images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ചേറുമീൻ

ഈ കഥപറഞ്ഞു തുടങ്ങുമ്പോൾ എനിക്കു മുപ്പതു വയസ്സാണു്. പെണ്ണു് എന്നാണു് പത്താംക്ലാസ് പത്രികയുടെ ഒന്നാംപുറത്തു് എഴുതിയിരിക്കുന്നതു്. ബിരുദത്തിനു പഠിക്കുന്ന കാലത്തു്, പത്തുവർഷം മുൻപു്, കിടപ്പിലായതാണു്. കയ്യും കാലും അനങ്ങില്ല. കഴുത്തും തനിയെ തിരിക്കാൻ കഴിയില്ല. എനിക്കു് ഓർമകളും ചിന്തകളുമുണ്ടു്. കണ്ണു് ചലിപ്പിക്കാൻ സാധിക്കും. ആറാം വയസ്സിൽ അച്ഛൻ ബലാൽസംഗം ചെയ്തു. അതിനു കേസും കൂട്ടവുമൊന്നുമുണ്ടായില്ല. എന്നെ പീഡിപ്പിച്ച ദിവസത്തിനു ശേഷം ഞാനും അമ്മയും അയാളെ കണ്ടിട്ടില്ല.

പല്ലിയെ കഴിച്ച ദിവസമാണു്. ഇങ്ങനെയുള്ള നാഴികസൂചികകളിലൂടെയാണു് ഞാൻ ഓർമകളുടെ ഓരോ അധ്യായവും അടുക്കിവച്ചിരിക്കുന്നതു്.

ചാണകം മെഴുകിയ അടുക്കളയിലാണു് ഞാൻ നിൽക്കുന്നതു്. അവിടെ കയർത്തിരികയിൽ വച്ച മൺകുടമുണ്ടു്. പിഞ്ചിക്കീറിയുപേക്ഷിച്ച ഒറ്റമുണ്ടിന്റെ നീലനിറമുള്ള മുഷിഞ്ഞകര പിരിച്ചുണ്ടാക്കിയ രണ്ടു വള്ളികളിൽ ഊഞ്ഞാലുപോലെ തൂക്കിയിട്ട എന്റെ കൈപ്പടയുടെ മാത്രം വീതിയുള്ള പ്ലാംപലകയിൽ എട്ടോ പത്തോ തുളകളുണ്ടു്. ആ തുളകളിലൂടെ മൂന്നു കുഴിത്തവി, ഒരു ഇരുമ്പുചട്ടുകം, ഒരു ഉപ്പുകോരി, ഒരു തേയിലത്തുണി എന്നിവ താഴേക്കു കിടന്നു. കുത്തിവച്ച നിലയിൽ നിന്ന, ഉള്ളിയും പപ്പടവും മീനും ചുട്ടെടുക്കുന്ന, കമ്പിയുടെ അറ്റത്തു് ഒരു മീൻതല കണ്ണുമുതൽ മുകളിലേക്കു പൊള്ളിക്കരിഞ്ഞും താഴേക്കു മുള്ളുകൾ മാത്രമായും നിന്നു. അടുത്ത മീനിനെ ചുടാൻ എടുക്കുമ്പോഴായിരിക്കും അമ്മ ഈ അസ്ഥികൂടം കളയുക. അത്രയ്ക്കേ ഇവിടെ അടുക്കളയിലും പുറംതിണ്ണയിലും നോട്ടമുള്ളൂ. ഈ മീനിനെപ്പോലെ എന്നെയും അസ്ഥികൂടമെന്നു് വിളിക്കാറുണ്ടു് അമ്മിണിച്ചേച്ചി. മൂടിമാറ്റി കോപ്പയിൽ കയ്യിടുമ്പോൾ എത്താത്ത ഉയരത്തിലിരിക്കുന്ന ആ മീൻതലയിൽ ബാക്കിയുണ്ടാകാൻ ഇടയുള്ള പൊടിപ്പീരയിലായിരുന്നു കണ്ണു്. വറ്റു് വെള്ളത്തോടെ കോരി വായിലെത്തിച്ചു. സ്വപ്നത്തിലെന്നതുപോലെ വായിലും ഒരു പരൽമീൻ. കടിച്ചു ചവച്ചു. മീൻതല മുറിഞ്ഞു് തിരികെ കോപ്പയിലേക്കും ഉടൽ മുള്ളോടെ ഉള്ളിലേക്കും പോയി. കണ്ണു് മീൻതല തറച്ച കമ്പിയിൽ തന്നെ. അമ്മ അലറുകയാണു്; രണ്ടു ചെവിയിലും കൈവച്ചു്; കണ്ണുമിഴിച്ചു്. അമ്മയിതിപ്പോൾ എവിടെ നിന്നു വന്നു? ഇന്നെഴുന്നേറ്റപ്പോൾ മുതൽ അമ്മ എങ്ങും ഉണ്ടായിരുന്നില്ലല്ലോ. അമ്മ വീട്ടിലുണ്ടെങ്കിലും അറിയാറില്ല എന്നതു വേറേ കാര്യം. അമ്മയുടെ നോട്ടം കോപ്പയിലേക്കാണു്. ഞാനും കണ്ണു് താഴ്ത്തി. കഞ്ഞിവെള്ളത്തിനു മുകളിൽ ഒരു പല്ലിയുടെ തല. ‘തുപ്പിക്കളയ്…’ എന്നു് അമ്മ അലറി. ഞാൻ വായതുറന്നു. മീനില്ല, പല്ലിയില്ല, പലലോകങ്ങളില്ല. ശൂന്യത അമ്മ കണ്ടുകാണും.

കഞ്ഞി കളയാനായി അമ്മ കോപ്പ കയ്യിലെടുത്തു. കമഴ്ത്തിവച്ച കലത്തിലേക്കു് എന്റെ കണ്ണുപോയി. അമ്മ കോപ്പ താഴെ വച്ചു. ഞാൻ പല്ലിത്തലയെടുത്തു് അടുപ്പിലെ ചാരത്തിലിട്ടു. അമ്മ മുറ്റത്തിറങ്ങി. ജാനുവിന്റെ കോഴി ഒരു ചാണകപ്പുഴുവിനെ കൊത്തിക്കുലുക്കിയും കൊക്കിയും കടന്നുപോയി. കഞ്ഞിയിലെ അവസാനവറ്റും ഞരടിയെടുത്തു വായിലിട്ടു മുറ്റത്തിറങ്ങി തൊടിയിലെ ചീനിയിൽ ചുവന്ന പെരുന്നാൾവിളക്കു പോലൊരു കാന്താരി നിന്നതു് കടിച്ചുചവച്ചിറക്കി.

സുശീല ആ ആറുവയസ്സുകാരിയെ അറപ്പോടെ നോക്കി.

അവളിന്നു് ആ പുകയിലക്കറവീണ തോർത്തു് ഉടുത്തിരിക്കുന്നു. ഉരിയാതിരിക്കാൻ ചുറ്റുമൊരു ചാക്കുനൂലും കെട്ടിയിട്ടുണ്ടു്. അവൾക്കിങ്ങനെ കെട്ടാൻ കഴിയുമോ? ഒന്നു കൂടി നോക്കി.

തോർത്തിലാകെ, ‘ശ്രീലങ്ക വന്നല്ലോ’ എന്നു് അമ്മിണി കളിയാക്കാറുള്ള, ആ കോൺവെട്ടിയ ചുവപ്പൻ വട്ടങ്ങൾ. ഓരോ ഇരുപത്തിയെട്ടാം നാളിലും പെണ്ണിനെ അറിയിക്കുന്ന ചുവപ്പു്. ഏറെ മുൻപല്ലെന്നു തോന്നുമാറു് ചുവന്നു്, നനഞ്ഞു്.

സുശീല ഒന്നു വിറങ്ങലിച്ചു. പിന്നെ ഓടി ഋദ്ധിയെ വാരിയെടുത്തു.

പതിവില്ലാത്ത ആശ്ലേഷണത്തിൽ അവൾക്കൊന്നും തോന്നിയില്ല. സുശീല ആവർത്തിച്ചു. ‘ആരാണു്, ആരാണു്…’ ഋദ്ധി തുറിച്ചുനോക്കിയിരുന്നു. കരഞ്ഞു യാചിച്ചു. ‘പറയെന്റെ കണ്ണാ…’ കണ്ണനെന്നൊക്കെ കുഞ്ഞിനെക്കുറിച്ചു് ഇതിനു മുൻപു് ഉള്ളിൽ തോന്നിയിട്ടുണ്ടോ? എന്തോ, ഇപ്പോഴിങ്ങനെയാണു് വായിൽവന്നതു്. സുശീല ശരിക്കും അമ്മയായ നിമിഷം ഇതാകും. കുഞ്ഞു് മടിയിൽ നിന്നു് പിടിവിടുവിച്ചു് ഊർന്നിറങ്ങി.

അവൾ ഒരു കല്ലെടുത്തു. മുന്നിറയത്തെ ഭിത്തിയായി നിന്ന വീഞ്ഞപ്പലകയിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നാലുവശത്തും മുള്ളാണി അടിച്ചുറപ്പിച്ചുവച്ച ചിത്രത്തിൽ ആ കല്ലു പതിച്ചു; പൊട്ടുതൊട്ടതുപോലെ കൃത്യം നെറ്റിയിൽ.

സുശീല നിർത്താതെ വാവിട്ടു. ഋദ്ധി തോർത്തു വലിച്ചൂരി അമ്മയുടെ മടിയിലിട്ടു. ചോരയൊഴുകി ചാലായ കാലുകളിലേക്കു് ഒരേയൊരു വട്ടം സുശീല നോക്കി. പിന്നെ, കണ്ണുപൊത്തി. പത്തോ പതിനഞ്ചോ മിനിറ്റ് ഏങ്ങലടിയിൽ കഴിഞ്ഞുപോയി.

സുശീല എഴുനേറ്റു് കഴുക്കോലിൽ നിന്നു് അരിവാൾ എടുത്തു. ഇറയത്തെ ഒറ്റയാൾകട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു ചുമർചിത്രത്തിലെ അതേ ഭാവത്തിൽ ഭാർഗവൻ. കട്ടിലിനു ചുറ്റും രണ്ടുവട്ടം ചവിട്ടിത്തുള്ളി നടന്ന സുശീല കുഞ്ഞിന്റെ അടുത്തെത്തി. ഋദ്ധിയെ എളിയിലെടുത്തു. പുല്ലിനുപോകുമ്പോൾ പതിവില്ലാത്തതാണു്.

കണ്ടത്തിൻകരേലെ പള്ള രണ്ടുകൈ വെട്ടിക്കഴിഞ്ഞതേയുള്ളു. അരിവാൾ മൂന്നാംകൈക്കു നീട്ടുമ്പോൾ മുന്നിൽ പത്തിവിരിച്ചൊരു മുർഖൻ. കൊത്തുന്നതു കാത്തു് സുശീല ഇരുന്നു. പിന്നിൽ മരക്കുറ്റിയിൽ ഇരുന്ന ഋദ്ധി പരന്നു വാളുപോലായ കല്ലെടുത്തു് തെറ്റിച്ചു. അവിടെ പാമ്പു് ഉണ്ടെന്നറിഞ്ഞാണോ ആവോ? പാമ്പു് മറ്റെന്തിനോ തലതാഴ്ത്തി. കല്ലു് പുല്ലിനിടയിലേക്കു വീണു. പാമ്പു് എന്തോ മറന്നതുപോലെ കുറ്റിക്കാട്ടിലേക്കു് ഇഴഞ്ഞുപോയി. ഇങ്ങനെ എത്ര മരണങ്ങളാണു് ഓരോ ദിവസവും കൊത്താതെ വിടുന്നതു്. സുശീല ഋദ്ധിയെ എടുത്തു് നെറുകയിൽ ചുണ്ടുചേർത്തു നടക്കാൻ തുടങ്ങി.

ഓരോ ചുവടിലും ഒരോ ഏങ്ങൽ ആവർത്തിക്കുന്നതു ഋദ്ധി വിരൽകുടിച്ചറിഞ്ഞു.

പാടത്തെ മൂന്നു വെളിരുകൾ അമ്മയെ തലചെരിച്ചു നോക്കി പറന്നുയർന്നു. കതിരുവെട്ടാൻ വന്ന നാലു പനംതത്തകളെ മറച്ചു മൈനകളുടെ വലിയൊരു മേഘം ചിറകടിച്ചുപൊങ്ങി. പാടത്തു നിഴൽവീണു.

വരമ്പിൽ നിന്നിറങ്ങി പുഴയിൽ ചെന്നുചേരുന്ന കയ്യാണിത്തോട്ടിലൂടെയായി നടപ്പു്. കുളിക്കാൻ പോകുമ്പോൾ അങ്ങനെയാണു്. ഞാൻ വെള്ളത്തിലേക്കു നോക്കി. അമ്മയുടെ ഒട്ടും തിടുക്കപ്പെടാത്ത കാലുകൾക്കടുത്തുകൂടി ഒരു നീർക്കോലി പോകുന്നു. മുഷി പൊത്തിൽ നിന്നു തലയിട്ടു. ഇരുകാലുകളിലേയും തള്ളവിരലുകൾക്കിടയിലൂടെ രണ്ടു പരലുകൾ ഒന്നിനു പിന്നാലെ ഒന്നായി തെന്നിപ്പോയി. കുഞ്ഞിനെ വായിലിട്ടു് ഒരു ചേറുമീൻ പായലുകൾക്കിടയിൽ നിന്നു് തലപൊക്കിനോക്കി, അതുപോലെ താഴ്‌ന്നു. കുഞ്ഞിനെ വായിലിട്ടു നടക്കുന്ന അമ്മച്ചേറുമീനെ ആദ്യമായി കാണുകയാണു്. ഊത്തപിടിക്കാൻ ഉടുമുണ്ടിന്റെ ഒരറ്റം കഴുത്തിൽക്കെട്ടി മറ്റേയറ്റം ഇരുകൈകളിലും വിടർത്തിപ്പിടിച്ചു ഭാർഗവൻ ഇറങ്ങേണ്ട സമയാണു്. അമ്മ വേഗം കൂട്ടി.

പുഴയെത്തി. ആറ്റെറുമ്പിലൂടെ സുശീല താഴേക്കു് ഊർന്നിറങ്ങി.

അരിവാൾ എളിയിൽ തിരുകി. ഋദ്ധിയെ എളിയിൽ നിന്നെടുത്തു് തോളിലേറ്റി. കഴുത്തോളമേ ഉണ്ടായിരുന്നുള്ളൂ കയത്തിലും ആഴം. മറുകരയേറി തലയിൽ കെട്ടിയിരുന്ന തോർത്തു് കക്ഷത്തിനിടയിലൂടെ ഉടുത്തു് ഉടുമുണ്ടും മേലുടുപ്പും അഴിച്ചുപിഴിഞ്ഞു് മണൽപ്പരപ്പിൽ വിരിച്ചു. അമ്മ വെള്ളത്തിലിറങ്ങിക്കിടക്കുമ്പോൾ ഋദ്ധി ഒരു ചകിരിച്ചോറെടുത്തു് പാറയിലാരോ പറ്റിച്ചുവച്ച അലക്കുസോപ്പിൽ ഉരച്ചു കാലുകളിൽ തേച്ചു. മുഴുവനായി അലിയാത്ത തവിട്ടുവരകളെ കാലിൽ തുടരാൻ വിട്ടു് വെള്ളത്തിലിറങ്ങി. ആദ്യം പെരുവിരൽ, പിന്നെ ഉപ്പൂറ്റി. മുട്ടും കഴിഞ്ഞു് മെല്ലെമെല്ലെ അരയോളം മുങ്ങി. പെട്ടെന്നൊരു നീർന്നായയെ കണ്ടതുപോലെ ‘ആ…’ എന്നു് അലറി ഒറ്റച്ചാട്ടത്തിനു കരയിൽ കയറി. വെള്ളംതൊട്ടപ്പോൾ ചോരപ്പാടുകളുടെ ഉറവിടം നീറി. ഇതു കണ്ടുകിടന്ന സുശീലയ്ക്കു തികട്ടിവന്നു. പുഴയിൽ ആറോഏഴോ വറ്റും, ഒരു തേങ്ങാക്കൊത്തും, ചുട്ടവറ്റൽമുളകിന്റെ രണ്ടു പുറംതൊണ്ടും വീണു.

ഇനി വെള്ളത്തിലിറങ്ങുകയേയില്ലെന്നു തീർപ്പാക്കിയതുപോലെ ഋദ്ധി അലക്കുകല്ലിൽ കുത്തിയിരുന്നു. ചേർത്തുപിടിച്ച രണ്ടുകൈകൾക്കുള്ളിൽ ചകിരിത്തുണ്ടു്. രണ്ടു കാലുകളും വിറകൊള്ളുകയും തണുത്തകാറ്റിലെന്നതുപോലെ ചുണ്ടു കോടുകയും ചെയ്തു. ഒരു യാത്രയേക്കുറിച്ചും അതുവരെ ആലോചിച്ചില്ലെങ്കിലും വണ്ടിപോയാലോ എന്നൊരു ആന്തലായി സുശീലയ്ക്കു്. ചാടിക്കയറി ഈറൻമുണ്ടും ഉടുപ്പുമിട്ടു് നനതോർത്തു് മേൽമുണ്ടാക്കി ഋദ്ധിയുടെ വിരൽപിടിച്ചു. മാറ്റത്തുണിയില്ലാത്തവരെ ഇട്ടുണക്കിക്കൊടുക്കുന്ന വെയിലു കാളി. പുഴയും പാടവും പുൽക്കാടും ഭാർഗവനും എന്നെങ്കിലും പെറുമെന്നു കരുതി വളർത്തിയ പശുക്കുട്ടിയും പിന്നിലായി.

പായ്വഞ്ചിയിൽ മലർന്നു കിടന്നു് ഋദ്ധി ത്രയയോടു്: “തിമിംഗലങ്ങൾ പായ്മരങ്ങൾ ഇറുത്തെടുത്തു് പല്ലിനിടകുത്തി അസ്ഥികൂടങ്ങൾ പുറത്തിടും.”

എട്ടാംദിനം സന്ധ്യ. ഋദ്ധിയും നൗകയും വീടണഞ്ഞതുപോലെ ശാന്തരായി. ഏതാണ്ടു് പത്തു് കപ്പൽപ്പാടു് അകലെ കിടന്ന യാനത്തിന്റെ മേൽത്തട്ടിൽ നിന്നു് കപ്പിത്താൻ സമുദ്ര ഋദ്ധിയുടെ നൗകയെ ഒരു ചോണോനുറുമ്പായി കണ്ടു. തീരത്തോടു് അടുക്കുന്ന തിര ആർത്തിയോടെ പൊയ്ക്കൊണ്ടിരിക്കുന്നു. സമുദ്ര ഒരു കുപ്പിയിൽ നിന്നു് ദ്രാവകം മോന്തി കടലിലേക്കു ധാരപോലെ ചീറ്റി. പാനീയത്തുള്ളി കുടിച്ചു് മദിക്കാൻ പോകുന്ന കൊടിവാലൻതിരണ്ടിയെ കപ്പലിൽ ഉണ്ടായിരുന്ന അവർ എഴുപത്തിയെട്ടു പേർ ഉള്ളാലെ കണ്ടു.

ഋദ്ധിയുടെ നൗകയായിരുന്നു അവരുടെ ദിശ. തടങ്കൽച്ചുമരു് തോട്ടവച്ചു തകർത്തു് ആഞ്ചലോ കോട്ടയിൽ നിന്നു് ഇറങ്ങുമ്പോൾ ദൂരെക്കാണാമായിരുന്നു കരിങ്കൊടി പാറുന്ന യാനം. കടൽനീന്തി ബോട്ടിൽ, പിന്നെ ബോട്ടിൽ നിന്നു് കയറേണിവഴി മുകളിൽ. എല്ലാവരും കയറിയതേ കപ്പിത്താൻ സമുദ്ര മേലോട്ടു് നിറയൊഴിച്ചു. നാൽപ്പതുതിര തീരുംവരെ അതു നിന്നു പൊട്ടി. രക്ഷ ഭീരുവിനെപ്പോലെ പാടില്ലെന്നു് ഓർമിപ്പിക്കുകയായിരുന്നു സമുദ്ര.

കടൽപ്പാതയിൽ നാഴിക മുപ്പതു കടന്ന നിമിഷം, പറഞ്ഞതുപോലെ ഋദ്ധി വഴികാട്ടി മുന്നിലേത്തി. കൊലയും ബലാൽസംഗവും മോഷണവും. ഭൂമിതട്ടിപ്പും വെട്ടിപ്പും. ഇതൊക്കെ നടത്തിയവർക്കൊപ്പം നാലഞ്ചു രാജ്യദ്രോഹക്കുറ്റവാളികളും. രണ്ടു മുതൽ എഴുപതു വർഷം വരെ ശിക്ഷയേറ്റുവാങ്ങുന്നവരും വർഷങ്ങളായി വിചാരണയെന്ന പേരിൽ തുടരുന്നവരുമുണ്ടു്. ജയിലിലായിരുന്നവരുടെ നടുവിലേക്കു് ചെല്ലുമ്പോൾ ഋദ്ധി സ്കൂൾ കഴിഞ്ഞു കോളജിൽ ചേർന്നതുപോലെ ഉൽസാഹത്തിലായിരുന്നു. തടവിലുള്ളവരെ ജീവിതച്ചട്ടം പഠിപ്പിക്കാൻ സോഷ്യൽ വർക്കിലെ ബിരുദത്തിന്റെ ബലത്തിൽകിട്ടിയ കരാർ നിയമനം. അന്നവർക്കു കൊടുത്ത വാക്കാണു് നിയമങ്ങളില്ലാത്ത രാജ്യത്തെ പൗരത്വം.

സമുദ്ര കുലുക്കുഴിഞ്ഞ ലഹരിപോലെ ഒരു മഴ ചാറിപ്പോയി.

അമാവാസിയിലും ആകാശവും ആഴിയും വേർപിരിഞ്ഞു ചക്രവാളം ഒരു വെള്ളിവരയായി. ഉഷ്ണരാശിയിലും ഒരു തണുത്തകാറ്റു് പടിഞ്ഞാറു നിന്നു് വീശി. ഋദ്ധി ഒറ്റയ്ക്കു നൗകയിലെ അഴിച്ചിട്ട പായയിൽ കിടന്നു. ചെറിയ അരിപ്പല്ലുകൾ കാട്ടിച്ചിരിച്ചു് ഒരു കടൽപ്പന്നി [1] കുതിച്ചുയർന്നു തിരികെ വെള്ളംതൊടുമ്പോൾ നീണ്ട ചുണ്ടുയർത്തി കാത്തുനിൽപ്പുണ്ടൊരാൾ. ചുണ്ടുകൾ ഉരുമ്മി, ചിറകുകൊണ്ടു കെട്ടിപ്പുണർന്നു് പോകുന്നവയിൽ ആണേതു്, പെണ്ണേതു്? ഋദ്ധി പകലെയ്ത ചോദ്യമുന തറച്ചു് കപ്പലിൽ അവരുറക്കമില്ലാതെ കിടന്നു.

രാവിൻ നിഴലിലവർ കണ്ടു, പായ്മരമേലെ ഏറിയും ഇറങ്ങിയും ഋദ്ധി. തീരാത്ത ഉന്മാദച്ചിരിയുമായി വിടർത്തിയിട്ട പായയിൽ അനന്തരം കിതച്ചു കിടക്കുന്നു. അടുത്ത കേറ്റത്തിന്റെ ആക്കം തുളുമ്പുന്ന പെരുവിരൽ തുമ്പത്തു് തിരയേറിവന്ന ചെറുവരയൻ [2] മുട്ടിയുരുമ്മിപ്പോയി. ആണാകിലും പെണ്ണാകിലും ആ മീൻ പൂവായ് വിടർന്നു. ഋദ്ധി വീണ്ടും പായ്മരത്തിലേക്കു് ആകാശമായി ഇറങ്ങി വിറകൊണ്ടു.

സുശീല കഴുത്തോളം കായലിൽ കിടന്നു.

തലയിൽവച്ച വല്ലത്തിലേക്കു് കക്കകൾ പെറുക്കിയിട്ടു. ആ കാലുകൾക്കിടയിലൂടെ ചിറ്റുളിപ്പാമ്പുകൾ ഇഴഞ്ഞുപോയി. വരാലുകൾ പുളച്ചു. സുശീല കക്കമാത്രം പെറുക്കി. ഋദ്ധി കരയിൽ കെട്ടിയിട്ട മൊയ്തീന്റെ ചെറുവള്ളത്തിലിരുന്നാടി കായൽപ്പരപ്പിലേക്കു് വീതിക്കല്ലുകൾ തെറ്റിച്ചു.

തിരയെടുത്തു് പതിനെട്ടു് അടി ഉയർത്തിയ നൗകയുടെ പായ്മരത്തിലേക്കു് ആദ്യം ഓടിക്കയറുമ്പോൾ ഋദ്ധിക്കു വയസ്സും പതിനെട്ടു്.

ഇന്നേപ്പോലെ അന്നും പായ് നിമിഷാർദ്ധേ അഴിഞ്ഞു നിലംതൊട്ടു. ഓസ്ട്രേലിയക്കാരൻ വിൽഫ്രഡ് ഗോൺസാഗ അടുപ്പിച്ച നൗകയിലേക്കു് ചാടിക്കയറുമ്പോൾ മൊയ്തീന്റെ വള്ളം തുഴഞ്ഞ കരുത്തായിരുന്നു കൈമുതൽ. ഋദ്ധി എത്തിച്ച കൊഞ്ചും കഞ്ഞിയും കുടിച്ചു് കയ്യിൽ ഡോളറില്ലാത്ത വിൽഫ്രഡ് ആറുമാസം ആ തുറമുഖത്തു കിടന്നു. കായലിലൂടെ തുഴഞ്ഞും പായ്കെട്ടിയും ഋദ്ധി കപ്പലോട്ടം പഠിച്ചു. പെർമിറ്റ് കിട്ടാതെ വിൽഫ്രഡ് കരയിലൂടെ നടന്ന ഒരു ദിവസം പൊലീസ് പിടിച്ചുകൊണ്ടുപോയി. ചാരനെന്ന വിസ പതിപ്പിച്ചു് വിൽഫ്രഡിനെ പ്രവേശിപ്പിച്ച തടവറ തുറന്നു് പിന്നൊരിക്കലും അയാൾ നൗക തേടി വന്നില്ല.

കസ്റ്റംസ് കെട്ടിയിട്ട നൗക അഴിച്ചെടുത്തു് ഋദ്ധി പതിവുപോലെ കടലിലേക്കു് പൊയുംവന്നുമിരുന്നു. അതു് ഋദ്ധിയുടെ അവകാശമാണെന്നു് കടപ്പുറം കരുതി. കാറ്റടിക്കുമ്പോൾ മരത്തിൽ ഞാന്നുകിടന്ന വടത്തിൽ പമ്പരംപോലെ സ്വയം തിരിഞ്ഞു്, സൂര്യനെച്ചുറ്റുന്ന പൃഥ്വിയായി പായ്മരത്തെ പ്രദക്ഷിണം ചെയ്തു. അമരം അപ്പോഴൊക്കെ വട്ടംതിരിഞ്ഞു തെക്കുനിന്നു വടക്കോട്ടായി. ഓരോ തവണയും ഇരമ്പൽ നിർത്തി കടൽ നിവർന്നു കിടന്നു.

കണ്ണുതുറക്കുമ്പോൾ സമുദ്രയ്ക്കു് തലയിലൊരു കടലിരമ്പി.

എഴുപത്തിയെട്ടു കള്ളരും തട്ടിൽ അടുക്കിയിട്ട ചാളപോലെ പുലരിവെയിലേറ്റു കിടന്നു. ദൂരെ പായ്വഞ്ചിത്തുഞ്ചത്തു് ഋദ്ധി കുത്തിയിരിക്കാൻ തുടങ്ങിയിരുന്നു. കപ്പലോട്ടത്തിന്റെ പ്രഭാത പ്രകൃതി നിയമം പാലിച്ചു് ആദ്യം മുന്നോട്ടു തിരിഞ്ഞു്, പിന്നെ പിന്നോട്ടും. തിര പാപനാശിനിയായി നൗകത്തുഞ്ചത്തു് കഴുകിത്തുടച്ചു. ഒന്നാമതും രണ്ടാമതും ഋദ്ധി വെളിയിൽ കളഞ്ഞതു് വീണിടത്തു് പിന്നെയും തളിച്ചു ശുദ്ധമാക്കി കൊണ്ടേ ഇരുന്നു തിര.

സമുദ്ര ഒരു വൈകാരിക വിക്ഷോഭത്തിൽ സമ്മതിച്ചതാണു് ആ യാത്ര. അടുക്കാൻ അനുമതിയില്ലാത്ത തീരത്തു നിന്നു് അരിയും ഗോതമ്പും മൂന്നുവട്ടമായി പുറങ്കടലിലെത്തിച്ച ഋദ്ധി ചോദിച്ചതു് ഒരേയൊരു പ്രതിഫലമായിരുന്നു. പറയുന്നത്ര ആളുകളെ ദൂരെയൊരു തീരത്തു് എത്തിക്കണം. ജയിൽ ചാടിച്ചു കൊണ്ടുവരുന്നവരാണു്. അതും ബോംബ് പൊട്ടിച്ചു തകർത്തു്. ഋദ്ധി പറഞ്ഞതിലെ സത്യസന്ധതയിൽ സമ്മതിച്ചു. അല്ലെങ്കിലും പുറങ്കടലുകളിലൂടെ മാത്രമോടുന്ന ഈ കപ്പൽ കൊണ്ടു് നല്ലതൊന്നുമല്ലല്ലോ ഇതുവരെ ചെയ്തതു്.

പാവഞ്ചിത്തുഞ്ചത്തു് ഇരിക്കുന്ന ഋദ്ധിക്കും പായ്മരത്തിനും ഇടയിലൂടെ ആ തിരകളെ ഒരു ചതുരക്കൂട്ടിലാക്കി സമുദ്ര. ചലച്ചിത്രം പോലെ നടുവിൽ തിരയിളക്കം. ആ സങ്കൽപ ചത്വരത്തിന്റെ മേലറ്റത്തു വന്നിടിച്ചു് മടങ്ങിവരികയാണു് തിര. കരിഞ്ചുവപ്പാർന്ന ഒരു പൊട്ടാണു് തീരം. അല്ല, ആ ചുവപ്പിലേക്കു് പച്ചപ്പു് വന്നുചേരുന്നുണ്ടെന്നു് ഏകൻ ഉറപ്പിച്ചു. അവിടെ വെയിൽ ചിന്നി നിന്നു.

“പോകാം.” കയറിൽ തൂങ്ങി മുകളിലെത്തിയ ഋദ്ധിയുടെ ഒറ്റവാക്കിൽ എല്ലാവരും കൊടുങ്കാറ്റിനു മുൻപെന്നതുപോലെ പരക്കംപായാൻ തുടങ്ങി. നിയമങ്ങളില്ലാത്ത രാജ്യം തേടി പുറപ്പെട്ടവരുടെ സംഭ്രമം ഇമയാടാതെ കണ്ടുനിൽക്കുകയായിരുന്നു ഋദ്ധി. സമുദ്രയുടെ കപ്പലിലെ യാത്ര അവസാനിക്കുകയാണു്. ഋദ്ധി അടുത്ത കര കണ്ടെത്തിക്കഴിഞ്ഞു.

സമുദ്ര അടുത്തെത്തി: “ഇവരെ ചാവേറുകൾ ആക്കാനോ, അതോ ബലിചെയ്തു ചോര കുടിക്കാനോ?”

ഋദ്ധി കടലിലേക്കു ചൂണ്ടി: “തിരകളെ തോൽപ്പിച്ചു വരാൻ കപ്പൽ വേണ്ട, ഒരു കട്ടമരം മതി എന്നു തോന്നുന്ന നിമിഷം നിങ്ങൾക്കും വരാം.”

‘എത്രപേർക്കു് ഒരുസമയം കയറാം’ എന്ന വാഗ്വാദം നടക്കുകയാണു്.

“വാശിയും ആവേശവും ശമിച്ചവർ പിന്നോട്ടു പിന്നോട്ടു്…” എന്ന ഋദ്ധിയുടെ തീർപ്പിനൊടുവിൽ അവർ ആറു സംഘങ്ങളായി. മുന്നിൽ ശേഷിച്ച പതിനെട്ടു പേരുമായി നൗക നീങ്ങി. ശേഷിച്ച അഞ്ചു സംഘങ്ങൾ ഇനി ഋദ്ധി കബളിപ്പിക്കുമോ എന്നു് തിരതല്ലി നിന്നു.

ആറാം സംഘത്തിലെ അവസാന യാത്രക്കാരൻ യാനത്തിൽ നിന്നു നൗകയിലേക്കു് ഇറങ്ങുമ്പോൾ സമുദ്ര കൈകൊടുത്തു. തിരിഞ്ഞുനോക്കാതെ ഋദ്ധി നൗക തിരിച്ചു.

എത്രസമയമെടുക്കുമെന്നു് ഏകൻ. ഇനിമുതൽ സമയമില്ലെന്നു് ഋദ്ധി.

രാവും പകലുമോ എന്നു് ദ്വിജൻ. ഇരുട്ടും വെളിച്ചവുമേ ഉള്ളൂ എന്നു് ഋദ്ധി.

ദിവസവും ആഴ്ചയുമോയെന്നു് ത്രയ. ഇന്നലെ ഇന്നാകുന്നതുകൊണ്ടു് പണമിടപാടുകാരനു് പലിശ കിട്ടുന്നതു മാത്രമാണു് നേട്ടമെന്നു് ഋദ്ധി.

വയസ്സാകുന്നതു് എങ്ങനെയെന്നു് ചതുര.

ജനനം മുതൽ മരണംവരെ ഒരേവയസ്സെന്നു് ഋദ്ധി.

എങ്കിൽ മരണമെപ്പോഴെന്നു് ദശ. മരണം ഒരു നുണയാണെന്നു ഋദ്ധി.

മരിച്ചുകിടക്കുന്നവരെ കണ്ടിട്ടുണ്ടല്ലോ എന്നു് ദ്വാദശി.

നമ്മൾ തിമിംഗല ഉദരങ്ങളിൽ ജീവിച്ചുകൊണ്ടേ ഇരിക്കുമെന്നു് ഋദ്ധി.

പെട്ടെന്നു നൗക ഉലഞ്ഞു. അടിയിലൂടെ തിമിംഗലം പാഞ്ഞുപോകുന്നെന്നു് അവർ അലറി.

കരയായതിന്റെ അടയാളമെന്നു് ഋദ്ധി ചിരിച്ചു.

അതു നുണച്ചി ഋദ്ധിയുടെ മറ്റൊരു കള്ളമാണെന്നു് അവരുറപ്പിച്ചു.

കുറിപ്പുകൾ
[1]

ഡോൾഫിൻ.

[2]

അയക്കൂറ എന്നും അറിയപ്പെടുന്ന സീർ ഫിഷ്.

ശംഖുവരയൻ

സിസ്റ്റർ സന്ധ്യയുടെ മുഖത്തു് അമ്പരപ്പോ ക്രോധമോ ഉണ്ടായില്ല.

ഒരു രോഗിയെ ഡോക്ടർ നോക്കുന്നതുപോലെ ഋദ്ധിയെ സിസ്റ്റർ മുന്നിലേക്കു പിടിച്ചു നിർത്തി. കാലുകളിലെ കരിഞ്ചുവപ്പു പാടുകൾ മങ്ങിയതല്ലാതെ അപ്പോഴും മാഞ്ഞിരുന്നില്ല. കണ്ണട മൂക്കിലേക്കു് ഇറക്കി കൃഷ്ണമണികൾ മേലോട്ടാക്കി, മുറ്റത്തു മാറി ഗേറ്റിൽ ചാരി കുത്തിയിരിക്കുന്ന സുശീലയെ നോക്കി.

വഴിയിൽ തലകറങ്ങിവീണ അമ്മയേയും അടുത്തിരുന്നു കരഞ്ഞ കുഞ്ഞിനേയും നാട്ടുകാരാണു് തൊട്ടടുത്ത മഠത്തിലെത്തിച്ചതു്. അപ്പോൾ രാത്രി ഒൻപതരയായി. രാവിലെ ഒൻപതിനോ പത്തിനോ തുടങ്ങിയ നടപ്പാണു്.

മുപ്പതുകിലോമീറ്റർ നടക്കാൻ നീയെന്നാ ഗാന്ധിയാ എന്നായിരുന്നു സിസ്റ്ററുടെ ആദ്യ ചോദ്യം. ഋദ്ധി ഉടുത്തിരുന്ന തോർത്തു് കയ്യിൽപിടിച്ചു സുശീല ഇരുന്നു. കുഞ്ഞിനെ ഇങ്ങനെ പിറന്നപടി നിർത്തുന്നതിൽ വല്ലായ്ക തോന്നാതിരുന്നില്ല. നനവുമാറും മുൻപു് സുശീല ഇട്ട മേലുടുപ്പ് കക്ഷമൊഴികെ ഉണങ്ങിയിരുന്നു. എളിയിൽ കുത്തിയ മുണ്ടിൻതുമ്പിൽ നിന്നുള്ള നനവു് അപ്പോഴും അരയ്ക്കുചുറ്റും അറിയുന്നതുപോലെ തോന്നി.

“ഇന്നു് മൂത്രമൊഴിച്ചില്ലേടീ പെണ്ണേ…” സിസ്റ്റർ സന്ധ്യ ശബ്ദമുയർത്തി. ഋദ്ധി ചലനങ്ങളില്ലാതെ നിൽക്കുകയാണു്.

ഇരിക്കാൻ സിസ്റ്റർ കണിശമായി ആഗ്യം കാണിച്ചു. ഋദ്ധി ഇറങ്ങി അവസാന പടിയിൽ മുറ്റത്തേക്കു് മൂത്രം വീഴാൻ പാകത്തിനു് ഇരുന്നു. ഒരു തുള്ളി, ഒരേയൊരു തുള്ളി വന്നപ്പോഴേക്കും അലറി. ചാടി എഴുനേറ്റു. വാവിട്ടു് ഏങ്ങലടിച്ചു കരയുകയാണു് ഋദ്ധി. തോർത്തു കൂട്ടിപ്പിടിച്ചു് അതിലേറെ ഉച്ചത്തിൽ സുശീല.

പെട്ടെന്നാണു് സിസ്റ്റർ പൊട്ടിത്തെറിച്ചതു്. “എന്തിനാടീ നിനിക്കിങ്ങനെയൊരു അരിവാൾ…”

വായിൽ വന്നതു സിസ്റ്റർ തിരുവസ്ത്രമോർത്തു വിഴുങ്ങി. “ചെത്തി കളഞ്ഞിട്ടു വേണ്ടേടീ ഇറങ്ങിപ്പോരാൻ…”

ശബ്ദം കേട്ടു പല വാതിലുകൾ തുറക്കുകയും ചിലർ ഇറങ്ങിവരികയും ചെയ്തു.

“ഒടുക്കത്തെയൊരു സമാധാനക്കാരി…” സിസ്റ്റർക്കു് അരിശം തീർന്നില്ല. ജനാലയ്ക്കപ്പുറത്തു നിന്നു് യുദ്ധം നടക്കുന്ന തെരുവിലേക്കെന്നതുപോലെ ഭയവിഹ്വലമായ കണ്ണുകൾ പാളി നോക്കി.

ഋദ്ധിയെ എടുത്തു് സിസ്റ്റർ കൈയെത്തുവോളം ഉയർത്തി. തൂങ്ങി നിന്ന രണ്ടുകാലുകളിലും മാറിമാറി ഉമ്മകൊടുത്തു. കണ്ണുകൾ നിറഞ്ഞൊഴുകി.

വലിയ തീൻമേശയിൽ ഇരുന്നു് ഋദ്ധി അന്നു് ജീവിതത്തിലെ ആദ്യ പാലപ്പം കഴിച്ചു. തേങ്ങാപ്പാൽ പിഴിഞ്ഞൊഴിച്ച കിഴങ്ങുകൂട്ടാൻ രുചിച്ചു. അതിന്റെ പേരു് ഇഷ്ടു എന്നാണെന്നു് പിന്നെയും എത്രയോ കഴിഞ്ഞാണു് പറയാറായതു്.

നൂലപ്പം എന്നൊരു പലഹാരമുണ്ടെന്നു്, ചേനയും കാച്ചിലും കപ്പയും മാത്രമല്ല, ക്യാരറ്റ് എന്നുമൊരു കിഴങ്ങുണ്ടെന്നു്, ബിറ്റ്റൂട്ട് എന്ന വേറൊന്നുണ്ടെന്നു്…

അന്നമ്മ കാബേജ് അരിയുന്നതിന്റെ കണിശത കണ്ടുനിൽക്കുന്നതു തന്നെ രസമാണു്. നെടുകെ കൊത്തി കുറുകെ മുറിച്ചു് കുനുകുനെ അരിഞ്ഞുവീഴ്ത്തിയ പുളിയിലക്കനത്തിലുള്ള എല്ലാ മുറികൾക്കും ഒരേ വലിപ്പം. കപ്പയും ചേനയും കാച്ചിലും കൊത്തിയരിയുന്നതുമാത്രം കണ്ടിട്ടുള്ള ഋദ്ധി കറിക്കരിയലും ഒരു നൃത്തമാണെന്നറിഞ്ഞു. കോപ്പയിലുള്ളതു കഴിഞ്ഞപ്പോൾ ഇനിയും കിട്ടിയാൽ കൊള്ളാമെന്നു തോന്നിയതു് കോളിഫ്ളവർ ആണു്.

അങ്ങനെയിരിക്കെ രുചിയാകെ മാറ്റി ആദ്യത്തെ പൊറോട്ടയെത്തി. മത്തായിയുടെ കടയിൽ നിന്നു് സിസ്റ്റർ സന്ധ്യ വരുത്തിച്ചതാണു്. ഓരോ പാളിയായി വിടർത്തി നുലൂപോലെ വായിലേക്കു വലിച്ചെടുത്തു് ചവച്ചും അലിയിച്ചും എത്ര നേരവും ഇരിക്കാമെന്നായി. ചാളയും അയലയും, അയക്കൂറയും നെയ്മീനും, ഇടയ്ക്കൊരു ദിവസം കരിമീനും. കുരുമുളകിട്ടു് ഉണക്കിവച്ച മാട്ടിറച്ചി, ഉലർത്തിയ കോഴി, ആദ്യത്തെ ഓംലറ്റ്. വിശപ്പുശമനമല്ല ഭക്ഷണജന്മോദ്ദേശ്യമെന്നു് ഋദ്ധി ഉള്ളാലെ പ്രഖ്യാപിച്ചു. കിട്ടിയതിൽ പങ്കു് എത്താൻ വൈകുന്നേരമാവുന്ന സുശീലയ്ക്കായി മാറ്റിവച്ചു. ഓരോ പലഹാരവും സുശീലയുടെ കുറ്റബോധം കൂട്ടി.

അവിൽ നനച്ചതും അവലോസു പൊടിയും പഴംപുഴുങ്ങിയതും കൊഴിക്കട്ടയുമൊക്കെ സ്കൂൾ വിട്ടുവരുന്ന നേരത്തു് ചിലപ്പോഴെങ്കിലും സുശീലയുടെ അമ്മ മുട്ടവിറ്റും ആട്ടിൻപാൽ വിറ്റും ഉണ്ടാക്കിവച്ചിരുന്നു. വേനൽക്കാലത്തു് ഓലമെടഞ്ഞു വിറ്റാൽ കീറ്റിനു് [1] അൻപതുപൈസ കിട്ടുമായിരുന്നു. ദിവസം നൂറു് കീറ്റുവരെ മെടഞ്ഞു. മഴവരും മുൻപു് മേയാനുള്ളവർ ഭവാനിയുടെ ഓലതേടി വന്നു. ആ പണമെല്ലാം പലഹാരമായി. അങ്ങനെയൊന്നും ഇക്കാലത്തിനിടെ ഋദ്ധിക്കു് കൊടുത്തിട്ടില്ല. മൂന്നുനേരവും കഞ്ഞി. കടവിൽ നിന്നു് മീൻകിട്ടിയാൽ വല്ലപ്പോഴും പൊരിച്ചോ കറിയായോ അതു്. ഭാർഗവൻ പിടിച്ച പരലും മുഷിയും ഷാപ്പിലെ പറ്റിൽ വരവായി.

ആദ്യദിനം മുതൽ ഋദ്ധി കിടന്നതു് സിസ്റ്റർ സന്ധ്യയുടെ മുറിയിലാണു്. പണി പുറത്തു കണ്ടെത്തണം എന്ന വ്യവസ്ഥയിൽ സുശീലയ്ക്കു കിടക്കാൻ ചായിപ്പിലും ഇടം കിട്ടി. ആദ്യദിവസം രാത്രി മുഴുവൻ കണ്ണുമിഴിച്ചു കിടന്ന സുശീലയോടു് കക്കവാരാൻ പോകാമെന്നു് പറഞ്ഞതു് അന്നമ്മയാണു്. നഴ്സിങ് പഠിക്കുന്ന മോൾക്കു് കാശുണ്ടാക്കാൻ മഠത്തിലെ കറിക്കരിഞ്ഞും പാത്രം കഴുകിയും കക്ക പെറുക്കിയും പെടാപ്പാടു് പെടുകയാണു് അന്നമ്മ. കടംമേടിച്ചു് പാട്ടക്കൃഷി നടത്തി മുടിഞ്ഞു് ഒറ്റക്കുപ്പി ഫ്യൂരിഡാനിൽ തൊമ്മൻ എളുപ്പവഴി കണ്ടതോടെ കഷ്ടപ്പാടു് മുഴുവൻ അന്നമ്മയ്ക്കായി. കടംകൊടുത്തവർ വീടു വിൽപ്പിച്ചു കാശു് വീതിച്ചെടുത്തതോടെ അന്നമ്മയ്ക്കും മഠമായി വീടു്.

ആദ്യമൊക്കെ ഋദ്ധിയും സുശീലയ്ക്കൊപ്പം കക്കപെറുക്കാൻ പോകുമായിരുന്നു. മൊയ്തീന്റെ വള്ളത്തിൽ ഋദ്ധിയെ ഇരുത്തി സുശീല വെള്ളത്തിലിറങ്ങും. സ്കൂളിൽ പോക്കു തുടങ്ങിയതോടെ അവധിദിവസം മാത്രമായി ഋദ്ധിയുടെ പോക്കു്. സുശീല ഞായറാഴ്ചയും പണിക്കിറങ്ങും. ആറുദിവസം പണിതു് ഏഴാം ദിവസം സാബത്തു് അതിനൊക്കെ പറ്റുന്നോർക്കല്ലേ എന്നു പറഞ്ഞു സിസ്റ്റർ പിന്തുണയ്ക്കുകയും ചെയ്തു.

മഴ ചാറിപ്പണിത തരിമൺകൂനയിൽ നിന്നു് ഇറങ്ങിവന്ന പഴുതാര നീലാകാശം കണ്ടു.

പഴുതാരയെ കുളമ്പടിച്ചരച്ചെന്നു തോന്നുമാറു് ഒരു പുള്ളിമാൻ പാഞ്ഞു. പൊന്തയിൽ നിന്നിറങ്ങിവന്ന മുയൽ പിൻകാലുകളിൽ നിന്നു കൈകൾ കൂട്ടിത്തിരുമ്മിയുഴിഞ്ഞു് മണ്ണു് ഉതിർത്തു കളയാൻ തുടങ്ങുമ്പോൾ പെട്ടെന്നൊരു പ്രാപ്പിടിയൻ താഴ്‌ന്നു പറന്നു. പൊന്തയിൽ നിന്നു പിന്നാലെ ഇറങ്ങിവന്ന ഇണമുയൽ നോക്കിനിൽക്കെ മണ്ണുതിർക്കുന്ന മുയലുമായി പറന്നുയർന്നു. മുയൽക്കയ്യിൽ നിന്നു വീണ മൺതരിയിലേക്കു പഴുതാര മുഖംതാഴ്ത്തി. പുള്ളിമാൻ ഇരട്ടിവേഗത്തിൽ മടങ്ങിവരവേ പഴുതാര പശപോലെ കുളമ്പിൽ ഒട്ടി. അടുത്തചുവടിൽ ഒരുമൺകട്ടയിൽ ആ പശ പറ്റിനിന്നു. ആകാശത്തുയർന്ന മുയലിൽ നിന്നു് തുള്ളിച്ചോര ആ പശിമയിലേക്കു് ഇറ്റി. ഋദ്ധിയുടെ യാനം അവസാന സംഘവുമായി കര [2] തൊട്ടു.

കപ്പലിൽ നിന്നിറങ്ങാനെന്നതുപോലെ നൗകയിൽ നിന്നു കയറാനും ഓരോരുത്തരിലും ആന്തലിന്റെ ഓരോ തിര ഋദ്ധി കണ്ടു. ഇനി കയറിച്ചെല്ലാൻ ഇടയില്ലാത്തവണ്ണം തുരുത്തിൻതുഞ്ചത്തു് ആദ്യമെത്തിയ അഞ്ചുകൂട്ടങ്ങൾ ആകാംക്ഷകൊണ്ടു നിറഞ്ഞുനിൽക്കുന്നു. കരയിൽ ഉത്കണ്ഠയില്ലെങ്കിൽ കടൽവഞ്ചി മുങ്ങുമെന്നു് ആരുടെയെങ്കിലും വചനം ഉണ്ടാകാമെന്നു് ഋദ്ധി ചിരികൊണ്ടു. ആന്തലും ആകാംക്ഷയുമില്ലാത്ത ലോകമറിയാൻ പുറപ്പെട്ടവരുടെ ഹൃദയമിടിപ്പിനു്, പിന്നിൽ ഉപേക്ഷിച്ചുപോന്ന ലോകത്തെ, തീവണ്ടി ചക്രങ്ങളേക്കാൾ വേഗം. ഏതു നിമിഷവും പാളം തെറ്റാമെന്നോർമിപ്പിച്ചു് അതു കുതിച്ചു.

തിരികെപ്പാഞ്ഞ പുള്ളിമാൻ പിടഞ്ഞുപിടഞ്ഞുവീണു. കരതൊട്ട ദ്വിജൻ എയ്ത കരിങ്കല്ലു് തറച്ച പുള്ളിമാന്റെ കഴുത്തിൽ നിന്നു തെറിച്ച ചോരയിൽ, നേരത്തെ പശയായി മാറിയ പഴുതാരയും ആകാശത്തുനിന്നിറ്റിയ മുയൽച്ചോരത്തുള്ളിയും വേർതിരിച്ചറിയാനാകാതെ ലയിച്ചു. മൂന്നു കല്ലും നാലു ചുള്ളിയുമായി അടുപ്പുകൂട്ടിനിന്നവർ തീ ചോദിച്ചു. നൗകയിൽത്തന്നെ നിന്ന ഋദ്ധിയിലേക്കു് മൊഴിമാറിച്ചെവിമാറി അതെത്തി. ‘കൊള്ളിയുരച്ചു തീയുണ്ടാക്കുന്ന ലോകം മുന്നിലുപേക്ഷിച്ചു പിന്നോട്ടു പിന്നോട്ടു വന്ന നാം ശിലായുഗത്തിനും ഇപ്പുറത്താണു്.’

ദ്വിജൻ:
‘മനുഷ്യനൊരു തുടർച്ചയാണെന്നുള്ള വകതിരിവു വല്ലപ്പോഴും നല്ലതാണു്.’

ഋദ്ധി കയറി വന്നു. പിടച്ചുകിടന്ന മാനിന്റെ കഴുത്തിൽ കൈ അമർത്തി. മുറിവിലൂടെ ചീറ്റിത്തെറിച്ച ചോര മൊത്തിക്കുടിച്ചു. കഴുത്തിലെ മുറിവിനുചുറ്റുമുള്ള തുകൽ തെറ്റിച്ചു. നിമിഷനേരം മുൻപുമാത്രം ചലനമറ്റ ആ മാംസം കല്ലുകൊണ്ടു് ഇടിച്ചു വിടുവിച്ചെടുത്തു ചവച്ചുതിന്നാൻ തുടങ്ങി. ഇണമുയലിനെ ചെവിയിൽ തൂക്കിയെടുത്തു് പൊന്തക്കാട്ടിൽ നിന്നു് ത്രയ വന്നു. പിടയ്ക്കുന്ന മുയലിന്റെ കഴുത്തിൽ പല്ലമർത്തി ചോരകുടിച്ചു ചിറി തുടച്ചു. ഋദ്ധി ഉപേക്ഷിച്ച മാനിന്റെ തുകൽമേലറ്റം ദ്വിജൻ കല്ലുകൊണ്ടു വേർപ്പെടുത്തി. പിന്നെ നവമിക്കൊപ്പം തിരകളിലേക്കു് എടുത്തു പിടിച്ചു. തുകൽ വിട്ടു മാറാൻ ആറു തിരയടിക്കുകയേ വേണ്ടിവന്നുള്ളു. കടലുപ്പു രുചിക്കുന്ന പച്ചമാംസം അവർ കുത്തിയിരുന്നു കഴിച്ചു.

കല്ലുകൊണ്ടു മറ്റൊരു മാൻ ഞരങ്ങി വീണിടത്തേക്കു്, എറിഞ്ഞതു് ആരെന്നുപോലും നോക്കാതെ, സപ്തയും ചതുരയും ഓടി. മാനിനെ മരക്കൊമ്പിൽ കെട്ടിത്തൂക്കി തുകലൂരി. ആറേഴുപേർ ചുറ്റും നിന്നു കടിച്ചെടുക്കുമ്പോൾ ഹരം കയറിയ ദ്വിജൻ വിരണ്ടു നിന്ന ഒരുമുയലിനെ കണ്ണിൽനോക്കി വിറപ്പിച്ചു് തലയ്ക്കൊരു കിഴുക്കുകൊടുത്തു് കടിച്ചുതൂക്കിയെടുത്തു.

ഋദ്ധി കൊട്ടാരവാതിൽ കടന്നു. മഴ ഇരച്ചു. ഒരു കരിനാഗം ഫണം വിടർത്തി, പിന്നെ താഴ്ത്തി, ഇഴഞ്ഞുപോയി. അപരാഹ്നപ്പെയ്ത്തിൽ മിന്നൽ ആവർത്തിച്ചുകൊണ്ടിരുന്നു. മാൻചോരകുടിച്ച സഹസ്രാബ്ദത്തിൽ നിന്നു് പീരങ്കിപ്പടയുടെ നൂറ്റാണ്ടിലേക്കു് എടുത്തെറിയപ്പെട്ടതുപോലെ ഋദ്ധി ഒന്നു കിതച്ചു. കൊടുംചുഴലി വീശിയ പതിറ്റാണ്ടിനെ അറിയിച്ചു് മേലാപ്പുപറന്നുപോയ ഭിത്തികൂടം നിന്നു. അവിടവിടെ പല പതിറ്റാണ്ടുകളിൽ ചാരിവച്ച മരയേണികൾ. ലോകം ഭരിക്കാൻ വന്നവർ ഇട്ടെറിഞ്ഞുപോയ വഴിയിൽ ആൾപ്പൊക്കം കിളിർത്ത പുല്ലിൻതലപ്പിലൊന്നിറുത്തു് ഋദ്ധി ചവച്ചു. പന്തലിച്ചും പട്ടുപോയും തളിർത്തും തളർന്നും വളഞ്ഞും കിടക്കുന്ന മുളങ്കാടുകൾ മരയേണിയുടെ തുഞ്ചത്തുനിന്നു ഋദ്ധി കണ്ടു.

മറ്റെങ്ങോ ഉള്ള പെയ്ത്തിന്റെ തണുപ്പുംപേറി കാറ്റുവന്നു. ഏകൻ നടന്നു് മുളയേണിക്കു താഴെയെത്തി.

ഏണിയിൽ നിൽക്കുന്ന ഋദ്ധിയുടെ മൂക്കിൻതുമ്പിൽ വീണ ഒരു മഴത്തുള്ളി തെറിച്ചു് ഏകന്റെ ചുണ്ടുകളിലേക്കു് ഇറ്റു. ഏകൻ പായ് വഞ്ചിയായി താഴെ ഇളകി. ഋദ്ധി ആകാശമായി ഇറങ്ങിവന്നു. നൗക ഇടംവലം ഉലഞ്ഞു. ആൾപ്പൊക്കത്തിരയിൽ ഉയർന്നു, താഴ്‌ന്നു. ഋദ്ധി പായ്മരമേറി കയറിൽ തൂങ്ങി നൗക വട്ടംതിരിക്കുകയാണു്. ഏകനു് ശാന്തസമുദ്രം തോന്നി. ഓരോ തിരയടിക്കുമ്പോഴും ഉന്മാദത്തിന്റെ പലരസാലിംഗനങ്ങൾ.

ഋദ്ധി മെല്ലെ എഴുനേറ്റു. ഏകനു് എഴുനേൽക്കാൻ തോന്നാത്ത സുഷുപ്തി. ഋദ്ധി ഒറ്റയ്ക്കു നിലവറയിലേക്കുള്ള വഴിത്താര തെളിക്കാൻ തുടങ്ങി.

തെളിഞ്ഞ പാതയിലൂടെ ത്രയ പിൻതുടർന്നെത്തി ചെവികടിക്കും പോലെ ചോദിച്ചു: ‘നമുക്കു് ഒന്നിച്ചുപോകാൻ പറ്റിയ നൂറ്റാണ്ടു് എവിടെയാണു്?’

ഋദ്ധി:
“കഴിഞ്ഞ സഹസ്രാബ്ദങ്ങളിലൊക്കെ നമ്മളെ കല്ലെറിഞ്ഞു് ഓടിച്ചതല്ലേ?”

ത്രയ ഒരു പീരങ്കിത്തലപ്പിലേക്കു കൈ എത്തിച്ചു. “യുദ്ധം ചെയ്യാൻ വന്നവരുടെ ഈ ദ്വീപിൽ അവരിൽ ചിലർ ഇങ്ങനെ ചേർന്നു നിന്നിട്ടുണ്ടാവില്ലേ?”

ഋദ്ധി:
“ഓരോ യുദ്ധവീരനും നൂറു ബലയാരതികളാടിയിട്ടുണ്ടാകും; പീരങ്കിയിൽ നിന്നു് നിറയൊഴിക്കും പോലെ.”

ലോകം ജയിക്കാനുള്ള അവസാന യുദ്ധത്തിനായി ജപ്പാൻ ചക്രവർത്തി കണ്ടെത്തിയ ഈ ഇടത്താവളത്തിൽ സ്ഫോടനാത്മകമായ കയറ്റിറക്കങ്ങളല്ലാതെ എന്തുനടക്കാൻ? കോട്ടകൾ, വഴിത്താരകൾ, നിലവറകൾ, പിന്നെ മണിയറകളും. ഇതു പണിതുകൂട്ടിയ ബ്രട്ടീഷുകാർ വന്നതും വികാരശമനത്തിനല്ല, ക്ഷോഭസംയോഗങ്ങൾക്കാണെന്നു് ഋദ്ധി ആദ്യവരവിൽ തന്നെ തീർപ്പാക്കിയിരുന്നു. വൻകരയിലെ കുറ്റവാളികളെ അടുത്തടുത്ത ദ്വീപുകളിലെ തടവറകളിൽപ്പൂട്ടി ചാവാൻ വിട്ടു് അവരിവിടെ വന്നു് അടച്ചുപൂട്ടിയ മണിയറകളിൽ കയറി ആനന്ദസമുദ്രമാണെന്നു കരുതി തുഴഞ്ഞു. അവർ വളർത്താൻ കൊണ്ടുവന്ന പുള്ളിമാനുകൾ കടൽ കണ്ടും മഴ നനഞ്ഞും സംഭോഗിച്ചു് പെറ്റു് കടൽപോക്കർക്കു് വേണ്ട ഇരകളായി. കൊടുങ്കാറ്റുവന്നപ്പോൾ, എല്ലാം ഇട്ടെറിഞ്ഞുപോയ ബ്രട്ടീഷുകാരുടെ അടുക്കളയിൽ നിന്നു് ഇറങ്ങിയോടി കാറ്റുകണ്ടും മഴനനഞ്ഞും പെരുകിയ ഇണമുയലുകൾ പ്രാപ്പിടിയന്മാരുടെ വംശത്തെ കാത്തു.

ഋദ്ധി:
“പലസഹസ്രം ആണ്ടുകൾ പഴകിയ മനുഷ്യകഥയോർക്കാതെ ഒരു പതിറ്റാണ്ടിന്റെ മദ്ധ്യേ വന്നു ലോകം വെന്നുവെന്നു ധരിച്ചവരെ പുഴുവരിച്ചു. പുഴുക്കളെ കോഴികൾ കൊത്തി. കോഴികളെ മനുഷ്യരും.”

വിൽഫ്രഡിന്റെ നൗകയുമായി ഇന്ത്യയുടെ മുനമ്പു് ചുറ്റി ആദ്യയാത്രയിൽ തന്നെ ഋദ്ധി വന്നടുത്തതു് ഈ ദ്വീപിലായിരുന്നു. മനുഷ്യരില്ലാതെ മാനുകളും മുയലുകളും ഉരഗങ്ങളും വാഴുന്ന തുരുത്തു്. ബ്രട്ടീഷുകാർ റോസ് ദ്വീപെന്നു വിളിച്ച മുറിത്തുരുത്തിനു് ഋദ്ധി വേറൊരു പേരിട്ടു—ശംഖുവരയൻ.

ത്രയ:
“പേരുമാറ്റിയാൽ ദ്വീപ് മാറുമോ?”
ഋദ്ധി:
“കമ്പിയും തപാലുമില്ലാത്ത ദ്വീപിനെ എന്തുപേരു വിളിച്ചാലെന്തു്?”
ത്രയ:
“ഇതു ചരിത്രം കണ്ടറിയാനുള്ള വിനോദയാത്രയായിരുന്നോ?”
ഋദ്ധി:
“ഇതിലെന്തിത്ര കാണാൻ? നമുക്കു വേണ്ടതു് തച്ചന്മാർ തായ്മരങ്ങൾ കടഞ്ഞു് പണിക്കുറ്റം തീർത്ത നൗകകൾ, പങ്കായങ്ങൾ, പിന്നെയീ കടലും.”
ത്രയ:
“നീ കൂടെയുള്ളപ്പോൾ ഞാൻ ആകാശമാകും.”
ഋദ്ധി:
“എന്റെ ആകാശത്തിലേക്കു് നീ ശീതക്കാറ്റു് അയയ്ക്കുന്നു.”
ത്രയ:
“എന്റെ ആകാശത്തിൽ ഒരു സൂര്യൻ.”
ഋദ്ധി:
“എന്റെ ആകാശം നിറയെ പൂത്തമന്ദാരങ്ങൾ.”
ത്രയ:
“എന്റെ ആകാശം നിറയെ കനകാംബരം.”
ഋദ്ധി:
“നമ്മുടെ പ്രപഞ്ചങ്ങൾ ഇതാ ക്ഷീരപഥങ്ങൾ തെറ്റിയെത്തുന്നു.”
ത്രയ:
“പ്രപഞ്ചപ്പിറവിയുടെ ഉഗ്രവിസ്ഫോടനം.”

സുശീല കയറിവന്നു കട്ടിലിനു താഴെ ഋദ്ധിയോടു ചേർന്നു കൊരണ്ടിപ്പലകയിൽ കുത്തിയിരുന്നു.

വല്ലം താഴെ വച്ചു്, മുറുക്കാൻ പൊതി വിടർത്തി. പേനാക്കത്തിയിൽ ചുണ്ണാമ്പു് കോരി വെറ്റയിൽ തേച്ചു. വടക്കൻപുകയിലയുടെ രണ്ടു തരി കയ്യിൽത്തടഞ്ഞു. പാക്കു് കൊത്തിവിടർത്തി, ചുരണ്ടി, തരിയായരിഞ്ഞു വായിലിട്ടു. ഋദ്ധി കിടപ്പായപ്പോഴാണു് ചെറുപുഷ്പം ഇടവക സംരക്ഷണ സമിതി ഒന്നര സെന്റിൽ ഈ വീടു് പണിതുകൊടുത്തതു്.

ഇന്നു് ചന്തമുതൽ ചാളക്കാരികോളനി വരെയെത്താൻ മണിക്കൂർ രണ്ടെടുത്തു. ആറാകുമ്പോൾ ബാക്കിയുള്ളതു പിടിയാവിലയ്ക്കു വിറ്റു കാലിൽ യന്ത്രംപിടിപ്പിച്ചപോലെ വീട്ടിലേക്കു് എത്താറുള്ളതാണു്. ആറു പത്തിന്റെ ‘ദൈവസഹായം’ ബസ് ചന്തവിട്ടു് മൂന്നു കവലയിലെ വിളിച്ചുകയറ്റലും കഴിഞ്ഞു കോളനിപ്പടിയെത്തുന്നതു് ആറു് ഇരുപത്തിയഞ്ചിനാണു്. അപ്പോഴേക്കും സുശീല വീട്ടിലെത്തി കതകടച്ചിട്ടുണ്ടാകും. ഇന്നു വഴിയിലൂടെ ഒരു പട്ടാളക്കൂട്ടം ആകാശത്തേക്കു വെടിവച്ചു കടന്നുപോയി. വഴിയുടത്ര വീതിയുള്ള ടാങ്കുകളാണു്. മിനിയാന്നു മിസൈൽ വീണു നിലംപറ്റിയ, സൗമിനിവിലാസം ആശുപത്രിയുടെ, പത്തുനില കെട്ടിടത്തിനു ചുറ്റും ബറ്റാലിയൻ വട്ടംവച്ചു് പോകുന്നതുവരെ പൊലീസുകാരു് കാൽനടക്കാരേയും വണ്ടികളേയും തടഞ്ഞുനിർത്തി.

ചവച്ചു ജനാല വഴി തുപ്പിയപ്പോൾ ക്രാസിയിൽ രക്തച്ചുവപ്പു്. എന്നുമോർക്കും ഒരു കോളാമ്പി വാങ്ങാമെന്നു്. മേൽത്തോർത്തുകൊണ്ടു് ജനലഴി തുടച്ചു്, പരുക്കനിട്ട നിലത്തുവീണ രണ്ടു തുള്ളി കാലിന്റെ പെരുവിരൽകൊണ്ടു് തേച്ചുപരത്തി അതിന്റെ കടുംചുവപ്പു് മയപ്പെടുത്തി. മെല്ലേ കട്ടിലിനിടുത്തേക്കു ചെന്നു.

സുശീലയ്ക്കു് മുറുക്കു് ഉണ്ടായിരുന്നില്ല. ഋദ്ധി ആശുപത്രിയിലായ രാത്രികളിൽ ഉറക്കം വരാതിരിക്കാൻ അന്നമ്മ പഠിപ്പിച്ച സൂത്രമാണു്. അതു പത്തുവർഷമായി ശീലമായി. നീയിനി സുശീലയല്ല നൂറ്റൊന്നാമത്തെ കൗരവത്തി ദുശ്ശീലയാണെന്നു് അമ്മ അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞേനെ.

“ഇന്നമ്മേട പിള്ളയാകെ ഒഴിച്ചുനിറച്ചല്ലോ…” ഋദ്ധി നിർനിമേഷം കിടന്നു. സുശീല താഴ്‌ന്നു കിടന്ന ട്യൂബ് വിടുവിച്ചു് മൂത്രസഞ്ചിയെടുത്തു് പടിയിറങ്ങി മുന്നിലെ ഓടയിലേക്കു ചെരിച്ചു.

“ആ കൊച്ചു് കെടന്നു മുള്ളി നിറയ്ക്കണ കൊണ്ടു് കാനയിലെ കൂത്താടി തീരും, കോപ്പറേഷനും ലാഭം.” കാർത്ത്യായനി വേലിയിൽ പിടിച്ചു നിന്നു് ചിരിച്ചു.

കാണുന്നവർക്കു ചീത്തവിളിയാണെന്നു തോന്നുമാറു് സുശീല ശബ്ദം പുറത്തുവരാതെ ചുണ്ടു പലവട്ടം അനക്കി അകത്തുകയറി.

“ന്റെ പൊന്നെന്തൊക്കെ കണ്ടോ ഇന്നു്… എവിടൊക്കെ് പോയ്യോ ആവോ…”

സുശീല ഋദ്ധിയെ പിടിച്ചുയർത്തി. “മാള് കപ്പല് കണ്ടാ…”

ഒരു വിറകുകൊള്ളിപോലെ ഋദ്ധി പൊങ്ങിവന്നു. കിടക്കയിൽ അരയ്ക്കു താഴെ വച്ച പാൻ സുശീല എടുത്തു.

“ഇന്നേ… പുതിയ പാവഞ്ചിയൊണ്ടു് തേക്കേത്തുരുത്തില്… കടൽക്കൊള്ളക്കാരുടെ ബാക്കിയാ… ആസ്ട്രേലിയേന്നേ…”

നനച്ച തോർത്തുകൊണ്ടു് ഋദ്ധിയുടെ കാൽവെള്ളയും കൈപ്പത്തിയും സുശീല തുടച്ചു.

“ഞാനൊന്നു ചിരിച്ചു… ഞാമ്പറഞ്ഞാ അവർക്കുണ്ടോ തിരിയാൻ… നമ്മുടെ പാവഞ്ചി കാണിച്ചിട്ടു് വില്ല്ഫ്രഡ്, വില്ല്ഫ്രഡ് എന്നു് ഞാമ്പറഞ്ഞു… അയ്യാളു ചിരിക്കണു…”

അടുക്കളയിലേക്കു പോകുമ്പോൾ പലപ്പോഴും പറയാറുള്ളതു് സുശീല ആവർത്തിച്ചു.

“ഞാനീ പറേണ കഥയൊക്കെ കേക്കണൂന്നെങ്കിലും നമ്മളൊരാള് തീരും മുൻപേ പറയണേ നീയ്യ്…”

കൊതുമ്പു് അടുപ്പിൽവച്ചു് സുശീല തീപ്പെട്ടിയുരച്ചു. ഇടംകയ്യിൽ കൊള്ളി കത്തി നിൽക്കുമ്പോൾ മണ്ണെണ്ണവിളക്കു ചെരിച്ചു് അടുപ്പിലേക്കൊന്നു കാണിച്ചു. നാലഞ്ചു തുള്ളി മണ്ണെണ്ണ വിറകിലേക്കു് ഇറ്റി. കത്തിയ കൊള്ളിയിട്ടതേ കൊതുമ്പു് ആളി. മേലേ രണ്ടു് കശുമാവിൻ ചുള്ളി വച്ചു്, കലത്തിലരിയെടുത്തു് കഴുകാൻ പോയി.

മിണ്ടാട്ടം മുട്ടിയ പെണ്ണെന്നായിരുന്നു സുശീലയ്ക്കുള്ള പേരു്. എല്ലാം ഒരു മൂളലിൽ നിർത്തുന്ന ശീലം തെറ്റിയതു് ഋദ്ധി കിടപ്പായപ്പോൾ മുതലാണു്. അപകടം വരുമ്പോൾ പറയാനുള്ള വാക്കൊക്കെ തന്നെ വരുമെന്നു് സുശീല സ്വയമറിഞ്ഞു. എന്നിട്ടും ഋദ്ധിയുടെ അപകടാവസ്ഥയ്ക്കു് ഡോക്ടർ പറഞ്ഞ ക്വാഡ്രിപ്ലീജിയ എന്ന പേരുമാത്രം ഇതുവരെ പറയാൻ കിട്ടിയിട്ടില്ല. ‘നാലു കാലും ചത്തു’ എന്നാണു് ക്വാഡ്രിപ്ലീജിയയുടെ മലയാളമെന്നു് ചന്തേല് വച്ചു് മസ്ക്കറ്റ് കൃഷ്ണനാണു് പറഞ്ഞുകൊടുത്തതു്. പാമരം പൊട്ടിവീണു നട്ടെല്ലിന്റെ കഴുത്തിലെ കശേരു തകർന്ന അന്നുമുതൽ ഋദ്ധിയുടെ കൈകാലുകൾ അനങ്ങിയിട്ടില്ല. നാവു ചലിച്ചിട്ടില്ല. ‘ഋദ്ധി എല്ലാം കേൾക്കുന്നുണ്ടു്, പറഞ്ഞുകൊണ്ടേ ഇരിക്കണം’ എന്നു് ഉപദേശിച്ചു് ഡോക്ടർ വീട്ടിലേക്കു വിട്ടയന്നാണു് സുശീല മിണ്ടാട്ടക്കാരിയായതു്.

ഋദ്ധി അതേ കിടപ്പാണു്. സുശീല പൊടിയരി ചിരട്ടത്തവികൊണ്ടു കുത്തിയിടിച്ചു് ചമ്മന്തി പോലെയാക്കി. ഒരുപപ്പടം കനലിൽ കാണിച്ചു പൊടിച്ചു വിതറി. കമ്പിയിൽ കോർത്തുചുട്ട നാലുള്ളി ചതച്ചുചേർത്തു. കുളിക്കാൻ പോയപ്പോൾ കടവീന്നു കിട്ടിയ കൂരിയെ അപ്പോഴേക്കും പൊള്ളിവന്ന ദോശക്കല്ലേൽ മറിച്ചിട്ടു. വെന്തുവരുന്നതിനിടെ കാന്താരി കുത്തിച്ചതച്ചതും ഉപ്പും തേച്ചുപിടിപ്പിച്ചു.

ഋദ്ധിയുടെ മിഴിഞ്ഞ കണ്ണിനു മുന്നിലേക്കു് സുശീല പൊള്ളിച്ച കൂരി പിടിച്ചു. കീഴ്ത്താടി മെല്ലേ വലിച്ചുതാഴ്ത്തി വായിലേക്കു് ഒരു സ്പൂൺ ചരിച്ചു തിരുകി. തവിയിൽ കഞ്ഞി കോരി ആ വിടവിലൂടെ പകർന്നു. പൊള്ളിയ കൂരിയുടെ നടുമുറി നാലാക്കി പിളർത്തിയതു് വിരലിൽ ഞരടി ചമ്മന്തിയാക്കി നാവിൽ തേച്ചുകൊടുത്തു. അടുത്ത കഞ്ഞിക്കൊപ്പം അതു് ഇറങ്ങിപ്പോയി. ഋദ്ധി കണ്ണു തുറന്നു കിടന്നു.

സുശീല ചുണ്ടു ചെവിയോടു ചേർത്തു. “കണ്ണു കണ്ടാലറിയാം ഇന്നു് എന്തൊരു പോക്കാരുന്നെന്നു്. രാത്രീലും തൊറന്നു കെടക്കല്ലേ പെണ്ണേ…”

സുശീല അരിക്കലം ചാരം തേച്ചു് മിനുക്കി കമഴ്ത്തി. കുഴിത്തവി പിരികയറിന്റെ ഇടയിൽ തൂക്കി. തിരിയുമ്പോഴുണ്ടു് ഋദ്ധി കണ്ണടച്ചിരിക്കുന്നു.

ഒരു കല്ലെടുത്തു താഴെയിട്ടതാണു് ദ്വിജൻ. കാലുകൾ രണ്ടും വലംകയ്യും അറ്റുകിടന്നു പിടയ്ക്കുന്നു.

ജപ്പാൻ [3] ചക്രവർത്തി പാകിയിട്ട കുഴിബോംബുകളിൽ ഒന്നു് പതിറ്റാണ്ടുകൾക്കിപ്പുറവും വീര്യം തെളിയിച്ചു് പൊട്ടിച്ചിതറി.

ഋദ്ധി അടുത്തു ചെന്നു. ദ്വിജൻ മരണം യാചിച്ചു. ഋദ്ധി മാനിന്റെ കഴുത്തിലെന്നതുപോലെ അമർത്തുമെന്നു് ത്രയ ഭയന്നു. ഋദ്ധി ദ്വിജന്റെ നെറുകയിൽ തൊട്ടു. തല മടിയിലേക്കു വച്ചു. പാളമാറാപ്പിൽ നിന്നു് വെള്ളം ഇറ്റിച്ചു. ദ്വിജന്റെ വായിൽ നിന്നു് ആ വെള്ളം നുരയായി പുറത്തുവന്നു. ചുണ്ടിൻകോണിലൂടെ അതൊഴുകി. ഋദ്ധി ആ കണ്ണു് അടയ്ക്കാനാഞ്ഞു് കൈ പിൻവലിച്ചു. ഈ യാത്രയിലും കാണട്ടെ കാഴ്ചകൾ.

ത്രയ പിന്നിൽ ഋദ്ധിയോടു ചേർന്നു. ഋദ്ധി ഒരു കല്ലു് വലംകൈകൊണ്ടെടുത്തു നൊടിയിടയിൽ പിന്നിലേക്കു തെറ്റിച്ചു. പിന്നിലെ മരക്കൊമ്പിൽ നിന്നു് ഏകന്റെ കഴുത്തോളം ഞാന്ന കരിനാഗത്തിന്റെ പത്തിവീണു. ചോരയും പിടയ്ക്കുന്ന ഉരഗവും നിലംപതിച്ചു.

ഏകൻ ഒരു അറവുമാലിന്യം എടുക്കുന്ന നിർവികാരതയോടെ മൃതദ്വിജനെ തോളിലേറ്റി. തുരുത്തിൻ തുഞ്ചത്തെത്തി അനായാസം വീശിയെറിഞ്ഞു. തള്ളി നിൽക്കുന്ന ശിലാമുനമ്പുകളിൽ തട്ടാതെ വെള്ളത്തിലേക്കു പതിച്ച ദ്വിജശരീരം ഒന്നു പിടച്ചതായി അവർക്കു തോന്നി. അതു സ്വീകരിക്കാൻ എത്തുന്ന തിമിംഗലങ്ങൾക്കായി ത്രയ കാത്തുനിന്നു. ചെറുമീനുകൾ വളയുന്നതും ദ്വിജദേഹം കുമിളകളുയർത്തി താഴുന്നതും അവർ കണ്ടു.

ത്രയ:
“മരിച്ചാൽ തിമിംഗല ഉദരത്തിൽ നമ്മൾ കാഴ്ചകൾ കണ്ടു മോക്ഷം തേടും എന്നതു നിന്റെ നുണ. ചെറുമീനുകൾ കൊത്തിത്തിന്നും നമ്മളെ.”

ഋദ്ധി കടലിലേക്കു തന്നെ കണ്ണയച്ചു നിന്നു.

കുറിപ്പുകൾ
[1]

നെടുകെ കീറിയ തെങ്ങോലയിൽ നിന്നു് മെടഞ്ഞെടുത്ത പകുതിഓല.

[2]

റോസ് ദ്വീപു്, ആൻഡമാൻ നിക്കോബാർ.

[3]

രണ്ടാം ലോക മഹായുദ്ധകാലത്തു് ബ്രിട്ടൻ കൈവിട്ട ദ്വീപ് ജപ്പാൻ സ്വന്തമാക്കി.

വെള്ളത്തിലാശാൻ

സുശീല ഞെട്ടി എഴുനേറ്റു.

പുലർച്ചെ രണ്ടോ മൂന്നോ മണി ആയിട്ടുണ്ടാകും. നിർത്താതെ അപകട സൈറൻ മുഴങ്ങുകയാണു്. ഋദ്ധിയെ നോക്കി. കണ്ണു് അടഞ്ഞുതന്നെ. അവൾ കേൾക്കുന്നു എന്നു ഡോക്ടർ പറഞ്ഞതു് നേരാകില്ലെന്നു മുൻപും സുശീലയ്ക്കു തോന്നിയിരുന്നു. ഇത്ര വലിയ സൈറൻ മുഴങ്ങുമ്പോൾ ചെവി കേൾക്കുന്ന ഒരാൾക്കു് ഉറങ്ങാൻ കഴിയുമോ? ഓർത്തു കിടക്കുമ്പോൾ പുരയ്ക്കു മുകളിൽ നിന്നെന്നതുപോലെയായി സൈറൻ. ചന്തയിൽ വച്ചു് കല്യാണി പറഞ്ഞിരുന്നു, ഇനിയുള്ള ദിവസങ്ങളിൽ ബോംബിടാൻ വിമാനങ്ങൾ വരുമെന്നു്. വലിയ വീട്ടുകാരൊക്കെ ഒളിക്കാൻ നിലവറകൾ പണിതുകഴിഞ്ഞു.

സുശീല ഋദ്ധിയെ നോക്കി. ഈ മുക്കാൽമൃതദേഹവുമായി പോകാൻ ഒരു കല്ലറ പോലും കിട്ടില്ല. ഒളിക്കാൻ സെപ്റ്റിക് ടാങ്കുപോലുമില്ലാത്തവർ എന്നു് കല്യാണി പറഞ്ഞപ്പോൾ ചന്തയിലെല്ലാവരും ചിരിച്ചു.

ആരു് ആർക്കെതിരെയാണു് യുദ്ധമെന്നു് ചന്തയിലാർക്കും അറിയില്ല. ശത്രുവരുമെന്നു് മൈക്കിലൂടെ പറഞ്ഞു പട്ടാളം വന്നു നിലയുറപ്പിച്ചതു് ആഴ്ച രണ്ടു മുൻപാണു്. എല്ലാവർക്കും ഫോണുണ്ടു്. പക്ഷേ, അതിലൊന്നും വരുന്നില്ല. ഇന്റർനെറ്റ് സർക്കാർ മുറിച്ചതിനാൽ വൈദ്യുതിവില അടയ്ക്കേണ്ടെന്നു മകൻ പറഞ്ഞതു വിശ്വസിച്ചിരുന്ന കല്യാണിയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥർ കാശു പിരിച്ചു. ഇങ്ങോട്ടേ ഒന്നും ഇല്ലാത്തതുള്ളൂവെന്നു് കല്യാണി. ‘അങ്ങോട്ടു് എല്ലാം വേണം.’

അതിനിടെയാണു് മിസൈൽ വീണു സൗമിനി വിലാസം ആശുപത്രി തകർന്നതു്. അതാരു് അയച്ചതാണെന്നു് ഒരു പത്രത്തിലും വാർത്ത വന്നില്ല. ടെലിവിഷൻ ചാനലുകളിലൊക്കെ മതപ്രഭാഷണവും പ്രാർത്ഥനയുമാണു് മുഴുവൻ സമയവുമെന്നു് പറഞ്ഞുകേട്ടു. സുശീലയ്ക്കു് ടി. വി.-യില്ല. ഇനി ഉണ്ടെങ്കിലും കാണാനൊട്ടു നേരവുമില്ല. ചരക്കിറക്കുന്നതിനിടെ മസ്കറ്റ് കൃഷ്ണൻ പറയുന്നതു കേട്ടു: “മുതുമുത്തുക്കാർന്നോന്മാരു് മുതല് യുദ്ധം കാണാത്ത നാടാണിതെന്നാരുന്നല്ലോ പേരു്. ദാ വന്നു നിക്കണു്. എല്ലാരും കണ്ടു് കൊണ്ടാടിക്കോളിൻ…”

സുശീലയ്ക്കു് അന്നത്തേക്കു് ഉറക്കം പോയി.

അച്ഛൻ ആനക്കാരനായിരുന്നു എന്നു് അമ്മ പറഞ്ഞതല്ലാതെ ആനപ്പുറത്തു പോകുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല. തോട്ടിയും വടിയും ഓർമയിലുണ്ടു്. വലിയ ആനകളുടെ ഒക്കെ പേരു് അച്ഛനെ ചേർത്തു് അടുത്തവീട്ടുകാരൊക്കെ പറയും. ഭവാനിക്കുള്ളതു് ആനപ്പാപ്പനല്ലേന്നു പറഞ്ഞു് കുളിക്കടവിൽ വല്യമ്മമാർ ചിരിക്കും. ഒന്നു ചിരിച്ചതായി ഭാവിക്കുന്നതല്ലാതെ അമ്മ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.

കർക്കടകത്തിലാണു് അച്ഛന്റെ വലിയ വരവു്. സുഖചികിൽസയ്ക്കു് ആനയെ വൈദ്യരുടെ പറമ്പിൽ കൂച്ചുചങ്ങലയിൽകെട്ടി രണ്ടാം പാപ്പാനെ കൂട്ടുനിർത്തിയുള്ള വരവാണു്. പിന്നെ, ചിങ്ങം പിറക്കുന്നവരെ മിക്കദിവസവും രാത്രി വരും. മീശ കഠാരികൊണ്ടു് മോളിലേക്കു കോതി, നാലു കുപ്പിയെങ്കിലും മോന്തിയുള്ള വരവാണു്.

അത്താഴം വിളമ്പുന്നതുവരെ അരഭിത്തിയിൽ ചാരി ഇരിക്കും. ആദ്യ കോരി വായിൽ വച്ചാൽ ബഹളം തുടങ്ങുകയായി. ഒരു ദിവസം മെഴുക്കുപുരട്ടിക്കു് ഉപ്പു് ഇല്ലെന്നാകിൽ പിറ്റേന്നു് പപ്പടം ചുട്ടപ്പോൾ കരിഞ്ഞതിനാകും. അതിനു പിറ്റേന്നു് ഉള്ളി ചുട്ടതിൽ ചേർത്ത പുളി തികയാത്തതിനു്. എല്ലാദിവസവും കുറച്ചുകഞ്ഞി കോപ്പയോടെ എടുത്തെറിഞ്ഞാണു് എഴുനേൽക്കുക. അമ്മ അപ്പോഴൊക്കെ മുറ്റത്തുപോയി കോപ്പ എടുത്തുകൊണ്ടുവന്നു് പടിയിൽ കുത്തിയിരിക്കും. മുഖം പുകയടിച്ചതുപോലെ കരുവാളിച്ചിരിക്കും.

“ഇനി ഞാൻ പോയി മംഗലപ്പുഴ കല്യാണിയെ മംഗലം കഴിക്കാടീ ഛവമേ…” എന്നു് അച്ഛൻ പറയുമ്പോഴാണു് അമ്മ എന്നും വിളക്കൂതുന്നതു്. മംഗലപ്പുഴ കല്യാണി അന്നു് അറിയപ്പെടുന്ന പിടിയാനയാണു്. അമ്മ വിളക്കൂതി വരുമ്പോൾ അച്ഛൻ ചുണ്ടിൽ കത്തുന്ന ബീഡിയുമായി മുറിയുടെ കിഴക്കേ മൂലയിൽ കിടക്കുന്നുണ്ടാകും. അംബിച്ചേച്ചിയെ കെട്ടിപ്പിടിച്ചു് ഞാൻ മുറിയുടെ പടിഞ്ഞാറാണു് കിടക്കാറ്. അമ്മ വന്നു് അടുത്തുകിടക്കും.

മിന്നാമിനുങ്ങുപോലെ അച്ഛന്റെ ചുണ്ടിലെ ബീഡി മുകളിലേക്കും താഴേക്കും പോകുന്നതു് ഒരിക്കൽ കണ്ടു. തപ്പി നോക്കുമ്പോൾ അമ്മ അടുത്തില്ല. അംബിച്ചേച്ചി പെട്ടെന്നു് എന്റെ തല പിടിച്ചുതിരിച്ചു് ഭിത്തിയുടെ നേരേയാക്കി. നാമം ജപിക്കുന്നതു പോലെ അച്ഛൻ ഒരുപാടു ചീത്തവാക്കുകൾ പറയുന്നതു കേട്ടു. കുറെ കഴിഞ്ഞു് അമ്മ അടുത്തുവന്നു കിടന്നിട്ടും എനിക്കു് ഉറങ്ങാൻ കഴിഞ്ഞില്ല. അച്ഛനുള്ള പലദിവസങ്ങളിലും പിന്നെ ഈ ആചാരം കണ്ടു.

അങ്ങനെ അച്ഛൻ വന്ന ഒരു കർക്കടകത്തിലാണു് ചേച്ചിയെ കാണാതായതു്. അമ്മ കരഞ്ഞു നാടാകെ നടന്നു. അന്വേഷിക്കാൻ വന്ന അയൽക്കാർ അച്ഛൻ പറഞ്ഞതുകേട്ടു് മൂക്കത്തുവിരൽവച്ചു പിരിഞ്ഞുപോയി.

“എല്ലാം തെകഞ്ഞ പെണ്ണല്ലേ, കിട്ടിയവനു് നഷ്ടം വരത്തില്ല…”

അമ്മ മുറുക്കാൻ ചെല്ലമെടുത്തു് ഒറ്റയേറായിരുന്നു. അച്ഛന്റെ മുഖത്തു തന്നെ കൊണ്ടു. അച്ഛൻ നൂറുതവണ കഞ്ഞിക്കോപ്പ എറിഞ്ഞിട്ടുണ്ടെങ്കിലും അമ്മയുടെ ആദ്യത്തെ ഏറു്. അച്ഛൻ അമ്മയെ തല്ലിക്കൊല്ലുമെന്നു പേടിച്ചു് ഞാൻ ഭിത്തിമറവിലേക്കു മാറി. എന്നാൽ ഒരിക്കലും പതിവില്ലാത്ത വഷളൻ ചിരി ചിരിച്ചു് അമ്മയെ കൂടുതൽ ശുണ്ഠി പിടിപ്പിക്കുകയായിരുന്നു അച്ഛൻ.

രാത്രി മുഴുവൻ അമ്മ കരഞ്ഞു. രാവിലെ അച്ഛൻ തോട്ടിയും വടിയും കഴുക്കോലിനിടയിൽ നിന്നെടുത്തു.

“ഇനി നോക്കണ്ട, അവളെ പറ്റിയേടത്തു് തന്നെയാ ഞാൻ എത്തിച്ചേ…” എന്നു പറഞ്ഞു് ഒറ്റപ്പോക്കായിരുന്നു. പോകും നേരം അരഭിത്തിയിൽ വച്ച നാണയത്തുട്ടുകൾ അമ്മ എടുത്തൊരേറു കൊടുത്തു.

രണ്ടു ദിവസം കൂടി അമ്മ കരഞ്ഞു, ഒരാഴ്ച കൂടി മുഖംകോട്ടിയിരുന്നു. പിന്നെ പതിവുപോലെ വർത്തമാനം പറയാൻ തുടങ്ങി. എന്നാലും എപ്പോഴും പെയ്യാവുന്ന ഒരു മേഘം ആ മുഖത്തിനു ചുറ്റുമുണ്ടായിരുന്നു.

മുൻപു താഴെയിട്ട മുളവടിയുമായി ഋദ്ധി വീണ്ടും വഴിതെളിക്കാൻ തുടങ്ങി. ഒരു ചെറുശംഖുവരയൻ ഇഴഞ്ഞിറങ്ങിപ്പോയി.

ത്രയ:
“കൊടുംകുറ്റവാളികൾക്കൊപ്പം കപ്പലിറങ്ങിവന്നതാകും വിഷജന്തുക്കളുടെ പ്രപിതാക്കൾ.”
ഋദ്ധി:
“ഇവിടെ ഉരുവമെടുത്തവർ മടക്കക്കപ്പലിൽ അവിടെ എത്തിയതുമാകും.”
ത്രയ:
“എന്തിനാണിങ്ങനെ അകാലമൃത്യുവരുത്തുന്ന സാഹസങ്ങൾ?”
ഋദ്ധി:
“ഈ നിമിഷം നമുക്കു് നൗകകൾ കണ്ടെത്താനാണെന്റെ കലാപം.”
ത്രയ:
“അടുത്ത നിമിഷമോ?”
ഋദ്ധി:
“നീയോ ഞാനോ ദ്വിജനെപ്പോലെ പൂവാലൻപരലുകൾക്കു് അത്താഴമാകാം.”
ത്രയ:
“സമുദ്ര തിരിച്ചുവരുമോ കട്ടമരത്തിൽ?”
ഋദ്ധി:
“നിന്നെ ഇപ്പോഴും സമുദ്രയുടെ ഫെനി മണക്കുന്നു.”
ത്രയ:
“നിന്റെ മുടിച്ചുരുളുകളിൽ വരെയുണ്ടു് ഏകന്റെ കരിമ്പുക.”

ഞണ്ടിന്റെ കാലുകൾ കൂട്ടിപ്പിടിച്ചു് പുറംചട്ടയിൽ കല്ലിടിച്ചു് അടിവയറ്റിൽ നിന്നു് ഉതിർത്തെടുത്ത മാംസം ത്രയ കടിച്ചുമുറിച്ചു.

ഋദ്ധി:
“ദ്വിജമൃതാംഗത്തിനു് [1] ഉപചാരം ചൊല്ലാതെ നാം അതിവേഗം മൃത്യുസ്യൂതികളെ [2] ഭക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു.”

ആ വാക്കുകളിലേക്കു ത്രയ ചൂഴ്‌ന്നു നോക്കി. മനുഷ്യനു മനസ്സിലാകാത്ത ഭാഷയാണു് ഭരിക്കുന്നവരും നയിക്കുന്നവരും ഉപയോഗിക്കുക. ആ ഭാഷയിൽ അഗ്രഗണ്യയായിക്കഴിഞ്ഞു ഋദ്ധി.

ഉറങ്ങാതെ കിടന്ന സുശീല ശരിക്കും നടുങ്ങിപ്പോയി.

കിടന്നേടത്തു നിന്നു് മേൽക്കൂരയിൽ പോയി ഇടിച്ചതുപോലൊരു വിറയൽ. വീടിനു് തൊട്ടടുത്തെവിടെയോ പൂരത്തിനുള്ള കുഴിക്കതന പൊട്ടിയതുപോലെ. അടുത്തടുത്ത വീടുകളിൽ നിന്നു് നിലവിളി ഉയർന്നു. സുശീലയ്ക്കു് കരയാൻ തോന്നിയില്ല. ഋദ്ധി കണ്ണു തുറന്നതുമില്ല.

വേനലവധിക്കു് രാവിലത്തെ ഭക്ഷണം കഴിഞ്ഞാൽ അപ്പോൾ തന്നെ ഋദ്ധി മഠത്തിൽ നിന്നു സൈക്കിളുമായി ഇറങ്ങും.

ഒറ്റത്തെങ്ങേൽ പാപ്പച്ചൻ കുടുംബത്തോടെ കുവൈത്തിലോട്ടു് പോയപ്പോൾ സിസ്റ്റർ സന്ധ്യ ചോദിച്ചു വാങ്ങിച്ചതാണു് ആ സൈക്കിൾ. രണ്ടു നൂറു രൂപ ചുരുട്ടിപ്പിടിച്ചാണു് സിസ്റ്റർ ചെന്നതെങ്കിലും അതു കൊടുക്കണമെന്നൊന്നും കരുതിയില്ല. പാപ്പച്ചനൊട്ടു് കാശു ചോദിച്ചതുമില്ല. ആ ചുവന്ന നിറമുള്ള ബിഎസ്എ എസ്എൽആർ സൈക്കിൾ ഉരുട്ടി മഠത്തിലെത്തിച്ചതു് കപ്യാരു് ബിനോയിയാണു്. അപ്പൻ വർഗീസിനു് മേലാണ്ടായേപ്പിന്നെ കപ്യാരുപണീം ഇടവകക്കാരെ ഭരിക്കലും സഹായിക്കലുമെല്ലാം ബിനോയി തന്നെയാണു്. അതിനൊന്നും ആർക്കുമൊട്ടു് എതിർപ്പുമില്ല.

ബിനോയ് സൈക്കിൾ അരഭിത്തിയിൽ ചാരിവച്ചിട്ടു് ഒറ്റച്ചോദ്യമാരുന്നു:

“എന്നാടീ കൊച്ചേ നിന്റെ പേരു്…”

“ഋദ്ധി”

എല്ലാവരും ചോദിക്കുന്ന ആ ചോദ്യം ബിനോയിയും ആവർത്തിച്ചു.

“എറുദ്ധിയോ… എന്നതാടി ഇതിന്റെ ഗുലുമാല്.”

ഋദ്ധി സൈക്കിളിന്റെ പെഡൽ കറക്കി നിർവികാരം നിന്നു.

“ഇതിന്റെ തന്തേം, തള്ളേം എവിടാ സിസ്റ്ററേ… ഈ പേരെവിടുന്നു വന്നതാന്നൊന്നറിയണമല്ലോ…”

സുശീല അന്നത്തെ കച്ചവടം കഴിഞ്ഞു് വരികയായിരുന്നു. സിസ്റ്റർ ‘ദാ… ചോദിച്ചോ’ എന്ന ഭാവത്തിൽ കൈചൂണ്ടി.

“എന്റെ പൊന്നിൻകുരിശു മുത്തപ്പാ… ഈ ഇരുപതു തികയാത്ത പെങ്കൊച്ചാണോ രണ്ടാംക്ളാസി പഠിക്കണ കൊച്ചിന്റെ അമ്മ…”

“അല്ലെടീവ്വേ… നിനക്കെന്നാ ഒണ്ടു് ഇപ്പോ പ്രായം…”

സുശീല ഒന്നു മടിച്ചു.

‘കപ്യാരു് പെണ്ണുങ്ങടെ പ്രായം തിരക്കാതെ പോയേ’യെന്നു സിസ്റ്റർ.

“അല്ല ഇവരേതു വയസ്സിലാ പെറ്റേന്നെങ്കിലും അറിയണ്ടേ. സത്യത്തിൽ എന്നാ ഒണ്ടു് നിനക്ക്…”

സുശീല:
“ഇരുപത്തിനാല്…”

രണ്ടു വയസ്സു കൂട്ടിയാണു് സുശീല പറഞ്ഞതു്. ഋദ്ധിക്കു് എട്ടും സുശീലയ്ക്കു് ഇരുപത്തിരണ്ടും ആയിരുന്നു അപ്പോൾ. മഠത്തിൽ താമസമാക്കിയിട്ടു് വർഷം രണ്ടായി.

ബിനോയി:
“എന്റമ്മോ ഇന്നത്തെക്കാലത്തും പതിനാറു തെകയും മുൻപേ പെറ്റവരോ?”

സുശീല ബിനോയിയുടെ മുഖത്തു തന്നെ നോക്കി നിന്നു. കണ്ണിൽ നോക്കുന്നവർക്കു് കള്ളത്തരമില്ലെന്നാണു് കണ്ടത്തിൻകരേലച്ചൻ കപ്യാരാകാൻ ചെന്നപ്പോൾ ബിനോയിയെ ആദ്യം പഠിപ്പിച്ചതു്.

ബിനോയി:
“പ്രത്ഥ്വീന്നും കേട്ടിട്ടൊണ്ടു്, ഋഷീന്നും കേട്ടിട്ടൊണ്ടു്. ഇതു് എന്നതാ… ഈ ഋദ്ധി…”
സുശീല:
“കുബേരന്റെ ഭാര്യ. എന്റെ അമ്മ ഇട്ടതാണു്.”
ബിനോയി:
“ആ ബെസ്റ്റ്… എന്നിട്ടു വേണം കുബേരന്റെ ചവിട്ടും തൊഴിം കൊണ്ടു്, അങ്ങേരുടെ പിള്ളേരേം പെറ്റു്, അവരുടെ വായിലിരിക്കുന്ന തരവഴിത്തരോം കേട്ടു് ചത്തു കെട്ടു പോകാൻ.”

അമ്മയല്ലാതെ ഒരാൾ ഒപ്പം നിന്നു പറയുന്നതു് ആദ്യമാണു്. ഒന്നുകിൽ അടിമ, അല്ലെങ്കിൽ അടിയാളത്തി. ആനപ്പാപ്പാനായ അച്ഛൻ മുതൽ കൂലിത്തല്ലുകാരനായ കെട്ടിയവൻ ഭാർഗവൻ വരെ അങ്ങനെയായിരുന്നു കണ്ടതു്. ചെന്നുകണ്ടവരും വഴിക്കു കണ്ടവരുമെല്ലാം അങ്ങനെയാണു് പെരുമാറിയതു്. ഫ… പട്ടി എന്ന ഭാവമായിരുന്നു ഇതുവരെ കണ്ട ആണുങ്ങൾക്കെല്ലാം.

സുശീലയുടെ അമ്മ പഴയ നിലത്തെഴുത്താശാന്റെ മകളായിരുന്നു.

അക്ഷരം അമ്പത്തിയാറും സങ്കലനവും ഗുണനവും കഴിഞ്ഞതാണു് ഭവാനി. വ്യാകരണം സന്ധിയും സമാസവും വരെ പഠിച്ചതുമാണു്. ആനപ്പാപ്പാൻ ഒരബദ്ധമായിരുന്നെന്നു് ഭവാനി എപ്പോഴും പറയും.

പെങ്ങളുടെ മകനെ നിലത്തെഴുത്തു കളരിയിലാക്കാൻ വന്നതാണു് അയാൾ. അയാളെന്നേ ഭവാനി പറഞ്ഞിട്ടുള്ളു. ബാക്കിയുള്ള പെമ്പ്രന്നോത്തിമാർ പറയുന്നതുപോലെ പിള്ളേരുടയച്ചൻ എന്നു പറയാറില്ല. അയാൾ കളരിയിലിരുന്നു് ആനക്കഥകൾ പറയും. ആനയെ നോക്കി കിട്ടിയ കാശുകൊണ്ടു് പെങ്ങൾക്കു വീടുവച്ചുകൊടുത്തെന്നും അമ്മയ്ക്കു് എട്ടേകാൽ പവന്റെ പൊന്നുരുക്കി മാലയാക്കിയെന്നും അച്ഛനു് കുത്തിനടക്കുന്ന വടിയിൽ സ്വർണംകെട്ടിയ പിടിയിട്ടുകൊടുത്തെന്നും മാത്രമല്ല പറഞ്ഞതു്. കെട്ട്യോൻ ചത്ത ദാക്ഷായണിയുടെ മകളുടെ കല്യാണം നടത്തിക്കൊടുത്തതു്, ആരുമില്ലാത്ത ദേവകിക്കു് പുരമേഞ്ഞു കൊടുത്തതു്, പൂതക്കാവിലേക്കു് ആൾപ്പൊക്കമുള്ള ഓട്ടുമണി കൊടുത്തതു്…

അങ്ങനെ ഓരോ ദിവസവും ഓരോ കഥ കേട്ടു് ഭവാനിക്കു് പ്രേമിക്കയല്ലാതെ വഴിയില്ലെന്നായി. അന്നു മീശ പിരിഞ്ഞുവരുന്നേയുണ്ടായിരുന്നുള്ളു. അതിൽപിടിച്ചു തൂങ്ങിക്കിടന്നു് ഊഞ്ഞാലാടുന്നതു് ഭവാനി സ്വപ്നം കണ്ടു. ഒരിറ്റു് കള്ളു കുടിക്കുന്നതു കണ്ടിട്ടില്ല. മറ്റാരോടും ദേഷ്യപ്പെടുന്നതും പതിവില്ല. ആനയെപ്പോലും തല്ലാത്തവൻ എന്നാണു് പറഞ്ഞിരുന്നതു്. അതെല്ലാം അവിശ്വസിക്കേണ്ട കാര്യം ഭവാനിക്കില്ലായിരുന്നു.

കളരീലാശാൻ വല്യമടിയൊന്നും പറയാതെ താലിയെടുത്തു കൊടുത്തു. രണ്ടു തുളസിമാല കീഴ്ക്കാവിനു മുന്നിൽപ്പോയി ഇട്ടു. ചെക്കൻവീടുപോലും ആരും പോയി കാണാതെ ആ കല്യാണം നടന്നു. കെട്ടുകഴിഞ്ഞാൽ ചെക്കന്റെ വീട്ടിലാണു് ചെന്നു കയറേണ്ടതു് എന്നതുകൊണ്ടു് ഭവാനിക്കു് ആ നിമിഷം അതുവരെ ഉണ്ടായിരുന്ന വീടു് ഇല്ലാതായി. ഒന്നു മൂത്രമൊഴിക്കാൻ മുട്ടിയിട്ടും സ്വന്തം വീട്ടിൽ കേറാൻ ചട്ടം സമ്മതിക്കാത്തതുകൊണ്ടു കടിച്ചുപിടിച്ചു നിന്നു. രാവിലെ കുഴിക്കുമേലേയിട്ട തെങ്ങിൻ തടിയിൽ കാൽ മണിക്കൂർ കുത്തിയിരുന്നിട്ടും വയറ്റീന്നു് വായു പോലും പോയില്ല. എവിടെങ്കിലും പോയിട്ടു് എന്തെങ്കിലും ആവശ്യമുള്ള ദിവസമൊക്കെ ഭവാനിക്കു പണ്ടും അങ്ങനെയായിരുന്നു. ആ ഓലവാതിൽ ചാരി ഇറങ്ങുമ്പോൾ തന്നെ തോന്നിയിരുന്നു കെട്ടാൻ നിൽക്കുമ്പോൾ വയറ് ചതിക്കുമെന്നു്. ഇപ്പോഴാണെങ്കിൽ കെട്ടുകഴിഞ്ഞപ്പോൾ തൊട്ടു് വയറ്റീന്നു് ഉരുണ്ടു് കേറി വരുന്നുണ്ടു്. ഇടത്തെ എളിക്കാണെങ്കിൽ കുത്തിക്കുത്തിയുള്ള നോവും. അടിയിൽ താറുടുത്തിട്ടുണ്ടു് എന്ന ധൈര്യത്തിൽ കെട്ടുകഴിഞ്ഞു ഉണ്ണാനായി കൈകഴുകാൻ പോയപ്പോൾ ഭവാനി ഒരു കീഴ്ശ്വാസം വിട്ടു. വാഴപ്പിണ്ടിയിൽ കൊളുത്തിവച്ച ചന്ദനത്തിരിയുടെ വാസന പറന്നു നിന്നതുകൊണ്ടു് ആരുമൊന്നും അറിഞ്ഞില്ല. എന്തായാലും ആ വായു പോയതോടെ മൂത്രം മുട്ടലും വെളിക്കിരിക്കാൻ തോന്നലും ഒന്നിച്ചു പോയി. അതു ഭാഗ്യമായി.

അമ്പലത്തിലെ പടച്ചോറിൽ മോരൊഴിച്ചു് കഴിച്ചതായിരുന്നു കല്യാണ സദ്യ. ഇല കളഞ്ഞു കൈകഴുകി വന്നപ്പോൾ കാവിലെ കൂട്ടുപായസം ഒരു ചിരട്ടപ്പൂളിൽകോരി മാരാരു് ഉള്ളം കയ്യിലിട്ടു. അതോടെ ആ നാട്ടിലെ സർവ്വ ഇടപാടും കഴിഞ്ഞു. നടന്നാണു് രണ്ടുപേരും പോന്നതു്. കൂടെയാരും വന്നതുമില്ല. മാലയഴിച്ചു് ഭവാനി കയ്യിൽ തൂക്കിയിട്ടു. കുട്ടിയാന വേണമെങ്കിൽ പിന്നാലെ വരട്ടെ എന്ന ഗൗരവത്തിൽ ആനക്കാരൻ ഒരു പോക്കാണു്. ആ നടപ്പിൽ ഹരംകയറി ചോദിക്കാൻ തോന്നിയതൊക്കെ വിഴുങ്ങേണ്ടി വന്നു ഭവാനിക്കു്. ഇടയ്ക്കിടയ്ക്കു ചുണ്ടിലൊരു ചിരി വരികയും അതു് ആരെങ്കിലും കണ്ടാലോ എന്നു കരുതി കടിച്ചിറക്കുകയും ചെയ്തു.

ഒരു മണിക്കൂറിന്റെ നടപ്പുണ്ടായിരുന്നു. ചെന്നു കയറിയ അന്നു രാത്രി തന്നെ അയാള് മുണ്ടഴിച്ചു് കിടത്തി. മണ്ണെണ്ണ വിളക്കുയർത്തി കഴുത്തു മുതൽ താഴേക്കു കാണാൻ തുടങ്ങി. എന്നിട്ടൊരു ചിരിയാരുന്നു. പിന്നെ ആ വിളക്കിൽ നിന്നൊരു ബീഡി കത്തിച്ചു. അയാൾ ബീഡിവലിക്കുമോ എന്നു് സംശയിക്കാൻ ഇടകിട്ടാതെ ലയിച്ചു കിടക്കുകയായിരുന്നു ഭവാനി. അയാൾ ആ ബീഡി ഭവാനിയുടെ ഉള്ളംകാലിൽ കുത്തി. ഭവാനി അയ്യോ… എന്നു് അലറി. ആ വീട്ടിൽ വേറാരും ഉണ്ടായിരുന്നില്ല. സ്വർണമാലയിട്ട അമ്മയും സ്വർണപ്പിടിയുള്ള വടികുത്തി നടക്കുന്ന അച്ഛനും പുതിയ വീടുവച്ച പെങ്ങളുമൊന്നും ഒരിക്കലും ഭവാനിയുടെ മുന്നിൽ വന്നില്ല. ചെന്നുകയറിയപ്പോൾ മുതൽ മൂത്രമൊഴിക്കാൻ മുട്ടിയെങ്കിലും മറപ്പുര കാണാത്തതുകൊണ്ടു് കടിച്ചു പിടിക്കുകയായിരുന്നു. അയാൾ ചോദിക്കാനുള്ള ഇടതരാതെ എന്തൊക്കെയോ അടുക്കലും പെറുക്കലും.

ബീഡി കുത്തിയപ്പോഴുള്ള ഭവാനിയുടെ അലർച്ചകേട്ടു് ആനക്കാരൻ ചിരിയോടു ചിരി. ‘ആനേടെ നഖത്തിനു താഴെ തോട്ടിയിട്ടു കുത്തുമ്പോ അതും ഇങ്ങനാടീ പൊന്നേ…’ എന്നു പറഞ്ഞതും മേലോട്ടൊരു വീഴ്ചയായിരുന്നു. ഭവാനിക്കു് ഒരു കൊന്നത്തെങ്ങു മേത്തു വീണതുപോലെയാണു് തോന്നിയതു്. അതിനിടയിലെപ്പോഴോ മൂത്രം പോയി. അതു മനസ്സിലാക്കാനുള്ള ബോധം അയാൾക്കൊട്ടു് ഉണ്ടായിരുന്നുമില്ല. അന്നാണു കെട്ടിയയാളും പ്രേമിച്ചയാളും രണ്ടായിരുന്നെന്നു് ഭവാനിക്കു മനസിലായതു്.

ഭവാനി അമ്പിളിയോടും സുശീലയോടും പറയുമായിരുന്നു. ലോകത്തു് വിധി എന്നൊരു സാധനമില്ല. ചതിയേ ഉള്ളൂവെന്നു്. കാണുമ്പം നോക്കിച്ചിരിക്കുന്ന മുഖമല്ല, മനുഷേന്മാര്. ഓരോ ആളും രണ്ടോ നാലോ ആണെന്നു്.

ചെന്നു കേറിയ കാലത്തു് അയൽവക്കത്തെ അമ്മിണി സുശീലയോടു പറഞ്ഞതും അക്കഥ തന്നെ.

ഭാർഗവന്റെ വലംകൈ വിക്രമന്റെ ഭാര്യയാണു് അമ്മിണി. എല്ലാ കേസിലും രണ്ടുപേരും ഒന്നിച്ചാണു് പ്രതിയാവുക.

“നമ്മടെ മേത്തു് കേറി കിടക്കുമെന്നേയുള്ളൂ, ഇവന്മാരുടെ മനസ്സിലൊക്കെ വിചാരം തരാതരം മാറും. ചിലപ്പോ അവരു കരുതും അടീക്കെടക്കണതു് കിട്ടാതെ പോയ പഴയ കാമുകിയാണെന്നു്. അല്ലെങ്കി സിനിമേലെ നായികയാണെന്നാവും. അതുമല്ലെങ്കിൽ നാട്ടിലെ ഏതെങ്കിലും വലിയ വീട്ടിലെ അണിഞ്ഞു നടക്കണ പെണ്ണുങ്ങളാണെന്നു കരുതും. അതൊന്നുമല്ല നമ്മളാണെന്നു് അറിയുമ്പോഴാണു് അവരു് കൂത്തിച്ചിവിളി തുടങ്ങുന്നതു്. നാറികൾ…” അമ്മിണി കാർക്കിച്ചു തുപ്പി.

“ഞാനൊരിക്കൽ മമ്മൂട്ടിയാണെന്നു വിചാരിച്ചു് ഒന്നു കെട്ടിപ്പിടിച്ചു് ഉമ്മവയ്ക്കാൻ നോക്കിയതാ. നായേ… വെളുത്തുള്ളി നാറുന്ന വാ കൊണ്ടാണോടി ചുണ്ടേൽ മുട്ടിക്കുന്നതെന്നൊരു ചോദ്യമാരുന്നു. പറയുന്ന ആളുടെ ചുണ്ടുമുഴുവൻ ബീഡിക്കരിയാണു്. വായ്ക്കകം പുകയടുപ്പു പോലേം. പോരാത്തേനു് പുളിച്ച കള്ളിന്റെ വാട വായിക്കോടെ വന്നതിനൊപ്പം ആളൊരു കീഴ്ശ്വാസവും വിട്ടു. ഞാൻ വെറുത്തു കണ്ണടച്ചു പോയി. പിന്നെ ഞാൻ ഉമ്മവയ്ക്കാൻ പോയിട്ടില്ല. അടുപ്പിലെ ചാരമാരെങ്കിലും നക്കിത്തുടയ്ക്കുമോ?”

ഭാർഗവനു് പിന്നെന്തായീന്നു് സുശീല ഇക്കാലമെങ്ങും ആരോടും തിരക്കിയിട്ടില്ല.

പിന്നൊരിക്കൽ കഥ പറയുന്നകൂടെ അന്നമ്മയും ബിനോയിയും പറഞ്ഞിരുന്നു, ഭാർഗവനേയും വിക്രമനേയും തല്ലിക്കൊന്നു് അമ്മിണി ഏതെങ്കിലും ജയിലിൽ പോയിട്ടുണ്ടാവുമെന്നു്. ആറാം വയസ്സിൽ അനുഭവിച്ച ഋദ്ധിയുടെ കഥയുടെ തീവ്രതയിൽ പതിനാലാം വയസ്സിൽ ഞാനും പതിനഞ്ചാം വയസ്സിൽ അമ്പിളിയും അനുഭവിച്ചതൊന്നും ഒരാളും ഒരു സംഭവമായിപ്പോലും കരുതുന്നില്ല. ആ അനുഭവത്തീന്നു് എനിക്കു് ഒരു കാര്യം ഉറപ്പായിരുന്നു എനിക്കോ അമ്പിളിക്കോ ഒരാളേം കൊല്ലൻ പറ്റുകേല. ഇതുവരെ അറിഞ്ഞതുവെച്ചു് അമ്മിണിയേയും അതിനു കൊള്ളുകേല. കാലന്മാരുടെ അടിയിൽ കിടക്കുമ്പോഴും ഞങ്ങൾക്കൊക്കെ ഒരു വെളിവുണ്ടായിരുന്നു. ഭാർഗവനെക്കൊന്നാൽ വിക്രമനോ വിക്രമനെ കൊന്നാൽ ഭാർഗവനോ രണ്ടുപേരേയും കൊന്നാൽ മറ്റൊരു തങ്കപ്പനോ ഞങ്ങളുടെ മേൽ കേറി നിരങ്ങാൻ തുടങ്ങുമെന്നു്. അല്ലെങ്കിലും കപ്യാരു് ഇതു പറയും വരെ കൊല്ലൽ എന്നൊരു സാധ്യതയുണ്ടെന്നു പോലും ഞാനൊട്ടു് ഓർത്തില്ല. കൊല്ലാനാരുന്നേൽ കുടിച്ചു വെളിവില്ലാതെ വരുന്ന ഏതു ദിവസവും കഴുത്തിൽ തോർത്തു മുറുക്കാമായിരുന്നു. കോടാലിയെടുത്തു് തല പിളർക്കാമായിരുന്നു. രാവിലെ എഴുനേറ്റുവരുമ്പോഴേ മോന്തുന്ന കഞ്ഞിയിൽ വിഷമൊഴിക്കാമായിരുന്നു. അല്ലെങ്കിൽ, കൂടെച്ചെല്ലാമെന്നു പറഞ്ഞാൽ തങ്കപ്പനോ തങ്കരാജനോ രണ്ടുപേരേയും തട്ടി ഞങ്ങളെ ഏറ്റെടുത്തേനെ. കൊല്ലലൊക്കെ കഥയെഴുത്തുകാർക്കു പറഞ്ഞിട്ടുള്ള പണിയാണു്. നമുക്കൊന്നും കിടക്കുന്ന അഴുക്കീന്നു് തലപൊക്കാനുള്ള ഊരില്ല. കിടന്നതു് അഴുക്കാണെന്നു് അറിയുന്നതു തന്നെ നീർച്ചോല വേറെ കാണുന്ന ഇക്കാലത്താണു്.

കുറിപ്പുകൾ
[1]

ദ്വിജന്റെ മൃതദേഹം.

[2]

മൃത്യുസ്യൂതി എന്നാൽ ഞണ്ടു്.

ആറ്റുപരൽ

സുശീല ഒൻപതാം ക്ലാസ്സിലായിരുന്നു.

ചേച്ചി പോയിട്ടു് രണ്ടു മൂന്നു കൊല്ലമായി. അച്ഛൻ ഇടയ്ക്കൊക്കെ വരും. അമ്മ ഒട്ടും വില വയ്ക്കാതായതോടെ വരവിന്റെ ഇടവേള കൂടി. അന്നു് അമ്മ കുളിക്കാൻ പോയപ്പോഴായിരുന്നു അച്ഛന്റെ വരവു്. ചിങ്ങമാണു്. ഏത്തക്കുലയൊരെണ്ണം തോളിൽ നിന്നു് ഇറക്കി ഇറയത്തു വച്ചു. അമ്പിളീടെയാണു്… എന്നു പറഞ്ഞു് ചുറ്റും നോക്കി.

അമ്മ ഇല്ലേടി എന്നൊരു ചോദ്യം.

മറുപടി പറയും മുൻപു് ഉത്തരവെത്തി. ഓട്ടോയില് അമ്പിളീടെ ആളുണ്ടു്. നീ ചെന്നാൽ അവളുടെ കൊച്ചിനെ കാണാം.

മടിച്ചു നിന്നു. ചെല്ലടി നിനക്കു വാവേ കാണണ്ടേ എന്നായി. പിന്നെ നിന്നാൽ തല്ലാണു്. സുശീല ഓട്ടോയിലേക്കു നടന്നു.

അതിൽ മീശ പിരിച്ചു് ഒരാൾ ഇരിക്കുന്നു. കേറെടീ എന്നു പറഞ്ഞു് കയ്യിൽ പിടിച്ചു വലിച്ചു് ഓട്ടോയിലിട്ടു. കുഞ്ഞു് ഓട്ടോയിലുണ്ടെന്നു കരുതിപ്പോയ സുശീലയ്ക്കു മിണ്ടാൻ പോലും ഇട കിട്ടിയില്ല. ചേച്ചിക്കു് ഇത്ര പ്രായമുള്ള ഭർത്താവോ എന്നോർത്തു് സുശീല ഓട്ടോയിൽ ഇരുന്നു. ഓട്ടോ ഒന്നര മണിക്കൂർ ഓടി. അപ്പോഴേക്കും സുശീലയ്ക്കു് ആന്തൽ കൂടി വന്നു. കണ്ണുകൾ നിറഞ്ഞൊഴുകി. നിർത്തുമ്പോൾ ഓട്ടോക്കാരനു് അയാൾ എണ്ണിക്കൊടുത്തതു് ആയിരത്തിനാനൂറു രൂപയാണു്.

അമ്പിളിച്ചേച്ചിയെ കാണാൻ വീട്ടിലേക്കു നോക്കി. ചുമരിൽ അമ്പിളിച്ചേച്ചിയും മീശക്കാരനും ഉള്ള പടം. തൊട്ടിലിൽ രണ്ടോ മൂന്നോ മാസമായ ഒരു കുഞ്ഞു്. അടുത്തു് ഒരു സ്ത്രീ നിൽക്കുന്നു.

ഭാർഗവൻ പറഞ്ഞു: “ഇതിനെ പെറ്റിട്ടു് അവള് പോയി… ഇനി നീ വേണം നോക്കാൻ…”

ആ സ്ത്രീ പാൽക്കുപ്പി സുശീലയ്ക്കു കൊടുത്തു് ഇറങ്ങിപ്പോയി.

സുശീല സ്കൂൾ ഓർത്തു. ഓണപ്പരീക്ഷേടെ മാർക്കു് കിട്ടാനുണ്ടു്. നാലാം ക്ളാസു മുതൽ, കാണാത്തദിവസം ആധി തോന്നുന്ന, ഉണ്ണിയെ ഓർത്തു. ഒന്നു കണ്ടാൽ മതി രണ്ടാൾക്കും. കണ്ണു കൂട്ടിമുട്ടി കഴിയുമ്പോൾ പിന്നെ പേടിച്ചു നോട്ടം മാറ്റും. എന്നാലും കാണാതിരിക്കാൻ വയ്യ.

കുഞ്ഞു കരഞ്ഞു. ആദ്യമായി സുശില ആ കുഞ്ഞിനെ തൊട്ടു. എടുത്തു മടിയിൽ വച്ചു. പാലു കൊടുത്തു. അതിന്റെ കൈകൾ സുശീലയുടെ മേലുടുപ്പിന്റെ കൊളുത്തുകൾക്കിടയിൽ തെരഞ്ഞു.

പുറത്തുപോയ ഭാർഗവൻ വരാൻ സന്ധ്യ കഴിഞ്ഞു. എനിക്കു് അമ്മേ കാണമെന്നു് സുശീല ചിണുങ്ങി, മൂക്കുപിഴിഞ്ഞു. ഉറക്കെ കരഞ്ഞു. ആ കുഞ്ഞും കരയാൻ തുടങ്ങി. സുശീല കരച്ചിൽ നിർത്തി കുഞ്ഞിനെ എടുത്തു. അതു കയ്യിലിരുന്നു് ഉറങ്ങി. കുഞ്ഞിനെ തൊട്ടിലിൽ കിടത്തി തിരിഞ്ഞതെയുള്ളു. ഭാർഗവൻ വട്ടംപിടിച്ചു് കട്ടിലിലേക്കു് എടുത്തിട്ടു.

നിന്റച്ഛൻ നിന്നെ എനിക്കു തന്നതാ. ആയിരം രൂപയ്ക്കും ഒരു വാഴക്കുലയ്ക്കും. നിന്റെ ചേച്ചിക്കു് അയാൾ പതിനായിരമാ വിഴുങ്ങിയതു്. നിനക്കു് ഓട്ടോക്കാരനു് കൊടുത്തത്ര പോലും വേണ്ടി വന്നില്ല. ഇത്ര വലിയ തമാശ പറഞ്ഞിട്ടും അയാൾ ചിരിച്ചില്ല.

പാവാടയും ഉടുപ്പും വലിച്ചഴിച്ചു. പിന്നെ പുന്നാരിക്കാൻ തുടങ്ങി. സുശീല ഏങ്ങലടിച്ചു കരഞ്ഞു. അയാൾ ഒരു കാളവണ്ടിയോട്ടക്കാരനായി. രാവിലെ എഴുനേൽക്കുമ്പോൾ മേലാകെ കലപ്പകൊണ്ടുഴുത പാടുകൾ. അയാൾ എന്തൊക്കെ ചെയ്തെന്നു് ഓർത്തുനോക്കാൻ പോലും സുശീലയ്ക്കു തോന്നിയില്ല.

പുറത്തുവരുമ്പോൾ എടുത്തുടുത്തതു് അമ്പിളിയുടെ മുണ്ടും മേലുടുപ്പുമാണു്. പാവാടയും ബ്ലൗസും ഭാർഗവന്റെ വലിയിൽ കൊളുത്തുപൊട്ടി കീറിയിരുന്നു. ഇന്നലെ കണ്ട സ്ത്രീ, അമ്മിണി, ഇറയത്തു കുഞ്ഞിനെ എടുത്തിരിക്കുന്നു. ഇതിനിടെ അവർ എങ്ങനെ ഭാർഗവൻ വിളയാടുന്ന തൊട്ടിലും കട്ടിലും ഒന്നിച്ചിട്ട ഒറ്റമുറിയിൽ നിന്നു് ആ കുഞ്ഞിനെ എടുത്തു? ഭാർഗവനെ നോക്കി. അയാൾ അപ്പോഴും പിറന്നപടി കട്ടിലിലുണ്ടു്.

സുശീല ചെല്ലുമ്പോൾ അമ്മിണിയുടെ കണ്ണു നിറഞ്ഞൊഴുകുന്നു. അമ്മിണി അവളുടെ തലയിൽ കൈവച്ചു. സുശീല അമ്മയായി കണ്ടു നെഞ്ചിൽ വീണു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ഭാർഗവൻ ഉണരുകയും ഉടുമുണ്ടു് വാരിയുടുത്തു് ഒരു പുകയിലക്കറവീണ തോർത്തു് തോളത്തിട്ടു് പല്ലുതേക്കുകയോ മുഖം കഴുകുകയോ ചെയ്യാതെ പുറത്തുപോവുകയും ചെയ്തു.

അമ്മിണി ആദ്യം വാ തുറന്നതു തന്നെ ആ വർത്തമാനത്തിനാണ്: “അമ്പിളിയെ അയാള് ഒറ്റച്ചവിട്ടിനു് കൊന്നതാണെന്നു നാട്ടുകാരു് പറയുന്നുണ്ടു്”.

സുശീലയ്ക്കു് അമ്മയെ ഓർമ്മ വന്നു. വീട്ടിലേക്കു പോകാൻ തോന്നി. മുറ്റത്തിറങ്ങി ഇടവഴിയിലേക്കു കാൽവച്ചതേയുള്ളു. എടി പട്ടീ… എന്നൊരു വിളിയായിരുന്നു. ഭാർഗവൻ കുത്തുകല്ലേൽ മൂന്നാലു പേരൊടൊപ്പം ഇരിക്കുന്നു.

സുശീലയ്ക്കു പിന്നൊരിക്കലും പോകാൻ തോന്നിയില്ല. ഭാർഗവൻ എന്നും രാത്രി വരും. തിരണ്ടിരിക്കുന്ന സമയത്തും വിളിച്ചു കിടത്തും. ചോരയെത്ര കണ്ടതാടീ ഭാർഗവൻ എന്നു വഷളൻ ചിരിയോടെ പറയും. ഒരു കാലം കഴിഞ്ഞപ്പോൾ സുശീലയ്ക്കു തോന്നി താൻ പെറാത്ത പെണ്ണായിരിക്കുമെന്നു്. അയാൾ ദിവസവും തോന്നിയതൊക്കെ ചെയ്തിട്ടും സുശീലയ്ക്കു ഋതു തെറ്റിയില്ല. അമ്മയൊരിക്കൽ അറിഞ്ഞുവന്നു കണ്ടപ്പോഴിട്ട ഋദ്ധിയെന്ന പേരുള്ള കുട്ടിയും ഋതുക്കളും സുശീലയോടൊപ്പം മാറാതെ നിന്നു.

പതിറ്റാണ്ടേഴായി തടവിൽ കിടന്ന ഇരുട്ടു് ഋദ്ധിയുടെ ഒറ്റ വലിയിൽ തുറന്ന ജാലകത്തിലൂടെ പുറംകാഴ്ച കണ്ടു.

പുതുതലമുറ [1] വെളിച്ചം പ്രവൃദ്ധ ഇരുട്ടിനു മുൻപിൽ പതറിയതുപോലെ ഒന്നു് മടിച്ചു; പിന്നെ, ആർക്കും തടയാനാകാത്ത തമോപ്രകാശ ലയനം. പ്രചണ്ഡ താണ്ഡവമെന്നു് ത്രയ. നുണപ്രചാരണ ഭാഷാപ്രാവിണ്യത്തിൽ ഋദ്ധിക്കൊപ്പമെത്തുകയാണു് ത്രയയെന്നു് പിന്നാലെയെത്തിയ ഏകൻ.

“ലോകംകണ്ട പെരുംനുണയേതു്?”

ചോദ്യം ഒരു അപ്പൂപ്പൻതാടി പോലെ ആകാശത്തേക്കുവിട്ടു് ഋദ്ധി ആ വലിയ കരിങ്കൽക്കെട്ടിന്റെ വാതിൽ തേടി നടന്നു. വള്ളിപ്പടർപ്പുകൾക്കപ്പുറം വാതിലെന്നു തോന്നുന്ന പടുകൂറ്റൻ നിർമിതി. ഉരുളൻ തടികളിലൂർന്നു നൗകകൾ കടലിലേക്കു ചാഞ്ഞിറങ്ങുന്ന പാത. പത്തു കപ്പൽപ്പാടെങ്കിലും ദൂരത്തിലുള്ള കാടുണ്ടു് തെളിക്കാൻ. ഏകന്റെ നീട്ടിയുള്ള കൂവലിൽ എഴുപത്തിയെട്ടിൽ എഴുപത്തിയാറും അവിടെത്തി. ദ്വിജൻ പോയ കടൽ നിശ്ചലം കിടന്നു. ദ്വാദശി നിന്ന കര ഇളകിയാടി.

ഋദ്ധി കണ്ണുതുറന്നു കിടക്കുകയായിരുന്നു.

സുശീല കഞ്ഞിയെടുത്തു് വേഗമെത്തി. രാവിലെ ഓറഞ്ചുനീരും ആപ്പിൾ നീരുമൊക്കെയായിരുന്നു ആദ്യത്തെ കുറച്ചുകാലം. അന്നമ്മ പറഞ്ഞിട്ടു് പിന്നെ കുമ്പളങ്ങ കുത്തിയുടച്ചു കൊടുത്തു. ഇടയ്ക്കു് പാവയ്ക്കാ നീരുമാക്കി. പിന്നെയതു പേരയ്ക്കയായി. ഒടുവിലൊടുവിൽ ചാമ്പക്കയും കശുമാമ്പഴവും. കക്കവാരി വരുമ്പോൾ വഴിക്കരികീന്നു കിട്ടാൻ അതിലും എളുപ്പം വേറൊന്നില്ല. പിന്നെ വൈകിട്ടത്തെ പോലെ രാവിലെയും കഞ്ഞിയായി. എന്തുകൊടുത്താലും ആ തൊണ്ടവഴി ഇറങ്ങിപ്പോകും. കണ്ണുകൊണ്ടുപോലും ഇതുവരെ വേണ്ടാ എന്നു പറഞ്ഞിട്ടില്ല.

ഋദ്ധി സൈക്കിളെടുത്തു് പാടത്തു ചെല്ലുമ്പോൾ സുരേഷ്, മനു, ബിജേഷ്, കുമാർ, സിദ്ദിഖ്, സാദിഖ് എന്നിങ്ങനെ എല്ലാവരുമുണ്ടു്.

എന്നെ അവരാരും പെണ്ണായി കണ്ടില്ല. മഠത്തിലെ വായനശാലയിലെ ടിവിയിൽ എല്ലാ ഏകദിനവും ടെസ്റ്റും ഞാൻ മുടങ്ങാതെ കണ്ടു. സാധാരണ മഠങ്ങളിൽ പതിവുള്ളതല്ല ടിവിയും വായനശാലയും. ചെറുപ്പക്കാരെ നന്നാക്കാൻ കരക്കാരു് ചേർന്നു പിരിവെടുത്തു മഠത്തിന്റെ പറമ്പിൽ പണിതുകൊടുത്തതാണു്. ഇരുനൂറു പുസ്തകമൊക്കെയേ കഷ്ടിച്ചുള്ളു. പിന്നെ പലരെഴുതിയ പുതിയ നിയമങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലും. അവിടെയുള്ള പുസ്തകങ്ങളിലൊന്നും എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല. അവിടെ ചെന്നു് ക്രിക്കറ്റ് കണ്ടു. അത്രതന്നെ.

നാലടി ചുവടുവച്ചു് വലംകയ്യിൽ നിന്നു് ഇടംകൈകൊണ്ടു് പന്തു തൂക്കിയെടുത്തു് ഞാൻ ലെഗ്സ്പിന്നുകൾ എറിഞ്ഞു. വലംകൈകൊണ്ടു് ബാറ്റ് പിടിച്ചു് കവർഷോട്ടുകൾ പായിച്ചു. ഇടത്തെറിഞ്ഞു വലത്തടിക്കാൻ നീയാരാ ശാസ്ത്രിയാണോ എന്നു് സുരേഷിന്റെ അച്ഛൻ ഒരിക്കൽ ചോദിച്ചതു് വിട്ടുപോകാത്ത പേരായി. കണ്ടത്തിൽ ചെല്ലുമ്പോഴെല്ലാം ഞാൻ ശാസ്ത്രിയായി അഭിനയിക്കാൻ തുടങ്ങി. ആൺകളികളിൽ നിറയാൻ മോഹിച്ച പെണ്ണായിരുന്നെന്നു് എത്രയോ കഴിഞ്ഞാണു് തിരിച്ചറിഞ്ഞതു്. വളപ്പൊട്ടും കക്കയും മാത്രം കളിച്ചു് ഊരു വയ്ക്കാത്ത ചെറുപ്പവുമായി എത്ര കോടി പെണ്ണുങ്ങളാണു് വിറകു കൊളളി പോലെ ഉണങ്ങി എരിഞ്ഞു തീർന്നതു്. സുശീലയെപ്പോലെ.

കളികഴിഞ്ഞാൽ എന്നും ആൺകുട്ടികൾക്കൊപ്പം ഞാൻ പുഴയിൽ കുളിക്കാൻ പോയി. അമ്മയ്ക്കു് അതിൽ പേടിയുണ്ടായിരുന്നു. എന്നാൽ സിസ്റ്റർ പറഞ്ഞു, അവളിനിയെങ്കിലും ആണുങ്ങളെ പേടിക്കാതെ വളരട്ടെ എന്നു്. അവരാരും എന്നെ വേറെ വർഗമായി കണ്ടില്ലെന്നതിൽ എനിക്കു് അത്ഭുതമൊന്നും തോന്നിയില്ല. അവർ എന്നെ ആക്രമിക്കാൻ നിൽക്കുന്നവരാണെന്നു് തോന്നി ഞാൻ അകലമിട്ടില്ല. മാസമുറ വരുമ്പോൾ പോലും എനിക്കു് പെണ്ണായി തോന്നിയില്ല. ഇട്ടു പോകുന്ന ടീഷർട്ടും ഷോർട്ട്സുമായി ആറ്റെറുമ്പിലെ ചാഞ്ഞ ചേരു മരത്തിൽ നിന്നു് ഞാൻ പുഴയിലേക്കു് തലകീഴായി കൂപ്പുകുത്തി. ചേരു തൊട്ടാൽ ചൊറിയുന്ന സുരേഷും മനുവും കടവിൽ നിന്നു് മുങ്ങാങ്കുഴി ഇട്ടു് താഴെ വന്നു. ചേരു് ചൊറിയാത്ത ഞാനും സിദ്ദിഖും ബിജേഷും തടിയിൽ വട്ടം പിടിച്ചു കിടന്നു് അവരെ വെല്ലുവിളിച്ചു. കുളക്കോഴികൾക്കൊപ്പം കൈതയുടെ ഇടയിലൂടെ ചാടി. ഒരേ വെള്ളത്തിൽ ഒരേ ആഴത്തിൽ അവർക്കൊപ്പം പോയി ഞാൻ പൊങ്ങി വന്നു.

സൈക്കിളിന്റെ കാരിയറിൽ വച്ചുകൊണ്ടുപോകുന്ന മഞ്ഞ സോപ്പുപെട്ടി മൂടാനുള്ള പ്ലാസ്റ്റിക് കവറിൽ എല്ലാത്തവണയും ഞാൻ ആറ്റുപരലുകളെ പിടിച്ചിട്ടു. തോർത്തു കഴുത്തിൽക്കെട്ടി മറ്റേയറ്റം വിടർത്തിയാണു് പിടിത്തം. എല്ലാദിവസവും പിടിച്ചാലും അത്ര തന്നെ പരലുകൾ പിന്നെയും അവിടെയുണ്ടാകും. ഇന്നലെ പിടിക്കപ്പെട്ടവർ അതു ലോകാവസാനമാണെന്നു കരുതിയിട്ടുണ്ടാകും. പിന്നെയും വേട്ടക്കാർക്കു പിടിക്കാൻ അത്രതന്നെ പരലുകൾ അതേ സ്ഥാനത്തു നീന്തിത്തുടിക്കും.

സുശീല കായലരികത്തുകൂടി കക്കയ്ക്കു പോകുമ്പോഴൊക്കെ ദൂരെയുള്ള ചെറുവള്ളത്തിലേക്കു നോക്കി അതിൽ ഉണ്ണിയാണെന്നു വിചാരിക്കും.

യുവാവോ മധ്യവയസ്കനോ ആയ ഉണ്ണിയുടെ രൂപമൊന്നും മനസ്സിൽ വരില്ല. മീശ മുളയ്ക്കാത്ത കുറിയ പതിനാലുകാരനെയാണു കാണുക. ആ വള്ളം അടുത്തുവരുന്നതുവരെ അതിൽ ഒരു വശത്തു് ഉണ്ണിയും മറുവശത്തു് അച്ഛൻ ദിവാകരനുമാണെന്നു വിചാരിക്കുന്നതാണു് സുശീലയുടെ ഇപ്പോഴുള്ള ഏക വിനോദം. വള്ളം അടുത്തുവരികയും അതിൽ താമരപ്പൂവിനും ആമ്പൽപ്പൂവിനും പകരം മീനാണെന്നു കണ്ണു് തലച്ചോറിലേക്കു സന്ദേശം നൽകുകയും ചെയ്യുന്ന നിമിഷം വരെ സുശീലയ്ക്കു് വള്ളത്തിലുള്ളതു് ഉണ്ണിയും ദിവാകരനുമാണു്.

ദിവാകരൻ പലപണിക്കാരനാണു്. ഒരുദിവസം മേസ്തിരിയുടെ കൂടെ പരുക്കൻ കൂട്ടാൻ പോയാൽ പിറ്റേന്നു് കയ്യാലപ്പാപ്പുവിന്റെ കൂടെ ഉരുളൻകല്ലുകൾ കൊട്ടയിൽ ചുമന്നു കൊടുക്കുന്നതു കാണാം. മറ്റൊരു ദിവസം വീടുമേയാൻ ഏതെങ്കിലും ശീലാന്തിയിൽ ഇരിക്കുന്നുണ്ടാകും. ചിലപ്പോൾ തെങ്ങിന്റെ ചുവടുകിളച്ചു നിൽക്കുന്നതും വാഴയ്ക്കു കുഴിവെട്ടുന്നതും കാണാം. ഇതൊക്കെയുണ്ടെങ്കിലും എല്ലാദിവസവും വൈകിട്ടു സ്ഥിരം പണിയുണ്ടു്. താമരമൊട്ടും ആമ്പൽമൊട്ടും പറിച്ചു വിൽക്കലാണതു്. പിറ്റേന്നു വിടരാവുന്ന മൊട്ടുകൾ മാത്രം എന്നും പറിച്ചെടുത്തു പൂക്കടകളിൽ എത്തിക്കും. അങ്ങനെ നാട്ടിലെ എല്ലാ ആരാധനകളിലും പാർട്ടി സമ്മേളനങ്ങളിലും ഉദ്ഘാടനങ്ങളിലും ഉണ്ണിയും ദിവാകരനും പങ്കാളികളായി.

കുളിക്കാൻ പോയിരുന്ന കുളത്തിനപ്പുറമാണു് ആമ്പലും താമരയും നിൽക്കുന്ന ചതുപ്പു്. ചേച്ചി അമ്പിളിയാണു് പറഞ്ഞതു് പണ്ടു മലപൊട്ടി മുങ്ങിപ്പോയ തമ്പ്രാക്കളുടെ ആത്മാക്കളാണു് താമരയും ആമ്പലുമായി വിരിയുന്നതെന്നു്. അതു കണ്ടു പെണ്ണുങ്ങൾ മോഹിക്കരുതെന്നു കുന്നത്തമ്മ പറഞ്ഞതു ചേച്ചി എപ്പോഴും ഓർമിപ്പിക്കും.

കുന്നത്തമ്മ താമസിക്കുന്നതു് കുന്നിൻ മുകളിലല്ല. കണ്ടത്തിന്റെ നടുക്കാണു്. അതും കുറേക്കാലം മുൻപു കണ്ടം തന്നെയായിരുന്നു. മലവെള്ളം വരുമ്പോൾ എല്ലാവരും കോരിയിട്ട ചെളിയടിഞ്ഞു് കുന്നായതാണു്. അതിനു മുകളിൽ ആറു മരുതു മുറിച്ചുനാട്ടി തെങ്ങൊരെണ്ണം പിളർന്നു് മൂന്നു് ഉത്തരവും വച്ചു്, കമുകിന്റെ അലകുകൊണ്ടു കഴുക്കോലും വച്ചു്, കീറ്റോല മേഞ്ഞുകൊടുത്തതു് അയ്യപ്പനാണു്. വാരിമുനകൂർപ്പിച്ചു് ഓലയ്ക്കിടയിലൂടെ ഇറക്കി ചെറുകയർ കൊണ്ടു് കെട്ടി ഒറ്റദിവസം കൊണ്ടാണു് അയ്യപ്പൻ മേച്ചിലു തീർത്തതു്.

തെങ്ങുകൊണ്ടുള്ള നിലംതല്ലി [2] സുശീലയെക്കൊണ്ടു് വീട്ടിൽ നിന്നു് എടുപ്പിച്ചാണു് ദിവാകരൻ തല്ലിയുറപ്പിച്ചു കൊടുത്തതു്. ദിവാകരന്റെ തൊഴുത്തിൽ വിരിച്ചുകഴിഞ്ഞു ബാക്കിയുണ്ടായിരുന്ന മുതുക്കൻപന കീറിയതു കൊണ്ടാണു് തറയൊരുക്കിയതു്. കള്ളു വറ്റിയപ്പോൾ ചെത്തുകത്തിക്കു പകരം കോടാലിയെടുത്തു് അയ്യപ്പൻ തന്നെയാണു് പടിഞ്ഞാറേക്കാരുടെ പനവീഴിച്ചതു്. നാണപ്പൻമുതലാളീടെ ഈർച്ചമില്ലിൽ പോയി പ്ലാവിന്റേയും ആഞ്ഞിലിയുടേയും കാതൽ എടുത്ത ശേഷം തള്ളുന്ന പുറകോട്ടുപലക കുന്നത്തമ്മ കൊണ്ടുവന്നതു തന്നെ ഒരരങ്ങിനുള്ള നാടകമായിരുന്നു.

പലക എത്രവേണമെങ്കിലുമെടുത്തു വേഗം പൊയ്ക്കോ എന്നു നാണപ്പൻ മുതലാളി. ഇഴപാകാൻ പട്ടിക കൂടി വേണമെന്നു് കുന്നത്തമ്മ. നൂറടി പട്ടിക തരാമെന്നു് നാണപ്പൻ മുതലാളി. പട്ടികയടിക്കാൻ വീക്കനാണീം പുറകോട്ടുപലക അടിക്കാൻ മുള്ളാണീം വേണമെന്നു കുന്നത്തമ്മ. അപ്പോൾ തന്നെ ഈർച്ചവാളേൽ എണ്ണയിട്ടോണ്ടിരുന്ന മുരുകനെ സൈക്കിളും അൻപതു രൂപയും കൊടുത്തുവിട്ടു് പാലയ്ക്കാ മുക്കന്റെ ഇരുമ്പുകടേന്നു് ആണി വാങ്ങിച്ചു് കയ്യിൽ കൊടുത്തിട്ടു് നാണപ്പൻ മുതലാളി തൊഴുതു.

ദിവാകരനു് അഞ്ചു ദിവസത്തെ കൂലി കൊടുക്കാനുണ്ടെന്നു കുന്നത്തമ്മ പറഞ്ഞു തീരും മുമ്പു് നൂറിന്റെ അഞ്ചു നോട്ടു കൊടുത്തു മുതലാളി. കുന്നത്തമ്മ തൃപ്തിയാകാതെ നോക്കിയപ്പോൾ ആറാമതു് ഒരു നോട്ടും കൂടി കൊടുത്തു മുതലാളി ജീപ്പ് എടുത്തു് ഒറ്റപ്പോക്കായിരുന്നു, മഹാറാണി ബാറിലേക്കു്. എല്ലായിടത്തും പണിയുമ്പോൾ ദിവാകരനു് നൂറു രൂപയാണു് തച്ചു്. കുന്നത്തമ്മ നൂറ്റിയിരുപതു വെച്ച അറുനൂറു് തികച്ചു കൊടുത്തു. ആ പഞ്ചായത്തിൽ കുന്നത്തമ്മേടെ വീട്ടിൽ പണിയാൻ പോകാനുള്ള ധൈര്യം ദിവാകരനും അയ്യപ്പനും മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ പിള്ളേരൊക്കെ കുന്നത്തള്ള എന്നു വിളിച്ചപ്പോൾ ദിവാകരൻ ഉണ്ണിയെക്കൊണ്ടു് കുന്നത്തമ്മൂമ്മ എന്നു വിളിപ്പിച്ചു. ഉണ്ണിയുടെ അമ്മ നളിനിയാണു് തൊണ്ടിൽക്കൂടി പോകുമ്പോഴൊക്കെ വിളിച്ചുകേറ്റി കട്ടൻചായയും ചുട്ടപപ്പടവും കുന്നത്തമ്മയ്ക്കു കൊടുക്കുന്നതു്. ആ നാട്ടിൽ വേറൊരു വീട്ടുകാരത്തീം അങ്ങനെ ചെയ്തിട്ടില്ല.

പിന്നെ എല്ലാ ആണ്ടിലും കുന്നത്തമ്മ ഏതെങ്കിലും പറമ്പിൽ നിന്നു് അയ്യപ്പനെക്കൊണ്ടു മരുതും വെട്ടിക്കും. മണ്ടപോയ കമുകു വീഴിച്ചു് വാരിയുമുണ്ടാക്കും. കുന്നത്തമ്മേടെ ഭാഗ്യത്തിനു് എവിടെങ്കിലും കൊന്നത്തെങ്ങു പുരേലേക്കു ചാഞ്ഞു നിൽക്കുന്നുണ്ടാകും. ഇനി ചാഞ്ഞിട്ടില്ലെങ്കിലും വീട്ടുകാരെ പറഞ്ഞുപേടിപ്പിച്ചു് അതു കുന്നത്തമ്മ കുഴപ്പമുള്ളതാക്കും. അയ്യപ്പനെക്കൊണ്ടു വെട്ടിക്കാനുള്ള കൂലികൂടി വീട്ടുകാരുടെ കയ്യീന്നു വാങ്ങിച്ചു് തെങ്ങും കൊണ്ടു പോരികയാണു് പതിവു്.

കുന്നത്തമ്മ നിറയെ ചിരിച്ചാണു് കാശു ചോദിക്കുക. അതു കാണുമ്പോൾ തന്നെ നാട്ടിലെ ആണുങ്ങൾക്കൊക്കെ പേടിയാണു്. നിവൃത്തിയുണ്ടെങ്കിൽ കാശു് അടുത്ത കയ്യാലയിലോ മതിലിലോ വച്ചു് അവർ സ്ഥലം കാലിയാക്കും. കുന്നത്തമ്മയുടെ അടുത്തു് രാത്രിയിൽ പോയിരുന്നവരും പോകാത്തവരും പകൽ അവരെ പേടിച്ചു.

ആ വീട്ടിൽ കുടിയിരുന്ന ശേഷമാണു് രാത്രിയിൽ ആത്മാക്കൾ ഇറങ്ങി വരുന്നതു് കാണാറുണ്ടെന്നു് നാട്ടുകാരോടെല്ലാരോടും കുന്നത്തമ്മ പറയാൻ തുടങ്ങിയതു്. ആരുമില്ലാത്ത പാടത്തു് അവർ വന്നിറങ്ങി വിരിയും. നൂറാണ്ടു മുൻപൊരു ഉരുൾപൊട്ടലുണ്ടായി. എൺപതു കഴിഞ്ഞ കുന്നത്തമ്മേടെ അമ്മയുടെ ചെറുപ്പത്തിലെ സംഭവമാണു്.

മണിയാറൻ മലയായിരുന്നു പാടത്തിന്റെ പടിഞ്ഞാററ്റം മുതൽ മേലോട്ടു്. ഇപ്പോ അവിടെ നടുക്കൊരു വെള്ളപ്പാത്തീം അപ്പുറമിപ്പുറം മണവാളൻ മണവാട്ടി പാറകളുമാണു്. തലയുയർത്തി മണവാളനും മാലയ്ക്കായി തലതാഴ്ത്തി മണവാട്ടിയും. കരിങ്കാളിയുടെ മകൾ മധുരയും മന്ദാരത്തിന്റെ മകൻ സന്ദനവുമാണു് കൊച്ചുനാളുമുതൽ ഇഷ്ടമായി മംഗലം കഴിക്കാൻ നിന്നതു്. മാലയെടുക്കാൻ സന്ദനം കുനിഞ്ഞ സമയത്താണു് മധുരയെ ഒറ്റക്കയ്യിൽ പൊക്കിയെടുത്തു് ചന്ദ്രപ്പൻ കൊണ്ടുപോയതു്.

കൊയ്ത്തുപുരേലേക്കു് ചന്ദ്രപ്പൻ മധുരയെ ഇട്ടുകൊടുത്തതേ ഓരോരുത്തരായി വന്നു. രണ്ടര ദിവസം നൂറ്റിയെട്ടു തമ്പ്രാപ്പിള്ളേരു് കഷ്ടപ്പെടുത്തീട്ടും മധുര ചത്തില്ല. ഓരോരുത്തരും ഊഴംകഴിഞ്ഞു് വിയർപ്പുതുടച്ചു് ഇളിച്ച ചിരിയുമായി വരാന്തയിൽ ഇരിക്കും. അപ്പോൾ അടുത്തയാൾ കയറും. എല്ലാവരും കഴിഞ്ഞപ്പോൾ മധുര എഴുനേറ്റു നെറുകംതലേന്നു് ഒരു മുടിപിഴുതു് മണിയാറൻമല നോക്കിയെറിഞ്ഞു. മലപിളർന്നു. വെള്ളമൊഴുകി കൊയ്ത്തുപുരേം നൂറ്റിയെട്ടു തമ്പ്രാപ്പിള്ളേരും അവരുടെ കുടുംബക്കാരും താഴ്‌ന്നടിഞ്ഞു. മധുരയേയും രക്ഷിക്കാൻ പരക്കം പാഞ്ഞു നടന്ന സന്ദനത്തേയും പിന്നെ ആരും കണ്ടില്ല.

അപ്പുറത്തെ മല സന്ദനം മണവാളൻപാറയായി. ഇപ്പുറത്തെ മല മധുരമണവാട്ടിപ്പാറയും. ചത്തു ചെളിയിലൊടുങ്ങിയവർ വിത്തുപൊട്ടി താമരയും ആമ്പലുമായി വന്നു നിൽക്കും. അതു സൂത്രപ്പണിയാണു്. ഇറുക്കാൻ ചെല്ലുന്ന പെണ്ണുങ്ങളുടെ കാലുകൾ ചെളിമൂടി നിൽക്കണ താമരവേരുകളിൽ കുടുങ്ങും. അവരെ ചന്ദ്രപ്പന്റെ ആത്മാവു കൊണ്ടുപോയി കൊയ്ത്തുപുരേലെറിയും. നൂറ്റിയെട്ടു തമ്പ്രാൻമക്കള് മാറിമാറി വന്നു് കഷ്ടപ്പെടുത്തും.

കുന്നത്തമ്മ എന്താ ഒറ്റയ്ക്കു് താമസിക്കുന്നതു് എന്നു ചോദിച്ചപ്പോൾ അമ്മ ഭവാനി നിർത്താതെ ചിരിച്ചു. അമ്മ അങ്ങനെ ചിരിച്ചു കണ്ടിട്ടില്ല. പിറ്റേന്നു സ്കൂളിൽ പോയപ്പോഴാണു് അംബിളിച്ചേച്ചി പറഞ്ഞുതന്നതു് കുന്നത്തമ്മ പണ്ടു് ഒരുപാടു് ആൾക്കാരുടെ ഭാര്യയായിരുന്നെന്നു്. ഒരോ രാത്രിയും ഓരോരുത്തരുടെ ഭാര്യയാകും. ചിലപ്പോൾ പകലും ആരുടെയെങ്കിലും ഭാര്യയാകും. അങ്ങനെ ഒരുപാടു മംഗലം കഴിച്ച കുന്നത്തമ്മയുടെ ഒപ്പം ഒരു ഭർത്താവും നിന്നില്ല.

കണ്ടത്തിന്റെ നടുക്കു വീടുകെട്ടുന്നതുവരെ കുന്നത്തമ്മയ്ക്കു് ഇരിക്കാനും കിടക്കാനും നേരമില്ലായിരുന്നു. വീടായതോടെ കർക്കടകത്തിൽ ഒരാളെക്കൂടി അവിടെ കാണാൻ തുടങ്ങി. പുലിത്തൊമ്മൻ. ബെന്തിങ്ങ വിൽക്കുന്നതാണു് പണി. മലയാറ്റൂരു മുതൽ വല്ലാർപാടം വരെയും ആർത്തുങ്കൽ മുതൽ വിഴിഞ്ഞം വരെയും സർവ നേർച്ചയ്ക്കും കറുത്ത ചരടിൽ ബെന്തിങ്ങ കോർത്തു തൊമ്മനെത്തും. തലയിലൊരു തകരപ്പെട്ടിയും ഉണ്ടാകും. ആ പെട്ടിയാണു് ആസ്തി. അതിലുള്ളതാണു് നീക്കിയിരിപ്പു്.

കച്ചവടം കഴിഞ്ഞു തിരിച്ചുവന്നാൽ കുന്നത്തമ്മേടെ വീട്ടിലാണു്. അതുവരെ കാവിലെ പടച്ചോറിൽ മോരോഴിച്ചു കാന്താരി കടിച്ചു പപ്പടം ചുട്ടതും പൊട്ടിച്ചു കഴിക്കുന്ന കുന്നത്തമ്മ അന്നുമുതൽ ഇറച്ചി ഉലർത്താൻ തുടങ്ങും. വെട്ടുകാരൻ പാപ്പി പോത്തിന്റെ വലത്തെ പിൻകാലിലെ തുടയിൽ നിന്നുള്ള ഇറച്ചി തൊമ്മനു് കൊത്തിയരിഞ്ഞുകൊടുക്കും. അതു് കുനുകുനെയാക്കി കുന്നത്തമ്മ ഉപ്പും കുരുമുളകും ചേർത്തു് മൊരിക്കും. രാത്രി വൈകിയാലും തൊമ്മന്റെ അട്ടഹാസച്ചിരി കേൾക്കാം.

സുശീല നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണു്. ചിങ്ങത്തില് വല്ലാർപാടത്തു പോവുകയാണെന്നു പറഞ്ഞു് ഇറങ്ങിപ്പോയ തൊമ്മൻ പിന്നെ വന്നില്ല. അന്നു വൈകിട്ടാണു് കുന്നത്തമ്മയെ കാണാനില്ലെന്നു് നാട്ടുകാർ അറിഞ്ഞതു്. രണ്ടു മൂന്നു ദിവസം എല്ലാവരും പറ്റുന്നേടത്തൊക്കെ നോക്കി. പിന്നെ അവരവരുടെ പണിക്കുപോയി.

രണ്ടാഴ്ചകഴിഞ്ഞു് ഉണ്ണിയും ദിവാകരനും കൂടി താമര പറിക്കുമ്പോഴാണു് മീൻ കൊത്തി ബാക്കിവച്ച കുറച്ചു് ഇറച്ചിയും എല്ലുകളും ആ കറുത്ത മുണ്ടുമായി കുന്നത്തമ്മയെ കിട്ടിയതു്. ദിവാകരൻ പറഞ്ഞതു് കാലു് താമരവേരിൽ കുടുങ്ങിക്കിടക്കുകയായിരുന്നെന്നാണു്. എൺപതാം വയസ്സിൽ ആ തള്ള ആരെ പാട്ടിലാക്കാനാണോ ആമ്പലൊണ്ടാക്കാൻ പോയേന്നു് പാറുക്കുട്ടി കടവിൽ വച്ചു് ചോദിച്ചതു് അന്നു വൈകിട്ടു് സുശീല കേട്ടിരുന്നു.

രാത്രി മുഴുവൻ മഴയായിരുന്നു. ഇടിയും വെട്ടുന്നുണ്ടായിരുന്നു. ഭൂമികുലുക്കം പോലൊരു ശബ്ദം കേട്ടോന്നു് അമ്മ ചോദിച്ചു. മൂന്നുപേരും കെട്ടിപ്പിടിച്ചു കിടന്നു. രാവിലെ എഴുനേറ്റപ്പോഴാണു് കണ്ടതു്. കുന്നത്തമ്മയെ കുഴിച്ചിട്ട കണ്ടം മലവെള്ളത്തിൽ പോയിരിക്കുന്നു. മണവാട്ടിപ്പാറയുടെ കുനിഞ്ഞു നിന്ന തല നെറ്റിമുതൽ കഴുത്തുവരെ ചെത്തിയെടുത്തതുപോലെ പൊട്ടിവീണു.

അനങ്ങാനും മിണ്ടാനും പറ്റാതെ കിടക്കുന്ന എന്നോടാണല്ലോ ഇക്കഥ അമ്മ പലവട്ടം പറഞ്ഞതു്.

എന്നെ മിണ്ടിക്കാനായി പറഞ്ഞു പറഞ്ഞു കഥകൾ തീർന്നപ്പോൾ അമ്പലത്തിൽ പാട്ടു വയ്ക്കുന്നതുപോലെയായി. ആഴ്ചയിൽ നാലു ദിവസമെങ്കിലും ‘തേടിവരും കണ്ണുകളിൽ ഓടിയെത്തും…’ [3] എന്ന സ്ഥിതി. ഇക്കഥ ആദ്യം കേട്ടപ്പോൾ മുതൽ എനിക്കു സുശീലാമ്മയോടു് ഒന്നു ചോദിക്കാനുണ്ടായിരുന്നു. കുന്നത്തമ്മയെ കൊന്നു് കായലിൽ താഴ്ത്തി പുലിത്തൊമ്മൻ പോയതല്ലേന്നു്.

കുന്നത്തമ്മ രാത്രിയിൽ കണ്ട ആത്മാക്കളെ തന്നെയാണു് ഋദ്ധിയെന്ന ഞാൻ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഉണർന്നിരിക്കുമ്പോഴൊക്കെ കാണുന്നതു്. എനിക്കു് എപ്പോഴും ഓർമയുണ്ടാകുമെന്നൊന്നും കരുതരുതു്. ഉറങ്ങുമ്പോൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലോ. അതുപോലെയാണു് എന്റെ മയക്കവും. പക്ഷേ, മയക്കത്തിലേക്കു പോകുമ്പോൾ എനിക്കറിയാം എന്റെ വിചാരങ്ങളുടെ വെടിനിർത്തലാണു് അതെന്നു്. സിനിമാകൊട്ടകയിൽ എന്നതുപോലെ എന്റെ തലച്ചോറിൽ ഇടവേള എന്നു് എഴുതിക്കാണിക്കും. മനസ്സുമാത്രം പ്രവർത്തിക്കുന്നവർക്കു് ഇതുപോലെ ഒരുപാടു് സിദ്ധികളും കിട്ടും.

സുശീല എന്റെ പിറവിക്കു കാരണമല്ലെന്നു കേട്ട നിമിഷമാണു് എന്റെ ശയ്യാതല സഞ്ചാരങ്ങൾക്കു വേഗം നഷ്ടമായതു്. അതു പ്ലാപ്പിള്ളി പൂരത്തിനു് കുഴിക്കതന പൊട്ടിച്ചതുപോലൊരു നടുക്കമായിരുന്നു. സുശീല അബദ്ധത്തിൽ പറഞ്ഞുപോയതാണു് ആ ഓട്ടോറിക്ഷയിൽ വന്ന കഥ. പിന്നെ എന്റെ യാത്രകളുടെ നീളം കുറഞ്ഞു. ചിന്തകൾ ഉറച്ചു നിൽക്കില്ല. മനസ്സു് എവിടെപ്പോയാലും അവിടെ ചെല്ലുംമുൻപു തിരിച്ചു് ചാളക്കാരി കോളനിയിൽ എത്തും. പെറ്റതള്ളയല്ലെങ്കിൽ എന്നെ ചുമക്കാൻ അവർക്കെന്തിന്റെ കേടായിരുന്നു എന്നു് എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. പെറ്റതള്ള ആണെങ്കിൽ തന്നെ പേട്ടടയ്ക്ക ആരെങ്കിലും മടിയിൽ വച്ചു നടക്കുമോ?

‘സുശീല എന്തു കിട്ടുമെന്നു കരുതിയാണു നിന്നെ ചുമന്നതു്?’ അവിടെയിട്ടിട്ടു പോരാമായിരുന്നല്ലോ എന്നു് ശയ്യാവലംബിയായ സിസ്റ്റർ സന്ധ്യ അവശതയുടെ അങ്ങേയറ്റത്തും ചിരി വരുത്തി പണ്ടു പറഞ്ഞതാണു്. അന്നു സിസ്റ്റർ പോലും അറിഞ്ഞില്ല സുശീല എന്റെ അമ്മ അല്ലെന്നു്. സുശീല ആരോടും പറഞ്ഞില്ല. അർദ്ധപ്രജ്ഞയിൽ കിടക്കുന്ന ഞാനല്ലാതെ മറ്റാർക്കും ഇന്നാട്ടിൽ അതു് അറിയുകയുമില്ല.

ഞാനന്നു് കോളജിൽ ഡിഗ്രി ഒന്നാം വർഷമാണു്. സിസ്റ്റർ സന്ധ്യക്കു് സ്തനാർബുദം ആണെന്നു് അറിഞ്ഞതു് ശ്വാസകോശം വരെ കാർന്നുതിന്ന ശേഷമാണു്. പ്രായമായ കന്യാസ്ത്രീയുടെ ശ്വാസഗതി മാറുന്നതും ചിരിമായുന്നതും കാണാൻ ആരാ ഉള്ളതു് എന്നു് അന്നമ്മച്ചേടത്തി പറയുകയും ചെയ്തു.

ആദ്യമായി കണ്ട ആ രാത്രി ഞങ്ങൾക്കു വെള്ളമോ ഭക്ഷണമോ തന്നു് സിസ്റ്റർക്കു പറഞ്ഞുവിടാമായിരുന്നു. അങ്ങേയറ്റം വണ്ടിക്കൂലി കൂടി തന്നു് സൂക്ഷിച്ചു പോണേ എന്നു കയ്യൊഴിയാമായിരുന്നു. അല്ലെങ്കിൽ മഠത്തിലെ ജീപ്പിൽ സർക്കാർ ആശുപത്രിയിലെത്തിക്കാം. അതുമല്ലെങ്കിൽ പിതാവു് ബലാത്സംഗം ചെയ്ത കുട്ടിയാണെന്നു പൊലീസിനെ വിളിച്ചുവരുത്താം. അതോടെ തീരുമായിരുന്നു ബാധ്യതയും കടമയും. ഇതൊന്നും സംഭവിച്ചില്ല. സിസ്റ്റർ സന്ധ്യ ഋദ്ധി എന്ന എന്നെ സ്വന്തം ജീവിതത്തിലേക്കു ഭാഗംവെച്ചെടുത്തു. പിൻതുടർച്ചാവകാശത്തിനു വേണ്ടി കലഹിക്കുന്നതുപോലെ തന്നെ ഒരു അമ്പരപ്പല്ലേ, ഒന്നും കിട്ടാനില്ലാതെ അവകാശിയാക്കുന്നതും?

തൊട്ടിലിൽ കിടന്ന എന്നെയും ഭാർഗവൻ എന്ന എന്റെ പിതാവിനേയും കയ്യൊഴിഞ്ഞു് സുശീലയ്ക്കു് ഏതെങ്കിലുമൊരു ദിവസം ഓടിപ്പൊയ്ക്കൂടായിരുന്നോ? ആറാം വയസ്സിൽ എന്നിലയാൾ തുളഞ്ഞു കയറുന്നതിനു മുമ്പോ ശേഷമോ അങ്ങനെ ചെയ്യാമായിരുന്നു. എന്തിനാണു് സുശീല ദയാലുവാകുന്നതു്.

“അതില്ലേലെങ്ങനാട്വാവ്വ്വേ കുടുംബം നിക്കണതു്, മതം നിക്കണതു്, രാജ്യം നിക്കണതു്. ഒന്നും കിട്ടാനില്ലാത്തോണ്ടല്ല, പലതും കിട്ടണകൊണ്ടാണു ദയയൊക്കെയുണ്ടാകുന്നതു്”: ബിനോയി.

ഉള്ളലിവുള്ള ബിനോയിയെപ്പോലൊരാളെ സുശീലയ്ക്കു കിട്ടാതെ പോയതെന്തുകൊണ്ടാകും? വിക്രമനേയും അയാളുടെ ചട്ടമ്പിത്തലവൻ ഭാർഗവനേയും പിന്നെ അവർ ചൂണ്ടിക്കാണിക്കുന്നവരേയും അനുസരിക്കുന്ന അമ്മിണിയായി ഒരാൾക്കു് മാറേണ്ടി വരുന്നതു് എന്തുകൊണ്ടാണു്? ജീവിതം മുഴുവൻ ഋദ്ധിയെന്ന പെണ്ണിനെ നോക്കേണ്ടതു് എന്റെ കടമയാണെന്നു സുശീലയ്ക്കു തോന്നുകയാണു്. അതെന്തൊരു യുക്തിയില്ലാത്ത തോന്നലായിപ്പോയെന്റെ മാതാവേ…

കേസു കൊടുത്തു് ഭാർഗനെ അകത്തിടാൻ നോക്കാത്തതു കൊടിയ തെറ്റായിപ്പോയില്ലേ എന്നു് സിസ്റ്ററോടു് ബിനോയി ചോദിച്ചതാണു്. എനിക്കു നിന്റെ രാജ്യത്തെ നിയമം നോക്കാനാണെങ്കിൽ ദൈവവിളി കിട്ടിയ രാത്രീല് തന്നെ ഞാൻ കേസു കൊടുക്കണമായിരുന്നു എന്നാണു് സിസ്റ്റർ അതിനു മറുപടി പറഞ്ഞതു്.

ലോഹയിട്ടോരും കാഷായമുടുത്തോരുമൊക്കെ കഥപറയാനിറങ്ങിയാൽ നല്ല കച്ചോടം നടക്കുമെന്നു് മീൻചെകിള ചുരണ്ടുകയായിരുന്ന അന്നമ്മ പതുക്കെ പറഞ്ഞു. ചാടിത്തുള്ളിപോയ സിസ്റ്റർ വാതിൽപ്പടിയിൽ തിരിഞ്ഞു നിന്നു് ഒരു വാചകം കൂടി ചേർത്തു: ‘എന്റേതു് ദൈവരാജ്യ നിയമമാണെന്നു് ഞാനങ്ങ് സമാധാനിച്ചോളാം.’

കുറിപ്പുകൾ
[1]

ജപ്പാൻ പോയ ശേഷം ആദ്യമായി ബംഗ്ലാവിന്റെ വാതിലുകൾ തുറക്കുന്നു.

[2]

നിലം ഉറപ്പിക്കാനുള്ള മരം കൊണ്ടുള്ള ഉപകരണം. ഇതേപേരിൽ ഒരു മീനും.

[3]

സ്വാമി അയ്യപ്പൻ സിനിമയ്ക്കായി വയലാർ രാമവർമ്മ എഴുതി ജി. ദേവരാജൻ ഈണമിട്ടു് അമ്പിളി പാടിയ ഗാനം.

വിത്തുകാള

ഡോക്ടർ ബിജേഷ് മോഹൻ അന്നു വിളിച്ചിരുത്തി പറഞ്ഞതു് പലതും അമ്മയ്ക്കു മനസ്സിലായില്ലെങ്കിലും എല്ലാം ഞാൻ കേട്ടിരുന്നു.

കാലുംകയ്യും അനങ്ങില്ലെങ്കിലും എനിക്കു് ഓർമകളുണ്ടു് എന്നാണു് ഡോക്ടർ വീട്ടിലേക്കു വിടുംമുമ്പു പറഞ്ഞതു്. എട്ടു മാസത്തോളം ഞാൻ കരുതിയതു് മരിച്ചു് വേറേതോ ജന്മത്തിലാണെന്നാണു്. എനിക്കെല്ലാം അറിയാമെന്നും ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നും അറിഞ്ഞതേയില്ല. ഞാൻ കണ്ണുതുറക്കുമ്പോഴൊക്കെ വലിയ സന്തോഷമായിരുന്നു അമ്മയ്ക്കു്. അപ്പോഴൊക്കെ കരുതിയതു് മൂപ്പത്തീം മരിച്ചു് എന്റെ കൂടെ പോന്നു എന്നാണു്. ആ നിമിഷം പെട്ടെന്നു കഴിഞ്ഞു് ഞാൻ പിന്നെയും മരിച്ചുപോകും. ജനിച്ചുവരും.

അങ്ങനെ കണ്ണുതുറന്നു കിടന്ന ഒരു ദിവസമാണു് അറ്റൻഡർ മോഹനൻ വരുന്നതു്. അയാളെന്താണു് ഇങ്ങനെ പരതി നോക്കുന്നതു് എന്നെനിക്കു പിടികിട്ടിയില്ല. കട്ടിലിനടിയിൽ വച്ചിരുന്ന ഓക്സിജൻ സിലിണ്ടർ മാറ്റാൻ വന്നതാണെന്നാണു് കരുതിയതു്. അയാൾ അവിടെ വട്ടംചുറ്റിയും പാളിനോക്കിയും നിൽക്കുമ്പോൾ തന്നെയാണു് പോസ്റ്റ്മോർട്ടം സഹായി കുഞ്ഞുമോനും വരുന്നതു്. അവരു് പറയുന്നതു് എനിക്കു നന്നായി കേൾക്കാമായിരുന്നു. പാമരത്തിൽ പണിയുണ്ടാക്കാൻ പോയ പെണ്ണാ എന്നു പറഞ്ഞു് മോഹനൻ എന്റെ മേലുള്ള നീലത്തുണി മാറ്റി. അവരുടെ കൈ ഓടുന്നതു കണ്ടപ്പോൾ എനിക്കു് ഊഹിക്കാൻ കഴിഞ്ഞു അവർ ചെയ്യുന്നതു് എന്താണെന്നു്. അച്ഛൻ ഭാർഗവൻ ഇനി വന്നു് എന്തുചെയ്താലും ഞാനൊന്നും അറിയില്ലെന്നും ഉറപ്പായി.

ശവമായി മുന്നിൽകിട്ടിയാലും നീ ഇതു തന്നെ ചെയ്യില്ലേടാ എന്നു് വഷളൻ ചിരിയോടെ കുഞ്ഞുമോനോടു് മോഹനൻ ചോദിച്ചപ്പോഴാണു് ശവവും ഞാനും തമ്മിൽ നേരിയ അകലം ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞതു്. അതൊരു വല്ലാത്ത വെളിപാടായിരുന്നു.

അന്നു ഞാനൊരു ബുദ്ധനായി. ആ കിടപ്പിൽ എനിക്കു രാവും പകലും പോലെ ഉറക്കവും ഉണർവും വേർതിരിച്ചു കിട്ടി. എനിക്കായിട്ടു് ആഗ്രഹം ഒന്നേ ഉണ്ടായിരുന്നുള്ളു. എല്ലാം കാണാൻ പറ്റണം. കണ്ണടച്ചാൽ വിചാരിക്കുന്നേടത്തൊക്കെ പോകണം. അമ്മ എന്നും ജോലിക്കു പോയിക്കഴിഞ്ഞാൽ ഞാൻ യാത്ര തുടങ്ങുകയായി.

കാടുവെട്ടിക്കയറുന്നതിനിടെ നവമി:
“ഈ നിലവറയ്ക്കപ്പുറം മറ്റൊരു പെരുംനുണ വേറെന്തുണ്ടു്?”
ഏകാദശി:
“ഉള്ളിൽ യാനമുണ്ടാകാം എന്ന തോന്നൽ മതി നമുക്കു കാടു തെളിക്കാൻ.”
ഏകൻ:
“ഇനി കണ്ടെത്തുന്നതു ശൂന്യതയാണെങ്കിൽ പഴയ പതിറ്റാണ്ടുകളിലൊന്നിൽ നൗക കൊണ്ടുപോയവരുടെ പേരു നാം കണ്ടെത്തും.”
ഏകാദശി:
“പിന്നെ, അവരുടെ പിന്മുറക്കാർ നമ്മുടെ ശത്രുക്കളാകും.”

ത്രയ മാത്രം ഉറക്കെചിരിച്ചു.

ഏകാദശി തമാശ പറയാറില്ലെന്നു് ഏകൻ. ത്രയ അപ്പോഴും ചിരിച്ചു.

എഴുപത്തിയാറുപേർ നിരന്നുനിന്നു വെട്ടിയിട്ടും വാതിലോളം തെളിഞ്ഞില്ല; രാവു വീണു. ഋദ്ധി പായ്വഞ്ചിയിലേക്കു നടന്നു. അവിടെ കരയിൽ ദ്വാദശി കരിയില കൂട്ടി തീ കായുന്നു. ഋദ്ധിയുടെ ഉരകല്ലും ഗന്ധകവും അടുത്തു കിടന്നു. നൗകയിൽ നിന്നു് ആദ്യം ഒരു കുട്ടകം. പിന്നാലെ ചണച്ചാക്കു നിറയെ അരി. രാവിലെ കൂട്ടിയ മൂന്നു കല്ലിനുള്ളിലെ ചുള്ളികളിലേക്കു് ഏകൻ തീപകർന്നു.

ത്രയ:
“തീയില്ല എന്ന ഋദ്ധിയുടെ ഒരു നുണകൂടി എരിഞ്ഞുതീരുന്നു.”
നവമി:
“നമ്മളെ കരുതിയുള്ള നുണ.”

ത്രയ ഋദ്ധിയുടെ പുറംകഴുത്തിലേക്കു ചുണ്ടുമുട്ടിച്ചു. ഏകൻ ഒരു വലിയ ഉരുളൻകല്ലെടുത്തു് ഉയർത്തിയിട്ടു. ത്രയ ഞെട്ടി പിന്മാറി. പഞ്ചമി ‘ദ്വിജൻ’ എന്നു മാത്രം പറഞ്ഞതോടെ സ്ഫോടനാത്മകമായ ഒരു പകൽ കഴിഞ്ഞുപോയെന്നു് അവർ പൊടുന്നനെയോർത്തു. ഏകൻ കല്ലു് തിരികെ ഉരുട്ടിക്കയറ്റാനാഞ്ഞു്, പിന്മാറി, ചവിട്ടിക്കുതിച്ചുപോയി.

കുട്ടകത്തിലെ വേവു നോക്കി ഋദ്ധി: “നമ്മുടെ അവസാന അരിയാഹാരം; സമുദ്ര തന്നുപോയതാണു്.

ഇനി നമുക്കു് യാനങ്ങൾ കണ്ടെത്തണം. അല്ലെങ്കിൽ കട്ടമരങ്ങൾ. മാനുകളെ നാളെത്തന്നെ വെയിലത്തു് ഉണക്കാൻ തുടങ്ങണം, പിന്നെ വാരിക്കമ്പുകളിൽ കോർത്തെടുക്കണം. മുയലുകളെ നമ്മൾ ഉണക്കിയെടുക്കും. കപ്പൽച്ചാൽ നീളെ തിരണ്ടികൾ ഉരുവിലേക്കു വഴിതെറ്റിവരും.”

ഉയർത്തിപ്പിടിച്ച ഋദ്ധിയുടെ ഇടംകയ്യിൽ ചുട്ടുവച്ചിരുന്ന കരിച്ചാളയിലൊന്നുണ്ടായിരുന്നു. കണ്ണു് അവിടെത്തന്നെ ഉറപ്പിച്ചു നിർത്തി മറ്റു് എഴുപത്തിയേഴു കൈകൾക്കൊപ്പം മാറിമാറി വലംകൈ കുട്ടകത്തിലേക്കു്. ഓരോ തവണ വറ്റു തേടി കൈ താഴ്ത്തുമ്പോഴും ഒരു മൃദുവായ ചുറ്റിപ്പിടിത്തം ഋദ്ധി അറിഞ്ഞു. ത്രയയല്ല. ത്രയ ഏകനൊപ്പം മറുവശത്തെ പാതിയിരുട്ടിലുണ്ടു്. ഇത്തവണ ആ കൈകൂടി ചേർത്തു് ഋദ്ധി ഉയർത്തി. ദ്വാദശി നെഞ്ചിലേക്കു വീണു വിതുമ്പി.

ദ്വാദശിയുടെ മുടിയിഴകൾ അഴിച്ചെടുക്കാനാകാതെ ഋദ്ധിയുടെ വിരലുകൾ തപ്പിത്തടഞ്ഞു. തടവറക്കിടപ്പിൽ ജട കെട്ടിയ വലതുവശം പലകപോലെ കനംവച്ചിരുന്നു. വലംതലയിൽ കിടന്നു ശീലിച്ച ദ്വാദശിയുടെ ഇടംതല മടിയിലേക്കു ചേർത്തു. ഋദ്ധിയുടെ പൊക്കിൾച്ചുഴിയിലേക്കു് ദ്വാദശി മുഖംപൂഴ്ത്തി. ഉപ്പുനീരുനിറഞ്ഞ തടാകമുണ്ടായി. ദ്വാദശി മുങ്ങിനിവർന്നു.

എഴുനേൽക്കുമ്പോൾ ഋദ്ധി പായ്ക്കപ്പൽ തുഞ്ചത്തിരുന്നു് പുലർകാല പ്രകൃതിവിളി അനുസരിക്കുന്നു. കടലിനേക്കാൾ വലിയ ഫ്ലഷ് വേറെ എവിടെ കിട്ടാൻ. ദ്വാദശി കടലിലേക്കിറങ്ങി. മുടിയിഴകൾ വിടർത്തി. മുങ്ങിനിവരുമ്പോൾ ഏകൻ തിരകളിൽ നിന്നു് ത്രയയെ കൈകളിലേന്തി വരുന്നു. ത്രയ ആർത്താർത്തു് ഏകന്റെ കഴുത്തിൽ വട്ടംകിടന്നു. നടപ്പിൽ ത്രയയുടെ പൊക്കിളിന്റെ ആഴം ഏകൻ നാവുകൊണ്ടു് അളന്നു. ദ്വാദശി കൈകളിൽ ഒരു ചുംബനം പതിപ്പിച്ചു് ഊതിയയച്ചു. ത്രയ അതേറ്റുവാങ്ങി ഏകനിലേക്കു തിരയായി.

ദ്വാദശി മുടിയിഴകളിൽ നിന്നു് പഞ്ചാരമണൽത്തരികൾ പാറ്റിയെടുത്തു.

ഒരു മുറം മുന്നിൽ വച്ചു് അമ്മ. പുഴുക്കുത്തുവീണ റേഷൻ പച്ചരി ജടകെട്ടിയ മുടിപോലെ നിരനിരെക്കിടന്നു. ഓരോ ജടയും വിരൽകൊണ്ടു് ഞരടിവിടർത്തി, ഉതിർത്തി പാറ്റി. ഓരോ തവണ മുറം ഉയർന്നു താഴ്‌ന്നു വരുമ്പോഴും അമ്മയുടെ കൈവിരലുകൾ താളമായി. തക്കിടതാ… തധീംകിടതാ… ദ്വാദശി എന്ന ഒൻപതുകാരി കമഴ്ത്തിവച്ച കുടത്തിലിരുന്നു് താളമിട്ടു.

അമ്മ വേഗം കൂട്ടി; ദ്വാദശിയും. അമ്മ നിർത്തി മുറമൂലയ്ക്കു കൂടിയ കല്ലും പുഴുക്കൂടും പെറുക്കി. ദ്വാദശി ഒറ്റവിരൽകൊണ്ടു് ആ ചെറുകല്ലുകൾ കൂട്ടിമുട്ടുന്ന നേർത്ത ഝിലം ഝിലം ശബ്ദമുണ്ടാക്കി. അമ്മ വേഗം കൂട്ടി. ദ്വാദശി ഓട്ടവീണ ഓലമേൽക്കൂരയിലേക്കു തലയുയർത്തി. കുടത്തിലെ താളവേഗം കൂടി. അമ്മ മുറം താഴെ വച്ചു. ദ്വാദശി കൊട്ടു നിർത്തി അടുപ്പിലേക്കു നോക്കി.

അമ്മ:
“മേളം നിന്റെ വിശപ്പുമാറ്റും.”
കേളൻ കയറിവന്നു:
“പറയച്ചെണ്ടയിൽ കോലു വീഴുന്നതു് ചത്ത കാലിയുടെ ശവമെടുക്കാനാണു്; വിശപ്പും കെടും.”

ശവവും വിശപ്പും ദ്വാദശിയിൽ തികട്ടിവന്നു.

ഇന്നലെ ദ്വിജദേഹം കണ്ടതുമുതൽ തോന്നിയ താളം വെള്ളത്തിൽ അടിച്ചു പെരുക്കി. മൃഗത്തോൽ പോലെ തിര ഓരോരോ പാളിയായി അടികൊള്ളാൻ പാകത്തിൽ മുന്നിലുയർന്നു വന്നു. ദ്വാദശി പാതിപ്പെരുക്കത്തിൽ താളം നിർത്തി തിരകളിലേക്കു മുഖംപൂഴ്ത്തി. കണ്ണീരും കടലും കുറുക്കിയെടുത്തു് ഒരുപ്പുകൊറ്റൻ ത്രയോദശിയിലേക്കു കയറിവന്നു.

ബിനോയിക്കു് പല രാത്രികളിലും അകത്തു സുശീല മാത്രമായിരുന്നു.

പതിനാലാം വയസ്സുമുതൽ ചേച്ചിയുടെ ഭർത്താവു വച്ചുകൊണ്ടിരുന്ന പെണ്ണാണു്. അയാളുടെ കൂട്ടാളികളും പൊതുമുതൽ പോലെ കണ്ട ശരീരമാണു്. തൂക്കി നോക്കിയാൽ കിലോ മുപ്പതു തികയില്ല. അത്രയ്ക്കും അശുവാണു്. എന്നിട്ടും രാത്രി കിടക്കുമ്പോഴൊക്കെ അവൾ അകം കേറിവന്നു. അതെന്തുകൊണ്ടാണെന്നു് ബിനോയിക്കു് ഒരെത്തും പിടിയും കിട്ടിയില്ല.

ഒരു രാത്രി ബിനോയിക്കു് ബോധോദയം ഉണ്ടായി. ഒന്നു ഞൊടിച്ചാൽ പോരാൻ മാത്രം ദുർബലയാണു്. മേല്കീഴ് നോക്കാൻ ഇനി ഒന്നും ഇല്ലാത്തോളാണു്. അവളുടെ നിസ്സഹായത ഞാനും മുതലെടുക്കുകയാണു്. അവളെ ഉള്ളിലിട്ടു വ്യഭിചരിച്ചതിന്റെ പാപംതീരാൻ അടുത്ത ദുഃഖവെള്ളിക്കു് ഇരുപതടി മരക്കുരിശുമായി മലയാറ്റൂരു കേറാമെന്നു് ബിനോയി നേർന്നു.

കക്കവാരാൻ കഴുത്തോളം വെള്ളത്തിൽ നിൽക്കുമ്പോഴാണു് അത്തരക്കാരെ പെറുക്കികൾ എന്നു് അന്നമ്മ തീർത്തു് ഇല്ലാതാക്കി കളഞ്ഞതു്.

“കെട്ട്യോൻ ചത്തോരും കെട്ട്യോനിട്ടിട്ടു പോയോരും ഒരുങ്ങി കിടക്കുവാന്നാണു് അവന്റെയൊക്കെ വിചാരം. രാത്രി നീ അടുക്കള വാതില് തുറന്നിട്ടു് തുണിയൊക്കെ മാറ്റിയിരുന്നാൽ ഞാനിത്തിരി സുഖം തന്നിട്ടു പൊക്കോളാം എന്നാണു് അവനെപ്പോലുള്ളവരുടെ മനോനില.”

ബിനോയി അങ്ങനത്തെയാളല്ല എന്നു പറഞ്ഞാൽ അന്നമ്മ തട്ടിക്കേറുമെന്നു പേടിച്ചു് സുശീല അടുത്ത കക്കതേടി കൈ താഴ്ത്തി. ഒരു മടഞ്ഞില് വളവളാന്നു പോകുന്നു. നടുക്കു തന്നെ പിടിത്തം കിട്ടി. വഴുതിപ്പോകും മുമ്പു ബക്കറ്റിലേക്കു തട്ടി. പെട്ടാൽ പിന്നെ കരയ്ക്കു കേറാനുള്ള നട്ടെല്ലുറപ്പില്ലാത്തവരാണു് ആണുങ്ങളെപ്പോലെ മടഞ്ഞിലും. കിടന്നു പുളയ്ക്കുമെന്നേയുള്ളു.

“അങ്ങേരു് ഫ്യൂരിഡാൻ വലിച്ചുകേറ്റിപ്പോയി നാൽപ്പത്തൊന്നു തികയും മുൻപാണു്. കാശുകൊടുത്തേലൊരുത്തൻ, ആ ബ്ലേഡ് മത്തായിയില്ലേ, അയാളു രാത്രി വീട്ടില് വന്നു. ഞാനങ്ങു സമ്മതിച്ചു. പത്തുമിനിറ്റുകൊണ്ടു് അയാളുടെ വായു പോയി. അപ്പോൾ മുതല് അങ്ങേരു് ഒരേ നിലവിളി. നീ എന്നെ ചതിക്കുമോ അന്നമ്മേന്നു ചോദിച്ചു്. കണ്ണു രണ്ടും നിറഞ്ഞൊഴുകുകയാണു്. പെട്ടൂന്നു കണ്ടാൽ ആണുങ്ങള് മഹാകഷ്ടമാണു്. നെഞ്ചത്തടിച്ചായിരിക്കും കാറുന്നതു്.”

“നിങ്ങളെയൊന്നും ചതിക്കാൻ എന്നേക്കൊണ്ടു കൊള്ളുവേല ചേട്ടാ… എന്ന എന്റെ ഒറ്റവാക്കു് കേട്ടതോടെ അങ്ങേരു സ്വിച്ചു് അമർത്തിയതുപോലെ കരച്ചിൽ അവസാനിപ്പിച്ചു. ഇപ്പം ഞാൻ വിളിച്ചാൽ ചോദിക്കുന്ന കാശുവച്ചിട്ടു പോകും. അതു ചെയ്യിച്ചാൽ പിന്നെ ഈ അന്നമ്മയ്ക്കു് ഉറക്കം വരത്തില്ല. അവൻ മരിക്കുന്നതുവരെ എന്നെ പേടിച്ചു നടക്കണം. ഞാൻ മടഞ്ഞിലു വിൽക്കാൻ കെട്ട്യോളുടെ മുന്നിൽ കൊട്ടയിറക്കി വയ്ക്കുമ്പോഴൊക്കെ അവൻ വെപ്രാളപ്പെട്ടു് പരക്കം പായണം. നാറികൾ.”

സുശീല വേറൊന്നാണു് ആലോചിച്ചതു്. കക്കയിറച്ചിക്കൊന്നും പഴയ മേഗതിയില്ല. മീൻപിടിച്ചാലോ എന്നു തോന്നാൻ തുടങ്ങീട്ടു് കുറച്ചായി. മൊയ്തീനാണെങ്കിൽ വള്ളം വിൽക്കാനിട്ടിരിക്കുകയാണു്. അതിനൊള്ള കാശും വീശുവല വാങ്ങാനുള്ളതും ഇടവകക്കാര്യ സഹകരണ സംഘത്തീന്നു് വായ്പയെടുപ്പിച്ചു താമെന്നു് ബിനോയി പറയുകേം ചെയ്തു. കായലിങ്ങനെ മീനുമായി കെടക്കയല്ലേ മലയത്തീന്നാരുന്നു ആ പ്രലോഭനം.

“സഹായിക്കാൻ വരുന്നോനൊക്കെ ശരീരം കണ്ടിട്ടു തന്നെയാണു്. ബാക്കി കരുണയൊക്കെ മേനിപറച്ചിലാണു്.” അന്നമ്മയ്ക്കു് ഒരു സംശയവും ഉണ്ടായില്ല.

സുശീല ഉണർന്നെഴുനേറ്റപ്പോൾ ചുറ്റും പുകയായിരുന്നു.

കാർത്ത്യായനിയുടെ വീടു നിൽക്കുന്നിടത്തു് ആളനക്കത്തിന്റെ ലക്ഷണങ്ങളില്ല. ചാളക്കാരി കോളനിയിൽ നിന്നു് പലരും രാത്രി തന്നെ പോയിരിക്കുന്നു. യുദ്ധം മൂക്കുകയാണു്. ഋദ്ധിയെ കൊണ്ടുപോകാൻ പഞ്ചായത്തു് ഓഫീസിൽ നിന്നു രാവിലെ ആംബുലൻസ് അയയ്ക്കുമെന്നു് എവിടെ നിന്നോ പാഞ്ഞുവന്നു പറഞ്ഞിട്ടു് മെംബർ പൈലി അതേ വേഗത്തിൽ സ്കൂട്ടർ ഓടിച്ചു പോയി. എല്ലാവരും ഒന്നിച്ചു് ജീസസ് മേരി സ്കൂളിലെ വയ്പുപുരേലാണു് കിടക്കാൻ പോകുന്നതു്. അതു് മണ്ണിനു താഴെ കുഴിച്ചുണ്ടാക്കിയ നിലയാണു്. സ്കൂള് പണിത മാനേജ്മെന്റ് കഞ്ഞിപ്പുര കുഴിച്ചുവച്ചതു കാര്യായി എന്നു കൂടി പറഞ്ഞിട്ടാണു് പൈലി മെംബർ പോയതു്.

ആരോടാണു യുദ്ധമെന്നു് അമ്മ മെംബറോടു ചോദിച്ചില്ലല്ലോ എന്നു് ഋദ്ധിക്കു നീരസം തോന്നി. തുറന്ന കണ്ണു് പെട്ടെന്നു് അടഞ്ഞു. ഇപ്പോഴൊക്കെ പത്തു നിമിഷമൊക്കെയാണു് ലോകം കാണാൻ പറ്റുന്നതു്. ബാക്കിയുള്ള നേരത്തൊക്കെ മരിച്ചതു പോലെയാണു്.

ഋദ്ധിയുടെ മേൽക്കാഴ്ച പെട്ടെന്നു മാറി.

ഇതുവരെ ഉണ്ടായിരുന്ന അടിവശം തേയ്ക്കാത്ത വാർക്ക മേൽക്കൂരയിൽ കുറെക്കാലമായി ഒരു ആൺപല്ലി വരുമായിരുന്നു. തലയ്ക്കു മുകളിൽ വന്നു് എപ്പോഴും വട്ടംതിരിഞ്ഞു് ചില്… ചില്… ചിലയ്ക്കുന്നവൻ. അമ്മ രാവിലെ ഇറങ്ങിയാൽ ഞാൻ കാണുന്ന ജീവനുള്ളവയിൽ അപൂർവം ഒരാൾ. പിന്നെയുള്ളതു് അവനു വേണ്ടിയെന്നതുപോലെ പെറ്റുപെരുകുന്ന പ്രാണികളും ഇയലുകളുമാണു്. ഇടയ്ക്കു മാത്രം അവൻ കൂട്ടുകാരിയുമായി വരും. അവൾ ബാക്കി സമയത്തു് എവിടെയാണാ ആവോ? ചിലപ്പോൾ ആ മുറിയുടെ തന്നെ മറ്റൊരു ദേശത്തു കാണും. എന്റെ കണ്ണുചെല്ലുന്ന നാലഞ്ചടി പ്രദേശത്തല്ലാതെ രാജവെമ്പാലകൾ താമസിച്ചാലും ഞാനറിയണമെന്നില്ല. പെൺപല്ലി കാഴ്ചയിൽ വളരെ ദുർബലയാണു്. കൂട്ടുകാരി വന്നാൽ പിന്നെ അതുവരെയുള്ള അവനല്ല. സ്വയം ദിനോസറിനെപ്പോലെ വലിയവനാണെന്ന മട്ടിലുള്ള നിൽപൊക്കെ നിർത്തും. കൊമ്പനും പിടിയും സിംഹവും സിംഹിണിയും ഒക്കെപ്പോലെ ദൂരക്കാഴ്ചയിൽ തന്നെ ആൺപെൺ വേറിട്ടു നിൽക്കുന്നവരാണു്. അവൻ പല്ലിപ്പെണ്ണിന്റെ അടുത്തു പോകുന്നതു തന്നെ ഒട്ടും തിടുക്കപ്പെടാതെ സൗമ്യപാദപദനങ്ങളുമായാണു്. പെൺപല്ലിയാണെങ്കിൽ ഭീമാകാരനായ ആണൊരുത്തൻ വരുന്നു എന്ന പേടിയൊന്നും ഇല്ലാതെ നിൽക്കും. പിന്നെ അവർ എന്റെ തലയ്ക്കു മുകളിൽ വച്ചു തന്നെ ചുണ്ടുരുമ്മും. നാവുകൾ മുട്ടിക്കും. വാലുകൾ കൂട്ടിപ്പിണച്ചു നൃത്തം ചെയ്യും. അധികാരി ഭാവം ആൺപല്ലിക്കോ അടിമഭാവം പെൺപല്ലിക്കോ കണ്ടിട്ടില്ല. സിംഹിണിക്കു മേൽ സിംഹത്തിനും പിടിയാനയ്ക്കു മേൽ കൊമ്പനും അങ്ങനെ ഒരു അവകാശമില്ലല്ലോ. തിന്നാനുള്ള ഇരയുടെ മേൽ അല്ലാതെ അവരൊന്നും അവകാശം കാണിക്കാറുമില്ല.

വഴിയേ പോകുന്നവരെ ഒക്കെ കുത്തുന്ന ഒരു കാളയുണ്ടായിരുന്നു പാപ്പുവിനു്. അമ്മ മൂന്നോ നാലോ തവണ പറഞ്ഞിട്ടുള്ള കഥയാണു്. ഞാനും അമ്മയും തമ്മിൽ പതിനാലു വയസ്സിന്റെ വ്യത്യാസമേയുള്ളു. പത്തൊൻപതാം വയസ്സിൽ ഞാൻ അപകടത്തിൽപ്പെടുമ്പോൾ അമ്മയ്ക്കു് മുപ്പത്തിമൂന്നു വയസ്സു്. ശരിക്കും ഞങ്ങൾ രണ്ടുപേരും അന്നു ചെറുപ്പക്കാരാണു്. ഇന്നു് എനിക്കു് മുപ്പതാകുന്നു. അമ്മ നാൽപ്പത്തിനാലിലേക്കും. ഇപ്പോഴും രണ്ടാളും ചെറുപ്പം തന്നെ. എങ്കിലും അമ്മയുടെ ലോകവും എന്റെ ലോകവും തമ്മിൽ വലിയ അന്തരമുണ്ടു്. അമ്മയുടെ ഓർമ്മയിലൊക്കെ പുരാതനമായ ഒരു ലോകമാണു്. പറയുന്നതൊക്കെ അമ്മൂമ്മയുടെ കാലത്തെ കഥകളാണു് എന്നു തോന്നിയിട്ടുണ്ടു്. അമ്മയുടെ പതിനാലു വയസ്സിനിടെ അമ്മൂമ്മ മഹാഭാരതത്തിലുള്ളതിലധികം കഥകൾ അമ്മയ്ക്കു പറഞ്ഞുകൊടുത്തിട്ടുണ്ടു്. നിലത്തെഴുത്താശാന്റെ മകളായ അമ്മൂമ്മയ്ക്കു് അച്ഛൻ കുട്ടികളോടു് പറയുന്നതുകേട്ടു കിട്ടിയ കഥകളാണെല്ലാം.

നിലത്തു വിരിച്ചിട്ട മണലിനു മുന്നിൽ പത്തുമുപ്പതു കുട്ടികളെ എഴുതാൻ വിട്ടു് അച്ഛനിരുന്നു് കഥ പറയും.

കുട്ടികൾക്കു് ഒരാഴ്ചയൊക്കെ ഒരക്ഷരം തന്നെ മണലിൽ എഴുതിയും മായ്ച്ചും ഇരിക്കാം. വർഷത്തിൽ അൻപത്തിമൂന്നു് ആഴ്ചയുണ്ടു്. അക്കാലംകൊണ്ടു് അൻപത്തിയാറക്ഷരം പഠിച്ചാൽ മതിയെന്നാണു് കളരിക്കണക്കു്. അക്ഷരം പൂർത്തിയായിട്ടേ അക്കത്തിലേക്കു കയറൂ. അതും ഒരു വർഷം കൊണ്ടു് നൂറുവരെ പഠിപ്പിക്കും. രാവിലെ എട്ടു മുതൽ ഉച്ചവരെ കഥകേൾക്കുക, അക്ഷരം എഴുതിയും മായ്ച്ചും ഇരിക്കുക. അതായിരുന്നു പാഠ്യപദ്ധതി. ഉച്ചയ്ക്കു് ഊണു കഴിഞ്ഞാൽ എല്ലാവർക്കും തറയിൽ നിരന്നു കിടക്കാം. അച്ഛൻ പാട്ടുകൾ പാടും. കൃഷ്ണഗാഥയും പൂതപ്പാട്ടും കുചേലവൃത്തവുമൊക്കെയാണു് ചാരുകസേരയിൽ കിടന്നു് പാടുക. അതു കേട്ടു് കുട്ടികൾ ഉറങ്ങും.

ഒരു ദിവസം മൂന്നോ നാലോ കഥകൾ അച്ഛൻ പറയും. മഹാഭാരത കഥയാണു് കൂടുതൽ. പക്ഷേ, അതു പറയുന്നതിനൊപ്പം നാട്ടിലെ ആളുകളും കയറിവരും. കർണന്റെ കഥ പറഞ്ഞാൽ ഒപ്പം പറയുക പണ്ടു സ്കൂളിൽ കയറ്റാത്തതിനാൽ അരഭിത്തിക്കു വെളിയിലിരുന്നു കേട്ടു പഠിച്ചു നാടുവിട്ടു മദിരാശിക്കു പോയി അവിടെ ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്ത പി. കെ. കറുപ്പരയന്റെ കഥയായിരിക്കും. കറുപ്പരയൻ ഇംഗ്ലീഷ് പത്രത്തിലൊന്നുമല്ല മദിരാശിയിലെ സിനിമാ കൊട്ടകയിൽ ടിക്കറ്റ് കൊടുപ്പുകാരനാണെന്നു് വാര്യരും മാരാരും ശംഘും ചെണ്ടയുമായി പറയെടുപ്പിനു പോകുന്നിടത്തെല്ലാം ദക്ഷിണ വാങ്ങി ഇഡ്ഡലിയും ചമ്മന്തിയും കഴിക്കുമ്പോൾ പറഞ്ഞു തിരുത്തി നടക്കുന്നതു് ആശാൻ മാത്രം സമ്മതിച്ചില്ല. സത്യം തെളിയിക്കാനായി കറുപ്പരയനൊട്ടു നാട്ടിലേക്കു വന്നതുമില്ല. അങ്ങനെ കേട്ട കഥകൾ മുഴുവൻ ഭവാനി അമ്പിളിക്കും സുശീലയ്ക്കും പറഞ്ഞുകൊടുത്തു. മറ്റുലോകമൊന്നും സ്വന്തമായി ഇല്ലാത്ത അമ്മ ആ കഥയിലാണു് തുഴഞ്ഞുനടക്കുന്നതു്.

പാപ്പുവിന്റെ പറമ്പിൽ കയറിയാൽ ആരായാലും വേണ്ടില്ല കാള ഓടിച്ചിട്ടു കുത്തും.

നാട്ടിലെ താരപദവിയുള്ള വിത്തുകാളയാണു്. പെരിയപാപ്പു എന്നാണു് കുട്ടികൾ ഇട്ടിരുന്ന പേരു്. പക്ഷേ, ഒരു പശുവിനേയും അവൻ കുത്തിയിട്ടില്ല. പുളപ്പുള്ള പശുക്കളുമായി നാട്ടിലെ ആണുങ്ങൾ വരും. കാള പശുവിനോടു് ചെയ്യുന്നതു് പെണ്ണുങ്ങൾക്കു കാണാൻ കൊള്ളുന്നതല്ല എന്ന തോന്നലൊക്കെ അവിടെയുമുണ്ടായിരുന്നു. പശുക്കളുമായി നടകയറി ചെല്ലുമ്പോഴേ പെരിയപാപ്പു തല മുകളിലേക്കും താഴേയ്ക്കുമാട്ടി മാടി വിളിക്കും. അല്ലെങ്കിൽ കൊമ്പുകുലുക്കി കുത്താൻ വരുന്നവനാണു് അങ്ങനെ നല്ല ആതിഥേയനാകുന്നതു്. അമ്മയുടെ ആ കഥമാത്രം എന്നും ഇവിടെ വന്നു് അവസാനിച്ചു. ഇതിങ്ങനെ അവർത്തിച്ചു പറയാൻ മാത്രം എന്താണെന്നു് ആലോചിച്ചു ഞാൻ കുറെ സമയം കളഞ്ഞതുമിച്ചം.

ചുറ്റികത്തലയൻ

ഇപ്പോൾ എന്റെ മുകളിൽ തട്ടുതേച്ച മേൽക്കൂരയാണു്.

ഒരു ചിലന്തിവല പോലും കാണാനില്ല. സ്കൂളിലെ വയ്പു പുരയാണെങ്കിലും എന്തു മിനുസമാണു് മേൽക്കൂരയ്ക്കു്. താഴെ തറ അതിലും തിളങ്ങുന്നുണ്ടാകണം. മഠത്തിലെ നിലമൊക്കെ മൊസെയ്കായിരുന്നു. അതിലെ കല്ലുകൾ പൊങ്ങി നിന്നു. മിനുസമുള്ള ടൈൽസ് ഇടാൻ പലവട്ടം സൂപ്പിരിയർ ജനറലിനു് എഴുതിയിട്ടും രൂപതയിൽ നിന്നു് അനുവാദം കിട്ടിയില്ലെന്നു് സിസ്റ്റർ ഫിലോമിന പറയുമായിരുന്നു. ഫിലോമിന സിസ്റ്റർ എപ്പോഴും കണക്കു ബുക്കുകൾക്കു മുന്നിലായിരുന്നു. മത്തായിയുടെ കടയിൽ നിന്നു് പൊറോട്ട വാങ്ങിയതിന്റെ കണക്കിൽ ബാക്കി കിട്ടാനുള്ള രണ്ടു രൂപ വരെ ആ പേരേടിൽ ഉണ്ടാകും. അടുത്ത തവണ ആ രണ്ടു രൂപ കുറച്ചുള്ള പണം കൊടുത്തില്ലെങ്കിൽ അന്നമ്മയെ വീണ്ടും പറഞ്ഞുവിടും. സിസ്റ്റർ സന്ധ്യ അതെല്ലാം ചെറുചിരിയോടെ കണ്ടു നിന്നു.

എന്റെ കട്ടിലിനു താഴെ കുട്ടികളുടെ ബഹളം കേൾക്കുന്നുണ്ടു്. ഒരു കുട്ടി നിലവിളിക്കുകയാണു്. അതിനു് എഴുനേറ്റു് ഇത്തിരി പാൽ കൊടുക്കണം. പാവം കുട്ടി. എനിക്കു് ഒരിക്കലും കുട്ടികളെ പ്രസവിക്കണം എന്നു തോന്നിയിട്ടില്ല. അവരെ വളർത്തുന്നതും ഞാൻ സ്വപ്നം കണ്ടിട്ടില്ല. പക്ഷേ, ഒരു കുട്ടി എനിക്കു വേണ്ടി കയ്യടിക്കുന്നതു്, ഞാൻ പായ് നൗകയിൽ ലോകം ചുറ്റിവരുമ്പോൾ അവൾ തുള്ളിച്ചാടുന്നതു്, ഓടിവരുന്നതു്, എന്റെ തോളത്തിരിക്കുന്നതു് ഒക്കെ ഞാൻ കാണാറുണ്ടു്. അതു് ഒരു പെൺകുട്ടിയാണു്. അവളുടെ അമ്മ ഞാനല്ല. അപ്പോൾ ഞാൻ സുശീലയാണോ. സുശീലയാണോ പായ്ക്കപ്പലിൽ പോകുന്നതു്. ഋദ്ധിയാണോ ഓടിവരുന്നതു്. കുഞ്ഞിന്റ ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല. അതു കരച്ചിൽ നിർത്തിയെന്നു തോന്നുന്നു. ഋദ്ധി മിണ്ടാതായല്ലോ… ഋദ്ധിക്കുട്ടി മിണ്ടുന്നില്ലേ… ആർക്കും ഒച്ചയില്ല… വെളിച്ചമില്ല… കൂരിരുട്ടാണു്…

സുശീലയുടെ അടുത്തേക്കു് അന്നമ്മ നടന്നുവന്നു.

“പിള്ള ഇപ്പം എത്രവർഷമായീടീവ്വേ ഇങ്ങനെ.” സുശീല അഞ്ചു വിരലുകൾ രണ്ടുതവണ മടക്കി കാണിച്ചു്, കൊണ്ടുവന്ന സാധനങ്ങൾ അടുക്കിവയ്ക്കാൻ തുടങ്ങി. അന്നമ്മ അറിയാത്തതു കൊണ്ടു് ചോദിക്കുന്നതല്ല എന്നു് സുശീലയ്ക്കു് അറിയാം.

“എന്റെ മീനുവിന്റെ ഒത്തുകല്യാണത്തിനു മുന്നാണു്. പത്തല്ല പതിനൊന്നാകാറായിക്കാണും.”

സുശീല ചെയ്യുന്ന ജോലി തുടർന്നു.

“അതു് എപ്പോഴും ഉറക്കമാണോ?”

സുശീല:
“ആദ്യത്തെപ്പോലെ തെളിച്ചമില്ല. ഇപ്പോ രണ്ടോ മൂന്നോ മിനിറ്റൊക്കെയാണു് തുറന്നു കിടക്കുന്നതു്.”
അന്നമ്മ:
“നമ്മളല്ലാതെ വേറാരും ഇതിനെ മനുഷ്യക്കുഞ്ഞായിപ്പോലും കാണുന്നില്ലാന്നു തോന്നുന്നല്ലോ പൊന്നു മാതാവേ…”

ഇങ്ങനെ പറയുന്നതിനൊന്നും സുശീല മറുപടി പറയാറില്ല.

അന്നമ്മ:
“നമ്മളീ പറയണതൊക്കെ കുഞ്ഞു കേൾക്കണുണ്ടാവ്വോ…”
സുശീല:
“വീടിനു മുകളിലൂടെ വിമാനം പോയിട്ടുകൂടി കണ്ണു തുറന്നില്ല.”
അന്നമ്മ:
“എന്തെല്ലാം എന്തോരം അറിഞ്ഞിരുന്ന പൊന്നാ…”

കഴുത്തിനു താഴേക്കു നിർജീവമായി കിടക്കുന്നയാളെ പൊന്നേ എന്നു വിളിക്കാൻ അങ്ങനെ എല്ലാവർക്കും കഴിയില്ലെന്നു് സുശീല ഓർത്തു. സിസ്റ്റർ സന്ധ്യയേക്കാൾ വലിയ കരുണയാണു് ഒരു കാര്യവുമില്ലാതെ അന്നമ്മ കാണിക്കുന്നതു്. എത്ര രാത്രികളിലാണു് അന്നൊക്കെ ആശുപത്രിയിൽ കൂട്ടിരുന്നതു്. ഞങ്ങൾക്കുകൂടി വേണ്ടിയാണു് അന്നമ്മ പകൽ പണിക്കു പോയതു്. അഗതിയായി രാത്രിയിൽ മഠത്തിൽച്ചെന്നു് ആകെയുള്ള പനമ്പിന്റെയറ്റം കയ്യേറിയ ആൾക്കു ലോകത്താരു നൽകും ഇതുപോലെ കരുണ.

ആരും തെരഞ്ഞുവരാതിരുന്ന ആഴ്ചകൾക്കൊടുവിൽ സ്വന്തം അമ്മയെ അന്വേഷിച്ചു പോകാൻ പറഞ്ഞു് സിസ്റ്റർ നിർബന്ധിച്ചു വിട്ടതായിരുന്നു.

അമ്മ ഏറ്റെടുക്കും എന്നു് ഉറപ്പായിരുന്നു. പക്ഷേ, ഭാർഗവൻ തെരഞ്ഞുവരുമെന്ന പേടിയിലാണു് അങ്ങോട്ടു പോകാതിരുന്നതു്. സിസ്റ്ററുടെ നിർബന്ധം കൂടിയപ്പോഴാണു് പുറപ്പെടാൻ തീരുമാനിച്ചതു്. ചെന്നപ്പോൾ അവിടെ മറ്റൊരു കുടുംബം താമസിക്കുന്നു. വീടു വാങ്ങിയവർക്കും അയൽക്കാർക്കും അറിയില്ല വിറ്റവർ എവിടെ പോയെന്നു്. സ്ഥലം കണ്ടു, പിറ്റേന്നു് ആധാരം എഴുതി, അന്നു തന്നെ താക്കോൽ തന്നു. ഇതാണു് വീട്ടുകാർ പറഞ്ഞ കച്ചവടക്കഥ. രായ്ക്കുരാമാനം കച്ചവടം നടത്തി ആനക്കാരനും ഭാര്യയും നാടുവിട്ടെന്നൊരു പറച്ചിൽ മാത്രമായി ബാക്കിയുള്ള തായ് വഴി.

സ്ഥലം വിറ്റു് കാശു വാങ്ങി ഭാർഗവൻ രണ്ടുപേരേയും തീർത്തു കാണില്ലേ എന്ന ബിനോയിയുടെ ചോദ്യം ഉള്ളിൽ ഒരു ഇളക്കവും ഉണ്ടാക്കിയില്ല. ആ ചോദ്യമുണ്ടാക്കാൻ പൊലീസിൽ ചേരേണ്ട കാര്യമൊന്നുമില്ലല്ലോ. സ്വന്തം മകളെ അങ്ങനെ ചെയ്തൊരാൾ ലോകത്തു് വേറെന്തൊക്കെ ചെയ്തുകൂടാ.

ഭാർഗവനു് ജീവിതത്തിൽ ആദ്യമായി മകൾക്കൊപ്പം കിട്ടിയ ദിവസമായിരുന്നു അതു്.

പശുക്കുട്ടി അമറാനും നിലത്തു ചവിട്ടാനും തുടങ്ങിയിട്ടു് രണ്ടു ദിവസമായിരുന്നു. കഴുത്തു് വലിച്ചു് മേലോട്ടുള്ള നിൽപും പിൻഭാഗത്തുനിന്നുള്ള നീരുപോക്കും കണ്ടു് അമ്മിണിയാണു് പാപ്പുവിന്റെ കാളയുടെ അടുത്തു പോകാം എന്നു പറയുന്നതു്. എല്ലാവരും കുത്തിവയ്പ്പിലേക്കു മാറിത്തുടങ്ങിയിരുന്നു. മൃഗാശുപത്രിയിൽ നിന്നു് ഡോക്ടർ അല്ലെങ്കിൽ കമ്പൗണ്ടർ വരും. കുത്തിവച്ചു പോകും. ഒരു പശുക്കുട്ടിയെ ആറ്റുനോറ്റു കിട്ടിയതാണു്. ഭാർഗവൻ എവിടെ നിന്നോ മോഷ്ടിച്ചതാണോന്നും സംശയമുണ്ടു്. ഡോക്ടറെ വിളിച്ചു് അതിനെ കാണിക്കാതിരിക്കുകയാണു് നല്ലതു് എന്നു് സുശീലയ്ക്കു തോന്നി. മൃഗഡോക്ടർമാർക്കു് നാട്ടിലെ ഏതു പശുവിനെയും കണ്ടാൽ തിരിച്ചറിയാം.

സാധാരണ പെണ്ണുങ്ങൾ ഇക്കാര്യത്തിനു പോകാറുള്ളതല്ല. ഭാർഗവൻ ഏതായാലും പശുക്കുട്ടിയെ കൊണ്ടുപോകില്ല. അന്നാട്ടിലെ വലിയ തറവാട്ടുകാരനാണു്. പശുവിനെ തടുപ്പിക്കാൻ പാപ്പുവിന്റെ പറമ്പിൽക്കയറുന്നതു് കുറച്ചിലാണു്. അടിപിടിക്കേസിൽ എത്ര ജയലിൽ കിടന്നിരിക്കുന്നു. അതിലും താഴെയുള്ള സ്ഥാനമാണു് ഭാർഗവൻ പാപ്പുവിന്റെ പുഴയെറുമ്പിനും വിത്തുകാളയ്ക്കും കൊടുത്തിരിക്കുന്നതു്.

ഭാഗം വച്ചപ്പോൾ കിട്ടിയ സ്ഥലമെല്ലാം മുറിച്ചു വിറ്റു. അപ്പുറവും ഇപ്പുറവും കോളനി പോലായി. ചിലതു് കടം കൊടുത്തവർ എഴുതി വാങ്ങിയതാണെങ്കിൽ മറ്റു ചിലതു് ജാമ്യത്തിലിറക്കാൻ വക്കീലന്മാർ നേടിയെടുത്തതാണു്. വീതം കിട്ടിയ ചാവടി വീണുപോയപ്പോൾ പലകയടിച്ചു പണിതെടുത്ത ചായ്പ്പുപുരയിരിക്കുന്ന ഏഴു സെന്റ് മാത്രമാണു് പതിനൊന്നു് ഏക്കറുകാരന്റെ നീക്കിബാക്കി. സർവ തരവഴിത്തരവും കാണിക്കുമെങ്കിലും ജാതി വിട്ടൊരു കളി ഭാർഗവനില്ല.

അമ്മിണി ഒരിക്കൽ പറയുകയും ചെയ്തു: “പത്മൻനായരുടെ മോൻ തന്നെ ഇങ്ങനായതു നന്നായി. അതുകൊണ്ടു തല്ലുകേസ് പാർട്ടികളൊക്കെ മറ്റവന്മാരാണു് എന്നു പറഞ്ഞിരുന്ന കരയോഗക്കാരു് വാ തുറക്കാൻ പാടുപെടുന്നു.”

അന്നു രാവിലെയും തീരുമാനം അമ്മിണിയുടേതായിരുന്നു. ആണുങ്ങളെ നോക്കണ്ട, പശുക്കുട്ടിയെ നമുക്കു കൊണ്ടുപോകാമെന്നു പറഞ്ഞു് ഇട്ടിരുന്ന നീളൻ ഉടുപ്പിനു മേൽ ഒരു തോർത്തുമിട്ടു വന്നു. അമ്മിണിക്കു് ഏതു് ആണിടത്തിലും കയറാനൊരു ധൈര്യമുണ്ടു്. വെയിൽ മൂക്കും മുമ്പാണെങ്കിൽ തടുപ്പിക്കാൻ പറ്റിയ സമയവുമാണു്. പോരുമ്പോൾ കൂടി നോക്കിയതാണു്. ഭാർഗവനും മോളും നല്ല ഉറക്കം.

ചെന്നുകയറുമ്പോൾ പശുവിനെ കണ്ടു കാള മുരളാൻ തുടങ്ങി. ആ മുരൾച്ച കേട്ടു പാപ്പു വന്നു. ഞങ്ങളെ കണ്ടതോടെ വലിയ ഉത്സാഹമായതുപോലെ തോന്നി. പശുക്കുട്ടിയെ പാപ്പു ചൂണ്ടിക്കാണിച്ച തെങ്ങിൽക്കെട്ടി. പാപ്പു ഒറ്റയ്ക്കാണു താമസം. കാളയെ പെരിയപാപ്പു എന്നു വിളിക്കുന്ന കുട്ടികൾ പാപ്പുവിനെ കാളപ്പാപ്പു എന്നാണു് വിളിക്കുക.

കൊണ്ടുപോയ കന്നിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള പടുകൂറ്റനാണു് പെരിയപാപ്പു എന്നു് അഴിച്ചുവിട്ടപ്പോഴാണു് സുശീലയ്ക്കു മനസ്സിലായതു്. പെരിയപാപ്പു നേരേ തെങ്ങിനു താഴേയ്ക്കു് നടന്നു പശുക്കുട്ടിക്കു ചുറ്റും മണപ്പിച്ചു നടക്കാൻ തുടങ്ങി. ഋദ്ധിയുടെ മണിക്കുട്ടി നാവുകൊണ്ടു് തലയിൽ നക്കി കൊടുക്കുന്നു. തലയിൽ നിന്നു് ഓരോ പേനിനെയും അമ്പിളി വാരിക്കോലിൽ വലിച്ചെടുത്തു് ഇടതു തള്ളവിരലിന്റെ നഖത്തിൽ വച്ചു് വലതു തള്ളവിരൽകൊണ്ടു് ഞെക്കിപ്പൊട്ടിക്കുമ്പോൾ ഓരോ കുളിരു കേറി വരുമായിരുന്നു സുശീലയ്ക്കു്. പശുക്കുട്ടി ഓരോ ചെള്ളിനേയും നക്കിയെടുക്കുമ്പോൾ കാളയ്ക്കും ഉണ്ടാകണം ചെറു മൂർച്ഛകൾ. അതു് നാവുകൊണ്ടു് ഒന്നുഴിഞ്ഞ സ്ഥലം തന്നെ വീണ്ടും താഴ്ത്തി കാണിച്ചുകൊടുക്കുകയാണു്. യുഗങ്ങളായി അറിയുന്നവരെപ്പോലെയാണവർ. ചേർന്നു നിൽക്കുകയും പരസ്പരം ഉരുമ്മുകയും ചെയ്യുന്നു. തിരിഞ്ഞു നോക്കുമ്പോൾ അമ്മിണിയെ കാണാനില്ല. പെട്ടെന്നു് പാപ്പുവിന്റെ വാതിൽ അടയുന്ന ശബ്ദം. ഞെട്ടി നോക്കുമ്പോൾ അമ്മിണി വാതിൽ തുറന്നു് തല മാത്രം പുറത്തിട്ടു് കണ്ണുകൊണ്ടു് ഇപ്പോൾ വരാമെന്നോ മറ്റോപോലെ തോന്നിയ ആംഗ്യം കാണിച്ചു. വാതിൽ അടഞ്ഞു.

പശുക്കുട്ടി പെരിയപാപ്പുവിനെ താങ്ങുമോ എന്നായിരുന്നു പേടി. അത്ഭുതം തോന്നി. അവിടെ നിന്നു് വലിയ സീൽക്കാരങ്ങളൊന്നും ഉയർന്നില്ല. അപ്പുറത്തു് പാടമാണു്. അവിടെ വെട്ടിയ വരമ്പിലൂടെ കൈത്തോടു് പാടത്തേക്കു സ്വച്ഛന്ദം പ്രവേശിക്കുന്നു. പെട്ടെന്നാണു് വീട്ടിനുള്ളിൽ നിന്നു പാപ്പുവിന്റെ ശബ്ദം ഉയർന്നതു്. പെരിയപാപ്പുവിന്റെ ചെറിയ മുരൾച്ചകളേക്കാൾ അതു് പൊങ്ങി. അതു കാളയെ പൂട്ടുന്ന കലപ്പക്കാരന്റെ ശബ്ദമായി തോന്നി സുശീലയ്ക്കു്. പാപ്പുവിന്റെ ഓരോ അലർച്ചയ്ക്കും പിന്നാലെ അമ്മിണി വേദനകൊള്ളുംപോലെ ഒരു ഒച്ചയുണ്ടാക്കുന്നതായും തോന്നി. സുശീലയ്ക്കു മൃദുവികാരങ്ങളൊന്നും ഉണർന്നില്ല. അറപ്പും പേടിയുമാണു് തോന്നിയതു്.

കുറച്ചുനേരം ആ പറമ്പിലെ കൂറ്റൻ ആഞ്ഞിലിയുടെ തലപ്പത്തു നോക്കിയിരുന്നു. അഞ്ഞിലിക്കാവിള പഴുത്തു തൂങ്ങി നിൽക്കുന്നു. പത്താൾ പൊക്കത്തിലെങ്കിലും ശിഖരങ്ങളില്ലാത്ത തായ്ത്തടിയിലൂടെ കയറിയാലെ പറിച്ചെടുക്കാൻ കഴിയൂ. മുകളിൽ കുട ചൂടിയതുപോലെ ഇലകളും വിളകളും. ഉണ്ണി സ്കൂളിലെ ആഞ്ഞിലിയിൽ ഓടിക്കയറി പറിക്കുന്ന വിള പല കൈമറിഞ്ഞു് എനിക്കെത്തിക്കാൻ എത്ര പാടുപെട്ടിരിക്കുന്നു. എന്നിട്ടും ഒരിക്കൽ പോലും നേരിട്ടു വന്നു് തന്നിട്ടില്ല. ഒന്നും പറഞ്ഞിട്ടുമില്ല. ഉണ്ണി എത്തിക്കുന്നതു് ഇടതുകയ്യിൽ ഉയർത്തിപ്പിടിച്ചു് തൊണ്ടു പൊളിച്ചു് മഞ്ഞനിറമായ വിള വലതുകൈകൊണ്ടു് അടർത്തിയെടുത്തു വായിലിട്ടു നുണഞ്ഞു പാളിനോക്കും. ഉണ്ണി അപ്പോഴും ഇടങ്കണ്ണിട്ടു നോക്കി നിൽക്കുന്നുണ്ടാകും. ഉണ്ണിക്കെന്താ എന്നോടു് മിണ്ടിയാല് എന്നു് ഒറ്റയ്ക്കു കിട്ടിയാൽ ചോദിക്കണമെന്നു വിചാരിച്ചിരുന്നു. ഉണ്ണിയെ ഒരിക്കലും ഒറ്റയ്ക്കു കിട്ടിയില്ല. എനിക്കുറപ്പായിരുന്നു, ഉണ്ണി എന്നെ ഒറ്റയ്ക്കു കിട്ടിയാലും അതുതന്നെ ചോദിക്കുമെന്നു്. നിനക്കെന്താണു ഷീലേ എന്നോടൊന്നു മിണ്ടിയാലെന്നു്. ഷീല എന്റെ ഇരട്ടപ്പേരായിരുന്നു. സുശീലയെ ഷീലയാക്കിയതല്ല. എനിക്കു നടി ഷീലയെപ്പോലെ വലിയ കണ്ണുകൾ ഉണ്ടെന്നു പറഞ്ഞു വിളിച്ചു തുടങ്ങിയതാണു്. കണ്ണുകൾ മാത്രമല്ല കയ്യക്ഷരവും പ്രശസ്തമായിരുന്നു. ആ കയ്യക്ഷരത്തിൽ ഉണ്ണിക്കു് കുറെ കത്തുകൾ എഴുതണമെന്നു് ഓർത്തിട്ടുണ്ടു്. കത്തുകൾ എല്ലാം തുടങ്ങിയതു് മാസ്റ്റർ കുഞ്ഞുണ്ണി എന്നായിരുന്നു. ഉണ്ണിയെ കുന്നത്തമ്മ ഉറക്കെയും ഞാൻ കൽപ്പനാ കത്തുകളിലും വിളിച്ചിരുന്ന പേരാണു് കുഞ്ഞുണ്ണി. കത്തുകളെല്ലാം ഞാൻ ബേബി സുശീല, ഒപ്പു് എന്നെഴുതി അവസാനിപ്പിച്ചു. എന്റെ ബേബി സുശീലയ്ക്കു് എന്നെഴുതി ഉണ്ണി അയയ്ക്കാനിടയുള്ള കത്തുകൾ ഓരോ ദിവസവും സ്വപ്നത്തപാലിൽ വന്നു കൊണ്ടിരുന്നു. അതിപ്പോഴും വരാറുണ്ടു്. ഭാർഗവന്റെ കയറ്റിറക്കം കഴിഞ്ഞു് ഉറക്കം വരാനായി കിടക്കുമ്പോൾ കത്തുകൾ വന്നുകൊണ്ടേയിരിക്കും.

ആഞ്ഞിലിയിൽ നിന്നു് ചിന്തയിറങ്ങി വന്നു മുന്നിലേക്കു നോക്കി. അവിടെ പശുക്കുട്ടി കിടക്കുന്നു. അതിനെ നക്കിയുഴിഞ്ഞു് പെരിയപാപ്പു അടുത്തു നിൽക്കുന്നു. എല്ലാം കഴിഞ്ഞു കിട്ടുന്ന ഈ തലോടലാണു് ലോകത്തു് ഏറ്റവും വലുതെന്നു് അപ്പോൾ സുശീലയ്ക്കു തോന്നി. ആദ്യത്തെ അറപ്പൊന്നും ഒരിക്കലും മാറിയില്ലെങ്കിലും എല്ലാം കഴിയുമ്പോഴെങ്കിലും അയാൾ ഒന്നു് കരുണയോടെ നോക്കിയിരുന്നെങ്കിൽ എന്നു് അടുത്തകാലത്തൊക്കെ തോന്നാതിരുന്നില്ല. അയാൾക്കു് അതിനൊന്നും ആവതില്ലായിരുന്നു. കള്ളും വാറ്റും മാറിമാറിക്കുടിച്ചു് പാതി ബോധത്തിൽ വരുന്നയാൾ മുഴുവൻ ബോധവും കളയാനുള്ള അനുഷ്ഠാനമായിരുന്നു എന്നും കട്ടിലിൽ നടത്തിയിരുന്നതു്.

നിൽക്കുകയായിരുന്ന കാളയും പതുക്കെ കാലുകൾ മടക്കി അടുത്തു കിടന്നു. രണ്ടുപേരും തെങ്ങിൻചുവട്ടിൽ കിടന്ന വയ്ക്കോൽ ഓരോ കടിയെടുത്തു് വിഴുങ്ങി. പിന്നെ സുഖം അയവെട്ടി. അപ്പോഴും അകത്തുനിന്നുള്ള ശബ്ദങ്ങൾ തീർന്നില്ല. അൽപസമയം കഴിഞ്ഞതോടെ ചില കാക്കകളുടെ കരച്ചിലും ഒരു മരംകൊത്തി ആഞ്ഞിലിയിൽ കൊത്തുന്ന താളവും മാത്രമായി. അവർ ഉടൻ വരുമായിരിക്കുമെന്നു് സുശീലയ്ക്കു തോന്നി. പൊടുന്നനെ വാതിൽ തുറന്നു് ഇറങ്ങിവന്ന അമ്മിണി ഒന്നും പറയാതെ മുൻപേ നടന്നു. സുശീല അന്തിച്ചു നിന്നു. പോയ അമ്മിണി വട്ടംതിരിഞ്ഞു് അതിലേറെ വേഗം തിരികെ വന്നു. സുശീലയെ എന്തിൽ നിന്നോ രക്ഷിക്കുന്നതുപോലെ വട്ടംപിടിച്ചു ചേർന്നു നിന്നു. പാപ്പു ഇരുമ്പൻ പുളിയിട്ടു വേവിച്ച ചിരിയുമായി കാളയെ തൊഴുത്തിലേക്കു കൊണ്ടുപോയി.

സുശീല പശുക്കുട്ടിയുമായി നടന്നു. അമ്മിണിയുടെ കൺകോണിലെ രണ്ടു തുള്ളി സുശീല കണ്ടിരുന്നു. നടക്കുന്നതിനിടെ അമ്മിണി ചുരുട്ടിപ്പിടിച്ച കൈ വിടർത്തി. അതിൽ അൻപതു രൂപ.

“ഇതു തരാൻ അയാൾ കാളയായി, ഞാൻ പശുവും.” അമ്മിണിയുടെ നീളനുടുപ്പിന്റെ പിന്നിൽ പറ്റിയിരിക്കുന്നതു ചോര മാത്രമല്ലെന്നു് സുശീല കണ്ടു.

അമ്മിണി പിറുപിറുത്തു: “കാള പോലും അതിനു പറഞ്ഞിട്ടുള്ള സ്ഥലത്തുകൂടിയേ കയറൂ.”

അന്നു് പശുക്കുട്ടിയെ തൂണിൽ കെട്ടി അടുക്കളയിൽ എത്തുമ്പോഴാണു് ഋദ്ധി കഞ്ഞികുടിക്കാൻ പതിവിലുമേറെ വൈകി വന്നതു്. പുല്ലുവെട്ടാൻ പോകുമ്പോഴൊക്കെ അമ്മിണിയുടെ അടുത്തു നിർത്തിപ്പോവുകയാണു് പതിവു്. ഒരിക്കലും ഭാർഗവന്റെ അടുത്തു് അവൾ തനിച്ചു കിടന്നിട്ടില്ല. ഇനി കിടന്നാൽ കുഴപ്പമാകുമെന്നു തോന്നിയിട്ടുമില്ല. പക്ഷേ, അന്നു് അതു സംഭവിച്ചു.

ഋദ്ധി കൺതുറന്നു.

പുതിയ മേൽക്കൂര. ആദ്യം കാണുന്നതുപോലെ ഒരു നിമിഷം തോന്നി. പെട്ടെന്നു് ഓർമ്മ വന്നു. ഇതു് എത്രയോ കണ്ടിരിക്കുന്നു എന്നു്.

പത്തുവർഷത്തിനിടെ ഓർമയിൽ വരാത്തതൊക്കെ ഋദ്ധി അതോടെ കാണാൻ തുടങ്ങി. ജീസസ് മേരി എന്ന ഇതേ സ്കൂളിൽ ഒന്നു മുതൽ പന്ത്രണ്ടു വരെ പഠിച്ചതു്. പതിനാലു വർഷം തണലായ മഠത്തേക്കാൾ, സ്വന്തം ചോരയായി ഏറ്റെടുത്ത സിസ്റ്റർ സന്ധ്യയേക്കാൾ, ഇനി എനിക്കുമേൽ അയാൾ കയറാതിരിക്കാൻ വേണ്ടി മാത്രം ഇറങ്ങിയോടിപ്പോന്ന സുശീലയേക്കാൾ ആഴത്തിൽ തൊടുന്ന പലതുമുണ്ടു് ഇവിടെ എന്നു തോന്നിത്തുടങ്ങി.

മുടികൾ കൊഴിഞ്ഞില്ലാതായ തലയിൽ ശ്മശ്രുക്കൾ കിളിർത്തുവരുന്നതായി ഋദ്ധിക്കു തോന്നി. അവ ഇപ്പോൾ എഴുന്നു നിൽക്കുന്നുണ്ടാകും. കഴുത്തിനു താഴെ ഒന്നും അറിയാൻ ശേഷിയില്ലാത്തവരുടെ ഇന്ദ്രിയങ്ങളെല്ലാം തലച്ചോറിൽ പ്രവർത്തിക്കുന്നുണ്ടു്. തൊടാതെ തന്നെ തൊടുകയും കേൾക്കാതെ തന്നെ കേൾക്കുകയും പാടാതെ തന്നെ പാടുകയും ചെയ്യുന്നുണ്ടു്. അതൊരു മഹാസിദ്ധിയാണു്. തലച്ചോറുകൊണ്ടു മാത്രം രുചി, നിറം, താളം, ശ്രുതി, സ്പർശം, പിന്നെ രതിയും അറിയുന്ന മാന്ത്രികത. അല്ലെങ്കിലും ഋതു മാറുന്നതു് തലച്ചോറിലാണല്ലോ?

അഷ്ടമൻ പാടി:

“ഋതുമൃജുമൃദു സ്ഫുടവർണ്ണ വാക്യം തെളി-
ഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം.” [1]

ഋതുക്കളിലെ വസന്തം കടൽ ഒളിപ്പിച്ചുവയ്ക്കും. പൂവിടുന്നതു് മൂന്നും നാലും കിലോമീറ്ററുകൾ താഴെ കുറ്റാക്കൂരിരുട്ടിലാകും.”

ഋദ്ധി ‘ഹോയ്… ഹോയ്’ എന്നു് അലറി. കാറ്റുപിടിച്ചു് തിരകൾ കടന്നു കുതിക്കുകയാണു പായ് വഞ്ചി.

ആ പാടിയതു് അഷ്ടമനോ? അതോ സുശീലയുടെ മുത്തച്ഛനോ? സുന്ദരകാണ്ഡം ആശാൻകളരിയിൽ നിന്നോ? അതോ നടുക്കടലിൽ നിന്നോ? അതു കേട്ടതു സുശീലയോ, ഋദ്ധിയോ?

അതു ത്രയയല്ല.

ഇതുവരെ ത്രയയെന്നു വിളിച്ചതെല്ലാം നന്ദിനിയെയാണു്. അതു നന്ദിനിയാണു്. മുഖം നന്ദിനിയുടേതു തന്നെയാണു്. അവളെങ്ങനെയാണു് ത്രയയായതു്? നന്ദിനി എട്ടാം ക്ലാസ്സിലാണു് ജീസസ് മേരിയിലേക്കു വന്നതു്. അതുവരെ കുട്ടനാട്ടിലായിരുന്നു. അവിടെ തന്നെ ആറു സ്കൂൾ കഴിഞ്ഞാണു് ജീസസ് മേരിയിലേക്കു വരുന്നതു്. ഞങ്ങൾക്കാർക്കും ഇല്ലാത്ത ഒന്നു് നന്ദിനിക്കുണ്ടായിരുന്നു. നിറം. ചന്ദനം തൊട്ടാൽ തിരിച്ചറിയാത്തത്ര വെണ്മ. ആദ്യ ദിവസമൊക്കെ മദാമ്മക്കുട്ടി എന്നാണു് ഞങ്ങൾ പരസ്പരം പറഞ്ഞതു്. നന്ദിനി ഒട്ടും അടുക്കുന്ന പ്രകൃതമായിരുന്നില്ല. ആദ്യ ബെൽ അടിക്കുമ്പോൾ കയറിവരും. ഒരു മണിക്കു് ഇറങ്ങിപ്പോകും. രണ്ടുമണിക്കു് പിന്നെയും വരും. നാലുമണിക്കു് സ്കൂൾ വിട്ടുപോകുന്നവരുടെ ജാഥയിൽ ഏറ്റവും മുന്നിൽ അവളായിരിക്കും. രാവിലെ എട്ടരയ്ക്കു തന്നെ സ്കൂളിൽ വന്നു് ഉച്ചയ്ക്കു് പരസ്പരം കയ്യിട്ടുവാരി കഴിച്ചു് നടന്ന ഞങ്ങൾക്കൊക്കെ പരസ്പരം എല്ലാം അറിയാമായിരുന്നു. ആദ്യ ഋതു വന്നതുപോലുള്ള എല്ലാം.

നന്ദിനി പഠിത്തത്തിലും അത്ര മുന്നിലായിരുന്നില്ല. എഴുനേൽപ്പിച്ചു നിർത്തി വഴക്കു കേൾക്കാൻ മാത്രം മോശവുമല്ലായിരുന്നു. അതുകൊണ്ടു മികവിന്റെ പേരിലോ പിഴവിന്റെ പേരിലോ ഒരിക്കൽ പോലും എഴുനേറ്റു നിന്നില്ല. നന്ദിനിക്കു് ശബ്ദമുണ്ടോ എന്നുപോലും ഞങ്ങൾക്കു രണ്ടു മൂന്നാഴ്ചയായപ്പോൾ സംശയമായി.

അമ്മയെ കായലിൽ നിന്നു ഞണ്ടിറുക്കിയ ദിവസമാണു്.

ആശുപത്രിയിൽ പോയി മരുന്നൊക്കെ വച്ചു് മഠത്തിലെത്തിച്ചു. അപ്പോഴാണു് സിസ്റ്റർ പറഞ്ഞതു് പത്താകുന്നല്ലേയുള്ളൂ, സ്കൂളിൽ പൊയ്ക്കൂടേ എന്നു്. അമ്മയും അതുതന്നെ പറഞ്ഞു. അതോടെ സൈക്കിൾ എടുത്തു് മഠത്തിൽ നിന്നു് നല്ല വേഗത്തിൽ ഇറങ്ങുമ്പോൾ മുന്നിലൂടെ നന്ദിനി. അടുത്തു ചെന്നു് ബ്രേക്ക് പിടിച്ചു.

“കേറടീ…” എന്നു പറഞ്ഞതേയുള്ളു: ഒരു മടിയുമില്ലാതെ അവൾ കാരിയറിലേക്കു് ഒറ്റക്കയറ്റം. അപ്രതീക്ഷിത കയറ്റത്തിൽ സൈക്കിൾ ഒന്നു പാളിയെങ്കിലും എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. അപ്പോഴുണ്ടു് അതിലും ഉറക്കെ പിന്നിലിരുന്നു് അവളും ചിരിക്കുന്നു.

എന്തൊരു ജാടയായിരുന്നടീ ഇതിവരെ എന്നു ഞാൻ.

എല്ലാരേയും ഒന്നു പരീക്ഷിച്ചതല്ലേയെന്നു് അവൾ.

നിനക്കെന്താടീ നേരത്തേ സ്കൂളിൽ വന്നാലെന്നു് ഞാൻ.

കുഞ്ഞിനെ കുളിപ്പിച്ചു് കൺമഷി എഴുതിക്കണമെന്നു് അവൾ.

നീയെന്താടി ഇതിനിടെ പേറും കഴിഞ്ഞോ എന്നു ഞാൻ.

അമ്മ പെറ്റു കയ്യിൽ തന്നതാടീ എന്നു് അവൾ.

അമ്മ പെറ്റതിനു നീയെന്തിനാടീ കുഞ്ഞിനെ കുളിപ്പിക്കുന്നതെന്നു് ഞാൻ.

ഇരുപത്തിയെട്ടു് ആകുന്നേയുള്ളു എന്നു് അവൾ.

കുളിപ്പിക്കാൻ ആളെക്കിട്ടില്ലേയെന്നു് ഞാൻ.

ഞാനുള്ളപ്പോൾ വയറ്റാട്ടി വേറെ എന്തിനെന്നു് അവൾ.

അപ്പം നമ്മൾ സെറ്റായല്ലോടീ എന്നു ഞാൻ.

എന്നാൽ അങ്ങനെതന്നെ എന്നു് അവൾ.

സൈക്കിളിൽ നിന്നിറങ്ങി കൈകൾ കൂട്ടിയടിച്ചു് ഞങ്ങൾ ക്ളാസ്സിലേക്കു കയറി. ആദ്യ ബെല്ലിനു് രണ്ടോ മൂന്നോ മിനിറ്റു കൂടിയുണ്ടു്. ഞങ്ങൾ ചിരപരിചിതരെപ്പോലെ തോളിടിച്ചു വരുന്നതുകണ്ടു് ക്ളാസ് നിശബ്ദമായി. എന്നെ പിന്നെയും ഞെട്ടിച്ചു നന്ദിനി മുരടനക്കി.

“എന്തോന്നെടേ ശശ്മാന മൂകത… പാടടേ എല്ലാരും…”

ഞാൻ പാടിക്കൊടുത്തു.

“ഡ്യൂരോബോം ജോഗി ഓംനേവു ഗോദ്യാഗാ ഉനേൻ സോരി…” [2]

ആ ദക്ഷിണകൊറിയൻ താരാട്ടിലേക്കു് ഓമനത്തിങ്കൾ കിടാവോ… [3] ഈണവുമായി ക്ളാസ് മുഴുവൻ എഴുനേറ്റു. നന്ദിനി നിർത്താതെ ചിരി തുടങ്ങി. ചിരിപൊട്ടിയ എനിക്കും ബാക്കി പാടാൻ വയ്യ. ആൺപെൺ പടയോടു് ഞാനാ രഹസ്യം വെളിപ്പെടുത്തി.

“നന്ദിനിയെ ആരും ശല്യം ചെയ്യരുതു്. അവൾക്കു് പന്ത്രണ്ടു വയസ്സായപ്പോൾ അവളുടെ അച്ഛനും അമ്മയും ഒന്നു സ്നേഹിച്ചു. അവൾക്കു പതിമൂന്നു വയസ്സായപ്പോൾ ഒരു കൊച്ചിനെ പ്രസവിച്ചു് അമ്മ കയ്യിൽ വച്ചുകൊടുത്തു. അവൾ അതിനെ കുളിപ്പിച്ചു്, കൺമഷീം എഴുതിച്ചു്, പൊട്ടും തൊടീച്ചേ ക്ളാസിൽ വരൂ. പിന്നെ അമ്മയ്ക്കു പാണലിട്ടു തിളപ്പിച്ച വെള്ളമുണ്ടാക്കി മേത്തൊഴിച്ചു കൊടുക്കണം. പൊന്നുമോൾക്കു് ഒത്തിരി പണിയുള്ളതാണു്. അതുകൊണ്ടു്…”

എല്ലാവരും ഒന്നിച്ചു ചോദിച്ചു: “അതുകൊണ്ടു്?”

“അതുകൊണ്ടു്… നാളെ മുതൽ നമ്മൾ ഓരോരുത്തർ ഊഴമിട്ടു് അവളുടെ വീട്ടിൽ പോകുന്നു, കൊച്ചിനെ കുളിപ്പിക്കുന്നു, അവൾ ദോശ ചുടുന്നു, നമ്മൾ കഴിക്കുന്നു.”

“സെറ്റോടു് സെറ്റ്…” എല്ലാവരും ഒന്നിച്ചു് ഓരിയിട്ടു.

ആദ്യം ജൂവൽ എഴുനേറ്റു. ബാഗുകൾ രണ്ടു കയ്യിലാക്കി കുഞ്ഞിനെപ്പോലെ എടുത്തു് താരാട്ടാൻ തുടങ്ങി. എല്ലാവരും അതുപോലെ ബാഗുകളെ ആട്ടിയുറക്കി. ക്ളാസ് ഒരു കളിത്തൊട്ടിലായി.

“ഓംനേവു ഗോദ്യാഗാ ഉനേൻ സോരി…” ഞാൻ ഓമനത്തിങ്കൾക്കിടാവോ ഈണത്തിൽ തന്നെ മൂളി.

മാഗിടീച്ചർ കയറി വന്നു. കാര്യമറിഞ്ഞില്ലെങ്കിലും പുസ്തകത്തിനു മുകളിൽ ഡെസ്റ്റർ വച്ചു് ടീച്ചറും താരാട്ടു തുടങ്ങി.

“അൽമ്യോൻസോദോ മോരേഗ്വോ…” എന്നു് അടുത്തവരി ജൂവൽ ആണു് മൂളിയതു്. ലയിച്ചു വന്നപ്പോഴേക്കും മൈക്കിലൂടെ പ്രാർത്ഥന തുടങ്ങി.

“ലീഡ് കൈൻഡ്ലി ലൈറ്റ്
എമിഡ്സ്റ്റ് ദ എൻസർക്ലിങ് ഗ്ലൂം”

ഋദ്ധി എഴുനേൽക്കുന്നതിനു മുമ്പു് കായലിലേക്കു പോകുന്ന സുശീലയും അമ്മിണിയും പതിനൊന്നുമണിയായാൽ കരകയറും.

മൂന്നുമണിക്കാണു് ചന്തയിലേക്കു പോവുക. കായലിൽ നിന്നു കയറിയാൽ ‘ഞാൻ വരാടീ…’ എന്ന ഒറ്റ വാചകം ആവർത്തിച്ചു് അന്നമ്മ ഒരുപ്പോക്കാണു്. ഇത്ര കാലമായിട്ടും അതു് എങ്ങോട്ടാണു് എന്നു മാത്രം സുശീല ചോദിച്ചില്ല. ഇങ്ങോടു് പറയുന്നതു കേൾക്കുകയല്ലാതെ ഇതുവരെ ചോദ്യം ചോദിച്ചു് ഒരുത്തരവും സുശീല മേടിച്ചിട്ടില്ല.

അമ്മിണി പോയിക്കഴിഞ്ഞാൽ ഓലമടൽ നിരത്തിയിട്ടു് സുശീല കായലരികത്തു തന്നെ കിടക്കും. ചിലപ്പോൾ ഗാഢമായി ഉറങ്ങിപ്പോകും. ആ കിടപ്പാണു് എന്നും കപ്യാരു ബിനോയി സൈക്കിളിൽ വന്നു് ഉണർത്തുന്ന ശീലമായി മാറിയതു്. ആദ്യത്തെ ദിവസം രണ്ടു ബെല്ല് കേട്ടു് ഞെട്ടിയാണു് സുശീല ഉണർന്നതു്.

ആരെങ്കിലും കൂടെ വന്നു കിടന്നാലും അറിയത്തില്ലല്ലോ എന്നു ബിനോയി. സുശീലയ്ക്കു ചിരി വന്നില്ല. പരിഭ്രമിച്ചു് എഴുനേറ്റു. ബിനോയി ഒന്നു വെളുക്കെ ചിരിച്ചു് പോവുകയും ചെയ്തു. ഇതു് എല്ലാ ദിവസവും ആവർത്തിച്ചതോടെ സുശീല പിന്നെ കാത്തു കിടക്കാൻ തുടങ്ങി. ആ പകലുറക്കം തന്നെ ഇല്ലാതായി. ബിനോയി വെറും കയ്യോടെ വരില്ല. ഒരു ദിവസം ഉഴുന്നുവട. മറ്റൊരു ദിവസം ബൺ. ചിലപ്പോൾ നാലു പാളി ബ്രഡ്. അല്ലെങ്കിൽ രണ്ടു കപ്പ പുഴുങ്ങിയതു്. നീട്ടി പതിവു പറച്ചിലുണ്ടു്: രാവിലെ കഴിച്ചു ബാക്കി വന്നതാണു്. സുശീലയ്ക്കു ഉറപ്പായിരുന്നു ഇതു് തനിക്കു വേണ്ടി വാങ്ങിക്കുന്നതോ ഉണ്ടാക്കുന്നതോ ആണെന്നു്.

അങ്ങനെയാണു് സുശീല പതിനാലു വയസ്സിനു ശേഷം ആദ്യമായി കണ്ണാടി നോക്കാൻ തുടങ്ങിയതു്. രാവിലെ തേച്ചുകഴിഞ്ഞ പല്ലുകൾ വെളുത്തോ എന്നു് നോക്കും, പാറിക്കിടന്ന മുടി രണ്ടായി മെടഞ്ഞു് റിബൺ കെട്ടും. കായലിൽ നിന്നു കയറിയാൽ ആ ഷർട്ടും ലുങ്കിയും ഉടുത്തു കിടക്കുന്നതായിരുന്നു രീതി. പതുക്കെ വേറെ കുപ്പായം കൊണ്ടുവന്നു് വള്ളപ്പുരയോടു ചേർന്ന കുളിമുറിയിൽപ്പോയി മാറിയുടുത്തു തുടങ്ങി. വേഷം മാറിയ ആദ്യ ദിവസം തന്നെ അന്നമ്മ ഒറ്റ വരിയിൽ ആ കഥ ചുരുക്കി: “കപ്യാരു് എന്നും ഇതിലേ പോകുന്നുണ്ടല്ലേ…”

കുറിപ്പുകൾ
[1]

സുന്ദരകാണ്ഡം, കിളിപ്പാട്ടു് രാമായണം, എഴുത്തച്ഛൻ.

[2]

കൊറിയൻ ഭാഷയിലെ പരമ്പരാഗത താരാട്ടു്.

[3]

ഇരയിമ്മൻ തമ്പി എഴുതിയ താരാട്ടു്.

ഓലപ്പുടവൻ

മുന്നിലെ സൈക്കിളിൽ നന്ദിനിയായിരുന്നു. പിന്നിലെ സൈക്കിളിൽ ഞാനും.

ഒരു സൈക്കിൾ വാടകയ്ക്കു കിട്ടുമോ എന്ന അവളുടെ ചോദ്യത്തിനു പിന്നാലെ ജുവലിനെ വിളിച്ചതാണു്. വലിയ പറച്ചിലൊന്നുമില്ലാതെ സൈക്കിൾ തന്നിട്ടു പോയി. അവനങ്ങനെയാണു്. മൃദുവർത്തമാനങ്ങളുമായി അടുത്തു വരില്ലെങ്കിലും ഒരാവശ്യമുണ്ടെന്നു കണ്ടാൽ പരിഹാരമുണ്ടാക്കും.

കനാൽ ബണ്ടിലൂടെയുള്ള വഴി ഒരിടത്തും അവസാനിക്കില്ലെന്നു തോന്നി. സൈക്കിളിൽ എത്രപോയാലും ഒരിക്കലും ക്ഷീണം തോന്നുന്നതല്ല. പക്ഷേ, ഇന്നു് അങ്ങനെയല്ല. നന്ദിനിയുടെ വേഗത്തിനൊപ്പം എത്താൻ കഴിയുന്നില്ല. അവൾ സ്കൂളിൽ വന്ന ഭാവവും രീതിയും കണ്ടിട്ടു് സൈക്കിളൊക്കെ ഇത്ര ഭംഗിയായി ചവിട്ടുമെന്നു തോന്നിയിരുന്നില്ല.

ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നുണ്ടായ ഒരു ധൈര്യമുണ്ടു്. മുന്നിൽ കാലൻ വന്നു നിന്നാലും ‘എന്തുണ്ടിഷ്ടാ വിശേഷം’ എന്നു ചോദിക്കും. പക്ഷേ, നന്ദിനിക്കൊപ്പം പുറപ്പെട്ട ഈ ദൗത്യം നിഷ്ഫലമാകാതെ തരമില്ല എന്ന മുൻവിധി എന്റെ ധൈര്യം ചോർത്തി. അതിന്റെ നിരാശ പിന്നോട്ടുവലിച്ചു. നാലുവർഷം മുമ്പു് ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ അവൾ ഇരുന്നു കളിച്ച ചെറിയ ചാരുകസേര ഉണ്ടോ എന്നു് നോക്കണം. അതു് കുഞ്ഞനിയനു കൊടുക്കണം. അതിനാണു് ഇരുപതു കിലോമീറ്റർ അകലേക്കുള്ള ഭ്രാന്തൻ യാത്ര.

എന്റെ നിരുൽസാഹമൊന്നും നന്ദിനിക്കില്ല. നൂറു മീറ്റർ ഓട്ടക്കാരി തൊണ്ണൂറു മീറ്റർ പിന്നിട്ടാലെന്നതുപോലെ ഒരോ നിമിഷവും വേഗം കൂട്ടുകയാണു്. ഇടയ്ക്കു ഞാൻ ബെൽ അടിക്കുമ്പോൾ തിരിഞ്ഞു നോക്കും. പിന്നെയും അവൾ എഴുനേറ്റു നിന്നു ചവിട്ടുകയാണു്.

എല്ലാ നിഷ്ഫലതകൾക്കുമപ്പുറം ഇത്തരം ദൗത്യങ്ങൾ മാത്രമേ അഭിമാനത്തോടെ ഓർക്കാനുള്ളു. എത്ര നിസ്സാരമായ ആവശ്യത്തിനു വേണ്ടിയാണു് രണ്ടു് എട്ടാം ക്ളാസുകാരികൾ ഒരു ഓണം അവധിക്കു് ഇരുവശത്തേക്കുമായി നാൽപതു കിലോമീറ്റർ സൈക്കിൾ ചവിട്ടിയതു്. അതും ദുരൂഹതകളുടെ കനാൽ ബണ്ടിലൂടെ.

കനാലുകൾക്കൊപ്പം പണിയുന്ന റോഡുകളിലൂടെയാണു് കൊന്നവരുടെ ശവങ്ങളുമായി ജീപ്പുകൾ പോകുന്നതെന്നു് അന്നമ്മച്ചേടത്തി പറയാറുണ്ടു്. അൻപതിലേറെ കിലോമീറ്റർ നീളത്തിലാണു് കനാൽ. അത്രതന്നെ നീളത്തിൽ മുണ്ടുവിരിച്ച വീതിമാത്രമുള്ള റോഡും. ബണ്ടിൽ നിന്നു് കനാലിന്റെ അത്ര തന്നെ താഴ്ചയുള്ള ചതുപ്പുകളാണു് മറുവശത്തു്. കൊണ്ടിടുന്ന ശവങ്ങൾ അവിടെക്കിടന്നു് അഴുകിയാൽ ആരും അറിയണമെന്നില്ല. വിതയ്ക്കാൻ പോയാലല്ലേ അസ്ഥി കാണത്തൊള്ളൂ എന്നു് അന്നമ്മച്ചേടത്തി.

പെൺകുട്ടികളെ പകൽപോലും ഒറ്റയ്ക്കു് കനാൽ ബണ്ടുവഴി വീട്ടുകാർ വിടാറില്ല. ആ വഴിക്കാണു് നന്ദിനി കൂട്ടിക്കൊണ്ടുപോകുന്നതു്. പോയേടത്തു നിന്നൊക്കെ തിരിച്ചു വരുമെന്നു് അറിയാവുന്ന അമ്മയും സിസ്റ്ററും ഒരു മുഷിച്ചിലും കാണിച്ചില്ല. എനിക്കെന്തോ സവിശേഷ സിദ്ധിയും ധൈര്യവും ഉണ്ടെന്നു് അവർ കരുതിയിരുന്നതുപോലെ തോന്നി.

നന്ദിനി ഇടയ്ക്കൊന്നു നിർത്തി വെള്ളം കുടിച്ചു.

അവൾക്കു് ആദ്യത്തെ ചിരി ഇപ്പോൾ തീരെയില്ല. ഉത്കണ്ഠ നിറഞ്ഞ എന്റെ അതേഭാവം. ഒരേ വെയിലിൽ ഒരേ നിഴലായിരിക്കുമല്ലോ. സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ ഒരു മണം വരുന്നുണ്ടു്. ആ ഗന്ധം എനിക്കറിയാം. എന്നാൽ അതു് ഞാനനുഭവിച്ച മണമല്ല. അമ്മ അറിഞ്ഞ മണമാണു്. കനാലിനപ്പുറത്തെ ചതുപ്പിൽ താമര വിരിഞ്ഞു നിൽക്കുകയാണു്. ഇടയ്ക്കു് ആമ്പലും. കാണാൻ ഭംഗിയുള്ള പൂക്കളാണെങ്കിലും ചേറ് മണമാണു് അവിടെല്ലാം എന്നു് അമ്മ എത്രവട്ടം പറഞ്ഞിരിക്കുന്നു. അമ്മ കൊണ്ട ആ മണം ഞാൻ തിരിച്ചറിയുകയാണു്. ആരാണു് പറഞ്ഞതു് മണം റെക്കോഡ് ചെയ്യാൻ കഴിയില്ലെന്നു്. അമ്മ ഓർമയിൽ റെക്കോഡ് ചെയ്ത ആ മണമാണു് ഞാനിപ്പോൾ അറിയുന്നതു്. ഒരിക്കൽപോലും കാണാത്ത ആ നാടിന്റെ മണം ദൂരെയെവിടെയോയെത്തി ഞാനറിയുകയാണു്.

മുമ്പു് ഇതുപോലെ അമ്മയുടെ തലയിൽ അമ്മൂമ്മ തേച്ചിരുന്ന വെന്തവെളിച്ചെണ്ണയുടെ മണം ഞാൻ അറിഞ്ഞിരുന്നു. നന്ദിനിയുടെ അനിയന്റെ മുടിയിഴകളിൽ നിന്നു്. ശബ്ദവും വെളിച്ചവും ദൃശ്യവും പോലെ റെക്കോഡ് ചെയ്തു് ഗന്ധത്തെ പിന്നെ ഉപയോഗിക്കാൻ കഴിഞ്ഞെങ്കിൽ. അങ്ങനെ സാധിച്ചാൽ ഒരു നാടകത്തിൽ എന്തൊക്കെ ചെയ്യണം എന്നു് എനിക്കു് ഊഹമുണ്ടായിരുന്നു. കീഴ്ശ്വാസത്തിന്റേയും പുളിച്ച കള്ളിന്റേയും ബീഡിയുടേയും കഞ്ചാവിന്റേയും മണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്യണം. അതു സഹിക്കാനാകാതെ കാണികൾ ച്ഛർദ്ദിക്കണം. മന്ത്രിമാരുള്ള അരങ്ങുകളിൽ ചാളക്കാരി കോളനിയിലെ മണം പകർത്തി എത്തിക്കണം. ഓരോ പുരുഷനും ആഗ്രഹിക്കുന്ന സ്ത്രീയുടെ ഗന്ധം; ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന പുരുഷന്റെ ഗന്ധം; ഇതു രണ്ടും തുറന്നുവിട്ടു് ലോകത്തെ മുഴുവൻ ജീവികളേയും ഉന്മത്തരാക്കണം. ആരുമിനി നഷ്ടഗന്ധങ്ങളിൽ ഉരുകരുതു്. എനിക്കു് പദ്ധതികൾ അനേകമുണ്ടായിരുന്നു.

സൈക്കിൾ തെങ്ങിന്റെ ചുവട്ടിലെത്തി. നന്ദിനി ഇറങ്ങി. ഞാനും. ആളൊഴിഞ്ഞ വീടു്. നോക്കെത്താ ദൂരത്തൊന്നും വേറാരുമില്ല. തെങ്ങിൻതോപ്പു് കാടുകയറിക്കിടക്കുകയാണു്. ആളനക്കം കുറച്ചുകാലമായി ഇല്ല എന്നു് അറിയിക്കുന്ന പന്തലിച്ച പടർപ്പുകൾക്കിടയിലൂടെ നന്ദിനി നടന്നു.

ഒരു പന്നിയെലി മുന്നിലൂടെ പാഞ്ഞുപോയി. പിന്നാലെ പാമ്പുവരുമെന്നു് അവൾ അലറി. ഒറ്റച്ചാട്ടത്തിനു് എന്റെ എളിയിൽ. നീർക്കോലി മുതൽ ശംഖുവരയനും അണലിയും വരെയുള്ള ആറ്റെറുമ്പുകൾ. തൊട്ടാൽ മരിച്ചുവീഴുന്ന വിഷപ്പാമ്പുകൾ പുളയ്ക്കുന്ന കായൽ. ഇതെല്ലാം കടന്നുവന്ന ഞാൻ ചിരിച്ചു. അതോടെ ദൗത്യ നായകത്വം നന്ദിനിയിൽ നിന്നു് എന്നിലെത്തി.

അന്നാണു് എനിക്കൊരു കാര്യം മനസ്സിലായതു്; നയിക്കാനല്ലാതെ നയിക്കപ്പെടേണ്ടി വന്നാൽ ഞാൻ തളർന്നുപോകുമെന്നു്. വലിയൊരു കമ്പെടുത്തു. പള്ളയുടെ തലപ്പുകൾ വെട്ടി ഞാൻ മുമ്പേ നടന്നു. അതുവരെയുള്ള എല്ലാ ധൈര്യവും ചോർന്നു് നന്ദിനി പിന്നാലെ. എന്റെ മനസ്സും കീഴ്മേൽ മറിഞ്ഞു. ഞാൻ തീർച്ചയാക്കി. ഇതു പരാജയപ്പെടാനുള്ള യാത്രയല്ല. നന്ദിനിയുടെ കുടുംബത്തെ ഇറക്കിവിട്ടശേഷം ബാങ്കിനു് ഇതു വിൽക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടു് ആരും വന്നിട്ടില്ല. ബാങ്ക് ജപ്തി ചെയ്ത വീട്ടിൽ കയറാൻ മാത്രം മണ്ടന്മാരല്ല നാട്ടിലെ കള്ളന്മാർ. ജപ്തിയാണു് ലോകത്തെ ഏറ്റവും വലിയ കൊള്ള. അതുകഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കിയുണ്ടാകില്ല. അതുകൊണ്ടു തന്നെ നന്ദിനിയുടെ അച്ഛൻ എന്തൊക്കെ ഉപേക്ഷിച്ചിട്ടുണ്ടോ അതൊക്കെ അവിടെ ഉണ്ടാകണം.

ഞങ്ങൾ പൊട്ടിപ്പോളിഞ്ഞ ചെറിയഇറയത്തു് എത്തി. നന്ദിനി പറഞ്ഞ ദിശയിൽ പിന്നിലെ വിറകുപുരയിലേക്കു നീങ്ങി. അവിടെ ഒരു ചാക്കിൽ കെട്ടിയിട്ടിരിക്കുന്ന മരാമത്തു് സാധനങ്ങൾക്കൊപ്പം മടക്കിയ ചാരുകസേരയും ഉണ്ടെന്നാണു് നന്ദിനിയുടെ ഉറപ്പു്. അതിന്റെ ഒരുകൈപ്പടിയിൽ കുഴിയുണ്ടു്; അതു പാൽക്കുപ്പി വയ്ക്കാനാണു്. രണ്ടാമത്തെ പടിയിൽ കളിപ്പാട്ടങ്ങൾ തൂക്കിയിടാവുന്ന ക്രാസി. ഇതാണു് അടയാളം. ഞാൻ ചാക്കിന്റെ കെട്ടഴിക്കുമ്പോൾ നന്ദിനി ഏറെ മാറി പേടിയോടെ നിന്നു.

അതൊരു വിജയിച്ച ദൗത്യമായിരുന്നു. സ്കൂളിലേക്കുള്ള ചോറുപാത്രത്തിൽ സിസ്റ്റർ സന്ധ്യ രണ്ടുപേർക്കും വേണ്ടത്ര നൂഡിൽസ് തന്നുവിട്ടിരുന്നു. നന്ദിനി അതു കഴിച്ചുകൊണ്ടു പറഞ്ഞു: എന്റെ വീട്ടിൽ നൂഡിൽസൊന്നും ഉണ്ടാക്കിയിട്ടേയില്ല. ഇഡലി, ദോശ, ഉപ്പുമാവു്. മൂന്നുമല്ലെങ്കിൽ ഗോതമ്പുകഞ്ഞി. പുട്ടു് ഞങ്ങൾ ഉണ്ടാക്കാറേ ഇല്ല, അപ്പവും ഇടിയപ്പവും തീരെ ഇല്ല. പൊറോട്ട കേട്ടിട്ടു മാത്രമേയുള്ളു.

കടംകയറി വസ്തുവെല്ലാം പോയാലും മേൽജാതിക്കാരുടെ വാടകവീടുകളിൽ നിന്നു ഭക്ഷണത്തിലേയും ഭാഷയിലേയും മിഥ്യാഭിമാനം പോകില്ല എന്നു് സാമൂഹിക പാഠം ക്ലാസിൽ ജോൺ മാത്യു സർ പറഞ്ഞതു് ഓർക്കാനുള്ള നിമിഷമായിരുന്നു അതെനിക്കു്.

ആ മടക്കത്തിൽ അവളുടെ മുഖം വിടർന്ന താമരപോലെ നിറംപരത്തി. സ്വന്തം വീടുപോയ ഒരാൾ ചിരിക്കുകയാണു്. സ്വന്തം വസ്തുവാണു്. കവർന്നാണു് അതെടുക്കുന്നതു്. സ്വന്തം ജീവിതം മോഷ്ടിച്ചെടുത്ത നന്ദിനിയുടെ കൂട്ടുപ്രതിയായതിൽ ഞാനും ഉന്മാദം കൊണ്ടു. എന്റെ സൈക്കിളായിരുന്നു വണ്ടിപ്പാടുകൾക്കു മുന്നിൽ. നന്ദിനി അലസം പിന്നിൽ വന്നു. അവളുടെ സൈക്കിൾ ചുമടുതാങ്ങിയിൽ ആ ചാരുകസേരയുണ്ടു്. അതിൽ മഞ്ഞയും പച്ചയും വരകളുള്ള തുണികൊണ്ടു് ഇരിപ്പുസഞ്ചി തുന്നാനുള്ള ഹരമാണു് ആ മുഖത്തു്.

ഋദ്ധി ഞെട്ടിയുണർന്നു.

ബഹളമാണു്. സുശീല മാത്രം അതിൽചേരാതെ ഋദ്ധിയുടെ കട്ടിലിൽ ചുരുണ്ടുകിടന്നു. ആ ക്യാംപിൽ ഉള്ള ഒരേയൊരു കട്ടിലാണു് ഋദ്ധിയുടേതു്. അതുകൊണ്ടു് ഇപ്പോൾ സുഖമായ കിടപ്പു് ഈ അമ്മയ്ക്കും മകൾക്കും മാത്രമാണു്. വീട്ടിൽ നിന്നു പോരുമ്പോൾ ഋദ്ധി കിടന്നിരുന്ന കട്ടിലും ആംബുലൻസിൽ കൊണ്ടുവന്നതാണു്. ബാക്കിയുള്ളവരെല്ലാം നിരത്തിയിട്ട ബെഞ്ചുകളിലും ഡെസ്കുകളിലുമാണു് ഇന്നലെ മുതൽ കിടക്കുന്നതു്. ചാളക്കാരി കോളനിയിലെ പലർക്കും അതുപോലും ആഡംബരമാണു്. ചാണകം മെഴുകിയ തറയിലെ കൈതപ്പായയിൽ കിടന്നവർക്കു് ഇതിലപ്പുറമെന്തു്.

സുശീല ചെവിയോർത്തു. ബഹളം ഭക്ഷണത്തെച്ചൊല്ലിയാണു്. രാവിലെ സൂചിഗോതമ്പുകൊണ്ടു് ഉപ്പുമാവാണു്. ക്യാംപിലുള്ളതു് നൂറ്റിമുപ്പത്തിയഞ്ചു പേർ. നാൽപതുപേർ കഴിച്ചപ്പോഴേ ഉപ്പുമാവു കഴിഞ്ഞു. ദേഹണ്ഡക്കാരൊന്നുമില്ല. ക്യാംപിലുള്ളവർ തന്നെ സ്കൂളിലെ കഞ്ഞിപ്പാത്രത്തിൽ വഴറ്റിയതാണു്.

വലിയ പ്രശ്നമൊന്നുമില്ല. സൂചി ഗോതമ്പുണ്ടു്. വീണ്ടും ഉണ്ടാക്കണം. രണ്ടാമതു് ഉണ്ടാക്കേണ്ടി വന്നതിനുള്ള പരസ്പരം കുറ്റപ്പെടുത്തലുകളാണു്. വീണ്ടും മുളകരിഞ്ഞു്, ഉള്ളിതൊലിച്ചു്, ഇഞ്ചി ചുരണ്ടി, കടുകു് വെളിച്ചെണ്ണയിൽ മൂപ്പിച്ചു്, കറിവേപ്പിലയിട്ടു്, ഉള്ളിയും മുളകും ഇഞ്ചിയും വഴറ്റി, സൂചി ഗോതമ്പു് പിന്നാലെയിട്ടു്, അടുത്ത അടുപ്പിൽ നിന്നു തിളച്ച വെള്ളം ഗോതമ്പിന്റെ മൂന്നിരട്ടി കോരിയൊഴിച്ചു്, രണ്ടു കൈ നിറയെ ഉപ്പുമിട്ടു് പരന്ന അലുമിനിയം പ്ലേറ്റു കൊണ്ടു് അവർ അടച്ചുവച്ചു.

ഇതിനി എത്രപേർക്കൊണ്ടടാവ്വേ എന്നു് അന്നമ്മ.

കിട്ടാത്ത തൊണ്ണൂറു പേരുടെയും പ്ലേറ്റുകളിലേക്കു തുല്യമായി ഇടുമെന്നു് ഗോപാലച്ചേട്ടൻ.

ഒരു തരി അങ്ങോടും ഇങ്ങോടും ഇല്ലെന്നു് മെംബർ പൈലി.

രണ്ടാമതു് വയ്ക്കേണ്ടി വന്നില്ലാരുന്നേൽ മുഷിഞ്ഞു് മരിച്ചേനേ എന്നു് സേവ്യർ.

കാലിലാരോ അടിച്ചു. സുശീല ഞെട്ടി കണ്ണുതുറന്നു.

ബിനോയി കയ്യിലൊരു വീശുപാള പിടിച്ചു നിന്നു ചിരിക്കുന്നു. ഒരു കൊതുകിനെ കൊന്നതാണെന്നു് പറഞ്ഞു് പാളയിൽ ചോരപറ്റിയതു് കാണിച്ചു. സുശീല മുണ്ടു് ഒന്നുകൂടി വലിച്ചു് കാൽവണ്ണവരെ മൂടി. പരിഭ്രമം മാറാതെ എഴുനേറ്റിരുന്നു. തല കറങ്ങുന്നുണ്ടു്. എന്താണു കാരണം എന്നു മനസ്സിലാകുന്നില്ല. അങ്ങനെ ഇക്കാലത്തിനിടയ്ക്കു പതിവില്ല.

ബിനോയി ദുരേയ്ക്കു ചൂണ്ടി. ആൻസി എന്നാണു് ഭാര്യയുടെ പേരു് എന്നു പറഞ്ഞിട്ടുണ്ടു്. അവരുടെ കല്യാണം ഋദ്ധി കിടപ്പിലാവുന്നതിനു് ആറേഴ് മാസം മുൻപായിരുന്നു. ഈ നാട്ടിൽ പത്തുവർഷമായിട്ടും ഒരിക്കൽ പോലും കണ്ടിട്ടില്ല. സുശീല നോക്കി. തല കൂടുതൽ ചുറ്റുന്നുണ്ടു്. സുശീലയ്ക്കു കിടക്കാൻ തോന്നി. ബിനോയിക്കു് ഏനക്കേടു് മനസ്സിലായി. ഞാനിവിടെ തന്നെയുണ്ടു് എന്നു പറഞ്ഞു് നടന്നുപോയി. സുശീല വീണ്ടും കിടന്നു. പെട്ടെന്നു് മേൽക്കൂര മുഴുവൻ കറങ്ങുന്നു. കട്ടിലിന്റെ രണ്ടറ്റത്തും കൈപിടിച്ചു. കറക്കത്തിന്റെ വേഗം കൂടുകയാണു്.

സുശീല സ്കൂൾ കാലം കഴിഞ്ഞു് ആദ്യമായി ദൈവത്തെ വിളിച്ചു: “എന്റെ ഈശ്വരന്മാരേ, എനിക്കു മുൻപു് എന്റെ കൊച്ചിനെ വിളിച്ചോണേ…”

കണ്ണടച്ചു് ഒരു മിനിറ്റു കഴിഞ്ഞപ്പോൾ ലോകം സാധാരണ നിലയിലായി. വീണ്ടും തുറക്കാൻ പേടിയായി. തുറക്കാതെ വയ്യല്ലോ. തുറന്നു. ലോകം അതിവേഗം കറങ്ങുക തന്നെയാണു്. സുശീലയ്ക്കു കണ്ടതു മതിയായി. ഇങ്ങനെയൊന്നു് ആദ്യമാണു്. പതിനാലു വയസ്സുമുതൽ നാൽപ്പത്തിനാലു വരെ ഒരിടത്തും ഇരുന്നിട്ടില്ല, പിന്നല്ലേ കിടക്കുന്നതു്. പനിയും ജലദോഷവും വന്നപ്പോഴൊന്നും കായലീപ്പോക്കു് മുടക്കിയിട്ടുമില്ല. ഇന്നു് ഈ നിമിഷമാണു് ഭയമറിയുന്നതു്. ഞാൻ പോയാൽ എന്റെ മോൾ?

എന്റെ ദൈവമേ, എന്റെ ദൈവമേ… എന്നു് തല കറങ്ങുമ്പോൾ സുശീല ആർത്തു.

ആറാന കുടയും ആലവട്ടവുമേറ്റി നിരന്നു നിന്നു കയറും.

വഴിതെളിച്ചുവന്നപ്പോൾ തെളിഞ്ഞതു് പടുകൂറ്റൻ കവാടം. വാതിലിന്റെ പലകയുടെ കനം തന്നെ പന്ത്രണ്ടു് ഇഞ്ചാണു്. അടിയിലെ നേർത്ത വിടവിലൂടെ ഓലകടത്തിവിട്ടു് ചതുര അളവെടുത്തു. ഒരടി കനമുള്ള പലകകൾ പതിനെട്ടു് ഇഞ്ചു് കനമുള്ള ചതുരക്കള്ളികളിൽ തല്ലിക്കൂട്ടി പണിത വാതിൽ. ഈ കോട്ടയ്ക്കായി പണിതതാകണമെന്നില്ല; വൻകരയിലെ ഏതെങ്കിലും കൊട്ടാരവാതിൽ പൊളിച്ചു കൊണ്ടുവന്നതാകാമെന്നു് രണ്ടുവട്ടം തെക്കുവടക്കു നടന്നു ചതുര തീർപ്പാക്കി. അന്നു പണിയാൻ നാൽപ്പതു തേക്കെങ്കിലും തീർത്തുകാണും.

ത്രയ:
“ഓ വാതിലൊക്കെ ആരെങ്കിലും എടുത്തുകൊണ്ടുവരുമോ?”.
ചതുര:
“ചെങ്കോട്ടയുടെ വെള്ളി മേലാപ്പു് അഴിച്ചുവിറ്റു് പാനിപ്പറ്റ് യുദ്ധം നടത്തിയ രാജാക്കന്മാരുണ്ടു്.”
ഏകൻ:
“ചെങ്കോട്ടയിൽ നിന്നു കാണാതായ മയൂര സിംഹാസനം ഇനി ഇതിനുള്ളിലെങ്ങാനും?”
ദശ:
“പട്ടമഹിഷിയുടെ മൂക്കുത്തിയിലെ അരയ്ക്കാൽ പണമിട പൊന്നുരുക്കി ചൂതുകളിച്ച തമ്പുരാക്കന്മാരുള്ളപ്പോഴാണു് മയൂര സിംഹാസനം ചില്ലിട്ടുവയ്ക്കുന്നതു്.”
ത്രയ:
“അതേതു തമ്പുരാൻ?”
ദശ:
“ഉറപ്പായും കാണും, ചുമ്മാ ചരിത്രമൊക്കെയൊന്നു മറിച്ചു് നോക്കു്…”

ത്രയ നിർത്താതെ ചിരിച്ചു. ഋദ്ധിയിൽ പതിവില്ലാത്ത മന്ദഹാസം വിടർന്നു.

തെളിഞ്ഞചാഞ്ഞപാതയിൽ പകുതിപ്പേരും ഒത്തുപിടിച്ചു് വലിയൊരു ഉരുളൻതടി ഉരുട്ടിയെത്തിച്ചു. തേച്ചുമിനുക്കി എണ്ണയിട്ടു വച്ചിരുന്ന ഉരുപ്പടിയാണു്. പലകയാക്കാൻ കൊണ്ടുവന്നു ബാക്കിവച്ചതാകും എന്നാണു് ചതുര കണ്ടെത്തിയതു്. ഇവിടെവിടെങ്കിലും പഴയ അറക്കവാളും കാണണമെന്നും ചതുര ഉറപ്പിച്ചു. ഋദ്ധിയാണു് മറ്റൊരു സംശയം പറഞ്ഞതു്. പത്തുപന്ത്രണ്ടുപേർ കവച്ചുകിടന്നു് കപ്പലിൽ നിന്നു കരയിലേക്കും തിരിച്ചും പോയ കട്ടമരവുമാകാം എന്നു്. തടിയുടെ ഇരുവശത്തുമായി ഏകനെ പിൻതുടർന്നു് എഴുപത്തിയാറുപേരും ഋദ്ധിയും നിന്നു.

ഋദ്ധി:
“ലോകംകണ്ട ഏറ്റവും വലിയ, വലിയ വലിയ, പെരുംനുണ പിൻതുടർച്ചയാണു്.”
ഏകൻ:
“അധരോർജ്ജമാണല്ലോ എല്ലാ അടിമകളുടേയും അടിയാധാരം;ചുമ്മാ തർക്കിക്കുക തന്നെ.”
ത്രയ:
“പണിയെടുപ്പിക്കാനുള്ള മൂത്തമുതലാളിത്ത തന്ത്രം.”

വാതിൽ ഇടിച്ചു തുറക്കാനുള്ള താളത്തിനായി ‘ഐലസാ…’ വിളി ദ്വാദശിയിൽ നിന്നുയർന്നു. സപ്തമ ‘ഏലേലയ്യ…’ എന്നു് ഏറ്റുപിടിച്ചു. ഐലസാ… ഏലേലയ്യ…വിളികൾ ആവർത്തിച്ചു് ആ തടികൊണ്ടു് അവർ വഞ്ചിപ്പെരുംകോട്ടവാതിലിൽ ഇടിച്ചു. ആദ്യ മൂന്നു് ഇടികളിലും മരം ഒരു ചലനവും ഉണ്ടാക്കാതെ ഇടിച്ചു നിന്നു. നാലാം ശ്രമത്തിൽ ഇടത്തെ വാതിൽപ്പാളി അടർന്നു വീണു. ആഘാതം ഏൽക്കാത്തതുപോലെ അനക്കമില്ലാതെ നിന്ന രണ്ടാം പാളി ഒരു നിമിഷത്തിനു ശേഷം മരംവീഴുംപോലെ കരഞ്ഞു മലക്കെത്തുറന്നു. വഞ്ചിക്കോട്ടവാതിൽ കടന്നു് പലദശാബ്ദങ്ങൾ ഒന്നിച്ചു പ്രവേശിച്ചു.

പത്തിലേറെ വഞ്ചികൾ നിരന്നു കിടക്കുകയാണു്. ചില പായ്മരങ്ങൾ പതിറ്റാണ്ടുകളെ വെന്നു നെടുനീളത്തിൽ, ചിലതു് നൊത്തു് ഒടിഞ്ഞുതൂങ്ങി. മടക്കിവച്ചിരുന്ന പായകൾ ദ്രവിച്ചു പൊടിയായി പാറിക്കിടന്നു.

ത്രയോദിശി:
“പിൻതുടർച്ച ഒരു നുണയല്ല, കരുതലാണു്”

ഋദ്ധി ഒന്നിൽ കൈവച്ചു. മരം തുളഞ്ഞു് കൈ ഉള്ളിലേക്കു പോയി. പഴയ ഏതോ പതിറ്റാണ്ടിൽ പൊഴിച്ചിട്ടുപോയ എട്ടടി നാഗപടം കടൽകൊണ്ടുവന്ന കാറ്റിൽ പതാകപോലെ പാറി.

നവമിക്കു ശ്വാസംമുട്ടി.

മാറാപ്പിൽ നിന്നു് ചതുര വീതുളി എടുത്തു. തടവറ മതിൽ തകർത്തിറങ്ങുമ്പോൾ കോണോടുകോൺ മടക്കിയ കോറത്തുണിയിലെടുത്തതു് നാലു വീതുളി, ഒരു കൊത്തുളി, ചിന്തേര്, കൈവാൾ, കൊട്ടൂടി, പിന്നെ മുഴക്കോലും. ഇടംചെവിയിലെ പെൻസിൽ മാറ്റി ചതുര ബീഡി തിരുകിയതു് സമുദ്രയുടെ കപ്പലിൽ കയറിയതിനു പിന്നാലെയാണു്. കൊട്ടോടി കൊണ്ടു തട്ടി ഉരുവിനു ചുറ്റും ചതുര നടന്നു. ഓരോ ചുവടിലും അറക്കപ്പുരയിൽ നിന്നെന്നതുപോലെ പൊടിയുയർന്നു.

ഏകൻ:
“കാറ്റും വെട്ടവുമടിക്കാത്ത തനിതേക്കിൻകാതലും കുത്തനെടുക്കും.”
ദ്വാദശി:
“കാറ്റടിക്കാത്ത മനുഷ്യരേയും.”

തെളിച്ചെടുത്ത പാതയിലൂടെ ഋദ്ധി കടലോളം നടന്നു. വീട്ടുകാരനെ കണ്ട നായക്കുട്ടിയെപ്പോലെ തിരവന്നു് കാലിൽ തൊട്ടുരുമ്മിത്തുള്ളി മടങ്ങി, ഓട്ടം മുഴുമിക്കും മുൻപു തിരികെവന്നു് വട്ടംചുറ്റി. പിന്നെയും അതു് ഓടിപ്പോയി, വന്നു.

സുശീല ഋദ്ധിയുടെ ട്യൂബ് വിടുവിച്ചു് മൂത്രബാഗുമായി പുറത്തേക്കു നടന്നു.

വേണ്ടിവന്നാൽ താങ്ങാൻ ഭിത്തിയോടു് ചേർന്നാണു് നടന്നതു്. ഇപ്പോൾ തല കറങ്ങുന്നില്ലെങ്കിലും ആകെ മന്ദതയാണു്. സ്കൂളിലെ കുട്ടികളുടെ മൂത്രപ്പുര ക്ലോസെറ്റുകളും വെള്ളക്കുഴലുകളും തൊട്ടിയും ഇല്ലാത്തവയാണു്. എന്നിട്ടും അതു് കോളനിയിലെ പല വീടുകളിലുമുള്ള സൗകര്യങ്ങളേക്കാൾ മികച്ചു നിന്നു. ഋദ്ധിയുടെ പിൻതലമുറ ഇരുന്നു മൂത്രമൊഴിക്കുന്ന പാത്തിയിലേക്കു് ആ ബാഗ് സുശീല മറിച്ചു. ഒപ്പം സ്വയം മൂത്രമൊഴിച്ചു. തിരികെ എഴുനേറ്റു നടക്കുമ്പോൾ സുശീല മനസ്സിനെ പറഞ്ഞുറപ്പിച്ചു: തലകറങ്ങി എന്നു വെറുതെ തോന്നിയതാണു്. എനിക്കൊരു കുഴപ്പവുമില്ല.

ആ നടപ്പിൽ ആൻസി അടുത്തുവന്നു.

സുശീല അറിയുമോ?

സുശീല:
ആൻസി…
ആൻസി:
നമ്മൾ കണ്ടിട്ടേയില്ലല്ലോ?
സുശീല:
എനിക്കറിയാം.

ആൻസി സുശീലയുടെ തോളിൽ പിടിച്ചു. സുശീലയ്ക്കു ബിനോയി ആദ്യമായി തൊടുന്നതുപോലെ തോന്നി. കണങ്കാലിൽ രോമങ്ങൾ എഴുന്നതായി അറിഞ്ഞു. സുശീലയ്ക്കു് ചുണ്ടുകൾ വിറച്ചു. ആൻസി പതുക്കെ കട്ടിലിലേക്കു പിടിച്ചു കിടത്തി. ഋദ്ധിയുടെ കാൽച്ചുവട്ടിൽ സുശീല ചുരുണ്ടു കിടന്നു. ആൻസി സുശീലയുടെ കൺപോള വിടർത്തി നോക്കി. നല്ല മഞ്ഞ നിറം. രണ്ടരപതിറ്റാണ്ടായി കായലിൽ കിടന്നു ദ്രവിച്ച നഖങ്ങളിൽ പിടിച്ചു. അതു തൊട്ടാൽ അടരുമെന്ന മട്ടിൽ നിൽക്കുന്നു. ആൻസി നടുവു നിവർത്തിയപ്പോഴേക്കും ബിനോയി പിന്നിലെത്തി.

ഡോക്ടറെ വിളിക്കണം.

സുശീല ഋദ്ധിയുടെ കട്ടിലിനു താഴെ വിറച്ചു കിടക്കുന്നതുകണ്ടു് ഒന്നു നോക്കണമെന്നു് ബിനോയി ആൻസിയോടു് പറഞ്ഞിരുന്നു. പത്തു വർഷമായി നഴ്സാണു് ആൻസി. സുശീലയുടെ ആ വേച്ചുള്ള പോക്കു കണ്ടപ്പോഴേ താളപ്പിഴ തിരിച്ചറിഞ്ഞിരുന്നു.

ദ്വാദശി ഋദ്ധിയുടെ പൊക്കിളിനു മുകളിൽ വലതുകയ്യിലെ അഞ്ചു വിരലുകളും വിടർത്തി വച്ചു.

ആ വിരലുകൾക്കു മുകളിൽ ഋദ്ധിയുടെ വലതുകൈ. പിന്നെ ദ്വാദശിയുടെ ഇടതുകൈ. അതിനു മുകളിൽ ഋദ്ധിയുടെ ഇടതുകൈ.

“അക്കുത്തിക്കുത്താനവരമ്പത്ത്
കല്ലേക്കുത്തു് കടുംകുത്ത്…”

അക്കുത്തിക്കുത്താനവരമ്പത്ത്… നന്ദിനി കുഞ്ഞുണ്ണിയുടെ ചുരുട്ടിപ്പിടിച്ച കൈകളിലെ വിരലുകൾ ഓരോന്നായി വിടർത്തി. മുകളിൽ നന്ദിനിയുടെ കൈ. അതിനു മുകളിൽ ഞാൻ. അതിനു മുകളിൽ ജൂവൽ. പിന്നെ ആനി. സുലൈഖ, അഫ്സൽ… അക്കിത്തിക്കുത്തു് ആവേശത്തോടെ പറയുകയാണു്. അട്ടഹാസങ്ങളും ആ വീട്ടിൽ നിറയുകയാണു്. ഞങ്ങളുടെ ഓരോ അലർച്ചയ്ക്കുമൊപ്പം കുഞ്ഞുണ്ണി കാലുകളും കൈകളും അന്തരീക്ഷത്തിൽ ചിവിട്ടി കുതിക്കുകയാണു്.

പെട്ടെന്നു് നന്ദിനി കൈ പിൻവലിച്ചു് എഴുനേറ്റു മാറി നിന്നു. വഴിയിൽനിന്നു് അച്ഛന്റെ സ്കൂട്ടർ കയറി വന്നു. നന്ദിനി എല്ലാവരോടും കൈകാണിച്ചു. പോകാനാണു് ആ ആഗ്യം. അമ്മ പെട്ടെന്നു വന്നു് കുഞ്ഞുണ്ണിയെ തോളിലിട്ടു് അകത്തേക്കു പോയി. ഞങ്ങൾ ഓരോരുത്തരായി പുറത്തിറങ്ങി. അച്ഛൻ ആരേയും നോക്കുക പോലും ചെയ്യാതെ മുറിയിലേക്കും. പിന്നിൽ വാതിൽ അടഞ്ഞു. സൈക്കിൾ എടുത്തു് മിണ്ടാതെ റോഡിലെത്തിയപ്പോൾ ജുവൽ: “അച്ഛൻ വന്നതു് കാര്യമായി, എനിക്കു് മുള്ളാൻ മുട്ടി നിൽക്കുകയായിരുന്നു.”

ജൂവൽ നിന്നുകൊണ്ടു് സിബ് താഴ്ത്തി. എന്നാൽ പിന്നെ ഞാനും മുള്ളാമെന്നു് ജീൻസ് വലിച്ചു് താഴ്ത്തി അവിടെ ഇരുന്നു. നന്ദിനിയുടെ വാടകവീടിന്റെ മതിലിനു താഴെയുള്ള ഓടയിലേക്കാണു് ഞങ്ങൾ മത്സരിച്ചു മൂത്രമൊഴിച്ചതു്. ഞങ്ങൾ രണ്ടാളും മൂത്രമൊഴിച്ചു തുടങ്ങിയതേ ആനിയും സുലൈഖയും അഫ്സലും വന്നു് ഒപ്പം കൂടി. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. തലപൊക്കി നോക്കുമ്പോഴുണ്ടു് നന്ദിനി ജനലിന്റെ അഴികൾക്കിടയിലൂടെ രണ്ടു വിരലുകൾ ഉയർത്തി വിക്ടറി കാണിക്കുന്നു. അഫ്സലിനു് ചിരി പൊട്ടി നിൽക്കാൻ വയ്യ.

“എന്തെടാ” എന്നു ജൂവൽ.

“അവളുടെ അച്ഛനിതെല്ലാം അപ്പുറത്തെ ജനൽ വഴി കാണുന്നുണ്ടെടാ…” എന്നു് പറഞ്ഞു് അവൻ സിബ് അടച്ചു.

പുറത്തേക്കുള്ള വഴികൾ എല്ലാം അടച്ചിരിക്കുകയാണെന്നു് ഡോ. സന്തോഷ് കുമാർ പറഞ്ഞു.

പട്ടാളവണ്ടിയിലാണു് ഡോക്ടറെ ക്യാംപിലെത്തിച്ചതു്. ഇനി ഒരറിയിപ്പു് ഉണ്ടാകുന്നതുവരെ ഡോ. സന്തോഷ് കുമാർ ക്യാംപിലുണ്ടാകണം എന്ന നിർദേശം കൈമാറി പട്ടാളം പോയി. ഡോക്ടർ വന്നതോടെ തിക്കുംതിരക്കുമായി. ചിലർക്കു് ക്യാംപിലെത്തിയിട്ടു വയറ്റിൽ നിന്നു പോകുന്നില്ല. മറ്റു ചിലർക്കു് വയറിളക്കമാണു്. ചിലർക്കു പനിക്കുന്നു. വേറെ ചിലർക്കു് ശരീരത്തിൽ ചൊറിഞ്ഞു തടിക്കുന്നു. കുമിളകൾ പൊട്ടുന്നു. സുശീലയ്ക്കു് എഴുനേൽക്കുന്നതിലും നല്ലതു് അങ്ങനെ കിടക്കുകയാണെന്നു തോന്നി. മയക്കം വരുന്നുണ്ടു്.

ഡോക്ടറുടെ കസേരയ്ക്കു മുന്നിൽ വരി നിന്നവരെ മറികടന്നു് അന്നമ്മ ചെന്നു. “നിൽക്കണ കണ്ടാലറിയാം ഇവരാരും ചാവാൻ പോകുവല്ലാന്നു്. പെണ്ണൊരുത്തി അവിടെ തലപൊങ്ങാതെ കിടക്കുമ്പഴാ.”

ഡോക്ടറുടെ കയ്യിൽ പിടിച്ചു് അന്നമ്മ സുശീലയുടെ അടുത്തേക്കു നടന്നു.

നാടിമിടിപ്പിനു് വേഗം പോരാ. കൺപോളകൾ ഡോക്ടർ വിടർത്തിയിട്ടും സുശീല ഉണർന്നതായി തോന്നിയില്ല. ഓരോ ശ്വാസത്തിനൊപ്പവും മൂളൽ കേൾക്കാം. നേരത്തെ ഉണ്ടായിട്ടുണ്ടോ എന്നു് സ്റ്റെതസ്കോപ്പ് ചെവിയിൽ തിരികി ഡോക്ടർ. ആൻസി അന്നമ്മയെ നോക്കി. അന്നമ്മ രണ്ടു തോളുകൾ മുകളിലേക്കാക്കി ഇല്ല എന്നു കാണിച്ചു. ഇതുവരെ ഒരു പനി ഗുളിക പോലും കഴിച്ചതായി അറിയില്ലെന്നു് പറയണമെന്നുണ്ടായിരുന്നു. അന്നമ്മയ്ക്കു് പേടി തട്ടി ഒച്ചപൊങ്ങിയില്ല. കണ്ണു നിറഞ്ഞു. അങ്ങനെ ഉത്തരം മുട്ടുന്ന അനുഭവം അന്നമ്മയ്ക്കു് ഇക്കാലത്തിനിടെ ഉണ്ടായിട്ടില്ല. സ്വന്തം ചങ്കു് പറിയുന്നതുപോലൊരു പെടപ്പാണിപ്പോൾ.

പെട്ടെന്നു് അന്നമ്മ ഋദ്ധിയെ നോക്കി. അന്നമ്മയ്ക്കു് വെപ്രാളമായി. ഡോക്ടർ അവിടെ നിൽക്കുമ്പോൾ തന്നെ അടുപ്പുകൾ കൂട്ടിയിരിക്കുന്ന മൂലയിലേക്കോടി. പാത്രത്തിൽ ബാക്കിയുള്ള ഉപ്പുമാവു് ഒരു തവി എടുത്തു. തിളച്ചുവരുന്ന അരിയുടെ വെള്ളം അതിലേക്കു മുക്കിയൊഴിച്ചു. തവികൊണ്ടു് അതു് ഉടച്ചു. അരിഞ്ഞുവച്ചിരുന്നതു് സവാളയാണു്. അതു് കൈകൊണ്ടു് ഉപ്പുചേർത്തു ഞരടി മുകളിൽ വിതറി. ഒരു സ്പൂണുമായി ഓടി വന്നു. ഋദ്ധിയുടെ വായിൽ അതു ചെരിച്ചു തിരുകി. ഋദ്ധി കൺതുറന്നു.

അന്നമ്മച്ചെടത്തിയെ ഇങ്ങനെ കാണുന്നതു് ആദ്യമാണു്. അമ്മയല്ലാതെ ഒരാൾ എനിക്കു കഞ്ഞി തന്നിട്ടേയില്ല. അന്നമ്മ ചേടത്തി ശബ്ദം താഴ്ത്തി എന്നതുപോലെ ചോദിച്ചു. വെപ്രാളത്തിൽ ഒച്ച ഉയരുകയാണു് ചെയ്തതു്.

“ചുട്ട മീൻവേണോ പിള്ളേ…”

ആ ചുണ്ടു് അനങ്ങിയതു് അങ്ങനെയാണു്. ചിരിക്കേണ്ടതാണു്. ഞാൻ ചിരിക്കുന്നുണ്ടു്. അതു് അന്നമ്മച്ചേടത്തി അറിഞ്ഞിരുന്നെങ്കിൽ. സ്കൂളിൽ നിന്നിറങ്ങി ഇതുവരെ ആ മഞ്ഞനിറമുള്ള ഉപ്പുമാവു് കഴിച്ചിട്ടില്ല. അമ്മ എന്നുമിപ്പോൾ കഞ്ഞിയാണു് തരാറ്. പലഹാരങ്ങളുടെ രുചി അറിഞ്ഞിട്ടു് എത്ര കാലമായി. ഈ ചരിച്ചുവച്ച സ്പൂണിനു് അപ്പുറത്തു കൂടി ഒഴുകിവരുന്നതു് കഞ്ഞിയല്ല എന്നു് അറിയാം. അതു് ഉപ്പുമാവാണു്. പക്ഷേ, എനിക്കു് അതു വേറിട്ടു തോന്നുന്നില്ല. ഇറങ്ങിപ്പോവുകയാണു്, ഇന്നലെ വരെ കഞ്ഞി ഇറങ്ങിപ്പോയതുപോലെ. നാവു തൊടാതെ കഴിച്ചാൽ ലോകത്തു് എല്ലാ ഭക്ഷണവും ഒന്നുതന്നെയാണു്. വേവിച്ചെടുത്ത കിഴങ്ങും പുഴുങ്ങിയെടുത്ത മാട്ടിറച്ചിയും തൊണ്ടവഴിയിറങ്ങി കുടലിലെത്തി ഒരേജോലി ചെയ്യും. അതിൽ കുറച്ചുമാത്രം ഞരമ്പുകൾ വലിച്ചെടുക്കും. ബാക്കിയെല്ലാം ഒരേ വഴിയിലൂടെ പുറത്തുപോകും.

ഡോക്ടർ എന്റെ കണ്ണുകൾക്കു മുകളിലുടെ കൈപ്പത്തി ഇരുവശത്തേക്കും ചലിപ്പിക്കുന്നുണ്ടു്. ഞാൻ കണ്ണുമാറ്റില്ല എന്ന വാശിയിലായിരുന്നു. മുകളിൽ ഒരു എട്ടുകാലി വയറ്റിൽ മുട്ടകളുമായി ഉണ്ടു്. അതുവലയിൽ തുങ്ങിയാടുകയാണു്. എന്റെ കണ്ണിനും ആ എട്ടുകാലിക്കും ഇടയിലൂടെ എന്തു തടസ്സം വന്നാലും ഞാൻ നോട്ടം പിൻവലിക്കില്ല.

ഡോക്ടർ അന്നമ്മയോടു പറയുകയാണു്. ഇപ്പോൾ ഓർമകളും ഉണ്ടാകാനിടയില്ലെന്നു്. കണ്ണുകൾ പോലും അനക്കുന്നില്ലല്ലോ എന്നാണു് ഡോക്ടർ പറഞ്ഞതു്. ഞാൻ കണ്ണു് ചലിപ്പിക്കുകയാണു് വേണ്ടിയിരുന്നതു് എന്നു് അപ്പോഴാണു തോന്നിയതു്. ഡോക്ടർ ചൂണ്ടുവിരൽ മുകളിൽ നിന്നു് താഴേക്കു കൊണ്ടുവരികയാണു്. ആ വിരലിന്റെ വലതുവശത്തും ഇടതുവശത്തും രണ്ടു നിറമാണെന്നു് ഞാനറിഞ്ഞു. ആ വിരൽ മൂക്കിന്റെ തുമ്പു വരെ ഡോക്ടർ എത്തിച്ചു.

അന്നമ്മയോടു് ഡോക്ടർ പറഞ്ഞു. നമ്മൾ പറയുന്നതു ചുണ്ടനങ്ങുന്നതു കണ്ടു് മനസ്സിലാക്കുന്നുണ്ടാകും. ഒന്നും ഓർമയിൽ ഉണ്ടാകില്ല. അപ്പപ്പോൾ കണ്ടും കേട്ടും തീരുകയാണു്. എനിക്കിപ്പോഴാണു് മനസ്സിലായതു് ഞാനൊരു തൽസയമ വാർത്താ ചാനലാണെന്നു്. അപ്പോൾ കാണുന്നതു മാത്രം അറിയിക്കുന്ന ഒരാൾ. പഴയതൊന്നും ഓർമിപ്പിക്കാത്ത വരാനുള്ളതിനെക്കുറിച്ചൊന്നും ആശങ്കയില്ലാത്ത പലശതം ടെലിവിഷൻ ചാനൽപോലെ ഞാനും.

കൊച്ചുകുഞ്ഞുങ്ങളെപ്പോലെയാണു്. എല്ലാം കാണുകളും കേൾക്കുകയും ചെയ്യും. ആറേഴ് വയസ്സുവരെ എന്തു നടന്നുവെന്നു് പിന്നെയോർത്താൽ കിട്ടുമോ? ചിരിക്കുകയും കരയുകയും ചെയ്യും. പക്ഷേ, അതൊന്നും ഓർത്തുവയ്ക്കില്ല.

അല്ല. എനിക്കു് നല്ല ഓർമയുണ്ടു്. നന്ദിനി വെള്ള മന്മലുമുണ്ടു് ഉടുത്തിരിക്കുകയാണു്. കറയോ പാടോ ഒന്നുമില്ലാത്ത തൂവെണ്മയിലാണു്. മുഖത്തേക്കു് എന്തൊരു പ്രകാശമാണു് വന്നുവീഴുന്നതു്. കാണുന്നവരുടെ കണ്ണുകളെല്ലാം സൂര്യനായി അവളുടെ മുഖത്തു പ്രതിഫലിക്കുകയാണു്.

മത്തായിക്കു ദേഷ്യം വന്നു് ഇരുപ്പുറയ്ക്കുന്നില്ല.

കടയിങ്ങനെ അടച്ചിട്ടു് എത്രനാളാണെന്നു വച്ചാണു്. തുറന്നു വരുമ്പോ ഗഡു മുടക്കീന്നു പറഞ്ഞു സ്റ്റേറ്റ് ബാങ്ക് താഴില് മെഴുകുരുക്കി ഒഴിക്കും. പെങ്കൊച്ചിനെ നഴ്സിങ്ങും പഠിപ്പിച്ചു് ലണ്ടനിൽ വിട്ടതിന്റെ ഭാരം എത്രകാലമാണെന്നു വച്ചാണു് ചുമക്കുന്നതു്. അതവിടെ ചെന്നുമടയ്ക്കാതിരുന്നിട്ടൊന്നുമല്ല. യുദ്ധം ഇവിടെ മാത്രമല്ലല്ലോ. അവടേം ഇതിന്റെ പത്തിരട്ടിയില്ലേ. സർക്കാരു് കാശുമുഴുവൻ ഏറുവാണം മേടിക്കാൻ ഉണ്ടാക്കുന്നതിനിടയ്ക്കു് എവിടുന്നു ശമ്പളം കൊടുക്കാൻ.

ബിനോയിക്കു കിഴക്കൻ മലേല് രണ്ടരയേക്കർ റബറുണ്ടായിരുന്നു. പത്തുവർഷം മുന്നേ അതു മറിച്ചു് കന്നാര നട്ടതാണു്. രണ്ടുകൊല്ലം മൂന്നു ലക്ഷം വച്ചിങ്ങു പോന്നു. ആ കാശുകൂടി പിന്നത്തെ രണ്ടു കൊല്ലം പോയി. ഇപ്പോ പണ്ടത്തെ കുരു വീണു പൊട്ടിയ മൂന്നോ നാലോ റബറ് മാത്രമേയുള്ളു. പിന്നെ കുറച്ചു ചപ്പും. അപ്പന്റെ കാലത്താണു് ഉണ്ടായിരുന്ന തെങ്ങുകൂടി മറിച്ചു് റബറ് നട്ടതു്. കെട്ടിയതു് സർക്കാരു പണിയുള്ള നഴ്സിനെ ആയതുകൊണ്ടു് ഇതുവരെ പട്ടിണിയറിയാതങ്ങു പോയി. ഇനിയിപ്പം ശമ്പളം കിട്ടുന്നതൊക്കെ കണക്കാണെന്നു് അവള് പറയുന്നുണ്ടായിരുന്നു. എംഎൽഎ മോനിച്ചൻ ആൻസീടെ എളേപ്പനായതുകൊണ്ടു് താമസിക്കണ ക്യാംപിലെ നഴ്സാക്കി ഉത്തരവിടീച്ചു. അതു മാത്രമാണു് ആശ്വസിക്കാൻ. വൈകി കെട്ടിയതുകൊണ്ടു് അവൾക്കു വയറ്റിലുണ്ടാകാത്തതു കാര്യമായി. ഇല്ലെങ്കിൽ അവരെയോർത്തു് നരകിച്ചേനേ.

സ്റ്റീഫൻ പ്ലംബറാണു്. യുദ്ധം കഴിഞ്ഞാ പണിയോടു പണിയായിരിക്കുമെന്നു സുഹൈൽ. പട്ടാളം പോയവഴിക്കൊക്കെ കുഴിയെടുത്തു സർവ പൈപ്പും പൊട്ടിച്ചിട്ടുണ്ടു്. ഇനി എല്ലാം കൂട്ടിയിണക്കാനുള്ള പണി പഞ്ചായത്തിൽ നിന്നു് സ്റ്റീഫൻ മേടിച്ചെടുക്കും എന്ന വിശ്വാസത്തിലാണു് സുഹൈൽ വിടാതെ ഒപ്പം കൂടിയിരിക്കുന്നതു്. കുഴിയെടുത്തു കൊടുക്കാൻ നിന്നാൽ ദിവസം ആയിരത്തിയൊരുനൂറു് ആയിരുന്നു സ്റ്റീഫൻ വാങ്ങിച്ചുകൊടുത്തിരുന്ന തച്ചു്. മാസത്തിൽ പതിനഞ്ചു ദിവസം പണിഞ്ഞാൽ പോരേ…: സുഹൈൽ.

കട്ടിലിന്റെ കാലിനോടു് ചേർന്നു് ഒരു പട്ടിക കെട്ടി അന്നമ്മയാണു് സ്റ്റാൻഡ് ആക്കി കൊടുത്തതു്. ഒന്നും കഴിക്കാതെ കിടക്കുന്ന സുശീലയുടെ കൈകളിൽ ആൻസി സൂചികുത്തി, തുള്ളി തുള്ളിയായി ബോട്ടിലിൽ നിന്നു് ദ്രാവകം ഇറ്റി. സുശീലയുടെ ആ ഉറക്കത്തിനിടെ ഋദ്ധി നാലുവട്ടം ഉണരുകയും ഓരോ തവണയും അന്നമ്മയെ കാണുകയും ചെയ്തു. അമ്മ എവിടെ എന്ന ചോദ്യമാകണം ആ തൊണ്ടയിൽ കുരുങ്ങി നിന്നതു്.

സുശീല ഋദ്ധിയുടെ കാൽക്കൽ തന്നെ ചുരുണ്ടു കിടക്കുന്നുണ്ടായിരുന്നു, ജീവിതത്തിലെ ആദ്യ ഐവി ട്രീറ്റ്മെന്റ് ഏറ്റുവാങ്ങി. അന്നമ്മ കുപ്പിയിൽ പിടിച്ചു് ഇളക്കി നോക്കി. ആൻസി പറഞ്ഞു: അതു് അനക്കരുതു്, രക്തം തിരികെ കയറും. ഇതിനെവിടെ ചോരയിരുന്നിട്ടാ എന്റെ കൊച്ചേ എന്നു് അന്നമ്മ.

ഋദ്ധിയും ഇക്കാലം മുഴുവൻ ഇങ്ങനെ ആയിരുന്നിരിക്കും എന്നു സുശീലയ്ക്കു തോന്നി. ചുറ്റുമുള്ളതൊന്നുമറിയാത്ത ഉറക്കം. എത്രനേരം കിടന്നു എന്നുപോലും മനസ്സിലാകുന്നില്ല. അന്നമ്മയാണു് പറഞ്ഞതു്: “രാവിലെ ഒൻപതിനു് ഡോക്ടർ വന്നപ്പോൾ ഉറങ്ങുകയായിരുന്നു. ഇപ്പോ രാത്രി എട്ടരയായെടീ കൊച്ചേന്നു്. ബോധം പോയി കിടക്കുന്നോർക്കു് ഓർമയില്ലാന്നു പറയുന്നതാകും ശരി. ആ കൊച്ചും ഒന്നും അറിയുന്നുണ്ടാകില്ല.”

സുശീലയ്ക്കു പെട്ടെന്നു മിണ്ടാൻ തോന്നി. അന്നമ്മയെ കൈകാണിച്ചു വിളിച്ചു. “ഡോക്ടർക്കു് പൈസ കൊടുത്തോ?”

സുശീലയുടെ അപ്പോഴത്തെ ആധി അതോർത്തായിരുന്നു.

അന്നമ്മ ചിരിച്ചു: “ഇല്ല, പെണ്ണു് നാളെപ്പോയി കായലിലിറങ്ങി കക്ക വാരി വിറ്റു് കൊടുത്താമതി. അതുവരെ സമയമുണ്ടു്.”

സുശീല മുണ്ടിന്റെ കോന്താല എളിയിൽ നിന്നു് അഴിച്ചു. അതിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു് അഞ്ഞൂറു രൂപയുടെ നാലു നോട്ടുകൾ. കായലിൽ പോകാൻ തുടങ്ങിയപ്പോൾ ആദ്യം അങ്ങനെ സൂക്ഷിച്ചതു് അൻപതു രൂപയുടെ രണ്ടു നോട്ടു് ആയിരുന്നു. പിന്നെ നൂറായി. ഇപ്പോൾ അഞ്ഞൂറിന്റെ നാലെണ്ണം. ഇത്രകാലം പണിയെടുത്തിട്ടു് ഇതേ ഉള്ളോടീ നിനക്കെന്നു് അന്നമ്മ. സുശീല അന്നമ്മയെ അടുത്തുവിളിച്ചു. കട്ടിലിനു താഴെ വച്ച പെട്ടി തുറക്കാൻ പറഞ്ഞു. അന്നമ്മ: നീയൊന്നു പോടീ പെണ്ണേ. ഡോക്ടർക്കു് നിന്റെ കാശൊന്നും വേണ്ട. അവരൊക്കെ യുദ്ധം കഴിയുമ്പോ ജീവനുണ്ടാകുമോന്നു പേടിച്ചിരിക്കയാണു്.

സുശീല പിന്നെയും നിർബന്ധിച്ചു. അന്നമ്മ ഇരുമ്പു പെട്ടി തുറന്നു. അതിനടിയിൽ മൂന്നു പ്ലാസ്റ്റിക് കടലാസുകളിൽ മടക്കി ഒരു ബാങ്ക് പാസ് ബുക്ക്. സ്റ്റേറ്റ് ബാങ്കിന്റേതാണു്. അന്നമ്മ അതു തുറന്നു. വെളിച്ചത്തിലേക്കു പിടിച്ചു് പാസ് ബുക്ക് കണ്ണുകളിലേക്കു് അടുപ്പിച്ചു. ഇതിലെത്ര പൂജ്യാടീവ്വേ. സുശീല പറഞ്ഞു: അതു് അവൾക്കുള്ളതാണു്.

നീയിപ്പം ചാവൂന്നു വിചാരിച്ചിട്ടാണോ എന്നു് അന്നമ്മ ചിരിച്ചു.

ഒരു ലക്ഷത്തി പതിമൂവായിരത്തി പന്ത്രണ്ടു് രൂപ ഇരുപത്തിയൊന്നു പൈസ. സുശീലയ്ക്കു് കണക്കു് കാണാപാഠമാണു്. തൊണ്ണൂറായിരം അക്കൗണ്ടിൽ ഉണ്ടെന്നു് കുറച്ചുമാസം മുൻപു് ബിനോയിയോടു് പറഞ്ഞിരുന്നു. അന്നു് ബിനോയി ഇന്നു് അന്നമ്മ ചിരിച്ചപോലെ ചിരിച്ചു. നിങ്ങൾ രണ്ടിലൊരാളേ വെന്റിലേറ്ററിൽ കേറ്റിയാൽ ഒരു ദിവസത്തേക്കുള്ള കാശേയുള്ളൂ അതെന്നായിരുന്നു ബിനോയിയുടെ കണ്ടുപിടിത്തം. സുശീലയ്ക്കൊരു നെഞ്ചുവീക്കം വന്നാൽ ഹൃദയത്തില് ഒരു കുഴലിടാൻ അവരു വാങ്ങിക്കും തൊണ്ണൂറായിരം എന്നു കൂടി കൂട്ടിച്ചേർത്തു.

ആയുസ്സുമുഴുവനുണ്ടാക്കിയതു് ഒരു ദിവസത്തെ ആശുപത്രിക്കു പോലും തികയില്ലെന്നോർത്തുള്ള വിമ്മിഷ്ടമായി പിന്നെ. അങ്ങനെയാണു് ആറുമാസം കൊണ്ടു് ഇരുപതിനായിരം കൂട്ടിവച്ചു് ബാങ്കിൽ ഇത്രയും ആക്കിയതു്.

ആശുപത്രിയിൽ കൊടുത്തുതീർക്കാനാണോ പെണ്ണേ നിയിക്കാലമൊക്കെ പണിതതു്?

അന്നമ്മ പറയുന്നതു കേട്ടാണു് ആൻസിയും ബിനോയിയും വന്നതു്.

“പാങ്ങില്ലാത്തോനു് വിങ്ങലുവന്നാൽ മുറിവിൽ പുഴുവരിക്കത്തേയുള്ളു”: ബിനോയി.

സുശീലയുടെ നാഡി പിടിക്കുമ്പോൾ ആൻസിയുടെ കണ്ണിൽ ബിനോയി ഒരാന്തൽ കണ്ടു.

ദ്വീപിൽ പത്തോ പതിനൊന്നോ തവണ സൂര്യൻ വന്നുപോയിക്കാണും.

ഘടികാരങ്ങളും ദിനസൂചികകളും ഇല്ലാതായതോടെ കഴിഞ്ഞുപോയ പകലിന്റെയും രാത്രിയുടേയും എണ്ണം എത്ര ശ്രമിച്ചിട്ടും നവമിക്കു തൃപ്തിയാകുംവിധം കിട്ടിയില്ല. ഇപ്പോൾ വഞ്ചിക്കോട്ടയ്ക്കുള്ളിൽ ആറു നൗകകൾ മാത്രമാണു് ശേഷിക്കുന്നതു്. കുറെ മരപ്പാളികൾ ചുറ്റും ചിതറിക്കിടക്കുന്നു. കൂട്ടത്തിലെ മോശം വഞ്ചികൾ പൊളിച്ചെടുത്തു് ചതുര ഉരുപ്പടികളാക്കി കേടുകുറഞ്ഞവയുടെ ഓട്ടകൾ അടച്ചു. ചില പടികൾ അപ്പാടെ മാറ്റേണ്ടി വന്നു. ആറുപായ്മരങ്ങൾ ഏച്ചുകെട്ടി എടുക്കുകയായിരുന്നു. ഋദ്ധി നൗകയിൽ കൊണ്ടുവന്ന പായകൾ അപ്പോഴേക്കും ദ്വാദശിയും കൂട്ടരും കോട്ടയിലെത്തിച്ചിരുന്നു. ചാഞ്ഞ പാത നീളെ ഉരുളൻ തടികൾ പാകി അവർ അടുത്ത പുലരിക്കായി കാത്തു.

ഏകൻ ശബ്ദമുയർത്തി:
“ഏതു നരകത്തിലേക്കാണെങ്കിലും ഇപ്പോ അറിഞ്ഞേ പറ്റൂ.”
ത്രയ:
“അറക്കാൻ കൊണ്ടുപോകുന്ന ഉരുവിന്റെ പോലും കണ്ണുകെട്ടാറില്ല.”
പഞ്ചമ:
“രാജാവു മാത്രമറിഞ്ഞു നടത്തുന്ന യുദ്ധമൊക്കെ പണ്ടു്.”
ദശ:
“ഇതു് ഒറ്റയ്ക്കൊറ്റയ്ക്കൊരു രാജ്യമായ മനുഷേന്മാരുടെ കാലമാണു്.”
അഷ്ടമി:
“നുണകൊണ്ടു് നാടു ഭരിച്ചോന്മാരൊക്കെ തീർന്നപ്പോൾ പെരുംനുണകൊണ്ടൊരാൾ കപ്പലിറക്കാൻ പോണൂ.”
ഋദ്ധി:
“ഇനി ഓലപ്പുടവന്മാരുടെ സമയമാണു്. കണ്ണടച്ചു തുറക്കുമ്പോഴേക്കു നാലു കപ്പൽപ്പാടു് കടക്കുന്നവരുടെ കാലം. അതാണു് സെയിൽഫിഷ് അൾട്രാ മോഡേണിസം. താന്തോന്നിത്തരത്തിന്റെ വസന്തം. ഓരോ ഓലപ്പുടവനും ഒറ്റയ്ക്കാണു്. അങ്ങനെ തോന്നും. പക്ഷേയതു്, ഒറ്റകളുടെ കൂട്ടമായിരിക്കും. എഴുപതു്, എൺപതു ഓലപ്പുടവന്മാരുടെ കൂട്ടം. ആരും നേതാവല്ല, അല്ലെങ്കിൽ എല്ലാവരും ഊരുമൂപ്പരാണു്. ഇരപിടിയന്മാർ വരും. അപ്പോൾ ഓലപ്പുടവന്മാർ കൂട്ടമായി മുനകൂർപ്പിച്ചെത്തും. ആക്രമണമല്ലേ, ചിലപ്പോൾ ഇങ്ങോട്ടും മുറിവേൽക്കുമായിരിക്കും. ചോരയൊലിക്കുന്നവർ കൂട്ടത്തിൽ പിന്നിലാകും. അവരെ സ്രാവുകൾ കൊണ്ടുപോകും. ബാക്കിയുള്ളവർ പിന്നെയും കുതിക്കും. ചിലർ കൂട്ടം മാറും. മറ്റുചിലർ വന്നുചേരും. അതൊക്കെ അവരവരുടെ ഇഷ്ടം. ആരു വന്നാലും പോയാലും നിൽക്കുന്ന കൂട്ടത്തിൽ നമ്മൾ സ്വന്തം ലോകങ്ങളുണ്ടാക്കും.”

ഋദ്ധി സ്വരം കനപ്പിച്ചു: “മഹാസാഗരത്തിലെ ഏറ്റവും വേഗമുള്ള ഓലപ്പുടവന്മാരാണു് ഇനി നാം. അഴിച്ചുവിടുകയാണു് നമ്മളെ. ഇനി വലക്കാർക്കായി പെറ്റുപെരുകുന്ന ചാകരകളില്ല, ആർക്കും പിടികൊടുക്കാത്ത ജീവിതമഹാചാരുതയാണു്. ഓ… എന്തൊരു പോക്കായിരിക്കും. മനസ്സു പോകുന്നിടത്തെല്ലാം നമ്മുടെ ശരീരവും പറന്നെത്തും. മുന്നിൽ മഹാ വിസ്മയങ്ങളുടെ പെരുംപാരാവാരമാണു്. നമ്മളിനി വേട്ടക്കാരല്ല, ഇരകളല്ല; വേഗത്തിന്റെ വിരുന്നുകാരാണു്. അവനവൻ തുരുത്തുകളിൽ നാളെ കാറ്റുപിടിക്കും. നമ്മുടെ ലോകം കീഴ്മേൽ മറിയുകയാണു്. ഉണർന്നെഴുനേൽക്കയല്ലോ നാം, നീലപ്പായകൾ വിരിച്ചു്.”

ആരും ഒന്നും മിണ്ടിയില്ല.

ഏകൻ ത്രയയുടെ ചെവിയിൽ:
“നുണയർ ഭാഷമാറ്റി നമ്മളെ വേഷംകെട്ടിക്കുന്നതു് ഇങ്ങനെയാണു്.”
ത്രയ:
“എന്നാലും നമുക്കൊരു ത്വരയുണ്ടാകുന്നുണ്ടു്.”
ഏകൻ:
“ആഗ്രഹിക്കാനൊന്നുമില്ലാത്തവരെ വാക്ചതുരന്മാർക്കു് എവിടെയും കൊണ്ടുപോകാം.”
ത്രയ:
“പക്ഷേ, ഈ കരയിൽ നമ്മളെ മോഹിപ്പിക്കാൻ ഇനി ഒന്നും ബാക്കിയില്ല.”
ഏകൻ:
“പോയൊടുങ്ങുക തന്നെ.”
ത്രയ:
“നിന്നാലും ഒടുങ്ങും.”

പെരുമഴ. ശംഖുവരയൻ തുരുത്തിലേക്കു കിഴക്കൻ കാറ്റു് കുത്തിയടിച്ചു കയറി. വേരുകൊണ്ടു നാലു ചുമരുകൾ മൂടിനിന്ന പേരാൽ വട്ടം മറിഞ്ഞു. നൂറ്റാണ്ടിന്റെ വംശവൃക്ഷം വീണുകിടക്കുമ്പോൾ വഞ്ചിക്കോട്ടയിൽ ദ്വാദശി ഋദ്ധിയോടു് ഒന്നുകൂടി പറ്റിച്ചേർന്നു. നാലുകാലുകൾ പേരാലിന്റെ വേരുകൾ പോലെ പിണഞ്ഞുചുറ്റി. കൈകൾ പത്തിവിരിച്ചാടി. രസനകൾ അർമാദിച്ചു തുഴഞ്ഞു. കടന്നുപോകാൻ ഇടിയിലൊരു വിടവുകിട്ടാതെ വഴിതെറ്റിവന്ന കാറ്റിൻചീളൊന്നു് പിണങ്ങിമാറിപ്പോയി. വന്ന ഒരു മിന്നൽ മഹാഊർജപ്രവാഹത്തിൽ നിഷ്പ്രഭമായി നിന്നു. അതിനെ ഇരുട്ടു വിഴുങ്ങി. പതിറ്റാണ്ടുകളായി നീരണിയാത്ത നൗക ഇളകിയാടി.

ദ്വാദശി:
“എന്തിനാണു് ഋദ്ധി നമ്മൾ ഓലപ്പുടവന്മാരാകുന്നതു്.”
ഋദ്ധി:
“ഭൂമിയിൽ നട്ടെല്ലുമായി പിറന്ന ആദ്യജീവി മീനാണു്.”
ദ്വാദശി:
“നട്ടെല്ലില്ലാത്ത കടൽപാമ്പുകൾ വന്നു് ഓലപ്പുടവനേയും വിഴുങ്ങാറുണ്ടു്.”
ഋദ്ധി:
“നട്ടെല്ലു് ഇല്ലായിരുന്നെങ്കിൽ വെണ്ണയിൽ തേനെന്നപോൽ നിന്നിൽ ഞാൻ…”
വള്ളിപ്പൂമീൻ

കണ്ണുതുറക്കുമ്പോൾ സുശീല കാണുന്നതു മേൽക്കൂരയാണു്. അതു് ഓടുകയാണു്. ചലിക്കുന്ന മേൽക്കൂര ഇതിനു മുമ്പു് ദുഃസ്വപ്നത്തിൽ പോലും വന്നിട്ടില്ല. എന്തൊരു പോക്കാണിതു്. പതിയെ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങി.

ആരോ പറയുന്നുണ്ടു്:
“കണ്ട കായലിലൊക്കെ കിടന്നു് എലിപ്പനി പിടിപ്പിച്ചു വന്നിരിക്കുകയാണു്.”
മറ്റൊരാൾ:
“യുദ്ധം പോരാത്തതിനാണു് എലിമടയിൽ കേറി പനിയും മേടിച്ചു വരുന്നതു്.”
ആദ്യത്തെ ശബ്ദമാണെന്നു തോന്നുന്നു:
“ആ ചാളക്കാരി കോളനീലെയാണു്.”
രണ്ടാമത്തെ ശബ്ദം:
“പട്ടാളത്തിനു പൗരസ്നേഹമുള്ളതുകൊണ്ടു് ഇവിടെയെത്തി.”

സുശീലയ്ക്കു മനസ്സിലായി ഇതൊരു സഞ്ചരിക്കുന്ന കട്ടിലാണെന്നു്. ചക്രക്കട്ടിലിലെ ആദ്യ കിടപ്പാണു്. ഋദ്ധിയുടെ കട്ടിലിൽ നിന്നു് ഏതോ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണു്.

ഇതുവരെ കാണാത്ത മേൽക്കൂരയാണു്. അറിയാത്ത ആളുകളാണു്. ഞാൻ ഇപ്പോൾ ഋദ്ധിയെപ്പോലെയാണു്. അതെ ഇതു ഋദ്ധിയാണു്. അപ്പോൾ സുശീല എവിടെയാണു്?

ഒരു സ്ത്രീ ശബ്ദം:
“സുശീല, നാൽപ്പത്തിനാലു്”. സുശീല സ്വന്തംപേരു് ഉറപ്പിച്ചു. മയങ്ങി.

അന്നമ്മ അന്നു് ഋദ്ധിക്കായി മറ്റൊന്നാണു് ഉണ്ടാക്കിയതു്.

ക്യാംപിൽ ഇഡിലി വല്ലം നിറച്ചിട്ടിട്ടുണ്ടു്. ഒരേസമയം അറുപതെണ്ണം ഉണ്ടാക്കാവുന്ന തട്ടിൽ പത്തുവട്ടം കൊണ്ടു് അറുനൂറെണ്ണം. ഇന്നൊറ്റയാളും പരാതി പറയരുതെന്നുള്ള മത്തായീടെ വിളംബരവും ഉണ്ടായി.

അന്നമ്മ ചെല്ലുമ്പോൾ മത്തായി വല്യവായിലുള്ള പറച്ചിലൊക്കെ നിർത്തും. പതുക്കെ പറയും: തൂക്കുപാത്രം കൊണ്ടുവന്നാൽ പാൽ തരാം. ചോറുപാത്രം തന്നാൽ മീൻകറി തരാം. അന്നമ്മ തൂക്കുപാത്രം കൊടുത്തു. തിളച്ച പാൽ തന്നെ മത്തായി ഒഴിച്ചു. ഇന്നലെ ബിനോയി കൊണ്ടുവച്ച ബൺ ഉണ്ടായിരുന്നു. സുശീലയ്ക്കു വേണ്ടി കൊണ്ടുവന്നതാണു്. അതു് ഒരു കഷണം പോലും തൊട്ടില്ല. ബണ്ണു് പൊട്ടിച്ചിട്ടതിലേക്കു ചൂടുപാലൊഴിച്ചു് ഏലയ്ക്കയും പഞ്ചസാരയും ഇട്ടിളക്കി അന്നമ്മ ഋദ്ധിക്കു പകർന്നു. തന്റെ കുടൽമാലകൾ പുതിയൊരു അതിഥിയെ ഏറ്റുവാങ്ങുകയാണെന്നു് ഋദ്ധിക്കറിയാം. ഏലയ്ക്ക ഇട്ട പാലാണു് എന്നു് അന്നമ്മ പറയുന്നുണ്ടെന്നു തോന്നുന്നു. ആ ചുണ്ടുകൾ അങ്ങനെയാണു് അനങ്ങുന്നതു്.

കാഞ്ഞിരക്കുരു ചാലിച്ചാലും എന്റെ തൊണ്ടവഴി പോകുമെന്റെ ചേട്ടത്തീ എന്നു് എങ്ങനെയാണു് അറിയിക്കുക. അതുകേട്ടാൽ അമ്മയാണെങ്കിൽ പതുക്കെ മുഖത്തൊരു മ്ലാനത പരക്കും. അന്നമ്മച്ചേടത്തി ചാടിത്തുള്ളും: കൊച്ചിനു് ഒതളങ്ങ തരാനാണെങ്കി എന്നേ നിന്നെ സെമിത്തേരീലെത്തിച്ചേനേ എന്നായിരിക്കും അതു്.

ഈ ജീവിതം നിലനിർത്തിയിട്ടു് ഇവർക്കെന്തുകിട്ടാനാണു് എന്നു് എനിക്കു് ഇപ്പോൾ തോന്നാറില്ല. ഞാനില്ലെങ്കിൽ അമ്മ പണ്ടേ ഒന്നും ചെയ്യാനില്ലാതെ മണ്ണടിഞ്ഞേനെ. വേറാരാണു് ഇങ്ങനെ ലോകം കാണാനുള്ളതു്. എനിക്കു മാത്രമേ അതിനു സമയമുള്ളൂ. ഞാനിപ്പറയുന്നതിന്റെ അർത്ഥം മനസിലാക്കാൻ പോലും നേരമില്ലാത്തവരാണു് ബാക്കി.

അതുകൊണ്ടു് ഈ ലോകത്തു് ഞാനുണ്ടായേ പറ്റൂ. കണ്ണടയ്ക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു് ആൻസിയുടെ മുഖവട്ടം മുകളിൽ വന്നതു്.

ആൻസി ഒന്നുകൂടി കുനിഞ്ഞു. വിറകുകൊള്ളി പോലായ എന്റെ കൈ പിടിച്ചുയർത്തുകയാണു്. അസ്തികൂടത്തെ ആരെങ്കിലും ഉമ്മ വയ്ക്കുമോ? എന്റെ തലമുറയാണു്. ഏറിയാൽ എട്ടോ ഒൻപതോ വയസ്സു കൂടുതൽ കാണുമായിരിക്കും. അവർ ഒരു കുഞ്ഞിനെ എന്നതുപോലെ എന്റെ വിരലുകളിൽ ഉമ്മ വയ്ക്കുന്നു.

ഒരുപാടു കാലമായി ഞാനെന്റെ ജീവൻപോയ കൈ കണ്ടിട്ടു്. അതിൽ ഞാൻ പച്ചകുത്തിയിരുന്നു. ഡിഗ്രിക്കു ചേർന്ന സമയത്തു്. ‘സാഗര സഞ്ചാരി നീ’ എന്നു മലയാളത്തിൽ. അസമിൽ നിന്നുള്ള പച്ചകുത്തുകാരൻ കുറെ കഷ്ടപ്പെട്ടാണു് ആ മലയാളം വാക്കുകൾ പറഞ്ഞതു്. അയാൾ ‘ഞ്ച’യിൽ വഴിതെറ്റിപ്പോകുമോ എന്ന പേടി ഉണ്ടായിരുന്നു.

ഇപ്പോൾ ആ പച്ച മഷി എങ്ങനെയായിട്ടുണ്ടാകും. തൊലി ചുളുങ്ങി, ഞരമ്പുകൾ ഇല്ലാതായി, അസ്ഥികൾ ദ്രവിച്ച കയ്യിൽ അതു ഭാഷമാറി കിടക്കുന്നുണ്ടാകും.

‘ശയ്യാതല സഞ്ചാരി നീ’ എന്നു് ഇന്നാണെങ്കിൽ എഴുതിവയ്ക്കാമായിരുന്നു. എനിക്കിപ്പോൾ ഒരു പാടു കവിത തോന്നാറുണ്ടു്.

ആ മഷിയെഴുത്തു് അവിടെ ഉണ്ടോ എന്നു് ഒന്നു നോക്കൂ എന്നു് ആൻസിയോടു് പറയണമെന്നുണ്ടു്. ആൻസി കുനിഞ്ഞു് എന്റെ നെറുകയിൽ ചുണ്ടുകൾ മുട്ടിച്ചു. കപ്യാരുചേട്ടന്റെ കൺകോണിൽ ഒരുതുള്ളി ഉരുണ്ടുകൂടിയിട്ടുണ്ടു്. കപ്യാർക്കു വിഷമം വരണമെങ്കിൽ ഇതു സുശീല ആകില്ലേ? അപ്പോൾ ഋദ്ധിയെവിടെ.

ഋദ്ധീ എന്നു് ഞാൻ അലറി വിളിക്കുന്നതു് നിങ്ങൾ കേൾക്കുന്നുണ്ടോ?

“ഋദ്ധി, ഋദ്ധീ” എന്നാണു് ഞാൻ വിളിക്കുന്നതു്…

സുശീല വിളിക്കുന്നതു് ആരും അറിയുന്നില്ലേ…

ആൻസിയും ബിനോയിയും അന്നമ്മയും പെട്ടെന്നു വിളക്കു് അണച്ചു എന്നു തോന്നുന്നു. ഇരുട്ടായി.

“മനുഷ്യരു് ഒരു വീടുകെട്ടാനല്ലേ ആയുസ്സു പകുതിയും കളയുന്നതു്”: ദ്വാദശി.

“അപ്പന്റെ ആ വീടു കിട്ടാനായി തമ്മിൽ തല്ലി മക്കളും അവരുടെ ആയുസ്സു കളയും”: ത്രയ.

ഋദ്ധി:
“അപ്പനുണ്ടാക്കുന്ന വീടു് മക്കൾക്കു് എന്നതാണു നീതിയെങ്കിൽ അപ്പനുള്ള വൈഭവമൊക്കെ മക്കൾക്കും ഉണ്ടാകണം.”

ആദ്യത്തെ നൗക തള്ളി ഇറക്കാൻ പാകത്തിനു് അവർ കോട്ടവാതിലോളം എത്തിച്ചു. വൈകും വരെ കാക്കാമെന്നു തീരത്തു പോയി വന്ന ഏകനാണു പറഞ്ഞതു്. കടലിറങ്ങിക്കിടക്കുകയാണു്. ഇപ്പോൾ ഉരുട്ടിയാൽ തീരമണലിൽ ഉറച്ചുപോകും. കടൽ കയറി വരുന്ന വാവു് അടുത്തുവെന്നു് ചതുരയാണു് ഗണിച്ചു പറഞ്ഞതു്. കടലിൽ വച്ചറിഞ്ഞ അമാവാസിയിൽ നിന്നു് ദിവസങ്ങളെണ്ണിയാണു് ചതുര ആ കണക്കിലെത്തിയതു്. ചതുര അന്നു മുഴുവൻ കൊട്ടൂടികൊണ്ടു് അടിച്ചും ഉളിപ്പിടികൊണ്ടു മുട്ടിയും നൗകകളുടെ ബലം അളന്നുകൊണ്ടേ ഇരുന്നു.

ദ്വാദശി:
“ചതുരയുടെ അച്ഛൻ ആശാരിയാരുന്നോ?”
ഋദ്ധി:
“ആശാരിക്കു പിന്തുടർന്നു കിട്ടുന്നതു് മുഴക്കോലും ഉളിയും കൊട്ടൂടിയുമാണു്. അല്ലാതെ പണിവഴക്കമല്ല. അതു പണിഞ്ഞു പഠിക്കുന്ന ആർക്കും കിട്ടും. കൽപ്പണിക്കാരനു കിട്ടുന്നതു കൂടവും തൂക്കുകട്ടയും കൊലശേഖരും. അമ്പട്ടനു് ചീർപ്പും കത്രികയും. കൊല്ലനു് ആലയും കരിയും. മൂശാരിക്കു് അച്ചു്. തട്ടാനു് തുലാസ്.”
ത്രയ:
“ചിലർക്കു് പൂണൂലും കിണ്ടിയും.”
ഏകൻ:
“പണി സാധനത്തെക്കുറിച്ചു് ഉണ്ടാക്കുന്നേനിടയ്ക്കാണോ കിണ്ടിവാലു കൊണ്ടോന്നു കുത്തിക്കേറ്റുന്നതു്.”
ദ്വാദശി:
“പണി പഠിക്കണമെങ്കിൽ അപ്പന്റെ കൂടെയിരിക്കണം. അങ്ങനെയാണു് പിച്ചനടന്നു തുടങ്ങുമ്പോഴേക്കും ആശാരിക്കു് ചിന്തേരു് വഴക്കം ഉണ്ടാകുന്നതു്…”
ഏകൻ:
“അപ്പനു തൂക്കുകട്ടയുണ്ടായിട്ടാണോ ബംഗാളീന്നും ആസാമിന്നും ബിഹാറീന്നും പിള്ളേരു് വന്നു് നല്ല അസലു കെട്ടിടവും പാലവും കെട്ടീട്ടു പോയതു്.”
ഋദ്ധി:
“പിൻതുടർച്ച സത്യമായിരുന്നെങ്കിൽ വിശ്വവിശ്വോത്തര മഹാകവി ഷേക്സ്പിയറുടെ മക്കൾ മൂന്നും മഹാ എഴുത്തുകാരാകണമായിരുന്നു.”
ദശ:
“മക്കളായിട്ടും കാര്യമില്ല. മൂത്തവനാകണം.”

അഷ്ടമനൊരു പാട്ടുമൂളാനുള്ള മൂപ്പു കേറി.

“നുണയാണേ പെരും നുണയാണേ,
നരനെന്നാൽ പെരും നുണയാണേ.
നുണയാണേ പെരും നുണയാണെ,
കുടുംബം വല്യോരു വിലങ്ങാണേ,
നുണയാണേ പെരും നുണയാണേ,
സമുദായം സ്വന്തം ജയിലാണേ.
നുണയാണേ പെരും നുണയാണേ,
അതിരെല്ലാം പെരും നുണയാണേ.”
ത്രയ:
“ജയിലീന്നു കിട്ടിയ കഞ്ചാവു് ഇനീമൊണ്ടു് അഷ്ടമന്റെ കയ്യില്.”
ഏകൻ:
“കഴുവേറീ… നിന്റെയീ പുതിയ സ്വർഗരാജ്യത്തിലുമൊണ്ടോടീ കഞ്ചാവിന്റെ കണക്കെടുപ്പുകാരു്.”

പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ഏകന്റെ വായിൽ നിന്നും മൂക്കിൽ നിന്നും പുകയുയർന്നു. ത്രയ ഏകന്റെ വിരലുകൾക്കിടയിൽ നിന്നു് ചുരുൾ ഊരിയെടുത്തു രണ്ടു മൂന്നു വട്ടം വലിച്ചു കേറ്റി പുറത്തേക്കൂതി. പിന്നെ കാറ്റുപിടിച്ചതു പോലെ പാറിപ്പാറി നടന്നു. കടലിലേക്കു നോക്കി മേലുടുപ്പായുണ്ടായിരുന്ന തടവറക്കുപ്പായം ഊരിയെറിഞ്ഞു. കാൽശരായി അഴിച്ചെടുത്തു് കാലിനിട തുടച്ചു് മണലിലിട്ടു ചവിട്ടി.

ത്രയ:
“നിയമങ്ങളില്ലാത്ത രാജ്യത്തെന്തിനാടാവ്വ്വേ തുണി…”

അഷ്ടമൻ പാടി.

പെറാത്ത പെണ്ണിന്റെ മുല കണ്ടിട്ടുണ്ടോ,
ഓലപ്പുടവന്റെ മൂക്കുപോലാന്നേ…
ഹൊയ്… പെറാത്ത പെണ്ണിന്റെ…
ആ…ആ… പെറാത്ത പെണ്ണിന്റെ…

ഏകൻ ഇട്ടിരുന്ന മുഷിഞ്ഞു നാശമായ കാലുടുപ്പു് ഊരിയെറിഞ്ഞു. മേൽക്കുപ്പായം പണ്ടേ കളഞ്ഞതായിരുന്നു. ഗുസ്തിക്കാരൻ പോകും പോലെ കൈകൾ രണ്ടും വിടർത്തി ഗോദയിലേക്കു നടന്നു. ത്രയയെ ഒറ്റക്കൈകൊണ്ടു തൂക്കിയെടുത്തു് കാലുകൾ മേലോട്ടാക്കി ഉത്തരിയംപോലെ തോളിലിട്ടു. ത്രയ നട്ടെല്ലു് ഊരിക്കളഞ്ഞു് കടൽപ്പാമ്പായി ഇഴഞ്ഞു. തലയുയർത്തി പത്തിവിരിച്ചു് ഇടയ്ക്കിടെ ആഞ്ഞുകൊത്തി. ഋദ്ധി നനവൂറുന്നതു് അറിഞ്ഞു. ദ്വാദശി പടിയിൽ ഇരുന്നു കാലുകൾ ഇറുക്കിയാട്ടി.

അഷ്ടമൻ ‘പെറാത്ത പെണ്ണിന്റെ…’ എന്നാവർത്തിച്ചാവർത്തിച്ചു് ഏകാദശിയുടെ മേലുടുപ്പിൽ കൈവച്ചു.

“ഫ… നായേ…” എന്നൊരാട്ടായിരുന്നു. അതു മറ്റാരും ഗൗനിച്ചില്ല.

ഏകാദശി ഒറ്റയ്ക്കു കടലരികത്തേക്കു നടന്നു. അഷ്ടമൻ നിലതെറ്റി അവിടെത്തന്നെ കറങ്ങി വീണു.

ഋദ്ധി കണ്ണു തുറന്നു.

അതു നോക്കി നിന്നതുപോലെ അന്നമ്മ മുഖത്തിനു മുകളിലേക്കു വന്നു. ഞാനും കഥ പറയട്ടെ കൊച്ചേ. സുശീല പറേണപോലൊന്നും ആവത്തില്ല. എന്നാലും കൊച്ചിനു കേക്കണ്ടേ ഇന്നത്തെ ചേല്.

ഋദ്ധി പുതിയ കാഥികയെ കേൾക്കാനിരിക്കുന്ന ഉത്സവപ്പറമ്പിലെ കുട്ടിയായി.

കഥകളിയും കഴിഞ്ഞു് രാത്രി രണ്ടു മണിക്കു ചേർത്തല ബാലചന്ദ്രൻ മുരടനക്കി തുടങ്ങുകയാണു്. ഇരുപതു് കിലോമീറ്റർ അകലെ മറ്റൊരു വേദിയിൽ എട്ടുമണിക്കു തുടങ്ങി പതിനൊന്നു മണിക്കു് അവസാനിപ്പിച്ചു് ഓടിയെത്തിയതിന്റെ ക്ഷീണം ആ ശബ്ദത്തിലുണ്ടു്. കഥ: ‘ഇനി ഞാൻ ഉറങ്ങട്ടെ.’

സിംബൽ അടിച്ചു. കഥകളി കണ്ടു് ഉൽസവപ്പറമ്പിൽ ഉറങ്ങിയിരുന്ന എല്ലാവരും ഉണർന്നു് കാഥികനെ നോക്കി.

യുദ്ധത്തിൽ ഏറ്റവും വലിയ ശത്രുവായ കർണൻ കൊല്ലപ്പെടുകയാണു്. അതു സ്വന്തം ജ്യേഷ്ഠനാണെന്നറിഞ്ഞു് ധർമ്മപുത്രർ തളർന്നുപോവുകയാണു്. യുദ്ധം തന്നെ വിഫലമായല്ലോ എന്നു കലി കൊള്ളുകയാണു് പാഞ്ചാലി.

അന്നമ്മച്ചേടത്തി പറഞ്ഞു തുടങ്ങി. നമ്മുടെ മേലോത്ര പാലമില്ലേ. കോളനീന്നു് മാർക്കറ്റിലോട്ടുള്ള വഴീലെ രണ്ടാമത്തേതു്. അമ്മേം ഞാനും ചന്തകഴിഞ്ഞു വന്നിരുന്നു മുറുക്കി പൈസ പങ്കുവയ്ക്കണ പാലം. ആ പാലത്തില് മിസൈല് വീണൂന്നു്. മിസൈല് വരുമ്പോൾ ആശുപത്രീലോട്ടു കാർത്യായനിയുമായി പോയ സാലി മെംബറുടെ ഓട്ടോയും പാലത്തിൽ ഉണ്ടാരുന്നെന്നാ പറേണതു്. അവിടൊരു പൊടിപോലുമില്ല ഇപ്പോ. സുശീലേം കൊണ്ടു് പട്ടാളവണ്ടി പാലം കടന്ന പിന്നാലെയാണു്. സുശീല ആശുപത്രീലെത്തീന്നു് പട്ടാളം മെസേജ് വിട്ടെന്നാണു് കപ്യാരു പറയണെ.

ഒന്നൂടിയുണ്ടെന്നു് പറഞ്ഞു് അന്നമ്മച്ചേടത്തി തല താഴ്ത്തി: “അതിനിടെ മത്തായി പറയുന്നുണ്ടായിരുന്നു. ഈ മിസൈലൊക്കെ ഇടുന്നതു് ഏതു പട്ടാളം ആണെന്നു് പൈലി മെംബറു സംശയം പറഞ്ഞെന്നു്. ശത്രുവൊണ്ടെങ്കിൽ അതു മുന്നിൽ വരത്തില്ലേന്നാണു് എല്ലാരും ചോദിക്കണതെന്നു്. ഓരോരോ കുത്തിത്തിരിപ്പുകൾ.”

ഋദ്ധിക്കു് ആദ്യമായി അറിവില്ലായ്മ തോന്നി.

ഇതുവരെ ഈ ലോകം അറിയാം എന്ന ധാരണയായിരുന്നു. ശരീരത്തിനു് എന്താണു് പറ്റിയതെന്നു് അറിഞ്ഞുള്ള കിടപ്പായിരുന്നു. സിദ്ധവൈദ്യവും ഒറ്റമൂലിയും സൂഫി വൈദ്യവുമൊക്കെ ഉപദേശിച്ചു പലരും വന്നെങ്കിലും അമ്മ എന്തോ അതിനൊന്നും നിന്നില്ല.

അമ്മയ്ക്കു നല്ല തെളിച്ചമുണ്ടെന്നു് എനിക്കു തോന്നിയതു് അങ്ങനെയാണു്. നിനക്കു് പഠിച്ചു് ആരാകണം എന്നു് അമ്മ ഒരിക്കലും ചോദിച്ചിട്ടില്ല. എത്ര മാർക്കുണ്ടു് എന്നും ചോദിച്ചിട്ടില്ല. സിസ്റ്റർ ഒപ്പിട്ടുതരുന്ന പ്രോഗ്രസ് കാർഡ് ആയിരുന്നു ഞാൻ സ്കൂളിൽ കൊടുത്തിരുന്നതു്.

നീയെന്താകാനാണു് പോകുന്നതു് എന്നു് ചോദിക്കാതിരിക്കാനുള്ള വിവേകം അമ്മയ്ക്കും സിസ്റ്റർക്കും ഉണ്ടു് എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി. സ്വന്തം ജീവിതത്തിന്റെ പോക്കു കണ്ട അവർക്കു് അങ്ങനെ ഒരിക്കലും ചോദിക്കാൻ ആവുമായിരുന്നില്ല.

ഒമ്പതാം ക്ളാസ്സുവരെ സ്കൂളിൽപോയിരുന്ന ഇളയ കുട്ടിയായിരുന്നവൾ ഒരു മണിക്കൂർകൊണ്ടു് കുഞ്ഞിന്റെ അമ്മയാകുന്നു. അരമണിക്കൂറിനു ശേഷം ഭാര്യയാകുന്നു. ഇതാണു് രണ്ടുവരിയിൽ ഒതുക്കാവുന്ന സുശീലയുടെ ജീവിതം.

ആറുപെണ്ണുങ്ങളുള്ള വീട്ടിലെ മൂത്തവളെ മഠത്തിലോട്ടു വിട്ടോളാമെന്നു് അമ്മച്ചി നേർന്നപ്പോൾ ഏഴാമതു് ആൺതരിയുണ്ടായ വീട്ടിൽ നിന്നു് ഇറങ്ങിയതാണു് സിസ്റ്റർ സന്ധ്യ ഫ്രാൻസിസ്. ആ വീട്ടിൽ പിന്നെയും രണ്ടാണുങ്ങളുണ്ടായപ്പോൾ പതിനൊന്നാമത്തേതും ആണാണെങ്കിൽ മൂത്ത ആൺതരിയെ സെമിനാരിക്കു വിടാമെന്നു നേർന്നതോടെ സിസ്റ്റർ സന്ധ്യയുടെ ജീവിതം കടംകൊണ്ടുണ്ടായ ആന്റോ, ഫാദർ പോൾ ഫ്രാൻസിസ് ആയി. അവരൊക്കെ എങ്ങനെയാണു് ചോദിക്കുക: നിനക്കു പഠിച്ചു് ആരാണു് ആകേണ്ടതെന്നു്?

“കുറ്റിയറ്റുപോകാത്ത വംശം പരലുകളുടെതോ, വേട്ടക്കാരുടേതോ?” ആദ്യത്തെ നൗക തിരയിലേക്കു തള്ളിയിറക്കി ഋദ്ധി ചോദിച്ചു. പെട്ടെന്നു വന്ന തിരയിൽ നവമിയുടെ വായിലേക്കു വരെ ഉപ്പുവെള്ളം അടിച്ചു കയറി.

ത്രയ ശരിക്കും സംശയത്തിലായിരുന്നു. ഋദ്ധിയുടെ ഒപ്പം ചെറു നൗകയിൽ കയറണോ, ഏകനും മറ്റു പതിനാലു പേർക്കുമൊപ്പം ദ്വീപിൽ നിന്നു തട്ടിയെടുത്ത ഒന്നാമത്തെ നൗകയിൽ കയറണോ, അതോ മറ്റു് അഞ്ചിൽ ഏതെങ്കിലും ഒന്നിൽ മതിയോ എന്നു്. ഒട്ടും അടുപ്പമാകാത്ത, പേരുപോലും ശരിക്കു് അറിയാത്ത, പതിനൊന്നു പേർക്കൊപ്പം ത്രയ ചെന്നുകയറി. ദ്വാദശി ഋദ്ധിയുടെ പങ്കാളിയെപ്പോലെയായി മാറിക്കഴിഞ്ഞിരുന്നു. അവർ രണ്ടു പേരുടേതുമാണു് ചെറു പാവഞ്ചി എന്നു് ഓലപ്പുടവൻ സാമ്രാജ്യം തീറെഴുതി കഴിഞ്ഞിരുന്നു.

ഏകനും കഞ്ചാവും ഒരേ മട്ടിൽ ആവർത്തിച്ചു് ത്രയയ്ക്കു് സർവതും മടുത്തു തുടങ്ങിയിരുന്നു. ഈ നിർവികാരതയിൽ നടന്നാൽ ശത്രുവിന്റെ മുറിവേൽക്കുന്ന ആദ്യ ഓലപ്പുടവൻ മറ്റാരുമാകില്ലെന്നു് ത്രയയ്ക്കു തോന്നി. മുറിവേറ്റാൽ നീലത്തിമിംഗലത്തിന്റെ വയറ്റിലേക്കു തന്നെ പോകാൻ ഏതു കാവിലാണു് നേർച്ചയിടുന്നതു് എന്നു് അഷ്ടമൻ ചോദിക്കുകയും ചെയ്തു.

ദശ ആയിരുന്നു അവിടെ കപ്പിത്താനെപ്പോലെ തോന്നിച്ചതു്. ത്രയ എത്തിയതോടെ അവർക്കു പെട്ടെന്നു് ആത്മവിശ്വാസം കൂടിയതുപോലെയായി. കയർ അഴിക്കാനും പായ വിടർത്താനും ഉണക്കിയ മാനിറച്ചി എടുക്കാനുമൊക്കെ അവർ ആദ്യമൊക്കെ അഭിപ്രായം ചോദിച്ചു വന്നു. പിന്നെ അനുവാദം ചോദിച്ചു കാത്തുനിന്നു. ത്രയ പറയാതെ ഒന്നും ചെയ്യില്ലെന്നായി.

പത്തു മുതൽ പതിനഞ്ചു പേർ വരെ കയറിയ ആറു നൗകകൾ. ദ്വാദശിയും ചതുരയുമായി ഋദ്ധിയുടെ നൗക. ബംഗാൾ ഉൾക്കടലിൽ നിന്നു് കാറ്റിലും കോളിലും അതു് തെക്കൻ തീരത്തേക്കു തിരിഞ്ഞു.

ഏകൻ:
“എല്ലാം തീരുമാനിച്ചുറപ്പിച്ചു കൊണ്ടുപോവുകയാണെന്നു് മൂപ്പത്തി അഭിനയിക്കുന്നതല്ലേ.”
ഏകാദശി:
“ഒരു ലക്ഷ്യവുമില്ലാത്തോരൊക്കെ കൃതഹസ്തരാണെന്നു കാണിക്കാൻ മുടിഞ്ഞ നടനമായിരിക്കും; നടികർ തിലകമായിരിക്കും.”
അഷ്ടമൻ:
ഇത്തിര കടന്നുണ്ടോ പോകുന്നു മിഴികൾ,
ഇക്കടൽ കടക്കുമോ നിൻമോഹനൗക
ഉലയണം ചെരിയണം മറിയണം കുത്തനെ
തലകീഴുവീഴുമ്പോൾ ചുംബിക്കണം നീ
ഉലയണം ചെരിയണം മറിയണം കുത്തനെ
തലകീഴുവീഴുമ്പോൾ ചുംബിക്കണം നീ
തലകീഴുവീഴുമ്പോൾ ചുംബിക്കണം നീ

അവരു സംശയിച്ചതുപോലെയാണു് കാര്യങ്ങൾ. അടുത്തനിമിഷം എന്തു സംഭവിക്കുമെന്നു് ആലോചിച്ചൊന്നുമല്ല ഞാൻ ഇറങ്ങിപ്പുറപ്പെട്ടതു്. ചാർട്ടേഡ് യാത്രകൾ നടത്താനാണെങ്കിൽ ഏതെങ്കിലും ഏജൻസിക്കു കാശുകൊടുത്തു് കയ്യും കെട്ടി ഇരുന്നാൽ മതിയല്ലോ. ഇതു കാര്യകാരണങ്ങളില്ലാത്ത യാത്രയാണു്. മനോരാജ്യത്തിൽ അല്ലെങ്കിൽ തന്നെ എന്തിനാണു് യുക്തി?

നൗക എട്ടടിയെങ്കിലും തിരയിൽ ഉയർന്നുകാണും.

നെഞ്ചുംതല്ലി താഴേക്കു വരികയാണു്. ഇത്തരം വീഴ്ചകളിലാണു് നൗകകൾ നടുവൊടിഞ്ഞു രണ്ടു കഷണമാകുന്നതു്. താഴെയെത്തി ഒരു നിമിഷത്തിന്റെ മാത്രം ഇടവേള. വീണ്ടും ഉയരുകയാണു്. ഇത്തവണ ആകാശത്തോളമെന്നു് ഋദ്ധിക്കു തോന്നി. പിന്നിലേക്കു നോക്കി. ദൂരേ ആറു നൗകകൾ കുഴഞ്ഞുംമറിഞ്ഞും. ഏറെ പിന്നിൽ ഒരു കപ്പൽ. ഇത്തവണ വീഴ്ച കനത്തതായിരുന്നു. ദ്വാദശി പായ്മരത്തിലിറുകിപ്പിടിച്ചു. ഋദ്ധി ഒരു തുമ്പിയുമ്മ പറത്തി. കടൽ കലങ്ങിയപ്പോൾ തന്നെ പായ അഴിച്ചിരുന്നു. ഇനി തിരയൊടുങ്ങും വരെ അതിന്റെ പാട്ടിനു വിടുക. മറ്റൊന്നും ചെയ്യാനില്ല.

ഋദ്ധി അമരത്തിൽ നിന്നു തെന്നി നിരങ്ങി ദ്വാദശിയുടെ കാൽക്കലെത്തി. ദ്വാദശി പായമരത്തിൽ വട്ടംപിടിച്ചിരുന്ന കയ്യഴച്ചു. ഋദ്ധി കൈകൾ വിടർത്തി കിടന്നു. ദ്വാദശി പറന്നിറങ്ങി.

ദ്വാദശി ചെവിയിൽ ചോദിച്ചു. നമുക്കിങ്ങനെ ഇറുക്കിയണച്ചു് എത്രനേരം കിടക്കാം.

ഋദ്ധി കിതച്ചു:
“മൂന്നു മിനിറ്റ്.”
ദ്വാദശി:
“അതു കഴിഞ്ഞോ?”
ഋദ്ധി:
“നമ്മൾ രണ്ടാകും.”
ദ്വാദശി:
“അതു കഴിഞ്ഞോ?”
ഋദ്ധി:
“നമുക്കു തോന്നിയാൽ വീണ്ടും വരും.”
ദ്വാദശി:
“ഈ കടലും തിരകളും ഉള്ളിടത്തോളം ഒന്നിക്കാം എന്നു നീ പറഞ്ഞില്ല.”
ഋദ്ധി:
“നടക്കാത്തതു പറയുന്നതു നുണയെഴുത്തുകാരാണു്.”

ഋദ്ധി കൈകൾ വരിഞ്ഞുമുറുക്കി. ദ്വാദശി ഇറുകിച്ചേർന്നു. വീശുവലയിൽ കുടുങ്ങിയ ഇണസ്രാവുകളേപ്പോൽ അവർ തട്ടിലൂടെ ഉരുണ്ടു. തിരകളിൽ നൗക ഉയരുകയും താഴുകയും ചെയ്തു. കടൽ നൗകയിലേക്കു് മീനുകളെ കൊണ്ടുവന്നു. അടുത്ത തിരയിൽ തിരിച്ചെടുത്തു.

ദ്വാദശി:
“നിന്നെ ഉപ്പുവെള്ളം രുചിക്കുന്നു.”
ഋദ്ധി:
“അതു ഞാൻ മൂത്രമൊഴിച്ചതാണു്.”
ദ്വാദശി:
“എനിക്കും മൂത്രമൊഴിക്കണം.”
ഋദ്ധി:
“ഞാനും ഉപ്പുരുചിക്കാം.”

ഋദ്ധി ദ്വാദശിയുടെ കെട്ടു് അയച്ചുകൊടുത്തു. അവൾ എഴുനേൽക്കും മുൻപു ചിണുങ്ങി ഇടത്തെ ചെവിയിൽ കടിച്ചുതൂങ്ങി. ഋദ്ധിക്കു പെരുവിരൽ തുമ്പുമുതൽ ഉന്മാദം വന്നു. ഒന്നുകൂടി വരിഞ്ഞുമുറുക്കി തൊട്ടിലിൽ എന്നതുപോലെ ദ്വാദശിയെ ആട്ടിയെഴുനേറ്റു. പോകണ്ടാ എന്ന മട്ടിൽ കാലിൽ പിടിച്ചുകിടന്ന ദ്വാദശിയെ വിടുവിച്ചു് പിന്നിലേക്കു നോക്കി. ആറു നൗകകളും അടുത്തുവരുന്നുണ്ടു്. അതിനപ്പുറം മുൻപു കണ്ട കപ്പൽ ഇതേ ദിശയിൽ തന്നെ വരികയാണു്. പകലാണു്. ബൈനോക്കുലർ ഇല്ലാതെ തന്നെ മുന്നിൽ പോകുന്ന വഞ്ചികൾ കാണാവുന്നതേയുള്ളൂ. എന്നിട്ടും ദിശ മാറാതെ വരുന്നെങ്കിൽ അതു ശത്രുവാകണം. അല്ലെങ്കിൽ… ഋദ്ധി ചിന്തമുഴുമിക്കും മുൻപു് അതുകണ്ടു. കപ്പലിന്റെ മേൽത്തട്ടിൽ നിന്നു് വെള്ളപ്പതാക വീശുന്നു.

മിത്രമാണു് അവർ അടുത്തുവരികയാണു്. ഋദ്ധി ചെങ്കൊടി വീശി മറ്റു നൗകകൾക്കു് നിർത്താനുള്ള അടയാളം നൽകി. ഏകനും ത്രയയും അഷ്ടമനുമെല്ലാം അതതു നൗകകൾക്കു പായ താഴ്ത്താൻ കമാൻഡ് നൽകി. കപ്പൽ അടുത്തുവരാൻ ഇനിയും ഒരു മണിക്കൂർ എടുക്കുമെന്നു് ഋദ്ധി കണക്കാക്കി. നൗകയിൽ കയറിയപ്പോൾ ഊരിക്കളഞ്ഞ ജീൻസും ബനിയനും എടുത്തിട്ടു. ദ്വാദശി മനസ്സില്ലാ മനസ്സോടേ ഒരു ഷർട്ട് മാത്രം എടുത്തിട്ടു് മതിവരാത്തവളുടെ ചിരിചിരിച്ചു. ഋദ്ധി അടുത്തുചെന്നു് ഗാഢം പുണർന്നു.

എനിക്കു കാക്കത്തിരണ്ടിയാകണമെന്നു് ദ്വാദശി.

ഒരുപാടു് ആൺതിരണ്ടികൾ വന്നു പോകുമെന്നു് ഋദ്ധി.

അവരെയെല്ലം ഉന്മാദത്തിലാക്കി എനിക്കു പെറ്റുപെരുകണമെന്നു് ദ്വാദശി.

നിയമങ്ങളില്ലാത്ത ഈ രാജ്യത്തു് നീ കാക്കത്തിരണ്ടിയെന്നു് ഋദ്ധി.

ദ്വാദശി കൈകൾ വിടർത്തി കമഴ്‌ന്നു കിടന്നു. ഇരുവശത്തുകൂടിയും ആൺതിരണ്ടികൾ വരുന്നതു് ഉള്ളാലെ കണ്ടു.

എനിക്കൊരു നീണ്ട വാൽ തരൂ എന്നു് ദ്വാദശി.

ഋദ്ധി ഒന്നുകൂടി അവളെ മടിയിലേക്കു ചേർത്തു പിടിച്ചു.

ഒരു പെൺപുള്ളിക്കാക്കത്തിരണ്ടിക്കു വേണ്ടി അനേകം ആൺതിരണ്ടികൾ വരുന്ന ലോകം. ഓരോരുത്തരും മുപ്പതു നിമിഷം വാൽകൊരുത്തുകിടന്നു് പുണർന്നുള്ള മടക്കം. ദിവസവും ഇടുന്ന മുട്ടകൾ. അതു വിരിഞ്ഞു് അതേ രൂപവും ഭാവവുമുള്ള അനേകം തിരണ്ടികൾ. ഒരമ്മയ്ക്കു് എന്നും അതേ പുള്ളിയുള്ള മക്കളെ കിട്ടും. മുതുമുതുമുത്തശ്ശിയമ്മയ്ക്കു മുതൽ പുതുപുതുമോൾക്കുവരെ ഒരേ പുള്ളികൾ.

ആറാമത്തെ നൗകയിലായിരുന്നു ആഘോഷം. ത്രയ ഒറ്റക്കാലിൽ ജീൻസിടുകയും മറ്റേ കാലുകൊണ്ടു് നൃത്തം ചെയ്യുകയുമാണു്. വലതുകയ്യിലെ ടീ ഷർട്ട് ആകാശത്തേക്കുയർത്തി അവൾ വെള്ളക്കൊടിയാക്കി. പിന്നെയതു തലയ്ക്കു മുകളിൽ വട്ടംകറക്കി കഴുത്തുവഴി ഉടുത്തു. ദ്വീപിൽ വച്ചു് എല്ലാം ഊരിയെറിഞ്ഞ ശേഷം ആദ്യമായാണു് വസ്ത്രമിടുന്നതു്. ഈ ജീൻസും ടീഷർട്ടും അന്നു കപ്പലിൽ നിന്നിറങ്ങുമ്പോൾ സമുദ്ര നീട്ടിയതാണു്. ത്രയ ഉള്ളംകയ്യിൽ ചുംബിച്ചു് കപ്പലിലേക്കു് ഊതിവിട്ടുകൊണ്ടിരുന്നു.

ഏകനു് എല്ലാവർക്കുമൊപ്പം നൗക നിർത്താൻ തോന്നിയില്ല. ഋദ്ധിയേയും കടന്നു് അപ്പുറത്തെത്തിയാണു് വേഗം കുറച്ചതു്. നൗകകളിൽ നിന്നു് ആറേഴു കപ്പൽപ്പാടു് പിന്നിൽ സമുദ്രയുടെ കപ്പൽ നിന്നു. കപ്പലിനു് അടുത്തുപോകാൻ ചെറുനൗകയേ പറ്റൂ. ഋദ്ധി പിന്നിലേക്കു പോകാനായി ദിശ തിരിച്ചു. മെല്ലെ നീങ്ങുമ്പോൾ ആറാം നൗകയിൽ നിന്നു് ത്രയ ഒരു കൊച്ചുകുട്ടിയെപ്പോലെ എടുത്തുചാടി. ത്രയയുടെ മനസ്സു പോലെ ആ ശരീരവും തുള്ളിത്തുളുമ്പുകയാണെന്നു് ദ്വാദശി കണ്ടു.

ദ്വാദശിയുടെ മനസ്സു് അഞ്ചാം കാലത്തിൽ കൊട്ടാൻ തുടങ്ങി. പിന്നെയാ താളം ഇരുകൈകൾകൊണ്ടും ഇരുന്ന വീപ്പയിലേക്കു് പകർന്നു. ത്രയ താളം ചവിട്ടി, ചെണ്ടയിലെന്നതുപോലെ കൈ വായുവിൽ അടിച്ചു് വന്നു് ദ്വാദശിയുടെ കവിളിൽ ചുണ്ടു കൊണ്ടു തൊട്ടു. പിന്നെ നൗകയുടെ തുഞ്ചത്തേക്കു് ഓടി. സമുദ്ര കപ്പലിൽ നിന്നു കൈവീശുന്നതു് ഋദ്ധികണ്ടു.

ആ കൈവീശിയതു് ജുവൽ ആണു്. താഴെ നൗകയിൽ തുള്ളിച്ചാടിയതു് നന്ദിനിയും. ജൂവൽ കപ്പലിന്റെ ഇരുമ്പുവേലിയിൽ കൈകുത്തി നന്ദിനിയെ സാകൂതം നോക്കി.

ജുവലിനു് വിരലുകളിൽ മണ്ണു് പറ്റുന്നതു് തീരെ ഇഷ്ടമായിരുന്നില്ല. അവൻ സൈക്കിൾ സീറ്റിൽ കൈകുത്തി കണ്ടു നിന്നു. കാക്കപ്പൂവു്, മഞ്ഞമന്താരം, കനകാംബരം, ചെങ്കൊങ്ങിണി, മത്തപ്പൂവു്, വീണ്ടപ്പൂവു് പിന്നെ തൊട്ടാവാടിയും. നന്ദിനി ഈ പട്ടികയിൽ വിട്ടുവീഴ്ചയ്ക്കു് ഒരുക്കമായിരുന്നില്ല. ഓണപ്പൂക്കള മത്സരത്തിനു് ഒൻപതാം ക്ളാസുകാരുടെ കളം അവൾ ഏറ്റെടുത്തതാണു്.

ജൂവൽ പരമപരിഹാസത്തോടെ മാറി നിന്നു. ബന്തിയും ജമന്തിയും വാടാമല്ലിയും കൊണ്ടു് കഥകളിത്തലതീർക്കുന്നവർക്കു മുന്നിൽ നന്ദിനിയുടെ പാരമ്പര്യവാദം അപഹാസ്യമാകുമെന്നു് അവനു് ഉറപ്പായിരുന്നു.

എനിക്കു് ഒരുകാര്യം മനസ്സിലായി. അവർ എപ്പോഴും വഴക്കിനു് ഒരു കാരണമുണ്ടാക്കുകയാണു്. നന്ദിനിയോടുള്ള ജുവലിന്റെ വഴക്കൊക്കെ ഒരു സന്ദേശമാണു്. അവർ ഒച്ചയുണ്ടാക്കി രഹസ്യമായതെന്തോ പറയുകയാണു്. ജൂവലിന്റെ കണ്ണുകളിൽ അവൾ നിറഞ്ഞു നിൽപ്പുണ്ടു്.

മുക്കൂറ്റിപ്പൂ പറിക്കാൻ തുടങ്ങിയിട്ടു് മണിക്കൂർ ഒന്നായി. വിരലമർന്നാൽ അരഞ്ഞുപോകുന്ന പൂവാണു്. അതു കുടഞ്ഞെടുക്കുന്നതുപോലെ കൂമ്പൽ കൂട്ടിയ ചേമ്പിലയിലേക്കു അടർത്തിയിടുകയാണു്.

എനിക്കു് മറ്റൊന്നു കൂടി മനസ്സിലായി. നന്ദിനിയുടെ മനസ്സു് ഇവിടെയെവിടെയും അല്ല. അവൾ മറ്റെന്തിനോടോ കലഹിച്ചുകൊണ്ടേ ഇരിക്കുകയാണു്. അതു ജുവലിനോടല്ല. ഇന്നു് അവൾ ജുവലിന്റെ നേരേ നോക്കുന്നു പോലുമില്ല.

ഒരു എട്ടാം ക്ളാസുകാരിക്കു് ഉണ്ടാകേണ്ടതിലധികം ദേഷ്യവും പകപ്പും അവൾക്കു രണ്ടുമൂന്നു ദിവസങ്ങളായുണ്ടു്. എന്താടീ… എന്നു് ഒന്നു രണ്ടുതവണ ചോദിച്ചു. ആ മുഖം കൂടുതൽ ചുവക്കുകയും പോടീ… എന്നു പറഞ്ഞു വിഷയം മാറ്റുകയും ചെയ്തു.

അവൾക്കു പരീക്ഷയെ വലിയ പേടിയുണ്ടായിരുന്നില്ല. മാർക്കു കുറഞ്ഞാൽ അമ്മയുടെ കണ്ണു് ചിലപ്പോൾ നിറയുമായിരിക്കും. കിടപ്പാടം പോയ കുടുംബത്തിനു് മക്കളായിട്ടെങ്കിലും അതുണ്ടാക്കണം എന്നുണ്ടു്. പക്ഷേ, ഇതു് അതല്ല. മാർക്കിന്റെ സങ്കടമൊക്കെ അവൾക്കു് നിസ്സാര പ്രശ്നമാണു്. അവൾ തന്നെ പറയുന്നതുപോലെ ‘എ സില്ലി നന്ദിനി തിങ്’. ഇതു് മറ്റെന്തോ ആണു്.

നന്ദിനിയുടെ കയ്യിൽ നിന്നു് പെട്ടെന്നു് ആ ചേമ്പില താഴെ വീണു. അവളുടെ മുഖം ചുവന്നു തുടുത്തു. ഒരു മണിക്കൂർ കൊണ്ടു പറിച്ചെടുത്ത ആ പൂക്കൾ ഉപ്പൂറ്റികൊണ്ടു ചവിട്ടിയരച്ചു് അവൾ പോയി. പോകുംവഴിക്കു് എന്റെ കയ്യിലിരുന്ന ഇലകൂടി തട്ടിത്തെറിപ്പിച്ചു.

എന്തുവേണം എന്നു് അറിയാതെ ഞങ്ങൾ നിന്നു. അതു വീണതല്ല, കളഞ്ഞതാണെന്നു് ജോയൽ അടുത്തുവന്നു പറഞ്ഞു. ജോയൽ പറയുന്നതു ശരിയാകണം. അവളിൽ നിന്നു് കണ്ണെടുക്കാതെ നിൽക്കുകയായിരുന്നു അവൻ. പാടത്തെ കളിയിൽ ഔട്ടാകുമ്പോൾ ബാറ്റുകൊണ്ടു് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു് ദേഷ്യം തീർക്കുന്നതു് വീട്ടിൽ വഴക്കുണ്ടാക്കി വരുന്നവരാണെന്നു് സുരേഷിന്റെ അച്ഛൻ വരമ്പിൽ നിന്നു് കോച്ചിങ് നൽകുന്നതിനിടെ പറയാറുണ്ടു്.

ഒൻപതാം ക്ളാസിന്റെ പൂക്കളമില്ലാതെ ഓണം അവധിക്കു മുൻപുള്ള അവസാനദിനം കടന്നുപോയി. നന്ദിനി അന്നു സ്കൂളിൽ എത്തിയില്ല. മറ്റാർക്കും പൂക്കൾ വാങ്ങാനോ ഇടാനോ തോന്നിയതുമില്ല. കഴിഞ്ഞവർഷം പൂക്കളമിട്ടതിനു പിറ്റേന്നായിരുന്നു കുട്ടിക്കസേര തേടിയുള്ള സൈക്കിൾ യാത്ര. നാളെ രാവിലെ എന്തായാലും നന്ദിനിയുടെ വീട്ടിൽ പോകണം എന്നു വിചാരിച്ചാണു് ഉറങ്ങാൻ കിടന്നതു്.

ആരകൻ

അന്നു് ഉറക്കത്തിൽ തെരുവുനായയെപ്പോലെ വന്ന ഒരു ഭ്രാന്തൻ സ്വപ്നത്തിനു മുന്നിൽ ഞാൻ ഓടിക്കിതച്ചു.

അവളതു ചെയ്യില്ല, അവളതു ചെയ്യില്ല എന്നു ഞാൻ ആണയിട്ടു. ജൂവൽ എന്നെ വട്ടം പിടിച്ചിട്ടുണ്ടു്. അവൾ വെള്ളപുതച്ചു കിടക്കുന്നു. അവളെ കൊന്നതാണു് എന്നു് ഞാനലറി. പൊലീസുകാരും സിസ്റ്ററും അമ്മയും എന്നെ തന്നെ നോക്കി നിന്നു. അവളെ ആരു കൊന്നുവെന്നു് ആരോടു് ചോദിക്കും. അമ്മ അടുത്തുകിടക്കുകയാണു്. കുഞ്ഞുണ്ണിയുടെ ഒന്നാം പിറന്നാൾ കഴിഞ്ഞിട്ടു് നാലു മാസമേ ആയുള്ളൂ. അവനും ചിരിമാഞ്ഞു് അവിടെ കിടന്നു. അപ്പുറത്തു് അച്ഛനും.

ആർക്കും വേണ്ടി കാക്കാനില്ലാത്ത ജഡങ്ങളാണു്. നഗരസഭയുടെ ആംബുലൻസ് അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോയി.

ഞാൻ ഞെട്ടി ഉണർന്നു.

നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. പുലർച്ചെ അഞ്ചുമണി ആകുന്നതേയുള്ളു. സിസ്റ്റർ ഉണർന്നു കിടക്കുകയാണെന്നു മനസ്സിലായി. ആ കട്ടിലിൽ ചെന്നു ചേർന്നു കിടന്നു. അപ്പോൾ പ്രസവിച്ചു് ചാരെ കിടത്തിയെ കുട്ടിയെ എന്നതുപോലെ സിസ്റ്റർ മൃദുവായി കൈകൊണ്ടു് ഒരു തടയണയുണ്ടാക്കി. കുഞ്ഞുങ്ങളെപ്പോലെ അഭിനയിച്ചു് ഒന്നു് കാൽകുടഞ്ഞു് ഞാൻ ആ കൈകൾക്കടിയിലേക്കു മുഖം താഴ്ത്തി.

പതുക്കെ പറഞ്ഞു: എനിക്കിപ്പോൾ നന്ദിനിയുടെ വീട്ടിൽ പോകണം.

നീ പോ പെണ്ണേ, എന്നു സിസ്റ്റർ കൈകൾ മെല്ലേ എടുത്തുമാറ്റി. ഞാൻ ആ നെറ്റിയിൽ ഉമ്മ വച്ചു് എഴുനേറ്റു. ഇട്ടുകിടന്ന മുറിക്കാലുറയും മേലുടുപ്പും മാറാൻ നിൽക്കാതെ പുറത്തിറങ്ങി കാവൽക്കാരൻ ജോൺ ചേട്ടന്റെ സൈക്കിൾ എടുത്തു. അതിലാണെങ്കിൽ നല്ല തെളിച്ചമുള്ള ഡൈനാമോയുണ്ടു്.

നാലു മിനിറ്റേ എടുത്തിട്ടുണ്ടാകൂ. നന്ദിനിയുടെ അച്ഛൻ രാവിലെ അഞ്ചുമണിക്കു മുമ്പു പോകുന്നയാളാണു്. പക്ഷേ, വീട്ടിൽ വെളിച്ചമില്ല. അച്ഛൻ പോയപ്പോൾ കെടുത്തിയതായിരിക്കും. നോക്കുമ്പോൾ നന്ദിനിയുടെ മുറിയിൽ മൊബൈൽ ഫോണിന്റെ ചെറിയ വെട്ടം. ഫോൺ എടുക്കാത്തതു് കഷ്ടമായി എന്നു് തോന്നി. അതിൽ വിളിക്കാമായിരുന്നു.

മണി അടിച്ചു് അമ്മയേയും അനിയനേയും ഉണർത്തേണ്ട എന്നു കരുതി അവളുടെ ജനാലയിലേക്കു നടന്നു. ഇവളെന്താണു് ഫോൺ ഇത്ര ഉയരത്തിൽ പിടിക്കുന്നതു് എന്നു സംശയിച്ചു് ജനൽപാളിയിലൂടെ നോക്കി. കഴുക്കോലിൽ നിന്നു് ഒരു ഷാൾ തൂങ്ങിക്കിടക്കുന്നു. ഒന്നല്ല രണ്ടെണ്ണം ഇഴപിരിച്ചിട്ടുണ്ടു്. അതിൽ ഒരു കുടുക്കുമുണ്ടു്. അവൾ കെട്ടിന്റെ ബലം നോക്കുകയാണു്.

ഞാൻ നേരേ അടുക്കള വാതിലിൽ ചെന്നു. അച്ഛൻ പോകുമ്പോൾ അതു വഴിയാണു് പോകുന്നതു്, അതുതുറന്നു കിടക്കുമെന്നു് അവൾ പറഞ്ഞു് അറിയാം. അച്ഛൻ പോയി പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ അമ്മ അടുക്കളപ്പണി തുടങ്ങും. അതുകൊണ്ടു് അടയ്ക്കേണ്ട കാര്യമില്ല. അച്ഛൻ വരുമ്പോഴേക്കു പണി കഴിഞ്ഞു് കുളിച്ചു് കുറി ഇട്ടു നിന്നില്ലെങ്കിൽ അതിനു തുടങ്ങും കലി. അവളുടെ മുറിയുടെ മുന്നിലെത്തി ഞാൻ പതുക്കെ വിളിച്ചു. അനക്കമില്ല. കാത്തുനിൽക്കാൻ മനസ്സു വന്നില്ല. കുംഫു ക്ളാസിലെ ആ ധൈര്യത്തിൽ നാലടി പിന്നോട്ടു വച്ചു് നല്ല ആയത്തിൽ ചെന്നിടിച്ചു. പഴയവീട്ടിലെ ആ വാതിൽ പടപട ശബ്ദത്തോടെ തുറന്നു. നന്ദിനി കസേരയിൽ നിൽക്കുന്നുണ്ടായിരുന്നു. അമ്മയും അനിയനും എഴുനേറ്റു. ഞാൻ വാതിൽ കുറ്റിയിട്ടു.

അവളുടെ ചെവിയിൽ പറഞ്ഞു: മൂത്രമൊഴിക്കാൻ തുറന്നതാണെന്നു പറയണം. അമ്മ വാതിലിൽ മുട്ടി. അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു: അടച്ചപ്പോൾ തള്ളൽ കൂടിപ്പോയതാണു്. അമ്മ സംശയം തീരാതെ വീണ്ടും വാതിലിൽ മുട്ടി. ഞാൻ പെട്ടെന്നു് കസേരയിൽ കയറി ഷാൾ അഴിച്ചു് താഴെയിട്ടു. ആ സമയം നന്ദിനി അമ്മയ്ക്കു മറുപടി പറയാതെ നിൽക്കുകയാണു്. നന്ദിനി വാതിൽ തുറക്കുമ്പോൾ ഞാൻ അലമാരയുടെ പിന്നിൽ നിന്നു.

കുഞ്ഞുണ്ണി പേടിച്ചതുപോലെ കരയുന്നുണ്ടായിരുന്നു. അമ്മ മുറിയിലേക്കു് സംശയിച്ചു നോക്കി. കുഞ്ഞുണ്ണിയുടെ കരച്ചിൽ ഉച്ചത്തിലായി. വയ്യെങ്കിൽ ഇപ്പോൾ എഴുനേൽക്കേണ്ട എന്നു പറഞ്ഞു കുഞ്ഞിനെ എടുക്കാൻ പോയി.

അവൾ വാതിലടച്ചുവന്നു് എന്നെ കെട്ടിപ്പിടിച്ചു. ഇപ്പോൾ എന്റെ കൂടെ വരണം എന്നു് ഞാൻ കട്ടായം പറഞ്ഞു. അമ്മ കുഞ്ഞുണ്ണിക്കു പാലു കൊടുത്തു് തിരിഞ്ഞിരിക്കുകയാണു്. അവൾ എന്റെ ഒപ്പം ഇറങ്ങി. മഠത്തിലെത്തുമ്പോൾ സിസ്റ്റർ കട്ടിലിൽ തന്നെ ഇരുന്നു കൊന്ത ജപിക്കുന്നുണ്ടു്. ഞാൻ നന്ദിനിയെ അവിടെ ഇരുത്തി.

സിസ്റ്റർ മൂന്നു കട്ടൻകാപ്പി വാങ്ങി വന്നു. നന്ദിനി കരയാൻ തുടങ്ങി. അവൾ നിർത്തുന്നുണ്ടായിരുന്നില്ല.

ഞാൻ ഫോൺ എടുത്തു. നന്ദിനിയുടെ അമ്മയെ വിളിച്ചു: അവൾ ഇവിടെ മഠത്തിലുണ്ടു്. ഞങ്ങൾ ഒന്നിച്ചു് പഠിക്കുകയാണു്. ഇത്ര രാവിലെ അവളെങ്ങനെ പോയി എന്ന ചോദ്യമാണു് ഞാൻ പ്രതീക്ഷിച്ചതു്. പക്ഷേ, അമ്മ ചോദിച്ചതു് അവൾക്കു കുഴപ്പമൊന്നുമില്ലല്ലോയെന്നായിരുന്നു.

സിസ്റ്റർ പോയപ്പോൾ അവൾ എന്റെ മടിയിലേക്കു വീണു.

രണ്ടു പേരുകൾ പറഞ്ഞു. ഒന്നും എന്നെ ഞെട്ടിച്ചില്ല. ആദ്യം അമ്മാവൻ. അതു് എട്ടുവയസ്സുള്ളപ്പോൾ. പിന്നെ ആസ്തിയില്ലാത്ത അച്ഛനു കടംകൊടുത്ത ബാങ്ക് മാനേജർ രവിചന്ദ്രൻ. അമ്മയുമായി കുഞ്ഞുണ്ണിയെ കുത്തിവയ്പ്പിക്കാൻ പോകുമ്പോൾ സുഹൃത്തിന്റെ വീടാണെന്നു പറഞ്ഞു് ഇരുത്തിയിട്ടു പോയതാണു് അച്ഛൻ. അതു് അഞ്ചു ദിവസം മുൻപാണു്.

സിസ്റ്ററോടു് നന്ദിനിയുടെ മുന്നിൽ വച്ചു് തന്നെ ഞാൻ എല്ലാം പറഞ്ഞു. സിസ്റ്റർ ഒന്നും മിണ്ടിയില്ല. നന്ദിനിയെ നോക്കുക പോലും ചെയ്യാതെ മുറ്റത്തിറങ്ങി നടക്കാൻ തുടങ്ങി. രാവിലെ ആറരമുതൽ അരമണിക്കൂർ നടപ്പു് പതിവുള്ളതാണു്.

അന്നു് പത്തുമിനിറ്റുകൊണ്ടു് സിസ്റ്റർ കയറി വന്നു. എന്റെ വസ്ത്രങ്ങളുടെ പെട്ടി തുറന്നു. അതിൽ നിന്നു് ഒരു മുറിജീൻസും ബനിയനും കൊടുത്തു. അവളുടെ നിലവിളിയുടെ ശബ്ദം കൂടി. മറ്റു കന്യാസ്ത്രീമാർ വന്നു നോക്കി പോയി.

നന്ദിനി ഏങ്ങലടിച്ചു തന്നെ വാതിൽ മറവിൽ നിന്നു വേഷം മാറി. സിസ്റ്റർ ഒരു കിണ്ണത്തിൽ ഉപ്പുമാവും പഴവും പപ്പടവും കൊണ്ടുവന്നു് അവളുടെ അടുത്തു് നിലത്തിരുന്നു. അവൾ കാലുകൾ നീട്ടി വച്ചു് ഭിത്തിയിൽ ചാരിയിരുന്നു് ഏങ്ങലടിക്കുകയാണു്. സിസ്റ്റർ ഉപ്പുമാവു് പഴംചേർത്തു് ഉരുട്ടിയെടുത്തു് അവളുടെ ചുണ്ടോടു് അടുപ്പിച്ചു. അവൾ തൊഴുതു. എനിക്കൊന്നും വേണ്ട എന്നു് കേണു.

സിസ്റ്റർ പറഞ്ഞു ഇപ്പോൾ പൊലീസ് വരും. അവർ നിന്നെ എങ്ങോടും കൊണ്ടുപോകില്ല. ഇവിടെയിരുന്നു് ഉള്ളതുമുഴുവൻ പറയണം.

അവൾ നിലവിട്ടു കരഞ്ഞു. സിസ്റ്റർ അവളെ ചേർത്തു പിടിച്ചു.

പത്തുമിനിറ്റിനുള്ളിൽ പൊലീസ് വന്നു. അവർ നന്ദിനിയുമായി സിസ്റ്ററുടെ ഓഫിസ് മുറിയുടെ വാതിൽ അടച്ചു.

രണ്ടുമിനിറ്റിനുള്ളിൽ ആ സംഘത്തിലെ മൂന്നു പേർ വന്നു് എന്നെ ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു കൊണ്ടുപോയി.

നന്ദിനി എന്നോടു പറഞ്ഞതു മുഴുവൻ അറിയണം എന്നു് അവർ. ഒരേസമയം റെക്കോഡ് ചെയ്യുകയും എഴുതിയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നരമണിക്കൂർ എടുത്തു ചോദ്യങ്ങൾ തീരാൻ. എന്നെക്കൊണ്ടു് ഒപ്പീടിച്ചു് എഴുനേറ്റു് അവർ സിസ്റ്റർ സന്ധ്യയെ ആ മുറിയിലേക്കു വിളിപ്പിച്ചു. അര മണിക്കൂർ സിസ്റ്റർ സന്ധ്യയോടും ചോദ്യങ്ങൾ. നന്ദിനിയുമായി മുറിയിൽ കയറിയവർ പുറത്തുവരാൻ പിന്നെയും അരമണിക്കൂർ കൂടി എടുത്തു.

വിളിപ്പിക്കില്ല, ആവശ്യമുണ്ടെങ്കിൽ ഇങ്ങോടു വരാം എന്നു പറഞ്ഞു് പൊലീസ് പോയി. അവിടെ ബാക്കിയുണ്ടായിരുന്ന ഉപ്പുമാവു് നന്ദിനി ആർത്തിയോടെ കഴിച്ചു. ഞാനും സിസ്റ്ററും അന്നു് ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അവൾ തീർക്കുന്നതുവരെ നോക്കിയിരുന്നു് സിസ്റ്റർ രണ്ടു പ്ളേറ്റ് എടുത്തു. ഞങ്ങൾ കഴിക്കുമ്പോൾ അവൾ വീണ്ടും എന്റെ മടിയിലേക്കു വീണു.

ഉച്ചയ്ക്കു മുൻപു് നന്ദിനിയുടെ അച്ഛൻ വന്നു. സാധാരണ ജോലി കഴിഞ്ഞു വരുന്ന സമയമാണു്. മകളെ കൂടെ വിടണം എന്നു് ശബ്ദമുയർത്തി. സാധ്യമല്ല, നന്ദിനി ഇനി ഇവിടുത്തെ അന്തേവാസിയാണു് എന്നു് സിസ്റ്റർ. അച്ഛൻ ശൗര്യം കാണിച്ചു തുള്ളിച്ചാടിപ്പോയി.

അച്ഛൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്നു് എനിക്കു പേടിയായി.

സിസ്റ്റർ പറഞ്ഞു: “അയാൾ ഒറ്റയ്ക്കു് ഒന്നും ചെയ്യില്ല. ഇനി ചെയ്താൽ തന്നെ ഇവളേയും അമ്മയേയും അനിയനേയും കൊന്നിട്ടായിരിക്കും. ഇരകളെ അവസാനിപ്പിക്കാതെ ഒരു കൊടുംകുറ്റവാളിയും സ്വന്തം ജീവനൊടുക്കില്ല.”

ഒരു മണിക്കൂർ കഴിയും മുൻപേ കന്യാസ്ത്രീ മഠത്തിനു മുന്നിലേക്കു് ഒരു പ്രതിഷേധ മാർച്ച് വന്നു. ശാന്തിക്കാരന്റെ മകളെ മതംമാറ്റുന്നുവെന്നു് അവർ മുദ്രാവാക്യങ്ങൾ വിളിച്ചു. അവർ മഠം ആക്രമിക്കാൻ തയ്യാറെടുത്തു വന്നവരാണെന്നു് സിവിൽ പൊലീസ് ഓഫിസർ കരുണൻ വയർലെസ് സെറ്റിലൂടെ സന്ദേശം നൽകി. അവർ വടികളും കല്ലുകളും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും ഇരുനൂറുപേരു വരുമെന്നും സന്ദേശം തുടർന്നുകൊണ്ടേ ഇരുന്നു. ഉണ്ടായിരുന്ന ചെറിയ സംഘം പൊലീസ് കാഴ്ചക്കാരായി നിന്നു.

സിസ്റ്റർ വാതിൽ തുറന്നു. അവർ ആക്രമിക്കുമോ എന്നു് ഞങ്ങൾ ഭയന്നു. സിസ്റ്റർ അവർക്കു മുന്നിലെത്തി കൈകൂപ്പി. നിങ്ങളുടെ കുട്ടിയെ വിട്ടുതരാം എന്നാണു് പറഞ്ഞതു്. അവർ വിശ്വാസമാകാത്തതുപോലെ വീണ്ടും ശബ്ദമുയർത്തി. സിസ്റ്റർ കൈകൂപ്പി നിന്നു. സമരം നയിച്ചു വന്ന ഗോവിന്ദൻ വക്കീൽ അടുത്തു വന്നു. കുട്ടിയെ എപ്പോൾ വിടും എന്നു ചോദ്യം. ഇപ്പോൾ തന്നെ കൊണ്ടുപോകാം എന്നു സിസ്റ്റർ. വക്കീലിനെ സിസ്റ്റർ അകത്തേക്കു ക്ഷണിച്ചു.

മുറിയിൽ കയറിയ സിസ്റ്റർ എന്നെയും ഫിലോമിന സിസ്റ്ററേയും ഒപ്പം വിളിച്ചു. അവിടെ ഞങ്ങൾ നാലു പേർ. സിസ്റ്റർ വാതിലടച്ചു.

മിസ്റ്റർ ഗോവിന്ദൻ എന്തിനാണു് ഇറങ്ങിപ്പുറപ്പെട്ടതു്.

ആ ശബ്ദമാറ്റത്തിൽ അയാൾ കോപാകുലനായി.

അവിടിരിക്കു് മിസ്റ്റർ ഗോവിന്ദൻ. സിസ്റ്റർ ഒന്നു നിർത്തി.

ആ കുട്ടി എവിടേക്കും പോരുന്നില്ല. അവൾ ഇവിടെ താമസിക്കും. ഒൻപതു വർഷമായി മതം മാറാതെ എന്റെ ഒപ്പമുള്ള ഋദ്ധിയേയും സുശീലയേയും പോലെ ഇനി അവളും ഇവിടെയുണ്ടാകും.

ഗോവിന്ദൻ കസേര പിന്നിലേക്കു തട്ടിയെറിഞ്ഞു് വിറച്ചു നിന്നു. വൈദ്യുതാഘാതം ഏറ്റവനെപ്പോലെ വായിൽ നിന്നു വാക്കുകൾ വരാതെ വിക്കി.

സിസ്റ്റർ ശാന്ത ശബദത്തിലായി: “ഇതിനു ജാതിയും മതവും ഒന്നുമില്ല മിസ്റ്റർ ഗോവിന്ദൻ. വികാരി പതിനാലുകാരിക്കു കുഞ്ഞിനെ കൊടുത്തതു് ഇന്നാട്ടിൽ തന്നെയാണു്. കന്യാസ്ത്രീമാർ തിരുമേനിയുടെ അധികാരപ്രയോഗം തുറന്നുകാണിച്ചതും ഇവിടെയാണു്. എത്ര കുരുന്നുകളാണു് യൂറോപ്പിലെ അരമനകളോടു ചേർന്നുള്ള അനാഥാലയങ്ങളിൽ പീഡിപ്പിക്കപ്പെട്ടതു്. അവരെയോർത്തു വിലപിക്കുന്ന മാർപ്പാപ്പയേയും കണ്ടു. പാതിരിമാരും മുല്ലമാരും മാത്രമല്ല പ്രതികളായതു്. ശാന്തിക്കാരനും കുടുംബത്തോടെ മരിച്ചിട്ടുണ്ടു് ഈ നാട്ടിൽ. മറ്റൊരു ശാന്തിക്കാരന്റെ മകൾ ഇവിടെ അവൾക്കു വേണ്ടത്ര കാലം കഴിയും. അതിനു് ജില്ലാ മജിസ്ട്രേറ്റിനു് ഞാൻ അപേക്ഷയും കൊടുത്തിട്ടുണ്ടു്. നിങ്ങൾക്കു കഴിയുമെങ്കിൽ വാടകവീട്ടിൽ നിന്നു് ആ അമ്മയേയും ഇളയകുട്ടിയേയും ഇവിടെ എത്തിക്കുക. പറ്റുമോ?”

ഗോവിന്ദൻ ഒന്നും സംസാരിക്കാതെ പത്തു മിനിറ്റോളം അവിടെ ഇരുന്നു. പിന്നെ എഴുനേറ്റു മുറ്റത്തിറങ്ങി. അണികൾ മുദ്രാവാക്യങ്ങൾ കൂടുതൽ ഉച്ചത്തിലാക്കി. ഗോവിന്ദൻ അവരോടു പറഞ്ഞു: “മഠത്തീന്നു് കുഞ്ഞിനെ വേണ്ടിടത്തു് എത്തിക്കും. തൽക്കാലം നമ്മൾ പിരിയുന്നു.”

നന്ദിനി ശബ്ദമില്ലാതെ നിലവിളിക്കുകയും ശ്വാസംമുട്ടിയതുപോലെ സിസ്റ്ററുടെ മടിയിലേക്കു വീഴുകയും ചെയ്തു.

അരമണിക്കൂറിനുള്ളിൽ ഒരു കാർ വന്നു. കുഞ്ഞുണ്ണി നന്ദിനിയെ കണ്ടതേ അമ്മയുടെ ഒക്കത്തു നിന്നു് ചാടാൻ ആഞ്ഞു. നന്ദിനി കണ്ണുകൾ തുടച്ചു് അവനെ എടുത്തു.

സിസ്റ്റർ അമ്മയുമായി മുറിയിലേക്കു പോയി. അന്നു വൈകുവോളം സിസ്റ്ററും അമ്മയും പുറത്തിറങ്ങിയില്ല.

പിറ്റേന്നു് അതിരാവിലെ ഞാൻ ജുവലിനെ വിളിച്ചു. അവൻ സൈക്കിൾ എത്തിച്ചു. ഞാനും നന്ദിനിയും കടൽത്തീരത്തു് എത്തി. തിരകളിലേക്കിറങ്ങി. അവൾ കരഞ്ഞുതീരാൻ കാത്തു് ഞാൻ മണലിൽ മലർന്നു കിടന്നു. അവൾ കമിഴ്‌ന്നും. തിരകൾ വന്നും പോയുമിരുന്നു. വെയിൽമൂത്തുവന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു.

വഴിയിലാരും ഞങ്ങളെ അത്ഭുത ജീവികളെപ്പോലെ നോക്കിയില്ല. ആരും ചോദ്യങ്ങൾ ചോദിച്ചതുമില്ല.

മഠത്തിന്റെ മുന്നിൽ ജുവൽ ഉണ്ടായിരുന്നു.

നന്ദിനി:
“എന്തെടാ ചെക്കാ…”

ജൂവൽ കൈനീട്ടി. നന്ദിനിയും. കൈകൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നന്ദിനി നിറഞ്ഞു ചിരിച്ചു. ഞാനും. ഞങ്ങൾക്കു മാത്രമേ അപ്പോൾ ചിരിക്കാൻ കഴിയുമായിരുന്നുള്ളൂ.

കയറിച്ചെല്ലുമ്പോൾ സിസ്റ്ററുടെ മേശപ്പുറത്തു് അന്നത്തെ പത്രമുണ്ടായിരുന്നു.

വായ്പ അനുവദിക്കാൻ പതിനാലുകാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജറും ഒത്താശ ചെയ്ത പിതാവും അറസ്റ്റിൽ.

നന്ദിനി കൂസലില്ലാതെ ആ വാർത്ത മുഴുവൻ വായിച്ചു. അവൾ ഇനി ജീവിക്കാൻ തുടങ്ങുമെന്നു് എനിക്കുറപ്പായി.

കണ്ണു തുറക്കുമ്പോൾ മുഖവട്ടം നന്ദിനിയുടേതു്.

അന്നമ്മയുടെ ചുണ്ടു് അനങ്ങുന്നുണ്ടു്. “പിള്ളേ… ഇതാരാന്നു മനസ്സിലായോന്നു് നോക്ക്…” അന്നമ്മ എന്നോടു് ചോദിക്കുന്നതു്, നന്ദിനിയെ അറിയുമോ എന്നാണു്. ചിരിക്കണോ?.

അവൾ വീണ്ടും കരയുകയാണെന്നു് എനിക്കു മനസ്സിലായി. എന്നെ കാണുമ്പോൾ മാത്രം കരയുന്നവളാണു് നന്ദിനി. മറ്റെല്ലായിടത്തും അവൾ ചിരിച്ചു നിൽക്കും, ജയിച്ചും.

സമുദ്രയ്ക്കു് പദ്ധതികൾ അനേകമുണ്ടായിരുന്നു.

ആറു വലിയ നൗകകളും ഋദ്ധയുടെ നൗകയും ചേർന്നു് അവർ തരുന്ന ചരക്കു് പറയുന്ന തീരത്തു് എത്തിക്കണം. ഓരോ നൗകയ്ക്കും ഓരോ യാത്രയ്ക്കും ഒരു കിലോ സ്വർണം പ്രതിഫലം. ഏകാദശി തുള്ളിച്ചാടി. ഏകൻ സമുദ്ര നൽകിയ ഷാംപെയിൻ പൊട്ടിച്ചു. അഷ്ടമൻ പഞ്ചമയെ കൂട്ടി കപ്പൽ മേലാപ്പിലേക്കു പോയി. ആറു നൗകകളും ഇനി സമുദ്ര പറയുന്ന വഴിയിൽ പോകും.

ഋദ്ധിക്കു് അതു് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇട്ടെറിഞ്ഞുപോന്ന പാഴ്മരത്തിൽ വീണ്ടും പൂപ്പലായി പടരാനില്ല. അതിരുകൾ കടന്നുപോയ മനസ്സിനൊപ്പമാണു് ദേഹവും പോകേണ്ടതു്. സങ്കല്പങ്ങളെ പിടിച്ചുനിർത്തുന്ന ശരീരം മൃതമാകണം. ഋദ്ധി ഒരു മൃതദേഹമല്ല.

നിരാശ മറച്ചുവയ്ക്കാതെ കയറിൽ തൂങ്ങി ഋദ്ധി നൗകയിലെത്തി. ദ്വാദശി കാത്തുനിന്നിരുന്നു. ത്രയ നിസ്സഹായതയോടെ കപ്പലിന്റെ കമ്പിയഴികളിൽ പിടിച്ചു നിന്നു. അവളെ പിന്നിൽ വന്നു് സമുദ്ര ചേർത്തു പിടിച്ചു.

ഋദ്ധിയുടെ നൗക മാത്രം ചലിക്കാൻ തുടങ്ങി.

ത്രയ സമുദ്രയുടെ പിടി വിടുവിക്കുന്നതും കൈ വീശുന്നതും അകലുന്ന നൗകയിലിരുന്നു് ദ്വാദശി കണ്ടു. അവൾ രണ്ടുകയ്യും ഉയർത്തി വീശുകയാണു്.

ഋദ്ധി നൗകയുടെ വേഗം കുറച്ചു. മടങ്ങി വീണ്ടും കപ്പലിനു് അടുത്തു് എത്തി. ത്രയ കയറിൽ ഊർന്നിറങ്ങി. ത്രയയുടെ വീഴ്ചയിൽ ഒന്നുലഞ്ഞു് നൗക പതിയെ നിലയുറച്ചു.

തിരകളിലേക്കിറങ്ങുമ്പോൾ ദ്വാദശി:
“ഋദ്ധിയുടെ ഒരു നുണ കൂടി തകർന്നു. നമ്മൾ കൂട്ടമായി ഓലപ്പുടവന്മാരേപ്പോലെ പോകുമെന്ന വാക്കു്.”
ഋദ്ധി:
“നമ്മളിനി ലേഡിഫിഷ്–വള്ളിപ്പൂമീൻ. മുട്ടയിട്ടു് ആഴക്കടലിലേക്കു പോകുന്ന അമ്മയുടെ തണലില്ലാതെ വളരുന്ന പെൺകരുത്തർ

ത്രയയ്ക്കു ശബ്ദം തീരെ ഉണ്ടായിരുന്നില്ല. ‘എല്ലു കൂടുതലുള്ള പെൺമീനുകൾ’ എന്നു പതുക്കെ പറഞ്ഞു.

ഇന്ത്യൻ മഹാസുദ്രത്തിൽ അതുവരെ യാത്ര പടിഞ്ഞാറു തേടിയായിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നു സേതു കടന്നു് അറബിക്കടലിലേക്കു്. അതായിരുന്നു പദ്ധതി.

ഋദ്ധി പൊടുന്നനെ ദിശ കിഴക്കോട്ടു് തിരിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നു് ഓസ്ട്രേലിയൻ തീരം കടന്നാൽ ഇന്ത്യൻ മഹാസമുദ്രം പസഫിക് ആകും. പസഫിക് കടന്നാൽ അറ്റ്ലാന്റിക്.

തിരകളിലേറി കരയിലേക്കു് തുള്ളിവരില്ല വള്ളിപ്പൂമീനുകൾ. അവ ആഴക്കാലിൽ യാത്രചെയ്തുകൊണ്ടേ ഇരിക്കും. കാറ്റു വരുന്നുണ്ടെന്നു ദ്വാദശി. അതിന്റെ ദിശയിൽ തന്നെ പോകാമെന്നു് ത്രയ തുള്ളിച്ചാടി.

കടൽ ചോദിച്ചു:
“ഞാൻ അടിച്ചു കയറുന്നതു് എന്തിനെന്നു് അറിയുമോ.”

കാറ്റു് കണ്ണുമിഴിച്ചു.

കടൽ ചിരിച്ചു:
“പർവത ഗിരികൾ കാട്ടി കരയെന്നെ പ്രലോഭിപ്പിക്കുന്നതുകൊണ്ടു്.”
കാറ്റു് ചോദിച്ചു:
“നിനക്കൊരു ഇണ വേണ്ടേ?”
കടൽ പരിഹസിച്ചു:
“എന്നടിയിലുണ്ടു് കുറ്റാക്കൂരിരുട്ടിൽ സ്ഖലിച്ചു നിൽക്കുന്ന പടുകൂറ്റൻ ഗിരിശൃംഗങ്ങൾ.”

ത്രയ പെട്ടെന്നു് അവരുടെ സംഭഷണത്തിലേക്കു് ഇടിച്ചു കയറി: ആകാശം പായ്മരത്തിലേക്കു് ഇറങ്ങുന്നതുപോലെ.

ഋദ്ധിയും ദ്വാദശിയും ത്രയയുടെ ഇരുവശവുമെത്തി കവിളിൽ ഓരോ ചുംബനമേകി.

ഋദ്ധി കണ്ണു തുറന്നു.

നന്ദിനി അവിടെയില്ല. നന്ദിനി വന്നിരുന്നില്ലേ? നന്ദിനി വന്നാൽ അന്നമ്മച്ചേടത്തി പറയും. അപ്പോൾ വന്നിട്ടുണ്ടാകില്ല. മനസ്സൊരിടത്തും ഉറയ്ക്കുന്നില്ല. സ്വപ്നത്തിലും പുറത്തും കാണുന്നതെല്ലാം കൂടിക്കലരുകയാണു്. അൽഷിമേഴ്സ് വന്ന ഫിലോമിന സിസ്റ്ററും ഇങ്ങനെ ആയിരുന്നിരിക്കും. കണക്കുകളെല്ലാം മാറ്റിവച്ചു് ഒരുപാടു കവിതകൾ കാണാൻ തുടങ്ങിയിട്ടുണ്ടാകും.

അവർക്കു് ഓർമകളില്ലെന്നു് ലോകമേ എങ്ങനെയാണു നീ പറയുന്നതു്?

നിലംതല്ലി

ഓണംകഴിഞ്ഞു സ്കൂൾ തുറന്ന ആദ്യദിനം. നന്ദിനിയും ഞാനും മാഗി ടീച്ചർ ഏർപ്പെടുത്തിയ കൗൺസിലിങ് കഴിഞ്ഞു് വരാന്തയിലൂടെ ക്ലാസ് മുറിയിലേക്കു നടന്നു. അനാവശ്യഭയം അനിവാര്യമായ ഏതോ ദുരന്തം കൊണ്ടുവരുമെന്ന തോന്നലാണു് ഉള്ളിൽ മുഴുവൻ.

നന്ദിനി നടക്കുമ്പോൾ ചോദിച്ചു: “നിനക്കൊന്നും പറ്റിയിട്ടില്ലെന്നു് ഒരാൾ ആശ്വസിപ്പിച്ചാൽ എന്താണു് അർത്ഥമെന്നു് അറിയുമോ?”

ഞാൻ അവളെ നോക്കി.

നന്ദിനി:
“ആറ്റൻ പണി കിട്ടി എന്നു തന്നെ.”

ഞാൻ അവളുടെ തോളിൽ കൈവച്ചു.

നന്ദിനി:
“പിച്ചാത്തി കുത്തിയിറക്കിയിട്ടു് തുന്നിക്കെട്ടിയാൽ മരിക്കും വരെയുണ്ടാകും മുറിപ്പാടു്.”

ക്ളാസ്സ് മുറിയിലേക്കു് ഞങ്ങൾ കയറി. ഒന്നു രണ്ടുപേർ എഴുനേറ്റു. ചിലർ ഭയം കലർന്ന കണ്ണുകളോടെ നോക്കി. മറ്റു ചിലർ ഞാനൊന്നു് ആശ്വസിപ്പിക്കട്ടെ എന്നു നോട്ടംകൊണ്ടു ചോദിച്ചു. ജനിച്ചാൽ മരണം എന്നതുപോലെ ഇങ്ങനെയൊരനുഭവവും എന്നെങ്കിലും ഏറ്റുവാങ്ങേണ്ടിവരും എന്നു് മറ്റു ചിലർ സ്വയം പറഞ്ഞു നിർവികാരരായിക്കാണും.

നന്ദിനി ബെഞ്ചിലേക്കു നടക്കുമ്പോൾ ജുവൽ അടുത്തെത്തി: “ഷാൽ ഐ ഹഗ് യു?”

നന്ദിനി രണ്ടുകൈകളും വിടർത്തി തല ചെരിച്ചു. അവൾ സാധാരണക്കാരിയായിരിക്കുന്നു.

ജുവൽ കെട്ടിപ്പിടിക്കുന്നതിനു പകരം അവളുടെ തലയിൽ വലതു ചെവിക്കു മുകളിൽ മുഷ്ടിചുരുട്ടി മെല്ലെ ഇടിച്ചു. അവൾ തിരിച്ചു് അവന്റെ മൂക്കിൽ ചൂണ്ടുവിരൽ കൊണ്ടു തൊട്ടു. ഒറ്റപ്പെട്ട ഒരു കയ്യടിയുയർന്നു. മാഗി ടീച്ചർ വാതിൽ കടന്നു് കയ്യടിച്ചു വരികയാണു്.

ക്ളാസ് ഒന്നടങ്കം എഴുനേറ്റു. നന്ദിനിയും ഋദ്ധിയും ജൂവലും സ്വന്തം ഇരിപ്പിടങ്ങളിലേക്കു നടന്നു.

ഉച്ചയ്ക്കു ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ നന്ദിനി എന്റെ പാത്രത്തിൽ നിന്നു് മുട്ടപൊരിച്ചതു് മുറിച്ചെടുത്തു. അതു് ഉരുളയ്ക്കുള്ളിലാക്കി ചോറിനൊപ്പം ചവച്ചു. രണ്ടാമതു് ഒന്നു കൂടി എടുത്തു് ചോറിൽ പൊതിഞ്ഞു. അവൾ ജീവിതത്തിൽ ആദ്യത്തെ മുട്ട കഴിക്കുകയാണു്. കേക്കു പോലും മുട്ടചേർത്തതു് എന്നു പറഞ്ഞു് ഒഴിവാക്കിയിരുന്നവളാണു്.

“ഇതുപോലെ ചോറിൽ പൊതിഞ്ഞു് ഞായറാഴ്ച ബീഫ് തരട്ടെ”: ഞാൻ.

നന്ദിനി നോക്കുക മാത്രം ചെയ്തു.

“ആ രുചികളറിയാതെ നീ പോകുമായിരുന്നു”: ഞാൻ

“കസേരയിൽ കയറുമ്പോൾ പോലും ആരെങ്കിലും വന്നിരുന്നെങ്കിലെന്നു് എനിക്കു തോന്നി”: അവൾ.

“ഞാൻ വന്നില്ലെങ്കിലോ?”

“നീയാണു് വരാൻ പോകുന്നതെന്നു് എനിക്കു തോന്നിയില്ല”: നന്ദിനി.

മൗനം.

“ഓർമകളിൽ നിങ്ങളാരും ഉണ്ടായിരുന്നില്ല”: നന്ദിനി.

“അപ്പോൾ ആരു വരാനാണു് നീ കാത്തതു്”: ഞാൻ.

“എനിക്കാ മുഖങ്ങളൊന്നും പരിചയമില്ല”: നന്ദിനി.

അവിടം മുതൽ നന്ദിനി മാത്രം സംസാരിക്കാൻ തുടങ്ങി. ഉരുളകൾ വായിൽ വച്ചു് പതുക്കെ ചവച്ചിറക്കി നീണ്ട ഇടവേളകളിൽ ഓരോ വാചകങ്ങൾ വന്നു.

“ഞാൻ അവരെ മാത്രമേ ഓർത്തുള്ളു. ആ രണ്ടുപേരെ, പിന്നെ അവിടെയാക്കിയ പിതാവെന്നയാളെ”: നന്ദിനി.

“അവർ എന്റെ മരണത്തിൽ ഉരുകുമെന്നു് അപ്പോൾ തോന്നി”: നന്ദിനി.

“അവർ ആശ്വസിക്കുകയേയുള്ളുവെന്നു് ഇപ്പോഴെനിക്കു് അറിയാം”: നന്ദിനി.

“ഞാനൊരു കത്തു പോലും എഴുതിയിരുന്നില്ല”: നന്ദിനി.

ജൂവൽ രണ്ടു ചോറുപാത്രങ്ങളിൽ വെള്ളവുമായി വന്നു. മറ്റാരിൽ നിന്നോ കടംകൊണ്ട പാത്രങ്ങളാണു്. അവൻ മൂന്നു വാചകങ്ങൾ നിർത്തി നിർത്തി പറഞ്ഞു:

“സ്കൂളിലെ പൈപ്പിൽ വെള്ളം തീർന്നു. പഞ്ചായത്തു കിണറ്റിൽ നിന്നു കോരിയെടുത്തതാണു്. കവലയിലൂടെ നീ നടന്നു പോകേണ്ട എന്നു കരുതി.”

കഴുകാത്ത പാത്രവും കയ്യുമായി നന്ദിനി ഒറ്റപ്പോക്കായിരുന്നു. സ്കൂളിന്റെ പടികൾ ഇറങ്ങിയപ്പോഴേക്കും ഞാൻ പിന്നിൽ ഓടിയെത്തി. റോഡിലിറങ്ങി കവലയിലൂടെ തന്നെ മുന്നോട്ടു്. ഞാൻ ഒപ്പമെത്താൻ പാടുപെട്ടു.

സ്കൂളിൽ നിന്നും കവലയിൽ നിന്നും വഴിയിൽ നിന്നുമെല്ലാം കാണാവുന്ന വിധം വളവിലാണു് കിണർ. അവൾ കയറും തൊട്ടിയും ഇടതുകൈകൊണ്ടു് കിണറ്റിലിട്ടു. എല്ലാവരും എല്ലായിടത്തു നിന്നും നോക്കുന്നുണ്ടു്. അവൾ ഒറ്റക്കൈ കൊണ്ടു് ഒന്നുവലിച്ചു. എന്റെ ഇടംകൈകൊണ്ടു് ഞാനും. ഞങ്ങളുടെ പല വലികളിലൂടെ വെള്ളം മുകളിലെത്തി. അവൾ ഒന്നും പറഞ്ഞില്ല. ഞാനും. കഴുകി ഇറങ്ങുമ്പോൾ നന്ദിനി സധൈര്യം നടക്കുന്നു. എനിക്കാണോ ഭയമെന്നു തോന്നാതിരുന്നില്ല. കയറ്റത്തിലെ കടയിൽ ബെന്നി രണ്ടു കൈകളിലും ഫോൺ പിടിച്ചു് ഇരിക്കുന്നു. അവൾ നേരേ നടന്നു ചെന്നു.

“മുഴുവൻ കിട്ടിയോ ചേട്ടാ?”

ബെന്നി പരിഭ്രമിച്ചു.

ഞാൻ പിന്നിലൂടെ പെട്ടിക്കടയുടെ ഉള്ളിൽ കയറി. അയാൾ ഒട്ടും എതിർക്കാതെ ഫോൺ തന്നു. കവലയുടെ നടുക്കു് ഞാനതു വച്ചു. നന്ദിനി കയ്യാലയ്ക്കു മുകളിൽ വച്ചിരുന്ന വീതിക്കല്ലുകൊണ്ടുവന്നു് അതിനു മുകളിലിട്ടു. ഒറ്റയിടലിനു് അതു തകർന്നില്ല. കഷണങ്ങളാകും വരെ പാമ്പിനെ ചതയ്ക്കുന്നതുപോലെ അവൾ അതിനു മുകളിലേക്കു് കല്ലു് ഇട്ടുകൊണ്ടിരുന്നു. ഒരുവേള അതൊരു മൂർഖനാണെന്നു ഭയന്നു് ഞാൻ രണ്ടടി പിന്നോട്ടുവച്ചു. തകർന്ന കഷണങ്ങളിൽ നിന്നു് സിം അവളും മെമ്മറി കാർഡ് ഞാനും എടുത്തു് കടിച്ചുകൊണ്ടു് നടന്നു.

“മൂർഖനേക്കാൾ വിഷമുണ്ടു് ഫോണിനു്”: ഞാൻ.

“പാമ്പു് ഒറ്റക്കൊത്തിനു് ഒരാളിലേ വിഷമിറക്കൂ. ഇതു സഹസ്രജീവസംഹാരിണി”: നന്ദിനി.

ഞങ്ങൾ ചെല്ലുമ്പോൾ എന്തോ അബദ്ധം ചെയ്ത പരിഭ്രമത്തോടെ ജുവൽ മുഖം തരാതെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.

ആശുപത്രിയിൽ നിന്നു് അത്ര നല്ല വിവരമല്ല.

എഴുപത്തിരണ്ടു മണിക്കൂർ കഴിയാതെ ഒന്നും പറയാനാകില്ലെന്നാണു് പട്ടാളം എത്തിച്ച സന്ദേശം. എലിപ്പനി സുശീലയെ ഗുരുതരമായി ബാധിച്ചിരിക്കുന്നു.

ആൻസിക്കു കണ്ണു നിറഞ്ഞു.

ബിനോയി പറഞ്ഞു:
“നിന്നെ കണ്ണുനിറഞ്ഞു കണ്ടിട്ടില്ല.”
ആൻസി:
“രാത്രികളിൽ ആ പേരു് ഞാൻ നിങ്ങളുടെ ചുണ്ടിൽ വായിച്ചിരുന്നു.”

ബിനോയി ദൂരേക്കു നോക്കി.

അന്നമ്മ കുറച്ചകലെ നിസ്സഹായയായി ഇരിപ്പുണ്ടു്…

അന്നമ്മ എഴുനേറ്റു:
“നാട്ടിൽ നടക്കുന്നതെന്തും സുശീല കുഞ്ഞിനോടു പറയുന്നതാണു്.”

ആൻസിയും ബിനോയിയും ഇരുന്നിടത്തു നിന്നു് എഴുനേറ്റില്ല. അന്നമ്മ പറയുന്നതു കേൾക്കാൻ കഴിയുന്നുണ്ടെങ്കിൽ ഋദ്ധി എങ്ങനെ താങ്ങും എന്നായിരുന്നു ആൻസിയുടെ ആധി. ബിനോയി പണ്ടേ തിരിച്ചറിഞ്ഞിരുന്നു, ഋദ്ധി കാണുന്നതിനും കേൾക്കുന്നതിനും അർത്ഥങ്ങൾ വേറേയാണെന്നു്.

ഞാൻ കണ്ണു തുറന്നു കിടക്കുമ്പോഴാണു് അന്നമ്മ വരുന്നതു്.

പതിവുപോലെ മുഖത്തേക്കു കുനിഞ്ഞു. എനിക്കു് രുചി മാത്രല്ല മണവും നഷ്ടമായിരിക്കുന്നു. ഇത്രകാലം അമ്മവരുമ്പോൾ ഞാൻ കല്പിച്ചു കൊടുത്ത മണമായിരുന്നു അതു്. കായൽച്ചെളിയുടെ ആ മണം അന്നമ്മച്ചേടത്തിക്കും ചേരേണ്ടതാണു്. പക്ഷേ, എനിക്കു് ഇപ്പോൾ ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ചേടത്തിക്കായി ഞാൻ കാതോർത്തു.

“മോൾക്കു് ഞാൻ ഒരു കൂട്ടം തരുന്നുണ്ടു്. പാലിൽ നല്ല നൂറുള്ള സിലോൺ കപ്പ പുഴുങ്ങി കുറുക്കും. അതിൽ രണ്ടു കാന്താരി ചതച്ചു ചേർത്തു് ഉള്ളി ചുട്ടരച്ചും ചേർക്കും.” കപ്പ എനിക്കു് സിസ്റ്റർ ഫിലോമിന തന്ന രുചിയാണു്.

ഒൻപതാം ക്ലാസിലെ ക്രിസ്മസ്.

സിസ്റ്റർക്കു് സ്വന്തം വീട്ടിൽ പോകാൻ ഏഴു ദിവസത്തെ അനുമതി കിട്ടി. പരീക്ഷകഴിഞ്ഞു് ഞാനും നന്ദിനിയും ചെന്നു കയറുമ്പോൾ ഓട്ടോറിക്ഷ മുറ്റത്തുണ്ടു്.

ഇവരും പോരട്ടെ എന്നു സിസ്റ്റർ ഫിലോമിന. ആ… എന്നു് സിസ്റ്റർ സന്ധ്യ. നന്ദിനിയുടെ അമ്മ തയ്യൽ മെഷീനു പിന്നിൽ ഇരുന്നു് തലയാട്ടി. അമ്മ തയ്യൽ തൊഴിലായി തെരഞ്ഞെടുത്ത ശേഷമുള്ള ഇരിപ്പാണു്. ആർക്കും തയ്ച്ചുകൊടുക്കാനായി പഠിച്ചതല്ല. സ്വന്തം ബ്ലൗസ് സ്വയം തുന്നുന്നതു് അമ്മമ്മയുടെ ശീലമായിരുന്നു. അന്നു ബ്ലൗസ് അല്ല, കെട്ടുടുപ്പാണു്. കൈകൾ ഇട്ടാൽ കൊളുത്തുകൾക്കു പകരം കച്ചപോലെ രണ്ടറ്റവും വയർ തുടങ്ങുന്നിടത്തും കെട്ടും. റൗക്ക എന്നു് വേറെ ജാതിക്കാരു് പറഞ്ഞാലും അമ്മമ്മ കെട്ടുടുപ്പ് എന്നേ പറയൂ. അമ്മമ്മ അതു മാത്രമാണു് തയ്ച്ചിരുന്നതു്. കല്യാണം കഴിഞ്ഞപ്പോൾ തന്നെ മെഷീൻ അമ്മയ്ക്കു കൊടുത്തുവിട്ടിരുന്നു. അതു മഠത്തിലെ ജീപ്പിൽ വാടകവീട്ടിൽ നിന്നു സിസ്റ്റർ വരുത്തിച്ചു. അമ്മ ഇപ്പോൾ തുണി വാങ്ങി നൈറ്റി തയ്ക്കും. ഫിലോമിന സിസ്റ്റർ കടകളിൽ വിളിച്ചു് നിർബന്ധിച്ചു് ഏല്പിക്കും. വിറ്റുപോയാൽ മാത്രം കാശു മതി എന്നു സമ്മതിച്ചപ്പോഴാണു് പലരും ഏറ്റെടുത്തതു്.

സുശീലയ്ക്കും അന്നമ്മയ്ക്കും ചീഞ്ഞകായൽ, ആത്തേമ്മാർക്കു് ആഞ്ഞുതയ്യലും എന്നു് അന്നമ്മ മെഷീൻ വന്ന അന്നു പറഞ്ഞതു് ഞാൻ മാത്രമല്ല നന്ദിനിയും കേട്ടിരുന്നു.

അഞ്ചുമിനിറ്റാണു് ഞങ്ങൾക്കു് ഒരുങ്ങാൻ കിട്ടിയ സമയം. യൂണിഫോം മാറ്റിയുടുത്തു് കയ്യിൽ കിട്ടിയ ഉടുപ്പുകൾ വാരി ബാഗിലിട്ടു് പുറപ്പെട്ടു.

ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷ ചന്തയിൽ നിർത്തി. അമ്മയുടെ അടുത്തേക്കു ചെന്നു് സിസ്റ്റർ കാര്യം പറഞ്ഞു. അമ്മ സിസ്റ്ററുടെ ഒപ്പം ഓട്ടോയിലേക്കു വന്നു.

“അവൾ ആദ്യമായിട്ടാണു് മറ്റെവിടെയെങ്കിലും…”

ഞാൻ ഭയന്നുപോയി. ഈ പതിനാലു വയസ്സിനിടെ ജനിച്ച വീട്ടിലും ഈ മഠത്തിലും അല്ലാതെ മറ്റൊരിടത്തും ഞാൻ ഉറങ്ങിയിട്ടില്ല എന്നാണു് ആ പറഞ്ഞതിന്റെ അർത്ഥം. ഞാൻ അതുവരെ കയറിയ മഞ്ഞുമലകളെല്ലാം ഉരുകി ഇല്ലാതായി. പോയ സമുദ്രങ്ങളെല്ലാം വറ്റിവരുണ്ടു.

വണ്ടി നീങ്ങുമ്പോൾ അമ്മ ഒന്നുകൂടി പറഞ്ഞു.

“അവൾ ഞാനില്ലാതെ നിന്നിട്ടില്ല.”

ഒന്നോ രണ്ടോ മാസം പ്രായമുള്ളപ്പോൾ തൊട്ടിലിൽ കിടന്നുറങ്ങിയിരുന്ന എന്റെ അടുത്തേക്കു വന്നയാൾ പിന്നെ എന്നെ പിരിഞ്ഞിട്ടേയില്ലെന്നു്. എനിക്കു പക്ഷേ, അമ്മ കൂടെയുണ്ടെന്നു തോന്നിയതേയില്ല. മഠത്തിന്റെ ചായ്പിൽ കിടന്ന സുശീലയെ അമ്മ എന്നു വിളിച്ചിരുന്നു. പക്ഷേ, എനിക്കു് അമ്മ സിസ്റ്റർ സന്ധ്യ ആയിരുന്നു. എന്റെ പ്രോഗ്രസ് കാർഡ് ഒപ്പിട്ടതു മാത്രമല്ല എനിക്കു് ചോറുരുട്ടിത്തന്നതും സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും ആദ്യത്തെ ഷൂസ് ഇടീച്ചതും ടൈ കെട്ടിത്തന്നതും മുടി പിന്നി തന്നതും പൊട്ടു വാങ്ങിത്തന്നതും സിസ്റ്ററാണു്.

ഏഴുകഴിഞ്ഞു് എട്ടിലേക്കുള്ള അവധിക്കാണു് എനിക്കായി ഒരു കെട്ടു നാപ്കിൻ നീല ബാസ്ക്കറ്റിൽ ഇട്ടുതന്നതു്. ആദ്യദിവസം അതു വയ്ക്കാൻ പഠിപ്പിച്ചതും സിസ്റ്ററാണു്. ആ ബാസ്കറ്റ് ഞാൻ അമ്മയെ അഭിമാനത്തോടെ കാണിച്ചു. എന്റെയാണു് എന്ന ആ ഭാവം കണ്ടു് അമ്മ ഊറിച്ചിരിച്ചു.

അമ്മയെന്നു വിളിച്ചിരുന്നെന്നേയുള്ളു. അമ്മയായിരുന്നില്ല. എപ്പോഴും ഒപ്പമുണ്ടായിരുന്നതു കൊണ്ടാകണം അമ്മയോടു് ഒപ്പം നിൽക്കുന്നതിനെക്കുറിച്ചോ മാറി നില്ക്കുന്നതിനെക്കുറിച്ചോ ഞാൻ ഇതുവരെ ഓർത്തിരുന്നില്ല. എനിക്കു് ഒന്നു മനസ്സിലായി. ഞാൻ അമ്മയെ അമ്മയായി കണ്ടില്ലെങ്കിലും അമ്മയ്ക്കു ഞാൻ മകളായിരുന്നെന്നു്. അവർ ഓരോ നിമിഷവും കരുതിയതു് അവരാണു് എന്നെ വളർത്തുന്നതെന്നാണു്.

ഞാൻ തൊണ്ണൂറ്റിയൊൻപതാം കളത്തിൽ നിന്നു പാമ്പു വിഴുങ്ങി ഒന്നിലെത്തിച്ചതുപോലെ നിസ്സഹായതയുടെ നെല്ലിപ്പടി കണ്ടു. ഇനി കോണികളിൽ കയറാതെ ഓരോകളവും ചവിട്ടി കയറണം.

“പോകാൻ അമ്മവീടുകളില്ലാത്തവരെ കണ്ടിട്ടുണ്ടോ?”

എന്റെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം കേട്ടു് നന്ദിനി പിറുപിറുക്കുന്ന ശബ്ദത്തിൽ.

“ജപ്തിയായ വീട്ടിൽ നിന്നിറങ്ങിയവരെ കണ്ടിട്ടുണ്ടോ? അന്നദാനത്തിനു പോലും ആരും വിളിക്കില്ല.”

പാമ്പും കോണിയും വിട്ടു് ഞങ്ങൾ ചതുരംഗം കളിച്ചു് ഒപ്പത്തിനൊപ്പം ചെക്കുവച്ചു.

സിസ്റ്റർ ഫിലോമിന ഞങ്ങളുടെ രണ്ടാളുടേയും ഇല്ലായ്മകളെ നിഷ്പ്രഭമാക്കി കളഞ്ഞു.

“മുട്ട ഇട്ടു വിരിയിക്കാനാണു് കാക്ക കൂടുകെട്ടുന്നതു്. ചാവും വരെ പാർക്കാനല്ല.”

നൗകയിൽ കാറ്റുപിടിച്ചു.

ദ്വാദശി:
“സദ്യകഴിഞ്ഞ വീട്ടിൽ ഒന്നു് ഉറങ്ങിയെഴുനേറ്റ സാമ്പാറും പച്ചടിയും പിറ്റേന്നു രാവിലെ തന്നു് കൊച്ചമ്മ പറയും. ഒന്നു ചൂടാക്കി കഴിച്ചോണേന്നു്. അതുകേൾക്കാൻ പറയവീട്ടിൽ പിറക്കണം എന്നു് അമ്മ പറയാറുണ്ടു്.”

നൗകയ്ക്കു വേഗം കൂടുംതോറും പാറുന്ന മുടിയിഴകൾ ഒതുക്കി ഋദ്ധി കടൽകണ്ടു കണ്ണുനിറയ്ക്കും. അതാണു ശീലം.

ദ്വാദശി:
“പശുവിനുള്ള വീതംപോലും സദ്യേടെ അന്നു വൈകിട്ടു് കൊടുക്കും. പറയനു് പിറ്റേന്നാണു്.”
ത്രയ:
“കാലം മാറിയില്ലേ, ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്നു ചോദിക്കുന്നവരെ കേട്ടിട്ടില്ലേ?”
ഋദ്ധി:
“ഒറ്റവഴിയേയുള്ളൂ. ലോകത്തെ മുഴുവൻ വീടുകളും ഇടിച്ചു നിരത്തണം. ഏറ്റവും കൂടുതൽ ഭൂഖണ്ഡങ്ങൾ താണ്ടിയ ജീവിവർഗമായ മനുഷ്യൻ അപ്പോൾ നടപ്പുതുടങ്ങും. എല്ലാവരും ഒരേ നിലയിൽ പാർക്കാൻ തുടങ്ങും, ഒരേ വേഗത്തിൽ നടക്കാൻ തുടങ്ങും, ഒരേ ആഹാരം കഴിക്കാൻ തുടങ്ങും.”

മൂന്നു ചക്രമുള്ള സൈക്കിൾ ചവിട്ടണം എന്നു പന്ത്രണ്ടു പതിമൂന്നു വയസ്സുവരെ മോഹിച്ച ആ കുട്ടി ദ്വാദശിയിലേക്കു ചെണ്ടകൊട്ടിയെത്തി.

കൊയ്യുന്ന അമ്മയെ നോക്കി വരമ്പത്തു് തലയിൽ പാള കമഴ്ത്തിയിരിക്കുമ്പോൾ മൂന്നോ നാലോ വയസ്സു മുതൽ തോന്നിത്തുടങ്ങിയതാണു് മുച്ചക്ര സൈക്കിൾ ചവിട്ടി മുറ്റത്തു വന്നുനിൽക്കുന്നതു്. കുന്നിൻമുകളിൽ നിന്നുള്ള ഇറക്കമിറങ്ങിവേണം നിരനിരയായി കെട്ടിയ പറയക്കുടിയിലെത്താൻ. കുടികൾ കഴിഞ്ഞാൽ വയലാണു്. വെട്ടുകല്ലു തെറ്റിയും തെറിച്ചും നിൽക്കുന്ന വഴിയാണു്. കാലവർഷം ഒഴുകി വെട്ടുകല്ലിന്റെ ഇടയിലെ ചെളിയൊക്കെ കൊണ്ടുപോയി കുഴിശിൽപങ്ങൾ പണിതെടുത്തിരിക്കുകയാണു്. ഓരോ കുഴിയും ഓരോ ശിൽപത്തിനുള്ള അച്ചുപോലെ രൂപഭംഗി തികഞ്ഞു നിന്നു. അവിടെ മഴ ഒരു പെരുംതച്ചനായി. അതുവഴി വെള്ളയ്ക്ക ഉരുട്ടുവിട്ടാൽ പാടത്തു ചെല്ലുമുമ്പു് പൊട്ടിപ്പൊളിഞ്ഞു തീർന്നിട്ടുണ്ടാകും. ആ വഴിയിലൂടെ മുച്ചക്ര സൈക്കിളിൽ തെന്നിത്തെറിച്ചു വന്നു് ഒൻപതാമത്തെ കുടിയുടെ മുന്നിലെത്തണം. ആ കുടിലിൻ മുന്നിൽ മാത്രം ഒരു ബിംബമുണ്ടു്. ബുദ്ധന്റെയാണു്.

അച്ഛന്റെ ചേട്ടൻ ചെറുപ്പത്തിൽ നാടുവിട്ടു ബോംബെയ്ക്കു് എന്നു പറഞ്ഞു പോയതാണു്. പിന്നെ വന്നപ്പോഴാണു് അറിഞ്ഞതു്. ബോംബെ ആയിരുന്നില്ല, അതു് അഹമ്മദാബാദ് ആയിരുന്നെന്നു്. അവിടെ ഹോട്ടലിൽ പണിയായിരുന്നു. മദിരാശിക്കാരനാണെന്നു പറഞ്ഞു് നെറ്റിയിൽ കുങ്കുമം ചാർത്തിച്ചെന്ന മണിയനെ അവർ അയ്യങ്കാർ മണിയൻ എന്നു വിളിച്ചു. പണികിട്ടാൻ ആ വിളി ഉപകാരപ്പെട്ടെങ്കിലും മൂന്നാംമാസം പിടി വീണു. ഉൾവിളി സഹിക്കാൻ വയ്യാതെ മാട്ടിറച്ചി കിട്ടുന്ന കട ഒന്നു രണ്ടുപേരോടു ചോദിച്ചതാണു്. ചോദ്യം ചെയ്യാൻ ചുറ്റും ആളുകൂടിയപ്പോൾ ഒരു കണക്കിനു രക്ഷപെട്ടു ചെന്നതു ബോധഗയയിലാണു്. അവിടെ ടയർ കടയിൽ പഞ്ചർ ഒട്ടിച്ചു നടക്കുന്നതിനിടയിലാണു് മാവോയാകാൻ ഉൾവിളി വന്നതു്.

ഛത്തീസ്ഗഢിലെ കാടുകളിൽ നിന്നു് ഒളിച്ചും പാത്തും ഒരിക്കൽ വന്നപ്പോൾ നമുക്കു പറഞ്ഞിട്ടുള്ള ദൈവമാണെന്നു പറഞ്ഞു് ഓടിലുള്ള ബുദ്ധനെ വച്ചിട്ടു പോയതാണു്. വിളക്കു കത്തിച്ചും ചന്ദനത്തിരി പുകച്ചും മൂപ്പരെ ബുദ്ധിമുട്ടിക്കരുതു് എന്നും പറഞ്ഞിരുന്നു. അച്ഛനേതായാലും അതവിടെ ഇരിക്കട്ടെ എന്നു പറഞ്ഞതോടെ ബുദ്ധൻ മുറ്റത്തൊരു തറകെട്ടി ഇരുപ്പുറപ്പിച്ചു.

ഞാൻ പാടവരമ്പത്തിരിക്കുമ്പോൾ മുച്ചക്രം ചവിട്ടിവന്ന എന്റെ പ്രായക്കാരി ശ്രേയയൊക്കെ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ടു ചക്രസൈക്കിളുമായി അതിലേ വന്നു. പക്ഷേ, കുത്തിറക്കം തെറിച്ചുവരാനും ബുദ്ധനെചുറ്റാനും മൂന്നുചക്രമായിരുന്നു മനസ്സിൽ. ഒൻപതാം ക്ളാസിലെ അവധിക്കു് ശ്രേയ വീട്ടുമുറ്റത്തുകൂടി ഹോണ്ട ആക്ടീവ ഓടിക്കുന്നതു കണ്ടയന്നാണു് മുച്ചക്ര സൈക്കിൾ മാറ്റി സുകുവിന്റെ ഓട്ടോറിക്ഷയിൽ ഓട്ടം വിളിച്ചു വീട്ടുമുറ്റത്തെത്തുന്നതു് സ്വപ്നം കാണാൻ തുടങ്ങിയതു്. മുച്ചക്ര സൈക്കിളിൽ ഒരിക്കലും കയറാനാകാതെ കഴിഞ്ഞു പോയ ബാല്യവും ഓട്ടോ വിളിക്കാൻ കാശു തികയാത്ത കൗമാരവും കടന്നുപോന്നവരോടു തന്നെ വേണം, കാലം മാറിയില്ലേ എന്നു ചോദിക്കാൻ.

പലരും ചോദിച്ചിട്ടുണ്ടു് പറയത്തി എങ്ങിനെയാണു് ദ്വാദശി എന്ന പേരുപേറിയതെന്നു്. നിങ്ങൾ നോൽക്കുന്ന ഏകാദശിയും ദ്വാദശിയുമായി അതിനൊരു ബന്ധവുമില്ലെന്നു പറഞ്ഞു മണിയൻ വല്യച്ഛൻ ഇട്ട പേരാണു്. കൊച്ചുണ്ടായപ്പോൾ പേരിടണമെന്നു് അച്ഛൻ. പറയിപെറ്റ പന്തിരുകുലം എന്ന കഥയുംകൊണ്ടു നടക്കുന്നവരില്ലേ, ആ പന്ത്രണ്ടിനേയും പെറ്റ പറയിയാണിവൾ. ദ്വാദശി. ദ്വാദശി എന്നാൽ പന്ത്രണ്ടു്. അമാവാസി കഴിഞ്ഞു ദിവസം പന്ത്രണ്ടു കഴിഞ്ഞാലും ഇവൾക്കു കറുപ്പു പോകുവേല. കേൾക്കുമ്പോൾ അവരു് ഞെട്ടുന്നെങ്കി ഞെട്ടട്ടെ എന്നു പറഞ്ഞു് മൂപ്പരൊരു പോക്കായിരുന്നു. അങ്ങനെ അമര മുതൽ മൈന വരെ എന്തെങ്കിലും ആകേണ്ടിയിരുന്ന ഞാൻ ദ്വാദശിയായി.

വളർന്നൂന്നു തോന്നിയപ്പോൾ പുഴേല് ഒറ്റയ്ക്കു കുളിക്കാൻ പോകും. കരിങ്കാല് പുഴവെള്ളത്തിൽ കുതിർത്തു് താളിക്കു ചമ്പരത്തി തേച്ചു വഴുവഴുപ്പായ പാറയിൽ ഉപ്പൂറ്റി ഉരയ്ക്കും. ചകിരികൊണ്ടു് മേലാകെ തേയ്ക്കുമ്പോൾ ഞാൻ ഏതോ വിലപിടിച്ച കരിങ്കാളി മീനാണെന്നു സ്വയം കരുതും. താളി പൊതിഞ്ഞ മുടി നെറുകയിൽ കെട്ടി കഴുത്തോളം വെള്ളത്തിൽ കിടക്കുമ്പോൾ കല്ലേമുട്ടികൾ വരും. പുഴയിലെ അടിപ്പാറയിൽ മുട്ടി കാലിലും മുട്ടി നടക്കുമ്പോൾ ഞാൻ കുശലം പറയും. വെള്ളത്തിൽ ഞാൻ കാത്തു നിൽക്കാറുള്ളതു കല്ലേമുട്ടികളേയല്ല. ആരകനെയാണു്. ആരാല് എന്നു പറഞ്ഞാൽ എനിക്കു മതിയാകില്ല. അവനെന്റെ ആണാണു്. അതുകൊണ്ടു് ആരകൻ എന്നു തന്നെ വിളിക്കും. നീണ്ടു കൂർത്ത ചുണ്ടുമായി അവൻ വരും. വെള്ളത്തിനടിയിൽ സ്ഥാനം മാറി കിടക്കുന്ന തോർത്തിനിടയിലുടെ എന്റെ പൊക്കിളിനു ചുറ്റും പതിനൊന്നു കുത്തിപ്പോകും. ഞാനപ്പോൾ അവനോടു് പറയും. നീ എന്റെ പേയിറക്കാനുള്ള കുത്തു തന്നെന്നു്. ഞാൻ തല പിന്നോട്ടാക്കി മലർന്നു കിടക്കും. പിന്നെ മെല്ലെ കാലുകൾ ഉയർത്തും. ബാക്സ്ട്രോക് തന്നെ. ആ പിന്നോട്ടു നീന്തലിൽ എന്റെ ഈരിഴ തോർത്തു് സ്ഥാനം തെറ്റുന്നതോ ആരകൻ ഒപ്പം മുട്ടിയിരുമ്മിവരുന്നതോ മുകളിലൊരു പരുന്തുപറക്കുന്നതോ ഞാൻ കാണാറില്ല. രാവിലെ പോയാൽ നെറുകയിൽ വെയിലു കുത്തുന്ന ഉച്ചവരെ ആ പുഴയിൽ കിടന്നു കയറിച്ചെല്ലുമ്പോൾ അമ്മ പറയും:

“പറയത്തി വെള്ളത്തിൽ കിടന്നാൽ വെളുക്കത്തില്ല, ഓലമടല് പോലെ ചീയത്തേയുള്ളൂ.”

ശരിക്കും വെളുക്കാനല്ല, കറുപ്പു് പോകാതിരിക്കാനായിരുന്നു എന്റെ പുഴയധിവാസങ്ങൾ. ഓരോ ആഴ്ചയിലും ആ കറുപ്പിനെ ഞാൻ എണ്ണയൊഴിച്ചു മിനുക്കി. എനിക്കു് എന്നോടു ഒടുക്കത്തെ പ്രേമമായിരുന്നു. സത്യമായിട്ടും ഞാൻ മറ്റാരേയും മനസ്സിൽ കണ്ടിട്ടേയില്ല.

വയസ്സറിയിച്ചു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഓടമരം കൊണ്ടു് അച്ഛനെനിക്കു് കട്ടിലുകെട്ടി തന്നു. നാലു് ഓടക്കാലു തറയിൽ കുത്തിയിറക്കി, മുളകീറി ചട്ടം കെട്ടിയുറപ്പിച്ചു്, ഞർള വള്ളി തോട്ടിൽ ചീയിച്ചെടുത്തു പാറയിലിട്ടുണക്കി നെടുകയും കുറുകയും കെട്ടിയപ്പോഴതു് ആനചവിട്ടിയാലും പൊട്ടാത്ത കട്ടിലായി. ആ കട്ടിലിനു ചുറ്റും പ്ലൈവുഡ് കമ്പനി തള്ളിയ പോളകൾകൊണ്ടു് മറയുണ്ടാക്കിയപ്പോൾ അതൊരു മുറിയായി. ഞാനവിടെ മലർന്നുകിടന്നു പുഴയിലെന്നതുപോലെ നീന്തിത്തുടിച്ചു. ഓലമറയിലെ ചെറു ജാലകം പോക്കി ഞാൻ പകല് മൈനകളെ വിളിച്ചുവരുത്തി. രാത്രിയിൽ പുള്ളുകൾ വന്നപ്പോൾ ഞാനതു താഴ്ത്തി.

ആരായിരുന്നു എന്റെ സ്വപ്നത്തിലെ ആരകൻ? മുഖമില്ലാത്ത ചാത്തനായിരുന്നിരിക്കും. അങ്ങനൊരു മുഖം എനിക്കു ചുറ്റും കണ്ടെത്താൻ കഴിഞ്ഞതേയില്ല. പക്ഷേ, എന്റെ മേലു മുഴുവൻ അവൻ നക്കിത്തുടച്ചെടുത്തു. എന്റെ ചെവികൾക്കും മുടിക്കും ഇടയിലുള്ള അരയിഞ്ചു സ്ഥലത്തു് ഇത്തിരി വെളുപ്പുണ്ടെന്നു കണ്ടു പിടിച്ചതു് അവനാണു്. ഏതു് ആണും കറുത്ത പെണ്ണിന്റെ മേൽ വെളുപ്പു നോക്കി നടപ്പാണല്ലോ? അവനെന്റെ ചെവിക്കു പിന്നിൽ നക്കി കൂടുതൽ വെളുപ്പിക്കാൻ നോക്കി. ഓരോ രസനാസ്പർശത്തിലും എന്റെ കറുത്തദേഹത്തിൽ പൂവിട്ടു. അതു വസൂരിമാലകൾ പോലെ പൊട്ടി. എന്റെ മുഖം നിറയെ കുരുക്കൾ വരികയും പൊട്ടിയൊഴുകിയുണങ്ങിവന്നപ്പോഴേക്കും അതെല്ലാം ഓരോ കുഴിയാവുകയും ചെയ്തു.

ഇരുപത്തിയഞ്ചാം വയസ്സിലും പെണ്ണിനെക്കൊണ്ടുപോകാൻ പറയച്ചെക്കന്മാരാരെങ്കിലും വരുന്നതു നോക്കി അച്ഛനും അമ്മയും ഇരുന്ന ദിവസങ്ങളിലൊന്നിൽ ഞാൻ പറഞ്ഞു, പണ്ടു മുച്ചക്ര സൈക്കിൾ ഓടിക്കാനിരുന്ന വഴിപോലെയായി എന്റെ മുഖം. ഇനി അതുവഴി സുകു വേണമെങ്കിൽ ഓട്ടോ ഓടിക്കട്ടെ.

ഒന്നു കെട്ടി രണ്ടു കുട്ടികളുമായ സുകു ഭാര്യ പുഴയിൽ മുങ്ങിമരിച്ചേൽപിന്നെ ആർക്കുവേണ്ടിയാണു് ഞാനീ വണ്ടിയോടിക്കുന്നതെന്ന മട്ടിൽ പരിക്ഷീണനായി കള്ളുകുടിച്ചു വഴിയിൽ തന്നെ ഓട്ടോയിൽ കിടന്നുറങ്ങുന്ന കാലമായിരുന്നു.

ഓട്ടോ കരോട്ടു് ഇട്ടു് സുകു കുത്തിറക്കം നടന്നാണു വന്നതു്. ഞാൻ കാട്ടിപ്പറമ്പിൽ ടെക്സ്റ്റൈൽസ് എന്നു് എഴുതിയ കവറിൽ ആകെയുള്ള ഒരു സാരിയും മൂന്നു ബ്ലൗസും രണ്ടു ലുങ്കിയും നാലു പാവാടയും മൂന്നു ബ്രേസിയറും ഒരു ജെട്ടിയും എടുത്തിട്ടു. അടിവസ്ത്രങ്ങൾ ഇട്ടു കിടന്നു് ശീലിക്കാത്തതുകൊണ്ടു് അതിൽ കൂടുതൽ ഒന്നും ശേഷിപ്പു് ഉണ്ടായിരുന്നില്ല. കോളജിൽ പോലും പിരിയഡു കാലത്തു് വച്ചുകെട്ടിപ്പോകുമ്പോഴാണു് മോളിലൊരു ജട്ടി ഇട്ടതു്. കല്യാണം കഴിക്കുന്ന കാലത്തേക്കു് ഉള്ള ജെട്ടി മാറ്റിവച്ചാണു് ഡിഗ്രിക്കു പഠിക്കാൻ പോയതു്. എടുത്ത ബാഗിൽ എല്ലാത്തിനും മുകളിൽ ഡിഗ്രി സർട്ടിഫിക്കറ്റും ചുരുട്ടി വച്ചു.

ചെന്നു കയറുമ്പോൾ മുതൽ സുകു എന്നെ പൂജിക്കാൻ തുടങ്ങി. കൈരണ്ടും കൂപ്പി നിന്നു് നാമം ജപിക്കുകയാണു്. എന്റെ കുട്ടികളെ നീ നോക്കണം. എന്റെ കുട്ടികൾക്കൊരു കുറവും നീ ഉണ്ടാക്കരുതു്. നീ അവരെ കരയിക്കില്ലെന്നു വാക്കുതരണം. ഞാൻ കുട്ടികളെ തേടി ചുറ്റും നോക്കി. അവർ ഇപ്പോൾ വരുമെന്നു് സുകു. ഒരു മണിക്കൂറിനുള്ളിൽ വന്നതു് സതീശൻ. സ്കൂളിൽ എന്നേക്കാൾ രണ്ടുവർഷം മുൻപു പഠിച്ചുപോയയാൾ. സതീശൻ ചേട്ടൻ എന്നാണു വിളിച്ചിരുന്നതു്. രണ്ടാമത്തെയാൾ ആരാണെന്നു് വെള്ളിടിപോലെ ഞാനോർത്തു. എന്റെ ക്ളാസിൽ ഉണ്ടായിരുന്നു സതീശന്റെ അനിയൻ രാജീവൻ.

രണ്ടുപേരേയും മുന്നിൽ നിർത്തി സുകു പറഞ്ഞു, നീ ഇവരുടെ പാകം നോക്കണമെന്നു്. സതീശൻ തള്ളവിരൽ കൊണ്ടു തറയിൽ ചിത്രം വരച്ചുകാണും. രാജീവൻ നോട്ടം കൊണ്ടു് ആകാശത്തും. അവരുടെ ഭാവം എന്താണെന്നു് ഞാൻ നോക്കിയില്ല.

അന്നു രാത്രി സുകു വാതിലടച്ചിട്ടു് ചെവിയിൽ പറഞ്ഞു: നമ്മളായിട്ടു് ഒന്നും ചെയ്യണ്ട. ശബ്ദം കേട്ടാൽ പിള്ളേർക്കു വെഷമമാകും.

രാവിലെ അഞ്ചുമണിക്കു് ആ തുണിക്കടസഞ്ചിയും എടുത്തു് ഒരുപ്പോക്കായിരുന്നു. അയാള് പിള്ളേരേ വിഷമിപ്പിക്കണ്ട എന്നു വച്ചതുകൊണ്ടു് ഉടുത്ത തുണിയൊക്കെ അവിടെത്തന്നെ ഉണ്ടായിരുന്നു. ആ യാത്ര പലവഴി കറങ്ങി ചെന്നു നിന്നതു് സെൻട്രൽ ജയിലിലാണു്. കാട്ടിൽക്കഴിയുന്ന മാവോയിസ്റ്റുകളെയൊക്കെ തോക്കിനു മുന്നിൽ ഉന്നത്തിനു കിട്ടിയില്ലെങ്കിൽ ഓടിച്ചു ജയിലിൽ കേറ്റുന്നതുകൊണ്ടു് മൂന്നു നേരത്തെ തീറ്റയ്ക്കു് ഒരു മുടക്കവും ഉണ്ടായിട്ടില്ല. അന്നു കോടതീല് പ്രതിക്കൂട്ടിൽ നിർത്തി സർക്കാർ ഭാഗം വക്കീല് ഞാൻ വല്യച്ഛൻ മണിയനെ ആരാധിച്ചു മാവോവാദിയായതാണെന്നു പറഞ്ഞപ്പം തുടങ്ങിയ ചിരിയാണു്. പിന്നെ എനിക്കായിട്ടു് ചിരിക്കു് ഒരു മുട്ടും മാവോ സഹായിച്ചു് ആരും ഉണ്ടാക്കിയിട്ടില്ല.

പൂന്താരകൻ

സുശീല കണ്ണുതുറന്നു.

മേലും മുഖവും തലയും വരെ മൂടിയ ഒരു സ്ത്രീശബ്ദം: “എല്ലാരേം കാണാൻ തോന്നണൊണ്ടോ?”

ആരെ കാണാനാണു് എന്നു് സുശീല ഓർത്തു.

‘യുദ്ധം കഴിയട്ടെട്ടോ, പട്ടാളം എല്ലാവരേയും കൊണ്ടുവന്നു കാണിക്കും.’

സുശീലയ്ക്കു് പതുക്കെ ഓർമകളും വന്നു. ബിനോയി നടന്നുപോകുമ്പോൾ കണ്ണു മറിഞ്ഞുമറിഞ്ഞു പോയതും ഋദ്ധിയുടെ കട്ടിലിൽ വീണതും. പിന്നെ ഓർമയിൽ ഈ നിമിഷമാണു്.

“രണ്ടു വൃക്കയ്ക്കും കുഴപ്പമുണ്ടു്. എലിപ്പനി കേറി പിടിച്ചു. ഞങ്ങള് നോക്കണുണ്ടട്ടോ?”

സുശീല സ്വന്തം ശരീരത്തെക്കുറിച്ചു് ആലോചിച്ചു.

വയറിലോ നെഞ്ചിലോ തലയിലോ വേദനയുണ്ടോ എന്നു് ഓർത്തു നോക്കി. ഇല്ല, ഒന്നും അറിയുന്നില്ല. മനസ്സിലേക്കു നോക്കി. അവിടെ നിറയെ അടുത്ത നിമിഷം അവസാനിക്കാൻ പോകുന്ന ജീവിതമാണു്.

കപ്പയും കഞ്ഞിയുമല്ലാതെ മറ്റൊന്നും വെച്ചുകഴിക്കാതെ, ലുങ്കിയും ബ്ലൗസുമല്ലാത്ത വസ്ത്രങ്ങൾ ഇടാതെ, കള്ളുകുടിച്ചു വന്നു മേലുവീഴുന്ന ഭാർഗവനെയല്ലാതെ മറ്റാരേയും അറിയാതെ, കഴിഞ്ഞ ഇരുപത്തിയഞ്ചു് വർഷമായി ഒരു പുരുഷനൊപ്പം പോലും ശയിക്കാതെ, ഒരു ചുംബനം കിട്ടാതെ ഞാൻ തീരുകയാണു്. തണലു തന്ന മഠത്തിനും, കക്ക പെറുക്കാൻ കൂട്ടിയ അന്നമ്മയ്ക്കും, വീടുവച്ചു തന്ന ഇടവക സമിതിക്കും പറയാം: ഞങ്ങളാണു് ഒരു ജീവിതം കൊടുത്തതെന്നു്.

നിങ്ങളെക്കൊണ്ടു് എനിക്കെന്താണുണ്ടായതെന്റെ ലോകമേ. ഇതാണോ ജീവിതം. ഇതെങ്കിൽ…

സിസ്റ്റർ ഫിലോമിനയുടെ വീടു്.

ഓട്ടോയിൽ നിന്നു ബസിൽ കയറി രണ്ടര മണിക്കൂർ. പിന്നെ ഓട്ടോയിൽ പത്തുമിനിറ്റ്. ഒരു കുത്തുകയറ്റം. സിസ്റ്റർ രണ്ടടിവച്ചു കിതച്ചു കൊണ്ടു പറഞ്ഞു. ചട്ടത്തിൽ എനിക്കു വീട്ടിൽ കിടക്കാനാവില്ല. നമ്മൾ എന്നും വൈകിട്ടു് അടുത്ത മഠത്തിലേക്കു പോകും. രാവിലെ വരും. അതേ പറ്റൂ. പകല് മുഴുവൻ നമ്മൾ ആ വീട്ടിൽ ഉണ്ടാകും.

നന്ദിനിയോടു്:
“ഇന്നു് ഈ നിമിഷം വരെ കാണുകയോ കേൾക്കുകയോ മിണ്ടുകയോ ചെയ്തിട്ടില്ലാത്തവരുടെ വീട്ടിലേക്കു നമ്മൾ പോവുകയാണു്.”

ഇതുവരെ നടത്തിയ സാഹസികയാത്രകളേക്കാൾ ഹരം കയറി ഋദ്ധിക്കു്.

ഋദ്ധിയോടു്:
“നമുക്കു് ഏഴു ദിവസം കഴിഞ്ഞാൽ ഇറങ്ങിപ്പോരാം. ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത വീടുകളിലെത്തുന്ന പെണ്ണുങ്ങളാണു് അറുപതും എഴുപതും വർഷം മറ്റെങ്ങും പോകാതെ കുഴിമാടത്തിലേക്കു പോയി തീരുന്നതു്.”

നടപ്പുവഴിയിൽ നിന്നു് പറമ്പുവഴിയിലേക്കു സിസ്റ്റർ തിരിഞ്ഞു. അതു് ഒരു വീടിന്റെ മുറ്റത്തേക്കു മാത്രമുള്ള വഴിയാണു്. വഴിക്കുമുകളിൽ കണ്ണെത്തും ദൂരം മുഴുവൻ കപ്പ നിൽക്കുന്ന കുന്നു്. പൂത്തു കായ തൂങ്ങി നിൽക്കുന്നു. അമ്മ പറഞ്ഞുകേട്ട പമ്പരം ഉണ്ടാക്കി നോക്കണം. വഴിയുടെ താഴെ നിന്നു് മുരളൽ കേട്ടു തുടങ്ങി. അടിവെയ്ക്കുന്തോറും മുരളൽ കൂടി വന്നു. മുരൾച്ചയോടൊപ്പം രൂക്ഷമായ മണവും. എനിക്കു മനസ്സിലായി അതു പന്നിക്കുഴിയാണെന്നു്.

കുഴിയിലിട്ടു വളർത്തുന്ന പന്നിയെ കയറെറിഞ്ഞു കുടുക്കി കപ്പിയിൽ വലിച്ചു കയറ്റും. നിലത്തിറക്കും മുൻപു് തൂങ്ങിനിൽക്കുന്ന കാലുകളും കൈകളും കൂട്ടിക്കെട്ടും. റാലി സൈക്കിളിന്റെ പിന്നിൽ പലകകൊണ്ടുണ്ടാക്കിയ തട്ടിയിൽ പിടിച്ചുകിടത്തി കയർകൊണ്ടു വരിഞ്ഞുകെട്ടും. അറവുശാല വരെ അതു മുരളിക്കൊണ്ടിരിക്കുമെന്നു് സിസ്റ്റർ സന്ധ്യ പറഞ്ഞിട്ടുണ്ടു്. പോർക്ക് രണ്ടു മൂന്നുവട്ടം കഴിച്ചിട്ടുണ്ടു് മഠത്തിൽ നിന്നു്. ഇത്തവണ കാണുകയും കഴിക്കുകയും ചെയ്യണം.

ചെന്നുകയറുമ്പോൾ അതൊരു വലിയ വീടാണു്. ആവേശകരമായ ഒരു സ്വീകരണം ഉറപ്പാണു്. മണിയടിച്ചു സിസ്റ്റർ ഫിലോമിന കാത്തു നിന്നില്ല. ഇറയത്തേക്കു കയറി തടികൊണ്ടു പണിതിട്ട വലിയ ബെഞ്ചിൽ ബാഗു വെച്ചു. ഞങ്ങൾ അരമതിലിൽ ചാരി ഇരിക്കുകയോ നിൽക്കുകയോ അല്ലാത്ത രീതിയിൽ.

വാതിൽ തുറന്നു് സിസ്റ്ററുടെ അത്ര പ്രായമില്ലാത്ത ഒരു സ്ത്രീ വന്നു. ഒരു നുള്ളു ചിരി ആ മുഖത്തു് ഒരിടത്തും കണ്ടെടുക്കാനാകാത്തത്ര ഗൗരവം.

“അഞ്ചാണ്ടു കൂടി ആകെ കിട്ടിയ ഏഴു ദിവസമാണു്. ഉച്ചയ്ക്കുണ്ണാനുണ്ടാകുമെന്നു ഇവിടെ നിരീച്ചിരിക്കാനല്ലേ പറ്റത്തൊള്ളൂ.”

അവർ രണ്ടാളും അകത്തേക്കു പോയി. ഞങ്ങൾ രണ്ടുപേരും വഴിതെറ്റിവന്നവരെപ്പോലെ നിന്നു. മുറ്റത്തു് ഒരു ജീപ്പു വന്നു നിൽക്കുകയും സ്വർണനിറമുള്ള ജുബ്ബയിട്ടൊരാൾ സൂക്ഷിച്ചു നോക്കി അകത്തേക്കു പോവുകയും ചെയ്തു.

നന്ദിനി കിളിക്കൂട്ടിലെ തത്തയെ നോക്കി. അതിനു് മിണ്ടാനോ ചിലയ്ക്കാനോ ആവതില്ലാത്തതുപോലെ തല വലയിലേക്കു ചെരിച്ചു പിടിച്ചു നിന്നു.

അകത്തു നിന്നു കുശുകുശുക്കുന്ന ശബ്ദം കേൾക്കാം. അതിനു് പതിയെ ആക്കം കൂടി തുടങ്ങി.

“പെങ്ങള് എന്തു വിചാരിച്ചാലും വേണ്ടില്ല. ഇത്തരം കന്നംതിരിവു് ഇവിടെ പറ്റുകേല.”

നമ്മളെക്കുറിച്ചാണെന്നു് നന്ദിനി പതുക്കെ പറഞ്ഞു.

“മഠത്തില് നിങ്ങക്കൊക്കെ എന്തുമാകാം. നാട്ടില് ഞങ്ങക്കു് കുരിശുവരച്ചു കിടക്കുമ്പം കുറ്റം ചെയ്തില്ലാന്നുള്ള തോന്നലു വേണം.”

ഞാനും ഉറപ്പിച്ചു. ഇരകൾക്കു താവളംകൊടുത്തു് നാണം കെടാൻ അവരില്ല എന്നു തന്നെയാണു് പറയുന്നതെന്നു്.

ഞങ്ങൾക്കു വലിയ ആശങ്കയൊന്നും തോന്നിയില്ല. കൊണ്ടുവന്ന സിസ്റ്റർ തന്നെ കൊണ്ടുപോകേണ്ടിയും വരും.

പെട്ടെന്നു സിസ്റ്റർ ഇറങ്ങിവന്നു് ബാഗ് എടുത്തു് അകത്തേക്കു നടന്നു. എന്തുവേണം എന്നറിയാത്ത നില്പാണു് ഞങ്ങൾ. സ്വീകരണ മുറിയിലെത്തി സിസ്റ്റർ അകത്തേക്കു ചെല്ലാൻ തലകൊണ്ടു് ആംഗ്യം കാണിച്ചു.

ഒരു മുറിയിലേക്കു്. പഴയതടികൊണ്ടു പണിത വാതിലുകളും മിനുസമുള്ള തറയും നിറയെ ജനലുകളും.

“നിങ്ങളെ എന്റെ കൂടെ മഠത്തിലേക്കു് അയക്കില്ലെന്നു് തോമാച്ചനു് നിർബന്ധം.”

സന്ധ്യാ പ്രാർത്ഥനയും കഴിഞ്ഞു് അത്താഴം കഴിക്കാനിരിക്കുമ്പോഴാണു് ആ വലിയ വീട്ടിൽ ഫിലോമിന സിസ്റ്ററുടെ അനിയൻ തോമാച്ചായനും ഭാര്യയും മാത്രമേ ഉള്ളൂ എന്നു ഞങ്ങൾക്കു് ഉറപ്പായതു്. മക്കൾ നാലാണു് തോമാച്ചായനു്. മൂത്തമകൾ ലണ്ടനിൽ നഴ്സ്, രണ്ടാമത്തെയാൾ കാനഡയിൽ ഫാർമസിസ്റ്റ്, മൂന്നാമത്തെയാൾ ഡൽഹി എയിംസിൽ, നാലാമത്തെയാൾ ബീൽസ്, എൻജിനിയറിങ് കഴിഞ്ഞു് ബെംഗളൂരുവിൽ.

ബെംഗലൂരുവിൽ നിന്നു പതിവു വിഡിയോ കോൾ തീൻമേശയിലേക്കു വന്നപ്പോൾ തോമാച്ചായൻ പരിചയപ്പെടുത്തി: അവൻ എൻജിനിയറിങ് കഴിഞ്ഞതാണു്. എടുത്തവായിൽ വന്ന തിരുത്തിൽ നന്ദിനിയും ഋദ്ധിയും ‘ഇംപ്രസിദ്ധ’രായി. ഇംപ്രസ്ഡ് എന്നതിനു് ജീസസ് മേരി സ്കൂളിലെ ഒൻപതാം ക്ലാസുകാരുണ്ടാക്കിയ പ്രയോഗമാണു്. അപ്പൻ കാശുകൊടുത്തു മേടിച്ച കംപ്യൂട്ടർ എൻജിനിയറാണു് എന്നായിരുന്നു ബീൽസിന്റെ തിരുത്തു്. അതിൽ തോമാച്ചായൻ ഒട്ടും അലോസരപ്പെടാതെ ചിരികൊള്ളുകയും ബീറ്റിൽസിന്റെ ചുരുക്കമാണു് ബീൽസ് എന്നു് മേശയിൽ താളമടിച്ചു് ഓർമിപ്പിക്കുകയും ചെയ്തു. ബീറ്റിൽസ് ആരാധകന്റെ വീട്ടിൽ ഒരു ഡ്രമ്മോ ഗിത്താറോ കീ ബോർഡോ കണ്ടില്ലല്ലോ എന്നു് നന്ദിനി. വണ്ടുകൾ മൂളുന്നുണ്ടല്ലോ എന്നു് ഞാൻ.

ആ രാത്രിയാണു് ഒരു വീട്ടിൽ ഉറങ്ങുകയാണെന്നു ഞങ്ങൾക്കു് ആദ്യമായി തോന്നിയതു്. കടംകൊടുത്തവർ വന്നുകയറിയിരുന്ന അശാന്തമായ വീടുമാത്രമേ നന്ദിനിയുടെ ഓർമയിലുള്ളു. വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുകയോ, കോളിങ് ബെൽ അടിക്കുകയോ ചെയ്യുമ്പോൾ അമ്മ അടുക്കള വാതിൽ അകത്തു നിന്നു കുറ്റിയിട്ടു് സ്ലാബിനടിയിൽ കയറുന്ന കഥ നന്ദിനി പറഞ്ഞു. അച്ഛൻ ആ ദിവസങ്ങളിലൊന്നും വീട്ടിലേക്കു വന്നതേ ഇല്ല.

മദ്യപാനവും പുകവലിയും ഇല്ലാത്ത അച്ഛൻ എന്തിനാണു് ഈ കടം വാങ്ങിയതെന്നു് ആർക്കും പിടികിട്ടിയില്ല. വീട്ടിൽ ഒരു പുതിയ ഉടുപ്പോ മുണ്ടോ ചെരുപ്പോ പോലും കൂടുതലായി വന്നില്ല. നന്ദിനിക്കോ അമ്മയ്ക്കോ പുതുവസ്ത്രങ്ങൾ കിട്ടിയില്ല. തിരിച്ചടവു മുടങ്ങിയതോടെ വട്ടിപ്പലിശക്കാർ കൂട്ടമായി വീട്ടിൽ വന്നു പൊറുതി തുടങ്ങി. ഒടുവിലവർ എല്ലാവരും ചേർന്നു സ്ഥലം ബാങ്കിൽ ഈടുവച്ചു് പണം വീതിച്ചെടുത്തു. മൂന്നാം മാസം മുതൽ ബാങ്കുകാരുടെ ഊഴം.

കേസും കൂട്ടവുമായി ഒരു വർഷം പിടിച്ചുനിന്നു. ഒടുവിൽ ആ വീടു് ബാങ്കുകാർ എടുത്തതോടെ വന്നുതാമസിച്ച വാടക വീട്ടിൽ പുതിയ ഒരാൾ എത്തി. ഷീല. അതിനു മുൻപു കേൾക്കുക പോലും ചെയ്യാത്ത ആ സ്ത്രീ അധികാരി ഭാവത്തോടെ അച്ഛനോടു് ആജ്ഞാപിച്ചുകൊണ്ടിരുന്നു. അച്ഛൻ ഒന്നും മിണ്ടാതെ പരുങ്ങി നിന്നു. അവർ നിരന്തരം അച്ഛന്റെ മുറിയിൽ കയറുകയും അച്ഛനോടു പണം ചോദിക്കുകയും ചെയ്തു. അവരെ മറച്ചുവയ്ക്കാൻ നടത്തിയ ഓപ്പറേഷനായിരുന്നു കടംകൊള്ളൽ എന്നു് അതോടെയാണു് മനസ്സിലായതു്. അമ്മയിൽ തൃപ്തിപോരാത്തതുകൊണ്ടു് അച്ഛൻ ചെന്നുകയറിയ പല ഇടങ്ങളിൽ ഒന്നായിരുന്നു അതെന്നു് ഷീല ഞങ്ങൾ കേൾക്കെ വിളിച്ചു പറഞ്ഞു.

അവർ ഓരോ മാസവും അച്ഛനിൽ നിന്നു് പണം വാങ്ങിയിരുന്നു. ആ കടം വീട്ടലറിയാതിരിക്കാൻ പലരിൽ നിന്നു വാങ്ങി തിരികെ കൊടുത്തു. ഒരാളിൽ നിന്നു വാങ്ങിയതു് വീട്ടാൻ അടുത്തയാളിൽ നിന്നു് വീണ്ടും. അതിന്റെ പലിശ കൊടുക്കാൻ മൂന്നാമതൊരാളിൽ നിന്നു്. വീട്ടിൽ വന്നു താമസമാക്കിയ ഷീലയ്ക്കു പന്ത്രണ്ടു ലക്ഷമേ കിട്ടിയുള്ളുവെങ്കിലും കടം നാൽപ്പത്തിയഞ്ചു ലക്ഷമായി. ഇതിനാണു സിസ്റ്ററെ സാമ്പത്തിക വളർച്ച എന്നു പറയുന്നതെന്നു് പറഞ്ഞു സർക്കിൾ ഇൻസ്പെക്ടർ മൻസൂർ കേസ് വിധിയായ ദിവസം ചിരിച്ചു് എഴുനേറ്റുപോയിരുന്നു.

തറവാട്ടിലെ സംബന്ധങ്ങളുടെ തുടർച്ച അച്ഛന്റെ കാലത്തു് അസംബന്ധമായെത്തി എന്നു് നന്ദിനി കൂട്ടിച്ചേർത്തു. പ്രാസവും അലങ്കാരവും ഒപ്പിച്ചു ഭാഷ അമ്മാനമാടാൻ നന്ദിനിയെക്കഴിഞ്ഞേ ക്ലാസിൽ മറ്റാരും ഉണ്ടായിരുന്നുള്ളൂ.

രാവിലെ രണ്ടു സ്റ്റീൽ കപ്പു നിറയെ കട്ടൻകാപ്പിയുമായി വന്നു ത്രേസ്യാച്ചേടത്തി ഉണർത്തി. പല്ലു തേയ്ക്കും മുൻപു് കാപ്പിയൊന്നും കട്ടിലിലിരുന്നു കുടിച്ചിട്ടേയില്ല. ആറുമണിയാകുന്നതേയുള്ളൂ. അവർ ഇന്നലെ ചിരിക്കാത്തതിന്റെ കടംവീട്ടാൻ വന്നതാണെന്നാണു കരുതിയതു്. മുഖം കൂടുതൽ കരുവാളിച്ചു് ഇരുന്നു: ‘മക്കളു വന്നു വാഴാത്ത വീട്ടിൽ മുഴുവൻ കുട്ടിച്ചാത്തന്മാരു കേറി നെഗളിക്കും. ഇന്നലെ പറയാൻ മറന്നു. ഇനിയെങ്ങാനും വന്നാൽ ആ കുരിശൊന്നു് കാണിച്ചേരു്…”

മന്ത്രവാദിനികളെപ്പോലെ നടന്നിരുന്നവരുടെ കൂടാരത്തിൽ നിന്നു് വീടുതേടി വന്ന ഞങ്ങൾ കുട്ടിച്ചാത്തന്മാർക്കു നടുവിൽ.

ഒരേ കാഴ്ചകളും ഒരേ മണവും ഒരേ ഭക്ഷണവും ഒരേ വാക്കുകളും ആവർത്തിച്ചു് അനുഭവിച്ചു മൂന്നാം ദിനംതന്നെ വിവശരായി മടങ്ങാൻ മുട്ടി. സിസ്റ്റർ ഫിലോമിനയെ ഓർത്തായിരുന്നു കൂടുതൽ സങ്കടം. അഞ്ചാണ്ടു കൂടി നാട്ടിൽ വന്നിട്ടു് ഓരോ പകലും ഓരോ ബന്ധുക്കളെക്കുറിച്ചുള്ള കുശുമ്പും പരിഭവങ്ങളും കേട്ടിരിക്കും. രാത്രി പതിവുപോലെ മഠത്തിൽ ഉറക്കം.

നൗകയിൽ കാറ്റുപിടിക്കുകയാണു്. ഇതു് കാറ്റിനെതിരേയുള്ള പോക്കാണു്.

കാറ്റിനൊപ്പം കുതിക്കുന്നതിനേക്കാൾ കാറ്റിനെതിരേയുള്ള പോക്കിലാണു് ഋദ്ധി എന്നും ഹരം കൊണ്ടതു്. നാൽപ്പത്തിയഞ്ചു ഡിഗ്രി ചെരിച്ചു പിടിച്ച ദിശയിലൂടെ നൗക കാറ്റിനെ വഞ്ചിച്ചു മുന്നോട്ടുപോയി. കലിമൂത്തു് കാറ്റു വീണ്ടും ശക്തികൂട്ടി. അപ്പോഴൊക്കെ ചരിഞ്ഞു ചരിഞ്ഞു നൗകയും വേഗം കൂട്ടി.

ത്രയ:
“അമ്മവീട്ടിൽ പോകുന്നതൊക്കെ നാലു മാമ്പഴം വീണു കിട്ടുന്നതുവരെയുള്ള സുഖമേയുള്ളൂ. അല്ലെങ്കിൽ കൊതി ഒരു കുമ്പിൾ ഇലഞ്ഞിപ്പൂ പെറുക്കി പനനാരിൽകോർത്തു് കയ്യിലിട്ടു മണിപ്പിച്ചു നടക്കുന്നതിൽ തീർത്തേക്കണം. നിർബന്ധമാണെങ്കിൽ കഞ്ഞിയും കറിയും വച്ചുകളിക്കാൻ ഒരു ദിവസം കൂടി നിൽക്കാം. ഇതുമൂന്നും കഴിഞ്ഞാൽ അപ്പോൾ സ്ഥലം വിട്ടോണം. ഇല്ലെങ്കിൽ നമ്മളു മുന്നിൽ നിൽക്കുന്നതുകൊണ്ടു് അവരൊന്നു് വഴക്കുണ്ടാക്കാൻ പോലും കഴിയാതെ ശ്വാസം മുട്ടിപ്പോകും.”

ഋദ്ധി കണ്ണുതുറന്നു.

വരാഹം

‘അവനു് എന്നെ താങ്ങാൻ ആവതില്ല.’

ഈ ഒറ്റ വാചകം പിറന്ന നിമിഷമാണു് ഞാൻ നന്ദിനിക്കു ഗുരുസ്ഥാനം നൽകിയതു്. കുടുംബം കഴിയാനുള്ള ശമ്പളം കിട്ടാത്ത ചായക്കടപ്പണിക്കാരിയെപ്പോലെ തീർത്തും നിർവികാരമായി വെച്ചുതിന്നാൻ ഒരുക്കുന്ന ത്രേസ്യാച്ചേടത്തി. ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നതൊക്കെ ഒരു താല്പര്യവും ഇല്ലാതെ ഉണ്ടാക്കിയതാണെന്നു് അറിയാവുന്ന ഹോട്ടൽ മുതലാളിയെപ്പോലെ ഇന്നത്തെ മീൻകറിയിലെ കുടംപുളിയുണ്ടല്ലോ, അതു മോളുടെ വീട്ടിൽപോയി ഞാൻ കൊണ്ടുവന്നതാ, കലക്കനല്ലേ… എന്നു ചോദിക്കുന്ന തോമാച്ചായൻ. സ്വന്തം വീട്ടിൽ വന്നിരുന്നു ധ്യാനത്തിനു പോയതുപോലെ പകൽമുഴുവൻ കൊന്ത ജപിച്ചു കഴിച്ച ഫിലോമിന സിസ്റ്ററും കൂടി ആയതോടെ സർവത്ര ശോകമായ ക്രിസ്മസ് കഴിഞ്ഞു് ആദ്യത്തെ ക്ളാസിനുള്ള പോക്കിലായിരുന്നു എന്റെ ചോദ്യം. ജൂവലിനെ നിനക്കു് പ്രേമിച്ചു കൂടെ?

ഇരകളെ താങ്ങാൻ ജുവലിനെനന്നല്ല ഭൂമിമലയാളത്തിലെ ഒരു കണക്കിനു് ആൺപിള്ളേർക്കൊന്നും കെല്പില്ലെന്നു് അവൾ തീർത്തടിച്ചു. പിന്നെ വരുന്നതു് ഒന്നുകിൽ കൊണ്ടുപോയി അടിമയാക്കി ചവിട്ടിത്തേക്കാം എന്നു കരുതുന്നവര്. അല്ലെങ്കിൽ ഇവൾക്കൊരു ജീവിതം കൊടുത്താൽ നാട്ടുകാരു കയ്യടിക്കുമെന്നു വൃഥാ കരുതുന്ന പൊങ്ങന്മാർ. കൊട്ടിഘോഷിച്ചു കെട്ടുകഴിഞ്ഞു പോകുമ്പോൾ വഴിയിലിരുന്നു ചിരിക്കുന്നവരൊക്കെ കളിയാക്കുകയാണെന്നു കരുതി ഇവറ്റകൾ ആത്മഹത്യ ചെയ്തുകളയും.

സദാചാരമൊന്നും പ്രശ്നമല്ലാത്ത ഏതെങ്കിലും സായിപ്പു വന്നാൽ കൂടെപ്പോകണമെന്നു് നന്ദിനി. അവനോ നമുക്കോ മതിയാകുമ്പോൾ ‘അപ്പോ ശരി…’ എന്ന ഒറ്റ വാക്കിൽ തീരണം കഥ. വേണമെന്നു വച്ചാൽ അടുത്തൊരാളെ കിട്ടാനും രണ്ടാഴ്ച തികച്ചു വേണ്ടിവരില്ല. അതുകൊണ്ടു് ജൂവലുമാരു് ഏതെങ്കിലും പള്ളീല് പോയി വിളിച്ചുചൊല്ലി കെട്ടുന്നതാ ഭേദം.

അവൾ പതുക്കെ ചോദിച്ചു: “പോർക്ക് കഴിച്ചേപ്പിന്നെ ഞാനിത്തിരി മാംസഭുക്കു് ആയി അല്ല്യോടി.”

“പച്ചക്കറി തിന്നുന്ന നിന്റെ അച്ഛനേക്കാളും വലിയ മാംസഭുക്കു് വേറാര്”: അവളുടെ പുനർജന്മാനന്തരം ഞാൻ ആദ്യമായി ഉപ്പേരിക്കു് കൊടുത്ത ഉരുളയാണു്.

കാണ്ടാമൃഗങ്ങളും സസ്യഭുക്കുകളാണെന്നു് ജോൺ സർ പറഞ്ഞിരുന്നു: അവൾ. ആൺകാണ്ടാമൃഗങ്ങൾക്കു പോലും ബലയാരതികളില്ല. പെണ്ണു് തയ്യാറാണെന്നു് ശരീരഗന്ധം അയയ്ക്കുമ്പോഴേ അവിടെ ആണൊരുത്തനു് അടുത്തുപോകാൻ അവകാശമുള്ളു. അതും ഒരുത്തനു മാത്രം. ആരുവേണമെന്നു് കൊമ്പുകോർത്തു് അവർക്കു തീരുമാനിക്കാം: ഞാൻ.

ആദ്യ ക്ലാസ് സാമൂഹിക പാഠമാണു്. ജോൺ സർ സംഭവമായിരുന്നു. പാഠപുസ്തകം തുറക്കുക പോലും ചെയ്യാതെ കഥ പറയും. അവസാന അഞ്ചു മിനിറ്റ് മാത്രം എല്ലാ ദിവസവും ഒരു പോലെ അവസാനിക്കും.

“നമ്മൾ അപ്പോൾ എവിടെ വരയാണു് ഇന്നലെ വായിച്ചതു്?”

“പേജ് മുപ്പത്തിരണ്ടു വരെ സർ.”

“അപ്പോൾ അടുത്ത ദിവസത്തേക്കു് മുപ്പത്തിയാറു വരെ.”

വായിച്ചിട്ടു വരണം, ചോദ്യങ്ങൾ ചോദിക്കും എന്നാണു് വയ്പു്. ഇക്കാലത്തിനിടയ്ക്കു് അതുണ്ടായിട്ടുള്ളതു് രണ്ടോ മൂന്നോ തവണയാണു്. ഉത്തരം പറയാത്തവരോടു് പോയി പഠിച്ചിട്ടു വാ എന്നൊന്നും സാറ് പറയാറില്ല. എന്റെ ക്ളാസ് പോരാ അല്ലേ എന്നാണു് ചോദിക്കുക. വൈകാരിക പൂഴിക്കടകനാണെങ്കിലും ഒൻപതാംക്ലാസിന്റെ തിരിച്ചറിവു മാത്രമുള്ള ഞങ്ങൾക്കതു രണ്ടു തല്ലിനേക്കാൾ വലിയ ശിക്ഷയായിരുന്നു.

രണ്ടാം ലോക മഹായുദ്ധമാണു് അന്നത്തെ പാഠം. ജപ്പാന്റെ ആറു വിമാന വാഹിനിക്കപ്പലുകൾ നിരന്നു നിൽക്കുന്ന കടൽ. അതിൽ നിന്നു് പറന്നുയർന്നതു് മുന്നൂറ്റിയൻപത്തിമൂന്നു വിമാനങ്ങൾ. ഹവായിയിലെ പേൾ ഹാർബർ തകർത്തു തരിപ്പണമാക്കി മടങ്ങിയ ജപ്പാനു് നാഗസാക്കിയിലും ഹവായിയിലും രണ്ടു് അണുബോംബു കൊണ്ടു് അമേരിക്ക മറുപടി നൽകി. അപ്പോഴെന്താണു് സംഭവിച്ചതു്?

എന്താണു് ഉദ്ദേശിച്ചതു് എന്നു് പിടിയില്ലാതെ എല്ലാവരും സൂക്ഷിച്ചു നോക്കും. പെട്ടെന്നു ഒരു ബന്ധവുമില്ലെന്നു് തോന്നുന്ന കഥയിലേക്കു് സർ എടുത്തു ചാടും.

രണ്ടായിരത്തിയൊന്നു്. വെറും മൂന്നു വിമാനങ്ങൾ. വേൾഡ് ട്രേഡ് സെന്ററിലേക്കു പറന്നു കയറി. അമേരിക്ക ലോകത്തിനു മുന്നിൽ വിവശരായി. ആരോടു പ്രതികാരം ചെയ്യും. മറുവശത്തു് രാഷ്ട്രങ്ങളില്ല, ചക്രവർത്തിമാരില്ല, വംശങ്ങളില്ല. ഉള്ളതു് പേരും മുഖവും പോലും അറിയാത്ത രണ്ടുകൈ വിരലിലെണ്ണിയാൽ തീരുന്നത്ര ആളുകൾ. അവർക്കെതിരേ യുദ്ധം ചെയ്യാൻ അമേരിക്ക ഒറ്റയ്ക്കല്ല, യൂറോപ്പു മുഴുവൻ അഫ്ഗാനിസ്ഥാനിലേക്കു പറന്നു. ഒന്നും രണ്ടുമല്ല, ഇരുപതാണ്ടു് അവിടെ യുദ്ധം. ഒടുവിൽ ആർക്കെതിരേയാണോ യുദ്ധം ചെയ്തതു് അവർക്കു് അധികാരം കൈമാറി മടക്കം.

സർ പെട്ടെന്നു വട്ടംതിരിയുകയും ബോർഡിൽ ചോക്കു കൊണ്ടു് ഏതാനും വാക്കുകൾ മാത്രം നിരയും വരിയുമൊന്നുമില്ലാതെ എഴുതുകയും ചെയ്യും. അതാണു പതിവു്.

പേൾ ഹാർബർ, ഹവായ്, ജപ്പാൻ, അമേരിക്ക, 353, വിമാന വാഹിനി, നാഗസാക്കി, ഹിരോഷിമ, അച്ചുതണ്ടു്, സഖ്യ കക്ഷികൾ, ജർമനി, ജപ്പാൻ, ഇറ്റലി, റോം, ബെർലിൻ, ടോക്യോ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, അമേരിക്ക.

ഇതു് ചരിത്രത്തിലെ സംഭവങ്ങളുടെ നിരയിലേക്കെഴുതണം. ഇറ്റലി എന്ന പേരു് രണ്ടുതവണ സർ എഴുതിയിട്ടുണ്ടെങ്കിൽ അതു തെറ്റാകില്ല. സർ അതിനും ഒരു കഥ കണ്ടിട്ടുണ്ടാകും. പലവക ബുക്കിലെ കടലാസിൽ ഞാൻ എഴുതാൻ തുടങ്ങി.

ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുന്നിടത്താണു് പുസ്തകത്തിലെ യുദ്ധം ആരംഭിക്കുന്നതു്. എങ്കിലും അതിനും മുമ്പു് അമേരിക്ക പസഫിക്കിൽ നിരത്തിയിട്ട കപ്പലുകൾ ജപ്പാനെ ആക്രമിക്കാനായിരുന്നു എന്ന തിരിച്ചറിവുണ്ടായപ്പോൾ അവർ കയറി അടിച്ചതാണു് പേൾ ഹാർബറിൽ കണ്ടതു്. അതുകൊണ്ടു ജപ്പാന്റെ ഭാഷയിൽ പേൾ ഹാർബർ പ്രകോപനമല്ല, പ്രതിരോധമാണു്. അച്ചുതണ്ടിൽ നിന്നു സഖ്യത്തിലേക്കു് പാതിവഴിയിൽ എടുത്തു ചാടിയ റോമാ സാമ്രാജ്യമാണു് യുദ്ധം എന്തൊരു ബാലിശമാണെന്നു് ലോകത്തെ പഠിപ്പിച്ചതു്. സ്റ്റാലിനും ജോർജ് നാലാമനും ഫ്രാങ്ക്ലിൻ റൂസ്വെൽറ്റും സഖ്യമാണെന്നു പറഞ്ഞതിലും വലിയ തമാശ എന്തുണ്ടു്.

സ്റ്റാലിന്റെ പട്ടാളം ഹിറ്റ്ലറെ വധിക്കുന്നതു കാണാൻ കാത്തിരുന്നവർക്കു് വേണ്ടതിലധികം കിട്ടി. കമ്യൂണിസ്റ്റ് റഷ്യയുടെ പട്ടാളം ജർമനിയിലെ പെണ്ണുങ്ങളെ, നാലു വയസ്സു മുതൽ തൊണ്ണൂറു വയസ്സുള്ളവരെ, നിർത്തിയും കിടത്തിയും ബലാൽസംഗം ചെയ്തു. ചിലരെ ഒരേ കൂട്ടം തന്നെ പലവട്ടം. വിവസ്ത്രരാക്കി നിരത്തിക്കിടത്തിയ ജർമൻ പെണ്ണുങ്ങളിലേക്കു് സഹപ്രവർത്തകൻ പുരുഷായുധം ഇറക്കുമ്പോൾ മറ്റൊരുത്തൻ വന്നു് അവളുടെ വായിലേക്കു നിറയൊഴിച്ചു. ഒരു പതിനാലുകാരിയിൽ തോക്കിൻ കുഴൽ കൊണ്ടു് പ്രവേശിച്ചു് അവൾ അലറിക്കരഞ്ഞു വാ തുറക്കുമ്പോൾ ആ തോക്കിന്റെ കാഞ്ചിയിൽ വിരലമർത്തി. അടിവയറ്റിൽ നിന്നു് ഹൃദയഭിത്തിയിലേക്കു വന്നു തറച്ച ആ വെടിയുണ്ടയിൽ അവൾ ഒന്നു വിറയ്ക്കുകയും വാ തുറന്ന നിലയിൽ തന്നെ ചലനം നിർത്തുകയും ചെയ്തു.

ബർലിൻ മതിലിൽ കയർകെട്ടി നിർത്തിയ പെണ്ണിൽ പ്രവേശിക്കാൻ മുപ്പത്തിയൊന്നു പട്ടാളക്കാരാണു് വരി നിന്നതു്. ആയിരത്തി തൊള്ളായിരത്തി നാൽപ്പതിനാലു് ഒക്ടോബർ ഇരുപത്തിയൊന്നു് മുതൽ ഇരുപതു ലക്ഷം ജർമൻ സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും അതിൽ രണ്ടേകാൽ ലക്ഷത്തെ ബലാൽസംഗത്തിനു ശേഷം കൊല്ലുകയും ചെയ്തതാണു് രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കി.

ഞാൻ എഴുതിവച്ചതു് വശത്തു നിന്നു ജോൺ സർ വായിക്കുന്നുണ്ടായിരുന്നു. സർ എല്ലാവരുടേയും എഴുത്തു നടന്നു വായിക്കുകയും അതിനൊടുവിൽ ഒന്നോ രണ്ടോ വരി കൂട്ടിച്ചേർക്കുകയും ചെയ്യും. ആർക്കും ശരിയോ തെറ്റോ മാർക്കോ സാർ നൽകിയിരുന്നില്ല.

പതിവുപോലെ ആ കടലാസ് സാറിന്റെ നേരേ തിരിക്കുകയും ചുവന്ന മഷി കൊണ്ടു് താഴെ എഴുതുകയും ചെയ്തു. “എന്നിട്ടും നിങ്ങൾ സ്റ്റാലിനെ ആരാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്തോ കുഴപ്പമുണ്ടു്.” അതായിരുന്നു ആ വരി.

പെട്ടെന്നു് എന്റെ മുന്നിലേക്കു് ഒരു ചുരുണ്ട കടലാസ് വന്നു വീണു. ആരാണു് ഇട്ടതു് എന്നു് നോക്കേണ്ടകാര്യം ഇല്ല. തുറന്നു. ‘എനിക്കു് നിന്നോടു് സംസാരിക്കണം.’ ചിത്രം വരയ്ക്കുന്ന പോലുള്ള കയ്യക്ഷരമാണു് ജൂവലിനു്. നിവൃത്തിയുണ്ടെങ്കിൽ ഞാൻ നോട്ടുബുക്കുപോലും ആരേയും കാണിക്കാറില്ല. കാക്ക ചികഞ്ഞിട്ട വറ്റൽ മുളകുപോലെയാണു് എന്റെ അക്ഷരങ്ങൾ. അവിടെയും ഇവിടെയും കൂട്ടിയിടിച്ചും ഒരിക്കലും നിരയൊക്കാതെയും നിൽക്കും.

ആ കുറിപ്പിൽ ഒരു അത്ഭുതവും തോന്നിയില്ല. ഏഴുദിവസം ഞങ്ങൾ എവിടെപ്പോയി എന്നുള്ള ആവിയിൽ അവൻ പുഴുക്കായിക്കാണുമെന്നു് ഇപ്പോൾ മാത്രമാണു് ഓർത്തതു്. ഞങ്ങൾ രണ്ടാൾക്കും അവനെ ഓർക്കാൻ ഇന്നു ക്ളാസിലേക്കു വരുന്നതുവരെ ഒരു കാരണവും ഉണ്ടായിരുന്നുമില്ല.

സുശീല ഇടയ്ക്കിടെ ഇപ്പോൾ ബോധത്തിലേക്കു വരും.

താര എന്നു പരിചയപ്പെടുത്തിയ നഴ്സിന്റെ ശബ്ദം അപ്പോഴൊക്കെ കേൾക്കാം. വളരെ താഴ്‌ന്ന ശബ്ദത്തിലാണു് സംസാരം. ഇത്തവണ ഉണർന്നപ്പോൾ താര പറഞ്ഞു: “ഡോക്ടർ വന്നു പോയി കെട്ടോ. നമ്മള് മുക്കാലും ജയിച്ചു. അസുഖം ഈ നിലയിലെത്തിയിട്ടു മരുന്നൊക്കെ ഫലിക്കുന്നതു് വേറെ ഒരുപാടു് ഉണ്ടായിട്ടില്ലെന്നു ഡോക്ടർ പറയുന്നുണ്ടായിരുന്നു.”

താര:
“വീട്ടിൽ ഇരിക്കുന്നവരുടെ പ്രാർത്ഥനയ്ക്കു ഫലമുണ്ടായീന്നു കൂട്ടിയാമതി.”

സുശീല ഓർത്തു. വിവരം അറിഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ഋദ്ധി പ്രാർത്ഥിച്ചിട്ടുണ്ടാകുമോ. അവളല്ലാതെ ലോകത്തു് വേറെ ആരാണു് പ്രാർത്ഥിക്കാൻ. സ്വന്തം കാര്യത്തിനു പോലും ഒന്നു് കൈതൊഴുന്നതോ കുരിശുവരയ്ക്കുന്നതോ കണ്ടിട്ടില്ല. മഠത്തിലെ സന്ധ്യാപ്രാർത്ഥനയിൽ ആദ്യമൊക്കെ ഇരിക്കാറുണ്ടെങ്കിലും പത്തു പതിനൊന്നു തെകഞ്ഞതിൽ പിന്നെ ആ വഴിക്കു പോയിട്ടില്ല. പെരുന്നാളിനല്ലാതെ പള്ളിയിൽ പോകാറില്ല. ഉത്സവപ്പറമ്പുകളിൽ പോയിരുന്നതു് ബോട്ടു വാങ്ങാനാണു്. നാല്പതമ്പതു ബോട്ടുകൾ വലിയൊരു പെട്ടി നിറയെ ഉണ്ടു്. ഇവളൊരു സ്രാങ്ക് ആകുമെന്നു് ബിനോയി പറഞ്ഞപ്പോൾ സിസ്റ്റർ സന്ധ്യ തിരുത്തിയിരുന്നു—കപ്പിത്താനി എന്നു്.

സുശീല സ്വന്തം ചെറുപ്പത്തിലെ പ്രാർത്ഥനകൾ ഓർത്തു. സ്കൂളിലേക്കുള്ള വഴിയിൽ മൂന്നാമത്തെ വളവു കഴിഞ്ഞാൽ അത്തിക്കാടാണു്. കട്ടിയുള്ള ഇലകളുമായി എല്ലാക്കാലത്തും തണൽവിരിച്ചു നിൽക്കുന്ന പെരിയമരം. അതിന്റെ ശിഖരങ്ങൾ മുകളിലേക്കു മാത്രമല്ല താഴേക്കും വളരും. ശിഖരങ്ങളും വേരുകളും തിരിച്ചറിയാതെ ശാഖോപശാഖകൾ. പുതിയ ശിഖരങ്ങളിൽ നിറയെ അത്തിക്കായ. അതു തിന്നാൻ അണ്ണാനും കാക്കയും മൈനയും കാറുകാനും കരിയിലപ്പടയും. മരംതുടങ്ങുന്ന വേരുകൾക്കു നടുവിൽ നാഗയക്ഷി. അവിടെ മുന്നിൽ നിന്നു് ചെരുപ്പൂരി, ബാഗ് താഴെ വച്ചു് കൈകൂപ്പും. തിരക്കിട്ടു പോയ ദിവസം തൊഴീൽ ഒഴിവാക്കിയ അന്നാണു് കണക്കുസാർ ഗോപാലപിള്ള ചൂരൽകൊണ്ടു് ഉള്ളം കയ്യിൽ രണ്ടു പെടച്ചതു്. അതിൽ പിന്നെ കാവുതൊഴൽ മുടക്കിയിട്ടില്ല.

നാഗയക്ഷിയെ കണ്ടു പോകുമ്പോൾ മുതൽ ‘അമ്മേ നാരായണാ…’ എന്നു പറയുന്നതാണു് ഒരു രീതി. അടുത്തതു് വനദുർഗയാണു്. മേൽക്കൂരയില്ലാത്ത അമ്പലത്തിൽ മഴയും വെയിലും കൊണ്ടിരിക്കും. ആകാശം മുഴുവൻ തുറന്നിട്ടിട്ടു് തിരുമേനിയെന്തിനാണു് വാതിലു മാത്രം പൂട്ടുന്നതു് എന്നു് ഉണ്ണി ചോദിക്കുകയും എല്ലാവരും ചിരിക്കുകയും ചെയ്തയന്നാണു് ആ സംഭവം. കുത്തിറക്കത്തിലൂടെ സോജന്റെ സൈക്കിൾ ബ്രേക്ക് പൊട്ടി വന്നു് ഉണ്ണിയെ ഇടിച്ചു തെറിപ്പിക്കുകയും ഇടതുകാലിൽ പ്ലാസ്റ്റർ ഇടേണ്ടി വരികയും ചെയ്തു. സോജൻ എന്തുചെയ്തിട്ടാണു് രണ്ടു കയ്യിലും പ്ലാസ്റ്റർ ഇട്ടതെന്നു് അറിയാമോ എന്നു് അമ്പിളിച്ചേച്ചി ചോദിച്ചു. സെന്റ് ജോർജ് പുണ്യാളന്റെ മുന്നില് പൗലോമാപ്പിള കൊളുത്തിയ മെഴുകുതിരി കാറ്റടിച്ചു കെട്ടപ്പോൾ അതു് ഇളക്കിയെടുത്തു സ്വന്തം മെഴുകുതിരിയാണെന്നു വരുത്തി അവിടെ കൊളുത്തിയ ദിവസമാണു് സൈക്കിളിന്റെ ബ്രേക്ക് പൊട്ടിയതു്. ഉണ്ണിക്കു കാലൊടിയാനും സോജനു രണ്ടു കൈ ഒടിയാനും ഗോപാലപിള്ള സാറിനു് തല്ലാനുമുള്ള വഴി ഉണ്ടാക്കാതിരിക്കാൻ വേണ്ടി പിന്നെ പതിനാലു വയസ്സുവരെ സ്കൂളിൽ പോക്കിൽ സുശീല പ്രാർത്ഥന മുടക്കീട്ടില്ല.

വനദുർഗയുടെ മുന്നിൽ ഇരുപതു പൈസയുടെ നാണയം മേലോട്ടു പൊക്കി ഇടണം. അതു താഴ്‌ന്നുവരുമ്പോൾ എന്താണു വേണ്ടതു് എന്നു് മനസ്സിൽ ഓർക്കണം. അശോകത്തല വന്നാൽ മനസ്സിലുള്ളതു് നടക്കും. ഇരുപതു് എന്ന അക്കമാണെങ്കിൽ നടക്കത്തില്ല. അമ്പിളിച്ചേച്ചി കൂടെയുള്ളപ്പോഴൊന്നും പറ്റാത്തതുകൊണ്ടു സുശീല ശനിയോ ഞായറോ ഒറ്റയ്ക്കൊരു പോക്കുണ്ടു്. കുളത്തിലെ അലക്കും കുളിയും കഴിഞ്ഞു് ഈറൻമുടിയിൽ രണ്ടുവശത്തുനിന്നും എട്ടുപത്തു് ഇഴമാത്രം എടുത്തു് പിന്നിൽ കെട്ടി അതിലൊരു തുളസിക്കതിരും ചൂടിയാണു് യാത്ര. ഇരുപതു പൈസ മുകളിലേക്കിടും. എനിക്കു് ഉണ്ണിയെ കിട്ടുമോ എന്നാണു് കൈതൊഴുതു ചോദിക്കുക. ഇനി കാശില്ലാത്ത ദിവസം തുളസിയില ഇട്ടാലും മതി. അകം വീണാൽ നടക്കും. പുറമാണെങ്കിൽ പൊളിഞ്ഞു.

ഇട്ട ദിവസങ്ങളിലൊക്കെ നാണയത്തിൽ അശോകത്തലയോ തുളസിയിലയിൽ അകം വീഴലോ നടന്നു. അങ്ങനെ ഉണ്ണിയെ നറുക്കിട്ടു് ഉറപ്പാക്കിയ അവധി ദിവസങ്ങളുടെ പിറ്റേന്നു് കണ്ണു ശരിക്കെഴുതി, മുഖത്തു കുട്ടിക്കൂറ നന്നായി ഇട്ടു്, ഈർക്കിൽ കൊണ്ടു് നേർവരയായി ചന്ദനംതൊട്ടു് താഴെ പുരികങ്ങൾക്കു നടുവിൽ ചുവന്ന ചാന്തുകൊണ്ടു് ചെറിയൊരുവട്ടവും ചുറ്റും കുഞ്ഞുകുഞ്ഞു വട്ടങ്ങളും ഇട്ടു് പോകും. അങ്ങനെ ചെല്ലുന്ന ദിവസം ഒന്നുകിൽ ഉണ്ണി സ്കൂളിൽ വന്നിട്ടുണ്ടാകില്ല, അല്ലെങ്കിൽ ഒരുവട്ടം പോലും നോക്കുന്നുണ്ടാവില്ല. വൈകിട്ടു മടങ്ങുമ്പോൾ സ്കൂളിൽ നിന്നു സർപ്പക്കാവു് എത്തുന്നതുവരെ ഉള്ളിലൊരു ഭാരമുണ്ടാകും. അവിടെയെത്തി അത്തിയിൽ നിന്നു് കാക്കയും മൈനയും കൊണ്ടുപോകാതെ നിർത്തിയ ചുവന്ന പഴങ്ങൾ പറിച്ചു് തിന്നു നടക്കുമ്പോൾ മനസ്സു പിന്നെയും പാറിപ്പറക്കാൻ തുടങ്ങും. അങ്ങനെ ക്ളാസില്ലാത്ത ഒരു ദിവസം സർപ്പക്കാവു വരെ പോയി അത്തിപറിച്ചു മടങ്ങുമ്പോൾ ഉണ്ണി സൈക്കളിൽ എതിരേ വരുന്നു. ഒറ്റയ്ക്കാണു്. കാലുകൾക്കു വേഗം കുറഞ്ഞു. വഴിയരികിലേക്കു ചേർന്നു മുഖം കൊടുക്കാതെ നടന്നു. ഉണ്ണി സൈക്കിൾ നിർത്തി. എന്തെങ്കിലും ചോദിച്ചാൽ എനിക്കു വിറയ്ക്കുമോ എന്നു പേടിയായി. ഉണ്ണി പറഞ്ഞു: “ഗോപാലപിള്ള സാർ പോയി. സ്കൂളിൽ പത്താംക്ളാസ് പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് പൊട്ടിക്കുന്നതിനിടെ കുഴഞ്ഞുവീണതാണു്. ആശുപത്രിയിൽ ചെന്നപ്പോഴേക്കും എല്ലാം കഴിഞ്ഞെന്നു ഡോക്ടർ പറഞ്ഞു.” ഉണ്ണി ആശുപത്രിയിൽ നിന്നുള്ള മടക്കമാണു്. എനിക്കു ചോദിക്കാനെന്താണു് ഉള്ളതു് എന്നൊന്നും തോന്നിയില്ല. വായിൽ പെട്ടെന്നു വന്നതു് അതുപോലെ പറയുകയും ചെയ്തു: “അപ്പോ സാറ് നാളെ വരില്ലേ ക്ളാസില്?”

ഉണ്ണി നോക്കി നിൽക്കുകയും ഒന്നും പറയാതെ എന്റെ കയ്യിൽ നിന്നു് ഒരു അത്തിപ്പഴം എടുത്തു പോവുകയും ചെയ്തു. കുന്നോളം ആഞ്ഞിലിവിളകൾക്കു പകരമായി ഒരു അത്തിപ്പഴം. ആ വഴിക്കു വരാൻ ഒരു കാരണവും ഇല്ലാത്ത ഉണ്ണി എന്നെ കാണാൻ മാത്രം വന്നതാകുമെന്നു് ഞാനുറപ്പിച്ചു. ഗോപാലപിള്ള സർ പോയി എന്ന സങ്കടം ഉണ്ണിയോടൊന്നു മിണ്ടിയ പെടപ്പിൽ ഞാൻ ഓർത്തതേയില്ല.

കുഴിമണ്ഡലി

ഋദ്ധി കണ്ണുതുറക്കുകയാണെന്നു് അന്നമ്മ കണ്ടു.

“പിള്ളേടെ അമ്മയ്ക്കു സുഖമായീട്ടോ… നാലഞ്ചു ദിവസം കൊണ്ടു് ഇങ്ങോടു വരുമെന്നാ കപ്യാരു പറഞ്ഞതു്.”

“പിന്നെ ഒരു കൂട്ടം കൂടിയുണ്ടു്…” അന്നമ്മ ശബ്ദം താഴ്ത്തി.

“യുദ്ധത്തില് ടൗണിലെ മൂന്നുപാലവും പോയീന്നു്.”

പാലത്തെക്കുറിച്ചാണു് എന്നു് ചുണ്ടനക്കത്തിൽ മനസിലായി.

അന്നമ്മ:
“ഇനി ബോട്ടിൽ വേണം അങ്ങോടും ഇങ്ങോടും പോകാൻ. കടലിൽ കൊണ്ടയിട്ട കപ്പലീന്നു് വിമാനം പറന്നുവന്നു ബോംബിട്ടു പോകുവാന്നാ എല്ലാരും പറേണതു്. ആ കപ്പൽ ആരുടെയാണെന്നു് ചോദിച്ചിട്ടു് ആർക്കുമൊരു പിടിയില്ല. ചാത്തനേറു് പോലെയാണു് ആരെന്നും എന്തെന്നും അറിയാതെ മിസൈല് വന്നു വീഴുന്നതു്.”

പണ്ടു് പുരപ്പുറത്തു് ചറപറ കല്ലു വീഴുമ്പോൾ ഒഴിപ്പിക്കാൻ വിളിച്ചിരുന്നതു് ചാത്തൻ സേവാമഠത്തിലെ കരുണാകര മൂപ്പരെയാണെന്നു് അമ്മ പറയുന്ന കഥയുണ്ടു്. പനങ്കുല ഒരുക്കാൻ സന്ധ്യ കഴിഞ്ഞു് പനയിലിരുന്ന അയ്യപ്പനാണു് ശരിക്കുള്ള ചാത്തനെ ആദ്യമായി നേരിട്ടു കണ്ടതു്. കരുണാകര മൂപ്പരുടെ മകൻ സുധാകരൻ കറുത്ത മുണ്ടു തലയിലിട്ടു് ഏറോടു് ഏറു്. പിറ്റേന്നു് അയ്യപ്പൻ ഒരു കുപ്പി കള്ളിൽ ചാരായം ചേർത്തു് സുധാകരനു് വച്ചു് നീട്ടി. കവലയിൽ നിന്നു് സുധാകരൻ കല്ലേറുകഥ വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി. അന്നു് മുതൽ കരുണാകര മൂപ്പരുടെ വീട്ടിലേക്കു് കരക്കാരു് വളഞ്ഞു് നിന്നു് ഏറു തുടങ്ങി. യുദ്ധമൊക്കെ അത്രയേ ഉള്ളുവെന്നു് ഋദ്ധി മനസിലോർത്തു.

ഋദ്ധി പായഴിച്ചു മരത്തിൽ നിന്നു് ഊർന്നിറങ്ങി.

വീണ്ടും അവർ മൂന്നുപേരും ഉടുത്തതു് ഉപേക്ഷിച്ചിരുന്നു. ആകെയുള്ളതു ചത്തുപൊങ്ങുമ്പോൾ തിമിംഗലം കൊണ്ടുപോയില്ലെങ്കിൽ മൂന്നാംപക്കം ഏതെങ്കിലും കരയ്ക്കടിഞ്ഞു് നാട്ടുകാരു കാണും എന്നൊരു പ്രശ്നമാണു്. കുമുകുമാ മണമടിക്കുന്ന ദേഹത്തിലെ ഉയർച്ച താഴ്ച്ചകൾ കണ്ടു് ആരെങ്കിലും ഉന്മത്തരാകുന്നെങ്കിൽ അത്രയും ജയിച്ചു എന്നു ത്രയ.

ദ്വാദശി ചോദിച്ച ഒരു ചോദ്യത്തിനു മാത്രം ത്രയ ഇനിയും ഉത്തരം പറഞ്ഞിട്ടില്ല. “നീ ആരാണു്?”

ഋദ്ധി കണ്ണുതുറന്നു് സ്കൂൾ വയ്പുപുരയുടെ മേൽത്തട്ടു കണ്ടു.

അപ്പോഴതു് നന്ദിനി അല്ല. ത്രയ മറ്റൊരാളാണു്. സമുദ്ര ജൂവൽ അല്ല. ജൂവൽ വേറെ എവിടെയോ ഉണ്ടു്. അപ്പോൾ ത്രയ?

സെൻട്രൽ ജയിലിലേക്കു് പൊലീസുകാർ ആദ്യം തള്ളിവിടുമ്പോൾ ത്രയ നർഗീസിനു് വയസ്സു് പത്തൊമ്പതിനും ഇരുപതിനും ഇടയിലാണു്. ക്യാമറക്കണ്ണുകൾ അടച്ചു തുറക്കുന്നതിന്റേയും ഫ്ളാഷ് ലൈറ്റുകളുടേയും മിന്നൽ ആ വാതിൽ അടഞ്ഞപ്പോൾ അവസാനിച്ചു. ആറാം വയസ്സിൽ ബാലനടിയായി തുടങ്ങിയശേഷം ആദ്യമായി പരിസര ചിന്തയില്ലാതെ ത്രയ നടന്നു. പെട്ടെന്നു് ഒരു മുറിയിൽ നിന്നു് മെറ്റൽ ഡിറ്റക്ടറുമായി ജയിൽ സൂപ്രണ്ട്. അപ്പുറവും ഇപ്പുറവും നിന്ന വനിത ജയിലർമാർ ചെറു ചിരിയോടെ രണ്ടടി പിന്നോട്ടു മാറി. ത്രയയുടെ തലയ്ക്കുമുകളിൽ അയാൾ അതു വട്ടംകറക്കി. നെറ്റിയിൽ അയാളുടെ ശ്വാസമടിച്ചപ്പോൾ ഒരടി പിന്നോട്ടുവയ്ക്കാൻ ത്രയ ആഞ്ഞു. വനിതാ ജയിലർമാർ ശക്തിയായി പിടിച്ചിരുന്നുവെന്നു് അപ്പോഴാണു് മനസ്സിലായതു്. അയാൾ മെറ്റൽ ഡിറ്റക്ടർ കഴുത്തിനുപിന്നിൽ വട്ടംകറക്കുകയും കവിളിൽ മൂക്കു പലവട്ടം ഉരുമ്മുകയും ചെയ്തു. അയാൾ പിന്നെയും പിന്നിൽ ഡിറ്റക്റ്റർ പിടിച്ചു മുഖം താഴ്ത്തി. കഴുത്തിനു താഴെ അയാൾ ആഗ്രഹിച്ച ഇടത്തു ദീർഘനിശ്വാസങ്ങൾ മാത്രമല്ല അയാളുടെ മുഖവും അമർന്നു. വനിതാ ജയിലർമാർ ഇരുവശത്തേക്കും കണ്ണുകൾ മാറ്റി. അയാൾ ഇപ്പോൾ കാലുമടക്കി ഇരിക്കുകയാണു്. ത്രയയുടെ അരയുടെ ഉയരത്തിൽ ആ മുഖം. അയാൾ പിന്നിലെ മെറ്റൽ ഡിറ്റക്ടർ താഴെയിടുകയും കൈകൊണ്ടു് പിന്നിൽ പിടിക്കുകയും ചെയ്തു. ത്രയ വലത്തെ കാൽ പിന്നോട്ടു് ഒരടി ഉയർത്തി കോളജ് മൈതാനത്തു ഫ്രീകിക്ക് എടുത്ത ഓർമയിൽ കാൽ ചലിപ്പിച്ചു. അയാൾ കൈ കൊണ്ടു് അടിവയറ്റിൽ പൊത്തി നിലത്തു കമഴ്‌ന്നു കിടന്നു. “എടീ…” വനിതാ ജയിലർമാർ അലറി. ത്രയ ഒരിളക്കവും കൂടാതെ നിന്നു. പാപ്പരാസികൾ വിട്ട ഡ്രോണുകൾ എല്ലാം പകർത്തി ചാനലുകൾക്കെത്തിച്ചു. ജയിലിലായ ആദ്യ ദിവസം നടി ത്രയ നർഗീസ് ജയിൽ സൂപ്രണ്ടിന്റെ അടിവയറ്റിൽ തൊഴിക്കുകയും അയാൾ വേദനകൊണ്ടുവീഴുകയും ചെയ്യുന്ന ദൃശ്യങ്ങൾ. അതോടെ ത്രയാ നർഗീസിനെ സുരക്ഷയ്ക്കായി കോടതി രാജ്യത്തെ വടക്കേയറ്റത്തെ ജയിലിൽ നിന്നു് തെക്കേയറ്റത്തെ ജയിലിലേക്കു മാറ്റി.

ഒരായുസ്സുമുഴുവൻ അകത്തുകിടക്കാൻ മാത്രം കുറ്റങ്ങളുണ്ടായിരുന്നു ത്രയയ്ക്കു്. പിതാവു് ബദറുദ്ദീൻ ഖുറേഷിയുടെ വ്യവസായങ്ങൾ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്നു് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് എടുത്തു. പത്തൊമ്പതു കമ്പനികൾ. ആ കമ്പനികളിലെല്ലാം ഡയറക്ടറാണു് ത്രയ നർഗീസ്. ഒപ്പം ആറാം വയസ്സുമുതൽ സിനിമയിലെ മിന്നുന്നതാരവും. രാജ്യത്തെ തന്നെ വലിയ വ്യവസായത്തേയും ജനപ്രിയ സിനിമയേയും ഒറ്റയടിക്കു് ജയിലിലാക്കിയതിന്റെ ആവേശമായിരുന്നു വാർത്തായിടങ്ങളിൽ. ബദറുദ്ദീൻ ഖുറേഷി നേരത്തെ തന്നെ പിടിയിലാവുകയും ജയിലിൽ വച്ചു് കരൾ രോഗം കലശലായി നാല്പതാം ദിനം മരിക്കുകയം ചെയ്തതോടെ മുഴുവൻ കേസുകളിലും ഒറ്റപ്രതിയായി. ത്രയ നർഗീസ് സ്വന്തം വീടിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്യുമ്പോൾ ദൃശ്യം നഷ്ടമാകാതിരിക്കാൻ പാപ്പരാസികൾ ക്യാമറകൾ തുറന്നു് മതിലിനു മുകളിൽ തപസ്സുചെയ്തു. എന്തെങ്കിലും സംഭവിച്ച ഭാവമേ ഇല്ലാതെ ത്രയ ദിവസവും നൃത്തം ചെയ്യുകയും വീട്ടിലെ ജിമ്മിൽ പരിശീലിക്കുകയും ചെയ്തു. കർട്ടനുകൾ സ്ഥാനം തെറ്റിച്ചു് ആ ചിത്രങ്ങൾ പുറത്തെത്താൻ വഴി തുറന്നുകൊടുത്ത ദിവസങ്ങളിലൊന്നിലാണു് ത്രയയെ പിടിച്ചു ജയിലിലേക്കു കൊണ്ടുപോയതു്.

ത്രയ നൗകയുടെ ഡക്കിൽ കിടന്നു് ദ്വാദശിയുടെ കവിളിൽ പിടിച്ചു:

“നീ കണ്ട ലോകമല്ല എന്റേതു്. ന്യൂയോർക്കിൽ നിന്നു് ലണ്ടനിലേക്കു്. അവിടെ നിന്നു് മെൽബണിലേക്കു്. എഴുപത്തിരണ്ടു മണിക്കൂറിനിടെ ഈ മൂന്നിടത്തും പറന്നു ചെന്നിട്ടുണ്ടു്. ക്യൂൻ മേരി എന്ന ആഡംബരക്കപ്പലിൽ നാൽപതു ദിവസം ചെലവഴിക്കുമ്പോൾ എനിക്കു് പതിനേഴു് തികഞ്ഞിരുന്നില്ല. രണ്ടു സിനിമകളിലെ ഇടവേളയിൽ കൂട്ടുകാരൻ ആഷിഖിനെ കൂട്ടി പോയതാണു്. അവൻ ഒറ്റയ്ക്കായിരുന്നില്ല. രണ്ടുപേർ കൂടി ഉണ്ടായിരുന്നു. ആദ്യ ദിനം തന്നെ അവൻ രാസലഹരിയുടെ പരീക്ഷണം എന്നിൽ നടത്തി. അതിനു ശേഷം ഇപ്പോഴെന്നതുപോലെ ഞാൻ വസ്ത്രങ്ങൾ ഉടുത്തില്ല. അവർ മൂന്നുപേരും മാറി മാറി എനിക്കൊപ്പം. അതു് ഒരു സ്വർഗമായിരുന്നിരിക്കണം. സമയാസമയങ്ങളിൽ ഭക്ഷണം വന്നു. ലഹരി താഴ്‌ന്നു തുടങ്ങുമ്പോൾ ആഷിഖ് പിന്നെയും പെട്ടി തുറന്നു. നാല്പതു ദിവസവും അവർ പറയുന്നതും എനിക്കു തോന്നിയതുമെല്ലാം ചെയ്തു. അവർ മുഴുനീളെ വിഡിയോ ചിത്രീകരിച്ചു. അതു പന്ത്രണ്ടു മണിക്കൂർ ആക്കി എഡിറ്റ് ചെയ്തു. അതിന്നും ലോകം മുഴുവനുള്ള കാമക്കാഴ്ചക്കാർ കണ്ടുകൊണ്ടേ ഇരിക്കുന്നു.

ഞാനും കണ്ടു അതു്. അപ്പോഴാണു് മനസ്സിലായതു് അവന്മാർ വെറും അഭിനയമായിരുന്നെന്നും ലഹരി തൊട്ടിരുന്നില്ല എന്നും. അതു കണ്ടപ്പോൾ എനിക്കു മറ്റൊന്നു കൂടി തോന്നി. എന്റെ രാത്രികളിൽ ഞാൻ ചെയ്യാനാഗ്രഹിച്ചതെല്ലാം അവരിൽ ഞാൻ ചെയ്തിട്ടുണ്ടു്. പക്ഷേ, ആ വിഡിയോ കാണുമ്പോൾ അറിയുന്നതല്ലാതെ അതൊന്നും അനുഭവമായി എന്നെ തൊട്ടില്ല. ഞാൻ അറിയാത്ത സുഖമായിരുന്നു അതെല്ലാം. അല്ലെങ്കിൽ അതൊന്നും ഓർമയിൽ നിൽക്കാനുള്ള ഒരു സുഖമേ ആയിരുന്നില്ല.

ത്രയ ഏകൻ കൊടുത്തതിൽ ബാക്കിയുണ്ടായിരുന്ന ചുരുട്ടു് ആഞ്ഞു വലിച്ചു, നിർത്താതെ ചിരിച്ചു.

“കണ്ടുസുഖിച്ചവർക്കു നിർവാണമായെങ്കിലീജീവിതം ധന്യം…”

“വാടി പെണ്ണേ” എന്നു് ത്രയ കൊഞ്ചി. ദ്വാദശി ഡക്കിൽ ഉരുണ്ടു വന്നു് ആ കാലിലെ പെരുവിരലുകൾ കടിച്ചു. ത്രയ അടിച്ചുകയറിയ കടൽവെള്ളത്തിൽ ദ്വാദശിയുടെ ഉപ്പുറ്റി കഴുകി വെളുപ്പിക്കാൻ തുടങ്ങി.

ഊണുകഴിഞ്ഞു് ക്ലാസിലേക്കു നടക്കുമ്പോൾ ജുവൽ ആനപ്പുറത്തു് ഇരിക്കുന്നതുപോലെ സ്കൂൾ മതിലിൽ കാൽ രണ്ടുവശത്തേക്കും ഇട്ടു് ഇരിക്കുന്നുണ്ടു്.

നന്ദിനി ക്ളാസിൽ വായിച്ചു് ഇരിക്കുകയാണു്. അന്നത്തെ സംഭവങ്ങൾക്കു ശേഷം പാഠപുസ്തകങ്ങൾ അവൾ ആവർത്തിച്ചാവർത്തിച്ചു വായിക്കും. മഠത്തിലെത്തിയാൽ 12 മണിവരെയൊക്കെ. ഇനി നേരത്തെ കിടന്നാൽ നാലരയ്ക്കുണർന്നു്. ഓരോ പുസ്തകത്തിലേയും ഓരോ വാക്കും അവൾ കരണ്ടു തിന്നുകയാണു്. ഞാൻ ജൂവലിന്റെ നേരേ മുന്നിൽ അവന്റെ അതേ രീതിയിൽ ഇരുവശത്തേക്കും കാലിട്ടു് ഇരുന്നു.

എന്റെ ഫ്രോക്ക് ഇരുവശത്തേക്കും വിശറിപോലെ വിടർന്നു. അവൻ പെട്ടെന്നു് അസ്വസ്ഥനായി കാൽ രണ്ടും ഒരുവശത്തേക്കാക്കി ബഞ്ചിലെന്നതുപോലെ ഇരുന്നു. ഞാൻ കവച്ചതു മാറ്റിയില്ല.

“പറയ്”: ഞാൻ.

“നിങ്ങളെവിടെയായിരുന്നു”: അവൻ.

“സിസ്റ്റർ ഫിലോമിനയുടെ വീട്ടിൽ”: ഞാൻ.

“എന്തിനു പോയി”: അവൻ

“ഞങ്ങൾക്കു പോകാൻ വേറെ വീടുകളില്ല”: ഞാൻ.

“അവിടെ ആരൊക്കെയുണ്ടു്”: അവൻ

“സിസ്റ്ററുടെ അനിയൻ തോമാച്ചായനും ഭാര്യ ത്രേസ്യാച്ചേടത്തിയും”: ഞാൻ.

“അവളെ ശരിക്കും അവർ അങ്ങനെ ചെയ്തോ?”: അവൻ.

“ഇന്നു നിന്റെ സൈക്കിളിന്റെ കാരിയറിൽ ഇരുത്തി അവളെ മഠത്തിനു മുന്നിൽ നീ ഇറക്കുന്നു, ഇതേ ചോദ്യം ചോദിക്കുന്നു”: ഞാൻ.

ജൂവൽ ക്ലാസിലേക്കു നടന്നു. നന്ദിനിയുടെ മുന്നിൽ ചെന്നു.

“ഇന്നു വൈകിട്ടു് നീ എന്റെ സൈക്കിളിന്റെ പിന്നിലിരുന്നു് മഠത്തിലേക്കു പോകുന്നു.”

“അതിനിത്ര നാടകമെന്തിനു്? നമുക്കു് പോകാം”: നന്ദിനി.

“നീ കയറുമോ?”: അവൻ

“കയറാതിരിക്കാൻ നീ എന്നെ കല്യാണം കഴിച്ചോട്ടെ എന്നല്ലല്ലോ ചോദിച്ചതു്”: നന്ദിനി.

“കല്യാണം കഴിക്കാൻ വന്നാലോ?”: അവൻ.

“നിന്നെ പിടിച്ചു പൊലീസ് അകത്തിടും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണു് ഞാൻ”: നന്ദിനി.

“പ്രായപൂർത്തിയായാലോ?”: അവൻ

“നിന്റെ ഈ അധികാരി ഭാവം മാറുന്നില്ലെങ്കിൽ ഒരു സാധ്യതയുമില്ല”: നന്ദിനി.

“ഇങ്ങനെയുള്ള എന്നെ നിനക്കു് അംഗീകരിക്കാൻ പറ്റുമോ എന്നു പറഞ്ഞാൽ മതി”: അവൻ.

“നിനക്കു് തിരിച്ചറിവു് ഉണ്ടായിരുന്നെങ്കിൽ ചോദിക്കാതെ തന്നെ അറിയുമായിരുന്നു”: നന്ദിനി.

ഞാൻ അവളുടെ അടുത്തേക്കു് ചെന്നു.

“നമുക്കു് ഇനി മൃദുല വികാരങ്ങൾക്കൊന്നും ഒരു സാധ്യതയുമില്ലെന്നു് നീ പ്രഖ്യാപിക്കുകയാണു്”: ഞാൻ.

“അങ്ങനെയൊരു അർത്ഥമില്ല, എനിക്കവനോടു് ചേരണം എന്നു തോന്നുന്നേയില്ല എന്നേയുള്ളു”: അവൾ.

“നമ്മൾ ഒമ്പതാം ക്ളാസിലെ കുട്ടികളാണു്, ആ നിലയിലേക്കു താഴണം”: ഞാൻ.

“നമുക്കു് ഇനി കഴിയില്ല ഋദ്ധി”: അവൾ ആ ഉച്ചയ്ക്കു് എഴുതിയ കടലാസ് തന്നു.

ഞാനോ അണയിൽ മുറിഞ്ഞുപോയ പുഴ.
ഇനി ഒരിക്കലും നിറഞ്ഞൊഴുകാതെ,
കൈത്തോടായി രൂപം മാറിയവൾ.
ചവിട്ടിത്തേച്ചു കളഞ്ഞേക്കണം
അല്ലെങ്കിൽ അണപൊട്ടണം,
കുത്തിയൊഴുകി തകർക്കണം
എനിക്കു പുരുഷസഞ്ചയങ്ങളെ

ഞാൻ ചിരിച്ചു. ആ കടലാസു വാങ്ങി അവൾ കീറിപ്പറത്തി. വൈകിട്ടു നടക്കുമ്പോൾ അവൾ: “എന്നാലും അവൻ വന്നിരുന്നെങ്കിൽ ഞാൻ ആ കൈപിടിച്ചു് കടൽത്തീരത്തുകൂടി നടക്കുമായിരുന്നു.”

സുശീലയിലേക്കു് അമ്പിളി ഇറങ്ങിവന്നു.

അന്നു വൈകിട്ടു് കുളിച്ചു നേരത്തേ പോന്നതാണു് അമ്പിളി. പുഴുങ്ങിയ തുണികൾ കൂടുതൽ ഉണ്ടായിരുന്നതിനാൽ അമ്മ തല്ലിനനച്ചു കഴിഞ്ഞു കയറിയപ്പോഴേക്കും വൈകി. ഞാൻ കൂട്ടു നിന്നു. പത്താംക്ളാസിൽ നല്ല മാർക്കുള്ള അമ്പിളിയെ കോളജിൽ വിടാൻ അച്ഛൻ സമ്മതിച്ചിരുന്നു. അപേക്ഷ പൂരിപ്പിക്കാനുള്ള ആവേശം കൊണ്ടുകൂടിയാണു് നേരത്തെ പോയതു്. പിന്നെ സംഭവിച്ചതൊക്കെ അമ്മിണിയോടു് ചേച്ചി പലപ്പോഴായി പറഞ്ഞ കഥയാണു്.

നഗരത്തിലെ കോളജിൽ പ്രവേശനം മേടിച്ചു തരുന്ന ആൾക്കാർ വന്നിട്ടുണ്ടു്, പരിചയപ്പെട്ടു വരാനാണു് അച്ഛൻ പറഞ്ഞതു്. മടിച്ചു കാറിന്റെ അടുത്തു് എത്തിയപ്പോഴേക്കും രണ്ടുപേർ പുറത്തിറങ്ങി പിടിച്ചു് അകത്തിട്ടു. വണ്ടി ഓടിത്തുടങ്ങി. അമ്പിളി കരയും തോറും അവർ ചിരി കൂടുതൽ ഉച്ചത്തിലാക്കുകയും ഹോൺ നിർത്താതെ അടിക്കുകയും ചെയ്തു. പിന്നിലിരുന്നയാൾ ശരീരത്തിൽ അവിടവിടെ പിടിക്കുകയും പതിനായിരത്തിന്റെ മുതലാണെന്നു് അവർത്തിച്ചു പറഞ്ഞു ചിരിക്കുകയും ചെയ്തു. വണ്ടി കുറച്ചു് ഓടിയതോടെ അയാൾ ഷർട്ടും മുണ്ടും അഴിച്ചു് വഷളൻ ചിരി ചിരിച്ചു. മുന്നിലിരുന്നവർ കാഴ്ച കാണാൻ പാകത്തിനു കണ്ണാടി തിരിച്ചും ചരിച്ചും വച്ചു. ആ കാറിൽ ആവർ കാൺകെ ഭാർഗവൻ തുടങ്ങിയതാണു് പതിനായിരം രൂപ മുതലാക്കാനുള്ള യത്നം.

കാറിൽ നിന്നു് രാത്രി പത്തരയ്ക്കു് ഭാർഗവൻ രണ്ടു കൈകളിലും കോരി എടുത്തുവരുമ്പോൾ അമ്പിളിയുടെ മേൽ അഴിഞ്ഞ പാവാട ഇട്ടിരുന്നതല്ലാതെ മറ്റൊരു വേഷവുമില്ലെന്നു് അമ്മിണി ജനാലയിലൂടെ കണ്ടിരുന്നു. ഒപ്പം കാറിന്റെ മുന്നിൽ നിന്നു് സ്വന്തം ഭർത്താവു് ഇറങ്ങുന്നതും കണ്ടു. ആ വീട്ടിൽ നിന്നു് രാത്രി മുഴുവൻ ഏങ്ങലടി കേട്ടു. പിറ്റേന്നു് ഉറങ്ങിയെഴുനേറ്റ ഭാർഗവൻ വീണ്ടും കയറിപ്പിടിച്ചു എന്നു് അമ്മിണി ഉറപ്പിച്ചു. അപ്പോൾ മുതൽ അലറിക്കരഞ്ഞു. പിന്നെ പതുക്കെ അതു് ഏങ്ങലടിയായി. ഇതു് ഇടയ്ക്കൊക്കെ അവർത്തിച്ചു. അപ്പോഴൊക്കെ അയാളുടെ അട്ടഹാസം ഉയരുകയും തെറി വിളിക്കുന്നതു് ഉച്ചത്തിലാവുകയും ചെയ്തു. മൂന്നോ നാലോ ദിവസം കഴിഞ്ഞാണു് ഭാർഗവൻ ഒന്നു പുറത്തിറങ്ങിയതു്. ആ സമയത്തു് അവിടെ ചെന്നു മുട്ടിവിളിച്ചിട്ടും അമ്പിളി വാതിൽ തുറന്നില്ല. ഭയന്നു് വാതിൽ ചവിട്ടി തുറന്നു കയറുമ്പോൾ കട്ടിലിൽ അവളുണ്ടു്. ഭക്ഷണം ശരിയായി കഴിക്കാതെയും ഉറങ്ങാതെയും തളർന്നുപോയ അവളെ അമ്മിണി സ്വന്തം വസ്ത്രങ്ങൾ കൊണ്ടുവന്നു് ഉടുപ്പിച്ചു. കഞ്ഞി കൊടുത്തു. അമ്പിളി ഭിത്തിയിൽ ചാരി കാൽ നീട്ടി ഇരിക്കുമ്പോൾ ഭാർഗവൻ നടക്കല്ലു് കയറി വരുന്നു.

ചേച്ചി ഈ ഉടുപ്പു കൊണ്ടുപോയ്ക്കോളൂ. ഇല്ലെങ്കിൽ അയാൾ വലിച്ചുപൊട്ടിക്കും: അമ്പിളി.

അമ്മിണി ഇറങ്ങിപ്പോയി വീട്ടിലേക്കുള്ള പടി കയറുമ്പോൾ കേട്ടു നാലുദിവസമായി പരിചിതമായ നിലവിളി. പിന്നെ ഏങ്ങലടിയില്ല. ചിലപ്പോൾ അയാൾ അവളെ അടിച്ചു വീഴിച്ചിരിക്കും എന്നു് അമ്മിണി കരുതി. രണ്ടാഴ്ച കഴിഞ്ഞൊരു രാത്രി അവിടെ നിന്നു പല ശബ്ദങ്ങൾ ഉയർന്നു. പെണ്ണിനെ കൊണ്ടുവരുന്നതിനു മുൻപുള്ള മദ്യപാന സദസ്സു് വീണ്ടും തുടങ്ങി എന്നേ അമ്മിണി കരുതിയുള്ളു. ഇന്നു് സ്വന്തം ഭർത്താവു് പതിവുപോലെ ആ മുറ്റത്തു് കുടിച്ചുറങ്ങുന്നുണ്ടാവും എന്നുറപ്പിച്ചു് അമ്മിണി നേരത്തെ കിടന്നു.

പിറ്റേന്നു രാവിലെ അമ്മിണി ചെന്നപ്പോൾ കേറിയിരിക്കു് ചേച്ചി എന്നു് അമ്പിളി ആതിഥേയയായി.

അമ്പിളി:
“ആരുടേയും മുഖം കണ്ടില്ല. ഓരോരുത്തരായിട്ടാ വന്നേ. ഒരു കാലിനു വളവുള്ളതാണോ ചേച്ചിയുടെ ആള്?”

അമ്മിണി കുറെ വർഷം കൂടി പൊട്ടിക്കരഞ്ഞു. അമ്പിളി അമ്മിണിയെ വിളിച്ചു് അകത്തിരുത്തി കഞ്ഞി കൊടുത്തു. ആദ്യ ദിവസം അമ്മിണി കൊടുത്ത കഞ്ഞിയുടെ കടം വീട്ടിയതുപോലെ അമ്പിളിയുടെ മുഖത്തു് ഒരു ശാന്തത.

‘ആരോൻ മീൻ പോലാ ചേച്ചീ. മോളീന്നു പിടിക്കാൻ ചെന്നാൻ മുള്ളുകൊണ്ടു കൈ മുറിയത്തേയുള്ളു. ആടീന്നൊരു പിടുത്തം കൊടുത്താൽ പുളയുമെന്നേയുള്ളു. നമ്മുടെ കയ്യിൽ നിൽക്കും എവന്മാര്.’

അമ്പിളി രണ്ടാഴ്ച തികയും മുൻപേ നേടിയ അറിവു കണ്ടു് അമ്മിണി മേൽക്കൂരനോക്കി ഇരുന്നു.

സുശീലയ്ക്കു് ഇപ്പോൾ കാഴ്ചകളെല്ലാം തെളിഞ്ഞു കാണാം.

കട്ടിൽത്തലയ്ക്കലെ കമ്പിയിൽ ചാരിയിരുന്നു് ജനാലയിലൂടെ നോക്കി. ദൂരെയെല്ലാം കാർമേഘങ്ങൾ പോലെ പുക ഉയരുന്നുണ്ടു്. ഇവിടെ നിന്നിറങ്ങിയാലും മുന്നിൽ യുദ്ധമാണു്.

വളവളപ്പൻ

ജ്വാലമേലേ പരന്നപാനയിൽ കരിച്ചാള തിളച്ചു.

“അന്തമെഴാ സാഗരത്തിലെ അനന്തകോടി കരിച്ചാളകളിലൊന്നു് തിരയ്ക്കൊപ്പം തുള്ളി നൗകയിൽ വീഴാനും തെറിച്ചുപോകും മുമ്പു പിടിച്ചെടുക്കാനും കഴിഞ്ഞതു് കപ്പലോട്ടക്കാരന്റെ മികവോ, കരിച്ചാളയുടെ ചാട്ടപ്പിഴവോ, തിരതന്നെ നടത്തിയ തെരഞ്ഞെടുപ്പോ? അനേകം ഇരുകാലികളിൽ ഒന്നു് നീ ആയതുപോലെയോ മീനുകളിൽ ആ കരിച്ചാളയും?”: ദ്വാദശി ത്രയയോടു്.

ത്രയ:
“അതിനെങ്ങനെയാണു വേറൊരു വിധിയുണ്ടാവുക?”

ഋദ്ധി കണ്ണുതുറന്നു. സ്വയം മറ്റൊരു വിധി ഉണ്ടാകുമായിരുന്നോ എന്ന ആലോചന തുടങ്ങിയിട്ടു് കുറേക്കാലമായി.

ആഞ്ഞിലിവിള കഴിച്ച ദിവസം. അച്ഛൻ കൂർക്കം വലിച്ചു് ഉറങ്ങുകയാണു്. മീശനാരുകൾ ഓരോ ശ്വാസത്തിനൊപ്പവും വിറയ്ക്കുകയും താഴുകയും ചെയ്തു. ഞാൻ ഒരു കത്രികയെടുത്തു. ആ മീശ നാരുകൾ വെട്ടണം. അച്ഛൻ കണ്ണു തുറക്കുന്നതേയില്ല. സാധാരണ അമ്മ വന്നു് എടുക്കേണ്ട സമയമായി. അമ്മയെ കാണാനില്ല. അച്ഛനെന്തിനാണു് ഇത്രയും കൊമ്പൻ മീശ. ഞാൻ കത്രിക രണ്ടുകൈകളിലും പിടിച്ചു് അമ്മ എന്റെ മുടിയോടു ചെയ്യാറുള്ളതു് ആവർത്തിച്ചു. റബർബാൻഡ് ഇട്ടു് കെട്ടി നിർത്തിയാണു് അമ്മ എന്റെ മുടി വെട്ടാറുള്ളതു്. കെട്ടിനു മുകളിൽ ഒരു വിരലിന്റെ വീതി ബാക്കിയിട്ടു് മുറിച്ചു കളയും. കട്ടിലിനോടു് ചേർത്തിട്ട മെഷീനിൽ ഇന്നലെ എനിക്കൊരു വള്ളി നിക്കർ തച്ച ശേഷം വച്ചിരുന്ന കത്രികയാണു്. വള്ളിനിക്കർ മുഴുവൻ അമ്മ തയ്ച്ചതല്ല. നീലനിക്കറിൽ അമ്മയുടെ കീറിയ നീല അടിപ്പാവാട വട്ടത്തിൽ മുറിച്ചു ചുരുട്ടിയെടുത്തു് മെഷീനിൽ തയ്ച്ചെടുക്കുകയായിരുന്നു. വള്ളിനിക്കറിട്ടു് ഞാൻ നടക്കുന്നതു് അമ്മ കുറെനേരം നോക്കിനിൽക്കുകയും അമ്മിണിയും ജാനുവും പോയപ്പോഴൊക്കെ പുതിയതെന്തോ കിട്ടിയതുപോലെ വിളിച്ചുകാണിക്കുകയും ചെയ്തു. അമ്മ കട്ടിലിൽ ഇരുന്നാണു് തയ്ക്കുക. വീട്ടിലാരും കസേരയിൽ ഇരിക്കാറില്ല. ഇനി കസേര ഉണ്ടെങ്കിൽ തന്നെ അതിടാൻ എവിടെയാ സ്ഥലം എന്നു് അമ്മ ചോദിക്കാറുണ്ടു്. വിരുന്നുകാർക്കല്ലേ കസേരവേണ്ടൂ. വീട്ടുകാർക്കു് കിടപ്പും നടപ്പുമല്ലേ പറഞ്ഞിട്ടുള്ളതു് എന്നു് അച്ഛനും പൂരിപ്പിക്കും. ഞങ്ങളുടെ വീട്ടിലൊന്നും ആരും വിരുന്നവരാറില്ല. ഇനി എന്റെ കല്യാണത്തിനു ചെക്കൻ വരാറാകുമ്പോൾ നാലു കസേര മേടിക്കാം എന്നാണു് അമ്മയുടെ പറച്ചിൽ.

മീശയിലുള്ള രണ്ടു വെട്ടു് പെട്ടെന്നു കഴിഞ്ഞു. അപ്പോഴേക്കും അച്ഛൻ കണ്ണു തുറക്കുകയും ഒന്നു ചിരിക്കുന്നതുപോലെ ചുണ്ടു് അകത്തി വീണ്ടും മയങ്ങുകയും ചെയ്തു. ഞാൻ ചെയ്തതു് അച്ഛൻ കണ്ടിട്ടില്ല. മീശ ഇപ്പോൾ വീട്ടിലേക്കുള്ള കുത്തുകല്ലുപോലെയായി. അതുവഴി ഒന്നു കയറണം. ഞാൻ കത്രിക താഴെ വച്ചു് ചൂണ്ടുവിരലും പെരുവിരലും ഓരോ കാലായി സങ്കൽപിച്ചു മീശക്കുത്തുകല്ലു് കയറാൻ തുടങ്ങി. അച്ഛൻ കണ്ണു തുറന്നു.

ഞാൻ വിരൽകൊണ്ടു കുന്നുകയറുന്നതു കാണിച്ചു.

അച്ഛൻ ഒന്നും മനസ്സിലായില്ലെങ്കിലും കണ്ണുകൊണ്ടു് മുകളിലേക്കും താഴേക്കും ഗോഷ്ടി കാണിച്ചു.

ഞാൻ ഒന്നു്, രണ്ടു് എന്നു് മീശപ്പടിയിൽ വിരൽകൊണ്ടു ചവിട്ടി എണ്ണി.

അച്ഛൻ നാലു്, അഞ്ചു് എന്നു് കൂടെച്ചേർന്നു.

ഞാൻ:
“ഒന്നാനാം കുന്നുമ്മേൽ ഓരടി മണ്ണിന്മേൽ”
അച്ഛൻ:
“ഓരായിരം കിളി കൂടുവച്ചു”
ഞാൻ:
“കൂട്ടിനിളംകിളി”

അച്ഛൻ ‘എന്റെ താമരപ്പൈങ്കിളി’ എന്നു് വാരി എടുത്തു. ഞാൻ അപ്പോഴും മീശപ്പടികളിൽ വിരൽ ചവിട്ടുന്നുണ്ടു്.

മുറ്റത്തു കയറിയ അമ്മയ്ക്കു ചിരികൊണ്ടു നിൽക്കാൻ വയ്യ. പശുക്കുട്ടിയുടെ കയർ താഴെയിട്ടു് അമ്മ കൊച്ചിറയത്തു ചാരിയിരുന്നു ചിരിച്ചു. മറ്റൊരുത്തീടെ ഭർത്താവിനെ നോക്കി ചിരിക്കാമോ എന്നു സംശയിച്ചു നിന്ന അമ്മിണി അമ്മയുടെ തോളത്തെ തോർത്തെടുത്തു് മുഖം മറച്ചു.

തോർത്തുമറ കടന്നു കരിയിലപ്പെട പോലെ ഒരു ചിരി വന്നതിൽ അമ്മയും ഞാനും ഒപ്പം ചേർന്നു. അച്ഛൻ കണ്ണാടി നോക്കി.

കള്ളപ്പോക്കിരി, ഇവിടെ…

ഞാൻ കയ്യടിച്ചു് ഓടി അമ്മയുടെ മടിയിൽ ഇരുന്നു.

ഭാർഗവൻ കത്രിക കയ്യിലെടുത്തു.

അമ്മിണി നടന്നുപോകുമ്പോൾ ഋദ്ധിയോടു്:
“ആ വിക്രമൻ ചേട്ടന്റെ മീശ കൂടി ഒന്നു വെട്ടിക്കൊടുക്കണേ കൊച്ചേ…”
സുശീല ചെവിയിൽ:
“കാശു തന്നാൽ വെട്ടാം എന്നു പറയ്.”
ഭാർഗവൻ:
“നിനക്കു വെറും കാശല്ല, കാശു മാല തന്നെ ഞാൻ മേടിച്ചു തരും.”

സുശീല പശുക്കുട്ടിയെ കുറ്റിയിൽ കെട്ടി. തടുപ്പിക്കാൻ ചെന്നപ്പോൾ പാപ്പു കൊച്ചിനു് കൊടുക്കു് എന്നു നീട്ടിയ ആഞ്ഞിലിവിള അവളുടെ കയ്യിൽ കൊടുത്തു. അവളതു് പൊളിച്ചെടുക്കുമ്പോൾ ഭാർഗവൻ: “ഞാൻ എഴുനേറ്റിട്ടു കൊണ്ടുപോകില്ലേ തടുപ്പിക്കാനൊക്കെ.”

സുശീല:
“അമ്മിണിയാണു് പോകാം എന്നു് പറഞ്ഞതു്.”

മീശ നിരയൊപ്പിക്കാൻ തുടങ്ങിയപ്പോൾ ഭാർഗവനു് ഒരു കാര്യം മനസ്സിലായി ഇനി അതു് ഒരു നടയ്ക്കും ശരിയാകില്ല. ഉത്തരത്തിൽ വച്ചിരുന്ന റേസർ എടുത്തു് സ്വിഷ് ബ്ലേഡ് പിരിച്ചുകയറ്റി. മുഖത്തു് ലൈഫ്ബോയ് പതപ്പിച്ചു മൂന്നു മിനിറ്റുകൊണ്ടു് വടിച്ചിറക്കി.

സുശീല:
“ഇനി ആ മൂക്കിൽ തടസമില്ലാതെ വായു കയറും.”
ഭാർഗവൻ:
“തടിപ്പണിക്കാരന്റെ മുഖം പോറ്റീടെ പോലെയിരുന്നാൽ ലോഡ് കേറ്റാൻ ഒരാളും വിളിക്കത്തില്ല.”
സുശീല:
“ഈ ചേലിനു പോരുന്ന ലോഡ് മതി.”
ഭാർഗവൻ:
“മീശയുണ്ടായിട്ടും കാര്യമില്ല. ടേൺ കിട്ടിയിട്ടു് ദിവസം നാലായി.”

കഞ്ഞികുടിക്കുമ്പോൾ ഋദ്ധി ഭാർഗവന്റെ മടിയിലിരുന്നു മീൻവറുത്തതു് മാത്രം പൊട്ടിച്ചു കഴിച്ചു.

“ഈ മീൻ ഭ്രാന്തി ഒരു തവി കഞ്ഞിപോലും കുടിക്കുന്നില്ലെന്നു് അച്ഛനോടു് പറയട്ടെ ഞാൻ”: സുശീല.

ഋദ്ധി:
“പൊറോട്ട മതി.”
സുശീല:
“പൊറോട്ടയൊക്കെ നീ അച്ഛനെപ്പോലെ തടിചുമക്കാൻ പോകുമ്പോ…”

ഋദ്ധി മീനിലേക്കു നോക്കിയിരിക്കുമ്പോൾ സുശീല ഭാർഗവന്റെ മീശയില്ലാ മുഖത്തു് പുറംവിരൽ ഓടിച്ചു. അപ്പോൾ ഭാർഗവൻ രുചി അറിഞ്ഞതേയില്ല. കുതികാൽവട്ടം മുതൽ നെറുകൻതല വരെയുള്ള രോമങ്ങൾ എഴുനേറ്റു നിന്നു. പല ഇന്ദ്രിയങ്ങൾ ഒരേസമയത്തു് പ്രവർത്തിക്കില്ല എന്നുണ്ടാകും. സുശില ഋദ്ധിയെ പാളി നോക്കി. അവൾ തിരിഞ്ഞു നോക്കുന്നില്ല, കണ്ണു മീനിൽ തന്നെയാണു്. സുശീല പതുക്കെ ഭാർഗവന്റെ വലതു ചെവിയിൽ കടിച്ചു. ഭാർഗവൻ ഇടതുകൈകൊണ്ടു് ഋദ്ധിയെ ചുറ്റിപ്പിടിച്ചു് വലതുകൈകൊണ്ടു സുശീലയുടെ ചന്തിയിൽ നുള്ളി. എനിക്കു വേദനയുണ്ടെന്നു് സുശീല ചെവിയിൽ. ഭാർഗവൻ സുശീലയുടെ എളിയിൽ തടവി: “വേദനിച്ചതുകൊണ്ടാകും നിന്റെ രോമങ്ങളിങ്ങനെ എഴുന്നു നിൽക്കുന്നതു്?”

സുശീല ആ ചെവിയിൽ ഒന്നുകൂടി കടിച്ചു.

ഋദ്ധി മടിയിൽ നിന്നു് ഊർന്നു് ചാടിയോടി. അമ്മിണിയുടെ പൂച്ചയുടെ പിന്നാലെയാണു്. ആ തക്കത്തിനു സുശീല ഭാർഗവന്റെ ചുണ്ടുകളിൽ മെല്ലെ കടിച്ചു. ഭാർഗവൻ ഇടതുകൈകൊണ്ടു് ആ തല അടുപ്പിച്ചപ്പോൾ സുശീല പെട്ടെന്നു ഒരടി പിന്നോട്ടുവച്ചു. വാതിൽ കടന്നു പൂച്ച. പിന്നാലെ ഋദ്ധിയും. ഭാർഗവനു് എഴുനേൽക്കാൻ തോന്നിയില്ല. സുശീല പിന്നിൽ ചേർന്നു നിന്നു് തലയിലൂടെ വിരൽ ഓടിച്ചു. ഭാർഗവൻ ആ വയറിലേക്കു് തലയമർത്തി.

സുശീല ആശുപത്രിയിൽ എല്ലാവരോടും യാത്ര പറഞ്ഞു.

മിലിറ്ററി ആംബുലൻസിനു് അടുത്തുവരെ താര ഒപ്പം വന്നു. ഇനി വരുമ്പോൾ മകളുമായി വരണമെന്നു് താര എല്ലാവരോടും പറയുന്നതുപോലെ പറഞ്ഞു. വെറും മര്യാദയ്ക്കു പറഞ്ഞതാണെന്നു സുശീലയ്ക്കും അർത്ഥമില്ലാത്ത പറച്ചിലായല്ലോയെന്നു താരയ്ക്കും തോന്നുകയും ചെയ്തു. ആംബുലൻസ് നീങ്ങി. തോക്കേന്തിയ ഒരാൾ മുൻസീറ്റിലുണ്ടു്. മടക്കമായതു കൊണ്ടു് കിടപ്പു വേണ്ട, സുശീലയ്ക്കു് ഇരുന്നു് എല്ലാം കാണാം. ക്രിസ്തുജ്യോതി ആശുപത്രിയിൽ നിന്നു് ചന്തക്കുന്നിലേക്കുള്ള പാലം ഇപ്പോഴില്ല. യുദ്ധം വന്നു് താമസം സ്കൂളിലേക്കു മാറുന്നതിനു തലേന്നു കൂടി അതുവഴി പോയതാണു്. ഇതു് ഏതു നാടു് എന്നു തോന്നുമാറു് വറ്റിയ പുഴയിൽ ചിതറിക്കിടക്കുന്ന കരിങ്കല്ലുകൾക്കു മേലേ ആംബുലൻസ് ഓളങ്ങളിലെ നൗകപോലെ ആടിയുലഞ്ഞു.

“പുഴവറ്റുമോ യുദ്ധത്തിൽ?” ഋദ്ധിയുടെ ചോദ്യം അയാനോടു്.

അയാൻ:
“വ്യക്തമായി ചോദിക്കു മിസ്. എന്തുത്തരമാണു് നിങ്ങൾ ആഗ്രഹിക്കുന്നതു്.”
ഋദ്ധി:
“യുദ്ധത്തിനിടെ പാലം തകരും, റോഡ് തകരും, അണക്കെട്ടു തകരും. പക്ഷേ, പുഴ വറ്റുമോ?”
അയാൻ:
“കിഴക്കെ കുന്നിൽ നിന്നു് പടിഞ്ഞാട്ടൊഴുകിത്തുടങ്ങുന്ന പുഴയുടെ ഉറവയിലേക്കു് ഒരു മിസൈൽ അയയ്ക്കുന്നു. ആ മിസൈൽ പടിഞ്ഞാട്ടുള്ളതിലും വലിയ ചരിവു കിഴക്കോട്ടു് ഉണ്ടാക്കുന്നു. പടിഞ്ഞാട്ടൊഴുകിയിരുന്ന പുഴ അന്നു മുതൽ കിഴക്കോട്ടു് വഴിമാറി ഒഴുകുന്നു.”
ഋദ്ധി:
“ചെന്നു ചേരുന്ന കൈത്തോടുകളും പോഷകപ്പുഴകളുമോ?”
മിലൻ:
“ആയിരം മിസൈലുകൾ വീഴുന്ന മണ്ണിൽ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും കുന്നുകളും വീണു് പുഴ നികക്കും. അവശിഷ്ടങ്ങൾക്കടിയിൽ പുഴനീർച്ചാലായി കിടക്കും. രണ്ടോ മൂന്നോ നൂറ്റാണ്ടു കഴിഞ്ഞു് കിണർകുത്തുന്നവർ കണ്ടെടുത്തു് പാളകളിൽ കോരിയെടുക്കും.”
അയാൻ:
“യുദ്ധാനന്തരം കോരിയെടുക്കാൻ മനുഷ്യരും കൂടി വേണം.”
മിലൻ:
“നമ്മൾ മരിക്കുമ്പോൾ ലോകാവസാനമാണെന്നു് ആരാണു പറഞ്ഞതു്. ബാക്കിയുള്ളവരുടെ ലോകങ്ങൾ ഇവിടെ തുടരും.”
ടിയാന:
“ഏറ്റവും സമാധാനം എവിടെയാണു് മാം.”
ഋദ്ധി:
“ആർക്കും പറയാം.”
അയാൻ:
“മരണാനന്തരം.”
ടിയാന:
“ഒന്നു പോയേടേ പാഴ്പുരുഷാ… ജീവിച്ചിരിക്കുമ്പോൾ സമാധാനം കണ്ടെത്താൻ പറ്റാത്തവൻ.”
മിലൻ:
“ആപേക്ഷികമാണു്. എന്റെ സമാധാനം നിനക്കു് അസാമാധാനമാകും.”
സനാര:
“ആൺ സിദ്ധാന്തങ്ങൾ ഇവിടെവരെയൊക്കെയേ എത്തൂ. ഉത്തരമറിയാത്ത ചോദ്യങ്ങളെ അപേക്ഷികം എന്നു കയ്യൊഴിയും.”
റയോൺ:
“ഉറങ്ങുമ്പോൾ.”
സനാര:
“അസാധ്യം. ഉറക്കത്തിൽ കാണുന്നതിൽ കൂടുതലും പേടി സ്വപ്നങ്ങളാണു്.”
അനസ്:
“ഏറ്റവും സമാധാനക്കേടു് പ്രണയിക്കുന്നവർക്കാണു്.”
സനാര:
“എന്നാൽ പിന്നെ എന്തിനിത്ര കഷ്ടപ്പെട്ടു് പ്രേമിക്കുന്നടേ.”
റസീല:
“ഏറ്റവും സമാധാനം കവിത എഴുതിക്കഴിയുമ്പോഴാണു്.”
ടിയാന:
“മണ്ടത്തരം. കവിതയെഴുത്തും ഇണചേരലും കഴിയുന്ന നിമിഷം മുതൽ നെഞ്ചു പടപടാ ഇടിക്കും; വായനക്കാരനും ഇണയ്ക്കും തൃപ്തിയായോ എന്ന തീർപ്പില്ലായ്മയിൽ.”

ഋദ്ധി ചെറുപുഞ്ചിരിയോടെ എല്ലാം കേട്ടു നിൽക്കുമ്പോൾ ക്ലാസ് വിടാനുള്ള മണിയടിച്ചു.

അയാൻ:
“നമ്മൾ തുടരുവല്ലേ മാം.”

ഫിലോസഫി ക്ലാസുകൾ സമയത്തു നിർത്തിയാൽ ചാരുത പോകും എന്നു് ഋദ്ധി പറഞ്ഞപ്പോൾ ആദ്യമൊക്കെ പലരും മുഖം ചുളിച്ചിരുന്നു. പിന്നെപ്പിന്നെ നിർത്താതെ കൊണ്ടുപോയി രാത്രി എട്ടുമണിവരെയൊക്കെ അവർ സംസാരിച്ചിരിക്കും. തത്വശാസ്ത്രത്തിൽ എന്തു പഠിപ്പിക്കാൻ എന്നായിരുന്നു ഋദ്ധിയുടെ ചോദ്യം. സംസാരിച്ചു സംസാരിച്ചു തന്നെ പഠിക്കുകയല്ലാതെ വേറൊരു വഴിയുമില്ല. അത്തരം ദിവസങ്ങളിൽ സുവോളജി ക്ളാസിൽ നിന്നു് ത്രയയും ചരിത്ര ക്ലാസിൽ നിന്നു ദ്വാദശിയും വന്നു് പിന്നിലെ ബഞ്ചിലിരിക്കും.

ഋദ്ധി കണ്ണുതുറക്കുമ്പോൾ രണ്ടു് അമ്മമുഖങ്ങൾ.

സുശീല അമ്മയാണു് എന്നു മറന്നു തുടങ്ങിയിരുന്നു. പറയാനും ഭാവം വരുത്താനും കഴിയാത്തതു നന്നായി. അല്ലെങ്കിൽ ഇതാരാണെന്നു് അന്നമ്മയോടു് ചോദിക്കുകയും അമ്മയുടെ മുഖം മാറുകയും ചെയ്യുമായിരുന്നു. ഇതു് ആശുപത്രി അറ്റൻഡർ സുശീല. പത്തുവർഷം നേരത്തെ പിരിഞ്ഞു് മകളുടെ അടുത്തേക്കു വരികയാണു്. ഇനി എന്നും മകളോടൊപ്പം ഉണ്ടാകും. വിരമിക്കാൻ ബാക്കിയുള്ള പത്തു് വർഷവും ശമ്പളം നൽകാൻ സർക്കാർ പ്രത്യേക ഉത്തരവിട്ടതാണു്. യുദ്ധനടുവിലൂടെ എന്നും ആശുപത്രിയിലേക്കും തിരിച്ചു വീട്ടിലേക്കുമുള്ള യാത്ര നടപ്പുള്ള കാര്യമല്ല. ഋദ്ധിയെ ആശുപത്രിയിലേക്കു മാറ്റുക എന്നായിരുന്നു ഉദ്യോഗസ്ഥർ എഴുതിക്കൊടുത്ത പോംവഴി. സർക്കാരിന്റെ ദത്തുപുത്രിയെ പോറ്റാൻ അമ്മ യുദ്ധത്തിനിടയിലും അറ്റൻഡർപ്പണി ചെയ്യുന്നെന്നു് പത്രങ്ങളിൽ വാർത്ത വന്നതോടെ സർക്കാർ അഭിമാനിയായി.

ഭരണകൂടങ്ങൾക്കു് അഭിമാനമൊക്കെയുണ്ടാകുന്നതു നല്ലതാണെന്നു് കപ്യാരു് ബിനോയി.

സ്കൂളിന്റെ മേൽക്കൂരയിലും ഒരു പല്ലി വന്നു തുടങ്ങിയിട്ടുണ്ടു്. കണ്ടിട്ടു് പെണ്ണാണു്. ആണു് അപ്പുറത്തെവിടെയെങ്കിലും ഉണ്ടാകും. ഞാൻ മുൻപൊക്കെ നെയ്യുന്ന ഭാവനയ്ക്കൊക്കെ ഒരു തുടർച്ചയുണ്ടായിരുന്നു. എവിടേയ്ക്കെങ്കിലും എന്നെയും ത്രയയേയും ദ്വാദശിയേയും ഇറക്കിവിട്ടാൽ അവർ തോന്നിയതൊക്കെ ചെയ്തു നടക്കും. ഇപ്പോൾ അവർക്കു് കഥ മുഴുമിപ്പിക്കാനുള്ള ക്ഷമയൊന്നുമില്ല. കോളജിൽ പഠിപ്പിക്കാനുള്ള മോഹംതോന്നിയതു് പ്ലസ് ടു കാലത്താണു്. സോഷ്യൽ സയൻസ് ക്ലാസിൽ സാന്റ മരിയ ടീച്ചറാണു് ലോകം മാറ്റിമറിക്കുന്ന തത്വശാസ്ത്രങ്ങളെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നതു്. കോളജുകളിൽ പുസ്തകത്തിലില്ലാത്തതു് എന്തും പഠിപ്പിക്കാം എന്നു കേട്ടപ്പോൾ തോന്നിയ മോഹമാണു്. അന്നുമുതൽ ഫിലോസഫിയിൽ എംഎ എടുക്കുന്നതും ഗവേഷണം നടത്തുന്നതും എന്റെ ക്ലാസുകേൾക്കാൻ പിള്ളേർ ആകാംക്ഷകൊണ്ടിരിക്കുന്നതുമൊക്കെ ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. കപ്പൽ മോഹം അതുകഴിഞ്ഞാണു് തിരയടിച്ചതു്. പത്താം ക്ളാസുവരെ ഒന്നിനോടും മോഹമില്ലാതിരുന്ന എനിക്കു് കോളജിൽ പഠിപ്പിക്കാൻ തോന്നിയതു് ശമ്പളം മേടിക്കാനായിരുന്നില്ല. മാസാമാസം പൈസ കിട്ടിയിട്ടു് എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചൊന്നും ഞാൻ ഓർത്തതേയില്ല. അപകടത്തിനു ശേഷവും എന്റെ വിവാഹ ജീവിതത്തെക്കുറിച്ചല്ല ഞാൻ സ്വപ്നം കണ്ടതു്. അങ്ങനെയൊരു സ്വപ്നം എനിക്കു സംഭവിക്കുന്നതേ ഉണ്ടായിരുന്നില്ല. ഒരു പുരുഷനിലേക്കും ആകർഷിക്കപ്പെടാതെ മരവിച്ച ജന്മമായിരുന്നു എന്റേതു്. സുശീല എന്ന അമ്മയ്ക്കു പാഴായിപ്പോയ ജന്മമായിരുന്നു എന്റെ ചിന്തകളിൽ മുഴുവൻ. അമ്മയെ ഞാൻ പല സ്വപ്നങ്ങളിലും പ്രതിഷ്ഠിച്ചു.

കാക്കത്തിരണ്ടി

അമ്മ രാവിലെ നടക്കാൻ പോയതായിരുന്നു.

ഞാൻ നേരത്തെ എഴുനേറ്റു. കട്ടിലിൽ അമ്മയില്ല. നടന്നു് അച്ഛന്റെ മുറിയുടെ മുന്നിലെത്തി. താക്കോൽ പഴുതിലൂടെ നോക്കിയാൽ കട്ടിൽ കാണാം. അച്ഛൻ ഉറങ്ങുന്നുണ്ടു്. രണ്ടു കൈകളും നെഞ്ചത്തു വച്ചിരിക്കുന്നു. ഒന്നര–രണ്ടു മാസമേ അയിട്ടുള്ളു അച്ഛനും അമ്മയും രണ്ടുമുറിയിൽ കിടക്കാൻ തുടങ്ങിയിട്ടു്. അതിനു മുൻപു പലദിവസങ്ങളിലും രാത്രി വഴക്കു കേൾക്കാറുണ്ടു്. നീ ഞാൻ പറയുന്നതൊന്നു കേൾക്കു സുശീലാ… എന്നു് അച്ഛൻ പറയുന്നതു കേൾക്കാം. അമ്മ കരയുന്നതൊന്നും കണ്ടിട്ടില്ല. ശബ്ദം കൂട്ടുകയായിരുന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടെയാണു് വലിയ ശബ്ദം കേട്ടു് ഉണർന്നതു്. അച്ഛൻ സിഗരറ്റ് വലിച്ചു് ജനാലവഴി പുറത്തേക്കു പുകയൂതുന്നു. അമ്മ എന്നെ എടുത്തു നടന്നു. അമ്മമ്മ വന്നാൽ കിടക്കാറുള്ള മുറിയുടെ വാതിൽ വലിയ ശബ്ദത്തോടെ അടച്ചു. പിന്നൊരിക്കലും അച്ഛനേയും അമ്മയേയും ഒരു മുറിയിൽ കണ്ടിട്ടില്ല.

എന്നും രാത്രി എപ്പോഴെങ്കിലും അച്ഛൻ വരും. രാവിലെ ഇറങ്ങിപ്പോകുമ്പോൾ മിക്കദിവസവും അമ്മ പടിവാതിൽ വിലങ്ങി നിൽക്കുകയും എന്റെ കാര്യത്തിൽ ഇന്നു തീർപ്പുവേണമെന്നു പറയുകയും ചെയ്യും.

എന്റെ മുന്നിൽ പതിവു കളികളുമായി എത്തിയ ജംബോയെ ഞാൻ വിരൽ ഞൊടിച്ചു ചാടിക്കുകയാണു്. ജംബോ ലാബ്രഡോർ ഇനമാണു്. അച്ഛനോ അമ്മയോ ഞാനോ കാണാതെ ആരു ഗേറ്റ് കടന്നാലും അവൻ ശരിയാക്കും. അതുകൊണ്ടു് പകൽ മുഴുവൻ കെട്ടിയിടും. രാത്രി പത്തുമണിക്കു തുറന്നുവിട്ടാൽ അവൻ എങ്ങും പോകില്ല. നേരേ വന്നു് പടിയിലൊന്നിൽ കിടക്കും. ഒൻപതു പടികയറിയാലേ വീട്ടിലേക്കുള്ള വാതിലാകൂ. അതിൽ ഏതിൽ കിടക്കണമെന്നു് തീരുമാനിക്കാൻ അവനു് ഒരു മണത്തുനടപ്പുണ്ടു്. കിടന്നാൽ പിന്നെ രാവിലെ ഞാൻ എഴുനേൽക്കുമ്പോഴാണു് അകത്തേക്കുള്ള വരവു്.

ജംബോ ഞാനെറിഞ്ഞ പന്തു് കടിച്ചുകൊണ്ടുവരാൻ ഊണുമുറിയിലേക്കു് ഓടി. അച്ഛൻ പെട്ടെന്നു് വാതിൽ തുറന്നു വന്നു. അതിരാവിലെ പാന്റും ഷർട്ടുമിട്ടിരിക്കുന്നു. ഉറങ്ങുന്നതു കണ്ട അച്ഛൻ പത്തുമിനിറ്റ് കൊണ്ടു് ഒരുങ്ങിയെത്തി. പലപ്പോഴും അങ്ങനെയാണു് എന്നതുകൊണ്ടു് തിരിഞ്ഞു നോക്കിയില്ല. യാത്രപോകുമ്പോൾ കൊണ്ടുപോകാറുള്ള വലിയ ചക്രപ്പെട്ടി ഉരുട്ടി എന്റെ മുന്നിലെത്തിച്ചു. അമ്മ മുറി മാറിയതോടെ എന്നോടും അങ്ങനെ മിണ്ടിയിരുന്നില്ല. പെട്ടെന്നു കുനിയുകയും എന്നേയും എടുക്കുകയും കാറിലേക്കു നടക്കുകയും ചെയ്തു. ഞാൻ ഉണർന്നിട്ടു് മൂത്രമൊഴിച്ചിരുന്നില്ല. എനിക്കു മൂത്രമൊഴിക്കാൻ തോന്നി. അച്ഛൻ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

വണ്ടി നിന്നതു് വിമാനത്താവളത്തിലാണെന്നു മനസ്സിലായി. അച്ഛനും അമ്മയ്ക്കുമൊപ്പം ഡാർജിലിംഗ് കാണാൻ പോയതു് ഇവിടെ നിന്നാണു്. വണ്ടി അവിടെ നിർത്തിയിട്ടു് അച്ഛൻ വന്നു് എന്നെ എടുത്തു. എന്റെ ഉടുപ്പു് നനഞ്ഞു എന്നു് അച്ഛനു് മനസ്സിലായി. ഞാൻ പിടിച്ചുവച്ചിട്ടും ഇരുന്നു മൂത്രമൊഴിച്ചിരുന്നു. ഒന്നാം ക്ളാസിൽ പോയി തുടങ്ങിയ ശേഷം അതു പതിവുള്ളതല്ല. ഇന്നെന്തോ അങ്ങനെ പറ്റിപ്പോയി. എനിക്കു് ടോയ്ലറ്റിൽ പോകാനും തോന്നുന്നുണ്ടു്. അച്ഛൻ എന്നെ വിമാനത്താവളത്തിനകത്തുള്ള ശുചിമുറിയിലേക്കു കൊണ്ടുപോയി. അവിടെ ഷവറിൽ കുളിപ്പിച്ചു. ഞാൻ ടവൽകൊണ്ടു മേൽ തുടച്ചു നിൽക്കുമ്പോൾ പുത്തൻ ഉടുപ്പുമായി അച്ഛൻ. തൊട്ടടുത്ത ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നു വാങ്ങിയതാണു്. അതിന്റെ ബട്ടൻ മുഴുവൻ ഇടാനൊന്നും അച്ഛൻ സമ്മതിച്ചില്ല. വാരിയെടുത്തു തിടുക്കപ്പെട്ടു ബാഗും വലിച്ചു നടന്നു. എന്നിട്ടും കുറെ നേരെ അങ്ങോടും ഇങ്ങോടും വെറുതെ നടന്ന ശേഷമാണു് വിമാനത്തിലേക്കു കയറ്റി വിട്ടതു്. കയറി ഇരിക്കുമ്പോൾ അച്ഛൻ എന്തോ ജയിച്ചതുപോലെ ചിരിച്ചു. എനിക്കു ചിരി വന്നില്ല. അടുത്തിരുന്ന ഒരു അപ്പൂപ്പൻ എനിക്കു് സല്യൂട്ട് തന്നു. ഞാൻ ഗൗനിച്ചില്ല. വിമാനത്തിൽ നിന്നു കിട്ടിയ ഒരു ഇഡലി, ഒരു വട, ഒരു ചെറിയ കൂന പുലാവ്. ഒപ്പം പച്ചമുളകു് അരച്ച വെളുത്ത തേങ്ങാച്ചമ്മന്തിയും കുഴികളുള്ള കട്ടിക്കടലാസ് പാത്രത്തിൽ തുറന്നിരുന്നു. ഞാൻ ചമ്മന്തി മാത്രം നുണഞ്ഞിരിക്കുമ്പോൾ അച്ഛൻ കഴിച്ചുകഴിഞ്ഞു് എന്നെ നോക്കി. എന്റെ വട പകുതി എടുത്തു കഴിച്ചു് അച്ഛൻ ഇരുന്നു. പിന്നെ ഇഡലിയിൽ നിന്നു് ഒരു കഷണം എനിക്കു പൊട്ടിച്ചു വായിൽ തന്നു. എനിക്കതു് ഇറക്കാൻ തോന്നിയില്ല. അതു വലത്തെ കവിളിൽ ഒരു നിക്ഷേപം പോലെ കുറെ നേരം കിടന്നു. പിന്നെ ഇറങ്ങിപ്പോയതു് എപ്പോഴാണെന്നു് അറിഞ്ഞില്ല.

വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങിയ ഉടനെ ‘ഭാർഗവൻ, പെരിയാർ ടീ ഹിൽസ് ’ എന്നെഴുതിയ ബോർഡുമായി ഒരാൾ വന്നു. അച്ഛൻ മാനേജിങ് ഡയറക്ടറായ കമ്പനിയാണു്. അമ്മയാണു് ചെയർപഴ്സൺ. ഒരു ജീപ്പായിരുന്നു പുറത്തു്. മേൽക്കൂരയില്ലാത്ത, റേസിങ് മൽസരങ്ങൾക്കൊക്കെ കാണുന്ന പോലുള്ള, ജീപ്പ്. അച്ഛൻ അയാൾക്കു് പഴ്സിൽ നിന്നു് ഒരു കുത്തു പണം കൊടുക്കുന്നതും അയാൾ താക്കോൽ നീട്ടുന്നതും കണ്ടു.

ജീപ്പ് ഓടിത്തുടങ്ങി. എനിക്കു് ഉറക്കം വന്നു. ഇടയ്ക്കു് നാലഞ്ചു് ഇടങ്ങളിൽ നിർത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തെങ്കിലും അച്ഛൻ എന്നോടു് ഒന്നും പറഞ്ഞില്ല. ഞാനാണെങ്കിൽ ജംബോയോടു് മിണ്ടിയതിനു ശേഷം ഭക്ഷണം കഴിക്കാനല്ലാതെ വാ തുറന്നിട്ടുമില്ല. രാത്രി എവിടെയോ നിർത്തി നൂഡിൽസ് വാങ്ങി. ഒപ്പം കിട്ടിയ കോലുകൊണ്ടു കുത്തിയെടുത്തു് രണ്ടുമൂന്നോ തവണ കഴിച്ചു് സീറ്റിൽ കാൽ രണ്ടുവശത്തേക്കു കവച്ചു കടലാസുപാത്രം നടുക്കുവച്ചു. ഇപ്പോഴാണു മൂത്രമൊഴിക്കുന്നതെങ്കിൽ അതും നനയും. അച്ഛൻ എന്നെ ഒന്നു നോക്കി വണ്ടിയെടുത്തു. മയങ്ങിത്തുടങ്ങുന്നതിനിടെ ബാക്കിവന്ന നൂഡിൽസ് അച്ഛൻ ഒറ്റക്കൈകൊണ്ടു എറിയുന്നതുകണ്ടു. താമസിക്കാൻ ജംബോയെപ്പോലെ വീടില്ലാത്തെ നായ്ക്കൾ അതു നാളെ രാവിലെ കാണുകയും തിന്നുകയും ചെയ്യുമായിരിക്കും. എനിക്കു ജംബോയെ ഓർക്കാൻ തോന്നി.

ജീപ്പ് ചെന്നു നിന്നതു് വേറൊരു വിമാനത്താവളത്തിലാണു്. അതു കാട്മണ്ഡുവാണു് എന്നു് അച്ഛൻ പറഞ്ഞു. ആദ്യമായിട്ടാണു് ഒരു സ്ഥലപ്പേരു് അച്ഛൻ പുറപ്പെട്ട ശേഷം പറയുന്നതു്. ഇത്ര മണിക്കൂറുകൾ കഴിഞ്ഞു് ആദ്യത്തെ സംസാരമാണു്. ജീപ്പ് അവിടെ നിർത്തി താക്കോൽ സീറ്റിനടിയിലിട്ടു് അച്ഛൻ എന്നെയെടുത്തു ബാഗ് തള്ളി നടക്കാൻ തുടങ്ങി. അവിടെ ഒരു സെറ്റിയിൽ എന്നെയിരുത്തി അച്ഛൻ കടലാസുകളുമായി വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. ഞാൻ ഉറങ്ങിയതേയില്ല. ജംബോ രാത്രിയിൽ നടയിൽ ഇരിക്കുന്നതുപോലെ പാതിമയക്കത്തിൽ എല്ലാം കണ്ടു് അനങ്ങാതെ ഇരുന്നു. ആറോ ഏഴോ മണിക്കൂറിനു ശേഷം വീണ്ടും വിമാനത്തിലേക്കു്. ഉള്ളിൽ കയറിയപ്പോൾ അച്ഛൻ പറഞ്ഞു, നമ്മൾ ദമാമിലേക്കാണു്. അവിടെ നിന്നു് ലണ്ടനിലേക്കു്. ഇനി അവിടെയാണു് നമ്മൾ.

അപ്പോൾ അമ്മയോ എന്നു ഞാൻ ചോദിച്ചില്ല. അമ്മ അച്ഛന്റെ കൂടെ വരുമെന്നു് എനിക്കു തോന്നിയിരുന്നില്ല. അമ്മയെ അറിയിക്കാതെ അച്ഛൻ പോന്നതാണെന്നു് എനിക്കപ്പോഴൊന്നും മനസ്സിലായില്ല. ഞാനും അച്ഛനും ഒളിച്ചോടിയതാണെന്നു മനസ്സിലായതു് പിന്നെയും എത്രയോ ദിവസം കഴിഞ്ഞാണു്. ഒളിച്ചുപോകുന്നവർക്കായി കൊൽക്കൊത്തയിൽ ജീപ്പ് കൊടുക്കുന്നവരുണ്ടെന്നും തിരിച്ചു് ഇന്ത്യയിലേക്കു വരുന്നവർക്കായി വിമാനത്താവളത്തിൽ അതു കിടക്കുമെന്നും ഞാൻ ഒരുപാടു പിന്നെയാണു് അറിഞ്ഞതു്.

ലണ്ടനിൽ ഞാൻ സ്കൂളിൽ പോവുകയോ എന്തെങ്കിലും പഠിക്കുകയോ ചെയ്തില്ല. എന്നും അച്ഛൻ എന്നെ അടുത്തൊരു ഡേ കെയറിലാക്കും. അവിടുള്ളവരെല്ലാം പൊടിക്കുഞ്ഞുങ്ങളായിരുന്നു. വൈകിട്ടു് ഒറ്റമുറി മാത്രമുള്ള വീട്ടിലേക്കു മടക്കം. കട്ടിലും മേശയും അലമാരയും കഴിഞ്ഞു മറ്റൊരു മേശയിൽ സ്റ്റൗവും പാത്രങ്ങളും. വലിയ വീട്ടിൽ നിന്നു് ആ മുറിയിലെത്തിയിട്ടു് എനിക്കു് പ്രത്യേകിച്ചു് ഒന്നും തോന്നിയില്ല. രാവിലെയും ഉച്ചയ്ക്കും ഡേ കെയറിൽ നിന്നാണു് കഴിക്കുന്നതു്. വൈകിട്ടു് അച്ഛൻ മിക്കവാറും നൂഡിൽസ് ഉണ്ടാക്കി. ഇടയ്ക്കൊരു ദിവസം കഞ്ഞിവച്ചു. ഇതിനിടെ ഞങ്ങളങ്ങനെ മിണ്ടിയതേയില്ല.

വന്നു് കുറേ ദിവസങ്ങളായി. ചില രാത്രികളിൽ അച്ഛൻ വരാതായി. അപ്പോൾ ഡേ കെയറിനോടു ചേർന്നുള്ള രാത്രി സത്രത്തിലാകും താമസം. അവിടെ രാത്രി കുട്ടികളെ നോക്കാൻ വേറെ ആയമാർ വരും. അവർ ബുക്ക് നോക്കി ഓരോരുത്തരുടേയും പേരിനു് നേരെ എഴുതിയ ഭക്ഷണം തരും. എനിക്കു് എന്നും നൂഡിൽസാണു് കിട്ടിയതു്. അച്ഛനു് ഭക്ഷണത്തിൽ നൂഡിൽസിനപ്പുറം പോകുന്ന ഭാവനയൊന്നും ഇല്ലെന്നു തോന്നി. രാത്രി സത്രത്തിൽ കഴിയുന്ന ദിവസത്തിനു ശേഷം മുറിയിലെത്തുമ്പോൾ എനിക്കു പരിചയമില്ലാത്ത മണം തോന്നി. മറ്റാരുടേയോ മണമാണു്. മുറി അലങ്കോലമായും മറ്റാരൊക്കെയോ താമസിക്കാൻ എത്തിയതുപോലെയും തോന്നി. അച്ഛനെ നന്നായി മദ്യം മണക്കുകയും ചെയ്തിരുന്നു. പുകവലി വല്ലാതെ കൂടിയിരുന്നു. എപ്പോഴും കാണും വിരലുകൾക്കിടെയിലൊന്നു്.

ഡേ കെയറിൽ അന്നു ഞാൻ ചാരുകസേരയിൽ ഇരുന്നു് പാട്ടുപാടുകയായിരുന്നു. അപ്പോഴാണു് അമ്മ നടന്നുവരുന്നതു്. ഞാൻ എഴുനേൽക്കുകയോ ഓടിച്ചെല്ലുകയോ ചെയ്തില്ല. അമ്മ കരയുകയോ തിടുക്കപ്പെടുകയോ ചെയ്തില്ല. മൂന്നു പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. കെയർടേക്കർ പരിഭ്രമിക്കുന്നതും തെക്കുവടക്കു നടക്കുന്നതും കണ്ടു. പൊലീസുകാർ ശബ്ദമുയർത്തി അവരോടു് എന്തോ പറയുകയും അവർ മനസ്സില്ലാ മനസ്സോടെ ഒരു കടലാസിൽ ഒപ്പിടുകയം ചെയ്തു. അച്ഛൻ നോക്കാൻ ഏൽപ്പിച്ച എന്നെ അമ്മയ്ക്കു കൊടുക്കാനുള്ള വിഷമമായിരുന്നിരിക്കണം അവർക്കെന്നു് ഇപ്പോഴെനിക്കു് അറിയാം. അവരെപ്പിരിയുമ്പോൾ ഒരു വികാരവും തോന്നിയില്ല. അവർ എന്നിലേക്കു് ഒട്ടും പ്രവേശിച്ചിരുന്നില്ല. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാത്ത എന്നെ പരിഗണിക്കേണ്ട കാര്യം അവർക്കില്ലായിരുന്നു. സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഞാൻ ചാരുകസേരയിൽ ആടിയിരിക്കുകയും ചെയ്യും. അവർ വളരെ കഷ്ടപ്പെട്ടു് ഒന്നോ രണ്ടോ തവണ ‘ഇഥി’ എന്നു് എന്നെ വിളിച്ചതല്ലാതെ മറ്റൊന്നും ഞങ്ങൾക്കിടയിൽ സംഭവിച്ചില്ല. അവർക്കു് ഋ വഴങ്ങിയില്ല.

ജീപ്പിൽ ഇരിക്കുമ്പോഴും അമ്മ ഒന്നും മിണ്ടിയില്ല. എന്റെ കൈ എടുത്തു മടിയിൽ വയ്ക്കുക മാത്രം ചെയ്തു. ഒരു കോടതി മുറിയിൽ എന്നെ നിർത്തി. നാട്ടിലെ കോടതിയിൽ നിന്നു് എന്റെ അവകാശി അമ്മയാണെന്ന ഉത്തരവിനു് ലണ്ടനിലെ കോടതിയിൽ നിന്നു് അനുമതി വാങ്ങി മൂന്നാം ദിവസം ഞങ്ങൾ ഹോട്ടൽ മുറിയിൽ നിന്നു് പുറത്തിറങ്ങി. അപ്പോൾ അച്ഛൻ വരികയും എനിക്കു് ഒരു ചോക്ലേറ്റ് തരികയും ചെയ്തു. അമ്മയോടു് ‘അപ്പോൾ ശരി’ എന്നു മാത്രം പറഞ്ഞു. അങ്ങനെ ഒരു ഒറ്റമുറി വീട്ടിലും ഡേ കെയറിലും പാർപ്പിക്കാൻ വേണ്ടി എന്തിനാണു് അച്ഛനെന്നെ കൊണ്ടുപോയതു് എന്നുമാത്രം മനസ്സിലായില്ല. അമ്മയെ തോൽപിക്കാൻ മാത്രമാകണം.

മടങ്ങിവന്നു് ആ വലിയ വീട്ടിൽ ഞാനും അമ്മയും ജംബോയും മാത്രമായി. പിന്നെ കുറെ വർഷങ്ങൾ കഴിഞ്ഞു് അമ്മ അക്കഥ പറഞ്ഞു. ആദ്യമായി ഒറ്റയ്ക്കു വിമാനം കയറിയതു്, ലണ്ടനിലെത്തി എംബസിയുടെ സഹായം തേടിയതു്, കോടതി ഉത്തരവു് വാങ്ങിയതു്, മടക്കി കൊണ്ടുവന്നതു് എല്ലാം. എന്തിനാണു് പിരിഞ്ഞതു് എന്നു് ഞാൻ ചോദിച്ചില്ലെങ്കിലും എനിക്കു് ഒരു കാര്യം മനസ്സിലായി. അവർ യോജിക്കുകയേ ഇല്ലെന്നു്. അവിടെയും എനിക്കു സംശയം ഉണ്ടാകാതിരുന്നില്ല. അച്ഛൻ കൊണ്ടുപോയ എന്നെ തിരികെ എത്തിക്കാൻ ഇത്ര സാഹസം അമ്മ എന്തിനു ചെയ്തു? അച്ഛനെ തോൽപ്പിക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും ഉള്ളതായി ഈ നിമിഷം വരെ എനിക്കു തോന്നിയിട്ടില്ല.

ആരോൻ

സുശീലയ്ക്കു് ആശുപത്രിയിൽ നിന്നു വന്നിട്ടും തല നേരേ നിൽക്കുന്നുണ്ടായിരുന്നില്ല. ഋദ്ധിയുടെ കാൽക്കൽ അതേ കട്ടിലിൽ വളഞ്ഞു കിടപ്പാണു്. ശരണിപിടിച്ച രണ്ടു മാസം പ്രായമുള്ള കുട്ടിയാണെന്നു് സുശീലയ്ക്കു് സ്വയം തോന്നി. കൈകാൽ അലസം അനക്കി ഹൃദയം മാത്രം പ്രവർത്തിക്കുന്ന ജന്മകാലം. ഋദ്ധിയുണ്ടായ കാലത്തെ കഥകൾ അമ്മിണി പറഞ്ഞതാണു് അപ്പോഴൊക്കെ ഓർത്തതു്.

ഋദ്ധിയുണ്ടായി ഇരുപത്തിയാറാം ദിവസമാണു്. ഭാർഗവൻ പതിവു സഞ്ചാരങ്ങൾ കഴിഞ്ഞു് കടന്നു വന്നു. കുഞ്ഞിനെ ഇറയത്തു് തലയിണയിൽ കിടത്തി അമ്പിളി മുറ്റത്തുകൂടി നടക്കുകയാണു്. വയറുകീറിയില്ല എന്നേയുള്ളു. ഒട്ടും സുഖകരമായിരുന്നില്ല കുഞ്ഞിന്റെ പുറത്തേക്കുള്ള വരവു്. ദിവസവും പ്രസവിക്കാൻ നാൽപതു് അൻപതു സ്ത്രീകൾ വരാന്തയിലെ സ്ട്രച്ചറിൽ വരി കിടക്കുന്ന സർക്കാർ ആശുപത്രിയാണു്. രാവിലെ അഞ്ചരയ്ക്കു് ഒരു സ്ട്രച്ചറിൽ കയറ്റി കിടത്തിയതാണു്. രണ്ടുദിവസമായിട്ടു് വരാന്തയിൽ വിരിച്ച പായിലായിരുന്നു കിടപ്പു്. ഭാർഗവൻ അവിടേക്കൊന്നും വന്നതേയില്ല. അമ്മിണി കൂടെപ്പിറപ്പിന്റെ പേറെടുക്കാൻ എന്നതുപോലെ കാത്തുനിന്നു.

ഒൻപതുമണിയായതോടെ അമ്പിളിക്കു കിടക്കാൻ മേലെന്നായി. തള്ളവിരൽ മുതൽ സൂചികൊണ്ടു കുത്തുന്നതുപോലെ. പെട്ടെന്നു് ഇടനെഞ്ചിൽ നിന്നു് ആന്തൽ വന്നു എന്നാണു് അമ്പിളി പറഞ്ഞതു്. പെറാത്ത സുശീലയ്ക്കും അമ്മിണിക്കും കൂടി അമ്പിളിക്കൊപ്പം കിട്ടിയ പേറ്റുനോവായിരുന്നു അതു്. അമ്മിണി ഫ്ലാസ്കിൽ കട്ടൻചായ വാങ്ങാൻ പോയതായിരുന്നു. ചൂടുചായകൊണ്ടു് ചുണ്ടെങ്കിലും നനയ്ക്കു പെണ്ണേ എന്നു പറഞ്ഞാണു് പോയതു്. ആരും നോക്കുന്നില്ല. അമ്പിളി കൈവീശി.

അടുത്ത ചക്രക്കട്ടിലിൽ ഊഴം കാത്തു കിടന്ന സ്ത്രീയുടെ ഭർത്താവു് കണ്ടു. അയാൾ അടുത്തുവന്നു. അയാളുടെ മുഖം ഒരു പരിചയവുമില്ല. വേഗം വണ്ടിയുന്തുകയും നിരന്നു കിടന്ന ചക്രക്കട്ടിലുകളെ കടന്നു് പ്രസവമുറിയുടെ വാതിൽക്കൽ എത്തിക്കുകയും ചെയ്തു. വെപ്രാളത്തിൽ കാൽ രണ്ടുവശത്തേക്കും പോയതു് അയാൾ പിടിച്ചു നേരേയാക്കുകയും അലറിക്കരഞ്ഞപ്പോൾ നെറുകയിൽ തൊടുകയും ചെയ്തു. കണ്ടുവന്ന നഴ്സ് ‘ഇത്ര വേദന കൂടും വരെ വച്ചോണ്ടിരിക്കാൻ നിങ്ങൾക്കു തോന്നിയല്ലോ’ എന്നു് അയാളെ ചീത്തവിളിച്ചു് വണ്ടി അകത്തേക്കു് കൊണ്ടുപോയി.

കാരുണ്യത്തോടെ സംസാരിക്കുന്നവരൊക്കെ കാഷ്വാലിറ്റികളിലാണു്. ഏറ്റവും പരുഷമായി പറയുന്നവരേയും എല്ലാ തെറികളും മുട്ടില്ലാതെ വായിൽ വരുന്നവരേയുമാണു് പ്രസവ വാർഡുകളിലേക്കു് നിയമിക്കുക എന്നു് അമ്പിളി വലിയ അറിവുപോലെ അമ്മിണിയോടു പറഞ്ഞിരുന്നു. അവർക്കു് ഇതൊരു തല്ലുകൊട്ടേഷൻ പോലെയാണു്.

കാല് അകത്തെടീ… എന്ന പ്രയോഗത്തിനൊപ്പം ഭാർഗവൻ രാത്രി പറയുന്ന വാക്കുകളിൽ ഒന്നു കൂടി വന്നു. അമ്മയ്ക്കു് പണി കൊടുക്കുന്ന പുത്രന്മാരല്ല സാമൂഹിക വിപത്തു്, പുത്രിയെ പ്രാപിക്കുന്ന പുരുഷന്മാരാണെന്നു് അറിഞ്ഞൊരു തെറി മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു് സുശീലയ്ക്കു് തോന്നിയിട്ടുണ്ടു്. വെകളി പിടിച്ചവർക്കും പേറെടുക്കാൻ നിൽക്കുന്നവർക്കുമൊന്നും അതിനു മാത്രമുള്ള ഭാവന ഉണ്ടായിട്ടില്ല.

ശ്വാസം ആഞ്ഞുപിടിച്ചു് തള്ളാൻ പറഞ്ഞിട്ടും എന്തോ വിലങ്ങിയതുപോലെ അമ്പിളിക്കു് അനങ്ങാൻ കഴിഞ്ഞില്ല. കുഞ്ഞു് ചവിട്ടിക്കുതിച്ചു പോരാൻ മാത്രം തല പുറത്തേക്കിട്ടല്ല കിടപ്പെന്നു് ഡോക്ടർക്കു് മനസ്സിലായി. പുറത്തേക്കുള്ള പാതിയാത്ര കഴിഞ്ഞ കുഞ്ഞുമായി ഇനി ശസ്ത്രക്രിയാ മുറിയിലേക്കു മാറ്റുന്നതും ഇടങ്ങേറാണു്. മോള് വിചാരിച്ചാലേ പറ്റൂ എന്നു് ഡോക്ടർ. അതൊരു പുരുഷ ഡോക്ടറാണു്. പ്രസവമെടുക്കുന്ന അപൂർവം പുരുഷ ഡോക്ടർമാരിൽ ഒരാൾ. ഡോക്ടർമാർക്കും നഴ്സുമാർക്കും സ്വാകാര്യ ഭാഗങ്ങൾ കണ്ടാൽ ഒന്നും തോന്നാൻ പാടുള്ളതല്ല. അവർ യന്ത്രഭാഗങ്ങൾ എന്നതുപോലെയാണല്ലോ ഓരോ അവയവത്തേയും കാണുകയും നട്ടും ബോൾട്ടും ഇട്ടെന്നതുപോലെ മുറുക്കുകയും ചെയ്യുന്നതു്.

നഴ്സുമാർ അമക്കി മൂളെടീ… എന്നു് പലമാനങ്ങളുള്ള തെറിക്കൊപ്പം വിളിച്ചുപറഞ്ഞു. ചരിഞ്ഞകട്ടിലിൽ അത്തിക്കാടു് നാഗയക്ഷിക്കു് നൂറുംപാലും നേർന്നു് സർവശക്തിയും എടുത്തു എന്നാണു് അമ്പിളിയുടെ പ്രസവത്തെക്കുറിച്ചുള്ള അവസാന ഓർമ.

ഉണരുമ്പോൾ അടുത്തു് കുഞ്ഞുണ്ടു്. അമ്മിണി അടുത്തും.

ഒരുപാടു് കഷ്ടപ്പെട്ടാണു് പുറത്തെടുത്തതെന്നു് ഡോക്ടർ പറഞ്ഞതായി അമ്മിണി അമ്പിളിയോടു പറഞ്ഞു. ആ മൂന്നുനാലു മണിക്കൂർ ഉണ്ടാക്കിയ ആഘാതത്തിൽ പ്രസവം കഴിഞ്ഞെത്തിയിട്ടും അമ്പിളി കിടപ്പുതന്നെയായിരുന്നു. ഇരുപത്തിയെട്ടിനു് കുഞ്ഞിനു് ചരടു കെട്ടണം, പേരിടണം എന്നു് അമ്മിണിയാണു് പറഞ്ഞതു്. ഭാർഗവൻ കുത്തുകല്ലു കേറി വരുന്നതു് അമ്മിണി മുറ്റത്തു നിന്നു കണ്ടു. പതിവുപോലെ കോളാമ്പി ശബ്ദത്തിലാണു് ചോദ്യം. ‘എന്നാ പേരാടി എന്റെ കൊച്ചിനു നീ ഇടുന്നതു് ’.

അമ്പിളി അതിനു കൊടുത്ത മറുപടിയാണു് അമ്മിണി അവളുടേതായി അവസാനം കേട്ടതു്.

‘കൊച്ചു് നിങ്ങടെയാണെന്നു് എന്താ ഉറപ്പു്.’

പതിവായി കേൾക്കാറുള്ളതുപോലെ ആ… എന്നൊരു അലർച്ച കേട്ടു. പെറ്റെണീറ്റു് ഇരുപത്തിയാറു ദിവസം മാത്രമായ ആ പെണ്ണിന്റെ തുണികൾ പതിവുപോലെ വലിച്ചുപൊട്ടിച്ചു് ഭാർഗവൻ കടന്നുകയറുകയായിരിക്കും എന്നേ അമ്മിണിക്കു തോന്നിയുള്ളു.

പത്തിരുപതുമിനിറ്റു കഴിഞ്ഞു് ഭാർഗവൻ വന്ന വേഗത്തിൽ കുത്തുകല്ലു് ഇറങ്ങിപ്പോകുന്നതു കണ്ടതോടെയാണു് ചെന്നു നോക്കുന്നതു്. മുറ്റത്തു് പുരത്തറേലേയ്ക്കു തലവച്ചു് കാലു നീട്ടിയിരിക്കുന്നതുപോലെ അമ്പിളി. കണ്ണുകൾ മിഴിഞ്ഞിരുന്നു. വായുടെ കോണിലൂടെ നുര ഒഴുകിയിരുന്നു. അരമണിക്കൂറിനുള്ളിൽ ഭാർഗവൻ ശവദാഹക്കാരുമായി എത്തി. വിക്രമനും തങ്കപ്പനും കല്യാണം നടത്തുന്നതുപോലെ ഉൽസാഹിച്ചു.

അവർ കൊണ്ടുവന്നു മുറ്റത്തുവച്ച ഇരുമ്പുപെട്ടിയിൽ നിറയെ ചിരട്ടകളും കരിയും. അതിനു മുകളിലേക്കു് അമ്പിളിയെ എടുത്തു കിടത്തി. അപ്പോഴേക്കും ഭാർഗവൻ മൂന്നു് ജവാൻ കൊണ്ടുവരികയും ഒരു ചരുവത്തിൽ ഒഴിച്ചു് വെള്ളം പകരുകയും ചെയ്തു. കപ്പുകൊണ്ടും ഗ്ളാസുകൊണ്ടും മുക്കി കുടിക്കുന്നതിനിടെ അവർ പെട്ടി മൂടി. ഭാർഗവൻ ഭാര്യയുടെ ചിതയ്ക്കു തീ കൊടുത്തു. മരിച്ചു് മണിക്കൂറൊന്നു തികയും മുൻപു് അമ്പിളി കത്താൻ തുടങ്ങി. പേറിനു ചോരപോയി ചത്തതാണെന്നു പിറ്റേന്നു ചോദിച്ച ഒന്നുരണ്ടുപേരോടു് ഭാർഗവൻ പറഞ്ഞു. പേറുകഴിഞ്ഞു് ഇരുപത്തിയാറാം നാളിലാണോ ചോരപോകുന്നതെന്നു് ആരും ചോദിച്ചില്ല.

പെരിയാർ ടീ കമ്പനി മാനേജിങ് ഡയറക്ടർ സ്ഥാനം രാജിവച്ചു ലണ്ടനിൽ പോയ ഭാർഗവന്റെയും ആ കമ്പനിയുടെ നടത്തിപ്പുകാരിയായ സുശീലയുടെയും മകളുടെ ജന്മത്തിലാണു് ഋദ്ധി കോളജ് അധ്യാപികയായതു്. അമേരിക്കയിൽ മാരിടൈം എൻജിനിയറിങ് പഠിക്കാൻ പോയി മുഷിഞ്ഞു് ഫിലോസഫിയിലേക്കു തിരിഞ്ഞതാണു്. ശരിക്കുള്ള ജന്മത്തിനും അതിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കും എന്തായാലും തുടർച്ചകൾ ഋദ്ധിയിൽ ഉണ്ടായിക്കൊണ്ടേ ഇരുന്നു.

കടൽ ശാന്തമാണു്. ഇടയ്ക്കു പുളച്ചുവരുന്ന കടൽപ്പന്നികൾ, തിരണ്ടികൾ.

സ്രാവിനെ പേടിച്ചെന്നതുപോല വഴിതെറ്റി തിരയിൽ വന്ന ഒരു കടലാമ നൗകയുടെ അമരത്തു് കടലിലേക്കു നോക്കി ഇരുന്നു. വെള്ളത്തിൽ വൻമീനുകളുടെ അനക്കമില്ലാത്ത നിമിഷത്തിൽ ചാടാൻ കൊതിച്ചുള്ള ഇരിപ്പാണു്. ത്രയ മൺചട്ടിയിലേക്കു് അതിനെ തട്ടിയിട്ടു. അതിനു് എവിടെയെങ്കിലും അകപ്പെട്ടതായി തോന്നിയതേയില്ല. ഇതുവരെ കെണികൾ കണ്ടിട്ടില്ലാത്ത കടൽജന്മത്തിനു് ചട്ടിയും പുതിയൊരു കടലായി.

“അടടാ… ഭാർഗവൻ ഒന്നാന്തരം കമ്യൂണിസ്റ്റാടാവ്വേ…”

ദ്വാദശി നൗകയുടെ തട്ടിൽ കൈവീശി അടിച്ചു ചിരിക്കാൻ തുടങ്ങി.

“മേരി ബേൺസിനെ ഏംഗൽസ് കൂടെക്കൂട്ടി. കല്യാണമൊന്നും കഴിച്ചില്ലാരുന്നല്ലോ. ഉവ്വോ… ഇല്ല… ഭാർഗവൻ അമ്പിളിയെ കൂടെക്കൂട്ടി. മൂപ്പരും കല്യാണമൊന്നും കഴിച്ചില്ലാരുന്നല്ലോ… ഇല്ല… മേരി ബേൺസ് മരിച്ചപ്പോ ഏംഗൽസ് എന്തു ചെയ്തു. നേരേ പോയി അനിയത്തി ലിസി ബേൺസിനെ ഒപ്പം കൊണ്ടുവന്നു.”

ദ്വാദശി വലിച്ചുകീറുന്നതു സ്വന്തം ജീവിതമാണെങ്കിലും ഋദ്ധി രസിച്ചു കേട്ടു.

“അതുപോലെ ഭാർഗവനും പോയി സുശീലയെ സ്വന്തം ലിസി ബേൺസാക്കി.” ദ്വാദശി ഒരു നുള്ളു ലഹരിപോലും അടിക്കാതെ ഉത്തേജിത ആവുകയും നൗകയുടെ വശങ്ങളിൽ അടിക്കുകയും ചെയ്തു.

“ങാ… തീർന്നില്ലന്നേ… വീട്ടുകാര്യം നോക്കാൻ മേരി എല്ലനെ കൊണ്ടുവന്നു… ആരു്… നമ്മുടെ അമ്മിണി തന്നെ…” ദ്വാദശി ഒരു കുനുഷ്ടു് പറഞ്ഞ നിർവൃതിയിൽ ഒറ്റക്കണ്ണു് ഇറുക്കിയടച്ചു.

ത്രയ തിരകൊണ്ടുവന്ന കാക്കത്തിരണ്ടിയെ പൊള്ളിച്ചെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഋദ്ധി ഊറിച്ചിരിച്ചതേയുള്ളു. ദ്വാദശി ദൂരെ ഒരു കപ്പൽ പതാകയിലേക്കു കൈചൂണ്ടി. ത്രയ ബൈനോക്കുലർ എടുത്തു. ഋദ്ധിയും സൂക്ഷിച്ചു നോക്കി.

ഋദ്ധി:
“ആ കപ്പലിന്റെ വഴിയിൽ നിന്നു് നമ്മൾ മാറിപ്പോവുകയാണു്.”

കിഴക്കോട്ടു പോയിരുന്ന നൗക നാൽപ്പത്തിയഞ്ചു ഡിഗ്രി തിരിച്ചു് വടക്കോട്ടു്.

ത്രയ:
“അവർ ആഫ്രിക്കൻ കൊള്ളക്കാരാകും.”
ഋദ്ധി:
“ആഫ്രിക്കൻ കൊള്ളക്കാർക്കു് മുതലു് മതി. അതു നമ്മുടെ കയ്യിലില്ലെന്നു കാണുന്നതോടെ പൊയ്ക്കോളും. ഇതു ലൈസൻസുള്ള നാവികരാണു്. ആഴ്ചകളും മാസങ്ങളുമായി പെണ്ണുങ്ങളെ കാണാതെ വരുന്നവർ. ഓരോരുത്തരിലും പത്തു ഭാർഗവന്മാർ കിടപ്പുണ്ടാകും. അവർ നമ്മളെ അമ്പിളിയും സുശീലയും അമ്മിണിയുമാക്കും.”

“ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോൾ നമുക്കു് ഇണചേരാൻ വികാരങ്ങളുണ്ടാവില്ലേ”: ത്രയ.

“ഹിപ്പപ്പൊട്ടാമാസ് മൂന്നാണ്ടിലൊരിക്കലാണു് ഇണചേരുന്നതു്”: ഋദ്ധി

“മനുഷ്യൻ അങ്ങനെയല്ല”: ത്രയ.

“ആരുപറഞ്ഞു?”: ഋദ്ധി.

“ഭക്ഷണവും ഇണചേരലും ആണു് നമ്മുടെ ആവശ്യങ്ങൾ”: ത്രയ.

“പശുവിനു് വച്ചുണ്ടാക്കാൻ കഴിയാത്തതുകൊണ്ടു് അതു പുല്ലു തിന്നുന്നു”: ഋദ്ധി.

“എനിക്കു മനസ്സിലാകുന്നില്ല”: ത്രയ.

“നമുക്കും മേഞ്ഞു പുല്ലു തിന്നാം. വിതയ്ക്കാതെയും, കൊയ്യാതെയും, മെതിക്കാതെയും, വയ്ക്കാതെയും കഴിയാം”: ഋദ്ധി.

“വീണ്ടും നിയാണ്ടർത്താൽ മനുഷ്യനാകാനാണു് നിന്റെ ക്ഷണം”: ത്രയ.

“ഒരു ബാധ്യതകളുമില്ലാത്തവർ. നമ്മൾ നവയുഗ മനുഷ്യർ”: ഋദ്ധി.

ദ്വാദശി:
“അവിടെ നമ്മൾ കടലാമയെ കളിക്കൂട്ടുകാരനാക്കും.”

ദ്വാദശിയുടെ കൈത്തണ്ടയിൽ അതു ചുണ്ടുമുട്ടിച്ചു. ദ്വാദശി വെള്ളിനിറമുള്ള ആ കടലാമയെ തട്ടിലേക്കിറക്കി വിട്ടു. അതു് പരിചയക്കേടൊന്നുമില്ലാതെ ഋദ്ധിയുടെ കാൽവിരൽത്തുമ്പിൽ മണത്തു.

“ആ എഴുപത്തിയഞ്ചു പേർ എവിടെ എത്തിയിട്ടുണ്ടാകും?”: ത്രയ.

“വീണ്ടും ഏതെങ്കിലും ജയിലിൽ”: ഋദ്ധി.

“അല്ലെങ്കിൽ വെടിയുണ്ടകളിൽ തീർന്നു കാണും”: ദ്വാദശി.

“ഇതു രണ്ടുമല്ലെങ്കിലോ?”: ത്രയ.

“സമുദ്ര വിഷം കലക്കി കൊന്നു് കടലിലിട്ടിട്ടുണ്ടാകും”: ദ്വാദശി.

“ദശയ്ക്കു കാശുണ്ടാക്കി ജീവിക്കാൻ വലിയ കൊതിയായിരുന്നു”: ദ്വാദശി.

“പെണ്ണുങ്ങളെ സമുദ്ര കൊണ്ടുപോയിട്ടുണ്ടാകും, കരയണയും വരെ കൊതി തീർക്കാൻ”: ത്രയ.

“പ്രഫഷനൽ കള്ളന്മാർ സ്വയംതൊഴിൽ തസ്കരരെ വാഴാൻ വിടില്ല”: ഋദ്ധി.

മനഞ്ഞിൽ

ഈയിടെയായി ഋദ്ധി എന്ന ഞാൻ കുഴഞ്ഞുമറിയുകയാണു്.

നന്ദിനി എന്റെ ചെവിയിലേക്കു ചുണ്ടു ചേർത്തു.

“നീ ആണായിരുന്നെങ്കിൽ നമ്മൾ കല്യാണം കഴിക്കുമായിരുന്നോ?”

“പെണ്ണുങ്ങൾക്കും കല്യാണം കഴിക്കാം”: ഞാൻ.

“എനിക്കു് ആണിനൊപ്പം മതിയെന്നാണു് തോന്നുന്നതു്”: അവൾ.

“ഞാൻ ആലോചിച്ചിട്ടേയില്ല”: ഞാൻ.

“പെരുംനുണ”: അവൾ.

ഞാൻ മിണ്ടിയില്ല.

“വയസ്സറിയിക്കുന്ന പ്രായമെത്തുമ്പോൾ ഉള്ളിലെങ്കിലും ഒരുത്തനെ കാണാത്ത പെണ്ണുണ്ടാകില്ല”: അവൾ.

ഞാൻ മൗനം തുടരാൻ തീരുമാനിച്ചു. പക്ഷേ, ഉള്ളിൽ ഉത്തരം പുളച്ചുവന്നു:

“നിനക്കു് വിശ്വസനീയം എന്നു തോന്നുന്ന കാലത്തു മനസ്സിലാക്കു. ഞാൻ നമ്മുടെ പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ ഈ രാത്രി വരെ എന്തു പഠിക്കണം എന്നു് ആലോചിച്ചിട്ടില്ല. ആരാകണം എന്നു് ചിന്തിച്ചിട്ടില്ല. എവിടെയൊക്കെ പോകണം എന്നു് സ്വപ്നം കണ്ടിട്ടില്ല. ഏതെങ്കിലും പുരുഷന്റെ പങ്കാളിയാകണോ എന്നു് ആലോചിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീയുടെ ഒപ്പമായാലോ എന്നു തുലനം ചെയ്തിട്ടില്ല. അമ്മ പോയാൽ എനിക്കാരു് എന്നു് ആലോചിച്ചിട്ടില്ല. സിസ്റ്റർ ഇല്ലെങ്കിൽ ഇനി എന്തു് എന്നു സങ്കല്പിച്ചിട്ടില്ല. വീടു കെട്ടണം എന്നു തോന്നിയിട്ടില്ല. വണ്ടി വാങ്ങാൻ മോഹമേയില്ല. അടുത്ത നിമിഷം എനിക്കു പച്ചവെള്ളം കുടിക്കാൻ തോന്നിയേക്കാം. ചിലപ്പോൾ എടുത്തുകുടിക്കുന്നതു ചൂടുവെള്ളവുമാകാം. അതിനടുത്ത നിമിഷത്തെക്കുറിച്ചു് ആധിയില്ലാതെ വളരാൻ പറ്റിയതാണു് എന്റെ മഹാഭാഗ്യം.”

ബിനോയി മൈതാനത്തു നിന്നു് പാചകപ്പുരയിലേക്കിറങ്ങുന്ന പടിയിൽ ഇരുന്നു.

ആൻസി പിന്നിലൂടെ വന്നു് തോളിൽ കയ്യിട്ടു് അടുത്തിരുന്നു.

ആൻസി:
“സുശീലയെ വിവാഹം കഴിക്കണം എന്നു് തോന്നിയിരുന്നില്ലേ?”
ബിനോയി:
“ഇല്ല.”
ആൻസി:
“പക്ഷേ, ഒപ്പം ശയിക്കുന്നതായി വിചാരിച്ചിട്ടുണ്ടു്.”
ബിനോയി:
“ഉണ്ടു്.”
ആൻസി:
“എനിക്കും പലരോടും തോന്നിയിട്ടുണ്ടു്.”
ബിനോയി:
“എന്താണു് എന്നെ സംശയിക്കാത്തതു്.”
ആൻസി:
“രാത്രി ആശുപത്രി ജോലിക്കു പോകുന്ന എന്നെ ഒരിക്കൽ പോലും വിളിച്ചു് എവിടെയാണെന്നു് തിരക്കാത്തതുകൊണ്ടു്.”

ബിനോയി കേൾവിക്കാരനായി.

ആൻസി:
രാത്രി ഒപ്പം ജോലിചെയ്യുന്ന നഴ്സുമാരെ ഓർക്കാപ്പുറത്തു് ഭർത്താക്കന്മാർ വിഡിയോ കോളിൽ വിളിക്കും. അവർക്കു് ഫോണിൽ മുഖം മാത്രം കണ്ടാൽപ്പോര. ഒപ്പം ആരൊക്കെയുണ്ടെന്നു് കൂടിയറിയണം. ഫോൺ പെണ്ണിനു് താലിയേക്കാൾ വലിയ മാരണമാണു്. എപ്പോഴും കൊണ്ടുനടക്കുകയും ലൊക്കേഷനുകൾ വിഡിയോ ആയി അറിയിക്കുകയും വേണം.

ബിനോയിക്കു ചിരി വന്നില്ല. പരസ്പരം പാസ്വേഡുകൾ അറിയാവുന്ന ഭാര്യയും ഭർത്താവുമാണോ ശരി? അതോ ഭാര്യയുടെ ഫോൺ ഭാര്യക്കും എന്റെ ഫോൺ എനിക്കും എന്നു് അതിർത്തി നിശ്ചയിച്ചു് സാമന്ത രാജ്യങ്ങളെ പരസ്പരം സ്വതന്ത്രരാക്കുന്നവരോ?

ആൻസി:
“സുശീല പരിഭ്രമത്തോടെ നിങ്ങളെ നോക്കിയ ആ നിമിഷമുണ്ടല്ലോ. എന്തൊരു കണ്ണാണു്. ഈ പുരുഷന്മാർ എന്താണു് കണ്ണുകൾ നോക്കി പ്രേമിക്കാത്തതു്. ശരീരത്തിൽ എന്തിരുന്നിട്ടാണു്.”
ബിനോയി:
“സുശീലയുടെ ഒരു കണ്ണിൽ കായലും മറുകണ്ണിൽ കടലുമാണു്.”

ആൻസി ബിനോയിയെ നോക്കി.

ബിനോയി:
“നിന്റെ കണ്ണുകൾ ഞാനിതുവരെ കണ്ടിട്ടില്ല.”

ആൻസി ബിനോയിയുടെ തോളിലേക്കു് തലചായ്ച്ചു.

ഋദ്ധിക്കും വലിയ സംശയം ബാക്കിയുണ്ടായിരുന്നു. കൂലിത്തല്ലുകാരനായ ഭാർഗവന്റെ ഭാര്യയായിരിക്കുന്ന ജന്മത്തിലാണോ, തടിപ്പണിക്കാരനായ ഭാർഗവന്റെ ഭാര്യയായിരിക്കുന്ന ജന്മത്തിലാണോ, തേയില കമ്പനി എംഡിയായിരുന്ന ഭാർഗവന്റെ ഭാര്യയായിരിക്കുന്ന ജന്മത്തിലാണോ സുശീല അഗമ്യഗമനത്തിനു സന്നദ്ധയാവുക?

‘മോഹിച്ചു കര കിടക്കുമ്പോൾ അടുക്കളപ്പണി കഴിയാത്ത മുഷിപ്പിൽ തിര അടുപ്പിൻപാദത്തിൽ തലചായ്ച്ചു് ഉറങ്ങുകയാകും. പാതിരാ കഴിയുമ്പോൾ അയ്യോ മറന്നല്ലോ എന്ന ആധിയിൽ വാരിക്കെട്ടി കരയിലേക്കുള്ള വരവുണ്ടു്. ആ കുളിരു മായും മുൻപു് അടുത്തതു്, പിന്നെയും പിന്നെയും പുലരിവരെ… നീയില്ലാതെ വയ്യെനിക്കെന്നു തിരയോടു വിതുമ്പാതിരിക്കാൻ ഏതു കരയ്ക്കാകും.’

നന്ദിനിയുടെ നോട്ടുപുസ്തകത്തിൽ നിന്നു് ആ കടലാസ് മാത്രം ഞാൻ കീറിയെടുത്തു. പന്ത്രണ്ടാം തരം കഴിയുന്നതിനു മൂന്നോ നാലോ ദിവസം മുൻപാണു്. കുടുംബിനിയാകാനാഗ്രഹിക്കുന്ന അവളെ ഓർക്കാനുള്ള കൗതുകത്തിനു് ചെയ്തതാണു്. ഇത്ര വലിയ ആഘാതം കടന്നുവന്നിട്ടും അവൾ ഒരു പുരുഷനൊപ്പം ജീവിക്കാൻ കൊതിച്ചു. പാതിരാവരെ അടുക്കള നോക്കുന്നതും പിന്നെ തളർച്ച വകവയ്ക്കാതെ ചെന്നുണർത്തി അവന്റെ അഭിനിവേശം തീർക്കുന്നതും അടുത്ത ദിവസവും എല്ലാം ഇതുപോലെ ആവർത്തിക്കുന്നതും അവൾക്കു മുഷിയില്ലെന്നു തീരുമാനിച്ചതായി തോന്നി. അതോ ഒരിക്കലും ഇനി കിട്ടില്ലെന്നു് ഉറപ്പിച്ച നല്ല ദാമ്പത്യത്തിനായി അവൾ വ്യഥാകണ്ട മോഹങ്ങളോ?

നന്ദിനിയും അമ്മയും അനിയനും മഠത്തിന്റെ മുറ്റത്തു് നിന്നു. അവർക്കു പോകാനായി ഒരു കാർ വന്നിട്ടുണ്ടു്. കാർ അയച്ചതു് അമ്മാവന്റെ മകനാണു്. അവൾ കൊടുത്ത കേസിൽ ശിക്ഷയനുഭവിക്കുന്ന ഒന്നാം പ്രതിയുടെ മകൻ. അമേരിക്കയിൽ താമസമാക്കിയ അവർ ഇവരേയും കൊണ്ടുപോവുകയാണു്.

സിസ്റ്റർ സന്ധ്യക്കു് അതു തീർത്തും ഉൾക്കൊള്ളാനായില്ല. ചതിക്കാനല്ലാതെ മറ്റെന്തിനാണു് എന്നു പറഞ്ഞുകൊണ്ടേ ഇരുന്നു. അത്ഭുതപ്പെടുത്തി തീർപ്പുണ്ടാക്കിയതു് സിസ്റ്റർ ഫിലോമിനയാണു്. ‘ഈ മഠത്തിൽ കിടന്നാൽ അവർക്കതു് ആയുഷ്കാല മരണമാണു്. ജന്മം മുഴുവൻ ചത്തുകൊണ്ടിരിക്കും. ഇതൊറ്റദിവസത്തേക്കാണെങ്കിലും അവരു് പോയി ജീവിക്കട്ടെ.’

നന്ദിനിയേക്കാൾ അഞ്ചോ ആറോ വയസ്സു മാത്രം കൂടുതലുള്ള വിവേക് രണ്ടാഴ്ച മുമ്പു വന്നു കാര്യങ്ങൾ തീർപ്പാക്കുമ്പോൾ വലിയ പക്വമതിയെപ്പോലെ തോന്നിച്ചു. ‘നിങ്ങൾ സംശയിക്കും എന്നറിയാം സിസ്റ്റർ. ഞാൻ ഇവരെ കൊണ്ടുപോകുന്നതു് ഇവിടെയുള്ളതുപോലെ സദാചാര വാഴ്ചയുള്ള നാട്ടിലേക്കല്ല. ഇവർക്കു സംഭവിച്ചതു് ഇവരുടെ തെറ്റായി ആരും കരുതാത്ത നാടാണു്. അതുമാത്രമാണു് ഞാൻ അവർക്കു കൊടുക്കുന്ന വിലാസം. എന്റെ അച്ഛൻ ചെയ്ത തെറ്റിനു പരിഹാരം ചെയ്യാനൊന്നും ഞാൻ വിചാരിച്ചാൽ നടപ്പില്ല. ഞാൻ കൊണ്ടുപോയതിന്റെ പേരിൽ അവർ അയാളോടു ക്ഷമിക്കാനും പോകുന്നില്ല. അയാൾ ഇവിടെ ജയിലിലും ഇവർ അവിടെ അയാളുടെ ഫ്ലാറ്റിലും ജീവിക്കട്ടെ എന്നേ കരുതിയുള്ളു.’

നന്ദിനി വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ആ ദുരന്തം കഴിഞ്ഞു് അവൾ നേടിയെടുത്ത ധൈര്യവും കൂസലില്ലായ്മയുമൊക്കെ കുറച്ചായി കാണാനില്ലായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും ഓരോ ചുവടും ഭയത്തോടെ വച്ചിരുന്ന പെണ്ണായിരുന്നു അവൾ. പിരിയാൻ നേരത്തു് ജുവൽ അവളോടു ചോദിച്ചു: “വിവേക് നിന്റെ മുറച്ചെറുക്കനാണോ?”

അപ്പോൾ മാത്രം അവൾ ഉണരുകയും “അല്ല എന്റെ കൂട്ടുകിടപ്പുകാരനാണു്” എന്നു പറഞ്ഞു നടന്നു പോവുകയും ചെയ്തു.

ജയിലിൽ കിടക്കുന്ന അച്ഛനു് ഒരു കത്തുപോലും അയയ്ക്കാതെയാണു് അവർ പോയതു്. അയാൾ പുറത്തിറങ്ങും വരെ ഇവർ എവിടെയുണ്ടെന്നു ചിലപ്പോൾ അറിഞ്ഞെന്നു വരില്ല.

നന്ദിനിയും അനിയനും പോകുന്ന ദിവസം എനിക്കു വിഷമമാകുമോ എന്നു് ഒരു സംശയമുണ്ടായിരുന്നു. ഒന്നും സംഭവിച്ചില്ല. വിമാനത്താവളത്തിൽ നിന്നു മടങ്ങും വഴി സിസ്റ്റർ ഒരു ഐസ്ക്രീം പാർലറിനു മുന്നിൽ ജീപ്പ് നിർത്തി. ഞാൻ വാങ്ങിവന്ന രണ്ടു പിസ്റ്റാഷ്യോ നട്സ് ക്രീം ഞങ്ങൾ വണ്ടിയിലിരുന്നു കഴിച്ചു. അതിനു ശേഷം കടൽത്തീരത്തേക്കു ജീപ്പിറക്കുകയും ഡ്രൈവ് ഇൻ ബീച്ചിലൂടെ അരമണിക്കൂർ വട്ടംചുറ്റുകയും ചെയ്തു. ജീപ്പിനുള്ളിലേക്കു തിരയടിച്ചു കയറാൻ സിസ്റ്റർ സന്ധ്യ കൂടുതൽ കൂടുതൽ കടലിനോടു് ചേർത്തു് ഓടിച്ചു. ഓരോ തിരയ്ക്കുമൊപ്പം ഞങ്ങൾ ചിരിക്കാൻ തുടങ്ങി.

സുശീല രാത്രി കയറിവരുമ്പോൾ ജുവൽ ഒന്നാം പടിയിൽ നിൽക്കുന്നു.

സുശീല താഴത്തെ പടിയിൽ തന്നെ നിന്നു. അവൻ ഇറങ്ങിവരികയും ‘അമ്മ…’ എന്നു ശബ്ദം താഴ്ത്തി പറഞ്ഞു് ബൈക്കിലേക്കു കയറുകയും ചെയ്തു. ഋദ്ധി മുറിക്കുള്ളിൽ നിന്നു വന്നു് ആദ്യത്തെ പടിയിൽ ഇരുന്നു. സുശീല പടികയറി അടുത്തു ചെന്നു് ഒപ്പം ഇരുന്നു. ഓഫിസിലെ നീണ്ട യോഗങ്ങളുടെ ക്ഷീണം ഉണ്ടായിരുന്നു. പപ്പി ഓടിവന്നു് തൊട്ടുതാഴെയുള്ള പടിയിൽ വാലാട്ടി കിടന്നു. ജംബോ ചത്ത ശേഷം മൂന്നാമത്തെ നായയാണു്. പോമറേനിയൻ മതി എന്നതു ഋദ്ധിയുടെ തീരുമാനം ആയിരുന്നു.

സുശീല:
“ജൂവൽ ഇവിടെ വരുന്നതു നിനക്കു പിന്നെയൊരു വിഷമമായി തോന്നരുതു്.”
ഋദ്ധി:
“ഈ നാട്ടുകാരേ ഓർത്താണോ അമ്മ അതു പറഞ്ഞതു്.”
സുശീല:
“ഈ നാട്ടുകാരെ ഞാനുണ്ടോ കാര്യമാക്കുന്നു?”
ഋദ്ധി:
“എന്നെ ബാധിക്കുമോ എന്നാണെങ്കിൽ അതു ജുവൽ വഴി ഒരിക്കലുമില്ല. അവനു് ഒന്നിനും ധൈര്യമില്ലാത്ത പോങ്ങനാണു്. സ്വന്തം ബൈക്ക് ചന്തയിലെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചു് മറ്റൊരാളുടെ വണ്ടിയും ഹെൽമെറ്റും ജാക്കറ്റും വെച്ചു വന്നതാണു്. ഇങ്ങനെ വന്നാൽ ആരും തിരിച്ചറിയില്ലെന്നൊക്കെയാണു് വിചാരം. ഒളിസേവയ്ക്കു വന്നതാണോ എന്നു ഞാൻ ചോദിച്ചപ്പോൾ ഉള്ള കാറ്റും കൂടി പോയി ഇവിടെ ചുരുണ്ടിരിക്കുകയായിരുന്നു.”

സുശീലയ്ക്കു് ഋദ്ധിയെ ഒരു കാലത്തും സംശയം തോന്നിയിട്ടില്ല. അവൾ കണ്ണാടിപോലെ അകംകാണാവുന്ന കുട്ടിയാണു്. വിൻസന്റ് ഒരിക്കൽ ഇവിടെ കയറി വന്നപ്പോൾ അവൾ മുന്നിൽ വച്ചു തന്നെ പറയുകയും ചെയ്തു: “ഞാനുണ്ടു് എന്നു പേടിച്ചു് അങ്കിൾ പകൽ വരാതിരിക്കേണ്ട.”

ഋദ്ധി:
“ജുവലിനു് നന്ദിനിയോടു് വിഡിയോകോളിൽ സംസാരിക്കണം. ഇവൻ വിളിച്ചാൽ അവൾ ഫോൺ എടുക്കില്ല. എന്നെക്കൊണ്ടു വിളിപ്പിക്കാൻ വന്നതാണു്.”
സുശീല:
“ഈ നാടുതന്നെ വിട്ടുപോയ അവളെ ഇനിയും കിട്ടുമെന്നു് അവൻ കരുതുന്നുണ്ടോ?”
ഋദ്ധി:
“അമ്മയ്ക്കറിയില്ലേ ഇവിടുത്തെ ആൺപിള്ളേരു് ഇത്രയേ ഉള്ളൂവെന്നു്. ചെറുപ്പത്തിൽ തോന്നിയ ക്രേസിൽ പെട്ടുകിടക്കുന്ന പെമ്പിള്ളേരു് വീണാലല്ലാതെ ഇപ്പോഴത്തെ ആണുങ്ങൾക്കൊന്നും പിന്നയാരേം വീഴിക്കാനുള്ള സംഭവം കയ്യിലില്ല. ഓരോരുത്തർ കാണിക്കുന്ന കോപ്രായം കണ്ടു ഞങ്ങൾ ചിരിച്ചു കുഴമറിയും.”
സുശീല:
“നിന്റെ പരിപാടികൾ എന്നോടു പറയാനുള്ള സമയം ആയോ?”
ഋദ്ധി:
“മാരിടൈം എൻജിനിയറിങ്, മസാച്ചുസെറ്റ്സ്. സുശീലാമ്മ ഉണ്ടാക്കിവച്ച കാശു കുറേ ഞാനിറക്കും.”
സുശീല:
“നിന്റെ അച്ഛൻ വിചാരിച്ചിട്ടു് മുത്തച്ഛൻ ഉണ്ടാക്കിയ കാശു് കൊണ്ടുപോകാൻ പറ്റിയില്ല. പിന്നെയല്ലേ നീയ്.”

ഭാർഗവൻ മരിച്ചു എന്നു ലണ്ടനിൽ നിന്നു സന്ദേശം വന്ന ദിവസവും ഈ വീട്ടിൽ ഒന്നും സംഭവിച്ചില്ല. ഋദ്ധിയിൽ ഭാവമാറ്റം ഉണ്ടോ എന്നു് സുശീലയും സുശീലയ്ക്കു ഭാവമാറ്റം ഉണ്ടോ എന്നു ഋദ്ധിയും പരസ്പരം നോക്കി. അത്രമാത്രം. അരമണിക്കൂറിനടുത്തു കഴിഞ്ഞപ്പോൾ ഋദ്ധി തീൻമുറിയിൽ പോവുകയും രണ്ടു പ്ലേറ്റുകളിൽ ചപ്പാത്തിയും മീൻകറിയും എടുക്കുകയും സ്വീകരണമുറിയിൽ വന്നു് രണ്ടുപേരും ഒന്നിച്ചു കഴിക്കാൻ തുടങ്ങുകയും ചെയ്തു.

മകൾ ഉള്ള വീട്ടിലേക്കു് വിൻസന്റ് വരുന്നതിൽ ആദ്യമൊക്കെ സുശീലയ്ക്കു് വിഷമം തോന്നാതിരുന്നില്ല. അവളെ അതു് ഒട്ടും ബാധിക്കുന്നില്ല എന്നു മനസ്സിലായതോടെ ഹോട്ടൽ മുറികളെക്കുറിച്ചു് ആലോചിച്ചില്ല.

വിവാഹം കഴിക്കാൻ വിൻസന്റ് മൂന്നോ നാലോ തവണ താൽപര്യപ്പെട്ടതാണു്. വേണ്ടെന്നു സുശീല കർശനമായി പറഞ്ഞു. അതിലുള്ള കാരണം രാവിലെ നടക്കാൻ പോയപ്പോൾ അന്നമ്മയോടു് പറയുകയും ചെയ്തു. ‘ഇപ്പോൾ അയാൾ എന്റെ ആഗ്രഹങ്ങൾ സാധിച്ചുതരുന്ന പുരുഷനാണു്. വിവാഹം കഴിഞ്ഞാൽ അന്നുമുതൽ അയാൾക്കു ഞാൻ അടിമയാകും. ഇന്നു് അയാൾ മറ്റേതെങ്കിലും സ്ത്രീയുടെ ഒപ്പം പോയി വന്നാൽ എനിക്കതു പ്രശ്നമേയല്ല. എന്റെ ഒപ്പം ഇരിക്കുമ്പോൾ അയാൾ എന്നെ എങ്ങനെ കാണുന്നു എന്നേ നോക്കേണ്ടതുള്ളു. വിവാഹം കഴിഞ്ഞാൽ അയാൾ അങ്ങനെ ചെയ്താലും ഞാൻ ചിലപ്പോൾ താങ്ങും. പക്ഷേ, കുറ്റബോധംകൊണ്ടു് അയാൾക്കു് എന്റെ മുന്നിൽ വന്നു നിൽക്കാൻ കഴിയില്ല. ഭാർഗവന്റെ പരസ്ത്രീ യാത്രകളെ ഞാൻ എതിർത്തതല്ല അയാളെ പിരിയാൻ കാരണം. അയാളെ ഞാനെന്ന സ്ത്രീ ഒട്ടും ഉണർത്തിയില്ല. അയാൾക്കു് എന്നേ ആവശ്യമേ ഇല്ലായിരുന്നു. സത്യത്തിൽ അയാൾക്കു് ഒരു സ്ത്രീയേയും വേണ്ടിയിരുന്നില്ല എന്നാണു് തോന്നിയതു്. ഒരു ഗ്ലാസ് മദ്യം കഴിഞ്ഞു് അടുത്തതു് എടുക്കുന്നതിനിടയിൽ പെൺശരീരങ്ങളിൽ കയറിപ്പോകുന്നതായിരുന്നു അയാളുടെ രതി. ഇങ്ങനെ കടന്നുപോകുന്ന പെൺശരീരങ്ങളുടെ കണക്കു പറയുമ്പോൾ ഗോൾഫ് ക്ലബിൽ അസൂയകൊള്ളുന്നവരുണ്ടാകും. അവരുടെ മുഖത്തെ വിസ്മയവും കേൾക്കാനുള്ള ആകാംക്ഷയും കാണുമ്പോൾ തോന്നുന്ന വൃഥാഭിമാനമായിരുന്നു അയാൾക്കു് ആകെ സംഭവിച്ച ഉദ്ധാരണം. ഇത്തരം പാഴിനെ ആറുവർഷം സഹിച്ച എനിക്കു തരണം പൊൻപണമെന്നു് ഞാൻ വിൻസന്റിനോടു് ഒരിക്കൽ പറഞ്ഞു. അയാൾ അതുശരിയാണു സുഷ് എന്നു പറഞ്ഞു് എന്റെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിക്കുന്നതും കാത്തു നിന്നു.

വിൻസന്റ് ഒരിക്കലും എന്നോടു പണം ചോദിച്ചില്ല. അയാൾക്കു് അതുകൊണ്ടു് എന്തെങ്കിലും ആവശ്യമുള്ളതായി തോന്നിയിരുന്നുമില്ല. എനിക്കു തൃപ്തിയാകുന്നതുവരെ അയാൾ കിടക്കയിൽ കൂടെ കിടക്കും. ചില ദിവസങ്ങളിൽ എനിക്കു തൃപ്തിയായില്ലേ എന്ന ആധിയിലോ മറ്റോ ഒരു മയക്കം കഴിഞ്ഞു് ഉണർന്നുവരികയും എന്നെ ഉണർത്താൻ അധ്വാനിക്കുകയും ചെയ്യും. അയാൾ അതൊരു ജീവകാരുണ്യ പ്രവർത്തനംപോലെ എന്നിൽ ആവർത്തിച്ചു.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ടു് വിൻസന്റിനൊപ്പമുള്ള സമയം ഞാൻ ആസ്വദിക്കുന്നുണ്ടോ എന്നു്. ഭാർഗവൻ വിവാഹം കഴിച്ചു് എന്റെ വീട്ടിലേക്കു വരികയായിരുന്നു. ഞാനായിരുന്നു അവിടെ അധികാരി. രാത്രി ഭാർഗവൻ എത്രയോ നേരത്തെ ഭക്ഷണം കഴിച്ചു് മുറിയിൽ എത്തും. കിടക്കയിൽ അയാൾ ആദ്യമായി അടുക്കളയിൽ കയറുന്ന പാചകക്കാരനെപ്പോലെ പരിഭ്രാന്തനാകും. ഉപ്പുമാവു വയ്ക്കാൻ ആദ്യം ഉപ്പാണോ വെള്ളമാണോ മാവാണോ വേണ്ടതെന്നറിയാതെ അയാൾ എല്ലാം കൂട്ടിക്കുഴച്ചുരുട്ടി തിന്നെന്നു നടിച്ചു കിടന്നുറങ്ങും. പുറത്തേക്കുള്ള യാത്രകളിൽ പോലും മറ്റുള്ളവരുടെ മുന്നിൽ ഞാനുള്ളപ്പോൾ വിയർത്തു. എന്റെ പേരു് ഓർമയിൽ കിട്ടാതെ അയാൾ പരിഭ്രാന്തനായ സമയമുണ്ടു്. ചെടിയറിയാതെ വണ്ടുവന്നു നടത്തിയ പരാഗമായിരുന്നു ഋദ്ധി. അതിനപ്പുറം ഞങ്ങൾക്കിടയിൽ ഒന്നും സംഭവിച്ചില്ല.’

ശരിക്കുള്ള അന്നമ്മ ശരിക്കുള്ള സുശീലയോടു് പണ്ടും പറഞ്ഞിട്ടുണ്ടു്. കാശുള്ള വീട്ടിലെ പെണ്ണുങ്ങൾക്കേ ആണിനോടു് വന്നു കിടക്കെടോന്നു പറയാൻ പറ്റത്തുള്ളൂ, ഗതിയില്ലാത്തോള് ചെന്നു കിടന്നുകൊടുത്തേ മതിയാകൂ എന്നു്.

മണ്ണിര

ഭാർഗവൻ മീശയില്ലാതെ തടിപ്പണിക്കിറങ്ങിയ ദിവസം വിക്രമൻ മുന്നിൽ വന്നു് ‘ധോം ധോം…’ എന്നു് രണ്ടു ഭരതനാട്യ ചുവടുവച്ചു.

നാട്ടിൽ മീശയില്ലാത്തതു് ഡാൻസ് മാസ്റ്റർ കലാനടനം കലാധരനും കഥകളിവേഷക്കാരൻ കുട്ടിക്കൃഷ്ണനാശാനുമായിരുന്നു. കലാധരൻ നീളൻ ജുബായിട്ടു് നെറ്റിയിൽ ചന്ദനത്തിനുമുകളിൽ സിന്ദൂരക്കുറിയുമിട്ടു് കാശുള്ള വീടുകളിലെ പെൺകുട്ടികൾ വയസ്സറിയിക്കുന്നതുവരെ നൃത്തം പഠിപ്പിച്ചു സൈക്കിളിൽ നടന്നു. വയസ്സറിയിച്ചാൽ പിന്നാരും അവിടെ ചുവടുപഠിപ്പിക്കാൻ കലാധരൻമാഷെ വിളിച്ചില്ല. ശങ്കരൻകുട്ടിയാശാൻ കാലവർഷം കൊണ്ടു നാട്ടിൽ വന്നാൽ തുലാവർഷത്തിനേ പോകൂ. മേടത്തിൽ കൃഷ്ണന്റെ തിരുവോണം കഴിഞ്ഞാൽ ആശാന്റെ ഉത്സവങ്ങൾ തീരും. പിന്നെ ഇടവം ഒന്നുമുതൽ മഴകണ്ടു് ഉമ്മറത്തു കിടക്കും. മിഥുനവും കഴിഞ്ഞു കർക്കടകമായാൽ എണ്ണത്തോണി താഴെയിറക്കി എണ്ണകൂട്ടിയെടുത്തു ദിവസവും തിളപ്പിച്ചൊഴിച്ചു് തന്നെ കയറി കിടന്നോളും. കൂട്ടുതെറ്റുമെന്നു പറഞ്ഞു് ജാനകിയമ്മയെ അടുത്തുപോലും വിളിക്കില്ല. ഇടവത്തിൽ കേറിവരുമ്പോഴുള്ള കാശു് കർക്കടകത്തിലെ എണ്ണത്തോണിയിൽ തീരും. പിന്നെ അവതാരകൃഷ്ണൻ ശകുനിയാകും. തിരുവോണത്തിന്റെയന്നു് ഒന്നുകിൽ കിച്ചടിക്കു കടുകു് അരയാത്തതിനു് അല്ലെങ്കിൽ പ്രഥമനു് പാലു് തികയാത്തതിനു് ഇതു രണ്ടുമല്ലെങ്കിൽ മൂത്തവനോ ഇളയവനോ ഇലയിട്ട നേരത്തു് എത്താത്തിനു് വഴക്കുണ്ടാക്കി ഊണു പകുതിയാക്കി ഇല പടിഞ്ഞാറെക്കുഴിയിലിട്ടു് ചാരുകസേരയിൽ പോയി ഒരു കിടപ്പാണു്. അതു ചിങ്ങവും കന്നിയും തുടരും. മേടം മുതലുള്ള ഈ കാലത്തൊന്നും തൊടിയിലേക്കിറങ്ങുകയോ തെങ്ങിൻ ചുവട്ടിൽ ഒരു തൂമ്പയ്ക്കെങ്കിലും കിളയ്ക്കുകയോ, രണ്ടു കപ്പക്കമ്പു് കുത്തുകയോ, ഒരു കാച്ചിലു മാന്തിവയ്ക്കുകയോ ചേനയ്ക്കു കൂമ്പൽ കൂട്ടുകയോ ചെയ്യില്ല. അടുക്കളയിലേക്കു നടന്നുപോയി ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കുകയുമില്ല. എല്ലാം ഇരിക്കുന്നിടത്തു വരണം. ആ കിടപ്പു തുലാം പത്തൊന്നും ആകാൻ നിൽക്കില്ല. സംക്രാന്തി കഴിയുമ്പോൾ തുടങ്ങുന്ന വെപ്രാളം തുലാം രണ്ടോ മൂന്നോ ആകുമ്പോഴേക്കും ബാഗ് എടുത്തു് ആരോടും പറയാതെയുള്ള ഒരു പോക്കിലെത്തും. പിന്നെ മേടംവരെ കാണണമെങ്കിൽ ഏതെങ്കിലും കളിയോഗത്തിൽ ചെല്ലണം. ഈ രണ്ടു പേർക്കല്ലാതെ പിന്നൊരാണിനും മീശയില്ലാതെ കരേലു നടക്കാൻ ധൈര്യമില്ലായിരുന്നു. മീശമുളയ്ക്കാത്ത അറവുകാരൻ സേവ്യർ ഉള്ളരോമത്തിൽ എന്നും പെണ്ണുമ്പിള്ളേടെ കൺമഷിതേച്ചാ വരുന്നേന്നു് പറയാറുള്ളതു് പവിത്രനാണു്. ‘ധോം ധോം…’ തുള്ളിക്കഴിഞ്ഞു് വിക്രമൻ ഒരു ബീഡി എളിയിൽ നിന്നെടുത്തു് ചുണ്ടിൽവയ്ക്കുന്നതുവരെയേ ആ നർമം നിന്നുള്ളൂ. കൊമ്പൻമീശയുണ്ടായിരുന്ന ഭാർഗവനെ അതോടെ എല്ലാവരും മറക്കുകയും മീശയില്ലാ ഭാർഗവനെ മാത്രം കാണുകയും ചെയ്തു.

ഭാർഗവൻ തലയിലെ ചുമന്ന തോർത്തു് അഴിച്ചു് മടിയിലിട്ടു. നീലഷർട്ടിന്റെ കൈമടക്കി അതിൽ വച്ചിരുന്ന ചുക്കൊരെണ്ണം എടുത്തു് വായിലിട്ടു. സുശീല വന്നുകയറിയതിൽപ്പിന്നെ ഭാർഗവൻ വലിച്ചിട്ടുമില്ല, കുടിച്ചിട്ടുമില്ല. ഊതിക്കേറ്റുന്ന പുകയും തെകട്ടിവരുന്ന വാളും പെണ്ണുങ്ങളുടെ വായിൽത്തള്ളാനുള്ളതല്ലെന്നു് ഭാർഗവൻ നിലപാടു് എടുത്തിരുന്നു. തടികേറ്റുമ്പോ ചവച്ചു് ഇച്ചിരെ എരുവു് കേറ്റിയില്ലെങ്കിൽ ആയം കിട്ടുവേല. അതിനുള്ള മരുന്നാണു്. ഇപ്പോ വിക്രമൻ വലിക്കുമ്പോൾ ഉള്ളാന്തൽ തീർക്കാൻ ഭാർഗവൻ ചുക്കുകേറ്റും.

രാവിലെ തന്നെ നല്ല മഴക്കോളാണു്. മൂടിപ്പിടിച്ചു് കിടക്കുമ്പോ ആരെവിടെ തടിവെട്ടാനാണു്. ഇന്നും കൂടിയാകുമ്പോ പണികിട്ടിയിട്ടു് ദിവസം അഞ്ചാകും. ആരെങ്കിലും തീപ്പെട്ടി കമ്പനീലോട്ടു കൊടുക്കാനായി നാലു വട്ടയെങ്കിലും മറിച്ചാരുന്നേൽ ചുമന്നിട്ടാൽ ഇരുനൂറ്റിയൻപതു മേടിക്കാമായിരുന്നു. മഴക്കോള് കണ്ടിട്ടു് അതുപോലും നടക്കുന്ന ലക്ഷണമില്ല. ടേണിൽ വന്നു നിൽക്കാൻ തുടങ്ങീട്ടു തന്നെ ദിവസം മൂന്നായി. കുറച്ചുനേരംകൂടി നിന്നിട്ടുപോകാം എന്നു് വിക്രമനോടു് പറഞ്ഞു.

പിള്ളേരൊന്നുമില്ലാത്തതു കൊണ്ടു് വീട്ടിൽ ചെന്നാൽ എനിക്കു മോണിങ് ഷോ പറ്റുമെന്നു് വഷളൻചിരിയുമായി വിക്രമൻ. ഭാർഗവനു് ഋദ്ധിയുടെ ഉച്ചയുറക്ക സമയത്തു് മാറ്റിനി കളിക്കാനേ പറ്റൂ എന്നു് തടികേറ്റാനുള്ള ആക്കത്തിനിടെ ഒരിക്കൽ വിക്രമൻ പറഞ്ഞതു് നാടുനീളെ പാട്ടായിരുന്നു. വിക്രമൻ ഉച്ചയ്ക്കു വീട്ടിലേക്കു പോകുമ്പോഴൊക്കെ ചിലരെങ്കിലും മാറ്റിനിക്കായിരിക്കും എന്നു പറയാനും തുടങ്ങി.

അതുകേൾക്കുന്നതു ഭാർഗവനു് ഇഷ്ടമായിരുന്നു.

പെണ്ണുകെട്ടുന്നതു് സെക്കൻഡ് ഷോയ്ക്കു വേണ്ടിയാണെന്നു് ആരു കണ്ടുപിടിച്ചതാടാവേ എന്നു് സുശീലയോടു് കെട്ടുകഴിഞ്ഞു മൂന്നാംപൊക്കം തന്നെ ചോദിച്ചിട്ടുണ്ടു്. പകലിതൊക്കെ കാണാനല്ലെങ്കിൽ പിന്നെന്തിനാണെന്നു പറഞ്ഞു അഴിച്ചുനിർത്തിയപ്പോഴാണു് സുശീലയ്ക്കു് ആദ്യമായിട്ടു രസം കയറിയതു്. ആദ്യരണ്ടു രാത്രീലും രണ്ടാളും ആകെ പേടിച്ചുവിറച്ചു് എന്താ വേണ്ടേ എന്നറിയാതെ കഷ്ടപ്പെടുകയായിരുന്നു. കാർന്നോമ്മാരില്ലാത്ത വീടങ്ങനെ മാറ്റിനികളുടേതായി. രാത്രിയിൽ പലപ്പോഴും അവർ ഇറുക്കിപ്പിടിച്ചു് കിടക്കാറേ ഉള്ളൂ. പിടിച്ചുമാറ്റാൻ ആർക്കാണു് ഊരുള്ളതെന്നു വെല്ലുവിളിക്കുന്നതുപോലുള്ള ആ കിടപ്പിൽ എപ്പോഴും ഭാർഗവന്റെ വലംകയ്യിൽ സുശീലയുടെ തലയുണ്ടാകും.

മഴയിപ്പോ പെയ്യുമെന്നു പറഞ്ഞതേയുള്ളു. കൊട്ടിപ്പാടി പെയ്യാൻ തുടങ്ങി. നടന്നുതുടങ്ങിയ വിക്രമൻ അതിലും വേഗം തിരിച്ചോടിവന്നു മൂപ്പരുപീടികേലെ തടിത്തട്ടിൽ കേറി കുത്തിയിരുന്നു തലതോർത്തി ഒരു ബീഡിക്കു തീകൊടുത്തു. ഭാർഗവൻ തട്ടുതൂക്കുന്ന ചങ്ങലേപ്പിടിച്ചു പടിഞ്ഞാട്ടു നോക്കി. കൃഷ്ണൻ മൂപ്പരു് ഇന്നെന്തോ കടതുറക്കാൻ വന്നിട്ടില്ല. മലയ്ക്കപ്പുറം മുഴുവൻ കോടപോലൊണു്. അതു പെയ്തു തീരുമ്പോഴേക്കും ഇന്നത്തേക്കു നേരം കെടുമെന്നു തോന്നി.

പെയ്ത്തു കണ്ടുനിൽക്കുമ്പോഴാണു് ആദ്യത്തെ കാറ്റുവന്നതു്. വടക്കേപ്പാട്ടെ കൊന്നത്തെങ്ങൊരെണ്ണം അപ്പൂപ്പന്മാരുടെ പല്ലുപോലെ ആടി താഴേക്കു പോകുന്നതുകണ്ടു. കൊഴപ്പമാണല്ലോടാവ്വേ… എന്നു് വിക്രമൻ അടുത്ത ബീഡിക്കു തീക്കൊള്ളിയുരച്ചു. നാലു കൊള്ളി ചീറ്റിപ്പോയേപ്പിന്നെയാണു് ഒരെണ്ണത്തിനു തീ പിടിച്ചതു്. അതൊട്ടു് ബീഡിലോട്ടു പകരാനും പറ്റീല്ല. അപ്പോഴുണ്ടു് മലമുകളീന്നൊരു മുഴക്കം.

കുഴപ്പം തന്നെയാടാവ്വേ… ന്നു പറഞ്ഞു് ഭാർഗവൻ ആദ്യം മഴയത്തോട്ടു ചാടി. വിക്രമന്റെ ആദ്യത്തെ ചുവടിൽ തന്നെ കാലൊന്നു മടങ്ങി. അതോടെ ഒക്കക്കാലിൽ ഓടാൻ തുടങ്ങി. മലമേലേ മുഴക്കം കേൾക്കാൻ പറ്റുന്നതു തന്നെ അപൂർവമാണു്. പലപ്പോഴും പൊട്ടിയൊഴുകി ഉരുള് പുരയെടുത്തുപോകുമ്പോഴേ അറിയാറുള്ളു. ഭാർഗവൻ അവിടെ താമസം തുടങ്ങിയേപ്പിന്നെ ഇരുപത്തിരണ്ടു വർഷത്തിനിടയിൽ നാലുരുളായി നാലുവഴിക്കുപോകുന്നു. അഞ്ചുപേരേ കൊണ്ടുപോവുകേം ചെയ്തു. മുഴക്കം കേട്ടാൽ അപ്പോൾ വീടു കാലിയാക്കി മലകാണാൻ പറ്റുന്ന എവിടെങ്കിലും പോയി നിൽക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നോക്കിനിന്നപ്പോൾ ഉരുളുവരുന്ന കണ്ടവരാണു് അവരിൽ പലരും. എന്നിട്ടും രക്ഷിക്കാൻ പറ്റാതെ അഞ്ചെണ്ണം പോയതു് ആരും മുഴക്കം കേൾക്കാത്തപ്പോൾ വന്നതിലായിരുന്നു.

ഭാർഗവൻ ആദ്യം ഋദ്ധിയെ അല്ല എടുത്തതു്. സുശീലയെ കയ്യേപ്പിടിച്ചു മുറ്റത്തിറക്കുകയായിരുന്നു. പിന്നെ ഋദ്ധിയെ എടുത്തു് ഓടി. അപ്പോഴേക്കും കിതച്ചുവന്ന വിക്രമൻ അമ്മിണിയെ കൂട്ടി കുത്തുകല്ലുകേറി റോഡിലെത്തി. കുടിക്കാരെല്ലാം റോഡിൽകയറി പുതച്ച മുണ്ടു തന്നെ തലേലിട്ടു നിക്കുമ്പോൾ പിന്നെയും മുഴക്കം. അതോടെ ഇറങ്ങാൻ മാത്രമുണ്ടോ എന്നു സംശയിച്ചവരും വീടുവിട്ടു റോഡിലോട്ടു കേറി.

അങ്ങനെ നിൽക്കുമ്പോഴാണു് ഋദ്ധി അച്ഛനോടു് പറഞ്ഞതു്—കുട്ടിമാളു എന്നു്.

കുട്ടിമാളു പശുക്കുട്ടിയാണു്. ഉരുള് പൊട്ടുവൊന്നുമില്ലായിരിക്കും. പൊട്ടിയാലും ഇങ്ങോടൊട്ടു വരണമെന്നുമില്ല. ഇനിയെങ്ങാനും വന്നു വീടെടുത്താൽ പിന്നെ കുട്ടിമാളൂനെയോർത്തു് സങ്കടമാകും. ഭാർഗവൻ മോളെ സുശീലയ്ക്കു കൊടുത്തിട്ടു പിച്ചാത്തി എളീന്നെടുത്തു കയ്യിൽ പിടിച്ചു് ഒരോട്ടമായിരുന്നു. ആരും തടയുകയോ, പോകേണ്ടാ എന്നു പറയുകയോ ചെയ്തില്ല. പേടിച്ചിറങ്ങി ഇങ്ങനെ എത്രവട്ടം നിന്നേക്കുന്നു. അപ്പോഴൊന്നും ഒരു ഉരുളും വന്നിട്ടില്ല. ആ പശൂനേ എന്നാലും മറന്നുപോയല്ലോ എന്നു് ജാനുവമ്മ കുത്തുവാക്കുപോലെ സുശീലയോടു പറയുകയും ചെയ്തു. ഭാർഗവൻ ചെയ്യേണ്ട പണിക്കു തന്നെ പോയി എന്നു് കണക്കുകൂട്ടി നിൽക്കുകയായിരുന്നു എല്ലാവരും. അല്ലാതെ അതിലെന്തേലും അവിവേകമുള്ളതായി ആർക്കും തോന്നിയില്ല.

പെട്ടെന്നാണു് വടക്കേപ്പാട്ടെ തട്ടിൻപുറത്തു് വല്ലത്തിൽകൊണ്ടുപോയി തേങ്ങമറിക്കുന്നതുപോലുള്ള ശബ്ദംകേട്ടതു്.

പൊട്ടില്ലോടാവ്വേ… ന്നു് ആദ്യം പറഞ്ഞതു് സേവ്യറാണു്. ഉരുളുവരുമ്പോ ഓടിമാറാൻ നിയമമൊന്നുമില്ല. ചുമ്മാ ഓടുക തന്നെ. നിന്നവർ രണ്ടുവഴിക്കും ഓടി. ഒന്നറച്ചുനിന്ന സുശീലയെ വലിച്ചോടിയതു് ജാനുവമ്മയാണു്. അമ്മിണി ഒറ്റക്കാലേൽ ഓടാൻ കഷ്ടപ്പെട്ട വിക്രമനെ താങ്ങി ഏറ്റവും പിന്നിലായിരുന്നു.

മൂന്നുമിനിറ്റൊക്കെയേ ഓടിക്കാണുകയുള്ളൂ. ഇടമുടക്കിത്തോടു് അപ്പോഴേക്കും കണിയാർ പുഴപോലെ വലുതായി അവരെ കടന്നുപോകാൻ തുടങ്ങി. റോഡും പുഴയാകാൻ തുടങ്ങിയതോടെ എല്ലാവരും പള്ളിമുറ്റത്തേക്കു് ഓടിക്കയറി. സുശീല പടപടാന്നു് ഉള്ളിടിച്ചു നിന്നു.

സേവ്യർ പറഞ്ഞു:
“നീ കെടന്നു പെടയ്ക്കാതെ. അവൻ കന്നിനേംകൊണ്ടു വരും,”
ജാനു:
“പൊട്ടീന്നുവച്ചു് അതു നമ്മടെ വീടിനു മോളിക്കോടയാണെന്നൊന്നും വിചാരിക്കണ്ട. അവനിപ്പോൾ വരും.”

വിക്രമനു് ഇരുപ്പുറച്ചില്ല. തൊത്തിക്കാലുമായി റോഡിലേക്കിറങ്ങി. പത്താംവയസ്സിൽ വീടുവിട്ടിറങ്ങി കവലയിൽ വന്ന ഭാർഗവനെ കൂടെക്കൂട്ടി നടക്കാൻ തുടങ്ങിയതാണു്. പിന്നെ അവനില്ലാതെ ഇങ്ങനെ അഞ്ചുമിനിറ്റ് ഉണ്ടായിട്ടില്ല. രണ്ടുവീട്ടിൽ കിടക്കുമ്പോൾ പോലും പരസ്പരം ചുമയ്ക്കുന്ന ശബ്ദം കേട്ടു് ചുക്കുകാപ്പീം കൊണ്ടു് പോകുന്നോരാണു്. പത്തടി തികച്ചു നടക്കും മുമ്പു് വിക്രമനു് ഒരു കാര്യമനസ്സിലായി. ഉരുളു വന്നിരിക്കുന്നതു് ആ രണ്ടുവീടുകളുടെ വഴിക്കാണെന്നു്. അങ്ങോടിറങ്ങാൻ തുടങ്ങുമ്പോഴേക്കും ഫിലിപ്പോസച്ചൻ വന്നു് വട്ടംപിടിക്കുകയും പള്ളിമേടയിലേക്കു കൊണ്ടുപോവുകയും ചെയ്തു.

അവിടെ കയറ്റി ഇരുത്തിയിട്ടു് അച്ചൻ നോക്കാൻ പറഞ്ഞു. ഭാർഗവന്റെയും വിക്രമന്റെയും ജാനുവിന്റെയും വീടുകൾ നിന്നിടം ഒരു ചുവന്ന ചാലാണു്. ആ വരവു് അച്ചൻ പള്ളിമേടയിൽ നിന്നു കണ്ടിരുന്നു. വിക്രമൻ ഇരുമ്പുകസേരയിൽ തലപിന്നോട്ടടിച്ചു കരഞ്ഞു. ഫിലിപ്പോസച്ചൻ ഒന്നും പറയാനാകാതെ നിന്നു. ഭാർഗവൻ പോകുന്നതു് അച്ചൻ കണ്ടതാണു്. പിന്നൊരു നിമിഷംകഴിഞ്ഞു കോട പോയി കാഴ്ച തെളിയാൻ.

നാലാംപൊക്കമാണു് മണ്ണിനടീന്നു് ഭാർഗവനെ കിട്ടിയതു്. കയ്യിൽ കയറിന്റെ അറ്റമുണ്ടായിരുന്നു. പശുക്കുട്ടിയെ ആദ്യ ദിവസം തന്നെ തോടൊഴികിയിറങ്ങിപ്പോയ വാഴത്തോട്ടത്തിൽ വയർചീർത്തു് കണ്ടെത്തിയിരുന്നു.

നാലാം ദിവസം സുശീല പള്ളിത്തിണ്ണയിൽ അന്നിട്ട അതേ വേഷത്തിൽ ഇരുന്നു. ഋദ്ധി അമ്മയുടെ മടിയിൽ തലവച്ചു കിടന്നു. കുഴിച്ചിടണ്ട, അവരുടെ രീതിക്കു് പള്ളിമുറ്റത്തു തന്നെ കത്തിക്കാം എന്നു് ഫിലിപ്പോസച്ചനാണു് പറഞ്ഞതു്. ചിത തീരുന്നതിനു മുൻപു് ഒരു ജീപ്പുവന്നു. അതിൽ നിന്നു് ഇറങ്ങിവന്നു് സിസ്റ്റർ സന്ധ്യ സുശീലയുടെ തോളത്തുപിടിച്ചു. ഋദ്ധി അന്നുമുതൽ സിസ്റ്റർ സന്ധ്യയുടെ എളിയിൽ ഇരിക്കാൻ തുടങ്ങി. അമ്മ ക്രിസ്തുജയന്തി ആശുപത്രിയിലെ അറ്റൻഡറുമായി.

എംഎൽഎ ടി. എൻ. തോമസ് കൊടുത്ത നിവേദനത്തിലാണു് ഋദ്ധിക്കു പഠിത്തം തീരും വരെ മാസം ആയിരം രൂപ കൊടുക്കാൻ സർക്കാർ ഉത്തരവിട്ടതു്. ഉരുളിൽ വീടും അച്ഛനും പോയതിനു് കിട്ടിയ പ്രതിഫലം.

അമ്മ പിന്നെ ഒരിക്കലും പഴയതുപോലെയായില്ല. എപ്പോഴും ഒരു മഴ പെയ്യാൻ നിൽക്കുന്ന ഭാവമാണു്. ഋദ്ധിയോടു പോലും കാര്യമായി ഒന്നും പറഞ്ഞില്ല. രാവിലെ മഠത്തിൽ നിന്നു നടന്നു് ആശുപത്രിയിലേക്കു്. അവിടെ ചെന്നു് സ്ട്രച്ചറുകൾക്കു് അടുത്തിട്ട കസേരയിൽ ഇരിക്കും. കാഷ്വാലിറ്റിയുടെ മുറ്റത്തേക്കു് ലൈറ്റിട്ടു് വരുന്ന ഓരോ വണ്ടിയുടെ അടുത്തേക്കും സ്ട്രച്ചർ ഉരുട്ടും. അപ്പോഴേക്കും സെക്യൂരിറ്റി ഗോപാലനും വരും. രണ്ടുപേരും ചേർന്നു് കാഷ്വാലിറ്റിയിൽ എത്തിക്കും. ചിലപ്പോൾ അവിടെ നിന്നു് ഓപ്പറേഷൻ തിയറ്ററിലേക്കു്. മറ്റുചിലപ്പോൾ മോർച്ചറിയിലേക്കു്. മോർച്ചറിയിലേക്കുള്ള ഇടനാഴിയിൽ വച്ചു് ഒരിക്കൽ മാത്രം ഗോപാലൻ ഒന്നു് തൊടാൻ നോക്കി. അന്നു് വണ്ടിയവിടെ ഇട്ടിട്ടുപോന്ന സുശീലയോടു് കരഞ്ഞുകാലുപിടിച്ചു് ഇനിയുണ്ടാകില്ലെന്നു ഗോപാലൻ പറഞ്ഞു. പിന്നെ നിവൃത്തിയുള്ളപ്പോഴെല്ലാം സുശീല ഇല്ലാത്ത ഷിഫ്റ്റിൽ ഗോപാലൻ കയറി. അഥവാ സുശീലയുള്ള ഷിഫ്റ്റിൽ വന്നുപെട്ടാൽ അയാൾ എപ്പോഴും ഭയന്നു് മാറി നിന്നു.

ഋദ്ധി പഠിക്കുന്നുണ്ടെന്നോ, സ്കൂളിൽ പോവുകയാണെന്നോ ഇക്കഥയിലെ സുശീല ഓർത്തതേയില്ല. സർക്കാർ വെച്ചുകൊടുത്ത വീട്ടിൽ താമസിക്കുമ്പോഴും അവൾ മഠത്തിലെ കുട്ടിയായിരുന്നു. എന്നിട്ടും പതിനെട്ടാം വയസ്സിലെ ആ വിധിക്കു മാത്രം മാറ്റമുണ്ടായില്ല.

ശ്വാപദം

നന്ദിനി പോയ ശേഷമാണു് ശരിക്കുള്ള ഋദ്ധി പിന്നെയും ഒറ്റയ്ക്കായതു്.

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയമാണു്. എന്തു പഠിക്കണം എന്നൊന്നും ആലോചനയിൽപോലും ഇല്ല. പന്ത്രണ്ടാം ക്ലാസുവരെ ആലോചിച്ചതും ആഗ്രഹിച്ചതുമൊന്നുമല്ലല്ലോ പഠിച്ചതു്. സർക്കാരു് കൊണ്ടുവച്ച പുസ്തകം, ടീച്ചർമാരു് പറഞ്ഞ വ്യാകരണം. ചോദ്യമിട്ടയാൾ മനസ്സിൽ കണ്ട ഉത്തരങ്ങൾ. ഉത്തരമെഴുതാനിരുന്ന ഞാൻ മനസ്സിലാക്കിയ ചോദ്യങ്ങൾ. ഇതൊക്കെ കഴിഞ്ഞു് കിട്ടുന്ന മാർക്കു വച്ചാണു് അളന്നതു്. ഇനിയും അങ്ങനെ പോകാം എന്നേ മനസ്സിൽ കാണുന്നുള്ളൂ.

ഇതിനിടെ സിസ്റ്റർ പറഞ്ഞ ഒരു വാചകം തികട്ടി കിടക്കുകയും ചെയ്തു. പോയിവന്നു പഠിക്കാവുന്നിടത്തോളം ഇവിടെ നിൽക്കാം എന്നായിരുന്നു അതു്. മറ്റേതെങ്കിലും നഗരത്തിൽ പഠിക്കാൻ പോയാൽ അതു താങ്ങാൻ സിസ്റ്റർക്കു കഴിയില്ലെന്നൊരു സൂചന കൂടിയുണ്ടു് ആ വാക്കുകളിൽ. അല്ലെങ്കിൽ തന്നെ മഠത്തിൽ പത്തുപതിനേഴു വയസ്സുള്ള പെങ്കൊച്ചിനെ കിടത്തിയിരിക്കുന്നതു ചട്ടപ്രകാരമുള്ള കാര്യമല്ലെന്നു പ്രോവിൻഷ്യൽ ജനറൽ മൂന്നുനാലു കത്തെഴുതുകയും ചെയ്തു. അമ്മയും അന്നമ്മയും അടുക്കളപ്പണിക്കാരുടെ ഗണത്തിലാണു്. രാവിലെ വന്നു വൈകുന്നേരം പോകുന്നവരെന്നാണു് കടലാസിൽ. ചായ്പ്പിലെ കിടപ്പു് രേഖയിലില്ലാത്ത പരിപാടിയാണു്. സഭയ്ക്കും വിശ്വാസിക്കും വേണ്ടി ജീവിതം ഉഴുഞ്ഞുവയ്ക്കുന്ന കന്യാസ്ത്രീക്കു് ബാങ്ക് ബാക്കിയോ കുടുക്കയോ ഉണ്ടാകാൻ പാടില്ല. പഴ്സ് പോലും കാലിയായിരിക്കണം.

ഓർമ്മക്കുറവുവന്നുതുടങ്ങിയ ഫിലോമിന സിസ്റ്റർ രാത്രീലെഴുനേറ്റു് മൂത്രമൊഴിക്കാൻ തുറന്നവാതിൽ അടുക്കളേന്നു പുറത്തേക്കുള്ളതായിരുന്നു. മൂത്രപ്പുരയിൽ പടിയില്ലല്ലോ എന്ന മട്ടിൽ നടന്ന സിസ്റ്റർ നാലുപടിയും തെന്നി താഴെപ്പോയി. സഭയുടെ ചെറുപുഷ്പം ആശുപത്രിയിൽ ചെന്നപ്പോഴാണു് മറ്റൊരു പ്രശ്നം. അവിടെ കന്യാസ്ത്രീയെ കിടത്തിയാൽ പുറത്തു നിന്നുള്ളവർക്കു കട്ടിലു കുറയുമെന്നു പറഞ്ഞു പ്ളാസ്റ്റർ ഇട്ടു മഠത്തിലേക്കു വിടുകയായിരുന്നു. വേദനിക്കുന്നെന്നു ഫിലോമിന സിസ്റ്റർ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ക്വാറി നാരായണന്റെ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ ആലോചിച്ചതാണു്. അപ്പോഴാണു് അങ്ങനൊരു ഫണ്ട് മഠത്തിലില്ലെന്നു മനസ്സിലായതു്. ഒടുവിൽ ഉച്ചയ്ക്കുണ്ണാൻ പോകുന്നവഴിക്കു് ഡോക്ടർ സി. ടി. പൗലോസ് വരികയും കുത്തിവയ്പിനു കുറിക്കുകയും ചെയ്തു. രാത്രി ജോലി കഴിഞ്ഞുപോകുന്ന ഷൈനി നഴ്സ് കുത്തിയിട്ടു പോകുന്ന വഴിക്കു സിസ്റ്ററോടു പറഞ്ഞതു് എന്നെ ഇനിയും ഇങ്ങോടു വരുത്തരുതെന്നാണു്. അവർക്കും അത്രയൊക്കെയേ ഉള്ളു. സ്വന്തം കാലൊടിഞ്ഞാൽ ഫണ്ട് എടുക്കാൻ നിവൃത്തിയില്ലാത്ത കന്യാസ്ത്രീ മഠത്തീന്നു് കാശുമുടക്കി കൊച്ചിനെ നഴ്സിങ്ങിനു വിടാൻ പറ്റുകേലെന്നു് ചട്ടമറിയാവുന്ന കപ്യാരു് നേരത്തെ പറഞ്ഞതാണു്. ഒരു വായ്പ എടുക്കണമെന്നു വച്ചാൽ എന്നതിരുന്നിട്ടാണു് ഈടു കൊടുക്കുന്നതെന്നു കപ്യാരു് ചോദിക്കുകയും ചെയ്തു. അതു് എനിക്കു് ആശ്വാസമായിട്ടാണു തോന്നിയതു്. ഒരു നഴ്സായി നടക്കുന്നതു് സങ്കൽപിച്ചിട്ടുപോലും ഇല്ലായിരുന്നു. ഒരു ബോട്ടുമേടിക്കാൻ കാശു് ആകുന്നതുവരെ അമ്മയുടെ വള്ളത്തിൽ പോയി മീൻപിടിക്കാം എന്നൊക്കെയാണു് ഉപജീവനത്തെക്കുറിച്ചു പരമാവധി പോയ ചിന്ത. അതു പറഞ്ഞപ്പോൾ അമ്മ കേട്ടു നിന്നതേയുള്ളു. മോള് നഴ്സിങ് കഴിയാറായ ആശ്വാസത്തിൽ നിന്ന അന്നമ്മയ്ക്കു് അതു് ഓർക്കാൻ പോലും പറ്റിയില്ല. പെണ്ണുങ്ങളല്ലേ സ്രാങ്ക് ആകാൻ പോകുന്നതു്. കൊച്ചു വേണമെങ്കിൽ നന്ദീനടമ്മ ഇട്ടിട്ടുപോയ മെഷീനിൽ ബ്ലൗസും അടിപ്പാവാടാം തയ്ക്കാൻ പഠിക്കു്. ഞാൻ കൊണ്ടു വിറ്റുതരാം എന്നു് അന്നമ്മ.

ലണ്ടനിൽ പോയ മകൾ നാട്ടിൽ വീടുവയ്ക്കാം എന്നു പറഞ്ഞിട്ടു് അന്നമ്മ സന്മതിച്ചില്ല. നാലാണ്ടു കൂടുമ്പോൾ വരുന്നയാൾ ഹോട്ടലിൽ പാർത്താൽ മതി, അതിനായി ഇന്നാട്ടിൽ കാശു് ഇറക്കേണ്ട എന്നു തീർത്തു പറഞ്ഞു. മഠത്തീന്നു് ഇറക്കി വിട്ടാലും സുശീലയുടെ വീടുണ്ടു് എന്നതായിരുന്നു അന്നമ്മയുടെ ധൈര്യം.

സന്ധ്യ സിസ്റ്റർ പറഞ്ഞു: “വണ്ടിക്കൂലിക്കുള്ള കാശൊക്കെ നിന്റെ അമ്മ കക്കേം, മീനും വിറ്റു തരും. നീ എന്തായാലും ഡിഗ്രിക്കു പോകണം.”

ആർച്ചുബിഷപ്പ് പുതിയ കുരിശുപള്ളിയിലെ ആദ്യ കുർബാനയ്ക്കു വന്നപ്പോൾ കണ്ടുപറഞ്ഞു് ഋദ്ധിയെ അവിടെ തൽക്കാലം നിർത്താൻ ഒരു കടലാസ് വാങ്ങിച്ചിരുന്നു. പ്രോവിൻഷ്യൽ സുപ്പീരിയർക്കു് ആ കടലാസു കിട്ടിയതോടെ പിന്നെ പ്രശ്നവും ഇല്ല. പറഞ്ഞുനിൽക്കാൻ ഒരു രേഖയായല്ലോ എന്നു് പറഞ്ഞു പറ്റുന്നേടത്തോളം ഞാൻ കണ്ണടയ്ക്കാമെന്നാണു് സുപ്പീരിയർ പറഞ്ഞതു്. അവർക്കും ഇറക്കിവിടാൻ വേണ്ടിയൊന്നുമായിരുന്നില്ല. ചട്ടം നോക്കിയില്ലെങ്കിൽ സർക്കാരിനേക്കാൾ കഷ്ടമാണു് സഭ. എപ്പഴാ തട്ടുകിട്ടുകാന്നു പറയാൻ പറ്റത്തില്ല.

ഏതു ഡിഗ്രിക്കു പോകണം എന്നൊന്നും ചിന്തയിൽ വന്നില്ല. ഉള്ള മാർക്കിനു് കിട്ടാൻ എളുപ്പം ഇംഗ്ലീഷാണെന്നു് ജോൺ മാത്യുസാർ പറഞ്ഞപ്പോൾ അതിനു് സെയ്ന്റ് തോമസ് കോളജിൽ കൊടുത്തു. മഠത്തീന്നു വിളിച്ചുപറച്ചിലൊന്നും ഇല്ലാതെ തന്നെ പ്രവേശനം കിട്ടിയപ്പോൾ ചേരാനുള്ള പൈസ തന്നതു് കപ്യാരുചേട്ടനാണു്. വലിയ തുകയൊന്നും വേണ്ടിവന്നില്ല. സിസ്റ്ററ് പത്തുപന്ത്രണ്ടുകൊല്ലം പോറ്റിയതല്ലേ, ഞാനിത്രയെങ്കിലും ചെയ്യണ്ടേ എന്നാണു പറഞ്ഞതു്. ഇടവകേൽ അംഗമായിരുന്നേൽ സ്കോളർഷിപ്പ് കിട്ടുവായിരുന്നെന്നും കപ്യാരു പറഞ്ഞു. മതവും ജാതിയുമില്ലാതെ ഇക്കാലമത്രെയും മതസ്ഥാപനത്തിൽ ജീവിക്കാൻ കഴിഞ്ഞെങ്കിൽ ഇനിയും ഇടവകേം കരയോഗോം ഒന്നു വേണ്ടെന്നു് സിസ്റ്റർ സന്ധ്യ തന്നെയാണു് പറഞ്ഞതു്.

ഇംഗ്ലീഷിനു് ചേർന്നു ക്ലാസു തുടങ്ങാൻ നോക്കിയിരിക്കുന്ന ദിവസത്തിലാണു് നന്ദിനിയുടെ ഒരു മെയിൽ വന്നതു്. ഞങ്ങൾക്കിവിടെ സുഖമാണു്. സോഷ്യൽ സർവീസിൽ അണ്ടർ ഗ്രാജ്വേഷനു് ചേരുന്നു എന്നു മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. നന്ദിനി പോയശേഷമുള്ള വിശേഷങ്ങൾ പറഞ്ഞു് ഞാൻ ഒരു നീണ്ട മറുപടി അയച്ചു. ഇംഗ്ലീഷിൽ ഞാൻ അങ്ങനെ കത്തൊന്നും എഴുതിയിട്ടില്ല. ആദ്യമായുള്ള എഴുത്താണു്. അയച്ച അന്നു മുതൽ മൂന്നുനാലു ദിവസം അടിക്കടി മറുപടിക്കു തുറന്നു നോക്കി. ഒരനക്കവും ഉണ്ടായില്ല. രണ്ടാഴ്ചകഴിഞ്ഞു് ഒരു ദിവസം തുറക്കുമ്പോൾ ഒരു വരിയിൽ മറുപടി എപ്പോഴോ വന്നു കിടപ്പുണ്ടു്. നൈസ് ഡിയർ എന്നു മാത്രം. അറിഞ്ഞതിൽ നന്ദിനിക്കു് രണ്ടു വാക്കിൽ മതിയോ സന്തോഷം എന്നു് അന്നു് മുഴുവൻ ഓർത്തു. മഠത്തിന്റെ ചായ്പിൽ പഴയ പുതപ്പുകൊണ്ടു പൊതിഞ്ഞുവച്ചിരുന്ന തയ്യൽ മെഷീനും അതിനു മുകളിൽ കമഴ്ത്തി വച്ചിരുന്ന ചാരുകസേരയും കാണുമ്പോൾ മാത്രം പിന്നെ നന്ദിനിയെ ഓർത്തു.

ഋദ്ധി സോഫയിൽ കിടക്കുകയായിരുന്നു.

ഉച്ചയ്ക്കു് ഈയിടെയായി നല്ല മയക്കം പതിവുണ്ടു്. പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞുള്ള സമയമാണു്. പാതിമുറിഞ്ഞ ഒരു സ്വപ്നത്തിലായിരുന്നു. ബീച്ചിൽ കിടക്കുകയാണു്. സിം സ്യൂട്ടാണു് വേഷം. മണൽത്തരി സ്യൂട്ടിനുള്ളിലൂടെ കയറിയിട്ടുണ്ടു്… അതു് മാറിലും പൊക്കിളിലും എരിപൊരി സഞ്ചാരമുണ്ടാക്കുന്നു. ആ സ്വപ്നത്തിൽ ഞെളിപിരികൊള്ളുന്നതിനിടെയാണു് മുഖത്തൊരു ശ്വാസം തട്ടുന്നതായി അറിഞ്ഞതു്. മാറിടത്തിൽ അമർത്തിപ്പിടിച്ചിട്ടുണ്ടു്. രണ്ടാമത്തെ കൈ താഴെയാണു്. മോളേ, മോളേ… എന്നു് അയാൾ കൊഞ്ചുന്നു. ഞാൻ ഒരു നിമിഷം ഒന്നു പതറി. പിന്നെ എനിക്കു സ്ഥലകാലബോധം വന്നു.

വലത്തേ കാൽ ഞാൻ മടക്കി. അയാൾ കുനിഞ്ഞുവരാൻ ഞാൻ കാത്തുകിടന്നു. ഉണർന്ന ഞാൻ അയാൾക്കു വഴങ്ങുകയാണെന്നു ധരിച്ചിട്ടുണ്ടാകും. എന്റെ പൊന്നേ… എന്നു വിളിച്ചു് അയാൾ എന്റെ നെറ്റിയിൽ ചുണ്ടുമുട്ടിച്ചു. മടക്കിയ കാൽ നൊടിയിടകൊണ്ടു നിവർത്തി ഞാൻ അതിവേഗം മുകളിലേക്കു പായിച്ചു. കുംഫു വഴക്കമാണു്. അയാൾ കണ്ണിൽ മണൽ വീണതുപോലെ അലറി. അടുത്തതു് ഇടതുകാൽകൊണ്ടായിരുന്നു. അതേ സ്ഥാനത്തു തന്നെ. അയാൾ സോഫയുടെ താഴേക്കു വീണു് അടിവയറ്റിൽ രണ്ടു കൈകളും പൊത്തി. ഞാൻ എഴുനേറ്റു നിന്നു് കഴുത്തിൽ കാൽവച്ചു. അയാൾ ശ്വാസം കിട്ടാതെ പിടച്ചു. സോഫയിലെ വിരി എടുത്തു കയർ പോലെ പിരിച്ചു. അലറിക്കരയുന്ന അയാളുടെ കാലുകൾ രണ്ടുമാദ്യം. പിന്നെ കൈകൾ. കൂട്ടിക്കെട്ടി സോഫയുടെ കാലിൽ ബന്ധിച്ചു. ഫോണെടുത്തു് അമ്മയെ വിഡിയോ കോളിൽ വിളിച്ചു.

വിടരുതു്… എന്നു പറഞ്ഞു് അമ്മ ചാടി എഴുനേൽക്കുന്നതു് ഞാൻ കണ്ടു.

അഴിച്ചുവിടാൻ അയാൾ ഓരോ തവണ കെഞ്ചിയപ്പോഴും ഞാൻ ഫ്രീ കിക്ക് എടുക്കുന്നതുപോലെ അയാളുടെ തലയിൽ തൊഴിച്ചു. അമ്മ കയറി വന്നു. ആദ്യം അയാളുടെ ഷർട്ടും പാന്റ്സും അടിവസ്ത്രങ്ങളും അഴിച്ചു. പിന്നെപ്പോയി പപ്പിയുടെ കൂടു് തുറന്നു. അമ്മ പപ്പിയുടെ മുന്നിൽ വച്ചു് വിൻസന്റിന്റെ തലയിൽ തൊഴിച്ചു. പപ്പി കുരച്ചു പാഞ്ഞുവന്നു. അമ്മ അയാളുടെ കെട്ടഴിച്ചു. പപ്പി കഴുത്തിൽ കടിച്ചുതുങ്ങി. അയാൾ കുടഞ്ഞെറിഞ്ഞു് പുറത്തേക്കു് ഓടി. ഗേറ്റ് പൂട്ടിയിരുന്നു. പപ്പി പിന്നാലെയോടി. അയാൾ മുറ്റത്തും പറമ്പിലും അലറിക്കരഞ്ഞു പാഞ്ഞു. ആളുകൾ ഗേറ്റിനു പുറത്തു് തടിച്ചുകൂടി. അമ്മ അതു മുഴുവൻ വിഡിയോയിൽ പകർത്തി. അപ്പോഴേക്കും പൊലീസ് ജീപ്പ് മുറ്റത്തു വന്നു നിന്നു. അവർ സോഫയിലെ വിരിയെടുത്തു് അയാൾക്കു് ഉടുക്കാൻ കൊടുത്തു.

പതിനേഴുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച വ്യവസായിയെ അമ്മയും മകളും നായയെക്കൊണ്ടു വേട്ടയാടിച്ച വിഡിയോ ഫോണുകളിൽ നിന്നു ഫോണുകളിലേക്കു വ്യാപിച്ചു. അമേരിക്കയിലേക്കു വിമാനം കയറാൻ നിൽക്കുമ്പോൾ അതു ഋദ്ധിയുടെ ഫോണിലും എത്തി. ഒരു നറുചിരി ഉള്ളിലൊതുക്കി മസ്വാച്വസെറ്റ്സ് മാരിടൈം സർവകലാശാലയിലേക്കു കാശുള്ള വീട്ടിലെ ഋദ്ധി യാത്ര തുടങ്ങി.

ജീവനുള്ള ഋദ്ധി വല്ലാതെ കിതച്ചു. ഇതു പതിവുള്ളതല്ല. ശ്വാസമെടുക്കാൻ പറ്റുന്നില്ല. കാലിനടുത്തു ചുരുണ്ടു കിടന്ന അമ്മ എഴുനേറ്റു വന്നു. എന്റെ വിഷമം അറിയുന്ന ടെലിപ്പതി അമ്മ പഠിച്ചിട്ടുണ്ടെന്നു് പല തവണ തോന്നിയിട്ടുണ്ടു്. അമ്മ നെഞ്ചിൽ തടവി. മുലയുടെ ഉയർച്ചയോ പൊക്കിളിന്റെ താഴ്ചയോ ഇല്ലാതെ തൊലിയൊട്ടി നിൽക്കുന്ന ദേഹം. അമ്മ എന്റെ തല അൽപം ഉയർത്തിക്കിടത്തുകയാണു്. എന്നിട്ടു് ഒപ്പം കിടന്നു.

സുശീലയ്ക്കും തല നേരേ നിൽക്കുന്നുണ്ടായിരുന്നില്ല.

കാളാഞ്ചി

സെയ്ന്റ് തോമസ് കോളജിൽ നിന്നു് അഞ്ചര കിലോമീറ്റർ ആണു് മഠത്തിലേക്കു്.

ആദ്യദിവസം രാവിലെ ബസിന്റെ കമ്പിയിൽ തൂങ്ങിക്കിടക്കുകയാണു്. നിലത്തു് ഉപ്പൂറ്റി പരത്തിവയ്ക്കാനുള്ള സ്ഥലമില്ല. ചെരുപ്പിന്റെ തുമ്പുമാത്രം കുത്തിയുള്ള നിൽപ്പാണു്. ശ്വാസംമുട്ടാതിരിക്കാൻ തല മേലേക്കു പിടിച്ചിട്ടുണ്ടു്. ശരീരത്തിൽ അവിടവിടെ ഒരു പിടിത്തം. തിക്കിത്തിരക്കി വന്ന രണ്ടുപേരാണു്. ഇരുപതിനു മേൽ പ്രായം കാണും. പുകവലിച്ചിട്ടു് ഏറെ നേരമായില്ലെന്നു തോന്നുന്നു, പുകയില മണം മൂക്കിലേക്കു കുത്തിക്കയറുന്നുണ്ടു്. അതിലൊരാൾ എന്തോ മോക്ഷം കിട്ടുന്ന സ്ഥാനത്തു പിടിത്തംകിട്ടിയതുപോലെ വാ പൊളിച്ചു. പെയിന്റിൽ കലക്കുന്ന ടർപന്റൈന്റെ മണമപ്പോൾ കുമുകുമാന്നു വന്നു. ആ മണം പൊടുന്നനെ അച്ഛനെ ഓർമിപ്പിച്ചു. പല്ലിയെ തിന്ന ദിവസം അച്ഛനിൽ നിന്നു വന്നതു് ഇതേ മണമാണു്. അച്ഛനിൽ നിന്നു രക്ഷപ്പെട്ട ശേഷം മദ്യപരുടെ അടുത്തു പോകേണ്ടി വന്നിട്ടില്ല. തൊട്ടടുത്തു നിന്ന പൊക്കം കുറഞ്ഞ പെൺകുട്ടിയുടെ കണ്ണു നിറയുന്നുണ്ടു്. നോക്കുമ്പോൾ അവളുടെ ഫ്രോക്കിനുള്ളിലൂടെയാണു് ഒരുത്തന്റെ കൈ. ഞാനാ കയ്യിലങ്ങു പിടിച്ചു പിരിച്ചു. അവൻ ആദ്യം വഷളൻ ചിരി ചിരിച്ചു. ഞാൻ പിടിത്തം മുറുക്കി. അവന്റെ കണ്ണു മിഴിച്ചുവന്നു. കൈ വലിച്ചൂരാനുള്ള അവന്റെ ശ്രമത്തിനു വഴങ്ങാതെ ഞാൻ മുറുക്കം കൂട്ടി. കൊടും തിരയടിക്കുമ്പോൾ പങ്കായത്തിൽ പിടിക്കുകയാണെന്നു് ഞാൻ സങ്കല്പിച്ചു. ആ കുറിയ പെൺകുട്ടിക്കു പെട്ടെന്നു സ്ഥലകാലബോധം ഉണ്ടാവുകയും അവളും അതേകയ്യിൽ മുറുകെപ്പിടിക്കുകയും ചെയ്തു. ചുറ്റും നിന്ന സ്തീകൾ അന്തരീക്ഷം ഉൾക്കൊണ്ടു. ആ രണ്ടുപേരും ഞങ്ങളുടെ നടുവിലായി. ആദ്യത്തെയാളെ കഴുത്തിനു പിടിച്ചു ഞാൻ കുനിച്ചു. അടുത്തുനിന്ന ശരീരവലിപ്പമുള്ള സ്തീ അവന്റെ പുറത്തു് ആഞ്ഞുതള്ളി. അവൻ ഞങ്ങളുടെ ഇടയിലൂടെ വീണു. പിന്നാലെ രണ്ടാമത്തെയാളും. സ്ത്രീകൾ എല്ലാവരും നിരന്നു നിന്നു ചവിട്ടി. ഡ്രൈവർ ബസ് പൊലീസ് സ്റ്റേഷനിലേക്കു വിട്ടു.

ആദ്യത്തെ ദിവസം പൊലീസ് സ്റ്റേഷനിൽ നിന്നു് എത്തിയപ്പോഴേക്കും നഷ്ടമുണ്ടായതു് കുർബാനയുടെ കാര്യത്തിലാണു്. ബിഷപ് വന്നു പുതുക്കക്കാർക്കായി നടത്തിയ പ്രാർത്ഥന ആയിരുന്നു. അന്നു വേറെ പരിപാടികൾ ഒന്നുമുണ്ടായില്ല. മടക്കം ബസിൽ വേണ്ട നടന്നേക്കാം എന്നു തീരുമാനിച്ചു. ആ വരവിൽ ഒന്നുകൂടി തീർപ്പാക്കി. ഇനി മുതൽ രാവിലെയും നടന്നു തന്നെ പോകണം. യോട്ടുകൾ ഓടിക്കാൻ നല്ല ആരോഗ്യം വേണം. ഞാനൊരു പാവഞ്ചിയോട്ടക്കാരിയാകാൻ അപ്പോഴേക്കും മനസ്സാ തീരുമാനിച്ചിരുന്നു.

പിറ്റേന്നു് തോറാന [1] യുടെ അവധിയാണു്. രാവിലെ ഞാൻ അടുക്കളയിൽ കയറി. ഒരുപിടി ചെറിയ ഉള്ളി എടുത്തു മേശപ്പുറത്തുവച്ചു. പച്ചമുളകു് ഇരുപത്തിനാലെണ്ണം. ആറു തണ്ടു കറിവേപ്പില. പത്തു വറ്റൽ മുളകു്. സിസ്റ്റർ ഫിലോമിന വന്നു് അതിൽ നിന്നു പകുതി ഉള്ളിയും അഞ്ചു പച്ചമുളകും തിരികെ നീല വലക്കൊട്ടയിലേക്കിട്ടു. വാതിൽക്കലിരുന്നു പല്ലുതേക്കുകയായിരുന്ന അമ്മയ്ക്കു ചിരി വന്നു. അമ്മ ഉമിക്കരികൊണ്ടാണു തേയ്ക്കുന്നതു്. അന്നമ്മച്ചേടത്തിയും അങ്ങനെ തന്നെ. സിസ്റ്റർ പൽപ്പൊടിയാണു്. എനിക്കും നന്ദിനിക്കുമായി കോൾഗേറ്റ് ഉണ്ടായിരുന്നു. നന്ദിനിയും അമ്മയുമൊക്കെ പോയ ശേഷമാണു് ഞാൻ അടുക്കള കയറ്റം തുടങ്ങിയതു്. ഏതെങ്കിലും ആണിനു വച്ചുവിളമ്പേണ്ടി വരും എന്നു കരുതിയിട്ടോ അടുക്കളപ്പണി പഠിക്കു് എന്നു് ആരെങ്കിലും പറഞ്ഞിട്ടോ ആയിരുന്നില്ല. കയറാൻ തോന്നി, കയറി. പാവഞ്ചിയിലൊക്കെ ഒറ്റയ്ക്കു് പോകുമ്പോൾ ഒന്നും വച്ചുണ്ടാക്കരുതു് എന്നു തീരുമാനിച്ചിരുന്നു. പച്ചമീനും പച്ചവെള്ളവും മാത്രമായി മാസങ്ങൾ കഴിയണം എന്നായിരുന്നു മോഹം. വച്ചുണ്ടാകുന്ന സമയം ഉണ്ടെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാനുള്ള ആയുസ് ഇരട്ടിയായി കിട്ടും. മലയാളനാട്ടിലെ പെണ്ണുങ്ങളെല്ലാം ചേർന്നു് ഒരു വർഷം അടുക്കളയിൽ കഴിയുന്ന സമയമുണ്ടെങ്കിൽ ഗാമക്കപ്പൽ [2] വന്ന ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിയാറു് മുതൽ അഭിലാഷ് ടോമി [3] യുടെ പാവഞ്ചി അങ്ങോട്ടുപോയ ഇക്കാലം വരെ നടന്നെത്താം.

അന്നു് കപ്പയുടെ ഊഴമായിരുന്നു. മുപ്പത്തിയാറു പേരാണു് കണക്കിലുള്ളതു്. നാലു പേർക്കു കൂടി കൂടുതൽ ഉണ്ടാക്കുന്നതാണു് രീതി. ആരെങ്കിലും വന്നാൽ ഇല്ലെന്നു പറയരുതു്. കൂടുതലായാൽ ഒരിക്കലും കളയേണ്ടി വരാറില്ല. രാവിലെ എട്ടുമണിയോടെ കഴിക്കുന്ന വല്യമ്മച്ചിമാരിൽ ആരെങ്കിലും പതിനൊന്നുമണിയോടെ വന്നു് ഉരുളിയുടെ മൂടിമാറ്റി നോക്കും. ബാക്കിയുണ്ടെങ്കിൽ കഴിക്കും. രാവിലത്തെ പലഹാരം മാത്രമല്ല, ഉച്ചയ്ക്കു വയ്ക്കുന്ന ചോറ് ബാക്കിയുണ്ടെങ്കിൽ വൈകിട്ടു നാലുമണിക്കു വന്നു് കോരിയിട്ടു കഴിക്കാൻ മടിയില്ലാത്തവരുമുണ്ടു്.

ഫിലോമിന സിസ്റ്ററുടെ ബജറ്റ് വെട്ടൽ കഴിഞ്ഞു ബാക്കി വന്ന ഉള്ളി എടുത്തു് കൂമ്പും ചുവടും വെട്ടി പുറന്തൊലി പൊളിച്ചു് ഞാൻ അരിയാൻ ഒരുക്കി. ഉള്ളി പകുതി പോയതോടെ വീര്യം കുറയുമെന്നു തോന്നി നോക്കുമ്പോൾ അപ്പുറത്തു് രണ്ടു സവാള. ഇന്നലെ എടുത്തതിൽനിന്നു് സിസ്റ്റർ പിടിച്ചുവച്ചതായിരിക്കും. അതു പതുക്കെ ചൂണ്ടി. ക്ലാര സിസ്റ്റർ ആ മോഷണം കണ്ടു ചിരിച്ചു.

സവാള നടുകെ പിളർന്നു് ഓരോ പിളർപ്പിലും നാലു കുറെകെ വെട്ടു കഴിഞ്ഞു് കൂട്ടിപ്പിടിച്ചു. എനിക്കൊരിക്കലും കടകടകടാ… എന്നു ശബ്ദം കേൾപ്പിച്ചു് സവാള അരിയാൻ കഴിഞ്ഞിട്ടില്ല. സന്ധ്യ സിസ്റ്റർ അക്കാര്യത്തിൽ ബാൻഡ് മാസ്റ്ററാണു്. മുപ്പതു സെക്കൻഡിൽ അറുപതു തവണ കത്തി പലകയിൽ വീഴുന്ന ശബ്ദം കേൾക്കും എന്നു തോന്നുമാറു് അരിച്ചിൽ കഴിയും. സദ്യപ്പുരകളിൽ പോയപ്പോൾ ബിരിയാണിക്കു സവാള അരിയുന്നവരെ കണ്ടുനിന്നിട്ടുണ്ടു്. ഒരുപാടു തവണയൊന്നുമില്ല. പന്ത്രണ്ടാം ക്ളാസുവരെയുള്ള ഇക്കാലത്തിനിടയ്ക്കു് ഞാൻ മൂന്നു കല്യാണമേ കൂടിയിട്ടുള്ളു. ഒന്നു് ജൂവലിന്റെ ചേച്ചിയുടെ. ജുവലിനേക്കാൾ എട്ടുവയസ്സു കൂടുതലുണ്ടു് ചേച്ചിക്കു്. തലേന്നു രാത്രിയിൽ ഞാനും നന്ദിനിയും കൂടി ആ വീട്ടിൽ പോയി സവാളയും ഇറച്ചിയും അരിയുന്നവരെ കണ്ടു നിന്നു. പിന്നൊരു കല്യാണം മാഗി ടീച്ചറുടെ മകളുടേതായിരുന്നു. മൂന്നാമത്തേതു് അഫ്സലിന്റെ പെങ്ങളുടെ. അഫ്സലും പെങ്ങളും ഇരട്ടകളാണു്. നിക്കാഹിനു് മട്ടൻ ബിരിയാണിയായിരുന്നു. അന്നു് അഞ്ചുചാക്കു് സവാളയാണു് അരിഞ്ഞതു്. അതു് അരിയുന്നവരുടെ വേഗംകണ്ടു കണ്ണുമഞ്ഞളിച്ചു.

സദ്യക്കു തേങ്ങചുരണ്ടുന്നതിനെക്കുറിച്ചു നന്ദിനി പറഞ്ഞിട്ടുണ്ടു്. ഇരുപതു ചിരവ നിരത്തിയിട്ടു് അഞ്ഞൂറു തേങ്ങയൊക്കെ ചുരണ്ടും. പ്രഥമനു് പാലു് പിഴിയാനും കിച്ചടിക്കും അവിയലിനും കാളനും എരിശ്ശേരിക്കും ചേർക്കാനുമാണു് അത്രയും നാളികേരം. മഠത്തിൽ ഒരു തേങ്ങ പൊതിച്ചാൽ ഒരു മുറിയുടെ പകുതി മാത്രം ചുരണ്ടിയെടുത്തു് ഉച്ചയ്ക്കുള്ള തോരനു മുകളിൽ വിതറുന്നതാണു് ഏക ഉപയോഗം. തേങ്ങയരച്ചു കൂട്ടാൻവയ്പ്പൊക്കെ കുറവാണു്. മീൻകറിക്കുപോലും തേങ്ങയരച്ചു ചേർക്കുകയൊന്നും വേണ്ടെന്നു് ഫിലോമിന സിസ്റ്റർ പറയും. കുടംപുളിയിട്ടു് മുളകും മഞ്ഞളും മസാലയും ചേർത്തു വഴറ്റിയെടുക്കുന്നതാണു് അവിടെ മീൻകറി.

സവാളയ്ക്കു പിന്നാലെ പച്ചമുളകു് പത്തൊൻപതെണ്ണം വട്ടത്തിൽ അരിഞ്ഞു. ഞാനാദ്യമായിട്ടു് ഒറ്റയ്ക്കു വയ്ക്കുന്ന കപ്പയാണു്. നമ്മുടെ ഇന്നത്തെ വിധി എന്നു പറഞ്ഞു് അന്നമ്മച്ചേടത്തി താടിക്കു കൈകൊടുത്തു് പടിയിൽ ഇരുന്നു. സിസ്റ്റർ സന്ധ്യവന്നു നോക്കി ഗൂഢമായി ചിരിച്ചു പോയി.

കറിവേപ്പില ഉതിർത്തു കൂട്ടിയിട്ടു. നാൽപ്പതുപേർക്കു പത്തു കിലോ കപ്പയാണു് മഠത്തിലെ കണക്കു്. ഒരു കിലോയ്ക്കു ചെണ്ടപുഴുങ്ങിയാൽ നാലുപേരു് കഴിക്കും. ചെണ്ടക്കപ്പ എന്നു പറയുന്നതു് ചെണ്ടപോലെ വട്ടത്തിൽ അരിയുന്നതാണു്. ഒരു നീളൻ കപ്പയിൽ നിന്നു് ഒരു വിരൽ നീളത്തിൽ മൂന്നോ നാലോ കിട്ടും. തിളച്ചുവന്നാൽ വെള്ളം ഊറ്റി ഉള്ളിച്ചമ്മന്തി കൂട്ടി കഴിച്ചാൽ മതി. ഞാൻ കപ്പയിൽ പരീക്ഷണത്തിനുള്ള ഒരുക്കമായിരുന്നു. രാവിലെ തന്നെ അമ്മയും അന്നമ്മച്ചേടത്തിയും കൂടി കപ്പ തൊണ്ടുകളഞ്ഞു കൊത്തിയരിഞ്ഞു വച്ചിരുന്നു. അതു ഞാൻ ഇന്നലെ ചട്ടംകെട്ടിയതാണു്. രാവിലെ അതു തിളച്ചു നാലുമിനിറ്റു കഴിഞ്ഞപ്പോഴേക്കും തന്നെ വെന്തമണം വന്നു. മഠത്തിലെ പടിഞ്ഞാറെ പറമ്പിൽ നട്ട ആമ്പക്കാടനാണു്. നല്ല നൂറുള്ള ഇനം. വെള്ളം തിളച്ചാൽ വേവുമെന്നാണു് അന്നമ്മച്ചേടത്തിയുടെ ഇത്തിരി തള്ളു കൂട്ടിയ പ്രയോഗം. എന്തായാലും തിളച്ചു് അഞ്ചുമിനിറ്റുകൊണ്ടു് കയ്യിലെടുത്തു് ഉടച്ചപ്പോൾ തന്നെ പൊടിയായി. കപ്പയുടെ വെള്ളമൂറ്റി. ഒന്നുകൂടി തണുത്തവെള്ളമൊഴിച്ചു കഴുകി. അതു് മഠത്തിലെ രീതിയാണു്. കപ്പയിലെ കട്ടു് ചിലപ്പോൾ വിഷമാകും. സയനൈഡാകുമെന്നാണു് അന്നമ്മ ചേടത്തി പറയാറ്. ഏതായാലും ആ കട്ടു് വയറിനു നല്ലതല്ല. രണ്ടു തവണ തിളച്ച വെള്ളമൊഴിച്ചു കഴുകിയാൽ കേടുപോകും.

വലിയ ഉരുളി ഞാൻ അമ്മയെയും കൂട്ടിയാണു് അടുപ്പിൽ കയറ്റിയതു്. മഠത്തിൽ ഓട്ടുരുളി ഒന്നുമില്ല. എല്ലാം അലുമിനിയമാണു്. കടുകുപൊട്ടിവന്നപ്പോൾ ഫിലോമിന സിസ്റ്റർ കാണാതെ ഭരണിയിൽ നിന്നു് എടുത്ത ഒരുപിടി ഉഴുന്നുപരിപ്പു്. അത്ര തന്നെ കുത്തരിയും. അരി വീർത്തു് ആദ്യം വെള്ളനിറവും പിന്നെ മഞ്ഞനിറവും. ഉഴുന്നു മൂത്തു നേരിയചുവപ്പുമായപ്പോൾ വറ്റൽമുളകു് മുറിച്ചതു്, പച്ചമുളകു്, പിന്നെ സവാളയും ഉള്ളിയും. ഉപ്പു് മേലേ വിതറി. അതു് അന്നമ്മച്ചേടത്തിയുടെ സൂത്രമാണു്. വെള്ളത്തിലല്ല സവാളയിലാണു് ഉപ്പിടേണ്ടതു് എന്നു ചേടത്തി പറയും. ഉപ്പിട്ടുവഴറ്റിയാൽ സവാളയ്ക്കു് പെട്ടെന്നു് മയം വരും. മഞ്ഞൾപ്പൊടി കൂടി മുകളിൽ വിതറി.

ഉള്ളിയുടെ നിറം മാറിത്തുടങ്ങിയതോടെ തീ താഴ്ത്തി കപ്പ പകർന്നു. മഠത്തിലെ വലിയ കണ്ണാപ്പ തന്നെ കഴുകിയെടുത്തു വച്ചിരുന്നു. ഇരുമ്പിന്റെ കണ്ണാപ്പ മീൻ വറത്തുകോരാൻ എന്ന പേരിൽ വാങ്ങിവച്ചിരുന്നതാണു്. പത്തുനാൽപ്പതുപേർക്കു മീൻവറുത്തെടുക്കാനുള്ള വകയൊന്നും ഇല്ലാത്തതുകൊണ്ടു് എന്നും മീൻകറി തന്നെയായിരുന്നു. പിന്നെ എടുക്കുന്നതു് വല്ലപ്പോഴും പപ്പടം കാച്ചുമ്പോഴാണു്. പപ്പടം ഒരവശ്യവസ്തുവായി മഠത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. ഉപ്പേരിവറവൊന്നും തീരെ ഇല്ലാത്തതുകൊണ്ടു് ആ വഴിക്കും വേണ്ടിവന്നിട്ടില്ല. കണ്ണാപ്പ അമർന്നതോടെ കപ്പ വെണ്ണീറുപോലെ പൊടിഞ്ഞു. ചില കപ്പ നല്ല പേശീപിടിത്തമായിരിക്കും. ഇങ്ങനെ പൊടിയില്ല. ഇതുഭാഗ്യം കിട്ടിയ ഇനമാണു്. പൊടിഞ്ഞമർന്ന കപ്പയിൽ ഉള്ളിയും മുളകും വറുത്ത അരിയും ഉഴുന്നും ഒട്ടിപ്പിടിച്ചു. ഇളക്കിമറിച്ചു് അടയ്ക്കാൻ നേരത്തു് അന്നമ്മച്ചേടത്തിവന്നു. ഞാൻ കണ്ണിറുക്കി കാണിച്ചു.

രണ്ടു തേങ്ങ ചുരണ്ടിയതു മുറത്തിൽ ഞാൻ അടച്ചുവച്ചിരുന്നു. സിസ്റ്റർ സന്ധ്യയോടു് അനുമതി വാങ്ങി അമ്മയെക്കൊണ്ടു ചുരണ്ടിച്ചതാണു്. കപ്പയുടെ മുകളിൽ തേങ്ങ പൊത്തി. നാലുവശത്തുനിന്നു കപ്പകൊണ്ടുതന്നെ പൊതിയിട്ടു. വലിയ അലുമിനിയം പ്ലേറ്റുകൊണ്ടു് അടച്ചു. മൂന്നുമിനിറ്റ് കഴിഞ്ഞു് അടപ്പുമാറ്റി ഇളക്കിയെടുത്ത കപ്പ ഒരു സ്റ്റീൽ പാത്രത്തിലേക്കു പകർന്നു. കോപ്പപോലുള്ള ആ ചെറിയ പാത്രം മീൻകറി വിളമ്പാൻ എടുക്കുന്നതാണു്. ഓരോരുത്തർക്കും ഓരോ കൂന. അതിനു മുകളിൽ ഒരു ഉണക്കമുളകു വറുത്തതു് കുത്തി നിർത്തി. പിന്നെ വലിയൊരു ചെരുവത്തിൽ ഇന്നലത്തെ ബാക്കിയിരുന്ന മീൻകറിയിൽ വെള്ളമൊഴിച്ചു തിളപ്പിച്ചതും വച്ചു.

ചെണ്ടക്കപ്പയും പുഴുക്കും മാത്രം തിന്നിട്ടുള്ളവർക്കു് ഇടിച്ചുകുത്തി കപ്പ പുതുമയായിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോൾ സിസ്റ്റർ സന്ധ്യ പറഞ്ഞു: മനുഷ്യനു് ഇത്രയും സന്തോഷമൊക്കെയേ പറഞ്ഞിട്ടുള്ളു. എന്നുമുണ്ടാകുന്നതിൽ നിന്നു് ഒന്നുമാറ്റിയാൽ തന്നെ അന്നേരത്തെ സന്തോഷമായി.

അന്നമ്മച്ചേടത്തി പതിവുപോലെ എടുത്തടിച്ചു: ‘കപ്പ പൊടിച്ചുവച്ചിട്ടു വിളമ്പുന്നതിനല്ല പുതുമയെന്നു പറയുന്നതെന്റെ സിസ്റ്ററേ. രാവിലെ ഉപ്പുമാവു തിന്നോണ്ടിരിക്കുന്നവർക്കു് നല്ല പാലപ്പോം ചിക്കൻ ഇഷ്ടുവും കൊടുക്കണം. കപ്പതിന്നുന്നോർക്കു് മോളിലൊരു കിണ്ണം ഇറച്ചി വരട്ടിയിട്ടു കൊടുക്കണം. ഉച്ചയ്ക്കെന്നും ചോറും നാലെടങ്ങഴി വെള്ളത്തിൽ നാലു മീനും നാരങ്ങാവലിപ്പത്തിലെ പുളിയുമിട്ടു തിളപ്പിച്ച മുളകുവെള്ളമൊഴിച്ചു മീൻചാറാണെന്നു പറഞ്ഞു് ഒഴിച്ചുകൊടുക്കണ പണിനിർത്തണം. എന്നിട്ടു മട്ടൻ ബിരിയാണി കൊടുക്കണം. നാലുമണിക്കു കട്ടൻകാപ്പിയും വായുവും നിർത്തി ഒരു പാൽച്ചായേം കുഴലപ്പോം. രാത്രി ചപ്പാത്തിക്കൊപ്പം ചിക്കൻപെരട്ടു്. അതിനുള്ള പാങ്ങുണ്ടാകാതെ കണ്ണാപ്പകൊണ്ടു കുത്തിയുടച്ചതു പുതുമയാന്നു പറഞ്ഞാൽ ഗതികേടുകൊണ്ടു് കയ്യടിക്കാമെന്നല്ലാതെ എന്നാ പറയാനാ’. ഇത്രയും പറഞ്ഞു ശ്വാസം കിട്ടാതെ ഒരു പ്രയോഗം കൂടി. ‘അല്ല പിന്നെ…’

സിസ്റ്റർ സന്ധ്യ ചിരിക്കുകയാണു് ചെയ്തതു്. ഫിലോമിന സിസ്റ്റർ വലിയ ഗൗരവത്തിലാണു്. മഠത്തിലെ നടത്തിപ്പിനെക്കുറിച്ചു് ആരെന്തുപറഞ്ഞാലും അതെല്ലാം തന്നെ ആക്രമിക്കാനാണു് എന്നൊരു തോന്നൽ ഫിലോമിന സിസ്റ്റർക്കു പണ്ടേയുണ്ടു്. എത്ര കുത്തിനോവിച്ചാലും പ്രോവിൻഷ്യലിൽ നിന്നുള്ള കണക്കു തെറ്റിച്ചു് ഒരു വിഭവം പോലും കൂട്ടാൻ സിസ്റ്റർ സമ്മതിക്കാറുമില്ല.

അച്ഛൻ കാശുതരാത്ത മാസങ്ങളിലും അമ്മ അടുക്കള കൊണ്ടുനടന്നതാണു് സുശീല ഓർത്തതു്.

റേഷൻ അരിയല്ലാതെ മറ്റൊന്നും ഇല്ലാത്തദിവസം അമ്മ പിച്ചാത്തിയെടുത്തു് ഒരിറക്കുമുണ്ടു്. സ്വന്തം പറമ്പൊന്നുമില്ല. ആകെയുള്ളതു് ആറര സെന്റാണു്. അതില് വീടും ആട്ടിൻകൂടും കോഴിക്കൂടും തൊഴുത്തും കുത്തിനിറച്ചിരിക്കുകയാണു്. തെക്കു കിഴക്കേ മൂലയ്ക്കു് ചിതയൊരുക്കാനാണെന്നു പറഞ്ഞു് അച്ഛൻ മാറ്റിയിട്ട നാലു കോൽ സ്ഥലത്തു് രണ്ടു മൂടു് കാച്ചിലും നാലു ചേനയും കുഴിച്ചുവയ്ക്കും. ചിലപ്പോൾ പത്തുപന്ത്രണ്ടു് ഇഞ്ചിക്കായി ഒരു മുറത്തിന്റെ വലിപ്പത്തിലൊരു കണ്ടവും. അവിടെ തന്നെയാണു് രണ്ടു കാന്താരിച്ചീനിയും നിൽക്കുന്നതു്. സ്വന്തം പറമ്പീന്നു് വേറൊന്നും കിട്ടാനില്ല.

പടിഞ്ഞാറ്റേക്കാരുടെ പറമ്പീന്നു് പുല്ലു് വെട്ടിക്കോളാൻ പറഞ്ഞിട്ടുണ്ടു്. അവിടെ നിറയെ ചേമ്പും തകരയുമുണ്ടു്. ചേമ്പു് നട്ടുവളർത്തുന്നതൊന്നുമല്ല. അവർക്കതിനു നേരവും ഇല്ല. നാൽപ്പതാംപൊക്കം തേങ്ങയിടീക്കാൻ വരുന്നതല്ലാതെ വേറെ നോട്ടമൊന്നും പറമ്പിലില്ല. ചേമ്പൊക്കെ കണക്കു വീണു മുളയ്ക്കുന്നതാണു്. അമ്മ ചെന്നു് ചേമ്പിൻതണ്ടും തകരയും മുറിച്ചു കൊണ്ടു് വരും. അരിയാൻ ഇരിക്കും മുൻപു് അരികഴുകി അടുപ്പത്തെ കലത്തിലിടും. അന്നത്തെ ദിവസം രാവിലെ വേറെ പലഹാരമില്ല. രാവിലെയും ഉച്ചയും കൂടി ചേർത്തുള്ള കഴിപ്പാണു്. അങ്ങനെയുള്ള ദിവസവും വലിയ വിശപ്പൊന്നും തോന്നാറില്ല. ഭക്ഷണം ഒന്നിച്ചാണെന്നു മനസ്സിലായാൽ ഞാനും അമ്പിളിയും നേരത്തെ കുളിക്കാൻ പോകും. തിരിച്ചുവരുമ്പോഴേക്കു് അമ്മ വയ്പു കഴിഞ്ഞിട്ടുണ്ടാകും.

അമ്മയ്ക്കു താള് അരിയാൻ നല്ല വഴക്കമാണു്. ഞാൻ തൊട്ടാൽ ചൊറിയും. അമ്മ വിരൽനീളത്തിൽ അരിഞ്ഞു് വെള്ളത്തിലിടും. പിന്നെ വാരിയെടുത്തു് അവിയൽ കഷണം പോലെ അരിഞ്ഞുകൂട്ടും. ഒന്നുകൂടി കഴുകിവാരി മഞ്ഞളും പച്ചമുളകു ചതച്ചതും കല്ലുപ്പും ഇട്ടു നികക്കെ വെള്ളവും ഒഴിച്ചു കൽച്ചട്ടിയിൽ കനലിലേക്കു വയ്ക്കും. വടിപോലെ നിൽക്കുന്ന താളിൻതണ്ടു് പെട്ടെന്നു് വഴവഴാന്നാകും. അതിലേക്കു് അരമുറിത്തേങ്ങയുടെ പകുതിയരച്ചതു ചേർത്തിളക്കി വാളൻപുളി പിഴിഞ്ഞൊഴിക്കും. കടുകും കറിവേപ്പിലയും വറത്തിടാൻ വെളിച്ചെണ്ണ ഇല്ലാത്ത ദിവസങ്ങളും ഉണ്ടായിട്ടുണ്ടു്. തകര കുനുകുനെ അരിഞ്ഞു് കഴുകിവാരി മൺചട്ടിയിൽ അടച്ചുവയ്ക്കും. രണ്ടു കനലു മാത്രമേ അടുപ്പിൽ അപ്പോൾ ഉണ്ടാകൂ. താളുകറിക്കു് എടുത്തു ബാക്കി വന്ന അരമുറി നാളികേരത്തിന്റെ പകുതി തകരവാടിവരുമ്പോൾ മുകളിൽ പൊത്തിവയ്ക്കും. അഞ്ചുമിനിറ്റേ വേണ്ടൂ. റേഷൻ കിട്ടിയ അരിയും ആരാന്റെ താളും പശുതിന്നാതെ നിർത്തുന്ന തകരയും ഉണ്ടെങ്കിൽ മൂന്നുനേരമായി.

അച്ഛൻ പരിസരത്തുപോലും വരാതിരുന്ന ഒരു ഇടവം–മിഥുനത്തിലാണു്. പറമ്പില് ഒരു മൂടു് കപ്പബാക്കിയുണ്ടു്. അമ്മ തൂമ്പയുമായി അതിന്റെ ചുവട്ടിലേക്കു നടന്നു. പന്ത്രണ്ടു കമ്പു കുത്തിയിതിൽ ബാക്കിയുണ്ടായിരുന്നതാണു്. മൂന്നുനേരവും കഞ്ഞിയോ ചോറോ ആയിരുന്നതുകൊണ്ടു് ആ ആഴ്ചയിലേ റേഷൻ നേരത്തെ കഴിഞ്ഞു. ഇനിയും മൂന്നുദിവസം കൂടിയുണ്ടു് ആഴ്ച മാറാൻ. അമ്മ ആദ്യം മൂട്ടിലെ കാടു് പറിക്കുകയായിരുന്നു. ഒരു ചൊറിയണ്ണവും വന്നു കൂടിയിട്ടുണ്ടു്. അമ്മയുടെ കൈചൊറിഞ്ഞെന്നു മനസ്സിലായി. അമ്മ അരിവാളിന്റെ തലകൊണ്ടുവരെ ചൊറിയുന്നുണ്ടു്. അപ്പോഴാണു് ഇടവഴീന്നു് കുന്നത്തമ്മ കയറി വരുന്നതു്. തലയിൽ ഒരു തുണിസഞ്ചിയുണ്ടു്. അതു് ഇറയത്തുവച്ചിട്ടു തിരിഞ്ഞു നടന്നു. അമ്മയും ഞങ്ങളും മിണ്ടാട്ടമില്ലാതെ നിൽക്കുകയാണു്.

‘ഇന്നലേം ഇന്നും ഭവാനി നാലുവട്ടം ഈ കപ്പേടെ മൂട്ടില് നടക്കണതു കണ്ടാൽ കാര്യം തിരിയും. എടുത്തു കഞ്ഞിവയ്ക്കാൻ നോക്കു്…’

ആനക്കാരന്റെ വീട്ടില് പട്ടിണിവന്നെന്നു പറഞ്ഞാൽ നാട്ടിലാരും വിശ്വസിക്കത്തില്ല. പക്ഷേ, കുന്നത്തമ്മ അറിഞ്ഞു. അച്ഛൻ വന്നപ്പോൾ അമ്മ ഇക്കാര്യം പറഞ്ഞു. അച്ഛനിലെ അഭിമാനി ഉണർന്നു. എന്റെ ഭാര്യേം പിള്ളേരേം നോക്കാനെനിക്കറിയാം, കണ്ടവന്റെ കൂടെക്കിടക്കുന്നോളുടെ എരന്നുവാങ്ങേണ്ട ഗതികേടു് ഇവിടെ ഉണ്ടായിട്ടില്ല എന്നു പറഞ്ഞു മുച്ചൂടും ചീത്ത തുടങ്ങി. ഇപ്പോൾ തന്നെ അരികൊടുത്തു കണക്കും തീർത്തിട്ടുവന്നാൽ മതിയെന്നു് അമ്മയ്ക്കു തിട്ടൂരം. അമ്മ എങ്ങും പോയില്ല. ആ ഉമ്മറത്തു് കുത്തിയിരുന്നു. അച്ഛൻ രാത്രി പകുതി കഴിയും വരെ പുളിച്ചതെറിതന്ന പറയുകയും നിരവധി ബീഡിക്കെട്ടുകൾ വലിച്ചു തള്ളുകയും ചെയ്തു.

രാവിലെ അച്ഛൻ മുറ്റത്തു നിൽക്കുമ്പോഴാണു് ഇടത്തൊണ്ടിൽ കൂടി കുന്നത്തമ്മ വരുന്നതു്. തലയിലൊരു ചക്കയുണ്ടു്. അച്ഛൻ ഇപ്പോൾ പൊട്ടിത്തെറിക്കുമെന്നു് ഞങ്ങൾക്കു തോന്നി. അച്ഛൻ ഒന്നും മിണ്ടാതെ അകത്തുപോയി. കയ്യിൽ പൈസയുമായാണു് വരവു്. കുന്നത്തമ്മ ചക്ക തരാൻ വന്നതായിരുന്നു. അതു് ഇറയത്തു വച്ചു തിരിയുമ്പോഴാണു് അച്ഛൻ കാശുമായി നിൽക്കുന്നതു്. കുന്നത്തമ്മ മുറ്റത്തേക്കു് ഒറ്റത്തുപ്പായിരുന്നു.

‘നീ വന്നു കയ്യിലൊന്നുമില്ല, സമ്മതിക്കണമെന്നു പറഞ്ഞു കെഞ്ചി എന്റെ മോളിൽക്കേറി നിരങ്ങിയപ്പോ മകനാകാനുള്ള പ്രായമല്ലേയുള്ളൂന്നു വച്ചു് ഞാൻ ചോദിച്ചിട്ടില്ല കാശ്. പിന്നെയാ ഇപ്പമിനി. സ്വന്തം പിള്ളേരേ വളർത്താനെങ്കിലും പഠിക്കെടാ പട്ടിപ്പാപ്പാനേ…’

അമ്മയും ഞങ്ങളും അതുകേട്ടു. കുന്നത്തമ്മ നടന്നു് തൊണ്ടുതീരും മുൻപു് അച്ഛൻ തോട്ടിയും വടിയുമെടുത്തു് സഞ്ചിയും കയ്യിൽ തൂക്കി ഒരു പോക്കുപോയി. പിന്നെ നാലു മാസം കഴിഞ്ഞാണു് വന്നതു്.

ഒരേ ഭക്ഷണം കൊടുത്താൽ തീരുന്നതല്ല ലോകത്തിന്റെ പ്രശ്നം. അങ്ങനെ തീരുമായിരുന്നെങ്കിൽ ചിക്കൻ റോളും അടപ്രഥമനും കൊടുത്താൽ ബലാൽസംഗികളൊക്കെ എന്നേ നന്നാകുമായിരുന്നെന്നു് നന്ദിനി പോകുന്നതിനു മുൻപുള്ള ദിവസങ്ങളിലൊന്നിൽ പറഞ്ഞിരുന്നു.

നല്ല ഭൂസ്വത്തുണ്ടായിരുന്നു നന്ദിനിയുടെ അമ്മാവനു്. തൊഴുത്തിൽ പതിനാലു പശുവുണ്ടു്. നന്ദിനി നാലാം ക്ളാസിലെ അവധിക്കു ചെല്ലുമ്പോൾ പശുവിന്റെ കാര്യം നോക്കാൻ മാത്രം മൂന്നു പണിക്കാരുണ്ടു്. നാൽപതാം ദിവസം ഇടുന്ന തേങ്ങയുടെ ചകിരിവിറ്റാൽ തന്നെ അഞ്ചുപവൻ മേടിക്കാമെന്നു് അമ്മായി പൊങ്ങച്ചം പറയാറുണ്ടു്. അത്രയ്ക്കുണ്ടു് പറമ്പിന്റെ വലിപ്പം. അമ്മാവനും അമ്മായിയും മകനും മാത്രമാണു് ആ വലിയ വീട്ടിൽ. വീടെന്നൊക്കെ പറഞ്ഞാൽ സ്കൂളിൽ പോകുന്നതുപോലെയാണു്. ‘അമ്മാവന്റെ പുന്നാര വായോ…’ എന്നു പറഞ്ഞാണു് നന്ദിനിയെ എടുത്തുകൊണ്ടു തട്ടിൻപുറത്തേക്കു പോയതു്. അവിടെ ഒരു വശം മുഴുവൻ തേങ്ങ തൊണ്ടുകളയാത്തതു് കൂട്ടിയിട്ടിരിക്കുകയാണു്. മറ്റേയറ്റത്തു് അമ്മാവന്റെ ചാരുകസേരയും ഒരു കിടക്കയും. തട്ടിൽ കയറിയപ്പോൾ തന്നെ കോണിയിൽ നിന്നുള്ള വാതില് അമ്മാവൻ അടച്ചു. നന്ദിനിയെ കിടക്കയിൽ നിർത്തി. മോൾക്കു് ഉഷ്ണിക്കുന്നുണ്ടോ എന്നു ചോദ്യം. നന്ദിനി ഇല്ലെന്നു പറഞ്ഞു. വിയർക്കാതിരിക്കും സൂര്യൻ തൊട്ടുമുകളിലാണു് എന്നു് പറഞ്ഞു് അമ്മവാൻ ഉടുപ്പിന്റെ കൊളുത്തിൽ കൈവച്ചു.

അതു് ഒരു തവണ മാത്രമായിരുന്നില്ല. ആ അവധിക്കാലം മുഴുവൻ പലവട്ടം അമ്മാവൻ തട്ടിൻപുറത്തുകയറ്റി.

കാശില്ലാത്തവർക്കും ജാതിയിൽ താഴ്‌ന്നവർക്കും ക്വട്ടേഷൻ കിട്ടിയതല്ല ബലാൽസംഗമെന്നു് പറഞ്ഞു് നന്ദിനി സൈക്കിളിന്റെ സീറ്റിൽ അന്നു് ശക്തിയോടെ ഇടിച്ചു. ‘വഷളന്മാർ കൂടുതൽ തട്ടുള്ള വീടുകളിലാണു്. സ്വന്തം മച്ചിൻപുറത്തു കാണിച്ചുകൂട്ടുന്നതു പോരാഞ്ഞിട്ടു് പാവങ്ങളുടെ പുരപൊക്കാനും ഇറങ്ങും.’

അമ്മാവൻ ചെയ്തതെന്താണെന്നറിഞ്ഞതു പതിനാലാം വയസ്സിൽ ആ ബാങ്ക് മാനേജരുടെ വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണു്. അയാളോടായിരുന്നില്ല ദേഷ്യം. അവിടെ കൊണ്ടാക്കിയ സ്വന്തം അച്ഛനോടായിരുന്നു.

നന്ദിനിയുടെ അറിവോടെയും സമ്മതത്തോടെയും അവിടെ കൊണ്ടുചെന്നാക്കിയെന്നു വാദിച്ച ബാങ്ക് മാനേജരുടെ വക്കീലിനു നേരേ സിസ്റ്റർ സന്ധ്യയാണു് ചെരുപ്പൂരിയെറിഞ്ഞതു്. ആ ഒറ്റയേറിൽ കേസിന്റെ വാദം കഴിഞ്ഞു. പിന്നെ പ്രതിഭാഗം വക്കീൽ മിണ്ടിയതേയില്ല. മാനേജർക്കൊപ്പം വിധികേട്ടു് ഇറങ്ങി ജയിലിലേക്കു പോയ അച്ഛനു് നോക്കാനുള്ള ധൈര്യം ഉണ്ടായില്ല. ബാങ്ക് മാനേജർ ദയനീയമായി നോക്കി. ആ നോട്ടത്തിൽ നന്ദിനിക്കു് ഓക്കാനം വരികയും ഒരുകവിൾ ച്ഛർദ്ദിൽ പുറത്തുപോവുകയും ചെയ്തു. അയാൾ ചെയ്തതിന്റെ അറപ്പു് ആ നിമിഷമാണു് നന്ദിനിയിലേക്കു പെരുത്തുകയറിയതു്. അവളന്നു മുഴുവൻ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല.

കുറിപ്പുകൾ
[1]

വിശുദ്ധ തോമാശ്ലീഹയുടെ ഓർമ്മത്തിരുനാൾ. ജൂലൈ മൂന്നു്.

[2]

വാസ്കോ ഡ ഗാമ.

[3]

പാവഞ്ചിയിൽ ലോകം ചുറ്റിയ മലയാളി കമാൻഡർ അഭിലാഷ് ടോമി.

സ്രാവ്

വേഗം കൂട്ടി നടക്കുമ്പോൾ ഋദ്ധി തേക്കിൻ ചുവട്ടിൽ നിന്നു പറന്നുപോകുന്ന കൊഴിഞ്ഞ ഇലയാകും.

കാറ്റടിക്കുമ്പോൾ തേക്കിന്റെ ചുവട്ടിൽ നിന്നു് ആദ്യം ചേർന്നുകിടക്കുന്ന പാടത്തേക്കു് ഒന്നു വീണു് അടുത്തകാറ്റിൽ തെറ്റിത്തെറിച്ചു് പിന്നെയും കുറച്ചു മാറി വീണു കഴിഞ്ഞാൽ ഒറ്റപ്പറക്കലാണു്. അങ്ങനെ പറന്നുപോകുന്ന തേക്കില അതിന്റെ സാമ്രാജ്യങ്ങളെല്ലാം മറികടക്കും. ചിലപ്പോൾ നഗരമധ്യത്തിലെ ഗാന്ധിപ്രതിമയുടെ തലയിൽ വന്നു് തലോടി താഴേക്കു വീഴും. തേക്കിലയ്ക്കു മാത്രമാണു് കാറ്റിൽ ഇങ്ങനെ ഇത്രദൂരം സഞ്ചരിക്കാനുള്ള പത്രശേഷി.

ഓരോദിവസവും സെയ്ന്റ് തോമസ് കോളജിൽ നിന്നു മഠത്തിലേക്കുള്ള വഴിയിലൂടെ ഒന്നോ രണ്ടോ അടിമാത്രമായിരിക്കും ഞാൻ നടക്കുക. ബാക്കി സമയത്തെല്ലാം പാറിപ്പറന്നു് മറ്റേതെങ്കിലും ദേശത്തെത്തി ഗാന്ധി, ബുദ്ധൻ, അംബേദ്കർ ശിൽപങ്ങളിലേക്കു ചെന്നു വീഴും. എപ്പോഴും അതു സമാധാന വഴിയിൽ ആയിരിക്കണമെന്നില്ല. തേക്കില്ലാത്ത നഗരത്തിൽ ഇല വരാൻ വേറെയുമുണ്ടു് വഴി. മാട്ടിറച്ചി പൊതിയാൻ അറവുകാർ കൊണ്ടുവരുന്ന തേക്കിലകളുണ്ടു്. ഹോട്ടലുകളും വീടുകളും വാഴനാരിന്റെ കെട്ടഴിച്ചു് ചവറ്റുകൊട്ടയിലേക്കിടുന്നവ പറന്നു മൃഗശാലയിൽ വന്നുവീഴും. പേടമാൻ ആ ഇലയിൽ രക്തമണമറിഞ്ഞു വിഷാദംകൊള്ളും. പുള്ളിപ്പുലി മത്തുപിടിപ്പിക്കുന്ന ഗന്ധത്തിന്റെ ഉറവിടം തേടി ഉന്മത്തനാകും.

നടപ്പു തുടങ്ങി നാലോ അഞ്ചോ ദിവസം കഴിഞ്ഞു. കാലുകൾ റോഡിലാണെങ്കിലും മനസ്സു് കടലിലാണു്. പെട്ടെന്നു് ഒരുപെൺകുട്ടി തോളിലെ ഷാൾ തലയിലേക്കു കയറ്റുകയും മുഖം പൂർണമായി മറച്ചു് രണ്ടു സ്ത്രീകളുടെ മധ്യത്തിലേക്കു തിക്കിത്തിരക്കി നിൽക്കുകയും ചെയ്തു. അവരെ കടന്നു നടന്നുപോകുമ്പോൾ ഒരു ഓട്ടോ വന്നു നിൽക്കുന്നു. ‘ഇന്നെവിടാണാവോ…’ എന്നു് ഓട്ടോ ഡൈവർ ചോദിക്കുന്നതു കേട്ടാണു് ആ ഷാൾ ഓർത്തെടുത്തതു്. മൂന്നാമത്തെ ബഞ്ചിൽ ഇരുന്നയാൾ. ഇതുവരെ മിണ്ടുകയോ ചിരിക്കുകയോ പോലും ചെയ്യാത്തയാൾ. നാൽപതുപേർമാത്രമുള്ള ക്ലാസിൽ ഇപ്പോഴും പേരു് അറിയാവുന്നതു് മൂന്നോ നാലോ പേരുടെയാണു്. സ്കൂളിലെപ്പോലെ പാറിപ്പറന്നു നടക്കാൻ തോന്നിയതേയില്ല. ഇംഗ്ലീഷ് സാഹിത്യം എന്റെ കോപ്പയിലെ കാപ്പിയല്ല എന്നൊരു തോന്നൽ ആദ്യദിവസം മുതൽ ഉണ്ടായിരുന്നു. പെട്ടെന്നു പറന്നുകൊണ്ടിരുന്ന കരിയിലയ്ക്കു ഭാരം കൂടി കുത്തനെ താഴേക്കു വീണതുപോലെ ഞാൻ നിലത്തെത്തി. ആ പെൺകുട്ടിയുടെ അപ്പുറവും ഇപ്പുറവും നിന്നവരിൽ ഒരാൾ ആ സ്ത്രീയാണു്. ഷീല. നന്ദിനിയുടെ വീട്ടിൽ അധികാരഭാവത്തിൽ വന്നു താമസിച്ചവൾ. അവളുടെ അച്ഛനിൽ നിന്നു പണംപിഴിഞ്ഞു വാങ്ങിയിരുന്നവൾ. പിന്നെ എനിക്കു വേഗം തീരെയില്ലാതായി. അവരുടെ ഫോട്ടോ എന്നെ പലവട്ടം നന്ദിനി കാണിച്ചിട്ടുണ്ടു്. മൂന്നരയ്ക്കു കോളജിൽ നിന്നിറങ്ങിയാൽ നാലരയ്ക്കു് എത്തിയിരുന്നതാണു് മഠത്തിൽ. അന്നു് മഠത്തിൽ കയറി അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേ ക്ലോക്കിൽ അഞ്ചുമണി അടിച്ചു.

പിറ്റേന്നു രാവിലെയുള്ള നടപ്പിൽ നല്ല വേഗമായിരുന്നു. അതു് ഭാരമില്ലാതെയുള്ള പതിവു് പറക്കൽ ആയിരുന്നില്ല. പെരുമഴ വരും മുൻപെന്നതുപോലെ കനംവച്ച നെഞ്ചുമായുള്ള പോക്കായിരുന്നു.

ഒൻപതരയ്ക്കാണു ക്ലാസ് തുടങ്ങുന്നതു്. ഒൻപതുമണികഴിഞ്ഞപ്പോഴേ അന്നു് കവാടത്തിലെത്തി. ഗേറ്റുകടന്നു് രണ്ടോ മൂന്നോ കുട്ടികൾ വീതം നടക്കുന്നുണ്ടു്. സാധാരണ ഒൻപതരയ്ക്കു വരുമ്പോഴുള്ള തിരക്കില്ല. ക്ലാസിൽ കയറി. അവൾ മാത്രം അവിടെയുണ്ടു്. പെട്ടെന്നു് എവിടെ നിന്നോ ഒരു ധൈര്യം എന്നിലേക്കു് ആവേശിച്ചു. ബാഗ് ഡെസ്കിലെറിഞ്ഞു് അവളുടെ അടുത്തു ചെന്നു. അവൾ തല ഉയർത്തി മെല്ലെ ചിരിച്ചു. അവളുടെ നോട്ടുബുക്കിൽ ഒരു സ്ത്രീ ചിത്രം പകുതിയായി ഇരിക്കുന്നു. പെൻസിൽ കയ്യിലുണ്ടു്.

“ഒരു ചായകുടിക്കാൻ കൂട്ടുവരാമോ?”

അവൾ:
“ഞാൻ കുടിച്ചു.”
ഞാൻ:
“അതല്ലേ, കൂട്ടുവരാമോ എന്നു ചോദിച്ചതു്.”

അവൾക്കു് എന്റെ നീക്കം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇടനാഴിയിൽ ദൂരെ ഒന്നോ രണ്ടോ കുട്ടികൾ മാത്രം. നാടകീയതയ്ക്കൊന്നും കാത്തുനിന്നില്ല.

ഞാൻ:
“ഷീലയെ എത്ര കാലമായി അറിയാം.”

അവൾ മിണ്ടിയില്ല.

ഞാൻ:
“ആരായിരുന്നു ഷീലയുടെ കൂടെ.”

അതിനും ഉത്തരമില്ല.

ഞാൻ:
“എനിക്കെങ്ങനെയാണു് ഷീലയെ അറിയാവുന്നതെന്നു ചോദിക്കാത്തതെന്താണു്.”

അവളൊന്നും പറയാതെ നടന്നു. ഞാൻ നോക്കി. അവളുടെ കണ്ണുനിറയുകയോ പരിഭ്രാന്തിയുണ്ടാവുകയോ ചെയ്തില്ല.

അവൾ:
“ഇന്നലെ ഞാൻ നിന്നെ കണ്ടിരുന്നു.”
ഞാൻ:
“ഞാൻ റിദ്ധി.”
അവൾ:
“സമര.”

ഞാൻ രണ്ടു ചായ പറഞ്ഞു. അവൾ വേണ്ടെന്നു പറഞ്ഞില്ല. ഞാനോ അവളോ അഞ്ചുമിനിറ്റായിട്ടും ചായയിൽ തൊട്ടില്ല. ചില്ലുഗ്ലാസിന്റെ വക്കിൽ വന്നിരുന്ന ഈച്ചയെ അവൾ കൈവീശി ആട്ടി. അതു പറന്നു് മേശയിൽ വീണുകിടന്ന ചമ്മന്തിത്തുള്ളിയിൽ ഇരുന്നു.

തിരികെ നടക്കുമ്പോൾ ഞാനോ അവളോ സംസാരിച്ചില്ല. ക്ളാസ് തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കാതിരിക്കാൻ പാടുപെട്ടു. ആംഗ്ലോ സാക്സൺ ചരിത്രം ഏഴാം നൂറ്റാണ്ടിലെ ക്രൈസ്തവീകരണത്തിൽ നിന്നാണു് നാരയണ വാര്യർ സർ തുടങ്ങുന്നതു്. അവിടെ നിന്നു മുന്നോട്ടും പിന്നോട്ടും പോവുകയാണു്. നോക്കരുതെന്നു കരുതി ഇരുന്നിട്ടും ആ സമയത്തു് ഉറക്കംതൂങ്ങുന്ന സമരയെ കണ്ടു. ഉച്ചയ്ക്കു് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവൾ ഒപ്പം വരുമോ എന്നു നോക്കി ഞാൻ നിന്നു. അവൾ നടന്നു് എന്റെ അടുത്തുവന്നു. ഞങ്ങൾ ഒന്നിച്ചു നടന്നു. ഞാൻ കൈകഴുകുമ്പോൾ അവൾ മൂത്രപ്പുരയിലേക്കു പോയി. എനിക്കിത്ര ദിവസമായിട്ടും കോളജിലെ മൂത്രപ്പുരയിൽ കയറിയാൽ മൂത്രം പോകില്ല. പതുക്കെ ശരിയാവുമായിരിക്കും.

അവൾ എന്റെ ഒപ്പം ഊണുകഴിക്കുന്ന ഹാളിലേക്കു വന്നു. ഞാൻ പാത്രത്തിന്റെ അടപ്പിലേക്കു് ആദ്യം ഒരു ചപ്പാത്തിയിട്ടു. പിന്നെ ഒരെണ്ണത്തിന്റെ പകുതിയും. അത്താഴത്തിനുണ്ടാക്കി ബാക്കിവന്ന മൂന്നു ചപ്പാത്തിയും ഇന്നലത്തെ മീൻചാറുമാണു് ഞാൻ കൊണ്ടുവന്നിരുന്നതു്. അവൾ എനിക്കുവേണ്ട എന്നോ, ഇത്രയും വേണ്ട എന്നോ പറഞ്ഞില്ല. പാത്രം കഴുകി വരുമ്പോൾ എവിടെയാണു് താമസമെന്നോ, വീടെവിടെയാണെന്നോ ചോദിക്കേണ്ടതായിരുന്നു. എനിക്കു് ഷീലയെ അറിയാമെന്നു് അവൾക്കു മനസ്സിലായതിനാൽ ഇനി ചോദ്യം ചെയ്യലുകൾ വേണ്ട എന്നു തീരുമാനിച്ചിരുന്നു.

വൈകിട്ടു് വഴിയിൽ ഇരുവശവും നോക്കിയാണു് നടന്നതു്. അവളെയോ ഷീലയേയോ കണ്ടില്ല. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാളെ ഇനി കണ്ടാൽ തിരിച്ചറിയാം എന്നു് ഉറപ്പുണ്ടായിരുന്നു.

പിറ്റേന്നു് അവൾ ഉച്ചയ്ക്കു ചോറുപാത്രവുമായി ഒപ്പം വന്നു. അതിൽ രണ്ടു ചിക്കൻ മുറികൾ ഉണ്ടായിരുന്നു. അതു തുറക്കുമ്പോഴേ ഞാൻ ഒരു പങ്കുവയ്ക്കൽ പ്രതീക്ഷിച്ചു. ചിക്കനെന്നല്ല ഒരു വിധപ്പെട്ട ഭക്ഷണങ്ങളൊന്നും കൊതിപിടിപ്പിക്കാത്തവണ്ണം ഞാൻ നിർവാണാവസ്ഥയിലേക്കു പോയിക്കൊണ്ടിരുന്ന സമയമാണു്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ സമയം മുതലാണു് എപ്പോഴും ഒരു ഭാരം ഉള്ളിൽ കയറിയതു്.

അവൾ:
“അമ്മ വച്ചതാണു്.”

ഞാൻ നോക്കുക മാത്രം ചെയ്തു.

അവൾ:
“അമ്മയും ഞാനും ഇവിടെ വാടക വീട്ടിലാണു്.”

എന്റെ മൗനം അവൾക്കു് പറയാനുള്ള സമ്മതമാണെന്നു് അവൾ അറിയുന്നുണ്ടു്.

അവൾ:
“അമ്മയായിരുന്നു അന്നു കൂടെ.”

എനിക്കു് ഒരമ്പരപ്പും ഉണ്ടായില്ല.

അവൾ:
“പന്ത്രണ്ടുവരെ ഹൈറേഞ്ചിലായിരുന്നു. അമ്മയ്ക്കു് ഇവിടെ ടൗണിൽ വീട്ടുജോലിയാണു് എന്നാണു് പറഞ്ഞിരുന്നതു്. മാസത്തിൽ ഒരിക്കലൊക്കെ വരുമായിരുന്നു. അച്ഛൻ തെങ്ങിൽ നിന്നു വീണു കിടപ്പാണു്. അമ്മയാണു് വീടു നോക്കിയിരുന്നതു്.”

അത്രയും വരെയുള്ള കഥയിൽ നിന്നു് എനിക്കു് ബാക്കി ഊഹിക്കാമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ പാത്രം കഴുകാൻ പോയി. എനിക്കു് അന്നു ക്ളാസിൽ കയറാൻ തോന്നിയില്ല.

ഞാൻ അവളോടു ചോദിച്ചു വായനശാലയിൽ പോരുന്നോ എന്നു്. അവൾ വന്നു. പറഞ്ഞു:

“പത്താംക്ളാസിലെ പരീക്ഷ കഴിഞ്ഞ സമയത്താണു് ഷീല അമ്മയ്ക്കൊപ്പം വന്നതു്. ജോലി വാങ്ങി നൽകിയ ആൾ എന്നാണു് പരിചയപ്പെടുത്തിയതു്. പക്ഷേ, അമ്മ ശരിക്കും പേടിക്കുന്നതുപോലെ നടക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയൊക്കെ സാധാരണ നിൽക്കാറുണ്ടു്. ഇതു രണ്ടാംദിവസം തന്നെ പോകാൻ തിരക്കുകൂട്ടി. അവർ പക്ഷേ, ഇപ്പോൾ പോകേണ്ട, പകരം ആളെ നിർത്തിയിട്ടില്ലേ എന്നൊക്കെ നിരുത്സാഹപ്പെടുത്തി. അല്ലെങ്കിലും നിന്നെപ്പോലെ പണിയെടുക്കാനുള്ള ഉത്സാഹം വേറാർക്കുമില്ല എന്നു ചിരിച്ചു. അമ്മയുടെ മുഖം മാറുന്നതു കണ്ടു. നാലു ദിവസത്തിനു ശേഷം ഇരുവരും പോയി.

പെട്ടെന്നു് ഒരു ദിവസം ഷീല തനിച്ചു വരികയായിരുന്നു. അമ്മ ആശുപത്രിയിലാണു്. കൂടെ നിൽക്കാൻ മകൾ ചെല്ലണം എന്നാണു പറഞ്ഞതു്. ഞാൻ ആർത്തലച്ചു് ഒപ്പം ഇറങ്ങി. ഇവിടെ ഒരു ആശുപത്രി മുറിയിലേക്കാണു് വന്നതു്. അവിടെ അമ്മ ഉണ്ടായിരുന്നില്ല. ഒരു ചെറുപ്പക്കാരനായിരുന്നു. പിന്നെ സിനിമയിലൊക്കെ കാണുന്നതുപോലെ സംഭവിച്ചു. അവർ വിഡിയോ പകർത്തി. അമ്മയ്ക്കു് എന്റെ വിഡിയോ അവിടെ നിന്നു തന്നെ അയച്ചു. എല്ലാവരും കരുതുന്നതുപോലെ ഹോട്ടൽ മുറികളല്ല ചതികൾ കൂടുതൽ നടക്കുന്ന ഇടം. അതു് ആശുപത്രി മുറികളാണു്.

പന്ത്രണ്ടാം ക്ലാസിലെ അവധി ദിവസങ്ങളിൽ പലതിലും അവർ എന്നെ നഗരത്തിൽ വരുത്തി. ഞാൻ അനുസരിച്ചു. മടക്കത്തിൽ ആയിരമോ രണ്ടായിരമോ തന്നു. അമ്മയ്ക്കു കിട്ടിയിരുന്ന പണവും അങ്ങനെയാണെന്നു് ഞാൻ അറിഞ്ഞു. ഇപ്പോൾ അമ്മയ്ക്കോ എനിക്കോ ഒറ്റയ്ക്കോ ഒന്നിച്ചോ പിന്മാറാൻ കഴിയില്ല. ആത്മഹത്യ ചെയ്യാമെന്നേയുള്ളു. എനിക്കു പതിനെട്ടു കഴിഞ്ഞു. അവർ പതിനേഴു് എന്നാണു് പറയുന്നതു്. അതിനു വില കൂടും. ഈ കോളജിലെ കുട്ടി എന്നു പറഞ്ഞാൽ പിന്നെയും വില പേശാം. ഇവിടെ കിട്ടാൻ മാത്രമുള്ള മാർക്കൊന്നും ഉണ്ടായിരുന്നില്ല. ഈ കോളജിലെ വിലാസത്തിനു വേണ്ടി ഷീല ആരെയോ സ്വാധീനിച്ചു നേടിയ പ്രവേശനമാണു്. ചിലപ്പോൾ അയാൾ ഏതെങ്കിലും ദിവസം എന്റെ അതിഥിയായി വന്നിട്ടുമുണ്ടാകും. ഞാനിപ്പോൾ ആരുടേയും മുഖത്തു നോക്കാറില്ല. രണ്ടുവർഷത്തിനിടെ നൂറിലധികം ആളുകളായി.”

ഋദ്ധി വായനശാലയിൽ നിന്നു് ആദ്യത്തെ പുസ്തകം എടുത്തു: ലൈഫ് ഈസ് എൽസ് വെയർ—മിലൻ കുന്ദേര.

നന്ദിനി എട്ടാം ക്ളാസിലെ ആദ്യ ആഴ്ചകളിൽ വന്നു പന്ത്രണ്ടാം ക്ളാസിന്റെ വേനലവധിക്കു പിരിയുമ്പോൾ ഉണ്ടായിരുന്നതിന്റെ പല മടങ്ങു തീവ്രതയിലാണു് സമര എന്നിലേക്കു കയറാൻ ശ്രമിച്ചതു്. അതും മൂന്നുനാലു് ആഴ്ചകൊണ്ടു്. രാവിലെകളിൽ അവൾ എനിക്കുവേണ്ടി കോളജ് കവാടത്തിൽ കാത്തുനിന്നു. ഉച്ചയ്ക്കു് പങ്കിടാതെ ഒന്നും കഴിക്കില്ല എന്ന നിലയായി. അവൾ എന്നെ കൂടെപ്പിറപ്പായി കരുതി. ഒരുവേള അമ്പിളിയുടെ കുട്ടിയെ നോക്കേണ്ടി വന്ന സുശീലയെപ്പോലെയോ തിരിച്ചോ ഞങ്ങളിലൊരാൾ മാറുന്നതുപോലെ.

സമരയുടേതും എന്റേതും വ്യത്യസ്തമായ വഴികൾ ആയിരുന്നു. മഠത്തിൽ താമസിക്കുന്നു, വിലാസമില്ല എന്നീ രണ്ടു കാര്യങ്ങൾ മാറ്റി നിർത്തിയാൽ ഞാൻ ഭാഗ്യം ചെയ്ത കുട്ടിയാണു്. എനിക്കു് വലിയൊരു മഠവും അവിടുത്തെ നാൽപതോളം അന്തേവാസികളും കുടുംബക്കാരായുണ്ടു്. ആറാം വയസ്സിലെ അതിക്രമം ഒഴികെ മറ്റൊന്നും എന്നിൽ വന്നു തറച്ചിട്ടില്ല. അതിനൊട്ടു സിസ്റ്റർ സമ്മതിച്ചിട്ടുമില്ല. അതുപോലെയല്ല നന്ദിനിയും സമരയും. തിരിച്ചറിവു വരുന്ന പ്രായത്തിൽ അനുഭവിക്കേണ്ടി വന്നവരാണു്. എന്റെ മേലുണ്ടായതിനു് ശരീരത്തിൽ അടയാളങ്ങളില്ല. പക്ഷേ, കനലിലിട്ട ചട്ടുകംപോലെ ഉള്ളിലതു പഴുത്തുകിടക്കുന്നുണ്ടു്. തൊട്ടാൽ ആ നിമിഷം തൊലിയും മാംസവും ഉരുകിപ്പോകും. അവർ രണ്ടുപേരും അകവും പുറവും പൊള്ളിയവരാണു്. ഓരോ നിമിഷവും വെന്തവെളിച്ചെണ്ണയ്ക്കെന്നതുപോലെ ഓട്ടുരുളിയിൽ കിടന്നുരുകുന്ന പീരപോലെയാണു്. എണ്ണയും തരിയുമായി പിരിഞ്ഞുതന്നെ തീരേണ്ടവർ.

ജനന സർട്ടിഫിക്കറ്റ് അനുസരിച്ചു് സമരയ്ക്കു് പതിനെട്ടു കഴിഞ്ഞു രണ്ടുമാസം കൂടിയായി. എനിക്കു് പതിനെട്ടു കഴിഞ്ഞു മാസം മൂന്നും. നാലാംക്ലാസു തുടങ്ങുന്ന സമയത്താണു് ഇനി ജനന സർട്ടിഫിക്കറ്റ് ഇല്ലാതെ പറ്റില്ല എന്നു് ഹെഡമിസ്ട്രസ് കട്ടായം പറഞ്ഞതു്. അതൊക്കെ പിന്നെ എത്തിച്ചോളാം എന്നു് സിസ്റ്റർ പറഞ്ഞതു വിശ്വസിച്ചു് ഒന്നാം ക്ളാസിൽ ചേർത്തതാണു് ഹെഡ്മിസ്ട്രസ് സാറാമ്മ ടീച്ചർ. ജനനത്തീയതി ഒഴിച്ചിട്ടിരിക്കുകയായിരുന്നു കടലാസിൽ. പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ ശ്രമിക്കാം എന്നു പറഞ്ഞു് കപ്യാരുചേട്ടൻ ദൗത്യം ഏറ്റെടുത്തു. രണ്ടുവട്ടം അവിടെ പഞ്ചായത്തു് ഓഫിസിൽ കയറിയിട്ടും നടക്കാത്ത കാര്യം പ്രസിഡന്റിനെ കൊണ്ടു വിളിച്ചു പറയിച്ചാണു് സാധിച്ചെടുത്തതു്. അതു വാങ്ങാൻ അമ്മയും കപ്യാരുചേട്ടനും കൂടി ഒരു ദിവസം പോവുകയും ചെയ്തു. അതിൽ എനിക്കു് ഒട്ടും അറിയാത്ത പേരാണു് അമ്മയുടെ സ്ഥാനത്തു്. അമ്പിളി എന്ന എന്റെ ചിന്തകളുമായി ഒരു ബന്ധവും ഇല്ലാത്ത പേര്. പിതാവിന്റെ സ്ഥാനത്തെ പേരു് ഓർക്കുമ്പോഴൊക്കെ തൊട്ടാവാടിയുടെ ഇല പോലെ ഞാൻ കൂമ്പി. സ്വന്തം മുള്ളിൽ എന്റെ ഇലകൾ മുറിഞ്ഞു. ആ ജനനസർട്ടിഫിക്കറ്റും പത്താം ക്ളാസ് സർട്ടിഫിക്കറ്റുമാണു് ഞാൻ ജീവച്ചിരിക്കുന്നതിന്റെ ഏക തെളിവു്. അമ്മയ്ക്കു് ഇതു രണ്ടുമില്ല. അമ്മ സ്കൂളിൽ ചേരുമ്പോൾ ജനന സർട്ടിഫിക്കറ്റ് ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. ചെല്ലുന്ന കുട്ടികൾക്കെല്ലാം ഏപ്രിൽ, മേയ് മാസത്തെ ഏതെങ്കിലും തീയതി ഹെഡ്മാസ്റ്റർ പതിച്ചു നൽകുകകയായിരുന്നു. പത്താം ക്ളാസിൽ പഠിക്കാത്തതുകൊണ്ടു് ആ സർട്ടിഫിക്കറ്റുമില്ല. ആധാരങ്ങളിലോ ഭാഗപത്രങ്ങളിലോ പേരില്ലാത്തവരാണു് അമ്മയും ഞാനും.

സമരയോടു് കേസുകൊടുക്കാം എന്നു് ഞാൻ മയത്തിൽ പറഞ്ഞിരുന്നു. അവൾക്കു് അതു് ഉൾക്കൊള്ളാനായില്ല. അവൾ അപ്പോഴും എന്തെങ്കിലും ജോലി കിട്ടുന്നതും ഇതിൽ നിന്നു രക്ഷപ്പെടുന്നതും കാത്തു് ഇരിക്കുകയാണു്. കഠിനമായി പഠിക്കാൻ ശ്രമിക്കുന്നുണ്ടു്. നിനക്കു് അതിനു കഴിയില്ല കുട്ടീ എന്നു് പറയണമെന്നുണ്ടായിരുന്നു.

എന്നും എന്നതുപോലെയല്ല അവളുടെ നില്പു് എന്നു് ദൂരെ നിന്നു തന്നെ മനസ്സിലായി. രാവിലെ തന്നെ വെയിലുമൂത്ത ദിവസമാണു്. അഞ്ചര കിലോമീറ്ററിന്റെ നടത്തത്തിൽ ഞാൻ വിയർത്തു കുളിച്ചു. അവളെക്കൂട്ടി ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കണം എന്നു കരുതിയാണു് ചെന്നതു്. അവൾ പിടിച്ചുവലിച്ചു് ഭക്ഷണം കഴിക്കുന്ന ഹാളിലേക്കു കൊണ്ടുപോയി. രാവിലെ ആയതുകൊണ്ടു് അവിടെ ഞങ്ങൾ രണ്ടാൾ മാത്രം.

അവൾ ചുറ്റും നോക്കി ഫോൺ പുറത്തെടുത്തു. അവൾക്കു ഫോൺ ഉണ്ടെന്നു പോലും അറിയില്ലായിരുന്നു. എനിക്കു് ഫോൺ ഉണ്ടായിരുന്നില്ല. വാങ്ങിത്തരാൻ വഴിയുണ്ടാക്കാം എന്നു സിസ്റ്റർ പറഞ്ഞപ്പോൾ അതു വേണ്ടെന്നു പറയുകയും ചെയ്തിരുന്നു. അവൾ ഫോൺ തുറന്നു് ഒരു വിഡിയോ കാണിച്ചു. അവളാണു്, കൂടെ ആ ചെറുപ്പക്കാരനും. അവൾ അതിൽ വിങ്ങിവിങ്ങി കരയുന്നുണ്ടു്. മുഖം പൊത്തുന്നുണ്ടു്. ഇടയ്ക്കു പിടിച്ചു കിടത്തി കൊടുക്കുന്ന വളയിട്ട കൈകളും കാണാനുണ്ടു്. ആ കൈകൊണ്ടു് അവളുടെ തലയിൽ ഇടയ്ക്കു് ഇടിയ്ക്കുന്നുമുണ്ടു്. ആശുപത്രിയുടെ കട്ടിലും കുത്തിവയ്പ്പിനു കുപ്പി തൂക്കിയിടാനുള്ള ഉയർന്നു നിൽക്കുന്ന കാലും ഒക്കെ കാണാം. അവൾ പിന്നെ മറ്റൊരു വിഡിയോ കാണിച്ചു. അതിൽ അവളുടെ അമ്മയാണു്. അമ്മയുടെ അഞ്ചോ ആറോ വിഡിയോ ഉണ്ടു്. പലർക്കൊപ്പമുള്ളതു്. അവളുടേതും മൂന്നെണ്ണമുണ്ടു്. ആദ്യത്തെ പരിഭ്രമമൊന്നുമില്ലാതെ നിർവികാരയായി കിടക്കുകയാണു് രണ്ടെണ്ണത്തിൽ അവൾ. ഞാൻ ബോർഡിൽ മാർഗരറ്റ് ടീച്ചർ വരച്ച പൂജ്യമായി. അപ്പുറവും ഇപ്പുറവും പൂജ്യങ്ങൾ മാത്രം വന്നു വീഴുകയാണു്. ഒരക്കമെങ്കിലും ഇടത്തു വന്നു വീണിരുന്നെങ്കിലെന്നു് ഒരു പൂജ്യവും മോഹിക്കില്ല. അങ്ങിനെ വന്നാൽ ശൂന്യതയിൽ ശൂന്യയായി എങ്ങനെ പറക്കും. ഞാൻ അവളുടെ തോളിൽ പിടിച്ചു. സമരയും എനിക്കു് നന്ദിനിയായി.

അവൾ മറ്റു ചില വിഡിയോകൾ കൂടി പെട്ടെന്നു പെട്ടെന്നു കാണിച്ചു. നാൽപതിലേറെ വിഡിയോകളുണ്ടു്. ഷീല ഉറങ്ങിയപ്പോൾ കഴിഞ്ഞദിവസം രാത്രി അവൾ ആ ഫോണിൽ നിന്നു സ്വന്തം ഫോണിലേക്കു പകർത്തിയതാണു്.

അവൾ ഫോൺ അടയ്ക്കാൻ തുടങ്ങുമ്പോൾ എനിക്കുള്ളിൽ വെള്ളിടി. ഒന്നുകൂടി തുറക്കാൻ അവളോടു പറഞ്ഞു. അവസാനം കണ്ട വിഡിയോ ഒന്നു കൂടി കാണണം. അവൾ അതു് തെരഞ്ഞെടുത്തു. ആ മുഖം കാണേണ്ട കാര്യം എനിക്കില്ലായിരുന്നു. ആ കാലുകളും കൈകളും കണ്ടാൽത്തന്നെ അറിയാം. കാലിലെ നേർത്ത ആ രോമങ്ങളിലൊന്നു് മാത്രമായി കണ്ടാൽ പോലും നന്ദിനിയെ തിരിച്ചറിയും. എനിക്കു് മേലാകെ വിറച്ചു. കാലിൽ നിന്നു് നെറുകയിലേക്കു് വൈദ്യുതി കടന്നു പോവുകയാണു്. ഹൃദയത്തിലേക്കു് പ്രവാഹമെത്തിയപ്പോൾ എന്റെ മാംസങ്ങൾ കത്തി. ഞാൻ ചിതയായി. അവളുടെ മേൽ അറുപതിലേറെ പ്രായമുള്ള ഒരാളാണു്. ഞാൻ ആ വിഡിയോകളെല്ലാം ഒന്നു കൂടി കാണിക്കാൻ അവളോടു പറഞ്ഞു. വീണ്ടും നന്ദിനിയുണ്ടു്. സമര ആശുപത്രി മുറിയിൽ ആയിരുന്നെങ്കിൽ ഇതു് ഏതോ ഹോട്ടൽ മുറിപോലെ തോന്നിച്ചു. സമരയിൽ ആദ്യം അതിക്രമിച്ചു കയറിയ അതേ ചെറുപ്പക്കാരൻ തന്നെ നന്ദിനിയിലും. അവൾ കരയുന്നില്ല. മേൽക്കൂരയിലേക്കു് തുറിച്ചു നോക്കി കിടപ്പാണു്.

എന്റെ പെണ്ണേ എന്നു ഞാൻ ആർത്തു… എത്രയോ വർഷം കൂടിയാണു് ഇങ്ങനെയൊരു കരച്ചിൽ. ആറാം വയസ്സിനു ശേഷം എനിക്കൊരു പെൻസിലിനു വേണ്ടി പോലും കരയേണ്ടി വന്നിട്ടില്ല. എനിക്കു വേണ്ടതെല്ലാം ഉണ്ടെന്നായിരുന്നു മനസ്സിൽ. എന്തെങ്കിലും കൂടുതൽ വേണമെന്നു തോന്നിയിട്ടേയില്ല. സമര തോളിൽ പിടിച്ചിട്ടും എനിക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അന്നു ക്ലാസിൽ കയറുന്നില്ല എന്നു തീരുമാനിക്കുകയല്ലാതെ വഴിയെന്തു്. പിന്നിലെ ഗേറ്റിലൂടെ പുറത്തിറങ്ങുമ്പോൾ നേപ്പാളുകാരൻ സൈമണങ്കിൾ എന്താണു് പോകുന്നതു് എന്നു ചോദിച്ചു. സമര പെട്ടെന്നു് നിയന്ത്രണം ഏറ്റെടുത്തു. ‘ഇവൾക്കു വയ്യ, വീട്ടിലാക്കുന്നു.’ ഞങ്ങൾ പുറത്തിറങ്ങി.

എനിക്കു നന്ദിനിയെ കാണണം എന്നു് അവളോടു പറഞ്ഞു. കണ്ടെത്തണമെങ്കിൽ ഷീല തന്നെ കനിയണം. സമരയുടെ സങ്കടമറിഞ്ഞു പോയ ഞാൻ അവളെ രക്ഷിക്കാനല്ല ആലോചിക്കുന്നതു്. നന്ദിനിയെയാണു തെരയുന്നതു്. മുൻപായിരുന്നെങ്കിൽ എല്ലാം സിസ്റ്റർ സന്ധ്യയോടു പറയാമായിരുന്നു. ഇപ്പോൾ അതിനുള്ള നിലയിലല്ല സിസ്റ്റർ. രണ്ടാഴ്ച മുൻപു് തലചുറ്റി വീണ ശേഷം കിടപ്പുതന്നെയാണു്. ഡോക്ടർമാർ ക്യാൻസർ സംശയിക്കുന്നുണ്ടു് എന്നു് ക്ലാര സിസ്റ്റർ എന്നോടു മാത്രമായി പറഞ്ഞതു് ഇന്നലെയാണു്. പരിശോധനാ ഫലം ഇന്നോ നാളെയോ വരും. എനിക്കു പെട്ടെന്നു് ഒരു വഴി തോന്നി. ഞാൻ അവളുടെ ഫോൺ വാങ്ങി. നോട്ടുബുക്കിന്റെ പിന്നിലെ താളിൽ രണ്ടു ഫോൺ നമ്പറുകൾ എഴുതി ഇട്ടിരുന്നു. ഒന്നു മഠത്തിലെ നമ്പർ. രണ്ടാമത്തേതു് കപ്യാരു ചേട്ടന്റെ നമ്പർ. രണ്ടാമത്തെ നമ്പറിൽ വിളിച്ചു് അടിയന്തരമായി കാണണം എന്നേ പറഞ്ഞുള്ളു. മുക്കാൽ മണിക്കൂറിൽ ആൾ ബൈക്കിലെത്തി.

എല്ലാം കേട്ടുനിന്നു് ഒരു ശങ്കയുമില്ലാതെ സ്വന്തം ഫോൺ എടുത്തു. മറുതലയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ. സഹപാഠിയാണു്. ക്രൈംബ്രാഞ്ചിലാണു്. അവരുടെ സംസാരം അരമണിക്കൂറിലേറെ നീണ്ടു. ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. കപ്യാരുചേട്ടൻ കട്ലറ്റും പപ്പായ ഷേക്കുമാണു് പറഞ്ഞതു്. അതുകഴിച്ചിരിക്കുമ്പോൾ ഒരു പൊലീസ് ജീപ്പ് വന്നു നിന്നു. അവർ ഞങ്ങളെ സ്റ്റേഷൻ എന്നു തോന്നിക്കാത്ത ഒരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. അതു ക്രൈംബ്രാഞ്ച് ഓഫിസ് ആയിരുന്നു. ഞങ്ങൾക്കു് അറിയാവുന്നതെല്ലാം പറഞ്ഞു.

നന്ദിനി കോഴിക്കോടു് ആയിരുന്നു. ആവശ്യക്കാരനെപ്പോലെ സമീപിച്ച പൊലീസുകാരനു് ഷീല കാണിച്ചുകൊടുത്ത ഫോട്ടോകളിൽ നന്ദിനിയും സമരയും ഉണ്ടായിരുന്നു. നന്ദിനിയെ ചോദിച്ചു. മൂത്തജാതിയാണു്, കാശു കൂടുതലാകും എന്നു് ഷീല.

സിസ്റ്റർ സന്ധ്യക്കും അമ്മയ്ക്കും എന്റെ നീക്കങ്ങളിലും പെരുമാറ്റത്തിലും സംശയം തോന്നിയിരുന്നു. പക്ഷേ, എപ്പോഴും മഠത്തിലെ ഫോണിൽ നിന്നു ഞാൻ സംസാരിക്കുമ്പോൾ മറുവശത്തു് കപ്യാരുചേട്ടൻ ആണു് എന്നു് അറിയുന്നതോടെ അവർ സമാധാനിക്കുന്നതു ഞാൻ കണ്ടു. സിസ്റ്റർ എപ്പോഴും കിടപ്പു തന്നെ ആയിരുന്നു.

എനിക്കു് ഒരു ആധിയും പ്രത്യേകതയും തോന്നിയില്ല. അന്നു പത്രം വായിച്ചവർക്കും പുതുമ തോന്നിയില്ല. വർഷങ്ങളായി പെൺവാണിഭം നടത്തിയിരുന്ന അൻപത്തിയാറുകാരി ഷീലയും സഹായി രത്നമ്മയും പൊലീസ് പിടിയിൽ. രത്നമ്മയുടെ മകളും സംഘത്തിലെ അംഗമായിരുന്നു. കോളജ് വിദ്യാർത്ഥിനികളെ ഉപയോഗിച്ചു് നടത്തിയിരുന്ന റാക്കറ്റ് പൊലീസ് കണ്ടെത്തി. കണ്ടെത്തിയവർക്കും വായിച്ചവർക്കും അതു സാധാരണ സംഭവമായിരുന്നു.

കോഴിക്കോടു് നന്ദിനിയുടെ അടുത്തു് ചെല്ലുമ്പോൽ അവൾ ഒട്ടും വിവശത ഭാവിച്ചില്ല. കപ്യാരു ചേട്ടൻ അടുത്തേക്കു വരാതെ മാറി ഇരുന്നു. അവൾ അടുത്തുവന്നു കയ്യിൽ പിടിച്ചു. അമ്മാവന്റെ മകൻ ആ വീട്ടിലേക്കാണു് കൊണ്ടുപോയതു് എന്നു് അവൾ പറഞ്ഞു. അവിടെ ഷീല ഉണ്ടായിരുന്നു. ഞാനയച്ച മെയിൽപോലും അവൾ കണ്ടിരുന്നില്ല. അന്നു് മറുപടി അയച്ചതും അമ്മാവന്റെ ആ മകൻ ആകണം.

ഇനി നീ എന്നെ എന്തുചെയ്യാൻ പോകുന്നു എന്നു് അവൾ തീർത്തുമൊരു അപരിചിതയെപ്പോലെ ചോദിച്ചു. എനിക്കു് അവളും അവൾക്കു ഞാനും അന്യയാണു്. അവൾ എന്റെ വിരലുകളിൽ തൊട്ടു. ഞാൻ കരഞ്ഞു് അവളുടെ മടിയിലേക്കു വീണു. അവൾ ഋദ്ധിയായി നന്ദിനിയുടെ മുടിയിൽ വിരലോടിച്ചു. അവൾ പറയാൻ തുടങ്ങി. ഇത്രയും കാലം മറച്ചുവച്ച ആ കഥ. കേട്ടു കഴിഞ്ഞ നിമിഷം എന്റെ കണ്ണുകൾ വറ്റി. ഞങ്ങൾ ഒരേ ഇരുട്ടിലാണു്. ഒരുമിച്ചു് നിഴലുകൾക്കായി പരതുകയാണു്.

വിളിക്കാമെന്നോ ഇനിയും വരാമെന്നോ പോലും പറയാതെ ഞാൻ ഇറങ്ങി. മടക്കത്തീവണ്ടിയിൽ കപ്യാരു ചേട്ടന്റെ ചുമരിൽ ഞാൻ എന്റെ രക്ഷകർത്താവിനെ കണ്ടു. അയാൾ പറഞ്ഞു, ‘നന്ദിനിക്കു മാസാമാസം പഠിക്കാനുള്ള പണം കൊടുക്കാം, ഹോസ്റ്റൽ വാടകയും നൽകാം’.

സമരയെ, എന്നെ, നന്ദിനിയെ ഒക്കെ പഠിപ്പിച്ചെടുത്തു് ബിനോയിച്ചേട്ടനു് എന്തുകിട്ടാനാണു്?

ട്രെയിനിനു് വല്ലാത്ത വേഗമാണു്. എതിർ വശത്തിരിക്കുന്ന മധ്യവയസ്കൻ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നുണ്ടു്. അയാൾ എന്റെ കരച്ചിൽ കണ്ടു് എന്തൊക്കെ കഥകൾ ഇപ്പോൾ ഉള്ളിൽ മെനഞ്ഞിട്ടുണ്ടാകും. ഞങ്ങളെ അച്ഛനും മകളും ആക്കിയിട്ടുണ്ടാകും.

എതിർ സീറ്റിൽ ഒറ്റയ്ക്കൊരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടു്. അയാൾ എന്നെത്തന്നെ നോക്കുന്നുണ്ടു്. അയാൾക്കു് എന്നെ പ്രേമിക്കാൻ കഴിയുമോ? ഞാൻ ആ കണ്ണിലേക്കു നോക്കി. അവിടെ പ്രണയമില്ല, കാമമില്ല, ആർത്തിയില്ല. ഒന്നുകൂടി നോക്കി, കരുണയുമില്ല. അയാളുടെ കണ്ണിൽ നിസ്സഹായതയാണു്. ഇന്നാട്ടിലെ ആണുങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെയാണു്.

ഇപ്പോഴാണു് ശ്രദ്ധിച്ചതു്. ആ മധ്യവയസ്കനൊപ്പം ഒരു പെൺകുട്ടിയുണ്ടു്. അയാൾ എന്നെക്കുറിച്ചു കരുതിയിട്ടുള്ളതുപോലെ അയാളുടെ മകളാകും അതെന്നു ഞാനും കരുതി. അവളുടെ കണ്ണുകളിൽ അസ്വസ്ഥതയുണ്ടായിരുന്നില്ല. വീറില്ല, വാശിയുമില്ല. പതിനെട്ടു കഴിഞ്ഞ പ്രായത്തിലൊക്കെ ഒരു ആകാംക്ഷയെങ്കിലും വേണ്ടേ. അതു തീരെയില്ല. ഈ ട്രെയിൻ ചെന്നു് അടുത്ത സ്റ്റോപ്പിൽ നിൽക്കുന്നതിനു മുൻപു മരിച്ചുപോയാലും കുഴപ്പമില്ല എന്നൊരു ഭാവമാണു് അതിനു്.

ഞാൻ എന്നിലേക്കു നോക്കി. നന്ദിനിയിലേക്കു നോക്കി. സമരയിലേക്കും. ഞങ്ങളൊക്കെ അങ്ങനെയാണു്. ഓ ഈ ട്രെയിനിനു മുന്നിൽ വീണു മരിച്ചു പോയാലെന്തു്.

ഋദ്ധി ഉണർന്നു കിടക്കാൻ തുടങ്ങിയിട്ടു നേരം കുറെ ആയി.

ഇടയ്ക്കു കണ്ണടയ്ക്കുന്നു എന്നേയുള്ളു, ഉണർവിൽ തന്നെയാണു്. ഇങ്ങനെ പതിവില്ല, ആരെങ്കിലുമൊക്കെ തലയ്ക്കു മുകളിലെത്തി നോക്കേണ്ടതാണു്. അമ്മ കാൽച്ചുവട്ടിലുണ്ടാകുമോ. അതോ എഴുനേറ്റു് നടക്കുകയാകുമോ. സത്യം പറയാമല്ലോ. കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ കരുതുന്നതു് അമ്മ ഇനി രക്ഷപെടില്ല എന്നു തന്നെയാണു്. അമ്മ മരിക്കാൻ പോവുകയാണു് എന്ന തോന്നലാണു്. ഈ അസുഖമൊക്കെ കടന്നു് അവർ വരില്ല എന്നു തന്നെ തോന്നി. രക്ഷപെട്ടിട്ടുതന്നെ എന്തുചെയ്യാനാണു് എന്നു തോന്നിയാൽ പിന്നെ ജീവിതം ആത്മഹത്യപോലെയാണു്. പെട്ടെന്നൊരു കയർ എടുത്തു തൂങ്ങുന്നില്ല എന്നേയുള്ളു, ചാവാനായി കുരുക്കിൽ കിടക്കുന്ന ആ നിമിഷമാണു് പിന്നത്തെ ജീവിതം. അല്ലെങ്കിൽ ഫ്യൂരിഡാൻ തൊണ്ടമുതൽ കുടൽവരെയെത്തി പ്രവർത്തിക്കുന്ന സമയമാണു് ആയുസ്സു്. എത്രകാലം ജീവിച്ചാലും ചത്തുകൊണ്ടിരിക്കുകയാണെന്ന തോന്നലാണു്.

എനിക്കു് അമ്മയെ കാണണം എന്നു തോന്നി. അമ്മ ഇനി മരിച്ചുപോയിക്കാണുമോ. ഞാൻ എന്നിലേക്കു നോക്കി. എനിക്കിപ്പോൾ ഇല്ലാത്തതു് മരണഭയമാണു്. മരണത്തെ ഞാൻ പേടിക്കുന്നതേയില്ല. അതു ജീവിച്ചിരുന്നിട്ടു് എന്തുചെയ്യാനാണു് എന്ന നിസ്സഹായത കൊണ്ടല്ല. ഞാൻ ജീവിച്ചിരുന്നാൽ മാത്രം ലോകത്തോടു പറയാനുള്ള എത്ര കാര്യങ്ങളുണ്ടു്. ഈ നിമിഷം ഞാൻ മരിച്ചുപോയാൽ നിങ്ങളെങ്ങനെ അറിയും ഞാനെങ്ങനെയാണു് കിടപ്പിലായതെന്നു്? നന്ദിനിക്കു് എന്തുപറ്റിയെന്നു്? എന്റെ പാവഞ്ചിയിപ്പോൾ ഏതു കടലിലുണ്ടെന്നു്? ഓ മറന്നു കിടക്കുകയായിരുന്നു. പാവഞ്ചി അറ്റ്ലാന്റിക്കിലുണ്ടു്. ത്രയയേയും ദ്വാദശിയേയും എന്നേയും കാറ്റുകൊണ്ടുപോവുകയാണു്.

ദ്വാദശി:
“ഈ യുദ്ധം കഴിഞ്ഞാൽ അടുത്തതു് വരും.”
ത്രയ:
കെട്ടടങ്ങയില്ലീക്കനലുകൾ, കാന്താരങ്ങൾ
കന്മദമിറ്റുപൊള്ളട്ടെയെന്നുടലും ഉടപ്പിറപ്പും
ഋദ്ധി:
വെൺനിലാശയ്യയിൽ
തൂവെണ്ണമേൽ വീഴട്ടെ നീ
കനകനൂലിനാൽ നെയ്തൊരീ
മോഹകമ്പളക്കീറ്
ദ്വാദശി:
എന്നാത്മസംഗീതത്തെ
വീണയാൽ മീട്ടി നീ
പാടണം പരമാത്മ
ജീവിത മഹാകാവ്യം
ത്രയ:
എൻനെഞ്ചിൽ തുടിക്കുന്നു
കാലമേ നീ തന്ന
തനിക്കുതാൻപോരിമയും
പഞ്ചമപ്പെരുക്കവും
ഋദ്ധി:
ഒട്ടുമേ കനിയാത്ത ലോകമേ തരുമോ നീ
പാട്ടുകേൾക്കാനൊരു ചെവിയും ശ്രുതിപാഠവും
ദ്വാദശി:
ഒട്ടുമേ കനിയാത്ത ലോകമേ തരുമോ നീ
നൃത്തമാടാനൊരു പാദവും ചിൽക്കാതലും

ഋദ്ധി ഉണർന്നു കിടക്കുക തന്നെയാണു്. എത്രനേരമായി ആരെയെങ്കിലും കണ്ടിട്ടു്. എന്താണു് ശബ്ദമൊന്നും കേൾക്കാത്തതു്. എന്താണു് ആരും മിണ്ടാത്തതു്. മുന്നിൽ വന്ന മുഖം കപ്യാരു ചേട്ടന്റെയാണു്. ആ ചുണ്ടു് അനങ്ങുന്നുണ്ടു്. എന്നെയാണു് നോക്കുന്നതു്. ഞാനൊന്നും കേൾക്കുന്നില്ല. ഇവർക്കൊക്കെ ശബ്ദമില്ലാതായോ?

ബിനോയിക്കു് വലിയ ആധിയൊന്നും തോന്നിയില്ല.

ഡോ. സന്തോഷ് കുമാർ പറഞ്ഞിരുന്നു ഋദ്ധിക്കു് കേൾവി ശക്തി പൂർണമായി നഷ്ടമായെന്നു്. അല്ലെങ്കിൽ തന്നെ രണ്ടു മൂന്നുവർഷത്തിലധികമായി ഏതെങ്കിലും ഡോക്ടർ വന്നു നോക്കിയിട്ടു്. ഇതിപ്പോൾ യുദ്ധമായതുകൊണ്ടും കിടപ്പു് ക്യാംപിലായതുകൊണ്ടും നോക്കിയതാണു്. ഇനി ഋദ്ധിയോടു സംസാരംകൊണ്ടു കാര്യമില്ല. സുശീലയെ വീണ്ടും ആശുപത്രിയിലേക്കു കൊണ്ടുപോകണം എന്നു് ആൻസി നിർബന്ധിച്ചതാണു്. പട്ടാളം ഒട്ടും വഴങ്ങിയില്ല. അത്രയ്ക്കു കുഴപ്പമാണു് പുറത്തു്. മാത്രമല്ല, ആശുപത്രിയിൽ എത്തിച്ചാലും രക്ഷിക്കാൻ കഴിയുമോ എന്ന സംശയം നേരിട്ടല്ലാതെ അവർ പറയുകയും ചെയ്തു. നമ്മളെന്തിനാണു് ആ കൊണ്ടുപോകുന്ന വണ്ടിയേയും ഡ്രൈവറേയും കൂടി അപകടത്തിലാക്കുന്നതു് എന്നായിരുന്നു ചോദ്യം. അല്ലെങ്കിൽ തന്നെ കാർത്ത്യായനിയുമായി പോയ ഓട്ടോ മിസൈലിനൊപ്പം പാലവുമായി പുഴയിൽ പോയിട്ടും കോഴിയെ കുറുക്കൻ പിടിച്ചെന്നേ എല്ലാവർക്കും തോന്നിയുള്ളൂ. ആനക്കാലിനു് അടിയിൽപ്പെടുന്ന ഞാഞ്ഞൂലു പോലെയാണു് യുദ്ധകാലത്തെ മനുഷ്യൻ.

സുശീലയെ ഒരു ക്ലാസ് മുറിയിലേക്കു മാറ്റിക്കിടത്തിയിരിക്കുകയാണു്. പട്ടാളം എത്തിച്ചുകൊടുത്ത ഓക്സിജൻ സിലിണ്ടറിൽ നിന്നു് ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടു്. അന്നമ്മ പതംപറഞ്ഞു് പുറത്തൊരു ബെഞ്ചിൽ ഇരിപ്പുണ്ടു്. ആൻസി ഇടയ്ക്കൊക്കെ പോയി നോക്കും.

നന്ദിനിയെ കണ്ടു മടങ്ങുമ്പോൾ ട്രെയിനിൽ നിന്നിറങ്ങിയ ഋദ്ധി ഒന്നു വേച്ചുപോയതു് ബിനോയി ശ്രദ്ധിച്ചിരുന്നു.

ഞാൻ താങ്ങിയിരുന്നില്ലെങ്കിൽ പാളത്തിൽ വണ്ടിയുടെ അടിയിലേക്കു് അവൾ വീണുപോയേനേ. എനിക്കു് അന്നു രാത്രി വന്നപ്പോൾ മുതൽ തോന്നിയിരുന്നു അവൾ വേച്ചുപോയതാണോ, അതോ മനപൂർവം ചാടാൻ ശ്രമിച്ചതാണോയെന്നു്. ആരോടാണു് സംശയം പറയുക. നാല്പതാം വയസ്സിൽ കിട്ടിയ ഇരുപത്തിയാറുകാരി അടുത്ത മുറിയിലുണ്ടു്.

വന്നിട്ടു് ആറുമാസമേ ആയിട്ടുള്ളു. ആൻസിയോടു് പറഞ്ഞിട്ടു പുറപ്പെട്ട യാത്രയാണു്. അവൾ വേണ്ടെന്നു പറഞ്ഞാൽ ചിലപ്പോൾ പോകില്ലായിരുന്നു. പക്ഷേ, അവൾ അങ്ങനെ പറയുന്ന കൂട്ടത്തിലല്ല. നഴ്സിങ് കഴിഞ്ഞതാണു്. റബർഷീറ്റു കട നടത്തിയിരുന്ന കൊച്ചൗതയുടെ കച്ചവടം പൂട്ടിയതു മകളെ പഠിപ്പിച്ചു കഴിഞ്ഞ കാലത്താണു്. വില കൂടുമ്പോൾ വിൽക്കാനായി നാട്ടുകാരിൽ നിന്നു മേടിച്ചുവച്ച റബറൊക്കെ അഞ്ചിലൊന്നു വിലയ്ക്കു വിൽക്കേണ്ടി വന്നു. ഇരുന്നൂറ്റിയൻപതു രൂപയ്ക്കു വാങ്ങിയ ചരക്കാണു് കിലോയ്ക്കു് അൻപതിനു കൊടുത്തതു്. പന്ത്രണ്ടു ടൺ റബറ് ഏതാണ്ടു് ആ മട്ടിൽ ഇറക്കിവിടേണ്ടി വന്നതോടെ കടയും പിന്നെ സ്വന്തമായുണ്ടായിരുന്ന ഒന്നരയേക്കർ പുരയിടവും വിറ്റു. പൊറുതി വാടക വീട്ടിലായി.

ചത്താലും ചമഞ്ഞുകിടക്കുന്ന സമുദായക്കാരും പിന്നെ തിരിഞ്ഞുനോക്കിയില്ലെന്നാണു് ആൻസി തമാശപോലെ പറഞ്ഞതു്. ആൻസീടെ കണക്കിൽ നാൽപ്പത്തിരണ്ടു ചെക്കന്മാർ ഇരുപതാം വയസ്സുമുതൽ കണ്ടുപോയിട്ടുണ്ടു്. ദല്ലാളുമാരു് കൊണ്ടുവന്ന എണ്ണമെടുത്താൽ നൂറ്റമ്പതെങ്കിലും ആയിട്ടുണ്ടാകും. പിന്നെ വരുന്നതൊന്നും അപ്പച്ചൻ അവളോടു പറയാറില്ല. നടക്കുമെന്നു തോന്നാത്തതുതന്നെ കാരണം.

എനിക്കും ആൻസിക്കും ഒരു പ്രതീക്ഷയുമില്ലാത്ത സമയത്താണു് കാണാൻ പോയതു്. അന്നേ നരച്ചുതുടങ്ങിയ മുടി കറുപ്പിക്കാതെയും രണ്ടുദിവസമായി ഷേവ് ചെയ്യാത്ത കുറ്റിരോമങ്ങൾ അതുപോലെ നിർത്തിയുമാണു് ചെന്നതു്. ഇട്ടിരുന്ന ഉടുപ്പിനും മുണ്ടിനും കഞ്ഞിപിഴിഞ്ഞ വടിവുണ്ടായിരുന്നു.

നല്ല മുല്ലപ്പുപോലത്തെ പല്ലുകളാണു്. മുറുക്കോ വലിയോ ഇല്ലെന്നു് ചുണ്ടു കണ്ടാലറിയാം. കണ്ണിനു താഴെ നല്ല തെളിച്ചമുണ്ടു്. കവിളുകൾ ഒട്ടിയാണു്. കുടിച്ചുവീർക്കാത്ത കൺപോളയും ഒട്ടിയ വയറുമാണു്, എനിക്കിതു മതി അപ്പച്ചാ എന്നു് ആൻസി പറഞ്ഞതോടെ വിളിച്ചുചൊല്ലലും കെട്ടും ഛടപടേന്നു കഴിഞ്ഞു. അവൾക്കേതായാലും പി. എസ്. സി. വഴി പണിയാകുന്ന ലക്ഷണമുണ്ടു്. ബിനോയിയെ കിട്ടിയതിന്റെ ഭാഗ്യമാണെന്നു് അവളുടെ അമ്മച്ചി പറഞ്ഞപ്പോൾ ഞാൻ പരീക്ഷയെഴുതിയേന്റെ മെച്ചമാണെന്നു് അവൾ ഒരു മയവുമില്ലാതെ തിരുത്തി.

ഞാൻ ആൻസിയെ വിളിച്ചു. ഋദ്ധിക്കുണ്ടായതു പറഞ്ഞു.

ആൻസി:
“നിങ്ങളൊന്നു പോയി നോക്കീട്ടു പോരേ…”

മഠത്തിലേക്കു കയറുമ്പോൾ മുറ്റത്തു് നാലോ അഞ്ചോ കന്യാസ്ത്രീമാർ കൂടിയാലോചിച്ചു നിൽക്കുന്നു. ചിലർ തിരക്കിട്ടു് അകത്തേക്കു പോവുകയും വരികയും ചെയ്യുന്നു. പെട്ടെന്നു് ഒരു കാർ വരികയും അതിൽ നിന്നു് സ്കറിയാ ഡോക്ടർ അകത്തേക്കു പോവുകയും ചെയ്തു. ബിനോയി പടി കയറുമ്പോൾ അന്നമ്മ ഇറങ്ങിവന്നു.

‘കഴിഞ്ഞു.’ അത്രയേ അന്നമ്മ പറഞ്ഞുള്ളു.

അകത്തുകയറുമ്പോൾ ഋദ്ധി ഒരു സ്റ്റൂളിൽ മേലോട്ടു നോക്കി ഭിത്തിയിൽ താങ്ങി ഇരിക്കുന്നു. സുശീല കട്ടിൽ കാൽക്കൽ ചാരിയിരിപ്പുണ്ടു്. എന്നെ കണ്ടതോടെ സാരി വലിച്ചു താഴ്ത്തി കാൽപ്പാദം മൂടി. സാരിയുടുത്തു് സുശീലയെ കണ്ടിട്ടേയില്ല. സിസ്റ്റർ സന്ധ്യയുടെ താടി വെള്ളത്തുണികൊണ്ടു കൂട്ടികെട്ടുകയാണു് ക്രിസ്തുജ്യോതി ആശുപത്രിയിലെ സൂപ്രണ്ട് സിസ്റ്റർ ടെസ്സ.

പള്ളത്തി

സിസ്റ്റർ സന്ധ്യ മരിച്ചു് ഇരുപതാം ദിവസമാണു് പുതിയ സൂപ്രണ്ടായി സിസ്റ്റർ മാർഗലീത്ത എത്തിയതു്.

ക്ലാര സിസ്റ്റർ തലേന്നു് മുറി ഒരുക്കുകയാണു്. സിസ്റ്റർ സന്ധ്യ ഉപയോഗിച്ചിരുന്നതെല്ലാം മാറ്റി. കട്ടിലിൽ പുതിയ വിരിയിട്ടു. മേശ വരിപ്പിലെ അസംഖ്യം ഡയറികൾ ഹോർളിക്സ് എന്നെഴുതിയ കാർഡ്ബോർഡ് പെട്ടിയിലാക്കി. നൂറിനടുത്തു ജപമാലകൾ ഒരു പെട്ടിയിലുണ്ടായിരുന്നു. അതിലേറെ പേനകളും. കണ്ണട നാലെണ്ണം. ചെരുപ്പു് തേഞ്ഞുതീരാറായ ഒരു പാരഗൺ ആയിരുന്നു. വള്ളിച്ചെരുപ്പു് ബ്ലേഡ് പോലായാലല്ലാതെ സിസ്റ്റർ സന്ധ്യ മാറ്റിയിരുന്നില്ല. സ്റ്റീൽ സ്ട്രാപ്പുള്ള എച്ച്. എം. ടി. വാച്ച് നാല്പതു വർഷം മുൻപു് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നയന്നു് തൊട്ടിളയതും ഭർത്താവും കൂടി വന്നു് കെട്ടി തന്നതാണെന്നു് എപ്പോഴും പറയുമായിരുന്നു. അതൊക്കെ ഇനി സഭയുടെ സ്വത്താണു്.

അത്രയും എടുത്തുവച്ച സിസ്റ്റർ ക്ലാര നിർനിമേഷം നിന്നു. അതേ മുറിയിൽ പന്ത്രണ്ടു വർഷമായി ഒരു കട്ടിൽ കൂടിയുണ്ടു്. അതിനു താഴെ നിരവധി പ്ലാസ്റ്റിക് പെട്ടികൾ നിറയെ ഉടുപ്പുകളും പാഠപുസ്തകങ്ങളും. അലമാരയുടെ രണ്ടു തട്ടു നിറയെ വേറെയും ഉടുപ്പുകളും അടിയുടുപ്പുകളും തൊപ്പിയും കുടയും മഴക്കോട്ടുമുണ്ടു്.

ഋദ്ധിയോടു് ഒന്നും പറയേണ്ടി വന്നില്ല. അവൾ ഓരോന്നായി എടുക്കാൻ തുടങ്ങി. അമ്മയും അന്നമ്മയും കിടക്കുന്ന ചായ്പ്പിലേക്കാണു് കൊണ്ടുപോയതു്. രണ്ടുപേരും ഒപ്പം ചെല്ലുകയോ ഒരു പെട്ടിയെങ്കിലും എടുക്കാൻ സഹായിക്കുകയോ ചെയ്തില്ല. മരണവീട്ടിലേക്കു ശവപ്പെട്ടി കൊണ്ടുവരുന്നതുപോലെ സ്വാഭാവികമായതു് എന്തോ നടക്കുന്നതായാണു് അവർക്കു തോന്നിയതു്. ചത്തവീട്ടിലേക്കു വരുന്ന കാലിപ്പെട്ടിയെടുക്കാൻ ജീപ്പ്ഡ്രൈവർ മാത്രമേ കാണുകയുള്ളൂ.

മുറിയൊഴിയൽ കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. സൈക്കിൾ എടുത്തു് ഋദ്ധിയിറങ്ങി.

മഴ ചാറാൻ തുടങ്ങി. മഴക്കോട്ടോ കുടയോ എടുത്തിട്ടില്ല. പെയ്യട്ടെ, ആർത്തുപെയ്യട്ടെ എന്നു മനസ്സു പറയുകയാണു്. വേണ്ടപ്പോൾ അതങ്ങനെ പെയ്യില്ല. നനയ്ക്കാനുള്ള ചാറൽ പോലും ഇല്ല. ഉടുപ്പിൽ അങ്ങിങ്ങ് ഒരോ പാടുകൾ. ജീൻസിൽ അത്രയ്ക്കു് പോലും അറിയാത്ത ഒന്നോ രണ്ടോ തുള്ളി. ആഞ്ഞുചവിട്ടാൻ തുടങ്ങി. കടൽത്തീരത്തുകൂടി സമാന്തരമായി പോവുകയാണു് സൈക്കിൾ.

ഋദ്ധി കണ്ണടച്ചു നന്ദിനിയുടെ മടിയിൽ തലവച്ചു കിടക്കുകയാണു്. അവൾ അന്നു് കോഴിക്കോട്ടെ ഹോസ്റ്റൽ വരാന്തയിൽ ഇരുന്നു് മതഗ്രന്ഥം വായിക്കുന്നതു പോലെ നിർവികാരമായി പറയുകയാണു്.

ഇരുട്ടായിരുന്നു. ഒൻപതാം ക്ലാസിലെ പൂക്കളം തകർത്തെറിഞ്ഞ രാത്രിയാണു്. ബാങ്ക് മാനേജറുടെ വീട്ടിൽ നിന്നു് വന്നു് അഞ്ചാം ദിവസം. ഇതിനിടെ അരമണിക്കൂർ തികച്ചു് ഉറങ്ങിയിട്ടേയില്ല. വെള്ളവും ചോറും തൊട്ടിട്ടില്ല. ഇടയ്ക്കൊരു ഇഡലി, രണ്ടു് ബിസ്ക്കറ്റ്, പനിയായിരിക്കും എന്നു പറഞ്ഞു് അമ്മ മേശമേൽ വച്ച മൂന്നോ നാലോ റെസ്കു്. നൂറു മണിക്കൂറിനിടെ കഴിച്ചതു് ഇതുമാത്രമാണു്. ഉറങ്ങാൻ കഴിഞ്ഞതു പോലും ഇപ്പോഴാണു്. കുഞ്ഞുണ്ണി കരയുന്നു. ഞെട്ടി ഉണർന്നു. ശരീരത്തിൽ നല്ല ഭാരമായിരുന്നു. പിതൃഹസ്തം പുത്രിയുടെ വായടച്ചിട്ടുണ്ടു്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു് ഏതൊരു പീഡകനേയും പോലെ അയാൾ ചെവിയിൽ. ഞെട്ടിയില്ല. അയാൾ സാഷ്ടാംഗ നമസ്കാരം കഴിഞ്ഞതുപോലെ ഇരുവശത്തും കൈകുത്തി എഴുനേറ്റു.

രണ്ടാം ദിവസം ഉച്ചയ്ക്കാണു് കസ്റ്റംസ് പിടിച്ചിട്ടിരിക്കുന്ന വഞ്ചിയുടെ പാമരം വീണു കിടക്കുന്നതു് അലോഷി ശ്രദ്ധിച്ചതു്.

എത്ര തുരുമ്പെടുത്താലും നിന്ന നിൽപിൽ അതു വീഴില്ലെന്നു് അലോഷിയ്ക്കുറപ്പായിരുന്നു. ഋദ്ധിയുടെ സൈക്കിൾ കണ്ടെത്തിയ തീരത്തും അടുത്ത വീടുകളിലുമെല്ലാം തെരഞ്ഞു് നിരാശരായി നിൽക്കുകയായിരുന്നു ബിനോയിയും അന്നമ്മയും സുശീലയും. ചുമതലയേറ്റയന്നു തന്നെ അന്തേവാസിയെ കാണാതായ വിമ്മിഷ്ടവുമായി സിസ്റ്റർ മാർഗലീത്തയുമുണ്ടു്. അലോഷി അതു പറഞ്ഞപ്പോൾ പാവഞ്ചിയിൽ കയറാനുള്ള ഋദ്ധിയുടെ മോഹം ബിനോയി ഓർത്തു. കോസ്റ്റൽ പൊലീസ് ബോട്ട് ഇറക്കി. വഞ്ചിയിൽ ഋദ്ധി കമഴ്‌ന്നു കിടപ്പുണ്ടായിരുന്നു. കഴുത്തിൽ വട്ടംവീണു് പാമരവും. അനക്കം തോന്നുന്നില്ലെന്നേയുള്ളു. നെഞ്ചു മിടിക്കുന്നുണ്ടു്.

ബലാൽസംഗം നടന്നിട്ടില്ലെന്നു് ഡോക്ടർ ഗീതാകുമാരി. പുരുഷബീജങ്ങളൊന്നും വസ്ത്രത്തിലോ ശരീരത്തിലോ ഉണ്ടായിരുന്നില്ലെന്നു് ഫോറൻസിക് ഇൻസ്പെക്ടർ സ്മിതാ ഫിലിപ്. കെട്ടിത്തൂങ്ങിയപ്പോൾ പാമരം ഒടിഞ്ഞതായിരിക്കാമെന്നു് അടുത്തു കിടന്ന മൊയ്തീന്റെ വള്ളത്തിലെ പ്ലാസ്റ്റിക് കയർ ചൂണ്ടി ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ. പരിചയമില്ലാത്ത ആരും ആ വഴിക്കൊന്നും വന്നില്ലെന്നു് തുറക്കാർ ബിനോയിയോടു് പറഞ്ഞിരുന്നു. മൊയ്തീൻ കാശൊന്നും വേണ്ട, മീൻപിടിച്ചോന്നു പറഞ്ഞു സുശീലയ്ക്കു കൊടുത്ത ആ വള്ളം പാവഞ്ചിയുടെ അറ്റത്തു് ചെറുവടം കൊണ്ടു കെട്ടിക്കിടപ്പുണ്ടായിരുന്നു.

ഇതുവരെ ഒരു തെളിവും ഇല്ലാത്തതിനാൽ ആരും സംശയിക്കുക പോലും ചെയ്യാത്ത അക്കഥ ഓളത്തിലെ വള്ളം പോലെ ഋദ്ധിയുടെ ഉള്ളിൽ മാത്രം കിടന്നു.

സിസ്റ്ററുടെ മുറിയിൽ നിന്നു് എടുത്തു മാറ്റുകയായിരുന്ന നനവുമാറാത്ത അടിവസ്ത്രങ്ങൾ പൊതിയാൻ വിടർത്തിയിട്ടതു് മൂന്നു ദിവസം മാത്രം പഴകിയ ദിനപ്പത്രമായിരുന്നു. കോഴിക്കോടു് റയിൽവേ ട്രാക്കിൽ നിന്നു് കണ്ടെത്തിയ അജ്ഞാത ജഡം സെക്സ് റാക്കറ്റിലെ കണ്ണിയുടേതു് എന്നു സ്ഥിരീകരിച്ച ഒറ്റക്കോളം വാർത്ത. അതു കണ്ടുനിൽക്കെ വളർന്നു വലുതായി പല കോളങ്ങൾ കടന്നു. മുറി നിറഞ്ഞു. സൈക്കിളെടുത്തു് അതിവേഗം പോകുമ്പോൾ തീരത്തെ മണലുകൾ മുഴുവൻ ആ അക്ഷരങ്ങളാണു്. ഒത്താശ ചെയ്തയാൾ മാത്രമായതിനാൽ മൂന്നു വർഷത്തെ ശിക്ഷ കഴിഞ്ഞ പീഡകപിതാവു് ഒറ്റമുറി വാടകവീട്ടിൽ വന്നു കൂടിയെന്നു് അന്നു് അവൾ പറഞ്ഞിരുന്നു. പണം ചോദിച്ചു് വിളിച്ചിരുന്നെന്നും. എന്റെ കയ്യിൽ ഉണ്ടാകുന്ന പണം എങ്ങനെയാണെന്നു് അറിയാതെയല്ലല്ലോ എന്നാണു് അവൾ അവസാനമായി പറഞ്ഞതു്.

എന്റെ മുട്ടിവിളിയിൽ അയാൾ പരിഭ്രമിച്ചു് വാതിൽ തുറന്നു. ഞാൻ സുശീലയുടെ കുന്നത്തമ്മയായി. അയാൾ മൊയ്തീന്റെ ചെറുവള്ളത്തിൽ ഇരിക്കപ്പൊറുതിയില്ലാതെ നിന്നു് ആടി. ഞാൻ അയാളുടെ മുഖത്തു തന്നെ നോക്കി കടലിലേക്കു പങ്കായമെറിഞ്ഞു. അതു കൊമ്പൻ മീശയില്ലാത്ത ഭാർഗവൻ ആണെന്നു് എനിക്കു തോന്നി. അയാൾ ഓളങ്ങളിൽ ആടി വന്നു് എന്റെ മുടിയിഴകൾ തഴുകി. ഉച്ചിയിൽ വെള്ളിക്കെട്ടൻ കൊത്തിയതു പോലെ എനിക്കു് കരിനീല നിറം വച്ചു. ഞരമ്പുകളിൽ തിരയടിക്കുന്ന കടൽ.

അയാൾ എനിക്കു മുൻപേ വിൽഫ്രഡിന്റെ പാവഞ്ചിയിലേക്കു് വള്ളത്തിലെ കയർ എടുത്തെറിഞ്ഞു് തൂങ്ങിക്കയറി. ഒറ്റമുണ്ടും ഷർട്ടും ഊരിയെറിഞ്ഞു. അതു് അപ്പോൾ തന്നെ കാറ്റെടുത്തു തിരയ്ക്കു കൊടുത്തു. പങ്കായവുമായി കയറിയ എന്നോടു് അയാൾ ചോദിച്ചു പാവഞ്ചിയിലെന്തിനു് ഈ ചട്ടുകമെന്നു്. ഞാൻ വെളുക്കെ ചിരിച്ചു. ഉത്തരം കാക്കാതെ തന്നെ അയാൾ പറഞ്ഞു: എന്റെ കയ്യിൽ ഇപ്പോൾ പണമില്ല.

ഞാൻ പിന്നെയും കുന്നത്തമ്മയായി. അയാൾ ആദ്യമായി ചിരിക്കാൻ തുടങ്ങി. അതു കണ്ടു നിന്ന ഞാൻ തിരമേലേ ഉയർന്നുപൊങ്ങി. പങ്കായം നിലംതല്ലി പോലെ താഴ്‌ന്നു. അയാൾ ചവിട്ടുകൊണ്ട അട്ടയായി പാമരത്തിൽ വട്ടംചുരുണ്ടു. പങ്കായത്തിൽ പിന്നെയും കാറ്റുപിടിച്ചു. അയാൾ പന്തു് പോലെ ഉയർന്നു് കടലിലേക്കു താഴ്‌ന്നു. പുത്രിയോളി, പുത്രിയോളി എന്നാർത്തു തിര വന്നു ചുരുട്ടിയെടുത്തു. പാമരം ആ ആക്കം കഴിഞ്ഞു് തിരികെ വരുമ്പോൾ അയാൾ തിമിംഗല വയറിലേക്കു് ജീവനോടെ പോകണേ എന്നു് സുശീലയായിരുന്നെങ്കിൽ അത്തിക്കാവിലമ്മയ്ക്കു് നൂറും പാലും നേരുമായിരുന്നു.

ഇതു [1] മാതൃഹന്താവാം ഋഷിയുടെ മഴുവല്ല, പിതൃ ഹന്താവാം ഋദ്ധിയുടെ പങ്കായമെന്നു് താഴെ വീണു് ആ പലക ചിരിച്ചു. പാമരം പിന്നാലെ വീണു. മഴ പെയ്യാൻ തുടങ്ങി.

സുശീലയെ കുഴിച്ചിട്ടാൽ മതിയെന്നു് അന്നമ്മയാണു് പറഞ്ഞതു്.

ജാതീം മതോം ഒന്നുമില്ലാതിരുന്ന ഇനമല്ലേ. മണ്ണിനെങ്കിലും ഇത്തിരി എല്ലുപൊടി കിട്ടട്ടെ. പെട്ടിയൊന്നും വരുത്താൻ നിന്നില്ല. വെള്ളത്തുണിയിൽ പൊതിഞ്ഞതു് ആൻസിയാണു്. ബിനോയി മുണ്ടിന്റെ അറ്റം വരിഞ്ഞുമുറുക്കാനായി പിടിച്ചുകൊടുത്തു. സ്കൂളിനു് പുതിയ കെട്ടിടം പണിയാനെന്നു പറഞ്ഞു് ഇരുപതാണ്ടു മുമ്പു് വാങ്ങിയിട്ട പറമ്പുണ്ടായിരുന്നു. കാടുകയറിയതല്ലാതെ അവിടെ കെട്ടിടമൊന്നും വന്നില്ല. അതിന്റെ മൂലയ്ക്കു് നന്നായി താഴ്ത്തി കുഴിച്ചിട്ടേക്കണേ എന്നേ ഫാ. പോൾ പറഞ്ഞുള്ളൂ. പട്ടിയെങ്ങാനും മാന്തിയാൽ പണികിട്ടും.

സുശീലയെ കുഴിച്ചിട്ടു് വന്നു് അന്നമ്മ അലവാങ്കും പിക്കാസും അരമതിലിൽ ചാരി. മഠത്തിൻമുറ്റത്തെ താമസക്കാരിയായ കൊടിച്ചി വേണ്ടപ്പെട്ട ആരോ ചത്തതുപോലെ സ്കൂൾ മുറ്റത്തു കിടന്നു് പടിയിലേക്കു് തലവച്ചു. ബിനോയി നടന്നിറങ്ങി വന്നിട്ടും അതു് അനങ്ങിയില്ല.

അന്നമ്മയോടു് ബിനോയി:
“കൊച്ചു് കഴിച്ചോ ചേച്ചിയേ…”

അന്നമ്മ ആ… എന്നു മൂളി അകത്തോട്ടു പോയി. വ്യാഴത്തിനു വ്യാഴം എട്ടു്, വെള്ളി ഒൻപതു്, ശനി പത്തു്, ഞായർ പതിനൊന്നു്. ഋദ്ധി ഒരിക്കൽപോലും കണ്ണുതുറക്കാതെ കിടക്കാൻ തുടങ്ങിയിട്ടു് ദിവസം പതിനൊന്നായെന്നു് ആ പോക്കിൽ അന്നമ്മ കണക്കുകൂട്ടി.

ആൻസി ഒപ്പം ചെന്നു് നിലത്തിരുന്നു. അന്നമ്മ സുശീലയുടെ തകരപ്പെട്ടി വലിച്ചെടുത്തു. നിലത്തെഴുത്താശാന്റെ മകൾ ഭവാനിക്കു് ആനക്കാരനിൽ ഉണ്ടായ മകൾ സുശീല ഊട്ടുകയും സന്ധ്യസിസ്റ്റർ വളർത്തുകയും ചെയ്ത ഋദ്ധിയെന്ന അമ്പിളിയുടെ മകളുടെ കഥ എന്ന ആമുഖമുള്ള എഴുത്തുപുസ്തകം പെട്ടിയിൽ നിന്നെടുത്തു് ആൻസി എന്ന കപ്യാരുടെ ഭാര്യ സൂക്ഷിച്ചു നോക്കുമ്പോൾ ഫ്യൂരിഡാൻ അടിച്ചു ചത്തുകെട്ടുപോയ കെട്ട്യോനെ പിന്നൊരിക്കലും ഓർക്കാത്ത അന്നമ്മയെന്ന വൃദ്ധ ഉറക്കെ വായിക്കാൻ പറഞ്ഞു.

ആൻസി സുശീലയുടെ മനോഹരമായ കയ്യക്ഷരത്തിനു് ശബ്ദം കൊടുത്തു.

“പല്ലിയെ കഴിച്ച ദിവസമാണു്. ഇങ്ങനെയുള്ള നാഴികസൂചികകളിലൂടെയാണു് ഞാൻ ഓർമകളുടെ ഓരോ അധ്യായവും അടുക്കിവച്ചിരിക്കുന്നതു്…”

ഋദ്ധി കണ്ണടച്ചു കിടന്നു. അന്നമ്മയുടെ തുറന്ന കണ്ണുകൾ ഇടയ്ക്കൊക്കെ അടഞ്ഞു് പോയി. ആൻസി വായിച്ചുകൊണ്ടിരുന്നു.

കുറിപ്പുകൾ
[1]

മന്ത്രിച്ചു മമാത്മാവിൽ, മാതൃഹന്താവിൻ മഴു പൊന്താത്തതെന്തീസ്സുഖോന്മത്തർതൻ നേർക്കെന്നാരോ! മഴുവിന്റെ കഥയിൽ ബാലാമണിയമ്മ പരശുരാമന്റെ മഴുവിനെക്കുറിച്ചു പറയുന്ന ഭാഗം.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.