<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">കവിതയിലെ അരണ്യങ്ങൾ,
അദ്രികൾ</title>
          <title xml:lang="en" type="main">Kavithayile Aranyangal, Adrikal</title>
        </title>
        <author>Padmadas</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">August 31, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">കവിതയിലെ അരണ്യങ്ങൾ,
അദ്രികൾ</title>
              <title xml:lang="en" type="main">Kavithayile Aranyangal, Adrikal</title>
            </title>
            <author>Padmadas</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>Padmadas</term>
          <term>Kavithayile Aranyangal</term>
          <term>Adrikal</term>
          <term>പദ്മദാസ്</term>
          <term>കവിതയിലെ അരണ്യങ്ങൾ</term>
          <term>അദ്രികൾ</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>August 31, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Carl_Spitzweg_Waldlichtung.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Carl_Spitzweg__Der_Maler_auf_einer_Waldlichtung,_unter_einem_Schirm_liegend.jpg">The
Painter in a Forest Clearing, Lying under an Umbrella,</ref> a painting by <ref target="https://en.wikipedia.org/wiki/en:Carl_Spitzweg">Carl Spitzweg</ref>
 (1808–1885). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">കവിതയിലെ അരണ്യങ്ങൾ, അദ്രികൾ</titlePart>
        </docTitle>
        <docAuthor>
          <persName>പദ്മദാസ്</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">കവിതയിലെ അരണ്യങ്ങൾ, അദ്രികൾ</head>
        <div type="lsection">
          <p style="noindent">ഗൂഗിളിൽ ഒന്നു വെറുതെ, കനാക്കിയ റെയിൻ ഫോറസ്റ്റ് എന്നും ഇന്ത്യാ ബുൾസ്
സ്കൈ ഫോറസ്റ്റ് എന്നും തിരഞ്ഞുനോക്കുക. നിങ്ങളുടെ സ്ക്രീനിലോ കീപാഡിലോ ഒരു കാടും പ്രത്യക്ഷപ്പെട്ടു
എന്നു വരില്ല. മേല്പറഞ്ഞ രണ്ടും മുംബൈയിലെ കോടികൾ വിലവരുന്ന ബഹുനില ഫ്ലാറ്റുകളുടെ പേരുകളാണു്.
കാടു് എന്ന പേരിനു് റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധം എന്തെന്നല്ലേ? ഒരു ബന്ധവുവുമില്ല! കാട്ടിൽ
വസിക്കാനുള്ള മനുഷ്യന്റെ ആദിമമായ മോഹം, പേരു കൊണ്ടെങ്കിലും ഒന്നു മുതലെടുത്തു കളയാം എന്നു
കരുതിയ റിയൽ എസ്റ്റേറ്റ് ലോബിയുടെ പരസ്യവിപണനതന്ത്രം ഇവിടെ എടുത്തു പറഞ്ഞതു്
ഹോമോസാപ്പിയൻസ് എന്ന ജീവിവർഗ്ഗത്തിൽ വനവാസത്വര (forest dwelling urge) പണ്ടു മുതലേ
സ്വതസിദ്ധമായി (inherent) ഉണ്ടു് എന്നു് സൂചിപ്പിക്കാനാണു്. കാടുകളുടെ ജൈവവൈവിധ്യം, നിശ്ശബ്ദത,
അഭയകേന്ദ്രം എന്ന പ്രതീതി, വന്യസൗന്ദര്യം എന്നിവ ആദിമകാലത്തു നിന്നു് കാടു വിട്ടുപോന്ന ശേഷവും
മനുഷ്യനെ നിരന്തരം പ്രലോഭിപ്പിച്ചു പോന്നിട്ടുണ്ടു്. സ്വാഭാവികമായും മനുഷ്യൻ നിരന്തരം ഇടപ്പെട്ടുപോരുന്ന
സർഗ്ഗസാഹിത്യാദികളിലും, വിശിഷ്യാ കവിതയിലും, ആ സ്വാധീനം ദൃശ്യപ്പെടാതെ തരമില്ലല്ലോ!
</p>
          <p>കാടും മലകളും എങ്ങിനെ മലയാളകവികളിലും മലയാളകവിതയിലും പ്രവർത്തിച്ചു എന്നതു് ഒന്നിലധികം
കാരണങ്ങളാൽ കൗതുകകരവും (curious) അന്വേഷണാത്മകവും (inquisitive) ആണു്.
കാവ്യകാനനത്തിലിറങ്ങിയുള്ള സാകല്യേനയുള്ള ഒരു അന്വേഷണം സുസാധ്യമല്ലെങ്കിൽപ്പോലും, ഇടപഴകിയ
കവിതകളിലെ കാടിനെയും മലകളെയും ഒന്നു സ്പർശിച്ചു പോവുക എന്നതാവാം ഈ പ്രകരണത്തിന്റെ
ലഘുതരലക്ഷ്യം!
</p>
          <p>നമ്മുടെ ആദിമസംസ്കാരം ഉദയം കൊണ്ടതു് കാട്ടിലാണല്ലോ. ആരണ്യകസംസ്കാരം എന്നു തന്നെയാണു്
ഇന്നും അതു് വിവക്ഷിക്കപ്പെടുന്നതും. കലർപ്പില്ലാത്ത, ജൈവവും (organic) സ്വച്ഛവും (natural) ആയ,
സ്വാഭാവികമായി പ്രകൃതിയിലുദയം കൊണ്ട മനുഷ്യജീവിതരീതികളെത്തന്നെയാണു് നാം ആദിമസംസ്കൃതിയായി
കൊണ്ടാടിയതു്. ജീവിതത്തിൽനിന്നു് അന്യമായ എന്തോ ആണു് സംസ്കാരം എന്ന മട്ടിൽക്കാണുന്ന
ആധുനികരീതിയിൽ നിന്നു് വിഭിന്നമായി ആദിമസംസ്കൃതി, അതു് അതിന്റെ രൂപപരിസരങ്ങളിൽത്തന്നെ
നിന്നുകൊണ്ടു് ജീവിതത്തെ അന്യവൽക്കരിക്കാതെ, അതിനോടു് ഉൾച്ചേർത്തുനിർത്തി എന്നു പറയാം.
പുരാതനകാലത്തെ മനുഷ്യന്റെ പ്രകൃതിദത്ത ആവാസസ്ഥാനമായ (dwelling place) കാടും, മലയും,
താഴ്‌വാരങ്ങളും അവിടത്തെ ജീവജന്തുജാലങ്ങളും തന്നെയാണു് ഒരു പരിധിവരെ അവനെ സംസ്കൃതിയിലേയ്ക്കു
നയിച്ചതു് എന്നു കാണാം. വാക്കുകളും ഭാഷയും രൂപപ്പെടുന്നതിനുമുമ്പു് ഗുഹാന്തർഭാഗങ്ങളിലും പാറപ്പുറത്തുമെല്ലാം
ആദിമമനുഷ്യൻ കൂർത്ത കല്ലുകൊണ്ടു് കോറിയിട്ട മൃഗ,പക്ഷിരൂപങ്ങൾ ഭാഷാരഹിതനായ മനുഷ്യന്റെ കവിതകൾ
തന്നെയായിരുന്നു! കാടു് അവനെ പഠിപ്പിച്ച സംവേദനദുഷ്ക്കരതയില്ലാത്ത പുരാതന സംസ്കൃതിയിലെ ആദ്യകവിത;
ആദിമകവിത!!
</p>
          <p>കാടു്, കടൽ എന്നീ രണ്ടു രൂപകങ്ങൾ, കവിത എന്ന മാധ്യമത്തിന്റെ അന്തഃസത്തയെ സൂചിപ്പിക്കാൻ ഒരു
പരിധിവരെ നന്നായി ചേരും. കാടിന്റെ ഗഹനതയും നിഗൂഢതയുമെന്ന പോലെ തന്നെ കടലിന്റെ ആഴവും
പരപ്പും, കവിതയുടെ സംവേദനതല്പരതയെ ഉൾക്കൊള്ളാൻ കെല്പുള്ളതാണു്. ഒരുപക്ഷേ, കാടിനേയും
കടലിനേയും നന്നായറിയാൻ ഉന്നമിച്ച കവികൾ തന്നെയായിരിക്കും ഇതു് ആദ്യം തിരിച്ചറിഞ്ഞ്, തങ്ങളുടെ
മാധ്യമത്തിൽ ഫലപ്രദമായി ഉപയുക്തമാക്കിയതു്.
</p>
          <lg>
            <l> “കാടിന്റെ പാട്ടും കടൽപ്പാട്ടുമൊന്നെന്നു</l>
            <l> കാറ്റു പറഞ്ഞാണു ഞാനറിഞ്ഞു!</l>
            <l> രണ്ടുമൊരു പോൽ കറമ്പികളാണെന്നു</l>
            <l> വിണ്ടലം ചൊന്നതും ഞാനറിഞ്ഞു!” </l>
          </lg>
          <!--end of "verse"-->
          <p> എന്നു പറഞ്ഞു കൊണ്ടാണു് സുഗതകുമാരിയുടെ ‘കാടും കടലും’ എന്ന കവിത തുടങ്ങുന്നതു്.
</p>
          <p>കടലിന്റെ അഗാധതയും കാടിന്റെ നിഗൂഢതയും ഒരു പോലെ പേടിപ്പെടുത്തുന്നതുമാണത്രേ!
</p>
          <lg>
            <l> “കാടു നിശ്ശബ്ദം കടൽക്കയം പോൽ, കാടു</l>
            <l> പേടിയാക്കുന്നൂ കടലുപോലെ” </l>
          </lg>
          <!--end of "verse"-->
          <p> സമുദ്രാന്തർഭാഗത്തു് ഉണ്ടെന്നു വിശ്വസിക്കപ്പെന്ന ഒരിക്കലും കെടാത്ത തീയാണു് ബഡവാഗ്നി. ഇതു്
കാട്ടുതീയ്ക്കു് സമാനമാണെന്നാണു് സുഗതകുമാരിയുടെ താരതമ്യം!
</p>
          <lg>
            <l> “കാടിന്നു കാട്ടുതീ, കത്തും കടൽത്തീയു</l>
            <l> കാണാത്തൊരാഴത്തിൽ നീറി നില്പൂ” </l>
          </lg>
          <!--end of "verse"-->
          <p> ബഡവാഗ്നി എന്ന സങ്കല്പത്തെക്കുറിച്ചു തന്നെ അറിയാത്ത പാശ്ചാത്യർക്കു് ഈ വരിയുടെ ഉൾക്കാമ്പു്
പിടികിട്ടിക്കൊള്ളണമെന്നില്ല.
</p>
          <lg>
            <l> “മലമുകളിലിരിക്കെക്കൂട്ടിനു</l>
            <l> കുളിർകാറ്റും കിളികളുമല്ലോ” </l>
          </lg>
          <!--end of "verse"-->
          <p> എന്നു തുടങ്ങുന്ന മറ്റൊരു കവിതയിൽ മല കവിക്കു് അഭയകേന്ദ്രവും സാന്ത്വനവും (asylum and solace)
ആവുന്നു.
</p>
          <p>പന്ത്രണ്ടു വർഷത്തിലൊരിക്കൽ മലയിൽ “കടലു പോൽ നീലക്കുറിഞ്ഞി പൂക്കുന്നതു്” എങ്ങിനെയെന്നും കവി
ഇങ്ങനെ കാവ്യാത്മകമായി പറഞ്ഞു തരും:
</p>
          <lg>
            <l> “ഇരുണ്ട മാമല കിടന്നു മൂകമായ്</l>
            <l> തപം ചെയ്യും പോലും വളരെ നാൾ, പിന്നെ-</l>
            <l> യൊരു പന്തീരാണ്ടു കഴിയവേ, മിന്നി-</l>
            <l> ച്ചുകന്നു നീലിച്ച വെളിച്ചം വീശിക്കൊ-</l>
            <l> ണ്ടെഴുന്നള്ളും വീണ്ടും കുറിഞ്ഞിപ്പൂവുകൾ!”</l>
            <l>
(കുറിഞ്ഞിപ്പൂവുകൾ) </l>
          </lg>
          <!--end of "verse"-->
          <p> മൂകമായി കിടന്നു തപസ്സു ചെയ്യപ്പെട്ടു പൊടിക്കുന്ന കന്ദരം എന്ന കവിയുടെ കണ്ടെത്തൽ സസ്യശാസ്ത്രത്തിനു്
(botany) അത്ര അന്യമാകാനൊന്നുമിടയില്ല! സാധാരണ വിത്തുകൾ വർഷം മറിഞ്ഞാൽ മുളയ്ക്കില്ലത്രെ!
നീലക്കുറിഞ്ഞിക്കു് പൊടിപ്പുയിർപ്പിക്കാനുള്ള ആ കാലദൈർഘ്യം പന്ത്രണ്ടു വർഷമാകാം! കാട്ടിൽ മനുഷ്യൻ
കടന്നു ചെല്ലുന്നതു തന്നെ അധിനിവേശത്വരയുമായാണു്.
</p>
          <lg>
            <l> “മഴുവും തീയുമായ്, കഴുകൻകണ്ണുമായ്</l>
            <l> വരില്ലയോ മർത്ത്യൻ അവിടെയും നാളെ?</l>
            <l> അവിടെ റബ്ബറിൻനിരകൾ നീളുമോ?</l>
            <l> അവിടെപ്പദ്ധതിയിരമ്പിയെത്തുമോ?</l>
            <l> ഇനിപ്പന്തീരാണ്ടു കഴിയുമ്പോൾ വീണ്ടും</l>
            <l> കിഴക്കൻമേട്ടിലാക്കുറിഞ്ഞി പൂക്കുമോ?…”</l>
            <l> </l>
          </lg>
          <!--end of "verse"-->
          <p> എന്ന ഉത്ക്കണ്ഠ പങ്കുവെയ്ക്കുന്നിടത്തത്രേ, സുഗതകുമാരിക്കവിതയുടെ പാരിസ്ഥിതിക രാഷ്ട്രീയം (eco politics)
മറ നീക്കി പുറത്തു വരുന്നതു്!
</p>
          <p>കാടു്, കൈകൂപ്പി വണങ്ങേണ്ട പരിസ്ഥിതിക്ഷേത്രം തന്നെയായിരുന്നു സുഗതതകുമാരിക്കു്!
</p>
          <lg>
            <l> “അക്കഥപോട്ടെ, ഞാനമ്പലത്തിൽ പോലെ-</l>
            <l> യെത്തിനേൻ നിന്നെ വണങ്ങുവാൻ മാത്രമായ്.” </l>
          </lg>
          <!--end of "verse"-->
          <p> എന്നു പറയുന്നു സുഗതകുമാരി ‘സൈലന്റ് വാലി’ എന്ന കവിതയിൽ!
</p>
          <p>പാരിസ്ഥിതികതയെ അകമഴിഞ്ഞു പുൽകുകയെന്ന സ്വപ്നം ജീവിതത്തിലും കവിതയിലും ഒരുപോലെ കൊണ്ടു
നടന്ന കവിയായിരുന്നല്ലോ സുഗതകുമാരി. കരുണ, സ്നേഹം, ദയ തുടങ്ങിയ മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള
മനോജ്ഞസ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാനാവാത്ത ഈ ലോകത്ത്, പ്രകൃത്യംബ തന്നെയായ കാട്ടിനുള്ളിൽ
ചിതകൂട്ടി തങ്ങളുടെ കിനാവുകളെ ദഹിപ്പിച്ചുകളയാമെന്നാണു് കവി ‘കാട്ടിനുള്ളിൽ’ (വഴിയിൽ കളഞ്ഞവ) എന്ന
കവിതയിൽ പറയുന്നതു്.
</p>
          <lg>
            <l> “ഇവിടെച്ചിതകൂട്ടാം നമുക്കെൻ ഹൃദയമേ</l>
            <l> ഇവിടെ ദഹിപ്പിക്കാം നമ്മൾതൻ കിനാക്കളെ.</l>
            <l> മരിച്ചുമരവിച്ച പൊൻകിനാവുകൾ…</l>
            <l> നോക്കൂ നമുക്കീക്കൊടുംകാട്ടി,</l>
            <l> ലീയുച്ചക്കൊടുംതീയിൽ വാടിവീണുണങ്ങുന്ന</l>
            <l> വെളുത്ത ദളങ്ങളാൽ</l>
            <l> വാടിയും പഴുത്തും വീണുറങ്ങുമിലകളാൽ</l>
            <l> ചിതകൂട്ടിടാം, കത്തും വെയിലിൻ പന്തങ്ങളാ-</l>
            <l> ലതിനെ ജ്വലിപ്പിക്കാം, കത്തട്ടേ കിനാവുകൾ!” </l>
          </lg>
          <!--end of "verse"-->
          <p>ജീവിതം പോലെതന്നെ പ്രിയങ്കരമായ ചില സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിയാതെ വരുമ്പോൾ,
പ്രിയതരമായ കാനനം തന്നെയാണു് കവിയതിനു് ചിതയാക്കുന്നതു്!
</p>
          <p>കാടു് മുടിയുന്നതിൽ സുഗതകുമാരിക്കു് പരിദേവനമാണെങ്കിൽ, അതു് കാടിന്നുടയോനായ കാട്ടാളന്റെ
അമർഷമാവുന്നു, കടമ്മനിട്ടയിൽ! കാടിനു വേണ്ടി പോരാടുന്ന, കാട്ടുകള്ളന്മാർക്കെതിരെ “നെഞ്ചത്തൊരു പന്തം
കുത്തി” നിൽക്കുന്നവനാണു് കടമ്മനിട്ടയുടെ പോരാട്ടവീര്യമുള്ള കാട്ടാളൻ. “ഉരുൾപൊട്ടിയ മാമല പോലെ,
ഉലകാകെയുലയ്ക്കും മട്ടിൽ” പ്രതിഷേധത്തിന്റെ തീജ്ജ്വാലയായി അലറി “നെഞ്ചത്തൊരു പന്തം കുത്തി
നിൽക്കുന്ന” ഒരു കാട്ടാളൻ! (കിരാതവൃത്തം)
</p>
          <lg>
            <l> “വേട്ടക്കാരവരുടെ കൈയുകൾ</l>
            <l> വെട്ടും ഞാൻ കൽമഴുവോങ്ങി,</l>
            <l> മല തീണ്ടിയശുദ്ധം ചെയ്തവർ</l>
            <l> തലയില്ലാതൊഴുകണമാറ്റിൽ</l>
            <l> മരമൊക്കെയരിഞ്ഞവരെന്നുടെ</l>
            <l> കുലമൊക്കെ മുടിച്ചവരവരുടെ</l>
            <l> കുടൽമാലകൾ കൊണ്ടു ജഗത്തിൽ</l>
            <l> നിറമാലകൾ തൂക്കും ഞാൻ.” </l>
          </lg>
          <!--end of "verse"-->
          <p> എന്നു ദൃഢപ്രതിജ്ഞയെടുത്തവൻ.
</p>
          <lg>
            <l> “ഒരു സൂര്യനുദിക്കും</l>
            <l> നിഴലായിട്ടമ്പിളി വളരും</l>
            <l> വളരും വനമോടികളാടിത്തെളിയും</l>
            <l> വനമൂർച്ഛയിൽ ദുഃഖംതകരും</l>
            <l> ഞാനന്നു ചിരിക്കും.” </l>
          </lg>
          <!--end of "verse"-->
          <p> എന്ന പ്രതീക്ഷാനിർഭരതയിലാണവന്റെ വാഴ്‌വു്!
</p>
          <p>കടമ്മനിട്ടയുടെ അമർഷം പോലെ തന്നെ,
</p>
          <lg>
            <l> “കാടെവിടെ മക്കളെ? മേടെവിടെ മക്കളെ?</l>
            <l> കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ?”</l>
            <l>
(നാടെവിടെ മക്കളെ?) </l>
          </lg>
          <!--end of "verse"-->
          <p> എന്നുറക്കെ ചോദിച്ചുകൊണ്ടു് പാരിസ്ഥിതികതയുടെ ശബ്ദമായി അയ്യപ്പപ്പണിക്കരും നിലകൊണ്ടു മലയാള
കവിതയിൽ.
</p>
          <p>ബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായയുടെ ‘ആരണ്യകി’ൽ നിന്നു പ്രചോദനമുൾക്കൊണ്ട വിഷ്ണുനാരായണൻ
നമ്പൂതിരി “ഉയിരിൽ കുടിവെച്ച” യുഗളപ്രസാദൻ എന്ന കഥാപാത്രം (അതേ പേരുള്ള കവിത) നഗരങ്ങളിൽ
നിന്നു് രാത്രിയിൽ ചെടികൾ മോഷ്ടിച്ചു്, കാട്ടിൽ കൊണ്ടുവന്നു നടുന്നു. കാട്ടിലെ എസ്റ്റേറ്റ് മാനേജരായ
സത്യചരണിനോടൊപ്പം കാട്ടിലില്ലാത്ത ചെടികൾ നട്ടുപിടിപ്പിച്ചു് അവിടത്തെ ജൈവവൈവിധ്യം
വർദ്ധിപ്പിക്കുകയാണു് ബിഭൂതിഭൂഷന്റെ നോവലിലെ ജുഗൽ പ്രസാദ് എന്ന പ്രകൃതിസ്നേഹിയുടെ ലക്ഷ്യം! ഇതൊരു
റിവേഴ്സ് ഓസ്മോസിസ് പോലെയാണു്. കാട്ടിൽ നിന്നു് ചെടികൾ കൊണ്ടു വന്നു് നാട്ടിൽ നടുകയാണല്ലോ
സാധാരണ പതിവു്! ഈ വിപരീതത്വത്തെയാണു് കവി നെഞ്ചേറ്റുന്നതു്. കവിതയിലെ വരികൾ ഇങ്ങനെ:
</p>
          <lg>
            <l> “ആരണ്യക! ജർജരവേഷ!</l>
            <l> പ്രാകൃത! പാംസുസ്നാത!</l>
            <l> വെൺചന്ദ്രിക മൂടും നഗരിയിൽ</l>
            <l> വെൺചരലറിയാതെത്തി</l>
            <l> അങ്കണമണിയും പുതുപൂച്ചെടി-</l>
            <l> വള്ളികൾ മടിയിലൊതുക്കി</l>
            <l> നിഴൽപോലെ കടമ്പകൾ, കാവൽ-</l>
            <l> പ്പുരകൾ കടന്നതിവേഗം</l>
            <l> പുലർകുങ്കുമമുതിരും മുമ്പു</l>
            <l> പെരുങ്കാടണയും നിന്നെ</l>
            <l> ഉയിരിൽ കുടിവച്ചേൻ പണ്ടേ</l>
            <l> ഉണ്മയിൽ നിറവായവനെ.” </l>
          </lg>
          <!--end of "verse"-->
          <p> താൻ ജീവനിൽ കുടിവെച്ചവനെപ്പറ്റിയുള്ള കവിതയുടെ ഉപലബ്ധിയാണു് രസാവഹം. കവിത ചൊല്ലിക്കേട്ടു്
എത്യോപ്യയിൽ അധ്യാപകവൃത്തി ചെയ്തിരുന്ന മോഹൻദാസ് കൊടകര എന്ന പ്രകൃതിസ്നേഹി, വിരമിച്ചു്
നാട്ടിലെത്തിയപ്പോൾ മാവിൻതൈകൾ നട്ടുപിടിപ്പിക്കുന്ന (‘ആരണ്യക്’ എന്നു തന്നെ പേരിട്ട)
യത്നത്തിലേർപ്പെട്ടു. ആയിരത്തി ഒന്നാമത്തെ വൃക്ഷം നടാൻ സാക്ഷാൽ വിഷ്ണുനാരായണൻ നമ്പൂതിരി തന്നെ
കൊടകരയിലെത്തി. കവികൾ വചസ്സു കൊണ്ടു ചെയ്യുന്നതു് വപുസ്സു കൊണ്ടു ചെയ്യുന്നയാളാണു് മോഹൻദാസ്
എന്നു് ലീലാവതി ടീച്ചർ അതിനെ പ്രകീർത്തിച്ചു. കവിതയുടെ അനന്യവും നിസ്തുലവുമായ പ്രവർത്തനമാതൃക
എന്നല്ലാതെ എന്തു പറയാൻ!
</p>
          <lg>
            <l> “തോക്കു പിടിക്കുന്നവനല്ലാ</l>
            <l> താക്കോൽക്കാരനുമല്ലാ</l>
            <l> കാക്കുന്നൂ മണ്ണുമുയിർപ്പും</l>
            <l> കാക്കുന്നൂ കരളലിവും.” </l>
          </lg>
          <!--end of "verse"-->
          <p> എന്നതായിരുന്നു ആ കവിതയുടെ അടിവാക്യം (bottomline). മോഹൻദാസും യുഗളപ്രസാദനും
ഒരുപോലെ “മണ്ണുയിർപ്പു് കാത്തവർ!”
</p>
          <p>നഗരജീവിതത്തിനിടയിലെ യന്ത്രസംസ്കൃതിയിലും പ്രകൃതിയിലേയ്ക്കു മടങ്ങുക (back to nature) എന്നതു്
മനുഷ്യനു് ഒരു സഹജമായ ത്വരയും (instinct) പ്രലോഭനവും (temptation) ആണു്. അതു മുഴുവൻ
സാധിക്കാതെ വരുമ്പോൾ അവൻ കവിതയുടെ കല്പനാവ്യാമുഗ്ദ്ധതകളിൽപ്പെട്ടു് ഉഴലുകയല്ലാതെ മറ്റെന്തു
ചെയ്യാൻ? ആവോളം ഭാവനാസന്തുഷ്ടി നൽകിയിട്ടുണ്ടു് അങ്ങനെയുള്ളവർക്കു് മലയാളകവിത!
</p>
          <p>യക്ഷന്റെ സന്ദേശഹരനായ മേഘത്തോടു്, തന്നേക്കാൾ ഉന്നതനായ പർവ്വതശൃംഗത്തെ
കെട്ടിപ്പുണർന്നുപോകുവാൻ പറയുന്ന (കാമിനിയെയും മനസ്സിൽ പുണരുന്നുണ്ടാവുമല്ലോ വിരഹിയായ യക്ഷൻ!)
‘മേഘസന്ദേശ’ത്തിലെ “ആപൃച്ഛസ്യ പ്രിയസഖമമും തുംഗമാലിംഗ്യശൈലം” എന്ന കാളിദാസഭാവന,
മലയാളത്തിലെ തിരുനല്ലൂർ കരുണാകരനിലെത്തുമ്പോൾ,
</p>
          <lg>
            <l> “ചാരെ നിൽക്കുമീയദ്രിയാം തോഴനെ-</l>
            <l> ച്ചാലവേ പുൽകി യാത്ര ചോദിക്ക നീ” </l>
          </lg>
          <!--end of "verse"-->
          <p> എന്നു് ഭാഷാസൗകുമാര്യം കൈവരിക്കുന്നു! കാവ്യകാല്പനികർക്കു് പുരുഷപ്രകൃതിയാർന്ന നീരദാ,ദ്രികൾ
പ്രണയികളല്ലെന്നു വരില്ലല്ലോ? (അദ്രിസംഗം കൊണ്ടു തന്നെയാണല്ലോ മഴയുണ്ടാകുന്നതു്?) എന്നു മാത്രമല്ല;
പ്രണയസന്ദേശവാഹകനായ മേഘം പിന്നിടുന്ന ഓരോ പർവ്വതങ്ങളും “നീർമരുതിൻ മലർത്തൂമണം
പാറു”ന്നതാണത്രേ! (“കുകുഭസുരഭൗ പർവതേ”—ശാസ്ത്രീയമായി ആറ്റുവൃക്ഷമായ നീർമരുതിനെ കാളിദാസൻ
പർവ്വതത്തിൽ കൊണ്ടുപോയി പ്രതിഷ്ഠിച്ചതു് അവിടവും ആർദ്രമാക്കാനാവുമോ?)
</p>
          <p>“സമുദ്രവസനേ ദേവീ, പർവ്വതസ്തനമണ്ഡലേ” എന്ന ഭൂമീദേവിയെ പ്രകീർത്തിക്കുന്ന ശ്ലോകത്തിൽ
പർവ്വതങ്ങളെ ഭൂമീദേവിയുടെ സ്തനങ്ങളോടുപമിക്കുന്നതിനെ ശരിവെയ്ക്കുന്നതാണു് എൻ. കെ. ദേശത്തിന്റെ
‘മേഘാലോകേ’ (‘മേഘസന്ദേശ’ത്തിന്റെ തന്നെ ഉപജീവനം) എന്ന കവിതയിലെ “ഇളയുടെ
മുലച്ചേലെഴുന്നാമ്രകൂടം” എന്ന ആമ്രകൂടപർവ്വതത്തിനു നൽകുന്ന ഉപമേയം. ആമ്രകൂടപർവ്വതം
ക്ഷീണിതനായെത്തുന്ന മേഘത്തെ സ്വീകരിക്കുന്ന വിധം തിരുനല്ലൂരാകട്ടെ, ഇങ്ങനെയാണു് വർണ്ണിക്കുന്നതു്:
</p>
          <lg>
            <l> “ആമ്രകൂടം സ്വമൗലിമേലേറ്റിടും</l>
            <l> യാത്ര ചെയ്തു തളർന്നെത്തുമങ്ങയെ.” </l>
          </lg>
          <!--end of "verse"-->
          <p> ‘മേഘസന്ദേശ’ത്തെ മുൻനിർത്തി അക്കിത്തം എഴുതിയ ‘നിത്യമേഘ’മാകട്ടെ പർവ്വതമുനമ്പിൽ നിൽക്കുന്ന
വിരഹിയായ യക്ഷനെ ഇങ്ങനെ വാക്കുകളിൽ കൊത്തിവെയ്ക്കുകയും ചെയ്തു:
</p>
          <lg>
            <l> “മേവുന്നൂ മിഴിതോരാതെ-</l>
            <l> യൊരു പൂരുഷവിഗ്രഹം</l>
            <l> മാനത്തേയ്ക്കുന്തിനിൽക്കുന്ന</l>
            <l> മുനമ്പിൽപ്പൂർണ്ണമുഗ്ദ്ധനായ്,</l>
            <l> നീലാകാശസമുദ്രത്തിൽ</l>
            <l> ച്ചാടുവാനെന്ന പോലവേ” </l>
          </lg>
          <!--end of "verse"-->
          <p> ഏകാന്തത വിധിക്കപ്പെട്ടു് അകലെയുള്ള പ്രണയിനിയോടു് പ്രണയമോതുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ, തന്റെ
കല്പനാപ്രേമം വരികളാക്കി ‘ധൂമ,ജ്യോതി,
സലിലമരുത്തുക്കളുടെ സന്നിപാതമായ’ മേഘത്തെ ഏല്പിച്ചു് മലമുനമ്പിൽ നീലാകാശത്തിലേക്കു് ചാടുവാനെന്ന
പോലെ നിൽക്കുന്ന യക്ഷൻ! അവന്റെ ജീവകാമനയുടെ പ്രതിഫലനമെന്നോണം, ചാടുവാനനുവദിക്കാതെ, ഭൂമി
അവന്റെ കാലിൽ തൂങ്ങിക്കനക്കുന്നു എന്നുമുണ്ടു് തുടർവരികളിൽ അക്കിത്തത്തിന്റെ നായകനെ പ്രതിയുള്ള
താദാത്മ്യവും സൗമനസ്യവും! “മേവുന്നൂ മിഴിതോരാതെയൊരു പൂരുഷവിഗ്രഹം” എന്നു നടേ പറഞ്ഞ വരികളെ
അന്വർത്ഥമാക്കുന്ന പർവ്വതാഗ്രത്തിലെ പ്രകൃതിശില്പം!!
</p>
          <p>ഭൂപരിഷ്ക്കരണത്തെത്തുടർന്നു് ജീവിതായോധനത്തിന്നായി കാടുകയറേണ്ടിവന്ന കവിയാണു് ഒളപ്പമണ്ണ.
</p>
          <lg>
            <l> “ചോലയിൽക്കുളിക്കുന്ന</l>
            <l> ദേവത തോരാനിട്ട</l>
            <l> ചേലപോൽ തുമ്പത്താടി-</l>
            <l> ക്കളിപ്പൂ പുലരൊളി.” </l>
          </lg>
          <!--end of "verse"-->
          <p> എന്ന മട്ടിൽ വനകല്പന നിഴലിക്കുന്ന വരികൾ ഇക്കാലത്താണു് ഒളപ്പമണ്ണ എഴുതുന്നതു്.
</p>
          <p>വെള്ളിനേഴി മനയിലെ ഒരു നാലുകെട്ടു് പൊളിച്ചെടുത്തു് വീടുകെട്ടി മണ്ണാർക്കാട്ടെ കണ്ടമംഗലം കാട്ടിൽ
സകുടുംബം താമസിച്ചു് റബ്ബർക്കൃഷി ചെയ്തു ജീവിച്ചു ഒളപ്പമണ്ണ.
</p>
          <lg>
            <l> “വിശറിപ്പച്ചയാലെന്നെ-</l>
            <l> ത്തണുപ്പിക്കുന്ന റബ്ബറേ</l>
            <l> ജീവിതത്തണലല്ലി നീ?” </l>
          </lg>
          <!--end of "verse"-->
          <p> എന്നു കവി മടികൂടാതെ റബ്ബറിനെയും കാട്ടിലെ ഒരു മരമായി അംഗീകരിക്കുകയും, റബ്ബർക്കൃഷിയുടെ
ശാസ്ത്രീയവശങ്ങൾ പഠിക്കുകയും, കവിതയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. (ഇന്നും കാണാം ജൈനിമേട്ടിലെ
‘ഹരിശ്രീ’യിലെ പൂമുഖത്തെ വട്ടമേശയ്ക്കുമേൽ പണ്ടു താൻ വരിചേർന്ന റബ്ബർ ബോർഡിന്റെ ഇപ്പോഴും മാസാമാസം
എത്തിക്കൊണ്ടിരിക്കുന്ന ‘റബ്ബർ’ മാസികയുടെ പ്രതി!)
</p>
          <p>ആത്മവത്തയെ മന്ദരം എന്ന പർവ്വതത്തിലാരോപിച്ചു ഇടശ്ശേരി, ‘പാൽക്കടൽ കടയുമ്പോൾ’ എന്ന
കവിതയിൽ. (കുങ്കുമപ്രഭാതം)
</p>
          <lg>
            <l> “മന്ദതയാലോ മന്ദരമെന്നു വിളിയ്ക്ക-</l>
            <l> പ്പെട്ടേൻ; ഞാനോ കേശവ,</l>
            <l> നിൻതിരുവുള്ളാൽ കല്പിതനായതൊ-</l>
            <l> രർണ്ണവമന്ഥം ചമയാൻ.” </l>
          </lg>
          <!--end of "verse"-->
          <p> ഭൂരിപക്ഷ ഉദ്ദിഷ്ടതയ്ക്കുവേണ്ടി യത്നം ചെയ്യാൻ നിയോഗിക്കപ്പെട്ട മന്ദരപർവ്വതം സ്വന്തം മരനിരകളെ
പിഴുതെറിഞ്ഞും സമൂഹയജ്ഞത്തിൽ, “അമൃതോദയം” എന്ന പൊതുലാഭത്തിനായി യത്നിക്കുന്നതു് കവി
വർണ്ണിക്കുന്നതിങ്ങനെ:
</p>
          <lg>
            <l> “പീലിത്തിരുമുടി പോലെ ലസിച്ചോ-</l>
            <l> രെന്നുടെ വനരാജി</l>
            <l> ചിതറിച്ചിതറിക്കടലലമാലയി-</l>
            <l> ലെറിയപ്പെടുവതു നോക്കി-</l>
            <l> ച്ചിതമിതവശ്യംഭാവികമെന്നേ</l>
            <l> മുണ്ഡിതനോർത്തൂ ഞാൻ.” </l>
          </lg>
          <!--end of "verse"-->
          <p> കർമ്മസമുദ്രത്തിലെ മഥനോത്സുകതയിൽ യജ്ഞഫലം കാണാതെ ജലത്തിലാണ്ടു പോകുന്ന തന്നെ “ഒരു
കമഠം പോലെ” വന്നു് താങ്ങിനിർത്തണേ എന്നാണു് ജഗന്നിയന്താവിനോടു് കവിതയ്ക്കൊടുവിൽ
മന്ദരപർവ്വതത്തിന്റെ പ്രാർത്ഥന. പാരിസ്ഥിതികതയെ ആത്മലാഭത്തിനുപയോഗിക്കുന്ന മനുഷ്യന്റെ
സ്വാർത്ഥതയിലേയ്ക്കു് ഇടശ്ശേരി വരികൾക്കിടയിലൂടെ കവിതയിൽ കണ്ണുപായിക്കുന്നില്ലെന്നു് ഉറപ്പിച്ചു
പറയാനാവില്ല.
</p>
          <p>കാട്ടിലേയ്ക്കു് കൂട്ടരോടൊത്തു് നിലയ്ക്കാത്തയാത്രകൾ നടത്തുകയും ജൈവവസ്തുവായ (organic entity)
കാടിനെ തന്റെ കവിത ചൊല്ലിക്കേൾപ്പിക്കയും ചെയ്ത കവിയാണു് ഡി. വിനയചന്ദ്രൻ. കാടും, കടലും,
യാത്രയുമില്ലാതെ വിനയചന്ദ്രനില്ല; വിനയചന്ദ്രൻ—കവിതയുമില്ല. കവി തന്നെ കാട്ടിലും നാട്ടിലും കൂട്ടർക്കു
മുന്നിലും നിരന്തരം സ്വയമൊരു കാടായി പരിണമിച്ചമട്ടിൽ ചൊല്ലിയാടിയുലഞ്ഞു തിമിർത്ത കവിതയാണു്
‘കാടിനു ഞാനെന്തു പേരിടും?’
</p>
          <lg>
            <l> “ഞാനെന്തു പേരിടും?</l>
            <l> കാട്ടിലെക്കാണോന്മാർക്കെന്തു പേരിടും?</l>
            <l> കാട്ടിലെ കൂട്ടുകാർക്കെന്തു ഞാൻ പേരിടും?</l>
            <l> കാട്ടിലെ കുട്ടികൾക്കെന്തു ഞാൻ പേരിടും?” </l>
          </lg>
          <!--end of "verse"-->
          <p> എന്നും
</p>
          <lg>
            <l> “കാടു കൊഴിയുമ്പോൾ കാടു വിരിയുന്ന</l>
            <l> കാടിന്റെ കാലം വരുന്നതോ പോന്നതോ” </l>
          </lg>
          <!--end of "verse"-->
          <p> എന്നുമുള്ള ഉദ്വിഗ്നതകളാണു് കവിക്കു് കാടിനെ പ്രതി!
</p>
          <p>വിനയചന്ദ്രനു മാത്രം വെളിപാടു ലഭിച്ച മട്ടിൽ,
</p>
          <lg>
            <l> “കാട്ടിൽ നിലാവുണ്ടു നട്ടുച്ച നേരവും</l>
            <l> രാത്രിയിൽ സൂര്യന്റെ തേരും തെളിച്ചവും” </l>
          </lg>
          <!--end of "verse"-->
          <p> എന്നു് അതു് കാട്ടിൽ ചില വൈപരീത്യങ്ങളെ ദർശിക്കുകയും ചെയ്യുന്നു.
</p>
          <lg>
            <l> “നക്ഷത്രപീഠത്തിൽ ലീലാരസ-</l>
            <l> ധ്യാനലോലയായ് വീണവായിക്കും</l>
            <l> പ്രപഞ്ചമാതാവിന്റെ</l>
            <l> പാദസരങ്ങളിലൊന്നിന്റെ</l>
            <l> ചിഞ്ചിലം കാടു്” </l>
          </lg>
          <!--end of "verse"-->
          <p> എന്നു്, അതു് കാടിനെ നിർവ്വചിക്കുകയും തുടക്കത്തിലെ ചോദ്യത്തിനു്, താൻ തന്നെയാണു് കാടു് എന്ന മട്ടിൽ
കവിതയ്ക്കൊടുവിൽ</p>
          <lg>
            <l> “കാടിനു ഞാനെന്റെ പേരിടും” </l>
          </lg>
          <!--end of "verse"-->
          <p> എന്നു് ഉദ്ഘോഷിക്കയും ചെയ്യുന്നു. കാടിന്റെ നിഗൂഢതയും നിമീലിതത്വവും മനോഹരമായി കവിതയിൽ
വരച്ചു ചേർക്കുന്നു വിനയചന്ദ്രൻ, ‘കാടു്’ എന്ന ശ്രദ്ധേയമായ കവിതയിൽ! കാടിനു സ്വന്തം പേരിട്ട വിനയചന്ദ്രൻ,
യാഗാശ്വത്തെ തിരഞ്ഞു് പഞ്ചവടിയിലെത്തുമ്പോൾ, രാമന്റെ ശരീരമായിത്തന്നെ കാടിനെ കാണുന്ന രാമദൂതനെ
അവതരിപ്പിച്ച ‘ലവണാസുരവധത്തിലെ ഹനൂമാൻ’ (ലഘുഗാനങ്ങൾ) എന്ന ഇടശ്ശേരിക്കവിതയിലെ,
</p>
          <lg>
            <l> “ശ്യാമളം വനം രാമചന്ദ്രന്റെ</l>
            <l> കോമളതനു തന്നെയോ?” </l>
          </lg>
          <!--end of "verse"-->
          <p> എന്ന സംശയം തീർച്ചയായും ഉള്ളുകൊണ്ടു തിരിച്ചറിഞ്ഞിരിക്കുമല്ലോ!
</p>
          <p>വിനയചന്ദ്രനെത്തന്നെ ഒരു കാടായി അംഗീകരിക്കാൻ മലയാളി സഹൃദയസമൂഹത്തിനു് തെല്ലും
മടിയുണ്ടാകില്ല. “കവിത കത്തുന്ന കാടിന്നു സാദരം ഹൃദയവന്ദനം” എന്നു് വിജയലക്ഷ്മിയും, “നിന്നെ ഞാൻ
വിളിക്കുമ്പോൾ വിളികേൾക്കുന്നു കാടു്, ചന്ദനനിലാവാ,ദി കാനനം ദിഗംബരം” എന്നു് ആലങ്കോടു് ലീലാകൃഷ്ണനും,
വിനയചന്ദ്രൻ കവിതയിലെ വിപിനചന്ദ്രികയെ സ്വന്തം കവിതകൾ കൊണ്ടു്, വനവൃക്ഷശാഖികളാൽ ചാമരം
വീശുന്ന മട്ടിൽ, സ്വരൈക്യത്തോടെ അഭിവാദ്യം ചെയ്യുന്നുമുണ്ടു്!!
</p>
          <lg>
            <l> “ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര പോലൊന്നുണ്ടോ</l>
            <l> തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം” </l>
          </lg>
          <!--end of "verse"-->
          <p> എന്നും,
</p>
          <lg>
            <l> “കാട്ടിലെപ്പൂഞ്ചോലകൾ കൈകളിലമൃതത്തെ-</l>
            <l> ക്കാട്ടിലും മേലാം തണ്ണീർ കാട്ടിയും വിളിക്കുന്നു” </l>
          </lg>
          <!--end of "verse"-->
          <p> എന്നും, വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകൻ’, തന്നെ പോറ്റിയ കാടു് എന്ന നഷ്ടസ്വർഗ്ഗത്തെ
‘വനാതുരത്വ’ത്തോടെ, (ഗൃഹാതുരത്വം നമുക്കല്ലേ?) “പിശാചുക്കൾ മന്ത്രിക്കുന്ന മസ്തകകടാഹത്തിലെ” “ഭ്രാന്തിൻ
നിലാവിൽ”പ്പോലും വ്യക്തമായി ഓർക്കുന്നു!
</p>
          <p>ദോഷൈകദൃക്കുകളായ കേരളീയർ ‘മരക്കവികൾ’ എന്നു ചൊല്ലി പരിഹസിച്ചവരിൽ പ്രധാനിയും
ആക്ടിവിസ്റ്റുമായിരുന്നല്ലോ സുഗതകുമാരി.
</p>
          <lg>
            <l> “ശ്യാമയാം നിശ്ശബ്ദ കാനനമേ, നിന്നെ-</l>
            <l> യാനന്ദബാഷ്പം നിറഞ്ഞ മിഴികളാൽ</l>
            <l> ഞാനൊന്നുഴിഞ്ഞു കൊള്ളട്ടേ, കരം കൂപ്പി</l>
            <l> ഞാനൊന്നു കണ്ടു നിന്നോട്ടേ മതിവരെ?”</l>
            <l>
(സൈലന്റ് വാലി) </l>
          </lg>
          <!--end of "verse"-->
          <p>എന്നുള്ള മട്ടിൽ അരണ്യകവിതകൾ എഴുതുക മാത്രമല്ല അവർ ചെയ്തതു്.
</p>
          <p>അട്ടപ്പാടിയിലെ മൊട്ടക്കുന്നായ ബൊമ്മിയാംപടിയിൽ നൂറു് ഏക്കറിൽ അവർ ഒരു കൃത്രിമവനം തന്നെ
വെച്ചുപിടിപ്പിക്കുകയും, അവിടം ഉർവ്വരമാക്കുകയും ചെയ്തു. മുളങ്കാടുകളും ചോലകളും ഉള്ള, മാനും മയിലും
വിഹരിക്കുന്ന ‘കൃഷ്ണവനം’ എന്ന ആ കാടു്, സൈലന്റ് വാലിക്കായി പോരാടിയ എൻ. വി. കൃഷ്ണവാരിയരെ
മുൻനിർത്തിയാണു് നാമകരണം ചെയ്യപ്പെട്ടതു്. പിന്നീടതു് വനം വകുപ്പിനു് കൈമാറപ്പെട്ടു. വിഷ്ണുനാരായണൻ
നമ്പൂതിരി, അയ്യപ്പപ്പണിക്കർ എന്നിവരെപ്പോലെയുള്ള കവികളും ആർ. വി. ജി. മേനോനെയും കെ. വി.
സുരേന്ദ്രനാഥിനെപ്പോലെയുമുള്ള പരിസ്ഥിതിപ്രവർത്തകരും അന്നു് സുഗതകുമാരിക്കൊപ്പം
അണിചേരുകയുമുണ്ടായി.
</p>
          <lg>
            <l> “മലനാടൻ കാടുകൾ തലതല്ലിച്ചാകവേ</l>
            <l> മഴുവിൻ മുനയ്ക്കുമേൽ കയ്യമർത്തി</l>
            <l> മിഴിനീരാൽ പാട്ടിനാൽ തീ കെടുത്തീടുവാൻ</l>
            <l> പഴുതേ പണിഞ്ഞു പണിഞ്ഞുനോക്കീ.</l>
          </lg>
          <lg>
            <l>
“അരുതെ”ന്നുറക്കെ വിലക്കുന്നു പിന്നെയും</l>
            <l> കിളിയും കവിയും പ്രതിദ്ധ്വനിയും.” </l>
          </lg>
          <!--end of "verse"-->
          <p>എന്നു ‘വനരോദനം’ നടത്തി മാഴ്കിയ സുഗതകുമാരി തന്നെ കേരളചരിത്രത്തിൽ ആദ്യമായി ശരിയായ
അർത്ഥത്തിൽ, അങ്ങിനെ ഒരു കാടിന്റെ അമ്മയുമായി മാറി!
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">പദ്മദാസ്</head>
          <figure rend="fleft" type="gra">
            <graphic url="images/padmadas-c.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക്
റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക്
സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം
സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ
കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം.
‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ.
സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ
ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി
കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം
എന്നിവ ലഭിച്ചു.

</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Kavithayile Aranyangal, Adrikal
(ml: കവിതയിലെ അരണ്യങ്ങൾ, അദ്രികൾ).</p>
        <p style="hang"><hi rend="bold">Author(s):</hi>  Padmadas.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, Padmadas,
Kavithayile Aranyangal, Adrikal, പദ്മദാസ്, കവിതയിലെ അരണ്യങ്ങൾ, അദ്രികൾ, Open Access
Publishing, Malayalam, Sayahna Foundation, Free Software, XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  August 31, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Carl_Spitzweg__Der_Maler_auf_einer_Waldlichtung,_unter_einem_Schirm_liegend.jpg">The
Painter in a Forest Clearing, Lying under an Umbrella,</ref> a painting by <ref target="https://en.wikipedia.org/wiki/en:Carl_Spitzweg">Carl Spitzweg</ref>
 (1808–1885). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/padmadas-aranya.xml">Download document
sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/padmadas-aranya.pdf">Download Phone
PDF</ref>.</p>
      </div>
    </back>
  </text>
</TEI>
