<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">താമസി</title>
          <title xml:lang="en" type="main">Thamasi</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">August 5, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">താമസി</title>
              <title xml:lang="en" type="main">Thamasi</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Thamasi</term>
          <term>ഇ ഹരികുമാർ</term>
          <term>താമസി</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Lower_Yosemite_Valley.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Lower_Yosemite_Valley.jpg">Lower
Yosemite Valley,</ref> a painting by <ref target="https://en.wikipedia.org/wiki/en:Albert_Bierstadt">Albert
Bierstadt</ref>  (1830–1902). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">താമസി</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">താമസി</head>
        <div type="lsection">
          <p style="noindent">ദുർദ്ദേവതകളുടെ വാസം കണ്ടൻ പറയന്റെ കുടിലിനു പുറത്തായിരുന്നു. പറമ്പിൽ
കാഞ്ഞിരത്തിന്റെ തറയിൽ, മുറ്റത്തു് അരമതിലിന്മേൽ പടിക്കലേക്കു നോക്കിക്കൊണ്ടു്, പിന്നെ കുടിലിന്റെ
മൺകട്ടകൊണ്ടുണ്ടാക്കിയ വെള്ള വലിക്കാത്ത ചുമരിൽ ഒക്കെ അവർ നിലകൊണ്ടു. താമസി മാത്രം
ദുർദ്ദേവതയാണെങ്കിലും അകത്തായിരുന്നു വാസം. അതിനു കാരണമായി പറയാൻ പറഞ്ഞതു് അവൾ
സുന്ദരിയാണെന്നായിരുന്നു. ഓള്ക്കു് ഭംഗീണ്ടു്. അതോണ്ടു് അകത്താകട്ടേച്ചു.
</p>
          <p>ഒരടി പൊക്കമുള്ള ഒരോട്ടുപ്രതിമ, തുടുത്തു് തിളങ്ങുന്ന എണ്ണമയമുള്ള കവിളുകൾ, കുന്നിമണികൊണ്ടു്
കണ്ണുകൾ. ചുണ്ടിൽ ചുവന്ന ചായം. സമൃദ്ധമായ കറുത്ത തലമുടി, കടും ചുവപ്പു്, പട്ടുചേലയാണു് വേഷം. ഞാൻ
കാണുമ്പോഴെല്ലാം താമസിയുടെ കഴുത്തിൽ തെച്ചിപ്പൂമാലയുണ്ടായിരുന്നു. നെറ്റിമേൽ രക്തചന്ദനവും.
</p>
          <p>അയാൾ നിലത്തു് പായ വിരിച്ചു് കിടക്കുന്നതിന്റെ തലയ്ക്കൽ ഭാഗത്തു് മരത്തിന്റെ ഉയരം കുറഞ്ഞ
പീഠത്തിന്മേലാണു് താമസിയെ വെച്ചിരിക്കുന്നതു്.
</p>
          <p>പക്ഷേ, ഓള് ഈ കാണണമാതിരിയൊന്നും അല്ലാട്ടോ. പറയൻ പറയും. ദുർഗുണം മാത്രെള്ളു. ഓളെ തൊട്ടു
കളിച്ചോരെ ഓള് തട്ടും.
</p>
          <p>എനിയ്ക്കു ഭയമായിരുന്നു. പറയന്റെ വീടിന്റെ മുന്നിലൂടെയുള്ള ഇടവഴി കടന്നു വേണം സ്ക്കൂളിൽ പോകാൻ.
പാടത്തു നിന്നു് അല്ലിത്തണ്ടുകളും അരിപ്പൂച്ചെടികളും തിങ്ങി നിൽക്കുന്ന ഇടവഴിയിലെത്തുമ്പോൾ എന്റെ നടത്തം
വേഗത്തിലാവും. പറയന്റെ വീട്ടു പടിക്കലെത്തുമ്പോഴേക്കും ഒരു മാതിരി ഓട്ടമായിട്ടുണ്ടാവും. ഭയത്തോടെ
പറയന്റെ കുടിലിലേക്കു് നോക്കുമ്പോൾ കാണുന്നതു് അര മതിലിന്മേൽ ഒരു കയ്യിൽ വാളും മറു കയ്യിൽ
കോഴിയെപ്പോലെ ഒരു പക്ഷിയും പിടിച്ചുനിൽക്കുന്ന വലിയ ഒരു രൂപമാണു്. അതിന്റെ തുറിച്ചുനോക്കുന്ന വലിയ
കണ്ണുകൾ. ഏകദേശം വയറുവരെ തൂങ്ങിക്കിടക്കുന്ന ദാഹാർത്തമായ ചുവന്ന നാവു്. നാവിൽനിന്നും തലപോയ
പക്ഷിയുടെ കഴുത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോര.
</p>
          <p>പിന്നെ കണ്ണടച്ചു് ഒരോട്ടമാണു്. പറയന്റെ വീടുകഴിഞ്ഞു് നാലു പറമ്പു് പിന്നിടുവോളം ഓട്ടം തുടരും. അന്നു
ഞാൻ പറയനേയോ പറയന്റെ ദുർദേവത താമസിയേയോ നേരിട്ടു പരിചയപ്പെട്ടിരുന്നില്ല. അരമതിലിന്മേൽ
കൊത്തിവെച്ച ചോരയിറ്റു വീഴുന്ന നാവു നീട്ടി നിലകൊള്ളുന്ന രക്തചാമുണ്ഡിയുടെ രൂപം മാത്രമാണു് എന്റെ
കാലുകളെ ബലഹീനമാക്കിയിരുന്നുതു്. മറ്റെല്ലാം കേട്ടറിവേയുള്ളു. പറയൻ മാരണം ചെയ്യുന്നതു്, ഒടി മറയുന്നതു്.
പിന്നെ ചുടലപ്പറമ്പിൽ രാത്രി പോയിരുന്നു് ദുർമന്ത്രവാദം ചെയ്യുന്നതു്.
</p>
          <p>സ്ക്കൂളിൽ അക്ഷരാഭ്യാസം മാത്രമേ നടക്കുന്നുള്ളു. വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം തുറന്നിരുന്നതു്
തങ്കേടത്തിയായിരുന്നു. ആഭിചാരത്തിന്റെ കറുത്ത വിചിത്രമായ ലോകം അവർ വരച്ചുകാട്ടി. പറയന്റെ
കഴിവുകൾക്കു മുമ്പിൽ ഒരു ശരാശരി മനുഷ്യൻ എത്ര നിസ്സഹായനാണെന്നു ഞാൻ കണ്ടു. ഞായറാഴ്ചകളിൽ
മാവിൻ ചുവട്ടിൽ കാറ്റത്തുവീണ മാമ്പഴം കടിച്ചു തിന്നുകൊണ്ടു് തങ്കേടത്തി ആഭിചാരത്തെപ്പറ്റിയും
പ്രേതങ്ങളെപ്പറ്റിയും പറഞ്ഞുതന്നു. കഥകൾ ഒരായിരം കഥകൾ! രക്തം കട്ടപിടിക്കുന്ന കഥകൾ. എന്റെ
കൈകൾ തണുത്തു വിറങ്ങലിക്കുന്നു. എങ്ങിനെ, ആരോഗ്യവാനായ ഒരാളെ പറയൻ രാത്രി കാളയുടെ
രൂപമെടുത്തുവന്നു് ഒടിച്ചുകൊല്ലുന്നുവെന്നു കേൾക്കുമ്പോൾ എങ്ങിനെ മന്ത്രവാദം കൊണ്ടു് ഒരാളുടെ ശ്രേയസ്സ്
മുഴുവൻ അപഹരിച്ചു് കുമ്പിളെടുപ്പിക്കുന്നുവെന്നു് കേൾക്കുമ്പോൾ ഞാൻ വിറയ്ക്കുന്നു. ഗർഭിണികളെ അർദ്ധരാത്രി
മന്ത്രം ജപിച്ചു് ആകർഷിച്ചു് വീട്ടിനു പുറത്തേക്കു് കൊണ്ടു വന്നു് ഒടിച്ചുകൊന്നു് ഗർഭസ്ഥ ശിശുവിനെ
പുറത്തേയ്ക്കെടുത്തു് ഉണക്കി പൊടിച്ചു്…
</p>
          <p>ഞാൻ അനങ്ങാൻ ധൈര്യമില്ലാതെ എല്ലാം ഇരുന്നു് കേൾക്കുന്നു. ഈ പച്ചച്ച ലോകം ഉള്ളിൽ എത്ര
ഭീകരമാണെന്നു് ഞാൻ മനസ്സിലാക്കി വാഴത്തോപ്പിന്നിടയിലേയ്ക്കു് നോക്കുമ്പോൾ അവിടെ തഴപ്പുകൾക്കിടയിൽ
ഒളിച്ചിരിക്കുന്ന പറയന്റെ അദൃശ്യസാന്നിദ്ധ്യം ഞാൻ അറിഞ്ഞു. ഏതു നിമിഷവും ഒരു കാളക്കൂറ്റന്റെ രൂപത്തിൽ
പുറത്തുചാടാൻ തയ്യാറായി നിൽക്കുന്ന പറയൻ.
</p>
          <p>താമസിയുടെ കാര്യം പറഞ്ഞതും തങ്കേടത്തി തന്നെയായിരുന്നു. ദുർഗുണ ദേവതയാണെങ്കിലും താമസി
സമ്പത്തിന്റെ കൂടി ദേവതയാണു്. ശരണാർത്ഥികൾക്കു് ധാരാളം സമ്പത്തുണ്ടാക്കുന്ന ദേവതയാണു് താമസി.

</p>
          <p>ധാരാളം പണംണ്ടാവാൻ നമ്മള് എന്താ ചെയ്യണ്ടതു്. ഞാൻ ചോദിക്കും.
</p>
          <p>കണ്ടൻ പറയന്റെ അടുത്തു ചെന്നു് പൂജ കഴിക്കാൻ പറയ്യാ. താമസിക്കു പൂജ കഴിക്കുന്നതിനു മുമ്പെ മറ്റു് മൂന്നു
ദൈവങ്ങൾക്കു് പൂജ വേറെ ചെയ്യണം. ന്നാലെ ഫലണ്ടാവു. എല്ലാം പറയന്റെ പറമ്പിലു് തന്ന്യാള്ളതു്. ആദ്യം
ചോഴിക്കു് കൊടുക്കണം. ചോഴിക്കു് എന്താ കൊടുക്കാന്നറിയ്യോ? കള്ളും കോഴിടെ ചോരേം. കോഴീടെ
കഴുത്തറുത്തു് ചോര കൊടുക്കണം.
</p>
          <p>ജീവനുള്ള കോഴീയുടെ കഴുത്തറുക്കുക. അതൊരു പുതിയ അറിവായിരുന്നു. അതെന്നെ അസ്വസ്ഥനാക്കി.
ആർക്കും ഉപദ്രവം ചെയ്യാത്ത ഈ സാധുജീവികളെ കഴുത്തറുത്തു് കൊല്ലുമെന്ന വിചാരമേ എനിയ്ക്കുണ്ടായിരുന്നില്ല.
തങ്കേടത്തി പറഞ്ഞപ്പോഴാണു് മനസ്സിൽ അപൂർണ്ണങ്ങളായി കിടന്നിരുന്ന പല ചിത്രങ്ങളും പൂർണ്ണമായതു്. ആ
ചിത്രങ്ങൾ എന്നെ ദുഃഖിപ്പിച്ചു. ഒപ്പം തന്നെ ഭയപ്പെടുത്തുകയും ചെയ്തു. പറയന്റെ അരമതിലിന്മേൽ കൊത്തി വെച്ച
രൂപം ഓർമ്മ വന്നു. രക്തചാമുണ്ഡിയുടെ ഇടതു കയ്യിൽ പിടിച്ച തലയില്ലാത്ത പക്ഷി. വെട്ടിയിട്ട കഴുത്തിൽ നിന്നു്
ഇറ്റുവീഴുന്ന ചോര. താലപ്പൊലിക്കു തൊട്ടു മുമ്പു് പറയൻ ആ രൂപത്തിനു് ചായം കൊടുക്കാറുണ്ടു്. ചോരയുടെ നിറം
കടും ചുവപ്പാകും. പക്ഷിയുടെ തൂവലുകൾക്കു് ഭംഗി വെയ്ക്കും. മൂർത്തിയുടെ കണ്ണുകൾ തീക്ഷ്ണമാകും. പിന്നെ ക്രമേണ
മഴക്കാലം കഴിയുമ്പോഴേയ്ക്കും ചായം മങ്ങുകയും മൂർത്തിയുടെ രൗദ്രത കുറഞ്ഞുവരികയും ചെയ്യും.
</p>
          <p>താലപ്പൊലിക്കു മുമ്പു് അമ്മാവൻ വേലക്കാരിയുടെ കയ്യിൽ കൊടുത്തയച്ചിരുന്ന പനമ്പു കൊട്ടയിലെ
രഹസ്യാത്മകമായ സാധനങ്ങൾ എന്തായിരുന്നുവെന്നു് എനിയ്ക്കു് ഇപ്പോൾ മനസ്സിലായി.
</p>
          <p>കൊട്ട തുണികൊണ്ടു് ഭദ്രമായി അടച്ചു മൂടിയിട്ടുണ്ടാകും. ഞാൻ ചോദിക്കും.
</p>
          <p>ഇതിനുള്ളിലെന്താണു് പാറു?
</p>
          <p>അതു് പറയന്റോടെ പൂജക്കു് കൊണ്ട്വാവാനാണു്.
</p>
          <p>എന്തൊക്കെ സാധനങ്ങളാണു്?
</p>
          <p>അതൊന്നും ഉണ്ണി അന്വേഷിക്കണ്ട. കുട്ട്യോൾക്കു് അതൊന്നും അറിയാനായിട്ടില്ല.
</p>
          <p>പെട്ടെന്നു് അപ്രത്യക്ഷമാവുന്ന പൂവൻ കോഴികൾ എങ്ങോട്ടാണു് പോയി മറയുന്നതെന്നു് ഇപ്പോഴാണു്
എനിയ്ക്കു മനസ്സിലാവുന്നതു്. ഞാൻ തങ്കേടത്തിയോടു ചോദിയ്ക്കും.
</p>
          <p>എന്തിനാ തങ്കേടത്തി അമ്മാവൻ കോഴികളെ കൊല്ലാൻ കൊടുക്കണതു?
</p>
          <p>അതേയ്. അതു് അച്ഛൻ പൂജയ്ക്കു് കൊടുത്തയക്ക്വാ. അങ്ങിനല്ലെ അച്ഛനു് ഈ കാണണ സ്വത്തൊക്കണ്ടായതു?
താമസിയെ സന്തോഷിപ്പിച്ചാൽ അവൾ എന്തും തരും.
</p>
          <p>പിന്നെ സ്വകാര്യമായി തങ്കേടത്തി എന്റെ ചെവിയിൽ പറഞ്ഞു.
</p>
          <p>ആരോടും പറയരുത്ട്ടൊ. അച്ഛന്റെ എഴുത്തുപെട്ടീലു് സ്വർണ്ണക്കട്ടീണ്ടു്. ഞാങ്കണ്ടതാ. അതെല്ലാം താമസിക്കു്
പൂജ ചെയ്തു് കിട്ടീതാ.
</p>
          <p>ചോഴിയ്ക്കു് പൂജ കഴിഞ്ഞാൽ പിന്നെ ചാമുണ്ഡിയ്ക്കു് കൊടുക്കണം. അതും കള്ളും, കോഴീം മലരും ആണു്. പിന്നെ
പറക്കുട്ടിണ്ടു്. അതു് പറയന്റെ ചൊമര്മ്മ്ലു്. അതിനു് മലരും പൂവും മാത്രേ വേണ്ടു. അതും കഴിഞ്ഞിട്ടാണു്
താമസിയ്ക്കു്.
</p>
          <p>താമസി കോഴീനെ തിന്ന്വോ?
</p>
          <p>ശ്ശ്… അവർ എന്റെ വായ പൊത്തി. അങ്ങിനെയൊന്നും പറയുന്നതു് താമസിയ്ക്കു് ഇഷ്ടല്ല. അതിന്റെ
കോപം നിനക്കറിയാഞ്ഞിട്ടാ.
</p>
          <p>തങ്കേടത്തി താമസിയെ കണ്ടിട്ടുണ്ടോ?
</p>
          <p>ഉം ഉം, പക്ഷേ, പാറു പറഞ്ഞു കേട്ടിട്ടുണ്ടു്.

</p>
          <p>ഞാനും അപ്പോൾ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നെ യാദൃച്ഛികമായി ഒരു ദിവസം.
</p>
          <p>ഞാൻ ഓടുകയായിരുന്നു. രക്തം ഇറ്റു വീഴുന്ന നാവുനീട്ടി രക്തചാമുണ്ഡി പടിക്കലേക്കു നോക്കി നിന്നു.
ചാടാൻ തയ്യാറായിനിൽക്കുന്ന ചാമുണ്ഡിയേയും തേയ്ക്കാത്ത ചുമരിന്മേൽനിന്നു പല്ലിളിയ്ക്കുന്ന പറക്കുട്ടിയേയും ഇടം
കണ്ണിട്ടു നോക്കി ഞാൻ ഓടി.
</p>
          <p>പെട്ടെന്നാണു്.
</p>
          <p>എന്റെ പാഠപുസ്തകങ്ങൾ തെറിച്ചു പോയി.
</p>
          <p>ഞാൻ നാലു കുട്ടിക്കരണം മറിയുന്നതും അതിന്റെ അവസാനത്തിൽ എന്തോ ഒന്നു് എന്നെ
താങ്ങിയെടുക്കുന്നതും അറിഞ്ഞു. വിയർപ്പിന്റെ പ്രാകൃതമായ കുത്തുന്ന മണം ഞാനറിഞ്ഞു. കണ്ണു തുറന്നു
നോക്കിയതു് കണ്ടൻ പറയന്റെ മുഖത്തായിരുന്നു. അയാളുടെ കറുത്തു മെലിഞ്ഞ നെഞ്ചിലായിരുന്നു എന്റെ മുഖം.
പറയൻ എന്നെ നെഞ്ചോടു ചേർത്തു് വലത്തെ കൈകൊണ്ടു് മുറുക്കെ പിടിച്ചിരിക്കയാണു്. മറ്റേ കയ്യിൽ ഒരു
താലത്തിൽ എന്തോ ഉണ്ടു്. ആ താലം കയ്യിൽനിന്നു് വീണു പോകാതിരിക്കാൻ അയാൾ കൈകൊണ്ടു് അഭ്യാസം
നടത്തുകയാണു്.
</p>
          <p>എന്നെ രണ്ടു കാലിന്മേലും നിർത്തി പറയൻ താലം വലതു കയ്യിലേയ്ക്കു മാറ്റി.
</p>
          <p>ആരിതു? ഇതു് നമ്മടെ ചെറ്യമ്പ്രാനല്ലെ? മേനോൻമ്പ്രാന്റെ അനന്തരോൻ.
</p>
          <p>ഞാൻ തടഞ്ഞു് മലക്കം മറയാൻ കാരണമായ മാവിന്റെ വേരു് കുറച്ചു് ഇളകിക്കിടന്നിരുന്നു. ഞാൻ പറയന്റെ
കയ്യിലുള്ള താലത്തിലേയ്ക്കു നോക്കി.
അതിൽ ഒരു ഓട്ടുപ്രതിമ വീണു കിടക്കുന്നുണ്ടു്.
</p>
          <p>താമസിയാണു്. കണ്ടൻ പറയൻ ഒരു ചിരിയോടെ പറഞ്ഞു. പിന്നെ ദേഹത്തു നിന്നു മാറിയ വിരാളിപ്പട്ടു്
നീക്കി പ്രതിമ കഴുത്തുവരെ പുതപ്പിക്കുകയും ചെയ്തു.
</p>
          <p>ഈ കാണണമാതിരി ഒന്ന്വല്ലമ്പ്രാനെ. ഇവള് ആള് ജഗജില്ല്യാ.
</p>
          <p>എന്നിട്ടു് പ്രതിമയെ താലത്തിലുള്ള മരത്തിന്റെ പീഠത്തിൻമേൽ വെച്ചു് എനിയ്ക്കു് കാണിച്ചു തരികയും ചെയ്തു.
</p>
          <p>വീഴ്ച താമസിയെ ഒട്ടും അലങ്കോലപ്പെടുത്തിയില്ല. മുഖത്തു് ഭാവഭേദമൊന്നുമില്ല. നമ്മിലേക്കു് ചുഴിഞ്ഞു
നോക്കുന്ന കണ്ണുകൾ. ഞാൻ കണ്ണെടുത്തു. ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ വാരിക്കൂട്ടി ഓടാൻ തുടങ്ങി.
</p>
          <p>സ്ക്കൂളിലെത്തിയിട്ടാണു് ഞാൻ പറയനെപ്പറ്റി ഓർത്തതു്. കറുത്തു് ഇരുണ്ട ദേഹം, ചകിരിനാരുകൾ പോലെ
എറുത്തു നിൽക്കുന്ന മുടി. നരച്ചു തുടങ്ങിയ കുറ്റിരോമങ്ങൾ മുഖത്തു്. ഒരു തോർത്തുമുണ്ടു് മാത്രം വേഷം. അതാകട്ടെ
കീറി മുഷിഞ്ഞിരുന്നു. താമസിയുടെ പട്ടുപുടവയും കണ്ടൻ പറയന്റെ അരയിലുള്ള കീറിയ തോർത്തു മുണ്ടും
തമ്മിലുള്ള അന്തരം എന്നെ അസ്വസ്ഥനാക്കി.
</p>
          <p>എന്റെ ജന്മാന്തരങ്ങളിലെവിടേയോ ഒരു പറയനും അവന്റെ പ്രാകൃതമായ മനുഷ്യഗന്ധവുമുണ്ടു്. അതു്
ഉറക്കങ്ങളിൽ എന്നെ വന്നു് അലട്ടി. കുന്നിക്കുരുവിന്റെ തീക്ഷ്ണമായ കണ്ണുകളുള്ള ഓരോട്ടു പ്രതിമയും, സ്ഥാനം
തെറ്റിയ പട്ടുപുടവ മറ നീക്കിയ വടിവൊത്ത മുലകളും. തറവാട്ടിൽ സമൃദ്ധിയുടെ വിത്തുകളെറിഞ്ഞ താമസി.
</p>
          <p>താമസിയെ ഞാൻ പിന്നെ കുറെക്കാലം കണ്ടില്ല. പറയൻ പക്ഷേ, ആ ചുറ്റുവട്ടത്തെല്ലാമുണ്ടായിരുന്നു.
പറയന്റെ വേലിയ്ക്കൽ എരുക്കിൻ ചെടികൾ പൂത്തു നിന്നു.
</p>
          <p>ഞാൻ തങ്കേട്ത്തിയോടു് താമസിയെ കണ്ടതു പറഞ്ഞു. പക്ഷേ, താമസിയുടെ പട്ടു പുടവ ദേഹത്തുനിന്നു
മാറിയതോ, ഞാൻ പറയനെ തൊട്ടതോ പറഞ്ഞില്ല. പറയനെ തൊടുക പോയിട്ടു് അടുത്തു ചെന്നാൽത്തന്നെ
അശുദ്ധമാവുമെന്നും കുളിക്കണമെന്നും എനിയ്ക്കന്നു് അറിയാമായിരുന്നു. കുളിച്ചു് പുണ്യാഹം തളിച്ചേ വീട്ടിനുള്ളിൽ
കടത്തു. പറയൻ തൊട്ട അന്നു് വൈകുന്നേരം ഞാൻ കുളിച്ചിട്ടുണ്ടായിരുന്നില്ല.
</p>
          <p>ഇപ്പൊ താമസിടെ പൂജ നടക്കണ കാലാ. നീയെപ്പഴാ കണ്ടതു? തങ്കേട്ത്തി അല്പം ഭയത്തോടെ ചോദിച്ചു.
</p>
          <p>രാവിലെ സ്ക്കൂളിൽ പോമ്പോ. കണ്ടൻ പറയന്റെ കയ്യിലായിരുന്നു.

</p>
          <p>ആ, അതു് താമസിയെ പൂജക്കു് കൊണ്ടു പോക്വാണു്. കുന്ന്മ്മ്ലു് പറയന്മാരുടെ മണ്ടകംണ്ടു്. അവിടേയ്ക്കു്
കൊണ്ടുപോക്വാ. പൂജടെ കാലത്തു് ഉച്ചതിരിഞ്ഞാ താമസിയെ കാണാൻ പാടില്ല്യ. കണ്ടാൽ നമ്മള് വസൂരി വന്നു്
ചാവും.
</p>
          <p>ഭാഗ്യം കൊണ്ടു് ഞാൻ രക്ഷപ്പെട്ടു.
</p>
          <p>ഇന്നു് മുപ്പത്തഞ്ചുവർഷങ്ങൾക്കു ശേഷം ഞാൻ ആലോചിക്കുകയാണു്. താമസിയെപ്പറ്റി, കണ്ടൻ
പറയനെപ്പറ്റി. തങ്കേട്ത്തിയെപ്പറ്റി. വയലുകൾക്കു നടുവിൽ ദ്വീപുകളെപ്പോലെ തോന്നിക്കുന്ന പറമ്പുകളിൽ
മുൾവേലിക്കുള്ളിൽ നിറയെ മരങ്ങൾ പൊതിഞ്ഞ ഓടിട്ട വീടുകൾ, ഓലപ്പുരകൾ. ഇടവഴിയിൽവെച്ചു് കണ്ടുമുട്ടാറുള്ള
പറയന്റെ ദയനീയ മുഖം ഞാൻ ഇപ്പോഴുമോർക്കുന്നു. ആ മുഖം എന്റെ മനസ്സിൽ കൊത്തിവെക്കുമാറ്
അത്രയധികം പ്രാവശ്യം പറയനെ ഞാൻ കാണുകയുണ്ടായി. മാവിൻവേരു് തടഞ്ഞു് തെറിച്ചു് പറയന്റെ
കൈകളിലെത്തിയ ദിവസം മുതൽ മിയ്ക്കവാറും എന്നും ഞാൻ പറയനെ കണ്ടിരുന്നു. അങ്ങിനെ ഒരു
പരിചയപ്പെടലിനായി കണ്ടൻ പറയൻ കാത്തിരുന്ന പോലെ. പറയൻ അടുത്തു വന്നില്ല. രണ്ടു വാര അകലെ
നിന്നു കൊണ്ടു് എന്നോടു് സംസാരിച്ചു. വിയർപ്പിന്റെ പ്രാകൃതമണം എന്നെ തേടി വന്നു. ഒപ്പം തന്നെ
അരിപ്പൂവിന്റെയും, കുങ്കുമപ്പൂക്കളുടെയും വാസനയും.
</p>
          <p>ചെറ്യമ്പ്രാനു് ഞാനൊരു സാധനണ്ടാക്കി തരാം.
</p>
          <p>എന്തു സാധനം?
</p>
          <p>അതിലു് കല്ലിട്ടു് പക്ഷികളെ എറിഞ്ഞു പിടിക്കാം.
</p>
          <p>ഞാൻ വളരെ കാലമായി മോഹിച്ചു കൊണ്ടിരുന്ന ഒരു സാധനമായിരുന്നു അതു്. കണ്ടൻ പറയൻ
ചുറ്റുവട്ടത്തും നോക്കി സ്വരം താഴ്ത്തി പറഞ്ഞു.
</p>
          <p>ചെറ്യമ്പ്രാൻ അട്യനു് ഒരു കാര്യം ചെയ്യോ? നാളെ വരുമ്പോ ഒരണ കൊണ്ടര്വോ? ഒരണയോ?
</p>
          <p>പറയൻ തലയുടെ പിന്നിൽ ചൊറിഞ്ഞു നിന്നു.
</p>
          <p>എന്റെ മനസ്സിലെ പലതും തകർന്നൂ. പറയൻ
എന്നോടുള്ള ഇഷ്ടം കൊണ്ടു് ആ സാധനം വെറുതെ തരുകയാണെന്നായിരുന്നു ഞാൻ ധരിച്ചിരുന്നതു്. ആ
സാധനത്തിനു് വിലയായി ഒരണ എടുക്കുന്നു എന്നതു് സുഖമുള്ള കാര്യമായിരുന്നില്ല. പിന്നെ രണ്ടാമതായി ഒരണ
ഉണ്ടാക്കുന്നതു് എളുപ്പമല്ലതാനും. ഞാൻ ചോദിച്ചു.
</p>
          <p>അതിന്റെ വില ഒരണ്യാണോ?
</p>
          <p>പെട്ടെന്നു് പറയന്റെ മുഖം വാടി
</p>
          <p>അയ്യോ ചെറ്യമ്പ്രാനെ അങ്ങനെ പറയരുതു്. ചെറ്യമ്പ്രാന്റെ അടുത്ത്ന്നു് ഞാൻ വെല്യൊക്കെ വാങ്ങ്വോ?
ഒരണ അടിയനു് വല്ലതും തിന്നാനാണു്. അട്യേൻ രണ്ടീസായി ഒന്നും കഴിച്ചിട്ടില്ല.
</p>
          <p>വടക്കിനി വളരെ വിശാലമായിരുന്നു. രാവിലെ എല്ലാവരും നെയ്യിട്ട കഞ്ഞിയും നാളികേരച്ചമ്മന്തിയും
കഴിക്കുക വടക്കിനിയിൽ സിമന്റിട്ട ചുവന്ന നിലത്തിരുന്നാണു്. അമ്മാവൻ പുല്ലുപായിൽ ചമ്രം പടിഞ്ഞിരുന്നാണു്
കഞ്ഞി കുടിക്കാറ്. ഉച്ചയ്ക്കുള്ള ഊണു് വളരെ വിശേഷമാണു്. നെല്ലുകുത്തിയരികൊണ്ടു് ചോറ്, സാമ്പാർ, കാളൻ,
മെഴുക്കുപെരട്ടി, പപ്പടം, കറികൾ, കട്ടിയുള്ള മോരു് ഇടയ്ക്കിടയ്ക്കു് ആരുടെയെങ്കിലും പിറന്നാൾ സദ്യയുണ്ടാകും
അതല്ലെങ്കിൽ അമ്പലത്തിൽ വഴിപാടിന്റെ നെയ്പായസമുണ്ടാകും.
</p>
          <p>വൈകുന്നേരം സ്ക്കൂൾ വിട്ടു വന്നാൽ ചായയുടെ ഒപ്പം എന്തെങ്കിലും പലഹാരം ഉണ്ടാവും. ഇലയടയോ,
ദോശയോ, നെയ്യപ്പമോ, അവിൽ നനച്ചതോ, ഇതൊക്കെ തിന്നാലും ഏഴുമണിയോടെ വീണ്ടും വിശക്കുന്നു.
</p>
          <p>ഞാൻ തങ്കേട്ത്തിയോടു് ചോദിച്ചു.
</p>
          <p>അമ്മാവനു് താമസി ധാരാളം പണംണ്ടാക്കി കൊടുക്കിണില്ല്യെ?
</p>
          <p>അല്പം താമസിച്ചു്, എന്റെ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ കഴിയുമോ എന്നു് ഒരു മിനിറ്റ് ശ്രമിച്ച

ശേഷം തങ്കേട്ത്തി പറഞ്ഞു. …ണ്ട്…
</p>
          <p>അപ്പൊ താമസി ആർക്കും പണംണ്ടാക്കികൊടുക്ക്വോ?
</p>
          <p>താമസി പൂജ നടത്തിയാൽ മതി. അവൾ ആർക്കും പണംണ്ടാക്കികൊടുക്കും.
</p>
          <p>പിന്നെ സ്വരം താഴ്ത്തി എന്റെ കാതുകളിൽ പറഞ്ഞു.
</p>
          <p>നമ്മടെ വടക്കേലെ നാരായണമേനോന്നു് എങ്ങിന്യാ പണംണ്ടായതു? എല്ലാം വിറ്റ് പോവാൻ
നിക്ക്വായിരുന്നു. പെട്ടെന്നല്ലെ പണംണ്ടായതു്. ഇപ്പൊ വിറ്റ നെലൊക്കെ തിരിച്ചു് വാങ്ങിക്കൂട്ട്വല്ലെ?
</p>
          <p>കുറച്ചുകൂടി സ്വരം താഴ്ത്തി അവർ കാതിൽ മന്ത്രിച്ചു നാലു് കോഴീനീം ഒരു ആടിനീം ആണു് കുരുതികൊടുത്തതു്.
അറിയ്വോ. നീ ആരോടും പറയണ്ടാട്ടോ, നമ്മടെ പാറ്വാണു് കോഴിനിം ആടിനീം പറയനു് കൊണ്ടുപോയി
കൊടുത്തതു്.
</p>
          <p>മനുഷ്യന്റെ ഭാഗധേയങ്ങളിൽ കർശനമായി പക്ഷേ, ഫലപ്രദമായി താമസി ഇടപെട്ടു. ചുവന്ന
പട്ടുചേലയണിഞ്ഞു്, കുന്നിമണിക്കണ്ണുകളുമായി അവൾ വാളെടുത്തു് ഉറഞ്ഞു. തട്ടകങ്ങളിൽ കയറിയിറങ്ങി.
നന്മതിന്മകളുടെ കണക്കുകളെടുത്തു. വാങ്ങലും കൊടുക്കലും കഴിച്ചു. നന്മക്കു നന്മ. തിന്മക്കു തിന്മ.
കുന്തുരുക്കത്തിന്റെയും, സാമ്പ്രാണിയുടെയും പുക പറയന്റെ പറമ്പിൽ തങ്ങിനിന്നു. തെച്ചിപ്പൂക്കളും, മലരും,
കുരുതിയും കൊണ്ടു് പറയൻ താമസിയെ ഉപാസിച്ചു.
</p>
          <p>പറയൻ കാത്തുനിന്നിരുന്നു. കയ്യിൽ ചുരുട്ടികൂട്ടിയ കയറിന്റെ സാധനം. എന്നെ കണ്ടപ്പോൾ അയാൾ അതു്
നിവർത്തിക്കാണിച്ചു. കയർ മെടഞ്ഞുണ്ടാക്കിയ ഒരു കവണ. കുനിഞ്ഞു നിന്നു് ഒരു ചെറിയ കല്ലെടുത്തു് പറയൻ
അതിന്റെ നടുവിൽ വെച്ചു ഭയങ്കര വേഗത്തിൽ ചുഴറ്റാൻ തുടങ്ങി. അതിന്റെ അവസാനത്തിൽ ഞാൻ കണ്ടതു്, കല്ലു്
തെറിച്ചകലുന്നതാണു്. ഉയരത്തിൽ, വളരെ ഉയരത്തിൽ മാവിന്റെ ചില്ലകളിൽ നിന്നു് രണ്ടു മൂന്നു് ഇലകൾ
അറ്റുവീണു.
</p>
          <p>ആ കവണ നിലത്തുവെച്ചു് പറയൻ മാറി നിന്നു. ഞാൻ അതു് പോയി എടുത്തു. അപ്പോഴാണു് കീശയിലുള്ള
നാണ്യത്തിന്റെ ഓർമ്മ വന്നതു്. കീശയിൽ നിന്നു് അണത്തുട്ടെടുത്തു് ഞാൻ ഒരു കല്ലിന്മേൽ വെച്ചു.
</p>
          <p>ചെറ്യമ്പ്രാൻ പൈസ കൊണ്ടന്നുല്ലെ? അട്യനു് വലിയ സന്തോഷായി. ആ അണത്തുട്ടെടുത്തു് രണ്ടുകണ്ണിലും
വെച്ചമർത്തി, പറയൻ പറഞ്ഞു. ചെറ്യമ്പ്രാനു് നല്ലതു് വരട്ടെ.
</p>
          <p>പെൻസിൽ വാങ്ങാനെന്നു പറഞ്ഞാണു് ഞാൻ അമ്മയുടെ കയ്യിൽ നിന്നു പണം വാങ്ങിയതു്. ഇനി മേടിച്ച
പെൻസിൽ കാണണമെന്നു് അമ്മ വൈകുന്നേരം ആവശ്യപ്പെട്ടാലാണു് കുഴപ്പം.
</p>
          <p>ഞാൻ പറയനോടു് എന്റെ സംശയം ചോദിച്ചു.
</p>
          <p>താമസി, പൂജ നടത്തണോർക്കൊക്കെ ധാരാളം പണംണ്ടാക്കും. അല്ലെ?
</p>
          <p>അതോമ്പ്രോ.
</p>
          <p>അപ്പൊ പറയനെന്താ പണംണ്ടാവാത്തതു?
</p>
          <p>പറയൻ കുറെ നേരം ആലോചിച്ചു. തന്റെ സാമാന്യബുദ്ധിക്കതീതമായ ദുരൂഹതയിൽ, വിരോധാഭാസത്തിൽ
പറയൻ നഷ്ടപ്പെട്ടു പോയി. എണ്ണമയമില്ലാത്ത ചെമ്പിച്ചു് കാറ്റിൽ പറക്കുന്ന തലമുടിയും നിർജ്ജീവമായ
കണ്ണുകളിൽ പ്രതിഫലിച്ച നിസ്സഹായതയും ഞാൻ ഇപ്പോഴുമോർക്കുന്നു. ആ യാത്രയുടെ അന്ത്യത്തിൽ പറയൻ
തിരിച്ചു വന്നു. വളരെ പതുക്കെ മന്ത്രിക്കും വിധത്തിൽ പറഞ്ഞു.
</p>
          <p>പൂജ നടത്താനൊക്കെ കാശ് അട്യന്റെ കയ്യിലെവിട്യാ?
</p>
          <p>ആ വേനലവധിയിൽ കണ്ടൻപറയൻ വസൂരി പിടിച്ചു് കിടന്നു. അസംതൃപ്തരായ ദേവകൾ അന്യോന്യം
കലമ്പി. പരുഷമായ വാക്കുകൾ എറിയപ്പെട്ടു. കരിഞ്ചപ്പട്ടയുടെ വിത്തുകൾ. ചരൽക്കല്ലുപോലെ വാരി
എറിയപ്പെട്ടു. രാത്രി പറയന്റെ ഇടവഴിയിലൂടെ പോയവരാരും രക്ഷപ്പെട്ടില്ല. പറയൻ അഞ്ചാം ദിവസം മരിച്ചു.
പിന്നെ തുടർച്ചയായി അഞ്ചു ദിവസം പെയ്ത മഴ മഹാമാരിയുടെ വിത്തുകൾ ഒരു ധാരാളിയുടെ വാശിയോടെ
നശിപ്പിക്കും വരെ ആ ഗ്രാമം രോഷാന്ധരായ ദുർദ്ദേവതകളുടെ താണ്ഡവത്തിൽ അമർന്നു.

</p>
          <p>അടുത്തകൊല്ലം തൊട്ടു് ഞാൻ ആറാം ക്ലാസ്സിലായി, വേറെ സ്കൂളിൽ. എനിയ്ക്കു് പറയന്റെ ഇടവഴിയിലൂടെ
പോകേണ്ട ആവശ്യമില്ലാതായി.
</p>
          <p>അതിനിടയിൽ തങ്കേട്ത്തി മഞ്ഞപ്പിത്തം പിടിച്ചു് കിടപ്പിലായി. അതോടെ പ്രകൃത്യാതീതമായ
പ്രതിഭാസങ്ങളുമായുള്ള എന്റെ ബന്ധം തീരെ വിട്ടു. ഒടിമറയലുകളും ആഭിചാര ക്രിയകളും പഴയ ഓർമ്മയായി
മാറി. തങ്കേട്ത്തി വടക്കെ മുറിയിൽ കടഞ്ഞ കാലുള്ള കട്ടിലിന്മേൽ മഞ്ഞളിച്ച കവിളുമായി കിടന്നു.
മഞ്ഞനിറത്തിലുള്ള കണ്ണുകൾ വിഷമിച്ചു് പകുതി തുറന്നു് അവർ ചുറ്റും നോക്കി. വെളിച്ചം കുറവായ തട്ടിട്ട മുറിയിൽ
പനിയുടെയും കഷായങ്ങളുടെയും ഗന്ധം തങ്ങിനിന്നു.
</p>
          <p>ജ്യോത്സ്യർ കവിടിനിരത്തി പ്രശ്നം വെച്ചു. ജന്മാന്തരങ്ങളിലെ കഥകളുടെ ചുരുളഴിഞ്ഞു. മുജ്ജന്മസുകൃതങ്ങൾ
ജന്മങ്ങളായി അടിഞ്ഞുകൂടിയ കല്മഷത്തോടൊപ്പം ത്രാസിൽ തൂക്കപ്പെട്ടു. ദൈവജ്ഞന്മാർ തലയാട്ടി. ബുധനും
കേതുവും ഇനിയും അനേകം ജന്മങ്ങൾ താങ്ങേണ്ട പാപജഡത്തെ പാപദൃഷ്ടിയോടെ നോക്കി. സൂര്യദശയുടെ
സ്വാപഹാരത്തിലെ ശനി ഛിദ്രമാണു്. അങ്ങിനെയൊക്ക്യേ വരൂ. ദൈഷ്ടികനായ പിതാവു് സമാശ്വാസം
കണ്ടെത്തി.
</p>
          <p>മന്ത്രവാദികൾ ആനയിക്കപ്പെട്ടു. ധൂപക്കൂട്ടിന്റെ ഗന്ധം തറവാടിന്റെ പ്രാചീന ഭിത്തികളിൽ തട്ടിത്തട്ടി
തങ്കേട്ത്തി കിടക്കുന്ന മുറിയിലേക്കു ചെന്നു. മഞ്ഞളിച്ച കണ്ണുകളോടെ അവർ അതു നോക്കി കണ്ടു. അവർ
നിശ്ശബ്ദം താമസിയുടെ കാരുണ്യത്തിനു വേണ്ടി കേണു.
</p>
          <p>പറയന്റെ അഭാവത്തിൽ താമസി അലഞ്ഞുനടന്നു. ഓടയുടെയും ജമന്തിപ്പൂക്കളുടെയും
കുതിരച്ചാണകത്തിന്റെയും മണമുള്ള തെരുവുകളിൽ താമസി സ്വന്തം ആശ്രിതരെ സഹായിക്കാൻ കെല്പില്ലാതെ
അവരിൽ നിന്നു വളരെ അകന്നു് അലഞ്ഞു നടന്നു.
</p>
          <p>ഒരു ദിവസം സ്കൂളിൽനിന്നു് ഉച്ചയ്ക്കു് ഊണുകഴിക്കാൻ വന്നപ്പോൾ തങ്കേട്ത്തിയെ കട്ടിലിനു താഴെ
ഇറക്കികിടത്തിയിരിക്കുന്നു. വെള്ളവസ്ത്രം കൊണ്ടു് കഴുത്തു വരെ മൂടിയിരുന്നു. മുഖം മഞ്ഞൾ തേച്ച പോലിരുന്നു.
</p>
          <p>ഒരിക്കൽ ഒളിച്ചുകളിക്കുമ്പോൾ തങ്കേട്ത്തി പറഞ്ഞിരുന്നു. നീ എന്റെ മുറച്ചെക്കനാണു്. നിനക്കു് എന്റെ
വയസ്സും എനിക്കു് നിന്റെ വയസ്സുമായിരുന്നെങ്കിൽ ഞാൻ നിന്നെ കല്യാണം കഴിച്ചേനെ. പത്തായത്തിന്റെയും
ചുമരിന്റെയും ഇടുങ്ങിയ സ്ഥലത്തു് ഞങ്ങൾ ഇരിക്കുകയായിരുന്നു. അവർ ലോലമായ കൈകൊണ്ടു് എന്നെ
വരിഞ്ഞു് അടുപ്പിച്ചിരുന്നു. അവരെ കാച്ചിയ എണ്ണയുടെയും സോപ്പിന്റെയും വാസനയുണ്ടായിരുന്നു. തങ്കേടത്തി
പറഞ്ഞതിന്റെ അർത്ഥമെന്താണെന്നു് അന്നു് എനിയ്ക്കു് മനസ്സിലായിരുന്നില്ല. പക്ഷേ, ആ ചൂടും വാസനയും ഞാൻ
ഇഷ്ടപ്പെട്ടു. ഞങ്ങളെ കണ്ടുപിടിക്കാൻ ഒച്ചയിട്ടു നടക്കുന്ന മറ്റു കുട്ടികൾ വൈകണേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു.
</p>
          <p>താമസി തിരിച്ചു വന്നു. മഴ പെയ്തു നിറഞ്ഞ പാടങ്ങളിൽ കരിപൂട്ടി ഉഴുതപ്പോൾ, മുൾവേലികളിൽ ചിറ്റമൃതിന്റെ
വള്ളികൾ പടർന്നു കയറിയപ്പോൾ താമസി സ്വന്തം തട്ടകത്തിലേക്കു്, ആശ്രിതരുടെയിടയിലേക്കു് തിരിച്ചു വന്നു.
ചൂരൽ മെടഞ്ഞ ഒരു വലിയ കുട്ടയിൽ ചുവന്ന പട്ടിൽ പൊതിഞ്ഞു് താമസി വേലൻ പറയന്റെ പടിയ്ക്കൽ
പ്രത്യക്ഷപ്പെട്ടു. വേലൻ പറയൻ താമസിയെ സ്വന്തം മൺകുടിലിലേക്കു് ആവാഹിച്ചെടുത്തു. കുന്നിൻ പുറത്തെ
മണ്ടകത്തിൽ പറക്കൊട്ടു് കേട്ടു.
</p>
          <p>പകൽ വേലൻ ഞങ്ങളുടെ വയലുകൾ ഉഴുതു. തറവാട്ടിലെ കളത്തിൽ നെൽകൂനകൾ ഉയർന്നു.
വൈകുന്നേരങ്ങളിൽ വേലൻ താമസിക്കു് പൂജ ചെയ്തു. പറയന്മാരുടെ മണ്ടകത്തിൽ നിന്നു് പെരുമ്പറ ശബ്ദം രാത്രി
വൈകുവോളം ഉയർന്നു കേട്ടു. മഞ്ഞളിച്ച ഒരു ജോടി കണ്ണുകൾ ഓർത്തു കൊണ്ടു് ഉറങ്ങാൻ കിടക്കുന്ന എന്നെ
അന്വേഷിച്ചു് ആ ശബ്ദം ഒരു തരംഗമായി വന്നു. വീണ്ടും എല്ലാം സാധാരണ മട്ടായി. വാഴത്തോപ്പുകൾ തഴച്ചു
വളർന്നു. വയലിൽ കാളകൾ കരി വലിച്ചു. വയലരുകിലെ കുളത്തിൽ മീൻകൊത്തികൾ മുങ്ങിപ്പൊന്തി.
കൈക്കോട്ടെടുത്തു് പാടത്തുനിന്നു് ചേറെടുത്തു് വേലൻ വരമ്പുകൾ തേമ്പി. സ്ക്കൂളിൽ പോകുമ്പോൾ വയലിൽ
ജോലി ചെയ്യുന്ന വേലനെ ഞാൻ കാണാറുണ്ടു്. കുറച്ചു കിളച്ചു കഴിഞ്ഞാൽ അവൻ കൈക്കോട്ടു് നിലത്തുവെച്ചു്
കയ്യിലേക്കു തുപ്പും. പിന്നെ രണ്ടു കയ്യും കൂട്ടിത്തിരുമ്മി കൈക്കോട്ടിന്റെ തായിൽ അമർത്തി വീണ്ടും കിള തുടങ്ങും.
മെലിഞ്ഞു വളഞ്ഞ ദേഹം ഒരു വില്ലുപോലെ വളയുകയും നിവരുകയും ചെയ്യും.
</p>
          <p>ഇടയ്ക്കു് പുസ്തകക്കെട്ടുമായി നടന്നു വരുന്ന എന്നെ കണ്ടാൽ വേലൻ ഒരു തീണ്ടാപ്പാടകലേയ്ക്കു് മാറി നില്ക്കും.
കൈകൂപ്പിക്കൊണ്ടു പറയും.
</p>
          <p>ചെറ്യമ്പ്രാനല്ലേയിതു? അട്യേൻ നാളെ ചെറ്യമ്പ്രാനു് ഒരു ഓലപ്പന്തുണ്ടാക്കിത്തരാം.
</p>
          <p>പിന്നെ ചുറ്റും നോക്കി കുറച്ചുകൂടി അടുത്തു വന്നു് സ്വരം താഴ്ത്തി പറയും.

</p>
          <p>നാളെ ഷ്കോളിപ്പോമ്പ അട്യേനു് ഒരണ കൊണ്ടുവര്വോ? അട്യേൻ കഞ്ഞികുടിച്ചിട്ടു് രണ്ടീസായി.
</p>
          <p>വേലന്റെ ക്ഷീണിച്ച മുഖം ഞാൻ ഇന്നും ഓർക്കുന്നു. എല്ലുകൾ പൊന്തി കറുത്തു വളഞ്ഞ ദേഹവും
പ്രാകൃതമായ മനുഷ്യഗന്ധവും രാത്രികളിൽ എന്നെത്തേടിവന്ന പെരുമ്പറ ശബ്ദവും വീണ്ടും എനിയ്ക്കനുഭവപ്പെട്ടു.
അല്ലെങ്കിൽ എല്ലാ പറയന്മാരും ഒന്നു തന്നെയല്ലേ?
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Thamasi (ml: താമസി).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Thamasi, ഇ ഹരികുമാർ, താമസി, Open Access Publishing, Malayalam, Sayahna Foundation, Free
Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 5, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Lower_Yosemite_Valley.jpg">Lower
Yosemite Valley,</ref> a painting by <ref target="https://en.wikipedia.org/wiki/en:Albert_Bierstadt">Albert
Bierstadt</ref>  (1830–1902). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-thamasi.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-thamasi.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
