<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">പഴയൊരു ഭീഷണിക്കാരി</title>
          <title xml:lang="en" type="main">Pazhayoru Bheeshanikkari</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">August 18, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">പഴയൊരു ഭീഷണിക്കാരി</title>
              <title xml:lang="en" type="main">Pazhayoru Bheeshanikkari</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Pazhayoru Bheeshanikkari</term>
          <term>ഇ ഹരികുമാർ</term>
          <term>പഴയൊരു ഭീഷണിക്കാരി</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Danloux_Girl_playing_with_a_doll.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Danloux_Girl_playing_with_a_doll.jpg">Girl
Playing with a Doll,</ref> a painting by <ref target="https://en.wikipedia.org/wiki/en:Henri-Pierre_Danloux">Henri-Pierre
Danloux</ref>  (1753–1809). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">പഴയൊരു ഭീഷണിക്കാരി</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">പഴയൊരു ഭീഷണിക്കാരി</head>
        <div type="lsection">
          <p style="noindent">ഇരുപതു കൊല്ലത്തിനുശേഷം കാണുകയായിരുന്ന പ്രതിയോഗിയെ നിർമ്മല
വൈരം കലർന്ന കൗതുകത്തോടെ നോക്കിപ്പഠിച്ചു. തടിച്ച പ്രകൃതം തന്നെ. ബ്ലൗസിനു താഴെ വെളുത്ത വയർ
അല്പം ചാടിയിരിക്കുന്നു. വാസന്തിക്കു് ഇത്ര നിറമുണ്ടായിരുന്നോ? ഓർമ്മയിൽ നിറം കുറഞ്ഞു് തടിച്ചു്
ഭംഗിയില്ലാത്ത ഒരു കുട്ടിയായിരുന്നു. തന്നേക്കാൾ രണ്ടു വയസ്സു കൂടും. വലിയച്ഛന്റെ മകൾ. ഇപ്പോൾ വട്ട മുഖവും
ചിരിയ്ക്കുന്ന കണ്ണുകളുമായി അവൾ ഒരു സുന്ദരിയായിരിക്കുന്നു. വയസ്സു കൂടുതൽ കാണിക്കുമെന്നുമാത്രം. മുപ്പതിനു
പകരം മുപ്പത്തഞ്ചു്, അല്ലെങ്കിൽ മുപ്പത്തെട്ടു്. അതവളുടെ തടി കാരണമാണു്.
</p>
          <p>വാസന്തിയാണു് ആദ്യം സംസാരിച്ചതു്
</p>
          <p>എന്താ നിമ്മു ഒന്നും മിണ്ടാതെ ഇരിക്കണതു?
</p>
          <p>നിമ്മു എന്ന വിളിപോലും അവൾ മറന്നിട്ടില്ല. വേറെ ആരും നിർമ്മലയെ ആ പേരിൽ വിളിക്കാറില്ല.
</p>
          <p>അവൾ ചുറ്റും നോക്കുകയായിരുന്നു. മുറിയ്ക്കു് മാറ്റമൊന്നുമില്ല. ഇരുപതു കൊല്ലമായി മാറ്റമൊന്നുമില്ലാതെ
പഴമയുടെ ഗന്ധവുമേറ്റു് താമസിക്കാൻ പറ്റുക! എന്തൊരു ഭാഗ്യമാണു്. താനാകട്ടെ ഇത്രയും കാലം
ഊരുചുറ്റുകയായിരുന്നു. ഒരു ജിപ്സിയെപ്പോലെ. ആദ്യം അമ്മയുടെയും അച്ഛന്റെയും ഒപ്പം ദില്ലിയിലും
ബോംബെയിലും മറ്റും. ഇപ്പോൾ ഭർത്താവിന്റെ ഒപ്പം മദ്രാസിലും ബാഗ്ലൂരിലും. സൂട്ട്കേസെല്ലാം ഒരുക്കി എപ്പോഴും
ഒരു യാത്രക്കു തയ്യാറായ പോലെയാണു് ജീവിതം. ഓർമ്മയിൽ തീവണ്ടിയുടെ ഇരട്ടത്താളവും റെയിൽവേ
സ്റ്റേഷനുകളുടെ ദുർഗന്ധവും നിലനിൽക്കുന്നു. നഗര വീഥികളിലൂടെ ടാക്സിയിൽ പോകുമ്പോൾ
പിൻതള്ളപ്പെടുന്ന ഉയർന്ന കെട്ടിടങ്ങൾ. കോൺക്രീറ്റ് ചുമരുകളിൽ തട്ടിത്തെറിക്കുന്ന ചൂടേറ്റു് വാടുന്ന ദിവസങ്ങൾ.
</p>
          <p>നീ ഇപ്പോഴും ഒരു തടിച്ചിയാണു്.
</p>
          <p>നിർമ്മല പറഞ്ഞു. ഒരിക്കലും ഉടയ്ക്കാൻ പറ്റില്ലെന്നു തോന്നിയിരുന്ന നിശ്ശബ്ദത തകർന്നതിൽ അവൾ
സന്തോഷിച്ചു. ഒപ്പംതന്നെ തനിയ്ക്കു് വാസന്തിയോടുണ്ടായിരുന്ന അടുപ്പം വീണ്ടും പ്രകടിപ്പിക്കാൻ കഴിഞ്ഞതിലുള്ള
സന്തോഷവും ആശ്വാസവും. ഇത്രകാലവും വാസന്തിയെപ്പറ്റി ഓർക്കുമ്പോഴെല്ലാം തോന്നും ഇനി അവളെ
സ്നേഹിക്കാൻ പറ്റില്ലെന്നു്. തനിക്കു് അവൾ ഉണ്ടാക്കിയ അളവറ്റ കുറ്റബോധമാണോ ഒന്നുരണ്ടു സന്ദർഭങ്ങളിൽ
വാസന്തിയെ കാണാനുള്ള അവസരമുണ്ടായിട്ടും അതിനായി ശ്രമിക്കാതിരുന്നതു?
</p>
          <p>കടഞ്ഞെടുത്ത കാലുകളുള്ള ഈ കട്ടിൽ അവൾക്കോർമ്മയുണ്ടു്. അതുപോലെത്തന്നെ മുറിയിലെ മറ്റു
വീട്ടുസാമാനങ്ങളും. മറ്റുള്ള മുറികളിലും മാറ്റമൊന്നുമില്ല. അടുക്കളയിൽ മാത്രം അല്പസ്വല്പം നവീനത
വരുത്തിയിട്ടുണ്ടു്. ഒരു പ്ലാറ്റ്ഫോം വാർത്തിട്ടുണ്ടു്. അതിന്മേൽ ഗ്യാസ് സ്സ്റ്റൗ. ഒരരുകിൽ വെള്ളനിറത്തിലുള്ള
ഫ്രിഡ്ജ്.
</p>
          <p>നീ മോളെ കൊണ്ടുവരാഞ്ഞതു് നന്നായില്ല.
</p>
          <p>വാസന്തി പറഞ്ഞു.
</p>
          <p>ഇത്ര അടുത്തു് വന്നിട്ടു് ഞങ്ങളെയൊക്കെ കാണിക്കാതെ അവളെ തിരിച്ചു കൊണ്ടു പോവാണോ?
</p>
          <p>എന്താന്നറിയോ? നിർമ്മല പറഞ്ഞു. ഞങ്ങളൊരു കല്യാണത്തിനു് വന്നതാന്നു് പറഞ്ഞില്ല്യെ. ചടങ്ങു്
കഴിഞ്ഞ ഉടനെ ഞാൻ രവിയേട്ടനോടു് പറഞ്ഞു വാസന്തിയെ കണ്ടു വരാമെന്നു്. എനിയ്ക്കു് കല്യാണ സദ്യ ഉണ്ണാൻ
ഇഷ്ടല്ല. എനിയ്ക്കു് വഴി അറിയോ
എന്നൊക്കെ ചോദിച്ചു. കുട്ടിക്കാലത്തെ ഓർമ്മയിലു് നടന്നു. ഹാളിന്റെ മുമ്പിൽക്കൂടെ നമ്മള് എത്രപ്രാവശ്യം
നടന്നിട്ടുണ്ടു്. ചുറ്റുപാടും ആകെ മാറിയിരിക്കുന്നു. ഈ വീടു് മാത്രം മാറിയിട്ടില്ല.
</p>
          <p>ഞങ്ങള് മാറിയിട്ടില്ല. വാസന്തി പറഞ്ഞു. ഞങ്ങളിപ്പോഴും പഴയ ആൾക്കാർ തന്നെ.

</p>
          <p>മോള് അച്ഛൻ കുട്ട്യാണു്. അച്ഛന്റെ ഒപ്പം ഇരുന്നു് സദ്യ ഉണ്ണണംന്നു് പറഞ്ഞിരിക്ക്യാണു്.
</p>
          <p>നിന്റെപോലെത്തന്നെ. നീയും അച്ഛൻ കുട്ട്യായിരുന്നു. ഓർമ്മണ്ടോ? ഞാൻ ചെറിയച്ഛന്റെ അടുത്തു്
വരുമ്പോഴേക്കും നീ ഓടിവന്നു് മടിയിൽ കേറിയിരിക്കാറുള്ളതു്.
</p>
          <p>നിർമ്മലയ്ക്കു് ഓർമ്മയുണ്ടു്. തന്നെ ചൊടിപ്പിക്കാനായി പലപ്പോഴും വാസന്തി അച്ഛന്റെ മടിയിൽ കയറുകയും
കൊഞ്ചുകയും ചെയ്യാറുണ്ടു്. വാസന്തിയെ ഇഷ്ടമില്ലാതിരിക്കാനുള്ള കാരണം അതായിരിക്കണം.
</p>
          <p>നീ ഒരസത്തായിരുന്നു. നിർമ്മല പറഞ്ഞു.
</p>
          <p>ആ അഭിപ്രായം വാസന്തി ഒരു പൂച്ചെണ്ടുപോലെ സ്വീകരിക്കുന്നതു് നിർമ്മല കണ്ടു.
</p>
          <p>രാധിക ഇപ്പോൾ അച്ഛന്റെ ഒപ്പമിരുന്നു് ഉണ്ണുന്നുണ്ടാവും. ഇലയിലെ ഓരോ വിഭവങ്ങളും സ്വാദു നോക്കി
അവൾ ഭംഗിയായി ഊണുകഴിക്കും. വീട്ടിൽ പക്ഷേ, ഊൺമേശക്കു മുമ്പിൽ വൃത്തിയായി ഊണു കഴിക്കാൻ
അവളെ ശാസിക്കേണ്ടിവരാറുണ്ടു്. ഊണു കഴിയുന്നതുവരെ കാത്താൽ അവളെ കൊണ്ടു വരാമായിരുന്നു.
കല്യാണപ്പാർട്ടിയെ കൊണ്ടു വന്ന ബസ്സ് തിരിച്ചുപോകുന്നതു് മൂന്നു മണിക്കാണു്. ഊണു കഴിഞ്ഞാലും ഇവിടെ
വന്നുപോകാൻ സമയമുണ്ടാകുമായിരുന്നു. പിന്നെ എന്തേ താൻ അവളെ കൊണ്ടു വരാതിരുന്നതു? തനിയ്ക്കു് തന്നെ
അറിയാത്ത ഒരു ഭയം.
</p>
          <p>നീ പോയി രാധികയെയും രവിയേട്ടനേയും വിളിച്ചുകൊണ്ടുവാ. അപ്പോഴേക്കേ ഇവിടെ ഊണു് തയ്യാറാകു.
മീൻ കിട്ടിയിട്ടുണ്ടു്. അയില. വറുത്തുവെക്കാം.
</p>
          <p>സമയണ്ടാവില്ല വാസന്തി. ബസ്സ് മൂന്നുമണിക്കുതന്നെപോകും. അവസാന നിമിഷത്തിൽ പോയാൽ ബസ്സിൽ
ഇരിക്കാൻ സ്ഥലം കിട്ടിയില്ലെന്നുവരും. മോൾക്കാണെങ്കിൽ ഒരു സൈഡ്സീറ്റു തന്നെ വേണം താനും.
</p>
          <p>മക്കൾ വരാൻ മൂന്നര നാലുമണിയാവും. വാസന്തി പറഞ്ഞു.
</p>
          <p>താൻ വാസന്തിയുടെ മക്കളെപ്പറ്റിയൊന്നും അന്വേഷിച്ചില്ലെന്നവൾ വല്ലായ്മയോടെ ഓർത്തു.
</p>
          <p>അവർ ഏതു ക്ലാസിലാണു് പഠിക്കുന്നതു?
</p>
          <p>വിനോദു് ആറിൽ, ശാന്തി മൂന്നിലും.
</p>
          <p>രാധികയും മൂന്നിലാണു്.
</p>
          <p>നീ ഒരു കാര്യം ചെയ്യ്. പോയി അവരേയും കൂട്ടിക്കൊണ്ടുവാ. ഒരാഴ്ച ഇവിടെ താമസിച്ചിട്ടുപോകാം. ദാസേട്ടനു്
റെയിൽവേയിലൊക്കെ പിടിപാടുണ്ടു്. ടിക്കറ്റൊക്കെ ശരിയാക്കിത്തരും.
</p>
          <p>നിർമ്മലയുടെ ഉള്ളിൽ ഭയം പെരുകാൻ തുടങ്ങി. ചുറ്റുമുള്ള പഴമയെ അവൾ ഭയന്നു. കൊത്തു പണിയുള്ള
വാതിലുകൾ, പിച്ചളയുടെ കട്ടിയുള്ള ഓടാമ്പലുകൾ, വാർണിഷ് ഇട്ട തട്ടു്, കാവി സിമന്റിട്ട വീതിയുള്ള ഇരുത്തി.
നഗരത്തിന്റെ ഒത്ത നടുവിൽ ഈ വീടു് ഒരു ആഡംബരമായിരുന്നു. അവൾക്കീ പൗരാണികത ഇഷ്ടമായിരുന്നു.
പക്ഷേ, അതേ സമയം അവൾ അതിനെ ഭയപ്പെടുകയും ചെയ്തു. ഈ പൗരാണികത കുട്ടിക്കാലത്തുണ്ടാക്കിയ
കുറ്റബോധത്തിൽനിന്നവൾ ഇത്രയും കാലം ഒളിച്ചോടിപ്പോവുകയായിരുന്നു.
</p>
          <p>ഇനി ഒരിക്കൽ ഞങ്ങൾ വരാം. നിർമ്മല പറഞ്ഞു. ഇപ്പോൾ രവിയേട്ടനു് എന്തൊക്കെയോ അത്യാവശ്യ
കാര്യങ്ങളുണ്ടെന്നു് പറഞ്ഞിരുന്നു.
</p>
          <p>നിനക്കു് ലക്ഷമിആന്റിയെ കാണണ്ടെ?
</p>
          <p>നിർമ്മല ശരിക്കും ഞെട്ടി. ഇവിടെ വന്നതുമുതൽ അവളുടെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഞാനൊരു
വിഡ്ഢിയാണു്. അവൾ സ്വയം പറഞ്ഞു. ഇരുപതു കൊല്ലം ഒരു സ്ത്രീ അതൊക്കെ ഓർത്തിരിക്കയാണോ? ഒന്നാമതു്
അവർ അതു് അറിഞ്ഞിരിക്കാനേ ഇടയില്ല.
</p>
          <p>ലക്ഷ്മി ആന്റി എപ്പോഴും നിന്റെ കാര്യം അന്വേഷിക്കും. ഞാനെന്തു പറയാനാ എനിക്കു് ബോംബെയിലും

മദ്രാസിലും ഒന്നും വന്നു് നിന്നെ കാണാൻ കഴിയില്ല. നീ വല്ലപ്പോഴും നാട്ടിൽ വരുന്നതു് ഞാൻ അറിയാറുമില്ല.
മറ്റുള്ളോരിൽനിന്നാ പിന്നീം വിവരങ്ങള് കിട്ടണതു്. നീ പിന്നെ ഇവിടെയൊന്നും വരാറില്ലല്ലോ.
</p>
          <p>താൻ കുറെക്കാലം തന്റെ സ്നേഹത്തിന്റെ നീരുറവു് വാസന്തിയിലേക്കൊഴുകുന്നതു് തടഞ്ഞു വെച്ചുവെന്നതു്
അവൾക്കു് സംതൃപ്തി നൽകി. ആ പഴയ ഭീഷണിക്കാരി അതർഹിക്കുന്നുണ്ടു്.
</p>
          <p>ലക്ഷ്മി ആന്റി ഇപ്പോഴും മുകളിൽത്തന്ന്യാണോ?
</p>
          <p>അതെ. പാവം അവർ എങ്ങോട്ടു് പോകാനാണു്?
</p>
          <p>പണിക്കർ അങ്കിളോ?
</p>
          <p>കുഴപ്പമൊന്നുമില്ല. പിന്നെ വയസ്സായില്ലെ? പകലൊക്കെ ലൈബ്രറിയിൽ പോകും.
</p>
          <p>മുകളിലേക്കുള്ള കോണി പുറത്തായിരുന്നു. കോണി കയറുമ്പോൾ വാസന്തി ചോദിച്ചു. ഈ
കോണിത്തണ്ടിലൂടെ ഉരസിയിറങ്ങാറുള്ളതു് നിനക്കോർമ്മയുണ്ടോ?
</p>
          <p>നിർമ്മല തലയാട്ടി. ലക്ഷ്മി ആന്റിയുടെ വീട്ടിൽനിന്നു് താഴേക്കിറങ്ങുമ്പോൾ ഒരിക്കൽപ്പോലും കോണിപ്പടികൾ
ഉപയോഗിച്ചിട്ടില്ല.
</p>
          <p>ചില്ലലമാരികളും പാവക്കുട്ടികളും ഇല്ലാതെ ലക്ഷ്മി ആന്റിയെ ഓർക്കാൻ കഴിയുന്നില്ല. പലതരം പാവകൾ ഈ
ചില്ലലമാരിക്കുള്ളിൽ അഭയം കണ്ടെത്തി. ലക്ഷ്മി ആന്റി ഒഴിവുസമയങ്ങളിൽ പാവക്കുട്ടികളെ
ഉണ്ടാക്കിക്കൊണ്ടിരുന്നു. അതിനവർ കയ്യിൽ കിട്ടിയ ഏതുസാധനവും ഉപയോഗിച്ചു. കളിമണ്ണു്, പഞ്ഞി, തുണി,
മരം, തെർമോകോൾ എന്തും. ഒരു ചില്ലലമാരിയിലെ ജനസംഖ്യ അസാമാന്യമായി പെരുകുകയാണെങ്കിൽ
പണിക്കരങ്കിൾ പുതിയൊരു അലമാരി പണിയിക്കും. തിരക്കേറിയ അലമാരിയിൽനിന്നു് ചിലവ പുതിയ
വീട്ടിലേക്കു് താമസം മാറ്റും. വീണ്ടും അവ പെറ്റുപെരുകും.
</p>
          <p>ഇവരാണെന്റെ മക്കൾ. ലക്ഷ്മി ആന്റി എപ്പോഴും പറയും. നിങ്ങൾ എന്റെ മരുമക്കളാണു്.
</p>
          <p>വാസന്തി വാതിലിന്റെ വലതുവശത്തുള്ള ബട്ടണമർത്തി ബെല്ലടിക്കുന്നതു് നിർമ്മല കൗതുകത്തോടെ
നോക്കി. കുട്ടികളായിരിക്കുമ്പോൾ അവർക്കു് ആ ബെൽ അടിക്കാൻ എത്തിയിരുന്നില്ല. വാതിൽക്കൽ
മുട്ടുകയാണു് പതിവു്. നിർമ്മല ഉള്ളിൽ കടന്ന ഉടനെ ചില്ലലമാരകളുടെ മുമ്പിൽ പോയി നിന്നു. വളരെയധികം
പാവകൾ. പലതും താൻ കണ്ടിട്ടില്ലാത്തവയാണു്.
</p>
          <p>ലക്ഷ്മി ആന്റി പകച്ചു നിൽക്കുകയാണു്. കൂസലില്ലാതെ തന്റെ വീടിനുള്ളിൽ കയറി പരിശോധിക്കുന്ന
ചെറുപ്പക്കാരി ആരാണെന്നു് അവർ വാസന്തിയോടു് ആംഗ്യത്തിൽ ചോദിക്കുന്നതു് നിർമ്മല കൺകോണിലൂടെ
കണ്ടു. വാസന്തി പറയുന്നില്ല. ചെറിയൊരു സസ്പെൻസ് കുറച്ചുനേരം നില നിർത്താൻ തന്നെയാണു് അവളുടെ
ഉദ്ദേശ്യം.
</p>
          <p>നിർമ്മല ഓരോ ചില്ലലമാരിയുടെയും മുമ്പിൽ കുറച്ചുനേരം നോക്കിനിൽക്കും. പിന്നെ അടുത്തതിലേക്കു്
നടക്കും. അവൾ ഒരു പ്രത്യേക പാവക്കുട്ടിക്കു വേണ്ടി തിരയുകയായിരുന്നു. ആ മുറിയിലുള്ള അലമാരിയിലൊന്നും
അതു കണ്ടില്ല. അവൾ അടുത്ത മുറിയിലേക്കു നടന്നു.
</p>
          <p>ഓർമ്മയിലെവിടെയോ തങ്ങി നിന്ന ആ പഴയ സുപരിചിതത്വം അവളെ ഒറ്റിക്കൊടുത്തു.
</p>
          <p>ആ ഇതു് നിർമ്മലമോളല്ലേ?
</p>
          <p>ലക്ഷ്മി ആന്റി ഓടിവന്നു് അവളെ കെട്ടിപ്പിടിച്ചു.
</p>
          <p>എന്റെ മോളേ.
</p>
          <p>പിന്നെ തിരിഞ്ഞു് വാസന്തിയോടു് പരിഭവസ്വരത്തിൽ പറഞ്ഞു.
</p>
          <p>നിർമ്മല വരുന്നുണ്ടെന്നു് എന്തേ എന്നോടു് പറയാതിരുന്നതു?
</p>
          <p>ഞാൻ അറിഞ്ഞിട്ടുവേണ്ടേ? പന്ത്രണ്ടു മണിക്കുണ്ടു് ഒരാൾ വാതിൽക്കൽ ചിരിച്ചു കൊണ്ടു നിൽക്കുണു.

എനിക്കുതന്നെ മനസ്സിലായില്ല. സ്വന്തം പരിചയപ്പെടുത്ത്വേ ചെയ്തതു്.
</p>
          <p>ആട്ടെ നിന്റെ മോളെവിടെ?
</p>
          <p>ഒന്നും പറയണ്ട ആന്റി. വാസന്തി പറഞ്ഞു. അവൾ തൊട്ടടുത്തു തന്നെയാണു്. എന്നിട്ടും ഇവൾ കൊണ്ടു
വന്നില്ല.
</p>
          <p>നിൽക്കു. അവർ കണ്ണടച്ചു കൊണ്ടു് ധ്യാനിച്ചു. എനിക്കവളെ കൺമുമ്പിൽ കാണുന്നുണ്ടു്. വെളുത്തു മെലിഞ്ഞ
ഒരു കൊച്ചു സുന്ദരി. തലമുടി പോണിടെയ്ൽ ആയി കെട്ടിയിരിക്കയാണു്. ഞെറികളുള്ള ഉടുപ്പാണു് ഇട്ടിരിക്കുന്നതു്.
കാലിൽ വെള്ളിയുടെ പാദസ്വരം.
</p>
          <p>അവൾ വലിയ നിറമൊന്നുമില്ല. ആന്റി. നിർമ്മല പറഞ്ഞു. അച്ഛന്റെ നെറാണു് കിട്ടിയിരിക്കണതു്.
</p>
          <p>ഞാൻ താഴത്തു പോകട്ടെ ആന്റി. വാസന്തി പറഞ്ഞു. കൂട്ടാന്റെ പണി കുറച്ചു ബാക്കിയുണ്ടു്. പിന്നെ മത്സ്യം
വറുക്കണം. ഈ മണ്ടി നല്ലൊരു സദ്യ ഒഴിവാക്കി വന്നിരിക്ക്യാണു്.
</p>
          <p>വാസന്തി പോയി. നിർമ്മലയും ലക്ഷ്മി ആന്റിയും മാത്രമായി. കുറച്ചുനേരത്തേക്കു് രണ്ടുപേരും ഒന്നും
സംസാരിക്കാതെ ഓർമ്മകളിൽ മുഴുകി. ചുറ്റും പാവകളായിരുന്നു. കുട്ടിയായിരിക്കുമ്പോൾ അവൾ ഈ
ചില്ലലമാരികൾക്കു മുമ്പിൽ മണിക്കൂറുകളോളം ഇരിക്കാറുണ്ടു്, ഓരോ പാവയുടെയും വിശദാംശങ്ങൾ ശ്രദ്ധിച്ചു
പഠിച്ചുകൊണ്ടു്. ഒരു പാവയും മറ്റൊരു പാവയെപ്പോലെയായിരുന്നില്ല. വേഷവിധാനത്തിലും മുഖഭാവങ്ങളിലും
വൈരുദ്ധ്യവും വ്യത്യസ്തതയും പുലർത്തിയിരുന്ന ആ പാവകൾ അവൾക്കെന്നും അത്ഭുതമായിരുന്നു. പാവകൾക്കു്
അവരുടേതായ ഒരു ലോകമുണ്ടെന്നും താൻ നോക്കാതിരിക്കുമ്പോൾ അവർ തമ്മിൽ തമ്മിൽ
സംസാരിക്കാറുണ്ടെന്നും അവൾ കരുതി. സന്ധ്യാ നേരത്തു് പ്രത്യേകിച്ചും നിഴലും വെളിച്ചവും തമ്മിൽ
വേർതിരിച്ചറിയാനാവാത്ത ആ സമയത്തു് പാവകൾ ഉണർന്നെഴുന്നേറ്റു് അന്യോന്യം കലമ്പുന്നതു പോലെ
തോന്നും. പിന്നെ ലക്ഷ്മി ആന്റി കത്തിച്ചു വെച്ച നിലവിളക്കിന്റെ നാളം അവയുടെ മുഖം ദീപ്തമാക്കുകയും
മുഖഭാവങ്ങൾ സജീവമാക്കുകയും ചെയ്യുമ്പോൾ അവൾ അനങ്ങാതെ അവരുടെ അത്ഭുതലോകത്തിൽ
ഇടപെടാതിരിക്കാനായി ശബ്ദമുണ്ടാക്കാതെ ഇരിക്കും.
</p>
          <p>പാവകളെ എടുക്കുന്നതും തൊടുന്നതുപോലും ലക്ഷ്മി ആന്റിക്കിഷ്ടമായിരുന്നില്ല. പുറത്തുനിന്നു്
എത്രവേണമെങ്കിൽ നോക്കിക്കൊള്ളു, ഒന്നും തൊടരുതു്. എന്റെ മക്കളാണവർ. പാവകളുടെ കാര്യത്തിലുള്ള
കാർക്കശ്യം മയപ്പെടുത്താനായി അവർ അവൾക്കും വാസന്തിക്കും പല തരം പലഹാരങ്ങൾ ഉണ്ടാക്കിക്കൊടുത്തു.
</p>
          <p>ഒരിക്കൽ ലക്ഷ്മി ആന്റി ഒരു പാവക്കുട്ടിയുടെ മുഖം ചായം തേച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചോദിച്ചു.
</p>
          <p>ആന്റിക്കു് ഈ പാവക്കുട്ടികളെയൊക്കെ വിറ്റുകൂടെ?
</p>
          <p>എന്തിനാ വിൽക്കണതു് മോളെ?
</p>
          <p>ധാരാളം പണം കിട്ടില്ലെ?
</p>
          <p>പണംണ്ടാക്കാൻ വേണ്ടി ആരെങ്കിലും മക്കളെ വിൽക്ക്വോ?
</p>
          <p>അവൾ പെട്ടെന്നു് വല്ലാതായി. ലക്ഷ്മി ആന്റിയും പണിക്കരങ്കിളും പലപ്പോഴും ഒന്നും സംസാരിക്കാതെ ഒരേ
മുറിയിൽ ഇരിക്കാറുള്ളതവൾക്കു് ഓർമ്മ വന്നു. രണ്ടുപേരും അവരവരുടെ ലോകത്താവും. രണ്ടു പേരെയും
ബന്ധിക്കാൻ ഒരു കണ്ണി ആ വീട്ടിലില്ലെന്നു് അവൾ മനസ്സിലാക്കും. അവൾ ദുഖിക്കും. പാവകളെ
വിൽക്കുന്നതിനെപ്പറ്റി അവൾ പിന്നീടു് സംസാരിച്ചിട്ടില്ല.
</p>
          <p>ദുരന്തമുണ്ടായ അന്നു് ലക്ഷ്മി ആന്റി അടുക്കളയിൽ അവർക്കുവേണ്ടി റവക്കേസരിയുണ്ടാക്കുകയായിരുന്നു.
വാസന്തി താഴെ അവളുടെ വീട്ടിലായിരുന്നു. നിർമ്മല പാവകളുടെ ലോകത്തും. നോക്കിക്കൊണ്ടിരിക്കെ ഒരു
പാവ അവളുടെ കണ്ണിൽപ്പെട്ടു. പട്ടുതുണി കൊണ്ടുണ്ടാക്കിയ കടുംപച്ചബ്ലൗസും നീണ്ട പാവാടയും ആണു് വേഷം.
പാവാടയ്ക്കും ബ്ലൗസിന്റെ കയ്യിനും കറുത്ത ബോർഡർ ഉണ്ടു്. നിർമ്മലയ്ക്കു് ഏറ്റവും ഇഷ്ടമായതു് അവളുടെ
കണ്ണുകളാണു്. കുങ്കുമഛവിയുള്ള കവിളുകൾ, കറുത്തു നീണ്ട തലമുടി. ആ പാവയെ അവൾ മുമ്പും കണ്ടിട്ടുണ്ടു്.
പക്ഷേ, അന്നെന്തോ അതിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. അതവളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിൽ
വിജയിച്ചിരുന്നു.
</p>
          <p>അവൾ അലമാര തുറന്നു. ലക്ഷ്മി ആന്റി അടുക്കളയിലാണു്. അവൾക്കു് ആ പാവക്കുട്ടിയെ ഒന്നുതൊടണം.

അവൾ കൈ നീട്ടി. ആ കൊച്ചുസുന്ദരിയുടെ കവിളിൽ തൊട്ടു. നല്ല മിനുസമുണ്ടു്. അമ്മയോടു് എടുക്കാൻ
ആവശ്യപ്പെടുന്ന ഒരു കുട്ടിയെപ്പോലെ ആ പാവക്കുട്ടി അവളെ പ്രലോഭിപ്പിച്ചു. അവളിലെ മാതൃഭാവം ഉണർന്നു.
വീണ്ടുവിചാരമില്ലാതെ അവൾ ആ പാവക്കുട്ടിയെ വാരിയെടുത്തു് ഉമ്മവെച്ചു.
</p>
          <p>ആരോ കോണികയറിവരുന്ന ശബ്ദം കേട്ടപ്പോൾ അവൾ ഞെട്ടി. വേഗം പാവക്കുട്ടിയെ തിരിച്ചു വെക്കാൻ
നോക്കി. അപ്പോഴാണതുണ്ടായതു്. അലമാരിയുടെ ചില്ലിന്മേൽ തട്ടി പാവക്കുട്ടി നിലത്തു വീണു.
</p>
          <p>ആ നിമിഷത്തിലാണു് വാസന്തി തുറന്നിട്ട വാതിലിലൂടെ മുറിയിലേക്കു് വന്നതു്. അവൾ ഓടിവന്നു നോക്കി.
പാവക്കുട്ടി നിലത്തുവീണുകിടക്കുന്നു. മലർാണു് കിടപ്പു്. ഒരു കാൽ മുറിഞ്ഞു് വേറിട്ടു് കിടക്കുന്നു. ഭയംകൊണ്ടു്
അനങ്ങാൻ വയ്യാതെ നിർമ്മല തരിച്ചു നിന്നു. ഒരു നിമിഷംകൊണ്ടു് വാസന്തി സംഗതികൾ മുഴുവൻ മനസ്സിലാക്കി.
അവൾ ചൂണ്ടാണിവിരൽ ഒരു പ്രത്യേക രീതിയിൽ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ ഇളക്കിക്കൊണ്ടു് പറഞ്ഞു.
</p>
          <p>നന്നായിട്ടുണ്ടു്. ലക്ഷ്മി ആന്റി കണ്ടാൽ ശരിയായി. ഞാൻ പറഞ്ഞു കൊടുക്കും.
</p>
          <p>നിർമ്മല കരച്ചിലടക്കാൻ പാടുപെട്ടു കൊണ്ടു് അവളെ തടഞ്ഞു. ഭയവും അമർത്തിപ്പിടിച്ച തേങ്ങലും കാരണം
അവളുടെ നെഞ്ഞിനുള്ളിൽ വേദനിക്കുന്നുണ്ടായിരുന്നു.
</p>
          <p>പെട്ടെന്നു് വാസന്തിയിലെ ഭീഷണിക്കാരിയുടെ ബുദ്ധി അതിവേഗം പ്രവർത്തിക്കാൻ തുടങ്ങി. അവൾ പറഞ്ഞു.
</p>
          <p>നീ ഒരു കാര്യം ചെയ്താൽ ഞാൻ പറഞ്ഞുകൊടുക്കില്ല. നീ ചെയ്യ്വോ?
</p>
          <p>താൻ ചെയ്ത കുറ്റകൃത്യം പുറത്തു വരാതിരിക്കാൻ അവൾ ആ നിമിഷത്തിൽ എന്തിനും തയ്യാറായി രുന്നു.
</p>
          <p>ശരി.
</p>
          <p>എന്നാൽ നാളെ നിങ്ങള് കണ്ണൂരിലേക്കു് തിരിച്ചുപോവുമ്പോ എന്നെയും കാറിൽ കൊണ്ടുപോണം
</p>
          <p>നിർമ്മല തളർന്നു. അവൾക്കതു തീരെ സമ്മതമില്ലാത്ത കാര്യമായിരുന്നു. ഒരാഴ്ചമുമ്പു് അവൾ അച്ഛനും
അമ്മയുമൊപ്പം തിരുവനന്തപുരത്തു് വന്ന അന്നു തൊട്ടു് വാസന്തി പറയുന്നതാണതു്. നിർമ്മല വാശിപിടിച്ചാലേ
വാസന്തിയെ വല്ല്യച്ഛൻ പറഞ്ഞയക്കൂ. വാസന്തിയെ അവൾക്കിഷ്ടമാണു്. ഒപ്പം കളിക്കാനും ഇഷ്ടമാണു്. പക്ഷേ,
അവൾ അച്ഛന്റെ അടുത്തു് കൊഞ്ചാൻ വരുന്നതു് മാത്രം നിർമ്മലക്കിഷ്ടമല്ല. അമ്മയുടെ അടുത്തു് ആയിക്കോട്ടെ.
അച്ഛനെ അവൾ ആരുമായും പങ്കിടാൻ പോകുന്നില്ല, വാസന്തിയോടും കൂടി.
</p>
          <p>വേഗം പറഞ്ഞോ. വാസന്തി ഭീഷണി സ്വരത്തിൽ പറഞ്ഞു. അല്ലെങ്കിൽ ഞാൻ ലക്ഷ്മി ആന്റിയെ വിളിക്കും.
എന്നാൽ നന്നാവും.
</p>
          <p>നിർമ്മലയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. അവൾ പറഞ്ഞു.
</p>
          <p>ശരി കൊണ്ടുപോകാം.
</p>
          <p>വാസന്തി ഉടനെ പാവക്കുട്ടിയെ എടുത്തു് അതിന്റെ കാൽ മുറിഞ്ഞതു് അറിയാത്ത വിധത്തിൽ അലമാരിയുടെ
ഉള്ളിൽ ഒരു മൂലയിൽ ചാരിവെച്ചു. ശബ്ദമുണ്ടാക്കാതെ അലമാരിയുടെ വാതിൽ അടച്ചതും ലക്ഷ്മി ആന്റി
മുന്തിരങ്ങയും അണ്ടിപ്പരിപ്പും നിറയെ ഇട്ട റവകേസരി രണ്ടുപ്ലേയ്റ്റുകളിലാക്കി കൊണ്ടുവന്നതും ഒപ്പമായിരുന്നു.
ഒരു നിമിഷം വൈകിയിരുന്നെങ്കിൽ!
</p>
          <p>ആ സംഭവത്തിനുശേഷം അവൾ തിരുവനന്തപുരത്തേക്കു് വന്നതേയില്ല. നാലു മാസത്തിനുള്ളിൽ അച്ഛനു്
ദില്ലിയിലേക്കു് മാറ്റമായി. പോകുന്നതിനുമുമ്പു് ഏട്ടനെ കാണാൻ പോകണമെന്നുണ്ടായിരുന്നു അച്ഛനു്. അവൾ
വരില്ലെന്നു വാശിപിടിച്ച കാരണം അച്ഛൻ ഒറ്റയ്ക്കു പോയി വന്നു. പിന്നെ ഓട്ടമായിരുന്നു. ദില്ലി, ബോംബെ,
അഹമ്മദാബാദ്. അവളെ സംബന്ധിച്ചിടത്തോളം ഒരു കുറ്റകൃത്യത്തിൽ നിന്നു് ഓടി രക്ഷപ്പെടുകയായിരുന്നു.
</p>
          <p>ഇപ്പോൾ ഇവിടെ ലക്ഷ്മി ആന്റിയുടെ നരച്ച തലമുടിയും, ചുളിഞ്ഞുതുടങ്ങിയ പ്രശാന്തമായ മുഖവും
നോക്കിയിരിക്കെ കഴിഞ്ഞതെല്ലാം എത്ര നിസ്സാരമായിരുന്നെന്നു് നിർമ്മലക്കു തോന്നി.
</p>
          <p>രണ്ടുപേരും അവരവരുടെതായ വഴിയിലൂടെ ഒരേ സമയത്തു് തിരിച്ചെത്തി. ഒരു ദീർഘയാത്ര കഴിഞ്ഞ
പോലെ ലക്ഷ്മി ആന്റി നിശ്വസിച്ചു.

</p>
          <p>ഞാൻ നിങ്ങൾ രണ്ടുപേരും ഇവിടെ വന്നു് കളിക്കാറുള്ളതൊക്കെ ഓർക്ക്വായിരുന്നു.
</p>
          <p>നിർമ്മല ചിരിച്ചു.
</p>
          <p>ആന്റി ഇതുവരെയുണ്ടാക്കിയ പാവക്കുട്ടികളൊക്കെ ഇവിടെ ഇല്ലേ?
</p>
          <p>എല്ലാം ഉണ്ടു്. എന്റെ മക്കൾ എല്ലാം ഉണ്ടു്. ഒരു മോള് മാത്രെ കുറച്ചു കാലായിട്ടു് കാണാത്യായിട്ടുള്ളു. ഇന്നു്
അവളീം കിട്ടി.
</p>
          <p>നിർമ്മലയുടെ വയറ് കാളി. പെട്ടെന്നു് ആന്റി പറയുന്നതു് താൻ കേടുവരുത്തിയ
പാവക്കുട്ടിയെപ്പറ്റിയാണെന്നവൾക്കു തോന്നി. അതല്ല അവർ ഉദ്ദേശിച്ചതെന്നു് മനസ്സിലാക്കാൻ അവൾ കുറച്ചു
സമയമെടുത്തു.
</p>
          <p>ഞാൻ പോയി കുറച്ചു നാരാങ്ങാ വെള്ളം എടുക്കട്ടെ.
</p>
          <p>ലക്ഷ്മി ആന്റി എഴുന്നേറ്റു.
</p>
          <p>ഞാൻ ആന്റിയുടെ മക്കളെ ഒക്കെ ഒന്നു കാണട്ടെ.
</p>
          <p>നിർമ്മലയ്ക്കു് ആ പാവക്കുട്ടിയെ കണ്ടുപിടിക്കണം. ആന്റി ഇടയ്ക്കിടയ്ക്കു് പാവകളെ അങ്ങോട്ടു മിങ്ങോട്ടും
മാറ്റാറുള്ളതു കൊണ്ടു് ആ ജോലി അത്ര എളുപ്പമായിരുന്നില്ല. അവൾ ഓരോരോ അലമാരിയായി നോക്കിത്തുടങ്ങി.
നോക്കിക്കൊണ്ടിരിക്കെ അവൾക്കു് അവയുടെ സ്രഷ്ടാവിലെ അനുഗ്രഹീത കലാകാരിയെ മനസാ
അഭിനന്ദിക്കാതിരിക്കാനായില്ല. പക്ഷേ, ആ പാവകൾ അവളോടു് സംസാരിച്ചില്ല. മുമ്പു് കുട്ടിയായിരുന്നപ്പോൾ ആ
പാവകൾ ഓരോന്നും അതിന്റേതായ വഴിയിൽ അവളോടു് ആശയ വിനിമയം നടത്തിയിരുന്നു. ഇപ്പോൾ
പ്രായത്തിൽ വന്നമാറ്റമാവാം അല്ലെങ്കിൽ ഉച്ച വെയിൽ മുറിയെ ദീപ്തമാക്കുന്നതു കൊണ്ടു് പാവകൾക്കു് അവയുടെ
മുഖത്തെ ഭാവം നഷ്ടപ്പെട്ടതുകൊണ്ടാവാം, അവ ഊമകളെപ്പോലെ വലിയ കണ്ണുകളുംകൊണ്ടു് അവളെ
നോക്കുകമാത്രം ചെയ്തു.
</p>
          <p>പെട്ടെന്നു് അവളുടെ ഹൃദയം ശക്തിയായി മിടിച്ചു. വാസന്തി ഭീഷണിപ്പെടുത്തിയപ്പോഴുണ്ടായ നെഞ്ചു വേദന
അവൾക്കു് അനുഭവപ്പെട്ടു. ആ സുന്ദരിപ്പാവ നിത്യയൗവ്വനവുമായി ഒരു അലമാരിയുടെ നടുവിൽത്തന്നെ
നിൽക്കുന്നു. രണ്ടു കാലിൽത്തന്നെ.
</p>
          <p>അവൾ അലമാരിയുടെ വാതിൽതുറന്നു് ആ പാവയെ കയ്യിലെടുത്തു. തന്റെ ജീവിതം മുഴുവൻ കുറ്റബോധം
കൊണ്ടു് നിറച്ച സുന്ദരി. വിറയ്ക്കുന്ന കൈകളോടെ അവൾ ആ പാവയുടെ നീണ്ട പട്ടുപാവാട പൊക്കി നോക്കി.
വലത്തേ കാൽ മുറിഞ്ഞേടത്തു് ഭംഗിയായി ഒട്ടിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ അതു് പൊട്ടിയതാണെന്നറിയില്ല.
</p>
          <p>അവൾ ദീർഘമായി നിശ്വസിച്ചു.
</p>
          <p>ആ നിമിഷത്തിലാണു് വാസന്തി വാതിൽ കടന്നുവന്നതു്. അവൾ പെട്ടെന്നു നിന്നു. ആ പഴയ
ഭീഷണിക്കാരിയുടെ മുഖത്തു് ഓർമ്മയുടെ സ്ഫുലിംഗം മിന്നിമറയുന്നതു് അവൾ കണ്ടു.
</p>
          <p>പാവയുടെ ഉയർത്തിയ പാവാട താഴ്ത്താൻ കൂടി വയ്യാതെ നിർമ്മല നിന്നു. അകത്തുനിന്നു് ലക്ഷ്മി ആന്റി ഒരു
ഗ്ലാസിൽ നാരങ്ങ വെള്ളവുമായി വന്നു. അവൾ നിർമ്മലയുടെ കയ്യിലെ പാവക്കുട്ടിയെ നോക്കി.
</p>
          <p>ഒരു പഴയ ദുരന്തത്തിന്റെ ഓർമ്മ അവരുടെ മുഖത്തു് നിഴൽ വീശിയോ?
</p>
          <p>ലക്ഷ്മി ആന്റിയുടെ മുഖത്തു് നിർമ്മല വല്ലായ്മയോടെ നോക്കി. വല്ലാത്തൊരു സംഘട്ടനം. ഇരുപതു കൊല്ലം
ശിക്ഷയിൽ നിന്നോടി രക്ഷപ്പെട്ട കുറ്റവാളി കീഴടങ്ങിയിരിക്കുന്നു. നിയമം അതിന്റെ വഴിക്കു് നടക്കട്ടെ. ശിക്ഷ
സ്വീകരിക്കാൻ തയ്യാറായി നിർമ്മല നിന്നു.
</p>
          <p>ഗ്ലാസ് ടീപോയ്മേൽവെച്ചു് ലക്ഷ്മി ആന്റി നിർമ്മലയുടെ അടുത്തു വന്നു. പതുക്കെ അവളെ അരക്കെട്ടിലൂടെ
വരിഞ്ഞു് കവിളിൽ ചുംബിച്ചു.
</p>
          <p>താൻ കരയുകയായിരുന്നെന്നു്, അമ്പരപ്പോടെ ആശ്വാസത്തോടെ അവൾ മനസ്സിലാക്കി.

</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Pazhayoru Bheeshanikkari (ml:
പഴയൊരു ഭീഷണിക്കാരി).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Pazhayoru Bheeshanikkari, ഇ ഹരികുമാർ, പഴയൊരു ഭീഷണിക്കാരി, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 18, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Danloux_Girl_playing_with_a_doll.jpg">Girl
Playing with a Doll,</ref> a painting by <ref target="https://en.wikipedia.org/wiki/en:Henri-Pierre_Danloux">Henri-Pierre
Danloux</ref>  (1753–1809). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-bheeshani.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-bheeshani.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
