images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
സാധനപാധം
സൂത്രം 1. തപഃ സ്വാദ്ധ്യായേശ്വരപ്രണിധാനാനി ക്രിയായോഗഃ

അർത്ഥം: തപഃ സ്വാദ്ധ്യായേശ്വരപ്രണിധാനാനി = തപസ്സു്, സ്വാദ്ധ്യായം (പഠനം), ഈശ്വരപ്രണിധാനം (സർവകർമ്മങ്ങളേയും ഈശ്വരാർപ്പണംചെയ്ക അല്ലെങ്കിൽ കർമ്മങ്ങളെ ഫലാപേക്ഷ കുടാതെ ചെയ്ക) ഇവ, ക്രിയായോഗഃ = ക്രിയായോഗം (ആകുന്നു).

നാം കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞവസാനിപ്പിച്ച സമാധികൾ സാധിപ്പാൻ വളരെ പ്രയാസമുണ്ടു്. അതുകൊണ്ടു നാം അവയെ മന്ദമായി പരിശീലിക്കണം. ആദ്യത്തെ പടിക്കു അതായതു പ്രാരംഭപരിശീലനത്തിനു ക്രിയായോഗം എന്നു പറയുന്നു. വാച്യാർത്ഥമായി പറഞ്ഞാൽ, ഇതിന്റെ അർത്ഥം കർമ്മം (പ്രവൃത്തി) അതായതു യോഗത്തിനായിട്ടുള്ള പ്രവൃത്തി എന്നാണു്. ഇന്ദ്രിയങ്ങൾ കുതിരകളാണു്. മനസ്സു് കടിഞ്ഞാണാണു്. ബുദ്ധി തേരാളിയും, ആത്മാവു് സവാരി ചെയ്യുന്ന ആളും, ശരീരം തേരുമാകുന്നു. ഗൃഹത്തിലെ യജമാനൻ അതായതു് രാജാവു; (മനുഷ്യന്റെ ആത്മാവു്) തേരിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു. കുതിരകൾ അധികം ശക്തിയേറീട്ടു കടിഞ്ഞാണിന്റെ നിയമനത്തിനു കീഴ്പ്പെടാതേയും ബുദ്ധിയാകുന്ന തേരാളിക്കു കുതിരകളെ നടത്തുന്നതിനു അറിവാൻ പാടില്ലാതെയും ആയാൽ അപ്പോൾ ഈ തേർ ആപത്തിൽ അകപ്പെടും. എന്നാൽ ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ നല്ലവണ്ണം നിയന്ത്രിതമായും, മനസ്സാകുന്ന കടിഞ്ഞാൺ ബുദ്ധിയാകുന്ന തേരാളിയുടെ കൈകളിൽ നല്ലവണ്ണം ധരിക്കപ്പെട്ടും ഇരുന്നാൽ, തേരു് അതിന്റെ ഉദ്ദിഷ്ടദിക്കിൽ എത്തുന്നു. അതുകൊണ്ടു് ‘തപസ്സി’ന്റെ അർത്ഥം എന്തായിരിക്കും? ശരീരത്തെയും, മനസ്സിനെയും നടത്തുമ്പോൾ കടിഞ്ഞാണിനെ ദൃഢമായി പിടിച്ചു കൊള്ളുക എന്നുള്ളതു തന്നെ. ശരീരത്തെ അതിന്നിഷ്ടമായതെല്ലാം ചെയ്തുകൊള്ളാൻ വിട്ടേക്കുകയല്ല. പിന്നയോ? അവ രണ്ടിനേയും ശരിയായ നിയമനത്തിൻ കീഴ്‌വച്ചുകൊള്ളുകയത്രേ ‘സ്വാദ്ധ്യായം’ പഠനം (വായന). ഇവിടെ വായന എന്നവച്ചാൽ എന്താണു്. നോവലുകളോ കെട്ടുകഥകളോ കഥാപുസ്തകങ്ങളോ വായിക്കയല്ല. ആത്മാവിന്റെ മോക്ഷസിദ്ധിക്കുപയുക്തമായ ഗ്രന്ഥങ്ങളെ പാരായണം ചെയ്ക ആകുന്നു. വീണ്ടും പാരായണം ചെയ്ക എന്നർത്ഥമാകുന്നില്ല. യോഗി വാദകാലങ്ങൾ എല്ലാം കഴിഞ്ഞ ആൾ എന്നാണു കരുതേണ്ടതു്. അയാൾക്കു വേണ്ടിടത്തോളംവാദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ മതിയായിരിക്കയാണു്. തന്റെ സിദ്ധാന്തത്തേ ഉറപ്പിപ്പാൻ മാത്രമേ ഇനി അയാൾ വായിക്കേണ്ടിയുള്ളു. വാദങ്ങൾ, സിദ്ധാന്തങ്ങൾ മതസംബന്ധമായ ജ്ഞാനം ഈ രണ്ടു പ്രകാരത്തിലാണു്. വാദങ്ങൾ എന്നാൽ ന്യായയുക്തികൾ, സിദ്ധാന്തങ്ങൾ എന്നാൽ നിശ്ചയങ്ങൾ അല്ലെങ്കിൽ നിഗമനങ്ങൾ. ഒരുത്തൻ കേവലം അജ്ഞാനിയായിരിക്കുമ്പോൾ ഇതിൽ ആദ്യത്തേതിനേ അതായതു ന്യായവാദയുദ്ധത്തെ അവലംബിക്കയും സർവത്ര യുക്തിവാദം കൊണ്ടു പോരാടുകയും ചെയ്യുന്നു. അതെല്ലാം കഴിഞ്ഞാൽ സിദ്ധാന്തങ്ങളേ പിടിക്കുകയും, നിശ്ചയ രൂപമായ ഒരു നിഗമനത്തിൽ എത്തുകയും ചെയ്യുന്നു. കേവലം ഈ സിദ്ധാന്തത്തിൽ എത്തിയതു കൊണ്ടായില്ല. അതുകൊണ്ടു് സാരാംശമായിട്ടുള്ളതിനെ മാത്രം എടുക്കണം. ഇതാണു, ജ്ഞാനത്തിന്റെ രഹസ്യം. അതിനെ തിരിഞ്ഞെടുത്തിട്ടു് കൃത്യമായും അതിനു് അനുരൂപമായി ജീവിപ്പാൻ നോക്കുക. ഇന്ത്യയിൽ ഒരു പഴയ ഉപമയുണ്ടു്. രാജഹംസത്തിന്റെ (അരയന്നത്തിന്റെ) മുമ്പിൽ ഒരു പാത്രത്തിൽ ധാരാളം വെള്ളമൊഴിച്ചു പാലും ചേർത്തുവച്ചു കൊടുത്താൽ അതു പാൽ അശേഷം കുടിക്കുകയും വെള്ളംമാത്രം നീക്കിവെച്ചേക്കുകയും ചെയ്യുമത്രേ. അതുപോലെ നാം ജ്ഞാനസമ്പാദനത്തിന്നുപയുക്തമായതിനെ മാത്രം എടുക്കുകയും ചവറുകളെ തള്ളിക്കളയുകയും ചെയ്യണം. ഈ ബുദ്ധിയുടെ കരണംമറിച്ചിലുകളെല്ലാം ആദ്യം ആവശ്യമത്രേ. നാം കണ്ണുംപൂട്ടിക്കൊണ്ടു ഒന്നിലും ചെന്നുചാടരുതല്ലോ. യോഗി യുക്തിവാദങ്ങളുടെ ഘട്ടം കഴിഞ്ഞു കരിങ്കല്ലുപോലെ സുസ്ഥിരമായ ഒരു സിദ്ധാന്തത്തിൽ എത്തിയിരിക്കയാകുന്നു. അയാൾ ഇനി നോക്കുന്നതു് അതിനെ ദൃഢീകരിപ്പാൻ മാത്രമാണു്. യോഗി പറയുന്നു: വാദിക്കരുതു്; ഒരുത്തൻ വാദിപ്പാൻ നിങ്ങളെ നിർബന്ധിച്ചാലും മിണ്ടരുതു്. ഒരു വാദത്തിനും ഉത്തരം പറയരുതു്. യഥേഷ്ടം പോയേക്കുക. എന്തുകൊണ്ടേന്നാൽ, വാദങ്ങൾ മനസിനെ കലക്കുകയേ ചെയ്യൂ. ബുദ്ധിയെ അഭ്യാസംകൊണ്ടു വശമാക്കുക മാത്രമാണു വേണ്ടതു്. അതുകൊണ്ടു അതിനെപ്പിന്നെയും ഉപദ്രവിച്ചിട്ടു പ്രയോജനം എന്തു്? ബുദ്ധി ഒരു ദുർബലമായ ഉപകരണമേ ആകുന്നുള്ളു. അതിനു ഇന്ദ്രിയങ്ങളാൽ പരിച്ഛേദിക്കപ്പെട്ട ജ്ഞാനത്തെ മാത്രമേ നമുക്കു നൽകാൻ കഴിയൂ. യോഗി ഇന്ദ്രിയങ്ങളെ കടന്നുപോകണം. അതുകൊണ്ടു ബുദ്ധിയുടെ ഉപയോഗം അവനില്ല. അതവനു നിശ്ചയമുണ്ടു്. അതാണു് അവൻ മിണ്ടാത്തതു. അതാണു് അവൻ വാദിക്കാത്തതു്, ഒരോ വാദവും മനസിന്റെ സമതയെ തെറ്റിക്കുന്നു. ചിത്തത്തിന്നു ഒരു കലക്കമുണ്ടാകുന്നു. ആ കലക്കം ഒരു അധോഗതിയുമാകുന്നു. ഈ വാദപ്രതിവാദങ്ങളും യുക്തിചിന്തകളും എല്ലാം വഴിക്കുള്ളവ മാത്രമാണു്. അവയുടെ അപ്പുറത്തായി വളരെ ഉയർന്ന സംഗതികളുണ്ടു്. ജീവിതം മുഴുവനും പള്ളിയിൽപിള്ളരുടെ ശണ്ഠയ്ക്കും വാദ്രപതിവാദസഭയ്ക്കുമായിട്ടുള്ളതല്ല. ഈശ്വപ്രാണിധാനം എന്നു വെച്ചാൽ കർമ്മഫലങ്ങൾ ഗുണമാകട്ടെ ദോഷമാകട്ടെ നാം എടുക്കാതെ (അഭിമാനിക്കാതെ) രണ്ടും ഈശ്വരനു സമർപ്പിച്ചിട്ടു സമാധാനത്തോടെ ഇരിക്കുക ആകുന്നു.

സൂത്രം 2. സമാധിഭാവനാർത്ഥഃ ക്ലേശതനൂകരണാർത്ഥശ്ച

അർത്ഥം: സമാധിഭാവനാർത്ഥഃ = സമാധിയെ സാധിക്കുന്നതിനും, ക്ലേശതനൂകരണാർത്ഥശ്ച = ക്ലേശങ്ങൾ ക്ഷയിപ്പിക്കുന്നതിനും (ക്രിയായോഗം ഉപയുക്തമാകുന്നു).

നാം അധികം പേരും നമ്മുടെ മനസ്സുകളെ ‘കുരുത്തംകെട്ട കുട്ടികളെ’പ്പോലെ ബോധിച്ചതെല്ലാം ചെയ്തുകൊള്ളാൻ വിട്ടിരിക്കുകയാകുന്നു. അതു കൊണ്ടു മനസ്സിൽ നിയമത്തെ സാധിക്കുകയും, അതിനെ സ്വാധീനിക്കുകയും ചെയ്യുന്നതിനു മുൻപറഞ്ഞ തപസ്സിനെ നിരന്തരമായഭ്യസിക്കുന്നതു ആവശ്യമാകുന്നു. ഈ നിയമത്തിന്റെ അഭാവത്താലാണു് യോഗവിഘ്നങ്ങൾ ഉണ്ടാകുകയും നമുക്കു് ക്ലേശങ്ങളെ നൽകുകയും ചെയ്യുന്നതു. മനസിനെ പിൻവലിച്ചു് ഈ നാനാ ഉപായങ്ങളെക്കൊണ്ടു് അതിനെ ബന്ധിച്ചു നിർത്തിയെങ്കിൽ മാത്രമേ അവയെ ഒഴിക്കാൻ കഴിയൂ.

സൂത്രം 3. അവിദ്യാഽസ്മിതാരാഗദ്വേഷാഭിനിവേശാഃ ക്ലേശാഃ

അർത്ഥം: ക്ലേശഃ = ക്ലേശങ്ങൾ, അവിദ്യാഽസ്മിതാരാഗ ദ്വേഷാഭിനിവേശാഃ = അവിദ്യ (അജ്ഞാനം), അസ്മിത (അഹങ്കാരം), രാഗം (കാമം), ദ്വേഷം (ക്രോധം), അഭിനിവേശം (ജീവതേച്ഛ) ഇങ്ങിനെ അവയുടെ ലക്ഷണങ്ങൾ താഴെ പറയും.

ഇവയാണു പഞ്ചക്ലേശങ്ങൾ. നമ്മെ അസ്വതന്ത്രരാക്കിയ അഞ്ചു ബന്ധങ്ങൾ, അവിദ്യ തന്നെയാണു് അവശ്യമായും, മറ്റെല്ലാറ്റിന്റെയും മാതാവു. അവൾ മാത്രമാണു നമ്മുടെ സർവക്ലേശങ്ങൾക്കും കാരണം. വേറെ എന്തിനു നമ്മെ ക്ലേശിപ്പിപ്പാൻ കഴിയും? ആത്മാവിന്റെ സ്വഭാവം നിത്യാനന്ദമാണു. അജ്ഞാനം അതായതു് മായ, അല്ലെങ്കിൽ ഭ്രാന്തി; അതിനല്ലാതെ മറ്റേതിനു ആത്മാവിനെ ദുഃഖിപ്പിക്കാൻ കഴിയും ആത്മാവിന്റെ ഈ ദുഃഖമെല്ലാം കേവലം ഭ്രാന്തി തന്നെ.

സൂത്രം 4. അവിദ്യാ ക്ഷേത്രമുത്തരേഷാം പ്രസുപ്തതനു വിച്ഛിന്നോദാരാണാം

അർത്ഥം: പ്രസുപ്ത്തനുവിച്ഛിന്നോദാരാണാം = മങ്ങിയും, സൂക്ഷ്മമായും, തടുക്കുപ്പെട്ടും വർദ്ധിച്ചും ഇരിക്കുന്നു, ഉത്തരേഷാം = ഒടുവിലത്തെ നാലിനും (അസ്മിതാദികൾക്ക്), അവിദ്യാ = അജ്ഞാനം, ക്ഷേത്രം = ഉല്പത്തിസ്ഥാനമാകുന്നു.

സംസ്ക്കാരങ്ങളാണു് ഇവയ്ക്കെല്ലാം കാരണം. ഈ സംസ്ക്കാരങ്ങൾ പല മാത്രകൾ അനുസരിച്ചിരിക്കുന്നു. മങ്ങിയ അല്ലെങ്കിൽ അന്തർലീനമായ സംസ്ക്കാരങ്ങളുണ്ടു്. ‘ഒരു ശിശുവിനെപ്പോലെ നിഷകളങ്കൻ’ എന്നു ചൊല്ലുന്നതു നിങ്ങൾ പലപ്പോഴും കേൾക്കാറുണ്ടല്ലോ. എങ്കിലും ആ ശിശുവിൽ ക്രമേണ വെളിപ്പെട്ടുവരാറുള്ള ഒരു അസുരന്റേയൊ ദേവന്റേയൊ അവസ്ഥ മങ്ങിക്കിടക്കുന്നുണ്ടാവാം. യോഗിയിൽ പൂർവകർമ്മങ്ങളുടെ ഫലങ്ങളായ ഈ സംസ്ക്കാരങ്ങൾ സൂക്ഷ്മങ്ങളായിപ്പോയിരിക്കുന്നു. അതായതു് അയാൾക്കു അതിനെ പ്രത്യക്ഷമായിത്തീരാതെ അടക്കിവയ്ക്കാൻ കഴിയത്തക്കവണ്ണം അത്ര കൃശമായിത്തീർന്നിരിക്കുന്നു. വിച്ഛിന്ന ശക്തിയേറിയ മറ്റൊരു ജാതി സംസ്ക്കാരങ്ങളാൽ എതിർക്കപ്പെട്ടിട്ടു് കുറേനേരം തടഞ്ഞു നില്ക്കുമാറുണ്ടു്. അങ്ങിനെയുള്ളവയാണു്. എന്നാൽ ആ പ്രതിബന്ധഹേതുക്കൾ നീങ്ങുമ്പോൾ അവ വീണ്ടുംവരും. ഒടുവിലത്തേതു ഉദാരാവസ്ഥയാണു്. അനുകൂലമായ പര്യന്താവസ്ഥകളുണ്ടാകുമ്പോൾ സംസ്ക്കാരങ്ങൾക്കു് ഗുണമോ ദോഷമോ ചെയ്യുന്നതിനുള്ള ശക്തി വർദ്ധിക്കുന്നു.

സൂത്രം 5. അനിത്യാശുചിദുഃഖാനാത്മസു നിത്യശുചിസുഖാത്മഖ്യാതിരവിദ്യാ

അർത്ഥം: അനിത്യാശുചിദുഃഖാനാത്മസു = അനിത്യമായും അശുചിയായും, ദുഃഖമായും അനാത്മാവായുമിരിക്കുന്നവയിൽ, നിത്യശുചിസുഖാത്മഖ്യാതി = നിത്യമെന്നും ശുചിയെന്നും സുഖമെന്നും, ആത്മാവെന്നും ഉള്ളബോധം, അവിദ്യാ = അവിദ്യ (അജ്ഞാനം) ആകുന്നു.

ഈ പല പ്രകാരമുള്ള സംസ്ക്കാരങ്ങളുടേയും ഏകകാരണം അജ്ഞാനമാണു്. അജ്ഞാനം എന്താണെന്നാണു് നാം ആദ്യം അറിയേണ്ടതു്. നാം എല്ലാവരും ‘ഞാൻ ഈ ശരീരമാണു്’ എന്നു വിശ്വസിക്കുന്നു. യുദ്ധവും സ്വയംപ്രകാശവും ആനന്ദമയവുമായ ആത്മചൈതന്യം ആണു്, എന്നല്ല. അതാണു് അജ്ഞാനം നാം മനുഷ്യനെപ്പറ്റി വിചാരിക്കുന്നു. മനുഷ്യനെ ശരീരമായിട്ടു ഭാവിക്കുയും ചെയ്യുന്നു ഇതാണു മഹാമോഹം.

സൂത്രം 6. ദൃഗ്ദർശനശക്ത്യോരേകാത്മതൈവാഽസ്മിതാ

അർത്ഥം: ദൃഗ്ദർശനക്ത്യോഃ = ദൃക്ശക്തിയുടെയും ദർശനശക്തിയുടെയും (പുരുഷന്റെയും ബുദ്ധിയുടെയും), ഏകാത്മതാ = അഭേദം (അഭേദജ്ഞാനം), ഏവ = തന്നെ, അസ്മിതാ = അസ്മിത എന്ന ക്ലേശം.

ദൃക്കു് വാസ്തവത്തിൽ നിർമ്മലവും നിത്യശുദ്ധവും അഖണ്ഡവും, അനശ്വരവുമായ ആത്മാവാണു. അതാണു മനുഷ്യന്റെ ജീവൻ. എന്നാൽ ദർശനങ്ങൾ എന്തെല്ലാം ആണു്? ചിത്തം, ബുദ്ധി, മനസ്സു്, ജ്ഞാനേന്ദ്രിയങ്ങൾ ഇവതന്നെ. ഇവ പുരുഷനു ബാഹ്യപദാർത്ഥങ്ങളെ കാണുന്നതിനുള്ള കാരണങ്ങൾ ആകുന്നു. ആ കാരണങ്ങളോടു് (ദർശനങ്ങളോടു്) ആത്മാവു് അഭേദമാണെന്നു (അവയും ആത്മാവും വേറെ അല്ലെന്നു) തോന്നുന്നതാണു് അവിദ്യാരൂപമായ അജ്ഞാനം എന്നു പറയുന്നതു്. നാം ‘ഞാൻ മനസ്സാണു,’ ‘ഞാൻ വിചാരമാണു്’, ‘ഞാൻ ക്രൂദ്ധനാണു്’, ‘ഞാൻ സന്തുഷ്ടനാണു്,’ ഇങ്ങനെ ഒക്കെ പറയുന്നു. നമുക്കു് എങ്ങിനെ നമുക്കു് ദ്വേഷിപ്പാൻ സാധിക്കും? നിർവികാരമായ ആത്മാവു് നാം ആണെന്നു വേണം നാം വിചാരിപ്പാൻ അതു നിർവികാരമാണെങ്കിൽ അതിനു് എങ്ങനെ ഒരു ക്ഷണനേരം സന്തുഷ്ടിയോ അസന്തുഷ്ടിയോ ഉണ്ടാകും? അതു രൂപരഹിതവും അപരിച്ഛിന്നവും, സർവവ്യാപകവുമാകുന്നു. അതിൽ വികാരമുണ്ടാക്കാൻ എന്തിനു കഴിയും? അതു് എല്ലാ നിയമത്തിനും അതീതമാകുന്നു. എന്തിനു് അതിനെ ബാധിപ്പാൻ കഴിയും? ലോകത്തിൽ ഉള്ള ഒന്നിനും അതിന്മേൽ ഒരു കാര്യത്തെ ഉൽപാദിപ്പാൻ കഴികയില്ല. എങ്കിലും അജ്ഞാനത്താൽ നാം നമ്മെ ചിത്തത്തോടു അഭേദീകരിക്കയും സുഖദുഃഖങ്ങൾ അനുഭവിക്കുന്നു എന്നു വിചാരിക്കുകയും ചെയ്യുന്നു.

സൂത്രം 7. സഖാനുശായീ രാഗഃ

അർത്ഥം: സുഖാനുശായി = സുഖവിഷയങ്ങളെ തുടർന്നു കൊണ്ടുപോകുന്ന മനോഭാവം, രാഗഃ = രാഗം എന്ന ക്ലേശമാകുന്നു.

ചില വിഷയങ്ങളിൽ നമുക്കു സുഖം തോന്നുന്നു. മനസ്സു് ഒരു പ്രവാഹം പോലെ അവയിലോട്ടു ഒഴുകിചെല്ലുകയും ചെയ്യുന്നു. ആ സുഖവിഷയത്തിലേക്കുള്ള ഒഴുക്കിനാണു് രാഗം എന്നു പറയുന്നതു്. നമുക്കു സുഖം നൽകാത്ത ഒരുവനോടും നമുക്കു രാഗം (സ്നേഹം) ഇല്ല. ഏറ്റവും കേവലമായ ചില വിഷയങ്ങളിൽ നമുക്കു ചിലപ്പോൾ സുഖം തോന്നുന്നു. എന്നാലും ഈ വിവരണം അവിടെയും ശരിയായിട്ടുള്ളതു തന്നെ. എവിടെ നമുക്കു സുഖം തോന്നുന്നോ അവിടെ നമുക്കു രാഗമുണ്ടു്.

സൂത്രം 8. ദുഃഖാനുശായീ ദ്വേഷഃ

അർത്ഥം: ദുഃഖാനുശായീ = ദുഃഖവിഷയങ്ങളിൽ തുടർന്നുള്ള (വൈമുഖ്യം), ദ്വേഷഃ = ദ്വേഷം എന്ന ക്ലേശമാകുന്നു.

സൂത്രം 9. സ്വരസവാഹീ വിദുഷോപി തഥാരൂഢോഭിനിവേശഃ

അർത്ഥം: സ്വരസവാഹീ = സ്വഭാവേന തുടർന്നുകൊണ്ടിരിക്കുന്നതായി, വിദുഷഃ അപി = വിദ്വാനുപോലും തഥാരൂഢഃ = അപ്രകാരം തന്നെ ആത്മാവിൽ പടർന്നുപിടിച്ചിരിക്കുന്ന (ജീവിതാശ), അഭിനിവേശഃ = അഭിനിവേശം എന്ന ക്ലേശമാകുന്നു.

ജീവിതത്തോടുള്ള പിടിത്തം എല്ലാ ജന്തുക്കളിലും വെളിപ്പെട്ടിരിക്കുന്നതായി നിങ്ങൾ കാണുന്നല്ലോ. ഇതിന്മേലാണു് ഒരു ഭാവി ജീവിതത്തെപ്പറ്റിയ സിദ്ധാന്തത്തെ സ്ഥാപിപ്പാനായി പല ശ്രമങ്ങളും ചെയ്യപ്പെട്ടിരിക്കുന്നതു്. എന്തുകൊണ്ടന്നാൽ മനുഷ്യർക്കു് ഒരു ഭാവിജീവിതത്തെക്കൂടി കാംക്ഷിക്കത്തക്കവണ്ണം ജീവിതത്തോടു് അത്ര വലിയ ഇഷ്ടമാണു്. ഈ യുക്തിക്കു നിശ്ചയമായും വലിയ വിലവെപ്പൊന്നുമില്ലെന്നു പറഞ്ഞേ കഴിയൂ എന്നില്ല. എന്നാൽ അതിന്റെ ഏറ്റവും കൗതുകകരമായ ഭാഗം ഇതാണു്. പശ്ചിമരാജ്യങ്ങളിൽ ഈ ജീവിതത്തോടുള്ള അഭിനിവേശം ഒരു ഭാവിജീവിതത്തിന്റെ സംഭാവ്യതയെ സൂചിപ്പിക്കുന്നതാണെന്നുള്ള അഭിപ്രായം മനുഷ്യനെ സംബന്ധിച്ചു മാത്രമേ യോജ്യമായിരിക്കുന്നുള്ളു. അന്യ ജന്തുക്കൾ അതിൽ ഉൾപ്പെടുന്നില്ല. ഇന്ത്യയിൽ ഈ ജീവിത പ്രണയം കഴിഞ്ഞുപോയ അനുഭവങ്ങളെയും ജീവിതത്തേയും സ്ഥാപിക്കുന്നതിനുള്ള ന്യായങ്ങളാൽ ഒന്നുകൂടി ആകുന്നു. ഉദാഹരണം, നമ്മുടെ എല്ലാ ജ്ഞാനവും അനുഭവത്തിൽ നിന്നു വന്നാണെന്നുള്ളതു ശരിയാണെങ്കിൽ, അപ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതേതോ അതിനെ നമുക്കു ഒരിക്കലും സങ്കല്പിപ്പാനോ മനസിലാക്കാനോ കഴിയുന്നതല്ല. കോഴിക്കുഞ്ഞുങ്ങൾ മുട്ടയിൽ നിന്നും പിരിഞ്ഞ ഉടനേതന്നെ തീറ്റകളെ കൊത്തിപ്പെറുക്കാൻ തുടങ്ങുന്നു. താറാവുകളെ പിടക്കോഴികൾ കൊത്തിപ്പിരിക്കുന്ന സ്ഥലങ്ങളിൽ ഒരു കാര്യം പലപ്പോഴും കണ്ടിട്ടുള്ളതാണു്. അതായതു് മുട്ടക്കകത്തു നിന്നു വെളിയിൽ വന്ന ഉടനെ അവ വെള്ളത്തിലേയ്ക്കു പാഞ്ഞുചെല്ലുന്നു. തള്ളയായ പിടക്കോഴി അവ മുങ്ങിച്ചത്തുപോകുമെന്നും വിചാരിക്കുന്നു. ജ്ഞാനത്തിന്റെ മൂലം കേവലം അനുഭവം തന്നെ ആണെങ്കിൽ എവിടെ നിന്നാണു് ആ കോഴിക്കുഞ്ഞുകൾ തീറ്റി കൊത്തിപ്പെറുക്കാൻ പഠിച്ചതു? താറാക്കുഞ്ഞുകൾ എവിടെ നിന്നാണു് അവറ്റയുടെ സ്വാഭാവികമായ ഭൂതം ജലമാണെന്നും മനസിലാക്കിയതു് അതു സഹജബോധം (Instinct) ആണെന്നു നിങ്ങൾ പറയുന്നു എങ്കിൽ അതിനു അർത്ഥമൊന്നുമില്ല. ഒരു വാക്കു് മാത്രം പ്രയോഗിക്കുന്നു, അത്രേയുള്ളു. അതു യുക്തിയല്ല. ഈ സഹജബോധം എന്താണു്? നമുക്കു തന്നെ തമ്മിൽ അനേകം സഹജബോധങ്ങൾ ഉണ്ടു. നിങ്ങളിൽ സ്ത്രീകൾ മിക്കവാറും പേർ പീയാനോ വായിക്കാറുണ്ടല്ലോ. ആദ്യം നിങ്ങൾ പഠിച്ചപ്പോൾ കറുത്തും വെളുത്തുമുള്ള കീലങ്ങളിൽ നിങ്ങളുടെ വിരലുകൾ ഒരോന്നായി എത്ര സൂക്ഷിച്ചു ഊന്നേണ്ടിയിരുന്നു. എന്നാൽ വളരെ കൊല്ലത്തെ പരിചയത്തിനു ശേഷം ഇപ്പോൾ നിങ്ങൾക്കു ഇഷ്ടജനങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കാം, നിങ്ങളുടെ കൈകൾ അതിന്മേൽ ശരിയായിത്തന്നെ പൊയ്ക്കൊണ്ടിരിക്കും. അതു സഹജബോധമായിത്തീർന്നിരിക്കുന്നു. അതുപോലെ നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും പരിചയം കൊണ്ടു; എല്ലാം സഹജബോധമായിത്തീരുന്നു. സ്വയംവ്യാപാരശീലമായി വരുന്നു. എന്നാൽ നാം അറിഞ്ഞിടത്തോളം ഇപ്പോൾ സ്വയംവ്യാപൃതമായി നാം വിചാരിക്കുന്ന എല്ലാവും ക്ഷീണിച്ച വിവേകം തന്നെ ആകുന്നു. യോഗിയുടെ ഭാഷയിൽ പറഞ്ഞാൽ സഹജബോധം ആവൃതമായ വിവേകം ആണു്. വിവേകം ആവൃതം (ലീനം) ആയിട്ടു സ്വയം വ്യാപൃതമായ സംസ്ക്കാരങ്ങളായി പരിണമിക്കുന്നു. അതുകൊണ്ടു് ഈ ലോകത്തിൽ നാം സഹജബോധം എന്നു പറയുന്നതെല്ലാം ആവൃതമായ വിവേകമാണെന്നു വിചാരിക്കുന്നതു് ശരിയായും ന്യായമായിട്ടുള്ളതു തന്നെ ആണു്. വിവേകം അനുഭവത്തിൽ നിന്നല്ലാതെ ഉണ്ടാവാൻ തരമില്ലാത്തതിനാൽ എല്ലാ സഹജബോധവും, പൂർവാനുഭവങ്ങളുടെ ഫലം ആകുന്നു. കോഴിക്കുഞ്ഞുങ്ങൾ കഴുകനെ പേടിക്കുന്നു. താറാക്കുഞ്ഞുങ്ങൾ വെള്ളത്തിൽ പോവാൻ ആഗ്രഹിക്കുന്നു. ഇതു രണ്ടും പൂർവാനുഭവങ്ങളുടെ ഫലമാണു്. ഇവിടെ ചോദ്യം വരുന്നതു്, ഈ അനുഭവം ഒരു പ്രത്യേക ആത്മാവിന്റെതോ അല്ല കേവലം ശരീരത്തിന്റേതു തന്നെയോ? താറാവിനു സിദ്ധിച്ചിരിക്കുന്ന അനുഭവം അതിന്റെ മുത്തച്ഛന്മാരുടെതോ അല്ല അതിന്റെ സ്വന്തം തന്നയോ എന്നാകുന്നു. പുതിയ ശാസ്ത്രജ്ഞന്മാർ വാദിക്കുന്നതു് അതു ശരീരത്തിന്റെ വക എന്നാണു. എന്നാൽ യോഗികളുടെ സിദ്ധാന്തം അതു ശരീരം വഴി സംക്രമിച്ചു വന്നിട്ടുള്ള മനസിന്റെ അനുഭവം എന്നാകുന്നു. ഇതിനാണു് പുനർജ്ജന്മസിദ്ധാന്തം എന്നു പറയുന്നതു്. പ്രത്യക്ഷമെന്നോ ഊഹമെന്നോ സഹജബോധമെന്നോ പറയുന്ന എല്ലാ ജ്ഞാനവും അനുഭവം എന്ന ഒറ്റമാർഗത്തൂടെ വരേണ്ടതാണെന്നും, ഇപ്പോൾ സഹജബോധമെന്നു പറയപ്പെടുന്നതെല്ലാം ക്ഷീണിച്ചു സഹജബോധമായിത്തീർന്നിരിക്കുന്ന പൂർവാനുഭവങ്ങളുടെ ഫലമാണെന്നും, ആ സഹജബോധം വീണ്ടും വർദ്ധിച്ചു് ഊഹം (വിവേകം) ആയിത്തീരും എന്നും നാം കണ്ടുവല്ലോ. പ്രപഞ്ചം മുഴുവൻ ഇങ്ങിനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിന്മേലാണു് ഇന്ത്യയിൽ പുനർജന്മത്തിന്നനുകൂലങ്ങളായ പ്രധാന യുക്തികളിൽ ഒന്നു സ്ഥാപിതമായിരിക്കുന്നതു. പല പ്രകാരത്തിലുള്ള ഭയങ്ങളുടെ ആവർത്തിച്ചുള്ള അനുഭവങ്ങൾ കാലാന്തരത്തിൽ ജീവിതത്തോടുള്ള പിടിത്തത്തെ (അഭിനിവേശത്തെ) നിർമ്മിക്കുന്നു. ആതുകൊണ്ടാണു ശിശു സ്വഭാവേന ഭയപ്പെടുന്നതു. വേദനയുടെ പൂർവാനുഭവം അതിനുണ്ടു്. ഏറ്റവും വിദ്വാന്മാരായ ജനങ്ങളുണ്ടു്. അവർക്കു് ഈ ശരീരം പൊയ്പോകുമെന്നറിയാം. ‘സാരമില്ല, നമുക്കു് എത്രയോ നൂറു ശരീരങ്ങൾ ഉണ്ടാകും. ആത്മാവിനു് മരണമില്ല’ എന്നൊക്കെ അവർ പറയുകയും ചെയ്യും. അവരിൽ കൂടിയും അവരുടെ ബുദ്ധിപൂർവമായ അഭിപ്രായങ്ങൾ എന്തൊക്കെ ആയിരുന്നിട്ടും ഈ അഭിനിവേശം നാം കാണുന്നുണ്ടു്. അഭിനിവേശം എന്താണു്? അതു സഹജബോധരൂപമായിത്തീർന്നിരിക്കുന്നു എന്നു നാം കണ്ടുവല്ലോ. യോഗികളുടെ അദ്ധ്യാത്മശാസ്ത്രീയഭാഷയിൽ ഇതിനു സംസ്ക്കാരങ്ങൾ എന്നു പറയുന്നു. സംസ്ക്കാരങ്ങൾ സൂക്ഷ്മമായും ലീനമായും ചിത്തത്തിൽ മങ്ങിക്കിടക്കുന്നു. മരണത്തിന്റെ എല്ലാ പൂർവ്വാനുഭവങ്ങളും നാം സഹജബോധം എന്നു പറയുന്ന എല്ലാവും ‘അന്തർബോധം’ (Sub-conscious) ആയിത്തീർന്നിട്ടുള്ള അനുഭവങ്ങളാകുന്നു. അതു ചിത്തത്തിൽ കുടികൊണ്ടിരിക്കുന്നു; ഉദാസീനമായിരിക്കുന്നില്ല. അന്തർഭാഗത്തൂടെ വ്യാപരിച്ചുകൊണ്ടിരിക്കുകയാകുന്നു. സ്ഥൂലങ്ങളായ ചിത്തവൃത്തികളെ നമുക്കു് അറികയും അനുഭവിക്കയും ചെയ്യാം, അവയെ അധികം എളുപ്പത്തിൽ നിയമനംചെയ്കയും ചെയ്യാം. എന്നാൽ ഈ സൂക്ഷ്മസഹജബോധങ്ങളെ എന്താണു് ചെയ്യുക? അവയെ എങ്ങിനെ നിയമനം ചെയ്യാം? ഞാൻ കോപിക്കുമ്പോൾ എന്റെ മുഴുവൻ മനസ്സും കോപത്തിന്റെ ഉഗ്രമായ ഒരു അലയായിത്തീരുന്നു. ഞാൻ അതറിയുന്നു, കാണുന്നു, സ്പർശിക്കുന്നു. എനിക്കു് അതിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം. അതിനോടു് എതിർക്കാം. എന്നാൽ അങ്ങിനെ എതിർക്കുന്നതിൽ അതിനെക്കടന്നു അടിയിലേക്കു ചെല്ലാതെ എനിക്കു് പൂർണ്ണവിജയം ഉണ്ടാകുന്നതല്ല. ഒരുത്തൻ എന്നോടു ഏറ്റവും പരുഷമായി സംസാരിക്കുന്നു. എനിക്കു ദ്വേഷം പിടിക്കുന്നു എന്നു് എനിക്കു് തോന്നുകയും ചെയ്യുന്നു. എന്റെ കോപം മുഴുവനായി, ഞാൻ എന്നെ മറന്നു, ആ കോപത്തോടു ഐക്യരൂപ്യം പ്രാപിക്കുന്നതുവരെ അവൻ അപ്രകാരം തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ആദ്യം അവനെന്നെ അധിക്ഷേപിപ്പാൻ ഭാവിച്ചപ്പോൾ ‘എനിക്കു് കോപം വരാൻപോകുന്നു’ എന്ന വിചാരം ഉണ്ടായിരുന്നു. കോപം ഒരു വസ്തുവും ഞാൻ മറ്റൊന്നും ആയിരുന്നു. എന്നാൽ എപ്പോൾ എനിക്കു കോപം വന്നുവോ അപ്പോൾ ഞാനും കോപവും ഒന്നായിത്തീർന്നു. ഈ വികാരങ്ങളെ അവ നമ്മുടെ മേൽ വരാൻ പോകുന്നു എന്നു് നാം അറിയുന്നതിനുമുമ്പു അങ്കുരത്തിൽ, വേരിൽ, അതായതു് അവയുടെ സൂക്ഷ്മാവസ്ഥയിൽ വച്ചുതന്നെ നിയമനം ചെയ്തുകളയേണ്ടതാകുന്നു. മനുഷ്യവർഗ്ഗത്തിൽ ഏറിയ കൂറും ജനങ്ങൾ ഈ വികാരങ്ങളുടെ സൂക്ഷ്മാവസ്ഥയെ അതായതു് അവ സ്വബോധത്തിന്റെ അടിയിൽ നിന്നു് മെല്ലെ മെല്ലെ മേല്പോട്ടേക്കു വരുന്ന ആ അവസ്ഥയെപ്പറ്റി അറിഞ്ഞിട്ടുതന്നെ ഉണ്ടായിരിക്കയില്ല. ഒരു നീർപ്പോള തടാകത്തിന്റെ അടിയിൽ നിന്നു പൊങ്ങുമ്പോൾ എന്നുതന്നെയല്ല മിക്കവാറും അതു വെള്ളത്തിന്റെ ഉപരിഭാഗത്തിനു അടുത്തെത്തിയാൽ തന്നെയും നാം അതിനെ കാണുന്നില്ല. അതു മേൽവന്നു പൊട്ടുകയും ഒരു ചെറിയ ചലനം ഉണ്ടാക്കുകയും ചെയ്യുമ്പോൾ മാത്രമാണു് അതുണ്ടെന്നു നാം അറിയുന്നതു്. അലകളെ അടക്കുന്നതിൽ അവയുടെ സൂക്ഷ്മമൂലങ്ങളിൽ പിടിച്ചെങ്കിലല്ലാതെ നമുക്കു വിജയമുണ്ടാകയില്ല. അവയിൽ പിടിച്ച അലകൾ സ്ഥൂലമായിത്തീരുന്നതിനുമുമ്പു് അവയെ നിയമനം ചെയ്തെങ്കിലല്ലാതേ ഒരു വികാരത്തേയും മുഴുവൻ കീഴടക്കാൻ നാം ആശിക്കേണ്ട. വികാരങ്ങളെ കീഴടക്കുന്നതിനു നാം അവയുടെ നാരായവേരിൽ വച്ചുതന്നെ അവയെ അമർത്തണം. അപ്പോൾ മാത്രമേ അവയുടെ ബീജങ്ങളെത്തന്നെ ചുടാൻ നമുക്കു ശക്തിയുണ്ടാവു. വറുത്ത വിത്തുകൾ വിതച്ചാൽ എങ്ങനെ മുളച്ചുവരുന്നില്ലയോ അതുപോലെ അങ്ങിനെ സംയമിക്കപ്പെട്ട വികാരങ്ങൾ പിന്നെ ഒരിക്കലും പൊങ്ങിവരികയില്ല.

സൂത്രം 10. തേ പ്രതിപ്രസവഹേയാസ്സൂക്ഷ്മാഃ

അർത്ഥം: പ്രതിപ്രസവഹേയഃ = വിപരീത പരിണാമത്താൽ നീക്കത്തക്ക, തേ = ആ പഞ്ചക്ലേശങ്ങൾ, സൂക്ഷ്മാഃ = (വറുത്ത വിത്തുപോലെയുളള) സൂക്ഷ്മങ്ങളാകുന്നു.

എങ്ങിനെയാണു് ഈ സൂക്ഷ്മസംസ്ക്കാരങ്ങളെ നിയമനം ചെയ്യുന്നതു്? നാം വലിയ അലകളിൽനിന്നു ആരംഭിച്ചു താഴോട്ടു താഴോട്ടു പോകണം. ദൃഷ്ടാന്തം കോപരൂപമായ ഒരു വലിയ അല മനസ്സിൽ വരുമ്പോൾ എങ്ങിനെയാണു് നാം അതിനെ അടക്കേണ്ടതു്? ഉടനെ ഒരു വിപരീതമായ വലിയ അലയെ ഉൽപ്പാദിപ്പിച്ചിട്ടു തന്നെ. സ്നേഹത്തെപ്പറ്റി വിചാരിക്കുക. ചിലപ്പോൾ ഒരു അമ്മ ഭർത്താവിനോടു കഠിനമായി കോപിച്ചുകൊണ്ടിരിക്കുന്നു. അതിനിടക്കു കുട്ടി അടുക്കൽ വന്നുചേരുന്നു. അവൾ കുട്ടിയെ ഉമ്മവെയ്ക്കുന്നു. പഴയ അല ശമിക്കുന്നു. ഒരു പുതിയ അല ഉണ്ടാകുന്നു. അതായതു് കുട്ടിയോടുള്ള സ്നേഹം ആകുന്ന അല പൊങ്ങി വരുന്നു. അതു് മറ്റേതിനെ അടക്കുന്നു. സ്നേഹം കോപത്തിനു വിരുദ്ധമാണു്. അതുകൊണ്ടു് നാം നിരസിപ്പാൻ വിചാരിക്കുന്ന വൃത്തികളെ വിരുദ്ധവൃത്തികളെ ഉത്ഭവിപ്പിച്ചിട്ടു കീഴടക്കാമെന്നു നാം കാണുന്നു. അപ്പോൾ നമ്മുടെ സൂക്ഷ്മമായ സ്വഭാവത്തിൽ ഈ സൂക്ഷ്മമായ വിരുദ്ധവൃത്തികളെ ഉണ്ടാക്കാമെങ്കിൽ അവ സ്വബോധത്തിന്റെ രംഗത്തിനു അടിയിലുള്ള കോപത്തിന്റെ സൂക്ഷ്മമായ വ്യാപാരത്തെ തടയുന്നതാണു്. സഹജബോധജന്യമായ എല്ലാ വ്യാപരങ്ങളും ആദ്യം സബോധവ്യാപാരങ്ങളായി ആരംഭിച്ചു സൂക്ഷ്മതരങ്ങളായി തീർന്നിട്ടുള്ളവയാണെന്നു നാം ഇപ്പോൾ കണ്ടിരിക്കുന്നുവല്ലോ. അതുകൊണ്ടു് ബോധവത്തായ ചിത്തത്തിൽ ഇടവിടാതെ നല്ല വൃത്തികൾ ഉൽപാദിപ്പിച്ചാൽ അവ അടിയിലേക്കു പോയി സൂക്ഷ്മമായിത്തീർന്നു സംസ്ക്കാരരൂപമായിരിക്കുന്ന ചീത്ത വിചാരങ്ങളോടു എതിർക്കുന്നതാണു്.

സൂത്രം 11. ധ്യാനഹേയാസ്തദ്വ്യത്തയഃ

അർത്ഥം: തദ്വൃത്തയഃ = ക്ലേശങ്ങളുടെ (സുഖദുഃഖാദികളായ) വൃത്തികൾ, ധ്യാനഹേയാഃ = ചിത്തൈകാഗ്രതയാൽ നിവർത്തിക്കപ്പെടാം.

സ്ഥൂലവൃത്തികളുടെ ഉദയത്തെ തടുക്കുന്നതിനുള്ള മഹത്തായ ഉപായങ്ങളിൽ ഒന്നാണു ധ്യാനം. ധ്യാനംകൊണ്ടു വൃത്തികളേ നിയമിപ്പാൻ മനസ്സിനെ ശക്തമാക്കിച്ചെയ്യുന്നതിനു നിങ്ങൾക്കു കഴിയും. ധ്യാനത്തെ അതു് ഒരു സ്വഭാവമായിത്തീരുന്നതുവരേയും വിചാരിക്കാത്തപ്പോൾ കൂടിയും, അതു സ്വഭാവേന വന്നേക്കുന്നതുവരേയും വളരെ ദിവസങ്ങളോ മാസങ്ങളോ വത്സരങ്ങളോ മുഴുവൻ പരിശീലിക്കുന്നതായാൽ കോപത്തേയും വൈരത്തേയും നിയമിക്കയും തടുക്കയും ചെയ്യാവുന്നതാണു്.

സൂത്രം 12. ക്ലേശമൂലഃ കർമ്മാശയോ ദൃഷ്ടാദൃഷ്യ ജന്മവേദനീയഃ

അർത്ഥം: ക്ലേശമൂല = ക്ലേശജന്യമായ, കർമ്മാശയഃ = കർമ്മാശയം (വാസന), ദൃഷ്ടാദൃഷ്ട ജന്മവേദനീയഃ = വർത്തമാനവും ഭാവിയുമായ ജന്മങ്ങളാൽ ഊഹിക്കത്തക്കതാണു്.

കർമ്മാശയം എന്നാൽ സംസ്ക്കാരങ്ങളുടെ ആകത്തുക എന്നർത്ഥമാണു്. നാം ഏതെങ്കിലും കർമ്മം ചെയ്യുമ്പോൾ മനസ്സു ചലിച്ചു് ഒരു അലയായിത്തീരുന്നു. ആ കർമ്മം പൂർത്തിയാകുമ്പോൾ അല അടങ്ങി എന്നു നമുക്കു തോന്നുകയും ചെയ്യുന്നു. അങ്ങിനെ അല്ല. അതു സൂക്ഷ്മമായിത്തീരുക മാത്രമാണു് ചെയ്യുന്നതു്. അതുപിന്നേയും അവിടെത്തന്നെ ഉണ്ടു്. ആ വിഷയത്തെ നാം ഓർമ്മിപ്പാൻ ശ്രമിക്കുമ്പോൾ അതു വീണ്ടും പൊങ്ങിവരുന്നു. ഒരു അലയായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ടു അതവിടെ ഉണ്ടായിരുന്നതുതന്നെ. അതവിടെ ഇല്ലായിരുന്നു എങ്കിൽ ഓർമ്മ ഉണ്ടാകുന്നതല്ലായിരുന്നു. അതുകൊണ്ടു് ഓരോ കർമവും, ഓരോ വിചാരവും, നല്ലതോ ചീത്തയോ ആകട്ടെ താഴോട്ടുപോയി സൂക്ഷ്മമായിത്തീർന്നു് അവിടെ സഞ്ചയിക്കപ്പെടുന്നു. അതുകൊണ്ടു് അവയെ സുഖാവഹവും ദുഃഖാവഹവുമായ രണ്ടു വിചാരങ്ങളേയും ക്ലേശങ്ങൾ എന്നു പറയുന്നു. കാരണം, യോഗികളുടെ അഭിപ്രായപ്രകാരം കാലാന്തരത്തിൽ രണ്ടു ദുഃഖാവഹമായിത്തന്നെ തീരുന്നു. ഇന്ദ്രിയജന്യങ്ങളായ എല്ലാ സുഖങ്ങളും ദുഃഖത്തെ ഉണ്ടാക്കുന്നതാണു്. എല്ലാ സുഖാനുഭവവും വീണ്ടും അധികസുഖാനുഭവത്തിനുള്ള തൃഷ്ണയെ ജനിപ്പിക്കുന്നു. അതിന്റെ ഫലമായി, ദുഃഖം വരുകയും ചെയ്യുന്നു. മനുഷ്യന്റെ ആഗ്രഹങ്ങൾക്കു് അതിരില്ല. അവൻ ആഗ്രഹിച്ചാഗ്രഹിച്ചു പോകുന്നു. ആഗ്രഹം സാദ്ധ്യമാകാത്ത ഒരു സ്ഥാനത്തുവരും. അപ്പോൾ ശേഷിക്കുന്നതു ദുഃഖംതന്നെ. അതുകൊണ്ടു് യോഗികൾ നല്ലതോ, പൊല്ലാത്തതോ ആയ ഇന്ദ്രിയാനുഭവങ്ങളുടെ ആകത്തുകയെ ക്ലേശം എന്നു വിചാരിക്കുന്നു. അവ ആത്മാവിന്റെ മോക്ഷമാർഗ്ഗത്തെ തടയുന്നു. അതുപോലെ തന്നെ നമ്മുടെ എല്ലാ കർമ്മങ്ങളുടെയും സൂക്ഷ്മമൂലമായ സംസ്ക്കാരങ്ങളും, ഈ ജീവിതത്തിലോ ഇനി വരാനിരിക്കുന്നുള്ള ജീവിതത്തിലോ സംഭവിക്കേണ്ട കാര്യങ്ങളുടെ കാരണങ്ങൾ ഇവയാണു്. ചില വിശേഷ സംഗതികളിൽ ഈ സംസ്ക്കാരങ്ങൾ ഏറ്റവും ബലവത്തായിരിക്കുമ്പോൾ ശീലത്തിൽ ഫലം നൽകും. അത്യുൽകടമായ പുണ്യമോ പാപമോ ചെയ്താൽ ഈ ജന്മത്തിൽ തന്നെ ഫലംവരും. ശുദ്ധസംസ്ക്കാരങ്ങളുടെ അതിമഹത്തായ ശക്തിയെ ശേഖരിച്ചാൽ മനുഷ്യർ മരിക്കേണ്ടതായിത്തന്നെ വരികയില്ലെന്നും, ഈ ജീവിതത്തിൽ വച്ചുതന്നെ ശരീരങ്ങളെ ദിവ്യശരീരങ്ങളായി മാറ്റിക്കൊള്ളാമെന്നും കൂടി യോഗികൾ അഭിപ്രായപ്പെടുന്നു. അനേക ദൃഷ്ടാന്തങ്ങളെ യോഗികൾ ഗ്രന്ഥങ്ങളിൽ ഉദാഹരിക്കുന്നുമുണ്ടു്. അങ്ങിനെയുള്ള മനുഷ്യർ (സിദ്ധപുരുഷന്മാർ) തങ്ങളുടെ ശരീരത്തിന്റെ ഭൂതങ്ങളെ തന്നെ മാറ്റിക്കളയുന്നു. അവർ ശരീരാണുക്കളെ രോഗം ബാധിക്കാതിരിക്കതക്കവണ്ണം മാറ്റി നവീകരിക്കുന്നു. അതുകൊണ്ടു് മരണം എന്നു പറയുന്നതു് അവർക്കുണ്ടാകുന്നില്ല. എന്തുകൊണ്ടു അങ്ങിനെ വന്നുകൂടാ? ശാരീരവിജ്ഞാനംപ്രകാരം ആഹാരം എന്നു പറഞ്ഞാൽ സൂര്യനിൽ നിന്നു കിട്ടുന്നു ജീവിതശക്തിയെ സാത്മ്യപ്പെടുത്തുക എന്നാണർത്ഥം. ഈ ശക്തി സസ്യങ്ങളിൽ എത്തുന്നു. അതിനെ ഒരു ജന്തു ഭക്ഷിക്കുന്നു. ജന്തുവിനെ നാമും ഭക്ഷിക്കുന്നു. അതിന്റെ ശാസ്ത്രീയയുക്തി ഇതാണു്. അത്രമാത്രം ശക്തി നാം സൂര്യനിൽനിന്നു ഗ്രഹിക്കയും, അതിനെ നമ്മുടെ അംശമാക്കിക്കൊള്ളുകയും ചെയ്യുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ഈ ശക്തി സാത്മീകരണത്തിനു ഒരു മാർഗ്ഗം മാത്രമേ ആകാവു എന്നു എന്തു്? സസ്യങ്ങളുടെ മാർഗ്ഗമല്ല നമ്മുടേതു്. ഭൂമി ശക്തിയെ സാത്മീകരിക്കുന്ന മാർഗ്ഗം നമ്മളുടേതിനെ അപേക്ഷിച്ചു് ഭിന്നമായിരിക്കുന്നു. എന്നാൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാവും ശക്തിയെ സാത്മീകരിച്ചുകൊള്ളുന്നു. യോഗികൾ മനഃശക്തികൊണ്ടു മാത്രം ജീവശക്തിയെ സാത്മീകരിക്കാമെന്നും, സാധാരണ രീതികളെ ആശ്രയിക്കാതെ തന്നെ ആഗ്രഹിക്കുന്നത്ര ശക്തിയെ ആവഹിച്ചുകൊള്ളുന്നതിനു തങ്ങൾക്കു കഴിയുമെന്നും പറയുന്നു. ചിലന്തി തന്റെ അംശമായ ഒരു സാധനത്തിൽ നിന്നുതന്നെ വലയുണ്ടാക്കുന്നു; എന്നിട്ടു് അതിന്റെ ഉള്ളിൽ തന്നെ കെട്ടികിടക്കുന്നു; വലയുടെ നൂൽ വഴിയായല്ലാതെ ഒരിടത്തും പോകാൻ അതിനു സാധിക്കുന്നില്ല. അതുപോലെ നാമും നമ്മുടെ അംശത്തിൽനിന്നു തന്നെ സിരകളാകുന്ന വലകളെ ശ്രമിച്ചു ഉണ്ടാക്കി; നമുക്കും അവയുടെ വഴിയായല്ലാതെ ഒരു വ്യാപാരവും ചെയ്വാൻ വഹിയാ. നാം അതിനാൽ കെട്ടപ്പെട്ടിരിക്കേണ്ട ആവശ്യകത ഇല്ലെന്നാണു് യോഗി പറയുന്നതു്. അതുപോലെ വിദ്യുച്ഛക്തിയെ നമുക്കു ലോകത്തിന്റെ ഏതു ഭാഗത്തേയ്ക്കും അയയ്ക്കാം. എന്നാൽ നാം അതു ഇരുമ്പുകമ്പികൾ വഴിയായി അയയ്ക്കേണ്ടിയിരിക്കുന്നു. പ്രകൃതിക്കു വിദ്യുച്ഛക്തിയുടെ ഒരു വലിയ സംഘാതത്തെ കമ്പികൾ ഒന്നും കൂടാതെ തന്നെ അയപ്പാൻ സാധിക്കുന്നു. എന്തുകൊണ്ടു നമുക്കു് അങ്ങിനെ ചെയ്തുകൂടാ? നമുക്കു മാനസിക വിദ്യുച്ഛക്തിയെ അയയ്ക്കാം. മനസ്സു എന്നു പറയുന്നതു അധികവും വിദ്യുച്ഛക്തിയോടു സമമായ ഒന്നാകുന്നു. ഈ സ്നായുദ്രവത്തിൽ കുറെ വിദ്യുച്ഛക്തി അടങ്ങീട്ടുണ്ടെന്നുള്ളതു സ്പഷ്ടമാണു്. എന്തെന്നാലിതു സൂചിഭവിക്കുന്നു. വൈദ്യുതമായ എല്ലാ നിയോഗങ്ങളേയും അനുസരിക്കയും ചെയ്യുന്നു. നമുക്കു നമ്മുടെ വൈദ്യുതിയെ ഈ സിരാമാർഗ്ഗങ്ങളിൽകൂടി മാത്രമെ അയയ്ക്കാൻ കഴിയൂ. ഈ സഹായത്തെ അവലംബിക്കാതെതന്നെ എന്തുകൊണ്ടു് മാനസവൈദ്യുതിയെ നമുക്കു അയപ്പാൻ പാടില്ല? ഇതു പൂർണ്ണമായും ശക്യവും, പ്രവൃത്തിയോഗ്യവുമാണെന്നും അതു നമുക്കു ചെയ്വാൻ സാധിച്ചാൽ പ്രപഞ്ചത്തെ മുഴുവൻ വ്യാപരിപ്പിക്കാമെന്നും യോഗി പറയുന്നു. എവിടെയെങ്കിലുമുള്ള ഏതൊരാളുമായി സിരാബന്ധങ്ങളുടെ യാതൊരു സഹായവുമപേക്ഷിക്കാതെ പ്രവൃത്തി നടത്താം. ആത്മാവു് ഈ പ്രണാളികളിൽ കൂടി വ്യാപരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ ജീവിച്ചിരിക്കയാണെന്നു നാം പറയുന്നു. ആ പ്രണാളികൾ നശിക്കുമ്പോൾ അയാൾ മരിച്ചു എന്നും, നാം പറയുന്നു. എന്നാൽ ഈ പ്രണാളികളോടുകൂടിയോ കൂടാതെ തന്നെയോ രണ്ടിലൊരു വിധത്തിൽ വ്യാപരിപ്പാൻ ഒരാൾക്കു കഴിയുമെങ്കിൽ അയാൾക്കു ജനനം എന്നും മരണം എന്നും പറഞ്ഞാൽ ഒരർത്ഥവുമുണ്ടായിരിക്കയില്ല. ഈ പ്രപഞ്ചത്തിലുള്ള എല്ലാ പിണ്ഡങ്ങളും തന്മാത്രകളാൽ നിർമ്മിതമാണു്. അവയുടെ ഘടനയിൽ മാത്രമാണു് വ്യത്യാസം വരുന്നതു്. ഘടിപ്പിക്കുന്നതു നിങ്ങളാണെങ്കിൽ ആ പിണ്ഡത്തെ നിങ്ങൾക്കു ഒരു വിധത്തിലോ മറ്റൊരു വിധത്തിലോ ആക്കിത്തീർക്കാം. നിങ്ങളുടെ ശരീരത്തെ നിങ്ങളല്ലാതെ ആരാണുണ്ടാക്കുക? ആരു് ആഹാരം ഭക്ഷിക്കുന്നു? നിങ്ങൾക്കുവേണ്ടി മറ്റൊരാളാണു് ഭക്ഷിക്കുന്നതെങ്കിൽ നിങ്ങൾ വളരെ ദിവസം ജീവിക്കുകയില്ല. ആരാണു് ആഹാരത്തിൽ നിന്നു രക്തമുണ്ടാക്കുന്നതു്? നിശ്ചയമായും നിങ്ങൾതന്നെ. ആരാണു് രക്തത്തെ സാത്മീകരിച്ചു രക്തനാഡികളിൽ കൂടി പ്രവഹിപ്പിക്കുന്നതു്? നിങ്ങൾ. സിരകളെ ആരു സൃഷ്ടിക്കുന്നു? മാംസപേശികളെ ആരു നിർമ്മിക്കുന്നു? നിങ്ങളുടെ സ്വന്ത പദാർത്ഥത്തിൽനിന്നു നിങ്ങൾ തന്നെ നിർമ്മിക്കുന്നു. ശരീരത്തിന്റെ നിർമ്മാതാവു നിങ്ങൾ തന്നെ. അതിൽ പാർക്കുന്നതും നിങ്ങൾ. അതിനെ നിർമ്മിക്കുന്നതിനുള്ള ജ്ഞാനം മാത്രം നമുക്കു നഷ്ടമായിപ്പോയി എന്നേ ഉള്ളു. നാം സ്വയം ചലനയന്ത്രംപോലെ ആയിത്തീർന്നു അധപതിച്ചു. നിർമ്മിക്കുന്ന സമ്പ്രദായം നാം മറന്നുപോയി. അതുകൊണ്ടു നാം സ്വയം ചലിതമായി ചെയ്യുന്നതുതന്നെ വീണ്ടും നിയന്ത്രിക്കേണ്ടി വന്നിരിക്കുന്നു. നാമാണു് നിർമ്മിക്കുന്നതു്. നിർമ്മിക്കുന്നതിനെ നാംതന്നെ നിയന്ത്രിക്കയും വേണം. നമുക്കു് അങ്ങിനെ ചെയ്വാൻ സാധിച്ചാൽ ഉടൻ നമ്മുടെ ഇഷ്ടം പോലെ തന്നെ നിർമ്മിക്കുന്നതിനു നാം ശക്തരായിത്തീരും. നമുക്കു ജനനമോ മരണമോ രോഗമോ യാതൊന്നും പിന്നെ ഉണ്ടാകയുമില്ല.

സൂത്രം 13. സതി മൂലേ തദ്വിപാകോ ജാത്യായുർഭോഗാഃ

അർത്ഥം: മൂലേ സതി = മൂലം (ക്ലേശങ്ങളാകുന്ന കാരണം) ഉണ്ടായിരിക്കുമ്പോൾ, തദ്വിപാകാഃ = അതിന്റെ ഫലമായി (കാര്യമായി), ജാത്യായുർഭോഗാഃ = ജാതി (ജന്മം) ആയുസ്സു് സുഖദുഃഖാനുഭവം ഇവ (ഉണ്ടാകുന്നു).

കാരണങ്ങളായ സംസ്ക്കാരങ്ങൾ ശേഷിച്ചിരുന്നിട്ടു കാര്യങ്ങളായി പരിണമിക്കുന്നു. കാരണം നശിച്ചു കാര്യമായിത്തീരുന്നു. കാര്യം കുറേക്കൂടി സൂക്ഷ്മമായിട്ടു അടുത്ത കാര്യത്തിന്റെ കാരണമായിത്തീരുന്നു. വൃക്ഷത്തിൽ നിന്നു വിത്തുണ്ടാകുന്നു. അതു കാരണമായും തീരുന്നു. ഇങ്ങിനെയാണു്. നമ്മുടെ ഇപ്പൊഴത്തെ പ്രവൃത്തികൾ എല്ലാം കഴിഞ്ഞുപോയ സംസ്ക്കാരങ്ങളുടെ ഫലങ്ങളാണു്. വീണ്ടും, ഇപ്പോഴത്തെ സംസ്ക്കാരങ്ങൾ ഇനി വരുവാനുള്ള പ്രവൃത്തികൾക്കു കാരണമായും തീരുന്നു. ഇങ്ങിനെ നാം പൊയ്ക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു്, കാരണം ഉണ്ടായിരിയ്ക്കുമ്പോൾ ജാതി അല്ലെങ്കിൽ ജന്മരൂപമായ കാര്യം സംഭവിച്ചേ കഴിയു എന്നു ഈ സൂത്രങ്ങളിൽ പറയുന്നു. ഒന്നു മനുഷ്യനായിരിക്കും; മറ്റൊന്നു ഒരു ദേവൻ; വേറൊന്നു ഒരു മൃഗം; ഇനിയൊന്നു ഒരു രാക്ഷസൻ; ഇങ്ങനെ ജീവിതത്തിൽ ഭിന്നകാര്യങ്ങൾ കാണുന്നു. ഒരാൾ അമ്പതുകൊല്ലം ജീവിക്കുന്നു. മറ്റൊരാൾ നൂറു കൊല്ലം. വേറൊരാൾ പ്രാപ്തിയാകാതെ രണ്ടുകൊല്ലത്തിനുള്ളിൽ മരിച്ചു പോകയും ചെയ്യുന്നു. ജീവിതത്തിലുള്ള ഈ ഭേദങ്ങളെല്ലാം കഴിഞ്ഞ കാര്യങ്ങളുടെ ഫലങ്ങളാണു്. ഒരുത്തൻ ജനിച്ചതു സുഖാനുഭവത്തിനായി മാത്രമാണോ എന്നു തോന്നുന്നു. അവൻ ഒരു വൻ കാട്ടിൽപോയി ഒളിച്ചിരുന്നാൽ കൂടിയും സുഖാനുഭവങ്ങൾ അവനെ തേടി അവിടവിടെ എത്തുന്നു. മറ്റൊരുത്തൻ എവിടെ പോയാലും ദുഃഖം അവനെ പിന്തുടർന്നു ചെല്ലുന്നു. എല്ലാം അവനു ദുഃഖമായിത്തീരുന്നു. ഇതെല്ലാം അവരുടെ പഴയ കർമ്മങ്ങളുടെ ഫലം തന്നെ. യോഗികളുടെ തത്വശാസ്ത്രപ്രകാരം സൽകർമ്മങ്ങളെല്ലാം സുഖത്തേയും ദുഷ്കർമ്മങ്ങളെല്ലാം ദുഃഖത്തെയും ആനയിക്കുന്നു. ദുഷ്പ്രവൃത്തിചെയ്യുന്ന ഏതൊരുവനും അതിന്റെ ദുഃഖരൂപമായ ഫലത്തെ നിശ്ചയമായും അനുഭവിക്കേണ്ടി വരുന്നു.

സൂത്രം 14. തേ ഹ്ലാദപരിതാപഫലാഃ പുണ്യാപുണ്യഹേത്വാൽ

അർത്ഥം: തേ = ജാത്യാദികൾ, പുണ്യാപുണ്യഹേതുത്വാൽ = പുണ്യാപാപങ്ങളിൽ നിന്നുണ്ടാകയാൽ ഹ്ലാദപരിതാപഫലാഃ = സുഖദുഃഖങ്ങളാകുന്ന ഫലങ്ങളോടുകൂടിയവ (ആകുന്നു).

സൂത്രം 15. പരിണാമതാപസംസ്ക്കാരദുഃഖൈർഗ്ഗുണവൃത്തി വിരോധാച്ച ദുഃഖമേവ സർവ്വം വിവേകിനഃ

അർത്ഥം: പരിണാമതാപസംസ്ക്കാരദുഃഖൈഃ = അവസാനം, ചിന്ത, സംസ്കാരം ഇവയിൽ നിന്നുള്ള ദുഃഖങ്ങളാലും, ഗുണ വൃത്തിവിരോധാച്ച = സത്വാദിഗുണങ്ങളുടെ സുഖാദി വൃത്തികൾ പരസ്പരവിരുദ്ധങ്ങളാകകൊണ്ടും, വിവേകിനഃ = തിരിച്ചറിവുള്ള യോഗികൾക്കു് സർവ്വം = എല്ലാം, ദുഃഖമേവ = ദുഃഖം തന്നെ.

യോഗികൾ പറയുന്നു: വിവേകശക്തിയുള്ള മനുഷ്യൻ, അതായതു സൂക്ഷ്മഗ്രാഹിയായ മനുഷ്യൻ, സുഖമെന്നും ദുഃഖമെന്നും പറയുന്ന എല്ലാ വിഷയങ്ങളേയും പരിശോധിച്ചു നോക്കുകയും അവ എല്ലായ്പ്പോഴും തുല്യമായിരിക്കുന്നു എന്നും അവറ്റിൽ ഒന്നു മറ്റേതിനെ പിന്തുടരുകയും മറ്റേതിൽ ലയിക്കുകയും ആണെന്നും അറികയും ചെയ്യണം. മനുഷ്യൻ ജീവിതകാലം മുഴുവൻ മൃഗതൃഷ്ണികയെ പിന്തുടരുകയാണെന്നും, ഒരിക്കലും അവന്റെ ആഗ്രഹപൂർത്തി ഉണ്ടാകുന്നില്ലെന്നും സൂക്ഷ്മഗ്രാഹി കാണുന്നു. ഈ ലോകത്തിൽ നാശം പ്രാപിക്കാത്ത ഒരു സ്നേഹം ഒരിക്കലും ഉണ്ടായിട്ടില്ല. ജീവിതത്തിൽ ഏറ്റവും ആശ്ചര്യകരമായ സംഗതി, ക്ഷണംതോറും ജനങ്ങൾ നമ്മുടെ ചുറ്റും മരിച്ചുകൊണ്ടിരിക്കുന്നതായി നാം കണ്ടിട്ടും നാം ഒരിക്കലും മരിക്കയില്ലെന്നു വിചാരിക്കുന്നതാണെന്നു മഹാനായ യുധിഷ്ഠിരരാജാവു് ഒരിക്കൽ പറഞ്ഞു. മൂഢന്മാരുടെ ഇടയിൽ ഇരുന്നിട്ടും നാം മാത്രം വ്യത്യസ്തമാണെന്നു്, അതായതു വിദ്വാന്മാരാണെന്നു നാം കരുതുന്നു. എല്ലാത്തരം അസ്ഥിരങ്ങളായ അനുഭവങ്ങളുടെയും മദ്ധ്യത്തിൽ നമ്മുടെ സ്നേഹംമാത്രം സ്ഥിരസ്നേഹമാണെന്നും നാം വിചാരിക്കുന്നു. അതെങ്ങിനെ വരാം? സ്നേഹം കൂടിയും സ്വാർത്ഥപരമായിരിക്കുന്നു. ഭാര്യാഭർത്താക്കന്മാരുടെയും കുട്ടികളുടെയും സുഹൃത്തുകളുടെയും സ്നേഹംകൂടിയും ഒടുവിൽ നശിക്കുന്നതായി നമുക്കു കാണാമെന്നു യോഗി പറയുന്നു. നാശം ജീവിതത്തിലുള്ള എല്ലാറ്റിനേയും പിടികൂടുന്നു. എല്ലാവും, സ്നേഹം കൂടിയും, നശിച്ചു കഴിയുമ്പോൾ മാത്രമാണു് മനുഷ്യൻ ഒരു വിവേകത്താൽ ഈ ലോകം എത്ര മിഥ്യയായും സ്വപ്നസദൃശമായും ഇരിക്കുന്നു എന്നു കണ്ടറിയുന്നതു്. അപ്പോൾ വൈരാഗ്യത്തിന്റെ ഒരു ലേശം അവനു ലഭിക്കുന്നു; അതീതതത്ത്വത്തിന്റെ ഒരു തുമ്പിൽ പിടികിട്ടുന്നു. ഈ ലോകത്തെ വിട്ടുകളഞ്ഞാൽ മാത്രമേ മറ്റേതു കിട്ടു. ഇതിനെ പിടിച്ചുകൊണ്ടിരുന്നാൽ ഒരിക്കലും കിട്ടുകയില്ല. ഇന്ദ്രിയസുഖങ്ങളേയും ഭോഗങ്ങളേയും ത്യജിക്കാതെ മഹാത്മാവായി തീർന്നിട്ടുള്ള ഒരാൾ ഒരിക്കലും ഉണ്ടായിട്ടില്ല. പ്രകൃതിയുടെ ഭിന്നശക്തികൾ തമ്മിലുള്ള പോരാട്ടമാണു് ദുഃഖത്തിനു കാരണമായിത്തീരുന്നതു്. ഒന്നു് ഒരു വഴിക്കും മറ്റൊന്നു മറ്റൊരുവഴിക്കും വലിച്ചിട്ടു ശാശ്വതസുഖം അസാദ്ധ്യമാക്കിത്തീർക്കുന്നു.

സൂത്രം 16. ഹേയം ദുഃഖമനാഗതം

അർത്ഥം: അനാഗതം = വരുവാനുള്ള ദുഃഖം, ഹേയം = ത്യജിക്കേണ്ടതു് ആണു്.

ചില കർമ്മങ്ങൾ നാം പ്രവർത്തിച്ചുകഴിഞ്ഞു, ചിലതു് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു, ചിലതു ഭാവിയിൽ ഫലം തരാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. ഇപ്പോൾ തന്നെ നാം പ്രവർത്തിച്ചു കഴിഞ്ഞതു കഴിഞ്ഞുപോയി.

ഇപ്പോൾ നാം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കർമ്മങ്ങൾ പ്രവർത്തിച്ചു കഴിയേണ്ടതാണു്. ഭാവിയിൽ ഫലം നൽകാനായി കാത്തിരിക്കുന്ന കർമ്മങ്ങളെ മാത്രമാണു് നമുക്കു നിയന്ത്രിക്കയും കീഴടക്കുകയും ചെയ്യാവുന്നതു്. അതുകൊണ്ടു ഇതുവരെ ഫലോന്മുഖമായിരിക്കുന്ന കർമ്മങ്ങളുടെ നിയന്ത്രണത്തിന്നായാണു് എല്ലാ ശക്തികളേയും പ്രയോഗിക്കേണ്ടതു്. ‘തേ പ്രതിപ്രസവ ഹേയാഃ സൂക്ഷ്മാഃ’ എന്നു മുൻസൂത്രത്തിൽ പതജ്ഞലി പറഞ്ഞതിന്റെ അർത്ഥം ഇതാകുന്നു.

സൂത്രം 17. ദ്രഷ്ടൃദൃശ്യയോസ്സംയോഗോ ഹേയഹേതുഃ

അർത്ഥം: ദൃഷ്ടൃദൃശ്യയോഃ = ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയും (പുരുഷന്റെയും ബുദ്ധിയുടെ അല്ലെങ്കിൽ മനസ്സിന്റെയും) സംയോഗഃ = (അവിവേകജന്യമായ) സംബന്ധം, ഹേയഹേതുഃ = ത്യജിക്കേണ്ട ദുഃഖരൂപമായ സംസാരത്തിന്റെ കാരണം (ആകുന്നു).

ആരാണു് ദ്രഷ്ടാവ്? മനുഷ്യന്റെ ആത്മാവു് അതായതു പുരുഷൻ തന്നെ. ഏതാണു് ദൃശ്യം? മനസ്സു മുതൽ സ്ഥൂലഭൂതം വരെയുള്ള മുഴുവൻ പ്രപഞ്ചവും. അറിയപ്പെടുന്ന ഈ ദുഃഖങ്ങളെല്ലാം ഉണ്ടാകുന്നതു പുരുഷനും ബുദ്ധിയും തമ്മിലുള്ള സംബന്ധത്തിൽ നിന്നാകുന്നു. യോഗതത്വശാസ്ത്രപ്രകാരം പുരുഷൻ നിർമ്മലനാണെന്നുള്ളതു നിങ്ങൾ ഓർക്കുമല്ലോ. അതു പ്രകൃതിയോടു ചേരുകയും, എന്നിട്ടു ചിന്തിക്കയും ചെയ്യുമ്പോളാണു് സുഖമോ ദുഃഖമോ അറിയുന്നതായി തോന്നുക.

സൂത്രം 18. പ്രകാശക്രിയസ്ഥിതിശീലം, ഭൂതേന്ദ്രിയാത്മകം, ഭോഗാപവർഗ്ഗാർത്ഥം ദൃശ്യം

അർത്ഥം: ദൃശ്യം = കാണപ്പെടുന്നസംസാരം, പ്രകാശക്രിയ സ്ഥതീശീലം = പ്രകാശം വ്യാപാരം, ജാഡ്യം ഈ സ്വഭാവത്തൊടുകുടിയും (സത്വരജസ്തഗുണ്മയമായും), ഭുതേന്ദ്രിയാത്മകം = ഭുതരുപമായും ജ്ഞാനേന്ദ്രിയ കർമ്മേന്ദ്രിയാന്തഃ കരണരൂപമായും, ഭോഗാപവർഗ്ഗാർത്ഥം = സുഖദുഃഖനുഭവവും, മോക്ഷവുമാകുന്ന പ്രയോജനത്തോടുകുടിയും ഇരിക്കുന്നു.

ദൃശ്യം, അതയാതു പ്രപഞ്ചം ഇന്ദ്രിയങ്ങളാലും ഭൂതങ്ങളാലും നിർമ്മിതമായിരിക്കുന്നു. ഭൂതങ്ങൾ സൂക്ഷ്മങ്ങളും സ്ഥൂലങ്ങളുമായി മുഴുവൻ പ്രപഞ്ചത്തെയും നിർമ്മിക്കുന്നു. ഇന്ദ്രിയങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ. അന്തഃകരണം മുതലായവ ആകുന്നു. പ്രപഞ്ചം പ്രകാശം, വ്യാപാരം, ജാഡ്യം ഈ സ്വാഭാവത്തോടുകൂടിയതുമാണു്. ഇവയ്ക്കാകുന്നു സത്വരജസ്തമോഗുണങ്ങൾ എന്നു പറയുന്നതു്. ഇതു പുരുഷന്റെ ഭോഗത്തിനും മുക്തിക്കുമായി നിർമ്മിതവുമാകുന്നു. ഈ മുഴുവൻ പ്രപഞ്ചവും ഉണ്ടായതിന്റെ ഉദ്ദേശ്യം എന്തു്? പുരുഷനു സ്വാനുഭാവം ഉണ്ടാകുന്നതുതന്നെ. പുരുഷൻ തന്റെ ശക്തിയേറിയ ദിവ്യസ്വഭാവം മറന്നുപോയപോലെ ആയിത്തീർന്നിരിക്കുന്നു. ഒരു കഥയുണ്ടു്. ദേവകളുടെ രാജാവായ ഇന്ദ്രൻ ഒരിക്കൽ ഒരു പന്നിയായി ചെളിയിൽ ആണ്ടുകിടന്നു. ഒരു പെൺപന്നിയും ഒട്ടേറെ പന്നിക്കുട്ടികളും അയാൾക്കുണ്ടായി. വളരെ സന്തുഷ്ടനായിത്തീർന്നു. മറ്റു ചില ദേവന്മാർ അദ്ദേഹത്തിന്റെ ഈ ആപത്തുകണ്ടു അടുക്കൽ എത്തി പറഞ്ഞു, ‘അവിടുന്നു ദേവകളുടെ രാജാവാണു്. അവിടത്തെ ആജ്ഞയിലാണു് സകല ദേവന്മാരും. എന്തു കൊണ്ടാണു് അവിടുന്നു ഇവിടെ വരാൻ?’ ഇന്ദ്രൻ പറഞ്ഞു ‘ഞാൻ ഇങ്ങനെ ഇരുന്നോട്ടെ. ഇവിടെ എനിക്കു പരമസുഖമാണു്. ഈ പിടിപ്പന്നിയും പന്നിക്കുട്ടികളും ഉള്ളപ്പോൾ സ്വർഗ്ഗം എനിക്കു ഒരു കാര്യമേ അല്ല.’ സാധുക്കളായ ദേവന്മാർ എന്താണു ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങി. സ്വല്പംകഴിഞ്ഞു അവർ പതുക്കെ വന്നു പന്നിക്കുട്ടികളിൽ ഒരോന്നിനേയും, ഒടുവിൽ തള്ളപ്പന്നിയെക്കൂടിയും കൊന്നുകളവാൻ തീർച്ചയാക്കി. എല്ലാം ചത്തുകഴിഞ്ഞപ്പോൾ ഇന്ദ്രൻ കരയാനും സങ്കടപ്പെടാനും തുടങ്ങി. പിന്നെ ദേവന്മാർ അദ്ദേഹത്തിന്റെ സൂകരശരീരം പിളർന്നു. അദ്ദേഹം പുറത്തുവന്നു. എത്ര ബീഭത്സമായ ഒരു സ്വപ്നമാണുതാൻ കണ്ടിരുന്നതെന്ന വാസ്തവം മനസ്സിലായപ്പോൾ അദ്ദേഹം ചിരിപ്പാൻ തുടങ്ങി. അദ്ദേഹം, ദേവന്മാരുടെ രാജാവു്, ഒരു പന്നിയായിത്തീരുക, പന്നിയുടെ ജീവിതം തന്നെ സർവ്വോൽകൃഷ്ടമായ ജീവിതം എന്നു വിചാരിക്കുക! എന്നുതന്നെയല്ല സകല ആത്മാക്കളും പന്നിയായിത്തന്നെ ജനിക്കണം എന്നു ആഗ്രഹിക്കയും ചെയ്യുക!! പുരുഷൻ തന്നെ പ്രകൃതിയോടു അഭിന്നനായി അഭിമാനിക്കുമ്പോൾ താൻ പരിശുദ്ധനും പൂർണ്ണനും ആണെന്നുള്ളതു മറന്നുപോകുന്നു. പുരുഷൻ ജീവിക്കുന്നില്ല; ജീവിതംതന്നെ പുരുഷൻ ആകുന്നു. പുരുഷൻ ഉണ്ടായിരിക്കുന്നില്ല; ഉണ്ടായിരിക്കുക എന്നുള്ളതുതന്നെ പുരുഷൻ ആകുന്നു. ആത്മാവു് അറിയുന്നില്ല, അറിവുതന്നെ ആത്മാവാകുന്നു. ആത്മാവു് ജീവിക്കുന്നു എന്നോ അറിയുന്നു എന്നോ സ്നേഹിക്കുന്നുവെന്നോ പറയുന്നതു വെറും അബദ്ധം തന്നെ. സ്നേഹവും, സത്ത (ഉണ്ടായിരിക്കു)യും പുരുഷന്റെ ഗുണങ്ങളല്ല; അവന്റെ സാരമാകുന്നു. അവ വല്ലതിന്റേയും മേൽ പ്രതിഫലിച്ചു കാണപ്പെടുമ്പോൾ ആ വസ്തുവിന്റെ ഗുണങ്ങളാണെന്നു നിങ്ങൾ പറയുന്നു. എന്നാൽ അവ പുരുഷന്റെ ഗുണങ്ങളല്ല. മഹത്തായ ഈ ആത്മാവിന്റെ ജനനമരണമില്ലാത്ത അഖണ്ഡവസ്തുവിന്റെ സാരതത്വം മാത്രമാകുന്നു. ആ ആത്മാവു് തന്റെ സ്വന്തമാഹാത്മ്യത്തിൽ സുപ്രതിഷ്ഠിതമാണു്. എന്നാൽ അതിനു അധോഗതി ഭവിച്ചപോലെ തോന്നുന്നു. നിങ്ങൾ അടുത്തുചെന്നു ‘നീ പന്നിയല്ല’ എന്നു പറയുന്നതുവരെ അമറുകയും കടിക്കയും ചെയ്വാൻ തുടങ്ങുന്നു. ഈ മായയിൽ, ഈ സ്വപ്നലോകത്തിൽ നമ്മുടെയെല്ലാം സ്ഥിതി ഇങ്ങനെ തന്നെയാണു്. ഇവിടെ എല്ലാം കഷ്ടതയും, കരച്ചിലും, മുറവിളിയുംതന്നെ. ഏതാനും പൊൻപന്തുകൾ ഉരുട്ടുകയും, അവയ്ക്കായി എല്ലാവരും ചാടിവീണു പിടികൂടുകയും തന്നെ. നിങ്ങൾ നിയമങ്ങളാൽ ഒരിക്കലും ബദ്ധരായിരുന്നില്ല. പ്രകൃതി ഒരിക്കലും നിങ്ങൾക്കു ബന്ധം ഉണ്ടാക്കീട്ടില്ല എന്നാണു് യോഗിപറയുന്നതു്. അതിനെ ക്ഷമയോടെ സൂക്ഷിച്ചറിയുവിൻ. പ്രകൃതിയോടു ചേർന്നിട്ടും, മനസ്സിനേയും, ലോകത്തേയും താനാണെന്നു അഭിമാനിച്ചിട്ടുമാണു് പുരുഷനു തന്നത്താൻ ദുഃഖി എന്നു തോന്നുന്നതു്. എന്നിട്ടു യോഗി ഇതിന്റെ മോചനമാർഗ്ഗം സ്വാനുഭവം വഴിയായി ആണെന്നു ചൂണ്ടിക്കാണിക്കുന്നു. എല്ലാ വിഷയങ്ങളും നിങ്ങൾ അനുഭവിച്ചറിയണം. എന്നാൽ അവയെ വേഗം അവസാനിപ്പിക്കയും വേണം. നാം ഈ വലയ്ക്കകത്തു് തന്നത്താൻ കയറിയിരിക്കയാണു്. നമുക്കു ഇതിൽനിന്നു പുറത്തുപോകണം. നാം ഈ കുടുക്കിൽ അകപെട്ടുപോയിരിക്കുന്നു. മോചനത്തിനായി നാം തന്നെ ശ്രമിക്കേണ്ടതാണു്. അതുകൊണ്ടു് ഭർത്താവായും ഭാര്യയായും സ്നേഹിതനായും മറ്റും ചില്ലറ സ്നേഹവിഷയങ്ങളായും ഉള്ള ഭോഗങ്ങളെ എല്ലാം അനുഭവിച്ചറിയുക. പിന്നെ നിങ്ങളുടെ സാക്ഷാൽ സ്വരൂപത്തെ മറന്നുകളഞ്ഞിട്ടില്ലെങ്കിൽ അപജയം കൂടാതെ നിങ്ങൾക്കു കടന്നുപോകാവുന്നതാണു്. ഇതു ഒരു ക്ഷണികാവസ്ഥയാണെന്നും, നാം ഇതു വഴിയായി കടന്നു പോകേണ്ടതാണെന്നും ഉള്ള വസ്തുതയെ ഒരിക്കലും മറക്കരുതു്. സ്വാനുഭവമാണു് വലിയ ഗുരു. സുഖങ്ങളുടേയും ദുഃഖങ്ങളുടേയും സ്വാനുഭവം എന്നാൽ അതു കേവലം സ്വാനുഭവം മാത്രമേ ആകുന്നുള്ളു എന്നറിഞ്ഞിരിക്കണം. സ്വാനുഭവം എല്ലാം, ഇക്കണ്ട മുഴുവൻ പ്രപഞ്ചവും മഹാസമുദ്രത്തിന്റെ മുമ്പിൽ ജലബിന്ദുപോലെ നിസ്സാരവും ആത്മാവുമാത്രം അത്രമാത്രം മഹത്തും ആണെന്നറികയും പ്രപഞ്ചം അതിന്റെ നിസ്സാരതയാൽ സ്വയമേവ മറഞ്ഞുപോകയും ചെയ്യുന്നതായ അവസ്ഥയിലേക്കു പടിപടിയായി നമ്മെ നയിക്കുന്നതായിരിക്കും. നാം ഈ സ്വാനുഭവങ്ങൾ വഴിയായിത്തന്നെ പോകണം. എന്നാൽ നമ്മുടെ ലക്ഷ്യത്തെ ഒരിക്കലും മറന്നുപോകരുതു്.

സൂത്രം 19. വിശേഷാവിശേഷലിംഗമാത്രാലിംഗാനി ഗുണപർവാണി

അർത്ഥം: ഗുണപർവാണി = ഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങൾ, വിശേഷാവിശേഷലിംഗമാത്രാലിംഗാനി = വിശേഷങ്ങൾ (മഹാഭൂതേന്ദ്രിയങ്ങൾ) അവിശേഷങ്ങൾ (തന്മാത്രാന്തഃകരണങ്ങൾ) ലിംഗമാത്ര (ബുദ്ധി) അലിംഗം (അവ്യക്തം) ഇവ (നാലു്) ആകുന്നു.

കഴിഞ്ഞ ചില പ്രസംഗങ്ങളിൽ ഞാൻ പറഞ്ഞതുപോലെ യോഗം സാംഖ്യതത്വശാസ്ത്രത്തെ ആസ്പദമാക്കിയാകുന്നു സ്ഥാപിച്ചിരിക്കുന്നതു്. ഇവിടെ ഒരിക്കൽകൂടി സാംഖ്യതത്വശാസ്ത്രപ്രകാരമുള്ള പ്രപഞ്ചവിജ്ഞാനത്തെ ഞാൻ നിങ്ങൾക്കു ഓർമ്മപ്പെടുത്താം. സാംഖ്യശാസ്ത്രപ്രകാരം പ്രപഞ്ചത്തിന്റെ ഉപാദാനകാരണവും, നിമിത്തകാരണവും പ്രകൃതിതന്നെ. പ്രകൃതിയിൽ സത്വം, രജസ്സു്, തമസ്സു് എന്നു മൂന്നു തത്വങ്ങളുണ്ടു്. ഏതെല്ലാം അന്ധകാരമായിരിക്കുന്നുവോ, അതായതു് അജ്ഞാനമായും സ്ഥൂലമായും ഇരിക്കുന്നുവോ അതു തമസ്സു്; രജസ്സു് ഉത്സാഹമാണു്. സത്വം ശാന്തതയും പ്രകാശം അല്ലെങ്കിൽ ജ്ഞാനവും ആകുന്നു. സൃഷ്ടിക്കുമുമ്പു പ്രകൃതി ഇരുന്ന സ്ഥിതിക്കു അവ്യക്തം എന്നു പറയുന്നു. അവ്യക്തം എന്നാൽ ലക്ഷണത്തോടുകൂടാത്തതു്. അല്ലെങ്കിൽ തിരിച്ചറിവാൻ വഹിയാത്തതു്. അതായതു് നാമരൂപരഹിതമായ അവസ്ഥ. മേല്പറഞ്ഞ മൂന്നു തത്വങ്ങളും പൂർണ്ണസമതയോടു ലയിച്ചിരിക്കുന്ന അവസ്ഥ. അനന്തരം സമത തെറ്റി ഈ മൂന്നു തത്വങ്ങളും പലപ്രകാരത്തിൽ കൂടിക്കലർന്നു തുടങ്ങി. അതിന്റെ ഫലമാണു് ഈ പ്രപഞ്ചം. ഓരോ മനുഷ്യനിലും ഈ മൂന്നു തത്വങ്ങളും സ്ഥിതിചെയ്യുന്നുണ്ടു്. സത്വം അധികപ്പെടുമ്പോൾ ജ്ഞാനം ഉണ്ടാകുന്നു. രജസ്സു് അധികപ്പെടുമ്പോൾ ഉത്സാഹമുണ്ടാകുന്നു. തമസ്സു് അധികപ്പെടുമ്പോൾ അന്ധകാരം, അതായതു ജാഡ്യം, മാന്ദ്യം, അജ്ഞാനം ഇവ വരുന്നു. സാംഖ്യ സിദ്ധാന്തപ്രകാരം ഈ ത്രിഗുണങ്ങളോടുകൂടിയ പ്രകൃതിയുടെ ഏറ്റവും ഉയർന്ന പരിണാമത്തിനു അവർ മഹത്തു് അല്ലെങ്കിൽ ബുദ്ധി (സമഷ്ടിബുദ്ധി) എന്നു പറയുന്നു. ഓരോ മനുഷ്യമനസ്സും സമഷ്ടിബുദ്ധിയുടെ അംശമാകുന്നു. അപ്പോൾ മഹത്തിൽനിന്നു മനസ്സുണ്ടാകുന്നു. സാംഖ്യമാനസശാസ്ത്ര പ്രകാരം മനസ്സിന്റേയും ബുദ്ധിയുടേയും പ്രവൃത്തികൾക്കു തമ്മിൽ സൂക്ഷ്മമായ അന്തരമുണ്ടു്. മനസ്സിന്റെ വൃത്തി കേവലം വിഷയങ്ങളെ ഗ്രഹിക്കയും അവയെ വഹിച്ചുകൊണ്ടുപോയി ബുദ്ധിയുടെ, അതായതു് വൃഷ്ടിമഹത്തിന്റെ മുമ്പാകെ എത്തിക്കയുമാകുന്നു. ബുദ്ധി അതിനുശേഷം നിശ്ചയിക്കുന്നു. അതുകൊണ്ടു മഹത്തിൽനിന്നു മനസ്സുണ്ടാകുന്നു. മനസ്സിൽനിന്നു് സൂക്ഷ്മഭൂതങ്ങൾ, അതായതു് തന്മാത്രകൾ ഉണ്ടാകുന്നു. ഈ തന്മാത്രകൾ തമ്മിൽ കലർന്നു വെളിയിലുള്ള സ്ഥൂലഭൂതങ്ങൾ (ബാഹ്യപ്രപഞ്ചം) ആയുംതീരുന്നു. സാംഖ്യമതത്തിലെ വാദം എന്തെന്നാൽ ബുദ്ധിയിൽനിന്നു തുടങ്ങി ശിലാപര്യന്തമുള്ള എല്ലാ വസ്തുവും ഒരേ തത്വത്തിൽ നിന്നുതന്നെ ഉണ്ടായിട്ടുള്ളതാകുന്നു. അതായതു സത്തയുടെ സ്ഥൂലമോ സൂക്ഷ്മമോ ആയ സ്ഥിതിഭേദം മാത്രമെന്നുതന്നെ. ബുദ്ധി തത്വങ്ങളുടെ എല്ലാം അതിസൂക്ഷ്മമായ അവസ്ഥയാകുന്നു. അതിൽനിന്നു അഹങ്കാരം വരുന്നു. മനസ്സിനു നേരേ അടുത്തതു തന്മാത്രകൾ എന്നു പറയുന്ന സൂക്ഷ്മഭൂതങ്ങളാണു്. അവയെ കാണ്മാൻ കഴികയില്ല. അവയെ ഊഹിച്ചറിയാം. തന്മാത്രകൾ കൂടിക്കലർന്നു സ്ഥൂലമായിത്തീർന്നു് ഒടുവിൽ ഈ പ്രപഞ്ചം ഉണ്ടാകുന്നു. സൂക്ഷ്മം കാരണമായും സ്ഥൂലം കാര്യമായുമിരിക്കുന്നു. പ്രപഞ്ചം ബുദ്ധിമുതൽ തുടങ്ങുന്നു. അവിടെനിന്നു തടിച്ചു തടിച്ചു് ഒടുവിൽ ഈ ബ്രഹ്മാണ്ഡമായിത്തീരുന്നു. സാംഖ്യ ശാസ്ത്രപകാരം പുരുഷൻ പ്രകൃതിതത്വങ്ങൾക്കെല്ലാം അതീതനാകുന്നു. അതു ഒരു തത്വവുമല്ല. പുരുഷൻ ബുദ്ധിയോ, മനസ്സോ തന്മാത്രകളൊ, സ്ഥൂലഭൂതങ്ങളോ ആയ മറ്റേതെങ്കിലും ഒരു വസ്തുവിനോടു തുല്യവുമല്ല. അവയിൽ ഏതെങ്കിലും ഒന്നിനോടു സംബന്ധമുള്ളതുമല്ല. അതു വേറെ ഒന്നുതന്നെ. സ്വഭാവേന കേവലം വിലക്ഷണമായ ഒന്നാണു്. അതുകൊണ്ടു് പുരുഷൻ നാശരഹിതനാണെന്നു അവർ വാദിക്കുന്നു. എന്തു കൊണ്ടെന്നാൽ ഇതു ഒന്നിലധികം വസ്തുക്കൾ ചേർന്നുണ്ടായതല്ല. ചേർന്നുണ്ടായതല്ലാത്ത വസ്തു നശിക്കയില്ല. പുരുഷന്മാർ, അല്ലെങ്കിൽ ആത്മാക്കൾ സംഖ്യയിൽ അനവധിയാണു്. ‘ഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങൾ, വിശേഷങ്ങൾ, അവിശേഷങ്ങൾ, ലിംഗ മാത്രം, അലിംഗം ഇവയാകുന്നു’ എന്ന സൂത്രത്തിന്റെ അർത്ഥം ഇപ്പോൾ നമുക്കു മനസ്സിലാകും. വിശേഷങ്ങൾ എന്നാൽ നമുക്കു കാണാൻ കഴിയുന്ന സ്ഥലഭൂതങ്ങൾ; അവിശേഷങ്ങൾ എന്നാൽ തന്മാത്രകൾ എന്നുപറയുന്ന സൂക്ഷ്മഭൂതങ്ങൾ. അവ സാധാരണന്മാർക്കു ഇന്ദ്രിയഗോചരമല്ല. യോഗം അഭ്യസിച്ചാൽ കുറേക്കാലം കൊണ്ടു നിങ്ങളുടെ ഇന്ദ്രിയജ്ഞാനങ്ങൾ അവയെ വിഷയമാക്കാൻ കഴിയത്തക്കവണ്ണം അത്ര സൂക്ഷ്മങ്ങളായിത്തീരും എന്നു പതജ്ഞലി പറയുന്നു. ദൃഷ്ടാന്തം ഓരോ മനുഷ്യനും ഉള്ളിൽ ഒരു മാതിരി പ്രകാശം അടങ്ങിയിരിക്കുന്നുണ്ടെന്നുള്ളതിനെപറ്റി നിങ്ങൾ കേട്ടിരിക്കുന്നുണ്ടല്ലോ. ജീവിക്കുന്ന എല്ലാ പ്രാണിയും ഒരുമാതിരി പ്രകാശത്തെ ഉള്ളിൽനിന്നു പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. അതു യോഗിക്കു കാണാം എന്നു് അദ്ദേഹം പറയുന്നു. നമുക്കു എല്ലാവർക്കും അതു കണ്ടുകൂടാ. എന്നാൽ നാം എല്ലാവരും ആ തന്മാത്രകളെ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതു പോലെ എന്നാൽ ഒരു പുഷ്പം നിർഗളമായി ഈ തന്മാത്രകളെ പുറപ്പെടുവിക്കുന്നു. അതാണു് നമുക്കതിന്റെ സൗരഭ്യത്തെ അറിയിപ്പിക്കുന്നതു്. നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും നാം ഒട്ടധികം നന്മയേയോ തിന്മയേയോ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. നാം പോകുന്ന ദിക്കിലെല്ലാം വായുമണ്ഡലം അതുകൊണ്ടു് നിറയപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണു് അറിയാതെതന്നെ മനുഷ്യമനസ്സിൽ ക്ഷേത്രങ്ങളും പള്ളികളും കെട്ടുന്നതിനു താല്പര്യം ജനിച്ചതു്. എന്തുകൊണ്ടു് മനുഷ്യൻ ഈശ്വരനെ ആരാധിപ്പാൻ പള്ളികൾ കെട്ടുന്നു? എന്തുകൊണ്ടു് എവിടെ എങ്കിലും ഇരുന്നു അദ്ദേഹത്തെ ആരാധിച്ചുകൂടാ? കാരണം അറിഞ്ഞുകൂടാ എങ്കിലും എവിടെ ജനങ്ങൾ ഈശ്വരനെ ആരാധിച്ചുവോ ആ സ്ഥലം നല്ല തന്മാത്രകളാൽ വ്യാപ്തമായിത്തീർന്നു എന്നു മനുഷ്യൻ മനസ്സിലാക്കി. എല്ലാദിവസവും മനുഷ്യൻ അവിടെപ്പോകുന്നു. പോകുന്തോറും അവർ അധികമധികം പുണ്യവാന്മാരായും ആ സ്ഥലം അധികമധികം പുണ്യസ്ഥലമായും തീരുന്നു. സത്വഗുണം അധികമില്ലാത്ത മനുഷ്യൻ അവിടെ പോകുകയാണെങ്കിൽ ആ സ്ഥലത്തിന്റെ മാഹാത്മ്യം അവനിൽ ബാധിച്ചു അവന്റെ സാത്വികഗുണത്തെ ഉദ്ദീപിപ്പിക്കും. ഇതാണു് ക്ഷേത്രസ്ഥലങ്ങളുടേയും എല്ലാം അർത്ഥം. എന്നാൽ അവയുടെ മാഹാത്മ്യം അവിടെ വന്നുകൂടുന്ന മഹാത്മാക്കളെ ആശ്രയിച്ചിരിക്കയാണെന്നും നിങ്ങൾ ഓർമ്മിക്കണം. ഇവയെ പുണ്യസ്ഥലങ്ങളാക്കിയതു് മനുഷ്യരാണു്. എന്നിട്ടു കാര്യം കാരണമായിത്തീർന്നു; അവ മനുഷ്യരെ പുണ്യവാന്മാരാക്കുകയും ചെയ്തു. ദുർജ്ജനങ്ങൾ മാത്രമേ അവിടെ പോയിരുന്നുള്ളു എങ്കിൽ മറ്റു ചീത്ത സ്ഥലങ്ങൾ പോലെ തന്നെ അവിടെയും ചീത്തയായിപ്പോകുമായിരുന്നു. പള്ളി ഉണ്ടാകുന്നതു ഒരു കെട്ടിടം കൊണ്ടല്ല, മനുഷ്യരെക്കൊണ്ടാകുന്നു. ആ കാര്യം നാം എപ്പോഴും മറന്നുകളയുന്നു. അതുകൊണ്ടാണു് അധികം സത്വഗുണപ്രധാനരായ ഋഷിമാരും പുണ്യപുരുഷന്മാരും തങ്ങളുടെ ചുറ്റും അധികം സാത്വികാംശത്തെ പ്രസരിപ്പിക്കുകയും പര്യന്തവർത്തികളെ രാവും പകലും ശക്തിയേറിയ സാന്നിദ്ധ്യത്തിനു കീഴടക്കുകയും ചെയ്യുന്നതു്. മനുഷ്യനു തന്റെ പരിശുദ്ധത സ്പർശയോഗ്യമാണോ എന്നു തോന്നത്തക്കവണ്ണം അത്ര പരിശുദ്ധനാവാൻ കഴിഞ്ഞു എന്നു വരാം. ശരീരം പരിശുദ്ധമായി കഴിഞ്ഞാൽ അതു പോകുന്ന ദിക്കിലെല്ലാം ആ പരിശുദ്ധതയെ പ്രസരിപ്പിക്കുന്നു. ഇതു ഒരു വക രൂപകമായോ അതിശയോക്തിയായോ പറയുന്നതല്ല. വെറും അക്ഷരാർത്ഥമായ വസ്തുതയത്രെ. അങ്ങിനെയുള്ള മനുഷ്യനുമായി ആരടുക്കുന്നുവോ അവൻ ഉടനെ പരിശുദ്ധനായിത്തീരുന്നു. അടുത്ത ‘ലിംഗമാത്രം’ എന്നു പറഞ്ഞതിനു ബുദ്ധി (ബോധം) എന്നർത്ഥമാകുന്നു. ‘ലിംഗമാത്ര’മാണു് പ്രകൃതിയുടെ ആദ്യത്തെപ്പരിണാമം. അതിൽനിന്നാണു് മറ്റെല്ലാ പരിണാമങ്ങളും ഉണ്ടാകുന്നതു്. ഒടുവിലത്തേതു അലിംഗം (അവ്യക്തം) ആകുന്നു. ഈ സ്ഥാനത്തു പുതിയ ശാസ്ത്രങ്ങൾക്കും എല്ലാമതങ്ങൾക്കും തമ്മിൽ ഒരു വലിയ മത്സരമുണ്ടെന്നു തോന്നുന്നു. മതങ്ങളിൽ എല്ലാം ഈ ലോകം ബോധത്തിൽനിന്നു വന്നതാണെന്നുള്ള അഭിപ്രായമാണുള്ളതു്. ചില മതങ്ങൾ അധികം തത്വജ്ഞാനപരങ്ങളായിരിക്കയും ശാസ്ത്രീയ ഭാഷയെ ഉപയോഗിക്കയും ചെയ്യുന്നു എന്നേയുള്ളു. സേശ്വരവാദത്തെ തന്നെ അദ്ധ്യാത്മശാസ്ത്രീയമായ അർത്ഥത്തിലും രൂപകഥഗ്രഹണം കൂടാതേയും എടുക്കുന്നതായാൽ സൃഷ്ടിയുടെ ആരംഭസാമഗ്രികളിൽ ആദ്യത്തേതു ബോധമാണെന്നും ബോധത്തിൽ നിന്നാണു് നാം സ്ഥൂലഭൂതങ്ങൾ എന്നുപറയുന്ന പദാർത്ഥങ്ങൾ ഉണ്ടായതെന്നും വരും. പുതിയ തത്വശാസ്തജ്ഞന്മാർ ബോധം എല്ലാറ്റിനും ഒടുവിൽ ഉണ്ടാകേണ്ടതാണെന്നു പറയുന്നു. ബോധരഹിതവസ്തുക്കൾ ക്രമേണ ജന്തുക്കളായും ജന്തുക്കൾ ക്രമേണ മനുഷ്യരായും പരിണമിക്കയാണെന്നാണു് അവർ പറയുന്നതു്. എല്ലാ വസ്തുക്കളും ബുദ്ധിയിൽനിന്നുണ്ടാകുക എന്നുള്ളതിനുപകരം ബുദ്ധിതന്നെ ഒടുവിൽ ഉണ്ടാകേണ്ടതെന്നാണു് അവരുടെ വാദം. മതങ്ങളുടേയും ശാസ്ത്രങ്ങളുടേയും ഈ വാദങ്ങൾ പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധങ്ങളെന്നു തോന്നുമെങ്കിലും രണ്ടും വാസ്തവമത്രേ. ഏബി ഏബി ഏബി എന്നു ഇങ്ങിനെ ഒരിക്കലും അവസാനിക്കാതെ വരിവരിയായി നീട്ടി എഴുതുക. ഏയോ ബിയോ ഏതാണു് ആദ്യം എന്നാണു് ചോദ്യം. ‘ഏബി’ എന്നു തുടർന്നാണു് വായിക്കുന്നതെങ്കിൽ ‘ഏ’ ആണു് എന്നു് നിങ്ങൾ പറയും; ‘ബിഏ’ എന്നു പിടിച്ചാണെങ്കിൽ ‘ബി’ ആണു് ആദ്യമെന്നു പറയും. അതു്, നാം നോക്കുന്ന മാതിരിയെ ആശ്രയിച്ചിരിക്കുന്നു. ബോധം പരിണമിച്ചു സ്ഥൂലവസ്തുവായിത്തീരുന്നു. വീണ്ടും ബോധമായി ലയിക്കുന്നു. പിന്നെയും പരിണമിച്ചു് സ്ഥൂലവസ്തുവായിത്തീരുന്നു. സാംഖ്യന്മാരും എല്ലാ മതക്കാരും ബോധത്തെ ആദ്യമായി എടുക്കുന്നു. അപ്പോൾ അതിന്റെ ആനുപൂർവി ബോധം, ജഡം, ബോധം, ജഡം ഇങ്ങിനെ ആയിത്തീരുന്നു. ഭൗതികവിജ്ഞാനി ആദ്യം ജഡപദാർത്ഥത്തെ എടുക്കുന്നു. അതുകൊണ്ടു് ഒന്നാമതു ജഡപദാർത്ഥം പിന്നെ ബോധം എന്നും പറയുന്നു. എന്നാൽ അവരണ്ടും ഒരേ ആനുപൂർവിയെ തന്നെയാണു് സൂചിപ്പിക്കുന്നതു്. ഇന്ത്യൻ തത്വശാസ്ത്രം ബോധവും ജഡവുമാകുന്ന രണ്ടിനേയും അതിക്രമിച്ചുപോയി പുരുഷൻ അല്ലെങ്കിൽ ആത്മാവു് എന്ന ഒന്നിനെ കണ്ടുപിടിക്കുന്നു. അതു് എല്ലാ ബോധത്തിനും അതീതമായിട്ടുള്ളതാണു്. ബോധം എന്നതു് അതിൽ നിന്നു കടം വാങ്ങിയ ഒരു വെളിച്ചമത്രെ.

സൂത്രം 20. ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോപി പ്രത്യയാനുപശ്യഃ

അർത്ഥം: ദ്രഷ്ടാ = സാക്ഷി (പുരുഷൻ), ദൃശിമാത്രഃ = കേവലം ബോധസ്വരൂപൻ (ആയി), ശുദ്ധഃ = ഒരുവിശേഷണവും (കലർപ്പും) ഇല്ലാത്തവൻ (ആയിരിക്കുന്നു), അപി = എങ്കിലും, പ്രത്യയാനുപശ്യഃ = ബുദ്ധിവൃത്തികളോടു് അഭേദമായിത്തന്നെക്കാണുന്നവൻ (ആണു്).

ഇതും സാംഖ്യതത്വശാസ്ത്രം തന്നെ. ഈ ശാസ്ത്രത്തിൽ നിന്നു ഏറ്റവും സ്ഥൂലംമുതൽ മേലോട്ടു ബോധംവരെയുള്ള എല്ലാം പ്രകൃതിയാണെന്നും, പ്രകൃതിക്കു അപ്പുറമാണു് പുരുഷൻ അല്ലെങ്കിൽ ആത്മാവെന്നും, അതുനിർഗുണമാണെന്നും നാം കണ്ടിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണു് ആത്മാവു് സുഖിയോ ദുഃഖിയോ ആയിത്തോന്നുന്നതു്? സങ്കൽപംകൊണ്ടു്. എന്തുപോലെ എന്നാൽ ഒരു കഷണം നിർമ്മലമായ സ്ഫടികം ഒരു മേശപ്പുറത്തു വച്ചു് അതിന്നടുത്തു ഒരു ചുവന്ന പുഷ്പവും വയ്ക്കുക. സ്പടികം ചുവപ്പാണെന്നുതോന്നും. അതുപോലെ സുഖങ്ങളോ ദുഃഖങ്ങളോ ആയ തോന്നലുകൾ എല്ലാം കേവലം സങ്കല്പങ്ങൾ തന്നെ. ആത്മാവിന്നു സ്വതേ ഒരു വികാരവുമില്ല. ആത്മാവു് പ്രകൃതിയിൽ നിന്നു ഭിന്നമാണു്. പ്രകൃതി ഒന്നു. ആത്മാവു് വേറൊന്നു എന്നേക്കും ഭിന്നമായ വേറൊന്നു. സാംഖ്യന്മാർ പറയുന്നതു് എന്തെന്നാൽ, ബോധം അതായതു് ബുദ്ധി ഒരു കാര്യവസ്തുവാകുന്നു. അതു വർദ്ധിക്കയും ക്ഷയിക്കയും ചെയ്യുന്നു. ശരീരം മാറുന്ന പോലെ മാറുന്നു. അതു സ്വഭാവത്തിൽ മിക്കവാറും ശരീരംപോലെ തന്നെ ആകുന്നു. നഖവും ശരീരവുംപോലെയാണു് ശരീരവും ബുദ്ധിയും. നഖം ശരീരത്തിന്റെ ഒരംശമാണു്. എന്നാൽ അതിനെ ശരീരത്തിൽനിന്നു എത്രപ്രാവശ്യം വേണമെങ്കിലും ചേദിച്ചുകളയാം. എന്നാലും ശരീരം ഇരിക്കും. അതുപോലെ ബുദ്ധി എത്രയോ കാലം നിൽക്കുന്നു. ശരീരത്തെ അതിൽനിന്നു ഛേദിച്ചുകളയാം. എന്നാൽ ബുദ്ധി അനശ്വരമായിരിപ്പാൻ പാടില്ല. എന്തുകൊണ്ടെന്നാൽ അതു മാറുന്നു വർദ്ധിക്കയും ക്ഷയിക്കയും ചെയ്യുന്നു. മാറ്റമുള്ള ഒന്നും അനശ്വരമായിരിപ്പാൻ പാടുള്ളതല്ല. നിശ്ചയമായും ബുദ്ധി ജന്യവസ്തുവാണു്. ആ വസ്തുതതന്നെ അതിനപ്പുറമായി ഒന്നുണ്ടായിരിക്കണമെന്നു തെളിയിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇതു സ്വതന്ത്രമല്ല. ജഡവസ്തുവെ സംബന്ധിച്ച എല്ലാം പ്രകൃതിയിൽ അന്തർഭവിക്കുന്നു. ആതുകൊണ്ടു എന്നേക്കും അസ്വതന്ത്രവുമാകുന്നു. ആരാണു് സ്വതന്ത്രൻ? ആ സ്വതന്ത്രമായ ഒന്നു നിശ്ചയമായും കാര്യകാരണനിയമങ്ങൾക്കു് അതീതമായിരിക്കണം. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അഭിപ്രായവും ഭ്രാന്തിയാണെന്നു നിങ്ങൾ പറയുന്നുവെങ്കിൽ ബന്ധത്തെപ്പറ്റിയ അഭിപ്രായവും ഭ്രാന്തിയാണെന്നു ഞാൻ പറയും. രണ്ടു വസ്തുതയും നമ്മുടെ ബോധത്തിനു വിഷയമാകുന്നു. അവ നിൽക്കുകയോ നശിക്കുകയോ ചെയ്യുന്നതു് അന്യോന്യാശ്രിതമായിരിക്കുന്നു. ഒന്നു നാം ബദ്ധരാണെന്നുള്ളതാണു്. നാം ഒരു ചുവരിൽക്കൂടി കടന്നു പോവാൻ വിചാരിക്കയും, അങ്ങനെ ചെയ്യുമ്പോൾ തല ചുവരിൽ അടിക്കയും ചെയ്കയാണെങ്കിൽ, നാം ആ ചുവരിനാൽ ബദ്ധരാണു്. എന്നാൽ അപ്പോൾത്തന്നെ നാം മനസ്സിനെ കാണുന്നു. നമ്മുടെ മനസ്സിനെ ഏതുവഴിക്കും കൊണ്ടു പോകാമെന്നു വിചാരിക്കയും ചെയ്യുന്നു. ഓരോന്നിലും ഈ വിരുദ്ധാഭിപ്രായങ്ങൾ നമുക്കു വന്നു കൊണ്ടേ ഇരിക്കുന്നു. നാം സ്വതന്ത്രരാണെന്നു വിശ്വസിക്കേണ്ടി വരുന്നു. എങ്കിലും ഓരോ ക്ഷണംതോറും സ്വതന്ത്രരല്ലെന്നു നാം കാണുകയും ചെയ്യുന്നു. ഒരു അഭിപ്രായം ഭ്രാന്തിയാണെങ്കിൽ മറ്റതും ഭ്രാന്തിതന്നെ ആയിരിക്കണം. ഒന്നു സത്യമാണെങ്കിൽ മറ്റേതും സത്യംതന്നെ. എന്തെന്നാൽ രണ്ടും ആധാരമാക്കിയിരിക്കുന്നതു് ഒന്നിനെ ആണു്, (അതായതു്) ബോധത്തെ. യോഗി രണ്ടും ശരിയാണെന്നു പറയുന്നു. ബുദ്ധിയെ ആശ്രയിച്ചു നാം ബദ്ധന്മാരും, ആത്മാവിനെ ആശ്രയിച്ചു സ്വതന്ത്രന്മാർ അല്ലെങ്കിൽ മുക്തന്മാരുമാണു്. മനുഷ്യന്റെ വാസ്തവതത്വം, അതായതു ആത്മാവു് (പുരുഷൻ) മാത്രമാണു് കാര്യകാരണനിയമത്തിന്നപ്പുറമായുള്ളതു്. അതിന്റെ സ്വാതന്ത്ര്യം അടുക്കടുക്കായുള്ള എല്ലാ ജഡതത്വങ്ങളിലൂടേയും അതായതു ബുദ്ധിയുടെ പല പരിണാമങ്ങളിലൂടേയും മനസ്സിലൂടേയും അറിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ വെളിച്ചം തന്നെയാണു് എല്ലാറ്റിലൂടേയും പ്രകാശിച്ചുകൊണ്ടിരിക്കുന്നതു്. ബുദ്ധിക്കു സ്വതേ പ്രകാശമില്ല, ഓരോ ഇന്ദ്രിയത്തിനും തലച്ചോറിൽ ഒരു പ്രത്യേകസ്ഥാനമുണ്ടു്. എല്ലാ ഇന്ദ്രിയങ്ങൾക്കും ഒരു സ്ഥാനമുണ്ടെന്നല്ല, ഓരോ ഇന്ദ്രിയവും പ്രത്യേകമാണു്. എന്തുകൊണ്ടു പ്രത്യക്ഷങ്ങൾ എല്ലാം യോജിക്കുന്നു? എവിടെവച്ചു അവയ്ക്കു ഏകത്വം ലഭിക്കുന്നു? തലച്ചോറിൽവച്ചാണെങ്കിൽ കണ്ണിനും മൂക്കിനും, ചെവിക്കും ഒരു സ്ഥാനം മാത്രമേ ഉണ്ടായിരിക്കാവു. എന്നാൽ ഓരോന്നിനും പ്രത്യേകസ്ഥാനങ്ങളാണുള്ളതെന്നു നിശ്ചയമായും നമുക്കറിയാമല്ലോ. ഒരു മനുഷ്യനു ഒരു ക്ഷണത്തിൽതന്നെ കാണുകയും കേൾക്കുകയും ചെയ്യാം. അതുകൊണ്ടു ബുദ്ധിക്കു അപ്പുറമായി മാത്രമേ ഒരു ഏകത്വമുണ്ടായിരിപ്പാൻ തരമുള്ളു. ബുദ്ധി നിശ്ചയമായും തലച്ചോറോടു സംബന്ധിച്ചുതന്നെ ആണിരിക്കുന്നതു്. എന്നാൽ ബുദ്ധിയ്ക്കും അപ്പുറമാണു് പുരുഷൻ ഏകതത്വം ഇരിക്കുന്നതു്. എല്ലാവിധ ഇന്ദ്രിയസ്പർശങ്ങളും പ്രത്യക്ഷങ്ങളും യോജിക്കയും, ഒന്നായിത്തീരുകയും ചെയ്യുന്നതു് അതിലാണു്. ആത്മാവുതന്നെയാണു് പൊതുസ്ഥാനം. അതിലാണു് ഭിന്നങ്ങളായ ഇന്ദ്രിയങ്ങൾ എല്ലം അനുസന്ധിക്കയും ഏകീഭവിക്കയും ചെയ്യുന്നതു്. ആ ആത്മാവു് സ്വതന്ത്രമത്രേ. അതിന്റെ സ്വാന്ത്ര്യംതന്നെയാണു് നിങ്ങളോടു ക്ഷണംപ്രതി നിങ്ങൾ സ്വത്രന്തരാണെന്നു ഉപദേശിച്ചുകൊണ്ടിരിക്കുന്നതും: എന്നാൽ നിങ്ങൾ തെറ്റിദ്ധരിക്കുന്നു. നിങ്ങൾ ക്ഷണംപ്രതി ആ സ്വാതന്ത്ര്യത്തെ ബുദ്ധിയോടും മനസ്സോടും കൂട്ടിക്കലർത്തുന്നു. ആ സ്വാതന്ത്രം ബുദ്ധിയ്ക്കു കൽപിപ്പാൻ നിങ്ങൾ ശ്രമിക്കുന്നു. ഉടനേതന്നെ ബുദ്ധി സ്വാതന്ത്രമല്ലെന്നും കാണുന്നു. ആ സ്വാതന്ത്രം ശരീരത്തിനു നിങ്ങൾ കല്പിക്കുന്നു. ഉടനെ വീണ്ടും തെറ്റിദ്ധരിക്കുന്നു എന്നു പ്രകൃതിതന്നെ നിങ്ങളോടു് ഉപദേശിക്കയും ചെയ്യുന്നു. അതുകൊണ്ടാണു് ഒന്നിച്ചുതന്നെ സ്വാതന്ത്രത്തിന്റേയും ബന്ധത്തിന്റേയും മിശ്രമായ ബോധമുണ്ടാകുന്നതു്. യോഗിസ്വതന്ത്രവും, ബദ്ധവുമായ രണ്ടിനേയും വിവേചിച്ചു നോക്കുന്നു. അയാളുടെ അജ്ഞാനവും പോകുന്നു. അയാൾ പുരുഷൻ സ്വതന്ത്രനാണെന്നും ബുദ്ധിയിലൂടെ വന്നു ബോധമായി പരിണമിക്കയും അതുകൊണ്ടു ബദ്ധമായിത്തീരുകയും ചെയ്യുന്ന ജ്ഞാനത്തിന്റെ സാരമാണെന്നും കാണുന്നു.

സൂത്രം 21. തദർത്ഥ ഏവ ദൃശ്യസ്യാത്മാ

അർത്ഥം: തദർത്ഥം = സാക്ഷിയായ പുരുഷനുവേണ്ടി ഏവ = തന്നെ. ദൃശ്യസ്യ = (മുൻപറഞ്ഞ) ദൃശ്യത്തിന്റെ (പ്രകൃതിയുടെ). ആത്മാ = സ്വരൂപം.

പ്രകൃതിക്കു സ്വന്തമായി പ്രകാശം അതായതു ബോധം ഇല്ല. പുരുഷന്റെ സാന്നിദ്ധ്യമുള്ള കാലംവരെ അതു പ്രകാശിക്കുന്നതായിത്തോന്നുന്നു. എന്നാൽ പ്രകാശം കടംവാങ്ങിയതാണു്. അതു ചന്ദ്രനു (സൂര്യനിൽനിന്നു) പ്രതിഫലിച്ചു കിട്ടിയിരിക്കുന്ന പ്രകാശം പോലെതന്നെ ആകുന്നു. യോഗികളുടെ അഭിപ്രായപ്രകാരം പ്രകൃതിയുടെ എല്ലാ പരിണാമങ്ങളും പ്രകൃതിയാൽതന്നെ നിർമ്മിതങ്ങളാണു്. എന്നാൽ പ്രകൃതിക്കു പുരുഷനെ മോചിപ്പിക്കുക എന്നുള്ളതല്ലാതെ ഇതിൽ വേറൊരുദ്ദേശ്യമില്ല.

സൂത്രം 22. കൃതാർത്ഥം പ്രതിനിവൃത്തമപ്യനഷ്ടം തദന്യസാധാരണത്വാൽ

അർത്ഥം: കൃതാർത്ഥം = കൃതാർത്ഥനെ (മുക്തനെ). പ്രതി = സംബന്ധിച്ച നിവൃത്തം = വ്യാപാര ശൂന്യം, അപി = എങ്കിലും, തദന്യസാധാരണത്വാൽ = മറ്റുള്ളവരിൽ ഉണ്ടായിരിക്കുന്നതുകൊണ്ട് (ദൃശ്യം അല്ലെങ്കിൽ പ്രകൃതി), അനഷ്ടം = നശിക്കുന്നില്ല.

പ്രകൃതിയുടെ മുഴുവൻ ഉദ്ദേശവും പുരുഷനെ താൻ പ്രകൃതിയിൽനിന്നു കേവലം ഭിന്നനാണെന്നു അറിയിക്കുകയാകുന്നു. പുരുഷൻ (ആത്മാവു) ആ വസ്തുത അറിഞ്ഞാൽ പിന്നേ പ്രകൃതിക്കു അവനെ മോഹിപ്പിപ്പാൻ കഴിയുന്നില്ല. എന്നാൽ പ്രകൃതി മുഴുവൻ നശിക്കുന്നതു പൂർണ്ണമുക്തനായ പുരുഷനു മാത്രമാകുന്നു. എപ്പോഴും അസംഖ്യം ജനങ്ങൾ ശേഷിച്ചുണ്ടായിരിക്കും; അവർക്കായി പ്രകൃതി പ്രവർത്തിച്ചുകൊണ്ടിരിക്കയും ചെയ്യും.

സൂത്രം 23. സ്വസ്വാമിശക്ത്യോസ്സു്വരൂപോപലബ്ധിഹേതുഃ സംയോഗംഃ

അർത്ഥം: സംയോഗഃ = (മേൽപറഞ്ഞ) സംബന്ധം, സ്വസ്വാമിശക്ത്യോഃ = തന്റെ (പ്രകൃതിയുടെയും) പുരുഷന്റേയും ശക്തികളുടെ (സ്വഭാവങ്ങളുടെ), സ്വരൂപോപലബ്ധിഹേതുഃ = വസ്തുതയെ അറിയുന്നതിനു കാരണമാകുന്നു.

ഈ സൂത്രപ്രകാരം, ആത്മാവു് പ്രകൃതിയുമായി സംബന്ധിക്കുമ്പോൾ ആത്മാവിന്റേയും പ്രകൃതിയുടേയും ശക്തികൾ രണ്ടും ആ സംബന്ധത്തിൽ പ്രത്യക്ഷമായിത്തീരുന്നു. ആ പ്രത്യക്ഷങ്ങൾ എല്ലാം തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. അജ്ഞാനമാണു് ഈ സംബന്ധത്തിന്റെ കാരണം. നമ്മുടെ സുഖത്തിനോ ദുഃഖത്തിനോ കാരണം നാം നമ്മെ എപ്പോഴും ശരീരത്തോടു സംബന്ധിപ്പിക്കുന്നതാണെന്നും ദിവസംപ്രതി നാം കാണുന്നു. ഞാൻ ഈ ശരീരമല്ലെന്നു എനിക്കു ദൃഢനിശ്ചയമുണ്ടായിരുന്നു എങ്കിൽ ഉഷ്ണമോ ശീതമോ അതുപോലെ ഉള്ളതൊ ആയ ഒന്നിനെപ്പറ്റിയും ഞാൻ ഗണ്യമാക്കുകയില്ലായിരുന്നു. ഈ ശരീരം ഒരു സമ്മിശ്രവസ്തുവാണു്. എനിക്കു ഒരു ശരീരം, നിങ്ങൾക്കു മറ്റൊന്നു, സൂര്യനു വേറൊന്നു എന്നു പറയുന്നതു വെറും കെട്ടുകഥയത്രേ. മുഴുവൻ ബ്രഹ്മാണ്ഡവും ഒരു ജഡപദാർത്ഥ സമുദ്രമാകുന്നു. അതിൽ ഒരു ചെറിയ അംശത്തെ നിങ്ങളെന്നും, മറ്റൊരംശത്തെ ഞാൻ എന്നും, വേറൊരംശത്തെ സൂര്യനെന്നും പറയുന്നു. ഈ ജഡപദാർത്ഥം നിരന്തരമായി മാറിക്കൊണ്ടിരിക്കയാണെന്നു നമുക്കറിയാമല്ലോ. ഒരു ദിവസം സൂര്യനായി പരിണമിക്കുന്നതു തന്നെ അടുത്തദിവസം നമ്മുടെ ശരീരത്തിലുള്ള പദാർത്ഥമായിത്തീർന്നു എന്നു വന്നേക്കാം.

സൂത്രം 24. തസ്യ ഹേതുരവിദ്യാ

അർത്ഥം: അവിദ്യാ = അജ്ഞാനം, തസ്യ = അതിനു (സംയോഗത്തിനു), ഹേതുഃ = കാരണം (ആകുന്നു).

അജ്ഞാനം കൊണ്ടാണു് നാം നമ്മെ ഒരു പ്രത്യേക ശരീരത്തോടു സംബന്ധപ്പിക്കുകയും, ദുഃഖത്തിനു വിഷയമാക്കുകയും ചെയ്യുന്നതു്. ശരീരത്തെക്കുറിച്ചുള്ള അഭിമാനം ഒരു വിശദമായ മൂഢവിശ്വാസമാണു്. നമുക്കു സുഖമോ ദുഃഖമോ തോന്നിപ്പിക്കുന്നതു മൂഢവിശ്വാസമാണു്. നമുക്കു ഉഷ്ണമോ ശീതമോ സന്തോഷമോ വേദനയോ തോന്നുന്നതു് അജ്ഞാനജന്യമായ മൂഢവിശ്വാസംകൊണ്ടാണു്. മൂഢവിശ്വാസത്തെ വിട്ടുപൊങ്ങുന്നതാണു് നമ്മുടെ കൃത്യം. നമുക്കു അതു് എങ്ങിനെ സാധിക്കാമെന്നു യോഗി കാണിച്ചു തരുന്നു. ചില മാനസികാവസ്ഥയിൻകീഴു്, ഒരുത്തന്റെ ശരീരത്തിൽ തീ വച്ചാൽ മനസ്സു് ആ അവസ്ഥയിൽ നിൽക്കുന്ന നേരംവരെ അവൻ വേദന അറികയില്ലെന്നുള്ളതു തെളിയിക്കപ്പെട്ടിരിക്കുന്നു. മനസ്സിന്റെ ഈ പെട്ടെന്നുള്ള ഉയർന്ന അവസ്ഥ ഒരു നിമിഷത്തിൽ ഒരു ചുഴലിക്കാറ്റുപോലെ വരികയും, അടുത്ത നിമിഷത്തിൽ പൊയ്ക്കളയുകയും ചെയ്യുന്നു എന്നുള്ളതാണു് കഷ്ടം. എന്നാൽ എങ്ങിനെയെങ്കിലും യോഗംകൊണ്ടു നാം അതിനെ ശാസ്ത്രീയമായി സാധിക്കയാണെങ്കിൽ ശരീരത്തിൽ നിന്നുള്ള ആത്മാവിന്റെ പൃഥക്കരണം (വേർപെടുത്തൽ) നമുക്കു സ്ഥിരമായി സിദ്ധിക്കുന്നതാണു്.

സൂത്രം 25. തദഭാവാൽ സംയോഗാഭാവോ ഹാനം; തദ്ദൃശോഃ കൈവല്യം

അർത്ഥം: തദഭാവൽ = അതിന്റെ (അവിദ്യയുടെ) നാശത്താൽ, സംയോഗഭാവഃ = സംയോഗ (സംബന്ധ) നാശം (ആകുന്ന), ഹാനം = ശാന്തി (ഉണ്ടാകുന്നു). തൽ = ആ ശാന്തിതന്നെ ദൃശോഃ = ദൃഷ്ടാവിന്റെ (പുരുഷന്റെ), കൈവല്യം = മുക്തി.

യോഗശാസ്ത്രപ്രകാരം, അജ്ഞാനംകൊണ്ടാണു് ആത്മാവു് പ്രകൃതിയോടു സംബന്ധിക്കപ്പെട്ടിരിക്കുന്നതു്. പ്രകൃതിക്കു നമ്മുടെ മേലുള്ള അധികാരത്തിൽനിന്നു നാം മോചിക്കേണമെന്നുള്ളതാണു് താൽപര്യം. എല്ലാ മതങ്ങളുടേയും നോട്ടം അതു തന്നെ. ഓരോ ആത്മാവിലും ഈശ്വരത്വം മങ്ങിയിരിക്കുന്നുണ്ടു്. ആ ആന്തരമായ ഈശ്വരത്വത്തെ ഉള്ളിലും വെളിയിലുമുള്ള പ്രകൃതിയെ നിയമനം ചെയ്തു പ്രത്യക്ഷമാക്കേണമെന്നുളളതാണു് നോട്ടം. അതു കർമ്മം കൊണ്ടോ ഭക്തികൊണ്ടോ മനോനിയമനംകൊണ്ടോ തത്വജ്ഞാനം കൊണ്ടൊ ഇവയിൽ ഒന്നോ അധികമോ ഇവ എല്ലാം കൊണ്ടുമോ സാധിക്കയും മുക്തരാകയും ചെയ്യുക. മതം മുഴുവൻ ഇതു തന്നെ. വേദവാക്യങ്ങൾ, വിധികൾ, കർമ്മങ്ങൾ, ഗ്രന്ഥങ്ങൾ, ക്ഷേത്രങ്ങൾ, പ്രതിമകൾ ഇവ എല്ലാം അപ്രധാനമായ ചില്ലറ സംഗതികളത്രേ. യോഗി ഈ ലക്ഷ്യത്തിൽ മനോനിയമനംകൊണ്ടു എത്താൻ ശ്രമിക്കുന്നു. നമുക്കു നമ്മെ പ്രകൃതിയിൽനിന്നു മോചിപ്പിപ്പാൻ കഴിയാത്തകാലംവരെ നാം ദാസരാണു്. അവൾ പറയുന്നതിനെ നാം കേൾക്കതന്നെവേണം. ആരു മനസ്സിനെ നിയമനം ചെയ്യുന്നുവോ അവൻ ജഡപദാർത്ഥത്തെയും നിയമനം ചെയ്യുന്നു എന്നു യോഗി വാദിക്കുന്നു. ആന്തരപ്രകൃതി ബാഹ്യപ്രകൃതിയേക്കാൾ വളരെ ഉയർന്നതാണു്. അതിനെ പിടിപ്പാൻ അധികം പ്രയാസം; നിയമനം ചെയ്വാനും അധികം പ്രയാസം. അതുകൊണ്ടു് അന്തരപ്രകൃതിയെ നിയമനം ചെയ്തവൻ മുഴുവൻ പ്രപഞ്ചത്തെയും നിയമനം ചെയ്തിരിക്കുന്നു. അതു് അവന്റെ ദാസവൃത്തിചെയ്യും. ഈ നിയമനം സമ്പാദിപ്പാനുള്ള മാർഗ്ഗങ്ങളെ ആണു് രാജയോഗം വിവരിക്കുന്നതു്. ശാരീരപ്രകൃതിയിൽ നമുക്കറിവുള്ളതിനേക്കാൾ ഉയർന്നതരം ശക്തികൾ നിയമനം ചെയ്യപ്പെടേണ്ടതായി ഉണ്ട്. ശരീരം മനസ്സിന്റെ പുറത്തെ തോടാണു്. ഇവ രണ്ടു ഭിന്നവസ്തുക്കളല്ല. ഇവ നത്തയും തോടുംപോലെ ഒരു വസ്തുവിന്റെ രണ്ടു അംശങ്ങളത്രേ. നത്തയുടെ അകത്തിരിക്കുന്ന വസ്തു പുറത്തുനിന്നു പദാർത്ഥങ്ങളെ ഗ്രഹിച്ചു തോടു നിർമ്മിക്കുന്നു. അതുപോലെ മനസ്സു് എന്നു പറയുന്ന അന്തരമായ സൂക്ഷ്മശക്തികൾ സ്ഥൂലപദാർത്ഥത്തെ വെളിയിൽനിന്നു ഗ്രഹിക്കയും, അതിൽനിന്നു ഈ വെളിയിലുള്ള തോടിനെ അല്ലെങ്കിൽ ശരീരത്തെ നിർമ്മിക്കയും ചെയ്യുന്നു. അപ്പോൾ നമുക്കു് ആന്തരമായ നിയമനം ഉണ്ടായാൽ ബാഹ്യനിയമനം ഉണ്ടാകുന്നതു വളരെ എളുപ്പമാണു്. വിശേഷിച്ചു ഈ ശക്തികൾ ഭിന്നങ്ങളല്ല. ചിലതു ജഡശക്തികളും ചിലതു മാനസശക്തികളും എന്നുള്ളതില്ല. ജഡപ്രപഞ്ചം സൂക്ഷ്മ പ്രപഞ്ചത്തിന്റെ സ്ഥൂലപരിണാമമായിരിക്കുന്നതുപോലെ ജഡശക്തികളും സൂക്ഷ്മശക്തികളുടെ സ്ഥൂലപരിണാമങ്ങൾ തന്നെ.

സൂത്രം 26. വിവേകഖ്യാതിരവിപ്ലവാ ഹാനോപായഃ

അർത്ഥം: അവിപ്ലവാ = അവിച്ഛിന്നമായ, വിവേകഖാതിഃ = (പ്രകൃതിപുരുഷന്മാരുടെ തിരിച്ചറിവായ) വിവേകജ്ഞാനം, ഹാനോപോയഃ = ശാന്തിക്കു (ഉപശമത്തിനു) സാധകമാകുന്നു.

അഭ്യാസത്തിന്റെ ശരിയായ ഉദ്ദേശ്യം ഇതാണു്. സത്തും, അസത്തും ആയ രണ്ടിന്റെയും തിരിച്ചറിവു്. പുരുഷൻ പ്രകൃതിയല്ല. അതു ജഡവും മനസ്സുമല്ല. അതു പ്രകൃതിയല്ലാത്തതുകൊണ്ടു് ‘അതിൽ മാറ്റം’ (വികാരം) ഉണ്ടാക്കുന്നതു സാദ്ധ്യവുമല്ല, എന്നുള്ള അറിവു്. പ്രകൃതിക്കുമാത്രമേ വികാരമുള്ളു. അതിനു ഇടവിടാതെ സംയോഗം, വിഭാഗം പുനസ്സംയോഗം ഇവ വന്നുകൊണ്ടിരിക്കുന്നു. നിരന്തരമായ അഭ്യാസംകൊണ്ടു നാം തിരിച്ചറിവാൻ ആരംഭിക്കുമ്പോൾ അജ്ഞാനം നീങ്ങിപ്പോകും. പുരുഷൻ തന്റെ ശരിയായ സ്വഭാവത്തിൽ സർവ്വജ്ഞനും, സർവ്വശക്തനും, സർവ്വവ്യാപിയുമായി പ്രകാശിക്കയും ചെയ്യും.

സൂത്രം 27. തസ്യ സപ്തധാ പ്രാന്തഭൂമിഃ പ്രജ്ഞാ

അർത്ഥം: തസ്യ = വിവേകിക്കു് പ്രാന്തഭുമിഃ = ഉൽകൃഷ്ടമായ അവസ്ഥയോടുകുടിയ, പ്രജ്ഞാ = ജ്ഞാനം (വിചാരം), സപ്തധാ = എഴുപ്രകാരത്തിൽ ഭവിക്കുന്നു.

ഈ ജ്ഞാനം വരുമ്പോൾ അതു ഒന്നിനു ശേഷമൊന്നായി ഏഴുതരമായി എന്നപോലെ വരും. അവയിൽ ഒന്നു തുടങ്ങുമ്പോൾ നമുക്കു ജ്ഞാനമുണ്ടാകുന്നുണ്ടെന്നു സ്വയമേവ അറിയാറാകും. ആദ്യം വരുന്നതു് നാം അറിയേണ്ടതിനെ അറിഞ്ഞു എന്നുള്ള ജ്ഞാനമാണു്. അപ്പോൾ മനസ്സിന്റെ അസന്തുഷ്ടി അവസാനിക്കും. ജ്ഞാനസമ്പാദനത്തിനു തൃഷ്ണ തോന്നുമ്പോൾ ഏതെങ്കിലും തത്വം എവിടെ കിട്ടുമെന്നു വിചാരിക്കുന്നുവോ അവിടെയെല്ലാം നാം അന്വേഷിക്കുന്നു. കണ്ടുകിട്ടാത്തപക്ഷം നമുക്കു അസന്തുഷ്ടിവരികയും മറ്റൊരു പുതിയ ദിക്കിലേക്കു നാം അന്വേഷിച്ചു പോകയും ചെയ്യുന്നു. നം ജ്ഞാനം നമ്മുടെ തന്നെ ഉള്ളിലുള്ളതാണെന്നും ഒരാൾക്കും നമ്മെ സഹായിക്കാൻ കഴികയില്ലെന്നും, നാം തന്നെ നമ്മെ സഹായിക്കേണ്ടതാണെന്നും സ്വയമേവ കണ്ടറിവാൻ തുടങ്ങുന്നതുവരെ എല്ലാ അന്വേഷണവും വെറുതെ തന്നെ. വിവേകശക്തിയെ നാം അഭ്യസിച്ചുതുടങ്ങുമ്പോൾ യഥാർത്ഥതത്വത്തിന്നടുത്തെത്തുന്നു എന്നുള്ളതിനു പ്രഥമദൃഷ്ടാന്തം നമ്മുടെ അസന്തുഷ്ടാവസ്ഥ നീങ്ങിപ്പോകുമെന്നുള്ളതു തന്നെ ആണു്. നാം വാസ്തവത്തെ കണ്ടുപിടിച്ചു എന്നും അതു വാസ്തവമല്ലാതെ മറ്റൊന്നായിരിപ്പാൻ തരമില്ലെന്നും നമുക്കു ദൃഢനിശ്ചയം തോന്നും. അപ്പോൾ നമുക്കായി സൂര്യൻ ഉദിച്ചു തുടങ്ങി എന്നും, പ്രഭാതമായി എന്നും നമുക്കറിയാറാവും. ധൈര്യത്തോടുകൂടി ലക്ഷ്യത്തിൽ എത്തുന്നതുവരെ നാം സ്ഥിരതയോടെ യത്നിക്കണം. രണ്ടാമത്തേതു് എല്ലാ വേദനയും നീങ്ങിപ്പോകുന്നതാണു്. ലോകത്തിൽ ശാരീരമായോ മാനസികമായോ ആത്മീയമായോ ഉള്ള ഒന്നിനും നമ്മെ വേദനപ്പെടുത്താൻ കഴികയില്ല. മൂന്നാമതു നമ്മുടെ ജ്ഞാനം പൂർണ്ണമാകുമെന്നും, സർവജ്ഞത്വം നമുക്കു സ്വാധീനമാകുമെന്നും ഉള്ള അറിവാണു്. അതിന്നടുത്തു വരുന്നതു, ചിത്തനിർമ്മുക്തി എന്നു പറയുന്ന അവസ്ഥയാണു്. എല്ലാ ക്ലേശങ്ങളും സൊല്ലകളും നമ്മിൽ നിന്നു ഒഴിഞ്ഞു പോയി എന്നു നമുക്കു തോന്നും. മനസ്സിനെ നിയമനം ചെയ്യുന്നതു സാദ്ധ്യമല്ലാതിരിക്കുമ്പോൾ ഉള്ള അതിന്റെ എല്ലാ ആട്ടങ്ങളും നിന്നുപോകും. മലയുടെ കൊടുമുടിയിൽ നിന്നു ഒരു കല്ലു താഴത്തേക്കു ഉരുണ്ടു താഴ്‌വരയിൽ എത്തിയാൽ വീണ്ടും ഒരിക്കലും മുകളിൽ കേറാതെ കിടക്കുന്നതുപോലെ അതു് ഭ്രമണമേറ്റു കിടന്നുപോകും. അതിനടുത്തതു, നാം ആഗ്രഹിക്കുമ്പോൾ ഈ ചിത്തം അതിന്റെ കാരണങ്ങളിൽ ലയിച്ചുപോകുന്നു എന്നു അതിനുതന്നെ അനുഭവമാകുമെന്നുള്ളതാണു്. ഒടുവിലത്തേതു നാം നമ്മിൽ സ്ഥിരപ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്നു എന്നും, ലോകത്തിൽ എങ്ങും നാം പ്രത്യേകമാണെന്നും ശരീരമാകട്ടെ മനസ്സാകട്ടെ നമ്മോടു് ഒരിക്കലും സംബദ്ധമല്ലെന്നും (സംയുക്തമല്ലെന്നു പറയേണ്ടതില്ലല്ലോ) കാണുമെന്നുള്ളതാണു്. അവ അവയുടെ വഴിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; നാം ആകട്ടെ അജ്ഞാനത്താൽ നമ്മെ അവയോടു സായുക്തമാക്കിക്കൊള്ളുകയും ചെയ്തു. എങ്കിലും നാം പ്രത്യേക (കേവല)വും സർവ്വശക്തവും, സർവ്വവ്യാപിയും, സദാശിവവും തന്നെ ആയിരിക്കുന്നു. നമ്മുടെ ആത്മാവു് നാം വേറൊന്നിനെ ആവശ്യപ്പെടാതിരിക്കതക്കവണ്ണം അത്ര പരിപൂർണ്ണവും, പരിശുദ്ധവുമായിരുന്നു. നമ്മുടെ സുഖത്തിനായി വേറൊന്നിന്റെ ആവശ്യകത നമുക്കില്ലായിരുന്നു. എന്തെന്നാൽ സുഖം എന്നതു സ്വായത്തം തന്നെ ആയിരുന്നു. ഈ ജ്ഞാനം മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നതല്ലെന്നു നമുക്കു അറിയാറാവും. നമ്മുടെ ജ്ഞാനത്താൽ പ്രകാശിക്കപ്പെടാത്തതായി പ്രപഞ്ചത്തിൽ ഒരിടത്തും ഒന്നും തന്നെയില്ല. ഇതായിരിക്കും ഒടുവിലത്തെ അവസ്ഥ. ഈ അവസ്ഥയിൽ യോഗി സമാധാന യുക്തനും, ശാന്തനുമായിത്തീരും. പിന്നെ ഒരിക്കലും ദുഃഖം അറികയില്ല, ഒരിക്കലും മോഹിക്കയില്ല, ഒരിക്കലും കഷ്ടതയെ സ്പർശിക്കയുമില്ല. താൻ സദാശിവനും, സദാപൂർണ്ണനും, സർവ്വശക്തനുമാണെന്നു അയാൾ അറിയും.

സൂത്രം 28. യോഗാംഗാനുസ്നാനാദശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ

അർത്ഥം: യോഗാംനുഷ്ഠാനാൽ = യോഗാംഗങ്ങളുടെ (അവയെ താഴെ വിവരിക്കും) അനുഷ്ഠാനത്താൽ (അഭ്യാസത്താൽ), അശുദ്ധിക്ഷയേ = അശുദ്ധിയുടെ (അവിദ്യാദികളായ പഞ്ചക്ലേശങ്ങളുടെ) ക്ഷയം (ക്രമേണയുള്ള നാശം) ഉണ്ടാകുമ്പോൾ; ആവിവേകഖ്യാതേഃ = വിവേകഖ്യാതി (മുൻ പറഞ്ഞ വിവേകഖ്യാതി പര്യന്തമായുളള, ജ്ഞാനദീപ്തീഃ = ജ്ഞാനത്തിന്റെ പ്രകാശം (ഉണ്ടാകും).

ഇപ്പോൾ പറയുന്നതു് അനുഭവയോഗ്യമായ ജ്ഞാനത്തെപ്പറ്റിയാണു്. നാം ഇതുവരെ പ്രതിപാദിച്ചുകൊണ്ടിരുന്ന ജ്ഞാനം വളരെ ഉയർന്ന നിലയിലുള്ളതാകുന്നു. അതു് നമ്മുടെ ബുദ്ധിക്കു മുകളിലാണു്. എന്നാൽ അതാണു് ലക്ഷ്യം. ശാരീരവും, മാനസീകവുമായ നിയമനത്തെ സമ്പാദിക്കുന്നതാണു് ഒന്നാമത്തെ ആവശ്യം. പിന്നെ ആ ലക്ഷ്യത്തിൽ സ്വാനുഭവം സ്ഥിരീഭവിക്കും. ലക്ഷ്യത്തെ അറിഞ്ഞുകഴിഞ്ഞാൽ പിന്നെയുള്ളതു് അതിനെ പ്രാപിക്കുന്നതിനുള്ള മാർഗത്തെ അഭ്യസിക്കയത്രേ.

സൂത്രം 29. യമനിയമപ്രാണായാമപ്രത്യാഹാരധാരണാധ്യാന സാമാധയോഷ്ടാവംഗാനി

അർത്ഥം: യമനിയമ പ്രാണായാമപ്രത്യാഹാരധാരണാധ്യാന സമാധയഃ = യമം, നിയമം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി ഇവ അഷ്ടൗ = എട്ടു്, അംഗാനി = അംഗങ്ങളാണു്.

സൂത്രം 30. അഹിംസാ സത്യാസ്തേയ ബ്രഹ്മചര്യാപരിഗ്രഹാ യമാഃ

അർത്ഥം: അഹിംസാ സത്യാസ്തേയ ബ്രഹ്മചര്യാപരിഗ്രഹാഃ = അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കായ്മ്), ബ്രഹ്മചര്യം, അപരിഗ്രഹം (ദാനം വാങ്ങായ്മ) ഇവ യമാഃ = യമങ്ങൾ ആകുന്നു.

ശുദ്ധമേ യോഗിയാവാൻ വിചാരിക്കുന്ന ആൾ സ്ത്രീപുരുഷ വിചാരം അശേഷം വിട്ടിരിക്കണം. ആത്മാവിനു ലിംഗഭേദമില്ല. പിന്നെ എന്തിനായി അതു സ്ത്രീപുരുഷചിന്തകളാൽ തന്നെ നികൃഷ്ടമാക്കണം? ഈ ചിന്തകൾ എന്തുകൊണ്ടു വെടിഞ്ഞിരിക്കേണ്ടതാണെന്നുള്ളതു നിങ്ങൾക്കു മേലാൽ ഇതിലും നല്ലവണ്ണം മനസ്സിലാകും. ദാനം വാങ്ങുന്നതു മോഷ്ടിക്കുന്നതുപോലെതന്നെ ശരിയായും ചീത്തയായിട്ടുള്ളതാണു് മറ്റുള്ളവരിൽ നിന്നു ദാനം വാങ്ങുന്നതു്.

സൂത്രം 31. ജാതിദേശകാലസമയാനവച്ഛിന്നാഃ സാർവഭൗമമഹാവ്രതം

അർത്ഥം: ജാതിദേശകാലസമയാനവച്ഛിന്നാഃ = ജാതി (ബ്രാഹ്മണാദി), ദേശം (പുണ്യഭൂമി മുതലായതു്), കാലം = (ശുഭദിവസങ്ങൾ), സമയം (സങ്കല്പം) ഇവയാൽ ഭേദിപ്പിക്കപ്പെടാത്തവയായി സാർവഭൗമാഃ = സാർവത്രികമായി (അനുഷ്ഠിക്കപ്പെടുന്ന) (യമാദികൾ, മഹാവ്രതം = മഹാവ്രതം (എന്നുപറയപ്പെടുന്നു).

കൊല്ലായ്ക, മോഷ്ടിക്കായ്ക, ദാനം വാങ്ങായ്ക, ബ്രഹ്മചര്യം ഈ അനുഷ്ഠാനങ്ങൾ ഏതു പുരുഷനും, സ്ത്രീയും കുട്ടിയും ഏതു ആത്മാവും ജാതി ദേശാവസ്ഥാഭേദങ്ങൾ കൂടാതെ പരിശീലിക്കേണ്ടവയാകുന്നു.

സൂത്രം 32. ശൗചസന്തോഷതപസ്സു്വാദ്ധ്യായേശ്വരപ്രണിധാനാനി നിയമാഃ

അർത്ഥം: ശൗചസന്തോഷതപസ്സു്വാദ്ധ്യായേശ്വരപ്രണിധാനാനി = ശൗചം (ബാഹ്യാഭ്യന്തരശുദ്ധി), സന്തോഷം (തൃപ്തി), തപസ്സു് (ശീതോഷ്ണാദി ദ്വന്ദ്വസഹനം), സ്വാദ്ധ്യായം (മോക്ഷശാസ്ത്രപഠനം അല്ലെങ്കിൽ പ്രണവജപം), ഈശ്വരപ്രണിധാനം (ഈശ്വരനിൽ സർവ്വാർപ്പണം) ഇവ നിയമാഃ = നിയമങ്ങൾ (എന്ന യോഗാംഗമാകുന്നു).

ബാഹ്യശൗചം എന്നൽ ശരീരത്തെ നിർമ്മലമാക്കി വച്ചുകൊള്ളുകയാകുന്നു. ഒരു മലിനൻ ഒരിക്കലും യോഗിയാകയില്ല. ആഭ്യന്തര ശൗചവും കൂടിയേതീരൂ. അതു ആദ്യം പറഞ്ഞ ഗുണങ്ങളാൽ (യമങ്ങളാൽ) സിദ്ധിക്കും. ആഭ്യന്തരശൗചം നിശ്ചയമായും ബാഹ്യ ശൗചത്തേക്കാൾ വിലയേറിയതുതന്നെ. എന്നാൽ രണ്ടും ആവശ്യമാണു്. ആഭ്യന്തരശൗചത്തോടു കൂടാത്ത ബാഹ്യശൗചം നിരുപയോഗവുമാകുന്നു.

സൂത്രം 33. വിതർക്കബാധനേ പ്രതിപക്ഷഭാവനം

അർത്ഥം: വിതർക്കബാധനേ = യോഗവിരോധികളായ ഹിംസാദികളിലെ താല്പര്യത്താലുള്ള പീഡ തോന്നുമ്പോൾ, പ്രതിപക്ഷ ഭാവനം = പ്രതിപക്ഷങ്ങളായ അഹിംസാദികളുടെ ഭാവനം (പരിശീലനം ചെയ്യണം).

മേല്പറഞ്ഞ നിഷ്ഠകളെ അഭ്യസിക്കുന്നതിനുള്ള ഉപായം ഇതാണു്. അതായതു് മനസ്സിൽ വിരുദ്ധവൃത്തികളെ ഭാവിച്ചുകൊള്ളുക. മോഷ്ടിക്കാനുള്ള താൽപര്യം തോന്നുമ്പോൾ മോഷ്ടിക്കായ്മയെ (അസ്തേയമഹാവ്രതത്തെ) പറ്റി ചിന്തിച്ചു കൊള്ളുക. ദാനം വാങ്ങണം എന്നുതോന്നുമ്പോൾ അതിൽനിന്നു വിപരീതമായ ഒരു വിചാരത്തെ അതിന്റെ സ്ഥാനത്തിൽ മനസ്സിൽ വെച്ചു കൊള്ളുക.

സൂത്രം 34. വിതർക്കാഃ ഹിംസാദയഃ കൃതകാരിതാനുമോദിതാ, ലോഭക്രോധമോഹപൂർവകാ മൃദുമധ്യാധിമാത്രാ ദുഃഖജ്ഞാനനന്ത ഫലാ ഇതി പ്രതിപക്ഷഭാവനം

അർത്ഥം: വിതർക്കാഃ = (മേൽപറഞ്ഞ) യോഗവിരോധികളായ, ഹിംസാദയഃ = ഹിംസാദികൾ, കൃതകാരിതാനുമാദിതഃ = കൃതങ്ങൾ (ചെയ്യപ്പെട്ടവ) കാരിതങ്ങൾ (ചെയ്യിക്കപ്പെട്ടവ) അനുമോദിതങ്ങൾ (അനുവദിക്കപ്പെട്ടവ ഇങ്ങിനെ മൂന്നു വിധമായി), ലോഭക്രോധമോഹപൂർവ്വകാഃ = കൊതി, കോപം, മിഥ്യാജ്ഞാനം ഇവയെ മുൻനിറുത്തി ഉണ്ടായവയായി, മൃദുമദ്ധ്യാധിമാത്രാഃ = മൃദു, മദ്ധ്യം, തീവ്രം ഇങ്ങിനെയുള്ള മാത്രഭേദങ്ങളൊടുകൂടി, ദുഃഖാജ്ഞാനാനന്തഫലാഃ = ദുഃഖരൂപമായും അജിജ്ഞാന രൂപമായുമുള്ള അനന്ത ഫലങ്ങളെ നൽകുന്നു. ഇതി = എന്നുളള വിചാരമത്രെ, പ്രതിപക്ഷഭാവനം = വിപരീതമായ അഹിംസാദികളുടെ പരിശീലനം.

ഞാൻ ഒരു കളളം പറകയോ ഒരു കള്ളം മറ്റൊരുവനെക്കൊണ്ടു പറയിക്കയോ അല്ലെങ്കിൽ വേറൊരുവൻ ഒരു കള്ളം പറയുന്നതിനു് അനുവദിക്കുകയോ ചെയ്യുന്നതു് എല്ലാം ഒന്നുപോലെ പാപകരമാണു്. തീരെ സാരമില്ലാത്ത ഒരു കള്ളം കൂടിയും കുള്ളംതന്നെ. ഓരോ ദുർവിചാരവും, നേരെ മടങ്ങിവരും. ഓരോ വൈരത്തെ പറ്റിയ വിചാരവും അതു ഗുഹയ്ക്കുകത്തു വച്ചു വിചാരിക്കയാണെങ്കിൽകൂടിയും അവിടെ സംഭരിക്കപ്പെട്ടിട്ടു ഒരു ദിവസം മഹാശക്തിയോടുകൂടി ഒരു ആപത്തിന്റെ രൂപത്തിൽ തിരികെ നിങ്ങളുടെ നേരെ ചാടി വീഴും. നിങ്ങൾ അസൂയയും വൈരവുംകൊണ്ടു് പലപ്രകാരമുള്ള ഉപായങ്ങളെ ചിന്തിച്ചാൽ അവ പലിശയ്ക്കു പലിശയോടുകൂടി നിങ്ങളുടെ നേർക്കു തന്നെ തിരിഞ്ഞുചാടും. ഒരു ശക്തിക്കും അവയെ തടുത്തു നിർത്താൻ കഴികയില്ല. ഒരിക്കൽ അവയെ ഇളക്കിവിട്ടാൽ അവയെ പിന്നെ നിങ്ങൾ സഹിച്ചെന്നേ വരൂ. ഇതിനെപ്പറ്റിയ ചിന്ത തന്നെ നിങ്ങളെ ദുഷ്പ്രവൃത്തികളിൽ നിന്നു പിൻവലിപ്പിക്കും.

സൂത്രം 35. അഹിംസാപ്രതിഷ്ഠായാം തത്സന്നിധൗ വൈരത്യാഗഃ

അർത്ഥം: അഹിംസാപ്രതിഷ്ഠായാം = അഹിംസയുടെ പരിശീലനം സ്ഥിരമായാൽ സൽസന്നിധൗ = അങ്ങിനെയുള്ള യോഗിയുടെ മുമ്പിൽ വൈരത്യാഗഃ = (ആർക്കും) വിരോധം ഒഴിഞ്ഞുപോകുന്നു.

ഒരുത്തൻ, മറ്റാരെയും ഉപദ്രവിക്കരുതെന്നുള്ള വ്രതമുള്ളവനായാൽ അവന്റെ മുമ്പിൽ ജന്മനാ ക്രൂരസ്വഭാവങ്ങളായ ജന്തുക്കൾപോലും ശാന്തതയോടെ പെരുമാറും. ആ യോഗിയുടെ മുമ്പാകെ കടുവായും ആട്ടിൻകുട്ടിയും തമ്മിൽ കൂത്താടും; അന്യോനം ഉപദ്രവിക്കയില്ല. ആ സ്ഥിതിയിൽ വന്നാൽ മാത്രമേ അഹിംസാവ്രതം സ്ഥിരമായി എന്നു വിചാരിക്കാവൂ.

സൂത്രം 36. സത്യപ്രതിഷ്ഠായാം ക്രിയാഫലാശ്രയത്വം

അർത്ഥം: സത്യപ്രതിഷ്ഠായാം = സത്യവ്രതം സ്ഥിരമായാൽ ക്രിയാഫലാശ്രയത്വം = അനുഷ്ഠാനം കൂടാതെത്തന്നെ ഫലാശ്രയത്വം ഉണ്ടാകും (ഫലം തനിക്കും അന്യന്മാർക്കും സിദ്ധിക്കും).

സത്യത്തിന്റെ സിദ്ധി സ്വാധീനമായാൽ നിങ്ങൾ സ്വപ്നത്തിൽ കൂടിയും ഒരു കള്ളം പറയുകയില്ല. നിങ്ങളുടെ വാക്കിലോ മനസ്സിലോ പ്രവൃത്തിയിലോ ഒന്നിലും കള്ളമുണ്ടായിരിക്കില്ല. എന്തു പറഞ്ഞാലും സത്യമായിത്തീരും. ഒരുവനോടു നിനക്കു ഭാഗ്യമുണ്ടായിരിക്കട്ടെ എന്നു പറഞ്ഞാൽ അവൻ ഭാഗ്യവാനായിത്തീരും. ഒരു ആൾക്കു രോഗമാണെങ്കിൽ അവനോടു ‘നിന്റെ രോഗം ശമിക്കട്ടെ’ എന്നു പറഞ്ഞാൽ ഉടനെ അവനു രോഗശാന്തി വരികയും ചെയ്യും.

സൂത്രം 37. അസ്തേയപ്രതിഷ്ഠായാം സർവരത്നോപസ്ഥാനം,

അർത്ഥം: അസ്തേയപ്രതിഷ്ഠായാം = അസ്തേയം (മോഷ്ടിക്കായ്ക) സിദ്ധമായാൽ, സർവരത്നോപസ്ഥാനം = എല്ലാ (രത്നങ്ങളും) നിക്ഷേപങ്ങളും പ്രത്യക്ഷമാകും.

നിങ്ങൾ പ്രകൃതിയെ (ലോകത്തെ) വെടിഞ്ഞു് ഓടിക്കളയാൻ എത്രയധികം ശ്രമിക്കുമോ അത്രയധികം അതു നിങ്ങളെ പിന്തുടരും. നിങ്ങൾ അതിനെ കേവലം ഗണ്യമാക്കുന്നേയില്ലെങ്കിൽ അതു നിങ്ങളുടെ അടിമയായിത്തീരുകയും ചെയ്യും.

സൂത്രം 38. ബ്രഹ്മചര്യപ്രതിഷ്ഠായാം വീര്യലാഭഃ

അർത്ഥം: ബ്രഹ്മചര്യപ്രതിഷ്ഠായാം = ബ്രഹ്മചര്യവ്രതം സ്ഥിരമായാൽ, വീര്യലാഭഃ = ഓജോബലം സിദ്ധിക്കും.

ബ്രഹ്മചാരികളുടെ തലച്ചോറിനു കേമമായ ഓജോബലം, അതായതു് അതിമഹത്തായ മനഃശ്ശക്തി ഉണ്ടായിരിക്കും. അതോടു കൂടാതെ മനോദാർഢ്യം ഉണ്ടാകുന്നതല്ല. കേമമായ ബുദ്ധിവൈഭവമുള്ള എല്ലാ മനുഷ്യരും നല്ല ബ്രഹ്മചാരികൾ ആണു്. ബ്രഹ്മചര്യം മനുഷ്യരുടെമേൽ അത്ഭുതകരമായ വശീകാരശക്തിയെ നൽകുന്നു. മനുഷ്യരുടെ നേതൃത്വം വഹിച്ചിരുന്നവരെല്ലാം നല്ല ബ്രഹ്മചാരികൾ ആണു്. ബ്രഹ്മചര്യമാണു് അവർക്കു അതിനു ശക്തി നൽകിയതു്. അതുകൊണ്ടു യോഗി ബ്രഹ്മചാരിയായിത്തന്നെ ഇരിക്കണം.

സൂത്രം 39. അപരിഗ്രഹസ്ഥൈര്യേ ജന്മകഥാന്താസംബോധഃ

അർത്ഥം: അപരിഗ്രഹസ്ഥൈര്യേ = അപരിഗ്രഹം (ദാനം വാങ്ങായ്മ) സ്ഥിരമായാൽ ജന്മകഥന്താസംബോധഃ = ജന്മ വൃത്താന്തജ്ഞാനം ഉണ്ടാകും.

യോഗി അന്യരിൽനിന്നു യാതൊരു ദാനവും സ്വീകരിക്കാതിരുന്നാൽ അന്യന്മാർക്കു താൻ കടപ്പെടുന്നില്ല. ആർക്കും കീഴ്പ്പെടാത്തവനും, സ്വതന്ത്രനും ആയിത്തീരുന്നു. അയാളുടെ മനസ്സു നിർമ്മലമായും തീരുന്നു. എന്തുകൊണ്ടെന്നാൽ ഓരോ ദാനത്തോടുകൂടിയും അയാൾ ദാതാവിന്റെ പാപങ്ങളെ കൂടി സ്വീകരിക്കയാകുന്നു. അവ വന്നു അയാളുടെ മനസ്സിൽ പടലം പടലമായി അടിഞ്ഞു് ഒടുവിൽ പലപ്രകാരത്തിലുള്ള പാപസഞ്ചയങ്ങളാൽ അതു മൂടിമറഞ്ഞുപോകുന്നു. ദാനം വാങ്ങാതിരുന്നാൽ മനസ്സു് ശുദ്ധമായിത്തീരുകയും ഒന്നാമതായിത്തന്നെ പൂർവ്വജന്മത്തെ വൃത്താന്തം അതിനു അറിയാറാകയും ചെയ്യും. അപ്പോൾ മാത്രമേ യോഗി തന്റെ ലക്ഷ്യത്തിൽ പൂർണ്ണമായ സ്ഥിരതയെ പ്രാപിക്കൂ. എന്തുകൊണ്ടെന്നാൽ താൻ എത്രയോ തവണയായി വന്നും പോയും ഇരിക്കയാണെന്നു കാണുകയും മേലാൽ ഒരിക്കലും വരികയും പോകയും ചെയ്യാതെയും അങ്ങിനെ പ്രകൃതിക്കു അടിമയായിത്തീരാതെയും ഈ തവണ മുക്തനാകണമെന്നു് അയാൾ തീർച്ചയാക്കുകയും ചെയ്യും.

സൂത്രം 40. ശൗചാൽ സ്വാംഗസ്തുഗുപ്സാ, പരൈരസംസർഗ്ഗഃ

അർത്ഥം: ശൗചാൽ = ബാഹ്യാഭ്യന്തരശൗചങ്ങൾ സ്ഥിരമായി ലഭിച്ചാൽ, സ്വാംഗജുഗുപ്സാ = തന്റെ ശരീരത്തോടുപോലും വെറുപ്പും, പരൈസംസർഗ്ഗം = അന്യശരീരത്തോടു സംഗമമില്ലായ്മയും (ഉണ്ടാകുന്നു).

ബാഹ്യമായും അന്തരമായുമുള്ള വാസ്തവശുദ്ധീകരണം വരുമ്പോൾ ശരീരത്തിൽ ഉപേക്ഷ തോന്നും. അതിനെ ഭംഗിയാക്കി വയ്ക്കണമെന്നുള്ള ബുദ്ധി പൊയ്പോകും. മറ്റുള്ളവർ അതി മനോഹരം എന്നു പറയുന്ന ഒരു മുഖം, അതിനടിയിൽ ബുദ്ധി കൂടിയില്ലെങ്കിൽ യോഗിക്കു ഒരു ജന്തുവിന്റെ മുഖമെന്നു മാത്രമേ തോന്നു. മറ്റുള്ളവർ ഒരു വെറും സാധാരണം എന്നു പറയുന്ന മുഖം അതിന്നടിയിൽ ആ ചൈതന്യം പ്രകാശിക്കുന്നുണ്ടെങ്കിൽ യോഗി ദിവ്യമാണെന്നും പറയും. ശരീരത്തെക്കുറിച്ചുള്ള തൃഷ്ണയാണു മനുഷ്യജീവിതത്തിന്റെ വലിയ മാലിന്യം. അതുകൊണ്ടു ശൗചം സിദ്ധമായാൽ അതിന്റെ ഒന്നാമത്തെ ചിഹ്നം നിങ്ങൾ ഒരു ശരീരമാണു് എന്നു തന്നത്താൻ വിചാരിപ്പാൻ നോക്കുകയില്ല എന്നുള്ളതാണു്. ശൗചം സിദ്ധമാകുമ്പോൾ മാത്രമേ ശരീരാഭിമാനത്തിൽനിന്നും മോചിക്കൂ.

സൂത്രം 41. സത്വശുദ്ധിസൗമനസ്യൈകാഗ്രേന്ദ്രിയജയാത്മദർശന യോഗ്യത്വാനി ച

അർത്ഥം: സത്വശുദ്ധിസൗമനസ്യൈകാഗ്രേന്ദ്രിയജയാത്മദർശന യോഗ്യത്വാനിച = സത്വ (ബുദ്ധിസത്വത്തിന്റെ) ശുദ്ധി, സൗമനസ്യം (മനഃപ്രസാദം), ഐകാഗ്രം (ഏകാഗ്രത), ഇന്ദ്രിയജയം (ഇന്ദ്രിയനിയമനം), ആത്മദർശനയോഗ്യത്വം (സ്വസ്വരൂപദർശനസാമർത്ഥ്യം) ഇവയും ശൗചാഭ്യാസത്താൽ ഉണ്ടാകുന്നു.

ഈ അഭ്യാസംകൊണ്ടു സത്വത്തിനു (ബുദ്ധിസത്വത്തിനു) അല്ലെങ്കിൽ സാത്വികാംശങ്ങൾക്കു ഉൽക്കർഷമുണ്ടാകും. മനസ്സു സംയതമായും പ്രസന്നമായും തീരുകയും ചെയ്യും. മതഭക്തിയുടെ ഒന്നാമത്തെ ലക്ഷണം പ്രസന്നതയാണു്. ഒരുത്തൻ അപ്രസന്നനാണെങ്കിൽ അവനു അഗ്നിമാന്ദ്യമായിരിക്കും; അതു മതഭക്തിയല്ല. സത്വത്തിന്റെ സ്വഭാവം സുഖം തോന്നുകയാണു്. ഒരു സാത്വിക മനുഷ്യനു് ഏതും സുഖകരമായിത്തന്നെ തോന്നും. ആ അവസ്ഥ നിങ്ങൾക്കു വന്നാൽ നിങ്ങൾ യോഗത്തിൽ അഭിവൃദ്ധിയെ പ്രാപിക്കുന്നു എന്നു വിചാരിക്കുവിൻ. ദുഃഖമെല്ലാം തമസ്സിൽ നിന്നുണ്ടാകുന്നതാണു്. അതുകൊണ്ടു അതിനെ ഉപേക്ഷിക്കണം. പ്രസന്നതയില്ലായ്മ തമസ്സിന്റെ ഗുണങ്ങളിൽ ഒന്നത്രേ. ബലവാന്മാരും ദൃഢശരീരരും തരുണരും, അരോഗികളും, ധൃഷ്ടരും ആയവർ മാത്രമേ യോഗികളാവാൻ യോഗ്യരാകുന്നുള്ളൂ. യോഗിക്കു എല്ലാം ആനന്ദം തന്നെ. താൻ കാണുന്ന എല്ലാ മനുഷ്യമുഖങ്ങളും അയാൾക്കു് ആത്മപ്രസാദത്തെ ഉണ്ടാക്കുന്നു. അതാണു് ഒരു പുണ്യപുരുഷന്റെ ലക്ഷണം. ക്ലേശം ഉണ്ടാക്കുന്നതു പാപത്താൽ തന്നെ ആണു്. മറ്റൊരു കാരണത്താലുമല്ല. മുഖത്തെ അപ്രസന്നമാക്കീട്ടു കാര്യമെന്തു്? അല്ല അതു ഭയങ്കരമായ കൃത്യമാണു്. നിങ്ങളുടെ മുഖത്തു അപ്രസന്നതയുണ്ടെങ്കിൽ അന്നു വെളിക്കിറങ്ങരുതു്. തന്നത്താൻ ഒരു മുറിക്കകത്തിരുന്നുകൊള്ളണം. ഈ രോഗത്തെ കൊണ്ടുപോയി ലോകത്തു പരത്താൻ നിങ്ങൾക്കു് എന്തധികാരമാണു്? മനസ്സു നിയന്ത്രിതമായാൽ ശരീരം മുഴുവനും സ്വാധീനമായി. അതായതു്, ഈ യന്ത്രത്തിനു (ശരീരത്തിനു്) നിങ്ങൾ അടിമയായിരിക്കുന്നതിനു പകരം അതു നിങ്ങളുടെ അടിമയായിത്തീരും. ഈ യന്ത്രം ആത്മാവിനെ അധോഗതിയിലേയ്ക്കു കൊണ്ടു പോകുന്നതിനു പകരം അതു് അതിന്റെ ഏറ്റവും വലിയ സഹായിയായിത്തീരും.

സൂത്രം 42. സന്തോഷാദനുത്തമഃ സുഖലാഭഃ

അർത്ഥം: സന്തോഷത്താൽ = സന്തോഷ (ത്തിന്റെ അഭ്യാസ) ത്താൽ, അനുത്തമഃ = സർവോൽകൃഷ്ടമായ, സുഖലാഭഃ = സുഖപ്രാപ്തി ഉണ്ടാകുന്നു.

സൂത്രം 43. കായേന്ദ്രിയശുദ്ധിരശുദ്ധിക്ഷയാത്തപസഃ

അർത്ഥം: തപസഃ = തപസ്സുകൊണ്ടു്. അശുദ്ധിക്ഷയാൽ = ക്ലേശാദി മലങ്ങളുടെ നാശത്താൽ, കായേന്ദ്രിയസിദ്ധിഃ = ശരീരത്തിനും ഇന്ദ്രിയങ്ങൾക്കും സിദ്ധി (അലൗകികശക്തി) ഉണ്ടാകുന്നു.

തപസ്സിന്റെ ഫലങ്ങൾ ഉടനെ കാണപ്പെടും. ചിലപ്പോൾ ദർശനശക്തി അധികപ്പെടുക, അധികദൂരത്തിലുണ്ടാകുന്ന ശബ്ദങ്ങളുടെ ശ്രവണം മുതലായതും ഉണ്ടാകുന്നു.

സൂത്രം 44. സ്വാദ്ധ്യായാദിഷ്ടദേവതാസമ്പ്രയോഗഃ

അർത്ഥം: സ്വാദ്ധ്യായാൽ = സ്വാദ്ധ്യായത്താൽ (വേദാഭ്യാസ മന്ത്രജപാദികളാൽ), ഇഷ്ടദേവതാസംപ്രയോഗഃ = ഇഷ്ടദേവതകളുടെ പ്രത്യക്ഷം (ലഭിക്കുന്നു).

പ്രത്യക്ഷമാക്കാൻ വിചാരിക്കപ്പെടുന്ന ഇഷ്ടദേവതകൾ എത്ര ഉയർന്ന തരത്തിലുള്ളവയോ മന്ത്രാഭ്യാസം അത്രകണ്ടു കഠിനമായിരിക്കുന്നതാണു്.

സൂത്രം 45. സമാധിസിദ്ധിരീശ്വരപ്രണിധാനാൽ

അർത്ഥം: ഈശ്വരപ്രണിധാനാൽ = ആത്മാവിനെ ഈശ്വരാർപ്പണം ചെയ്യുന്നതിനാൽ, സമാധിസിദ്ധിഃ = സമാധി പൂർത്തിയായി ലഭിക്കുന്നു.

സൂത്രം 46. സ്ഥിരസുഖമാസനം

അർത്ഥം: ആസനം = ആസനം (എന്നാൽ), സ്ഥിരസുഖം = ദൃഢമായും, സുഖകരമായുമുള്ള (ഇരിപ്പു തന്നെ).

ഇനി പറവാനുള്ളതു് ആസനത്തെപ്പറ്റിയാണു്. ആസനബന്ധം സ്ഥിരമാകുന്നതുവരെ പ്രാണായാമവും മറ്റു അഭ്യാസങ്ങളും സുഖകരമാകുന്നില്ല. ആസനം സ്ഥിരമാക്കുക എന്നുവച്ചാൽ ശരീരം ഉണ്ടെന്നുള്ള തോന്നൽ കേവലം ഇല്ലാതെ ആകുക എന്നർത്ഥമാകുന്നു. അങ്ങിനെ ആയെങ്കിൽ മാത്രമെ ആസനം സ്ഥിരമാകുന്നുള്ളു. സാധാരണസ്ഥിതിയിൽ ആകട്ടെ, ഏതാനും നിമിഷം നിങ്ങൾ ഒരു ആസനം ബന്ധിച്ചിരുന്നു കൂടുമ്പോൾതന്നെ ശരീരത്തിൽ ഒരുതരം ഉപദ്രവങ്ങൾ ഒക്കെ കടന്നുകൂടുന്നു. എന്നാൽ സ്ഥൂലശരീരത്തിന്റെ ചിന്ത വിട്ടുപോകുമ്പോൾ ശരീരത്തെപ്പറ്റിയ എല്ലാ തോന്നലും വിട്ടുപോകും. അപ്പോൾ സുഖമോ, വേദനയോ ഒന്നും അറികയില്ല. പിന്നെയും നിങ്ങൾ ശരീരത്തെ എടുക്കുമ്പോൾ (ശരീരാഭിമാനം തിരികെ വരുമ്പോൾ) അതിനു (ശരീരത്തിനു്) അതു വിശ്രമിച്ചു എന്നു തോന്നും. നിങ്ങൾക്കു് ശരീരത്തിനു് നൽകാൻ കഴിയുന്ന പൂർണ്ണമായ വിശ്രമം ഇതു ഒന്നുമാത്രമാണു്. ശരീരത്തെ വശംവദമാക്കുകയും, അതിനെ സ്ഥിരാസനത്തിൽ വച്ചുകൊള്ളുകയും ചെയ്വാൻ സാധിച്ചാൽ അഭ്യാസം ദൃഢതയെ പ്രാപിക്കും. എന്നാൽ ശരീരം പീഡ നൽകിക്കൊണ്ടിരിക്കുമ്പോൾ സിരാബന്ധങ്ങൾക്കു് ഉപദ്രവം തട്ടുന്നു. മനസ്സിനെ ഏകാഗ്രപ്പെടുത്താൻ കട്ടിയാകുകയും ചെയ്യുന്നു.

അഖണ്ഡവസ്തുവിനെപ്പറ്റി ചിന്തിച്ചാൽ ആസനം സ്ഥിരമാകും. കേവലമായ അഖണ്ഡതത്വത്തെപ്പറ്റി ചിന്തിപ്പാൻ കഴികയില്ല, എന്നാൽ നമുക്കു അഖണ്ഡമായ ആകാശത്തെപ്പറ്റി ചിന്തിക്കാം.

സൂത്രം 47. പ്രയത്നശൈഥില്യാന്ത്യസ്മാപത്തിഭ്യാം

അർത്ഥം: പ്രയത്നശൈഥില്യാന്ത്യസമാപത്തിഭ്യാം = അല്പാല്പമായ പ്രയത്നത്താലും, അഖണ്ഡതയെ ധ്യാനിക്കുന്നതുകൊണ്ടും (ആസനം സ്ഥിരവും സുഖകരവും ആകും)

അപ്പോൾ പ്രകാശം, ഇരുട്ടു്, സുഖം, ദുഃഖം ഇവ ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.

സൂത്രം 48. തതോ ദ്വന്ദ്വാനഭിഘാതഃ

അർത്ഥം: തതഃ = അപ്പോൾ (ആസനം സിദ്ധമാകുമ്പോൾ) ദ്വന്ദ്വാനഭിഘാതഃ = ദ്വന്ദ്വങ്ങളുടെ ബാധയില്ലാതാകുന്നു.

ദ്വന്ദ്വങ്ങൾ നല്ലതു്, ചീത്ത, ഉഷ്ണം, ശീതം ഇങ്ങിനെ അന്യോന്യ വിരുദ്ധങ്ങളായ യുഗ്മങ്ങൾ തന്നെ.

സൂത്രം 49. തസ്മിൻ സതി ശ്വാസപ്രശ്വാസയോർഗതിവിച്ഛേദഃ പ്രാണായാമഃ

അർത്ഥം: തസ്മിൻ സതി = അതു ഉണ്ടാകുമ്പോൾ (ആസനം സിദ്ധമാകുമ്പോൾ), ശ്വാസപ്രശ്വാസയോഃ = ശ്വാസോച്ഛ ്വാസങ്ങളുടെ, ഗതിവിച്ഛേദഃ = നിരോധനം (ആകുന്നു), പ്രാണായാമഃ = പ്രാണായാമം (എന്ന അംഗം ശീലിക്കാം).

ആസനം സിദ്ധമായിക്കഴിഞ്ഞാൽ ശ്വാസചലനത്തെ തടുക്കുകയും, നിയമനം ചെയ്കയും ചെയ്യണം. അപ്പോൾ പ്രാണായാമം അല്ലെങ്കിൽ ശരീരത്തിലെ പ്രാണശക്തികളുടെ നിയമനം നമുക്കു് സാദ്ധ്യമാകും. പ്രാണൻ ശ്വാസമല്ല. എങ്കിലും സാധാരണ ഇംഗ്ലീഷിൽ അതിനെ അങ്ങിനെയാണു് തർജ്ജമ ചെയ്തു കാണുന്നതു്. പ്രാണൻ എന്നു വച്ചാൽ ബ്രഹ്മാണ്ഡത്തിലുള്ള ശക്തികളുടെ എല്ലാം ആകത്തുക ആകുന്നു. അതു ഓരോ ശരീരത്തിലുമുള്ള ജീവശക്തി ആകുന്നു. അതിന്റെ ഏറ്റവും ദൃശ്യമായ പരിണാമമാണു് ശ്വാസകോശചലനം. പ്രാണൻ ശ്വാസത്തെ ആകർഷിക്കുന്നതിൽ നിന്നാണു് ഈ ചലനം ഉണ്ടാകുന്നതു്. ഇതിനെ ആണു് പ്രാണായാമത്താൽ നാം നിയമനം ചെയ്വാൻ നോക്കേണ്ടതും. പ്രാണനിയമനം സമ്പാദിക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗമായിട്ടാണു് ശ്വാസത്തെ നിയന്ത്രിപ്പാൻ നാം ആരംഭിക്കുന്നതു്.

സൂത്രം 50. ബാഹ്യാഭ്യന്തരസ്തംഭവൃത്തിർദ്ദേശകാലസംഖ്യാഭിഃ പരിദൃഷ്ടോ ദീർഘസൂക്ഷ്മഃ

അർത്ഥം: ബാഹ്യാഭ്യന്തരസ്തംഭവൃത്തിഃ = ബാഹ്യവൃത്തി (രേചകം), ആഭ്യന്തരവൃത്തി (പൂരകം), സ്തംഭവൃത്തി (കുംഭകം) (ഇങ്ങിനെയും), ദേശകാലസംഖ്യാഭിഃ = ദേശം (ആധാരചക്രം), കാലം (മാത്രകൾ), സംഖ്യാ (ആവൃത്തികൾ) ഇവയാൽ, പരിദൃഷ്ടഃ = പരിച്ഛിന്നമായും, ദീർഘസൂക്ഷ്മഃ = ദീർഘമായും, സൂക്ഷ്മമായും (പ്രാണായാമം) ഭവിക്കുന്നു.

പ്രാണായാമത്തിനു് മൂന്നു വിധം വ്യാപാരമുണ്ടു്. ഒന്നു് ശ്വാസത്തെ ഉള്ളിലേക്കു വലിക്കുന്നതു്. മറ്റൊന്നു ശ്വാസത്തെ വെളിയിലേക്കു വിടുന്നതു്. മൂന്നാമത്തേതു ശ്വാസകോശത്തിൽ തന്നെ ശ്വാസത്തെ ധരിച്ചു കൊള്ളുകയോ ശ്വാസകോശത്തിൽ കടക്കാതെ തടുത്തു കൊള്ളുകയോ ചെയ്യുന്നതു്. ഇവ വീണ്ടും, ദേശകാലങ്ങളാൽ വിശേഷിക്കപ്പെടുന്നു. ദേശം എന്നാൽ ശരീരത്തിന്റെ ഏതെങ്കിലും പ്രത്യേകസ്ഥാനത്തിൽ പ്രാണനെ ധരിക്കുകയാകുന്നു. കാലം എന്നാൽ എത്ര ക്ഷണം (അല്ലെങ്കിൽ മാത്ര) ഒരു പ്രത്യേക സ്ഥാനത്തു പ്രാണനെ ധരിച്ചു കൊള്ളണം എന്നുള്ള വ്യവസ്ഥയത്രേ. അതുകൊണ്ടു ഓരോ പ്രാണവ്യാപാരത്തെയും (രേചകാദികളെ) എത്ര നിമിഷത്തേക്കു വച്ചുകൊള്ളണമെന്നു് നാം അറിയുന്നു. ഈ പ്രാണായാമത്തിന്റെ ഫലം ‘ഉൽഘാത’മാണു്. അതായതു് കുണ്ഡലിനിയുടെ ഉൽബോധനം.

സൂത്രം 51. ബാഹ്യാഭ്യന്തരവിഷയാക്ഷേപി ചതുർത്ഥഃ

അർത്ഥം: ബാഹ്യാഭ്യന്തരവിഷയാക്ഷേപീ = ബാഹ്യവും (പുറത്തുള്ള നാസാഗ്രം ദ്വാദശാന്തം മുതലായവയും), ആഭ്യന്തരവും (അകത്തുള്ള ഹൃദയപത്മം നാഭിചക്രം മുതലായവയും) ആയ വിഷയങ്ങളിലേക്കു പ്രാണനെ അദ്ധ്യാഹരിച്ചുട്ടുള്ള (പ്രാണായാമം); ചതുർത്ഥഃ = നാലാമത്തേതാകുന്നു.

പ്രാണായാമത്തിന്റെ നാലാമത്തെ പ്രകാരഭേദം ഇതാണു്. പ്രാണനെ അകത്തേയ്ക്കോ പുറത്തേയ്ക്കോ തിരിച്ചുകൊണ്ടു പോകാം.

സൂത്രം 52. തതഃ ക്ഷീയതേ പ്രകാശാവരണം

അർത്ഥം: തതഃ = മേല്പറഞ്ഞ പ്രാണായാമാഭ്യാസത്താൽ, പ്രകാശാവരണം = പ്രകാശരൂപമായ (ചിത്തത്തിന്റെ ക്ലേശാദിയായ) ആവരണം (മലം) മൂടൽ. ക്ഷീയതേ = ക്ഷയിക്കുന്നു.

ചിത്തം അതിന്റെ സ്വഭാവത്താൽ സർവ്വബോധവും ഉള്ളതാണു്. അതു് തത്വാംശങ്ങളാൽ നിർമ്മിതമാകുന്നു. എന്നാൽ രാജസ താമസാംശങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. പ്രാണായാമം കൊണ്ടു് ആ മൂടൽ നീങ്ങിപ്പോകും.

സൂത്രം 53. ധാരണാസു ച യോഗ്യതാ മനസഃ

അർത്ഥം: ധാരണാസു = ‘ധാരണ’കളിൽ (അതിന്റെ ലക്ഷണം ഇനി പറയും), മനസഃ = മനസ്സിനു, യോഗ്യതാ ച = യോഗ്യത സിദ്ധിക്കയും ചെയ്യുന്നു.

ആവരണം നീങ്ങിയ ഉടൻ നമുക്കു് മനസ്സിനെ ഏകാഗ്രമാക്കാൻ കഴിയും.

സൂത്രം 54. സ്വവിഷയാസമ്പ്രയോഗേ ചിത്തസ്വരൂപനുകാര ഇവേന്ദ്രിയാണാം പ്രത്യാഹാരഃ

അർത്ഥം: ഇന്ദ്രിയാണാം = ഇന്ദ്രിയങ്ങളുടെ, സ്വവിഷയാസംപ്രയോഗേ = വിഷയ വൈമുഖ്യത്താൽ (വിഷയങ്ങളിൽ നിന്നു പിന്തിരിയുന്നതിനാൽ) ചിത്തസ്വരൂപാനുകാരഃ ഇവ = ചിത്തത്തിന്റെ സ്വരൂപാനുകാരണം പോലുള്ള അവസ്ഥയാണു്, പ്രത്യാഹാരഃ = പ്രത്യാഹാരം (എന്ന അംഗം).

ഇന്ദ്രിയങ്ങൾ ചിത്തത്തിന്റെ പ്രത്യേകാവസ്ഥകളാണു്. ഞാൻ ഒരു പുസ്തകം കാണുന്നു. അതിന്റെ ആകൃതി ആ പുസ്തകത്തിലുള്ളതല്ല, മനസ്സിലുള്ളതാണു്. വെളിയിലുള്ള ഏതോ ഒന്നു ആ ആകൃതിയെ പുറത്തേക്കു ആകർഷിക്കുന്നു. വാസ്തവമായ ആകൃതി ചിത്തത്തിൽ തന്നെയാണിരിക്കുന്നതു്. ഇന്ദ്രിയങ്ങൾ അവയ്ക്കു് എതിരെ വരുന്ന ഏതു വസ്തുക്കളോടും താദാത്മ്യപ്പെടുകയും അവയുടെ ആകൃതിയെ സ്വീകരിച്ചുകൊള്ളുകയും ചെയ്യുന്നു. ചിത്തവൃത്തികളെ ഇങ്ങിനെ വേഷം കെട്ടാതെ തടുത്തുവച്ചുകൊള്ളാൻ കഴിയുമെങ്കിൽ മനസ്സു ശാന്തമായിത്തീരും. അതിനാണു് പ്രത്യാഹാരം എന്നു് പറയുന്നതു്. അതുകൊണ്ടു് പൂർണ്ണമായ ഇന്ദ്രിയ സംഗമം ഉണ്ടാകും.

യോഗിക്കു് എപ്പോൾ ബാഹ്യവിഷയങ്ങളുടെ ആകൃതി കൈക്കൊള്ളുന്നതിൽനിന്നു് ഇന്ദ്രിയങ്ങളെ തടുത്തു നിർത്തുകയും അവയെ ചിത്തവൃത്തികളിൽ ലയിപ്പിക്കുകയും ചെയ്വാൻ സാധിച്ചുവോ, അപ്പോൾ പൂർണ്ണമായ ഇന്ദ്രിയസംയമം സിദ്ധിക്കുന്നു. എപ്പോൾ ഇന്ദ്രിയങ്ങളുടെ പൂർണ്ണസംയമം ഉണ്ടായോ അപ്പോൾ എല്ലാ മാംസപേശികളും സിരകളും തന്റെ അധീനത്തിലാകും. എന്തുകൊണ്ടെന്നാൽ എല്ലാ ഇന്ദ്രിയബോധങ്ങൾക്കും വ്യാപാരങ്ങൾക്കും മൂലസ്ഥാനങ്ങൾ ഇന്ദ്രിയങ്ങളാണു്. ഈ ഇന്ദ്രിയങ്ങൾ കർമ്മേന്ദ്രിയങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ ഇങ്ങിനെ രണ്ടായി വിഭജിപ്പെട്ടിരിക്കുന്നു. ഇന്ദ്രിയങ്ങൾ നിയന്ത്രിക്കപ്പെട്ടാൽ യോഗിക്കു് എല്ലാ ഇന്ദ്രിയജ്ഞാനത്തെയും ക്രിയയെയും നിയന്ത്രിക്കാം. ശരീരം മുഴുവൻ അയാളുടെ നിയമനത്തിൻ കീഴിൽ നിൽക്കും. അപ്പോൾ മാത്രമേ ജനിച്ചതു കൊണ്ടുള്ള ആനന്ദം അനുഭവിക്കാൻ തുടങ്ങൂ. അപ്പോൾ ഒരുത്തനു യഥാർത്ഥമായും ‘ജനിച്ചതുകൊണ്ടു ഞാൻ കൃതാർത്ഥനായി’ എന്നു പറയാം. ആ ഇന്ദ്രിയജയം സിദ്ധിക്കുമ്പോൾ വാസ്തവത്തിൽ ശരീരം എത്ര അത്ഭുതകരമായിരിക്കുന്നു എന്നു നമുക്കു അറിയാനാവും. സാധനപാദം കഴിഞ്ഞു.

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.