<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ബസ്സ് തെറ്റാതിരിക്കാൻ</title>
          <title xml:lang="en" type="main">Bus Thettathirikkan</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">July 1, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ബസ്സ് തെറ്റാതിരിക്കാൻ</title>
              <title xml:lang="en" type="main">Bus Thettathirikkan</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Bus Thettathirikkan</term>
          <term>ഇ ഹരികുമാർ</term>
          <term>ബസ്സ് തെറ്റാതിരിക്കാൻ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Lost_in_Thought.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Lost_in_Thought,_by_Antonio_Mancini.jpg">Lost
in Thought,</ref> a painting by <ref target="https://en.wikipedia.org/wiki/en:Antonio_Mancini">Antonio
Mancini</ref>  (1852–1930). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ബസ്സ് തെറ്റാതിരിക്കാൻ</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ബസ്സ് തെറ്റാതിരിക്കാൻ</head>
        <div type="lsection">
          <p style="noindent">കല്യാണം കഴിഞ്ഞു് ഭർത്താവിന്റെ വീട്ടിലെത്തിയ ആശയെ എതിരേറ്റതു് രണ്ടു്
കഥാപാത്രങ്ങളായിരുന്നു. ഒന്നു് സ്വർണ്ണഫ്രെയിമുള്ള കണ്ണടയിലൂടെ അവളെ നിരാകരിച്ചുകൊണ്ടു് നോക്കിയ
അമ്മായിയമ്മ. അവർ അടുത്തുവന്നു് അവളുടെ തൊട്ടുമുമ്പിൽനിന്നു് അവളുടെ ഓരോ അംഗങ്ങളും പഠിക്കാൻ
തുടങ്ങി. വലത്തെ കൈകൊണ്ടു് കണ്ണട കുറച്ചുയർത്തി കണ്ണുകൾ ചുളിച്ചു് അവർ ഒരു പത്തു മിനിറ്റുനേരം നോക്കി
പഠിച്ചു. അവസാനം മകന്റെ നേരെ തിരിഞ്ഞു് നിനക്കു ഇങ്ങനത്തെ ഒരുത്തിയെ കിട്ടിയുള്ളോടാ എന്ന ഒരു
നോട്ടവും എറിഞ്ഞു് തിരിഞ്ഞു നടന്നു.
</p>
          <p>രണ്ടാമത്തെ കഥാപാത്രം ഭർത്താവിന്റെ അനുജത്തി രമണിയായിരുന്നു. അവൾക്കു് തന്നേക്കാൾ
പ്രായമായിട്ടുണ്ടാകുമെന്നു് ആശ ഊഹിച്ചു. അവൾ ഓടി വന്നു് ചേട്ടനെ കെട്ടിപ്പിടിച്ചു് കഴുത്തിൽ തൂങ്ങി. എന്താ
ചേട്ടൻ ഇത്ര നേരം വൈകിയതു് എന്നൊരു ചോദ്യവും. ഗോപി അവളെ അരക്കെട്ടിലൂടെ പിടിച്ചു്
കൊഞ്ചിച്ചുകൊണ്ടു് എന്തോ പറഞ്ഞു് അകത്തേക്കു പോയി. അതോടെ അവൾക്കു് നേരിടേണ്ടിവന്ന
കഥാപാത്രങ്ങളുടെ എണ്ണം മൂന്നായി. ആശ കുറച്ചുനേരം ഉമ്മറത്തുതന്നെ ചുറ്റിപ്പറ്റി നിന്നു. പിന്നെ
അവിടെത്തന്നെയുള്ള ഒരു കസേരയിൽ ഇരുന്നുകൊണ്ടാലോചിച്ചു. കല്യാണം കഴിഞ്ഞ അന്നുതന്നെ
കൂട്ടിക്കൊണ്ടുവരലും, കൊണ്ടാക്കലും കഴിഞ്ഞിരുന്നു. അന്നു വന്നപ്പോൾ വിളക്കും താലവും പിടിച്ചിരുന്നതു് വേറെ
ഏതോ പെൺകുട്ടികളായിരുന്നു. ഈ അമ്മയും മകളും അല്ല, തീർച്ച. അമ്മായിയമ്മയുടെ പെരുമാറ്റത്തിൽ
അവൾക്കു് അസാധാരണമായി ഒന്നും തോന്നിയില്ല. എല്ലാ അമ്മായിയമ്മമാരും ഒരു പക്ഷേ,
അങ്ങിനെതന്നെയായിരിക്കും പെരുമാറുക.
</p>
          <p>സ്വന്തം സൗന്ദര്യത്തെപ്പറ്റി ആശയ്ക്കു നല്ല ബോധമുണ്ടു്. ചെമ്പകത്തിന്റെ നിറമാണു് അവളുടേതു്.
സിൽക്കുപോലത്തെ തലമുടി, ഭംഗിയുള്ള മൂക്കു്, പ്രകാശം പരത്തുന്ന കണ്ണുകൾ. അതുപോലെ വടിവൊത്ത
ദേഹവും. ഇതെല്ലാം തനിക്കുണ്ടെന്നു് അവൾക്കറിയാം. ഇതെല്ലാം ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസം
കൊടുക്കുന്നതായിരുന്നു. പിന്നെ ഒരു അമ്പതുകാരി അമ്മായിയമ്മ തന്നെ നോക്കി പുരികം ചുളിച്ചപ്പോൾ
അവൾക്കു് വലിയ വിഷമമൊന്നുമുണ്ടായില്ല. ഭർത്താവു് അനിയത്തിയുടെ അരക്കെട്ടിലൂടെ കയ്യിട്ടു് അകത്തേക്കു
പോയപ്പോഴും അവൾക്കു് അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷേ, ഒറ്റയ്ക്കു് ഇരിക്കേണ്ടിവന്ന വിഷമം
കാരണം അവൾ അകത്തേക്കു് പോകാൻ തീരുമാനിച്ചു. ഉമ്മറത്തുനിന്നു് തളത്തിലേക്കാണു് കടക്കുന്നതു്.
തളത്തിൽ നിന്നു് രണ്ടു വാതിലുകളുണ്ടു്. ഒന്നു് അടുക്കളയിലേക്കുള്ളതും മറ്റൊന്നു് ഒരു കിടപ്പുമുറിയിലേയ്ക്കുള്ളതും.
തളത്തിന്റെ ഇടതുവശത്തു് മുകളിലേക്കുള്ള കിടപ്പുമുറിയിൽ കട്ടിലിന്റെ തലക്കൽ അമ്മ ഇരിക്കുന്നു. കാൽഭാഗത്തു്
ഗോപിയും. അയാളുടെ തോളത്തു് കയ്യിട്ടുകൊണ്ടു് അനിയത്തി നിൽക്കുകയാണു്. ആശ കടന്നുവന്ന ഉടനെ
സംസാരം പെട്ടെന്നു നിലച്ചു.
</p>
          <p>ആശ കാൽ പിന്നോക്കംവെച്ചു് തിരിഞ്ഞുപോകാൻ ഭാവിച്ചു. അപ്പോൾ ഗോപി വിളിച്ചു.
</p>
          <p>‘ആശ വരു ഇവിടെ ഇരുന്നോളൂ.’
</p>
          <p>ആശ നോക്കിയപ്പോൾ അവിടെ കട്ടിലല്ലാതെ ഇരിക്കാൻ വേറെ സ്ഥലമൊന്നുമില്ല. വേണമെങ്കിൽ
കട്ടിലിന്മേൽ അമ്മയുടെയും മക്കളുടെയും നടുവിലിരിക്കാം. അങ്ങിനെയിരുന്നാൽ രണ്ടു പക്ഷത്തുനിന്നുമുള്ള
നോട്ടത്തിന്റെ നടുവിൽ ചൂളി ഇരിക്കേണ്ടിവരും. അവൾക്കു് ഭർത്താവിന്റെ പിന്നിൽ അയാളുടെ അനിയത്തി
നിൽക്കുന്നപോലെ നിൽക്കാൻ തോന്നി. അതൊരു അഭയസ്ഥാനമാണു്. ഒന്നുമില്ലെങ്കിലും താൻ
ആക്രമിക്കപ്പെടുന്നുണ്ടൊ എന്നു് മനസ്സിലാക്കാമല്ലൊ. അവൾ വാതിൽപ്പടിമേൽ നിന്നു. അപ്പോൾ അമ്മായിയമ്മ
സംസാരിക്കാൻ തുടങ്ങി.
</p>
          <p>‘ഈ വാതിൽപ്പടിയിന്മേൽ നിൽക്ക്വാ മുതലായതൊക്കെ നിങ്ങടെ നാട്ടിൽ നല്ല സ്വഭാവമായിരിക്കും.
ഞങ്ങടെ നാട്ടിൽ ഇതൊന്നും പതിവില്ല. ഇവിടെ ഇതൊക്കെ അശ്രീകരായിട്ടാണു് കണക്കാക്കുന്നതു്.’
</p>
          <p>അവൾ പിന്മാറി, തളത്തിൽ ഒരു കസേരയിൽ പോയി ഇരുന്നു. ഭർത്താവിന്റെ വീട്ടിൽ അവളുടെ ജീവിതം
എങ്ങിനെയായിരിക്കുമെന്ന ഒരു ഏകദേശരൂപം ഒരു മുന്നറിയിപ്പായി അവൾക്കു് കിട്ടിക്കഴിഞ്ഞു.
</p>
          <p>‘കുറച്ചു് തണ്ടുള്ള കൂട്ടത്തിലാണെന്നു് തോന്നുണു.’

</p>
          <p>അമ്മായിയമ്മയുടെ ശബ്ദം അവൾ കേട്ടു. ഗോപി അപ്പോൾ എന്തായിരിക്കും മറുപടി പറഞ്ഞിരിക്കുക
എന്നവൾ ഊഹിച്ചു. ഒരുപക്ഷേ, ഒന്നും പറഞ്ഞില്ലായിരിക്കും. വിവാഹം കഴിഞ്ഞ രണ്ടു രാത്രികളുടെ
പരിചയത്തിൽ അയാൾക്കവളോടു് സ്നേഹമുണ്ടെന്ന ധാരണയാണു് അവൾക്കുണ്ടായിരുന്നതു്. അയാൾ അവളോടു്
കൂടുതൽ അടുത്തിരുന്നില്ല. അതു് കുറച്ചു് ലജ്ജാശീലനായതു കൊണ്ടായിരിക്കുമെന്നവൾ സമാധാനിച്ചു.
</p>
          <p>അമ്മായിയമ്മയുടെ ശബ്ദം ഉയർന്നു വന്നു. ആശയെപ്പറ്റിത്തന്നെയാണു് സംസാരിച്ചിരുന്നതു്. അവൾ
എഴുന്നേറ്റു് ഉമ്മറത്തേക്കു തന്നെ നടന്നു. ശബ്ദകോലാഹലങ്ങളിൽ നിന്നകന്നിരിക്കാമല്ലൊ. മിറ്റത്തു് അപ്പോഴും
പോക്കുവെയിൽ. പുഷ്പിച്ചു നിൽക്കുന്ന തെച്ചിമരങ്ങൾ, അലറി മരങ്ങൾ. അവൾ ഒരു രക്ഷാകേന്ദ്രം
തേടുകയായിരുന്നു. തനിക്കാവശ്യമാവും. അവൾ സാധാരണ ചെയ്യാറുള്ളതാണതു്. മനസ്സു് അലയാൻ വിടുക.
പ്രത്യേകിച്ചും ഉച്ച തിരിഞ്ഞ സമയങ്ങളിൽ. അവൾ മരിച്ചുപോയ അമ്മമ്മയെ ഓർക്കും. വീട്ടിലെ പല ഓർമ്മകളും
അവരോടു് ബന്ധപ്പെട്ടിട്ടുള്ളതാണു്. പുറം ചുമരിൽ ഒരു തേനീച്ചക്കൂടു്, ജനലിലൂടെ വന്നു്, കറുത്ത സിമന്റിട്ട നിലത്തു്
പതിക്കുന്ന സൂര്യപ്രകാശം, ആ പ്രകാശം പ്രതിഫലിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ ചുമരിൽ. ഈ ഓർമ്മകൾ
അവളെ എപ്പോഴും ശാന്തമാക്കാറുണ്ടു്.
</p>
          <p>അങ്ങിനെയിരിക്കുമ്പോൾ ഒരാൾ പടികടന്നു വരുന്നതവൾ കണ്ടു. നരച്ച കുറ്റി രോമങ്ങളുള്ള ഒരാൾ. കറുത്ത
കരയുള്ള ഡബ്ബിൾമുണ്ടാണുടുത്തിരിക്കുന്നതു്. അടുത്തു വന്നപ്പോൾ ആശയ്ക്കു് ആളെ മനസ്സിലായി. ഗോപിയുടെ
അച്ഛൻ. വിവാഹാലോചനയുംകൊണ്ടു് ആദ്യം വന്നപ്പോൾ ഇദ്ദേഹവുമുണ്ടായിരുന്നു. രണ്ടാമതു് പെണ്ണുകാണാൻ
വന്നപ്പോഴും. അപ്പോൾ അമ്മയും മകളും മാത്രമെ അകത്തുവന്നു് അവളെ കണ്ടുള്ളു.
</p>
          <p>അയാൾ ഉമ്മറത്തേക്കുള്ള പടികൾ കയറി വന്നപ്പോൾ ആശ എഴുന്നേറ്റു. അയാൾ ഉമ്മറത്തേക്കു കയറി ഒരു
നിമിഷം അവളെ നോക്കി എന്തോ പറയണമോ എന്നു ശങ്കിച്ചു നിന്നു. പിന്നെ ധൃതിയിൽ വലത്തോട്ടുള്ള വാതിൽ
കടന്നു് ഒരു മുറിയിലേക്കു് അപ്രത്യക്ഷനായി. ആ മുറി അവൾ അപ്പോഴാണു് ശ്രദ്ധിച്ചതു്. വീടിന്റെ അകവുമായി
യാതൊരു ബന്ധവുമില്ലാത്ത മട്ടിൽ ഒരു മുറി.
</p>
          <p>അച്ഛൻ പുറത്തു വരുന്നതും പ്രതീക്ഷിച്ചു് അവൾ കുറച്ചുനേരം അവിടെ നിന്നു. ഒരു പതിനഞ്ചു മിനിറ്റോളം
അങ്ങിനെ നിന്നിട്ടുണ്ടാകും. അയാൾ പുറത്തു വരലുണ്ടായില്ല. ചാരിയ വാതിൽ അനങ്ങാതെ നിന്നു. അവൾ വീണ്ടും
തിണ്ണമേൽ സിമന്റിന്റെ തണുപ്പിൽ ചാരിയിരുന്നു. ഇതിനകം വെയിൽനാളങ്ങൾ കെടുകയും നിഴലുകൾ
മുറ്റത്താകെ പരക്കുകയും ചെയ്തിരുന്നു. അവൾക്കു് ഉറക്കം വന്നു. ഉറക്കം വരുന്നെന്ന വസ്തുത തന്നെ അവളെ
രസിപ്പിച്ചു. കാരണം കഴിഞ്ഞ രണ്ടു രാത്രികളിലും ഉറക്കം കിട്ടാത്ത വിഷമം അവൾക്കുണ്ടായിരുന്നില്ല.
</p>
          <p>‘നീയിവിടെ എന്തു ചെയ്യുകയായിരുന്നു?’
</p>
          <p>ഗോപിയുടെ ശബ്ദം. അവൾ ഞെട്ടിയുണർന്നു.
</p>
          <p>‘നീ മുകളിൽ പോയിട്ടുണ്ടാകുമെന്നാണു് ഞാൻ വിചാരിച്ചിരുന്നതു്.’
</p>
          <p>അങ്ങിനെ വിചാരിക്കാനുള്ള കാരണങ്ങളൊന്നും അവൾ കണ്ടില്ല. അവൾ നടാടെയാണു് ഇവിടെ വരുന്നതു്.
രണ്ടാമത്തെ പ്രാവശ്യമെന്നു പറയാം. ആദ്യത്തെ പ്രാവശ്യം ഉച്ചയ്ക്കു ശേഷം ഇവിടെ എത്തി. നാലുമണിക്കു
തിരിച്ചുപോവുകയും ചെയ്തു. ആ സമയത്തു് അവൾക്കു് വീടു് കാണാനൊന്നും പറ്റിയില്ല.
</p>
          <p>എഴുന്നേറ്റു് ഗോപിയുടെ പിന്നാലെ അകത്തേക്കു കടക്കുമ്പോൾ അവൾ ആലോചിച്ചു. മുകളിൽ എന്നു
പറയുന്നതു് അവരുടെ കിടപ്പുമുറിയായിരിക്കും. അലങ്കരിച്ച ഒരു മണിയറ അവളുടെ ഓർമ്മയിൽ വന്നു.
അതലങ്കരിച്ചതു് അവളുടെ ഏട്ടനായിരുന്നു. അവൾ അമ്പലത്തിൽ പോയ തക്കം നോക്കി അയാൾ ജോലി
തുടങ്ങി. അവൾ അമ്പലത്തിൽ നിന്നു് തിരിച്ചുവന്നു് അവളുടെ മുറിയിൽ കയറിയപ്പോൾ അത്ഭുതപ്പെട്ടു പോയി.
അലങ്കരിച്ച ഒന്നാംതരം മണിയറ.
</p>
          <p>തളത്തിൽ വെളിച്ചം കുറവായിരുന്നു. മുകളിലേക്കുള്ള കോണിമേലും ഇരുട്ടു പരന്നിരുന്നു. മുകളിൽ കുറച്ചു കൂടി
വെളിച്ചമുണ്ടായിരുന്നു. ആ വെളിച്ചത്തിൽ അവൾ അവരുടെ കിടപ്പുമുറി കണ്ടു. അവളുടെ മനസ്സിടിഞ്ഞു. ഒരു പഴയ
കട്ടിൽ, അതിൽ മുഷിഞ്ഞ ഒരു വിരി വിരിച്ച കിടക്ക. അതിൽ കുറെക്കാലമായി ആരും കിടന്നിട്ടുള്ളതായി
തോന്നിയില്ല.
</p>
          <p>വലിയ മുറിയായിരുന്നു അതു്. മൂന്നു ഭാഗത്തും വലിയ ജനലുകൾ. മീതെ മരത്തിന്റെ വാർണീഷ് അടിച്ച തട്ടു്.
എല്ലാം ഒരു ഗതകാലസമൃദ്ധിയുടെ ലക്ഷണം കാണിച്ചു. വല്ല കാരണവന്മാരും സമ്പന്നതയുടെ കാലത്തുണ്ടാക്കി
വെച്ചതായിരിക്കണം. ആ സമൃദ്ധിയുടെ അവശിഷ്ടങ്ങൾ പോലും ഇപ്പോൾ അവിടെ ജീവിച്ചിരിക്കുന്നവരിൽ
കാണാൻ കഴിഞ്ഞില്ല. അവൾ ജനലിലൂടെ നോക്കി. പുറത്തെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു. ഈ മുറി

വൃത്തിയാക്കി എടുക്കണമെന്നവൾ തീർച്ചയാക്കി.
</p>
          <p>ഗോപി താഴത്തേക്കു തിരിച്ചുപോയി. അപ്പോഴാണു് അവൾക്കു മനസ്സിലായതു്, അയാൾ വല്ലതുമൊക്കെ
ചെയ്യുമെന്ന പ്രതീക്ഷ അവൾക്കുണ്ടായിരുന്നെന്നു്. തന്റെ പ്രകൃതി നിരീക്ഷണത്തിനിടയിലും അവൾ മറ്റു പലതും
പ്രതീക്ഷിച്ചിരുന്നു.
</p>
          <p>ഗോപി അവരുടെ സൂട്ട് കേസുമായി തിരിച്ചു വന്നു. മുകളിൽ എത്തിയില്ല, അപ്പോഴേക്കും ചുവട്ടിൽ നിന്നു്
അമ്മായിയമ്മയുടെ വിളി.
</p>
          <p>‘ഗോപീ.’
</p>
          <p>അയാൾ സൂട്ട്കേസ് അവിടെ വെച്ചു് പോകാനായി തിരിഞ്ഞു. അപ്പോൾ ആശ ചോദിച്ചു.
</p>
          <p>‘കുറച്ചു കഴിഞ്ഞിട്ടു് പോയാൽ പോരെ?’
</p>
          <p>ഗോപി ഒന്നു പരുങ്ങി.
</p>
          <p>അപ്പോഴേക്കും വീണ്ടും ആ വിളി, അക്ഷമയോടെ.
</p>
          <p>‘ഗോപീ നീ എന്താ അവിടെ ചെയ്യണതു?’
</p>
          <p>ഗോപി ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു് കോണിയിറങ്ങി താഴേക്കു പോയി.
</p>
          <p>അപ്പോൾ അങ്ങിനെയൊക്കെയാണു് സ്ഥിതികൾ. ആശ ആലോചിച്ചു.
</p>
          <p>അവൾ കോണിയിറങ്ങി താഴേക്കു വന്നു.
</p>
          <p>ഗോപി ഉമ്മറത്തിരിക്കുകയായിരുന്നു. അമ്മയും മോളും അടുക്കളയിൽ. അവൾ അടുക്കളയിലേക്കു നടന്നു.
അമ്മയും മോളും ചായയുണ്ടാക്കുന്ന തിരക്കിലാണു്. അവളെക്കണ്ടപ്പോൾ രമണി പറഞ്ഞു.
</p>
          <p>‘ഏടത്തിയമ്മ ഇരിയ്ക്കൂ.’
</p>
          <p>അവൾ ഇരുന്നു പക്ഷേ, ചായക്കപ്പു കിട്ടിയപ്പോൾ അവൾ അതുമായി ഉമ്മറത്തേക്കു നടന്നു. ചായക്കപ്പു
ഗോപിയുടെ നേരെ നീട്ടി. ഗോപി അതു് വാങ്ങാൻ ഭാവിക്കുകയായിരുന്നു. അപ്പോഴേക്കും കേട്ടു. പിന്നിൽ നിന്നു്
അമ്മായിയമ്മയുടെ ശബ്ദം.
</p>
          <p>‘ഗോപി ഈ നേരത്തു് ചായ കുടിക്കാറില്ല. അവൻ പാലാണു് കുടിക്കാ.’
</p>
          <p>അപ്പോഴേയ്ക്കും രമണി ഒരു ഗ്ലാസിൽ പാലുമായി എത്തിയിരുന്നു.
</p>
          <p>ഗോപി ഒന്നും പറയാതെ പാൽ വാങ്ങി കുടിച്ചു.
</p>
          <p>ആറുമണി എന്നതു് പാലു് കുടിക്കാൻ കുറച്ചൊരസമയമാണെന്നു ആശയ്ക്കു തോന്നി. അവൾ പെട്ടെന്നു്
ഗോപിയെ ഒരു ചെറിയ കുട്ടിയായി സങ്കല്പിച്ചു. കയ്യും കാലുമിട്ടടിച്ചു് അമ്മയുടെ മടിയിൽ കിടന്നു് കുപ്പിയിൽ നിന്നു്
പാൽ കുടിക്കുന്ന ഒരു ചെറിയ കുട്ടി. അതവളെ രസിപ്പിച്ചു.
</p>
          <p>ക്രമേണ അവൾക്കു് ഒരു കാര്യം മനസ്സിലായി. ഗോപിയുടെ കാര്യത്തിൽ തനിക്കൊന്നും ചെയ്യാനില്ല.
കാര്യങ്ങളെല്ലാം അമ്മയും മകളും കൂടി നടത്തുന്നുണ്ടു്. താനതിൽ തലയിടുക എന്നതിനർത്ഥം കുഴപ്പം വരുത്തി
വെക്കലാണു്. അവൾ മത്സരത്തിൽ നിന്നൊഴിവായി.
</p>
          <p>രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ ഗോപിയോടു് ചോദിച്ചു.
</p>
          <p>‘എന്നെ ഇഷ്ടായില്ലെ?’
</p>
          <p>ഗോപി തലയിണ എടുത്തു് തട്ടിത്തട്ടി പതം വരുത്തുകയായിരുന്നു. അയാൾ ആശ്ചര്യത്തോടെ പറഞ്ഞു.

</p>
          <p>‘ഇഷ്ടായല്ലൊ!’
</p>
          <p>എന്തേ അതു് ചോദിക്കാൻ എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി. അവൾ ഒന്നും പറഞ്ഞില്ല.
ശരിക്കും പറഞ്ഞാൽ അവൾക്കു് പരാതികളൊന്നുമുണ്ടായിരുന്നില്ല. അലങ്കരിക്കാത്ത മണിയറയെപ്പറ്റി, വീട്ടിൽ
എല്ലായിടത്തും മുനിഞ്ഞു കത്തുന്ന വിളക്കുകളെപ്പറ്റി എന്തു പരാതി പറയാനാണു്? മങ്ങിയ വിളക്കുകൾ അവൾ
ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവളുടെ വീട്ടിൽ എല്ലാ മുറികളിലും വളരെ പ്രകാശമുള്ള വിളക്കുകളാണിട്ടിരുന്നതു്.
രാത്രിയായാൽ എല്ലാ മുറികളിലും വിളക്കു കത്തിക്കുകയും ചെയ്യും. ഇവിടെയാകട്ടെ എല്ലാ വിളക്കുകളും
മങ്ങിയതാണു്. ഇരുപത്തിയഞ്ചു വാൾട്ടിന്റെ ബൾബുകൾ, അതു തന്നെ ഒരാൾ മുറിയിൽനിന്നു്
പോകുകയാണെങ്കിൽ കെടുത്തുകയും ചെയ്യും. പ്രകാശം അവരുടെ ഒപ്പം സഞ്ചരിക്കുന്നപോലെ.
</p>
          <p>ഗോപി കിടന്നിരുന്നു. അവൾ വിളക്കു കെടുത്തി വന്നു കിടന്നു.
</p>
          <p>ഗോപിയിൽനിന്നു് അനക്കമൊന്നുമുണ്ടായില്ല.
അയാൾ ഉറക്കം നടിച്ചു കിടക്കുകയാണെന്നവൾക്കു മനസ്സിലായി. അവൾ പതുക്കെ ചോദിച്ചു.
</p>
          <p>‘ഗോപി ഉറങ്ങിയോ?’
</p>
          <p>മറുപടിയില്ല.
</p>
          <p>അവൾ പകൽ ഉമ്മറത്തിരുന്നു് പോക്കുവെയിൽ നോക്കിയിരുന്നതോർത്തു. അവളുടെ
അഭയസ്ഥാനത്തെപ്പറ്റിയും. അങ്ങിനെ അവൾ ഉറങ്ങിപ്പോയി.
</p>
          <p>പിറ്റേന്നു മുതൽ അവൾ ഭർത്താവിന്റെ വീട്ടിലെ എല്ലാവരേയും ശ്രദ്ധിക്കാൻ തുടങ്ങി.
</p>
          <p>രാവിലെ അവൾ എഴുന്നേറ്റു വന്നാൽ കാണുന്നതു് മുഖം വീർപ്പിച്ചുകൊണ്ടു് അടുക്കളയിൽ ചായയുണ്ടാക്കുന്ന
അമ്മായിയമ്മയും നാത്തൂനുമാണു്. മുഖം വീർപ്പിക്കുന്നതിന്റെ കാരണം അവൾക്കു മനസ്സിലായില്ല. താൻ
നേർത്തെ എഴുന്നേറ്റു ചായയുണ്ടാക്കാത്തതുകൊണ്ടാണോ എന്നു കരുതി അവൾ പിറ്റേന്നു നേർത്തെ എഴുന്നേറ്റു്
അടുക്കളയിൽ കടന്നു. അപ്പോഴേക്കും അമ്മായിയമ്മ ഉണർന്നുവന്നു് അവളോടു പറഞ്ഞു.
</p>
          <p>‘നീയെന്തിനാ ഇത്ര നേർത്തെ എഴുന്നേറ്റു വന്നതു? ചായയൊക്കെ ഞാൻ തന്നെ ഉണ്ടാക്കിക്കോളാം.’
</p>
          <p>‘വേണ്ടമ്മേ, ഞാനുണ്ടാക്കാം.’
</p>
          <p>ആശ ചായക്കുള്ള വെള്ളം നിറക്കാൻ തുടങ്ങി. പക്ഷേ, അമ്മായിയമ്മ അവളുടെ കയ്യിൽനിന്നു് പാത്രം
സ്വൽപം ബലംപ്രയോഗിച്ചുതന്നെ വാങ്ങി.
</p>
          <p>ചായയുണ്ടാക്കിയാൽ രമണി രണ്ടു ഗ്ലാസ്സുമായി ഉമ്മറത്തേക്കു പോകും. ഒരു ഗ്ലാസ്സ് അപ്പോഴേക്കും
താഴേക്കിറങ്ങിവന്നു് ഉമ്മറത്തിരുപ്പായ ഗോപിയ്ക്കും മറ്റേ ഗ്ലാസ്സ് പുറത്തെ മുറിയിലേക്കും കൊടുക്കും. പിന്നീടു്
അവൾക്കു മനസ്സിലായി, അച്ഛനുള്ള ചായ മാത്രമല്ല ഭക്ഷണവും എല്ലാം പുറത്തെ മുറിയിലേക്കു് കൊണ്ടുപോയി
കൊടുക്കലാണു് പതിവെന്നു്. അദ്ദേഹം കിണറ്റിനരികിലുള്ള കുളിമുറിയിൽ കുളിച്ചു്, വസ്ത്രങ്ങൾ മാറ്റി
എട്ടരമണിയോടെ ഒരു കുടയും തൂക്കി പുറത്തേക്കു പോകും. പിന്നെ വരിക വൈകുന്നേരം ആറുമണിക്കാണു്.
അദ്ദേഹം ജോലിയെടുക്കുന്നതു് ഏതോ ഗവർമ്മെന്റ് ഓഫിസിലാണു്. ഒരാഴ്ച ശ്രദ്ധിച്ചിട്ടും അച്ഛനും മറ്റുള്ളവരുമായി
സംസാരിക്കുന്നതു് ആശയ്ക്കു് കാണാൻ കഴിഞ്ഞില്ല. പണിക്കു വരുന്ന തള്ളപോലും ആ മുറി അടിച്ചുവാരി
വൃത്തിയാക്കിയിരുന്നതു് അച്ഛൻ കുളിക്കാൻ പോയ അവസരത്തിലാണു്.
</p>
          <p>ആദ്യത്തെ ആഴ്ചയിൽ രാത്രികൾ സംഭവരഹിതമായി കടന്നുപോയി. ഉറങ്ങാൻ നേരത്തു് ഗോപി കണ്ണടച്ചു
കിടക്കും. ആശ ഒന്നുരണ്ടു പ്രാവശ്യം വിളിക്കും.
</p>
          <p>‘ഉറങ്ങിയോ?’
</p>
          <p>മറുപടിയുണ്ടാവില്ല. അവളും കിടന്നുറങ്ങും.
</p>
          <p>ഇങ്ങനെ പോകുന്നതു് അത്ര പന്തിയല്ലെന്നു് അവൾക്കു് തോന്നി. ഒരു ദിവസം രാത്രി ഗോപിക്കു് കണ്ണടക്കാൻ
അവസരം കൊടുക്കുന്നതിനു മുമ്പു് അവൾ ചോദിച്ചു.

</p>
          <p>‘ഗോപി കിടന്ന ഉടനെ ഉറങ്ങുന്നുണ്ടല്ലൊ.’
</p>
          <p>ഗോപി വെറുതെ മൂളുകമാത്രം ചെയ്തു.
</p>
          <p>‘എനിയ്ക്കു് വളരെ നേരം കഴിഞ്ഞിട്ടേ ഉറക്കം കിട്ടാറുള്ളു. നമുക്കു് കുറച്ചു നേരം സംസാരിച്ചിരുന്നൂടെ?’
</p>
          <p>ആശ ആലോചിച്ചു. പകൽ മുഴുവൻ അമ്മയും മോളും ഗോപിയുടെ രണ്ടു് അരികിലായി ഉണ്ടാവും. അവൾക്കു്
സംസാരിക്കാൻ അവസരം കിട്ടാറില്ല.
</p>
          <p>‘സംസാരിച്ചോളു.’ ഗോപി പറഞ്ഞു.
</p>
          <p>സംസാരം തുടങ്ങേണ്ടതു് ഗോപി തന്നെയാണെന്നു് അവൾ ഓർത്തു. ഗോപിയാണെങ്കിൽ സംസാരിക്കാൻ
യാതൊരു താൽപര്യവുമില്ലാത്ത മട്ടിൽ ഇരിക്കുകയാണു്. അടുത്ത നിമിഷത്തിൽ അയാൾ നിവർന്നു കിടക്കുകയും
ഉറങ്ങാൻ തുടങ്ങുകയും ചെയ്യുമെന്നു് അവൾ ഭയപ്പെട്ടു. അതൊഴിവാക്കാനെങ്കിലും അയാളെക്കൊണ്ടു്
സംസാരിപ്പിക്കണമെന്നു് അവൾ തീർച്ചയാക്കി. അവൾ ചോദിച്ചു.
</p>
          <p>‘അമ്മയ്ക്കും രമണിയ്ക്കും എന്നെ ഇഷ്ടായില്ല അല്ലെ?’
</p>
          <p>‘ആരു പറഞ്ഞു?’
</p>
          <p>‘എനിക്കങ്ങിനെ തോന്നി.’
</p>
          <p>ഗോപി ഒന്നും പറഞ്ഞില്ല. അയാൾക്കു് ആശ പറഞ്ഞതു് നിഷേധിക്കാമായിരുന്നു. നിഷേധിക്കാൻ കൂടി
അയാൾ തയ്യാറില്ലാതിരുന്നതു് ഒരവഗണനയായി അവൾക്കു തോന്നി. അവൾക്കു് പിന്നെ ഒന്നും സംസാരിക്കാൻ
തോന്നിയില്ല. അവൾ ചോദിച്ചു.
</p>
          <p>‘വിളക്കണയ്ക്കട്ടെ?’
</p>
          <p>ഗോപി മൂളി.
</p>
          <p>ഒന്നു മയങ്ങിയപ്പോൾ പെട്ടെന്നു് ദേഹത്തു് എന്തോ സ്പർശിക്കുന്നതറിഞ്ഞു് അവൾ ഞെട്ടിയുണർന്നു. അതു്
ഗോപിയുടെ കയ്യുകളാണെന്നു് അവൾക്കു മനസ്സിലായി. അയാൾ അവളുടെ അരക്കെട്ടിൽ കൈ വെച്ചതായിരുന്നു.
അവൾ ഉറക്കമുണർന്നതു് അറിയിക്കാതിരിക്കാൻ സാധാരണ മട്ടിൽ ശ്വാസം കഴിച്ചു് അനങ്ങാതെ കിടന്നു.
ഗോപി കൈ അവളുടെ അരക്കെട്ടിൽ വെച്ചു് പിന്നെ കുറെ നേരത്തേക്കു് അനങ്ങാതെ കിടന്നു. കുറച്ചു
കഴിഞ്ഞപ്പോൾ കൈകൾ ഇളകാൻ തുടങ്ങി. പതുക്കെ മുകളിലേക്കു്. ബ്ലൌസിന്റെ കുടുക്കുകളിൽ വിരലുകൾ
തടഞ്ഞുനിന്നു. ആശയുടെ ശ്വാസം ദ്രുതഗതിയിലായി. അവൾ അനങ്ങാൻ ധൈര്യമില്ലാതെ കിടക്കുകയായിരുന്നു.
തനിയ്ക്കു വേണ്ടി ഒരു ബലൂൺ വീർപ്പിക്കുന്നതു കാണുമ്പോൾ ശ്വാസമടക്കി നോക്കി നിൽക്കുന്ന ഒരു ചെറിയ
കുട്ടിയെപ്പോലെ. വീണ്ടും അഞ്ചു മിനിറ്റു നേരത്തേക്കു് അനക്കമില്ല. പിന്നെ വീണ്ടും അയാളുടെ വിരലുകൾ
ചലിക്കാൻ തുടങ്ങി. പെട്ടെന്നവൾ അറിയാതെ അനങ്ങിപ്പോയി. അതോടെ ഗോപി കൈ പിൻവലിക്കുകയും
ചെയ്തു. അവൾ പതുക്കെ വിളിച്ചു.
</p>
          <p>‘ഗോപി.’
</p>
          <p>അനക്കമില്ല.
</p>
          <p>അവൾ ഒരിക്കൽക്കൂടി വിളിച്ചുനോക്കി.
</p>
          <p>അയാൾ ഉറങ്ങിയ മട്ടിൽ ശ്വാസം കഴിക്കുകയായിരുന്നു. അവൾക്കു് പെട്ടെന്നു് സങ്കടമായി. അവൾ
ശബ്ദമില്ലാതെ കരഞ്ഞു. ഗോപിയുടെ പെരുമാറ്റം വളരെ വിചിത്രമായി അവൾക്കു തോന്നി. ചെയ്യാൻ പാടില്ലാത്ത
ഒന്നു ചെയ്യുന്നപോലെ.
</p>
          <p>അവൾക്കു് അമ്മയെ കാണാൻ തോന്നി. പിറ്റേന്നു രാവിലെത്തന്നെ പോകണമെന്നു തീർച്ചയാക്കി. ഗോപി
വരുമോ എന്നറിയില്ല. വന്നില്ലെങ്കിൽ ഒറ്റയ്ക്കു പോകണം. രാവിലെത്തെ ബസ്സിനു പോയാൽ അവിടെ പത്തു
മണിക്കെത്തും. വൈകുന്നേരമാകുമ്പോഴേക്കും തിരിച്ചു വരികയുമാവാം.

</p>
          <p>രാവിലെ ഇതു പറഞ്ഞപ്പോൾ ഗോപിക്കു് യാതൊരഭിപ്രായവുമുണ്ടായില്ല. അയാൾ പൊയ്ക്കൊള്ളാനോ
പോകേണ്ടെന്നോ പറഞ്ഞില്ല. പക്ഷേ, അമ്മ സമ്മതിച്ചില്ല.
</p>
          <p>‘അങ്ങിനെ അങ്ങട്ടു് പോവാൻ പറ്റ്വോ?’
</p>
          <p>പിന്നെ അന്നു വൈകുന്നേരം തന്നെ തിരിച്ചു വരാമെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.
</p>
          <p>ഗോപി ഒപ്പമുണ്ടാകുമെന്നാണവൾ കരുതിയിരുന്നതു്. പക്ഷേ, അയാൾ പുറപ്പെട്ടിരുന്നില്ല. മാത്രമല്ല അവൾ
പുറപ്പെട്ടു തയ്യാറായി അയാളെ വിളിച്ചപ്പോൾ അയാൾ പറഞ്ഞു.
</p>
          <p>‘ഞാൻ വരുന്നില്ല. എന്റെ ഒരു സ്നേഹിതൻ വരാമെന്നു പറഞ്ഞിട്ടുണ്ടു്.’
</p>
          <p>അവൾ ഒതുക്കുകളിറങ്ങി.
</p>
          <p>അമ്മയ്ക്കു് അവളെ കണ്ടപ്പോൾ അത്ഭുതമായി. അതിലേറെ പരിഭ്രമവും. മകൾ ഒറ്റയ്ക്കു വരുന്നതു കണ്ടു് അവർ
മിറ്റത്തേയ്ക്കു് ഓടി വന്നു.
</p>
          <p>‘ഗോപി എവിടെ മോളെ?’
</p>
          <p>‘ഗോപി വന്നില്ല.’
</p>
          <p>‘നീ എന്തേ വരാൻ കാരണം?’
</p>
          <p>‘ഒന്നുമില്ലമ്മേ. അമ്മയെ കാണാൻ തോന്നി. വരുകയും ചെയ്തു.’
</p>
          <p>അവർക്കു വിശ്വാസമായില്ല. എന്തോ കുഴപ്പമുണ്ടെന്നവർക്കു തോന്നി. അവർ കുത്തിച്ചോദിച്ചപ്പോഴും ആശ
ഒന്നും പറഞ്ഞില്ല. അന്നു തന്നെ അവൾ തിരിച്ചു പോകുകയാണെന്നറിഞ്ഞപ്പോൾ പാവം അമ്മയ്ക്കു കുറച്ചു
സമാധാനമായി.
</p>
          <p>അവൾ ഗോപിയെപ്പറ്റി ഓർത്തു. ഗോപി തന്റെ ഒപ്പം വരാൻ മടി കാണിച്ചതിനെപ്പറ്റി ഓർത്തു. ഒരു പക്ഷേ,
സ്നേഹിതൻ വരുമെന്നു് പറഞ്ഞതു് ശരിയായിരിക്കാം. അവൾ എപ്പോഴും മറ്റുള്ളവർക്കു് സംശയത്തിന്റെ
ആനുകൂല്യം കൊടുത്തിരുന്നു. ഇവിടെനിന്നാലോചിക്കുമ്പോൾ ഭർത്താവിന്റെ വീടു് അത്ര കുഴപ്പം പിടിച്ചതായി
തോന്നിയില്ല. ഒരു പക്ഷേ, തനിക്കുതന്നെ സാവധാനത്തിൽ എല്ലാം ശരിയാക്കുവാൻ പറ്റുമായിരിക്കും.
എന്തുകൊണ്ടൊ വൈകുന്നേരമായപ്പോഴേക്കു് അവൾക്കു് ഗോപിയെ കാണാൻ ധൃതിയായിരുന്നു.
</p>
          <p>വൈകുന്നേരം ആശ ഉദ്ദേശിച്ചിരുന്ന ബസ്സ് അവൾ ബസ്സ്റ്റാന്റിലെത്തിയപ്പോഴേക്കും പോയിരുന്നു. ഇനി
അടുത്ത ബസ്സ് രാത്രി എട്ടരക്കാണു്. അതു് അവിടെയെത്തുമ്പോൾ പത്തു മണിയാവും. അന്നു തന്നെ
പോകണമെന്നവൾ തീരുമാനിച്ചു. തിരിച്ചു വീട്ടിൽ പോയാൽ പിന്നെ അന്നു പോകാൻ അമ്മ സമ്മതിക്കില്ല.
പിന്നെ പോകണമെന്നു് നിർബന്ധം പിടിച്ചാൽതന്നെ അനിയനെ ഒപ്പം പറഞ്ഞയക്കും. സതീശനെ
അപ്രസന്നമായ ആ അന്തരീക്ഷത്തിലേക്കു് കൊണ്ടുപോകാൻ അവൾക്കു് താൽപര്യമുണ്ടായിരുന്നില്ല.
അതുകൊണ്ടു് എട്ടരയാവുന്നവരെ അവൾ ബസ്സ്സ്റ്റാന്റിൽത്തന്നെ കഴിച്ചുകൂട്ടി. എട്ടരക്കു് ബസ്സ് വന്നപ്പോഴേക്കും
അവൾ ക്ഷീണിച്ചിരുന്നു. ഉച്ചയ്ക്കു് അവൾ കുറച്ചെ ഊണു കഴിച്ചിരുന്നുള്ളു. പിന്നെ വൈകുന്നേരം പുറപ്പെടുന്നതിനു
മുമ്പു് ഒരു വെറും ചായ കുടിച്ചതെയുള്ളു. അമ്മ ഉണ്ടാക്കിയിരുന്ന പലഹാരങ്ങളൊന്നും കഴിക്കാൻ അപ്പോൾ
അവൾക്കു് തോന്നിയില്ല. ബസ്സിലിരിക്കുമ്പോൾ അവൾക്കു് തലചുറ്റുന്നപോലെ തോന്നി. ഗോപി
ഒപ്പമുണ്ടായിരുന്നെങ്കിലെന്നവൾ ആശിച്ചു.
</p>
          <p>ബസ്സ് വീട്ടുപടിക്കൽ തന്നെ നിർത്തുന്നതുകൊണ്ടു് നടക്കാതെ കഴിഞ്ഞു. സമയം പത്തരയായിരുന്നു. അവൾ
പടി കടന്നു് മിറ്റത്തെത്തിയപ്പോഴേ മനസ്സിലായി, എല്ലാവരും കിടന്നിരിക്കുന്നുവെന്നു്. അവൾ വാതിൽക്കൽ മുട്ടി
വിളിച്ചു. ഒരഞ്ചു മിനിറ്റോളം അവൾക്കു് മുട്ടേണ്ടി വന്നു. വാതിലിന്റെ വിള്ളലിലൂടെ പെട്ടെന്നു് പ്രകാശം വന്നു.
തളത്തിൽ വിളക്കു കത്തിച്ചതാണു്. വാതിൽ തുറന്നതു് ഗോപിയായിരുന്നു. അയാൾ ഒരു ഡ്രോയർ മാത്രമെ
ധരിച്ചിരുന്നുള്ളു.
</p>
          <p>ഓ നീ വന്നുവോ? എന്ന ഒരു മുഖവുമായി അയാൾ അവിടെ നിന്നു. ആശ അകത്തു കടന്നപ്പോൾ
അയാൾ വാതിലടച്ചു. ആശ നേരെ മുകളിലേക്കു നടക്കാൻ തുടങ്ങി. ഗോപി അമ്മയും രമണിയും കിടക്കുന്ന
മുറിയിലേക്കു പോയി. ഉടനെത്തന്നെ ഒരു പുതപ്പുമായി അവളുടെ പിന്നാലെ കോണി കയറി വന്നു.

</p>
          <p>മുകളിലെത്തിയ ഉടനെ ആശയ്ക്കു മനസ്സിലായി. ഗോപി ആ മുറിയിലല്ല കിടന്നിരുന്നതെന്നു്. അവൾ രാവിലെ
ധൃതി പിടിച്ചു പോകാനായി മാറ്റുമ്പോൾ അഴിച്ചിട്ട സാരി കിടക്കയിൽ അങ്ങിനെത്തന്നെ കിടന്നിരുന്നു. ഗോപി
എവിടെയായിരിക്കും കിടന്നിട്ടുണ്ടാവുക?
</p>
          <p>അയാൾ കയ്യിൽ പിടിച്ചിരുന്നു പുതപ്പു് മേൽ ഒരു ഷാൾ പോലെ ഇട്ടു് നിൽക്കുകയായിരുന്നു. താൻ വല്ലതും
കഴിച്ചോ എന്നു് അന്വേഷിക്കുകയെങ്കിലും ചെയ്യുമെന്നു് ആശ പ്രതീക്ഷിച്ചു. അങ്ങിനെ ഒരന്വേഷണവും ഗോപിയുടെ
അടുത്തു നിന്നു് വന്നില്ല. അവൾക്കു് വിശക്കുന്നുണ്ടായിരുന്നു.
</p>
          <p>കിടക്കയിൽനിന്നു് സാരിയെടുത്തുമാറ്റി അവൾ പറഞ്ഞു .
</p>
          <p>കിടന്നോളു. ഞാൻ കുറച്ചു വെള്ളം കുടിച്ചിട്ടു വരാം.
</p>
          <p>അടുക്കളയിൽനിന്നു് വെള്ളം കുടിക്കുമ്പോഴെല്ലാം അവൾ ആലോചിച്ചിരുന്നതു് ഗോപി എവിടെയാണു്
കിടന്നിരുന്നതെന്നാണു്. അമ്മ കിടക്കുന്ന മുറിയിലായിരിക്കണം. പെട്ടെന്നവൾക്കു് കുറെ സംശയങ്ങളുണ്ടായി.
അടുക്കളയിൽനിന്നു് തിരിച്ചുനടക്കുമ്പോൾ അവൾ അവരുടെ കിടപ്പു മുറിയിലേക്കു നടന്നു.
</p>
          <p>വേറൊരു കിടപ്പുമുറിയിലേക്കു് പതിഞ്ഞുനോക്കുന്നതു് അവൾക്കിഷ്ടമല്ലാത്ത കാര്യമായിരുന്നു. അവൾ
കുട്ടിക്കാലം തൊട്ടേ അമ്മയിൽ നിന്നു് മാറിയാണു് കിടന്നിരുന്നതു്. രാത്രി അമ്മയെക്കൊണ്ടു് വല്ല
ആവശ്യമുണ്ടെങ്കിൽത്തന്നെ അവൾ മുറിയ്ക്കു പുറത്തുനിന്നു് അമ്മയെ വിളിക്കുകയാണു് പതിവു്. ആ ശീലം ഒരു
മര്യാദയായി അവൾ വളർത്തിക്കൊണ്ടുവന്നതായിരുന്നു.
</p>
          <p>ഇപ്പോൾ അവൾക്കു് ചില സംശയങ്ങൾ തീർക്കേണ്ടതുണ്ടു്. അവൾ മടിച്ചില്ല. മുറിയിൽ ഇരുട്ടായിരുന്നു.
ചുമരിൽത്തപ്പി അവൾ സ്വിച്ചിട്ടു. ഇരുപത്തഞ്ചു വാൾട്ടിന്റെ ബൾബെരിഞ്ഞു. ആ വെളിച്ചത്തിൽ അവൾ കട്ടിലിൽ
അമ്മയും മകളും കിടക്കുന്നതു കണ്ടു. അമ്മ വക്കത്തായിരുന്നു കിടന്നിരുന്നതു്. രമണി ചുമരിന്നരുകിൽ ഇടത്തോട്ടു
തിരിഞ്ഞും. രമണി പാവാടയും ബ്ലൌസും മാത്രമേ ഇട്ടിരുന്നുള്ളു. പാവാട മുകളിലേക്കു കയറി അവളുടെ തുടകൾ
മുഴുവൻ കണ്ടിരുന്നു. കുടുക്കുകൾ വിട്ടു് ബ്ലൌസും ബ്രേസിയേഴ്സും മുകളിലേക്കു കയറി അവളുടെ മാറിടം
നഗ്നമായിരുന്നു. ആ സ്ഥിതിയിലും രമണിയുടെ അവയവങ്ങൾക്കു് ഭംഗിയുണ്ടെന്നു് സമ്മതിക്കാതിരിക്കാൻ
ആശയ്ക്കു കഴിഞ്ഞില്ല. പിന്നെയാണു് ആശ കണ്ടതു്, അമ്മയുടെയും രമണിയുടെയും നടുവിൽ ഉള്ള സ്ഥലത്തു്
തലയിണക്കരുകിൽ ഗോപിയുടെ വാച്ചു്. തലയിണയാണെങ്കിൽ തലവെച്ചിടത്തു് കുഴിഞ്ഞിട്ടുമുണ്ടു്.
</p>
          <p>ആ മുറിയിൽ വേറെ കിടക്കയൊന്നുമുണ്ടായിരുന്നില്ല. അപ്പോൾ ഗോപി കിടന്നിരുന്നതു് വേറെ
എവിടെയുമായിരുന്നില്ല.
</p>
          <p>ആശ പെട്ടെന്നു് തളർന്നുപോയി. അവൾ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഭയന്നിരുന്ന ചില കാര്യങ്ങൾ
അവൾ ഭയന്നിരുന്നതിനേക്കാൾ അതിരൂക്ഷമായതായിരുന്നെന്ന അറിവു് അവളെ പെട്ടെന്നു് തളർത്തി. ആ മുറി
ഒരു രാക്ഷസിയും മകളും താമസിക്കുന്ന ഗുഹയാണെന്നും, പുറത്തേക്കു വഴിയറിയാതെ ആ ഗുഹയിൽ അവൾ ഒരു
തടവുകാരിയാണെന്നും അവൾക്കു തോന്നി. പെട്ടെന്നുള്ള പ്രതികരണം അവിടെ നിന്നോടിപോകാനായിരുന്നു.
പുറത്തുള്ള കാട്ടിലൂടെ, വന്യമൃഗങ്ങളെ കൂസാതെ ഓടുക.
</p>
          <p>അവൾ വിളക്കു കെടുത്തി മുറിയ്ക്കു പുറത്തു കടന്നു. ഗോപി ശരിയ്ക്കും ഉറക്കമായിരുന്നു. അവൾ സാരിമാറ്റി വിളക്കു
കെടുത്താതെ കിടക്കയിൽ വന്നിരുന്നു് ഗോപിയെ നോക്കി. അയാൾ വളരെ സുമുഖനായിരുന്നു. പുതപ്പുകൊണ്ടു്
അരക്കെട്ടു് മറച്ചിരുന്നു. നെഞ്ചിൽ നിറയെ രോമങ്ങൾ. കണ്ടാൽ നല്ല പൗരുഷമുള്ള പ്രകൃതിയാണു്. ഈ മനുഷ്യനു്
എന്തേ ഇങ്ങനെ പറ്റാൻ?
</p>
          <p>പിറ്റേന്നു മുതൽ ആശ അമ്മയോടും രമണിയോടും സംസാരിക്കാൻ തുടങ്ങി. സംസാരിക്കാതിരിന്നതുകൊണ്ടു്
ഗുണമൊന്നുമില്ല. മറിച്ചു് സംസാരിച്ചാൽ സംഗതികൾ കൂടുതൽ മനസ്സിലാവുമെന്നും അവൾക്കു തോന്നി.
ഇതൊരുപറ്റം മനോരോഗികളാണു്. ഇവർക്കു വേണ്ടതു് നല്ല ചികിത്സയാണു്.
</p>
          <p>സംസാരിക്കാൻ തുടങ്ങിയപ്പോഴാണു് അവരുടെ ഓരോ കഴിവുകൾ പുറത്തുവരുന്നതു്. ഒന്നാമത്തേതു്
എല്ലാവരേയും പുഛിക്കാനുള്ള അവരുടെ കഴിവാണു്. ആരെപ്പറ്റി പറഞ്ഞാലും അവർക്കു് പുഛമാണു്. സതീശൻ
എഞ്ചിനീയറിംഗിനാണു് പഠിക്കുന്നതു് എന്നു പറഞ്ഞപ്പോൾ അവരുടെ പ്രതികരണം ഇതായിരുന്നു.
</p>
          <p>‘എഞ്ചിനീയർമാർക്കൊക്കെ എന്താ ഒരു വിലയുള്ളതു്. ഇപ്പോൾ മുഴത്തിനു് പത്തു് എഞ്ചിനീയർമാരെ
കാണാം.’
</p>
          <p>എങ്ങിനെയാണു് അവർക്കങ്ങിനെ സംസാരിക്കാൻ പറ്റുന്നതു? അവരോടു് സംസാരിക്കുന്നതുതന്നെ
വിഷമമായിരുന്നു. എല്ലാം മനസ്സിടിവുണ്ടാക്കുന്നതായിരുന്നു. ആശ വില കൽപിച്ചിരുന്ന എന്തിനെയും
ഇടിച്ചുതാഴ്ത്തുക എന്നതായിരുന്നു അവരുടെ ഉന്നമെന്നു് തോന്നും, അവരുടെ സംസാരം കേട്ടാൽ.
</p>
          <p>അതിനിടയ്ക്കു് സംഭവരഹിതമായ രാത്രികൾ കടന്നു പോകുന്നതു് അവൾ തെല്ലൊരു അവഗണനയോടെ
നോക്കി. വൈവാഹിക ജീവിതം ഇങ്ങിനെയുമായിക്കൂടെ? ഇടയ്ക്കു് ഗോപിയും രമണിയുമായുള്ള പെരുമാറ്റം
അവൾക്കു് തീരെ അസഹീനമായി തോന്നിയിരുന്നു. അവളുടെ മുമ്പിൽ വെച്ചുതന്നെ ഗോപി രമണിയുടെ മടിയിൽ
കിടക്കാറുണ്ടു്, അവളുടെ അരക്കെട്ടിൽ കൈയ്യിട്ടു് നടക്കാറുണ്ടു്. ഒരിക്കൽ അവൾ ഗോപിയോടു ചോദിച്ചു.
</p>
          <p>‘എന്തിനാണു് അങ്ങനെയൊക്കെ ചെയ്യുന്നതു? മോശല്ലെ?’
</p>
          <p>ഗോപി ഒരു ചെറിയ ചിരി പാസ്സാക്കുക മാത്രം ചെയ്തു. ആ സംസാരത്തിനു ശേഷം ആശ കാണാത്ത
സമയത്തു മാത്രമെ ഗോപി ചെയ്തിരുന്നുള്ളു. അഥവാ ആശ കണ്ടുകൊണ്ടു വന്നാൽത്തന്നെ അയാൾ പെട്ടെന്നു്
കൈയ്യെടുക്കുകയും ചെയ്തിരുന്നു. ഒരുതരം കട്ടു തിന്നുന്ന ഭാവമായിരുന്നു അയാളുടേതു്. രമണിയെ
സംബന്ധിച്ചിടത്തോളം ആ വക വിഷമങ്ങളൊന്നുമില്ലാത്തതുകൊണ്ടു് അവൾ ആശയുടെ മുമ്പിൽ വെച്ചുതന്നെ
ഗോപിയെ കെട്ടിപ്പിടിക്കുകയും താലോലിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ഗോപി രമണിയെയും കൂട്ടി
അവിടെ നിന്നു് നടന്നു മറയും. ആശയ്ക്കു് കൂടുതൽ അകൽച്ചയും ഏകാന്തതയും തോന്നുകയും ചെയ്യും.
</p>
          <p>അവൾക്കു് കുമ്പസാരിക്കേണ്ടിയിരിക്കുന്നു. അവൾക്കു് ആദ്യം തോന്നിയതു് ഒരു മനോരോഗവിദഗ്ദ്ധന്റെ
ഉപദേശം തേടാനായിരുന്നു. അവളുടെ ക്ലാസ്മേറ്റിന്റെ ജ്യേഷ്ഠൻ ഡോക്ടർ കുമാർ ഒരു മനോരോഗവിദഗ്ദ്ധനാണു്.
അദ്ദേഹത്തെ കണ്ടാലൊ? പെട്ടെന്നവൾക്കു് ആ ആശയത്തിന്റെ പാകപ്പിഴയിൽ തമാശ തോന്നി. ഒരു പറ്റം
ചിത്തരോഗികളുമായി ഇടപഴകാൻ വേണ്ടി ഒരു മാനസികവിദഗ്ദ്ധനെ കാണുക! അവൾ മാനസികമായി വളരെ
ആരോഗ്യവതിയായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ഉടനെ അവൾ ചെയ്തതു് ഹാവ്ലോക്ക് എല്ലിസിന്റെ
പുസ്തകങ്ങൾ വായിക്കുകയായിരുന്നു. ലൈംഗികം എന്നതു് എത്ര സങ്കീർണ്ണമായ ഒരു വിഷയമാണെന്നു് അവൾ
മനസ്സിലാക്കിയിരുന്നു. അതു് വിജയകരമായി നേടാനുള്ള ഉൾക്കാഴ്ചകളെല്ലാം അവൾക്കുണ്ടായിരുന്നുതാനും.
പക്ഷേ, സംസാരിക്കാൻ കൂടി താൽപര്യമില്ലാത്ത ഭർത്താവിനെ നേരിടേണ്ടതു് എങ്ങിനെയെന്നു്
അവൾക്കറിയില്ലായിരുന്നു.
</p>
          <p>അവൾ വിമലയ്ക്കു് കത്തെഴുതി. കുറച്ചു സംസാരിക്കാനുണ്ടു്. സൌകര്യപ്പെടുമെങ്കിൽ ഒരു ദിവസം വരു.
</p>
          <p>വിമലയെ ആശ സൈക്ക്യാട്രിസ്റ്റ് എന്നാണു് വിളിക്കാറ്. ജ്യേഷ്ഠന്റെ ഒപ്പം താമസിച്ചു് അവളും ഒരു ചെറുകിട
വിദഗ്ദ്ധയായിരിക്കുന്നു.
</p>
          <p>ഒരു ദിവസം വൈകുന്നേരം വിമല വന്നു. എല്ലാം കേട്ടപ്പോൾ വിമല പറഞ്ഞു.
</p>
          <p>‘ഇതു് വളരെ കോംപ്ലിക്കേറ്റഡാണു്. നീ ചേട്ടനെത്തന്നെ കാണു. ഗോപിയേയുംകൂട്ടി വന്നു കൂടെ?’
</p>
          <p>ഗോപി വരുമെന്നു് തോന്നുന്നില്ല. കാരണം വീട്ടിലേക്കു ഒരു ദിവസം പോയപ്പോൾത്തന്നെ ഒപ്പം വന്നില്ല.
പിന്നെയല്ലെ ഒരു സ്നേഹിതയുടെ വീട്ടിലേക്കു് വരുന്നതു? പോരാത്തതിനു് ഒരു സൈക്ക്യാട്രിസ്റ്റിന്റെ
അടുത്തേക്കാണു് പോകുന്നതെന്നു പറഞ്ഞാൽ എന്നെക്കൂടി പോകാൻ അനുവദിക്കില്ല.
</p>
          <p>‘എന്നാൽ നീ ഒറ്റയ്ക്കു വരു. ഞാൻ നിന്റെ അമ്മായിയമ്മയോടു് ശുപാർശ ചെയ്യാം. നിന്നെ ഈ ഞായറാഴ്ച
വിടണമെന്നു്.’
</p>
          <p>ഡോക്ടർ കുമാർ ആശയോടു് വളരെ ദയാപൂർവ്വം പെരുമാറി. അവളുടെ അറിവിൽ അയാൾക്കു്
അത്ഭുതമാണുണ്ടായിരുന്നതു്. സാധാരണ പെൺകുട്ടികളിൽനിന്നും ഇവൾ വളരെ വിഭിന്നയാണെന്നയാൾ കണ്ടു.
</p>
          <p>ഇതു് വളരെ സാധാരണമായ ഒരു കുഴപ്പമാണു്. അയാൾ പറഞ്ഞു. ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു.
ഗോപിയെക്കൂട്ടി ഒരു ദിവസം വരു. ഇതൊരു മാനസികാസ്വാസ്ഥ്യമാണു്. യുഗങ്ങളായുള്ള ഒരു പതിവു് സംസ്കാരം
വന്ന ശേഷവും മനുഷ്യന്റെ അടിമനസ്സിൽ കിടക്കുകയാണു്. മനുഷ്യൻ ഒരു സമൂഹമായി താമസിക്കാൻ
തുടങ്ങിയപ്പോൾ അമ്മയായിരുന്നു ആ സമൂഹത്തിന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ അധിപ. അവർ
പ്രായപൂർത്തിയെത്തിയ ചെറുപ്പക്കാരുമായി, സ്വന്തം മക്കളടക്കം, ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു. അച്ഛൻ
എന്ന വ്യക്തിക്കു് വലിയ പ്രസക്തിയൊന്നുമുണ്ടായിരുന്നില്ല. ഇന്നും ആൺമക്കളുടെ മേൽ അധീശാധികാരം
നടത്തുന്ന അമ്മമാരുടെ അടിമനസ്സിൽ ആ പഴയ അമ്മ തന്നെയാണുള്ളതു്.
</p>
          <p>അനുജത്തിയുമായുള്ള ഗോപിയുടെ ബന്ധം കൂടുതൽ സ്വഭാവികമാണു്. ഒരു ആൺകുട്ടി ലൈംഗികത്തെപ്പറ്റി

അറിയാൻ തുടങ്ങിയാൽ ആദ്യം അടുക്കുക സ്വന്തം സഹോദരിയോടായിരിക്കും. അതു് വളർച്ചയുടെ ഒരു
കാലഘട്ടം മാത്രമാണു്. പിന്നെ ലൈംഗിക ലക്ഷ്യം സഹോദരിയിൽനിന്നു് സ്നേഹിതന്മാരിലേക്കാവുന്നു. അപ്പോൾ
ഒരു സ്വവർഗ്ഗ സ്നേഹത്തിന്റെ കാലഘട്ടം ഉണ്ടാവുന്നു. പിന്നെ അതും കടന്നു പോകുന്നു. ഇതെല്ലാം തന്നെ
ആരോഗ്യകരമായ മാനസികവളർച്ചയുടെ ഓരോ ഘട്ടങ്ങളാണു്.
</p>
          <p>ഇതിലെവിടെയെങ്കിലും ഒരു സ്റ്റേജിൽ വളർച്ച നിന്നു പോകുമ്പോഴാണു് കുറച്ചൊരു വൈകൃതം കടന്നു
വരുന്നതു്. ഗോപിയ്ക്കു് പറ്റിയിട്ടുള്ളതും അതായിരിക്കണം.
</p>
          <p>ഇത്രയും ശരിയായി. ആശ ആലോചിച്ചു. ഇനി ഗോപിയെ ഡോക്ടറുടെ അടുത്തേക്കു് എങ്ങിനെയാണു്
കൊണ്ടുവരിക? വൈകുന്നേരം ഗോപിയോടു് ഡോക്ടറെ കാണേണ്ടകാര്യം പറഞ്ഞപ്പോൾ ഗോപി ചോദിച്ചു.
</p>
          <p>‘നിനക്കെന്താണു് അസുഖം?’
</p>
          <p>‘എനിക്കല്ല.’
</p>
          <p>‘പിന്നെ?’
</p>
          <p>‘നമുക്കു് ഗോപിയുടെ പ്രോബ്ലംസ് ഡോക്ടറുമായി സംസാരിക്കാം.’
</p>
          <p>‘എന്റെ പ്രോബ്ലങ്ങളോ? എനിക്കെന്താണു് പ്രോബ്ലം?’
</p>
          <p>‘ഗോപിക്കറിയാമല്ലൊ അതു്.’
</p>
          <p>ഗോപി പിന്നെ ഒന്നും പറഞ്ഞില്ല.
</p>
          <p>ഗോപി സംസാരിക്കുമെന്നും, അങ്ങിനെ സംസാരിച്ചുകൊണ്ടു തന്നെ ഈ പ്രശ്നങ്ങളൊക്കെ
പരിഹരിക്കാമെന്നവൾ കരുതിയിരുന്നു. പക്ഷേ, ഗോപി സംസാരിച്ചില്ലെന്നു മാത്രമല്ല, അതിനുശേഷം ഒറ്റയ്ക്കു്
അവളുടെ ഒപ്പമിരിക്കാൻ കൂടി മടി കാണിച്ചു. അയാൾ ആശയെ ഭയപ്പെടുന്നപോലെ തോന്നി. രാത്രികളിൽ
അയാൾ വളരെ വൈകിയേ കിടപ്പറയിലേക്കു വരു. അതിനിടയ്ക്കു് ആശ ചിലപ്പോൾ ഉറങ്ങിപ്പോയിട്ടുണ്ടാകും.
</p>
          <p>ഗോപിയുടെ പെരുമാറ്റം അസഹനീയമായിരുന്നു. പക്ഷേ, അതു് എത്രത്തോളം മയമുള്ളതാണെന്നു് ആശയ്ക്കു
മനസ്സിലായതു്, അമ്മായിയമ്മയും, നാത്തൂനും കൂടി അവൾക്കെതിരായി സമരം ചെയ്യാനിറങ്ങിയപ്പോഴാണു്,
അതും വളരെ വക്രമായ തരത്തിൽ. ആശക്കില്ലാതിരുന്ന പല അസുഖങ്ങളും അവൾക്കുണ്ടെന്നവർ ആരോപിച്ചു.
</p>
          <p>ആദ്യം തുടങ്ങിയതു് ഭക്ഷണ സമയത്താണു് രണ്ടു ദിവസം തുടർച്ചയായി അവൾക്കു് വേണ്ടി ഒരു പ്ലേറ്റും ഗ്ലാസ്സും
മേശപ്പുറത്തു മാറ്റി വെച്ചു. അവൾ വേറെ ഏതെങ്കിലും പ്ലേറ്റിനു മുമ്പിലിരുന്നാൽ ആ പിഞ്ഞാണം മാറ്റി
അവൾക്കായി വെച്ച പഴയ പിഞ്ഞാണം വെച്ചുകൊടുക്കും.
</p>
          <p>ആദ്യമൊന്നും ആശയ്ക്കു് ഇതിന്റെ അർത്ഥം മനസ്സിലായില്ല. പിന്നെ പണിക്കാരത്തിയാണു് ആശയോടു്
പറഞ്ഞതു്.
</p>
          <p>‘മോൾക്കു് എന്തൊക്കെയോ സുഖക്കേടുണ്ടെന്നാണു് അവർ പറയുന്നതു്. എനിക്കൊന്നും തോന്നിയിട്ടില്ല.’
</p>
          <p>എനിയ്ക്കു സുഖക്കേടോ? തനിക്കു് എന്തെങ്കിലും സുഖക്കേടുണ്ടോ എന്നറിയാൻ അവർക്കെങ്ങിനെ കഴിഞ്ഞു.
താനാകട്ടെ ഒന്നു തുമ്മുക കൂടി ചെയ്തിട്ടില്ല. പിന്നീടു് ആലോചിച്ചപ്പോൾ അവൾക്കു മനസ്സിലായി, അമ്മയും മകനും
മകളും വെവ്വേറെയാണെന്നു് അവൾ വിചാരിക്കുന്നതു് ശരിയല്ല. ഗോപിയോടു് ഡോക്ടറെ കാണാമെന്നു് താൻ
പറഞ്ഞതു് അമ്മയുടെയും മകളുടെയും അടുത്തെത്തിയിരിക്കുന്നു. മകനു് മാനസികാസുഖമുണ്ടെന്നു് മരുമകൾ
പറഞ്ഞതിനു് തിരിച്ചടിയാണു് ഈ അഭിനയമെല്ലാം.
</p>
          <p>പെട്ടെന്നവൾക്കു് ദ്വേഷ്യം തോന്നി. തനിക്കിതൊന്നും സഹിക്കേണ്ട ആവശ്യമില്ല. തനിക്കു് ഗോപിയോടു്
സ്നേഹമുണ്ടോ എന്നവൾ സ്വയം ചോദിച്ചു. വിവാഹം കഴിഞ്ഞു് രണ്ടു മാസമായിട്ടും തൊട്ടിട്ടു കൂടിയില്ലാത്ത
ഒരാളോടു് എന്തു കണ്ടിട്ടാണു് സ്നേഹം വെച്ചു പുലർത്തുന്നതു? ഇനി സ്നേഹമുണ്ടെങ്കിൽത്തന്നെ അവൾക്കെന്തു
ചെയ്യാനാണു് ? മൂന്നു് മാനസികരോഗികളുടെ ഒപ്പം താമസിക്കാൻ അവൾ എന്തുകൊണ്ടും തയ്യാറുമല്ല. ഗോപി
ഒറ്റക്കാണെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. ഒരു ഡോക്ടറെ കാണാൻ സമ്മതിപ്പിക്കാമായിരുന്നു.
</p>
          <p>രാത്രി അവൾ ഗോപിയോടു ചോദിച്ചു

</p>
          <p>‘നമുക്കു് ഒറ്റയ്ക്കു് താമസിച്ചുകൂടെ?’
</p>
          <p>‘അമ്മ സമ്മതിക്കില്ല.’ അയാൾ പറഞ്ഞു. ‘എന്തിനാ ഒറ്റയ്ക്കു് താമസിക്കുന്നതു? ഇവിടെ നല്ല
സൌകര്യാണല്ലൊ?’
</p>
          <p>‘ഇവിടെ എന്തു് സൌകര്യാണെന്നാണു് പറയുന്നതു? ആരും എന്നോടു് സംസാരിക്കുന്നില്ല. എന്നെ അകറ്റി
നിർത്താനാണു് ശ്രമിക്കുന്നതു്. ഗോപിയടക്കം. കല്യാണം കഴിഞ്ഞാൽ ഒരു പെൺകുട്ടി ഇതൊന്നുമല്ല
പ്രതീക്ഷിക്കുക. ഒരു പക്ഷേ, നമ്മൾ രണ്ടു പേരും മാത്രമെയുള്ളുവെങ്കിൽ കുറെയൊക്കെ മാറ്റമുണ്ടാവും.’
</p>
          <p>ഗോപി ഒന്നും പറഞ്ഞില്ല.
</p>
          <p>‘പറയു. ഞാൻ അച്ഛനോടു് ഒരു വീടന്വേഷിക്കാൻ പറയാം.’
</p>
          <p>‘വീടു് മാറാനൊന്നും അമ്മ സമ്മതിക്കില്ല.’ ഗോപി തറച്ചു പറഞ്ഞു.
</p>
          <p>‘എന്തിനാണു് അമ്മയുടെ സമ്മതം നോക്കുന്നതു? ഗോപി കുട്ടിയൊന്നുമല്ലല്ലൊ.’
</p>
          <p>അയാൾ ഒന്നും പറഞ്ഞില്ല. ഇതൊരു നല്ല അടവാണു്. തനിക്കെതിരായി സംസാരം വരുമ്പോൾ മൌനം
ദീക്ഷിക്കുക.
</p>
          <p>ഇനി സംസാരിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല, ആശ വിചാരിച്ചു. ഈ രാത്രികൂടി ഇവിടെ കഴിയുക.
പിന്നെ മകനെ അമ്മയുടെയും, പെങ്ങളുടെയും ലാളനക്കു വിട്ടു് തനിക്കു് സ്ഥലം വിടാം. ഇങ്ങിനത്തെ
ദാമ്പത്യത്തേക്കാൾ നല്ലതു് വീട്ടിലിരുന്നു് തല നരയ്ക്കുന്നതാണു്. ഈ കഥകളെല്ലാം പറഞ്ഞാൽ മനസ്സിലാവുന്ന വല്ല
ചെറുപ്പക്കാരും ഉണ്ടാവുമെന്നും, അവരെ വിവാഹം ചെയ്താൽ ഇനിയും തനിയ്ക്കൊരു ജീവിതം കെട്ടിപ്പടുക്കാൻ
പറ്റുമെന്നും അവൾക്കുറപ്പു തോന്നി. ഇനിയും വൈകിക്കാതിരിക്കുകയാണു് നല്ലതു്.
</p>
          <p>അവൾ അന്നു സുഖമായി ഉറങ്ങി. അവൾ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
</p>
          <p>രാവിലെ ഗോപി ഉണരുന്നതിനുമുമ്പു് അവൾ സൂട്ട്കേസിൽ അവളുടെ വസ്ത്രങ്ങൾ ഒരുക്കിവെച്ചു. ഗോപി
ഉണർന്നു് താഴെ വരുന്നതും കാത്തു. ഗോപി താഴെ വന്നപ്പോൾ അവൾ പറഞ്ഞു.
</p>
          <p>‘ഞാൻ പോണു.’
</p>
          <p>‘നീ എങ്ങോട്ടാണു് യാത്ര? അമ്മായിയമ്മയുടെ ചോദ്യം.’
</p>
          <p>‘വീട്ടിലേക്കു്.’
</p>
          <p>‘അങ്ങിനെ ഇടയ്ക്കിടയ്ക്കു് വീട്ടിലേക്കു് പോകാനൊന്നും പറ്റില്ല. അവർ പറഞ്ഞു. നീയല്ലെ ഒരു മാസം മുമ്പു് പോയി
വന്നതു്.’
</p>
          <p>‘ഞാൻ എന്റെ വീട്ടിലേക്കാണു് പോകുന്നതു്.’ ആശ പറഞ്ഞു.
</p>
          <p>‘ഒന്നുമില്ലെങ്കിൽ ആൾക്കാരെന്താ വിചാരിക്ക്യാ?’ അമ്മായിയമ്മ വീണ്ടും.
</p>
          <p>കല്യാണം കഴിഞ്ഞു് രണ്ടുമാസത്തിനുള്ളിൽ ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിന്നു് പോകുകയാണെങ്കിൽ
അതിന്റെ കാരണവും ആൾക്കാർ ശരിക്കുതന്നെ ധരിക്കും!
</p>
          <p>ആശ കുറച്ചുറക്കെ തന്നെ പറഞ്ഞു. അവൾ പറഞ്ഞ വാചകത്തിന്റെ അർത്ഥം പരതി ഗ്രഹിക്കുവാൻ സമയം
കുറച്ചെടുത്തു കാണണം. അതിനിടയ്ക്കു് അമ്മയെയും, മകളെയും, മകനേയും ഒരു ഫാമിലി ഫോട്ടോ എടുക്കാൻ
നിൽക്കുന്ന മട്ടിൽ നിർത്തി ആശ സൂട്ട്കേസുമായി പുറത്തിറങ്ങി. ദൂരെ അവൾ ബസ്സിന്റെ ഹോൺ കേട്ടിരുന്നു.
ബസ്സ് തെറ്റാതിരിക്കാൻ അവൾ വേഗം നടന്നു.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Bus Thettathirikkan (ml: ബസ്സ്
തെറ്റാതിരിക്കാൻ).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Bus Thettathirikkan, ഇ ഹരികുമാർ, ബസ്സ് തെറ്റാതിരിക്കാൻ, Open Access Publishing, Malayalam,
Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  July 1, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Lost_in_Thought,_by_Antonio_Mancini.jpg">Lost
in Thought,</ref> a painting by <ref target="https://en.wikipedia.org/wiki/en:Antonio_Mancini">Antonio
Mancini</ref>  (1852–1930). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-bus.xml">Download document

sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-bus.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
