<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>LJ Anjana</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>KB Sujith</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">January 31, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1986-12-07</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1986-12-07</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1986-12-07-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
ആ യുവാവു് യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാർത്ഥിയായിരുന്ന കാലത്തു് പതിവായി എന്റെ വീട്ടിൽ
വരുമായിരുന്നു. സാഹിത്യത്തെക്കുറിച്ചു സംസാരിക്കും. പുസ്തകങ്ങൾ വേണമെന്നു പറയും. എന്റെ കൈയിൽ ആ
പുസ്തകങ്ങളുണ്ടെങ്കിൽ ഞാൻ കൊടുക്കും. ഈ പരിചയം ക്രമേണ സ്നേഹമായി വികസിച്ചപ്പോൾ അയാൾ
വീട്ടുകാര്യങ്ങൾ, ജീവിതരഹസ്യങ്ങൾ ഇവയൊക്കെ എന്നോടു പറഞ്ഞിരുന്നു. അയാൾ വീട്ടിൽ വന്നു കയറുമ്പോൾ
അടുത്ത ബന്ധു വരുന്നു എന്ന തോന്നലായിരുന്നു എനിക്കു്. കാലം കഴിഞ്ഞു. മത്സരപ്പരീക്ഷയിൽ ഒന്നാമനായോ
മറ്റോ ആയിട്ടു് അയാൾ വിദേശത്തേക്കു പോയി. അവിടെ അടിക്കടി ഉയർന്നു. അടുത്ത പദവി അംബാസിഡർ.
അതിലേക്കു ചെല്ലുന്നതിനു മുൻപു് അയാൾ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരദ്ധ്യാപികയെ കാണാൻ
വന്നു. എന്റെ നേർക്കു് ഒരു മന്ദസ്മിതമെറിഞ്ഞിട്ടു് യുവാവു് അവരോടു സംസാരിച്ചു കൊണ്ടിരുന്നു. ദൃഢമെന്നു ഞാൻ
വിചാരിച്ചിരുന്ന ഒരു ബന്ധത്തെ അയാൾ ഇത്ര അനായാസം പൊട്ടിച്ചെറിയുന്നല്ലോ എന്നു വിചാരിച്ചു്
ദുഃഖത്തോടെ ഞാൻ ‘ഇടയ്ക്കു കയറി’ ചോദിച്ചു. “ചൈന നമ്മുടെ രാജ്യത്തെ ആക്രമിക്കുകയാണല്ലോ. റഷ്യ നമ്മളെ
സഹായിക്കുമോ?” യുവാവു് രാജകീയമായി ശിരസ്സൊന്നു തിരിച്ചു് മറുപടി നല്കി: “You see our most delightful day
be that on which we could say thus. No more war” ഞാൻ അത്ഭുതപ്പെട്ടുപോയി. റഷ്യ സഹായിക്കും
അല്ലെങ്കിൽ സഹായിക്കുകയില്ല. ഇവയിൽ ഏതെങ്കിലും ഒരു മറുപടിയാണു് ഞാൻ പ്രതീക്ഷിച്ചതു്. അതിനു പകരം
എനിക്കു കിട്ടിയതു് ഇനി യുദ്ധമില്ല എന്നു പറയാൻ നമുക്കു കഴിയുന്ന ദിനമാണു് ഏറ്റവും ആഹ്ലാദദായകം എന്ന
പ്രസ്താവമാണു്. നമ്മുടെ ആ പഴയ പയ്യനു് എന്തൊരു മാറ്റം! അദ്ദേഹം ‘അമ്പാസിഡറിയൻ ഡിഗ്നിറ്റി’യോടു്
ഇത്രയും എന്നോടു പറഞ്ഞിട്ടു് ആ ഡിഗ്നിറ്റി ഉപേക്ഷിച്ചു തരുണിയോടു സംസാരിക്കുന്ന വേളയിൽ ഞാൻ
പുസ്തകമെടുത്തുകൊണ്ടു് വരാന്തയിലേക്കു ചാടി. പിന്നെ ആ മനുഷ്യനെ ഞാൻ കണ്ടിട്ടേയില്ല. കുറ്റം പറയാനില്ല.
പദവികളിലെത്തുമ്പോൾ അവയ്ക്കു യോജിച്ച വിധത്തിലേ സംസാരിക്കാനാവൂ.
രാഷ്ട്രീയ നേതാക്കന്മാർ പ്രസംഗിക്കുന്നതു കേട്ടിട്ടില്ലേ? ഹൃദയത്തിൽനിന്നോ മസ്തിഷ്കത്തിൽനിന്നോ അല്ല
അവരുടെ വാക്കുകൾ വരുന്നതു്. ടേപ്പിൽ നിന്നു ആഗമിക്കുന്ന പദങ്ങളും സമസ്തപദങ്ങളും അവയങ്ങനെ ഒഴുകും.
ഒഴുകുന്ന സന്ദർഭത്തിൽ നേതാവു് അന്നു മന്ത്രിയെക്കണ്ടു് സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയാവും.
യന്ത്രത്തിൽ നിന്നു വരുന്ന പ്രഭാഷണം പോലെയൊരു പ്രഭാഷണം നമുക്കു നല്കിയിട്ടു് അദ്ദേഹം പോകും. ആ
നേതാവിന്റെ മനസ്സിനു ചലനമില്ല. ശ്രോതാക്കളായ നമുക്കും ചലനമില്ല. ആർജ്ജവത്തോടെ നടത്തപ്പെടുന്ന ഒരു
സാഹിത്യ പ്രഭാഷണം ശ്രോതാക്കളെ ചലനം കൊള്ളിക്കും. ഒരു ‘രാഷ്ട്രീയ പ്രസംഗ’വും ഇന്നു വരെ ആരെയും
സ്പർശിച്ചിട്ടില്ല. ‘കൊടും പട്ടിണി’, നരകീയയാതന’, നാറുന്ന സർക്കാർ,’ ‘ഒറ്റക്കെട്ടായി നില്ക്കേണ്ടതിന്റെ
ആവശ്യകത’ ഇങ്ങനെ ചൈതന്യരഹിതങ്ങളായ പദങ്ങൾ ഉച്ചഭാഷണിയിലൂടെ വന്നു് നമ്മുടെ ഈയർ ഡ്രമ്മിൽ
അടിച്ചിട്ടു് പ്രതിധ്വനിയോടെ വെളിയിലേക്കു പോകുന്നു. എന്നാൽ അതല്ല ആർജ്ജവത്തോടെ കവി എഴുതുമ്പോൾ
ഉണ്ടാകുന്ന അവസ്ഥ.</p>
        <lg>
          <l> ‘മരിക്ക സാധരണമീവിശപ്പിൽ</l>
          <l> ദ്ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം</l>
          <l> ഐക്യക്ഷയത്താലടിമശ്ശങ്ങ-</l>
          <l> ളടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം </l>
        </lg>
        <!--end of "verse"-->
        <p>
എല്ലാവർക്കും അറിയാവുന്ന, എല്ലാവരും പറയുന്ന ഒരാശയമേ കവി ഇവിടെ ആവിഷ്കരിച്ചിട്ടുള്ളൂ. എന്നാൽ ഇതു
നമ്മെ സ്പർശിക്കുന്നു. ഒരു പുതിയ സത്യം കണ്ടാലെന്നപോലെ നമ്മൾ ആഹ്ലാദിക്കുന്നു. വാക്കുകളെ
വിന്യസിക്കേണ്ട വിധത്തിൽ വിന്യസിച്ചതിന്റെ ഫലമാണിതു്. വിശപ്പിനെക്കുറിച്ചും ഐക്യക്ഷയത്തെക്കുറിച്ചും
അവ്യക്തങ്ങളും വിശാലങ്ങളുമായ ആശയങ്ങൾ നമുക്കുണ്ടു്. അവയിൽ ഒരു തിരഞ്ഞെടുപ്പു നടത്തി പടം
ചട്ടക്കൂട്ടിലൊതുക്കുന്നതുപോലെ ഒരനുഭവശകലത്തെ ഫ്രയിം ചെയ്തുവയ്ക്കുകയാണു് കവി. അപ്പോൾ ജനിക്കുന്നവ
ഉത്കൃഷ്ടമായ കവിതയും. അംബാസഡറന്മാരും രാഷ്ട്രീയക്കാരും സന്ദിഗ്ദ്ധഭാഷ പ്രയോഗിച്ചുകൊള്ളട്ടെ. നമുക്കു
കവിഭാഷണങ്ങൾ മാത്രം മതി. അവ നമ്മുടെ മനുഷ്യത്വത്തെ വികസിപ്പിക്കും.
</p>
        <div type="lsection" xml:id="sec1.1">
          <head type="lsechead">സാഹിത്യമെന്നാൽ എന്തു്?</head>
          <figure rend="fright" type="gra">
            <graphic url="images/GuydeMaupassantyoung.jpg" rendition="gra"/>
            <figDesc style="thumb">മോപസാങ്</figDesc>
          </figure>
          <p style="noindent"><ref target="https://en.wikipedia.org/wiki/Benedetto_Croce">ബനിഡേറ്റൊ
ക്രോചേ</ref> വളരെ വാഴ്ത്തിയ ഒരു കഥയുണ്ടു് <ref target="https://ml.wikipedia.org/wiki/Guy_de_Maupassant">മോപസാങ്ങി</ref>
ന്റേതായി. In Pccr എന്നാണു് അതിന്റെ പേരു്. കപ്പൽ തുറമുഖത്തു് അടുത്തു. നാവികർ ഒരു വേശ്യാലയം
തിരഞ്ഞെടുത്തു് അകത്തു കയറി. അവരുടെ നേതാവു് ആരോഗ്യമുള്ള ദുക്ലോ എന്ന യുവാവാണു്. അയാൾ
മടിയിലിരുന്ന ചെറുപ്പക്കാരിയെ ആലിംഗനം ചെയ്തുകൊണ്ടു് സംസാരിച്ചു. സംഭാഷണത്തിനിടയ്ക്കു് അയാളുടെ
ജന്മദ്ദേശവും മറ്റും മനസ്സിലാക്കിയിട്ടു് അവൾ ചോദിച്ചു:
</p>
          <p>“നിങ്ങൾക്കു ദുക്ലോയെ അറിയാമോ?”
</p>
          <p>“എനിക്കറിയാം” തുടർന്നുള്ള സംഭാഷണം അവൾ പറഞ്ഞു: “എന്റെ കാര്യം ദുക്ലോയോടു പറയുകയില്ലെന്നു
സത്യം ചെയ്യൂ”.
</p>
          <p>“ഞാൻ സത്യം ചെയ്യുന്നു”.
</p>
          <p>“ഞാൻ അയാളുടെ സഹോദരിയാണു്”.
</p>
          <p>അവളുടെ പേരു് അറിയാതെ അയാളുടെ ചുണ്ടുകളിൽ നിന്നു വീണു.
</p>
          <p>“ഫ്രാങ്ങ്സ്വസ്”.
</p>
          <p>“ഓ! ദുക്ലയാണോ?”
</p>
          <p>സഹോദരനും സഹോദരിയും. അയാൾ നാവികനായി ജന്മദ്ദേശം വിട്ടിട്ടു് വളരെക്കാലമായി. അച്ഛനമ്മമാർ
മരിച്ചപ്പോൾ മറ്റു മാർഗ്ഗമില്ലാതെ അവൾ പരിചാരികയായി. ഗൃഹനായകൻ അവളെ ബലാൽസംഗം ചെയ്തു.
അവിടം വിട്ടിറങ്ങിയ അവൾ വേശ്യയായി മാറി. ഇപ്പോൾ താനറിയാതെ സഹോദരനുമായി വേഴ്ച.
അതറിഞ്ഞയുടനെ ദുക്ലേ കൈ വിടർത്തിക്കൊണ്ടു് കമിഴ്‌ന്നു വീണു. അയാൾ തറയിൽക്കിടന്നു് ഉരുണ്ടു. നിലവിളിച്ചു.
മരണയാതന. നിലത്തു കൈകാലുകൾ ഇട്ടടിക്കുന്ന അയാളെ നോക്കി നാവികർ പരിഹസിച്ചു പറയുകയായി.
“പാതിയല്ലേ കുടിച്ചുള്ളൂ”. അയാളെ സ്വീകരിച്ച യുവതിയുടെ കിടക്ക. അവൾ അതിനടുത്തു് കസേരയിലിരുന്നു.
നേരം വെളുക്കുന്നതുവരെ അവൾ കരഞ്ഞുകൊണ്ടിരുന്നു.
</p>
          <p>അയാളുടെയും അവളുടെയും തീവ്രവേദനയും വിഷാദവുമാണു് ക്രോചെയെ ആകർഷിച്ചതു്. അതു ചിത്രീകരിച്ച
മോപാസാങ്ങ് ധർമ്മാനുഷ്ഠാന തല്പരനായി സന്മാർഗ്ഗനിരതനായി കാണപ്പെട്ടു. കലയുടെ ഭംഗിയും
സദാചാരത്തിന്റെ ഭംഗിയും ഈ കഥയുടെ സവിശേഷതകളാണു് എന്നു മനസ്സിലാക്കാൻ സാഹിത്യം എന്തല്ല
എന്നു മനസ്സിലാക്കാൻ കുങ്കുമം വാരികയിൽ ദേവസ്സി ചിറ്റമ്മൽ എഴുതിയ “ആലീസേച്ചീ” എന്ന കഥ വായിച്ചു
നോക്കുക. ആലീസ് ചേച്ചി നേരത്തെ നാടുവിട്ടു പോയവളാണു്. അവൾ ഇന്നു വേശ്യ. വേശ്യാലയത്തിൽ ചെന്നു
കയറിയ സ്വന്തം നാട്ടുകാരനായ ചെറുപ്പക്കാരനെ അവൾ വെള്ളിക്കുരിശെടുത്തു കാണിച്ചു മാനസാന്തരം വരുത്തി
പറഞ്ഞയയ്ക്കുന്നു. മോപാസാങ്ങ് കഥാപാത്രങ്ങളുടെ മാനസികപ്രവർത്തങ്ങളും വികാരങ്ങളും ചിത്രീകരിച്ചു്
സാന്മാർഗ്ഗികത്വത്തിന്റെ പരിവേഷം നിർമ്മിക്കുന്നു. ചിറ്റമ്മലിന്റെ കഥയിൽ ഈ വികാരങ്ങളോ ചിന്തകളോ ഇല്ല.
ഗ്രന്ഥകാരന്റെ അധീശത്വമേയുള്ളൂ. “മാനസാന്തരം വരുന്നു എന്നു ഞാൻ കല്പിക്കുന്നു” എന്നാണു്. അദ്ദേഹത്തിന്റെ
മട്ടു്. മോപാസാങ്ങിന്റെ ശ്രദ്ധ മുഴുവൻ രണ്ടു കഥാപാത്രങ്ങളുടെയും മാനസികനിലകളിലാണു്. ദേവസ്സി ചിറ്റമ്മൽ
ശ്രദ്ധിക്കുന്നതു് സ്ഥലത്തെയാണു്. വ്യക്തികളെയാണു്. അശ്രദ്ധ കലയോടു ബന്ധപ്പെട്ടതല്ല, കാരണം
മാനസാന്തരം കലാപരമായ വിശ്വാസമുളവാക്കുന്നില്ല എന്നതത്രേ.
</p>
          <p>ഇത്രയും എഴുതിക്കൊണ്ടു ചില ബുദ്ധിരഹിതന്മാർ പറയും കൃഷ്ണൻ നായർ മോപാസാങ്ങിന്റെ ഭാവന ദേവസ്സി
ചിറ്റമ്മലിനു് ഇല്ലെന്നു എഴുതിയെന്നു്. ഞാനതു് ഉദ്ദേശിച്ചിട്ടേയില്ല. സാഹിത്യമെന്തെന്നു് വിശദമാക്കാൻ ഒരു
പടിഞ്ഞാറൻ കഥയെ ഉദാഹരണമായി സ്വീകരിച്ചെന്നേയുള്ളൂ. <ref target="https://ml.wikipedia.org/wiki/Vaikom_Muhammad_Basheer">ബഷീറി</ref>
ന്റെയോ <ref target="https://ml.wikipedia.org/wiki/Uroob">ഉറൂബി</ref> ന്റേയോ
കഥകളെടുത്തും എനിക്കതു് അനുഷ്ഠിക്കാവുന്നതേയുള്ളൂ.
</p>
          <p>അവിശുദ്ധമായ വേശ്യാത്വത്തെക്കുറിച്ചുള്ള ചിന്ത എന്നെ വിശുദ്ധമായ ദാമ്പത്യജീവിതത്തിലേക്കു നയിക്കുന്നു.
രണ്ടിനും കാര്യമായ വ്യത്യാസങ്ങളുണ്ടോ? ആലോചിക്കാം. ദാമ്പത്യജീവിതത്തിൽ കൂടെക്കൂടെയുള്ള പ്രസവം
കൊണ്ടു ഭാര്യയുടെ സൗന്ദര്യവും ആരോഗ്യവും നശിക്കുന്നു. വേശ്യാജീവിതത്തിൽ പല പുരുഷന്മാരുമായുള്ള വേഴ്ച
നിമിത്തം സ്ത്രീയുടെ സൗന്ദര്യവും ആരോഗ്യവും ഇല്ലാതാകുന്നു. മധുവിധു കഴിഞ്ഞാൽ അയാൾക്കു്
താല്പര്യമൊന്നുമില്ല. മുറി മാറിക്കിടക്കുന്നു. അന്യർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി രണ്ടുപേരും ഒരു മുറിയിൽ
കിടക്കുമ്പോഴും ഇടയ്ക്കു് അവർ തലയണ എടുത്തുവയ്ക്കുന്നു. പുരുഷനു് ശാരീരികാവശ്യം വരുമ്പോഴേ വേശ്യയെ
കാണേണ്ടതുള്ളൂ. അതു കഴിഞ്ഞാൽ അയാൾ പോകുകയായി. പിന്നെ വേശ്യയെക്കുറിച്ചു ചിന്തയില്ല. അടുത്ത
ആവശ്യം വരുന്നതുവരെ ഭർത്താവിന്റെ മാനസികനിലയും ഇതിൽനിന്നു വിഭിന്നമല്ല, പുരുഷൻ വേശ്യയ്ക്കു പണം
കൊടുക്കുന്നു. വീട്ടുചെലവിനെന്നു പറഞ്ഞു് ഭർത്താവു് കൊടുക്കുന്ന പണത്തിനു് അത്ര പാവനത്വമൊന്നുമില്ല.
അടുത്തകാലത്തോ പണ്ടെങ്ങോ ഉണ്ടായ ശാരീരിക വേഴ്ചയുടെ പാരിതോഷികമായി അതിനെ പരിഗണിക്കാം.
പ്രസവിച്ചും ഭർത്താവിനു വേണ്ടി കഷ്ടപ്പെട്ടും മക്കളെ പാടുപെട്ടു വളർത്തിയും ആരോഗ്യം നശിച്ചു് ഭാര്യ ക്യാൻസർ
വന്നു മരിക്കുന്നു; വേശ്യ പല പുരുഷന്മാരെ പ്രാപിച്ചു് സിഫിലിസ് പിടിച്ചു് മരിക്കുന്നു. കല്യാണമണ്ഡപത്തിൽ
“ആഹ്ലാദത്തിന്റെ പാൽക്കടലിൽ ലക്ഷ്മീദേവീ”യെപ്പോലെ നില്ക്കുന്ന വധു അവിടെ വച്ചുതന്നെ ഹോമിക്കപ്പെടുന്നു.
വേശ്യാലയത്തിലെ ഫോം റബ്ബർ കിടക്കയിൽ കിടക്കുന്ന വേശ്യ ആദ്യത്തെ വേഴ്ചകൊണ്ടുതന്നെ തകർന്നടിയുന്നു.
ദാമ്പത്യജീവിതത്തിൽ പുരുഷനു് അന്യസ്ത്രീയിൽ കണ്ണു്. വേശ്യയെ പ്രാപിച്ച പുരുഷനു മറ്റൊരു വേശ്യയിൽ കണ്ണു്.
രണ്ടും തമ്മിലെന്തേ വ്യത്യാസം? ഒരു വ്യത്യാസമുണ്ടു്. ദാമ്പത്യജീവിതം മാന്യമാണെന്നു് ആളുകളുടെ നാട്യം.
വേശ്യയുമായുള്ള വേഴ്ച അമാന്യകരമാണെന്നു് ആളുകളുടെ മട്ടു്.
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അപരിചിതത്വം</head>
          <p style="noindent">ഒരു സംഭവത്തെക്കുറിച്ചു വീണ്ടുമെഴുതാൻ വായനക്കാർ സമ്മതിക്കുമോ? സ്ത്രീകളിൽ
അമിത കൗതുകമാർന്ന ഒരാളുമായി ഞാൻ ഒരു മീറ്റിംഗിനു പോയി. അദ്ദേഹം അദ്ധ്യക്ഷനാണു സമ്മേളനത്തിന്റെ.
കുറെ ദൂരം സഞ്ചരിച്ചാൽ ഒരു പ്രാസംഗിക കൂടെ കാറിൽ കയറും. കാറ് അവരുടെ വീട്ടിന്റെ നടയിൽ
നിറുത്തിയപ്പോൾ അദ്ധ്യക്ഷൻ എന്നോടു് ആവശ്യപ്പെട്ടു. “കൃഷ്ണൻ നായർ, നിങ്ങൾ മുൻസീറ്റിലിരിക്കണം. അവർ
ഇവിടെയിരിക്കട്ടെ”. ഞാൻ ഡോർ തുറക്കാൻ ഭാവിച്ചപ്പോൾ പ്രാസംഗിക വീട്ടിൽ നിന്നിറങ്ങി വരുന്നു. “അവരുടെ
കൂടെയുള്ളതു് ആരാണു്?” എന്നു അദ്ധ്യക്ഷന്റെ ചോദ്യം. “ഭർത്താവു്” എന്നു് എന്റെ മറുപടി. “അയാളും കൂടെ
വരുമോ?” എന്നു് അദ്ധ്യക്ഷൻ. “വരും” എന്നു ഞാൻ. “എന്നാൽ കൃഷ്ണൻ നായർ ഇവിടെയിരുന്നാൽ മതി” എന്നു്
നൈരാശ്യത്തോടെ അദ്ദേഹം. കാറ് വീണ്ടും നീങ്ങി. അപ്പോൾ അസ്വസ്ഥനായ അദ്ധ്യക്ഷൻ എന്റെ കാതിൽ
ചോദിച്ചു. “Why is she so lean?” ഞാൻ അത്ഭുതപ്പെട്ടു് “She is not lean still” എന്നു് അദ്ദേഹത്തോടു്
പറഞ്ഞു. അദ്ധ്യക്ഷൻ വിട്ടില്ല. “No, No she is very lean” എന്നായി അദ്ദേഹം. അവരുടെ ജോലി എന്താണു്.
എവിടെയാണു് ജോലി സ്ഥലം എന്നൊക്കെ അന്വേഷിച്ചു ആ കാമാതുരൻ. ഞാൻ വളരെപ്പതുക്കെ വിവരങ്ങൾ
അദ്ദേഹത്തെ അറിയിച്ചു. “അപ്പോൾ ഉച്ചയ്ക്കു് അവരെന്തു കഴിക്കും? എന്നു പിന്നീടും ചോദ്യം.

<list type="gloss"><label>ഞാൻ:</label><item> ഹോട്ടലിൽ നിന്നു വല്ലതും കഴിക്കും.
</item><label>അദ്ധ്യ:</label><item> അവിടെ ഹോട്ടലുകൾ ഇല്ലല്ലോ.
</item><label>ഞാൻ:</label><item> ചായക്കടകൾ ഏറെയുണ്ടു് സാർ. വല്ല വാഴയ്ക്കപ്പമോ വടയോ വാങ്ങിത്തിന്നുമായിരിക്കും.
</item><label>അദ്ധ്യ:</label><item> അങ്ങനെ വരട്ടെ. ഉച്ചയ്ക്കു വാഴയ്ക്കപ്പമോ വടയോ തിന്നാൽ ക്ഷീണിക്കുല്ലേ ശരീരം? That is why she is
so lean. </item></list>

</p>
          <p>മുൻപിലിരിക്കുന്ന നല്ല വണ്ണമുള്ള സ്ത്രീ അദ്ദേഹത്തിന്റെ കാമചാപല്യങ്ങൾ അറിയുമെന്നതുകൊണ്ടു് ഞാൻ
പിന്നീടു് ഒരു ചോദ്യത്തിനും മറുപടി നല്കിയില്ല. സമ്മേളന സ്ഥലത്തെത്തി. വീട്ടിൽ നിന്നു് മുഷിഞ്ഞ മുണ്ടും കീറിയ
ഷർട്ടും ധരിച്ചു വന്ന അദ്ധ്യക്ഷൻ ഒരു മുറിയിൽ കയറി വേഷം മാറി തിരിച്ചെത്തിയപ്പോൾ മറ്റൊരു വ്യക്തി. ഇളം
നീല ബുഷ്ഷർട്ട്. അതിനു ചേരുന്ന പാന്റ്സ്. എല്ലാം പട്ടു്. ബനിയന്റെ കഴുത്തു വെളിയിൽ കാണാം. അതും സില്ക്ക്
തന്നെ. തലമുടി ചീകി എന്തോ കുഴമ്പു തേച്ചിരിക്കുന്നു. കവിൾത്തടങ്ങളിൽ ക്രീം പുരട്ടിയിരിക്കുന്നു. ആകെക്കൂടി ഒരു
തേജസ്സു്. ആരോ പറഞ്ഞതുപോലെ ഒരു സുന്ദരക്കുട്ടപ്പൻ. അദ്ദേഹത്തെക്കണ്ട പ്രാസംഗിക അറിയാതെ
പറഞ്ഞുപോയി. “ഹാ ഹാ ഇപ്പോൾ ഒരു പുതിയാദ്ധ്യക്ഷൻ തന്നെ. ഈ ഭംഗിയൊക്കെ എവിടെ ഒളിച്ചു വച്ചിരുന്നു
ഇത്രനേരം?” പ്രാസംഗികയുടെ നർമ്മബോധം കലർന്ന ആ ചോദ്യങ്ങൾ എനിക്കും ഇഷ്ടപ്പെട്ടു (പ്രാസംഗിക
എന്ന പ്രയോഗം ശരിയല്ല).
</p>
          <p>ഈ സംഭവത്തിൽ ഒരു കലാരഹസ്യം ഒളിഞ്ഞിരിപ്പുണ്ടു്. പരിചിതങ്ങളായ വസ്തുക്കളെ അപരിചിതത്വം
വരുത്തി പ്രദർശിപ്പിക്കുന്നതാണു് കല. അദ്ധ്യക്ഷൻ പുതിയ അദ്ധ്യക്ഷനാകുന്നതു തന്നെയാണതു്. ഈ
അപരിചിതത്വം അനുരാധയ്ക്കു് വരുത്താനറിഞ്ഞുകൂടാ എന്നതാണു് അവർ വിമൻസ് മാഗസിനിൽ എഴുതിയ
അസ്തമയത്തിനു മുൻപേ എന്ന കഥയുടെ ദോഷം. തന്നിഷ്ടക്കാരിയായ മകൾ ‘സ്വയംവരം’ നടത്തുമ്പോൾ അച്ഛൻ
ഒറ്റയ്ക്കാകുന്നു. ആ അച്ഛൻ ആശുപത്രിയിൽ കിടന്നു മരിക്കുന്നു. അതിനുമുമ്പു് അയാൾ അവൾക്കു് മാപ്പു
കൊടുക്കുന്നുണ്ടു്. സദൃശ്യമായ ഒരവസ്ഥയിൽപ്പെട്ട ഒരു നേഴ്സ് മരിച്ചയാളിന്റേയും അയാളുടെ മകളുടെയും
ചരിത്രമറിഞ്ഞു് സ്വന്തം പിതാവിനെക്കണ്ടു് മാപ്പു ചോദിക്കാൻ പോകുമ്പോൾ കഥ അവസാനിക്കുന്നു. റഷ്യയിലെ
ഒരു രൂപശില്പവാദിയാണു് കലയുടെ ഈ അപരിചിതത്വസ്വഭാവത്തിനു് ഊന്നൽ കൊടുത്തതു്. Ostranenrye
എന്ന റഷ്യൻ പദമാണു് അദ്ദേഹം പ്രയോഗിച്ചതു്. അതിന്റെ അർത്ഥം അപരിചിതത്വം വരുത്തുകയെന്നും.
രൂപശില്പാദികളെ നമ്മൾ അംഗീകരിച്ചില്ലെന്നു വരും. എന്നാൽ അദ്ദേഹത്തിന്റെ ഈ കലാസിദ്ധാന്തത്തിൽ
തെറ്റില്ലാത്തതുകൊണ്ടു് നമുക്കു് എതിർപ്പു് ഉണ്ടാവുകയില്ല.
</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">ആർജ്ജനം</head>
          <figure rend="fright" type="gra">
            <graphic url="images/Schumacher.jpg" rendition="gra"/>
            <figDesc style="thumb">ഷുമാഹർ</figDesc>
          </figure>
          <p style="noindent"> എന്റെ പെൺമക്കളുടെ വിവാഹത്തിനു ക്ഷണക്കത്തു് അച്ചടിച്ചപ്പോൾ kindly
avoid presents എന്നും കൂടി ചേർത്തിരുന്നു. എങ്കിലും ചാലക്കടയിലെ സ്റ്റീൽപ്പാത്രങ്ങളിൽ പലതും എന്റെ
വീട്ടിലേക്കു് ഒഴുകി. ഞാൻ ഭവനത്തിലില്ലാത്തപ്പോൾ പണം കൊണ്ടുകൊടുത്തിട്ടു പോയവരുണ്ടു്. മേനി
പറയുകയോ ഹിപോക്രസി പ്രദർശിപ്പിക്കുകയോ അല്ല. സമ്മാനങ്ങൾ വാങ്ങിക്കുന്നതു് തികച്ചും
വേദനാജനകമാണു് എനിക്കു്. എന്നാൽ സമ്മാനങ്ങൾ കിട്ടിയേ തീരൂ എന്ന മട്ടിൽ വിവാഹത്തിനു
ക്ഷണിക്കുന്നവരുമുണ്ടു്. പെൺമക്കൾക്കു കിട്ടുന്ന സമ്മാനങ്ങൾ വരന്മാരുടെ ഭവനങ്ങളിൽ കൊടുത്തയയ്ക്കാൻ
സമ്മതിക്കാതെ അപഹരിക്കുന്ന അമ്മമാർ ധാരാളം. ഞാൻ കണ്ണു കൊണ്ടു കണ്ട കാഴ്ച പറയാം. വിവാഹം
കഴിഞ്ഞു. പെണ്ണു വരനോടൊപ്പം പോകാൻ തയ്യാറെടുക്കുകയാണു്. സ്റ്റീൽ പാത്രങ്ങൾ വട്ടികളിലാക്കി
വച്ചിരിക്കുന്നു. അതു കയറ്റാൻ തന്നെ നാലു കാറെങ്കിലും വേണം. പെണ്ണിന്റെ തള്ള എങ്ങു നിന്നോ ഓടി വന്നു.
അവർ ഒരു സ്റ്റീൽച്ചരുവം പൊക്കിയെടുത്തു് “മോളേ ഇതു ഞാനെടുക്കട്ടോ?” എന്നു കെഞ്ചി. “വേഗം എടുക്കണം
അമ്മ. അവർ കാണരുതു്. കണ്ടാൽ കുറച്ചിൽ” വരന്റെ വീട്ടുകാർ കാണാതെ തള്ള ചരുവം മുറിക്കകത്തു് ആക്കി.
വേറൊരു സ്റ്റീൽ ചരുവം പൊക്കിയെടുത്തു. “മോളേ” അതും മുറിയിലായി. ഇങ്ങനെ പല “മോളേ” വിളികൾ.
അതോടൊപ്പം സ്റ്റീൽപ്പാത്രങ്ങളുടെ മോഷണങ്ങളും. ഒടുവിൽ ഒരു കവറെടുത്തു തുറന്നു. “മോളേ ഇരുന്നൂറു
രൂപയുണ്ടു്. നൂറുരൂപ അമ്മയ്ക്കു്” പെണ്ണു് ഓടി വന്നു് രൂപ പിടിച്ചു വാങ്ങിച്ചു. അപ്പോഴേക്കും വരന്റെ വീട്ടുകാരിൽ
ചിലർ അവിടെ വന്നു. ഇല്ലെങ്കിൽ പിന്നെയും ആർത്തിയോടുള്ള “മോളേ” വിളികൾ ഉയരുമായിരുന്നു.
ആർജ്ജനത്തിനുള്ള അഭിലാഷമാണു് ഇവിടെ കണ്ടതു്. ഈ അത്യാർത്തി മറ്റുള്ളവരിൽ വെറുപ്പു് എന്ന
വികാരമുളവാക്കും. വേറെ ചിലരുണ്ടു് ഉന്നതമായ സർക്കാർ ജോലിയിലിരുന്നു പെൻഷൻ പറ്റും.
സർവീസിലിരിക്കുമ്പോൾ പട്ടിണി കിടന്നും അന്യനു കിട്ടാനുള്ളതു പിടിച്ചു വാങ്ങിച്ചും ധാരാളം സമ്പാദിക്കുന്നു.
പിന്നീടു് വിശ്രമിച്ചാൽ മതി. വിശ്രമിക്കില്ല. ചായക്കടയോ, മുറുക്കാൻ കടയോ തുടങ്ങും. ജോലിയിലിരിക്കുമ്പോൾ
തുകകൾ സാങ്ങ്ഷൻ ചെയ്തും കീഴ്ജീവനക്കാരെ സ്ഥലം മാറ്റിയും പ്രതാപം കാണിച്ചിരുന്ന മനുഷ്യൻ “പത്തു
പൈസക്കു് മുറുക്കാൻ” എന്നു് ഒരുത്തൻ വന്നു് ആവശ്യപ്പെടുമ്പോൾ രണ്ടു വെറ്റെയെടുത്തുവച്ചു് ഒരു പാക്കു്
കത്തികൊണ്ടു മുറിക്കും. സങ്കല്പമല്ല. സത്യമാണിതു്. കീഴ്ജീവനക്കാരെ വിറപ്പിച്ചിരുന്ന ഒരുദ്യോഗസ്ഥൻ ചായക്കട
നടത്തിയെന്നു വരും. പലഹാരമെടുത്തു കൊടുക്കുന്നവൻ വന്നിട്ടില്ലെങ്കിൽ അദ്ദേഹംതന്നെ വരുന്നവരുടെ
മുൻപിൽ ഇലകൊണ്ടിട്ടു് വാഴയ്ക്കപ്പം എടുത്തു വച്ചെന്നും വരും. ഏതു കൊച്ചു ജന്തുവിനെ കണ്ടാലും ചാടിപ്പിടിക്കുന്ന
ക്രൂര ജന്തുവിന്റെ നൃശംസതയാണു് ഇക്കൂട്ടർ കാണിക്കുന്നതു്. ഏക്കർ കണക്കിനല്ല, മൈൽ കണക്കിനു് വയലുകൾ
സമ്പാദിച്ചാലും ‘പോരാ, പോരാ’ എന്നു പറഞ്ഞുകൊണ്ടു നെട്ടോട്ടം ഓടുന്നവരാണു് ഇവർ. <ref target="https://en.wikipedia.org/wiki/E._F._Schumacher">ഷുമാഹർ</ref> പറഞ്ഞ
Small is beautiful എന്ന തത്വം ഇവർ ഒരിക്കലും മനസ്സിലാക്കില്ല.
</p>
          <p>ആർജ്ജനത്തിൽ അമിതാഭിലാഷമുള്ളവർക്കു് അച്ഛനെന്നില്ല, അമ്മയെന്നില്ല. അമ്മയുടെ മരണം പോലും
അവരെ ചലിപ്പിക്കില്ല. ഈ സത്യം ശ്രീ കിളിരൂർ രാധാകൃഷ്ണൻ ‘പുഷ്പചക്രം’ എന്ന കഥയിലൂടെ പ്രതിപാദിക്കുന്നു
(കഥാമാസിക, നവംബർ 12-17 ലക്കം). ആർക്കും അംഗീകരിക്കാവുന്ന സത്യം; പക്ഷേ, ഭാവശില്പമില്ലാത്ത ഇക്കഥ
എനിക്കു് അംഗീകരിക്കാനാവുന്നില്ല. പ്രതിഭയില്ലാതെ കഥകൾ എഴുതാൻ സാധിക്കുമോ? സാധിക്കുമെന്നു്
രാധാകൃഷ്ണൻ ഇക്കഥയിലൂടെ ഉദ്ഘോഷിക്കുന്നു.
</p>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">പുസ്തകം</head>
          <figure rend="fright" type="gra">
            <graphic url="images/ChrisvanWyk00-c.jpg" rendition="gra"/>
            <figDesc style="thumb">Christopher Van Wyk</figDesc>
          </figure>
          <p style="noindent"> ദക്ഷിണാഫ്രിക്കയിലെ മഹാന്മാരായ രണ്ടെഴുത്തുകാരാണു് <ref target="https://tinyurl.com/msc73cta">ആന്ദ്രേ ബിങ്കും</ref> <ref target="https://en.wikipedia.org/wiki/J._M._Coetzee">ജെ. എം. കുറ്റ്സേ</ref> യും.
അവർ എഡിറ്റ് ചെയ്ത A Land Apart എന്ന പുസ്തകത്തിൽ <ref target="https://en.wikipedia.org/wiki/Nadine_Gordimer">നേഡിൻ
ഗോർഡിമർ</ref> തുടങ്ങിയ മുപ്പത്തിയഞ്ചു് എഴുത്തുകാരുടെ രചനകൾ ഉണ്ടു്. തെക്കേയാഫ്രിക്ക ഇന്നൊരു
പരിവർത്തന ‘ഘട്ട’ത്തിലാണല്ലോ. അതിനോടു ബന്ധപ്പെട്ട ദക്ഷിണാഫ്രിക്കൻ എഴുത്തുകാരുടെ വിചാരങ്ങളും
വികാരങ്ങളും ഈ ഗ്രന്ഥം പ്രതിഫലിപ്പിക്കുന്നു. കറുത്ത വർഗ്ഗക്കാർ, വെള്ളക്കാർ, ഇവരുടെ ‘ഇംഗ്ലീഷ് രചന’കൾ
ആഫ്രിക്കൻസ്, സുലൂ, സോത്തോ, കൊസ (Xhosa), ഈ ദക്ഷിണാഫ്രിക്കൻ ഭാഷകളിലെ രചനകളുടെ ഇംഗ്ലീഷ്
തർജ്ജമകൾ ഇവയെല്ലാം ഈ ഗ്രന്ഥം ഉൾക്കൊള്ളുന്നു. കാവ്യരചനയ്ക്കു <ref target="https://ml.wikipedia.org/wiki/Olive_Schreiner">Olive Schreiner</ref>
സമ്മാനം നേടി. <ref target="https://en.wikipedia.org/wiki/Christopher_van_Wyk">Christopher Van
Wyk</ref>-ന്റെ (1957-ൽ ജനനം) ഒരു കാവ്യം എടുത്തെഴുതട്ടെ.
</p>
          <lg>
            <l> He fell from the ninth floor</l>
            <l> He hanged himself</l>
            <l> He slipped on a piece of soap while washing</l>
            <l> He hanged on a piece of soap while washing</l>
            <l> He fell from ninth floor</l>
            <l> He hanged himself while washing</l>
            <l> He slipped from the ninth floor</l>
            <l> He hung from the ninth floor</l>
            <l> He slipped on the ninth floor while washing</l>
            <l> He fell from a piece of soap while slipping</l>
            <l> He hung from ninth floor</l>
            <l> He washed from the ninth floor while slipping</l>
            <l> He hung from a piece of soap while washing</l>
            <l>                               (Faber and Faber, London) </l>
          </lg>
          <!--end of "verse"-->
          <figure rend="fright" type="gra">
            <graphic url="images/NVKrishnaWarrier.jpg" rendition="gra"/>
            <figDesc style="thumb">എൻ. വി. കൃഷ്ണവാരിയർ</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/N._V._Krishna_Warrier">എൻ. വി.
കൃഷ്ണവാരിയർ</ref> മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ആനവാൽ’ എന്ന കാവ്യത്തെ ‘ഫാസിനേറ്റിങ്ങ്’
എന്നാണു് ഞാൻ വിശേഷിപ്പിക്കുക. കാമറയുടെ കാചം സുന്ദരമായ പ്രകൃതിദൃശ്യത്തെ പിടിച്ചെടുക്കുന്നതുപോലെ
ഒരു ജീവിത സംഭവത്തെ കവി അതിന്റെ മനോഹാരിതയോടെ പിടിച്ചെടുത്തിരിക്കുന്നു. ഒരു വ്യത്യാസം ഫോട്ടോ
കലാസൃഷ്ടിയല്ല. കൃഷ്ണവാരിയരുടേതു് രമണീയമായ കലാസൃഷ്ടിയും. ഫോട്ടോയിൽ അന്തരീക്ഷം അന്തരീക്ഷം
മാത്രം. അതിലൂടെ പറക്കുന്ന പക്ഷി പക്ഷി മാത്രം. എന്നാൽ ഈ കാവ്യത്തിൽ ആനവാൽ കൊതിക്കുന്ന കിട്ടനും
കുട്ടനും സംഭവം വർണ്ണിക്കുന്ന ‘ഞാനും’ വെറും വ്യക്തികളല്ല, സ്വത്വമുള്ള ആളുകളാണു്. അവർ ആ കാവ്യത്തിൽ
മാത്രം തേജസ്സോടെ ജീവിക്കുന്ന ആളുകളത്രെ. മൂന്നുപേരും ആനവാൽ കൊതിച്ചു് ആനയുടെ അടുത്തു വന്നു
നില്ക്കുന്നു. പാപ്പാൻ പുകയില കൊണ്ടുവരാൻ കിട്ടനെ പറഞ്ഞയച്ചു. മോരു കൊണ്ടുവരാൻ കുട്ടനെ പറഞ്ഞയച്ചു.
അവർക്കു രണ്ടുപേർക്കും ആനവാൽ കിട്ടും. തനിക്കു് കിട്ടുകയില്ല എന്നു വിചാരിച്ചു് കുട്ടി ദുഃഖിക്കുമ്പോൾ—അവന്റെ
വീട്ടിൽ കഞ്ഞിവയ്പു പോലുമില്ല—പാപ്പാൻ ആനവാൽ പൊട്ടിച്ചു് അവനു നൽകുന്നു. അതു കൈയിൽ കാപ്പായി
ഇട്ടു് അഭിമാനത്തോടെ അവൻ നില്ക്കുമ്പോൾ മറ്റു രണ്ടുപേരും തിരിച്ചു വരുന്നു. കാവ്യം അവസാനിക്കുന്നു.
</p>
          <lg>
            <l> “അദ്ഭുതത്താലേ മിഴിവിടർന്നും</l>
            <l> ഒപ്പമസൂയയാലുള്ളെരിഞ്ഞും</l>
            <l> തങ്ങളിൽത്തങ്ങളിൽക്കിട്ടനും കുട്ടനും</l>
            <l> ഇങ്ങനെചൊല്ലും എനിക്കറിയാം.</l>
            <l> ആനപ്പിണ്ടംവാരും പെണ്ണിന്റെ ചെക്കന്നൊ-</l>
            <l> രാനവാലിന്നുണ്ടോ പഞ്ഞമിപ്പോൾ”. </l>
          </lg>
          <!--end of "verse"-->
          <p>യാഥാർത്ഥ്യമില്ല, യഥാതഥ്യത്തിനു് ഒരു യഥാതഥ്യമുണ്ടെങ്കിൽ അതിനെയാണു് കവി സ്ഫുടീകരിക്കുന്നതു്.
വിഷയത്തിനു യോജിച്ച വൃത്തം. ഒന്നാന്തരം ആഖ്യാനം. വെള്ളത്തിൽ വീണ നിലാവു പോലെ വരികളിലാകെ
ഹാസ്യത്തിന്റെ തിളക്കം. ഇതു കവിതയല്ലെങ്കിൽ പിന്നെ ഏതാണു കവിത?
</p>
          <p>എത്ര ചാരിത്രശാലിനിയാണെങ്കിലും അന്യന്റെ വികാരമിളക്കി വിടാത്ത ഒരു സ്ത്രീയെ എനിക്കു കാണിച്ചുതരൂ
—<ref target="https://tinyurl.com/2p9yycsy">ബൽസാക്ക്</ref>.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">ഭാവാത്മകം</head>
          <figure rend="fright" type="gra">
            <graphic url="images/GeorgeOnakkoor-c.jpg" rendition="gra"/>
            <figDesc style="thumb">ജോർജ് ഓണക്കൂർ</figDesc>
          </figure>
          <p style="noindent"> പലരുടെയും വികാരമിളക്കിവിട്ട ഒരു സുന്ദരിയെ <ref target="https://ml.wikipedia.org/wiki/George_Onakkur">ജോർജ് ഓണക്കൂർ</ref>
“അനന്തരം എന്തു സംഭവിക്കും” എന്ന കഥയിലൂടെ നമുക്കു കാണിച്ചു തരുന്നു. ആ ദർശനം
ഭാവാത്മകതയിലൂടെയാണു് നമുക്കു് ലഭിക്കുക. സത്യമാവിഷ്കരിക്കാൻ പല മാർഗ്ഗങ്ങളുണ്ടു്. ധ്യാനനിരതനായിരുന്നു
ലഭിക്കുന്ന അനുഭൂതിയെ സ്ഫുടീകരിക്കാം. മെസ്കലിൽ കഴിച്ചു് <ref target="https://en.wikipedia.org/wiki/Aldous_Huxley">അൽഡസ് ഹക്സിലെ</ref>
യെപ്പോലെ അതിനു് അതീന്ദ്രിയലോകത്തു് പ്രവേശിക്കാം. ഭാവാത്മകതയിലൂടെയും സത്യദർശനം സാധ്യമാണു്.
ഒരു വികാരത്തെ നേർപ്പിച്ചു നേർപ്പിച്ചു കൊണ്ടുവന്നു സ്വർണ്ണശലാകയെന്നപോലെ പ്രത്യക്ഷമാക്കുമ്പോഴാണു്
ഭാവാത്മകത്വം ഉത്കൃഷ്ടടതയിലെത്തുന്നതു്. രതി എന്ന ഭാവത്തെ ഇപ്രകാരം ആവിഷ്കരിക്കുന്നു എന്നതാണു്
ഇക്കഥയുടെ സവിശേഷത. ഇവിടെ ഇതിവൃത്തത്തിനു സ്ഥാനമില്ല (കഥ കലാകൗമുദിയിൽ).
</p>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">കള്ളം-പലവിധം</head>
          <list type="gloss">
            <label>വിമൻസ് ഹോസ്റ്റലിലെ പെൺകുട്ടി:</label>
            <item> എന്റെ ചേട്ടനാണു് ഇപ്പോൾ എന്നെ കാണാൻ വന്നതു്. </item>
            <label>പത്രാധിപർ:</label>
            <item> നിങ്ങളയച്ച കഥ ഞാൻ കണ്ടില്ലല്ലോ. </item>
            <label>ഡോക്ടർ:</label>
            <item> ഏയ് ഒന്നും പേടിക്കാനില്ല. </item>
            <label>കേരളത്തിലെ സാഹിത്യകാരൻ:</label>
            <item> ഞാൻ ആ ഇംഗ്ലീഷ് പുസ്തകം കണ്ടിട്ടേയില്ല. </item>
          </list>
          <p style="noindent"/>
        </div>
        <!--end of "section 0.0/1.6"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1986-12-07. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  January 31, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  LJ Anjana; <hi rend="bold">Digitizer:</hi>
 KB Sujith; <hi rend="bold">Encoding:</hi>  KB Sujith.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.or.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1986-12-07.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1986-12-07.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
