<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>Anupa Ann Joseph</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2021">August 27, 2021</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1985-05-05</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1985-05-05</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1985-05-05-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
​​​</p>
        <figure rend="fleft">
          <graphic url="images/Shakuntala.jpg" width="114" rendition="thumb"/>
        </figure>
        <p> കുയിൽനാദം വേലുനായർ, <ref target="https://ml.wikipedia.org/wiki/Sebastian_Kunjukunju_Bhagavathar">സെബാസ്റ്റിൻ
കുഞ്ഞുകുഞ്ഞുഭാഗവതർ</ref>, ശിവപ്രസാദ് വേലുക്കുട്ടി, <ref target="https://ml.wikipedia.org/wiki/M._K._Thyagaraja_Bhagavathar">എം. കെ.
ത്യാഗരാജഭാഗവതർ</ref>, <ref target="https://en.wikipedia.org/wiki/S._D._Subbulakshmi">എസ്. ഡി.
സുബ്ബുലക്ഷ്മി</ref> ഇവരൊക്കെ പഴയകാലത്തെ അഭിനേതാക്കളായിരുന്നു. ഇവരിൽ
വേലുനായരൊഴിച്ചുള്ളവരുടെ അരങ്ങു തകർക്കുന്ന അഭിനയം ഞാൻ കണ്ടിട്ടുണ്ടു്. ആലപ്പുഴ കിടങ്ങാംപറമ്പു
മൈതാനത്തുണ്ടായിരുന്ന ഒരു കൊട്ടകയിൽ കുയിൽനാദം രാജാപ്പാർട്ട് കെട്ടി ‘നാടകമാടി’യതും ഞാൻ കണ്ടു
എന്നാണു് ഓർമ്മ. നല്ല ഉറപ്പില്ലാത്തതുകൊണ്ടു് അങ്ങനെ വിട്ടുകളഞ്ഞതാണു്. ഇതിനെല്ലാം മുൻപു്
തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും ‘ലോക്കൽ ആക്ടേഴ്സ്’ ‘ശാകുന്തളം’, ‘നല്ലതങ്ക’, ‘കണ്ണകി’ എന്നീ
നാടകങ്ങൾ അഭിനയിക്കുന്നതു കാണാനും എനിക്കു് ദൗർഭാഗ്യമുണ്ടായിട്ടുണ്ടു്. അക്കാലത്തു് സ്ത്രീകൾ വേഷം
കെട്ടിയിരുന്നില്ല. കഠോരാകൃതിയാർന്ന പുരുഷന്മാരാണു് ശകുന്തളയായി നാടകവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നതു്.
<ref target="https://en.wikipedia.org/wiki/Kalidasa">കാളിദാസൻ</ref>
‘ക്ഷാമക്ഷാമ കപോല’മെന്നും തർജ്ജമക്കാരൻ ‘ഒട്ടീ ഹന്ത കവിൾത്തട’മെന്നുമാണല്ലോ പ്രേമപരവശയായ
ശകുന്തളയെ വർണ്ണിച്ചതു്. നാടകവേദിയിലെത്തുന്ന പുരുഷശകുന്തളയ്ക്കു് മേക്കപ്പ് വേണ്ടായിരുന്നു
കവിളൊട്ടിപ്പോയിയെന്നു കാണിക്കാൻ. ജന്മനാ കവിളൊട്ടിയവരായിരുന്നു ആ അഭിനേതാക്കൾ.
തള്ളിനിൽക്കുന്ന താടിയെല്ലും പൗഡർ വാരിക്കോരിതേച്ചിട്ടും എഴുന്നുനിൽക്കുന്ന നീലഞരമ്പുകളും
ജുഗുപ്സാവഹമായ തൊണ്ടമുഴയും അന്നത്തെ ശകുന്തള നിർല്ലജ്ജം കാണിച്ചിരുന്നു. കേരവൃക്ഷസമൃദ്ധിയാർന്ന
സ്ഥലം കേരളം. അതുകൊണ്ടു് അവയവങ്ങളെ വലുതാക്കുന്ന യൗവനത്തെ കുറ്റപ്പെടുത്താൻ അനസൂയയ്ക്കും
പ്രിയംവദയ്ക്കും കഴിഞ്ഞു. കച്ചത്തോർത്തുകൾ ജവുളിക്കടയിൽനിന്നും ധാരാളം വാങ്ങാമായിരുന്നു. അതിനാൽ
‘മുന്നിടമഭ്യുന്നതമായ് സന്നതമായ് പിന്നിടം ജഘനഭരാൽ പെണ്മണിയുടെ ചുവടു്’ നന്മണലിൽ കണ്ടുരസിക്കാൻ
ദുഷ്യന്തനു് ഭാഗ്യമുണ്ടായി. കാലം കഴിഞ്ഞു. <ref target="https://ml.wikipedia.org/wiki/Kainikkara_Padmanabha_Pillai">കൈനിക്കര
പദ്മനാഭപിള്ള</ref> യും <ref target="https://ml.wikipedia.org/wiki/Kainikkara_Kumara_Pillai">കൈനിക്കര
കുമാരപിള്ള</ref> യും ടി. ആർ. സുകുമാരൻനായരും പി. കെ. വിക്രമൻനായരും <ref target="https://ml.wikipedia.org/wiki/P.K._Veeraraghavan_Nair">വീരരാഘവൻ
നായരും</ref> എസ്. ഗുപ്തൻ നായരും ഭാവപ്രധാനമായി അഭിനയിക്കുന്നതുകണ്ടു് ഞാൻ ആഹ്ലാദിച്ചു. കെ.വി.
നീലകണ്ഠൻ നായരുടെ ജീഡിതു് (കാൽവരിയിലെ കല്പാദപം) ‘നായകനങ്ങുപോയ് തോഴീ’ എന്നു പാടിക്കൊണ്ടു്
എന്റെ അന്തർ നേത്രത്തിനു മുൻപിൽ ഇപ്പോഴും ഇരിക്കുന്നു. ഇപ്പോഴത്തെ നാടകങ്ങളും ഞാൻ കാണുന്നുണ്ടു്. ഈ
നവീന നാടകത്തിൽ രാധ (ഭഗ്നഭവനത്തിലെ കഥാപാത്രം) ‘അയ്യോ ഇതാരു്?’ എന്നല്ല ചോദിക്കുക. ഒരു നീണ്ട
ശബ്ദമാണു് അതിനു പകരം ഉണ്ടാക്കുന്നതു്. അതു് എഴുതിക്കാണിക്കാൻ പ്രയാസം. എങ്കിലും ശ്രമിക്കട്ടെ. ‘അ അ
അ…യ്യോ യ്യോ യ്യോ…ഇ ഇ ഇ…താ താ താ…രു് രു് ര്…’ ഇങ്ങനെ പോയിപ്പോയി നാടകത്തിൽ സംഭാഷണം
തന്നെ ഇല്ലാതാകും. കഥാപാത്രങ്ങൾ വികാരം സൂചിപ്പിക്കാനായി ചില ചിഹ്നങ്ങളുടെ മട്ടിൽ വളഞ്ഞും തിരിഞ്ഞും
നിന്നാൽ മതിയെന്നാവും. അതു് ഇപ്രകാരം
<list type="gloss"><label>രാധ:</label><item> ?????
</item><label>ഹരി:</label><item> — —

</item><label>രാധ:</label><item> !!!!!
</item><label>ഹരി:</label><item> ?! ?! ?! ?! </item></list>
</p>
        <p>(ഇതിന്റെ അർത്ഥം ? = അയ്യോ ഇതാരു്. — = ആ ബന്ധവും ഉടമയും വിട്ടേക്ക്. ! = ചേട്ടനിപ്പോൾ
എങ്ങനെയിരിക്കും. ?! = എങ്ങനെയിരിക്കുമെന്നോ, ഉടഞ്ഞ കപ്പൽ പോലെ തകർന്ന സ്വപ്നം പോലെ) നാടകമേ
നിൻ പേരു കേട്ടാൽ പേടിയാം.
</p>
        <div type="lsection" xml:id="sec1.1">
          <head type="lsechead">ഭാവന വികസിക്കട്ടെ</head>
          <floatingText rend="qleft">
            <body>
              <p style="noindent">ലൈംഗികസ്വാതന്ത്ര്യം കൂടിക്കൂടി സമുദായത്തിന്റെ അടിത്തറ തകർന്നു
തുടങ്ങിയിരിക്കുന്നു. പുറത്തു പറയാൻ ആളുകൾ മടിച്ചിരുന്ന കാര്യങ്ങൾ പുരപ്പുറത്തു കയറി നിന്നു് ചിലർ പറഞ്ഞു
തുടങ്ങിയിരിക്കുന്നു.</p>
            </body>
          </floatingText>
          <p style="noindent"> ഈ ലോകത്തു് എത്ര വേഗത്തിലാണു് കാര്യങ്ങൽ നടക്കുക! ഇന്നലെ രാത്രി പത്തു
മണിക്കു് ഉറങ്ങാൻ കിടന്നതാണു്. ഒരു മിനിറ്റ് കഴിഞ്ഞെന്നേ തോന്നുന്നുള്ളൂ. കണ്ണു തുറന്നപ്പോൾ നേരം
വെളുത്തിരിക്കുന്നു. ഒരു മിനിറ്റ് കൂടിക്കഴിഞ്ഞു. ഇപ്പോൾ ഉച്ചസമയമാണു്. ഇന്നലെയോ അതിന്റെ തലേദിവസമോ
നഴ്സറി സ്കൂളിൽ പോയ കൊച്ചുകുട്ടിയാണു്; ഇന്നു് അവളുടെ വിവാഹമാണെന്നു് ഞാനറിയുന്നു. ഇനി നാളെ അവളെ
ചുക്കിച്ചുളിഞ്ഞ മുഖത്തോടെ ഞാൻ കാണും. എന്തൊരു വേഗം! രാത്രി പകലായി മാറുകയല്ല. ക്രമാനുഗതമായ
വികാസമല്ല ഉള്ളതു്. ചക്രവാളത്തിനപ്പുറത്തു് പകൽ ഒളിച്ചിരിക്കുകയാണു്. രാത്രി വന്നെന്നു കാണുമ്പോൾ പകൽ
അവിടെ നിന്നു് പാഞ്ഞെത്തി രാത്രിയെ കീഴടക്കുകയാണു്. പേടിച്ചോടുന്ന രാത്രി ചക്രവാളത്തിൽ ഒളിച്ചിരിക്കും.
പകലിന്റെ ആധിപത്യം കാണുമ്പോൾ അതിറങ്ങിവന്നു് പകലിനെ പലായനം ചെയ്യിക്കും.
</p>
          <p>ഇന്നു് അവരുടെ വിവാഹം. രണ്ടുപേർക്കും തമ്മിൽത്തമ്മിൽ എന്തൊരു സ്നേഹം! പക്ഷേ, നാളെ
ചിരവയെടുത്തു് അയാൾ അവളെ അടിക്കും. അവൾ അയാളുടെ നെഞ്ചു് മാന്തിപ്പൊളിക്കും. അയാൾ—
സുന്ദരക്കുട്ടപ്പനായി നടന്ന അയാൾ—താടിവളർത്തി മുഷിഞ്ഞവേഷം ധരിച്ചു് ചാരായഷാപ്പിൽ നിന്നിറങ്ങി
വരുന്നു. മറ്റു പെണ്ണുങ്ങളുടെ പിറകേ പോകുന്നു. ദാമ്പത്യജീവിതത്തിന്റെ ഈ അസത്യാത്മകതയേയും
പ്രേമത്തിന്റെ ചഞ്ചല സ്വഭാവത്തെയും ശ്രീദേവി എസ്. ചേർത്തല “ഇരുൾ പൂകും നിഴലുകൾ” എന്ന
ചെറുകഥയിലൂടെ വ്യക്തമാക്കിത്തരുന്നു. പൈങ്കിളിക്കഥ എന്ന വിഭാഗത്തിൽ പെടുന്നതാണു് ഇതു്. ശ്രീദേവിക്കു്
കഥ പറയാനറിയാം. വേണമെങ്കിൽ അതിഭാവുകത്വവും ക്ഷുദ്രത്വവും അവർക്കു് ഒഴിവാക്കാം. ഈ കഥയിൽ
അങ്കുരാവസ്ഥയിൽ പ്രത്യക്ഷപ്പെടുന്ന ഭാവന വികാസം പ്രാപിക്കട്ടെ (കഥ മനോരാജ്യത്തിൽ).
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">പ്രിയപ്പെട്ട വായനക്കാരോട്</head>
          <p style="noindent">ലൈംഗികസ്വാതന്ത്ര്യം കൂടിക്കൂടി സമുദായത്തിന്റെ അടിത്തറ തകർന്നു
തുടങ്ങിയിരിക്കുന്നു. പുറത്തുപറയാൻ ആളുകൾ മടിച്ചിരുന്ന കാര്യങ്ങൾ പുരപ്പുറത്തു കയറി നിന്നു് ചിലർ പറഞ്ഞു
തുടങ്ങിയിരിക്കുന്നു. മനുഷ്യത്വത്തിനല്ല, മൃഗീയതയ്ക്കാണു് പ്രാധാന്യവും ബഹുമാനവും.

</p>
          <figure rend="fright">
            <graphic url="images/NVKrishnaWarrier.jpg" width="114" rendition="thumb"/>
            <figDesc style="thumb">എൻ. വി. കൃഷ്ണവാരിയർ</figDesc>
          </figure>
          <p> ശരീരവും മനസ്സും സമനില പാലിച്ചിരുന്നു പണ്ടു്. ഇന്നു് ശരീരത്തിനാണു് പ്രാധാന്യം. അതിനാൽ <ref target="https://ml.wikipedia.org/wiki/P._T._Usha">പി. ടി. ഉഷ</ref> യ്ക്കു് കിട്ടുന്ന
ആദരം <ref target="https://ml.wikipedia.org/wiki/N._V._Krishna_Warrier">എൻ. വി.
കൃഷ്ണവാരിയർ</ref> ക്കു് കിട്ടുന്നില്ല. സത്യം മാത്രം പറഞ്ഞിരുന്നു <ref target="https://ml.wikipedia.org/wiki/Mahatma_Gandhi">ഗാന്ധിജി</ref>. ഇന്നു്
അദ്ദേഹത്തിന്റെ ശിഷ്യന്മാർ കള്ളം മാത്രമേ പറയുന്നുള്ളൂ.
</p>
          <figure rend="fleft">
            <graphic url="images/PalaNarayananNair.jpg" width="114" rendition="thumb"/>
            <figDesc style="thumb">പാലാ നാരായണൻ നായർ</figDesc>
          </figure>
          <p> ഒരു തുണ്ടു ഭൂമിക്കു് ലക്ഷക്കണക്കിനു് രൂപ കൊടുക്കേണ്ടിയിരിക്കുന്നു. അവിടെ ഒരു കൊച്ചുവീടു വെക്കാൻ
കുറഞ്ഞതു് രണ്ടു ലക്ഷം രൂപയെങ്കിലും വേണം. എങ്ങനെയെങ്കിലും വീടുവച്ചു താമസമായാൽ
വായുമലിനീകരണവും ശബ്ദമലിനീകരണവും കൊണ്ടു് കഴിഞ്ഞുകൂടാൻ വയ്യ. പിരിവുകാർ എന്നും വന്നു രൂപ
ചോദിക്കുന്നു. സമീപത്തു് ഒരമ്പലമുണ്ടെങ്കിൽ ഉച്ചഭാഷിണിയിലൂടെ വരുന്ന ചലച്ചിത്രഗാനങ്ങൾ നിമിത്തം
ഉറങ്ങാൻ പറ്റില്ല.
</p>
          <figure rend="fright">
            <graphic url="images/StefanZweig.jpg" width="114" rendition="thumb"/>
            <figDesc style="thumb">ഷ്ടെഫാൻ സ്വൈഗ്</figDesc>
          </figure>
          <p> സാഹിത്യത്തിന്റെ ഭംഗി പോയി. അതിന്റെ ചിന്തോദ്ദീപകശക്തി നശിച്ചു. വിശപ്പു മാറ്റാൻ സാഹിത്യവും
ചിത്രകലയും പ്രയോജനപ്പെടണമെന്നു് ആളുകൾ വാദിക്കുന്നു. ശാസ്ത്രം മനുഷ്യനെ സഹായിക്കുന്നില്ല.
നശിപ്പിക്കുകയാണു്. അക്രമം ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ദിവസന്തോറും ആയിരക്കണക്കിനു്
ആളുകളെ പ്രതിയോഗികൾ കുത്തിക്കൊല്ലുന്നു. വെടിവച്ചു കൊല്ലുന്നു. രാഷ്ട്രവ്യവഹാരത്തിന്റെ അതിപ്രസരവും
കുത്സിത ജനനായകത്വവും സമൂഹത്തെ ശാശ്വതവേദനയിലേക്കു് തള്ളിയിട്ടിരിക്കുന്നു. പണ്ടു് ഞാൻ
ഉത്തരേന്ത്യയിൽ നിന്നു് തിരിച്ചു വരുമ്പോൾ നാഗപ്പൂരിൽ നിന്നു് ഒരു കൂടയിൽ നൂറു് ഓറഞ്ച് ഒന്നര രൂപയ്ക്കു വാങ്ങി.
ഇന്നലെ പാളയം എന്ന സ്ഥലത്തു നിന്നു് മൂന്നു രൂപ കൊടുത്തു് ഒരു ഓറഞ്ച് വാങ്ങി. വീട്ടിൽ കൊണ്ടുവന്നു് രോഗം
പിടിച്ച കൊച്ചു കുട്ടിക്കു കൊടുക്കാനായി അതിന്റെ പുറന്തോടു് പൊളിച്ചപ്പോൾ അകത്തു മുഴുവൻ പുഴുക്കൾ. എല്ലാ
വിധത്തിലും ജീവിതം ദുസ്സഹമായിരിക്കുന്നു. പണ്ടു് സ്വകീയങ്ങളായ വേദനകൾ കൊണ്ടു് ആത്മഹത്യ
ചെയ്യണമെന്നു് എനിക്കു തോന്നിയിരുന്നു. ഇന്നു് സമൂഹത്തിന്റെ ജീർണ്ണത കണ്ടു് എനിക്കു് ജീവിതം
അവസാനിപ്പിക്കാൻ കൊതി. <ref target="https://ml.wikipedia.org/wiki/Stefan_Zweig">ഷ്ടെഫാൻ സ്വൈഗ്</ref>
എന്ന വിശ്വസാഹിത്യകാരൻ സമുദായത്തിന്റെ കൊള്ളരുതായ്മകണ്ടു് യാതന അനുഭവിച്ചു് ആത്മഹത്യ ചെയ്തു.
ഭീരുവായ ഞാൻ ജീവിച്ചിരിക്കുന്നു. ഈ ചിന്തകളൊക്കെ എനിക്കുണ്ടായതു് <ref target="https://ml.wikipedia.org/wiki/Pala_Narayanan_Nair">പാലാ നാരായണൻ
നായർ</ref> മനോരാജ്യത്തിലെഴുതിയ “കണ്ണുപൊത്തിക്കളി” എന്ന ലേഖനം വായിച്ചപ്പോഴാണു്. പ്രിയപ്പെട്ട
വായനക്കാരാ, അതു വായിക്കൂ. നമ്മുടെ ഭാരതം എത്രമാത്രം അധഃപതിച്ചിരിക്കുന്നു എന്നു മനസ്സിലാക്കൂ.

</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">സാധാരണമായ കഥ</head>
          <figure rend="fleft">
            <graphic url="images/DenisDiderot.jpg" width="114" rendition="thumb"/>
            <figDesc style="thumb">ദനീ ദീദറോ</figDesc>
          </figure>
          <p style="noindent"><ref target="https://en.wikipedia.org/wiki/Denis_Diderot">ദനീ ദീദറോ</ref> (Denis
Diderot) പ്രശസ്തനായ ഫ്രഞ്ച് ദാർശനികനാണു്. അദ്ദേഹത്തിന്റെ വിഖ്യാതമായ നോവലാണു് <ref target="https://en.wikipedia.org/wiki/La_Religieuse_(novel)">ല
റലീഷ്യോസ്</ref> (La Religieuse). കൈനിക്കര കുമാരപിള്ള ഒരിക്കൽ ഈ പുസ്തകത്തെക്കുറിച്ചു പറയുന്നതു്
ഞാൻ കേൾക്കാനിടയായി. അങ്ങനെയാണു് ഞാനിതു വായിച്ചതു്. വീട്ടുകാരുടെ നിർബ്ബന്ധം കൊണ്ടു്
കന്യാസ്ത്രീയാകേണ്ടിവന്ന സൂസന്റെ കഥ പറയുകയാണു് ദീദറോ. അവൾ പല കോൺവെന്റുകളിലും മാറിമാറി
താമസിക്കുന്നു. ഓരോ സ്ഥലത്തും അവൾ അപമാനിക്കപ്പെടുന്നു. ഒരിടത്തു് മദർ സുപ്പീരിയർ
സ്വവർഗ്ഗാനുരാഗത്താൽ അന്ധയായി സൂസനെ രതിക്രീഢകൊണ്ടു് പീഢിപ്പിക്കുന്നു. അവർ ഓർഗാസം
അനുഭവിക്കുകയും ചെയ്യുന്നു. വേറൊരു സ്ഥലത്തു് അവളെ പീഢിപ്പിക്കുന്നതു് ഒരു പാതിരിയാണു്. ഓടിപ്പോയി
വേശ്യാലയത്തിലെത്തിയ സൂസനെ മറ്റൊരു പാതിരി ലൈംഗികവേഴ്ചയ്ക്കു വിധേയനാക്കുന്നു. മനഃശാസ്ത്രത്തോടു
ബന്ധപ്പെട്ട ഉൾക്കാഴ്ച കാണിക്കുന്ന ഈ നോവൽ വായിച്ചിട്ടുള്ളവർക്കു് ജയകാന്തന്റെ ‘കുരിശ്’ എന്ന കഥയിൽ
ഒരു പുതുമയും തോന്നുകയില്ല. കന്യാസ്ത്രീയാകാൻ നിർബ്ബദ്ധയായ ഒരു ചെറുപ്പക്കാരിയുടെ കഥയാണു്
ജയകാന്തനു് പറയാനുള്ളതു്. അവൾ ബസ്സിലിരിക്കുന്ന യുവാവിനെക്കണ്ടു് ചാഞ്ചല്യമുള്ളവളായിത്തീരുന്നു.
കന്യാസ്ത്രീയായതാണു് തന്റെ കുരിശെന്നു് അവൾ മനസ്സിലാക്കുമ്പോൾ കഥ അവസാനിക്കുന്നു. നൂതനമായ
ഉൾക്കാഴ്ചയില്ലാത്ത സാധാരണമായ ഒരു കഥ (കലാകൗമുദി). ​​​​
</p>
          <figure rend="fright">
            <graphic url="images/LukacsGyorgy.jpg" width="114" rendition="thumb"/>
            <figDesc style="thumb">ലുക്കാച്ച്</figDesc>
          </figure>
          <p> തങ്ങൾ ഉല്പാദിപ്പിച്ചവയോടു മനുഷ്യർക്കുണ്ടാകുന്ന അന്യവത്കരണ മനോഭാവത്തെ <ref target="https://ml.wikipedia.org/wiki/Gy%C3%B6rgy_Luk%C3%A1cs">ലുക്കാച്ച്</ref>
റീയിഫിക്കേഷൻ—<ref target="https://en.wikipedia.org/wiki/Reification_(Marxism)">reification</ref>
—എന്നു വിളിച്ചു. മനുഷ്യൻ നിർമ്മിക്കുന്ന വസ്തുക്കൾ മാത്രമല്ല, കുഞ്ഞുങ്ങളും അവനിൽ നിന്നു് അകന്നു
നിൽക്കുന്നുവെന്നാണു് അദ്ദേഹത്തിന്റെ വാദം (<ref target="https://en.wikipedia.org/wiki/History_and_Class_Consciousness">History
and class consciousness</ref> എന്ന ഗ്രന്ഥം വായിച്ച ഓർമ്മയിൽ നിന്നു്). നമ്മുടെ ജീവിതത്തോടു
ബന്ധമില്ലാത്തവയും പരകീയ സ്വഭാവമാർന്നവയും ആയ കഥകൾ വായിക്കുമ്പോൾ ഈ അന്യവത്കരണം
ഇരട്ടിയായിത്തീരുന്നു.
</p>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">എന്തിനു് പീഢിപ്പിക്കുന്നു?</head>
          <p style="noindent">“എന്റെ തലമുടി ദിവസം തോറും കൊഴിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു് എന്നോടു
പറയേണ്ടതില്ല. എന്റെ പൗത്രന്മാരുടെ താടിരോമം എങ്ങനെ വളരുന്നുവെന്നു നോക്കിയാൽ മാത്രം മതി.” എന്നു്
ഒരു ജാപ്പാനീസ് കവി പറഞ്ഞിട്ടുണ്ടു്. ‘എക്സ്പ്രസ്സ്’ ആഴ്ചപ്പതിപ്പിൽ “കണികാണുന്നേരം” എന്ന കാവ്യമെഴുതിയ
തൃക്കൊടിത്താനം ഗോപിനാഥൻ നായരോടു് അദ്ദേഹത്തിന്റെ കവനകലാവൈദഗ്ദ്ധ്യം കഷണ്ടിക്കു്
തുല്യമാണെന്നു് പറയേണ്ട കാര്യമില്ല. ഇന്നത്തെ കൊച്ചുപിള്ളേരെഴുതുന്ന കാവ്യങ്ങളിലേക്കു മാത്രം
കണ്ണോടിച്ചാൽ മതി. <ref target="https://ml.wikipedia.org/wiki/Rabindranath_Tagore">ടാഗോർ</ref>
ജനിച്ചതെന്തിനു് ? ‘<ref target="https://ml.wikipedia.org/wiki/Gitanjali">ഗീതാഞ്ജലി</ref>’ എഴുതാൻ. <ref target="https://ml.wikipedia.org/wiki/Vyloppilli_Sreedhara_Menon">വൈലോപ്പിള്ളി</ref>
ജനിച്ചതെന്തിനു് ? ‘കുടിയൊഴിക്കൽ’ എഴുതാൻ. <ref target="https://ml.wikipedia.org/wiki/Changampuzha_Krishna_Pillai">ചങ്ങമ്പുഴ</ref>
ജനിച്ചതെന്തിനു് ? ‘കാവ്യനർത്തകി’യും ‘മനസ്വിനി’യുമെഴുതാൻ. തൃക്കൊടിത്താനം ഗോപിനാഥൻ നായർ
ഭൂജാതനായതെന്തിനു്? എനിക്കറിഞ്ഞുകൂടാ. തീർച്ചയായും കവിതയെഴുതാനല്ല.</p>
          <lg>
            <l> കണികാണുന്നേരം കരളിലായിരം</l>
            <l> കനകഭാവന വിരിയുമ്പോൾ </l>
          </lg>
          <!--end of "verse"-->
          <p>എന്നമട്ടിൽ ക്ലീഷേ കൊണ്ടുള്ള ഈ ബഫൂൺകളി നടത്തി അദ്ദേഹമെന്തിനാണു് വായനക്കാരെ
പീഢിപ്പിക്കുന്നതു?
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">ഫെയ്ഡ് ഔട്ട്</head>
          <p style="noindent">അന്തരീക്ഷസൃഷ്ടികൊണ്ടു് ചില നിമിഷങ്ങൾക്കു് സവിശേഷത കൈവരുത്താൻ
<ref target="https://ml.wikipedia.org/wiki/Mundur_Sethumadhavan">മുണ്ടൂർ
സേതുമാധവനു</ref> പ്രാഗൽഭ്യമുണ്ടു്. ആ നിമിഷങ്ങളിൽ വന്നുനിൽക്കുന്ന കഥാപാത്രങ്ങളെക്കണ്ടു്
വായനക്കാരൻ ചിലപ്പോൾ അദ്ഭുതപ്പെടും. ചിലപ്പോൾ പേടിക്കും. അങ്ങനെ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോൾ,
പേടിച്ചുകൊണ്ടിരിക്കുമ്പോൾ ചലച്ചിത്രത്തിലെ രംഗങ്ങൾ ഫെയ്ഡ് ഔട്ടാകുന്നതുപോലെ നിമിഷങ്ങൾ
അപ്രത്യക്ഷങ്ങളാകുന്നു. ഫലം വായനക്കാരനു നിരാശത. മാതൃഭൂമിയിൽ അദ്ദേഹമെഴുതിയ ‘കൃഷ്ണൻ നായരുടെ
മകൻ’ എന്ന ചെറുകഥയ്ക്കുള്ള മേന്മയും ന്യൂനതയും ഇതുതന്നെയാണു്. വൃക്ഷങ്ങൾ വളർന്നു് ഇലപ്പടർപ്പുകൾ
തമ്മിലിടഞ്ഞു നിൽക്കുന്ന വനം. സൂര്യരശ്മികൾ കടന്നു വരാത്തതിനാൽ അർദ്ധാന്ധകാരം. സൂക്ഷിച്ചു
നടന്നില്ലെങ്കിൽ വേരുകളിൽ തട്ടി വീണെന്നു വരും. ഈ കാനനത്തിൽ പ്രവേശിച്ച പ്രതീതിയാണു്
കഥാപാരായണം എനിക്കുളവാക്കിയതു്. ശുദ്ധദ്രാവിഡപദങ്ങളും ഗ്രാമീണ ശൈലിയും നാടൻ അലങ്കാരങ്ങളും
കൊണ്ടു് സേതുമാധവൻ മെനഞ്ഞെടുത്ത ഈ ശില്പം ത്രസിച്ച ഹൃദയത്തോടെ ഞാൻ കണ്ടു. കണ്ടുകണ്ടു്
ഇരിക്കുമ്പോൾ അതാ ഫെയ്ഡ് ഔട്ട്. എന്തൊരു നൈരാശ്യം. പരിണാമരമണീയമല്ലാത്ത കഥയ്ക്കു നിലനിൽപ്പില്ല.
</p>
          <floatingText rend="qright">
            <body>
              <p style="noindent">ഇരുട്ടിൽ നല്ല ഫ്ലാഷ് ലൈറ്റുകൊണ്ടു് പ്രകാശം വീഴ്ത്തുന്നവനാണു് സാഹിത്യകാരൻ.
അയാൾ ശക്തി കുറഞ്ഞ ബാറ്ററിയിട്ട ടോർച്ചുമായി നടക്കരുതു്. നടന്നാൽ വേണ്ടിടത്തോളം ഇരുട്ടില്ല എന്നു
പറയരുതു്.</p>
            </body>
          </floatingText>
          <p> പേരെഴുതാൻ മടിയുണ്ടു്. നമ്മുടെ ഒരു കവി ഇരുട്ടു വീണ സമയത്തു് തീരെച്ചെറിയ ‘ടോർച്ച് ലൈറ്റു’മായി
റോഡിലേക്കിറങ്ങി. അദ്ദേഹത്തിനെതിരെ ചെന്ന ഒരു നവീനകവി “സാറെന്താ ഇത്ര ചെറിയ ടോർച്ചുമായി
പോകുന്നതു?” എന്നു ചോദിച്ചു. മറുപടി: “ചെറുതെങ്കിലും നല്ല പ്രകാശമാണു്. നോക്കൂ”. കവി സ്വിച്ച് അമർത്തി,
ഒട്ടും വെളിച്ചമില്ല. നവീനകവി പറഞ്ഞു: “തീരെ വെളിച്ചമില്ലല്ലോ” അതുകേട്ടു് പഴയ കവിയുടെ ഉത്തരം:
“പ്രകാശമില്ലാഞ്ഞിട്ടല്ല. ഇരുട്ടുപോരാ”.
</p>
          <p>ഇരുട്ടിൽ നല്ല ഫ്ലാഷ്ലൈറ്റുകൊണ്ടു് പ്രകാശം വീഴ്ത്തുന്നവനാണു് സാഹിത്യകാരൻ. അയാൾ ശക്തികുറഞ്ഞ
ബാറ്ററിയിട്ട ടോർച്ചുമായി നടക്കരുതു്. നടന്നാൽ വേണ്ടിടത്തോളം ഇരുട്ടില്ല എന്നു പറയരുതു്.
</p>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">വെള്ളത്തിനും കരം</head>
          <figure rend="fleft">
            <graphic url="images/CalvinCoolidge.jpg" width="114" rendition="thumb"/>
            <figDesc style="thumb">Calvin Coolidge</figDesc>
          </figure>
          <p style="noindent"> പുതിയ ബഡ്ജറ്റ് (ബജിറ്റ് എന്നു ശരിയായ ഉച്ചാരണം) കൊണ്ടുവന്ന
വിലക്കയറ്റത്തെ “കുമാരി”യിലെ ഹരി എത്ര ഭംഗിയായി പരിഹസിക്കുന്നു! പാഠമെഴുതാതെ വന്ന കുട്ടിയെ ടീച്ചർ
കുറ്റപ്പെടുത്തുമ്പോൾ കടലാസ്സിനു വിലകൂടി എന്നാണു് അവന്റെ ഉത്തരം. തുണിക്കു വില വർദ്ധിച്ചതിനാൽ
“മലയാള സിനിമ ഇനിയും വഷളാകുമെന്നു പറ” എന്നു് ഒരാളുടെ നിരീക്ഷണം. ഇങ്ങനെ ഓരോന്നിന്റെയും
വിലവർദ്ധനയെക്കുറിച്ചു പറഞ്ഞിട്ടു് “കൂടുതൽ ഈടാക്കാത്തതു് വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്നു. വഴിവക്കിലെ
വാട്ടർടാപ്പ് (വാറ്റർ എന്നു ശരിയായ ഉച്ചാരണം) ചൂണ്ടിക്കാണിച്ചുകൊണ്ടു് ‘ദേ അവിടെ കിട്ടും, ഭാഗ്യമുണ്ടെങ്കിൽ
മാത്രം’ എന്നു ഉത്തരം. വെള്ളം കിട്ടാറില്ലെന്ന സൂചന ശരി. പക്ഷേ, അതിനു് കരം കൂട്ടിയെന്നു ഹരി
അറിഞ്ഞിട്ടില്ലേ? റഷ്യയിൽ ആളുകൾക്കു് റൊട്ടി വെറുതെ കൊടുക്കുന്നു. ഓസ്ട്രേലിയയിൽ എല്ലാവർക്കും പാൽ
വെറുതേ കൊടുക്കുന്നു. വെള്ളത്തിന്റെ നാടായ നമ്മുടെ കേരളത്തിൽ അതിനും കരം. Collecting more taxes
than is absolutely necessary is legalized robbery—<ref target="https://ml.wikipedia.org/wiki/Calvin_Coolidge">Calvin Coolidge</ref>.
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">സിഞ്ജൻ പഴ്സ്</head>
          <figure rend="fright">
            <graphic url="images/Saint-JohnPerse.jpg" width="114" rendition="thumb"/>
            <figDesc style="thumb">സിഞ്ജൻ പഴ്സ്</figDesc>
          </figure>
          <p style="noindent"> ഇതെഴുതുന്ന ആളിനു് ഏറെ ഇഷ്ടമുള്ള ഫ്രഞ്ച് കവിയാണു് 1960-ൽ നോബൽ
സമ്മാനം നേടിയ <ref target="https://en.wikipedia.org/wiki/Saint-John_Perse">സിഞ്ജൻ പഴ്സ്</ref>
(St-John Perse). “എന്റെ മകൾ കറുത്ത നിറമാർന്ന സ്ത്രീകളോടു് ആജ്ഞാപിക്കുമ്പോൾ അവൾ
അതിസുന്ദരിയായിരിക്കണം എന്നതിനാലാണു് എന്റെ അഭിമാനം.

</p>
          <p>അവൾ കറുത്ത കോഴികൾക്കിടയിൽ വളരെ വെളുത്ത കൈ കാണിക്കുമ്പോഴാണു് എനിക്കു് ആഹ്ലാദം.
</p>
          <p>ചെളികൊണ്ടു മൂടി ഞാൻ വീട്ടിലെത്തുമ്പോൾ രോമാവൃതമായ എന്റെ പരുക്കൻ കവിളുകണ്ടു് അവൾക്കു് ലജ്ജ
തോന്നരുതു് എന്നതിനാലാണു് എന്റെ സന്തോഷമിരിക്കുന്നതു്. പുരുഷൻ പാരുഷ്യമുള്ളവനാണു്. അവന്റെ മകൾ
കരുണാർദ്രയും.”
</p>
          <p>ഇതു് ഒരു ബാല്യകാല കവിതയിൽ നിന്നാണു്. ഇവിടെപ്പോലും സിഞ്ജൻ പഴ്സിന്റെ മൗലികപ്രതിഭ ദൃശ്യമാണു്.
അദ്ദേഹത്തിന്റെ Anabasis ഇരുപതാം ശതാബ്ദത്തിലെ സമുജ്ജ്വല കാവ്യമാണെന്നു് നിരൂപകർ പറയുന്നു.
<ref target="https://ml.wikipedia.org/wiki/T._S._Eliot">റ്റി. എസ്. എല്യറ്റ്</ref>
അതു് ഇംഗ്ലീഷിലേക്കു് തർജ്ജമ ചെയ്തിട്ടുണ്ടു്. ഈ മഹാകവിയുടെ ചേതോഹരവും ഉദാത്തവുമായ
വേറൊരുകാവ്യമാണു് Seamarks. അതിൽ നിന്നു് രണ്ടു വാക്യങ്ങൾ: And my lip is salty with the salt of
your birth, and your body is salty with the salt of my birth…You are here, my love and I have
no place save in you. കവേ, അങ്ങയുടെ കവിതയിലല്ലാതെ എനിക്കു് വേറൊരു ഇരിപ്പിടമില്ല.
</p>
        </div>
        <!--end of "section 0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">ഖൊമൈനി, സിയ</head>
          <p style="noindent"><ref target="https://ml.wikipedia.org/wiki/K._Balakrishnan">കെ. ബാലകൃഷ്ണൻ</ref>
കൗമുദി വാരിക പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന കാലത്തു് അതിലൊരു സിനിമാ നിരൂപണം എഴുതി. അശ്ലീലം
നിറഞ്ഞ ആ ചലച്ചിത്രത്തെ ഭർത്സിക്കുന്നതിനിടയിൽ അദ്ദേഹം എഴുതിയ ഒരു വാക്യം ഇവിടെ അച്ചടിക്കാൻ
വയ്യ. “സാരി…ഒഴിച്ചു് ബാക്കിയെല്ലാം ഈ ചലച്ചിത്രത്തിലുണ്ടു്” എന്നു് ആ വാക്യം കുത്തിട്ടു് ഞാൻ
എടുത്തെഴുതുന്നു. അതിനു മുൻപോ പിൻപോ ഇമ്മട്ടിലൊരു വാക്യം ഒരിടത്തും ഞാൻ അച്ചടിച്ചു കണ്ടിട്ടില്ല. പക്ഷേ,
ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു. സീനത്തു് കുങ്കുമം വാരികയിലെഴുതിയ “പിന്നെയും പൂവർഷം” എന്ന കഥയിൽ
ഇങ്ങനെ കാണുന്നു: “അതു പറഞ്ഞു തീരുമ്പോഴേക്കും ഞാനവളെ കടന്നു പിടിച്ചു. തല്ലാനല്ല. മർമ്മത്തിലൊരുമ്മ
നൽകാൻ. അവൾ ചൂളി.” ഈ പ്രയോഗം കൊണ്ടു് കഥയുടെ ശേഷം ഭാഗത്തിന്റെ സ്വഭാവം വായനക്കാർക്കു്
ഊഹിക്കാവുന്നതേയുള്ളൂ. <ref target="https://ml.wikipedia.org/wiki/Ruhollah_Khomeini">ഖൊമൈനി</ref>
യുടെയോ <ref target="https://ml.wikipedia.org/wiki/Zia-ul-Haq">സിയാ ഉൾ
ഹക്കി</ref> ന്റെയോ നാട്ടിലാണെങ്കിൽ സീനത്തിനു് എന്തു സംഭവിക്കുമായിരുന്നു? “മർമ്മത്തിലൊരുമ്മ
നൽകാൻ” എന്ന പ്രയോഗം എടുത്തെഴുതിയ എന്നെത്തന്നെ മുക്കാലിയിൽ കെട്ടി ആ “ജനാധിപത്യവാദികൾ”
അടിക്കുകയില്ലായിരുന്നോ? ​​ അച്ഛൻ മകനോടു്: മോനേ എല്ലാവരോടും വിനയത്തോടെ മാത്രമേ പെരുമാറാവൂ.
അവരെല്ലാം മാന്യന്മാരായതുകൊണ്ടല്ല. നീ മാന്യനായതുകൊണ്ടാണു്. ഇതു് നിത്യജീവിതത്തിൽ
അംഗീകരിക്കാനാവുന്ന തത്ത്വമാണു്. പക്ഷേ, സാഹിത്യത്തിലല്ല. അധമസാഹിത്യം സമൂഹത്തിനു ദോഷം
ചെയ്യും. അതുകൊണ്ടു് അശ്ലീലരചനയെ എതിർക്കണം. അതിൽ പ്രതിഷേധിക്കണം.
</p>
          <p style="noindent"/>
        </div>
        <!--end of "section 0.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">കോങ്കണ്ണ്</head>
          <p style="noindent">പൈങ്കിളിക്കഥകൾ ജുഗുപ്സാവഹങ്ങളാണെന്നു് പറഞ്ഞു പറഞ്ഞ് തളർന്നു.
എന്നെക്കാളേറെ വായനക്കാരും തളർന്നിരിക്കും, ഇതുകേട്ടു്. ഇനിയും ഞാനതു പറഞ്ഞാൽ എന്റെ ലേഖനങ്ങൾ
വായിക്കാതെയാവും വായനക്കാർ. എങ്കിലും പ്രചാരമുള്ള ഒരു വാരികയെ അവഗണിക്കുന്നതെങ്ങനെ? മാപ്പു
ചോദിച്ചുകൊണ്ടു് എഴുതട്ടെ. ഏനാത്തു് മാത്യൂസ് സൈമൺ മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ “ചിറകുകൾ
നഷ്ടപ്പെട്ട പെൺകുട്ടി”—കാമുകനെ സ്നേഹിക്കുകയും ഭർത്താവിനെ വെറുക്കുകയും ചെയ്യുന്ന ഒരു പെണ്ണിന്റെ
കഥയാണിതു്—അയഥാർത്ഥമാണു്; തെറ്റായ വീക്ഷണമാണു്. ഇംഗ്ലീഷിൽ പറഞ്ഞാൽ ഇതു് Evil eye ആണു്—
കരിങ്കണ്ണാണു്. കരിങ്കണ്ണിനെ എല്ലാവർക്കും പേടിയാണു്. ഞാനും പേടിക്കുന്നു. ​​ കണ്ണിനെക്കുറിച്ചുള്ള ഈ
പ്രസ്താവം വാർദ്ധക്യകാലത്തു് എന്തുകൊണ്ടു കണ്ണാടി ഉപേക്ഷിക്കാൻ കഴിയുന്നു എന്ന ചിന്തയിലേക്കു് എന്നെ

കൊണ്ടുചെല്ലുന്നു. എഴുപതു കഴിഞ്ഞാൽ വെള്ളെഴുത്തു കണ്ണാടി പലർക്കും വേണ്ട. കാരണമുണ്ടു്. പ്രായം
കൂടുമ്പോൾ നേത്രകാചം (Lens) കൂടുതൽ കട്ടിയാകും. അപ്പോൾ ‘റിഫ്രാക്ഷൻ ഇൻഡെക്സ് കൂടും. അതിന്റെ
ഫലമായി നേത്രകാചം തന്നെ ഒരു വിപുലീകരണ കാചത്തിന്റെ ഫലം ചെയ്യും. അപ്പോൾ
വിപുലീകരണകാചമായ വെള്ളെഴുത്തു കണ്ണാടി ഉപേക്ഷിക്കാം.
</p>
        </div>
        <!--end of "section 0.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">പലരും പലതും</head>
          <p style="noindent">ഡോക്ടർ <ref target="https://ml.wikipedia.org/wiki/M._M._Basheer">എം. എം. ബഷീർ</ref>
‘ചന്ദ്രിക’ വാരികയിൽ എഴുതുന്നു:
</p>
          <quote>
“<ref target="https://en.wikipedia.org/wiki/Kurt_Vonnegut">കർട്ട്
വോണിഗട്ട്</ref> എന്ന പ്രശസ്ത നോവലിസ്റ്റിന്റെ <ref target="https://en.wikipedia.org/wiki/Slaughterhouse-Five">Slaughter house
five</ref> എന്ന നോവൽ നോർത്തു് ഡക്കോട്ടയിലെ ഡ്രേക്ക് എന്ന സ്ഥലത്തെ സ്കൂളിൽ 1973-ൽ
അഗ്നിക്കിരയാക്കി നശിപ്പിക്കുകയുണ്ടായി. സ്കൂൾ ചെയർമാനു് വോണീഗട്ട് ഒരു കത്തു് എഴുതിയിരുന്നു.
അദ്ദേഹത്തിന്റെ പുതിയ <ref target="https://en.wikipedia.org/wiki/Palm_Sunday_(book)">Palm Sunday</ref>
(Delacorte Press, 1981) എന്ന നോവലിൽ ആ കത്തു് ചേർത്തിരിക്കുന്നു, ഏഴു വർഷത്തിനു ശേഷം.”
</quote>
          <!--end of "quote"-->
          <p>കർട്ട് വോണീഗട്ടിന്റെ ആത്മകഥയാണു് Palm Sunday. Palm Sunday—An Autobiographical
Collage എന്നു വെണ്ടയ്ക്ക അക്ഷരത്തിൽ പുസ്തകത്തിൽ അച്ചടിച്ചു വച്ചിട്ടുണ്ടു്. “ആനയെക്കാണാനും
വെള്ളെഴുത്തോ?”
</p>
          <p>‘കള്ളെഴുത്തു് ’ എന്നു് <ref target="https://ml.wikipedia.org/wiki/Malayattoor_Ramakrishnan">മലയാറ്റൂർ
രാമകൃഷ്ണന്റെ</ref> പ്രയോഗം, ജനയുഗം വാരികയിൽ. അന്ത്യസ്വരം ബഹുലമായി ലോപിക്കും. അതുകൊണ്ടു്
കള്ളെഴുത്തിൽ തെറ്റില്ല. എങ്കിലും കള്ളയെഴുത്തായാൽ കള്ളിന്റെ പ്രതീതി ഒഴിവാക്കാം.
</p>
          <p>“ഈ പഥമാകെ ഞാനിഴയുന്നു” എന്നു് രാജൻ ചാത്തനൂർ മാമാങ്കം വാരികയിൽ. പഥത്തിനു വഴി എന്ന
അർത്ഥമുണ്ടെങ്കിലും അതു് ഒറ്റയ്ക്കു് നിൽക്കാറില്ല. സമാസത്തിലെ പ്രയോഗമേയുള്ളൂ. സാഹിത്യപഥം, താരാപഥം,
മുഖ്യപഥം.
</p>
          <p>“അഭിമുഖം—ഫെഡറിക്കോ ഫെല്ലിനി” എന്നു മുഖം മാസികയിൽ. <ref target="https://ml.wikipedia.org/wiki/Federico_Fellini">ഫേഡേറീക്കോ
ഫേൽലീനീ</ref> എന്നു ശരിയായ ഉച്ചാരണം.
</p>
          <p>“വലിയ ഭാരം ചുമന്നു നിന്റെ ശരീരം വളയും. എപ്പോഴും നിനക്കു് അടികിട്ടും” എന്നു് കഴുതയെ പണ്ടാരോ
ശപിച്ചു. ഞാൻ കഴുതയാണു്. കോട്ടയ്ക്കൽ രഘുനാഥ് പൗരധ്വനി വാരികയിലെഴുതിയ “ചിറകറ്റ പക്ഷി” എന്ന കഥ
—ആശിച്ച പെണ്ണിനെ കിട്ടാതെ കേഴുന്ന ഒരുത്തന്റെ കഥ—എന്റെ മുതുകിലെ ഭാരമാണു്. രഘുനാഥ് എന്നെ
അടിക്കുന്നു. ​​ <ref target="https://ml.wikipedia.org/wiki/Sankaracharya">ശങ്കരാചാര്യർ</ref> ക്കു്
മാറാത്ത പല്ലുവേദനയുണ്ടായിരുന്നെങ്കിൽ? അദ്ദേഹം അദ്വൈതസിദ്ധാന്തം ആവിഷ്കരിക്കുമായിരുന്നില്ല.
മണ്ടനായി മാറുമായിരുന്നു. സിംഹത്തിനു രോഗം വന്നാൽ അവൻ മുയലിനെപ്പോലെ പേടിച്ചവനായി മാറും.
ഇക്വേറ്റ് ചെയ്തു് പറയുകയല്ല. കേരളത്തിലെ കുത്സിതസാഹിത്യം വായിച്ചു വായിച്ചു് ഞാൻ ബുദ്ധിശൂന്യനായി
മാറിക്കൊണ്ടിരിക്കുന്നു.

</p>
        </div>
        <!--end of "section 0.0/1.10"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1985-05-05. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 27, 2021.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  Anupa Ann Joseph; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>
 JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1985-05-05.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1985-05-05.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
