<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">മറ്റൊരു ലോകത്തിൽ, മറ്റൊരു
കാലത്തിൽ</title>
          <title xml:lang="en" type="main">Mattoru Lokaththil, Mattoru Kaalaththil</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">October 20, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">മറ്റൊരു ലോകത്തിൽ, മറ്റൊരു
കാലത്തിൽ</title>
              <title xml:lang="en" type="main">Mattoru Lokaththil, Mattoru Kaalaththil</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Mattoru Lokaththil</term>
          <term>Mattoru Kaalaththil</term>
          <term>ഇ ഹരികുമാർ</term>
          <term>മറ്റൊരു ലോകത്തിൽ</term>
          <term>മറ്റൊരു കാലത്തിൽ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Delaware_Water_Gap.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Delaware_Water_Gap_MET_DT2892.jpg">Delaware
Water Gap,</ref> a painting by <ref target="https://en.wikipedia.org/wiki/en:George_Inness">George Inness</ref>
 (1825–1894). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ</head>
        <div type="lsection">
          <p style="noindent">മഴ നേരത്തെ തുടങ്ങിയതുകൊണ്ടായിരിക്കണം ഇടവഴികളുടെ തിണ്ടിന്മേൽ
അല്ലിത്തണ്ടുചെടികൾ തഴച്ചു വളർന്നിരുന്നു. ഇനി മഴയുടെ ശക്തി കൂടുംതോറും ഈ തിണ്ടുകളും മതിലുകളും
പായലിന്റെ പച്ചപ്പുകൊണ്ടു് മൂടും. പഴമയുടെ ഈ പച്ചപ്പു് ഒരു കുട്ടിയായിരിക്കുമ്പോൾ അയാൾക്കു് ഇഷ്ടമായിരുന്നു.
അല്ലിത്തണ്ടുകൊണ്ടു് സ്ലേറ്റു മായ്ക്കാം. ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ഈ ചെടികൾക്കു വേണ്ടി കുറേ
പരതിയിട്ടുണ്ടു്. അന്നു് ഇടവഴികളുടെ ഇരുവശത്തും വെറും തിണ്ടുകളായിരുന്നു. ചെമ്മണ്ണു തേമ്പിയ ശൂന്യമായ
തിണ്ടുകൾ. തനിക്കൊരിക്കലും ഒരു കാര്യവും ആഗ്രഹിക്കുമ്പോൾ കിട്ടിയിരുന്നില്ലെന്നു് ഒരു വേദനയോടെ
രാഘവൻ ഓർത്തു. ഇന്നു് പത്തു വയസ്സായ മകന്റെ ഒപ്പം ആ ഇടവഴിയിലൂടെ നടക്കുമ്പോൾ രാഘവൻ എല്ലാം
വീണ്ടും ഓർത്തു. സ്കൂൾ തുറക്കുന്ന ദിവസം വയറ്റിന്നുള്ളിൽ ഉണ്ടാകാറുള്ള ഒരുതരം കാളൽ അയാൾ വീണ്ടും
അനുഭവിച്ചു. എല്ലാ കൊല്ലവും ഉണ്ടാകാറുള്ളതാണു്. ഒരാഴ്ചയോളം നിൽക്കും ഈ കാളൽ. പിന്നെ
മനസ്സിലാക്കാൻ വിഷമമായ പാഠങ്ങൾക്കും മനസ്സിലാക്കിത്തരാൻ കഴിവില്ലാത്ത അധ്യാപകർക്കും ഇടയിൽപ്പെട്ടു്
ഞെരുങ്ങുമ്പോൾ വയറ്റിനുള്ളിലെ കാളൽ മനസ്സിലേയ്ക്കു് പടർന്നു് ഒരു സ്ഥായിഭാവമായി മാറുന്നു.
</p>
          <p>അയാൾ തിണ്ടിന്മേൽനിന്നു് അല്ലിത്തണ്ടിന്റെ ഒരു ചെടി പറിച്ചെടുത്തു രാജീവിനു് കാണിച്ചുകൊടുത്തു.
അതിന്റെ ഇലകളുടെ നേർമ്മയും സുതാര്യമായ തണ്ടിന്റെ പതുപതുപ്പും ഒരു കൊച്ചു കുട്ടിയുടെ ദേഹം ഓർമ്മിപ്പിച്ചു.
അവൻ അതു വാങ്ങി വാസനിച്ചു. അതവനു് ഇഷ്ടപ്പെട്ടുവെന്നു തോന്നുന്നു. മൂക്കിലേയ്ക്കു കൊണ്ടുപോകാതെത്തന്നെ
അയാൾക്കു് ആ വാസന അനുഭവപ്പെട്ടു. കുട്ടിക്കാലത്തു് അതിന്റെ മണത്തിനു വേണ്ടി ആ ചെടി പറിച്ചു് കയ്യിലിട്ടു്
കശക്കാറുണ്ടു്. അയാൾ വീണ്ടും ഒരു കുട്ടിയായി. ഒരു കെട്ടു പുസ്തകവും താങ്ങിപ്പിടിച്ചു് വാസുവിന്റേയും
സാവിത്രിയുടേയും ഒപ്പം സ്കൂളിലേയ്ക്കും തിരിച്ചു് വീട്ടിലേയ്ക്കും നടന്നിരുന്നതു് ഓർമ്മ വന്നു. പിന്നിൽ നടന്നിരുന്ന
വാസുവിനും സാവിത്രിക്കും വയറ്റിനുള്ളിലെ കാളലോ, മറ്റു പ്രശ്നങ്ങളോ ഒന്നുമില്ല. അവർ കളിച്ചുചിരിച്ചുകൊണ്ടു്
നടക്കും.
</p>
          <p>ഇടവഴി കഴിഞ്ഞാൽ വയലുകളാണു്. കാലത്തിന്റെ കുത്തിയൊഴുക്കിൽ വയലുകൾ ചെറുതായിവന്നുവെന്നു്
അയാൾ കണ്ടു. ഇരുവശത്തും വയൽ നികത്തി പുതിയ വീടുകളും അവയ്ക്കുചുറ്റും പന്തലിച്ചു നിൽക്കുന്ന മരങ്ങളും
ഉണ്ടായിരിക്കുന്നു.
</p>
          <p>“അച്ഛന്റെ കുട്ടിക്കാലത്തു് ഈ വയലെല്ലാം വളരെ വലുതായിരുന്നു.” അയാൾ പറഞ്ഞു. “നെൽച്ചെടികൾ ഒരു
പച്ചസമുദ്രം ഉണ്ടാക്കിയിരുന്നു. കാറ്റടിക്കുമ്പോൾ ഓളങ്ങളുണ്ടാവും.”
</p>
          <p>ഒരു മഹാനഗരത്തിൽ ജനിച്ചുവളർന്ന അവനു് ഇതെല്ലാം കൗതുകമാണു്. അവൻ ചോദിച്ചു.
</p>
          <p>“അച്ഛനും അച്ഛൻപെങ്ങളും ഈ വഴി നടന്നിട്ടാണോ സ്കൂളിൽ പോവാറ്?”
</p>
          <p>“അതേ. അച്ഛൻ പെങ്ങൾ മാത്രല്ലാ, അച്ഛന്റെ അനുജൻ വാസുവും?”
</p>
          <p>ആ ചെറിയച്ഛനെ രാജീവിന്നറിയില്ല. താൻ പറയാറുമില്ല. ബോംബെയിലെ അന്തരീക്ഷത്തിൽ
ഇരുന്നുകൊണ്ടു് തന്റെ കുട്ടിക്കാലത്തെപ്പറ്റി പറയുന്നതിൽ അർത്ഥമൊന്നുമില്ല. അവിടെ ജനിച്ചുവളർന്ന
കുട്ടിക്കതൊന്നും മനസ്സിലാവില്ല. ഇവിടെ താൻ കുട്ടിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അന്തരീക്ഷം കാര്യമായി
മാറിയിട്ടൊന്നുമില്ല. തനിക്കു് വേണമെങ്കിൽ അവനോടു് പറയാം. എന്താണുണ്ടായതെന്നു്. അച്ഛന്റെ അനുജനു്
എന്തു പറ്റിയെന്നു്. തനിക്കുതന്നെ മുഴുവൻ മനസ്സിലാവാത്ത ഒരു കാര്യമാണെങ്കിൽക്കൂടി.
</p>
          <p>അവർ വയൽ പിന്നിട്ടു് ഇടവഴിയുടെ തണലിലേയ്ക്കു കടന്നു. വയലിൽനിന്നുള്ള കാറ്റു് അവരുടെ വിയർപ്പു്
ഉണക്കിവറ്റിക്കുകയാണു്. തറവാടിന്റെ പടിക്കലെ അറ്റക്കടായ ഒരു മാറ്റവും കൂടാതെ കിടക്കുന്നു. മൂന്നാം
നിരയിലെ അഴി പണ്ടുപൊട്ടിയതു് അതേ മട്ടിൽ ഉണ്ടു്. ഇവിടെ കാലം നിശ്ചലമായി നിൽക്കുന്ന പ്രതീതി
ഉണ്ടാവുന്നു. ഒരുപക്ഷേ, താൻ അടുക്കളയിൽ ചെന്നാൽ അമ്മ ഊണു തയ്യാറാക്കി കാത്തിരിക്കുന്നുണ്ടാവും,
വിളമ്പിത്തരാൻ. മൂന്നു പലകകളിട്ടു് താനും വാസുവും സാവിത്രിയും ഇരിക്കും. ഏട്ടന്മാരെപ്പറ്റി എന്തു്
ഏഷണിയാണു് അമ്മയോടു് പറയേണ്ടതെന്നു് ആലോചിക്കുകയായിരിക്കും സാവിത്രി.
</p>
          <p>ഇല്ല അങ്ങിനെയൊന്നുമുണ്ടാവില്ല. അമ്മ ഇപ്പോൾ പടിഞ്ഞാറ്റയിലെ കൊത്തുപണിയുള്ള കട്ടിലിൽ

കുഴഞ്ഞുപോയ പ്രജ്ഞയുടെ ഇരുട്ടിൽ തപ്പുകയാണു്. സാവിത്രി ഇടക്കിടയ്ക്കു് പോയി നോക്കും.
ഭക്ഷണസമയമായാൽ അമ്മയെ ചാരിയിരുത്തി വായിൽ കഞ്ഞിയൊഴിച്ചു കൊടുക്കും. അവൾക്കു്
ഒരാവാലാതിയുമില്ല. കുട്ടിക്കാലത്തുണ്ടായിരുന്ന സ്വഭാവമേ അല്ല അവൾക്കു് വലുതായപ്പോൾ. ‘അമ്മയ്ക്കു് തീരെ
വയ്യ, ഒന്നു് വന്നു് കണ്ടോളൂ,’ എന്ന കത്തു് കിട്ടിയപ്പോൾ താൻ പുറപ്പെട്ടു. രാജീവും ഒപ്പം വന്നു. നിർമ്മലയ്ക്കു് ലീവു
കിട്ടിയില്ല. അതുകൊണ്ടവൾ വന്നില്ല.
</p>
          <p>വന്നുകയറിയ ഉടനെ സാവിത്രി പറഞ്ഞു.
</p>
          <p>“അമ്മയ്ക്കിനി അധികൊന്നുംണ്ടാവുംന്നു് തോന്ന്ണില്ല്യ. അതോണ്ടാ ഞാൻ പെട്ടെന്നു് വരാനെഴുതീതു്.”
</p>
          <p>സന്ധ്യയ്ക്കു്, ചുറ്റും തിങ്ങിനിൽക്കുന്ന മരങ്ങളുടെ നിഴലുകൾ ഭൂതകാലത്തിലേയ്ക്കുള്ള രാജപാത തുറന്നു. ഉമ്മറത്തു്
സിമന്റിട്ട തിണ്ണയിൽ ചാരിയിരുന്നുകൊണ്ടു് അയാൾ ചോദിച്ചു.
</p>
          <p>“നമ്മുടെ തെക്കേ വീട്ടിൽ ഇപ്പോൾ ആരാ താമസം?”
</p>
          <p>“അറിയില്ല.” സാവിത്രി പറഞ്ഞു.
</p>
          <p>അയാൾ പഴയ കഥകളെല്ലാം ഓർത്തു, അവയുടെ ദുഃഖകരമായ, അദ്ഭുതകരമായ പരിസമാപ്തിയും.
</p>
          <p>ഒരു ദിവസം ഉച്ചയ്ക്കു് സ്കൂളിൽനിന്നു് വന്നു് ഊണുകഴിക്കാനിരുന്നപ്പോഴാണു് അമ്മ പൊട്ടിത്തെറിച്ചതു്.
</p>
          <p>“തൊലിക്കു് കൊറച്ചു് നെറംണ്ട്ന്നു് വച്ചു്, രംഭയാണെന്നാ ഭാവം. ചോദിച്ചതിനു് മറുപടി പോയിട്ടു് ഒന്നു്
മൊഖത്തു് നോക്കാൻ കൂടി വയ്യ.”
</p>
          <p>അയാൾ വാസുവിന്റെ മുഖത്തേയ്ക്കു നോക്കി. അവൻ ഒന്നും മനസ്സിലായില്ലെന്നു് തലയാട്ടി. മൊട്ടച്ചിക്കു്
ഭക്ഷണം കിട്ടിയാൽ പിന്നെ ഒന്നിലും ശ്രദ്ധയില്ല. അവൾ സാമ്പാറും കായ മെഴുക്കുപെരട്ടിയും കൂട്ടി ഭംഗിയായി
ഊണു തുടങ്ങിയിരുന്നു. അമ്മയുടെ മുഖത്തു നോക്കാൻ ധൈര്യമില്ലാതെ രാഘവൻ തല താഴ്ത്തിയിരുന്നു് ഊണു
കഴിച്ചു. വാസുവും അസ്വസ്ഥനായിരുന്നു. ഊണു കഴിഞ്ഞു് സ്കൂളിലേയ്ക്കു പോകാനായി ഉമ്മറത്തു് അനുജത്തിയെ
കാത്തിരിക്കുമ്പോഴാണു് അമ്മയുടെ രോഷത്തിന്റെ ഉറവിടം മനസ്സിലായതു്. തെക്കേ വേലി പൊളിഞ്ഞുണ്ടായ
വിടവിലൂടെ ഒരു പെൺകുട്ടി നടന്നു വരുന്നു. പുസ്തകങ്ങൾ നെഞ്ചോടു ചേർത്തു്, തലതാഴ്ത്തി അവൾ നടന്നു
വരികയാണു്. പറമ്പിന്റെ നടുവിലൂടെ നടന്നു് അവൾ മുറ്റത്തെത്തി, ഉമ്മറത്തു് നിൽക്കുകയായിരുന്ന രാഘവനേയും
വാസുവിനേയും തലയുയർത്തി നോക്കുകകൂടി ചെയ്യാതെ വടക്കേ പറമ്പിലൂടെ നടന്നുപോയി. തെക്കേ പറമ്പിൽ
വരുന്ന വാടകക്കാരുടെ കുട്ടികളെല്ലാം കാലാക്കാലമായി വഴി ലാഭിക്കാൻ ഈ പറമ്പിലൂടെയാണു് നടത്തം.
അവരുടെ പടിക്കലൂടെ പോയാൽ ഒരു നാഴികയെങ്കിലും അധികം നടക്കേണ്ടിവരും.
</p>
          <p>അവൾ സുന്ദരിയായിരുന്നു. തുടുത്ത നിറം. കറുത്തു് ഇടതൂർന്ന നീളമുള്ള തലമുടി മെടഞ്ഞിട്ടിരിക്കുന്നു. കറുത്ത
പുരികങ്ങൾക്കു താഴെ വലിയ കണ്ണുകൾ. നീണ്ട പാവാടക്കു താഴെ മൃദുലമായ കാലടികൾ. കണങ്കാലിൽ ഞാന്നു
കിടക്കുന്ന വെള്ളിപ്പാദസരം.
</p>
          <p>അനങ്ങാൻ കഴിയാതെ രാഘവൻ നിന്നു.
</p>
          <p>“ഈ കുട്ടിയെപ്പറ്റിയാണു് അമ്മ പറേണത്ന്നു് തോന്നുണു.” വാസു സ്വകാര്യമായി പറഞ്ഞു. അമ്മയുടെ
ദ്വേഷ്യത്തിന്റെ ലക്ഷ്യം ഈ സുന്ദരിയാണെന്നു് രാഘവനും ഊഹിച്ചുകഴിഞ്ഞു.
</p>
          <p>അതു ശരിയാണെന്നു് മൊട്ടച്ചി വന്നപ്പോൾ മനസ്സിലായി. ഗെയ്റ്റു കടക്കുമ്പോൾ അവൾ പറഞ്ഞു.
</p>
          <p>“ആ കുട്ടിയോടു് സംസാരിക്കാൻ നിക്കര്ത്ന്നു് അമ്മ പറഞ്ഞിട്ട്ണ്ടു്.”
</p>
          <p>“എന്താടീ കാരണം?” വാസു ചോദിച്ചു. ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം എപ്പോഴും വാസുവിനേ
ഉണ്ടാകാറുള്ളൂ.
</p>
          <p>“അവൾക്കു് വല്യ പവറാണു്.”
</p>
          <p>“ഓഹോ!”
</p>
          <p>“അതേ, അമ്മ എന്തോ ചോദിച്ചിട്ടു് അവള് ഒന്നും പറയാതെ പോയി. അറിയ്യോ?”

</p>
          <p>“അറിയില്ലാ.” വാസു അവളെ കളിപ്പിച്ചു.
</p>
          <p>കളിപ്പിച്ചാലൊന്നും അവൾക്കു് മനസ്സിലാവില്ല. ഇനി മനസ്സിലായാൽ തന്നെ കൂസലുമില്ല. അവൾ
ഭീഷണിപ്പെടുത്തി.
</p>
          <p>“വാസ്വേട്ടനോ രാഘവേട്ടനോ അവളോടു് സംസാരിക്കണതു് കണ്ടാ ഞാൻ അമ്മ്യോടു് പറഞ്ഞുകൊടുക്കും.
ങാ!”
</p>
          <p>ഭീഷണി തന്നെ. അവൾ എക്കാലത്തും ഒരു ഭീഷണിക്കാരിയായിരുന്നു. അമ്മയുടെ ശകാരങ്ങൾക്കും അച്ഛന്റെ
ശിക്ഷകൾക്കും ഏകകാരണം മൊട്ടച്ചിയാണു്.
</p>
          <p>ആ മൊട്ടച്ചിയാണു് തന്റെ മുമ്പിലിരിക്കുന്നതു്. രാഘവൻ ചോദിച്ചു.
</p>
          <p>“നീ ഞങ്ങളെയൊക്കെ ഒറ്റിക്കൊടുക്കാറുള്ളതും ഭീഷണിപ്പെടുത്താറുള്ളതും ഓർമ്മണ്ടോ?”
</p>
          <p>സാവിത്രി ചിരിച്ചു. അവൾക്കു് വലിയ ഓർമ്മയൊന്നുമില്ല.
</p>
          <p>“നീ കാരണം ഞങ്ങൾക്കു് രണ്ടുപേർക്കും എത്ര അടിയാണു് കിട്ടിയിട്ടുള്ളതു്.”
</p>
          <p>അവൾ ചിരിക്കുക മാത്രം ചെയ്തു.
</p>
          <p>“നെനക്കു് വാസുവിനെ ഓർമ്മയുണ്ടോ?”
</p>
          <p>“നേരിയ ഓർമ്മണ്ടു്. അതു മാത്രം. വാസ്വേട്ടന്റെ മുഖം ഒന്നും വ്യക്തായിട്ടു് ഓർക്ക്ണില്ല്യ.”
</p>
          <p>ആ സുന്ദരി തന്റെ ക്ലാസ്സിൽ തന്നെയാണെന്നു് രാഘവൻ അറിഞ്ഞതു് ഉച്ചതിരിഞ്ഞു് ക്ലാസ്സ്
തുടങ്ങിയപ്പോഴാണു്. രാവിലെ നാണം കാരണം അവൻ പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തു്
നോക്കുകയുണ്ടായില്ല.
</p>
          <p>ഒരു തിങ്കളാഴ്ചയാണതുണ്ടായതു്. അന്നു് ഇംഗ്ലീഷു പഠിപ്പിക്കാൻ പുതിയൊരു മാസ്റ്റരാണു് വന്നതു്. മാഷ്
അവളോടു് ഒരു ചോദ്യം ചോദിച്ചു. അവൾ എഴുന്നേറ്റു നിന്നതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല. മാസ്റ്റർക്കു് ദ്വേഷ്യം
വന്നു അവളോടു് വരാൻ പറഞ്ഞു. മേശമേൽ ഉണ്ടായിരുന്ന ചൂരലെടുത്തു് അവളുടെ നീട്ടിയ കൈയിൽ നാലഞ്ചടി.
ഓരോ അടി അടിക്കുമ്പോഴും അവൾ വേദനകൊണ്ടു് കണ്ണിറുക്കിയടച്ചു, മുഖം വിളറി. ശിക്ഷ കഴിഞ്ഞു് അവൾ
സ്വന്തം സ്ഥാനത്തു് പോയിരുന്നു. അവൾ നിശ്ശബ്ദയായി കരയുകയായിരുന്നു. നാണം കൊണ്ടു് അവളുടെ മുഖം
ചുവന്നിരുന്നു. രാഘവനു് വളരെ വിഷമം തോന്നി. അടി സ്വയം ഏല്ക്കുമ്പോൾ അവനു് അത്ര വിഷമം തോന്നാറില്ല.
അടിച്ചു കഴിഞ്ഞപ്പോൾ മാസ്റ്റർക്കും വിഷമമായിയെന്നു തോന്നുന്നു. മാസ്റ്റർ അവളെ വിളിച്ചു ചോദിച്ചു.
</p>
          <p>“എന്താ കുട്ടീടെ പേരു്?”
</p>
          <p>അവൾ എഴുന്നേറ്റു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
</p>
          <p>“ഞാൻ ചോദിച്ചതു കേട്ടില്ലെ? എന്താ കുട്ടീടെ പേരു്?”
</p>
          <p>അവൾ ഒന്നും പറയാതെ നിൽക്കുകയാണു്. കണ്ണീർ ധാരയായി ഒഴുകുന്നു. മുഖത്തു് ഭയം തളം കെട്ടി
നിൽക്കുകയാണു്. പെട്ടെന്നാണു് അടുത്തിരുന്ന കുട്ടി ധൈര്യപൂർവ്വം എഴുന്നേറ്റു നിന്നതു്.
</p>
          <p>“അവള്ടെ പേരു് രാഗിണീന്നാ സാർ.”
</p>
          <p>“അതെന്താ ആ കുട്ടിക്കു തന്നെ പറഞ്ഞുകൂടെ?” മാസ്റ്റർ മുഖം ചുളിച്ചുകൊണ്ടു് ചോദിച്ചു.
</p>
          <p>“പറ്റില്ല സാർ, അവൾക്കു് സംസാരിക്കാൻ കഴിയില്ല. ഊമ്യാണു്.”
</p>
          <p>ക്ലാസ് പെട്ടെന്നു് നിശ്ശബ്ദമായി. മാസ്റ്ററുടെ മുഖം വിളറി. അദ്ദേഹം സാവധാനത്തിൽ രാഗിണിയുടെ
അടുത്തേയ്ക്കു് നടന്നു ചെന്നു.

</p>
          <p>“മോളെ ക്ഷമിക്കണം. ഞാൻ അറിഞ്ഞില്ല. വല്ലാതെ വേദനിച്ചോ?”
</p>
          <p>സമാധാനിപ്പിക്കാനുള്ള ശ്രമം ഫലിച്ചില്ല. അവൾ തേങ്ങിക്കരയുകയാണു്. മാസ്റ്റർ അടുത്തിരുന്ന കുട്ടിയോടു്
പറഞ്ഞു. “കുട്ടിക്കു് എന്നോടൊന്നു പറയാമായിരുന്നില്ലേ, ഞാൻ അടിക്കേണനുമുമ്പു്?”
</p>
          <p>“എനിക്കു പേടിയായി സർ.”
</p>
          <p>“സാരമില്ല മോളെ അങ്ങിനെയൊക്കെ സംഭവിക്കും.”
</p>
          <p>മാസ്റ്റർ നല്ല മനുഷ്യനായിരുന്നു. തന്നെ ധിക്കരിക്കുന്നു എന്നു തോന്നിയപ്പോൾ ശിക്ഷിച്ചതാണു്.
</p>
          <p>സ്കൂൾ വിട്ടു വരുമ്പോൾ രാഗിണി മുമ്പിൽ ഉണ്ടായിരുന്നു. രാഘവൻ വാസുവിനോടു് ക്ലാസിൽ നടന്ന
കാര്യങ്ങൾ പറഞ്ഞു.
</p>
          <p>“അയ്യോ പാവം.” അവൻ പറഞ്ഞു “ഞാൻ ചോദിച്ചു നോക്കട്ടെ?”
</p>
          <p>“ഞാൻ പറഞ്ഞു കൊടുക്കും.” സാവിത്രിയുടെ ഭീഷണി ഉടനെ ഉണ്ടായി.
</p>
          <p>“ങാഹാ, ന്നാൽ എനിക്കും പലതും പറഞ്ഞുകൊടുക്കാനുണ്ടാവും, ഓർത്തോ.” വാസു ഭീഷണസ്വരത്തിൽ
പറഞ്ഞു.
</p>
          <p>വാസു വേഗത്തിൽ നടന്നു രാഗിണിയുടെ അടുത്തെത്തി. രാഘവനും ഒപ്പം നടന്നു. ഒപ്പമെത്തിയപ്പോൾ വാസു
ചോദിച്ചു.
</p>
          <p>“കുട്ടീടെ കൈ നോക്കട്ടെ?”
</p>
          <p>അവൾ പെട്ടെന്നു് പരിഭ്രമിച്ചു.
</p>
          <p>“ഏതു കൈയ്യിലാണു് അടി കിട്ടീതു?”
</p>
          <p>അവൾ മടികൂടാതെ അവളുടെ വലതു കൈ തുറന്നു കാണിച്ചുകൊടുത്തു. ചൂരലിന്റെ മയമില്ലാത്ത പാടുകൾ
ചുവന്നു കണ്ടു.
</p>
          <p>“വല്ലാതെ വേദനിച്ചോ?” വാസു പതുക്കെ ചോദിച്ചു.
</p>
          <p>അവൾ തലയാട്ടി. അവളുടെ കണ്ണുകൾ വീണ്ടും ഈറനായി.
</p>
          <p>രാഘവനു് വാസുവിനോടു് അസൂയ തോന്നി. എപ്പോഴും അങ്ങിനെയാണു്. അനുജൻ സന്ദർഭങ്ങൾക്കൊത്തു്
ഉയരുന്നു. ധൈര്യമില്ലാത്തതുകൊണ്ടു് താൻ എപ്പോഴും താഴെ, വളരെ താഴെ സംശയിച്ചു നിൽക്കുന്നു. തനിക്കു്
നേരിട്ടു് ചോദിക്കാമായിരുന്നു. അതുവഴി അവളുമായി സൗഹൃദം തുടങ്ങാമായിരുന്നു.
</p>
          <p>മൊട്ടച്ചി അമ്മയോടു് ഒന്നും പറഞ്ഞില്ല. അമ്മ രാഗിണിയെപ്പറ്റി എന്തോ പറഞ്ഞപ്പോൾ അവൾ വാസുവിന്റെ
മുഖത്തേയ്ക്കു് നോക്കുകയായിരുന്നു. അവൾ പറഞ്ഞു.
</p>
          <p>“അമ്മേ, അവള് ഊമ്യാത്രേ. അവൾക്കു് മിണ്ടാൻ പറ്റില്ലാന്നു്. ഇന്നു് ഉത്തരം പറയാതെ ഇംഗ്ലീഷ് മാഷടെ
അടുത്ത്ന്നു് അടികിട്ടീത്രെ.”
</p>
          <p>“ഊമ്യോ? അവളോ?” അമ്മ ഒന്നു താഴ്‌ന്നപോലെ തോന്നി. “എന്നാൽ അവൾക്കതങ്ങട്ടു് പറഞ്ഞൂടെ?”
</p>
          <p>എങ്ങനെ പറയാനാണു്? രാഘവൻ ആലോചിച്ചു. കടലാസ്സിൽ എഴുതിക്കൊടുക്കേണ്ടിവരും. പിന്നെ താൻ
ഒരൂമയാണു് എന്നു് അവൾ എന്തിനു് നാട്ടുകാരെയെല്ലാം അറിയിക്കുന്നു? അമ്മയുടെ അസുഖം അതൊന്നുമല്ലെന്നു്
മനസ്സിലായി.
</p>
          <p>എന്തായാലും അമ്മയുടെ ശകാരവർഷം കുറേ ശമിച്ചു. പക്ഷേ, ഊരുവിലക്കു് അപ്പോഴുമുള്ളതിനാൽ രാഘവൻ

അവളോടു് സംസാരിക്കാൻ ശ്രമിച്ചില്ല. മാത്രമല്ല വാസു അവളോടു് സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവനെ
ശാസിക്കയും ചെയ്തു. അവൾ അവർക്കു മുമ്പിൽ ഒരു നിശ്ചിത അകലത്തിൽ തലയും താഴ്ത്തി നടക്കും.
</p>
          <p>ഞായറാഴ്ചകളിൽ കഴിഞ്ഞ ഒരാഴ്ചയുടെ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയാണു്. രാഘവൻ
മരങ്ങൾ തണൽവിരിച്ച പറമ്പിലൂടെ നടക്കും. കുളത്തിലെ തെളിവെള്ളത്തിലൂടെ സൂര്യരശ്മികൾ
ഇറങ്ങിപ്പോകുന്നതു നോക്കി കുളപ്പടവിൽ ഇരിക്കും.
</p>
          <p>തെക്കേ പറമ്പിലെത്തിയപ്പോൾ അയൽവീട്ടിലേയ്ക്കു നോക്കി. രാഗിണി അവിടെയെങ്ങാനുമുണ്ടോ? ഒരു
പാവാടത്തുമ്പിന്റെ നിഴലിനുവേണ്ടി നോക്കി. അടുക്കളയ്ക്കു പിന്നിൽ അയകെട്ടി വസ്ത്രങ്ങൾ ഉണക്കാനിട്ടിരുന്നു.
ആകാശം മൂടിക്കെട്ടിയിരുന്നു. ഒരു മഴ ചാറിയെങ്കിലെന്നു് ആശിച്ചു. ഉണക്കാനിട്ടിരുന്നതു് എടുക്കാനെങ്കിലും
അവൾ പുറത്തു വരുമല്ലോ.
</p>
          <p>മഴ കനത്തു നിന്നതല്ലാതെ പെയ്തില്ല.
</p>
          <p>വാസു തന്നിൽനിന്നു് അകലുകയാണെന്നു് രാഘവൻ മനസ്സിലാക്കി. അവനു് അവന്റേതായ
സ്നേഹിതന്മാരുണ്ടായി. വൈകുന്നേരങ്ങളിൽ അവൻ കൂട്ടുകാരുമൊത്തു് കളിക്കാൻ നിൽക്കും. രാഘവൻ ഒറ്റയ്ക്കാവും.
സാവിത്രി ഒരിക്കലും ഒരു കൂട്ടായിരുന്നില്ല. ചില ദിവസങ്ങളിൽ അവൾ അവളുടെ സ്നേഹിതകളുടെ ഒപ്പം
നടന്നുപോകും. രാഘവനും മുമ്പിൽ നടന്നു പോകുന്ന രാഗിണിയും മാത്രം. കുറച്ചുകൂടി വേഗം നടന്നു് രാഗിണിയുടെ
ഒപ്പമെത്താൻ താൻ ആഗ്രഹിക്കും. പക്ഷേ, അടുത്തെത്തുമ്പോഴേയ്ക്കും കാലുകൾക്കു് ഭാരം കൂടും. നടത്തം
പതുക്കെയാവും. തനിക്കു് വാസുവിന്റെ ധൈര്യമുണ്ടായിരുന്നെങ്കിലെന്നു് ആശിക്കും.
</p>
          <p>അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം താൻ ഒറ്റയ്ക്കായി. രാഗിണിയെയും കാണാനില്ല. അവൾ
ക്ലാസിലുണ്ടായിരുന്നുവെന്നു് അറിയാം. ബെല്ലടിച്ചപ്പോൾ പുസ്തകങ്ങൾ അടുക്കിവെച്ചു് എഴുന്നേല്ക്കുന്നതും
കണ്ടതാണു്. പിന്നെ എവിടെപ്പോയി? വീട്ടിലെത്തുന്നതുവരെ അവളെ കണ്ടില്ല. ആ ദിവസം അയാൾ
കണിശമായി ഓർത്തു; ആകെ മനസ്സിടിഞ്ഞു് പറമ്പിലൂടെ നടന്നതു്.
</p>
          <p>വെയിൽ മങ്ങിത്തുടങ്ങി. ഇടവഴിയിൽ കണ്ണുംനട്ടു് നിൽക്കാൻ തുടങ്ങിയിട്ടു് കുറേ സമയമായി. വാസു ഇത്ര
വൈകാറില്ല. തനിക്കു് പരിഭ്രമം തോന്നി. രാഗിണിയേയും കണ്ടില്ലെന്നതു് അദ്ഭുതകരമായി തോന്നി. അവൾ
എങ്ങോട്ടുപോയി?
</p>
          <p>അപ്പോഴാണു് കണ്ടതു്. അവർ നടന്നുവരുന്നു. വാസുവും രാഗിണിയും. വെളിച്ചം മങ്ങിത്തുടങ്ങിയ
ഇടവഴിയിലൂടെ അവർ തോളോടുതോളു ചേർന്നു് നടന്നുവരികയാണു്. രാഗിണി കൈവിരലുകൾ കൊണ്ടു്
ആംഗ്യഭാഷയിൽ സംസാരിക്കുകയാണു്. വാസു അതു് അനുകരിക്കുന്നു. അവൻ ആംഗ്യഭാഷ പഠിക്കുകയാണെന്നു
തോന്നുന്നു.
</p>
          <p>രാത്രി കിടക്കുമ്പോൾ രാഘവൻ ചോദിച്ചു.
</p>
          <p>“നീ എന്തിനാണു് രാഗിണിയുടെ ഒപ്പം വന്നതു?”
</p>
          <p>“എന്തേ?”
</p>
          <p>“അമ്മ പറഞ്ഞിട്ടില്ലേ, അവളോടു് സംസാരിക്കണ്ടാന്നു്.”
</p>
          <p>“ഞാൻ പന്തുകളിക്ക്യായിരുന്നു. കളി കഴിഞ്ഞു് പോവാൻ നിക്കുമ്പോ അവള് വന്നു് പറഞ്ഞു കാത്തു്
നിൽക്കാൻ പറ്റ്വോന്നു്. അവൾക്കു് ഡാൻസ് ക്ലാസുണ്ടത്രെ. ഞാൻ നിക്കാംന്നു് പറഞ്ഞു.”
</p>
          <p>താൻ പിന്നെ ഒന്നും ചോദിച്ചില്ല. വൈകുന്നേരം സ്കൂൾ വിട്ടാൽ ചുറ്റിപ്പറ്റി നിൽക്കുന്ന പതിവു് തനിക്കില്ല.
കളിക്കാൻ കൂട്ടുകാരില്ല. ആർക്കും രാഘവനെ വേണ്ട. പിന്നെ എന്തു പറഞ്ഞാണു് നിൽക്കുക?
</p>
          <p>പിറ്റേന്നു് രാഗിണിക്കുവേണ്ടി കാത്തിരുന്നു് അവളെ കാണാതെ തിരിച്ചു വന്നതു് അയാൾ ഓർത്തു. അന്നു്
രാഗിണി ഡാൻസ് ക്ലാസ്സിൽ പോയില്ല. വാസു കളിക്കാൻ നിന്നതുമില്ല. താൻ അതൊന്നും അറിയാതെ ഒന്നര
മണിക്കൂർ സ്കൂളിൽ കാത്തുനിന്നു.
</p>
          <p>ഒറ്റയ്ക്കു കിട്ടിയപ്പോൾ രാഘവൻ വാസുവിനോടു് ചോദിച്ചു.
</p>
          <p>‘നീ എന്താണു് കളിക്കാൻ നിൽക്കാതിരുന്നതു?’

</p>
          <p>“അതോ?” വാസു കുറച്ചുനേരം ആലോചിച്ചുകൊണ്ടു് പറഞ്ഞു. “ഇന്നു് രാമു ഇല്ല്യ, പിന്നെ ജോണും. ഇവരു്
രണ്ടുപേരും ഇല്ലെങ്കിൽ രസംല്ല്യ.”
</p>
          <p>രാഘവൻ അടുത്തു് ചോദിക്കാൻ പോയതു് അവൻ രാഗിണിയുടെ ഒപ്പം നടന്നാണോ വന്നതെന്നായിരുന്നു.
അതു ചോദിക്കാൻ തോന്നിയതിനു്, ചോദിക്കാൻ ധൈര്യമില്ലാതിരുന്നതിനു് അവന്നു് സ്വന്തം വെറുപ്പു തോന്നി.
</p>
          <p>വാസു കൈവിരലുകൾ ഒരു പ്രത്യേക രീതിയിൽ മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ടു് രാഘവനോടു്
ചോദിച്ചു.
</p>
          <p>“ഇതിന്റെ അർത്ഥം എന്താന്നു് പറയാമോ?”
</p>
          <p>ഇല്ലെന്നു് രാഘവൻ തലയാട്ടി.
</p>
          <p>“ഇതാണു് കാത്തിരിക്കണംന്നു് പറയാൻ. വെയ്റ്റ് ന്നു്. ഊമകളുടെ ഭാഷ്യാണു്.”
</p>
          <p>അവൻ വീണ്ടും വിരലുകൾകൊണ്ടു് അഭ്യാസങ്ങൾ കാട്ടുകയാണു്. “ഇതാണു്, ‘പഠിക്കാനുണ്ട്’ ന്നു് പറയാൻ.
ഇതു്, ഇതെന്താണെന്നറിയ്യ്യോ?”
</p>
          <p>“ഊം, ങും.”
</p>
          <p>“ഇതു ഞാൻ പറഞ്ഞുതരില്ല.” അവൻ പറഞ്ഞു. അവൻ ചിരിക്കയായിരുന്നു.
</p>
          <p>രാഘവനു് കലശലായ ദ്വേഷ്യം വന്നു. സ്വന്തം കഴിവില്ലായ്മയിലാണു് അവനു് ദ്വേഷ്യം. വാസു എല്ലാറ്റിലും
മുമ്പിലാണു്. താനാണു് മൂത്തതു്, മുമ്പിൽ നടക്കേണ്ടതു്. പക്ഷേ, അവനാണു് എല്ലാ കാര്യത്തിലും മുമ്പിൽ. താൻ
അവന്റെ കാൽപാടുകൾ പിൻതുടരുക മാത്രം ചെയ്യുന്നു.
</p>
          <p>ഇപ്പോൾ ആലോചിക്കുമ്പോൾ അയാളുടെ മനസ്സിൽ ഒരു നീറൽ പടർന്നു പിടിച്ചു. അങ്ങനെയെങ്കിൽ
അങ്ങനെ മതിയായിരുന്നു. ഇപ്പോൾ നീറുന്ന ഓർമ്മ മാത്രം ബാക്കിയായി.
</p>
          <p>അയാൾ മകന്റെ ഒപ്പം പറമ്പിലേയ്ക്കിറങ്ങി. ചെരുപ്പിടാതെ മണ്ണിന്റെ വാത്സല്യസ്പർശം അനുഭവിച്ചുകൊണ്ടു്
അയാൾ നടന്നു. ഒരു കുട്ടിയായി നടന്ന അതേ വഴികളിലൂടെ, അതേ ആവേശത്തോടെ. ഒരു കാഞ്ഞിരമരത്തിനു
താഴെ കുത്തി നിറുത്തിയ മൂന്നു കരിങ്കല്ലുകൾ കണ്ടപ്പോൾ രാജീവ് ചോദിച്ചു. “ഇതെന്താണച്ഛാ?”
</p>
          <p>അയാൾ അദൃശ്യശക്തികളെപ്പറ്റി പറഞ്ഞു കൊടുത്തു. കുട്ടിച്ചാത്തൻ, പറക്കുട്ടി, ചോഴി എന്നീ ദേവതകൾ.
അവ എങ്ങിനെയാണു് അവിടെ കാഞ്ഞിരമരത്തിനു കീഴിൽ മാന്യസ്ഥാനങ്ങൾ കണ്ടുപിടിച്ചതെന്നയാൾക്കറിയില്ല.
മച്ചിനകത്തെ പരദേവതെയെപ്പറ്റി മാത്രം അയാൾ കേട്ടിട്ടുണ്ടു്. നൂറ്റാണ്ടുകൾക്കുമുമ്പു് തെക്കു ദേശത്തു് യുദ്ധത്തിനു
പോയ ഒരു കാരണവർ തിരിച്ചു വരുമ്പോൾ ഒപ്പം കൂടിയതാണവൾ. യുദ്ധഭൂമിയിലെ നിണം നക്കി നുണഞ്ഞവൾ
മൂപ്പിൽനായരുടെ ശൂരതയിൽ ആകൃഷ്ടയായി വന്നതാണു്. പടിക്കലെത്തിയപ്പോൾ കാരണവർ ചോദിച്ചു.
‘ആണ്ടിലൊരിക്കൽ നേദിക്കുന്ന അവിലും മലരും കുരുതിയും മാത്രം സ്വീകരിച്ചു് തറവാട്ടിന്റെ ശ്രേയസ്സിൽ
കരിവീഴ്ത്താതെ കഴിക്കാമെന്നുവെച്ചാൽ ഇവിടെ കുടിയിരുത്താം.’ ഭഗവതി സമ്മതിച്ചു. കാരണവർ പഞ്ചഭൂതങ്ങൾ
സാക്ഷിയാക്കി ദേവിയെ മച്ചിനു തൊട്ടടുത്ത മുറിയിൽ കുടിയിരുത്തി. എല്ലാ വർഷവും ഇടവത്തിൽ അവൾക്കു്
പൂജകഴിക്കുന്നു. യുദ്ധഭൂമിയിലെ നിണത്തിന്റെ സ്വാദു് പക്ഷേ, അവൾ മറന്നിരുന്നില്ല. ദാരുണസംഭവങ്ങൾ
ആവർത്തിച്ചപ്പോൾ കവിടികൾ നിരത്തി പ്രശ്നം വെച്ചു. ദാഹാർത്തയായ ഒരു ദേവതയുടെ സാന്നിദ്ധ്യം
കാരണവന്മാരെ അലട്ടി. ഒന്നും ചെയ്യാനില്ല. പൂജ മുടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അത്രതന്നെ.
</p>
          <p>അവർ നടന്നു് പാമ്പിൻകാവിന്റെ അടുത്തെത്തി. കാവിന്റെ ഉള്ളിൽ നിറയെ മരങ്ങളും വള്ളികളും പടർന്നു്
ഇരുട്ടു പിടിച്ചിരുന്നു. ഒരു ഭാഗത്തു് ചിത്രകൂടക്കല്ലു് വെച്ച സ്ഥാനത്തു് ചെടികൾ വെട്ടി തെളിയിച്ചിടത്തു് പുല്ലുകൾ
വളർന്നിരുന്നു. അയാൾ ഒരു നിമിഷനേരത്തേയ്ക്കു് കുട്ടിക്കാലത്തേയ്ക്കു് പോയി. കാവിൽ പൂജയുടെ
സമയമാകുമ്പോൾ ആ പുല്ലുകൾ ചെത്തിവെടുപ്പാക്കാറുള്ളതു് അയാൾ ഓർത്തു. ചിത്രകൂടക്കല്ലിനുചുറ്റും ചാണകം
മെഴുകി വൃത്തിയാക്കും. വൈകുന്നേരം വയസ്സൻ എമ്പ്രാന്തിരി വന്നു് പൂജചെയ്യും. പൂജകൾ രാത്രി ഇരുളുംവരെ
നീണ്ടുപോകും. എണ്ണശ്ശീല ചുറ്റിയ പന്തങ്ങൾ ചുറ്റും കത്തിച്ചുവയ്ക്കും. രാത്രിയിൽ ഇരുട്ടിന്റെ ഭിത്തിമേൽ ആ
പന്തങ്ങളുടെ കൊച്ചുനാവുകൾ നക്കിക്കൊണ്ടിരിക്കും. ആ ഇത്തിരിവെട്ടത്തിൽ എമ്പ്രാന്തിരി സർപ്പങ്ങളെയും
തറവാട്ടിലെ പരദേവതകളെയും ആവാഹിക്കും. മച്ചിനുള്ളിലെ ദേവതയെ മാത്രമേ വീട്ടിനുള്ളിൽ കുടിവെച്ചിട്ടുള്ളു.
ധൂപക്കൂട്ടുകളുടെ അലൗകികഗന്ധം പരക്കുമ്പോൾ സർപ്പങ്ങൾക്കു് പാലും പഴവും, പരദേവതകൾക്കു് അവിലും
മലരും, മധുരമുള്ളതും ഇല്ലാത്തതുമായ അടയും അപ്പവും തെച്ചിപ്പൂക്കളും നിവേദിക്കപ്പെടും. കൈമണിയുടെ നേരിയ

സ്വരം മച്ചിനകത്തെ പരദേവതയേയും, കാഞ്ഞിര മരത്തിന്റെ കടക്കൽ കുടിവെച്ച ക്ഷുദ്രദേവന്മാരേയും ഉണർത്തും.
ആവാഹിക്കുന്ന ക്രമത്തിൽ അവർ ഒരോരുത്തരായി വന്നു് നിവേദ്യം സ്വീകരിക്കും. അതുകഴിഞ്ഞു് മരിച്ചുപോയ
കാരണവന്മാരുടെ ആത്മാക്കൾ അവകാശങ്ങൾക്കായി ഒഴുകിവരും.
</p>
          <p>എമ്പ്രാന്തിരി ഒരുപക്ഷേ, മരിച്ചിട്ടുണ്ടാവും. അയാളുടെ മകനായിരിക്കും ഇപ്പോൾ പൂജചെയ്യുന്നതു്. ഒരു
ശപ്തമായ പൂജയുടെ ഓർമ്മ വന്നപ്പോൾ അയാൾ വീണ്ടും കുട്ടിയായി. ഒരു ദിവസം വൈകുന്നേരം സ്കൂൾ വിട്ടു
വന്നപ്പോഴാണു് വാസു പറഞ്ഞതു്.
</p>
          <p>“ഏട്ടനു് ഞാനൊരു കാര്യം കാട്ടിത്തരാം, വരൂ.”
</p>
          <p>അതായിരുന്നു തുടക്കം. അതും പറഞ്ഞു് അവൻ നടന്നുകഴിഞ്ഞു.
</p>
          <p>“എന്തു കാര്യം?”
</p>
          <p>“വരൂ, കാട്ടിത്തരാം.” അവൻ വീട്ടിന്റെ പിൻഭാഗത്തേയ്ക്കു നടക്കുകയാണു്. രാഘവൻ പിന്നാലെ കൂടി.
പടിഞ്ഞാറെ മിറ്റത്തു് നിഴലുകൾ വീണിരുന്നു. മേഘങ്ങൾക്കിടയിൽക്കൂടി എത്തിനോക്കുന്ന വെയിൽക്കഷ്ണങ്ങൾ
മരങ്ങളുടെ ഇലകൾക്കിടയിലൂടെ വന്നു് ചുവരിന്റെ മേൽ ചിത്രപ്പണികൾ തീർത്തു. വളരെ ക്ഷണികമാണു് ആ
കാഴ്ചയെന്നു് രാഘവന്നറിയാം. പെട്ടെന്നൊരു നിമിഷം അതെല്ലാം അപ്രത്യക്ഷമാവും, ചുമർ വലിയൊരു
നിഴൽകൊണ്ടു് മൂടുകയും ചെയ്യും. വാസു മുകളിലേയ്ക്കു് ചൂണ്ടിക്കാട്ടി. രാഘവൻ ചോദ്യത്തോടെ അവനെ നോക്കി.
</p>
          <p>“അവിടെ ദാ ഓടിന്റെ താഴെ ചുമരിലു് ഒരു വിടവു് കാണാൻല്ല്യേ?”
</p>
          <p>മേൽപുരയ്ക്കു താഴെ ചുവരിൽ ഒരു വിടവു് അവൻ കണ്ടു. അതു് ഏതു കാലത്തും അവിടെ ഉണ്ടായിരുന്നു. അവൻ
ശ്രദ്ധിച്ചിരുന്നില്ലെന്നു മാത്രം.
</p>
          <p>“അതീക്കൂടെ പോയാൽ ഒരു സ്ഥലത്തെത്തും.” വാസു പറഞ്ഞു. “ഏട്ടൻ പോയിട്ടു് മൊട്ടച്ചി കാണാതെ
ടോർച്ചെടുത്തുകൊണ്ടുവരൂ. ഞാൻ കോണിയെടുത്തുകൊണ്ടുവരാം.”
</p>
          <p>രാഘവൻ അകത്തേയ്ക്കു പോയി സാവിത്രിയുടെ കണ്ണിൽപെടാതെ ടോർച്ചെടുത്തു് തിരിച്ചുവന്നു. വാസു
അപ്പോഴേയ്ക്കു് മുളംകോണി ചുമരിൽ ചാരിവച്ചിരുന്നു. രാഘവന്റെ കൈയിൽനിന്നു് ടോർച്ചു വാങ്ങി വാസു ധൃതിയിൽ
കോണികയറി ആ പൊത്തിൽക്കൂടെ അനായാസം അകത്തുകയറി. തിരിഞ്ഞു്, സംശയിച്ചു നിൽക്കുന്ന
രാഘവനോടു് വേഗം കയറി വരാൻ ആംഗ്യം കാണിച്ചു. വാസുവിന്റെ തല മാത്രമേ കാണാനുള്ളൂ. രാഘവൻ
പ്രയാസപ്പെട്ടു് മുളംകോണി കയറി. വാസു മുകളിൽനിന്നു് സഹായിച്ചു് ഏട്ടനെ ഒരുവിധം പൊത്തിനുള്ളിൽ കയറ്റി.
അകത്തു് ഇരുട്ടായിരുന്നു. വാസു ടോർച്ചടിച്ചപ്പോൾ മുമ്പിൽ ഒരു നീണ്ട ഇടനാഴിക തെളിഞ്ഞുവന്നു. ഉയരം
കുറവായതിനാൽ അതിലൂടെ കുമ്പിട്ടു് നടക്കേണ്ടി വന്നു. ഇടനാഴിക ഇടത്തോട്ടും വലത്തോട്ടും വളഞ്ഞുതിരിഞ്ഞു
കിടക്കുകയാണു്. പെട്ടെന്നു് ഒരു വവ്വാൽ എതിർദിശയിൽനിന്നു ശബ്ദത്തോടെ പറന്നുവന്നു. അതിന്റെ ചിറകുകൾ
രാഘവന്റെ മുഖത്തു് ഉരഞ്ഞു. താൻ ഒരു നിലവിളിയോടെ തിരിഞ്ഞു് ഓടാൻ തുടങ്ങി. ഒരുവിധം തപ്പിത്തടഞ്ഞു്
ഗുഹാമുഖത്തെത്തി. കാൽ പുറത്തേയ്ക്കിട്ടു് തപ്പി കോണിമേൽ വച്ചുകൊണ്ടു് പുറത്തേക്കിറങ്ങി. തന്റെ മുട്ടു് പൊട്ടി
ചോരയൊലിച്ചിരുന്നു. അതും തുടച്ചുകൊണ്ടു് വാസു പുറത്തിറങ്ങുന്നതും കാത്തിരുന്നു. കുറേ നേരം കാത്തിരുന്നിട്ടും
വാസു വരുന്നതു കാണാഞ്ഞപ്പോൾ പരിഭ്രമം തുടങ്ങി. ഒരു പക്ഷേ, തന്നെ പേടിപ്പിക്കാൻ അവൻ കരുതിക്കൂട്ടി
ഒളിച്ചു നിൽക്കുകയാവും. ഗുഹാമുഖത്തേയ്ക്കുതന്നെ നോക്കിക്കൊണ്ടു് രാഘവൻ അവിടെ നിന്നു.
</p>
          <p>വാസു വന്നതു് പക്ഷേ, പിന്നിൽനിന്നായിരുന്നു. അതു രാഘവനെ അദ്ഭുതപ്പെടുത്തി. അവൻ എങ്ങിനെ
താഴത്തെത്തി?
</p>
          <p>വാസു ഒന്നും പറയുന്നില്ല. നിർബ്ബന്ധിച്ചപ്പോൾ അവൻ പറഞ്ഞു.
</p>
          <p>“ഈ ഗുഹ ഇല്ലേ, അതു് വേറൊരു ലോകത്തിലേയ്ക്കുള്ളതാ.”
</p>
          <p>രാഘവനു് മനസ്സിലായില്ല. നിറയെ ഊടുവഴികളുള്ള ഒരു ഗുഹ മനസ്സിൽ ഭയം നിറച്ചു. വേറൊരു
ലോകത്തേയ്ക്കു്. അതൊരു പേടിപ്പെടുത്തുന്ന അറിവായിരുന്നു. വാസു മുളംകോണി മാറ്റിവച്ചു. വാസുവിനു് അടുത്ത
കാലത്തായി അങ്ങിനെ കുറേ സംസാരമുണ്ടായിരുന്നു. വേറൊരു ലോകത്തേപ്പറ്റി, വേറൊരു കാലത്തേപ്പറ്റി
അവൻ സംസാരിക്കും. അവിടെ ആൾക്കാർക്കു് വേറൊരു രൂപമാണെന്നവൻ പറയും. രാഘവനു് പേടിയാവും.
താൻ ജീവിക്കുന്ന തലത്തിനു തൊട്ടപ്പുറത്തു് അപരിചിതമായ ഒരവ്യക്തലോകം തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.
</p>
          <p>പിറ്റേന്നു് സർപ്പക്കാവിൽ പൂജയായിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ കണ്ടതു് കാവിനു

മുമ്പിലുള്ള സ്ഥലം ചെത്തി നിരപ്പാക്കി മെഴുകിയിട്ടിരിക്കുന്നതാണു്. അവിടെ കുറുപ്പ് കളം വരക്കുകയാണു്. പല
നിറങ്ങളിലുള്ള പൊടികൾ കൊണ്ടു് അയാൾ ചിത്രം വരക്കുകയാണു്. നടുവിൽ ദേവി, അതിനു ചുറ്റുമായി
പാമ്പുകൾ, മറ്റു ദേവതകൾ. ജീവനുണ്ടെന്നു തോന്നിക്കുന്ന ചിത്രങ്ങൾ. മുകളിൽ പന്തലിട്ടു് കുരുത്തോലകൊണ്ടു്
തോരണങ്ങളുണ്ടാക്കിയിരിക്കുന്നു. കാവിന്നുള്ളിൽ ചിത്രകൂടക്കല്ലിനുചുറ്റും ചാണകം മെഴുകി
വൃത്തിയാക്കിയിരിക്കുന്നു. വീട്ടിന്റെ ഉമ്മറത്തു് എമ്പ്രാന്തിരി ചാരുകസേലയിൽ ഇരിക്കുകയാണു്. മുണ്ടും മേൽമുണ്ടും
മാത്രം വേഷം. മുമ്പിൽ അച്ഛനിരിക്കുന്നു. അച്ഛൻ വെള്ളിയാഴ്ച ലീവെടുത്തിട്ടുണ്ടാവണം, പൂജയ്ക്കു വേണ്ടി. തിണ്ണയിൽ
എമ്പ്രാന്തിരിയുടെ പത്തുപന്ത്രണ്ടു വയസ്സുള്ള മകനിരുന്നു് പന്തങ്ങളുണ്ടാക്കുകയാണു്. എമ്പ്രാന്തിരി അവനു്
നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടു്.
</p>
          <p>പന്തങ്ങളുണ്ടാക്കി രാത്രി കാവിലേയ്ക്കുള്ള വഴിയിൽ നിരത്താമെന്നു് പറഞ്ഞതു് വാസുവായിരുന്നു.
എമ്പ്രാന്തിരിക്കുട്ടി പന്തമുണ്ടാക്കുന്ന രീതി അവർ പഠിച്ചു. മുള ചീന്തി നേരിയ കോലുകളുണ്ടാക്കിയതു്
വാസുവായിരുന്നു. രാഘവൻ അവയുടെ അറ്റത്തു് തുണി ചുറ്റിപ്പിടിപ്പിച്ചു.
</p>
          <p>രാത്രി പാമ്പിൻകാവിലേയ്ക്കുള്ള വഴിയിൽ ആ പന്തങ്ങൾ ഇടവിട്ടു് കുത്തിനിറുത്തി കത്തിച്ചു. ഉമ്മറത്തുനിന്നു
നോക്കുമ്പോൾ ആ പന്തങ്ങൾ ഒരു ചെകുത്താൻ കോട്ടയിലേയ്ക്കുള്ള വഴിവിളക്കുകൾപോലെ തോന്നിച്ചു.
കൈമണികൾ ശബ്ദിച്ചു. കുരുതിപ്പാത്രം നിറഞ്ഞൊഴുകി. വെളിച്ചപ്പാടിന്റെ അരമണിയും ചിലമ്പും കലമ്പി.
</p>
          <p>രാഘവൻ മറുവശത്തുള്ള ഒരു സുന്ദരമുഖം നോക്കിനിൽക്കുകയാണു്. അയൽപക്കത്തുള്ളവരെല്ലാം
എത്തിയിട്ടുണ്ടു്. പക്ഷേ, അവൻ ഒരു മുഖം മാത്രമേ കാണുന്നുള്ളൂ. മറ്റു മുഖങ്ങളെല്ലാം അവ്യക്തമാണു്. രാഗിണി
എമ്പ്രാന്തിരി പൂജ ചെയ്യുന്നതും നോക്കി നിൽക്കയാണു്. വെളിച്ചപ്പാടു് അരയിൽ കെട്ടിയ പട്ടു് മുറുക്കി വാളും പിടിച്ചു്
കളമെഴുതിയതിനു ചുറ്റുംനടക്കുകയാണു്. എമ്പ്രാന്തിരി സർപ്പങ്ങളെ ആവാഹിക്കുകയാണു്. ആരോ രണ്ടു
പെൺകുട്ടികളെ കളത്തിനു മുമ്പിൽ പിടിച്ചിരുത്തി. അവരുടെ കഴുത്തിൽ തെച്ചിമാല്യവും കൈയ്യിൽ
പൂക്കുലയുമുണ്ടു്. പെട്ടെന്നു് കുറുപ്പ് പാട്ടു തുടങ്ങി. പെൺകുട്ടികൾ കണ്ണടച്ചു് ധ്യാനിച്ചിരിക്കയാണു്.
</p>
          <p>രാഗിണി പെട്ടെന്നു് രാഘവൻ നിൽക്കുന്നിടത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകൾ ഇടഞ്ഞു. അവളുടെ
ചുണ്ടുകളിൽ പുഞ്ചിരി പൊടിഞ്ഞു. ഒരു നിമിഷനേരത്തേയ്ക്കു മാത്രം. അവൾ കണ്ണുകൾ പിൻവലിച്ചു കളത്തിലേയ്ക്കു
നോക്കി നിൽപ്പായി. രാഗിണിയുടെ നെറ്റിമേൽ വലിയൊരു പൊട്ടുണ്ടായിരുന്നതു് ശ്രദ്ധിച്ചപ്പോൾ ആ മുഖം
എവിടെയോ കണ്ടിട്ടുണ്ടെന്ന തോന്നലുണ്ടായി. അന്വേഷണം തന്നെ എത്തിച്ചതു് പൂജാമുറിയിലായിരുന്നു.
കുറുപ്പിന്റെ പാട്ടു് മായികമായിരുന്നു. എമ്പ്രാന്തിരിയുടെ കൈമണിയുടെ ശബ്ദം, വെളിച്ചപ്പാടിന്റെ അരമണിയുടേയും
ചിലമ്പിന്റേയും ശബ്ദം എല്ലാം രാഘവനെ ഒരർദ്ധബോധാവസ്ഥയിലെത്തിച്ചു. വെളിച്ചപ്പാടു് ഉറയുകയായിരുന്നു.
രാഘവൻ മറുവശത്തേയ്ക്കു നോക്കി. രാഗിണി അപ്രത്യക്ഷയായിരുന്നു. എപ്പോഴാണവൾ പോയതു? ചുറ്റും നോക്കി.
ഇല്ല, അവൾ എവിടേയുമില്ല. അവൻ വാസുവിനുവേണ്ടി പരതി. അവൻ തന്റെ തൊട്ടടുത്തുതന്നെയുണ്ടായിരുന്നു.
അവനും എവിടെപ്പോയി? വീട്ടിലേയ്ക്കുള്ള വഴിയിൽ ഒരു വരിയായി പന്തങ്ങൾ പാളിക്കത്തുകയാണു്.
</p>
          <p>വെളിച്ചപ്പാടു് ഉറയുകയാണു്. ആരോ അദ്ദേഹത്തിന്റെ ഒപ്പം നടക്കുന്നുണ്ടു്. ഓരോ പ്രാവശ്യം തലയിൽ
വെട്ടുമ്പോഴും അയാൾ വെളിച്ചപ്പാടിന്റെ കൈ കടന്നുപിടിച്ചു. കല്പനകൾ വരികയായി.
</p>
          <p>“ഹിയ്യാ… ഞാനാരാണെന്നറിയ്യ്യോ?… എന്റെ തട്ടകത്തിൽ ഞാൻ മാത്രം മതി…”
</p>
          <p>എമ്പ്രാന്തിരി എഴുന്നേറ്റു. കുരുതിയുടെ പാത്രം തട്ടിമറിഞ്ഞു. ചോരപ്പുഴ ഒഴുകുകയാണു്. വെളിച്ചപ്പാടു്
അട്ടഹസിച്ചു.
</p>
          <p>“എന്റെ തട്ടകത്തിൽ കടന്നു് കളിക്കണ്ടാ… ഇവിടെ ഞാൻ മാത്രം മതി…”
</p>
          <p>“അതിനു് ഇവിടെപ്പൊ എന്തേണ്ടായതു? എന്തിനാങ്ങനെ വെട്ടിപ്പൊളിക്കണതു?” ആരോ ചോദിച്ചു.
</p>
          <p>“കളിക്കണ്ടാന്നു് പറഞ്ഞില്ല്യേ…” വെളിച്ചപ്പാടു് തലയിൽ വെട്ടുകയായിരുന്നു. ഒപ്പം നടക്കുന്ന ആൾക്കും
അയാളെ പിടിച്ചുനിർത്താൻ കഴിയുന്നില്ല. നെറ്റിമേൽ ചോര ഒലിച്ചിറങ്ങി.
</p>
          <p>രാഘവൻ വാസുവിനെ തിരയുകയാണു്. ആൾക്കൂട്ടത്തിൽ മുഴുവൻ അരിച്ചുപെറുക്കിയിട്ടും അവനെ
കാണാനില്ല. പന്തങ്ങൾ എരിഞ്ഞടങ്ങിയിരുന്നു. കാറ്റിൽ അതിന്റെ തലപ്പുകൾ ജ്വലിച്ചു. അതിനിടയിൽക്കൂടി
നടന്നു വീട്ടിന്റെ പിന്നിലെത്തിയപ്പോൾ കണ്ടു, ചുമരിൽ ചാരിവച്ചിരിക്കുന്ന കോണി. തന്റെ ഹൃദയം
തണുത്തുറഞ്ഞുപോയതു് അയാൾ ഇപ്പോഴും ഓർത്തു. കയറാൻ ധൈര്യമില്ലാതെ കുറച്ചുനേരം അവിടെ നിന്നു.
പിന്നെ വീട്ടിനുള്ളിൽ പോയി ടോർച്ചെടുത്തുകൊണ്ടുവന്നു് സാവധാനത്തിൽ മുളംകോണി കയറി.
വളഞ്ഞുപോകുന്ന ആ ഗുഹ അന്തമില്ലാത്തതായി തോന്നി രാഘവന്നു്. മറ്റൊരു ലോകത്തേയ്ക്കു് നയിക്കുന്ന
ഊടുവഴികൾ. ഭയം തന്റെ കാലുകളെ തളർത്തി. പക്ഷേ, മുന്നോട്ടു് പോകേണ്ടതുണ്ടു്. ഒരു കാര്യം കണ്ടുപിടിച്ചേ

തീരൂ. ഊടുവഴികളുടെ സ്വഭാവം മാറുകയാണു്. ഇപ്പോൾ മുകളിൽ ഓടോ, വശങ്ങളിൽ ചുമരോ ഇല്ല. പകരം
പച്ചപിടിച്ച തിണ്ടുകൾ മാത്രം. താൻ നടക്കുകയാണു്. പെട്ടെന്നു് ഒരു തിരിവു കഴിഞ്ഞപ്പോൾ അവരെ കണ്ടു.
വാസുവും രാഗിണിയും കൈകോർത്തു നടക്കുന്നു. ഒരു നിമിഷനേരത്തേയ്ക്കു മാത്രം. അവർ നേർത്തു വരുകയാണു്.
തന്റെ മനസ്സിൽ വേർപാടിന്റെ വേദനയുണ്ടായതു് രാഘവൻ ഓർത്തു. ഒരു വളവിൽ അവർ
അപ്രത്യക്ഷരായപ്പോൾ മനസ്സിലെ വേദന തീക്ഷ്ണമായി. രാഘവൻ അന്തമില്ലാത്ത വഴിയിലൂടെ നടക്കുകയാണു്.
കയ്യിൽ ടോർച്ചിനുപകരം വലിയൊരു പന്തം എങ്ങിനെ വന്നുവെന്നു് അവൻ അദ്ഭുതപ്പെട്ടു.
</p>
          <p>എവിടെനിന്നോ വെളിച്ചപ്പാടിന്റെ കല്പനകൾ കേൾക്കാനുണ്ടു്. മുമ്പിൽ ദൂരെ ഒരു പ്രകാശബിന്ദു. അതു
വലുതായി വരുന്നു. അവസാനം താൻ അഗാധമായൊരു കയത്തിൽ വീണതുമാത്രം ഓർമ്മയുണ്ടു്.
എമ്പ്രാന്തിരിയുടെ കൈമണിയുടെ ശബ്ദം കേൾക്കാം, ചിലമ്പിന്റെ ഒച്ചയും.
</p>
          <p>തന്നെ പൂജാമുറിയിൽനിന്നാണു് കിട്ടിയതെന്നു് അച്ഛൻ പിന്നീടു് പറഞ്ഞു. എമ്പ്രാന്തിരി കാവിലെ പൂജ
കഴിഞ്ഞു് പൂജാമുറിയിലെത്തിയപ്പോഴാണു് ദേവിയുടെ ഓട്ടു പ്രതിമയ്ക്കുമുമ്പിൽ വീണുകിടക്കുന്ന തന്നെ കണ്ടതത്രെ.
തലപൊട്ടി ചോരയൊലിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞാണു് ബോധം വന്നതു്. വാസുവിന്റെ കാര്യം ആരും
പറയുന്നില്ല. എന്തേ ഉണ്ടായതു്, തനിക്കിപ്പോഴും അറിയില്ല.
</p>
          <p>അയാൾ ഓർമ്മയിൽനിന്നുണർന്നു നിവർന്നിരുന്നു. രാജീവ് മുറ്റത്തേക്കിറങ്ങിയിരുന്നു.
</p>
          <p>“അമ്മേടെ കാലം കഴിഞ്ഞാൽ നമുക്കീ വീടു് വിൽക്കാം.” സാവിത്രി പറഞ്ഞു. “നമുക്കു് രണ്ടാൾക്കും
എന്തായാലും ഇവിടെ വന്നു് നിൽക്കാൻ കഴിയില്ല.”
</p>
          <p>അയാൾ ഉറപ്പിച്ചിരുന്നു. ഈ നാലുകെട്ടിൽ ഭയപ്പെടുത്തുന്ന എന്തോ ഉണ്ടു്. വെളിച്ചപ്പാടിന്റെ കല്പനകൾ
അയാൾ ഓർത്തു. “എന്റെ തട്ടകത്തിൽ കടന്നു് കളിക്കണ്ടാ… ഇവിടെ ഞാൻ മാത്രം മതി…”
എന്താണു് ആ കാളരാത്രിയിൽ സംഭവിച്ചതു്. അയാൾക്കറിയില്ല. വാസു എങ്ങിനെയാണു് പെട്ടെന്നു്
അപ്രത്യക്ഷനായതു? അയാൾക്കു് ഒരിക്കലും ഉത്തരം കിട്ടില്ലെന്നു തോന്നി.
</p>
          <p>രാത്രി അമ്മയ്ക്കു് അസുഖം കൂടി. അയാൾ സാവിത്രിയോടു് ഡോക്ടറെ വിളിക്കണോ എന്നു ചോദിച്ചു. അവൾ
വേണ്ടെന്നു പറഞ്ഞു. അവർ രണ്ടുപേരും ഉറക്കമൊഴിച്ചു് കട്ടിലിന്റെ അടുത്തു് ഇരുന്നു.
</p>
          <p>അമ്മ പുലർച്ചെ മരിച്ചു.
</p>
          <p>അയൽക്കാരും ബന്ധുക്കളും എത്തിത്തുടങ്ങി. മരണവാർത്ത ആരും അറിയിക്കാതെത്തന്നെ പരക്കുന്നു.
രാജീവ് എഴുന്നേറ്റിട്ടുണ്ടാവുമോ? അവൻ അറിഞ്ഞുകാണുമോ? അവൻ മുറിയിലുണ്ടായിരുന്നില്ല. അയാൾ
മുറ്റത്തേയ്ക്കിറങ്ങി. നാട്ടിൽ വന്നശേഷം ഉണർന്നെഴുന്നേറ്റ ഉടനെ മുറ്റത്തും പറമ്പിലും നടക്കുക അവന്റെ
ശീലമായിരുന്നു. അവൻ പടിഞ്ഞാറെ മുറ്റത്തുണ്ടായിരുന്നു.
</p>
          <p>അവൻ ചുമരിന്റെ മുകളിലേയ്ക്കു് നോക്കിക്കൊണ്ടു നിൽക്കുകയാണു്. അയാൾ അടുത്തെത്തിയപ്പോൾ അവൻ
അച്ഛനെ ഒന്നു നോക്കി, വീണ്ടും മുകളിലേയ്ക്ക്തന്നെ നോക്കി.
</p>
          <p>“അച്ഛാ,” അവൻ വിളിച്ചു, “ഇവിടെ വരൂ.”
</p>
          <p>അയാൾ അടുത്തു ചെന്നു. രാജീവൻ നോക്കിയിരുന്നതു് ചുമരിനു മുകളിലുള്ള പൊത്തിലേയ്ക്കായിരുന്നു.
</p>
          <p>“അച്ഛാ, അവിടെ ദാ ആ പൊത്തിന്റവിടെ എന്തോണ്ടായിരുന്നു.”
</p>
          <p>“എന്തു?” അയാൾ ഉദ്വേഗത്തോടെ ചോദിച്ചു.
</p>
          <p>“എന്തോ ഒന്നു്, എനിക്കു് പറയാൻ പറ്റ്ണില്ല. ഞാൻ നോക്ക്യപ്പോ അതു് പെട്ടെന്നു് കാണാൻല്ല്യാതായി.”
</p>
          <p>അയാൾ തന്റെ ഭയം പുറത്തു കാണിക്കാതെ അവനോടു പറഞ്ഞു.
</p>
          <p>“മോനെ ഉമ്മറത്തേയ്ക്കു പോവു. അവിടെ ആൾക്കാരൊക്കെ വന്നിട്ടുണ്ടു്.”
</p>
          <p>അയാൾ ക്ഷീണിച്ചിരുന്നു. മോനു് പെട്ടെന്നു് വാസുവിന്റെ ഛായ ഉണ്ടായതു് തന്റെ തോന്നലായിരിക്കാം.
അയാൾ പ്രാചീനമായ ആ ഗുഹാമുഖത്തേയ്ക്കു് നോക്കി. അതിനുള്ളിൽ ഇരുട്ടിന്റെ നിഗൂഢതയിൽ സ്മൃതികൾ
ഉറങ്ങുകയാണു്, മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ.

</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Mattoru Lokaththil, Mattoru
Kaalaththil (ml: മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Mattoru Lokaththil, Mattoru Kaalaththil, ഇ ഹരികുമാർ, മറ്റൊരു ലോകത്തിൽ, മറ്റൊരു കാലത്തിൽ,
Open Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 20, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Delaware_Water_Gap_MET_DT2892.jpg">Delaware
Water Gap,</ref> a painting by <ref target="https://en.wikipedia.org/wiki/en:George_Inness">George Inness</ref>
 (1825–1894). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-mattoru.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-mattoru.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
