<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം</title>
          <title xml:lang="en" type="main">Theere Pratheekshikkaththa Oru Divasam</title>
        </title>
        <author>E Harikumar</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">October 31, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം</title>
              <title xml:lang="en" type="main">Theere Pratheekshikkaththa Oru Divasam</title>
            </title>
            <author>E Harikumar</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>
              <ref target="http://e-harikumar.com">http://e-harikumar.com</ref>
            </publisher>
            <pubPlace/>
            <date>2013</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Short Story</term>
          <term>E Harikumar</term>
          <term>Theere Pratheekshikkaththa Oru Divasam</term>
          <term>ഇ ഹരികുമാർ</term>
          <term>തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="short story">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>2013</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Ne_zhdali.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Ne_zhdali_(1st_version).jpg">They
did not expect her,</ref> a painting by <ref target="https://en.wikipedia.org/wiki/en:Ilya_Repin">Ilya Repin</ref>
 (1844–1930). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം</titlePart>
        </docTitle>
        <docAuthor>
          <persName>ഇ. ഹരികുമാർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം</head>
        <div type="lsection">
          <p style="noindent">അവൾ പരുങ്ങുകയാണു്. നിരത്തു മുറിച്ചുകടക്കുമ്പോഴേ അയാൾ അവളെ
ശ്രദ്ധിച്ചിരുന്നു. അവൾ ബസ്സിറങ്ങി നിരത്തിന്റെ ഓരത്തുകൂടി കുറച്ചുദൂരം സംശയിച്ചുനടന്നു. പരിചയക്കുറവു്, ഒരു
ലക്ഷ്യമില്ലായ്മ, അതിനെ വിദഗ്ദമായി മറച്ചുവെക്കാനുള്ള വെമ്പൽ, ഇതെല്ലാം അവളുടെ നടത്തത്തിലുണ്ടു്. ഒരു
കാലിഡോസ്കോപ്പിൽ പുഴു അരിക്കുന്ന പോലെ അവൾ വ്യത്യസ്തയായിരുന്നു. ചുറ്റുമുള്ള ജനങ്ങളെല്ലാം പെട്ടെന്നു്
ഉറച്ചുപോയി. അവൾ മാത്രം നടക്കുകയാണു്. വല്ല ഗ്രാമത്തിൽ നിന്നും വന്നതായിരിക്കാം. വിശന്നു കഴിയുന്ന
മഹാനഗരത്തിന്റെ ദംഷ്ട്രയിൽ ചെന്നുപെടാൻ ഒരു പുതിയ ഇര. ഇരുനിറത്തിൽ മാംസളമായ ദേഹം.
ഇറക്കമില്ലാതെ ഉടുത്തിരിക്കുന്ന വില കുറഞ്ഞ സാരി, അല്പം നരച്ചു തുടങ്ങിയ ബ്ലൗസ്. ഒരുപക്ഷേ, അവളുടെ
ഏറ്റവും നല്ല സാരിയും ബ്ലൗസുമായിരിക്കുമതു്. നഗരത്തിലേയ്ക്കു വല്ലപ്പോഴും വരുമ്പോൾ ഉടുക്കാൻ
കരുതിവച്ചതായിരിക്കണം.
</p>
          <p>അവൾ എന്തിനായിരിക്കും ഇവിടെ വന്നതു? നഗരത്തിൽ ജോലിയെടുക്കുന്ന ബന്ധുവിനെ കാണാൻ?
പെട്ടെന്നു വന്നുചേർന്ന ദൗർഭാഗ്യത്തിൽ സഹായം തേടാൻ? അപകടത്തിൽ പെട്ടു് ആശുപത്രിയിൽ കിടക്കുന്ന
ഭർത്താവിനെ കാണാൻ? എന്തെങ്കിലുമാകട്ടെ താനെന്തിനു വിഷമിക്കണം? തനിക്കു് മഹാത്മാഗാന്ധി
റോഡിലേയ്ക്കുള്ള വഴിയിലേയ്ക്കു് തിരിഞ്ഞു് നടക്കാം. ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള ഏതെങ്കിലും ബസ്സിൽ കയറി
സ്ഥലം വിടാം. അവിടെ തന്നെ കാത്തുകിടക്കുന്ന ഓഫീസുണ്ടു്, ജോലിയുണ്ടു്. പക്ഷേ, അയാൾ വലത്തോട്ടു
തിരിയാതെ നേരിട്ടു നടന്നു, കാരണം മുമ്പിൽ നടക്കുന്ന പെണ്ണു് വലത്തോട്ടു തിരിയാൻ ഒരു നിമിഷം
ഓങ്ങിയശേഷം തിരിയാതെ നേരിട്ടു നടക്കുകയാണുണ്ടായതു്. അവളുടെ ചേഷ്ടകൾ, തീരുമാനമെടുക്കാനുണ്ടായ
സെക്കന്റുകളുടെ കാലതാമസം, തിരക്കിട്ടു നടക്കുന്ന മറ്റാരും കണ്ടിരിക്കാനിടയില്ല. കാലിഡോസ്ക്കോപ്പിൽ ഒരു
നിമിഷനേരത്തേയ്ക്കു് മറ്റു കരുക്കൾ ചലിച്ചുകൊണ്ടിരിക്കയും അവൾ മാത്രം നിശ്ചലയാവുകയും ചെയ്തു. പിന്നെ
ചലിക്കാൻ തുടങ്ങിയ അവളുടെ പിന്നിലായി അയാൾ നടന്നു. ദിനേശനു് പോകേണ്ടതു് മഹാത്മാഗാന്ധി
റോഡിലുള്ള ബസ്സ്റ്റോപ്പിലേയ്ക്കാണു്. ബസ്സു പിടിച്ചു് പത്തുമണിക്കുള്ളിൽ ഓഫീസിലെത്താം. പക്ഷേ, ഇവിടെ ഒരു
പെണ്ണു് ഒറ്റയ്ക്കു് പരിചയമില്ലാത്ത മഹാനഗരത്തിൽ… അവൾക്കു് എന്തും സംഭവിക്കാം. ദിവസവും കേൾക്കുന്ന
കഥകൾ വളരെ വൃത്തികെട്ടതാണു്. സ്ത്രീപീഡനം, പെൺവാണിഭം. ഒരു ചുവടു പിഴച്ചാൽ മതി, അവൾ
ചെന്നെത്തുക ഏതെങ്കിലും ചുവന്ന തെരുവിലായിരിക്കും. മാംസത്തിന്റെ തിരിച്ചുവരവില്ലാത്ത തടവറയിൽ.
ഉഷ്ണരോഗങ്ങളുടെ, ആസിഡ് ബൾബുകളുടെ, പിഴക്കാത്ത കത്തിമുനകളുടെ, ആഭാസമായ രതിവൈകൃതത്തിന്റെ
അവസാനിക്കാത്ത രാത്രികളിൽ.
</p>
          <p>അയാൾ തിരിഞ്ഞു് അവളുടെ പിന്നിലായി നടന്നു. നടത്തത്തിൽ അവളുടെ പിൻഭാഗം ഉലയുന്നുണ്ടായിരുന്നു.
അതുനോക്കി നടക്കുമ്പോൾ അയാൾ വീണ്ടും ഓർത്തു. ഇങ്ങിനെ ഒരു പെണ്ണിനെയാണു് അവർക്കു വേണ്ടതു്. പുറം
കാഴ്ചയിൽത്തന്നെ ഹരം പിടിപ്പിക്കുന്ന പെണ്ണു്. അതയാളെ കൂടുതൽ ഭയപ്പെടുത്തി. കഴുകന്മാർ ചുറ്റും
പറക്കുന്നുണ്ടാവും. ഏതാനും മിനുറ്റുകൾ മതി, അവർ അവളെ കണ്ടെത്താൻ, അവളുടെ നിസ്സഹായത
മനസ്സിലാക്കാൻ, അവളെ റാഞ്ചിക്കൊണ്ടുപോകാൻ. ആദ്യം നല്ല വാക്കുകൾ പറഞ്ഞു്, സഹായിക്കാമെന്ന
വാഗ്ദാനം കൊടുത്തു്, പിന്നെ ഒരിക്കൽ വലയിലായാൽ പരുഷമായി ഭീഷണിപ്പെടുത്തി… പിന്നീടു്
വിലപേശലുകളുടേയും കൈമാറ്റങ്ങളുടേയും പരമ്പരകളാണു്. ഒരു സാധുജീവിയെ ഉപയോഗിച്ചു് അവർ
ആയിരങ്ങളും പതിനായിരങ്ങളും ഉണ്ടാക്കുന്നു. ഒടുവിൽ ബോംബെയിലോ മദിരാശിയിലോ ഉള്ള
വേശ്യാലയത്തിൽ അവൾ ഒടുങ്ങുന്നു.
</p>
          <p>അവൾ അടുത്ത കവലയിൽ വലത്തോട്ടു് തിരിഞ്ഞു. എം. ജി. റോഡിലേയ്ക്കു നയിക്കുന്ന മറ്റൊരു തിരിവാണതു്.
</p>
          <p>ബസ്സ് സ്റ്റോപ്പ് എത്തിയപ്പോഴേയ്ക്കും രേണുകയുടെ ആത്മവിശ്വാസം പകുതിയും നഷ്ടപ്പെട്ടിരുന്നു.
ഇങ്ങിനെയൊന്നുമല്ല അയൽവക്കത്തെ ജൂലിച്ചേച്ചി പറഞ്ഞിരുന്നതു്. നമ്മള് ചിറ്റൂർ റോഡീന്നു് എം. ജി.
റോഡുവരെ നടന്നാ മതി. ചുരുങ്ങീതു് നാലഞ്ചു് പേരെങ്കിലും വരുന്നോന്നു് ചോദിക്കും. ആളും തരോം ഒക്കെ
നോക്കണം. നാലു കാശില്ലാത്ത പൊക്കണക്കേടുകളും നമ്മളെ വിളിക്കും. അവറ്റീന്റെ ഒപ്പം പോയാ ആ ദിവസം
ഗൊണം പിടിക്കൂല. രേണുക എല്ലാം കേട്ടിരുന്നു. ജൂലിച്ചേി ഒരിക്കലും നുണ പറഞ്ഞിരുന്നില്ല. അവർക്കു
വേണമെങ്കിൽ ഈ കാര്യം തന്നിൽനിന്നു് മറച്ചു വെക്കാമായിരുന്നു. താൻ ഇതൊന്നും അറിയാൻ പോകുന്നില്ല.
വല്ലപ്പോഴും നഗരത്തിലേയ്ക്കു് ഭർത്താവിന്റെ ഒപ്പം വരുന്ന താൻ ജൂലിച്ചേച്ചി വഴിവക്കിൽ ആളുകളെ
കാത്തുനിൽക്കുന്നതൊന്നും കാണാൻ പോകുന്നില്ല. അവരെ സംബന്ധിച്ചേടത്തോളം അതൊരു
പ്രതിഷേധമായിരുന്നു. രാത്രി കുടിച്ചുവന്നു് തല്ലുന്ന ഭർത്താവിനോടുള്ള മൗനപ്രതിഷേധം. കിട്ടുന്ന പണമെല്ലാം

അവൾ അടുക്കളയിലെ തറയിൽ കുഴിച്ചിട്ടു. നാലഞ്ചുമാസം കൂടുമ്പോൾ അതു പുറത്തെടുത്തു് എന്തെങ്കിലും ചെറിയ
ആഭരണങ്ങൾ മകൾക്കു വേണ്ടി വാങ്ങി ഒളിപ്പിച്ചു. ഒരു പത്തു വർഷത്തിനകം അവളുടെ കല്യാണം
നടത്തേണ്ടിവരും. അന്നു് ഒരുപക്ഷേ, ഭർത്താവുണ്ടായില്ലെന്നു വരും. ഉണ്ടെങ്കിലും വലിയ കാര്യമുണ്ടാവുകയുമില്ല.
അവർ കുമ്പസാരിക്കുകയായിരുന്നു. തനിക്കിതിൽ ഒരു താൽപര്യവുമില്ലെന്ന മട്ടിൽ രേണുക എല്ലാം കേട്ടിരുന്നു.
</p>
          <p>ഇപ്പോൾ പത്തുമിനുറ്റായി താൻ നടക്കുന്നു. ഒരു മനുഷ്യനും തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. എല്ലാവരും
ധൃതിയിലാണു്. വാഹനങ്ങൾ ചുറ്റും ഇരമ്പിപ്പായുന്നു. ഭർത്താവു് ജോലിയെടുത്തിരുന്ന ഫാക്ടറിയിലെ നിരന്തരം
തിരിഞ്ഞുകൊണ്ടിരിക്കുന്ന യന്ത്രങ്ങളാണു് അവൾക്കോർമ്മ വന്നതു്. ആ യന്ത്രങ്ങളുടെ ക്രൂരമായ
ചക്രങ്ങൾക്കിടയിൽ പെട്ട പ്രാണിപോലെ അവൾക്കു നിസ്സഹായയായി തോന്നി. അവൾ എം. ജി.
റോഡിലെത്തിയിരുന്നു. റോഡു മുറിച്ചുകടന്നു് ബസ്സ്റ്റോപ്പിലെത്തിയപ്പോൾ അവൾ നിന്നു. എങ്ങോട്ടും
പോകാനില്ലാതെ, ബസ്സുകളൊന്നും പിടിക്കാനില്ലാതെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുക സുഖമുള്ള കാര്യമല്ല.
ആരെങ്കിലും അടുത്തുവരുന്നതും കാത്തു് അവൾ നിന്നു.
</p>
          <p>തന്റെ കണക്കുകൂട്ടലുകളെല്ലാം ശരിയാണെന്നു് ദിനേശൻ അല്പം ഗർവ്വോടെ കണ്ടെത്തി. അവൾ നഗരത്തിൽ
പുതിയതാണു്. ബസ്സുകൾ വന്നും പോയും കൊണ്ടിരുന്നു. എന്നാൽ അവൾ അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുമുള്ള
ആൾക്കാരെ പകച്ചു നോക്കുകയാണു്. തൽക്കാലം ആരും അവളെ ശ്രദ്ധിക്കുന്നില്ല. പക്ഷേ, ആരെങ്കിലും
ശ്രദ്ധിച്ചാൽ കുഴപ്പമാണു്. ചുറ്റുമുള്ള ആൾക്കാരിൽ ആത്മാവില്ലാത്ത ഒരുത്തനുണ്ടായാൽ മതി. അവളുടെ
പരിചയക്കുറവു്, അവളുടെ നിസ്സഹായത എല്ലാം പെട്ടെന്നു് മനസ്സിലാവും. അവളെ സഹായിക്കാനെന്ന മട്ടിൽ
വിളിച്ചുകൊണ്ടുപോകുക എളുപ്പമാണു്. അവളുടെ ഭാവി കറുത്തിരുണ്ട മേഘമായി അവളുടെ തലയ്ക്കു മുകളിൽ
വർഷിക്കാൻ കാത്തുനിൽക്കുന്നതു് അയാൾ കണ്ടു. എന്തെങ്കിലും ചെയ്തേ പറ്റൂ. അയാളുടെ ഊഹം ശരിയായിരുന്നു.
ബസ്സ്റ്റോപ്പിൽ നിന്നു് കുറച്ചകന്നു നിന്നു് പുകവലിച്ചിരുന്ന ഒരുത്തൻ അരിച്ചരിച്ചു് അവളുടെ അടുത്തെത്തുന്നതു്
അയാൾ കണ്ടു. അവന്റെ കണ്ണിൽ കഴുകന്റെ ആർത്തിപിടിച്ച നോട്ടം. അവളുടെ മാംസളതയിൽ ഇഴുകിച്ചേർന്നു
കിടക്കുന്ന ബ്ലൗസിനുള്ളിൽ, അവളുടെ ഉയർന്നു നിൽക്കുന്ന ചന്തിയിൽ എല്ലാം ആ നോട്ടമെത്തി. അതു
കണ്ടുനിൽക്കുക വിഷമമായിരുന്നു. വിലപേശുമ്പോൾ ആട്ടിൻകുട്ടിയുടെ ശരീരം തടവിനോക്കുന്ന
ഇറച്ചിക്കാരനെപ്പോലെ അവന്റെ കണ്ണുകൾ അവളുടെ ശരീരമാകെ ഓടിനടന്നു. അവസാനം അവൻ വലിച്ചിരുന്ന
സിഗററ്റ് നിലത്തിട്ടു ചെരിപ്പുകൊണ്ടു് കുത്തിക്കെടുത്തി അവൾക്കു നേരെ തിരിഞ്ഞു.
</p>
          <p>ഇനിയും ഉദാസീനത കാട്ടിയാൽ അപകടമാണെന്നു് ദിനേശനു മനസ്സിലായി. ഒരു പാവം സ്ത്രീയെ
ആപത്തിൽനിന്നു് രക്ഷിക്കാനുള്ള ഒരവസരമാണു്. ഒരു നിമിഷം കഴിഞ്ഞാൽ വൈകിയെന്നിരിക്കും. അയാൾ
ധൃതിയിൽ അവളുടെ അടുത്തേയ്ക്കു ചെന്നുകൊണ്ടു് പറഞ്ഞു.
</p>
          <p>‘വരു.’
</p>
          <p>താൻ പറഞ്ഞതു് ദിനേശിനെത്തന്നെ അദ്ഭുതപ്പെടുത്തി. എന്തു ധൈര്യത്തിലാണു് ഒരു പരിചയവുമില്ലാത്ത
പെണ്ണിനെ വിളിച്ചതു? അതും തന്റെ കാടുകയറിയ ഭാവനയുടെ ബലത്തിൽ! യാഥാർത്ഥ്യം
ഇങ്ങിനെയൊന്നുമായിരിക്കണമെന്നില്ല. അവൾ രണ്ടുപേരെയും മാറിമാറി നോക്കി. വരൂ എന്നു പറഞ്ഞു്
വിളിക്കുന്ന മനുഷ്യൻ എവിടെനിന്നു് ചാടിവീണു എന്നാലോചിക്കുകയായിരുന്നു അവൾ.
</p>
          <p>അവൾ തീർച്ചയാക്കാൻ അധിക സമയമൊന്നുമെടുത്തില്ലെന്നതു് ദിനേശനെ അദ്ഭുതപ്പെടുത്തിയില്ല. അടുത്തു
വന്നുനിന്ന വിലക്ഷണം പിടിച്ച മനുഷ്യനിൽനിന്നു് രക്ഷപ്പെടാൻ അവളും ആഗ്രഹിച്ചിരിക്കണം. അവളുടെ ഒപ്പം
ബസ്സ്റ്റോപ്പിൽനിന്നു് നടന്നു നീങ്ങുമ്പോൾ അവൻ പിന്നിൽനിന്നു വിളിച്ചുപറഞ്ഞ തെറി കേട്ടില്ലെന്നു് അയാൾ
നടിച്ചു. കുറച്ചകലത്തെത്തിയപ്പോൾ അയാൾ ചോദിച്ചു.
</p>
          <p>‘നിനക്കെങ്ങോട്ടാണു് പോവേണ്ടതു?’
</p>
          <p>രേണുക അമ്പരന്നു. എന്തൊരു ചോദ്യം? ഇങ്ങിനത്തെ ചോദ്യങ്ങളുണ്ടാവുമെന്നൊന്നും ജൂലിച്ചേച്ചി
പറഞ്ഞിരുന്നില്ല. കാര്യങ്ങൾ വളരെ എളുപ്പമായിവരുന്നുവെന്നു് കണ്ടു് സന്തോഷിച്ചിരിക്കുമ്പോഴാണു് കുഴക്കുന്ന
ചോദ്യം. രണ്ടു പേരിൽനിന്നു് ഒരാളെ തിരഞ്ഞെടുക്കാൻ വലിയ വിഷമമൊന്നുമുണ്ടായില്ല. മറ്റേ ആൾക്കു് ഒരു
അറവുകാരന്റെ ഛായയായിരുന്നു. അവന്റെ നോട്ടവും അവൾക്കിഷ്ടപ്പെട്ടില്ല. പക്ഷേ, തനിക്കു്
തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവുമെന്നൊന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ അടുത്തു വരുന്നതും
തന്നോടു സംസാരിക്കുന്നതും കാത്തു നിൽക്കുമ്പോഴാണു് ഈ മനുഷ്യൻ വന്നുപെട്ടതും ‘വരൂ’ എന്നു പറഞ്ഞു്
വിളിച്ചതും. അവൾക്കയാളെ പെട്ടെന്നിഷ്ടമായി.
</p>
          <p>‘നിനക്കെങ്ങോട്ടാണു് പോകേണ്ടതെന്നു പറഞ്ഞില്ലല്ലോ.’ അയാൾ പറഞ്ഞു. ‘ഞാൻ ഓട്ടോവിൽ
കൊണ്ടുപോയാക്കാം. വഴിയറിയാതെ കറങ്ങാൻ പറ്റിയ സ്ഥലൊന്നുമല്ല ഇതു്.’
</p>
          <p>അവൾ ആശയക്കുഴപ്പത്തിലായി. ഈ മനുഷ്യനു് തെറ്റുപറ്റിയോ? അതല്ലെങ്കിൽ
ഇങ്ങിനെയൊക്കെയായിരിക്കണം ഈ ബിസിനസ്സിൽ സംസാരിക്കേണ്ടതു്. ഓട്ടോവിൽ തന്നെ
കയറ്റിക്കൊണ്ടുപോകാമെന്നായിരിക്കും ഉദ്ദേശിക്കുന്നതു്. പക്ഷേ, എവിടേയ്ക്കു്?
</p>
          <p>‘സാറിന്റെ വീടെവിട്യാണു്?’
</p>
          <p>‘എന്റെ വീടോ? അതിവിടെ അടുത്തന്ന്യാണു്. ഞാൻ നിനക്കു് പോകേണ്ട സ്ഥലമാണു് ചോദിച്ചതു്.’
</p>
          <p>അവൾ ഒരു നിമിഷം ആലോചിച്ചു. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണു്. എന്താണു് ഈ സാറിന്റെ
ഉദ്ദേശം? അവൾ ചോദിച്ചു.
</p>
          <p>‘സാറ് ഒറ്റക്കാണോ താമസം?’
</p>
          <p>ഓ, ഇവൾ കുടുംബകാര്യങ്ങൾ അന്വേഷിക്കുകയാണു്! അതിനു പറ്റിയ സമയം തന്നെ. അയാൾ പറഞ്ഞു.
</p>
          <p>‘ഞാനൊറ്റയ്ക്കാണു് താമസിക്കുന്നതു്. ഭാര്യക്കു് കോഴിക്കോട്ടാണു് ജോലി.’ ഒന്നു നിർത്തിക്കൊണ്ടയാൾ
തുടർന്നു. ‘ഞാൻ നിന്റെ കാര്യാ ചോദിച്ചതു്.’
</p>
          <p>‘സാറിന്റെ വീട്ടീ പോവാം.’
</p>
          <p>‘എന്റെ വീട്ടിലോ?’
</p>
          <p>‘ഉം. മോനൂന്റെ അച്ഛൻ ആശുപത്രീലാണു്. കരൾവീക്കം.’
</p>
          <p>‘ആരു് ഭർത്താവോ?’
</p>
          <p>‘അതെ.’
</p>
          <p>‘കുടിയുണ്ടോ?’
</p>
          <p>അവൾ ഒന്നും പറഞ്ഞില്ല.
</p>
          <p>‘നീയിപ്പോ ആശുപത്രീന്നു് വര്വാണോ?’
</p>
          <p>‘അല്ലാ വീട്ടീന്നാ.’
</p>
          <p>പെട്ടെന്നയാൾക്കു് അതുവരെ തോന്നാതിരുന്ന ആസക്തിയുണ്ടായി. ഒരു മുഴുത്ത പെണ്ണു്. അവളെന്തിനാണു്
തന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞതു? അയാളാകട്ടെ വാരാന്ത്യക്കാരനുമാണു്. ശനിയാഴ്ച വൈകുന്നേരം
ഓഫീസിൽനിന്നു് ഓടിക്കിതച്ചു് ഒരുവിധം കണ്ണൂർ എക്സ്പ്രസ്സിൽ കയറിക്കൂടുന്നു. രാത്രി വൈകി ചേവായൂരിലെ
വീട്ടിലെത്തുമ്പോഴേയ്ക്കും മോൾ കിടന്നുറക്കമായിട്ടുണ്ടാവും. താനാകട്ടെ സുരതത്തിനെന്നല്ല മരിക്കാൻ കൂടി
വയ്യാത്തവിധം ക്ഷീണിച്ചിരിക്കും. പിന്നെ പിറ്റേന്നു് ഞായറാഴ്ച ഊണുകഴിഞ്ഞു് മോളെ അയൽവീട്ടിലെ കുട്ടികളുടെ
ഒപ്പം കളിക്കാൻ വിട്ടു് തികച്ചും കൃത്രിമമായി, ശവംപോലെ പ്രതികരണമൊന്നുമില്ലാതെ കിടക്കുന്ന ഭാര്യയെ
പ്രാപിക്കുന്നു. എല്ലാം കഴിഞ്ഞു് റബ്ബറുറ ക്ലോസറ്റിലിട്ടു് ഒഴുക്കിക്കളയുമ്പോഴുണ്ടാവുന്ന അറപ്പു് ഒരാഴ്ച
നീണ്ടുനിൽക്കുന്നു. വീണ്ടും ശനിയാഴ്ച വൈകുന്നേരം പ്രത്യാശയോടെ ദാഹത്തോടെ കണ്ണൂർ എക്സ്പ്രസ്സിലേയ്ക്കു്.
</p>
          <p>അവൾ അയാളെ നോക്കുകയാണു്, എന്തെങ്കിലും ചെയ്യൂ എന്ന മട്ടിൽ.
</p>
          <p>‘അങ്ങിനെയാണെങ്കിൽ നമുക്കു് വീട്ടിൽ പോകാം. അവിടെനിന്നു് സംസാരിക്കാം.’
</p>
          <p>എങ്ങിനെയാണെങ്കിൽ എന്നയാൾ പറഞ്ഞില്ല. അവൾക്കു മനസ്സിലായതുമില്ല. അയാൾ ഒരു ഓട്ടോ വിളിച്ചു.
ഓട്ടോക്കാരന്റെ ‘ഇത്ര രാവിലെത്തന്നെ വേണോ സാറേ’ എന്ന നോട്ടം അവഗണിച്ചു് അയാൾ പോകേണ്ട
സ്ഥലം പറഞ്ഞുകൊടുത്തു.
</p>
          <p>തഴെനിലയിൽ താമസിക്കുന്നവർ ഓഫീസിൽ പോയിട്ടുണ്ടാവണേ എന്നയാൾ പ്രാർത്ഥിച്ചു. ഒരു
പെണ്ണിനേയും കൊണ്ടു് ഓട്ടോ ഇറങ്ങിവരുന്നതു് അവർ കണ്ടാൽ പ്രശ്നമാണു്. ആ ദമ്പതികൾ തന്റെ ചാരിത്ര്യത്തെ
സംശയിക്കുന്നതയാൾക്കു് ഇഷ്ടമല്ല. ഭാഗ്യത്തിനു് വീടു് പൂട്ടിയിട്ടിരിക്കയാണു്. ചായ്വിൽ അവരുടെ സ്കൂട്ടറുമില്ല.

</p>
          <p>വീട്ടിനുള്ളിൽ ഒരപരിചിതനായ മനുഷ്യന്റെ അടുത്ത നീക്കവും പ്രതീക്ഷിച്ചു് രേണുക നിൽക്കേ ദിനേശൻ
സ്വയം വിമർശനത്തിനൊരുങ്ങി. തന്റെ ഉദ്ദേശം വഴിയിൽവച്ചു് മാറിപ്പോയോ? ഒരു സാധുസ്ത്രീയെ
കഴുകന്മാരിൽനിന്നു് രക്ഷിക്കലായിരുന്നു തന്റെ ഉദ്ദേശം. ഇപ്പോഴിതാ താൻ തന്നെ ഒരു കഴുകനായിരിക്കുന്നു.
തനിക്കവളെ വേണം. തനിക്കവളെ കീഴ്പ്പെടുത്താം. എതിർത്താൽ അവളുടെ ബ്ലൗസ് വലിച്ചുകീറാം, ബലം
പ്രയോഗിച്ചു് സാരി അഴിച്ചുമാറ്റാം, അടിവസ്ത്രങ്ങൾ… താനെന്തൊരു മനുഷ്യനാണു്? ദിനേശൻ സ്വയം
ചോദിക്കുന്നു. ആരാണിതൊക്കെ ചെയ്യാൻ പോകുന്നതു? പിന്നെ എന്തിനാണു് അവളെ തന്റെ വീട്ടിൽ
കൊണ്ടുവന്നതു? അവളുടെ പ്രശ്നങ്ങളെന്താണു്, എങ്ങോട്ടാണു് പോകേണ്ടതു് എന്നെല്ലാം വഴിയിൽവച്ചു തന്നെ
ചോദിച്ചു് അവൾക്കു പോകേണ്ടിടത്തു് ഇറക്കിവിടാമായിരുന്നില്ലേ?
</p>
          <p>ഉത്തരം കിട്ടാൻ അയാൾ ഒരു മണിക്കൂർ മുമ്പു് അവളെ കണ്ട അവസരം ഓർത്തു. അയാൾ
പിന്തുടർന്നിരുന്നതു് ഒരു സാധു സ്ത്രീയുടെ പരിരക്ഷയ്ക്കല്ല, മറിച്ചു് അവളുടെ മാംസളമായ ചെറുപ്പമുള്ള ദേഹം
കുറച്ചുനേരമെങ്കിലും കാണാനായിരുന്നില്ലേ? അയാൾക്കു് ഉത്തരമൊന്നും കിട്ടിയില്ല. താനൊരു ദൈവദൂതനല്ല
എന്ന അറിവു് എന്തുകൊണ്ടോ അയാളെ ആശ്വസിപ്പിച്ചു.
</p>
          <p>എങ്ങിനെയാണു് തുടങ്ങേണ്ടതെന്നവൾക്കറിയില്ലായിരുന്നു. എന്നും ഭർത്താവാണു് തുടങ്ങാറ്. അതും
എന്തൊരു തുടങ്ങൽ! കുഞ്ഞു് ഉറങ്ങിയിട്ടുണ്ടാകും. പുളിച്ച കള്ളിന്റെയും സിഗരറ്റിന്റേയും നാറ്റമുള്ള വായ
മുഖത്തേയ്ക്കടുക്കും. കുഴഞ്ഞുതുടങ്ങിയ കൈകൾ അവളുടെ മാറിൽ പരതും. ബ്ലൗസ് കീറാതിരിക്കാൻ അവൾ
ആദ്യമേ അഴിച്ചു മാറ്റിയിരിക്കും. മർദ്ദനം സഹിക്കാൻ വയ്യാതാകുമ്പോൾ അവൾ ആ കൈകൾ ബലമായി പിടിച്ചു
മാറ്റും. ഈ നരകം ഏതാനും നിമിഷത്തേയ്ക്കു മാത്രമേ ഉണ്ടാവൂ എന്ന അറിവിൽ അവൾ ആ പീഢനം
സഹിച്ചിരിക്കും. ലക്ഷ്യത്തെത്തുന്നതിനുമുമ്പേ നിർവൃതിയുണ്ടായ ഭർത്താവു് തിരിഞ്ഞുകിടക്കുമ്പോൾ അവൾ ഒരു
തോർത്തെടുത്തു് അവളുടെ തുടകൾക്കിടയിൽ വൃത്തിയാക്കും.
</p>
          <p>ഈ മനുഷ്യൻ എന്താണു് ഒന്നും ചെയ്യാതെ നിൽക്കുന്നതെന്നാണവൾ ആലോചിച്ചിരുന്നതു്. അവൾക്കു്
പോകാൻ ധൃതിയുണ്ടു്. വീട്ടിൽ മോൻ ഒറ്റയ്ക്കാണു്. അമ്മ ആശുപത്രിയിൽ പോയിവരാം മോൻ പുറത്തൊന്നും
പോവരുതു് എന്നു് പറഞ്ഞു് നിർത്തിയതാണു്. ഇനി വീട്ടിൽ ചെന്നു് ഭക്ഷണമുണ്ടാക്കി അതുമായി ഉച്ചയ്ക്കു്
ആശുപത്രിയിൽ പോകണം. അവൾ പറഞ്ഞു.
</p>
          <p>‘വീട്ടിലു് മോൻ ഒറ്റയ്ക്കാണു്.’
</p>
          <p>‘നീ എന്തിനാണു് എറണാകുളത്തേയ്ക്കു് വന്നതു?’ അയാൾ ചോദിച്ചു.
</p>
          <p>‘എനിക്കിവിടെ ആരേം അറീല്ല. ഞാനാദ്യായിട്ടാ ഒറ്റയ്ക്കു് വരണതു്.’
</p>
          <p>‘നീ എന്തിനാണു് വന്നതെന്നു് ഇപ്പോഴും പറഞ്ഞില്ലല്ലോ.’
</p>
          <p>‘കൊറച്ചു് പണത്തിനാ.’ അവൾ സംശയിച്ചുകൊണ്ടു് ഒരു കോടിയ ചിരിയോടെ പറഞ്ഞു. അയാളുടെ
എതിർവിചാരണ അവളെ തളർത്തിയിരുന്നു. എങ്ങിനെയാണു് ഇത്രയും എത്താനുള്ള ധൈര്യമുണ്ടാക്കിയതെന്നു്
അവൾക്കുതന്നെ അറിയില്ല. അവൾ തുടർന്നു. ‘മരുന്നു് വാങ്ങാന്ണ്ടു്. പിന്നെ… മോനൂന്റച്ഛൻ ജോലിക്കു്
പോയിട്ടു് കൊറേക്കാലായി.’
</p>
          <p>അവളുടെ സ്വരം ഇടറിയിരുന്നു. അയാൾക്കു് കാര്യങ്ങളുടെ കിടപ്പു് മനസ്സിലായിത്തുടങ്ങി. അയാൾ ദുഃഖിച്ചു.
</p>
          <p>‘ജോലിണ്ടായിട്ടും വല്യ കാര്യൊന്നുല്ല്യ. എന്നും കുടിച്ചിട്ടാ വര്വാ. വീട്ടിലു് ചെലവിനു് കാശൊന്നും തരില്ല.
ചോദിച്ചാ പിടിച്ചു് തല്ലും.’
</p>
          <p>അവൾ വാചാലയായി. നിമിഷങ്ങൾ കടന്നുപോയപ്പോൾ അവളുടെ ജീവിതത്തിന്റെ ഒരു ചീന്തു് അയാൾക്കു
മുമ്പിൽ അടർന്നു വീണു. അയാൾ ദുഃഖിതനായി. അവൾ സംസാരിച്ചുകൊണ്ടു് സാരി അഴിച്ചു മാറ്റുകയായിരുന്നു.
അയാൾ നോക്കിനിന്നു. പക്ഷേ, അയാളിലെ ആസക്തി കെട്ടടങ്ങിയിരുന്നു. അവളുടെ വാക്കുകൾ സ്വന്തം
അവസ്ഥയിലേയ്ക്കു് എത്തിനോക്കാൻ അയാളെ പ്രേരിപ്പിച്ചു. തനിക്കു് നല്ല ജോലിയുണ്ടു്. ഭാര്യയും ജോലി ചെയ്യുന്നു.
അവൾ ജോലി ചെയ്തില്ലെങ്കിലും സാമ്പത്തികമായ ഒരു പരാധീനതയുമുണ്ടാവില്ല. കോഴിക്കോട്ടേയ്ക്കു്
മാറ്റമായപ്പോൾ അവളോടു് രാജി വെയ്ക്കാൻ പറഞ്ഞതാണു്. ഒരു കാരിയറിസ്റ്റായ അവൾ സമ്മതിച്ചില്ല. ഈ
ജീവിതത്തിൽ കാമിക്കപ്പെടാനെന്താണുള്ളതു? ജീവിത സായാഹ്നത്തിൽ തിരിഞ്ഞുനോക്കുമ്പോൾ എന്താണു്
കാണുക? അസംതൃപ്തമായ, ഗുണനിലവാരമില്ലാത്ത, പാഴാക്കിക്കളഞ്ഞ ഒരു ജീവിതം.
</p>
          <p>അവൾ കാത്തുനിൽക്കുകയായിരുന്നു. അയാൾ പറഞ്ഞു.

</p>
          <p>‘സാരിയുടുക്കു.’
</p>
          <p>അവൾ അവിശ്വസനീയമായ നോട്ടത്തോടെ, നിരാശയോടെ നിലത്തിട്ട സാരി പൊക്കിയെടുത്തു. ഈ സാർ
എന്തെങ്കിലും തരാതിരിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു അവൾക്കു്. അതുകൊണ്ടു് മരുന്നും അരിയും
വാങ്ങാമെന്നാണവൾ കണക്കാക്കിയിരുന്നതു്. ഇനി എല്ലാം ആദ്യം തുടങ്ങണം. നനഞ്ഞ കണ്ണുകൾ
തുടച്ചുകൊണ്ടവൾ ചോദിച്ചു.
</p>
          <p>‘സാറിനെന്നെ ഇഷ്ടായില്ല അല്ലേ?’
</p>
          <p>അയാൾ ആലോചിക്കുകയായിരുന്നു. തലേന്നു രാത്രി. അല്ലെങ്കിൽ എല്ലാ രാത്രികളും ഒരുപോലെയാണു്.
അയാൾ ടിവിക്കു മുമ്പിൽ റിമോട്ടും പിടിച്ചിരിക്കയാണു്. ഏതെങ്കിലും ജന്മത്തിൽ അയാൾ
തന്നെക്കുറിച്ചോർക്കുകയാണെങ്കിൽ റിമോട്ടും പിടിച്ചു് പ്രതിമപോലെ ഇരിക്കുന്ന ചിത്രമാണു് മനസ്സിൽ
വരാനിടയാവുക. ആലോചനകളിൽനിന്നു്, ഏകാന്തതയിൽ നിന്നു് രക്ഷപ്പെടാൻ പറ്റിയ മാർഗ്ഗം, ഭാര്യ കനിവു
തോന്നി വച്ചുപോയിട്ടുള്ള ടിവിക്കു മുമ്പിലിരിക്കലാണെന്നയാൾ കണ്ടുപിടിച്ചിരുന്നു. പക്ഷേ, ഇന്നലെ രാത്രി
അങ്ങിനെയിരിക്കുമ്പോൾ മനസ്സു് തെന്നിപ്പോയി. തനിക്കു് ഒരു വർഷം മുമ്പുവരെ ഒരു ശരാശരി മനുഷ്യന്റെ
ജീവിതമുണ്ടായിരുന്നെന്നു് ഓർത്തു. ഓഫീസു വിട്ടു വരുന്നതും കാത്തു് ജനലിനരികിൽ കാത്തു നിൽക്കുന്ന മകളെ
എടുത്തു് മാറിലണക്കുന്നതു് ഓർമ്മ വന്നു. ശാരി നേരത്തെ ഓഫീസിൽ നിന്നു് എത്തി മോളെ നോക്കാൻ വച്ച
പെൺകുട്ടിയെ പറഞ്ഞയച്ചിട്ടുണ്ടായിരിക്കും. ശാരി ഉണ്ടാക്കിവച്ച ചായ കുടിച്ചുകൊണ്ടു് രണ്ടു പേരും മോൾ
പറയുന്ന വിശേഷങ്ങൾ ശ്രദ്ധിക്കും. പിന്നെ ഒപ്പം അടുക്കളയിൽ രാത്രിഭക്ഷണം ഉണ്ടാക്കും. രാത്രി
രണ്ടുപേരുടേയും നടുവിൽ ശാന്തിയോടെ കിടക്കുന്ന മോൾ ഉറങ്ങിയാൽ തന്റെ കൈകൾ കട്ടിലിന്റെ
മറുവശത്തേയ്ക്കു് നീളുന്നു. ശാരിയുടെ സ്ഥലമാറ്റം എല്ലാം അവസാനിപ്പിച്ചു. ഇപ്പോൾ താനും ഈ കൊച്ചു വീടും
റിമോട്ടിൽ മരണപ്പിടുത്തം പിടിച്ചുകൊണ്ടുള്ള ഇരിപ്പും മാത്രം.
</p>
          <p>‘സാറിനെന്നെ ഇഷ്ടമായില്ലെങ്കിൽ ഞാൻ പൊയ്ക്കോളാം.’ അവൾ സാവധാനത്തിൽ സാരിയുടുക്കാൻ തുടങ്ങി.
</p>
          <p>അവളുടെ മുഖത്തു് അയാൾ ഇഷ്ടപ്പെടുന്ന എന്തോ ഒന്നുണ്ടായിരുന്നു. യൗവ്വനത്തിനും തുടച്ചു നീക്കാൻ
കഴിയാതിരുന്ന ശൈശവത്തിന്റെ ബാക്കിപത്രം. അവളുടെ ചുണ്ടുകളിൽ, കവിളുകളിൽ, നേരിയ പുരികത്തിനു
താഴെ തിളങ്ങുന്ന കണ്ണുകളിൽ അതു പോകാൻ മടിച്ചു നിന്നു. അയാൾക്കവളെ എടുത്തു് ഓമനിക്കാൻ തോന്നി.
തനിക്കു് അവളുടെ സ്നേഹം ആവശ്യമാണു്. അടുത്ത നിമിഷം അയാൾ അവളെ വാരിയെടുത്തു.
</p>
          <p>മൊസായിക്കിന്റെ തണുപ്പറിഞ്ഞപ്പോൾ അവൾ അയാളുടെ കൈകളിൽ കിടക്കുകയായിരുന്നു.
അവിശ്വസനീയമായ കണ്ണുകളോടെ, നിർവൃതിയോടെ. അവൾ ചിരിച്ചുകൊണ്ടു് പറഞ്ഞു.
</p>
          <p>‘ഞാൻ വിചാരിച്ചു സാറിനെന്നെ ഇഷ്ടമായില്ലാന്നു്.’
</p>
          <p>അവൾ നൂൽബന്ധമില്ലാതെ കിടക്കുകയാണു്. അവളുടെ മനസ്സും അതുപോലെ നഗ്നമായിരുന്നു.
അയാൾക്കതു് ഒരു കണ്ണാടിക്കൂട്ടിലൂടെയെന്നപോലെ കാണാൻ കഴിഞ്ഞു. അവളിപ്പോൾ ചെയ്തതു് സ്നേഹമുള്ള
രണ്ടുപേർ ചെയ്യുന്ന സ്വാഭാവികമായ ഇണചേരലാണു്. അയാൾ വേശ്യകളുടെ അടുത്തു് പോയിട്ടുണ്ടു്. അവരുടെ
കണ്ണുകളിൽ ഉണ്ടാവുന്ന തണുത്ത നോട്ടം അയാൾ ഓർത്തു. വെറും ബിസിനസ് താൽപര്യം മാത്രം. വേഗം
ചെയ്തേച്ചു പോ എന്ന മട്ടിൽ കിടന്നുതരുന്ന അവരുടെ മുഖത്തുള്ള നിർവ്വികാരത അയാളെ തണുപ്പിക്കാറുണ്ടു്.
ഒരിക്കൽ പോയാൽ പിന്നെ മാസങ്ങളോളം അയാൾ അതൊഴിവാക്കുകയാണു് ചെയ്യാറ്. ഒരു പക്ഷേ, അവരും
ഇവളെപ്പോലെ ആദ്യമെല്ലാം തങ്ങൾ ഒപ്പം കിടക്കുന്നവരെ ഇഷ്ടപ്പെട്ടിട്ടുണ്ടാവാം. പിന്നെ അനുഭവങ്ങൾ മനസ്സു്
പരുഷമാക്കുമ്പോൾ അവരുടെ മുഖം മരവിക്കുന്നു. ഇവളും ക്രമേണ അങ്ങിനെയാവുമെന്നോർത്തപ്പോൾ
അയാളുടെ മനസ്സു് വിഷമിച്ചു. താൻ അവളുമായി പ്രണയത്തിലായെന്നു് അയാൾക്കു മനസ്സിലായി. അയാൾ
പറഞ്ഞു.
</p>
          <p>‘നീയെനിക്കു വാക്കു തരാൻ പോകുന്നു.’
</p>
          <p>‘എന്തു വാക്കു്?’
</p>
          <p>‘നീ ഇനി ഇങ്ങിനെ നടക്കില്ലെന്നു്? ഇതു് ആദ്യത്തെ പ്രാവശ്യമാണോ നീ ഇങ്ങിനെ നടക്കുന്നതു?’
</p>
          <p>തന്റെ തൊഴിൽപരമായ നീക്കത്തിൽ എവിടേയോ വന്ന പാളിച്ച തന്നെ ഒറ്റിക്കൊടുത്തുവെന്നവൾക്കു
മനസ്സിലായി. അവൾ ഒരു ചമ്മിയ ചിരിയോടെ സമ്മതിച്ചു.
</p>
          <p>‘അതെ.’
</p>
          <p>‘ഇനി നീ ഇതിന്നിറങ്ങിപ്പുറപ്പെടില്ലെന്നു് വാക്കു തരൂ.’
</p>
          <p>അവൾ ഒന്നും പറഞ്ഞില്ല. അവൾക്കും അയാളെ ഇഷ്ടമായിരിക്കുന്നു. അതുകൊണ്ടു് നുണ പറയാൻ അവൾക്കു
കഴിഞ്ഞില്ല. പോകാതിരിക്കാൻ പറ്റില്ല. എല്ലാവരും ഇതുപോലെ ആവില്ലെന്നവൾക്കറിയാം. പക്ഷേ, ഈ ഒരു
കാര്യത്തിൽ തന്റെ മുമ്പിൽ ധാരാളം വഴികളൊന്നുമില്ല.
</p>
          <p>‘വാക്കു തരാൻ ഇത്ര വിഷമമാണോ?’
</p>
          <p>‘സാറിനു് എന്റെ കാര്യം അറിയില്ല. വേണച്ചിട്ടൊന്നും അല്ല, വേറെ വഴിയൊന്നുമില്ല്യാഞ്ഞിട്ടാ. ഒരാഴ്ച മുഴുവൻ
ആലോചിച്ചിട്ടു് ഉറക്കം വന്നീര്ന്നില്ല.’
</p>
          <p>എവിടേയോനിന്നു് വന്നു് തന്റെ ജീവിതത്തിന്റെ പുറംവാതിലിൽ മുട്ടി വിളിച്ച ഈ പെണ്ണു് തന്റെയും ഉറക്കം
കളയുമെന്നയാൾക്കു മനസ്സിലായി. വാതിൽ മുഴുവൻ തുറക്കാൻ, അവളെ അകത്തു കടത്താൻ പക്ഷേ, അയാൾക്കു
കഴിഞ്ഞില്ല. അയാൾ പറഞ്ഞു.
</p>
          <p>‘നിനക്കു് എവിടെയെങ്കിലും ജോലിയെടുത്തുകൂടെ? ഒരടുക്കളക്കാരിയുടെ ജോലിയെങ്കിലും കിട്ടില്ലെ നിനക്കു്?’
</p>
          <p>‘ന്നെ ജോലിക്കു് പറഞ്ഞയക്കൂലാ അങ്ങേരു്. മാനക്കെടാത്രെ.’
</p>
          <p>കാര്യങ്ങളുടെ വിരോധാഭാസത്തിൽ അയാൾ ചിരിച്ചു. വീട്ടുജോലിക്കു് വിടുന്നതു് മാനക്കേടാണെന്നു കരുതുന്ന
ഭർത്താവു് ഭാര്യയെ എവിടെയാണെത്തിച്ചിരിക്കുന്നതു?
</p>
          <p>‘എന്നാൽ ഒരു കാര്യം ചെയ്യൂ.’ അയാൾ പറഞ്ഞു. ‘പണത്തിനു് അത്യാവശ്യം വരുമ്പോൾ എന്നോടു ചോദിക്കു.’
</p>
          <p>അയാളിൽ സ്വാർത്ഥമുണ്ടായിരുന്നു. സ്നേഹത്തിൽനിന്നുദിക്കുന്ന സ്വാർത്ഥപരത. അയാൾ അവളെ
വേറൊരാൾക്കും വിട്ടുകൊടുക്കാൻ പോകുന്നില്ല.
</p>
          <p>‘ശരി,’ അവൾ പറഞ്ഞു, ‘ഞാനിനി ചെയ്യുന്നില്ല, പോരെ?’
</p>
          <p>അവൾ അയാളെ നന്ദിപൂർവ്വംനോക്കി. ഒരുറപ്പിനെന്ന പോലെ. പെട്ടെന്നവൾക്കു് ജീവിതത്തിൽ
അർത്ഥമുണ്ടായപോലെ തോന്നി. പ്രശ്നങ്ങളെല്ലാം എങ്ങിനെയെങ്കിലും പരിഹരിക്കാമെന്ന തോന്നൽ. അവൾ
തന്നെ കാത്തു നിൽക്കുന്ന മകനെയോർത്തു.
</p>
          <p>‘അയ്യോ, എനിക്കു പോണം. മോൻ കാത്തിരിക്കും.’
</p>
          <p>‘മോനെത്ര വയസ്സായി?’
</p>
          <p>‘മൂന്നു്’
</p>
          <p>അവൾ കുളിമുറിയിൽ പോയി. പുറത്തുകടന്നു് സാരിയുടുക്കാൻ തുടങ്ങി. അയാൾ എഴുന്നേറ്റു കുളിമുറിയിലേയ്ക്കു
നടന്നു. കുളിമുറിയിൽ കയറുന്നതിനുമുമ്പു് അവളോടു പറഞ്ഞു.
</p>
          <p>‘അതാ ആ മേശപ്പുറത്തു് എന്റെ പഴ്സുണ്ടു്. നിനക്കാവശ്യമുള്ളതു് എടുത്തോളു.’
</p>
          <p>അവൾ എന്തോ പറയാൻ ഓങ്ങിയപ്പോഴേയ്ക്കു്
അയാൾ വാതിലടച്ചിരുന്നു. ബക്കറ്റിലേയ്ക്കു വെള്ളം തുറന്നിട്ടുകൊണ്ടു് അയാൾ കുറേ നേരം നിന്നു.
അയാൾ മൂന്നു വയസ്സുള്ള ഒരു കുട്ടിയെപ്പറ്റി ആലോചിക്കുകയായിരുന്നു. അമ്മ വരുന്നതും നോക്കി ജനലിൽ
കണ്ണുംനട്ടു് കാത്തിരിക്കുന്ന കുട്ടി. അവനു് രാവിലെ ഭക്ഷണമൊന്നും കിട്ടിക്കാണില്ല. അമ്മ വരുമ്പോൾ
എന്തെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരിക്കും അവൻ. വലിയ പ്രതീക്ഷകൾക്കൊന്നും വഴിയില്ല.
വിശപ്പടക്കാൻ എന്തെങ്കിലും. ആ പ്രായത്തിൽത്തന്നെ അവൻ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവണം.
അയാൾ സ്വപ്നം കാണുകയായിരുന്നു. അങ്ങിനെ എത്രനേരം നിന്നുവെന്നറിയില്ല. പെട്ടെന്നു്
പരിസരബോധമുണ്ടായപ്പോൾ അയാൾ ധൃതിയിൽ വസ്ത്രം ധരിച്ചു് പുറത്തേയ്ക്കു കടന്നു.
</p>
          <p>അവൾ പോയിരുന്നു. അയാൾ മേശപ്പുറത്തുവച്ച പഴ്സെടുത്തു തുറന്നു നോക്കി. അതിൽ എഴുന്നൂറു രൂപയുണ്ടു്.

അവൾ നൂറു രൂപയേ എടുത്തുള്ളു എന്നർത്ഥം. അവൾക്കു് വേണമെങ്കിൽ കൂടുതലെടുക്കാമായിരുന്നു, അല്ലെങ്കിൽ
എല്ലാമെടുക്കാമായിരുന്നു. അവൾക്കതു് ആവശ്യവുമുണ്ടു്, എന്നിട്ടും അവൾ നൂറു രൂപയേ എടുത്തുള്ളൂ. അയാൾ
വാതിൽ തുറന്നു പുറത്തേയ്ക്കു നോക്കി. അവൾ പോയിരുന്നു.
</p>
          <p>താൻ നേരിട്ടു കൊടുക്കാതെ അവളോടു് എടുക്കാൻ പറഞ്ഞതു് കഷ്ടമായി. തീരെ പ്രതീക്ഷിക്കാതെ വന്നു്
തനിക്കു് സ്നേഹവും പ്രത്യാശയും നൽകിയ ആ സ്ത്രീയെപ്പറ്റി ആലോചിച്ചു് അയാൾ തുറന്ന വാതിൽക്കൽ കുറേ
നേരം നിന്നു. ജനാലയിൽ മുഖവുമമർത്തി അമ്മയെ കാത്തു നിൽക്കുന്ന ഒരു മൂന്നുവയസ്സുകാരനേയും അയാൾ
ഓർത്തു. അയാൾ സ്വയം അമ്മയെ കാത്തിരിക്കുന്ന ഒരു കുട്ടിയായി മാറി. നിസ്സഹായനായ നിരാലംബനായ ഒരു
കുട്ടി.
</p>
          <p>അമ്മ വരില്ലെന്ന അറിവു് അയാളെ ദുഃഖിപ്പിച്ചു.
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഇ. ഹരികുമാർ</head>
          <figure rend="fright" type="gra">
            <graphic url="images/EHarikumar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ
ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ
അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു.
1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം
‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
</p>
          <div type="lsubsection" xml:id="sec1.2.1">
            <head type="lsubsechead">പുരസ്കാരങ്ങൾ </head>
            <list rend="bulleted">
              <item>1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
</item>
              <item>1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്. </item>
              <item>1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്. </item>
              <item>2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ
പാദം’ എന്ന കഥയ്ക്കു്. </item>
            </list>
            <p style="noindent">ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ,
പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി
അംഗമായിരുന്നു.
</p>
          </div>
          <!--end of "subsection 0.0.0.0.0/1.2.1"-->
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Theere Pratheekshikkaththa Oru
Divasam (ml: തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം).</p>
        <p style="hang"><hi rend="bold">Author(s):</hi>  E Harikumar.</p>
        <p style="hang"><hi rend="bold">First publication details:</hi>  <ref target="http://e-harikumar.com">http://e-harikumar.com</ref>; ; 2013. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Short Story, E Harikumar,
Theere Pratheekshikkaththa Oru Divasam, ഇ ഹരികുമാർ, തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം, Open
Access Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 31, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Ne_zhdali_(1st_version).jpg">They
did not expect her,</ref> a painting by <ref target="https://en.wikipedia.org/wiki/en:Ilya_Repin">Ilya Repin</ref>
 (1844–1930). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/harikumar-theere.xml">Download

document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/harikumar-theere.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
