images/john-mazha.jpg
The Titan’s Goblet, a painting by Thomas Cole (1801–1848).
images/aymanam-mazha-01.png

തുടക്കം ഒരു സ്വപ്നത്തിൽനിന്നായിരുന്നു.

കഴിഞ്ഞ മഴക്കാലത്തു്, വലിയൊരു കാറ്റിനെത്തുടർന്നു് വെളുക്കുവോളം മഴപെയ്ത ഒരു രാത്രി. ടൗൺഷിപ്പിന്റെ വളപ്പിൽ ആകെയുണ്ടായിരുന്ന വൻമരം ഒടിഞ്ഞുവീണതാണു്, ഓർമ്മയിൽ ആ രാത്രിയുടെ അടയാളം.

അന്നു് സന്ധ്യയ്ക്കുതന്നെ ആകാശം ഒരു യുദ്ധക്കളംപോലെ കാണപ്പെട്ടിരുന്നു. കാർമേഘക്കൂട്ടങ്ങൾ കലി കയറിയതുപോലെ പല ദിക്കുകളിലേക്കും പാഞ്ഞോടുകയും കണ്ണഞ്ചിപ്പിക്കുന്ന ഇടിമിന്നലുകളും കാതടപ്പിക്കുന്ന ഇടിയൊച്ചകളും കൂടെക്കൂടെ നടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്തരീക്ഷമാകെ ഒരു രൗദ്രഭാവം പരന്നിരുന്നു. രാത്രിയുടെ സമയമാവും മുൻപേ ഇരുട്ടിനു കനമേറി. ഏതാണ്ടു് ഏഴര മണിയോടടുത്തപ്പോൾ വഴിവിളക്കുകളെല്ലാം കെടുത്തിക്കൊണ്ടു് ആ വലിയ കാറ്റു് ആഞ്ഞുവീശുകയും പ്ലേഗ്രൗണ്ടിന്റെ കോണിൽ നിന്നിരുന്ന വലിയ വേപ്പുമരം വിനാശകരമായ ശബ്ദത്തോടെ ഒടിഞ്ഞുവീഴുകയും ചെയ്തു. തൊട്ടു പിന്നാലെ മഴ തുടങ്ങി.

ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. അന്ന മക്കളെയും കൂട്ടി അവളുടെ അമ്മയുടെ ഓർമ്മപ്രാർത്ഥനയിൽ പങ്കെടുക്കാൻ നാട്ടിലേക്കു പോയിരിക്കുകയായിരുന്നു. ഏറെക്കാലമായി നാടു കാണാൻ മോഹിച്ചു് കഴിയുകയായിരുന്ന അമ്മയും രോഗങ്ങളൊക്കെ അവഗണിച്ചു് അവരോടൊപ്പം പോയി.

ഒറ്റപ്പെടുമ്പോൾ, രാത്രിയുടെ നിശബ്ദത ഏറുന്തോറും വർദ്ധിക്കാറുള്ള ഖിന്നതകളിൽനിന്നു് ഒളിക്കാമെന്നാശിച്ചു് നേരത്തേ ഉറങ്ങാൻ കിടന്നതാണു്. പക്ഷേ, മുറിയിലേക്കു് നിരന്തരം വീശിക്കൊണ്ടിരുന്ന ഇടിവാളുകൾ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. ഒടുവിൽ വലിയ ഒച്ചയോടെ മഴ അതിശക്തിയായി പെയ്തുതുടങ്ങിയപ്പോൾ ഉറക്കം പിന്നെയും അകന്നുപോയി—വൻമഴകൾ പെയ്യുമ്പോൾ മഴയൊച്ചകൾക്കപ്പുറത്തു് എന്തൊക്കെയോ തകരുകയും ആരൊക്കെയോ നിലവിളിക്കുകയും ചെയ്യുന്നതായ ഒരു തോന്നൽ എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരിക്കും.

മഴയൊന്നു ശമിച്ചപ്പോഴാകാം മയക്കം പിടിച്ചതും സ്വപ്നം കണ്ടതും.

images/aymanan-mazha-03-t.png

കുട ചൂടിയിട്ടും ആകെ നനഞ്ഞൊലിച്ചു് ഞാൻ ആറ്റിറമ്പിലെ വലിയപള്ളിയിലേക്കുള്ള പടിക്കെട്ടുകൾ ചവിട്ടിക്കയറിപ്പോകുന്നിടത്തു സ്വപ്നം തുടങ്ങി. വഴിയോരങ്ങളും താഴ്‌വാരങ്ങളും മഴയാൽ മറയ്ക്കപ്പെട്ടിരുന്നു. കുന്നിൻമുകളിൽ വലിയപള്ളി മാത്രം ഒരുതരം ജ്വലിക്കുന്ന വെണ്മയോടെ ഉയർന്നുനിന്നു. പണ്ടെങ്ങോ കേട്ടു മറന്ന ഒരു ശബ്ദത്തിലായിരുന്നു കുർബാന. ഏതു് അച്ചന്റേതായിരിക്കും ആ ശബ്ദം എന്നറിയാനുള്ള ജിജ്ഞാസയോടെയാണു് ഞാൻ പള്ളിയിലേക്കു കയറിയതു്. അൾത്താരയിലേക്കു നോക്കിയതും, അതു മരിച്ചുപോയ യോഹന്നാക്കത്തനാരാണെന്നു് ഞാൻ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.

വല്ലാത്ത ഒരുൾക്കിടിലത്തോടെ ഞാൻ പള്ളിയിലാകെ കണ്ണോടിച്ചു. പള്ളി ഒട്ടുമുക്കാലും വൃദ്ധജനങ്ങളാൽ നിറയപ്പെട്ടിരിക്കുന്നതായി ഞാൻ കണ്ടു. ഓരോരുത്തരെയും നോക്കുമ്പോൾ കണ്ട മുഖങ്ങളിൽ ഒന്നൊഴിയാതെ എല്ലാം മരിച്ചവരുടേതാണെന്നു് ഞാൻ വിസ്മയത്തോടെ അറിഞ്ഞു. അൾത്താരയിലേക്കു നീണ്ട കണ്ണുകളിലെല്ലാം മെഴുകുതിരിവെട്ടങ്ങൾ വീണു് തിളങ്ങി, വരിവരിയായി നിരന്ന വിദൂരനക്ഷത്രങ്ങൾപോലെ കാണപ്പെട്ടു.

മരിച്ചവർക്കുവേണ്ടി മാത്രമായി നടത്തപ്പെടുന്ന ആ കുർബാനയിൽ ഞാൻ ചെന്നുപെട്ടതു് എങ്ങനെയാവാം എന്ന അന്ധാളിപ്പോടെ നിശ്ചേഷ്ടനായി നിൽക്കുമ്പോൾ മുന്നിൽ, വൃദ്ധന്മാരുടെ നാലഞ്ചു് വരികൾക്കപ്പുറത്തു് പണ്ടത്തെ പതിവുസ്ഥാനത്തുതന്നെ അപ്പൻ നിൽക്കുന്നതു കണ്ടു.

നെഞ്ചിൽ ഒരു കുത്തേറ്റവനെപ്പോലെ ഞാൻ നിന്നുപോയി. അപ്പന്റെ മരണസമയത്തു് അടുത്തില്ലാതെപോയതിന്റെ ഖേദവും അപ്പൻ നടന്ന വഴികൾ വിട്ടുള്ള എന്റെ ജീവിതവും എന്നത്തെക്കാളേറെ എന്നെ വ്യസനിപ്പിക്കുവാൻ തുടങ്ങി. കുർബാനയ്ക്കു് ശേഷം കണ്ടുമുട്ടുമ്പോൾ ഞങ്ങൾക്കിടയിൽ എന്താണു് സംഭവിക്കാൻ പോകുന്നതു് എന്ന ആശങ്ക എന്റെ നെഞ്ചിനെ ഉലച്ചുകൊണ്ടിരുന്നു.

പുറത്തെ മഴ കുർബാനയുടെ പിന്നണിഗീതംപോലെയായിരുന്നു. കുർബാന തീരാറായപ്പോൾ അതു് പെയ്തവസാനിച്ചു് ഒറ്റത്തുള്ളികളുടെ വിഷാദസ്വരങ്ങളായി. ഒടുവിലത്തെ ആശീർവാദവും തന്നു് യോഹന്നാകത്തനാർ അൾത്താരയ്ക്കു പിന്നിൽ മറഞ്ഞപ്പോൾ ഞാൻ ഭയത്താലും കുറ്റബോധത്താലും വിറയ്ക്കുന്ന കാൽവയ്പുകളോടെ അപ്പന്റെ അടുത്തേക്കു നടന്നു. അന്യോന്യം സഹായിച്ചു് സാവധാനം പള്ളിവാതിൽക്കലേക്കു് നീങ്ങിയ വൃദ്ധന്മാർക്കൊപ്പം അപ്പനും വാതിലോളമെത്തിയപ്പോഴാണു് ഞാൻ അടുത്തെത്തിയതു്. ഇത്ര ഉദ്വേഗത്തോടെ തന്നെ തേടിയെത്തിയതാരാണെന്നറിയാൻ അപ്പൻ അമ്പരപ്പോടെ മുഖം തിരിച്ചു് നരച്ച പുരികങ്ങൾ ചുളുക്കി എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പെട്ടെന്നു്, വിറയ്ക്കുന്ന കൈകൾ എന്റെ നേരെ നീട്ടിയതോടൊപ്പം അടി തെറ്റി വാതിൽപ്പടിയിൽ തട്ടിവീഴാനൊരുങ്ങിയ അപ്പനെ ഞാൻ മുന്നോട്ടാഞ്ഞു് ഇരുകൈകളാലും താങ്ങിപ്പിടിച്ചു. അപ്പന്റെ കണ്ണിൽനിന്നു ചൂടു വമിക്കുന്ന കണ്ണുനീർത്തുള്ളികൾ എന്റെ കൈത്തണ്ടയിലേക്കു് ഇറ്റുവീണുകൊണ്ടിരുന്നു. ചുണ്ടുകളുടെ വിതുമ്പലിൽ പറയാനോങ്ങിയ വാക്കുകൾ തെന്നിത്തെന്നിപ്പോകുകയായിരുന്നോ?

പള്ളിമുറ്റത്തേക്കിറങ്ങാനൊരുങ്ങുമ്പോൾ, പെട്ടെന്നു് എന്റെ കൈയിലെ പിടി അയഞ്ഞതും അപ്പൻ മുൻപേ പോയവർക്കൊപ്പം അദൃശ്യനായതും—ഞാൻ ഒരു ഞെട്ടലോടെ സ്വപ്നം വിട്ടുണർന്നു. പുറത്തു് ആർത്തലച്ചു് മഴ പെയ്യുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ വല്ലാതെ വിയർത്തിരുന്നു. നെഞ്ചിടിപ്പിന്റെ താളം തെറ്റിയിരുന്നു.

സ്വപ്നത്തിൽനിന്നുള്ള വിടുതൽ നല്കിയ സാന്ത്വനത്താൽ ഞാൻ എന്നെ വീണ്ടെടുത്തുകൊണ്ടിരിക്കുമ്പോൾ മരിച്ചുപോയവരുടെ നിശ്ചലമുഖങ്ങളും സ്നേഹദ്വേഷങ്ങളുടെ നഷ്ടാവശിഷ്ടങ്ങളും അവശേഷിപ്പിച്ചു് പെയ്തൊഴിഞ്ഞു പോയ ഒരു വൻമഴപോലെ പഴയ കാലം എന്റെ മനസ്സിൽ ഓർമ്മകളുടെ ഒരു തടാകമായി പരക്കാൻ തുടങ്ങി.

നഗരത്തിലെ നാലു മുറി ഫ്ലാറ്റിനുവേണ്ടി ഞാൻ നഷ്ടപ്പെടുത്തിയ ആറ്റിറമ്പിലെ പഴയ വീടു്, അപ്പന്റെ കൃഷിയിടങ്ങളായിരുന്ന വീടിനു മുന്നിലെ നെൽവയൽ, പിന്നിൽ തട്ടുകളായിത്തിരിച്ച കുന്നിൻചെരുവു്, കുന്നിനെ ചുറ്റിയ ആറ്റിറമ്പിലെ ഗ്രാമപ്രകൃതി—ഇതെല്ലാം തെളിഞ്ഞു കാണാമായിരുന്ന പശ്ചാത്തലത്തിൽ എന്നെത്തന്നെ നോക്കിക്കൊണ്ടു് അപ്പന്റെ മുഖം… ഇറുക്കി അടച്ചു പിടിച്ച കണ്ണുകളാൽ ആ മുഖം എനിക്കു് അടുത്തു കാണാം—കൺപോളകളിൽ അല്പം മുമ്പു പള്ളിവാതിൽക്കൽവച്ചു കരഞ്ഞതിന്റെ കണ്ണുനീർ ഉണങ്ങിപ്പിടിച്ചിരിക്കുന്നതുപോലും.

മരണശേഷം ഏഴു വർഷങ്ങൾ കഴിഞ്ഞു് അപ്പനെ അപ്രകാരം അടുത്തു കണ്ടതു് എനിക്കു് ഒട്ടും സന്തോഷകരമായ ഒരനുഭവമായി തോന്നാത്തതു് എന്തുകൊണ്ടാണെന്നു് ആ മുഖം നോക്കിക്കിടന്നു് ഞാൻ ആശ്ചര്യപ്പെട്ടു. എന്നാൽ, നോക്കിക്കിടക്കുന്തോറും എന്റെ അത്ഭുതം അകന്നുപോവുകയും അപ്പന്റെ നോട്ടം എന്നെ അസ്വസ്ഥനാക്കുന്നതു് എന്തുകൊണ്ടാണെന്നു് എനിക്കു് ബോധ്യപ്പെടുകയും ചെയ്തു—അപ്പന്റെ ഇരുകണ്ണുകളിലും നിറയെ എന്നോടുള്ള സഹാനുഭൂതിയായിരുന്നു. ജീവിച്ചിരുന്നപ്പോൾ വാത്സല്യം വഴിയുന്ന കണ്ണുകളോടെ, പ്രതീക്ഷകളുടെ തിളക്കത്തോടെ എന്നെ എന്നും നോക്കിയിരുന്ന ആ കണ്ണുകളിലെ ഭാവമാറ്റം എന്നെ എങ്ങനെ അലട്ടാതിരിക്കും! എന്റെ അറിവിന്റെയും അഹങ്കാരത്തിന്റെയും കോട്ടകളെല്ലാം തകർത്തു് ആ നോട്ടം എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നതായി എനിക്കു തോന്നി.

മുറിയിൽ, പെരുമഴയ്ക്കിടയിലെപ്പോഴോ അകപ്പെട്ടുപോയ ഏതോ ഒരു പ്രാണിയുടെ പിടച്ചിൽ ഇടവിട്ടിടവിട്ടു് കേൾക്കാമായിരുന്നു. അതും തന്റെ ആത്മസംഘർഷത്തിന്റെ ആക്കം കൂട്ടി. മുകളിൽ മുറുമുറുപ്പോടെ കറങ്ങുന്ന ഫാനിന്റെ ശബ്ദം ഏറെ അരോചകമായി തോന്നി.

കമുകിൻതലപ്പുകളും തെങ്ങോലകളുമൊക്കെ ഉലയുന്ന ഒച്ചകളോടെ വയലിൽനിന്നു വീശിയിരുന്ന കാറ്റേറ്റു് ചാവടിയിലെ കയറ്റുകട്ടിലിൽ കിടന്നു് ഉറങ്ങിയിരുന്ന അപ്പനെ ഞാൻ ഓർമ്മിച്ചുപോയി. ഇത്തരം മഴക്കാലങ്ങളിൽ തൊടിയിലെ മൺഭവനങ്ങളിൽനിന്നെത്തുന്ന ഈയലുകളും മൂളിപ്പറക്കുന്ന കൂറ്റൻ വണ്ടുകളും മുറ്റത്തും ചാവടിയിലുമൊക്കെ ധാരാളമായി ചുറ്റിപ്പറന്നു് നടന്നിരുന്നു. കഴുക്കോലിൽനിന്നു കെട്ടിത്തൂക്കിയ തുമ്പച്ചെടികൾ കൊതുകുകളെ അകറ്റിയിരുന്നുമില്ല. എന്നാൽ അപ്പന്റെ ഉറക്കത്തെ അതൊന്നും അലട്ടിയിരുന്നതേയില്ല. കട്ടിലിന്റെ തലയറ്റത്തു സൂക്ഷിച്ച ബൈബിളിനും മുറുക്കാൻചെല്ലത്തിനുമടുത്തുവച്ചിരുന്ന പാട്ടവിളക്കു് ഊതിക്കെടുത്തിയാൽ പിന്നെ ഏറെ വൈകാതെ അപ്പന്റെ കൂർക്കം വലി കേട്ടിരുന്നു. ഉറക്കത്തിൽ അത്രയേറെ ഒച്ചയുണ്ടാക്കുന്നതിനു് അമ്മ അപ്പനോടു് അനിഷ്ടത്തോടെ പരാതിപ്പെട്ടിരുന്നെങ്കിലും പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്താലാണു് അപ്പൻ അങ്ങനെ ബോധമറ്റു് ഉറങ്ങുന്നതെന്നു് എന്നോടു് അനുതാപത്തോടെ പറയുകയും ചെയ്തിരുന്നു. താഴത്തെ തൊടിയിലെ പുന്നമരത്തിൽ ഉറങ്ങിയ കാക്കകൾ കൂട്ടരെ വിളിച്ചുണർത്തുംപോലെ കരഞ്ഞുതുടങ്ങുവോളം അപ്പൻ ഉറക്കം തുടർന്നു. ഉണർന്നുകഴിഞ്ഞാൽ കയറുകട്ടിലിൽതന്നെ ഇരുന്നു മുന്നോട്ടും പിന്നോട്ടും ചെറുതായി ആടിക്കൊണ്ടു് അപ്പൻ പാടുന്നു:

“മനമേ പക്ഷിഗണങ്ങൾ ഉണർന്നിതാ പാട്ടുകൾ പാടുന്നു…

മനമേ നീയും ഉണർന്നിട്ടേശുപരനെ… ”

മുൻവരിയിലെ ഇടത്തേപ്പല്ലു് ഇളകിപ്പോയിടത്തു് നാവു തടഞ്ഞതു് പാട്ടിലെ പദങ്ങൾക്കു് കോട്ടംതട്ടിത്തുടങ്ങിയ കാലമാണു്, ഓർമ്മയിൽ അപ്പന്റെ വാർദ്ധ്യക്യത്തിന്റെ തുടക്കം.

അപ്പനെയും അപ്പന്റെ ജീവിതത്തെയുംപറ്റി അത്ര ഉള്ളലിവോടെ ഓർമ്മിച്ചിട്ടു് ഏറെക്കാലമായിരുന്നതിനാലാവാം, ഓരോന്നോരോന്നോർത്തു് പുലരുവോളം ഞാൻ ഉറങ്ങാതെ കിടന്നു.

നിലത്തു കിടന്നു പിടച്ചിരുന്ന മഴപ്പാറ്റ ജനൽപ്പാളിയുടെ വിടവിൽ തട്ടി പുറത്തേക്കു പറക്കുന്ന ശബ്ദം കേട്ടപ്പോഴാണു് ഞാൻ കണ്ണുകൾ തുറന്നതു്. പുറത്തു് ഇരുട്ടും വെട്ടവും കെട്ടിപ്പിടിച്ചു് യാത്ര പറയുംപോലെ തോന്നി.

അശാന്തമായ ഒരു പകലിലേക്കാണു് ഉണർന്നിരിക്കുന്നതെന്നു്, ഒരു മുൻവിധിപോലെ ഞാൻ വിചാരിച്ചു. അങ്ങനെ ഒരു വിചാരം മനസ്സിൽ കടന്നുകൂടുന്ന ദിവസങ്ങളിൽ കൂടെക്കൂടെ അലട്ടിക്കൊണ്ടു് അതു് അവിടെത്തന്നെ കിടക്കാറാണു് പതിവു്—രാത്രി മുഴുവൻ മലർന്നുകിടന്നു പിടച്ചുകൊണ്ടിരുന്ന ആ മഴപ്പാറ്റയെപ്പോലെ.

കണ്ടതു് ഒരു ദുഃസ്വപ്നമല്ലായിരുന്നുവെന്നു് ബോധ്യപ്പെടാൻ എത്ര ശ്രമിച്ചിട്ടും എനിക്കു കഴിഞ്ഞില്ല. ജീവിതത്തിന്റെ മറുകരയിൽനിന്നുള്ള അപ്പന്റെ ആ നോട്ടം എന്നെ വല്ലാതെ വ്യാകുലപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പന്റെ ദൃഷ്ടികൾ പതിച്ചിരുന്നതു് എന്റെ മുഖത്തായിരുന്നില്ല. മനസ്സിന്റെ ഉൾക്കോണുകളോളമെത്തുന്ന തീക്ഷ്ണത ആ നോട്ടത്തിനുണ്ടായിരുന്നു. അപ്പൻ തന്റെ ജീവിതം ഏക പുത്രനായ എന്നെ ഏല്പിച്ചാണു് മരിച്ചതെന്നും ആ ജീവിതത്തെ താൻ ഇഷ്ടപ്പെടാത്ത ഇടങ്ങളിൽ എത്തിച്ചതിനാലാണു് അത്രയേറെ അനുതാപത്തോടെ അപ്പൻ എന്നെ നോക്കിയതെന്നുമുള്ള തോന്നൽ എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

ഓഫീസിൽ എത്തിയിട്ടും എന്തെങ്കിലും ജോലിയിൽ മുഴുകിയോ സഹപ്രവർത്തകരോടു സംസാരിച്ചിരുന്നോ മനോവിചാരങ്ങളെ മാറ്റിയെടുക്കാൻ എനിക്കു് കഴിഞ്ഞില്ല. മുമ്പെങ്ങും തോന്നാത്തത്ര ആർദ്രതയോടെ ഞാൻ അപ്പന്റെയും എന്റെയും ജീവിതത്തെപ്പറ്റി പലതും ആലോചിച്ചുകൊണ്ടിരുന്നു.

കഠിനാദ്ധ്വാനത്തിന്റെ കഥയായിരുന്നു അപ്പന്റെ ജീവിതം. അപ്പനെയും ആറു സഹോദരങ്ങളെയും വെടിഞ്ഞു് ജീവിതത്തിന്റെ പാതിവഴിയിൽവെച്ചു് വലിയപ്പച്ചൻ മരിച്ചതോടെ അവരുടെ കഷ്ടതയുടെ നാളുകൾ തുടങ്ങി. അപ്പൻ തന്റെ എട്ടാം വയസ്സിൽ ചേട്ടന്മാർക്കൊപ്പം ചുമടു ചുമന്നു്, ആറ്റിറമ്പിലെ കുന്നുകളും വയലുകളും കടന്നു് അക്കരച്ചന്തയിലേക്കു പോയിരുന്നതു്, പത്താം വയസ്സിൽ വലിയപള്ളിയിലെ പെരുന്നാളിനു് കോഴിക്കച്ചവടത്തിനു പോയതു്, പതിനാലാം വയസ്സിൽ കന്നുപൂട്ടിയതു്… ആണ്ടിൽ ഒരിക്കലോ മറ്റോ വീട്ടിൽ വിരുന്നു വന്നിരുന്ന അപ്പന്റെ മൂത്ത പെങ്ങന്മാർ ഓരോ വരവിലും ആ ബാല്യകാലാനുഭവങ്ങൾ ഓർമ്മപ്പെടുത്തിയിരുന്നു. (ഒന്നിച്ചു കൂടുമ്പോൾ അവരുടെ പൂർവ്വകഥാകഥനങ്ങൾ പാതിരാക്കോഴി കൂവിക്കഴിഞ്ഞും നീണ്ടുനീണ്ടുപോയി… അവരവസാനിപ്പിക്കുന്നിടത്തുനിന്നു് അമ്മ തുടങ്ങി—വിവാഹം കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ കുന്നിറങ്ങി വരുന്നവഴി ഇല്ലിക്കാടിനടുത്തുവച്ചു് കാളവണ്ടി മറിയാനൊരുങ്ങിയതു്. വീഴാനൊരുങ്ങിയ അമ്മയെ അപ്പൻ താങ്ങിപ്പിടിച്ചതു്, ഒരു കൂരയുണ്ടാക്കുവാനുള്ള വ്യഗ്രതയോടെ കപ്പവാട്ടിനും നെല്ലുപുഴുക്കിനുമൊക്കെ ഉറക്കംപോലും വെടിഞ്ഞു്, ഒന്നിച്ചു് അദ്ധ്വാനിച്ചതു്, ആ രാത്രികളിൽ അകലെ പലയിടങ്ങളിലും ഭൂതങ്ങളെയും പ്രേതങ്ങളെയുമൊക്കെ കാണാമായിരുന്നതു്…) ആറ്റിറമ്പിലെ വെള്ളപ്പൊക്കങ്ങളിലും കൃഷിനാശങ്ങളിലും മനംമടുത്തു ചേട്ടന്മാരൊക്കെ ഉറ്റവരോടൊപ്പം കിഴക്കൻ മലമ്പ്രദേശങ്ങളിലേക്കു കുടിയേറിപ്പോയപ്പോഴും ജനിച്ച നാടുവിട്ടു് എങ്ങും പോകാൻ ഇഷ്ടപ്പെടാതെ അവിടെ ലഭിച്ച സന്തോഷങ്ങളിൽ തൃപ്തിപ്പെട്ടു ജീവിച്ച അപ്പനോടു് അവർക്കെല്ലാം പ്രത്യേക വാത്സല്യമായിരുന്നു. “ഇവനൊരുത്തനെങ്കിലുമുണ്ടല്ലോ അപ്പന്മാരുടെ മണ്ണുകാക്കാൻ… ” എന്നു് അപ്പനെ പ്രശംസിച്ചു് അവർ പറയാറുണ്ടായിരുന്നു. കിഴക്കൻ മലകൾ കയറിപ്പോയതോടെ കുടിയന്മാരും വഴക്കാളികളുമായി മാറിയ മറ്റു സഹോദരന്മാരിൽനിന്നു ഭിന്നനായി അപ്പൻ ശാന്തനും ദുർന്നടപ്പുകളില്ലാത്തവനുമായിത്തീർന്നതു പൂർവ്വികരുടെ അനുഗ്രഹത്താലാണെന്നും അവർ വിശ്വസിച്ചു.

വീടിനും വയലിനും പശുത്തൊഴുത്തിനും കൃഷിഭൂമിക്കുമൊക്കെ അപ്പുറത്തുള്ളതെല്ലാം അപ്പനു് മറുലോകമായിരുന്നു. പഴയൊരു പാഠപുസ്തകത്തിലെ പാടിപ്പാടി പഠിച്ച പാട്ടുപോലെയായിരുന്നു അപ്പന്റെ ദിനചര്യകൾ—പദങ്ങൾ മാറിയാലും ഒരേ ഈണവും താളവും സൂക്ഷിച്ചു്… പക്ഷികളോടു ചേർന്നു പ്രഭാത ഗീതം പാടിയിട്ടു് മുറ്റത്തേക്കിറങ്ങുന്ന അപ്പൻ, വളർത്തുനായയെ അഴിച്ചുവിട്ടു് തൊഴുത്തിനടുത്തെത്തികന്നുകാലികളുടെ ക്ഷേമവും തിരക്കിയിട്ടു് കഴുക്കോലിൽ നിന്നു കെട്ടിത്തൂക്കിയ തുരുമ്പിച്ച പാട്ടയിൽനിന്നു് ഉമിക്കരിയും നുള്ളിയെടുത്തു് കാട്ടുകല്ലുകൾ കെട്ടിയുണ്ടാക്കിയ പടികളിറങ്ങി താഴത്തെ തൊടിയിലേക്കു പോകുന്നു (കുരുപ്പ കുത്തിക്കിടക്കുന്ന ആ വഴിയുടെ ഓർമ്മയ്ക്കു് നെടുകെയും കുറുകെയും ചാടിനടക്കുന്ന തവളക്കുഞ്ഞുങ്ങൾ, പച്ചക്കുതിരകൾ, വിട്ടിലുകൾ…) തൊടിയിലെ തെങ്ങിൻചുവടുകളും വാഴത്തോട്ടവും വരമ്പിറങ്ങി കുറച്ചു നടന്നാൽ എത്തുന്ന, വയൽ മുറിച്ചൊഴുകുന്ന കൈത്തോടുമൊക്കെയായിരുന്നു അപ്പന്റെ പ്രഭാതകൃത്യങ്ങളുടെ ഇടങ്ങൾ. ഈ ചുറ്റിനടപ്പുകൾക്കിടയിൽ കിട്ടിയ, വീണു കിടക്കുന്ന ഉണക്കത്തേങ്ങയോ പഴുക്കടയ്ക്കകളോ വിളഞ്ഞുകിടന്ന കൈതച്ചക്കയോ ഒക്കെയായിട്ടാണു് അപ്പന്റെ തിരിച്ചുവരവു്. അതൊക്കെ അമ്മയെ ഏല്പിച്ചു്, കിണറ്റുകരയിൽ പോയി കൈകാലുകൾ കഴുകിയെത്തി തിണ്ണക്കോണിൽ അമ്മ തയ്യാറാക്കിവച്ച ഒരു കോപ്പ കട്ടൻകാപ്പി കുടിച്ചു കഴിഞ്ഞാൽ അപ്പൻ തന്റെ പകലിലേക്കു പ്രവേശിക്കുകയായിരുന്നു. പശുത്തൊഴുത്തിൽ കയറി പാൽ കറന്നു് അടുക്കളയിലെത്തിച്ചിട്ടു് തൂമ്പകളും അരിവാളുമൊക്കെയെടുത്തു് കുന്നു കയറിക്കഴിഞ്ഞാൽ ആഹാരത്തിന്റെ നേരങ്ങളിൽ മാത്രമേ അപ്പൻ പിന്നീടു വീട്ടിലുണ്ടാവൂ. തട്ടുകളായി തിരിച്ച അപ്പന്റെ കൃഷിയിടങ്ങളിൽ കാലഭേദങ്ങളനുസരിച്ചു് വിത്തുപാകലിന്റെയും കളപറിക്കലിന്റെയും തടമെടുപ്പിന്റെയും വളമിടലിന്റെയും വിളവെടുപ്പിന്റെയുമൊക്കെ ദിവസങ്ങൾ കാറ്റും മഞ്ഞും വെയിലുമൊക്കെയേറ്റു് കടന്നുപൊയ്ക്കൊണ്ടേയിരുന്നു.

images/aymanan-mazha-01-t.png

സ്കൂൾ വിട്ടു വന്നാൽ അപ്പനെത്തേടി കുന്നു കയറിച്ചെന്നിരുന്ന എനിക്കു് ഇലപ്പടർപ്പുകൾക്കും കമ്പുകാലുകൾക്കുമൊക്കെ ഇടയിൽനിന്നു് അപ്പനെ കണ്ടെത്താൻതന്നെ ഏറെനേരം തപ്പിനടക്കേണ്ടി വന്നിരുന്നു. കിളയ്ക്കുന്നതിന്റെയോ ചുമയ്ക്കുന്നതിന്റെയോ ഒക്കെ ഒച്ചകളെ ലക്ഷ്യംവച്ചു് ഒടുവിൽ കപ്പത്തോട്ടത്തിൽ എലികൾ മാന്തിയുണ്ടാക്കിയ കുഴികൾ മൂടിക്കൊണ്ടോ പശുക്കളെ തീറ്റാൻ പഴുത്തിലകൾ പറിച്ചുകൊണ്ടോ ചീനിമുളകുചെടികൾക്കു പച്ചിലച്ചവറുകളിട്ടുകൊണ്ടോ കാച്ചിലിനും ചേനയ്ക്കുമൊക്കെ താങ്ങുകൾ നല്കിക്കൊണ്ടോ നിൽക്കുന്ന അപ്പനെ കണ്ടെത്തുന്നു. അതിനൊക്കെ അപ്പനെ സഹായിക്കാൻ ആവും വിധം മുതിർന്നവനായിട്ടും അപ്പൻ ആ പണികളൊന്നും ചെയ്യാൻ എന്നെ അനുവദിച്ചിരുന്നില്ല. ‘പോയിരുന്നു് പഠിച്ചോടാ കൊച്ചേ…’ എന്നാണു് അപ്പൻ എപ്പോഴും പറഞ്ഞിരുന്നതു്. ‘ഒറ്റ മകനാണെന്നുവച്ചു് ഇത്രയൊന്നും ലാളിക്കരുത്’ എന്ന പെങ്ങന്മാരുടെ ഉപദേശം കേട്ടാൽ വെറുതെ ചിരിച്ചിരുന്ന അപ്പൻ, മകന്റെ പഠിക്കാനുള്ള സാമർത്ഥ്യത്തെ ആറ്റിറമ്പിലെ വാധ്യാന്മാർ പ്രശംസിച്ചപ്പോൾ ഏറെ സന്തോഷത്തോടെ കേട്ടുനിന്നു. മെച്ചപ്പെട്ട ജീവിതം ആറ്റിറമ്പിനു പുറത്തെവിടെയോ ആയിരുന്നുവെന്നു് അപ്പൻ വിശ്വസിച്ചിരുന്നോ? ആറ്റിറമ്പിലെ ആദ്യകാല ബി. എസ്. സിക്കാരനായതുമുതൽ മത്സരപ്പരീക്ഷകൾക്കായി പട്ടണത്തിലേക്കു പോയിരുന്ന ഓരോ യാത്രയിലും പുലർച്ചവണ്ടി കയറ്റിവിടാൻ ചൂട്ടുകറ്റ കത്തിച്ചു വെളിച്ചം കാണിച്ചു് അപ്പൻ മുമ്പേ നടന്നിരുന്നതു വലിയ ഉത്സാഹത്തോടെയായിരുന്നു.

നഗരനിർമ്മാണവകുപ്പിലാണു് എനിക്കു ജോലി കിട്ടിയതെന്നറിഞ്ഞ ദിവസം ആഹ്ലാദവർത്തമാനമറിയിക്കാൻ നാടെങ്ങും ചുറ്റിനടന്ന അപ്പൻ എത്ര സന്തോഷവാനായിട്ടാണു് മടങ്ങിയെത്തിയതു്! ജോലിയിൽ ചേരാനുള്ള യാത്രയിൽ ഭാരമേറിയ പെട്ടി നാൽക്കവലയെത്തുവോളം ചുമന്നതു് അപ്പൻ തന്നത്താനായിരുന്നു—ഇടയ്ക്കു് ഒന്നു കൈമാറി പിടിക്കാൻപോലും എന്നെ അനുവദിക്കാതെ.

നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന ദേവദാരു പ്രോജക്ടിന്റെ ചുമതലയാണു് എന്നെ ഏല്പിക്കുന്നതു് എന്നറിയിച്ച ശേഷം അന്നത്തെ പ്രോജക്ട് ഡയറക്ടർ ബയോഡേറ്റയിൽനിന്നു് അപ്പൻ ഒരു കൃഷിക്കാരനാണെന്നതു ശ്രദ്ധിച്ചു് ‘അപ്പനെപ്പോലെ നിങ്ങളും ഒരു കൃഷിക്കാരനാവുക—നഗരത്തിലെ കൃഷിക്കാരൻ…’ എന്നു് പാതി തമാശയുടെ ചിരിയോടെ പറഞ്ഞപ്പോഴാണു് അപ്പനിൽനിന്നും എന്നിലേക്കുള്ള അകലം ഒരുപക്ഷേ, ഞാൻ ആദ്യമായി അളന്നുനോക്കിയതു്.

നഗരത്തിലെ പാതയോരങ്ങളിൽ നിൽക്കുന്ന പഴയ തണൽമരങ്ങളെല്ലാം വെട്ടിനീക്കി ദേവദാരുമരങ്ങൾ വച്ചുപിടിപ്പിക്കുന്ന ജോലിയാണു് എനിക്കു നല്കപ്പെട്ടിരിക്കുന്നതെന്നു് അപ്പനെ പറഞ്ഞു മനസ്സിലാക്കുമ്പോൾ, അപ്പനും തന്റെ ഉള്ളിൽ അതേ അകലം അളന്നുനോക്കുകയായിരുന്നുവെന്നു് എനിക്കു തോന്നി. ഓരോ മരവും തരുന്ന തണലുകൾ തമ്മിൽ എന്താണു് വ്യത്യാസം എന്ന സംശയം തന്റെ അറിവുകുറവിനാൽ തോന്നുന്നതാവാം എന്നു കരുതിയാവണം. എന്തോ ചോദിക്കാനൊരുമ്പെട്ടിട്ടു് വേണ്ടെന്നുവച്ചിട്ടു് അപ്പൻ അന്നു് അതെല്ലാം വെറുതെ മൂളിക്കേട്ടതേയുള്ളു.

അതുവരെ കേട്ടറിവുപോലുമില്ലാതിരുന്ന ദേവദാരുമരങ്ങൾ കാണാൻ അപ്പൻ ഏറെ ആഗ്രഹിച്ചിരുന്നു. നാട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ആദ്യകുശലാന്വേഷണങ്ങൾക്കുശേഷം അപ്പൻ ദേവദാരുമരങ്ങളെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നു. കേന്ദ്രാനുമതി കാത്തിരുന്ന പ്രോജക്ട് നടപ്പാക്കാൻ കാലതാമസം ഏറുംതോറും അപ്പന്റെ താത്പര്യം കുറഞ്ഞു്, ഒടുവിലൊടുവിൽ അപ്പൻ അതേപ്പറ്റി ഒന്നും ചോദിക്കാതായി. നിർമ്മാണത്തിലിരിക്കുന്ന മലയോരനഗരം കാട്ടാൻ വിളിച്ചപ്പോഴും ആദ്യം സമ്മതിക്കുമെങ്കിലും യാത്രയുടെ തലേരാത്രി ‘അല്ലെങ്കിൽ ഞാൻ വരുന്നില്ലെടാ കുഞ്ഞേ’ എന്നു പറഞ്ഞു് അപ്പൻ പിൻവലിയുകയായിരുന്നു പതിവു്.

അന്നയുമായുള്ള അടുപ്പത്താൽ, പിൽക്കാലങ്ങളിൽ നാട്ടിലെത്തിയാലും എന്റെ മനസ്സു് നഗരത്തിലെ ഞങ്ങളുടെ കൂടിക്കാഴ്ചകളുടെ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുപോലെയായിരുന്നു. അപ്പനമ്മമാരുമായി ഒന്നിച്ചിരുന്നു പറയാൻ വിഷയങ്ങളോ വിശേഷങ്ങളോ ഏറെയൊന്നുമില്ലാതെ ഞാൻ മിക്കവാറും എന്റെ സ്വകാര്യങ്ങളിലേക്കു പിൻവലിഞ്ഞ ആ കാലത്തു്, ഞങ്ങൾക്കിടയിൽ ഒരു മഞ്ഞുമല വളർന്നുകൊണ്ടിരുന്നതു് ഞാനറിഞ്ഞു. ഓരോ മടക്കയാത്രയിലും യാത്ര പറയുമ്പോൾ ദൃഷ്ടികൾ എന്റെ മുഖത്തുറപ്പിക്കാൻ അപ്പൻ പാടുപെട്ടിരുന്നു.

ദേവരാരു പ്രോജക്ടിന്റെ കാലതാമസം എന്റെ ജീവിതത്തിലുണ്ടാക്കിയതു് എന്തെല്ലാം മാറ്റിമറിച്ചിലുകളായിരുന്നു! പ്രോജക്ടിന്റെ അനുമതി അത്രയേറെ വൈകിയില്ലായിരുന്നുവെങ്കിൽ അന്നയും ഞാനും ജീവിതപങ്കാളികളാവില്ലായിരുന്നുവെന്നും വെറും സഹപ്രവർത്തകർ മാത്രമായിരുന്നേനെയെന്നുമാണു് എന്റെ വിശ്വാസം. അനുമതിക്കായി കാത്തിരുന്ന നാലു വർഷത്തോളംകാലം ചെയ്യാൻ വേണ്ടത്ര ജോലിയില്ലാതെ ഞങ്ങൾ കസേരകളിൽ വെറുതെയിരുന്നു് മുഷിയുകയായിരുന്നു. ഞങ്ങളുടെ മുൻഗാമികളാരോ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ടിനെ സംബന്ധിച്ചു വല്ലപ്പോഴുമൊരിക്കൽ ഡയറക്ടറേറ്റിൽ നിന്നെത്തിയ ചോദ്യങ്ങൾക്കു് മറുപടി അയച്ചുകഴിഞ്ഞാൽ തീരുന്നതായിരുന്നു ഞങ്ങളുടെ ജോലി. വിരസതയകറ്റാൻ ഞങ്ങൾ പരസ്പരം പറഞ്ഞുതുടങ്ങിയ ചെറിയ ചെറിയ നേരമ്പോക്കുകളിൽ നിന്നാണു് വിവാഹത്തോളമെത്തിയ ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം.

ഞങ്ങളുടെ വിവാഹനിശ്ചയത്തെത്തുടർന്നു് ഏറെ വൈകാതെ പ്രോജക്ടിന്റെ അനുമതി ലഭിച്ചപ്പോൾ ആ യാദൃച്ഛികതയെ ഭാഗ്യലക്ഷണമായി വ്യാഖ്യാനിച്ചു് ഞങ്ങൾ ഏറെ ആഹ്ലാദിക്കുകയും ചെയ്തു. ദേവദാരുമരങ്ങളുടെ ഏറ്റവും പുഷ്ടിയുള്ള തൈകൾ തിരഞ്ഞും അനുകൂല കാലാവസ്ഥകൾ ഏതേതെന്നു പഠിക്കാനും രാസവളങ്ങളുടെ ഗുണനിർണ്ണയത്തിനുമൊക്കെയായി ഒന്നിച്ചു നടത്തിയ ദീർഘയാത്രകളാണു് ഞങ്ങളുടെ മധുവിധുകാലത്തെ അത്രയേറെ മനോഹരമാക്കിയതും. പ്രകീർത്തിക്കപ്പെടുന്ന സുഖവാസനഗരങ്ങളായ പർവ്വതനഗരങ്ങളേറെയും ഞങ്ങൾ സന്ദർശിച്ചു. തടാകതീരങ്ങളിൽ നിരനിരയായി നില്ക്കുന്ന ദേവദാരുമരങ്ങൾക്കിടയിലെ ഒറ്റയടിപാതകളിലൂടെ ഞങ്ങൾ കൈകോർത്തു പിടിച്ചു നടന്നു. തടാകങ്ങളിൽ ദീർഘമായ തോണിയാത്രകൾ നടത്തി. തീവ്രവർണ്ണങ്ങളുള്ള പൂക്കൾ വിടരുന്ന പൂന്തോട്ടങ്ങളിൽ സായാഹ്നഭംഗികൾ ആസ്വദിച്ചു് ഇരുന്നു. നട്ടുച്ചകളിൽപോലും തണുപ്പകലാത്ത മുറികളിൽ കെട്ടിപ്പിടിച്ചു കിടന്നു.

ഉന്മാദത്തിന്റേതായിരുന്ന ആ കാലം കഴിഞ്ഞു് ആർഭാടങ്ങളുടേതായിരുന്ന ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ഓർമ്മിക്കുമ്പോഴെല്ലാം മനസ്സിലെത്തുന്ന ഒരു ചിത്രമുണ്ടു്. വിലക്കപ്പെട്ട കനി ഭക്ഷിച്ച ശേഷം പിടിക്കപ്പെടാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഭയന്നുനിൽക്കുന്ന ആദം-ഹവ്വമാരുടെ ആ പരിചിത ചിത്രം. പാതയോരത്തെ കൂറ്റൻ തണൽമരങ്ങൾ വെട്ടിവിറ്റ കരാറുകളെച്ചൊല്ലി പരാതികൾ ഉയർന്നു് അന്വേഷണങ്ങൾ ആരംഭിച്ച ഘട്ടത്തിൽ എന്റെ മനസ്സിലേക്കു കടന്നുകൂടിയ ആ ചിത്രം എത്രയോ രാത്രികളിലെ ഉറക്കം കെടുത്തി. ആ നാളുകളിലെല്ലാം അതിശയിപ്പിക്കുന്നത്ര മനഃസംയമനത്തോടെ ഏറെ ആലോചിച്ചു് വളരെ ശ്രദ്ധയോടെ മരങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും അന്ന നടത്തിയ തിരുത്തലുകളാണു് ഞങ്ങളുടെ ജീവിതവഞ്ചിയെ ആ വലിയ ആടിയുലച്ചിലിൽ നിന്നു രക്ഷിച്ചതു്. ടൗൺഷിപ്പിലെ ഫ്ലാറ്റും മറ്റു സ്വത്തുക്കളും സമ്പാദിക്കുവാൻ ഉപയോഗിച്ച വരുമാനത്തെ ന്യായീകരിക്കാൻ ആറ്റിറമ്പിലെ വീടും പറമ്പും വിൽക്കുവാൻ ഉപദേശിച്ചതും അന്നയായിരുന്നു.

അന്നു്, തിരുത്തപ്പെട്ട രേഖകൾ അടക്കം ചെയ്ത വിശദീകരണ റിപ്പോർട്ട് കേന്ദ്രത്തിലേക്കു് അയച്ച ദിവസം ഞാൻ അന്നയോടു പഴയൊരു കഥ പറഞ്ഞു: പട്ടണത്തിലെ ചന്തയിൽനിന്നു കണക്കുതെറ്റി അധികം കിട്ടിയ നാലു രൂപതിരികെ ഏല്പിക്കാൻ ഉച്ചവെയിലിനെ കൂസാതെ അഞ്ചു മൈൽ നടന്നു വീണ്ടും ചന്തയിലേക്കു പോയ അപ്പന്റെ കഥ.

കഥ കേട്ടു് വെറുതെ ഒന്നു ചിരിച്ചിട്ടു് അടുക്കളയിലേക്കു പോയതല്ലാതെ അന്ന ഒന്നും പ്രതികരിച്ചില്ല. അല്ലെങ്കിലും പൂർവ്വകാല സ്മരണകൾക്കു് അന്ന വലിയ വിലയൊന്നും കല്പിക്കാറില്ല. ഓരോ ദിവസവും തലേദിവസത്തെ മറക്കാനുള്ള അവളുടെ കഴിവു് എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ടു്.

അന്ന എന്നല്ല, നഗരവാസികൾ ഏറെയും ഓർമ്മകൾ കുറഞ്ഞവരാണെന്നും എനിക്കു തോന്നിയിട്ടുണ്ടു്. അതുകൊണ്ടു മാത്രമല്ലേ മറ്റെല്ലാം മറക്കപ്പെടുന്നത്ര വേഗത്തിൽത്തന്നെ തണൽമരങ്ങളെയും അവർ മറന്നതു്. ഇരുമ്പുകൂടുകളുടെ സംരക്ഷണത്തിൽ വഴിയോരങ്ങളിലുടനീളം നട്ടുപിടിപ്പിക്കപ്പെട്ട ദേവദാരുതൈകൾ ആദ്യ മഴക്കാലത്തു തളിരിട്ടതോ പിന്നെ പരിപാലനതന്ത്രങ്ങളൊന്നും ഫലപ്രദമാകാതെ വർഷങ്ങളോളം മുരടിച്ചുനിന്നതോ ഒടുവിൽ കഴിഞ്ഞ വേനൽക്കാലത്തു് ഒന്നാകെ ഉണങ്ങിക്കരിഞ്ഞുപോയതോ നഗരനിർമ്മാണവകുപ്പിനു പുറത്തു് അധികമാരും അറിഞ്ഞതേയില്ല.

പരാജയകാരണങ്ങൾ ഇനിയും പഠിച്ചുതീരാത്ത ദേവദാരു പ്രോജക്ട് ഉപേക്ഷിക്കുന്നതോടൊപ്പം തന്നെയാവാം, നഗരനിർമ്മാണവകുപ്പിലെ എന്റെ സേവനകാലം അവസാനിക്കുന്നതും. അവസാന ജോലിദിവസത്തിനൊടുവിൽ നഗര നിർമ്മാണവകുപ്പിലെ എന്റെ സഹപ്രവർത്തകർ എന്നെ വീട്ടിലേക്കു് അനുഗമിക്കുമ്പോൾ പാതയോരത്തെ ഉണങ്ങിയ ദേവദാരുക്കൾ അസ്ഥികൂടങ്ങളെപ്പോലെ ചിരിക്കുന്ന ഒരു ദൃശ്യം എന്നെ ഭയപ്പെടുത്തിത്തുടങ്ങിയിട്ടുണ്ടു്.

ദേവദാരുക്കളെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങൾക്കിടയിലായിരുന്നു അപ്പന്റെ മരണം. കൂടെക്കൂടെ എത്തിയിരുന്ന അമ്മയുടെ കത്തുകളിൽ അക്ഷരത്തെറ്റുകൾ ഏറെയായിരുന്നെങ്കിലും അപ്പന്റെ അസ്വാസ്ഥ്യങ്ങളുടെ വിവരണങ്ങളിൽ അടുത്തടുത്തുവരുന്ന ആ അനിവാര്യതയുടെ സൂചനകൾ ഉണ്ടായിരുന്നു. പറമ്പിന്റെ അതിരുകളിൽ നിന്നു് പറിച്ചെടുക്കുന്ന ഒറ്റമൂലിച്ചെടികൾക്കു് ഭേദമാക്കാൻ പറ്റാത്ത അസുഖങ്ങൾ ഒന്നുംതന്നെ അപ്പനെ അതുവരെ ബാധിച്ചിട്ടില്ലാത്തതിനാൽ ഇത്തവണയും ആ അത്ഭുതസസ്യങ്ങളും ഏറിവന്നാൽ രാമക്കണിയാരുടെ ഇടപെടലും ചേർന്നു് അപ്പന്റെ ആയുസ്സിനെ ദീർഘിപ്പിക്കും എന്ന വിശ്വാസത്തോടെ നാട്ടിലേക്കുള്ള യാത്ര പല തവണ മാറ്റിവച്ചു.

എന്റെ വിശ്വാസത്തിന്റെ വ്യർത്ഥതയറിയിച്ചു് അപ്പന്റെ മരണവാർത്തയെത്തുമ്പോൾ ദുഃഖത്തെക്കാളേറെ പശ്ചാത്താപത്തോടെയാണു് അതു സ്വീകരിച്ചതു്.

വീട്ടിലെത്തിയപ്പോൾ അപ്പന്റെ മൃതശരീരം ഏറെ തണുത്തുകഴിഞ്ഞിരുന്നു. കുന്നോരം ചേർന്നുപോകുന്ന വെട്ടുവഴിയിലൂടെ വലിയ പള്ളിയിലേക്കുള്ള ശവഘോഷയാത്രയ്ക്കിടയിൽ, ഇലക്കൂട്ടങ്ങൾക്കിടയിൽ അപ്പനെത്തേടി നടന്ന പഴയകുട്ടി ഉള്ളിലിരുന്നു് ഏങ്ങലടിച്ചു കരഞ്ഞു.

എന്റെ മുഖത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ പഴയകുട്ടിതന്നെയാവും പെരുമഴയിൽ മരിച്ചുപോയ അപ്പനെത്തേടി വലിയപള്ളിയുടെ പടിക്കെട്ടുകൾ വലിഞ്ഞുനടന്നു കയറിയതു്.

ഓഫീസിൽ വെറുതെയിരുന്നു കഴിച്ചുകൂട്ടിയ അന്നത്തെ പകൽ മുഴുവൻ ആ കുട്ടിയുടെ മനസ്സോടെയാണു് ഞാൻ കഴിച്ചുകൂട്ടിയതും.

images/aymanan-mazha-02-t.png

ഡോക്ടറുടെ കർശനമായ വിലക്കുകളും അന്നയുടെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകളും ഉണ്ടായിരുന്നെങ്കിലും ആ വൈകുന്നേരം എനിക്കു മദ്യപിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഓഫീസ് വിട്ടതും സ്കൂട്ടറെടുത്തു നഗരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ബാറിലേക്കാണു് ഞാൻ പോയതു്. ബാറിന്റെ പിൻകോണിലെ ജനാലയ്ക്കരികിൽ ഒരാൾക്കിരിക്കാൻ പാകത്തിലുള്ള മേശ-കസേരകൾ ഞാൻ തിരഞ്ഞെടുത്തു. ഒരിടവേളയ്ക്കു ശേഷം കണ്ടതിന്റെ പ്രത്യേക സന്തോഷം പ്രകടിപ്പിച്ചു് ബെയറർ അടുത്തുവന്നു. ഏറെ കാത്തിരിക്കാതെതന്നെ മുന്നിലെത്തിയ ഇഷ്ടപ്പെട്ട മദ്യത്തിന്റെ രുചി എന്റെ ഉള്ളിനെ തണുപ്പിച്ചു. മനസ്സിലെ പിരിമുറുക്കം അയഞ്ഞയഞ്ഞുപോയതായി തോന്നിയപ്പോൾ അനല്പമായ ആശ്വാസത്തോടെ ഞാൻ ജനാലയുടെ പുറത്തേക്കു നോക്കി. അപ്പോൾ, എന്നെ അടിമുടി നടുക്കിക്കൊണ്ടു് ജനാലയ്ക്കു പുറത്തു് ഞാൻ എത്രയോ തവണ കണ്ടുപഴകിയ ഫാക്ടറി ഗോഡൗണിന്റെ സ്ഥാനത്തു് ആറ്റിറമ്പിലെ അപ്പന്റെ കൃഷിയിടമായിരുന്ന ആ കുന്നിൻചരിവാണു് ഞാൻ കണ്ടതു്. സന്ധ്യയിലെ ചാഞ്ഞ വെയിൽ വീണു് തളിരിലകൾ ഹരിതശോഭയോടെ തിളങ്ങി. ഇരുട്ടിലകപ്പെട്ട ഒരു ശിശുവിനെപ്പോലെ ആ കാഴ്ചയിലേക്കു് ഞാൻ ഭയത്തോടെ നോക്കിയിരിക്കെ ഇലക്കൂട്ടങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ടു് അപ്പൻ ഇറങ്ങിവന്നു. ചെമ്മണ്ണു പുരണ്ടതോർത്തുമുണ്ടും കൈയിലെ കോലൻതൂമ്പയുമായി നടന്നു വരുന്ന എന്റെ ബാല്യകാലത്തെ അപ്പനായിരുന്നു അതു്. തോട്ടത്തിനു പുറത്തെത്തിയ അപ്പൻ വൈകുന്നേരത്തെ സുഖകരമായ കാറ്റുവീശിക്കൊണ്ടിരുന്ന ആ വെളിമ്പ്രദേശത്തു് വിയർപ്പുചാലുകൾ ഒഴുകുന്ന ശരീരം ഉണക്കുവാനെന്നോണം സാവധാനം ക്ഷീണിതനായി ഇരുന്നു. എന്നിട്ടു്, തൂമ്പ അരികിൽ കുത്തിച്ചാരി നിർത്തി ചുറ്റും നോക്കവേ ജനാലയ്ക്കരികിൽ അപ്പനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എന്റെ മുഖം അപ്പന്റെ ദൃഷ്ടിയിൽപെട്ടു. പെട്ടെന്നു് ഒരു കഠിന വ്യസനം അപ്പന്റെ മുഖത്തെ മൂടിയതായും ഞാൻ കണ്ടു. തലേന്നത്തെ സ്വപ്നത്തിൽ കണ്ട അതേമുഖംതന്നെ ഞാൻ വീണ്ടും കാണുകയായിരുന്നു. അപ്പന്റെ വിറയ്ക്കുന്ന ചുണ്ടുകൾ ഉള്ളിൽ അടക്കിപ്പിടിച്ച സങ്കടം പുറത്തറിയിച്ചുകൊണ്ടിരുന്നു.

വെയിലത്തു പെയ്യുന്ന മഴപോലെ ഉണർച്ചയിൽ ഞാൻ കണ്ടു കൊണ്ടിരുന്ന ആ സ്വപ്നം എന്നെ വിഭ്രമിപ്പിച്ചുകൊണ്ടിരിക്കേ കൈയിലിരുന്ന മദ്യഗ്ലാസ് ഞാനറിയുംമുമ്പു് എന്റെ പിടിവിട്ടു മേശയിലേക്കും പൊടുന്നനേ നിലത്തേക്കും വീണു പൊട്ടിച്ചിതറി.

ബാറിനുള്ള ലഹരിയിൽ താഴ്‌ന്ന കണ്ണുകളെല്ലാം എനിക്കു നേരെതിരിഞ്ഞു. വേഗം നടന്നെത്തിയ ബെയറർ പൊട്ടിയ ഗ്ലാസ്സിന്റെ കഷണങ്ങൾ പെറുക്കിക്കൂട്ടാൻ തുടങ്ങി.

പരിഹാസം കലർന്ന കുറെയേറെ നോട്ടങ്ങളെ നേരിടേണ്ടിവന്നെങ്കിലും ഗ്ലാസുടഞ്ഞപ്പോൾ ലഭിച്ച പരിസരബോധം അപ്പന്റെ ദൃഷ്ടിയിൽ നിന്നു് എന്നെ രക്ഷിച്ചതിൽ ഞാൻ ആശ്വസിക്കുകയായിരുന്നു.

പുറത്തെത്താനുള്ള വെമ്പലിൽ, പൊട്ടിയ ഗ്ലാസ്സിന്റെ വില കണക്കാക്കി, അതുകൂടി ചേർത്ത പണം ബില്ലിനോടൊപ്പം വച്ചു് ഞാൻ ബാർ വിട്ടുപോന്നു. പലപ്പോഴും അകത്തേക്കു പോകുമ്പോൾ ഒരു രക്ഷാമാർഗ്ഗമായി തോന്നിയിട്ടുള്ള മദ്യശാലയുടെ വാതിൽ അന്നു പുറത്തേക്കിറങ്ങുമ്പോഴാണു് ആ തോന്നൽ നല്കിയതു്.

മനസ്സിലെ ചാഞ്ചല്യങ്ങളാൽ ശ്രദ്ധ നഷ്ടപ്പെട്ടെങ്കിലോ എന്നു ഭയന്നു്, നഗരത്തിലെ പ്രധാന പാതകൾ വിട്ടു് പ്രാന്തപ്രദേശങ്ങളിലെ വിജനമായ വഴികളിലൂടെയാണു് ഞാൻ ഫ്ലാറ്റിലേക്കു മടങ്ങിയതു്.

ടൗൺഷിപ്പിലെത്തുമ്പോൾ പവർകട്ടിന്റെ സമയമായിരുന്നു. മഴച്ചാറ്റലുണ്ടായിരുന്നെങ്കിലും പുറത്തെ അന്തിവെളിച്ചം തീർത്തു മാറിയിട്ടുണ്ടായിരുന്നില്ല. എന്നാൽ ഫ്ലാറ്റിലേക്കുള്ള പടിക്കെട്ടു വല്ലാതെ ഇരുണ്ടു കിടന്നു. ഭിത്തിമേൽ കൈ താങ്ങി പടികൾ ശ്രദ്ധാപൂർവ്വം കയറുമ്പോൾ താഴത്തെ ഫ്ലാറ്റിലെ വളർത്തുനായ എന്നെ നോക്കി കുരയ്ക്കുന്നുണ്ടായിരുന്നു.

images/aymanan-mazha-04-t.png

ദീർഘയാത്ര കഴിഞ്ഞെത്തിയ ഒരു സഞ്ചാരിയെപ്പോലെ അവശനായാണു് ഞാൻ ഫ്ലാറ്റിന്റെ വാതിൽ തുറന്നതും അതു വേഗംതന്നെ അകത്തുനിന്നു പൂട്ടി, ഇരുട്ടാണെങ്കിലും ലക്ഷ്യം തെറ്റാതെ നടന്നു പോയി കിടക്കയിലേക്കു വീണതും.

കണ്ണുകൾ അടയ്ക്കണോ തുറന്നുതന്നെ പിടിക്കണോ എന്ന സന്ദേഹം മാത്രമായിരുന്നു എന്റെ മനസ്സിൽ. കണ്ണുകളടച്ചാൽ, മയക്കത്തിലേക്കു വീണു് ഇന്നലെ കണ്ടതുപോലെ മറ്റൊരു ദുഃസ്വപ്നം എന്നെ തേടിയെത്തിയെങ്കിലോ എന്ന ഭയം. കണ്ണുകൾ തുറന്നുപിടിച്ചാൽ മദ്യശാലയിലിരുന്നു് ഉണർച്ചയിൽ കണ്ട സ്വപ്നംപോലെ മറ്റൊന്നു്?

ഉറക്കവും ഉണർച്ചയും വേർതിരിച്ചറിയാതെ എല്ലാ ഓർമ്മകളെയും ഭയന്നു് പാതിബോധാവസ്ഥയിൽ കഴിച്ചുകൂട്ടിയ ആ രാത്രിമുതൽക്കാണു് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഓരോന്നായി എനിക്കു് അനുഭവപ്പെട്ടുതുടങ്ങിയതു്.

അയ്മനം ജോൺ
images/AymanamJohn.jpg

1953-ൽ അയ്മനത്തു് ജനനം. റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്മസ് മരത്തിന്റെ വേരു്’ എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ചു് കഥകളേയെഴുതിയിട്ടുള്ളു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.

പ്രധാനകൃതികൾ

ക്രിസ്മസ് മരത്തിന്റെ വേരു്, എന്നിട്ടുമുണ്ടു് താമരപ്പൊയ്കകൾ, ചരിത്രം വായിക്കുന്ന ഒരാൾ, ഒന്നാം പാഠം ബഹിരാകാശം.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രങ്ങൾ: വി. പി. സുനിൽകുമാർ

Colophon

Title: Veyilaththu Peyyunna Mazha (ml: വെയിലത്തു പെയ്യുന്ന മഴ).

Author(s): Aymanam John.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-02.

Deafult language: ml, Malayalam.

Keywords: Short story, Aymanam John, Veyilaththu Peyyunna Mazha, അയ്മനം ജോൺ, വെയിലത്തു പെയ്യുന്ന മഴ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 29, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Titan’s Goblet, a painting by Thomas Cole (1801–1848). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.