വഴിയരികിൽ വണ്ടിയിടിച്ചു മരിച്ച
ഒരുവളുടെ കണ്ണട
വെറുതെ കിടക്കുന്നതുകണ്ടു്
അയാളൊന്നു് എടുത്തുനോക്കി,
കേടൊന്നും പറ്റിയിട്ടില്ല.
അയാളതു് സ്വന്തം കണ്ണിൽ
വച്ചു നോക്കി.
പൊടുന്നനെ
കാഴ്ചകൾ ഓരോന്നു് മാറാൻ തുടങ്ങി!
നിന്ന സ്ഥലത്തു നിന്നു്
പറിച്ചെടുത്തു്
മറ്റൊരു ലോകത്തു്
പ്രതിഷ്ഠിച്ച പോലെ.
മുൻ വശത്തു്
കരിയും നനവും ഇഴ ചേരുന്ന
പഴകിയ ഒരു നൈറ്റിയിലേയ്ക്കു്
അയാളുടെ വേഷം വളർന്നു.
നൈറ്റി ഒന്നു പൊക്കി
അടിപ്പാവാടയിൽ
ചെരുകി വെച്ചു്
അയാള് അവളിലേക്കു് ഇറങ്ങിപ്പോയി.
എച്ചിൽ മണക്കുന്ന അടുക്കളയിൽ
അഴിഞ്ഞു വീഴാൻ തുടങ്ങുന്ന
മുടി ഉച്ചിയിൽ വാരിക്കെട്ടി വെച്ചു്
അയാൾ അടുക്കളയെ
തന്നിലേയ്ക്കു് തിരിച്ചു വെച്ചു.
കഴുകാനും തുടക്കാനും
വെയ്ക്കാനും വിളമ്പാനും
പറക്കാനും ഒതുക്കാനും
തൂത്തുതുടയ്ക്കാനുമായി
അടുക്കള അയാൾക്കു്
മുന്നിൽ വെറുതെ നീണ്ടുകിടന്നു.
തേഞ്ഞുതീരാറായൊരു കുറ്റിച്ചൂലു്
അടുക്കളപ്പുറത്തിരുന്നു്
നെടുവീർപ്പുതിർത്തു.
ചളിച്ചു തുടങ്ങിയ എച്ചിൽ മണം
വീർപ്പു മുട്ടിച്ചപ്പോൾ
അയാൾക്കു് ഓക്കാനം വന്നു.
പെട്ടന്നു്
കണ്ണടയൂരി അയാൾ
തന്നിലേക്കു് തിരിച്ചുവന്നു.
‘ഈ വിധം രക്ഷപ്പെടാൻ
മരിച്ചവൾക്കു് പറ്റില്ലല്ലോ’
കണ്ണട മാത്രം ഖേദിച്ചു.
കൊല്ലം ജില്ലയിലെ മുല്ലക്കരയിൽ ജനനം.
കുമ്മിൽ ഗവൺമെന്റ് എച്ച് എസ് എസ്സിൽ സ്കൂൾ വിദ്യാഭ്യാസം. നിലമേൽ എൻ എസ് എസ് കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം, പാളയം യൂണിവേഴ്സിറ്റി കോളേജിൽനിന്നും ബിരുദാനന്തര ബിരുദം, വർക്കല, നെടുങ്കണ്ട ശ്രീ നാരായണ ട്രെയിനിംഗ് കോളജിൽ നിന്നും ബി എഡ് എന്നിവ പൂർത്തിയാക്കി.
നിലവിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ മലയാളം ഗവേഷണ വിദ്യാർത്ഥിയാണു്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.