<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ചൂച്ചിയും ഈനാമ്പീച്ചിയും</title>
          <title xml:lang="en" type="main">Choochiyum Enampeechiyum</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">November 11, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ചൂച്ചിയും ഈനാമ്പീച്ചിയും</title>
              <title xml:lang="en" type="main">Choochiyum Enampeechiyum</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Choochiyum Enampeechiyum</term>
          <term>ഇ ഹരികുമാർ</term>
          <term>ചൂച്ചിയും ഈനാമ്പീച്ചിയും</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Painting_of_Old_Tulliallan_Castle.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Painting_of_Old_Tulliallan_Castle.jpg">Old
Tulliallan Castle,</ref> a painting by William King  . </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ചൂച്ചിയും ഈനാമ്പീച്ചിയും</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ചൂച്ചിയും ഈനാമ്പീച്ചിയും</head>
        <div type="lsection">
          <p style="noindent">ഈനാമ്പീച്ചികളുടെ കഥ പറഞ്ഞു തന്നതു് ഷൈലയായിരുന്നു. അവൾ അക്കരെ
ദ്വീപിലാണു് താമസം. എന്റെ മനസ്സമാധാനം കളയാൻ അവൾ അമ്മയുടെകൂടെ ദിവസവും കടവു കടന്നു വരുന്നു.
ദ്വീപിലെ ചൂച്ചിയുടെ കഥകൾ പറയുന്നു. ഒരു വാചകത്തിൽ ചുരുങ്ങിയതു് നാലു് ‘അങ്ക്ൾ’ വിളിയെങ്കിലുമുണ്ടാവും.
അവൾ എന്റെ ആരുമല്ല. എങ്കിലും രാവിലെ എത്തുന്നു, ഞങ്ങൾ പ്രാതൽ കഴിക്കുന്ന മേശക്കരികെ കസേലയിൽ
വന്നിരിക്കുന്നു, കാലാട്ടിക്കൊണ്ടു് ദോശ തിന്നുന്നു, പേടിപ്പെടുത്തുന്ന കഥകൾ പറയുന്നു.
</p>
          <p>‘ഞാൻ പറഞ്ഞില്ലേ, അമ്പലക്കുളം പച്ചനെറാവണതു് ഈനാമ്പീച്ചികൾ കുളിക്കുമ്പൊത്തന്ന്യാണു്.
ഇന്നലെവരെ ഒരു കൊഴപ്പുംണ്ടായിര്ന്നില്ല. ഇന്നു് രാവിലെ ഞങ്ങള് വരുമ്പോ പച്ച നെറാ. വിൽസന്റെ അമ്മച്ചി
കണ്ടൂത്രെ, ഈനാമ്പീച്ചികള് രാത്രി വന്നു് കുളിക്കണതു്.’
</p>
          <p>‘ഞാൻ അവളുടെ കഥകൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടായിക്കൂടാ? മനസ്സിലാക്കാൻ പറ്റാത്ത
ഒരുപാടു് പ്രതിഭാസങ്ങൾ ചുറ്റും നടക്കുമ്പോൾ ഒരു ഈനാമ്പീച്ചിയെ മാത്രം മാറ്റി നിർത്തേണ്ട ആവശ്യമെന്തു?
ആദ്യമെല്ലാം ഞാൻ പറഞ്ഞു നോക്കി, സൂര്യവെളിച്ചം… പായൽ… ഫോട്ടോസിന്തസിസ്…
</p>
          <p>‘അല്ല അങ്ക്ൾ, അതു് ഈനാമ്പീച്ചിള് കുളിച്ചിട്ടു് തന്ന്യാ.’
</p>
          <p>ഷൈല വരാൻ വൈകുന്ന ദിവസങ്ങളിൽ ഞങ്ങൾ പ്രാതൽ വൈകി കഴിക്കുന്നു. അവൾ വരാത്ത
ദിവസങ്ങളിൽ ചിലപ്പോൾ പ്രാതൽതന്നെ മറന്നെന്നു വരും. അവളെ അനുജത്തി മേമയുടെ വീട്ടിലാക്കി അവളുടെ
അമ്മ ജെൻസി അടുത്തുള്ള ചെരിപ്പു ഫാക്ടറിയിൽ ജോലിക്കു പോകുന്നു. മേമയുടെ വീട്ടിൽ കയറാതെ ആ
നാലുവയസ്സുകാരി നേരിട്ടു് ഞങ്ങളുടെ വാതിൽ കടന്നു വരുന്നു. നേരെ അടുക്കളയിലേയ്ക്കു്; മേശക്കരികെ ഇട്ട
കസേലയാണു് ലക്ഷ്യം.
</p>
          <p>വലിയ മാളികയിൽ താമസിക്കുന്ന ചൂച്ചിയെപ്പറ്റി ധാരാളം കഥകളുണ്ടു്. പള്ളിയുടെ തൊട്ടടുത്തു്
സെമിത്തേരിക്കു് എതിരെയാണു് മാളിക. രണ്ടു നില മാളികയാണു്. മൂന്നാമതൊരു നിലകൂടിയുണ്ടു്, ഉയരമില്ലാത്ത
ഒരു തട്ടു്. അവിടെ ആരും കയറാറില്ല. ഒന്നാം നിലയിലേയ്ക്കുതന്നെ കുട്ടികൾ കയറാറില്ല. ആ മാളികയിൽ
വയസ്സായ ചൂച്ചി ഒറ്റയ്ക്കു താമസിക്കുന്നു. ചൂച്ചിയെന്നാൽ ആംഗ്ലോ ഇന്ത്യക്കാരി. ദ്വീപിൽ അവരെ ചൂച്ചികൾ
എന്നാണു് വിളിക്കുക.
</p>
          <p>ഷൈല പോയിക്കഴിഞ്ഞാൽ ഞാൻ പുറത്തു് വീതി കുറഞ്ഞ വരാന്തയിലിട്ട കസാലയിൽ പോയിരിക്കുന്നു.
ഒന്നും ചെയ്യാനില്ല. ഒന്നും കാണാനുമില്ല. മതിൽ കാരണം ഇടവഴിയിലൂടെ പോകുന്നവരെ കാണില്ല. മരത്തിന്റെ
അഴികളുള്ള ഗെയ്റ്റിലൂടെ ഒരു കൊള്ളിയാൻപോലെ ആളുകൾ പോകുന്നതു കാണുന്നു. അത്രയും ആശ്വാസം.
അകത്തു് വത്സല തുന്നൽമെഷിന്റെ മുമ്പിലായിരിക്കും. അതിന്റെ കടകടശബ്ദം അവൾക്കു് ആശ്വാസം
കൊടുക്കുന്നുണ്ടാവും. അവൾ എംമ്പ്രോയ്ഡറിയാണു് തുന്നുന്നതു്. ചുറ്റുവട്ടത്തുള്ള പെൺകുട്ടികൾ അവൾക്കു്
ഓർഡർ കൊടുക്കുന്നു. ചൂരിദാറിന്റെ ഏറ്റവും പുതിയ ഫാഷനും എമ്പ്രോയ്ഡറി ഡിസൈനുകളും കാണാൻ
വത്സല ജോസ് ജങ്ക്ഷനിലെ തുണിക്കടകൾ കയറിയിറങ്ങുന്നു. തിരിച്ചുവന്ന ഉടനെ അവ ഓർമ്മയിൽനിന്നു്
എടുത്തു് ഒരു നോട്ടുപുസ്തകത്തിൽ പകർത്തുന്നു. അവൾ നന്നായി വരയ്ക്കും. പെൺകുട്ടികൾ അദ്ഭുതത്തോടെ ആ
ഡിസൈനുകൾ നോക്കും. പിന്നെ തിരിച്ചറിയലിന്റെ കുതൂഹലമാണു്. അവർ തമ്മിൽ പറയുന്നു. ‘എടീ ഇതു്
പ്രണയവർണങ്ങളിലു് ദിവ്യാ ഉണ്ണി സുരേഷ്ഗോപിടെ ഒപ്പം കാറിൽ പോമ്പ ഇട്ട ചൂരിദാറാണു്.’ പിന്നെ
ഓർഡറുകൾക്കു് ക്ഷാമമില്ല.
</p>
          <p>വത്സല ഏറ്റവും പുതിയ സിനിമകൾ കാണുന്നതിന്റെ ആവശ്യകത ഞാൻ മനസ്സിലാക്കുന്നു. ബിസിനസ്സിൽ
പിടിച്ചുനിൽക്കണമെങ്കിൽ ഏറ്റവും പുതിയ ഫാഷനുകളെപ്പറ്റി ധാരണയുണ്ടാവണം. ഫാഷനുകൾ ജനിക്കുന്നതു്
സിനിമയിൽനിന്നുതന്നെ. അതുകൊണ്ടു് ‘ഞങ്ങളിന്നൊരു സിനിമയ്ക്കു പോകുന്നുണ്ടു്’ എന്നു വത്സല പറയുമ്പോൾ
ഞാൻ മുടക്കുന്നില്ല. അവൾ മേമയുടെ ഒപ്പം നൂൺഷോ കാണാൻ പോകുമ്പോൾ ഷൈലയുടെ രക്ഷാധികാരം
പൂർണമായും എന്നിലർപ്പിക്കപ്പെടുന്നു. അവർ പടികടന്നാലുടൻ ഞങ്ങൾ അടുക്കളയിൽ കയറി കക്കാൻ തുടങ്ങും.
അലമാറിയിൽ ഒരു നാട്യവുമില്ലാതെ വളരെ ലാഘവത്തോടെ വച്ച ടിന്നുകളിൽ പലപ്പോഴും ഈത്തപ്പഴമോ,
മിക്സ്ചറോ, ബിസ്കറ്റോ ആയിരിക്കും. ആവുന്നത്ര കൈയ്യിട്ടു വാരി ഒരു പ്ലെയ്റ്റിലിട്ടു് ഞങ്ങൾ ഉമ്മറത്തു
വന്നിരിക്കും. ഞാൻ എന്റെ കസേലയിൽ, അവൾ എനിക്കെതിരായി തിണ്ണമേൽ. പിന്നെ തിന്നുകൊണ്ടു് കഥകൾ

ഓരോന്നായി പുറത്തുവരും. പേടിപ്പിക്കുന്ന കഥകൾ അവളുടെ കൂസലില്ലാതെ നാവിലൂടെ പുറത്തുവരുമ്പോൾ
എന്റെ വയറ്റിനുള്ളിൽ മിക്സ്ചർ അസിഡിറ്റിയുണ്ടാക്കുന്നു.
</p>
          <p>ചൂച്ചിയാണു് പ്രധാന കഥാപാത്രം. ഇനാമ്പിച്ചികളെപ്പറ്റി പറഞ്ഞതു് ചൂച്ചിയാണു്. അകാലമരണം
സംഭവിക്കുന്ന ഗർഭിണികളാണു് ഈനാമ്പീച്ചികളാവുന്നതു്. അവർ ചോര കുടിക്കുന്നു. രാത്രികളിലാണവർ
പുറത്തിറങ്ങുന്നതു്. രാത്രി മുഴുവൻ ചോരകുടിച്ചു് വിശപ്പടക്കിയാൽ അടുത്തുകണ്ട കുളത്തിൽ ഇറങ്ങി കുളിക്കുന്നു.
അവർ കുളിച്ചുകഴിഞ്ഞാൽ വെള്ളം പച്ചനിറമാകുന്നു. പിന്നെ പച്ചപ്പു വിടുന്നതുവരെ ആ വെള്ളത്തിൽ
കുളിക്കരുതെന്നാണു് ഷൈല പറയുന്നതു്. ഞാനതെല്ലാം വിശ്വസിക്കുന്നു. ഈനാമ്പീച്ചികൾക്കു് വയറു നിറയെ
കുടിക്കാനുള്ള ചോര എവിടെനിന്നു കിട്ടുന്നുവെന്ന ചോദ്യം നാവിന്റെ തുമ്പിൽ കിടന്നു കളിക്കുന്നു. ഞാൻ
ചോദിക്കുന്നില്ല.
</p>
          <p>ചൂച്ചിയും രാത്രിയാണു് പുറത്തിറങ്ങുക. അവർ ആകെ മൂടുന്ന വെള്ള വസ്ത്രം ധരിച്ചു് പള്ളിക്കടുത്തുള്ള വീടുകളിൽ
കയറിയിറങ്ങുന്നു. രാത്രി കൂട്ടിന്നു് ഒരു കുട്ടിയെ കിട്ടാനാണു് ഈ യാത്ര. ആഴ്ചയിലൊരിക്കൽ മട്ടാഞ്ചേരിയിൽ
പോയികൊണ്ടുവരുന്ന പലഹാരങ്ങൾ നിറച്ച ടിന്നുകൾ കുട്ടികളിൽ താൽപര്യമുണ്ടാക്കുന്നു. പേടിയുണ്ടെങ്കിലും
അവർ കൂട്ടിനു കിടക്കാമെന്നു് സമ്മതിക്കുന്നു. അങ്ങിനെ ചൂച്ചിക്കു കൂട്ടിനു കിടക്കുന്ന അപൂർവ്വം കുട്ടികളിൽ
ഒരുവളാണു് ഷൈലയെന്നറിയുമ്പോൾ എനിക്കവളോടു് ബഹുമാനം തോന്നുന്നു.
</p>
          <p>കൂടുതൽ അറിയുമ്പോൾ ആ ബഹുമാനം വർദ്ധിക്കുന്നേയുള്ളൂ. അവൾ പറയുന്നു. ചൂച്ചിയുടെ വീട്ടിൽ നിറയെ
മരത്തിന്റെ പെട്ടികളാണു്. പത്തുപതിനഞ്ചെണ്ണമുണ്ടു്. പല വലുപ്പത്തിൽ. അതെല്ലാം മരിച്ചുപോയവരുടെ
വസ്ത്രങ്ങൾ നിറച്ചുവച്ച പെട്ടികളാണത്രെ. ഓരോ പെട്ടികളിൽ ഓരോരുത്തരുടെ വസ്ത്രങ്ങൾ. അത്രയും ശരി.
അവൾ ഇനി പറയാൻ പോകുന്നതു് എന്റെ കൈയ്യിലെ രോമങ്ങളെ ഉണർത്തി എഴുന്നേൽപ്പിക്കുന്നു. രാത്രി
അവർ വരുമത്രെ, മരിച്ചു പോയവർ! അവർ ശവപ്പെട്ടിയിൽനിന്നു് പുറത്തിറങ്ങിയാൽ കൊടും ശൈത്യമാണു്.
അപ്പോൾ അവർ അവരുടെ വസ്ത്രങ്ങളന്വേഷിച്ചു വരാറുണ്ടു്. ‘എന്റെ പെട്ടി എവിടെ, എന്റെ പെട്ടി…’
</p>
          <p>ചൂച്ചി അതൊന്നും ശ്രദ്ധിക്കാറില്ലത്രെ. ആവശ്യമുള്ളവർ അവരവരുടെ വസ്ത്രങ്ങൾ എടുക്കുകയോ
തിരിച്ചുവയ്ക്കുകയോ ചെയ്യട്ടെ. പക്ഷേ, നിങ്ങളൊന്നും ആ പെട്ടി തുറക്കരുതു് കെട്ടോ? അവർ കുട്ടികൾക്കു് മുന്നറിവു
കൊടുക്കും.
</p>
          <p>എനിക്കു കാര്യം മനസ്സിലാവുന്നു. കുട്ടികൾ കൂട്ടുകിടക്കാൻ വരുമ്പോൾ അവരെ നിയന്ത്രിക്കാൻ ഇതിലേറെ
നല്ല വഴികളില്ല. ഞാൻ പക്ഷേ, ഒന്നും പറയുന്നില്ല. ഷൈല ചോദിക്കുന്നു.
</p>
          <p>‘അങ്കിളിനു് പേടി തോന്നുന്നുണ്ടോ?’
</p>
          <p>ഞാൻ പറയുന്നു. ‘കുറേശ്ശെ.’
</p>
          <p>‘എനിക്കു് പേടിയൊന്നുംല്ല്യ.’ അവൾ പറയുന്നു. പക്ഷേ, അവൾ ഈ സമയത്തിനുള്ളിൽ തിണ്ണയിൽനിന്നു്
ഇറങ്ങി അരിച്ചരിച്ചു് ഞാനിരിക്കുന്ന കസേലയ്ക്കരികിൽ എത്തിയിരുന്നു. ഒന്നുരണ്ടു വാചകംകൂടി
പറഞ്ഞുകഴിഞ്ഞാൽ അവൾ ചാടി മടിയിലെത്തും. അങ്കിളിനു് അവളുടെ ധൈര്യത്തെപ്പറ്റി എന്തെങ്കിലും
ആശങ്കകളുണ്ടെങ്കിൽ അവ ദൂരികരിക്കാനായി പറയുകയും ചെയ്യും.
</p>
          <p>‘അമ്മയ്ക്കു് പേടിയാ, എനിക്കു് പേടിയൊന്നുംല്ല്യ.’
</p>
          <p>‘നീ മിടുക്കിയാണു്.’
</p>
          <p>റിട്ടയർ ചെയ്ത ശേഷം ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയിൽ വിഷമിക്കുമ്പോഴാണു് ഷൈല ചാടി വീണതു്.
ഒരു രാവിലെ പടിക്കൽ നിൽക്കുമ്പോൾ അമ്മയുടെ മുമ്പിൽ നടന്നുവന്ന പെൺകുട്ടിയെ നോക്കി ചിരിച്ചതിന്റെ
അനന്തരഫലമാണു് താൻ ഇപ്പോൾ അനുഭവിക്കുന്നതു്. ഒരു നോട്ടത്തിൽ, ഒരു ചിരിയിൽ ഒരു പെൺകുട്ടി
വളയുമെന്നു് കരുതിയിരുന്നില്ല. അവൾ എന്റെ നേരെ നടന്നുവന്നു, കൈവിരൽ പിടിച്ചുകൊണ്ടു് ആകാശത്തേയ്ക്കു
തലയുയർത്തി നോക്കിക്കൊണ്ടു് ചോദിച്ചു.
</p>
          <p>‘അങ്കിളിന്റെ പേരെന്താ?’
</p>
          <p>അതിനു ശേഷം അവൾ അവളുടെ മേമയുടെ വീട്ടിൽ കാലു കുത്തിയിട്ടില്ല. നേരിട്ടു് ഞങ്ങളുടെ വീട്ടിലേയ്ക്കു കയറി
വരുന്നു. ഞാനാകട്ടെ അവൾ പറയുന്ന കഥ കേട്ടു് നിരന്തരം പേടിസ്വപ്നം കണ്ടു കഴിയുന്നു. ഞങ്ങൾക്കു് കഥ
കേൾക്കാനുള്ള താല്പര്യമുണ്ടെന്നു് അവൾ എങ്ങിനെയോ മനസ്സിലാക്കിയിട്ടുണ്ടു്. അതുകൊണ്ടു് ഓരോ ദിവസവും
പുതിയ കഥകളും കൊണ്ടാണു് അവൾ വരാറുള്ളതു്. ചൂച്ചിയും അവളും പാത്രങ്ങളായുള്ള കഥകൾ.

</p>
          <p>‘കർത്താവു് നിങ്ങളെ അനുഗ്രഹിക്കും.’ അവളുടെ അമ്മ ജെൻസി പറയും. ‘വീട്ടിലു് വന്നാൽപിന്നെ ഇവിടത്തെ
കാര്യം മാത്രെ അവൾക്കു പറയാനുള്ളൂ. എന്തൊക്കെ തിന്നാൻ കിട്ടി, എന്തൊക്കെ ചെയ്തു എന്നൊക്കെ. മേമടെ
അവിട്യാണെങ്കിലു് ഇങ്ങിനെ തിന്നാനൊന്നും കിട്ടില്ല്യ. കണ്ടില്ലെ അവള് ഉരുണ്ടു് വരണതു? ഒക്കെ ഇവിടുത്തെ
ഭക്ഷണം കാരണാ.’
</p>
          <p>‘ഇവിടെ ഇതാ അങ്കിളും ഉരുണ്ടു വര്ണ്ണ്ടു്. ഞാൻ പുറത്തു പോയാൽ രണ്ടുപേരുംകൂടി കട്ടുതിന്നലു് തന്ന്യാ
പണി.’ വത്സല ചിരിച്ചുകൊണ്ടു് പറയും. ആന്റി ഞങ്ങളുടെ സ്വകാര്യം കണ്ടുപിടിച്ചെന്ന കാര്യത്തിൽ ഷൈലയ്ക്കു്
സ്വല്പം ചമ്മലുണ്ടാവുന്നു. അവൾ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി അമ്മയുടെ പുറകിലേയ്ക്കു് മാറുന്നു.
</p>
          <p>കട്ടുതിന്നൽ മാത്രമല്ല. പത്തു മണി കഴിഞ്ഞാൽ ഞാൻ പുറത്തിറങ്ങുന്നു. കായലിൽ
മീൻപിടിക്കുന്നവരിൽനിന്നു് നല്ല വണ്ണമുള്ള നെയ്മീനോ, കണമ്പോ വാങ്ങിക്കൊണ്ടുവരുന്നു. ചിലപ്പോൾ ഷൈല
ഒപ്പം കൂടും. അങ്ങിനെയുള്ള ദിവസങ്ങളിൽ വഴിക്കുള്ള ഐസ്ക്രീം കടയിൽ കുറച്ചുനേരം തങ്ങുന്നു. വെറുതെ, ഒന്നു
കാണാനെന്നാണു് ഷൈല പറയുന്നതു്. എന്തൊക്കെയാണു് നടക്കുന്നതു് എന്നറിയണമല്ലോ. കടയിൽനിന്നു്
പുറത്തിറങ്ങുമ്പോൾ കൈയ്യിൽ ഐസ്ക്രീം ബാറുണ്ടാവുന്നതു് അവളുടെ തെറ്റല്ല. ഈ അങ്കിൾ എന്തിനാണു്
ഇങ്ങിനെ പണം ചെലവാക്കുന്നതു് എന്നു് അവൾ ചോദിക്കുന്നു. കഥകൾ പറഞ്ഞുതരുന്നതിന്റെ
റോയൽറ്റിയാണെന്നു് ഞാൻ മറുപടി കൊടുക്കും.
</p>
          <p>ഷൈലയുടെ കഥകൾ കാടുകയറാൻ തുടങ്ങിയിരിക്കുന്നു. പുതിയ സ്രോതസ്സുകൾ അന്വേഷിച്ചു് അവൾ
അഭൗമികതലങ്ങളിലേയ്ക്കു് പ്രവേശിച്ചിരിക്കുന്നു. രാത്രി കൂട്ടിനു കിടക്കാൻ പുറത്തിറങ്ങി സെമിത്തേരിയുടെ
പടിക്കൽ നിൽക്കുന്ന ചൂച്ചിയെ കണ്ടു് പേടിച്ചു പനിപിടിച്ച രാഹുലിന്റെ കാര്യം ഷൈല പറഞ്ഞു. ചൂച്ചിയാണെന്നു
കരുതി അടുത്തു ചെന്ന രാഹുലിനു് എന്തോ നല്ല പന്തിയല്ല എന്നു തോന്നി മുഖത്തു നോക്കിയപ്പോൾ
കണ്ടതെന്താണു്, ചുവന്നു തീ പാറുന്ന കണ്ണുകൾ. അവൻ ഓടി, ചൂച്ചിയുടെ വീട്ടിന്റെ പടിക്കലെത്തിയപ്പോഴാണു്
ശരിക്കുള്ള ചൂച്ചി പുറത്തിറങ്ങുന്നതു കണ്ടതു്. രാത്രി കൂട്ടുകിടക്കാൻ കുട്ടികളെ അന്വേഷിച്ചു് അവർ
പുറത്തിറങ്ങിയതായിരുന്നു. രാഹുൽ കണ്ടതു് ചൂച്ചിയുടെ മമ്മിയുടെ പ്രേതമായിരുന്നുവെന്നു് പറയുമ്പോൾ ഞാൻ
നടുങ്ങുന്നു. അവർ രാഹുലിനെ വിളിച്ചെങ്കിലും അവൻ നിന്നില്ല. കാരണമറിയാതെ ചൂച്ചി അന്തം വിട്ടു. അന്നു്
ഷൈലയാണു് കൂട്ടിനു കിടന്നതു്. മമ്മിയുടെ പ്രേതത്തിന്റെ കാര്യം ചൂച്ചിതന്നെയാണു് അവളോടു പറഞ്ഞതു്. എന്നും
വീട്ടിൽ രണ്ടാം നിലയിൽ വന്നു് ഇരിക്കാറുണ്ടത്രേ. മരിക്കുന്നതിനു മുമ്പു് രണ്ടാം നിലയിൽ ഒരു പെട്ടിയിലാണത്രെ
അവരുടെ സമ്പാദ്യം മുഴുവൻ വച്ചിട്ടുള്ളതു്. അതു് എണ്ണിനോക്കാനാണു് വരുന്നതു്.
</p>
          <p>ഊശ്. ഞാൻ പറയുന്നു. നിന്റെ കഥകൾ ശരിക്കും പേടിപ്പെടുത്തുന്നവ തന്നെ. എന്നിട്ടു് നിനക്കു് ആ വീട്ടിൽ
കിടക്കാൻ പേടിയില്ലേ?
</p>
          <p>‘എനിക്കോ, എനിക്കു് പേടിയൊന്നുംല്ല്യ.’ അവൾ പറയുന്നു. കഥയുടെ അവസാനമെത്തുമ്പോഴേയ്ക്കു് അവൾ
അരിച്ചുവന്നു് എന്റെ മടിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ധൈര്യശാലി!
</p>
          <p>ഒരു ശനിയാഴ്ച ഷൈല വന്നില്ല. പ്രാതൽ മേശപ്പുറത്തിരുന്നു് തണുത്തു. ഞാൻ ഉമ്മറത്തു് കസേലയിൽ
പടിക്കലേയ്ക്കു നോക്കി ഇരുന്നു. ഇരിപ്പുറക്കാതെ വന്നപ്പോൾ മുറ്റത്തേയ്ക്കിറങ്ങി. സാവധാനത്തിൽ ഞാൻ ഗെയ്റ്റിനു
പുറത്തെത്തി. മുമ്പിൽ നീണ്ടുകിടക്കുന്ന ഇടവഴിയിൽ ഒരു കുഞ്ഞിത്തല പ്രത്യക്ഷപ്പെടുന്നതും കാത്തു് നിൽക്കവേ
ജെൻസി വന്നു. ഒപ്പം ഷൈലയുണ്ടായിരുന്നില്ല. അവൾ പനിയായി കിടക്കുകയാണു്, ജെൻസി മരുന്നു
വാങ്ങാനായി വന്നതാണു്. അപ്പോൾ ഇവിടെ കയറി, വരില്ലെന്നു പറഞ്ഞു പോകാമെന്നു കരുതി. അവൾ അന്നു്
ലീവെടുത്തിരിക്കയാണു്. പിറ്റേന്നു് ഞായറാഴ്ച ഞാനും വത്സലയും ഷൈലയെ കാണാൻ പോകുന്നു. ബോട്ടിൽ
കടവുകടന്നു് അവരുടെ വീടന്വേഷിച്ചു പോയി. പള്ളിയുടെ അടുത്തായതുകൊണ്ടു് കണ്ടുപിടിക്കാൻ
വിഷമമുണ്ടായില്ല.
</p>
          <p>ഞങ്ങളെ കണ്ടപ്പോൾ ഷൈല ഓടിക്കൊണ്ടു വന്നു. അവളുടെ മുഖത്തു് പരിഭ്രമമുണ്ടായിരുന്നു.
</p>
          <p>‘എന്തിനാണു് അങ്കിളും ആന്റിയും വന്നതു?’ അവൾ ചോദിച്ചു.
</p>
          <p>‘നിനക്കു് പനിയല്ലേ, കാണാൻ വന്നതാ.’
</p>
          <p>‘വേണ്ട, കാണാൻ വരണ്ട.’ അവൾ പറഞ്ഞു. ഞങ്ങൾ വന്നതു് അവൾക്കു് തീരെ ഇഷ്ടപ്പെട്ടില്ല. ജെൻസി
പകച്ചു നിൽക്കവേ ഷൈല ഞങ്ങളെ തള്ളി പുറത്താക്കുകയാണു്. ‘അങ്ക്ൾ പോ. അങ്ക്ൾ പോ.’
</p>
          <p>‘എന്തിനാ മോളെ അങ്ക്ൾ പോണതു?’ ഞാൻ ചോദിച്ചു.
</p>
          <p>‘അങ്ക്ൾ വരണ്ട.’ അവൾ എന്നെ ഉന്തുകതന്നെയാണു്. ഞാൻ വിഷമത്തിലായി. ഇങ്ങിനെ ഒരു
സ്വീകരണമല്ല ഞാൻ പ്രതീക്ഷിച്ചിരുന്നതു്. അവളുടെ ഭാവപ്പകർച്ചയുടെ കാരണം ഊഹിക്കാനുംകൂടി കഴിയാതെ
ഞങ്ങൾ ഉമ്മറത്തു് പകച്ചുനിന്നു. മുറ്റത്തിറങ്ങിനിന്നു നോക്കിയാൽ പള്ളി കാണാം. പള്ളിയുടെ ഒരു വശത്തായി
സെമിത്തേരി. ഞാൻ ജെൻസിയോടു ചോദിച്ചു.
</p>
          <p>‘ഷൈല കൂട്ടുകിടക്കാൻ പോവുന്ന ചൂച്ചിയുടെ വീടേതാണു്?’
</p>
          <p>‘ചൂച്ചിയോ?’ ജെൻസി അദ്ഭുതത്തോടെ ചോദിക്കുന്നു. ‘മോള് കൂട്ടുകിടക്കാൻ പോവ്വേ?’
</p>
          <p>‘അതേ, ഷൈല പറയാറുണ്ടു്, നിങ്ങളുടെ വീട്ടിന്റെ അടുത്തുതന്നെ ഒരു ചൂച്ചി താമസിക്ക്ണ്ണ്ടു്, അവളവിടെ
ഇടക്കിടക്കു് കൂട്ടുകിടക്കാൻ പോവുംന്നു്.’
</p>
          <p>ഷൈല അമ്മയുടെ പിറകിൽ ഒളിച്ചുനിന്നു് എന്നെ നോക്കുകയായിരുന്നു. അവളുടെ മുഖം തീരെ പ്രസന്നമല്ല.
</p>
          <p>ഷൈലയെ മാറ്റി നിർത്തി ജെൻസി ഞങ്ങളെ വീട്ടിന്റെ പടിക്കലേയ്ക്കു കൊണ്ടുപോകുന്നു. പള്ളിക്കപ്പുറത്തു്
പൊളിഞ്ഞു വീഴാറായി കിടക്കുന്ന ഒരു ഇരുനില മാളിക ചൂണ്ടിക്കാട്ടി പറയുന്നു. ‘അതാ, ആ മാളികയിലാണു് ചൂച്ചി
താമസിച്ചിരുന്നതു്. അവരു് മരിച്ചിട്ടു് പത്തിരുപതു് കൊല്ലായി. ഇപ്പൊ അവടെ ആരും താമസിക്കിണില്ല്യ. മോക്കു്
അവരെപ്പറ്റിയൊന്നും അറിയാൻ വഴീല്ല്യല്ലോ.’
</p>
          <p>ഞാൻ തിരിച്ചു വീട്ടിലേയ്ക്കു നടന്നു. അവിടെ ഉമ്മറപ്പടിയിൽ ഷൈല തലയും കുമ്പിട്ടിരുന്നു് കരയുകയാണു്.
ഞാൻ അവളെ വാരിയെടുത്തു. ‘സാരമില്ല മോളെ’ എന്നു ഞാൻ പറയുന്നുണ്ടെങ്കിലും എന്റെ നഷ്ടം എന്നെ
വേദനിപ്പിക്കുന്നു.
</p>
          <p>എന്റെ ചുമലിൽ മുഖമമർത്തി ഷൈല തേങ്ങിക്കരയുകയാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.

</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Choochiyum Enampeechiyum (ml:
ചൂച്ചിയും ഈനാമ്പീച്ചിയും).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Choochiyum Enampeechiyum, ഇ ഹരികുമാർ, ചൂച്ചിയും ഈനാമ്പീച്ചിയും, Open Access Publishing,
Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  November 11, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Painting_of_Old_Tulliallan_Castle.jpg">Old
Tulliallan Castle,</ref> a painting by William King  . The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-choochi.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-choochi.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
