<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
          <title xml:lang="en" type="main">Sāhityavāraphalam</title>
        </title>
        <author>M Krishnan Nair</author>
        <respStmt>
          <resp>Data entered by</resp>
          <name>MS Aswathi</name>
        </respStmt>
        <respStmt>
          <resp>Proof-read by</resp>
          <name>Abdul Gafoor</name>
        </respStmt>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Digitized by</resp>
          <name>KB Sujith</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2022">October 7, 2022</date>
        <address>
          <addrLine>JWRA 34, Jagthy</addrLine>
          <addrLine>Trivandrum 695014</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to J Vijayamma, author’s inheritor. The text
encoding and editorial notes were created and​/or prepared by the Sayahna Foundation and
are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">സാഹിത്യവാരഫലം</title>
              <title xml:lang="en" type="main">Sāhityavāraphalam</title>
            </title>
            <author>M Krishnan Nair</author>
          </titleStmt>
          <extent>
            <measure unit="pages" quantity="5">5 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Kalakaumudi Weekly</publisher>
            <pubPlace>Trivandrum, Kerala</pubPlace>
            <date>1992-12-06</date>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>M Krishnan Nair</term>
          <term>Sahityavaraphalam</term>
          <term>Weekly Lietrary Column</term>
          <term>സാഹിത്യവാരഫലം</term>
          <term>എം കൃഷ്ണൻ നായർ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="weekly literary column">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="none"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>Trivandrum, Kerala, India</name>
          <time>1992-12-06</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">സാഹിത്യവാരഫലം</titlePart>
        </docTitle>
        <docAuthor>
          <persName>എം കൃഷ്ണൻ നായർ</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">സാഹിത്യവാരഫലം</head>
        <head type="sub">(കലാകൗമുദി വാരിക, 1992-12-06-ൽ പ്രസിദ്ധീകരിച്ചതു്)</head>
        <p>​
</p>
        <div type="lsection" xml:id="sec1.1">
          <head type="lsechead"/>
          <floatingText rend="qleft">
            <body>
              <p style="noindent">നമ്മുടെ രാജ്യം ഗർജ്ജിക്കുന്നില്ല, കൂർക്കംവലിച്ചുറങ്ങുകയാണു്. അമേരിക്കക്കാരന്റെ
മൂക്കിലൂടെയാണു് ഇന്ത്യ കൂർക്കംവലിയുടെ ശബ്ദം കേൾപ്പിക്കുന്നതു്.</p>
            </body>
          </floatingText>
          <p style="noindent"><ref target="https://ml.wikipedia.org/wiki/Oscar_Wilde">ഒസ്കർ വൈൽഡ്</ref>
സംഭാഷണ വിദഗ്ദ്ധനായിരുന്നുവെന്നു പറയാത്ത ജീവചരിത്രകാരന്മാരില്ല. സംഭാഷണം
ചെയ്തുകൊണ്ടിരിക്കുന്നതിന്നിടയിൽ തന്റെ വാദഗതിക്കു് അനുരൂപമായ വിധത്തിൽ അദ്ദേഹം കഥകൾ
ഉണ്ടാക്കിപ്പറയും. വിധിക്കാണു പ്രാധാന്യം, മനുഷ്യന്റെ ഇച്ഛാശക്തിക്കു ദൗർബ്ബല്യമേയുള്ളു എന്നു
സ്ഥാപിക്കാനായി അദ്ദേഹം പെട്ടെന്നു നിർമ്മിച്ചു പറഞ്ഞ ഒരു കഥയുണ്ടു് (<ref target="https://en.wikipedia.org/wiki/Hesketh_Pearson">Hesketh Pearson</ref>,
The Life of Oscar Wilde). ‘ഒരിക്കൽ ഒരിടത്തു ഒരയസ്കാന്തമുണ്ടായിരുന്നു. അതിന്റെ അടുത്തായി കുറെ
ഇരുമ്പുപൊടികളും. അവയിൽ രണ്ടോ മൂന്നോ പൊടികൾക്കു് അയസ്കാന്തത്തെ സന്ദർശിക്കാൻ ആഗ്രഹമുണ്ടായി.
മറ്റിരുമ്പുപൊടികൾ അതറിഞ്ഞപ്പോൾ അവയ്ക്കും അതേ അഭിലാഷമുണ്ടായി. ഇന്നു പോയാലെന്തു? നാളെ
ആയാലെന്തു? എന്നു് അവ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെ ചോദിക്കുകയും വർത്തമാനം
പറയുകയും ചെയ്യുന്ന വേളയിൽത്തന്നെ ഇരുമ്പുപൊടികൾ തങ്ങളറിയാതെ അയസ്കാന്തത്തിന്റെ സമീപത്തേക്കു
നീങ്ങുകയായിരുന്നു. നീങ്ങിനീങ്ങി അവ അതിന്റെ എല്ലാ വശങ്ങളിലും പറ്റിപ്പിടിച്ചു. അയസ്കാന്തം പുഞ്ചിരിപൊഴിച്ചു
—ഇരുമ്പുപൊടികളുടെ വിചാരം തങ്ങൾ സ്വന്തം ഇച്ഛയ്ക്കു് അനുസരിച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്നു
എന്നത്രേ.
</p>
          <figure rend="fleft" type="gra">
            <graphic url="images/AdamZameenzad.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">ആദം സമീൻസാദ്</figDesc>
          </figure>
          <p><ref target="https://en.wikipedia.org/wiki/Adam_Zameenzad">ആദം
സമീൻസാദ്</ref> എന്ന നോവലിസ്റ്റിന്റെ (Adam Zameenzad) പുതിയ നോവൽ ‘Cyrus Cyrus’
വായിക്കാൻ തുടങ്ങിയ നിമിഷംതൊട്ടു ഞാൻ ഇരുമ്പുപൊടിയായി മാറിയിരുന്നു. ഓരോ പുറം വായിച്ചിട്ടു നോവൽ
അടച്ചുവയ്ക്കും. ഉത്തരക്ഷണത്തിൽ അതു തുറന്നു വീണ്ടും വായിക്കും. അടച്ചുവയ്ക്കലും തുറന്നുവായിക്കലും
അവിരാമപ്രക്രിയയായി നടന്നു. ഇരുമ്പുപൊടി അയസ്കാന്തത്തിൽ പൂർണ്ണമായും പറ്റിപ്പിടിച്ചു കഴിഞ്ഞ
അവസ്ഥയാണിപ്പോൾ. രചനയ്ക്കു രസദായകത്വമില്ലെങ്കിലും അതിന്റെ സവിശേഷതയും ഉജ്ജ്വലതയും
വായനക്കാരനെ ഇരുമ്പുപൊടിയാക്കിക്കളയും. ഇത്രയും പറഞ്ഞതു് പരമ്പരാഗതങ്ങളായ നോവലുകൾ വായിച്ചു
വായിച്ചു ഇച്ഛാശക്തിക്കു തീക്ഷ്ണത വരുത്തിയവർ ഈ നോവൽ ദൂരെയെറിഞ്ഞുകളയുമെന്നു സൂചിപ്പിക്കാനാണു്.
</p>
          <p>സമീൻസാദിന്റെ (ഉച്ചാരണം ശരിയോ എന്തോ?) ‘Love, Bones and Water’ എന്ന നോവൽ മുൻപു ഞാൻ
വായിച്ചിട്ടുണ്ടു്. ‘Cyrus Cyrus’ ഞാൻ രണ്ടാമതായി വായിക്കുന്ന അദ്ദേഹത്തിന്റെ അഞ്ചാമത്തെ നോവലാണു്.
പാകിസ്ഥാനിൽ ജനിച്ച ഈ എഴുത്തുകാരൻ ബ്രിട്ടനിലെ അധ്യാപകനായിരുന്നു കുറെക്കാലം. ഇപ്പോൾ കെന്റിൽ
കുടുംബത്തോടൊത്തു താമസിക്കുന്നു.

</p>
          <figure rend="fright" type="gra">
            <graphic url="images/cyruscyrus.jpg" width="56.9055pt" rendition="gra"/>
          </figure>
          <p> തുച്ഛമായ കഥയാണു് ഈ നോവലിനുള്ളതു്. സൈറസ് ഇന്ത്യയിലെ ചന്ദൻ എന്ന സ്ഥലത്തു ജനിച്ചു.
തോട്ടിവർഗ്ഗത്തിലാണു് ആ കുട്ടിയുടെ ജനനം. “We are choodhas. In India, the lowest of the low, the shit
cleaners” എന്നു് സൈറസ്. അയാളുടെ കുടുംബത്തിലെ മിക്ക സ്ത്രീകളും ബലാൽസംഗം ചെയ്യപ്പെട്ടവരാണു്.
ഇന്ത്യയിലെ ജീവിതം ദുസ്സഹമായപ്പോൾ സൈറസും കുടുംബവും കിഴക്കേ പാകിസ്ഥാനിലേക്കു പോയി.
അപ്പോഴാണു് ബംഗ്ലാദേശ് യുദ്ധം. സൈറസ് അമേരിക്കയിലേക്കു കടക്കുന്നു. അവിടെനിന്നു് ഇംഗ്ലണ്ടിലേക്കും.
ഇംഗ്ലണ്ടിൽ വച്ചു് അയാൾ ചെയ്തതോ ചെയ്യാത്തതോ ആയ കുറ്റത്തിനു് ബന്ധനസ്ഥനാക്കപ്പെടുന്നു. എഴുപത്തഞ്ചു
വർഷം ജയിലിൽ കിടക്കാനാണു് കോടിതിവിധി. അവിടെക്കഴിഞ്ഞുകൂടിക്കൊണ്ടു് അയാൾ ഓർമ്മകൾ
രേഖപ്പെടുത്തുന്നു. ആ സ്മരണകളുടെയും മറ്റു ചിന്തകളുടെയും സമാഹാരമാണു് ഈ നോവൽ. തനിക്കു്
എഴുതാനുള്ളതെല്ലാം എഴുതിക്കഴിഞ്ഞിട്ടു് സൈറസ് കാരാഗൃഹത്തിന്റെ കനത്ത ഭിത്തിയിലൂടെ
അപ്രത്യക്ഷനാകുന്നു. അയാൾ കൊന്നുവെന്നു കരുതപ്പെടുന്ന മൂന്നു സന്താനങ്ങളുടെ ശവക്കുഴികൾക്കടുത്തായി
സൈറസിന്റെ നിശ്ചേതനവും നഗ്നവുമായ ശരീരം കിടക്കുന്നതായി കണ്ടു.
</p>
          <floatingText rend="qleft">
            <body>
              <p style="noindent">“സ്ത്രീകളുടെ ഹൃദയം ഈശ്വരൻ നിർമ്മിച്ചതു് റോസാപ്പൂ കൊണ്ടോ
കരിങ്കല്ലുകൊണ്ടോ?”
“രണ്ടുകൊണ്ടുമല്ല. ഗ്ളാസ്കൊണ്ടാണു്. അതിനാലാണു് ശംബളം കൂടിയവനെ, ധനം കൂടിയവനെ,
ആകൃതിസൗഭഗം കൂടിയവനെ കാണുമ്പോൾ അതു വേഗം പൊട്ടിപ്പോകുന്നതു്”.</p>
            </body>
          </floatingText>
          <p> മാനങ്ങൾ—dimensions—ഏറെയുള്ള നോവലാണു് ‘സൈറസ് സൈറസ്’. പുറംചട്ടയിലെ പടംതന്നെ
അതു വ്യക്തമാക്കുന്നു. പെർഷയിലെ (Persia) രാജാവായിരുന്ന <ref target="https://en.wikipedia.org/wiki/Cyrus_the_Great">സൈറസ്</ref> (മരണം
529 BC) ഇടത്തേയറ്റത്തു്, നടുക്കു ശ്രീകൃഷ്ണൻ, വലതുഭാഗത്തു് Florentine ചിത്രകാരൻ ബോട്ടിച്ചെല്ലിയുടെ (<ref target="https://en.wikipedia.org/wiki/Sandro_Botticelli">Botticelli</ref>)
‘മഡോന’. മൂന്നു ചിത്രങ്ങളും മൂന്നു ചിന്താഗതികൾക്കു പ്രാതിനിധ്യം വഹിക്കുന്നു. അവയെ അവലംബിച്ചുകൊണ്ടു
നോവലിസ്റ്റ് നിർവഹിക്കുന്ന പരികല്പനകൾ അനുവാചകർക്കു ധൈഷണികാഹ്ലാദം നല്കും. ഒരുദാഹരണം:</p>
          <quote>
“After all, why must the understanding of E = mc2 be more important than twice seven and four times
nine? Why should the relativity of time and elasticity of space and quantum geometrodynamics raise more
eyebrows and less eyebrows than playing around with cosmic numbers or conjuring up astrological
fantasies? True that without the former we might not have reached the moon, or dropped the bomb; but
the latter have helped many a suffering fool to make some sense of their suffering, and sustained them
through the night”.

</quote>
          <!--end of "quote"-->
          <figure rend="fleft" type="gra">
            <graphic url="images/Malcolmbradbury.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">Malcolm Bradbury</figDesc>
          </figure>
          <p> ഇതിനു സദൃശങ്ങളായ നിരീക്ഷണങ്ങൾ—രാഷ്ട്രവ്യവഹാരം, സെക്സ്, മതം, മിഥോളജി ഇവയെക്കുറിച്ചുള്ള
നിരീക്ഷണങ്ങൾ—ഈ നോവലിലെവിടെയും ഉണ്ടു്. തിന്മയുടെ പ്രതീകമാണു് സൈറസ്. ആ തിന്മ ലോകത്തിന്റെ
ഒരു അംശമാണു്. തിന്മ പ്രവർത്തിക്കുമ്പോൾത്തന്നെ ലോകം മുന്നോട്ടു പോകും. ഒരു കല്പം അവസാനിക്കുന്നു;
മറ്റൊന്നു് ആരംഭിക്കുന്നു. പ്രപഞ്ചം മുന്നോട്ടു പോകും. സൈറസ് സൈറസിന്റെ നൃത്തംപോലെ ശിവന്റെ നൃത്തവും
എപ്പോഴും ഉണ്ടായിരിക്കും. തിന്മയാർന്ന പ്രപഞ്ചത്തിന്റെ അനുസ്യൂതമായ ചലനാത്മകതയെ സൂചിപ്പിച്ചുകൊണ്ടു
നോവൽ അവസാനിപ്പിക്കുന്നു നോവലിസ്റ്റ്. ധിഷണയ്ക്കു് ആഹ്ലാദമരുളുന്ന ഈ നോവൽ വായിച്ചിട്ടു്
വിശ്വവിഖ്യാതനായ <ref target="https://en.wikipedia.org/wiki/Malcolm_Bradbury">Malcolm
Bradbury</ref> പറഞ്ഞു: “Brilliant—truly funny and gloriously inventive”.
</p>
        </div>
        <!--end of "section 0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">പ്രാകൃതൻ എന്ന സിംബൽ</head>
          <figure rend="fright" type="gra">
            <graphic url="images/OutOfAfrica.jpg" width="56.9055pt" rendition="gra"/>
          </figure>
          <p style="noindent"> ബഹുജനത്തിനു സവിശേഷതയുണ്ടു്. ഒട്ടൊക്കെ പേരെടുത്തു കഴിയുന്ന ആളിനെ
വ്യക്തിയായിട്ടല്ല പ്രതിരൂപമായിട്ടാണു് അവർ കാണുക. (<ref target="https://en.wikipedia.org/wiki/Karen_Blixen">Karen Blixen</ref> എഴുതിയ
<ref target="https://en.wikipedia.org/wiki/Out_of_Africa">Out of Africa</ref>
എന്ന മനോഹരമായ പുസ്തകം വായിച്ച ഓർമ്മയിൽ നിന്നു്) ജീവിച്ചിരിക്കുന്നവരെക്കുറിച്ചു പറയുന്നതു ശരിയല്ല.
അതുകൊണ്ടു് മരിച്ചവരെപ്പറ്റി മാത്രം പറയാം. <ref target="https://ml.wikipedia.org/wiki/Buddha">ബുദ്ധൻ</ref>, <ref target="https://ml.wikipedia.org/wiki/Ramakrishna">ശ്രീരാമകൃഷ്ണ
പരമഹംസൻ</ref>, <ref target="https://ml.wikipedia.org/wiki/Mahatma_Gandhi">ഗാന്ധിജി</ref> ഇവരെ
വ്യക്തികളായിട്ടല്ല ബഹുജനം കാണുന്നതു്. അവർ പ്രതിനിധാനം ചെയ്ത ആശയത്തിന്റെ പ്രതിരൂപമായിട്ടാണു്.
ഈ പ്രതിരൂപത്തെ അംഗീകരിക്കുന്നവരുണ്ടാകാം; അംഗീകരിക്കാത്തവരും കാണും. അംഗീകരിക്കുന്നവർ
പ്രതിരൂപത്തിന്റെ ശക്തിയും മനോഹാരിതയും മാത്രം ദർശിക്കും. അംഗീകരിക്കാത്തവർ ആ പ്രതീകത്തിന്റെ
ദുർബലതയും വൈരൂപ്യവും കാണും. ശ്രീ. ജോയിക്കുട്ടി പാലത്തുങ്കൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ
‘അന്യന്റെ മരണം കാത്തിരിക്കുന്നവർ’ എന്ന ചെറുകഥയിലെ പ്രാകൃതൻ ദീർഘകാലത്തെ ഒറ്റപ്പെട്ട ജീവിതം
കൊണ്ടു പ്രതിരൂപമായി മാറിയവനാണു്. അയാളെ ആദരിക്കുന്നവരും അനാദരിക്കുന്നവരും ഉണ്ടു്. താൻ
താമസിക്കുന്ന വീടും അതിനു ചുറ്റുമുള്ള പറമ്പും സ്വന്തമാക്കി അതിൽ കയറുന്നവർ അനഭിമതരാണെങ്കിൽ
പാമ്പിനെക്കൊണ്ടു് അവരെ കടിപ്പിക്കുന്ന ആ പ്രാകൃതൻ സിദ്ധികളുള്ളവനാണു്; ഒരു സിദ്ധിയുമില്ലാത്തവനെന്നു
വേണമെങ്കിലും പറയാം. അയാളുടെ തിരോധാനം കാത്തിരിക്കുകയാണു് ഏവരും. മരിച്ചിട്ടുവേണം ആ വീടും
പറമ്പും കൈക്കലാക്കാൻ അവർക്കു്. കഥാകാരന്റെ പ്രതിപാദനംകൊണ്ടു്—പ്രതിപാദനത്തിന്റെ ചാരുതകൊണ്ടു്
—അയാൾക്കു സാർവജനീനസ്വഭാവവും സാർവകാലികസ്വഭാവവും വരുന്നു. നല്ല കഥ.
</p>
        </div>
        <!--end of "section 0.0/1.2"-->
        <div type="lsection" xml:id="sec1.3">
          <head type="lsechead">ചോദ്യം, ഉത്തരം</head>
          <p style="hang"><hi rend="bold">ചോദ്യം:</hi>  “ചങ്ങമ്പുഴയ്ക്കുശേഷമുള്ള കവികളുടെ
കവിതകളിലും സംഗീതമുണ്ടല്ലോ. നിങ്ങൾ അതിനെക്കുറിച്ചു എന്തേ ഒന്നും എഴുതാത്തതു?” </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  “ചങ്ങമ്പുഴക്കവിതയിലെ വാക്കുകളും
സംഗീതവും ഒരുമിച്ചു വരുന്നു. മറ്റു കവികളുടെ രചനകളിലെ സംഗീതം വാക്കുകൾക്കുശേഷമാണു് വരുന്നതു്.
അതുകൊണ്ടു് ആശയവും സംഗീതവും അവരുടെ കാവ്യങ്ങളിൽ വേർതിരിഞ്ഞു നില്ക്കും”. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  “സ്ത്രീകളുടെ ഹൃദയം ഈശ്വരൻ
നിർമ്മിച്ചതു് റോസാപ്പൂകൊണ്ടോ കരിങ്കല്ലുകൊണ്ടോ?” </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  “രണ്ടുകൊണ്ടുമല്ല. ഗ്ളാസ്കൊണ്ടാണു്.
അതിനാലാണു് ശംബളം കൂടിയവനെ, ധനം കൂടിയവനെ, ആകൃതിസൗഭഗം കൂടിയവനെ കാണുമ്പോൾ അതു
വേഗം പൊട്ടിപ്പോകുന്നതു്”. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  “ഞങ്ങളുടെ നാട്ടിൽ ഒരു വേശ്യയുണ്ടു്.
പേരു മറച്ചുവച്ചു് അവളെ ഞാൻ എലിസബത്ത് എന്നു വിളിക്കട്ടെ. എലിസബത്ത് വലിയ ഭക്തയുമാണു്. ഭക്തി
അവളുടെ പാപങ്ങളിൽനിന്നു് അവളെ രക്ഷിക്കുമോ സാറേ?” </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  “എനിക്കറിഞ്ഞുകൂടാ, മഹാനായ ഒരു
ചിന്തകൻ ഒരു വേശ്യയുടെ ദേഹമടക്കിയ സ്ഥലം കണ്ടു പറഞ്ഞു: ‘അവൾ അവസാനമായി ഒറ്റയ്ക്കു്
ഉറങ്ങുന്നു’വെന്നു്. നിങ്ങളുടെ നാട്ടിലെ ഇലിസബത്ത് ശവക്കുഴിയിൽ ഒറ്റയ്ക്കു് ഉറങ്ങും”. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  “മരണം നടന്ന വീട്ടിൽ ചെന്നാൽ
ഒന്നും ചോദിക്കരുതു്. കുറെനേരം മിണ്ടാതിരുന്നിട്ടു് എഴുന്നേറ്റു തിരിച്ചു പോരണം എന്നു നിങ്ങൾ എഴുതിയതിന്റെ
അർത്ഥമെന്താണു്?” </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  “മൗനമാണു് ദുഃഖത്തെ ശക്തമായി
പകരുന്നതു്. വാക്കു പ്രയോഗിച്ചു പോയാൽ ദുഃഖം വേണ്ടിടത്തോളം ഇല്ലെന്നു് തോന്നും”. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  “വ്യക്തിഗതനായ ഈശ്വരനിൽ
വിശ്വസിക്കുന്നില്ലെന്നു് എപ്പോഴും പറയുന്ന നിങ്ങൾ സായിബാബയെ ആരാധിക്കുന്നതെങ്ങനെ?” </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  “നമ്മളെക്കാൾ
ഈശ്വരസാക്ഷാത്കാരമുള്ള വ്യക്തിയെന്ന നിലയിലാണു് ഞാൻ <ref target="https://ml.wikipedia.org/wiki/Sathya_Sai_Baba">സത്യസായിബാബ</ref>
യെ കാണുക. അതുകൊണ്ടു് ഞാൻ കൂട്ടപ്രാർത്ഥന നടക്കുന്ന സമ്മേളനങ്ങളിലോ അദ്ദേഹത്തെ പ്രശംസിച്ചു
നടത്തുന്ന മീറ്റിങ്ങുകളിലോ പങ്കെടുക്കാറില്ല. അദ്ദേഹത്തെ നേരിട്ടു കാണാൻ ശ്രീ. <ref target="https://ml.wikipedia.org/wiki/M._P._Veerendra_Kumar">എം. പി.
വീരേന്ദ്രകുമാറും</ref> ശ്രീ. ഫിലിപ്പ് എം. പ്രസാദും വിളിക്കാറുണ്ടു് എന്നെ, ഞാൻ പോയിട്ടില്ല. പോകുമെന്നു
തോന്നുന്നുമില്ല. മാസ് ഹിസ്റ്റീരിയ ഉളവാക്കാനേ കൂട്ട പ്രാർത്ഥന പ്രയോജനപ്പെടൂ. എന്നെക്കാൾ ബുദ്ധിശക്തി
കൂടിയ <ref target="https://ml.wikipedia.org/wiki/Albert_Einstein">ഐൻസ്റ്റൈനെ</ref>
ഞാൻ ബഹുമാനിക്കുന്നു. എനിക്കില്ലാത്ത ഈശ്വരസാക്ഷാത്കാരമുള്ള സത്യസായിബാബയെ ഞാൻ
ബഹുമാനിക്കുന്നു. അത്രമാത്രം. ‘നേരേ ചൊവ്വേ’ ജീവിക്കുന്നവർക്കു് ഈശ്വരാരാധനംതന്നെ വേണ്ട. <ref target="https://ml.wikipedia.org/wiki/Jawaharlal_Nehru">ജവാഹർലാൽ
നെഹ്റു</ref> വലിയ ഈശ്വരഭക്തനായിരുന്നില്ല. എങ്കിലും അദ്ദേഹം പുരുഷരത്നമായിരുന്നു”. </p>
          <p style="hang"><hi rend="bold">ചോദ്യം:</hi>  “പുതിയ മലയാളസാഹിത്യം
വായിക്കുമ്പോൾ എന്തു തോന്നും?” </p>
          <p style="hang"><hi rend="bold">ഉത്തരം:</hi>  “അനാർക്കലിയോടു് അവസാനത്തെ
ചുടുകട്ടവയ്ക്കട്ടോ അതോ സത്യം പറയുന്നോ എന്നു ചോദിച്ചപ്പോൾ അവൾ കട്ടവച്ചു തന്നെ കെട്ടിയടച്ചു
ശ്വാസംമുട്ടിച്ചു കൊല്ലാൻ പറഞ്ഞില്ലേ. അതേ മാനസികനിലയാണു് എനിക്കു്. ഒന്നേ വ്യത്യാസമായുള്ളു.
അനാർക്കലിയോടു ഒരു ചക്രവർത്തിയേ ചോദ്യം ചോദിച്ചുള്ളു. എന്നോടു ചോദിക്കാൻ എണ്ണമറ്റ നവീന
സാഹിത്യകാരന്മാർ”. </p>
        </div>
        <!--end of "section 0.0/1.3"-->
        <div type="lsection" xml:id="sec1.4">
          <head type="lsechead">സി. രാധാകൃഷ്ണൻ</head>
          <floatingText rend="qleft">
            <body>
              <p style="noindent">ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ദ്രഷ്ടാക്കൾ ആസ്വദിച്ചുകൊള്ളണമെന്നു് അവർക്കു
നിർബ്ബന്ധമുണ്ടു്. എഴുത്തുകാർ എന്തെഴുതിയാലും അതു നന്നെന്നു മറ്റുള്ളവർ പറയണമെന്നു് അവർക്കും
നിർബ്ബന്ധം. ഭൂരിപക്ഷമാളുകളും നന്നെന്നു സമ്മതിച്ചാൽ കലാകാരനു തൃപ്തിയായി; സന്തോഷമായി. പക്ഷേ,
ഭൂരിപക്ഷത്തിന്റെ ആസ്വാദനം ശരിയായ ആസ്വാദനമല്ലെന്നു് അവർ (കലാകാരന്മാരും എഴുത്തുകാരും)
അറിയുന്നില്ല. ഭൂരിപക്ഷത്തിനു കർണ്ണാടക സംഗീതമല്ല, സിനിമാപ്പാട്ടുകളാണു വേണ്ടതു്. റോറിഹിന്റെ
ചിത്രങ്ങളല്ല, കലണ്ടർ ചിത്രങ്ങളിലാണു് അവർക്കു താല്പര്യം.</p>
            </body>
          </floatingText>
          <p style="noindent"> ചന്ദ്രപ്പൂർ ജില്ല. ചന്ദ്രപ്പൂർ നഗരം. അവിടെനിന്നു് ഏതാനും കിലോമീറ്റർ ബസ്സിൽ
യാത്രചെയ്താൽ ബാന്ദക് എന്ന സ്ഥലത്തു ചെല്ലും. അവിടെയാണു് വിശ്രുതമായ ജൈൻ മന്ദിർ മഹാവീരന്റെ
പ്രതിഷ്ഠയാണു് അവിടെ. മന്ദിർ കാണേണ്ടതാണു്. ഭിത്തികളിലാകെ വിവിധ വർണ്ണങ്ങൾ ഉള്ള
സ്ഫടികക്കഷണങ്ങൾ പതിച്ചിരിക്കുന്നു. ബാന്ദക്കിൽനിന്നു കുറെദൂരം നടന്നാൽ ഒരു ഗുഹാമുഖം കാണാം. അതു
ഭൂമിക്കടിയിലുള്ള ഒരു മാർഗ്ഗത്തിന്റെ പ്രവേശനദ്വാരമോ ബഹിർഗ്ഗമനദ്വാരമോ ആകാം. ആ തുരങ്കത്തിലൂടെ
അനേകം നാഴിക നടന്നാൽ ശിവജിയുടെ പട്ടണത്തിൽ ചെല്ലാമെന്നു് അവിടുത്തെ ആളുകൾ എന്നോടു പറഞ്ഞു.
ശിവജി പട്ടാളക്കാരോടുകൂടി ഈ തുരങ്കത്തിലൂടെ വന്നു് ആക്രമണം നടത്തിയിരുന്നത്രേ. ശരിയായിരിക്കാം,
തെറ്റായിരിക്കാം. ഇപ്പോൾ തുരങ്കദ്വാരം ചെടികളാൽ മൂടപ്പെട്ടിരിക്കുന്നു. അവിടെ നിന്നപ്പോൾ ഇന്ത്യയുടെ
ഭാവിയെക്കുറിച്ചു ഞാൻ വിചാരിച്ചില്ല. വർത്തമാനകാലത്തെക്കുറിച്ചു ചിന്തിച്ചില്ല. ശിവജി തുരങ്കത്തിലൂടെ
വന്നുകയറുന്നതും കുതിരപ്പുറത്തു് അതിവേഗം പാഞ്ഞുപോകുന്നതും സൈന്യം അദ്ദേഹത്തോടൊരുമിച്ചു പ്രയാണം
ചെയ്യുന്നതും മാത്രമേ ഞാൻ അകക്കണ്ണുകൊണ്ടു കണ്ടുള്ളു. ഭൂതകാലം മാത്രമേ എന്റെ പഞ്ചേന്ദ്രിയങ്ങൾ
പിടിച്ചെടുത്തുള്ളു.
</p>
          <figure rend="fleft" type="gra">
            <graphic url="images/CRADHAKRISHNAN.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">സി. രാധാകൃഷ്ണൻ</figDesc>
          </figure>
          <p> ശ്രീ. <ref target="https://ml.wikipedia.org/wiki/C._Radhakrshnan">സി.
രാധാകൃഷ്ണന്റെ</ref> “ശാന്തം, മനോഹരം, തടാകം” എന്ന ചെറുകഥ ദേശാഭിമാനി വാരികയിൽ
വായിച്ചപ്പോൾ ഘനീഭവിച്ചു കിടക്കുന്ന ഭൂതകാലം മാത്രമേ എനിക്കു് അനുഭവപ്പെട്ടുള്ളു. ഒരുമ്പെട്ട ഒരു
പാവത്തിനെ തലകീഴാക്കി കെട്ടിയിടാൻ രാജാവു് ആജ്ഞാപിച്ചു. ശിക്ഷ നടപ്പാക്കാൻ കഴിഞ്ഞില്ല. തലേദിവസം
രാത്രി അയാൾ കാരാഗൃഹത്തിൽ വച്ചു മരിച്ചു. ആ സംഭവം പിന്നീടു് പല വ്യക്തികളിലൂടെയും ആവർത്തിക്കുന്നതു്
രാധാകൃഷ്ണൻ കാണിച്ചുതരുന്നു. അപ്പോഴൊക്കെ ഭൂതകാലാവബോധമേയുള്ളു എനിക്കു്. മൈക്രോസ്കോപ്പിന്റെ
ഒരുഭാഗം തിരിക്കുമ്പോൾ, നിരീക്ഷിക്കപ്പെടുന്ന വസ്തു ബൃഹദാകാരം കൊള്ളുന്നതുപോലെ
വർത്തമാനകാലത്തിലും പഴയ സംഭവം ആവർത്തിക്കപ്പെടുന്നുവെന്നു് കഥാകാരൻ സ്പഷ്ടമാക്കുന്നു. അതോടെ
ഭൂതകാലത്തിന്റെ തുടർച്ചയായി വർത്തമാനകാലത്തെ നമ്മൾ കാണുന്നു. ഭാരതത്തിന്റെ ഇന്നത്തെ
ദയനീയാവസ്ഥയെ ഇങ്ങനെ അതിന്റെ യഥാർത്ഥരൂപത്തിൽ—സത്യാത്മകമായ രൂപത്തിൽ—നമ്മുടെ
മുൻപിൽ കൊണ്ടുവരുന്നു സി. രാധാകൃഷ്ണൻ.
</p>
        </div>
        <!--end of "section 0.0/1.4"-->
        <div type="lsection" xml:id="sec1.5">
          <head type="lsechead">നിരീക്ഷണങ്ങൾ</head>
          <list rend="numbered">
            <item n="">നമ്മുടെ രാജ്യം ഗർജ്ജിക്കുന്നില്ല, കൂർക്കംവലിച്ചുറങ്ങുകയാണു്. അമേരിക്കാക്കാരന്റെ

മൂക്കിലൂടെയാണു് ഇന്ത്യ കൂർക്കംവലിയുടെ ശബ്ദം കേൾപ്പിക്കുന്നതു്. </item>
            <item n="">നമ്മുടേതു് കൊച്ചു സാഹിത്യമാണു്. സാഹിത്യകാരന്മാരുടെ സംഖ്യാബലമില്ലായ്മ ഒരു കാരണം.
പദ്യസാഹിത്യത്തിൽ <ref target="https://ml.wikipedia.org/wiki/Kumaran_Asan">കുമാരനാശാൻ</ref>, <ref target="https://ml.wikipedia.org/wiki/Vallathol_Narayana_Menon">വള്ളത്തോൾ</ref>,
<ref target="https://ml.wikipedia.org/wiki/Ulloor_S._Parameswara_Iyer">ഉള്ളൂർ</ref>,
<ref target="https://ml.wikipedia.org/wiki/G._Sankara_Kurup">ജി.
ശങ്കരക്കുറുപ്പു്</ref>, <ref target="https://ml.wikipedia.org/wiki/Changampuzha_Krishna_Pillai">ചങ്ങമ്പുഴ</ref>,
<ref target="https://ml.wikipedia.org/wiki/Edappally_Raghavan_Pillai">ഇടപ്പള്ളി</ref>,
<ref target="https://ml.wikipedia.org/wiki/Vyloppilli_Sreedhara_Menon">വൈലോപ്പിള്ളി</ref>
ഇവർ. കുറച്ചു പേരുകൾകൂടി എഴുതാൻ പ്രയാസമില്ല. ഇവിടെ പേരു പറഞ്ഞവരും പറയാത്തവരും നിർമ്മിച്ചുവച്ച
കന്മതിൽക്കെട്ടിനകത്തു കിടന്നുകൊണ്ടു് നമ്മൾ അവരെക്കുറിച്ചു മാത്രം പറയുന്നു. അതിനേ മാർഗ്ഗമുള്ളു.
ഗദ്യസാഹിത്യത്തിലെയും സ്ഥിതി ഇതുതന്നെ. </item>
            <item n="">ഇതെഴുതുന്ന ആൾ അടുത്തകാലത്തു് <ref target="https://ml.wikipedia.org/wiki/Vaikom_Muhammad_Basheer">വൈക്കം മുഹമ്മദ്
ബഷീറി</ref> ന്റെ ചെറുകഥകളെക്കുറിച്ചു റേഡിയോ പ്രഭാഷണം നടത്തി. പലരും അഭിനന്ദനവാക്യങ്ങൾ
നേരിട്ടും കത്തുകളിലൂടെയും പറഞ്ഞു. അതു് പ്രസിദ്ധപ്പെടുത്തണമെന്നും നിർദ്ദേശമുണ്ടു്. പ്രസിദ്ധപ്പെടുത്തിയാൽ
പന്തിയാവില്ല. കാരണം കാതിനെ ലക്ഷ്യമാക്കിയുള്ള വാക്കുകൾ കണ്ണിനുവേണ്ടിയല്ല എന്നതാണു്.
കേൾക്കുമ്പോഴുണ്ടാകുന്ന അനുഭൂതി ഒന്നു്; അതുതന്നെ അച്ചടിച്ചു കണ്ടാൽ ഉണ്ടാകുന്ന അനുഭൂതി മറ്റൊന്നു്.
</item>
            <item n="">ഗുമസ്തൻ കഥാകാരനാണു്. അദ്ദേഹം ഓഫീസിൽ വൈകി വന്നതിനു മേലുദ്യോഗസ്ഥൻ
സമാധാനം ചോദിച്ചു. അയാൾ അതു് എഴുതിക്കൊടുത്തു. സമാധാനം തൃപ്തികരമായിരുന്നതുകൊണ്ടു് കാര്യം
അവിടെ അവസാനിച്ചു. ഈ ഗുമസ്തൻതന്നെ വൈകുന്നേരം വീട്ടിൽച്ചെന്നിരുന്നു് ആ സംഭവത്തെക്കുറിച്ചു
കഥയെഴുതിയാൽ ‘സമാധാനം നല്കുക’ എന്ന പ്രക്രിയയ്ക്കു സ്ഥാനമില്ല. ആ കഥ ഉദ്യോഗസ്ഥനെയും
കീഴ്ജീവനക്കാരനെയും സംബന്ധിക്കുന്ന അനേകം കാര്യങ്ങൾ ഉളവാക്കും. അതിനു ചിലപ്പോൾ
സാർവലൗകികപ്രാധാന്യം ലഭിച്ചുവെന്നും വരാം. അതോടെ അയാൾ മഹായശസ്കനായിയെന്നും വരാം. ഇതാണു
സർഗ്ഗപ്രക്രിയയുടെ മഹനീയത നമുക്കു ബോധപ്പെടുത്തിത്തരുന്നതു്. </item>
          </list>
        </div>
        <!--end of "section 0.0/1.5"-->
        <div type="lsection" xml:id="sec1.6">
          <head type="lsechead">പൂർവകല്പിതരൂപം</head>
          <floatingText rend="qleft">
            <body>
              <p style="noindent">നമ്മുടെ ഭാരതമാകെ മരിച്ചുകഴിഞ്ഞു. ഏതോ ഒരു ഭാഗത്തു് ചെറിയ സ്പന്ദനമുണ്ടു്.
അതും അവസാനിക്കാൻപോകുന്നു. പണ്ടൊക്കെ സമൂഹത്തിനാകെ ജീർണ്ണതയുണ്ടായാൽ അതു് വ്യക്തിയെ
ബാധിച്ചിരുന്നില്ല. ഇന്നു് ഒരു വ്യക്തിയും ജീർണ്ണതയുടെ പിടിയിൽനിന്നു മുക്തനല്ല. സാഹിത്യവും കലയും
അധഃപതിച്ചു കഴിഞ്ഞു. ദുർജ്ഞേയങ്ങളായ കോപ്രായങ്ങളെ നമ്മൾ നോവലുകളായും കവിതകളായും
ചിത്രങ്ങളായും കൊണ്ടാടുന്നു. സ്വഭാവഹത്യ ആളുകളും പത്രക്കാരും ഒരേ രീതിയിൽ നടത്തുന്നു. നമുക്കു് ഇനി ഒരു
രക്ഷയുമില്ല.</p>
            </body>
          </floatingText>
          <p style="noindent"> മഹർഷിമാരുടെ ശക്തി അവരുടെ വൈദിക സൂക്തങ്ങളിൽ ഇരിക്കുന്നു.
ചക്രവർത്തിമാരുടെ ശക്തി അവരുടെ കല്പനകളിലും. വേദസൂക്തങ്ങൾ പഠിച്ചുവയ്ക്കുകയും അവയ്ക്കു് യോജിച്ച മട്ടിൽ
ജീവിക്കുകയും ചെയ്യുന്ന മനുഷ്യർ നിശ്ചേതനരാണു്. അവർ കുഞ്ഞാടുകളാണു്. ചക്രവർത്തിയുടെ കല്പന
ലംഘിച്ചാൽ ശിരസ്സു ഗളനാളത്തിലിരിക്കില്ല. അതുകൊണ്ടു് പഞ്ചപുച്ഛമടക്കി അവർ ചക്രവർത്തിയുടെ മുൻപിൽ
നില്ക്കുന്നു; കല്പനയുടെ മുൻപിൽ നില്ക്കുന്നു. മേലുദ്യോഗസ്ഥൻ ഇംഗ്ലീഷ് എഴുതുമ്പോൾ വ്യാകരണത്തെറ്റു്
വരുത്തിയാൽ കീഴ്ജീവനക്കാരൻ മിണ്ടാതെ നിന്നുകൊള്ളണം. അതു ചൂണ്ടിക്കാണിച്ചാൽ പണ്ടത്തെ കാലത്തു്
ജോലിപോകും. ഇന്നു സ്ഥലംമാറ്റമെങ്കിലും ഉണ്ടാകും. മഹർഷിമാരും ചക്രവർത്തിമാരും മേലുദ്യോഗസ്ഥന്മാരും
അനുസരണം ആവശ്യപ്പെടുന്നു. എന്തിനു് അവരെ മാത്രം കുറ്റപ്പെടുത്തുന്നു. പണ്ഡിതന്മാർക്കും ആജ്ഞാനുസരണം
കൂടിയേ തീരൂ. അതുണ്ടായില്ലെങ്കിൽ അവർ കോപിക്കും. വിമർശകരോ? അവർക്കും വേണം മറ്റുള്ളവരുടെ
അനുസരിക്കൽ. കലാകാരന്മാരുടെ, എഴുത്തുകാരുടെ അവസ്ഥ എന്താണു്? ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ
ദ്രഷ്ടാക്കൾ ആസ്വദിച്ചുകൊള്ളണമെന്നു് അവർക്കു നിർബ്ബന്ധമുണ്ടു്. എഴുത്തുകാർ എന്തെഴുതിയാലും അതു
നന്നെന്നു മറ്റുള്ളവർ പറയണമെന്നു് അവർക്കും നിർബ്ബന്ധം. ഭൂരിപക്ഷമാളുകളും നന്നെന്നു സമ്മതിച്ചാൽ
കലാകാരനു തൃപ്തിയായി; സന്തോഷമായി. പക്ഷേ, ഭൂരിപക്ഷത്തിന്റെ ആസ്വാദനം ശരിയായ ആസ്വാദനമല്ലെന്നു്
അവർ (കലാകാരന്മാരും എഴുത്തുകാരും) അറിയുന്നില്ല. ഭൂരിപക്ഷത്തിനു കർണ്ണാടക സംഗീതമല്ല,
സിനിമാപ്പാട്ടുകളാണു് വേണ്ടതു്. <ref target="https://ml.wikipedia.org/wiki/Nicholas_Roerich">റോറിഹി</ref> ന്റെ
ചിത്രങ്ങളല്ല, കലണ്ടർ ചിത്രങ്ങളിലാണു് അവർക്കു താല്പര്യം. ഈ സത്യത്തിനു് ചില പ്രതീകങ്ങളിലൂടെ രൂപം
നല്കിയിരിക്കുന്നു ശ്രീ. <ref target="https://ml.wikipedia.org/wiki/V._G._Muralikrishnan">വി. ജി.
മുരളീകൃഷ്ണൻ</ref>. (കലാകൗമുദിയിലെ ‘ആയൂർരേഖ’ എന്ന ചെറുകഥ) പൊതുജനസമ്മതി ആർജ്ജിച്ച
ചിത്രങ്ങൾ കലാത്മകങ്ങളല്ല എന്നു് കലാകാരന്റെ അന്തരംഗത്തിലിരിക്കുന്ന നിരൂപണബോധം ഒരു പ്രാകൃതന്റെ
രൂപമാർജ്ജിച്ചു് അയാളോടു പറയുന്നു. ആ ബോധത്തിന്റെ പ്രേരണയാൽ അയാൾ യഥാർത്ഥ കലയ്ക്കു രൂപം
നല്കുമ്പോൾ ഭൂരിപക്ഷം നിന്ദിക്കുന്നു അയാളെ. നല്ല ആശയം. പക്ഷേ, ഒരു പൂർവകല്പിതരൂപത്തിൽ കഥാകാരൻ
തനിക്കു പറയാനുള്ളതു് മുഴുവനും ഉൾക്കൊള്ളിച്ചിരിക്കുന്നു എന്ന പ്രതീതി. കലയ്ക്കു തത്ക്ഷണപ്രതീതിയുളവാക്കാൻ
കഴിയും. അതില്ല മുരളീ കൃഷ്ണന്റെ കഥയ്ക്കു്.
</p>
        </div>
        <!--end of "section 0.0/1.6"-->
        <div type="lsection" xml:id="sec1.7">
          <head type="lsechead">സംഭവങ്ങൾ</head>
          <list rend="numbered">
            <item n="">വേമ്പനാട്ടു കായലിൽ ഒരു കൊതുമ്പുവള്ളം മെല്ലെ നീങ്ങുകയായിരുന്നു. സാന്ധ്യപ്രകാശം
ജലത്തിന്റെ നീലിമ കൂട്ടി. ഞാനും അരൂക്കുറ്റി തേവർവീട്ടിൽ ഭാസ്കരപ്പണിക്കരും കായലിന്റെ തീരത്തു
നില്ക്കുകയായിരുന്നു. വള്ളം നോക്കിക്കൊണ്ടു ഭാസ്കരപ്പണിക്കർ ചോദിച്ചു: “എങ്ങനെയിരിക്കുന്നു?” അന്നു് അരൂരെ
സെന്റഗസ്റ്റിൻസ് സ്ക്കൂളിലെ സെക്കൻഡ് ഫോം വിദ്യാർത്ഥിയായിരുന്നു ഞാൻ. എന്റെ മറുപടി: “നീല മുന്തിരിച്ചാറു
നിറച്ച സ്ഫടിക ചഷകത്തിൽ താമരപ്പൂവിന്റെ ഇതൾ നീങ്ങുന്നതുപോലെ”. “നീ ഭാവിയിൽ കവിയാകും” എന്നു
ഭാസ്കരപ്പണിക്കർ. ഈയിടെ അരൂർ വച്ചു മരിച്ച ആ സുഹൃത്തിന്റെ ഭാവികഥനം ശരിയായി വന്നില്ല. </item>
            <item n=""><ref target="https://ml.wikipedia.org/wiki/Kainikkara_Padmanabha_Pillai">കൈനിക്കര
പദ്മനാഭപിള്ള</ref> യും ഞാനും തിരുവല്ലയിലെ സത്രത്തിൽ ഇരിക്കുകയായിരുന്നു. സമ്മേളനം തുടങ്ങാൻ
ഒരു മണിക്കൂർകൂടി കഴിയണം. കൈനിക്കര സാഹിത്യകാരന്മാരെക്കുറിച്ചു പറഞ്ഞുതുടങ്ങി. “<ref target="https://ml.wikipedia.org/wiki/O._N._V._Kurup">ഒ. എൻ. വി. കുറുപ്പു്</ref>
വലിയ ബുദ്ധിമാനാണു്. വല്ലപ്പോഴും ബുദ്ധിശൂന്യമെന്ന മട്ടിൽ സംസാരിച്ചാൽ കരുതിക്കൂട്ടി അങ്ങനെ
ചെയ്യുന്നുവെന്നേ നമ്മൾ ധരിക്കാവൂ. അതല്ല … എന്ന കവിയുടെ അവസ്ഥ. അയാൾ കരുതിക്കൂട്ടിയല്ല
മണ്ടത്തരം പറയുന്നതു്. <ref target="https://ml.wikipedia.org/wiki/N_Mohanan">എൻ.
മോഹനനു</ref> ണ്ടല്ലോ. ഒന്നാന്തരം ചെറുകഥകൾ എഴുതും. <ref target="https://ml.wikipedia.org/wiki/P.Kesavadev">കേശവദേവ്</ref>, <ref target="https://ml.wikipedia.org/wiki/Thakazhi_Sivasankarappilla">തകഴി</ref>

ഇവരിൽ ബെറ്റർ ആർടിസ്റ്റ് തകഴിയാണു്. തകഴിയുടെ പല ചെറുകഥകളും എന്റെ ഓർമ്മയിലുണ്ടു്.
കേശവദേവിന്റെ ഒരു ചെറുകഥയുടെ പേരുപോലും എന്റെ സ്മരണയിലില്ല”. </item>
            <item n="">അഭിമുഖസംഭാഷണത്തിനു വന്ന ഒരു വിദ്യാർത്ഥിയോടു ഞാൻ പറഞ്ഞു: “അഭിമുഖ
സംഭാഷണത്തിൽ പങ്കുകൊള്ളത്തക്കവിധത്തിൽ എനിക്കു പ്രാധാന്യമില്ല. അതുകൊണ്ടു് വേറെ
ആരുടെയെങ്കിലും അടുത്തുപോകൂ. പിന്നെ നിങ്ങളുടെ ഈ പ്രവൃത്തി തികച്ചും പ്രയോജന ശൂന്യമാണു്. നമ്മുടെ
ഭാരതമാകെ മരിച്ചുകഴിഞ്ഞു. ഏതോ ഒരു ഭാഗത്തു് ചെറിയ സ്പന്ദനമുണ്ടു്. അതും അവസാനിക്കാൻ പോകുന്നു.
പണ്ടൊക്കെ സമൂഹത്തിനാകെ ജീർണ്ണതയുണ്ടായാൽ അതു് വ്യക്തിയെ ബാധിച്ചിരുന്നില്ല. ഇന്നു് ഒരു വ്യക്തിയും
ജീർണ്ണതയുടെ പിടിയിൽനിന്നു മുക്തനല്ല. സാഹിത്യവും കലയും അധഃപതിച്ചു കഴിഞ്ഞു. ദുർജ്ഞേയങ്ങളായ
കോപ്രായങ്ങളെ നമ്മൾ നോവലുകളായും കവിതകളായും ചിത്രങ്ങളായും കൊണ്ടാടുന്നു. സ്വഭാവഹത്യ ആളുകളും
പത്രക്കാരും ഒരേ രീതിയിൽ നടത്തുന്നു. നമുക്കു് ഇനി ഒരു രക്ഷയുമില്ല. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ
ഇതിന്റെ പരിഹാരത്തിനു എന്തെങ്കിലും ചെയ്യാൻ ശ്രമിക്കു. ജീർണ്ണിച്ച സാഹിത്യകാരനെയും രാഷ്ട്രീയക്കാരനെയും
ചെന്നുകണ്ടു് അവർ അർഹിക്കാത്ത പ്രാധാന്യം കൊടുക്കാതിരിക്കു. വിദ്യാർത്ഥിയായ നിങ്ങൾ ശുദ്ധനാണു്.
അതുകൊണ്ടു് ഇവിടുത്തെയാളുകളെ നിങ്ങൾക്കറിഞ്ഞു കൂടാ… ” ഇതിൽക്കൂടുതലായി പറയാൻ ഗദ്ഗദം
എന്നെ സമ്മതിച്ചില്ല. </item>
            <item n="">ശ്രീ. <ref target="https://ml.wikipedia.org/wiki/Sukumar_Azhikode">സുകുമാർ
അഴീക്കോടി</ref> നോടു സംസാരിക്കുന്നതു് എപ്പോഴും ആഹ്ലാദപ്രദമാണു്. കാരണം അദ്ദേഹം
ഏതുസമയത്തും പ്രസന്നാവസ്ഥയിലായിരിക്കുമെന്നതാണു്. മുൻപു് എപ്പോഴെങ്കിലും അദ്ദേഹത്തെ
എതിർത്തിട്ടുള്ള ആളാണു് അദ്ദേഹത്തെ കാണുന്നതെന്നിരിക്കട്ടെ. അതൊക്കെ മറന്നു് അദ്ദേഹം അയാൾ
പറഞ്ഞ നല്ല വാക്കുകൾ അനുസ്മരിപ്പിച്ചു് സഹർഷം സംസാരിക്കും. ഒരു ദിവസം ഞാൻ അദ്ദേഹത്തെ
തിരുവനന്തപുരത്തെ ‘സ്വപ്ന’ എന്ന ലോജ്ജിൽ കാണാൻ ചെന്നു. പരുക്കൻ വാക്കുകൾകൊണ്ടു് അദ്ദേഹത്തെ
എറ്റിയിട്ടുള്ള എന്നോടു് അദ്ദേഹം സന്തോഷത്തോടെ സംസാരിച്ചു. “ഞാൻ വേഗം പോകുന്നു. റ്റാക്സി
നിറുത്തിയിരിക്കുകയാണു്. അതിന്റെ മീറ്റർ പാമ്പിന്റെ വിഷം മേലോട്ടു കയറുന്നതുപോലെ
കേറിക്കൊണ്ടിരിക്കുകയാണു്” എന്നു ഞാൻ അറിയിച്ചു. അഴീക്കോട് പൊട്ടിച്ചിരിച്ചു: “ശരി, ശരി പാമ്പിന്റെ വിഷം
മേലോട്ടു കയറിയാൽ മരണം. മീറ്റർ പ്രവർത്തിച്ചുകൊണ്ടിരുന്നാലും ‘മരണം’ തന്നെ എന്നു പറഞ്ഞു. ഹൃദ്യമായ
പെരുമാറ്റം. അതിൽ കാപട്യമില്ലതാനും. </item>
          </list>
        </div>
        <!--end of "section 0.0/1.7"-->
        <div type="lsection" xml:id="sec1.8">
          <head type="lsechead">തകഴി, ഗുപ്തൻനായർ</head>
          <floatingText rend="qleft">
            <body>
              <p style="noindent">ഇന്ത്യൻ പെൻഗ്വിൻ ബുക്ക്സിനെക്കുറിച്ചു പ്രശംസാപരങ്ങളായി ഇംഗ്ലീഷ്
ജേണലുകളിൽ വരുന്ന നിരൂപണങ്ങൾ വായിച്ചിട്ടു് ആ പുസ്തകങ്ങൾ വാങ്ങി വായിച്ചാൽ നമ്മൾ ദുഃഖിക്കും. പണം
വെറുതേ കളഞ്ഞല്ലോ എന്ന ദുഃഖം.</p>
            </body>
          </floatingText>
          <p style="noindent"> നിരൂപണങ്ങൾ, വിമർശനങ്ങൾ ഇവ എന്നിൽ അങ്ങനെ സ്വാധീനശക്തി
ചെലുത്താറില്ല. ഇന്ത്യൻ പെൻഗ്വിൻ ബുക്ക്സിനെക്കുറിച്ചു പ്രശംസാപരങ്ങളായി ഇംഗ്ലീഷ് ജേണലുകളിൽ വരുന്ന
നിരൂപണങ്ങൾ വായിച്ചിട്ടു് ആ പുസ്തകങ്ങൾ വാങ്ങി വായിച്ചാൽ നമ്മൾ ദുഃഖിക്കും. പണം വെറുതേ കളഞ്ഞല്ലോ
എന്ന ദുഃഖം. ഗ്രന്ഥകാരന്മാരെ വേദനിപ്പിക്കാൻ മടിച്ചു്, പ്രസാധകരെ വ്യവസായത്തിൽ വളർത്താൻ കൊതിച്ചു്
അസത്യപൂർണ്ണങ്ങളായ നിരൂപണങ്ങൾ ആ ജേണലുകളിൽ പരസ്യപ്പെടുത്തുന്നു. നിരൂപകർ പലപ്പോഴും
ജേണലുടമകളുടെ ദാസന്മാരാണു്. സത്യമെഴുതിയാൽ ലേഖനങ്ങൾ പരസ്യപ്പെടുത്തി കിട്ടുകയില്ല എന്നു് അവർക്കു്
അറിയാം. മറ്റു ചിലർക്കു ‘ജഡ്ജ്മെന്റ്’ ഇല്ല. നല്ല സാഹിത്യമേതു് ദുഷ്ടസാഹിത്യമേതു് എന്നു വിവേചിച്ചറിയാൻ

കഴിയാത്ത ഒരാളാണു് <ref target="https://en.wikipedia.org/wiki/Khushwant_Singh">ഖുശ്വന്തു് സിങ്</ref>.
അദ്ദേഹം നല്ലതെന്നു പറഞ്ഞ ഗ്രന്ഥങ്ങളാകെ കുത്സിതങ്ങളായി ഞാൻ കണ്ടിട്ടുണ്ടു്.
</p>
          <figure rend="fright" type="gra">
            <graphic url="images/Thakazhi1.jpg" width="56.9055pt" rendition="gra"/>
            <figDesc style="thumb">തകഴി</figDesc>
          </figure>
          <p> ഇപ്പോൾ ഇതു പറയാൻ കാരണമുണ്ടു്. പ്രഫെസർ <ref target="https://ml.wikipedia.org/wiki/S._Guptan_Nair">എസ്. ഗുപ്തൻനായർ</ref>
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ഗ്രന്ഥനിരൂപണം ഞാൻ വായിച്ചു—തകഴിയുടെ ‘ഒരു കുട്ടനാടൻ കഥ’ എന്ന
കഥാസമാഹാരത്തിന്റെ നിരൂപണം. സമനില പാലിച്ചു് എഴുതുന്ന നിരൂപകനാണു് ഗുപ്തൻനായർ. അദ്ദേഹം
പ്രശംസിച്ച ഈ പുസ്തകം ഞാൻ വാങ്ങി. ഒരു കഥ വായിച്ചു ‘പൊന്നുവിന്റെ കഥ’ വികാരങ്ങൾക്കു് അടിമപ്പെട്ട ഒരു
പെണ്ണിന്റെയും ആണിന്റെയും കഥ തകഴി പറയുന്നു. ആ വികാരത്തെ പ്രേമമെന്നു വിളിക്കാനാവില്ല. അവർ
വൃദ്ധരായി. അവളുടെ ഭർത്താവു മരിച്ചു. അതിനുശേഷം രണ്ടുപേരും തമ്മിൽ കാണുന്നു. അവളുടെ ഹൃദയത്തിൽ
അപ്പോഴും ചെറുചൂടോടെ കത്തിക്കൊണ്ടിരുന്ന വികാരദീപത്തെ കലാസുഭഗമായി തകഴി കാണിച്ചു തരുന്നു. കഥ
വായിച്ചു കഴിഞ്ഞപ്പോൾ മനുഷ്യ ജീവിതം ഇങ്ങനെയാണല്ലോ എന്നു ഞാൻ സ്വയം പറഞ്ഞുപോയി. അങ്ങനെ
എന്നെ പറയാൻ പ്രേരിപ്പിച്ചതു് തകഴിയുടെ കലാബോധമാണു്. ആ ബോധത്തിന്റെ പ്രഗല്ഭമായ
ആവിഷ്കാരമാണു് കഥ. കഥാകാരനും നിരൂപകനും നന്ദി.
</p>
        </div>
        <!--end of "section 0.0/1.8"-->
      </div>
      <!--end of "chapter 0/1"-->
      <!--END OF CHAPTER 0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Sāhityavāraphalam (ml:
സാഹിത്യവാരഫലം).</p>
        <p style="hang"><hi rend="bold">Author(s):</hi>  M Krishnan Nair.</p>
        <p style="hang"><hi rend="bold">First publication details:</hi>  Kalakaumudi
Weekly; Trivandrum, Kerala; 1992-12-06. </p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  M Krishnan Nair,
Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; JWRA 34, Jagthy; Trivandrum 695014; India.</p>
        <p style="hang"><hi rend="bold">Date:</hi>  October 7, 2022.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were
created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only
noncommercial uses of the work are permitted and adoptations must be shared under the
same terms.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Data entry:</hi>  MS Aswathi; <hi rend="bold">Proofing:</hi>  Abdul Gafoor; <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Digitizer:</hi>  KB Sujith; <hi rend="bold">Encoding:</hi>
 JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.or.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.or.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/kk-1992-12-06.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/kk-1992-12-06.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
