<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>LJ Anjana</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">October 5, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1991-01-27</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1991-01-27</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1991-01-27-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
</p>
        <figure rend="fright" type="gra">
          <graphic url="images/Gshankarakurup.jpg" rendition="gra"/>
          <figDesc style="thumb">ജി. ശങ്കരക്കുറുപ്പു്</figDesc>
        </figure>
        <p> പച്ചനിറമാർന്ന സ്ഫടികമൂടുപടത്തിലൂടെതന്നെ നോക്കി പുഞ്ചിരിപൊഴിക്കുന്ന കൊച്ചുസുന്ദരി—
വിദ്യുച്ഛക്തികൊണ്ടു കത്തുന്ന റ്റെയ്ബിൾ ലാംപ്—ചാരിത്രശാലിനിയാണെന്നു മഹാകവി <ref target="https://ml.wikipedia.org/wiki/G._Sankara_Kurup">ജി. ശങ്കരക്കുറുപ്പു്</ref>
ഒരിക്കലെഴുതിയതായി എനിക്കു് ഓർമ്മയുണ്ടു്. തൊട്ടാൽ, തൊടുന്നവനെ അവൾ ഭസ്മമാക്കിക്കളയും. നമുക്കു്
ഉപകാരം ചെയ്യുന്ന, നമ്മളോടു സൗജന്യമാധുര്യം കാണിക്കുന്ന അചേതനവസ്തുക്കളോടും കരുതലോടെ വേണം
നമ്മൾ പെരുമാറാൻ. വർഷങ്ങൾക്കുമുമ്പു് ഒരു വനമദ്ധ്യത്തിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ ഒരു ഭാഗത്തുള്ള
അത്യഗാധതയിലേക്കു ഡ്രൈവർ നോക്കിയപ്പോൾ “ഡ്രൈവർ അങ്ങോട്ടുനോക്കരുതു്. മുൻപോട്ടു മാത്രമേ
നോക്കാവൂ” എന്നു് കാറിലുണ്ടായിരുന്ന ഒരാൾ നിർദ്ദേശിച്ചതു ഞാൻ കേട്ടു. ശരിയാണു്. നമ്മുടെ ഇച്ഛയ്ക്കനുസരിച്ചു്
കാറ് എങ്ങോട്ടു വേണമെങ്കിലും ഓടിക്കാം. പക്ഷേ, അതിനെ നിയന്ത്രിച്ചില്ലെങ്കിൽ മരണം സംഭവിക്കും. നമ്മൾ
വാഹനത്തെ നിയന്ത്രിക്കുന്നതുപോലെ അതും നമ്മളോടു ആത്മനിയന്ത്രണം പാലിക്കാൻ ആവശ്യപ്പെടുന്നു.
മൂകമായ ആ ഭാഷ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ പിന്നെ കാണില്ല ഈ ലോകത്തു്. സ്വിച്ച് ഇട്ടാൽ റ്റെയ്ബിൾ ഫാൻ
കറങ്ങും. തെല്ലകലെയിരുന്നാൽ സുഖപ്രദമായ കാറ്റു് അതു പ്രദാനം ചെയ്യും. എന്നാൽ നനഞ്ഞ തലമുടി
ഉണക്കാനായി അതിനു തൊട്ടടുത്തു് ഇരുന്നാൽ? അങ്ങനെ ഇരുന്ന എത്രയെത്ര സ്ത്രീകളെയാണു് അതു
തലമുടിയിൽ പിടിച്ചുവലിച്ചു് അകത്താക്കി കാലനൂർക്കു് അയച്ചിട്ടുള്ളതു്. അചേതനവസ്തുക്കളും നമ്മളെ ഭരിക്കുന്നു.
പക്ഷേ, സാഹിത്യകൃതികളോടു നമുക്കു് എന്തുമാകാം. അവയെ പീഡിപ്പിക്കാം, ദണ്ഡിക്കാം. ഒരക്ഷരംപോലും
അതു് എതിർത്തു പറയുകയില്ല. തെളിവു വെണമെങ്കിൽ ശ്രീ. <ref target="https://ml.wikipedia.org/wiki/M._P._Sankunni_Nair">എം. പി.
ശങ്കുണ്ണിനായർ</ref> എഴുതിയ “ഛത്രവും ചാമരവും” എന്ന പുസ്തകം വായിച്ചു നോക്കിയാൽ മതി. മനുഷ്യരെ
നിമിഷം തോറും ഉന്നമിപ്പിച്ചുകൊണ്ടിരിക്കുന്ന <ref target="https://ml.wikipedia.org/wiki/��������">കാളിദാസ</ref> ന്റെ <ref target="https://ml.wikipedia.org/wiki/Meghadutam">മേഘസന്ദേശാ</ref>
ദികാവ്യങ്ങളെയും അദ്ദേഹത്തിന്റെ മനോജ്ഞങ്ങളായ നാടകങ്ങളെയും ശങ്കുണ്ണിനായർ ഇടിക്കുന്നു. ചവിട്ടുന്നു.
പീഡിപ്പിക്കുന്നു. ദണ്ഡിക്കുന്നു. ഹേമിക്കുന്നു. (വലിയ അർത്ഥവ്യത്യാസമില്ല ഈ ക്രിയാരൂപങ്ങൾക്കു്. ഞാനങ്ങ്
എഴുതിയെന്നേയുള്ളൂ.) ഞാനിങ്ങനെ പറഞ്ഞതുകൊണ്ടു് ഗ്രന്ഥകാരൻ കാളിദാസകവിതയെ കുറ്റം
പറയുകയാണെന്നു കരുതരുതു്. അദ്ദേഹം അതിനെ ലാളിക്കുകയും പ്രശംസിക്കുകയും നെഞ്ചോടു ചേർക്കുകയും
തന്നെയാണു് ചെയ്യുന്നതു്. പക്ഷേ, ചിലരുടെ ലാളിക്കലും പ്രശംസിക്കലും ക്രൂരമാകാറുണ്ടല്ലോ. കുഞ്ഞിനോടുള്ള
സ്നേഹം കാണിക്കാൻ അതിനെയെടുത്തു പൊക്കിയെറിയുക; താഴോട്ടുവരുമ്പോൾ പിടിക്കുക ഇതൊക്കെ ചില
സംസ്ക്കാരരഹിതരുടെ പ്രവർത്തനങ്ങളാണല്ലോ. ചിലപ്പോൾ കൈപ്പിഴ സംഭവിച്ചാൽ കുഞ്ഞു് താഴെവന്നുവീണു
ചിതറിമരിക്കും. സംസ്ക്കാര സമ്പന്നരായി പകൽ സമയത്തു് ഇരിക്കുന്നവർ രാത്രികാലത്തു് കൈമെയ്മറന്നു്
പ്രിയതമയെ നഖക്ഷതമേല്പിച്ചുകളയും. കടിച്ചുമുറിക്കുകയും ചെയ്യും. സ്നേഹമില്ലെന്നു പറയാമോ? വയ്യ. എങ്കിലും
നൃശംസതയാണു് താനും. കടിക്കുന്ന പല്ലുകൾ സമമായിരിക്കണം, യുക്തപ്രമാണമായിരിക്കണം,
ഛിദ്രരഹിതമായിരിക്കണം, തീക്ഷ്ണാഗ്രമായിരിക്കണം എന്നൊക്കെയാണു് <ref target="https://ml.wikipedia.org/wiki/V%C4%81tsy%C4%81yana">വാത്സ്യായന</ref>
മഹർഷി പറഞ്ഞതു്. പക്ഷേ, മുറിഞ്ഞപാടുകൾ നോക്കിയിട്ടു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞതു് പരുഷങ്ങളും
വിഷമങ്ങളും ആയ പല്ലുകൾകൊണ്ടു് കാളിദാസകവിതയെ കടിച്ചു എന്നാണു്. (സമാഃസ്നിഗ്ദ്ധച്ഛായാ… എന്നു
തുടങ്ങുന്നതും കുണ്ഠാ… എന്നാരംഭിക്കുന്നതും ആയ വാത്സ്യായനപ്രസ്താവങ്ങൾ നോക്കുക)
</p>
        <p>ഒരു പുസ്തകമെഴുതിപ്പോയതിനു് ഇത്രവളരെ ശകാരിക്കേണ്ടതുണ്ടോ എന്നു് ചിലരെങ്കിലും ചോദിച്ചേക്കും. ആ
ചോദ്യത്തിനു് ഉത്തരമായി ഇതിലെ ചില ഭാഗങ്ങൾ കാണിക്കട്ടെ. തുടക്കത്തിൽത്തന്നെ ശങ്കുണ്ണിനായർ പറയുന്നു:
“താരുണ്യം അപോഢമായപ്പോഴാകട്ടെ, ഭംഗികളാലും ഭാവസ്ഥിരങ്ങളായ പൂർവ്വസ്മൃതികളെ
ഉണർത്തുന്നതിനാലും അവയ്ക്കു പ്രാധാന്യം സിദ്ധിച്ചു.” (പുറം 1) എന്താണു് അപോഢമെന്നു വായനക്കാർ
ചോദിക്കുന്നുണ്ടാവും. നിഘണ്ടു കൈവശമുണ്ടെങ്കിൽ നോക്കിക്കൊള്ളുക. നോക്കിപ്പറയാൻ എന്റെ വീട്ടിൽ
നിഘണ്ടുവില്ല. ആ വാക്യം ഒന്നുകൂടി നോക്കുക. സമുച്ചയം എങ്ങനെയിരിക്കുന്നു? “ഭംഗികളാലും
ഉണർത്തുന്നതിനാലും” ഇങ്ങനെ വിഭിന്നരൂപങ്ങളെ സമുച്ചയിക്കാൻ സംസ്കൃതമറിയുന്നവർക്കല്ലേ കഴിയൂ.
</p>
        <p>ഇനി 201-ാം പുറമെടുത്താലും ഇതാ: “ദുഷ്ഷന്തൻ ശകുന്തളയെ ഓർക്കുന്നില്ല എന്നു മാത്രമല്ല,
കണ്വാശ്രമത്തിൽ പഞ്ചനക്ഷത്രഹോട്ടലിലെന്നപോലെ നിവസിച്ചതിനെപ്പറ്റിയോ ഗൗതമീ
പ്രിയംവദാദികളെപ്പറ്റിയോ യാതൊന്നും ഓർക്കുന്നില്ല. എല്ലാം തന്നെ സ്ഥഗിതവും പിഹിതവുമായി. മറന്നതു
ശകുന്തളയെ മാത്രമല്ല; കണ്വാശ്രമത്തിൻമേൽ അപ്പാടെ ഒരു മേചകധൂമിക വീണിരിക്കയാണു്. എന്നാൽ മുഴുത്ത
ബ്ലേക്കൗട്ടല്ല.”
</p>
        <p>241-ാം പുറമെടുക്കാം. “ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ പ്രതിദിനമൊരു വർണ്ണം വീതമായെണ്ണണം
നീ” എന്നു ദുഷ്ഷന്തൻ ശകുന്തളയോടു പറഞ്ഞിട്ടുപോയതാണു സന്ദർഭം. ഗ്രന്ഥകാരൻ എഴുതുന്നു: “കിണ്ണം,
കിണ്ടി, അത്താണി, സോഫ മുതലായതിന്മേലും പൊട്ടക്കഥാപുസ്തകങ്ങളുടെ ഉൾച്ചട്ടമേലും മറ്റും ലോലാക്ഷിവക,
മണി എന്ന കുട്ടപ്പൻ വക എന്നിങ്ങനെ മൂഢാത്മാക്കൾ എഴുതിവയ്ക്കുന്നപോലെ, പാലത്തിന്മേൽ
ചട്ടമ്പിരാഷ്ട്രീയക്കാരൻ ‘എക്സ്’ വക, പൊൻകോപ്പമേൽ ഉദ്യോഗസ്ഥനീചൻ ‘വൈ’വക എന്നും മറ്റും
അടയാളപ്പെടുത്തുന്നപോലെ, മോതിരത്തിൽ ദുഷ്ഷന്തന്റെ വക എന്നു കൊത്തിയിരുന്നു എന്നർത്ഥം.”
എങ്ങനെയിരിക്കുന്നു?
</p>
        <p><ref target="https://en.wikipedia.org/wiki/Rudyard_Kipling">Rudyard
Kipling</ref> എന്ന പടിഞ്ഞാറൻ സാഹിത്യകാരനെ രുദ്രട കപിലിംഗൻ എന്നാണു ശങ്കുണ്ണിനായർ
വിളിക്കുന്നതു്. (പുറം 246) ശങ്കുണ്ണിനായരുടേയും നമ്മുടെയും ഭാഗ്യം. കിപ്ളിങ്ങ് 1936-ൽ മരിച്ചുപോയി. ഇല്ലെങ്കിൽ
എന്റെ ലിംഗം കപിയുടേതു പോലാണോ എന്നു സായ്പ് ഇവിടെ വന്നു ചോദിച്ചേനേ.
</p>
        <p>ശിഖണ്ഡി പ്രായമായ ഈ ശൈലിയെ വിട്ടിട്ടു് ആശയസാമ്രാജ്യത്തിലേക്കു പോയാലോ?
കാളിദാസകവിതയിലേക്കു വെളിച്ചം വീശുന്ന ഒന്നും എനിക്കു കാണാൻ കഴിഞ്ഞില്ല. കാമാർത്തന്മാർ ചിലപ്പോൾ
പ്രണയിനിയെ കടിക്കുന്നതു വരാഹം കടിക്കുന്നതുപോലെയാണെന്നു വാത്സ്യായനൻ പറഞ്ഞിട്ടുണ്ടു്.
കാളിദാസന്റെ സുന്ദരിയായ കവിതാംഗനയുടെ മൃദുലമായ കവിൾത്തടത്തിൽ ഏല്പിച്ച വരാഹദംശനമാണു് ഈ
ഗ്രന്ഥം. ഇതിനു സാഹിത്യ അക്കാഡമിയുടെ സമ്മാനം ലഭിച്ചതിൽ എനിക്കത്ഭുതമില്ല. പക്ഷേ, ഉത്ക്കൃഷ്ടങ്ങളായ
ഗ്രന്ഥങ്ങൾ മാത്രം പ്രസാധനം ചെയ്യുന്ന മാതൃഭൂമി പ്രസാധകർ ഇതു് അച്ചടിച്ചു വിട്ടതിൽ എനിക്കു വലിയ
അദ്ഭുതമുണ്ടു്.
</p>
        <div type="lsection" xml:id="sec1.1">
          <head type="lsechead">കല ഏതു്?</head>
          <figure rend="fleft" type="gra">
            <graphic url="images/AnaisNin.jpg" rendition="gra"/>
            <figDesc style="thumb">അനൈസ് നീൻ</figDesc>
          </figure>
          <p style="noindent"> ഏതാണ്ടു് ഇരുപത്തഞ്ചുകൊല്ലം മുൻപു് <ref target="https://en.wikipedia.org/wiki/Ana%C3%AFs_Nin">അനൈസ് നീനി</ref>
ന്റെ അശ്ലീലരചനകൾ—<ref target="https://en.wikipedia.org/wiki/Delta_of_Venus">Delta of Venus</ref>, <ref target="https://en.wikipedia.org/wiki/Little_Birds">Little Birds</ref>—എന്തൊരു
ആർത്തിയോടെയാണു ഞാൻ ഉറക്കമിളച്ചിരുന്നു വായിച്ചതു്. ഇന്നു് അവ വീണ്ടുമെടുത്തു വായിക്കുമ്പോൾ എനിക്കു
വല്ലാത്ത മടുപ്പു് ഉണ്ടാകുന്നു. ഒരു പ്രായത്തിലേ അശ്ലീലരചന വായനക്കാരനെ ആഹ്ലാദിപ്പിക്കൂ.
അതുപോലെയാണു സ്ത്രീയുടെ ലൈംഗികാകർഷകത്വവും. ഒരു പ്രായം കഴിഞ്ഞാൽ പുരുഷനു് അതു
ഉദ്ദീപകമാവുകയില്ല. <ref target="https://ml.wikipedia.org/wiki/Vallathol_Narayana_Menon">വള്ളത്തോളി</ref>
ന്റെ ‘വിലാസലതിക’യെ ഞാനിന്നു ദൂരെയെറിയുന്നു. പഠിക്കുന്നകാലത്തു് അതു നെഞ്ചിലമർത്തി കിടന്നിട്ടുണ്ടു്
ഞാൻ. സാഹിത്യസൃഷ്ടികളുടെ പാരായണവും ഇതിനു സദൃശമത്രേ. യൗവനകാലത്തെന്നപോലെ <ref target="https://ml.wikipedia.org/wiki/Changampuzha_Krishna_Pillai">ചങ്ങമ്പുഴ</ref>
ക്കവിത ഇന്നു ആഹ്ലാദദായകമല്ല എനിക്കു്. അല്ലെങ്കിൽ കാമാവിഷ്ക്കാരത്തെയും സൗന്ദര്യം ആവരണം
ചെയ്തിരിക്കണം. ഇന്നു ‘<ref target="https://ml.wikipedia.org/wiki/Ramanan_(play_in_verse)">രമണൻ</ref>’
വായിക്കാതെ ഞാൻ ‘<ref target="https://ml.wikisource.org/wiki/Prarodanam">പ്രരോദനം</ref>’ വായിക്കുന്നു.
</p>
          <p>പ്രായം വരുത്തിയ ഈ പരിപാകമാണോ ശ്രീ. പാങ്ങിൽ ഭാസ്ക്കരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ
“ചൗക്കിദാർ” എന്ന കഥയെ അഗണ്യകോടിയിൽ തള്ളാൻ എന്നെ പ്രേരിപ്പിക്കുന്നതു്? ബ്യൂറോക്രസിയുടെ
ക്രൂരതയെ ‘പശ്ചാത്തല’മാക്കിക്കൊണ്ടു് ഒരു പാവത്തിന്റെ കഥ പറയുന്നു ഭാസ്കരൻ. അയാൾ ആദ്യമായി
ചൗക്കിദാർ ജോലിയിൽ പ്രവേശിക്കുന്നു. അന്നു തന്നെ അയാൾക്കു വേണ്ടപ്പെട്ട ഒരു കുഞ്ഞു് പാമ്പുകടിയേറ്റു
മരിച്ചെന്നു ടെലിഫോണിൽക്കൂടി അറിയുന്നു. ഉദ്യോഗസ്ഥ മേധാവിത്വം അയാളെ അവിടെ നിന്നുവിടില്ല. അങ്ങനെ
തകർന്നു നില്ക്കുന്നു പുതിയ ചൗക്കിദാർ. വായനക്കാരന്റെ കണ്ണീർ കരുതിക്കൂട്ടി ചാടിക്കണമെന്ന ലക്ഷ്യത്തോടുകൂടി
രചിക്കപ്പെട്ടതും അതിഭാവുകത്വത്തോളം എത്തിനില്ക്കുന്നതുമായ ഇക്കഥയുടെ സർവസാധാരണത്വമാകാം എന്നെ
ആഹ്ലാദരാഹിത്യത്തിലേക്കു് എത്തിച്ചതു്. അതല്ല, സർവസാധാരണത്വം ആഹ്ലാദദായകമാകണമെന്നുണ്ടെങ്കിൽ
രചയിതാവു് ജന്മനാ കലാകാരനായിരിക്കണം.
</p>
          <figure rend="fright" type="gra">
            <graphic url="images/RaymondCarver.jpg" rendition="gra"/>
            <figDesc style="thumb">Raymond Carver</figDesc>
          </figure>
          <p> ‘ഗ്രെയ്റ്റ് റൈറ്റർ’ എന്നു് നിരൂപകരാൽ വാഴ്ത്തപ്പെടുന്ന കാർവർ (<ref target="https://en.wikipedia.org/wiki/Raymond_Carver">Raymond Carver</ref>,
1938–1988) ‘ലെമണേഡ്’ എന്നൊരു ഗദ്യകവിത എഴുതിയിട്ടുണ്ടു്. (A New Path To The Waterfall, Last Poems,
Collins Harvill—1990, £5=95, Lemonade 141-ാം പുറത്തു്) ബുക്ക് കെയ്സുകൾ നിർമ്മിക്കാനായി ചുവരുകളുടെ
അളവെടുക്കാൻ ജിം എന്റെ വീട്ടിൽ വന്നപ്പോൾ അയാളുടെ ഒരേയൊരു കുഞ്ഞു് വെള്ളം പൊങ്ങിയ നദിയിൽ
വീണു മരിക്കുമെന്നു ഞാനറിഞ്ഞതേയില്ല. ആറുമാസത്തിനുശേഷം ബുക്ക്കെയ്സുകൾ ജിമ്മിന്റെ അച്ഛൻ
കൊണ്ടുവന്നു. മകനു വേണ്ടി അച്ഛൻ എന്റെ വീടു് ചായമടിക്കാൻ തയ്യാറായി. “ജിം എങ്ങനെ”യെന്നു ഞാൻ
ചോദിച്ചപ്പോൾ കഴിഞ്ഞ വസന്തത്തിൽ മകൻ നഷ്ടപ്പെട്ടുപോയ അവനു ദുഃഖത്തിൽ നിന്നു കരയേറാൻ
കഴിഞ്ഞിട്ടില്ലെന്നാണു് അയാൾ പറഞ്ഞതു്. ചെറിയതോതിൽ മാനസികഭ്രംശവും അവനു് ഉണ്ടെന്നു് തോന്നുന്നു.
ഈശ്വരൻ ഓമനത്തമുള്ളവയെയാണു് കൊണ്ടുപോകുന്നതു് അല്ലേ? ജിമ്മിന്റെ ഭാര്യ അയാളെ പതിമ്മൂന്നു
വിദേശരാജ്യങ്ങളിൽ കൊണ്ടുപോയി നോക്കി. പാർക്കിൻസൺ രോഗവുമായിട്ടാണു് അയാൾ തിരിച്ചെത്തിയതു്.”
</p>
          <p>ലെമണേഡ് ഉണ്ടാക്കാൻ ലെമൺ വാങ്ങാനാണു് ജിം മകനെ അയച്ചതു്. അവൻ നദിയിൽ വീണു
മരിക്കുകയും ചെയ്തു. ഇനി മകന്റെ മൃതദേഹം നദിയിൽ നിന്നു പൊക്കിയെടുക്കുന്നതു് അച്ഛൻ
മനക്കണ്ണുകൊണ്ടുകാണുന്നതിന്റെ വർണ്ണനമാണു്. തർജ്ജമ കലാഹിംസയാകുമെന്നതുകൊണ്ടു്
ഇംഗ്ലീഷിൽത്തന്നെ അതിവിടെ കൊടുക്കട്ടെ.</p>
          <quote>
“His arms are stretched out from his sides, and drops of water fly out from him. He passes overhead once
more, closer now, and then returns a minute later to be deposited, ever so gently down, directly at the feet
of his father. A man who, having seen everthing now-his dead son rise from the river in the grip of metal
pinchers and turn and turn in circles flying above the tree line-would like nothing more now than just to
die.”

</quote>
          <!--end of "quote"-->
          <p>ആവിഷ്കരണശക്തികൊണ്ടു് ഒരു കുട്ടിയുടെ മരണം ഗ്രീക്ക് ട്രാജഡിയുടെ മഹത്ത്വം ആവഹിക്കുന്നു. (പാങ്ങിൽ
ഭാസ്കരനു കാർവറുടെ പ്രതിഭയില്ലെന്നല്ല ഞാൻ പറയുന്നതു്. കലയേതു് കലയല്ലാത്തതേതു് എന്നു
വ്യക്തമാക്കുകയാണു്.)
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">ചോദ്യം, ഉത്തരം</head>
          <p style="hang"><hi rend="bold">ചോദ്യം:</hi>  പണത്തിനുവേണ്ടിയല്ലേ നിങ്ങൾ
ഇങ്ങനെ എഴുതുന്നതു്? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  ഞാൻ എഴുതുന്നതിൽ
വിശ്വസിക്കുന്നില്ല. പണം ആവശ്യമുള്ളപ്പോൾ മാത്രമേ ഞാൻ എഴുതാറുള്ളൂ. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  നിങ്ങൾ ബ്യൂട്ടിപാർലറിൽ
പോകാത്തതെന്തു്? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  കാലം വരുത്തുന്ന മാറ്റങ്ങൾക്കു ഒരു
ബ്യൂട്ടിപാർലറിനും ഒന്നും ചെയ്യാനാവില്ല. പുരുഷന്മാരെക്കാൾ സ്ത്രീകളാണു് ഇതു കൂടുതൽ മനസ്സിലാക്കേണ്ടതു്.
</p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  തനിക്കു് എങ്ങനെ മരിക്കണം?
നക്സലൈറ്റുകൾ കഴുത്തറുത്തു ചാകണോ? സാഹിത്യകാരന്മാർ തല്ലികൊല്ലണോ? അതോ തീവണ്ടിയുടെ
മുൻപിൽ ചാടിമരിക്കണോ? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  എനിക്കു ഒരു രാഷ്ട്രീയ ചിന്തയുമില്ല.
അതുകൊണ്ടു് വിപ്ലവകാരികൾക്കു് എന്നോടു ശത്രുതയില്ല. സാഹിത്യസൃഷ്ടികളുടെ നന്മതിന്മകൾ മാത്രം
എടുത്തുകാണിക്കുന്ന എന്നോടു് സാഹിത്യകാരന്മാർക്കു വിരോധമുണ്ടാകേണ്ടതില്ല. ആത്മഹത്യ
ചെയ്യത്തക്കവിധത്തിൽ ഇന്നുവരെ ഒരു ദൗർഭാഗ്യവും എനിക്കു് ഉണ്ടായിട്ടില്ല. പിന്നെ ഭൂരിപക്ഷമാളുകളും
മരിക്കുന്നതു ഡോക്ടറുടെ സഹായത്തോടെയാണു്. ഏതെങ്കിലുമൊരു ഡോക്ടറുടെ സഹായത്തോടെ
മരിക്കാനാണു് എനിക്കു താൽപ്പര്യം. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  നിങ്ങൾ <ref target="https://en.wikipedia.org/wiki/The_Joy_of_Sex">The Joy of Sex</ref>
പുസ്തകം വായിച്ചിട്ടുണ്ടോ? എന്താണു് അഭിപ്രായം? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  അഞ്ഞൂറുരൂപയാണു് അതിന്റെ വില.
എങ്കിലും വായിച്ചു. ഇത്തരം പുസ്തകങ്ങൾ ആളുകളെ ഇളക്കാനുള്ളവയാണു്. അവയിൽ പറഞ്ഞിരിക്കുന്ന
കാര്യങ്ങളും ടെക്നിക്കുകളും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നാൽ ഗ്രന്ഥപാരായണം കൊണ്ടുണ്ടാകുന്ന ആഹ്ലാദം
അതിൽ നിന്നു ജനിക്കില്ല. പാരായണം വികാരമിളക്കി വിടും. യാഥാർത്ഥ്യത്തിനു് അത്രത്തോളം വികാരമിളക്കി
വിടാനുള്ള ശക്തിയില്ല. സത്യമറിയാൻ വേണ്ടി ഒരു സെക്സ് ബുക്കും വായിക്കേണ്ടതില്ല. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  ശകുന്തള പോയപ്പോൾ കണ്വൻ
അത്രയ്ക്കു വിഷാദിച്ചതു് വെറും സെന്റിമെന്റലിസമല്ലേ? </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  കണ്വന്റെ ആശ്രമത്തിൽ എത്ര മുറികൾ
ഉണ്ടായിരുന്നെന്നു് എനിക്കറിഞ്ഞുകൂടാ. ശകുന്തളപോയപ്പോൾ ഒരു മുറികൂടി മരവുരിവയ്ക്കാൻ കിട്ടിയല്ലോ എന്നു
വിചാരിച്ചു് അദ്ദേഹം ആഹ്ലാദിച്ചിരിക്കും. ഇക്കാലത്തു് ഒരു പെണ്ണു വിവാഹം കഴിഞ്ഞു ഭർത്താവിനോടൊത്തു
പോകുമ്പോൾ തന്തവിചാരിക്കും ഭാഗ്യം. ഒരു മണിക്കൂർ നേരത്തെ ടെലിഫോൺ സംഭാഷണം ഇനി ഉണ്ടാവില്ല.
ശേഷമുള്ള പെൺപിള്ളേരെക്കൂടി അയച്ചാൽ ടെലിഫോണിനു കംപ്ലീറ്റ് റെസ്റ്റ്.’ കണ്വന്റെ കാലത്തു
ടെലിഫോൺ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം വിചാരിക്കും ‘ഭാഗ്യം. ശകുന്തള ഒരു മണിക്കൂർ നേരം
ടെലിഫോണിൽ സംസാരിക്കുന്നതു് അവസാനിച്ചു. ഇനി പ്രിയംവദയെയും അനസൂയയെയുംകൂടി
പറഞ്ഞയയ്ക്കണം. അപ്പോൾ ആകെ രണ്ടുമണിക്കൂർ സംഭാഷണം ലാഭിക്കും. </p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">നിശ്ശബ്ദത</head>
          <figure rend="fleft" type="gra">
            <graphic url="images/Pkunhiramannair.jpg" rendition="gra"/>
            <figDesc style="thumb">പി. കുഞ്ഞിരാമൻ നായർ</figDesc>
          </figure>
          <p style="noindent"><ref target="https://ml.wikipedia.org/wiki/P._Kunhiraman_Nair">പി. കുഞ്ഞിരാമൻ
നായരു</ref> ടെ ‘മലനാടൻ മങ്കമാർ’ എന്ന കാവ്യം ഓർമ്മയില്ലേ? ക്ഷേത്രത്തിന്റെ മുൻപിൽ
ഇടിഞ്ഞുപൊളിഞ്ഞ തൂണുകളിൽ രണ്ടു് അദ്ഭുതസ്ത്രീരൂപങ്ങൾ. അവരോടു കവി ചോദിച്ചു: ആമ്പൽപ്പൂ പൂത്തുനില്ക്കുന്ന
പാടവും പറമ്പും കടന്നു നിങ്ങൾ ഭജനത്തിനു വന്നവരാണോ? അവർ പിറന്നതിനുശേഷം ആഴിയിൽ എത്രകോടി
നീർക്കുമിള നീറടിഞ്ഞു? നീലവാനിലെത്ര കന്നിപ്പൂനിലാക്കളികഴിഞ്ഞു? തേനൂറുന്ന പൂക്കൾ എത്രയെണ്ണം
മൺമറഞ്ഞു? ഇത്രയും കാലം നൃത്തമാടി കാൽകഴച്ചു നില്ക്കുകയാണോ? ഇത്രയും കാലും പാട്ടുപാടി മെയ്തളർന്നു
നില്ക്കുകയാണോ? കവിയുടെ ഈ ചോദ്യങ്ങൾക്കു മറുപടി നിശ്ശബ്ദത മാത്രം. അതു പ്രകൃതിയുടെ നിശ്ശബ്ദതയല്ലേ?
<ref target="https://ml.wikipedia.org/wiki/Alexander_the_Great">അലക്സാണ്ടർ</ref>
ശബ്ദിച്ചു. <ref target="https://ml.wikipedia.org/wiki/Napoleone_Buonaparte">നെപ്പോളിയൻ</ref>
ശബ്ദിച്ചു. <ref target="https://ml.wikipedia.org/wiki/Adolf_Hitler">ഹിറ്റ്ലർ</ref>
ശബ്ദിച്ചു. പ്രകൃതി അവരെ മണ്ടന്മാരായിക്കണ്ടു് നിശ്ശബ്ദയായിനിന്നു. പ്രകൃതിയുടെ അജ്ഞാതവും
അജ്ഞേയവുമായ ഈ നിശ്ശബ്ദതയാണു് സാഹിത്യത്തിനു ജീവൻ നല്കുന്നതു്. മുഖരമായ അന്തരീക്ഷത്തിൽ <ref target="https://en.wikipedia.org/wiki/Oedipus">ഈഡിപ്പസ്</ref> രാജാവു് വിഹരിച്ചു.
ഒടുവിൽ അയാൾ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു് അപ്രത്യക്ഷനായി. അപ്പോൾ അവിടെ പരന്ന നിശ്ശബ്ദതയാണു്
യഥാർത്ഥത്തിൽ സത്യമെന്തെന്നു് ഉദ്ഘോഷിച്ചതു്. വേലുത്തമ്പി മണ്ണടിക്ഷേത്രത്തിൽ വീണുകഴിഞ്ഞതിനുശേഷം
എല്ലാം നിശ്ശബ്ദം. പക്ഷേ, ആ നിശ്ശബ്ദതയാണു് സത്യമെന്തെന്നു വിളംബരം ചെയ്തതു്. The rest is silence എന്നു
കവി പറഞ്ഞതും ഇതുദ്ദേശിച്ചാണു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Vrsudheesh.jpg" rendition="gra"/>
            <figDesc style="thumb">വി. ആർ. സുധീഷ്</figDesc>
          </figure>
          <p> നിശ്ശബ്ദതയാണു് ശ്രീ. <ref target="https://ml.wikipedia.org/wiki/V.R.Sudhish">വി. ആർ. സുധീഷി</ref> ന്റെ
“കളിമൺ പ്രതിമ”കളുടെ മുദ്ര. പെറ്റിട്ടകുഞ്ഞിനെ ഉപേക്ഷിച്ചിട്ടു് അതിന്റെ അമ്മ അപ്രത്യക്ഷയായി. ആരോ
രണ്ടുപേർ അവനെയെടുത്തു വളർത്തി. അവന്റെ ഭൂതകാലം നിശ്ശബ്ദം. അവൻ സഹായിക്കുന്ന സ്റ്റേഷൻമാസ്റ്ററെ
കാണാൻ ഒരു സ്ത്രീ എല്ലാ ശനിയാഴ്ചയും എത്തുന്നു. അവളെന്തിനുവരുന്നു? അറിഞ്ഞുകൂടാ. നിശ്ശബ്ദത തന്നെ
അവിടെയും. തീവണ്ടിയിൽ സഞ്ചരിക്കുന്ന വേറൊരു സ്ത്രീ അവനെ ഉറ്റുനോക്കുന്നു. അമ്മയാണോ അവൾ എന്നു്
അവനു സംശയം. അതു പരിഹരിക്കാൻ അവൾ സംസാരിക്കേണ്ടേ? അതുണ്ടാകുന്നില്ല. ശനിയാഴ്ച
എത്തിക്കൊണ്ടിരുന്ന സ്ത്രീ ഒരു ദിവസം അപ്രത്യക്ഷയായി. രണ്ടുപേരും നിശ്ശബ്ദതയുടെ പ്രതീകങ്ങൾ.
ശനിയാഴ്ചതോറും വന്നുകൊണ്ടിരുന്ന സ്ത്രീ അവനോടു യാത്രപറഞ്ഞുപോകുമ്പോൾ തീവണ്ടിയിലിരുന്നു് ആരോ
അവന്റെ നേർക്കു കൈകൾ വീശി. അവ അവളുടെ കൈകളോ അതോ മറ്റാരുടേതെങ്കിലുമോ? ആവോ. എങ്ങും
നിശ്ശബ്ദത. അവൻ അതിന്റെ സാന്ദ്രത വർദ്ധിപ്പിച്ചുകൊണ്ടു് അനങ്ങാതെ നില്ക്കുമ്പോൾ കഥ പര്യവസാനത്തിൽ
എത്തുന്നു. ഈ മൂകതയിൽ നിന്നു നമ്മൾ പലതും ഗ്രഹിക്കുന്നു എന്നതാണു് ഇക്കഥയുടെ സവിശേഷത.
പ്രകൃതിയുടെ വലിയ നിശ്ശബ്ദതയുടെ സൂക്ഷ്മസ്വഭാവമാർന്നു നില്ക്കുന്നതു കഥയിലെ നിശ്ശബ്ദത. എനിക്കിഷ്ടമായി
സുധീഷിന്റെ ഇക്കഥ.
</p>
          <figure rend="fright" type="gra">
            <graphic url="images/BorisZizibabin.jpg" rendition="gra"/>
            <figDesc style="thumb">Boris Chichibabin</figDesc>
          </figure>
          <p> ഇത്രയും എഴുതിക്കഴിഞ്ഞു് ആലസ്യത്തോടെ Soviet Literature (1990) എന്ന മാസിക തുറന്നു
നോക്കിയപ്പോൾ കാർകോഫിൽ താമസിക്കുന്ന യൂക്രേനീയൻ കവി <ref target="https://en.wikipedia.org/wiki/Boris_Chichibabin">Boris
Chichibabin</ref> എഴുതിയ ഒരു മനോഹരമായ കവിത കണ്ടു. അതും നിശ്ശബ്ദതയെ വാഴ്ത്തുന്നു.</p>
          <lg>
            <l> I would have gone away, not arguing with any one</l>
            <l> so as rather than listening to drunken talk</l>
            <l> to sit by the shore with a wire book and hug you.</l>
            <l> so that the trees would rear up and rustle</l>
            <l> and the stream sing joyfully to its echo,</l>
            <l> and Tolstoy and Dickens would whisper together</l>
            <l> like brothers with plenty of time</l>
            <l> I am not seeking to take part in any way,</l>
            <l> I need nothing from the stars,</l>
            <l> I just ask fate for a little while</l>
            <l> for some silence and harmony. </l>
          </lg>
          <!--end of "verse"-->
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">വന്നുകയറുന്നയാൾ</head>
          <p style="noindent">അന്യോന്യം സ്നേഹിക്കുന്നവർ ഒരുമിച്ചിരുന്നു വർത്തമാനം പറഞ്ഞിരിക്കുമ്പോൾ
അവർക്കു് ഇഷ്ടമില്ലാത്ത ഒരാൾ അവിടേക്കു കയറിവന്നു് അവരുടെ ഇടയിൽ ഇരുപ്പുറപ്പിച്ചു് വാതോരാതെ
സംസാരിച്ചാൽ എന്തു തോന്നും സ്നേഹിതന്മാർക്കു്? ‘നാശം വന്നു കയറിയിരിക്കുന്നു’ എന്നു് അവർ മനസ്സിൽ
പറയും. ഇയാൾ ഇറങ്ങിപ്പോയെങ്കിൽ എന്നു് ഓരോ ആളും ആഗ്രഹിക്കുകയും ചെയ്യും. പക്ഷേ, വന്നുകയറുന്നവൻ
അതു മനസ്സിലാക്കിയാലും പോവുകില്ല. അവരുടെ അന്യോന്യബന്ധത്തിൽ അയാൾ വിഷംകലക്കി
അവിടെത്തന്നെയിരിക്കും. സായാഹ്നത്തിലാണു് സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയതെന്നു വിചാരിക്കൂ. ആ
സായാഹ്നം മാത്രമല്ല അയാൾ ഇല്ലാതാക്കുന്നതു്. അന്നത്തെ അവരുടെ ഉറക്കവും അയാൾ നശിപ്പിക്കും. എനിക്കു്
ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ടു്. നിത്യജീവിതത്തിൽ മാത്രമല്ല സാഹിത്യത്തിലും നല്ല കഥകളും നല്ല
കവിതകളും ഇംഗ്ലീഷ് പുസ്തകങ്ങളിൽ കണ്ടു് വായിച്ചു് രസിച്ചിരിക്കുമ്പോൾ ഈ “ജ്യോത്സ്യം” എഴുതാൻ വേണ്ടി കെ.
കവിത കുങ്കുമം വാരികയിൽ എഴുതിയ ‘കുട്ട്യോളല്ലേ?’ എന്ന കഥ വായിക്കാൻ നിർബന്ധനാവുക. അതിനെക്കാൾ
പീഡ ജനിപ്പിക്കുന്ന വേറൊരനുഭവമില്ല. കുട്ടികൾ പന്തുകളിച്ചു് പച്ചക്കറിത്തടം നശിപ്പിക്കുന്നു. മാവിലെറിഞ്ഞു്
ഉണ്ണിമാങ്ങകൾ വീഴ്ത്തുന്നു. മുത്തശ്ശിക്കു് അതുകണ്ടു് അരിശവും ദുഃഖവും. പിള്ളേർ എറിഞ്ഞു വീഴ്ത്തുന്ന തേങ്ങ
വാങ്ങിക്കുന്ന ഒരുത്തനെ പൊലീസ് പിടികൂടുമ്പോൾ കഥ തീരുന്നു. വായനക്കാരന്റെയും ‘കഥ തീരുന്നു’. വായിൽ
വരുന്നതെല്ലാം കോതയ്ക്കു പാട്ടു് എന്ന മട്ടിൽ തോന്നുന്നതൊക്കെ എഴുതിവച്ചാൽ അതു കഥയാകുമോ?
വളരെക്കാലമായി കെ. കവിത അർഹതയില്ലാത്തിടത്തു് ചെന്നു കയറി മനുഷ്യരെ ഉപദ്രവിക്കുന്നു. അതു
നിറുത്തണമെന്നു പറയാൻ എനിക്കു് അധികാരമില്ല. അധികാരമുള്ളതു് ഏതു കാര്യത്തിലാണോ അതു് ഞാൻ
സ്പഷ്ടമാക്കിക്കഴിഞ്ഞു. ഇനിയുള്ളതു കെ. കവിതയുടെ ഇഷ്ടംപോലെ. എന്തായാലും ഞാൻ ഇനി കവിതയുടെ
കഥയെക്കുറിച്ചു് അഭിപ്രായം പറയുകയില്ല. സ്നേഹിതന്മാരുടെയിടയിൽ വന്നു കയറുന്നവനോടു ഇറങ്ങിപ്പോകൂ
എന്നു ആജ്ഞാപിക്കുന്നതു സംസ്ക്കാരരാഹിത്യമായിരിക്കുമല്ലോ.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">വിജ്ഞാനശകലങ്ങൾ</head>
          <list rend="numbered">
            <item n="">ഹൃദയം ഒരു കൊച്ചു പമ്പാണു്. അതു് അനവരതം രക്തം പമ്പു ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ,
ചിലരെസംബന്ധിച്ചിടത്തോളം അതു സൗന്ദര്യത്തിന്റെ ഇരിപ്പിടമാണു്. ആ മാംസപേശിയുടെ
സഹായത്തോടെയാണു് <ref target="https://ml.wikipedia.org/wiki/Raja_Ravi_Varma">രാജാരവിവർമ്മ</ref>
<ref target="https://ml.wikipedia.org/wiki/����_��������##/media/�������:Raja_Ravi_Varma__Mahabharata_-_Shakuntala.jpg">ശകുന്തള</ref> യെ വരച്ചതു്. <ref target="https://ml.wikipedia.org/wiki/Yesudas">യേശുദാസന്റെ</ref> ഗാനനിർത്ധരി
അവിടെനിന്നാണു് ഒഴുകുന്നതു്. <ref target="https://ml.wikipedia.org/wiki/Gabriel_Garcia_Marquez">മാർകേസി</ref>
ന്റെ മനോഹരങ്ങളായ നോവലുകളുടെ പ്രഭവസ്ഥാനം അതുതന്നെയാണു്.
വിശ്വവിഖ്യാതനായ ഫ്രഞ്ച് ഡോക്ടർ <ref target="https://en.wikipedia.org/wiki/Alexis_Carrel">അലക്സി കറൽ</ref>,
(Alexis Carrel, 1873–1944) <ref target="https://en.wikipedia.org/wiki/Man,_the_Unknown">Man the unknown</ref>
എന്ന ഉജ്ജ്വലമായ ഗ്രന്ഥമെഴുതിയ അലക്സി കറൽ കൃത്രിമ ഹൃദയമുണ്ടാക്കി പ്രവർത്തിപ്പിച്ചു. പക്ഷേ,
നാത്സികളോടു ചേർന്നു തനിക്കു ഹൃദയമില്ല, രക്താശയമേയുള്ളു എന്നു് അദ്ദേഹം തെളിയിച്ചു.

കവികൾ എന്നോടു പിണങ്ങരുതു്. ഞാൻ എല്ലാവരെയും ലക്ഷ്യമാക്കിപ്പറയുകയല്ല. ചിലരെക്കുറിച്ചുമാത്രം
എഴുതുകയാണു്. നമ്മുടെ ചില കവികൾക്കു ഹൃദയമില്ല, രക്താശയമേയുള്ളൂ. അതുകൊണ്ടു് ദൂരെനിന്നു് അവരുടെ
കവിത ആസ്വദിച്ചാൽ മതി. ആരാധനയുമായി അടുത്തു ചെന്നാൽ കറൽ നിർമ്മിച്ച കൃത്രിമ ഹൃദയം
കാണേണ്ടതായിവരും. അല്ലെങ്കിൽ അവരുടേതു രക്താശയമാണു് എന്നു ഗ്രഹിക്കേണ്ടതായിവരും.
</item>
            <item n="">പത്രത്തിൽ കണ്ടതാണു്. അതോ പുസ്തകത്തിൽ കണ്ടതോ. അർശസ്സിനുള്ള ഒരു മരുന്നു്.
അമേരിക്കയിലെ ഒരു പ്രശസ്തൻ അതുപയോഗിച്ചു് അർശസ്സു് ഇല്ലാതാക്കിയപ്പോൾ കമ്പനിക്കാർ അദ്ദേഹത്തിന്റെ
പ്രസ്താവനയോടുകൂടി ധാരാളം പരസ്യങ്ങൾ പത്രത്തിൽ കൊടുത്തു. മരുന്നിന്റെ പ്രചാരംകൂടി. ചില
മധ്യവയ്സ്കകൾ അതു മുഖത്തെ ചുളിവുകളിൽ തേച്ചുനോക്കി. അദ്ഭുതാവഹം ചുളിവുകൾ അപ്രത്യക്ഷങ്ങളായി
കുഴമ്പിന്റെ പ്രചാരം പിന്നെയും കൂടി. ഒരു ശാസ്ത്രജ്ഞൻ ഇതിനെസംബന്ധിച്ചു ഗവേഷണങ്ങൾ നടത്തി സത്യം
കണ്ടുപിടിച്ചു. മരുന്നു മുഖത്തു തേക്കുമ്പോൾ ചുളിവുകൾ ഇല്ലാതെയാവുകയല്ല. അതിനു ചുറ്റും ലേശം നീരു
വരികയാണെന്നു്. നീരു വന്നു വീർക്കുമ്പോൾ ചുളിവുകൾ കാണുകില്ല. ബ്യൂട്ടിപാർലറുകളിൽ പോയി മുഖം
മിനുക്കുന്നവർ ഇതിനെക്കുറിച്ചു ചിന്തിക്കുന്നതു നന്നു്.
</item>
            <item n="">ഇതു് എഴുതിക്കൊണ്ടിരുന്നപ്പോൾ ഗൾഫ് ദേശത്തുനിന്നു്, സാഹിത്യവാരഫലം വായിക്കുന്ന ശ്രീ:
ബാലകൃഷ്ണൻ (അദ്ദേഹത്തിന്റെ മേൽവിലാസം ഇല്ല) അയച്ച Khaleej Times-ന്റെ (Dec 18 1990) ഒരു ഭാഗം കിട്ടി.
ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റുകളായ <ref target="https://en.wikipedia.org/wiki/Nadine_Gordimer">നഡീൻ ഗോർഡിമർ</ref>,
<ref target="https://en.wikipedia.org/wiki/J._M._Coetzee">ജെ. എം.
കൂറ്റ്സേ</ref> ഇവരുടെ കലാസങ്കല്പങ്ങളെക്കുറിച്ചുള്ള ഒരു പഠനം അതിലുണ്ടു്. രണ്ടുപേരുടെയും മതങ്ങൾ
ചുരുക്കിയെഴുതാം. </item>
          </list>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">നഡീൻ ഗോർഡിമർ</head>
          <figure rend="fleft" type="gra">
            <graphic url="images/NadineGordimer01.jpg" rendition="gra"/>
            <figDesc style="thumb">നഡീൻ ഗോർഡിമർ</figDesc>
          </figure>
          <p style="noindent"> സർഗ്ഗാത്മക പ്രവർത്തനം ശുദ്ധമല്ല. ചരിത്രം അതു തെളിയിക്കുന്നു.
ഐഡിയോളജി അതാവശ്യപ്പെടുന്നു. ഉത്തരവാദിത്വങ്ങളെ പരിഗണിക്കാതെ ഒരെഴുത്തുകാരന്റെയും കേവല
മൂല്യങ്ങൾ നിർണ്ണയിക്കാനാവാത്ത കാലമാണിതു്. <ref target="https://en.wikipedia.org/wiki/Alan_Paton">അലൻ പേറ്റൻ</ref>, <ref target="https://en.wikipedia.org/wiki/Athol_Fugard">ഏതൽ ഫ്യൂഗ്ഗാർ</ref> ഡ്
ഇങ്ങനെ രാഷ്ട്രീയ ചായ്വുള്ള എഴുത്തുകാരുടെ പാരമ്പര്യത്തിൽപ്പെട്ട നഡീൻ ഗോർഡിമാർക്കു്, രാഷ്ട്രീയമായ
പ്രതിബദ്ധത സ്വകീയമായ ഉത്തരവാദിത്വം ഈ രണ്ടിൽ നിന്നും കഥാപാത്രങ്ങൾക്കു തിരഞ്ഞെടുക്കലുകൾ
നടത്തേണ്ടതായി വരും എന്ന അഭിപ്രായമുണ്ടു്.
</p>
          <p>ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിലെ അംഗമായ നഡീൻ ഗോർഡിമറുടെ വിശ്വാസം നോവലിനു്
വിനാശശക്തിയുണ്ടെന്നാണു്. വിപ്ലവത്തെ ഭാവനയിലൂടെ ആവിഷ്ക്കരിച്ചാൽ അതു് (വിപ്ലവം) ഉണ്ടാകാൻ
സാദ്ധ്യതയുണ്ടു്.
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">ജെ. എം. കൂറ്റ്സേ</head>
          <figure rend="fright" type="gra">
            <graphic url="images/JMCoetzee04.jpg" rendition="gra"/>
            <figDesc style="thumb">ജെ. എം. കൂറ്റ്സേ</figDesc>
          </figure>
          <p style="noindent"> ശാന്തൻ, നരച്ചതാടി, മൃദുലങ്ങളായ കണ്ണുകൾ. ഏകാന്തതയാണു്
അദ്ദേഹത്തിനിഷ്ടം. എന്തെങ്കിലും അദ്ദേഹത്തോടു ചോദിച്ചാൽ അനേകം നിമിഷങ്ങൾക്കു ശേഷമേ ഉത്തരം കിട്ടു.
പ്രതികരണം സമ്പൂർണ്ണമായി സുഘടിതങ്ങളായ വാക്യങ്ങളിലൂടെ ഉണ്ടാവും; അവസാന നിമിഷത്തെ എഡിറ്റിങ്ങ്
വേണ്ടിവന്നു എന്നു ചോദ്യകർത്താവിനു തോന്നുന്ന മട്ടിൽ.
</p>
          <p>നോവലുകൾക്കു സമകാലികസംഭവങ്ങളെ ആവിഷ്ക്കരിക്കാൻ സാധിക്കുമോ എന്നു കൂറ്റ്സേക്കു് സംശയം.
രാഷ്ട്രവ്യവഹാരം നോവലുകൾക്കു വിഷയമാവാൻ പ്രയാസമാണെന്നു് അദ്ദേഹം കരുതുന്നു.
വർത്തമാനപ്പത്രങ്ങൾക്കു നേരിട്ടു രാഷ്ട്രവ്യവഹാരത്തോടു ബന്ധമുള്ളപോലെ നോവലിനു് ബന്ധമുണ്ടാകാൻ
പ്രയാസം. കാരണം നോവലെഴുതാൻ സമയമേറെ വേണം. അതിന്റെ പ്രസിദ്ധീകരണത്തിനും വേണം ധാരാളം
സമയം. വളരെക്കുറച്ചാളുകളേ നോവൽ വായിക്കാറുള്ളു.
</p>
          <figure rend="fleft" type="gra">
            <graphic url="images/AgeOfIronNovel.jpg" rendition="gra"/>
          </figure>
          <p> ദുരന്തസംഭവങ്ങൾ ഗോർഡിമറുടെ കഥാപാത്രങ്ങളെ പ്രവർത്തനത്തിലേക്കു നയിക്കുന്നു. കൂറ്റ്സേയുടെ
കഥാപാത്രങ്ങൾ സംഭവങ്ങളിൽ പ്രതികരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കൂറ്റ്സേയുടെ <ref target="https://en.wikipedia.org/wiki/Age_of_Iron">Age of Iron</ref> എന്ന കൃതി.
അർബ്ബുദം പിടിച്ചു മരിച്ചുകൊണ്ടിരിക്കുന്ന Mrs Curren കഥ പറയുകയാണു്. അവരുടെ പരിചാരകന്റെ (അതോ
പരിചാരികയുടെയോ) മകൻ പോലീസിന്റെ വെടിയേറ്റു കിടക്കുന്നു. അതുകണ്ടു് അവർ പറയുന്നു: It was blood,
nothing more. Blood like yours and mine. Yet never before had I seen anything so scarlet and so black.
Perhaps it was an effect of the skin, youthful, supple, velvet dark, over which it ran-but on my hands it
seemed both darked and more glaring than blood ought to be. I stared at it, fascinated, afraid, drawn into a
veritable stupor of staring.

</p>
          <p>ഖലീജ് റ്റൈംസിൽ എച്ച്. ഇറ്റലി എഴുതിയ ഈ റിപ്പോർട്ട് അസ്സലായിട്ടുണ്ടു്. ഇതയച്ചു തന്ന സുഹൃത്തിനു് നന്ദി.
</p>
        </div>
        <!--end of "section 0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">അന്ന സുജാത മത്തായി</head>
          <figure rend="fright" type="gra">
            <graphic url="images/AnnaSujathaMathai.jpg" rendition="gra"/>
            <figDesc style="thumb">അന്ന സുജാത മത്തായി</figDesc>
          </figure>
          <p style="noindent"> The Attic of Night എന്ന ഇംഗ്ലീഷ് കാവ്യസമാഹാരത്തിന്റെ രചയിത്രിയായ
ശ്രീമതി <ref target="https://en.wikipedia.org/wiki/Anna_Sujatha_Mathai">അന്ന
സുജാത മത്തായി</ref> ആരെന്നു് എനിക്കറിഞ്ഞുകൂടാ. ആ ഗ്രന്ഥം പുസ്തകക്കടയിൽ ഇരിക്കുന്നതു കണ്ടു്
ഞാൻ വാങ്ങിച്ചുവെന്നേയുള്ളൂ. വീട്ടിലെത്തിയയുടനെ വായിച്ചുതീർക്കുകയും ചെയ്തു. പ്രായോഗികതലത്തിൽ നിന്നു്
ആദർശാത്മകതലത്തിലേക്കു് അനുവാചകനെ ഉയർത്തുന്ന നല്ല കവിതകളാണു് അന്ന സുജാതയുടേതു്.
ഉരുക്കുസാഗരം. തിളങ്ങുന്ന പാലങ്ങൾ. രാജരഥ്യകളിലൂടെ ഒളിചിന്നിപ്പോകുന്ന കാറുകൾ. ഇരുട്ടിലൂടെ
പ്രകാശിക്കുന്ന ദീപങ്ങൾ. ഒരിക്കൽ ആ നഗരത്തിലൂടെ യാത്ര ചെയ്ത കവയിത്രി രാജവീഥിക്കപ്പുറത്തു് സൂര്യൻ
അസ്തമിക്കുന്നതു കണ്ടു. നാട്ടിൽ ഇതുപോലെയുള്ള അസ്തമയങ്ങൾ കാണുകയും അദ്ഭുതത്തിനു വിധേയയാകുകയും

ചെയ്തിട്ടുണ്ടു് അവർ. ഇപ്പോൾ ആ നഗരത്തിലൂടെ സഞ്ചരിച്ചപ്പോൾ സൂര്യൻ അനേകം നിലകളുള്ള കെട്ടിടങ്ങൾക്കു
പിറകിൽ അസ്തമിക്കുന്നതു കണ്ടു. ഇത്രയും പ്രായോഗികതലം. ഇനി അനായാസമായി അന്ന സുജാത നമ്മളെ
ആദർശാത്മകതലത്തിലേക്കു കൊണ്ടുചെല്ലുന്നതു കാണുക:</p>
          <lg>
            <l> Now-in the crowded car in which I travelled</l>
            <l> You-leaned your head against my shoulder</l>
            <l> and… suddenly… the city was no longer a stranger</l>
            <l> …………</l>
            <l> And deep in the heart of stone</l>
            <l> A flower bloomed. </l>
          </lg>
          <!--end of "verse"-->
          <p>ഇതുപോലെ ലളിതവും സുന്ദരവുമാണു് ശ്രീമതിയുടെ മറ്റു കാവ്യങ്ങളും. വിശേഷിച്ചു് In Tiruvella എന്നതു്. The
lamps flicker/Across the dark lake എന്നു കവയിത്രി. ഈ കാവ്യദീപങ്ങളും ചഞ്ചലരൂപങ്ങളോടു ജ്വലിക്കുന്നു.
(Rupa &amp; Co. Rs.40/-)
</p>
        </div>
        <!--end of "section 0.0/1.8"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1991-01-27. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 5, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  LJ Anjana; <hi rend="bold">Digitizer:</hi>
 KB Sujith; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.or.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1991-01-27.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1991-01-27.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
