<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>JS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>LJ Anjana</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>LJ Anjana</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">August 3, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1988-02-07</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1988-02-07</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1988-02-07-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
</p>
        <div type="lsection">
          <p style="noindent">ശരി, പക്ഷേ, യാത്ര പറയുന്ന വേളയിൽ എനിക്കൊരു കാര്യം നിങ്ങളോടു
ചോദിക്കണമെന്നുണ്ടു്…
</p>
          <p>എന്തു?
</p>
          <p>നിങ്ങൾ ഒരിക്കലും ചെയ്യാത്തതു്. അതിനേക്കാൾ മോശമായി നമ്മൾ പലതും ചെയ്തിട്ടുണ്ടെങ്കിലും.
</p>
          <p>എന്തു?
</p>
          <p>ഒരു ചുംബനം.
</p>
          <p>നിങ്ങൾ പറയുന്നതു ശരി.
</p>
          <p>പക്ഷേ, നാളെ മതി. ഞാൻ പോകുന്നതിനു മുൻപു്. പേടിക്കരുതു്. ഇപ്പോൾ ഞാനതു ചോദിക്കുകയല്ല.
</p>
          <p>ഭേഷ്.
</p>
          <p>… … …
</p>
          <p>എനിക്കു ജിജ്ഞാസ. എനിക്കൊരു ചുംബനം തന്നാൽ നിങ്ങൾക്കു വല്ലാത്ത മടുപ്പു് ഉണ്ടാകുമോ?
</p>
          <p>മ്മ്… നിങ്ങൾ പുള്ളിപ്പുലിയായി മാറുമെന്നു് എനിക്കു പേടി. നിങ്ങൾ എന്നോടു പറഞ്ഞ ആദ്യത്തെ
സിനിമയിലെന്ന പോലെ.
</p>
          <p>ഞാൻ ആ പുലിപ്പെണ്ണല്ലല്ലോ.
</p>
          <p>സത്യം. നിങ്ങൾ ആ പുലിപ്പെണ്ണല്ല.
</p>
          <p>പുലിപ്പെണ്ണാകുന്നതു സങ്കടകരമാണു്. ആർക്കും നിങ്ങളെ ഉമ്മ വയ്ക്കാൻ ഒക്കുകയില്ല.
</p>
          <p>അല്ലെങ്കിൽ മറ്റെന്തെങ്കിലും.
</p>
          <p>നിങ്ങൾ, നിങ്ങൾ വലയിൽ പുരുഷന്മാരെ കുടുക്കുന്ന എട്ടുകാലിപ്പെണ്ണാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/KissoftheSpiderWomannovel.jpg" rendition="gra"/>
          </figure>
          <p> ലാറ്റിനമേരിക്കൻ നോവലിസ്റ്റായ <ref target="https://en.wikipedia.org/wiki/Manuel_Puig">മാൻവെൽ പീഗ്</ref> (Manuel
Puig) എഴുതിയ ‘<ref target="https://en.wikipedia.org/wiki/Kiss_of_the_Spider_Woman_(novel)">Kiss
of the Spider Woman</ref>’ എന്ന പ്രഖ്യാതമായ നോവലിന്റെ അവസാനത്തോടു് അടുത്തുള്ള ഒരു
സംഭാഷണത്തിൽ നിന്നാണു മുകളിൽ എടുത്തെഴുതിയ ഭാഗം. സംഭാഷണം നടത്തുന്നതു് മോലീനയും വാലന്റീൻ
പാസ്സും. രണ്ടുപേരും അർജന്റീനയിലെ കാരാഗൃഹത്തിൽ കിടക്കുന്നവർ; തടവുകാർ. മോലീനയ്ക്കു്
വാലന്റീനെക്കാൾ പ്രായം കൂടും. സ്വവർഗ്ഗാനുരാഗത്തോടു കൂടിയാണു് അയാൾ വാലന്റീനോടു സംസാരിക്കുന്നതു്.

വാലന്റീൻ രാഷ്ട്രീയ പ്രവർത്തകനത്രേ. തടവറയിൽ കിടക്കുമ്പോൾ നേരം പോകണമല്ലോ. അതിനു വേണ്ടി
മോലീന താൻ കണ്ട ഹോളിവുഡ് സിനിമകളിലെ കഥകൾ വിശദമായി വാലന്റീനോടു പറയും. 1940-നു ശേഷം
അയാൾ കണ്ട നാത്സി പ്രചാരണാംശം ഉൾക്കൊള്ളുന്ന ചലച്ചിത്രങ്ങളെ കുറിച്ചും പറയും. ഈ സിനിമകളെല്ലാം
ചവറുകളാണെന്നു് വാലന്റീനു് അറിയാം. എങ്കിലും ‘കാല്പനിക പ്രേമത്തിന്റെ മാന്ത്രികത്വ’ത്തിനു വിധേയനായി
മോലീന വർണ്ണിക്കുന്നതൊക്കെ അയാൾ കേട്ടു കൊണ്ടിരിക്കും. പക്ഷേ, പകലുകളും രാത്രികളും ഇങ്ങനെ കടന്നു
പൊയ്ക്കൊണ്ടിരിക്കെ അവർ തമ്മിൽ മാനസികമായി അടുക്കുന്നു. മോലീനയുടെ ആത്മാംശം വാലന്റീനിലേക്കും
വാലന്റീന്റെ ആത്മാംശം മോലീനയിലേക്കും പകരുന്നു. വിട്ടുവീഴ്ച്ചയില്ലാത്ത രാഷ്ട്രീയ പ്രവർത്തകനാണു്
വാലന്റീൻ. ക്ഷുദ്രവിഷയങ്ങളെ കുറിച്ചുള്ള വർണ്ണനകൾ കേട്ടുകേട്ടു് അയാൾക്കു മൃദുല ഭാവങ്ങൾ കൈവരുന്നു.
സ്വവർഗ്ഗാനുരാഗിയും ‘വിൻഡോ ഡ്രെസ്സറു’മായ മോലീന രാഷ്ട്ര വ്യവഹാരത്തിൽ തല്പരനാകുന്നു.
ക്ഷുദ്രവിഷയങ്ങൾ ആവിഷ്ക്കരിച്ചു് മനുഷ്യത്വത്തിന്റെ ആധിത്യകകളിലേക്കു് ആരെയും കൊണ്ടു ചെല്ലാമെന്നു
തെളിയിക്കുകയാണു് മാൻവെൽ പീഗ്. ആഖ്യാനത്തിലൂടെ സുപ്രധാനങ്ങളായ മനുഷ്യാവസ്ഥകളെ
സ്പഷ്ടമാക്കാമെന്നും ഈ നോവലിസ്റ്റിനു അഭിപ്രായമുണ്ടു്. അതിന്റേയും തെളിവാണു് ഈ നോവൽ.
</p>
          <p><ref target="https://ml.wikipedia.org/wiki/Jorge_Luis_Borges">ബോർഹെസ്സും</ref><ref target="https://en.wikipedia.org/wiki/Julio_Cort%C3%A1zar">കോർട്ടസ്സാറും</ref><ref target="https://ml.wikipedia.org/wiki/Carlos_Fuentes">ഫ്വേന്റസും</ref><ref target="https://ml.wikipedia.org/wiki/Gabriel_Garcia_Marquez">മാർകേസും</ref>
ഗൗരവാവഹങ്ങളായ വിഷയങ്ങളിലൂടെ ആധ്യാത്മിക മണ്ഡലങ്ങളിൽ എത്തുന്നു. മാൻവെൽ പീഗ് പ്രത്യക്ഷമായും
പരോക്ഷമായും ക്ഷുദ്രങ്ങളായ സംഭവങ്ങളിലൂടെ അഗാധ മനുഷ്യത്വത്തിലേക്കു ചെല്ലുന്നു. ബോർഹെസ്സിന്റേയും
മറ്റുള്ളവരുടേയും കാലം കഴിഞ്ഞു. മാൻവെൽ പീഗ് തുറന്ന സരണിയിലൂടെയാണു് ഇന്നത്തെ ലാറ്റിനമേരിക്കൻ
നോവലിസ്റ്റുകൾ സഞ്ചരിക്കുക. ആ സഞ്ചാരം അസുലഭമായ അനുഭൂതികൾ ജനിപ്പിക്കുന്നു എന്നതിൽ
സംശയമില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/ManuelPuig.jpg" rendition="gra"/>
            <figDesc style="thumb">മാൻവെൽ പീഗ്</figDesc>
          </figure>
          <p> മാൻവെൽ പീഗ് 1932-ൽ അർജന്റീനയിൽ ജനിച്ചു. ബ്വേനസ് ഐറീസ് സർവകലാശാലയിൽ നിന്നു
തത്ത്വചിന്ത പഠിച്ചിട്ടു് അദ്ദേഹം സിനിമാ നിർമ്മാതാവായി. അർജന്റീനയിൽ നിന്നു് 1963-ൽ അദ്ദേഹം
ബഹിഷ്ക്കരിക്കപ്പെട്ടു. പീഗിന്റെ മാസ്റ്റർപീസ് എന്നു കരുതപ്പെടുന്ന <ref target="https://en.wikipedia.org/wiki/Betrayed_by_Rita_Hayworth">Betrayed by
Rita Hayworth</ref> എന്ന നോവൽ കൂടി ഈ ലേഖകൻ വായിച്ചിട്ടുണ്ടു്. അതിനെ കുറിച്ചു് ഇനിയൊരു
സന്ദർഭത്തിൽ എഴുതിക്കൊള്ളാം. <ref target="https://en.wikipedia.org/wiki/Heartbreak_Tango">Heartbreak Tango</ref>,
The Buenos Aires Affair, <ref target="https://en.wikipedia.org/wiki/Eternal_Curse_on_the_Reader_of_These_Pages">Eternal
curse on the Reader of these Pages</ref> ഇവയാണു് അദ്ദേഹത്തിന്റെ മറ്റു നോവലുകൾ. ഇവയെല്ലാം
പതിന്നാലു ഭാഷകളിലേക്കു തർജ്ജമ ചെയ്തിട്ടുണ്ടു്.
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അനുഭൂതിയില്ല</head>
          <floatingText rend="qleft">
            <body>
              <p style="noindent">മുല്ലപ്പൂവിന്റെ മണമാണു് എസ്. ഗുപ്തൻനായരുടെ പ്രബന്ധങ്ങൾക്കുള്ളതു്. സി. വി.

കുഞ്ഞുരാമന്റെ ഗദ്യത്തിൽ നിന്നും പദ്യത്തിൽ നിന്നും തുളസിപ്പൂവിന്റെ സൗരഭ്യം പ്രസരിക്കുന്നു. മാധവിക്കുട്ടിയുടെ
ശൈലിയിൽ നിന്നു് ഉദ്ഗമിക്കുന്ന സുഗന്ധം പിച്ചിപ്പൂവിന്റേതാണു്.</p>
            </body>
          </floatingText>
          <p style="noindent"> തെളിഞ്ഞ പുലർവേളയിൽ ലേശം മഞ്ഞു പൊഴിയുമ്പോൾ ഗ്രാമപ്രദേശത്തുള്ള
പാതയിലൂടെ നടക്കുമ്പോൾ ഇതു് എന്റെ നാടാണെന്ന തോന്നലുണ്ടാവും. പാതയുടെ രണ്ടു വശത്തുമുള്ള മഞ്ഞു
പുരണ്ട പച്ചിലച്ചാർത്തുകൾ നമ്മെ സ്പർശിക്കുമ്പോൾ ആ തോന്നലിനു് തീക്ഷ്ണതയോ, സാന്ദ്രതയോ കൈവരും.
നൂറുശതമാനവും കേരളീയങ്ങളായ ചെറുകഥകൾ വായിക്കുമ്പോഴുള്ള അനുഭവം ഇതാണു്. <ref target="https://ml.wikipedia.org/wiki/P.Kesavadev">പി. കേശവദേവി</ref> ന്റെ
‘പ്രതിജ്ഞ’ (ഓച്ചിറക്കളിക്കു് ഉരുളി വാങ്ങുന്ന കഥ) വായിക്കൂ. ഇതു് നമ്മുടെ നാടിനോടു ബന്ധപ്പെട്ട
കഥയാണെന്നു് നമ്മൾ പറായാതിരിക്കില്ല. അല്ലെങ്കിൽ വേറൊന്നു് എഴുതാം. <ref target="https://ml.wikipedia.org/wiki/E._V._Krishna_Pillai">ഇ. വി
കൃഷ്ണപിള്ള</ref> കൃത്രിമത്വത്തെയും സ്വാഭാവികതയെയും വിശദീകരിക്കാനായി ഒരു ഹാസ്യകഥ
എഴുതിയിട്ടുണ്ടു്. അതിന്റെ പേരെനിക്കു് ഓർമ്മയില്ല. നമ്മൾ ഒരുത്തനെ അന്വേഷിച്ചു പോകുന്നു. അയാൾ –
ഗൃഹനായകൻ – ആദരത്തോടെ എഴുന്നേറ്റു് ‘വരൂ, ഇരിക്കൂ’ എന്നു് മൊഴിയാടുന്നു. ഇരുന്നുകഴിഞ്ഞാൽ
കാർബോളിക് സോപ്പ് തേയ്ച്ചു് കുളിപ്പിച്ചെടുത്ത വാക്കുകൾ ഉരുവിടുന്നു. അല്പനേരം കഴിഞ്ഞു് ‘എന്നാൽ ചായ
കുടിക്കരുതോ?’ എന്ന ചോദ്യം. ഗൃഹനായകൻ നമ്മെ മേശയുടെ അടുത്തേക്കു് കൈനീട്ടിക്കാണിച്ചു് നയിക്കുന്നു.
അവിടെച്ചെന്നിരിക്കുമ്പോൾ നമ്മുടെ കണ്ണു് നിറഞ്ഞുപോകും. ഒരു ചെറിയ കപ്പിൽ മുക്കാലിടം ചായ. തൊണ്ട
നനയാൻ പോലും കാണുകയില്ല.
</p>
          <figure rend="fright" type="gra">
            <graphic url="images/JamesBaldwin.jpg" rendition="gra"/>
            <figDesc style="thumb">ജേംസ് ബൊൾഡ്വിൻ</figDesc>
          </figure>
          <p> ഇനി മറ്റൊരു രംഗം. അവിടെ ഗൃഹനായകൻ തനി നാടനാണു്. നമ്മൾ ചെന്നു കയറുമ്പോൾ പരുക്കൻ
മട്ടിൽ പെരുമാറ്റം. തോർത്തു വിരിച്ചു് തറയിലിരുന്നു് കുറേനേരം സംസാരിച്ചിട്ടു് നമ്മൾ യാത്ര ചോദിക്കുമ്പോൾ
‘വരട്ടെ, അപ്പുറത്തു് ചെന്നു് വല്ല പഴങ്കഞ്ഞിയോ മറ്റോ മോന്തിക്കൊണ്ടു പോടാ’ എന്നു പറയുന്നു. എന്നിട്ടു് ഭാര്യയെ
വിളിച്ചു് ഒരു നിർദ്ദേശവും: ‘എടിയേ, നമ്മുടെ കൃഷ്ണൻ കുട്ടിക്കു് വല്ലതും കൊടുത്തയക്കെടീ. കട്ടൻ കാപ്പിയോ
പഴങ്കഞ്ഞിയോ വല്ലതുമുണ്ടോ?’. നമ്മൾ അപ്പുറത്തു ചെന്നു് ഗൃഹനായിക സന്തോഷത്തോടെ തരുന്നതു് വാങ്ങിച്ചു്
കഴിച്ചുകൊണ്ടു് സ്ഥലം വിടുന്നു. എത്ര ഹൃദ്യമായ രീതി. ഈ അനുഭൂതിയാണു് ചെറുകഥ ജനിപ്പിക്കേണ്ടതു്. ഇതിനു്
അസമർത്ഥമാണു് നമ്മുടെ പല ചെറുകഥകളും. <ref target="https://ml.wikipedia.org/wiki/Padmarajan">പി. പത്മരാജൻ</ref>
മാതൃഭൂമിയിലെഴുതിയ ‘ഓർമ്മ’ എന്ന ചെറുകഥയുടേയും ന്യൂനത ഇതാണു്. കഥാകാരന്റെ ജീവരക്തത്തിൽ നിന്നു്
വന്നതാണു് അതെന്നു് അനുവാചകനു് തോന്നുകയില്ല. അനുവാചകന്റെ ജീവരക്തത്തിലേക്കു് അതു്
സംക്രമിക്കുന്നുമില്ല. പെൻഷൻ പറ്റാറായ ഒരു ശങ്കരനാരായണപിള്ളയ്ക്കു് മറവിയുണ്ടാകുന്നു. മക്കളുടെ
പേരുപോലും അയാൾ മറക്കുന്നു. അങ്ങനെയിരിക്കുമ്പോൾ അതു മാറി ഏതും ഓർമ്മയിൽ കൊണ്ടുവരാനുള്ള
കഴിവു് അയാൾക്കു് ഉണ്ടാകുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാവികാലത്തു് എന്തു് സംഭവിക്കുമെന്നു് കാണാൻ
സാധിക്കുന്നു, അയാൾക്കു്. ഒരു ദിവസം അയാളങ്ങ് മരിക്കുകയും ചെയ്യുന്നു.
</p>
          <p>അസ്തിത്വം അല്ലെങ്കിൽ ജീവിതം സങ്കീർണ്ണമായതുകൊണ്ടു് ഇതൊക്കെ സംഭവിക്കുന്നു എന്നു പറയുന്നതിൽ
തെറ്റില്ല. ജീവിതത്തിന്റെ എട്ടുകാലിവലയിൽ എന്തെല്ലാം അനുഭവങ്ങളാണു് വന്നു വീഴുന്നതും അവിടെക്കിടന്നു്
പിടയ്ക്കുന്നതും! പക്ഷേ, ആ വീഴ്ച്ചയും പിടച്ചിലും ദ്രഷ്ടാവിനു് ഉദ്വേഗം ജനിപ്പിക്കുന്നതുപോലെ പത്മരാജന്റെ
അനുഭവഖണ്ഡങ്ങൾ ഉദ്വേഗമുളവാക്കുന്നില്ല. ഉദ്വേഗം വേണ്ട, ചലനമെങ്കിലും നിർമ്മിക്കേണ്ടതില്ലേ?
അതൊന്നുമില്ല ഇക്കഥയിൽ. കുറെ വാക്യങ്ങളുടെ സമാഹാരമാണു്—അനുഭൂതിരഹിതമായ സമാഹാരമാണു്—
ഈ രചന. എന്റെ അഭിവന്ദ്യ സുഹൃത്തിന്റെ ഉറവ വറ്റിപ്പോയോ എന്നു് എനിക്കു് സംശയം. കാരണം, അദ്ദേഹം
കുറെക്കാലമായി ഇങ്ങനെയൊക്കെയാണു് എഴുതാറു്.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">ബോർഹെസ്സും കോർട്ടസ്സാറും ഫ്വേന്റസും മാർക്കേസും ഗൗരവാവഹങ്ങളായ

വിഷയങ്ങളിലൂടെ ആധ്യാത്മിക മണ്ഡലങ്ങളിൽ എത്തുന്നു. മാൻവെൽ പീഗ് പ്രത്യക്ഷമായും പരോക്ഷമായും
ക്ഷുദ്രങ്ങളായ സംഭവങ്ങളിലൂടെ അഗാധ മനുഷ്യത്വത്തിലേക്കു് ചെല്ലുന്നു.</p>
            </body>
          </floatingText>
          <p> സന്ന്യാസി സ്വർഗ്ഗത്തിന്റെ വാതിലിൽ തട്ടി. “ആരതു്” എന്നു് അകത്തിരുന്ന ഈശ്വരൻ ചോദിച്ചു.
“ഞാനാണു് ” എന്നു് സന്ന്യാസിയുടെ മറുപടി. അതുകേട്ടു് ഈശ്വരൻ പറഞ്ഞു: “ഇവിടെ നിനക്കും എനിക്കും
സ്ഥലമില്ല”. സന്ന്യാസി തിരിച്ചുപോയി വളരെക്കാലം ധ്യാനത്തിലിരുന്നു. രണ്ടാമത്തെ തവണ സ്വർഗ്ഗവാതിലിൽ
എത്തി തട്ടിയിട്ടു് അയാൾ ‘ഞാനാണു്’ എന്നു പറഞ്ഞു. വാതിൽ തുറന്നില്ല. കുറെ വർഷങ്ങൾ കഴിഞ്ഞു് അയാൾ
തിരിച്ചുചെന്നു. വാതിലിൽ തട്ടിയിട്ടു് ഈശ്വരന്റെ ചോദ്യത്തിനുത്തരമായി “അങ്ങു തന്നെയാണു് ഇവിടെ
നില്ക്കുന്നതു് ” എന്നറിയിച്ചു. വാതിൽ തുറക്കപ്പെട്ടു. കഥാകാരനും വായനക്കാരനും ഒരാളാകുന്ന മട്ടിൽ
കഥയെഴുതണം. ഇല്ലെങ്കിൽ അക്കഥ വിചിത്ര രചനയായി തോന്നും.
</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">തത്ത്വങ്ങൾ</head>
          <list rend="numbered">
            <item n="">എനിക്കു് അമ്പലപ്പുഴ ബ്രദേഴ്സ് നാഗസ്വരം വായിക്കുന്നതുപോലെ വായിക്കാനറിഞ്ഞുകൂടാ. പക്ഷേ,
അവർക്കു് താളം തെറ്റിയാൽ അതു ചൂണ്ടിക്കാണിക്കാനാവും. <ref target="https://ml.wikipedia.org/wiki/����_�����������">ടോൾസ്റ്റോയി</ref> യെപ്പോലെ
നോവലെഴുതാൻ എന്നെക്കൊണ്ടാവില്ല, എന്നാലും <ref target="https://ml.wikipedia.org/wiki/Anna_Karenina">അന്നാ കരേനിന</ref>
യിലെ തെറ്റുകൾ എടുത്തുകാണിക്കാൻ കഴിയും.
</item>
            <item n=""><ref target="https://ml.wikipedia.org/wiki/Vaikom_Muhammad_Basheer">വൈക്കം മുഹമ്മദ്
ബഷീറി</ref> നെക്കുറിച്ചു് ആരാധകർ ചൊരിയുന്ന പ്രശംസ അദ്ദേഹം കേൾക്കാനിടവന്നാൽ ആ നല്ല
മനുഷ്യൻ ലജ്ജിക്കും.
</item>
            <item n="">അന്യന്റെ കഷ്ടപ്പാടിൽ സഹതപിക്കുന്ന ഒരു സാഹിത്യകാരനുമില്ല. അവരുടെ രചനകളിൽ ആ
സഹതാപം ഏറെയുണ്ടു താനും.
</item>
            <item n="">തൊഴിലാളികളുടെ ദയനീയജീവിതവുമായി സാത്മ്യം പ്രാപിച്ച ഒരു വിപ്ലവ കവിയും
കേരളത്തിലില്ല.
</item>
            <item n="">ആരെയെങ്കിലും കണ്ടാലുടൻ ‘ക്ഷീണിച്ചു പോയല്ലോ’ എന്നു് പറയരുതു്.
</item>
            <item n="">മരുന്നു് നിശ്ചയിക്കാൻ മെഡിക്കൽ ബുക്ക് തുറക്കുന്ന ഡോക്ടറും നിയമോപദേശം നൽകാൻ ‘ലാ
ബുക്ക്’ തുറക്കുന്ന വക്കീലും ബഹുമാനം നേടുന്നില്ല. </item>
          </list>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">ശ്യാമസുന്ദരി</head>
          <figure rend="fleft" type="gra">
            <graphic url="images/FredericWilliamHenryMyers.jpg" rendition="gra"/>
            <figDesc style="thumb">F. W. H മൈയേഴ്സ്</figDesc>
          </figure>
          <p style="noindent"><ref target="https://en.wikipedia.org/wiki/Frederic_W._H._Myers">F. W. H
മൈയേഴ്സ്</ref> വിഖ്യാതനായ പുനർജ്ജന്മ വിശ്വാസിയായിരുന്നു. അദ്ദേഹം ഒരിക്കൽ ഒരു സ്ത്രീയോടു് ചോദിച്ചു
, അവരുടെ മരിച്ച മകളുടെ ആത്മാവു് ഏതു് നിലയിലാണെന്നു്. അവർ മറുപടി നൽകി: “അവൾ ശാശ്വതമായ
നിർവൃതിയിലാണു്. പക്ഷേ, ഇത്തരം അസുഖകരങ്ങളായ കാര്യങ്ങൾ ചോദിക്കരുതു്”. (<ref target="https://ml.wikipedia.org/wiki/Bertrand_Russell">ബർട്രൻഡ് റസ്സലി</ref>
ന്റെ ഏതോ ഒരു പ്രബന്ധത്തിലുള്ളതു്.) നമ്മുടെ പല കവികളും മരണത്തെക്കുറിച്ചു്
കാവ്യമെഴുതിയിട്ടുള്ളപ്പോഴെല്ലാം Please don’t write about such unpleasant subjects എന്നു് ഞാൻ
അവരുടെ കൂടെ പറഞ്ഞിട്ടുണ്ടു്. എഴുതി അയച്ചിട്ടുണ്ടു്. എന്നാൽ <ref target="https://ml.wikipedia.org/wiki/Thirunalloor_Karunakaran">തിരുനല്ലൂർ
കരുണാകരന്റെ</ref> “ശ്യാമസുന്ദരി” എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ അദ്ദേഹത്തോടു്
അപേക്ഷിക്കുന്നു: “അഭിവന്ദ്യ മിത്രമേ, ഇത്തരം കാവ്യങ്ങൾ ഇനിയും ധാരാളമെഴുതൂ. ഈ കാവ്യം ഞങ്ങൾക്കു്
മാനസികമായ ഉത്കർഷം ഉളവാക്കുന്നതാണല്ലോ”. കാവ്യത്തിന്റെ തുടക്കം നോക്കുക:
</p>
          <lg>
            <l> ഭൂമി കാർമേഘങ്ങളാൽ തീർത്തുമാവൃതമാകു-</l>
            <l> മീ മഴക്കാലത്തമാവാസിരാത്രിയിലേവം</l>
            <l> വന്നു സസ്പൃഹമെന്റെ ശയ്യമേൽച്ചായും ശ്യാമ-</l>
            <l> സുന്ദരീ, നിന്നോടിപ്പോഴെന്തു ഞാൻ പറയട്ടെ!</l>
            <l> അപ്രതീക്ഷിതമാണു നിൻവരവതിനാൽ ഞാ-</l>
            <l> നമ്പരക്കുകയത്രേ സ്വാഗതം ചെയ്യാൻ നിന്നെ.</l>
            <l> എങ്കിലുമിരിക്കുക, വിശ്രമിക്കുക; ഞാനു-</l>
            <l> മെൻ മൊഴിക്കിടർച്ച മാറ്റീടുവാൻ ശ്രമിക്കട്ടെ.</l>
            <l> എണ്ണ തീരാറായൊരീ മൺവിളക്കിടയ്ക്കിടെ-</l>
            <l> കണ്ണുചിമ്മുമ്പോൾച്ചിന്നിവീണീടും വെളിച്ചത്തിൽ</l>
            <l> നിന്നെയുദ്വേഗത്തോടെ കാണ്മൂ ഞാനനുക്ഷണം-</l>
            <l> ഭിന്നമാം തമഃപ്രകാശാശ്ലേഷ സൗന്ദര്യമായ്.</l>
            <l> ദൂരെനിന്നാണെങ്കിലും മുൻപു ഞാൻ പലവട്ടം</l>
            <l> നേരിയ നിഴൽപോലെ കണ്ടിരിക്കുന്നു നിന്നെ. </l>
          </lg>
          <!--end of "verse"-->
          <figure rend="fright" type="gra">
            <graphic url="images/ThirunalloorKarunakaran.jpg" rendition="gra"/>
            <figDesc style="thumb">തിരുനല്ലൂർ കരുണാകരൻ</figDesc>
          </figure>
          <p> മൗലികമാണു് ഇതിലെ ആശയഗതി എന്നു പറയാവുന്നതല്ല. എങ്കിലും മരണത്തിന്റെ ദർശനത്തെ കവി
വാക്കുകൾ കൊണ്ടു് സുശക്തമായി ആലേഖനം ചെയ്തിരിക്കുന്നു. ഭൗതികവും ആധ്യാത്മികവുമായ
ശക്തിവിശേഷങ്ങളെ തകർക്കുന്ന മരണത്തിനു് അഭിമുഖീകരിച്ചു നിന്നു് അതിനെ ധീരതയോടെ നേരിടുകയാണു്
കവി (തുടർന്നുള്ള വരികളിൽ). ഈ ധൈര്യം കാവ്യം വായിക്കുന്ന സഹൃദയനുമുണ്ടാകുന്നു. പ്രതിഷേധമല്ല,
മനസ്സിന്റെ പരിപാകം കൊണ്ടുണ്ടാകുന്ന സമർപ്പണമോ, വഴങ്ങലോ ആണു് ഈ കാവ്യത്തിന്റെ സവിശേഷത.
</p>
          <p><ref target="https://ml.wikipedia.org/wiki/Plato">പ്ലേറ്റോ</ref>, <ref target="https://ml.wikipedia.org/wiki/Socrates">സോക്രട്ടീസി</ref> ന്റെ അന്ത്യം
വർണ്ണിക്കുന്നു: “സോക്രട്ടീസ് മാത്രമേ ശാന്തനായി ഇരുന്നുള്ളൂ”. അദ്ദേഹം പറഞ്ഞു: “എന്തൊരു വിചിത്രമായ
കരച്ചിലാണിതു? ഞാൻ സ്ത്രീകളെ പറഞ്ഞയച്ചതു് അവർ ഇതുപോലെ പെരുമാറാതിരിക്കാനാണു്. മനുഷ്യൻ
സമാധാനത്തോടെ വേണം മരിക്കാൻ. നിശ്ശബ്ദരായിരിക്കൂ. ക്ഷമയോടു കൂടിയിരിക്കൂ”. അദ്ദേഹത്തിനു്
ഊരുസന്ധിയിൽ തണുപ്പു് അനുഭവപ്പെട്ടു തുടങ്ങി. മുഖത്തു നിന്നു വസ്ത്രം നീക്കിയിട്ടു്—അദ്ദേഹം ശരീരമാകെ
മൂടിപ്പുതച്ചിരുന്നു—പറഞ്ഞു. അവയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ. “ക്രിറ്റോ ഞാൻ
അസ്ക്ലീപിയസിനു ഒരു പൂവൻ കോഴിയെ കൊടുക്കാനുണ്ടു്. ആ കടം വീട്ടാൻ നിങ്ങൾ ഓർമ്മിക്കുമോ?” ക്രിറ്റോ
പറഞ്ഞു: “ആ കടം വീട്ടുന്നതാണു്. വേറെയെന്തെങ്കിലുമുണ്ടോ?” ഈ ചോദ്യത്തിനു ഉത്തരമില്ലായിരുന്നു.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">ധൈര്യം</head>
          <p style="noindent">മൂന്നുപേർ ബസ്സിൽ സഞ്ചരിക്കുകയായിരുന്നു. ഒരിടത്തു് ബസ്സ് വന്നു നിന്നപ്പോൾ
ഒരുത്തൻ രണ്ടാമനോടു ചോദിച്ചു: “ഇഇഇവിവിവിവിടടമാമാണോ പപരുത്തിപ്പാററ?” രണ്ടാമൻ മിണ്ടിയില്ല.
ഒന്നാമൻ ചോദ്യം അമ്മട്ടിൽ ആവർത്തിച്ചിട്ടും രണ്ടാമൻ നിശ്ശബ്ദൻ. ആ ചോദ്യവും നിശ്ശബ്ദതയും സഹിക്കാൻ
വയ്യാതെ മൂന്നാമത്തെയാൾ പറഞ്ഞു: “അതേ ഇവിടം തന്നെയാണു് പരുത്തിപ്പാറ”. ഒന്നാമൻ ബസ്സിൽ
നിന്നിറങ്ങി പോയതിനു ശേഷം മൂന്നാമൻ രണ്ടാമനോടു ചോദിച്ചു: “നിങ്ങളെന്താണു് രണ്ടു തവണയും മറുപടി
പറയാത്തതു?” അപ്പോൾ രണ്ടാമൻ മറുപടി നൽകി: “അഅഅയായാൾ എന്റെന്റെ ചെചെകികിട്ടട്ടത്തു്
അഅടിടിക്കണോ?” (ഫലിതം പരകീയം)
</p>
          <figure rend="fright" type="gra">
            <graphic url="images/MargueriteYourcenar.jpg" rendition="gra"/>
            <figDesc style="thumb">മാർഗറീതു് ഈയോർസെനാർ</figDesc>
          </figure>
          <p> വിക്കന്മാർ വിക്കുമ്പോൾ ചിലർ ധൈര്യത്തോടെ സംസാരിക്കുന്നു. ആ സംസാരത്തിനു് ഗഹനത ഇല്ലെങ്കിലും
മാധുര്യമില്ലെങ്കിലും അതിലെ ധീരതയെ നമ്മൾ മാനിക്കും. അങ്ങനെ ദേശാഭിമാനി വാരികയിൽ “നിറം വീഴുന്ന
വരികൾ” എഴുതിയ <ref target="https://ml.wikipedia.org/wiki/��.��._��������">പി. ആർ.
ഹരികുമാറി</ref> നെ ഞാൻ മാനിക്കുന്നു. നമ്മുടെ കഥാകാരന്മാർ വിക്കി വിക്കി പലതും പറയുമ്പോൾ
അദ്ദേഹം ധൈര്യത്തോടെ സംസാരിക്കുന്നല്ലോ. പരീക്ഷയിൽ പരാജയം സംഭവിച്ചിട്ടും തെല്ലും കുലുങ്ങാതെ
ജീവിത പരീക്ഷയിൽ പങ്കെടുക്കാൻ വേണ്ടി പോകുന്ന ഒരു ബാലനെ കഥാകാരൻ അവതരിപ്പിക്കുന്നു. അവന്റെ
ചിത്രം നന്നായിരിക്കുന്നു.
</p>
          <div type="framed">
            <div type="subsection" xml:id="sec0.0.1" n="0.0.1">
              <head type="subsechead">ചോദ്യം, ഉത്തരം</head>
              <p style="hang"><hi rend="bold">ചോദ്യം:</hi>  പണം സമ്പാദിച്ചു കൂട്ടുന്നതിനെ കുറിച്ചു
നിങ്ങളുടെ അഭിപ്രായമെന്താണു്? </p>
              <p style="hang"><hi rend="bold">ഉത്തരം:</hi>  നല്ലതു തന്നെ. ജോലിയിൽ നിന്നു
വിരമിച്ചാൽ, അല്ലെങ്കിൽ ശരീര ശക്തി ക്ഷയിച്ചാൽ കഴിഞ്ഞു കൂടണമല്ലോ. അപ്പോൾ ആരും സഹായിക്കാൻ
എത്തുകില്ല. അതുകൊണ്ടു് പണം കരുതി വയ്ക്കുന്നതു കൊള്ളാം. പക്ഷേ, പലർക്കും അതു പ്രയോജനപ്പെടുത്താൻ
കഴിയാതെ വരും എന്നതാണു് ദൗർഭാഗ്യം. ഒന്നുകിൽ കുടിയനായ മകൻ ബലാൽക്കാരമായി പണമെടുത്തു
കൊണ്ടു പോകും. അല്ലെങ്കിൽ മദ്യപനായ മരുമകൻ ഉള്ളതെല്ലാം കുടിച്ചു കളയുമ്പോൾ, മകളെ സംരക്ഷിക്കാൻ
വേണ്ടി അമ്മ ഭർത്താവറിയാതെ പണമെടുത്തു് അവൾക്കു കൊടുക്കും. അങ്ങനെ കൊടുക്കുന്തോറും മരുമകന്റെ
മദ്യപാനം വർദ്ധിച്ചു വരും. ഗൃഹനായകൻ നല്ല ഉടുപ്പിടാതെയും ബസ്സിൽ കയറാതെയും സമ്പാദിച്ചു വച്ചതു മുഴുവൻ
സ്കോച്ച്വിസ്കി ഉണ്ടാക്കുന്നവന്റെ കൈയിൽ ചെല്ലും”. </p>
              <p style="hang"><hi rend="bold">ചോദ്യം:</hi>  കൂടക്കൂടെ കാറ് മാറ്റുന്നവന്റേയും
ടെലിവിഷൻ സെറ്റ് പുതുതായി വാങ്ങിക്കുന്നവന്റേയും മാനസികനിലയെ കുറിച്ചു് എന്തു പറയുന്നു? </p>
              <p style="hang"><hi rend="bold">ഉത്തരം:</hi>  ജനസംഖ്യ വർദ്ധിച്ചതു കൊണ്ടു്
ബസ്സിലെ യാത്ര ഇന്നു ദുസ്സഹമാണു്. അതുകൊണ്ടു് കാറ് ആവശ്യകതയായി തീർന്നിരിക്കുന്നു. പക്ഷേ, മാരുതി
കാറുള്ളവൻ കോണ്ടസ്സ വാങ്ങുന്നതും പിന്നീടു് ഇംപാലയോ ബെൻസോ അന്വേഷിക്കുന്നതും ആവശ്യകതയുടെ
പേരിലല്ല. മാരുതി കാറിലിരുന്നാലുള്ള സുഖത്തിനും ഇംപാലയിൽ ഇരുന്നാലുള്ള സുഖത്തിനും തമ്മിൽ വലിയ
വ്യത്യാസമില്ല. ശരീരത്തിനു മാരുതിക്കാറു മതി. പക്ഷേ, മസ്തിഷ്കം പറയും സോഷ്യൽ സ്റ്റേയ്റ്റ്സിനു വേണ്ടി
വലിയ കാറു വാങ്ങൂ എന്നു്. ശരീരത്തിന്റെ അർത്ഥനകളും മസ്തിഷ്കത്തിന്റെ അർത്ഥനകളും തമ്മിലുള്ള
പൊരുത്തക്കേടാണു് ഇന്നത്തെ ജീർണ്ണതയ്ക്കു് ഒരു ഹേതു. ശരീരം പറയും രാത്രി കഞ്ഞിയും ചമ്മന്തിയും മതിയെന്നു്.
മസ്തിഷ്കം പറയും ചിക്കൻ ഫ്രൈയും ബ്രാൻഡിയും വേണമെന്നു്. മസ്തിഷ്കത്തിന്റെ ആജ്ഞകളെ
അനുസരിക്കുന്നവൻ വേഗം ഈ ലോകത്തോടു് യാത്ര പറയുന്നു. സെൻ ചിന്താഗതിയിലെ പ്രധാനപ്പെട്ട
അംശമാണു് മസ്തിഷ്കവും ശരീരവും തമ്മിലുള്ള വൈരുദ്ധ്യം”. </p>
            </div>
            <!--end of "framed"-->
          </div>
          <!--end of "subsection 0.0.1/1.5.0"-->
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">കടൽപ്പശു</head>
          <figure rend="fleft" type="gra">
            <graphic url="images/WoodyAllen.jpg" rendition="gra"/>
            <figDesc style="thumb">വുഡി അലൻ</figDesc>
          </figure>
          <p style="noindent"> കടൽപ്പശുവിനു മനുഷ്യസ്ത്രീകൾക്കുള്ളതു പോലെയാണു് മുലകൾ. കുഞ്ഞിനു അതു
മുലപ്പാലു കൊടുക്കുന്നതും സ്ത്രീയെപ്പോലെയാണു്. എന്തെങ്കിലും വികാരത്തിനടിമപ്പെട്ടാൽ അതു് ശബ്ദം
പുറപ്പെടുവിക്കും. കടൽപ്പശുവിന്റെ ആ നാദം പാട്ടുപോലെയിരിക്കും. അവ്യക്ത പ്രകാശത്തിൽ ദൂരെ
പ്രത്യക്ഷമാകുന്ന അതിനെ കണ്ടിട്ടാണു് മനുഷ്യർ മത്സ്യകന്യക എന്ന സങ്കല്പത്തിനു രൂപം നൽകിയതു്. പയ്യന്നൂർ
ബാലകൃഷ്ണൻ ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “പൊന്നളിയൻ” എന്ന ഹാസ്യകഥ കടൽപ്പശുവിനെപ്പോലെയാണു്.
പെണ്ണിന്റെ മുലയ്ക്കു സദൃശ്യമായ രൂപമെന്ന മുല ഇതിനുണ്ടു്. സമുദ്രധേനു കുഞ്ഞിനു മുലപ്പാൽ
കൊടുക്കുന്നതുപോലെ ഇതു് സഹൃദയനെ മുലയൂട്ടുന്നു. അപ്പോഴുണ്ടാകുന്ന ആനന്ദാതിരേകംകൊണ്ടു് ബാലകൃഷ്ണൻ
ഉണ്ടാക്കുന്ന അസഹനീയമായ ശബ്ദം ഇവിടെ കേൾക്കാം. അതു പാട്ടായി ചിലരെല്ലാം തെറ്റിദ്ധരിക്കുന്നുണ്ടു്.
വായനക്കാരൻ സ്തന്യപാനം നിർവ്വഹിക്കുന്നുണ്ടെങ്കിലും മാനസികമായി ധേനു മാതാവു് അയാളിൽനിന്നു്
എത്രയോ അകലെ. അതുകൊണ്ടു് ഈ വൃത്തികെട്ട ജന്തു മത്സ്യകന്യകയാവാം എന്നു് അയാൾ തെറ്റിദ്ധരിക്കുന്നു.
എന്നാൽ കടൽപ്പശു എവിടെ? മനുഷ്യസ്ത്രീ എവിടെ? സാഹിത്യത്തിന്റെ പേരിലുള്ള പേക്കോലമെവിടെ?
യഥാർത്ഥമായ കലാസൃഷ്ടിയെവിടെ?
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">അവർ പോയി</head>
          <p style="noindent">അടുത്തകാലത്തു് അന്തരിച്ച പ്രതിഭാശാലികൾ:
<list rend="numbered"><item n=""><ref target="https://en.wikipedia.org/wiki/James_Baldwin">ജേംസ്
ബൊൾഡ്വിൻ</ref> (James Baldwin, 63-ആം വയസ്സിൽ). വർഗ്ഗീയങ്ങളായ മർദ്ദനങ്ങൾക്കെതിരെ
പോരാടിയ മഹാനായ നോവലിസ്റ്റ്. അദ്ദേഹത്തിന്റെ <ref target="https://en.wikipedia.org/wiki/Go_Tell_It_on_the_Mountain_(novel)">Go

tell it on the moutain</ref> എന്ന നോവലും <ref target="https://en.wikipedia.org/wiki/The_Fire_Next_Time">The fire Next
time</ref> എന്ന പ്രബന്ധവും നിസ്തുലങ്ങളായ കലാസൃഷ്ടികളാണു്. </item><item n=""><ref target="https://en.wikipedia.org/wiki/Marguerite_Yourcenar">മാർഗറീതു്
ഈയോർസെനാർ</ref> (Marguerite Yourcenar, 84-ആം വയസ്സിൽ). അനേകം നോവലുകളെഴുതി
വിശ്വവിഖ്യാതയായ കലാകാരി. <ref target="https://en.wikipedia.org/wiki/Memoirs_of_Hadrian">Memories of
Hadrian</ref> എന്ന നോവലാണു് അവരുടെ മാസ്റ്റർപീസ്. നോബൽ സമ്മാനത്തിനു് അർഹയാണു്
അവരെന്നു ചില നിരൂപകർ പറഞ്ഞു. </item><item n=""><ref target="https://en.wikipedia.org/wiki/Woody_Allen">വുഡി
അലൻ</ref> (Woody Allen). ഫിലിം നിർമ്മാണത്തിൽ ജീനിയസ്സായിരുന്നു ഇദ്ദേഹം. ഫലിതസുന്ദരങ്ങളായ
രചനകൾ അലനെ അനശ്വരനാക്കിയിരിക്കുന്നു. </item><item n=""><ref target="https://en.wikipedia.org/wiki/Joseph_Campbell">ജോസഫ് കംബൽ</ref>
(Joseph Campbell, 83-ആം വയസ്സിൽ). മിഥോളജിയിൽ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം Primitive
Mythology, Oriental Mythology, Occidental Mythology, <ref target="https://en.wikipedia.org/wiki/Creative_Mythology">Creative
Mythology</ref>, <ref target="https://en.wikipedia.org/wiki/The_Hero_with_a_Thousand_Faces">The
Hero with a Thousands faces</ref> ഈ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ കർത്താവാണു്. <ref target="https://en.wikipedia.org/wiki/The_Gospel_of_Sri_Ramakrishna">The
Gospel of Sri Rama Krishna</ref>, ഉപനിഷത്തുകൾ ഇവ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യാൻ <ref target="https://en.wikipedia.org/wiki/Swami_Nikhilananda">സ്വാമി
നിഖിലാനന്ദനെ</ref> സഹായിച്ച പണ്ഡിതനാണു്. വളരെക്കാലം ഇംഗ്ലീഷ് സാഹിത്യത്തിന്റെ
പ്രൊഫസറായിരുന്ന കംബൽ. </item><item n=""><ref target="https://en.wikipedia.org/wiki/Peter_Medawar">പീറ്റർ
മെഡവാർ</ref> (Peter Medawar, 72-ആം വയസ്സിൽ). 1960-ൽ നോബൽ സമ്മാനം നേടിയ
ജന്തുശാസ്ത്രജ്ഞൻ (ബ്രിട്ടീഷ്).
ജന്തുവിന്റേതല്ലാത്ത ‘റ്റിഷ്യൂ’ (സമാനകോശങ്ങളുടെ ഘടന) അതിൽ വച്ചുപിടിപ്പിച്ചാൽ അതു
സ്വീകരിക്കാതിരിക്കാൻ ജന്തുവിനു് പ്രവണതയുണ്ടല്ലോ. ചില പരിതഃസ്ഥിതികളിൽ ആ പ്രവണതയെ
ഇല്ലാതാക്കാമെന്നു് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണു് മെഡവാർ. പതിനൊന്നു ഗ്രന്ഥങ്ങളുടെ കർത്താവാണു്
ഇദ്ദേഹം. Pluto’s Republic എന്ന ഗ്രന്ഥം മത്രമേ ഞാൻ വായിച്ചിട്ടുള്ളൂ. </item></list>

</p>
        </div>
        <!--end of "section 0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">ഹാസ്യചിത്രം</head>
          <figure rend="fright" type="gra">
            <graphic url="images/JosephCampbell.jpg" rendition="gra"/>
            <figDesc style="thumb">ജോസഫ് കംബൽ</figDesc>
          </figure>
          <p style="noindent"> 1940-ൽ ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. അക്കാലത്തു് ‘പാങ്ങോടു്’ എന്ന
സ്ഥലത്തുള്ള മിലിട്ടറി ആശുപത്രിയിൽ ഞാൻ എന്നും വൈകുന്നേരത്തു് ചെന്നിരിക്കുമായിരുന്നു. എന്റെ

പരിചയക്കാരനും പിതാവിന്റെ കൂട്ടുകാരനുമായിരുന്നു, മിലിട്ടറി ഡോക്ടർ. ഞാൻ അവിടെയിരിക്കുമ്പോൾ
രോഗികൾ വരും. ഒരു ചെറുപ്പക്കാരി കവിളിൽ വട്ടത്തിലുള്ള പാടുമായി എത്തി. ഡോക്ടർ നോക്കിയിട്ടു് വി. ഡി.
എന്നവൾ കേൾക്കാതെ എന്നോടു പറഞ്ഞു.
</p>
          <p>അതിനു ശേഷം അദ്ദേഹം അവളോടു്: നിനക്കു് മരുന്നു് കുത്തിവയ്ക്കണം, എഴുതിത്തരാം. വാങ്ങിക്കൊണ്ടു വാ.
</p>
          <p>അതു കേട്ടയുടനെ അവൾ ദുഃഖത്തോടെ പറഞ്ഞു: അയ്യോ യജമാനേ മരുന്നു വാങ്ങാൻ പണമില്ല. ഇവിടുന്നു്
മരുന്നു് തന്നാൽ മതി.
</p>
          <p>ഡോക്ടർ കമ്പൗണ്ടറെ വിളിച്ചു് “നാലൗൺസ് കാർമിനേറ്റീവ് മിക്സ്ചർ കൊടുത്തേരേ” എന്നു് പറഞ്ഞു. ആ
ചുവന്ന മരുന്നു് വാങ്ങിച്ചുകൊണ്ടു് അവൾ പോയി. കടുത്ത പനിയുമായി വേറൊരു രോഗി, ജലദോഷമുള്ള
മറ്റൊരുത്തൻ, ചുമ സഹിക്കാനാവാതെ വേറൊരുത്തൻ. ഓരോ രോഗി വരുമ്പോഴും കമ്പൗണ്ടറോടു് ഡോക്ടർ
ആജ്ഞാപിക്കും. “കാർമിനേറ്റീവ് കൊടുത്തേരെ”.
</p>
          <p>ഞാൻ അദ്ഭുതപ്പെട്ടു് ഡോക്ടറോടു് ചോദിച്ചു: ഡോക്ടർ വയറുവേദനക്കും ദഹനക്കേടിനും ഉള്ള മരുന്നല്ലേ
ഇതു? എല്ലാവർക്കും ഇതു് കൊടുക്കുന്നതെന്തിനു്?
</p>
          <p>ഡോക്ടർ പതുക്കെ പറഞ്ഞു: എന്തു ചെയ്യാം. ഇവിടെ ഇതു മാത്രമേയുള്ളൂ.
</p>
          <p>ഈ യഥാർത്ഥ സംഭവം ഞാൻ ഓർമ്മിച്ചതു് മനോരമ ആഴ്ചപ്പതിപ്പിൽ രാജേന്ദ്രൻ വരച്ച ഒരു ഹാസ്യചിത്രം
കണ്ടതിനാലാണു്. മരുന്നു് വാങ്ങിയ വൃദ്ധനു് സംശയം, മരുന്നു് മാറിപ്പോയോ എന്നു്. സർക്കാരാശുപത്രിയിലെ
ജോലിക്കാരി സംശയം തീർത്തു കൊടുക്കുന്നു. “മരുന്നു് മാറിപ്പോയെന്നു് സംശയമോ? മാറിപ്പോവാൻ വേറെ
ഉണ്ടായിട്ടു വേണ്ടേ?” ഹാസ്യ ചിത്രം നന്നു്. ഈ ചിത്രം അച്ചടിച്ചതിനു മുകളിൽ മുയ്യം രാജന്റെ ഒരു മിനിക്കഥയുണ്ടു്.
ആ “പറട്ട”ക്കഥയ്ക്കു് പകരം വേറൊരു ഹാസ്യചിത്രം മതിയായിരുന്നു.
</p>
          <p>രോഗിയെ പരിശോധിച്ചിട്ടു് ഡോക്ടർ പറഞ്ഞു: നിങ്ങൾ ആഹാരം നിയന്ത്രിക്കണം, ഞാനെഴുതിത്തരുന്ന ഈ
കുറിപ്പനുസരിച്ചുള്ള ആഹാരമേ പാടുള്ളൂ. പിന്നെ ഒരു ചുരുട്ടു് മാത്രം ഒരു ദിവസം.
</p>
          <p>രോഗി അതിനെതിരായി എന്തോ പറയാൻ ഭാവിച്ചപ്പോൾ
</p>
          <p>ഡോക്ടർ: ഒന്നും കേൾക്കേണ്ട എനിക്കു്. ഞാൻ നിർദ്ദേശിച്ചതുപോലെയൊക്കെ ചെയ്യണം.
</p>
          <p>ഒരു മാസം കഴിഞ്ഞ് പരിശോധിപ്പിക്കാൻ എത്തിയപ്പോൾ
</p>
          <p>രോഗി ഡോക്ടറെ അറിയിച്ചു: ഡോക്ടർ ആഹാരത്തിന്റെ കാര്യത്തിലുള്ള നിയന്ത്രണമെല്ലാം ശരി. പക്ഷേ, ആ
ചുരുട്ടുണ്ടല്ലോ, അതു് എന്നെ കൊല്ലുകയാണു്. ഞാൻ ജീവിതത്തിൽ ഇതുവരെ പുകവലിച്ചിട്ടില്ല. ഡോക്ടർ
പറഞ്ഞതിനു ശേഷമാണു് അതു തുടങ്ങിയതു്.
</p>
        </div>
        <!--end of "section 0.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">നന്ദി</head>
          <figure rend="fright" type="gra">
            <graphic url="images/PeterBrianMedawar.jpg" rendition="gra"/>
            <figDesc style="thumb">പീറ്റർ മെഡവാർ</figDesc>
          </figure>
          <p style="noindent"> ഏതിലും നിസ്സംഗത പുലർത്താമെങ്കിൽ മനസ്സിനു് സുഖം ഉണ്ടാകും. തനിക്കു്
ശരിയെന്നു് തോന്നുന്നതു് പറഞ്ഞിട്ടു് മിണ്ടാതിരിക്കണം. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും
ശബ്ദമുയർത്തരുതു്. ഇതെഴുതുന്ന ആളിനു് എപ്പോഴും പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ കഴിയാത്ത
തത്വമാണിതു്. എങ്കിലും ഞാൻ അതിനുവേണ്ടി ശ്രമിക്കുകയാണു്. അക്കാരണത്താലാണു് ഒരെഴുത്തുകാരി എന്നെ
കൂലിയെഴുത്തുകാരൻ, തൂപ്പുകാരൻ, ശവപ്പെട്ടി ഉണ്ടാക്കുന്നവൻ, വൃദ്ധമനസ്കൻ എന്നൊക്കെ വിളിച്ചിട്ടും ഞാൻ
മൗനം അവലംബിച്ചതു് (ഇങ്ങനെ വിളിച്ച ശ്രീമതിക്കു് പെൻഷൻ പറ്റാൻ ഇനിയധികം വർഷമില്ല). അവരുടെ ഒരു

കൃതിക്കു് ഒരു വിദേശനോവലുമായി നിഷേധിക്കാനാവാത്ത സാദൃശ്യം കണ്ടപ്പോൾ ഞാനതു് വ്യക്തമാക്കി. താൻ
ആ നോവൽ വായിച്ചിട്ടില്ലെന്നു് ആ എഴുത്തുകാരി പറഞ്ഞില്ല. അതു പറയാതെ അവർ അസഭ്യപദവർഷം
നടത്തുകയാണു് ചെയ്തതു്. ഇവിടെ മൗനം പോലെ നല്ലതായി വേറൊന്നുമില്ല. ബഹുജനം
നിരൂപണമെഴുതുന്നവരേക്കാളും വലിയ നിരൂപകരാണു്. അവർ രണ്ടു് നോവലുകളും വായിച്ചിട്ടു് സ്വന്തം
തീരുമാനത്തിൽ എത്തിക്കൊള്ളും. ഈ വിഷയത്തെപ്പറ്റി മനോരാജ്യം വരികയുടെ എഡിറ്റർ എഴുതിയ കുറിപ്പു്
ഞാൻ വായിച്ചു. നിസ്സംഗത വേണമെങ്കിലും കൃതജ്ഞത മനുഷ്യനു് ഒഴിച്ചുകൂടാൻ വയ്യ. സിദ്ധാർത്ഥനും
കൃതജ്ഞതയെക്കുറിച്ചു് എഴുതുന്നു. ആ മൂല്യത്തിൽ വിശ്വസിച്ചു് കൊണ്ടു് ഞാൻ എഡിറ്റർക്കു് നന്ദിപറഞ്ഞു.
</p>
        </div>
        <!--end of "section 0.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">പിച്ചിപ്പൂവിന്റെ മണം</head>
          <p style="noindent">രചനകൾക്കു് സൗരഭ്യമുണ്ടു്, പുഷ്പങ്ങൾക്കുള്ളതുപോലെ. ഡോക്ടർ <ref target="https://ml.wikipedia.org/wiki/K._Bhaskaran_nair">കെ. ഭാസ്കരൻ
നായരു</ref> ടെ രചനയ്ക്കു് ചമ്പകപ്പൂവിന്റെ രൂക്ഷഗന്ധമാണു്. <ref target="https://ml.wikipedia.org/wiki/E._V._Krishna_Pillai">ഇ. വി.
കൃഷ്ണപിള്ള</ref> യുടെ കൃതികളിൽ നിന്നു് റോസാപ്പൂവിന്റെ പരിമളമുയരുന്നു. <ref target="https://ml.wikipedia.org/wiki/Sanjayan">എം. ആർ. നായരു</ref> ടെ
നിരൂപണപ്രബന്ധങ്ങളിൽ നിന്നു് ഉദ്ഭവിക്കുന്ന സൗരഭ്യം താമരപ്പൂവിന്റേതാണു്. മുല്ലപ്പൂവിന്റെ മണമാണു് <ref target="https://ml.wikipedia.org/wiki/S._Guptan_Nair">എസ്. ഗുപ്തൻ നായരു</ref>
ടെ പ്രബന്ധങ്ങൾക്കുള്ളതു്. <ref target="https://ml.wikipedia.org/wiki/C.V._Kunjuraman">സി. വി.
കുഞ്ഞുരാമന്റെ</ref> ഗദ്യത്തിൽ നിന്നും പദ്യത്തിൽ നിന്നും തുളസിപ്പൂവിന്റെ സൗരഭ്യം പ്രസരിക്കുന്നു. <ref target="https://ml.wikipedia.org/wiki/Kamala_Surayya">മാധവിക്കുട്ടി</ref> യുടെ
ശൈലിയിൽ നിന്നു് ഉദ്ഗമിക്കുന്ന സുഗന്ധം പിച്ചിപ്പൂവിന്റേതാണു് (കലാകൗമുദിയിലെ ബാല്യകാലസ്മരണകൾ
വായിച്ചിട്ടു് എഴുതുന്നതു്).
</p>
          <p>സാഹിത്യത്തിൽ താല്പര്യമുള്ളവർ ഒരുമിച്ചുകൂടുമ്പോൾ ഉണ്ടാകുന്ന സംഭാഷണത്തിൽ ആർജ്ജവം നന്നേ
കുറയും. <ref target="https://ml.wikipedia.org/wiki/Malayattoor_Ramakrishnan">മലയാറ്റൂർ
രാമകൃഷ്ണൻ</ref> നല്ല നോവലിസ്റ്റാണെന്നു് ഒരാൾ പറഞ്ഞാൽ അതു് മുഖവിലയ്ക്കെടുക്കരുതു്. മലയാറ്റൂരിന്റെ
സ്നേഹിതൻ അവരുടെ കൂട്ടത്തിൽ കാണും. അല്ലെങ്കിൽ അദ്ദേഹത്തെ അറിയുന്ന ഒരാൾ അവിടെ ഉണ്ടായിരിക്കും.
അതുപോലെ <ref target="https://ml.wikipedia.org/wiki/Kakkanadan">കാക്കനാടൻ</ref> നല്ല
നോവലിസ്റ്റല്ല എന്നു് ആരെങ്കിലുമൊരാൾ പറഞ്ഞാൽ അദ്ദേഹത്തിന്റെ ശത്രു അവരുടെ കൂട്ടത്തിൽ ഉണ്ടെന്നു്
കരുതാം. പ്രശംസയും നിന്ദയും പലപ്പോഴും വക്താവിന്റെ മാനസികനിലയോടു് ബന്ധപ്പെട്ടല്ല ആവിർഭവിക്കുക.
സ്വകാര്യസംഭാഷണത്തിലേ ഈ കാപട്യത്തിനു് വ്യാപ്തി നൽകൂ. അതു് നിരൂപണമാകും. <ref target="https://ml.wikipedia.org/wiki/Kumaran_Asan">കുമാരനാശാൻ</ref> നല്ല
കവിയാണെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ ദോഷങ്ങൾ കായിക്കരെച്ചെന്നു പറയാൻ പ്രഭാഷകർക്കു്
ധൈര്യമുണ്ടാവുകയില്ല. ഈ കാപട്യവും ഭീരുതയും മാറുമ്പോഴേ നമ്മുടെ നിരൂപണത്തിനു് ഉയർച്ചയുണ്ടാകൂ.
</p>
        </div>
        <!--end of "section 0.0/1.10"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1988-02-07. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 3, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  JS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  LJ Anjana; <hi rend="bold">Encoding:</hi>  LJ Anjana.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.or.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1988-02-07.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1988-02-07.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
