‘മുരിക്കുംചേരി പോലീസ് സ്റ്റേഷനിലേക്കു് ആദ്യമായി ഒരു വനിത എസ്. എച്ച്. ഒ. ജോലിയിൽ എത്തിച്ചേർന്നിരിക്കുകയാണു്. രാജം പൗലോസ്. ധാർഷ്ഠ്യവും കർക്കശബുദ്ധിയും നിഴലിക്കുന്ന മുഖവും കനമുള്ള ശബ്ദവും രാജം പൗലോസിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നു് പറയാം. പഠിച്ചുകൊണ്ടിരുന്ന കാലത്തു് യൂണിവേഴ്സിറ്റി അത്ലറ്റും എൻ. സി. സി. കേഡറ്റും ഒക്കെ ആയിരുന്നതുകൊണ്ടും രാവിലെ നാട്ടുവഴികളിലൂടെ ഓടിയും രാത്രി ജിമ്മിൽ കളിച്ചും ലക്ഷണമൊത്ത പോലീസിനുവേണ്ട ശരീരഘടനയും അവർ നിലനിർത്തിപ്പോരുന്നു. ചുരുക്കത്തിൽ എല്ലാംകൊണ്ടും ഒറ്റനോട്ടത്തിൽ ഭയംകലർന്ന ബഹുമാനവും ആകർഷണവും തോന്നുന്ന ഒരു പോലീസുകാരി എന്നു് പറയാം. എന്തായാലും ഇതുമൂലം സ്റ്റേഷനിലെ മറ്റു് വനിതാ പോലീസുകാർക്കാകെ ഒരു തരം അപകർഷത ബാധിക്കാൻ ഇടയുണ്ടു്. എന്തായാലും മുരിക്കുംചേരിയിൽ ഇനി രണ്ടു് സാധ്യതകളാണുള്ളതു്. ഒന്നെങ്കിൽ രാജം പൗലോസിനെ പേടിച്ചു് കുന്നായ്മകൾ കുറയും. അല്ലെങ്കിൽ അവരെ കാണാനും കൊതിക്കാനുമായി സ്റ്റേഷനിൽ കയറിയിറങ്ങുന്നവരുടെ എണ്ണം കൂടൂം.’
ഇത്രയുമെഴുതിയിട്ടു് മുരിക്കുംചേരിയിലെ ഏക ബ്ലോഗ് സാഹിത്യകാരൻ വിനയാനന്ദൻ ഡയറി മടക്കി എഴുന്നേറ്റു. ഒറ്റക്കുള്ള ജീവിതത്തിന്റെ സ്വാതന്ത്ര്യാഘോഷങ്ങളുടെ ആ ദിവസത്തിന്റെ ക്ലൈമാക്സെന്നവണ്ണം തണുത്തു തുടങ്ങിയ കടുംകാപ്പിയിലേക്കു് ഒരു ലാർജ് റം ഒഴിച്ചു് നുണഞ്ഞു തുടങ്ങി. അപ്പനപ്പൂപ്പന്മാരൊക്കെ തങ്ങളുടെ തൊഴിലടയാളങ്ങൾ രേഖപ്പെടുത്താൻ കരുതുന്ന പെൻസിലിനുപകരം അയാൾ ചെവിയിൽ തിരുകിയിരുന്ന കിംഗ്സ് എടുത്തു് കത്തിച്ചു് വെറുതെ വീടിന്റെ ഉമ്മറത്തേക്കു് ചാരി ഇരുന്നു. അകലെ എവിടെയോ ഒരു കുഴൽക്കിണർ കുത്തുന്നുണ്ടു്! അയാൾ ചെവിയോർത്തു. ‘വെള്ളമാണു് എല്ലാത്തിന്റേയും ഉന്നം.’ ആത്മഗതത്തിലെ നിഗൂഡാർത്ഥങ്ങളെക്കൊണ്ടു് പൊറുതിമുട്ടിയ വിനയൻ മന്ദഹാസത്തോടെ ഗ്ലാസിലേക്കു് ഊളിയിട്ടു. ആൽക്കഹോളിന്റേയും കഫീനിന്റേയും തിര അയാളുടെ ബോധമണ്ഡലത്തെ താരാട്ടിത്തുടങ്ങിയിരുന്നു.
ഏതാണ്ടിതേസമയം സ്ഥലം മെമ്പറും സമ്പന്നനും വിശ്വാസിയും ബ്ലേഡ് പലിശക്കാരനും നിരവധി ശിങ്കിടികളുള്ളവനുമായ മത്തായി ചാക്കോ ചില കണക്കു തീർക്കലുമായി എ. കെ. ജി. മെമ്മോറിയൽ വായനശാലയുടെ പരിസരത്തായിരുന്നു.
“മുരിക്കുംചേരി നിന്റെ തന്ത പൂക്കുല വർക്കിയുടെ വളച്ചുകെട്ടിലുള്ളതല്ല. നീ പഠിച്ചു് വാദ്ധ്യാരായാ അതു് സ്കൂളി പിള്ളേര്ടെടത്തു് ചെരച്ചാ മതി. വായനശാലയുടെ പരിസരത്തു് വന്നു് ഇമ്മാതിരി മഞ്ഞപ്പു് മാറാത്ത കുണ്ടന്മാരുടെ മുന്നി ആളാകാൻ വേണ്ടി അവന്മാരോടു് കണ്ട തരവഴി പറഞ്ഞുകൊടുത്തു് ഇവിടെ വിപ്ലവം ഒണ്ടാക്കണ്ട. ഈ മത്തായിക്കും അപ്പൻ ചാക്കോയ്ക്കും രാഷ്ട്രീയം ഞങ്ങടെ കൊണത്തിനുള്ള കളിയാ. ങ്ങള് കിണറുകുത്തും, ടാറു് ചെയ്യും, ഞങ്ങൾക്കു് സൗകര്യള്ളടത്ത്കൂടി… അതിനു് നീ ചെലക്കണ്ട.”
“മത്തായിച്ചാ നിങ്ങള് പണക്കാരനാണു്, കാലാകാലമായി ഇവിടെ അധികാരത്തിലൂണ്ടു് ഒക്കെ ശരിയാ, ഞാൻ എനിക്കുവേണ്ടി ഒന്നും ചെയ്യണമെന്നു് പറഞ്ഞില്ല. നിങ്ങളുടെ പദ്ധതിയിൽപ്പെടുത്തി സ്കൂളിനു് മുൻപിലൂടുള്ള പഞ്ചായത്തു് റോഡ് ടാറുചെയ്യണം. അതു് അത്യാവശ്യമാ. ഇപ്പൊ, അതിലെ ഒരു വണ്ടി പോയിക്കഴിഞ്ഞാ പിന്നെ ഒരുമണിക്കൂറു് പൊടിയാ. അതൊന്നു് ഒതുങ്ങുമ്പോഴേക്കും അടുത്ത വണ്ടിവരും. പിള്ളേരു് ഭൂരിഭാഗവും ആസ്തമയും ശ്വാസം മുട്ടലുമായി നരകിക്കുവാ. നിങ്ങളോടു് ഇതു് എത്ര പറഞ്ഞു? ഒരു മാർഗ്ഗവും ഇല്ലാതായപ്പോഴാ പരാതിയുമായി സെക്രട്ടറിയുടെ അടുത്തു് എത്തിയതു്. അതു് ജനാധിപത്യപരമായ അവകാശമാ, അതിനിയും ചെയ്യും.”
പറഞ്ഞുതീർന്നതെ തോമസ് വർക്കി എന്ന സ്കൂൾ അധ്യാപകന്റെ ചെകിടത്തു് മത്തായിയുടെ ഇടം കൈ പതിഞ്ഞതും അയാളുടെ ശിങ്കിടിമാരിലൊരുവന്റെ ലൂണാറിട്ട കാലുകൊണ്ടു് നെഞ്ചുംകൂടിനു് ഊക്കനൊരു തൊഴികിട്ടിയതും തോമസ് പിറകോട്ടു് മലർന്നുവീണതും അയാളുടെ ഒപ്പം നിന്ന രണ്ടുമൂന്നു് കൗമാരക്കാരോടി മറുകര പറ്റിയതും എല്ലാം ഒരുമിച്ചായിരുന്നു. പുൽക്കൂട്ടിൽ കിടന്നു് കൈകാലിളക്കി കളിക്കുന്ന ഉണ്ണിയേശുവിനെപ്പോലെ കിടക്കുന്ന തോമസിന്റെ നെഞ്ചിലേക്കു് വലതുകാലു് എടുത്തൂന്നിവച്ചിട്ടു് മത്തായി തെല്ലു് പുച്ഛത്തിൽ അലറി.
“എടാ നാറി ഇനീം നീ ചെരച്ചാ ഈ അടുത്തു് ഒരെണ്ണത്തെ കൂട്ടികൊണ്ടു് വന്നിട്ടുണ്ടല്ലോ നിന്റെ വീട്ടിലു്, അംബിക. ദേ ആ നെടുവരിയൻ ചരക്കിനെ പഞ്ചായത്തു് അങ്ങു് ഏറ്റെടുക്കും. പഞ്ചായത്തിന്റെ ഗ്രൗണ്ട് പോലാകും പിന്നെ ചുറ്റുമതിലില്ലാത്തോണ്ടു് വരുന്നോനും പോകുന്നോനും ഒക്കെ കേറി അങ്ങു് കളിക്കും, നിന്നെ ഗ്രൗണ്ടിന്റെ കാവലു് നിർത്തിക്കോണ്ടു് തന്നെ… കേട്ടോടാ മൈ…”
മത്തായിയും ശിങ്കിടികളും പൊട്ടിച്ചിരിച്ചു് അംബികയുടെ ശരീരത്തെ നാട്ടിലുള്ള മലയോടും ചെടിയോടും പുഴയോടും മറ്റു് പലതിനോടും ചേർത്തു് തെറിവർണ്ണന നടത്തിക്കൊണ്ടു് പോകുന്നതു് കേട്ടുകൊണ്ടു് സ്വയം ശപിച്ചും പല്ലുഞെരിച്ചും കൊണ്ടു് പതിയെ എണീറ്റിരുന്നു. ഷർട്ടിലും മുണ്ടിലും ചെറിയ രീതിയിൽ പരിക്കുണ്ടെന്നു് ഉറപ്പായിരുന്നു.
“ഇന്നത്തേതു് നല്ല ദിവസമായിരുന്നു.”
പൊടിയും ചെളിയും ഒക്കെ തട്ടിക്കളഞ്ഞു് റോഡിൽ എണീറ്റിരുന്നു് തോമസ് കിറികോട്ടിച്ചിരിച്ചു. ഇതുവരെയും ആരുടേയും ഔദാര്യത്തിലല്ലാതെ പഠിച്ചു, റെക്കമെന്റേഷനില്ലാതെ ഇൻറർവ്യൂ, ഒക്കെ കഴിഞ്ഞു് സഭയുടെ സ്കൂളിൽ സ്ഥിരജോലി… കഥ കഴിഞ്ഞു. സ്കൂൾ മാനേജർ വൈദികശ്രേഷ്ഠൻ അൾത്താരയിൽ അപരന്റെ സ്വാതന്ത്ര്യം, തന്തയില്ലായ്ക കാണിച്ചവരെ തല്ലിയിറക്കുന്ന ക്രിസ്തു… എന്തെല്ലാം തള്ളലാണു് നടത്തുന്നതു്. എന്നിട്ടു് മറ്റു മനുഷ്യന്മാരെക്കുറിച്ചു് കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്ന കുന്നായ്മ കുഞ്ഞുങ്ങളിലേക്കു് കുത്തിവയ്ക്കുന്നതു് എന്തിനാണെന്നു് ചോദിച്ചപ്പോ അയാളുടെ മട്ടുമാറി. തെറിയായി, ഭീഷണിയായി, മാനേജരച്ചൻ കൊലമാസ് എന്നു് പറയാൻ സഹപ്രവർത്തകർ കൂട്ടം കൂടി. മാനജേരുടെ കൊല… വായിൽ ചോരയുടെ പച്ചച്ചുവയും കൂട്ടി തോമസ് വഴിവക്കിലേക്കു് കാർക്കിച്ചു് തുപ്പി. ദേഹത്തിനു് പലയിടങ്ങളിലും നല്ല വേദനയുണ്ടു്. വായനശാലയിൽ നിന്നു് ഏതാണ്ടു് അരകിലോമീറ്ററുണ്ടു് വീട്ടിലേക്കു്. നേരെ നടന്നാൽ മുരിക്കൻപുഴ. അതിന്റെ അപ്പുറം ആൽത്തറ കോളനി. കോളനിയുടെ ഗേറ്റിന്റെ ഇടതു് ആദ്യത്തെ വീടു്. അവിടം വരെ ഈ ശാരീരികാവസ്ഥയിൽ ഒരു രാത്രിവരെ നടന്നാലും എത്തില്ല എന്നു് അയാൾക്കുതോന്നി.
തോമസിന്റെ വരവുംകാത്തു് മറിയയും അംബികയും വീടിന്റെ ഉമ്മറത്തു് തന്നെ സ്ഥാനം പിടിച്ചിരുന്നു. മുരിക്കുംചേരിയിലെ പ്രധാന വാറ്റുകാരനായിരുന്നു പൂക്കുല വർക്കി. തെങ്ങിൻ പൂക്കുലയും ഗോതമ്പും ശർക്കരയും വർക്കിയുടെ രഹസ്യകൂട്ടുകളും എല്ലാം ചേർത്തു് വാറ്റിയെടുക്കുന്ന ശുദ്ധലഹരി മുരിക്കുംചേരിയിലെ ആണുങ്ങളുടെ സായാഹ്നങ്ങളെ ആഘോഷമാക്കിയിരുന്നു. വിരലുമുക്കി കത്തിച്ചാൽ വീട്ടിൽ പോകാൻ വേറൊരു പന്തം വേണ്ട എന്നതായിരുന്നു പൂക്കുല വർക്കിയുടെ വാറ്റിനു് നാട്ടിലെ ആസ്ഥാന മദ്യമോഹികൾ നൽകിയിരുന്ന ടാഗ് ലൈൻ. എന്തായിരുന്നാലും നാടിനു് മൊത്തത്തിൽ ലഹരി പകർന്നിരുന്ന വർക്കിയുടെ കുടുംബജീവിതം അത്രകണ്ടു് ആനന്ദദായകമോ സൗഭാഗ്യപൂർണ്ണമോ ആയിരുന്നില്ല. മറിയ പണിയെടുത്തും ചിട്ടി നടത്തിയും വിശ്വാസത്തിലും ഭക്തിയിലും മകൻ തോമസ് വർക്കിയെ വളർത്തി. വളർച്ചയുടെ ഒരു നാൽക്കവലയിൽ തോമസിൽ നിന്നും വിശ്വാസവും ഭക്തിയും ഓടിയിരുന്ന ട്രാക്കിലേക്കു് യുക്തിയും ശാസ്ത്രവും ഇടിച്ചുകയറി. അതോടെ മറിയയും തോമസും കാന്തത്തിന്റെ രണ്ടു് ധ്രുവങ്ങളിലായി. തോമസിന്റെ വേദഗ്രന്ഥം ഭരണഘടനയായതോടെ കൂടെ എപ്പോഴോ പഠിച്ച അംബിക അയാളുടെ ജീവിതത്തിന്റെ ഭാഗമായി. വിശ്വാസത്തിനുവേണ്ടിയുള്ള കുരിശുയുദ്ധങ്ങളിൽ തന്റെ ശത്രുനിരയിൽ ആളുകൂടുന്നതുകണ്ടു് മറിയക്കു് ഉറക്കം കുറഞ്ഞു, ചിന്ത കൂടി, സമരശക്തിയും. ഇതൊന്നും തന്നെ ബാധിക്കുന്ന ഇടപാടുകളേയല്ല എന്ന മട്ടിൽ വർക്കി അയാളുടെ കർമ്മമേഖലയിൽ പ്രവർത്തനനിരതനായി തുടർന്നു.
അംബിക ഒരൊത്ത പെണ്ണാണെന്നു് ആദ്യ കാഴ്ചയിൽത്തന്നെ നാട്ടുകാരു് വിലയിരുത്തി. അധികം വണ്ണമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ ഉയർച്ച താഴ്ചകൾ വേണ്ടയിടങ്ങളിലെല്ലാം അതിനു് നൂറിൽ നൂറും കൊടുക്കാമെന്നാണു് ബ്ലോഗർ വിനയാനന്ദൻ ഡയറിയിൽ കുറിച്ചതു്. സ്ത്രീലക്ഷണപ്രകാരം അംബിക എന്നതിനേക്കാൾ രൂപപരമായി പദ്മിനി എന്നാകാമായിരുന്നു പേരു് എന്നു് കുചിമാരതന്ത്രഭാഷ്യത്തെ മുൻനിർത്തി സ്ഥലത്തെ ആയുർവേദവിദഗ്ദ്ധൻ ജയദേവ പണിക്കർ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടാണു് മുണ്ടു് കാലുകൾക്കിടയിലേക്കു് തിരുകിയതു് എന്തായാലും അംബികയുടെ തുറന്ന സംസാരവും വിരിഞ്ഞ ശരീരവും പലരിലും പല വികാരങ്ങളുണർത്തി എന്നു് സാരം.
തോമസ് വൈകുന്നതിലെ അങ്കലാപ്പു് ഒരു പ്രൈം ടൈം ഡിബേറ്റാക്കാൻ മറിയ മനസ്സിൽ കുറിച്ചു. ഉമ്മറത്തെ തറയിൽ താടിയ്ക്കു് കൈയ്യും കൊടുത്തിരിക്കുന്ന അംബികയോടു് മറിയ നയത്തിൽ വിഷയാവതരണം നടത്തി.
“എന്താടി ആലോചിക്കുന്നതു്? ചെറുക്കനിങ്ങു് വന്നോളും. ഞാനൊരു കാര്യം ചോദിക്കട്ടെ?”
“ആ… ചോദിക്കമ്മേ… ഇങ്ങനെ താമസിക്കുന്നതു് പതിവുള്ളതല്ലല്ലോ?”
“അല്ലെടി, നീ എന്തിനാ രാത്രി കെടന്നു് ഞെരങ്ങുകയും മൂളുകയും ഒക്കെ ചെയ്യുന്നെ? എന്തേലും ഏനക്കേടുണ്ടോ?”
“അതല്ലമ്മേ… അതു് പിന്നെ…” അംബിക ഒരു നിമിഷത്തെ പകപ്പിൽ കൈകൊണ്ടു് തറയിലില്ലാത്ത പൊടി തൂത്തെറിഞ്ഞു.
എതിരാളി പതറിയെന്നു് തിരിച്ചറിഞ്ഞ മറിയ തന്റെ അസ്ത്രങ്ങൾ പുറത്തെടുത്തു.
“എടി… ഞങ്ങളീ ക്രിസ്ത്യാനികള് ഇങ്ങനെ കിടക്കപ്പായെക്കിടന്നു് സർക്കസ്സ് കളിക്കില്ല. ഇത്രയ്ക്കു് ഒച്ചയുണ്ടാക്കാൻ അവിടെയെന്താ പന്തുകളി വല്ലോം നടക്കുന്നുണ്ടോ? ഉളുപ്പുണ്ടോടി നിനക്കു്? ഇത്രേം പ്രായമുള്ള ഒരു തന്തേം തള്ളേം അപ്പുറത്തു് കിടക്കുന്നുണ്ടെന്നു്… നിനക്കു് എന്തേലും ധാരണയുണ്ടോ? ഉളുപ്പു് വേണമെടി പെണ്ണുങ്ങളായാല്… ഹു! മനുഷ്യനൊന്നു് കിടന്നുറങ്ങാൻ പറ്റേണ്ടെ ദൈവമേ…”
“അല്ല അമ്മേ, അമ്മയ്ക്കതു് ശ്രദ്ധിക്കാതിരുന്നാ പോരെ… ഞങ്ങള് ജീവിതം തൊടങ്ങുന്നതല്ലേ ഉള്ളൂ… ഞങ്ങൾക്കും ആസ്വദിക്കണ്ടേ?”
“എടീ പെണ്ണുങ്ങളായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം. നീ എന്തിനാ അവന്റെ മേലെ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുതു് പെണ്ണേ… അതെങ്ങനാ?!”
“ദേ അമ്മേ, ഞങ്ങടെ മുറിയിൽ നിന്നു് ഇതിനുമാത്രം എന്തു് ഒച്ച കേട്ടെന്നാ. പിന്നെ ഈ സ്വകാര്യത എന്നു് പറയുന്നതു് മകനും ഭാര്യയ്ക്കും ഒക്കെ വേണ്ടതുതന്നാ—ഒച്ച പിന്നെ പോട്ടെ, എന്നാ കണ്ടെന്നാ… ഇത്രയ്ക്കു് പൊറുതികേടു് ഈ പ്രായത്തിലും… ഞാനധികം പറയുന്നില്ല കേട്ടോ”
“പറയടി… നീ പറയടി, എനിയ്ക്കിതുതന്നെ വേണം”
മറിയ പൂർത്തിയാക്കുന്നതിനുമുൻപു് തോമസ് മുറ്റം മുറിച്ചുകടന്നു. പതിവിനുവിരുദ്ധമായി പുഴയിൽ നിന്നു് കുളിച്ചുവന്നതുകൊണ്ടു് ഷർട്ടും മുണ്ടും മുറ്റത്തുതന്നെ വിരിച്ചുതുടങ്ങിയപ്പോഴേക്കും അംബിക ഉടുത്തുമാറാനുള്ള മുണ്ടുമായി വന്നു.
വിശപ്പില്ല എന്നുപറഞ്ഞു് കിടപ്പുമുറിയിലേക്കു് വലിഞ്ഞ തോമസിനെ പിന്തുടർന്ന അംബികയെ മറിയ മുഖംകോട്ടിനോക്കി കൊഞ്ഞനംകുത്തി. അവളുടെ അടിപാവടയുടെ ചരടിലാണല്ലോ മകന്റെ കാലു് കെട്ടിയിരിക്കുന്നതു് എന്നു് സഹതപിച്ചു.
ഒന്നിനും താൽപര്യമില്ലാതെ തട്ടുമ്പുറത്തെ പലകയുടെ നേരും ചെരിവും നോക്കികിടന്ന തോമസിന്റെ ദേഹത്തുകൂടി അംബികയുടെ കൈകൾ ഇഴഞ്ഞുനടന്നു. “എന്തുപറ്റിയെന്നുള്ള ഒറ്റ ചോദ്യത്തിൽ തോമസാകെപ്പാടെ നടന്നതെല്ലാം ശർദ്ദിച്ചു.”
“സാരമില്ല,”
ഒക്കെ ശരിയാകുമെന്നുള്ള ആശ്വാസവാക്കു് അംബികയിൽ നിന്നുമുയർന്നു. അന്നു് ആ മുറിയിൽ നിന്നു് ഒരുവിധ ശബ്ദവും മറിയ കേട്ടില്ല.
പുഴയിൽ വെള്ളം കുറഞ്ഞുതുടങ്ങിയെങ്കിലും ആൽത്തറ കോളനിക്കാരും മറിയയും അംബികയും എല്ലാം അലക്കും കുളിയുമെല്ലാം ഇപ്പോഴും പുഴയിൽ തന്നെ. മത്തായി ചാക്കോയുടെ വാഴത്തോട്ടം നനക്കാനാണെങ്കിലും ആൽത്തറ കോളനിയുടെ കുടിവെള്ളക്ഷാമം മാറ്റാനെന്ന പ്രചാരണത്തോടെ തോമസിന്റെ വീടിന്റെ പിറകിലുള്ള പഞ്ചായത്തു് വഴിയുടെ വക്കിൽ കുഴൽക്കിണറുകുത്തി വെള്ളം കണ്ടതിന്റെ പിറ്റേന്നു് കുളിക്കടവിൽ വെച്ചു് അംബിക ഒരു വർത്തമാനം പറഞ്ഞു.
“ജീവിതത്തിൽ ഞാനേറ്റവും സുഖമറിഞ്ഞതു് മത്തായി മെമ്പറുടെ സഹായം കൊണ്ടാ… അല്ലെങ്കിൽ അയാളില്ലായിരുന്നെ ഇതൊന്നും ഇങ്ങനെ അനുഭവിക്കാൻ പറ്റില്ല്യാർന്നു… അതു് ഞാനെവിടേം പറയും.”
അംബികയുടെ വെട്ടിത്തുറന്നുള്ള മലയാളം കേട്ടു് കുളക്കടവിലെ അലകൾ ഒന്നു് ഇളകിയെങ്കിലും പിന്നെ ഒതുങ്ങി. നെഞ്ചത്തു് കയറ്റിക്കെട്ടിയ പാവാടയ്ക്കുള്ളിലേക്കു് വീണുപോയ സോപ്പിനെ മുകളിലൂടെയും താഴെക്കൂടെയും എടുക്കുവാൻ ഭഗീരഥപ്രയത്നം നടത്തി വളഞ്ഞുകൂടി നിന്ന രമണി നിവരാൻ പോലും മെനക്കെടാതെ “തോമസെവിടെ?” എന്നു് നീട്ടി ചോദിച്ചു.
“അയാള് വെളുപ്പിനെ തിരുവനന്തപുരം പോയി, ലൈബ്രറിയിലേക്കു് പുസ്തകം വാങ്ങാൻ.” അംബിക സോപ്പ് പതപ്പിക്കൽ തുടർന്നു.
കൂടുതലൊന്നും പറയാൻ നിൽക്കാതെ രമണി കുളി പാതിയിൽ മതിയാക്കി കരയ്ക്കുകയറി ഓടി. ഓട്ടത്തിനിടയിൽ മരുമകളുടെ ലീലാവിലാസം അമ്മായിയമ്മയായ മറിയയോടു് പറയണമെന്നു് ആ സദാചാരവാദിയുടെ മനസ്സു് മന്ത്രിച്ചു.
അംബികയുടെ വർത്തമാനം കുളിക്കടവിലിരുന്ന കുറുഞ്ഞിപ്പൂച്ച കേട്ടു. അതോടിച്ചെന്നു് കടവിൽനിന്നു് കുറച്ചുമാറി ചാഞ്ഞുനിൽക്കുന്ന ചെത്തുതെങ്ങിനോടു് പറഞ്ഞു. ചെത്തുതെങ്ങാകട്ടെ വാർത്ത പരക്കാതിരിക്കാൻ കേട്ടപാതി കേൾക്കാത്ത പാതി കള്ളുകുടത്തിൽ അതൊളിച്ചുവച്ചു. കള്ളെടുക്കാൻ വന്ന നാണു പക്ഷേ, ഇതൊന്നുമറിയാതെ കള്ളു് മറിച്ചു് ഷാപ്പിൽ കൊടുത്തു. വാർത്ത കിടന്നു് പുളിക്കേണ്ടെന്നു് കരുതി കറിക്കാരി ലീല അംബികക്കഥ എടുത്തു് തിളച്ചുകൊണ്ടിരുന്ന തലക്കറിയുടെ വക്കത്തുവച്ചു. നോട്ടം തെറ്റിയ മാത്രയിൽ അംബികയുടെ തുറന്നുപറച്ചിൽ തലക്കറിയിലേക്കു് മറഞ്ഞു. കറി വെറുതെ കളയാനൊക്കുമോ? നാണുവും ലീലയും തലക്കറിയ്ക്കൊപ്പം കഥ മേമ്പൊടിയിട്ടു് സംഭവം ഷാപ്പാകെ വിളമ്പി.
അംബികയുടെ അലക്കും കുളിയും കഴിഞ്ഞപ്പോഴേക്കും പ്രധാനമായും മൂന്നു് കാര്യങ്ങൾ സംഭവിച്ചിരുന്നു. ഒരുമ്പെട്ടോള് കയറിവരുമ്പോ തല തല്ലിപ്പൊളിക്കാൻ മറിയ രമണിയുടെ വീട്ടിൽ നിന്നും ചിരവ സംഘടിപ്പിച്ചു് കാത്തിരുന്നു. ഇതുവരെ മറിച്ചൊരു വർത്തമാനം പറയാത്തതും ഉത്തമ കുടുംബിനിയുമായ, മെമ്പർ മത്തായി ചാക്കോയുടെ ഭാര്യ ആദ്യം കണ്ട നാലു് വസ്തിപ്ലേറ്റും തല്ലിപ്പൊട്ടിച്ചു് സ്വന്തം വീട്ടിലേക്കു് ഇറങ്ങിനടന്നു. കരക്കമ്പി സജീവമായതോടെ മത്തായിയുടെയും മറിയയുടെയും വീടിനുചുറ്റും ചാവാലിപ്പട്ടികളുടെ കൂട്ടം കണക്കെ സ്ഥലത്തെ പ്രധാന വാർത്തവിതരണ തൊഴിലാളികൾ ചുറ്റിക്കറങ്ങി.
അപ്പനപ്പൂപ്പന്മാർ മുതൽ രാഷ്ട്രീയവ്യവസായത്തിൽ സജീവമാണെങ്കിലും ഇമ്മാതിരി പെണ്ണുകേസ് ആദ്യമായതുകൊണ്ടു് ചാക്കോ നിന്ന നില്പിൽ വിയർത്തു. ആ വിയർപ്പിൽ അടിവസ്ത്രം നനഞ്ഞു് കഞ്ഞിപിഴിഞ്ഞ മുണ്ടിൽ ഒട്ടി. നാട്ടുകാരുടെ പരാതി തീർക്കാൻ സ്റ്റേഷൻ കയറിയിട്ടുണ്ടെങ്കിലും സ്വന്തം കാര്യത്തിനു് ഇമ്മാതിരി എടത്തൊക്കെ കയറി നിരങ്ങേണ്ടിവരുമെന്നു് കഴിഞ്ഞ കുറച്ചു് നിമിഷങ്ങൾക്കു് മുമ്പുപോലും താൻ ആലോചിച്ചിട്ടില്ല എന്നോർത്തു് അയാൾ വീണ്ടും ഞെട്ടി.
കുളികഴിഞ്ഞു് മുടിയഴിച്ചിട്ടു് കയറിവരുന്ന അംബികയെ കണ്ടു് മറിയ അലറി.
“അറുവാണിച്ചി, നീ കുടുംബത്തിന്റെ മാനം കളഞ്ഞല്ലോടി”
“ദേ, അമ്മേ വെറുതെ ചാടി നടുവൊടിക്കണ്ട… ഞാൻ പറഞ്ഞതു് സത്യാ… എന്നെക്കൊണ്ടു് കൂടുതൽ പറയിപ്പിക്കേണ്ട.”
മുറിയിൽ കയറി അംബിക വാതിൽ ചാരി, സാരിയുടുത്തു, കണ്ണെഴുതി പൊട്ടുതൊട്ടു. ഇതുകണ്ടു് കലിയിളകി മറിയ വാതിലു് തള്ളിത്തുറന്നു് തള്ളയ്ക്കു് വിളിച്ചു, തെറിപ്പാട്ടുപാടി, നെഞ്ചത്തടിച്ചു. ഇത്രയുമായപ്പോഴേക്കും മുരിക്കുംചേരി പോലീസ് സ്റ്റേഷനിൽ നിന്നും കോൺസ്റ്റബിൾ ജിജിമോൻ മറിയയുടെ വീടിനുമുൻപിൽ ഹാജരായി. അംബികയോടും മറിയയോടും സ്റ്റേഷനിലേക്കു് എത്തണമെന്നു് തലചൊറിഞ്ഞു് നാണിച്ചു് അറിയിച്ചു. പറച്ചിലിനിടയിൽ ഒരുങ്ങിയിറങ്ങിയ അംബികയെ ഏറുകണ്ണിട്ടു് നോക്കി വെള്ളമിറക്കി.
അംബികയുടെ വെളിപ്പെടുത്തൽ വർക്കിയുടെ സമാന്തരലോകത്തു് എത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.
“അവള് അല്ലെങ്കിലും ഉശിരുള്ള പെണ്ണാ… അവളുടെ ആനന്ദം അവൾ കണ്ടെത്തട്ടെ. അതിനുള്ള അവകാശം അവൾക്കുണ്ടല്ലോ?!”
വർക്കിയുടെ അച്ചടിഭാഷയിലുള്ള പ്രതികരണത്തെത്തുടർന്നു് സഹപ്രവർത്തകർക്കിടയിൽ നിന്നും ഒരുവിധ ചോദ്യങ്ങളും ഉണ്ടായില്ല. ശുദ്ധമായ ലഹരിയ്ക്കൊപ്പം ഇന്ത്യൻ സാമ്പത്തികരംഗത്തു് സ്വകാര്യവൽക്കരണം വരുത്തുന്ന വിനകളെക്കുറിച്ചും തുടർന്നു് വിനയൻ സിനിമകളിലെ ദേശീയതയെക്കുറിച്ചും പിന്നീടു് പോറ്റി ഹോട്ടലിലെ ദോശയുടെ കുറഞ്ഞുവരുന്ന വിസ്താരത്തെക്കുറിച്ചും അവിടെ തീപാറിയ ചർച്ച നടന്നു.
വീട്ടിൽ നിന്നും നടന്നുതുടങ്ങിയപ്പോൾ അംബികയും മറിയയും മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും സ്റ്റേഷനിലെത്തിയപ്പോഴേക്കും മുരിക്കുംചേരി പഞ്ചായത്തു് മുഴുവനും ഉണ്ടായിരുന്നു വർക്കിയും സഹകാരികളും ഒഴികെ.
എസ്. എച്ച്. ഒ. രാജം പൗലോസ് നീണ്ടുനിവർന്നിരുന്നു് മത്തായി മെമ്പറുടെ ആവലാതി കേട്ടു. തോമസിനെ വായനശാലയ്ക്കുമുമ്പിലിട്ടു് ചവിട്ടിക്കൂട്ടിയപ്പോൾ പറഞ്ഞ വെല്ലുവിളി അപ്പോഴേക്കും മത്തായിയുടെ ശിങ്കിടികളിൽ ഒരാൾ തന്നെ ജിജിമോൻ പോലീസിനു് കൈമാറിയിരുന്നു. മത്തായിയോടു് പെട്ടെന്നു് തോന്നിയ ഒരു അസൂയയായിരുന്നു ശിങ്കിടിയുടെ ചേതോവികാരം. കർമ്മനിരതനായ കോൺസ്റ്റബിൾ ജിജിമോൻ എസ്. എച്ച്. ഒ.-യുടെ അടുത്തു് വിവരം ചൂടോടെ കൈമാറി.
“ഫ്ഭ കഴുവേറീ, തന്തയില്ലായ്ക പറഞ്ഞിട്ടു് പെണ്ണൊരുത്തി തിരിച്ചുപറഞ്ഞപ്പോ നിനക്കു് നാണക്കേടു് അല്ലേ മെമ്പറേ?”
“സാറെ ഞാനൊരു ജനപ്രതിനിധിയാണു്, ഇതു് ജനമൈത്രി മാതൃകാപോലീസ് സ്റ്റേഷനും!”
പറഞ്ഞുതീരുംമുമ്പു് മത്തായിയുടെ ചെവിയിലൂടെ വണ്ടുമൂളി.
“ജനമൈത്രിയൊക്കെ പുറത്തു്. ഈ സ്റ്റേഷനിൽ കയറി എന്നെ നിയമം പഠിപ്പിക്കണോ നിനക്കു്? അല്ലെങ്കിൽ പഞ്ചായത്തു് ഗ്രൗണ്ട് ഒണ്ടാക്കണമായിരിക്കും. അല്ലേടോ?”
രാജം പൗലോസിന്റെ ഇത്തരം പെർഫോമൻസ് ഈ സ്റ്റേഷനിൽ ആദ്യമായതുകൊണ്ടാകും അച്ചടക്കമുള്ള പരീക്ഷാഹാളുപോലെ പോലീസ് സ്റ്റേഷൻ നിശബ്ദമായി. കാഴ്ചക്കാരായി പുറത്തു് കാത്തുനിന്ന നാട്ടുകാരേറെയും സ്ഥിതി വഷളാകുന്നതുകണ്ടു് പതിയെ ഒഴിഞ്ഞുതുടങ്ങി.
കണ്ടുനിന്ന മറിയയും ഒന്നുഞെട്ടി. എങ്കിലും ധൈര്യം സംഭരിച്ചു് കസേരയിൽ മുറുകെ പിടിച്ചിരുന്നു. അംബിക മാത്രം ഒരു കൂസലുമില്ലാതെ ചെറുചിരിയോടെ മത്തായിയെ നോക്കിനിന്നു.
രാജം പൗലോസ് അംബികയോടു് ഇരിക്കാൻ പറഞ്ഞു. അംബിക ഇരിക്കുന്ന കസേരയ്ക്കരുകിൽ മേശയിൽ പാതികയറി രാജം പൗലോസും ഇരുന്നു. ലാത്തി ഇടം തുടയിൽ കുത്തിപിടിച്ചുകൊണ്ടു് അംബികയ്ക്കു് പറയാൻ അവസരം കൊടുത്തു.
“തോമസ് ഒരു പാവമാ സാറെ, തല്ലി തോൽപ്പിക്കാനൊന്നും അറിയില്ല, പക്ഷേ, ന്യായം, നീതി, പൗരബോധം ഇതിന്റെയൊക്കെ അസുഖം കൂടുതലാണുതാനും. അന്നു് സ്കൂൾ പിള്ളേരുടെ കാര്യത്തിനു് പരാതി കൊടുത്തെന്നും പറഞ്ഞു് മത്തായി മെമ്പറും കൂട്ടരും കൂടി അയാളെ വായനശാലയുടെ അടുത്തിട്ടു് പൊതിരെ തല്ലിയതു് എന്നോടു് രാത്രി പറഞ്ഞപ്പോൾ ശരിക്കും തോമസ് കരയുകയായിരുന്നു എന്നു് ഇരുട്ടത്തും ഞാൻ തിരിച്ചറിഞ്ഞതാ സാറെ. ഈ നിൽക്കുന്ന മെമ്പറു് എന്നെ പറ്റി പറഞ്ഞ തന്തയില്ലായ്ക കേട്ടപ്പൊ എനിയ്ക്കും വല്ലാതെ വിഷമം വന്നു സാറെ. ഞാനും കുറെ കരഞ്ഞു. ഇയാളെപ്പോലെ വല്യ രാഷ്ട്രീയപാരമ്പര്യോം പണോം ഒന്നും ഇല്ലെങ്കിലും ഞങ്ങൾക്കും അഭിമാനമില്ലേ സാറെ?” അംബിക പറഞ്ഞുനിർത്തി.
“അഭിമാനത്തിന്റെ കൂടുതലുകൊണ്ടായിരിക്കും അംബികയെ മത്തായി മെമ്പറു് സുഖമറിയിച്ചതു് അല്യോ?” രാജം പൗലോസ് മുഖംകോട്ടി പരിഹസിച്ചു.
“അതങ്ങനല്ല സാറെ.” പ്രത്യേകിച്ചു് ഭാവഭേദമൊന്നുമില്ലാതെ അംബിക പറഞ്ഞു.
“ഞങ്ങളുടേതു് അത്ര സുഖകരമായ ജീവിതമൊന്നുമല്ല സാറെ. വേറെ അപകടമൊന്നും ഇല്ലെങ്കിലും മറിയാമ്മച്ചി എന്ന വെറുതെ ചൊറിഞ്ഞോണ്ടിരിക്കും കുടുംബമഹിമയും പറഞ്ഞു്. തോമസാണെങ്കി കിടപ്പുമുറിയിൽ അസാധ്യ കലാകാരനും… എനിയ്ക്കു് കുറച്ചു് സുഖമായിക്കഴിഞ്ഞാൽ ചെലപ്പൊ ചിരിക്കാനും ഞെരങ്ങാനും ഒച്ചയിടാനും ഒക്കത്തോന്നും… മറിയാമ്മച്ചി അപ്പുറത്തെ മുറിയിൽ ഉറങ്ങാതെ കിടക്കുന്നുണ്ടാകുമെന്നു് ഉറപ്പുള്ളതുകൊണ്ടു് തോമസ് മിക്കപ്പോഴും എന്റെ വായ പൊത്തിപ്പിടിക്കാറുണ്ടു്. എന്നാലും ചില ദിവസം ഞങ്ങളുടെ നിയന്ത്രണം പോവും. പിറ്റേന്നു് മറിയാമ്മച്ചി തലേന്നത്തെ കിടപ്പറ ഞെരക്കം പറഞ്ഞു് വല്ലാതെ അപമാനിക്കും.” അംബിക ഒന്നുനിർത്തി.
“അതും മത്തായിയും തമ്മിൽ?”
കൗതുകവും സംശയവും കലർന്ന നോട്ടത്തോടെ രാജം പൗലോസ് ചോദിച്ചു.
“എന്നേം എന്റെ തോമസിനേം അപമാനിച്ച മത്തായിയോടു് പ്രതികാരം എന്റെയും ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാ ഇയാള് പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയെന്നും പറഞ്ഞു് വാഴത്തോട്ടം നനയ്ക്കാൻ കുഴൽക്കിണറു് ഉണ്ടാക്കുന്നതു്. ഭയങ്കര ശബ്ദമായിരുന്നു സാറെ… അന്നു് മറിയാമ്മച്ചിയ്ക്കു് ഞങ്ങൾടെ മുറിയിൽ നിന്നു് ഒരു ശബ്ദവും കേൾക്കാൻ വകുപ്പില്ലായിരുന്നു. തോമസ് അന്നെന്നെ സുഖത്തിലാറാടിച്ചു എന്നു് പറഞ്ഞാമതിയല്ലോ? ഞാൻ പറഞ്ഞതു് സത്യമാ സാറെ, എന്റെ ജീവിതത്തിൽ ഏറ്റവും സുഖമറിഞ്ഞതു് അന്നാണു്. അതിന്റെ കാരണക്കാരൻ മത്തായി മെമ്പറും.”
അംബിക പറഞ്ഞുതീർന്നപ്പോഴേക്കും രാജം പൗലോസിനും അംബികയ്ക്കും ചിരിപൊട്ടിയതു് ഒരുമിച്ചായിരുന്നു. അംബിക തുടർന്നു. പിറ്റേന്നു രാവിലെ ചായ കുടിച്ചുകൊണ്ടിരുന്നപ്പോ തോമസ് പതിവുപോലെ തത്വം പറഞ്ഞു. “ഇന്ത്യൻ പൊളിറ്റിക്സിൽ അഴിമതിയ്ക്കു് നല്ല പ്രോത്സാഹനമാണത്രേ… കാരണം ഇവിടെ ഏതു് അഴിമതിക്കാരനെയും ജനം അംഗീകരിക്കും. അയാൾക്കെതിരെ ഒരു പെണ്ണുകേസ് ഉണ്ടാകാത്തിടത്തോളം കാലം. തനിയ്ക്കു് കിട്ടാത്തതു് വേറൊരുത്തനു് കിട്ടിയെന്നുള്ള അസൂയയുടെ പുറത്താണു് സ്ത്രീവിഷയം ആരോപിക്കപ്പെടുന്ന രാഷ്ട്രീയക്കാരെ ഭൂരിപക്ഷം പരാജയപ്പെടുത്തുന്നതു്. ഇത്തരക്കാരെ സ്ത്രീകൾ പ്രതികാരമെന്നവണ്ണം തോൽപ്പിക്കാൻ ശ്രമിക്കും. പക്ഷേ, അതുകൊണ്ടുമാത്രം ആകില്ലല്ലോ. അവിടെ ആണുങ്ങളുടെ അസൂയയും ഗുണകരമാക്കപ്പെടും.” സംഭവം ഞാനന്നേരം ചിരിച്ചുതള്ളിയെങ്കിലും മത്തായിയുടെ രാഷ്ട്രീയപാരമ്പര്യത്തിനു് ഇതിലും വലിയ ആപ്പു് വയ്ക്കാനില്ല എന്നു് എനിയ്ക്കും തോന്നി. ഇങ്ങനെ പറയുന്നതു് സത്യവിരുദ്ധമല്ലല്ലോ, അതുകൊണ്ടു് കുറ്റബോധത്തിനും വഴിയില്ല. ഇനി ഏതെങ്കിലും ഇലക്ഷനു് ഇയാള് കരകേറുമെന്നു് സാറിനു് തോന്നുന്നുണ്ടോ?
രാജം പൗലോസ് ചിരിച്ചുകൊണ്ടു ചോദിച്ചു. “അംബിക ഏതുവരെ പഠിച്ചു?”
“ജേർണലിസം പാസായി”
“നല്ലതാ, മറിയയെ ഇങ്ങുവിളിക്കു്”
മറിയ ധൈര്യം സംഭരിച്ചു് ഹാജരായി.
“രാത്രി നല്ലതുപോലെ ഉറങ്ങണം. മക്കളുടെ കിടപ്പറയ്ക്കു് കുറ്റിയും കൊളുത്തും വയ്ക്കണം, കേട്ടോ, വേറെ കുഴപ്പമൊന്നുമില്ല. മകളേയും കൂട്ടി പൊയ്ക്കോ!”
മുരിക്കുംചേരി പോലീസ് സ്റ്റേഷനിൽ നിന്നും തലനിവർത്തി തന്നെ അംബികയിറങ്ങി. മറിയ പലതുമാലോചിച്ചു് യാന്ത്രികമായി നടന്നു. മത്തായിയുടെ അത്യാർത്തിയും അഹങ്കാരവും അയാളെ അനിവാര്യമായ അവസ്ഥയിൽ തന്നെ എത്തിച്ചതിൽ രാജം പൗലോസ് അത്ഭുതപ്പെട്ടു. എന്തുപറഞ്ഞാലും അംബികയുടെ വർത്തമാനത്തിൽനിന്നും മത്തായി കരകയറില്ലെന്നു് അവൾക്കുറപ്പായിരുന്നു. സ്റ്റേഷനിൽ നിന്നും കിട്ടിയ വാർത്തകളുടെ അടിസ്ഥാനത്തിൽ വിനയാനന്ദൻ ബ്ലോഗിൽ ഉടനെ ആരംഭിക്കുന്ന നീണ്ടകഥയ്ക്കു് അംബികാങ്കം എന്നു് പേരുറപ്പിച്ചു.
ഇടുക്കി ജില്ലയിലെ കട്ടപ്പന കാൽവരി മൗണ്ടിൽ ജനിച്ചു. കാൽവരി ഹൈസ്കൂൾ, ഗവ. കോളേജ് കട്ടപ്പന, സ്കൂൾ ഓഫ് ലറ്റേഴ്സ് എം. ജി. സർവ്വകലാശാല കോട്ടയം, എന്നിവിടങ്ങളിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തര ബിരുദവും കോട്ടയം ഭവൻസിൽ നിന്നും പത്ര പ്രവർത്തനത്തിൽ പി. ജി. ഡിപ്ലോമയും നേടി. മലയാള വിഭാഗം സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജ്സ് മധുരൈ കാമരാജ് സർവ്വകലാശാല മധുരൈയിൽ നിന്നും എം. ഫിൽ., ജീവിത ദർശനവും ഭാവുകത്വവും കെ. ജി. ജോർജിന്റെ ചലചിത്രങ്ങളിൽ എന്ന വിഷയത്തിൽ UGC ഫെലോഷിപ്പോടെ ഗവേഷണം എന്നിവ പൂർത്തിയാക്കി. ആനുകാലികങ്ങളിലും ജേർണലുകളിലുമായി ഇരുപത്തി അഞ്ചോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇപ്പോൾ പാവനാത്മ കോളേജ് മുരിക്കാശ്ശേരിയിൽ മലയാള വിഭാഗത്തിൽ അധ്യാപകനായി ജോലി ചെയ്യുന്നു.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.