<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>JS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>LJ Anjana</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>LJ Anjana</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">August 6, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1988-08-07</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1988-08-07</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1988-08-07-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
</p>
        <div type="lsection">
          <floatingText rend="qleft">
            <body>
              <p style="noindent">കേന്ദ്ര ക്രൂരദർശൻ കേന്ദ്രത്തിന്റെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരിൽ ചിലരുടെ
പാരായണം കേൾക്കുന്നതിനെക്കാൾ എനിക്കിഷ്ടം ചെമ്പുകിടാരത്തിലെ തിളപ്പിച്ച വെളിച്ചെണ്ണയിൽ എന്നെ
ജീവനോടെയിട്ടു പൊരിക്കുന്നതാണു്.</p>
            </body>
          </floatingText>
          <p style="noindent"> “പഞ്ചാബിൽ ഇന്നു മുപ്പതുപേർ വധിക്കപ്പെട്ടു”—ഈ വാർത്ത ടെലിവിഷൻ
സെറ്റിൽനിന്നു കേട്ടു് ഞാൻ ദുഃഖിച്ചിരിക്കുമ്പോൾ മരിച്ചവരുടെ ശരീരങ്ങൾ കാണുന്നു. അവരുടെ ബന്ധുക്കൾ
നെഞ്ചിലിടിച്ചു കരയുന്നതു കേൾക്കുന്നു. വെടിയുണ്ടയേറ്റ കൊച്ചു കുഞ്ഞുങ്ങൾ ചത്തുമലർന്നു കിടക്കുന്നതു കാണുന്നു.
പിന്നീടുള്ള ഒരു വാർത്തയിലും ഒരു ദൃശ്യത്തിലും താല്പര്യമില്ലാതെ തലതാഴ്ത്തിയിരിക്കുന്ന എന്റെ മുൻപിൽ അതാ
അധികാരത്തിന്റെ പ്രതിരൂപം ആവിർഭവിക്കുന്നു. ആ പ്രതിരൂപം മൊഴിയാടുകയാണു്: “സ്റ്റെപ്സ് വിൽ ബി
ടേക്കൻ… ”—“നടപടികളെടുക്കും”. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഞാൻ ഈ
ദാരുണവധങ്ങളെക്കുറിച്ചു കേൾക്കുന്നു. അപ്പോഴൊക്കെ സ്റ്റെപ്സ് വിൽ ബി ടേക്കൻ എന്ന ഇംഗ്ലീഷ് വാക്കുകളും
കേൾക്കുന്നു. എന്തേ സ്റ്റെപ്സ് എടുക്കാത്തതു് ഇതുവരെ?
</p>
          <p>കഴിഞ്ഞയാഴ്ച വീണ്ടും കേട്ടു ഈ അർത്ഥരഹിതങ്ങളായ വാക്കുകൾ. ഐലൻഡ് എക്സ്പ്രസ്സ് തീവണ്ടി,
പാലത്തിലെത്തി. പല ബോഗികളും കായലിൽ വീണു. നൂറ്റുക്കണക്കിനു് ആളുകൾ മരിച്ചു. എന്റെ സുഹൃത്തായ
പ്രൊഫസർ പദ്മനാഭൻനായരും ഈ ലോകം വിട്ടുപോയി. ഇതൊക്കെ പത്രത്തിൽ വായിച്ചു്, നിറഞ്ഞ
കണ്ണുകളോടെ ഇരുന്ന എന്റെ മുൻപിൽ വേറൊരു പത്രവാർത്ത. കേന്ദ്രസർക്കാരിന്റെ പ്രതിനിധി പറയുന്നു:
“സ്റ്റെപ്സ് വിൽ ബി ടേക്കൻറ് റു അവേർട് സച്ച് ട്രാജഡീസ് ഇൻ ഫ്യൂച്ചർ”. ഈ വാക്യവും ഞാൻ അനേകം
വർഷങ്ങളായി കേൾക്കുന്നു. കേട്ടുകേട്ടു് ഇതിനു് അർത്ഥമില്ലാതെയായി തീർന്നിരിക്കുന്നു.
</p>
          <p>ദുരന്തത്തിൽ ഹൃദയംനൊന്തു് കേരളത്തിലെ ഒരു മന്ത്രി പറഞ്ഞു, പാളം നേരത്തേ നോക്കി അറ്റകുറ്റപ്പണികൾ
ചെയ്യാത്തതുകൊണ്ടാവാം അപകടമുണ്ടായതെന്നു്. അതുകേട്ട കേന്ദ്രമന്ത്രിക്കു രസിച്ചില്ല. കേരളത്തിലെ മന്ത്രിക്കു
സ്പോർട്സ് കാര്യങ്ങളിൽ മാത്രമല്ല അവഗാഹം, റെയിൽവേയെ സംബന്ധിക്കുന്ന വിഷയങ്ങളിലും അതുണ്ടെന്നു്
അദ്ദേഹം പുച്ഛിച്ചു പറഞ്ഞുകളഞ്ഞു. എന്തൊരു നൃശംസതയാണിതു? സ്വന്തം സഹോദരങ്ങൾ തലയിടിച്ചും
വെള്ളത്തിൽ മുങ്ങിയും മരിച്ചു വെന്നു കേട്ടു ദുഃഖിച്ചു് കേരളത്തിലെ ഒരു മന്ത്രി ഒരഭിപ്രായം പറഞ്ഞപ്പോൾ മൗനം
അവലംബിക്കാനുള്ള വിവേകംപോലും കേന്ദ്രമന്ത്രിക്കുണ്ടായില്ല. മാത്രമല്ല, പുച്ഛത്തോടെ അദ്ദേഹം
സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയമായ പരിഗണനകളല്ലേ ഈ ആക്ഷേപത്തിനു ഹേതുവെന്നു് ബുദ്ധിമാനായ
ഒരു പത്രപ്രതിനിധി ചോദിച്ചപ്പോൾ വീണ്ടും പുച്ഛത്തിന്റെ വാക്കുകൾ. “അല്ലേയല്ല”. നാടാകെ ഒരു ദുരന്തത്തിന്റെ
മുൻപിൽ ഞെട്ടിനില്ക്കുമ്പോൾ മനുഷ്യത്വമുള്ള ഒരാളിന്റെ നാവിൽനിന്നും അന്യനെ ആക്ഷേപിക്കുന്ന വാക്കുകൾ
വരില്ല. വരുന്നുണ്ടെങ്കിൽ ആ മനുഷ്യൻ സ്റ്റെപ്സ് വിൽ ബി ടേക്കൻ… എന്ന അർത്ഥരഹിതങ്ങളായ
പദങ്ങൾ ആവർത്തിക്കുന്ന ആൾ മാത്രമായിരിക്കും.
</p>
          <p>അടുത്തകാലത്തു് ഞാൻ തീവണ്ടിയാത്രക്കാരനായി മാറിയിട്ടുണ്ടു്. ഐലൻഡ് എക്സ്പ്രസ്സ്
ട്രെയിനിൽത്തന്നെയാണു് ഞാൻ വടക്കോട്ടു പോകുന്നതും തിരിച്ചുവരുന്നതും. ഞാൻ പോകുകയോ വരികയോ
ചെയ്യുമ്പോൾ തീവണ്ടിയിൽ ഞാൻ റിസർവ്ചെയ്ത സീറ്റിൽ ട്രെയിൻ ടിക്കറ്റ് എക്സാമിനറുടെ അനുവാദത്തോടെ
വേറൊരാൾ ഇരിക്കുന്നുണ്ടായിരിക്കും. ഞാൻ ഗത്യന്തരമില്ലാതെ വേറെ ഒരിടത്തു് ഞെരുങ്ങിയിരിക്കും. യാചകർ
എന്നെ നിരന്തരം ശല്യം ചെയ്യും. സ്റ്റീൽ പ്ലേറ്റിൽ വൃത്തികെട്ട ചോറും കൂട്ടാനും എനിക്കു കിട്ടും. കുഷ്ഠരോഗി വാവച്ചു
കുടിച്ചകപ്പ് കഴുകാതെ കാപ്പി വില്പനക്കാരൻ അതിൽ എനിക്കു കാപ്പിയൊഴിച്ചുതരും. ദാഹം സഹിക്കാനാവാതെ
ഞാനതു വാങ്ങിക്കുടിക്കും. ഈച്ചയരിക്കുന്ന വട ഞാൻ പ്ലാറ്റ്ഫോമിൽനിന്നു വാങ്ങിക്കഴിക്കും. മുഖമൊന്നു
കഴുകാനായി വാഷ്ബേസിനടുത്തു ചെന്നാൽ തീവണ്ടിയുടെ കുലുക്കംകൊണ്ടു് തുറന്നുകിടക്കുന്ന വാതിൽവഴി
ഞാൻ തെറിച്ചു വെളിയിൽ വീഴുമെന്നു പേടിക്കും. ട്രെയിൻ ഏതെങ്കിലും പാലത്തിൽ കയറുമ്പോൾ താഴെയുള്ള

കായൽനോക്കി ഞാൻ ഞെട്ടും. ഇതൊക്കെ സംഭവിക്കും. കാരണം, ‘സ്റ്റെപ്സ് വിൽ ബി ടേക്കൻ’ എന്നു മാത്രം
പറയുന്ന അധികാരികളുള്ള ഒരു രാജ്യത്തു് ജീവിക്കുന്നവനാണു് ഞാൻ.
</p>
          <p>സംഭവിച്ച അപകടത്തിന്റെ വിശദവിവരങ്ങൾ മാന്യവായനക്കാർക്കു് അറിയാൻ താല്പര്യം കാണുമല്ലോ.
അവർക്കു് കലാകൗമുദിയിലെ 27 പുറങ്ങളോളമുള്ള റിപോർട്ട് പ്രയോജനപ്രദമാണു്. ഇതെഴുതിയ കെ.
ബാലചന്ദ്രൻ അഭിനന്ദനം അർഹിക്കുന്നു.
</p>
          <p>കലാകൗമുദിയുടെ അഞ്ചാംപുറത്തിൽ എഞ്ചിൻ പാളത്തിൽ നില്ക്കുന്ന ചിത്രമുണ്ടു്. അതിന്റെ മുൻപിലുള്ള
‘സ്ലീപ്പേഴ്സാ’കെ പാളത്തിൽനിന്നു വേർപെട്ടു കിടക്കുന്നു. ബോഗികൾ മറിഞ്ഞപ്പോൾ ഇവയ്ക്കു സ്ഥാന ചലനം
സംഭവിച്ചതാണോ? അതോ നേരത്തേ തന്നെ ഇളകിക്കിടന്നോ?
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">മുതല വരുന്നു</head>
          <figure rend="fleft" type="gra">
            <graphic url="images/BookofStupidQuestions.jpg" width="56.9055pt" rendition="gra"/>
          </figure>
          <p style="noindent"> ഞാൻ ശാസ്താംകോട്ടെ പ്രാഥമിക വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ടു്.
രണ്ടാംക്ലാസ്സിലായിരുന്നു എന്നാണു് എന്റെ ഓർമ്മ. ശുദ്ധജലതടാകത്തിനടുത്തായിരുന്നു ഞങ്ങളുടെ താമസം.
വിദ്യാലയത്തിൽനിന്നു വന്നാൽ തടാകത്തിൽ കുളിക്കാൻ പോകും. കുളികഴിഞ്ഞാൽ കരയിലിരുന്നു കായൽ
നോക്കിക്കൊണ്ടിരിക്കും. മറ്റാരുംകൂടാതെ കുളിക്കാൻ പോകുന്നതും ഒറ്റയ്ക്കു കായൽക്കരയിലിരിക്കുന്നതും
ആപത്താണെന്നു പലരും എന്നോടു് അക്കാലത്തു പറഞ്ഞിട്ടുണ്ടു്. കായലിലാകെ മുതലകളാണത്രേ. മീൻ
തേടിവരുന്ന മുതലകൾ അതു കിട്ടാതെയാകുമ്പോൾ കരയിലേക്കു വരും, കുളിക്കുന്നവരെയും
കരയിലിരിക്കുന്നവരെയും കടിച്ചെടുത്തു കൊണ്ടുപോകും. ഇരയായി കിട്ടിയ മനുഷ്യനെ മുതല ചവച്ചരയ്ക്കുന്ന
ശബ്ദംപോലും ചിലർ കേട്ടിട്ടുണ്ടു പോലും. ഇങ്ങനെ, എനിക്കു മുന്നറിയിപ്പു കിട്ടിയെങ്കിലും തടാകത്തിൽത്തന്നെ
ഞാൻ പതിവായി കുളിച്ചിരുന്നു. അതിന്റെ കരയിൽ എന്നും ഇരിക്കുമായിരുന്നു. ഒറ്റ മുതലയെപ്പോലും ഞാൻ
ശാസ്താംകോട്ടയിൽനിന്നു പോരുന്നതുവരെ കണ്ടിട്ടേയില്ല. പക്ഷേ, പകുതി ശതാബ്ദം കഴിഞ്ഞ ഈ വേളയിൽ
മുതലയുടെ വരവു് ഞാൻ കാണുന്നു. കുങ്കുമം എന്ന ശുദ്ധജലതടാകത്തിലൂടെ നീന്തിവന്നു് അതു് കരയിലിരിക്കുന്ന
സഹൃദയനെ കടിച്ചെടുത്തു കൊണ്ടുപോയി ചവയ്ക്കുന്നു. ആ പാവപ്പെട്ടവന്റെ കാലുകൾ പിടച്ചടിക്കുന്നതു ഞാൻ
ദർശിക്കുന്നു. മുതലയുടെ പേരെന്തു? “അഭിലാഷം”. അതിനെ അയച്ചതാരു്? കെ. കവിത. ഈ ദ്രോഹം കെ.
കവിത എന്തിനു ചെയ്യുന്നുവെന്നു ചോദിക്കാൻ എനിക്കധികാരമില്ല. എങ്കിലും ഇതു ദ്രോഹംതന്നെയാണെന്നു്
എനിക്കു പറയാം. കൊച്ചു റോസേടത്തി എന്നൊരു കിഴവി ചാകാൻ കിടക്കുന്നു. അവർക്കു വേറൊരുത്തി
മകളുടെ കൈയിൽ ചോറും മീൻകറിയും കൊടുത്തയയ്ക്കുന്നു. റോസേടത്തിക്കു് ‘ആർത്തി’യുണ്ടെങ്കിലും അതു
വേണ്ടപോലെ കഴിക്കാനാവുന്നില്ല. ഒടുവിലങ്ങു ചാകുകയും ചെയ്യുന്നു. ഈ “അഭിലാഷം” ക്രോക്കഡൈൽ
അല്ലെങ്കിൽ പിന്നെന്താണു്?
</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">ബുദ്ധിശൂന്യങ്ങളായ ചോദ്യങ്ങൾ</head>
          <p style="noindent"><ref target="https://en.wikipedia.org/wiki/Gregory_Stock">ഗ്രിഗറി സ്റ്റോക്കി</ref> ന്റെ
‘The Book of Questions’ എന്ന പുസ്തകത്തെക്കുറിച്ചു് ഞാനെഴുതിയിരുന്നു. ഇപ്പോൾ ആ വിഭാഗത്തിൽപ്പെടുന്ന
വേറൊരു പുസ്തകം എത്തിയിരിക്കുന്നു; ടോം വെല്ലർ എഴുതിയ The Book of Stupid Questions. പുസ്തകത്തിന്റെ
സ്വഭാവം കാണിക്കാൻ ചില ചോദ്യങ്ങൾ തർജ്ജമചെയ്തു് എഴുതാം.

<list rend="numbered"><item n="">ഈ പുസ്തകം വാങ്ങിയതു് ഒഴിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നൈരാശ്യമേതു?
</item><item n="">1977 നവംബർ 15-ആം തീയതി രാത്രി നിങ്ങൾ എവിടെയായിരുന്നു?
</item><item n="">നിങ്ങൾ എഴുന്നേല്ക്കുമ്പോൾ നിങ്ങളുടെ മടിത്തട്ടു് (lap) എവിടെപ്പോകുന്നു?
</item><item n="">ഉള്ളിലുള്ള അവയവങ്ങളിൽ ഏതിനോടാണു് നിങ്ങൾക്കു കൂടുതലിഷ്ടം?
</item><item n="">ചൊവ്വ എന്ന ഗ്രഹത്തിന്റെ തലസ്ഥാന നഗരമേതു? </item></list>

</p>
          <p style="noindent"/>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">എ. എസ്സ്</head>
          <figure rend="fright" type="gra">
            <graphic url="images/ASivaramanNair.jpg" width="56.9055pt" rendition="gra"/>
          </figure>
          <p style="noindent"> ഈ ലോകത്തുള്ള ഒന്നും ഇനി അനുഗൃഹീതനായ കലാകാരൻ <ref target="ttps://ml.wikipedia.org/wiki/�.���._����">എ. എസ്സി</ref> നെ സ്പർശിക്കില്ല.
മിത്രങ്ങളെന്നു ഭാവിക്കുന്ന ശത്രുക്കളുടെ കപടമായ പുഞ്ചിരി, ‘അകവും പുറവും’ എന്ന ഹാസ്യചിത്രങ്ങളെ
നോക്കിയുള്ള സാഹിത്യ വാരഫലക്കാരന്റെ അധിക്ഷേപം, മറ്റുള്ളവന്റെ കുതികാൽവെട്ടു്, തന്റെ
ജീവിതദുരന്തത്തെച്ചൊല്ലിയുള്ള അന്യന്റെ വ്യാജമായ സഹതാപവചനങ്ങൾ ഇവയിലൊന്നു പോലും
അദ്ദേഹത്തെ സ്പർശിക്കില്ല. അദ്ദേഹം ചിത്രീകരിച്ച തരുണികളുടെ സൗന്ദര്യം, പ്രകൃതിയുടെ ഭംഗി, സൂര്യന്റെ
പ്രചണ്ഡത, ചന്ദ്രന്റെ രാമണീയകം ഇവയും അദ്ദേഹത്തിൽ ഒരനുഭൂതിപോലും ഉളവാകയില്ല. ഇവയ്ക്കെല്ലാം
അതീതമായ മണ്ഡലത്തിൽ അദ്ദേഹം എത്തിക്കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഒരേയൊരു മകൾ സുധയുടെ
ദുഃഖം ആ ആത്മാവിനെ സ്പർശിക്കും. കാരണം, ആ കൊടുംവിഷാദം സത്യാത്മകമാണു് എന്നതാണു്. <ref target="https://ml.wikipedia.org/wiki/Thikkodiyan">തിക്കോടിയനും</ref> ജി. എൻ.
പിള്ളയും മാതൃഭൂമിയിൽ എഴുതിയ ലേഖനങ്ങളിലെ സ്നേഹവായ്പും എ. എസ്സിന്റെ ആത്മാവു കണ്ടറിയും. അത്രയ്ക്കു്
ആർജ്ജവമുണ്ടു് അവയ്ക്കു്. വ്യക്തി മരിക്കുമ്പോൾ അർത്ഥമില്ലാത്ത അനുശോചനവാക്യങ്ങൾ പറയുന്നതിനെക്കാൾ
നല്ലതു് ആ വ്യക്തിയോടു സ്നേഹബഹുമാനങ്ങൾ ഉള്ളവർ ഇങ്ങനെ ഉള്ളിൽത്തട്ടുമാറു് എഴുതുന്നതുതന്നെയാണു്.
ഈ രണ്ടുപേരോടും എനിക്കുള്ള നന്ദി പ്രകാശിപ്പിക്കട്ടെ. എ. എസ്സ്, താങ്കളുടെ രേഖാചിത്രങ്ങൾകണ്ടു് കേരളീയർ
താങ്കളെ സ്നേഹിച്ചു. ആ സ്നേഹത്തിനു മരണമില്ല. ഉജ്ജ്വലമായ ആ വികാരത്തിലൂടെ താങ്കൾ അനുനിമിഷം
ഉയിർത്തെഴുന്നേല്ക്കുന്നുണ്ടു്.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">വിമർദ്ദന തന്തു</head>
          <figure rend="fright" type="gra">
            <graphic url="images/NorthcoteParkinson.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">പാർക്കിൻസൺ</figDesc>
          </figure>
          <p style="noindent"> എനിക്കു <ref target="https://en.wikipedia.org/wiki/C._Northcote_Parkinson">പാർക്കിൻസണ്ണി</ref>
ന്റെ പുസ്തകങ്ങൾ ഇഷ്ടമാണു്. പത്തുകൊല്ലംമുൻപുവരെ ഈ ധിഷണാശാലിയെക്കുറിച്ചു് എനിക്കു് ഒന്നും
അറിയാൻ പാടില്ലായിരുന്നു. ഒരുദിവസം ഒരു സമ്മേളനത്തിനു പോയപ്പോൾ അഭിവന്ദ്യനായ ബിഷപ്പ് മാർ
ഗ്രിഗോറിയസാണു് എനിക്കു പാർക്കിൻസണ്ണിനെക്കുറിച്ചു് പറഞ്ഞുതന്നതു്. അദ്ദേഹത്തിന്റെ ഒരു
നിയമത്തെക്കുറിച്ചും ബിഷപ്പ് അവർകൾ എന്നോടു പറഞ്ഞു. അതു് ഇതാ: Work expands to fill the time
available for its completion. ശരിയാണല്ലോ. വീട്ടിലുള്ള പുസ്തകങ്ങൾ ഒരുമണിക്കൂർകൊണ്ടു് അടുക്കിവയ്ക്കാം.
അത്രയും പുസ്തകൾ ഒരുമാസംകൊണ്ടും അടുക്കി വയ്ക്കാം. പാർക്കിൻസണ്ണിന്റെ മറ്റൊരു നിയമം ഞാൻ പുസ്തകം
വായിച്ചു ഗ്രഹിച്ചതാണു്: Expenditures rise to meet income. ഇതും ശരിതന്നെ. എനിക്കു് ഇന്നുള്ള
വരുമാനത്തിന്റെകൂടെ ആയിരംരൂപകൂടി കിട്ടിയാൽ അതനുസരിച്ചു് എന്റെ ചെലവുകൂടുകയേയുള്ളു. ആ തുക
ബാങ്കിൽ പോകുകയില്ല. പാർക്കിൻസണ്ണിന്റെ ആദ്യത്തെ നിയമം—ജോലി പൂർണ്ണമാക്കുന്നതിനു് എത്ര
സമയമുണ്ടോ അതനുസരിച്ചു് ആ ജോലി വികാസംകൊള്ളുന്നു എന്ന നിയമം—ഹാസ്യത്തെസ്സംബന്ധിച്ചും
ശരിയാണു്. ഭാര്യാദാസനായ ഒരുത്തൻ ഭാരം അറിയാനുള്ള യന്ത്രത്തിൽ കയറി നാണയമിട്ടു ഒരു ചെറിയ
ശബ്ദത്തോടെ ഒരു ചെറിയ കാർഡ് കിട്ടി. ഒരുവശത്തു് ചില വാക്യങ്ങൾ. മറുവശത്തു് ഭാരമെത്രയെന്നും. “നിങ്ങൾ
ധീരനാണു്, ശക്തനാണു്, ഉടനെ തീരുമാനത്തിൽ എത്തുന്നവനാണു്. വിജയം എപ്പോഴും നിങ്ങളെ
കാത്തുനില്ക്കുന്നു”. ഭാര്യ ഇതുവായിച്ചിട്ടു പറഞ്ഞു: “ഇതുപോലെതന്നെ കള്ളമായിരിക്കും നിങ്ങളുടെ ഭാരം
കാണിക്കുന്ന അക്കവും”. ഈ നേരമ്പോക്കിനെ എനിക്കു വലിച്ചുനീട്ടി ചെറുകഥയാക്കാം. റബ്ബർബാൻഡ്
വലിച്ചാൽ നീളും. പക്ഷേ, അപ്പോഴും റബ്ബറിന്റെ സ്വഭാവം പോകില്ല. കൊച്ചു നേരമ്പോക്കു വലിച്ചുനീട്ടിയാലും
ഹാസ്യത്തിന്റെ ധർമ്മം നശിക്കില്ല. വലിച്ചു നീട്ടുന്നതു് പൊട്ടിപ്പോകലിൽ കലാശിക്കരുതെന്നേയുള്ളു. ഇങ്ങനെ
ഹാസ്യധർമ്മം നശിപ്പിക്കാതെ ഒരുവാക്യത്തിലൊതുങ്ങുന്ന നേരമ്പോക്കിനു വർദ്ധനക്ഷമത വരുത്താൻ
ഗൗതമൻ പ്രഗൽഭനാണു്. അദ്ദേഹത്തിന്റെ “പുറകിൽ ആരുമില്ല” എന്ന കഥ ഇതിനു് ഉദാഹരണം. ഗ്യാസ്
സിലിണ്ടർ വീട്ടിലെത്തിക്കണമെന്ന നിർദ്ദേശം വിതരണക്കാരനു നൽകി കുറെയാളുകൾ. അതനുസരിച്ചു്
നേതാവായ അയാൾ വീട്ടിൽ കാത്തിരുന്നു. പക്ഷേ, നിർദ്ദേശം നൽകിയ മറ്റാളുകൾ കടയിൽച്ചെന്നു് സിലിണ്ടർ
വാങ്ങിക്കൊണ്ടു പോയി. കഥ രണ്ടു വാക്യങ്ങൾകൊണ്ടു സംഗ്രഹിച്ചപ്പോൾ അതിന്റെ ഹാസ്യം ചോർന്നുപോയി.
അതുകൊണ്ടു ഗൗതമന്റെ കഥ തന്നെ വായിക്കൂ. നിങ്ങൾ പുഞ്ചിരിപൊഴിക്കാതിരിക്കില്ല. കഥാകാരൻ
വിമർദ്ദനതന്തു (റബ്ബർ ബാൻഡ്) വലിച്ചുനീട്ടിയിട്ടും അതു വിമർദ്ദനതന്തുതന്നെയാണു്.
</p>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">പുതിയ നോവൽ</head>
          <figure rend="fleft" type="gra">
            <graphic url="images/ToniMorrison.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">ടോണി മോറിസൺ</figDesc>
          </figure>
          <p style="noindent"><ref target="https://en.wikipedia.org/wiki/Song_of_Solomon_(novel)">Song of
Solomon</ref> എന്ന നോവലിന്റെ രചനകൊണ്ടു് വിശ്വവിഖ്യാതയായ <ref target="https://en.wikipedia.org/wiki/Toni_Morrison">ടോണി മോറിസൺ</ref>
എഴുതിയ <ref target="https://en.wikipedia.org/wiki/Beloved_(novel)">Beloved</ref> എന്ന
നോവൽ അവരുടെ യശസ്സിന്റെ വെണ്മ വർദ്ധിപ്പിച്ചിരിക്കുന്നു. പത്തൊൻപതാം ശതാബ്ദത്തിന്റെ
ഉത്തരാർദ്ധത്തിലാണു് കഥ നടക്കുന്നതു്. കെൻറ്റക്കിയിൽ ഒരുത്തന്റെ അടിമയായി കഴിഞ്ഞുകൂടിയ സേത്തി
അവിടെ നിന്നു് ഒളിച്ചോടി സിൻസനറ്റീയിൽ എത്തുന്നു. അവൾക്കു മൂന്നു കുഞ്ഞുങ്ങളുണ്ടു്. ഒളിച്ചോടുമ്പോൾ
നാലാമത്തേതു് ഗർഭാശയത്തിലും. മാർഗ്ഗമദ്ധ്യേ അവൾ പ്രസവിക്കുന്നു. പതിനെട്ടു കൊല്ലം കഴിഞ്ഞു. അവളുടെ
ഭർത്താവു് അവളെ ഉപേക്ഷിച്ചു പോയിട്ടും അത്രയും വർഷമായി. ഇതിനിടയിൽ അവളുടെ രണ്ടു് ആൺകുഞ്ഞുങ്ങൾ
ഒളിച്ചോടിപ്പോയി. മൂന്നാമത്തെ മകൾ മരിച്ചു. നാലാമത്തെ മകൾ ഡെൻവർ അവളോടൊരുമിച്ചുണ്ടു്.
അപ്പോഴാണു് മറ്റൊരു അടിമ അവളെ കാണാനെത്തുക. സിൻസനറ്റീയിൽ എത്തിയ അവൾ പരതന്ത്രയാണു്.
ഏതോ ഒരു സംഭവം അവളെ ഒഴിയാബാധപോലെ പിടികൂടിയിരിക്കുന്നു. ആ സംഭവത്തിന്റെ സ്തോഭജനകമായ
വിവരണമാണു് ഈ നോവലിൽ. എന്താണതു? നോവലിന്റെ അറുപതു പുറങ്ങളോളം കഴിയുമ്പോൾ Beloved
എന്നു പേരുള്ള ഒരു തരുണി രംഗപ്രവേശം ചെയ്യുന്നു. എവിടെ നിന്നാണു് അവൾ സേത്തിയുടെ
മുൻപിലെത്തിയതു? അറിഞ്ഞുകൂടാ. Sometimes, when Beloved lay dreamy-eyed for a very long time, saying
nothing, licking her lips and heaving deep sights, Denver panicked. “What is it?” She would ask.

</p>
          <p>“Heavy” murmured Beloved. “This place is heavy.
</p>
          <figure rend="fright" type="gra">
            <graphic url="images/Beloved.jpg" width="56.9055pt" rendition="gra"/>
          </figure>
          <p> ഈ കനമാർന്ന അന്തരീക്ഷമാണു നോവലിലാകെ. സേത്തിയുടെ മരിച്ച മകളുടെ പേരു് Beloved
എന്നായിരുന്നു. അവളുടെ സ്പിരിറ്റാണു് അവിടെ എത്തിയിരിക്കുന്നതു്. അവളെ അറുത്തുകൊന്നതും അവളുടെ
അമ്മതന്നെ. ബിലവ്ഡിന്റെ ആഗമനം ജനിപ്പിക്കുന്ന അജ്ഞേയ ഭീകരമായ അന്തരീക്ഷം നോവലിനു
സവിശേഷത നൽകുന്നു. ഈ സവിശേഷതയോ അസാധാരണത്വമോ ടോണി മോറിസണിന്റെ
ആവിഷ്കാരരീതികൊണ്ടാണു് ഉണ്ടാവുക.
</p>
          <p>A masterpiece… magnificent… astounding… over powering എന്നൊക്കെ ന്യൂസ് വീക്ക്
വാരിക ഇതിനെ പ്രശംസിച്ചു. മഹായശസ്കയായ നോവലിസ്റ്റ് <ref target="https://en.wikipedia.org/wiki/Margaret_Atwood">മർഗററ്റ് അറ്റ്വുഡ്</ref>
(ക്യാനഡ) “A triumph” എന്നാണു് ഇതിനെ വിശേഷിപ്പിച്ചതു്. ബിലവഡ് രംഗപ്രവേശം ചെയ്യുന്നതുവരെ
നോവൽ യഥാതഥമായ രീതിയിൽ രചിക്കപ്പെട്ടിരിക്കുന്നു. അതിനു ശേഷം ഫാന്റസിയുടെ രീതിയിലും. നിരൂപകർ
ഏറെ വാഴ്ത്തിയെങ്കിലും ഈ രണ്ടംശങ്ങളും വേണ്ടപോലെ യോജിക്കുന്നില്ല എന്നാണു് എന്റെ പക്ഷം.
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">മൂകസന്ദേശം</head>
          <p style="noindent">പ്രാചീനകാലത്തു് വിഷകന്യകകൾ ഉണ്ടായിരുന്നു. പെൺകുഞ്ഞു്
ജനിച്ചുകഴിഞ്ഞാൽ ദിവസന്തോറും അല്പാല്പമായി വിഷം അതിനു കൊടുക്കും. പ്രായമെത്തുമ്പോൾ അവൾ
വിഷകന്യകയായി മാറിയിരിക്കും. അവൾ ചുംബിക്കേണ്ടതില്ല. ദൂരെനിന്നു് ശ്വാസംവിട്ടാൽ മതി. അതേല്ക്കുന്ന
മറ്റുള്ളവർ മരിക്കും. ഇത്തരം വിഷകന്യകകളെ ശത്രുരാജാക്കന്മാരെ കൊല്ലുന്നതിനു് ഉപയോഗിച്ചിരുന്നു. <ref target="https://ml.wikipedia.org/wiki/Alexander_the_Great">അലക്സാണ്ടർച്ചക്രവർത്തി</ref>
യെ കൊല്ലാൻ ഒരു വിഷകന്യകയെ അയച്ചുവെന്നും, അദ്ദേഹം അതു നേരത്തേ മനസ്സിലാക്കി അവളെ
കൊന്നുകളഞ്ഞുവെന്നും ചരിത്രകാരന്മാർ എഴുതിയിട്ടുണ്ടു്. ഈ വിഷയം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം
ഞാൻ മുൻപു് വായിച്ചു. Poison Damsles and the Romance of betal chewing എന്നാണു് ആ ഗ്രന്ഥത്തിന്റെ
പേരു്. കഥാസരിത്സാഗരത്തിന്റെ ഒടുവിലത്തെ വാല്യത്തിൽ അനുബന്ധമായി Poison Damsels
ചേർത്തിട്ടുണ്ടെന്നു് എനിക്കൊരു ഓർമ്മയുണ്ടു് (ഇംഗ്ലീഷ് പ്രസാധനം). അതിരിക്കട്ടെ. വിഷം അല്പമായി അല്പമായി
കൊടുത്തു് ഇംമ്യൂനൈസേഷൻ—മുക്തി—ള്ളവാക്കുക എന്നതാണു് ഈ സമ്പ്രദായം. ഇതുതന്നെയാണു്
വൈദ്യശാസ്ത്രത്തിലും കാണുന്നതു്. രോഗമുണ്ടാക്കുന്ന അണുവിനെ ദുർബ്ബലപ്പെടുത്തിയ രൂപത്തിൽ

മനുഷ്യശരീരത്തിൽ കടത്തിയാൽ പിന്നീടു് അതിന്റെ ശക്തിയാർന്ന രൂപത്തിനു് ഒന്നും ചെയ്യാനാവില്ല.
പോളിയോ, വില്ലൻചുമ, അഞ്ചാംപനി ഇവ വരാതിരിക്കാനായി ആന്റിജെന്റെ (antigen—രോഗമുണ്ടാക്കുന്ന
ബാക്ടീരിയ, വൈറസ് ഇവ) ദുർബ്ബലരൂപം മനുഷ്യരിൽ കുത്തിവയ്ക്കുന്നു. ചിക്കൻപോക്സ് ഒരിക്കൽ വന്നാൽ
അതുതന്നെ മുക്തി ഉണ്ടാക്കും.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">കവിത അതിന്റെ സ്വഭാവം കൊണ്ടും വാക്കുകൾ കൊണ്ടും ചരിത്രത്തെ റദ്ദാക്കുന്നു.
അതു് ചരിത്രത്തെ കവിത പുച്ഛിക്കുന്നതു കൊണ്ടല്ല, ചരിത്രത്തെ അതിലംഘിക്കുന്നു എന്നതു കൊണ്ടാണു്. വിപ്ലവ
കവി നെറൂതയുടെ കാവ്യങ്ങളെ സംബന്ധിച്ചും ഇതു ശരിയാണു്. ഈ സത്യം മനസ്സിലാക്കാതെയാണു്
ഇവിടെയുള്ള കവികൾ പടപ്പാട്ടു പാടുന്നതു്.</p>
            </body>
          </floatingText>
          <p> തെറിക്കത്തുകൾ ഇതുപോലുള്ള മുക്തി എനിക്കുണ്ടാക്കിയിട്ടു് കാലമേറെയായി. ഇന്നു പച്ചത്തെറി എഴുതിയ
കത്തുകൾ കിട്ടുമ്പോഴോ ടെലിഫോണിൽക്കൂടി തെറിവാക്കുകൾ കേൾക്കുമ്പോഴോ എനിക്കു് ഒരു ക്ഷോഭവും
ഉണ്ടാകാറില്ല. ചിലരെല്ലാം ഫോണിലൂടെ അസഭ്യം കേൾക്കുമ്പോൾ ഉടനെതന്നെ ഫോൺ താഴെ
വച്ചുകളയാറുണ്ടു്. ഞാനങ്ങനെയല്ല, പറയുന്നതു മുഴുവനും കേൾക്കും. ‘എന്റെ പേരിൽ തെറ്റുണ്ടെങ്കിൽ തിരുത്താം’
എന്നു ശാന്തതയോടെ മറുപടി നൽകുകയും ചെയ്യും. എഴുതുന്നവരെ പരിഷ്കരിച്ചെടുക്കാനാണു് തെറിക്കത്തുകൾ
അയയ്ക്കുന്നതെങ്കിൽ അതുകൊണ്ടു പ്രയോജനമില്ല. മിക്ക എഴുത്തുകാർക്കും മുക്തി വന്നുപോയിട്ടുണ്ടു്. അവരെ
വേദനിപ്പിക്കാനാണെങ്കിൽ അതും പ്രയോജനരഹിതം. കത്തുകൾ വളരെക്കാലമായി വായിക്കുന്നവർക്കു്
വേദനയുമില്ല, ക്ഷോഭവുമില്ല. ഈ പ്രവൃത്തിയെക്കാൾ നല്ലതു് എഴുത്തുകാരന്റെ ദോഷവശങ്ങളെ മാന്യമായ
രീതിയിൽ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതാണു്. അങ്ങനെയുള്ള കത്തുകളനുസരിച്ചു് ഞാൻ എന്റെ
ദോഷങ്ങൾ മാറ്റാൻ ശ്രമിച്ചിട്ടുണ്ടു്. ആ ചൂണ്ടിക്കാണിക്കൽ ശരിയായ മാർഗ്ഗത്തിലേക്കു പോകാൻ എന്നെ
സഹായിച്ചിട്ടുമുണ്ടു്. ഇവിടെ ഇത്രയും എഴുതിയതു് <ref target="https://ml.wikipedia.org/wiki/��.��._����">സി. പി. നായർ</ref> മനോരാജ്യം
വാരികയിൽ എഴുതിയ ‘മൂകസന്ദേശം’ എന്ന ലേഖനം വായിച്ചതുകൊണ്ടാണു്. മൂകസന്ദേശം ഊമക്കത്തുകളിലൂടെ
ലഭിക്കുന്നതാണു്. നിർദ്ദോഷമായ ഹാസ്യം എഴുതുന്ന അദ്ദേഹത്തിനും ഊമക്കത്തുകൾ, തെറിക്കത്തുകൾ കിട്ടുന്നു.
അപ്പോൾ പാരുഷ്യത്തോടെ രചനകളെ വിമർശിക്കുന്ന എനിക്കു് അത്തരം കത്തുകൾ കിട്ടുന്നതിൽ എന്തേ
അദ്ഭുതം?
</p>
          <p>“പിന്നെ നിങ്ങൾ മറുപടിയെഴുതുന്നതെന്തിനു്?” എന്നു ചിലർ എന്നോടു ചോദിച്ചേക്കും. ബഹുജനത്തിന്റെ
തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണു് ആ മറുപടി. അല്ലാതെ ക്ഷോഭംകൊണ്ടല്ല. വേദനകൊണ്ടല്ല.
<list rend="numbered"><item n="">വർണ്ണനയുടെ കലാത്മകത്വം: ‘<ref target="https://ml.wikipedia.org/wiki/Marthandavarma_(novel)">മാർത്താണ്ഡവർമ്മ</ref>’യിൽ
മാങ്കോയിക്കൽ ഭവനം തീപിടിക്കുന്നതിന്റെ വർണ്ണന; ‘<ref target="https://ml.wikipedia.org/wiki/Ramarajabahadoor">രാമരാജാബഹദൂ</ref>’റിൽ
മല്ല യുദ്ധത്തിന്റെ വർണ്ണന. യഥാർത്ഥമായ കലാപ്രചോദനമുള്ളവർക്കേ ഇങ്ങനെ വർണ്ണിക്കാനാവൂ.
</item><item n="">സംഭാഷണം മഹത്ത്വത്തിലേക്കു് ഉയരുന്നതു്: <ref target="https://en.wikipedia.org/wiki/Hermann_Broch">ഹെർമാൻ ബ്രോഹി</ref>
ന്റെ ‘<ref target="https://en.wikipedia.org/wiki/The_Death_of_Virgil">വെർജിലിന്റെ
മരണം</ref>’ എന്ന നിസ്തുലമായ നോവലിൽ ‘ഇനീഡി’ന്റെ കൈയെഴുത്തുപത്രി നശിപ്പിക്കുന്നതിനെക്കുറിച്ചു്
ചക്രവർത്തിയും വെർജിലും നടത്തുന്ന സംഭാഷണം.
</item><item n="">ബോധധാരകലയുടെ അധിത്യകയിലേക്കു് ഉയരുന്നതു്: <ref target="https://ml.wikipedia.org/wiki/����_�����������">ടോൾസ്റ്റോയി</ref> യുടെ ‘<ref target="https://ml.wikipedia.org/wiki/Anna_Karenina">അന്നാകരേനിന</ref>’ എന്ന
നോവലിൽ ആത്മഹത്യയ്ക്കു തീരുമാനിച്ച അന്ന വണ്ടിയിലിരുന്നുകൊണ്ടു് വിചാരങ്ങളെ സ്വയം ആവിഷ്കരിക്കുന്നതു്.
</item><item n="">വർണ്ണന കലയുടെ പരകോടിയിൽ ചെല്ലുന്നതു്: അന്നാകരേനീനയിൽ ‘കുതിരപ്പന്തയം’
നോവലിസ്റ്റ് വർണ്ണിക്കുന്ന ഭാഗം. അന്യാദൃശം, അസാധാരണം എന്നേ ഇതിനെക്കുറിച്ചു പറയാനാവൂ.
</item><item n="">കവിത സുപ്രീം പൊയറ്റിക് അട്ടറൻസ്—ശ്രേഷ്ഠമായ കാവ്യഭാഷണമാകുന്നതു്: <ref target="https://ml.wikipedia.org/wiki/William_Shakespeare">ഷേക്സ്പിയറി</ref>
ന്റെ <ref target="https://ml.wikipedia.org/wiki/Macbeth">മക്ബത്തിൽ</ref> Out,
out brief candle എന്നു് ആരംഭിക്കുന്ന ഭാഗം. </item></list>

</p>
        </div>
        <!--end of "section 0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">കല്ലു് എവിടെ?</head>
          <p style="noindent">ഒരു കൂട്ടുകാരനെ അന്വേഷിച്ചു്—തിരുത്തിപ്പറയട്ടെ, ഒരു പരിചയക്കാരനെ
അന്വേഷിച്ചു് (സാഹിത്യവാരഫലമെഴുതുന്നയാളിനു കൂട്ടുകാരനെവിടെ? കണ്ടാൽ വിനയപൂർവം കൈകൂപ്പും,
ചിരിക്കും. ഞാൻ പൊയ്ക്കഴിഞ്ഞാൽ തെറി പറയും)—ഒരു വീട്ടിൽ ചെന്നപ്പോൾ കടുവയ്ക്കു സദൃശനായ ഒരു നായ്
എന്റെ നേർക്കു ചാടിവന്നു. അവൻ കടിച്ചാൽ മരണം തീർച്ച. അതുകൊണ്ടു് അടുത്തുകിടന്ന ഒരു കരിങ്കല്ലു ഞാൻ
പൊക്കിയെടുത്തു. അടുത്തു് അവൻ വന്നാൽ അതുകൊണ്ടു് അവന്റെ തല തകർക്കണം. പക്ഷേ, വേണ്ടിവന്നില്ല.
പൊടുന്നവേ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷയായി ‘ഷീജി ഇവിടെ വാ’ എന്നു വിളിച്ചു. നായ് തിരിഞ്ഞുപോയില്ല.
എന്നെനോക്കി വീരപ്പല്ലുകൾ കാണിച്ചുകൊണ്ടു നിന്നു. കല്ലു ഞാൻ ഉടനെ താഴെയിട്ടതു് പട്ടി കടിക്കാൻ വരില്ല
എന്ന വിചാരംകൊണ്ടല്ല. നടയിൽ വന്നുനിന്ന ചെറുപ്പക്കാരിയുടെ സൗന്ദര്യത്തിനുള്ള ‘കോംപ്ലിമെന്റ്’ എന്ന
നിലയിലാണു്. ചന്ദ്രിക ആഴ്ചപ്പതിപ്പിൽനിന്നു് ‘വയലാർ ലജ്ജിക്കുന്നു’ എന്നൊരു കാവ്യം എന്റെനേർക്കു ചാടുന്നു.
അതിനെ കരുതിക്കൂട്ടി അഴിച്ചുവിട്ടതല്ല ബി. മാണിക്യം. ഏണശാബമാണു് തന്റെ കാവ്യമെന്നേ അദ്ദേഹത്തിനു
വിചാരമുള്ളു. കാവ്യമെഴുതുന്ന ആളെന്ന നിലയിൽ മാണിക്യം എന്റെ പരിചയക്കാരനാണു്. ഞങ്ങൾ തമ്മിൽ
കണ്ടിട്ടില്ലെങ്കിലും. പക്ഷേ, അദ്ദേഹത്തിന്റെ മാൻകുട്ടി എന്നെസ്സംബന്ധിച്ചിടത്തോളം ബുൾഡോഗാണു്. അതു്
ആക്രമിക്കാതിരിക്കാനായി ഞാൻ വിമർശനത്തിന്റെ കരിങ്കല്ലു പൊക്കിയെടുത്തതാണു്. പക്ഷേ, ചന്ദ്രിക
ആഴ്ചപ്പതിപ്പെന്ന സുന്ദരി ‘ഷീജി ഇവിടെ വാ’ എന്നു വിളിക്കുന്നു. അവളുടെ സൗന്ദര്യത്തിനു കോംപ്ലിമെന്റ് എന്ന
നിലയിൽ ഞാൻ ആ കരിങ്കൽക്കഷണം ദൂരെയെറിയുന്നു. എങ്കിലും രുതം അല്പം കേട്ടാലും:</p>
          <lg>
            <l> “വന്നു ഞാനിതു സത്യം എന്നാണെലെനിനാണെ</l>
            <l> മാർക്സാണെ ആംഗൽസാണെ മാനവപ്പടയാണെ</l>
            <l> പിന്നെ ഞാൻ വരുകില്ല വിപ്ലവം വരുംവരെ. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 0.0/1.8"-->
        <div type="lsection" xml:id="sec1.9">
          <head type="lsechead">സൂക്തങ്ങൾ</head>
          <list rend="numbered">
            <item n="">ജീവിതവേദനയുള്ളവരാണു് കൂടക്കൂടെ ജ്യോത്സ്യനെ കാണാൻ പോകുന്നതു്. </item>
            <item n="">റിസ്റ്റ് വാച്ചിന്റെ സ്പ്രിങ് കൂടുതലായി മുറുക്കിയാൽ അതു പൊട്ടും. സ്നേഹത്തിന്റെ ചുറ്റുകമ്പി
ഓവർവൈൻഡ് ചെയ്താൽ അതും പൊട്ടും. </item>
            <item n="">കേന്ദ്ര ക്രൂരദർശൻ കേന്ദ്രത്തിന്റെ ഇംഗ്ലീഷ് ന്യൂസ് വായനക്കാരിൽ ചിലരുടെ പാരായണം
കേൾക്കുന്നതിനെക്കാൾ എനിക്കിഷ്ടം ചെമ്പുകിടാരത്തിലെ തിളപ്പിച്ച വെളിച്ചെണ്ണയിൽ എന്നെ ജീവനോടെയിട്ടു
പൊരിക്കുന്നതാണു്. (ക്രൂരദർശൻ എന്നതു് അച്ചടിപ്പിശകല്ല. എന്റെ പേനയിലൂടെ ഒഴുകിവന്ന പരകീയ
പ്രയോഗമാണു്.) </item>
            <item n="">പൊതുസ്ഥലങ്ങളിൽവച്ചു് തലമുടി കൈകൊണ്ടു മിനുസപ്പെടുത്തുന്നതും ട്രൗസേഴ്സിന്റെ
ചന്തിപ്പോക്കറ്റിൽനിന്നു ചീപ്പെടുത്തു കോതുന്നതും മാന്യതയുടെ ലക്ഷണമല്ല. </item>
          </list>
        </div>
        <!--end of "section 0.0/1.9"-->
        <div type="lsection" xml:id="sec1.10">
          <head type="lsechead">കവിതയുടെ സ്വഭാവം</head>
          <figure rend="fright" type="gra">
            <graphic url="images/Paz0.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">ഒക്ടോവ്യാ പാസ്</figDesc>
          </figure>
          <p style="noindent"> “Poetry, by its very nature, and by the nature of its instruments, words,
always tends to abolish history, not because it disdains it but because it transcends it. To reduce poetry to
its reflections of historical events and movements would be like reducing the poet’s words to their logical
or grammatical connotations. Poetry transcends both history and language although they are its necessary
food”. ഇതു പറഞ്ഞതു് മഹാനായ <ref target="https://ml.wikipedia.org/wiki/Octavio_Paz">ഒക്ടോവ്യാ പാസ്സാ</ref> ണു്
(Ocatavio Paz, <ref target="https://en.wikipedia.org/wiki/The_Labyrinth_of_Solitude">The
Labyrinth of solitude</ref>, അത്യുജ്ജ്വലമായ പുസ്തകമാണിതു്). കവിത അതിന്റെ സ്വഭാവംകൊണ്ടും
വാക്കുകൾകൊണ്ടും ചരിത്രത്തെ റദ്ദാക്കുന്നു. അതു് ചരിത്രത്തെ കവിത പുച്ഛിക്കുന്നതുകൊണ്ടല്ല. ചരിത്രത്തെ അതു്
അതിലംഘിക്കുന്നു എന്നതുകൊണ്ടാണു്—ഇതാണു് പാസ്സിന്റെ അഭിപ്രായം. വിപ്ലവകവി <ref target="https://ml.wikipedia.org/wiki/Pablo_Neruda">നെറൂത</ref> യുടെ
കാവ്യങ്ങളെസ്സംബന്ധിച്ചും ഇതു ശരിയാണു്. ഈ സത്യം മനസ്സിലാക്കാതെയാണു് ഇവിടെയുള്ള കവികൾ
പടപ്പാട്ടു പാടുന്നതു്. <ref target="https://ml.wikipedia.org/wiki/M_P_Narayanapillai">എം. പി.
നാരായണപിള്ള</ref> യുടെ മൗലികചിന്തയും ഈ നാദംതന്നെ കേൾക്കുന്നു. “അതിനു തയ്യാറാകുന്ന നിമിഷം
കവി തന്റെ മാനസികമായ അടിമത്വത്തിന്റെ ചങ്ങലകളാണു് പൊട്ടിച്ചെറിയുന്നതു്. യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ
പരമാനന്ദം അപ്പോൾ കവിക്കു് അനുഭവിക്കാം”. (ട്രയൽ വാരിക, ലക്കം 182.) <ref target="https://ml.wikipedia.org/wiki/Boris_Pasternak">പസ്തർനക്ക്</ref>, <ref target="https://en.wikipedia.org/wiki/Yevgeny_Yevtushenko">യെവ്തുഷങ്കോ</ref>,
<ref target="https://ml.wikipedia.org/wiki/Aleksandr_Solzhenitsyn">സോൾ
ഷെനിറ്റ്സ്യൻ</ref> ഇവരെ അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്ന സോവിയറ്റ് സർക്കാരും ഈ തത്ത്വമല്ലേ
വിളംബരം ചെയ്യുക?

</p>
        </div>
        <!--end of "section 0.0/1.10"-->
        <div type="lsection" xml:id="sec1.11">
          <head type="lsechead">പ്രയോഗദീപിക</head>
          <p style="noindent">മലയാളഭാഷയിലെ പാണ്ഡിത്യമെന്നതു സംസ്കൃതഭാഷയിലെ
പാണ്ഡിത്യംതന്നെയാണു്. സംസ്കൃതവും അതിന്റെ വ്യാകരണവും അറിയാതെ ശുദ്ധമായ മലയാളമെഴുതാൻ
കഴിയുകയില്ല. ഒരുദാഹരണം നൽകട്ടെ. “അയാൾ അവൾക്കു്, അനുയോജ്യനായ വരനാണു്” എന്നു പലരും
എഴുതിക്കണ്ടിട്ടുണ്ടു്. അനുയോഗമെന്നാൽ ചോദ്യം എന്നർത്ഥം. അനുയോജ്യൻ അങ്ങനെ ചോദ്യം
ചെയ്യപ്പെടേണ്ടവനായി മാറുന്നു. സംസ്കൃതമറിയുന്നവൻ “അനുരൂപനായ വരൻ” എന്നേ എഴുതൂ. അനുയോജ്യൻ
മലയാളഭാഷയിലെ പ്രയോഗമാണെന്നു പറയുന്നതിൽ ഒരർത്ഥവുമില്ല.
</p>
          <figure rend="fleft" type="gra">
            <graphic url="images/PKNarayanapillai.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">സാഹിത്യപഞ്ചാനൻ പി. കെ. നാരായണപിള്ള</figDesc>
          </figure>
          <p> വ്യാകരണത്തെറ്റുകൂടാതെ ശുദ്ധമായ മലയാളമെഴുതുന്നതിനു നമ്മെ സഹായിക്കുന്ന വ്യാകരണഗ്രന്ഥമാണു്
<ref target="https://ml.wikipedia.org/wiki/���������������_��.��._�����������">സാഹിത്യപഞ്ചാനൻ
പി. കെ. നാരായണപിള്ള</ref> യുടെ “പ്രയോഗ ദീപിക”. ഈ ഉത്കൃഷ്ടമായ ഗ്രന്ഥത്തിന്റെ സംശോധിത
സംസ്കരണം നമുക്കു കിട്ടിയിരിക്കുന്നു. ഡോക്ടർ <ref target="https://ml.wikipedia.org/wiki/��.��.��._���������">എൻ. വി. പി. ഉണിത്തിരി</ref>
സംശോധകനായ ഈ പുസ്തകം കേരളസർക്കാരിന്റെ “സാംസ്കാരിക വകുപ്പാ”ണു് പ്രസാധനം ചെയ്തിട്ടുള്ളതു്.
ഗ്രന്ഥത്തിന്റെ ഉള്ളടക്കം പ്രൗഢം; ആകാരം മനോഹരം (വില 30 രൂപ).
</p>
          <p>നമ്മുടെ ഒരു പ്രശസ്തനായ സാഹിത്യകാരൻ പ്രഭാഷണം നിർവഹിക്കുന്ന വേളയിൽ ഇങ്ങനെ “കാച്ചിവിട്ടു”
“ഭുജഗമെന്നാൽ പാമ്പു് എന്നർത്ഥം. ഭൂജംകൊണ്ടു ഗമിക്കുന്നതു ഭുജഗം”. ഇതു കേട്ടപ്പോൾ പാമ്പിനു
ഭുജമെവിടെയെന്നു് എനിക്കു ചോദിക്കാൻ തോന്നി. ചോദിച്ചില്ല. കവി പറഞ്ഞതു ശരിയല്ല. വളഞ്ഞ
ഗമനമുള്ളതാണു് ഭുജഗം. ഭുജ കൗടില്യേ. പ്രയോഗദീപികയുടെ ഒരു പ്രതി ഈ സാഹിത്യകാരൻ കൈയിൽ
വയ്ക്കുന്നതു നന്നു്.
</p>
        </div>
        <!--end of "section 0.0/1.11"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1988-08-07. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 6, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  JS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  LJ Anjana; <hi rend="bold">Encoding:</hi>  LJ Anjana.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1988-08-07.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1988-08-07.pdf">Download
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
