<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>LJ Anjana</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2021">September 7, 2021</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1983-11-27</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1983-11-27</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1983-11-27-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
</p>
        <div type="lsection">
          <figure rend="fleft">
            <graphic url="images/Hansen.jpg" width="114" rendition="thumb"/>
            <figDesc style="thumb">ജി. എച്ച്. ഹാൻസൻ</figDesc>
          </figure>
          <p style="noindent"> തിരുവനന്തപുരത്തെ മെഡിക്കൽ കോളേജാശുപത്രിയിലെ ത്വകു്
രോഗവിഭാഗത്തിൽ ജോലിയുള്ള ഒരു ഡോക്ടറെ കാണാൻ ഞാൻ കുറച്ചുകാലം മുൻപു് പോയിരുന്നു; എന്റെ
മകന്റെ കൂട്ടുകാരനായിരുന്നു ഡോക്ടർ. അദ്ദേഹവുമായി സംസാരിച്ചിരുന്നപ്പോൾ സുന്ദരിയായ ഒരു ചെറുപ്പക്കാരി
മറ്റൊരു ത്വകു് രോഗവിദഗ്ദ്ധനെ കാണാൻ വന്നു. ആ യുവതിയുടെ തൊലിപ്പുറം നോക്കിയിട്ടു് അദ്ദേഹം എന്റെ
മകന്റെ കൂട്ടുകാരൻ ഡോക്ടറെ അർത്ഥവത്തായി നോക്കി. എന്നിട്ടു് ‘ഹാൻസൻ’ എന്നു് പതുക്കെ പറഞ്ഞു.
എനിക്കു് ഉടനെ കാര്യം മനസ്സിലായി. കുഷ്ഠരോഗമുണ്ടാക്കുന്ന Mycobacterium leprae കണ്ടുപിടിച്ച
നോർവീജിയൻ ഡോക്ടറാണു് ജി. എച്ച്. ഹാൻസൻ. അതുകൊണ്ടു് കുഷ്ഠരോഗത്തിനു് ‘ഹാൻസൻസ് ഡിസീസ്’
എന്നു പറയാറുണ്ടു്. ചെറുപ്പക്കാരിക്കു് കുഷ്ഠരോഗമാണെന്നാണു് ഡോക്ടർ സഹപ്രവർത്തകനെ അറിയിച്ചതു്.
രോഗിണിക്കു് അതൊട്ടു മനസ്സിലായതുമില്ല. രോഗിയുടെ കവിളോ രോഗിണിയുടെ ഗർഭാശയമോ നോക്കിയതിനു
ശേഷം ഡോക്ടർ ‘നിയോപ്ലാസം’ എന്നു് അടുത്തു നിൽക്കുന്ന ഡോക്ടറോടു് പറഞ്ഞാൽ അതു് ‘കാൻസറാ’ണെന്നു്
അദ്ദേഹം മാത്രമേ അറിയൂ. രോഗിയും രോഗിണിയും മനസ്സിലാക്കില്ല. “ഫിലിപ്പീൻസിലെ ഭരണാധികാരിയാരു്?
അല്ലെങ്കിൽ ഇസ്രയേലിലെ പ്രധാനമന്ത്രി ഇപ്പോഴും ബഗിൻ തന്നെയോ?” എന്നു് ഡോക്ടറോടു് ചോദിച്ചാൽ
അദ്ദേഹം കൈമലർത്തിയെന്നുവരും. എന്നാൽ രോഗിയെ നോക്കിയിട്ടു് “ഹി ഇസ് സഫറിങ് ഫ്രം
മെതിമഗ്ലോബിനീമിയ” (Methemoglobinemia) എന്നു ‘കാച്ചിക്കളയും.’ ഒരിക്കൽ ഇതു കേട്ടതാണു് ഞാൻ.
കേട്ടപാടെ ‘പൈ ആൻഡ് കമ്പനി’യിലേക്കു് ഓടി, മെഡിക്കൽ ഡിക്ഷ്ണറി നോക്കാൻ (വീട്ടിൽ അതില്ല). നോക്കി.
മെതിമഗ്ലോബിൻ എന്നുപറഞ്ഞാൽ ഓക്സിജനും ഹീമോഗ്ലോബിനും (ശ്വേതാണു) ചേർന്നു് ചാരനിറമാർന്നു്
രക്തത്തിലുണ്ടാകുന്ന ഒരു പദാർത്ഥം. ചില മരുന്നുകൾ കഴിച്ചാൽ ഇതുണ്ടാകുമെന്നു വൈദ്യമതം. ഇതു്
രക്തത്തിൽ വരുമ്പോഴാണു് മെതിമഗ്ലോബിനീമിയ എന്ന രോഗമുണ്ടാകുന്നതു്. “അതു് അങ്ങ് എങ്ങനെ
കണ്ടുപിടിച്ചു ഡോക്ടർ?” എന്നു വിനയത്തോടെ നമ്മൾ ചോദിച്ചാൽ “ഹി ഹാസ് സയാനോസിസ്” എന്നു പറയും.
വീണ്ടും പൈ ആൻഡ് കമ്പനിയിലേക്കു് ഓടും. തൊലിക്കും കണ്ണിനുമുണ്ടാകുന്ന നീലനിറം സയാനോസിസ്, ശരി.
</p>
          <p>ചിലപ്പോൾ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ എന്റെ വീട്ടിൽ വരാറുണ്ടു്. ഒരിക്കൽ മൂന്നു്
എം. ബി. ബി. എസ്. വിദ്യാർത്ഥികളോടു് ഞാനും പറഞ്ഞു: ഹി ഈസ് സഫറിങ് ഫ്രം
കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്—Coccidioidomycosis. അതുകേട്ടു് മൂന്നു പേരുടെയും കണ്ണു
തള്ളിപ്പോയി. അവരും മെഡിക്കൽ കോളേജ് ലൈബ്രറിയിലേക്കു് ഓടിയിരിക്കും. ഈ
ഡോക്ടർമാരെപ്പോലെയാണു് നവീന നിരൂപകർ. “വ്യക്തിനിഷ്ഠമായ കലാത്മകബോധത്തിന്റെ രൂപം
ഉരുത്തിരിഞ്ഞുവരാൻ വേണ്ടി അസ്തിത്വവാദപരങ്ങളായ ആവിഷ്കാരങ്ങളെ കേന്ദ്രീകൃത പരിപ്രേക്ഷ്യത്തിലേക്കു്
കൂട്ടിയിണക്കി പദങ്ങളിലൂടെ പുനർജ്ജനിപ്പിക്കുന്ന പ്രക്രിയാവൈദഗ്ദ്ധ്യമാണു് ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിൽ
കാണുന്നതു്.” എങ്ങനെയിരിക്കുന്നു ഈ കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ്?
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ഭാവിചിന്ത</head>
          <figure rend="fleft">
            <graphic url="images/Eddington.jpg" width="114" rendition="thumb"/>
            <figDesc style="thumb">എഡിങ്ടൺ</figDesc>
          </figure>
          <p style="noindent"> കോക്ക്സിഡിയിഓയ്ഡോമൈക്കോസിസ് എന്നു പറഞ്ഞാൽ
ശ്വാസകോശത്തിലും തൊലിപ്പുറത്തും ഉണ്ടാകുന്ന രോഗം. കഫം കൂടുതലുണ്ടാകും; ചെറിയ മുഴകളും. കെ. പി.
ശൈലജയ്ക്കാണു് ‘ഗൃഹലക്ഷ്മി ചെറുകഥാമത്സര’ത്തിൽ ഒന്നാം സമ്മാനം കിട്ടിയതു്. അവരുടെ ‘സ്വർണ്ണപ്പക്ഷിയുടെ
തൂവൽ’ എന്ന അക്കഥ ഗൃഹലക്ഷ്മിയുടെ അഞ്ചാം ലക്കത്തിൽ വായിക്കാം. പരിഷ്കൃതജീവിതം നയിക്കുന്ന
അനിയത്തിയുടെയും ലളിതജീവിതം നയിക്കുന്ന ഏടത്തിയുടെയും ചിത്രങ്ങൾ വരച്ചു് ഏടത്തിയുടെ ജീവിതം
ധന്യമാണു് എന്നു ധ്വനിപ്പിക്കുന്ന കഥ. വിരസമായ നാഗരികജീവിതത്തിൽ ആധ്യാത്മകതയുടെ സ്വർണ്ണത്തൂവൽ
കിട്ടിയെങ്കിൽ എന്നു് അനിയത്തിയുടെ ആഗ്രഹം. ഇതു വായിച്ചപ്പോൾ കോൾറിജ്ജിന്റെ ഒരു വാക്യം എന്റെ
ഓർമ്മയിലെത്തി. ആശയമെന്നാൽ ഭാവിചിന്തയെ ഉൾക്കൊള്ളുന്നതു് എന്നർത്ഥം. സ്മൃതപ്രായമായ
വാക്യത്തിൽ—എപ്പിഗ്രാമിൽ—ഭൂതകാലചിന്തയേയുള്ളൂ. ഭാവിചിന്ത ഉൾക്കൊള്ളുന്ന ആശയത്തെ
പ്രതിപാദിക്കുന്നു ശൈലജ. അത്രയും നന്നു്. എന്നാൽ ശ്രീമതിയുടെ കഥയ്ക്കു് സാംഗോപാംഗത്വമില്ല. അംഗങ്ങളും
ഉപാംഗങ്ങളും ചേർന്നു ജനിക്കുന്ന ചാരുതയില്ല. ഒരാശയത്തിൽ നിന്നു് മറ്റൊരാശയത്തിലേക്കു് ഹനുമാഞ്ചാട്ടം
ചാടുന്നു കഥയെഴുത്തുകാരി. എന്നാൽ ലങ്കയിലൊട്ടു ചെല്ലുന്നുമില്ല. ആധ്യാത്മികതയുടെ പ്രതിരൂപമായി കഥയിൽ
നിവേശിപ്പിച്ചിരിക്കുന്ന ‘സ്വർണ്ണപ്പക്ഷിയുടെ തൂവൽ’ അതിന്റെ (കഥയുടെ) ഒരവിഭാജ്യഘടകമായി ഭവിക്കുന്നില്ല.
‘ഒരു അമെച്ച ്വറിഷ്’ കഥ.
</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">കലാജന്യമായ ആഹ്ലാദം</head>
          <p style="noindent">‘അമെച്ച ്വറിഷ്’ എന്നു മുകളിലെഴുതിയതു് ‘അവിദഗ്ദ്ധം’ എന്ന അർത്ഥത്തിലാണു്.
എന്നാൽ അമെച്ച ്വർ (അമെറ്റ്യുർ എന്നും ഉച്ചാരണം) എന്ന നാമത്തിനു് ധനപരമായ ലക്ഷ്യം കൂടാതെ വെറും
ആഹ്ലാദത്തിനു വേണ്ടി കലയിലും വിനോദത്തിലും വ്യാപരിക്കുന്ന ആൾ എന്ന നല്ല അർത്ഥവുമുണ്ടു്.
ഗൃഹലക്ഷ്മിയിൽ ‘മുത്തു് അടർന്ന ചിപ്പി’ എന്ന കാവ്യമെഴുതിയ ശ്രീമതി സരു ധന്വന്തരി കവിതയുടെ ലോകത്തു്
അമെച്ച ്വറായിരിക്കാം. എന്നാൽ കവിതയെ സംബന്ധിച്ചു് കൃതഹസ്തതയുള്ള സ്ത്രീയാണു്. കുഞ്ഞിന്റെ മരണത്തിൽ
ഖേദിക്കുന്ന അമ്മയുടെ തീവ്രവേദനയെ ആവിഷ്കരിക്കുന്ന ഈ കാവ്യം എന്റെ ഹൃദയത്തെ ചലിപ്പിക്കുകയും
മനസ്സിനെ ദ്രവിപ്പിക്കുകയും നയനങ്ങളെ ആർദ്രമാക്കുകയും ചെയ്തു.</p>
          <lg>
            <l> “ഈറൻ മിഴിയാൽ മനസ്സിന്നകത്തള-</l>
            <l> മാകെ ഞാൻ വീണ്ടും തിരഞ്ഞിടുമ്പോൾ</l>
            <l> കണ്മണിപൊട്ടിച്ചെറിഞ്ഞ തരിവള-</l>
            <l> ച്ചില്ലുകൾ വെട്ടിത്തിളങ്ങിടുന്നൂ.</l>
            <l> എൻമകൾ പാടിയുറക്കിയ പാവക-</l>
            <l> ളിന്നും മയങ്ങിക്കിടന്നിടുന്നു.</l>
            <l> പൂക്കളും മണ്ണുമിലകളും കൊണ്ടവൾ</l>
            <l> തീർത്ത കൊട്ടാരം തകർന്നുപോയി,</l>
            <l> വീണൊരീ കൊട്ടാരവാതിലിൽനിന്നുഞാ-</l>
            <l> നോമനേയൊന്നുകരഞ്ഞിടട്ടേ.” </l>
          </lg>
          <!--end of "verse"-->
          <p>ഈ അമ്മയോടൊപ്പം ഇതെഴുതുന്ന ആളും കരയുന്നു. പക്ഷേ, എന്റെ മിഴിനീർ കലാജന്യമായ
ആഹ്ലാദത്തിന്റെതാണു്.
</p>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">അസുലഭമായ അനുഭവം</head>
          <p style="noindent">ആഹ്ലാദം രണ്ടു തരത്തിലാണു്. മസ്തിഷ്കത്തിനു കിട്ടുന്ന ആഹ്ലാദവും ഹൃദയത്തിനു
കിട്ടുന്ന ആഹ്ലാദവും. രണ്ടാമത്തെതിനു് ഉത്കൃഷ്ടത കൂടും. നവീന കലാസൃഷ്ടികളിൽ ഉത്കൃഷ്ടങ്ങളായവ പലതും
മസ്തിഷ്കത്തിനു് ആഹ്ലാദമരുളുന്നവയാണു്. അവയിൽ ഒരു നോവലാണു് <ref target="https://en.wikipedia.org/wiki/Russell_McCormmach">റസ്സൽ
മക്കോർമിക്</ref> (Russell McCormmach) എഴുതിയ <ref target="https://en.wikipedia.org/wiki/Night_Thoughts_of_a_Classical_Physicist">Night
Thoughts of A Classical Physicist</ref> എന്നതു് (കിങ് പെൻഗ്വിൻ പ്രസാധനം). ഇതിന്റെ ഉജ്ജ്വലത
അന്യാദൃശമാണു്. ക്ലാസ്സിക്കൽ ഫിസിക്സിന്റെ ഉദ്ഘോഷകനും ആരാധകനുമാണു് കല്പിത കഥാപാത്രമായ
വിക്തോർ യാക്കോബ്. ക്ലാസ്സിക്കൽ ഫിസിക്സ് ഒരു സത്യത്തെ മാത്രമേ അംഗീകരിച്ചുള്ളൂ. ആ സത്യം
ഭൗതികമാണു്. വസ്തുനിഷ്ഠമാണു്. യന്ത്രമായി പ്രപഞ്ചത്തെ വീക്ഷിക്കാനായിരുന്നു ക്ലാസ്സിക്കൽ ശാസ്ത്രജ്ഞമാരുടെ
കൗതുകം. എന്നാൽ നവീനഭൗതികശാസ്ത്രം ഈ സങ്കല്പങ്ങളെ തകിടം മറിച്ചു. The Nature of the Physical
world എന്ന ഗ്രന്ഥത്തിൽ <ref target="https://en.wikipedia.org/wiki/Arthur_Eddington">എഡിങ്ടൺ</ref>
എഴുതി: “Physical science has limited it’s scope so as to leave a back ground which we are at
liberty to, or even invited to fill with a reality of spiritual import”. നവീനഭൗതികശാസ്ത്രം
തെന്നിമാറുന്ന സത്യത്തിലേക്കു് കൈചൂണ്ടിയപ്പോൾ ക്ലാസ്സിക്കൽ ഫിസിസ്റ്റുകൾ ഭയന്നു. ആ രീതിയിൽ ഭയന്നു
തകർന്നടിയുന്ന കഥാപാത്രമാണു് മക്കോർമിക്കിന്റെ യാക്കോബ്. മാക്സ് പ്ലാങ്കിന്റെയും ഐൻസ്റ്റൈന്റെയും
സിദ്ധാന്തങ്ങൾ കണ്ടു് അയാൾ അമ്പരന്നു. വർഷം 1918. സ്ഥലം ഒരു ജർമ്മൻ നഗരം. ഒന്നാം
ലോകമഹായുദ്ധത്തിൽ ജർമ്മനി തകർന്നതു പോലെ യാക്കോബും തകർന്നു. യാക്കോബിന്റെ ഈ ദുരന്തത്തിനു്
എല്ലാ മണ്ഡലങ്ങളിലും സാംഗത്യമുണ്ടു്. ഉൽപതിഷ്ണുത്വത്തിന്റെ അടിയേറ്റു് അസത്യാത്മകമായ
യാഥാസ്ഥിതികത്വം നിലം പതിക്കുന്നു എന്ന മട്ടിലുള്ള സാംഗത്യമാണു് ഞാൻ ഉദ്ദേശിക്കുന്നതു്. ഈ ഗ്രന്ഥത്തിന്റെ
പാരായണം ഒരസുലഭാനുഭവമാണു്.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">മാറ്റം വരാത്ത കഥകൾ</head>
          <p style="noindent">അസുലഭങ്ങളായ അനുഭവങ്ങളിൽ ഒന്നാണു് കുട്ടിക്കാലത്തെ ഫോട്ടോ കാണുന്നതു്.
ഇതെഴുതുന്ന ആളിനു് അഞ്ചുവയസ്സായിരുന്ന കാലത്തു് എടുത്ത ഫോട്ടോ ഇപ്പോഴുമുണ്ടു്. ഒരു കേടുമില്ലാതെ.
‘രാമൻ പിള്ള സ്റ്റുഡിയോ’ എന്നു് റബ്ബർ സ്റ്റാമ്പുകൊണ്ടടിച്ച രേഖയും ഫോട്ടോയുടെ താഴെ കാണാം. എന്നാൽ
കഴിഞ്ഞ വർഷം എടുത്ത ഒരു ഫോട്ടോ കുട്ടിയുടെ രൂപമറിയാൻ വയ്യാത്ത മട്ടിൽ ആയിപ്പോയിരിക്കുന്നു. ആറു
കൊല്ലം മുൻപു് അച്ചടിച്ച പുസ്തകങ്ങൾ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. കഴിഞ്ഞ വർഷം വാങ്ങിയ പെൻഗ്വിൻ
ബുക്കുകളുടെ കടലാസ്സു് പൊടിഞ്ഞു പോയി. കടലാസ്സിൽ wood fiber കൂടിയിരുന്നാൽ അതു് ദീർഘകാലമിരിക്കും.
മുദ്രപ്പത്രങ്ങളിൽ wood fiber എഴുപത്തഞ്ചു ശതമാനമെങ്കിലും കാണും. അതുകൊണ്ടാണു് അവ
വളരെക്കാലമിരിക്കുന്നതു്. പണ്ടൊക്കെ ചെരിപ്പു വാങ്ങിയാൽ വളരെക്കാലം ഇടാം. ഇന്നു് കഷ്ടിച്ചു് രണ്ടു മാസം.
</p>
          <figure rend="fleft">
            <graphic url="images/Classical_Physicist.jpg" width="114" rendition="thumb"/>
          </figure>
          <p> ചെറുകഥകളും ഇതുപോലെയാണു്. മലബാർ സുകുമാരന്റെ ‘ആരാന്റെ കുട്ടിയും’, ‘കൂനേയുടെ ചികിത്സയും’
(പേരു് ഇതുതന്നെയോ എന്തോ) ‘ജഡ്ജിയുടെ കോട്ടും’ ഒരു കേടുപാടുമില്ലാതെ ജീവിച്ചിരിക്കുന്നു. ഇന്നലത്തെ
പ്രശസ്തനായ കഥാകാരന്റെ കഥ ഇന്നില്ല. ആഴ്ചപ്പതിപ്പുകളുടെ ജീവിതകാലം ഒരാഴ്ചയാണു്. അതുകൊണ്ടു്
അവയിൽ അച്ചടിച്ചു വരുന്ന കഥകളും ഒരാഴ്ചയെങ്കിലും ജീവിക്കണം. അതുണ്ടാകുന്നില്ല. വായനക്കാരൻ വായിച്ചു
കഴിഞ്ഞാലുടൻ അവ മരിക്കുന്നു. കുങ്കുമം വാരികയിൽ (ലക്കം 10) വസുമതി എഴുതിയ ‘വിവാഹസമ്മാനം’ എന്ന
കഥ എന്നെസ്സംബന്ധിച്ചിടത്തോളം ഏതാനും നിമിഷങ്ങൾകൊണ്ടു് മരിച്ചുപോയി. സ്നേഹിച്ചിരുന്ന സ്ത്രീ
മറ്റൊരുവന്റെതായിത്തീരുമ്പോൾ പുരുഷൻ ദുഃഖം മറക്കാൻ വേണ്ടി കുടിക്കുന്നതാണു് ഇതിലെ കഥ.
കേന്ദ്രസ്ഥിതമായിരിക്കേണ്ട ഈ വിഷയത്തോടു ബന്ധമില്ലാത്ത പലതും പറഞ്ഞു്
“കൊച്ചുവർത്തമാനക്കാരി”യായി പ്രത്യക്ഷയാകുന്നു കഥയെഴുത്തുകാരി. ഫൗണ്ടൻ പെൻ നല്ലതാണെങ്കിൽ
ശതാബ്ദങ്ങളോളമിരിക്കും. ഞാൻ ഈ ലേഖനമെഴുതാൻ ഉപയോഗിക്കുന്ന പേന എന്റെ കൈയിൽ കിട്ടിയിട്ടു്

അമ്പതു വർഷത്തിലധികമായി. ഇതു കൊണ്ടെഴുതിയാണു് ഞാൻ ഫോർത് ഫോമിൽ കണക്കു പരീക്ഷയ്ക്കു
തോറ്റതു്. എം. എ. പരീക്ഷയ്ക്കു് ഒന്നാം ക്ലാസ്സിൽ ജയിക്കാൻ എന്നെ സഹായിച്ചതും ഈ പേന തന്നെ. വസുമതി
ഒരേ പേന ഉപയോഗിച്ചാലും പേന കൂടക്കൂടെ മാറിയാലും കഥകൾക്കു് മാറ്റം വരില്ല.
</p>
          <p>മാറ്റം വരാത്തതു് കഥകൾക്കു മാത്രമല്ല. ഒരുദാഹരണം മാത്രം നൽകാം. ഓഫീസിൽ ജോലിയുള്ള രണ്ടു
കൂട്ടുകാരികൾ ബസ്സിൽ കയറി. ഒരാൾ നോട്ടെടുത്തു് കൈയിൽ വച്ചിരിക്കുന്നു. മറ്റേയാൾക്കു് ബാഗിൽ നിന്നു്
പണമെടുത്തേ പറ്റൂ. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നു കൊണ്ടു് അതെടുക്കാൻ വയ്യ. “എന്റെ ടിക്കറ്റും കൂടി
വാങ്ങിച്ചേക്കൂ” എന്നു മൊഴിയാടുന്നു. വാങ്ങിച്ചു. രണ്ടുപേർക്കും ഇറങ്ങേണ്ട സ്ഥലം ഒന്നു തന്നെ. ഇറങ്ങി. മറ്റേ സ്ത്രീ
ബാഗ് തുറന്നു് നാല്പതു പൈസ എടുത്തു് കൊടുത്തു അതുവാങ്ങാൻ തയ്യാറായി നിന്ന സ്ത്രീയ്ക്കു്. അവരതു വേഗം വാങ്ങി
‘പോട്ടെ’ എന്നു പറഞ്ഞു് നടന്നു. കൂട്ടുകാരിക്കു വേണ്ടി ചെലവാക്കിയ തുച്ഛമായ തുക തിരിച്ചു വാങ്ങാത്ത ഒരു
സ്ത്രീയും ഇന്നേവരെ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.
</p>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">കന്യകാത്വം. വേശ്യാത്വം</head>
          <p style="noindent">ഗ്രീക്ക് രതിദേവതയായ അഫ്രൊഡൈറ്റിയെക്കുറിച്ചു് രണ്ടു കഥകളുണ്ടു്. ഒന്നു് ഗ്രീക്കു
കവി <ref target="https://en.wikipedia.org/wiki/Homer">ഹോമർ</ref> പറഞ്ഞതു്.
രണ്ടു് ഗ്രീക്കു കവി <ref target="https://en.wikipedia.org/wiki/Hesiod">ഹീസിയഡ്</ref> (Hesiod) പറഞ്ഞതു്.
ഹീസിയഡ് രേഖപ്പെടുത്തിയ കഥ ചുരുക്കിയെഴുതാം. സ്വർഗ്ഗം ഭർത്താവു്; ഭൂമി ഭാര്യ. അവരുടെ മകൻ ക്രോണസ്.
സ്വർഗ്ഗവും ഭൂമിയും രതിക്രീഡയിൽ ഏർപ്പെട്ടിരുന്നപ്പോൾ മകനു് ഈർഷ്യയുണ്ടായി. അവൻ അച്ഛന്റെ
ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. അതു് കടലിൽ വന്നു വീണപ്പോൾ അതിൽ പറ്റിയിരുന്ന ഒന്നോ രണ്ടോ തുള്ളി
രേതസ്സു് സമുദ്രത്തെ ഗർഭിണിയാക്കി. സമുദ്രം പ്രസവിച്ചവളാണു് അഫ്രൊഡൈറ്റി. അവൾ അഗ്നിദേവനായ
ഹെഫീസ്റ്റസിന്റെ ഭാര്യയായി. വിരൂപനും മുടന്തനുമായിരുന്നു അയാൾ. അതുകൊണ്ടു് അഫ്രൊഡൈറ്റി
യുദ്ധദേവനായ അറീസിനെ കാമുകനായി സ്വീകരിച്ചു. അവളുടെ പുത്രനാണു് കാമദേവനായ ഈറോസ്.
ഫിനീഷ്യൻ രതിദേവത അസ്റ്റാർട്ടിയും സുമേറിയാക്കാരുടെ ഇനാന്നയും ബാബിലോണിയാക്കാരുടെ ഇഷ്താറും
ഈജിപ്റ്റുകാരുടെ ഐസീസും ഗ്രീസിലെ അഫ്രൊഡൈറ്റിയിൽ നിന്നു് വിഭിന്നകളല്ല. ഈ അഞ്ചു പേരും
സുചരിതകളാണു്. അതേസമയം വേശ്യകളും. കന്യകാത്വത്തെക്കുറിച്ചും വേശ്യാത്വത്തെക്കുറിച്ചും സ്ത്രീക്കുണ്ടാകുന്ന
ഫാന്റസിക്കു് യോജിച്ച മട്ടിലാണു് ഈ ദേവതകൾക്കു് ദ്വന്ദഭാവം നൽകിയിട്ടുള്ളതു്. ഭാരതത്തിലോ?
പാർവതിയാണു് ശക്തിയുടെ പ്രതിരൂപം. ആ ദേവിയിൽ വേശ്യാത്വത്തിന്റെ അംശം ഉണ്ടെന്നുപറയാൻ വയ്യ.
പ്രകാശത്തിന്റെ—ശുക്ലപക്ഷത്തിന്റെ—ദേവതയാണു് പാർവ്വതി (താന്ത്രിക സിദ്ധാന്തമനുസരിച്ചു്)
അന്ധകാരത്തിന്റെ—ശ്യാമപക്ഷത്തിന്റെ—ദേവതയാണു് കാളി. പാർവ്വതി/കാളി ഈ ദേവതകളിൽ മേല്പറഞ്ഞ
ദ്വന്ദ്വഭാവം ആരോപിച്ചിരിക്കുന്നു താന്ത്രികർ. ഏതു ചാരിത്രശാലിനിയിലും വേശ്യാത്വം തലയുയർത്തും. ഏതു
വേശ്യയിലും വിശുദ്ധി തലയുയർത്തും. അടുത്ത വീട്ടിലെ പുരുഷൻ തന്നെ നോക്കുന്നുവെന്നു് ഭാര്യ ഭർത്താവിനോടു
പറയുമ്പോൾ അതു് ഭാര്യയുടെ പാതിവ്രത്യത്തെയാണു് കാണിക്കുന്നതെന്നു് അയാൾ വിശ്വസിച്ചാൽ ഏഭ്യനാണു്
ആ മനുഷ്യൻ എന്നു മാത്രം കരുതിയാൽ മതി. ദ്വന്ദ്വഭാവങ്ങളിലെ ഒന്നു്—വേശ്യാത്വം—പരാതിയായി
പ്രത്യക്ഷമാകുന്നുവെന്നേ കരുതേണ്ടതുള്ളൂ. പി. എ. എം. ഹനീഫ് കുങ്കുമം വാരികയിലെഴുതിയ ‘ഉളി’ എന്ന പരമ
ബോറൻ കഥയെ അവലംബിച്ചു് ഇത്രയും കാര്യങ്ങൾ എനിക്കെഴുതാൻ കഴിഞ്ഞല്ലോ. ഹനീഫിനു് നന്ദി.
(അദ്ദേഹത്തിന്റെ കഥയിലെ നായിക അന്യപുരുഷനെക്കുറിച്ചു് ഭർത്താവിനോടു് പരാതി പറയുന്നവളാണു്.)
</p>
          <div type="subsection" xml:id="sec0.0.1" n="0.0.1">
            <head type="subsechead">ധിഷണയുടെ സ്ഫുലിംഗം</head>
            <figure rend="fleft">
              <graphic url="images/Andre_Malraux.jpg" width="114" rendition="thumb"/>
              <figDesc style="thumb">ആങ്ദ്രേ മാൽറോ</figDesc>
            </figure>
            <p style="noindent"> രാഷ്ട്രവ്യവഹാരത്തിൽ കീർത്തിയാർജ്ജിച്ചവരെക്കുറിച്ചു് ബഹുജനത്തിനു

ബഹുമാനമില്ല. എന്നാൽ അവരിലാരെങ്കിലും ധിഷണയുടെ വിലാസം കാണിച്ചാൽ അവർ (ജനം) അതിരറ്റ
ആദരം പ്രകടിപ്പിക്കും. ജവാഹർലാൽ നെഹ്റുവിനെക്കാൾ വലിയ രാഷ്ട്രതന്ത്രജ്ഞന്മാർ ഭാരതത്തിലുണ്ടിയിട്ടുണ്ടു്.
പക്ഷേ, ആത്മകഥയും ഡിസ്കവറി ഒഫ് ഇന്ത്യയും എഴുതിയ നെഹ്റുവിനോടാണു് ഭാരതീയർക്കു ബഹുമാനം.
ഫ്രാൻസിലെ ഇൻഫർമേഷൻ മന്ത്രിയായിരുന്നു <ref target="https://en.wikipedia.org/wiki/Andr%C3%A9_Malraux">ആങ്ദ്രേ
മാൽറോ</ref>. ‘നിശ്ശബ്ദതയുടെ ശബ്ദം’ എന്ന കലാവിമർശന ഗ്രന്ഥവും മാസ്റ്റർ പീസുകളായി
പരിഗണിക്കപ്പെടുന്ന നോവലുകളും എഴുതിയതുകൊണ്ടാണു് അദ്ദേഹം എന്നും ഓർമ്മിക്കപ്പെടാൻ പോകുന്നതു്.
കേരളത്തിലെ പനമ്പിള്ളി ഗോവിന്ദമേനോൻ, സി. അച്ചുതമേനോൻ, <ref target="https://en.wikipedia.org/wiki/E._M._S._Namboodiripad">ഇ. എം. എസ്.
നമ്പൂതിരിപ്പാടു്</ref>, <ref target="https://en.wikipedia.org/wiki/K._Damodaran">കെ. ദാമോദരൻ</ref>
എന്നിവർ ആദരണീയരായതു് അവരുടെ ധിഷണാവൈഭവത്താലാണു്. അവരുടെ രാഷ്ട്രതന്ത്രജ്ഞത മറ്റു
നേതാക്കന്മാർക്കും കാണുമായിരിക്കും. ധിഷണാവൈഭവം വേണ്ട ധിഷണയുടെ സ്ഫുലിംഗം ഒന്നു പ്രസരിപ്പിച്ചാൽ
മതി ബഹുജനം നിങ്ങളെ സ്നേഹിക്കും, മാനിക്കും. വാരികകളിലെ ചോദ്യോത്തര പംക്തികൾ ഈ
ധിഷണാസ്ഫുലിംഗങ്ങൾ കൊണ്ടാണു് ആകർഷകങ്ങളാകുന്നതു്. ജനയുഗം വാരികയിൽ ‘ആര്യാടു് ഗോപിയോടു
ചോദിക്കുക’ എന്ന പേരിൽ ആരംഭിച്ചിട്ടുള്ള പംക്തിക്കു പുതുമയുണ്ടു്. അതിൽ ധിഷണയുടെ അഗ്നികണമുണ്ടു്.
നേരമ്പോക്കുമുണ്ടു്. ഉദാഹരണം ഗുരുവായൂരപ്പൻ ആര്യാടു് ഗോപിയോടു ചോദിക്കുന്നു:
</p>
            <p>കരുണാകരൻ ഇവിടെ ഒന്നാം തീയതി തോറും തൊഴാൻ വരാറുണ്ടു്. കമ്മ്യൂണിസ്റ്റുകാർ ഇവിടെ തൊഴാൻ
വരാറുണ്ടോ?
<list type="gloss"><label>ഉത്തരം:</label><item> ഉണ്ടല്ലോ? വല്ലപ്പോഴും മലയാറ്റൂർ രാമകൃഷ്ണൻ. </item></list>
ഇതു വായിച്ചപ്പോൾ എനിക്കും ഒരു ചോദ്യം വായുവിൽക്കൂടി കേൾക്കാറാകുന്നു.
<list type="gloss"><label>വാത്സ്യായനൻ:</label><item> എ. ഡി. ഒന്നാം ശതാബ്ദത്തിനും നാലാം ശതാബ്ദത്തിനും ഇടയ്ക്കുള്ള കാലത്തു ജീവിച്ചിരുന്നുവെന്നു്
മിടുക്കനായ സർദാർ കെ. എം. പണിക്കർ പറയുന്നു. ഞാൻ തിരുവനന്തപുരത്തു വരുന്നുവെന്നു കരുതി ചില
കുട്ടികളും ചില ഫിലോസഫി ലക്‍ചറർമാരും സെനറ്റ് ഹാളിൽ എന്നെ കാണാനും എന്റെ പ്രസംഗം കേൾക്കാനും
കൂടിയെന്നു പറയുന്നതു ശരിയാണോ കൃഷ്ണൻ നായരേ?
</item><label>ഉത്തരം: </label><item> ശരിയാണു് കാമശാസ്ത്രമെഴുതിയ ആളല്ലേ. കണ്ടുകളയാമെന്നു വിചാരിച്ചു കോളേജ് വിദ്യാർത്ഥികൾ
തടിച്ചുകൂടി. ന്യായഭാഷ്യത്തിന്റെ കർത്താവാണു് താങ്കളെന്നു വിചാരിച്ചു് ചില അദ്ധ്യാപകർ ഓടിച്ചെന്നു. അങ്ങോട്ടു്
ചെന്നപ്പോഴാണു് രണ്ടു കൂട്ടർക്കും അമളി പറ്റിയതു്. വടക്കെങ്ങോ ഉള്ള ഒരു വാത്സ്യായനൻ വരാമെന്നു്
സർവ്വകലാശാലാധികൃതരോടു് ഏറ്റിരുന്നു. സുഖക്കേടുകൊണ്ടു് ആ മാന്യൻ വന്നതുമില്ല. വന്നെങ്കിൽ കുട്ടികൾ
ഇങ്ങനെ ചോദിക്കുമായിരുന്നു: “ശശോ വൃഷോ ശ്വ ഇതി ലിങ്ഗ തോ നായക വിശേഷാഃ” എന്നു അങ്ങു്
കാമസൂത്രത്തിൽ എഴുതിയതൊന്നു വിശദീകരിക്കൂ. </item></list>
അദ്ധ്യാപകർ ആംഗലവാണിയിൽ ചോദിക്കുന്നതു ഇങ്ങനെയാവാം: Vatsyayana, you elaborated logicism
in the 3rd century A. D. Are we correct? How can truth be apprehended through a norm?
</p>
          </div>
          <!--end of "subsection 0.0.1/1.6.0"-->
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">ഷഡക്ഷര സുന്ദരൻ</head>
          <p style="noindent">എന്റെ ഒരു കാരണവർ മകനു് ഇരുപത്തെട്ടു കെട്ടുമ്പോൾ പേരിട്ടതു ഷഡക്ഷര
സുന്ദരൻ നായർ എന്നായിരുന്നു. ശ്രീമൂലവിലാസം ഇംഗ്ലീഷ് സ്കൂളിൽ ഫസ്റ്റ് ഫോമിൽ പഠിക്കുന്ന കാലത്തു് ഞാൻ

വട്ടിയൂർക്കാവിലുള്ള ഈ കാരണവരുടെ വീട്ടിൽ പോകുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വടിയെടുത്തു്
ദേഷ്യത്തോടെ “എടാ ഷഡാക്ഷര സുന്ദരാ ഇവിടെ വാ” എന്നു് ആക്രോശിക്കുന്നതു കേട്ടിട്ടുണ്ടു്. കാരണവരേ,
എന്തിനാണു് വേണ്ടാത്ത ദീർഘമെന്നു് ഞാനന്നു ചോദിച്ചിട്ടില്ല. ഷഡക്ഷരമെന്നു പോരേ എന്നു സംശയം
ഉന്നയിക്കാൻ എനിക്കന്നു് അറിവില്ലായിരുന്നു. പിന്നീടു് ഇ. വി. കൃഷ്ണപിള്ള പേരുകളെക്കുറിച്ചു നേരമ്പോക്കായി
പലതുമെഴുതിയപ്പോൾ ഷഡക്ഷര സുന്ദരൻ നായരെ ഞാൻ ഓർമ്മിച്ചു പോയി. ഇ. വി.-യുടെ കൂട്ടുകാരന്റെ ഭാര്യ
പെറ്റു, ഇ. വി. ശിശുവിനെ കാണാൻപോയി, കുഞ്ഞു് ഫൗണ്ടൻ പേനയോളം വരും. പേരെന്താണെന്നു
ചോദിച്ചപ്പോൾ മറുപടി: വേണുഗോപാല വീണഗീതരസ ബാലഗംഗാധരൻ. ഇ. വി.-യുടെ ഭാവന ഉദ്ദീപ്തമാകുന്നു.
തന്ത വയസ്സുകാലത്തു് അങ്കണത്തിൽ വീണു മുട്ടൊടിക്കുന്നു. സ്വല്പം ജീരകവെള്ളം വേണം. കിഴവൻ വിളിക്കുന്നു:
“എടാ വേണുഗോപാലവീണഗീതരസ ബാലഗംഗാധരോ, ഓടിവായോ, പിടിച്ചെഴുന്നേല്പിക്കോ, ജീരകവെള്ളം
കൊണ്ടുവായോ” ഇതു മുഴുവൻ പറയാൻ പറ്റില്ല. പേരു പൂർണ്ണമാക്കുന്നതിനു മുൻപുതന്നെ കിഴവന്റെ പ്രാണൻ
പോകും. അത്രയ്ക്കു് ദീർഘതയുണ്ടു് പേരിനു്.
</p>
          <p>ടി. എൻ. ഗോപിനാഥൻ നായർ വേറൊരു വിഷയമാണു് ഹൃദ്യമായി പ്രതിപാദിക്കുന്നതു്. ഓമനപ്പേരുകളും
വട്ടപ്പേരുകളും (ജനയുഗം). കൊക്കു, കൊക്ക, റിങ്ക, ചിഹ, ബുബു ഇങ്ങനെ പോകുന്നു ഓമനപ്പേരുകൾ. സാഹിത്യ
പഞ്ചാനൻ ഓമനപ്പുത്രനു് ഗോപിനാഥൻ എന്ന പേരു നല്കി. എങ്കിലും ‘കോക്കനാർ’ എന്നാണു് അദ്ദേഹം മകനെ
വിളിച്ചിരുന്നതു്.
</p>
          <p>തിരുവനന്തപുരത്തെ പെണ്ണുങ്ങൾ ഇപ്പോൾ കണവന്മാരെ അവരുടെ പേരിന്റെ ആദ്യത്തെ അക്ഷരം
ഓമനപ്പേരാക്കി വിളിക്കുന്നു. ഗോപാലൻ നായർ ‘ഗോ’ എന്നാകുന്നു. നാരായണൻ നായർ മധുരമൊഴിയിലൂടെ
‘നാ’ എന്നായി മാറുന്നു. ശിവശങ്കരൻ നായർ ‘ശ്ശീ’ എന്നു് രൂപം കൊള്ളുന്നു. ഓരോ ‘ശ്ശീ’ കേൾക്കുമ്പോൾ അതു
പ്രേമത്തിന്റെ ശ്ശീയാണോ അതോ ദേഷ്യത്തിന്റെ ശ്ശീയാണോ എന്നു് പാവം ശിവശങ്കരൻ നായർ സംശയിക്കുന്നു,
ഞെട്ടുന്നു.
</p>
        </div>
        <!--end of "section 0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">ശത്രുഘ്നനും വസന്തനും</head>
          <figure rend="fleft">
            <graphic url="images/WaitingForTheBarbarians.jpg" width="114" rendition="thumb"/>
          </figure>
          <p style="noindent"> ചെറുകഥയ്ക്കു് എന്തെല്ലാം വേണം? സംഘട്ടനം, പ്രമേയം, കഥാപാത്രസ്വഭാവ
ചിത്രീകരണം, കഥാകാരന്റെ വീക്ഷണരീതി, ശൈലിയുടെ സവിശേഷത, സിംബലിസം. ഇനിയും പലതും
പറയാം. ഇപ്പറഞ്ഞതൊക്കെ ശത്രുഘ്നന്റെ കഥയിൽ കാണും. എപ്പോഴും കാണും. പക്ഷേ, അദ്ദേഹത്തിന്റെ
കഥകൾ വായനക്കാരനെ സ്പർശിക്കാറില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (ലക്കം 35) അദ്ദേഹമെഴുതിയ
“രാമലക്ഷ്മണന്മാരുടെ അമ്മ” എന്ന ചെറുകഥ വായിച്ചാലും. പത്രഭാഷയിൽ വാർദ്ധക്യസഹജമായ രോഗം
കൊണ്ടു് ഒരു വൃദ്ധ മരണം പ്രാപിക്കുന്നതു് കഥാകാരൻ വർണ്ണിക്കുന്നു. എന്നാൽ സംഭവങ്ങളിലൂടെയും
ഇമേജറിലൂടെയും വികാരങ്ങളെയും ശില്പത്തെയും കൂട്ടിയിണക്കുന്ന മാന്ത്രികവിദ്യ ശത്രുഘ്നനു് അറിഞ്ഞുകൂടാ.
അതിനാൽ അദ്ദേഹത്തിന്റെ ഇക്കഥ—എന്നല്ല എല്ലാക്കഥകളും—ഉമിക്കരി ചവച്ച പ്രതീതി ഉളവാക്കുന്നു. കഥ
റൊമാന്റിക്കോ റീയലിസ്റ്റിക്കോ ഡേർട്ടി റീയലിസ്റ്റിക്കോ (റേമണ്ട് കാർവർ നേതാവായിട്ടുള്ള പുതിയ പ്രസ്ഥാനം)
ആകട്ടെ. മാന്ത്രികത്വം—മാജിക്–ഇല്ലെങ്കിൽ അതു കലാസൃഷ്ടിയല്ല.
</p>
          <p>“മുനമ്പിനെ സമുദ്രം വലയം ചെയ്തിരിക്കുന്നതു പോലെ എല്ലാ രാത്രികളിലും ജീവിതത്തെ വലയം ചെയ്യുന്ന
നിദ്രയിൽ അതു് (ജീവിതം) കുതിർന്നിരിക്കുന്നു എന്നതു ചിത്രീകരിക്കാതെ ഒരെഴുത്തുകാരനും മാനുഷിക
ജീവിതത്തെ ശരിയായി വർണ്ണിക്കാൻ സാദ്ധ്യമല്ലെ”ന്നു് പ്രൂസ്ത് പറഞ്ഞിട്ടുണ്ടു്. (തർജ്ജമയുടെ വിലക്ഷണതയ്ക്കു മാപ്പു
ചോദിക്കുന്നു.) നിദ്രയിൽ കുതിർന്ന ജീവിതത്തെ ഭാവാത്മക ശോഭയോടെ വസന്തൻ ആവിഷ്കരിക്കുന്നു.
(ദേശാഭിമാനി വാരിക, ലക്കം 20. ‘മുൾമുടിയും മരക്കുരിശും’.) കലയുടെ ചട്ടക്കൂട്ടിലൊതുക്കിയ പ്രചാരണം. ഞാൻ
രണ്ടു തവണ ഈ ഭാവദീപ്തി കണ്ടു. ആഹ്ലാദിക്കുകയും ചിന്താമഗ്നനാവുകയും ചെയ്തു. അതു് അനുധ്യാനത്തിലേക്കു്
എന്നെ കൊണ്ടുപോയി. അതാണു് കലയുടെ കർത്തവ്യം.
</p>
        </div>
        <!--end of "section 0.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">കെ. സുരേന്ദ്രന്റെ നേർക്കു്</head>
          <p style="noindent">മനുഷ്യനെ മൃഗത്തിൽ നിന്നു വിഭിന്നനാക്കി നിറുത്തുന്നതു്
‘ഡിഗ്നിറ്റി’യാണു്—അന്തസ്സാണു്. അന്തസ്സു് പാലിച്ചില്ലെങ്കിൽ മനുഷ്യൻ മൃഗമായി അധഃപതിക്കും.
പെരുമാറ്റത്തിൽ, ഭാഷയിൽ, അംഗവിക്ഷേപത്തിൽ എന്നല്ല എല്ലാ അംശങ്ങളിലും മനുഷ്യനു് അന്തസ്സു് കൂടിയേ
തീരൂ. അന്തസ്സു് നിലനിറുത്താൻ മനുഷ്യൻ ചില സങ്കേതങ്ങൾ അംഗീകരിച്ചിരിക്കുന്നു. അവയിൽ ഒരണു
തെറ്റിയാൽ ഡിഗ്നിറ്റി തകരും. മീനാക്ഷിയെന്നു് സ്ത്രീയുടെ പേരു്. അവളെ മീൻ കണ്ണിയെന്നു വിളിക്കൂ.
വിളിക്കുന്നവൻ അന്തസ്സുകെട്ടവനാണു്. ആദരണീയമായ ഈ ഡിഗ്നിറ്റി നമ്മുടെ പല സാഹിത്യകാരന്മാർക്കുമില്ല.
‘മദ്യവും പെണ്ണുമുണ്ടെങ്കിൽ അവാർഡുകാർക്കു മറ്റൊന്നും നോക്കേണ്ടതില്ല. ഇതൊക്കെ ചെയ്യാൻ കഴിവുള്ള ഏതു
പട്ടിക്കും അവാർഡ് കിട്ടും’. എന്നു് ഉദീകരണം ചെയ്തതിനു ശേഷം മുട്ടത്തു വർക്കി പ്രസിദ്ധനായ സാഹിത്യകാരൻ
<ref target="https://en.wikipedia.org/wiki/K._Surendran">കെ. സുരേന്ദ്രന്റെ</ref>
ബുദ്ധിശക്തിയെ ‘കൊട്ടിബുദ്ധി’ എന്നു വിശേഷിപ്പിക്കുന്നു (ഞായറാഴ്ച വാരിക, ലക്കം 3). ഇതു് വർക്കി പറഞ്ഞതു
തന്നെയാണെങ്കിൽ അദ്ദേഹം സാന്മാർഗ്ഗികമായി എത്ര താണുപോയിരിക്കുന്നു! അന്തർമണ്ഡലത്തിലുള്ള
സ്വാഭാവിക നിയന്ത്രണങ്ങളെ കെട്ടുപൊട്ടിച്ചു വിടുമ്പോൾ അതു ചെയ്യുന്നവരുടെയും അതു കാണുന്നവരുടെയും
ഡിഗ്നിറ്റി തകർന്നു പോകുന്നു. പക്ഷേ, അവഹേളിക്കപ്പെട്ട സുരേന്ദ്രനു് ഒരു താഴ്ചയുമില്ല താനും.
</p>
        </div>
        <!--end of "section 0.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">കൂറ്റ്സേ</head>
          <figure rend="fleft">
            <graphic url="images/KSurendran.jpg" width="114" rendition="thumb"/>
            <figDesc style="thumb">കെ. സുരേന്ദ്രൻ</figDesc>
          </figure>
          <p style="noindent"><ref target="https://en.wikipedia.org/wiki/Waiting_for_the_Barbarians">Waiting
for the Barbarians</ref> എന്ന ചേതോഹരമായ നോവലിന്റെ കർത്താവായ ജെ. എം. കൂറ്റ്സെക്ക്
(ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ്) അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ <ref target="https://en.wikipedia.org/wiki/Life_%26_Times_of_Michael_K">Life and
Times of Michael K</ref>-യെ അവലംബമാക്കി ബുക്കർ പ്രൈസ് നൽകിയതായി കൗമുദി ന്യൂസ്
സർവീസിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു (കലാകൗമുദി ലക്കം 427). മഹാനായ ഈ കലാകാരനെക്കുറിച്ചുള്ള
ലേഖനം ഹ്രസ്വമാണെങ്കിലും അന്തരംഗസ്പർശിയാണു്. കൂറ്റ്സെക്ക് സമ്മാനം കിട്ടിയതായി ഇംഗ്ലീഷ്
പത്രങ്ങളിൽപ്പോലും കണ്ടില്ല. ഇക്കാര്യം അറിഞ്ഞു് സന്ദർഭത്തിനു് ഉചിതമായ വിധത്തിൽ ഈ സാഹിത്യകാരനെ
മലയാളികൾക്കു പരിചയപ്പെടുത്തിയ കൗമുദി ന്യൂസ് സർവീസ് ലേഖകൻ അഭിനന്ദനം അർഹിക്കുന്നു. അപാർറ്റ്
ഹേറ്റിനു് (Apart theid നീഗ്രോകളേയും മറ്റു കറുത്തവർഗ്ഗക്കാരേയും മാറ്റി നിറുത്തുകയും അവരോടു വിവേചനം
കാണിക്കുകയും ചെയ്യുന്നതു്) എതിരായി പൊരുതുന്ന ഉജ്ജ്വല പ്രതിഭാശാലിയാണു് കൂറ്റ്സേ അദ്ദേഹത്തിന്റെ
Dusklands വേറൊരു ചേതോഹരമായ കൃതിയാണു്.
</p>
          <p>നമ്മുടെ നാട്ടിൽ മൂന്നു കൊല്ലത്തിനകത്തു്, അഞ്ചു കൊല്ലത്തിനകത്തു് ഉണ്ടാകുന്ന നല്ല കൃതിക്കു് സമ്മാനം
കൊടുക്കുന്നു. ആ ഏർപ്പാടു നിറുത്തിയിട്ടു അഞ്ചു കൊല്ലം പരിപൂർണ്ണമായ നിശ്ശബ്ദത പാലിച്ചു് പേന കൈകൊണ്ടു
തൊടാതിരിക്കുന്നവനു് അക്കാഡമികളും വയലാർ ട്രസ്റ്റും സമ്മാനം കൊടുക്കുമെന്നു പ്രഖ്യാപിച്ചാൽ
നന്നായിരിക്കും. വളരെ വളരെ നന്നായിരിക്കും.
</p>
        </div>
        <!--end of "section 0.0/1.10"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1983-11-27. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  September 7, 2021.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  LJ Anjana; <hi rend="bold">Digitizer:</hi>
 KB Sujith; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1983-11-27.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1983-11-27.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
