<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">October 6, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1991-01-13</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1991-01-13</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1991-01-13-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
“ആരെങ്കിലും മരിക്കുമ്പോൾ അയാളുടെ ചിത്രങ്ങൾക്കു മാറ്റം വരുന്നു. അയാളുടെ കണ്ണുകൾ
വേറൊരുവിധത്തിലാണു് നോക്കുന്നതു്. ചുണ്ടുകൾ മറ്റൊരുരീതിയിൽ പുഞ്ചിരിപൊഴിക്കുന്നു. ഒരു കവിയുടെ
മൃതദേഹം സംസ്കരിച്ചു കഴിഞ്ഞതിനുശേഷം തിരിച്ചെത്തിയപ്പോൾ ഞാനതു മനസ്സിലാക്കി. അതിനുശേഷം ഞാൻ
പലപ്പോഴും ഇതു ശരിയാണോ എന്നു നോക്കിയിട്ടുണ്ടു്. എന്റെ സിദ്ധാന്തം സ്ഥിരീകരിക്കപ്പെട്ടു.” റഷ്യയിലെ
കവിയത്രി <ref target="http://en.wikipedia.org/wiki/Anna_Akhmatova">അന്ന
ആഹ്മാതവ</ref> (Anna Akhmatova 1888–1966 അന്ന ആന്ദ്രേവ്ന ഗോറിയങ്കോ എന്നതു ശരിയായ
പേരു്. ആഹ്മാതവ തൂലികാനാമം) എഴുതിയ ഒരു കാവ്യത്തിന്റെ ആശയമാണിതു്. എന്തുകൊണ്ടാണു
മരിച്ചവരുടെ ചിത്രങ്ങൾക്കു മാറ്റം വരുന്നതു്? നോട്ടം തന്നെ ധിഷണാപരമായ പ്രവർത്തനമാണു്. വ്യക്തി
ജീവിച്ചിരിക്കുമ്പോൾ സമ്മിശ്രങ്ങളായ വികാരവിചാരങ്ങളോടു കൂടിയാവും നമ്മൾ അയാളെ നോക്കുക.
മകനായാൽപ്പോലും പലപ്പോഴും ദേഷ്യത്തോടെ അവന്റെ പ്രവർത്തികളെ അച്ഛനു വീക്ഷിക്കേണ്ടി വരും.
അതേസമയം അവനെ സ്നേഹിക്കുകയും ചെയ്യും. മകൻ മരിക്കട്ടെ. സ്നേഹമെന്ന വികാരമേ ശേഷിക്കൂ. അവന്റെ
നന്മകളെക്കുറിച്ചു മാത്രമേ വിചാരിക്കാനാവൂ. ചിത്രദർശനവും ധിഷണാസംബന്ധിയായ പ്രക്രിയയായതുകൊണ്ടു്
നന്മയാർന്ന സ്വന്തം വിചാരവികാരങ്ങൾ കൊണ്ടു് ദ്രഷ്ടാവു് ആ ചിത്രത്തെ പൊതിയുന്നു. അപ്പോൾ കണ്ണുകൾക്കു
മാറ്റം, മന്ദസ്മിതത്തിനു മാറ്റം. ഈ തത്ത്വമാണെന്നു തോന്നുന്നു അന്ന അഹ്മതവ കാവ്യത്തിലൂടെ
ആവിഷ്കരിക്കുന്നതു്.
</p>
        <figure rend="fleft" type="gra">
          <graphic url="images/Konstantinos.jpg" rendition="gra"/>
          <figDesc style="thumb">C. P. Cavafy</figDesc>
        </figure>
        <p> ഹാസ്യസാഹിത്യകാരനായ ശ്രീ. പി. സുബ്ബയ്യപിളളയുടെ മകൻ യുവാവായിരിക്കെ ഹൃദയാഘാതത്താൽ
മരിച്ചു. ആ ചെറുപ്പക്കാരന്റെ ചിത്രം ‘കലാകൗമുദി’യിലുണ്ടു്. ആ ചിത്രത്തോടൊരുമിച്ചു് സുബ്ബയ്യാപിള്ളയുടെ
വിവരണവും. ഉടക്കുളി കൊണ്ടു് ഹൃദയത്തെ വലിച്ചാൽ എത്ര കണ്ടു വേദനയുണ്ടാകുമോ അത്രയും വേദന എനിക്കു്
ഉളവാക്കി അദ്ദേഹത്തിന്റെ വസ്തു സ്ഥിതികഥനം. മരണത്തിനു ശേഷം വ്യക്തിയുടെ ചിത്രങ്ങൾക്കു മാറ്റം
വരുമെന്നു് കവയിത്രി എഴുതിയതു് ഇവിടെ ചേരുമെന്നു തോന്നുന്നില്ല. കാരണം മകൻ ജീവിച്ചിരുന്നപ്പോൾ ആ
ചെറുപ്പക്കാരനെക്കുറിച്ചു് അച്ഛനു് എന്തു തോന്നിയിരുന്നുവോ ആ തോന്നൽ തന്നെയാണു് ഇപ്പോഴുമെന്നു്
നമ്മെക്കൊണ്ടു പറയിക്കുന്ന രീതിയിലാണു് ഈ രചന. ‘മാനസം കല്ലുകൊണ്ടല്ലാതെയുള്ളൊരു’ ഏതൊരു
മനുഷ്യനും ഇതു വായിച്ചാൽ കണ്ണീർ പൊഴിക്കും. ഹൃദയത്തുടിപ്പോടെ, കണ്ണീരൊഴുക്കോടെയാണു് ഞാനിതു്
വായിച്ചവസാനിപ്പിച്ചതു്. മരണം നടന്നു കഴിഞ്ഞാൽ തത്ത്വചിന്തകൊണ്ടു് ശോകത്തെ അണകെട്ടിനിറുത്താൻ
ശ്രമിക്കരുതു്. ദുഃഖിക്കുന്ന വ്യക്തിക്കു മനസ്സിനു ശാന്തിയുണ്ടാകട്ടെ എന്നു മാത്രമേ നമ്മൾ പ്രാർത്ഥിക്കേണ്ടതുള്ളൂ.
സുബ്ബയ്യാപിള്ളയ്ക്കു ആ ശാന്തത കൈവരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
</p>
        <lg>
          <l> He laid flowers on his cheap coffin,</l>
          <l> lovely white flowers, </l>
          <l>very much in keeping </l>
          <l> with his beauty, his twenty two years</l>
          <l>
            <ref target="https://en.wikipedia.org/wiki/Constantine_P._Cavafy">C. P.
Cavafy</ref>
          </l>
        </lg>
        <!--end of "verse"-->
        <div type="lsection" xml:id="sec1.1">
          <head type="lsechead">ഫാൾസിസം</head>
          <figure rend="fright" type="gra">
            <graphic url="images/Peter-handke.jpg" rendition="gra"/>
            <figDesc style="thumb">പേറ്റർ ഹൻഡ്കെ</figDesc>
          </figure>
          <p style="noindent"> അനുവാചകനെ ഈശ്വരപുത്രനായ യേശുക്രിസ്തുവിനോടു് ഉപമിക്കുന്ന എന്റെ
മര്യാദകേടിനു വായനക്കാരോടു ഞാൻ മാപ്പു ചോദിക്കട്ടെ. ഒരലങ്കാര പ്രയോഗത്തിനു വേണ്ടി മാത്രമാണു് ഈ
സാഹസികം. ഉത്കൃഷ്ടമായ സാഹിത്യകൃതി വായിക്കുന്ന വേളയിൽ സഹൃദയൻ വിശുദ്ധിയാർജ്ജിക്കുന്നു.
അതിന്റെ പേരിലാണു് ഈ ഔപമ്യം. ജൂഡിയയിൽ പോകാൻ സന്നദ്ധനായ യേശുവിനോടു ശിഷ്യന്മാർ ചോദിച്ചു:
“The Jews there were wanting to stone you. Are you going there again?”—അവിടത്തെ ജൂതന്മാർ
അങ്ങയെ കല്ലെറിയാൻ ആഗ്രഹിച്ചവരാണു്. അങ്ങോട്ടേക്കാണോ വീണ്ടും പോകുന്നതു്? കുങ്കുമം വാരിക
തുറന്നയുടനെ കണ്ട ‘ഹാപ്പി ക്രിസ്തുമസ്’ (ഹാപ്പി ക്രിസ്മസ് എന്നു വേണം) എന്ന ചെറുകഥ വായിക്കാനാരംഭിച്ച
എന്നോടു് മനസ്സിലിരുന്നു് ആരോ ചോദിച്ചു: “കല്ലേറുവാങ്ങാൻ പോകുകയാണോ?” രണ്ടും കല്പിച്ചു് ഞാൻ പോയി.
കലാരാഹിത്യത്തിന്റെ കല്ലേറുകൊണ്ടു് മുഖമാകെ മുറിഞ്ഞു. ചോരയൊലിക്കുന്ന മുഖം കാണിച്ചുകൊണ്ടു് ഞാനിതു്
എഴുതുകയാണു്.
</p>
          <p>ഈ ചെറുകഥയെഴുതിയ രമ മേനോനു് ഒരു പഴഞ്ചൻ വിഷയമേ കൈകാര്യം ചെയ്യാനുള്ളൂ. അച്ഛനമ്മമാർ
എന്തെന്നില്ലാതെ സ്നേഹിച്ചിരുന്ന മകന്റെ നന്ദികേടു്. രണ്ടുവർഷമായിട്ടും വീട്ടിൽ വരാത്ത മകൻ
ക്രിസ്മസിനെങ്കിലും വന്നെത്തുമെന്നു് അച്ഛനമ്മമാർ വിചാരിക്കുന്നു. നന്ദികെട്ടവൻ വരുന്നില്ല.
‘ഈശ്വരവിചാര’ത്തിൽ അവർ മുഴുകുമ്പോൾ കഥ പര്യവസാനത്തിലെത്തുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Angst_des_Tormanns_beim_Elfmeter.jpg" rendition="gra"/>
          </figure>
          <p> നിത്യജീവിത്തിലുള്ളതെല്ലാം അതേ മട്ടിൽ പകർത്തിവച്ചാൽ ജനിക്കുന്നതു് റിയലിസ്സമല്ല, ഫാൾസിസമാണു്.
നിത്യജീവിതസത്യത്തിനു നൂതനാകാരം നൽകി നൂതനാനുഭവം സൃഷ്ടിക്കുമ്പോഴാണു് കലയുടെ ഉദ്ഭവം.
അപ്പോഴാണു് രചനയ്ക്കു മാന്ത്രികസ്വഭാവമുണ്ടാകുന്നതു്. ഈ പ്രക്രിയ രമാ മേനോനു് അറിഞ്ഞുകൂടാ. പണ്ടു് ഒരു ഭടൻ
വള്ളത്തിൽ യാത്രചെയ്യുകയായിരുന്നു. നദിയുടെ മധ്യഭാഗത്തു് എത്തിയപ്പോൾ അയാളുടെ വാളു് വെള്ളത്തിൽ
വീണുപോയി. ഭടനുടനെ വള്ളത്തിൽ ഒരടയാളമിട്ടു് ഇവിടെ വച്ചാണു് വാളു വീണതെന്നു പറഞ്ഞു. വള്ളം
കരയിലടുത്തപ്പോൾ ആഴമില്ലാത്ത ആറ്റിലിറങ്ങിനിന്നു് വള്ളത്തിലിട്ട അടയാളത്തിന്റെ നേരേതാഴെ അയാൾ
വാളു് അന്വേഷിച്ചു തുടങ്ങി. രമാ മേനോൻ ആദ്യത്തെ കഥയെഴുതിയപ്പോൾതന്നെ വാളു് നദിയുടെ ആഴത്തിൽ
താണുപോയി. കരയിലടുത്തതിനുശേഷം മുട്ടുവരെയെത്തുന്ന വെള്ളത്തിലിറങ്ങി നിന്നു ‘വാളെവിടെ’ എന്നു
ചോദിക്കുന്നതിൽ ഒരർത്ഥവുമില്ല.
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ചോദ്യം, ഉത്തരം</head>
          <p style="hang"><hi rend="bold">ചോദ്യം:</hi>  ഔദ്ധ്യത്യമുള്ളവരെ എങ്ങനെ
തിരിച്ചറിയാം? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  അങ്ങനെയുള്ളവരോടു
സംസാരിക്കുമ്പോൾ അവരെക്കുറിച്ചു തന്നെ നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ അവർ മനസ്സിരുത്തി എല്ലാം
കേൾക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകൾക്കു കൂടുതൽ പ്രകാശമുണ്ടാവും. എപ്പോൾ
നിങ്ങൾ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോൾ അവർ കോട്ടുവായിടും. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  നുണപറഞ്ഞു് സ്നേഹിതന്മാരെ
ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ചു് എന്തുപറയുന്നു? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  അവർ (അപവാദികൾ)
കൊലപാതികളെക്കാൾ ഹീനന്മാരാനു്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങൾ കണ്ടു് ഒന്നും ചെയ്യാനാവാതെ
ദോഷം മറ്റു വ്യക്തികളുടെ നേർക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണു് അപവാദ കൗതുകം. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  ബ്രിട്ടിഷുകാർ ഇന്ത്യ ഭരിച്ചകാലത്തു്
ഏതു സർക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു

ഉദ്യോഗസ്ഥന്മാർ. ഇപ്പോൾ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  പണ്ടും ഇക്കാലത്തും ഭർത്താക്കന്മാർ
ഭാര്യമാരോടു് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു.
അതുകൊണ്ടു് സർക്കാർ മേഖലകളിൽ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സർക്കാർ
തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാർ yours faithfully എന്നു പറയുന്നില്ല. ‘കലികാലവൈഭവം’ എന്നു
സി. വി. രാമൻപിള്ള പറഞ്ഞില്ലേ. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  അടുത്തജന്മം സായിപ്പായി ജനിക്കുമോ
നിങ്ങൾ? സായിപ്പിന്റെ കൃതികളല്ലേ നിങ്ങൾക്കിഷ്ടം? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  അടുത്തജന്മമുണ്ടെങ്കിൽ
കേരളീയനായി ജനിക്കാനാനു് എനിക്കു താൽപ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചൻ നമ്പ്യാരുടേയും
ചങ്ങമ്പുഴയുടേയും കവിത വായിക്കാൻ പറ്റൂ. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  ശിവഗിരിയിൽ നിങ്ങൾ പ്രസംഗിച്ചു
കഴിഞ്ഞപ്പോൾ വിവരമില്ലാത്ത കുറെ പിള്ളേർ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങൾ
അത്രയ്ക്കു വലിയ ആളോ? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികൾ
ചോദിച്ചപ്പോൾ ഞാൻ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവർ കണ്ടില്ല. കണ്ടെങ്കിൽ
തിരുവനന്തപുരത്തെ ഫിങ്കർ പ്രിന്റ് ബ്യൂറോയിൽ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികൾ
എടുത്തേനേ. </p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">എൻ. എസ്. മാധവൻ</head>
          <figure rend="fright" type="gra">
            <graphic url="images/Madhavan2.jpg" rendition="gra"/>
            <figDesc style="thumb">എൻ. എസ്. മാധവൻ</figDesc>
          </figure>
          <p style="noindent"><ref target="http://en.wikipedia.org/wiki/Peter_Handke">പേറ്റർ ഹൻഡ്കെ</ref> എന്ന
ഓസ്ട്രിയൻ സാഹിത്യകാരന്റെ The Goalie’s Anuxjety at the Penality Kick എന്ന നോവലാണു്
അദ്ദേഹത്തിനു് മഹായശസ്സു് നേടിക്കൊടുത്തതു്. യോസഫ് ബ്ലൊക്ക് എന്നൊരു തൊഴിലാളി കാരണമൊന്നും
കൂടാതെ ഒരു സ്ത്രീയെ കൊന്നിട്ടു് പോലീസിൽ നിന്നും സമുദായത്തിൽനിന്നും ഒളിച്ചോടുന്നതിനെ ചിത്രീകരിക്കുന്ന
ഈ നോവൽ അസ്തിത്വവാദികളുടെ വിരാഗാവസ്ഥയ്ക്കു് (alienation) മതിയായ ഉദാഹരണമായിട്ടുണ്ടു്. ഈ
നോവലിന്റെ അവസാനത്തെ ഭാഗം നമ്മുടെ അവധാനത്തിനു് വിഷയീഭവിക്കേണ്ടതാണു്. ബ്ളൊക്ക് ഫുട്ബോൾ
കളികാണാൻ പോകുന്നു. പെനൽറ്റി കിക്കിനുള്ള വിസെൽ (whistle) കേട്ടു. ഗോളി ആലോചിക്കുകയാണു്. ഏതു
മൂലയിലേക്കു പന്തടിക്കണമെന്നു്. ഗോളി വിചാരിച്ചതെന്തെന്നു് പന്തടിക്കുന്നവനും ഊഹിക്കുന്നുണ്ടാവും.
അതുകൊണ്ടു് പന്തു് മറ്റേ മൂലയിലേക്കു് അടിക്കപ്പെടും എന്നു ഗോളിയുടെ ചിന്ത. ഇതു മനസ്സിലാക്കി ഷ്യൂട്ടു
ചെയ്യുന്നവൻ പതിവുള്ള മൂലയിലേക്കു് പന്തടിച്ചാലോ? പന്തടിക്കുന്നവൻ ഓടാൻ തുടങ്ങിയപ്പോൾ,
പന്തടിക്കുന്നതിനുമുമ്പു് താൻ ഏതു വശത്തിലേക്കു് ചരിയുമെന്നു് ഗോളി സ്വന്തം ശരീരം കൊണ്ടു്
അബോധാത്മകമായി പ്രകടിപ്പിക്കുന്നുവെന്നു ബ്ലൊക്ക് അടുത്തു നിൽക്കുന്നവനോടു പറഞ്ഞു. തിളങ്ങുന്ന മഞ്ഞ
ഉടുപ്പുധരിച്ച ഗോളി ഒട്ടും അനങ്ങാതെ നിന്നു. പെനൽറ്റി കിക്കർ പന്തു് അയാളുടെ കൈയിലേക്കു തന്നെ അടിച്ചു.
സമകാലികജീവിതത്തിന്റെ സ്വഭാവമാകെ ഈ പെനൽറ്റി കിക്കിലൂടെ പേറ്റർ ഹൻഡ് കെ പ്രത്യക്ഷമാക്കുന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Swinburne.jpg" rendition="gra"/>
            <figDesc style="thumb">സ്വിൻബേൺ</figDesc>
          </figure>
          <p> ഈ നോവലിന്റെ കഥകേട്ട ഗീവർഗ്ഗീസച്ചൻ—പണ്ടത്തെ ഫുട്ബോൾ കളിക്കാരൻ ഒരു പാവപ്പെട്ട
പെൺകുട്ടിയെ ഒരു ദുഷ്ടനായ യുവാവിൽനിന്നു രക്ഷിക്കാൻ വേണ്ടി അവനെ ഫുട്ബോൾ പോലെ അടിച്ചു
തെറിപ്പിക്കുന്നു. ശ്രീ. <ref target="https://ml.wikipedia.org/wiki/N._S._Madhavan">എൻ. എസ്. മാധവൻ</ref>
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഹിഗ്വിറ്റ’ എന്ന ഈ കഥയ്ക്കു ചാരുതയുണ്ടു്. നവീനതയുണ്ടു്. ആ പുതുമ എല്ലാ
അംശങ്ങളിലും ദൃശ്യമാണു്. നീണ്ട സംഭവവർണ്ണനകളില്ല. കഥാപാത്രങ്ങളുടെ സ്വഭാവസവിഷേതകളുടെ
വിസ്തരിച്ചുള്ള പ്രതിപാദനമില്ല. ഏതേതു് അംശങ്ങളെ സൂചിപ്പിച്ചാൽ സംഭവത്തിന്റെയും സ്വഭാവത്തിന്റെയും
പ്രതീതി ഉളവാകുമോ അവയെ മാത്രമേ കഥാകാരൻ സൂചിപ്പിക്കുന്നുള്ളൂ. ഹാസ്യം ഇക്കഥയുടെ രമണീയകം
വർദ്ധിപ്പിക്കുന്നു. മറ്റു കഥാകാരന്മാരുടെ കഥകളിൽ നിന്നുയരുന്ന ശബ്ദമല്ല മാധവന്റെ കഥയിൽ നിന്നു്
ഉയരുന്നതു്.
</p>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">പരിപാകമില്ലായ്മ</head>
          <figure rend="fleft" type="gra">
            <graphic url="images/Keats.jpg" rendition="gra"/>
            <figDesc style="thumb">കീറ്റ്സും</figDesc>
          </figure>
          <p style="noindent"> ഞാനങ്ങു ഞെട്ടിപ്പോയി എന്ന പ്രസ്താവം നൂറിനു തൊണ്ണൂറ്റിയൊൻപതു തവണയും
അത്യുക്തിയാവും. താൽകാലികമായി ഉണ്ടാകുന്ന വല്ലായ്മയെ സൂചിപ്പിക്കാനും കേൾക്കുന്നവരെ ഒന്നു ഇംപ്രസ്സ്
ചെയ്തു കൈയടിനേടാനും വേണ്ടിയുള്ള അതിശയോക്തിയാണതു്. പക്ഷേ, ശ്രീ. രാജശേഖരൻ ദേശാഭിമാനി
വാരികയിലെഴുതിയ “മാരാരും മുണ്ടശ്ശേരിയും വൈലോപ്പിള്ളിയെ കണ്ടപ്പോൾ” എന്ന ലേഖനം വായിച്ചപ്പോൾ
എനിക്കു നേരിയ തോതിൽ ഞെട്ടൽ തന്നെയുണ്ടായി. “എഴുത്തച്ഛനും ആശാനും വൈലോപ്പിള്ളിയും ചേർന്നത്രേ
മലയാളകാവ്യ ചരിത്രത്തിൽ സ്ഥായിയായി നിലകൊള്ളാൻ പോകുന്ന കവിത്രയ സങ്കല്പം” എന്ന രാജശേഖര
വാക്യമാണു് എനിക്കു് ഷോക്ക് ഉണ്ടാക്കിയതു്. നമ്മുടെ കവിത്രയസങ്കല്പം (ആധുനികമായതു്) കുമാരനാശാൻ,
വള്ളത്തോൾ, ഉള്ളൂർ ഇവരെ അവലംബിച്ചുള്ളതാണല്ലോ. രാജശേഖരൻ വള്ളത്തോളിനെയും ഉള്ളൂരിനെയും
ഗളഹസ്തം ചെയ്തിട്ടു് വൈലോപ്പിള്ളിയെ മഹാകവി കുമാരനാശാനു് സദൃശ്യനാക്കി കല്പിക്കുന്നു.
ഉണ്ണായിവാരിയരെപ്പോലും അദ്ദേഹം ചവിട്ടി പുറന്തള്ളുന്നു.
</p>
          <p>ഒരു ശബ്ദത്തിൽ ഒരു രാഗം പാടുന്ന കവികളുണ്ടു്. ഒരു ശബ്ദത്തിൽ പല രാഗങ്ങൾ പാടുന്ന കവികളുണ്ടു്. പല
ശബ്ദത്തിൽ പല രാഗങ്ങൾ പാടുന്ന കവികളുമുണ്ടു്. <ref target="http://en.wikipedia.org/wiki/Swinburne">സ്വിൻബേൺ</ref>, വെർലേൻ,
ചങ്ങമ്പുഴ ഇവർ ഒരു ശബ്ദത്തിൽ ഒരു രാഗം തന്നെ പാടിയ കവികളാണു്. <ref target="http://en.wikipedia.org/wiki/Keats">കീറ്റ്സും</ref> ഷെല്ലിയും ഒരു ശബ്ദത്തിൽ
പല രാഗങ്ങൾ പാടിയ കവികളത്രേ. എന്നാൽ വ്യാസൻ, വാല്മീകി, ഹോമർ, ഷെയ്ക്സ്പിയർ ഇവർ പല
ശബ്ദങ്ങളിൽ പല രാഗങ്ങൾ പാടിയ കവികളാണു്. അവരെയാണു് ഗ്രെയ്റ്റ് എന്നു വിശേഷിപ്പിക്കുന്നതു്.
രാജശേഖരന്റെ മഹാകവിയായ വൈലോപ്പിള്ളി നല്ല കാവ്യങ്ങൾ രചിച്ചു. പക്ഷേ, അദ്ദേഹം ഒരു ശബ്ദത്തിൽ ഒരു
രാഗം മാത്രം പാടിയ കവിയാണു്. ഒരു ശബ്ദത്തിൽ പല രാഗങ്ങൾ പാടിയ കുമാരനാശാനു് അദ്ദേഹം ഒരിക്കലും
സദൃശ്യനാവുകയില്ല. എന്നല്ല അദ്ദേഹത്തിന്റെ അടുത്തുപോലും എത്തുകയില്ല.
</p>
          <p>ഗ്രെയ്റ്റ്നെസ്—മഹത്വം—നിശ്ചയിക്കപ്പെടേണ്ടതു് ശ്രേഷ്ഠതമായ കാവ്യഭാഷണത്താലാണു്. വിഷന്റെ
സാന്ദ്രതയും ശൈലിയുടെ സാന്ദ്രതയും ആശയത്തിന്റെ സാന്ദ്രതയും ഒരുമിച്ചു ചേരുമ്പോഴാണു് ഈ ശ്രേഷ്ഠതമായ
അവസ്ഥ സംജാതമാവുക. (<ref target="https://ml.wikipedia.org/wiki/Sri_Aurobindo">അരവിന്ദ് ഘോഷിന്റെ</ref>
അഭിപ്രായം).
</p>
          <lg>
            <l> വനം പ്രതിഭയം ശൂന്യം ഝില്ലികാഗണനാദിതം</l>
            <l> (മഹാഭാരതം) </l>
          </lg>
          <!--end of "verse"-->
          <lg>
            <l> നിഷ്പന്ദാസ്തരവഃ സർവേ നിലീനാ മൃഗപക്ഷിണഃ</l>
            <l> നൈസേന തമസാ വ്യാപ്താ ദിശശ്ചരഘുനന്ദന</l>
            <l> ശനൈർവിയൂജ്യതേ സന്ധ്യാ നദോനേത്രൈരിപാവൃതാം</l>
            <l> നക്ഷത്രതാരാഗഹനം ജ്യോതിർഭിരിവ ഭാസതേ</l>
            <l> (വാത്മീകി രാമായണം) </l>
          </lg>
          <!--end of "verse"-->
          <lg>
            <l> തനുപ്രകാശേന വിചേയതാരകാ</l>
            <l> പ്രഭാതകല്പാ ശശിനേവ ശർവരീ</l>
            <l> (കാളിദാസൻ) </l>
          </lg>
          <!--end of "verse"-->
          <lg>
            <l> Absent thee from felicity awhile</l>
            <l> And in this harsh world draw thy breath in pain</l>
            <l> (Shakespeare) </l>
          </lg>
          <!--end of "verse"-->
          <p>ഇവയൊക്കെ ശ്രേഷ്ഠതമായ കാവ്യ ഭാഷണങ്ങളായി അരവിന്ദു് ഘോഷ് എടുത്തു കാണിച്ചിട്ടുണ്ടു്. നമ്മുടെ
മഹാകവികളായ കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, ഇവർക്കു് എപ്പോഴും ഇമ്മട്ടിൽ എഴുതാനാവില്ല. എങ്കിലും
മഹാകവിത്വത്താൽ അവരു് അനുഗ്രഹീതരായിരുന്നതുകൊണ്ടു് ഈ കാവ്യഭാഷണം ചിലപ്പോൾ അവരും
നിർവ്വഹിക്കാറുണ്ടു്.
</p>
          <lg>
            <l> 1) അന്തിമമാം മണമർപ്പിച്ചടിവാൻ</l>
            <l> മലർകാക്കിലേ ഗന്ധവാഹനെ രഹസ്യമാർക്കറിയാവൂ</l>
            <l> (കുമാരനാശാൻ) </l>
          </lg>
          <!--end of "verse"-->
          <lg>
            <l> 2) കാലമതിന്റെ കനത്തകരംകൊണ്ടു</l>
            <l> ലീലയാലൊന്നു പിടിച്ചുകുലുക്കിയാൽ</l>
            <l> പാടേ പതറിക്കൊഴിഞ്ഞു പോം ബ്രഹ്മാണ്ഡ</l>
            <l> പാദപപ്പൂക്കളാം താരങ്ങൾ കൂടിയും</l>
            <l> (വള്ളത്തോൾ) </l>
          </lg>
          <!--end of "verse"-->
          <lg>
            <l> 3) പരാപരാതമൻ ഭക്തൃഭിഗമ്യൻ ഭവാനെയാർ കാൺമൂ</l>
            <l> ചരാചര പ്രേമാഞ്ജനമെഴുതിയ ചക്ഷുസ്സില്ലാഞ്ഞാൽ</l>
            <l> (ഉള്ളൂർ) </l>
          </lg>
          <!--end of "verse"-->
          <p>ഇവ ഉദാഹരണങ്ങൾ.
</p>
          <p>വൈലോപ്പിള്ളിയുടെ കാവ്യങ്ങളിൽ ചിലതെല്ലാം സുന്ദരങ്ങളാണു്. പക്ഷേ, ഗ്രേയ്റ്റ്നെസ്സ് എന്ന ഗുണം
അവയ്ക്കില്ല. മുകളിൽച്ചേർത്ത വരികൾ ഏതു തലത്തിൽ നിന്നു് ഉദ്ഭവിച്ചുവോ ഏതു മണ്ഡലത്തിനു് അവ
പ്രാതിനിധ്യം വഹിച്ചുവോ ആ തലത്തിൽ നിന്നു് ഉദ്ഭവിക്കുകയോ ആ മണ്ഡലത്തിനു പ്രാതിനിധ്യം
വഹിക്കുകയോ ചെയ്യുന്നതല്ല വൈലോപ്പിള്ളിയുടെ കാവ്യങ്ങൾ. കുമാരനാശാന്റെയും വള്ളത്തോളിന്റെയും
കാവ്യങ്ങൾക്കു സൗന്ദര്യവും മഹത്വവും ഉണ്ടു്. വൈലോപ്പിള്ളിയുടെ ചില കാവ്യങ്ങൾക്കു സൗന്ദര്യം മാത്രമേയുള്ളൂ.
ഒരിടത്തും ശ്രേഷ്ഠതമായ കാവ്യഭാഷണം കാണാനുമില്ല. അതിനാൽ രാജശേഖരന്റെ മതം പരിപാകമുള്ള
മനസ്സിന്റെ സന്തതിയല്ല. എഴുത്തച്ഛന്റെയും കുമാരനാശാന്റെയും പേരുകൾ പറഞ്ഞിട്ടു് അതേ ശ്വാസത്തിൽ
വൈലോപ്പിള്ളി എന്നു പറയുന്നതു് എഴുത്തച്ഛനെയും കുമാരനാശാനെയും അപമാനിക്കലാണു്. നിന്ദിക്കലാണു്.
</p>
          <p>ശ്രീ. കുഞ്ഞുണ്ണി കുങ്കുമം വാരികയിൽ എഴുതുന്നു: വർഗ്ഗീയവത്കരിക്കാൻ ശ്രമിക്കുന്നതുപോലെ
രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതും തെറ്റാണു്. ഉത്തരപദം ‘കരണ’മായി വരുമ്പോൾ വിശേഷത്തിൽ ‘വതു്’
പ്രത്യയം ചേരുകയില്ല. കുഞ്ഞുണ്ണി വിവരം കെട്ടവർക്കു വേണ്ടി അതെടുത്തു കാണിച്ചതിൽ എനിക്കു അനല്പമായ
സന്തോഷമുണ്ടു്.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">താഴത്തെനിലയിലേക്ക്</head>
          <figure rend="fright" type="gra">
            <graphic url="images/Dino_Buzzati.jpg" rendition="gra"/>
            <figDesc style="thumb">ബുറ്റ്സാറ്റി</figDesc>
          </figure>
          <p style="noindent"> ഇറ്റലിയിലെ കാഫ്ക എന്നറിയപ്പെടുന്ന <ref target="https://en.wikipedia.org/wiki/Dino_Buzzati">ബുറ്റ്സാറ്റിയുടെ</ref>
(Buzzati) Seven Floors എന്ന കഥ മാസ്റ്റർപീസാണു്. രോഗി ഏഴുനിലയുള്ള ആശുപത്രിയിലെത്തി ഏഴാമത്തെ
നിലയിൽ കിടപ്പായി. തീരെച്ചെറിയ രോഗമുള്ളവർക്കാണു് ഏഴാമത്തെ നില. ആറാമത്തെ നില ചെറിയ
രോഗമുള്ളവർക്കു്. ഗൗരവമായ രോഗമുള്ളവർക്കു് അഞ്ചാമത്തെ നില. അങ്ങനെ താഴോട്ടു പോകുന്തോറും
രോഗികൾക്കു ഗുരുതരാവസ്ഥ കൂടുതലാണെന്നു ഗ്രഹിക്കണം. ഓരോ നിലയിലെ ചികിത്സാക്രമവും വിഭിന്നമാണു്.
ഓരോ ഡോക്ടർ ഓരോ നിലയ്ക്കും. രോഗി ഏറ്റവും താഴെയുള്ള നിലയിലേക്കു നോക്കിയപ്പോൾ അവിടത്തെ
ജന്നലുകൾ തുണി കൊണ്ടു മറച്ചിരിക്കുന്നതു കണ്ടു. മരിക്കാൻ പോകുന്നവരെ കിടത്തുന്ന സ്ഥലമാണു് താഴത്തെ
നിലയെന്നു് അയാൾ ഒരാളിൽ നിന്നും മനസ്സിലാക്കി. പത്തു ദിവസം കഴിഞ്ഞപ്പോൾ നേഴ്സു് വന്നു പറഞ്ഞു ഒരു
സ്ത്രീക്കും രണ്ടു കുട്ടികൾക്കും വേണ്ടി അയാൾ ആറാമത്തെ നിലയിലേക്കു പോയാൽ കൊള്ളാമെന്നു്; ഏഴാമത്തെ
നിലയിൽ ഒഴിഞ്ഞ മുറികൾ വേറെയില്ലാത്തതു കൊണ്ടാണു് അയാൾക്കു് ആ അസൗകര്യമുണ്ടാക്കുന്നതെന്നു്.
സ്ത്രീയും കുട്ടികളും പോയാൽ അയാൾക്കു് ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചു പോരാം. അയാൾ
ആറാമത്തെ നിലയിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രോഗത്തിന്റെ സ്വഭാവം പരിഗണിച്ചു് അയാളെ
അഞ്ചാമത്തെ നിലയിലേക്കു മാറ്റി. പിന്നെയും ദിവസങ്ങൾ കഴിഞ്ഞു. അയാൾക്കു വേണ്ട ഒരു മെഡിക്കൽ
ഉപകരണം നാലാമത്തെ നിലയിലേയുള്ളൂ. മൂന്നുതവണ ദിവസവും ഇറങ്ങിക്കേറുന്നതിനേക്കാൾ നല്ലതു്

നാലാമത്തെ നിലയിൽ തന്നെ പാർക്കുന്നതല്ലേ? രോഗം മാറിയാൽ ഉടനെ ഏഴാമത്തെ നിലയിലേക്കു
തിരിച്ചുപോരാം. അതുകൊണ്ടു് അയാൾ നാലാമത്തെ നിലയിലേക്കു പോയി. രോഗിക്കു് വരട്ടുചൊറി (eczema)
ഉള്ളതു കൊണ്ടു മൂന്നാമത്തെ നിലയിലെ ചികിത്സയാണു് നല്ലതെന്നു ഡോക്ടർ പറഞ്ഞു.
ചികിത്സോപകരണവുമുണ്ടു്. രോഗി മൂന്നാമത്തെ നിലയിൽ കിടപ്പായി. അങ്ങനെയിരിക്കെ നേഴ്സു് വന്നു പറഞ്ഞു
ആ നിലയിലെ ഡോക്ടർമാർ അവധിയിൽ പോകുന്നെന്നു്. അതുകൊണ്ടു് രണ്ടാമത്തെ നിലയിൽ പോകുന്നതാണു്
നല്ലതു്. ഗത്യന്തരമില്ലാതെ അയാൾ അങ്ങോട്ടുപോയി. പതിഞ്ചുദിവസം കൂടി കടന്നു പോയി. ഒരാഴ്ച കൂടി
കഴിഞ്ഞപ്പോൾ ഹെഡ് നേഴ്സും മറ്റു നേഴ്സുകളും കൂടി വന്നു് അയാളോടു് പറഞ്ഞു: “നിങ്ങളെ താഴത്തെ നിലയിൽ
കൊണ്ടാക്കാനാണു് ഡോക്ടറുടെ ആജ്ഞ” എന്നു്. രോഗി ഭയന്നു ബഹളം കൂട്ടി. “ഇവിടെ വേറെ ചില രോഗികൾ
കൂടിയുണ്ടു്. ബഹളം കൂട്ടരുതു്” അവരുടെ ആജ്ഞ. രോഗി വിറച്ചു. നിയന്ത്രിക്കാനാവാതെ അയാൾ നിലവിളിച്ചു.
അതിന്റെ പ്രതിധ്വനി മുറിയിലുണ്ടായി. അയാൾ താഴത്തെ നിലയിലെ കട്ടിലിൽ കിടന്നു. മുകളിലുള്ള ആറു
നിലകളുടെ ഭാരം അയാളുടെ ശരീരത്തിൽ അമരുകയാണു്. പക്ഷേ, ആ മുറി എന്താണു് ഇങ്ങനെ പെട്ടന്നു
ഇരുളുന്നതു് ? അയാൾ തലതിരിച്ചു നോക്കിയപ്പോൾ പ്രകാശത്തെ പൂർണ്ണമായും തടഞ്ഞുകൊണ്ടു് ജന്നലുകളിലെ
കർട്ടൻ താഴുന്നതു കണ്ടു.
</p>
          <p>സമകാലികമനുഷ്യന്റെ ഏകാന്തത, മരണമെന്ന പരമസത്യം. ജീവിതത്തിന്റെ അർത്ഥരാഹിത്യം ഇവയെ
കലാസുഭഗമായി ചിത്രീകരിക്കുന്ന കഥയാണിതു്. ബുറ്റ്സാറ്റി കാഫ്കയെപ്പോലെ ജീനിയസ്സാണെന്നതിൽ ഒരു
സംശയവുമില്ല.
</p>
          <p>ഞാൻ ഒരു രോഗവുമില്ലാത്തവനായിരുന്നു. ഒരിക്കൽ അങ്ങനെയിരിക്കെ ചെറിയ ഒരസുഖം പിടിപെട്ടു്
മലയാളത്തിലെ റീയലിസ്റ്റിക്ക് കഥാകാരന്മാർ ശയിക്കുന്ന ഏഴാമത്തെ നിലയിൽ ചെന്നു ചേർന്നു. ക്രമേണ
എന്റെ കിടപ്പു് ആറു്, അഞ്ചു്, നാലു് എന്നീ നിലകളിലായി. മൂന്നാമത്തെ നിലയിലെത്തിയപ്പോൾ കൂട്ടുകാരായി
ബോർഹെസിനെയും മറ്റു് ലാറ്റിനമേരിക്കൻ കഥാകാരന്മാരെയും അനുകരിക്കുന്ന രോഗികളുടെ കൂടെയായി എന്റെ
കിടപ്പു്. രോഗം കൂടിയപ്പോൾ പൈങ്കിളിക്കഥാകാരന്മാർ കിടക്കുന്ന രണ്ടാമത്ത നിലയിലേക്കു് എന്നെമാറ്റി. ഇതാ
നേഴ്സ് വന്നു് അജ്ഞാപിക്കുന്നു ഏറ്റവും താഴെയുള്ള നിലയിൽ പോയിക്കിടക്കാൻ. ഞാൻ നിലവിളിക്കുന്നു,
ഞെട്ടുന്നു. എന്റെ രോദനത്തിന്റെ പ്രതിധ്വനികൾ തിരുവനന്തപുരത്തു് എവിടെയും കേൾക്കാം. കിടക്കയിൽ
കിടന്നുകൊണ്ടു് അടുത്ത ബെഡ്ഡിലേക്കു നോക്കിയപ്പോൾ കുങ്കുമം വാരികയിലെ “ഒന്നാം നിലയ്ക്കുമപ്പുറം” എന്ന
ചെറുകഥ എനിക്കു കാണത്തക്കവിധത്തിൽ തുറന്നിട്ടിരിക്കുന്നു. കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരി നല്ല വീടുവയ്ക്കാൻ
കിഡ്നിയും ഒരു കണ്ണും വിറ്റുപോലും. അക്കഥ വായിച്ചു് ഞാൻ വല്ലാതെ തേങ്ങി. അതാ പ്രകാശത്തെ
പൂർണ്ണമായും മറച്ചുകൊണ്ടു് ജന്നലുകളിലെ കർട്ടൻ താഴുന്നല്ലോ.
</p>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">വിശ്വസാഹിത്യത്തിൽ നിന്ന്</head>
          <p style="noindent">ആവശ്യകതയിൽക്കവിഞ്ഞു വാഴ്ത്തപ്പെടുന്ന—ഒരു സെറിബ്രൽ (മസ്തിഷ്കപരമായ)
കവിയാണു് <ref target="https://en.wikipedia.org/wiki/Miroslav_Holub">മീറോസ്ളാഫ്
ഹോലൂബ്</ref> (Miroslav Holub ചെക്കോസ്ളോവാക്യയിലെ കവി). അദ്ദേഹത്തിന്റെ അമ്പതിലധികം
കാവ്യങ്ങൾ (ഇംഗ്ലീഷ് തർജ്ജ്മ) ഞാൻ വായിച്ചു. ഒന്നിൽപ്പോലും ആവിഷ്കാരചാരുത കണ്ടില്ല. വികാര
സ്ഫുടീകരണവുമില്ല. പക്ഷേ, അതല്ല അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ സ്ഥിതി. ചിന്തോദ്ദീപകവും
മൗലികവുമാണു് അദ്ദേഹത്തിന്റെ ഏതു പ്രബന്ധവും. The world in miniature എന്ന ഉപന്യാസത്തിൽ
അദ്ദേഹം പറയുന്നു, ഈ വിശാല പ്രപഞ്ചത്തെ ഹ്രസ്വാകാരമാക്കി പ്രദർശിപ്പിക്കാൻ നമുക്കെല്ലാവർക്കും
താൽപര്യമുണ്ടെന്നു്; അതൊരു ജന്മവാസനയാണെന്നു്. Hardly anyone stand to enjoy the beauty of a
town square. The magic of all the moving pedestrains and historical clocks, the colourful cars
struggling with signs and commands—but everyone is willing to stand for hours at a model of
the same thing and admire the miracle it worked even though in real life it is ofter a miracle
as well. മൃഗശാലയോ തീവണ്ടിപ്പാതയോ കൊച്ചുപട്ടണമോ ഉണ്ടാക്കിക്കളിക്കുന്ന കൊച്ചുകുട്ടിയും
പ്രായമായവരുടെ ഹ്രസ്വാകാരനിർമ്മാണവാസനയെ പ്രകടിപ്പിക്കുകയാണു്. The Dimension of the Present
Movement and other essays–Miroslav Holub £4.99).
<list rend="numbered"><item n="">ഫ്രഞ്ച് കവി <ref target="http://en.wikipedia.org/wiki/Baudelaire">ബോദലേറിന്റെ</ref> മരണത്തിനു
ശേഷം പ്രസിദ്ധപ്പെടുത്തിയതാണു് അദ്ദേഹത്തിന്റെ Intimate Journals. ജീവിത നിരീക്ഷണം ചെയ്തു് ആ കവി
നടത്തുന്ന സാമാന്യവത്കരണങ്ങൾ രസാവഹങ്ങളാണു്. </item><item n="">സ്ത്രീകൾക്കു പള്ളിയിൽ ചെല്ലാൻ അനുവാദം നല്കുന്നതു കണ്ടു് ഞാൻ എപ്പോഴും
അത്ഭുതപ്പെട്ടിട്ടുണ്ടു്. ഈശ്വരനോടു് അവർക്കു് ഏതു തരത്തിലാണു് സംഭാഷംണം നടത്താൻ കഴിയുക? </item><item n="">ഉദ്യോഗസ്ഥൻ ആരുമാകട്ടെ. മന്ത്രിയോ തീയറ്റർ മാനേജറോ പത്രാധിപരോ ആകട്ടെ.
ബഹുമാനം അർഹിക്കുന്ന വ്യക്തിയായിരിക്കും അയാൾ. പക്ഷേ, മറ്റുള്ളവരിൽ നിന്നു വേർതിരിക്കുന്ന ഗുണം
അയാൾക്കു കാണുകയില്ല. ഉദ്യോഗം നോക്കാൻ വേണ്ടി മാത്രം ജനിക്കുന്ന സ്വത്വമില്ലാത്ത മൗലികതയില്ലാത്ത
ആളായിരിക്കും ആ വ്യക്തി. </item><item n="">മാന്യതയുള്ള ഒരുത്തനും വെറുപ്പോടു കൂടിയ ഞെട്ടലില്ലാതെ ഒരു വർത്തമാനപ്പത്രവും
കൈയിലെടുക്കാൻ കഴിയുകയില്ല. </item><item n="">മഹത്ത്വമുള്ള പ്രകൃതിയെ ഒരിക്കലും ദുഷിക്കരുതു്. സ്തനങ്ങളില്ലാത്ത കാമുകിയെയാണു് പ്രകൃതി
നിങ്ങൾക്കു തരുന്നതെങ്കിൽ ‘ഇത്തരത്തിലുള്ള അരക്കെട്ടിനെ എനിക്കു സ്നേഹിക്കാമല്ലോ’ എന്നു പറഞ്ഞു്
ദേവാലയത്തിൽ പോയി ഈശ്വരനോടു കൃതജ്ഞത പ്രകാശിപ്പിക്കു (Intimate Journals translated by Yon
Christopher Isherwood with an introduction by T. S. Eliot, Picador Classics, £3.99). </item></list>
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">അത്യുക്തി അസത്യമാണ്</head>
          <figure rend="fright" type="gra">
            <graphic url="images/Baudelaire.jpg" rendition="gra"/>
            <figDesc style="thumb">ബോദലേർ</figDesc>
          </figure>
          <p style="noindent"> ഹജൂർ കച്ചേരിയിലാണു് എനിക്കു് ആദ്യമായി ജോലികിട്ടിയതെന്നു പലപ്പോഴും
എഴുതിയിട്ടുണ്ടെല്ലോ. അക്കാലത്തു് ഒരു ദിവസം അവധിയെടുക്കേണ്ടിവന്നപ്പോൾ As I am unwell എന്നു്
എഴുതി അസിസ്റ്റന്റ് സെക്രട്ടറിയുടെ കൈയിൽ അപേക്ഷകൊടുത്തപ്പോൾ unwell എന്നു് എഴുതരുതെന്നും As I
am not feeling well എന്നെഴുതണമെന്നും അദ്ദേഹം അറിയിച്ചു. എന്താണു് unwell എന്ന പദത്തിന്റെ തെറ്റു്
എന്നു ഞാൻ ചോദിച്ചപ്പോൾ സ്ത്രീകൾക്കു് ഓരോ മാസത്തിലും നാലുദിവസത്തേക്കു എഴുതാവുന്ന
വാക്കാണതെന്നു് അദ്ദേഹം പറഞ്ഞു. ഞാനതു വിശ്വസിക്കുകയും ചെയ്തു. ഇപ്പോൾ എത്രയെത്ര ഇംഗീഷ്
പുസ്തകങ്ങളിൽ ‘സുഖമില്ലായ്മ’ എന്ന അർത്ഥത്തിൽ unwell പ്രയോഗിച്ചിരിക്കുന്നു. അസിസ്റ്റന്റു് സെക്രട്ടറി അന്നു
പറഞ്ഞതു് തെറ്റു്. menstruation എന്ന വാക്കിനു ന്യൂനോക്തി നൽകിയതാണു് unwell എന്ന പദം. ആരോ
അങ്ങനെ വരുത്തിയ ന്യൂനോക്തി ആ അസിസ്റ്റന്റു് സെക്രട്ടറിയും വിശ്വസിച്ചു എന്നു കരുതിയാൽ മതി.
</p>
          <p>എന്നാൽ സീമോൻ ദെ ബോവ്വാറിന്റെ <ref target="https://en.wikipedia.org/wiki/The_Second_Sex">The Second Sex</ref>
എന്ന പുസ്തകത്തിൽ ആർത്തവത്തെ വർണ്ണിച്ചിരിക്കുന്നതു വായിച്ചപ്പോൾ എനിക്കു് അറപ്പും വെറുപ്പും ഉണ്ടായി.
സ്ത്രീകൾക്കു പ്രകൃതി നൽകിയ ഒരു ‘ഫങ്ങ്ഷൻ’. അതിൽ അറപ്പു തോന്നാനോ വെറുപ്പു തോന്നാനോ ഒന്നുമില്ല.
പക്ഷേ, സ്ത്രീയായ സീമോൻ അത്യുക്തി കലർന്ന വർണ്ണനത്തിലൂടെ ആർത്തവത്തെ ജുഗുപ്സാവഹമാക്കിക്കളഞ്ഞു.
ഈ അത്യുക്തി അല്ലെങ്കിൽ സ്ഥൂലീകരണം നിന്ദ്യമാണു്. കാരണം അതു് കള്ളമാണു് എന്നത്രേ.
</p>
          <p>നമ്മുടെ എഴുത്തുകാർക്കു് അത്യുക്തി പ്രേമഭാജനമാണു്. നൂറു് ആളുകൾ കൂടിയ ഒരു സമ്മേളനത്തെ
‘മനുഷ്യമഹാസമുദ്രം’ എന്നേ അവർ വിശേഷിപ്പിക്കൂ. ഫിലിം സ്റ്റാർ സത്യൻ മരിച്ചു. ഭേദപ്പെട്ട ഒരഭിനേതാവു്
മാത്രമല്ലേ അദ്ദേഹം? പക്ഷേ, അക്കാലത്തെ പത്രങ്ങളിലെല്ലാം ‘യുഗപ്രഭാവനായ സത്യൻ’ എന്നാണു് അച്ചടിച്ചു
വന്നതു്. ജോസഫ് മുണ്ടശ്ശേരി അതുപോലെ ഭേദപ്പെട്ട ഒരു നിരൂപകൻ മാത്രമായിരുന്നു. നിരൂപണം വികസിച്ച

ഇക്കാലത്തു് അദ്ദേഹത്തിന്റെ കൃതികൾക്കു മുൻപുണ്ടായിരുന്ന മൂല്യമില്ലതാനും. എന്നിട്ടും ശ്രീ.വി.യൂ. സുരേന്ദ്രൻ
‘യുഗപ്രഭാവനായ മുണ്ടശ്ശേരി മാസ്റ്റർ’ എന്നു് തലക്കെട്ടിനു് ലേഖനമെഴുതിയിരിക്കുന്നു ജനയുഗം വാരികയിൽ.
“മുണ്ടശ്ശേരി മാസ്റ്റർ അഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ മാറ്റൊലി കേട്ടുണർന്നവരാണു് ഇന്നത്തെ തലമുറ” എന്നും
പ്രബന്ധത്തിൽ ഒരിടത്തു് അദ്ദേഹം കാച്ചിയിരിക്കുന്നു. സുരേന്ദ്രന്റെ സാഹിത്യാഭിരുചിക്കുള്ള തകരാറിനെയും
സാഹിത്യത്തെസംബന്ധിച്ച അജ്ഞത്യെയും കാണിക്കാനേ ഇതൊക്കെ ഉപകരിക്കൂ.
</p>
          <p>അഞ്ചേയഞ്ചു ഫ്രാങ്ക് കൊടുത്താൽ ആരുടേയും കൂടെപ്പോകുന്ന ഒരു വേശ്യ ഒരിക്കൽ ബോദലേറിനെ
വിളിച്ചുകൊണ്ടു് പാരീസിലെ <ref target="https://en.wikipedia.org/wiki/Louvre">ലൂവ്ര</ref> (Louvre) മ്യൂസിയത്തിൽ
ചെന്നു. അവിടെയുള്ള ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചിട്ടു് അവൾ കവിയോടു ചോദിച്ചു. ആ അസഭ്യതയൊക്കെ
എങ്ങനെ ആളുകളെ കാണിക്കുന്നുവെന്നു്.
</p>
        </div>
        <!--end of "section 0.0/1.7"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1991-01-13. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 6, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>
 JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.or.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1991-01-13.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1991-01-13.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
