<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">ഇരുട്ടിന്റെ വല</title>
          <title xml:lang="en" type="main">Iruttinte Vala</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">November 26, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">ഇരുട്ടിന്റെ വല</title>
              <title xml:lang="en" type="main">Iruttinte Vala</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Iruttinte Vala</term>
          <term>ഇ ഹരികുമാർ</term>
          <term>ഇരുട്ടിന്റെ വല</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Die_Nacht.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Arnold_B%C3%B6cklin__Die_Nacht_(1870).jpg">Night,</ref> a painting by <ref target="https://en.wikipedia.org/wiki/en:Arnold_B%C3%B6cklin">Arnold
Böcklin</ref>  (1827–1901). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">ഇരുട്ടിന്റെ വല</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">ഇരുട്ടിന്റെ വല</head>
        <div type="lsection">
          <p style="noindent">അവർ ജനലിലൂടെ ഏന്തിവലിഞ്ഞു് നോക്കുകയാണു്. വയസ്സായ രണ്ടു സ്ത്രീകൾ,
ചേച്ചിയും അനുജത്തിയും. ഇതെത്രാമത്തെ ദിവസമാണു്? നോക്കിനിന്നു് കാലുകൾ കഴച്ചു. കണ്ണുകൾക്കു് പാട
കെട്ടിയപോലായി. അല്ലെങ്കിലേ കാഴ്ച കുറവാണു്. വെയിലും നിഴലും ഇടകലർന്നു നിൽക്കുന്ന തെരുവിന്റെ
അറ്റത്തു് ഒരു ചായക്കൂട്ടുപോലെ അവൾ വരുന്നതു കാണാൻ ഉച്ചക്കു് രണ്ടുമണിമുതൽ പുറത്തെ വെയിലത്തേയ്ക്കു്
നോക്കി നിൽക്കുന്നതാണു്.
</p>
          <p>കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നും കാണുന്ന കാഴ്ചയായിരുന്നു. തെരുവിന്റെ അറ്റത്തു് ആദ്യം ഒരു
ചായക്കൂട്ടുമാത്രമായി എന്നും കാണപ്പെടുന്ന ആ രൂപം പിന്നീടു് സാരിയുടുത്ത പെൺകിടാവായി മാറുന്നു. ചേച്ചി
അനുജത്തിയോടു് ചോദിക്കുന്നു.
</p>
          <p>“അമ്മുക്കൂട്ടീ, ആ വരണതു് അവള് തന്ന്യല്ലെ?”
</p>
          <p>അനുജത്തി ഒന്നുകൂടി സൂക്ഷിച്ചു നോക്കിക്കൊണ്ടു് പറയും.
</p>
          <p>“അതേന്നാ തോന്നണതു് ചേച്ചി. എന്റെ കണ്ണു് ചേച്ചീടെ കണ്ണിനേക്കാൾ മോശായിരിക്കുണു.”
</p>
          <p>“അതവള് തന്ന്യാ, ആ നടത്തം കണ്ടില്ലേ. ആ കൈവീശലും, കൂസലില്ല്യായിം. അതേന്റമ്മൂ, അതവള് തന്ന്യാ.”
</p>
          <p>ചേച്ചി ചിരിക്കാൻ തുടങ്ങുന്നു. അപ്പോഴേക്കും നടന്നുവരുന്ന പെൺകിടാവിന്റെ രൂപം മനസ്സിൽ തെളിഞ്ഞ
അനുജത്തിയും ചിരിക്കാൻ തുടങ്ങും.
</p>
          <p>“നിക്കു് വയ്യ.” ചേച്ചി കിതച്ചുകൊണ്ടു് പറഞ്ഞു. “അതവള്തന്ന്യാ. കണ്ടില്ലെ ഒരു നടത്തം.”
</p>
          <p>അനുജത്തിയും ചിരിക്കാൻ തുടങ്ങുന്നു. ജനലിലൂടെ ഏന്തിവലിഞ്ഞു് നോക്കിനിൽക്കുന്ന ആ സ്ത്രീകൾ ചിരിയുടെ
പാരമ്യത്തിൽ വേദനകൊണ്ടു് വയറമർത്തി ഒരു കസേലയിലിരിക്കും. ഒരു നിമിഷത്തേയ്ക്കു മാത്രം. ക്ഷമയില്ലാതെ
വീണ്ടും എഴുന്നേറ്റു ജനലിനടുത്തു് ഹാജരാവും. അപ്പോഴേയ്ക്കും രമ്യ എന്നു പേരുള്ള ഇരുപതു വയസ്സുകാരി
അടുത്തെത്തിയിട്ടുണ്ടാവും. അവളുടെ മുഖത്തു് ചിരിയും അംഗങ്ങളിൽ കുസൃതിയുമായിരിക്കും. അവൾ ജനലിന്റെ
അഴിയിൽ പിടിച്ചു് പാമ്പുവരിയിൽ കയറിനിന്നുകൊണ്ടു് അവരെ കോക്രി കാട്ടും. അവർ പേടിച്ചു് പിൻമാറുമ്പോൾ
അവൾ ഇറങ്ങി വാതിൽ കടന്നു് വരുന്നു.
</p>
          <p>അവൾ പറയും. “ഞാൻ വിചാരിച്ചു രണ്ടു് നത്തുകള് നിക്ക്വാണു് ജനലിന്മേലെന്നു്.”
</p>
          <p>അതു മതി. അവർ രണ്ടുപേരും വീണ്ടും ചിരിക്കാൻ തുടങ്ങും. അവരെ നത്തുകളായി ഉപമിച്ചതിൽ അവർക്കു്
വിഷമമില്ല. ഫലിതത്തിനുള്ള അസംസ്കൃത വസ്തുവായി സ്വീകരിക്കപ്പെടാൻ അവർ സ്വയം വേഷംകെട്ടി
ഒരുങ്ങുകയാണു്. ആ പെൺകുട്ടി കൈകൊണ്ടോ, മുഖംകൊണ്ടോ എന്തെങ്കിലും ആംഗ്യം കാണിച്ചാൽ മതി,
വയസ്സായ ആ സ്ത്രീകൾ പൊട്ടിച്ചിരിക്കാൻ.
</p>
          <p>“ഇതിനെ നമ്മടെ മുമ്പിലെത്തിച്ചതു് ഭഗവാൻ തന്ന്യാണു് സംശല്ല്യ.” ചേച്ചി പറയും.
</p>
          <p>“അത്തന്നെന്റെ ചേച്ചീ.” അമ്മുക്കുട്ടിയമ്മ പറയും. “എന്തായിരുന്നു നമ്മടെ സ്ഥിതി?”
</p>
          <p>ശരിയാണു്. ഒരു മകനെ പ്രസവിച്ച അനുജത്തിയും കല്യാണംതന്നെ കഴിച്ചിട്ടില്ലാത്ത ചേച്ചിയും, നട്ടുച്ചക്കും
ഇരുട്ടു നിറഞ്ഞു നിൽക്കുന്ന ഓടിട്ട മൂന്നുമുറി വീട്ടിൽ ദിവസങ്ങളോളം നാലോ അഞ്ചോ വാക്കുകൾ മാത്രം
ചെലവാക്കി ജീവിക്കാൻ തുടങ്ങിയിട്ടു് വർഷങ്ങളായി. രാവിലെ മുറ്റമടിക്കാനും പാത്രം മോറാനും നിലം തുടയ്ക്കാനും
വരുന്ന സ്ത്രീ ധൃതിപിടിച്ചു ജോലി ചെയ്യുന്നതിനിടയിൽ അപൂർവ്വമായി പുറത്തു വിടുന്ന നാട്ടുവിശേഷങ്ങൾ മാത്രമാണു്
പുറത്തേയ്ക്കുള്ള വാതിൽ. പിന്നെ എല്ലാ ഒന്നാന്തിയും അമ്പലത്തിൽ പോകുമ്പോൾ കണ്ടുമുട്ടുന്ന പഴയ
ലോഗ്യക്കാരുമായുള്ള സംസാരവും. കഴിഞ്ഞു. വീണ്ടും ഇരുളടഞ്ഞ മുറികളിൽ, ഓർമ്മകളുടെ, അത്രതന്നെ
സുഖകരമല്ലാത്ത, സാന്ത്വനമരുളാത്ത സാമീപ്യത്തിൽ രണ്ടു വൃദ്ധകൾ. മാസത്തിലൊരിക്കൽ അനുജത്തിയുടെ

മകന്റെ കത്തും നാലായിരം രൂപയുടെ ഡോളർ ഡ്രാഫ്റ്റും വരുന്നു. നാലുവരി മാത്രം. ഡ്രാഫ്റ്റയക്കുന്നു. പണം
കൂടുതൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കു. സുഖം തന്നെയല്ലെ. ഇവിടെ എനിക്കും ദീപയ്ക്കും കുട്ടികൾക്കും സുഖം.
വല്ല്യമ്മയോടു് ഞങ്ങളുടെ സ്നേഹാന്വേഷണങ്ങൾ പറയുമല്ലൊ. കഴിഞ്ഞു.
</p>
          <p>“ഇതെന്തൊരു കത്താണു്.” രമ്യ ചിരിച്ചുകൊണ്ടു് പറയും. “ഇതിൽ ആകെ രസംള്ള കാര്യം
ഡ്രാഫ്റ്റിനെപ്പറ്റിള്ളതാണു്. ഇത്രേം പണംകൊണ്ടു് ഈ രണ്ടു വയസ്സായോരു് എന്താണു് ചെയ്യുന്നതു?”
</p>
          <p>“ശര്യാന്റെ ചേച്ചീ. എനിക്കെന്തിനാ ഈ പണൊക്കെ. അവനേം കുട്ട്യേളേം ഒന്നു് കണ്ടാ മതി എനിക്കു്. എത്ര
കാലായി?”
</p>
          <p>“അമേരിക്കേന്നു് അങ്ങന്യൊക്കെ അങ്ങട്ടു് ഓടിപ്പോരാൻ പറ്റ്വോന്റെ അമ്മുക്കുട്ടീ. വിമാനത്തിന്റെ കാശുമതി
ഇവ്ടെ ഒരു വീടു് പണിയാൻ.”
</p>
          <p>“ന്നാലും…”
</p>
          <p>“നിയെന്താ പറേണു്, നിക്കുംണ്ടാവില്ലെ അവനെ കാണണംന്നു്? നീ പ്രസവിച്ചു് എണീറ്റ് പോയീന്നെള്ളൂ.
അവനെ നോക്കി വളർത്തീതു് ഞാനാ…”
</p>
          <p>“‘ശരിശരി.” രമ്യ ഇടപെടും. “പ്രസവിച്ചതു് ഒരാള്, നോക്കിവളർത്തീതു് മറ്റെയാള്. സമം.”
</p>
          <p>പിരിമുറുക്കം അയഞ്ഞു, രണ്ടു വൃദ്ധകളും ചിരിക്കാൻ തുടങ്ങും. പക്ഷേ, രമ്യ വരുന്നതിനുമുമ്പു്
അങ്ങിനെയായിരുന്നില്ല കാര്യങ്ങൾ. ഓരോ ചെറിയ വാക്കും അന്തരീക്ഷത്തിൽ കനത്തു പെരുമഴയായി
പെയ്യുന്നു. ഇടിവെട്ടലുകൾ, കൊടുങ്കാറ്റ്. എല്ലാറ്റിന്റെയും അന്ത്യത്തിൽ മൂകത. ആ മൂകത വീട്ടിന്നുള്ളിൽ
സ്ഥിരതാമസമാക്കിയിരുന്നു. രമ്യ ആദ്യമായി വീട്ടിൽ വന്ന ദിവസം അവർ രണ്ടു പേരും ഓർത്തിരുന്നു. അവൾ
വാതിൽ കടന്നു് അകത്തു വന്നു. ചിരകാലപരിചയമുള്ളപോലെ അവൾ രണ്ടുപേരേയും നോക്കി ചിരിച്ചു. പിന്നെ,
അമ്പരപ്പോടെ നോക്കിനിൽക്കുന്ന വൃദ്ധകളെ പാടെ അവഗണിച്ചു് അവൾ ചുറ്റും നോക്കി പഠിച്ചു. ചുമർ
മുഷിഞ്ഞിരുന്നു, തട്ടിൽനിന്നു് മാറാല തൂങ്ങിക്കിടക്കുന്നു. നിലം തുടക്കൽ വല്ലപ്പോഴുമേയുള്ളൂ എന്നു തോന്നുന്നു.
ചുമരിലേയ്ക്കു നോക്കിക്കൊണ്ടു് അവൾ ചോദിച്ചു.
</p>
          <p>“ഇവിടെ താമസിക്കണതു് എട്ടുകാലികളാണോ നിങ്ങളാണോ?”
</p>
          <p>“കുട്ടി എവിട്ത്ത്യാ?” അമ്മുക്കുട്ടിയമ്മ ചോദിച്ചു. അവൾ മറുപടിയൊന്നും പറയുന്നില്ല. തളത്തിൽ നിന്നു്
അകത്തെ മുറികളിലേയ്ക്കു് നടന്നു് അവൾ നോക്കിപ്പഠിക്കുകയാണു്. ഒപ്പം തന്നെ അയലിൽ തൂക്കിയിട്ട നിറം മങ്ങിയ
തോർത്തിനെക്കുറിച്ചും, കട്ടിലിൽ ചുളിവീണു മുഷിഞ്ഞ കിടക്ക വിരിയെപ്പറ്റിയും അഭിപ്രായം പറഞ്ഞുകൊണ്ടിരുന്നു.
</p>
          <p>“എന്തൊരുവീടാണിതു?” അവൾ പറയുകയാണു്. “പുറത്തുനിന്നു നോക്കിയാൽ ഇത്ര അബദ്ധാണെന്നൊന്നും
തോന്നില്ല.”
</p>
          <p>“ഈ കുട്ടി എവ്ട്ത്ത്യാ അമ്മുകുട്ടീ?” ചേച്ചി ചോദിച്ചു.
</p>
          <p>“നിക്കു് മനസ്സിലാവ്ണില്ല്യ ചേച്ചീ.” അമ്മുക്കുട്ടിയമ്മ സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു. പക്ഷേ, രമ്യ അതെല്ലാം
കേൾക്കുന്നുണ്ടായിരുന്നു.
</p>
          <p>“കുട്ടി എവിടുത്ത്യാ?” ചേച്ചി ചോദിച്ചു.
</p>
          <p>“ഞാൻ ന്റെ വീട്ടിലെ.” രമ്യ പറഞ്ഞു.
</p>
          <p>പെട്ടെന്നാണതുണ്ടായതു്. ആദ്യം ചിരിച്ചതു് ചേച്ചിതന്നെയായിരുന്നു. പിന്നീടു് അനുജത്തിയും അതിൽ കൂടി.
പിന്നെ ചിരിയുടെ സ്ഫോടനങ്ങളായിരുന്നു. ചിരിയുടെ അന്ത്യത്തിൽ അവർ പറഞ്ഞു. “ഈ കുട്ട്യേക്കൊണ്ടു് തോറ്റു.”
</p>
          <p>മാറാലകൾ അപ്രത്യക്ഷമായി. വെള്ള കിടക്ക വിരികളും തോർത്തുകളും കാരത്തിൽ കിടന്നു വെന്തു നിറം
വീണ്ടെടുത്തു. ചുവരുകൾ വീണ്ടും വെള്ളയായി. നിലംതുടക്കുന്ന ജോലിക്കാരിക്കു് താക്കീതു കൊടുക്കപ്പെട്ടു.
</p>
          <p>രമ്യ വീണ്ടും വന്നു. നാലു ദിവസത്തെ കാത്തിരിപ്പിനു ശേഷം വീണ്ടും ഉച്ചതിരിഞ്ഞ നേരത്തു് അവൾ വന്നു.
അവൾ ആരാണെന്നും അവൾ വീണ്ടും വരുമോ എന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ നടന്നുകൊണ്ടിരിക്കേ അവൾ

വാതിൽ കടന്നു വന്നു. വീടിനു വന്ന മാറ്റം അവൾ ശ്രദ്ധിച്ചു. നടന്നു കൊണ്ടുതന്നെ അവൾ പറഞ്ഞു തുടങ്ങി. “ഉം,
ചുമരു് നന്നായിട്ടുണ്ടു്. നിങ്ങടെ വാടകക്കാരും പോയി അല്ലേ?”
</p>
          <p>ചേച്ചിയും അനുജത്തിയും മനസ്സിലാവാതെ നിന്നു.
</p>
          <p>“ഞങ്ങക്കു് വാടകക്കാരൊന്നും ഇല്ല മോളെ.” അമ്മു കുട്ടിയമ്മ പറഞ്ഞു. “നാലു കൊല്ലം മുമ്പു് പൊറത്തെ
മുറീലു് ഒരു ചെറുപ്പക്കാരൻ നാലഞ്ചു മാസം താമസിച്ചിരുന്നു. ഇപ്പൊ ആരുംല്ല്യ.”
</p>
          <p>“മീൻ പിടുത്തക്കാരു് പോയോ?”
</p>
          <p>“മീൻ പിടുത്തക്കാരോ?” ഈ കുട്ടിക്കു് തലയ്ക്കു് സുഖം ഇല്ലേ എന്ന ഭാവത്തോടെ ആ സഹോദരിമാർ
അന്യോന്യം നോക്കി. കഷ്ടം, കാണാൻ നല്ല കുട്ടി, പക്ഷേ, ഇങ്ങിനെ ഒരസുഖം.
</p>
          <p>“അതേ, മീൻ പിടിക്കണോരല്ലേ വല നെയ്യൂ.”
</p>
          <p>“അതിനു് ആരാ കുട്ടി ഇവിടെ വല നെയ്യണതു?”
</p>
          <p>“അവരൊക്കെ പോയില്ല്യേ. കഴിഞ്ഞ ആഴ്ച ഞാൻ വന്നപ്പോൾ കൊറേ പേര്ണ്ടായിരുന്നു.” തട്ടിന്മേൽ
ചൂണ്ടിക്കാട്ടിക്കൊണ്ടു് അവൾ പറഞ്ഞു. “എല്ലാരേം ഓടിച്ചു അല്ലേ?”
</p>
          <p>ആദ്യം ചിരിച്ചതു് അമ്മുക്കുട്ടിയമ്മയായിരുന്നു. “ചേച്ചീ, ഈ കുട്ടി എട്ടുകാലികള്ടെ കാര്യാ പറേണതു്.”
</p>
          <p>പിന്നെ ചിരിയുടെ പ്രവാഹമായിരുന്നു. അതിൽ ഒലിച്ചു പോകുന്നതു് ജീവിതത്തിന്റെ വിരസത, നഷ്ടബോധം.
</p>
          <p>“ഈ കുട്ട്യേ നമ്മടെ അടുത്തേക്കയച്ചതു് ഗുരുവായൂരപ്പൻ തന്ന്യാ.” ചേച്ചി പറഞ്ഞു. “ഒന്നാന്തി പോമ്പ ഞാൻ
ഒരു നെയ്പായസം കഴിച്ചോളാംന്നു് നേർന്നിട്ട്ണ്ടു്.”
</p>
          <p>“എന്തൊരു മറിമായാ ചേച്ചീ, ഞാനും നേർന്നിട്ട്ണ്ടു് നെയ്പായസം.” അനുജത്തി അദ്ഭുതത്തോടെ പറഞ്ഞു.
</p>
          <p>“അപ്പഴേയ് നിങ്ങളെല്ലാം നെയ്പ്പായസംതന്നെ നേർന്നാൽ കൃഷ്ണനു് മടുക്കില്ലേ? ഒരാൾക്കു് പഞ്ചാരപ്പായസം
നേരായിര്ന്നില്ല്യേ?”
</p>
          <p>“ശര്യന്നെ അല്ലെ ചേച്ചീ? ന്നാ ഞാൻ പഞ്ചസാരപ്പായസാക്ക്യാലോ?”
</p>
          <p>“അതു പാടില്ല.” ചേച്ചി ഉടനെ പറഞ്ഞു. “നെയ്പ്പായസം നേർന്നാൽ നെയ്പ്പായസം തന്നെ
കൊടുക്കണം…”
</p>
          <p>അവർ ഒരു വാഗ്വാദത്തിലേർപ്പെട്ടു. ക്ഷേത്രകർമ്മങ്ങളെപ്പറ്റിയും, നേർച്ചകൾ മാറ്റിയാലോ മുടക്കിയാലോ
ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നീണ്ട സംവാദം നടത്തുന്നതിനിടയിൽ ആ സഹോദരിമാർ പെട്ടെന്നു
തിരിഞ്ഞു നോക്കിയപ്പോൾ, സംവാദത്തിനു് തുടക്കമിട്ട ആ പെൺകുട്ടി കസേരലിയിലിരുന്നു് മുഖം പൊത്തി
ചിരിക്കുകയായിരുന്നു.
</p>
          <p>“നോക്ക്ന്റെ അമ്മൂ, ഏഷണികൂട്ടീട്ടു് അവള് ഇര്ന്നു് ചിരിക്കണ കണ്ടോ?”
</p>
          <p>കാർമേഘങ്ങൾ ഒഴിഞ്ഞുപോയി. തെളിഞ്ഞ ആകാശം നടുവിൽ സൂര്യ തേജസ്സോടെ നിലകൊള്ളുന്ന
പെൺകുട്ടി. അവർ അദ്ഭുതത്തോടെ, ആരാധനയോടെ അവളെ നോക്കി.
</p>
          <p>“നമുക്കു് ഒരാൺകുട്ടിക്കു പകരം പെൺകുട്ട്യായിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലെ?” അമ്മുകുട്ടിയമ്മ
പറഞ്ഞു.
</p>
          <p>“അത്വന്നെ.” ചേച്ചി ഉടനെ പറഞ്ഞു. അവരുടെ വാക്കുകളിൽ അവർ രണ്ടു പേരും അനുഭവിക്കുന്ന
ഏകാന്തതയുടെ വേദനയുണ്ടായിരുന്നു.
</p>
          <p>“അങ്ങിനെ കരുതുന്നതിൽ അപകടമുണ്ടു്.” രമ്യ പറഞ്ഞു. “എന്നെപ്പോലെ സുന്ദരിയും സുശീലയുമായ ഒരു
കുട്ടിയെ കിട്ടിയാൽ രക്ഷപ്പെട്ടു. മറിച്ചാണെങ്കിലോ? ഒരു രാക്ഷസിയെയാണു് കിട്ടിയതെങ്കിലോ?”

</p>
          <p>“അതും ശര്യാട്ടോ ചേച്ചീ.” അമ്മുകുട്ടിയമ്മ പറഞ്ഞു. “നമ്മടെ ഭാർഗ്ഗവീടെ മോളടെ മാതിര്യാണെങ്കിലോ?”
</p>
          <p>“ശര്യാന്റെ അമ്മുക്കുട്ടീ.”
</p>
          <p>എവിടെനിന്നു് വന്നതാണെന്നറിയാതെത്തന്നെ ആ പെൺകട്ടി അവരുടെ ജീവിതം നിയന്ത്രിച്ചു. അവരുടെ
ചിന്തകളെ സ്വാധീനിച്ചു. അവരുടെ വാക്കുകളെ രൂപപ്പെടുത്തി. നാലരമണിയായാൽ അവൾ എഴുന്നേൽക്കുന്നു.
</p>
          <p>“ഇപ്പോൾ എന്റെ പ്രിയഭർത്താവു് ബസ്സുകയറിയിട്ടുണ്ടാവും. വരുമ്പോൾ ഞാനവിടെയില്ലെങ്കിൽ കോളായി.
എന്താണുണ്ടാവ്വാന്നു് കാണിച്ചുതരാം.”
</p>
          <p>അവൾ പുറത്തുകടന്നു് ഉടനെ ഭാവനയിലുള്ള ഒരു ബ്രീഫ്കേസ് തൂക്കിപ്പിടിച്ചുകൊണ്ടു് അകത്തേക്കു തന്നെ
വന്നു.
</p>
          <p>“ഇനി ഒരു വിളിയാണു്. രമ്യേ? ആ വിളീലു് വീട്ടിനുള്ളിലെ എല്ലാ സാധനങ്ങളും വിറയ്ക്കും, ഒരു
സാധനൊഴികെ.”
</p>
          <p>“അതെന്താണു്?” ചേച്ചി ചോദിച്ചു.
</p>
          <p>“ഈ രമ്യ.” കൈകൊണ്ടു് നെഞ്ചത്തു മൃദുവായി അടിച്ചുകൊണ്ടു് അവൾ പറഞ്ഞു. “ധൈര്യശാലിയായ ഈ
രമ്യ.”
</p>
          <p>ബ്രീഫ്കേസ് നിലത്തു വയ്ക്കുന്നതായി ഭാവിക്കുന്നു. കസേലയിലിരിക്കുന്നു. “ചായ കൊണ്ടു വരൂ.”
</p>
          <p>“ചായ കൊണ്ടുവരാൻ ഒരു നിമിഷം വൈകിയാൽ മതി. എന്റെ പണി അതോടെ തീരും. പിന്നെ ഈ റോട്ടിലു്
കാണ്വ എന്റെ എല്ലും മുടീം നഖോം ഒക്ക്യാണു്. സൂക്ഷിച്ചു നോക്ക്യാൽ എന്റെ ചത്തുകിടക്കണ ധൈര്യവും കാണാം.”
</p>
          <p>“അത്യോ?” ചേച്ചി വിഷമത്തോടെ ചോദിച്ചു. അനുജത്തി പക്ഷേ, കുറച്ചുകൂടി ആ കുസൃതിയെ പഠിച്ചിരുന്നു.
അവർ ചോദിച്ചു. “അപ്പോ എറച്ചിയോ?”
</p>
          <p>“നല്ല മസാലക്കറിണ്ടാക്കി തിന്നും, അത്വന്നെ. അങ്ങനെ എത്ര പ്രാവശ്യംണ്ടായിട്ട്ണ്ട്ന്നറിയ്യോ?”
</p>
          <p>ചിരിയുടെ അലകൾ, ഓടിപ്പോകുന്ന ആ പെൺകുട്ടിയുടെ കാതുകളെ തടവുന്നുണ്ടാവും.
</p>
          <p>ജോലിക്കാരി രാവിലെ എട്ടുമണിക്കു വന്നു രാവിലെത്തന്നെ ഏഴു് അമ്പതിനു തിരിച്ചുപോകുന്നു. അതായതു്
അവർ ജോലി ചെയ്യുന്ന സമയം ശരിക്കും മൈനസ് പത്തു മിനുറ്റാണു്. ഈ അദ്ഭുതകരമായ പ്രതിഭാസം അവർ
സൃഷ്ടിക്കുന്നതു് ഒരു പകിരിപോലെ പാഞ്ഞുകൊണ്ടാണു്. സിമന്റു തൊട്ടിയിൽ വെച്ച എച്ചിൽ പാത്രങ്ങൾ, അവ
നാലെണ്ണമേ കാണൂ, ഒരു സെക്കന്റിൽ കഴുകപ്പെട്ടു് തിണ്ണമേൽ എത്തുന്നു. രണ്ടു സെക്കന്റു വേണ്ട കുളിമുറി
വൃത്തിയാക്കാൻ. ഒരു കടവാതിൽ പറന്നുനീങ്ങുന്ന സമയം കൊണ്ടു് നിലം തുടച്ചെന്നു വരുത്തും. സമയത്തെ
പുറകോട്ടു പിടിച്ചുവലിക്കുന്ന ഈ പ്രതിഭാസത്തിന്നിടയിൽ ചേച്ചിയോ അനുജത്തിയോ എന്തെങ്കിലും
സംസാരിക്കാൻ പോയാൽ പലപ്പോഴും കേൾക്കേണ്ടിവരിക അത്ര നല്ല വാക്കുകളായിരിക്കില്ല. അതുകൊണ്ടു് ഒരു
നിവൃത്തിയുണ്ടെങ്കിൽ രണ്ടുപേരും അവളോടു് ഒരക്ഷരം സംസാരിക്കാറില്ല. പക്ഷേ, രമ്യയുടെ കാര്യം
ചോദിക്കാതിരിക്കാൻ പറ്റിയില്ല.
</p>
          <p>“രമ്യോ? അങ്ങിനത്തെ ഒരു പെണ്ണൊരുത്തി ഈ ചുറ്റുവട്ടത്തൊന്നുംല്ല്യ.”
</p>
          <p>ഉച്ചതിരിഞ്ഞു് വരികയും തങ്ങളുടെ ജീവിതത്തിൽ ഒരുപിടി വെളിച്ചം തൂകി അഞ്ചുമണിയോടെ
അസ്തമിക്കുകയും ചെയ്യുന്ന പെൺകിടാവിന്റെ ചിത്രം അവർ വരച്ചുകൊടുത്തു.
</p>
          <p>“നിങ്ങള് പറേണു് കേട്ടാ നല്ലൊരു പെണ്ണൊരുത്തി. പക്ഷേ, ഈ ചുറ്റുവട്ടത്തൊന്നും അങ്ങനെ ഒരുത്തി
ജീവിക്കിണ്ല്ല ്യ. ഈ പരിസരത്തിലു് അഞ്ചു വീട്ടീ ഞാൻ പണിയെട്ക്ക്ണ്ണ്ടു്. അവിടെള്ളതൊക്കെ പൂതങ്ങളാ.
നിങ്ങക്കു് രണ്ട്വേർക്കും ചിന്നൻ തൊടങ്ങീന്നാ തോന്നണതു്.” അവർ ഒരു കൊടുങ്കാറ്റായി കടന്നുപോയപ്പോൾ ആ
സഹോദരിമാർ അന്യോന്യം നോക്കി.
</p>
          <p>“ഈ പൂതത്തോടു് ചോദിച്ച നമ്മളെ പറഞ്ഞാ മതി.”

</p>
          <p>രമ്യ വീണ്ടും വന്നു.
</p>
          <p>“അപ്പൊ കുട്ടീ, നിയെവിടത്ത്യാന്നു് പറഞ്ഞാ എന്താ കൊഴപ്പം?”
</p>
          <p>അവൾ ചിരിച്ചു. “ചെല കാര്യങ്ങള് അറിയാതിരിക്ക്യല്ലെ നല്ലതു? ഞങ്ങള് വരത്തമ്മാരാ. വന്നവർ വന്ന
പോലെ തിരിച്ചുപോവും.”
</p>
          <p>രമ്യക്കു ചുറ്റും രഹസ്യത്തിന്റെ ഒരു പരിവേഷമുണ്ടായിരുന്നു. അതു് ഒരേ സമയം അവരെ ആകർഷിക്കുകയും
ഭയപ്പെടുത്തുകയും ചെയ്തു. അവൾ ഒരു ദിവസം വരാതാവുമെന്നും തങ്ങളുടെ ജീവിതം വീണ്ടും
ഇരുട്ടിലേയ്ക്കെറിയപ്പെടുമെന്നും അവർ ഭയപ്പെട്ടു. രണ്ടു മണിയോടെ അവർ ജനലിന്റെ അരികിൽ സ്ഥാനം പിടിച്ചു.
</p>
          <p>അവർ ഭയപ്പെട്ടിരുന്നപോലെ, യാതൊരു മുന്നറിയിപ്പും കൂടാതെ ഒരു ദിവസം അപ്രത്യക്ഷയായ രമ്യ പിന്നീടു്
വരികയുണ്ടായില്ല. ദിവസങ്ങൾ ആഴ്ചകളും, മാസങ്ങളുമായി മാറി. ആ സഹോദരിമാർ കാത്തിരിപ്പു തുടർന്നു.
അവളുടെ തിരോധാനത്തെക്കുറിച്ചു് സ്വയം നടത്തിയ അഭ്യുഹങ്ങൾ അവർക്കു് സാന്ത്വനമരുളിയില്ല.
</p>
          <p>“ഭർത്താവിനു് മാറ്റായിട്ട്ണ്ടാവും.” അനുജത്തി ഊഹിച്ചു.
</p>
          <p>“ന്നാലും ഒന്നു് വന്നു് പറയരുതേ?”
</p>
          <p>“എന്താന്നറീല്ല്യ. ഇനി വന്നു് പറയാൻ മടിയായിട്ടാണോ ആവോ? നമ്മളെ ആയിട്ടു് അത്രേം അടുത്തതല്ലേ,
വെഷമം ണ്ടാവും പോവ്വാണ്ന്നു് പറയാൻ.”
</p>
          <p>“നിക്കു് അതല്ലാന്റെ അമ്മുകുട്ടീ. അതിനു് വല്ലോം പറ്റീട്ട്ണ്ടാവ്വോ ആവോ. ഒന്നു് പോയി അന്വേഷിക്കാച്ചാൽ
വീടും അറീല്ല്യ.”
</p>
          <p>“ഭഗവാനെ, ഒന്നും പറ്റാതിരുന്നാൽ മത്യായിര്ന്നു. ഗുരുവായൂരപ്പനു് ഞാനൊരു പഞ്ചാരപ്പായസം
കഴിച്ചോളാം.”
</p>
          <p>പെട്ടെന്നു് ഓർമ്മകൾ വന്നു് അവരുടെ കണ്ണുകൾ നിറച്ചു. ചേച്ചിയും കണ്ണു തുടക്കുകയായിരുന്നു.
</p>
          <p>ഒരു ദിവസം ചേച്ചി മുകളിലേയ്ക്കു നോക്കിയപ്പോൾ കാണുന്നതു് നിറയെ മാറാലകളായിരുന്നു. വാടകക്കാർ
തിരികെ എത്തിയിരിക്കുന്നു.
</p>
          <p>“നിറയെ മാറാല…”
</p>
          <p>അവർ രണ്ടുപേരും നിശ്ശബ്ദരായി. ചിലന്തികൾ നിശ്ശബ്ദരായി വല നെയ്യുകയാണു്. ആ വൃദ്ധകളുടെ കാഴ്ച
കുറഞ്ഞ കണ്ണുകൾകൊണ്ടു് വലിയ ചിലന്തികളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. അവയ്ക്കിടയിൽ നൂറു കണക്കിനു്
ചെറിയ ചിലന്തികൾ അവിരാമം ജോലി ചെയ്തു.
</p>
          <p>“ഞാനീ മാറാല്യൊക്കെ ഒന്നു് തട്ടട്ടെ.” അനുജത്തി മാറാലതട്ടിയെടുത്തു കൊണ്ടു വന്നു മാറാല തട്ടാൻ
തുടങ്ങി. ഒരു മിനുറ്റ് തട്ടിയിട്ടുണ്ടാവും. അവർ മാറാലത്തട്ടി നിലത്തുവച്ചു് കസേലയിലിരുന്നു.
</p>
          <p>“ന്റെ കയ്യ് പൊങ്ങ്ണ്ല്ല്യ ചേച്ചീ… നാളെ ദേവക്യോടു് ഒന്നു് പറഞ്ഞു നോക്കാം.”
</p>
          <p>“അവളോടു് പറേണേലും ഭേദം കൊറച്ചു് കഷ്ടപ്പെട്ടിട്ടാണെങ്കിലും നമ്മള്തന്നെ ചെയ്യ്വാണു്.” ചേച്ചി എഴുന്നേറ്റു
കൊണ്ടു് പറഞ്ഞു.
</p>
          <p>“ദാ ചേച്ചീ അതൊന്നും ചെയ്യാൻ പോണ്ട. വെറുതെ വല്ല വെലക്കോം വരുത്തണ്ട.”
</p>
          <p>“ഞാൻ നോക്കട്ടെ…” അവർ മാറാലതട്ടി എടുത്തു പൊന്തിച്ചു.
</p>
          <p>പെട്ടെന്നു് രണ്ടുപേരും കാതോർത്തു. ഒരു ശബ്ദം. അനുജത്തി പറഞ്ഞു.
</p>
          <p>“അതു് നമ്മടെ രമ്യടെ ശബ്ദല്ലേ?”

</p>
          <p>അവർ ജനലിനരികിലേയ്ക്കു് ഓടി. മാറാലത്തട്ടി താഴെയിട്ടു് ചേച്ചിയും ജനലിന്നടുത്തേയ്ക്കു് ഓടി. തെരുവു്
വിജനമായിരുന്നു. അവർ ഓടിപ്പോയി വാതിൽ തുറന്നു. ആരും ഇല്ല. ഉച്ചവെയിലിൽ ആവിയെടുക്കുന്ന നിരത്തു
മാത്രം. അവർ മുഖത്തോടു മുഖം നോക്കി.
</p>
          <p>“ഞാൻ കേട്ടതാ അവള്ടെ ശബ്ദം.” അമ്മുക്കുട്ടിയമ്മ പറഞ്ഞു.
</p>
          <p>“ഞാനും അതേന്റെ അമ്മൂ.”
</p>
          <p>തെരുവിലേയ്ക്കിറങ്ങി ഒരിക്കൽക്കൂടി നോക്കിയശേഷം ആ വൃദ്ധകൾ അകത്തുകടന്നു. അവർ
ക്ഷീണിതരായിരുന്നു. ഒരക്ഷരം പറയാനാവാതെ അവർ കസേലയിലിരുന്നു.
</p>
          <p>ചുമരുകൾ വീണ്ടും നിറം മങ്ങി. കിടക്കകൾക്കു മീതെ മങ്ങിയ വിരികൾ രണ്ടു വൃദ്ധശരീരങ്ങളെ കാത്തു
ചുളിഞ്ഞുകിടന്നു. അയലിൽ തൂങ്ങിക്കിടന്ന വിഴുപ്പു വസ്ത്രങ്ങൾക്കും മുകളിൽ ചിലന്തികൾ ഇരുട്ടിന്റെ വല
നെയ്യുകയാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ

പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Iruttinte Vala (ml: ഇരുട്ടിന്റെ
വല).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Iruttinte Vala, ഇ ഹരികുമാർ, ഇരുട്ടിന്റെ വല, Open Access Publishing, Malayalam, Sayahna
Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  November 26, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Arnold_B%C3%B6cklin__Die_Nacht_(1870).jpg">Night,</ref> a painting by <ref target="https://en.wikipedia.org/wiki/en:Arnold_B%C3%B6cklin">Arnold
Böcklin</ref>  (1827–1901). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-iruttu.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-iruttu.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
