images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
വിഭൂതിപാദം

ഇപ്പോൾ വിഭൂതിപാദം എന്ന അദ്ധ്യായത്തിൽ നാം എത്തിയിരിക്കുന്നു.

സൂത്രം 1. ദേശബന്ധശ്ചിത്തസ്യ ധാരണം

അർത്ഥം: ചിത്തസ്യ = മനസ്സിന്റെ, ദേശബന്ധഃ = പ്രത്യേക സ്ഥാനങ്ങളിലുള്ള സ്ഥിരീകരണം, ധാരണാ = ധാരണ (എന്ന ആറാമത്തെ അംഗം) ആകുന്നു.

ശരീരത്തിനുള്ളിലോ പുറത്തോ ഉള്ള ഏതെങ്കിലും ഒരു വിഷയത്തിൽ മനസ്സിനെ ഊന്നുകയും, ആ സ്ഥിതിയിൽ അതിനെ വെച്ചു കൊള്ളുകയും ചെയ്യുന്നതിനാണു് ധാരണ എന്നു പറയുന്നതു്.

സൂത്രം 2. തത്ര പ്രത്യയൈകതാനതാ ധ്യാനം

അർത്ഥം: തത്ര = ആ വിഷയങ്ങളിൽ പ്രത്യയൈകതാനതാ = പ്രത്യയ (ജ്ഞാന) ത്തിന്റെ ഏകതാനാത (മാറാതെയുള്ള സ്ഥിതി) ധ്യാനം = ധ്യാനം എന്ന അംഗം ആകുന്നു.

മനസ്സു ദ്വാദശാന്തം (ശിരസ്സിന്റെ ഉപരിഭാഗം), ഹൃദയം ഇത്യാദിസ്ഥാനങ്ങളിൽ സ്ഥിരമായി നില്പാനും ഒരു വിഷയത്തെ മാത്രം ചിന്തിപ്പാനും ശ്രമിക്കുന്നു. ശരീരത്തിൽ മറ്റെല്ലാ ഭാഗങ്ങളെയും വിട്ടു ഈ ഭാഗങ്ങളിൽക്കൂടി മാത്രം ഇന്ദ്രിയജ്ഞാനങ്ങളെ ഗ്രഹിപ്പാൻ മനസ്സിനു കഴിഞ്ഞാൽ അതു ധാരണയാണു്. ആ സ്ഥിതിയിൽ ഏതാനും സമയം ഇരുന്നുകൊൾവാൻ അതിനു സാധിച്ചാൽ അപ്പോൾ അതിനു ധ്യാനം എന്നു പറയുന്നു.

സൂത്രം 3. തദേവാർത്ഥമാത്രനിർഭാസം സ്വരൂപശുന്യമിവ സമാധിഃ

അർത്ഥം: തൽ = അതു് (ധ്യാനം), ഏവ = തന്നെ, അർത്ഥ മാത്രനിർഭാസം = (ധ്യാന) വിഷയം മാത്രമായി ശേഷിച്ചു്, സ്വരൂപശൂന്യം ഇവ = ധ്യാനബോധം വിട്ടിട്ടു എന്ന പോലെ (ആയാൽ) സമാധിഃ = സമാധി ആകുന്നു. [1]

ധ്യാനത്തിൽ എല്ലാ രൂപങ്ങളും വിട്ടുപോകുമ്പോൾ സമാധിയായി എന്നർത്ഥം. നാം ഒരു പുസ്തകത്തെ ധ്യാനിക്കുന്നു എന്നിരിക്കട്ടെ. മനസ്സിനെ ക്രമേണ അതിന്മേൽ ഏകാഗ്രപ്പെടുത്താനും, അന്തഃകരണ സാക്ഷാൽകാരത്തെ അതായതു ഒരു പ്രകാരത്തിലും രൂപപ്പെട്ടിട്ടില്ലാത്ത ധ്യാനവിഷയത്തെ മാത്രം ഗ്രഹിപ്പാനും നമുക്കു കഴിഞ്ഞുവെന്നും ഇരിക്കട്ടെ. ധ്യാനത്തിന്റെ ആ നിലയ്ക്കാണു് സമാധി എന്നു പറയുന്നതു്.

സൂത്രം 4. ത്രയമേകത്ര സംയമഃ

അർത്ഥം: ത്രയം = മുന്നു (ധാരണ ധ്യാന സമാധികൾ), ഏകത്ര = ഒരു വിഷയത്തിൽ (ലക്ഷ്യത്തിൽ) (വരുമ്പോൾ), സംയമഃ = (അതിനു) സംയമം (എന്നു പറയുന്നു).

ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിൽ മനസ്സിനെ തിരിച്ചു വിട്ടു, അതിനെ അതിൽ സ്ഥിരപ്പെടുത്തി അധികനേരം അതിൽത്തന്നെ വച്ചുകൊണ്ടു, ലക്ഷ്യത്തെ അന്തഃകരണസാക്ഷാൽകാരത്തിൽ നിന്നു വിടർത്തി നിൽക്കുന്നതിനാണു് സംയമം എന്നു പറയുന്നതു്. അല്ലെങ്കിൽ അനുക്രമമായ ധാരണാധ്യാനസമാധികളെ ഒന്നായി യോജിപ്പിക്കുന്നതിനു്. അപ്പോൾ ലക്ഷ്യത്തിന്റെ സ്വരൂപം മറഞ്ഞു പോകയും അർത്ഥം മാത്രം മനസ്സിൽ ശേഷിച്ചു നിൽക്കയും ചെയ്യും.

സൂത്രം 5. തജ്ജയാൽ പ്രജ്ഞാലോകഃ

അർത്ഥം: തജ്ജയാൽ = അതു സിദ്ധമായാൽ പ്രജ്ഞാലോകഃ = ജ്ഞാനപ്രകാശം (ഉണ്ടാകുന്നു).

ഈ സമയം ഒരാൾക്കു വന്നു കഴിഞ്ഞാൽ എല്ലാ സിദ്ധിയും അയാൾക്കു് സ്വാധീനമായിത്തീരുന്നു. യോഗിയുടെ മഹത്തായ ഉപകരണം ഇതാണു്. ജ്ഞാനവിഷയങ്ങൾ അപരിച്ഛേദ്യങ്ങളത്രേ. അവയെ സ്ഥൂലം, സ്ഥൂലതരം, സ്ഥൂലതരം, സൂക്ഷ്മം, സൂക്ഷ്മതരം, സൂക്ഷ്മതമം ഈ മാതിരി ഒക്കെ വിഭജിക്കാം. സംയമത്തെ ആദ്യം സ്ഥൂലവിഷയങ്ങളിൽ പ്രയോഗിക്കാം. സ്ഥൂലവസ്തുക്കളുടെ ജ്ഞാനം ഉണ്ടായിത്തുടങ്ങുമ്പോൾ സാവധാനമായി സൂക്ഷ്മതരങ്ങളായ വിഷയങ്ങളിലേക്കു് പടിപടിയായി അതിനെ കൊണ്ടുപോകണം.

സൂത്രം 6. തസ്യ ഭൂമിഷു വിനിയോഗഃ

അർത്ഥം: തസ്യ = അതിനു്, ഭൂമിഷു = സ്ഥാനങ്ങളിൽ, വിനിയോഗഃ = പ്രയോഗം (കർത്തവ്യമാണു്).

ഇതു അതിശീഘ്രമായി ഓരോ സ്ഥാനങ്ങളിലേക്കു് സംയമത്തെ നയിക്കരുതെന്നുള്ളതിനു ഒരു കരുതലത്രേ.

സൂത്രം 7. ത്രയമന്തരംഗം പൂർവേഭ്യഃ

അർത്ഥം: ത്രയം = ഈ (ധാരണാധ്യാന സമാധികൾ) മൂന്നും പൂർവേഭ്യഃ = (മുൻപറഞ്ഞ) യമാദികൾ അഞ്ചിനെയും അപേക്ഷിച്ചു് (സംപ്രജ്ഞാത സമാധിക്കു), അന്തരംഗം = ആഭ്യന്തരസാധനങ്ങൾ ആകുന്നു.

ഇവക്കു മുമ്പു യമം, നിയമം, ആസനം, പ്രാണായാമം ഇവയെപ്പറ്റി നാം പറഞ്ഞു കഴിഞ്ഞു. അവ ധാരണാധ്യാനസമാധികളായ ഈ മൂന്നിന്റെയും ബഹിരംഗങ്ങളത്രേ.

എന്നാൽ നിർബീജസമാധിക്കു ഈ ഒടുവിൽ പറഞ്ഞ മൂന്നും തന്നെ ബഹിരംഗസാധനങ്ങളേ ആകുന്നുള്ളു. അവ ഒരാൾക്കുവശമായാൽ അയാൾക്കു സർവജ്ഞത്വവും, സർവശക്തിമത്വവും ഉണ്ടാവാം. എന്നാൽ കൈവല്യം അതല്ല. ഇവ മൂന്നുംകൊണ്ടു മനസ്സു് നിവികല്പം അല്ലെങ്കിൽ വൃത്തിരഹിതം ആയിത്തീരുകയില്ല. മനസ്സിൽ വീണ്ടും ശരീരമെടുക്കാനുള്ള ബീജങ്ങളെ ശേഷിപ്പിച്ചു വെച്ചേയ്ക്കും. യോഗികൾ പറയും പോലെ ‘വിത്തുകൾ വറുക്കപ്പെട്ടാൽ ’ മാത്രമേ അവയ്ക്കു വീണ്ടും അങ്കുരിപ്പാനുള്ള ശക്തിനശിക്കൂ. സിദ്ധികൾക്കു അവയെ വറുക്കാൻ കഴികയില്ല.

സൂത്രം 8. തദപി ബഹിരംഗം നിർബജസ്യ

അർത്ഥം: തദപി = അതും, നിർബീജസ്യ = നിർബീജസമാധിക്കു, ബഹിരംഗം = ബഹിരംഗമേ (ആകുന്നുള്ളു).

നിർബീജസമാധിയെ സംബന്ധിച്ചു നോക്കുകയാണെങ്കിൽ ഈ മൂന്നു സാധനങ്ങൾ തന്നേയും ബഹിരംഗങ്ങളേ ആകുന്നുള്ളു. വാസ്തവമായ സമാധിയെ അതായതു് ഏറ്റവും ഉയർന്നതായ സമാധിയെപ്പറ്റി നാം ഇതുവരെ വിചാരിച്ചില്ല. അതിൽ ഒരുപടി താണതും സാധാരണ നാം കാണുന്ന പ്രകാരം തന്നെ പ്രപഞ്ച സ്ഫുരണയുള്ളതും സിദ്ധികൾക്കു ആസ്പദവുമായിരിക്കുന്ന സമാധിയെപ്പറ്റിയാണു് പറഞ്ഞുകൊണ്ടിരിക്കുന്നതു്.

സൂത്രം 9. വ്യുത്ഥാനനിരോധസംസ്ക്കാരയോരഭിദവപ്രാദുർഭാവൗ നിരോധക്ഷണചിത്താന്വയോ നിരോധപരിണാമഃ

അർത്ഥം: വ്യുത്ഥാനനിരോധനസംസ്ക്കാരയോഃ = വ്യുത്ഥാനാ നിരോധ സംസ്ക്കാരങ്ങളുടെ (ബഹിർമുഖമായും നിയമനരൂപമായുമുള്ള വൃത്തിസംസ്ക്കാരങ്ങളുടെ), അഭിഭവപ്രാദുർഭാവൗ = നാശവും ഉൽഭവവും (ആണു്), നിരോധക്ഷണചിത്താന്വയഃ = നിരോധക്ഷണത്തിൽ മനസ്സിൽ ഉള്ള, നിരോധപരിണാമഃ = നിരോധപരിണാമം (എന്നു പറയുന്നതു്)

അതായതു് സമാധിയുടെ ഈ ഒന്നാമത്തെ പടിയിൽ മനസ്സിന്റെ പരിണാമങ്ങൾ നിയന്ത്രിക്കപ്പെടുന്നു. എന്നാൽ പൂർണ്ണമായി നിയന്ത്രിക്കപ്പെടുന്നില്ല. കാരണം, അങ്ങിനെ ആയാൽ ഒരു പരിണാമം ബാക്കിയുണ്ടാകയില്ല. മനസ്സിനെ ഇന്ദ്രിയദ്വാരാ ഓടി വെളിയിൽ പോകുന്നതിനു നിർബ്ബന്ധിക്കുന്ന ഒരു പരിണാമം അതിനുണ്ടായി എന്നിരിക്കട്ടെ. അപ്പോൾ യോഗി അതിനെ നിരോധിപ്പാൻ ശ്രമിക്കുന്നു. എന്നാൽ ആ നിരോധം കൂടിയും ഒരു പരിണാമമായിപ്പോയി. ഒരു വൃത്തിയെ മറ്റൊരു വൃത്തികൊണ്ടടയ്ക്കണം. അതുകൊണ്ടു വാസ്തവമായ സമാധി ഇതായിരിക്കില്ല. എല്ലാ വൃത്തികളും നിരുദ്ധമായാൽ നിരോധം തന്നെ ഒരു വൃത്തിയായി ശേഷിക്കും. എങ്കിലും ഈ താണ പടിയിൽ ഉള്ള സമാധി മനസ്സു (സങ്കല്പ രൂപേണ പതച്ചു പൊങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കാൾ) ഏറ്റവും ഉയർന്ന (നിർബീജ) സമാധിക്കു വളരെ അടുത്തുള്ള ഒന്നാണു്.

സൂത്രം 10. തസ്യ പ്രശാന്തവഹിതാ സംസ്കാരാൽ

അർത്ഥം: തസ്യ = മനസ്സിനു്, സംസ്കാരാൽ = നിരോധസംസ്കാരം ഹേതുവായിട്ടു്, പ്രശാന്തവഹിതാ = ഗതിക്കുമാന്ദ്യം (ഭവിക്കുന്നു).

ദിവസംപ്രതി അഭ്യസിച്ചുകൊണ്ടിരുന്നാൽ മനസ്സിന്റെ തുടർന്നുകൊണ്ടുള്ള നിരോധനപരമ്പര ബലപ്പെടുകയും, മനസ്സിനു നിരന്തരമായ ധ്യാനത്തിൽ സാമർത്ഥ്യം ലഭിക്കയും ചെയ്യും.

സൂത്രം 11. സർവ്വാർത്ഥതൈകാഗ്രതായോഃ ക്ഷയോദയൗ ചിത്തസ്യ സമാധിപരിണാമഃ

അർത്ഥം: ചിത്തസ്യ = മനസ്സിന്റെ, സർവ്വാർത്ഥതൈകാഗ്രതായോഃ = സർവ്വാർത്ഥതയുടെയും (എല്ലാവിഷയങ്ങളിലും ഓടിക്കൊണ്ടു നിൽക്കുന്ന അവസ്ഥയുടെയും) എകാഗ്രതയുടെയും (ഒരു വിഷയത്തിൽ മാത്രം സ്ഥിരമായി ഊന്നി നിൽക്കുന്ന അവസ്ഥയുടെയും), ക്ഷയോദയൗ = (യഥാക്രമമായ) നാശവും ആവിർഭാവവും, സമാധിപരിണാമഃ = സമാധിപരിണാമം (ആകുന്നു)

മനസ്സു് എല്ലാ വസ്തുക്കളിലും ഓടിനടന്നു പലവിധ വിഷയങ്ങളെ ഗ്രഹിക്കുന്നു. എന്നാൽ മനസ്സിനു ഒരു ഉയർന്ന തരം സ്ഥിതിയുണ്ട്; അപ്പോൾ അതു ഒരു വിഷയത്തെമാത്രം വച്ചുകൊണ്ടു മറ്റുള്ള എല്ലാറ്റിനെയും വിട്ടുകളയുന്നു. അതിന്റെ ഫലമാണു സമാധി എന്നു പറയുന്നതു്.

സൂത്രം 12. (തതഃപുനഃ) ശാന്തോദിതൗ തുല്യപ്രത്യയൗ ചിത്തസ്യൈകാത്രതാപരിണാമഃ [10]

അർത്ഥം: (തതഃ പുനഃ) ശാന്തോദിതൗ = കഴിഞ്ഞതും ഉണ്ടായിരിക്കുന്നതുമായ, തുല്യപ്രത്യയൗ = സദൃശമായ ജ്ഞാനങ്ങൾ, (പൂർവക്ഷണത്തിലും വർത്തമാനക്ഷണത്തിലുമുള്ള ജ്ഞാനങ്ങൾക്കു സദൃശീഭാവം എന്നർത്ഥം)., ചിത്തസ്യ = മനസ്സിന്റെ എകാഗ്രപരിണാമഃ = ഏകാഗ്രപരിണാമം ആകുന്നു.

മനസ്സിന്നു ഏകാഗ്രത വന്നു എന്നു എങ്ങിനെ അറിയാം? കാലം ഇല്ലാതാകും. എത്ര അധികം കാലം (അറിയാതെ) കഴിഞ്ഞു പോകുന്നുവോ അത്ര അധികം നമ്മുടെ മനസ്സിനു് ഏകാഗ്രത വരുന്നു. സാധാരണമായി നാം ഒരു പുസ്തകം രസം പിടിച്ചു വായിച്ചു കൊണ്ടിരിക്കുമ്പോൾ സമയത്തെപ്പറ്റി അറിയുന്നതേ ഇല്ല. പുസ്തകം വിടുമ്പോൾ പലപ്പോഴും എത്രമണിക്കൂറു കഴിഞ്ഞുപോയി എന്നു നമുക്കു ആശ്ചര്യം തോന്നുന്നു. എല്ലാ സമയങ്ങൾക്കും ഒരു വർത്തമാനകാലത്തിൽ വന്നുകൂടി നില്പാൻ താൽപര്യം വരുന്നു. അതുകൊണ്ടു ഭൂതവർത്തമാനകാലങ്ങൾ രണ്ടും ഒരു സ്ഥാനത്തിൽ വന്നു നിൽക്കുമ്പോൾ മനസ്സു അധികം ഏകാഗ്രമായി എന്നു അറിഞ്ഞു കൊൾവാൻ ഏകാഗ്രതാപരിണാമത്തിന്റെ ലക്ഷണം ഇപ്രകാരം നിർവ്വചിക്കപ്പെട്ടിരിക്കുന്നു.

സൂത്രം 13. ഏതേന ഭൂതേന്ദ്രിയേഷു ധർമ്മലക്ഷണാവസ്ഥാ പരിണാമാ വ്യാഖ്യാതാഃ

അർത്ഥം: ഏതേന = ഇതുകൊണ്ടു് (മേൽപറഞ്ഞ ത്രിവിധ ചിത്തപരിണാമങ്ങളെക്കൊണ്ടു്), ഭൂതേന്ദ്രിയേഷു = ഭൂതേന്ദ്രിയങ്ങളിൽ (സ്ഥൂലസൂക്ഷ്മഭൂതങ്ങളിലും ജ്ഞാനേന്ദ്രിയ കർമ്മേന്ദ്രിയങ്ങളിലുമുള്ള), ധർമ്മലക്ഷണാവസ്ഥാപരിണാമാഃ = ധർമ്മം, ലക്ഷണം, അവസ്ഥ ഇവയുടെ പരിണാമങ്ങൾ വ്യാഖ്യാതാ = വിവരിക്കപ്പെട്ടു (ഉക്തപ്രായമായി എന്നു താൽപര്യം).

ഇതുകൊണ്ടു ചിത്തത്തിലുള്ള ധർമം (രൂപം) കാലം (ലക്ഷണം) അവസ്ഥ എന്നീ മൂന്നുവിധ പരിണാമങ്ങൾ വിവരിക്കപ്പെട്ടു. ചിത്തം വൃത്തികളായി മാറുന്നു. ഈ മാറ്റമാണു് ധർമ്മം അല്ലെങ്കിൽ രൂപമായുള്ള പരിണാമം. ഈ മാറ്റങ്ങൾ വർത്തമാനകാലത്തിൽ സ്ഥിതി ചെയ്യത്തക്കവണ്ണം ആകുന്നതിനാലാണു് ലക്ഷണപരിണാമം, കാലപരിണാമം എന്നു പറയുന്നതു്. ചിത്തത്തെയും വർത്തമാന ധർമ്മത്തേയും അതിക്രമിച്ചു ഭൂതധർമ്മങ്ങളിലേക്കു നയിക്കാനുള്ള സാമർത്ഥ്യമാണു് അവസ്ഥാപരിണാമം. മേൽപറയപ്പെട്ട സൂത്രങ്ങളിൽ ഉപദേശിച്ചിരിക്കുന്ന സമാധി യോഗിക്കു ചിത്തവൃത്തികളുടെ മേൽ ഐച്ഛികമായ നിയമനം ഉണ്ടാവാൻ വേണ്ടിയുള്ളതാണു്. അതുണ്ടായെങ്കിൽ മാത്രമേ മേൽ വിവരിച്ച സംയമം സാധിക്കാൻ യോഗിക്കു കഴിയൂ.

സൂത്രം 14. ശാന്തോദിതാവ്യപദേശ്യധർമ്മാനുപാതീ ധർമ്മി

അർത്ഥം: ശാന്തോദിതാവ്യപദേശ്യധർമ്മാനുപാതീ = ശാന്തം (കഴിഞ്ഞുപോയതു്), ഉദിതം (സ്ഥിതിചെയ്യുന്നതു്), അവ്യപദേശ്യം (ഖണ്ഡിച്ചു പറവാൻ വഹിയാതെ ശക്തിരൂപമായി (ഉണ്ടാവാൻ) ഇരിക്കുന്നതു്) ഈ മൂന്നുവിധ ധർമ്മങ്ങളിലും മാറാതെ തുടർന്നു നിൽക്കുന്നതു്, ധർമ്മീ = (മേൽപറഞ്ഞ ധർമ്മങ്ങൾക്കു എല്ലാം ആധാരമായ) വസ്തു.

എന്നുവച്ചാൽ ധർമ്മിയാണു് കാലത്തിന്റെയും സംസ്ക്കാരങ്ങളുടെയും വ്യാപരത്തിനെല്ലാം അടിസ്ഥാനമായി നിൽക്കുന്ന വസ്തു. അതാണു് എല്ലായ്പ്പോഴും വികാരത്തെയും പരിണാമത്തെയും പ്രാപിച്ചുകൊണ്ടിരിക്കുന്നതു്.

സൂത്രം 15. ക്രമാന്യത്വം പരിണാമാന്യത്വേ ഹേതുഃ

അർത്ഥം: ക്രമാന്യത്വം = (ധർമ്മങ്ങളുടെ) പൗർവാപര്യക്രമങ്ങളുടെ നാനാത്വം, പരിണാമാന്യത്വേ = പരിണാമങ്ങളുടെ നാനാത്വത്തിനു്, ഹേതുഃ = കാരണം (സൂചനം ആയിരിക്കുന്നു).

സൂത്രം 16. പരിണാമത്രയസംയമാദതീതാനാഗതജ്ഞാനം

അർത്ഥം: പരിണാമത്രയസംയമാൽ = (മേൽപറയപ്പെട്ട) മൂന്നു വിധ പരിണാമങ്ങളുടെയും മേൽ സംയമം ചെയ്താൽ, അതീതാനാഗതജ്ഞാനം = ഭൂതഭാവികളെപ്പറ്റിയ ജ്ഞാനം (ഉണ്ടാകും).

സംയമത്തിന്റെ ആദ്യം പറഞ്ഞ ലക്ഷണം നാം വിസ്മരിക്കരുതു്. മനസ്സു് ബാഹ്യവിഷയം വിട്ടു് ആ വിഷയത്തിന്റെ ആന്തരമായ മുദ്രയോടു് അഭേദമായിത്തോന്നുകയും, ദീർഘപരിശീലനം കൊണ്ടു ആ സ്ഥിതി സ്ഥിരമാകയും ചെയ്യുന്ന നിലയ്ക്കാണു് സംയമം എന്നു പറയുന്നതു്. ആ നിലയിലായിരിക്കുന്ന ആൾക്കു് ഭൂതഭാവികളെക്കുറിച്ചറിയണമെങ്കിൽ അയാൾ സംസ്ക്കാരത്തിന്റെ പരിണാമഭേദങ്ങളിൽ സംയമം ചെയ്താൽമതി. ചില സംസ്ക്കാരങ്ങൾ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ചിലതിന്റെ പ്രവൃത്തികൾ കഴിഞ്ഞുപോയി. ചിലതു പ്രവർത്തിപ്പാൻ അവസരം കാത്തിരിക്കുന്നു. അതുകൊണ്ടു് ഇവയിൽ ഒരുവൻ സംയമം ചെയ്താൽ അയാൾക്കു കഴിഞ്ഞതും വരാനുള്ളതും അറിയാം.

സൂത്രം 17. ശബ്ദാർത്ഥപ്രത്യയാനാമിതരേതരാദ്ധ്യാസാൽ സങ്കരസ്തൽപ്രവിഭാഗസംയമാൽ സർവ്വഭൂതരുതജ്ഞാനം

അർത്ഥം: ശബ്ദാർത്ഥപ്രത്യയാനം = ശബ്ദം അർത്ഥം ജ്ഞാനം ഇവയുടെ ഇതരേതരാധ്യാസാൽ = അന്യോന്യഭ്രമം കൊണ്ടു്, സങ്കരഃ = കലർപ്പു തോന്നുന്നു (ശബ്ദത്തെ അർത്ഥത്തിൽ നിന്നും, അതിനെ ജ്ഞാനത്തിൽ നിന്നും തിരിച്ചറിവാൻ പാടില്ലാതാകുന്നു എന്നു താല്പര്യം), തൽപ്രവിഭാഗസംയമാൽ = അവയുടെ (പ്രവിഭാഗം) പ്രത്യേകിച്ചുള്ള രൂപത്തിൽ സംയമം ചെയ്താൽ, സർവഭൂതരുതജ്ഞാനം = എല്ലാ ജന്തുക്കളുടെയും ശബ്ദത്തെ അറിയാം. (സർവജന്തുക്കളുടെയും ഭാഷ മനസ്സിലാകും).

വാക്കു പുറത്തുള്ള (കാരണമായ) വസ്തുവിനെ കുറിക്കുന്നു. അർത്ഥം ഇന്ദ്രിയങ്ങൾ വഴിയായി തലച്ചോറിലേക്കു സഞ്ചരിച്ചു വെളിയിലുള്ള വിഷയത്തിന്റെ മുദ്രയെ മനസ്സിലേക്കു് ആവാഹിക്കുന്ന ആന്തരമായ വിസ്ഫുരണത്തെക്കുറിക്കുന്നു. ജ്ഞാനം സാക്ഷാൽക്കാരത്തിനു ഹേതുവായ മനസ്സിന്റെ പ്രതികരണത്തെയും കുറിക്കുന്നു. നമ്മുടെ ഇന്ദ്രിയവിഷയങ്ങൾ ഈ മൂന്നുംകൂടിയ കലർപ്പാണു്. ഞാൻ ഒരു വാക്കു കേൾക്കുന്നു എന്നു വിചാരിക്കുക. ആ കൂടിയ കലർപ്പാണു് ഞാൻ ഒരു വാക്കു കേൾക്കുന്നു എന്നു വിചാരിക്കുക. ആദ്യമുള്ളതു ബാഹ്യമായ വിസ്ഫുരണമാണു്. രണ്ടാമത്തേതു ശ്രവണേന്ദ്രിയം മനസ്സിലേക്കു കൊണ്ടുചെല്ലുന്ന ആന്തരമായ ഇന്ദ്രിയവ്യാപാരം ആകുന്നു. പിന്നെ മനസ്സു പ്രതികരിക്കുകയും ഞാൻ വാക്കിനെ അറികയും ചെയ്യുന്നു. ഞാൻ അറിയുന്ന വാക്കു് വിസ്ഫുരണം, ഇന്ദ്രിയവ്യാപാരം, പ്രതികരണം ഈ മൂന്നും ചേർന്നു മിശ്രമാകുന്നു. സാധാരണമായി ഈ മൂന്നും വേർതിരിപ്പാൻ പ്രയാസമാണു്. എന്നാൽ യോഗിക്കു അഭ്യാസബലം കൊണ്ടു് അവയെ വേർതിരിപ്പാൻ സാധിക്കും. ഒരാൾക്കു അതു സാധിച്ചാൽ പിന്നെ ഏതെങ്കിലും ഒരു ശബ്ദത്തിൽ സംയമം ചെയ്യുമ്പോൾ ആ ശബ്ദം മനുഷ്യന്റെയോ മറ്റേതെങ്കിലും പ്രാണികളുടെയോ ആയാലും വേണ്ടതില്ല അതിനാൽ വിവക്ഷിതമായ അർത്ഥം അയാൾക്കു മനസ്സിലാകും.

സൂത്രം 19. സംസ്ക്കാരസാക്ഷാൽക്കരണാൽ പൂർവജാതിജ്ഞാനം

അർത്ഥം: സംസ്ക്കാരസാക്ഷാൽകരണാൽ = ശുഭാശുഭരുപമായ വാസനകളിൽ സംയമം ചെയ്തു് അവയുടെ സാക്ഷാൽക്കാരമുണ്ടായാൽ, പൂർവജാതിജ്ഞാനം = പൂർവജന്മത്തെപ്പറ്റി ബോധം ഉണ്ടാകുന്നു.

നമുക്കുള്ള ഓരോ അനുഭവവും ഓരോ അല (തരംഗം)യുടെ മാതിരി നമ്മുടെ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു. അതു വിരമിച്ചു് സൂക്ഷ്മസൂക്ഷ്മതരമായിത്തീരുന്നതല്ലാതെ ഒരിക്കലും നശിക്കുന്നില്ല. അതവിടെ സൂക്ഷ്മമായി സ്ഥിതി ചെയ്യുന്നു. ആ അലയെ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ നമുക്കു കഴിയുമെങ്കിൽ അതു് ഓർമ്മയായിത്തീരുന്നു. അതുകൊണ്ടു യോഗിക്കു മനസ്സിലുള്ള പൂർവസംസ്ക്കാരങ്ങളിൽ സംയമം ചെയ്വാൻ സാധിച്ചാൽ കഴിഞ്ഞ എല്ലാജന്മങ്ങളുടെയും സ്മരണകൾ ഉദിച്ചുതുടങ്ങും.

സൂത്രം 20. പ്രത്യയസ്യപരചിത്തജ്ഞാനം

അർത്ഥം: പ്രത്യയസ്യ = പ്രത്യയം (ജ്ഞാനഹേതു) ബാഹ്യലക്ഷണങ്ങളിൽ സംയമം ചെയ്താൽ, പരചിത്തജ്ഞാനം = പരഹൃദയം അറിയാം.

ഓരോ ആൾക്കും ശരീരത്തിൽ, തന്നെ മറ്റൊരാളിൽനിന്നു വ്യാവർത്തിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെന്നിരിക്കട്ടെ. യോഗിക്കു ഒരു ആളുടെ പ്രത്യേകലക്ഷണങ്ങളിൽ സംയമം ചെയ്താൽ അയാളുടെ മനസ്സിന്റെ സ്വഭാവം അറിയാം.

സൂത്രം 21. ന ച തത്സാലംബനം തസ്യാവിഷയീഭൂതത്വാൽ

അർത്ഥം: തൽ = അതു് (പരഹൃദയം) (അറിയുന്നതു്) സാലംബന വിഷയസഹിതമായിട്ടു്, ന ച = അല്ല, തസ്യ = അതിന്റെ (പരഹൃദയത്തിലുള്ള വിഷയത്തിന്റെ) അവിഷയീഭൂതത്വാൽ = (മേൽപറഞ്ഞ സംയമത്തിൽ) വിഷയമാകായ്മ് കൊണ്ടു്.

ശരീരത്തിൽ സംയമം ചെയ്തുകൊണ്ടു മനസ്സിൽ ഗ്രഹിച്ചിരിക്കുന്ന വിഷയങ്ങളെ അറികയില്ല. അതിനു രണ്ടുതരം സംയമം ആവശ്യമാണു്. ഒന്നാമതു ശരീരത്തിലെ പ്രത്യേകലക്ഷണങ്ങളെ വിഷയമാക്കിയുള്ളതു്. രണ്ടാമതു സാക്ഷാൽ മനസ്സിനെ തന്നെ വിഷയമാക്കിയുള്ളതു്. അപ്പോൾ യോഗിക്കു ആ മനസ്സിലുള്ള കഴിഞ്ഞതും നടക്കുന്നതും വരാനുള്ളതുമായ എല്ലാറ്റിനേയും പറ്റി അറിയാറാവും.

സൂത്രം 22. കായരൂപസംയമാൽ തൽഗ്രാഹ്യശക്തിസ്തംഭേ ചക്ഷുഷ്പ്രകാശാസമ്പ്രയോഗേഽന്തർദ്ധാനം

അർത്ഥം: കായരൂപസംയമാൽ = ശരീരത്തിന്റെ രൂപത്തിൽ സംയമം ചെയ്താൽ, തൽഗ്രാഹ്യശക്തിസ്തംഭേ = തൽഗ്രാഹ്യശക്തി സ്തംഭിച്ചിട്ടു്, ചക്ഷുഷ്പ്രകാശാസംപ്രയോഗേ = ദർശനം അതിന്മേൽ സംബന്ധിക്കാതായി, അന്തർധാനം (യോഗി) അപ്രത്യക്ഷനായിത്തീരുന്നു.

യോഗിക്കു ഈ മുറിയുടെ അകത്തിരിക്കുമ്പോൾതന്നെ നമ്മുടെ ദൃഷ്ടിയിൽപെടാതാവാൻ കഴിയും. അയാൾ വാസ്തവത്തിൽ അവിടെ നിന്നു മറഞ്ഞുപോകുന്നില്ല. പിന്നെയോ ഒരുത്തരും അയാളെ കാണുകയില്ല. ശരീരത്തിന്റെ രൂപവും ശരീരവും ഭിന്നവസ്തുക്കൾപോലെ ആകുന്നു. രൂപവും രൂപീഭവിക്കുന്ന വസ്തുവും വേർതിരിക്കത്തക്കവണ്ണമുള്ള സമാധിബലം യോഗിക്കു സിദ്ധിക്കുമ്പോൾ മാത്രമേ അതു സാദ്ധ്യമാവു എന്നുള്ളതു് പ്രത്യേകം ഓർമ്മിക്കണം. അപ്പോൾ യോഗി അതിന്മേൽ സംയമം ചെയ്യും. ഉടൻ രൂപ ശ്രഹണശക്തിക്കു പ്രതിബന്ധം ഉണ്ടാകും. കാരണം രൂപഗ്രഹണ ശക്തി രൂപത്തിനും രൂപഭാവത്തിനും തമ്മിലുള്ള സംബന്ധത്തിൽ നിന്നുണ്ടാകുന്നതു്. ഉച്ചരിക്കുന്ന വാക്കുകൾ കേൾക്കാതാകുക തുടങ്ങിയുള്ളതും ഇതുപോലെ ഊഹിച്ചുകൊള്ളാം.

സൂത്രം 23. സോപക്രമം നിരൂപക്രമം ച കർമ്മ. തത്സംയമാദപരാന്തജ്ഞാനം, അരിഷ്ടേഭ്യോ വാ

അർത്ഥം: കർമ്മ = (ജന്മാന്തരകൃതമായ) കർമ്മം, സോപക്രമം = ആശുഫലോന്മുഖം (വേഗത്തിൽ ഫലിക്കുന്നതു്), നിരുപക്രമാം ച = ചിരഫലോന്മുഖം (വളരെ നാൾകൊണ്ടു ഫലിക്കുന്നതു്) ഇങ്ങനെ (രണ്ടു്) ആകുന്നു. തത്സംയമാൽ = അപ്രകാരമുളള കർമ്മങ്ങളിൽ സംയമം ചെയ്താൽ, അരിഷ്ടേഭ്യോ വാ = അല്ലെങ്കിൽ അരിഷ്ടങ്ങളിൽ [2] നിന്നു് (ഊഹിച്ചാൽ) അപരാന്തജ്ഞാനം = മരണകാലത്തെപ്പറ്റി ഖണ്ഡിതമായ അറിവുണ്ടാകും.

യോഗി കർമ്മങ്ങളുടെമേൽ അതായതു്, മനസ്സിലുള്ള ഇപ്പോൾ വ്യാപരിച്ചുകൊണ്ടിരിക്കുന്നതും, മേൽ വ്യാപരിപ്പാൻ അവസരം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതുമായ സംസ്ക്കാരങ്ങളുടെ മേൽ സംയമം ചെയ്താൽ, ആ ആഗാമി (പ്രതീക്ഷിച്ചിരിക്കുന്ന) സംസ്ക്കാരങ്ങൾ വഴിയായി ശരീരം വീഴാൻ പോകുന്നതു് എപ്പോഴാണെന്നു് എപ്പോൾ ഏതു മണിക്കൂറിൽ, എന്നുവേണ്ട ഏതു നിമിഷത്തിൽ ആണു് മരിക്കുന്നതു് എന്നുകൂടിയും അറിയും. മരണകാലജ്ഞാനത്തെ ഹിന്ദുക്കൾ വലിയ കാര്യമായി വിചാരിച്ചു വരുന്നു. കാരണം പ്രയാണകാലത്തെ വിചാരങ്ങൾ അടുത്ത ജന്മത്തെ സ്വരൂപിക്കുന്നതിനുള്ള വലിയ ശക്തികളാണെന്നു ഭഗവദ്ഗീതയിൽ ഉപദേശിക്കപ്പെട്ടിരിക്കുന്നു.

സൂത്രം 24. മൈത്രാദിഷു ബലാനി

അർത്ഥം: മൈത്രാദിഷു = മൈത്രി, മുദിതാ, ഉപേക്ഷ, കരുണ ഇവയിൽ (സംയമംചെയ്താൽ), ബലാനി = മിത്രത്വം മുതലായവയിൽ ശക്തി വർദ്ധിക്കുന്നു.

സൂത്രം 25. ബലേഷു ഹസ്തിബലാദീനി

അർത്ഥം: ബലേഷു = ശരീരശക്തികളിൽ (സംയമംചെയ്താൽ), ഹസ്തിബലാദീനി = ആന മുതലായ ജന്തുക്കളുടെ ബലം (ഉണ്ടാവും).

യോഗി സംയമം സാധിച്ചു കഴിഞ്ഞാൽ ബലമുണ്ടാകേണമെന്നു ആഗ്രഹിക്കുന്നു എങ്കിൽ ആനയുടെ ബലത്തിൽ സംയമംചെയ്യുമ്പോൾ അതിന്റെ ബലം അയാൾക്കു സിദ്ധിക്കുന്നു. ഓരോരുത്തന്റെയും ഉള്ളിൽ അളവില്ലാത്ത ശക്തികൾ ഉണ്ടു്. അതിനെ സ്വാധീനമാക്കാനുള്ള മാർഗ്ഗം അറിഞ്ഞാൽ മതി. യോഗി അതിനുള്ള ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നു.

സൂത്രം 26. പ്രവൃത്ത്യാലോകന്യാസാൽ സൂക്ഷ്മ വ്യവഹിത വിപ്രകൃഷ്ടജ്ഞാനം

അർത്ഥം: പ്രവൃത്ത്യാലോകന്യാസാൽ = ജോതിഷ്മതി എന്നു മുൻ പറഞ്ഞിട്ടുള്ള (ജ്ഞാനവിശേഷമായ) പ്രവൃത്തിയുടെ ആ ലോകത്തിന്റെ (പ്രകാശത്തിന്റെ) ന്യാസം (വിഷയങ്ങളിലേക്കുള്ള നിയോജനം) കൊണ്ടു്, സൂക്ഷ്മവ്യവഹിതവിപ്രകൃഷ്ട ജ്ഞാനം = പരമാണുക്കൾ ആവൃതങ്ങൾ, അതിദൂരസ്ഥലങ്ങൾ ഇവയുടേ സാക്ഷാൽകാരം ഉണ്ടാകും.

ഹൃദയത്തിലെ ജ്യോതിഷ്മതി എന്ന പ്രകാശത്തിന്മേൽ സംയമം ചെയ്താൽ യോഗിക്കു അതിദൂരസ്ഥങ്ങളായ വസ്തുക്കൾ കൂടിയും കാണാറാകും. അതായതു അധികദൂരദേശത്തിൽ നടക്കുന്നതും ഇടയിൽ മലകൾ മുതലായ പ്രതിബന്ധങ്ങളാൽ മറയ്ക്കപ്പെട്ടതുമായ സംഭവങ്ങൾ. അതിസൂക്ഷ്മമായ വസ്തുക്കൾ ഇവ കൂടിയും കാണാറാവും.

സൂത്രം 27. ഭുവനജ്ഞാനം സൂര്യേ സംയമാൽ

അർത്ഥം: സൂര്യേ = ആദിത്യങ്കൽ, സംയമാൽ = സംയമം ചെയ്യുന്നതുകൊണ്ടു്, ഭുവനജ്ഞാനം = സകല ഭുവനത്തിന്റെയും ജ്ഞാനം (ഉണ്ടാകുന്നു).

സൂത്രം 28. ചന്ദ്രേ താരവ്യൂഹജ്ഞാനം

അർത്ഥം: ചന്ദ്രേ = ചന്ദ്രങ്കൽ (സംയമം ചെയ്താൽ), താരാവ്യൂഹജ്ഞാനം = നക്ഷത്രമണ്ഡലത്തെപ്പറ്റിയ വിജ്ഞാനം (സിദ്ധിക്കുന്നു).

സൂത്രം 29. ധ്രുവേ തൽഗതിജ്ഞാനം

അർത്ഥം: ധ്രുവേ = ധ്രുവനക്ഷത്രത്തിൽ (സംയമം ചെയ്താൽ), തൽഗതിജ്ഞാനം = നക്ഷത്രങ്ങളുടെ ചലനത്തെപ്പറ്റിയ വിജ്ഞാനം (ഉണ്ടാകുന്നു).

സൂത്രം 30. നാഭിചക്രേ കായവ്യൂഹജ്ഞാനം

അർത്ഥം: നാഭിചക്രേ = നാഭിമണ്ഡലത്തിൽ (സംയമം ചെയ്താൽ) കായവ്യൂഹജ്ഞാനം = ശരീരഘടനയെ സംബന്ധിച്ച വിജ്ഞാനം (ഉണ്ടാകുന്നു).

സൂത്രം 31. കണ്ഠകൂപേ ക്ഷുൽപിപാസാനിവൃത്തിഃ

അർത്ഥം: കണ്ഠകൂപേ = താലുമൂലത്തിലുള്ള കുഴിയിൽ (സംയമം ചെയ്താൽ), ക്ഷുൽവിപാസാനിവൃത്തിഃ = വിശപ്പും ദാഹവും മാറിപ്പോകും.

അഭ്യാസമദ്ധ്യത്തിൽ വിശപ്പു തോന്നിയാൽ കണ്ഠകൂപസംയമം കൊണ്ടു് അതു മാറിപ്പോകുന്നു.

സൂത്രം 32. കൂർമ്മനാഡ്യാം സ്ഥൈര്യം

അർത്ഥം: കുർമ്മനാഡ്യാം = ഹൃദയത്തിലുള്ള (ആമ പോലെയുള്ള നാഡിയിൽ) സംയമം ചെയ്താൽ, സ്ഥൈര്യം = ശരീരത്തിനു നിശ്ചലത (സിദ്ധിക്കുന്നു).

സൂത്രം 33. മൂർദ്ധജ്യോതിഷി സിദ്ധദർശനം

അർത്ഥം: മൂർദ്ധജ്യോതിഷി = ശിരസ്സിന്മേലുള്ള ജ്യോതിസ്സിൽ (സംയമം ചെയ്താൽ), സിദ്ധദർശനം = സിദ്ധന്മാരുടെ പ്രത്യക്ഷം (ഉണ്ടാകും).

സിദ്ധന്മാർ പ്രേതങ്ങളെക്കാൾ അല്പം ഉയർന്ന നിലയിലുള്ള ആത്മാക്കളാണു്. യോഗി മൂർദ്ധാവിലുള്ള പ്രകാശത്തിന്മേൽ സംയമം ചെയ്യുമ്പോൾ അയാൾക്കു ഇവരെ പ്രത്യക്ഷമായി കാണാം. ഇവിടെ സിദ്ധന്മാർ എന്നു പറഞ്ഞതു് മുക്തന്മാരെപ്പറ്റിയല്ല. ആ അർത്ഥത്തിൽ ഈ പദം പലപ്പോഴും ഉപയോഗിക്കാറുണ്ടു്.

സൂത്രം 34. പ്രാതിഭാദ്വാ സർവം

അർത്ഥം: വാ = അല്ലെങ്കിൽ, പ്രാതിഭാൽ = പ്രാതിഭം (പ്രതിഭാ സംയമത്താൽ സിദ്ധമാകുന്ന താരകം എന്ന ജ്ഞാനം) കൊണ്ടു്, സർവം = എല്ലാം (യോഗി കാണുന്നു).

മേൽപറഞ്ഞ സിദ്ധികൾ എല്ലാം പ്രതിഭ അല്ലെങ്കിൽ പരിശുദ്ധതകൊണ്ടു്, ജ്ഞാനവാനായിത്തീർന്ന ഒരുവനു ഒരു സംയമവും കൂടാതെ തന്നെയും ഉണ്ടാകുന്നു. അതു ഒരുവൻ പ്രതിഭയുടെ ഒരു ഉയർന്ന നിലയിൽ എത്തുമ്പോൾ ഉണ്ടാകുന്നതാണു്. അപ്പോൾ അയാൾക്കു വലിയ പ്രകാശം സിദ്ധിക്കുന്നു. എല്ലാ വസ്തുക്കളും അയാൾക്കു പ്രത്യക്ഷമാണു്. സ്വഭാവേന തന്നെ എല്ലാം അയാളുടെ മുമ്പിൽ തോന്നും. സംയമവും മറ്റും ഒന്നും ആവശ്യമില്ല.

സൂത്രം 35. ഹൃദയേ ചിത്തസംവിൽ

അർത്ഥം: ഹൃദയേ = ഹൃദയത്തിൽ സംയമം ചെയ്താൽ, ചിത്തസംവിൽ = സ്വപരഹൃദയങ്ങളുടെ ബോധം ഉണ്ടാകുന്നു. (സ്വഹൃദയത്തിലെ വാസനകളേയും പരഹൃദയത്തിലുള്ള രാഗാദി വൃത്തികളേയും അറിയുന്നു).

സൂത്രം 36. സത്വപുരുഷയോരത്യന്താസങ്കീർണ്ണയോഃ പ്രത്യയാവിശേഷോ ഭോഗഃ; പരാർത്ഥാൽ സ്വാർത്ഥസംയമാൽ പുരുഷജ്ഞാനം

അർത്ഥം: അത്യന്താസങ്കീർണ്ണയോഃ = ഒട്ടും സംബന്ധമില്ലാത്ത, സത്വപുരുഷയോഃ = സത്വത്തിനും പുരുഷനും തമ്മിൽ, പ്രത്യയാവിശേഷഃ = വേർതിരിച്ചറിയായ്മ (രണ്ടും ഒന്നാണെന്നുള്ള ഭ്രമം) ഭോഗഃ = സുഖദുഃഖാനുഭവം ആകുന്നു (സുഖദുഃഖാനുഭവങ്ങൾക്കു കാരണമായിരിക്കുന്നു എന്നു താല്പര്യം), പരാർത്ഥാൽ = അന്യപ്രയോജനമായ അതിൽനിന്നു (ഭിന്നമായ), സ്വാർത്ഥസംയമാൽ = സ്വാർത്ഥത്തിൽ (ചിന്മാത്രമായ അതിന്റെ സ്വരൂപത്തിൽ) സംയമം ചെയ്താൽ, പുരുഷജ്ഞാനം = ആത്മസാക്ഷാൽകാരം (ഉണ്ടാകുന്നു).

സൂത്രം 37. തതഃ പ്രാതിഭശ്രാവണവേദനാദർശാസ്വാദി വാർത്താഃ ജായന്തേ

അർത്ഥം: തതഃ = അതിൽനിന്നു് (പുരുഷസ്വരൂപ സംയമത്തിൽ നിന്നു്), പ്രാതിഭശ്രാവണവേദനാദർശാസ്വാദി വാർത്താഃ = പ്രാതിഭങ്ങളാ (മേൽപറഞ്ഞ) പ്രതിഭയിൽ നിന്നു സിദ്ധിക്കുന്നവയായ ശ്രാവണം (ശ്രവണപ്രത്യക്ഷം ദിവ്യമായ സ്പർശസുഖം മുതലായവ) ആദർശം (ദർശനം, പ്രത്യക്ഷം, ദിവ്യവസ്തുദർശനം മുതലായവ) ആസ്വാദം (രസന പ്രത്യക്ഷം, ദിവ്യരസാസ്വാദനാദി) വാർത്താ (ഘ്രാണപ്രത്യക്ഷം, ദിവ്യഗന്ധജ്ഞാനം മുതലായവ) ഇതുകൾ, ജായന്തേ = ഉണ്ടാകുന്നു.

സൂത്രം 38. തേ സമാധാവുപസർഗ്ഗാവ്യുത്ഥാനേ സിദ്ധയഃ

അർത്ഥം: തേ = അവ (മേൽപറഞ്ഞ സിദ്ധികൾ എല്ലാം), സമാധൗ = സമാധിയിൽ (അസംപ്രജ്ഞാത സമാധിയിൽ), ഉപസർഗ്ഗാഃ = പ്രതിബന്ധങ്ങൾ (ആണു്), വ്യുത്ഥാനേ = ബഹിർമ്മുഖാവസ്ഥയിൽ (സമാധി വിട്ടിട്ടുള്ള അവസ്ഥയിൽ), സിദ്ധയഃ = സിദ്ധികൾ (ആയിരിക്കുന്നു).

യോഗി ലൗകികസുഖങ്ങൾ എല്ലാം അറിയുന്നു എങ്കിൽ അതു സത്വത്തിന്റെ (ബുദ്ധിയുടെ)യും ആത്മാവിന്റെയും കലർപ്പിൽനിന്നു വരുന്നതാണു്. അതിന്മേൽ (അതായതു്, അവ പ്രകൃതിയും ആത്മാവുമായ, രണ്ടു ഭിന്നപദാർത്ഥങ്ങളാണെന്നു) സംയമം ചെയ്താൽ ആത്മജ്ഞാനമുണ്ടാകും. അതിൽനിന്നു വിവേകം ഉണ്ടാകുന്നു. വിവേകം ഉണ്ടായാൽ പ്രതിഭ എന്ന അത്യന്തമായ ആത്മപ്രകാശം സിദ്ധിക്കുന്നു. ഈ സിദ്ധികൾ എല്ലാറ്റിനും മീതെയുള്ള ലക്ഷ്യത്തിനു്, അതായതു് ഉപാധിരഹിതനായ ആത്മാവിന്റെ ജ്ഞാനത്തിനും, മുക്തിക്കും പ്രതിബന്ധങ്ങളാകുന്നു. ഇവ മാർഗ്ഗമദ്ധ്യത്തുവന്നു ചേരുന്നവയത്രേ. യോഗി അവയെ തള്ളിക്കളഞ്ഞാൽ ഏറ്റവും മുകളിലത്തെ ലക്ഷ്യത്തിൽ എത്തുന്നു. അവയെ സമ്പാദിപ്പാൻ മോഹിച്ചാൽ മേല്പോട്ടുള്ള ഗതി തടഞ്ഞു പോകയും ചെയ്യുന്നു.

സൂത്രം 39. ബന്ധകാരണശൈഥില്യാൽ പ്രചാരസംവേദനാച്ച ചിത്തസ്യ പരശരീരാവേശഃ

അർത്ഥം: ബന്ധകാരണശൈഥില്യാൽ = ദേഹാഭിമാനരൂപമായ ബന്ധത്തിനു കാരണമായിരിക്കുന്ന കർമ്മത്തിന്റെ ക്ഷയം (സമാധിപരിശീലനത്താൽ) ഉണ്ടാകുന്നതുകൊണ്ടും, ചിത്തസ്യ = മനസ്സിൻ, പ്രചാരസംവേദനാൽ ച = (സമാധിബലം കൊണ്ടു്) വിഷയങ്ങളിലേക്കു സഞ്ചരിക്കുന്നതിന്റെ മാർഗ്ഗങ്ങളെ സംബന്ധിച്ചു അറിവുണ്ടാകുന്നതുകൊണ്ടും, പരശരീരാവേശഃ = പരകായ പ്രവേശനം എന്ന സിദ്ധി (അന്യന്മാരുടെ മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ശരീരത്തിൽ പ്രവേശിച്ചു ചേഷ്ടിക്കുന്നതിനുള്ള വൈഭവം) ഉണ്ടാകുന്നു.

യോഗിക്കു താൻ ഒരു ശരീരത്തിൽ വ്യാപരിച്ചു കൊണ്ടിരിക്കുമ്പോഴും മറ്റൊരു മൃതശരീരത്തിൽ പ്രവേശിച്ചു അതിനെ ഉജ്ജീവിപ്പിച്ചു സഞ്ചരിപ്പിക്കാൻ കഴിയും. അല്ലെങ്കിൽ ജീവിച്ചിരിക്കുന്ന ഒരാളിന്റെ ശരീരത്തിൽ തന്നെ പ്രവേശിച്ചു് അയാളുടെ ഇന്ദ്രിയ ശക്തികളെ സ്തംഭിപ്പിച്ചു തൽക്കാലം ആ ശരീരം വഴി വ്യാപരിപ്പാനും കഴിയും. പ്രകൃതിപുരുഷവിജ്ഞാനം ഉണ്ടാകുമ്പോൾ ആണു് യോഗിക്കു അതു സാദ്ധ്യമാകുന്നതു്. തനിക്കു മറ്റൊരാളിന്റെ ശരീരത്തിൽ പ്രവേശിക്കണമെന്നു തോന്നിയാൽ ആ ശരീരത്തിന്മേൽ സംയമം ചെയ്താൽ അതിൽ പ്രവേശിക്കാം. എന്തുകൊണ്ടെന്നാൽ യോഗികളുടെ മതപ്രകാരം ആത്മാവു് മാത്രമല്ല മനസ്സും സർവവ്യാപകമാണു്, സമഷ്ടി മനസ്സിന്റെ അംശമാണു്. എങ്ങിനെ ആയാലും മനസ്സിനു സിരാചലനം വഴിയായേ ശരീരത്തിൽ വ്യാപരിപ്പാൻ കഴിയൂ. എന്നാൽ യോഗി സിരാചലന ബന്ധത്തിൽനിന്നു തന്നെ മോചിപ്പിച്ചു കഴിയുമ്പോൾ അയാൾക്കു അന്യവസ്തുക്കൾ വഴിയായി വ്യാപരിപ്പാനും ശക്തി ഉണ്ടാകും.

സൂത്രം 40. ഉദാനജയാജ്ജലപങ്കകണ്ടകാദിഷ്വസംഗ ഉൽക്രാന്തിശ്ച

അർത്ഥം: ഉദാനജയാൽ = ഉദാനൻ എന്ന പ്രാണനെ നിയമനം ചെയ്താൽ, ജലപങ്കകണ്ടകാദിഷു = വെള്ളം, ചെളി, മുള്ള്, മുതലായവയിൽ, അസംഗഃ = സ്പർശിക്കായ്മ, ഉൽക്രാന്തിശ്ച = ഉൽക്രമണവും (പ്രയാണകാലത്തു പ്രാണന്റെ ക്ലേശരഹിതമായ വേർപാടും) ഉണ്ടാകുന്നു.

ഉദാനൻ എന്നതു ശ്വാസകോശത്തെയും അതിനു മേൽപ്പോട്ടുള്ള ശരീരത്തെ മുഴുവനും ചേഷ്ടിപ്പിക്കുന്ന സിരാചലനവിശേഷമാകുന്നു. അതിനെ സ്വാധീനമാക്കിയാൽ ശരീരത്തിനു വലുതായ ലാഘവം സിദ്ധിക്കും (ഭയമുണ്ടായിരിക്കയില്ല). അതുകൊണ്ടു വെള്ളത്തിൽ താഴാതിരിയ്ക്കും; മുള്ളിന്മേലും വാളിന്റെ വായിലും നടക്കാം; തീയിലും മറ്റും നിൽക്കാം.

സൂത്രം 41. സമാനജയാജ്ജ്വലനം

അർത്ഥം: സമാനജയാൽ = (സമാനപ്രാണനെ സംയമനം ചെയ്താൽ) ജ്വലനം = ഉജ്ജ്വലനം (ഉണ്ടാകും) തേജോവ്യാപ്തിയാൽ യോഗി ഉജ്ജ്വലിക്കും).

താൻ വിചാരിക്കുമ്പോൾ തന്റെ ശരീരത്തിൽനിന്നു തേജസ്സിന്റെ ജ്വാലകൾ പുറപ്പെടും.

സൂത്രം 42. ശ്രോത്രാകാശയോസ്സംബന്ധസംയമാദ്ദിവ്യം ശ്രോത്രം

അർത്ഥം: ശ്രോത്രാകാശയോഃ = ചെവിയുടേയും ആകാശത്തിന്റേയും, സംബന്ധസംയമാൽ = സംബന്ധത്തിൽ സംയമം ചെയ്താൽ, ദിവ്യം = അമാനുഷമായ, ശ്രോത്രം = ശ്രോത്രേന്ദ്രിയം (സിദ്ധിക്കുന്നു) (ദിവ്യശബ്ദങ്ങൾ കേൾക്കുമാറാകുന്നു).

ആകാശം, ശ്രവണേന്ദ്രിയം ഇവയിന്മേൽ സംയമം ചെയ്താൽ യോഗിക്കു ദിവ്യമായ ശ്രവണേന്ദ്രിയം ഉണ്ടാകും. താൻ എല്ലാ ശബ്ദങ്ങളും കേൾക്കും. എത്രയോ നാഴിക അകലെ എന്തെങ്കിലും ശബ്ദമുണ്ടാകയോ സംസാരിക്കയോ ചെയ്താൽ കേൾക്കാൻ സാധിക്കും.

സൂത്രം 43. കായാകാശയോസ്സംബന്ധസംയമാല്ലഘു തൂലസമാപത്തിശ്ചാകാശഗമനം

അർത്ഥം: കായാകാശയോഃ = ശരീരത്തിന്റെയും ആകാശത്തിന്റെയും സംബന്ധസംയമാൽ = സംബന്ധത്തിങ്കൽ സംയമം ചെയ്താൽ ലഘുതൂലസമാപത്തിഃ = ലഘുവായിരിക്കുന്ന തൂലം (പഞ്ഞി) മുതലായവയോടു സാമ്യം പ്രാപിക്കുന്നതുകൊണ്ടു്, ആകാശഗമനം = ആകാശസഞ്ചാരം (ചെയ്യുന്നതിനുള്ള സിദ്ധി) ഉണ്ടാകുന്നു.

ശരീരത്തിന്റെ പദാർത്ഥം ആകാശമാണു്. ആകാശം അതിന്റെ ഒരു പരിണാമഭേദത്താൽ ശരീരമായിത്തീർന്നിരിക്കയാകുന്നു. യോഗി ഈ ആകാശപദാർത്ഥത്തിന്മേൽ സംയമം ചെയ്താൽ ആകാശത്തിന്റെ ലഘുത്വം ശരീരത്തിനു സിദ്ധിക്കും. അതുകൊണ്ടു് ആകാശത്തൂടെ എവിടെയും പോവാൻ അയാൾക്കു കഴിയും.

സൂത്രം 44. ബഹിരകല്പിതാ വൃത്തിർമ്മഹാവിദേഹം തതഃ പ്രകാശാവരണക്ഷയഃ

അർത്ഥം: ബഹിഃ = വെളിയിൽ, അകല്പിതാ = കല്പിതയല്ലാത്ത, (ശരീരാഹങ്കാരത്തോടുകൂടാതെ പ്രവർത്തിക്കുന്ന), വൃത്തിഃ = ചിത്തവൃത്തി, മഹാവിദേഹം = (മഹാവിദേഹം എന്നു പറയുന്നു), തതഃ = അതിൽ നിന്നു (അതിൽ സംയമം ചെയ്താൽ), പ്രകാശാവരണക്ഷയഃ = പ്രകാശത്തിന്റെ (പ്രകാശരൂപമായ ബുദ്ധി സത്വത്തിന്റെ) ക്ലേശാദികളായ മൂടലുകൾ നശിക്കുന്നു.

മനസ്സു് അതിന്റെ മൗഢ്യത്താൽ അതു ഈ ശരീരത്തിൽ വ്യാപാരിക്കുന്നു എന്നു വിചാരിക്കുന്നു. മനസ്സു് സർവവ്യാപിയാണെങ്കിൽ ഞാൻ എന്തുകൊണ്ടു് ഒരു സിരാവ്യൂഹത്തിൽ മാത്രം ബദ്ധനായി നില്ക്കയും ഒരു ശരീരത്തിൽ മാത്രം അഭിമാനം വച്ചുകൊണ്ടിരിക്കയും ചെയ്യണം. ഒരു കാരണവുമില്ല. യോഗി തനിക്കു ഇഷ്ടമായ ദിക്കിലെല്ലാം ഞാൻ എന്ന ഭാവം (ആത്മാഭിമാനം) വെക്കുവാൻ ആഗ്രഹിക്കുന്നു. അതു സാധിച്ചു കഴിഞ്ഞാൽ പ്രകാശരൂപമായ സത്വത്തിന്റെ ആവരണം (മറ) എല്ലാം പൊയ്പോകയും എല്ലാ അന്ധകാരവും അജ്ഞാനവും മറഞ്ഞു പോകയും ചെയ്യുന്നു. എല്ലാം എനിക്കു ജ്ഞാനമായിത്തോന്നുന്നു.

സൂത്രം 45. സ്ഥൂലസ്വരൂപസൂക്ഷ്മാന്വയാർത്ഥവത്വസംയമാൽ ഭൂതജയഃ

അർത്ഥം: സ്ഥൂലസ്വരൂപസൂക്ഷ്മാന്വയാർത്ഥവത്വസംയമാൽ = സ്ഥൂലം (പ്രത്യക്ഷരൂപം) സ്വരൂപം (ഗന്ധാദികാര്യം) സൂക്ഷ്മം (ഗന്ധതന്മാത്രാദി) അന്വയം (ഗുണങ്ങൾ = തത്വാദികൾ) അർത്ഥവാത്വം (പ്രയോജനം ഭോഗമോക്ഷ സമ്പാദനശക്തി) ഇവയിൽ സംയമം ചെയ്താൽ, ഭൂതജയഃ = പഞ്ചഭൂതജയം (ഉണ്ടാകുന്നു).

യോഗി ഭൂതങ്ങളിൽ സംയമം ചെയ്യുന്നു. ആദ്യം സ്ഥൂലഭൂതങ്ങളിലും ഒടുവിൽ അവയുടെ സൂക്ഷ്മാവസ്ഥകളിലും, ഈ സംയമം ബുദ്ധമതക്കാരിൽ ഒരു വർഗ്ഗക്കാരാണു് അധികം അംഗീകരിക്കുന്നതു്. അവർ ഒരു മൃൽപിണ്ഡം (മൺകട്ട) എടുത്തു അതിന്മേൽ സംയമം ചെയ്യുന്നു. ക്രമേണ അവർ അതിന്റെ അവയവങ്ങളായ അണുദ്രവ്യങ്ങൾ കണ്ടു തുടങ്ങുന്നു. അവയെല്ലാം അറിഞ്ഞു കഴിയുമ്പോൾ ആ ഭൂതത്തെ കീഴടക്കുന്നതിനു അവർക്കു ശക്തി ഉണ്ടാകുന്നു. അതു പോലെ തന്നെ മറ്റു എല്ലാ ഭൂതങ്ങളെ സംബന്ധിച്ചും (ചെയ്യാം). യോഗിക്കു അവയെ എല്ലാം കീഴടക്കാൻ കഴിയും.

സൂത്രം 46. താതോഽണിമാദിപ്രാദുർദാവഃ കായസമ്പത്തദ്ധർമ്മാനഭിഘാതശ്ച

അർത്ഥം: തതഃ = ഭൂതജയം സിദ്ധമായാൽ, അണിമാദി പ്രാദുർഭാവഃ = അണിമാദികളായ ഐശ്വര്യങ്ങളുടെ ഉദയം, കായസമ്പത്തു് = കായസിദ്ധി, തദ്ധർമ്മാനഭിഘാതഃ ച = കായ (ശരീര)ധർമ്മങ്ങളായ രൂപാദികൾ നശിക്കായ്മ ഇവയും ഉണ്ടാകുന്നു.

യോഗിക്കു അഷ്ടസിദ്ധികൾ ഉണ്ടാകുന്നു എന്നാണു് ഇതിന്റെ അർത്ഥം. അണു പോലെ ലഘുവാകാൻ യോഗിക്കു കഴിയും, മഹത്തും ഭൂമിയോളം ഭാരമുള്ളതുമാവാൻ കഴിയും. വായുപോലെ ഘനം കുറഞ്ഞ വസ്തുവായിത്തീരാനും കഴിയും. താൻ വിചാരിക്കുന്ന എല്ലാറ്റിനേയും ശാസിക്കാം. വിചാരിക്കുന്ന എല്ലാറ്റിനേയും കീഴടക്കാം. സിംഹം ആട്ടിൻകുട്ടിയെപ്പോലെ തന്റെ കാൽമുട്ടിന്മേൽ കയറിയിരിക്കും. എല്ലാ ആഗ്രഹവും വിചാരിച്ചവണ്ണം തനിക്കു നിറവേറുകയും ചെയ്യും.

സൂത്രം 47. രൂപലാവണ്യബലവജ്രസംഹനനത്വാദി കായസമ്പൽ

അർത്ഥം: രൂപലാവണ്യബലവജ്രസംഹനനത്വാദി = സൗന്ദര്യം, കാന്തി, ബലം, ദൃഢത, ഇവ, കായസമ്പൽ = ശരീരസിദ്ധി ആകുന്നു.

ശരീരം നാശമില്ലാത്തതായിത്തീരുന്നു. അഗ്നിക്കു അതിനെ ബാധിപ്പാൻ കഴികയില്ല. ഒന്നിനും അതിനെ ബാധിപ്പാൻ കഴികയില്ല. യോഗി ആഗ്രഹിക്കുന്നതുവരെ തന്റെ ശരീരത്തേ ഒന്നിനും ധ്വംസിപ്പാൻ കഴികയില്ല. കാലദണ്ഡത്തെ ഭഞ്ജിച്ചുകൊണ്ടു യോഗി ശരീരത്തോടുകൂടി ഈ ലോകത്തിൽ ജീവിച്ചിരിക്കും. അങ്ങനെയുള്ള ആൾക്കു പിന്നെ രോഗമോ മരണമോ വേദനയോ ഒന്നുമില്ലെന്നു വേദത്തിൽ പറഞ്ഞിട്ടുണ്ടു്.

സൂത്രം 48. ഗ്രഹണസ്വരൂപാസ്മിതാന്വയാർത്ഥവത്വ സംയമാദിന്ദ്രിയജയഃ

അർത്ഥം: ഗ്രഹണസ്വരൂപാസ്മിതാന്വയാർത്ഥവത്വസംയമാൽ = ഗ്രഹണം (ഇന്ദ്രിയവ്യാപാരം) സ്വരൂപം (ഇന്ദ്രിയജ്ഞാനം) അസ്മിത (ഇന്ദ്രിയാനുഗതമായ അഹങ്കാരം) അന്വയം (ഗുണങ്ങൾ, സത്വാദി) അർത്ഥവത്വം (പുരുഷാർത്ഥരൂപമായ പ്രയോജനം) ഇവയിൽ സംയമം ചെയ്താൽ, ഇന്ദ്രിയജയഃ = ഇന്ദ്രിയജയം (സിദ്ധിക്കുന്നു).

വെളിയിലുള്ള വിഷയങ്ങളെ സാക്ഷാൽകരിക്കുമ്പോൾ ഇന്ദ്രിയങ്ങൾ മനസ്സിൽ അവയ്ക്കുള്ള സ്ഥാനം വിട്ടു വിഷയങ്ങളിലേക്കു ചെല്ലുന്നു. ആ വ്യാപാരത്തെ ജ്ഞാനവും, അഹന്തയും യഥാക്രമം പിന്തുടരുന്നു. യോഗി ഇവയിൽ ക്രമേണ സംയമംചെയ്തു ശീലിച്ചാൽ ഇന്ദ്രിയങ്ങൾ കീഴടങ്ങും. കാണുകയോ നശിക്കുകയോ ചെയ്യുന്ന ഏതിനെ എങ്കിലും എടുത്തു നോക്കുക. ദൃഷ്ടാന്തമായി ഒരു പുസ്തകം തന്നെ ആകട്ടെ. ആദ്യം മനസ്സിനെ കണ്ടപ്രകാരമുള്ള ആ വസ്തുവിൽ തന്നെ ഏകാഗ്രപ്പെടുത്തുക. പിന്നെ പുസ്തകാകാരമായി തീർന്നിരിക്കുന്ന ജ്ഞാനത്തിലും അതിനുശേഷം പുസ്തകത്തെ കാണുന്ന അഹംപദാർത്ഥം അല്ലെങ്കിൽ അഹന്തയിലും ഏകാഗ്രപ്പെടുത്തുക. ആ അഭ്യാസത്താൽ ഇന്ദ്രിയങ്ങൾ എല്ലാം വശംവദമാകും.

സൂത്രം 49. തതോമനോജവിത്വം വികരണഭാവഃ പ്രധാനജയശ്ച

അർത്ഥം: തതഃ = ഇന്ദ്രിയജയം സിദ്ധിച്ചാൽ മനോജവിത്വം = ശരീരത്തിനു മനസ്സിനു എന്നപോലെ ശീഘ്രഗതിസാമർത്ഥ്യം, വികരണഭാവഃ = ശരീരാപേക്ഷ കൂടാതെയുള്ള ഇന്ദ്രിയവ്യാപാരം, പ്രധാനജയശ്ച = പ്രകൃതിജയം (സർവവശീകാരം) (ഇവ സിദ്ധിക്കുന്നു).

ഭൂതജയം കൊണ്ടു കായസിദ്ധി ഉണ്ടാകുന്നതുപോലെ മനോജയംകൊണ്ടു മനസ്സിദ്ധിയുമുണ്ടാകുന്നു.

സൂത്രം 50. സത്വപുരുഷാന്യതാഖ്യാതിമാത്രസ്യ സർവഭാവാധിഷ്ഠതൃത്വം സർവജ്ഞാതൃത്വം ച

അർത്ഥം: സത്വപുരുഷാന്യതാഖ്യാതിമാത്രസ്യ = സത്വപുരുഷന്മാരുടെ (ബുദ്ധിയുടേയും ആത്മാവിന്റെയും) അന്യതാഖ്യാതി (ഭേദജ്ഞാനം, വിവേകം) മാത്രമായി സ്ഥിതിചെയ്യുന്ന യോഗിക്കു് സർവഭാവാധിഷ്ഠതൃത്വം = സർവവ്യാപകത്വവും, സർവജ്ഞാതൃത്വം ച = സർവജ്ഞത്വവും (സിദ്ധിക്കുന്നു).

പ്രകൃതിയെ കീഴടക്കി പുരുഷനും പ്രകൃതിയ്ക്കും തമ്മിലുള്ള ഭേദത്തെ സാക്ഷാൽകരിക്കുമ്പോൾ അതായതു്, പുരുഷൻ അനശ്വരനും ശുദ്ധനും പൂർണ്ണനും ആണെന്നു യോഗി സ്വാനുഭവം കൊണ്ടു കാണുമ്പോൾ സർവശക്തിമത്വവും സർവജ്ഞത്വവും ഉണ്ടാകും.

സൂത്രം 51. തദ്വൈരാഗ്യാദപി ദോഷബീജക്ഷയേ കൈവല്യം

അർത്ഥം: തദ്വൈരാഗ്യാൽ അപി = മേല്പറഞ്ഞ സിദ്ധികളിൽ കൂടിയും വിരക്തി വന്നാൽ, ദോഷബീജക്ഷയേ = രാഗാദികളുടെ ബീജമായ അവിദ്യാദികളുടെ ക്ഷയം ഉണ്ടായിട്ടു്, കൈവല്യം = (ഏകത്വം) ആത്യന്തിക ദുഃഖനിവൃത്തി (മോക്ഷം ഉണ്ടാകുന്നു).

ഇങ്ങനെ യോഗിക്കു കൈവല്യം, ഏകത്വം, താൻ മാത്രമാകുക, എന്ന അവസ്ഥ, നിരാശ്രയത്വം ഉണ്ടാകുന്നു. അപ്പോൾ അയാൾ മുക്തനായി. യോഗി സർവശക്തിമത്വം സർവജ്ഞത്വം ഇവയുടെ വിചാരങ്ങൾ കൂടി വിട്ടുകളയുമ്പോൾ ഭോഗങ്ങളുടെ അത്യന്തികമായ ത്യാഗം ഉണ്ടാകുന്നു. അതായതു ദേവതകളുടെ പ്രലോഭനങ്ങളിൽക്കൂടിയും വിരക്തി വരുന്നു. ഈ അത്ഭുതസിദ്ധികൾ എല്ലാം കണ്ടു് അവയെ എല്ലാം ഉപേക്ഷിച്ചാൽ ഉദ്ദിഷ്ടസ്ഥാനത്തിൽ എത്തുന്നു. ഈ സിദ്ധികൾ എല്ലാം എന്താണു്? വെറും സ്വപ്നം പോലെ തോന്നലുകൾ; സ്വപ്നം പോലെ നിസ്സാരങ്ങൾ. സർവശക്തിമത്വം കൂടിയും ഒരു സ്വപ്നം തന്നെ. അതു മനസ്സിനെ ആശ്രയിച്ചിരിക്കുന്നു; മനസ്സുള്ള കാലംവരെ അതിന്റെ അറിവുണ്ടാകും. എന്നാൽ ഉദ്ദിഷ്ടസ്ഥാനം മനസ്സിന്റെയും അപ്പുറത്താകുന്നു.

സൂത്രം 52. സാന്യുപനിമന്ത്രണേസംഗസ്മയാകരണം പുനരനിഷ്ടപ്രസംഗാൽ

അർത്ഥം: സ്ഥാന്യുപനിമന്ത്രണേ = ദേവന്മാരുടെ പ്രലോഭനങ്ങളിൽ, സംഗസ്മയാകരണം = ആസക്തിയും അഭിമാനവും വയ്ക്കാതിരിക്കണം, പുനരിനിഷ്ട പ്രസംഗാൽ = (അല്ലെങ്കിൽ) വീണ്ടും അനിഷ്ടം (സംസാരം) സംഭവിക്കാമെന്നുള്ളതുകൊണ്ടു്.

വേറെ ആപത്തുകളും ഉണ്ടു്. ദേവന്മാരും മറ്റ് ആത്മാക്കളും യോഗിയെ പ്രലോഭിപ്പിക്കാൻ നോക്കും. ആരും പൂർണ്ണമുക്തിപദം പ്രാപിക്കുന്നതു് അവർക്കിഷ്ടമല്ല. അവർക്കു നമ്മെപ്പോലെതന്നെ അസൂയ ഉണ്ടു്. ചിലപ്പോൾ അവർ ആ സംഗതിയിൽ നമ്മേക്കാൾ ചീത്തയായും ഇരുന്നേക്കും. അവർക്കു് അവരുടെ സ്ഥാനഭ്രംശത്തെപ്പറ്റി വലിയ ഭയമാണു്. മുക്തി സിദ്ധിക്കാത്ത യോഗികൾ മരിച്ചാൽ ദേവന്മാരായിത്തീരുന്നു. നേരെയുള്ള പന്ഥാവിൽനിന്നു തെറ്റി പാർശ്വത്തിലുള്ള വഴികളിൽ ഒന്നിൽകൂടിപോയിട്ടു അവർ സിദ്ധികളെ സമ്പാദിക്കുന്നു. അവർക്കു വീണ്ടും ജന്മമുണ്ടാകും. എന്നാൽ ഈ പ്രലോഭനങ്ങളെ എല്ലാം എതിർത്തുകൊണ്ടു ലക്ഷ്യത്തിലേക്കു നേരെപോവാൻ വേണ്ടത്ര ശക്തിയുള്ളവൻ മുക്തനായും തീരുന്നു.

സൂത്രം 53. ക്ഷണതൽക്രമയോഃ സംയമാൽ വിവേകജം ജ്ഞാനം

അർത്ഥം: ക്ഷണതൽക്രമയോഃ = കാലത്തിന്റെ അന്ത്യാവയവമായ ക്ഷണത്തിലും അതിന്റെ പൗർവാപര്യക്രമത്തിലും, സംയമാൽ = സംയമം ചെയ്താൽ വിവേകജം = മേൽ പ്രസ്താവിച്ച വിവേകതത്തിൽനിന്നുളള, ജ്ഞാനം = ജ്ഞാനം (ഉണ്ടാകുന്നു).

നമുക്കു് എങ്ങിനെ ദേവന്മാർ, സ്വർഗ്ഗം, ഐശ്വര്യസിദ്ധികൾ ഇവയെ നിരസിക്കാം? വിവേകത്താൽ, അതായതു ദോഷത്തിൽ നിന്നു ഗുണത്തെ തിരിച്ചറിയുന്നതിനാൽ, അതുകൊണ്ടു വിവേകശക്തിയെ ബലപ്പെടുത്തുന്നതിനുള്ള സംയമം ഇവിടെ പറയപ്പെട്ടു. അതു ക്ഷണത്തിന്മേൽ സംയമം ചെയ്തിട്ടാണു് ഉണ്ടാവുക.

സൂത്രം 54. ജാതിലക്ഷണദേശൈരന്യതാനവച്ഛേദാതു് തുല്യയോസ്തതഃ പ്രതിപത്തിഃ

അർത്ഥം: ജാതിലക്ഷണദേശൈഃ = ജാതി, ലക്ഷണം, ദേശം ഈ ഭേദകധർമ്മങ്ങളാൽ, അന്യതാനവച്ഛേദാൽ = ഭേദനിർണ്ണയം ചെയ്വാൻ പാടില്ലാത്തവണ്ണം, തുല്യയോഃ = തുല്യങ്ങളായ രണ്ടു വസ്തുക്കളുടെ, പ്രതിപത്തിഃ = ഭേദജ്ഞാനം, തതഃ = മേൽപറഞ്ഞ വിവേകജ്ഞാനത്താൽ (ഉണ്ടാകുന്നു).

നമ്മുടെ കഷ്ടാനുഭവങ്ങൾ എല്ലാം അജ്ഞാനം കൊണ്ടു് അതായതു് അസത്യത്തിൽനിന്നു് സത്യത്തെ തിരിച്ചറിയായ്മകൊണ്ടു് ഉണ്ടാകുന്നതാണു്. നാം എല്ലാവരും ചീത്തയെ നല്ലതെന്നും ഭ്രാന്തിയെ സത്യമെന്നും വിചാരിക്കുന്നു. ആത്മാവു് ഒന്നുമാത്രമെ സത്യമായുള്ളു. അതു നാം മറന്നുപോകയും ചെയ്തിരിക്കുന്നു. ശരീരം ഒരു വെറും സങ്കല്പം അല്ലെങ്കിൽ സ്വപ്നം മാത്രമാണു്. എന്നാൽ നാം എല്ലാവരും ശരീരം എന്നാണു് നാം വിചാരിക്കുക. അതുകൊണ്ടു് ഈ അവിവേകം (തിരിച്ചറിയായ്മ) ആണു് കഷ്ടൃതക്കു നിമിത്തം. അതു് അജ്ഞാനം കൊണ്ടുണ്ടാകുന്നതുമാണു്. വിവേകം ഉണ്ടാകുമ്പോൾ മനഃശ്ശക്തിയുണ്ടാകുന്നു. അപ്പോൾ മാത്രമേ ശരീരം, സ്വർഗ്ഗം, ഈശ്വരന്മാർ, ദേവന്മാർ, ഇങ്ങിനെയുള്ള നാനാവിധ സങ്കല്പങ്ങളെ നിരസിപ്പാൻ നമുക്കു സാധിക്കൂ. ഈ അജ്ഞാനം ജാതി, ലക്ഷണം, ദേശം ഇവ മൂലമായി വസ്തുക്കളെ വേർതിരിച്ചു ഗ്രഹിക്കുന്നതിൽ നിന്നുണ്ടാകുന്നതാണു്. ദൃഷ്ടാന്തമായി ഒരു പശുവിനെപ്പറ്റി വിചാരിക്കുക. പശുവിനെ ഒരു പട്ടിയിൽ നിന്നു വേർതിരിച്ചറിയുന്നതു ജാതി കൊണ്ടാകുന്നു. പശുക്കളിൽത്തന്നെ ഒന്നിൽനിന്നു മറ്റൊന്നിനെ നാം എങ്ങിനെയാണു് വേർതിരിച്ചറിയുന്നതു്? ലക്ഷണങ്ങൾ (അടയാളങ്ങൾ) കൊണ്ടു്. രണ്ടു വസ്തുക്കൾ ശരിയായും തുല്യമായുമിരുന്നാൽ രണ്ടു സ്ഥലത്താണെങ്കിൽ അതുകൊണ്ടു് അവയെ തിരിച്ചറിയാം. ഈ ഭേദകങ്ങൾ ഒന്നു കൊണ്ടും വ്യാവർത്തിച്ചറിവാൻ പാടില്ലാത്തവിധം അത്ര സങ്കലിതമായ വസ്തുക്കളെ തിരിച്ചറിവാനുള്ള ശക്തി മേൽപറഞ്ഞ അഭ്യാസത്താൽ ഉണ്ടാകുന്ന വിവേകം യോഗിക്കു നൽകുന്നു. പുരുഷൻ ശുദ്ധനും പൂർണ്ണനുമാണു്. പ്രപഞ്ചത്തിലുള്ള എല്ലാറ്റിലും വച്ചു് കേവലമായി അതായതു് അസമ്മിശ്രമായിരിക്കുന്ന ഏകവസ്തുവാണു്. ഈ തത്വത്തെ ആധാരമാക്കിയാണു് യോഗശാസ്ത്രത്തിന്റെ ഏറ്റവും ഉയർന്ന സിദ്ധാന്തങ്ങൾ സ്ഥാപിതങ്ങളായിരിക്കുന്നതു്. ശരീരവും മനസ്സും മിശ്രവസ്തുക്കളാണു്. എങ്കിലും അവയെ ആണു് നമ്മൾ നാം എന്നു അഭിമാനിക്കുന്നതു്. ഈ വിവേകം (തിരിച്ചറിവ്) നഷ്ടമായിപ്പോയതാണു് വലിയ അബദ്ധം. വിവേകജ്ഞാനം സിദ്ധമാകുമ്പോൾ ആണു് ഈ പ്രപഞ്ചത്തിൽ മാനസികമോ ശാരീരമോ ആയ ഏതെല്ലാം ഉണ്ടോ അതൊക്കെയും മിശ്രവസ്തുവാണെന്നും അതുകൊണ്ടു് അതൊന്നും കേവലനായ പുരുഷൻ അല്ലെന്നും മനസ്സിലാകുന്നതു്.

സൂത്രം 55. താരകം സർവവിഷയം സർവഥാവിഷയമക്രമം ചേതിവിവേകജം ജ്ഞാനം

അർത്ഥം: താരകം = സംസാരത്തിന്റെ മറുകരകടത്തുന്ന, വിവേകജം ജ്ഞാനം = വിവേകജന്യമായ അറിവു്, സർവവിഷയം സർവത്തെയും അറിയുന്നതു, സർവഥാവിഷയം = എല്ലാപ്രകാരത്തിലും അറിയുന്നതു്, അക്രമം പൂർവാപരവ്യവസ്ഥകുടാതെ ഏകക്ഷണത്തിൽ ഒന്നായി അറിയുന്നതു് ഇതി ച = ഇപ്രകാരം (അറിയപ്പെട്ടിരിക്കുന്നു).

തനിയെ ആകുക, അതാണു് ലക്ഷ്യം. അതു സാധിച്ചാൽ ആത്മാവു് എക്കാലത്തും കേവലമായി നിന്നിരുന്നു എന്നും അതിന്റെ സുഖത്തിന്നായി ഒരാളുടേയും സഹായം ആവശ്യമായിരുന്നില്ലെന്നും അതു കാണും. നമ്മുടെ സുഖത്തിന്നായി നാം വേറോരാളെ ആശ്രയിക്കേണ്ടിവരുന്ന കാലം അത്രയും നാം അടിമകളാകുന്നു. പുരുഷൻ (ആത്മാവ്) എപ്പോൾ താൻ മുക്തനാണെന്നും, തന്റെ പൂർണ്ണതക്കായി താൻ മറ്റൊന്നിനേയും ആവശ്യപ്പെടുന്നില്ലെന്നും, ഇക്കാണുന്ന പ്രപഞ്ചം അതായതു പ്രകൃതി വെറും അനാവശ്യമാണെന്നും കാണുന്നുവോ അപ്പോൾ സ്വാതന്ത്ര്യം സിദ്ധമായി; അപ്പോൾ ആണു് “കൈവല്യം” എന്നു പറയുന്നതു്.

സൂത്രം 56. സത്വപുരുഷയോഃ ശുദ്ധിസാമ്യേ കൈവല്യം

അർത്ഥം: സത്വപുരുഷയോഃ = സത്വത്തിനും (ബുദ്ധിക്കും) പുരുഷനും, ശുദ്ധിസാമ്യേ = ഒന്നുപോലെ ശുദ്ധിയുണ്ടാകുമ്പോൾ, കൈവല്യം = കൈവല്യം (മോക്ഷം സിദ്ധിക്കുന്നു).

പുരുഷൻ എപ്പോൾ ലോകത്തിൽ ഈശ്വരന്മാർ മുതൽ ഏറ്റവും തുച്ഛമായ അണുവരെയുള്ള യാതൊന്നിനേയും താൻ ആശ്രയിക്കുന്നില്ലെന്നു അനുഭവം കൊണ്ടു കാണുമോ അതിനാണു് കൈവല്യം, (തനിയെനില്പു്), മുക്തി, പൂർണ്ണത എന്നൊക്കെ പറയുന്നതു്. അതു, മനസ്സെന്നുപറയുന്ന ഗുണദോഷസമ്മിശ്രമായ വസ്തു സാക്ഷാൽ പുരുഷനെപ്പോലെതന്നെ നിർമ്മലമായി ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്നു. അപ്പോൾ സത്വം (മനസ്സു്) കേവലമായ പരിശുദ്ധതയുടെ സാരഭൂതനായ ആത്മാവിനെമാത്രം വിഷയമാക്കുന്നു. വിഭൂതിപാദം കഴിഞ്ഞു.

കുറിപ്പുകൾ
[1]

മൂന്നാമതു സൂത്രത്തിനു് ഇവിടെ യഥോക്തമായ അർത്ഥമാണു് കൊടുത്തിട്ടുള്ളതു്. വ്യാസഭാഷ്യത്തിലും രാജമാർത്താണ്ഡവൃത്തിയിലും ഈ അർത്ഥം തന്നെയാണു് കാണിച്ചിരിക്കുന്നതു്. സ്വാമിയുടെ വ്യാഖ്യാനം സ്വല്പം ഭേദിച്ചിട്ടാകുന്നു

[10]

ഈ പദങ്ങൾ ചില പാഠങ്ങളിലില്ല

[11]

അരിഷ്ടങ്ങൾ അദ്ധ്യാത്മം, അധിഭൂതം, അധിദൈവം ഇങ്ങനെ മൂന്നു വിധം. ചെവിപൊത്തിയാൽ മുഴക്കം കേൾക്കായ്ക മുതലായതു്, വികൃതരൂപങ്ങൾ കാണുക മുതലായതു്, പെട്ടെന്നു് സ്വർഗ്ഗാദിദർശനം ഇവ യഥാക്രമം ദൃഷ്ടാന്തങ്ങൾ

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.