images/Moonlight.jpg
Coast Scene by Moonlight, a painting by Abraham Pether (1756–1812).
ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു
അയ്മനം ജോൺ

ഇന്നത്തെ തപാലിലാണു് അതു കിട്ടിയതു്. ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറിക്കു വേണ്ടി ടേൺ ഓഫ് സെഞ്ചറി മാർക്കറ്റിങ് കൺസൾട്ടൻസി (ടി. ഒ. സി.) തയ്യാറാക്കിയ മാർക്കറ്റ് സർവേ റിപ്പോർട്ടിന്റെ കരടുപതിപ്പു്.

ടി. ഒ. സി.-യിൽ മാർക്കറ്റ് അനലിസ്റ്റായ മരുമകൻ വിനീതു് മേനോൻ (വീട്ടിൽ ഉണ്ണിയെന്നു് വിളിക്കും) എനിക്കു് അയച്ചുതന്നതാണു് അതു്.

എന്റെ എഴുപതാം പിറന്നാളിനു് വന്നപ്പോഴായിരുന്നു എന്നു തോന്നുന്നു കളി കഴിഞ്ഞു് മുറിയിലേക്കു് കയറിച്ചെല്ലവേ, എന്നെ നോക്കി ഉണ്ണി ചോദിച്ചതു്: “ഓഹോ… അമ്മാവൻ ഇപ്പോഴും ഹരിതാഭ തന്നെയാണോ തേക്കുന്നതു്?”

“ഉം? എന്തേ?” ചോദ്യത്തിനു പിന്നിൽ ഉണ്ണി എന്തോ ഒളിച്ചിട്ടുണ്ടെന്നു് എനിക്കു് തോന്നി.

“ഹരിതാഭ പൂട്ടാൻ പോകുകയാണു് അമ്മാവാ… അമ്മാവൻ അറിഞ്ഞില്ലേ?” എന്നിട്ടു് മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെ നോക്കി ഉണ്ണി തുടർന്നു:

“ഞങ്ങളായിരുന്നു കഴിഞ്ഞ മാർക്കറ്റ് സർവേ. റിപ്പോർട്ട് ഡ്രാഫ്റ്റ് ചെയ്തതു് ഞാനാ… എ. ജി. എമ്മിൽ റിപ്പോർട്ട് പ്ലേസ് ചെയ്തപ്പോൾ വലിയ ബഹളം നടന്നെന്നു് കേൾക്കുന്നു. ഒടുവിൽ കമ്പനി പൂട്ടാൻ തീരുമാനിച്ചു. പണ്ടത്തെ അടിപൊളി ബ്രാൻഡാണെന്നു പറഞ്ഞു് പുതിയ ജയന്റ്സിനു മുന്നിൽ ഈ ഒരൊറ്റ പ്രോജക്ടുകൊണ്ടു് എത്ര കാലമാ പിടിച്ചുനിൽക്കാൻ പറ്റുന്നതു്?”

കേട്ടതു് ഒരു മരണവാർത്തപോലെ എനിക്കു തോന്നി. ഇല്ലിക്കാടു് കടവിലെ അലക്കുകല്ലിനു മുകളിൽ കയറ്റിനിർത്തി അമ്മ തേച്ചുകുളിപ്പിച്ചിരുന്ന കാലംമുതൽ എന്നെ പിന്തുടരുന്ന ഹരിതാഭയുടെ പാലപ്പൂ ഗന്ധം ഇല്ലാതാവാൻ പോകുന്നുവെന്നോ? പുഴവെള്ളത്തിലൊഴുകിപ്പോയ അതിന്റെ വർണക്കുമിളകളിലൊന്നുപോലെ ഹരിതാഭയും ഒഴുക്കിലൊരിടത്തുവെച്ചു് പൊട്ടിത്തകരുന്നുവെന്നോ? എന്റെ ജീവിതത്തോടൊപ്പം ഇത്ര കാലവും ഉണ്ടായിരുന്ന ആ മികച്ച ഉത്പന്നം അതിന്റെ വിപണിയിൽ പരാജയപ്പെട്ടതു് എങ്ങനെ എന്നറിയാൻ എനിക്കാഗ്രഹമുണ്ടായി.

അന്നു് വൈകുന്നേരം ഉണ്ണി മടങ്ങിയപ്പോൾ ആ മാർക്കറ്റ് സർവേ റിപ്പോർട്ട് ഒന്നു് കിട്ടിയാൽ കൊള്ളാമായിരുന്നു എന്നു ഞാൻ പറഞ്ഞയച്ചിരുന്നു. അവൻ തയ്യാറാക്കിയതാണെന്നറിഞ്ഞപ്പോൾ വായിക്കാൻ താത്പര്യം തോന്നിയിട്ടാണു് എന്നു് ഒരു ന്യായവും പറഞ്ഞു.

images/aymanam-harithabha-1.png

ഇന്നു് പകൽ മുഴുവൻ ഞാൻ ആ റിപ്പോർട്ട് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെളിച്ചം കുറഞ്ഞ കമ്പ്യൂട്ടർ പ്രിന്റൗട്ട് കണ്ണുകൾക്കു് കൂടെക്കൂടെ ഇടർച്ചകൾ ഉണ്ടാക്കിയിട്ടും ആരാധ്യനായ വീരപുരുഷന്റെ ജീവചരിത്രം വായിക്കുന്നത്ര താത്പര്യത്തോടെയാണു് ഞാൻ അതു് വായിച്ചുതീർത്തതു്.

റിപ്പോർട്ടിന്റെ ആദ്യ ഭാഗം മുഴുവൻ സോപ്പുവിപണിയെപ്പറ്റിയുള്ള സ്ഥിതി വിവരക്കണക്കുകളാണു്. കഴിഞ്ഞ ഓരോ ദശകത്തിലെയും ഇന്ത്യക്കാരുടെ ശരാശരി സോപ്പുപയോഗം (ഗ്രാം കണക്കിൽ), മറ്റു് ഏഷ്യൻ രാജ്യങ്ങളിലെ ശരാശരി സോപ്പുപയോഗവുമായുള്ള താരതമ്യങ്ങൾ, ഭിന്ന സംസ്ഥാനങ്ങളിൽ, ഭിന്നകാലാവസ്ഥകളിലെ കുളികളുടെ എണ്ണം, ഓരോ കുളിയിലും ഉപയോഗിക്കുന്ന സോപ്പിന്റെ ശരാശരി തൂക്കത്തിൽ ദശകങ്ങൾതോറും രേഖപ്പെടുത്തിയ വ്യതിയാനങ്ങൾ, കുളിക്കാനെടുക്കുന്ന സമയം നാൾക്കുനാൾ കുറഞ്ഞു വരുന്നതിന്റെ ശതമാനക്കണക്കുകൾ, പുഴയിൽ കുളിക്കുന്നവരുടെ എണ്ണത്തിൽ വന്ന ഇടിവുകൾ, കുളിയിലും സോപ്പുപയോഗത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിലെ സോപ്പുവിപണിയെ സംബന്ധിച്ച പ്രത്യേക കണക്കുകൾ… എന്നിങ്ങനെ.

രണ്ടാം ഭാഗത്താണു്, ഹരിതാഭയെപ്പറ്റിയുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും.

മുപ്പതുകളിൽ ഉത്പാദനം തുടങ്ങിയ ഹരിതാഭ ഏതാണ്ടു് ആദ്യത്തെ പത്തു് വർഷങ്ങൾകൊണ്ടുതന്നെ ഇന്ത്യൻ സോപ്പുവിപണിയിൽ പ്രീമിയർ സോപ്പുകളുടെ പറുദീസയായ ദക്ഷിണേന്ത്യൻ മാർക്കറ്റിൽ അറുപതു ശതമാനം മാർക്കറ്റ് ഷെയർ നേടിയെടുക്കുകയും പിന്നീടു് രണ്ടു് ദശകങ്ങളോളം അതു് ഭദ്രമായി നിലനിർത്തിയിട്ടു് ക്രമേണ മാർക്കറ്റ് ഷെയർ താഴ്‌ന്നു് എഴുപതുകൾ കഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞു് ഇന്നത്തെ ഏഴു്–എട്ടു് ശതമാനത്തിൽ എത്തുകയും ചെയ്തതായി റിപ്പോർട്ട് പ്രാരംഭചരിത്ര വിവരണത്തിൽ പറയുന്നു. ആരംഭം മുതൽ ഇന്നോളവും പ്രകൃതിദത്തമായ എണ്ണകളും സുഗന്ധദ്രവ്യങ്ങളും മാത്രം ഉപയോഗിച്ചു് നിർമ്മിക്കപ്പെട്ടിട്ടുള്ള ഹരിതാഭ, അതിന്റെ കിടയറ്റ ഗുണമേന്മേയാൽ എക്കാലവും മുൻനിരയിൽ നിൽക്കുമെന്നു് മൂഢമായി വിശ്വസിച്ച മാനേജ്മെന്റിനെ പരിഹസിക്കുന്നതാണു് പിന്നീടുള്ള ഓരോ കണ്ടെത്തലും. ടി. ഒ. സി.യുടെ അഭിപ്രായത്തിൽ പൂക്കളെയും പുഴകളെയും എന്നപോലെ കൺസ്യൂമർ ഉത്പന്നങ്ങളെയും കാമുകഹൃദയങ്ങൾകൊണ്ടു് സ്നേഹിച്ചിരുന്നവരുടെ തലമുറകൾ ഇക്കാലയളവിൽ പാതിയിലേറെ മാഞ്ഞുകഴിഞ്ഞു. പുതുതലമുറ ഒരുത്പന്നത്തെയും കണ്ണിനും മൂക്കിനും ചെവിക്കുമൊക്കെയപ്പുറം കടക്കാൻ അനുവദിക്കുന്നതേയില്ല. അവരുടെ കണ്ണുകളും കാതുകളും എന്നും പുതുകാഴ്ചകൾക്കും പുതുകേൾവികൾക്കും പിന്നാലെ പോകുന്നു. ഉത്പന്നങ്ങൾ പോയിട്ടു് സ്വഭവനങ്ങൾപോലും സ്ഥിരമായി സ്നേഹിക്കപ്പെടുന്നില്ല. ഹരിതാഭയാകട്ടെ, ഈ നീണ്ട കാലയളവിൽ സോപ്പിന്റെ ആകൃതിയിലോ നിറത്തിലോ എന്തിനു് റാപ്പറിൽപോലുമോ എന്തെങ്കിലും മാറ്റം വരുത്തിയിരുന്നില്ല—റാപ്പറിന്റെ കോണിലെ നിർമ്മാണത്തീയതിയിലൊഴികെ. പുതുവർണ്ണങ്ങളിലും പുതുഗന്ധങ്ങളിലും പുതുനാമങ്ങളിലും ഒന്നൊന്നായി എത്തിക്കൊണ്ടിരുന്ന ബോംബെ സോപ്പുത്പന്നങ്ങൾ ഹരിതാഭയുടെ ടെറിട്ടറിയിലേക്കു് ശക്തമായ നുഴഞ്ഞുകയറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴും ഹരിതാഭ മാനേജ്മെന്റ് ബ്യൂട്ടിസോപ്പിന്റെ ഗുണനിഷ്കർഷകൾ ആവർത്തിച്ചാവർത്തിച്ചു് ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. ഫലമോ? അറുപതുകൾവരെ പതിനേഴുമുതൽ ഇരുപത്തിനാലുവരെയുള്ള മനോഹര സംഖ്യകൾക്കിടയിലായിരുന്ന ഹരിതാഭാ ഉപഭോക്താക്കളുടെ ശരാശരി പ്രായം എഴുപതുകൾ മുതൽ ക്രമാതീതമായി ഉയർന്നു് ഇന്നത്തെ ആശങ്കാകുലമായ നാല്പതു്– അറുപതുകൾക്കിടയിലെത്തി നിൽക്കുന്നു (ഉപഭോക്താക്കളുടെ ശരാശരി വയസ്സു് മുപ്പതിനുമേൽ ഉയർന്നു കഴിഞ്ഞാൽ ഒരു കൺസ്യുമർ ഉത്പന്നത്തിനു്, ചെവിയോർത്താൽ മരണമണി കേൾക്കാമെന്നു് റിപ്പോർട്ടിൽ അടിവരയിട്ടു് പറയുന്നു. “After thirty, man is a back number” എന്ന സാർത്രിന്റെ വാചകവും ഇവിടെ ഉദ്ധരിച്ചു് ചേർത്തിട്ടുണ്ടു്). പുതുതലമുറയുടെ അഭിരുചി എന്തെന്നറിയുവാൻ ടി. ഒ. സി. റാൻഡം സെലക്ഷൻ മെതേഡിൽ പതിനേഴു്–ഇരുപത്തിനാലുകാർക്കിടയിൽ നടത്തിയ അന്വേഷണത്തിൽ സൗന്ദര്യസോപ്പുകൾ ഓരോന്നിന്റെയും പേരിനോടൊപ്പം ഓർക്കാനുതകുന്ന ഒരു സിനിമാനടിയുടെ പേരു് പറയാൻ ആവശ്യപ്പെട്ടപ്പോൾ ഹരിതാഭയുടെ പേരിനു് കിട്ടിയ ഉത്തരങ്ങൾ ഹേമമാലിനി, വൈജയന്തിമാല കെ. ആർ. വിജയ എന്നൊക്കെയായിരുന്നത്രെ!

സോപ്പുവിപണിയിൽ പരസ്യങ്ങളുടെ പ്രാധാന്യമെന്താണെന്നു തിരിച്ചറിയാതെപോയ ഹരിതാഭ മാർക്കറ്റിങ് ടീമിനെ ടി. ഒ. സി. ഏറെ വിമർശിച്ചിട്ടുണ്ടു്. ബോംബെ സോപ്പുത്പാദകർ വർഷംതോറും മൂന്നും നാലും കോടി രൂപ ഓരോ ബ്രാൻഡിന്റെയും പരസ്യത്തിനായി ചെലവിടുമ്പോൾ വെറും മുപ്പതോ നാല്പതോ ലക്ഷം മുടക്കിയാണു് ഹരിതാഭ അതിന്റെ അതിർത്തിസംരക്ഷണത്തിനു് മുതിരുന്നതു് എന്നു് റിപ്പോർട്ടിൽ അത്ഭുതപ്പെടുന്നു (ശത്രുക്കളാൽ ചുറ്റപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിരോധ ബജറ്റിനോളം പ്രധാനമാണു് ഇന്നത്തെ വിപണിയിൽ ഒരു സോപ്പിന്റെ പരസ്യബജറ്റ് എന്നു് ടി. ഒ. സി.). തുലോം പരിമിതമായ ഈ തുകകൊണ്ടു് ഹരിതാഭ നല്കിക്കൊണ്ടിരിക്കുന്ന പരസ്യങ്ങൾ എത്ര അനാകർഷകങ്ങളാണെന്നും ടി. ഒ. സി. സ്ഥാപിക്കുന്നുണ്ടു്. നുരഞ്ഞു പൊന്തുന്ന കടൽത്തിരയിൽ ബിക്കിനിയിട്ടു് നീന്തിത്തുടിക്കുന്ന സുന്ദരിയുടെയും മനോഹരമായ ഒരു വെള്ളച്ചാട്ടത്തിനു നടുവിൽ ആലിംഗനം ചെയ്തു നിന്നു് കുളിക്കുന്ന താരദമ്പതികളുടെയുമൊക്കെ ആകർഷണീയ ചിത്രങ്ങളുള്ള പ്രീമിയം സോപ്പുകളുടെ പരസ്യലോകത്തു് ഹരിതാഭയുടെ ആനയെ കുളിപ്പിക്കുന്ന പരസ്യചിത്രം ഏതു കണ്ണുപൊട്ടന്റെ ഭാവനയാണെന്നു് ടി. ഒ. സി. അമ്പരക്കുന്നു. മുഖം മാത്രം പുറത്തു കാട്ടി സർവ്വാഭരണവിഭൂഷിതയായി സ്വർണ്ണത്തേരിലിരിക്കുന്ന രാജകുമാരിയുടെ ചിത്രമുള്ള മറ്റൊരു ഹരിതാഭ പരസ്യത്തെപ്പറ്റി ടി. ഒ. സി. പറയുന്നതു്—ഇന്നത്തെ മാർക്കറ്റിൽ ഉടലിന്റെ ഇടപെടലില്ലാതെ മുഖകാന്തി മാത്രം കാട്ടി ഒരു സോപ്പും വില്ക്കാനാവില്ല എന്നാണു്. ഹരിതാഭയുടെ സുവർണ്ണകാലത്തു്, ബോംബെയിലെ സുന്ദരിയായ ഒരു പരസ്യമോഡലിനെ വെറും പതിനയ്യായിരം രൂപയ്ക്കു് കരാറാക്കാമെന്നു പറഞ്ഞു് ഹരിതാഭയെ സമീപിച്ച പരസ്യ ഏജൻസിയോടു് അന്നത്തെ മാർക്കറ്റിങ് മാനേജർ, “ഒന്നു് പല്ലു് കാട്ടുന്നതിനു് പതിനയ്യായിരം രൂപയോ? അവളാരു് ക്ലിയോപാട്രയോ?” എന്നു് ചോദിച്ചു് ഓഫർ നിരസിച്ച കഥയും റിപ്പോർട്ടിൽ പറയുന്നുണ്ടു്.

എഴുപതുകളിൽ ബോംബെ ചലച്ചിത്രലേകത്തിലെ പ്രശസ്ത താരമായി രൂപാന്തരപ്പെട്ട ആ പരസ്യമോഡലിനെ അന്നു് ഹരിതാഭ കരാറാക്കിയിരുന്നെങ്കിൽ കൈവരുമായിരുന്ന ബോംബെയിലെ മാർക്കറ്റ് ഷെയർ ടി. ഒ. സി. അനുമാനിക്കുന്നുണ്ടു്. ആ പരസ്യത്തിനു് കൊടുക്കേണ്ടിയിരുന്ന പതിനയ്യായിരം രൂപ യഥാർത്ഥത്തിൽ ഹരിതാഭയ്ക്കു് ചെലവാകുന്നില്ലെന്നും ഏതു് ഉത്പന്നത്തിന്റെയും പരസ്യച്ചെലവു് ആത്യന്തികമായി ഉപഭോക്താവു് തിരിച്ചു നല്കുന്നതാണെന്നു മനസ്സിലാക്കാനുള്ള മാർക്കറ്റിങ് ബുദ്ധി ഹരിതാഭയുടെ മാർക്കറ്റിങ് വിഭാഗത്തിനു് ഇല്ലാതെ പോയതിൽ ടി. ഒ. സി. ഖേദിക്കുന്നു.

പരസ്യങ്ങളുടെ മാത്രമല്ല, ഫാക്ടറിയുടെ ആകർഷണീയത സൂക്ഷിക്കുന്നതിലും ഹരിതാഭ കാട്ടിയ അനാസ്ഥ റിപ്പോർട്ടിൽ പഠന വിഷയമാവുന്നുണ്ടു്. പ്രധാനപ്പെട്ട ഒരു ദേശീയപാതയ്ക്കരികെ, പുഴയോരത്തെ പ്രകൃതിസുന്ദരമായ ഒരു കുന്നിൻപുറത്തു് സ്ഥിതിചെയ്യുന്ന ഹരിതാഭ ഫാക്ടറി പണ്ടു് എത്ര ആകർഷണീയമായി സൂക്ഷിക്കപ്പെട്ടിരുന്നുവെന്നു് ടി. ഒ. സി. ഓർമ്മപ്പെടുത്തുന്നു. ജലധാരായന്ത്രങ്ങളും വർണ്ണവിളക്കുകളുമൊക്കെയുണ്ടായിരുന്ന മനോഹരമായ ഒരു ഉദ്യാനത്തിനു് നടുവിലായിരുന്നു അതിന്റെ സ്ഥാനം. എത്രയോ എസ്കർഷൻ പിക്നിക് പാർട്ടികൾ ഫാക്ടറി കാണാൻ എത്തിയിരുന്നുവെന്നു് പഴയ വിസിറ്റേഴ്സ് നോട്ടുബുക്കുകളിൽനിന്നു് കണ്ടെത്തിയതും ടി. ഒ. സി. വെളിപ്പെടുത്തുന്നു. ഇന്നു്, അകലെക്കാഴ്ചയിൽ കാലിത്തൊഴുത്തുകൾ പോലെ തോന്നുന്ന ഫാക്ടറിയും കുറ്റിക്കാടായി മാറിയ ഉദ്യാനവും ആ കുന്നിന്റെ ഭംഗികൂടി നഷ്ടപ്പെടുത്തിയെന്നാണു് ടി. ഒ. സി.-യുടെ പക്ഷം. കുന്നു കണ്ടാൽ പണ്ടത്തെ ഉയരംപോലും തോന്നാതായോ എന്നും ടി. ഒ. സി. ശങ്കിക്കുന്നു. പുത്തൻ സൈക്കിൾ കൂട്ടങ്ങളിൽ ദിവസവും കുന്നു് കയറിയിറങ്ങിയിരുന്ന പഴയകാല ഹരിതാഭത്തൊഴിലാളികളുടെ യൗവനം തുടിച്ചിരുന്ന പ്രസന്നമുഖങ്ങളുടെ സ്ഥാനത്തു് ഇന്നു് കാണുന്നതു് തുരുമ്പിച്ച സൈക്കിളുകളിൽ ക്ഷീണിതരായി ചവിട്ടി നീങ്ങുന്ന മുഖക്ഷൗരം പോലും നടത്താൻ മടിക്കുന്ന നിരാശരായ വൃദ്ധന്മാരുടെ മുഖങ്ങളാണെന്നു് ടി. ഒ. സി.

ഹരിതാഭയുടെ പതനത്തിനു് മറ്റൊരു കാരണമായി ടി. ഒ. സി. കണ്ടെത്തുന്നതു് സോപ്പിന്റെ വിപണനശൃംഖലയിലെ വില്പനക്കാരുടെ കമ്മീഷനിൽ കാലഗതിക്കനുസരിച്ചു് മാറ്റങ്ങൾ വരുത്താതിരുന്നതാണു്. മറ്റുത്പാദകർ കമ്മീഷൻനിരക്കുകൾ ഉയർത്തിക്കൊണ്ടിരുന്നതിനു് പുറമെ, സൗജന്യ സമ്മാനപദ്ധതികൾക്കും ആണ്ടിലൊരിക്കലുള്ള വിനോദയാത്രയ്ക്കും വരെ പണം മുടക്കി വില്പനയെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഹരിതാഭ അതിന്റെ എട്ടു് ശതമാനത്തിന്റെ വലയുടെ കോണിൽ, ഒരു എട്ടുകാലിയെപ്പോലെ അനങ്ങാതിരുന്നതായി ടി. ഒ. സി. പരിഹാസത്തോടെ പറയുന്നു. പണ്ടത്തെ പലചരക്കുകടകളിൽ ഉപ്പിനും മുളകിനുമൊക്കെ ഒപ്പം വെച്ചിരുന്ന ഹരിതാഭ ബ്യൂട്ടിസോപ്പ് ഇന്നത്തെ കടകളിൽ പ്രത്യേകം ആവശ്യപ്പെടുന്നവർക്കു് മാത്രം എടുത്തു കൊടുക്കുന്ന സാധനങ്ങളിലൊന്നായി പിൻ അലമാരകളിലേക്കു് മാറ്റപ്പെട്ടതു് അങ്ങനെയാണെന്നു് ടി. ഒ. സി. നിരീക്ഷിക്കുന്നു (വില്പനക്കാരനെ വില കുറച്ചു് കാണുന്ന ഒരുത്പന്നവും ഇരുപതാം നൂറ്റാണ്ടിന്റെ പടികടന്നു് അപ്പുറം പോവില്ലെന്നു് ടി. ഒ. സി. ഒരു ആപ്തവാക്യം പോലെ പറയുന്നുമുണ്ടു്).

ആസന്നമായിക്കഴിഞ്ഞ പുതിയ നൂറ്റാണ്ടിൽ ഹരിതാഭയെ വിപണിയിലേക്കു തിരിച്ചുകൊണ്ടുവരാൻ ഉതകുന്ന ഒരുപായവും അവശേഷിക്കുന്നില്ല എന്ന നിഗമനത്തോടെയാണു് ടി. ഒ. സി. റിപ്പോർട്ട് അവസാനിപ്പിക്കുന്നതു്. വൃദ്ധജനങ്ങളുടെ സോപ്പ് എന്നു വിളിക്കപ്പെടാൻ തക്കവണ്ണം അധഃപതിച്ച അതിന്റെ വിപണനമൂല്യം ഉയർത്തുന്നതു് കൂനു് നിവർത്തുന്നതുപോലെ അസാദ്ധ്യമായ സംഗതിയാണു് എന്നു് പറഞ്ഞു് ടി. ഒ. സി. ഭരതവാക്യം ചൊല്ലുന്നു.

മാർക്കറ്റ് സർവേയിൽ താൻ നടത്തിയ പഠനങ്ങൾ എത്രയോ വസ്തു നിഷ്ഠവും ഗഹനവുമാണെന്നു് എന്നെ ബോദ്ധ്യപ്പെടുത്താനാവണം ഉണ്ണി, അവൻ ഉപയോഗിച്ച സ്റ്റഡിമെറ്റീരിയലുകളിൽ ചിലതും റിപ്പോർട്ടിനൊപ്പം അടക്കം ചെയ്തിരുന്നു. അതിലൊന്നിൽ, മലയാളി ഉപഭോക്താക്കളിൽ, അറിയപ്പെടുന്നവരും അടുത്തറിയാവുന്നവരുമായ ചിലരെ അവൻ പേരെടുത്തു പറഞ്ഞിരുന്നു. സ്വാതന്ത്ര്യസമരഭടന്മാരും പിരിച്ചുവിടപ്പെട്ട പഴയ കമ്യൂണിസ്റ്റുകാരും കേസില്ലാ വക്കീലന്മാരും വായനക്കാരെ നഷ്ടപ്പെട്ട എഴുത്തുകാരുമൊക്കെയടങ്ങിയ ആ പട്ടികയിൽ ഉണ്ണി എന്റെ പേരും ചേർത്തിരുന്നു. പേരിനോടൊപ്പം അമ്മാവൻ എന്നു് എഴുതാതെ റിട്ടയേർഡ് ഹെഡ്മാസ്റ്റർ എന്നാണു് എഴുതിയിരുന്നതെന്നു മാത്രം. ഈ തിരിച്ചറിയൽ പട്ടികയ്ക്കു് താഴെ, ഹരിതാഭയെ സ്നേഹിച്ച തലമുറയുടെ ചില പൊതുസവിശേഷതകളും ഉണ്ണി കുറിച്ചിട്ടിരുന്നു. ഏതാണ്ടു് ബൈബിളിലെ സങ്കീർത്തനങ്ങളെ ഓർമ്മിപ്പിക്കുന്ന ഭാഷയിൽ എഴുതപ്പെട്ട ഈ കുറിപ്പുകളിൽ അവൻ ഹരിതാഭാഉപഭോക്താക്കളെ ഇപ്രകാരം തിരിച്ചറിയുന്നു. വൻനഗരങ്ങളിൽ പോലും ഓടിട്ട വീടുകളിൽ പാർക്കുന്നവരാണു് അവരേറെയും. വീടിനു മുന്നിൽ പുൽത്തകിടികൾ ഉണ്ടാക്കാതെ പഴയമട്ടിൽ ചെടിച്ചട്ടികൾ നിരത്തിയ പൂന്തോട്ടങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്നു. ചെത്തികളും ചെമ്പരത്തികളും പോലും വെട്ടിക്കളയുന്നില്ല. നല്ലയിനം നായ്ക്കളെ വളർത്താതെ, നാടൻ വളർത്തു നായ്ക്കളെ പോറ്റിവളർത്തുന്നു. ആഡംബരങ്ങളല്ല, ആദർശങ്ങളാണു് ജീവിത മൂല്യങ്ങളെ നിർണ്ണയിക്കുന്നതു് എന്നു് ഇപ്പോഴും വിശ്വസിക്കുന്ന ഇക്കൂട്ടർ യന്ത്രങ്ങൾക്കു് എളുപ്പത്തിൽ ചെയ്തുകൊടുക്കാൻ കഴിയുന്ന പണികൾപോലും സ്വയം ഏറ്റെടുത്തു് ചെയ്യുന്നു. അരി അരയ്ക്കാൻ ഗ്രൈൻഡറോ തുണികൾ കഴുകാൻ വാഷിങ് മെഷീനോ തങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്നതു് ഇവർ ഇഷ്ടപ്പെടുന്നില്ല. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങൾ കഴിവതും വർജ്ജിക്കുന്നു. കഴിയാവുന്നത്ര ദൂരങ്ങൾ വാഹനങ്ങളെ ആശ്രയിക്കാതെ നടന്നുതന്നെ പോകുന്നു. ബസ്സിൽ കയറിയാലോ, ബസ്സുകൂലിയുടെ ബാക്കി കിട്ടുന്ന ചില്ലറത്തുട്ടുകൾപോലും എണ്ണി നോക്കുന്നു. ഏതു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനു മുൻപും അതിന്റെ ധാർമ്മികതയെപ്പറ്റി അല്പനേരം ചിന്തിച്ചിരിക്കുന്നു. ശിശുദിനാഘോഷങ്ങളിലൂടെ അവരുടെ മനസ്സിൽ പതിക്കപ്പെട്ട പ്രാവിനെ പറത്തുന്ന നെഹ്റുചിത്രവും ദണ്ഡിയിലേക്കു് നടക്കുന്ന ഗാന്ധിജിയുടെ ചിത്രവും ചിന്താധീനനായ മാർക്സിന്റെ ചിത്രവുമൊക്കെ നോക്കി നെടുവീർപ്പിടുന്നു. പഴയ ചലച്ചിത്രഗാനങ്ങൾ കേട്ടാൽ കോരിത്തരിക്കുകയും പുതിയവ കേട്ടാൽ ചെവികൾ പൊത്തുകയും ചെയ്യുന്നു. ആശാന്റെയും ചങ്ങമ്പുഴയുടെയുമൊക്കെ കവിതകൾ ഇന്നും ഓർത്തിരുന്നു് ചൊല്ലുന്നു. നരച്ച മുടി ഡൈ ചെയ്യുന്നതു് അന്തസ്സിനു് നിരക്കാത്ത കാര്യമെന്നു കരുതുന്നു. വരണ്ട പുഴകളും കാടു് തെളിക്കപ്പെട്ട കുന്നിൻചരിവുകളുമൊക്കെ നോക്കി വിചാരപ്പെട്ടു് നിൽക്കുന്നു. ക്രിക്കറ്റിനെക്കാൾ നല്ല കായികവിനോദം ഫുട്ബോളാണെന്നു പറയാൻ ഇന്നും ധൈര്യം കാട്ടുന്നു. എഴുത്തുകാരും കലാകാരന്മാരും സാംസ്കാരികനായകന്മാരാണെന്ന അന്ധവിശ്വാസം കാത്തു സൂക്ഷിക്കുന്നു. ഒരു സോപ്പ് അദൃശ്യമാവുംവരെ അതു് ഉപയോഗിക്കുന്നു. ഭൂമിയിൽ ഇക്കണ്ട മാറ്റങ്ങളൊക്കെയുണ്ടായിട്ടും മനുഷ്യർ കായ്കനികൾ ഭക്ഷിച്ചും കാലികളെ മേയ്ച്ചും നടന്നിരുന്ന സുവർണ്ണകാലം മടങ്ങിവരുമെന്നു് വെറുതെ പ്രതീക്ഷിക്കുന്നു. ഭൗമാന്തരീക്ഷം ഇത്രമേൽ മലിനമായിട്ടും ഹൃദയാഘാതംപോലുള്ള വിപത്തുകൾ തങ്ങൾക്കു് ഒരിക്കലും നേരിടേണ്ടിവരില്ലെന്നും ഈ ശുദ്ധാത്മാക്കൾ വിശ്വസിക്കുന്നു.

ഇത്രയും വായിച്ചപ്പോൾ, നേരിയ ഒരു ക്ഷീണംപോലെ തോന്നി. ഞാൻ റിപ്പോർട്ട് മടക്കിവെച്ചു് ചാരുകസേരയുടെ പിന്നിലേക്കു ചാഞ്ഞു. പഴയ കാര്യങ്ങൾ ഓർത്താൽ പലപ്പോഴും അറിയാതെ ചെയ്തുപോകുന്നതുപോലെ കല്യാണിക്കുട്ടിയുടെ ഫോട്ടോയിലേക്കാണു് എന്റെ കണ്ണുകൾ നീണ്ടുപോയതു്. മുടിയിലെ നരകളും മുഖത്തെ ചുളിവുകളും മായ്ച്ചു കളഞ്ഞു്, അവളുടെ പഴയ മുഖം കാട്ടി കല്യാണിക്കുട്ടി, പണ്ടൊരിക്കൽ പൂമലക്കുന്നിന്റെ മുകളിലെ ഭഗവതിക്കാവിലേക്കു് ഞങ്ങളൊന്നിച്ചു് തൊഴാൻ പോയ വെള്ളിയാഴ്ച വൈകുന്നേരത്തിന്റെ ഓർമ്മകളിലേക്കു് എന്നെ കൊണ്ടു പോയി.

images/aymanam-harithabha-2.png

അന്നു് കുന്നിന്റെ മുകളറ്റത്തെ സർപ്പക്കാവിനടുത്തെത്തിയപ്പോൾ പെട്ടെന്നൊന്നുനിന്നു് ആഞ്ഞൊന്നു ശ്വസിച്ചിട്ടു്, കല്യാണിക്കുട്ടി പറഞ്ഞു: “നല്ല ഒരു മണം… നല്ല പരിചയമുള്ള ഒരുമണം” ഒട്ടുംതന്നെ വൈകാതെ, വിജയഭാവത്തോടെ അവൾ കൂട്ടിച്ചേർത്തു: “ങാ… ഹരിതാഭാസോപ്പിന്റെ മണം.” സർപ്പക്കാടിനെ മൂടിയ നിറസ്സന്ധ്യയുടെ ഇളംകറുപ്പിൽ, വെള്ളിനക്ഷത്രങ്ങളെപ്പോലെ വിടർന്നു നിന്ന പാലപ്പൂക്കൾ ഞാനാണു് കണ്ടെത്തിയതു്. കല്യാണിക്കുട്ടിയെ കളിയാക്കും പോലെ ഒന്നു് പൊട്ടിച്ചിരിച്ചിട്ടു് ഞാൻ പറഞ്ഞു: “ഓഹോ… അതു കൊള്ളാം. സോപ്പിനു് പൂവിന്റെ മണം എന്നല്ല, പൂവിനു് സോപ്പിന്റെ മണം അല്ലേ?”

“സോപ്പല്ലേ എന്നും തേച്ചുകുളിക്കുന്നതു്, പൂവല്ലല്ലോ” തർക്കുത്തരം പറയാൻ മിടുക്കിയായിരുന്ന കല്യാണിക്കുട്ടി ഉടൻ പ്രതിവചിച്ചു.

ആ പഴയ വൈകുന്നേരത്തിന്റെ ഓർമ്മയ്ക്കായി ഇന്നത്തെ സായാഹ്ന സവാരി പൂമലക്കുന്നിലേക്കുതന്നെയാകട്ടെ എന്നു ഞാൻ തീരുമാനിച്ചു. വഴിയുടെ അകലവും കുന്നുകയറാനുള്ള അധികസമയവും കണക്കാക്കി പതിവിലും നേരത്തേ പുറപ്പെടുകയും ചെയ്തു. സായാഹ്നനടത്തത്തിലെ വഴിമാറ്റത്തിനു കാരണമായി എതിരെവന്ന പലരോടും ഓരോരോ ഒഴികഴിവുകൾ പറയേണ്ടിവന്നു. പൂമലക്കുന്നിലേക്കുള്ള വഴി പക്ഷേ, തീർത്തും വിജനമായിരുന്നു. കാവിലെ പൂജ നിന്നു പോയിരുന്നുവെന്നു തോന്നുന്നു—ചവിട്ടടിപ്പാടുകൾക്കു മുകളിൽ പോലും പുല്ലുകൾ കിളിർത്തു നിന്നിരുന്നു.

images/aymanam-harithabha-3.png

കുന്നു് കയറിത്തുടങ്ങിയപ്പോൾതന്നെ വല്ലാത്ത കിതപ്പനുഭവപ്പെട്ടിരുന്നെങ്കിലും സർപ്പക്കാവും പാലമരങ്ങളും അവിടെത്തന്നെയുണ്ടോ എന്നറിയാനുള്ള താത്പര്യം എന്നെ മുന്നോട്ടുതന്നെ നടത്തി. പാതിയോളം കയറിയപ്പോൾ എതിരെ വന്ന ചെറുകാറ്റു് കൊണ്ടുവന്ന പാലപ്പൂഗന്ധം എന്റെ കാൽവയ്പുകളുടെ വേഗത കൂട്ടി. ഒടുവിൽ വല്ലാതെ കിതച്ചുകൊണ്ടു് ആ സർപ്പക്കാടിനു് അടുത്തെത്തി നിന്നതും പാലപ്പൂഗന്ധം പുരണ്ട അന്നത്തെ ആ സന്ധ്യാനേരം ഒരു മാറ്റവുമില്ലാതെ എനിക്കു ചുറ്റും പരന്നു. “സോപ്പല്ലേ എന്നും തേച്ചുകുളിക്കുന്നതു്… പൂവല്ലല്ലോ.” കല്യാണിക്കുട്ടിയുടെ ചിരിയിൽ മുക്കിയ ആ കളിവചനത്തിന്റെ മാറ്റൊലികൾ അവിടെനിന്നു് ഞാൻ മതിവരുവോളം കേട്ടു.

കുന്നിറങ്ങുമ്പോൾ വല്ലാത്ത ക്ഷീണം തോന്നി. നേരം ഏറെ വൈകിയിരുന്നെങ്കിലും മെല്ലെ നടക്കാനേ കഴിഞ്ഞുള്ളു. വീട്ടിലെത്തി ഡോർ ബെല്ലടിച്ചപ്പോൾ ഇന്ദുജ ആകാംക്ഷയോടെയാണു് വാതിൽ തുറന്നതു്. “അച്ഛനെന്താ ഇത്ര വൈകിയതു്? ഞങ്ങൾ നോക്കി നോക്കി ഇരിക്കുകയായിരുന്നു. വാർത്തേടെ സമയോം കഴിഞ്ഞല്ലോ?”

“ങാ… ഇന്നൊരല്പം കൂടുതൽ നടന്നു.” ചെറിയ സങ്കോചത്തോടെ ഞാൻ പറഞ്ഞു.

“മുഖത്തു് അതിന്റെ ക്ഷീണോം കാണുന്നുണ്ടു്.” ഇന്ദുജ എന്നെ സൂക്ഷിച്ചൊന്നു നോക്കി. അതു് ശ്രദ്ധിച്ചില്ലെന്നു നടിച്ചു് ഒരു ഗ്ലാസ് ജീരകവെള്ളം വാങ്ങിക്കുടിച്ചു് ഞാൻ എന്റെ മുറിയിലേക്കു നടന്നു; ഇന്ദുജ കുട്ടികൾ പഠിക്കുന്നിടത്തേക്കും.

കാലമേറെച്ചെന്നിട്ടും തെളിച്ചം നഷ്ടപ്പെട്ടിട്ടില്ലാത്ത കല്യാണിക്കുട്ടിയുടെ ആ പഴയ ബ്ലാക്കു് ആന്റ് വൈറ്റ് ഫോട്ടോയിലേക്കുതന്നെ നോക്കിക്കൊണ്ടു്, കസേരയിൽ കുറെനേരം വിശ്രമിച്ച ശേഷം വേണു എത്തുവോളം കാത്തിരിക്കാതെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചിട്ടു് ഉറങ്ങാൻ കിടന്നതാണു്. ഇതുവരെ ഉറങ്ങാൻ കഴിഞ്ഞില്ല. പൂമലക്കുന്നിറങ്ങുമ്പോൾ തോന്നിത്തുടങ്ങിയിരുന്ന നേരിയ നെഞ്ചുവേദന കുറേശ്ശെ കൂടിക്കൂടിവരുന്നതായും തോന്നുന്നു—ഒത്തിരിക്കാലം കൂടിയല്ലേ കയറ്റം കയറി നടന്നതു്. പേശികൾ വേദനിക്കുന്നതാവും.

അയ്മനം ജോണിന്റെ ലഘു ജീവചരിത്രം

Colophon

Title: Harithabha beautysoap factory adachupoottunnu (ml: ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2022-01-25.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Harithabha beautysoap factory adachupoottunnu, അയ്മനം ജോൺ, ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Coast Scene by Moonlight, a painting by Abraham Pether (1756–1812). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Illustration: CP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.