശ്രമത്തിലെത്തുന്നതുവരെയുള്ള സംഭവങ്ങൾ വ്യക്തമല്ലാതായിരിക്കുന്നു. നഗരത്തിലെ ആശ്രമവും
യോഗിനിയമ്മയും നേരിയ ഓർമ്മയുണ്ടു്. പിന്നെ ദേവിക, ഒറ്റക്കാളവണ്ടി തെളിക്കുന്ന താടിക്കാരൻ.
ദേവികയെപ്പറ്റിയും കാളവണ്ടിയെപ്പറ്റിയും പറഞ്ഞപ്പോൾ അന്തേവാസികളിലുണ്ടായ അമ്പരപ്പിന്റെ കാരണം
അവൾക്കു മനസ്സിലായി. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാണെന്നവൾ കണ്ടു.
</p>
          <p>സമയത്തിന്റെ മായയെപ്പറ്റി ഗുരു പറഞ്ഞു.
</p>
          <p>‘നമുക്കു മുഴുവൻ മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത ഒരു പ്രതിഭാസമാണു സമയം. രണ്ടു
സംഭവങ്ങൾക്കിടയിലെ കാലയളവിനെ നമ്മൾ സമയം എന്നു പറയുന്നു. സംഭവങ്ങളില്ലാതിരുന്നാൽ സമയവും
നിശ്ചലമാകും. അങ്ങനെയൊരു അവസ്ഥ ഉണ്ടാവാൻ വഴിയില്ല. കാരണം ഒരു സെക്കന്റിന്റെ
ആയിരത്തിലൊരംശത്തിൽത്തന്നെ എന്തൊക്കെ നടക്കുന്നു. കോടാനുകോടി ജീവികൾ, അവയിൽ
അണുപ്രായമായ ബാക്ടീരിയ മുതൽ ആനപോലുള്ള മൃഗങ്ങൾ വരെ, പിന്നെ വൃക്ഷലതാദികൾ, എല്ലാം
ജനിക്കുകയോ, വളരുകയോ, മരിക്കുകയോ ചെയ്യുന്നു. അനാദിയായ ഈ പ്രപഞ്ചത്തിൽ ഒന്നും നിശ്ചലമല്ല. ഒരു
പരമാണുവിൽത്തന്നെ എത്ര ചലനങ്ങളുണ്ടു്. ഒരു ബിന്ദുവിൽനിന്നു് മറ്റൊരു ബിന്ദുവിലേക്കുള്ള ചലനത്തിന്റെ
കാലയളവാണു സമയം.
</p>
          <p>‘സമയം നമുക്കു നിർത്താൻ കഴിയില്ല. ആട്ടെ എന്താണു കുട്ടിയുടെ സംശയം?’
</p>
          <p>അവൾ ഗുരുവിനോടു് അവളുടെ സംശയം പറഞ്ഞില്ല. ദുരൂഹതകൾ ഏറിവരുന്ന ഒരു ലോകത്തു് അവൾ
ഒറ്റപ്പെടുകയാണു്.
</p>
          <p>‘ഈ മലയിൽ എന്തോ അദൃശ്യ ശക്തികളുണ്ടെന്നു തോന്നുന്നു.’ സരള പറഞ്ഞു.
</p>
          <p>ആനന്ദഗുരു ചിന്താധീനനായി. അദ്ദേഹം സ്വന്തം ഗുരുവായ വേലപ്പസ്വാമികളെ ഓർത്തു. തൊണ്ണൂറാം
വയസ്സിലാണു് അദ്ദേഹം സമാധിയടഞ്ഞതു്. അറുപതു കൊല്ലം അദ്ദേഹം ഈ മലനിരകളിൽ അലഞ്ഞുനടന്നു.
ഇവിടെ ഒളിഞ്ഞുകിടക്കുന്ന രഹസ്യം എന്താണെന്നു മനസ്സിലാക്കാൻ. രഹസ്യം അനാവരണം
ചെയ്യാനാകാതെത്തന്നെ അദ്ദേഹം പോയി. മനസ്സിലായ ചുരുക്കം കാര്യങ്ങൾ ശിഷ്യനു പകർന്നുകൊടുത്തു.
പുനർജനിയുടെ സ്രോതസ്സുകളെപ്പറ്റി സ്വാമികൾ പറയാറുണ്ടു്. അവിടെ ഒത്തുചേരുന്ന ആത്മാക്കൾ പോയ
ജന്മങ്ങളിലെ പാപപുണ്യങ്ങളുടെ കണക്കുകൾ ഒത്തുനോക്കുന്നു. ദൃശ്യപ്രപഞ്ചത്തിനുമപ്പുറത്തു
കാലദേശഭേദങ്ങൾക്കതീതമായ ഒരു തലത്തിൽ അദൃശ്യശക്തികൾ ദൃശ്യപ്രപഞ്ചത്തിന്റെ മൂശ ഒരുക്കുകയാണു്.
മനുഷ്യമനസ്സിനതീതമായ ഈ കാര്യങ്ങളെപ്പറ്റി അധികം ചിന്തിക്കുന്നതപകടമാണു്.
</p>
          <p>ആനന്ദഗുരു സരളയെ സാകൂതം നോക്കിക്കൊണ്ടു ചോദിച്ചു.
</p>
          <p>‘എന്താണിങ്ങനെ പറയാൻ കാരണം?’
</p>
          <p>സരള ഒന്നും പറഞ്ഞില്ല. മനസിന്റെ ഭയത്തെപ്പറ്റി, വ്യാകുലതയെപ്പറ്റി പറയാൻ അവൾ മടിച്ചു. അവൾ
ഗുരുവിനു മുമ്പിൽ മുട്ടുകുത്തി. ഗുരു അവളുടെ തലയിൽ തൊട്ടു് അനുഗ്രഹിച്ചു.
</p>
          <p>തന്റെ കൈ വിറയ്ക്കുന്നതായി ഗുരുവിനു് അനുഭവപ്പെട്ടു.
</p>
          <p>സരള പോയിക്കഴിഞ്ഞു കുറെനേരം ഗുരു കണ്ണടച്ചിരുന്നു. അദ്ദേഹം ഭയന്നിരുന്നു. വർഷങ്ങളായുള്ള
സാധനയുടെ ഫലമായുണ്ടായ പരമസിദ്ധികളെല്ലാം അവസാന നിമിഷത്തിൽ കൈവിട്ടുപോവുകയാണോ?
സരളയോടു സംസാരിക്കുമ്പോൾ മനസു് പതറിപ്പോകുന്നു. ഒരു പൂർവബന്ധത്തിന്റെ ശിഥിലമായ ഓർമ്മ
നാഡികളെ ഉണർത്തുന്നു. സരള ഒരു കടങ്കഥയായിരുന്നു. ആകസ്മികതയുടെ ഒറ്റക്കാളവണ്ടിയിൽ തന്റെ

മുമ്പിലെത്തിപ്പെട്ട ഇവൾ ആരാണു്, എവിടെനിന്നു വരുന്നു? പൂർവാപരബന്ധമില്ലാത്ത കാര്യങ്ങളാണു് അവൾ
പറയുന്നതു്. അവളുടെ സംശയങ്ങളാകട്ടെ സാധാരണ മനുഷ്യരുടേതുമല്ല. അവയുടെ ഉത്തരങ്ങൾ തന്റെ
കയ്യിലില്ലതാനും.
</p>
          <p>ഗുരു കണ്ണു തുറന്നു. അകലെ മലനിരകൾ മഞ്ഞിന്റെ മറ താഴ്ത്തി. മലഞ്ചെരിവിലെ മരങ്ങൾ നിഴൽരൂപങ്ങളായി.
പടിഞ്ഞാറുനിന്നുള്ള കാറ്റു് ആശ്രമത്തിന്റെ കിളിവാതിലിലൂടെ അകത്തുകടന്നു ഗുരുവിനെ സ്പർശിച്ചു.
</p>
          <p>മുറ്റത്തു ഹോമകുണ്ഡം തയ്യാറാക്കുന്ന ജ്ഞാനാനന്ദന്റെ മുഖം ആലോചനാമയമായിരുന്നു.
</p>
          <p>നിമിഷങ്ങൾക്കുള്ളിൽ തീ ആളിക്കത്തി. ജ്ഞാനാനന്ദന്റെ മുഖം ദീപ്തമായി. അവൻ വെറുതെ ഇരുന്നു. ഒന്നും
ചെയ്യാനില്ല. സ്വാമികളുടെ കാലത്തു തുടങ്ങിയതാണു് ഈ കർമ്മം. അന്നു കാട്ടുമൃഗങ്ങളെ ഓടിക്കാനായി
തുടങ്ങിവച്ചതായിരിക്കണം ഹോമകുണ്ഡം ജ്വലിപ്പിക്കുകയെന്ന കർമ്മം. ഇപ്പോൾ കാട്ടുമൃഗങ്ങളുടെ ശല്യമില്ല,
എങ്കിലും അതൊരനുഷ്ഠാനമായി തുടരുന്നു.
</p>
          <p>ആനന്ദഗുരു ഹോമകുണ്ഡത്തിലേക്കു നോക്കി. ഇളകുന്ന തീജ്വാലകൾക്കിടയിൽ കത്തിപ്പിടിക്കുന്ന വിറകുകൾ
വിചിത്ര രൂപങ്ങൾ കൈക്കൊണ്ടു. അദ്ദേഹം തന്റെ ഗുരുവായ സ്വാമികളെ ധ്യാനിച്ചു. ഒരു വെളിപാടിനുവേണ്ടി,
രഹസ്യങ്ങളുടെ ഇരുട്ടറയിൽ വെളിച്ചത്തിന്റെ ഉദാത്തമായ ഒരു കണത്തിനുവേണ്ടി.
</p>
          <p>വെളിപാടുകളൊന്നുമുണ്ടായില്ല. ആനന്ദഗുരു എഴുന്നേറ്റു.
</p>
        </div>
        <!--end of "section 0.0.16.0/1.17"-->
      </div>
      <!--end of "chapter 0.0.16/1"-->
      <!--END OF CHAPTER 0.0.16/1-->
      <div type="chapter" n="0.0.17" xml:id="chp0.0.17">
        <head type="chaphead">പതിനാറു്</head>
        <div type="lsection">
          <p style="noindent">സരള വിഷമത്തിലായിരുന്നു. സംശയങ്ങളെ ദൂരീകരിക്കാനുതകുന്ന ഒന്നും
ആനന്ദഗുരുവിന്റെ വായിൽനിന്നു വീണുകിട്ടിയില്ല. സാമാന്യനിയമങ്ങളല്ല തന്റെ ജീവിതം നിയന്ത്രിക്കുന്നതെന്ന
ബോധം അവളിലുണ്ടു്. ചുരുങ്ങിയതു് താൻ ഈ ആശ്രമത്തിലെത്തിയശേഷമെങ്കിലും. എന്താണിതിന്റെയൊക്കെ
അർത്ഥം. ഇത്രയും കാലം താൻ എവിടെയായിരുന്നു?
</p>
          <p>ആരെയും സംശയിപ്പിക്കാതെ, ഭയപ്പെടുത്താതെ ഈ പ്രശ്നങ്ങൾ പറയാൻ കഴിയില്ല. ജ്ഞാനാനന്ദനെ
അവൾക്കു വിശ്വാസമാണു്. പക്ഷേ, തന്റെ പ്രശ്നം കേട്ടുകഴിഞ്ഞാൽ തന്റെ ബുദ്ധിസ്ഥിരതയെ അവൻ
സംശയിക്കുമോ എന്നവൾ ഭയന്നു. കാര്യങ്ങൾ രഹസ്യമായിത്തന്നെ സ്വയം മനസ്സിലാക്കാൻ അതവളെ
പ്രേരിപ്പിച്ചു.
</p>
          <p>രാത്രി കിടക്കുമ്പോൾ സുനന്ദിനി പറഞ്ഞു:
</p>
          <p>‘മേടം ഇരുപത്തിനാലിനാണു ഭഗവതീക്ഷേത്രത്തിൽ താലപ്പൊലി’.
</p>
          <p>‘എവിടെയാണു ഭഗവതീ ക്ഷേത്രം?’
</p>
          <p>‘ഗ്രാമത്തിൽ. ആശ്രമത്തിൽനിന്നു് എല്ലാവരും പോകും. കൊല്ലത്തിൽ ആ ഒരു ദിവസം മാത്രമേ ഞങ്ങൾ
ഗ്രാമത്തിൽ പോകാറുള്ളൂ.’
</p>
          <p>താലപ്പൊലിയുടെ രണ്ടു ദിവസം മുമ്പു സുനന്ദിനിയുടെ സഹായത്തോടെ സരള പുടവ കാവിമുക്കി.
ഗ്രാമത്തിലേക്കു പോകുമ്പോൾ മറ്റു് അന്തേവാസികളിൽനിന്നു വേറിട്ടുനിൽക്കരുതെന്നു കരുതിയാണു്.
മലമുകളിലേക്കു കയറിയശേഷം അവൾ താഴത്തേക്കിറങ്ങിയിട്ടില്ല. ജ്ഞാനാനന്ദന്റെ ഒപ്പം പൂവറുക്കാൻ
പോകുന്നതു വളരെ താഴേക്കൊന്നുമല്ല. കുന്നിനു ചുറ്റും നടക്കുന്നുണ്ടെങ്കിലും വളരെക്കുറച്ചു ദൂരമേ താഴോട്ടു
പോകുന്നുള്ളു. താൻ വണ്ടിയിറങ്ങിയ സ്ഥലം കാണണമെന്നുണ്ടായിരുന്നു സരളയ്ക്കു്. അതവളുടെ സംശയങ്ങൾ
തീർത്തുതരുമായിരിക്കും.
</p>
          <p>രാത്രി മഴ പെയ്തു. കനത്ത മഴ, ഒപ്പം ഇടിയും. ഇടിവെട്ടുമ്പോൾ മലയാകെ പ്രകമ്പനംകൊള്ളുന്നതായി
തോന്നി.
</p>
          <p>‘ഉൽസവത്തിനു മുമ്പു് ഒന്നുരണ്ടു മഴ പതിവാണു്.’
</p>
          <p>സുനന്ദിനി പറഞ്ഞു. ഓരോ ഇടിവെട്ടുമ്പോഴും അവൾ സരളയോടു കൂടുതൽ ഒട്ടിച്ചേർന്നു കിടന്നു.
</p>
          <p>‘എനിക്കു് ഇടിവെട്ടു പേടിയാണു്.’
</p>
          <p>‘എനിക്കും.’ സുനന്ദിനിയെ കെട്ടിപ്പിടിച്ചു കൊണ്ടു സരള പറഞ്ഞു. ‘സാരമില്ല, നീ പേടിക്കേണ്ട’.
</p>
          <p>അവൾ ജ്ഞാനാനന്ദനെ ഓർത്തു. മഴവെള്ളംകൊണ്ടു പാറക്കെട്ടുകൾ കഴുകപ്പെട്ടിട്ടുണ്ടാകും. അവൾക്കു്
എങ്ങിനെയെങ്കിലും പ്രഭാതമാവാൻ ധൃതിയായി. അവൾ സുനന്ദിനിയെ അമർത്തി കെട്ടിപ്പിടിച്ചു.
പാതിയുറക്കത്തിൽ അവൾ സരളയോടു ചേർന്നു കിടന്നു.
</p>
          <p>രാവിലെ ജ്ഞാനാനന്ദൻ വന്നില്ല. പൂക്കൂടയുമായി വരുന്ന താപസകുമാരന്റെ രൂപം മനസ്സിൽ ധ്യാനിച്ചു്
അവൾ വാതിൽക്കൽ നിന്നു. ജ്ഞാനാനന്ദൻ വന്നില്ല. മുകളിൽ ഗുരുവിന്റെ പർണ്ണശാലയിൽനിന്നു്
കൈമണിയുടെ ശബ്ദവും മന്ത്രോച്ചാരണങ്ങളും കേട്ടു. ചന്ദനത്തിരിയുടെയും ധൂപക്കൂട്ടിന്റെയും മണം ഇറങ്ങിവന്നു.
അവൾ ചുമരിന്നരികെ പോയി ഇരുന്നു മുട്ടിന്മേൽ തലവച്ചു കരയാൻ തുടങ്ങി.
</p>
          <p>പ്രാതലിനു് അവൾ ഹാളിൽ പോയില്ല. സുനന്ദിനി അന്വേഷിച്ചു വന്നപ്പോൾ മുഖം വല്ലാതെ ഇരിക്കുന്നതു കണ്ടു്
ചോദിച്ചു.

</p>
          <p>‘എന്താ ചേച്ചീ സുഖമില്ലേ?’
</p>
          <p>‘ഒന്നുമില്ല.’
</p>
          <p>‘അപ്പോൾ ഭക്ഷണം?’
</p>
          <p>‘എനിക്കു വേണ്ട.’ സുനന്ദിനി പൊയ്ക്കഴിഞ്ഞപ്പോൾ സരള ജനലിലൂടെ പുറത്തേക്കു നോക്കിനിന്നു.
അന്തരീക്ഷം കഴുകപ്പെട്ടിരിക്കുന്നു. ഇലകളിൽ പ്രസരിപ്പു്. കിളികളുടെ ശബ്ദത്തിൽ ഒരു പ്രത്യേക ഉണർവു്.
വേനൽ മഴ എല്ലാവർക്കും അനുഗ്രഹമായി.
</p>
          <p>‘ചേച്ചീ…’
</p>
          <p>അവൾ കോരിത്തരിച്ചു. ജ്ഞാനാനന്ദൻ തൊട്ടു പിന്നിൽ.
</p>
          <p>‘ചേച്ചിക്കു സുഖമില്ലെന്നു സുനന്ദിനീദേവി പറഞ്ഞു. എന്താ കഞ്ഞികുടിക്കാൻ വരാതിരുന്നതു?’
</p>
          <p>അവൾ ചോദിച്ചു
</p>
          <p>‘എന്താണു് രാവിലെ എന്നെ വിളിക്കാതിരുന്നതു്.’
</p>
          <p>‘ചേച്ചി പരിഭവിച്ചിരിക്കയാണോ?’ അവൻ ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഇന്നു ഞാനല്ല പൂവറുക്കാൻ പോയതു്.
ഗുരു കൃഷ്ണപ്രിയയെയാണു് ഏൽപിച്ചതു്’.
</p>
          <p>‘ഞാൻ വിനുവിനെ കാത്തു കുറെനേരം നിന്നു. ഒന്നു വന്നു പറയാമായിരുന്നില്ലേ?’
</p>
          <p>അവനു് മനസ്താപമുണ്ടായി. വന്നു പറയാമായിരുന്നു.
</p>
          <p>‘ചേച്ചി കാത്തുനിൽക്കുമെന്നോർത്തില്ല. സാരമില്ല, കഞ്ഞികുടിക്കാൻ വരൂ.’
</p>
          <p>‘വരാം ഒരു കരാറിൽ മാത്രം.’
</p>
          <p>‘എന്താണതു?’
</p>
          <p>‘വിനു ഇന്നു വൈകുന്നേരം എന്റെ ഒപ്പം പാറക്കെട്ടിലേക്കു വരണം.’
</p>
          <p>‘അത്രയേ ഉള്ളു?’ ജ്ഞാനാനന്ദൻ ചിരിച്ചു.
</p>
        </div>
        <!--end of "section 0.0.17.0/1.18"-->
      </div>
      <!--end of "chapter 0.0.17/1"-->
      <!--END OF CHAPTER 0.0.17/1-->
      <div type="chapter" n="0.0.18" xml:id="chp0.0.18">
        <head type="chaphead">പതിനേഴു്</head>
        <div type="lsection">
          <p style="noindent">വഴിത്താരകളിലെ ഈർപ്പം വെയിൽ അപഹരിച്ചിരുന്നു. പാറക്കെട്ടു് വൃത്തിയായി
കിടന്നു. ചിതറിയ കരിയിലകൾ പെറുക്കി മാറ്റി സരള ഇരുന്നു. വഴിനീളെ സരള സംസാരിക്കുകയായിരുന്നു.
അവളുടെ ഭയാശങ്കകളെപ്പറ്റി, അലട്ടുന്ന കടങ്കഥയെപ്പറ്റി.
</p>
          <p>ജ്ഞാനാനന്ദൻ മൂളികേൾക്കുക മാത്രം ചെയ്തു. അവനു് അദ്ഭുതമൊന്നുമുണ്ടായതായി കണ്ടില്ല.
അങ്ങനെയൊക്കെ സംഭവിക്കുമെന്നേ അവൻ പറയുന്നുള്ളു.
</p>
          <p>‘ഞാൻ പറയാറില്ലേ, ഈ മലമുകളിൽ എന്തൊക്കെയോ അദ്ഭുതങ്ങൾ ഉണ്ടെന്നു്? ഈ
പാറക്കെട്ടുകളിലിരുന്നു ധ്യാനിക്കുമ്പോൾ സമയം തകിടംമറിയുന്ന പ്രതീതിയുണ്ടാവാറുണ്ടെന്നു്. ചേച്ചി പറഞ്ഞതു്
എനിക്കു വിശ്വാസമായിരിക്കുന്നു. അതു് എന്റെ തന്നെ സംശയങ്ങളെ സ്ഥിരീകരിക്കലാണു്. മറ്റുള്ളവർ പക്ഷേ,
അതു വിശ്വസിക്കണമെന്നില്ല. അവർ ചേച്ചിക്കു ഭ്രാന്താണെന്നു പറയും’.
</p>
          <p>ജ്ഞാനാനന്ദൻ പറയുന്നതു് സരളയെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
</p>
          <p>‘ചേച്ചിയുടെ കാര്യത്തിൽ സംഭവിച്ചതു് ഇതാവാം. ചേച്ചിയും ദേവിക എന്നു പറയുന്ന സന്യാസിനിയുംകൂടി ഈ
മലമുകളിൽ വന്ന സമയത്തു്, അതു് ഏതുവർഷമാണെന്നാണു പറഞ്ഞതു?’
</p>
          <p>‘അറുപത്തിരണ്ടിൽ.’
</p>
          <p>‘ആ സമയത്തു് ഈ മലനിരകൾക്കു മാത്രം അറിയാവുന്ന എന്തോ കാരണം കൊണ്ടു് സമയത്തിനു് ഒരു
വിള്ളലുണ്ടായി. ചേച്ചിയും ദേവികയും ആ വിള്ളലിൽപ്പെട്ടു. ഇപ്പോൾ അതേ പ്രതിഭാസത്തിന്റെ
പ്രതിപ്രവർത്തനഫലമായി ചേച്ചി ആ വിള്ളലിൽ നിന്നു രക്ഷപ്പെട്ടു. ചേച്ചിയെ സംബന്ധിച്ചിടത്തോളം
സമയത്തിന്റെ വിള്ളലിൽ കുടുങ്ങിയ ഇരുപത്തിരണ്ടു വർഷങ്ങൾക്കു നിലനിൽപ്പില്ല. എന്നുവച്ചാൽ ചേച്ചിയുടെ
വയസ്സു് അന്നത്തെ വയസ്സുതന്നെയായിരിക്കുമെന്നർത്ഥം.’
</p>
          <p>‘അപ്പോൾ ദേവികയോ’
</p>
          <p>‘അതാണെന്നെ കുഴയ്ക്കുന്ന പ്രശ്നം. രണ്ടുപേർ ഒന്നിച്ചുതന്നെ അപ്രത്യക്ഷമാവുമ്പോൾ ഒന്നിച്ചു തന്നെ തിരിച്ചു
വരികയല്ലേ വേണ്ടതു? എനിക്കറിയില്ല. ഒരു പക്ഷേ, അവരും പുറത്തു വന്നിട്ടുണ്ടാകും, വേറെ ഒരു കാലത്തു്, വേറെ
ഏതെങ്കിലും ദേശത്തു്. ഒരുപക്ഷേ, അവരുടെ ആശ്രമത്തിൽത്തന്നെ.’
</p>
          <p>‘എന്താണു് സമയത്തിൽ വിള്ളൽ വരാൻ കാരണം?’
</p>
          <p>‘അറിയില്ല. ‘ജ്ഞാനാനന്ദൻ പറഞ്ഞു. അവൻ കുറച്ചുനേരം ആലോചിച്ചു.
</p>
          <p>‘ഒരു പക്ഷേ, ഈ മലയിൽ ഉണ്ടെന്നു പറയുന്ന യന്ത്രമായിരിക്കാം കാരണം. ഇവിടെ യമദേവന്റെ
അമ്പലമുണ്ടായിരുന്നു എന്നു ഗുരു പറഞ്ഞിരുന്നു. പ്രശ്നംവച്ചു നോക്കിയപ്പോൾ മനസ്സിലായതു് ശ്രീകോവിലിനു
താഴെ അതിശക്തമായ ഒരു യന്ത്രം പ്രതിഷ്ഠിച്ചിട്ടുണ്ടെന്നാണു്. പ്രതിഷ്ഠയുടെ ശക്തി മുഴുവൻ ആവാഹിക്കുന്നതു് ആ
യന്ത്രമാണു്. നമ്മൾ ചെയ്യുന്ന പൂജയിൽനിന്നാണു യന്ത്രം ശക്തിയാർജിക്കുന്നതു്. ചിലപ്പോൾ യന്ത്രത്തിന്റെ ശക്തി
അസാധാരണമായി കൂടുന്നു. അപ്പോൾ അതിന്റെ കാന്തവീചികളോ അല്ലെങ്കിൽ നമുക്കറിയാൻ കഴിയാത്ത വല്ല
ശക്തികളോ പരിസരത്തുള്ള സമയത്തെ കോട്ടിയിട്ടുണ്ടാകും. ഗ്രാമത്തിലെ ഭഗവതീക്ഷേത്രത്തിൽ
ഉൽസവമടുക്കുമ്പോഴും ഈ മലയിൽ ചില അദ്ഭുതങ്ങളുണ്ടാവാറുണ്ടു്. ഒരുപക്ഷേ, ആ ക്ഷേത്രത്തിന്റെ ശക്തികൂടി
ഈ യന്ത്രം ആവാഹിച്ചെടുക്കുന്നുണ്ടാവും’.
</p>
          <p>സരളയ്ക്കു സമാധാനമായി. ജ്ഞാനാനന്ദൻ വിശ്വസിക്കില്ലെന്നായിരുന്നു അവൾ കരുതിയതു്. അവൻ
വിശ്വസിച്ചു എന്നു മാത്രമല്ല തന്നെയിട്ടു കുഴയ്ക്കുന്ന പ്രതിഭാസത്തിനു് ഒരു വിശദീകരണവും തന്നിരിക്കുന്നു;
അതുമുഴുവൻ മനസ്സിലായില്ലെങ്കിൽക്കൂടി.
</p>
          <p>‘ചേച്ചി ഏതുകൊല്ലമാണു് ആശ്രമത്തിൽ വന്നതു?’

</p>
          <p>‘അറുപത്തിരണ്ടിൽ’
</p>
          <p>‘അറുപത്തിരണ്ടിൽ?’
</p>
          <p>‘അതെ.’
</p>
          <p>‘ചേച്ചി അറുപത്തിരണ്ടിലാണു വന്നതെങ്കിൽ കണ്ടിട്ടുണ്ടാവുക ആനന്ദഗുരുവിനെയായിരിക്കില്ല,
വേലപ്പസ്വാമികളെയായിരിക്കണം. ആനന്ദഗുരു വന്നതു് അറുപത്തിനാലിലാണു്. ചേച്ചിക്കു സ്വാമികളെ
കണ്ടതായി ഓർമ്മയുണ്ടോ?’
</p>
          <p>അവൾക്കു് ഓർമ്മയില്ല. ദേവികയുടെ ഒപ്പം വന്നതും ഒരു സന്യാസിയുടെ മുമ്പിലിരുന്നതും ഓർമ്മയുണ്ടു്.
എഴുന്നേറ്റപ്പോൾ ആനന്ദഗുരു തന്നെയായിരുന്നു മുമ്പിൽ. ദേവിക അപ്രത്യക്ഷയായിരുന്നു. ആശ്രമത്തിൽ വന്ന
ഉടനെ കണ്ട സന്യാസിയും ആനന്ദഗുരുവും രണ്ടുപേരാണോ എന്നൊന്നും അറിയില്ല.
</p>
          <p>ജ്ഞാനാനന്ദൻ അവളുടെ അടുത്തിരുന്നു. സരള ചുമലിൽ വച്ച കൈയെടുത്തു് അവന്റെ കൈകളിൽ
വച്ചമർത്തി, വാത്സല്യത്തോടെ.
</p>
          <p>പെട്ടെന്നു സരള ചോദിച്ചു.
</p>
          <p>‘ഞാൻ നിന്റെ മടിയിൽ കിടക്കട്ടെ?’
</p>
          <p>ജ്ഞാനാനന്ദൻ വല്ലാതായി. അവൻ പറഞ്ഞു.
</p>
          <p>‘നമുക്കു് തിരിച്ചു പോകാം. ഗുരു കുറെ ജോലികൾ ഏൽപ്പിച്ചിട്ടുണ്ടു്.’
</p>
          <p>‘എന്താ ഞാൻ മടിയിൽ കിടക്കുന്നതിഷ്ടമല്ലേ.’
</p>
          <p>സരള ചിരിച്ചുകൊണ്ടു ചോദിച്ചു. അവളുടെ ചിരിയിൽ വശ്യതയുണ്ടായിരുന്നു.
</p>
          <p>ജ്ഞാനാനന്ദൻ മറുപടിയൊന്നും പറഞ്ഞില്ല. കഴുത്തിലണിഞ്ഞ രുദ്രാക്ഷമാല വലതുകൈകൊണ്ടു തൊട്ടു്,
ഗുരു ചെവിയിലോതിത്തന്ന മന്ത്രം ഉരുവിട്ടു. ആ മന്ത്രത്തിൽ അവന്റെ ആത്മാവുണ്ടു്, ജീവചൈതന്യമുണ്ടു്.
ചുഴിയിൽപ്പെട്ടു താഴുന്നവനു കയറെന്നപോലെ അവൻ ആ രുദ്രാക്ഷമാല മുറുകെ പിടിച്ചു.
</p>
          <p>സരള പാറമേൽ നിവർന്നുകിടന്നു് ജ്ഞാനാനന്ദന്റെ മടിയിൽ തലവച്ചു, അവന്റെ മാറിലെ രോമങ്ങൾ
തലോടി. ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്ന കൗതുകത്തോടെ ജ്ഞാനാനന്ദൻ സരളയെ നോക്കി, അവളുടെ
തലമുടിയിൽ വാത്സല്യത്തോടെ തടവിക്കൊണ്ടു പറഞ്ഞു:
</p>
          <p>‘ചേച്ചീ, ഞാനൊരു സന്യാസിയാണു്. ബ്രഹ്മചാരി. സന്യാസധർമം ജീവിതമൂല്യമായി കരുതുന്നവനാണു
ഞാൻ. ചേച്ചി എന്നിൽനിന്നു് ഒന്നും പ്രതീക്ഷിക്കരുതു്.’
</p>
          <p>സരള ഒന്നും പറയാതെ അവന്റെ മടിയിൽ തലചായ്ച്ചു കിടന്നു.
</p>
          <p>സൂര്യവെളിച്ചം രണ്ടു പാറകൾക്കിടയിലൂടെ വന്നു് അവരുടെമേൽ പതിച്ചു.
</p>
          <p>‘ചേച്ചി എഴുന്നേൽക്കൂ, നമുക്കു പോകാം.’
</p>
          <p>അവൾ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.
</p>
        </div>
        <!--end of "section 0.0.18.0/1.19"-->
      </div>
      <!--end of "chapter 0.0.18/1"-->
      <!--END OF CHAPTER 0.0.18/1-->
      <div type="chapter" n="0.0.19" xml:id="chp0.0.19">
        <head type="chaphead">പതിനെട്ടു്</head>
        <div type="lsection">
          <p style="noindent">താലമെടുത്ത പെൺകുട്ടികൾ രണ്ടു വരിയായി നീങ്ങി. മുമ്പിൽ
പഞ്ചവാദ്യമേളക്കാർ. അതിനും മുമ്പിൽ വിളക്കുപിടിച്ചു നടക്കുന്നവർക്കു മുമ്പിൽ ആനന്ദഗുരു നിന്നു. വെളിച്ചപ്പാടു്
വാളും ചിലമ്പും പിടിച്ചു് ഉറഞ്ഞു.
</p>
          <p>‘സരള ഒരു സ്വപ്നാവസ്ഥയിലായിരുന്നു. പഞ്ചവാദ്യത്തിന്റെ മാസ്മരശബ്ദം, വെളിച്ചപ്പാടണിഞ്ഞ
അരമണിയുടെയും ചിലമ്പിന്റെയും ശബ്ദം, എല്ലാംകൂടി അവളെ വിഭ്രാന്തിയുടെ ലോകത്തെത്തിച്ചു.
</p>
          <p>മലയിറങ്ങുമ്പോൾ താൻ വന്നിറങ്ങിയ സ്ഥലം അതേപോലെ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ആശ്രമത്തിന്റെ പ്രധാന കവാടം കടന്നപ്പോഴേ അവൾക്കു വഴി തെറ്റിയ പ്രതീതിയുണ്ടായി. താൻ മൂന്നാഴ്ചയ്ക്കു മുമ്പു
വന്നവഴി ഇതല്ല. അവൾ കയറിവന്ന വഴി വീതികുറഞ്ഞതായിരുന്നു. ഇപ്പോൾ ഇറങ്ങുന്ന വഴിയാകട്ടെ
വീതിയുള്ളതും ഇടയ്ക്കിടയ്ക്കു വെട്ടുകല്ലുകൊണ്ടു പടികൾ തീർത്തതുമാണു്. അവൾ കാളവണ്ടിയിലിറങ്ങിയതാണെന്നു
തോന്നിച്ച സമതലത്തു് ഒരു ഓട്ടോറിക്ഷ കിടന്നിരുന്നു. അവിടെനിന്നു താഴോട്ടു പോകുന്ന റോഡ് ടാറിട്ടു്
വീതികൂടിയതാണു്. അവൾ വന്ന വണ്ടിയുടെ ചക്രങ്ങൾ ഉരുണ്ടിരുന്നതു് ചരലിട്ട നിരത്തിലൂടെയായിരുന്നു. ഇനി
അന്വേഷിച്ചു പോകേണ്ട ആവശ്യമില്ലെന്നവൾക്കറിയാം. ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം അവളുടെ
അസ്തിത്വമായിരുന്നു. താൻ ആരാണെന്നല്ല, എന്തിനു് എന്ന ചോദ്യം. അവൾക്കു ജ്ഞാനാനന്ദനെ കാണാൻ
ധൃതിയായി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവന്റെ കയ്യിൽ മാത്രമേയുള്ളു എന്നവൾ വിശ്വസിച്ചു.
ജ്ഞാനാനന്ദനെ താഴ്‌വരയിലെത്തിയശേഷം കണ്ടിട്ടില്ല. അവൾ ചുറ്റും നോക്കി. അവളുടെ കണ്ണുകൾ
ആനന്ദഗുരുവിന്റെ കണ്ണുകളുമായി ഇടഞ്ഞു. നരകയറിയ പുരികത്തിന്റെ താഴെ പ്രാചീനമായൊരു പരിചയം
അവളെ പെട്ടെന്നു ഭയപ്പെടുത്തി. അവൾ കണ്ണെടുത്തു.
</p>
          <p>കോമരം ഉറഞ്ഞുതുള്ളി. പഞ്ചവാദ്യം മുറുകി. ആൽച്ചുവട്ടിൽ കതിന പൊട്ടി.
</p>
        </div>
        <!--end of "section 0.0.19.0/1.20"-->
      </div>
      <!--end of "chapter 0.0.19/1"-->
      <!--END OF CHAPTER 0.0.19/1-->
      <div type="chapter" n="0.0.20" xml:id="chp0.0.20">
        <head type="chaphead">പത്തൊമ്പതു്</head>
        <div type="lsection">
          <p style="noindent">ജ്ഞാനാനന്ദൻ തന്നെ ഒഴിവാക്കി നടക്കുകയാണെന്നു സരളയ്ക്കു തോന്നി. ഹാളിൽ
ഭക്ഷണസമയത്തോ, ഗുരുവിന്റെ പർണ്ണശാലയിൽ പൂജാസമയത്തോ, പ്രഭാഷണവേളയിലോ ജ്ഞാനാനന്ദനെ
കാണുമ്പോൾ അവൾ ചോദ്യപൂർവം നോക്കും. അവൻ ചിരിക്കും. അത്രമാത്രം. സരളയുടെ ഒപ്പം ഒറ്റയ്ക്കാവാൻ
അവൻ ഭയപ്പെടുന്ന പോലെ തോന്നി. അവൾക്കാകട്ടെ ധാരാളം സംസാരിക്കാനുമുണ്ടായിരുന്നു.
</p>
          <p>വീണ്ടും മഴപെയ്തു. മഴത്തുള്ളികൾ പാറക്കെട്ടുകളിൽ വീണുകൊണ്ടിരിക്കുന്നതു സരള മനസ്സിൽ കണ്ടു.
ഇടിയുടെ ശബ്ദം അവളെ ഭയപ്പെടുത്തിയില്ല. താഴെ, മഴയാൽ കഴുകപ്പെട്ട പാറക്കെട്ടും പുനർജനീതീർഥവും
അവളെ കാത്തുനിന്നു.
</p>
          <p>രാവിലെ അവൾ ഹാളിൽ പ്രാതലിനു പോയില്ല. ഒറ്റയ്ക്കിരിക്കാൻ തോന്നി. ആൾക്കൂട്ടത്തിൽ നിന്നുമകന്നു്
ഏകയായി ഇരിക്കാൻ. അന്തേവാസികൾ ഹാളിൽ ഒത്തുകൂടിയ സമയത്തു് അവൾ പുറത്തിറങ്ങി, നനവുള്ള
പാതയിലൂടെ നഗ്നപാദയായി നടന്നു. കാറ്റിൽ ഇലകളുടെയും പൂക്കളുടെയും ഗന്ധമുണ്ടായിരുന്നു. ആ ഗന്ധം
ആസ്വദിച്ചു് അവൾ നടന്നു.
</p>
          <p>പാറക്കെട്ടു കരിയിലകൾ പോലുമില്ലാതെ വൃത്തിയായി കിടന്നു. പുനർജനീതീർത്ഥം കുറച്ചുകൂടി വണ്ണത്തിൽ
ആണു് വീണൊഴുകുന്നതു്. അവൾ പാറമേൽ ചമ്രം പടിഞ്ഞിരുന്നു.
</p>
          <p>ജ്ഞാനാനന്ദൻ വരുമെന്നവൾക്കറിയാം. ഹാളിൽ കണ്ടില്ലെങ്കിൽ അന്വേഷിച്ചു മുറിയിൽ വരാതിരിക്കില്ല.
അവിടെയും കണ്ടില്ലെങ്കിൽ എവിടെയാണുണ്ടാവുക എന്നവൻ ഊഹിക്കും.
</p>
          <p>ഇനി അവൻ വന്നില്ലെങ്കിലോ?
</p>
          <p>എന്താണു് ചെയ്യാനുള്ളതെന്നവൾ തീർച്ചയാക്കിക്കഴിഞ്ഞിരുന്നു. അവൾക്കു മനസ്സിൽ ശാന്തി അനുഭവപ്പെട്ടു.
ജീവിതത്തിൽ ഒരിക്കലും ലഭിക്കാതിരുന്ന പ്രശാന്തി. അവൾ കണ്ണടച്ചിരുന്നു. ധ്യാനത്തിലെന്നപോലെ.
</p>
          <p>ജ്ഞാനാനന്ദൻ വരികതന്നെ ചെയ്തു. പാറയ്ക്കു മുകളിൽനിന്നു് അവൻ കണ്ണടച്ചു ധ്യാനത്തിലിരിക്കുന്ന സരളയെ
നോക്കി. അവന്റെ മനസ്സു് ആർദ്രമായി. പാറക്കെട്ടുകൾ ഇറങ്ങിക്കൊണ്ടവൻ വിളിച്ചു.
</p>
          <p>‘ചേച്ചീ…’
</p>
          <p>അവൾ കണ്ണുതുറന്നു. അവളുടെ മുഖം ദീപ്തമായി. കാറ്റുവീശിയ കനലെന്നപോലെ അതു ജ്വലിച്ചു.
ഉറങ്ങിക്കിടന്ന ഇന്ദ്രിയങ്ങൾ ഉണർന്നു തൃഷ്ണയെ ജ്വലിപ്പിച്ചു.
</p>
          <p>‘ചേച്ചി എന്താണിവിടെ ചെയ്യുന്നതു?’
</p>
          <p>പകുതി യുദ്ധം ജയിച്ചുകഴിഞ്ഞ സേനാനിയെപ്പോലെ അവൾ ചിരിച്ചു.
</p>
          <p>‘നീ വരുമെന്നെനിക്കറിയാം.’
</p>
          <p>പാറയുടെ ഒരരികിൽ ഇരുന്നുകൊണ്ടു് ജ്ഞാനാനന്ദൻ ചോദിച്ചു.
</p>
          <p>‘ചേച്ചി എന്താണു് പ്രാതലിനു വരാതിരുന്നതു്.’
</p>
          <p>സരള ആലോചിച്ചു. ഞാൻ എന്താണു് പ്രാതൽ കഴിക്കാതിരുന്നതു്. എന്തിനാണിവിടേക്കു്
ഇറങ്ങിപ്പുറപ്പെട്ടതു? എന്താണു് അന്വേഷിക്കുന്നതു? ഈ ചോദ്യങ്ങൾക്കു മുമ്പിൽ ഉത്തരമില്ലാതെ അവൾ ഇരുന്നു.
നിമിഷങ്ങൾക്കു ശേഷം അവൾ പറഞ്ഞു.
</p>
          <p>‘ഞാൻ എന്താണു്, എന്തിനു ജീവിക്കുന്നു എന്നറിയാതെ ഭക്ഷണം കഴിക്കില്ലെന്നാണു തീർച്ചയാക്കിയിട്ടുള്ളതു്.
ഒന്നുകിൽ എനിക്കു് ഉത്തരം കിട്ടണം. അല്ലെങ്കിൽ ഇതെന്റെ അവസാനമാവണം.’

</p>
          <p>ജ്ഞാനാനന്ദനു സരള പറഞ്ഞതു് ഇഷ്ടപ്പെട്ടു. ഞാനാരാണെന്നല്ല എന്താണെന്നാണു് അവരുടെ ചോദ്യം.
ഋഷിതുല്യനായ ഒരാൾക്കു മാത്രം ചോദിക്കാൻ കഴിയുന്ന ചോദ്യമാണു യാതൊരു
ബൗദ്ധികപശ്ചാത്തലവുമില്ലാത്ത ഒരു സാധാരണ സ്ത്രീ ചോദിക്കുന്നതു്. അവരുടെ ചേതോവികാരം
എന്തുതന്നെയാവട്ടെ തനിക്കതിനുള്ള ഉത്തരം ഇല്ലെന്നു ജ്ഞാനാനന്ദൻ കണ്ടു. അവൻ പറഞ്ഞു.
</p>
          <p>‘ചേച്ചി വരൂ, ഭക്ഷണം കഴിക്കൂ, മറ്റുള്ള അന്തേവാസികളെപ്പോലെ പെരുമാറൂ’.
</p>
          <p>‘ഞാൻ വരുന്നില്ല.’
</p>
          <p>ജ്ഞാനാനന്ദൻ ധർമ്മസങ്കടത്തിലായി. എന്തുകൊണ്ടോ അവനു് ആ പാറക്കെട്ടു് ഭയമായിരിക്കുന്നു. അവിടെ
അധികനേരം നിൽക്കാൻ അവനു താൽപര്യമുണ്ടായിരുന്നില്ല. സരളയെ അവിടെ ഒറ്റയ്ക്കിട്ടു പോകാനും
തോന്നുന്നില്ല.
</p>
          <p>‘ചേച്ചി വരൂ, നമുക്കു ഗുരുവിനോടു സംസാരിക്കാം, എന്തെങ്കിലും വഴിയുണ്ടാകും.’
</p>
          <p>‘ഞാൻ വരുന്നില്ല.’
</p>
          <p>ജ്ഞാനാനന്ദൻ എഴുന്നേറ്റു് അവളുടെ നേരെ കൈനീട്ടിക്കൊണ്ടു പറഞ്ഞു.
</p>
          <p>‘വരൂ.’
</p>
          <p>പെട്ടെന്നു കാറ്റിന്റെ വേഗത്തിൽ അവൾ ആ കൈകൾ പിടിച്ചു് അവനെ തന്നിലേക്കു് വലിച്ചു.
അടിതെറ്റാതിരിക്കാൻ ജ്ഞാനാനന്ദനു് അവളുടെ അരികിൽ കൈകുത്തി ഇരിക്കേണ്ടിവന്നു. അവൾ തിരിഞ്ഞു്
അവന്റെ മുഖം രണ്ടു കൈകൊണ്ടും പിടിച്ചു ചുണ്ടുകളിൽ ചുംബിച്ചു.
</p>
          <p>സരള ചെയ്തതു് അവനെ അമ്പരിപ്പിച്ചു. എന്താണു സംഭവിക്കുന്നതു് എന്നറിയുന്നതിനു മുമ്പു് അവൻ അവളുടെ
കൈകളിലെത്തിയിരുന്നു. അവൻ വല്ലാതെ ക്ഷോഭിച്ചു. കുതറി എഴുന്നേറ്റുകൊണ്ടു് അവൻ പറഞ്ഞു.
</p>
          <p>‘ചേച്ചി എന്താണീ ചെയ്യുന്നതു്, ഞാൻ പോകുന്നു.’
</p>
          <p>അവൻ ധൃതിയിൽ പാറകൾ ചവിട്ടിക്കയറി, തിരിഞ്ഞുനോക്കാതെ നടന്നു.
</p>
          <p>സരള ഖിന്നയായി ഇരുന്നു. ജ്ഞാനാനന്ദനെ തിരിച്ചുവിളിക്കാൻ അവൾ ശ്രമിച്ചില്ല. കാര്യമില്ലെന്നറിയാം.
</p>
          <p>വെയിൽ മൂത്തു. പേരാലിന്റെ ചില്ലകളിലൂടെ അവളെ തേടിവന്ന വെയിൽ നാളങ്ങൾ ചൂടുള്ളവയായിരുന്നു.
തപ്തമായ മനസുമായി അവൾ ഇരുന്നു. സൂര്യൻ ആകാശത്തിന്റെ പകുതി ഭാഗം യാത്രചെയ്തപ്പോഴും സരള
അനങ്ങാതെ ഇരിക്കയായിരുന്നു.
</p>
          <p>പെട്ടെന്നു് ഒരു തീരുമാനമെടുത്തപോലെ അവൾ എഴുന്നേറ്റു പാറക്കെട്ടിനു നടുവിൽ വന്നു നിന്നു.
ഒരനുഷ്ഠാനകർമ്മം പോലെ അവൾ പുടവ അഴിക്കാൻ തുടങ്ങി. പുടവ അഴിച്ചു വലിച്ചെറിഞ്ഞശേഷം അവൾ
ബ്ലൗസിന്റെ കുടുക്കുകൾ വിടുവിച്ചു് അഴിച്ചുമാറ്റി. അടിവസ്ത്രങ്ങൾ പാറകളിൽ ചിതറിക്കിടന്നു.
</p>
          <p>തുമ്പിക്കൈ വണ്ണത്തിലുള്ള നീർച്ചാലിനു താഴെ അവൾ നിന്നു. പുനർജനീതീർത്ഥത്തിന്റെ ശാപത്തെപ്പറ്റി
അവൾ ആലോചിച്ചില്ല. തപ്തമായ മനസ്സും ദേഹവും തണുക്കുന്നതുവരെ അവൾ ജലധാരയ്ക്കു കീഴിൽ നിന്നു. പിന്നെ
തോർത്തുകകൂടി ചെയ്യാതെ തിരിച്ചു പാറമേൽ വന്നു ചമ്രംപടിഞ്ഞിരുന്നു കണ്ണുകളടച്ചു.
</p>
          <p>ജന്മാന്തരങ്ങളുടെ നോവു് ഒരു കിനാവായി അവളുടെ കൺമുമ്പിലൂടെ കടന്നുപോയി. അനാദിയായ
ദുഃഖത്തിന്റെ അനന്തമായ പരമ്പരകൾ, ശാപമോക്ഷം കിട്ടാതിരുന്ന സ്മൃതികൾ.
</p>
          <p>പർണ്ണശാലയുടെ മുറ്റത്തു ജ്ഞാനാനന്ദൻ കൂനിക്കൂടിയിരുന്നു. ഉച്ചഭക്ഷണത്തിനും സരള വന്നില്ല. അവൾ
മുറിയിലെത്തിയിട്ടില്ലെന്നു് അവൻ മനസ്സിലാക്കിയിരുന്നു. സരള എന്തു ചെയ്യുകയായിരിക്കുമെന്നു്
ഓർക്കാതിരിക്കാൻ അവൻ ശ്രമിച്ചു.
</p>
          <p>സൂര്യൻ പടിഞ്ഞാറു വൃക്ഷങ്ങൾക്കിടയിൽ മറഞ്ഞു. പ്രഭാഷണം കഴിഞ്ഞു തിരിച്ചെത്തിയ ഗുരു
കൂനിക്കൂടിയിരിക്കുന്ന ശിഷ്യനെ ഒന്നുനോക്കി അകത്തുകടന്നു. ജ്ഞാനാനന്ദൻ എഴുന്നേറ്റു ഹോമകുണ്ഡത്തിൽ

വിറകുകഷണങ്ങൾ അടുക്കാൻ തുടങ്ങി. അവന്റെ മുഖം മ്ലാനമാണു്. ഇച്ഛാശക്തി നഷ്ടപ്പെട്ടവനെപ്പോലെ അവൻ
സാവധാനത്തിൽ വിറകിൻ കഷണങ്ങൾ ഒതുക്കിവച്ചു.
</p>
          <p>ഹോമകുണ്ഡം കൊളുത്തി, ശേഷം ജോലി പടിഞ്ഞാറുനിന്നു വരുന്ന കാറ്റിനെ ഏൽപ്പിച്ചു ജ്ഞാനാനന്ദൻ
പുറത്തിറങ്ങി. ഒരു സ്വപ്നാടനത്തിലെന്നപോലെ അവൻ നടന്നു.
</p>
          <p>പാറക്കെട്ടിനു മുകളിൽ അവൻ നിമിഷനേരം നോക്കിനിന്നു. പാറമേൽ സരള ചമ്രം പടിഞ്ഞിരിക്കയാണു്.
അവളുടെ നഗ്നമേനിയിൽ നാട്ടുവെളിച്ചം തുടിച്ചുനിന്നു. ആ കാഴ്ച ജ്ഞാനാനന്ദനെ വേദനിപ്പിച്ചു. അവൻ
സാവധാനത്തിൽ പാറകളിറങ്ങി.
</p>
          <p>സരള കണ്ണുതുറന്നു. കണ്ണിൽ ഉരുണ്ടുവന്ന ജലകണങ്ങൾ കടക്കൺകോണിലൂടെ കവിളിലേക്കുരുണ്ടു, ചന്ദന
നിറമുള്ള സ്തനങ്ങളിൽ ഇറ്റുവീണു.
</p>
          <p>‘ഇതെന്തു ശിക്ഷയാണു ചേച്ചി?’
</p>
          <p>അവൾ ഒന്നും പറയാതെ ജ്ഞാനാനന്ദനെ നോക്കിയിരുന്നു.
</p>
          <p>‘ചേച്ചി എഴുന്നേറ്റു വസ്ത്രം ധരിക്കൂ.’
</p>
          <p>അവൾ അനങ്ങാതെ നിർന്നിമേഷം ഇരുന്നു. ജ്ഞാനാനന്ദൻ അവളുടെ അടുത്തുപോയി ഇരുന്നു, അവളുടെ
കൈ തന്റെ കൈകളിൽ എടുത്തു. അവൾ അനങ്ങിയില്ല.
</p>
          <p>‘ചേച്ചിയുടെ പരിഭവം മാറ്റാൻ ഞാൻ എന്താണു ചെയ്യേണ്ടതു?’
</p>
          <p>സരളയുടെ കണ്ണിൽനിന്നു കണ്ണീർ ധാരയായൊഴുകി. അവൾ അനാസക്തയായി ഇരുന്നു. ജ്ഞാനാനന്ദൻ
അവളുടെ മുഖം കൈകളിലെടുത്തു വിറയ്ക്കുന്ന ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.
</p>
          <p>ആസക്തിയുടെ പരുക്കൻ പാറമേൽ വീണുരുളുമ്പോൾ ജ്ഞാനാനന്ദൻ ഓർത്തതു കഴുത്തിലെ
രുദ്രാക്ഷമാലയെപ്പറ്റിയായിരുന്നു. കൈ സ്വതന്ത്രമായ ഒരു നിമിഷത്തിൽ അവൻ ആ മാല പൊട്ടിച്ചു
കാട്ടിലേക്കെറിഞ്ഞു.
</p>
          <p>രാത്രി വളർന്നു. രതിമൂർച്ഛയുടെ നിമിഷങ്ങളിൽ, രജനിയുടെ ഗന്ധങ്ങൾ, ഭാവങ്ങൾ ആവാഹിക്കുന്ന
ആകാശത്തിനു താഴെ പാറക്കെട്ടു് ഒരു കിടപ്പറയായും, മലനിരകൾ നാലുകെട്ടായും മാറി. പാതിയടഞ്ഞ
കണ്ണുകളോടെ കിടക്കുന്ന സരളയുടെ മുഖം ജ്ഞാനാനന്ദനിൽ ജന്മാന്തര സ്മരണകളുണർത്തി.
</p>
        </div>
        <!--end of "section 0.0.20.0/1.21"-->
      </div>
      <!--end of "chapter 0.0.20/1"-->
      <!--END OF CHAPTER 0.0.20/1-->
      <div type="chapter" n="0.0.21" xml:id="chp0.0.21">
        <head type="chaphead">ഇരുപതു്</head>
        <div type="lsection">
          <p style="noindent">ആളിക്കത്തുന്ന ഹോമകുണ്ഡത്തിനുമപ്പുറത്തു് മലനിരകൾ ഇരുട്ടിലാണ്ടു.
എന്തുകൊണ്ടോ ആനന്ദഗുരു വേലപ്പസ്വാമികളുടെ ദാരുണമായ പ്രവചനങ്ങൾ ഓർത്തു. ഗുരു ക്ഷീണിച്ചിരുന്നു.
ഹോമകുണ്ഡത്തിലേക്കു നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. ഉയർന്നുപൊങ്ങുന്ന തീജ്വാലകൾ എന്തോ പറയാൻ
വെമ്പുന്നപോലെ.
</p>
          <p>ഒരു നടുക്കത്തിന്റെ തീക്ഷ്ണതയോടെ. അവിശ്വസനീയമായ തെളിമയോടെ തരംഗങ്ങളായി വെളിപാടുകൾ
വന്നുതുടങ്ങി.
</p>
          <p>ജീവിതത്തിൽ രണ്ടാമതൊരു ദുരന്തത്തിന്റെ പീഡനം ഏറ്റുവാങ്ങാൻ തയ്യാറായി ഗുരു ഇരുന്നു.
</p>
        </div>
        <!--end of "section 0.0.21.0/1.22"-->
        <div type="lsection" xml:id="sec1.23">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
        </div>
        <!--end of "section 0.0.21.0/1.23"-->
        <div type="lsection" xml:id="sec1.24">
          <head type="lsechead">പുരസ്കാരങ്ങൾ </head>
          <list rend="bulleted">
            <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.

</item>
            <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
            <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
            <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
            <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
          </list>
          <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
        </div>
        <!--end of "section 0.0.21.0/1.24"-->
      </div>
      <!--end of "chapter 0.0.21/1"-->
      <!--END OF CHAPTER 0.0.21/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Asakthiyude Agninalangal (ml:
ആസക്തിയുടെ അഗ്നിനാളങ്ങള്‍).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Novel, E Harikumar,
Asakthiyude Agninalangal, ഇ ഹരികുമാർ, ആസക്തിയുടെ അഗ്നിനാളങ്ങള്‍, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  April 6, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Autumn_by_Gustave_Courbet,_18561876,_oil_on_canvas_-_Portland_Art_Museum_-_Portland,_Oregon__DSC09099.jpg">Autumn,</ref> a painting by <ref target="https://en.wikipedia.org/wiki/Gustave_Courbet">Gustave Courbet</ref>
 (1819–1877). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-asakthi.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-asakthi.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
